സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-07-13-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/TheRoadtoMecca.jpg

തെക്കനാഫ്രിക്കയിലെ നാടക കർത്താവായ ഏതൽ ഫൂഗാർഡി ന്റെ (Athol Fugard, born 11-6-1932) ഏറ്റവും പുതിയ നാടകമാണു് “മെക്കയിലേക്കുള്ള പാത” (The Road to Mecca). പ്രതിഭ കൊണ്ടു യെനസ്കോ, ഡൂറന്റ്, പിന്റർ ഇവർക്കൊക്കെ സമശീർഷനായ ഈ നാടക കർത്താവിന്റെ ഈ നാടകം വായിച്ച് ഞാൻ അത്ഭുതാധീനനായി ഇരുന്നു പോയി. Extraordinary, surprising എന്നും മറ്റുമുള്ള വാക്കുകൾ നിരൂപകർ പ്രയോഗിക്കാറുണ്ടെങ്കിലും ഈ ലേഖകൻ അത്തരം പ്രയോഗങ്ങൾ നടത്താറില്ല. എന്നാൽ അസന്ദിഗ്ദ്ധമായി തന്നെ ഇപ്പോൾ പറയുന്നു ഫൂഗാർഡിന്റെ ഈ നാടകം ആശ്ചര്യകരമാണെന്നു്. അതു വായിച്ചു കഴിഞ്ഞ ഞാൻ പുസ്തകത്തിൽ Haunting, fascinating എന്നു കുറിച്ചു. വീണ്ടും വായിച്ചു. Read Through again. Yes this is haunting, fascinating എന്നു പിന്നെയും എഴുതി. ദക്ഷിണാഫ്രിക്കൻ സമുദായത്തിന്റെ ഒരു പരിച്ഛേദ തലമാണു് ഈ നാടകം. പക്ഷേ, അതു് യൂറോപ്പിലെയും ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും സമുദായങ്ങളുടെ പരിച്ഛേദ തലങ്ങൾ തന്നെ. ഭാരതത്തിന്റെ വിവിധ സമൂഹങ്ങൾക്കും ഇതു പ്രാതിനിധ്യം വഹിക്കുന്നു. അങ്ങനെ സാർവജനീന സ്വഭാവം ഈ കലാസൃഷ്ടിക്കു കൈവന്നിരിക്കുന്നു.

ന്യൂ ബതസ്ഡയിലെ കരു ഗ്രാമത്തിൽ ഹെലൻ താമസിക്കുന്നു. അറുപതു കഴിഞ്ഞ വൃദ്ധ. ശില്പങ്ങൾ നിർമ്മിക്കുന്നതിലാണു് അവർക്കു താത്പര്യം. അവരുടെ മുറിയൊന്നു കണ്ടാൽ മതി ഏതു മാന്ത്രിക അന്തരീക്ഷത്തിലാണു് അവർ കഴിഞ്ഞുകൂടുന്നതെന്നു് വ്യക്തമാകും. ചുവരുകളിലാകെ വിവിധ വർണ്ണങ്ങളാർന്ന കണ്ണാടികൾ. മച്ചിലും തറയിലും പല നിറങ്ങളിലുള്ള ക്ഷേത്ര വിദ്യാനുസാരിയായ പാറ്റേണുകൾ. പതിനഞ്ചു വർഷം മുൻപു് ഒരു ദിവസം രാത്രി ഹെലന്റെ ഭർത്താവു മരിച്ചു. അന്നു തൊട്ടു് ഇരുട്ടു് അവരെ പേടിപ്പിക്കുകയാണു്. ആ അന്ധകാരം അവരുടെ ഉള്ളിലാണു്. പുറത്തുള്ള ഇരുട്ടു് മെഴുകുതിരി കത്തിച്ചു വച്ചാൽ ഇല്ലാതാകും. പക്ഷേ, അന്തരംഗത്തിലെ അന്ധകാരം ഇല്ലാതാക്കാൻ ഏതു മെഴുകുതിരിക്കു കഴിയും?

images/Mekka1897.jpg
മെക്ക

കരു ഗ്രാമത്തിലെ സ്വന്തം ഭവനത്തെ മെക്കയ്ക്കു സദൃശമാക്കാനാണു് അവർക്കു കൗതുകം. അതേ സമയം ഒട്ടകങ്ങളും മിനറെറ്റുകളും—പ്രാസാദശിഖരങ്ങളും—കൊണ്ടു് അതിസുന്ദരമായ മെക്ക യെ ഭാവന കൊണ്ടു സാക്ഷാത്കരിക്കാനും അവർക്ക് താല്പര്യമുണ്ടു്. ഭാവനയുടെ ലോകത്തു വിഹരിക്കുന്നവരെ സമുദായവും മതവും വെറുതേ വിടില്ല. ഹെലന്റെ വീടു് ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും ആവാസകേന്ദ്രമാണെന്നു തെറ്റിദ്ധരിച്ച് ആളുകൾ അവരെ കല്ലെറിഞ്ഞു. കത്തിച്ചു വച്ച മെഴുകുതിരി കർട്ടനിൽ തീ പിടിപ്പിച്ചപ്പോൾ അയൽ വീട്ടുകാരൻ അതു കാണാനിടയായി. അല്ലെങ്കിൽ ഹെലൻ അഗ്നിക്കിരയായി പോയേനേ. ഈ അപകടം ഹെലന്റെ മാനസികമായ തകർച്ചയുടെ ഫലമാണെന്നു പറഞ്ഞു മതം മേരിയസ് എന്ന പുരോഹിതന്റെ രൂപമാർന്നു് അവരുടെ മുൻപിൽ എത്തുകയായി. പ്രായം ചെന്നവർക്കുള്ള ഒരാലയത്തിൽ ഹെലനെ മാറ്റി പാർപ്പിക്കാനാണു് അയാളുടെ യത്നം. എൽസ എന്ന ചെറുപ്പക്കാരി പന്ത്രണ്ടു മണിക്കൂർ നേരം കാറോടിച്ച് അവരുടെ വീട്ടിലെത്തിയില്ലെങ്കിൽ മേരിയസ് ഹെലനെ ആ ആലയത്തിൽ കൊണ്ടാക്കുമായിരുന്നു. എൽസയുടെ സത്യദർശനം ഹെലനും ലഭിച്ചു. അവർ മേരിയോസിനോടു പറയുന്നതു കേട്ടാലും” “അതാണു് കിഴക്കു ദിക്ക്. അങ്കണത്തിലേക്കു ചെല്ലൂ. എന്റെ വിജ്ഞന്മാരാകെ, അവരുടെ ഒട്ടകങ്ങളാകെ അങ്ങോട്ടേക്കു സഞ്ചരിക്കുന്നതു് നിങ്ങൾക്കു കാണാം. ആ മെഴുകുതിരി വെളിച്ചത്തെ അനുഗമിക്കൂ. ഒരു ദിവസം നിങ്ങൾ മെക്കയിലെത്തും… പ്രകാശത്തിന്റെയും വർണ്ണത്തിന്റെയും നഗരം. ഞാൻ സങ്കൽപ്പിച്ചതിനെക്കാളൊക്കെ മനോഹരം. കൊട്ടാരങ്ങളും സുന്ദരങ്ങളായ കെട്ടിടങ്ങളും എങ്ങുമുണ്ടു്. കണ്ണഞ്ചിക്കുന്ന വെണ്മയാർന്ന ഭിത്തികളും മിനുങ്ങുന്ന പ്രാസാദ ശിഖരങ്ങളും. വിചിത്രങ്ങളായ പ്രതിമകൾ അങ്കണങ്ങളിൽ. തെരുവുകളിൽ ഒട്ടക കൂട്ടം. എനിക്ക് അറിയാൻ പാടില്ലാത്ത ഭാഷ സംസാരിക്കുന്ന, തലപ്പാവു കെട്ടിയ ആളുകൾ… അതാണു മെക്ക. മഹനീയമായ ദേവാലയത്തിലേക്കു പോകുകയായിരുന്നു ഞാൻ”.

