സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-07-20-ൽ പ്രസിദ്ധീകരിച്ചതു്)

രാജവാഴ്ച അവസാനിച്ചു. മന്ത്രിസഭ അധികാരമേറ്റു. ആദ്യത്തെ പ്രധാനമന്ത്രി പട്ടം താണുപിള്ള യായിരുന്നു. എന്നാൽ അദ്ദേഹത്തിനും മറ്റു മന്ത്രിമാർക്കും വളരെക്കാലം ഭരിക്കാൻ കഴിഞ്ഞില്ല. മന്ത്രിസഭ വീണ ദിവസം വൈകുന്നേരം തിരുവനന്തപുരത്തെ പഴവങ്ങാടി മൈതാനത്തു സമ്മേളനമുണ്ടായിരുന്നു. പ്രധാന മന്ത്രിയുടെ പ്രവർത്തികളെ നീതിമത്കരിക്കാനായി കൂടിയ ആ സമ്മേളനത്തിലെ പ്രധാനപ്പെട്ട പ്രഭാഷകൻ ഗാന്ധിജി യുടെ ശിഷ്യനായ ജി. രാമചന്ദ്രനാ യിരുന്നു. പട്ടം താണുപിള്ളയെ അവഹേളിക്കാൻ സന്നദ്ധരായി നിന്ന ആളുകളെ നോക്കിക്കൊണ്ടു് വാഗ്മിതയോടെ രാമചന്ദ്രൻ പ്രസംഗിച്ചു. പ്രഭാഷണം അടിക്കടി ഉജ്ജ്വലമായി വന്നപ്പോൾ അതിനു യോജിച്ച മട്ടിൽ ആളുകളുടെ ശത്രുതയും കുറഞ്ഞു വന്നു. ഒടുവിൽ വാഗ്മിയായ രാമചന്ദ്രൻ പറഞ്ഞു: ഞാൻ ഇനി ഇവിടെനിന്നു “പട്ടം താണുപിള്ള കി… ” എന്നു പറയുമ്പോൾ നിങ്ങൾ ‘ജേ’ എന്നു വിളിക്കണം. രാമചന്ദ്രൻ “പട്ടം താണുപിള്ള കി… ” എന്നു വിളിച്ചു. സദസ്സാകെ ഇളകിമറിഞ്ഞു ‘ജേ’ എന്നും വിളിച്ചു. പിന്നെ ‘ജേ’ വിളികളുടെ ബഹളമായിരുന്നു. താണുപിള്ളസ്സാറിനു സന്തോഷമായി. എനിക്കിപ്പോൾ ഓർമ്മവന്നതു് മാർക്ക് ആന്റണി പ്രസംഗിച്ചു ബ്രൂട്ടസി നെതിരായി ആളുകളെ ഇളക്കിവിട്ടതാണു്. കരഘോഷത്തിനും ആർപ്പുവിളികൾക്കുംശേഷം ജനങ്ങൾ പിരിഞ്ഞ് വീട്ടിലെത്തിയപ്പോഴും അവർക്കു് അതേ ചേതോവികാരംതന്നെ ഉണ്ടായിരുന്നോ? ജനക്കൂട്ടത്തിൽനിന്നു് ഉദ്ഭവിക്കുന്ന ഒരുതരം വിഷംകുടിച്ചു് മതിമയങ്ങിയല്ലേ അവർ ‘ജയ്’ ശബ്ദംമുഴക്കിയതു്? ആ വിഷം ജി. രാമചന്ദ്രന്റെ വാഗ്മിത പ്രദാനം ചെയ്തതല്ലേ? ഈ ചോദ്യങ്ങൾക്കു് എനിക്കു് ഉത്തരം നല്കാൻ അറിഞ്ഞുകൂടാ.

അടുത്ത ദിവസം തിരുവനന്തപുരത്തെ വൈ. ഡബ്ലിയൂ. സി. എ. ഹാളിനു് എതിരുവശത്തുള്ള ഒരു കൊച്ചുകെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽവച്ചു് ചെറിയ സമ്മേളനമുണ്ടായിരുന്നു. അമ്പതു് ആളുകൾ വരും. രാഷ്ട്രവ്യവഹാരത്തിൽ പയറ്റിത്തെളിയാത്ത ഒരു ചെറുപ്പക്കാരൻ പട്ടം താണുപിള്ളയുടെ പ്രവർത്തനങ്ങളുടെ സ്വാഭാവം വിശദീകരിച്ചു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു മറിച്ചിട്ടതു ശരിയായില്ല എന്നു ധ്വനിപ്പിച്ചു പ്രസംഗിച്ചു. അദ്ദേഹം പ്രഭാഷണം കഴിഞ്ഞു് ഇരുന്നപ്പോൾ ആരും കൈയടിച്ചില്ല. ‘ജയ്’ എന്ന ശബ്ദം മുഴങ്ങിയില്ല. എങ്കിലും താണുപിള്ളസ്സാറിനെ ചതിച്ചതു ശരിയായില്ല എന്ന തോന്നൽ ഓരോ വ്യക്തിക്കും ഉണ്ടായി. വിഷാദത്തോടെയാണു്, ആർദ്രനയനങ്ങളോടെയാണു് ഓരോ ആളും വീട്ടിലേക്കു പോയതു്. ആദ്യത്തെ പ്രഭാഷണം കേട്ടവർ സുഖമായി ഉറങ്ങിയിരിക്കും. രണ്ടാമത്തെ പ്രഭാഷണം കേട്ടവർ കട്ടിലിൽ താനേ തിരഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചിരിക്കും. ഈ രണ്ടു സംഭവങ്ങളും ചില സത്യങ്ങൾ നമ്മെ ഗ്രഹിപ്പിക്കുന്നു. ജി. രാമചന്ദ്രൻ നടത്തിയതു് നാടകമാണു്. പ്രധാനപ്പെട്ട അഭിനേതാവു് അദ്ദേഹം തന്നെ, രണ്ടാമത്തേതു് മനുഷ്യത്വത്തിനു് പരമപ്രധാന്യമുളള സാധാരണ ജീവിതഭാഗം. മാർക്ക് ആന്റണിയുടെ പ്രഭാഷണം കേട്ടു് അക്കാലത്തെ സദസ്സു് കൈയടിച്ചതുപോലെ പഴവങ്ങാടി മൈതാനത്തിലെ സദസ്സു് രാമചന്ദ്രന്റെ പ്രസംഗംകേട്ടു് കൈയടിച്ചു. അവിടെ ഇളകിയ വികാരത്തിനാണു് പ്രാധാന്യം. നമുക്കു വേണ്ടത്തക്ക ഒരാളിനു വീഴ്ചവന്നാൽ നിശ്ശബ്ദദുഃഖത്തിനു വിധേയരായി നമ്മളിരിക്കുമല്ലോ. അതാണു് രണ്ടാമത്തെ സംഭവത്തെക്കുറിച്ചു് എടുത്തു പറയാനുള്ളതു്. ദൗർഭാഗ്യത്താൽ അഭിനേതാക്കന്മാർക്കാണു് എപ്പോഴും സ്ഥാനമുള്ളതു്. ആർജ്ജവമുള്ളവർ പുറന്തള്ളപ്പെടുന്നു. സാഹിത്യത്തിലും ഇങ്ങനെതന്നെ. കവിതയെന്നു വിളിക്കാൻ വയ്യാത്ത, കഥയെന്നു വിളിക്കാൻ വയ്യാത്ത ‘റിട്ടറിക്കൽ പെർഫോമൻസ്’ ഇന്നു് എല്ലാവർക്കും യഥാർത്ഥമായ കവിതയും യഥാർത്ഥമായ കഥയുമായി ഭവിച്ചിരിക്കുന്നു. അഭിനേതാക്കൾക്കാണു് ഇന്നു് അംഗീകാരം. സത്യസന്ധന്മാർക്കല്ല.

ദോഷമുണ്ടെങ്കിലും…

കുറച്ചുകാലം മുൻപു് പുസ്തകങ്ങൾ നിറച്ച അഞ്ചുപെട്ടികളുമായി ഞാൻ വടക്കേയിന്ത്യയിലേക്കു പോകുകയായിരുന്നു. രണ്ടു ശക്തന്മാർ പൊക്കിയാലും പൊങ്ങാത്ത രീതിയിൽ ഭാരമുള്ളതാണു് ഓരോ പെട്ടിയും. എനിക്കു് ഇറങ്ങേണ്ട തീവണ്ടിയാപ്പീസിൽ തീവണ്ടി രണ്ടു മിനിറ്റേ നില്ക്കൂ. എന്താണു ചെയ്യേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു് ഇരുന്നു. സ്ഥലമടുക്കാറായി. ഓരോ പെട്ടിയും വലിച്ചിഴച്ചു് വാതിലിനു് അടുത്തുകൊണ്ടുവയ്ക്കാൻ ഞാൻ തീരുമാനിച്ചു. സീറ്റിനടിയിൽ നിന്നു അതു് വലിച്ചെടുക്കാൻ ശ്രമിച്ചിട്ടു് ഒരു ഫലവുമില്ല. ഒരിഞ്ചുപോലും ഒരു പെട്ടിയും മുന്നോട്ടുവരുന്നില്ല. ഇതു കണ്ട നാലഞ്ചു ചെറുപ്പക്കാർ തിടുക്കത്തിൽവന്നു് “സാറങ്ങു മാറിനിന്നാട്ടെ” എന്നുപറഞ്ഞു് ഏതാനും നിമിഷങ്ങൾകൊണ്ടു് പെട്ടികളത്രയും വാതിലിനു് അടുത്താക്കി. തീവണ്ടി, സ്റ്റേഷനിലെത്തി. അവർ പ്ളാറ്റ്ഫോമിൽ ചാടിയിറങ്ങി എല്ലാം വലിച്ചുതാഴെയിറക്കി. തീവണ്ടി നീങ്ങി. അവർക്കു നന്ദി പറയാൻ ഞാൻ വണ്ടിക്കകത്തേക്കു നോക്കുകയാണു്. ആരെയും കാണാനില്ല. ഉപകാരം ചെയ്തിട്ടു് അവർ സ്വന്തം ഇരിപ്പിടങ്ങളിൽ ചെന്നു് ഇരിക്കുകയാണു്. നല്ലയാളുകൾ ഇത്തരത്തിലത്രേ. പ്രവർത്തിക്കാനുള്ളതു പ്രവർത്തിച്ചിട്ടു് അവർ അകന്നുപോകുന്നു. തങ്ങൾ ഇന്നതു ചെയ്തു എന്നു് അവർ ഓർമ്മിക്കപോലുമില്ല. ഞാൻ ഇതെഴുതുന്നതു് അവരിലാരെങ്കിലും വായിക്കുമോ എന്നു് എനിക്കറിഞ്ഞുകൂടാ. വായിക്കുകയാണെങ്കിൽ അവർ ഈ പഴയ കാര്യം ഓർമ്മിച്ചെന്നുവരും, അത്രേയുള്ളൂ.

ഈ ലോകത്തു് ഇങ്ങനെയാണു് ജീവിക്കേണ്ടതു് എന്ന തത്ത്വം എന്നെ പഠിപ്പിച്ച ഒരു ചെറുകഥ കുങ്കുമം വാരികയിലുണ്ടു്. ഗോപിക്കുട്ടൻ എഴുതിയ ‘മനുഷ്യചരിത്രത്തിൽനിന്നു് ഒരേടു്’. ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനെപ്പോലെ കഴിഞ്ഞുകൂടിയ ഒരു വക്കീൽ. എല്ലാ കുസൃതിത്തരങ്ങളും ഡക്ക്വേലകളും അയാളുടെ കൈയിലുണ്ടു്. അവയുടെ സഹായത്താൽ അയാൾ ജീവിതത്തിൽ ഉയർന്നു. വളരെ ഉയർന്നു. സെക്സ്, അസത്യം, വഞ്ചന ഇവയെല്ലാമാണു് അയാളുടെ ഉറ്റതോഴന്മാർ. പക്ഷേ ഏതു് ആക്ഷനും റിയാക്ഷനുണ്ടു്. ന്യൂട്ടന്റെ സിദ്ധാന്തം ശരിയാണു് നിത്യജീവിതത്തെസ്സംബന്ധിച്ചും. വക്കീലിനു തൂങ്ങിച്ചാകേണ്ടിവന്നു. അയാൾ താമസിച്ചിരുന്ന കെട്ടിടം ഒരു ദന്ത വൈദ്യൻ കുറഞ്ഞവിലയ്ക്കു വാങ്ങി. ഏതാനും ദിവസങ്ങൾക്കകം വക്കീൽ വിസ്മരിക്കപ്പെട്ടു. ഗൗരവമാർന്ന വിഷയങ്ങളെ ഹാസ്യം കലർത്തി വർണ്ണിച്ചു് മനുഷ്യജീവിതം ഈ വിധത്തിലുള്ളതാണെന്നു് നമ്മളെ ഗ്രഹിപ്പിക്കാൻ ഗോപിക്കുട്ടനു വൈദഗ്ദ്ധ്യമുണ്ടു്. മനുഷ്യരുടെ രൂപങ്ങളെ യഥാർത്ഥമായ രീതിയിൽ പകർത്തിയെന്നു പറഞ്ഞു് മീക്കലാഞ്ചലോ യെപ്പോലും വിമർശകർ കുറ്റപ്പെടുത്തിയിട്ടുണ്ടു്. പ്രതിപാദ്യവിഷയത്തെ സ്ഥൂലീകരിച്ചു് യാഥാർത്ഥ്യത്തിനു പ്രാമുഖ്യം നല്കി നമ്മുടെ കഥാകാരൻ എന്നു വേണമെങ്കിൽ പറയാം. ആ ദോഷമുണ്ടെങ്കിൽത്തന്നെയും ഇതൊരു ഭേദപ്പെട്ട കഥയാണെന്നാണു് എന്റെ വിചാരം.

മാസ്റ്റർ പീസ്
images/OneDayofLife.jpg

എൽ സാൽവഡോറിലെ (എൽ സാൽവദോർ എന്നു സ്പാനിഷ് ഉച്ചാരണം) പ്രതിഭാശാലിയായ നോവിലിസ്റ്റാണു് മാനിലോ ആർഗ്വീറ്റ (Manilo Argueta). കുറെ വർഷങ്ങൾക്കു മുൻപു് അദ്ദേഹത്തെ നാട്ടിൽനിന്നു ബഹിഷ്കരിച്ചു. ആർഗ്വീറ്റ ഇപ്പോൾ കോസ്റ്ററിക്കായിൽ താമസിക്കുന്നു (ജനനം 1935-ൽ). അദ്ദേഹത്തിന്റെ നോവലായ A Day in the Life in El Salvador ഉജ്ജ്വലമായ കൊച്ചു കൃതിയാണു്. അതിനെ major novel എന്നു വിശേഷിപ്പിച്ചാലും ശരിയായിരിക്കും. ഒരു ദിവസം കാലത്തു് ആറുമണിതൊട്ടു് ഉച്ചയ്ക്കുശേഷം രണ്ടുമണിവരെയുള്ള സംഭവങ്ങളെ ലൂപ് എന്നു കൃഷിക്കാരിയുടെ വിചാരങ്ങളിലൂടെ ആവിഷ്കരിക്കുകയാണു് ആർഗ്വീറ്റ്. സാൽവഡോറിലെ ഒരു ഗ്രാമത്തിൽനിന്നും വന്നവളാണു ലൂപ്. നേഷനൽ ഗാർഡ്സ് സാൽവഡോറിൽ മർദ്ദനവും കൊലപാതകവും മുറയ്ക്കു നടത്തുകയാണു്. തന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചുകൊണ്ടുപോകേണ്ട ഭാരമാണു ലൂപിന്. അവളെ ഗാർഡ്സ് പീഡിപ്പിക്കുന്നു, മർദ്ദിക്കുന്നു. അവർ ലൂപിന്റെ മകനെ കൊന്നു തലയറുത്തെടുത്തു. മറ്റുള്ളവർക്കു മുന്നറിയിപ്പു് എന്ന പോലെ വഴിവക്കിൽ അതു് വച്ചു. അവളുടെ മരുമകൻ (മകളുടെ ഭർത്താവു്) ഒരു ദിവസം ആരുമറിയാതെ “അപ്രത്യക്ഷനായി”. കർഷകത്തൊഴിലാളികൾക്കു മാത്രമല്ല ജീവൻ ഉപേക്ഷിക്കേണ്ടിവന്നതു്. ഒരു പാതിരി പകുതി മരിച്ച നിലയിൽ കാണപ്പെട്ടു. അവർ അയാളെ അടിച്ചു് മുഖം തിരിച്ചറിയാൻ വയ്യാത്ത വിധത്തിലാക്കി. മലദ്വാരംവഴി ഒരു കമ്പു് അടിച്ചുകയറ്റിയിട്ടുണ്ടായിരുന്നു അവർ. നിലവിളിക്കുന്ന, നഗ്നനായ പാതിരി ഒരു കുഴിയിൽ കിടക്കുന്നതു് അതിലേ പോയ ഒരു സ്ത്രീ കണ്ടു. റോഡിൽനിന്നു അല്പമകലെയായി പാതിരിയുടെ ളോഹ കിടക്കുന്നുണ്ടായിരുന്നു. ലൂപയുടെ ഭർത്താവു് ഹോസേ (Jose) ഒളിവിലാണു്. കർഷകത്തൊഴിലാളി സംഘടനയിലെ അംഗമായ അയാളെ ഗാർഡ്സ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലൂപയുടെ ചെറുമകൾ അഡോൾഫിന പള്ളിയിൽ പോയിരിക്കുകയാണു്. ഗാർഡ്സിന്റെ ക്രൂരതകളിൽ പ്രതിഷേധിക്കുന്ന ഒരു സമ്മേളനത്തിൽ പങ്കുകൊണ്ടിട്ടു് അവൾ മുത്തശ്ശിയുടെ അടുക്കലെത്തുമ്പോൾ നാലു ഗാർഡ്സ് ജീപ്പിൽ നിന്നു് ശരീരം തള്ളിത്താഴെയിട്ടു് അവളുടെ സമീപത്തേക്കു വലിച്ചിഴച്ചു കൊണ്ടുവരുന്നതാണു് കണ്ടതു്. ആ ശരീരത്തിന്റെ മുഖമാകെ രക്തം. അതു് ഉടുപ്പിലേക്കും ട്രൌസേഴ്സിലേക്കും ഒഴുകിയിരിക്കുന്നു. കണ്ണു് വെളിയിൽ തൂങ്ങിക്കിടക്കുന്നു. “നിനക്കു ഇവനെ അറിയാമോ?” എന്നു് ഒരു ഗാർഡ് ലൂപയോടു് ചോദിച്ചു. പട്ടി കടിച്ചു മുറിവേല്പിച്ചതുപോലെയുള്ള ആ ശരീരത്തെ നോക്കി അവൾ പറഞ്ഞു: “അറിഞ്ഞുകൂടാ”. പക്ഷേ, ലൂപ് തന്നോടുതന്നെ പറഞ്ഞു: “അങ്ങു്—അങ്ങാണു് ഹോസ. ആ കണ്ണു് വേറെ ആരുടെയും കണ്ണല്ലല്ലോ. …ഒരിക്കൽ അങ്ങു് എന്നോടു പറഞ്ഞു ‘നിനക്കോ നമ്മുടെ കുടുംബത്തിനോ എപ്പോഴെങ്കിലും ആപത്തുണ്ടായാൽ എന്നെ തള്ളിപ്പറയാൻ നീ മടിക്കരുതു്.’ അങ്ങു് ആ വിധത്തിൽ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഈ നിലയിൽ അതാകുമെന്നു ഞാൻ വിചാരിച്ചതേയില്ലല്ലോ”. ഇതുകൊണ്ടാണു് ഹോസേയെ അറിയില്ലെന്നു ലൂപ് പറഞ്ഞതു്. പക്ഷേ, ഇതുകൊണ്ടൊന്നും സാൽവഡോറിലെ കർഷകരുടെ വീര്യം കെട്ടുപോകുമെന്നു മർദ്ദകർ വിചാരിക്കരുതു്. ലൂപ് പറഞ്ഞു: “ഞാൻ കരയാൻ പോകുന്നില്ല. എന്റെ കണ്ണീരൊഴുകുന്നതു കണ്ടു തൃപ്തിയടയാൻ എന്റെ ശത്രുക്കളെ ഞാൻ സമ്മതിക്കില്ല. അവർ അനുഭവിക്കും. അതാണു് ഞാൻ എന്നോടായി പറഞ്ഞതു്. ഇന്നല്ലെങ്കിൽ നാളെ. അവർ അനുഭവിക്കും. അതാണു് ഞാൻ എന്നോടായി പറഞ്ഞതു്. ആ കൊലപാതകികൾ എന്റെ മകനോടു് എന്തു ചെയ്തുവോ അതു് ആരും അനുഭവിക്കാൻ ഇടവരരുതു്”. അസാധാരണമായ ആർദ്രീകരണശക്തിയുള്ള നോവലാണിതു്. മർദ്ദനമനുഭവിക്കുന്ന സാൽവഡോറിന്റെ ചൈതന്യം ഈ കലാശില്പത്തിൽ ജ്വലിച്ചുനിൽക്കുന്നു. (Bill Brow തർജ്ജമ ചെയ്തതാണു് ഈ കൃതി. Chatto and Windur, London പ്രസാധകർ).

