സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-03-30-ൽ പ്രസിദ്ധീകരിച്ചതു്)

ഇരുട്ടിന്റെ കുതിര. അതിന്റെ പുറത്തുകയറി നിശ്ശബ്ദത കുളമ്പൊച്ചയില്ലാതെ സഞ്ചരിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരനോടു് പറഞ്ഞു: “ചങ്ങാതീ, നമ്മളും കുതിരപ്പുറത്തു സഞ്ചരിക്കുകയാണു്. എത്തേണ്ടിടത്തു് എത്തുന്നതുവരെ നാമിങ്ങനെ പൊയ്ക്കൊണ്ടിരിക്കും. പക്ഷേ, കടിഞ്ഞാണിലെ പിടിവിടരുതു്. വിട്ടാൽ നമ്മൾ താഴെവീഴും. ചതഞ്ഞരഞ്ഞു പോകും”.

ഈ കടിഞ്ഞാണാണു് കല.

“തന്റെ ഭാര്യയാണു് അവിടെ”
images/Neelapadmanabhan.jpg
നീല പത്മനാഭൻ

ഈ കടിഞ്ഞാണില്ലാതെ നളിനി ബേക്കൽ എന്ന കഥയെഴുത്തുകാരി സഞ്ചരിക്കാൻ തുടങ്ങിയിട്ടു കാലം വളരെയായി. ശ്രീമതി താഴെ വീഴാതിരിക്കട്ടെ. അവർക്കു ക്ഷതം പറ്റാതിരിക്കട്ടെ. അവരുടെ കഥയെക്കുറിച്ച് എഴുതുന്നതിനുമുമ്പു് ഒരു യഥാർത്ഥ സംഭവത്തെപ്പറ്റി പറയേണ്ടിയിരിക്കുന്നു. പ്രശസ്തനായ കഥാകാരൻ നീല പത്മനാഭൻ എന്നെ അറിയിച്ചതാണിതു്. സത്യസായിബാബ യിൽ വിശ്വസിക്കുന്ന അദ്ദേഹവും സഹധർമ്മിണിയും പെൺകുഞ്ഞ് ഇല്ലാത്ത ദുഃഖത്തോടുകൂടി ബാബയുടെ അടുത്തെത്തി. അദ്ദേഹം അവരെ അനുഗ്രഹിച്ചിട്ടു് ഒരു കൊല്ലത്തിനകം പെൺകുഞ്ഞ് ജനിക്കുമെന്നു് അറിയിച്ചു. ഈശ്വരപൂജ ചെയ്യേണ്ട വിധങ്ങളും പറഞ്ഞുകൊടുത്തു. നീല പത്മനാഭനും സഹധർമ്മിണിക്കും മകളെ കിട്ടി. അവർ ബാബയോടു കൃതജ്ഞത പ്രകാശിപ്പിക്കാൻ പുട്ടപ്പർത്തിയിലെത്തി. നന്ദിപറഞ്ഞിട്ടു് ഭക്തജനങ്ങളോടുകൂടി ഇരുന്നു. ഒരുവശത്തു് നോക്കെത്താത്ത ദൂരത്തിൽ പുരുഷന്മാർ. മറുവശത്തു് അതുപോലെ സ്ത്രീകൾ. തീവണ്ടി പുറപ്പെടാനുള്ള സമയമായിയെന്നു കണ്ടു് നീലപത്മനാഭൻ എഴുന്നേറ്റുനിന്നു. സ്ത്രീകളുടെ പാരാവാരം. അതിൽ തന്റെ സഹധർമ്മിണി എവിടെയിരിക്കുന്നുവെന്നു് അദ്ദേഹത്തിനറിഞ്ഞുകൂടാ. സമയത്തു് തീവണ്ടിയാപ്പീസിൽ എത്തുകയില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആകുലാവസ്ഥയിലായി. അദ്ദേഹം അങ്ങനെ നിൽക്കുമ്പോൾ സത്യസായിബാബ സ്ത്രീകളിരിക്കുന്ന വശത്തേക്കു നോക്കി ഒരു സ്ത്രീയോടു് എഴുന്നേൽക്കാൻ വിരലുകൊണ്ടു് അടയാളം കാണിച്ചു. സ്ത്രീ എഴുന്നേറ്റുനിന്നു. നീലപത്മനാഭൻ അനങ്ങുന്നില്ലെന്നു കണ്ടു് ബാബ അദ്ദേഹത്തോടു പറഞ്ഞു: “എടോ, തന്റെ ഭാര്യയാണു് അവിടെ എഴുന്നേറ്റു നിൽക്കുന്നതു്. വിളിച്ചുകൊണ്ടു പോകൂ”. അവർ തക്കസമയത്തു തീവണ്ടിയാപ്പീസിലെത്തി.

നളിനി ബേക്കൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “മഴയിലൊരു തിര” എന്ന ചെറുകഥയിൽ വാക്കുകളുടെ ജനക്കൂട്ടമാണു. കലാദേവതയെ ഉപാസിക്കാനെത്തിയ വാക്കുകൾ. ജനക്കൂട്ടത്തിന്റെ സ്വഭാവമറിയാമല്ലോ. ഒരു മനുഷ്യനും ഇല്ലാതിരുന്ന സ്ഥലമാണു്. കണ്ണടച്ചു തുറക്കുന്നതിനു മുൻപു് പതിനായിരക്കണക്കിനു, ലക്ഷക്കണക്കിനു്, കോടിക്കണക്കിനു് ആളുകൾ വന്നെത്തിക്കഴിഞ്ഞു. തിക്കുംതിരക്കും. ജനക്കൂട്ടത്തിന്റെ സവിശേഷതയാകെ ഈ വാക്കുകളാകുന്ന ജനക്കൂട്ടത്തിനുമുണ്ടു്. പണ്ഡിതനെന്നും പാമരനെന്നും വ്യത്യാസമില്ല. സമുന്നതനായ ഉദ്യോഗസ്ഥനെന്നും ശിപായിയെന്നും വ്യത്യാസമില്ല. ചിലർ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുന്നു; വേറെ ചിലർ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും. ഒരു വ്യത്യാസവുമില്ലാത്ത അവർ തമ്മിൽത്തമ്മിൽ ഉന്തുകയും തള്ളുകയും ചെയ്യുന്നു. ഈ അസ്പഷ്ടതയും വിനാശാത്മകതയും ഇക്കഥയ്ക്കുമുണ്ടു്. ആകുലാവസ്ഥയിൽപ്പെട്ട സഹൃദയൻ എഴുന്നേറ്റുനിന്നു് ഭാവം എന്ന എന്റെ സഹധർമ്മിണിയെവിടെ എന്നു ചോദിക്കുന്നു. നാലുപാടും പരിഭ്രമിച്ചു നോക്കുന്നു. ചൂണ്ടിക്കാണിച്ചുതരാൻ ഒരു സത്യസായിബാബയില്ല.