പ്രതീക്ഷ നിരാശതയിലേക്കും നിരാശത പ്രതീക്ഷയിലേക്കും പോകുന്നു ഈ നാടകത്തിൽ. മനുഷ്യജീവിതത്തിന്റെ കോമഡിയും ട്രാജഡിയും ഇതിലുണ്ടു്. എൽസ കാറോടിച്ചു വരുമ്പോൾ, ഭർത്താവു നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരി കുഞ്ഞിനെ മുതുകിലേറ്റി നടന്നു വരുന്നതു കണ്ടു. അവൾ ആ സ്ത്രീയെ കാറിൽ കയറ്റി, ഒരു വളവിൽ കൊണ്ടു വന്നു വിട്ടു. പിന്നെയും ‘ലിഫ്റ്റ്’ കിട്ടിയില്ലെങ്കിൽ അവൾക്ക് എൺപതു നാഴിക നടക്കണം ഏതെങ്കിലും ബന്ധു ഭവനത്തിലെത്താൻ. നമ്മുടെ ജീവിതത്തിന്റെ ഒരു ഹ്രസ്വചിത്രമാണിതു്. ഓരോ വ്യക്തിക്കും ജീവിതത്തിൽ കിട്ടുന്ന സഹായം തുച്ഛം. ആ വ്യക്തി ഒറ്റയ്ക്ക് മണൽക്കാട്ടിലൂടെ നടക്കുന്നു. ചെല്ലേണ്ടിടത്തു ചെന്നാലായി. അത്രേയുള്ളൂ. ഈ സ്ത്രീയുടെ ചിത്രം ഗ്രന്ഥമടച്ചു വച്ചിട്ടും എന്നെ ‘ഹോണ്ട്’ ചെയ്യുന്നു. നാടകത്തെ കുറിച്ച് ഒരു നിരൂപകൻ പറഞ്ഞു: It is a colossal subject and a frightening one… I am a little dazzled by it. And profoundly moved. ഉത്കൃഷ്ട സാഹിത്യമെന്തെന്നു ഗ്രഹിക്കാൻ ഈ നാടകം വായിച്ചു നോക്കേണ്ടതാണു് (Road to Mecca, Faber, £3.95, p. 79).

കൊല്ലുന്ന രാജാവിന്…

കുങ്കുമം വാരികയിൽ “ആദ്യരാത്രി” എന്ന കഥ രാക്ഷസീയത ചമച്ചു വച്ച എടത്വാ പരമേശ്വരൻ താനൊരു കഥാകാരനാണെന്നു വിചാരിക്കുന്നുണ്ടോ? അതോ അദ്ദേഹത്തിന്റെ കൂട്ടുകാർ അങ്ങനെ കരുതുന്നുണ്ടോ? എന്തായാലും അതിന്റെ ഘോരാകൃതി കണ്ടിട്ടു് ഞാൻ മൗനം അവലംബിക്കുകയാണു്. എന്റെ മൗനം പ്രതിഷേധ സൂചകമാണെന്നു മാത്രം കരുതിയാൽ മതി.

കഥയുടെ ബീഭത്സരൂപം നിസ്സാരമാക്കുന്നു അതിനു ജയമോഹനൻ വരച്ചു ചേർത്ത ചിത്രം. പ്രഥമ രാത്രിയിൽ ഭർത്താവിന്റെ നെഞ്ചിൽ തല വച്ചു കരയുന്ന ഭാര്യയുടെ ചിത്രം നോക്കൂ. കാതിലിടുന്ന കുണുക്കു പോലെ കണ്ണീർത്തുള്ളി. ചില ആണുങ്ങൾ നൂലിൽ തൂക്കിപ്പിടിച്ചു കൊണ്ടു് നടക്കുന്ന ഒരുതരം വി. ഐ. പി. സൂപ്പർബാഗ് കണ്ടിട്ടില്ലേ? ആ ബാഗ് പോലുള്ള മൂക്ക്. പടവലങ്ങയുടെ ‘റ്റെൻഡ്രിൽസ്’ പോലെ തലമുടിച്ചുരുളുകൾ. പെണ്ണു കരയുകയാണെന്നാണു് സങ്കല്പം. പക്ഷേ, ചിരിക്കുകയാണെന്നേ തോന്നൂ. കൈയാണു് ബഹുകേമം. വാഴക്കൂമ്പു പോലിരിക്കുന്നു. പെണ്ണിന്റെ തുറപ്പ പോലുള്ള (ചൂലു പോലുള്ള) മുടിയിൽ ഒരുത്തൻ താടിയമർത്തി കണ്ണടച്ചിരിക്കുന്നു. ദുഃഖമല്ല അയാളുടെ മുഖത്തു്. ഈ മുടിയുടെ നാറ്റം എങ്ങനെ സഹിക്കാനാണു് എന്ന രീതിയിലാണു് മുഖഭാവം. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നു പറഞ്ഞതു പോലെ കഥയ്ക്കു ചേർന്ന പടം. ഈ കഥ അവസാനിക്കുന്നിടത്തു് മറ്റൊരു മാന്യൻ എഴുതിയ ഒരു കൊച്ചു ലേഖനമുണ്ടു്. അതിന്റെ തലക്കെട്ടു് “അതു കൊലപാതകമാണു്” എന്നത്രേ. എടത്വാ പരമേശ്വരന്റെ കഥയ്ക്കും ജയമോഹനന്റെ ചിത്രത്തിനും ചേർന്നതാണു് ഈ ‘ക്യാപ്ഷൻ’.

