സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-02-23-ൽ പ്രസിദ്ധീകരിച്ചതു്)

images/Kumaran_Asan.jpg
കുമാരനാശാൻ

തികച്ചും സാങ്കല്പികമായ ഒരു ഗ്രന്ഥമെടുത്തു തുറന്നു ഞാൻ ഇങ്ങനെ വായിക്കുന്നു: ലോകസംസ്കാരത്തിന്റെ തലത്തിലേക്കു കവിതയെ ഉയർത്തിയ മഹാകവിയായിരുന്നു എഴുത്തച്ഛൻ. യുഗ സൃഷ്ടാവായി അദ്ദേഹത്തെ കരുതിയാൽ അതു ശരിയായിരിക്കും. വർഷങ്ങളേറെക്കഴിഞ്ഞിട്ടു അതേ പരിവർത്തനം മലയാള സാഹിത്യത്തിൽ വരുത്തിയ പ്രതിഭാശാലിയായിരുന്നു കുമാരനാശൻ. വള്ളത്തോൾ ചേതോഹരവും ചൈതന്യധന്യവുമായ കവിതയുടെ രചയിതാവാണു്. അന്യാദൃശസ്വഭാവമുണ്ടു് ആ കവിതയ്ക്കു്. രാജവീഥിയിലൂടെ അലസഗമനം ചെയ്യുന്ന ആളുകളെ ജാലകം തുറന്നിട്ടു നോക്കി പുഞ്ചിരി പൊഴിക്കുന്ന അതിസുന്ദരിയായ തരുണിയെപ്പോലെയാണു ചങ്ങമ്പുഴക്കവിത. സത്യസന്ധവും ഊർജ്ജസ്വലവുമാണു വൈലോപ്പിള്ളിക്കവിത. നവീനതമായ കവിത പല ഭാഷകൾ സംസാരിക്കുന്ന കോമാളിയാണു്. അതിന്റെ ഭാഷ ജർമ്മനാണോ ഫ്രഞ്ചാണോ സ്പാനിഷാണോ എന്നു എനിക്കു നിർണ്ണയിക്കാൻ വയ്യ. ഒന്നുമാത്രം അസന്ദിഗ്ദ്ധതയോടെ പറയാം. അതിന്റെ ഭാഷ മലയാളമല്ല.

images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

ഗ്രന്ഥം വീണ്ടും മറിച്ചപ്പോൾ ഇങ്ങനെയുമൊരു ഖണ്ഡിക: മലയാള നാടക സാഹിത്യം ക്ഷുദ്രവും ബാലിശവും അനുകരണാത്മകവുമാണു്. കുട്ടനാട്ടു രാമപിള്ളയുടെ നാടകങ്ങൾ തൊട്ടുള്ള കൃതികൾ അനുഗതികങ്ങളാണു്. ഇബ്സന്റെയും ടാഗോറിന്റെയും മതേർലങ്ങിന്റെയും ശബ്ദങ്ങളാണു പിന്നീടുള്ള പല നാടകങ്ങളിൽ നിന്നും ഉയരുന്നതു്. നവീനകാലത്തു യെനസ്കോയുടെയും ബ്രഹ്ത്തിന്റെയും ബക്കറ്റിന്റെയും നാടകങ്ങൾ കേൾക്കാറാകുന്നു. കളർ ടെലിവിഷനിലെ വ്യക്തികൾക്കും ദൃശ്യങ്ങൾക്കും സ്വാഭാവികതയില്ലല്ലോ. അതുപോലെ കൃത്രിമവർണ്ണം കലർന്ന വ്യക്തികളാണു ഈ നാടകങ്ങളിൽ മുഖങ്ങൾ പ്രദർശിപ്പിക്കുന്നതു്. അവർ ഏതു രംഗത്തു നിൽക്കുന്നുവോ അതും കൃത്രിമം. യഥാർത്ഥമായ മട്ടിൽ സമുദായത്തെ ആവിഷ്കരിക്കുകയും ആ സമുദായത്തിലെ വ്യക്തികളുടെ ജീവിതത്തിൽ കടന്നുചെല്ലുന്നതിനു നമ്മെ സഹായിക്കുകയും ചെയ്യുന്ന സാഹിത്യത്തിനേ നാട്ടിലെ മണ്ണിന്റെ മണമുള്ളു. ആ പരിമളം ഇന്നത്തെ മലയാള നാടകങ്ങളിൽ നിന്നു പ്രസരിക്കുന്നില്ല. കടന്നൽക്കൂടുപോലെ തലമുടി കെട്ടിവച്ചുകൊണ്ടു വടക്കേയിന്ത്യയിലെ ചില ചെറുപ്പക്കാരികൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാറില്ലേ? അവരെപ്പോലിരിക്കുന്നു “ആധുനികോത്തര” സാഹിത്യം.

