സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-03-29-ൽ പ്രസിദ്ധീകരിച്ചതു്)

സൃഷ്ടി ആൽമരംപോലെയാണു്. പക്ഷികൾ അതിലെ പഴങ്ങൾ തിന്നാൻ വരുന്നു. അല്ലെങ്കിൽ അതിന്റെ കൊമ്പുകളിൽ ആശ്രയം തേടുന്നു. ആളുകൾ അതിന്റെ തണലിലിരുന്നു തണുപ്പു് അനുഭവിക്കുന്നു. എന്നാൽ ചിലർ അതിൽ തൂങ്ങിച്ചാവുകയും ചെയ്യുന്നു. എന്നിട്ടും മരം ശാന്തജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യാപകരായ ഞങ്ങൾ ‘സ്റ്റാഫ്റൂ’മിലിരുന്നു സംസാരിക്കുകയായിരുന്നു. ഭക്ഷണത്തിലും ധനസമ്പാദനത്തിലും മാത്രം തല്പരനായ ഒരു പ്രൊഫസർ തന്റെ വീട്ടിലുണ്ടായ മോഷണത്തെക്കുറിച്ചു പറയാൻ തുടങ്ങി. “ ‘ആഭരണങ്ങൾ നന്നാക്കാനുണ്ടോ? ആഭരണങ്ങൾ നന്നാക്കാനുണ്ടോ?’ റോഡിൽനിന്നു് ഈ ശബ്ദമുയർന്നപ്പോൾ ഞാൻ അയാളെ വീട്ടിലേക്കു വിളിച്ചു. ഒൻപതു പവന്റെ മാല കുറച്ചുകാലമായി പൊട്ടിക്കിടക്കുകയായിരുന്നു. ‘ഇതൊന്നു വിളക്കിത്തരു’ എന്നു പറഞ്ഞ് ഞാൻ അതെടുത്തു് അയാളുടെ കൈയിൽ കൊടുത്തു. നെരിപ്പോടിൽവച്ചു് പൊട്ടിയ ഭാഗം വിളക്കുന്നുവെന്നു കാണിച്ചിട്ടു് അയാൾ പെട്ടെന്നു് അതു ചരുവത്തിൽ നിറച്ചുവച്ച വെള്ളത്തിലേക്കു് ഇട്ടു. ഞാൻ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. വളരെ സമർത്ഥമായി അയാൾ മാലയുടെ ഒരു ഭാഗം മുറിച്ചു വെള്ളത്തിലിട്ടു. വീണ്ടും മാലയെടുത്തു തീയിൽ വയ്ക്കാൻ ഭാവിച്ചപ്പോൾ ഞാൻ ഒറ്റയടി അയാളുടെ ചെകിട്ടിൽ കൊടുത്തു. കരഞ്ഞു മാപ്പു പറഞ്ഞതുകൊണ്ടു് പൊലീസിനെ വിളിച്ചില്ല” പ്രൊഫസർ ഇത്രയും അറിയിച്ചിട്ടു് അഭിമാനത്തോടെ ഇരുന്നപ്പോൾ ഡോക്ടർ ഗോദവർമ്മ ഒരു കണ്ണു് ഒന്നടച്ചിട്ടു പുച്ഛത്തോടെ ചിരിച്ചു. ആരെയും ആക്ഷേപിക്കാത്ത കോന്നിയൂർ മീനാക്ഷി അമ്മ “ങ്ഹാ, വീട്ടിൽ ഒൻപതു പവന്റെ മാലയുണ്ടോ?” എന്നു ചോദിച്ചു. അധ്യാപകനു മനസ്സിലായി അതു കളിയാക്കലാണെന്നു് അതുകൊണ്ടാവാം അദ്ദേഹം മറുപടി നൽകിയതു് ഇങ്ങനെയാണു്. “ഒൻപതു പവന്റെ മാല മാത്രമല്ല പതിനഞ്ചു പവന്റെ മാലയുമുണ്ടു്.” ഇദ്ദേഹം കോളേജിലെത്തിയാൽ ആഭരണങ്ങളെക്കുറിച്ചേ സംസാരിക്കൂ. “അനന്തരവൾക്കു സ്വർണ്ണകൊലുസ്സു് ഉണ്ടാക്കിക്കൊടുത്തു. ഓരോന്നും നാലു പവനാണു്. മകനു സ്വർണ്ണമാലയിടണം എന്നൊരാഗ്രഹം. അവന്റെ ആഗ്രഹം സാധിക്കട്ടെയെന്നു കരുതി സേഫിൽനിന്നു് അഞ്ചുപവനെടുത്തു കൊടുത്തു”, ഇങ്ങനെ പലതും. സാഹിത്യത്തിൽ താല്പര്യമില്ല. ‘നേരേചൊവ്വേ’ പഠിപ്പിക്കാനറിഞ്ഞുകൂടാ. നാക്കെടുത്തു വളച്ചാൽ വരുന്നതൊക്കെ അബദ്ധം. വളരെക്കാലം അങ്ങനെ ജീവിച്ചു. പെൻഷൻപറ്റി. മരിച്ചുപോകുകയും ചെയ്തു. അദ്ഭുതപ്പെടാനില്ല ഇതിലൊന്നും. മനസ്സു് ഒരു കാര്യത്തിൽ മാത്രം വ്യാപരിച്ചാൽ വേറൊന്നിലേക്കും അതിനു പോകാൻ ഒക്കുകയില്ല. ഓഫീസ് ഫയലിനെക്കുറിച്ചുമാത്രം സംസാരിക്കുന്നവനു് ഇന്ത്യയുടെ പ്രസിഡന്റ് ആരെന്നു് അറിഞ്ഞുകൂടായിരിക്കും. ചെമ്പകപ്പൂവിന്റെ തീക്ഷണ സൗരഭ്യം മാത്രം മതിയെന്നു പറയുന്നവൻ പനിനീർപ്പൂവിന്റെ സ്നിഗ്ദ്ധ സൗരഭ്യം അറിയുന്നില്ല. മാനത്തു് എപ്പോഴും നോക്കുന്നവൻ ഭൂമിയെ കാണുന്നില്ല. കുന്നുകയറുന്നവൻ കടലിൽ ഇറങ്ങുന്നില്ല. പട്ടിക്കുട്ടിയെ ലാളിക്കുന്നവൻ സിംഹക്കുട്ടിയെ ഓർമ്മിക്കുന്നില്ല. കുമാരനാശാനെ ക്കുറിച്ചു മാത്രം എപ്പോഴും പറയുന്നവൻ വള്ളത്തോളി നെ അറിയുന്നില്ല. വള്ളത്തോളിന്റെ കാവ്യങ്ങൾ മാത്രം വായിക്കുന്നവൻ കുമാരനാശാന്റെ കാവ്യങ്ങൾ വായിക്കുന്നില്ല. തൊടുത്തിനു് അഞ്ഞൂറുവട്ടം ടോൾസ്റ്റോയി എന്നു ഉരുവിടുന്നവൻ ഹെർമാൻ ബ്രോഹി ന്റെ “വെർജിലിന്റെ മരണ ”ത്തെക്കുറിച്ചു് ഒന്നും മിണ്ടുന്നില്ല. ചിലർക്കു ശങ്കരക്കുറുപ്പി നെ അറിയാം, കടമ്മനിട്ട യെ അറിഞ്ഞുകൂടാ. മറ്റു ചിലർക്കു കടമ്മനിട്ടയെ അറിയാം, ശങ്കരക്കുറുപ്പിനെ അറിഞ്ഞുകൂടാ. ഹിമാലയപർവ്വതത്തെ മാത്രമല്ല അറേബ്യൻ സമുദ്രത്തെയും അറിയണം. സിംഹത്തെ മാത്രമല്ല കടുവയെയും അറിയണം.