കലാപരമായ ആവിഷ്ക്കാരത്തിനു ജന്മനാ കഴിവുണ്ടായിരിക്കണം. ഉറൂബി ന്റെ ഒരു കഥയുടെ ആരംഭം നോക്കുക.

“നിരന്നു പരന്ന ചായത്തോട്ടവും, തോളുരുമ്മിയുരുമ്മി പോകുന്ന കുന്നുകളും പിമ്പുറത്തു ചിതറി കിടക്കുന്ന കുറച്ചു കാടും ശബ്ദ കോലാഹലമുണ്ടാക്കുന്ന പക്ഷികളും കഴിച്ചാൽ തികച്ചും ഏകാന്ത ഭീകരമായിരുന്നു ആ വയനാടൻ കുന്നിൻ ചെരുവിലുള്ള എന്റെ ജീവിതം”.

ഈ വാക്യം ഞാനൊന്നു മാറ്റി എഴുതട്ടെ:

“ചായത്തോട്ടങ്ങൾ നിരന്നു പരന്നവ. കുന്നുകൾ തോളുരുമ്മിയുരുമ്മി പോകുന്നു എന്നു തോന്നും. പിറകു വശത്തു് ചിതറി കിടക്കുന്നതു കുറച്ചു കാടാണു്. പക്ഷികൾ ശബ്ദ കോലാഹലമുണ്ടാക്കുന്നു. ഇവയൊഴിച്ചാൽ ആ വയനാടൻ കുന്നിൻ ചെരുവിലെ എന്റെ ജീവിതം ഏകാന്ത ഭീകരമായിരുന്നു”.

രണ്ടിലെയും ആശയങ്ങൾ സദൃശങ്ങൾ. എന്നാൽ ഉറൂബിന്റേതു് കലാത്മകമായ ഭാഷ. എന്റേതു് കലാരഹിതമായ ഭാഷ. സാഹിത്യകാരൻ പരമ ഫലത്തെ ലക്ഷ്യമാക്കി പദപ്രയോഗത്തിൽ ചില മാറ്റങ്ങൾ വരുത്തും. എടത്വാ പരമേശ്വരന്റെ ഇതിവൃത്തം ഉറൂബ് പ്രതിപാദിച്ചിരുന്നെങ്കിൽ അതു സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിച്ചേനേ. ജയമോഹനനു പകരം നമ്പൂതിരി യാണു് ചിത്രം വരച്ചെതെങ്കിൽ നമ്മൾ അതിൽ നിന്നു കണ്ണെടുക്കുമായിരുന്നില്ല. കഴിവുള്ളവരോടു് കഴിവില്ലാത്തവരെ താരതമ്യപ്പെടുത്തുകയല്ല ഞാൻ. സാഹിത്യമെന്തു് എന്നു വിശദമാക്കാൻ ശ്രമിക്കുന്നതേയുള്ളൂ.

ആണി അടിക്കുന്നു

ഈ ലോകത്തു് കള്ളം പറയാതെ ആർക്കും ജീവിക്കാൻ ഒക്കുകയില്ല. അതുകൊണ്ടു്, ഏറ്റവും കുറച്ചു കള്ളം പറയുന്നവനെ മാന്യനായി കരുതാം. ഞാൻ കള്ളം പറയും. അതു ചില സന്ദർഭങ്ങളിൽ മാത്രം. പുസ്തകമെഴുതി അതിന്റെ ഒരു പ്രതികൊണ്ടുവന്നു് അനുകൂലമായി പത്രത്തിൽ എഴുതണമെന്നു് എന്നോടു് ആവശ്യപ്പെടുന്നവർ ധാരാളം. അവരോടു് ‘എഴുതാം’ എന്നു ഞാൻ പറയും.