പതിനെട്ടു കൊല്ലത്തിലധികമായില്ലേ നിങ്ങളിതു പറഞ്ഞു തുടങ്ങിയിട്ടു്. ഇങ്ങനെ ആവർത്തിക്കുന്നതെന്തിനു്? എന്തു പ്രയോജനമുണ്ടിതിനു്? ഇമ്മട്ടിൽ പലരും ചോദിക്കുന്നതു എന്റെ ഉള്ളിലെ കാതു കേൾക്കുന്നു. അതിനു എനിക്കു ഉത്തരമുണ്ടു് പ്രിയപ്പെട്ട വായനക്കാരേ. ക്ഷയം മാരകരോഗമായിരുന്ന കാലത്തു ശാസ്ത്രജ്ഞർ ഗവേഷണത്തിൽ മുഴുകി. മരുന്നുകൾ കണ്ടുപിടിച്ചു. ഇന്നു ക്ഷയം അത്ര മാരകമല്ല. അർബ്ബുദം മനുഷ്യരെ കൊന്നൊടുക്കിയ കാലത്തു ഗവേഷണമാരംഭിച്ചു. അക്കാലത്തെപ്പോലെ പ്രാണാന്തകമല്ല ഇന്നു ആ രോഗം. കുഷ്ഠത്തിന്റെയും സ്ഥിതി ഇതുതന്നെ. ഏതാനും മാസങ്ങൾക്കു മുൻപാണു മാരാത്മകമായ ‘എയ്ഡ്സ്’ രോഗം പ്രത്യക്ഷമായതു്. ശസ്ത്രജ്ഞർ അതിന്റെ നേർക്കു പടവെട്ടിക്കൊണ്ടിരിക്കുന്നു. വൈകാതെ അതിനും പ്രതിവിധി കണ്ടു പിടിക്കും അവർ. സാഹിത്യത്തിനു എയ്ഡ്സ് പിടിപെട്ടിരിക്കുന്നു. അതിനെതിരായി ശബ്ദമുയർത്തിയില്ലെങ്കിൽ അതു് ആളുകളെ മരണത്തിലേക്കു വലിച്ചെറിഞ്ഞുകൊണ്ടിരിക്കും. മെഡിക്കൽ സയൻസിലെ ഗവേഷണമെന്ന ആവർത്തനം വിരസമാണു്. വിമർശനത്തിലെ ആവർത്തനവും വിരസം. അനേകമാളുകളുടെ സാമാന്യമായ മാനസികനിലയുടെ വീണ്ടും വീണ്ടുമുള്ള ആവിഷ്കാരമെന്ന നിലയിൽ ഇതു ക്ഷന്തവ്യമല്ലേ? അല്ലെങ്കിൽ പറയൂ. നിറുത്താം.

സച്ചിദാനന്ദന്റെ കവിത

നവീനതമ സാഹിത്യത്തിന്റെ കുൽസിതത്വം സാമാന്യ പ്രസ്താവമായേ പരിഗണിക്കേണ്ടതുള്ളു. ചിലപ്പോൾ അതിനു അപവാദങ്ങളുണ്ടാകും (അപവാദം എന്നതു exception എന്ന അർത്ഥത്തിൽ). ആ രീതിയിലുള്ള ഒരപവാദമാണു സച്ചിദാനന്ദൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇവനെക്കൂടി’ എന്ന കാവ്യം. ടെലിഫോണിൽക്കൂടി ഒരു കൂട്ടുകാരൻ അറിയിച്ച വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു—ആ കാരാവേശ്മരത്തിനകത്തു—നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:

മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹനീലമാം കലവറ.
ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.
മണലിലെരിഞ്ഞമരുന്നതോ മലർകാലം.
താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ
മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.
“പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ
ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.”

ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെ മാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു.

കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണു് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണതു്.

മരിച്ചവൻ മരിച്ചിട്ടില്ല. അനുവാചകനെ സംബന്ധിച്ചു: കാവ്യശലഭകോശത്തിൽ നിന്നു കവിതാചിത്രശലഭം പൊട്ടിവരും. അതു നയനങ്ങൾക്കു ആഹ്ലാദം പകർന്നുകൊണ്ടു പാറിപ്പറക്കും.

കൊലപാതകിയെ സംബന്ധിച്ചു: അവൻ കൊല്ലാൻ ഉപയോഗിച്ച കത്തിയിലെ ചുവപ്പു നിറത്തിൽ നിന്നു മരിച്ചവന്റെ നേത്രാരുണിമ പടർന്നു വരും. അവൻ ഉപയോഗിച്ച കൈത്തോക്കിന്റെ ശബ്ദത്തിൽ നിന്നു അവന്റെ മഹാസ്വപ്നം ഉയർന്നുവരും. ഇങ്ങനെ അനുവാചകനും കൊലപാതകിയും യഥാക്രമം ആഹ്ലാദിക്കുന്നു, ഞെട്ടുന്നു.

മാനഭംഗം

നമ്മൾ സുഹൃത്തിനെ അന്വേഷിച്ചു അയാളുടെ വീട്ടിൽ ചെന്നുവെന്നു കരുതു. അയാൾ ടെലിവിഷൻ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണു്. സ്നേഹത്തോടും വിനയത്തോടും കൂടി അയാൾ നമ്മെ ക്ഷണിച്ചു ഇരുത്തിയിട്ടു സംസാരം തുടങ്ങുന്നു. പക്ഷേ, ടെലിവിഷൻ സെറ്റിന്റെ ‘വോള ്യും’ കുറയ്ക്കാത്തതുകൊണ്ടു അയാൾ പറയുന്നതു നമുക്കോ നമ്മൾ പറയുന്നതു അയാൾക്കോ കേൾക്കാനാവുന്നില്ല. കുറേനേരം ആ മെനക്കെടുത്തൽ സഹിച്ചതിനുശേഷം നമ്മൾ യാത്ര പറയുന്നു. വീട്ടുനടവരെ വന്നു പുഞ്ചിരിപൊഴിച്ചു കൈകൂപ്പിയിട്ടു അയാൾ അകത്തേക്കു പോകുന്നു. അപ്പോഴും സെറ്റ് മുൻപുണ്ടായിരുന്ന ‘വോള ്യുമിൽ’ ഗർജ്ജിക്കുകയായിരിക്കും. ഇതാണു സുജനമര്യാദയോടുകൂടിയുള്ള അപമാനം.

