തിരുവനന്തപുരത്തുനിന്നു കിളിമാനൂരിലേക്കു പോകുമ്പോൾ വഴിവക്കിലൊരിടത്തു് ഒരു വലിയ പാറക്കെട്ടു കാണാം. അതിൽനിന്നു വളരെ വർഷങ്ങളായി പാറക്കഷണങ്ങൾ പൊട്ടിച്ചെടുക്കുന്നു. പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്റെ മട്ടിലാണു് അതിന്റെ നില. ‘എത്ര കല്ലു വേണമെങ്കിലും അടർത്തിയെടുക്കൂ; ഞാൻ ഇങ്ങനെതന്നെ നില്ക്കും’ എന്ന മട്ടാണു് അതിനു്. ഞാൻ അതിലേ പോയിട്ടുള്ളപ്പോഴെല്ലാം ആ പാറക്കെട്ടിനടുത്തു വലിയ ആൾക്കൂട്ടം കണ്ടിട്ടുണ്ടു്. ഒരു കാലത്തു് അതുതീരെ ശോഷിച്ചാൽ? കരിങ്കൽക്കഷണങ്ങൾ ഇനി അടർത്തിയെടുക്കാനില്ല എന്ന അവസ്ഥ വന്നാൽ? ഒരുത്തൻപോലും അതിന്റെയടുത്തു് വരികില്ല. വലിയ ഉദ്യോഗസ്ഥന്മാരുടെയും മന്ത്രിമാരുടെയും നില ഇതുപോലെതന്നെയാണു്. അധികാരത്തിലിരിക്കുന്ന കാലമത്രയും ആളുകൾ ചുറ്റിപ്പറ്റി നില്ക്കും. എപ്പോൾ മന്ത്രിയല്ലാതാവുന്നുവോ, എപ്പോൾ ജോലിയിൽനിന്നു പെൻഷൻ പറ്റി വിരമിക്കുന്നുവോ അപ്പോൾ മുതൽ ആ വ്യക്തി ഒറ്റയ്ക്കു്. അധികാരത്തിലിരിക്കുമ്പോൾ ആർക്കെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ അവൻ റോഡിൽവച്ചു കണ്ടാൽ ഒരു ‘നമസ്തേ’ കൊടുത്തെന്നു വരും. മത്സരപ്പരീക്ഷയിൽ ജയിച്ചു ജോലിയിൽ കയറി, ബി. എയ്ക്കും, എം. എയ്ക്കും ദ്രോഹം തന്റെ ഐച്ഛിക വിഷയമായിരുന്നുവെന്നു തെളിയിക്കുന്നവനാണു് പെൻഷൻ പറ്റിയതിനുശേഷം റോഡിൽക്കൂടെ പോകുന്നതെങ്കിൽ അയാളുടെ അധികാരത്തിനോ ദ്രോഹത്തിനോ വിധേയനായ മനുഷ്യൻ കാർക്കിച്ചു ഒരു തുപ്പുതുപ്പും. എന്തു കൊണ്ടാണു് മത്സരപ്പരീക്ഷ ജയിച്ച ആൾ കൂട്ടുകാരനെ, സഹപാഠിയെ, സഹപ്രവർത്തകനെ നിന്ദിക്കുന്നതു്? അയാളെ കാണുമ്പോൾ കാണാത്തമട്ടിൽ പോകുന്നതു്? ശുപാർശയ്ക്കോ മറ്റോ ചെല്ലുമെന്നു കരുതിയാണോ? ആയിരിക്കാം. സൗജന്യമാധുര്യം കാണിക്കുന്ന ഏതൊരുവന്റെയും തൊണ്ടക്കുഴിവരെ കൈ കയറ്റുന്നവരാണല്ലോ നമ്മുടെ ആളുകൾ. എനിക്കു ഒരു തരത്തിലും അധികാരമില്ല. അങ്ങനെയുള്ള എന്നെപ്പോലും ഏതെല്ലാം വിധത്തിലാണു് ആളുകൾ ഉപദ്രവിക്കുന്നതു്! അതിനാൽ ഉദ്യോഗസ്ഥന്മാരുടെ തണ്ടിനെക്കുറിച്ചു് അധികമൊന്നും കുറ്റം പറയേണ്ടതില്ല. പിന്നെ ഒരു തരത്തിലുമുള്ള അപേക്ഷയുമായി ചെല്ലുകില്ല എന്നു ഉറപ്പിച്ചു വിശ്വസിക്കാവുന്ന വ്യക്തിയോടും “ഇലയില്ലാത്ത അവസ്ഥ” കാണിക്കുന്ന ഉദ്യോഗസ്ഥനെപ്പറ്റി ആരെങ്കിലും എതിർത്തു സംസാരിച്ചാൽ അതിൽ പരിഭവിക്കേണ്ടതുമില്ല. ആ തണ്ടിനു് ഒരു നീതിമത്കരണവുമില്ലതന്നെ. ഇതൊക്കെ ഞാൻ എഴുതാറുണ്ടു്, പ്രസംഗിക്കാറുണ്ടു്. അതു വായിച്ചു ഒരാൾ, കേട്ട ഒരാൾ എന്നോടു പറഞ്ഞു: “നിങ്ങളുടെ ഈ ശകാരത്തിൽ ഒരു കഴമ്പുമില്ല. കൊച്ചുകുട്ടിയായിരുന്നവൻ യുവാവാകുന്നു. മത്സരപ്പരീക്ഷ ജയിക്കുന്നു. ജോലിയിൽ കയറുന്നു. ഒരു അവസ്ഥയിൽ നിന്നു് വേറൊരു അവസ്ഥയിലേക്കുളള വികാസമാണതു്. കോളേജിൽ പഠിക്കുന്ന കാലത്തു് കൂട്ടുകാരൻ അയാളെ ‘എടാ പോടാ’ എന്നൊക്കെ വിളിച്ചിരിക്കും. പക്ഷേ, വലിയ ഉദ്യോഗസ്ഥനായാൽ അങ്ങനെ വിളിക്കാൻ അനുവദിക്കില്ല. വികാസം വന്ന അവസ്ഥയാണു് അതിനു ഹേതു. അതിനെയാണു് നിങ്ങൾ തണ്ടായി, അഹങ്കാരമായി കാണുന്നതു്. നിങ്ങൾക്കു മത്സരപ്പരീക്ഷ എഴുതി ജയിക്കാൻ കഴിയാത്തതിലുള്ള അസൂയയാണു് നിങ്ങളെക്കൊണ്ടു് ഇതു പറയിക്കുന്നതു്.” അസൂയയെക്കുറിച്ചുള്ള ഈ പ്രസ്താവമൊക്കെ ഇരിക്കട്ടെ. വികാസമാണോ ഇവിടെയുള്ളതു്? ഒരു മൂല്യപദ്ധതിയിൽ നിന്നു മറ്റൊരു മൂല്യപദ്ധതിയിലേക്കുള്ള പോക്കാണു് വികാസം. ശൃംഗാരകാവ്യ രചന ഒരു മൂല്യപദ്ധതി. അതിൽനിന്നു കുമാരനാശാൻ ഭക്തികാവ്യ രചനയിലേക്കു ചെന്നപ്പോൾ മറ്റൊരു മൂല്യപദ്ധതിയായി. അവിടെനിന്നു് ‘നളിനി’യിലെ വേറൊരു മൂല്യസംഹിതയിലേക്കു അദ്ദേഹം പോയി. ഇതെല്ലാം വികാസം. എന്നാൽ കൂടെപ്പഠിച്ചവൻ ദരിദ്രനായ അവസ്ഥയിൽ വലിയ ഉദ്യോഗസ്ഥനെ കാണാനായി കാർഡ് കൊടുക്കുമ്പോൾ “സന്ദർശന സമയം നാലു കഴിഞ്ഞു് അപ്പോൾ വരാൻ പറയു” എന്നു് അദ്ദേഹം ആജ്ഞാപിച്ചാൽ അവിടെ മൂല്യ സംഹിതയില്ല, ക്രൂരതയേയുള്ളു. ഗെയിറ്റ് പൂട്ടിക്കൊണ്ടു് ഭാര്യയുമായി റോഡിലേക്കിറങ്ങുന്ന ഉദ്യേഗസ്ഥൻ പണ്ടത്തെ ഉപകർത്താവിനെ കണ്ടാലുടൻ തിരിഞ്ഞു പൂട്ടു ശരിക്കു വീണോ എന്നു പരിശോധിച്ചു നില്ക്കുന്നതു് മൂല്യബോധത്താലല്ല. മൂല്യരാഹിത്യത്താലാണു്. പച്ചയായി പറഞ്ഞാൽ നന്ദികേടുകൊണ്ടാണു്, അഴുക്കുചാലിൽ വീണു കിടക്കുന്നവനായതുകൊണ്ടാണു്. സാഹിത്യത്തിലേക്കു വരാം. പഴയ സാഹിത്യം മൂല്യങ്ങളിൽ അടിയുറച്ചിരിക്കുന്നു. അതിനെ നിരാകരിച്ചിട്ടു പുതിയ സാഹിത്യം സൃഷ്ടിക്കുമ്പോൾ പുതിയ മൂല്യപദ്ധതിയാണു് അതിനു് അവലംബമെന്നു തെളിയിക്കണം. അതിനു കഴിയുന്നില്ല ഇപ്പോഴത്തെ സാഹിത്യത്തിനു്. അതിനാൽ സി. വി. രാമൻപിളള യിൽ നിന്നു് നവീന കഥാകാരനിലേക്കുള്ള പ്രയാണം വികാസമല്ല. കുമാരനാശാനിൽ നിന്നു കെ. ജി. ശങ്കരപ്പിള്ള യിലേക്കുള്ള പോക്കു് വികാസമല്ല.

ഓരോന്നും മരിക്കുന്നതു മറ്റൊരു രൂപത്തിൽ ജനിക്കാനാണെന്നു കലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ടു്. പാറ മരിക്കുന്നതു ദേവാലയത്തിലെ തൂണുകളാവാൻ. മെഴുകുതിരി മരിക്കുന്നതു പ്രകാശമാകാൻ. മരക്കഷണം മരിക്കുന്നതു് അതിന്റെതന്നെ ഉളളിലുള്ള അഗ്നിയാവാൻ. ഫലം മരിച്ചു വിത്താവുന്നു. വിത്തു മരിച്ചു മരമാവുന്നു. ജിവീതം മുന്നോട്ടുള്ള പോക്കു്. മരണം തിരിച്ചു വരവു്; ജീവിതം രൂപമാർന്ന ചിന്ത. മരണം രൂപമില്ലാത്ത ചിന്ത. കക്കാടു മരിച്ചതു് ആരായി തിരിച്ചു വരാനാണു്? നമുക്കറിഞ്ഞുകൂടാ. അദ്ദേഹം എഴുതിയെഴുതി മരിച്ചതു് കവിതയുടെ പ്രകാശമായി മാറാനാണോ? ആയിരിക്കാം. ആ മരണത്തെക്കുറിച്ച്, ആ കവിതയുടെ പ്രകാശത്തെക്കുറിച്ച് ഭാവാത്മകതയോടെ എഴുതുന്നു എ. പി. നളിനൻ (കുങ്കുമം വാരിക) “ഇന്നലെ എന്നതു് ഇന്നിന്റെ ഓർമ്മയാണു്. നാളെ എന്നതു് ഇന്നിന്റെ സ്വപ്നവും” എന്നും ജിബ്രാൻ എഴുതിയിട്ടുണ്ടു്. മരിച്ച കക്കാടു് ഓർമ്മ മാത്രമാണിപ്പോൾ. ഓർമ്മയാകുന്ന ‘ഇന്നലെ’ എന്ന ദിനത്തെ ‘ഇന്നു്’ ആക്കി മാറ്റുന്ന നളിനന്റെ ഹൃദയ സ്പർശകമായ വരികൾ. കേട്ടാലും:
‘നൊന്തുകനക്കും ശിരസ്സാടിക്കഴിഞ്ഞൊ-
രുത്സവപ്പറമ്പിൽ സാദവും
ജ്വലിക്കും തീനാളങ്ങൾ തൻ സാന്ദ്ര നാദവും
മങ്ങുമിരുളിൻ ശ്ലഥതാളവും
ആകാശത്തിലെ നീലപ്പാളികളുടെ
ദീപ്തരൂക്ഷ ഗന്ധവും…
സന്ധികളിഴഞ്ഞെങ്ങോ പോകു-
മന്തി പുലരിയും…’
ഈന്തപ്പനക്കാടുകൾ അതിരിടുന്ന
ഇല്ലപ്പറമ്പിന്റെ തെക്കേ കോണിൽനിന്നും
കവി പാടുകയാണോ…?

