
ഈ ലോകത്തു കഴിഞ്ഞു കൂടാൻ വേണ്ടി ഞാൻ ചിലപ്പോൾ കള്ളം പറഞ്ഞിട്ടുണ്ടു്. ഇനി പറഞ്ഞെന്നും വരും. എന്നാൽ സാഹിത്യവാരഫലത്തിൽ ഇതുവരെ സത്യമേ എഴുതിയിട്ടുള്ളു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ‘ഇത്രയും മുൻകൂട്ടി അറിയിച്ചുകൊണ്ടു് ഒരു സത്യാത്മക സംഭവത്തിലേക്കു കടക്കട്ടെ. പ്രശാന്തമായ സായാഹ്നം. ആൾത്തിരക്കുകൂടിയ രാജവീഥിയിൽ നിന്നു് ആളൊഴിഞ്ഞ ഒരു ഉപവീഥിയിലേക്കു ഞാൻ തിരിഞ്ഞു. പത്തു മിനിറ്റു നേരം നടന്നിരിക്കും. പെട്ടെന്നു് ഒരു സ്ത്രൈണശബ്ദം. “സാർ.” ഞാൻ നോക്കി. മതിലിനുമുകളിൽ കണ്ണീരണിഞ്ഞ ഒരു സുന്ദരവദനം. “എന്താ കരയുന്നതു് ?” എന്നു ഞാൻ ചോദിച്ചു. “അകത്തേക്കു വരൂ. പറയാം.” ഞാൻ ഗെയ്റ്റ് കടന്നു മുറ്റത്തുനിന്നു. അവൾ പറഞ്ഞുതുടങ്ങി. “ഞങ്ങളുടെ വിവാഹത്തിനുശേഷം ഈ വീടു് വാടകയ്ക്കെടുത്തു താമസമായി. ഇന്നു പതിനൊന്നാമത്തെ ദിവസമാണു്. അദ്ദേഹം പിണങ്ങിപ്പോയിട്ടു നാലു ദിവസം കഴിഞ്ഞു. അമ്മയും സഹോദരിയും ഉപദേശിക്കുന്നതനുസരിച്ചു മാത്രം പെരുമാറുന്ന മനുഷ്യൻ. ഞാൻ ചെന്നു വിളിച്ചുനോക്കി. വരുന്നില്ല. സാറ് അദ്ദേഹത്തെക്കണ്ടു് സംസാരിക്കണം. ഇവിടെ വിളിച്ചുകൊണ്ടുവരികയും വേണം. എന്നെ ഒറ്റയ്ക്കിട്ടിട്ടു പോയിരിക്കുന്നു. എന്തൊരു മനുഷ്യൻ!” ഞാൻ തെല്ലുനേരം മിണ്ടാതെ നിന്നിട്ടു പറഞ്ഞു: കമലത്തിനുതന്നെ ഗോപാലൻ നായരെ തിരിച്ചുകൊണ്ടുവരാനുള്ള വാക്കുകൾ പ്രയോഗിക്കാനറിയാം. ആ വാക്കുകൾ അദ്ദേഹത്തോടു പറയൂ. ഭർത്താവു തിരിച്ചുവരും. സ്വന്തം വാദങ്ങൾ മാത്രമാണു ശരിയെന്നു കരുതാതിരിക്കു.” ഇത്രയും പറഞ്ഞിട്ടു് ഞാൻ പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ തിരുവനന്തപുരം വാട്ടർ വർക്ക്സിലെ പൂന്തോട്ടത്തിലിരുന്നു രസിച്ചു സംസാരിക്കുന്നതു ഞാൻ കണ്ടു. കടുത്ത യുക്തി ഉപേക്ഷിച്ചു് അവൾ അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിച്ചിരിക്കും. അയാൾ അമ്മയുടെയും സഹോദരിയുടെയും ആധിപത്യത്തിൽനിന്നു മോചനം നേടി ഭാര്യയുടെകൂടെ പോന്നിരിക്കും. മുപ്പതോ മുപ്പത്തിയഞ്ചോ വർഷങ്ങൾക്കുശേഷം ഇന്നലെ അവർ രണ്ടുപേരും സ്കൂട്ടറിൽ പോകുന്നതു് ഞാൻ കണ്ടു. സ്ത്രീ എന്നെ നല്ലപോലെ കണ്ടു. എല്ലാ സ്ത്രീകളും ഉപകർത്താക്കളെ കണ്ടില്ലെന്നു നടിക്കും. അവരും കണ്ടില്ലെന്നു ഭാവിച്ചു.
