സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1986-12-28-ൽ പ്രസിദ്ധീകരിച്ചതു്)

images/TobiasSmollett1770.jpg
സ്മൊലിറ്റ്

സന്ധ്യ കഴിഞ്ഞാൽ എല്ലാ സ്ത്രീകളും ഒരു പോലെ എന്നൊരു ചൊല്ലുണ്ടു്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയിൽ നിന്നു വേർതിരിക്കുന്ന മുഖഭാവമോ ലക്ഷണമോ ഇരുട്ടിൽ അപ്രത്യക്ഷമാകുന്നു എന്നാണു് ഈ ചൊല്ലിന്റെ അർത്ഥം. ഒരേ ആശയം തന്നെ എല്ലാ രാജ്യങ്ങളിലും ആവിർഭവിക്കാം. ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും വേറൊരു രീതിയിലാണു് ഇതു രൂപം കൊണ്ടിരിക്കുന്നതു്. All cats are grey in the dark എന്നു് ആ രാജ്യങ്ങളിലുള്ളവർ പറയും. ഇംഗ്ലീഷ് നോവലെഴുത്തുകാരൻ സ്മൊലിറ്റി ന്റെ ‘ഹംഫ്രീ ക്ലിങ്ങ്കർ’ എന്ന നോവലിൽ He knew not which was which, and, as the saying is, all cats in the dark are gray എന്നു കാണാം. (ഇവിടെ gray എന്നാണു് വർണ്ണവിന്യാസം. grey എന്നല്ല.) ഇരുട്ടത്തല്ല, പട്ടാപ്പകൽതന്നെ എല്ലാ സ്ത്രീകളെയും ഒരേ മട്ടിൽ കരുതിയ ഒരു കാരണവർ എനിക്കുണ്ടായിരുന്നു. അവരെക്കണ്ടാൽ ആ മനുഷ്യനു് വല്ലാത്ത ഇളക്കമാണു്. അവളുടെ താടിയിൽ ഒന്നു തടവി ‘കള്ളിപ്പെണ്ണേ’ എന്നു വിളിക്കും. അല്ലെങ്കിൽ കൈത്തണ്ടിൽ ഒരടി കൊടുത്തിട്ടു് ‘പോടീ’ എന്നു് ശൃംഗാരച്ഛായയോടു പറയും. ഒരു ദിവസം താഴെ കുറേനേരമിരുന്നു പച്ചക്കറികൾ നുറുക്കിയിട്ടു് എഴുന്നേറ്റു പോയ ഒരു ചെറുപ്പക്കാരിയുടെ ചന്തിയിൽ ഒരുള്ളിത്തൊലി പറ്റിയിരുന്നു. “ഗൗരിക്കുട്ടീ, നിന്റെ പിറകിലെന്തോ പറ്റിയിരിക്കുന്നു” എന്നു കിഴവൻ ആഹ്ലാദനിർഭരമായ ശബ്ദത്തിൽ പറഞ്ഞിട്ടു് എഴുന്നേറ്റു. പെണ്ണു് അതു കേട്ടയുടനെ പ്രാണൻ പോകുന്ന മട്ടിൽ കൈകൊണ്ടു് അഞ്ചാറു് അടിയടിച്ചു തൊലി പറപ്പിച്ചു കളഞ്ഞു. എന്നിട്ടു് കൂട്ടുകാരിയോടു പറഞ്ഞു: “ഞാനതു വേഗം തട്ടിക്കളഞ്ഞില്ലെങ്കിൽ കിഴവൻ എടുത്തുകളയാൻ വരുമായിരുന്നു. അത്രയ്ക്കാണു് അയാളുടെ സുഖക്കേടു്.” മനുഷ്യനു മരണമുള്ളതു വലിയ ഭാഗ്യമാണല്ലോ. കാരണവർ മരിച്ചു. കാലത്തു മകൻ വന്നു നോക്കിയപ്പോൾ കട്ടിലിൽ നിന്നു താഴെ വീണു കിടക്കുന്നു. മരിച്ചോ എന്നു നിശ്ചയമില്ല. ഡോക്ടറെ കൊണ്ടുവരാൻ ഒരാൾ പോയി. ഞാനും മറ്റു ബന്ധുക്കളും ദുഃഖം അഭിനയിച്ചു് വരാന്തയിലിരുന്നപ്പോൾ അടുത്ത വീട്ടിലെ കല്യാണി വൃദ്ധനെ വന്നു നോക്കി. അപ്പോൾ എന്റെ അടുത്തിരുന്ന സരസനായ ബന്ധു പറഞ്ഞു: “എടേ, മൂപ്പിലു് ചത്തതു തന്നെ.” ഞാൻ ചോദിച്ചു: “എങ്ങനെ അറിയാം.” ബന്ധു മറുപടി നല്കി: ‘ചത്തില്ലായിരുന്നെങ്കിൽ കിഴവൻ ചാടിയെഴുന്നേറ്റു് ഈ പെണ്ണിന്റെ കവിളിലോ കൈയിലോ തടവിക്കൊണ്ടു് കല്യാണിക്കുട്ടീ എന്നു വിളിക്കുമായിരുന്നു.” സാഹിത്യത്തെ സംബന്ധിച്ചു ചിലർക്കെല്ലാം ഈ കാരണവരുടെ മാനസിക നിലയാണു്. ഐഡിയോളജിയുടെ അർദ്ധാന്ധകാരത്തിൽ മുങ്ങിനില്ക്കുന്ന സാഹിത്യകൃതികളാകെ അവർക്കു സ്വീകാര്യങ്ങളാണു്. തന്റെ പൊളിറ്റിക്കൽ ആശയങ്ങളുടെ തമസ്സിൽപ്പെട്ട കലാസൃഷ്ടികൾ വേറെ ചിലർക്കു് ആദരണീയങ്ങളത്രേ. മറ്റു ചിലർക്കു റിയലിസത്തിന്റെ അന്തിയിരുട്ടിൽ അവ്യക്തങ്ങളായി നില്ക്കുന്ന രചനകളാണു് ഇഷ്ടം. അവരിൽ നിന്നു് വിഭിന്നരായ മറ്റാളുകൾക്കു ചരിത്രത്തിൽ തെല്ലൊന്നു മറഞ്ഞു നില്ക്കുന്ന കൃതികൾ വേണം. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച ആശയങ്ങളും. ഐഡിയോളജിയും എന്നും നിലനില്ക്കില്ല. അവ മരിക്കുമ്പോൾ രചനകളും മരിക്കും. വള്ളത്തോളി ന്റെ ദേശഭക്തി വിഷയകങ്ങളായ കാവ്യങ്ങൾ ഇന്നാരു വായിക്കുന്നു! എന്നാൽ ഭാവനാത്മകസത്യത്തിനു മാത്രം പ്രാധാന്യമുള്ള “മഗ്ദലനമറിയ”ത്തിനു മരണമില്ല.