അതിഭാവുകത്വം ഒട്ടുമില്ലാതെ യഥാർത്ഥമായ വികാരത്തിലേക്കു നമ്മെ നയിക്കുന്നു ഈ വരികൾ. ഇവ ആ മരണരംഗത്തിന്റെ പങ്കാളികളാക്കുന്നു നമ്മളെ. മറ്റൊരുവിധത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരി യും ഇതുതന്നെ അനുഷ്ഠിക്കുന്നു. തന്റെ ‘കാളകൂടവും ശിരശ്ചന്ദ്രികയും’ എന്ന ലേഖനത്തിലൂടെ (മാതൃഭൂമി ആഴ്ചപതിപ്പു്). ആ പ്രബന്ധവും ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങിച്ചെല്ലുന്നു. നിസ്സംഗനായിട്ടാണു് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നില. സുഹൃത്തിന്റെ ദേഹവിയോഗത്തിൽ അദ്ദേഹം പൊട്ടിക്കരയുന്നില്ല, നമ്മളെ കരയിക്കാൻ ശ്രമിക്കുന്നില്ല. അതിരുകടന്ന സ്നേഹത്തിന്റെ പ്രകടനമില്ല. പരിധിവിട്ടുള്ള നിരാശതയില്ല. എങ്കിലും ഉടക്കുളിപോലെ അതു് ഹൃദയത്തിൽ ഉടക്കുന്നു. ജീവിതത്തിന്റെ ആന്തരസത്യത്തിലേക്കും മരണത്തിന്റെ ബാഹ്യസത്യത്തിലേക്കും മാറിമാറിച്ചെല്ലുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിദഗ്ദ്ധമായ തൂലിക. അതോടെ മരിച്ച കക്കാടു് നമ്മുടെ എല്ലാവരുടേയും സഹോദരനായി മാറുന്നു. നമ്മുടെ അന്തരംഗത്തിലെ ‘സ്വകാര്യലോകം’ ബാഹ്യലോകവുമായി സമ്പർക്കം പുലർത്തിയില്ലെങ്കിൽ നമുക്കു് ഇവിടെ കഴിഞ്ഞുകൂടാനൊക്കുകയില്ല. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘സ്വകാര്യലോകം’ നമ്മുടെ ലോകവുമായി ചേരുന്നു.
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ആ ആക്രമണത്തെക്കാൾ അധമത്വമുള്ള പല കാവ്യങ്ങളുമുണ്ടായി. കക്കാടിന്റെ മഹച്ചരമത്തെ പരിഹാസത്തിന്റെ തലത്തിലേക്കു താഴ്ത്തുന്ന ചില കാവ്യങ്ങൾ മാതൃഭൂമി ആഴ്ചപതിപ്പിൽ വന്നിരിക്കുന്നു. ആ ചരമത്തിൽ കേരളീയർ വിലപിക്കുന്നുണ്ടു്. കവികൾക്കു കരയാനാവില്ലെങ്കിൽ അവരെ കൂലിക്കെടുത്തു കരയിക്കുന്നതെന്തിനു്. “ഏച്ചു വച്ചാൽ മുഴച്ചിരിക്കും.”
ചോദ്യം: ചാലയിൽ കൊച്ചുരാമനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ആരാണു് ആ ആളു്?
ഉത്തരം: കമ്പക്കെട്ടു വിദഗ്ദ്ധൻ.
ചോദ്യം: നവീന നിരൂപകർക്കും കൊച്ചുരാമനും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ?
ഉത്തരം: കൊച്ചുരാമന്റേതു് പൈറോടെക്നിക്സ്. നവീന നിരൂപകരുടേതു് ഇന്റലക്ച്ച ്വൽ പൈറോടെക്നിക്സ്.
ചോദ്യം: വള്ളത്തോൾ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, അയ്യപ്പപ്പണിക്കർ, സുഗതകുമാരി, വയലാർ രാമവർമ്മ ഇവരുടെ കാവ്യശൈലികളെ ഒറ്റവാക്കുകൊണ്ടു നിർവചിക്കാമോ?
ഉത്തരം: ശ്രമിക്കാം. യഥാക്രമം ഉത്തരങ്ങൾ, വൈഷയികം, ധിഷണാപരം, വിഷയാസക്തം, യുക്ത്യധിഷ്ഠിതം, സഹജാവബോധപരം, അനുകരണാത്മകം.
ചോദ്യം: കാരാഗൃഹത്തിലിരുന്നു് എഴുതിയ നവീന നോവലുകളിൽ ഏറ്റവും നല്ലതേതു്?
