സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-02-01-ൽ പ്രസിദ്ധീകരിച്ചതു്)

അമ്പതു കൊല്ലം മുൻപാണു്. ഞാൻ വരാപ്പുഴെ താമസിക്കുന്ന കാലം. അക്കാലത്തു കൊച്ചിയിൽനിന്നു് അരിയും മറ്റും കയറ്റി വരുന്ന കെട്ടുവള്ളങ്ങൾ പരിശോധിച്ചു് മരുന്നു തളിക്കാനായി ഒരു ഡോക്ടർ വരാപ്പുഴെ വന്നെത്തി. അതിസുന്ദരനായിരുന്ന ആ ചെറുപ്പക്കാരൻ മധ്യവയസ്കനായ എന്റെ അച്ഛന്റെ കൂട്ടുകാരനായി തീർന്നു. ഡോക്ടർ പലപ്പോഴും ഊണു കഴിക്കാൻ വീട്ടിൽ വന്നിരുന്നു. അദ്ദേഹത്തിനു ചോറു വിളമ്പിക്കൊടുത്തിരുന്ന ഞങ്ങളുടെ വീട്ടിലെ പരിചാരിക “കണ്ണുകൊണ്ടു് അദ്ദേഹത്തിന്റെ സൗന്ദര്യം പാനം ചെയ്യു”ന്നതു് വിദ്യാർത്ഥിയായിരുന്ന ഞാൻ കണ്ടുപിടിച്ചു. ഒരു ദിവസം രാത്രി പത്തുമണിയോടു് അടുപ്പിച്ചു് അവൾക്കു വല്ലാത്ത വയറ്റുവേദന വന്നു. അമ്മ ഇഞ്ചി തല്ലിപ്പിഴിഞ്ഞ് പഞ്ചാരയിട്ടു കൊടുത്തു. ഒരു വൈദ്യന്റെ വീട്ടിലോടി മരുന്നു വാങ്ങിക്കൊണ്ടു കൊടുത്തു ഞാൻ. വേദന കുറയുന്നേ ഇല്ല. വേദനകൊണ്ടു് പുളയുന്നതിനിടയിൽ പരിചാരിക അറിയാതെ പറഞ്ഞു പോയി. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം.” ഡോക്ടർ വേമ്പനാട്ടു കായലിനക്കരെയുള്ള കസ്റ്റംസ് ഹൗസിലാണു് പാർത്തിരുന്നതു്. അമ്മയുടെ ആജ്ഞയനുസരിച്ചു് ഞാൻ വള്ളത്തിൽ കയറി മുക്കാൽ മണിക്കൂറോളം തുഴഞ്ഞു് കസ്റ്റംസ് ഹൗസിലെത്തി. ഡോക്ടർ വലിയ വൈമനസ്യമൊന്നുമില്ലാതെ എന്റെ കൂടെ വള്ളത്തിൽ വന്നു. മുറിയടച്ചു് പരിചാരികയെ പരിശോധിച്ചു. അവളുടെ വയറ്റിലും മറ്റും അദ്ദേഹം പിതുക്കിയിരിക്കണം. മരുന്നെഴുതിത്തന്നിട്ടു് അദ്ദേഹം യാത്ര പറഞ്ഞു. ഞാൻ വീണ്ടും വഞ്ചി തുഴഞ്ഞു. രാത്രി സമയത്തു എവിടെനിന്നു മരുന്നു കിട്ടും. എങ്കിലും പരിശോധനയുടെ ഫലമായി അവളുടെ വേദന പോയി. നേരം വെളുത്തിട്ടും ആരും മരുന്നു വാങ്ങാൻ പോയതുമില്ല. പക്ഷേ, ഇവിടംകൊണ്ടു് അവസാനിച്ചില്ല അക്കാര്യം. പരിചാരികയ്ക്കു് ആഴ്ചയിലൊരിക്കൽ രാത്രി പത്തുമണിക്കു ശേഷം വയറ്റുവേദന വരുമായിരുന്നു. രണ്ടോ മൂന്നോ തവണകൂടി ഞാൻ വഞ്ചി തുഴഞ്ഞു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പരിചാരിക നാലാമത്തെ തവണ പറഞ്ഞപ്പോൾ എനിക്കും സംശയമായി. എങ്കിലും സംശയത്തെ അവലംബിച്ച് അവൾക്കു വയറ്റുവേദനയില്ലെന്നു് എനിക്കെങ്ങനെ തീരുമാനിക്കാൻ കഴിയും? യഥാർത്ഥത്തിൽ വയറ്റുവേദനയുണ്ടെങ്കിൽ ഡോക്ടറെ കൊണ്ടുവരാൻ പോകാത്ത ഞാൻ പാപിയായിത്തീരുകയില്ലേ? എന്തുമാകട്ടെ ഞാൻ കസ്റ്റംസ് ഹൗസിലേക്കു പോയില്ല. പരിചാരിക അതോടെ ഞങ്ങളുടെ വീടുപേക്ഷിച്ചു പോകുകയും ചെയ്തു. “ചവുക്കയിലെ ഡോക്ടറെ കൊണ്ടുവരണം” എന്നു പെണ്ണു പറയുമ്പോൾ അതു് തികച്ചും സെക്സിനോടു ബന്ധപ്പെട്ടതാണെന്നു് സ്ഥാപിക്കാൻ എനിക്കു യുക്തികളില്ല. എങ്കിലും എന്റെ മനസ്സു് അന്നു പറഞ്ഞു അതു കള്ളമാണെന്നു്. ഇന്നും പറയുന്നു അതു കള്ളമായിരുന്നുവെന്നു്. നവീന നിരൂപണ സാഹിത്യത്തിന്റെ സ്ഥിതിയും ഇതു തന്നെ. സ്റ്റ്രക്ചറലിസത്തിലൂടെയും പോസ്റ്റ് സ്റ്റ്രക്ചറലിസത്തിലൂടെയും നമ്മുടെ ചില ഛോട്ടാ സാഹിത്യകാരന്മാരുടെ സാഹിത്യ കൃതികളെ നവീന നിരൂപകർ സംവീക്ഷണം ചെയ്യുമ്പോൾ അതു തെറ്റാണെന്നു സ്ഥാപിക്കാൻ യുക്തികളില്ല നമുക്കു്. എങ്കിലും സഹൃദയരുടെ മനസ്സു പറയുന്നു, ഹാ ഇതു് “കുലീനമാം കള്ളം!” എന്നു്. ‘നെഞ്ചു കീറി നേരിനെ’ കാണിക്കാൻ ഒരു നിരൂപകനും തയ്യാറാവുന്നില്ല. നമ്മൾ അക്കൂട്ടരെ വിശ്വസിച്ചു് വഞ്ചിയിറക്കുന്നു, തുഴയുന്നു, വിയർക്കുന്നു, ശരീരത്തിനു തളർച്ചയുണ്ടാക്കുന്നു. എന്നാലും മനസ്സു പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു ഇതാകെ അസത്യമാണെന്നു്. നവീന നിരൂപണത്തിന്റെ വിളയാട്ടം ഇനി അധിക കാലം ഉണ്ടാവില്ല. വടക്കൻ പറവൂർകാരിയായ വേലക്കാരി വരാപ്പുഴെനിന്നു കൂനമ്മാവിലൂടെ, ചെറിയപ്പള്ളിയിലൂടെ ഓടി സ്വന്തം നാട്ടിലെത്തിയതുപോലെ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുള്ള നവീന നിരൂപകർ പടിഞ്ഞാറൻ ദേശങ്ങളിലേക്കു ഓടിത്തുടങ്ങും.

