ചിറ്റൂർ കോളേജിലേക്കുള്ള നടപ്പാതയിൽ നിന്നു നോക്കിയാൽ അങ്ങകലെ നീലമലകളുടെ നിരകൾ കാണാം. ചിലപ്പോൾ അവയിലൂടെ വെള്ളിരേഖകൾ ഒലിക്കുന്നുണ്ടാവും. ജലപ്രവാഹങ്ങളാണു് അവ. ഇതുപോലുള്ള കാഴ്ചകൾ കണ്ടിട്ടാവണം കവി ആനയ്ക്കു ഭസ്മക്കുറിയിട്ടതുപോലെ എന്നു് അലങ്കാരം പ്രയോഗിച്ചതു്. ഹൃദയഹാരിയായ ഈ ദൃശ്യം കണ്ടിട്ടു് നമ്മൾ എണ്ണമറ്റ പ്രയാസങ്ങൾ തട്ടിത്തകർത്തു് ആ മലനിരകളിൽ ചെന്നുചേർന്നലോ? ഭംഗി കാണില്ലെന്നു മാത്രമല്ല പേടിതോന്നുകയും ചെയ്യും. ഒരു സൂര്യരശ്മിപോലും കടക്കാത്ത രീതിയിൽ മരങ്ങൾ വളർന്നു നിൽക്കുന്നു. അവയുടെ ഇലച്ചാർത്തുകൾ രശ്മികളെ തടയുന്നതുകൊണ്ടു് അർദ്ധാന്ധകാരമാണു് അവിടെയെങ്ങും. ക്രൂരമൃഗങ്ങളുടെ ആരവം കാതു പിളർക്കുന്നുണ്ടാവും. വകവയ്ക്കാതെ അകത്തു കടന്നാൽ അവയ്ക്കു നമ്മൾ ആഹാരമായിത്തീർന്നുവെന്നു വരാം. സൗന്ദര്യം ദൂരെനിന്നു് ആസ്വദിക്കേണ്ടതു മാത്രമാണോ? അതേയെന്നാണു് പർവ്വത പക്തിയുടെ ഉത്തരം.

രാത്രിയിലാണു് ഇതെഴുതുന്നതു്. ജാലകത്തിലൂടെ നോക്കുമ്പോൾ ആകാശത്തു് ഒറ്റത്താരകം. അതൊരു വാതകഗോളമാണെന്നു ശാസ്ത്രജ്ഞൻ പറയും. വല്ലാത്ത ചൂടും പ്രകാശവുമുള്ള ഗോളം. സ്വന്തം ഗുരുത്വാകർഷണംകൊണ്ടു് അതു് അങ്ങനെ നില്ക്കുകയാണു്. വെൺമയാർന്ന നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ചൂടു് 20,000 ഡിഗ്രി ആണെന്നു കണക്കാക്കിയിരിക്കുന്നു. പക്ഷേ, കവികൾ ഈ ഗോജോഗോളങ്ങളെ എന്തെല്ലാം രീതിയിലാണു് കണ്ടിട്ടുള്ളതു്! “ആകാശത്താമരയിലുപറ്റും ഹിമകണ”മാണതെന്നു് ഒരു കവി. “ചേണഞ്ചും വാസരലക്ഷ്മിയറിയാതെ വീണതാം രത്നംഗുലീയംപോലെ” എന്നു് ആ കവി വീണ്ടും. അന്തരീക്ഷത്തിലെ വജ്രമാണതെന്നു് ഒരു ഇംഗ്ലീഷ് കവി. ഇതൊക്കെ സത്യമാണെന്നു കരുതി അതിന്റെ അടുത്തേക്കു ചെന്നാലോ? അടുത്തു ചെല്ലേണ്ടതില്ല. അതിനു മുൻപുതന്നെ ഭസ്മമാകും. നക്ഷത്രമെന്ന ഈ അസാധാരണ സൗന്ദര്യവും മരണവും വിഭിന്നങ്ങളല്ല. ഇതുകൊണ്ടാവണം ദൂരം കാഴ്ചയ്ക്കു് ആകർഷകത്വമരുളുന്നു എന്ന ചൊല്ലുണ്ടായതു്. വിദൂരസ്ഥിതമായതെന്തും ആകർഷകമായതുകൊണ്ടാണു് കൃഷ്ണൻനായർ പടിഞ്ഞാറൻ സാഹിത്യകൃതികളെ വാഴ്ത്തുന്നതെന്നു് ഒരഭിവന്ദ്യമിത്രം പ്രസംഗിക്കുന്നതു കേൾക്കാനിടയായി. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തിനു സാധുതയില്ല. ദൂരെയുണ്ടായി എന്നതുകൊണ്ടുമാത്രം സാഹിത്യകൃതിക്കു വിദൂരതയില്ല. നമ്മുടെ ഭവനത്തിന്റെ തൊട്ടപ്പുറത്തിരിക്കുന്ന പോസ്റ്റോഫീസ് സർക്കാർ സ്ഥാപനമെന്ന നിലയിൽ നമുക്കു് അഭിഗമ്യമല്ല. അതുകൊണ്ടു് അതു് നമ്മിൽനിന്നു് ആയിരമായിരം നാഴിക അകലെയാണു്. എന്നാൽ നമ്മൾ നിർവ്യാജം സ്നേഹിക്കുന്ന വ്യക്തിയുടെ ഭവനം ന്യൂയോർക്കിലാണെങ്കിലും യഥാർത്ഥത്തിൽ നമ്മുടെ വീട്ടിന്റെ തൊട്ടപ്പുറത്താണു്. ഇംഗ്ലീഷ് അറിയാവുന്ന മലയാളിക്കു് കീറ്റ്സും ചങ്ങമ്പുഴ യും സ്വന്തം സഹോദരന്മാരാണു്. കീറ്റ്സിന്റെ Bright star എന്നു തുടങ്ങുന്ന ഗീതകവും ചങ്ങമ്പുഴയുടെ ‘ആ പൂമാല’ എന്ന കാവ്യവും വർത്തമാനകാലത്തിൽ അടുത്തടുത്തു നില്ക്കുന്നു. അവയ്ക്കു തമ്മിൽ കാലത്തിന്റെയോ സ്ഥലത്തിന്റെയോ വ്യത്യാസമില്ല. പ്രിയപ്പെട്ട വായനക്കാരാ, രാത്രിക്കു കനം കൂടിക്കൂടി വരുന്നു എനിക്കും താങ്കൾക്കും ഉറങ്ങണം. നാളെക്കാണാം. ഗുഡ്നൈറ്റ്.

