
വർഷം 1942; അല്ലെങ്കിൽ 1943. ആഴ്ചയും തീയതിയും മറ്റും ഓർമ്മയില്ലെനിക്കു്. തിരുവനന്തപുരത്തെ സയൻസ് കോളേജിന്റെ മുൻപിലുള്ള രാജവീഥിയിൽ ഞാൻ നില്ക്കുകയായിരുന്നു. സായാഹ്നം. എന്റെ അടുത്തുകൂടെ ഒരുജ്ജ്വല പുരുഷൻ നടന്നുപോകുകയാണു്. അഭിജാതനും ആത്മധീരനുമാണു താനെന്നു വിളിച്ചുപറയുന്ന മുഖഭാവം. ബുദ്ധിശക്തിയെ സ്പഷ്ടമാക്കുന്ന കണ്ണുകൾ. “ആജാനുബാഹൂ കരിമസ്തകമാറു് ”. ആ നടത്തത്തിനും തലതിരിച്ചുള്ള നോട്ടത്തിനുമൊക്കെ സവിശേഷതകളുണ്ടു്. എനിക്കു് ആളിനെ മനസ്സിലായി. ബോധേശ്വരൻ. അദ്ദേഹത്തിന്റെ അടുത്തുചെന്നു് ‘ബോധേശ്വരനാണോ?’ എന്നു ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അത്രകണ്ടാണു് അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ ശക്തി. അതുകൊണ്ടു് ഓടി അടുത്തു ചെന്നു വിനയത്തോടെ അറിയിച്ചു. ‘വളരെക്കാലമായി, പരിചയപ്പെടാൻ ആഗ്രഹിക്കുകയാണു്’. അദ്ദേഹം നിന്നു. പഞ്ചാനൻ ഏണശാബമായി. തെല്ലുനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘വരൂ. ഈ പുൽത്തകിടിയിൽ ഇരിക്കാം’. ഞങ്ങൾ കോളിജിന്റെ മുൻവശത്തു് ഇരുന്നു സംഭാഷണം തുടർന്നു. ‘എന്റെ ഏതു കവിതയാണു നിങ്ങൾക്കിഷ്ടപ്പെട്ടതു്’. ഞാൻ ‘അതുതാനമലം വരദം സുഖദം’ എന്നു തുടങ്ങുന്ന വരികൾ എന്റേതായ മട്ടിൽ ചൊല്ലിക്കേൾപ്പിച്ചു. ‘ഈ കവിതയെക്കുറിച്ചു് എന്താണഭിപ്രായം?’ എന്നു് അദ്ദേഹം ചോദിച്ചു. ‘ഇതു നിഷ്കളങ്കമായ സ്നേഹത്തെ സ്തുതിക്കുന്ന കവിതയാണു്’. ബോധേശ്വരനു് ഇഷ്ടമായി. ‘ശരി. അതുതന്നെയാണു് ശരി. ഇവിടെ ചിലർ പറഞ്ഞു പരത്തുന്നുണ്ടു് ഞാനിതു് കാർത്ത്യായനിഅമ്മയെക്കുറിച്ചു് എഴുതിയതാണെന്നു്. നിങ്ങൾ സത്യം കണ്ടെത്തിയതിൽ എനിക്കു സന്തോഷമുണ്ടു്. നാളെ വീട്ടിൽ വരു എന്റെ പുസ്തകങ്ങൾ തരാം. അർഹതയില്ലാത്ത ചിലർ അവ കൊണ്ടുപോയിട്ടുണ്ടു് മുൻപു്. നിങ്ങൾ അങ്ങനെയല്ല’. ഞാൻ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്നു പുസ്തകങ്ങൾ സ്വീകരിച്ചു. രണ്ടാഴ്ച കഴിഞ്ഞു കെ. വി. സുരേന്ദ്രനാഥി നോടൊരുമിച്ചു് വീണ്ടും പോയി. (കെ. വി. സുരേന്ദ്രനാഥ് നെടുമങ്ങാട്ടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നു മായ എന്ന പെൺകുട്ടി ടെലിവിഷനിലൂടെ അറിയിച്ചിട്ടു് ഏതാനും നിമിഷങ്ങളേ ആയുള്ളു) ബോധേശ്വരനും സുരേന്ദ്രനാഥും ഞാനും വളരെനേരം സംസാരിച്ചു; ഏറിയകൂറും സാംസ്കാരിക വിഷയങ്ങളെക്കുറിച്ചു്.