ബർട്രൻഡ് റസ്സലി ന്റെ ഏതോ പുസ്തകത്തിൽ ‘ഇന്റലക്ച്ച ്വൽ റബിഷ്’ എന്നൊരു പ്രയോഗം കണ്ടതായി ഓർമ്മയുണ്ടു്. ധിഷണയോടു ബന്ധപ്പെട്ടതാണു ചിന്തകൾ. പക്ഷേ, അവ ചവറുമാണു്. പടിഞ്ഞാറൻ നവീന നിരൂപണം പലപ്പോഴും ചവറാണു്. കേരളത്തിലെ നവീന നിരൂപണം എപ്പോഴും ചവറാണു്.

ഫാന്റസിയുടെ പേരിൽ
images/ItaloCalvino.jpg
ഇറ്റാലോ കാൽവീനോ

ഇറ്റാലോ കാൽവീനോ എന്ന മഹാനായ സാഹിത്യകാരൻ മരിച്ചപ്പോൾ അമേരിക്കയിലെ ടൈം വാരിക എഴുതിയ ലേഖനത്തിൽ അദ്ദേഹത്തെ ‘സെറിബ്രൽ ആർടിസ്റ്റ്’ എന്നു വിശേഷിപ്പിച്ചിരുന്നു. മസ്തിഷ്കത്തോടു ബന്ധപ്പെട്ട രചനകളാണോ കാൽവിനോയുടേതു? ആണെങ്കിൽ ആയിക്കൊള്ളട്ടെ. എങ്കിലും ഭാവനകൊണ്ടു് അദ്ദേഹം സൃഷ്ടിക്കുന്ന ലോകങ്ങൾ യഥാർത്ഥങ്ങളായി എനിക്കനുഭവപ്പെടുന്നുണ്ടു്. അദ്ദേഹത്തിന്റെ Invisible Cities എന്ന നോവലിനെക്കുറിച്ചു് ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു്. താൻ സന്ദർശിച്ച നഗരങ്ങളെക്കുറിച്ച് വെനീഷൻ സഞ്ചാരിയായ മാർകോ പോളോ ചൈനയിലെ മംഗോൾ വംശത്തിന്റെ സ്ഥാപകനായ കുബ്ലൈ ഖാനോ ടു പറയുന്നു. എല്ലാം ഭാവനയാണു്. നഗരങ്ങൾ യഥാർത്ഥത്തിൽ ഇല്ല. പക്ഷേ, മാർകോ പോളോയുടെ വാക്കുകൾ അവ സൃഷ്ടിക്കുന്നു. ശക്തിയുള്ള സൗന്ദര്യമുള്ള രചനയാണിതു്. അതേ സമയം തികഞ്ഞ ഫാന്റസിയും. ഫാന്റസിക്കുണ്ടായിരിക്കേണ്ട ഈ ശക്തിയും സൗന്ദര്യവും ടി. വി. കൊച്ചുബാവ യുടെ “പറക്കും ലോക”ത്തിനില്ല (കലാകൗമുദി). ഒരു ബിസ്കറ്റ് തിന്നയുടനെ ഒരു കുഞ്ഞു് ബോധംകെട്ടു വീണു. കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ മുന്നൂറു രൂപ വിലയുള്ള മരുന്നു കുത്തിവയ്ക്കുന്നു. ശിശു എഴുന്നേല്ക്കുന്നില്ല. വീണ്ടും മറ്റൊരു കുത്തിവയ്പു്. കുട്ടി കഷണം കഷണമായി ചിതറി വീണു. ഓരോ കഷണവും അന്തരീക്ഷത്തിൽ പറന്നുപോലും. ആ കഷ്ണങ്ങൾക്കു ചുണ്ടുകൾ ഉണ്ടായിപോലും. ആ ചുണ്ടുകൾക്കിടയിൽ ബിസ്കറ്റ്. ഏതെങ്കിലും ഒരാശയം തോന്നുക. ഉടനെ അതിനെ ‘നോൺസെൻസിക്ക’ലായി പ്രതിപാദിക്കുക.—ഇതാണു് നമ്മുടെ എഴുത്തുകാരുടെ രീതി. ഫാന്റസി എന്നതു് നോൺസെൻസല്ല. അതു് യാഥാർത്ഥ്യത്തിന്റെ മറ്റൊരു രൂപമാണു്.

