
ഇത്ര വളരെ വായിക്കുന്നതെങ്ങനെ? ഇത്ര വളരെ എഴുതുന്നതെങ്ങനെ? ഇത്ര മാത്രം ഓർമ്മിച്ചു വയ്ക്കുന്നതെങ്ങനെ? അഭിനന്ദിക്കുന്നുവെന്ന മട്ടിൽ നിന്ദ ഒളിച്ചുവച്ചു് പലരും എന്നോടു് ഈ ചോദ്യങ്ങൾ ചോദിക്കാറുണ്ടു്. മറുപടിയായി ഒന്നു ചിരിച്ചിട്ടു് ഞാനങ്ങു പോകുകയാണു പതിവു്. തിരുവനന്തപുരത്തു പറയാറുള്ളതു പോലെ ഇതത്ര “ശീമക്കാര്യ”മൊന്നുമല്ല. ഏകാഗ്രത കൊണ്ടും പ്രയോഗം കൊണ്ടും ഇതാർക്കും കഴിയുമെന്നു റോമൻ രാജ്യതന്ത്രജ്ഞനും വാഗ്മിയും എഴുത്തുകാരനുമായിരുന്ന സിസറോ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ബഹുജനനേതാക്കന്മാർക്കു് മാത്രമല്ല ജോലിയിൽ നിന്നു വിരമിച്ചു് വിശ്രമജീവിതം നയിക്കുന്നവർക്കും ഇതു സാധിക്കുമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. വളരെ വയസ്സനായിട്ടും സോഫക്ലീസ് ദുരന്തനാടകങ്ങൾ രചിച്ചിരുന്നു. സാഹിത്യത്തിലുള്ള ഈ താല്പര്യത്താൽ അദ്ദേഹം കുടുംബകാര്യങ്ങളിൽ മനസ്സു വയ്ക്കുന്നില്ലെന്നു് പുത്രന്മാർ കരുതി. അച്ഛൻ ക്ഷീണബലനായി ഭവിച്ചിരിക്കുന്നുവെന്നു പരാതിപ്പെട്ടുകൊണ്ടു മക്കൾ കേസ് കൊടുത്തു. വസ്തുക്കൾ അദ്ദേഹത്തിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നു വേർപെടുത്തി കിട്ടണമെന്നായിരുന്നു അവരുടെ അഭ്യർത്ഥന. സോഫക്ലീസ് അപ്പോൾ എഴുതിക്കൊണ്ടിരുന്ന “ഇഡപസ് അറ്റ് കലോനസ് ” (Oedipus at Colonus) എന്ന നാടകം പ്രാഡ്വിവാകന്മാരെ വായിച്ചു കേൾപ്പിച്ചു. അതുകേട്ടു് സോഫക്സീസ് ദുർബ്ബലമനസ്കനല്ലെന്നു് അവർ വിധിച്ചു. (Cicero, On Old Age എന്ന പ്രബന്ധം. ഡാനിഷ് തത്ത്വചിന്തകൻ കീർക്കഗോറി ന്റെ Repetition എന്ന ഗ്രന്ഥത്തിലും ഇതു് എടുത്തെഴുതിയിട്ടുണ്ടു്.) അതിമാനുഷശക്തികൾ ഉള്ള ആളായിരുന്നല്ലോ സോഫക്സീസ്; സാധാരണ മനുഷ്യർക്കു് ഇതു് എങ്ങനെ ചേരുമെന്നു സംശയം തോന്നാം. ശൂരനാട്ടു കുഞ്ഞൻ പിള്ള യ്ക്കു മാനുഷാതിഗ ശക്തിയൊന്നുമില്ലല്ലോ. എന്നാൽ പ്രായം കൂടിയ അദ്ദേഹത്തോടൊന്നു സംസാരിച്ചു നോക്കൂ. യുക്തിക്കു് ഒരു ഭംഗവും കൂടാതെ വിദ്വജ്ജനോചിതമായി അദ്ദേഹം ഏതു വിഷയത്തെക്കുറിച്ചും അഭിപ്രായങ്ങൾ ആവിഷ്കരിക്കും. എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും അദ്ദേഹം ഇപ്പോഴും യുവാവു തന്നെ. വാർദ്ധക്യത്തിൽ ശരീരം ക്ഷീണിക്കും. ഏതൊരു വിഷയത്തിൽ വ്യാപരിച്ചിരുന്നുവോ ആ വിഷയത്തെസ്സംബന്ധിച്ചു് ഒരു ന്യൂനതയുമുണ്ടാവില്ല ആ കാലയളവിലും. കൊല്ലങ്കോട്ടു ഗോപാലൻ നായർ മഹാപണ്ഡിതനായിരുന്നു. ജരാപരിണതാവസ്ഥയിലും അദ്ദേഹത്തിന്റെ ബുദ്ധി തെളിഞ്ഞു വിലസിയിരുന്നു. മറ്റൊരു മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രി യെ നോക്കൂ, വൃദ്ധത അദ്ദേഹത്തിന്റെ കഴിവുകളെ വർദ്ധിപ്പിച്ചിട്ടേയുള്ളൂ. ചെറുപ്പകാലത്തു് ധിഷണാപരങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വാർദ്ധക്യത്തിലും അവ തുടർന്നു കൊണ്ടു പോവുകയും ചെയ്താൽ ആ പ്രവർത്തനങ്ങൾക്കു ന്യൂതന സംഭവിക്കില്ലെന്നു് എറിക്‍ ഫ്രം എഴുതിയതും ഞാൻ വായിച്ചിട്ടുണ്ടു്.