ഉത്തരം: ഷാങ് ഷെനെ യുടെ Our Lady of the Flowers.
ചോദ്യം: ‘സാഹിത്യവാര ഫലം’ ലിറ്റററി ഗോസിപ്പാണെന്നു് നിങ്ങൾതന്നെ സമ്മതിക്കുന്നതായി ഗുപ്തൻ നായർ പറയുന്നു (അഹല്യ ദ്വൈവാരിക) ശരിയോ?
ഉത്തരം: ഗോസിപ്പിനു ഗുപ്തൻ നായർ നല്കുന്ന അർത്ഥങ്ങൾ ജനപ്രവാദം, ജല്പിതം, പ്രലാപം, അപവാദം പറച്ചിൽ ഇവയാണു് (കൺസൈസ് ഇംഗ്ലീഷ് മലയാളം നിഘണ്ടു). ഞാൻ അപവാദ വ്യവസായത്തിൽ തല്പരനല്ല. അതുകൊണ്ടു് എന്റെ കോളത്തിൽ ഗോസിപ്പേയില്ല. ഇതു ലിറ്റററി ജേണലിസമാണെന്നു സമ്മതിക്കാം.
ചോദ്യം: നിങ്ങളും സ്നേഹിതനും ഇരുന്നു സംഭാഷണം ചെയ്യുന്ന മുറിയിൽ ഒരതിസുന്ദരി കടന്നു വരുന്നു. നിങ്ങൾ അവളെ നോക്കാതെ സ്നേഹിതന്റെ കണ്ണിൽ ഉറ്റുനോക്കുന്നു. നിങ്ങൾ ആരാണെന്നു വിചാരിക്കണം?
ഉത്തരം: കളങ്കമുള്ളവൻ.
ചോദ്യം: കമന്റ് ചെയ്യാറില്ലെങ്കിലും നിങ്ങൾ കൗതുകത്തോടെ വായിക്കുന്ന പംക്തികൾ?
ഉത്തരം: മലയാള മനോരമ ആഴ്ചപതിപ്പിൽ മലയാറ്റൂർ രാമകൃഷ്ണൻ എഴുതുന്ന ‘ആന്റിന.’ അതേ വാരികയിൽ യേശുദാസൻ എഴുതുന്ന ‘കേൾക്കാത്ത ശബ്ദം.’
ചോദ്യം: വിശേഷമെന്തുണ്ടു്?
ഉത്തരം: എന്നോടല്ല ആ ചോദ്യം ചോദിക്കേണ്ടതു്. നിങ്ങൾക്കിഷ്ടമുള്ള സ്ത്രീയോടു ചോദിക്കൂ.

എന്റെ ഒരമ്മൂമ്മ, അപ്പൂപ്പൻ കൊണ്ടുവരുന്ന പണമെല്ലാം സ്വർണ്ണമാക്കി മാറ്റി പെട്ടിയിൽ പൂട്ടിവയ്ക്കുമായിരുന്നു. അപ്പൂപ്പൻ മരിച്ചപ്പോൾ അമ്മൂമ്മയ്ക്കും അവരുടെ വളർത്തുമകൾക്കും കഴിഞ്ഞുകൂടാൻ മാർഗ്ഗമില്ലാതെയായി. എന്നിട്ടും മുത്തശ്ശി സ്വർണ്ണമെടുത്തു വില്ക്കാൻ കൂട്ടാക്കിയില്ല. പവൻ പെട്ടിയിൽ വച്ചുകൊണ്ടു് അവർ എല്ലാവരോടും കടംവാങ്ങിച്ചു. വിദ്യാർത്ഥിയായിരുന്ന എനിക്കു പണമെവിടെ? എങ്കിലും ഞാനും അവർക്കു കൂടക്കൂടെ രൂപകൊടുത്തു. കൂട്ടിവച്ച ആ കുതിരപ്പവനിൽനിന്നു് ഒരെണ്ണംപോലുമെടുക്കാതെ അവർ അന്തരിച്ചു. ദാരിദ്ര്യം അനുഭവിക്കുമ്പോഴും പവൻ പെട്ടിയിലിരിക്കുന്നല്ലോ എന്നു വിചാരിച്ചു് അവർ ആഹ്ലാദിച്ചിരുന്നു. ആ ആഹ്ലാദം ഞാൻ കണ്ടിട്ടുണ്ടു്. മനഃശാസ്ത്രജ്ഞനായ ആഡ്ലറു ടെ ഏതോ പുസ്തകത്തിൽ ദസ്തെയെവ്സ്കി യുടെ ‘കാരമാസോവ് സഹോദരൻ’മാരിലെ ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. സഹോദരന്മാരിൽ ഒരാൾ സൈബീരിയയിൽ തടവുകാരനായിക്കഴിയുന്നു. അയാൾ അപരാധം ചെയ്തവനല്ല. എങ്കിലും തടവുശിക്ഷ അനുഭവിക്കുകയാണു്. താൻ അപരാധം ചെയ്തില്ല എന്ന സത്യത്തിൽ ആഹ്ലാദിച്ചുകൊണ്ടു് അയാൾ എണ്ണമറ്റ പ്രയാസങ്ങൾ തൃണവൽഗണിക്കുന്നു. ഈ വിധത്തിലുള്ള മാനസികനിലയായിരിക്കണം മനോരമ ആഴ്ചപതിപ്പിൽ “ഒരു ചെറിയ ഉപകാരം” എന്ന കഥയെഴുതിയ തുളസിക്കുമുള്ളതു്. ലോഡ്ജിൽ വന്നവനു കാലത്തു നാലുമണിക്കു പോകണം. ഹോട്ടലിലെ പയ്യൻ അയാളെ സമയത്തു വിളിച്ചുണർത്തിയാൽ അയാൾ അവനു പതിനഞ്ചു രൂപ കൊടുക്കും. പയ്യൻ സമ്മതിച്ചു. പക്ഷേ, യാത്രക്കാരൻ അവനെ മൂന്നുമണിക്കു വിളിച്ചുണർത്തണം എന്നു് അവൻ പറഞ്ഞു. അതിനുശേഷം അയാൾക്കു് ഉറങ്ങാം. പയ്യൻ ഉണർന്നിരുന്നു് അയാളെ നാലുമണിക്കു വിളിച്ചുണർത്തും. ചിലപ്പോൾ ഭേദപ്പെട്ട കഥകൾ എഴുതുന്ന തുളസിക്കു് ഇതിന്റെ ബാലിശത്വം അറിയാൻ പാടില്ലാതില്ല. അതറിഞ്ഞുകൊണ്ടുതന്നെ, സ്വന്തം പ്രാഗൽഭ്യത്തിലുള്ള വിശ്വാസംവിടാതെ ആഹ്ലാദിച്ചുകൊണ്ടു് അദ്ദേഹം ഇക്കഥ എഴുതിയിരിക്കുന്നു. നമ്മൾ അതു ബാലിശമാണെന്നു പറയും. കലയെ നോക്കി കൊഞ്ഞനം കാണിക്കുന്നുവെന്നു പറയും. നിങ്ങൾ അതു പറയുന്നതിനു മുൻപു ഞാനതു മനസ്സിലാക്കിയല്ലോ എന്നായിരിക്കും തുളസിയുടെ മറുപടി.
