സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-03-16-ൽ പ്രസിദ്ധീകരിച്ചതു്)

എന്റെ മുൻപിൽ ഭാവികാലം തുറന്നു കിടക്കുന്നു. ഭൂതകാലം അടഞ്ഞു കിടക്കുന്നു എന്നാണു് സ്വാഭാവികമായും പറയേണ്ടതു്. പക്ഷേ അങ്ങനെ പറയുന്നില്ല. കഴിഞ്ഞകാലം പ്രകാശപൂർണ്ണമായിത്തന്നെ പ്രത്യക്ഷമാകുന്നു. ആ പ്രകാശത്തിൽ മുങ്ങി മഹാകവി ജി. ശങ്കരക്കുറുപ്പു് ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്തു പടിഞ്ഞാറോട്ടു നോക്കി ധ്യാനനിരതനായി ഇരിക്കുന്നു. സന്ധ്യാസമയം. ഞാൻ അടുത്തുചെന്നു നിന്നിട്ടും അദ്ദേഹം അതറിയുന്നില്ല. അതുകൊണ്ടു് “മാഷേ” എന്നു് എനിക്കു വിളിക്കേണ്ടി വന്നു. കവി പൊടുന്നനവേ ഉണർന്നു് “ങ്ഹാ, വരൂ, ഇരിക്കൂ” എന്നു സ്നേഹത്തോടെ പറഞ്ഞു. “സുഭദ്രയും കുട്ടികളും ഇവിടില്ല. എന്തോ മേടിക്കാൻ കടയിൽ പോയിരിക്കുകയാണു്”. ഞാനിരുന്നു. സംഭാഷണം തുടങ്ങി. എങ്കിലും കവിയുടെ മനസ്സു് മറ്റേതോ വിഷയത്തിൽ വ്യാപരിക്കുകയാണെന്നു തോന്നി.

1941 അല്ലെങ്കിൽ 1942. ശബരിമലയിൽ പോകാൻ മാലയിട്ടു്, താടി വളർത്തിയ ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു ദിവസം സന്ധ്യയ്ക്ക് തിരുവനന്തപുരത്തെ ആർട്സ് കോളേജിന്റെ പടിഞ്ഞാറു വശത്തുള്ള ചെറിയ ഗേറ്റിനടുത്തു് ചിന്താധീനനായി നില്ക്കുന്നതു് ഞാൻ കണ്ടു. പരിചയമുണ്ടായിരുന്നിട്ടും ഞാൻ അദ്ദേഹത്തെ ആ അവസ്ഥയിൽ നിന്നു മോചിപ്പിക്കാൻ പോയില്ല.

അർദ്ധരാത്രി. തകഴി ശിവശങ്കരപ്പിള്ള തിരുവനന്തപുരത്തെ പ്രധാനപ്പെട്ട റോഡിലൂടെ നടന്നു വരുമ്പോൾ ഇടപ്പള്ളി രാഘവൻ പിള്ള പഴവങ്ങാടി ഓവർ ബ്രിജ്ജിൽ സ്വയമറിയാതെ നില്ക്കുന്നതു കാണുന്നു. തകഴി അദ്ദേഹത്തോടു് എന്തോ ചോദിച്ചിട്ടു നടന്നകന്നു. ഇടപ്പള്ളി അവിടെത്തന്നെ നിന്നു ചിന്താമണ്ഡലത്തിൽ വീണ്ടും വ്യാപരിക്കുകയായി (തകഴിയുടെ സ്മരണകൾ വായിച്ച ഓർമ്മയിൽ നിന്നു്).

ഏകാന്തതയോടുള്ള ഈ അഭിനിവേശം ‘സെൻസിറ്റീവ്’ ആയ ഹൃദയമുള്ളവർക്കെല്ലാം കാണും. കോർക്ക് പതിച്ച നാലു ഭിത്തികൾക്കകത്തു് പകൽ സമയം മുഴുവനും കഴിഞ്ഞു കൂടിയിട്ടു് രാത്രിയിൽ നടക്കാനിറങ്ങുമായിരുന്നു ഫ്രഞ്ച് നോവലിസ്റ്റ് പ്രൂസ്ത്. “മനുഷ്യർ ശതാബ്ദങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ചു് സത്യത്തിന്റെ ഏകാന്തതയിൽ എത്തുന്നു” എന്നു കവി പറഞ്ഞതാണു് ശരി. ഞാൻ കണ്ട ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും തകഴി കണ്ട ഇടപ്പള്ളി രാഘവൻ പിള്ളയും ആ സമയങ്ങളിൽ ദുഃഖാകുലരായിരുന്നില്ല. അവർ സത്യമന്വേഷിക്കുകയായിരുന്നു. ആ സന്ദർഭത്തിൽ വിരലുകൾക്കിടയിൽ തൂലിക വച്ചു കൊടുത്തിരുന്നെങ്കിൽ! സത്യത്തിന്റെ നാദമുയരുന്ന മനോജ്ഞ കാവ്യങ്ങൾ നമുക്കു ലഭിക്കുമായിരുന്നു.

ചവറു്
images/BorisPasternak1969.jpg
പസ്റ്റർനക്ക്

ഇസ്രായേലിലെ രാജാവായിരുന്ന സോളമൻ വലിയ മജീഷ്യനായിരുന്നുവെന്നു് ബൈബിളിൽ നിന്നു്, അറേബ്യൻ ഗ്രന്ഥങ്ങളിൽ നിന്നു് നമ്മൾ മനസ്സിലാക്കുന്നു. അദ്ദേഹം പറക്കുന്ന പരവതാനി ഉണ്ടാക്കി കൊട്ടാരത്തിലെ എല്ലാ ആളുകളെയും അതിൽ കയറ്റി സഞ്ചരിക്കുമായിരുന്നു പോലും. ഖുറാനിലും ഈ അദ്ഭുതപുരുഷനെക്കുറിച്ചു് പരാമർശമുണ്ടു്.