സാഹിത്യാംഗനയെ തകർക്കാൻ ഖലന്മാർ സൗകര്യം നോക്കിയിരിക്കുകയാണു്. ദുഷ്ടന്മാരുടെ ശക്തി കൂടുതലായതുകൊണ്ടും സാഹിത്യാംഗനയ്ക്കു് ദൗർബല്യം ഏറെയുള്ളതുകൊണ്ടും അവൾക്കു വഴങ്ങേണ്ടിവരും. അപ്പോൾ എല്ലും തോലുമായി പൈങ്കിളിസ്സാഹിത്യം വേച്ചു വേച്ചു നടക്കുന്നതു് നമ്മൾ കാണും.
സരസ്വതി എന്റെ വീട്ടിൽക്കയറിവന്നു. കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരിയാണെങ്കിലും ഭ്രാന്തുപിടിച്ച മട്ടുണ്ടു്. ഉന്മാദിനിയെപ്പോലെ അവൾ അട്ടഹസിച്ചു: “സാർ, ഓഫീസിലെ ആ നീചൻ എന്നെ ചതിച്ചു. എനിക്കു ജോലിതരാമെന്നു അവൻ പറഞ്ഞു. ജോലിതന്നെങ്കിലും അവൻ എന്നെ ചതിച്ചു സാർ. എനിക്കിനി ആത്മഹത്യയേ മാർഗ്ഗമുള്ളു.” ഞാൻ മിണ്ടാതെ ഇരുന്നു. രണ്ടുദിവസം കഴിഞ്ഞു്… ഓഫീസിൽ “ഔദ്യോഗിക” കാര്യങ്ങൾക്കായി എനിക്കു പോകേണ്ടിവന്നു. അവിടെ ഒരു മരത്തിന്റെ ചുവട്ടിൽനിന്നു സരസ്വതിയുടെ സഹോദരൻ കരയുകയായിരുന്നു. ഞാൻ അടുത്തുചെന്നിട്ടും അയാളറിഞ്ഞില്ല. “എന്തിനാണു ദുഃഖിക്കുന്നതു് ?” എന്നു ഞാൻ ചോദിച്ചു. അയാൾ മറുപടി നല്കി: “സാർ സഹോദരിക്കു സുഖമില്ല. എന്തു കഴിച്ചാലും ഛർദ്ദിക്കുന്നു… ഹോസ്റ്റലിൽനിന്നു ഉടനെ മാറിക്കൊടുക്കണമെന്നു മേട്രൺ പറയുന്നു. ഇവിടെയടുത്തു് ഒരു വീടു് വാടകയ്ക്കു് എടുത്തു. ചേച്ചിയെ നാട്ടിൽനിന്നു കൂട്ടിക്കൊണ്ടുവന്നു് സഹോദരിയുമായി താമസിക്കണമെന്നു കരുതുകയാണു്.” മൂന്നു മാസം കഴിഞ്ഞു. അവൾ എല്ലും തോലുമായി ഓഫീസിൽ കയറിപ്പോകുന്നതു ഞാൻ കണ്ടു. കണ്ട ഭാവം ഞാൻ കാണിച്ചില്ല. മനസ്സിൽ ഇങ്ങനെ പറഞ്ഞു: …ഓഫീസിൽ മാത്രമല്ല. ലോകമാകെ നീചന്മാരാണു്. അവരുടെ ദുഷ്ടതകൊണ്ടു തരുണികൾ തകരും. ആ തകർച്ചകണ്ടു നമ്മളും തകരും.
ഓരോ സംഭവത്തെയും സാഹിത്യത്തിലേക്കു സംക്രമിപ്പിക്കാം. അപ്പോൾ ഗുണപാഠം ഇങ്ങനെയാവും. സാഹിത്യസൃഷ്ടി അതിരുകടന്ന യുക്തി പ്രദർശിപ്പിച്ചാൽ സഹൃദയൻ അകന്നുപോകും. അനുരഞ്ജന മനോഭാവമുണ്ടെങ്കിൽ അയാൾ തിരിച്ചെത്തും. തിരിച്ചെത്തിയാൽ യുക്തിയുടെ അതിപ്രസരം ചൂണ്ടിക്കാണിച്ച നിരൂപകനെ കണ്ടില്ലെന്നു ഭാവിക്കരുതു്. രണ്ടാമത്തെ സംഭവത്തിന്റെ ഗുണപാഠം. സാഹിത്യാംഗനയെ തകർക്കാൻ ഖലന്മാർ സൗകര്യം നോക്കിയിരിക്കുകയാണു്. ദുഷ്ടന്മാരുടെ ശക്തി കൂടുതലായതുകൊണ്ടും സാഹിത്യാംഗനയ്ക്കു്, ദൗർബ്ബല്യം ഏറെയുള്ളതുകൊണ്ടും അവൾക്കു വഴങ്ങേണ്ടതായി വരും. അപ്പോൾ എല്ലും തോലുമായി പൈങ്കിളിസ്സാഹിത്യം വേച്ചു വേച്ചു നടക്കുന്നതു് നമ്മൾ എന്നും കാണും.