നിഷ്കളങ്കരായ ജനങ്ങൾ ബാലറ്റ്പേപ്പർ പെട്ടിയിലിട്ടു് ക്രൂരന്മാരെ അധികാരത്തിലേറ്റുന്നു. അവർ അധികാരമേറ്റാലുടൻ ആ ജനങ്ങളുടെ നേർക്കു വെടിയുണ്ടകൾ പായിക്കുന്നു. ഇതിന്റെ പേരാണു് ഡെമോക്രസി.

images/BenjaminFranklin.jpg
ബഞ്ചമിൻ ഫ്രാങ്ക്ളിൻ

എത്ര നിഷ്പക്ഷ ചിന്താഗതിക്കാരനായാലും സ്നേഹം മൂല്യനിർണ്ണയത്തെ ബാധിക്കും. പന്തളം സുധാകരൻ എന്റെ ദൃഷ്ടിയിൽ ബാലനാണു്. എന്നെ കാണുമ്പോഴെല്ലാം സ്നേഹത്തോടും ബഹുമാനത്തോടുംകൂടി പെരുമാറുന്ന അദ്ദേഹത്തോടു് എനിക്കു വാത്സല്യമാണു്. അടുത്ത കാലത്തു് മന്ത്രി രമേശ് ചെന്നിത്തല യുമായി അദ്ദേഹം പോകുകയായിരുന്നു. മന്ത്രി ഉണ്ടായിരുന്നിട്ടും അദ്ദേഹം ഓടി അടുത്തെത്തി കുശലാന്വേഷണം നടത്തിയിട്ടു് പോയി. അങ്ങനെയുള്ള ഒരാളിനെ വിമർശിക്കാൻ എന്റെ മനസ്സു് സമ്മതിക്കുന്നില്ല. അതുകൊണ്ടു് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ “ഇല്ല, ഇനി വരില്ല” എന്ന കാവ്യം വായിച്ചിട്ടു ഞാൻ മൗനം അവലംബിക്കുന്നു..

ഭൂഷണങ്ങൾ

കട്വമ്ലലവണാത്യുഷ്ണതീക്ഷ്ണരൂക്ഷ വിദാഹിനഃ

ആഹാരം രാജസസ്യേഷ്ടാ ദുഃഖശോകാമയപ്രദഃ

യാതയാമം ഗതരസം പൂതിപര്യുഷിതം ച യത്

ഉച്ഛിഷ്ടമപി ചാമേദ്ധ്യം ഭോജനം താമസപ്രിയം.