അർഹതയില്ലാത്തവർ പുസ്തകങ്ങൾ കൊണ്ടുപോയിയെന്നു ബോധേശ്വരൻ പറഞ്ഞല്ലോ. അർഹതയില്ലാത്തവരായിരിക്കാം അവർ. എങ്കിലും കവി ചെയ്തതു ഉചിതജ്ഞതയുള്ള കൃത്യമായിരുന്നുവെന്നാണു് എന്റെ പക്ഷം. കവി തന്റെ രചനകൾ മറ്റുള്ളവർക്കു നല്കുമ്പോൾ താൻ ആവിഷ്കരിച്ച സത്യസൗന്ദര്യങ്ങളുടെ ലോകത്തു പങ്കുകൊള്ളുവാൻ അവർക്കു സൗകര്യം നിർമ്മിച്ചുകൊടുക്കുകയാണു്. പുസ്തകം കൊണ്ടുപോയവർ ആദ്യമൊക്കെ അലക്ഷ്യമായി അതു് എവിടെയെങ്കിലും എറിഞ്ഞുവെന്നു വിചാരിക്കു. ഏതെങ്കിലുമൊരു നിമിഷത്തിൽ അവർ അതു തുറന്നു കണ്ണോടിക്കാതിരിക്കില്ല. അപ്പോൾ അനാവരണം ചെയ്യപ്പെടുന്ന ലോകം അവർക്കു തീർച്ചയായും ഉന്നമനം നല്കും. അപ്പോഴാണു് കവിയുടെ ദാനം സാർത്ഥകമായി ഭവിക്കുന്നതു്. പുസ്തകം സമ്മാനിക്കുമ്പോൾ മാത്രമല്ല, കാവ്യമെഴുതുമ്പോഴും കഥയെഴുതുമ്പോഴും നിരൂപണം എഴുതുമ്പോഴും നമ്മൾ ലോകത്തിനു സേവനമനുഷ്ഠിക്കുകയാണു്. അതിനാലാണു് സാംസ്കാരിക കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്കു ലോകം മാന്യത കല്പിക്കുന്നതു്. ദൗർഭാഗ്യവശാൽ സമകാലികലോകം മൂല്യനിരാസത്തിൽ മാത്രം തല്പരമായിരിക്കുന്നു. ഓടി കാലുകളുടെ ശക്തികാണിക്കുന്നവർക്കു പതിനെട്ടു ലക്ഷം രൂപയും കാറുകളും നല്കുന്നവർ ഉന്നത കലാകാരനായ ഗോപി രോഗത്തിന്റെ യാതനയിൽപ്പെട്ടു പുളയുമ്പോൾ കണ്ണടച്ചുകളയുന്നു. ഗോപീ, സുഹൃത്തേ, നൃശംസതയാർന്നതാണു് ഈ ലോകം എന്നുമാത്രം ധരിക്കു.
ഒരു രാഷ്ട്രീയ പ്രവർത്തകൻ ഒരു മഹാകവിയെ സമ്മേളനത്തിനു ക്ഷണിച്ചു. “എന്റെ റേറ്റ് അഞ്ഞൂറു രൂപയാണു്” എന്നു മഹാകവി അറിയിച്ചു. നാല്പത്തഞ്ചുകൊല്ലം മുൻപുള്ള സംഭവമാണിതു്. അന്നത്തെ അഞ്ഞൂറു രൂപയ്ക്കു് ഇന്നത്തെ അമ്പതിനായിരം രൂപയുടെ വിലയുണ്ടു്. ആവശ്യപ്പെട്ട തുക കൊടുക്കാമെന്നു രാഷ്ട്രീയ പ്രവർത്തകൻ സമ്മതിച്ചതുകൊണ്ടു മഹാകവി സമ്മേളനത്തിനു പോയി. പ്രസംഗമൊക്കെക്കഴിഞ്ഞു്. അദ്ദേഹം കാറിൽ കയറിയപ്പോൾ രാഷ്ട്രീയ പ്രവർത്തകൻ വിനയത്തോടെ ഒരു കവർ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. മഹാകവി വടക്കുചെന്നു കവർ തുറന്നുനോക്കി. അമ്പതു രൂപയുണ്ടായിരുന്നു. പിന്നീടു് അദ്ദേഹം പറയാറുണ്ടായിരുന്നു ‘തിരുവിതാംകൂർകാരെല്ലാം കള്ളന്മാരാണു്’.
ഞാനും കെ. എസ്. ചന്ദ്രനും മഹായശസ്കനായ ഒരു സാഹിത്യകാരനും കൂടി പാലായിൽ ഒരു മീറ്റിങ്ങിനു പോയി. സാഹിത്യകാരന്റെ കാറിലായിരുന്നു യാത്ര. കിലോമീറ്ററിനു ഒരു രൂപയെന്ന കണക്കിനു കൂലി കൊടുത്തുകൊള്ളാമെന്നു സംഘാടകർ സമ്മതിച്ചിരുന്നു നേരത്തെ. സമ്മേളനത്തിനു ശേഷം കെങ്കേമമായ കാപ്പികുടി ഉണ്ടായിരുന്നു. മീറ്റിങ്ങിനു വിളിച്ചുകൊണ്ടു പോകുന്നവരിൽ പലരും അതുകഴിഞ്ഞാൽ ദാഹിച്ച വെള്ളം പോലും തരാതെ കാറിൽ കയറ്റി അയച്ചുകളയുന്നവരാണു്. വല്ലതും തരാൻ ചിലർ കൂട്ടാക്കിയെന്നു വരും. അതു് രണ്ടു കൺട്രി ബിസ്കറ്റും നൂലു കയറ്റിയ ഉഴുന്നുവടയും തട്ടുകടയിൽനിന്നു വാങ്ങിച്ച ചായയെന്ന ഒട്ടുന്ന ദ്രാവകവുമായിരിക്കും. പാലായിലെ സംഘാടകർ അങ്ങനെയൊന്നുമായിരുന്നില്ല. സൽകാരപ്രിയന്മാർ. മദ്യം വേണ്ടവർക്കു ഷീവാസ് റീഗൽ തുടങ്ങിയ ഉഗ്രൻ സാധനങ്ങൾ. അതെല്ലാം കഴിച്ച സാഹിത്യനായകൻ താൻ നേരത്തെ സമ്മതിച്ച റേറ്റനുസരിച്ചുള്ള പണം വാങ്ങി. എന്നിട്ടു് ഇരുന്നൂറു രൂപ കൂടി വേണമെന്നു ശാഠ്യം പിടിച്ചു. ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ കെ. എസ്. ചന്ദ്രൻ ചെറുപ്പക്കാരനായ സംഘാടകനെ വിളിച്ചു പറഞ്ഞു: “കൊടുത്തേക്കു് അതും കൂടെ”. അവർ ആ രൂപയും കൊടുത്തു. എന്നിട്ടു് എന്നെ വിളിച്ചു പറഞ്ഞു: “സാറ് കൂടി വന്നതു് ഇവന്റെ ഭാഗ്യം. ഇല്ലെങ്കിൽ ഞങ്ങൾ ജീപ്പിൽവന്നു കാറിനെ ഓവർടേക്ക് ചെയ്തു് തടഞ്ഞുനിറുത്തി ഇവനെ അടിക്കുമായിരുന്നു”. ആ യുവാക്കന്മാരെ ഞാൻ സമാധാനിപ്പിച്ചു. തിരിക്കാറായപ്പോൾ സാഹിത്യനായകൻ അദ്ദേഹത്തിന്റെ ഡ്രൈവറോടു് ആജ്ഞാപിച്ചു: “എടേ മുരുകാ ആ മേശപ്പുറത്തിരിക്കുന്നതിൽനിന്നു് നാലു കുപ്പിയെടുത്തു കാറിന്റെ പിറകിൽ വച്ചേരേ”. ഞങ്ങൾ യാത്രയാരംഭിച്ചു. ഏതാണ്ടൊരു വനപ്രദേശത്തു് എത്തിയപ്പോൾ സാഹിത്യനായകൻ കാറ് നിറുത്താൻ പറഞ്ഞു. അതിൽനിന്നിറങ്ങി പിറകുവശം തുറന്നു കുപ്പിയെടുക്കാൻ ഭാവിച്ചു. അവിടെ ഒന്നും കണ്ടില്ല. ദേഷ്യത്തോടെ അദ്ദേഹം അലറി “എടാ മുരുകാ കുപ്പികളെടുത്തു വച്ചില്ലേ?” മുരുകന്റെ മറുപടി: “സാർ ഞാനെടുത്തു. പക്ഷേ, അവർ തെറി പറഞ്ഞിട്ടു് അവ എന്റെ കൈയിൽനിന്നു പിടിച്ചു വാങ്ങിക്കൊണ്ടു പോയി”. കാറ് നീങ്ങി. ആദ്യം കണ്ട കള്ളുഷാപ്പിന്റെ മുൻപിൽ അതു നിറുത്താൻ ആജ്ഞാപിച്ച സാഹിത്യനായകൻ ഷാപ്പിനകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു: “ഒരു നല്ല കുപ്പി കള്ളു വേണം. അച്ചുതമേനോനു കൊടുക്കാനാണു്”. “ഇവിടെ കള്ളുമില്ല, കിള്ളുമില്ല” എന്നു മറുപടി. സന്മാർഗ്ഗനിരതനും നീതിതല്പരനുമായ അച്ചുതമേനോനെ ഇങ്ങനെയാണു് സംസ്കാരസമ്പന്നനെന്നു ഭാവിക്കുന്ന സാഹിത്യകാരൻ അപമാനിക്കാൻ ശ്രമിച്ചതു്. ശ്രമമേയുള്ളു. കള്ളു വില്പനക്കാരനു പോലും അറിയാമായിരുന്നു ആ മാന്യന്റെ പേരു് ആ മദ്യപൻ വെറുതേ വലിച്ചിഴച്ചു കൊണ്ടുവരികയായിരുന്നുവെന്നു്.
ഈ സാഹിത്യകാരനുമായിട്ടു് ഞാൻ കടയ്ക്കാവൂരിൽ ഒരു സമ്മേളനത്തിനു പോയിരുന്നു. ഒരു മണിക്കൂർ നേരത്തെ പ്രസംഗത്തിനു നൂറു രൂപ എന്നായിരുന്നു അദ്ദേഹത്തിന്റെ കരാറു്. അര മണിക്കൂർ നേരം പ്രസംഗിച്ചിട്ടു് സാഹിത്യകാരൻ ഇരുന്നു. സംഘാടകർ ഒന്നും മിണ്ടിയതുമില്ല. തിരിച്ചു പോരാൻ നേരത്തു് നൂറു രൂപ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തിട്ടു് അവരിലൊരാൾ പറഞ്ഞു: സാറ് അരമണിക്കൂറേ പ്രസംഗിച്ചുള്ളു. എങ്കിലും ഞങ്ങൾ തുക കുറച്ചിട്ടില്ല. സംസ്കാരം വിളമ്പുന്ന സാഹിത്യകാരന്മാരെക്കാൾ മീറ്റിങ് നടത്തുന്ന സാധാരണക്കാർ എത്രയോ ഉന്നതന്മാർ.
