സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-04-26-ൽ പ്രസിദ്ധീകരിച്ചതു്)

​ “ആയിരത്തൊന്നു രാവിന്റെ ആനന്ദത്തിലലിഞ്ഞവർ” ആയിരക്കണക്കിനാണു്. ആ അനുഭൂതിക്കു കാവ്യങ്ങളിലൂടെ ആവിഷ്കാരം നല്കിയവരും വളരെക്കൂടുതൽ. രണ്ടു കവികളെക്കുറിച്ചു മാത്രം പറയാം. ടെനിസനും വൈലോപ്പിള്ളി ശ്രീധരമേനോനും. Recollections of Arabian Nights എന്നാണു് ടെനിസൻ കാവ്യത്തിനു പേരിട്ടതു്. വൈലോപ്പിള്ളി “ആയിരത്തൊന്നു രാവുകൾ” എന്ന പേരു നല്കിയിട്ടു് “അറബിക്കഥകൾ വായിച്ച ഓർമ്മയിൽനിന്നു്” എന്നു് ഒരടിക്കുറിപ്പു് ചേർത്തു. “ടെനിസന്റെ കാവ്യം വായിച്ച ഓർമ്മയിൽനിന്നു്” എന്നു് അദ്ദേഹം എഴുതിയിരുന്നെങ്കിൽ ആ കുറിപ്പിനു സത്യസന്ധത കൈവരുമായിരുന്നു. ഇംഗ്ലീഷ് കവിയും മലയാള കവിയും അദൃശ്യരായി ബാഗ്ദാദിലെത്തുന്നു. ഒരേ ദൃശ്യം രണ്ടുപേരും കാണുന്നു. അന്തരീക്ഷവും സദൃശം.

“The living airs of middle night

Died round the bulbul as he sang”

എന്നു ടെനിസൻ.

“മങ്ങുന്നുമണി മച്ചിങ്കൽ

മണം ചിന്തും വിളക്കുകൾ

മുല്ലപ്പൂമണമുൾക്കൊണ്ടു

മൂർച്ഛിപ്പു മന്ദമാരുതൻ”

എന്നു വൈലോപ്പിള്ളി. ഈ രണ്ടു കാവ്യങ്ങളും ഇപ്പോൾ വായിച്ച ഞാൻ പൊടുന്നനവേ ഒരു കൊച്ചുകഥ ഓർമ്മിക്കുകയായി. അങ്ങനെയുള്ള ചെറിയ കഥകൾ എത്രയെത്രയുണ്ടു് ആയിരത്തൊന്നു രാവുകളിൽ. “മരുഭൂമിയിൽനിന്നെത്തുന്ന ആ മനോഹരവൈഖരി” കേട്ടാലും. പെർഷയുടെ രാജധാനി ഇസ്ഫഹാനിൽ ഒരു നിധിയിരിക്കുന്നുവെന്നു് ഈജിപ്റ്റിലെ കൈറോയിൽ താമസിക്കുന്ന ഒരുത്തൻ സ്വപ്നം കണ്ടു. അതെടുക്കാനായി എണ്ണമറ്റ പ്രയാസങ്ങൾ സഹിച്ചു് അയാൾ ഇസ്ഫഹാനിലെത്തി. നിധി കിട്ടാത്തതിലുള്ള നിരാശതകൊണ്ടും യാത്രയുടെ ക്ലേശം കൊണ്ടും തളർന്നു. അയാൾ ഒരു മുസ്ലിം പള്ളിയുടെ മുൻപിൽ വീണു് ഉറങ്ങിപ്പോയി. കള്ളന്മാർ തന്റെ ചുറ്റുമുണ്ടെന്നു് അയാൾ അറിഞ്ഞതുമില്ല. പൊലീസ് എല്ലാവരെയും അറസ്റ്റുചെയ്തു. കൈറോവിൽനിന്നു് ഇസ്ഫഹാനിലെത്തിയതെന്തിനെന്നു് പൊലീസ് ഉദ്യോഗസ്ഥൻ അയാളോടു ചോദിച്ചു. ഹേതുവറിഞ്ഞ ആ ഉദ്യോഗസ്ഥൻ പൊട്ടിച്ചിരിച്ചുകൊണ്ടു് പറഞ്ഞു: കൈറോവിൽ ഒരു ഭവനത്തിന്റെ പിറകിലുള്ള പൂന്തോട്ടത്തിൽ ഒരു മരം നില്ക്കുന്നു. ആ മരത്തിന്റെ താഴെ നിധിയിരിക്കുന്നു. ഇങ്ങനെ ഞാൻ മൂന്നുതവണ സ്വപ്നംകണ്ടു. പക്ഷേ, അതെടുക്കാൻ പോയതേയില്ല. നിങ്ങൾ മണ്ടനായതുകൊണ്ടാണു് ഇവിടെ വന്നതു്. കൈറോയിൽനിന്നു് അവിടെയെത്തിയ ആളിനു മനസ്സിലായി തന്റെ വീട്ടിനെക്കുറിച്ചാണു് ഉദ്യോഗസ്ഥൻ പറയുന്നതെന്നു്. അയാൾ തിരിച്ചു നാട്ടിലെത്തി. പൂന്തോട്ടത്തിലെ മരത്തിന്റെ ചുവടു കുഴിച്ചുനോക്കി. നിധിയിരിക്കുന്നതു കാണുകയും ചെയ്തു. ചില രചനകളിൽ ഭംഗിയുണ്ടെന്നു ധരിച്ചു് നമ്മൾ അവയിലേക്കു ചെല്ലുന്നു. ഭംഗിയില്ലെന്നു മാത്രമല്ല അറേബ്യൻ മണൽക്കാടുപോലെ അവ ശുഷ്കമായിരിക്കുകയും ചെയ്യും. മറ്റു ചില രചനകളിൽ ഒരു രാമണീയകവുമില്ലെന്നു നിരൂപകർ ഉറപ്പിച്ചു പറയും. അതു പരിഗണിക്കാതെ നമ്മൾ ആ രചനകളിൽ ആമജ്ജനംചെയ്താൽ കലയുടെ സൗന്ദര്യാനുഭൂതിയുണ്ടാകും. നമ്മുടെ സങ്കല്പങ്ങളും നിരൂപകരുടെ പ്രസ്താവങ്ങളും പലപ്പോഴും തെറ്റായിരിക്കും.