- എത്ര വായിച്ചാലും എനിക്കു മതിയാകാത്ത രണ്ടു ചെറുകഥകളുണ്ടു്. ഒന്നു്: കാരൂർ നീലകണ്ഠപിളള യുടെ ‘മരപ്പാവകൾ.’ രണ്ടു്: റ്റോമാസ് മന്നി ന്റെ ‘ശ്മശാനത്തിലേക്കുള്ള പാത.’
- പേരക്കുട്ടി ചോക്കെടുത്തു ചുവരിലെഴുതിയതു കണ്ടു ഞാൻ അവളെ ശാസിച്ചു. കുട്ടിയൊന്നു ചൂളി. വഴക്കുപറഞ്ഞതു ഫലപ്പെട്ടു എന്ന ചാരിതാർത്ഥ്യത്തോടെ ഞാൻ ചാരുകസേരയിൽ വന്നുകിടന്നു പുസ്തകം വായിക്കാൻ തുടങ്ങി. കതകിന്റെ വിടവിൽക്കൂടി നോക്കിയപ്പോൾ പേരക്കുട്ടി വീണ്ടും ചോക്കുകൊണ്ടു ചുവരിലെഴുതുന്നു. ടാറ്റാപുരം സുകുമാരൻ എഴുതുന്ന കഥകൾക്കു സാഹിത്യവുമായി ഒരു ബന്ധവുമില്ലെന്നു പലതവണ ഞാൻ പറഞ്ഞിട്ടുണ്ടു്. എങ്കിലും അദ്ദേഹം എഴുതുന്നു, പിന്നെയും പിന്നെയും. കുഞ്ഞിന്റെ നിഷ്കളങ്കതയും ‘തൻപ്രമാണിഭാവവും’ അദ്ദേഹത്തിനുണ്ടെന്നു വ്യക്തം. മനോരാജ്യം വാരികയിൽ അദ്ദേഹമെഴുതിയ വേഴാമ്പൽ എന്ന കഥ നോക്കൂ. ചോക്കുകൊണ്ടു ചുവരിലെഴുതുന്ന കുട്ടിയാണു അദ്ദേഹമെന്ന സത്യം ഗ്രഹിക്കാം.
- മുപ്പത്തഞ്ചു വർഷം മുൻപാണു ഞാൻ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘ബാല്യകാലസഖി’യെക്കുറിച്ചെഴുതിയതു്. അതിനുശേഷം അദ്ദേഹത്തിന്റെ ഒരു ചെറുകഥയെക്കുറിച്ചും എഴുതി. ഞാൻ ചൂണ്ടിക്കാണിച്ച കടപ്പാടു് ശരിയോ തെറ്റോ എന്നതു് ഇരിക്കട്ടെ, ആ ചൂണ്ടിക്കാണിക്കലിന്റെ ഫലമായി ബഷീറിനു അസുഖമുണ്ടായി. പരോക്ഷമായിട്ടാണെങ്കിലും ഞാനതിനു കാരണക്കാരനാണല്ലോ എന്നു വിചാരിച്ചു് എനിക്കു ദുഃഖമുണ്ടായി. ബഷീർ സ്വഭാവശുദ്ധിയുള്ള വലിയ മനുഷ്യനാണെന്നും എനിക്കറിയാം. എത്ര വിമർശിച്ചാലും അദ്ദേഹം മര്യാദ ലംഘിച്ചു മറുപടി പറയുകയില്ല. അതെല്ലാംകൊണ്ടു ഞാൻ പ്രതിജ്ഞ ചെയ്തു ‘ഇനി ഈ നല്ല മനുഷ്യനെ ഞാൻ വേദനിപ്പിക്കില്ല’ എന്നു്. ചില പ്രഭാഷണവേദികളിൽ ഞാൻ നില്ക്കുമ്പോൾ ബഷീറിനെക്കുറിച്ചു് ചോദിക്കുന്ന ചോദ്യങ്ങൾക്കു സത്യസന്ധമായി ഉത്തരം പറയേണ്ടി വന്നിട്ടുണ്ടു് എനിക്കു്. എങ്കിലും ലക്ഷക്കണക്കിനാളുകൾ അറിയത്തക്കവിധത്തിൽ ഞാൻ അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടില്ല. ഇപ്പോൾ, ഞാൻ ബഹുമാനിക്കുന്ന ചന്ദ്രികപ്പത്രാധിപർ തന്നെ എന്നെ ‘ഭാർഗ്ഗവീനിലയ’ത്തിലേ ഗോസ്റ്റ് എന്നു വിളിക്കുന്നു. വെസ്റ്റ് ഹില്ലിലെ എം. പദ്മനാഭൻ എന്നെ പരിഹസിക്കുന്നു. (കഥയെഴുതുന്ന പദ്മനാഭനാണു് വെസ്റ്റ് ഹില്ലിലെ പദ്മനാഭനെങ്കിൽ ഈ പരിഹാസത്തിനു നീതിമത്കരണമുണ്ടു്) ബേങ്കളൂരിലെ കെ. അബ്ദുൾ ലത്തീഫും “ക്ഷതങ്ങളിൽ അപമാനനം കൂട്ടിച്ചേർക്കുന്നു.” ഒന്നേ എനിക്കു് അപേക്ഷിക്കാനുള്ളു. ബഷീർക്കഥകളുടെ വിമർശനം ‘അടച്ച അദ്ധ്യായ’മാണു്. കരിഞ്ഞവ്രണമാണു്. അതിനെ തോണ്ടി വീണ്ടും പുണ്ണാക്കരുതു്. പുരുഷരത്നമായ വൈക്കം മുഹമ്മദ് ബഷീറിനെക്കരുതിയെങ്കിലും അതു ചെയ്യരുതു്. ഇതു് ഒരു അപേക്ഷ മാത്രം.