വിധിയാണു് ലോകത്തെ ഭരിക്കുന്നതു്. അതിനെ ഭാഗ്യമെന്നോ ദൗർഭാഗ്യമെന്നോ ഇംഗ്ലീഷിൽ ‘ചാൻസ്’ എന്നോ വിളിച്ചുകൊള്ളു. അതുണ്ടു്. അല്ലെങ്കിൽ മത്സരപ്പരീക്ഷയിൽ ജയിച്ച്, ഭരണതലത്തിലെ സമുന്നതസ്ഥാനത്തെത്തിയ വ്യക്തിയെക്കാൾ ആയിരം മടങ്ങു ബുദ്ധിശക്തിയുള്ള മനുഷ്യൻ ഒരു കൊച്ചാപ്പീസിൽ ഗുമസ്തനായി കയറുകയും ഗുമസ്തനായിത്തന്നെ പെൻഷൻ പറ്റുകയും ചെയ്യുന്നതെങ്ങനെ?

വിധിയാണു് ലോകത്തെ ഭരിക്കുന്നതു്. അതിനെ ഭാഗ്യമെന്നോ ദൗർഭാഗ്യമെന്നോ ഇംഗ്ലീഷിൽ ‘ചാൻസ്’ എന്നോ വിളിച്ചുകൊള്ളൂ. അതുണ്ടു്. അല്ലെങ്കിൽ മത്സരപ്പരീക്ഷയിൽ ജയിച്ച് ഭരണതലത്തിലെ സമുന്നതസ്ഥാനത്തെത്തിയ വ്യക്തിയെക്കാൾ ആയിരം മടങ്ങുബുദ്ധിശക്തിയുള്ള മനുഷ്യൻ ഒരു കൊച്ചാപ്പീസിൽ ഗുമസ്തനായി കയറുകയും ഗുമസ്തനായിത്തന്നെ പെൻഷൻ പറ്റുകയും ചെയ്യുന്നതെങ്ങനെ? ഞാനൊരു കോളേജിലെ പ്രൊഫസറായിരുന്നു. പ്രതിമാസം രണ്ടായിരത്തോളം രൂപ ശമ്പളം മേടിച്ചു. എന്നെക്കാൾ പതിനായിരം മടങ്ങ് ബുദ്ധിശക്തിയുള്ളവർ അന്നു പ്രൈമറിസ്കൂളിൽപ്പോലും ഉണ്ടായിരുന്നു. അവരെന്തുകൊണ്ടു് മാസംതോറും നാല്പതുരൂപ ശമ്പളം വാങ്ങിച്ചു സ്വന്തം ജീവിതവും കുടുംബജീവിതവും തകർത്തു? വിധിതന്നെയാണിതു്.

നളിനി ബേക്കലിന്റെ കഥയുടെ ഉള്ളടക്കമെന്തു് എന്നു വ്യക്തമാക്കിത്തരാൻ എനിക്കാവില്ല. പല പരിവൃത്തി ഞാൻ ജനക്കൂട്ടത്തിൽ പരതിനോക്കി. ഒന്നും തിരിച്ചറിയാൻവയ്യ. സഹധർമ്മിണിയില്ലാതെ ഓരോ മനുഷ്യനും തീവണ്ടിയാപ്പീസിലേക്കു പോകാൻ ഇവിടെ വിധിക്കപ്പെട്ടിരിക്കുന്നു. ​​

യഫ്തൂഷൻകോ
images/EvgenyEvtushenko-c.jpg
യഫ്തൂഷൻകോ

വിധിതന്നെയാണോ അനേകം ജൂതന്മാരുടെ മരണത്തിനും കാരണമായതു? ഹിറ്റ്ലർ ലക്ഷക്കണക്കിനു ജൂതന്മാരെ ഗ്യാസ് ചേയ്മ്പറിലിട്ടു ശ്വാസം മുട്ടിച്ചുകൊന്നു. അവരെന്തു് അപരാധം ചെയ്തു? സോവിയറ്റ് യൂണിയന്റെ തെക്കുപടിഞ്ഞാറെ ഭാഗത്തുള്ള കീയിഫ് (Kiev) പട്ടണത്തിൽവച്ച് ആയിരക്കണക്കിനു ജൂതന്മാരെ നാത്സികൾ കൊന്നൊടുക്കി. തങ്ങളുടെ സഹജീവികളായ ജൂതരെ സോവിയറ്റ് ജനത സംരക്ഷിച്ചില്ല എന്ന അപവാദമുണ്ടാകുമല്ലോ എന്നു ഭയന്നു് ആ കൂട്ടക്കൊലപാതകത്തെക്കുറിച്ച് ആരും മിണ്ടരുതെന്നു് പാർട്ടിക്ക് അഭിപ്രായമുണ്ടായിരുന്നു. റഷ്യൻ കവി യഫ്തൂഷെൻകോ (യവ്ജിനീ ആലക്സാന്ദ്രോവിച്ച് യഫ്തൂഷെൻ കോ-ജനനം 1933) പാർട്ടിയുടെ ചിന്താഗതി വകവയ്ക്കാതെ Baby yar എന്ന കാവ്യം രചിച്ചു. റഷ്യൻ ഗാനരചയിതാവു് ഷൊസ്റ്റാകോവിച്ചി ന്റെ ‘തർട്ടീൻതു് സിംഫണി’ ഈ കാവ്യത്തെ അവലംബിച്ചായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു് അതു പിൻവലിക്കേണ്ടിവന്നു. യഫ്തൂഷെൻകോ തന്റെ നാട്ടുകാരെ കുറ്റപ്പെടുത്തുന്നതു കേട്ടാലും:

And I am one silent cry

over the many thousands of the buried;

am every old man killed here

every child killed here.

