സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-04-13-ൽ പ്രസിദ്ധീകരിച്ചതു്)

“നേരു കഥിക്കണാമങ്ങുവിളിക്കെയെൻ

പേരു മധുരമായ്ത്തീരുന്നതെങ്ങനെ?

നേരു കഥിക്കണമങ്ങുതൊടുമ്പോൾ ഞാൻ

താരുപോലെ മൃദുവാകുന്നതെങ്ങനെ?

അങ്ങയിലെന്തു നിഗൂഢമാം ശക്തിയാ–

ണിങ്ങനെയെന്നെ രോമാഞ്ചമായ് മാറ്റുവാൻ?”

പ്രിയതമനോടു പ്രിയതമയുടെ ചോദ്യമാണിതു്. ഇവിടെ പുരുഷന്റെ ശബ്ദം കേട്ടും സ്പർശം അനുഭവിച്ചും സ്ത്രീ വികാരവിവശയാകുന്നു. പക്ഷേ, സ്ത്രീയുടെ ശബ്ദം കേൾക്കാനും സ്പർശം അനുഭവിക്കാനുമാണു പുരുഷന്റെ കൊതി. ടെലിവിഷനിലും റേഡിയോയിലും സ്ത്രീ വാർത്ത വായിക്കുന്നതു കേൾക്കാനാണു് പുരുഷന്റെ താല്പര്യം. ഹോട്ടലുകളിൽ റിസപ്ഷനിസ്റ്റുകളായി സ്ത്രീകളെ നിയമിക്കുന്നതിന്റെ രഹസ്യം ഇതുതന്നെയാണു്. ‘ഹലോ ഈസ് ഇറ്റ് ഹോട്ടൽ നാഷനൽ?’ എന്നു പുരുഷന്റെ സ്വരം. ‘യെസ് പ്ലീസ്’ എന്നു് കിളിനാദം. ചിലപ്പോൾ ‘വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ’ എന്നും കിളിനാദം ഉയർന്നേക്കും. കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ പുരുഷനു പ്രവണത. ടെലിഫോൺ കമ്പിയിലൂടെ പൗഡറിന്റെ മണം. അതിലൂടെ തേനൊഴുകുന്നു. അയാളെ നിരാശപ്പെടുത്താത്ത ഉത്തരങ്ങൾ. ആ ഉത്തരങ്ങൾ ഇളക്കിവിടുന്ന സ്നേഹവികാരം ഹോട്ടലിന്റെ നേർക്കു ചെല്ലുന്നു. അയാൾ ബാഗെടുത്തു് ടാക്സിക്കാറിൽ കയറി അവിടെ ചെല്ലുന്നു. താമസമാകുന്നു. റിസപ്ഷനിസ്റ്റിനോടുള്ള രാഗത്തെ ഹോട്ടലിനോടുള്ള രാഗമാക്കി മാറ്റുന്നതിൽ വിജയം വരിക്കുന്നു ഉടമസ്ഥൻ. വന്നു താമസിക്കുന്നവൻ ബില്ലിന്റെ പണം കൊടുത്തു പോകുമ്പോൾ മാധുര്യംകലർന്ന ചിരിയും മധുവൊഴുകുന്ന നാലുവാക്കും അവളിൽനിന്നു് ഉണ്ടാകും. പിന്നെയും ആ പട്ടണത്തിൽ വന്നാൽ അയാൾ അവിടെത്തന്നെയെത്തും.

images/AStudyofHistory.jpg

സത്യമിതാണെങ്കിലും കവി പറഞ്ഞതു് മറ്റൊന്നാണു്. അയാൾ അവളുടെ പേരു വിളിക്കുമ്പോൾ ആ പേരിനു മാധുര്യം വരുന്നു. അയാൾ സ്പർശിക്കുമ്പോൾ അവൾ പൂവുപോലെ മൃദുലമാകുന്നു. ശരിയാവാം. സ്ത്രീയും പുരുഷനും യഥാക്രമം ഭാര്യയും ഭർത്താവുമല്ലെങ്കിൽ, കാമുകിയും കാമുകനുമാണെങ്കിൽ ഈ മാധുര്യവും മൃദുത്വവുമുണ്ടാകും. അയാൾ വിളിച്ചാലേ, തൊട്ടാലേ ഇതൊക്കെ ഉണ്ടാവൂ. ഇവിടെ എനിക്കോർമ്മവരുന്നതു് കവി ഒവിഡി ന്റെ ഒരു വരിയാണു്:—“ആനക്കൊമ്പു് അയാളുടെ സ്പർശത്തിൽ മൃദുലമായി മാറുന്നു. കാഠിന്യം നഷ്ടപ്പെട്ടു് അതു് അയാളുടെ വിരലുകൾക്കു വഴങ്ങുന്നു”. വാക്കുകൾ ദന്തമാണു്; ആനക്കൊമ്പാണു്. ശില്പി തൊട്ടാൽ അതു വഴങ്ങും. കലാകാരനാണു് വാക്കുകളെ തൊടുന്നതെങ്കിൽ അവ മൃദുലങ്ങളാകും; അയാൾക്കു വഴങ്ങിക്കൊടുക്കുകയും ചെയ്യും. കലാകാരനല്ല സ്പർശിക്കുന്നതെങ്കിൽ അവ കാഠിന്യത്തോടെ തന്നെ നിൽക്കും.

പഴകിയ തരുവല്ലി മാറ്റിടാം

പുഴയൊഴുകും വഴി വേറെയാക്കിടാം

കഴിയുമിവ മനസ്വിമാർ മന–

സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ

ഇവിടെ പഴകിയ, അശക്യം, ഊന്നുക ഇവയൊക്കെ മൃദുലപദങ്ങളല്ല. പക്ഷേ, കാമുകനായ കവി തൊടുമ്പോൾ അവയ്ക്കു മൃദുത്വവും മാധുര്യവും വരുന്നു. ഭാഷയെസ്സംബന്ധിച്ച്, ദന്തത്തെസ്സംബന്ധിച്ചു് എല്ലാ നല്ല കലാകാരന്മാരും കാമുകന്മാർ തന്നെ.

