SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-07-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/PartofmySoul.jpg

“ഈ രാ­ജ്യ­ത്തു് എന്തു സം­ഭ­വി­ക്കു­ന്നു­വോ അ­തി­ന്റെ­യൊ­ക്കെ ജീ­വ­നു­ള്ള പ്ര­തീ­ക­മാ­ണു ഞാൻ. വെ­ള്ള­ക്കാ­ര­ന്റെ പേ­ടി­യു­ടെ ജീ­വ­നു­ള്ള പ്ര­തീ­ക­മാ­ണു ഞാൻ. ബ്രാൻ­ഡ്ഫോർ­ട്ടിൽ എ­ത്തു­ന്ന­തു­വ­രെ ഈ പേടി എ­ത്ര­മാ­ത്രം അ­ഗാ­ധ­സ്ഥി­ത­മാ­ണെ­ന്നു ഞാൻ അ­റി­ഞ്ഞി­രു­ന്ന­തേ­യി­ല്ല. ഞ­ങ്ങ­ളു­ടെ പോ­രാ­ട്ടം ഇ­നി­യൊ­രി­ക്ക­ലും വി­ദൂ­ര­ത­യി­ലു­ള്ള­ത­ല്ല. ഇവിടെ ഇതു് യാ­ഥാർ­ത്ഥ്യ­മാ­ണു്”. തെ­ക്ക­നാ­ഫ്രി­ക്ക­യി­ലെ ക­റു­ത്ത വർ­ഗ്ഗ­ക്കാ­രു­ടെ സ്വാ­ത­ന്ത്ര്യ പ്ര­സ്ഥാ­ന­ത്തി­ന്റെ മ­ഹാ­നാ­യ നേ­താ­വു് നെൽസൺ മാൻ­ഡേ­ല യുടെ സ­ഹ­ധർ­മ്മി­ണി വിനി മാൻ­ഡേ­ല പ­റ­ഞ്ഞ­താ­ണു് ഈ വാ­ക്യ­ങ്ങൾ. ഇവ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന ആ­ത്മ­ധൈ­ര്യ­വും ആ­ത്മ­വി­ശ്വാ­സ­വും എ­ത്ര­ക­ണ്ടു് ഉ­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ അ­വ­രു­ടെ ‘Part of my Soul’ എന്ന പു­സ്ത­കം വാ­യി­ക്ക­ണം. സം­ഭാ­ഷ­ണ­ങ്ങ­ളു­ടെ­യും എ­ഴു­ത്തു­ക­ളു­ടെ­യും പ്ര­ഭാ­ഷ­ണ­ങ്ങ­ളു­ടെ­യും സ­മാ­ഹാ­ര­മാ­യി ഈ ഗ്ര­ന്ഥ­ത്തി­ലൂ­ടെ വിനി ആ­ത്മ­ക­ഥ ആ­ഖ്യാ­നം ചെ­യ്യു­ന്നു. അ­തി­ലൂ­ടെ നമ്മൾ ധീ­ര­വ­നി­ത­യാ­യ വിനി മ­ണ്ടേ­ല­യെ കാ­ണു­ന്നു. മ­ഹാ­നാ­യ നെൽസൺ മ­ണ്ടേ­ല­യെ കാ­ണു­ന്നു. 1964 തൊ­ട്ടു് കാ­രാ­ഗൃ­ഹ­ത്തിൽ ക­ഴി­യു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ­യും വർ­ണ്ണ­വി­വേ­ച­ന­ത്തി­നു് എ­തി­രാ­യി പോ­രാ­ടു­ന്ന­തി­നു് ഇ­റ­ങ്ങി­യ നാ­ളു­മു­തൽ മർ­ദ്ദ­ന­മ­നു­ഭ­വി­ക്കു­ന്ന വി­നി­യു­ടെ­യും അദമ്യ ചൈ­ത­ന്യം ദർ­ശി­ക്കു­ന്നു. ഗ്ര­ന്ഥ­ത്തി­ന്റെ പു­റം­ച­ട്ട­യിൽ പ­റ­യു­ന്ന: ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ വെ­ള്ള­ക്കാർ അവരെ [നെൽസൺ, വിനി ഇവരെ] അ­സ്വ­സ്ഥ­ത­യു­ടെ പ്ര­തി­രൂ­പ­മാ­യി­ട്ടാ­ണു് കാണുക. പക്ഷേ, ക­റു­ത്ത വർ­ഗ്ഗ­ക്കാർ ത­ങ്ങ­ളു­ടെ ല­ക്ഷ്യ­ങ്ങ­ളു­ടെ­യും വി­ശ്വാ­സ­ങ്ങ­ളു­ടെ­യും മൂർ­ത്തി­മ­ദ്ഭാ­വ­ങ്ങ­ളാ­യി അവരെ ക­രു­തു­ന്നു. ഈ അ­സ്വ­സ്ഥ­ത­യു­ടെ­യും ആ­ഫ്രി­ക്കൻ ചൈ­ത­ന്യ­ത്തി­ന്റെ­യും സം­ഘ­ട്ട­നം തീ­ക്ഷ്ണ­മാ­ണെ­ന്നു് ഈ ഗ്ര­ന്ഥം നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്നു.