O my Russian people, I know you.

യഫ്തൂഷെൻകോ സോവിയറ്റ് യൂണിയനകത്തു് റെബലായി വർത്തിച്ചു. അദ്ദേഹത്തെക്കുറിച്ചാണു എൻ. വി. കൃഷ്ണവാരിയർ കുങ്കുമം വാരികയിൽ എഴുതിയിരിക്കുന്നതു്. (‘കവിത ജനപ്രീതി നേടണമെങ്കിൽ’ എന്നലേഖനം). 34,000 ജൂതന്മാരെയാണു് നാത്സികൾ കീയിഫിൽ വച്ച് വധിച്ചതു്.

And now on the cross I perish crucified,

and to this day the marks of the nails are on me

എന്നു് യഫ്തൂഷെൻകോ പറഞ്ഞെങ്കിലും ആണികളുടെ പാടു് ഇതെഴുതുന്ന എന്റെ ശരീരത്തിലുമുണ്ടു്. ഇതു വായിക്കുന്നവരുടെ ശരീരങ്ങളിലുമുണ്ടു്. ഇരുപതാം ശതാബ്ദത്തിലെ ഉജ്ജ്വലങ്ങളായ കാവ്യങ്ങളിൽ ഒന്നായ Baby yar രചിച്ച കവിയെക്കുറിച്ച് എൻ. വി. കൃഷ്ണവാരിയർ എഴുതിയതു് അദ്ദേഹത്തിന്റെ ഉചിതജ്ഞതയെയും മനുഷ്യസ്നേഹത്തെയും കാണിക്കുന്നു.

മനുഷ്യൻ ഇവിടെ ആവിർഭവിച്ചിട്ടു് ശതാബ്ദങ്ങളേറെ കഴിഞ്ഞിരിക്കുന്നു. ഈ ശതാബ്ദങ്ങളെല്ലാം നിശ്ശബ്ദങ്ങൾ. ഇവിടെ കേൾക്കുന്നതു് കവിയുടെ കാലൊച്ചകൾമാത്രം. ആ പാദവിന്യാസത്തിന്റെ ശബ്ദമാണു് നമുക്കു ജീവിക്കാനുള്ള പ്രേരണകൾ നൽകുന്നതു്.

മെനക്കെടുത്തൽ
images/VShantaram.jpg
ശാന്താറാം

ഈ പ്രേരണകളെ നശിപ്പിക്കും ഭംഗിയില്ലാത്ത സാഹിത്യം. ശാന്താറാംപഡോസി’ എന്ന ചലച്ചിത്രത്തിലൂടെയും ലളിതാംബിക അന്തർജ്ജനം ഒരു ചെറുകഥയിലൂടെയും മനോഹരമായി ചിത്രീകരിച്ച ഹിന്ദു–മുസ്ലീം മൈത്രി എന്ന ആശയത്തെ ചിന്താദരിദ്രവും ഭാവനാദരിദ്രവുമായ മാർഗ്ഗത്തിലൂടെ ആവിഷ്കരിക്കുന്നതിൽ വിജയം പ്രാപിച്ചിരിക്കുന്നു പി. എ. മുഹമ്മദ് കോയ. (‘അമ്മ’ എന്ന കഥ കുങ്കുമം വാരിക) ഒരു മുസ്ലിംകുഞ്ഞ് അടുത്ത വീട്ടിലെ കുഞ്ഞിരാമനെ അച്ഛനെന്നും അയാളുടെ ഭാര്യയെ അമ്മയെന്നും വിളിക്കുന്നതും വീടുമാറുമ്പോൾ ആ കൊച്ച് അവരെ കാണാതെ ദുഃഖിക്കുന്നതുമൊക്കെയാണു മുഹമ്മദ്കോയയുടെ “ഹിന്ദു–മുസ്ലീം മൈത്രീചിത്രീകരണത്തിന്റെ” ഡക്കു വേലകൾ. ക്ഷുദ്രസംഭവങ്ങളെ സർഗ്ഗശക്തികൊണ്ടു് അദ്ഭുതസംഭവങ്ങളാക്കി മാറ്റുന്ന വിദ്യ നമ്മുടെ കഥാകാരനു് അറിഞ്ഞുകൂടാ. ആ ക്ഷുദ്രസംഭവങ്ങൾക്കു പുതിയ രൂപം നൽകാനോ പുതിയ അർത്ഥം പ്രദാനം ചെയ്യാനോ അദ്ദേഹത്തിനു കഴിവില്ല. ഒരു പഴഞ്ചൻ കഥ തികച്ചും പഴഞ്ചനായ മട്ടിൽ പറഞ്ഞ് അദ്ദേഹം വായനക്കാരെ മെനക്കെടുത്തുന്നു.

കാറ്റടിച്ചപ്പോൾ മുറ്റത്തെ ഒരു മരത്തിൽനിന്നു് ഇലകൾ ഇളകിപ്പറക്കുന്നു. ശക്തിയാർന്ന കാറ്റു്. ഇലകളെ അതു് എവിടെക്കൊണ്ടുപോകുന്നോ എന്തോ? വിമർശനത്തിന്റെ കാറ്റു് ആഞ്ഞടിച്ചെങ്കിലേ കുത്സിതങ്ങളായ കഥാപാത്രങ്ങൾ അടർന്നു പറക്കുകയുള്ളൂ.