ചോരയൊഴുകുന്നു

ഇമ്മാതിരി തെറ്റുകളാണു നമ്മളെ ഭരിക്കുന്നതു്. അടുത്തകാലത്തു് ഞാനൊരു വീട്ടിൽച്ചെന്നപ്പോൾ അച്ഛനും കൊച്ചുമകളും കൂടി ചതുരംഗം കളിക്കുന്നതു കണ്ടു. ചതുരംഗക്കളി എനിക്കിഷ്ടമായതുകൊണ്ടു് ഞാനതു നോക്കിക്കൊണ്ടിരുന്നു. പക്ഷേ, അവർ കരുക്കൾ നീക്കുന്ന രീതി എന്നെ തെല്ലൊന്നു വിസ്മയിപ്പിച്ചു. രാജ്ഞി കുറുകെയും നെടുകെയും കോണിച്ചും നീങ്ങുന്നുണ്ടു്. എന്നാൽ ബിഷപ്പ് കോണിച്ചു മൂന്നാം ഖണ്ഡത്തിൽ മാത്രം നീങ്ങുന്നു. ഇൻഡ്യൻ ചെസ്സിലെ മന്ത്രിയാണു് ഇംഗ്ലീഷ് ചെസ്സിലെ രാജ്ഞി, മന്ത്രിക്കു കോണിച്ചു് ഒരു ഖണ്ഡത്തിലെ മാറാൻ പറ്റൂ. രാജ്ഞിക്കാകട്ടെ എങ്ങോട്ടു വേണമെങ്കിലും പോകാം. വേറൊരു കരുവിനെ കവച്ചു ചാടരുതു് എന്നേയുള്ളു. അവർ രണ്ടു പേരും ഇംഗ്ലീഷ് ചെസ്സാണു കളിക്കുന്നതെന്നു ഞാൻ വിചാരിച്ചിരിക്കുമ്പോൾ ബിഷപ്പ് കോണിച്ചു മൂന്നാം ഖണ്ഡത്തിൽ മാത്രം നീങ്ങുന്നു. അതു ഇൻഡ്യൻ ചെസ്സിലെ ആനയുടെ നീക്കമാണെന്നു മനസ്സിലാക്കി ഞാൻ അവരോടു ചോദിച്ചു: “ഇതു് എന്തൊരു നിയമമാണു്. ഇങ്ങനെയൊരു ചതുരംഗക്കളിയുണ്ടോ? നിങ്ങൾ ഇൻഡ്യൻ ചെസ്സും ഇംഗ്ലീഷ് ചെസ്സും ഒരുമിച്ചു ചേർത്താണോ കളിക്കുന്നതു?” ഞാൻ ഓരോ നിയമവും പറഞ്ഞുകൊടുത്തപ്പോഴാണു് തങ്ങളുടെ തെറ്റിനെക്കുറിച്ചു് അവർക്കു് അറിവുണ്ടായതു്. ഒന്നിന്റെ നിയമം മറ്റൊന്നിനു ചേരില്ല. തീവണ്ടിയോടിക്കുന്നതുപോലെ കാറോടിച്ചാൽ രാജവീഥിയിലെ ആളുകളാകെ ചതഞ്ഞരഞ്ഞു ചാകും. നൂറുമീറ്റർ ഓട്ടം ഓടുന്നതുപോലെ മരതൺ ഓട്ടം ഓടിയാൽ ഓടുന്നവൻ ഇവിടെനിന്നു എല്ലാക്കാലത്തേക്കുമായി പോയിരിക്കും. അതുപോലെ ഗദ്യത്തിനു് നിയമങ്ങളുണ്ടു്. പദ്യത്തിനു് അതിന്റേതുമാത്രമായ നിയമങ്ങളുണ്ടു്. കുങ്കുമം വാരികയിൽ “ഇതിതേജ്ഞാനം” എന്ന പദ്യമെഴുതിയ “ഈ വാ” ഗദ്യനിയമങ്ങളെ പദ്യത്തിലേക്കു കൊണ്ടുവരികയാണു്. ഫലം ശിഖണ്ഡിപ്രായമായ ഒരുതരം രചന.

“ഇരുബിന്ദുക്കൾ തമ്മിൽ, കുറഞ്ഞദൂരം പണ്ടു

പഠിച്ച നേർവരയല്ലിന്നു്, ടോപ്പോളജിക്കൽ

ത്രിമാനവിജ്ഞാനത്തിൽ പുതിയ വെളിച്ചത്തിൽ

ഗോളഭൂമിയിൽ സത്യം വളഞ്ഞവരയല്ലോ!

