സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-08-10-ൽ പ്രസിദ്ധീകരിച്ചതു്)

ഇരുട്ടിനു കനം കൂടുന്നു. തണുത്ത കാറ്റു വീശുകയാണു്. ഞാൻ തണുപ്പിൽ നിന്നു രക്ഷ നേടാനായി സ്വെറ്റർ എടുത്തിട്ടു ചാരുകസേരയിലേക്കു് ചരിഞ്ഞു. സ്വെറ്ററിനു കാപ്പിപ്പൊടിയുടെ നിറമാണു്. ഇതേനിറമുള്ള വേറൊരു സ്വെറ്ററിട്ടു തണുപ്പുകാലത്തു് കെ. ബാലകൃഷ്ണനു മായി ഒരു സമ്മേളനത്തിനു പോയപ്പോൾ അദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു: “ഇതു പോലൊരു സ്വെറ്റർ എനിക്കുണ്ടല്ലോ. ഇതേ നിറം. എന്റേതുതന്നെയോ ഇതു് എന്നു സംശയം”. ഇതു് കമ്പിളിയുടുപ്പിനെസ്സംബന്ധിച്ച ഒരോർമ്മ മാത്രം. മറ്റൊരോർമ്മയുണ്ടു്. അന്നും തണുപ്പു കാലം. വയറ്റിൽ ശസ്ത്രക്രിയ നടത്തി ആശുപത്രിയിൽ ഞാൻ കിടക്കുകയാണു്. പാറപ്പുറത്തും കെ. സുരേന്ദ്രനും എന്നെക്കാണാൻ ആശുപത്രിയിലെത്തി. കമ്പിളിയുടുപ്പു നോക്കിക്കൊണ്ടു് പാറപ്പുറത്തു ചോദിച്ചു: “ഇത്ര വലിയ തണുപ്പോ? ഞങ്ങൾക്കു വിയർക്കുന്നു”. ഞാൻ മറുപടി നൽകി. ശസ്ത്രക്രിയ നടത്തിയതല്ലേ. ശരീരം ക്ഷീണിച്ചതു കൊണ്ടാവാം തണുപ്പു കൂടുതൽ തോന്നുന്നതു്. ഞാൻ അല്പം മുൻപു് താങ്കളെക്കുറിച്ചു വിചാരിച്ചതേയുള്ളൂ. നേഴ്സ് വന്നു മരുന്നു കുത്തിവച്ചിട്ടു് പോയി. ഉടനെ താങ്കളെഴുതിയ നേഴ്സിന്റെ കഥ ഞാനോർമ്മിച്ചു. നോവലല്ല, ചെറുകഥ. പാറപ്പുറത്തും സുരേന്ദ്രനും ചിരിച്ചു. അവർ കുറച്ചു നേരമിരുന്നു് സംസാരിച്ചതിനു ശേഷം യാത്ര പറഞ്ഞു. പ്രിയപ്പെട്ട വായനക്കാർ “നാലാൾ നാലു വഴി” എന്ന കഥാസമാഹാരത്തിലെ ആ കഥ ഓർമ്മിക്കുന്നുണ്ടാവും. എന്റെ ഓർമ്മയിൽ അതിന്റെ സ്ഥൂലരേഖകളേയുള്ളു. കഥയുടെ പേരു പോലും മറന്നിരിക്കുന്നു. സ്ഥൂലരേഖകൾ വീണ്ടും വരയ്ക്കുമ്പോൾ തെറ്റുണ്ടെങ്കിൽ പൊറുക്കണം. കഥ പറയുന്ന ആൾ തീവണ്ടിയിൽ സഞ്ചരിക്കുന്നു. അദ്ദേഹത്തിനു് അഭിമുഖമായി കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരി. നേരേ ഇരിക്കുന്ന പുരുഷന്റെ നോട്ടത്തിൽനിന്നു രക്ഷപ്പെടാനാവാം അവൾ ഒരു വാരികയെടുത്തു വായന തുടങ്ങി. വായിക്കുന്നതു് ഒരു തുടർക്കഥയുടെ ഭാഗമാണെന്നു മനസ്സിലാക്കിയിട്ടു് അദ്ദേഹം ചോദിച്ചു: “എന്തേ ഈ കഥാകാരന്റെ കഥ വായിക്കുന്നതു്?” അവൾ: “എനിക്കു് ഈ കഥയെഴുത്തുകാരനെ ഇഷ്ടമാണു്. കാരണം ഇദ്ദേഹം ഞങ്ങളുടെ കഥകൾ എഴുതുന്ന ആളാണു്”. അദ്ദേഹം: “ഞങ്ങളുടെ കഥകളെന്നു പറഞ്ഞാലോ?” അവൾ “നേഴ്സുകളുടെ കഥകൾ. ഞാൻ പട്ടാളത്തിൽ നേഴ്സാണു്. അപ്പച്ചനു സുഖമില്ലെന്നറിഞ്ഞു നാട്ടിൽ പോയിട്ടു് തിരിച്ചു ജോലിസ്ഥലത്തേക്കു പോവുകയാണു്. നാട്ടിൽ പോയ സമയത്തു് കഥ വായിക്കുന്നതു മുടങ്ങിപ്പോയി”. തീവണ്ടി പായുന്നു. നേരം ഉച്ചയായി. അദ്ദേഹം ഊണു കഴിഞ്ഞ് ഒരു പൊതിയുമായി തിരിച്ചു വന്നു. “കുട്ടി ഊണുകഴിക്കൂ” എന്നു് അദ്ദേഹം. അവൾ ലജ്ജിച്ചു് ഇരിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം മാറി നിന്നു. അവൾ ഊണു കഴിച്ചു. കഥ പറയുന്ന ആൾ പെട്ടി തുറന്നു് ഒരു പുതിയ പുസ്തകമെടുത്തുകൊടുത്തിട്ടു പറഞ്ഞു: “ഈ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലാണിതു്”. അവൾ വായന തുടങ്ങി. തീവണ്ടിയുടെ പ്രയാണവും ആ മനുഷ്യന്റെ സാന്നിദ്ധ്യവും അവളറിഞ്ഞതേയില്ല. പെട്ടെന്നു പുസ്തകമടച്ചുകൊണ്ടു് അവൾ പറഞ്ഞു: “എനിക്കിറങ്ങേണ്ട തീവണ്ടിയാപ്പീസ് അടുക്കാറായി. ഇതാ പുസ്തകം”. അദ്ദേഹം: “കുട്ടി എടുത്തോളു ഇതു്”. അവൾ: “അയ്യോ എനിക്കു വേണ്ട. പുതിയ പുസ്തകം”. അദ്ദേഹം അതു വാങ്ങി എന്തോ എഴുതി അവൾക്കു തിരിച്ചു നൽകി. അപ്പോൾ തീവണ്ടി നിന്നു. തിടുക്കത്തിൽ അവൾ പ്ലാറ്റ്ഫോമിലേക്കു് ഇറങ്ങി. എഴുതിയതിൽ കണ്ണോടിച്ചു. “അജ്ഞാതയായ പെൺകുട്ടിക്കു്. പാറപ്പുറത്തു്” താൻ അത്രയും സമയം സഞ്ചരിച്ചതു് പ്രസിദ്ധനും താൻ ആരാധിക്കുന്നവനുമായ കഥാകാരനോടുകൂടിയാണല്ലോ എന്നതു മനസ്സിലാക്കിയിട്ടു് ആദരാദ്ഭുതങ്ങൾകൊണ്ടു കൂടുതൽ വിടർന്ന കണ്ണുകളോടു കൂടി അവൾ നിൽക്കുമ്പോൾ തീവണ്ടി പതുക്കെപ്പതുക്കെ നീങ്ങുന്നു. പാറപ്പുറത്തു് കഥ അവസാനിപ്പിക്കുന്നു. “അജ്ഞാതയായ പെൺകുട്ടീ നിന്റെ കഥ ഞാനെഴുതി. നീ ഇതു വായിക്കുമോ എന്നെനിക്കു് അറിഞ്ഞുകൂടാ”.

images/Shakuntala.jpg

ഈ രണ്ടു വ്യക്തികളിലും നമ്മൾ നമ്മളെത്തന്നെ കാണുന്നു. അവർ നമ്മൾ കണ്ടിട്ടില്ലാത്ത സ്ഥലത്തു തീവണ്ടിയിൽ സഞ്ചരിച്ചു. നമ്മുടെ കാലമല്ല അവരുടെ കാലം. എങ്കിലും അവർ നമ്മൾ തന്നെയാണെന്നു തോന്നുന്നു. കഥാകാരൻ വർണ്ണിക്കുന്ന പരിതഃസ്ഥിതിയിൽ ഓരോ യുവതിയും ഓരോ യുവാവും അദ്ദേഹം ചിത്രീകരിച്ച മട്ടിലേ പ്രവർത്തിക്കൂ. രവിവർമ്മ വരച്ച ശകുന്തളയുടെ ചിത്രം കണ്ടിട്ടില്ലേ? പ്രേമത്തോടെ അവൾ തിരിഞ്ഞു നോക്കുന്നു. കാലിൽ ദർഭമുന കൊണ്ടു എന്ന നാട്യം. ശകുന്തള മാത്രമല്ല സവിശേഷതയാർന്ന ആ പരിതഃസ്ഥിതിയിൽപ്പെട്ട ഏതു ചെറുപ്പക്കാരിയും കാലിൽ എന്തോ കൊണ്ടു എന്നു ഭാവിക്കും. ഇലപ്പടർപ്പിൽ സാരി ഉടക്കിയെന്നു നടിക്കും. മാനുഷികബന്ധങ്ങൾ സത്യാത്മകമായി ആലേഖനം ചെയ്യുമ്പോഴാണു് ഈ തോന്നലുണ്ടാകുന്നതു്. പൈങ്കിളി എന്നു പരിഹസിക്കപ്പെടുന്ന കഥകളോ നോവലുകളോ വായിച്ചാൽ ഈ തോന്നൽ ജനിക്കുകയില്ല. അവിടെ മാനുഷിക ബന്ധങ്ങൾക്കു സത്യാത്മകതയില്ല എന്നതു സ്പഷ്ടം.