അതു മനസ്സിലാക്കാതെ ഇങ്ങനെ നിരർത്ഥകമായി അതുമിതും പറയുന്നതു് നിഷ്പ്രയോജനമത്രേ.

images/JeanCocteau1923.jpg
ഷാങ് കൊക്തൊ

ഫ്രഞ്ച് കവി ഷാങ് കൊക്തൊ എഴുതിയ ഒരു കൊച്ചു കഥ. അദ്ദേഹത്തിനു് മുൻപു് പലരും പറഞ്ഞിട്ടുള്ളതാണിതു്. എങ്കിലും തന്റേതായ രീതിയിൽ കൊക്തൊ അതു പുനരാഖ്യാനം ചെയ്യുന്നു: യുവാവായ തോട്ടക്കാരൻ രാജകുമാരനോടു പറഞ്ഞു. ‘എന്നെ രക്ഷിക്കൂ. ഞാൻ ഇന്നു രാവിലെ പൂന്തോട്ടത്തിൽ വച്ചു് മരണത്തെ കണ്ടു. അവൻ പേടിപ്പിക്കുന്ന ഒരാംഗ്യം കാണിച്ചു. ഇന്നു രാത്രി ഏതെങ്കിലും അദ്ഭുത പ്രവർത്തനത്തിലൂടെ എനിക്കു് ഇസ്പഹാനിലെത്താൻ കഴിഞ്ഞെങ്കിൽ’. രാജകുമാരൻ വേഗം കൂടിയ കുതിരയെ തോട്ടക്കാരനു് കൊടുത്തു. അന്നുച്ചയ്ക്കു് പൂന്തോട്ടത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന രാജകുമാരൻ മരണത്തെ കണ്ടു. ‘നീ എന്തിനാണു് ഇന്നു് കാലത്തു് എന്റെ ഉദ്യാനപാലകനെ നോക്കി ഭയജനകമായ ആംഗ്യം കാണിച്ചതു?’ എന്നു് രാജകുമാരൻ ചോദിച്ചു. മരണം മറുപടി നൽകി: ‘അതു് ഭീതിദമായ ആംഗ്യമായിരുന്നില്ല. അദ്ഭുതത്തിന്റെ ഫലമായ ആംഗ്യമായിരുന്നു. ഞാനിന്നു് അയാളെ ഇസ്പഹാനിൽ നിന്നു് വളരെ ദൂരെയായി കണ്ടു. ഇന്നു് അവിടെ വച്ചാണു് എനിക്കയാളെ പിടികൂടേണ്ടതു് ’. ഫാന്റസിയാണിതു്. പക്ഷേ, ഇതിൽ നിന്നു് സത്യത്തിന്റെ നാദം നമ്മൾ കേൾക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: സന്മാർഗ്ഗത്തിനു് എന്തു് വിലയുണ്ടു്?

ഉത്തരം: ലോകമലയാള സമ്മേളനത്തിനു് തിരുവനന്തപുരത്തു നിന്നു് ബർലിൻ വരെ മാത്രം പോകാനുള്ള വിമാനക്കൂലിയുടെ വിലയുണ്ടു്.

ചോദ്യം: ഒരു കാര്യത്തിൽ എല്ലാ സ്ത്രീകളും ഒരുപോലെയാണു്. എപ്പോൾ?

ഉത്തരം: വ്യഭിചാരകർമ്മത്തിൽപ്പെട്ട സ്ത്രീയെ ‘തൊട്ടകൈക്കു് ’ ബന്ധു പിടിക്കുമ്പോൾ അവൾ ധിക്കാരം കാണിക്കുന്ന സന്ദർഭത്തിൽ.

ചോദ്യം: എന്നു പറഞ്ഞാൽ?

ഉത്തരം: ഇതെന്റെ ഇഷ്ടമാണു്. താനാരാ ചോദിക്കാൻ?’ എന്നു് അവൾ പറയും. ആ മറുപടി എല്ലാ വ്യഭിചാരിണികളും നൽകും.

ചോദ്യം: ഏതു മണ്ഡലത്തിലും സത്യമായിത്തീരുന്ന പ്രസ്താവമുണ്ടോ?

ഉത്തരം: ഉണ്ടു്. കവിതയിൽ! ‘വെള്ളത്താമരപോൽ വിശുദ്ധി വഴിയും സ്ത്രീചിത്തമേ’ എന്നു കവി പറയുമ്പോൾ സത്യം പ്രകാശിക്കുന്നു. ‘അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ’ എന്നു് അതേ കവി പറയുമ്പോഴും സത്യം.

ചോദ്യം: എന്തുകൊണ്ടാണിതു?

ഉത്തരം: മീലാൻ കുന്ദേര എന്ന സാഹിത്യകാരൻ ഇതിനു് മറുപടി പറഞ്ഞിട്ടുണ്ടു്. ഭാവാത്മക കവിക്കു് ഒന്നും തെളിയിക്കേണ്ടതായില്ല. സ്വന്തം വികാരത്തിന്റെ തീവ്രത തന്നെയാണു് ആ തെളിവു്.

ചോദ്യം: എവിടെയാണു് കുന്ദേര ഇതെഴുതിയതു?

ഉത്തരം:Life is Elsewhere’ എന്ന നോവലിൽ. 1986-ലാണു് അതിന്റെ ഇംഗ്ലീഷ് തർജ്ജമ നമുക്കു ലഭിച്ചതു്.

ചോദ്യം: നവീനസാഹിത്യത്തിലെ പ്രതിഭാശാലികൾ ആരെല്ലാം?

ഉത്തരം: മീലാൻ കുന്ദേര, വാൾട്ടർ അബിഷ്, ബ്രേതൻ ബ്രേതൻ ബാഹ്, കാവ്റീറ ഇൻഫാന്റേ, മാറിയോ വാർഗാസ് യോസ, അമാദു, ഏതൽ ഫൂഗാഡ്.

ചോദ്യം: ഏതൽ ഫൂഗാഡാണോ വൊള സൊയിങ്ക യാണോ വലിയ എഴുത്തുകാരൻ?

ഉത്തരം: സംശയമില്ല. ഏതൽ ഫൂഗാഡ്. അദ്ദേഹത്തിന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാടകത്തിന്റെ അടുത്തു വരുന്ന ഒരു നാടകം സൊയിങ്ക എഴുതിയിട്ടില്ല.

