സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-11-23-ൽ പ്രസിദ്ധീകരിച്ചതു്)

വലിയ ചൂടില്ലാത്ത ദിവസമാണെങ്കിൽ തീവണ്ടിസ്സവാരി സുഖപ്രദമാണു്. നേരിയ മഴകൂടിയുണ്ടെങ്കിൽ സുഖം കൂടും. കണ്ണാടിയിട്ട ജന്നലിൽക്കൂടി നോക്കുമ്പോൾ ചാറ്റൽ മഴയേറ്റു് മരങ്ങൾ കുളിർത്തു നില്ക്കുന്നതു കാണാം. ‘കടാക്ഷശാസ്ത്ര പഠിപ്പു നേടാത്ത വിടർന്ന കണ്ണാൽ’ പെൺകൊടികൾ തീവണ്ടിയെ പകച്ചു നോക്കുന്നതും ദർശിക്കാം. നേത്രകാചത്തിനു ചെറിയ സംവിധാനം വരുത്തി കണ്ണാടിയിലേക്കു നോക്കൂ. മുത്തുപോലുള്ള വെള്ളത്തുള്ളികൾ അതിലാകെ. അതുനോക്കി ഞാൻ തീവണ്ടിയിൽ രസിച്ചിരിക്കുമ്പോൾ “ആ പത്രമിങ്ങു തരൂ” എന്നൊരു പരുഷശബ്ദം. ആ ശബ്ദത്തിന്റെ ഉടമസ്ഥനു് ഞാൻ പത്രമെടുത്തു കൊടുത്തു. രണ്ടു മിനിറ്റ് നേരം അതങ്ങുമിങ്ങും മറിച്ചു നോക്കിയിട്ടു് അയാൾ അതു തിരിച്ചു തന്നു. എന്നിട്ടു് ഇങ്ങനെയൊരു ഉദീരണവും “എല്ലാം രാഷ്ട്രീയം തന്നെ സാംസ്കാരിക കാര്യങ്ങളിൽ ഒരുത്തനും ഒരു താല്പര്യവുമില്ല.” തിരുവനന്തപുരത്തു് പ്രഭാഷണം നടത്തിയിട്ടു തൃശ്ശൂരേക്കു തിരിച്ചു പോരുന്ന ഒരു സാഹിത്യകാരനാണു് അയാളെന്നു പിന്നീടു മനസ്സിലാക്കി. തന്റെ പ്രഭാഷണം വലിയ അക്ഷരത്തിൽ അച്ചടിക്കാത്ത പത്രക്കാരോടുള്ള നീരസം പ്രകടിപ്പിക്കുകയായിരുന്നു ആ മനുഷ്യൻ. നേരെമറിച്ചു് പ്രസംഗത്തിന്റെ സംഗ്രഹമെങ്കിലും പത്രത്തിൽ ഉണ്ടായിരുന്നെങ്കിൽ “ഈ പത്രം മാത്രമേ സംസ്ക്കാരത്തെ പരിരക്ഷിക്കുന്നുള്ളു” എന്നു് ആഹ്ലാദത്തോടെ പ്രഖ്യാപിക്കുമായിരുന്നു. പത്രം പ്രസംഗത്തിന്റെ സംക്ഷിപ്തരൂപമെങ്കിലും കൊടുക്കുമ്പോൾ ഒരുവിധത്തിൽ അയാളെ അംഗീകരിക്കുകയാണല്ലോ, പ്രശംസിക്കുകയാണല്ലോ. ആ പ്രശംസ ലഭിച്ചില്ലെങ്കിൽ പലർക്കും ഖേദമാണു്. ചിലരുണ്ടു് ലേഖനം പത്രത്തിൽ വന്നു കഴിഞ്ഞാൽ നമ്മോടു ചോദിക്കും. “വായിച്ചോ?” ‘വായിച്ചു’ എന്നു നമ്മുടെ മറുപടി. “എങ്ങനെയുണ്ടു് ലേഖനം?” എന്നു് വീണ്ടും ചോദ്യം. “നന്നായിരിക്കുന്നു” എന്നു് ഉത്തരം. അതുകൊണ്ടും തീരുന്നില്ല. വീണ്ടും ചോദ്യമെറിയുന്നു അയാൾ “അപ്പോൾ കുഴപ്പമൊന്നുമില്ല അല്ലേ?” അതിനു മറുപടി “കുഴപ്പമില്ലെന്നു മാത്രമല്ല നന്നായിരിക്കുന്നുതാനും.” അഞ്ചു മിനിറ്റ് നേരത്തെ മൗനത്തിനു ശേഷം അയാൾ വീണ്ടും ചോദിക്കുകയായി “ലേഖനത്തിൽ തരക്കേടൊന്നുമില്ലല്ലോ?” അതിനു മര്യാദയുടെ പേരിൽ നമ്മൾ മറുപടി നൽകുന്നു: “തരക്കേടില്ല എന്നു പറഞ്ഞാൽ പോരാ. നന്നായിട്ടുണ്ടു് അതു്.” നമ്മൾ ഇത്രയും പറഞ്ഞിട്ടു് ഓടിരക്ഷപ്പെട്ടു കൊള്ളണം. ഇല്ലെങ്കിൽ പിന്നെയും ചോദിക്കും ലേഖനമെങ്ങനെയിരിക്കുന്നുവെന്നു്. എവിടെയെങ്കിലും ചെന്നു്, കാണാതെ പഠിച്ച പത്തു വാക്യങ്ങൾ ഉറക്കെപ്പറഞ്ഞതിനു ശേഷം, കാണുന്നവരോടെല്ലാം ‘എന്റെ പ്രസംഗമെങ്ങനെയിരുന്നു’ എന്നു ചോദിക്കുന്നവൻ, ഒരു പുതിയ സാരിയുടുത്തിട്ടു് ‘സാരിയെങ്ങനെ’ എന്നു ചോദിക്കുന്നവൾ, ഒരു പാവത്തിനെ കാസർഗോട്ടേക്കു മാറ്റിയിട്ടു് ‘എന്റെ ഭരണം എങ്ങനെ’ എന്നു ചോദിക്കുന്നവൻ—ഇവരെല്ലാം സ്തുതി അഭിലഷിച്ചു നടക്കുന്നവരാണു്. അവർക്കു ഭൂവിഭാഗം മഴയേറ്റു വിറയ്ക്കുന്നതു കാണാൻ കൗതുകമില്ല. നിലാവിൽ അതു മുങ്ങി നില്ക്കുന്നതു കാണാൻ അഭിനിവേശമില്ല. ഹേമന്തത്തിൽ അതു പുളകം കൊള്ളുന്നതു കാണാൻ താല്പര്യമില്ല. കണ്ണാടിയിലെ വെള്ളത്തുള്ളികളെ നോക്കി രസിച്ചിരിക്കുന്നവനെ വിളിച്ചുണർത്തി അവർ ചോദിക്കും: “എന്റെ പ്രസംഗം അച്ചടിക്കാത്ത ഈ പത്രം എന്തു പത്രമാണു് ?” മിക്ക എഴുത്തുകാരുടെയും മാനസികനില ഇതാണു്. “ഞാൻ വൈലോപ്പിള്ളി യെക്കുറിച്ചു ഒരു കാവ്യം രചിച്ചു. നീ അതു വായിച്ചു രസിച്ചോ? രസിച്ചില്ലെങ്കിൽ നിന്റെ തന്തയെയും തള്ളയെയും തെറിപറഞ്ഞു ഞാൻ ലേഖനമെഴുതും. ആ ലേഖനം പത്രക്കാർ അച്ചടിച്ചില്ലെങ്കിൽ ഞാനതു പുസ്തകമാക്കി പ്രസാധനം ചെയ്യും.” എന്നാണു് അവരുടെ നിലപാടു്. പ്രിയപ്പെട്ട വായനക്കാരേ, ആസ്വാദനം ‘കംപൽസറി’യായിരിക്കുന്ന കാലയളവിലാണു് നമ്മൾ ജീവിക്കുന്നതു്.