ധിഷണ എന്ന സർപ്പം

ഈ ലേഖനങ്ങൾ തനിസ്സാഹിത്യനിരൂപണമല്ലല്ലോ. പലപ്പൊഴും അവ വിശേഷവ്യക്ത്യുദ്ദേശകങ്ങളായിരിക്കും (personal.) അവയെക്കുറിച്ചു് എഴുതിയിട്ടു് സാഹിത്യതത്ത്വങ്ങളെയും സാഹിത്യകൃതികളേയും അവയോടു യോജിപ്പിക്കും. വിരളങ്ങളായ സന്ദർഭങ്ങളിൽ ശുഷ്കമായ നിരൂപണത്തിലും വിമർശനത്തിലും ഞാൻ വ്യാപരിക്കാറുണ്ടു്. ഇപ്പോൾ ആ വിരളസന്ദർഭത്തിൽ വിലയം കൊള്ളാനല്ല എനിക്കു കൗതുകം.

images/HenriBergson.jpg
ആങ്ങ്റീ ബർഗ്സൊങ്

കുറെ വർഷങ്ങൾക്കു മുൻപു് വിദ്യാഭ്യാസ യോഗ്യതയും സൗന്ദര്യവുമുള്ള ഒരു ചെറുപ്പക്കാരി ഒരു ജോലി വാങ്ങിക്കൊടുക്കണമെന്ന അഭ്യർത്ഥനയുമായി എന്റെ അടുത്തെത്തി. ഇന്നു ഞാൻ പറഞ്ഞാൽ ആരും കേൾക്കില്ല. അന്നു് അങ്ങനെയായിരുന്നില്ല സ്ഥിതി. എന്റെ ശുപാർശകൊണ്ടു് ആ യുവതിക്കു പ്രതിമാസം 750 രൂപ ശമ്പളത്തിൽ ജോലി കിട്ടി; കേന്ദ്രസർക്കാരിന്റെ ഒരാഫീസിൽ. ജോലിയിൽ പ്രവേശിച്ചതിനു ശേഷം കൃതജ്ഞത പ്രകാശിപ്പിക്കാൻ അവൾ എന്റെ വീട്ടിൽ വന്നു. “ഇരിക്കൂ” എന്നു പറഞ്ഞിട്ടു് ഞാൻ ഉടനെ അറിയിച്ചു: “ഇവിടെ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ. വീട്ടുകാരൊക്കെ മൂകാംബിക ക്ഷേത്രത്തിൽ പോയിരിക്കുകയാണു്. നാലു ദിവസം കഴിഞ്ഞേ വരൂ. ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നെങ്കിൽ പൊയ്ക്കൊള്ളൂ. എലാവരും ഉള്ള സമയത്തു് വന്നാൽ മതി.” അതുകേട്ടു് “അതിനെന്താ സാർ?” എന്നു് ചോദിച്ചിട്ടു് അവൾ ഇളകി സംസാരിച്ചു തുടങ്ങി. കുറെനേരം വാതോരാതെ അതുമിതും പറഞ്ഞിട്ടു മൂന്നു മിനിറ്റ് നേരം അവൾ മിണ്ടാതിരിക്കും. എന്നിട്ടു് മുൻപു് അറിയിച്ചതിനു വിപരീതമായി ചോദിക്കും. “സാർ നമ്മൾ രണ്ടുപേരും ഇങ്ങനെ ഒറ്റയ്ക്കിരുന്നാൽ വല്ലവരും വല്ലതും പറയുമോ?” അതുകേട്ടു് മുൻപു പറഞ്ഞതിനു വിപരീതമായി ഞാൻ പറഞ്ഞു: “എനിക്കാണെങ്കിൽ പ്രായമായി. (പേരു്) തീരെച്ചെറുപ്പം. ആരെന്തു പറയാൻ?” സംസാരം—അവളുടെ വാക്കുകൾ മാത്രം— വൈഷയികത്വത്തിലേക്കു നീങ്ങുന്നുവെന്നു കണ്ട ഞാൻ കരുതിക്കൂട്ടി ധിഷണാപരങ്ങളായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി. യുവതിയുടെ ഐച്ഛികവിഷയം ജന്തുശാസ്ത്രമായിരുന്നു. അതറിയാമായിരുന്ന ഞാൻ “മണൽക്കാട്ടിൽ കഴുത്തു നീണ്ട ജിറാഫുകളും പൊക്കമില്ലാത്ത മൃഗങ്ങളുമുണ്ടു്. പൊക്കം കൂടിയ ജിറാഫുകൾക്കു മരങ്ങളിലെ ഇലകൾ കടിച്ചു തിന്നാൻ കഴിയും. പൊക്കമില്ലാത്ത മൃഗങ്ങൾക്കു ഇല കടിക്കാനൊക്കുകയില്ല. അതിനാൽ അവ ചത്തു. ഇതാണു് സർവൈവൽ ഒഫ് ദി ഫിറ്റ്സ്റ്റ്. ഇതിനു നേരെ വിപരീതമായ സിദ്ധാന്തവുമുണ്ടു്. ഇലകൾ കടിക്കാൻ പാകത്തിൽ കഴുത്തു നീണ്ടെങ്കിൽ എന്നു ചില മൃഗങ്ങൾ അഭിലഷിച്ചു. ആ ആഗ്രഹം തലമുറകളിലൂടെ വ്യാപരിച്ചപ്പോൾ മൃഗങ്ങളുടെ കഴുത്തു നീളാൻ തുടങ്ങി. ജിറാഫിന്റെ കഴുത്തിനു് നീളം കൂടിയതു് അങ്ങനെയാണു്.” തുടർന്നു് ഞാൻ ഫ്രഞ്ച് ദാർശനികൻ ആങ്ങ്റീ ബർഗ്സൊങ്ങി ന്റെ (Henry Bergson) ഏലാങ്ങ് വീതേൻ (Elan Vital) എന്ന സിദ്ധാന്തത്തെക്കുറിച്ചും പറഞ്ഞു തുടങ്ങി. ഭൗതികരൂപം സൃഷ്ടിക്കാനുള്ള ആ സർഗ്ഗാത്മകത ശക്തിവിശേഷത്തെ ജന്തു ശാസ്ത്രത്തോടു ബന്ധപ്പെടുത്തി ഞാൻ വിശദീകരണം നല്കിയപ്പോൾ യുവതി കോട്ടുവായിട്ടുകൊണ്ടു് എഴുന്നേറ്റു. “ഇനി ഒരു ദിവസം വരാം” എന്നു പറഞ്ഞു പോവുകയും ചെയ്തു.