എന്നു് “കാവ്യ”ത്തിന്റെ പര്യാവസാനം. ഇതു ഗദ്യംതന്നെ. അതിനെ പതിന്നാലു അക്ഷരങ്ങൾ വീതമുള്ള വരികളാക്കി പ്രദർശിപ്പിച്ചു് വായനക്കാർക്കു ജാഡ്യമുണ്ടാക്കേണ്ട കാര്യം വല്ലതുമുണ്ടോ? കാഴ്ച ശരിക്കില്ലാത്ത കിഴവൻ ആണി ചുവരിൽ വച്ചു് ചുറ്റികകൊണ്ടു് അടിക്കുന്നതു കണ്ടിട്ടില്ലേ വായനക്കാർ? ഓരോ അടിയും ആണിയിലല്ല കൊള്ളുന്നതു്. വൃദ്ധന്റെ നഖത്തിലാണു്. വേദനിച്ചാലും ചുറ്റികകൊണ്ടുള്ള അടിനിറുത്തുകയില്ല. നഖത്തിൽനിന്നു രക്തമൊഴുകുന്നതുവരെ അടിക്കും. ഈ ‘കവി’യുടെ നഖത്തിൽനിന്നു ചോരയൊഴുകുന്നതു ഞാൻ കാണുന്നുണ്ടു്. വായനക്കാരും കാണുന്നുണ്ടെന്നാണു് ഞാൻ വിചാരിക്കുക.

ഒരു പൊലീസ് സൂപ്രണ്ട് എന്നോടു ചോദിച്ചു: “എന്താണു് രാഷ്ട്രീയ കാര്യങ്ങളൊന്നും സാഹിത്യവാരഫലത്തിൽ എഴുതാത്തതു? വല്ലതും പറയേണ്ടതായി വന്നാലും സമർത്ഥമായി മൗനം അവലംബിക്കുകയാണു് അല്ലേ?” ഭാരതീയ സംസ്കാരത്തിലും ഹൈന്ദവദർശനങ്ങളിലും തല്പരത്വമുള്ള നല്ലയാളാണു് അദ്ദേഹം. എനിക്കു് അദ്ദേഹത്തോടു സ്നേഹവും ബഹുമാനവുമുണ്ടു്. അതുകൊണ്ടു മറുപടി നല്കാതെ ഞാൻ ചിരിച്ചുകൊണ്ടു നിന്നതേയുള്ളു. വായനക്കാരിൽ പലരും നിർദ്ദേശിക്കാറുണ്ടു്. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ നേതാക്കന്മാരെക്കുറിച്ചും എഴുതണമെന്നു്. അവർക്കു മറുപടി അയയ്ക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. എല്ലാവർക്കുമായി ഒരു ചൈനീസ് കാവ്യത്തിന്റെ സംഗ്രഹം നല്കുന്നു: തെക്കേ ഗെയ്റ്റിൽ പൂക്കൾ വില്ക്കുന്ന വൃദ്ധനെ നിങ്ങൾക്കറിയാമോ? തേനീച്ചയെപ്പോലെ പൂക്കൾകൊണ്ടാണു് അയാൾ ജീവിക്കുന്നതു്. കാലത്തു് ‘മെല്ലോസ്’ വില്ക്കുന്നു അയാൾ. വൈകുന്നേരം പോപ്പി പുഷ്പങ്ങളും. അയാളുടെ മേല്ക്കൂരയിലൂടെ നീലാന്തരീക്ഷം കടന്നു വരുന്നു. അയാളുടെ അരിപ്പെട്ടി ശൂന്യമാണു് എപ്പോഴും. പൂക്കളിൽനിന്നു് ആവശ്യമുള്ളതു കിട്ടിക്കഴിയുമ്പോൾ അയാൾ ചായക്കടയിലേക്കു പോകുന്നു. പണം തീരുമ്പോൾ പിന്നെയും പൂക്കൾ ശേഖരിക്കുന്നു. വസന്തകാലത്തു് എല്ലാപ്പൂക്കളും വിടർന്നുനില്ക്കുമ്പോൾ അയാൾക്കും വികസിതാവസ്ഥയാണു്. ചക്രവർത്തിയുടെ കൊട്ടാരത്തിന്റെ മുൻപിൽ പുതിയ നിയമങ്ങൾ എഴുതി ഒട്ടിച്ചാൽ അയാൾക്കെന്താണു്? മണലിലാണു് സർക്കാരിനെ കെട്ടിപ്പടുത്തതെങ്കിൽ അയാൾക്കെന്താണു്? നിങ്ങൾ അയാളോടു സംസാരിക്കാൻ ശ്രമിച്ചാൽ ഒരു പുഞ്ചിരി മാത്രമായിരിക്കും ഉത്തരം.