പ്രസംഗിക്കുന്നതിനുവേണ്ടി പണം വാങ്ങുന്നതുവരെ പരിഹസിക്കുന്നു കെ. എൽ. മോഹനവർമ്മ (പ്രസംഗം എന്ന ഹാസ്യലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ). അദ്ദേഹത്തിന്റെ കഥാപാത്രം കേരളത്തിന്റെ പടത്തിൽ ചെറിയ വൃത്തങ്ങൾ വരച്ചുവച്ചിട്ടുണ്ടു്. അവയ്ക്കു പല നിറങ്ങൾ. ആ വർണ്ണങ്ങളിൽനിന്നു് ഏതു വർഷം ആ സ്ഥലത്തു പ്രസംഗിച്ചുവെന്നറിയാം. അവയിൽ എഴുതിയിട്ടുള്ള നമ്പരുകളിൽനിന്നു് ഏതേതു നേരമ്പോക്കുകളും ശ്ലോകങ്ങളുമാണു് പറഞ്ഞതെന്നു് അറിയാം. അതുകൊണ്ടു് അവിടെ വീണ്ടും പോയാൽ മുൻപു് ചൊല്ലിയ ശ്ലോകങ്ങൾ ആവർത്തിക്കേണ്ടിവരില്ല. നേരമ്പോക്കുകളും വീണ്ടും പറയാതെ കഴിക്കാം. പ്രസംഗത്തിനുവേണ്ടി പണം വാങ്ങുന്നവരെയും പ്രഭാഷണം ആവർത്തിക്കുന്നവരെയും കളിയാക്കുകയാണു് മോഹനവർമ്മ. ന്യൂനോക്തിയിലല്ല അത്യുക്തിയിലാണു് അദ്ദേഹം രസിക്കുന്നതു്.
വൈരുദ്ധ്യങ്ങളിലാണു് പലപ്പോഴും ഹാസ്യമിരിക്കുന്നതു്. താഴെച്ചേർക്കുന്ന വൈരുദ്ധ്യങ്ങളിൽ ഹാസ്യമില്ലെങ്കിൽ അവ എഴുതിയ എന്റെ മനസ്സു് ശുഷ്കമാണെന്നു കരുതിയാൽ മതി.
- മലയാള നോവലുകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തുകഴിയുമ്പോൾ സായ്പന്മാർ ലജ്ജിച്ചു തലതാഴ്ത്തുന്നു; തങ്ങൾ ഇത്രയുംകാലം മലയാള സാഹിത്യകാരന്മാരെ അബോധാത്മകമായി മോഷ്ടിക്കുകയായിരുന്നല്ലോ എന്നു വിചാരിച്ചു്.
- ഉയർന്നിട്ടു് താഴോട്ടുവരുന്ന ലാത്തികളെ നോക്കി യുവാക്കന്മാർ ഓടിച്ചെന്നു് അവയ്ക്കുതാഴെ മുതുകുവച്ചുകൊടുക്കുന്നു.
- സുന്ദരിയായ ലേഡി ഡോക്ടർ മനോഹരങ്ങളായ പല്ലുകൾ കാണിച്ചു വാതുറക്കുമ്പോൾ അഴുകിയ പല്ലുകളത്രയും കാണിച്ചു് കറങ്ങുന്ന കസേരയിലിരിക്കുന്ന രോഗിയും വാ തുറക്കുന്നു.
- സുന്ദരി കൈകാണിച്ചിട്ടും ഡ്രൈവർ ബസ്സ് നിറുത്താതെ പോകുന്നു. അവൾ ചിരിക്കുന്നു. ഡ്രൈവർ പല്ലിറുമ്മി ‘സൗന്ദര്യമുണ്ടെങ്കിൽ അവൾക്കു കൊള്ളാം’ എന്നു പതുക്കെപ്പറയുന്നു.
- കാലത്തു ജോലിയിൽനിന്നു വിരമിച്ച ഐ. എ. എസ്. ഉദ്യോഗസ്ഥൻ വൈകുന്നേരം പുളിമൂടു ഭാസ്കരൻ നായരുടെ ബുക്ക് സ്റ്റാളിനു മുൻപിൽ നില്ക്കുന്നു. ‘ഇനി എന്താണു്?’ എന്നു ഭാസ്കരൻ നായർ ചോദിക്കുമ്പോൾ ‘എനിക്കു വേറെ പണിയുണ്ടു് ഇതൊഴിഞ്ഞതു നന്നായി’ എന്നു മറുപടി നല്കുന്നു.
- അമ്മയും മോളും സമ്പത്തുള്ള കുടുംബത്തിലെ അംഗങ്ങൾ. കൊട്ടാരംപോലുള്ള വീടു്. ഭംഗിയായി വസ്ത്രധാരണം ചെയ്തു രണ്ടുപേരും വീട്ടിന്റെ മുൻവശത്തെ പടിയിൽ. അമ്മ മകളുടെ തലയിൽനിന്നു പേനെടുത്തു് തള്ളവിരലിന്റെ നഖത്തിൽവച്ചു് മറ്റൊരു നഖമമർത്തി പൊട്ടിച്ച് ‘ശ്’ എന്ന ശബ്ദം കേൾപ്പിക്കുന്നു.
- നവീന രീതിയിൽ നിർമ്മിച്ച ഭവനം. ടെറസിൽ വലിച്ചുകെട്ടിയ കമ്പി അശയിൽ വീട്ടുടമസ്ഥന്റെ കോണകം നനച്ചു തൂക്കിയിരിക്കുന്നു.