images/moravia1954.jpg
ആൽബട്ടോ മൊറാവ്യ

ലൈംഗികവികാരം ഫണമുയർത്തിയപ്പോൾ ബുദ്ധിയുടെ കീരി മുൻപിലെത്തിയാൽ ആ ഫണം താനേ താണു പോകും. നിത്യജീവിതത്തിൽ ചിലപ്പോൾ പാമ്പു് കീരിയെ തോല്പിക്കാറുണ്ടു്. പക്ഷേ, ബുദ്ധിയും സെക്സും തമ്മിലിടയുമ്പോൾ അദ്യത്തേതു് മാത്രമേ ഇന്നുവരെ വിജയം പ്രാപിച്ചിട്ടുള്ളൂ. (ഈ യഥാർത്ഥ സംഭവത്തിന്റെ പ്രതിപാദനത്തിൽ ഞാനൊരു മാന്യനാകാൻ ശ്രമിക്കുകയാണെന്നു പ്രിയപ്പെട്ട വായനക്കാർ തെറ്റിദ്ധരിക്കരുതു്. ഒരു സംഭവം വർണ്ണിച്ചെന്നേയുള്ളൂ. മറ്റൊരു സന്ദർഭത്തിൽ എന്റെ ദോഷമായിരിക്കും പ്രതിപാദിക്കപ്പെടുക. ഈ ജീവിതത്തിൽ ആരാണു നൂറു ശതമാനവും മാന്യൻ?)

ലൈംഗിക വികാരത്തിന്റെ ശത്രു ധിഷണയാണെന്നു മനസ്സിലാക്കി. ആ ധൈഷണികത്വത്തെ പാടേ ഒഴിവാക്കുമ്പോഴാണു് ‘ഈറോട്ടിക്’ ആയ രചനകൾ രമണീയങ്ങളാവുന്നതു്. ആൽബട്ടോ മൊറാവ്യ യുടെ നോവലുകൾ നോക്കുക. സെക്സ് മാത്രമാണു് അവയിൽ ആവിഷ്കരിക്കപ്പെടുന്നതു്. വായനക്കാർക്കു ‘അസ്വാരസ്യ’മില്ല. എന്നാൽ ആൽഡസ് ഹസ്കിലി സെക്സും ധിഷണയും കൂട്ടിക്കലർത്തുമ്പോൾ അദ്ദേഹത്തിന്റെ കൃതികൾ വിരസങ്ങളായിത്തീർന്നു. കെ. കെ. സുധാകരൻ കലാകൗമുദിയിലെഴുതിയ “ഒരു പഴയ കാല കിനാവി”ന്റെ സവിശേഷത ഇവിടെയാണു നമ്മൾ കാണേണ്ടതു്. ലൈംഗികവികാരത്തെ കലർപ്പില്ലാതെ അദ്ദേഹം സ്ഫുടീകരിച്ചിരിക്കുന്നു. കരുതിക്കൂട്ടിയോ അല്ലാതെയോ കാമം നൃത്തത്തിനു തയ്യാറാവുമ്പോൾ ധിഷണ ഒന്നു തറപ്പിച്ചു നോക്കിയാൽ മതി “ഞാൻ ഇനി ഒരു ദിവസം വരാം” എന്നു പറഞ്ഞു് അതു ഇറങ്ങിപ്പോകും. സുധാകരൻ അവതരിപ്പിച്ച കാമസർപ്പം അരങ്ങുതകർത്തു് ആടുന്നു.

images/Kierkegaard.jpg
കീർക്കഗോർ

ഡാനിഷ് ഫിലോസഫർ കീർക്കഗോർ എഴുതിയ Either/Or എന്ന ദാർശനിക ഗ്രന്ഥത്തിന്റെ ഒരു ഭാഗം Diary of a Seducer എന്ന കൊച്ചു നോവലാണു്. ഡയറി എഴുതുന്ന ചെറുപ്പക്കാരൻ വിശുദ്ധിയാർന്ന ഒരു പെൺകുട്ടിയെ കാണുന്നു. അവളെ വശത്താക്കാൻ ശ്രമിക്കുന്നു. തന്റെ ധൈഷണിക തലത്തിലേക്കു് അവളെ ഉയർത്താനാണു് അയാളുടെ ശ്രമം. അതുകൊണ്ടു തന്നെയാവണം I have loved her, but from now on she can no longer occupy my soul എന്നു് അയാൾക്കു പറയേണ്ടി വന്നതു്. ധിഷണയും സെക്സും ചേരില്ല എന്നല്ലേ കീർക്കഗോർ അഭിപ്രായപ്പെട്ടതു്?