ലക്ഷ്യവേധിയായ അമ്പു്

വാക്കുകൾ ദന്തമാണു്; ആനക്കൊമ്പാണു്. ശില്പി തൊട്ടാൽ അതു വഴങ്ങും. കലാകാരനാണു് വാക്കുകളെ തൊടുന്നതെങ്കിൽ അവ മൃദുലങ്ങളാകും, അയാൾക്കു വഴങ്ങിക്കൊടുക്കുകയും ചെയ്യും. കലാകാരനല്ല സ്പർശിക്കുന്നതെങ്കിൽ അവ കാഠിന്യത്തോടെ തന്നെ നിൽക്കും.

ആചാര്യൻ ശിഷ്യന്മാരെ അസ്ത്രവിദ്യ പഠിപ്പിക്കുകയാണു്. ഒരു ലക്ഷ്യം ചൂണ്ടിക്കാണിച്ചിട്ടു് അസ്ത്രമയയ്ക്കാൻ ഗുരുനാഥൻ ഭീമനോടു് ആജ്ഞാപിച്ചു. ശിഷ്യൻ അമ്പു വലിച്ചുവിട്ടപ്പോൾ ആചാര്യൻ പറഞ്ഞു അതു ലക്ഷ്യത്തിൽ ചെന്നു തറയ്ക്കുകയില്ലെന്നു്. ഇതുകേട്ട ഭീമൻ ലക്ഷ്യത്തിലേക്കു കുതിച്ചുചെന്നുനിന്നു. പിന്നീടു് അമ്പു് അതിനടുത്തെത്തിയപ്പോൾ അതു് പിടിച്ചെടുത്തുകൊണ്ടു തിരിച്ചുപോന്നു. ഭാസന്റെ ഒരു നാടകത്തിലുള്ള സംഭവവർണ്ണനമാണിതു്. കാർട്ടൂണിസ്റ്റ് രവിശങ്കർ ലക്ഷ്യത്തിലേക്കു അമ്പയയ്ക്കുന്നു. അമ്പിനെക്കാൾ വേഗത്തിൽ കുതിക്കാൻ അദ്ദേഹത്തിനറിയാം. എങ്കിലും ലക്ഷ്യത്തിൽ അസ്ത്രം തറയ്ക്കുമെന്നതുകൊണ്ടു് അദ്ദേഹം അതയച്ചിട്ടു മിണ്ടാതെ നിൽക്കുന്നു. ലക്ഷ്യവേധിയായ ശരത്തെ നോക്കി നമ്മൾ കൈയടിക്കുന്നു. ഈക്കാഴ്ച കലാകൗമുദിയുടെ 22-ആം പുറത്തിൽ കാണാം.

images/Attila.jpg
അറ്റല

ഹംഗറിയിലെ രാജാവായിരുന്ന അറ്റല ക്രൗര്യത്തിന്റെ മൂർത്തിമദ്ഭാവമായിട്ടാണു് അറിയപ്പെടുന്നതു്. ഡൽഹി ആക്രമിച്ചു് എൺപതിനായിരം പേരെ കഴുത്തറുത്തു കൊന്നതിനുശേഷം അവരുടെ തലയോടുകൾകൊണ്ടു ഗോപുരം നിർമ്മിച്ച തിമൂർ ചക്രവർത്തി. ചരിത്രകാരനായ റ്റോയിൻബി A Study of History എഴുതിയതു് ഇത്തരം സംഭവങ്ങൾ മനക്കണ്ണുകൊണ്ടു കണ്ടതിനാലാണു്. ഹിറ്റ്ലർ എത്രയെത്ര ജൂതന്മാരെ കൊന്നു! റൊൾഫ് ഹോഹൂറ്റി ന്റെ (Rolf Hochhuth—ജനനം 1931) The Deputy എന്ന വിശ്രുതമായ നാടകം ഈ കൊലപാതകങ്ങൾ കണ്ടുണ്ടായ ഹൃദയവേദനയുടെ ഫലമാണു്. ക്രൂരത ദർശിച്ചിട്ടും റോമൻ കത്തോലിക്കാ പൗരോഹിത്യം നാത്സികളോടു് പ്രതിഷേധിക്കാത്തതിലുള്ള പ്രതിഷേധമാണു് ആ നാടകത്തിലുള്ളതു്. സ്റ്റാലിന്റെ ക്രൂരത സോൾ ഷെനിറ്റ്സ്യന്റെ നോവലുകൾക്കും മറ്റു രചനകൾക്കും മാർഗ്ഗം തെളിച്ചു. പാവ്ലോ നെറുദ യുടെ കാവ്യങ്ങൾ ഫ്രാങ്കോ യുടെ ദുഷ്ടത കണ്ടു് ഉണ്ടായവയാണു്. ലോകസാഹിത്യത്തിന്റെ രക്തസാക്ഷികളാണു് അറ്റലയും തിമൂറും ഹിറ്റ്ലറുമൊക്കെ. ഇത്രയും പറഞ്ഞിട്ടു് രവിശങ്കർ എഴുതുന്നു: “നമ്മുടെ മുഖ്യമന്ത്രിമാർ അല്പം സഹകരിച്ചിരുന്നെങ്കിൽ മലയാളസാഹിത്യത്തിനു് എത്ര മെച്ചമുണ്ടാകുമായിരുന്നു അല്ലേ?”

images/Toynbee.jpg
റ്റോയിൻബി

ദർബാർ ഹാൾ. ശരറാന്തലുകളുണ്ടു്. ചുമരുകളിൽ അലങ്കാരപ്പണിയുണ്ടു്. പരവതാനികളുണ്ടു്. വേദിയിൽ സിംഹാസനമുണ്ടു്. ഈ മനോഹാരിത പൂർണ്ണമാകാൻ ചക്രവർത്തി കൂടെ വേണം. അദ്ദേഹം വേഷാലങ്കാരങ്ങളോടുകൂടി വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നു. ശോഭ വർദ്ധിക്കുന്നു എങ്ങും. ഈ ഹാസ്യ ചിത്രങ്ങൾ കലാകൗമുദിയുടെ തിളക്കം കൂട്ടുന്നു.