images/Kuttikrishnamarar.jpg
കുട്ടികൃഷ്ണമാരാർ

സ്വെറ്ററിന്റെ കാര്യം പറഞ്ഞുകൊണ്ടാണല്ലോ ഈ ലേഖനം തുടങ്ങിയതു്. കുട്ടികൃഷ്ണമാരാർ അതു് ധരിച്ചു് പുളയുന്നതു് എനിക്കൊരിക്കൽ കാണാനിടയായി. മുണ്ടശ്ശേരി യുടെ വീടു്. തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, കെ. ബാലകൃഷ്ണൻ ഇവർ ഒരു മുറിയിലിരിക്കുന്നു. കുട്ടികൃഷ്ണമാരാരും ഞാനും മറ്റൊരു മുറിയിൽ. അദ്ദേഹം ‘തിരിയുകയും പിരിയുകയും ചെയ്യുന്നു’. ‘എന്താ മാഷേ’ എന്നു എന്റെ ചോദ്യം. കുട്ടികൃഷ്ണമാരാർ പുഞ്ചിരിയോടെ പറഞ്ഞു “മഴക്കാലമല്ലേ. തണുപ്പു കാണുമെന്നു വിചാരിച്ചു് ഷർട്ടിനടിയിൽ സ്വെറ്റർ എടുത്തിട്ടു. ഇപ്പോൾ ഉഷ്ണിച്ചിട്ടു് ഇരിക്കാൻ വയ്യ” “അതങ്ങു മാറ്റരുതോ?” എന്നു് എന്റെ ചോദ്യം. എന്റെ മുൻപിൽവച്ചു് ഷർട്ട് അഴിക്കാൻ അദ്ദേഹത്തിനു മടി. ഞാനതു മനസ്സിലാക്കി വരാന്തയിലേക്കു് ഇറങ്ങി നിന്നു. അല്പം കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ സ്വസ്ഥതയോടെ ഇരിക്കുന്നു മാരാർ. അടുത്തു് ഒരു സ്വെറ്റർ ഭംഗിയായി മടക്കിവച്ചിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാർക്കു് അറിയാമോ? രചനകളിൽ ഉദ്ധതനായി കാണപ്പെട്ട കുട്ടികൃഷ്ണമാരാർ കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരുന്നു. മൃദുലമനസ്കർ എഴുതുമ്പോൾ ഔദ്ധത്യമുള്ളവരായി മാറും. കഠിനഹൃദയത്തിന്റെ ഉടമസ്ഥർ രചനകളിൽ വിനയസമ്പന്നരായി കാണപ്പെടും. സ്വത്വത്തിന്റെ സമനില പാലിക്കാൻവേണ്ടിയാണതു്.

ഹസ്താഭിമർദ്ദം

വടക്കൊരു കോളേജിൽ ജോലി നോക്കിയിരുന്നു ഞാൻ. ഹോട്ടലിലാണു് താമസം. കാലത്തു കഴിയുന്നതും വേഗം അവിടെനിന്നു രക്ഷപ്പെടും. ഇല്ലെങ്കിൽ സ്നേഹം ഭാവിച്ചു ചിലയാളുകൾ മുറിയിൽ കയറിവരും. അവർക്കു ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള ബാറിൽ നിന്നു വിസ്കി വാങ്ങികൊടുക്കേണ്ടി വരും. വാങ്ങിക്കൊടുത്താൽ വീക്കെൻഡിൽ ബില്ലിന്റെ പണം കൊടുക്കാൻ സാധിക്കാതെ വന്നേക്കും. അങ്ങനെ കാലത്തു് കോളേജിലെത്തിയപ്പോൾ ഒരു പ്രൊഫസർ സ്വന്തം ഡിപ്പാർട്ട്മെന്റിൽ എത്തിയിരിക്കുന്നതായി കണ്ടു. കാണാൻ കൊള്ളാവുന്ന തൂപ്പുകാരിയുടെ കൈയിൽനിന്നു ചൂലു വാങ്ങിക്കുന്നു. അതുകൊണ്ടു് മച്ചിൽ രണ്ടു തട്ടു തട്ടുന്നു. ചൂലു് അവളുടെ കൈയിൽ കൊടുക്കുന്നു. പിന്നീടും വാങ്ങുന്നു. പിന്നീടും കൊടുക്കുന്നു. അവിരാമമായ പ്രവർത്തനം.

ഇങ്ങു തെക്കു് ഒരു കോളേജിൽ ജോലിയായിരുന്ന കാലം. ബോട്ടണി ഡിപ്പാർട്ട്മെന്റിൽ പുതുതായി എത്തിയ സുന്ദരിയായ ജൂനിയർ ലെക്ചററുടെ കൈയിൽനിന്നു് പ്രിൻസിപ്പൽ, മറ്റൊരു കോളേജിൽനിന്നു് അവർ കൊണ്ടുവന്ന റിലീവിങ് ഓർഡർ വാങ്ങുന്നു. ഒപ്പിടുന്നു. തിരിച്ചുകൊടുക്കുന്നു. പിന്നെയും വാങ്ങുന്നു. തീയതി നോക്കുന്നു. തിരിച്ചു നൽകുന്നു. തൂപ്പുകാരിക്കു സന്തോഷമേയുള്ളു പ്രൊഫസറുടെ ഹസ്താഭിമർദ്ദത്തിൽ. ജൂനിയർ ലെക്ചറർക്കു പ്രിൻസിപ്പലിന്റെ ജഠരഹസ്തസ്പർശം സന്തോഷാവഹമായിരിക്കാനിടയില്ല. എങ്കിലും കൃത്രിമപ്പുഞ്ചിരി അവരുടെ ചുണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണു് ചിറ്റൂർ കോളേജിലെ ഇന്നത്തെ തമിഴു് പ്രൊഫസർ ആർ. എച്ച്. എസ്. മണി എന്നോടു പറഞ്ഞതു്.

സുന്ദരികളുടെ കരങ്ങൾ കണ്ടാൽ തൊടാതിരിക്കുന്നതെങ്ങനെ? കുങ്കുമം വാരിക ചേതോഹരാംഗിയുടെ സുന്ദരകരമാണെന്നു പറഞ്ഞാൽ അതു കല്പനാഭാസമായിയെന്നു് ആരെങ്കിലും ഉദ്ഘോഷിച്ചേക്കുമോ? അറിഞ്ഞുകൂടാ. എങ്കിലും അങ്ങനെയെഴുതട്ടെ. ആ കരംകണ്ടു ദേവസ്സി ചിറ്റമ്മൽ ആക്രമണം നടത്തുന്നു. കാഴ്ചക്കാരായ ഞങ്ങൾക്കു ജുഗുപ്സയും. ‘സഞ്ജയ്നഗറി’ലുണ്ടായ ലഹളയെക്കുറിച്ചാണു് കഥ. ലഹളയുടെ ഒരു പ്രതീതിയുമില്ല. ആകെക്കൂടിയുള്ളതു് വാക്കുകളുടെ ലഹള. ആവേശത്തിന്റെ ഫലമായിട്ടുള്ള ചൂലുവാങ്ങലും തിരിച്ചുകൊടുക്കലും. അപ്പോഴൊക്കെയുള്ള അമർത്തിപ്പിടിക്കലും.

കല്ലേറു്
images/Carsonmccullers.jpg
കർസൻ മാക്കല്ലേഴ്സ്

തലമുടിയാകെ നരച്ച ഒരറുപതു വയസ്സുകാരി പനിനീർപ്പൂ തലയിൽ ചൂടി അമ്പലത്തിലേക്കു പോകുന്നു. അതു കാണുന്ന ഞാൻ പൂവണിയാത്ത ചെറുപ്പക്കാരിയുടെ കറുത്തതലമുടിയുടെ ഭംഗി മനസ്സിൽ കാണുന്നു. ഇന്നലെ ഒരാവശ്യമായി ആശുപത്രിയിൽ പോകേണ്ടി വന്നു. തലവേദനകൊണ്ടു പിടയുന്ന ഒരുത്തന്റെ തലയിൽ എന്തോവയ്ക്കുന്നു നേഴ്സ്. ഐസായിരിക്കും. അതു കണ്ടപ്പോൾ ആരോഗ്യമുള്ള യുവാവിനെ എന്റെ അന്തർനേത്രം കണ്ടു. അമ്പലപ്പുഴയ്ക്കടുത്തു് ഒരു സമ്മേളനത്തിനു പോയപ്പോൾ തോട്ടിനരികെ കരുമാടിക്കുട്ടന്റെ പ്രതിമ. ആദ്ധ്യാത്മികശോഭ പ്രസരിപ്പിക്കുന്ന ശ്രീനാരായണന്റെ പ്രതിമ തോട്ടപ്പള്ളിയിലുള്ളതു്. കുറിച്ചിയിലുള്ളതു് ഞാൻ ഓർമ്മിച്ചു. സ്നേഹം ലഭിക്കാത്ത ഊർമ്മിള ഭ്രാന്തിയായിമാറുന്ന ചെറുകഥ മനോരമ ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ (വേരുകളിൽ കുരുങ്ങിയവർ—മീന) ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ പ്രേമകഥകളെക്കുറിച്ചു് ഓർത്തുപോയി; കർസൻ മാക്കല്ലേഴ്സി ന്റെ The Sojourner, ഡി. എച്ച്. ലോറൻസി ന്റെ The Lady Bird, പെർഹൽസ്ട്രോമിന്റെ Amor, ടർജനീവി ന്റെ (തുർഗന്യഫ്) First Love ഇവരൊക്കെ പദങ്ങൾ എടുത്തെറിഞ്ഞു് അനുഭവത്തിന്റെ തരംഗങ്ങൾ ഉളവാക്കി. മീന വാക്കുകളെറിഞ്ഞു് വായനക്കാരുടെ നെറ്റിപൊട്ടിക്കുന്നു. മനോരമയുടെ താളുകൊണ്ടുതന്നെ ചോരയൊപ്പിയാലും.