കീർക്കഗോറിന്റെ അന്യാദൃശ്യമായ ബുദ്ദിവൈഭവം ഗ്രന്ഥത്തിലെവിടെയും കാണാം. ഒരു ഭാഗം കേട്ടാലും: There are different kinds of feminine blushes. There is the coarse brick—red blush. Novelists have an abundant supply of it, is the red of the spirit’s dawn. In a young girl it is priceless. The fleeting blush that accompanies a happy ideals beautiful in a man, more beautiful in a youth, charming in a woman…

ഒരു ചോദ്യം കീർക്കഗോറിനോടു്

കപോലരാഗം അല്ലെങ്കിൽ മുഖാരുണിമ പലവിധത്തിലുണ്ടെന്നാണു കീർക്കഗോർ എഴുതുന്നതു്. ചെങ്കല്ലുപോലെ ചുവന്നതു്. ചൈതന്യോദയത്തിന്റെ ചുവപ്പു്. അതു പെൺകുട്ടിക്കുണ്ടായാൽ അമൂല്യം തന്നെ. ആഹ്ലാദദായകമായ ആശയം ജനിപ്പിക്കുന്ന ക്ഷണികരാഗം. അതു പുരുഷനിൽ സുന്ദരം; യുവാവിൽ സുന്ദരതരം; സ്ത്രീയിൽ അത്യാകർഷകം. കീർക്കഗോറിനെ അഭിനന്ദിച്ചുകൊണ്ടു് അദ്ദേഹത്തോടു ചോദിക്കട്ടെ. ബിന്ദു തൂറവൂർ ‘വിമൻസ് മാഗസിനി’ൽ എഴുതിയ “മനസ്സു്” എന്ന പരമബോറൻ കഥ വായിച്ചപ്പോൾ എനിക്കു വ്രീളാവൈവശ്യം കൊണ്ടുണ്ടായ അരുണിമയെക്കുറിച്ചു് അങ്ങു കൂട്ടി പറയാത്തതെന്തു്? അക്കാലത്തു് അങ്ങയുടെ നാട്ടിൽ ഇമ്മാതിരി കഥാബീഭത്സതകൾ ഇല്ലായിരുന്നുവെന്നാണോ ഞങ്ങൾ വിചാരിക്കേണ്ടതു്? ക്ലാസ്സിൽ വേണ്ടിടത്തോളം കുട്ടികളില്ലെങ്കിൽ അദ്ധ്യാപികയെ പിരിച്ചുവിടും. അവളുടെ അച്ഛൻ അവളെയും കൂട്ടി മൂന്നു വീടുകളിൽ കയറുന്നു. അവിടെയുള്ള കുട്ടികളെ അയയ്ക്കണമെന്നു് അപേക്ഷിക്കുന്നു. മൂന്നു വീട്ടുകാരും തന്തയെയും മോളെയും അപമാനിച്ചു വിടുന്നു. ബിന്ദു കഥ ഇവിടെ അവസാനിപ്പിച്ചതെന്തിനെന്നു് എനിക്കു് അറിഞ്ഞുകൂടാ. നാലു വീടുകളിൽക്കൂടി അവർക്കു കയറാമായിരുന്നല്ലോ. കുട്ടികളില്ലാത്തതുകൊണ്ടു് അദ്ധ്യാപികയെ മാനേജർ പിരിച്ചുവിടുന്നതു വർണ്ണിക്കാമായിരുന്നല്ലോ. ഒടുവിൽ തന്തയും മോളും ടിക് 20 കഴിച്ചു മരിക്കുന്നതും ചിത്രീകരിക്കാമായിരുന്നല്ലോ. ഭാവനാത്മങ്ങളായ മനസ്സുകൾ നമ്മുടെ വിഷാദപൂർണ്ണമായ ജീവിതത്തെ പ്രകാശപൂർണ്ണമാക്കുന്നു. ബിന്ദു തൂറവൂരിനെപ്പോലെയുള്ളവർ ആ ജീവിതത്തെ കൂടുതൽ വിഷാദഭരിതമാക്കുന്നു.