“സത്യമെന്നാലെന്തു്?”
“സാഹിത്യവാരഫലത്തിൽ ഇന്നുവരെ കള്ളം എഴുതിയിട്ടില്ല എന്നതു്.
—നവീന നിരൂപണം സത്യാത്മകമല്ലെന്നു സഹൃദയൻ ചൂണ്ടിക്കാണിക്കുന്നതു്.
—സ്ഥലം തികയ്ക്കാനായി, അവിദഗ്ദ്ധർ വരയ്ക്കുന്ന ഹാസ്യചിത്രങ്ങൾ വാരികകളിൽ അങ്ങിങ്ങായി ചേർക്കുന്നതു് വായനക്കാർക്കു് ഉദ്വേഗമുളവാക്കുന്നു എന്നതു്.
— രണ്ടു കാലയളവിലാണു് കായങ്കുളം കൊച്ചുണ്ണിയും മുളമൂട്ടു് അടിമയും ജീവിച്ചതെങ്കിലും കൊച്ചുണ്ണി അടിമയെ ‘കള്ളാ’ എന്നു വിളിക്കുന്നതു്. അടിമ കൊച്ചുണ്ണിയെ നോക്കി ‘കള്ളാ’ എന്നു വിളിക്കുന്നതു്.

ഇസ്രായേലിലെ സാഹിത്യകാരനായ ഏമസ് ഓസ് (Amos Oz, 1939) എനിക്കഭിമതനാണു്. സാഹിത്യത്തിന്റെ ശക്തിയും സൗന്ദര്യവും ഞാൻ അദ്ദേഹത്തിന്റെ നോവലുകളിൽ നിന്നറിയുന്നു. ഏമസ് ഓസിന്റെ പുതിയ നോവൽ A Perfect Peace മേശപ്പുറത്തു കിടക്കുന്നു. അതു വായിച്ചില്ലെങ്കിൽ എന്റെ കണ്ണുകൾകൊണ്ടെന്തു പ്രയോജനം? പ്രേമഭാജനം പകുതിമാഞ്ഞ സിന്ദൂരപ്പൊട്ടോടുകൂടി ശയനീയത്തിൽ ഉറങ്ങുന്നു. ആ പൊട്ടു് വീണ്ടും വൃത്തമാക്കിയില്ലെങ്കിൽ നിങ്ങളുടെ വിരലുകൾകൊണ്ടെന്തു പ്രയോജനം? ചെമ്പൈ വൈദ്യനാഥയ്യർ പാടുമ്പോൾ അതുകേട്ടു് ആനന്ദിക്കാൻ നിങ്ങളുടെ മനസ്സു് സന്നദ്ധമായില്ലെങ്കിൽ ആ മനസ്സുകൊണ്ടെന്തു പ്രയോജനം? കാമുകിയുമായി രസിച്ചുനടക്കാൻ വേണ്ടി വിവാഹിതനായ നിങ്ങൾ കടം വാങ്ങിച്ച പണം അതിനായി ചെലവാക്കാതെ നിഷ്കളങ്കയായ ഭാര്യയ്ക്കു നല്കുന്നില്ലെങ്കിൽ ആ പണം കൊണ്ടെന്തു പ്രയോജനം? നിങ്ങളുടെ മനുഷ്യത്വംകൊണ്ടെന്തു പ്രയോജനം? ഒടുവിൽപ്പറഞ്ഞ ഈ ചോദ്യമാണു് കാനേഷ് പൂനൂരു് ചോദിക്കുന്നതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ദേശാടനക്കുറിപ്പു്’ എന്ന ചെറുകഥ) ഓഫീസ് മാനേജരിൽനിന്നു് മുൻകൂറായി വാങ്ങിയ മുന്നൂറു രൂപയുംകൊണ്ടു കാമുകിയെ അന്വേഷിച്ചു പോകുന്നു രമേഷ് എന്ന കഥാപാത്രം. അവളില്ലാത്തതുകൊണ്ടു് പല സ്ഥലങ്ങളിലും വ്യർത്ഥമായി കറങ്ങി വീട്ടിൽ ചെല്ലുന്നു. സ്നേഹത്തിന്റെ ഉടലെടുത്ത രൂപമായ ഭാര്യ നിഷ്കളങ്കതയുടെ പ്രതീകങ്ങളായ കുഞ്ഞുങ്ങൾ. ‘അവർക്കായി ആ പണം അയാൾ നൽകുമ്പോൾ മനുഷ്യത്വം വികാസംകൊള്ളുന്നു. രമേഷിന്റെ മാത്രമല്ല, നമ്മുടേയും. നവീനന്മാർ നിഷ്കാസനം ചെയ്ത ഈ പഴയ മൂല്യങ്ങളെ സാഹിത്യകാരന്മാർ വാഴ്ത്തുമ്പോൾ ആഹ്ലാദമാണെനിക്കു്. ആ ആഹ്ലാദത്തോടെ ഞാൻ വാരിക അടച്ചുവയ്ക്കുന്നു.

