സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-03-02-ൽ പ്രസിദ്ധീകരിച്ചതു്)

എന്റെ ബാല്യകാലത്തു് വീട്ടിലെ ജോലിക്ക് ആളിനെ കിട്ടാൻ ഒട്ടും പ്രയാസമില്ലായിരുന്നു. പെണ്ണായാലും ആണായാലും പ്രതിമാസം ശമ്പളം രണ്ടു രൂപ. ഓണത്തിനു് ഒന്നു് സ്വന്തം വീട്ടിൽ പോകണം. നാലാമോണം കഴിഞ്ഞ് വീട്ടിൽ നിന്നു് തിരിച്ചെത്തും. ആ ജോലിക്കാരൻ അല്ലെങ്കിൽ ജോലിക്കാരി പ്രൈമറി സ്കൂളിൽ പോലും പോയിരിക്കില്ല. ഇന്നു് അതൊക്കെ മാറിപ്പോയി. ജോലിക്ക് ആളെ കിട്ടാൻ വലിയ പ്രയാസം. കിട്ടിയാലും സ്ത്രീ ആയിരിക്കും. അവൾ വരുന്നതു് കാലത്തു് ഒൻപതുമണിക്ക്. റിസ്റ്റ് വാച്ച് കെട്ടി, ഫാഷണബിൾ ചെരിപ്പിട്ടു്, മനോഹരമായ സാരി, ബ്ലൗസ് ഇവ ധരിച്ച് അവൾ എത്തും. എത്തിയാൽ മൂന്നു മണിക്കൂറിനകത്തു് തിരിച്ചു പോകും. നല്ല വിദ്യാഭ്യാസം. എന്റെ വീട്ടിൽ ജോലിക്ക് വന്ന രണ്ടു് പെൺകുട്ടികളും എസ്. എസ്. എൽ. സി. ജയിച്ചവരായിരുന്നു. ഈ ത്രീ അവർ സെർവന്റിന്റെ മാസശമ്പളം നൂറു രൂപയാണു്. നൂറു രൂപ ഇക്കാലത്തു് വലിയ ശമ്പളമൊന്നുമല്ല, സമ്മതിക്കുന്നു. പക്ഷേ ഈ തുക വാങ്ങിക്കൊണ്ടു് അവൾ നമ്മളെ കുറ്റപ്പെടുത്തി ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടു്. “എന്താ ചേച്ചീ, ഗ്രൈൻഡർ വാങ്ങാത്തതു? ഞാൻ മുൻപു് നിന്ന സ്ഥലത്തു് വാഷിങ് മെഷ്യനുണ്ടു്. ഇവിടെ അതും ഇല്ലല്ലോ.” ഈ ചോദ്യങ്ങൾ കേട്ടു് ഞാൻ അമ്പരന്നിട്ടുണ്ടു്. സത്യം പറയുകയാണു് ഗ്രൈൻഡറും വാഷിങ് മെഷ്യനും ഞാൻ കണ്ടിട്ടില്ല.

പരിചാരകരെ സംബന്ധിച്ച ഈ മാറ്റം അല്ലെങ്കിൽ ഉയർച്ച എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. ഞാൻ കാപ്പി കുടിക്കാൻ പോകുന്ന കടയിലെ ഒരു പയ്യൻ—എനിക്ക് കാപ്പിയും വടയും കൊണ്ടു് തരുന്ന പയ്യൻ—ബി. കോം പരീക്ഷ ജയിച്ചവനാണു്. ആ നല്ല പയ്യനെ കാണുമ്പോഴെല്ലാം വളരെ വൈകാതെ പി. എച്ച്. ഡി. കരസ്ഥമാക്കിയവർ ഹോട്ടലിലും മറ്റും ജോലിക്ക് എത്തുമല്ലോ എന്നു് ഞാൻ വിചാരിക്കാറുണ്ടു്. ഇംഗ്ലീഷ് എം. എ. ജയിച്ച് The barrenness of modern life expressed in “The Waste Land ” എന്ന തീസീസ് എഴുതി പി. എച്ച്. ഡി. എടുത്തയാൾ ഹോട്ടലിലെ അടുക്കളയിലേക്ക് നോക്കി, “ഒരു നെയ് റോസ്റ്റ്” എന്നു് വിളിക്കാൻ പോകുന്നു. ‘The artificial production of organic molecules’ എന്ന വിഷയത്തിൽ പി. എച്ച്. ഡി. നേടിയ ആളിനോടു് ഐ. എ. എസ്. ഉദ്യോഗസ്ഥൻ “എടോ ശങ്കരപ്പിള്ളേ, ഫയലുകളെല്ലാമെടുത്തു് കാറിൽ വയ്ക്കൂ. സമയമായി” എന്നു പറയുന്ന കാലം ഉടനെ വരാൻ പോകുന്നു. Determinathin of stellar structure on the basis of radiation എന്ന തീസീസ് കൊണ്ടു് പി. എച്ച്. ഡി. നേടിയ ആൾ ഉദ്യോഗസ്ഥന്റെ വീട്ടിനു് മുൻപിൽ വിറച്ച് നിൽക്കുന്നു. അദ്ദേഹത്തെക്കണ്ടു് “എന്താണു്, ഡോക്ടർ ഭാസ്കരപിള്ള ഇവിടെ നിൽക്കുന്നതു? ആസ്ട്രോ ഫിസിക്സിനെക്കുറിച്ച് ആലോചിക്കുകയാണോ?” എന്നു ഞാൻ ചോദിക്കുന്നു. മറുപടി: “അയ്യോ അല്ല സാറേ, ഏമാൻ ഡെൽഹിയിൽ നിന്നു് ഇന്നു് മൂന്നു് മണിക്കുള്ള പ്ലെയിനിൽ തിരിച്ചു വരും. വന്നാലുടൻ ഓഫീസിൽ പോയാലോ? ഫയലെടുത്തു് വയ്ക്കാൻ ഞാൻ വേണ്ടേ?”

ഇതൊന്നും സങ്കൽപ്പമല്ല. നേരമ്പോക്കുമല്ല. പി. എച്ച്. ഡി.-ക്കാർ അത്രയ്ക്ക് പെരുകി വരുന്നു. സൂക്ഷിക്കണം.

മൗനം വിദ്വാനു ഭൂഷണം

സൂക്ഷിക്കണം എന്ന വാക്കിനു് പല അർത്ഥങ്ങളാണുള്ളതു്.