ജീർണ്ണത ഒഴിവാക്കാൻ
images/TheDeathOfVirgil.jpg

‘സ്കിറ്റ്സോഫ്രീനിയ’ എന്നൊരു മാനസിക രോഗമുണ്ടു്. ചിന്തയുടെ അവ്യക്തത ഇതിന്റെ സവിശേഷതയാണു് ചിലപ്പോൾ ചില മാനസിക പ്രതിരൂപങ്ങളും (images) സംവേദനങ്ങളും രോഗിയെ വല്ലാത്തവിധത്തിൽ ആക്രമിക്കും. വ്യാമോഹങ്ങളുമുണ്ടാകും. ‘ഞാൻ ജവാഹർലാൽ നെഹ്റു വാണു്’ എന്നു് ഈ മാനസിക രോഗി പറഞ്ഞെന്നു വരാം. പൈങ്കിളിക്കഥ എഴുതുന്നവരാകെ സ്കിറ്റ്സോഫ്രീനിയ ബാധിച്ചവരാണു്. ‘ഞാൻ സാഹിത്യകാരൻ’ എന്ന തോന്നലിൽ വ്യാമോഹമുണ്ടു്. പ്രേമരംഗങ്ങളെ സംബന്ധിച്ച ഇമേജുകൾ ഈ എഴുത്തുകാരനെ ശക്തിയോടെ ആക്രമിക്കുന്നു. ആവിഷ്കരിക്കുന്ന ചിന്തയുടെ അവ്യക്തത ഇവിടത്തെയും സവിശേഷതതന്നെ. സ്കിറ്റ്സോഫ്രീനിയ ചികിത്സിച്ചു ഭേദമാക്കേണ്ട രോഗമാണല്ലോ. പൈങ്കിളിക്കഥാകാരന്മാരെയും ചികിത്സയ്ക്കു വിധേയരാക്കണം. അല്ലെങ്കിൽ അവരും ‘അവരുടെ രചനകൾ വായിക്കുന്നവരും ഉന്മാദത്തിലെത്തും.

പലപ്പോഴും പറഞ്ഞ ഇക്കാര്യം ഇപ്പോഴും പറയേണ്ടതാണെന്നു തോന്നി ടി. കെ. ആർ. ആനിക്കാടൻ എക്സ്പ്രസ്സ് വാരികയിലെഴുതിയ “ഒരു വേനൽപ്പക്ഷിയുടെ ദുഃഖം” എന്ന കഥ വായിച്ചപ്പോൾ. കാമുകന്റെ നിർദ്ദേശമനുസരിച്ചു് കാമുകി അയാൾക്കു വേണ്ടി കാത്തിരുന്നു. കാത്തിരിപ്പു് വ്യർത്ഥമാണെന്നു കൂട്ടുകാരി അറിയിച്ചിട്ടും അവൾ വകവച്ചില്ല. അങ്ങനെയിരിക്കെ കാമുകൻ ഭാര്യയോടുകൂടി വരുന്നതു് അവൾ കണ്ടു. അയാളുടെ ഭാര്യ അവൾക്കു് ഉപദേശം നല്കിയ കൂട്ടുകാരിതന്നെ. ജീവിതത്തോടു് ഒരു ബന്ധവുമില്ലാത്ത, കലയോടു ഒരു ബന്ധവുമില്ലാത്ത ഈ കഥ സത്യത്തെ അസത്യമാക്കുകയും അസത്യത്തെ സത്യമാക്കുകയും ചെയ്യുന്നു. ഇതുതന്നെയാണു് സ്കിറ്റ്സോഫ്രീനിയ. ഇതു പിടിപെട്ടവരെ ചിത്തരോഗാശുപത്രിയിലാക്കും. പൈങ്കിളിക്കഥാകാരന്മാരെയും അങ്ങോട്ടേക്കാണു് അയയ്ക്കേണ്ടതു്. ആ വിയോജനം വരുത്തിയില്ലെങ്കിൽ സമുദായം ജീർണ്ണിക്കും.

തകഴി ശങ്കരനാരായണൻ

എവിടെ നിന്നെവിടേക്കു പാറുന്നു നീ മഹാകാലപതംഗമേ? ധ്രുവതാരകങ്ങൾ നിൻ ചൂടേറ്റുവിടരുന്നു നിറകാന്തി വഴിയുന്ന സൗരവ്യൂഹങ്ങൾ നിൻചിറകൊലിയിലുണരുന്ന താളങ്ങളാവുന്നു.