രണ്ടാം തരം

മാറാദോന ഇടതുകാലുകൊണ്ടു് പന്തടിക്കുമ്പോൾ ടെലിവിഷൻ സെറ്റിന്റെ മുൻപിലിരിക്കുന്നവരിൽ ചിലരും കളി നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നവരിൽ പലരും തങ്ങളറിയാതെ ഇടതുകാലു പൊക്കിപ്പോകും. വേറൊരുത്തന്റെ അനുഭൂതി അതേ മട്ടിൽ ദൃഷ്ടാവിനുണ്ടാകുമ്പോൾ അതിനെ ഇംഗ്ലീഷിൽ ‘എംപതി’ എന്നു വിളിക്കും. പ്രൊഫസർ എസ്. ഗുപ്തൻനായരു ടെ നിഘണ്ടുവിൽ ഇതിനു് ‘തദനുഭൂതി’ എന്നു തർജ്ജമ നല്കിയിരിക്കുന്നു. സിനിമയിൽ നായകൻ നായികയെ ആലിംഗനം ചെയ്യുമ്പോൾ അതുകണ്ടുകൊണ്ടിരിക്കുന്ന സ്ത്രീയും പുരുഷനും ആശ്ലേഷത്തിലമരുന്നതു് എംപതിയാണു്. സിംപതി—സഹാനുഭൂതി—ഇതിൽനിന്നു വിഭിന്നമാണു്. കഷ്ടപ്പെടുന്നവനെ നോക്കി ദുഃഖിക്കുന്നതു് സഹാനുഭൂതിയത്രേ. സാഹിത്യത്തിൽ എംപതിയും സിംപതിയുമുണ്ടു്. ചടുലമായ ആഖ്യാനത്തിൽ പ്രഗല്ഭനാണു് തുളസി. അദ്ദേഹം മനോരാജ്യം വാരികയിലെഴുതിയ “പുതിയശാപം” എന്ന കഥയിൽ ഏതാണ്ടു കിറുക്കനായ ഒരു യുവാവിനെ കാണാം. അവൻ തനിക്കു ദോശ വാങ്ങിക്കൊടുക്കുന്നവനെ അച്ഛനെന്നു വിളിക്കുന്നു. മസാലദോശ വാങ്ങാൻ രണ്ടു രൂപ കൊടുക്കുന്ന മുതലാളിയെ അച്ഛനെന്നു വിളിക്കുന്നു. സ്വന്തം നാട്ടിൽനിന്നു് ഒരു കാറിൽക്കയറിപ്പോന്ന അവനെ ഡ്രൈവർ ചതിച്ചു കൊണ്ടുപോന്നതാണെന്നു വിചാരിച്ച അവന്റെ അമ്മ ബഹളത്തിനെത്തുന്നു. അച്ഛാ എന്ന വിളികേട്ടു് സഹിഷ്ണുത നശിച്ച മുതലാളിയാണു് അവന്റെ തിരോധാനത്തിനു കാരണക്കാരൻ എന്നു ധരിച്ച അവന്റെ അമ്മ മുതലാളിയെ അമ്പലത്തിൽ വച്ചു ശപിക്കുന്നു. അരക്കിറുക്കന്റെ സ്വഭാവചിത്രീകരണം വിശ്വാസ്യത ഉളവാക്കുന്നു. അവന്റെ ഭ്രാന്തു കണ്ടു് അന്യർക്കുണ്ടാകുന്ന റിയാക്ഷൻ സ്വാഭാവികമത്രേ. ആഖ്യാനത്തിന്റെ ചടുലത ആദരണീയം. പക്ഷേ, എംപതിയുണ്ടോ? ഇല്ല. സിംപതിയോ? അതുമില്ല. ഭ്രാന്തന്റെ തിരോധാനമോ അവന്റെ അമ്മയുടെ ദുഃഖമോ നമ്മളെ ചലിപ്പിക്കില്ല. സാഹിത്യസൃഷ്ടിയുടെ മൂല്യമിരിക്കുന്നതു് ഞാൻ പലപ്പോഴും പറയാറുള്ള ഉൾക്കാഴ്ചയുടെ ആഴത്തിലാണു്. ഇതിന്റെ കുറവാണു് തുളസിയെ രണ്ടാംതരം കഥാകാരനാക്കിമാറ്റുന്നതു്.

കീറ്റ്സുംഷെല്ലി യും പാടിയപ്പോൾ ബ്രൗണിങ് ഗർജ്ജിച്ചതേയുള്ളു എന്നതു് പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ചൊല്ലാണു്. ബ്രൗണിങ് വെറും ഗർജ്ജനക്കാരനാണോ? ആണെങ്കിൽ ആയിക്കൊള്ളട്ടെ. പക്ഷെ, ഇനിപ്പറയുന്നവരികൾ സഹജാവബോധമുള്ള മഹാകവിക്കേ എഴുതാൻ പറ്റൂ.

“I see my way as birds their trackless way…

In sometime, His good time, I shall arrive.

He guides me and the bird”.

വലിയ എഴുത്തുകാർ പക്ഷിയെപ്പോലെ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തുന്നു. കാല്പാടുകൾ മാത്രം നോക്കി സഞ്ചരിക്കുന്നവർ ലക്ഷ്യത്തിലെത്തുന്നില്ല. അവർ അനുകർത്താക്കൾ മാത്രം.

ഒ. വി. വിജയൻ, ജെ. കൃഷ്ണമൂർത്തി

ജെ. കൃഷ്ണമൂർത്തി യോടു് ഒ. വി. വിജയൻ പറഞ്ഞു: ഇന്നത്തെ പ്രതിസന്ധിക്കു് നവീനതയുണ്ടോ എന്നു് എനിക്കു സംശയം. സ്ഥിരമായ പ്രതിസന്ധി സമകാലിക സ്വഭാവം ആവഹിച്ചിരിക്കുകയല്ലേ? സാന്മാർഗ്ഗികത്വത്തിനു തകർച്ച വരാൻ കാരണമെന്തു്?

ഇതിനു കൃഷ്ണമൂർത്തി സമാധാനം നല്കി. സാന്മാർഗ്ഗികത്വത്തിലോ മൂല്യങ്ങളിലോ അല്ല പ്രതിസന്ധി. ബോധമണ്ഡലത്തിലും (Consciousness) ജ്ഞാനത്തിലുമാണു് അതു സംഭവിച്ചിരിക്കുന്നതു്. മനുഷ്യർ ഈ ബോധമണ്ഡലത്തിനു മാറ്റം വരുത്തിയില്ലെങ്കിൽ എല്ലാം യുദ്ധത്തിലവസാനിക്കും. ജ്ഞാനമൊരിക്കലും മനുഷ്യനു പരിവർത്തനം വരുത്തിയിട്ടില്ല. ഇതാണു പ്രതിസന്ധി. ഇരുപത്തയ്യായിരം വർഷങ്ങളായി മനുഷ്യൻ ഇവിടെ ജീവിക്കുന്നു. ഇത്രയും കാലമായിട്ടും അവനു മാറ്റമില്ല. അവനു് ഉത്കണ്ഠയുണ്ടു്, പേടിയുണ്ടു്, നിരാശതയുണ്ടു്, സന്തോഷക്കുറവുണ്ടു്. അവൻ അക്രമണോൽസുകനാണു്. ഏകാന്തതയുടെ ദുഃഖമുണ്ടു് അവനു്. ഈ ഉത്കണ്ഠയും ഭയവുമൊക്കെയാണു് മനുഷ്യന്റെ ബോധമണ്ഡലം.

തികച്ചും അസ്പഷ്ടമാണു് കൃഷ്ണമൂർത്തിയുടെ ഉത്തരം. മനുഷ്യനു് എങ്ങനെ ഉത്കണ്ഠയും ഭയവും നിരാശതയുമുണ്ടായി എന്ന ചോദ്യത്തിനു് സാംഗത്യമുണ്ടു്. അതിനു മറുപടിയില്ല കൃഷ്ണമൂർത്തിക്കു്. മനുഷ്യന്റെ ബോധമണ്ഡലമെന്നതു് ഉത്കണ്ഠയുടെയും ഭയത്തിന്റെയും മറ്റും സങ്കലനമാണു് എന്നതും ബഹിർഭാഗസ്ഥമായ ചിന്തയാണു് (വിജയന്റെ ചോദ്യവും കൃഷ്ണമൂർത്തിയുടെ ഉത്തരവും Illustrated Weekly, July 13–19 ലക്കത്തിൽ).

ജെയിംസ് ജോയിസി ന്റെ യുലിസീസ് വായിക്കുകയാണു് ഞാൻ. സിനോപ്റ്റിക് എഡിഷന്റെ 170-ാം പുറം വരെ എത്തിയപ്പോൾ വായിച്ച ചില വാക്യങ്ങൾ ഇവിടെ കുറിച്ചിടാൻ കൗതുകം.

The son unborn mars beauty: born he brings pain, divides affection, increase care. He is a new male: his growth is his father’s decline, his youth his father’s envy, his friend his father’s enemy.