കയ്പുള്ളതു്, പുളിച്ചതു്, ഉപ്പുകൂട്ടിയതു്, ചൂടുകൂടിയതു്, എരിവുകൂടിയതു്, ശുഷ്കമായതു്, കത്തുന്നതു് ഈ ആഹാരം രാജസികന്മാർക്കാണു് ഇഷ്ടം. ഇവ വേദനയും ദുഃഖവും രോഗവും ജനിപ്പിക്കുന്നു.

പഴകിയതു്, രുചിയില്ലാത്തതു്, അഴുകിയതു്, ഉച്ഛിഷ്ടമായതു്, ശുദ്ധിയില്ലാത്തതു് ഈ ആഹാരം താമസികർക്കു ഇഷ്ടമാണു്.

ഭഗവദ്ഗീതയിലെ ഈ ശ്ലോകങ്ങൾ എല്ലാവരും ഹൃദിസ്ഥമാക്കണം. അവയിലെ ആശയമനുസരിച്ചു പ്രവർത്തിക്കുയും വേണം. വിശേഷിച്ചും കടകളിൽ കയറി ചിക്കൻഫ്രൈ എന്ന പേരിൽ കാകമാംസവും മട്ടൺകറിയെന്ന പേരിൽ മഹിഷമാംസവും ‘തട്ടുന്നവർ.’ ആഹാരം വരുത്തുന്ന ദോഷങ്ങളെക്കുറിച്ചും അതു നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിദ്ധാർത്ഥൻ ‘മനോരാജ്യ’ത്തിലെഴുതുന്നു. ഈ ആഴ്ചപ്പതിപ്പിനു ഭൂഷണങ്ങളാണു സിദ്ധാർത്ഥന്റെ കൊച്ചു പ്രബന്ധങ്ങൾ.

നിരീക്ഷണങ്ങൾ
പരീക്ഷ നടക്കുന്ന മുറികൾ:
അദ്ധ്യാപികന്മാർക്കു വാതോരാതെ ചേട്ടനെക്കുറിച്ചും പുതിയ സാരികളെക്കുറിച്ചും സംസാരിക്കാനുള്ള സ്ഥലങ്ങൾ. ഒന്നാംക്ലാസ് കിട്ടേണ്ട പല കുട്ടികളും ഇത്തരം സംസാരം കേട്ടു് വേണ്ടപോലെ ഉത്തരമെഴുതാൻ കഴിയാതെ തോറ്റിട്ടുണ്ടു്. (ഈ സംസാരത്തെക്കുറിച്ചു പല കുട്ടികളും എന്നോടു പരാതി പറഞ്ഞിട്ടുണ്ടു്.)
ടെലിവിഷൻസെറ്റ്:
റിപ്പയറർ ഒന്നു തുറന്നുനോക്കിയാൽ ഉടമസ്ഥനു് അമ്പതു രൂപ നഷ്ടപ്പെടുന്നതിനു സഹായമരുളുന്ന ഒരു ഉപകരണം.
കാറിന്റെ ബാക്ക്സീറ്റിനു മുകളിലുള്ള സ്ഥലം:
ക്ലാർക്കായി കയറി സീനിയോറിറ്റിയുടെ ഫലമായി സെക്രട്ടറിയാകുന്നവർക്കു നൂറ്റുകണക്കിനു് ഫയലുകൾ അടുക്കിവയ്ക്കാനുള്ള സ്ഥലം. അങ്ങനെ ഫയലുകൾ പ്രദർശിപ്പിച്ചുകൊണ്ടു് അവർ ഗമയിൽ വീട്ടിലേക്കു പോകുന്നതു് കാണേണ്ട കാഴ്ചയാണു്. (കിരാതനെന്നു വിശേഷിപ്പിക്കപ്പെടുന്നെങ്കിലും ഒട്ടും കറപ്റ്റ് അല്ലാതിരുന്ന സി. പി. രാമസ്വാമി അയ്യർ കല്പിച്ചിരുന്നു ഒരുദ്യോഗസ്ഥനും ഫയൽ വീട്ടിൽ കൊണ്ടുപോകരുതെന്നു്.)
ലോകകപ്പു് ഫുട്ബോൾ മത്സരം:
ഒരു കളിക്കാരൻ മറ്റൊരു കളിക്കാരന്റെ ജനനേന്ദ്രിയം നോക്കി ചവിട്ടുന്ന ബാർബറിസം. ദ്യോഗോ മാറാദോന യെപ്പോലുള്ള ചില മാന്യന്മാർ ഇവരുടെ കൂട്ടത്തിലുണ്ടു് എന്നതു വിസ്മരിക്കുന്നില്ല (Diego Maradona).
ബ്യൂട്ടി പാർലറുകൾ:
ചെറുപ്പക്കാരികളല്ലാത്തവർക്കു് പുരികം വടിച്ചിറക്കി വേറെ വരയ്ക്കാനും രാസദ്രവ്യംകൊണ്ടു മുഖത്തിനു വൈരൂപ്യം വരുത്താനുമുള്ള സ്ഥലങ്ങൾ.
ഹോക്കർ (ആക്രിക്കച്ചവടക്കാരൻ):
പഴയ വർത്തമാനപ്പത്രത്തിന്റെ ഭാരം പത്തു കിലോയാണെങ്കിൽ അതു് ത്രാസിലിട്ടു് മൂന്നു കിലോയാക്കി പ്രദർശിപ്പിക്കുന്ന മജീഷ്യൻ.
ചില പുതിയ വിവാഹങ്ങൾ:
കുറഞ്ഞതു നൂറു പവന്റെ ആഭരണങ്ങളും ആയിരം രൂപയുടെ കാഞ്ചീപുരം സാരിയും ചാർത്തിയ പെണ്ണിന്റെ തന്തയുടെ കൈയിൽനിന്നു് സകലമാന വസ്തുതകളും എഴുതി മേടിച്ചിട്ടു് അവളെ തുരുമ്പു പിടിച്ച കസേരയിലിരുത്തി കഴുത്തിൽ ഒരു ചുവപ്പു മാലയിട്ടു് കൊണ്ടുപോകുകയും വിളിച്ചുവരുത്തിയ മാന്യന്മാർക്കു് പഞ്ചാരയിടാത്ത നാരങ്ങാവെള്ളം മാത്രം കൊടുത്തയയ്ക്കുകയും ചെയ്യുന്ന ഏർപ്പാടുകൾ.
പ്രതിബിംബം
images/DiegoMaradona.jpg
ദ്യോഗോ മാറാദോന