മുകളിൽ കീർക്കഗോറിന്റെ Repetition എന്ന കൃതിയെക്കുറിച്ചു പറഞ്ഞു. നിത്യജീവിതത്തിലെ ആവർത്തനത്തെപ്പറ്റിയല്ല ആ തത്ത്വചിന്തകൻ പ്രതിപാദിക്കുന്നതു്. അദ്ദേഹത്തിന്റെ ചിന്തകൾ ദാർശനികതലത്തിൽ ഉള്ളവയാണു്. കാല്പനികവാദികളുടെ മതം, നഷ്ടപ്പെട്ടു പോയ നിഷ്കളങ്കതയെ വീണ്ടെടുക്കാൻ കഴിയുകയില്ല എന്നതാണു്.
The earth, and every common sight
To me did seem
Apparelled in Celestial light,
The glory and the freshness of a dream
It is not now as it hath been of yore;
Turn wheresoe’er I may
By night or day,
The things which I have seen
I now can see no more
എന്നു വഡ്സ്വർത്തു് പറയുന്നു. ഈ കവിയെ അനുകരിച്ചു് “ജീവിതം സ്വയം വേഷം മാറുന്ന മാറ്റത്തോടെ ഭൂവിനും വരും ഭാവഭേദമാണസഹ്യം മേ. ശൈശവത്തിങ്കൽ കണ്ട ഞാനല്ല ഞാനിക്കാലം ശൈശവക്കണ്ണാൽ കണ്ട പാരല്ലപാരും നൂനം” എന്നു ശങ്കരക്കുറുപ്പു് പാടുന്നു. രണ്ടുപേരും നഷ്ടപ്പെട്ട നിഷ്കളങ്കതയെക്കുറിച്ചാണു് എഴുതുന്നതു്. പൂർവ്വകാലാനുഭവത്തെയും നിഷ്കളങ്കതയെയും പ്രത്യാനയിക്കാനുള്ള ഈ ശ്രമത്തെയാണു് കീർക്കഗോർ Repetition എന്നു വിളിക്കുന്നതു്. “ആവർത്തനത്തിനു ശ്രമിക്കുന്നവനാണു് മനുഷ്യൻ. ആ ലക്ഷ്യം എത്രത്തോളം അവനു വ്യക്തമാകുന്നുവോ അത്രകണ്ടു് അവൻ കൂടുതൽ മനുഷ്യനായി ഭവിക്കുന്നു” എന്നു് അദ്ദേഹം പറയുന്നു.

കീർക്കഗോർ സാഹിത്യത്തിലെ പ്രതിപാദ്യവിഷയത്തിന്റെ ആവർത്തനത്തെയും അംഗീകരിക്കുമായിരുന്നോ? സംശയമാണു്. ഇത്ര വളരെ ഗ്രന്ഥങ്ങളെഴുതിയിട്ടും അദ്ദേഹം ഒരിടത്തും ഒരു വാക്യമോ ഒരാശയമോ ആവർത്തിച്ചിട്ടില്ല. നമ്മുടെ വാരികകളിൽ വരുന്ന ചെറുകഥകളുടെ വിഷയങ്ങൾ നോക്കൂ. എന്താവർത്തനമാണു്. കാമം, വിശപ്പു് ഇങ്ങനെ രണ്ടു് പ്രാഥമിക വികാരങ്ങളേയുള്ളൂവെന്നും അവയെ അവലംബിച്ചു മാത്രമേ സാഹിത്യരചനയ്ക്കു് മാർഗ്ഗമുള്ളൂവെന്നും അതിനാൽ പല സാഹിത്യസൃഷ്ടികളും ഒരേ മട്ടിലിരിക്കുമെന്നും ഇതിനു ചിലർ സമാധാനം നല്കിയേക്കും. ഇതു ശരി തന്നെ. എങ്കിലും പ്രതിപാദ്യവിഷയത്തിനു് നല്കുന്ന ‘വേരിയേഷൻസാ’ണു്—തുടരെയുള്ള മാറ്റമാണു്—സാഹിത്യസൃഷ്ടികൾക്കു് അന്യാദൃശസ്വഭാവം നല്കുന്നതു്. ഫ്ളോബറി ന്റെ ‘മദാം ബൊവറി’യും ടോൾസ്റ്റോയി യുടെ ‘അന്നാ കരേനിന യും’ ഫോൺടേന്റെ ‘എഫീ ബ്രൈസ്റ്റും’ ലേയോപോൾഡോ ആലാസി ന്റെ ‘ലാ റേഹന്റ’യും ഒരേ വിഷയം—വ്യഭിചാരം—പ്രതിപാദിക്കുന്നു. പക്ഷേ, ഓരോന്നിനും അന്യാദൃശസ്വഭാവമുണ്ടു്. കലാകൗമുദിയിൽ കിളിരൂർ രാധാകൃഷ്ണനെഴുതിയ ‘റീന’ എന്ന കഥയിൽ സമ്പത്തിന്റെ ഔന്നത്യവും ദാരിദ്ര്യത്തിന്റെ അധമത്വവും തമ്മിലുള്ള സംഘട്ടനമാണു് രണ്ടു കുട്ടികളിലൂടെ സ്ഫുടീകരിച്ചിട്ടുള്ളതു്. നല്ല ആഖ്യാനം, ആകർഷകത്വമുള്ള ശൈലി, വിഷയത്തിനു യോജിച്ച സംഭവങ്ങളുടെ നിവേശനം—ഇവയെല്ലാമുണ്ടായിട്ടും വായിച്ചു കഴിയുമ്പോൾ “ഹായ്, ലോകത്തു് ഇത്രനാൾ ഇതുണ്ടായിരുന്നിട്ടും എനിക്കിതു കാണാൻ കഴിഞ്ഞില്ലല്ലോ. ഈ കഥാകാരനാണല്ലോ എനിക്കിതു കാണിച്ചുതന്നതു്” എന്നു നമ്മൾ പറയുമോ? തീർച്ചയായും പറയുകയില്ല. പുതിയ ഉൾക്കാഴ്ചയില്ലാത്ത വസ്തുസ്ഥിതികഥനം സാഹിത്യമാവുകയില്ല.