(പഴയ പ്രസാധനങ്ങളിൽ He is a male: എന്നേയുള്ളൂ. new എന്ന വാക്കു് ഇല്ല.)

(ജനിക്കാത്ത മകൻ സൗന്ദര്യത്തിനു കെടുതി വരുത്തുന്നു. ജനിച്ചാൽ അവൻ വേദനയ്ക്കു കാരണക്കാരൻ. സ്നേഹം നശിപ്പിക്കുന്നു. ക്ലേശം വർദ്ധിപ്പിക്കുന്നു. അവൻ ഒരു പുതിയ പുരുഷപ്രജ: അവന്റെ വളർച്ച അച്ഛന്റെ താഴ്ച, അവന്റെ യൗവ്വനം അച്ഛന്റെ അസൂയയ്ക്കുകാരണം, അവന്റെ സ്നേഹിതൻ അച്ഛന്റെ ശത്രു.)

ബ്രഷ് കൈയിലല്ല

“പിക്കാക്സ് കൊണ്ടെഴുതുന്ന ഈ അസിസ്റ്റന്റ് സെക്രട്ടറിയാരു്?” കൈയക്ഷരം വിരൂപമായി കണ്ടതുകൊണ്ടു് ദിവാൻ സർ. സി. പി. രാമസ്വാമിഅയ്യർ ഫയലിൽ എഴുതിയ ചോദ്യമാണിതു്. ചീഫ് സെക്രട്ടറി തന്റെ ബന്ധുവിനെ സെക്രട്ടറിയേറ്റിൽ കയറ്റാൻ കാത്തിരിക്കുകയായിരുന്നു. അയാൾ ആ പാവപ്പെട്ട അസിസ്റ്റൻറ് സെക്രട്ടറിയെ ഉടനെ സ്ഥലംമാറ്റി. പകരം സ്വന്തക്കാരനെ കൊണ്ടുവന്നു. വന്നയാൾ കോടാലികൊണ്ടു് എഴുതുന്നവനായിരുന്നു. നിക്കൊലസ് റോറിക്ക് ബ്രഷ് ചായത്തിൽ മുക്കി കൈകൊണ്ടു് ചിത്രങ്ങൾ വരച്ചു. നേരേമറിച്ചു് അദ്ദേഹം ചന്തിയിൽ ബ്രഷ് വച്ചുകെട്ടി വരച്ചിരുന്നെങ്കിലോ? ആരറിയുമായിരുന്നു അദ്ദേഹത്തെ? റോയി ചൌദ്രി ശില്പങ്ങൾ നിർമ്മിച്ചതു് കൈകൊണ്ടു്. അസംസ്കൃതവസ്തുവിന്റെ വേണ്ടാത്ത ഭാഗങ്ങൾ മാറാൻ അദ്ദേഹം ഓരോ ചാട്ടം ചാടി ഓരോ കടി നടത്തിയിരുന്നെങ്കിൽ? റോയി ചൌദ്രി എന്ന കലാകാരൻ ഉണ്ടാവുകയില്ലാരുന്നു. സൈഗാൾ വാ കൊണ്ടുപാടി. അതിനുപകരം അദ്ദേഹം… (ബാക്കി എഴുതാൻ വയ്യ). പിക്കാക്സ് കൊണ്ടു് സാഹിത്യാംഗനയുടെ ദേഹത്തു് വെട്ടുകയും പിറകുവശത്തു വച്ചുകെട്ടിയ ബ്രഷ്കൊണ്ടു് അവളുടെ ശരീരത്തിൽ ചായം തേക്കുകയും മാറി തെല്ലുനേരം നിന്നിട്ടു് ചാടി അവളെ കടിക്കുകയും ചെയ്യുന്നു തൃക്കൊടിത്താനം സുരേന്ദ്രൻ. എന്തിനു് നമ്മൾ പൈങ്കിളിക്കഥകളെ കുറ്റം പറയുന്നു? അവയേക്കാൾ ഹീനമാണു് അദ്ദേഹം ജനയുഗം വാരികയിലെഴുതിയ ‘ആറടി മണ്ണു്’ എന്ന കഥ. ഒരുത്തൻ വസ്തുവിറ്റു. അയാളുടെ മകൾ തൂങ്ങിച്ചത്തു. മകനെ അന്വേഷിച്ചുനടന്ന അയാളെ കള്ളനായിക്കരുതി പോലീസ് അറസ്റ്റ്ചെയ്തു് മർദ്ദിച്ചു. പക്ഷേ, പോലീസ് ഇൻസ്പെക്ടർ അയാളുടെ മകൻ തന്നെയായിരുന്നു. സാഹിത്യത്തിന്റെ പേരിലുള്ള ഈ നൃശംസതയ്ക്കു മാപ്പുകൊടുക്കാൻ വയ്യ.

“പരിണാമ”ത്തെക്കുറിച്ചു്
images/Alfwight.jpg
James Herriot

സാഹിത്യവാരഫലം പതിവായി വായിക്കുന്ന വെറ്റ്റിനറിഡോക്ടർ മോഹൻ എന്നോടു ചോദിച്ചു James Herriot ന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ എന്നു്. രസകരങ്ങളായ ആ ഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ടെന്നു് ഞാൻ മറുപടി പറഞ്ഞു. വെറ്റ്റിനറി സർജനായ ആ ഗ്രന്ഥകാരൻ മൃഗങ്ങളെ അവതരിപ്പിക്കുന്നതുകണ്ടാൽ നമുക്കു് അവയോടു സ്നേഹം തോന്നും. രചനാവൈദഗ്ദ്ധ്യം കണ്ടു് അദ്ദേഹത്തോടു ബഹുമാനമുണ്ടാകും. “സാറിനു മൃഗങ്ങളെ ഇഷ്ടമാണോ?” എന്നു മോഹന്റെ ചോദ്യം വീണ്ടും. “ഇഷ്ടമില്ലെന്നു മാത്രമല്ല, വെറുപ്പുമാണു്. പശുവിനെപ്പോലും എനിക്കു വെറുപ്പാണു്. പട്ടിയുടെ കാര്യം പറയാനുമില്ല. വാതോരാതെ പട്ടി കുരയ്ക്കുന്നതു കേട്ടാൽ തലവേദനയുണ്ടാകുമെനിക്കു്”. ഈ മാനസികനില തകരാറുള്ളതാണെന്നു മോഹൻ പറഞ്ഞില്ല. പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മുഖഭാവം അതു വ്യക്തമാക്കി. “അനിമൽ എക്സ്യൂഡേഷൻ’ എന്ന നിലയിൽ പാലുപോലും എനിക്കിഷ്ടമില്ല.” എന്നും കൂടി ഞാൻ അദ്ദേഹത്തെ അറിയിച്ചു. പക്ഷേ, മൃഗങ്ങളെക്കുറിച്ചുള്ള കഥകൾ എനിക്കിഷ്ടമാണു്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ പട്ടി മരിച്ചതു് എന്നെ ദുഃഖിപ്പിച്ചു. വ്വാൻ റാമൊൻ ഹീമിനെത്തി ന്റെ (Juan Ramon Jimenez 1881–1958. നോബൽ സമ്മാനം 1956-ൽ) Platero and I എന്ന സുന്ദരമായ ഗദ്യ കാവ്യത്തിലെ കഴുതയുടെ അന്ത്യം എന്നെ ശോകാകുലനാക്കി. ഫാന്റസിയോടു പലപ്പോഴും അടുത്തു നിൽക്കുന്ന കഥകൾ എം. പി. നാരായണപിള്ള എഴുതുമ്പോൾ, മൃഗങ്ങൾ അവയിൽ പ്രത്യക്ഷപ്പെടുമ്പോൾ എനിക്കു സഹാനുഭൂതി ജനിക്കാറുണ്ടു്. അതിനു് ഹേതു കലാവൈദഗ്ദ്ധ്യമത്രേ. എസ്. ജയചന്ദ്രൻനായർ ‘കഥയ്ക്കു പിന്നിലെ മനുഷ്യൻ’ എന്ന ലേഖനത്തിൽ എടുത്തു കാണിക്കുന്ന ‘മൃഗാധിപത്യം’ എന്ന കഥയെ സംബന്ധിച്ചും എനിക്കു പറയാനുള്ളതു് ഇതുതന്നെ. ഡി. എഫ്. ഒ. യെ തിന്ന പുലിയെ റെയ്ഞ്ചർ കൊല്ലുന്നില്ല. കോടതി അയാളെ ശിക്ഷിച്ചേക്കും. തോക്കുണ്ടായിരുന്നിട്ടും അയാൾ പുലിയെ വധിച്ചില്ലല്ലോ. സാക്ഷിയായി പുലിയെത്തന്നെ വിളിക്കാമെന്നാണു് പ്രതിയുടെ നിർദ്ദേശം. എം. പി. നാരായണപിള്ളയുടെ തത്ത്വചിന്തയാണു് ഇക്കഥയിലുള്ളതു്. അതു് ജയചന്ദ്രൻനായർ സ്പഷ്ടമായി ആവിഷ്കരിച്ചിട്ടുണ്ടു്. മനുഷ്യരെയും മൃഗങ്ങളെയും വിഭിന്നരായി കാണുവാൻ നാരായണപിള്ളയ്ക്കു് കഴിയുകയില്ല. ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ല. പക്ഷികൾക്കും മൃഗങ്ങൾക്കും മരങ്ങൾക്കും തുല്യമായ അവകാശമുണ്ടു്.