രണ്ടു വള്ളത്തിൽ കാലു്

ഭ്രാന്താശുപത്രിയിലിരുന്നു് ഭ്രാന്തന്മാരെ പരിശോധിച്ചു കുറിപ്പുകൾ എഴുതി അവരെ തടവറ പോലുള്ള മുറികളിൽ പാർപ്പിക്കുന്ന ഡോക്ടർ ചികിത്സാവൈദഗ്ദ്ധ്യത്തിന്റെ പ്രതീകമല്ല, ഡോക്ടർ എന്ന പദവി നൽകുന്ന അധികാരത്തിന്റെ പ്രതീകമാണു് എന്നാണു് ഫൂക്കോയുടെ വാദം.

മനുഷ്യൻ പ്രയോഗിക്കുന്ന അധികാരത്തെ അപഗ്രഥിച്ചു് അതിന്റെ സ്വഭാവം വിശദമാക്കിയ നവീന ചിന്തകനാണു മീഷൽ ഫൂക്കോ. ഭ്രാന്തു്, ഭ്രാന്താലയം, ശിക്ഷ, തടവറ ഇവയെയൊക്കെ അധികാരത്തിന്റെ അടിത്തറയിൽ വച്ചു് അദ്ദേഹം പരിശോധിച്ചു. ഫലമോ? Madness and Civilization, Discipline and Punish, History of Sexuality ഈ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾ. ഭ്രാന്തു്, കുറ്റം, അതിലൈംഗികത്വം ഇവ അസ്വാഭാവികങ്ങളാണല്ലോ. അസ്വാഭാവികങ്ങളായി കരുതപ്പെട്ടാൽ ഡോക്ടറും പ്രാഡ്വിവാകനും ലൈംഗിക ശാസ്ത്രജ്ഞനും അവയോടു ബന്ധപ്പെട്ട വ്യക്തികളെ ഒറ്റപ്പെടുത്തുന്നു. ഒറ്റപ്പെടുത്തുകയെന്നു പറഞ്ഞാൽ പ്രത്യേകം കെട്ടിടത്തിൽ താമസിപ്പിക്കുക എന്നതുതന്നെ. അവരെ നിയതാവസ്ഥയിലേക്കു കൊണ്ടു വരാൻ സമുദായത്തിൽ നിന്നു മാറ്റി നിറുത്തുന്നു എന്നതു തന്നെ. ഇതിനുള്ള കല്പനയെ അധികാര പ്രയോഗമായി ഫൂക്കോ കാണുന്നു. ഭ്രാന്താശുപത്രിയിലിരുന്നു് ഭ്രാന്തന്മാരെ പരിശോധിച്ചു കുറിപ്പുകൾ എഴുതി അവരെ തടവറപോലുള്ള മുറികളിൽ പാർപ്പിക്കുന്ന ഡോക്ടർ ചികിത്സാ വൈദഗ്ദ്ധ്യത്തിന്റെ പ്രതീകമല്ല. ഡോക്ടർ എന്ന പദവി നൽകുന്ന അധികാരത്തിന്റെ പ്രതീകമാണു് എന്നാണു ഫൂക്കോയുടെ വാദം. വൈദ്യശാസ്ത്രത്തെ സംബന്ധിക്കുന്ന ജ്ഞാനമല്ല രോഗം ഭേദമാക്കുന്നതു്. രോഗം ഭേദമാക്കാനുള്ള അധികാരം ഡോക്ടർക്കു നൽകുന്ന മാർഗ്ഗിക പ്രഭാവമാണു് അതനുഷ്ഠിക്കുക.