കെ. കെ. സുധാകരൻ

ഞാൻ തിരുവിതാംകൂറിലെ ചില സ്ഥലങ്ങൾ മാത്രമേ കണ്ടിട്ടുള്ളു. കേരളത്തിൽ ഗുരുവായൂർവരെ പോയിട്ടുണ്ടു്. കോഴിക്കോടു് ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. വടക്കൻ ദിക്കുകളിലേക്കു ചെല്ലാൻ എന്റെ അഭിവന്ദ്യമിത്രം എൻ. സി. മമ്മൂട്ടി (സി. പി. ഐ) കൂടക്കൂടെ ക്ഷണിക്കാറുണ്ടു്. ഇതുവരെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞില്ല. എനിക്കു പരിചയമുള്ള ആളുകളും നന്നേ കുറവു്. അതിനാലാണു് എപ്പോഴും ഗോപാലപിള്ളസ്സാർ, ഗോപാലപിള്ളസ്സാർ എന്നു എഴുതുന്നതു്. എന്റെ ഈ ദുഃസ്ഥിതി വായനക്കാർ മനസ്സിലാക്കി എനിക്കു മാപ്പുതരണം. ഗോപാലപിള്ളസ്സാറിനെ സുന്ദരൻ ഗോപാലപിള്ള എന്നു ആളുകൾ വിളിച്ചിരുന്നു. ഏതാണ്ടു് അത്രയ്ക്കു സൗന്ദര്യമുണ്ടായിരുന്നു എനിക്കു വിദൂരബന്ധമുള്ള ഒരാളിനു്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ ഭാര്യ വ്യഭിചാരം തുടങ്ങി. ദാരിദ്ര്യംകൊണ്ടല്ല കാമാസക്തികൊണ്ടുതന്നെ. ആ വിധവ അങ്ങനെ കഴിഞ്ഞു കൂടുമ്പോൾ തിരുവല്ലാക്കാരനായ ഒരു കിഴവൻ ഒരു ദിവസം അവരുടെ വീട്ടിൽ കയറിവന്നു. പല്ലുകൾ പലതുമില്ല. ദന്തവൈദ്യൻ എടുത്തതോ അതോ മറ്റാളുകൾ എടുത്തതോ എന്നു നിശ്ചയമില്ല. ഒട്ടിയ കവിൾ, നെറ്റിയിൽ നീണ്ട ചന്ദനക്കുറി. ഖദർ ഷർട്ടും മുണ്ടും, വലിയ തോർത്തു് തോളിൽ, വിധവയോടു് ഒരു അരമണിക്കൂറേ അയാൾ സംസാരിച്ചുള്ളു. അവർ ദമ്പതികളായി. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്ക്കൂളിൽ പഠിച്ചിരുന്ന ഞാൻ ആ വിധവയോടൊപ്പമാണു് താമസിച്ചിരുന്നതു്. ശനിയാഴ്ചയും ഞായറാഴ്ചയും പാഠശാലയില്ലല്ലോ. പക്ഷേ, വൃദ്ധൻ എന്നെ വീട്ടിലിരിക്കാൻ സമ്മതിക്കില്ല. “നീ എന്തൊരു അരസികനാണെടാ. സിനിമ കാണാറില്ലേ നീ. ഇന്നാ രണ്ടു ചക്രം. പോയി മാറ്റിനി കണ്ടിട്ടുവാടാ. തറയിലിരുന്നാൽ മതി” എന്നു പറഞ്ഞു് അയാൾ ചക്രമെടുത്തു് എറിയും. ഞാൻ അതെടുത്തു് ക്യാപ്പിറ്റൽ സിനിമാശാലയിൽ ചെന്നു മൂകചിത്രം കാണും. ഡഗ്ലസ് ഫർബാങ്സ് (Fairbanks) വെള്ളിത്തിരശ്ശീലയിൽ ചാടുമ്പോഴും ആ ചാട്ടത്തെ അടുത്തിരിക്കുന്ന ഒരുത്തൻ കർണ്ണകഠോരമായി വർണ്ണിക്കുമ്പോഴും ഞാൻ തിരുവല്ലാക്കിഴവന്റെ പല്ലില്ലാത്ത വായ് ചെറുപ്പം നശിച്ചിട്ടില്ലാത്ത വിധവയുടെ കവിൾത്തടത്തിൽ അമരുന്നതായിരിക്കും മനക്കണ്ണുകൊണ്ടു് കാണുക. മൂക ചിത്രത്തിനു വർണ്ണനം നല്കുന്ന ആ ഭയങ്കരന്റെ കർക്കശശബ്ദത്തിലൂടെ ഞാൻ കേട്ടിരുന്നതു് വൃദ്ധന്റെ ‘പങ്കജാശിയമ്മേ’ എന്ന കഴുതക്കാമം കലർന്ന മൃദുലസംബോധനയുടെ ശബ്ദമാണു്. മൂന്നാഴ്ച കഴിഞ്ഞു. ‘തിരുവല്ലവരെ പോയിട്ടുവരട്ടെ’ എന്നു പറഞ്ഞ് അയാൾ പോയി. പിന്നെ മടങ്ങി വന്നതുമില്ല. പിന്നെയും മൂന്നുമാസം കഴിഞ്ഞു. വരാന്തയിലിരുന്ന ഞാൻ When two liquids are separated by a thin membrane the weaker liquid passes into the stronger liquid എന്നു ഉറക്കെ വായിക്കുകയായിരുന്നു. അപ്പോഴുണ്ടു് ഒരു കുടവയർ. ‘പങ്കജാശി’യമ്മയെ വിളിയെടാ’ എന്നു് അതിൽനിന്നൊരു ശബ്ദമുയർന്നു് ദന്തരഹിതമായ വായിലൂടെ പുറത്തുവന്നു. പങ്കജാക്ഷി അമ്മ ഞാൻ പറയാതെതന്നെ മുൻവശത്തെത്തി. “തന്റെ പാട്ടിനുപോടോ. പിന്നെയും വന്നിരിക്കുന്നു ഭർത്താവാകാൻ. ഇറങ്ങടാ വീട്ടിൽനിന്നു്” എന്നു് അവർ അയാളെ നോക്കി അലറി. വ്യഭിചാര ചരിത്രത്തിലെ ഒരനിഷേധ്യനേതാവായ അയാൾ മലർന്നുപിടിച്ചു് അങ്ങുപോകുകയും ചെയ്തു. വളരെക്കാലം കഴിഞ്ഞു് തിരുവല്ലാക്കാരിയായ ഒരു പെൺകുട്ടിയോടു ഞാൻ ആ കിഴവനെക്കുറിച്ചു ചോദിച്ചു. എന്റെ ക്ലാസ്സിലുണ്ടായിരുന്ന അവൾ പറഞ്ഞു: “ങ്ഹാ. അദ്ദേഹം എന്റെ അമ്മാവൻ തന്നെ. എങ്ങനെയറിയാം അമ്മാവനെ”. ഞാൻ തെല്ലു് ക്ലേശത്തോടെ മറുപടി നല്കി: “എന്റെ ഒരു കാരണവരുടെ വിധവയെ അദ്ദേഹം വിവാഹംകഴിച്ചു”. അവൾ പുച്ഛത്തോടെ പറഞ്ഞു: ഓഹോ അമ്മാവൻ അങ്ങനെ പല വിവാഹങ്ങളും കഴിച്ചിട്ടുണ്ടു്. ഓരോന്നും മൂന്നാഴ്ചക്കാലത്തേക്കു്”.