images/Claude_Simon_1967.jpg
ക്ലോദ് സീമൊങ്ങ്

ഇനി മറ്റൊരു വ്യക്തി. ഒന്നിനും മറുപടി പറയുകയില്ല. “തകഴിയുടെ ‘കയർ’ വായിച്ചിട്ടു എങ്ങനെയിരിക്കുന്നു?” മറുപടിയില്ല. ചോദ്യം നമ്മൾ ആവർത്തിച്ചാൽ “അങ്ഹേ ങ്ഹു ങ്ഹു” എന്നിങ്ങനെ ചില ശബ്ദങ്ങൾ മാത്രം പുറപ്പെടുവിക്കും. കേരളത്തിലെ ഒരു സാഹിത്യകാരനെക്കുറിച്ചു ചോദിച്ചതുകൊണ്ടു ‘പോളിസി’ എന്ന മട്ടിൽ ഒഴിഞ്ഞുമാറുകയാണെന്നു മനസ്സിലാക്കി നമ്മൾ അദ്ദേഹത്തോടു ചോദിക്കുന്നു വേറൊരു ചോദ്യം: “ക്ലോദ് സീമൊങ്ങി ”നു നോബൽ സമ്മാനം നൽകിയതു ശരിയായോ?” മറുപടിയില്ല. ചോദ്യത്തിന്റെ ആവർത്തനമുണ്ടായാൽ “അങ്ഹ, ങ്ഹു ങ്ഹു” എന്നു മാത്രം നമ്മൾ കേൾക്കും. ഇതാണു മൗനം കൊണ്ടുള്ള അപമാനം. ചില ചെറുകഥകൾ ‘വോള ്യും’ കൂട്ടിവച്ച ടെലിവിഷൻ സെറ്റിനെപ്പോലെയാണു്. വായനക്കാരനെ ശബ്ദംകൊണ്ടു കാതടപ്പിക്കും. വേറെ ചില ചെറുകഥകൾ ഒട്ടും സംസാരിക്കാത്ത മനുഷ്യനെപ്പോലെയാണു്. പി. എൻ. വിജയൻ എഴുതിയ ‘അപ്പു എന്ന നരേന്ദ്രൻ മാഷു്’ എന്ന ചെറുകഥ ആവശ്യമുള്ളിടത്തോളം സംസാരിക്കുന്നില്ല. അനിയത മാനസിക നിലയുള്ള ഒരപ്പുവിനെ അസ്പഷ്ടമായി അവതരിപ്പിച്ചിട്ടു കഥാകാരൻ മാറിനിൽക്കുന്നു. വായനക്കാരനു മാനഭംഗമുണ്ടായ പ്രതീതി (ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

ഒരു ദിവസം രാത്രി ഞാൻ വടക്കുള്ള ഒരു പട്ടണത്തിലെ രാജവീഥിയിലൂടെ നടക്കുകയായിരുന്നു. ആളൊഴിഞ്ഞ റോഡ്. ഒരുവശത്തെ ഭംഗിയുള്ള കെട്ടിടത്തിന്റെ ജനൽ തുറന്നിട്ടിരിക്കുന്നു. മുറിയിലെ കട്ടിലിൽ കിടന്നു ഒരു സുന്ദരി എന്തോ വായിക്കുന്നു. ട്യൂബ് ലൈറ്റിന്റെ പ്രകാശം അവളുടെ പൊന്മേനിയുടെ ഭംഗി ഇരട്ടിയാക്കിയിട്ടുണ്ടു്. തന്നെ പലരും നോക്കുന്നുണ്ടെന്നു അവൾക്കറിയാം. എങ്കിലും അതൊന്നുമറിയുന്നില്ലെന്ന മട്ടിൽ അവൾ വായിക്കുകയാണു്. വായിക്കുന്നതു അവൾക്കു മനസ്സിലാകുന്നില്ലെന്നു മുഖഭാവം കണ്ടു എനിക്കു മനസ്സിലായി. അവളുടെ ആ അഹങ്കാരം എനിക്കു വെറുപ്പു ഉളവാക്കി. സൗന്ദര്യംകൊണ്ടുള്ള പ്രകടനാത്മകത ആർക്കും വെറുപ്പു ജനിപ്പിക്കും. അമ്മ വന്നു “ജനലടച്ചിട്ടു കിടന്നു വായിക്കെടി” എന്നു ദേഷ്യത്തോടെ പറയുന്നതുവരെ അവൾ ആ വായന എന്ന പ്രഹസനം നടത്തുമായിരിക്കും. അതിസൗന്ദര്യമാർന്ന ചെറുകഥ വായനക്കാരിൽനിന്നു അകന്നു നിൽക്കുമ്പോഴും ഈ വെറുപ്പു ഉണ്ടാകുകയില്ലേ?