നേരം വെളുത്തു. ഒരു വിളിപ്പാടകലെയുള്ള ക്ഷേത്രത്തിൽനിന്നു ശംഖനാദമുയരുന്നു. ആ നാദം കാറ്റിലൂടൊഴുകിവന്നു് കാതിൽ പതിക്കുമ്പോൾ വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്ത, ഈശ്വരവിശ്വാസിയാണെങ്കിലും അമ്പലത്തിൽ പോകാത്ത എനിക്കാഹ്ലാദം. ടെലിവിഷന്റെ ഉപദ്രവം വൈകിട്ടേയുള്ളു. പക്ഷേ, റേഡിയോ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നു. വാക്കുകളെ കരിങ്കൽക്കഷണങ്ങളെയെന്നപോലെ ആ ഉപകരണം ദിഗന്തങ്ങളിലേക്ക് എറിയുകയാണു്. എന്റെ പ്രവൃത്തിയും വിഭിന്നമല്ല. ഞാനെറിയുന്ന വാക്കുകൾക്കു് കരിങ്കൽക്കഷണങ്ങളുടെ കാഠിന്യം മാത്രമല്ല ഉള്ളതു്. അവയിൽ പലപ്പോഴും ചോര പുരണ്ടിരിക്കും. അതുകൊണ്ടു തന്നെയാണു് പ്രചോദനം കലർന്ന പദങ്ങൾകൊണ്ടു് സുഗതകുമാരി യെപ്പോലെ ‘ഒരു സ്വപ്നം’ എന്ന കാവ്യത്തിനു് രൂപം നല്കാൻ എനിക്കൊരിക്കലും കഴിയാത്തതു്. അത്തരം വാക്കുകളെടുത്തു് ‘മനസ്വിനി’യുടെയും ‘കാവ്യനർത്തകി’യുടെയും ‘നളിനി’യുടെയും ‘മഗ്ദലനമറിയ’ത്തിന്റെയും മുൻപിൽ വയ്ക്കാൻ ഞാൻ അശക്തനായിപ്പോയതു്. എന്നാലും കാവ്യസൗന്ദര്യം കണ്ടാൽ എന്റെ ഹൃദയം ചലനം കൊള്ളും. പ്രകൃതിക്കു നന്ദി. മുറിക്കുള്ളിൽ നിലവിളക്കിൽ പിടയുന്ന സ്വർണ്ണദീപം. താഴെ ഒരു മയില്പീലി. അമ്മ വെൺപട്ടുകൊണ്ടു കെട്ടിയ തൊട്ടിൽ ചലനം കൊള്ളുന്നു കാറ്റിൽ. അതിനകത്തു് യോഗനിദ്രയ്ക്കു സദൃശമായി നിദ്രയിലാണ്ട കണ്ണൻ, “പൊൻതളയണിഞ്ഞ ഉണ്ണിക്കാലു” മാത്രം തൊട്ടിലിൽ നിന്നൂർന്നു കാണുന്നു. ജനാലയ്ക്കു പുറത്തു്, ജന്മങ്ങൾക്കു പുറത്തു് കവി വിഷാദത്തോടെ നിൽക്കുന്നു. മനുഷ്യൻ ഇവിടെ വന്ന നാൾ മുതൽ ഇങ്ങനെ വ്യഥയോടെ നില്ക്കുകയാണു്. ഒരിക്കൽപ്പോലും അവൻ ആ ഉണ്ണിക്കാൽ സ്പർശിച്ചിട്ടില്ല. പരമസത്യം സാക്ഷാത്കരിച്ചിട്ടില്ല.
രസോ ഹമപ”സു കൗന്തേയ പ്രഭാസ്തിശശി സൂര്യയോഃ
പ്രണവഃ സർവ്വവേദേഷു ശബ്ദ ഖേ പൗരുഷം നൃഷു
അർജ്ജുന, ഞാനാണു ജലത്തിന്റെ സാരസ്യം; സൂര്യന്റെയും ചന്ദ്രന്റെയും ഔജ്ജ്വല്യം; ഞാനാണു് വേദങ്ങളിലെ വിശുദ്ധമായ പ്രണവ ശബ്ദം; ഞാൻ തന്നെയാണു് വായുവിലെ നാദവും മനുഷ്യരിലെ പൗരുഷവും, ഈ സാരസ്യവും ഉജ്ജ്വലതയും വിശുദ്ധിയും സാക്ഷാത്കരിക്കാൻ യത്നിക്കുമ്പോൾ, അതിനു കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ദുഃഖം തന്നെയാണു് യഥാർത്ഥമായ ദുഃഖം. ആ ദുഃഖത്തിനുള്ളതു് ലൗകിക ദുഃഖത്തിന്റെ സ്വഭാവമല്ല. കവി അതിനെ ചേതോഹരമായി അഭിവ്യഞ്ജിപ്പിക്കുന്നു. പൊൻതളയണിഞ്ഞ ആ ഉണ്ണിക്കാലിനെ ഞാനും സ്വപ്നം കാണുന്നു. ഏതു് ഉത്കൃഷ്ടമായ കാവ്യവും കിനാവിന്റെ രാമണീയകം ആവാഹിക്കും. ഈ കാവ്യവും അങ്ങനെതന്നെ. (മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 31-ആം ലക്കത്തിലാണു് കാവ്യം.)