എഴുതിയെഴുതി ഉറക്കം വരുന്നു എനിക്കു്. ചാരുകസേരയിൽ കിടന്നു മുകളിലേക്കു നോക്കുമ്പോൾ ഒരെട്ടുകാലി വെള്ളച്ചുവരിലൂടെ മുകളിലോട്ടു കയറുന്നു. അതിന്റെ ഭീതിദമായ വലിയ നിഴൽ. എട്ടുകാലിയെക്കാൾ എന്നെ പേടിപ്പിക്കുന്നതു് അതിന്റെ ഈ നിഴലാണു്. യഥാർത്ഥ സാഹിത്യം വീഴ്ത്തുന്ന നിഴലാണു്—ഭയപ്രദമായ നിഴലാണു്—പൈങ്കിളി സാഹിത്യം.
കഥകൾ, കവിതകൾ ഇവ രാജവീഥികളിലും ബസ്സുകളിലും തീവണ്ടികളിലും വച്ചു് യുവാക്കന്മാർ കാണുന്ന സുന്ദരികളായ തരുണികളെപ്പോലെയാണു്. ചെറുപ്പക്കാർക്കു് ആ പെണ്ണുങ്ങളോടു സംസാരിക്കാൻ കൊതി, അവരെ തൊടാൻ കൊതി. ഒരു യുവാവിനു് ഒരു ചെറുപ്പക്കാരിയെ നിശീഥിനിയുടെ നിശ്ശബ്ദതയിൽ കിട്ടിയാൽ എന്തു തന്നെ സംഭവിക്കില്ല. കിട്ടിയെന്നിരിക്കട്ടെ. അവൾ ഇങ്ങനെ പറയുന്നുവെന്നും കരുതു: “സ്ട്രീറ്റ് വിളക്കുകളൊക്കെ കെട്ടു. നല്ല ഇരുട്ടു്. മഴയും പെയ്യുന്നു. എന്റെ വീട്ടിലേക്കു് ഇനിയും ഒരു നാഴികയുണ്ടു്. എന്റെ കൂടെ വീടുവരെ വരുമോ. എനിക്കു പേടിയാകുന്നു”. യുവാവു് ‘വരാ’മെന്നു പറഞ്ഞു തന്റെ കൈയിലിരിക്കുന്ന കുട നിവർത്തി അവൾക്കു കൊടുക്കും. മഴ നനഞ്ഞുകൊണ്ടു് അവളിൽ നിന്നു അല്പമകന്നു മാറി നടക്കും. വീട്ടിൽ കൊണ്ടാക്കിയിട്ടു് കുട തിരിച്ചു വാങ്ങുന്ന വേളയിൽ വിരൽ പോലും സ്പർശിക്കരുതെന്നു കരുതി അതുപോലെ പ്രവർത്തിച്ചു തിരിച്ചു പോരും. അവളെ സഹായിക്കാൻ കൂടെനടക്കുമ്പോൾ സംസാരിക്കാനോ തൊടാനോ കൊതിയില്ല. പിന്നീടു് അവളെ എത്ര തവണ കണ്ടാലും ചീത്ത വികാരങ്ങൾ അയാൾക്കില്ല. ഒരു രാത്രി അവൾ തന്റെ സംരക്ഷണത്തിലായി എന്നതാണു് വികാരരാഹിത്യത്തിനു ഹേതു. അനുജത്തിയോടെന്ന വിധത്തിൽ അയാൾ പിന്നീടു് പെരുമാറിക്കൊള്ളും.
കഥകളും കാവ്യങ്ങളും ഈ യുവതികളെപ്പോലെയാണെന്നു ഞാൻ പറഞ്ഞു. അവയുടെ രചയിതാക്കൾ ‘എന്റെ കഥയെക്കുറിച്ചു എഴുതു. എന്റെ കാവ്യത്തെക്കുറിച്ചു എഴുതു’ എന്നു് അഭ്യർത്ഥിക്കുമ്പോൾ ആ കഥയും കാവ്യവും എന്റെ സംരക്ഷണത്തിൽ വരുന്നു. രചനകളെക്കുറിച്ചുള്ള എന്റെ വികാരങ്ങൾ കെട്ടടങ്ങുന്നു. കെട്ടടങ്ങിയ വികാരത്തോടുകൂടി എഴുതുമ്പോൾ ഞാൻ അവയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഈ സംരക്ഷണം നിരൂപണത്തെ സംബന്ധിച്ചിടത്തോളം അസത്യ പ്രസ്താവത്തിനു് കാരണമാകുന്നു. അതുകൊണ്ടു് ആരും സ്വന്തം രചനയെക്കുറിച്ചു് എഴുതാൻ എന്നോടു് പ്രത്യക്ഷമായും പരോക്ഷമായും അപേക്ഷിക്കരുതെന്നു് ഞാൻ അപേക്ഷിക്കുന്നു. ഇതുവരെയുള്ള എല്ലാ അപേക്ഷകളും ഞാൻ നിരാകരിച്ചിട്ടേയുള്ളു എന്നു കൂടി പ്രിയപ്പെട്ട വായനക്കാരെ അറിയിച്ചു കൊള്ളട്ടെ.