(It was Our power That

Made) the violent (unruly)

Wind flow (tamely) for Solomon

To his order, to the land

Which We had blessed:

For We do know all things

(The meaning of the Glorious Quran, Translation and commentary by Abdullah Yusuf Ali, Vol I, p. 840, ഈജിപ്ഷ്യൻ പ്രസാധനം, Sura XXI–81.)

Sura XXIV–12-ൽ ഇങ്ങനെയും:

And to Solomon (We

Made) the Wind obedient

Its early morning (stride)

Was a month’s (journey).

(p. 1136)

സോളമൻ ആജ്ഞാപിച്ചാൽ കാറ്റു് അതനുസരിക്കുമെന്നു വ്യാഖ്യാതാവു്. ഒരു മാസം കൊണ്ടു നടന്നു ചെല്ലാവുന്ന ദൂരം പ്രഭാതത്തിലെ ഒറ്റ പ്രയാണം കൊണ്ടു് ചെന്നെത്തുമായിരുന്നു എന്നും അദ്ദേഹം. സോളമന്റെ ഈ ശക്തിവിശേഷം കണ്ടു് അക്കാലത്തെ ജനങ്ങൾ അദ്ഭുതപ്പെട്ടിരിക്കും. ഓരോ തവണയും അദ്ദേഹം പറക്കും പരവതാനിയിൽ സഞ്ചരിക്കുമ്പോഴും ഉണ്ടാകും അദ്ഭുതം. പക്ഷേ കഥകളിലെ ‘അദ്ഭുതാന്ത്യം’ ഒരിക്കൽ മാത്രമേ ആ വിസ്മയത്തിനു കാരണമാകൂ. അതിനാൽ surprise ending ഉള്ള കഥകളുടെ കാലം കഴിഞ്ഞു പോയി. ആ സത്യം മനസ്സിലാക്കിയില്ല. ത. രാ. സുവിന്റെ ഒരു കഥ മലയാളത്തിലേക്കു തർജ്ജമ ചെയ്ത എം. എസ്. ലക്ഷ്മണാചാർ (കുങ്കുമം). കാലിൽ ബാൻഡേജ് ഉള്ള ഒരു സ്ത്രീയെ തീവണ്ടിയിൽ കയറ്റുന്നു അവളുടെ ഭർത്താവു്. ദയ കൊണ്ടു് ഒരു യാത്രക്കാരൻ റിസർവ്വ് ചെയ്ത തന്റെ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുന്നു. സ്ത്രീക്കു് ഇറങ്ങേണ്ട തീവണ്ടിയാപ്പീസിൽ അവരുടെ മകൻ വന്നു നില്ക്കുന്നു. ഭർത്താവും മകനും താങ്ങിയിറക്കിയ സ്ത്രീയെ അധികാരികൾ പൊതിയുന്നു. ബാൻഡേജ് അഴിച്ചപ്പോൾ സ്വർണ്ണ ബിസ്ക്കറ്റുകളും വിദേശത്തുണ്ടാക്കിയ റിസ്റ്റ് വാച്ചുകളും താഴെ വീഴുന്നു. അദ്ഭുതം! പക്ഷേ, ഈ അദ്ഭുതം രണ്ടാമതു കാണാൻ ആരുമുണ്ടാവില്ല. മൈബസ് എലിയുടെ രൂപത്തിലാക്കി താഴെ വച്ചിട്ടു് അതു തകരപ്പാത്രം കൊണ്ടു മൂടി അതിനെ പ്രാവാക്കി മാറ്റുമെന്നു പ്രഖ്യാപിച്ചതിനു ശേഷം പല്പൊടി കൈയിലെടുത്തു് പ്രസംഗം തകർക്കുന്ന വഴി വാണിഭക്കാരന്റെ വിദ്യയാണു് ത. രാ. സുവിന്റേതു്. കലയിൽ ഒരദ്ഭുതാംശമണ്ടു്. പക്ഷേ, അതു് ചീട്ടു വിദ്യ കാണിക്കുന്നവന്റേതല്ല. വഴിക്കച്ചവടക്കാരന്റെതുമല്ല. രാത്രി, വഴി വക്കിൽ ഒതുങ്ങി നില്ക്കുന്നു, ടാറിട്ട റോഡ്. വണ്ടിച്ചക്രങ്ങൾ ഉരുണ്ടു് അതു തേഞ്ഞു പോയിരിക്കുന്നു. നക്ഷത്രം നിറഞ്ഞ ആകാശം. അതു് ആ വീഥിയിൽ പ്രതിഫലിക്കുന്നു. വഴിവക്കിലെത്തിയ കവി (പസ്റ്റർ നക്ക്) ആ റോഡിനു കുറുകേ കടക്കുമ്പോൾ പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി അദ്ദേഹത്തിനുണ്ടാകുന്നു. ഇതു ജനിപ്പിക്കുന്ന അദ്ഭുതവികാരം ഉത്ക്കൃഷ്ടമായ കലയുടേതാണു്. മറ്റു ദേശങ്ങളിലെ പൂക്കളെ കേരളത്തിൽ കൊണ്ടുവരൂ. അവിടത്തെ കുപ്പത്തൊട്ടിയിലെ അളിഞ്ഞ ചവറുകൾ ഇവിടെ കൊണ്ടിടാതിരിക്കൂ.