images/MichelFoucault1.jpg
മീഷൽ ഫൂക്കോ

ഫൂക്കോ പറയുന്നു: (The doctor has) absolute authority in the world of asylum… his medical practice being for a long time no more than a complement to the old rites of Order, Authority and Punishment (ഫൂക്കോയുടെ Madness and Civilization എന്ന ഗ്രന്ഥത്തിലെ രണ്ടു് അദ്ധ്യായങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. മുകളിലെഴുതിയ വാക്യം ബാരി സ്മാർട്ട് എഴുതിയ Michel Foucault എന്ന പുസ്തകത്തിൽ നിന്നാണു്. ഞാൻ വായിച്ചഭാഗത്തിൽ നിന്നല്ല. ഭ്രാന്താശുപത്രിയിലിരുന്നു്… എന്നാരംഭിക്കുന്ന വാക്യത്തിലും തുടർന്നു വരുന്ന വാക്യത്തിലും ഉള്ള ആശയങ്ങൾ സ്മാർട്ട് പ്രതിപാദിച്ചവയാണു്). ഈ അധികാരം പ്രയോഗിക്കൽ കൊണ്ടാവണം കാരാഗാരം പീഡനാഗാരമായി മാറുന്നതു്; ഭ്രാന്താലയം മർദ്ദനാലയമായി മാറുന്നതു്. ഇമ്മട്ടിൽ മർദ്ദനാലയമായി മാറിയ ഒരു ചിത്തരോഗാശുപത്രിയെ വർണ്ണിച്ചു് അവിടെ കിടക്കുന്ന ഒരു പാവത്തിന്റെ നേർക്കു സഹാനുഭൂതിയുടെ നീർച്ചാൽ ഒഴുക്കാനാണു് രഘുനാഥ് പലേരി യുടെ ശ്രമം. (കലാകൗമുദി, ‘കണ്ണീരിനു മധുരം’ എന്ന കഥ). ഭ്രാന്തന്റെ അനുജത്തിക്കു വിവാഹം. പെണ്ണിന്റെ ചേട്ടൻ ഭ്രാന്തനാണെന്നറിഞ്ഞാൽ വിവാഹം നടക്കില്ല. അയാളോടു സംസാരിക്കാൻ പോകുന്ന ആളു് ഭ്രാന്താലയത്തിലെ നൃശംസത കണ്ടു് ആ ഭ്രാന്തനോടു സഹതാപമുള്ളവനായി മാറുന്നു. ആ ആശുപത്രിയിൽ താമസിപ്പിക്കാനായി കൊണ്ടു വന്ന യുവതിയെ അയാൾ പറഞ്ഞയയ്ക്കുന്നു. അവൾക്കു കൃതജ്ഞത. വിവാഹം നടക്കില്ല എന്ന പ്രസ്താവത്തിൽ അനുവാചകനു് ആദ്യമുണ്ടാകുന്ന ഉത്കണ്ഠയെ ഒരു കാരണവും കൂടാതെ “മറയത്തു പോ” എന്നാജ്ഞാപിച്ചിട്ടു് ഭ്രാന്താലയത്തിന്റെ ക്രൂരതയിലേക്കു് ചാടിവീഴുന്നു കഥാകാരൻ. അങ്ങനെ രണ്ടു വള്ളങ്ങളിൽ കാലു ചവിട്ടി നില്ക്കുമ്പോൾ അവ രണ്ടുവഴിക്കു് ഒഴുകിപ്പോകുന്നു. രഘുനാഥ് പലേരി നടുക്കായലിൽ വീണു പോകുകയും ചെയ്യുന്നു. പ്രതിപാദ്യത്തെ കേന്ദ്രസ്ഥാനത്തു നിറുത്തി വികസിപ്പിച്ചുകൊണ്ടുവരാൻ നമ്മുടെ കഥയെഴുത്തുകാർ എന്നാണു് പഠിക്കുക?

നാലു ടൺ ഭാരമുള്ള ഇരുമ്പുകട്ടി വീട്ടിന്റെ മുൻപിലുണ്ടെന്നു കരുതു. അനേകമാളുകൾ ഒരുമിച്ചു ചേർന്നു പിടിച്ചാലും അതിനെ ഇളക്കാൻ പറ്റില്ല. പക്ഷേ, ഒരു വിവാഹദല്ലാൾ വന്നു് മധുരവാക്കുകൾ ഒഴുക്കിയാൽ മതി; ഇരുമ്പുകട്ടി അപ്പൂപ്പൻ താടിപോലെ പറക്കും. നമ്മുടെ കഥാകാരന്മാർ അപ്പൂപ്പൻതാടിയോടു രണ്ടു വാക്കു പറഞ്ഞാൽ മതി. അതിനു നാലു ടൺ ഭാരം ഉടനെ ഉണ്ടാകും. ദല്ലാളന്മാർക്കു കഥാകാരന്മാർ ശിഷ്യപ്പെടട്ടെ.

കത്തി കൈയിലിരിക്കട്ടെ
images/dEon.jpg
ദേഒങ് ദ ബോമങ്

അമേരിക്കയുടെ കൊടി റീഗന്റെ ക്രൂരതയെ ഓർമ്മിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ കൊടി താച്ചർക്കു ദക്ഷിണാഫ്രിക്കൻ ജനതയോടുള്ള വെറുപ്പിനെ കാണിക്കുന്നു. പാകിസ്ഥാന്റെ കൊടി സിയാ ഉൾ ഹക്കിന്റെ നൃശംസയെ പ്രകടിപ്പിക്കുന്നു.