ലയം

തിരുവനന്തപുരം നഗരം. എന്നും ഇതു് ഇമ്മട്ടിൽത്തന്നെയായിരിക്കും. ഇവിടെ അപവാദ വ്യവസായമല്ലാതെ മറ്റൊരു വ്യവസായമില്ല. എങ്ങും തിക്കും തിരക്കുമാണു്. ചൊൽക്കാഴ്ചകളും കാവ്യമേളകളും. പട്ടണത്തിലെവിടെയും ശബ്ദം. തങ്ങളാലാവുന്ന ധർമ്മച്യുതിയൊക്കെ നടത്തിയിട്ടു് സാഹിത്യകാരന്മാർ സഭാവേദികളിൽ കയറിനിന്നു് ധർമ്മച്യുതിയെക്കുറിച്ചു് ഘോരഘോരം പ്രസംഗിക്കുന്നു. ഈ പട്ടണത്തിന്റെ ഒരൊഴിഞ്ഞ കോണിൽ—ഗ്രാമപ്രദേശം പോലെ പ്രശാന്തതയുള്ള ഒരു സ്ഥലത്തു്—ഒരു കലാകാരൻ കലോപാസന നിർവഹിക്കുന്നു. അദ്ദേഹമാണു് ആർ. സുകുമാരൻ. ഞാൻ അദ്ദേഹത്തിന്റെ അമ്പതോളം ചിത്രങ്ങൾ കണ്ടു. ഒരോന്നും മനോഹരം, ഉജ്ജ്വലം. വിശേഷിച്ചും അമ്പലനടയിൽനിന്നു് കൈയുയർത്തി പ്രാർത്ഥിക്കുന്ന സന്ന്യാസിയുടെ ചിത്രം. പ്രകാശം ആ സന്ന്യാസിയിൽ വന്നു വീഴുന്നു. സത്യസാക്ഷാത്കാരത്തെ ആവിഷ്കരിക്കുന്ന ഈ ചിത്രം മാസ്റ്റർപീസാണു്. അക്കാര്യം ഞാൻ അദ്ദേഹത്തോടു് പറയുകയും ചെയ്തു. അപവാദ പ്രചാരണത്തിനിറങ്ങുന്നവർ വൈകുന്നേരം ഏതെങ്കിലുമൊരിടത്തുകൂടി അതു നിർവഹിച്ചിട്ടു് രാത്രി കനംകൂടിയ മനസ്സുമായി വീട്ടിലെത്തുന്നു. സുകുമാരൻ എന്ന അനുഗൃഹീതൻ നിശ്ശബ്ദനായി ചായംകൊണ്ടു് ലയാത്മകത്വം സൃഷ്ടിക്കുന്നു. അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിയാൻ സഹായിക്കും കലാകൗമുദിയിൽ ശിവപ്രസാദ് എഴുതിയ ലേഖനം.

ജീവിതത്തിന്റെ അത്ഭുതം

വേദം, വേദാന്തം ഇവയിലെ അറിവുകൾ രക്തത്തിൽ കലർന്നവൻ പ്രഭാഷണവേദികളിൽ നിന്നു് മറ്റുള്ളവരെ ഭർത്സിക്കുകയില്ല. മറ്റുള്ളവന്റെ തെറ്റുകൾ കണ്ടാലും അവയെ വിമർശിക്കുകയില്ല. സന്ദർഭം ലഭിക്കുമ്പോൾ അവരെ മറ്റാരും കേൾക്കാതെ ഉപദേശിക്കുകയേയുള്ളു.

ഞാൻ ലൗകിക ജീവിതം നയിക്കുന്നവനാണു്. അതിനാൽ ശ്രീരാമകൃഷ്ണൻ, വിവേകാനന്ദൻ, രമണമഹർഷി, ശ്രീനാരായണൻ ഇവരെക്കുറിച്ചു് ഞാൻ പ്രസംഗിക്കാൻ പോകാറില്ല. ആ മഹാന്മാരുടെ ഉപദേശങ്ങളിൽ ഒന്നുപോലും എന്റെ രക്തത്തിൽ കലർന്നിട്ടില്ല. അങ്ങനെയുള്ള ഞാൻ പ്ലാറ്റ്ഫോമിൽ കയറിനിന്നു് ശ്രീനാരായണനെക്കുറിച്ചോ ചട്ടമ്പിസ്സ്വാമി യെക്കുറിച്ചോ പ്രസംഗിക്കുന്നതു് ശരിയല്ല. ഒരു മഹാന്റെ ദിവ്യസന്ദേശം നമ്മളിലേക്കു പകരുമ്പോൾ നമ്മൾ വേറൊരാളായി മാറണം. ആ മാറ്റം ഉത്കൃഷ്ടതയിലേക്കാണു്. ആ വിധത്തിലുള്ള മാറ്റം ശ്രീരാമകൃഷ്ണൻ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ പല പരിവൃത്തിവായിച്ചിട്ടും എനിക്കുണ്ടായില്ല. ഔപനിഷദീയ ഗ്രന്ഥങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. അങ്ങനെ ജ്ഞാനമാർജ്ജിച്ചിട്ടുണ്ടു്. ജ്ഞാനമാർജ്ജിച്ചതുകൊണ്ടു് ഞാൻ വിജ്ഞനായോ? ഇല്ല. വേദം, വേദാന്തം ഇവയിലെ അറിവുകൾ രക്തത്തിൽ കലർന്നവൻ പ്രഭാഷണവേദികളിൽ നിന്നു് മറ്റുള്ളവരെ ഭർത്സിക്കുകയില്ല. മറ്റുള്ളവന്റെ തെറ്റുകൾ കണ്ടാലും അവയെ വിമർശിക്കുകയില്ല. സന്ദർഭം ലഭിക്കുമ്പോൾ അവരെ മറ്റാരും കേൾക്കാതെ ഉപദേശിക്കുകയേയുള്ളു.