ദാർശനിക വിഷയങ്ങളെക്കുറിച്ചു് എഴുതുന്നവരിൽ എനിക്കേറ്റവും അഭിമതൻ റൈമുണ്ടോ പണിക്കരാ ണു് (Raimundo Panikkar) അദ്ദേഹത്തിന്റെ The Vedic Experience എന്ന ഗ്രന്ഥം ഞാൻ വീണ്ടും വീണ്ടും വായിക്കാറുണ്ടു്. ദാർശനിക ചിന്തനത്തിനുള്ള പ്രധാന ഹേതു മോഹഭംഗമാണെന്നു് അദ്ദേഹം ആ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിരിക്കുന്നു. പ്രത്യക്ഷാനുഭവങ്ങളുടെ മായിക സ്വഭാവം മനുഷ്യനെ അസ്വസ്ഥനാക്കുന്നു. അവൻ ആ അനുഭവങ്ങൾ ഭേദിച്ചു് അകത്തേക്കു ചെല്ലുന്നു. അദ്ഭുതത്തെസ്സംബന്ധിച്ച ബോധമാണു് ദാർശനിക ചിന്തനത്തിനു കാരണമായി ഭവിക്കുന്നതെന്നു വേറൊരു മതവുമുണ്ടു്. ഇവ രണ്ടും ഒരു സങ്കല്പത്തിൽനിന്നാണു ജനിക്കുന്നതു്. കണ്ണു കാണുന്നതിനെക്കാൾ കൂടുതലായി എന്തോ ഉണ്ടെന്ന വസ്തുത. ഈ സങ്കല്പം രണ്ടുവിധത്തിലുള്ള പ്രതികരണങ്ങൾക്കു ഹേതുവായിത്തീരുന്നു. ഒരാൾ കൂടുതൽ പ്രതീക്ഷിക്കുന്നു. ലോകം കൂടുതൽ ഭംഗിയുള്ളതാകണം, സത്യാത്മകമാകണം, ഗഹനമാകണം, സമ്പൂർണ്ണമാകണം. ഈ പ്രസാദാത്മകത്വത്തിനു് അടിയേല്ക്കുമ്പോൾ അയാൾക്കു മോഹഭംഗം ഉണ്ടാകുന്നു. രണ്ടാമത്തെയാളിനു് ആദ്യത്തെയാളിനുള്ള പ്രതീക്ഷകളില്ല. ലോകം അത്രകണ്ടു വിരൂപമല്ല. നിരാശതാജനകമല്ല എന്ന വിചാരമാണു് അയാൾക്കു് ഇവിടെ വിഷാദാത്മകത്വമാണു്. അതു് അദ്ഭുതത്തിലേക്കു ചെല്ലുന്നു. ആദ്യത്തെയാളിനു് മോഹഭംഗം. കാരണം സത്യമായതു് കാണപ്പെടുന്നില്ല എന്നതുതന്നെ. രണ്ടാമത്തെയാളിനു് അദ്ഭുതം, ഹേതു വസ്തുക്കൾ യഥാർത്ഥത്തിൽ ഉള്ളവതന്നെ എന്നതാണു് (P. 453, Vedic Experience).

images/RaimundoPanikkar.jpg
റൈമുണ്ടോ പണിക്കർ

ഈ അദ്ഭുതമാണു് തകഴി ശങ്കരനാരായണന്റെ “പുഷ്കലാവർത്തച്ചിറകിൽ” എന്ന നല്ല കാവ്യത്തിനു് അവലംബം (മനോരാജ്യം) കേട്ടാലും: വിഷയത്തിനു യോജിച്ച ലയവും പദവിന്യാസവും ഈ കാവ്യത്തിന്റെ സവിശേഷതകളാണു്.

ലോകം സൃഷ്ടിക്കപ്പെട്ടതു സുഖത്തിനു വേണ്ടിയോ ദുഃഖത്തിനുവേണ്ടിയോ എന്ന ചോദ്യത്തിനു മറുപടിയായി രമണമഹർഷി പറഞ്ഞു:

“സൃഷ്ടി നന്മയാർന്നതല്ല, തിന്മയാർന്നതുമല്ല. അതു് എങ്ങനെയോ അങ്ങനെതന്നെ. മനുഷ്യന്റെ മനസ്സാണു് അതിൽ എല്ലാ വിധത്തിലുമുള്ള കെട്ടിപ്പടുക്കലുകളും നടത്തുന്നതു്. അതിന്റെമാത്രം കോണിൽക്കൂടെ വസ്തുക്കളെ കാണുന്നു. അതിന്റെ താല്പര്യത്തിനു മാത്രം യോജിക്കുന്നവിധത്തിൽ അവയെ വ്യാഖ്യാനിക്കുന്നു. സ്ത്രീ, സ്ത്രീ മാത്രം. പക്ഷേ, ഒരു മനസ്സു് അവളെ അമ്മയെന്നു വിളിക്കുന്നു, മറ്റൊന്നു സഹോദരിയെന്നു വിളിക്കുന്നു, വേറൊന്നു് അമ്മായിയെന്നും അങ്ങനെ പലവിധത്തിൽ പുരുഷന്മാർ സ്ത്രീകളെ സ്നേഹിക്കുന്നു, പാമ്പുകളെ വെറുക്കുന്നു, പാതവക്കിലുള്ള പുല്ലു്, കല്ലു് ഇവയെ അവഗണിക്കുന്നു. ഈ മൂല്യ നിർണ്ണയങ്ങളാണു് ലോകത്തെ എല്ലാ കഷ്ടപ്പാടുകൾക്കും കാരണങ്ങൾ. സൃഷ്ടി ആൽമരംപോലെയാണു്: പക്ഷികൾ അതിലെ പഴങ്ങൾ തിന്നാൻ വരുന്നു. അല്ലെങ്കിൽ അതിന്റെ കൊമ്പുകളിൽ ആശ്രയം തേടുന്നു. ആളുകൾ അതിന്റെ തണലിലിരുന്നു തണുപ്പു് അനുഭവിക്കുന്നു. എന്നാൽ ചിലർ അതിൽ തൂങ്ങിച്ചാവുകയും ചെയ്യുന്നു. എന്നിട്ടും മരം ശാന്തജീവിതം നയിച്ചുകൊണ്ടിരിക്കുന്നു; ഏതെല്ലാംവിധത്തിൽ അതിനെ ഉപയോഗിക്കുന്നു എന്നതു് അറിയാതെയും അതിനെക്കുറിച്ചു പരിഗണനയില്ലാതെയും മനുഷ്യന്റെ മനസ്സാണു സ്വയം പ്രയാസങ്ങളുണ്ടാക്കിയിട്ടു് സഹായത്തിനുവേണ്ടി നിലവിളിക്കുന്നതു്. ഒരാൾക്കു സമാധാനവും വേറൊരാൾക്കു ദുഃഖവും നല്കത്തക്കവിധത്തിൽ ഈശ്വരൻ പക്ഷപാതിയാണോ? സൃഷ്ടിയിൽ ഏതിനും സ്ഥലമുണ്ടു്. പക്ഷേ, മനുഷ്യൻ നന്മ, ആരോഗ്യം, സൗന്ദര്യം ഇവയെ കാണാൻ കൂട്ടാക്കുന്നില്ല.”
സൗധം സാർത്ഥകം
images/Ramana.jpg
രമണമഹർഷി

