സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-10-05-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/DoktorMurkesgesammeltesSchweigen.jpg

അയാൾക്കു റേഡിയോസ്റ്റേഷനിൽ ജോലിയാണു്. ചിലതരത്തിലുള്ള ഉച്ഛിഷ്ടങ്ങൾ ശേഖരിക്കാനാണു് അയാളുടെ കൗതുകം. ഏതുവിധമാണു് ഉച്ഛിഷ്ടം? നിശ്ശബ്ദതകൾ. റേഡിയോസ്റ്റേഷനിൽ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ ടേപ്പിലാക്കുമ്പോൾ അവർ ഒരു നിമിഷം മിണ്ടാതിരുന്നെന്നു വരും. ഒരു വാക്യം തീർന്നതിനു ശേഷം അടുത്തവാക്യം തുടങ്ങുന്നതിനുമുമ്പു ശ്വാസമെടുക്കേണ്ട ആവശ്യമുണ്ടു്. അപ്പോൾ നിശ്ശബ്ദതയുണ്ടാകും. ഈ നിശ്ശബ്ദതകളൊക്കെ ശേഖരിക്കുകയാണു് അയാളുടെ പ്രവൃത്തി. ടേപ്പ് മുറിക്കുമ്പോൾ ശബ്ദമില്ലാത്ത തുണ്ടുടേപ്പുകൾ അയാൾ ടിന്നിലിട്ടു വയ്ക്കും. വൈകുന്നേരം അവ വീട്ടിൽ കൊണ്ടുപോയി ഒട്ടിച്ചു തിരിച്ചു ‘പ്ലേ’ ചെയ്തു കേൾക്കും. ഇപ്പോൾ മൂന്നു മിനിറ്റ് നേരം കേൾക്കാനുള്ള തുണ്ടുകളെയുള്ളു. അയാൾ അധികനേരം മൗനം അവലംബിക്കാറില്ലല്ലോ. “ടേപ്പ് വീട്ടിൽ കൊണ്ടുപോകുന്നതു നിയമവിരുദ്ധമല്ലേ?” എന്നു് റേഡിയോസ്റ്റേഷനിലെ വേറൊരു ജോലിക്കാരൻ ചോദിച്ചു. “നിശ്ശബ്ദതകളും പാടില്ലേ?” എന്നു് അയാൾ അങ്ങോട്ടൊരു ചോദ്യം.

ഇനി വേറൊരു രംഗം നോക്കിയാലും.

നിശ്ശബ്ദതകൾ ശേഖരിക്കുന്ന റേഡിയോ സ്റ്റേഷൻ ജോലിക്കാരൻ വീട്ടിൽ കിടക്കുകയാണു്. അയാളുടെ അടുത്തു ഒരു സുന്ദരിപ്പെൺകുട്ടി. അവളുടെ സമീപത്തു് ഒരു ടേപ്പ് റിക്കോർഡർ. പെൺകുട്ടി പറഞ്ഞു: “എനിക്കു ആവതില്ല. എന്നോടു നിങ്ങൾ അതു് ആവശ്യപ്പെടുന്നതു മനുഷ്യത്വമില്ലായ്മയാണു്. പെൺകുട്ടി അസാന്മാർഗ്ഗികങ്ങളായ കാര്യങ്ങൾ ചെയ്യണമെന്നു പ്രതീക്ഷിക്കുന്ന ചില ആണുങ്ങളുണ്ടു്. അവയെക്കാളേറെ അസാന്മാർഗ്ഗികമാണു് നിങ്ങൾ ആവശ്യപ്പെടുന്നതു്”.

ജോലിക്കാരൻ:
പ്രിയപ്പെട്ട റീന, ഇപ്പോൾ പറഞ്ഞതൊക്കെ എനിക്കു മുറിച്ചുകളയേണ്ടിയിരിക്കുന്നു. നല്ല കുട്ടിയല്ലേ നീ. അഞ്ചു മിനിറ്റ് കൂടി നിശ്ശബ്ദത ടേപ്പിലേക്കു് ഇടൂ.
പെൺകുട്ടി:
ടേപ്പിൽ വാക്കുകളിടാൻ എനിക്കു മടിയില്ല… എന്നാൽ നിശ്ശബ്ദതയിടാൻ.
images/HeinrichBoll1983.jpg
ഹൈൻറിംഗ് ബോയ്ൽ

1972-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഹൈൻറിംഗ് ബോയ്ൽ എഴുതിയ Murke’s Collected Silences എന്ന ചെറുകഥയിലെ രണ്ടു ഭാഗങ്ങളാണിവ. ശബ്ദം നിറഞ്ഞതാണു് ഈ ലോകം. ഓരോ മനുഷ്യനും സ്വന്തം ശബ്ദം മറ്റുള്ളവരെ കേൾപ്പിക്കാൻ വെമ്പുന്നു. അതു കേൾക്കാൻ കൂട്ടാക്കാത്തവരെ പിടിച്ചുനിറുത്തി കാതിൽ അലറുന്നു. ടേപ്പ് റിക്കോർഡറിന്റെയും റേഡിയോയുടെയും ടെലിവിഷന്റെയും ശബ്ദം അടുത്ത വീട്ടിൽ നിന്നു വന്നു നമ്മെ ആക്രമിക്കുന്നു. റോഡിലേക്കു പോകാമെന്നു വിചാരിച്ചാൽ ജാഥകളുടെ ശബ്ദം, മുദ്രാവാക്യങ്ങളുടെ നിർഘോഷം. മ്യൂസിയം പാർക്കിൽ ചെന്നിരിക്കാമോ? ഇരിക്കൂ. ലൗഡ് സ്പീക്കറിലൂടെ വരുന്ന ശബ്ദം നിങ്ങളുടെ കാതു പൊട്ടിക്കും. രാത്രി പന്ത്രണ്ടു മണിവരെ അങ്ങുമിങ്ങും അലഞ്ഞതിനുശേഷം വീട്ടിൽ വന്നുകിടന്നു് ഉറങ്ങാമെന്നു കരുതിയാൽ അമ്പലത്തിലെ ഉച്ചഭാഷിണി “മുറുക്കിത്തുപ്പിയതാരാണു്? മുറുക്കിത്തുപ്പിയതാരാണു്?” എന്നു ചോദിച്ച് ഉറക്കമില്ലാതെയാക്കുന്നു. പാട്ടുപോലും ഒരു സമയപരിധിക്കപ്പുറം നമുക്കു കേൾക്കാൻ വയ്യ. അപ്പോൾ കവിയരങ്ങിന്റെ കാര്യം എന്തു പറയാനിരിക്കുന്നു? കവിതചൊല്ലൽ എന്ന പേരിൽ ഗർജ്ജനങ്ങളാണു് എങ്ങും. നമ്മുടെ ‘ഈയർഡ്രം’ പൊട്ടിക്കലാണു് ഈ കവികളുടെ ജോലി. ഇങ്ങനെ ശബ്ദം നിറഞ്ഞ ഈ ലോകത്തു് നിശ്ശബ്ദതയ്ക്കു പരമപ്രാധാന്യമില്ലേ? അതിനുതന്നെ ഒരത്ഭുതാംശമില്ലേ? ഉണ്ടെന്നാണു് ബോയ്ൽ ആ ചിന്തോദ്ദീപകമായ ചെറുകഥയിലൂടെ പറയുന്നതു്.