കാല്പനികസംഭവത്തെക്കാൾ വിചിത്രമാണു് യാഥാതഥ്യം എന്നു പറയാറുണ്ടല്ലോ. അങ്ങനെ ഈ വാസ്തവിക സത്യം വൈചിത്ര്യമാവഹിക്കുന്നു. കെ. കെ. സുധാകരൻ കലാകൗമുദിയിലെഴുതിയ ‘ഏതോ ഒരാൾ’ എന്ന ഭാവാത്മകമായ ചെറുകഥ വായിച്ചപ്പോൾ ഈ പരമാർത്ഥം അതിന്റെ എല്ലാ ശക്തിവിശേഷങ്ങളോടുംകൂടി എന്നിൽ ആഘാതമേല്പിക്കുകയുണ്ടായി.

അമ്പതിലധികം വർഷങ്ങൾക്കു മുൻപുണ്ടായതും ഇന്നു് എനിക്കു മാത്രം അറിയാവുന്നതും ആയ ആ യഥാർത്ഥ സംഭവത്തിനും തികച്ചും മനോധർമ്മത്തിന്റെ ഫലമായ കഥയ്ക്കും തമ്മിൽ ചില സാദൃശ്യങ്ങളുണ്ടു്. കഥ തുടങ്ങുമ്പോൾ രാജലക്ഷ്മിയും മക്കളും ഒരിടത്തു താമസിക്കുകയാണു്. ഭർത്താവു് അവിടെയില്ല. വർഷങ്ങൾക്കു മുൻപു് അയാൾ അവിടംവിട്ടുപോയിരിക്കുന്നു. അന്നു് രാജലക്ഷ്മിയുടെ ജന്മദിനമാണു്. അപ്പോഴുണ്ടു് താടിയും മുടിയും വളർത്തിയ ഒരുത്തൻ എത്തുന്നു. അയാൾ രാജലക്ഷ്മിയുടെ വീടു് അതല്ലേ എന്നു ചോദിക്കുന്നു. പൂർവകാല സംഭവങ്ങളുടെ കയ്പു് അപ്പോഴും അനുഭവിക്കുന്ന അവൾ പറയുന്നു അതു് രാജലക്ഷ്മിയുടെ വീടല്ല എന്നു്. കുറച്ചു വെള്ളം വാങ്ങിക്കുടിച്ചുകൊണ്ടു് ആഗതൻ അപ്രത്യക്ഷനാകുന്നു. ഗൃഹനായിക വികാരത്തിന്റെ നീർച്ചുഴിയിൽ വീഴുന്നു. യഥാർത്ഥസംഭവത്തിൽ സ്നേഹമെന്ന വികാരമില്ല, പശ്ചാത്താപമില്ല. ഇവിടെ രണ്ടുമുണ്ടു്. അവയെ കലാത്മകമായി ആവിഷ്കരിച്ചതിലാണു് കഥാകരന്റെ ഭാവനാശക്തി നമ്മൾ കാണേണ്ടതു്. സുധാകരന്റെ കഥയിൽ അനുചിതമായ ഒരു പദംപോലുമില്ല. കെട്ടുറപ്പുള്ള കഥാശില്പമാണിതു്. വൈകാരികശക്തിയുള്ള കലാശില്പമാണിതു്.

“അഭിജ്ഞന്മാരായ കലാകുതുകികൾക്കു ചിന്തിക്കാൻ വകനല്കിയ ലേഖകനെ അഭിനന്ദിക്കാതെ വയ്യ”— കെ. സി. നാരായണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തെക്കുറിച്ചു് അകവൂർ നാരായണൻ എഴുതിയ കത്തിലെ ഒരു വാക്യമാണിതു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്, പുറം 49). അഭിനന്ദിക്കരുതു് എന്നു് പ്രീകോൺഷ്യസ് മൈൻഡിൽ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു വാക്യമുണ്ടാകൂ. ആളുകൾ തങ്ങളറിയാതെ പ്രീകോൺഷ്യസിലുള്ളതെല്ലാം ചിലപ്പോൾ പുറത്തു് എടുത്തിടാറുണ്ടു്.