ഈ നഗരത്തിൽ എത്രവേഗമാണു് സൗധങ്ങൾ ഉയരുന്നത്! നമ്മൾ കൂടക്കൂടെ ആ റോഡിലൂടെ നടക്കുന്നു. ഒരു സൗധത്തിനടുത്തു് കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം കാണുന്നു. കുറെ ദിവസം കഴിഞ്ഞാണു് അതിലേ പോകുന്നതെങ്കിൽ ഒരിടത്തു ചുടു കല്ലുകൾ അടുക്കി വച്ചിരിക്കുന്നതു കാണാം. മറ്റൊരിടത്തു് കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. മൂന്നു മാസത്തേക്കു നിങ്ങൾ ആ വഴി പോകുന്നില്ലെന്നിരിക്കട്ടെ. എന്നിട്ടു് ഒരു ദിവസം ആ വഴി ചെന്നാൽ ചുടുകല്ലുമില്ല, കരിങ്കല്ലുമില്ല. കുറ്റിക്കാടുകൾക്കു പകരം മനോഹരമായ പൂന്തോട്ടം. അതിനു പിറകിൽ സൗധം. കരിങ്കല്ലിനും ചുടുകട്ടയ്ക്കും ‘ഒരർത്ഥ’വുമില്ല. എന്നാൽ അവ കൊണ്ടുണ്ടാക്കിയ സൗധം സാർത്ഥകം. ഒറ്റപ്പദങ്ങൾ അർത്ഥരഹിതങ്ങൾ. എന്നാൽ ഹരികുമാർ എന്ന കഥാകാരൻ അവയെ വേണ്ട വിധത്തിൽ സങ്കലനം ചെയ്തുവയ്ക്കുമ്പോൾ അതിനു് സാർത്ഥകസ്വഭാവം വരുന്നു. സ്വാർത്ഥതല്പരനായ ഒരു ചെറുപ്പക്കാരൻ. അയാൾ അമ്മയ്ക്കു് അയച്ചുകൊടുക്കുന്ന പണം അവർ അവരുടെ ചേട്ടനും കുഞ്ഞുങ്ങൾക്കും ചെലവാക്കുമ്പോൾ അയാൾക്കു കോപം. ആ കോപവും അതിനോടു ബന്ധപ്പെട്ട പ്രവൃത്തികളും കരിങ്കല്ലു പോലെ, ചെങ്കല്ലു പോലെ അർത്ഥരഹിതം. പക്ഷേ, ചേട്ടന്റെ മകളുടെ മക്കൾ അയാളെ സ്നേഹപൂർവ്വം ഉമ്മവയ്ക്കുമ്പോൾ അയാളുടെ സ്വാർത്ഥ ചിന്ത ഇല്ലാതാവുന്നു. അവരിലൂടെ അയാൾ സാർത്ഥകമായ ഒരു സ്നേഹസൗധം നിർമ്മിക്കുകയാണു്. കലാകൗമുദിയിൽ ഹരികുമാർ എഴുതിയ ഈ കഥ—‘സൂര്യകാന്തിപ്പൂക്കൾ’ എനിക്കിഷ്ടമായി.

“മറ്റുള്ളവർക്കു ഉപകാരങ്ങൾ ചെയ്യുന്നവൻ മണ്ടനാണു്, കാരണം അവൻ സ്വന്തം കാര്യം നോക്കുന്നില്ല എന്നതാണു്.” ഇമ്മട്ടിൽ ഏതോ മഹാൻ പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തിനു മഹത്ത്വമുണ്ടെങ്കിലും ഹൃദയവിശാലതയില്ല. സ്വാർത്ഥം ത്യജിച്ചു പരാർത്ഥമായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന സുഖം സ്വാർത്ഥ താല്പര്യത്തിൽ നിന്നു് ഒരിക്കലും ഉണ്ടാവുകയില്ല.

ചോദ്യം, ഉത്തരം

ചോദ്യം: “ഒരാളിനോടു ചെയ്യാവുന്ന വലിയ അപരാധമേതു?”

ഉത്തരം: “അയാളെ കണ്ടയുടനെ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുക.”

ചോദ്യം: “നിങ്ങളോടു് അങ്ങനെ ആരെങ്കിലും പറഞ്ഞാൽ നിങ്ങളെന്തു മറുപടി പറയും?”

ഉത്തരം: “ഞാൻ അയാളെ എന്തെങ്കിലും പറഞ്ഞു വേദനിപ്പിക്കുകയില്ല. അതു് എന്റെ നന്മകൊണ്ടല്ല. ഭീരുത്വംകൊണ്ടാണു്. എൻ. ഗോപാലപിള്ളസ്സാറിനോടു് ഒരിക്കൽ ഒരു സംസ്കൃതപണ്ഡിതൻ ‘സാറ് വല്ലാതെ ക്ഷീണിച്ചല്ലോ. ആരോഗ്യം നോക്കാത്തതെന്തു?’ എന്നു് സ്നേഹം നല്കുന്ന അധികാരത്തോടെ പറഞ്ഞു. സാറ് എടുത്ത വാക്കിനു ചോദിച്ചു: ‘എന്റെ ഭാര്യക്കില്ലാത്ത ചേതമാണോ നിങ്ങൾക്കു്? എന്റെ ആരോഗ്യം ഞാൻ നോക്കിക്കൊള്ളാം. നിങ്ങളുടെ ഉപദേശമൊന്നും വേണ്ട.

ചോദ്യം: “നിങ്ങൾക്കു വിസ്മയം ഉളവാക്കിയ ഒരു പ്രസ്താവം?”