എം. പി. നാരായണപിള്ളയുടെ ‘പരിണാമം’ എന്ന നോവലിനു പൂർവപീഠികയെന്ന നിലയിൽ ജയചന്ദ്രൻ നായർ എഴുതിയ ഈ ലേഖനം നോവലിലേക്കും നോവലിസ്റ്റിന്റെ തത്ത്വചിന്തയിലേക്കും പ്രകാശം വീഴ്ത്തുന്നു.

ഐ. എസ്. നാരായണപിള്ള

അച്ഛനമ്മമാർക്കു മക്കളെക്കുറിച്ചും മക്കൾക്കു് അച്ഛനമ്മമാരെക്കുറിച്ചും ആർജ്ജവത്തോടെ നല്ല വാക്കുകൾ പറയാൻ കഴിയുന്നതാണു് വലിയ ഭാഗ്യം. ഈ ഭാഗ്യം ഈ ലോകത്തു പലർക്കുമില്ല. മകനും മകളും മാതാപിതാക്കന്മാരെ വിമർശിക്കാറില്ല. അതു് അച്ഛന്റെയും അമ്മയുടെയും നന്മകൊണ്ടാണെന്നു കരുതേണ്ടതില്ല. മകൻ അല്ലെങ്കിൽ മകൾ അച്ഛനെ വിമർശിക്കുമ്പോൾ തന്നെത്തന്നെയാണു് വിമർശിക്കുന്നതു്. അതിനാൽ അച്ഛന്റെ എല്ലാ കൊള്ളരുതായ്മകളെയും മനസ്സിലാക്കിക്കൊണ്ടു് മകൻ മൗനം അവലംബിക്കുന്നു. തെമ്മാടിയും ആഭാസനുമാണു് അച്ഛനെന്നു മകനു് അറിയാമെന്നിരിക്കട്ടെ. വേറൊരാൾ അതു പറയാൻ മകൻ അനുവദിക്കില്ല. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാൻ കൂടിയാണതു്. ഇക്കാര്യത്തിൽ മകനെക്കാൾ കൂടുതൽ നിർബ്ബന്ധം മകൾക്കാണു്. മകളുടെ ഭർത്താവു് അവളുടെ അച്ഛനെക്കുറിച്ചു് ദോഷം പറഞ്ഞാൽ അതു സത്യമാണെന്നു് അറിഞ്ഞുകൊണ്ടുതന്നെ അവൾ എതിർക്കാതിരിക്കില്ല. ശണ്ഠകൂടുകയും ചെയ്യും. കുടുംബത്തിന്റെ അഭിമാനമാണു് ഇവിടെയും “പ്രശ്നം” (പ്രശ്നത്തിനു ചോദ്യം എന്ന അർത്ഥമേയുള്ളൂ. എങ്കിലും മലയാളത്തിൽ പ്രയോഗിക്കുന്ന രീതിയിൽ ഇവിടെ പ്രയോഗിച്ചിരിക്കുന്നു.)

ഈ ഖണ്ഡികയുടെ ആദ്യം പറഞ്ഞമട്ടിൽ ലളിതാംബിക ഭാഗ്യശാലിനിയാണു്. അച്ഛൻ ഐ. എസ്. നാരായണപിള്ളയെക്കുറിച്ചു് അവർ അഭിമാനത്തോടെ എഴുതുന്നു. (കലാകൗമുദി—എന്റെ അച്ഛൻ) ഐ. എസ്. നാരായണപിള്ള പ്രഗ്ല്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിരുന്നു. അതെനിക്കു നേരിട്ടറിയാം. അദ്ദേഹത്തിന്റെ ഡിപ്പാർട്ട്മെന്റിൽ ഞാൻ ക്ലാർക്കായി കഴിഞ്ഞുകൂടിയിട്ടുണ്ടു്. ദിവാൻ സി. പി. രാമസ്വാമി അയ്യരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ അദ്ദേഹം നിഷ്പക്ഷ ചിന്താഗതിയോടെ എഴുതിയ ഉജ്ജ്വലങ്ങളായ “നോട്ടുകൾ” ഞാൻ വായിച്ചിട്ടുണ്ടു്. അപ്പോഴൊക്കെ അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ടു്. ഒരോർമ്മ. ഞാൻ പബ്ലിക്‍ലൈബ്രറിയിലെ ഷെൽഫുകൾക്കിടയിൽ പുസ്തകം നോക്കിനടക്കുകയാണു്. പിറകിലൊരു ശബ്ദം “കൃഷ്ണൻനായർ, ഷെല്ലിയുടെ പ്രോസ് വർക്ക്സ് എവിടെയിരിക്കുന്നു?” “അറിഞ്ഞുകൂടാ സർ” എന്നു എന്റെ മറുപടി. “പിന്നെ നിങ്ങളെന്തിനു് ഇവിടെ ദിവസവും വരുന്നു?” എന്നു കനത്ത ശബ്ദത്തിൽ സ്നേഹത്തോടെയുള്ള ചോദ്യം. ഞാൻ പുസ്തകം കണ്ടുപിടിച്ചുകൊടുത്തു. ഒരു ചിരിയോടെ അദ്ദേഹം പോകുകയും ചെയ്തു. ഫയലുകളുമായി മല്ലിടുന്ന വെറുമൊരു ഉദ്യോഗസ്ഥനല്ല ഐ. എസ്. നാരായണപിള്ളയെന്നു് അപ്പോഴാണു് ഞാൻ മനസ്സിലാക്കിയതു്. പിതൃപിതാമഹബന്ധത്തെ ബന്ധുക്കൾ സംശയത്തോടെ നോക്കുന്ന കാലമാണിതു്. പിതാപുത്രബന്ധവും ശിഥിലം. മകൻ എതിർപ്പിനു തയ്യാറായി നില്ക്കുന്നു. ചിലപ്പോൾ അച്ഛൻ പ്രതികാരത്തിനും. അങ്ങനെയുള്ള കാലയളവിൽ ഒരു മകൾ അച്ഛനെ ബഹുമാനത്തോടും സ്നേഹത്തോടും സംവീക്ഷണം ചെയ്യുന്നതു് എന്നെപ്പോലുള്ളവർക്കു് ആഹ്ലാദദായകമത്രേ.

ജർമ്മൻ എക്സ്പ്രഷനിസ്റ്റ് നാടക കർത്താവു് കൈസറി ന്റെ Coral എന്ന നാടകത്തിൽ ഒരു കഥാപാത്രം: “Father and son strain away from one another. It is always struggle of life and death”.

പത്രാധിപരോടു ചോദിക്കട്ടെ

സാഹിത്യവാരഫലം എന്ന പംക്തി 1968-ലാണു് മലയാളനാടു വാരികയിൽ ആരംഭിച്ചതു്. അക്കാലത്തു് വാരികയിൽവന്ന ഒരു ‘നവീനകഥ’ എനിക്കു് ഒട്ടും മനസ്സിലായില്ല. ആയിടെ ഞാൻ മലയാളനാടു് ഓഫീസിൽ ചെന്നപ്പോൾ പത്രാധിപരോടു ചോദിച്ചു: “…എന്ന ചെറുകഥയുടെ അർത്ഥമെന്താണു്?” പത്രാധിപർ കൈമലർത്തിയിട്ടു പറഞ്ഞു: “എനിക്കും അറിഞ്ഞുകൂടാ”. സൂര്യഗോപൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “ജന്മദിനം” എന്ന കഥ മൂന്നു തവണ വായിച്ചിട്ടും എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണു് മേല്പറഞ്ഞ സംഭവം ഓർമ്മവന്നതു്. ചീഫ് സബ്ബ് എഡിറ്റർ കെ. സി. നാരായണൻ എന്റെ ഉത്തമ സുഹൃത്താണു്. അദ്ദേഹത്തിനൊരു കത്തയച്ചു നോക്കട്ടെ പ്രിയപ്പെട്ട വായനക്കാരെ. അദ്ദേഹം അർത്ഥം പറഞ്ഞുതരികയാണെങ്കിൽ ഞാനിതിനെക്കുറിച്ചു പിന്നീടു് എഴുതിക്കൊള്ളാം. ഇപ്പോഴത്തെ നിലയിലാണെങ്കിൽ “പടച്ചവനാണെ എനിക്കിതു മനസ്സിലായില്ല”. അലക്സാണ്ടറു ടെ പ്രതിമയെടുത്തു് പോകുന്നുപോലും. കൊല്ലുന്നില്ല. അലക്സാണ്ടർക്കു് ഇതു വേണം. അയാൾ ചോരപ്പുഴ ഒഴുക്കിയവനല്ലേ. സൂര്യഗോപന്റെ പ്രതികാര നിർവ്വഹണം നന്നായി.

ഭാഗ്യക്കേടു്

ചായക്കടയിൽ കയറി ഓഡർ ചെയ്യുന്നു: “നമ്മൾ കേൾക്കെ ചായ കൊണ്ടു തരുന്ന പയ്യൻ അകത്തോട്ടു വിളിച്ചുപറയുന്നു “ഒരു ലൈറ്റ് കോഫി, വിത്തൗട്ട്”. ആരെടാ പ്രമേഹരോഗി എന്ന മട്ടിൽ മറ്റുള്ളവർ തുറിച്ചുനോക്കുമ്പോൾ നമ്മൾ ലജ്ജിച്ചു തല കുനിക്കുന്നു. വിത്തൗട്ട് കാപ്പി കുടിച്ചുകൊണ്ടുപോകുന്നു. മഴ പെയ്യുകയില്ല എന്ന പറഞ്ഞു് കുടയെടുക്കാതെ പോയാൽ മഴ പെയ്യും. മഴയുണ്ടാകുമെന്നു കരുതി കുടയും ഭേസിപ്പോയാൽ മഴ പെയ്യുകയില്ല. പേരു കേട്ട വാരികയല്ലേ നല്ല കഥ കാണുമെന്നു വിചാരിച്ചു വായിച്ചാൽ എല്ലാക്കഥകളും ചവറുകളായിരിക്കും. ലിറ്റിൽ മാഗസിൻ! ഇതിലെവിടെ നല്ല കഥ എന്ന വിചാരത്തോടെ ദൂരെയെറിയുന്നു. അതു് വായിക്കു. ചിലപ്പോൾ കഥാരത്നങ്ങൾ കാണും. നമ്മൾ വിചാരിക്കുന്നതുപാലെയല്ല ഒന്നും ഈ ലോകത്തു നടക്കുന്നതു്.