ടി. പത്മനാഭൻ

സത്യം സൂര്യനെപ്പോലെയാണു്. പലർക്കും അതിനെ നേരെ നോക്കാൻ വയ്യ. അതിന്റെ പ്രചണ്ഡരശ്മികൾ വന്നു കണ്ണിൽ വീഴുമ്പോൾ ഓരോ ആളും ഓരോ വിധത്തിലാണു പ്രതികരിക്കുന്നതു്. ചിലർ ആശ്രമങ്ങളിലേക്കു് ഓടിപ്പോകുന്നു. കാഷായവസ്ത്രം ധരിച്ചു് ഈശ്വരധ്യാനത്തിൽ മുഴുകുന്നതായി ഭാവിക്കുന്നു. വേറെ ചിലർ ഭ്രാന്തന്മാരായി മാറുന്നു. ഏതാനും വ്യക്തികൾ കലാകാരന്മാരായോ കലാസ്വാദകരായോ മാറുന്നു. ഇവരിൽ ഓരോ ആളും തന്റേതായ ലോകം സൃഷ്ടിക്കുകയാണു്. ആ ലോകത്തു് വേദനിപ്പിക്കുന്ന വസ്തുതകളില്ല. സത്യം വേദനിപ്പിക്കുന്നതായതുകൊണ്ടു് പീഡനാജനകങ്ങളായ അംശങ്ങളെ അതിൽനിന്നും ദൂരീകരിച്ചിട്ടു് സഹിക്കാവുന്ന സത്യത്തിന്റെ ലോകം തനിയെ സൃഷ്ടിക്കുകയാണു് വ്യക്തി. (ഈ ചിന്താഗതിയിൽ ഫ്രായിറ്റി ന്റെ സ്വാധീനശക്തിയുണ്ടു്.) ടി. പത്മനാഭൻ ‘കലാകൗമുദി’യിൽ എഴുതിയ ‘സ്വപ്നസന്നിഭം’ എന്ന ചെറുകഥയിൽ നിത്യജീവിതസത്യത്തിൽനിന്നു പരാങ്മുഖനായി മദ്യത്തിന്റെയും കലയുടെയും ലോകത്തു് അഭിരമിക്കുന്ന ഒരുത്തനെ കാണാം. അയാളുടെ ജീവിതരീതികൊണ്ടാകണം ഭാര്യയ്ക്കു രോഗം; മകൻ മരിച്ചു; ജോലി നഷ്ടപ്പെടാറായിരിക്കുന്നു: മാനേജർ താക്കീതു നല്കിക്കഴിഞ്ഞു. എങ്കിലും നാടകാഭിനയത്തിന്റെ മാന്ത്രികശക്തിക്കു് അയാൾ അടിമയായിപ്പോകുന്നു. ഇനി ഒരു ദിവസം ഓഫീസിൽ വന്നില്ലെങ്കിൽ ജോലിപോകുമെന്ന അധികാരത്തിന്റെ പരുഷശബ്ദം തൃണവൽഗണിച്ചു് അയാൾ കൂട്ടുകാരന്റെ അപേക്ഷ മാനിച്ചു് നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോകുന്നു. കലയുടെ അദമ്യശക്തിയാണോ അയാളെ ഇതിലേക്കു നയിക്കുന്നതു്? അതേ എന്നു പറയാൻ വയ്യ. ഇവിടെ കല രോഗമായി മാറുകയാണു്. അയാൾ അങ്ങനെ രോഗാർത്തനും. ജീവിതത്തിന്റെ പാരുഷ്യത്തെ നിരാകരിച്ചു് ഫാന്റസിയിലൂടെ ആ ജീവിതത്തിന്റെ സുഖസന്ദായകമായ അംശം സാക്ഷാത്കരിക്കുകയാണു് അയാൾ. നല്ല ആശയം. പക്ഷേ, പത്മനാഭന്റെ കഥ ദുർബ്ബലമാണു്. എങ്ങനെ ദൗർബ്ബല്യം വന്നുവെന്നു് അറിയണമെങ്കിൽ അതു വായിച്ചുതന്നെ നോക്കണം.