ഉത്തരം: “കൗമുദിയുടെ പത്രാധിപർ കെ. ബാലകൃഷ്ണനോ ടൊരുമിച്ചു് ഞാൻ ആലപ്പുഴെ ഒരു മീറ്റിങ്ങിനു പോകുകയായിരുന്നു. കൗമുദി ഓഫീസിൽനിന്നു കെ. എസ്. ചെല്ലപ്പൻ എടുത്തുതന്ന പുതിയ കൗമുദി വാരികയിലെ “പത്രാധിപരുടെ കുറിപ്പുകൾ” കാറിലിരുന്നു വായിക്കുകയായിരുന്നു ഞാൻ. ബാലകൃഷ്ണൻ അതു കണ്ടു. അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു: ‘ആ ഷിറ്റി വീക്ക്ലി ദൂരെക്കള അവന്റെ ഒരു വാരികയും അവന്റെ പത്രാധിപക്കുറിപ്പുകളും’”

ചോദ്യം: “ഈ ലോകത്തെ ഏറ്റവും വലിയ ‘ഇംബാരസ്സിങ് സിറ്റ്യുവേയ്ഷൻ’—ആകുലാവസ്ഥ ഏതു?”

ഉത്തരം: “സ്ക്കൂട്ടറിന്റെ പിറകിലിരിക്കുന്ന സുന്ദരിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുമ്പോൾ വണ്ടിയോടിക്കുന്ന അവളുടെ ഭർത്താവു് ഭക്തിപൂർവം നമ്മെ തലതാഴ്ത്തി വന്ദിക്കുന്നതു്.”

ചോദ്യം:രമണമഹർഷി യോടു് ഒരു ചെറുപ്പക്കാരൻ ചോദിച്ച ചോദ്യം ഞാൻ നിങ്ങളോടു ചോദിക്കാം. മറുപടി പറയൂ: ‘അയൽ വീട്ടുകാരിയായ ചെറുപ്പക്കാരിയുടെ സ്തനങ്ങൾ കാണുമ്പോൾ എനിക്കു വല്ലാത്ത പാരവശ്യം. അവളുമായി വ്യഭിചാരകർമ്മത്തിൽ ഏർപ്പെടാൻ എനിക്കു പ്രലോഭനം, ഞാൻ എന്തു ചെയ്യണം?’”

ഉത്തരം: “എനിക്കിതിനു് ഉത്തരമില്ല. രമണമഹർഷി ആ ചെറുപ്പക്കാരനു് നല്കിയ ഉത്തരം ഞാനിവിടെ എഴുതാം. ‘നിങ്ങൾ എപ്പോഴും വിശുദ്ധനാണു്. നിങ്ങളുടെ ഇന്ദ്രിയങ്ങളും ശരീരവുമാണു് നിങ്ങളെ പ്രലോഭിപ്പിക്കുന്നതു്. ഈ ഇന്ദ്രിയങ്ങളെയും ശരീരത്തെയും നിങ്ങൾ ആത്മാവായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടു് ആദ്യമായി അറിയേണ്ടതു് ആരെ പ്രലോഭിപ്പിക്കുന്നു എന്നതാണു്. പ്രലോഭിപ്പിക്കാൻ ആരുണ്ടു് എന്നതാണു്. നിങ്ങൾ വ്യഭിചാരകർമ്മം അനുഷ്ഠിച്ചാൽത്തന്നെയും അതിനെക്കുറിച്ചു പിന്നീടു് വിചാരിക്കാതിരിക്കു. കാരണം നിങ്ങൾ വിശുദ്ധനാണു് എന്നതത്രേ. നിങ്ങളല്ല പാപി.”

ചോദ്യം: “നിങ്ങൾക്കു മാനസികമായ താഴ്ചയുണ്ടാക്കിയ ഒരു സംഭവം?”

ഉത്തരം: “നാല്പത്തഞ്ചുകൊല്ലം മുൻപു് ഞാൻ ആലപ്പുഴെ പൊലീസ് സ്റ്റേഷന്റെ മുൻപിൽ ബസ്സ് കാത്തുനില്ക്കുകയായിരുന്നു. കൈയിലിരുന്ന ടോർച്ചിന്റെ ബാറ്ററി കൊള്ളാമോ എന്നറിയാനായി ഞാൻ അതിന്റെ സ്വിച്ച് ഒന്നമർത്തി. വെളിച്ചം പൊലീസ് സ്റ്റേഷനിൽ ചെന്നു വീണതു ഞാനറിഞ്ഞില്ല. പെട്ടെന്നു സ്റ്റേഷനിൽ നിന്നു് ഒരു ശബ്ദം ഉയർന്നു: ഏതു് പു… മോനാണടാ സ്റ്റേഷനിൽ ടോർച്ചടിക്കുന്നതു? ഒരു കൺസ്റ്റബിൾ ഓടി എന്റെ അടുത്തുവന്നു. ഞാൻ വെപ്രാളത്തോടെ പറഞ്ഞു: ക്ഷമിക്കണം; അറിയാതെ സ്വിച്ച് അമർത്തിപ്പോയതാണു്’ കൺസ്റ്റബിൾ എന്നെ കൈവയ്ക്കാതെ തിരിച്ചുപോയി. പക്ഷേ, അയാൾ പറഞ്ഞ തെറിയുണ്ടല്ലോ അതു് ഇന്നും എനിക്കു മാന്ദ്യം ജനിപ്പിക്കുന്നു.”

ഷണ്ഡത്വം

ബീഭത്സത എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു? ഈ ചോദ്യത്തിനു ഉത്തരം ഞാൻ നല്കാം. എം. എ. റഹ്മാന്റെ ‘പദപ്രശ്നം’ എന്ന ചെറുകഥയിൽ. (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഏതു വഷളൻ കഥയും ഞാൻ ക്ഷമയോടെ അവസാനംവരെയും വായിക്കാറുണ്ടു്. രണ്ടുതവണ ശ്രമിച്ചിട്ടും ഈ കഥ പൂർണ്ണമായി വായിക്കാൻ എനിക്കു കഴിഞ്ഞില്ല. അന്യോന്യബന്ധമില്ലാത്ത കുറെ വാക്യങ്ങൾ മാത്രമേ ഇതിലുള്ളു.