നിത്യചൈതന്യയതി
images/Teilhard_de_Chardin.jpg
പ്യേർ തേയാർ ദ ഷാർദങ്

പ്യേർ തേയാർ ദ ഷാർദങ് (Pierre Teilhard de Chardin) വിശ്വവിഖ്യാതനായ ഫ്രഞ്ചു ദാർശനികനാണു് (1955-ൽ മരിച്ചു). പരിണാമസിദ്ധാന്തം ക്രിസ്തുമതത്തിനു എതിരല്ലെന്നു വാദിച്ചു സ്ഥാപിച്ച ഈ തത്ത്വചിന്തകന്റെ പ്രസിദ്ധമായ യാത്രാവിവരണമാണു് Letters from a Traveller എന്നതു്. സർ ജൂലിയൻഹക്സിലി ഷിർദങ്ങിന്റെ സുഹൃത്തായിരുന്നു. ഹക്സിലിയാണു ആ പുസ്തകത്തിനു ‘മുഖവുര’ എഴുതിയതു്. ഷാർദങ്ങിന്റെ അന്യാദൃശമായ സ്വത്വത്തിനു നിദർശകമാണു് ആ യാത്രാവിവരണമെന്നു ഹക്സിലി പ്രസ്താവിക്കുന്നു. മഹാനായ ഹക്സിലി പറഞ്ഞതു ശരിയെന്നു ഞാനെന്തിനു പറയണം. ഇന്ത്യയിലെത്തിയ ഷാർദങ് ഇവിടത്തെ പശുക്കളെ കണ്ടു നർമ്മബോധത്തോടെ എഴുതുന്നു: And then the cows—cows everywhere; the Hindu neither eats them nor controls their increase… Most annoying for cars. At Srinagar, three years in goal for killing a cow—result, the ‘bus’ runs into a tree rather than hurt the lord of the roads, the cow.

images/Hux-Oxon-72.jpg
സർ ജൂലിയൻഹക്സിലി

വേറൊരു ദാർശനികനായ നിത്യചൈതന്യയതി നർമ്മബോധത്തോടും മനുഷ്യസ്നേഹത്തോടും കൂടി കലാകൗമുദിയിൽ എഴുതുന്ന യാത്രാവിവരണം താല്പര്യത്തോടെയാണു ഞാൻ വായിക്കാറു്. ഇതിൽ വേദാന്തചിന്തയുണ്ടു്. മനഃശാസ്ത്രമുണ്ടു്. ഈശ്വരസ്നേഹമുണ്ടു്. മനുഷ്യസ്നേഹമുണ്ടു്. കവിതയുണ്ടു്. “അതു ആ പാറക്കെട്ടിലും കറുത്ത ഇൽമനേറ്റു കടൽത്തിട്ടയിലും സുവർണ്ണച്ഛവിയിൽ തെന്നിയും മറഞ്ഞും ചാഞ്ചാടിക്കൊണ്ടിരുന്ന തിരമാലകളിലും അസ്തമയസൂര്യനിലും കുങ്കുമാഭ തടവിനിന്ന മേഘാവലികളിലും കണ്ണെത്താത്ത അനന്തതയിലും വ്യാപിച്ചുകിടക്കുകയായിരുന്നു” എന്നു സ്വാമിജി എഴുതുമ്പോൾ ഞാൻ ആഹ്ലാദിക്കുന്നു.

മഹാവ്യക്തി
images/J.M._Coetzee.jpg
ജെ. എം. കൂറ്റ്സേക്ക്

മഹാത്മാഗാന്ധി, യുങ്, കൊയ്റ്റ്സ്ലർ, സ്റ്റീഫൻ സ്പെൻഡർ, വള്ളത്തോൾ, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻപിള്ള, ജി. ശങ്കരക്കുറുപ്പ് ഇവരോടെല്ലാം ഞാൻ നേരിട്ടു സംസാരിച്ചിട്ടുണ്ടു്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ജെ. എം. കൂറ്റ്സേക്ക് ഞാൻ കത്തുകളയക്കാറുണ്ടു്. അദ്ദേഹം എനിക്കു മറുപടി അയയ്ക്കുന്നു. താനെഴുതിയ നോവലുകൾ അദ്ദേഹം എനിക്കു അയച്ചു തന്നു. ഈ പ്രതിഭാശാലികളെ കണ്ടപ്പോഴും കൂറ്റ്സേ എന്ന പ്രതിഭാശാലിയുടെ കത്തുകൾ കിട്ടിയപ്പോഴും എനിക്കു വായിച്ചിട്ടു് ആഹ്ലാദവും ഉണ്ടായില്ല. ജീനിയസ്സിന്റെ മുൻപിൽ ആകുലാവസ്ഥ ജനിക്കാറില്ല എനിക്കു്. ധിഷണയുടെ ഒരു ഭാഗം വികാസംകൊള്ളുന്നു അവർക്കു്. മറ്റു ഭാഗങ്ങളിൽ അവർക്കു് സാധാരണ പൗരന്മാരിൽ നിന്നു് ഒരു വ്യത്യസ്തതയുമില്ല. പക്ഷേ, ഒരാളിന്റെ മുൻപിൽ മാത്രം ഞാൻ ലേശം ചാഞ്ചല്യത്തോടെ നിന്നിട്ടുണ്ടു്. അദ്ദേഹമാണു് ഡോക്ടർ ജോൺ മത്തായി. ഒരിക്കൽ ഞാൻ അദ്ദേഹത്തോടു സംസാരിച്ചു. മഹാവ്യക്തിയാണു് അദ്ദേഹമെന്നു്, അപ്രമേയപ്രഭാവനായ പുരുഷസിംഹമാണു് അദ്ദേഹമെന്നു ഞാൻ ഗ്രഹിച്ചു. ആ ഉജ്ജ്വലവ്യക്തിയെക്കുറിച്ചാണു് ഡി. സി. കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്നതു്. ഒരു വലിയ മനുഷ്യനെക്കുറിച്ചുള്ള ചെറിയ കാര്യങ്ങളാണു് ഈ ലേഖനത്തിൽ. ഒരു വലിയ കാര്യംകൂടി ഇവിടെ എഴുതിക്കൊള്ളട്ടെ. 1941 അല്ലെങ്കിൽ 1942. കാലത്തു് മലയാളമനോരമപ്പത്രമെടുത്തു നിവർത്തിയപ്പോൾ വത്സാമത്തായി അപ്രത്യക്ഷയായിരിക്കുന്നു എന്നൊരു വാർത്ത വലിയ അക്ഷരത്തിൽ കണ്ടു. വത്സാമത്തായി അമേരിക്കയിലായിരുന്നു. നേരം വെളുക്കാറായപ്പോൾ അവർ താമസിച്ചിരുന്ന ഹോട്ടലിലെ ലിഫ്റ്റിലൂടെ താഴത്തെ നിലയിലേക്കു പോന്നു. പിന്നീടു് ആ ചെറുപ്പക്കാരിയെ കണ്ടിട്ടില്ല. അന്നു് ആ വാർത്ത എങ്ങനെ എന്നെ വേദനിപ്പിച്ചുവോ അതേയളവിൽ ഇതെഴുതുമ്പോഴും വേദനിപ്പിക്കുന്നു. ബാല്യകാലത്തെ ആഘാതങ്ങളുടെ തീക്ഷ്ണത എത്രകാലം കഴിഞ്ഞാലും കുറയുകയില്ല. വത്സാമത്തായി മഹാവ്യക്തിയായ ഡോക്ടർ ജോൺ മത്തായിയുടെ മകളാണെന്നാണു് എന്റെ ധാരണ. തെറ്റാണു് അതെങ്കിൽ അറിവുള്ളവർ തിരുത്തിയാലും.