ഒ. വി. വിജയൻ
images/LifeIsElsewhere.jpg

സത്യം കാണാൻ ആഗ്രഹിക്കുന്നവർ ഋജുവായി ചിന്തിക്കണം. ബുദ്ധിയുള്ളവർ പോലും അങ്ങനെ ചിന്തിക്കാതെ ആത്മരക്ഷാപരമായ വാചാടോപത്തിൽ മുഴുകുന്നു എന്നതിനു് ഉദാഹരണമാണു് ഫാദർ വടക്കന്റെ ലേഖനം. (ക്രിസ്തുവിനു് മുറിവേറ്റതു് തങ്കമണിയിൽ ബലാൽസംഗം നടന്നപ്പോഴാണു് എന്ന മട്ടിലുള്ള മൈതാനപ്രസംഗം ഫാദറിന്റെ ലേഖനത്തിലുണ്ടായിരുന്നു). വേറെ ചിലർ ദുർബ്ബലമായ സാമ്യാനുമാനത്തെ ആശ്രയിക്കുന്നു. കാസാന്ദ്സാക്കീസി ന്റെ നോവലിൽ യേശുക്രിസ്തു വേശ്യയായ മഗ്ദലന മറിയത്തെ ലൈംഗിക വേഴ്ചയ്ക്കായി കൊതിച്ചുവെന്നു് വ്യക്തമായ പ്രസ്താവമുണ്ടു്. (it’s her I want, her I want) അവൾക്കു് റോസാപ്പൂ നീട്ടിയിട്ടു് അപസ്മാര രോഗത്തിന്റെ ആക്രമണത്തിനു വിധേയനായിവീണു എന്നും പറഞ്ഞിട്ടുണ്ടു്. ഇതിന്റെ തുടർച്ചയാണു് കുരിശിൽ കിടന്നുകൊണ്ടുള്ള സ്വപ്നദർശനം. മഗ്ദലന മറിയവുമായുള്ള വേഴ്ചയ്ക്കു ശേഷം അവളോടു് “what shall we name the son we are going to have?” എന്നു് യേശു ചോദിക്കുന്നു. സുവിശേഷങ്ങളിൽ നിന്നു് രൂപം കൊണ്ടുവരുന്ന യേശുവിനു് ഈ സ്വഭാവമൊന്നും ഇല്ല. അതുണ്ടെന്നു് സ്ഥാപിച്ചു് യേശുവിനെ നിന്ദിച്ചതു് ശരിയായോ എന്നതാണു് ചോദ്യം. ‘ശരിയായി’ എന്നു് വേണമെങ്കിൽ ഒ. വി. വിജയനു് പറയാം. എന്നാൽ അങ്ങനെ പറയാതെ ദുർബ്ബലങ്ങളായ സാമ്യാനുമാനങ്ങൾക്കായി അദ്ദേഹം യത്നിക്കുന്നു. ഒന്നാമത്തേതു് ഇറ്റലിയിലെ നോവലിസ്റ്റായ ജോവാനീ ഗ്വാറസ്കി യുടെ (Giovannino Guareschi) ഡൺ കമീലോ കഥകളെക്കുറിച്ചാണു്. കമ്മ്യൂണിസ്റ്റ് മേയർ പുതിയ ഓഡിറ്റോറിയമായ People’s Palace-ൽ സിനിമ കാണിക്കാൻ തീരുമാനിച്ചു. ഡൺ കമീലോ എന്ന പാരിഷ് പ്രീസ്റ്റിനു് ഇതു സഹിച്ചില്ല. അങ്ങനെ അയാൾ വിഷമിച്ചിരിക്കുമ്പോൾ വലിയ മഴയും കൊടുങ്കാറ്റും ഉണ്ടായി. വിദ്യുച്ഛക്തി പ്രവാഹം നിലച്ചതു കൊണ്ടു് സിനിമയുടെ പ്രദർശനം സാദ്ധ്യമല്ലാതെ വന്നു. പാതിരി ക്രിസ്തുവിന്റെ പ്രതിമയുടെ മുൻപിൽ ചെന്നു് മുട്ടുകുത്തി.

“പ്രഭോ, ഞാൻ നന്ദി പറയുന്നു.”

“എന്തിനു് ഡൺ കമീലോ?”

“കൊടുങ്കാറ്റയച്ചു വിദ്യുച്ഛക്തിക്കു തടസ്സമുണ്ടാക്കിയതിനു്.”

“ഡൺ കമീലോ. വിളക്കുകൾ കെട്ടതിനു് ഞാനല്ല കാരണക്കാരൻ. ഞാൻ ആശാരിയാണു്, ഇലക്ട്രീഷ്യനല്ല… ”

(ഈ കഥ തെറ്റായിട്ടാണു് വിജയൻ സംഗ്രഹിച്ചിരിക്കുന്നതു്) ഗ്വാറസ്കിയുടെ ഈ കഥാഭാഗം വിജയൻ ഒരു ഇറ്റാല്യൻ പാതിരിയോടു പറഞ്ഞപ്പോൾ അയാൾ സന്തോഷിച്ചതേയുള്ളു. ഈ പാതിരിയുടെ മനോഭാവം ഇവിടുത്തെ പുരോഹിതന്മാർക്കു് ഇല്ലല്ലോ എന്നാണു് വിജയന്റെ ഖേദം. എന്തൊരു ‘അൻഅലജി’യാണിത്! (analogy) ഗ്വാറസ്കി ഹാസ്യത്തിനു് ഊന്നൽ നല്കി യേശുക്രിസ്തുവിന്റെ പാവനത്വത്തിനു ക്ഷതമേല്പിക്കാതെ എഴുതുകയാണു്. ക്രിസ്തു വ്യഭിചരിച്ചു എന്നെഴുതുന്നതിനോടു് ആ രചനയ്ക്കു് എന്തു സാദൃശ്യമിരിക്കുന്നു?