ചിറ്റൂർ കോളേജിൽ ഒരു തമിഴു് ലക്ചറർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണിക്കു് കോയമ്പത്തൂർ പട്ടണം കാണണമെന്നു് ഒരാഗ്രഹം. അവരുടെ നിർബ്ബന്ധം കൂടിക്കൂടി വന്നപ്പോൾ ലക്ചറർ അണിക്കോടു് എന്ന സ്ഥലത്തുചെന്നു് ടാക്സിക്കാർ വിളിച്ചുകൊണ്ടുവന്നു. ഭാര്യയെ അതിൽ കയറ്റി കോയമ്പത്തൂരേക്കു പോയി അദ്ദേഹം. പട്ടണത്തിലെത്തിയപ്പോൾ കാറ് വേഗത്തിൽ ഓടിക്കാൻ ഡ്രൈവറോടു് പറഞ്ഞു. ഏതാണ്ടു് മണിക്കൂറിൽ നാല്പതു നാഴിക സ്പീഡിൽ കാറ് നഗരത്തിലാകെ കറങ്ങി. ഒരിടത്തും ഒരു സെക്കൻഡ്പോലും നിറുത്തിയില്ല. കാപ്പി കുടിച്ചാൽ കൊള്ളാമെന്നു ഭാര്യ പറഞ്ഞിട്ടും ഭർത്താവു് കാറ് നിറുത്താൻ സമ്മതിച്ചില്ല. ഒരു അരമണിക്കൂർ നേരത്തെ കറക്കം പട്ടണത്തിൽ. തിരിച്ചു അതേമട്ടിൽ ചിറ്റൂരേക്കു പോരുകയും ചെയ്തു. എന്തൊരു അർത്ഥശൂന്യമായ പ്രവൃത്തി, അല്ലേ? അതേ. പ്രവൃത്തികൾ സാർത്ഥകമാകണമെങ്കിൽ വ്യക്തികൾ അല്ലെങ്കിൽ വസ്തുക്കൾ തമ്മിൽ ഇന്ററാക്ഷൻ ഉണ്ടാകണം. ഞാനൊരു പുസ്തകം വായിക്കാതെ അലമാരിയിൽ വച്ചുപൂട്ടിയാൽ ഞാനും പുസ്തകവും തമ്മിൽ ഇന്ററാക്ഷൻ ഇല്ല. അപ്പോൾ പുസ്തകത്തിനു വിലയില്ലാതെയാവുന്നു. ഞാൻ പുസ്തകം വായിച്ചാൽ “പരസ്പര പ്രവർത്തനം” കൊണ്ടു് അതു സാർത്ഥകമായിത്തീരുന്നു. തരുണി ശക്തനും സുന്ദരനുമായ തരുണനോടു ചേരുമ്പോൾ രണ്ടു പേർക്കും വിലയുണ്ടു്. തരുണിക്കു കിട്ടുന്നതു ഷണ്ഡനെയാണെങ്കിൽ അവളുടെ മൂല്യം—വില—നശിക്കുന്നു. ഷണ്ഡങ്ങളായ കുറെ വാക്യങ്ങൾ എടുത്തുനിരത്തുന്നതേയുള്ളു റഹ്മാൻ. അവ വാരികയുടെ വില കൂടിയ മൂന്നു പുറങ്ങളിൽ വിലയില്ലാതെ കിടക്കുന്നു.

സന്ധ്യാവേളയിൽ അർദ്ധാന്ധകാരം വ്യാപിച്ചിരിക്കുമ്പോൾ അവൾ കൊച്ചു നിലവിളക്കു കത്തിച്ചുകൊണ്ടുവരുന്നു. അതോടെ ഇരുട്ടു മാറുന്നു. സ്വർണ്ണദീപത്തിന്റെ രശ്മികളേറ്റു് അവളുടെ മുഖം കൂടുതൽ തിളങ്ങുന്നു. കല ഇതുപോലെയാണു്. അന്ധകാരം മാറ്റി അതു തിളക്കം പ്രദാനംചെയ്യുന്നു.

ഫെറ്റിഷിസം

ഏതെങ്കിലും അചേതന വസ്തുവിൽ കാമത്തോടു ബന്ധപ്പെട്ട താല്പര്യം ചെന്നു വീഴുമ്പോൾ അതിനെ ഫെറ്റിഷിസമെന്നു മനഃശാസ്ത്രജ്ഞൻ വിളിക്കുന്നു. പുരുഷൻ അഭിലഷിക്കുന്ന സ്ത്രീയുടെ വസ്ത്രം അയാൾക്കു അനിയതമായ വികാരം ഉളവാക്കിയെന്നു വരാം. സ്ത്രീയെക്കാൾ വസ്ത്രത്തിനു് അയാൾ പ്രാധാന്യം കല്പിച്ചുവെന്നും വരാം. ഈ ഫെറ്റിഷിസം ചിത്തവൃത്തിയെ സംബന്ധിക്കുന്ന രോഗമാണു്.

ബഹിർഭാഗസ്ഥമായ ജീവിതസത്യത്തെ ഫെറ്റിഷായി കരുതുകയും അതിനെമാത്രം എപ്പോഴും ആവിഷ്കരിക്കുകയും ചെയ്യുമ്പോൾ വായനക്കാർക്കു ഒരുവിധത്തിലുള്ള ‘മടുപ്പു്’ ഉണ്ടാകും. ചൈതന്യധന്യങ്ങളായ വസ്തുതകളേയോ മൂല്യങ്ങളേയോ ഈ ചിത്രീകരണം അവഗണിക്കുന്നു. ഈ പരിമിതിഗ്രഹിച്ചുകൊണ്ടുതന്നെ പറയാം ദേശാഭിമാനി വാരികയിലെ ‘ചിരി മറന്ന കോമാളി’ (ടി. വി. എം. അലി എഴുതിയതു്) ഭേദപ്പെട്ട കഥയാണെന്നു്. ഒരു പോസ്റ്റ്മാന്റെയും കുടുംബത്തിന്റെയും ദയനീയമായ ചിത്രമാണു് ഇതിലുള്ളതു്. ഈ ചിത്രം നമ്മെ ദുഃഖിപ്പിക്കും. അതുതന്നെയാണു് ഇത്തരം കഥകളുടെ സവിശേഷത. കാരാഗൃഹത്തിലിരിക്കുന്ന മനുഷ്യനെ അലിയെപ്പോലുള്ള കഥാകാരന്മാർ കാണുമ്പോൾ മറ്റു ചില സാഹിത്യകാരന്മാർ തടവറയുടെ ഭിത്തികളെ മാത്രം കാണുന്നു. തടവറയെ വിട്ടു് തടവുകാരനെ കാണുന്നതാണു് മനുഷ്യത്വംകൂടിയ പ്രവൃത്തി. സംശയമില്ല.