എനിക്കു് ഇയാളെ വേണ്ട
images/KVSurendranath.jpg
കെ. വി. സുരേന്ദ്രനാഥ്

മഹാപണ്ഡിതനായ എം. എച്ച്. ശാസ്ത്രികൾ എന്നോടു പറഞ്ഞ ഒരു യഥാർത്ഥ സംഭവം ഞാൻ മലയാളനാടു് വാരികയിൽ എഴുതി. വർഷങ്ങൾ ഏറെക്കഴിഞ്ഞതുകൊണ്ടും സന്ദർഭത്തിനു് യോജിച്ചതായതുകൊണ്ടും ഞാൻ അതൊന്നു് ആവർത്തിച്ചു കൊള്ളട്ടെ. വിശദാംശങ്ങളിലേക്കു കടക്കില്ല. പന്തളത്തെ രാജകുടുംബത്തിൽപ്പെട്ട ഒരു തമ്പുരാൻ കിളിമാനൂർ കൊട്ടാരത്തിലെ ഒരു തമ്പുരാട്ടിയെ പരിണയിച്ചു. പ്രഥമരാത്രി. തമ്പുരാൻ തമ്പുരാട്ടിയെയും കാത്തു് മലർമെത്തയിൽ കിടന്നു. രാത്രി ഒരു മണി കഴിഞ്ഞിട്ടും അവർ വന്നില്ല. സ്വച്ഛന്ദചാരിണിയായ തമ്പുരാട്ടി മറ്റു പുരുഷന്മാരോടൊരുമിച്ചു് ചതുരംഗം കളിക്കുകയും നേരമ്പോക്കു പറയുകയും ചെയ്യുകയായിരുന്നു. രണ്ടുമണിയോടു് അടുപ്പിച്ചു് മണവറയിൽ എത്തിയപ്പോൾ ഉറങ്ങിപ്പോയ നവവരനെയാണു് അവർ കണ്ടതു്. വാ തുറന്നുവച്ചാണു് വരന്റെ ഉറക്കം. തിരുവനന്തപുരത്തു് ചാളുവ എന്നു വിളിക്കുന്ന വായ്നീരു തമ്പുരാന്റെ കവിളിലൂടെ ഒഴുകി മെത്ത നനച്ചിരുന്നു. അതുകണ്ട തമ്പുരാട്ടി ‘ഹായ് എനിക്കിയാളെ വേണ്ട’ എന്നുപറഞ്ഞ് തിരിച്ചുപോയി. പന്തളത്തു തമ്പുരാൻ കാലത്തെ നാട്ടിലേക്കു കെട്ടുകെട്ടി. അതിസുന്ദരനായ തമ്പുരാൻ സ്വല്പം വായ്നീരൊഴുക്കിയാൽ തമ്പുരാട്ടിക്കു് അത്ര നീരസം വരേണ്ടതുണ്ടോ? അതു് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. തമ്പുരാട്ടിക്കു് ചാളുവയുടെ ദർശനം ഇഷ്ടമായിരുന്നില്ല എന്നുമാത്രം ധരിച്ചാൽ മതി. മറ്റു ഗുണഗണങ്ങൾ ആ വൃത്തികേടിൽ മുങ്ങി പോയിരുന്നു എന്നും കരുതിക്കൊള്ളൂ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീധരനുണ്ണി എഴുതിയ ‘മധുവിധു’ എന്ന കാവ്യത്തിൽ ഞാൻ പന്തളത്തു തമ്പുരാന്റെ ചാളുവ കാണുന്നു.

അന്നുതൊട്ടീ നിലവിളക്കിന്റെ

പിന്നിൽ നിന്റെ മിഴിയിണ കണ്ടു

അന്നുതൊട്ടീമണിയറയ്ക്കുള്ളിൽ

നിന്റെ കാലടിയൊച്ച ഞാൻ കേട്ടു.

ഇവിടെ തൊട്ടീ, തൊട്ടീ ഈ പ്രയോഗങ്ങളാണു് വായ്നീരായി കാണപ്പെടുന്നതു്. തൊട്ടു് + ഈ എന്നതാണു് തൊട്ടീ ആയതു്. എങ്കിലും തൊട്ടീ എന്നു കേൾക്കുമ്പോൾ ‘ഹായ് എനിക്കയാളെ വേണ്ട’ എന്നു പറയാൻ തോന്നിപ്പോകുന്നു. കാവ്യത്തിന്റെ മറ്റു ഭാഗമെല്ലാം നന്നു്. എങ്കിലും ഞാൻ കിളിമാനൂർ കൊട്ടാരത്തിലെ തമ്പുരാട്ടിയാണു് ഇപ്പോൾ. ഇതുപോലുള്ള ചാളുവയൊഴുക്കൽ നമ്മുടെ സാഹിത്യത്തിൽ ഏറെയുണ്ടു്.

പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ

ഇവിടെ പ്രതിബിംബിപ്പിപ്പൂ എന്നതു വായ്നീരൊഴുക്കലാണു്. “ഉല്ലസിച്ചു യുവയോഗിയേ—കനുൽഫുല്ല ബാലരവിപോലെ കാന്തിമാൻ” എന്നിടത്തെ ‘ഉൽഫുല്ല’ ലാലാ ജല പ്രവാഹമാണു്. കവിത ഉണർന്നിരിക്കണം. ഒരുഭാഗവും റിവോൾട്ടിങ് ആകരുതു്. (കിളിമാനൂർ കൊട്ടാരത്തിലെ സംഭവത്തിനു് നൂറുകൊല്ലത്തിലധികം പഴക്കമുണ്ടു്. ആരും വഴക്കിനു വരരുതേ.)

ചോദ്യങ്ങൾ ചോദിക്കുന്നവരിൽ ആരും ജീവിച്ചിരിക്കുന്നില്ല. ഞാൻ ഓരോ പേരു് എഴുതി അങ്ങു ചോദിപ്പിക്കുകയാണു്. പല വാരികകളിലേയും ചോദ്യോത്തര പംക്തിയേക്കാൾ ഇതിനു് അങ്ങനെ സത്യസന്ധത ലഭിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: കെ. കെ. വിലാസിനി, തൃശ്ശൂർ: ചെറുപ്പക്കാരിയായി ഭാവിക്കാൻ എന്താണു മാർഗ്ഗം?