യേശുദേവൻ സമരീയയിൽ എത്തി. ഉച്ചനേരം, അദ്ദേഹം ഒരു കിണറ്റിനരികെ വിശ്രമിച്ചു. വെള്ളം കോരാനെത്തിയ ഒരു സ്ത്രീയോടു് അദ്ദേഹം പറഞ്ഞു: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരൂ.” സ്ത്രീ മറുപടി നല്കി: “അങ്ങ് ജൂതൻ, ഞാൻ സമരീയക്കാരിയും. പിന്നെങ്ങനെ ജലം ചോദിക്കാൻ അങ്ങയ്ക്കു കഴിയും?” അവർ തുടർന്നു സംസാരിച്ചു. അതിനുശേഷം യേശുദേവൻ പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവൻ വീണ്ടും ദാഹമുള്ളവനായിത്തീരും. എന്നാൽ ഞാൻ കൊടുക്കുന്ന ജലം പാനം ചെയ്യുന്നവനു വീണ്ടും ദാഹമുണ്ടാവുകയേയില്ല” (ജോൺ 4: 4–28). യേശു നല്കാമെന്നു പറഞ്ഞു ജലമാണു് സാരസ്യമാർന്ന ജലം. അതിനെക്കുറിച്ചു തന്നെയാണു് ശ്രീകൃഷ്ണനും പറഞ്ഞതു്.

ടോം റോബിൻസ് (Tom Robbins) ‘അണ്ടർഗ്രൗണ്ട്’ ക്ലാസ്സിക്കുകളുടെ കർത്താവെന്ന നിലയിൽ പ്രസിദ്ധനാണു്. Even Cowgirls Get the Blues, Another Roadside Attraction ഈ രണ്ടു കൃതികളാണു് അണ്ടർഗ്രൗണ്ട് ക്ലാസ്സിക്കുകൾ, ഇവ എനിക്കു വായിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ above ground നോവലാണു് Still Life with Woodpecker എന്നതു്. ഇതു് ഞാൻ വായിച്ചിട്ടുണ്ടു്. ടോം റോബിൻസിന്റെ അതിസുന്ദരമായ വേറൊരു ക്ലാസ്സിക്കാണു് ജിറ്റർബഗ് പെർഫ്യൂം (Jitterbug Perfume). നോവലിന്റെ മാനങ്ങൾ വളരെ വർദ്ധിച്ചിരിക്കുന്ന ഈ ഗ്രന്ഥം അചിരേണ മാർകേസി ന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ പോലെ പ്രസിദ്ധമായിത്തീരുമെന്നാണു് എന്റെ വിശ്വാസം.

ടോം റോബിൻസ് രാഷ്ട്രാന്തരീയ പ്രശസ്തി ആർജ്ജിക്കുന്ന കാലവും വിദൂരമല്ല. ഈ നോവലിൽ പ്രേമത്തിന്റെ ഉത്കൃഷ്ടകർമ്മം പ്രേമഭാഷണത്തെ അന്യാദൃശ സ്വഭാവമുള്ളതാക്കിത്തീർക്കുക എന്നതാണെന്നു പറഞ്ഞിട്ടുണ്ടു് (മൂന്നാംഭാഗം ആദ്യത്തെ ഖണ്ഡിക). പ്രേമവും യുക്തിവാദവും തമ്മിലുള്ള വ്യത്യാസമെന്തു്? കാമുകന്റെ ദൃഷ്ടിയിൽ തവള രാജകുമാരിയാണു്. യുക്തിവാദിക്കാണെങ്കിൽ തവള രാജകുമാരിയാണെന്നു് തർക്കശാസ്ത്രംകൊണ്ടു തെളിയിക്കേണ്ടിയിരിക്കുന്നു. ഇതിനു യത്നിക്കുമ്പോൾ വികാരത്തിന്റെ തിളക്കം കെട്ടുപോകുകയും ചെയ്യും. സാഹിത്യകാരന്മാർ ഒരു വിധത്തിൽ കാമുകൻമാരാണു്. യുക്തിവാദമില്ലാതെ അവർ തവളകളെ രാജകുമാരികളായിത്തന്നെ കാണും. അനുവാചകർക്കു് അങ്ങനെ തോന്നുകയും ചെയ്യും. ശ്രീകൃഷ്ണ വിഗ്രഹത്തിലെ രത്നമാല മോഷ്ടിച്ച സംഭവത്തെ വി. കെ. ശ്രീരാമൻ ‘പ്രതിവിധി’ എന്ന കൊച്ചു കഥയിലൂടെ സുന്ദരമാക്കിയിരിക്കുന്നതു നോക്കൂ (കലാകൗമുദി ലക്കം 527). “ഇവിടത്തെ രത്നമാല കട്ടോനെ ഇങ്ങനെ ഞെളിഞ്ഞുനടത്തണതു ശരിയല്ലെ”ന്നു ഓതിക്കൽ ശങ്കുണ്ണി. “ഓരോ കള്ളന്മാരു കൊണ്ടുവരണതു എല്ലാം ഇട്ടോണ്ടു് നിക്കണ്ടിവരണതു വിധി. ചെലോരതു എടുത്തോണ്ടു പോണതു പ്രതിവിധി” എന്ന ശ്രീകൃഷ്ണന്റെ ഉത്തരം. അദ്ദേഹം ഇതു പറഞ്ഞിട്ടു മാരിക്കാറിൽ കയറി മറയുന്നു. ശ്രീകൃഷ്ണനെയും ശങ്കുണ്ണിയെയും മാലകൊണ്ടിട്ട കള്ളനെയും അതെടുത്തുകൊണ്ടുപോയ മറ്റൊരു കള്ളനെയും കഥാകാരൻ ചിരിപുരണ്ട കണ്ണുകൊണ്ടു നോക്കുന്നു. അതു കാണുന്ന നമുക്കു് ആഹ്ലാദം.