സിനിമയുടെ രണ്ടാമത്തെ പ്രദർശനം കഴിഞ്ഞു് രാത്രി ഒരു മണിക്കെങ്കിലും ഭർത്താവു് തിരിച്ചെത്തേണ്ടതാണു്. നവവധു കാത്തിരിക്കുമ്പോൾ ഗെയ്റ്റിനടുത്തു കാല്പെരുമാറ്റം. ആകാംക്ഷയോടെ അവൾ ജന്നലിലൂടെ നോക്കുന്നു. അതേ അയാൾതന്നെ. നമുക്കിഷ്ടപ്പെട്ട കഥാകാരന്റെ കഥ വാരികയിൽ കാണുമ്പോൾ നമ്മുടെ മാനസികനില ഇതുതന്നെ.

അവൾ നോക്കുമ്പോൾ ഏതോ അപരിചിതൻ കുടിച്ച് ആടിയാടിപ്പോകുന്നു. നിരാശതയും ജുഗുപ്സയും ഫലം. പൈങ്കിളിക്കഥ വാരികയിൽ അച്ചടിച്ചു കാണുമ്പോൾ സഹൃദയന്റെ മനോഭാവം ഇതു തന്നെ.

ജനപ്പെരുപ്പം
images/NVKrishnaWarrier.jpg
എൻ. വി. കൃഷ്ണവാര്യർ

ഇന്ത്യയിലെ ജനസംഖ്യാവർദ്ധനയെക്കുറിച്ചു് പ്രഗല്ഭമായി ഉപന്യസിക്കുന്ന എൻ. വി. കൃഷ്ണവാര്യർ പ്രബന്ധം അവസാനിപ്പിക്കുന്നതു് ഇങ്ങനെയാണു്:

“ഇതിന്റെയെല്ലാം ഫലമായി, ക്രിസ്തു വർഷം 2011-ആണ്ടു് ആകുമ്പോഴേക്കു് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈനയിൽനിന്നു് ഇന്ത്യ പിടിച്ചുവാങ്ങാനിടയുണ്ടു്. അതോടൊപ്പം മറ്റുപല പദവികളും ഇന്ത്യയ്ക്കു് അനായാസമായി കൈവരും. ഏറ്റവുമധികം നിരക്ഷരർ ഉള്ള രാജ്യം, ഏറ്റവുമധികം അന്ധരും ബധിരരും മൂകരും വികലാംഗരുമുള്ള രാജ്യം, ഏറ്റവുമധികം രോഗികളുള്ള രാജ്യം, ഏറ്റവുമധികം വേശ്യകളുള്ള രാജ്യം, ഏറ്റവുമധികം ദരിദ്രരുള്ള രാജ്യം, ജീവിതനിലവാരം ഏറ്റവുമധികം താഴ്‌ന്നുനില്ക്കുന്ന രാജ്യം, ഏറ്റവുമധികം കുറ്റങ്ങൾ ഉള്ള രാജ്യം… അങ്ങനെ എന്തെല്ലാമെന്തെല്ലാം ‘ഏറ്റവുമധിക’ങ്ങൾ!”

ഈ സത്യംതന്നെ വേറൊരുവിധത്തിൽ പറയാം. ഒരാളിന്റെ എല്ലാ പ്രാഥമികാവശ്യങ്ങളും നിർവഹിക്കാൻ അയാൾക്കു രണ്ടേക്കർ ഭൂമി വേണമെന്നു് ശാസ്ത്രജ്ഞന്മാർ കണക്കാക്കിയിട്ടുണ്ടെന്നു ആൽഡസ് ഹക്സിലി ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ ഇപ്പോഴത്തെ ജനസംഖ്യയനുസരിച്ചു് ഒരുത്തനു് സൂചികുത്താനുള്ള സ്ഥലംപോലുമില്ല. അതുകൊണ്ടാണു് ഇന്നു് വിപ്ലവങ്ങളും മറ്റു് അസ്വസ്ഥതകളും ധാരാളമായി ഉണ്ടാകുന്നതു്. എ. ഡി. 2011 ആകുമ്പോഴേക്കു മനുഷ്യർ വല്ലാതെ കഷ്ടപ്പെടും. പരിമിതങ്ങളാണു് സാമ്പദിക വിഭവങ്ങളും, അവയിൽ ജനക്കൂട്ടം ചാടിവീഴും. അപ്പോൾ ബഹളവും രക്തച്ചൊരിച്ചിലുമുണ്ടാകും. ഇവയെ നേരിടാൻ സർക്കാർ കൂടുതൽ കൂടുതൽ അധികാരങ്ങളുപയോഗിക്കും. പ്രജാധിപത്യം നിലവിലുള്ള രാജ്യം ഇങ്ങനെ അധികാരങ്ങൾ പ്രയോഗിക്കുമ്പോൾ അതു സമഗ്രാധിപത്യസ്വഭാവം ആവഹിക്കും. അതിനാൽ ലോകത്തെ അവികസിതരാജ്യങ്ങളിൽ ഏതാനും മാസങ്ങൾകൊണ്ടു് സമഗ്രാധിപത്യം ജനനമെടുക്കുമെന്നു് ആൽഡസ് ഹക്സിലി ദീർഘദർശനം ചെയ്തിട്ടുണ്ടു്. ജവാഹർലാൽ പ്രധാനമന്ത്രിയായിരുന്ന കാലത്തു് ബർട്രൻഡ് റസ്സൽ ഇതിനൊരു പരിഹാരം നിർദ്ദേശിച്ചു. ഇന്ത്യയിലെ ജനസംഖ്യാവർദ്ധന നിയന്ത്രിക്കാൻ കുടുംബാസൂത്രണ പദ്ധതികൾ നെഹ്റു ത്വരിതപ്പെടുത്തണമെന്നു്.

ജനസംഖ്യയുടെ പെരുപ്പംകണ്ടു പേടിക്കുന്നതിൽ അർത്ഥമില്ലെന്നു പറയുന്നവരും ധാരാളമുണ്ടു്. വിറ്റമിൻ വേണ്ടിടത്തോളമുള്ള ഭക്ഷണംകഴിച്ചാൽ സന്തത്യുൽപാദനത്തിനു സ്വാഭാവികമായി കുറവുവരുമെന്നാണു് അവരുടെ വാദം. ഒരു ഉദാഹരണത്തിനു് അമേരിക്ക. സമ്പന്നമായ ആ രാജ്യത്തു പോഷകാംശങ്ങൾ ഏറിയ ഭക്ഷണം ലഭിക്കുന്നതുകൊണ്ടു് ജനസംഖ്യയുടെ പെരുപ്പമില്ല. നമ്മുടെ നാട്ടിലേക്കു നോക്കു. ദാരിദ്ര്യമുള്ള കുടുംബങ്ങളിൽ സന്താനങ്ങൾ ഏറെക്കാണും.