ഓർമ്മകൾ
  1. ആകർഷകത്വമുള്ള മുഖം, മനോഹരമായ വെള്ളിത്തലമുടി, ഭാവന ഓളംവെട്ടുന്ന കണ്ണുകൾ ഇവയോടുകൂടി ശുഭ്രവസ്ത്രങ്ങൾ ധരിച്ച് ഒരുവശം ചരിഞ്ഞുനിന്നു് ജി. ശങ്കരക്കുറുപ്പു് പ്രസംഗിക്കുന്നു.
  2. അനാകർഷകമായ മുഖം, കവിതയില്ലാത്ത കണ്ണുകൾ, മുഷിഞ്ഞ വസ്ത്രങ്ങൾ, ഒരിക്കലും പുഞ്ചിരി പുരളാത്ത ചുണ്ടുകൾ ഇവയോടുകൂടി ഇടപ്പള്ളി രാഘവൻ പിള്ള തിരുവനന്തപുരത്തെ സയൻസ് കോളേജിന്റെ മുൻപിൽ നില്ക്കുന്നു.
  3. ധവള വസ്ത്രങ്ങൾ ധരിച്ചു് അതിസുന്ദരനായ ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ ആലപ്പുഴ സനാതനധർമ്മ വിദ്യാലയത്തിലെ ആനി ബസന്റ് ഹാളിൽ നിന്നു പ്രസംഗിക്കുന്നു. ധാരാവാഹിയായ പ്രഭാഷണം. ശ്രോതാക്കൾ രസിക്കുന്നു, കൈയടിക്കുന്നു. പ്രസംഗം കേൾക്കാനെത്തിയ ചില സ്ത്രീകൾ സാക്ഷാൽ കാമദേവനെക്കണ്ടു് അന്തംവിട്ടു് ഇരിക്കുന്നു. പ്രഭാഷണം തീർന്നപ്പോൾ ഹെഡ് മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യർ അദ്ദേഹത്തിന്റെ കാതിൽ എന്തോ പറയുന്നു. ഹരീന്ദ്രനാഥ് വാ തുറന്നു ചിരിക്കുന്നു. സ്ത്രീയുടെ ചിരിയാണു് ഈ ലോകത്തു് ഏറ്റവും മനോഹരം എന്നു ഞാൻ എഴുതിയിട്ടുണ്ടു്. ഹരീന്ദ്രനാഥ് അന്നു ചിരിച്ചതു് ഓർമ്മിക്കുമ്പോൾ എന്റെ പ്രസ്താവന തിരുത്തേണ്ടതാണെന്നു തോന്നുന്നു.
  4. ഈ സംഭവത്തിനുശേഷം ഏതാണ്ടു മുപ്പതു കൊല്ലം കഴിഞ്ഞു് ഞാൻ ഹരീന്ദ്രനാഥിനെ തിരുവനന്തപുരത്തു വച്ചു കാണുന്നു. സേട്ടിന്റേതു പോലുള്ള സ്ഥൂലീകരിച്ച ശരീരം. വട്ടമുഖം വൈരൂപ്യത്തിനു് ഒരാസ്പദം, ചിരിച്ചാൽ നമ്മൾ വെറുപ്പോടെ മുഖം തിരിക്കും. Curd Seller എന്നൊരു ഗാനം പാടിക്കൊണ്ടു് അദ്ദേഹം ചില ഗോഷ്ടികൾ കാണിക്കുന്നു. കാലം വരുത്തുന്ന മാറ്റം!.
  5. കവി സ്റ്റീഫൻ സ്പെൻഡർ തിരുവനന്തപുരത്തെ വൈ. എം. സി. ഹോളിൽ പ്രസംഗിക്കുന്നു. കാളവണ്ടിയോട്ടിക്കുന്നവന്റെ ശരീരം. പ്രകൃതി അതു് അടിച്ചുരുട്ടിയിരിക്കുന്നു. കുറെ വിരസങ്ങളായ കാവ്യങ്ങൾ വിരസമായി വായിക്കുന്നു—റിൽകെ എന്ന പേരു റിൽക്കി എന്നു പറയുന്നു പല തവണ. റിൽക്കിയാണോ ശരിയെന്നു് അടുത്തിരിക്കുന്ന പ്രൊഫസർ ഗുപ്തൻ നായരോ ടു ഞാൻ ചോദിക്കുന്നു. ‘സ്റ്റീഫൻ സ്പെൻഡർ പറയുന്നതല്ലേ, അതാവും ശരി’ എന്നു് അദ്ദേഹം അറിയിക്കുന്നു. ഇംഗ്ലീഷിൽ നല്ലപോലെ സംസാരിക്കാൻ കഴിവുള്ള ഗുപ്തൻ നായർ അന്നു് സ്വാഗതപ്രഭാഷണം എഴുതി വായിക്കുകയാണു് ചെയ്തതു്. അതും ഞാൻ ഓർമ്മിക്കുന്നു.
  6. എനിക്കു പേരെഴുതാൻ പ്രയാസമുണ്ടു്. പൂജപ്പുര സെൻട്രൽ ജയിലിന്റെ അടുത്തുള്ള റോഡിൽ വച്ചു് ഞാൻ അദ്ദേഹത്തെ കാണുന്നു. “സാറ് ജയിലിനു് അടുത്തു് എത്തിയതേയുള്ളൂ. അല്ലേ?” എന്നു് ഞാൻ ചോദിക്കുന്നു. മറുപടി—“അതേ. നിങ്ങൾ ഊളമ്പാറയ്ക്കു് അടുത്തു ചെന്നു കഴിഞ്ഞല്ലോ” (അക്കാലത്തു് ഞാൻ ഊളമ്പാറ ഭ്രാന്താശുപത്രിയുടെ അടുത്താണു താമസിച്ചിരുന്നതു്.) സാഹിത്യകാരൻ ജയിൽ ചൂണ്ടിക്കൊണ്ടു വീണ്ടും പറയുന്നു: “Every week a hangman comes here. Every week M. Krishnan Nair appears in the Malayalanadu weekely.” അതിനു മറുപടി പറയാൻ എനിക്കു കഴിയുന്നില്ല. സാഹിത്യകാരന്റെ നീണ്ട ജൂബയുടെ അറ്റം കാറ്റിൽ ഇളകുന്നു. ആ ചലനം നോക്കി ഞാൻ നില്ക്കുന്നു. അല്ലെങ്കിൽ സാഹിത്യകാരന്റെ പേരു പറഞ്ഞേക്കാം, കുട്ടനാട്ടു രാമകൃഷ്ണപിള്ള.
ചിപ്പി

പോപ്പി ന്റെ Rape of the Lock എന്ന കാവ്യത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു വരികൾ ഇവയാണു്:

Not louder Shrirks to pitying Heav’n are cast

When Husbands or when Lap—dogs breathe their last

images/HarindranathChattopadhyay.jpg
ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ

ഭർത്താക്കന്മാരും ഓമനിച്ചു വളർത്തുന്ന പട്ടികളും ചാവുമ്പോൾ വലിയ നിലവിളിയൊന്നും ഉണ്ടാകാറില്ലെന്നു പറഞ്ഞു് കവി ഭാര്യമാരെ നിന്ദിക്കുന്നു. ഇതിലെ അത്യുക്തിയും മൂല്യനിമാസവും എനിക്കിഷ്ടമായി. അവ രണ്ടും മറ്റൊരു സത്യത്തിലേക്കാണല്ലോ എന്നെ കൊണ്ടുചെല്ലുക. മൂല്യങ്ങൾക്കു വന്ന ഈ വിപര്യാസത്തെയാണു് കുന്നന്താനം രാമചന്ദ്രനും സൂചിപ്പിക്കുന്നതു് (കുങ്കുമം വാരികയിലെ ‘നാടു് ഒരു കാടു് ’ എന്ന കഥ.) ശിഷ്യനു ഗുരുവിനോടുള്ള ബഹുമാനം. ഡൽഹിയിൽ നിന്നു തിരിച്ചു നാട്ടിലെത്തിയ ശിഷ്യൻ അദ്ദേഹത്തിനു് ഒരു ചിത്രം സമ്മാനിച്ചു. ശിഷ്യൻ പിന്നീടു് ഒരു കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ ഗുരു അവിടിരുന്നു കുടിക്കുന്നു. ലഹരി കൂടിയപ്പോൾ മദ്യം നല്കിയവൻ ശ്രേഷ്ഠൻ ചിത്രം നല്കിയവൻ അധമൻ എന്നായി അയാൾ. ഈ മൂല്യവിപര്യയം കണ്ടു ശിഷ്യൻ ദുഃഖിക്കുന്നു. നല്ല വിഷയം. പക്ഷേ, ഇതിനപ്പുറത്തുള്ള സത്യത്തിൽ ഞാനെത്തുന്നില്ല. എത്താത്തതിനു ഹേതു? ഒരനുഭൂതിയുടെ ആവിഷ്കാരമെന്ന നിലയിൽ ഇക്കഥയ്ക്കു സ്ഥാനമില്ല എന്നതു തന്നെ. പോപ്പ് അതെഴുതിയ കാലത്തു് ആളുകൾ എങ്ങനെ രസിച്ചുവോ അതേ മട്ടിൽ ഇന്നത്തെ വായനക്കാരും രസിക്കുന്നു. ഭാവികാലത്തും ഇതുതന്നെ സംവഭവിക്കും. അതിനാലാണു് ‘എക്സ്പ്രെഷ’നു് ശാശ്വതസ്വഭാവമുണ്ടെന്നു ക്രോചെ അഭിപ്രായപ്പെട്ടതു്. രാമചന്ദ്രനു് അനുഭൂതിയെ രൂപശില്പത്തികവോടെ ആവിഷ്കരിക്കാൻ കഴിവില്ല. അതിനാൽ ഉള്ളിൽ മുത്തില്ലാതെ വെറും ചിപ്പിയായി അദ്ദേഹത്തിന്റെ രചന പ്രത്യക്ഷമാകുന്നു.

പിതാവേ, ഇവർ ചെയ്യുന്നതു്…
images/TheLastTemptationofChristfirstGreekedition1955.jpg