ഫ്രഞ്ച് സർക്കാരിന്റെ ചാരനായിരുന്നു ദേഒങ് ദ ബോമങ് (d’Éon de Beaumont). അയാൾ 1755-ൽ റഷ്യൻ ചക്രവർത്തിനിയുടെ അടുത്തെത്തി. അടുത്ത വർഷം പുരുഷനായിട്ടാണു് അയാൾ റഷ്യയിൽ പോയതു്. പല സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചതിനു ശേഷം ഫ്രാൻസിൽ തിരിച്ചെത്തിയപ്പോൾ സർക്കാർ ആജ്ഞാപിച്ചു പെണ്ണായിത്തന്നെ അയാൾ നടന്നുകൊള്ളണമെന്നു്. ബോമങ് മരിച്ചപ്പോൾ സർക്കാർ അയാളെ പരിശോധിപ്പിച്ചു. അയാൾ പുരുഷൻ തന്നെന്നു അവർക്കു ബോധപ്പെട്ടു. ഇന്നു് ബോമങിനെപ്പോലെ വേഷം മാറി നടക്കേണ്ടതില്ല. ശസ്ത്രക്രിയകൊണ്ടു ആണിനെ പെണ്ണാക്കാം. പെണ്ണിനെ ആണുമാക്കാം. ആണിനെയാണു പെണ്ണാക്കേണ്ടതെങ്കിൽ ആദ്യം ഇസ്റ്റ്രജൻ എന്ന ഹർമോൺ കുത്തിവയ്ക്കും. അതിന്റെ ഫലമായി വൃഷണങ്ങൾ ചുരുങ്ങും. വക്ഷോജങ്ങൾ വളരും. പിന്നീടാണു ശസ്ത്രക്രിയ. മുറിക്കേണ്ട ഭാഗങ്ങൾ മുറിച്ചുകളഞ്ഞിട്ടു് ഡോക്ടർ സ്ത്രീജനനേന്ദ്രീയം ഉണ്ടാക്കുന്നു. പെണ്ണിനെയാണു് ആണാക്കേണ്ടതെങ്കിൽ അവൾക്കു് ആദ്യമായി ടെസ്റ്റോസ്റ്ററോൺ എന്ന ഹോർമോൺ കുത്തിവയ്ക്കും. അപ്പോൾ ആർത്തവം നിൽക്കും. പിന്നീടാണു ശസ്ത്രക്രിയ. ഡോക്ടർ കൃത്രിമാവയവം പുരുഷനു നൽകുന്നു. കൂടുതലെഴുതാൻ വയ്യ. ശാസ്ത്രമാണു് ഇവിടെ കൈകാര്യം ചെയ്യുന്നതെങ്കിലും ഉചിതജ്ഞതയാണല്ലോ പ്രധാനം. സ്ത്രീ എല്ലാ വിധത്തിലും പുരുഷനായി മാറും എന്നു മാത്രം പറയട്ടെ. പല ഗവൺമെന്റുകളും ഇങ്ങനെയുള്ള സെക്സ് മാറ്റത്തിനു് അംഗീകാരം നൽകിയിട്ടുണ്ടു്. സാഹിത്യവാരഫലം പെണ്ണോ ആണോ? പെണ്ണു തന്നെ. സ്ത്രൈണാംശമാണല്ലോ അതിൽ കൂടുതലുള്ളതു്. അതിനെ ആണാക്കിയേ അടങ്ങു എന്നു എം. ഡി. രാധിക. ശ്രീമതി കഥാ മാസികയിൽ എഴുതുന്നു. “അത്രയേറെ കഥാനിരൂപകർ നമുക്കുണ്ടോ? ഏതായാലും എന്റെ പരിമിതമായ അറിവിൽ ഇല്ല. എം. കൃഷ്ണൻ നായരു ടെ ‘സാഹിത്യവാരഫല’ത്തിലെ കൊച്ചുവർത്തമാനങ്ങൾക്കു് നിരൂപണം എന്ന പേരു നൽകുന്നതു് അധികപ്പറ്റാവും താനും. എന്നല്ല അതുമാത്രം വായിച്ചു് സാഹിത്യത്തെപ്പറ്റി തങ്ങൾ ആധികാരികമായും ആത്യന്തികമായും അറിവു നേടി എന്നു കരുതി എളുപ്പം തൃപ്തരാവുന്ന, അഹങ്കരിക്കാൻ പോലും തയ്യാറാവുന്ന അല്പന്മാരുടെ ഒരുകൂട്ടത്തെ വിവേചനാശേഷി വളർന്നിട്ടില്ലാത്ത വായനക്കാർക്കിടയിൽ ആ പംക്തി സൃഷ്ടിക്കുന്നില്ലേ എന്ന പേടിയും തോന്നുന്നു.” Testosterone നിറച്ച സിറിഞ്ചുമായി ഡോക്ടർ രാധിക വരേണ്ടതില്ല. സാഹിത്യവാരഫലം കൊച്ചു വർത്തമാനം പറയുന്ന പെണ്ണാണെന്നു ഞാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ടു്. അവൾ സുന്ദരിപ്പെണ്ണാണെന്നു് നയൻതാര സെഗാളും വൈക്കം മുഹമ്മദ് ബഷീറും അഭിപ്രായപ്പെട്ടിട്ടുണ്ടു്. അത്യുക്തി കലർത്തി ജവഹർലാൽ നെഹ്റു വിന്റെ അനന്തരവൾ പറഞ്ഞതു് ഈ ലോകത്തു് ഇമ്മട്ടിൽ ഒരു പെണ്ണു വേറെയില്ലെന്നാണു്.