images/KahlilGibran1913.jpg
കലീൽ ജിബ്രാൻ

ജീവിതസത്യത്തിന്റെ ഈ പ്രചണ്ഡതയിൽ നിന്നു രക്ഷപ്പെടാനല്ലേ ആളുകൾ വിദേശങ്ങളിലേക്കു പോകുന്നതു്? പണമില്ലാത്തതുകൊണ്ടോ സൗകര്യമില്ലാത്തതുകൊണ്ടോ ഞാൻ ഇവിടെത്തന്നെ കഴിയുന്നു. പക്ഷേ, ഞാനും വിദേശസഞ്ചാരം നടത്തുന്നുണ്ടു്. പലരെയും കാണുന്നു. കലീൽ ജിബ്രാനോ ടൊരുമിച്ചു ലബനണിലെ ദേവദാരുക്കളെ സ്പർശിക്കുന്നു. കാസാൻദ്സാക്കിസി നോടൊരുമിച്ചു ഗ്രീസിലെ സോർബയെ കാണുന്നു. റ്റോമാസ് മാനി നോടുകൂടി സ്വിസ് പർവ്വതങ്ങൾക്കിടയിലുള്ള ഒരു ചികിത്സാകേന്ദ്രത്തിൽ താമസിക്കുന്നു. മാർക്കേസി നോടൊരുമിച്ചു സമുദ്രത്തിൽ ഒഴുകി നടക്കുന്നു. അങ്ങനെ ഞാനും ലോകമാകെ ദർശിക്കുന്നു. എനിക്കു ഭാഗ്യമുണ്ടു്. മറുനാടുകളിലേക്കു പോകുന്നവർക്കും ഭാഗ്യം.

ഒ. വി. വിജയൻ
images/OVVijayan.jpg
ഒ. വി. വിജയൻ

പർവ്വതത്തിൽ നിന്നു ചാടിയിറങ്ങി. കുലംകുത്തി, മാമരങ്ങളെ കടപുഴക്കി നിർഘോഷത്തോടെ സമുദ്രത്തിൽ വീഴുന്ന നദികളുണ്ടു്. ‘വീഴുന്ന’ എന്നു പറഞ്ഞതു തെറ്റു്. കടലിനെത്തന്നെ ഹുങ്കാരത്തോടെ ആക്രമിക്കുകയാണു് അവ. കടൽവെള്ളം അവ വലിച്ചുകുടിക്കുന്ന ശബ്ദം നിങ്ങൾക്കു കേൾക്കാം. ഷ്ടെഫാൻ സ്വൈഹി ന്റെ മിക്കകഥകളും ഇമ്മട്ടിലാണു്. കുറെക്കൂടി പരിചിതമുള്ള പേരു വേണോ? എന്നാൽ ദസ്തെയെവ്സ്കി ആയിക്കൊള്ളട്ടെ. മലയിൽ നിന്നു മന്ദമായി ഒലിച്ചു മറ്റു കൊച്ചു പ്രവാഹങ്ങളോടു ചേർന്നു കരകളെ തഴുകി പൂക്കളെയും ചില്ലകളെയും മാറിലൂടെ ഒഴുക്കി കടലിനെ പരിരംഭണംചെയ്യുന്ന നദികളുണ്ടു്. അവയ്ക്കു ക്ഷോഭമില്ല. പേടിപ്പെടുത്തുന്ന ചലനാത്മകതയില്ല. ശീഘ്രഗതിയില്ല. പക്ഷേ, സമുദ്രത്തോടു അടുക്കുമ്പോൾ നദിയുടെ വീതി വർദ്ധിക്കും. ഉദാത്തത എന്ന സ്വഭാവം ആവഹിക്കും. ടോൾസ്റ്റോയു ടെ ‘ഇവാൻ ഇലീച്ചിന്റെ മരണം’ എന്ന നിരുപമകലാസൃഷ്ടി ഈ രീതിയിലുള്ളതാണു്. ഇക്വേറ്റ് ചെയ്തു പറയുകയല്ല. ഒ. വി. വിജയൻ മാതൃഭൂമി വിശേഷാൽ പ്രതിയിൽ എഴുതിയ ‘കടൽത്തീരത്തു് ’ എന്ന ചെറുകഥ ഈ സ്വഭാവ സവിശേഷത പ്രകടിപ്പിക്കുന്നു. മന്ദഗതിയിലുള്ള പ്രാരംഭം. കരകൾ വഴങ്ങിക്കൊടുക്കാമെന്നു സമ്മതിച്ചിട്ടും വേണ്ട എന്ന മട്ടിൽ, തൊട്ടുതൊട്ടില്ല എന്ന രീതിയിലുള്ള ഒഴുക്കു്. നല്ല ആഴമുണ്ടെങ്കിലും അടിത്തട്ടു കാണാവുന്ന ജലം. എത്രയെത്ര പൂക്കളും പച്ചയിലകളും അതിലൂടെ ഒഴുകുന്നു. സമാപനമാകുമ്പോൾ എന്തെന്നില്ലാത്ത വിശാലത. അലങ്കാരമൊക്കെ ഉപേക്ഷിച്ചു പറയട്ടെ. അടുത്ത കാലത്തെങ്ങും ഇത്ര ആർദ്രീകരണശക്തിയുള്ള വേറൊരു കഥ ഞാൻ വായിച്ചിട്ടില്ല.

വെള്ളായിപ്പൻ വീട്ടിൽനിന്നു യാത്രയാരംഭിച്ചു. കണ്ണൂർക്കാണു് യാത്ര. പ്രയാസപ്പെട്ടു സഞ്ചരിച്ചു തീവണ്ടിയാപ്പീസിലിറങ്ങി. ജയിലിലേക്കു വഴി ഏതെന്നു തിരക്കി. കിഴവനെ പലരും കളിയാക്കി. അത്ര വെളുപ്പാൻകാലത്തു ജയിലിലേക്കു വഴി ചോദിക്കുന്നവനെ കളിയാക്കാതിരിക്കുന്നതെങ്ങനെ? ഒടുവിൽ കാരാഗൃഹത്തിലെത്തി പാറാവുകാരനെ കുറിപ്പു് ഏല്പിച്ചപ്പോൾ “നാളെയാണു് അല്ലേ?” എന്ന ചോദ്യം അയാളിൽനിന്നുണ്ടായി. അതേ നാളെത്തന്നെ. അവിടെവച്ചു് കഥാപ്രവാഹത്തിനു ഗാംഭീര്യവും ഔജ്ജ്വല്യവും ഉണ്ടാവുകയാണു്. കൊലപാതകക്കുറ്റത്തിനു വധശിക്ഷ കിട്ടിയ മകൻ അടുത്ത ദിവസം തൂക്കിക്കൊല്ലപ്പെടുകയാണു്. അച്ഛനും മകനും തമ്മിൽ കാണുന്നു. ഹൃദയഭേദകമായ രംഗം. സമയമായപ്പോൾ അച്ഛനു് പിന്മാറേണ്ടിവന്നു. മകനു കൊടുക്കാൻ വേണ്ടി അമ്മ കെട്ടിക്കൊടുത്ത പഴഞ്ചോറുമായി മകന്റെ മൃതദേഹത്തെ കടപ്പുറത്തോളം അയാൾ അനുഗമിച്ചു. അതു താഴെ വീണു. ബലിക്കാക്കകൾ അതു കൊത്തിത്തിന്നാൻ വരുമ്പോൾ കഥ അവസാനിക്കുന്നു. സ്നേഹം ജനിപ്പിച്ച യാതനയെ—അച്ഛന്റെയും അമ്മയുടെയും മകന്റെയും യാതനയെ—കലാരാഹിത്യമെന്നു തോന്നിക്കുന്നതും എന്നാൽ തികച്ചും കലാത്മകവുമായ ആഖ്യാനത്തിലൂടെ ആവിഷ്കരിക്കുന്ന ഈ കഥ ഉത്കൃഷ്ടമാണു്.