കുഞ്ചൻ നമ്പ്യാർ ഹൈന്ദവ ദേവതകളെ പരിഹാസത്തിലൂടെ ആരാധിച്ചതു് വായിച്ചു നോക്കാൻ ഞാൻ ശ്രീ ജേക്കബ്ബിനോടു് അഭ്യർത്ഥിക്കുന്നു” എന്നെഴുതി വിജയൻ നമ്പ്യാരുടെ പരിഹാസത്തിനും കാസാൻദ്സാക്കീസിന്റെ നിന്ദനത്തിനും സാദൃശ്യം കല്പിക്കുന്നു. ഈ ലോജിക്കൽ ഫാലസി ഒ. വി. വിജയനിൽ നിന്നുണ്ടായതിൽ ഞാൻ അദ്ഭുതപ്പെടുന്നു. ക്രിസ്തുവിനെ വ്യഭിചാരിയായി ചിത്രീകരിക്കുമ്പോൾ നമ്മൾ ഉത്കൃഷ്ടമൂല്യങ്ങളെ നിരസിക്കുകയാണു്, നിന്ദിക്കുകയാണു്. അവ രണ്ടും നമ്മുടെ സംസ്കാരത്തെ തകർക്കും. (ഒ. വി. വിജയന്റെ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

എന്തൊരു ദിവസം
images/Nietzsche187.jpg
നീച്ചെ

“അടുത്ത കാലത്തെ ഏറ്റവും വലിയ സംഭവം ‘ഈശ്വരൻ മരിച്ചു’ എന്നതാണു്. ‘ക്രിസ്ത്യാനികളുടെ ഈശ്വര’നിലുള്ള വിശ്വാസം വിശ്വാസ്യമല്ല എന്നതു് അതിന്റെ ആദ്യത്തെ നിഴലുകൾ യൂറോപ്പിൽ വീഴ്ത്താൻ തുടങ്ങിയിരിക്കുന്നു. (Cast its first shadows എന്ന ഇംഗ്ലീഷ് തർജ്ജിമയിൽ. വരാനിരിക്കുന്ന ദൗർഭാഗ്യത്തെയാണു് ആ പ്രയോഗം സൂചിപ്പിക്കുന്നതു്. ഇവിടെ ശൈലി അതേ രീതിയിൽ തർജ്ജമ ചെയ്തിരിക്കുന്നു—ലേഖകൻ) നീച്ചെ യുടെ The Gay Science എന്ന ഗ്രന്ഥത്തിലെ ഒരദ്ധ്യായം ഇങ്ങനെയാണു് ആരംഭിക്കുന്നതു്. ‘ക്രൈസ്തവദൈവ’ത്തിലുള്ള വിശ്വാസത്തിന്റെ തകർച്ചയും നിരീശ്വര വിശ്വാസത്തിന്റെ വിജയവും തികച്ചും അഭിനന്ദനാർഹമാണെന്നു നീച്ചേ വീണ്ടും പറയുന്നു.” “നമുക്കു കാലത്തു വിളക്കുകൾ കത്തിക്കേണ്ടേ? ഈശ്വരനെ കുഴിച്ചുമൂടുന്ന ശവക്കുഴി തോണ്ടുന്നവരുടെ ശബ്ദമല്ലാതെ വേറെ വല്ലതും നമ്മൾ കേൾക്കുന്നുണ്ടോ? ദൈവത്തിന്റെ അഴുകലിൽനിന്നുയരുന്ന നാറ്റമല്ലാതെ വേറെന്താണു് നാം ശ്വസിക്കുന്നതു? ഈശ്വരന്മാരും അഴകും, ഈശ്വരൻ മരിച്ചു” എന്നു അദ്ദേഹം എഴുതുന്നു.

images/AnatoleFranceyoung.jpg
അനതോൽ ഫ്രാങ്സ്

സംവത്സരങ്ങൾക്കുമുൻപു് നീച്ചേ ആവിഷ്കരിച്ച ഈ ആശയം വി. ജി. മാരാമുറ്റം ഇപ്പോൾ ഒരു ചെറുകഥയിലൂടെ സ്ഫുടീകരിച്ചിരിക്കുന്നു. ഈ പാഴ്‌വേല വേണ്ടിയിരുന്നില്ല. ഒരുത്തൻ തൂങ്ങിനില്ക്കുന്നു. ശവം കൈകൊണ്ടു മുഖം പൊത്തിയിരുന്നു. അതുകൊണ്ടു് ആത്മഹത്യ ചെയ്തവൻ ആരെന്നു് അറിഞ്ഞുകൂടാ. രണ്ടുപേരെ സംശയിച്ചു. അവരെ പിന്നീടു് ജീവനോടെ കണ്ടപ്പോൾ സംശയം മാറി. ഒടുവിൽ ഗ്രഹിക്കാൻ കഴിഞ്ഞു ചത്തതു് ഈശ്വരൻ തന്നെയാണെന്നു്. കഥാകാരന്റെ ഈ ദാസ്യമനോഭാവം ലജ്ജാവഹമാണെന്നു മാത്രം പറയട്ടെ.

“ഒരു കാര്യം പറഞ്ഞുകഴിഞ്ഞാൽ, നല്ല പോലെ പറഞ്ഞുകഴിഞ്ഞാൽ വൈഷമ്യമേ വേണ്ട. അതെടുക്കൂ, പകർത്തൂ. റെഫ്റൻസസ് നല്കണോ? എന്തിനു്? നിങ്ങളുടെ വായനക്കാർക്കു് അറിയാം എവിടെനിന്നാണു് നിങ്ങൾ ആ ഭാഗമെടുത്തതെന്നു്. അതുകൊണ്ടു് മുന്നറിയിപ്പു് പ്രയോജനശൂന്യമാണു്. അല്ലെങ്കിൽ വായനക്കാർക്കു് അതറിഞ്ഞുകൂടാ. അപ്പോൾ റെഫ്റൻസ് നല്കിയാൽ നിങ്ങൾ അവരെ പീഡിപ്പിക്കുകയാരിക്കും”—അനതോൽ ഫ്രാങ്സ്.