തിരുവനന്തപുരത്തു് രാമകൃഷ്ണപിള്ള എന്നൊരു പ്രസിദ്ധനായ ഡോക്ടറുണ്ടായിരുന്നു. മാധവറാവു വിന്റെ പ്രതിമ നില്ക്കുന്നിടത്തുനിന്നു് കിഴക്കോട്ടു നടന്നാൽ അദ്ദേഹത്തിന്റെ ആശുപത്രി കാണാം. ദീർഘകാലത്തെ ധന്യമായ ജീവിതത്തിനു ശേഷം ആ മഹാനായ ഭിഷഗ്വരൻ ഈ ലോകം വിട്ടുപോയി. സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തെ കാണാൻ ഞാൻ കൂടക്കൂടെ പോകുമായിരുന്നു. ചിലപ്പോൾ പി. കെ. പരമേശ്വരൻനായരും കാണും. ‘കഷണ്ടി’ എന്ന മനോഹരമായ ലേഖനമെഴുതി എ. ബാലകൃഷ്ണപിള്ള യുടെ ആദരം നേടിയ എഴുത്തുകാരനുമായിരുന്നു രാമകൃഷ്ണപിള്ള. ഒരിക്കൽ കാലിൽ വ്രണവുമായി ഒരാൾ അദ്ദേഹത്തെ കാണാൻ ചെന്നു. വ്രണം നോക്കിയിട്ടു് ഡോക്ടർ മരുന്നെഴുതിക്കൊടുത്തു. “ഗുളിക ദിവസം മൂന്നു തവണ ഓരോന്നു കഴിക്കണം. കുപ്പിയിൽ തരുന്ന മരുന്നു പുറത്തു പുരട്ടു” എന്നു് അദ്ദേഹം നിർദ്ദേശിച്ചു. ഒരാഴ്ച കഴിഞ്ഞു് രോഗത്തിനു് ഒരു കുറവുമില്ലെന്നു പറഞ്ഞു് അയാൾ ഡോക്ടറുടെ അടുത്തെത്തി. വ്രണം നോക്കിയിട്ടു് അദ്ദേഹം ചോദിച്ചു. “തന്ന മരുന്നു് പുറത്തു പുരട്ടിയില്ലേ?” “പുരട്ടി” എന്നു് ഉത്തരം. “എവിടെ?” എന്നു ഡോക്ടറുടെ ചോദ്യം. രോഗി തിരിഞ്ഞുനിന്നു് മുതുകുകാണിച്ചിട്ടു് “ഇതാ ഇവിടെത്തന്നെ” എന്നു പറഞ്ഞു. ഡോക്ടർ ചിരിച്ചു. എന്നിട്ടു് വീണ്ടും നിർദ്ദേശം നല്കി. “ഗുളിക അതുതന്നെ കഴിച്ചാൽ മതി, പിന്നെ കുപ്പിയിലെ മരുന്നു വ്രണത്തിൽ പുരട്ടണം. വേണമെങ്കിൽ പുറത്തു (മുതുകിലും) പുരട്ടിക്കൊള്ളൂ.” മരുന്നെടുത്തു് മുതുകിൽ പുരട്ടുന്ന ആളാണു് എക്സ്പ്രസ്സ് വാരികയിൽ ‘ഒരൊഴിവുകാലപ്രഭാതം’ എന്ന പീറക്കഥയെഴുതിയ ഉണ്ണിക്കൃഷ്ണൻ ചെറായി. പ്രസന്നയുടെ പൂർവകാമുകൻ ബാലൻ അവളെ കാണാൻ വരുന്നു. പഴയ ആളല്ല ബാലൻ. തടിച്ചിട്ടുണ്ടു്. കുടവയറുണ്ടു്. അവർ അന്യോന്യം കണ്ടു. “പ്രസന്നേ” എന്ന ഒറ്റ വിളി ബാലൻ കാച്ചുമ്പോൾ കഥ അവസാനിക്കുന്നു. ആവർത്തിക്കട്ടെ വ്രണം കാലിലാണെന്നു മനസ്സിലാക്കാതെ, ‘പുറത്തു്’ എന്നതു ‘മുതുക്’ എന്നു ധരിച്ചു് അവിടെ മരുന്നു പുരട്ടുന്ന ശുദ്ധാത്മാവാണു് ഉണ്ണിക്കൃഷ്ണൻ ചെറായി. അദ്ദേഹം ഇമ്മട്ടിൽ കഥയെഴുതുന്ന കാലത്തോളം സാഹിത്യാംഗനയുടെ കാലിലെ പുണ്ണു് ഭേദമാകില്ല.