ഒരു സ്ത്രീക്കു് ഒരു കാമുകനുണ്ടായിരുന്നു. അവളുടെ ഭർത്താവു വരുന്നുവെന്നറിഞ്ഞു് അയാൾ ജന്നൽ വഴി പുറത്തേക്കു ചാടി. ഭർത്താവു് അകത്തെത്തിയപ്പോൾ ഒരു ചെരിപ്പു് അവിടെ കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു് കിടക്കയുടെ അടിയിൽ വച്ചിട്ടു പറഞ്ഞു: “നാളെ ഞാൻ കണ്ടുപിടിക്കും ഇതാരുടെ ചെരിപ്പെന്നു്. എന്നിട്ടു് നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കാം. അയാൾ കിടന്നുറങ്ങി. രാത്രി മുഴുവൻ ഉണർന്നിരുന്ന ഭാര്യ, ഭർത്താവു് ഗാഢനിദ്രയിലാണ്ടു എന്നു മനസ്സിലാക്കിയ ഉടനെ ഭർത്താവിന്റെ ഒരു ചെരിപ്പെടുത്തു് കിടക്കയ്ക്കു താഴെ വച്ചിട്ടു് കാമുകന്റെ ചെരിപ്പു് ഒളിച്ചു വച്ചു. നേരം വെളുത്തു. ചെരിപ്പെടുത്തു പരിശോധിച്ചപ്പോൾ ഭർത്താവിനു മനസ്സിലായി അതു തന്റെ ചെരിപ്പു തന്നെന്നു്. പശ്ചാത്താപത്തോടെ അയാൾ ഭാര്യയോടു പറഞ്ഞു: “ഞാൻ നിന്നെ തെറ്റിദ്ധരിച്ചതു ശരിയായില്ല. ജന്നലിൽക്കൂടി വെളിയിൽ ചാടിപ്പോയ ആൾ ഞാൻ തന്നെയായിരിക്കണം”.
അസ്വാഭാവികവും പ്രാകൃതവും ആയ ഈ നേരമ്പോക്കു് ഒരളവിൽ നമ്മളെ രസിപ്പിക്കുന്നുണ്ടു്. ഈ രസം പോലും പ്രദാനം ചെയ്യാൻ നമ്മുടെ പല ഹാസ്യ സാഹിത്യകാരന്മാർക്കും കഴിയുന്നില്ല. ഭാര്യയുടെ കാഞ്ചീപുരം സാരി നാത്തൂന്റെ കൈയിൽ നിന്നു തിരിച്ചു വാങ്ങാൻ പോകുന്ന ഭർത്താവു്. അയാൾ രണ്ടു കുട കളഞ്ഞിട്ടുള്ളവനാണു്. അതു കൊണ്ടു് കുട കളയരുതേയെന്നു് അവൾ അപേക്ഷിക്കുന്നു. നാത്തൂന്റെ വീട്ടിൽ ചെന്നു സാരി വാങ്ങിക്കൊണ്ടു് അയാൾ വീട്ടിലെത്തിയപ്പോൾ കുട കൈയിലുണ്ടു്. സാരി കൈയിലില്ല. ജെ. ഫിലിപ്പോസ് തിരുവല്ല ‘മനോരാജ്യം’ വാരികയിലെഴുതിയ ഈ ‘ഹാസ്യ’ കഥ വായിക്കുമ്പോൾ ഞാൻ അമ്പരന്നു് ഇതിൽ ഹാസ്യം എവിടെയിരിക്കുന്നു എന്നു് ചോദിച്ചു പോകുന്നു, ഓർമ്മകുറവു് തുടങ്ങിയ ദൗർബ്ബല്യങ്ങളെ നോക്കി ഹാസ്യ സാഹിത്യകാരൻ ചിരിക്കും. ചിരിക്കേണ്ടതുമാണു് അപ്പോൾ നിന്ദപാടില്ല താനും. ഈ ഗുണങ്ങളെല്ലാം ഫിലിപ്പോസിനുണ്ടു്. പക്ഷേ, വായനക്കാരൻ ചിരിക്കുന്നില്ല എന്നൊരു ദോഷവും.
നേരമ്പോക്കിനു വേണ്ടി എഴുതുകയല്ല! യഥാർത്ഥ സംഭവമാണു്. കൊട്ടാരക്കര ഇംഗ്ലീഷ് ഹൈസ്കൂളിൽ ഞാൻ പഠിക്കുന്ന കാലം. കണക്കിനു മോശമായിരുന്നു ഞാൻ. അതുകൊണ്ടു് എന്റെ ക്ലാസ്സിലെ ഏറ്റവും പ്രഗല്ഭനായ ഒരു വിദ്യാർത്ഥിയുടെ വീട്ടിൽ ഞാൻ കണക്കു പഠിക്കാൻ പോകുമായിരുന്നു. ഒരു ദിവസം സന്ധ്യാവേളയിൽ ഞാൻ കൂട്ടുകാരന്റെ വീട്ടിലെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അയാൾ എന്തോ വാങ്ങാൻ കടയിൽ പോയിരിക്കുകയാണു്. സുഹൃത്തിന്റെ അമ്മ ഒരു പരിപ്പുവട കൈയിലെടുത്തുകൊണ്ടു് എന്റെ അടുക്കലെത്തി പതുക്കെപ്പറഞ്ഞു: “മോനേ വട വേഗം തിന്നോ. ഇല്ലെങ്കിൽ ആ കൃഷ്ണൻ നായർ ഇപ്പോൾ പഠിക്കാൻ കയറിവരും”.