പണം സൂക്ഷിക്കണം
കണ്ടമാനം ചെലവാക്കാതെ അതു കരുതി വയ്ക്കണം എന്നർത്ഥം.
അവനെ സൂക്ഷിക്കണം
ആൾ പിശകാണു്, ഉപദ്രവിക്കും എന്നു് അർത്ഥമാക്കാം.

[തിരുവനന്തപുരത്തുകാർ “മണി സൂക്ഷം എത്രയായി?” എന്നു് ചോദിക്കാറുണ്ടു്. അതു് അക്ഷര ശൂന്യരുടെ ചോദ്യമാണു്. “മണി സൂക്ഷ്മം എത്രയായി?” എന്നാണു് ചോദിക്കേണ്ടത്]. “അവനെ സൂക്ഷിച്ചോ?” എന്ന ചോദ്യത്തിനു് “അവനെ നോക്കിയോ?” “അവനെ കാത്തു രക്ഷിച്ചോ?” എന്നെല്ലാമർത്ഥം. മനസ്സിരുത്തി നോക്കിയില്ല എന്ന അർത്ഥത്തിൽ ഞാൻ പറയുകയാണു്. ജി. ബാലചന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘അപരിചിതത്വത്തിന്റെ പ്രതിസന്ധികൾ’ എന്ന മനോഹരമായ ലേഖനത്തിന്റെ ആദ്യത്തെ ഭാഗം ഞാൻ സൂക്ഷിച്ചതേയില്ല. ഇന്നു് യാദൃച്ഛികമായിട്ടാണു് രണ്ടാം ഭാഗത്തിൽ കണ്ണു ചെന്നു് വീണതു്. പ്രിസത്തിലൂടെ കടന്നുവന്ന സൂര്യരശ്മി ഏഴുനിറങ്ങളായി വീഴുന്ന പ്രതീതി ഒരിടത്തു്. ഞാൻ ആദ്യം തൊട്ടു് അവസാനം വരെ വായിച്ചു. വായിക്കാതിരുന്നെങ്കിൽ വലിയ നഷ്ടമായിരുന്നു എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. പക്ഷേ, ഇതിന്റെ സൗന്ദര്യമെവിടെയിരിക്കുന്നുവെന്നു് എനിക്ക് വിശദമാക്കാൻ വയ്യ. പാലപൂത്തു പരിമളം പ്രസരിക്കുമ്പോൾ ആ സൗരഭ്യത്തെ അപഗ്രഥിക്കുന്നതെങ്ങനെ? സുന്ദരി നെറ്റിയിൽ തൊട്ട സിന്ദൂരം പൊടിഞ്ഞ് അവളുടെ നാസികയിൽ വീണിരിക്കുന്നതു് കാണുമ്പോൾ ‘എന്തു ഭംഗി’ എന്നു് മനസ്സു് പറയും. ആ ഭംഗിയെ വിശദീകരിക്കാൻ കഴിയുകയില്ല. നമ്മളോടു് ബഹുമാനമുള്ളവർ റോഡിൽ വച്ച് നമ്മെ കാണുമ്പോൾ ഉള്ളിലുണ്ടാകുന്ന ആഹ്ലാദത്തെ പ്രകാശിപ്പിക്കാതിരിക്കുകയും, ആ ആഹ്ലാദത്തിന്റെ സ്പന്ദനങ്ങൾ അവരുടെ മധുരാധരത്തിൽ നിന്നു് രാജവീഥിയിലേക്ക് വീഴ്ത്തുകയും ചെയ്യുമ്പോൾ ആ സ്പന്ദനങ്ങളെ നമുക്ക് തൂലികകൊണ്ടു്, ചായം കൊണ്ടു് ആവിഷ്കരിക്കാനാവുമോ? അതുകൊണ്ടു് ഈ ലേഖനത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ഞാൻ മൗനം അവലംബിക്കുന്നു.

അങ്ങനെയും ഒരു കഥ
images/GerhartHauptmann.jpg
ഹൗപ്റ്റ്മാൻ

എനിക്ക് അഭിമതനായ കഥാകാരനല്ല സി. വി. ശ്രീരാമൻ. അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കഥകൾ ഭേദപ്പെട്ടവയാണെന്നു ഞാൻ എഴുതിയിട്ടുണ്ടു്. പക്ഷേ സമ്മാനാർഹമായ കഥാസമാഹാരം മനസ്സിരുത്തി വായിച്ചിട്ടും ആസ്വാദ്യമായി തോന്നിയില്ല. കുറ്റം ചിലപ്പോൾ എന്റേതാവാം. സാഹിത്യത്തെക്കുറിച്ചു ഞാൻ വച്ചു പുലർത്തുന്ന ആശയങ്ങൾക്കും സിദ്ധാന്തങ്ങൾക്കും അനുരൂപമല്ല ശ്രീരാമന്റെ കഥകൾ. എന്തുകൊണ്ടാവാം ഈ വിപ്രതിപത്തി. അക്കാരണത്താലാവണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘അങ്ങനേയും ഒരു ദൃശ്യം’ എന്ന ചെറുകഥ എനിക്കിഷ്ടപ്പെടാതെ പോയതു്. സത്യം പല വിധത്തിലാണു്. ശാശ്വത സത്യമുണ്ടു്, താൽകാലിക സത്യമുണ്ടു്. (ഭൂമി ഉരുണ്ടതാണു് എന്നതു് ശാശ്വത സത്യം. ചില ഉദ്യോഗസ്ഥന്മാരുടെ തണ്ടു് താൽകാലിക സത്യം. പെൻഷൻ പറ്റുമ്പോൾ തണ്ടു് പോകും. നമ്മളോടു് ഇങ്ങോട്ടു സംസാരിക്കാൻ വരും.) അഗാധ സത്യം, സമുന്നത സത്യം ഇങ്ങനെയും പല സത്യങ്ങളുണ്ടു്. ലോകത്തെ ഉത്കൃഷ്ടങ്ങളായ അഞ്ചു നോവലുകളിൽ ഒന്നായ The Death of Virgil എന്നതിൽ അഗാധ സത്യവും സമുന്നത സത്യവും ആവിഷ്കരിച്ചിട്ടുണ്ടു്. ജർമ്മൻ നാടക അർത്താവായ ഹൗപ്റ്റ്മാന്റെവീവേഴ്സ്’എന്ന നാടകത്തിൽ ബഹിർഭാഗസ്ഥ സത്യമേയുള്ളൂ. അതുകൊണ്ടു് അതു് ഉത്കൃഷ്ടമല്ലെന്നു പറയാൻ വയ്യ. സി. വി. ശ്രീരാമൻ സാമൂഹിക സംഭവങ്ങളിലെ ബാഹ്യ സത്യം മാത്രം കാണുന്നയാളാണു് എന്നാണു് എന്റെ വിചാരം. ജീവിതത്തിന്റെ നിരർത്ഥകത കണ്ടു്, ശൂന്യത കണ്ടു്, വിഷാദം കണ്ടു് ഏകാന്തതയെ സമാശ്ലേഷിച്ചു നടക്കുന്ന ഒരുത്തൻ ഒരു ഭക്ഷണശാലയിൽ കാണുന്ന ജീർണിച്ച ജീവിതത്തെ നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു. അത്രത്തോളം കഥാകാരന്റെ യത്നം നന്നു്. എന്നും നടന്നു പരിചയമുള്ള റോഡാണെങ്കിലും പെട്ടെന്നു വിദ്യുച്ഛക്തി ഇല്ലാതായാൽ ഇരുട്ടിൽ നമ്മൾ കുരുങ്ങും, പേടിക്കും. ഈ വിവിധ വികാരങ്ങളോടു കൂടി തപ്പിയും തടഞ്ഞും സഞ്ചരിക്കുമ്പോൾ ‘ലൈറ്റ്’ തെളിഞ്ഞാൽ നമുക്ക് ആഹ്ലാദമാണു്. സുപരിചിതങ്ങളാണു് ശ്രീരാമൻ അവതരിപ്പിക്കുന്ന വസ്തുതകൾ. പക്ഷേ, നമ്മെ ആഹ്ലാദത്തിലേക്കു വീഴ്ത്തുന്ന പ്രകാശം പ്രസരിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല.

കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്കളങ്കതയാർന്ന, മഹായസ്കനായ ഒരു ചലച്ചിത്രതാരം താമസിക്കുന്നതിനടുത്താണു് എന്റെ താമസം. അദ്ദേഹത്തിന്റെ സൗജന്യ മാധുര്യവും സ്നേഹ മാധുര്യവും ആസ്വദിച്ചുകൊണ്ടു ഞാൻ രാജവീഥിയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ വേറെ ചിലരുടെ സ്നോബിഷ്നെസ്സാകുന്ന കൂർത്ത മുള്ളുകൾ എന്റെ ദുർബല ശരീരത്തിൽ വന്നു തറക്കുന്നു. അപ്പോഴും താരങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിന്റെ ദൈവികത്വമാവഹിച്ച കവിത എന്നെ തഴുകുന്നു. ഈ തഴുകലില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്തേനെ.

ഒ. വി. വിജയൻ
images/WilhelmReich.jpg
രീഹ്

ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനായ രീഹ് (Wilhem Reich, 1897–1957) ഫ്രായിറ്റി ന്റെ സഹപ്രവർത്തകനായിരുന്നു. 1927-ൽ അവർ ശണ്ഠ കൂടി പിരിഞ്ഞു. റീഹ് ഫാസ്സിസത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൽ “വിശേഷപ്പെട്ട” ഒരു സിദ്ധാന്തമുണ്ടു്. സെക്ഷ്വൽ റിപ്രഷന്റെ ഫലമാണു് ഫാസ്സിസം എന്നു് അദ്ദേഹം വാദിക്കുന്നു. നേതാക്കന്മാർ ജനങ്ങൾക്കു തകർച്ച വരുത്തി ഫാസ്സിസത്തെ മുന്നോട്ടു കൊണ്ടു പോകുന്നു എന്നാണു് അദ്ദേഹത്തിന്റെ മതം. ഒ. വി. വിജയന്റെ വാദം ഇതിൽ നിന്നും വിഭിന്നമാണു്. ലൈംഗികോദ്ദീപനം ഉളവാക്കുന്ന അവയവങ്ങൾ കാണിച്ചു മാർക്കോസിന്റെ ഭാര്യ ഫാസ്സിസം നിലനിർത്തുമെന്നു് അദ്ദേഹം പറയുന്നു. കലാകൗമുദിയിൽ വിജയനെഴുതിയ സറ്റയറിലെ ഒരു ഭാഗമിങ്ങനെ: “മാർക്കോസിന്റെ സൗന്ദര്യ റാണിയായ ഭാര്യ ഇമെൽഡ, ടെലിവിഷനിൽ ഊൺ മേശയ്ക്കരികെ പ്രത്യക്ഷപ്പെടുന്നു. അവളുടെ മുലകളിലും കുത്തുവിളക്ക്. പന്നിയിറച്ചിയും വീഞ്ഞും നുണയുന്ന പൗരൻ ആ മുലകളിലേക്കു നോക്കുന്നു. തേൻ വഴിയുന്ന ആ ചുണ്ടുകളിലേക്കു നോക്കുന്നു: ഇമൽഡ പറയുന്നതു ചെവിക്കൊള്ളുന്നു. അയൽക്കാരാ, കാമുകാ എന്റെ ഈ സമ്പത്തുകൾ നോക്കൂ. നിങ്ങൾക്കെന്നെ പിടിച്ചോ? പിടിച്ചു എന്നെനിക്കറിയാം, ഞാൻ നിങ്ങളുടേതാണു്. എന്നെ നിങ്ങളുടേതാക്കാൻ എന്റെ ഭർത്താവിനു സമ്മതി കൊടുത്തു വിജയിപ്പിക്കുക.

പന്നിയിറച്ചിയും വീഞ്ഞും നുണയുന്ന സമ്മതിദായകൻ, ഉദ്ധൃതമായ ഉള്ളിന്റെ ഉള്ളിൽ നിലവിളിക്കുന്നു. അയ്യോ, ഈ സുന്ദരി കൊലപാതകിയാണെന്നു പറയാൻ എന്റെ ബുദ്ധി അനുവദിക്കാതിരിക്കട്ടെ; കുത്തുവിളക്കിൽ തെളിയുന്ന ആ മുല തന്റെ കണ്ണിൽ നിന്നു മായാതിരിക്കട്ടെ.

രതിസുഖസാരേ, ധീരസമീരേ. ഫാസ്സിസം എത്ര മനോഹരം.”