ജനയുഗം വാരികയിൽ ഫീഡൽ കാസ്ട്രോ യ്ക്ക് സ്മാരകം എന്ന വാക്യം കണ്ടപ്പോൾ പ്രകാശം എന്നോടു പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ എഴുതാൻ കൗതുകം. ഏതോ ഒരു ലാറ്റിനമേരിക്കൻ കവിക്കു് ആശാൻ വേൾഡ് സമ്മാനവുമായി അദ്ദേഹം പോയല്ലോ. അപ്പോൾ കാസ്ട്രോയെ അദ്ദേഹം കണ്ടു സംസാരിച്ചു. സഭാവേദിയിൽ, സമ്മാനം വാങ്ങിയ കവിക്കു പുറമേ മാർകേസ് തുടങ്ങിയ വലിയ സാഹിത്യകാരന്മാരുണ്ടായിരുന്നു. പക്ഷേ, കാസ്ട്രോയുടെ സാന്നിദ്ധ്യം അവരെയെല്ലാം നിഷ്പ്രഭരാക്കിക്കളഞ്ഞു. അതിഥി സൽക്കാരപ്രിയനായി എത്തിയ കാസ്ട്രോയോടു് (കാസ്ട്രോവിനോടു് എന്നു വേണം എഴുതാൻ) പ്രകാശം പറഞ്ഞു: “ഞങ്ങൾ താങ്കൾക്കു് ഒരു ‘മെമൊന്റോ’ കൊണ്ടുവന്നിട്ടുണ്ടു്. സെക്യൂരിറ്റിയിലുള്ളവർ അതു തടഞ്ഞുവച്ചിരിക്കുകയാണു്”. ഇതുകേട്ടമാത്രയിൽ കാസ്ട്രോ അതുടനെ കൊണ്ടുവരട്ടെ എന്നു് ആജ്ഞാപിച്ചു, മനോഹരമായ ഒരു കുത്തുവിളക്കു് അദ്ദേഹത്തിന്റെ മുൻപിലെത്തി. എന്താണതു് എന്നു് അദ്ദേഹം ചോദിച്ചപ്പോൾ തിരിയിട്ടു് വെളിച്ചെണ്ണ ഒഴിച്ച് അതു കത്തിക്കുന്നവിധം പ്രകാശം വിസ്തരിച്ചു. ക്യൂബയിൽ വെളിച്ചെണ്ണ കിട്ടും. അതു കൊണ്ടുവന്നു. പ്രകാശം വിളക്കു കത്തിച്ചുകാണിച്ചു. കാസ്ട്രോയുടെ മുഖം തിളങ്ങി.
പ്രകാശത്തിന്റെ വേഷം തനി കേരളീയമായിരുന്നു. മുണ്ടുടുത്തിരുന്ന അദ്ദേഹത്തോടു് അതിനെപ്പറ്റി കാസ്ട്രോ ചോദിച്ചു. “ഞങ്ങൾ പാദംവരെയെത്തുന്ന രീതിയിൽ ഇതു് ഉടുത്തിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ നേതാവു് (മഹാത്മാഗാന്ധി) മുട്ടുവരെ എത്തുന്ന രീതിയിലേ ഇതു് ഉടുത്തിരുന്നുള്ളു” എന്നു പ്രകാശം അദ്ദേഹത്തെ അറിയിച്ചു. ചേരിചേരാ സമ്മേളനത്തിനു താൻ ഇന്ത്യയിലേക്കു പോകുന്നുണ്ടെന്നു് കാസ്ട്രോ പറഞ്ഞു. ഏതാണു യാത്രയ്ക്കു് എളുപ്പമുള്ളവഴി എന്നും അദ്ദേഹം ആരാഞ്ഞു. അതൊക്കെ നല്ലപോലെ അറിയാമായിരുന്ന കാസ്ട്രോയോടു പ്രകാശം പറഞ്ഞു: “ഞങ്ങൾ ലണ്ടനിൽ ചെന്നിട്ടാണു് ഇന്ത്യയിലേക്കു പോകുക. താങ്കൾക്കും അതായിരിക്കും എളുപ്പമുള്ള മാർഗ്ഗം”. അപ്രമേയപ്രഭാവനായ ജനനായകനാണു് കാസ്ട്രോയെന്നു് പ്രകാശം എന്നോടു പറഞ്ഞു.
- യു. എൻ. ഓ-യിലും മറ്റും പല ഭാഷകളിലാണല്ലോ പ്രഭാഷണങ്ങൾ നടത്തുക. ഒരംഗം ഇറ്റാലിയൻ ഭാഷയിലാണു് പ്രസംഗിക്കുന്നതെന്നിരിക്കട്ടെ. പ്രഭാഷണം നടക്കുമ്പോൾത്തന്നെ അതിന്റെ ഇംഗ്ലീഷ് തർജ്ജമ അതുവേണ്ടയാളിനു് കാതിൽവച്ച ഉപകരണത്തിലൂടെ കിട്ടും. ആഷാമേനോൻ മലയാളലിപിയിൽ നിരൂപണം എഴുതുമ്പോഴെല്ലാം അതിന്റെ മലയാള തർജ്ജമകൂടി പത്രാധിപന്മാർ വാരികകളിൽ ചേർക്കുന്നതു് നന്നായിരിക്കും. ആഷാമേനോന്റെ private language അറിഞ്ഞുകൂടാത്ത ആളാണു് ഞാൻ, എന്നെപ്പോലെ ലക്ഷക്കണക്കിനു വേറെയും ആളുകളുണ്ടു്.