ഞാൻ ഒരിക്കൽ ഒരു റെയിൽവേയുടെ അടുത്തു താമസിച്ചിരുന്നു. എന്റെ വീടും പാളവും തമ്മിലുള്ള ദൂരം ഏതാനുമടികൾ മാത്രം. തീവണ്ടി ഇരമ്പി പോകുമ്പോൾ എന്റെ വീടു വിറയ്ക്കും. ഞാൻ ഞെട്ടും. ഋതുക്കൾ മാറുമ്പോൾ എന്റെ ഭവനത്തിനു മാറ്റം വരാറുണ്ടു്. കോടക്കാറ്റു് അടിക്കുമ്പോൾ അതു് പൂന്തോട്ടത്തിലെ പരിമളം അതു് ആവാഹിക്കും. ശരൽകാല നിശീഥിനികളിൽ അതു തെളിഞ്ഞു നിൽക്കും. പക്ഷേ, ശിശിരമായാലും ശരത്തായാലും റെയിൽവേക്കും തീവണ്ടിക്കും മാറ്റമില്ല. അതു ഭൂമണ്ഡലത്തെ പ്രകമ്പനം കൊള്ളിച്ചു പാഞ്ഞു പോകും. ആദ്യമൊക്കെ എനിക്കു വല്ലാത്ത അസ്വസ്ഥതയായിരുന്നു. ക്രമേണ അതു കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ തീരെയില്ലാതെയായി. ഏതു തീവണ്ടി എത്ര നിർഘോഷത്തോടെ പോയാലും ഞാനതു അറിയുകയില്ല എന്ന സ്ഥിതിയിലെത്തി. സാഹിത്യത്തിലും ഇതു തന്നെയാണു് സംഭവിച്ചതു്. ഇടപ്പള്ളി കവികളുടെ കാലം കഴിഞ്ഞു. ഇടശ്ശേരി, വൈലോപ്പിള്ളി, കുഞ്ഞിരാമൻ നായർ ഇവർ കാവ്യങ്ങൾ രചിച്ചു കൊണ്ടിരുന്നെങ്കിലും അവരുടെയും കാവ്യജീവിത കാലം കഴിഞ്ഞു. അപ്പോഴുണ്ടു് ആശാരിമാർ പലക കഷ്ണങ്ങൾ ചേർത്തു വച്ചു മരയാണികൾ അടിച്ചു കയറ്റുന്നതു പോലെ ആശയ ഫലകങ്ങൾ ചേർത്തു വച്ച് പദകീലങ്ങൾ അടിച്ചു കയറ്റുന്ന പുതിയ കവികൾ വരുന്നു. ഞാൻ ഞെട്ടിയില്ലെങ്കിലും അക്ഷരാർത്ഥത്തിൽ എനിക്കു വെറുപ്പുണ്ടായി. ഇന്നു് അമ്മട്ടിലുള്ള ഏതു ‘കാവ്യവും’ ഒരു ക്ഷോഭവും വിദ്വേഷവും കൂടാതെ എനിക്കു വായിക്കാൻ സാധിക്കും. തകഴി യും കേശവദേവും എഴുതി കൊണ്ടിരിക്കുമ്പോൾ തന്നെ “അവൾ മഞ്ഞ മഞ്ഞസ്സാരിയുടുത്തു് നീല നീല ബ്ലൗസിട്ടു് കാമുകന്റെ മാറിൽ ഒട്ടിയൊട്ടി നിന്നു” എന്നെഴുതുന്ന ഒരു കൂട്ടർ ആവിർഭവിച്ചു. കുറെയേറെ വായിച്ചപ്പോൾ പ്രതികരണമില്ലാതെയായി. അതുകൊണ്ടു് ഇന്നു ഉണ്ണി ജോസഫ് എന്ന സ്യൂഡോ സാഹിത്യകാരൻ “ഈ ഒഴുക്കിന്റെ മൃദുസ്വനങ്ങളിൽ, ഈ പച്ചപ്പടർപ്പുകളിൽ, ഈ പാറക്കൂട്ടങ്ങൾക്കിടയിൽ എത്രയോ വട്ടം, നമ്മൾ നിർവൃതികൾ കൈമാറിയിട്ടുണ്ടു്. രതീ… നീ ഓർക്കുന്നോ ആ സന്ധ്യകളൊക്കെ!” എന്നെഴുതുമ്പോൾ (എക്സ്പ്രസ്സ് വാരിക—‘പിന്നെയും ഒരു വസന്തം’) എനിക്കൊരു അസ്വസ്ഥതയുമില്ല. തീവണ്ടിയുടെ കാതടിപ്പിക്കുന്ന ശബ്ദം ഞാനറിയുന്നില്ല. ഈ പദങ്ങളുയർത്തുന്ന പ്രമേയവും മറ്റും പറയേണ്ടതില്ല. പൈങ്കിളിയാണു്. എല്ലാപ്പൈങ്കിളിക്കഥകൾക്കും ഒരു വിഷയവും ഒരു പ്രമേയവും മാത്രമേയുള്ളൂ.

സത്യം, അസത്യം
images/NKrishnaPillai01.jpg
എൻ. കൃഷ്ണപിള്ള

ഈ ലോകത്തു് കള്ളം പറയാതെ ആർക്കും ജീവിക്കാനൊക്കുകയില്ല. അതു കൊണ്ടു് ഏറ്റവുംകുറച്ചു കള്ളം പറയുന്നവനെ മാന്യനായി കരുതാം. ഞാൻ കള്ളം പറയും. അതു ചില സന്ദർഭങ്ങളിൽ മാത്രം. പുസ്തകമെഴുതി അതിന്റെ ഒരു പ്രതി കൊണ്ടുവന്നു് അനുകൂലമായി പത്രത്തിൽ എഴുതണമെന്നു് എന്നോടു് ആവശ്യപ്പെടുന്നവർ ധാരാളം. അവരോടു് ‘എഴുതാം’ എന്നു ഞാൻ പറയും. പിന്നേയും പിന്നേയും നിർബന്ധിക്കുമ്പോൾ ‘തീർച്ചയായും എഴുതാം’ എന്നായിരിക്കും എന്റെ മറുപടി. എഴുതുകയുമില്ല. അതിനു കാരണമില്ലാതില്ല. ഏതെങ്കിലും പുസ്തകം വായിച്ചു കഴിയുമ്പോൾ ഇതിനെക്കുറിച്ചു് എഴുതിയേ മതിയാവൂ എന്നു എനിക്കു തോന്നും. അതിനെപ്പറ്റി എഴുതും. എൻ. കൃഷ്ണപിള്ള യുടെ “പ്രതിപാത്രം ഭാഷണഭേദം” എന്ന ഗ്രന്ഥം വായിച്ചപ്പോൾ എഴുതിയേ മതിയാവൂ എന്നു് എനിക്കു തോന്നി. ഗ്രന്ഥകാരൻ അറിഞ്ഞതു പോലുമില്ല. ഞാനെഴുതി. ഇമ്മട്ടിലല്ലാതെ മേന്മയില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ചും എത്ര നിർബന്ധമുണ്ടായാലും ഞാൻ എഴുതുകില്ല. പ്രേരിപ്പിക്കുമ്പോഴൊക്കെ എഴുതാമെന്നു പറയും. ഈ അസത്യഭാഷണം ഭീരുത്വവും തെറ്റുമാണെന്നു് എനിക്കറിയാം. എങ്കിലും വായനക്കാർ എനിക്കു മാപ്പു തരണം. ഈ അസത്യഭാഷണത്തിലൂടെ ഗ്രന്ഥം നിരൂപണാർഹമല്ല എന്ന സത്യം ഞാൻ സ്പഷ്ടമാക്കുകയാണല്ലോ. സാഹിത്യം ഒരു തരത്തിൽ അസത്യകഥനമാണു്. പക്ഷേ ആ അസത്യകഥനം സത്യകഥനമായി തോന്നുന്നു എന്നതാണു് അതിന്റെ സവിശേഷത. വൈലോപ്പിള്ളിയുടെ ‘പാവക്കിനാവോ’ ഇടശ്ശേരിയുടെ ‘പൂതപ്പാട്ടോ’ വായിക്കൂ. അസത്യമാണു് രണ്ടുപേരും പറയുന്നതു്. എന്നാൽ കാവ്യങ്ങൾ വായിച്ചു കഴിയുമ്പോൾ സത്യത്തിന്റെ സത്യം നമ്മൾ ദർശിക്കുന്നു; അനുഭവിക്കുന്നു.