ഇംഗ്ലണ്ടിലെ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു സർ തോമസ് ഗ്രഷം. ഇലിസബത്തു് രാജ്ഞി യുടെ ഉപദേശകനായിരുന്ന അദ്ദേഹം ‘bad money drives out good’—‘ചീത്തപ്പണം നല്ല പണത്തെ പലായനം ചെയ്യിക്കുന്നു’—എന്ന സിദ്ധാന്തം പ്രചരിപ്പിച്ചു. വില കൂടിയ ലോഹത്താൽ നിർമ്മിതമായ നാണയങ്ങൾ വില കുറഞ്ഞ ലോഹത്താൽ നിർമ്മിതമായ നാണയങ്ങളോടൊപ്പം പ്രചരിക്കുമ്പോൾ ആ നല്ല നാണയങ്ങൾ അപ്രത്യക്ഷങ്ങളാകുന്നു എന്നതാണു ഗ്രഷം നിയമം. ഭാരതത്തിലെ രാഷ്ട്രവ്യവഹാരത്തിൽ ഇന്നു പ്രവർത്തിക്കുന്നതു് ഈ നിയമം തന്നെയാണെന്നു ജോസഫ് പുലിക്കുന്നേൽ അഭിപ്രായപ്പെടുന്നു (കുങ്കുമം, “അധികാരം ദുഷിപ്പിക്കുന്നു”). ‘അധികാരത്തിനും അതിൽ നിന്നു കിട്ടുന്ന സ്ഥാനമാനങ്ങൾക്കും വേണ്ടി പരക്കം പായുന്ന’ വ്യക്തികൾ അടങ്ങിയതാണു് സമകാലിക സമുദായം. ആ വിധത്തിലുള്ള സമുദായത്തിൽ ത്യാഗികൾക്കു് ഒരു സ്ഥാനവുമില്ലെന്നു് അദ്ദേഹം പറയുന്നു. പുലിക്കുന്നേലിനോടു ആരും യോജിക്കും. തിന്മയോടെതിരിട്ടു് അതിനെ തോല്പിച്ചവർ ‘നിജ ജന്മകൃത്യം സാധിച്ചു’വെന്നു കണ്ടു് നിശ്ശബ്ദരായിരിക്കുന്നു. ഏറ്റു മുട്ടലിൽ പരാജയം സംഭവിച്ചവരും മിണ്ടാതെ കഴിഞ്ഞു കൂടുന്നു. എന്നാൽ പൊതുജന ദാസന്മാരെന്നു ഭാവിച്ചുകൊണ്ടു് രാഷ്ട്രവ്യവഹാരത്തിൽ കടന്നുകൂടുന്നവർ കപടമായി അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുണ്ടാക്കുന്നു. അതേ സമയം അവർ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നു, മാളികകൾ പണിയുന്നു, മക്കൾക്കും മരുമക്കൾക്കും വലിയ ഉദ്യോഗങ്ങൾ നേടിക്കൊടുക്കുന്നു. ഇവർ അധികാരത്തിൽ വന്നുവെന്നു വിചാരിക്കു. മറ്റുള്ളവരെ പീഡിപ്പിക്കും. അധികാരം നഷ്ടപ്പെട്ടാൽ “ആത്മാർത്ഥതയുള്ളവനു് ഇവിടെ കഴിഞ്ഞു കൂടാൻ കഴിയുകയില്ലെന്നു്” പരിദേവനം തുടങ്ങും. ഒരിക്കൽ താൻ ആട്ടിപ്പുറത്താക്കിയ ഉദ്യോഗസ്ഥന്റെ മുൻപിൽ പിന്നീടു് പിച്ചച്ചട്ടിയുമായി ചെന്നു നിൽക്കാനും ഇയാൾക്കു മടിയില്ല. ഈ വിധത്തിലുള്ള അടിമകൾ നിറഞ്ഞതാണു് നമ്മുടെ ഇന്നത്തെ ഭാരതം. ഇക്കാര്യത്തിൽ ‘രാഷ്ട്രീയക്കാരെ’ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, അവരെക്കാൾ ഹീനന്മാരാണു് സാഹിത്യകാരന്മാർ. ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അംഗമാകാൻ സൗകര്യമുണ്ടെന്നു കണ്ടാൽ എല്ലിൻ കഷണം കണ്ട നായ് എന്ന പോലെ അവർ ചാടി വീഴുന്നു. കിട്ടിയ എല്ലു് നുണഞ്ഞുകൊണ്ടു്, ‘ചാളുവ’ ഒഴുക്കിക്കൊണ്ടു് അവർ അവിടെ പറ്റിപ്പിടിച്ചു് ഇരിക്കും. എന്നിട്ടു് കൂടക്കൂടെ വ്യാസനെ ന്നും വാല്മീകി യെന്നും കോയ്റ്റ്സ്ലറെ ന്നും പറയുകയും ചെയ്യും. അടിമകളായ രാഷ്ട്രീയക്കാരും എമ്പോക്കികളായ സാഹിത്യകാരന്മാരും നമ്മുടെ നാടിനെ അധഃപതിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരായി ധീരശബ്ദം മുഴുക്കിയ ജോസഫ് പുലിക്കുന്നേലിനു് അഭിനന്ദനം.
ഭേത്തും വജ്രമണിൻ ശിരീഷകുസുമപ്രാന്തേന സന്നഹ്യതേ
മാധൂര്യം മധുവിന്ദുനാ രചയിതും ക്ഷാരാംബുധേ രീഹതേ
മൂർഖാൻ യഃ പ്രതിനേതുമിച്ഛതി ബലാൽ
സൂക്തൈസ്സുധാസ്യന്ദിഭിഃ
(അമൃതമൊഴുകുന്ന വാക്കുകളെക്കൊണ്ടു മൂർഖന്മാരെ അറിവുള്ളവരാക്കാൻ യത്നിക്കുന്നവൻ ലോലമായ താമരനൂലു കൊണ്ടു് മദയാനയെ കെട്ടാനും വജ്രത്തെ വാകപ്പൂവിന്റെ അറ്റം കൊണ്ടു് മുറിക്കാനും തേൻതുള്ളി കൊണ്ടു് ഉപ്പുകടലിനെ മാധുര്യമുള്ളതാക്കാനും ആഗ്രഹിക്കുന്നവനെപ്പോലെയാണു്).
കെ. ബാലകൃഷ്ണനും (കൗമുദിയുടെ എഡിറ്റർ) ഞാനും ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോയിട്ടു തിരുവനന്തപുരത്തേക്കു തിരിച്ചു വരികയായിരുന്നു. എനിക്കു വല്ലാത്ത ജലദോഷം. ബാലകൃഷ്ണൻ പറഞ്ഞു: “ജലദോഷത്തിനു ഞാൻ നല്ല മരുന്നു പറഞ്ഞു തരാം. ഒരു സ്മാൾ ബ്രാൻഡി. അതേയളവിൽ ചൂടുവെള്ളം. ഒരു ടീസ്പൂൺ തേൻ. പകുതി നാരങ്ങ പിഴിഞ്ഞെടുത്ത ചാറു്. ഇവ ഒരുമിച്ചു ചേർത്തു് ഒറ്റ ഗൾപ്പിൽ (gulp) അകത്താക്കണം. സിപ്പ് ചെയ്യരുതു്. ജലദോഷം അപ്പോൾ പോകും. നല്ല ഉറക്കവും കിട്ടും”. ഞങ്ങൾ കൊല്ലത്തെ ‘സേവിയറി’ൽ കയറി. ബാലകൃഷ്ണൻ പറഞ്ഞതു പോലെ ഞാൻ ‘മരുന്നു്’ കുടിച്ചു. ജലദോഷം കൂടി. ഉറങ്ങിയതുമില്ല. നേരം വെളുക്കുന്നതു വരെ കണ്ണു മിഴിച്ചു കിടന്നു.