images/WinnieMandela00.jpg
വിനി മാൻ­ഡേ­ല

ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ ഒരു കൊ­ച്ചു ഗ്രാ­മ­ത്തിൽ 1934-ൽ ജ­നി­ച്ച വിനി ജോ­ഹ­നി­സ്ബർ­ഗ്ഗിൽ വി­ദ്യാ­ഭ്യാ­സം ന­ട­ത്തി­യ­തി­നു ശേഷം സ­മു­ദാ­യ­സേ­വ­ന­ത്തി­നി­റ­ങ്ങി. അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ആ­ഫ്രി­ക്കൻ നേഷനൽ കോൺ­ഗ്ര­സ്സി­ന്റെ നേ­താ­വാ­യ നെൽസൺ മാൻ­ഡേ­ല­യെ അവർ ക­ണ്ട­തും പ­രി­ച­യ­മാ­യ­തും. സ­മൂ­ഹ­ത്തെ­യും സം­സ്കാ­ര­ത്തെ­യും സം­ബ­ന്ധി­ക്കു­ന്ന പ്ര­വർ­ത്ത­ന­ങ്ങ­ളിൽ മാ­ത്രം അവർ മു­ഴു­കി­യി­രി­ക്കു­മ്പോൾ ഒരു ദിവസം നെൽസൺ വ­ഴി­വ­ക്കിൽ വച്ച് വി­നി­യോ­ടു പ­റ­ഞ്ഞു: “ഒരു ത­യ്യൽ­ക്കാ­രി­യു­ള്ള­തു് നി­ന­ക്ക­റി­യാ­മ­ല്ലോ. അവളെ കാണു. ‘നി­ന്റെ വെ­ഡ്ഡി­ങ് ഗൗൺ’ അവർ തു­ന്നി­ത്ത­രും”. വിനി ഇ­തി­നെ­ക്കു­റി­ച്ച് എ­ഴു­തു­ന്നു: “ഇ­ങ്ങ­നെ­യാ­ണു് അ­ദ്ദേ­ഹം എന്നെ വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്നു­വെ­ന്നു അ­റി­യി­ച്ച­തു്” (പുറം 59). സ്നേ­ഹ­സാ­ന്ദ്ര­ത­യാർ­ന്ന ആ ദാ­മ്പ­ത്യം ത­ട­സ്സം കൂ­ടാ­തെ നാ­ലു­കൊ­ല്ല­മേ പു­രോ­ഗ­മി­ച്ചു­ള്ളൂ. അ­പ്പോ­ഴേ­ക്കും നെൽസൺ മ­ണ്ടേ­ല­യെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു (1962-ൽ). 1964-ൽ അ­ദ്ദേ­ഹ­ത്തെ ജീ­വ­പ­ര്യ­ന്തം തടവു ശി­ക്ഷ­ക്കു വി­ധി­ച്ചു. 1958-ൽ വി­നി­യും കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ന്നി­ട്ടു­ണ്ടു്. അ­ന്നു് അവർ ആ­ദ്യ­ത്തെ മകളെ—സെ­നാ­നി യെ—ഗർ­ഭാ­ശ­യ­ത്തിൽ വ­ഹി­ക്കു­ക­യാ­യി­രു­ന്നു. പ­ല­പ്പോ­ഴും അവരെ ത­ട­ങ്ക­ലിൽ വ­ച്ചി­ട്ടു­ണ്ടു്; വീ­ട്ടു­ത­ട­ങ്ക­ലി­ലാ­ക്കി­യി­ട്ടു­ണ്ടു്. ഒ­ടു­വിൽ ഓ­റ­ഞ്ച് ഫ്രീ­സ്റ്റേ­റ്റി­ലെ ബ്രാൻ­ഡ്ഫോർ­ട്ടി­ലേ­ക്കു സ്ഥി­ര­മാ­യി നാ­ടു­ക­ട­ത്തി. ത­ട­ങ്ക­ലിൽ കി­ട­ക്കു­മ്പോൾ വിനി അ­നു­ഭ­വി­ച്ച പ്ര­യാ­സ­ങ്ങൾ വർ­ണ്ണ­നാ­തീ­ത­ങ്ങ­ളാ­ണു്. വ­ല്ല­പ്പോ­ഴും ഒരു പ്ലാ­സ്റ്റി­ക് ബ­ക്ക­റ്റിൽ വെ­ള്ളം കൊ­ണ്ടു­കൊ­ടു­ക്കും. പാ­ന്റ്സ് ആ വെ­ള്ള­ത്തിൽ മു­ക്കി അവർ ശരീരം തു­ട­ക്കും. ആർ­ത്ത­വ­സ­മ­യ­ത്തു് ടോ­യ്ല­റ്റ് പേ­പ്പ­റേ നല്കൂ. “പോ, നി­ന്റെ വലിയ കൈകൾ ഉ­പ­യോ­ഗി­ക്കാ­മ­ല്ലോ” എ­ന്നാ­ണു് അ­ധി­കാ­രി­കൾ പറയുക. കാ­രാ­ഗൃ­ഹ­ത്തിൽ നേരം പോ­ക്കു­ന്ന­തി­നു് എന്തു ചെ­യ്യാൻ ക­ഴി­യും? ഒരു ദിവസം ര­ണ്ടെ­റു­മ്പു­ക­ളെ­ക്ക­ണ്ട­പ്പോൾ വി­നി­ക്കു സ­ന്തോ­ഷ­മാ­യി. അവയെ കൈയിൽ ക­യ­റ്റി അവർ പകൽ മു­ഴു­വൻ ക­ളി­ച്ചു. രാ­ത്രി വർ­ഡ­റ­ന്മാർ വി­ള­ക്കു് സ്വി­ച്ചോ­ഫ് ചെ­യ്ത­പ്പോൾ വി­നി­ക്കു ദുഃ­ഖ­മാ­യി. എ­ങ്കി­ലും അവർ ക­റു­ത്ത വർ­ഗ്ഗ­ക്കാർ­ക്കു­വേ­ണ്ടി ജീ­വി­ച്ചു. ജീ­വി­ച്ചു­പോ­രു­ന്നു. നെൽസൺ മാൻ­ഡേ­ല­യെ വി­വാ­ഹം ക­ഴി­ച്ച­പ്പോൾ അവർ നാ­ട്ടി­നു വേ­ണ്ടി­യു­ള്ള പോ­രാ­ട്ട­ത്തെ­യാ­ണു്, സ്വ­ന്തം ജ­ന­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ­യാ­ണു് വി­വാ­ഹം ക­ഴി­ച്ച­തു്. വീ­ട്ടി­ലാ­യി­രു­ന്ന­പ്പോൾ നെൽസൺ വന്നു ജ­ന്ന­ലിൽ ത­ട്ടു­ന്നോ എന്നു വിനി കാ­തോർ­ത്തി­രി­ക്കും. പാ­വ­ന­മാ­ണു് ആ ശബ്ദം. എ­നി­ക്കു കൂ­ടു­തൽ എ­ഴു­താൻ സ്ഥ­ല­മി­ല്ല. വിനി ഗ്ര­ന്ഥ­ത്തി­ലൊ­രി­ട­ത്തു പ­റ­യു­ന്നു: “വ്യ­ക്തി­യെ­ന്ന നി­ല­യിൽ ഞാൻ ജീ­വി­ക്കാ­തെ­യാ­യി­ട്ടു കാലം വ­ള­രെ­യാ­യി. ഏതു രാ­ഷ്ട്രീ­യ ല­ക്ഷ്യ­ങ്ങൾ­ക്കും ആ­ദർ­ശ­ങ്ങൾ­ക്കും ഞാൻ പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു­വോ അവ ഈ രാ­ജ്യ­ത്തി­ന്റെ ജ­ന­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ ല­ക്ഷ്യ­ങ്ങ­ളും ആ­ദർ­ശ­ങ്ങ­ളു­മ­ത്രേ”. ഈ പു­സ്ത­കം വാ­യി­ക്കു. വെ­ള്ള­ക്കാ­ര­ന്റെ നൃ­ശം­സ­ത­യിൽ അ­മർ­ന്ന ഒരു സ്ത്രീ­യു­ടെ വേ­ദ­ന­യും ഒരു രാ­ജ്യ­ത്തി­ന്റെ വേ­ദ­ന­യും നി­ങ്ങ­ള­റി­യും.

Winnie Mandela—Part of My Soul Edited by Anne Benjamin and adapted by Mary Benson. Published in Penguin Books 1985. £2.95.)

മാ­ന്യ­ത­യ്ക്കു നഷ്ടം

അ­ടൂർ­ഭാ­സി സി­നി­മ­യിൽ അ­ഭി­ന­യി­ക്കാൻ പോ­കു­ന്ന­തി­നു മുൻ­പു­ള്ള കാ­ര്യ­മാ­ണു് പ­റ­യു­ന്ന­തു്. കെ. സു­രേ­ന്ദ്രൻ (നോ­വ­ലി­സ്റ്റ്), എൻ. രാ­മ­ച­ന്ദ്രൻ (കൗ­മു­ദി­യിൽ ‘ക­ഴി­ഞ്ഞ­യാ­ഴ്ച’ എന്ന പ്ര­സി­ദ്ധ­മാ­യ പം­ക്തി കൈ­കാ­ര്യം ചെ­യ്തി­രു­ന്ന വ്യ­ക്തി), കെ. എസ്. കൃ­ഷ്ണൻ (ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ), അടൂർ ഭാസി ഇ­വ­രൊ­രു­മി­ച്ച് ന­ട­ക്കാൻ പോകും. ചി­ല­പ്പോൾ അ­വ­രു­ടെ കൂടെ ഞാനും ഉ­ണ്ടാ­യി­രി­ക്കും. ഒരു ദിവസം അടൂർ ഭാസി ഒ­രാ­ളോ­ടു് പ­റ­യു­ന്ന­തു് ഞാൻ കേ­ട്ടു. “പലരും സം­ഘ­ട­ന­യ്ക്കു പണം തന്നു സ­ഹാ­യി­ച്ചു. നി­ങ്ങൾ ലി­സ്റ്റിൽ നൂറു രൂപ എ­ന്നെ­ഴു­തി സ­ഹാ­യി­ച്ചു”. കൊ­ടു­ക്കാ­മെ­ന്നു് ഏ­റ്റി­ട്ടു് അതു കൊ­ടു­ക്കാ­തി­രു­ന്ന ആളിനെ അടൂർ ഭാസി ത­ന്റേ­താ­യ രീ­തി­യിൽ ക­ളി­യാ­ക്കു­ക­യാ­യി­രു­ന്നു. നൂറു രൂ­പ­യെ­ന്നു് എ­ഴു­തു­മ്പോൾ പ­ണ­പ്പി­രി­വു­കാർ­ക്ക് സ­ന്തോ­ഷം. പി­ന്നീ­ടു പ­റ്റി­ക്കു­മ്പോൾ നി­രാ­ശ­ത­യും വി­ഷാ­ദ­വും.

ഒരു കഥ കേ­ട്ടി­ട്ടു­ണ്ടു്. ഒരു ക്രി­സ്ത്യാ­നി മ­രി­ച്ച­പ്പോൾ അ­യാ­ളു­ടെ സ്നേ­ഹി­തൻ പ­റ­ഞ്ഞു: പത്തു രൂപ ഈ ശ­വ­പ്പെ­ട്ടി­യിൽ വ­ച്ചാൽ സ്വർ­ഗ്ഗ­ത്തേ­ക്കു പ്ര­യാ­സ്സം കൂ­ടാ­തെ എന്റെ സ്നേ­ഹി­ത­നു പോകാം. അയാൾ പത്തു രൂ­പ­യു­ടെ നോ­ട്ടു് ശ­വ­പ്പെ­ട്ടി­യിൽ വച്ചു. അ­തു­ക­ണ്ടു വേ­റൊ­രു സ്നേ­ഹി­തൻ ഇ­രു­പ­തു രൂപ ഇട്ടു. മ­റ്റൊ­രു സ്നേ­ഹി­തൻ അ­മ്പ­തു രൂപ വച്ചു. ഇ­തെ­ല്ലാം ക­ണ്ടു­കൊ­ണ്ടി­രു­ന്ന ഒരു പി­ശു­ക്ക­നാ­യ ധനികൻ അ­മ്പ­തി­നാ­യി­രം രൂ­പ­യു­ടെ ചെ­ക്ക് എഴുതി പെ­ട്ടി­ക്ക­ക­ത്തു വ­ച്ചി­ട്ടു് അവിടെ ഇ­രു­ന്ന എൺപതു രൂ­പ­യെ­ടു­ത്തു സ്വ­ന്തം പോ­ക്ക­റ്റി­ലി­ട്ടു. രൂപ വ­ച്ച­വർ­ക്ക് ഇതു കണ്ടു നൈ­രാ­ശ്യ­വും ദു­ഖഃ­വു­മു­ണ്ടാ­യി.