മുടന്തുണ്ടോ?

പാട്ടുപോലും ഒരു സമയപരിധിക്കപ്പുറം നമുക്കു കേൾക്കാൻ വയ്യ. അപ്പോൾ കവിയരങ്ങിന്റെ കാര്യം എന്തു പറയാനിരിക്കുന്നു? കവിതചൊല്ലൽ എന്ന പേരിൽ ഗർജ്ജനങ്ങളാണു് എങ്ങും. നമ്മുടെ ‘ഈയർഡ്രം’ പൊട്ടിക്കലാണു് ഈ കവികളുടെ ജോലി. ഇങ്ങനെ ശബ്ദം നിറഞ്ഞ ഈ ലോകത്തു് നിശ്ശബ്ദതയ്ക്കു പരമപ്രാധാന്യമില്ലേ?

സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലം. അങ്ങേയറ്റത്തെ അധികാരസ്ഥാനത്തു ‘സേവ’യുണ്ടായിരുന്ന ഒരാളിന്റെ ജാമാതാവിനു് ഒരു ഉയർന്ന ഉദ്യോഗം കൊടുക്കണം. ജാമാതാവു് ഒരു കൊച്ചു ഡിപ്പാർട്ടുമെന്റിൽ ജോലി നോക്കുന്നു. 80 രൂപ ശമ്പളത്തിലാണു് ജോലി നോക്കുന്നതു്. അയാൾക്കൂ 250 രൂപ ശമ്പളത്തിലാണു് ജോലി നൽകേണ്ടതു്. അപേക്ഷകൾ ക്ഷണിച്ചുകൊണ്ടു പരസ്യം നല്കി സർക്കാർ. അപേക്ഷകർക്കു വേണമെന്നു നിർദ്ദേശിച്ച യോഗ്യതകൾ ആ കൊച്ചു ജോലിക്കാരനു് ഉണ്ടായിരുന്ന യോഗ്യതകൾ മാത്രം. മുപ്പത്തിയഞ്ചു വയസ്സിനും നാല്പതു വയസ്സിനുമിടയ്ക്കു പ്രായം. ബി. എ. ജയിച്ചിരിക്കണം. മറ്റൊരു ഡിപ്പാർട്ടുമെന്റിൽ പത്തു കൊല്ലത്തെ പരിചയം. ഇങ്ങനെ ചിലതെല്ലാം. ഈ യോഗ്യതകൾ അയാൾക്കു് അന്നുണ്ടായിരുന്നു. അയാൾക്കു മുടന്തുണ്ടായിരുന്നെങ്കിൽ സർക്കാർ വക പരസ്യത്തിൽ അപേക്ഷകനു മുടന്തും വേണമെന്നു പറഞ്ഞേനെ. ഭാഗ്യംകൊണ്ടു് ജാമാതാവിനു് അംഗത്തിനു ഭംഗം വന്നിരുന്നില്ല. ജോലി അയാൾക്കുതന്നെ കിട്ടിയെന്നു എടുത്തു പറയേണ്ടതില്ലല്ലോ. ക്ലാർക്കെന്ന നിലയിൽ, അയാളുടെ ഫയൽ ‘ഡീൽ’ ചെയ്ത എന്നെ ഏറ്റവും രസിപ്പിച്ചതു് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന എ. ഗോപാലമേനോൻ അയാൾക്കു നല്കിയ സർട്ടിഫിക്കറ്റാണു്. ആദ്യത്തെ ശ്രമത്തിൽതന്നെ അയാൾ ബി. എ. ജയിച്ചുവെന്നായിരുന്നു മേനോന്റെ സാക്ഷ്യപത്രം.

എൻ. വി. പി. ഉണിത്തിരി ദേശാഭിമാനി വാരികയിൽ എഴുതിയ “സാഹിത്യത്തിന്റെ ഉറവിടം” എന്ന ലേഖനം വായിച്ചപ്പോഴാണു് ഈ നിയമനത്തെക്കുറിച്ച് എനിക്കു് ഓർമ്മ വന്നതു്. സംസ്കൃതാലങ്കാരികന്മാർ ഭൗതിക വീക്ഷണം ഉള്ളവരായിരുന്നുവെന്നാണു് ലേഖകൻ സമർത്ഥിക്കാൻ ശ്രമിക്കുന്നതു്. എന്നിട്ടു് അദ്ദേഹം ഇങ്ങനെ പറഞ്ഞു വയ്ക്കുന്നു:

“എല്ലാംകൂടി ഒത്തുവച്ചാലോചിച്ചാൽ, സാഹിത്യത്തിനു് അലൗകികമായ പൂർവജന്മാർജിതമോ അല്ലാത്ത, ഭൗതികവും സാമൂഹ്യവും മാത്രമായ ഉറവിടമാണുള്ളതെന്നു വാദിച്ചുപോന്ന ഒരു ഗണ്യമായ വിഭാഗം ഭാരതീയ സാഹിത്യ പണ്ഡിതന്മാരുടെയിടലിലുണ്ടായിരുന്നുവെന്നു് ന്യായമായും അനുമാനിക്കാൻ കഴിയും”.