മിസ്റ്റിക്കുകൾ ധിഷണയ്ക്കു് ഏകാഗ്രത വതത്തി ഏതു ലോഹത്തെയും സ്വർണ്ണമാക്കി മാറ്റുമെന്നു് ഞാൻ എവിടെയോ വായിച്ചിട്ടുണ്ടു്. പക്ഷേ, അവർക്കും തടിയെ സ്വർണ്ണമാക്കാൻ പറ്റില്ല. ലോഹത്തെ സ്വർണ്ണമാക്കാനേ കഴിയൂ. പസ്റ്റർനക്കിനെപ്പോലുള്ള ചുരുക്കം ചില കവികൾ ദാരുഖണ്ഡങ്ങളെയും സ്വർണ്ണക്കട്ടികളാക്കി മാറ്റുന്നു. വിശ്വകവിത വായിക്കു. ഈ റഷ്യാക്കാരനെപ്പോലെ ഒരു കവിയെ വിരളമായേ നിങ്ങൾ കാണൂ.

ഹരികുമാറിന്റെ കഥ
images/EHarikumar2.jpg
ഹരികുമാർ

ഞാൻ കുഞ്ഞുനാളിൽ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോൾ എന്റെ നാട്ടിൽ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവർക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കൻഡ് ഫോമിൽ പഠിച്ചിരുന്ന ഞാൻ മണ്ണെണ്ണ വിളക്കിന്റെ മുൻപിലിരുന്നാണു് വായിച്ചതു്. ഇ. വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കിൽത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയിൽ “സ്ഫടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാൽ തൊടുന്നവൻ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയിൽ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകൾ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സർവത്ര മാറ്റം. ജലദോഷപ്പനി വന്നാൽ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉൾപ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കിൽ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയിൽ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വർണ്ണപ്രഭ നയനങ്ങൾക്കു് ആഹ്ലാദം പകർന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിൻ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവൾ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയർ’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാർ, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം – വ്യക്തികൾക്കുണ്ടായിരിക്കുന്ന പാരുഷ്യം – ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാർത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാർ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങൾ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.

തിരകളില്ലാത്ത നദിയിൽ കൊതുമ്പു തോണിയിലൂടെ സഞ്ചരിച്ചാൽ എന്തൊരു ആഹ്ലാദാനുഭൂതിയായിരിക്കും! ആ അനുഭൂതിയാണു് ഇടപ്പള്ളി രാഘവൻ പിള്ളയുടെ കവിത നല്കുന്നതു്. പി. കുഞ്ഞിരാമൻ നായരു ടെ കവിതയും തോണിയാത്ര പോലെയാണു്. പക്ഷേ, ഇമേജറിയുടെ തിരമാലകൾ വന്നു വഞ്ചിയിൽ ആഞ്ഞടിക്കുന്നു. വഞ്ചി കുലുങ്ങുന്നു.

ഉള്ളൂരി ന്റെ കവിതയോ? കായലിലൂടെ കെട്ടുവള്ളത്തിൽ സഞ്ചരിക്കുന്ന പ്രതീതി. കല്പനാഭാസങ്ങളുടെ പാറക്കെട്ടുകളിൽ കൂടക്കൂടെ വള്ളം ഇടിച്ചു നില്ക്കും.

ഇവിടിരുന്നു നോക്കുമ്പോൾ കുട്ടികൾ ശുഷ്കിച്ച ബലൂണുകൾ എടുത്തു് സ്വന്തം ശ്വാസം പ്രയാസപ്പെട്ടു് അവയിൽ ഊതിക്കയറ്റി നൂലു കൊണ്ടു കെട്ടി അന്തരീക്ഷത്തിലേക്കു പറത്തിവിടുന്നു. അതു കാണുന്ന വലിയ ആളുകൾക്കും സന്തോഷം. ബലൂൺ പൊട്ടുമെന്നു പറഞ്ഞാൽ കുട്ടികൾ കരയും. അവരുടെ ശ്വാസമാണതിൽ. വലിയവർക്കും അതിഷ്ടമില്ല. ബലൂണുകൾ പറക്കുന്നതു കാണുമ്പോൾ എനിക്കു വൈഷമ്യവുമില്ല. ആഹ്ലാദവുമില്ല. ഞാൻ അതു കണ്ടു വയലാർ ക്കവിതയെ ഓർമ്മിക്കുന്നു.

സവിശേഷത

തിരകളില്ലാത്ത നദിയിൽ കൊതുമ്പു തോണിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുന്ന ആഹ്ലാദാനുഭൂതിയാണു് ഇടപ്പള്ളിയുടെ കവിത നൽകുന്നതു്. പി. കുഞ്ഞിരാമൻ നായരുടെ കവിതയും തോണി യാത്ര പോലെയാണു്. പക്ഷേ, ഇമേജറിയുടെ തിരമാലകൾ വന്നു് ആഞ്ഞടിച്ചു് വഞ്ചി കുലുങ്ങുന്നു. ഉള്ളൂരിന്റെ കവിതയോ? കായലിലൂടെ കെട്ടു വള്ളത്തിൽ സഞ്ചരിക്കുന്ന പ്രതീതി. കല്പനാഭാസങ്ങളുടെ പാറക്കെട്ടുകളിൽ കൂടക്കൂടെ വള്ളം ഇടിച്ചുനിൽക്കും.