അടൂർ ഭാ­സി­യോ മ­റ്റാ­രോ നീ­ട്ടി­യ സം­ഭാ­വ­ന ലി­സ്റ്റിൽ നൂറു രൂ­പ­യെ­ഴു­തി­യ മാ­ന്യ­നാ­ണു് ‘റാ­ങ്ക്’ എന്ന കൊ­ച്ചു­ക­ഥ മ­നോ­രാ­ജ്യം ആ­ഴ്ച്പ്പ­തി­പ്പിൽ എ­ഴു­തി­യ കെ. ജി. പ­ങ്ക­ജാ­ക്ഷൻ പിള്ള. അ­ദ്ദേ­ഹം അ­മ്പ­തി­നാ­യി­രം രൂ­പ­യു­ടെ ചെ­ക്കെ­ഴു­തി­യി­ട്ട ധ­നി­ക­നു­മാ­ണു്. ഒ­ന്നാം സ­മ്മാ­നർ­ഹ­മാ­യ കഥ എ­ന്നാ­ണു് ത­ല­ക്കെ­ട്ടു്. പ­ങ്ക­ജാ­ക്ഷൻ പി­ള്ള­യ്ക്ക് അതിൽ നേ­രി­ട്ടു­ള്ള ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ലെ­ങ്കി­ലും ഉ­പ­ക­ല്പി­ത­മാ­യ ഉ­ത്ത­ര­വാ­ദി­ത്വ­മു­ണ്ടു്. വലിയ പ്ര­തീ­ക്ഷ­യോ­ടു കൂടി നമ്മൾ കഥ വാ­യി­ക്കു­ന്നു. സ­മൂ­ഹ­ത്തിൽ മാ­ന്യ­സ്ഥാ­ന­മു­ള്ള ഒരു സ്ത്രീ­യു­ടെ മകനു പ­രീ­ക്ഷ­യിൽ എ­ന്നും ര­ണ്ടാം റാ­ങ്കേ കി­ട്ടു­ന്നു­ള്ളൂ. ഒ­ന്നാം റാ­ങ്ക് ഒരു ക്ലാർ­ക്കി­ന്റെ മ­ക­നാ­ണു് കി­ട്ടു­ക. അ­ത്ത­വ­ണ­യെ­ങ്കി­ലും ഫ­സ്റ്റ് റാ­ങ്ക് മകനു ല­ഭി­ക്കു­മെ­ന്നു് അവൾ വി­ചാ­രി­ച്ചു. വ്യർ­ത്ഥ­മാ­യ വി­ചാ­രം. അവനു സെ­ക്ക്ൻ­ഡ് റാ­ങ്ക് തന്നെ. ക്ല­ബ്ബിൽ ചെ­ല്ലു­മ്പോൾ ത­ല­താ­ഴ്ത്തി­യി­രി­ക്കേ­ണ്ടി വ­രു­ന്ന ദൗർ­ഭാ­ഗ്യ­മോർ­ത്തു് അവൾ ദുഃ­ഖി­ച്ചു പോലും. ഇവിടെ വാ­ഗ്ദാ­നം ചെയ്ത രൂപ കി­ട്ടു­ന്നി­ല്ല. ചെ­ക്ക് മ­ണ്ണി­ന­ടി­യിൽ ആ­വു­ക­യും ചെ­യ്യു­ന്നു. ന­ഷ്ട­പ്പെ­ട്ട­തോ? എൺപതു രൂ­പ­യു­ടെ നല്ല പേരു്.

വി­നി­യും നെൽസൺ മാൻ­ഡേ­ല­യും
images/NelsonMandela.jpg
നെൽസൺ മാൻ­ഡേ­ല

“ഞാ­നി­തു് എ­ഴു­തു­മ്പോൾ നി­ന്റെ മ­നോ­ഹ­ര­മാ­യ ഫോ­ട്ടോ എന്റെ ഇ­ട­ത്തേ തോ­ളിൽ­നി­ന്നു ര­ണ്ട­ടി മു­ക­ളി­ലാ­യി ഇ­രി­ക്കു­ന്നു­ണ്ടു് ഇ­പ്പോ­ഴും. എ­ന്നും കാ­ല­ത്തു് ഞാൻ ശ്ര­ദ്ധി­ച്ച് അതിലെ പൊടി തു­ട­യ്ക്കു­ന്നു. അതു ചെ­യ്യു­മ്പോൾ പണ്ടു ഞാൻ നി­ന്നെ ത­ഴു­കു­ന്ന­തു­പോ­ലു­ള്ള ആ­ഹ്ലാ­ദാ­നു­ഭൂ­തി എ­നി­ക്കു­ണ്ടാ­കു­ന്നു. എന്റെ മൂ­ക്കു­കൊ­ണ്ടു് നി­ന്റെ മൂ­ക്കി­നെ ഞാൻ സ്പർ­ശി­ക്കു­ക പോലും ചെ­യ്യു­ന്നു. പ­ണ്ടു് ഞാ­ന­ങ്ങ­നെ ചെ­യ്ത­പ്പോൾ എന്റെ ര­ക്ത­ത്തി­ലൂ­ടെ പ്ര­വ­ഹി­ച്ച വി­ദ്യു­ച്ഛ്ക്തി പി­ടി­ച്ചെ­ടു­ക്കാ­നാ­ണു് ഇ­പ്പോ­ഴും അ­മ്മ­ട്ടിൽ പ്ര­വർ­ത്തി­ക്കു­ന്ന­ത്… ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു (15.4.76-ൽ നെൽസൺ വി­നി­ക്ക് എ­ഴു­തി­യ ക­ത്തിൽ നി­ന്നു്)”.

എഗ്-​സ്റ്റ്രാ-ഓർഡിനറി

മ­ണ്ട­ന്മാർ രണ്ടു ത­ര­ത്തി­ലാ­ണെ­ന്നു ടോൾ­സ്റ്റോ­യി പ­റ­ഞ്ഞി­ട്ടു­ണ്ടു്; (War & Peace എന്ന നോ­വ­ലി­ന്റെ ഒ­ന്നാ­മ­ദ്ധ്യാ­യ­ത്തിൽ) ചൊ­ടി­യു­ള്ള മ­ണ്ട­ന്മാ­രും ചൊ­ടി­യി­ല്ലാ­ത്ത മ­ണ്ട­ന്മാ­രും (active fools and inactive fools). ടോൾ­സ്റ്റോ­യി അ­വ­ത­രി­പ്പി­ക്കു­ന്ന ക­ഥാ­പാ­ത്രം ഏതു വി­ഭാ­ഗ­ത്തിൽ ഉൾ­പ്പെ­ടു­ന്നു എന്ന കാ­ര്യം ഞാൻ മ­റ­ന്നു പോയി. ‘യു­ദ്ധ­വും സ­മാ­ധാ­ന­വും’ എന്ന നോവൽ കൈ­യി­ലി­ല്ല­താ­നും. അ­തു­പോ­ലെ സ്റ്റു­പ്പി­ഡി­റ്റി­ക്കും രണ്ടു വി­ഭാ­ഗം കൽ­പ്പി­ക്കാം. ലി­മി­റ്റ­ഡ് സ്റ്റു­പ്പി­ഡി­റ്റി­യും അൺ­ലി­മി­റ്റ­ഡ് സ്റ്റു­പ്പി­ഡി­റ്റി­യും. ഇ­ന്ദി­രാ­ഗാ­ന്ധി യുടെ മ­ന്ത്രി­സ­ഭ­യിൽ മ­ന്ത്രി­യും ഒ­റീ­സ്സ­യിൽ മു­ഖ്യ­മ­ന്ത്രി­യു­മ­യി­രു­ന്ന ന­ന്ദി­നി സ­ത്പ­ഥി ഒറിയ ഭാ­ഷ­യി­ലെ­ഴു­തി­യ ഒരു ചെ­റു­ക­ഥ—‘ടെ­ലി­ഗ്രം’—പ്രീ­തി­ഷ് നന്ദി യുടെ Illustrated Weeklyയിൽ ആം­ഗ­ല­വാ­ണി­ക്ക് അ­ക­ത്തു കയറി വ­ന്നി­ട്ടു­ണ്ടു്. അതു വാ­യി­ച്ച­പ്പോൾ ടോൾ­സ്റ്റോ­യി­യെ ഓർ­മ്മി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വ­ത്തിൽ നി­ന്നു് ‘ഡി­റൈ­വ്’ ചെയ്ത ഒ­രാ­ശ­യം എ­നി­ക്ക് തോ­ന്നു­ക­യും ചെ­യ്തു. ജ്യോ­ത്സ്ന സു­ന്ദ­രി­യാ­ണു്. പക്ഷേ ഏതും ഉടനെ മ­റ­ക്കും. ‘ചേ­ച്ചി എ­നി­ക്കു പൗഡർ ത­രു­ന്നി­ല്ല. അച്ഛാ, എ­നി­ക്കു ഒരു ടിൻ പൗഡർ വേണം’ എ­ന്നു് അവൾ പറയും. പക്ഷേ, പൗഡർ വാ­ങ്ങി­ക്കൊ­ടു­ക്കേ­ണ്ട­തി­ല്ല. അവളതു മ­റ­ന്നു പോകും. അ­ങ്ങ­നെ­യി­രി­ക്കെ അ­വ­ളു­ടെ അ­ച്ഛ­നു് —പോ­സ്റ്റ് മാ­സ്റ്റർ­ക്ക് —സ്ഥ­ലം­മാ­റ്റ­മാ­യി. അവൾ നിർ­ബ­ന്ധ­പൂർ­വ്വം അ­യാ­ളോ­ടു കൂടി പോയി.