പല സർക്കാരുകളും gender reassignment-നു് അംഗീകാരം നൽകിയെന്നു മുകളിൽ എഴുതിയല്ലോ. ബ്രിട്ടൻ മാത്രം അതു അംഗീകരിക്കുന്നില്ല. പെണ്ണായി ജനിച്ചോ അവൾ പെണ്ണു തന്നെ. കേരളത്തിലും അങ്ങനെ തന്നെ. പതിനെട്ടു കൊല്ലം മുൻപു് “മലയാളനാട്ടി”ലാണു് ഈ പെണ്ണു ജനിച്ചതു്. അവൾ നാൾ തോറും വളരുന്നു. നവയൗവനവും ഉദിച്ചു. അവളുടെ സെക്സ് മാറ്റാൻ ആരും വരേണ്ടതില്ല. അതിനുള്ള കത്തി അങ്ങ് കൈയിൽ വച്ചേച്ചാൽ മതി. അതല്ല കത്തിയും കൊണ്ടു ചാടുമെങ്കിൽ തടയാൻ ഞാൻ കാണില്ല. ലക്ഷക്കണക്കിനുള്ള വായനക്കാർ അതിനു വേണ്ടി ഉണ്ടാവും.

എ റോസ് ഇസ് എ റോസ്
images/GertrudeStein1935.jpg
ഗൾട്രൂഡ് സ്റ്റൈൻ

വിദഗ്ദ്ധനായ ഒരു സ്കിൻ സ്പെഷലിസ്റ്റ് തിരുവനന്തപുരത്തുണ്ടായിരുന്നു. ആമ്പാടി എന്നാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതു്. മുഖത്തു കറുപ്പു പറ്റാൻ തുടങ്ങിയ ഒരു ബന്ധുവിനെയും കൊണ്ടു ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. ഡോക്ടർ പരിശോധിച്ചിട്ടുപറഞ്ഞു: ഇതൊരു രോഗമല്ല. കഷ്ടകാലം കൊണ്ടു കറുപ്പു് പറ്റുമെന്നു ചിലർ പറയാറുണ്ടു് അതും ശരിയല്ല. എങ്കിലും ചില ഗുളികകൾ തരാം. മുഖത്തു പുരട്ടാൻ ഒരു ക്രീമും. ചിലപ്പോൾ പോകും. പോയില്ലെങ്കിൽ ഡോക്ടറെ കുറ്റം പറയരുതു് കേട്ടോ.” എനിക്കു നിരാശതയായി, “ഡോക്ടർ ഇമ്മമാതിരി കറുപ്പു് പറ്റിയാൽ കുറെക്കാലം കഴിഞ്ഞു് അതു് പാണ്ടായി മാറുമെന്നു കേട്ടിട്ടുണ്ടു്. അങ്ങനെ വരുമോ ഡോക്ടർ?” എന്നു് എന്റെ ചോദ്യം. “ഹേയ് ഒരിക്കലുമില്ല.” എന്നിട്ടു് ഇംഗ്ലീഷിൽ “You see, in leucoderma there are patches of unpigmented skin. This is not so.” പിന്നീടു് മലയാളത്തിൽ: “ചൊറിയുണങ്ങിയ പാടിനെ നിങ്ങൾ രോഗമായി കരുതുമോ? അതുപോലെയല്ലെങ്കിലും ഇതും രോഗമല്ല.” “പാടു് ഒരിക്കലും രോഗമാവുകയില്ലേ ഡോക്ടർ?” എന്നു ഞാൻ. അദ്ദേഹം മറുപടി പറഞ്ഞു: “പാടിനു ഞങ്ങൾ Clcatrix എന്നു പറയും. Clcatrix is a Clcatrix is a Clcatrix is a Clcatrix” എന്നു ചിരിച്ചുകൊണ്ടു പറഞ്ഞ് ഡോക്ടർ നിറുത്തി. “A rose is rose is a rose is a rose” എന്നു ഞാനും. ഡോക്ടറോടു എനിക്കുള്ള ബഹുമാനം കൂടി. അദ്ദേഹം ഗൾട്രൂഡ് സ്റ്റൈന്റെ പ്രസിദ്ധമായ ചൊല്ലു മനസ്സിലാക്കി വച്ചിരിക്കുന്നു. സാഹിത്യാംഗനയുടെ തൊലിപ്പുറത്തുള്ള ഒരു ‘സിക്കട്രിക്സാ’ണു് കെ. കെ. രമേഷിന്റെ “ന്യായാസനത്തിൽ ഉറുമ്പുകൾ” എന്ന ചെറുകഥ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). ന്യായാസനത്തിലേക്കു ഉറുമ്പുകൾ അരിച്ചരിച്ചു ചെന്നുപോലും. ചുവരിലെ ഘടികാരത്തിൽ കഥ പറയുന്ന ആളും ഒരു കിഴവനും ചത്തുകിടന്നു പോലും. നീതിപീഠം നീതിപീഠമല്ല അല്ലെങ്കിൽ അതുപ്രയോജനശൂന്യമായിരിക്കുന്നു എന്നോ മറ്റോ ഒരാശയം തോന്നുക. ആ ആശയത്തെ റബ്ബർ വലിച്ചു നീട്ടുന്നതുപോലെ വലിച്ചു നീട്ടുക. ഇതാണു് രമേഷിന്റെ പ്രവർത്തനം. റബ്ബർ വലിച്ചു നീട്ടുമ്പോൾ അതു പൊട്ടുന്നതുവരെ മാത്രമേ ദ്രഷ്ടാവിനു് ഉത്കണ്ഠയുള്ളൂ. ഇമ്മാതിരിക്കഥകൾ പൊട്ടുകില്ല. അതു വായിച്ചവസാനിപ്പിച്ചാലും നമുക്കു് ആകുലാവസ്ഥയാണു്. ഇത്തരത്തിലുള്ള ‘സെറിബ്രൽ സ്റ്റോറീസി’നു് എന്നു് അറുതി വരുമോ അന്നു നമുക്കു നല്ലകാലം തുടങ്ങും. “കെ. കെ. രമേഷിനു വല്ലായ്മ തോന്നരുതു്. താങ്കൾ ഞങ്ങളെ പീഡിപ്പിക്കുകയാണു്. എ സിയാട്രിക്സ് ഇസ് എ സിയാട്രിക്സ് ഇസ് എ സിയാട്രിക്സ്. ശരി. എന്നാൽ കഥയെ പനിനീർപ്പൂവായി കണ്ടു് ‘എ റോസ് ഇസ് എ റോസ് ഇസ് എ റോസ്’ എന്നു ഞങ്ങൾക്കു പറയണം.”