മാധുര്യം കലർന്ന ഭാഷയിൽ ആവിഷ്കരിക്കുന്നതു സത്യമായിരിക്കണമെന്നുമില്ല, വിരൂപമായി സ്ഫുടീകരിക്കുന്നതു് അസത്യമായിരിക്കണമെന്നുമില്ല. (Confessions, St. Augustine, പുറം 97, പെൻഗ്വിൻ പ്രസാധനം.) മാധുര്യമോ കയ്പോ കരുതിക്കൂട്ടി വരുത്താതെ ഡി. സി. സത്യം സത്യമായിത്തന്നെ പറയുന്നു.

കാപട്യം—അനുശോചനം

കുറെ നാൽക്കാലികളും കേകകളും കാകളികളുമെഴുതി കവിയായിച്ചമഞ്ഞ ഒരു മലയാളം പ്രൊഫസർ ഒരു സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു. (ടെലിവിഷൻകാരുടെ ഭാഷയിലാണെങ്കിൽ ആദ്യക്ഷം) സ്വാഗത പ്രഭാഷകൻ കസറുകയാണു്: “ അദ്ധ്യക്ഷനായ അവർകൾ പ്രസിദ്ധനായ അദ്ധ്യാപകനും പേരുകേട്ട പ്രഭാഷകനും കീർത്തിമാനായ സാമൂഹിക പരിഷ്കർത്താവും ചൊൽക്കൊണ്ട പരോപകാരതൽപരനും ആകുന്നു. ആ വാക്യം ‘ആകുന്നു’ എന്നു കൂടി പറഞ്ഞു് നിറുത്തിക്കളയുമെന്നു പേടിച്ചു് അദ്ധ്യക്ഷൻ ഇടതുകൈ കവിളിൽച്ചേർത്തു സ്വാഗതമാശംസിക്കുന്നവനു മാത്രം കേൾക്കാവുന്ന മട്ടിൽ “മഹായശസ്കനായ കവിയും” എന്നു പറഞ്ഞു. അയാളുടനെ “ മഹായശസ്കനായ കവിയും ആകുന്നു” എന്നു പൂരിപ്പിച്ചു. ജനം കൈയടിച്ചു. അദ്ധ്യക്ഷൻ “ജയജയ നാഗകേതന…” എന്ന സ്തുതികേട്ട സുയോധനനെപ്പോലെ ഞെളിഞ്ഞിരുന്നു.

പ്രശസ്തനായ പ്രൊഫസർ എൻ. കൃഷ്ണപിള്ളയെ പണ്ടു് മാർഇവാന്യോസ് കോളേജിൽ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയി. സ്വാഗതപ്രഭാഷകൻ അക്കാലത്തെ മലയാളം പ്രൊഫസർ. അദ്ദേഹം തുടങ്ങി: “ഉദ്ഘാടനത്തിനു് വന്നിരിക്കുന്ന മഹാൻ മലയാള സാഹിത്യത്തിലെ നാടക പ്രസ്ഥാനത്തിൽ അദ്വിതീയനത്രേ. അദ്ദേഹം നിരൂപണമണ്ഡലത്തിലെ മുടിചൂടാമന്നനാണു്. അദ്ധ്യാപകനെന്ന നിലയിൽ നിസ്തുലനാണു് അദ്ദേഹം. കഴിഞ്ഞ നാൽപതു കൊല്ലമായി ഞങ്ങൾ കൂട്ടുകാരാണു്. അങ്ങനെയുള്ള ശ്രീ … ” അത്ര തന്നെ. സ്വാഗത പ്രഭാഷകൻ കൃഷ്ണപിള്ളസാറിന്റെ പേരു മറന്നുപോയി. ഉടനെ അദ്ദേഹം തന്നെ “എൻ. കൃഷ്ണപിള്ളയ്ക്കു സ്വാഗതമാശംസിക്കുന്നു” എന്നു വാക്യം പൂർണ്ണമാക്കിക്കൊടുത്തൂ. സ്വാഗത പ്രഭാഷകൻ അതേറ്റു പറഞ്ഞു. പ്രഭാഷണത്തിലെ ആർജ്ജവമില്ലായ്മ കണ്ടു കുട്ടികൾ കൂവി. പ്രിൻസിപ്പൽ പൊട്ടിച്ചിരിച്ചു. കൃഷ്ണപിള്ളസാറും ചിരിച്ചു. മലയാളം പ്രൊഫസർ ഇളിഭ്യനായി നിന്നു. ഇതുപോലെ കാപട്യമാർന്ന ഒരു മണ്ഡലത്തെയാണു് സി.പി. നായർ അനാവരണം ചെയ്യുന്നതു്. (മനോരാജ്യം വാരികയിലെ ‘ഞാൻ ഞെട്ടിപ്പോയി’ എന്ന ഹാസ്യലേഖനം) മണ്ഡലം അനുശോചനം തന്നെ. വ്യക്തികൾ വി. ഐ. പി. കളും ഞെട്ടുന്നു. ഈ ഞെട്ടലിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു സി. പി. നായർ. കൃത്രിമത്വം ഒട്ടുമില്ലാതെ അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നതിന്റെ ചാരുത നോക്കുക:

ഓന്നാലോചിച്ചാൽ ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു പണ്ടു് ഒരു പത്രാധിപർ മുഖപ്രസംഗപംക്തിയിൽ പ്രസദ്ധീകരിച്ച അനുശോചന പരാമർശം. “ വികടൻ മാസിക ആരംഭിച്ച കാലം മുതൽ മുൻകൂറായി വരിസംഖ്യ അടച്ചിരുന്ന നീറമൺകര മാധവക്കുറുപ്പു മുൻസിഫദ്ദേഹം 42-ആമത്തെ വയസ്സിൽ അകാല ചരമമടഞ്ഞിരിക്കുന്നു. വരിസംഖ്യ ഇനത്തിൽ ഇന്നേവരെ ഒരു കൊച്ചുകാശുപോലും തന്നിട്ടില്ലാത്ത ദരിദ്രവാസി വേട്ടക്കുളം പപ്പുപിള്ള ആമ്യൻ വയസ്സു് തൊണ്ണൂറു കഴിഞ്ഞിട്ടും കാലനും വേണ്ടാതെ തേരാപ്പാരാ നടക്കുന്നു.”

എത്ര സത്യസന്ധമായ ആശയാവിഷ്കരണം! ഈ പത്രാധിപരുടെ മുമ്പിൽ നമ്മുടെ അനുശോചനവീരന്മാർ നമസ്ക്കരിച്ചിരിക്കേണ്ടതാണു്.

ഫ്രഞ്ച് ചിന്തകനായ റൊളാങ് ബാർതേഷിന്റെ ഒടുവിലത്തെ പുസ്തകമാണു് Camera Licuda. ഛായഗ്രഹണത്തെക്കുറിച്ചാണു് ഈ പുസ്തകം. “കുറെക്കാലം മുമ്പു് ഒരു ദിവസം, നെപ്പോളിയന്റെ ഏറ്റവും ഇളയ സഹോദരനായ ജെറോമിന്റെ 1852-ൽ എടുത്ത ഒരു ഫോട്ടോഗ്രാഫ് എനിക്കു കാണാനിടവന്നു. പിന്നീടൊരിക്കലും കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലാത്ത അത്ഭുത്തോടെ ഞാൻ ഗ്രഹിച്ചു: ചക്രവർത്തിയെ നോക്കിയ കണ്ണുകളിലേക്കാണു് ഞാൻ നോക്കുന്നതു്” എന്നാരംഭിച്ചു് ഫോട്ടോകൾ, ഫോട്ടോഗ്രാഫി ഇവയെക്കുറിച്ചു് മൗലികങ്ങളായ ചിന്തകൾ പലതും ആവിഷ്കരിക്കുന്നു ഉത്കൃഷ്ടമായ ഈ ഗ്രന്ഥം. ക്രമേണ ഈ ചിന്തകൾ ജീവിതത്തിന്റെ സവിശേഷതകളിലേക്കും മരണത്തിന്റെ അനിവാര്യതയിലേക്കും കടന്നുവരുന്നു. ബുദ്ധിപൂർവകമായി ചിന്തിക്കാത്തവനു ബുദ്ധിദ്യോതകമായ മുഖമുണ്ടാകുന്നതെങ്ങനെയെന്നു് ചോദിക്കുന്ന ബാർതേഷു് സ്വകീയമായ ബുദ്ധിവിലാസത്താൽ നമ്മളെ പ്രബുദ്ധരാക്കുന്നു. ഒന്നുരണ്ടു വാക്യങ്ങൾ ഈ ഗ്രന്ഥത്തിൽ നിന്നു് എടുത്തെഴുതട്ടെ.

  1. “Whoever looks you Straight the eye is mad”
  2. “the photograph is violent: not because it shows violent things but because on each occation it fills the sight by force and because in it nothing can be refused or transformed”
  3. “Many say that sugar is mild, but to me sugar is violent, and I call it so.”