അവിടെ ചെ­ന്ന­പ്പോൾ അ­വ­ളു­ടെ അ­മ്മ­യ്ക്കു രോഗം കൂ­ടു­ത­ലാ­ണെ­ന്നു് അ­റി­വു­കി­ട്ടി. ജ്യോ­ത്സ്ന­യെ തി­രി­ച്ചു വീ­ട്ടി­ലേ­ക്കു കൊ­ണ്ടു­പോ­കാൻ പ്ര­യാ­സ­മു­ള്ള­തു­കൊ­ണ്ടു് പോ­സ്റ്റ്മാ­സ്റ്റർ അവളെ ഒരു ബ­ന്ധു­വി­ന്റെ വീ­ട്ടി­ലാ­ക്കി­യി­ട്ടു് യാ­ത്ര­യാ­യി. സ്ഥലം മാ­റ്റ­ത്തി­ന്റെ കല്പന ടെ­ലി­ഗ്രാ­മാ­യി­ട്ടാ­ണു് വ­ന്ന­തു്. അ­പ്പോൾ യാത്ര തീ­വ­ണ്ടി­യിൽ. അ­മ്മ­യു­ടെ രോ­ഗ­വി­വ­ര­വും ടെ­ലി­ഗ്രാം വ­ഴി­യാ­ണു് അ­റി­ഞ്ഞ­തു്. തീ­വ­ണ്ടി­യാ­ത്ര ജ്യോ­ത്സ്ന­യ്ക്കു ര­സ­പ്ര­ദ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ര­ണ്ടാ­മ­ത്തെ ടെ­ലി­ഗ്രാ­മി­ന്റെ ആ­ഗ­മ­ന­വും തീ­വ­ണ്ടി യാ­ത്ര­യു­ടെ സാ­ങ്ക­ല്പി­കാ­ഹ്ലാ­ദ­ത്തി­ലേ­ക്ക് അവളെ കൊ­ണ്ടു­ചെ­ന്നു. അ­മ്മ­യു­ടെ രോ­ഗ­വി­വ­രം ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ മറന്ന അവൾ കുറേ ദി­വ­സ­ങ്ങൾ­ക്കു മു­മ്പു­ണ്ടാ­യ തീ­വ­ണ്ടി­യാ­ത്ര മ­റ­ന്നി­ല്ല. ടെ­ലി­ഗ്രാ­മാ­ണോ വ­ന്ന­തു? എ­ങ്കിൽ ട്രെ­യി­നിൽ സ­ഞ്ച­രി­ക്കാം. ആ­ഹ്ലാ­ദി­ക്കാം. അച്ഛൻ ക­യ­റി­യി­രു­ന്ന ട്രെ­യി­നിൽ ഓ­ടി­ക്ക­യ­റാൻ ശ്ര­മി­ച്ചു കാൽ വ­ഴു­തി­വീ­ണു ജ്യോ­ത്സ്ന മ­രി­ച്ചു. എ­ങ്ങ­നെ­യി­രി­ക്കു­ന്നു കേ­ന്ദ്ര ഗ­വ­ണ്മ­ന്റി­ലെ മ­ന്ത്രി­യാ­യി­രു­ന്ന—ഒ­റീ­സ്സ­യിൽ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന—ന­ന്ദി­നി­യു­ടെ കഥ? അതു് ലി­മി­റ്റ­ഡ് സ്റ്റു­പി­ഡി­റ്റി­യാ­ണോ അൺ ലി­മി­റ്റ­ഡ് സ്റ്റു­പി­ഡി­റ്റി­യാ­ണോ എന്ന കാ­ര്യം വാ­യ­ന­ക്കാർ തീ­രു­മാ­നി­ച്ചാൽ മതി. ഏഴോ എട്ടോ വ­യ­സ്സു­ള്ള ബാലനോ ബാ­ലി­ക­യോ എ­ഴു­താ­വു­ന്ന ത­ര­ത്തി­ലു­ള്ള ഈ ക­ഥാ­ബീ­ഭ­ത്സ­ത­യെ “an unusual work of fiction” എ­ന്നാ­ണു് വീ­ക്ക്ലി­യിൽ വി­ശേ­ഷി­പ്പി­ച്ചി­രി­ക്കു­ന്ന­തു്.

ഇൻ­ഡ്യ­യി­ലെ ജ­ന­സം­ഖ്യ 4734 ആ­ണെ­ന്നു പ­റ­ഞ്ഞാൽ 4734 എന്ന സംഖ്യ സത്യം. ‘4’ സത്യം. ‘7’ സത്യം. ‘3’ സത്യം. ‘4’ സത്യം. പക്ഷേ, അ­തി­ന്റെ പി­റ­കി­ലു­ള്ള ആശയം പ­ച്ച­ക്ക­ള്ളം. unusual work of fiction എ­ന്ന­തി­ലെ ഒരോ വാ­ക്കും സത്യം. എ­ന്നാൽ അ­തുൾ­ക്കൊ­ള്ളു­ന്ന ആശയം പ­ച്ച­ക്ക­ള്ളം. കഥ പ്ര­സി­ദ്ധ­പ്പെ­ടു­ത്താം. അ­തി­ന്റെ മു­ക­ളിൽ മൂ­ല്യ­നിർ­ണ്ണ­യ­മുൾ­ക്കൊ­ള്ളു­ന്ന വാ­ക്കു­കൾ ചേർ­ക്ക­രു­തു്. ജ­ന­ങ്ങൾ പ­ത്ര­മാ­പ്പീ­സി­ലി­രി­ക്കു­ന്ന­വ­രേ­ക്കാൾ നല്ല നി­രൂ­പ­ക­രാ­ണു്.

ഒരു ക­ട­ങ്ക­ഥ

കാ­വ്യാം­ഗ­ന­യെ നൃ­ത്തം ചെ­യ്യി­ച്ച ക­വി­യാ­ണെ­ങ്കി­ലും കൊ­ച്ചു­കു­ട്ടി­ക­ളെ ആ­ഖ്യ­യും ആ­ഖ്യാ­ത­വും പ­ഠി­പ്പി­ച്ച ആൾ.

മു­ഷി­ഞ്ഞ­മു­ണ്ടും മു­ഷി­ഞ്ഞ­ഷർ­ട്ടും ധ­രി­ച്ച് വെ­യി­ലി­ലും മ­ഴ­യി­ലും തി­രു­വ­ന­ന്ത­പു­ര­ത്തു് അ­ല­ഞ്ഞി­രു­ന്ന ആൾ.

ജൂ­ബാ­യു­ടെ കീ­ശ­ക­ളിൽ മു­ന്തി­രി­ങ്ങ­യും ചോ­ക്ക്ലെ­റ്റും നി­റ­ച്ചു ന­ട­ന്നി­രു­ന്ന ആൾ.

മൂ­ക്കു­പി­ഴി­ഞ്ഞി­ട്ടു് ആ കൈ തു­ട­യ്ക്കാ­തെ മു­ന്തി­രി­ങ്ങ­യെ­ടു­ത്തു ന­മു­ക്കു നീ­ട്ടു­ന്ന ആൾ.

ആറും ഏഴും കാ­വ്യ­ങ്ങൾ എഴുതി ഒരേ സമയം പ­ത്രാ­ധി­പർ­ക്ക് അ­യ­യ്ക്കു­ന്ന ആൾ.

മ­ഹാ­ക­വി­യേ­യും ഓ­ട്ടോ­റി­ക്ഷാ ഡ്രൈ­വ­റേ­യും ഒരേ നി­ല­യിൽ ക­ണ്ടി­രു­ന്ന ആൾ.

വയലാർ രാ­മ­വർ­മ്മ യെ­ക്കാൾ ആയിരം മ­ട­ങ്ങു പ്ര­തി­ഭാ­ശ­ക്തി­യു­ണ്ടെ­ങ്കി­ലും അ­ന്ത­രി­ച്ച­തി­നു ശേഷം അ­വ­ഗ­ണി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന ആൾ.

“വരുമോ കു­ങ്കു­മം­തൊ­ട്ട സാ­ന്ധ്യ­ശോ­ഭ­ക­ണ­ക്ക­വൾ” എന്ന ദി­വ്യ­മാ­യ വ­രി­യെ­ഴു­തി­കൊ­ണ്ടു് അതാ ആ അ­ന്ത­രീ­ക്ഷ­ത്തി­ലെ ഉ­ജ്ജ്വ­ല ന­ക്ഷ­ത്ര­മാ­യി മാറിയ ആൾ.

ആരാണു വാ­യ­ന­ക്കാ­രേ ഈ പ്ര­തി­ഭാ­ശാ­ലി?