പുസ്തകങ്ങൾ
images/HowtoImagine.jpg

The Vedic Experience (മന്ത്രമഞ്ജരി): കലിഫൊർന്യ സർവകലാശാലയിൽ (California) (സന്റ ബാർബറ പട്ടണത്തിൽ) Professor of Religious Studies ആയ ഡോക്ടർ റെയ്മുന്ദോ പണിക്കർ (Dr. Raimudo Panikkar) എഴുതിയ ഈ ഗ്രന്ഥം ഉത്കൃഷ്ടമാണു്. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ ഇവയിലെ രത്നങ്ങളെടുത്തു പ്രകാശിപ്പിച്ചിട്ടു് അവയുടെ മഹത്ത്വവും സൗന്ദര്യവും വിശദീകരിക്കുന്ന ഈ ഗ്രന്ഥം നമ്മുടെ അനുഭവചക്രവാളത്തെ വികസിപ്പിക്കുകയും നമ്മെ ഉദാത്തമണ്ഡലങ്ങളിലേക്കു നയിക്കകയും ചെയ്യുന്നു. ഇതു വായിക്കുകയും വീണ്ടും വീണ്ടും വായിക്കുകയും ചെയ്യണം. മലയാളിയായ ഈ ക്രിസ്ത്യൻ പുരോഹിതന്റെ മുൻപിൽ ഞാൻ തലകുനിക്കുന്നു. How to Imagine. ജാൻഫ്രാങ്കോ ബാറുകെല്ലോ (Gianfranco Baruchello) പേരു കേട്ട ഇറ്റാലിയൻ കലാകാരനാണു് (Italian), അദ്ദേഹം ഒരമേരിക്കൻ ജേർണലിസ്റ്റുമായി നടത്തിയ സംഭാഷണമാണു് ഈ ഗ്രന്ഥത്തിലുള്ളതു്. സർഗ്ഗാത്മകഭാവന, പ്രകൃതി, സമകാലിക കല ഇവയെക്കുറിച്ചുള്ള മൗലികങ്ങളും ആകർഷകങ്ങളുമായ ചിന്തകൾ ഇതിലടങ്ങിയിരിക്കുന്നു. താഴെച്ചേർക്കുന്ന ഭാഗം പുസ്തകത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും.

There is a poem I remember by Sandro Penna where he talks about taking a piss. He says something about “liberating the body in a bright white bowl of porcelain” and as far as that goes it could just as well be the subject of a report by some policeman who’d observed Sandro Penna intent on liberating his body while looking for a pick-up in a public toilet, and so what’s the difference between this policeman’s report and Sandro Penna’s poem? The difference is that it was Sandro Penna who wrote it (P. 35, 36).

ഇറ്റലിയുടെ മധ്യഭാഗത്തുള്ള പട്ടണമാണു് പെറൂജാ. അവിടെ ജനിച്ച കവിയാണു് സാന്ദ്രേ പെന്ന. അദ്ദേഹത്തിന്റെ സുന്ദരമായ ഒരു കാവ്യം കേട്ടാലും:

The little venetian square

mournful and ancient, gathers

the fragrance of the Sea. And flights

of pigeons. But memory

retains—be witching

the very light—the flying

young cyclist

turning to his friend: a melodious

whisper: ‘going alone?’

(Guide to Modern World Literature എന്ന പുസ്തകത്തിൽ നിന്നു് ഉദ്ധരിക്കുന്നതു്. Martin Seymour Smith എഴുതിയ ഈ പുസ്തകം വിശ്വസിക്കരുതു്. വള്ളത്തോളി നെക്കുറിച്ചു് ഈ സായ്പ് എഴുതുകയാണു്: (He) wrote a long epic komappan, in Sanskrit Style, P. 713.)

ഈ തണ്ടു് എത്രകാലത്തേക്കു്?