കൂട്ടിക്കുഴയ്ക്കൽ

ഞാനൊരു രാത്രിയിൽ ശംഖുമുഖം കടപ്പുറത്തു് ഇരിക്കുകയായിരുന്നു. പഞ്ചാരമണൽ. അതിൽ പല നിറമാർന്ന ചിപ്പികൾ. കപ്പലണ്ടിത്തോടുകൾ. കുട്ടികൾ കുഴിച്ചുവച്ച കുഴികൾ. കടലിനു മഷിയുടെ നിറം. ഇരമ്പിക്കൊണ്ടു് തീരത്തുവന്നടിച്ച് സ്വയം തകരുന്ന തിരകൾക്കു ഇളം നീലനിറം. ദൂരെ തകരുന്ന തിരകൾക്കു് ഇളം നീലനിറം. ദൂരെ വള്ളങ്ങൾ കയറ്റിവച്ചിരിക്കുന്നു. രണ്ടു വള്ളങ്ങൾക്കിടയിൽ വല്ല കറുത്തമ്മയും അവളുടെ പരീക്കുട്ടിയും ഇരുന്നു സംസാരിക്കുകയാവാം. കറുത്തമ്മ അച്ഛനമ്മമാരെയും സമുദായത്തെയും ഭയന്നു് എഴുന്നേറ്റു പോയിരിക്കാം. പരീക്കുട്ടി വള്ളത്തിൽ ചാരിയിരുന്നു പാടുന്നുണ്ടാവും. ദൂരം കൂടിയതുകൊണ്ടു് ഞാൻ കേൾക്കാത്തതാവാം. എന്റെ അടുത്തേക്കു് ഒരു യുവാവും യുവതിയും വരുന്നുണ്ടു്. എന്നെക്കണ്ട മാത്രയിൽ ചെറുപ്പക്കാരൻ ഷർട്ടിന്റെ ബട്ടൺ പിടിച്ചു തിരിക്കാൻ തുടങ്ങി. അതിൽനിന്നു മനസ്സിലായി അയാൾ അവളുടെ ഭർത്താവല്ലെന്നു്; കാമുകനല്ലെന്നു്; അല്ലെങ്കിൽ ഒരു രാത്രിയിലേക്കു മാത്രമുള്ള പരിചയക്കാരനാണെന്നു്—സംഭവങ്ങളുടെയും വ്യക്തികളുടെയും സങ്കല്പങ്ങളുടെയും ഈ കൂട്ടിക്കുഴയ്ക്കൽ വായനക്കാർക്കു വൈഷമ്യം ഉളവാക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിറുത്തിയേക്കാം. നിറുത്തിയിതിനുശേഷം ഒരഭ്യർത്ഥനകൂടി. ജനയുഗം വാരികയിൽ എ. പി. ഐ. സാദ്ദിഖ് എഴുതിയ ‘അന്യവൽക്കരണം’ എന്ന കഥ വായിക്കരുതു്. വായിച്ചാൽ ഇതേ വ്യാമിത്രത കാണും. അതു് അസ്വസ്ഥത ജനിപ്പിക്കുകയും ചെയ്യും. കഥയുടെ പേരിൽ എന്തെല്ലാമാണു് അദ്ദേഹം പറഞ്ഞുവയ്ക്കുന്നതു്. എന്നിട്ടു് ആ മാലിന്യക്കൂമ്പാരത്തിന്റെ അഗ്രത്തിൽ എഴുന്നേറ്റു നില്ക്കുകയും ചെയ്യുന്നു. വ്യക്തികളാണു് സാഹിത്യം സൃഷ്ടിക്കുന്നതു്. സി. വി. രാമൻപിളള, ചന്തുമേനോൻ, തകഴി, കേശവദേവ്, ഉറൂബ് ഇങ്ങനെ പലരും സാഹിത്യം സൃഷ്ടിച്ചു. അവർ സൃഷ്ടിച്ച സാഹിത്യ സാമ്രാജ്യത്തിൽ നിശീഥിനി വന്നുകൂടുമ്പോൾ ഗോസ്റ്റിനെപ്പോലെ ചിലർ പ്രത്യക്ഷരാകും. അവരുടെ ‘കലപില’ ശബ്ദം നമ്മളെ പേടിപ്പിക്കും. തൂലികേ അടങ്ങ്. ദുഷ്ടരചന കാണുമ്പോൾ നിനക്കു രോഷമുണ്ടാകുന്നതു സ്വാഭാവികം. എങ്കിലും അതു അതിരു കടന്നാൽ വായനക്കാർക്കു് ഇഷ്ടമാവില്ല. അതുകൊണ്ടു് അടങ്ങ്.

പലരും പലതും
  1. ഒരതിമദ്യപനു് പട്ടിണി കിടക്കുന്ന ഭാര്യയെയും മക്കളെയും കണ്ടപ്പോൾ ദുഃഖം. അയാൾക്കു് വേണ്ടുവോളം മദ്യം വാങ്ങിക്കൊടുക്കുന്ന ഓരോ കൂട്ടുകാരനോടും പണം കടം ചോദിച്ചു. ആരും കോടുത്തില്ല— വിജയൻ വിളക്കുമാടം ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “സത്യത്തിന്റെ ഗന്ധം” എന്ന കഥയുടെ സാരമാണിതു്. ഏതു സാധനവും നമുക്കു വില്ക്കാം. വിജയൻ വിളക്കുമാടത്തിന്റെ ഉപന്യാസമെന്ന ഈ ചരക്കു വാങ്ങാൻ ഈ ലോകത്തു് ഒരുത്തനുമുണ്ടാവില്ല.
  2. താൻ സ്നേഹിച്ചിരുന്ന ദാസ് മരിച്ചപ്പോൾ യമുനയ്ക്കു ദുഖം—മുരളി ചേത്തേക്കുടത്തു് സഖി വാരികയിൽ എഴുതിയ “വിറങ്ങലിച്ച ഓർമ്മകൾ” എന്ന കഥയാണിതു്. ഓരോ ദിവസം കഴിയുന്തോറും നമ്മൾ മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം കഥകൾ പതിവായി വായിച്ചാൽ ആയുസ്സ് എത്തുന്നതിനും മുൻപുതന്നെ മരിച്ചുപോകും നാം.
  3. “വികാരങ്ങളെ അടക്കിനിർത്താനുള്ള മരുന്നും മന്ത്രവും അങ്ങാടിയിൽ കിട്ടില്ല; സയൻസിന്റെ പരീക്ഷണശാലകളിലുമില്ല; ധാർമ്മികതയുടെ ദിവ്യസങ്കേതങ്ങളിലേ ഉള്ളൂ—സിദ്ധാർത്ഥൻ മനോരാജ്യം വാരികയിൽ എഴുതിയതാണിതു്. വലിയൊരു തത്ത്വചിന്തകൻ പറഞ്ഞു. സദാചാരത്തെസ്സംബന്ധിച്ചാണെങ്കിൽ മറ്റുള്ളവർ ചെയ്യുന്നതുപോലെ ചെയ്യൂ.”