നാനാവിഷയകം
  1. ട്രയൽ വാരികയിൽ സി. ആർ. കേശവൻ വൈദ്യരെക്കുറിച്ച് ഒരു ലേഖനം വന്നു. അതു് എഴുതുന്നതിനു് എത്രരൂപ പത്രാധിപർക്കു കിട്ടി എന്നു് എം. കെ. മുരളീധരൻ അന്വേഷിക്കുന്നു. ഈ അന്വേഷണത്തിനു പത്രാധിപരുടെ മറുപടി: “കാശുകൊടുത്തു രണ്ടു നല്ല വാക്കു ട്രയലിലെഴുതിക്കാൻ സി. ആർ. കേശവൻ വൈദ്യരല്ല സാക്ഷാൽ ശ്രീപരമേശ്വരൻ വിചാരിച്ചാൽ പറ്റില്ല.”
  2. ഒ. വി. വിജയൻ കേരളദേശം വാരികയിൽ ‘ഇന്ദ്രപ്രസ്ഥം’ എന്ന പംക്തി ആരംഭിച്ചിരിക്കുന്നു. അതിലദ്ദേഹം പറയുന്നു: “ഇന്ദിര ഇന്നു രക്തസാക്ഷിയാണു്. താൻ സൃഷ്ടിച്ച പഞ്ചാബ് പ്രശ്നത്തിന്റെ, തന്റെ രൂക്ഷതയേറ്റിയ വർഗ്ഗീയ അന്യവല്കരണത്തിന്റെ രക്തസാക്ഷിയായിരുന്നു അവർ എന്ന കാര്യം ഇനിമേൽ സ്മരിച്ചുകൂടാ. കാരണം രക്തസാക്ഷിത്വത്തിന്നു ചുറ്റും കഠിനമായ മര്യാദകളാണു്.”
  3. ഡോക്ടർ എം. എം. ബഷീർ ചന്ദ്രിക വാരികയിൽ ഡോക്ടർ വൈക്കം മുഹമ്മദ് ബഷീറിനെ ക്കുറിച്ചെഴുതിയ ലേഖനത്തിൽ ഇങ്ങനെയും ഒരുഭാഗം: “ഡോക്ടർ വൈക്കം മുഹമ്മദ് ബഷീർ, നമ്മളെല്ലാം നാളെ മരിച്ചു മണ്ണടിഞ്ഞുപോയേക്കാം. പക്ഷേ, ഇവിടെ നിന്നു പോയാലും താങ്കൾ ഇവിടെ ജീവിക്കും. സഹൃദയരുടെ മനസ്സുകളിൽ എന്നും താങ്കളുണ്ടാവും. താങ്കളുടെ വെളിച്ചത്തിലൂടെ ഈ കാലഘട്ടം നാളെയിലേക്കു നീളും… താങ്കളുടെ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം കിട്ടിയതുതന്നെ എത്ര ധന്യം.” ട്രയൽ പത്രാധിപരുടെയും ഒ. വി. വിജയന്റെയും പ്രസ്താവങ്ങൾക്കു വസ്തുനിഷ്ഠത്വമുണ്ടു്. എം. എം. ബഷീറിന്റെ പ്രസ്താവം ഇൻസിൻസിറിറ്റിയുടെ സന്തതിയായ അന്യുക്തി. ടോൾസ്റ്റോയി യുടെ കാലത്തു ജീവിച്ച ആളിനുപോലും പറയാനൊക്കുകയില്ല അയാളുടെ ജീവിതം ധന്യമായിരുന്നെന്നു്. മഹാവിഷ്ണുവിനെ പിടിക്കാൻ വൈകുണ്ഠത്തു് എലിപ്പത്തായവുംകൊണ്ടു കയറരുതു്. എലിയെ പാർപ്പിക്കാൻ വൈകുണ്ഠം നിർമ്മിക്കുകയുമരുതു്.
images/Sigmundfreud1905.jpg
ഫ്രായിറ്റ്

എനിക്കു ജീവിതാസ്തമയം. അദ്ദേഹത്തിനു് എന്നെക്കാൾ പത്തു വയസ്സുകൂടും. അതുകൊണ്ടു് അദ്ദേഹത്തെ കണ്ടുകളയാമെന്നു വിചാരിച്ചു്, പോയി. വീടറിഞ്ഞുകൂടാ. ഭാഗ്യവശാൽ വഴിയിൽവച്ചു എനിക്കു പരിചയമുള്ള ഒരു സുന്ദരിയെ കണ്ടു. “…ന്റെ വീടെവിടെ?” എന്നു് എന്റെ ചോദ്യം. “ഞാൻ കൂടെവന്നു കാണിച്ചുതരാം. സാറിനു തനിയെ കണ്ടുപിടിക്കാനൊക്കുകയില്ല” എന്നു് അവരുടെ മറുപടി. അവർ കൂടെവന്നു. വീട്ടിന്റെ പടിപ്പുരയിലെത്തി. പടിപ്പുരയിൽനിന്നു് അരഫർലോങ് അകലെയാണു് വീടിരിക്കുന്നതു്. സ്ത്രീ ബല്ലിന്റെ സ്വിച്ച് അമർത്തി. അദ്ദേഹം വരാന്തയിൽ പ്രത്യക്ഷനായി. സഹായത്തിനു വന്ന സ്ത്രീ ഉടനെ തിരിച്ചുപോയി. പൊക്കംകൂടിയ എന്നെ മാത്രമേ അദ്ദേഹം കണ്ടിരിക്കാൻ ഇടയുള്ളു. പതുക്കെ നടന്നു് അദ്ദേഹം പടിപ്പുരയിൽ എത്തി: “ആങ്ഹാ കൃഷ്ണൻനായരോ? ക്യാറ്റ്റാക്ട് കൊണ്ടു് കാഴ്ച ശരിക്കില്ല. അതുകൊണ്ടു നിങ്ങളാണെന്നു് അടുത്തെത്തുന്നതുവരെ മനസ്സിലായില്ല. നിങ്ങളുടെകൂടെ വന്നിട്ടുപോയതു് പങ്കജമാണോ?” “അതേ” എന്നു ഞാൻ. (പങ്കജം എന്നതു ശരിയായ പേരല്ല). വാർദ്ധക്യത്തിലും ലിബിഡോക്കു് എന്തൊരു ശക്തി. ഫ്രായിറ്റ് ജയിക്കട്ടെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.