ശത്രുക്കൾ നമുക്കെതിരായി ഒന്നും പ്രവർത്തിച്ചില്ലെങ്കിലും നമ്മുടെ ചോര കുടിച്ചുകൊണ്ടിരിക്കുന്നവരാണു്. യൗവനകാലത്തു് നമ്മുടെ ഉറ്റചങ്ങാതിമാരായി കഴിഞ്ഞുകൂടിയവർ മത്സരപ്പരീക്ഷയിൽ വിജയം നേടി വലിയ ഉദ്യോഗസ്ഥന്മാരായാൽ അവഗണനയിലൂടെ ചോരകുടിക്കും. അങ്ങനെയുള്ള ഒരാളിനെക്കുറിച്ചു് പറയാം. ഇഷ്ടൻ—കോളേജിലെ അധ്യാപകനായിരുന്നു. അങ്ങനെയിരിക്കെ സർവീസിനു് ബ്രേക്ക്’ വരാറായി. പിരിഞ്ഞു പോയാൽ പിന്നെ കിട്ടുകയുമില്ല ജോലി. അതു മനസ്സിലാക്കിയിട്ടു് പ്രിൻസിപ്പൽ എന്നെ വിളിച്ചു പറഞ്ഞു: “കൃഷ്ണൻ നായരുടെ ഗുരുനാഥനല്ലേ റജിസ്ട്രാർ പി. എസ്. എബ്രഹാം. ഇയാളെ നമുക്കു് രക്ഷിക്കണം. ഒൻപതു് മാസം കഴിഞ്ഞാൽ വേക്കൻസി വരും. അത്രയും കാലം ഇയാളെ സൂപ്പർന്യൂമെററിയായി വയ്ക്കാൻ യൂണിവേഴ്സിറ്റി സമ്മതിക്കണം. എബ്രഹാമിനോടു് പറഞ്ഞു് അതൊന്നു ശരിപ്പെടുത്തു.” ഞാൻ സാറിനെക്കണ്ടു് പറഞ്ഞു: “സാർ എന്റേതു് ഒരപേക്ഷയാണു്, ശുപാർശയല്ല.” എബ്രഹാം സാർ ചോദിച്ചു: “ഒൻപതു മാസം ആ ലക്ചററെ സൂപ്പർന്യൂമെററിയാക്കി വച്ചാൽ എന്റെ ജോലി പോകും കൃഷ്ണൻ നായർ. എങ്കിലും നോക്കട്ടെ. കൊട്ടാരക്കര ഇംഗ്ലീഷ് സ്കൂളിൽ വച്ചു് ഞാൻ നിങ്ങളെ കെമിസ്ട്രി പഠിപ്പിച്ചു എന്നൊരു ദോഷമുണ്ടല്ലോ.” ഞാൻ പോയി ഏഴു ദിവസം കഴിഞ്ഞപ്പോൾ ആ ലക്ചററെ ഒൻപതു മാസത്തേക്കു് സൂപ്പർ ന്യൂമെററിയായി കരുതിക്കൊണ്ടുള്ള ഓർഡർ വന്നു. എല്ലാവിധത്തിലും ‘മീഡിയോക്കറാ’യ അയാൾ മത്സരപ്പരീക്ഷയിൽ ജയിച്ചു. ശുപാർശയ്ക്കു് പുറമേ കോളേജധ്യാപകനാണു് എന്ന വസ്തുതയും പരീക്ഷയിലെ വിജയത്തിനു് സഹായിച്ചു എന്നാണു് ഇന്റർവ്യൂ ബോർഡിൽ സ്വാധീനശക്തി ചെലുത്തിയ ഒരാൾ എന്നോടു് പറഞ്ഞതു്. ജയിച്ച അധ്യാപകൻ എന്നെ വീട്ടിലേക്കു് ക്ഷണിച്ചു. നൂറുനാഴിക സഞ്ചരിച്ചു് ഞാൻ അവിടെ ചെന്നു. ഒരു ദിവസം താമസിക്കുകയും ചെയ്തു. വർഷങ്ങൾ കഴിഞ്ഞു. അയാളുടെ വീട്ടിനു തൊട്ടടുത്തു് ഞാൻ ഒരു വാടകക്കെട്ടിടത്തിൽ താമസമായി. ഒരു ദിവസം ഉച്ചയ്ക്കു് അയാൾ, ബസ്സ് കാത്തുനില്ക്കുന്ന എന്റെ അടുക്കലൂടെ കാറിൽ പോയി സ്വന്തം വീട്ടിലേക്കു്. കണ്ട ഭാവം നടിച്ചില്ല. രണ്ടു് മിനിറ്റ് കഴിഞ്ഞില്ല ഞാൻ അയാളുടെ വീട്ടിലേക്കു് ഫോൺ ചെയ്തു. “…രുടെ ഒരു പഴയ സ്നേഹിതൻ എം. കൃഷ്ണൻ നായരാണു് വിളിക്കുന്നതു്” ഫോണിന്റെ മറ്റേവശത്തു് സ്ത്രൈണശബ്ദം. റിസീവർ ഉള്ളംകൈ കൊണ്ടു് പൊത്തിപ്പിടിച്ചതിനു ശേഷമുള്ള അടക്കിയ സംസാരത്തിനു ശേഷം മറുപടി: “അദ്ദേഹം ഇവിടെയില്ല. വൈകുന്നേരം ചിലപ്പോൾ വന്നാലായി. “ഞാൻ ഫോൺ താഴെ വച്ചു. ഈ സംഭവത്തിനു ശേഷം നാലു ദിവസം കഴിഞ്ഞു് ഒരു സന്ധ്യാവേളയിൽ ഞാൻ അയാളുടെ വീട്ടിന്റെ മുൻപിലൂടെ വരികയായിരുന്നു. അയാളും ഭാര്യയും റോഡിലേക്കു് കാലെടുത്തു വച്ചു കഴിഞ്ഞു. പൊടുന്നനവേ എന്നെക്കണ്ട അയാൾ തിരിഞ്ഞ് ഗേറ്റിന്റെ പൂട്ടു് പരിശോധിക്കാൻ പോയി. “നല്ലപോലെ പൂട്ടിയില്ലെ. പിന്നെന്തിനു് വീണ്ടും നോക്കുന്നു?” എന്നു് ഭാര്യ ചോദിച്ചിട്ടും ഞാൻ കടന്നു പോകുന്നതുവരെ അയാൾ പൂട്ടു് തലോടിക്കൊണ്ടു് നിന്നു. കൃതഘ്നനായ അയാളുടെ കരസ്പർശമേറ്റു് ഇരുമ്പു് പൂട്ടു് പോലും പൊട്ടിപ്പോയിരിക്കണം. ഇനി കുങ്കുമം വാരികയിൽ കൃഷ്ണൻ വരച്ച ഹാസ്യചിത്രം നോക്കുക. I. A. S. Retired എന്നു് അടയാളപ്പെടുത്തിയ പെട്ടിയെടുത്തു് ഒരു കിഴവൻ വരുന്നു. ‘കാണുന്നവരെയൊക്കെ നല്ല പരിചയം തോന്നുന്നു’ എന്നു് അയാളുടെ ഉദീരണം. വേറൊരാൾ പറയുന്നു: “റിട്ടയർ ചെയ്തു കഴിയുമ്പോൾ വരുന്ന രോഗം.” ഒരു സാമാന്യ സത്യത്തെ കൃഷ്ണൻ എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. വീട്ടിലിരുന്നുകൊണ്ടു് ഫോണിലൂടെ ‘ഇവിടെ ഇല്ല’ എന്നു് ഭാര്യയെക്കൊണ്ടു് പറയിച്ച ആ പൂട്ടു് തലോടാനും ‘കൃഷ്ണൻ നായർ എന്നെ മറന്നോ’ എന്നു് ചോദിക്കുന്ന കാലം വരും, അന്നു് ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ.