കലയെ സംബന്ധിച്ചാണെങ്കിൽ അതൊരിക്കലുമരുതു്. മറ്റുള്ളവർ എന്നു പറഞ്ഞതു് ഉന്നതന്മാരായ വ്യക്തികളെക്കുറിച്ചാവണം. ശ്രീരാമകൃഷ്ണ പരമഹംസനും വിവേകാനന്ദനും ഗാന്ധിജി യും യേശു ക്രിസ്തു വും പ്രവർത്തിച്ചതുപോലെ എല്ലാവരും പ്രവർത്തിച്ചാൽ ഈ ലോകം വാസയോഗ്യമായി ഭവിക്കും.

ഫ്രഞ്ച് ജോത്സ്യനായിരുന്ന നൊസ്റ്റ്രഡേമസി ന്റെ ഭാവികഥനങ്ങളെക്കുറിച്ചു പി. വി. രവീന്ദ്രൻ ചോദിച്ച ചോദ്യത്തിനു് ഉത്തരമായി തിക്കുറിശ്ശി സുകുമാരൻ നായർ പറയുന്നു: “(നൊസ്റ്റ്രഡേമസിന്റെ)” പല പ്രവചനങ്ങളും യാഥാർത്ഥ്യമായി എന്നെനിക്കറിയാം. എന്നാൽ അദ്ദേഹം കുറഞ്ഞ കാലയളവിനുള്ളിൽ വച്ചു് മുസ്ലീം മതം ഇല്ലാതെയായിത്തീരും എന്നു പ്രവചിച്ചിരുന്നു. ഇന്നത്തെ ചുറ്റുപാടുകൾ വച്ചുനോക്കുമ്പോൾ ഇവിടെ മുസ്ലീങ്ങൾ കൂടുതൽ വ്യാപിക്കുകയും വ്യാപരിക്കുകയും ചെയ്യുന്നുവെന്നു് സാമാന്യബുദ്ധിയുള്ളവർക്കു ഗ്രഹിക്കുവാൻ കഴിയുന്നു (കുങ്കുമം വാരിക).

നൊസ്റ്റ്രഡേമസിന്റെ പല ഭവിഷ്യത്കഥനങ്ങളും യാഥാർത്ഥ്യമായി എന്നു തിക്കുറിശ്ശി എഴുതുന്നതു ശരിയാണു്. The blood of the just requires London to be burned with fire in sixty six എന്നു നൊസ്റ്റ്രഡേമസ് പ്രഖ്യാപിച്ചു. ലണ്ടനിൽ 1666-ൽ വലിയ അഗ്നിബാധയുണ്ടായി. ഇംഗ്ലണ്ടിലെ രാജ്ഞിയായി ഇലിസബത്ത് വരുന്നതിനു മുൻപു് നൊസ്റ്റ്രഡേമസ് എഴുതി:

The rejected one shall accede to the throne.

Her enemies shall be found to be conspirators.

Her time shall triumph as never before.

At 70 she shall surely die, in the 3rd year of the century.

ഇതെല്ലാം സംഭവിച്ചു. ഇലിസബത്തു് 1603-ലാണു് മരിച്ചതു്.

ഞാൻ നൊസ്റ്റ്രഡേമസിന്റെ “Prophecies” എന്ന ഗ്രന്ഥം വായിച്ചിട്ടുണ്ടു്. തിടുക്കത്തിൽ വായിച്ചതുകൊണ്ടാണോ എന്നറിവില്ല. ഇസ്ലാം മതത്തെക്കുറിച്ചുള്ള പ്രസ്താവം എനിക്കു കാണാൻ കഴിഞ്ഞില്ല.