പബ്ലിൿ ഫീസിസ്
images/Cicero.jpg
സിസറോ

കഥകളെക്കുറിച്ചുമാത്രം എന്തിനു പറയുന്നു. വിമർശനത്തിൽ കാണുന്ന കുത്സിതത്വം കഥാമണ്ഡലത്തിലെ കുത്സിതത്വത്തെക്കാൾ എത്രയോ മടങ്ങുകൂടുതലാണു്. ‘സുകുമാർ അഴീക്കോടിനെ അറിയുക’ എന്നോ മറ്റോ പേരുള്ള ഒരു പുസ്തകം ഇന്നലെ തിരുവനന്തപുരത്തെ നാഷനൽ ബുക്ക്സ്റ്റാളിൽ ഇരിക്കുന്നതു കണ്ടു. ഒന്നു മറിച്ചുനോക്കി. പകുതിഭാഗം കേരളത്തിലെ എഴുത്തുകാർ അഴീക്കോടിനു അയച്ച രഹസ്യക്കത്തുകളാണു. അക്കൂട്ടത്തിൽ എന്റെ രണ്ടു കത്തുകൾ കൂടി പരസ്യപ്പെടുത്തിയിരിക്കുന്നു. ഒരു യുവാവിനെ ഗവേഷണവിദ്യാർത്ഥിയായി നിയമിക്കാൻ വേണ്ടി ഞാൻ സുകുമാർ അഴീക്കോടിനു് എഴുതിയ കത്തു് ആ യുവാവു് സമയത്തു് അദ്ദേഹത്തിനെ ഏല്പിക്കാത്തതിലുള്ള എന്റെ നീരസം പ്രകടിപ്പിക്കുന്നതാണു ഒരു കത്തു്. താൽകാലികമായ ക്ഷോഭത്തിനു വിധേയനായി എഴുതുമ്പോൾ നമ്മളൊക്കെ പരുക്കൻ ഭാഷ പ്രയോഗിക്കുമല്ലോ. അതു് രഹസ്യമായിത്തന്നെയിരിക്കുമെന്ന നമ്മുടെ ഉറപ്പാണു പരുഷഭാഷാ പ്രയോഗത്തിനു ധൈര്യം നൽകുന്നതു്. രണ്ടാമത്തെ കത്തു് ഒരു കവിയെയും ഒരു മഹാപണ്ഡിതനെയും കുറിച്ചുള്ളതാണു്. കവി ആരെയോ അവഗണിച്ചതിലുള്ള ധർമ്മരോഷമാണു എന്നെക്കൊണ്ടു് ഗ്രാമ്യഭാഷ പ്രയോഗിപ്പിച്ചതു്. എങ്കിലും സ്വകാര്യക്കത്തുകൾ അയച്ച ആളിന്റെ സമ്മതമില്ലാതെ പരസ്യപ്പെടുത്തരുതല്ലോ. ഈ പ്രാഥമിക മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. സുകുമാർ അഴീക്കോടു് എനിക്കു പല കത്തുകളും എഴുതിയിട്ടുണ്ടു്. അവയിൽ പലതിനും വ്യക്തിപരങ്ങളായ ഉപാലംഭങ്ങൾ ഉണ്ടു്. എന്നാലും ഞാനവ പരസ്യപ്പെടുത്തുകയില്ല.

സന്മാർഗ്ഗം, സദാചാരം ഇവയെക്കുറിച്ചു നേരിയ ബോധമുള്ളവരിൽ ആരും സ്വകാര്യക്കത്തുകൾ പരസ്യപ്പെടുത്തുകയില്ല. പരസ്യപ്പെടുത്തിയാൽ അതു ചെയ്യുന്നവർ ക്രൂരതയുള്ളവരാണെന്നേ മറ്റുള്ളവർ വിചാരിക്കൂ. എല്ലാ തിന്മകളുടെയും വിളനിലം വ്യക്തിശത്രുതയാണു്. അതിനെ ചങ്ങലയിട്ടു പൂട്ടിക്കിടത്തേണ്ടതാണു്. അല്ലതെ അഴിച്ചുവിട്ടു് അന്യരെ കടിപ്പിക്കരുതു്. “സുകുമാർ അഴീക്കോടിനെ അറിയുക.” എന്നതല്ല ഈ ഗ്രന്ഥത്തിനു പേരിടേണ്ടിയിരുന്നതു്. പബ്ലിക് ഫീസിസ്—Public faeces—എന്നതാണു് യോജിച്ച പേരു്. ​​ “നന്മ, തിന്മ ഇവയെക്കുറിച്ചുള്ള ‘ആന്തരബോധം’ വലിയ സ്വാധീനശക്തി ചെലുത്തുന്നു. അതില്ലാതെയാക്കൂ. എല്ലാം നശിക്കും” —സിസറോ.

സത്യവും സ്വാഭാവികതയും
images/MSukumaran.jpg
സുകുമാരൻ

അസാന്മാർഗ്ഗികത്വം പ്രകൃതിയിൽ പൂതിഗന്ധം പ്രസരിപ്പിക്കുമ്പോൾ സന്മാർഗ്ഗികത്വം പരിമളം പരത്തുന്നു. ആ പരിമളമാണു് എസ്. ഭാസുരചന്ദ്രൻ കേരളകൗമുദി വീക്കെൻഡ് മാഗസിനിൽ എഴുതിയ ‘വിദൂരതയുടെ പക്ഷികൾ’ എന്ന ലേഖനത്തിനുള്ളതു്. നല്ല കഥാകാരനായി രംഗപ്രവേശം ചെയ്തിട്ടു് ഇപ്പോൾ മൗനം അവലംബിച്ചിരിക്കുന്ന സുകുമാരനെ ക്കുറിച്ചാണു് പ്രബന്ധം. അദ്ദേഹം വീണ്ടും സാഹിത്യകാരനായി പ്രത്യക്ഷനാകണം എന്നു ഭംഗ്യന്തരേണ ലേഖകൻ പ്രസ്താവിക്കുമ്പോൾ അവിടെ സംസ്കാരത്തിന്റെ പേരിലുള്ള പരിഭവവും നൈരാശ്യവും മാത്രമേയുള്ളു. വിസ്മരിക്കപ്പെടുന്ന ഒരു കഥാകാരനെ ബഹുജനത്തിന്റെ സ്മരണമണ്ഡലത്തിലേക്ക് ആനയിക്കുന്നതുതന്നെ സംസ്കാര ഭദ്രമായ ഏർപ്പാടാണു്. സാന്മാർഗ്ഗികത്വം സത്യത്തോടും സ്വാഭാവികതയോടും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഭാസുരചന്ദ്രന്റെ ലേഖനത്തിനു സത്യാത്മകതയുണ്ടു്; സ്വാഭാവികതയുണ്ടു്.