കലാസൃഷ്ടിയിൽ നിന്നു കിട്ടുന്ന അനുഭവങ്ങളോ? അവയും സ്വന്തം ജീവരക്തത്തിൽ അലിഞ്ഞുചേരണം. അലിഞ്ഞുചേരാതെ അവ മനസ്സിന്റെ ഉപരിതലത്തിൽ മാത്രം ഇരുന്നാൽ അയാൾ ഒന്നും നേടിയിട്ടില്ലെന്നു വ്യക്തം. അമ്പലത്തിൽ ചെന്നിരുന്നു് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും ഹരിനാമകീർത്തനവും വായിക്കുന്നവൻ ജനദ്രോഹം നടത്തുന്നവനായി ഞാൻ കണ്ടിട്ടുണ്ടു്. ഭാഗവതം വായിച്ചു് സംസ്കൃതശ്ലോകങ്ങളുടെ അർത്ഥം ശ്രോതാക്കൾക്കു് പറഞ്ഞുകൊടുക്കുന്നവൻ ആ ജോലിക്കു കിട്ടുന്ന പണം പിറ്റേ ദിവസം ബാങ്കിൽ കൊണ്ടിട്ടു് ബാലൻസ് വർദ്ധിപ്പിച്ചാൽ അയാൾ ഭാഗവതത്തെ എന്തിനു് അശുദ്ധമാക്കിയെന്നു് വിവേകമുള്ളവർ ചോദിക്കാതിരിക്കില്ല.

images/Sethu.jpg
സേതു

കലാസൃഷ്ടികളിലെ അനുഭവങ്ങൾ സഹൃദയന്റെ രക്തത്തിൽ അലിഞ്ഞു ചേരണമെങ്കിൽ കലാകാരനും പ്രഗൽഭനായിരിക്കണം. വടക്കൻ ദിക്കുകളിൽ നിന്നു വരുന്ന വാരികകളിലെ കഥകൾ ക്ഷുദ്രങ്ങളായതുകൊണ്ടു് സഹൃദയന്റെ ഉള്ളിലേക്കു കടക്കുന്നില്ല. അതിന്റെ കാരണം രചയിതാക്കളുടെ അവിദഗ്ദ്ധതയത്രേ. എന്നാൽ സാമാന്യ വിദ്യാഭ്യാസവും ഒട്ടൊക്കെ സഹൃദയത്വവുമുള്ള എനിക്കു് സേതു മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ജഗന്നാഥൻ’ എന്ന ചെറുകഥ ഇഷ്ടമായി. അതിലെ അനുഭവങ്ങൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നു എന്നർത്ഥം. ആശുപത്രിയിൽ അംഗവൈകല്യം വന്നു കിടക്കുന്ന ഒരാളിനെ കാണാൻ വേറൊരാൾ വരുന്നു. അവർ സംഭാഷണം നടത്തുന്നു. ആഗതൻ പോകുമ്പോൾ കഥ അവസാനിക്കുന്നു. വാക്കുകളിലൂടെ ജീവിതത്തിന്റെ ‘മിസ്റ്ററി’ നമുക്കു് അനുഭവപ്പെടുത്തിത്തരുന്നു എന്നതാണു് ഈ കഥയുടെ സവിശേഷത.

സ്ത്രീക്കു് ‘ഇന്റ്യൂഷൻ’—സഹജാവബോധം—വളരെക്കൂടുതലാണു്. താൻ തീവണ്ടിച്ചക്രത്തിനിടയിൽ തലവച്ചു മരിക്കുമെന്നു് അന്നകരേനിന നേരത്തേ മനസ്സിലാക്കിയിരുന്നു. താൻ നാടു വിട്ടുപോകുമെന്നു് അവളുടെ കാമുകൻ പ്രോൺസ്കി ഗ്രഹിച്ചിരുന്നില്ല.

കാമുകനോടൊരുമിച്ചു് കടലിൽ എടുത്തുചാടുമെന്നു് കറുത്തമ്മ മനസ്സിലാക്കിയിരുന്നു. തന്റെ ദുരന്തത്തെക്കുറിച്ച് ഒരറിവും പരീക്കുട്ടിക്ക് ഉണ്ടായിരുന്നില്ല.

ഭർത്താവിന്റെ അപഥസഞ്ചാരങ്ങൾ ഭാര്യ ഇന്റ്യൂഷൻ കൊണ്ടു് അറിയും. ആ അറിവിൽ അസത്യം കാണുകയില്ല താനും.

മാനിപ്പുലേഷൻ

ഭർത്താവിന്റെ അപഥസഞ്ചാരങ്ങൾ ഭാര്യ ഇന്റ്യൂഷൻ കൊണ്ടു് അറിയും. ആ അറിവിൽ അസത്യം കാണുകയില്ല. സാഹിത്യകാരന്മാർക്കുള്ളിടത്തോളം ഹിപ്രോക്രസി രാഷ്ട്രീയക്കാർക്കില്ല. പെൻഷൻ പറ്റിയവൻ: ആരെക്കണ്ടാലും പെൻഷനായോ എന്നു ചോദിക്കുന്നവൻ. ചെറുപ്പക്കാരനെയാണു് കാണുന്നതെങ്കിൽ ഇനിയെത്ര കൊല്ലമുണ്ടു് എന്നു് ചോദിക്കുന്നവൻ.