സ്ത്രീകൾ മറ്റു സ്ത്രീകളുടെ വേഷംനോക്കി മനസ്സിലാക്കുന്നതുപോലെ പുരുഷന്മാർ മറ്റു പുരുഷന്മാരുടെ വേഷമെന്താണെന്നു ശ്രദ്ധിക്കാറുണ്ടോ? ഇല്ലെന്നാണു് എന്റെ വിചാരം. ഞാൻ മറ്റൊരാൾ ഇട്ടിരിക്കുന്ന ഷർട്ട് ഏതു തരത്തിലാണെന്നു നോക്കാറേയില്ല. ഒരു മണിക്കൂർ അയാളുടെ അടുത്തുനിന്നു സംസാരിച്ചാലും അയാളിട്ടിരുന്നതു് കോട്ടൺ ഷർട്ടാണോ ടെറിക്കോട്ടൺ ഷർട്ടാണോ എന്നു് എനിക്കു പറയാനാവില്ല. സ്ത്രീയുടെ വേഷവിധാനവും സാർട്ടോറിയൽ സ്പ്ലെൻഡർ (Sartorial splendour=വേഷത്തിന്റെ ഔജ്ജ്വല്യം) ഇല്ലെങ്കിൽ എന്റെ കണ്ണിൽ പെടുകയില്ല. നമുക്കു സ്വാതന്ത്ര്യമുള്ള സ്ത്രീയോടു് ‘ഞാൻ ശാസ്തമംഗലത്തുവച്ചു് കമലമ്മയെ കണ്ടു’ എന്നു പറഞ്ഞുനോക്കു. ഉടനെ അവർ ചോദിക്കുന്നതു് “കമലമ്മ ഏതു സാരിയുടുത്തിരുന്നു” എന്നായിരിക്കും. നമ്മൾ അറിഞ്ഞുകൂടാ എന്ന മട്ടിൽ കൈമലർത്തും.

സത്യമിതാണെങ്കിലും സ്വന്തം വേഷത്തിലെന്നപോലെ മറ്റുള്ളവരും വേഷത്തിലും ശ്രദ്ധിക്കുന്ന ചില പുരുഷന്മാരുണ്ടു്. സംസ്കൃത കോളേജിൽ നിന്നു റോഡിലേക്കുള്ള കയറ്റം കയറിവരുമ്പോൾ എനിക്കഭിമുഖമായി ഒരു സ്നേഹിതൻ വരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു ചിരിച്ചു. ഉടനെ ആ മനുഷ്യൻ പറയുകയാണു്: “മനസ്സിലായി, എന്റെ ഷാർക്ക് സ്കിൻ ബുഷ്കോട്ട് നോക്കുകയാണു്. അല്ലേ?” ഇതുകേട്ടു് ഞാൻ അമ്പരന്നുപോയി. ഞാൻ ആ സുഹൃത്തിന്റെ കള്ളച്ചിരിയല്ലാതെ വേറൊന്നും കണ്ടില്ല. ഒരു മനഃശാസ്ത്രതത്ത്വം ഇതിൽ ഒളിച്ചിരിക്കുന്നുണ്ടു്. സുഹൃത്തു് തന്റെ രൂപം ഷാർക്ക് സ്കിൻ കോട്ടിലൂടെ കാണുകയായിരുന്നു. ആ കോട്ടു് കണ്ടു് അദ്ദേഹത്തെ വേറൊരാൾ അഭിനന്ദിക്കുമ്പോൾ തന്റെ രൂപമെത്ര നല്ലതു്, താനെത്ര കേമൻ എന്നു് അദ്ദേഹം വിചാരിച്ചു് അഹ്ലാദിക്കും. വീട്ടിലാണെങ്കിൽ കണ്ണാടിയിൽ നോക്കാം. റോഡിൽവച്ചാണെങ്കിൽ മറ്റാളുകളുടെ അഭിനന്ദനമാകുന്ന ദർപ്പണത്തിൽ മാത്രമേ തന്റെ പ്രതിബിംബം അദ്ദേഹത്തിനു ദർശിക്കാനാവൂ. (പ്രതിബിംബം എന്ന വാക്കിനു പകരം പ്രതിച്ഛായ എന്നെഴുതാൻ ഭാവിച്ചതാണു ഞാൻ. അതൊരു ‘നാണംകെട്ട’വാക്കാണിന്നു്. അതിനാൽ അതു വേണ്ടെന്നുവച്ചു.) തിരുവനന്തപുരത്തു് ഒരു പണ്ഡിതനുണ്ടു്. എന്നും വൈകുന്നേരം ആരാധകർ അദ്ദേഹത്തോടു് “അങ്ങയ്ക്കു തുല്യനായി ഒരു പണ്ഡിതൻ വേറെ എവിടെയുണ്ടു്?” എന്നു ചോദിക്കണം. ആ ചോദ്യത്തിലൂടെ തന്റെ പ്രതിബിംബം കണ്ടാൽ അന്നു് അദ്ദേഹത്തിനു ഉറക്കം സുഖമാവും. ചോദിക്കാൻ ആരും വന്നില്ലെങ്കിൽ ഉറങ്ങുകയുമില്ല. സ്ത്രീകൾക്കു സ്വന്തം രൂപം കണ്ണാടിയിലും മറ്റുള്ളവരുടെ വാക്കുകളിലും കണ്ടേ മതിയാവൂ. ഇല്ലെങ്കിൽ അവർ ചോദിക്കും: “എനിക്കു് ഈ സാരി ചേരുമോ?” ആ ചോദ്യത്തിന്റെ അർത്ഥം “ഞാൻ സുന്ദരിയാണോ?” എന്നാണു്.