സ്പേഷ്യോ റ്റെംപറൽ റിയാലിറ്റിയെ—സ്ഥലത്തെയും കാലത്തെയും സംബന്ധിച്ച യാഥാർത്ഥ്യത്തെ— ഒഴിവാക്കിക്കൊണ്ടു് ബ്രഹ്മാനന്ദസദൃശമായ ആഹ്ലാദത്തിനു് പ്രാധാന്യം കല്പിച്ചവരാണു് ഭാരതത്തിലെ ആലങ്കാരികന്മാർ. അങ്ങനെ തികച്ചും ആധ്യാത്മികമാണു് അവരുടെ കലാസങ്കല്പം. അങ്ങനെയുള്ളവരിൽ ഭൗതിക വീക്ഷണഗതി അടിച്ചേൽപ്പിക്കുന്ന സാഹസിക്യമാണു് ഉണിത്തിരിയുടേതു്. ഇതു സത്യവുമായി പൊരുത്തപ്പെടുന്നില്ല. ഈ ആലങ്കാരികന്മാർ ഡയലക്ടിക്കൽ മെറ്റീരിയലിസത്തിൽ വിശ്വസിച്ചിരുന്നുവെന്നു് ലേഖകൻ വാദിക്കാത്തതു് നമ്മുടെ ഭാഗ്യമെന്നേ പറയേണ്ടു. കാറൽ മാർക്സി നു മുടന്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ഭാരതത്തിലെ എല്ലാ ആലങ്കാരികന്മാർക്കും മുടന്തുണ്ടായിരുന്നുവെന്നു് ഉണിത്തിരി വാദിച്ചേനേ.

ശരിയായ മാർക്സിസ്റ്റുകൾ (അവരെ ഈ ലേഖകൻ ബഹുമാനിക്കുന്നു) ആധ്യാത്മികത്വത്തെ മനസ്സിലാക്കി അതു് ആ കാലയളവിന്റെ സവിശേഷതയാണെന്നു മാത്രമേ ഉദ്ഘോഷിക്കൂ. മെറ്റീരിയലിസം സ്പിരിച്ച ്വലിസത്തെക്കാൾ സത്യാത്മകമാണെന്നും അവർ സ്ഥാപിക്കും. വൾഗർ മാർക്സിസ്റ്റ് ആധ്യാത്മികത്വത്തെയും ഭൗതികത്വമാക്കി മാറ്റാൻ യത്നിക്കും.

മമ്മടൻ “തദദോഷൌ ശബ്ദാർതെഥൗ സഗുണാവനലങ്കൃതി പുനഃക്വാപി” എന്നു കാവ്യത്തിനു ലക്ഷണം നല്കിയിട്ടുണ്ടു്. (ദോഷങ്ങളില്ലാത്തതും ഗുണങ്ങളുള്ളതും ചില സ്ഥാനത്തു് അലങ്കാരമില്ലാത്തതുമായ ശബ്ദവും അർത്ഥവും ഒന്നിച്ചുചേർന്നു കാവ്യമാകുന്നു). മമ്മടന്റെ ഈ വാക്യം ഡയലക്ടിക്കൽ മെറ്റീരിയലിസമാണെന്നു സ്ഥാപിക്കാൻ ഒരു പ്രയാസവുമില്ല. ശബ്ദം തീസിസ് അർത്ഥം ആന്റിതീസിസ്. കാവ്യം സിന്തസിസ്. ഇപ്രകാരം ഞാൻ പറയുമ്പോൾ ആരെങ്കിലും എന്റെ സ്ഥാനം ഊളമ്പാറയിലാണെന്നു അഭിപ്രായപ്പെട്ടാൽ ഞാൻ പരിഭവിക്കില്ല.

ഇന്ദിരാഗാന്ധിയും അൽവിൻ ടൊഫ്ളറും
images/Previewsandpremises.jpg

ഫ്യൂചർ ഷോക്ക് ’ എന്ന പുസ്തകം എഴുതിയ അൽവിൻ ടൊഫ്ളറു ടെ Previews and premises എന്ന ഗ്രന്ഥത്തിൽ ഇന്ദിരാ ഗാന്ധി യെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടു്. ടൊഫ്ളറും കൂട്ടുകാരും ന്യൂഡൽഹിയിലെത്തി. അതറിഞ്ഞ ഇന്ദിരാഗാന്ധി അവരെ ക്ഷണിച്ചു. അക്കാലത്തു് അവർ പ്രഭാഷണങ്ങളിൽ “ഫ്യൂചർ ഷോക്കി”ൽ നിന്നു ഉദ്ധരിക്കുമായിരുന്നു. ടൊഫ്ളർ ഇന്ദിരാഗാന്ധിയെക്കുറിച്ചു പറയുന്നു: We found it remarkable that, in the midst of all the immediate pressures on her, she would take time out to give us what amounted to an elementary lesson on the geopolitics of the sub-continent.