ഉത്തരം: എം. കെ: വിലാസിനിയെക്കാൾ ഒന്നോരണ്ടോ വയസ്സു കൂടുതലുള്ള പുരുഷന്മാരെ അങ്കിൾ എന്നും സ്ത്രീകളെ ആൺടി എന്നും വിളിക്കുന്നു. സ്ത്രീക്കു വിലാസിനിയെക്കാൾ പ്രായം കുറവാണെങ്കിൽ ചേച്ചിയെന്നു വിളിച്ചാൽ മതി. പണ്ടു് എന്റെ വീട്ടിനടുത്തുതാമസിച്ചിരുന്ന ഒരു മുപ്പതു വയസ്സുകാരി അന്നു സർക്കാർ ജോലിയിൽ നിന്നു വിരമിച്ചിട്ടില്ലാത്ത എന്നെ അപ്പൂപ്പാ എന്നു വിളിച്ചിരുന്നു. ഈ അപ്പൂപ്പാ വിളികേട്ടു് എന്റെ സഹധർമ്മിണിയും പെൺമക്കളും പ്രതിഷേധിച്ചു. “വഴക്കിനു പോകരുതു്, അവൾ എന്നെ അങ്ങനെ തന്നെ വിളിച്ചുകൊള്ളട്ടെ” എന്നു ഞാൻ അവരെ സമാധാനിപ്പിച്ചു.

ചോദ്യം: മാത്യൂ, കൊല്ലങ്കോടു്: വസ്തുതകളുടെ മൂല്യം നിർണ്ണയിക്കുന്നതെങ്ങനെ?

ഉത്തരം: എം. കെ: വസ്തു ഇരിക്കുന്ന സ്ഥലത്തെ ആശ്രയിച്ചു്. പനിനീർപ്പൂ ചെടിയിൽ നില്ക്കുമ്പോൾ ഒരു മൂല്യം. ജവഹർലാൽ നെഹ്റുവിന്റെ കോട്ടിലിരിക്കുമ്പോൾ വേറൊരു മൂല്യം. പ്രേമഭാജനത്തിന്റെ തലമുടിയിലിരിക്കുമ്പോൾ മറ്റൊരു മൂല്യം.

ചോദ്യം: എസ്. ആർ. രാമൻ, നെയ്യാറ്റിൻകര: നിങ്ങളേറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാരു്?

ഉത്തരം: എം. കെ: നെടുമങ്ങാടു് എം. എൽ. എ. കെ. വി. സുരേന്ദ്രനാഥ്. അദ്ദേഹത്തെക്കാൾ വിശുദ്ധനും സഹൃദയനും പണ്ഡിതനുമായ മറ്റൊരു രാഷ്ട്രീയ പ്രവർത്തകനെ എനിക്കറിഞ്ഞുകൂടാ. ലാറ്റിനമേരിക്കൻ ഡിക്ടേറ്റർഷിപ്പിനെക്കുറിച്ചു് നോവലെഴുതിയ ഗ്വാട്ടിമാലൻ നോവലിസ്റ്റ് ആസ്റ്റൂറിയാസി നെക്കുറിച്ചു് എന്നോടു് ആദ്യമായി പറഞ്ഞതു സുരേന്ദ്രനാഥാണു്. ബർനാർഡ്ഷാ, ഷേക്സ്പിയർ, ലൂക്കാച്ച്, ശങ്കരാചാര്യർ ഇവരെക്കുറിച്ചെല്ലാം അദ്ദേഹം വിദ്വജ്ജനോചിതമായി എന്നോടു സംസാരിച്ചിട്ടുണ്ടു്.

നളിനി ബേക്കൽ, നമ്പൂതിരി

അതിസുന്ദരമായ കവിതയാണു ഭാഗവതത്തിലേതു്. പുരഞ്ജനൻ കാട്ടിൽ ചെന്നപ്പോൾ ഒരു സുന്ദരിയെ കണ്ടു. അവളോടു് അദ്ദേഹം ചോദിക്കുകയാണു്:

ത്വംഹ്രീർ ഭവാന്യസ്യഥ വാഗ് രമാ

പതീം വിചിന്തതീ കിം മുനിവദ്രഹോവനേ

ത്വദംഘ്രികാമാപ്ത സമസ്തകാമം ക്വ

പദ്മകോശഃ പതിതഃ കരാഗ്രാത്

(നീ ലജ്ജയുടെ അധിഷ്ഠാന ദേവതയാണോ? പാർവ്വതിയാണോ? സരസ്വതീ ദേവിയാണോ? ലക്ഷ്മീദേവിയാണോ? നിന്റെ പാദപദ്മങ്ങളെ കൊതിക്കുക മാത്രം ചെയ്തു് എല്ലാ അഭിലാഷങ്ങളെയും സാക്ഷാത്കരിച്ച ആത്മനാഥനെ അന്വേഷിച്ചു് മുനിയെപ്പോലെ വനത്തിന്റെ ഏകാന്തതയിൽ പാർക്കുകയാണല്ലോ നീ. നീ ലക്ഷ്മീദേവി മാത്രമാണെങ്കിൽ വിരലിന്റെ അറ്റത്തുനിന്നുവീണ താമരപ്പൂമൊട്ടു് എവിടെ?)

(ഭാഗവതം: നാലാം സ്കന്ധം)

images/NALINIBAKEL.jpg
നളിനീ ബേക്കൽ

നളിനീ ബേക്കലി ന്റെ “പാപനാശിനി” എന്ന കഥയ്ക്കു് (കഥാമാസിക) നമ്പൂതിരി വരച്ചുചേർത്ത തരുണിയുടെ ചിത്രം കണ്ടപ്പോൾ പൂരഞ്ജനനെപ്പോലെ ഇങ്ങനെതന്നെ ചോദിക്കാൻ തോന്നിപ്പോയി എനിക്കു്. നമ്പൂതിരിയുടെ തരുണി ലക്ഷ്മീദേവി തന്നെ. അവളുടെ കരാഗ്രത്തിൽനിന്നു് പൂമൊട്ടു വീണുപോയിയെന്നു് ആ വിരൽത്തുമ്പുകൾ വിളിച്ചു പറയുന്നു. പ്രകൃതി കലയെ അനുകരിക്കുന്നോ? അതോ കല പ്രകൃതിയെ അനുകരിക്കുന്നോ? എന്തുമാകട്ടെ. ഞാൻ ഇനി സ്ത്രീയുടെ സൗന്ദര്യം ആസ്വദിക്കുന്നതു നമ്പൂതിരിയുടെ ചിത്രത്തിന്റെ സൗന്ദര്യത്തെ അവലംബിച്ചായിരിക്കും. അനുഗൃഹീതനായ ഈ ചിത്രകാരനു ധന്യവാദം.