എം. കൃഷ്ണൻനായരുടെ പത്മനാഭനെപ്പറ്റി

ടി. പത്മനാഭൻ

‘ശ്രീരാഗം’ മാസികയുടെ ജൂൺ ലക്കത്തിൽ വി. നടരാജൻ ഒരു ലേഖനമെഴുതിയിട്ടുണ്ടു്. നടരാജനും ഞാനുമായി നടത്തിയ ഒരു അഭിമുഖസംഭാഷണമാണു് ലേഖനത്തിന്റെ വിഷയം. ഈ ലേഖനത്തിലൂടെ വന്ന എന്റെ ചില അഭിപ്രായങ്ങൾ – പ്രത്യേകിച്ചും കഥയെഴുത്തിന്റെ കാര്യത്തിൽ എം. ടി. വാസുദേവൻനായർ എന്റെ വളരെ പിറകിലാണു് എന്നു പറഞ്ഞതു് – എം. കൃഷ്ണൻനായരെ അസ്വസ്ഥനാക്കിയിരിക്കുന്നു. കലാകൗമുദിയുടെ 567-ആം ലക്കത്തിൽ സാഹിത്യവാരഫലത്തിൽ കൃഷ്ണൻനായർ പറയുന്നു:

“പത്മനാഭൻ റൊമാൻസിനോടു് ചേർന്നുനില്ക്കുന്ന റിയലിസ്റ്റിക്ക് കഥകളെഴുതിയ സാഹിത്യകാരനാണു്. പലപ്പോഴും താൻ കവിയാണു് എന്നു വിളംബരം ചെയ്യുന്നു പത്മനാഭൻ തന്റെ കഥകളിലൂടെ. (പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻസിങ്ങിന്റെ മരണം ഇവ രണ്ടുദാഹരണങ്ങൾ മാത്രം) ഇതാണു് സത്യം: ഇതു മാത്രമേ സത്യമായുള്ളുതാനും… ”

ഇതു വായിച്ചപ്പോൾ കഴിഞ്ഞ ഒട്ടേറെ കൊല്ലങ്ങളായി കൃഷ്ണൻനായർ ജനയുഗം, മലയാളനാടു്, കലാകൗമുദി എന്നീ പ്രസിദ്ധീകരണങ്ങളിൽ എന്നെക്കുറിച്ചു് എഴുതിവരാറുള്ളതു് ഓർമ്മയിലെത്തി. ഏറ്റവും ഒടുവിലായി കൃഷ്ണൻനായർ എഴുതിയതു് 1984 സെപ്റ്റംബർ 23-ആം തീയതിയിലെ കലാകൗമുദിയിലാണു്. ഞാൻ കണ്ടേടത്തോളം, കൃഷ്ണൻനായർ ആ ലക്കത്തിൽ എന്നെക്കുറിച്ചു് ഇങ്ങനെ പറയുന്നു:

“…നമ്മുടെ കേരളത്തിൽ ആർട്ടിസ്റ്റുകൾ വളരെ വിരളം. ആർട്ടിസ്റ്റുകളായി ഭാവിക്കുന്ന ബാർബേറിയൻസ് വളരെ കൂടുതൽ. വൈരള ്യമുള്ള ആർട്ടിസ്റ്റുകളിൽ ശോഭയാർന്നു വിരാജിക്കുന്ന നക്ഷത്രമാണു് ടി. പത്മനാഭനെ ന്നു് ഈ കഥ വായിച്ചപ്പോൾ എനിക്കു തോന്നി … വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ ട്രാജഡിയിലെ ന്യൂനോക്തിയിലൂടെ പത്മനാഭൻ ചിത്രീകരിക്കുന്നതിന്റെ ചാരുത കാണണമെങ്കിൽ കഥ തന്നെ വായിക്കണം… ഓരോ കഥാപാത്രത്തിന്റെയും അന്തരംഗസ്ഥിതമായ കേന്ദ്രത്തിൽനിന്നു് ബഹിർഗമിക്കുന്ന ശക്തികളെ അനായാസമായി ചിത്രീകരിച്ചു് പത്മനാഭൻ വിശ്വസിക്കാവുന്ന – കലാപരമായ ദൃഢപ്രത്യയമുളവാക്കുന്ന – കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു… ”

ഇതു വായിച്ചപ്പോൾ സ്വാഭാവികമായും എനിക്കു് വളരെയധികം സന്തോഷം തോന്നുകയുണ്ടായി. ഇതിലും നല്ലതായി ആർക്കെങ്കിലും ഒരു കഥാകൃത്തിനെക്കുറിച്ചു് എഴുതുവാൻ കഴിയുമോ? എന്തൊക്കെയാണു് കൃഷ്ണൻനായർ എന്നെക്കുറിച്ചു് പറഞ്ഞുവച്ചതു്? കേരളത്തിൽ യഥാർഥ ആർട്ടിസ്റ്റുകൾ വളരെക്കുറവു്. ഉള്ളതധികവും ബാർബേറിയൻസ് (മൃഗസമാനർ?). യഥാർത്ഥ ആർട്ടിസ്റ്റുകളുടെയിടയിൽ ഞാൻ ഒരു നക്ഷത്രമാണു്. വെറും നക്ഷത്രമോ? അല്ല, ശോഭയാർന്നുവിരാജിക്കുന്ന നക്ഷത്രം!

(നക്ഷത്രങ്ങൾ രണ്ടുവിധം—തിളക്കമുള്ളവയും അല്ലാത്തവയും. രണ്ടും നക്ഷത്രങ്ങളെന്ന നിലയിൽ മികച്ചവതന്നെ. എങ്കിലും തിളക്കമുള്ള നക്ഷത്രം എന്നെടുത്തുപറയുമ്പോൾ ആ നക്ഷത്രത്തിന്റെ നിലയും വിലയും ഒന്നുകൂടി വർദ്ധിക്കുന്നു.)

ഈ നക്ഷത്രത്തെയാണു്, എന്നുവെച്ചാൽ ടി. പത്മനാഭൻ എന്നു കഥാകൃത്തിനെയാണു്, “ഇതാണു് സത്യം, ഇത്രമാത്രമേ സത്യമായുള്ളുതാനും” എന്നു തറപ്പിച്ചെഴുതി കൃഷ്ണൻനായർ ഇരുത്തിക്കളഞ്ഞതു്!

കഥയിൽ റൊമാൻസ്, റിയലിസം, കവിത എന്നിവയൊക്കെ നിഷിദ്ധമാണോ? അല്ല, മികച്ച കഥാകൃത്താകണമെങ്കിൽ അയാൾ തന്റെ കഥകളിൽ ഇവയ്ക്കൊക്കെ പുറമേ വെറെയും എന്തെങ്കിലും അമൂല്യമായ ചേരുവകൾ ചേർക്കേണ്ടതുണ്ടോ? എന്തോ, എനിക്കു് നിശ്ചയമില്ല. ഞാൻ കഥ എഴുതാനേ ശീലിച്ചിട്ടുള്ളു; കഥയുടെ തത്ത്വശാസ്ത്രങ്ങളൊക്കെ എന്റെ പരിധിക്കു പുറത്താണു്.

നമുക്കു് കൃഷ്ണൻനായരുടെ വാരഫലത്തിലേക്കുതന്നെ മടങ്ങുക. അദ്ദേഹം പറയുന്നു:

“…തന്നെ ആരോ ഉപദ്രവിക്കുന്നെന്നോ ഉപദ്രവിച്ചെന്നോ ഉള്ള ഒരു വ്യാമോഹത്തിൽപ്പെട്ടിരിക്കുന്നു അദ്ദേഹം”.

ഇല്ല, ഇതു ശരിയല്ല. എനിക്കുണ്ടായ ഒരു തിക്താനുഭവത്തെക്കുറിച്ചാണു് ഞാൻ നടരാജനോടു പറഞ്ഞതു്. ഇത്തരം അനുഭവങ്ങൾ നമ്മുടെ വേറെയും പല എഴുത്തുകാർക്കുണ്ടായിട്ടുള്ളതായും എനിക്കറിയാം. ഇതിൽ വ്യാമോഹമോ സന്ദേഹമോ ഒന്നുമില്ല. കൂടുതൽ ഇതിനെക്കുറിച്ചു് പറയാതിരിക്കുന്നതാണു് നല്ലതു്. കൃഷ്ണൻനായർ തുടരുന്നു:

“…ഔന്നത്യത്തിലേക്കു് തന്നെ വലിച്ചുകൊണ്ടു ചെല്ലുന്ന പത്മനാഭന്റെ സവിശേഷമായ മാനസികാവസ്ഥയുടെ ഫലമാണു് ഈ പ്രസ്താവം… ”

(എന്നുവെച്ചാൽ കഥയുടെ കാര്യത്തിൽ വാസുദേവൻനായർ എന്റെ പിറകിലാണു് എന്നു പറഞ്ഞതു്.)