“നേരം പുലരുവാനേഴരനാഴിക

രാവിന്നുഷച്ചോപ്പിലേഴരഞ്ചാണാന

ആയിരംകൈത്തിരി കത്തിച്ചുനില്ക്കുമീ-

യേകാന്തദീപ്ത മനോഹരസംക്രമം”

എന്നു് അപ്പൻ തച്ചേത്തു് എഴുതിയതു (മാമാങ്കം) ഞാൻ ഏകാന്തതയിലിരുന്നു വായിക്കുമ്പോൾ ലയം നൽകുന്ന സുഖം എനിക്കുണ്ടാവുന്നു. എങ്കിലും സത്യമല്ലല്ലോ ഇതു എന്നൊരു തോന്നലും. “കന്യകമാർക്കു നവാനുരാഗങ്ങൾ കമ്രശോണ സ്ഫടികവളകൾ. ഒന്നു പൊട്ടിയാൽ മറ്റൊന്നു്…” എന്നു് ഉറക്കെച്ചൊല്ലുമ്പോൾ ലയത്തിലൂടെ ഞാൻ സത്യത്തിന്റെ മണ്ഡലത്തിൽ ചെല്ലുന്നു. ആ പ്രവേശം ഇവിടെ സാദ്ധ്യമാകുന്നില്ല.

ജോർജ് ജോസഫ് കെ.
images/MarieAntoinetteViking1933.jpg

ഷ്ടെഫാൻ ത്സ്വൈഹി ന്റെ (Stefan Zweig, 1881–1942, ആസ്ട്രിയൻ സാഹിത്യകാരൻ) “മേറീ ആങ്ത്വേനതു്” (Marie Antoiette) എന്ന ഗ്രന്ഥം ഞാൻ വായിച്ചിട്ടുണ്ടു്. അതിൽ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം വിവരിച്ചിരിക്കുന്നു. രാജ്ഞിയും അവരുടെ ആറോ ഏഴോ വയസ്സുള്ള മകനും കാരാഗൃഹത്തിലെ ഒരു മുറിയിൽ കഴിയുകയാണു്. വിപ്ലവകാരികൾ പറഞ്ഞു അമ്മ മകനുമായി ലൈംഗികവേഴ്ച നടത്തിയിരുന്നുവെന്നു്. മകനെക്കൊണ്ടു് അവർ അതു പറയിച്ചപ്പോൾ മേരി കണ്ണീരോടെ അറിയിച്ചു: “ഒരു കൊച്ചു കുഞ്ഞിനെക്കൊണ്ടു നിങ്ങൾക്കു് എന്തും പറയിക്കാമല്ലോ”. (ഓർമ്മയിൽ നിന്നു് എഴുതുന്നു.) അതിനു ശേഷം രണ്ടുപേരെയും രണ്ടു തടവറകളിലാക്കി അവർ. ഫ്രഞ്ച് വിപ്ലവകാരികളും ഇന്നത്തെ ലോകത്തെ മറ്റേതു രാജ്യത്തിലെ ആളുകളും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഒരു രസത്തിനു വേണ്ടി ആളുകൾ എന്തും ഏതും ആരെക്കുറിച്ചും പറയും, പ്രചരിപ്പിക്കും. ഈ അപവാദ വ്യവസായവും വ്യക്തിദ്രോഹവും മനുഷ്യനെ ഏതു ദുരന്തത്തിലെത്തിക്കുമെന്നു് ജോർജ് ജോസഫ് കെ. ഹൃദ്യമായ ഒരു ചെറുകഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നു (മനോരാജ്യം, കുരിശിലെ രാത്രി). സഹോദരനും സഹോദരിയും. അവർ ഒരുമിച്ചു കഷ്ടപ്പെട്ടു കഴിയുന്നു. സമുദായം അയാളെ കൂട്ടിക്കൊടുക്കുന്നവനെന്നു വിളിച്ചു. അവളുടെ ജാരനാക്കി. ഒടുവിൽ അവളെ ബലാൽസംഗം ചെയ്തിട്ടു് പള്ളിയിലെ പാതിരി ചെയ്തതാണു് അതെന്നു വരുത്തിക്കൂട്ടി, നിയന്ത്രണത്തോടുകൂടി സുശിക്ഷിതത്ത്വത്തോടുകൂടി കഥാകാരൻ എഴുതുന്നു. ശൈഥില്യം ഒരിടത്തുമില്ല. അതീഭാവുകത്വം തീരെയില്ല. കോപമില്ല. നിസ്സംഗതയോടെ നിന്നു “നോക്കൂ, ഇതാണു ലോകം” എന്നു കഥാകാരൻ പറയുന്നു. നമ്മൾ നോക്കുന്നു. ഞെട്ടുന്നു. മനുഷ്യന്റെ വേദനകളിൽ പ്രതികരിക്കാൻ കഴിയുന്ന ഒരെഴുത്തുകാരന്റെ സർഗ്ഗാത്മകത്വം ഞാൻ ഈ കഥയിൽ ദർശിക്കുന്നു.

സോപ്പ് എവിടെ?