ചിത്രം മാത്രമല്ല, നളിനീ ബേക്കലിന്റെ കഥയും നന്നായിട്ടുണ്ടു്. യാദൃച്ഛികമായി കൈയിൽ കിട്ടിയ തരുണി. മറ്റു മാർഗ്ഗമൊന്നുമില്ലാതെയാണു് അവൾ അയാളുടെ അരികിലെത്തിയതു്. ഇരകണ്ട വന്യമൃഗത്തെപ്പോലെ അയാൾ ചാടിവീഴുന്നില്ല അവളുടെ നേർക്കു്. ആ മര്യാദയും സ്നേഹവും കാരുണ്യവുമാണു് അവൾക്കു മാനസാന്തരമുളവാക്കുന്നതു്. ഒരു താൽകാലികബന്ധം സ്ഥായിയായ ബന്ധമാകാവുന്നതിനെ ഹൃദ്യമായി ചിത്രീകരിക്കുന്നു നളിനീ ബേക്കൽ. ഞാൻ എത്രത്തോളം നിയന്ത്രണം കാണിക്കുമോ അത്രത്തോളം അന്യന്റെ നിഷ്ഠുരത കുറയും. സ്ത്രീയുടെ നിയന്ത്രണത്തിനു് കലാത്മകമായ രൂപം സിദ്ധിച്ചിരിക്കുന്നു ഈ കഥയിൽ.

മുത്തല്ല, കാചം തന്നെ

മുത്തു് അങ്ങ് അഗാധതയിൽ—കടലിന്റെ അടിയിൽ—കിടക്കുകയാണു്. അതു് കിട്ടണമെങ്കിൽ ആഴത്തോളം മുങ്ങിച്ചെല്ലണം. മൺവെട്ടികൊണ്ടു പറമ്പു കിളച്ചുനോക്കിയാൽ മതിയാവുകയില്ല. ഈശ്വരനെ സാക്ഷാത്കരിക്കണമെങ്കിൽ ഏകാന്തത്തിലിരുന്നു ധ്യാനിക്കണം. പുരോഹിതനോടു സംസാരിച്ചാൽ പോരാ. മനോരാജ്യം വാരികയിൽ ‘പെർമിറ്റ്’ എന്ന കഥയെഴുതിയ വിശ്വരാജ് കണ്ണപുരം മൺവെട്ടിയെടുത്തു് പറമ്പു കിളയ്ക്കുകയാണു്. ധ്യാനിക്കാതെ കാഷായവസ്ത്രം ധരിച്ചവനോടും ളോഹയിട്ടവനോടും സംസാരിക്കുകയാണു്. അദ്ദേഹത്തിനു് സാഹിത്യത്തിന്റെ മുത്തു കിട്ടുകില്ല ഒരിക്കലും. അദ്ദേഹം ഈശ്വരചൈതന്യം ഒരിക്കലും അനുഭവിക്കില്ല. പെൻഷൻ പറ്റിയ ഒരു പ്രൊഫസർ പെർമിറ്റിനു ചെന്നപ്പോൾ ശിഷ്യയായ ഐ. എ. എസ്സുകാരി മര്യാദയോടു കൂടി പെരുമാറിപോലും. എന്തൊരു കഥ? അല്ല എന്തൊരു കഥാസാഹസിക്യം!

ടോക്കിയോയിൽ ഗുസ്തിമത്സരം നടക്കുകയായിരുന്നു. പ്രേക്ഷകർ നിറഞ്ഞുകഴിഞ്ഞു. ടിക്കറ്റ് വാങ്ങിയവർക്കുപോലും അകത്തു കയറാൻ വയ്യ. ടിക്കറ്റില്ലാത്ത ഒരുത്തനു് മത്സരം കണ്ടേതീരൂ. അയാൾ പിറകുവശത്തുചെന്നു വേലി പൊളിക്കാൻ തുടങ്ങി. മാനേജർ അതുകണ്ടു. അയാൾ വേലി പൊളിക്കുന്നവനെ കഴുത്തിൽ കുത്തിപ്പിടിച്ചു തള്ളിയിട്ടു പറഞ്ഞു: “ഇതല്ല പ്രവേശനത്തിനുള്ള മാർഗ്ഗം. മാനേജർ പോയപ്പോൾ അയാൾ തിരിഞ്ഞുനിന്നു് ശ്വാനനെപ്പോലെ പിറങ്കാലുകൊണ്ടു് വേലി ചവിട്ടിപ്പൊളിച്ചു. മാനേജർ വീണ്ടുമെത്തി അയാളുടെ മുതുകിൽ ഒരു തള്ളുകൊടുത്തിട്ടു് അറിയിച്ചു: “പുറത്തേക്കു പോകാനുള്ള വഴിയും ഇതല്ല”. നേരേചൊവ്വേ സാഹിത്യമണ്ഡലത്തിൽ കയറാൻ കഴിവില്ലാത്തവർ തിരിച്ചങ്ങു പോകണം. അവർ വേലി പൊളിക്കരുതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.