ഫ്രഞ്ച് സന്മാർഗ്ഗവാദിയും സൂത്രസദൃശമായ വാക്യരചനയിൽ നിസ്തുലനും ആയ ലേ റൊഷ്ഫുകോ (La Rochefoucauld, 1613–80) സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യനെ മാത്രമേ കണ്ടതുള്ളുവെന്നു അൽഡസ് ഹക്സിലി പറഞ്ഞിട്ടുണ്ടു്. ഒന്നു രണ്ടു് ഉദാഹരണങ്ങൾ:അപ്ലോഡ്
“ബുദ്ധിയെക്കാൾ ഗർവ്വമാണു് കൂടുതൽ സംഭാഷണങ്ങൾക്കു കാരണമാവുന്നതു്”. “(വ്യക്തിയുടെ) അഭാവം ചെറിയ വികാരങ്ങളെ കെടുത്തിക്കളയുന്നു. വലിയ വികാരങ്ങളെ വർദ്ധിപ്പിക്കുന്നു. കാറ്റു് മെഴുകുതിരി കെടുത്തുന്നതുപോലെയും വലിയ അഗ്നിയെ ആളിക്കത്തിക്കുന്നതു പോലെയും”.

ഏകാന്തതയിൽ കഴിഞ്ഞു കൂടുന്ന ആത്മാവിനെക്കുറിച്ചു് റൊഷ്ഫുകോ ഒന്നും പറഞ്ഞില്ലെന്നാണു് ഹക്സിലിയുടെ പരാതി. ആ വിധത്തിലൊരാത്മാവിനെ കാണണമെങ്കിൽ ദസ്തെയെവസ്കി യുടെ നോവലുകൾ വായിക്കണമെന്നാണു് ഹക്സിലിയുടെ നിർദ്ദേശം. (Along the Road, A Huxley, Books for the journey എന്ന അദ്ധ്യായം.) ഇക്വേറ്റ് ചെയ്തു് എഴുതുകയല്ല. ഏകാന്തതയിൽ ജീവിക്കുന്ന ആളാണു് ഞാൻ. ഒരു സ്നേഹിതന്റെയോ ഒരു ബന്ധുവിന്റെയോ വീട്ടിൽ ഞാൻ പോകുന്നില്ല. എനിക്കു് ബാങ്ക് ബാലൻസില്ല. ‘കലാകൗമുദി’യുടെ പ്രവർത്തകർതരുന്ന ചെക്ക് ഡിസ്കൗണ്ടു് ചെയ്യാൻ മാത്രം പത്തുരൂപ ഞാൻ ഒരു ബാങ്കിൽ ഇട്ടിട്ടുണ്ടു്. എനിക്കു് സ്വന്തമായ വീടില്ല. നിലങ്ങളും പുരയിടങ്ങളിൽ റബ്ബർ എസ്റ്റേറ്റുകളും ശ്വശുരന്റെ മരണത്തിനുശേഷം എനിക്കു കിട്ടിയെങ്കിലും ഞാൻ അവചെന്നു നോക്കാതെ മക്കൾക്കു വീതിച്ചുകൊടുത്തു. ഇന്നുവരെ അതിൽ ഒരു തുണ്ടു ഭൂമിപോലും ഞാൻ കണ്ടിട്ടില്ല. ഇനി കാണുമെന്നു തോന്നുന്നുമില്ല. എന്റെ സഹധർമ്മിണിക്കു് അവളുടെ അച്ഛൻ നല്കിയ ഒരു തെങ്ങിൻ പുരയിടം ഒരുത്തൻ കൈയേറി, എന്റെ മരുമക്കൾ കൈയേറ്റക്കാരന്റെ പേരിൽ കേസ് കൊടുക്കാനും ബലാൽക്കാരമായി തേങ്ങവെട്ടാനും തയ്യാറായി. “വേണ്ട, അയാൾ എടുത്തുകൊള്ളട്ടെ” എന്നുപറഞ്ഞ് ഞാൻ അവരെ അതിൽനിന്നു് പിന്തിരിപ്പിച്ചു. ക്രിസ്തുവായി ചമയുകയാണു് ഞാനെന്നു് പ്രിയപ്പെട്ട വായനക്കാർ തെറ്റിദ്ധരിക്കരുതു്. ഭൗതിക കാര്യങ്ങളിൽ എനിക്കു് ഒരു തല്പരത്വവുമില്ല എന്നു കാണിക്കാനാണു് ഇത്രയും എഴുതിയതു്.

ആത്മാവിന്റെ ഏകാന്തതയാണു് എനിക്കു്. ഈ ഏകാന്തതയിൽ നിന്നു രക്ഷപ്രാപിക്കാൻ വേണ്ടിയാണു് ഞാൻ പതിനെട്ടുകൊല്ലമായി ഈ കോളമെഴുതുന്നതു്. ശത്രുക്കളുടെ രചനകൾ പോലും നല്ലവയാണെങ്കിൽ നല്ലതു് എന്നേ ഇന്നുവരെ എഴുതിയിട്ടുള്ളു. മിത്രങ്ങളുടെ രചനകൾ വിരൂപങ്ങളാണെങ്കിൽ വിരൂപമെന്നേ ഞാൻ പറഞ്ഞിട്ടുള്ളു! മുകളിലെഴുതിയ സത്യം ജനയുഗം വാരികയുടെ കോളമ്നിസ്റ്റായ കൊളാടി ഗോവിന്ദൻ കുട്ടി അറിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾക്കു ഞാനദ്ദേഹത്തോടു നന്ദിയുള്ളവനാണു്.
“വഴിവക്കിലൊരു പാഴ്മരമായ് ഞാൻ
വർഷങ്ങളേറെയായ് നിന്നിടുന്നു.