വിജയന്റെ വാക്യങ്ങൾ സാങ്കല്പജന്യങ്ങളല്ല. “എന്റെ മുഖം നോക്കു. ഞാൻ ചീത്ത സ്ത്രീയാണെങ്കിൽ എന്റെ മുഖം ഇങ്ങനെയിരിക്കുമോ?” എന്നു മാർക്കോസിന്റെ ഭാര്യ ചോദിച്ചതായി ‘റ്റൈമി’ലോ ‘ന്യൂസ് വീക്കി’ലോ ‘ഏഷ്യാവീക്കി’ലോ വായിച്ചതായി എനിക്കോർമയുണ്ടു്. ‘ഞാൻ സുന്ദരിയാണു്’ എന്ന വിചാരത്തെ ഒന്നു ‘സ്ട്രെച്ച്’ ചെയ്താൽ ഇമെൽഡയുടെ വാക്യങ്ങളിൽ നമ്മളെത്തും. “കുട്ടികൾ പേനാക്കത്തി കൊണ്ടു കളിക്കുന്നതു പോലെ സ്ത്രീകൾ സൗന്ദര്യം കൊണ്ടു കളിക്കുന്നു”വെന്നു വിക്തോർ യൂഗോപാവങ്ങ’ളെന്ന നോവലിൽ പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ഇമെൽഡ സൗന്ദര്യം കൊണ്ടു കളിക്കുകയാണു്. പ്രായമേറെച്ചെന്നിട്ടും അവർ സുന്ദരിയാണു്. മാർക്കോസി നെ തെരഞ്ഞെടുപ്പിൽ എതിർക്കുന്ന കൊറാസൻ ആക്വിനോ യും (വധിക്കപ്പെട്ട ആക്വിനോ യുടെ ഭാര്യ) സുന്ദരി തന്നെ. രണ്ടുപേരുടെയും സൗന്ദര്യത്തിനു വ്യത്യാസമുണ്ടു്. കുലീനത കലർന്ന സൗന്ദര്യമാണു കൊറാസനു്. ഫിലിപ്പീൻസിലെ സ്ത്രീകൾ മാത്രമല്ല മാർക്കോസൊഴിച്ചുള്ള എല്ലാ പുരുഷന്മാരും സുന്ദരന്മാരാണു്. മാർക്കോസിന്റെ മുഖത്തു മാത്രം ഫാസ്സിസത്തിന്റെ വൈരൂപ്യം.

കഥാമൃഗം
images/EugeneIonesco01.jpg
യെനസ്കോ

യെനസ്കോ യുടെ Rhinoceros എന്ന നാടകം. ഫ്രാൻസിലെ ഒരു ചെറിയ പട്ടണത്തിലെ പൗരന്മാരാകെ കാണ്ടാമൃഗങ്ങളായി മാറുന്നു. രണ്ടു സ്നേഹിതന്മാർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണു് കാണ്ടാമൃഗങ്ങളുടെ ഓട്ടം. ആ രണ്ടു സുഹൃത്തുക്കളിൽ ഒരാളായ ഷാങ്ങിനും മാറ്റം വരുന്നു. തൊലി പച്ചയായി മാറുന്നു. തലയിലെ മുഴ വലുതായി വരുന്നു. അയാൾ പരിപൂർണ്ണമായും കാണ്ടാമൃഗമാകുന്നതിനു മുൻപു് സ്നേഹിതൻ പ്രാണനുംകൊണ്ടു് ഓടുന്നു.

സാഹിത്യം ചിലപ്പോൾ കാണ്ടാമൃഗമായി മാറും. വേണമെങ്കിൽ ചിലപ്പോൾ ചെന്നായയും. കാണ്ടാമൃഗത്തിന്റെയും ചെന്നായുടെയും വൈരൂപ്യം ഒരുമിച്ചു ചേർന്നു് ഒരു മൃഗമുണ്ടായാൽ എങ്ങിനെയിരിക്കും?…കാണ്ടാമൃഗത്തിൽ നിന്നും ചെന്നായിൽ നിന്നും നമുക്കു രക്ഷപ്പെടാം. ഇത്തരം കഥാമൃഗങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല.

കവി ഒവിഡ് ഒരു രാജാവു് ചെന്നായായി മാറുന്നതിനെ വർണ്ണിച്ചിട്ടുണ്ടു്. രാജാവു് സംസാരിക്കാൻ ശ്രമിച്ചു; സാധിച്ചില്ല. അദ്ദേഹത്തിന്റെ വായിൽ പതവന്നു നിറഞ്ഞു. ചോരയ്ക്കു വേണ്ടിയുള്ള ദാഹം. ദേഹം മുഴുവൻ രോമം നിറഞ്ഞു. കൈയും കാലും കുറുകി വളഞ്ഞു. രാജാവു് ചെന്നായായി.

സാഹിത്യം ചിലപ്പോൾ കാണ്ടാമൃഗമായി മാറും. വേണമെങ്കിൽ ചിലപ്പോൾ ചെന്നായായും. കാണ്ടാമൃഗത്തിന്റെയും ചെന്നായുടേയും വൈരൂപ്യം ഒരുമിച്ചുചേർന്നു് ഒരു മൃഗമുണ്ടായാൽ എങ്ങനെയിരിക്കും? ടി. പി. മഹിളാമണി മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ എന്ന കഥപോലിരിക്കും. അർബുദം പിടിച്ചു് ഒരുത്തി ആശുപത്രിയിൽ കിടക്കുന്നു. ഒരു കൂട്ടുകാരി അവളെ കാണാൻ വരുന്നു. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രോഗിണി രക്തം ഛർദ്ദിച്ചു മരിക്കുന്നു. കാണ്ടാമൃഗത്തിൽനിന്നും നമുക്കു രക്ഷപ്പെടാം. ഇത്തരം കഥാമൃഗങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ല.

ചോദിക്കൂ

എന്റെ സുഹൃത്തു് തോപ്പിൽ ഭാസി യോടു് പലരും ചോദ്യങ്ങൾ ചോദിക്കുന്നു. എന്നോടു് ആരും ചോദിക്കുന്നില്ല. അതുകൊണ്ടു് ചില “സാങ്കല്പിക വ്യക്തികളു”ടെ “സാങ്കൽപിക ചോദ്യങ്ങൾ” നൽകുന്നു. ഉത്തരങ്ങളും എന്റേതു്.

ചോദ്യം, ഉത്തരം

ചോദ്യം: രാജമ്മ (കൂവപ്പടി): ഓട്ടോറിക്ഷയ്ക്കു ചേട്ടനുണ്ടോ?