- എടത്വാ പരമേശ്വരൻ ഹിന്ദുവായതുകൊണ്ടു പൂർവജന്മത്തിൽ വിശ്വസിക്കുന്നുണ്ടാവണം. കഴിഞ്ഞ ജന്മത്തിൽ അദ്ദേഹം കഥയെഴുതിയിരിക്കും. അപ്പോഴൊക്കെ അറിവുള്ളവർ പറഞ്ഞുകൊടുത്തിരിക്കും നല്ല കഥയേതു് ചീത്തക്കഥയേതു് എന്നു്. ജന്മം ഒന്നു കഴിഞ്ഞതുകൊണ്ടു് വിസ്മൃതി സംഭവിച്ചതു സ്വാഭാവികം. ആ മറവികൊണ്ടാണു് ഈ ജന്മത്തിൽ “അമ്മയുടെ ദുഃഖം” എന്ന പരമബോറൻ കഥ അദ്ദേഹത്തിനു് എഴുതേണ്ടിവന്നതു്. കുടിച്ചു് എല്ലാം നശിപ്പിക്കുന്ന മകൻ തൂങ്ങിച്ചാകുന്നത്രേ. തിരുവനന്തപുരത്തെ ബസ്റ്റാൻഡിൽ ചെന്നപ്പോൾ നൂറുകണക്കിനു ബസ്സുകൾ കൊട്ടാരക്കരയ്ക്കു്, കൊല്ലത്തേക്കു്, ഗുരുവായൂരേക്കു്, കോട്ടയത്തേക്കു്— അങ്ങനെ പലതും. എനിക്കു കാഞ്ഞിരംകുളത്തേക്കാണു പോകേണ്ടതു്. അങ്ങോട്ടേക്കുള്ള ബസ്സ് മാത്രമില്ല. കഥകൾ അസംഖ്യം. പക്ഷേ, ആവശ്യമുള്ളതു മാത്രമില്ല.
- പ്രകൃതി നമുക്കു തന്നതു് പ്രയോജനകരമായി, ആകർഷകമായി മാറ്റാൻ കൂലിവേലചെയ്തു ജീവിക്കുന്നവർക്കു് അറിയാം. കൊട്ടാരംപോലുള്ള കെട്ടിടങ്ങളിൽ താമസിക്കുകയും കോണ്ടസ കാറുകളോടിക്കുകയും ചെയ്യുന്ന ധനികർക്കു് അതറിഞ്ഞുകൂടാ. ചുട്ടെടുത്ത കിഴങ്ങും കൂട്ടും മുളങ്കുഴലിൽ വച്ചു് ആദിവാസി പാകപ്പെടുത്തിയെടുക്കുന്ന പലഹാരത്തിനു് എന്തെന്നില്ലാത്ത സ്വാദാണു്. നാഗരികനു് കിഴങ്ങും മുളങ്കുഴലും കൈയിൽ കിട്ടിയാൽ അവൻ അവ ദൂരെ എറിയുകയേയുള്ളു. ഭാഷ പ്രകൃതി തന്നതാണു്. അതുപയോഗിച്ചു് നല്ല ഗാനങ്ങൾ നിർമ്മിക്കുന്നു പ്രാകൃതൻ. നാഗരികൻ കഥയെഴുതി മനുഷ്യരെ കൊല്ലുന്നു.