സാംസ്കാരിക മണ്ഡലത്തിലെ ഒരു നേതാവും ഞാനും കൂടെ വേറൊരു മീറ്റിങ്ങിനു പോയിട്ടു തിരിച്ചു വരികയായിരുന്നു. നേതാവിനു് കടുത്ത ജലദോഷം. ഞാൻ ബാലകൃഷ്ണൻ പറഞ്ഞു തന്ന മരുന്നു് അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു. അന്നും സേവിയറിൽ കയറി. സ്മാളിനു പകരം ലാർജാണു് നേതാവു് നാരങ്ങാച്ചാറു്, തേൻ ഇവയോടുകൂടി അകത്താക്കിയതു്. തിരിച്ചു കാറിൽ കയറിയ ഉടൻ അദ്ദേഹം ഡ്രൈവറോടു ചോദിച്ചു: സത്യാ, സോഡാ വാങ്ങി തലയിലൊഴിച്ചോ? (സത്യൻ, പേട്ടയിലെ ഒരു ടാക്സി ഡ്രൈവർ അന്തരിച്ചുപോയി.) സത്യൻ മറുപടി പറയാത്തതുകൊണ്ടു് നേതാവു് ഒരടി കാറോടിക്കുന്ന അയാളുടെ തോളിൽ. എന്നിട്ടു് എന്റെ നേർക്കു തിരിഞ്ഞു. “കൃഷ്ണൻ നായർ സാറേ, ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂച്ചെണ്ടായ് ശിവാദ്രിയുടെ തെക്കളകാപുരംപോൽ… മലയാളരാജ്യം. കുമാരനാശാന്റെ ഈ കേകയുടെ അർത്ഥം അറിയാമെങ്കിൽ പറഞ്ഞാട്ടേ”. ഇങ്ങനെ തിരുവനന്തപുരമെത്തുന്നതുവരെ അദ്ദേഹം അതുമിതും പുലമ്പിക്കൊണ്ടിരുന്നു. വീട്ടിൽ ചെന്നിട്ടും അദ്ദേഹം ഉറങ്ങിയിരിക്കില്ല.
ആലപ്പുഴെ തത്തംപള്ളി എന്ന സ്ഥലത്തു് ഞാൻ കുറേക്കാലം താമസിച്ചിട്ടുണ്ടു്. ഒരു ദിവസം രാത്രി അമ്മ എന്നെ വിളിച്ചുണർത്തി വീട്ടിന്റെ വരാന്തയിൽ കൊണ്ടു നിർത്തിയിട്ടു് ആകാശത്തേക്കു കൈചൂണ്ടി “നോക്കു്” എന്നു പറഞ്ഞു. പള്ളിയിലെ പെരുന്നാളിനോടു ചേർന്ന കമ്പക്കെട്ടു്. ഞാൻ വരാന്തയിലെത്തുന്നതുവരെ അമിട്ടുകൾ രസഗോളങ്ങളായി പൊട്ടിച്ചിതറുകയായിരുന്നു. ചേതോഹരമായ ആ കാഴ്ചകാണാനാണു് അമ്മ എന്നെ വിളിച്ചുണർത്തിയതു്. പക്ഷേ, ഞാൻ വരാന്തയിലെത്തി നോക്കിയപ്പോൾ അമിട്ടു് ആകാശത്തേക്കു് ഉയർന്നു രസക്കുടുക്കകൾ വാരി വിതറാതെ ‘ശ്ശു’ എന്ന ശബ്ദം കേൾപ്പിച്ചു കൊണ്ടു പൊലിഞ്ഞു പോയി. “ഇതിനാണോ എന്നെ വിളിച്ചുണർത്തിയതു്?” എന്നു ഞാൻ അമ്മയോടു ചോദിച്ചു. പ്രതീക്ഷയ്ക്കു ചേർന്നവിധം ഫലമുണ്ടായില്ലെങ്കിൽ നമുക്കു നിരാശതയാണു് ഫലം. മാതൃഭൂമി ആഴ്ചപ്പതിപ്പു് തുറന്നു വിഷയവിവരം നോക്കുന്നു. എട്ടാം പുറത്തു് സക്കറിയ യുടെ ചെറുകഥ—“ഒരു ക്രിസ്മസ് കഥ”. എട്ടാം പുറം നോക്കുന്നു. വായിക്കുന്നു. രണ്ടു പേർ ഒരു വേശ്യയെ പാർപ്പിടത്തിൽ കൊണ്ടുവരുന്നു. അവൾ സ്വന്തം കഥ പറയുന്നു. ഒരാൾ അവളെ പ്രാപിക്കുന്നു. ഇതിൽക്കവിഞ്ഞു് ഇക്കഥയിലൊന്നുമില്ല. സക്കറിയ എന്ന പേരു ഉണർത്തി വിട്ട പ്രതീക്ഷകൾ നൈരാശ്യത്തിലേക്കു കൊണ്ടു ചെല്ലുന്നു. അമിട്ടു് പൊട്ടുന്നില്ല, ബ്രാൻഡി ജലദോഷം മാറ്റുന്നില്ല. ഉറക്കമൊട്ടു് വരുന്നതുമില്ല.