എം. എം. മേനോൻ ദേശാഭിമാനി വാരികയിലെഴുതിയ ‘ചികിത്സ’ എന്ന കഥ വായിക്കു. പലപ്പോഴും രാത്രി ഡ്യൂട്ടിനോക്കിയിരുന്ന ഒരു പട്ടാളക്കാരനു് പെൻഷൻ പറ്റിവന്നപ്പോൾ ഉറക്കം വരുന്നില്ല. പല ചികിത്സകളും നടത്തി. ഫലമില്ല. ഒടുവിൽ അരക്കിറുക്കനായ ഒരു ഡോക്ടർ അയാൾക്കു് നൈറ്റ് വാച്ചറുടെ ജോലി വാങ്ങിക്കൊടുത്തു. കാക്കിയുടുപ്പിനുള്ളിൽ കയറി പഴയ പട്ടാളക്കാരനെപ്പോലെ നിന്നപ്പോൾ അയാൾക്കു് അസ്വസ്ഥത മാറി. വാച്ചറുടെ ജോലിയിലൂടെ അയാൾ തനിക്കഭിമിതമായ പ്രിതിബിംബം ദർശിച്ചുവെന്നു സാരം. എം. എം. മേനോൻ വൈദഗ്ദ്ധ്യത്തോടെ, രസാത്മകതയോടെ കഥ പറഞ്ഞിരിക്കുന്നു.

ബോർഹെസ്

“ഹാ സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതി തൻ

ത്രാസുപൊങ്ങുന്നതും താനേ താണു പോവതും”

എന്ന കരുണ യിലെ വരികൾ എടുത്തെഴുതിയിട്ടു് മഹാകവി ജി. ശങ്കരക്കുറുപ്പു് മുണ്ടശ്ശേരി യെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരൻ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകർ അന്തരംഗസ്പർശിയായ നിരൂപണം നിർവ്വഹിക്കുന്ന ആളാണെന്നു പറയാൻ വയ്യ. (മഹാകവിയുടെ വാക്കുകൾ ഓർമ്മയിൽനിന്നു് കുറിക്കുകയാണിവിടെ. കത്തു് കൈയിലില്ല. ആരുടെയോ പ്രേരണയിൽപ്പെട്ടു് അദ്ദേഹം എനിക്കയച്ച നൂറോളം കത്തുകൾ തിരിച്ചു വാങ്ങിച്ചു.) നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പർശിയായിരിക്കണം; മർമ്മപ്രകാശകവുമായിരിക്കണം. കലാകൗമുദിയിലെ ‘ബോർഹെസ് എന്ന വിസ്മയം’ എന്ന ലേഖനം ഇവ രണ്ടുമാണു്. ജീവിതത്തെ, ലോകത്തെ ലാബറിൻതായി—ബഹുവക്രമാർഗ്ഗമായി ബോർഹെസ് കരുതുന്നു എന്നതു സത്യം.

images/JorgeLuisBorges1951.jpg
ബോർഹെസ്

ബോർഹെസിന്റെ വിശിഷ്ടമായ കഥയാണു് ‘The Garden of Forking Paths’ എന്നതു്. ഡോക്ടർ സ്റ്റീഫൻ ആൽബെർട്ടിനെ ജനനംകൊണ്ടു് ചൈനാക്കാരനായ ഒരു ജർമ്മൻ ചാരൻ കൊല്ലുന്നു. കാലം ഒന്നാം ലോകമഹായുദ്ധത്തിന്റേതു്. മരിച്ച ആർബെർട്ടിന്റെ പേരുതന്നെയാണു് പട്ടണത്തിന്റേതും. അവിടെനിന്നാണു് ബ്രീട്ടീഷുകാർ ജർമ്മൻകാരെ ആക്രമിക്കാൻ സന്നദ്ധരാവുന്നതു്. അതു് അവരെ (ജർമ്മൻകാരെ) അറിയിക്കാനാണു് വധം ആ സ്ഥലത്തുവച്ചുതന്നെ നടത്തുന്നതു്. അപ്പോൾ ബ്രീട്ടീഷ് സൈന്യം എവിടെനിന്നു് ആക്രമണം ആരംഭിക്കുന്നുവെന്നു് ജർമ്മൻ സൈന്യം അറിയുമല്ലൊ.

വധം നടക്കുന്നതിനുമുൻപു് ഒരു ഗ്രന്ഥത്തെക്കുറിച്ചു രണ്ടു പേരും വാദപ്രതിവാദത്തിൽ ഏർപ്പെടുന്നു. ഒരു ചൈനീസ് പണ്ഡിതൻ താനൊരു പുസ്തകമെഴുതുമെന്നും ഒരു ലാബിറിൻത് നിർമ്മിക്കുമെന്നും ശപഥം ചെയ്തത്രെ. അയാൾ അതുപോലെ പ്രവർത്തിച്ചു. പക്ഷേ, ഗ്രന്ഥമെഴുത്തുതന്നെ ലാബറിൻത് നിർമ്മാണമായി പരിണമിച്ചു. പുസ്തകത്തിന്റെ മൂന്നാമത്തെ അദ്ധ്യായത്തിൽ നായകൻ മരിക്കുന്നു. നാലാമത്തേതിൽ അയാൾ ജീവിച്ചിരിക്കുന്നു. എല്ലാ നോവലുകളിലും പല വിധത്തിലുള്ള മാർഗ്ഗങ്ങൾ കാണുമ്പോൾ നായകൻ ഏതെങ്കിലുമൊന്നിനെ അംഗീകരിക്കുന്നു. ഈ ചൈനീസ് നോവലിലെ നായകനാവട്ടെ എല്ലാം സ്വീകരിക്കുന്നു. ഉദാഹരണം പറയാം. ഫാങ്ങിന്റെ വീട്ടിൽ ഒരുത്തൻ വന്നുകയറുന്നു. ഫാങ്ങിനു് അയാളെ കൊല്ലാം. വന്നെത്തിയവനു ഫാങ്ങിനെ കൊല്ലാം. രണ്ടുപേർക്കും രക്ഷപ്പെടാം. രണ്ടുപേർക്കും മരിക്കാം. ഒരിടത്തു് നിങ്ങളെന്റെ ശത്രു. വേറൊരിടത്തു് എന്റെ മിത്രമാണു് നിങ്ങൾ. കാലം ഇവിടെ infinite series ആണു്. അവ സമാന്തരങ്ങളായി വരുന്നു. തമ്മിൽ കൂട്ടിമുട്ടുന്നു. അല്ലെങ്കിൽ ഒരു കാലരേഖ മറ്റൊരു കാലരേഖയെ അവഗണിക്കുന്നു. ഒന്നിൽ നിങ്ങൾ ജീവിച്ചിരിക്കുന്നു, ഞാനില്ല. മറ്റൊന്നിൽ ഞാനുണ്ടു് ജീവനോടെ, നിങ്ങളില്ല. വേറൊന്നിൽ രണ്ടുപേരും ജീവിച്ചിരിക്കുന്നു. കാലത്തെക്കുറിച്ചുള്ള സമാന്തര സങ്കല്പമുണ്ടു് നവീനശാസ്ത്രത്തിൽ. അതാണു് ഈ കഥയിൽ കാണുന്നതെന്നു് Mysticism and the New Physics എന്ന ഗ്രന്ഥമെഴുതിയ ടാൽബട്ട് പറയുന്നു.