ഉത്തരം: ഉണ്ടു്. അയാളുടെ പേരാണു് ‘മാരുതി’. ചേട്ടനെക്കാൾ ഭേദം അനിയനാണു്.

ചോദ്യം: കമലം (ചെങ്ങഴശ്ശേരി): എനിക്കു വല്ലാത്ത നെഞ്ചുവേദന. കാലത്തുതൊട്ടു കിടപ്പാണു്. എന്താണു കാരണം?

ഉത്തരം: കമലത്തിനു് പതിനെട്ടുവയസ്സുകഴിഞ്ഞോ? കഴിഞ്ഞാൽ ‘എനിക്കു വിവാഹപ്രായമായി’ എന്നു വീട്ടുകാരെ അറിയിക്കാനുള്ള നെഞ്ചുവേദന വരും. കല്യാണത്തിന്റെ തീയതി നിശ്ചയിച്ചാൽ അന്നുതൊട്ടു് ആ വേദന ഇല്ലാതാവും.

ചോദ്യം: ശങ്കരൻനായർ (തിരുവല്ല): കോൺവെന്റുകളെക്കുറിച്ചു് എന്താണു് അഭിപ്രായം?

ഉത്തരം: നഴ്സറിയിലെ കുട്ടി സമയത്തിനു വീട്ടിലെത്തിയില്ലെന്നുകണ്ടു് വെപ്രാളപ്പെട്ടു് വീട്ടുകാർ ഫോണിലൂടെ കാര്യം ചോദിക്കുമ്പോൾ പരുക്കൻ മറുപടി തരുന്ന സ്ഥലങ്ങൾ.

ചോദ്യം: പരമേശ്വരൻ നമ്പൂതിരി (പന്തളം): എഴുത്തച്ഛനോ കുഞ്ചൻ നമ്പ്യാരോ വലിയ കവി?

ഉത്തരം: എഴുത്തച്ഛൻ. പക്ഷേ തമിഴു് നാട്ടിൽ ഒരെഴുത്തച്ഛനുണ്ടാകാം. കേരളത്തിൽ മാത്രമേ കുഞ്ചൻനമ്പ്യാരുണ്ടാകൂ.

ചോദ്യം: ശങ്കരമേനോൻ (തൃശ്ശൂർ): വള്ളത്തോൾ വെറും ക്രാഫ്റ്റ്സ്മാനാണെന്നുള്ള അഭിപ്രായത്തെക്കുറിച്ചു് എന്താണഭിപ്രായം?

ഉത്തരം: ഭ്രാന്തു്.

ചോദ്യം: ബഷീർ (കൊല്ലം): കറുത്തമ്മയെ തകഴി യും സുഹ്റയെ ബഷീറും കണ്ടിടുണ്ടോ?

ഉത്തരം: രണ്ടു സാഹിത്യകാരന്മാരുടെയും സഹധർമ്മണികൾ അറിയാതെ ആ സാഹിത്യകാരന്മാരോടു തന്നെ ചോദിച്ചുനോക്കൂ.

ചോദ്യം: രാജപ്പൻ (കുളത്തൂർ): ഹൃദയമെന്നാൽ എന്തു്?

ഉത്തരം: രാജപ്പനും എനിക്കും മറ്റുള്ളവർക്കുമുള്ള ഒരവയവം. കവികൾക്കു് ഈ അവയം ഇല്ല. അവർക്കു രക്താശയമേയുള്ളൂ.

ചോദ്യം: ജോൺ (ചങ്ങനാശ്ശേരി): താങ്കളറിയുന്ന പുരുഷന്മാരിൽ ഏറ്റവും ഉത്കൃഷ്ടനാരു്?

ഉത്തരം: കൈനിക്കര കുമാരപിള്ള. വിശുദ്ധികൊണ്ടു് ജീവിതം ധന്യമാക്കിയ മഹാ വ്യക്തിയാണു് അദ്ദേഹം.

മാർക്സിസവും ആധ്യാത്മകതയും
images/KainikkaraKumaraPillai.jpg
കൈനിക്കര കുമാരപിള്ള

“വ്യക്തിത്വത്തിന്റെ പൂർണ്ണവികാസം സംഭവിക്കുന്നതു് ഒഴിവുസമയത്താണെങ്കിൽ, ജോലിസമയത്തുതന്നെ തീരുമാനങ്ങൾ എടുക്കുന്നതിലൂടെയാണെങ്കിൽ, ആ വികാസത്തിന്റെ മുഖ്യഘടകങ്ങൾ ഭൗതികങ്ങളെന്നതിലേറെ ആധ്യാത്മികങ്ങളാണെന്നു് വന്നുചേരുന്നു. ’സ്പിരിച്വൽ’ എന്ന വിശേഷണം കമ്മ്യുണിസ്റ്റ് ചിന്തകരുടെ ലേഖനങ്ങളിൽ കൂടുതൽകൂടുതൽ പ്രത്യക്ഷപ്പെടുന്നതു് ഈ പശ്ചാത്തലത്തിൽ, മനസ്സിലാക്കാവുന്നതേയുള്ളൂ.”

ഏതു വിഷയത്തെക്കുറിച്ചും പ്രഗൽഭമായി എഴുതാൻ കഴിവുള്ള പണ്ഡിതനാണു് എൻ. വി. കൃഷ്ണവാരിയർ. മാർക്സിസത്തിന്റെ ആധ്യാത്മികത്വത്തിലേക്കുള്ള ചായ്വിനേയാണു് അദ്ദേഹം ഇവിടെ സൂചിപ്പിക്കുന്നതു്. (കുങ്കുമം വാരിക) അന്യവത്കരണത്തിനു വിധേയനായ മനുഷ്യൻ മതത്തിലേക്കു തിരിയുന്നു എന്നാണു മാർക്സിസം പ്രസ്താവിക്കുന്നതു്. മനുഷ്യവർഗ്ഗത്തിന്റെ തീക്ഷ്ണതയാർന്ന വേദനയാണു് മതത്തിൽ കാണുക. ചൂഷണം നടത്തുന്നവർ ജനതയെ അടിമകളാക്കിനിറുത്താൻ വേണ്ടി മതം ഉപയോഗിക്കുന്നുവെന്നും അതു് (മതം) മനുഷ്യന്റെ ഓപ്യയാണെന്നുമാണു് മാർക്സ് പ്രഖ്യാപിച്ചതു്. ഇതു് യാഥാസ്ഥിതിക മാർക്സിസത്തിന്റെ തത്ത്വം.