ഇംഗ്ലീഷുകാർ ‘ബേനൽ’ എന്നും നമ്മൾ സർവസാധാരണമെന്നും പറയുന്ന ഒരു വിഷയമാണു് കെ. കെ. രമേഷ് ‘കീർത്തിമ’ എന്ന കഥയിൽ കൈകാര്യം ചെയ്തിട്ടുള്ളതു്. കോളേജിൽ വച്ചുള്ള പ്രേമം. ആ പ്രേമത്തിനു ഭംഗം. രണ്ടു പേരും പിരിയുന്നു. പിന്നീടു് കണ്ടുമുട്ടുമ്പോൾ പുരുഷൻ വിവാഹിതൻ. സ്ത്രീ കംപ്യൂട്ടർ സെന്ററിൽ ജോലിക്കാരി. അയാൾക്കു കുഞ്ഞില്ല. കംപ്യൂട്ടറിനു് എതിരായി ബഹുജനസമരം ഉണ്ടാകാൻ പോകുന്നു. ‘ബേനൽ’ എന്ന വിശേഷണത്തിനു് ഇക്കഥ അർഹമാണെന്നതിൽ സംശയമുണ്ടോ? ഇല്ല. എങ്കിലും ഇതിനെ അങ്ങനെ തള്ളിക്കളയാനും വയ്യ. ആഖ്യാനത്തിന്റെയും “വീക്ഷണബിന്ദു”വിന്റെയും സവിശേഷതയാൽ ഇക്കഥ സാഹിത്യത്തിന്റെ മണ്ഡലത്തിലേക്കു കടന്നിരിക്കുന്നു.

നക്ഷത്രവും നർത്തകിയും ഓഫീസിലെ ജോലിക്കാരിയും സർവസാധാരണത്വം ആവഹിക്കുന്നു. എന്നാൽ രണ്ടു മരങ്ങൾക്കിടയിൽക്കൂടി ഏകാന്തതാരകം നിങ്ങളെ നോക്കി കണ്ണു ചിമ്മുമ്പോൾ, നൃത്തത്തിനു ശേഷം മാന്ത്രിക ശോഭയോടു കൂടി പിറകു വശം ചലിപ്പിച്ചു നർത്തകി നടന്നു പോകുമ്പോൾ, നിങ്ങളെ ‘ഞാൻ പരിഗണിച്ചിട്ടേയില്ല’ എന്നു ഭാവിച്ചു് കരുതിക്കൂട്ടി സ്പർശിച്ചു കൊണ്ടു മിന്നൽ വേഗത്തിൽ ഓഫീസ് ജോലിക്കാരി ബസ്സിൽ നിന്നിറങ്ങിപ്പോകുമ്പോൾ സർവസാധാരണത്വത്തിനു സവിശേഷതയുണ്ടാകുന്നു.

കൃതജ്ഞത

“ഞാൻ തിരുവനന്തപുരം യൂണി. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ദിവസം ഞങ്ങളുടെ പ്രിയങ്കരനായ പ്രൊഫസർ രാവിലെയുള്ള ക്ലാസ്സു സമയം തീരാറായപ്പോഴേക്ക് ഓടിക്കിതച്ചെത്തി. ഒരിക്കലും താമസിച്ചു വരുന്നയാളല്ല. അദ്ദേഹത്തിന്റെ മുഖത്തെ അസ്വാസ്ഥ്യം ഞങ്ങളെ ഉത്ക്കണ്ഠാകുലരാക്കി: “സാർ എന്തു പറ്റി. താമസിച്ചു പോയല്ലോ?” അദ്ദേഹം നെടുവീർപ്പിട്ട ശേഷം പറഞ്ഞു: “ഞാൻ രാവിലെ ക്ലാസ്സിലെത്തിയതാണു്. അപ്പോൾ ഒരു ഫോൺ കോൾ. എന്റെ മകൾ കാറു മുട്ടി മരിക്കാറായി എന്നു്. ജനറലാശുപത്രിയിൽ എത്തിച്ചിരിക്കുന്നു. ഫോൺ കോൾ അറിഞ്ഞു് ഞാൻ തിരക്കിച്ചെന്നു. അവസാനമാണു് അതു് ആരോ കുബുദ്ധികൾ വഞ്ചിക്കാൻ നടത്തിയ ഫോൺ കോളാണെന്നു് അറിഞ്ഞതു്”.

സാഹിത്യ വിമർശകനായ പ്രൊഫസറെ നല്ല പാഠം പഠിപ്പിക്കാൻ ആരോ ഒരുത്തൻ ഒരുക്കിയ കെണിയായിരുന്നു ആ ഫോൺ കോൾ. പക്ഷേ, അദ്ദേഹം അതുകൊണ്ടു് വിമർശന സാഹിത്യരംഗത്തു നിന്നു പിൻവലിഞ്ഞോ? ഇല്ല. പൂർവ്വാധികം തേജസ്സോടെ അദ്ദേഹമിന്നും വിമർശന രംഗത്തു് തിളങ്ങുന്നുണ്ടു്.