  1. ഈ ഭവിഷ്യത്കഥനങ്ങൾ എത്രകണ്ടു ശരിയാണു്? ഹിറ്റ്ലറെ പ്പോലും പേടിപ്പിച്ച ഇവയ്ക്കു സത്യാത്മകതയുണ്ടോ? ഉത്തരം നൽകാൻ പ്രയാസമുണ്ടു്. നവീന ഭൗതികശാസ്ത്രം, ഭൂതം, വർത്തമാനം, ഭാവി ഇവ ഒരുമിച്ചു വർത്തിക്കുന്നുവെന്നു സ്ഥാപിക്കുന്നു. നമ്മുടെ ബോധം മാത്രമേ ചലനംകൊള്ളുന്നുള്ളു. അതിനാൽ ഭാവി കഥനങ്ങൾ തെറ്റാണെന്നു പറയാൻ വയ്യ എന്നു് ഐൻസ്റ്റൈന്റെ ശിഷ്യന്മാർ അഭിപ്രായപ്പെട്ടേക്കും (ഈ ആശയം മൗലികമല്ല).
  2. അവൾ അയാളെ സ്നേഹിച്ചു. അച്ഛനമ്മമാരുടെ നിർബ്ബന്ധത്താൽ അവൾ ഗൾഫ് രാജ്യത്തു് ജോലിയുള്ള ഒരാളെ വിവാഹം കഴിച്ചു. അവിടത്തെ അസാന്മാർഗ്ഗിക ജീവിതത്തിനുശേഷം തിരിച്ചു വരുന്നു. ദുഃഖിക്കുന്നു.—എൻ. കെ. ബാലകൃഷ്ണൻ എക്സ്പ്രസ്സ് വാരികയിലെഴുതിയ “നഷ്ടസ്മൃതികൾ” എന്ന കഥ വായിച്ചപ്പോൾ ആശുപത്രികളിൽ പതിവായി കാണുന്ന കാഴ്ചയാണു് എന്റെ മനക്കണ്ണിന്റെ മുൻപിൽ വന്നതു്. അത്ര പ്രായമാകാത്ത രോഗി മരിക്കുന്നു. പഴയ ഒരു വാൻ (van) കൊണ്ടു വരുന്നു. അതിനകത്തു് ആശുപത്രി ജീവനക്കാർ പ്രേതമെടുത്തു തിരുകുന്നു. കൂടെ മരിച്ചയാളിന്റെ ഭാര്യയും കുഞ്ഞുങ്ങളും. അവരുടെ നിലവിളിയെ വകവയ്ക്കാതെ വാൻ ഭയങ്കരമായ ശബ്ദം കേൾപ്പിച്ചുകൊണ്ടു് ഒറ്റച്ചാട്ടവും മുൻപോട്ടുള്ള പോക്കും. തങ്ങൾ ചെയ്യേണ്ടതു ചെയ്തുവെന്നു ആശുപത്രി ജോലിക്കാരുടെ ഭാവം. കഥയുടെ രൂപശില്പം പഴയ വാനാണു്. അതിൽ പഴഞ്ചൻ ആശയമാകുന്ന ഡെഡ് ബോഡി ബാലകൃഷ്ണൻ എടുത്തുകേറ്റുന്നു. കൂടെയിരിക്കാൻ നമ്മളും. പേടിയോടെ, വെറുപ്പോടെ നമ്മൾ ഇരിക്കുന്നു. ആശുപത്രിയല്ലേ? ദിനംപ്രതി മരണമുണ്ടാവും. വാൻ വരും. മൃതദേഹങ്ങൾ ജീവനുള്ള ബന്ധുക്കളോടുകൂടി മുന്നോട്ടു നീങ്ങും. സാഹിത്യമല്ലേ. പൈങ്കിളിക്കഥകളുടെ ജഡങ്ങൾ രൂപത്തിൽ കയറ്റിക്കൊണ്ടുപോകും. ഇതു വിധിയോടു (fate) ബന്ധപ്പെട്ടിരിക്കുന്നു. സഹിച്ചേ മതിയാകൂ. ഇക്കാഴ്ച ഒഴിവാക്കണമെന്നുണ്ടെങ്കിൽ ആശുപത്രിയുടെ അടുത്തു പോകാതിരിക്കണം.
യോസ
images/vargasllosa.jpg
മാറിയോ വാർഗാസ് യോസ

പെറുവിലെ പ്രസിഡന്റ് ഫേർനാൻഡോ ബേലാഊണ്ടേ റ്റേറി (Fernando Belaunde Terry) മഹാനായ നോവലിസ്റ്റ് മാറിയോ വാർഗാസ് യോസ യെ (Mario Vargas Llosa) പ്രധാനമന്ത്രിയാകാൻ 1984-ൽ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം നിരസിച്ചു. സാഹിത്യത്തിൽ മാത്രമല്ല രാഷ്ട്രവ്യവഹാരത്തിലും വിദഗ്ദ്ധനാണു് യോസയെന്നു ഇതു തെളിയിക്കുന്നു.

നോബൽ സമ്മാനം കിട്ടേണ്ട ഈ പെറുവിയൻ നോവലിസ്റ്റിന്റെ ഏറ്റവും പുതിയ നോവലിന്റെ ഇംഗ്ലീഷ് തർജ്ജമ ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.—ആലേഹാന്ദ്രോ മായിറ്റയുടെ യഥാർത്ഥ ജീവിതം The Real Life of Alejandro Mayta എന്നാണു് നോവലിന്റെ പേരു്. തന്റെ ജന്മഭൂമിയായ പെറുവിൽ മുൻപുണ്ടായ ഒരു യഥാർത്ഥ വിപ്ലവത്തെ ആസ്പദമാക്കിയാണു് ഈ നോവൽ യോസ എഴുതിയതു്. സോവിയറ്റ് യൂണിയൻ, ക്യൂബ, ബൊളീവിയ ഈ രാജ്യങ്ങളുടെ സഹായത്തോടെ വിപ്ലവകാരികൾ പെറുവിയൻ സർക്കാരിനെ തകിടം മറിക്കാൻ ശ്രമിക്കുന്നു. സർക്കാരിനു് അമേരിക്കയുടെ സഹായമുണ്ടു്.

images/TheRealLifeofAlejandroMayta.jpg

പെറുവിയൻ സർക്കാർ പരാജയപ്പെടുന്നതോടൊപ്പം രാജ്യവും ജീർണ്ണിക്കുന്നു. ഈ പശ്ചാത്തലത്തിൽ കഥ പറയുന്നയാൾ തന്റെ കൂടെപ്പഠിച്ച ട്രോട്സ്കിയിസ്റ്റ് ആലേഹാന്ദ്രോ മായിറ്റയെ അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ, അതിന്റെ ആവിഷ്ക്കാരത്തിലൂടെ ആ വിപ്ലവകാരിയുടെ രൂപം തെളിയുന്നു. വിപ്ലവാസക്തിയുടെ ട്രാജഡിയിലാണു് യോസയ്ക്കു താല്പര്യം; തന്റെ രാജ്യത്തിന്റെ ജീർണ്ണത എടുത്തു കാണിക്കുന്നതിലും. നോവൽ തുടങ്ങുമ്പോൾ ലീമപ്പട്ടണത്തിൽ എച്ചിലിന്റെ നാറ്റം—stinking garbage എന്നു യോസ. ചേരികളുടെ വൈരൂപ്യം (But if you think that just because there is misery in these slums they must contain revolutionary potential, you’re mistaken). നോവൽ അവസാനിക്കുമ്പോഴും നഗരത്തിൽ കുന്നു കൂടുന്ന എച്ചിലിന്റെ നാറ്റം (I’m ending it by speaking about the garbage that is invading every neighbourhood in the capital or Peru). മാന്ത്രിക ശക്തിയുള്ള നോവലാണു് ഇതെന്നു് നിരൂപകർ പറയുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-02-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.