ഇലകൾ കൊഴിഞ്ഞും തൊലികൾ പിളർന്നും
ചിതൽ കേറിയുള്ളാകെ പോടായി
ഒരുശാപമായ്”
അസീസ് പട്ടാമ്പി ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതിയ ‘അന്ത്യം കാത്തു്’ എന്ന “കാവ്യ”ത്തിന്റെ തുടക്കമാണിതു്. ഇങ്ങനെ കവിത രചിച്ചാൽ ശാപമാകാതിരിക്കുന്നതെങ്ങനെ അസീസേ? എങ്കിലും എനിക്കു് താങ്കളോടു ബഹുമാനമുണ്ടു്. ആത്മകഥ സത്യസന്ധമാവുമ്പോൾ അതു് വായിക്കുന്ന അന്യർക്കു രചയിതാവിനോടു് ബഹുമാനം തോന്നും. അസീസ് തുടരുന്നു:
“അന്നൊക്കെയാളുകൾ ധാരാളമെപ്പോഴും
എന്നെക്കുറിച്ചുള്ള പാട്ടുപാടി
ഇന്നോ ദുഃഖപ്രതീകമാക്കാൻ പോലുമീ
ക്യാമറാക്കാരനും വന്നതില്ല”
ഇതിൽ ആദ്യത്തെ രണ്ടു വരികൾ പച്ചക്കള്ളം. സത്യസന്ധതയിൽനിന്നു് അസത്യത്തിലേക്കു് ഇങ്ങനെ ഹനൂമാൻ ചാട്ടം ചാടരുതു് അസീസ്. രണ്ടാമത്തെ രണ്ടുവരികൾ സത്യംതന്നെ. ഫിലിമിനു് (ഫിൽമ് എന്നു ശരിയായ ഉച്ചാരണം) വലിയ വിലയല്ലേ? അതുകൊണ്ടു് ക്യാമറാക്കാരൻ അസീസിന്റെ പടമെടുക്കാൻ വന്നിരിക്കില്ല.
“ഒരു കോടാലിക്കൈയൊന്നുകണ്ടീടുവാൻ
ഒരു ശക്തമാം കാറ്റിൻവിളക്കായ്
കാത്തിരിക്കുന്നു ഞാനിമ്മട്ടിലൊട്ടേറെ
കാലമായ്, കാലൻപോലും വരില്ലേ?”
എന്നു് അസീസ് വീണ്ടും പരിദേവനം നടത്തുന്നു. അയ്യയ്യോ അങ്ങനെയൊന്നും പറയരുതു്. അസീസ് വളരെക്കാലം ജീവിച്ചിരിക്കണമെന്നാണു് എന്റെ ആഗ്രഹം. കവിതമാത്രം എഴുതാതിരുന്നാൽ മതി. അസീസേ, പാകിസ്ഥാനിലെ സിയാ ഉൾ ഹക്കി ന്റെ ന്യൂക്ലിയർ ബോംബ് താങ്കളുടെ കാവ്യവുമായി തട്ടിച്ചുനോക്കിയാൽ അത്രകണ്ടു വിനാശാത്മകമല്ല.
ചോദ്യം: “സെക്സിൽ അതിരുകടന്ന കൗതുകമുള്ളവരെ എങ്ങനെ തിരിച്ചറിയാം?”
ഉത്തരം: “വീടുവാടകയ്ക്കു് എടുക്കാൻ വന്നാൽ ബെഡ്റൂം എത്രയുണ്ടെന്നു ആദ്യംതന്നെ ചോദിക്കും”.
ചോദ്യം: “മോഡേൺ ക്രിട്ടിക്?”
ഉത്തരം: “ഓൾവെയ്സ് ഇൻകോംപിറ്റന്റ് ആൻഡ് ഓൾവെയ്സ് എ ഫാൾസിഫൈയർ”.
ചോദ്യം: “എം. കെ. മേനോനെ ക്കുറിച്ചു് (വിലാസിനിയെക്കുറിച്ചു്) എന്താണഭിപ്രായം?”
ഉത്തരം: “മാന്യൻ. ധാരാളം വായിച്ചിട്ടുള്ള ആൾ. വായിച്ചതു് മനസ്സിലാക്കിയിട്ടുള്ള ആൾ. നോവലുകൾ പാരായണയോഗ്യങ്ങൾ. വിശേഷിച്ചും ‘നിറമുള്ള നിഴലുക’ളുടെ ആഖ്യാനം ഒന്നാന്തരം. അദ്ദേഹത്തിന്റെ ആ വലിയ നോവലുണ്ടല്ലോ ‘അവകാശികൾ’—അതു് എൻ. ബി. എസ്സിൽനിന്നു് വാങ്ങുന്നവർക്കു് സാഹിത്യപ്രവർത്തക സംഘം ഓരോ ചക്കടാവണ്ടികൂടെ ഫ്രീയായി കൊടുക്കേണ്ടതാണു്. കൈയിലെടുത്തോ തലച്ചുമടായോ കൂലിക്കാരനെക്കൊണ്ടു് എടുപ്പിച്ചോ അതു വീട്ടിൽക്കൊണ്ടു പോകാൻ പ്രയാസം”.
ചോദ്യം: “പറഞ്ഞ കാര്യങ്ങൾ പിന്നെയും പറയുന്നവരോടു് താങ്കൾക്കുള്ള മനോഭാവം?”
ഉത്തരം: “പുച്ഛം. അതുകൊണ്ടാണു് ഞാൻ എന്നെത്തന്നെ പുച്ഛിക്കുന്നതു്”.