എസ്. കെ. ആർ. കമ്മത്ത്

“ചക്രവർത്തി രാജ്യം ആക്രമിച്ചു കീഴടക്കി. പക്ഷേ, ആ വിജയത്തെ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല” എന്നോ മറ്റോ ഒരു കവി എഴുതിയിട്ടുണ്ടു്. ഏതു ചക്രവർത്തി എന്നു് എനിക്കോർമ്മയില്ല. പ്രതിഭകൊണ്ടു് സാഹിത്യസാമ്രാജ്യത്തിന്റെ ഒരു ഭാഗം സ്വായത്തമാക്കിയ കഥാകാരനായിരുന്നു എസ്. കെ. ആർ. കമ്മത്തു്. അദ്ദേഹത്തിന്റെ ഈ ലോകത്തുനിന്നുള്ള തിരോധാനം എല്ലാ സഹൃദയന്മാരെയും വേദനിപ്പിക്കും. ആ വേദനയാണു എം. എൻ. കുറുപ്പു് ദേശാഭിമാനി വാരികയിൽ എഴുതിയ “കൊടുങ്കാറ്റു് ഇളക്കിവിട്ട കഥാകാരൻ” എന്ന ലേഖനത്തിൽ ഞാൻ കണ്ടതു്. ചെറിയ ചെറിയ ജീവിതസംഭവങ്ങളിൽ അടങ്ങിയ ‘മിസ്റ്ററി’ തികച്ചും സ്വകീയമായ ടെക്നിക്കിലൂടെ ആവിഷ്കരിച്ച നല്ല കഥാകാരനായിരുന്നു എസ്. കെ. ആർ. കമ്മത്തു്. അവസാനമായി ഞാൻ വായിച്ച കഥ ജനയുഗം വാരികയിൽ പ്രസിദ്ധപ്പെടുത്തിയതായിരുന്നു. ഏതാനും വാക്കുകൾകൊണ്ടു് ഒരു മാസ്റ്റർപീസ് സൃഷ്ടിച്ചു കമ്മത്തു്. ഈ പംക്തിയിൽ ആ കഥയുടെ ഉത്കൃഷ്ടതയെക്കുറിച്ച് എഴുതിയിരുന്നു. ആ കമന്റ് വായിക്കുന്നതിനു മുൻപു് കഥ വായിച്ച ഒ. എൻ. വി. കുറുപ്പു് കമ്മത്തിന്റെ കഥയുടെ മനോഹാരിതയെക്കുറിച്ച് എന്നോടു പറഞ്ഞു.

അടുത്തകാലത്താണു് ഞാൻ എസ്. കെ. ആർ. കമ്മത്തിനെ പരിചയപ്പെട്ടതു്. മനുഷ്യനു് പ്രായം കൂടുന്തോറും അവന്റെ മുഖത്തു് സ്വന്തം സ്വഭാവം പ്രതിഫലിക്കുമെന്നു് ഒരു സിദ്ധാന്തമുണ്ടല്ലോ. അതു സത്യമാണു്. ആ സത്യം അവലംബിച്ചു പറയുകയാണെങ്കിൽ കമ്മത്തു് നിഷ്കളങ്കനായ വ്യക്തിയായിരുന്നു.

കൃഷ്ണമൂർത്തി
images/RomLandau.jpg
റൊം ലൻഡൗ

ആധുനികലോകത്തിലെ ക്രിസ്തു വായും ബുദ്ധനാ യും കൊണ്ടാടപ്പെടുന്ന ജെ. കൃഷ്ണമൂർത്തി യെക്കുറിച്ച് പല ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ടു്. എങ്കിലും എന്നെ ഏറ്റവും ആകർഷിച്ച പുസ്തകം റൊം ലൻഡൗ എഴുതിയ God is my Adventure എന്നതാണു്. ഈസ്പെൻസ്കി, ഗുർദ്ജീഫ്, റുഡോൾഫ് സ്റ്റൈനർ, കൃഷ്ണമൂർത്തി എന്നീ മഹാരഥന്മാരെ നേരിട്ടുകണ്ട ഈ ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ അതിസുന്ദരമായി ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിട്ടുണ്ടു്. ചില ഭാഗങ്ങൾ:

“ഞാൻ ക്രിസ്തുവാണെന്നോ അല്ലെന്നോ സ്ഥിരീകരിച്ചിട്ടില്ല. നിഷേധിച്ചിട്ടില്ല. ആ വിധത്തിലുള്ള വിശേഷണങ്ങൾ എന്നെ സ്സംബന്ധിച്ചിടത്തോളം തികച്ചും നിരർത്ഥകങ്ങളാണു്”.

“രസജനകമായതെന്തും ഞാൻ വായിക്കുന്നു—ഹക്സ്ലി, ലോറൻസ്, ജോയിസ്, ആങ്ദ്രേ ഷീദ് ”.

“പുസ്തകങ്ങളിൽനിന്നു കാര്യങ്ങൾ ഗ്രഹിക്കാമെന്നു് താങ്കൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ? ജ്ഞാനം വർദ്ധിപ്പിക്കാം താങ്കൾക്ക്. വസ്തുതകളും സങ്കേതങ്ങളും പഠിക്കാം. പക്ഷേ, സത്യമെന്തെന്നു് ഗ്രഹിക്കാൻ പറ്റുകയില്ല… ”

“സവിശേഷമായ വിഷയത്തിൽ ഏകാഗ്രതയോടെ മനസ്സു വയ്ക്കുന്നതെന്തിനാണെന്നു് എനിക്കറിഞ്ഞുകൂടാ. ജീവിതത്തിൽ കടന്നുവരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ധ്യാനിക്കണം. മറ്റെല്ലാകാര്യങ്ങളെയും അകറ്റി നിറുത്തി ഒരു വിചാരത്തിൽമാത്രം മനസ്സിരുത്തിയാൽ ആന്തര സംഘട്ടനമുണ്ടാകും”.

“പ്രാർത്ഥന ആധ്യാത്മികതയല്ല, സാമ്പത്തികശാസ്ത്രമാണു്”.