തനിക്ക് അനുകൂലമായ വിധത്തിൽ ശരിപ്പെടുത്തിയെടുക്കുന്നവരുണ്ടു്. ഇതിനെ ഇംഗ്ലീഷിൽ ‘മാനിപ്പുലേഷൻ’ എന്നു പറയും. ആ വിധത്തിലുള്ള ശരിപ്പെടുത്തിയെടുക്കലാണു് എം. പരമേശ്വരന്റെ ‘സുനന്ദ’ എന്ന കഥയിലുള്ളതു് (കുങ്കുമം). ആദിവാസികൾ നല്ലവരാണെന്നു് കഥാകാരനു് പറയണം. അതിനുവേണ്ടി ഒരദ്ധ്യാപകനെയും അയാളുടെ ഭാര്യ ഡോക്ടറെയും അവതരിപ്പിക്കുന്നു. ഡോക്ടർക്ക് ആദ്യം ആദിവാസികളോടു് വെറുപ്പു്. പരമേശ്വരൻ ചില കഥാസന്ദർഭങ്ങളിൽ അവരെക്കൊണ്ടു് ചെല്ലുന്നു. ആദിവാസികളെക്കൊണ്ടു് സംസാരിപ്പിക്കുന്നു, പ്രവർത്തിപ്പിക്കുന്നു. സംസാരവും പ്രവർത്തനവുമെല്ലാം നന്മയാർന്നവ. അവ യഥാക്രമം കേട്ടും കണ്ടും ഡോക്ടർക്ക് മാനസാന്തരമുണ്ടാകുന്നു. ഹാ! ആദിവാസികൾ എത്ര യോഗ്യർ എന്ന ‘കൺക്ലൂഷനിൽ’ ഡോക്ടർ ചെന്നുചേരുന്നു. ഹാ! എന്തൊരു മാനിപ്പുലേഷൻ എന്നു് വായനക്കാരനായ ഞാനും പറയുന്നു. കൃത്രിമമായ കഥ.

തീവണ്ടിയാത്രയുടെ ക്ലേശങ്ങളാണു് ശോഭാ വാര്യർക്ക് പ്രതിപാദിക്കാനുള്ളതു് (ഒരു തീവണ്ടിയാത്ര, കുങ്കുമം). ഇവിടെ സ്വാഭാവികതയുണ്ടു്. ‘തരപ്പെടുത്തൽ’ തീരെയില്ല. പക്ഷേ ഒരു പത്രറിപ്പോർട്ട് ആണിതു്. ആദ്യത്തെ കഥ സൂത്രപ്പണി; രണ്ടാമത്തെ ഇക്കഥ ‘ഷാലോ’ (ആഴമില്ലാത്തതു്).

Book of the Year എന്ന നിലയിൽ എട്ടുതവണ തിരഞ്ഞെടുക്കപ്പെട്ട കാവ്യസമാഹാര ഗ്രന്ഥമാണു് പീറ്റർ പോർട്ടറു ടെ Collected Poems. സ്റ്റീഫൻ സ്പെൻഡറും ഈ കവിയെ പ്രശംസിച്ചിട്ടുണ്ടു്. പല്ലുവേദനയും ‘സെക്ഷ്വൽ റിജെക്ഷ’നുമാണു് ഈ ലോകത്തെ വലിയ വേദനകളെന്നു് ഈ കവി പറഞ്ഞിട്ടുണ്ടു്. പക്ഷേ രണ്ടും ആവർത്തിച്ചു വരുന്നു (ഓർമ്മയിൽ നിന്നു് എഴുതുന്നതു്).

ക്രൂരതയല്ല

ക്രൂരതക്ക് ‘താരതമ്യ ഭാവ’മുണ്ടു്. കനിഷ്കവിമാനത്തെ ബോംബ് വച്ച് തകർത്തു് മുന്നൂറോളം ആളുകളെ കൊല്ലുമ്പോൾ ഇലിസബത്തു് രാജ്ഞി യുടെ ഉറക്കമുറിയിൽ ഒരുത്തൻ കയറിച്ചെന്നു് അവരെ പേടിപ്പിക്കുന്നതു് അത്രയ്ക്ക് ക്രൂരമല്ല. ആക്വിനോ യെ വധിച്ചവൻ പിന്നീടു് കോടിക്കണക്കിനു് പവനും കൊണ്ടു് പലായനം ചെയ്യുമ്പോൾ, പലായനം ക്ഷുദ്രസംഭവമായി മാറുന്നു. വെളിച്ചെണ്ണ എന്നു് പറഞ്ഞ് റബ്ബർക്കുരുവിന്റെ തൈലവും, തോരൻപരിപ്പു് എന്നുപറഞ്ഞ് കേസരിപ്പരിപ്പും, ആട്ടിറച്ചിയെന്നു പറഞ്ഞ് പോത്തിറച്ചിയും തരുമ്പോൾ പാലിൽ വെള്ളം ചേർത്തു് തരുന്നവൻ എത്ര പാവം! മാനസസരോവറിൽ ആയിരക്കണക്കിനു് പെൺകുട്ടികളെ യുവാക്കന്മാർ ബലാൽസംഗം ചെയ്യുകയും അവരിൽ ചിലർ ഗർഭോല്പാദനം പേടിച്ച് നദിയിലെടുത്തു ചാടി മരിക്കുകയും ചെയ്യുമ്പോൾ, ഇവിടെ ഒരുത്തൻ ഒരുത്തിയോടു് തെറിവാക്കു പറഞ്ഞാൽ അതിൽ കുറ്റപ്പെടുത്താനെന്തിരിക്കുന്നു? എല്ലായിടത്തും ക്രൂരത. ഗ്രീക്ക് തത്വചിന്തകൻ പിത്തഗ്രസ്സ്, മുക്കുവർ ജീവനുള്ള മത്സ്യങ്ങളെ വലകൊണ്ടു പിടിച്ച് കരയിൽ കയറ്റുമ്പോൾ അവയെല്ലാം ഉടനെ വിലകൊടുത്തു് മേടിച്ച് കടലിലേക്കു തന്നെ വിട്ടുകളയുമായിരുന്നു. പിത്തഗ്രസ്സിനു് ഇന്നു സ്ഥാനമില്ല, ഈ ലോകത്തു്.

ഛന്ദസ്സില്ലാതെ ദുഃഖകരമായ മട്ടിൽ ആളുകൾ ഇവിടെ കാവ്യം രചിക്കുമ്പോൾ ഉപരിപ്ലവങ്ങളും സർവ്വസാധാരണങ്ങളുമായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കോഴിക്കോടൻ, വൈലോപ്പിള്ളി യെക്കുറിച്ച് ഒരു പദ്യം നിർമ്മിച്ചതു് കുറ്റമേയല്ല.

വൈലോപ്പിള്ളീ മരിച്ചെന്നു

വിശ്വസിക്കുക വയ്യ മേ

‘മാമ്പഴം’ തൊട്ടു ‘സഹ്യന്റെ-

മകനു’ള്ള നാൾവരെ!