“ഞാനും ഭർത്താവും ഇഷ്ടത്തിലാണെങ്കിൽ യേശുദാസ ന്റെ പാട്ടു് മധുരതമം. പിണക്കമാണെങ്കിൽ ഒരാളിനേ ആ പാട്ടു മനോഹരമായിത്തോന്നൂ” ആരോ ഇങ്ങനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു്. ഇതു ശരിയാണു്. മനസ്സുകളുടെ ഐക്യം മറ്റെല്ലാ ഐക്യങ്ങളും ഉണ്ടാക്കും. പ്രകൃതിയിലേക്കു നോക്കൂ. പനിനീർച്ചെടിയുടെ വേരിന്റെ ആവിഷ്കാരമാണു് പൂവു്. പൂവു് അഹങ്കാരത്തോടെ ‘എനിക്കു വേരുമായി ഒരു ബന്ധവുമില്ല’ എന്നു പറഞ്ഞാൽ അതു നശിക്കും. എന്റെ കുട്ടിക്കാലത്തു് വൃദ്ധന്മാരും യുവാക്കന്മാരും തമ്മിൽ നല്ല ബന്ധമായിരുന്നു. സർക്കാരും ജനതയുമായി നല്ല ബന്ധമുണ്ടായിരുന്നു. ക്രമേണ അവർ തമ്മിൽ അകന്നു. ആ അകൽച്ചയുടെ ഫലം തകർച്ച. ഇതു് ഇന്നു് എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. ഇതിനെത്തന്നെയാണു് നല്ല കവിയായ അക്കിത്തം ‘രാപ്പനി’ എന്ന കാവ്യത്തിലൂടെ പ്രതിപാദിക്കുന്നതു്.
“വൃക്ഷങ്ങളൊക്കെ നാം വെട്ടിക്കളകയാൽ
നക്ഷത്രം നോക്കാൻ തടസ്സമില്ല.
ആന നരി പുലി തൊട്ടവരെക്കുറി
ച്ചാശങ്കയും വേണ്ടതില്ല. പക്ഷേ… ”
തകർച്ചയെ പരിഹാസത്തിലൂടെ ആവിഷ്കരിക്കുന്ന കവി അദ്ദേഹത്തിന്റെ ട്രംപ് ചീട്ടു് കളിക്കുന്നതു കാണുക:
“അക്ഷരജ്ഞാനത്തിൻ താഴെയുമിക്കുറി
നില്ക്കുന്നുണ്ടാളുകൾ മന്ത്രിയാവാൻ”.
ഇങ്ങനെയുള്ള കാലയളവിൽ നാമം ജപിക്കുന്നതുതന്നെയാണു് നല്ലതെന്ന തീരുമാനത്തിൽ അദ്ദേഹമെത്തുന്നു. അക്കിത്തത്തിന്റെ കാവ്യത്തിനു് ചലനാത്മകശക്തിയുണ്ടു്. സാന്മാർഗ്ഗികശക്തിയുണ്ടു് (കാവ്യം കലാകൗമുദിയിൽ).
തിരുവനന്തപുരം നല്ല പട്ടണമാണു്. മാലിന്യം കുറവു്. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകും. എറണാകുളം പട്ടണത്തിനെന്നപോലെ അതു റോഡിൽ കെട്ടിക്കിടക്കുകയില്ല. മറ്റു നഗരങ്ങളെ അപേക്ഷിച്ചു് ചെലവു കുറവാണു് ഇവിടെ. ശീതോഷ്ണാവസ്ഥ ആളുകൾക്കു ഉപദ്രവം ചെയ്യുകയില്ല. അതുകൊണ്ടു് വടക്കേയിന്ത്യയിൽനിന്നു് എത്തുന്നവർപോലും ഇവിടെ സ്ഥലംവാങ്ങിച്ചു് കെട്ടിടംകെട്ടി വസിക്കുകയാണു്. പക്ഷേ, കാസാൻദ്സാക്കീസ് പറഞ്ഞതുപോലെയാണു് ആളുകളുടെ രീതിയും അവസ്ഥയും. ഇംഗ്ലണ്ടിലെ ഒരു വലിയ നഗരത്തിലൂടെ കാസാൻദ്സാക്കീസ് നടക്കുകയായിരുന്നു. ആളുകളുടെ അത്യാർത്തിനിറഞ്ഞ മുഖങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിനു മൃഗശാലയിൽച്ചെന്നു് പക്ഷികളെയും കാട്ടുമൃഗങ്ങളെയും വലിയ പാമ്പുകളെയും കണ്ടു് ആശ്വസിക്കണമെന്നു തോന്നി. ഈശ്വരചൈതന്യം അവയിലാണു് ഉള്ളതെന്നു് അദ്ദേഹം കരുതി. ഈശ്വരന്റെ രഹസ്യം പരസ്യമാക്കുന്നവയാണു് പക്ഷിമൃഗാദികൾ. അവ കളിക്കുന്നു, വളരുന്നു. സംഘട്ടനം ചെയ്യുന്നു, അന്തസ്സോടെ മരിക്കുന്നു. ഇതിനൊന്നും മനുഷ്യർക്കു കഴിവില്ല. ദേവാലയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഈ നഗരത്തിലുണ്ടു്. പക്ഷേ, ഐശ്വരമായ ശക്തിവിശേഷം ഞാനുൾപ്പെടെയുള്ള ഒരുത്തന്റെയും മുഖത്തില്ല. ഞാൻ അപവദിക്കുന്നു; മറ്റൊരുത്തനെ ‘വേലവയ്ക്കുന്നു’. തേജോവധംചെയ്യുന്നു. ഈ ഹീനകൃത്യങ്ങളൊക്കെ ചെയ്തിട്ടു് മനഃസാക്ഷിക്കുത്തുകൊണ്ടു ഉറക്കംവരാതെ കിടക്കയിൽ താനേ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നു. എന്നിട്ടു് വാലിയം ഗുളികയെടുത്തു കഴിക്കുന്നു. നേരം വെളുത്താൽ ഞാൻ സന്മാർഗ്ഗവാദിയുടെ മുഖംമൂടി ധരിക്കുകയാണു്. തിരുവനന്തപുരത്തുകാരനായ എനിക്കിതു് പറയാൻ അധികാരമുണ്ടെന്നാണു് എന്റെ വിചാരം. ഇതു തെറ്റാണെങ്കിൽ മറ്റുള്ളവർ എനിക്കു മാപ്പുനല്കാൻ അപേക്ഷിക്കുന്നു.