images/DavidHume.jpg
ഡേവിഡ് ഹ്യൂം

ഡേവിഡ് ഹ്യൂം (സ്കോട്ടിഷ് ദാർശനികൻ) പറഞ്ഞു: ത്രാസിലിട്ട പത്തൗൺസ് മറ്റൊരു ഭാരം ഉയർത്തുമ്പോൾ ഇതിനു് പത്തു് ഔൺസിനെക്കാൾ കൂടുതൽ ഭാരമുണ്ടെന്നതു് സത്യം. പക്ഷേ, അതു് നൂറു് ഔൺസ് ആയിരിക്കണമെന്നില്ലല്ലോ. ആരുമില്ലാത്ത കൃഷ്ണൻ നായരുടെ പത്തു് ഔൺസ് ഭാരത്തെക്കാൾ ഒന്നോ രണ്ടോ ഔൺസ് കൂടുതലായിക്കൊള്ളട്ടെ ഉദ്യോഗസ്ഥനു്. അവൾക്കെന്തിനു് നൂറു് ഔൺസ് ഭാരം?

കമന്റുകൾ
  1. പ്രൊഫസർ എസ്. ഗുപ്തൻ നായരെ മലയാളി ദിനപത്രത്തിന്റെ എഡിറ്ററായി നിയമിച്ചുവെന്നു കേട്ടപ്പോൾ ബോധേശ്വരൻ എന്നോടു് പറഞ്ഞു: “ഇനി പത്രത്തിൽ വ്യാകരണത്തെറ്റു വരില്ല.” ‘മാമ്പഴം’ വാരികയുടെ എഡിറ്റർ ചലച്ചിത്രതാരം എം. ജി. സോമനാ ണു്. ഇനി വാരികയിൽ മുഴുവൻ പ്രഗല്ഭമായ അഭിനയമായിരിക്കും.
  2. ദിവാൻ പി. രാജപോഗാലാചാരി യുടെ ഉത്കൃഷ്ടതയേയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള യുടെ അപകൃഷ്ടതയേയും ‘അമരം’ മാസികയിലെ ഹിസ്റ്റോറിയൻ എടുത്തു കാണിക്കുന്നു. ഞാൻ തർക്കിക്കുന്നില്ല. പക്ഷേ, രാജഗോപാലാചാരിക്കു് നന്മയെക്കാൾ തിന്മ കൂടുതലായിരുന്നു. രാമകൃഷ്ണപിള്ളയ്ക്കു് തിന്മയെക്കാൾ നന്മ കൂടുതലായിരുന്നു. അതിനാൽ രാമകൃഷ്ണപിള്ളയാണു് ഉത്കൃഷ്ടനായ വ്യക്തി. പ്രൊഫസർ എം. കൃഷ്ണൻ നായർ അറിയുന്നതിനു് എന്ന ലേഖനം. എന്നെക്കുറിച്ചു് നല്ല വാക്കു് പറഞ്ഞതിനു് നന്ദി).
  3. മിസ്സിസ് റെയ്ച്ചൽ തോമസ് അമഡിയസി നെക്കുറിച്ചു് (Amadeus) മനോരാജ്യം വാരികയിൽ, എഴുതുന്നു. പീറ്റർ ഷഫർ എഴുതിയ ‘അമിഡിയസ് ’ എന്ന നാടകം കൂടി വായനക്കാർ വായിക്കുന്നതു് കൊള്ളാം. 1979-ലെ Evening Drama award നേടിയ ആ നാടകത്തിനു് വലിയ ശക്തിയുണ്ടു്.
  4. ചായക്കടയുടെ മുൻപിൽ പശുവിനെ കൊണ്ടുവന്നു കെട്ടി കറക്കാറുണ്ടു്. പശു പാലു് ചുരത്തിക്കൊള്ളണം. ഇല്ലെങ്കിൽ കറവക്കാരൻ വിഷമിക്കും. അയാൾ അതിനു് കൊടുക്കുന്ന അടി കണ്ടു് നമ്മളും വിഷമിക്കും. വയലാർ രാമവർമ്മ യുടെ ‘കൊലപാതകികൾ’ എന്ന കാവ്യധേനുവിനെ ജനയുഗത്തിന്റെ താളിൽ നിറുത്തി പാണാവള്ളി സദാനന്ദൻ മുല പിടിച്ചു വലിക്കുകയും അതിനെ അടിക്കുകയും ചെയ്യുന്നു. ഒരു തുള്ളിപ്പാലു് പോലുമില്ല. പാലില്ലാത്ത പശുവിനെ പീഢിപ്പിച്ചതു കൊണ്ടെന്തു ഫലം?
images/PeterShaffer1966.jpg
പീറ്റർ ഷഫർ

അമേരിക്കയുടെ കൊടി റീഗന്റെ ക്രൂരതയെ ഓർമ്മിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ കൊടി താച്ചർക്കു് ദക്ഷിണാഫ്രിക്കൻ ജനതയോടുള്ള വെറുപ്പിനെ കാണിക്കുന്നു. പാകിസ്ഥാന്റെ കൊടി സിയാ ഉൾ ഹക്കി ന്റെ നൃശംസതയെ പ്രകടിപ്പിക്കുന്നു. പക്ഷേ, വിറ്റ്മാനും ഷെല്ലി യും ഇക്ബാലും എനിക്കു് സ്നേഹത്തിന്റെ സന്ദേശങ്ങൾ നല്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-11-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.