- ടെലിവിഷനിൽ രൂപവത്കരിക്കുക എന്ന അർത്ഥത്തിൽ രൂപീകരിക്കുക എന്നും മഹാവ്യക്തി എന്ന അർത്ഥത്തിൽ മഹദ്വ്യക്തി എന്നും ആധുനികിരണം എന്ന അർത്ഥത്തിൽ ആധുനികവത്കരണമെന്നും യഥാർത്ഥീകരണമെന്ന അർത്ഥത്തിൽ യഥാർത്ഥവത്കരണമെന്നും ആളുകൾ പറയുമ്പോൾ അവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനു് അധികാരം നല്കണം. അവർക്കു് ജാമ്യം നല്കരുതെന്നു് ഒരു നിയമംകൂടി പീനൽകോഡിൽ എഴുതിച്ചേർക്കണം.
- കോളേജ് ഓഡിറ്റോറിയത്തിലെ പ്ലാറ്റ്ഫോമിനുമുൻപിൽ നാലാൾ പൊക്കത്തിൽ ഒരു സ്റ്റോൺപ്രൂഫ് പ്ലാസ്റ്റിക്ക് മതിൽ കെട്ടാൻ “പ്രിൻസിപ്പൽമാർക്കു്” നിർദ്ദേശം നല്കണം പ്ലാറ്റ്ഫോമും ചുറ്റുമുള്ള പ്രദേശങ്ങളും സൗൺഡ് പ്രൂഫ് ആക്കുകയും വേണം.
- ഒരു സായ്പ് വേറൊരു സായ്പിന്റെ കൃതിയെക്കുറിച്ചു പറഞ്ഞ വാക്യങ്ങൾ ഇവിടത്തെ നാടൻ സായ്പ് വേറൊരു നാടൻസായ്പിനോ നാടൻ മദാമ്മയ്ക്കോ ആയി എടുത്തുവയ്ക്കുമ്പോൾ മൂലവാക്യങ്ങൾ വായനക്കാരായ ഞങ്ങൾക്കു് ഉടനെ ബീം ചെയ്തുതരാനായി കേന്ദ്രസർക്കാർ ശൂന്യാകാശത്തു് ഒരു ഉപഗ്രഹം വയ്ക്കണം (ഉപഗ്രഹം വയ്ക്കാനുള്ള ഈ നിർദ്ദേശത്തിനു ടോം റോബിൻസിനോടു കടപ്പാടുണ്ടെനിക്കു്).
കുടിയനായ മകൻ എന്നും രാത്രി രണ്ടു മണിക്കാണു് വീട്ടിലെത്തുക. ലോകത്തെക്കുറിച്ചു് കൂടുതൽ വിവരമുള്ള അച്ഛൻ പറയും: നോക്കു് അവൻ ദുർമ്മാർഗ്ഗത്തിൽ പെട്ടിരിക്കുകയാണു്. അപ്പോൾ അമ്മ. “ശ്ശേ, അവനു് ഓഫീസിൽ വലിയ ജോലിയായിരിക്കും. അതാണു വൈകിവരുന്നതു്”. അച്ഛൻ മിണ്ടുന്നില്ല. വർഷങ്ങൾ കഴിഞ്ഞു് മകൻ ലിവർ സിറോസിസ് വന്നു മരിച്ചാലും അമ്മയ്ക്കു് അവൻ കുടിയനായിരുന്നുവെന്നു സമ്മതിക്കാൻ പ്രയാസമായിരിക്കും.
മകൾ പാഠപുസ്തകത്തിനകത്തുവച്ചു് പ്രേമലേഖനം വായിക്കുന്നു. അവളുടെ അടുത്തുകൂടെ അമ്മ പോകുന്നു, പെട്ടെന്നു തിടുക്കത്തിൽ പുസ്തകം അടയ്ക്കുന്നു. പിന്നെ അമ്മ അവളുടെ അച്ഛനോടു “വനജയെക്കുറിച്ചു് എനിക്കു സംശയം. അവൾക്ക് ആരോ കത്തുകൊടുക്കുന്നുണ്ടു്”. അച്ഛൻ: “ഛേ എന്റെ മകൾ അത്തരക്കാരിയല്ല. നിന്റെ വേണ്ടാത്ത സംശയം”. മകൾ അടുത്ത വീട്ടിലെ ആക്കറി (ഹോക്കർ) കച്ചവടക്കാരനുമൊത്തു് ഒളിച്ചോടുമ്പോഴും ആ പിതാവു പറയും; “അവൾ അങ്ങനെ പോകുന്നവളല്ല. വല്ല ആഭിചാരവും അവൻ പ്രയോഗിച്ചിരിക്കും.”
ഗൃഹനായകൻ ദിവസവും രാത്രി കൂട്ടുകാരുമൊത്തു കോഴിയിറച്ചിയും ബ്രാന്റിയും കഴിക്കുന്നു. രണ്ടിന്റെയും നാറ്റം പോയതിനുശേഷം വീട്ടിലെത്തുന്നു. അയാളുടെ ഭാര്യയ്ക്കു് ഒരു സംശയവുമില്ല. അടുത്ത വീട്ടിലെ അഭ്യുദയകാംക്ഷി അറിയിക്കുന്നു: “നോക്കു് നിന്റെ ഭർത്താവു് മുഴുക്കുടിയനാണു്. മുഖം കണ്ടാലറിയാം അയാളുടെ. വീങ്ങി തടിച്ചു തടിച്ചു വരുന്നു. ക്രൂരഭാവവും” ഇതുകേട്ട ഭാര്യ: “അനാവശ്യം പറയരുതു്. ഒരു തുള്ളി അദ്ദേഹം കുടിക്കില്ല”. ആഭരണങ്ങൾ മുഴുവൻ വിറ്റാലും കിടപ്പാടം ഒറ്റി വയ്ക്കാൻ അയാൾ ശ്രമിച്ചാലും അതു് കുടിച്ചു കുടിച്ചു വരുത്തിവച്ച കടം വീട്ടാനാണെന്നു് അവൾക്കു തോന്നുകില്ല.