മുതുകു മുതുകിനോടു്

കളിക്കൂട്ടുകാരി കൊടുത്ത മയിൽപ്പീലി പുസ്തകത്തിന്റെ രണ്ടു താളുകളിലിരിക്കുന്നതു നോക്കി ദീർഘനിശ്വാസം പൊഴിക്കുന്നവരുണ്ടു്. പെണ്ണിന്റെ തലമുടിയിൽ നിന്നു് ഊർന്നു വീണ റോസാപ്പൂ ആരും കാണാതെയെടുത്തു വച്ചു് കൂടെക്കൂടെ നോക്കി മിഴിയൊപ്പുന്നവരുമുണ്ടു്. ഇതളുകൾ കരിഞ്ഞാലും നോക്കുന്നവന്റെ കണ്ണീരൊഴുകും. അവൾ നടന്ന പുൽത്തകിടിയിൽ ചുംബിക്കാൻ കൊതിപൂണ്ടു നടക്കുന്നവരുണ്ടാകും. ചില ഭ്രാന്തന്മാർ ചുംബനമർപ്പിക്കുകയും ചെയ്യും. ലേഡീസ് ഹോസ്റ്റലിന്റെ രണ്ടാമത്തെ നിലയിലെ തുറന്നിട്ട ജന്നലിൽക്കൂടി കാമുകിയുടെ ചുവന്ന ബ്ലൗസ് പെഗ്ഗിൽ കിടക്കുന്നതു കണ്ടു് ഹർഷോന്മാദത്തിൽ വീണ ഒരു സ്നേഹിതൻ എനിക്കുണ്ടായിരുന്നു. ഇതൊക്കെ ഇരുപത്തഞ്ചു വയസ്സിനു താഴെയുള്ളവരുടെ ചാപല്യങ്ങൾ. ഏറിയാൽ മുപ്പതു വയസ്സു്. അതിനു ശേഷം ഈ പേക്കൂത്തുകൾ ആരും കാണിക്കാറില്ല. പ്രേമലേഖനങ്ങൾ സുക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. അവയെഴുതിയ ചെറുപ്പക്കരിക്കു വേണ്ടി അയാൾ മരിക്കുമായിരുന്നു. ഇപ്പോൾ അയാൾക്ക് നാല്പത്തിയഞ്ചു വയസ്സുണ്ടു്. ആ കാമലേഖനങ്ങൾ കണ്ടാൽ അയാൾക്ക് ഇന്നൊരു വികാരവുമില്ല. വികാരമില്ലെന്നു മാത്രമല്ല വെറുപ്പു തോന്നുകയും ചെയ്യും. അവളെത്തന്നെയാണു് അയാൾ വിവാഹം കഴിച്ചതെന്നു വിചാരിക്കു. പ്രേമലേഖങ്ങൾ കൈമാറിയതും മധുര പദങ്ങൾ വർഷിച്ചതും ഓർമ്മിക്കാൻ പോലും മടിയാണു് അയാൾക്ക്. ഓർമ്മകളുടെ നേർക്കു് പുറം തിരിഞ്ഞാണു് അയാളുടെ നില. രാത്രി രണ്ടു മുറികളിലാണു് അവരുടെ കിടപ്പു്. ഒരു മുറിയിൽ കിടക്കേണ്ടതായി വന്നാലും രണ്ടുപേരും മുതുകും മുതുകും തമ്മിൽ കാണുന്ന വിധം കിടന്നുകൊള്ളും. പ്രായക്കൂടുതൽ വരുത്തുന്ന മാറ്റമാണിതു്. സെക്സ് ഗ്ലാൻഡ്സിന്റെ പ്രവർത്തനം നശിക്കുമ്പോൾ ഈ വൈരസ്യം ജനിക്കുമെന്നു് റസ്സലിന്റെ ആത്മകഥയിൽ വായിച്ചതു് ഓർമ്മയുണ്ടെനിക്കു്. ഇക്കാരണങ്ങളാൽ മനോരമ ആഴ്ചപ്പതിപ്പിലെ ‘ഓഫീസ് പ്രേമം’ എന്ന ലേഖനം എനിക്കു ജുഗുപ്സാവഹമായിത്തോന്നി. അതിൽ രസിക്കുന്നവരുണ്ടാകാം. സാഹിത്യത്തിൽ മാത്രം രസമുള്ള എനിക്ക് മാർക്സിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലിലെ ഒരു കഥാപാത്രത്തിന്റെ ഒരു പ്രവർത്തനം ഓർമ്മയിൽ കൊണ്ടു വന്നു ഇക്കഥ. ആ പ്രവർത്തനം എന്താണെന്നു വ്യക്തമാക്കുന്നതു് ഉചിതജ്ഞതയുടെ ലക്ഷണമായിരിക്കില്ല.

ഗങ്ഗ്രീൻ

സിസ്റ്റർ ആഗ്നസിന്റെ ശിഷ്യനായിരുന്നു കിരൺ. എൽ. എൽ. ബി. ക്കു പഠിക്കുന്ന കാലത്തു് അവൻ തിരിച്ചു വന്നു. സിസ്റ്ററിന്റെ മുറിയിലെത്തി. ആരുടെയോ ചരമ ദിനമായതുകൊണ്ടു് അവർ സ്കൂളിൽ പോയിരുന്നില്ല. കുറച്ചു നേരം തമ്മിൽ സംസാരിച്ചതിനു ശേഷം കിരൺ ഗുരുനാഥയെ കടന്നു പിടിക്കുന്നു. അവർ തമ്മിൽ ലൈംഗികവേഴ്ച നടക്കുന്നു. രണ്ടു പേർക്കും സന്തോഷം. ഇതാണു് ബിന്ദു തുറവൂർ കഥ ദ്വൈവാരികയിലെഴുതിയ ‘കനൽപ്പൂക്കൾ’ എന്ന കഥയുടെ സാരം.