ഭീ­മാ­കാ­ര­മാർ­ന്ന ആന മ­നു­ഷ്യ­നെ­ക്കാൾ വേ­ഗ­ത്തി­ലോ­ടും. അ­തു­കൊ­ണ്ടു് ആനയെ ഓ­ട്ട­ത്തിൽ പ­രാ­ജ­യ­പ്പെ­ടു­ത്താ­മെ­ന്നു വി­ചാ­രി­ക്ക­രു­തു്. കൊ­തു­കി­നു വളരെ വേ­ഗ­ത്തിൽ പ­റ­ക്കാൻ വയ്യ. എ­ങ്കി­ലും അ­തി­ന്റെ ദംശനം ര­ഹ­സ്യ­മാ­യി ന­ട­ക്കും. മ­നു­ഷ്യൻ വേ­ദ­ന­കൊ­ണ്ടു് അ­സ്വ­സ്ഥ­നാ­കും. മ­ശ­ക­സ­ദൃ­ശ­മാ­ണു് ദി­വാ­ക­രൻ പ­ന­ന്ത­റ­യു­ടെ ‘ഭാ­ര്യ­യു­ടെ ദുഃഖ’മെന്ന കഥ (എ­ക്സ്പ്ര­സ്സ് വാരിക). എല്ലാ “സൊ­സൈ­റ്റി ലേ­ഡീ­സി”ന്റെ ഭർ­ത്താ­ക്ക­ന്മാർ­ക്കും ഏ­തെ­ങ്കി­ലും രോ­ഗ­മു­ണ്ടു്. പക്ഷേ, ക­ഥാ­നാ­യി­ക­യു­ടെ ഭർ­ത്താ­വി­നു് ഒരു രോ­ഗ­വു­മി­ല്ല. അ­തു­കൊ­ണ്ടു് അ­വൾ­ക്കു ദുഃഖം. ഭർ­ത്താ­വു് അ­വ­ളു­ടെ ക­വി­ളിൽ ആ­ഞ്ഞൊ­ര­ടി­കൊ­ടു­ത്തി­ട്ടു പ­റ­ഞ്ഞു: “ദേ­ഷ്യം വ­ന്നാൽ നി­ന്റെ ഭർ­ത്താ­വി­നു് ഇ­ങ്ങ­നെ­യൊ­രു അ­സു­ഖ­മു­ണ്ടു്”. കൊ­തു­കു വർ­ദ്ധി­ച്ച­തു­കൊ­ണ്ടു സം­സ്ക്കാ­രം ത­കർ­ന്ന യ­ഥാർ­ത്ഥ സം­ഭ­വ­ങ്ങ­ളു­ണ്ടു്. ഇ­ത്ത­രം ക­ഥാ­മ­ശ­ക­ങ്ങ­ളു­ടെ ക­ടി­യേ­റ്റു മ­നു­ഷ്യൻ ഓടാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു.

അരുത്
images/Michael_Polanyi.jpg
പോ­ലാ­നൈ

ഹം­ഗ­റി­യി­ലെ പ്ര­ശ­സ്ത­നാ­യ ത­ത്ത്വ­ചി­ന്ത­ക­നാ­ണു് പോ­ലാ­നൈ (Michael Polanyi). അ­ദ്ദേ­ഹം പ­റ­ഞ്ഞു നമ്മൾ ഏ­തെ­ങ്കി­ലും വ­സ്തു­വി­നെ­യോ സം­ഭ­വ­ത്തെ­യോ നോ­ക്കു­മ്പോൾ അ­തി­ന്റെ അർ­ത്ഥം ഗ്ര­ഹി­ക്കു­ന്നി­ല്ലെ­ന്നു്. പി­യാ­നോ വാ­യി­ക്കു­ന്ന­വൻ സ്വ­ന്തം വി­ര­ലു­ക­ളി­ലേ­ക്കു നോ­ക്കി­യാൽ ആ വി­ര­ലു­കൾ തളരും. ന­ല്ല­പോ­ലെ വാ­യി­ക്ക­ണ­മെ­ങ്കിൽ അ­യാൾ­ക്ക് വി­ര­ലു­കൾ­ക്ക് അ­തീ­ത­മാ­യി സം­ഗീ­ത­ത്തെ നോ­ക്ക­ണം. നമ്മൾ വ­സ്തു­വി­നെ നോ­ക്കു­മ്പോൾ അതിനെ കാ­ണു­ന്നു­ണ്ടു്. പക്ഷേ, അ­തി­ന്റെ അർ­ത്ഥം പി­ടി­ച്ചെ­ടു­ക്കു­ന്നി­ല്ല. അർ­ത്ഥം ഗ്ര­ഹി­ക്ക­ണ­മെ­ങ്കിൽ അതിനെ ശ്ര­ദ്ധി­ക്ക­രു­തു്; അതിൽ നി­ന്നു­കൊ­ണ്ടു ശ്ര­ദ്ധി­ക്ക­ണം. (വി­ര­ലു­ക­ളെ നോ­ക്ക­രു­തു്; വി­ര­ലു­കൾ­ക്ക് അ­പ്പു­റ­ത്തു­ള്ള സം­ഗീ­ത­ത്തെ നോ­ക്ക­ണം). വ­സ്തു­വി­നെ നോ­ക്കു­മ്പോൾ ന­മ്മ­ളെ­ന്തു കൊ­ണ്ടാ­ണു് അ­തി­ന്റെ അർ­ത്ഥം ന­ശി­പ്പി­ക്കു­ന്ന­തു? ത­ത്ത്വ­ചി­ന്ത­കൻ മ­റു­പ­ടി­നൽ­കു­ന്നു: “വ­സ്തു­വിൽ നി­ന്നു­കൊ­ണ്ടു് അർ­ത്ഥ­ത്തി­ലേ­ക്കു നോ­ക്കു­മ്പോൾ നമ്മൾ അതിനെ ‘ഇ­ന്റീ­റി­യ­റൈ­സ്’ ചെ­യ്യു­ക­യാ­ണു് (ബാ­ഹ്യ­ലോ­ക­ത്തേ­ക്കു നോ­ക്കാ­തെ ആ­ന്ത­ര­ലോ­ക­ത്തേ­ക്കു നോ­ക്കു­ന്ന­താ­ണു ഇ­ന്റീ­റി­യ­റൈ­സം). എ­ന്നാൽ വ­സ്തു­വി­നെ നേ­രി­ട്ടു നോ­ക്കു­മ്പോൾ നമ്മൾ അതിനെ എ­ക്സ്റ്റീ­റി­യ­റൈ­സ് ചെ­യ്യു­ക­യാ­ണു്; അ­ല്ലെ­ങ്കിൽ അ­ന്യ­വ­ത്ക­രി­ക്കു­ക­യാ­ണു്. (പോ­ലാ­നൈ­യു­ടെ ഗ്ര­ന്ഥം ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. മ­നഃ­ശാ­സ്ത്ര­ജ്ഞൻ റീഹി ന്റെ (Reich) സി­ദ്ധാ­ന്ത­ങ്ങ­ളെ­ക്കു­റി­ച്ച് കോളിൻ വിൽസൻ എ­ഴു­തി­യ The Queen for Wilhelm Reich എന്ന പു­സ്ത­ക­ത്തിൽ നി­ന്നാ­ണു് ഈ ആ­ശ­യ­മ­ടു­ത്ത­തു്). ഇ­തി­വി­ടെ എ­ഴു­തി­യ­തു് ‘ലേഖ’വാ­രി­ക­യിൽ വ­ന്നി­ട്ടു­ള്ള ഒ­രാ­ത്മ­ഹ­ത്യ­യു­ടെ വി­വ­ര­ണം വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. പേ­രു­കൾ പറയാൻ എ­നി­ക്കു വൈ­മ­ന­സ്യ­മു­ണ്ടു്. ഈ വി­വ­ര­ണ­മോ ഇ­തു­പോ­ലെ മറ്റു വാ­രി­ക­ക­ളിൽ വ­രു­ന്ന വി­വ­ര­ണ­ങ്ങ­ളോ ഒ­രി­ക്ക­ലും ന­മ്മ­ളെ സ­ത്യ­ത്തി­ലേ­ക്കു ന­യി­ക്കു­ക­യി­ല്ല. മ­രി­ച്ച പെൺ­കു­ട്ടി­യു­ടെ അച്ഛൻ സംഭവം വർ­ണ്ണി­ച്ചാൽ മ­ക­ളോ­ടു­ള്ള സ്നേ­ഹം­കൊ­ണ്ടും മ­ര­ണ­ത്തി­ലു­ള്ള ദുഃ­ഖം­കൊ­ണ്ടും വർ­ണ്ണ­നം അ­യ­ഥാർ­ത്ഥീ­ക­രി­ക്ക­പ്പെ­ടും. റി­പ്പോർ­ട്ടർ വി­വ­ര­ണ­മ­ഴു­തു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ ‘പ്രൊ­ഫൊ­ഷ­നൽ മൈൻഡാ’യി­രി­ക്കും അ­തി­ന്റെ നിറം കൂ­ട്ടു­ന്ന­തു്. കു­റ്റ­ക്കാ­ര­നെ­ന്നു ക­രു­ത­പ്പെ­ടു­ന്ന ചെ­റു­പ്പ­ക്കാ­ര­നാ­ണു എ­ഴു­തു­ന്ന­തെ­ങ്കിൽ തന്റെ നി­ഷ്ക­ള­ങ്ക­ത­യ്ക്ക് ഊന്നൽ കൊ­ടു­ക്കാ­നാ­യി­രി­ക്കും യത്നം. അ­തു­കൊ­ണ്ടു ഇ­ത്ത­രം വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന­തിൽ കാ­ര്യ­മി­ല്ല എ­ന്നാ­ണു തോ­ന്നു­ന്ന­തു്. അ­തു­മാ­ത്ര­മ­ല്ല. ഇതു വാ­യി­ക്കു­ന്ന ആളിനു മാ­ന­സി­ക­മാ­യ ഇ­ടി­വും ഉ­ണ്ടാ­കും. അതു അ­യാ­ളു­ടെ സ്വ­സ്ഥ­ത­യി­ല്ലാ­താ­ക്കും. അ­സ്വ­സ്ഥ­ത ശ­രീ­ര­ത്തെ ബാ­ധി­ക്കും. എ­ന്നെ­സ്സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ ഇതു വാ­യി­ച്ച­തി­നു ശേഷം ഞാൻ വളരെ നേരം വൈ­ഷ­മ്യ­ത്തോ­ടെ ഇ­രു­ന്നു­പോ­യി. ഇ­മ്മ­ട്ടിൽ ഇ­രി­ക്കു­ന്ന­വർ പലരും കാണും. അ­തു­കൊ­ണ്ടു് അ­രു­തു്.