ഈ വാക്യങ്ങൾ ദീപിക ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സെഡ്. എം. മൂഴൂർ ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പിൽ നിന്നെടുത്തതാണു്. ഇതിൽ പറഞ്ഞിരിക്കുന്ന വഞ്ചനയ്ക്കു വിധേയനായ വ്യക്തി ഞാൻ തന്നെയാണു്. എന്റെ ശിഷ്യനായ സെഡ്. എം. മൂഴൂർ എന്നെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകൾക്കു ഞാൻ നന്ദി പറയുന്നു. ഈ വഞ്ചന ഒരു ദൗർഭാഗ്യമാണു്. പക്ഷേ, അതിനെക്കാൾ വലിയ ദൗർഭാഗ്യങ്ങൾ പലതും എന്റെ ജീവിതത്തിലുണ്ടായി. അതിനാൽ ആദ്യത്തെ ആ ദൗർഭാഗ്യം നിസ്സാരമെന്നു് ഇപ്പോൾ തോന്നുന്നു. എന്നല്ല ഒരു വിപത്തും എന്നെ ഇന്നു ചലനം കൊള്ളിക്കാറില്ല. മുപ്പത്തി രണ്ടു വയസ്സുണ്ടായിരുന്ന ഒരേയൊരു മകൻ ആകസ്മികമായി മരിച്ചതു കണ്ട എനിക്കു് രാജവീഥിയിൽ വച്ചു കാണുന്ന ആളുകളുടെ പരിഹാസമോ കുത്തുവാക്കോ അർത്ഥം വച്ചുള്ള വാക്കോ വേദനയുളവാക്കുന്നില്ല. ക്ലേശത്താൽ വാടിപ്പോകാത്ത ഹൃദയവുമായി ഞാൻ ക്രൂരതയാർന്ന ആ വാക്കുകൾ കേൾക്കുന്നു; ക്രൗര്യമാർന്ന മുഖങ്ങൾ കാണുന്നു. ക്ഷമിക്കുന്നു. എല്ലാം ക്ഷമയായി മാറാൻ പോകുന്ന കാലം അടുത്തല്ലോ എന്നു വിചാരിച്ചു് ആശ്വാസം കൊള്ളുന്നു. സെഡ്. എം. മൂഴൂരിനു വീണ്ടും കൃതജ്ഞത.

“നളിനി”
images/Kumaranasan.jpg
കുമാരനാശാൻ

മഹാകവി കുമാരനാശാന്റെനളിനി ” വേദാന്തപരമായ കാവ്യമാണു്. “യസ്മിൻ സർവ്വാണിഭൂതാനി ആത്മൈവാഭൂത്വിജാനതഃ തത്ര കോ മോഹഃ കഃ ശോക ഏകത്വമനുപശ്യതഃ” (എല്ലാം സ്വന്തം ആത്മാവായിക്കണ്ടു് ജീവിതത്തിന്റെ ഐക്യം സാക്ഷാത്കരിച്ചവനു മോഹമെവിടെ? ശോകമെവിടെ?) എന്നു ഉപനിഷത്തു് ചോദിക്കുന്നു. ഈ ഐക്യത്തിന്റെ – സ്നേഹത്തിന്റെ – പ്രതിരൂപമാണു് നളിനീകാവ്യത്തിലെ സന്ന്യാസി. അദ്ദേഹം “അഹംബ്രഹ്മാസ്മി” എന്നതിലെ സത്യം സാക്ഷാത്കരിച്ചവനാണു്. ആ നിലയിലെത്തിയ മഹാനു് ഹൃദയ പരിപാകം ആർജ്ജിച്ച നളിനിക്കു മഹാവാക്യമുപദേശിച്ചു് മോക്ഷം നല്കാനറിയാം. നളിനി അങ്ങനെ മോക്ഷം പ്രാപിക്കുന്നു. ഈശ്വരൻ സ്നേഹസ്വരൂപനായതു കൊണ്ടു് പ്രപഞ്ചം സ്നേഹമയം. അതു സാക്ഷാത്കരിച്ച സന്ന്യാസിയും നളിനിയും സ്നേഹത്തിന്റെ പ്രതിരൂപങ്ങൾ. ഇതൊക്കെ കണ്ടു കൊണ്ടാണു് കവി “സ്നേഹമാണഖില സാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം” എന്നു സന്ന്യാസിയെക്കൊണ്ടു പറയിച്ചതു്. ‘നളിനി’ ഇങ്ങനെ വേദാന്തപരമായ കാവ്യമായി പരിലസിക്കുന്നു. പക്ഷേ അക്കാലത്തു് കുമാരനാശാനുണ്ടായിരുന്ന മാനസിക സംഘട്ടനങ്ങൾ അദ്ദേഹമറിയാതെ തന്നെ സന്ന്യാസിയുടെയും നളിനിയുടെയും സ്വഭാവ ചിത്രീകരണത്തിൽ വന്നു പോയി. അതുകൊണ്ടാണു് ആ ചിത്രീകരണത്തിൽ ന്യൂനതകൾ സംഭവിച്ചതും. എങ്കിലും കാവ്യഭാഷണത്തിൽ – poetic utterance – നളിനി അന്യൂനമായി വിളങ്ങുന്നു. എ. പി. ഉദയഭാനു മനോരാജ്യം വാരികയിൽ എഴുതിയ “എന്റെ ഏക ധനമങ്ങു്” എന്ന നല്ല ലേഖനം വായിച്ചപ്പോൾ ഇത്രയും എഴുതണമെന്നു് എനിക്കു തോന്നി. ‘നളിനി’യിലെ സന്ന്യാസിയെ ദിവാകരൻ എന്നു വിളിക്കുന്നതു് അത്ര ശരിയല്ല. “യോഗിയാം ദിവാകരനെ” എന്നോ മറ്റോ കവി പ്രയോഗിച്ചതിനെ അവലംബിച്ചാകാം സന്ന്യാസിക്കു് ഈ പേരു നിരൂപകർ നല്കിയതു്. ബ്രഹ്മൈ വേദം വിശ്വമിദം വരിഷ്ഠം (ബ്രഹ്മ ഏവ ഇദം വരിഷ്ഠം) എന്ന സത്യം മനസ്സിലാക്കിയ സന്ന്യാസിക്കു ദിവാകരൻ എന്നു കവി പേരിടുമോ?