images/KarlMarx001-c.jpg
മാർക്സ്

ഈ തത്ത്വത്തിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള എൻ. വി.യുടെ അഭിപ്രായം റിവിഷനിസമായേ കരുതപ്പെടൂ. എന്നാലും അതിൽ തെറ്റില്ല. എല്ലാം ചലനാത്മകമാണെന്നു് മാർക്സിസം സ്ഥാപിച്ചപ്പോൾ അതും (മാർക്സിസവും) ചലനാത്മകമാണെന്നു സമ്മതിക്കുകയായിരുന്നല്ലോ? മാർക്സി ന്റെ തത്ത്വങ്ങൾ അതേപടി അംഗീകരിച്ചില്ല ലെനിൻ. മവോസെതുങ്ങും അംഗീകരിച്ചില്ല. അതിനാൽ എറിക് ഫ്രമ്മി നെയും അൽത്തൂസറെ യും അഡോർന്രെ യും മർക്കൂസി നെയും റിവിഷനിസ്റ്റുകൾ എന്നു വിളിക്കുന്ന രീതിയിൽ ലെനിനെയും മവോ സേ തുങ്ങിനെയും വിവിഷനിസ്റ്റുകൾ എന്നു വിളിച്ചു കൂടെ? ഇതെഴുതുന്ന ആളിനു മാർക്സിസത്തെക്കുറിച്ചു വളരെയൊന്നുമറിഞ്ഞുകൂടാ. സംശയത്തിന്റെ രീതിയിൽ ഈ വാദങ്ങൾ അവതരിപ്പിച്ചെന്നേയുള്ളൂ.

സി. വി. ശ്രീരാമനെക്കുറിച്ചു വീണ്ടും

കോൺവെന്റുകളെക്കുറിച്ചു് എന്താണു് അഭിപ്രായം? നഴ്സറിയിലെ കുട്ടി സമയത്തിനു വീട്ടിലെത്തിയില്ലെന്നുകണ്ടു് വെപ്രാളപ്പെട്ടു് വീട്ടുകാർ ഫോണിലൂടെ കാര്യം ചോദിക്കുമ്പോൾ പരുക്കൻ മറുപടി തരുന്ന സ്ഥലങ്ങൾ.

ഞങ്ങൾക്കു് ഒരു മലയാളം പ്രൊഫസറുണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു് ഞാൻ അദ്ദേഹമിരുന്നിടത്തേയ്ക്കു ചെന്നപ്പോൾ എന്നോടുചോദിച്ചു: “കൃഷ്ണൻ നായരേ, ‘അവനുവു്’ എന്നാൽ അർത്ഥമെന്തൂ്?” “അങ്ങനെയൊരു പ്രയോഗമില്ല” എന്നു ഞാൻ പറഞ്ഞു. ഉടനെ അദ്ദേഹം: “പ്രയോഗമില്ല എന്നതൊക്കെ അങ്ങു മനസ്സിലിരിക്കട്ടെ. നിങ്ങൾക്കറിയാമെങ്കിൽ പറയണം” ഞാൻ അദ്ദേഹത്തിന്റെ കൈയിലിരുന്ന പുസ്തകം വാങ്ങി നോക്കി. ‘അഭിജ്ഞാനശാകുന്തളം’. അതിലെ ആദ്യത്തെ ശ്ലോകത്തിലെ നാലാമത്തെ വരിയിലാണു് അദ്ദേഹം പറഞ്ഞ ഈ പ്രയോഗം “പ്രത്യക്ഷാഭിഃ പ്രപന്നസ്തനുഭിരവതു വസ്താഭിരഷ്ടാഭിരീശഃ” എന്നു്. ഞാൻ സാറിനെ അറിയിച്ചു: “സാർ ‘അവനുവ’ എന്നല്ല “അവതു വഃ” എന്നാണു്. വഃ = നിങ്ങളെ, അവതു = രക്ഷിക്കട്ടെ എന്നു് അർത്ഥം. സാറ് ഉടനെപറഞ്ഞു. “ങ്, അങ്ങനെ തന്നെ ഞാനും പറഞ്ഞതു്.” (സംസ്കൃതലിപികൾ ‘ത’ യും ‘ന’ യും തമ്മിൽ സാദൃശ്യമുണ്ടെന്നു് ഓർമ്മിക്കുക—ലേഖകൻ.)

വേറൊരു ദിവസം അദ്ദേഹം എന്നോടു് ചോദിച്ചു:
അജിനം എന്നാൽ അർഥമെന്തു്?
ഞാൻ മറുപടി നൽകി:
മാനിന്റെ തോൽ
സാർ:
അല്ല, ആനത്തോലാണു് അജിനം.

ഞാനുടനെ ലൈബ്രറിയിൽ ചെന്നു് “അമരകോശ”മെടുത്തുകൊണ്ടുവന്നു് അജിനത്തിന്റെ അർത്ഥം കാണിച്ചു കൊടുത്തു. അജിനം = മാൻ മുതലായവയുടെ തോലിന്റെ പേരു്. സാറ് വിട്ടില്ല. “ങേ, അതല്ലേ ഞാനും പറഞ്ഞതു?” ഈ രണ്ടു സംഭവങ്ങൾക്കുശേഷം സാറ് എന്തു് സംശയം ചോദിച്ചാലും ‘എനിക്കറിഞ്ഞുകൂടാ’ എന്നു പറഞ്ഞ് ഞാനങ്ങ് പോകുമായിരുന്നു. പാവം, അന്തരിച്ചു പോയി.