images/MysticismandtheNewPhysics.jpg

ഈ പുസ്തകത്തിൽ സ്റ്റീഫൻ ആൽബർട്ടുമുണ്ടു്. വധകർത്താവായ ചാരനുമുണ്ടു്. പുസ്തകമാകുന്ന ആ ലാബറിൻതിൽ അനന്തങ്ങളായ സാദ്ധ്യതകൾ. ലോകം അല്ല പ്രപഞ്ചംതന്നെ ലാബറിൻതാണു്. ഈ ആശയത്തെ ആന്യാദൃശമായ രീതിയിൽ ആവിഷ്കരിച്ച ബോർഹെസ് മരിച്ചപ്പോൾ റ്റൈം വാരിക ആ വാർത്ത മൂന്നോ നാലോ വാക്യങ്ങളിലൊതുക്കി. ന്യൂസ്വീക്ക് ആറു വാക്യങ്ങളിലെഴുതിയെന്നാണു് ഓർമ്മ. ‘അണ്ടനെയും അടകോടനെ’യും കുറിച്ചു് അവർ ആന്റി കമ്മ്യൂണിസ്റ്റുകാർ ആണെങ്കിൽ ദീർഘങ്ങളായ ലേഖനങ്ങൾ എഴുതുന്നവർക്കു് ഈ ശതാബ്ദത്തിലെ അതുല്യപ്രതിഭാശാലിയെക്കുറിച്ചു് ഇത്ര മാത്രമേ കുറിക്കാൻ തോന്നിയുള്ളു.

കളിപ്പാട്ടം വേണോ?

ഡോക്ടർ നളിനിയുടെ കാമുകൻ മോഹനൻ ഒരു സമയം നിശ്ചയിച്ചു് വരാമെന്നു പറഞ്ഞിരുന്നു. അതിനിടയ്ക്ക് ഒരു ചെറുപ്പക്കാരൻ സ്കൂട്ടറപകടത്തിൽ മരിച്ചു. മരിച്ചതു് അയാളാവാമെന്നു വിചാരിച്ചു് നളിനിക്കു് വെപ്രാളം. പല സ്ഥലത്തും ‘ഫോൺചെയ്തു’ അവൾ. മരിച്ചയാളിന്റെ സ്കൂട്ടറിൽ To Ammu with love എന്നെഴുതിയ ഒരു പൊതിയുണ്ടായിരുന്നതു് അവളുടെ വൈഷമ്യം വർദ്ധിപ്പിച്ചു. അവളുടെ ചെല്ലപ്പേരു് അമ്മു എന്നാണു്. മാത്രമല്ല, അന്നു് അയാൾ സമ്മാനം കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു. മരിച്ചതു് വേറൊരുത്തനാണെന്നു് വ്യക്തമായതു് മോഹനൻ അതേമട്ടിൽ ഒരു പൊതിയുമായി വന്നപ്പോഴാണു്. ഇതാണു് എൻ. ടി. ബാലചന്ദ്രന്റെ “അമ്മുവിനു സ്നേഹത്തോടെ” എന്ന കഥ. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) മരിച്ചവൻ, ശവം സൂക്ഷിക്കുന്ന മുറിയിൽ കിടക്കുന്നു. ഡോക്ടർ നളിനിക്കു് അവിടെച്ചെന്നു് ആ ശവം ഒന്നു നോക്കിക്കൂടേ? നോക്കിയാൽ കഥയില്ലല്ലോ. അതുകൊണ്ടു് കഥാകാരൻ അവളെക്കൊണ്ടു് ഫോൺ ചെയ്യിക്കുന്നു. അവൾ പാരവശ്യം കാണിക്കുന്നതു് വർണ്ണിക്കുന്നു. ബാലിശമെന്നു പറഞ്ഞാലും ഈ കഥയുടെ ഗർഹണീയത മുഴുവൻ സ്പഷ്ടമാകില്ല. ബാലചന്ദ്രൻ എന്റെ സ്നേഹിതനാണു്. എങ്കിലും പറയട്ടെ. അദ്ദേഹത്തിനു കടലാസും മഷിയുമല്ല ആവശ്യം. ചുറ്റു കമ്പി മുറുക്കി താഴെ വച്ചാൽ ഓടുന്ന ടോയി കാറ്, പാമ്പും കോണിയും കളിക്കാനുള്ള ബോർഡും പ്ളാസ്റ്റിക് കട്ടകളും, എടുത്തുയർത്തിയാൽ കണ്ണു തുറക്കുന്ന പാവ ഇവയൊക്കെയാണു് ബാലചന്ദ്രനു നല്കേണ്ടതു്. കഥയിൽ ആ വിധത്തിലുള്ള ബാലചാപല്യമാണു് കാണുക.

സുന്ദരി ചിരിച്ചാൽ ഭംഗി. അവൾ നമ്മുടെ മുൻപിൽനിന്നു തൊണ്ടക്കുഴി കാണത്തക്ക വിധത്തിൽ കോട്ടുവായിട്ടാലോ? കഥാകാരന്മാർ കലാംഗനയെക്കൊണ്ടു കോട്ടുവാ ഇടീക്കരുതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-07-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.