ചോദ്യങ്ങൾ
images/Adieux.jpg

ആരും ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല. അമ്പതു പൈസ – തെറ്റിപ്പോയി അമ്പത്തഞ്ചുപൈസ – മുടക്കി ചോദ്യമയയ്ക്കാൻ ആർക്കും ബുദ്ധ്യമാന്ദ്യം സംഭവിച്ചിട്ടില്ല. ചോദ്യങ്ങൾ ഞാൻ ഉണ്ടാക്കിക്കൊള്ളാം. ഒരു വൈഷമ്യമേയുള്ളു. അധികം പേരുകളും സ്ഥലങ്ങളും അറിഞ്ഞുകൂടാ എനിക്കു്.

ചോദ്യം, ഉത്തരം

ചോദ്യം: ജോൺ (പന്തളം): ആതിഥ്യമെന്നാലെന്തു്?

ഉത്തരം: വഴിയിൽവച്ചു നമ്മളെ കാണുമ്പോൾ ‘എന്താ വീട്ടിലേക്കു വരാത്തതു്?’ എന്നു ചോദിക്കും. ആ ചോദ്യം കേട്ടു വിശ്വസിച്ചു അവിടെ ചെന്നു കയറിയാൽ ആതിഥേയന്റെ മുഖം കർക്കടക മാസത്തിലെ അമാവാസി പോലെ കറുപ്പിക്കുന്നതെന്തോ അതാണു് ആതിഥ്യം.

ചോദ്യം: സലിം (വടക്കൻ പറവൂർ): കഷണ്ടി ബുദ്ധിശക്തിയുടെ ലക്ഷണമാണോ?

ഉത്തരം: അങ്ങനെയാണെങ്കിൽ തലയിൽ ഒരു രോമക്കാടും കൊണ്ടു നടന്ന ഐൻസ്റ്റൈനാ ണു് ഈ ലോകത്തെ ഏറ്റവും വലിയ മണ്ടൻ.

ചോദ്യം: രാമകൃഷ്ണൻ (കൊല്ലം): സ്നേഹിതരുടേയും ബന്ധുക്കളുടെയും വീടുകളിൽ ചെല്ലുന്നതിനു് നിയമം വല്ലതുമുണ്ടോ?

ഉത്തരം: ഉണ്ടു്. കഴിയുന്നിടത്തോളം പോകരുതു്. പോയാൽ പത്തു മിനിറ്റിൽ കൂടുതൽ ഇരിക്കരുതു്.

ചോദ്യം: വിലാസിനി (നാഗർകോവിൽ): ചങ്ങമ്പുഴ എന്ന മനുഷ്യനെക്കുറിച്ചു് എന്താണു് അഭിപ്രായം.

ഉത്തരം: ഹാ, അദ്ദേഹത്തിനു കിട്ടിയ പ്രേമലേഖനങ്ങൾ കാണണം. ഞാൻ കുറെ കണ്ടിട്ടുണ്ടു്. പണ്ടൊരിക്കൽ ഞാനെഴുതിയതു പോലെ അവ കൂട്ടിയിട്ടു കത്തിച്ചാൽ തീ കെടുത്താൻ ഫയർ എഞ്ചിൻ വിളിക്കേണ്ടി വരും.

ചോദ്യം: ഹമീദ് (കൊല്ലങ്കോടു്): എന്റെ ചോദ്യത്തിനു് മറു ചോദ്യം തരാമോ?

ഉത്തരം: അതിനു ഞാൻ രാഷ്ട്രീയക്കാരനല്ലല്ലൊ.

ചോദ്യം: രാമൻപിള്ള (കേശവദാസപുരം): നിങ്ങൾ അടുത്ത കാലത്തു വായിച്ച ഉത്കൃഷ്ടമായ പുസ്തകമേതു്?

ഉത്തരം: സീമൊൻ ദ ബോവ്വാറി ന്റെ Adieux—A Farewell to Sartre, പെൻഗ്വിൻ ബുക്കു്, വില £4.95.

സക്കറിയയുടെ കഥ
images/Zakaria.jpg
സക്കറിയ

സക്കറിയ യുടെ ‘കുഴിയാനകളുടെ ഉദ്യാനം’ എന്ന ചെറുകഥയ്ക്കു സമകാലികങ്ങളായ മറ്റെല്ലാക്കഥകളിൽ നിന്നും വ്യത്യസ്തതയുണ്ടു്. ശൈലിയിൽ, ഇമേജുകളുടെ നിവേശനത്തിൽ, ടെക്നിക്കിന്റെ പ്രയോഗത്തിൽ, കാവ്യാത്മകത്വത്തിൽ ഇവയിലെല്ലാം ഇക്കഥ മറ്റു കഥകളിൽ നിന്നു് അതിദൂരം അകന്നു നിൽക്കുന്നു. ഒരു തിരുമ്മുകാരൻ വൈദ്യനെയും ഉളുക്കു പറ്റിയ ഒരു പെണ്ണിനെയും അവതരിപ്പിച്ചിട്ടു കഥാകാരൻ നന്മയുടെയും തിന്മയുടെയും ലൈംഗികത്വത്തിന്റെയും ലോകം സൃഷ്ടിക്കുന്നു. ലോകം എന്നു പറയുന്നതിനെക്കാൾ ശക്തി വിശേഷങ്ങൾ എന്നു പറയുന്നതാവും ശരി. ഈ ശക്തി വിശേഷങ്ങൾ നമ്മെ അനുധാവനം ചെയ്യുന്നു.