images/cvsreeraman.jpg
സി. വി ശ്രീരാമൻ

അദ്ദേഹത്തെപ്പോലെ പെരുമാറാൻ എനിക്ക് അല്പം പ്രയാസമുണ്ടു്. അതുകൊണ്ടു് സി. വി ശ്രീരാമൻ ദേശാഭിമാനി വാരികയിലെഴുതിയ ‘മുത്തശ്ശിക്കഥയിലും മായം’ എന്ന നല്ല കഥ വായിച്ചിട്ടു് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുന്നില്ല. ശ്രീരാമന്റെ കഥകൾ പൊതുവേ എനിക്ക് സ്വീകരണീയങ്ങളല്ലെങ്കിലും ഈ കഥ “സ്വീകരണീയവും ആദരണീയവു”മത്രേ (സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ള യുടെ പ്രയോഗം). ദുഷ്ടയായ രണ്ടാനമ്മയുടെ (ചിറ്റമ്മയുടെ) ചിത്രത്തിനു് ശതാബ്ദങ്ങളോളം പഴക്കമുണ്ടു്. ആ ചിത്രം വീണ്ടും വീണ്ടും കാണുന്നതിൽ ആർക്കും രസമുണ്ടാകാനിടയില്ല. പക്ഷേ ശ്രീരാമന്റെ വൈദഗ്ധ്യം അതിനെ ആകർഷകമാക്കിയിരിക്കുന്നു. തന്റെ മകളുടെ കുഞ്ഞിനെ മകന്റെ രണ്ടാമത്തെ ഭാര്യ പീഡിപ്പിക്കുന്നതിന്റെ ചിത്രം വരയ്ക്കാനായി മുത്തശ്ശി പ്രസിദ്ധമായ ഒരു ‘മുത്തശ്ശിക്കഥ’യെ വേറൊരു രീതിയിൽ ആഖ്യാനം ചെയ്യുന്നു. ആ ആഖ്യാനത്തിൽ നിന്നു് ചിറ്റമ്മയുടെ ക്രൗര്യം മുഴുവൻ സ്പഷ്ടമാകുന്നു. സ്നേഹത്തിന്റെയും സ്നേഹമില്ലായ്മയുടെയും രണ്ടു് ലോകങ്ങൾ സൃഷ്ടിച്ച് കഥ പറയുന്ന മുത്തശ്ശിയിലേക്കും കഥ കേൾക്കുന്ന കുട്ടിയിലേക്കും സഹതാപത്തിന്റെ നീർച്ചാലു് കഥാകാരൻ ഒഴുക്കിവിടുന്നു എന്നതിലാണു് ഈ കഥയുടെ വിജയമിരിക്കുന്നതു്.

1976-ൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധപ്പെടുത്തിയ നിരൂപണഗ്രന്ഥങ്ങളിൽ അദ്വിതീയമെന്നു കണ്ടു സമ്മാനം കൊടുത്ത ‘The uses of Enchantment’ (Bruno Bettelheim) എന്ന പുസ്തകം പഠനാർഹമാണു്. മുത്തശ്ശിക്കഥകളിലെ ചിറ്റമ്മമാരുടെ ക്രൂരതയെ മനഃശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ അതു് അപഗ്രഥിച്ചു കാണിക്കുന്നു. 1977-ലെ നേഷണൽ ബുക്ക് അവാർഡും ഈ ഗ്രന്ഥത്തിനു് കിട്ടി. പ്രശസ്തനായ നോവലിസ്റ്റ് A. S. Byatt ഈ പുസ്തകത്തെക്കുറിച്ച് wise, profound, imaginative എന്നു പറഞ്ഞു. ഗ്രന്ഥം വായിച്ചു തീർന്നപ്പോൾ ഈ നിരീക്ഷണം ശരിയാണെന്നു് എനിക്കും തോന്നി.

ഡിമോറലൈസേഷൻ

ഉത്കൃഷ്ടങ്ങളായ കഥകൾ ‘വെളിപാടുകൾ’ നൽകുമ്പോൾ, അധമങ്ങളായ കഥകൾ നിസ്സാരതയിലൂടെ നമുക്ക് അപകർഷം സംഭവിപ്പിക്കുന്നു. പ്രകാശം നിറഞ്ഞ മുറിയിൽ നിന്നു് ഇരുട്ടു നിറഞ്ഞ മുറിയിലേക്ക് പെട്ടെന്നു് പ്രവേശിച്ചാൽ എന്തു തോന്നുമോ, അതു തന്നെ തോന്നിക്കുന്നു വെണ്ണല മോഹന്റെ ‘ബിരിയാണി’ എന്ന കഥ (മനോരാജ്യം). ഒരു മുക്കുവബാലനെ കല്യാണപ്പന്തലിൽ വച്ച് ഗൃഹനാഥൻ അപമാനിച്ചു വിടുന്നു എന്നാണു് കഥാകാരനു് പറയാനുള്ളതു്. ഇതിലെ അതിഭാവുകത്വം എന്തെന്നില്ലാത്ത ‘ഡിമോറലൈസേഷൻ’ (സന്മാർഗ്ഗച്യുതി) ജനിപ്പിക്കുന്നു. ഇതിന്റെ അന്തരീക്ഷം കലാരാഹിത്യത്താൽ മലീമസമാണു്. കുറേ നേരം ഇമ്മാതിരി കഥകളെക്കുറിച്ച് ഞാൻ വിചാരിച്ചുകൊണ്ടിരുന്നു. എന്നിട്ടു് ക്ഷീണിച്ച് ചാരുകസേരയിലേക്ക് ചാരി കിടക്കുന്നു. ഇനി അരമണിക്കൂറെങ്കിലും കഴിഞ്ഞേ പേന കൈയിലെടുക്കൂ.

മീറ്റിങ് അനുഭവങ്ങൾ

ചടയമംഗലത്തിനും കൊട്ടാരക്കരക്കും ഇടയ്ക്കുള്ള ഒരു സ്ഥലത്തു് മീറ്റിങ്ങിനു പോയി. കാറിന്റെ പിറകിൽ മൂന്നു് ആളുകളേ ഇരിക്കാവൂ എന്നു് അധ്യക്ഷന്റെ നിർബന്ധം. ഞങ്ങൾ മൂന്നുപേർ മുൻപിൽ. ഡ്രൈവർ ‘സ്റ്റിയറിങ്’ തിരിക്കുമ്പോഴെല്ലാം എന്റെ നെഞ്ചിൽ അയാളുടെ കൈമുട്ടിടിക്കും. മീറ്റിങ് കഴിഞ്ഞ് തിരിച്ചുപോരാൻ ഭാവിച്ചപ്പോൾ പ്രവർത്തകർ അധ്യക്ഷനോടു് പറഞ്ഞു: “സാർ ഇവർ കൂടെ അങ്ങോട്ടു് വരുന്നു. ഇവരെക്കൂടെ തിരുവനന്തപുരത്തു് പാളയത്തിൽ ഇറക്കിയേക്കണം.” ‘ഇവർ’ എന്നു് പറഞ്ഞതു് മൂന്നു ചെറുപ്പക്കാരികളെ ചൂണ്ടിയാണു്. കാറിന്റെ പിൻസീറ്റിൽ മൂന്നു പേരെക്കൂടുതൽ ഇരുത്താത്ത അധ്യക്ഷൻ “വരൂ, വരൂ, ഇവിടെ ഇരിക്കാം” എന്നു വിളിച്ചു. മൂന്നു ലലനാമണികളും പിൻസീറ്റിലേക്ക് കയറി. ഒരു സുന്ദരി ഇരുന്നതു് അധ്യക്ഷന്റെ മടിയിൽ തന്നെ. പാളയമെത്തുന്നതുവരെ അധ്യക്ഷന്റെ വെളുത്ത കവിളുകളിൽ ചുവന്ന റോസാപ്പൂക്കൾ.