എല്ലാ ഗുരുക്കന്മാരെയും നിഷേധിക്കാൻ ആഹ്വാനം ചെയ്ത ഈ ലോകഗുരുവിനെക്കുറിച്ചു രണ്ടു ലേഖനങ്ങളുണ്ടു് കലാകൗമുദിയിൽ. എസ്. ജയചന്ദ്രൻ നായരു ടെ ‘ജെ. കെ.’ കൃഷ്ണമൂർത്തിയുടെ ജീവിതം, ദർശനം ഇവയെക്കുറിച്ച് ലളിതമായി വിവരിക്കുന്ന നല്ല ലേഖനമാണിതു്. “മനുഷ്യജീവിതത്തെ ആരാധിക്കുന്നതിനു പകരം മനുഷ്യനെ സ്നേഹിക്കാനാണു ജെ. കെ. മുതിർന്നതു്. ആ സ്നേഹമാകട്ടെ വ്യവസ്ഥകളൊന്നുമില്ലാത്തതായിരുന്നു. സ്നേഹം നിജമാകാൻ സ്വതന്ത്രനാകണമെന്നു് അദ്ദേഹം കണ്ടു” എന്നു് കൃഷ്ണമൂർത്തിയുടെ ആന്തരമണ്ഡലത്തിലേക്കു പ്രകാശം പ്രസരിപ്പിച്ചുകൊണ്ടു് ജയചന്ദ്രൻനായർ എഴുതുന്നു.

“ ഈ നൂറ്റാണ്ടിൽ ഒരു ബുദ്ധനെപ്പോലെ” എന്ന സ്റ്റാഫ് ലേഖകന്റെ പ്രബന്ധത്തിൽ ദർശനത്തിന്റെ വേറൊരു വശം നല്ല രീതിയിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. “കഴിഞ്ഞ അറുപതുകൊല്ലവും മനസ്സിന്റെ സാകല്യാവസ്ഥയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു കൃഷ്ണമൂർത്തി. നമ്മുടെ ലോകത്തെ സകലമാലിന്യങ്ങളും ആ ചിന്തയെ സ്പർശിച്ചുകൊണ്ടു് കടന്നുപോയിരുന്നു എന്ന കാര്യം നമുക്കു മറന്നുകൂടാ”.

സംസ്കാരത്തിന്റെയും അതിനോടു ബന്ധപ്പെട്ട തത്ത്വചിന്തയുടെയും ചക്രവാളത്തെ ബഹുദൂരം വികസിപ്പിച്ച ഈ മഹാന്റെ തിരോധാനം വലിയ നഷ്ടമാണെന്നും മറ്റുമുള്ള ‘പ്ലാറ്റിറ്റ്യൂഡു’കൾ ഇവിടെ പറയുന്നില്ല. ലോകത്തിനു് നന്മ മാത്രം ചെയ്ത ഒരു മഹാൻ; ചെയ്യേണ്ടതത്രയും ചെയ്തിട്ടു് അദ്ദേഹം പോയി. തൊണ്ണൂറുവയസ്സു തികഞ്ഞ ആൾ കൂടുതൽ കഷ്ടപ്പെടാതെ ഇവിടംവിട്ടു പോയതുതന്നെ നന്നു്. പക്ഷേ, ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ടു്. പാങ്ക്രിയസിൽ അർബ്ബുദം വന്നാണു് അദ്ദേഹം യാതന അനുഭവിച്ചു മരിച്ചതു്. അന്യന്റെ വസ്തുക്കൾ പിടിച്ചുവാങ്ങിക്കുകയും വേണ്ടിവന്നാൽ അവന്റെ കഴുത്തറുക്കുകയും ചെയ്യുന്നവൻ വളരെക്കാലം സുഖമായി ജീവിച്ചിരുന്നു സുഖമായി മരിക്കുന്നു. സാർത്ര് പറഞ്ഞിട്ടുണ്ടു്: “ഈശ്വരൻ ഉണ്ടെങ്കിലും ഒന്നിനും മാറ്റംവരില്ല”. അതുകൊണ്ടു് ശ്രീരാമകൃഷ്ണ പരമഹംസൻ തൊണ്ടയിൽ കാൻസർ വന്നു മരിക്കും. രമണ മഹർഷി രക്തത്തിൽ കാൻസർ വന്നു മരിക്കും. കൃഷ്ണമൂർത്തി പാങ്ക്രിയസിൽ കാൻസർ വന്നു മരിക്കും. ​​

  1. പേരിലെന്തിരിക്കുന്നു? റോസാപ്പൂവിന്റെ പേരു വേറെ എന്തായാലും അതിനു പരിമളം കാണുകില്ലേ എന്നു കവിയുടെ ചോദ്യം—പേരിൽ വളരെ കാര്യമുണ്ടു്. മ്യൂസിയം പാർക്കിൽ കയറിയാൽ ഒരോ വൃക്ഷത്തിലും തകരക്കഷണത്തിൽ എഴുതിവച്ചിട്ടുള്ള പേരിലാണു് ഞാൻ നോക്കുക. പേരെഴുതിവയ്ക്കാത്ത ഒരു മരം കണ്ടാൽ ഞാൻ അധികാരികളോടു മനസാ കോപിക്കാറുണ്ടു്.
  2. സാഹിത്യത്തിലെ സർവസാധാരണത്വമെന്ന അസഹനീയതയെക്കാൾ വലിയ അസഹനീയതയുണ്ടോ?—ഉണ്ടു്. മലയാളം സിനിമയിലെ പ്രേമരംഗങ്ങൾ. നൃത്തമഭ്യസിച്ചിട്ടില്ലാത്ത പ്രായം കൂടിയ പെണ്ണുങ്ങൾ പതിനാറു വയസ്സുകാരിയുടെ പാവാട ഉടുത്തുകൊണ്ടു് ചന്തികുലുക്കി ഡാൻസ് എന്ന ഉഡാൻസ് നടത്തുന്നു. അപ്പൂപ്പന്മാരുടെ വയസ്സുള്ള ആണുങ്ങൾ യുവാക്കന്മാരായി ഭാവിച്ചുകൊണ്ടു് ബീഭത്സങ്ങളായ ചേഷ്ടകൾ പ്രദർശിപ്പിക്കുന്നു.
  3. റോഡേ പോകുന്ന യുവാവിന്റെ പൊക്കം, വണ്ണം, വേഷവിധാനം, ആകൃതിസൗഭഗം ഇവയൊക്കെ ഒരു നിമിഷംകൊണ്ടു് മനസ്സിലാക്കിയതിനുശേഷം ജനൽ വലിച്ചടയ്ക്കുന്ന യുവതിയെക്കുറിച്ച് എന്തു പറയുന്നു?— കപടമയമാണു ജീവിതം എന്ന സത്യം ആ പ്രവർത്തനം നമ്മെ പഠിപ്പിക്കുന്നു.
  4. കണ്ണു കാണുന്നതാണോ സത്യം?—അല്ല. സാഹിത്യത്തിന്റെ ലോചനം കാണുന്നതു മാത്രമേ സത്യമാകൂ. പീകാസോ കണ്ട സത്യം ചെഗുവേര കണ്ടിരിക്കില്ല.
മരണത്തിനുശേഷം
images/AndreMalraux.jpg
ആങ്ദ്രേ മൽറോ