കിഴക്കൻ പാകിസ്ഥാൻ പാകിസ്ഥാനിൽ നിന്നു വേർപെട്ടു് ബംഗ്ലാദേശ് രൂപവത്കരിച്ചകാലം. ആശ്രയം തേടി കോടിക്കണക്കിനു് ആളുകൾ ഇന്ത്യയിലേക്കു് പോന്നു. കൊലപാതകികൾക്കു നിക്സൺ ആയുധങ്ങൾ നൽകിക്കൊണ്ടിരുന്നു. ഈ ജനപ്രവാഹത്തെ അതിർത്തിയടച്ചു് തടയുന്നില്ലേയെന്നു് ടൊഫ്ളറും കൂട്ടുകാരും ഇന്ദിരാഗാന്ധിയോടു ചോദിച്ചു. അതു സാദ്ധ്യമല്ല, ആശ്രയസ്ഥാനം അന്വേഷിച്ചുവരുന്നവരുടെ ബന്ധുക്കൾ ഇന്ത്യയിൽത്തന്നെയുണ്ടു് എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയുടെ മറുപടി. എന്നിട്ടു് തന്നെ വധിക്കുന്നതിനെക്കുറിച്ചു് ഇന്ദിരാഗാന്ധി അഭ്യൂഹം നടത്തി. അതു് അവരെ അദ്ഭുതപ്പെടുത്തി. അതിർത്തി അടച്ചാൽ താൻ വധിക്കപ്പെടുമെന്നു് അവർ അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ ഉപജാപമുണ്ടായിരുന്നോ അതോ അതു മാനസികവിഭ്രമമായിരുന്നോ എന്ന കാര്യം ടൊഫ്ളർക്കും സൃഹൃത്തുക്കൾക്കും നിശ്ചയമില്ലായിരുന്നു. പിന്നെയും കുറെക്കാലം കഴിഞ്ഞാണു് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതു്. തന്റെ ദുരന്തത്തെക്കുറിച്ചു് ബുദ്ധിശാലിനിയായ അവർക്കു് അറിവുണ്ടായിരുന്നു എന്നു നമ്മെ ഗ്രഹിപ്പിക്കുന്നു ടൊഫ്ളറുടെ പുസ്തകം.

അവർ പറഞ്ഞു
  1. ജി. ശങ്കരക്കുറുപ്പു്: (കത്തിൽ) ജോസഫ് മുണ്ടശ്ശേരി, ബിഷപ്പു് വളർത്തിയ മുയലിനെപ്പോലെയാണു്. മലതുരന്നു് ഇരിക്കാൻ മാത്രം സ്ഥലമുണ്ടാക്കിയ മുയൽ അവിടെയിരുന്നുകൊണ്ടു് ആ മലയെ ചുമക്കുന്നതു് അതുതന്നെയാണെന്നു വിചാരിച്ചു.
  2. വിനി മാൻഡേല: അവർ (റീഗനും താച്ചറും) തങ്ങളുടെ കൊട്ടാരങ്ങൾ പ്രദാനം ചെയ്യുന്ന സുഖത്തിലിരുന്നുകൊണ്ടു തീർച്ചയായും അങ്ങനെ മാത്രമേ പറയൂ. ഞങ്ങളെപ്പോലെ അവർ എല്ലാ ദിവസവും മൃതദേഹങ്ങൾ സംസ്കരിക്കുന്നില്ല. (വർണ്ണവിവേചനം മരിച്ചുകൊണ്ടിരിക്കുന്നുവെന്നു റീഗനും താച്ചറും പറഞ്ഞതായി റേഡിയോ ഹവാന വിനിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ.)
  3. കാർലോസ് റാഫേൽ റോത്ത്റീഗേസ്: One Hundred Years of Solitude എന്ന നോവൽ നോബൽ സമ്മാനത്തിന്റെ പാതയിലേക്കു മാർകേസി നെ നയിച്ചിരുന്നില്ലെങ്കിൽ Love in Times of Cholera എന്ന നോവൽ തീർച്ചയായും അദ്ദേഹത്തെ അതിലേക്കു കൊണ്ടുചെല്ലും. മനുഷ്യത്വത്തിന്റെ അഗാധത ഈ നോവലിനു കൂടുതലായുണ്ടു്. സാഹിത്യപരമായ സാന്ദ്രതയുടെ കുറവും. ഈ വൈരുദ്ധ്യത്തിനു മാപ്പു്… മീഗൽ ഒതേറൊ സിൽവ യോടു ഒരിക്കൽ ചോദിച്ചു മണൽക്കാടായ ഒരു ദ്വീപിൽ ജീവിതത്തിന്റെ ശേഷം ഭാഗം മുഴുവൻ ഒറ്റ നോവലോടുകൂടി മാത്രം കഴിച്ചുകൂട്ടാൻ നിർബ്ബദ്ധനായാൽ അദ്ദേഹം ഏതു നോവൽ കൊണ്ടുപോകുമെന്നു്. വായിച്ചു തീർക്കാൻ കഴിയുമോ എന്നു പരിശോധിക്കാൻ വേണ്ടി റ്റോമസ് മാനി ന്റെ The Magic Mountain കൂടെ കൊണ്ടുപോകുമെന്നു് അദ്ദേഹം മറുപടി പറഞ്ഞു. അതേ വിധത്തിലുള്ള നാടകീയമായ ഏകാന്തതയിൽ പെടുന്ന ഏതൊരാളും ഒരു സംശയവും കൂടാതെ മാർകേസിന്റെ നോവൽ കൊണ്ടുപോകുകയും അതു വായിച്ചു തീർക്കുകയും ചെയ്യും (ക്യൂബയിൽ നിന്നു വരുന്ന ഗ്രാൻമ കൾച്ചറൽ ന്യൂസിൽനിന്നു്).
കാക്കനാടൻ
images/Kakkanadan3.jpg
കാക്കനാടൻ