ഈ നഗരത്തിന്റെ സവിശേഷതകളെ വേറൊരു രീതിയിൽ പ്രതിപാദിക്കുന്നു ഇ. വി. ശ്രീധരൻ. (കേരളകൗമുദി ദിനപത്രത്തിന്റെ വീക്കെൻഡ് എഡിഷനിൽ) അഭിനന്ദനത്തിനും ഉപാലംഭത്തിനും സമനില വരുത്തിക്കൊണ്ടു് ശ്രീധരൻ എഴുതിയ ഈ ലേഖനത്തിനു് സത്യസന്ധത എന്ന ഗുണമുണ്ടു്.

“The rose has no why, it flowers because it flowers”—പനിനീർപ്പൂവു് എന്തുകൊണ്ടു് എന്ന ചോദ്യമില്ല. അതു പുഷ്പിക്കുന്നതുകൊണ്ടു പുഷ്പിക്കുന്നു. ഒരു മഹാകവിയുടെ ഈ വരി ഉദ്ധരിച്ചുകൊണ്ടാണു് ലാറ്റിനമേരിക്കൻ കവി ബോർഹെസ് ഒരു പ്രഭാഷണം അവസാനിപ്പിക്കുന്നതു്. വേറൊരു പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നു: ഹോമർ ജീവിച്ചിരുന്നോ എന്ന കാര്യം നമുക്കറിഞ്ഞുകൂടാ. ഏഴു നഗരങ്ങൾ അദ്ദേഹത്തിനുവേണ്ടി മത്സരിക്കുന്നു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചരിത്രയാഥാർത്ഥ്യത്തിൽ നാം സംശയാലുക്കളായിത്തീരുന്നു. ഒരുപക്ഷേ, ഒരു ഹോമർ മാത്രമല്ലായിരിക്കും ഉണ്ടായിരുന്നത്… നമുക്കു് അന്ധനായ കവിയെ കാണിച്ചുതരുന്നതിൽ (ഗ്രീക്ക്) പാരമ്പര്യങ്ങളെല്ലാം അഭിപ്രായൈക്യം പുലർത്തുന്നു. എങ്കിലും ഹോമറിന്റെ കവിത ദൃഷ്ടിഗതമാണു് (visual)— മനോഹരമായ വിധത്തിൽ ദൃഷ്ടിഗതം… കവിത ശ്രവണേന്ദ്രിയപരമാകണം, ദൃഷ്ടിഗതമാകാൻ പാടില്ല എന്നതിൽ ഊന്നൽ നല്കാനായിരിക്കണം ഹോമർ അന്ധനായിരുന്നുവെന്നു് ഗ്രീക്കുകാർ പറഞ്ഞതെന്നു് ഒസ്കർ വൈൽഡ് അഭിപ്രായപ്പെട്ടു.

വാചാടോപം പാലമായിരിക്കണം, പാതയായിരിക്കണം. സെനക്ക, കാവേതോ (Quevedo)—സ്പാനിഷ് നോവലിസ്റ്റ് മിൽട്ടൻ, ലൂഗോനസ് (Lugones) ഈ വിഭിന്നരായ എഴുത്തുകാരിൽ നമ്മൾ ഇതു കാണുന്നു. അവരിലെല്ലാം വാക്കുകൾ അവരുടെയും നമ്മുടെയും ഇടയിൽ വന്നുനില്ക്കുന്നു.
മൗലികങ്ങളായ ഇത്തരം നിരീക്ഷണങ്ങൾകൊണ്ടു് ചിന്തോദ്ദീപകവും ചേതോഹരവുമായിരിക്കുന്നു ബോർഹെസിന്റെ Seven Nights എന്ന ഗ്രന്ഥം. ബ്വേനസ് ഐറിസ് നഗരത്തിൽ ഏഴു രാത്രികളിലായി ബോർഹെസ് നടത്തിയ ഏഴു പ്രഭാഷണങ്ങളാണു് ഇതിലടങ്ങിയിട്ടുള്ളതു്. മഹാനായ കവിയും കഥാകാരനും മാത്രമല്ല ബോർഹെസ്. മഹാനായ നിരൂപകനുമാണു്. രസകരമായ നോവൽ താഴെവയ്ക്കാതെ നമ്മൾ വായിച്ചുതീർക്കാറില്ലേ? അതുപോലെയാണു് ഞാൻ ഈ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചവസാനിപ്പിച്ചതു്.