ഇതു വളരെ കടുപ്പമായിപ്പോയി. കൃഷ്ണൻനായർ ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു. ഔന്നത്യത്തിലേക്കു് എന്നെ വലിച്ചുകൊണ്ടുചെല്ലേണ്ട വല്ല ആവശ്യവും എനിക്കുണ്ടോ? ശോഭയാർന്നു വിരാജിക്കുന്ന നക്ഷത്രമാണു് ഞാനെന്നു് ഒന്നേമുക്കാൽ കൊല്ലംമുമ്പു് കൃഷ്ണൻനായർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നക്ഷത്രത്തെ ആരെങ്കിലും പിടിച്ചു മുകളിലേക്കു് കയറ്റണമോ? നക്ഷത്രം എന്നും മുകളിൽത്തന്നെയല്ലേ?

കൃഷ്ണൻനായർ എന്റെ വേറെ ചില കഥകളെക്കുറിച്ചു് എഴുതിയതു് ഞാനിപ്പോൾ ഓർക്കുന്നു:

“ഒരു ചെറിയ കഥ” എന്ന പേരിൽ ഏതാനും കൊല്ലങ്ങൾക്കുമുമ്പു് ഞാനൊരു കഥയെഴുതുകയുണ്ടായി. ഈ കഥയെക്കുറിച്ചു് പരാമർശിക്കവേ, “മനോഹരമായ കരതലത്തിൽവച്ച ചുവന്ന കല്ലുപോലെ ഇതു തിളങ്ങുന്നു” എന്നാണു് അദ്ദേഹം 1972 സെപ്തംബർ 10-ആം തീയതിയിലെ മലയാളനാട്ടിൽ അഭിപ്രായപ്പെട്ടതു്.

ഇതു് വളരെ ശരിയാണു്. ലോകത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നാണിതു്. കൃഷ്ണൻനായർതന്നെ പറഞ്ഞതു് ശ്രദ്ധിക്കുക: “ഇതു ചുവന്ന കല്ലു പോലെ തിളങ്ങുന്നു” എന്നല്ല അദ്ദേഹം പറഞ്ഞതു്; മനോഹരമായ കരതലത്തിൽവച്ച ചുവന്നകല്ലു പോലെ’ എന്നാണു്.

(ഇതേ ലക്കത്തിൽത്തന്നെ എസ്. കെ. പൊറ്റെക്കാട്ടി ന്റെ ഒരു കഥയെ – ഈ കഥ എന്റെ കഥ വന്ന മാതൃഭൂമി ഓണപ്പതിപ്പിൽതന്നെ പ്രസിദ്ധീകരിച്ചതാണു് – അദ്ദേഹം പിച്ചിച്ചീന്തിയതും ഞാനോർക്കുന്നു. ഇതൊക്കെയും ഞാൻ നടരാജനോടു് പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം ഇതിനെക്കുറിച്ചൊന്നും എഴുതിക്കണ്ടില്ല. ഇനിയും എഴുതാൻ സമയമുണ്ടു്.)

ഇനി വേറൊരു കഥയെക്കുറിച്ചു് കൃഷ്ണൻനായർ എഴുതിയതു് പറയാം. പേരു് ‘മരിക്കുന്നവർ.’ ഈ കഥയുടെ യോഗ്യതകളിലേക്കു് വരുന്നതിനു മുമ്പായി, താൻ പറയാൻപോകുന്ന കാര്യത്തിനു് തികച്ചും ഉചിതമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനായിരിക്കാം, കാവാഫി എന്ന ഗ്രീക്ക് മഹാകവിയുടെയും ചെക്കോവി ന്റെയും മാർക്കേസി ന്റെയും (നമ്മുടെ മാജിക്ക് റിയലിസം മാർക്കേസ് തന്നെ) മികച്ച സൃഷ്ടികളെക്കുറിച്ചു് അദ്ദേഹം സവിസ്തരം പ്രതിപാദിക്കുന്നുണ്ടു്. (“സമീകരിച്ചു പറയുകയാണു് എന്നു വിചാരിക്കരുതു്” എന്നും കൃഷ്ണൻനായർ പറയുന്നു. 1981 ഒക്ടോബർ 11-ആം തീയതിയിലെ മലയാളനാടു്.)

ഇങ്ങനെ പറയാൻ തുടങ്ങിയാൽ ഇനിയുമുണ്ടു്. പക്ഷേ, ഇതൊക്കെത്തന്നെ പോരേ? പോരെങ്കിൽ ഒരനുഭവംകൂടി പറഞ്ഞുനിറുത്താം. 1962 ഏപ്രിൽ 8-ആം തീയതിയിലെ ജനയുഗം വാരികയിൽ വന്ന കൃഷ്ണൻനായരുടെ ലേഖനത്തെയാണു് ഞാൻ ഉദ്ദേശിക്കുന്നതു്. ഈ ലേഖനത്തെക്കുറിച്ചു് ഞാൻ ഒന്നും പറയുന്നില്ലെങ്കിൽ കൃഷ്ണൻനായരോടു് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേടായിരിക്കും അതു്. ഈ ലേഖനത്തിൽ നമ്മുടെ തകഴി ശിവശങ്കരപിള്ള യുമായി കൃഷ്ണൻനായർ എന്നെ താരതമ്യപ്പെടുത്തുന്നുണ്ടു്. അദ്ദേഹം പറയുന്നതു് കേൾക്കുക:

“…പത്മനാഭന്റെ കഥകൾക്കുള്ള അന്യൂനസൗഭഗം തകഴിയുടെ കഥയിലും എനിക്കു് കാണുവാൻ കഴിഞ്ഞിട്ടില്ല”.

എന്നുവെച്ചാൽ, 1962-ലെങ്കിലും ശിവശങ്കരപിള്ളയെക്കാളും വലിയ കഥാകൃത്തു് ഞാനാണെന്നു്!

ശിവ! ശിവ!

കൃഷ്ണൻനായർ ശ്രീരാഗത്തിൽ വന്ന ലേഖനത്തെക്കുറിച്ചു് തുടരുന്നു:… “ടി പത്മനാഭൻ അദ്ദേഹത്തിന്റെതായ രീതിയിൽ നല്ല കഥാകാരൻ. എം. ടി. വാസുദേവൻനായരും അദ്ദേഹത്തിന്റെതായ മട്ടിൽ നല്ല കഥാകാരൻ. ഈ പരമാർത്ഥത്തിൽ കവിഞ്ഞ ഏതു പ്രസ്താവവും അനിയതാവസ്ഥയുടെ സന്തതി മാത്രമാവും”.

എം. ടി. വാസുദേവൻനായരെക്കാൾ വലിയ കഥാകൃത്തു് ഞാനാണു് എന്നു പറഞ്ഞതിനെ ചൊല്ലിയാണല്ലോ കൃഷ്ണൻനായർ ഇത്രയൊക്കെ എഴുതിയതു്. ഞങ്ങൾ ഏതു തട്ടുകളിൽ നില്ക്കുന്നു എന്നു പറയുവാനുള്ള സ്വാതന്ത്ര്യം തീർച്ചയായും കൃഷ്ണൻനായർക്കുണ്ടു്. ഞാനതിനെ ഒരിക്കലും ചോദ്യം ചെയ്യുകയില്ല. ഇതൊക്കെ വളരെയധികം ആത്മനിഷ്ഠമായ കാര്യങ്ങളാണു്. ലബോറട്ടറിയിൽ അനലൈസ് ചെയ്യാൻ കഴിയുന്ന ഫിസിക്കൽ മാറ്ററല്ലല്ലോ സാഹിത്യം.

പക്ഷേ, തന്റെ വിശ്വാസം മാത്രമാണു് പരമാർത്ഥമെന്നും, ഈ പരമാർത്ഥത്തിൽ കവിഞ്ഞ ഏതു പ്രസ്താവവും അനിയതാവസ്ഥയുടെ സന്തതി മാത്രമാണു് എന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തോടു് യോജിക്കാൻ വയ്യ.

ഈ സന്ദർഭത്തിൽ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. വാസുദേവൻനായരേക്കാൾ വലിയ കഥാകൃത്താണു് ഞാനെന്നു് പറഞ്ഞതാണല്ലോ കൃഷ്ണൻനായർക്കു് രസിക്കാതെ പോയതു്. ഏതു സാഹചര്യത്തിലാണു് എനിക്കങ്ങനെ പറയേണ്ടിവന്നതു് എന്നു് ശ്രീരാഗത്തിലെ ലേഖനം വായിക്കുന്നവർക്കൊക്കെ മനസ്സിലാകും. അതിരിക്കട്ടെ. ഇങ്ങനെയൊരഭിപ്രായം വിവരമുള്ള വേറെയും ആളുകൾ പറഞ്ഞിട്ടില്ലേ? 1962-ലാണു് കൃഷ്ണൻനായർ തകഴിയെക്കാളും വലിയ കഥാകൃത്തു് ഞാനാണെന്നു് സൂചിപ്പിച്ചതു്. (ഈ ലേഖനത്തിൽ വാസുദേവൻനായരേയും എന്നോടൊപ്പം ബ്രാക്കറ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.) ഇതിനും നാലു കൊല്ലങ്ങൾക്കു മുമ്പു് എം. പി. ശങ്കുണ്ണിനായർ സതേൺ ലാംഗ്വേജ്സ് ബുക്ക് ട്രസ്റ്റിനു വേണ്ടി മലയാള കഥകളുടെ ഒരു സമാഹാരം എഡിറ്റു ചെയ്യുകയുണ്ടായി. ഈ സമാഹാരത്തിൽ മറ്റു കഥാകൃത്തുകളോടൊപ്പം എന്റെയും വാസുദേവൻ നായരുടെയും കഥകളുണ്ടു്: ഓരോ കഥാകൃത്തിനെക്കുറിച്ചും ആമുഖമായി ഏതാനും വാചകങ്ങൾ ശങ്കുണ്ണിനായർ പറയുമ്പോൾ എന്നെക്കുറിച്ചു് പറഞ്ഞതു് “അഭിഭാഷകവൃത്തി നോക്കുന്ന ഈ യുവാവു് തന്റെ കഥകളാണു് ലോകോത്തരങ്ങളെന്നു പറയും. പറയുന്നതു വെറും ഭോഷ്കല്ല താനും” എന്നാണു്. ഇത്തരമൊരു പ്രശംസാവചനം വാസുദേവൻനായരെക്കുറിച്ചു് പറയുമ്പോൾ ശങ്കുണ്ണിനായർ ഈ പുസ്തകത്തിൽ ചെയ്തില്ല എന്നോർക്കണം. ഇതിന്റെ അർത്ഥം എന്താണു്? ശങ്കുണ്ണിനായരെപ്പോലെ പ്രഗല്ഭരല്ലാത്ത മറ്റു ചിലരെഴുതിയതു് – രണ്ടുപേരെയും താരതമ്യപ്പെടുത്തിക്കൊണ്ടാണെഴുതിയതു് – നമുക്കു തല്ക്കാലം വിസ്മരിക്കുക. പീറ്റർ ലാലിനെപ്പോലുളളവരുടെ ലേഖനങ്ങളാണു് ഞാനുദ്ദേശിക്കുന്നതു്. പക്ഷേ, നമ്മുടെ യുവകഥാകൃത്തുക്കളിൽ ഏറ്റവും ശ്രദ്ധേയനും കഥയെഴുത്തിൽ തന്റേതായ ഒരു പാത വെട്ടിത്തുറന്ന ആളുമായ വി. പി. ശിവകുമാർ ഞങ്ങളെക്കുറിച്ചു് എഴുതിയതു് കൃഷ്ണൻനായർ വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാനതു് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വിനയപൂർവ്വം പെടുത്തിക്കൊള്ളട്ടെ.