ഭാവാത്മകതയാണു് ഇക്കഥയുടെ മുദ്ര. ഭാവാത്മകത ഒരു വികാരത്തിന്റെ സൂക്ഷ്മാംശത്തെ വ്യക്തമാക്കിത്തരുമെങ്കിലും അസ്പഷ്ടത ആവഹിക്കാതിരിക്കില്ല. പോൾ ബർലേന്റെയോ ചങ്ങമ്പുഴയുടെയോ ഭാവഗാനത്തിൽ നമ്മൾ ആമജ്ജനം ചെയ്യുമ്പോൾ ഉള്ളു കുളിർക്കും എന്നതിൽ സംശയമില്ല. പക്ഷേ, കുളിർമ്മ നല്കുന്ന എല്ലാ അംശങ്ങളുടെയും സ്വഭാവം മനസ്സിലാകുകയുമില്ല. ഭാവാത്മകമായ ഇക്കഥയ്ക്കുമുണ്ടു് ഒരസ്പഷ്ഠത.

കാമ്പിശ്ശേരി
images/Kambissery.jpg
കാമ്പിശ്ശേരി കരുണാകരൻ

കാമ്പിശ്ശേരി കരുണാകരനെ ക്കുറിച്ചു് തോപ്പിൽ കൃഷ്ണപിള്ള ജനയുഗം വാരികയിലെഴുതിയതു് വായിച്ചപ്പോൾ കാമ്പിശ്ശേരി വയലാർ രാമവർമ്മയോടു കൂടി ഞാൻ ജോലി നോക്കിയിരുന്ന സംസ്കൃത കോളേജിൽ ഒരിക്കൽ വന്നതു് ഓർമ്മിച്ചു. കാമ്പിശ്ശേരിക്കും രാമവർമ്മയ്ക്കും സംസ്കൃതം നല്ലപോലെ അറിയാമായിരുന്നു. ഏതോ ഒരു സംസ്കൃത ഗ്രന്ഥം വേണമെന്നു പറഞ്ഞാണു് അവരെത്തിയതു്. കോളേജോഫീസിലെ ഒരു ക്ലാർക്ക് ഭംഗിയായി പാടുമായിരുന്നു. ശനിയാഴ്ചയായിരുന്നതിനാൽ വിദ്യാർത്ഥികളില്ല. ഞങ്ങൾ സ്റ്റാഫ് റൂമിലിരുന്നു. ക്ലാർക്കു് രാമവർമ്മയുടെ ‘ശകുന്തളേ നിന്നെ ഓർമ്മ വരും’ എന്ന പാട്ടു പാടി. അദ്ദേഹത്തിനു സന്തോഷമായി. കാമ്പിശ്ശേരി പതിഞ്ഞ ശബ്ദത്തിൽ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. മൗലികതയുള്ള, കേട്ടാൽ ആരും സ്വയമറിയാതെ ചിരിച്ചു പോകുന്ന ഹൃദ്യങ്ങളായ ഹാസ്യോക്തികളായിരുന്നു കാമ്പിശ്ശേരിയുടേതു്. അങ്ങനെ ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽത്തന്നെ അദ്ദേഹം എന്നോടു പറഞ്ഞു:“ഞാൻ സംസ്കൃത കോളേജിലാണു പഠിച്ചതു്. പ്രിൻസിപ്പലായിരുന്ന എൻ. ഗോപാലപിള്ള സ്സാർ എന്നെ കോളേജിൽ നിന്നു് ഡിസ്മിസ് ചെയ്തു്. ആ ഫയലൊന്നു എടുത്തു തരുമോ?” അക്കാലത്തു് എനിക്കു പ്രിൻസിപ്പലിന്റെ ‘ചാർജ്ജ്’ ഉണ്ടായിരുന്നു. എങ്കിലും സർക്കാർ ഫയൽ എടുത്തു കൊടുക്കുന്നതു ശരിയല്ലല്ലോ. അതുകൊണ്ടു് എനിക്കു കാമ്പിശ്ശേരിയോടു കള്ളം പറയേണ്ടതായിവന്നു. “ഇൻഡിസിപ്ലിൻ സംബന്ധിച്ച ഫയലുകൾ മൂന്നു വർഷമേ സൂക്ഷിച്ചു വയ്ക്കൂ. അതിനു ശേഷം അവ കത്തിച്ചു കളയും. താങ്കളെ ഡിസ്മിസ് ചെയ്തതിനെ സംബന്ധിച്ച ഫയൽ ഇപ്പോൾ കാണുകില്ല”. അദ്ദേഹം എന്നെ നോക്കി ഒന്നു ചിരിച്ചു. യാത്ര പറഞ്ഞു പോകുകയും ചെയ്തു. വയലാർ രാമവർമ്മ ആർഷ സംസ്കാരത്തിന്റെ മഹനീയതയെക്കുറിച്ചു എന്തൊക്കെയോ ഉദീരണം ചെയ്തു കൊണ്ടാണു് കോളേജിന്റെ പടിക്കെട്ടുകൾ ഇറങ്ങിയതു്. അവിശ്വാസം പ്രകടിപ്പിക്കുന്ന കണ്ണുകളിൽ വിശ്വാസജനകമായി നോക്കാൻ കാമ്പിശ്ശേരിക്കു് അറിയാമായിരുന്നു. അങ്ങനെ നോക്കുമ്പോൾ സംശയത്തിന്റെ നിഴൽ പോലും ആ കണ്ണുകളിൽ ഉണ്ടായിരിക്കില്ല. ജീവിതത്തെ ഹാസ്യാത്മകതയോടെ വീക്ഷിച്ച ആ നല്ല മനുഷ്യന്റെ തിരോധാനത്തിൽ എനിക്കിന്നും വല്ലായ്മയുണ്ടു്.