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ അംഗവും ധനകാര്യ മിനിസ്ട്രിയിൽ മുൻപു് ജോയിന്റ് സെക്രട്ടറിയുമായിരുന്ന ജഗന്നാഥ് പ്രസാദ് ദാസ് ഒറീസ്സയിലെ വലിയ സാഹിത്യകാരനാണെന്നു ഇലസ്ട്രേറ്റഡ് വീക്ക്ലിയിൽ കാണുന്നു.അദ്ദേഹത്തിന്റെ The spider’s Web എന്ന ചെറുകഥ ഒറിയ ഭാഷയിൽ നിന്നു മൂന്നുപേർ കൂടി ചേർന്നു ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തു നമുക്കു തരുന്നു. വീക്ലിയുടെ പ്ലേറ്റിൽ ഇരിക്കുന്ന ഈ കട്ട്ലറ്റ് നമ്മുടെ ഈസ്തെറ്റിക് ഡിജസ്ച്ചനു വേണ്ടി (aesthetic digestion) തിന്നാവുന്നതേയുള്ളൂ. ഞാൻ മാംസം കഴിക്കുന്നവനല്ല. എങ്കിലും സെക്സിന്റെ ഇറച്ചി കൊണ്ടുണ്ടാക്കിയ ഈ കട്ലറ്റ് ഞാൻ ചവച്ചരച്ചു തിന്നു. ഇനി ഒരു ഡോസ് കാർമിനേറ്റീവ് മിക്സ്ചർ കഴിക്കണം. ഭാര്യയും ഭർത്താവും. ബന്ധം അതായിട്ടും സെക്സിന്റെ അതിപ്രസരവും അധിപ്രസരവും. (അതിപ്രസരം=ആധിക്യം, അധിപ്രസരം=സ്വാധീനം) ഓഫീസിൽ പോകാൻ അവൾ അയാളുടെ മുൻപിൽ നിന്നു സാരി മാറുന്നു. അയാൾക്കു കാമമിളകി [ഏതു ഭർത്താവിനാണു് ഭാര്യയുടെ നഗ്നത കണ്ടു കാമമിളകുന്നതു്?—ലേഖകൻ]. അവൾ ഓഫീസിൽ പോകരുതെന്നു് അയാൾ. ഡ്രസ്സ് ചെയ്തു കഴിഞ്ഞിട്ടു് അയാൾ അഭ്യർത്ഥിക്കാതെ തന്നെ അവൾ അതഴിച്ചിടുന്നു. പിന്നെ അവൾ അയാളുടെ ഷർട്ട് അഴിച്ചു് തോളിൽ കടിക്കുന്നു. അയാൾ അവിടെ നിന്നു പോകാൻ ഭാവിക്കുന്നു. ഒടുവിൽ തിരിച്ചു വന്നു് കിടക്കയിൽ കിടന്നു് ഷൂസ് ഊരുന്നു. (അയാൾ മാർകേസി ന്റെ നോവൽ വായിച്ചിട്ടില്ല. ‘കുലാധിപതിയുടെ പതനം’ എന്ന നോവലിലെ ഡിക്ടേറ്റർ ബൂട്ട്സ് ധരിച്ചുകൊണ്ടാണു് വേഴ്ച നടത്തുന്നതു്.) ഈ കഥയിൽ കലയില്ല. വിഷ്ഫുൾ തിങ്കിങ്ങേയുള്ളൂ. കഥയ്ക്കു ഗൗരവം വരുത്തനായി സിംബലിസം കയറ്റിയിട്ടുണ്ടു് കഥാകാരൻ. ഒരെട്ടുകാലി മുറിയുടെ ഒരു ഭാഗത്തു് വല നെയ്യുന്നു. സൗന്ദര്യത്തിന്റെയും സെക്സിന്റെയും വല നെയ്തു അവൾ അയാളെ വീഴ്ത്തുമെന്നു സൂചന. പെൺ ചിലന്തി ആൺ ചിലന്തിയെ ചിലപ്പോൾ തിന്നാറുണ്ടല്ലോ. അവളും അതു ചെയ്തേക്കും. ഇത്ര ചീപ്പായ—വിലകുറഞ്ഞ സിംബലിസം ഇക്കാലത്തുമാകാമെന്നു കരുതിയ ചങ്കൂറ്റം അസാധാരണം തന്നെ. ദാരിദ്ര്യം കൊണ്ടു് മുഷിഞ്ഞ ഷർട്ടും പാന്റ്സും മാറ്റാൻ ചിലർക്കു വയ്യ. എങ്കിലും ശുചിത്വം പരിപാലിക്കുന്നവരുടെ ഇടയിൽ അവർക്കു കയറിച്ചെല്ലണം, അങ്ങനെ തള്ളിക്കയറുന്ന ഭാവനാദരിദ്രനാണു് ജഗന്നാഥ് പ്രസാദ് ദാസ് ഐ. എ. എസ്സ്. “ദൂതു്” എന്ന വിശിഷ്ടമായ കഥയെഴുതിയ സേതു വിന്റെ നാട്ടിലേക്കാണല്ലോ അദ്ദേഹം വരുന്നത്! വസ്ത്രങ്ങൾ കഴുകാൻ വാഷിങ്സോപ്പ്, വായനക്കാരായ ഞങ്ങൾ ജഗന്നഥ് പ്രസാദ് ദാസിനു് അയച്ചുകൊടുക്കാം.

ചെറിയാൻ കെ. ചെറിയാൻ

അടൂർ ഭാസി യുടെ ഒരു നേരമ്പോക്കുണ്ടു്. ‘ദുനിയാമ്മേ കോൻ ഹമാര’ എന്ന നാലു വാക്കറിഞ്ഞാൽ വടക്കേയിന്ത്യ മുഴുവൻ സഞ്ചരിക്കാമെന്നു്. ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ കൈകൊണ്ടു് ഗ്ലാസ്സിന്റെ ആകൃതി കാണിക്കണം. വെള്ളം കുടിക്കുന്ന രീതി നടിക്കണം. കൂടെ മുകളിലെഴുതിയ വാക്കുകളും പറയണം. വെള്ളം കിട്ടും. “നീ ഇത്രയ്ക്കു ചീത്തയായിപ്പോയോ?” എന്നാണു ചോദിക്കേണ്ടതെങ്കിൽ മുഖമൊന്നു വക്രിപ്പിച്ചു് രണ്ടു കൈകൊണ്ടും യോജിച്ച ചേഷ്ടകൾ കാണിച്ചു് ഈ ഹിന്ദി വാക്കുകൾ പറഞ്ഞാൽ മതി. ശ്രോതാവിനു കാര്യം മനസ്സിലാകും.