ഇങ്ങനെ പലരും ഡിസെപ്ഷന്റെ—വഞ്ചനയുടെ—ലോകത്താണു് ജീവിക്കുന്നതു്. ആരു് ഉപദേശിച്ചാലും ആരു സത്യം പറഞ്ഞുകൊടുത്താലും ആ ലോകത്തു ജീവിക്കുന്നവർ വിശ്വസിക്കില്ല. ‘സുനന്ദ’ വാരികയിൽ “ക്ഷമാപണപൂർവം” എന്ന ചെറുകഥയെഴുതിയ രമാദേവി താൻ എഴുതുന്നതൊക്കെ സാഹിത്യമാണെന്ന തെറ്റിദ്ധാരണയിൽ കഴിഞ്ഞുകൂടുകയാണു്. അതൊരു ഡിസെപ്ഷന്റെ ലോകമാണെന്നു് പ്രായം കൂടിയ ഞാൻ പറഞ്ഞാൽ ശ്രീമതി വിശ്വസിക്കില്ല. അതുകൊണ്ടു് അവർ അങ്ങനെതന്നെ കഴിയട്ടെ. മേരി കുടുംബത്തിലെ പ്രയാസങ്ങൾകൊണ്ടു് വൈകിയാണു് ഓഫീസിലെത്തുക. ഭർത്താവു് ദൂരെ ജോലിനോക്കുന്നു. പെട്ടെന്നു അയാൾക്കു രണ്ടു കത്തുകൾ കിട്ടുന്നു ‘കൊന്നുകളയു’മെന്നു കാണിച്ചു്. പ്രാണഭയത്താൽ അയാൾ സ്ഥലംമാറ്റം മേടിച്ച് മേരി താമസിക്കുന്നിടത്തു് എത്തുമ്പോൾ അവളുടെ പ്രയാസങ്ങൾ ഇല്ലാതാവുന്നു. ഭീഷണിക്കത്തുകൾ അയച്ചതു് മേരിയുടെ ഓഫീസിലെ ഒരു ജോലിക്കാരൻ തന്നെയാണു്. മേരിയുടെ ക്ലേശങ്ങൾ ഒതുക്കുവാനായി അയാൾ തികഞ്ഞ കാരുണ്യത്തോടെ ചെയ്ത പ്രവൃത്തി മേരിയേയും ഭർത്താവിനെയും ആഹ്ലാദിപ്പിക്കുന്നു. എന്തൊരു കഥയാണിതു്! ഇതു് സാഹിത്യമാണെന്നു വിശ്വസിക്കുന്നവർ വഞ്ചനയുടെ ലോകത്തല്ലെങ്കിൽ വേറെ ഏതൊരു ലോകത്താണു് ജീവിക്കുന്നതു്?
അന്തരീക്ഷത്തിനു താഴെയുള്ളതിലെല്ലാം ‘ഇടങ്കോലിട്ടു്’ ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചു്:
അവർ വിജയം പ്രാപിക്കുന്നില്ലെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ടു്. കാരണം അന്തരീക്ഷത്തിനു താഴെയുള്ളതു് ഒരു വിശുദ്ധഭാജനമാണു്. അതിനെ താറുമാറാക്കുന്നതു് ആപത്തു നിറഞ്ഞ പ്രവർത്തനമാണു്. അങ്ങനെ താറുമാറാക്കിയാൽ ഫലം അതിനെ ദോഷപ്പെടുത്തുക എന്നതായിരിക്കും. അതിനെ പിടിച്ചെടുക്കുന്നവനോ? അവനു് അതു നഷ്ടമായിപ്പോകും (ദൗ ദേ ജിങ്—Tao Te Ching, ചൈനീസ് ദാർശനികൻ ലൗദ്സു—Lao-Tzu—എഴുതിയ ഗ്രന്ഥം). എഴുത്തുകാർ പേനയെടുക്കുന്നതിനു മുൻപു് ഈ വാക്യങ്ങൾ ഓർമ്മിക്കുന്നതു് നന്നു്.

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡിഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ട് ക്വിസ്റ്റാ ണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിൻ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്ലോ നെറുദ യ്ക്കും വിതന്റേ ആലേഹാന്ദ്ര യ്ക്കും (Vicente Aleixandre) മാർകേസി നും നോബൽ സമ്മാനം കിട്ടാൻ കാരണക്കാരൻ. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോൾഡിങ്ങിനു നല്കിയപ്പോൾ ലുണ്ട് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മൾ അറിഞ്ഞു. ക്ലോദ് സീമൊങ്ങി നു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ട് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ൽ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാർശനികൻ ഗാസ്റ്റോങ് ബാഷ്ലാറി ന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാർട്ടിൻ സേമർ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്ലാർ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോർഹെസ്, അമാദൂ, ഗ്യുന്തർ ഗ്രാസ്, ഗ്രേയം ഗ്രീൻ, കാർലോസ് ഫ്വേന്റസ്, വാർഗാസ് യോസ ഇവരിൽ ആർക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ട് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബൽ സമ്മാനത്തിനു് അർഹതയുണ്ടായിരുന്ന ഈറ്റാലോ കാൽവീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവൽ) Marcovaldo (കഥകൾ), Adam, One Afternoon (കഥകൾ) Invisible Cities (നോവൽ) Italian Folktales (നാടോടിക്കഥകൾ) ഈ ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. ഓരോ വാക്യം കൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാൻ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികൾ എന്നു മാത്രം പറയാനാവൂ. കാൽവിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തർജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകർ പറയുന്നു. വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങൾ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാൽവീനോ 61-ആമത്തെ വയസ്സിൽ മരിച്ചു. ജീവിച്ചിരുന്നാൽത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേൾബക്ക്, സ്റ്റൈൻബക്ക്, ഗോൾഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാൽവീനോയ്ക്കു കിട്ടാത്തതും ഒരു കണക്കിൽ നന്നായി.