മഹാനായ ഫ്രഞ്ച് സാഹിത്യകാരൻ ആങ്ദ്രേ മൽറോ യുടെ (Andre Malraux) ല കൊങ്ദീസ്യോങ് യൂമെൻ (La Condition Humaine) എന്ന വിശിഷ്ടമായ നോവലിൽ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പറയുന്ന ഒരു ഭാഗമുണ്ടു്: “അവർ പറയുന്നതെന്താണെന്നു നിനക്കറിയാമല്ലോ”. ഒരു മനുഷ്യനെ സൃഷ്ടിക്കാൻ ഒൻപതുമാസം വേണം. ഒരു ദിവസം മാത്രം മതി അവനെ നശിപ്പിക്കാൻ. മറ്റാർക്കും അറിയാൻ കഴിയുന്നതുപോലെ നമുക്കും ഈ സത്യം അറിയാം… കേൾക്കൂ: മനുഷ്യനെ സൃഷ്ടിക്കാൻ ഒൻപതുമാസം പോരാ. അമ്പതുവർഷം വേണം. ത്യാഗത്തിന്റെ അമ്പതുവർഷം, ദൃഢനിശ്ചയത്തിന്റെ അമ്പതുവർഷം. മറ്റു പലതിന്റെയും [അമ്പതുവർഷം.] അങ്ങനെ ആ മനുഷ്യൻ രൂപമെടുക്കുമ്പോൾ, അവനിൽ ബാലിശത്വം ഇല്ലാതാകുമ്പോൾ, കൗമാരം ഇല്ലാതാകുമ്പോൾ, അവൻ യഥാർത്ഥത്തിൽ സമ്പൂർണ്ണമനുഷ്യനായിത്തീരുമ്പോൾ—അവനെക്കൊണ്ടു കൊള്ളാവുന്നതു മരിക്കാൻ മാത്രമാണു് (നോവലിന്റെ അവസാനത്തെ പുറം.)

ഹാ, ഇതാണല്ലോ സത്യം! ഈ സത്യത്തെയാണു ഡി. ചന്ദ്രലേഖ ‘യാത്രയുടെ അവസാനം’ എന്ന ചെറുകഥയിലൂടെ ചിത്രീകരിക്കുന്നതു്. (ദേശാഭിമാനി വാരിക) ഇവിടെ കാൻസർ രോഗം പിടിച്ചുണ്ടാകുന്ന സ്വാഭാവികമരണത്തിൽ പൊതിഞ്ഞ ആത്മഹത്യ നടത്തുന്നതു സ്ത്രീയാണു് എന്നൊരു വ്യത്യാസം. എന്തിനു് ആ സ്ത്രീ അങ്ങനെ മരണം വരിച്ചു. സുന്ദരിയായിരുന്ന അവളെ വിവാഹം ചെയ്തവൻ അവളെ ഉപകരണമാക്കി “ഔദ്യോഗിക” ജീവിതത്തിൽ ഉയർന്നു. ആ രഹസ്യം പുറത്തായാൽ അയാളുടെ മാന്യത നശിക്കും. അതുകൊണ്ടു് അയാൾ അവളെ മാനസികരോഗിണിയാക്കി. ഒരു ദുരന്തത്തിന്റെ കഥയാണിതു്. ഇതു പറയാൻ അഭിനന്ദനാർഹമായ ടെക്നിക്കാണു് ചന്ദ്രലേഖ സ്വീകരിച്ചതു്. ആശുപത്രിയിൽനിന്നു കൊണ്ടുവന്ന മൃതദേഹം പൂർവകാലാനുഭവങ്ങളിലേക്കു സഞ്ചാരം നടത്തുന്നതായിട്ടാണു സങ്കല്പം. പുസ്തകത്തിന്റെ രണ്ടു താളുകൾക്കിടയിൽ വച്ച റോസാപ്പൂവിന്റെ കരിഞ്ഞ ഇതൾ കാണുന്നവനു് അതു നൽകിയ പ്രേമഭാജനത്തെക്കുറിച്ച് ഓർമ്മവരും. ആ സ്മരണ ജനിപ്പിക്കുന്ന വികാരം റോസാപ്പൂകൊടുത്ത സന്ദർഭത്തിലെ വികാരത്തെക്കാൾ ഉൽക്കടമായിരിക്കും. പൂർവകാലാനുഭങ്ങളുടെ പുനരാഖ്യാനത്തിനും ഈ സവിശേഷതയുണ്ടു്. അതുകൊണ്ടാണു് ചന്ദ്രലേഖയുടെ ടെക്നിക്ക് ആദരണീയമാണെന്നു് മുമ്പെഴുതിയതു്. ഈ ടെക്നിക്കിലൂടെ ജീവിതത്തിലെ ദീർഘകാലമരണവും, യാതനകൊണ്ടുള്ള പരിവർത്തനവും മരണത്തോടു സ്ത്രീക്കുള്ള ആഭിമുഖ്യവും യഥാർത്ഥമായ മരണവും ആവിഷ്കരിക്കുന്നു. ആക്രമണോത്സുകതയാർന്ന ഒരു വ്യക്തി—ഭർത്താവു്—അപരാധം ചെയ്യാത്ത വേറൊരു വ്യക്തിയെ—ഭാര്യയെ—മരണത്തിലേക്കു നയിക്കുന്നതിന്റെ ചിത്രം ഇക്കഥയിൽ കാണാം.