images/JonathanSwift.jpg
സ്വിഫ്റ്റ്

സ്വിഫ്റ്റി ന്റെ Gulliver’s Travels എന്ന കൃതിയിലെ ഒരു ഭാഗം ഓർമ്മയിലെത്തുന്നു. കഥാനായകന്റെ മൂന്നാമത്തെ യാത്രയാണു്. ആ യാത്രാവിവരണത്തിലൊരിടത്തു് സ്വിഫ്റ്റ് ഇങ്ങനെ ഒരഭിപ്രായം രേഖപ്പെടുത്തുന്നു. എപ്പോഴും സംസാരിച്ചാൽ ശാസകോശത്തിനു കേടുവരും. ഒരു വാക്കു പറയുമ്പോൾ ശ്വാസകോശം ചുരുങ്ങും. പലവാക്കുകളായാലോ? പിന്നെ പറയാനുമില്ല. അതുകൊണ്ടു് നമുക്കെന്തെല്ലാം വേണമോ അവയൊക്കെ മുതുകിൽ കെട്ടിക്കൊണ്ടു നടക്കണം. ആപ്പിൾ വേണോ? മുതുകിൽനിന്നു് ഒരാപ്പിളെടുത്തു കാണിച്ചു് ആംഗ്യം പ്രദർശിപ്പിക്കണം. അനേകം ആപ്പിൾ കിട്ടും. വാക്കും വസ്തുവും തമ്മിൽ ബന്ധമില്ലെന്നു കാണിക്കുകയാവണം സ്വിഫ്റ്റ്. മഹാനായ സ്വിഫ്റ്റ് എവിടെ? ക്ഷുദ്രജീവിയായ ഞാനെവിടെ? എങ്കിലും സ്വിഫ്റ്റിനോടു് എനിക്കു് യോജിക്കാൻവയ്യ. വാക്കും വസ്തുവും ഒന്നാണു്. വേറേ, വേറേ എന്ന നിലയല്ല അവയ്ക്കു്. വാക്കു വസ്തുവായും വസ്തു വാക്കായും ആവിർഭവിക്കുന്നു. ഞാൻ എഴുതാനുപയോഗിക്കുന്ന ഈ ഉപകരണത്തെ പൊതിയുന്ന ഒന്നാണു് ‘പേന’ എന്ന പദമെന്നു് ചിലർ കരുതുന്നു. അതു ശരിയല്ല. ഈ ഉപകരണവും പേന എന്ന വാക്കും വിഭിന്നമല്ല. പാർവ്വതീ പരമേശ്വരന്മാരെപ്പോലെ ജോജിച്ചിരിക്കുന്നു വാക്കും അർത്ഥവും. ഈ ചേർച്ച കാണണമെങ്കിൽ ചെറിയാൻ കെ. ചെറിയാൻ കലാകൗമുദിയിലെഴുതിയ “മത്സ്യഗന്ധി” എന്ന സുന്ദരമായ കാവ്യം വായിക്കണം. നാടകീയത നിറഞ്ഞുനില്ക്കുന്ന ഒരു പുരാണകഥാസന്ദർഭത്തെ കവി ഭാവനകൊണ്ടു പുനരാവിഷ്കരിക്കുന്നു. അതിനു് അദ്ദേഹത്തെ സഹായിക്കുന്നതു് വാക്കുകളുടെ സർഗ്ഗാത്മകമായ പ്രയോഗമാണു്.

ശ്രീലയമുനാനദീതട സീമകൾ

ആവിലമാക്കും രജനിയൊന്നിൽ

ഓളം തുളുമ്പുന്നതീരത്തു ചേർന്നൊരു

കേവഞ്ചിമെല്ലെയുലഞ്ഞിരുന്നു.

വഞ്ചിതൻ വക്കത്തിരുന്നൊരുപെൺകൊടി

എന്തോ പ്രതീക്ഷിക്കയായിരുന്നു.

ആയവളായതലോചനാൽ ശ്രദ്ധിച്ച

തേതോ ലതാഗൃഹമായിരുന്നു.

ഇത്രയും വായിച്ചുകഴിയുമ്പോൾ മത്സ്യഗന്ധിയും ശന്തനുവും ദേവവ്രതനും നമ്മുടെ മുൻപിൽ വരികയായി. അവരും പദങ്ങളും ഒന്നായി മാറുന്നു. അടുത്തകാലത്തു വായിച്ച ഉത്കൃഷ്ടങ്ങളായ കാവ്യങ്ങളിൽ ഒന്നാണു് ചെറിയാൻ കെ. ചെറിയാന്റെ “മത്സ്യഗന്ധി”. ഇദ്ദേഹം വളരെക്കാലം മൗനം അവലംബിച്ചതു് ശരിയായില്ല എന്നു് സ്നേഹം നല്കുന്ന അധികാരമുപയോഗിച്ചു പറയട്ടെ (സ്നേഹം എന്ന വാക്കു പ്രയോഗിച്ചതു് തെറ്റിദ്ധാരണയ്ക്കു് ഇടയാകരുതേ. ഞാൻ ചെറിയാൻ കെ. ചെറിയാനെ ഇതു് എഴുതുന്ന നിമിഷം വരെ കണ്ടിട്ടില്ല).

കുട്ടനാട്ടു രാമകൃഷ്ണപിള്ള എന്നോടുപറഞ്ഞതാണിതു്: ഫിലിപ്പീൻസിൽ ചെന്നയുടനെ അതിസുന്ദരിയായ ഒരു തരുണി പൂമാല കഴുത്തിലിട്ടു്, ‘അലോഹ’ എന്നു പറഞ്ഞു് കെട്ടിപ്പിടിച്ചു. അവിടുത്തെ ഒരു ഭക്ഷണശാലയിൽ എഴുതിവച്ചിരിക്കുന്നു: സിഗററ്റ്കുറ്റികൾ നിങ്ങൾ കപ്പിലും സോസറിലും ഇടുകയാണെങ്കിൽ നിങ്ങൾക്കു കാപ്പി ആഷ്ട്രേയിൽ തരുന്നതാണു്. വാക്കുകളെ അനുഗൃഹീതരായ കവികൾ ഛന്ദസ്സിലിടുമ്പോൾ നവീനന്മാർ അവയെ നാലുപാടും വിതറുന്നു. ഛന്ദസ്സിലായ വാക്കുകളെ നമുക്കു് അടർത്തിയെടുക്കാൻ വയ്യ. വാരിവിതറിയ വാക്കുകളെ നമുക്കെടുത്തു കവിയുടെ മുഖത്തേക്കു തിരിച്ചെറിയാം. ആഷ്ട്രേയിൽ കാപ്പി കിട്ടാൻ മാത്രം അർഹതയുള്ളവരാണു് അവർ.