കാസാൻദ്സാക്കീസി ന്റെ ഒരു കത്തിൽ ഇങ്ങനെ കാണുന്നു: Dear Rahel, Oh how I’ve toppled and buffeted and abused Abraham and his beard! And hoe I’ve raised and sanctified Judas Iscariot right along side Jesus in this book I’m writing now. ഈ പുസ്തകം The Last Temptation of Christ എന്നതാണു്. യേശുവിനോടൊപ്പം താൻ ജൂഡാസിനെ ഉയർത്തുകയും പവിത്രീകരിക്കുകയും ചെയ്തു എന്നാണു് കാസാൻദ്സാക്കീസിന്റെ പ്രഖ്യാപനം. 1951-ലാണു് ഈ നോവൽ ഗ്രീസിൽ പ്രസിദ്ധപ്പെടുത്തിയതു്. അക്കാലത്തു് കസാൻദ്സാക്കീസിന്റെ “മാർക്സിസ്റ്റ് ഫെയിസ്—Marxist Phase— അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം എല്ലാക്കാലത്തും സോഷ്യലിസ്റ്റായിരുന്നു. കാസാൻദ്സാക്കീസ് മിസ്റ്റിക് ആയിരുന്നെങ്കിൽ യേശുവിനോടൊപ്പം ജൂഡാസിനെ ഉയർത്തുമെന്നു് പ്രഖ്യാപിക്കുകയില്ലായിരുന്നു. ഒരു നീചനെ ഒരു പാവനചരിതനോടൊപ്പം ഉയർത്തി പവിത്രീകരിച്ച ഈ വലിയ സാഹിത്യകാരൻ നോവലിൽ എന്തെല്ലാമാണു് പറഞ്ഞിരിക്കുന്നതു? കേട്ടാലും. ജൂതവിപ്ലവകാരികളെ കുരിശുകളിൽ തറച്ചു കൊല്ലുന്ന റോമൻ അധികാരികൾക്കു വേണ്ടി കുരിശുകൾ നിർമ്മിക്കുന്ന ആശാരിയായിരുന്നു യേശു. അദ്ദേഹത്തിനു് ചുഴലി രോഗമുണ്ടായിരുന്നു പോലും. സ്ഥലത്തെ വേശ്യയായ മേരി മഗ്ദലനെക്കണ്ടു് അദ്ദേഹം കാമത്തിൽ വീണു. I want Magdalen, even if she is prostitute (The Last Temptation of Christ). കുരിശിൽ തറയ്ക്കപ്പെട്ട യേശു ബോധം നശിച്ച് സ്വപ്നം കാണുന്നു. വയലിൽ അലഞ്ഞു നടന്ന യേശു മഗ്ദലന മേരിയെ കാണുന്നു. അവളോടൊരുമിച്ചു കിടക്കുന്നു. അവൾക്കു സംതൃപ്തിയരുളുന്നു. “പ്രിയപ്പെട്ട ഭാര്യേ” എന്നാണു് അദ്ദേഹം അവളെ വിളിക്കുക. “I never knew the world was so beautiful or the flesh so holy ” എന്നു പിന്നീടു് ഉദീരണം. യേശു ഉറങ്ങിക്കിടക്കുമ്പോൾ മഗ്ദ്ലന മേരി പുറത്തേക്കു പോകുന്നു. പട്ടാളക്കാർ അവളെപ്പിടിച്ചു കൊല്ലുന്നു. ഒരു മാലാഖ യേശുവിന്റെ സ്വപ്നത്തിൽ ആവിർഭവിച്ച് അദ്ദേഹത്തെ മാർത്തയുടെയും അവളുടെ സഹോദരിമാരുടെയും അടുക്കലേക്കു നയിക്കുന്നു. മേറിയെ വിവാഹം കഴിച്ച യേശു മാർത്തയെയും ലൈംഗികമായി തൃപ്തിപ്പെടുത്തുന്നു. “An Infant sits mute and numb in the womb of every woman ” എന്നാണു് യേശു പറയുക. അദ്ദേഹത്തിനു് കുഞ്ഞുങ്ങളും പേരക്കുട്ടികളും ഉണ്ടാകുന്നു—ഇനിയും സ്വപ്നം നീണ്ടുപോകുന്നു. മുഴുവനുമെഴുതാൻ സ്ഥലമില്ല. “ഇതു വെറും സ്വപ്നമല്ലേ? യേശു പ്രലോഭനത്തെ നിരാകരിച്ചിട്ടു് തന്റെ ദൈവികത്വത്തെ പരിരക്ഷിച്ചുകൊണ്ടു തന്നെ മരിച്ചില്ലേ?” എന്നൊക്കെ ചോദിക്കുന്നതിൽ ഒരർത്ഥവുമില്ല. യൗവനകാലത്തു്—കുരിശുകൾ നിർമ്മിച്ചു നടന്നകാലത്തു്— മഗ്ദലന മേരിയെ യേശു ആഗ്രഹിച്ചുവെന്നു് ഗ്രന്ഥകാരൻ സ്പഷ്ടമാക്കിയതിന്റെ തുടർച്ചയാണു് ഈ സ്വപ്നം. അങ്ങനെ സ്വപ്നത്തിനു യാഥാർത്ഥ്യത്തിന്റെ സ്വഭാവം വരുന്നു. പിന്നെന്തു പറയാനിരിക്കുന്നു? ഇതിനേക്കാൾ ‘റിവോൾടിങ്ങാ’യ ഒരു സങ്കല്പം വേറെയുണ്ടോ? അതും പാവനചരിതമായ യേശുവിനെക്കുറിച്ചു്. അധ്യാത്മികത്ത്വത്തിനു വേണ്ടി “മാംസത്തിന്റെ ആഹ്വാനങ്ങൾ” പരിത്യജിക്കുന്നതു ശരിയല്ലെന്നു വിശ്വസിക്കുന്ന കസാൻദ്സാക്കീസിനെയാണു് ഈ നോവലിൽ നമ്മൾ കാണുന്നതു്. അദ്ദേഹം എത്ര വലിയ നോവലിസ്റ്റാണെങ്കിലും ഈ സങ്കല്പം മാനവസംസ്ക്കാരത്തിന്റെ ചുവട്ടിൽ ആഞ്ഞുവെട്ടുന്ന കോടാലിയായി മാറിയിരിക്കുന്നു. ഇതു ശരിയല്ല, തെറ്റാണു്, പാപമാണു്. രണ്ടായിരം കൊല്ലങ്ങളായി ജാതിമതഭേദമില്ലാതെ മനുഷ്യർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പുണ്യചരിതനെ—യേശു ക്രിസ്തുവിനെ—ഇങ്ങനെ നിന്ദിക്കാൻ പാടില്ല. നിന്ദിച്ചാൽ മനുഷ്യ സമുദായം തന്നെ തകർന്നടിയും. ഇന്നത്തെ തകർച്ചയ്ക്കു് കസാൻദ്സാക്കീസും കാരണക്കാരനാണു്.

ഞാൻ ചോദിക്കട്ടെ. ശ്രീരാമകൃഷ്ണ പരമഹംസനെ സ്വവർഗ്ഗാനുരാഗിയായി ചിത്രീകരിച്ച് ആരെങ്കിലും നോവലെഴുതിയാൽ നമ്മൾ ക്ഷമിക്കുമൊ? മഹാത്മ ഗാന്ധി വ്യഭിചാരിയായിരുന്നുവെന്നു കാണിച്ചു് ആരെങ്കിലും കാവ്യമെഴുതിയാൽ നമ്മൾ മിണ്ടാതിരിക്കുമൊ? മാവോ സെതുങ്ങി നെയും ലെനിനെ യും ആഭാസന്മാരായി അവതരിപ്പിച്ചു് നാടകം എഴുതുന്നവനെ നമ്മൾ വെറുതേ വിടുമോ? മഹാന്മാരെ നിന്ദിക്കരുതു്. അവരെ വേണമെങ്കിൽ വിമർശിക്കൂ. എന്നാൽ അവരുടെ സ്വഭാവം മാറ്റി ചിത്രീകരിക്കരുതു്. കാര്യമായതുകൊണ്ടു് ബിഷപ്പ് പൗലോസ് മാർ പൗലോസ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഇങ്ങനെ എഴുതിയതു ശരിയായില്ല:

“ഈ നൂറ്റാണ്ടു കണ്ട പ്രഗത്ഭമതികളായ സാഹിത്യകാരന്മാരിൽ ഒരാളാണു് നിക്കോസ് കസാൻദ്സാക്കിസ്. അദ്ദേഹത്തിന്റെ അതിവിശിഷ്ടമെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണു് ദ ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്. അതിൽ ക്രിസ്തുവിനെ വികലമായി ചിത്രീകരിക്കുന്നുവെന്നു് വാദം തന്നെ കഴമ്പില്ലാത്തതാണു്.”

തിരുമേനീ, Priests were defrocked for lesser crimes. I do not wish to use a stronger word.