(ചന്ദ്രിക ആഴ്ചപ്പതിപ്പു്)

എന്ന മട്ടിലാണു് ‘കാവ്യ’ത്തിന്റെ പോക്ക്.

പെൺപോക്ക്
images/Royidis.jpg
Emmanuel Royidis

പോപ്പ് ജോൺ എട്ടാമൻ യഥാർത്ഥത്തിൽ സ്ത്രീയായിരുന്നത്രേ. പുരുഷന്റെ വേഷം ധരിച്ച് ഏഥൻസിലേക്ക് കാമുകനുമായിപ്പോയ അവൾ അസാധാരണമായ പാണ്ഡിത്യം സമാർജ്ജിച്ച് എല്ലാവരുടേയും ബഹുമാനത്തിനു് പാത്രമായി. അങ്ങനെ അവൾ ലിയോയുടെ മരണത്തിനുശേഷം പോപ്പായി നിയമിക്കപ്പെട്ടു. രണ്ടു കൊല്ലം, ഒരു മാസം, നാലു ദിവസം അവൾ പോപ്പായി വിരാജിച്ചു. ഈ പെൺപോപ്പിനെക്കുറിച്ചാണു് ബിജോയ് ‘ജനയുഗം’ വാരികയിൽ എഴുതിയിരിക്കുന്നതു്. ‘ജോവന്ന’ എന്ന സ്ത്രീ ജോൺ എട്ടാമനായി പോപ്പിന്റെ സിംഹാസനത്തിൽ കഴിഞ്ഞുകൂടിയതിനെക്കുറിച്ച് അതിസുന്ദരമായ ഒരു റൊമാന്റിക് ജീവചരിത്രം ഞാൻ വായിച്ചിട്ടുണ്ടു്. ഗ്രീക്ക് സാഹിത്യകാരനായ ‘Emmanuel Royidis’ എഴുതിയ ‘Papissa Joanna’ എന്ന ഗ്രന്ഥം വിശ്രുതനായ ലോറൻസ് ഡ്യൂറൽPope Joan’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് കൊണ്ടു വന്നിട്ടുണ്ടു്. അവളുടെ അന്ത്യം കണ്ടാലും:

“The crowd fixed its eyes upon the pallid face of the Pontiff, expecting to see the unclean spirit suddenly rush out of her mouth or ear; they were hardly prepared for what really happened. Great was the consternation when a premature infant was produced from among the voluminous folds of the papal vestments”. അവിശുദ്ധമായ ആത്മാവു് അവളുടെ വായിൽ നിന്നോ ചെവിയിൽ നിന്നോ പുറത്തു ചാടുന്നതു് കാണാൻ ജനക്കൂട്ടം കാത്തുനിന്നപ്പോൾ പോപ്പിന്റെ പദവിവസ്ത്രങ്ങൾക്കിടയിൽ നിന്നു് വളർച്ചയെത്താത്ത ഒരു ശിശു പുറത്തേക്ക് പോരുന്നു.

ഈ ഗ്രന്ഥം മാസ്റ്റർ പീസാണു്. ഇതെഴുതിയതിനു് ഗ്രന്ഥകാരനെ പള്ളിവിലക്ക് കല്പിച്ച് മതത്തിൽ നിന്നു് ബഹിഷ്കരിച്ചു.

images/RNarayanapanicker.jpg
ആർ. നാരായണപ്പണിക്കർ

ഭാഷാചരിത്രകാരനായ ആർ. നാരായണപ്പണിക്കർ എന്റെ ഗുരുനാഥനാണു്. 1950-ൽ ഞാൻ സാറിനോട്കൂടി പട്ടാഴിയിൽ ഒരു സമ്മേളനത്തിനു പോയി. കാറിലിരുന്നു് സാറ് പല കഥകളും പറഞ്ഞു. ഒന്നു്: വള്ളത്തോളി നെ കണ്ടപ്പോൾ ഉള്ളൂർ ക്കവിതയെക്കുറിച്ച് എന്താണഭിപ്രായം എന്നു പണിക്കർ സാറ് ചോദിച്ചു. വള്ളത്തോൾ മറുപടി നൽകി: ഹേ ഉള്ളൂർ കവിയാണോ? കുറേ നാൽക്കാലികൾ എഴുതും. അത്രമാത്രം. മാസങ്ങൾ കഴിഞ്ഞ് സാറ് ഉള്ളൂരിനെ കണ്ടു് വള്ളത്തോൾക്കവിതയെ കുറിച്ചു ചോദിച്ചു. ഉള്ളൂർ പറഞ്ഞതിങ്ങനെ: “വള്ളത്തോൾ കവിയാണെന്നു് ആരു പറഞ്ഞു? കവിയുമല്ല, ആരുമല്ല”. പണിക്കർ സാറ് തുടർന്നു് അറിയിച്ചു. “ഒരു മാസം കഴിഞ്ഞപ്പോൾ സാഹിത്യപരിഷത്തിന്റെ സമ്മേളനം. ഉള്ളൂരും വള്ളത്തോളും ഒരേ വേദിയിൽ. ഉള്ളൂർ വള്ളത്തോളിനെ ദിവ്യമഹാകവിയെന്നു വിളിക്കുന്നു. വള്ളത്തോൾ ഉള്ളൂരിനെ മഹാകവികളുടെ മഹാകവി എന്നു വിളിക്കുന്നു”. സാഹിത്യകാരന്മാർക്കുള്ളിടത്തോളം ‘ഹിപോക്രിസി’ രാഷ്ട്രീയകാർക്കില്ല.