ബോംബെയിൽ നിന്നു നിർമ്മലാ വർമ്മ എഴുതുന്നു: “ഇപ്പോൾ നിങ്ങളുടെ സൈഡ് പോസല്ലേ കലാകൗമുദിയിൽ കൊടുക്കുന്നതു്. ശരിയായ മുഖം കാണിക്കാൻ പത്രാധിപരോടു പറയൂ. നിങ്ങളുടെ മുഖത്തിന്റെ കുത്സിതത്വവും ദുഷ്ടതയും ഞങ്ങൾ കാണട്ടെ”. ഈ കത്തെഴുതിയ നിർമ്മലയുടെ ശരിയായ പേരു് നിർമ്മലയെന്നല്ല. അതിരിക്കട്ടെ, എന്റെ ദുഷ്ടതയും കുത്സിതത്വവും ആ സൈഡ്പോസിലും കാണാം. പിന്നെ എന്റെ മുഖത്തിന്റെ ആകൃതി എന്നെ വിഷമിപ്പിക്കാറില്ല. കണ്ണാടിയില്ലാതെ എനിക്കതു കാണാൻ വയ്യല്ലോ. പക്ഷേ, ഇമ്മാതിരി കത്തെഴുതുന്നവരുടെ മുഖം എന്റെ മുഖത്തെക്കാൾ ദുഷ്ടവും കുത്സിതവുമായിരിക്കും. ആ തിന്മകളുള്ളവർക്കേ ഇങ്ങനെ എഴുതാൻ പറ്റൂ.

നാനാവിഷയകം

“ആത്മാവിലമൃതംപൊഴിക്കുമപ്രഭാതത്തി

ലാദ്യമായ് തമ്മിൽക്കണ്ട സുന്ദര നിമിഷത്തിൽ

മുഗ്ദ്ധസങ്കല്പത്താലെൻമനം മയൂരമായ്

നിത്യദാഹമായ്, നിത്യമോഹവുമായി പിന്നെ”

സുധാകരൻ ആർ. കൊടുവത്തു് ചന്ദ്രിക വാരികയിലെഴുതിയ കാവ്യത്തിന്റെ ആരംഭം ഇങ്ങനെയാണു്—വികാരമില്ലാത്ത വെറും വാക്കുകളാണിവ. മുത്തില്ലാത്ത ചിപ്പി. ഒരു പഴഞ്ചൊല്ലുണ്ടു്. ലോകത്തു് ഒരു കുഞ്ഞിനേ സൗന്ദര്യമുള്ളു; അതു് ഓരോ അമ്മയുടെയും കുഞ്ഞാണു്. അതുകൊണ്ടു് സുധാകരനു് തന്റെ ആത്മസന്താനമായ ഈ ‘കാവ്യം’ മനോഹരമായി തോന്നുന്നുണ്ടാവും.

images/Mesmer.jpg
മെസ്മർ

ലോകഫുട്ബോളിന്റെ മാസ്മരികത എന്നു് കെ. ആർ. വേണുഗോപാൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ—മാസ്മരികത എന്നൊരു വാക്കു് ഇല്ല. മെസ്മർ എന്ന ഭിഷഗ്വരനിൽനിന്നുണ്ടായതാണു് മാസ്മരം. അതിനെയാണു് മാസ്മരികതയാക്കുന്നതു്. റിപ്വാൻവിങ്കിളി നെ പണ്ടാരോ ത്രിഭുവനവെങ്കലനാക്കിയതു് ഓർമ്മയിലെത്തുന്നു.

പ്രഥമരാത്രിയിൽ വരൻ സ്ക്വാഷ് കുപ്പിയിലാക്കിവച്ച് താൻ കുടിയനാണെന്നു് വധുവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവൾ ആദ്യം വിശ്വസിച്ചു. പിന്നീടു് നേരമ്പോക്കു് മനസ്സിലാക്കി. കാലം ചെന്നപ്പോൾ അവൾക്കു മദ്യം ഒഴിച്ചുകൂടാൻപാടില്ലാത്തതായി. പി. സജികുമാർ ജനയുഗം വാരികയിലെഴുതിയ ജി. കെ. നായരുടെ ‘മണിയറയിൽ’ എന്ന കഥയാണിതു്—കടങ്കഥ ചോദിക്കട്ടെ.

ചോദ്യം, ഉത്തരം

ചോദ്യം: ഇട്ടാ പൊട്ടാ ഇംഗ്ളീഷ്മുട്ട?

ഉത്തരം: കടുകു്.

ചോദ്യം: ഒരു കുപ്പിയിൽ രണ്ടു്?

ഉത്തരം: മുട്ട.

ചോദ്യം: ഓർക്കാപ്പുറത്തു കേറി കടിക്കുന്നതെന്തു്?

ഉത്തരം: സജികുമാറിന്റെ കഥ.

ഇന്ത്യൻ ചെസ്സിൽ മന്ത്രിക്കു വലിയ ശക്തിയില്ല. ഇംഗ്ലീഷ് ചതുരംഗക്കളിയിൽ മന്ത്രിക്കുപകരം രാജ്ഞിയാണു്. രാജ്ഞിക്കു് എന്തെന്നില്ലാത്ത ശക്തിയാണു്. കുറുകെയും നെടുകെയും ഏങ്കോണിച്ചും എത്രവേണമെങ്കിലും പോകാം. കാലാൾ രണ്ടു ചതുരംഗക്കളിയിലും അശക്തം. എന്നാൽ ഇംഗ്ലീഷ് ചെസ്സിൽ കാലാൾ പ്രതിയോഗിയുടെ ഒന്നാം വരിയിലെത്തിയാൽ രാജ്ഞിയായി മാറും. നമ്മുടെ നാട്ടിൽ വിദഗ്ദ്ധനായ ഒരു ചതുരംഗം കളിക്കാരനുണ്ടു്. പേരു പറയാൻ മടി. അദ്ദേഹം ഒരു കാലാളിനെ മുന്നോട്ടുനീക്കിക്കൊണ്ടിരിക്കുന്നു. പ്രതിയോഗി സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ കാലൾ രാജ്ഞിയാകും. ഇപ്പോഴേ കാലാൾ പല കരുക്കളെയും വെട്ടുന്നു. രാജ്ഞി ആയാലുള്ള കഥ പറയാനുമില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-07-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.