എന്റെ വീട്ടിൽ ഒരു പടമെയുള്ളൂ. യേശുക്രിസ്തുവിന്റേതാണു്. ആ പടം എന്നോടു പറയുന്നു: എന്റെ ധൈര്യത്തെക്കുറിച്ചു്, എന്റെ കാരുണ്യത്തെക്കുറിച്ചു്, എന്റെ സന്മാർഗ്ഗതല്പരത്ത്വത്തെക്കൂറിച്ചു് ആരും പറയുന്നില്ല. ‘നീയെങ്കിലും അതിനു ശ്രമിക്കുന്നല്ലൊ. നീയാണു് ശരിയായ ക്രിസ്തുഭക്തൻ.

കമന്റുകൾ
  1. ദിവസങ്ങളായി ഒരു പ്രേതബാധപോലെ അസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു. പേടിസ്വപ്നങ്ങൾ കണ്ടു് ഞാൻ ഞെട്ടിയുണരുന്നു. ഡോക്ടർ ഷൺമുഖൻ പുലപ്പാറ്റ ജനയുഗം വാരികയിലെഴുതിയ “രൂപാന്തരീകരണം” എന്ന കാവ്യത്തിന്റെ തുടക്കമിങ്ങനെയാണു്. അസ്വസ്ഥത ഷൺമുഖനെ പിടികൂടും. പേടി സ്വപ്നങ്ങൾ കണ്ടു് അദ്ദേഹം ഞെട്ടിയുണരും. ഷൺമുഖൻ ഇമ്മാതിരി കവിതയെഴുതിയാൽ അവയൊക്കെ സംഭവിക്കാതിരിക്കുന്നതെങ്ങനെ?
  2. “മലയാളം പഠിപ്പിച്ച കുറ്റിപ്പുഴ സാറിനോടായിരുന്നു ഞങ്ങൾക്കേറെയിഷ്ടം. ഡി. പി. ഉണ്ണി സാർ ഒട്ടും പിന്നിലായിരുന്നില്ല. കഴിവിൽ, പാണ്ഡിത്യത്തിൽ, ലേശം തെറി പറയാനും ഉണ്ണി സാറിനു് കഴിയുമായിരുന്നു. ഏതു ക്ലാസ്സിലാണെന്നോർമ്മയില്ല—ഉണ്ണി സാർ ബോർഡിലെഴുതി:

പറിച്ചോരചലം…

പിഴുതെടുക്കപ്പെട്ട അചലം.

പിന്നെ ഒരു വേല. രണ്ടു വരകൾ. അപ്പോൾ സാധനം ഇങ്ങനെയായി.

“പറി/ച്ചോര/ ചലം.”

മലയാറ്റൂർ രാമകൃഷ്ണൻ ജനയുഗം വാരികയിലെഴുതിയ ഒരു ലേഖനത്തിലെ ഭാഗമാണിതു്. ഡി. പി. ഉണ്ണിക്കല്ല ഇതിന്റെ ‘ക്രെഡിറ്റ്’. എ. ആർ. രാജരാജവർമ്മ യുടെ ഭാഷാഭൂഷണത്തിലുള്ളതാണിതു്.

  1. ലേഡീസ് ഒൺലി ബോർഡ് വച്ച ട്രാൻസ്പോർട്ട് ബസ്സുകൾ വമ്പിച്ച പരാജയമാണെന്നു മന്ത്രി വേലായുധൻ അസംബ്ലിയിൽ പ്രസ്താവിച്ചിരിക്കുന്നു. ഈ വാർത്താശകലം ഉദ്ധരിച്ചിട്ടു് ഡി. സി. കമന്റ് ചെയ്യുന്നു: നില്ക്കാനുള്ള സ്ഥലം ആണുങ്ങൾക്കു വേണ്ടി നീക്കിവയ്ക്കാമെങ്കിൽ പരാജയത്തിൽ നിന്നു രക്ഷപ്പെടാം (മനോരാജ്യം, കറുപ്പും വെളുപ്പും.) രക്ഷപ്പെടാമെന്നതു ഡി. സി. യുടെ വ്യാമോഹം. പുരുഷന്മാർ സീറ്റുകളിൽ ഇരിക്കണം. നില്ക്കാനുള്ള സ്ഥലത്തും അവർ നില്ക്കണം. അവരുടെ കൂടെത്തന്നെ സ്ത്രീകൾക്കു് കമ്പിയിൽ തൂങ്ങി നിൽക്കാനുള്ള സൗകര്യവും ഉണ്ടാക്കണം. തങ്ങളുടെ ശരീരങ്ങൾ വിയർക്കുമെന്നു് കമ്പിയിൽ പിടിച്ചിരിക്കുന്ന അവർക്കു സ്പഷ്ടമാക്കാൻ സാധിച്ചില്ലെങ്കിൽ ജീവിതം കൊണ്ടു് എന്തു പ്രയോജനം? ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന ലലനാമണികൾ ഇക്കാര്യത്തിൽ ദ്രഷ്ടാക്കളെ നിരാശപ്പെടുത്താറില്ല. ലേഡീസ് ഒൺലി ബസ്സുകളിൽ ഇതിനുള്ള സൗകര്യം ഉണ്ടായാൽ നഷ്ടം പരിഹരിക്കാം.
  2. Fear of Flying തുടങ്ങിയ നോവലുകളെഴുതിയ Erica Jong വെറും പൈങ്കിളി എഴുത്തുകാരിയല്ല. അവർ നല്ല നോവലിസ്റ്റും നല്ല കവിയുമാണു്. അവർ മരണത്തെക്കുറിച്ചെഴുതിയ കാവ്യം അവസാനിക്കുന്നതു് ഇങ്ങനെ:

Neither the sun death

can be looked at steadily

said La Rochefoucauld

who did not believe much

in love. But I will stare him down.

(സ്നേഹത്തിൽ അധികമൊന്നും വിശ്വസിക്കാത്ത ലാ റൊഷ്ഫൂക്കോ പറഞ്ഞു സൂര്യനെയോ മരണത്തെയോ അചഞ്ചലമായി നോക്കാനാവില്ലെന്നു്—എന്നാൽ ഞാൻ അവനെ തുറിച്ചുനോക്കി. അവന്റെ കണ്ണുകൾ താഴ്ത്തും.)

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-12-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.