പൈങ്കിളിക്കഥകളെക്കുറിച്ചു പറഞ്ഞു പറഞ്ഞു് ഞാനേറെ മടുത്തു. അപ്പോൾ വായനക്കാർക്കു് എന്റെ വാക്കുകൾ കേട്ടുകേട്ടു് എത്ര മടുപ്പു് ഉണ്ടായിരിക്കണം. എങ്കിലും വിമർശിക്കേണ്ടി വരുമ്പോൾ പറയാതിരിക്കാനും വയ്യ. കുമാരി വാരികയിൽ ‘ധന്യ’ എന്നൊരു രചനയുണ്ടു്. ആശാ അജയ് എം എഴുതിയതു്. ഒരു വിവാഹിതനെ (അവൻ ഒരു കൊച്ചിന്റെ തന്തയുമത്രേ) ഒരു പെണ്ണു കേറിയങ്ങു സ്നേഹിക്കുന്നു. അവൻ ആദ്യമൊന്നും വിധേയനാകുന്നില്ല [പുരുഷന്റെ ട്രിക്ക്]. ഒടുവിൽ രണ്ടു പേരും കെട്ടിപ്പിടിക്കുന്നു. മലയാളത്തിൽ ഈ ‘വളിപ്പി’നു് ഒരു പേരില്ല. അതുകൊണ്ടു് ഇംഗ്ലീഷിൽ ഇതിനെ ghostly എന്നും ghastly എന്നും വിളിച്ചു കൊള്ളട്ടെ (പ്രേതവിഷയകമെന്നും ഭയാനകമെന്നും). കൊല ചെയ്യപ്പെട്ടവന്റെ ശരീരം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കു ശേഷം കുഴിച്ചിട്ടാൽ പരിശോധന ശരിയായില്ല എന്ന പരാതി പിന്നീടുണ്ടാകും. അപ്പോൾ അതു മാന്തിയെടുത്തു ഒന്നുകൂടെ പരിശോധിക്കും. ചീഞ്ഞളിഞ്ഞ ആ മൃതദേഹം ഡോക്ടർക്കും മറ്റുള്ളവർക്കും ബോധക്കേടുണ്ടാക്കും. ജീവിത ശ്മശാനത്തിൽ നിന്നു് പൊക്കിയെടുത്ത ഈ കഥാശവം പരത്തുന്ന നാറ്റം അസഹനീയമാണു്. ബോധക്കേടുണ്ടാകരുതു് എന്നു കരുതുന്നവർ പത്തു നാഴിക മാറിനില്ക്കൂ. ഇതൊരു ആജ്ഞയല്ല. അപേക്ഷയാണു്.
എഴുതിയെഴുതി ഉറക്കം വരുന്നു എനിക്കു്. ചാരുകസേരയിൽ കിടന്നു മുകളിലേക്കു നോക്കുമ്പോൾ ഒരെട്ടുകാലി വെള്ളച്ചുവരിലൂടെ മുകളിലോട്ടു കയറുന്നു. അതിന്റെ ഭീതിദമായ വലിയ നിഴൽ. എട്ടുകാലിയെക്കാൾ എന്നെ പേടിപ്പിക്കുന്നതു് അതിന്റെ ഈ നിഴലാണു്. യഥാർത്ഥസാഹിത്യം വീഴ്ത്തുന്ന നിഴലാണു്—ഭയപ്രദമായ നിഴലാണു്—പൈങ്കിളി സാഹിത്യം.
അങ്ങു വടക്കു്—എന്നു പറഞ്ഞാൽ ഉത്തരേന്ത്യയിൽ ഒരു പാർക്കിലിരിക്കാനുള്ള സന്ദർഭം കിട്ടിയെനിക്കു്. അവിടെ ചാരുബഞ്ചുകൾ ഇട്ടിരിക്കുന്നതു് സവിശേഷമായ രീതിയിലാണു്. ആ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കണമെങ്കിൽ ആ ബഞ്ചിലിരുന്നാൽ മതി. അവ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റിയാൽ—ഒരിഞ്ചു് മാറ്റിയാൽ ഭംഗികാണില്ല പ്രദേശത്തിനു്. ജീവിതരംഗങ്ങൾ കണ്ടാസ്വദിക്കാൻ സവിശേഷമായ മട്ടിൽ ഇരിപ്പിടങ്ങൾ ഇടുന്ന അനുഗൃഹീതനാണു് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി. അദ്ദേഹം കാവ്യം രചിക്കട്ടെ, കഥയെഴുതട്ടെ, ഹാസ്യലേഖനം എഴുതട്ടെ, ഭാഷയാകുന്ന ഇരിപ്പിടങ്ങളെ വേണ്ടപോലെ നിവേശിപ്പിക്കാനറിയാം അദ്ദേഹത്തിനു്. അവയിലിരിക്കു, നിങ്ങൾ രസിക്കും. ജനയുഗം വാരികയിൽ അദ്ദേഹമെഴുതിയ ‘ഇളനീരാട്ടം’ എന്ന കഥയുടെ സ്വഭാവവും വിഭിന്നമല്ല. താച്ചുണ്ണി, ഇന്റർനാഷനൽ ഫുട്ബോൾ മത്സരം നടത്തുന്നതും ഒരു സൂത്രം പ്രയോഗിച്ചു് സ്വന്തം ടീമിനെ ജയിപ്പിക്കുന്നതും ഉള്ളു കുളിർക്കെ ചിരിച്ചുകൊണ്ടു് വായനക്കാർക്കു വായിച്ചു തീർക്കാം. കഥപോലെ തന്നെ കഥയിലെ സംഭാഷണങ്ങളും രസപ്രദങ്ങൾ. ഒരുദാഹരണം: താച്ചുണ്ണിയുടെ ബന്ധുവായ പത്രറിപ്പോർട്ടർ: ഈ പത്രക്കാരെ കൈകാര്യം ചെയ്യാൻ. അല്ല. വയ്യാനല്ല.