ചടുലമായ ആഖ്യാനത്തിൽ പ്രഗല്ഭനാണു് കാക്കനാടൻ, ആ ആഖ്യാനത്തിലൂടെ തന്റെ കഥാപാത്രങ്ങളെ ജീവനുള്ളവയാക്കി പ്രദർശിപ്പിക്കാൻ അദ്ദേഹത്തിനറിയാം. അവർക്കു് എന്തു സംഭവിക്കുന്നുവെന്ന ആകാംക്ഷയോടെ നാം കഥയോടൊത്തു പ്രയാണം ചെയ്യുന്നതും കഥാകാരന്റെ വൈദഗ്ദ്ധ്യത്താലാണു്. ഈ ഗുണങ്ങളാൽ സമ്പന്നമായിരിക്കുന്നു അദ്ദേഹം ജനയുഗം വിശേഷാൽ പ്രതിയിൽ എഴുതിയ ‘നായാട്ടു്’ എന്ന ദീർഘമായ ചെറുകഥ. പപ്പു അതിശക്തനാണു്, ആർക്കും വഴങ്ങാത്തവനാണു്. അവൻ ശരീരദാർഢ്യവും സ്വഭാവദാർഢ്യവുമുള്ള ഒരു പെണ്ണിനെക്കണ്ടു കാമത്തിൽ വീഴുന്നു. അവളെ വശപ്പെടുത്തണമെങ്കിൽ ഒരു പന്തയത്തിൽ അവൻ ജയിക്കണം. പെണ്ണു ചുമന്നുകൊണ്ടു വന്ന ഒരു തടിക്കഷണം വെട്ടിക്കീറണം. ആർക്കും സാധിക്കാത്ത ആ കൃത്യം അനുഷ്ഠിച്ചു് അവൻ പെണ്ണിനെ വീഴ്ത്തുന്നു. അവൾക്കു് അവന്റെ ഭാര്യയായി വർത്തിച്ചാൽ കൊള്ളാമെന്നുണ്ടു്. അതു ഫലിക്കാത്ത ആഗ്രഹം. അവൻ അകന്നു പോകുന്നു. പെണ്ണിനു് മാറാത്ത രോഗം. കലാകാരൻ കൂടിയായ പപ്പു രണ്ടു പാറകളിൽ ആ പെണ്ണിന്റെയും അവൻ പിടിച്ച മീനിന്റെയും ശില്പങ്ങൾ കൊത്താൻ തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുന്നു.

വിറകുമുട്ടി പൊട്ടിച്ചു് പെണ്ണിനെ കൈക്കലാക്കുന്ന ഭാഗംവരെ അസ്സലായിട്ടുണ്ടു്. അതിനുശേഷം ഒരു വീഴ്ച. കാക്കനാടൻ നല്ല സാഹിത്യകാരനാണെങ്കിലും ഉദ്ഗ്രഥിതമായ ഭാവനാശക്തികൊണ്ടു് വിഷയത്തെ സാകല്യാവസ്ഥയിൽ കാണുന്നില്ല. ചിത്രീകരിക്കുന്നില്ല. പ്രാകൃതങ്ങളായ ശക്തിവിശേഷങ്ങളുടെ പ്രതിനിധികളായ രണ്ടു കഥാപാത്രങ്ങൾ റൊമാൻസിന്റെ “മധുചന്ദ്രികയിൽ” മുങ്ങി നമ്മുടെ മുൻപിൽ വന്നുനിന്നതിനു ശേഷം പൊടുന്നനവേ അപ്രത്യക്ഷരാകുന്നു. ഒരാൾക്കു്—പെണ്ണിന്—രോഗം. മറ്റൊരാൾക്കു കലയിൽ അഭിനിവേശം. പപ്പുവിന്റെ പ്രാകൃതത്വവും കല ജനിപ്പിക്കേണ്ട മൃദുത്വവും തമ്മിൽ ഒരു ചേർച്ചയുമില്ല. ആകെക്കൂടി അസത്യാവസ്ഥ. ‘തീയറ്റ്രിക്കൽ ഫാൾസ്നെസ്സ്’ എന്നു ഇംഗ്ലീഷിൽ പറഞ്ഞാലേ ഞാനുദ്ദേശിക്കുന്നതു് പൂർണ്ണമായും സ്പഷ്ടമാവുകയുള്ളു.

ഓടയിൽനിന്നു്

പ്രശസ്തനായ ഒരു ഗായകൻ പറഞ്ഞു: ഞാൻ ദിവസവും പരിശീലനം നടത്തും. ഒരു ദിവസം അതു മുടങ്ങിയാൽ ഞാൻ തന്നെ അതു കണ്ടുപിടിക്കും. രണ്ടുദിവസം മുടങ്ങിയാൽ നിരൂപകർ കണ്ടുപിടിക്കും. മൂന്നുദിവസം അതു മുടങ്ങിയാൽ ബഹുജനം കണ്ടുപിടിക്കും. ബഹുജനത്തിനോ നിരൂപകർക്കോ കലാകാരനായ കേശവദേവി ന്റെ ന്യൂനതകൾ കണ്ടുപിടിക്കാനായില്ല. താൻ ടോൾസ്റ്റോയി ക്കു തുല്യനാണെന്നു വിശ്വസിച്ചിരുന്ന കേശവദേവിനു് സ്വന്തം കഴിവിന്റെ യാഥാർത്ഥ്യം ഗ്രഹിക്കാൻ കഴിഞ്ഞില്ല. വങ്കത്തം വരുമ്പോൾ അന്ധത്വം വന്നു പോകും. നമ്മുടെ റിയലിസ്റ്റിക് സാഹിത്യകാരന്മാരിൽ പലരും മിനിയേച്ചറിസ്റ്റുകളാണു്. ചെറിയ കാൻവാസ്സിൽ തീരെച്ചെറിയ ചിത്രം വരയ്ക്കുന്ന ആളാണു മിനിയേച്ചറിസ്റ്റ്. അവരെക്കുറിച്ചെഴുതുന്ന നിരൂപകർ ആ പരമാർത്ഥം മറക്കുന്നു. ഫലം അത്യുക്തിയും സ്ഥൂലീകരണവും. കേശവദേവിന്റെ ‘ഓടയിൽ നിന്നു്’ എന്ന കൊച്ചുകൃതിയെക്കുറിച്ചു നിരൂപകർ എഴുതിയിട്ടുള്ളപ്പോഴെല്ലാം ഈ അത്യുക്തിയും സ്ഥൂലീകരണവും ഉണ്ടായിട്ടുണ്ടു്.