നി­രീ­ക്ഷ­ണ­ങ്ങൾ
വീ­ട്ടി­ലെ പെ­ണ്ണു­ങ്ങൾ:
ചി­ത്ര­ഗീ­ത­വും ചി­ത്ര­ഹാ­റും ടെ­ലി­വി­ഷ­നിൽ ഉ­ള്ള­പ്പോൾ ഉറ്റു ശ്ര­ദ്ധി­ക്കു­ന്ന­വർ. അ­പ്പോൾ മൗ­ന­മാ­ണു് അ­വർ­ക്ക്. അവ ര­ണ്ടും കാ­ണാ­ത്ത പു­രു­ഷ­ന്മാർ സ്വ­ന്തം മു­റി­ക­ളിൽ നി­ശ്ശ­ബ്ദ­രാ­യി ഇ­രി­ക്കും. സ്ത്രീ­കൾ­ക്ക് ഉ­പ­ദ്ര­വം ഉ­ണ്ടാ­ക­രു­ത­ല്ലോ എന്നു കരുതി. എ­ന്നാൽ ന്യൂ­സ് കേൾ­ക്കാൻ പു­രു­ഷ­ന്മാർ ടെ­ലി­വി­ഷ­ന്റെ മു­ന്നിൽ വ­ന്നി­രി­ക്കു­മ്പോൾ പെ­ണ്ണു­ങ്ങൾ ഉ­റ­ക്കെ വർ­ത്ത­മാ­നം തു­ട­ങ്ങും. സം­സാ­രി­ക്കാൻ ആളു കി­ട്ടി­യി­ല്ലെ­ങ്കിൽ മി­ക്സ­റെ­ങ്കി­ലും പ്ര­വർ­ത്തി­പ്പി­ച്ചു ശ­ബ്ദ­മു­ണ്ടാ­ക്കും.
പ­ത്തു­വ­യ­സ്സി­നു താ­ഴെ­യു­ള്ള കു­ട്ടി­കൾ:
എ­പ്പോ­ഴും ടെ­ലി­വി­ഷ­ന്റെ മുൻ­പിൽ ക­യ­റി­നി­ന്നു് പ്രാ­യം കൂ­ടി­യ­വ­രു­ടെ കാ­ഴ്ച­യ്ക്കു ത­ട­സ്സ­മു­ണ്ടാ­ക്കു­ന്ന­വർ. ‘മാറു്’ എന്നു പ­റ­ഞ്ഞാൽ ഒന്നു മാറും. പി­ന്നെ­യും വന്നു നിൽ­ക്കും.
മിനു:
വളരെ വ്യ­ക്ത­മാ­യി ഇം­ഗ്ലീ­ഷ് വാർ­ത്ത വാ­യി­ക്കു­ന്ന­തിൽ വി­ദ­ഗ്ദ്ധ. അ­ന്ത­സ്സും ആ­ഭി­ജാ­ത്യ­വു­മു­ള്ള സ്ത്രീ.
ശ­ശി­കു­മാർ:
ചു­ണ്ടു വ­ക്രി­പ്പി­ച്ചാൽ ഇം­ഗ്ലീ­ഷാ­യി എന്നു വി­ചാ­രി­ക്കു­ന്ന ആൾ. അ­ദ്ദേ­ഹ­ത്തി­ന്റെ ന്യൂ­സ് വായന പോ­ലീ­സി­ന്റെ ഉ­രു­ട്ട­ലി­നേ­ക്കാൾ വേ­ദ­നാ­ജ­ന­ക­മാ­ണു്.
മ­ല­യാ­റ്റൂ­രി­ന്റെ നേർ­ക്ക്
images/LalithambikaAntherjanam.jpg
ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­നം

മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ വ­ള­രെ­യേ­റെ ബു­ദ്ധി­മു­ട്ടി വയലാർ ട്ര­സ്റ്റ് ഉ­ണ്ടാ­ക്കി. പല നല്ല കാ­ര്യ­ങ്ങ­ളും ചെ­യ്തു. ന­ല്ല­തു്. ആ­ദ്യ­ത്തെ വയലാർ സാ­ഹി­ത്യ അ­വാർ­ഡ് അ­ദ്ദേ­ഹ­ത്തി­ന്റെ­ത­ന്നെ ഒരു നാ­ലാം­കി­ട നോവൽ അ­ടി­ച്ചെ­ടു­ത്തു­വെ­ന്ന­തു് പ­റ­യാ­തി­രി­ക്കാൻ നി­വൃ­ത്തി­യി­ല്ല. മാ­ന്യ­ത­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ താൻ­ത­ന്നെ ബു­ദ്ധി­മു­ട്ടി സ­മാ­ഹ­രി­ച്ചെ­ടു­ത്ത ‘വയലാർ സാ­ഹി­ത്യ അ­വാർ­ഡ് ക­മ്മി­റ്റി ഫ­ണ്ടിൽ നി­ന്നു പ്ര­ഥ­മ­പു­ര­സ്കാ­രം അ­ദ്ദേ­ഹം ഏ­റ്റു­വാ­ങ്ങു­മാ­യി­രു­ന്നി­ല്ല’ കെ. ചെ­റി­യാൻ വർ­ഗ്ഗീ­സ് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ഒരു ക­ത്തി­ലെ ര­ണ്ടാ­മ­ത്തെ ഖ­ണ്ഡി­ക­യാ­ണി­തു്. ഒ­ന്നി­നും മ­ര്യാ­ദ­യി­ല്ലാ­ത്ത കാ­ല­മാ­ണി­തു്. അ­തെ­നി­ക്കു അ­റി­യാം. എ­ങ്കി­ലും ഇ­ത്ര­ത്തോ­ള­മാ­കാ­മോ എന്നു ചോ­ദി­ച്ചു പോ­വു­ക­യാ­ണു്. വയലാർ രാ­മ­വർ­മ്മ അ­വാർ­ഡ് ആ­ദ്യ­മാ­യി നൽ­കി­യ­തു് ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­ന ത്തി­നാ­യി­രു­ന്നു. അ­ടു­ത്ത വർ­ഷ­ത്തെ സ­മ്മാ­നം പി. കെ. ബാ­ല­കൃ­ഷ്ണ­നാ ണു് കൊ­ടു­ത്ത­തു്. സ­ത്യ­മി­താ­യി­രു­ന്നി­ട്ടും മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ സ­മ്മാ­നം ആ­ദ്യ­മാ­യി­ത­ന്നെ “അ­ടി­ച്ചെ­ടു­ത്തു” എന്നു എ­ഴു­തി­യ­തു് സൗ­മ്യ­മാ­യി­പ്പ­റ­ഞ്ഞാൽ മ­ലി­ന­വും നി­ന്ദ്യ­വു­മാ­ണു്. “മാ­ന്യ­ത­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ” എ­ന്നു് എ­ഴു­തി­യ­തു് അ­പ­കീർ­ത്തി­ക­ര­വും. ആ­ളു­ക­ളു­ടെ നേർ­ക്ക് “മെ­ക്കി­ട്ടു” ക­യ­റു­ന്ന­തി­നു മുൻ­പു് ത­നി­ക്ക­തി­നു് അർ­ഹ­ത­യു­ണ്ടോ എ­ന്നു് ആ­ലോ­ചി­ക്കു­ന്ന­തു് കൊ­ള്ളാം.