കാക്ക പറന്നു പറന്നു ക്ഷീണിച്ചാൽ രാജവീഥിയിലൂടെ അലസഗമനം ചെയ്യുന്ന കാളവണ്ടിയുടെ പിറകിൽ കയറിയിരിക്കും. രണ്ടുനില ബസ്സിന്റെ മുകളിലിരുന്നു് ഒരു കാക്ക യാത്രചെയ്യുന്നതു് ഞാൻ ഒരു ദിവസം കണ്ടു. തിരുവനന്തപുരത്തെ ‘യുദ്ധസ്മാരക’ത്തിനു മുകളിൽ ഒരു വാട്ടർ പൈപ്പുണ്ടു്. അതിന്റെ ടാപ്പ് മുകളിലേക്കു ആക്കിയാലേ വെള്ളം കുഴലിൽനിന്നു വരൂ. ഒരു പശു അവിടെ പതിവായി വരുന്നു. മോന്തയുടെ അറ്റംകൊണ്ടു് ആ ടാപ്പ് ഉയർത്തുന്നു. പ്രവഹിക്കുന്ന വെള്ളം വേണ്ടുവോളം കുടിച്ചിട്ടു് അങ്ങു പോകുന്നു. ഒരിംഗ്ലീഷ് ബാരിസ്റ്ററുടെ സഹായത്തോടെ സേവനമർപ്പിക്കാനെന്ന മട്ടിൽ നെഹ്രു വിനെ സമീപിച്ച എം. ഒ. മത്തായി കാളവണ്ടിയുടെ പിറകിലും രണ്ടുനില ബസ്സിന്റെ മുകളിലും കയറിസഞ്ചരിച്ച കാക്കയായിരുന്നു. മൂക്കുകൊണ്ടു് അദ്ദേഹം ടാപ്പു് ഉയർത്തി വെള്ളം കുടിച്ചിരുന്നു. ഒടുവിൽ വണ്ടിയേയും ബസ്സിനെയും ടാപ്പിനെയും പുലഭ്യം പറഞ്ഞിട്ടു പറന്നുപോകുകയും ചെയ്തു. എം. ഒ. മത്തായി ആരാണെന്നു് എം. കെ. കെ. നായർ ആത്മകഥയിൽ നമുക്കുവേണ്ടി വിശദീകരിക്കുന്നു. ആ വിശദീകരണത്തിലൂടെ നെഹ്രുവിന്റെ വ്യക്തിപ്രഭാവം വിലസുന്നു. കലാകൗമുദിയിൽ ഈ ലേഖനം വായിച്ചപ്പോൾ ഒരു പുതിയ അറിവു കിട്ടിയല്ലോ എന്നു വിചാരിച്ചു ഞാൻ ആഹ്ലാദിച്ചു. വലിയ കാൻവാസ്, അതിൽ നമ്മൾ കാണേണ്ട ചിത്രങ്ങൾ, ചിലതു പ്രചോദനാത്മകം, ചിലതു വികാരവിജൃംഭിതം. ഈ ആത്മകഥ തുടർന്നുവരട്ടെ.
സി. ജെ. തോമസ്സി ന്റെ ‘അവൻ വീണ്ടും വരുന്നു’ എന്ന നാടകം. ഉപദ്രവക്കാരനായ ഭർത്താവു് അപ്രത്യക്ഷനായപ്പോൾ സമുദായത്തെക്കരുതി ഭാര്യ ദുഃഖം പ്രകടിപ്പിച്ചു. എങ്കിലും ഉള്ളിലുള്ള സന്തോഷം പുഞ്ചിരിയായി അവരുടെ ചുണ്ടുകളിൽ പരന്നു. സ്ത്രീയായി അഭിനയിച്ചതു വീരരാഘവൻ നായർ. കഥാപാത്രത്തിന്റെ മാനസികനില സഹജാവബോധത്താൽ കണ്ടറിയാൻ അദ്ദേഹത്തിനുള്ള ഈ വൈദഗ്ദ്ധ്യത്തെ ഞാൻ മനസ്സുകൊണ്ടു് അഭിനന്ദിച്ച് വിക്ടോറിയ ജൂബിലി ടൗൺ ഹാളിലെ കസേരയിലിരിക്കുകയായിരുന്നു. നാടകം അവസാനിച്ചപ്പോൾ എന്നെ ഇപ്പോൾ ഗോസിപ്പുകാരൻ എന്നു വിളിക്കുന്ന ഗുപ്തൻ നായർ എന്നോടു പറഞ്ഞു. “വീരന്റെ ആ പുഞ്ചിരി കണ്ടോ? ഭർത്താവു് അകന്നതിലുള്ള ആഹ്ലാദം എത്ര നന്നായി ആവിഷ്കരിച്ചു!” പിന്നീടു് ഞാൻ രണ്ടുതവണകൂടി ആ നാടകം കാണാൻ പോയി. ‘യഥാർത്ഥത്തിൽ നാടകം കാണാനല്ല; സ്ത്രീകഥാപാത്രത്തിന്റെ ചുണ്ടിൽ പരക്കുന്ന പുഞ്ചിരി കാണാൻ. കാണാൻ കഴിഞ്ഞില്ല, കാരണം വീരരാഘവൻ നായരല്ല ആ കഥാപാത്രത്തിന്റെ വേഷം കെട്ടിയതു് എന്നതുതന്നെ.