ക്വോട്ടബിൾ ക്വോട്ട്സ്

“നേതാക്കന്മാരേ നിങ്ങൾ ആത്മഹത്യ ചെയ്യൂ. എന്തുകൊണ്ടെന്നാൽ എനിക്കു നിങ്ങളെ കൊല്ലാനുള്ള കഴിവില്ല”—കുഞ്ഞുണ്ണി ട്രയൽ വാരികയിൽ.

ഭൂട്ടാസിങ്ങി ന്റെ പ്രസംഗം വായിക്കുന്നതിനെക്കാൾ എനിക്കു താല്പര്യം ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലെ പ്രകൃതിചികിത്സയെപ്പറ്റി ഈയിടെ വന്ന റിപ്പോർട്ടാണു്”—എം. പി. നാരായണപിള്ള ട്രയൽ വാരികയിൽ.

“ഇന്നത്തെ കവികൾ റെഡിമെയ്ഡ് ആരാധകരെയും കൊണ്ടാണു് അരങ്ങേറുന്നതു്”—ഡോക്ടർ ജോർജ്ജ് ഇരുമ്പയം ദീപിക ദിനപത്രത്തിൽ.

“തമ്പ്രാന്റെ വീട്ടിലെ വേലക്കാരനായ കുട്ടിരാമൻ ഒരിക്കൽ സുന്ദരി യായ ഒരു യുവതിയെ വിവാഹം കഴിച്ചു് തമ്പ്രാനെ മുഖം കാണിക്കാൻ ചെന്നപ്പോൾ അരുളപ്പാടിങ്ങനെയായിരുന്നു. “എടാ കുട്ടിരാമ, നിന്റെ പെണ്ണു രസികത്തി തന്നെ. അവൾ ഇവിടെ നില്ക്കട്ടെ. നീ തൊഴുത്തിൽ നിന്നു് ഒരാടിനെ അഴിച്ചു കൊണ്ടു പൊയ്ക്കോ. നിനക്കതുമതി”—പി. ഗോവിന്ദപ്പിള്ള ട്രയൽ വാരികയിൽ.

തീവണ്ടിയിൽ
  1. മേഘമാലകളുടെ വെണ്മയെ വെല്ലുവിളിച്ചുകൊണ്ടു് ഒരു പച്ചത്തത്ത ഇലയില്ലാത്ത മരത്തിന്റെ കൊമ്പിലിരിക്കുന്നു.
  2. വേഗം കൂടിയ തീവണ്ടിയുടെ രണ്ടു വശത്തേക്കുമുള്ള ആട്ടത്തിനു യോജിച്ചു്, കമിഴ്‌ന്നു കിടക്കുന്ന ഒരു തമിഴത്തിയുടെ നിതംബ ചലനം. അതു മാത്രം നോക്കി നടന്ന ടിക്കറ്റ് എക്സാമിനർ എന്റെ പുറത്തു വന്നു വീഴുന്നു. ‘സോറി’ എന്ന ഇംഗ്ലീഷ് വാക്കു് അയാളിൽ നിന്നു. എന്തിനു സോറി? എന്റെ പുറത്തു വീണതിനോ? അതോ തീവണ്ടിയിൽ മറ്റാളുകൾ ഉള്ളതു കൊണ്ടോ?
  3. വിദർഭയിലൂടെയാണു് തീവണ്ടിയുടെ പ്രയാണം. ദർഭയില്ലാത്ത സ്ഥലം വിദർഭ. വൈദർഭി (ദമയന്തി) അവിടെ നടന്നപ്പോൾ കാലിൽ ദർഭ കൊണ്ടിരിക്കില്ല.
  4. ഭർത്താവിന്റെ മരണമറിഞ്ഞു് ഡൽഹിയിലേക്കു് ഒറ്റയ്ക്കു പോകുന്ന ഒരു ചെറുപ്പക്കാരി തോരാതെ കണ്ണീരൊഴുക്കുന്നു. ജാലകത്തിലൂടെ പുറത്തേക്കു നോക്കുന്ന ഞാൻ കൊച്ചു കൊച്ചു കുളങ്ങൾ കര കവിഞ്ഞൊഴുകുന്നതു കാണുന്നു. ഭൂമിയുടെ ദുഃഖം.

തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ചു അധികമാളുകൾ അറിഞ്ഞിട്ടില്ലാത്ത ഒരു പരമാർത്ഥം എഴുതാൻ എനിക്കു കൗതുകം. ആരുടെയും കാവ്യങ്ങളെ അനുകരിച്ചു് അദ്ദേഹം പാരഡികൾ അനായാസമായി നിർമ്മിക്കും. ഒരു ദിവസം അദ്ദേഹവുമൊരുമിച്ചു് തൃശ്ശൂരിൽ നിന്നു് അമ്പലപ്പുഴയ്ക്കു വരികയായിരുന്നു ഞാൻ. ജി. ശങ്കരക്കുറുപ്പിന്റേതെന്നു പറഞ്ഞു അദ്ദേഹം ചില കവിതകൾ ചൊല്ലി. കേട്ടപ്പോൾ ജിയുടേതെന്നു തോന്നി. യഥാർത്ഥത്തിൽ തകഴി അപ്പോൾ നിർമ്മിച്ചവയായിരുന്നു അവ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.