ഡാഡി, എ­നി­ക്ക് ക­ളി­കാ­ണ­ണം

‘വി­ജ്ഞാ­പ­ന­ത്തെ’ ‘വി­ഞ്ഞാ­പ­ന’മാ­ക്കു­ക­യും കേ­ന്ദ്ര­മ­ന്ത്രി കൃ­ഷ്ണ­കു­മാ­റി­നെ കൃ­ഷ്ണ­പി­ള്ള­യാ­ക്കു­ക­യും വി­ദ്യാ­ഭ്യാ­സ­ത്തെ വി­ധ്യ­ഭ്യാ­സ­മാ­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പെ­ട്ടി­യാ­ണു് ടെ­ലി­വി­ഷൻ­സെ­റ്റ്. ഇ­ന്ന­ലെ (10-6-86) രാ­ത്രി കുറെ പെ­ണ്ണു­ങ്ങൾ പാവാട പൊ­ക്കി ഡാൻ­സെ­ന്ന ഉ­ഡാൻ­സ് ന­ട­ത്തു­ന്ന­തു കണ്ടു. ഈ ഉ­ച്ചാ­ര­ണ വൈ­ക­ല്യ­ങ്ങ­ളും ഈ ഡാൻ­സു­കാ­രി­ക­ളും അ­തി­ന­ക­ത്തു് ഇ­രി­ക്കു­ന്നു­ണ്ടോ എ­ന്ന­റി­യാ­നാ­യി ഞാൻ സെ­റ്റി­ന്റെ പി­റ­കു­വ­ശം ഇ­ള­ക്കി നോ­ക്കി. കുറെ പ്ലാ­സ്റ്റി­ക് ക­മ്പി­ക­ളും കോ­ളാ­മ്പി പോ­ലു­ള്ള ഒരു ഉ­പ­ക­ര­ണ­വും പേ­ര­റി­യാൻ പാ­ടി­ല്ലാ­ത്ത കൊ­ച്ചു കൊ­ച്ചു സാ­ധ­ങ്ങ­ളും മാ­ത്ര­മേ അതിൽ ക­ണ്ടു­ള്ളൂ. ഇ­വ­യാ­ണു് പാവാട പി­റ­കു­വ­ശ­വും മുൻ­വ­ശ­വും പൊ­ക്കി ഡാൻസ് ചെ­യ്യു­ന്ന ചെ­റു­പ്പ­ക്കാ­രി­ക­ളെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്ന­തു്. ഇ­വ­ത­ന്നെ­യാ­ണു് സു­ന്ദ­ര­ന്മാ­രെ നീ­ഗ്രോ­ക­ളെ­പ്പോ­ലെ ക­റു­ത്ത മു­ഖ­മു­ള്ള­വ­രാ­ക്കി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഇ­വ­ത­ന്നെ­യാ­ണു് മെ­ക്സി­ക്കോ­യി­ലെ ലോ­ക­ക­പ്പു് ഫു­ട്ബോൾ ക­ളി­ക­ളെ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രേ­ണ്ട­തും. രാ­ത്രി ഒൻപതര മ­ണി­ക്കു ഞാൻ ഈ പെ­ട്ടി­യു­ടെ മുൻ­പി­ലി­രി­ക്കു­ന്ന­തും ഈ ക­ളി­യു­ടെ ചി­ല­ഭാ­ഗ­ങ്ങ­ളെ­ങ്കി­ലും കാ­ണാ­നാ­ണു്. പക്ഷേ ഹെഗ്ഡ യു­ടെ­യും പവാറി ന്റെ­യും കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ച്ചു വി­ശ­ദീ­ക­രി­ച്ച് സമയം തീർ­ന്നു­പോ­യി. അ­തു­കൊ­ണ്ടു് ചി­രി­യോ­ടു­കൂ­ടി­യ ഗു­ഡ്നൈ­റ്റ് മാ­ത്ര­മേ കി­ട്ടി­യു­ള്ളൂ. ഈ പേ­ട­ക­ത്തെ­ക്കു­റി­ച്ചു ട്രയൽ വാ­രി­ക­യിൽ ര­സ­ക­ര­മാ­യ ഒരു വാർ­ത്ത­യു­ണ്ടു്. ദൂ­ര­ദർ­ശ­നിൽ ഗോ­സാ­യി­കൾ കളി ടെ­ലി­കാ­സ്റ്റ് ചെ­യ്യു­ക­യി­ല്ലെ­ന്നു വീ­ണ്ടും വീ­ണ്ടും പ­റ­ഞ്ഞ­ത്രേ. അ­പ്പോ­ഴാ­ണു് പുതിയ തീ­രു­മാ­നം. മൂ­ന്നു കളി ഒ­റ്റ­യ­ടി­ക്കു ടെ­ലി­കാ­സ്റ്റ് ചെ­യ്യും­പോ­ലും. ഇ­തി­ന്റെ പി­ന്നി­ലെ ക­ഥ­യി­താ­ണു്: “പയ്യൻ രാ­ഹു­ലൻ അച്ഛൻ രാ­ജീ­വി ന്റെ അ­ടു­ത്തു പ­റ­ഞ്ഞ­ത്രേ: ‘ഡാഡി’ മോനു മെ­ക്സി­ക്കോ­യി­ലെ ക­ളി­കാ­ണ­ണം” നേ­ര­മ്പോ­ക്കാ­ണെ­ങ്കി­ലും സ­ത്യ­മാ­കാ­വു­ന്ന നേ­ര­മ്പോ­ക്ക്.

കേ­ര­ള­ത്തിൽ ടെ­ലി­വി­ഷൻ വ­രു­ന്ന­തി­നു മുൻ­പു് ച­ങ്ങ­മ്പു­ഴ മ­രി­ച്ചു­പോ­യി. അ­ല്ലെ­ങ്കിൽ ഫി­ലോ­ള­ജി ക്ലാ­സ്സ്, എൻ. എസ്. കൃ­ഷ്ണ­നും റ്റി. എ. മ­ധു­ര­വും അ­ഭി­ന­യി­ക്കു­ന്ന ച­ല­ചി­ത്രം, പിംഗള, ഗൊ­ണോ­റി­യ, ബജ്റ, മം­ഗ­ള­പ­ത്ര­ങ്ങൾ ഇ­വ­യു­ടെ­കൂ­ടെ ടെ­ലി­വി­ഷ­നും അ­ദ്ദേ­ഹം ചേർ­ക്കു­മാ­യി­രു­ന്നു.

അ­ജ­യ­കു­മാ­റി­ന്റെ കല
images/TheSuccessandFailureofPicasso.jpg

ജോൺ­ബർ­ഗർ എ­ഴു­തി­യ The Success and Failure of Picasso പ്ര­സി­ദ്ധ­മാ­യ പു­സ്ത­ക­മാ­ണു്. അതിൽ പീ­കാ­സ്സോ യുടെ ചില വാ­ക്യ­ങ്ങൾ എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. “ഞാൻ വ­സ്തു­ക­ളെ പ­രി­ഗ­ണി­ക്കു­ന്ന­തു പോലെ ചി­ത്ര­ങ്ങ­ളെ പ­രി­ഗ­ണി­ക്കു­ന്നു. ജ­ന്ന­ലിൽ­ക്കൂ­ടി പു­റ­ത്തേ­ക്കു നോ­ക്കു­ന്ന­തു­പോ­ലെ­യാ­ണു് ഞാൻ ജ­ന­ലി­നെ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. തു­റ­ന്ന ജനൽ ചി­ത്ര­ത്തിൽ തെ­റ്റാ­യി തോ­ന്നു­ന്നു­ണ്ടെ­ങ്കിൽ ഞാൻ കർ­ട്ടൻ­വ­ര­ച്ച് അ­ത­ട­യ്ക്കും; എന്റെ മു­റി­യി­ലെ ജ­ന്ന­ലിൽ കർ­ട്ട­നി­ടു­ന്ന­തു­പോ­ലെ” (പേജ് 99). ചി­ത്ര­കാ­ര­നാ­യ അ­ജ­യ­കു­മാ­റി­നെ­ക്കു­റി­ച്ച് കെ. സി. ചി­ത്ര­ഭാ­നു ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ലേ­ഖ­ന­ത്തിൽ അ­ജ­യ­കു­മാ­റി­ന്റെ നാലു ചി­ത്ര­ങ്ങൾ ന­ല്കി­യി­ട്ടു­ണ്ടു്. അവയിൽ എ­നി­ക്കേ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട­തു് ‘യാത്ര’ എ­ന്ന­താ­ണു്. യാ­ത്ര­ക്കാ­രിൽ ചിലർ ഉ­റ­ങ്ങു­ന്നു. വേറെ ചിലർ പു­റം­തി­രി­ഞ്ഞി­രി­ക്കു­ന്നു. കു­ഞ്ഞി­നെ മ­ടി­യി­ലി­രു­ത്തി ബ­സ്സി­ലി­രി­ക്കു­ന്ന സ്ത്രീ­ക്കു നി­സ്സം­ഗ­ത. വൈ­ര­സ്യം നി­റ­ഞ്ഞ യാത്ര എന്ന മ­ട്ടിൽ ഒരാൾ തലയിൽ കൈ­വ­ച്ചി­രി­ക്കു­ക­യാ­ണു്. ഡ്രൈ­വർ­ക്കു­മാ­ത്രം സ­ന്തോ­ഷം. സ്റ്റി­യ­റി­ങ്വീ­ലിൽ കൈ­വ­ച്ച് റോ­ഡി­ലേ­ക്കു നോ­ക്കി ബസ്സ് ഓ­ടി­ക്കു­ന്ന അ­യാ­ളെ­ക്ക­ണ്ടാൽ, അതു കാ­ണു­ന്ന ന­മ്മ­ളും ബ­സ്സി­ലി­രു­ന്നു പു­റ­ത്തെ കാ­ഴ്ച­കൾ കാ­ണു­ക­യാ­ണെ­ന്നു തോ­ന്നും. മ­റ്റു­ള്ള­വ­രു­ടെ ആ­ല­സ്യ­വും നി­ദ്ര­യും ഡ്രൈ­വ­റു­ടെ ആ­ഹ്ലാ­ദ­ത്തെ വർ­ദ്ധി­പ്പി­ച്ചു­കാ­ണി­ക്കു­ന്നു. പീ­കാ­സ്സോ പ­റ­ഞ്ഞ­തു ശരി. അ­ജ­യ­കു­മാ­റും ബ­സ്സി­ലി­രു­ന്നു പു­റ­ത്തേ­യ്ക്കു നോ­ക്കു­ന്നു. ചി­ത്ര­ക­ല­യ്ക്ക് അ­വാർ­ഡ് നേടിയ ഈ ക­ലാ­കാ­ര­നെ­ക്കു­റി­ച്ച് എ­ഴു­തി­യ­തു് ന­ന്നാ­യി.