ശിവകുമാർ എഴുതുന്നു:

images/VPSivakumar.jpg
വി. പി. ശിവകുമാർ

“…ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കഥകൾ എസ്. പി. സി. എസ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്. മലയാളകഥയിലെ കാല്പനികതയുടെ സാഫല്യം പത്മനാഭനിലാണു്. അല്ലാതെ പലരും പറഞ്ഞുനടക്കുന്നതുപോലെ എം. ടി. വാസുദേവൻനായരുടെ കഥകളിലല്ല. മലയാളത്തിൽ കഥ എന്ന മാധ്യമത്തിന്റെ അന്തസ്സു് വർദ്ധിപ്പിച്ചതു് ടി. പത്മനാഭനാണു്. നോവൽ എന്ന ജീവിതവിജയത്തിലേക്കുള്ള ഏണിപ്പടിയായിരുന്നില്ല പത്മനാഭനെ സംബന്ധിച്ചിടത്തോളം കഥ. ഒരു കലാകാരൻ തന്റെ മാധ്യമത്തോടു് എത്രമാത്രം ഇഴുകിച്ചേരുന്നു എന്നു് പത്മനാഭന്റെ കഥകൾ നമുക്കു് കാട്ടിത്തരുന്നു. എത്ര സൂക്ഷ്മമായാണു് ഈ കഥാകൃത്തു് വാക്കുകൾ പ്രയോഗിക്കുന്നതു് എന്നു നോക്കുക… മലയാളകഥയുടെ വികാസപരിണാമങ്ങൾ സൂക്ഷ്മമായി അറിയുവാൻ താല്പര്യമുള്ളവരോടും എഴുതിത്തുടങ്ങുന്ന യുവ കഥാകൃത്തുകളോടും (ആധുനിക കഥയല്ലാതെ മറ്റൊന്നും വായിക്കുകയില്ലെന്ന നിർബ്ബന്ധബുദ്ധിക്കാരായ എന്റെ ചില പരിചയക്കാരെ ഓർത്തുകൊണ്ടാണു് ഇതു് പറയുന്നതു്) ഈ കൃതി ഒരു വട്ടം വായിച്ചുനോക്കുവാൻ ഞാൻ പ്രത്യേകം അപേക്ഷിക്കുന്നു”. (1980 ഡിസംബർ 14—“പടയണി”)

“ആർട്ടിസ്റ്റ് മറ്റു കലാകാരന്മാരെ കുറ്റം പറയരുതു്” എന്നുപദേശിച്ചു കൊണ്ടാണു് കൃഷ്ണൻനായർ തന്റെ കുറിപ്പവസാനിപ്പിക്കുന്നതു്. ഞാനിതു് പൂർണ്ണമായും അംഗീകരിക്കുന്നു. മറ്റുള്ളവരെ കുറ്റം പറയുന്നതും താനാണു് മറ്റുള്ളവരേക്കാൾ നല്ലവൻ എന്നു പറയുന്നതുമൊന്നും വളരെ ഭൂഷണമായ കാര്യങ്ങളല്ല. എങ്കിലും ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ നമ്മൾ ചിലപ്പോൾ ഇതിൽനിന്നൊക്കെ വ്യതിചലിച്ചു പോകുന്നു! നമ്മുടെ ഭാഷയിലെ കാര്യംതന്നെയെടുക്കുക. ആശാനും വള്ളത്തോളും പരസ്പരം എന്തൊക്കെ പറഞ്ഞു, എഴുതി? രണ്ടുപേരും കവികളായിരുന്നു. അങ്ങനെ ഇവിടെ കവി കവിയേയും നോവലിസ്റ്റ് നോവലിസ്റ്റിനേയും, കഥാകൃത്തു് കഥാകൃത്തിനേയും, നിരൂപകൻ നിരൂപകനേയും കുറിച്ചു് എഴുതിയ ഒട്ടേറെ ഉദാഹരണങ്ങളില്ലേ? ഇവിടെ മാത്രമാണോ? മറ്റു ദിക്കുകളിലുമില്ലേ?

കൃഷ്ണൻനായർ തന്നെ ചില നിരൂപകന്മാരെ അതികഠിനമായി കീറിമുറിച്ചുവിട്ട ഉദാഹരണങ്ങളില്ലേ?

images/MuhammadAli.jpg
മുഹമ്മദലി

ഇനി ആത്മപ്രശംസയുടെ കാര്യം. ആത്മപ്രശംസ ചെയ്യാതിരിക്കുന്നതുതന്നെയാണു് നല്ലതു്. എന്നാലും ചില പ്രത്യേക സാഹചര്യങ്ങളിൽ കഴിവുള്ളവൻ അങ്ങനെ ചെയ്തു പോയാൽ നാം അത്രയധികം അസ്വസ്ഥരാകാറുണ്ടോ? മുഹമ്മദലി താനാണു് ഏറ്റവും വലിയവൻ എന്നു പറയുമ്പോൾ മറ്റുള്ളവരെന്തിനു് വിഷമിക്കണം? മുഹമ്മദലി പറയുന്നതിൽ സത്യമില്ലേ? അദ്ദേഹം പറയുന്നതിനേക്കാളും മറ്റുള്ളവർ ഈ കാര്യം പറയുന്നതാണു് ഭംഗി എന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും…

ഇനി കൃഷ്ണൻനായരുടെ കാര്യംതന്നെ പറയട്ടെ. കൃഷ്ണൻനായർ എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറായിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ക്ലാസ്സുകൾ കേൾക്കുവാൻ ആ കോളേജിലെ മറ്റു ക്സാസ്സുകളിൽനിന്നു മാത്രമല്ല നഗരത്തിലെ വേറെ കോളേജുകളിൽനിന്നുപോലും വിദ്യാർത്ഥികൾ തങ്ങളുടെ ക്സാസ്സുകൾ കട്ട് ചെയ്തു് വരാറുള്ളതായി ഞാൻ കേട്ടിട്ടുണ്ടു്. ഈ കാര്യത്തെ ആനുഷംഗികമായി സ്പർശിച്ചതിനുശേഷം താൻ ആത്മപ്രശംസ ചെയ്യുകയാണു് എന്നു വിചാരിക്കരുതേ എന്നു് അദ്ദേഹം എവിടെയോ എഴുതിയതു് ഞാൻ വായിച്ചതായോർക്കുന്നു. കൃഷ്ണൻ നായർ തന്നെക്കുറിച്ചുതന്നെ ഇങ്ങിനെ എഴുതി എന്ന കാരണത്താൽ അദ്ദേഹം അസാധാരണമായിരുന്നു എന്ന സത്യം സത്യമല്ലാതായിത്തീരുമോ? ഒരിക്കലുമില്ല.

ഞാൻ കൂടുതലെഴുതിപ്പോയി. നിറുത്തട്ടെ. കൃഷ്ണൻനായർ, ഭാവിയിൽ ഞാനെഴുതിയേക്കാവുന്ന കഥകളെക്കുറിച്ചു് എന്തു തന്നെ മോശമായെഴുതിയാലും – അദ്ദേഹം അങ്ങനെ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ എഴുതുന്ന ആളാണു് എന്നല്ല ഞാൻ പറയുന്നതു് – എനിക്കു് പരാതിയില്ല. മലയാളത്തിലെ മറ്റേതൊരു കഥാകൃത്തിന്റെമേൽ ചൊരിഞ്ഞതിനേക്കാളും വലിയ പ്രശംസാവചനങ്ങൾ അദ്ദേഹം പലപ്പോഴായി എന്റെമേൽ ചൊരിഞ്ഞിട്ടുണ്ടു്. എനിക്കതിൽ സന്തോഷമുണ്ടു്; നന്ദിയുമുണ്ടു്. “വിജ്ഞന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ്വരൂ” എന്നു് വിശ്വസിക്കുന്ന ഒരുവനാണു് ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-08-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.