തീരത്തു വന്നടിച്ചിട്ടു് തകർന്നുപോകുന്ന തിര, മരത്തിൽനിന്നു പറന്നു താഴത്തേക്കു പോരുന്ന ഇല, കൊച്ചു സ്റ്റീൽ നിലവിളക്കിലെ കെടാറായ ദീപനാളം ഇവയെല്ലാം മരണത്തിന്റെ പ്രതിരൂപങ്ങളാണു്.

ധർമ്മരോഷം

“മഹാകവികളേ, മരക്കവികളേ ഈ ചക്രവർത്തിയെ നിങ്ങൾക്കു പരിചയമുണ്ടോ?” എന്ന പേരിൽ എന്റെ സുഹൃത്തു് വി. ബി. സി. നായർ ‘ലേഖ’ വാരികയിൽ എഴുതിയ ലേഖനം വൈലോപ്പിള്ളി യുടെ മരണത്തെക്കുറിച്ചാണു്; ശവസംസ്കാരച്ചടങ്ങിൽ പങ്കുകൊള്ളാത്ത കവികളെക്കുറിച്ചാണു്. പ്രകാശത്തെക്കാൾ ചൂടുള്ള ആ ലേഖനത്തിന്റെ പിറകിലുള്ള നല്ല മാനസികാവസ്ഥ എനിക്കു ഊഹിക്കാൻ കഴിഞ്ഞു. അന്തരിച്ച കവിയുടെ മൃതദേഹത്തെ മാനിക്കാത്തതിനു് ഞാനും കുറ്റപ്പെടുത്തി എഴുതിയിരുന്നു. എങ്കിലും എല്ലാ മരണത്തിനും എല്ലാ ആളുകൾക്കും ചെന്നെത്താൻ കഴിഞ്ഞില്ലെന്നു വരും എന്ന സത്യംകൂടെ നമ്മൾ ഓർമ്മിക്കണം. മരണത്തെക്കുറിച്ചുള്ള സങ്കല്പത്തിനു വളരെയേറെ മാറ്റം വന്നിട്ടുണ്ടു് ഇക്കാലത്തു്. അച്ഛൻ മരിച്ചാൽപ്പോലും മക്കളെല്ലാവരും ഇപ്പോൾ വരാറില്ല. വന്നാൽത്തന്നെ കാഷ്വൽലീവ് തീർന്നുവെന്നു പറഞ്ഞും മക്കൾക്കു പരീക്ഷയാണെന്നു പറഞ്ഞും ഉടനെ സ്ഥലം വിടുന്നവരാണു് അധികംപേരും. ഒരു സ്നേഹിതനെ ഞാൻ കിഴക്കേകോട്ടയ്ക്ക് അടുത്തുവച്ചു കണ്ടു. “എന്തെല്ലാം വിശേഷങ്ങൾ?” എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതു് ഇങ്ങനെയാണു. “ഹായ്, കുറെ അനാമത്ത്ചെലവുകൾവന്നു കഴിഞ്ഞയാഴ്ച. അച്ഛൻ കേറിയങ്ങു ചത്തു. വലിയ ചെലവുമായി” മിക്ക മക്കളുടേയും രീതി ഇതാണു്. അപ്പോൾ ദൂരെ ഒരു കവി മരിച്ചാൽ ഉടനെ അങ്ങോട്ടു് എല്ലാവരും ചെന്നുകൊള്ളണമെന്നു ശഠിച്ചാൽ അതു നടക്കുന്ന കാര്യമല്ലെന്നു ചൂണ്ടിക്കാണിക്കേണ്ടിവരും. ജീവിച്ചിരിക്കുന്നവർ മരണത്തെക്കുറിച്ച് അങ്ങനെ വിചാരിക്കാറില്ല. പക്ഷേ നമ്മളുടെയെല്ലാം ഇഹലോകവാസം സുദീർഘമായ മരണമാണു്. ആ കാലയളവിൽ ഒരു നിമിഷം നമ്മൾ ജീവിച്ചാലായി. അത്രേയുള്ളൂ. “തന്നത്താൻ ദീപമാകുന്ന മനുഷ്യൻ തനിക്കു മാത്രമല്ല, ലോകത്തിനും വിജയം കൈവരുത്തുന്നു” എന്നു് സിദ്ധാർത്ഥൻ ‘മനോരാജ്യ’ത്തിൽ. ദീപമായി വിലസി കവിയെന്ന നിലയിൽ വൈലോപ്പിള്ളി. മനുഷ്യനെന്ന നിലയിൽ എല്ലായ്പ്പോഴും അദ്ദേഹം ദീപംതന്നെയായിരുന്നുവോ?

ഇന്നത്തെ (മാർച്ച് 8) ഹിന്ദു പത്രത്തിൽ മാർകോസിന്റെ മർദ്ദനമുറകൾ വിവരിച്ചിട്ടുണ്ടു്. കമ്മ്യൂണിസ്റ്റ്പാർട്ടി ചെയർമാനായിരുന്ന ജോസ് മേരിയസൈസനെ പതിനെട്ടുമാസം കട്ടിലിനോടുചേർത്തു കൈയാമംവച്ച് ഇട്ടിരുന്നു. മൂക്കിൽകൂടി വെള്ളം അടിച്ചുകയറ്റിയിട്ടു് അദ്ദേഹത്തെ ഒരു ‘ചെറിയ പെട്ടി’യിൽ പൂട്ടിയിടുമായിരുന്നു. ഇനിയുമുണ്ടു് മർദ്ദനമുറകൾ. മുഴുവനും വായിക്കേണ്ടതില്ല. അതിനുമുൻപു് വായനക്കാരായ നമ്മൾ പൊട്ടിക്കരയും. മാർകോസ് എന്ന ഈ ദുഷ്ടനെ അനുകൂലിക്കാനും കുറെ ആളുകളുണ്ടായല്ലോ ഫിലിപ്പീൻസിൽ! എന്തൊരു ലോകം!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.