സൊലയുടെ (Zola) tarth എന്ന നോവൽ വിമർശിച്ച അനത്തോൽ ഫ്രാങ്സ് അതിലെ ഒരു കുത്സിത കഥാപാത്രത്തെ ക്രിസ്തുവെന്നു വിശേഷിപ്പിച്ചതു കൊണ്ടു് ദേഷ്യത്തോടെ ‘ബാഡ് ടേസ്റ്റ് ’ എന്നു പറഞ്ഞു നിർത്തിയിട്ടുണ്ടു്. ഞാൻ ഫ്രാങ്സിനെപ്പോലെ സംസ്കാര സമ്പന്നനല്ല. അതുകൊണ്ടു് ഈ വൈരൂപ്യം ദർശിച്ച എനിക്കു ചില ഉപമകൾ പ്രയോഗിച്ചേ പറ്റൂ. ഗാങ്ഗ്രീൻ വന്നു് അഴുകിയ അവയവം പോലെ, ശവത്തിന്റെ പല്ലിളിപ്പു പോലെ, ചവറിലൂടെ ഇഴയുന്ന ചേരയെപ്പോലെ, കരളിനു വീക്കം വന്നു വയറുന്തി നിൽക്കുന്ന നഗ്ന ശിശുവിനെപ്പോലെ ഇക്കഥ നിന്ദ്യമാണു്.

നിരീക്ഷണങ്ങൾ
ശുദ്ധരിൽ ശുദ്ധൻ, സത്യ-
സാത്വികൻ നവയുഗ
സൃഷ്ടിക്കായ് പടവാളായ് പേനയെ
പ്രയോഗിച്ചു
അമ്മഹാൻ നമ്മോടൊപ്പമില്ലാ-
നഷ്ടം പക്ഷേ
നമ്മളിലെത്രപേരുണ്ടറിയാൻ
ചിന്തിക്കുവാൻ.

എന്റെ അഭിവന്ദ്യ സുഹൃത്തു് പൊൻകുന്നം ദാമോദരൻ എക്സ്പ്രസ് വാരികയിലെഴുതിയ ഒരു കാവ്യത്തിൽ നിന്നാണിതു്. കാവ്യം വൈലോപ്പിള്ളിയെക്കുറിച്ചും. താൻ മരിച്ചതു കൊണ്ടാണല്ലോ ഈ കാവ്യബീഭത്സ ഉണ്ടായതെന്നു വിചാരിച്ചു് സ്വർഗ്ഗത്തിലിരിക്കുന വൈലോപ്പിള്ളി ഇപ്പോൾ കരയുന്നുണ്ടാവണം. ദാമോദരൻ ഇതു ഗദ്യത്തിലങ്ങു പറഞ്ഞാൽ മതിയായിരുന്നല്ലോ. ഒരു പാവപ്പെട്ട ദ്രാവിഡ വൃത്തത്തെ ധർഷണം ചെയ്തതു് എന്തിനു്? പരേതാത്മാവിനു് വിഷാദം ജനിപ്പിച്ചതു് എന്തിനു് ?

“മലയാളത്തിൽ ഇന്നു നല്ല വിമർശനമില്ല. എം. കൃഷ്ണൻനായർ എഴുതുന്നതു വെറും ബ്ലഫാണു്” എന്നു മുട്ടത്തുവർക്കി പറഞ്ഞതായി ശ്രീരാഗം മാസികയിൽ. ഇതിനു് എനിക്കു മറുപടിയില്ല. എന്നെ ഒരു മുട്ടത്തുവർക്കിയായി ജനിപ്പിക്കാത്ത ഈശ്വരനു് നന്ദി പറയുക മാത്രം ചെയ്യുന്നു.

ഇന്ത്യൻ ഫുട്ബോൾ ടീം തുടരെത്തുടരെ തോറ്റതിനെക്കുറിച്ചു ദീപിക വാരികയിൽ രാജുനായരുടെ ഹാസ്യ ചിത്രമുണ്ടു്. അതു നന്നയിട്ടുണ്ടു്. ഇന്ത്യൻ ടീം എന്തുകൊണ്ടു തോറ്റു? പരിശീലനക്കുറവു കൊണ്ടല്ല. ദാരിദ്ര്യവും രാഷ്ടവ്യവഹാര സംബന്ധിയായ അനിശ്ചിതത്വവും കൊണ്ടു് ഓരോ ഇന്ത്യൻ പൗരന്റെ മനസ്സും ആകുലാവസ്ഥയിലാണു്. റഷ്യയിൽ, ചൈനയിൽ അതില്ല. അതു കൊണ്ടു് അവരുടെ സ്വസ്ഥത കളിയിൽ പ്രതിഫലിക്കുന്നു. ഇന്ത്യാക്കാരന്റെ ആകുലാവസ്ഥ അവന്റെ കളിയിലും!

ഒഴിവാക്കേണ്ട തെറ്റുകൾ—ഒരു ചിന്തകൻ പറഞ്ഞതാണിതു്.

  1. ഇന്നലത്തെ പരാജയത്തിൽ പശ്ചാത്താപം.
  2. ഇന്നത്തെ ‘പ്രശ്ന’ങ്ങളിൽ ഉത്കണ്ഠ.
  3. നാളത്തെ അനിശ്ചിതത്വത്തിൽ വൈഷമ്യം.
  4. മറ്റൊരാളിന്റെ ഉയർച്ചയിലുള്ള അസഹിഷ്ണുത.
  5. അടുത്ത വീട്ടുകാരന്റെ ദൗർബ്ബല്യങ്ങളെ പരിഹസിക്കൽ.
  6. ചെറുപ്പക്കാരുടെ പക്വതക്കുറവു കണ്ടുള്ള ക്ഷമയില്ലായ്മ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-02-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.