കാളകൾ വീഴുന്നു

ടെലിവിഷനിൽ വാർത്തകൾ വായിക്കുന്നതിനു മുൻപു് ചില ‘ദൃശ്യ’ങ്ങൾ കാണിക്കാറുണ്ടല്ലോ. ഒരു ഗോപുരം, കഥകളി വേഷം, ഹജ്ജൂർക്കച്ചേരി ഇങ്ങനെ പലതും. അവയുടെ കൂട്ടത്തിൽ കാളമത്സരവും. രണ്ടു കാളകളെ ഓടിച്ചു കൊണ്ടു വരുന്ന ഒരുത്തൻ പൊടുന്നനവേ ചെളി വെള്ളത്തിൽ വീഴുന്നു. അമ്മട്ടിൽ വീഴുകയാണു് ജോസ്കുര്യൻ (മനോരാജ്യം വാരികയിൽ ‘നഷ്ടപ്പെട്ട മുഖങ്ങൾ’ എഴുതിയ വ്യക്തി). കഥ പറയുന്ന ആളിന്റെ ഗുരുനാഥൻ വിദേശത്തു വച്ചു മരിച്ചു. മൃതദേഹം പെട്ടിയിലടച്ചു കൊണ്ടു വന്നു. അതു തുറന്നാൽ ജീർണ്ണിച്ച മുഖം കാണാം. തുറന്നു; കണ്ടു. കഥ പറയുന്ന ആളിനു ഒരു കാലത്തു് ആകർഷകമായ മുഖമുണ്ടായിരുന്നു. ചിക്കൻപോക്സ് വന്നു് അതു വിരൂപമായി. മരിച്ചയാളിന്റെ മുഖവും അപ്പോൾ വിരൂപം. അതുകൊണ്ടാണു് നഷ്ടപ്പെട്ട മുഖങ്ങൾ എന്നു് കഥയ്ക്ക് പേരു വന്നതു്. ഓടുന്ന കാളകൾക്കു യുക്തി ചിന്തയില്ലെങ്കിലും ഋജുരേഖയിലൂടെയാണു് അവയുടെ ഓട്ടം. കാളക്കാരൻ വീണു പോയതു് ഓട്ടത്തിന്റെ വേഗം കൂടിയതിനാലാണു്. ഇവിടെ കഥാസന്ദർഭങ്ങളാകുന്ന കാളകൾ ഋജുരേഖയിൽക്കൂടി ഓടി ലക്ഷ്യത്തിലെത്തി. വായനക്കാരനു് സംതൃപ്തി നൽകുന്നില്ല. അവ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. അതിനിടയ്ക്ക് അവയെ ഓടിക്കുന്ന ആൾ വീണുപോകുകയും ചെയ്യുന്നു.

നിരീക്ഷണങ്ങൾ
  1. എൻ. കൃഷ്ണപിള്ള യും എസ്. ഗുപ്തൻനായരും: കേരളത്തിലുള്ളവർ അവരെ ബഹുമാനിക്കുന്നതു് യഥാക്രമം ഒരാൾ നാടകകർത്താവും മറ്റൊരാൾ നിരൂപകനും ആയതു കൊണ്ടു മാത്രമല്ല. രണ്ടു പേരും പി. എച്ച്. ഡി.ക്കു ഗവേഷണം ചെയ്തെങ്കിലും അതു പൂർണ്ണമാക്കി ഡിഗ്രി സമ്പാദിച്ചില്ല എന്നതുകൊണ്ടു് കൂടിയാണു്.
  2. പെൻഷൻ പറ്റിയവൻ: ആരെക്കണ്ടാലും പെൻഷനായോ എന്നു ചോദിക്കുന്നവൻ. ചെറുപ്പക്കാരനെയാണു് കാണുന്നതെങ്കിൽ ‘ഇനി എത്ര കൊല്ലമുണ്ടു്’ എന്നു ചോദിക്കുന്നവൻ.
  3. സിനിമ തീയറ്റർ: സിനിമയ്ക്കു വരുന്ന ഓരോ സ്ത്രീയും ഉടുത്തിരിക്കുന്ന സാരിയെന്താണെന്നു്, മറ്റൊരു സ്ത്രീക്കു നോക്കി അതുപോലൊരു സാരി വാങ്ങണമെന്നു തീരുമാനിക്കാനുള്ള സ്ഥലം.
  4. ജവഹർനഗർ: തിരുവനന്തപുരത്തു താമസിക്കാൻ പറ്റിയ സ്ഥലം. അമ്പലമില്ലാത്തതു കൊണ്ടു് ലൗഡ്സ്പീക്കറിന്റെ ശല്യമില്ല. കൂടെപ്പഠിച്ചവരെയും സഹപ്രവർത്തകരായിരുന്നവരെയും ഉപകർത്താക്കളെയും അബദ്ധത്തിൽ വഴിക്കു വച്ചു കാണാനിടവരുന്ന ഉദ്യോഗസ്ഥന്മാർ മുഖം തിരിച്ചു ഗൗരവഭാവത്തിൽ പൊയ്ക്കൊള്ളും. കേരളകൗമുദി എഡിറ്റർ എൻ. രാമചന്ദ്രൻ മാത്രം സൗജന്യ മാധുര്യത്തോടെ സംസാരിക്കും. ഓരോ വീട്ടിലും കാറല്ല ഉള്ളതു്. കാറുകളാണു്. അവ രണ്ടല്ല, മൂന്നല്ല.
  5. മഹാഭാരതത്തിലെ ഭീമൻ: തീറ്റിമാടൻ. ഇംഗ്ലീഷിൽ പറഞ്ഞാൽ ഗ്ലട്ടൻ. അച്ഛനമ്മമാരിൽ നിന്നും പിന്നീടു് ഭാര്യയിൽ നിന്നും സ്നേഹം കിട്ടാത്തവരാണു് തീറ്റിമാടന്മാരാകുന്നതെന്നു് മനഃശാസ്ത്ര സിദ്ധാന്തം. പാഞ്ചാലി അർജ്ജുനനെ സ്നേഹിച്ച പോലെ ഭീമനെ സ്നേഹിച്ചില്ലല്ലോ.
  6. ലോകത്തെ ഏറ്റവും വലിയ ഭാഗ്യഹീനൻ: ന്യൂറോട്ടിക്കായ ഭാര്യയുള്ളവൻ.
  7. ഗൗരവമുള്ള ഉദ്യോഗസ്ഥൻ: ഭാര്യയുടെ ന്യൂറോസിസ് സ്വന്തം മുഖത്തെ ഗൗരവമാക്കി മാറ്റിയവൻ.
കെ. എൽ. മോഹനവർമ്മ
images/KLMohanaVarma.jpg
കെ. എൽ. മോഹനവർമ്മ