അതിഭാവുകത്വം, സ്യൂഡോറിയലിസം ഇവ ചേർന്ന വീക്ഷണഗതി പ്രകടിപ്പിക്കുന്നവയാണു കേശവദേവിന്റെ നോവലുകളും ചെറുകഥകളും. അവയിൽ അഗ്രിമസ്ഥാനത്തെത്തിയ ‘ഓടയിൽനിന്നു്’ എന്ന ദീർഘമായ ചെറുകഥ വിക്തോർ യൂഗോ യുടെ ‘പാവങ്ങൾ’ എന്ന മഹാഗ്രന്ഥത്തിന്റെ ഇതിവൃത്തം സംഗ്രഹിച്ചതാണു്. ഷാങ്ങ് വൽഷാങ്ങിന്റെ പ്രതിരൂപമാണു് പപ്പു. കോസത്തിന്റെ പ്രതിരൂപം ലക്ഷ്മിയും. വിശദീകരിക്കാൻ ഇവിടെ സ്ഥലമില്ല. ‘ഓടയിൽനിന്നു്’ എന്ന പേരുപോലും ‘പാവങ്ങളി’ൽ നിന്നു് സ്വീകരിച്ചതാണു്. കോസത്തിന്റെ കാമുകനെ ഷാങ്ങ്വൽഷാങ്ങ് ഗട്ടറിലൂടെ പൊക്കിയെടുത്തുകൊണ്ടു നടക്കുന്നതു് ഓർമ്മിച്ചാലും. ‘പാവങ്ങൾ’ മുൻപു് എഴുതിയതുപോലെ മഹാഗ്രന്ഥം; ‘ഓടയിൽ നിന്നു്’ ക്ഷുദ്രഗ്രന്ഥം. ഈ ക്ഷുദ്രകൃതിയുടെ ക്ഷുദ്രത്വം വ്യക്തമാക്കുമ്പോൾ മാത്രമേ നിരൂപണം സത്യസന്ധമാവൂ. അതു് അംഗീകരിക്കപ്പെടേണ്ട കൃതിയാണെന്ന മട്ടിൽ എ. ഡി. രാജൻ എഴുതുമ്പോൾ (കുങ്കുമം വാരിക) വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകൾ കണ്ടിട്ടുള്ളവരുടെ നെറ്റി ചുളിയുന്നു. എന്തിനു് മാസ്റ്റർ പീസുകളിലേക്കു പോകുന്നു? ആർതർ ഹെയ്ലി, ദ്യുമോറീയേ ഇവരൊക്കെ സാഹിത്യത്തോടു ബന്ധമുള്ളവരല്ല. അവർക്കുള്ള കഴിവിന്റെ ആയിരത്തിലൊരംശം പോലും കേശവദേവിനില്ല.

മലയാള സാഹിത്യത്തിൽ കേശവദേവിനു ചരിത്രപരമായ സ്ഥാനമേയുള്ളു. വർഷങ്ങൾ കഴിഞ്ഞു് വിശ്വസാഹിത്യത്തിൽ അവഗാഹമുള്ള ആരെങ്കിലും മലയാള സാഹിത്യത്തിന്റെ ചരിത്രമെഴുതുമ്പോൾ കേശവദേവിനെക്കുറിച്ചു് പത്തു വാക്യങ്ങൾ എഴുതിയെന്നു വരും. അത്രേയുള്ളൂ. അന്നു ദേവസ്തോതാക്കളെ കേരളീയർ മറന്നിരിക്കും. “എടാ ഉവ്വേ. ഞാൻ ടോൾസ്റ്റോയിയെക്കാൾ കേമനാണടാ” എന്നു് എന്നോടും മറ്റു പലരോടും കേശവദേവ് പലതവണ പറഞ്ഞതും അന്നു് കേരളീയർ ഓർമ്മിക്കില്ല.

images/TomasidiLampedusa-01.jpg
ജൂസേപ്പേ ഡീ ലാമ്പേഡൂസാ

അത്രകണ്ടു പ്രസിദ്ധങ്ങളല്ലാത്തവയും എന്നാൽ വിശിഷ്ടങ്ങളുമായ ചില നോവലുകളുടെ പേരുകൾ പറയൂ. പറയാം. ജൂസേപ്പേ ഡീ ലാമ്പേഡൂസാ യുടെ (Guseppe of Lampedusa, 1896–1957) The Leopard എന്ന നോവൽ, ഇറ്റാലിയൻ നോവലിസ്റ്റാണു് ലാമ്പേഡൂസാ. അദ്ദേഹം മരിച്ചതിനുശേഷമാണു് നോവൽ പ്രസിദ്ധപ്പെടുത്തിയതു്. ആന്ദ്രേ ബൈലി യുടെ (Andrei Bely, 1880–1934) ‘Petersburg’. അദ്ദേഹം റഷ്യൻ നോവലിസ്റ്റാണു്. റുമേനിയൻ നോവലിസ്റ്റായ Petru Dumitriu (ജനനം 1924) എഴുതിയ ‘Incognito’—ഈ മൂന്നു നോവലുകളുടെയും ഔജ്ജ്വല്യം കണ്ടു് ഈ ലേഖകൻ വിസ്മയിച്ചിട്ടുണ്ടു്.

ഗുരുത്വാകർഷണം

ഓണക്കാലം. കുട്ടികൾ പട്ടം പറത്തുന്നതു കാണാൻ എനിക്കു രസമാണു്. ചതുരമൊത്ത ഒരു വർണ്ണക്കടലാസു് ഉയർന്നുയർന്നു പോകുമ്പോൾ ഞാൻ കുട്ടിയെ കാണാറില്ല. നൂലു കാണാറില്ല. പട്ടത്തിന്റെ നിറമെന്താണെന്നു അറിയുന്നില്ല. ഗുരുത്വാകർഷണ സിദ്ധാന്തത്തിനു് എതിരായി പട്ടമെങ്ങനെ ഉയരുന്നുവെന്നും ആലോചിക്കാറില്ല. അതിന്റെ അനുനിമിഷമുള്ള ഉയർച്ചയാണു് എന്നെ ആഹ്ലാദിപ്പിക്കുന്നതു്. ഉത്കൃഷ്ടമായ സാഹിത്യകൃതി ആധ്യാത്മികത്വത്തിന്റെ മണ്ഡലത്തിലേക്കു കുതിച്ചുയരുമ്പോൾ ഞാൻ അതിലെ വാക്കുകൾ ഏവയെന്നു് ഓർമ്മിക്കുന്നില്ല. നല്ല കൃതികളെ ഗുരുത്വാകർഷണത്തിനു് ഒന്നും ചെയ്യാൻ വയ്യ. കലാശൂന്യങ്ങളായ രചനകളെ ഭൂമി വലിച്ചു താഴ്ത്തുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.