മൂന്നു ചെറുപ്പക്കാരായ കവികളും മീറ്റിങ്ങിന്റെ സംഘാടകരായ രണ്ടു യുവാക്കന്മാരും വീട്ടിലെത്തി. കാപ്പി കുടിക്കാതെ ഞാൻ കാറിൽ കയറി. മീറ്റിങ് സ്ഥലം നാല്പതു കിലോമീറ്ററകലെ. ചെന്നു. ഒരു ചെറിയ മലയിൽ ആളുകൾ ബാലൻസ് പിടിച്ച് ഇരിക്കുന്നു. അവരുടെ മുൻപിൽ നാലാൾപ്പൊക്കത്തിൽ സഭാവേദി. കയറാൻ കോണിപ്പടികളില്ല, ഏണിയില്ല. പലക ചരിച്ചു വച്ചിരിക്കുന്നു. കവികളിലൊരാൾ സ്നേഹത്തോടെ എന്നെ പിടിച്ചു കയറ്റി. കൃതജ്ഞതാ പ്രസംഗം ഉൾപ്പെടെയുള്ള എല്ലാ പ്രഭാഷണങ്ങളും ഉഗ്രൻ. പതിനൊന്നരമണിയോടു് അടുപ്പിച്ച് സമ്മേളനം തീർന്നു. നേരേ കാറിലേക്ക് കയറ്റി, ഞങ്ങളെ. വഴിക്ക് എവിടെയെങ്കിലും നിറുത്തി ഉണക്കപ്പുട്ടെങ്കിലും വാങ്ങിത്തരുമെന്നു് ഞാൻ വിചാരിച്ചു. ഒന്നുമുണ്ടായില്ല. വിശന്നു പ്രാണൻ പോകുന്ന മട്ടിലായിരുന്നു ഞാൻ. അതുകൊണ്ടു് ഒരു വാക്കും കാറിലിരുന്നു പറയാൻ പറ്റിയില്ല. “എന്താ മിണ്ടാത്തതു?” എന്നു സ്നേഹത്തോടെ ഒരു കവി ചോദിച്ചപ്പോൾ “വല്ലാത്ത പല്ലുവേദന” എന്നു ഞാൻ മറുപടി പറഞ്ഞു. രാത്രി ഒരു മണിയോടടുപ്പിച്ച് വീട്ടിലെത്തി. “ഗുഡ്നൈറ്റ്” എന്നു കവികൾ. ഒരു മണി കഴിഞ്ഞതുകൊണ്ടു് “ഗുഡ് മോർണിംഗ്” എന്നു് ഞാൻ. പിന്നീടു് ഒന്നും കഴിക്കാൻ വയ്യ. കഴിച്ചാൽ രോഗം വരും. അതുകൊണ്ടു് ഒരു വാലിയം ഗുളിക വിഴുങ്ങി. കാലത്തു് പത്തു മണിക്ക് എഴുന്നേറ്റു. ഇന്നു് ഒരു ലേഖനം കലാകൗമുദിക്ക് കൊടുക്കണം. അതുകൊണ്ടു് ഇതു് എഴുതുന്നു. ഈ ആഴ്ചത്തെ ലേഖനത്തിന്റെ ഈ അവസാനഭാഗത്തു പോരായ്മയുണ്ടെങ്കിൽ ആ തെറ്റു് എന്റേതല്ല. മീറ്റിങ്ങിനു് വിളിച്ചുകൊണ്ടു് പോയി പട്ടിണിയിട്ടവരുടേതാണു്. ഒരു ശിഷ്യൻ അഭ്യർത്ഥിച്ചതുകൊണ്ടു് സമ്മേളനത്തിനു പോയി. ഇനി ഒരു ശിഷ്യൻ വിളിച്ചാലും പോകില്ല. ആനക്കാര്യത്തിൽ ചേനക്കാര്യം. അല്ലേ? ദിവസവും ദിവസവും പഞ്ചാബിൽ വെടിയേറ്റു് ആളുകൾ മരിക്കുന്നു. ആ വാർത്തകൾ വായിച്ച് നമ്മുടെ ഹൃദയം പൊട്ടുന്നു. അപ്പോഴാണു് ഒരു നേരം പട്ടിണി കിടന്നതിനെക്കുറിച്ചുള്ള പരിദേവനം. ശരി തെന്നെ. ക്ഷമിക്കൂ പ്രിയപ്പെട്ട വായനക്കാരേ.

വർഷങ്ങൾക്ക് മുൻപു് ദേവികുളത്തെ ഒരു കാടിന്റെ നടുവിലുള്ള ഒരു ഭവനത്തിൽ ഞാൻ വാതിലടച്ചു കിടന്നു് ഉറങ്ങുകയായിരുന്നു. രാത്രി ഒന്നര മണി. വാതിലിൽ ആരോ തട്ടുന്നു. കാട്ടാന തുമ്പിക്കൈകൊണ്ടു് അടിക്കുകയാണോ? മറ്റു വല്ല വന്യമൃഗങ്ങളും അകത്തേക്കു കടക്കാൻ ശ്രമിക്കുകയാണോ? അതോ കൊടുങ്കാറ്റു് വന്നു് തട്ടുകയാണോ? ഞാൻ പേടിച്ചു, ശ്വാസം പിടിച്ചു കിടന്നു. കുറേ നേരത്തേക്കു കൂടി ശബ്ദം. അതിനുശേഷം നിശ്ശബ്ദത. ആന പോയിരിക്കാം. മറ്റു വന്യമൃഗം തിരിഞ്ഞു നടന്നിരിക്കാം. കൊടുങ്കാറ്റു് ധീരന്മാരെ അന്വേഷിച്ച് പോയിരിക്കാം. അധമസാഹിത്യം വാതിലിൽ തട്ടുമ്പോൾ അനങ്ങാതിരിക്കൂ കൂട്ടുകാരേ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.