രണ്ടു കഥകൾ

ഹൃദയം സ്പ­ന്ദി­ക്കു­ന്നു. ഡോ­ക്ട­റു­ടെ ആ കു­ഴ­ലൊ­ന്നു­കി­ട്ടി­യാൽ സ്പ­ന്ദ­നം നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു. കൈ­ത­ണ്ട­യിൽ വി­ര­ല­മർ­ത്തി­യാ­ലും­മ­തി. ഒരു കാ­ല­ത്തു് ഈ സ്പ­ന്ദ­നം നി­ല്ക്കും. പക്ഷേ കാ­ല­ത്തി­ന്റെ സ്പ­ന്ദ­നം നി­ല്ക്കു­ക­യി­ല്ല. അ­തി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന മ­നു­ഷ്യൻ സ്നേ­ഹി­ച്ചും വെ­റു­ത്തും ആ­ഹ്ലാ­ദി­ച്ചും വി­ഷാ­ദി­ച്ചും ക­ഴി­യു­ന്നു. ഒ­ടു­വിൽ അവൻ ത­കർ­ന്നു വീ­ഴു­മ്പോൾ ആ­രെ­യും കാ­ത്തു­നി­ല്ക്കാ­ത്ത­കാ­ലം സ്പ­ന്ദി­ച്ചു­കൊ­ണ്ടു മു­ന്നോ­ട്ടു­പോ­കും. ഇതിനെ മൂർ­ത്ത­ചി­ത്ര­ങ്ങ­ളാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു ഇ. വി. ശ്രീ­ധ­രൻ (ക­ഥാ­ദ്വൈ­വാ­രി­ക­യി­ലെ ‘ഒരു നി­ലാ­വ­ല­പോ­ലെ’ എന്ന കഥ). റി­യ­ലി­സ്റ്റി­കു­ത­ല­ത്തിൽ ആ­ദ്യ­മൊ­ക്കെ അ­മർ­ന്നി­രി­ക്കു­ന്ന ഈ കഥ പ­ര്യ­വ­സാ­ന­ത്തിൽ ഫാ­ന്റ­സി­യു­ടെ ത­ല­ത്തി­ലേ­ക്കു ചെ­ന്നു് ത­ല­യു­യർ­ത്തി­യ­തു് എ­നി­ക്കി­ഷ്ട­പ്പെ­ട്ടി­ല്ല. എ­ങ്കി­ലും കഥ പ­റ­യ­നു­ള്ള ക­ഴി­വു് കാ­വ്യാ­ത്മ­ക­ത­യോ­ടു മേ­ളി­ക്കു­ന്നു­ണ്ടു് ഈ ര­ച­ന­യിൽ. മു­ഹ­മ്മ­ദ് റോ­ഷ­ന്റെ ‘മ­ന­സ്സു­ട­യു­മ്പോൾ ’ എന്ന കഥ (ക­ഥാ­ദ്വൈ­വാ­രി­ക) ഒരു humourless absurdity തന്നെ. ഒ­രു­ത്തൻ വ്യ­ഭി­ചാ­രി­ണി­യാ­യ ഭാ­ര്യ­യെ കൊ­ന്നു. എ­ന്നി­ട്ടു് മ­ന­സ്സി­ന്റെ രോഗം ചി­കി­ത്സി­ച്ചു­മാ­റ്റു­ന്ന ഉ­ഷ­യെ­ന്ന ഡോ­ക്ട­റെ കാ­ണാൻ­വ­രു­ന്നു. ഭാ­ര്യ­യെ­ന്തി­നു വ്യ­ഭി­ച­രി­ച്ചു എ­ന്നു് അ­യാൾ­ക്ക് ഡോ­ക്ട­റിൽ­നി­ന്നു് അ­റി­യ­ണം. മ­റു­പ­ടി കി­ട്ടു­ന്നി­ല്ല. അയാൾ അവളെ ഒ­ട്ടൊ­ക്കെ ന­ഗ്ന­യാ­ക്കി ക­ഴു­ത്തിൽ വി­ര­ല­മർ­ത്തു­ന്നു. ഡോ­ക്ട­റു­ടെ ഭർ­ത്താ­വു വ­രു­ന്നു­ണ്ടു്. കഥ തീർ­ന്നു. ഇ­ങ്ങ­നെ­യു­മു­ണ്ടോ ഒരു സൈ­ക്കോ­ള­ജി. നമ്മൾ ചില അ­മ്പ­ല­ങ്ങ­ളു­ടെ മുൻ­പിൽ­ക്കൂ­ടെ പോ­കു­മ്പോൾ വെ­ടി­പൊ­ട്ടും. നമ്മൾ ഞെ­ട്ടി­പ്പോ­കും. പ­തി­വാ­യി­പ്പോ­യാൽ വെ­ടി­പൊ­ട്ടി­യാ­ലും ഞെ­ട്ടു­കി­ല്ല. വ­ള­രെ­ക്കാ­ല­മാ­യി റോഷൻ സെ­ക്സി­ന്റെ ഗ­ന്ധ­ക­ത്തി­നു തീ കൊ­ളു­ത്തു­ന്നു. ഇ­പ്പോൾ ആരും ഞെ­ട്ടാ­റി­ല്ല.

പ­ണ്ടു്—വളരെ പ­ണ്ടാ­ണേ—പ­ത്ര­ത്തിൽ വെ­ണ്ട­യ്ക്ക അ­ക്ഷ­ര­ത്തിൽ ഇ­ങ്ങ­നെ കണ്ടു: “കു­ട്ടി­കൾ­ക്ക് വി­ദ്യാ­ഭ്യാ­സം ഒ­ഴി­ച്ചു­കൂ­ടാൻ പാ­ടി­ല്ലാ­ത്ത­താ­ണെ­ന്ന്… ഡി­സ്ട്രി­ക്ടി­ലെ ക­ള­ക്ടർ”. ക­ള­ക്ടർ­ക്ക് ഇതു പ­റ­യാ­മെ­ങ്കിൽ മ­ന്ത്രി­മാർ­ക്കു താ­ഴെ­ക്കൊ­ടു­ക്കു­ന്ന രീ­തി­യിൽ പ്ര­ഖ്യാ­പ­ന­ങ്ങൾ ആകാം:

“ഞാൻ നി­ങ്ങ­ളോ­ടു പ­റ­യു­ന്നു എ­ഴു­ത്ത­ച്ഛൻ മലയാള ഭാ­ഷ­യി­ലാ­ണു് കവിത എ­ഴു­തി­യ­തെ­ന്നു്” (കൈയടി). “സു­ഹൃ­ത്തു­ക്ക­ളേ, ഞാൻ നി­ങ്ങ­ളെ അ­റി­യി­ക്ക­ട്ടെ മഴ പെ­യ്യു­മ്പോൾ കുട പി­ടി­ച്ചി­ല്ലെ­ങ്കിൽ തല ന­ന­യു­മെ­ന്നു്” (ക­ര­ഘോ­ഷം). “പ്ര­തി­പ­ക്ഷം എ­തിർ­ത്തേ­ക്കും. എ­ങ്കി­ലും ഞാൻ സത്യം പ­റ­യു­ക­യാ­ണു്. ഭൂമി പ­ര­ന്ന­ത­ല്ല, ഉ­രു­ണ്ട­താ­ണെ­ന്നു്” (മ­ന്ത്രി­യു­ടെ കക്ഷി കൈ­യ­ടി­ക്കു­ന്നു). “ആ­രെ­ല്ലാം സമരം ചെ­യ്താ­ലും ക്യാ­ബി­ന­റ്റ് ഡി­സി­ഷൻ ഞാൻ പ്ര­ഖ്യാ­പി­ക്കു­ക­യാ­ണു് ‘ഒ­ന്നും ഒ­ന്നും ര­ണ്ടാ­ണു്’” (സു­ദീർ­ഘ­മാ­യ ക­ര­ഘോ­ഷം).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-07-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 6, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.