“വ്യക്തിപരമായ നിന്ദ”യാണു് കേരളത്തിലെ വാരികകളിൽ വരുന്ന ഹാസ്യ ചിത്രങ്ങളിൽ കൂടുതലുള്ളതു് എന്നു് ലോനപ്പൻ നമ്പാടൻ അഭിപ്രായപ്പെട്ടതായി കുങ്കുമംവാരികയിൽ കണ്ടു. സത്യമാണു് അദ്ദേഹം പറഞ്ഞതു്. ഹാസ്യചിത്രകാരന്റെ രേഖകളിൽനിന്നു് ഹാസ്യത്തിന്റെ തിളക്കമല്ല ഉണ്ടാകുന്നതു്; അസഭ്യപദങ്ങളുടെ ആളിക്കത്തലാണു്. ലോകത്തുള്ള സകല തെറിവാക്കുകളും ആ രേഖകളിൽനിന്നു തെറിച്ചുവീഴുന്നു. അതുണ്ടാകുമ്പോൾ ഹാസ്യചിത്രകാരൻ ചെളിയിൽ താഴ്‌ന്നു താഴ്‌ന്നു പോകുകയാണെന്ന പരമാർത്ഥം അയാളൊട്ടു് അറിയുന്നുമില്ല. കാർട്ടൂൺ ക്യാമ്പുകളിലെത്തുന്ന യഥാർത്ഥ ഹാസ്യചിത്രകാരന്മാർ. പ്രതിഭാശാലികൾ ഇയാളെപ്പോലുള്ളവരെ പിടിച്ചുപൊക്കാൻ ശ്രമിക്കാറുണ്ടു്. ഫലമില്ല, മാലിന്യത്തിന്റെ ഭാരം കൊണ്ടു് അവർ കൂടുതൽ താഴ്‌ന്നുപോകുന്നതേയുള്ളു. രക്ഷകരായി എത്തുന്നവരെക്കൂടി അവർ ചിലപ്പോൾ തങ്ങളുടെ ഗർത്തത്തിലേക്കു വലിച്ചിട്ടുകളയും.
കല പാവനമാണു് വ്യക്തിശത്രുതയുടെ പേരിൽ അതിനെ വ്യഭിചരിക്കരുതു ചിത്രകാരൻ. “വയലാർ രാമവർമ്മ എന്നെ അവഗണിച്ചു. ഞാൻ അയാളെക്കുറിച്ചു് നോവലെഴുതും” എന്നു നോവലിസ്റ്റ് (എഴുതി) “എന്റെ കഥ മോശമാണെന്നു് അയാൾ പറഞ്ഞു. ഞാൻ അയാളെ ആക്ഷേപിച്ചു കഥയെഴുതും” എന്നു കഥാകാരൻ. (കഥയെഴുതി). “അരവിന്ദനെ യും യേശുദാസി നെയും കൃഷ്ണനെയും രാജുനായരെ യും അയാൾ വാഴ്ത്തുന്നു. എന്നെക്കുറിച്ചു് അയാൾ മിണ്ടുന്നതേയില്ല. ഞാൻ അയാളെ അടുത്ത വാരികയിൽ വയ്ക്കും” എന്നു ചിത്രകാരൻ (വച്ചു). ഈ മാനസിക നിലയൊക്കെ അധമമാണു്. എനിക്കു് ഒ. വി. വിജയനോടു വിരോധമുണ്ടെന്നിരിക്കട്ടെ. വേണമെങ്കിൽ എനിക്കു് അദ്ദേഹത്തെ നേരിട്ടു ‘ഡീൽ’ (deal) ചെയ്യാം. അല്ലാതെ നല്ലയാളായ അദ്ദേഹത്തെ ചീത്തയാളാക്കി ലേഖനമെഴുതുകയല്ല വേണ്ടതു്. അദ്ദേഹത്തിന്റെ സുന്ദരമായ ‘ഖസാക്കിന്റെ ഇതിഹാസം’ വിരൂപമാണെന്നു് എഴുതിപ്പിടിപ്പിക്കുകയല്ല വേണ്ടതു്. അങ്ങനെ ചെയ്താൽ ഞാൻ ഹീനരിൽ ഹീനനാണു്. ഇന്നത്തെ ഈ ആബറേയ്ഷനെതിരായി—മാർഗ്ഗഭ്രംശത്തിനെതിരായി—ലോനപ്പൻ നമ്പാടൻ ശബ്ദമുയർത്തിയതു നന്നായി.
അറുപതുവയസ്സായ സ്ത്രീ ഇരുപതു വയസ്സുള്ളവളെപ്പോലെ ചിരിക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ജുഗുപ്സാവഹമാണു് അക്കാഴ്ച. എഴുപതുകാരനെ വയസ്സിന്റെ പേരിൽ വിമർശിക്കുന്നതു ശരിയല്ല. എങ്കിലും എഴുപതു കഴിഞ്ഞ അയാൾ തെറി എഴുതുമ്പോൾ വായനക്കാർക്കു ജുഗുപ്സ.