ഈ കാലയളവിലെ സാഹിത്യം ആന്റി റൊമാന്റിക്കാണു്. റൊമാന്റിസത്തിന്റെ പ്രധാനഘടകം വികാരമാണല്ലോ. അതുകൊണ്ടുതന്നെ ആന്റി റൊമാന്റിക് സാഹിത്യം വികാരശൂന്യമായി പ്രത്യക്ഷപ്പെടുന്നു. വികാരശൂന്യമായതു് സാഹിത്യമെന്നു കരുതപ്പെടുന്നതെങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. വികാരരഹിതമായതിനു വളർച്ചയില്ല. സൂര്യകാന്തിച്ചെടി അനുദിനം വളർന്നു് അഗ്രത്തിൽ മണപ്പൂ വിടർത്തുന്നതുപോലെ കലാസൃഷ്ടി വളരുകയും പുഷ്പിക്കുകയും ചെയ്യുന്നു. അതുകാണുമ്പോൾ സഹൃദയർക്കു് ആഹ്ലാദം. വികാരമില്ലാത്ത രചന കരിങ്കൽക്കഷണം പോലെ റോഡിൽ കിടക്കുന്നേയുള്ളൂ. റൊമാന്റിക് ആയതെന്തും സ്വാഭാവികമാണു്. ആന്റി റൊമാന്റിക്കായതു് എന്തും കൃത്രിമമാണു്. ഈ കൃത്രിമത്വമാണു എ. കെ. ഉണ്ണി ദേശാഭിമാനി വാരികയിലെഴുതിയ “ദേവപുരത്തു് മുഖംമൂടി വിൽക്കുന്ന കരുണൻ” എന്ന കഥയുടെ മുദ്ര. കരുണൻ മുഖം മൂടികൾ ധാരാളം വിറ്റു. അതു ധരിച്ചു് ആളുകൾ ആഹ്ലാദിച്ചു നടന്നു. പക്ഷേ, എല്ലാക്കാലത്തേക്കും എല്ലാവരേയും പറ്റിക്കാനൊക്കുകില്ലല്ലോ. വഞ്ചന മനസ്സിലാക്കിയ ജനങ്ങൾ മുഖംമൂടികൾകൊണ്ടു് കരുണനെ എറിയുന്നു. ആ മുഖംമൂടിക്കൂമ്പാരത്തിനകത്തുതന്നെ ആയിപ്പോകുന്നു അയാൾ. ലാക്ഷണികത്വമാവഹിക്കുന്ന ഈ രചനയ്ക്കു് കഥയുടെ ഒരു സ്വഭാവവുമില്ല. ശുഷ്കമായ പ്രബന്ധമാണിതു്. ഭാഷയുടെ ലയവും സൗന്ദര്യവും കല്പനകളുടെ ശക്തിയും കലാസൃഷ്ടികളുടെ സവിശേഷതകളാണെങ്കിൽ അവയിലൊന്നുപോലും ഈ രചനയ്ക്കില്ല. എന്നിട്ടും രചയിതാവു് ഇതു കഥയാണെന്നു പറയുന്നു. എന്തൊരു വൈരുദ്ധ്യം!
ദേശാഭിമാനി വാരികയുടെ ഈ ലക്കത്തിൽത്തന്നെ പുനത്തിൽ കുഞ്ഞബ്ദുള്ള ‘കഥയുടെ ജന്മനക്ഷത്രം’ എന്നൊരു ലേഖനം എഴുതിയിട്ടുണ്ടു്. അതിലെ, താഴെച്ചേർക്കുന്ന വാക്യങ്ങൾ എ. കെ. ഉണ്ണിയെപ്പോലുള്ളവർക്കു മാർഗ്ഗം ചൂണ്ടിക്കാണിക്കട്ടെ:
വാക്കുകൾകൊണ്ടു പറയാൻ കഴിയാത്ത കാര്യത്തെ കാഥികൻ ചിത്രം കൊണ്ടു പറയുന്നു. ഈ ചിത്രം വരയ്ക്കലിനു കഥയുടെ ജനനപ്രക്രിയയിൽ യാതൊരു സീമയും ഇല്ല. കാണുവാൻ വേണ്ടി കണ്ണാകുന്ന പക്ഷി പറക്കുന്നു എന്നുവരെ കഥാകൃത്തിനു പറയാൻ അവകാശമുണ്ടാകുന്നതു് ചിത്രത്തിന്റെ ഈ സംഭാവനനിമിത്തമാണു്. പക്ഷിയെപ്പോലെ കണ്ണു് മേലോട്ടു് പറന്നുപോകുന്നതു് ചിത്രം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടു് പ്രകാശിപ്പിക്കുവാൻ കഴിയും.
സ്ത്രീകളും പുരുഷന്മാരും ഇപ്പോൾ വേഷംധരിക്കുന്നതു് കോമാളികളായിട്ടാണു്. കാലത്തു കോളേജിൽ പോകുന്ന പെൺകുട്ടികളെക്കണ്ടാൽ പരിഹാസച്ചിരിയുണ്ടാകും നമുക്കു്. ഫ്രോക്ക്, പാവാട, ബ്ലൗസ് ഇവയെല്ലാം അന്തർദ്ധാനം ചെയ്തുകഴിഞ്ഞു. പകരം എനിക്കു പേരറിയാൻ പാടില്ലാത്ത ചില വിശേഷവസ്ത്രങ്ങൾ. ആൺകുട്ടികളുടെ വേഷവും അങ്ങനെത്തന്നെ. കോൺവെന്റിൽ പോകുന്ന കൊച്ചുകുട്ടികൾക്കു ബൂട്ട്സും ടൈയും കൂടിയേ തീരൂ. തണുപ്പുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ ആ ശൈത്യം നെഞ്ചിലേക്കു കടക്കാതിരിക്കാൻ വേണ്ടി ‘ടൈ’ കെട്ടുന്നു. കാലു തണുക്കാതിരിക്കാൻ ബൂട്ട്സും. ചൂടുകൊണ്ടു് മനുഷ്യർ മരിക്കുന്ന ഈ രാജ്യത്തു് ടൈ എന്തിനു്? സോക്സ് എന്തിനു്? വസ്ത്രധാരണത്തിലെ ഈ കോമാളിത്തം സാഹിത്യത്തിലില്ല. കല്പനാകഞ്ചുകങ്ങൾ ദൂരെയെറിഞ്ഞു് അതു് എല്ലിൻകൂടു് കാണിച്ചുനടക്കുന്നു.
സ്ത്രീകൾ മാത്രം നടത്തുന്നു ചില സ്ഥാപനങ്ങളിൽ ചില പുരുഷന്മാർക്കു കയറാൻ മടിയാണു്. പെണ്ണുങ്ങളുടെ ബാങ്ക്, പെണ്ണുങ്ങളുടെ കടകൾ ഇവിടെയെല്ലാം കൊന്നുകളയുമെന്നു പറഞ്ഞാൽപ്പോലും അവർ കടക്കില്ല. എന്നാർ അങ്ങനെയുള്ളവർ ഒറ്റയ്ക്കു സ്ത്രീയെ കിട്ടിയാൽ ഇന്നതേ പ്രവർത്തിക്കൂ എന്നില്ല.