കഥാദ്വൈവാരികയിൽ കെ. എൽ. മോഹനവർമ്മ യുടെ പടം നൽകിയിട്ടു് ഇങ്ങനെ ചേർത്തിരിക്കുന്നു: “മലയാള സാഹിത്യ രംഗത്തു് തനതായൊരു വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരനാണു് കെ. എൽ. മോഹനവർമ്മ. നർമ്മരസത്തോടെ ജീവിതത്തെ നോക്കി കാണുന്ന അദ്ദേഹം പ്രസാദ മധുരമായൊരു ശൈലിയുടെ ഉടമ കൂടിയാണു്”. ശരിയാണു് ഈ പ്രസ്താവം. എനിക്കു മോഹനവർമ്മയെ നേരിട്ടറിയാം. പ്രസന്നവദനനാണു് അദ്ദേഹം എപ്പോഴും. നേരിയ ഹാസ്യം കലർത്തി, അന്യനെ കുറ്റപ്പെടുത്താതെ സംസാരിക്കുന്നതിൽ അദ്ദേഹത്തിനു് വൈദഗ്ദ്ധ്യമേറും. നിത്യജീവിതത്തിലെ ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ രചനകളിലുമുണ്ടു്. അതിനു ഒരു തെളിവു് കഥാദ്വൈവാരികയിലെ ‘പ്രൊഫസറും കുരങ്ങും’ എന്ന കഥ തന്നെ. സെക്സിനെ അവലംബിച്ചാണു് ഹാസ്യകഥകളിൽ ഏറിയ കൂറും രൂപം കൊള്ളുന്നതു്. സംസ്ക്കാരസമ്പന്നമായ ഹാസ്യത്തിനു സെക്സ് വേണ്ടെന്നു് മോഹനവർമ്മ ഇക്കഥയിലൂടെ സ്പഷ്ടമാക്കി തരുന്നു.

ക്രിസ്തുവിനു മുൻപു്—ഏറെ ശതാബ്ദങ്ങൾക്കു മുൻപു്—ഗ്രീസിലെ ഒരെഴുത്തുകാരൻ ദേവാലയങ്ങളിലും പൊതുഭവനങ്ങളിലും രേഖപ്പെടുത്തിയിരുന്ന സൂക്തങ്ങൾ സമാഹരിച്ചു. ആ സമാഹർത്താവു് വലിയ സേവനമാണു് അനുഷ്ഠിച്ചതു്. പിൽക്കാലത്തു് പലരും അതു വിപുലമാക്കി. അതിനെയാണു് ഗ്രീക്ക് അന്തോളജി എന്നു വിളിക്കുന്നതു്. ഞാൻ കൂടെക്കൂടെ ഇതു വായിച്ചു രസിക്കാറുണ്ടു്. ഒരെണ്ണം എന്റെ അവിദഗ്ധമായ തർജ്ജമയിലൂടെ. “ഇവളാണു് സ്വർണ്ണദേവത. ചെറുപ്പക്കാർക്കും വൃദ്ധന്മാർക്കും ലജ്ജാശീലർക്കും ധീരന്മാർക്കും ഇവൾ കൂട്ടുകാരിയാണു്. സ്നേഹത്തിനു വേണ്ടി ഇവൾ, തന്നെ ഔദാര്യത്തോടെ നൽകുന്നു—സ്നേഹം വേണ്ടിടത്തോളം, സ്വർണ്ണവുമായി വരികയാണെങ്കിൽ”.

ദേശാഭിമാനിയിലേക്ക്

സ്വന്തം കുഞ്ഞുങ്ങൾ അച്ഛനമ്മമാർക്ക് ഓമനകളാണു്. സൗന്ദര്യമുള്ളവരും. പക്ഷേ, അടുത്ത വീട്ടുകാർക്ക് ആ കുഞ്ഞുങ്ങൾ പേടി സ്വപ്നങ്ങളത്രേ. മുട്ടത്തുവർക്കിക്ക് സ്വന്തം നോവലുകൾ മനോഹരങ്ങൾ. പക്ഷേ, എനിക്ക്…

43 × 34 സെന്റിമീറ്ററിലുള്ള മാനിഫോൾഡ് പേപ്പർ. അതു ഇരുപതു ഷീറ്റെഴുതുമ്പോൾ ലേഖനം അവസാനിപ്പിക്കണം. എങ്കിലേ കലാകൗമുദിയുടെ നാലുപുറത്തിൽ അതു നിൽക്കൂ. അങ്ങനെ ഇരുപതു ഷീറ്റ് ആയതുകൊണ്ടു് ചുരുക്കിപ്പറയുകയാണു്. തെറ്റിദ്ധാരണ പാടില്ല. ദേശാഭിമാനി വാരികയിലെ ‘പൈങ്കിളിയും റിപ്പറും’ എന്ന കഥയും ‘പകലിരവു്’ എന്ന കാവ്യവും (യഥാക്രമം കെ. ആർ. മല്ലിക, എസ്. രാജശേഖരൻ ഇവർ രചയിതാക്കൾ) നന്നു്. ‘പൈങ്കിളിയും റിപ്പറും’ വായിച്ച് ഞാൻ പുഞ്ചിരി പൊഴിച്ചു. പൊട്ടിചിരിപ്പിക്കുന്നതു് നല്ല ഹാസ്യമല്ലല്ലോ.

സ്വന്തം കുഞ്ഞുങ്ങൾ അച്ഛനമ്മമാർക്ക് ഓമനകളാണു്. സൗന്ദര്യമുള്ളവയും. പക്ഷേ, അടുത്ത വീട്ടുകാർക്ക് ആ കുഞ്ഞുങ്ങൾ പേടി സ്വപ്നങ്ങളത്രേ. മുട്ടത്തുവർക്കി ക്ക് സ്വന്തം നോവലുകൾ മനോഹരങ്ങൾ. പക്ഷേ, എനിക്ക്…

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.