- താച്ചുണ്ണി:
- മൂടിവയ്ക്കാതെ പറഞ്ഞോ.
- പത്രറിപ്പോർട്ടർ:
- പത്രക്കാർ സ്വതവെ സ്മാൾ ഈസ് ബ്യൂട്ടിഫുൾ എന്നൊക്കെപ്പറയും. പക്ഷേ…
- താച്ചുണ്ണി:
- ലാർജ് ഈസ് ബ്യൂട്ടിഫുൾ എന്നു പറയും എന്നല്ലേ? സാരമില്ല. ലാർജ്, ലാർജർ, ലർജസ്റ്റ്—പോരേ?
വായിക്കുമ്പോൾ നിസ്സാരമെന്നു തോന്നും. എന്നാൽ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചു് കഥാപാത്രങ്ങളെക്കൊണ്ടു സംസാരിപ്പിക്കാൻ നോക്കൂ. അപ്പോഴറിയാം പ്രയാസം.
- ശൈലജയെയും അവളുടെ നാഥനെയും കൊണ്ടു ക്ഷുദ്രമായ കളികളിക്കുന്ന എൻ. രാജനു (ക്ഷണിക്കപ്പെടാത്ത അതിഥി) എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പില്ലാതെ സാഹിത്യ ലോകത്തു ജീവിക്കാൻ പ്രയാസം. പക്ഷേ, എക്സ്പ്രസ്സിനു് രാജനില്ലാതെ തന്നെ മുന്നോട്ടു പോകാം.
- വർഷസംക്രമപ്പക്ഷീ—വിഷുപ്പക്ഷീ ഹർഷചിത്തമരുളുന്നു സ്വാഗതം എന്നു തുടങ്ങുന്നു വെരൂർ രാമകൃഷ്ണൻ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ ‘വിഷുപ്പക്ഷി’ എന്ന ‘കാവ്യം’. ഇതുപോലുള്ള പത്തു കാവ്യങ്ങൾ വായിച്ചാൽ ഹൃദയം തോലാകും. അതെടുത്തു ചെരിപ്പു് ഉണ്ടാക്കാം.
- വൈകാരിക സത്യം ഉള്ളതുപോലെ വൈകാരികമായ അസത്യവുമുണ്ടു്. രണ്ടാമത്തേതാണു് കിളിമാനൂർ കേശവന്റെ ‘മിഴി തുറക്കുവിൻ’ എന്ന കാവ്യം (പൗരദ്ധ്വനി വാരിക).
- ‘കാടിനെ കാടായി കാണാത്ത കാട്ടാളർ’ എന്നതു് സക്കീർ പരിമണത്തു് ‘കൈരളീസുധ’യിൽ എഴുതിയ ഒരു കാവ്യത്തിന്റെ ഒരു വരിയാണു്. ഇതു വായിച്ചതേയുള്ളു, പരിചാരകൻ വന്നു് ഊണു കഴിക്കാൻ വിളിക്കുന്നു. കപ്പത്തോരനും കാച്ചിൽപ്പുഴുക്കും കാ മെഴുക്കുപെരട്ടിയും കറികളായി ഉണ്ടോ? എങ്കിലേ എനിക്കു ചോറു് വേണ്ടൂ എന്നു ഞാൻ പരിചാരകനോടു മറുപടിയായി പറയുന്നു. കവിതയിൽ പ്രാസമുണ്ടെങ്കിൽ ഊണിനും വേണ്ടേ പ്രാസമുള്ള കറികൾ?
- ഗർഭിണി ആഹാരം കഴിക്കുമ്പോൾ രണ്ടുപേരെ കരുതിയാണു് അതു ചെയ്യുന്നതെന്നു് ആരോ പറഞ്ഞിട്ടുണ്ടു്. “കൊച്ചുകോവിന്ദ”നിലൂടെ ഡിറ്റക്ടീവ് നോവലെഴുത്തുകാരെ പരിഹസിക്കുന്ന ശത്രു (മാമാങ്കം) അവരെയും വായനക്കാരെയും നന്നാക്കാൻ ശ്രമിക്കുകയാണു്.
- വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ (കേസരി) എന്ന സരസ സാഹിത്യകാരൻ ദുഷ്ടനായിരുന്നുവെന്നു മുണ്ടൂർ സുകുമാരൻ നവയുഗം ആഴ്ചപ്പതിപ്പിൽ. വിവാഹം കഴിഞ്ഞ ദിവസം വരന്റെ വധുവിനെ നായനാർ ആവശ്യപ്പെട്ടു പോലും. കൊടുക്കാത്തതുകൊണ്ടു് വരനെ ആ സാഹിത്യകാരൻ ഒരു മുറിയുടെ അകത്താക്കി. ഉണങ്ങിയ മുളകും ചകിരിയും പുകുച്ചിട്ടു് വാതിലുകളും ജന്നലുകളും അടച്ചു കളഞ്ഞു. ഇതാണു് ‘പറങ്കിപ്പുക മുറിശിക്ഷ’. ഷോക്കിങ്. ആ നാട്ടിൽ മറ്റാളുകൾ ഇല്ലായിരുന്നോ? അന്നു സർക്കാരില്ലായിരുന്നോ?
വള്ളത്തോൾ, കുമാരനാശാനെ പ്പോലെ ദാർശനികത അംഗീകരിക്കാത്തതെന്തു്? അംഗീകരിച്ചിരുന്നെങ്കിൽ ‘മഗ്ദലനമറിയം’ ഇത്രത്തോളം സുന്ദരമാവുകില്ലായിരുന്നു. കുമാരനാശാൻ വള്ളത്തോളിന്റെ മധുരപദപ്രയോഗം അംഗീകരിക്കാത്തതെന്തു്? അംഗീകരിച്ചെങ്കിൽ ‘കരുണ’യ്ക്കു് ഇത്രമാത്രം ഉജ്ജ്വലത ലഭിക്കുമായിരുന്നില്ല.