വൈഷയികത്വമുള്ള വിഷയമാണു കഥാകാരൻ കൈകാര്യം ചെയ്യുന്നതു്. അതിനു യോജിച്ച ഭാഷയല്ല അദ്ദേഹത്തിന്റേതു്. ഭാഷയ്ക്കും വൈഷയികത്വം വരണം. അപ്പോൾ മാത്രമേ കഥ പരിപൂർണ്ണമായും വിജയം പ്രാപിക്കൂ. വ്ളാഡീമീർ നാബോക്കോവ്, ഗോർവീഡാൽ ഇവർ വാഴ്ത്തിയ അമേരിക്കൻ നോവലിസ്റ്റ് ഈ. വൈറ്റി ന്റെ ‘കരക്കോൾ’ (Caracole) എന്ന നോവൽ വായിച്ചാൽ ഇത്തരം വിഷയങ്ങൾ വൈഷയികമായിത്തന്നെ പ്രതിപാദിക്കുന്നതെങ്ങനെയെന്നു ഗ്രഹിക്കാം. ഗബ്രിയേൽ എന്ന ബാലന്റെ സ്വയംഭോഗത്തെ നോവലിസ്റ്റ് വർണ്ണിക്കുന്നതു കണ്ടാലും:
“When he had fenced with it in solitude he had clenched his jaws shut, widened his eyes, flared his nostrils, expanded his chest, stabbed with rhythmic power and majesty black might drawing white blood.”

കലാകൗമുദിയിൽ ‘ജാഗരം’ എന്ന കഥയെഴുതിയ ജെക്കോബി ഡോക്ടറാവാം. മെഡിക്കൽ വിദ്യാർത്ഥിയാകാം. അല്ലെങ്കിൽ മെഡിക്കൽ ബുക്ക്സ് വായിക്കുന്നയാളാകാം. അതുകൊണ്ടു വൈദ്യശാസ്ത്ര വിഷയകമായി എഴുതാൻ എനിക്കു വല്ലായ്മയുണ്ടു്. പഴയ ശരീരശാസ്ത്രമനുസരിച്ചു് ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങൾ രക്തം, കഫം, കറുത്ത പിത്തം, മഞ്ഞപ്പിത്തം ഇവയാണു്. ഇവയെ ഹ്യൂമർ എന്നു വിളിക്കുന്നു. ഇവയുടെ അനുപാതമനുസരിച്ചു് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ഘടനയ്ക്കു മാറ്റംവരും. ഇവയിൽ ഏതെങ്കിലുമൊന്നു കൂടിയാൽ അനിയതസ്വഭാവം വരും. സെക്സിനു അനിയതത്വം വരത്തക്കവിധത്തിൽ ഒരു ഹ്യൂമർ കൂടിപ്പോയ കഥാപാത്രങ്ങളെയാണു് ജെക്കോബി അവതരിപ്പിക്കുന്നതു്. ഒരാളിനു കൊച്ചുകുട്ടിയോടുള്ള കാമം; വേറൊരാൾക്കു് പ്രായംകൂടിയ സ്ത്രീയോടുള്ള കാമം; മറ്റൊരാൾക്കു അഗമ്യഗമനത്തിലുള്ള തൽപരത്വം. ഇതിന്റെയൊക്കെ ഫലമായ ആത്മഹത്യയും സ്വാഭാവിക മരണവും മറ്റും. പെണ്ണിന്റെ മുറിവുകൾ ഡ്രസ്സ് ചെയ്യുന്ന ഡോക്ടർക്കുപോലും പ്രച്ഛന്നമായ കാമം. ഇവയെല്ലാം ചേർത്തു ജെക്കോബി രൂപം കൊടുക്കുന്ന കഥയ്ക്കു് ‘ഓർഗനൈസേഷൻ’ കൊണ്ടു് ഉണ്ടാകുന്ന ചാരുതയില്ല. ഓരോ ദൃശ്യവും വെവ്വേറെ എടുത്തുനോക്കുമ്പോൾ നന്നു്. ഉദാഹരണങ്ങൾ: 1) ഡോക്ടർ തുരുത്തിൽ വന്നിറങ്ങുന്നതു്. 2) മരിച്ചവന്റെ ശരീരം വള്ളത്തിൽനിന്നു കരയ്ക്കെടുക്കുന്നതു്. 3) കൊച്ചാപ്പൻ കാമലീലയാടുന്നതു്. എന്നാൽ ഇവയെല്ലാം ചേർന്നു് ഒരു പ്രവാഹമായി മാറുന്നില്ല ആഖ്യാനം. കഥാസംഭവങ്ങൾ എന്തുമാകട്ടെ. അവയെയെല്ലാം ത്രാസിന്റെ ഒരു തട്ടിലിട്ടു് മറ്റേത്തട്ടിൽ ലോകത്തെയാകെ വച്ചു് തൂക്കിനോക്കുമ്പോൾ ത്രാസു് സമനില പാലിക്കണം. അപ്പോൾ മാത്രമേ സംഭവങ്ങളടങ്ങിയ കഥ കലയാകൂ. ജെക്കോബിയുടെ കഥയിലെ സംഭവങ്ങൾ ഭാരക്കൂടുതൽകൊണ്ടു് ത്രാസിന്റെ തട്ടിനെ താഴ്ത്തിക്കളയുന്നു.
എന്നും സൂക്ഷ്മമായി സന്ധ്യയ്ക്കു് ആറുമണിക്കു വീട്ടിലെത്തുന്ന ആളിനെ അന്നു് എട്ടു മണിയായിട്ടും കാണുന്നില്ല. അയാളുടെ ഭാര്യയും മക്കളും ഉത്കണ്ഠാകുലരായി വീട്ടിന്റെ മുൻവശത്തു വന്നു് റോഡിലേക്കു നോക്കിനില്ക്കുന്നു. “കണ്ടില്ലല്ലോ ഇതുവരെ” എന്നു ഭാര്യയും “അച്ഛനെവിടെ പോയി?” എന്നു മക്കളും തങ്ങളോടുതന്നെ പറഞ്ഞു ദുഃഖിക്കുന്നു. ഈ ഗൃഹനായകൻ നല്ലവനാണു്. എഴുത്തുകാർ ഈ ഗൃഹനായകനെപ്പോലെയാവണം. പതിവായി കഥകൾ നമുക്കു നല്കുന്ന കഥാകാരൻ കുറച്ചുകാലത്തേക്കു മൗനം അവലംബിച്ചാൽ “എന്തേ, അദ്ദേഹം എഴുതാത്തതു് ?” എന്നു് ഓരോ വ്യക്തിയും ചോദിക്കണം. അങ്ങനെയുള്ള സാഹിത്യകാരന്മാർ നമുക്കുണ്ടോ?

ഷേവ് ചെയ്തു് ഷേവ് ചെയ്തു് മൂർച്ചപോയ ബ്ലെയിഡ്കൊണ്ടു പ്രയോജനം വല്ലതുമുണ്ടോ? ഉണ്ടു്. പെന്സിൽ വെട്ടാം. നഖം മുറിക്കാം. ഇവ രണ്ടിനെക്കാളും വലിയ ഒരു പ്രയോജനം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഉത്കൃഷ്ടങ്ങളായ വാരികകളിൽ അപകൃഷ്ടങ്ങളായ കാവ്യങ്ങൾ വന്നാൽ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണു്; വാരികയോടുള്ള മര്യാദകേടു്. അതുകൊണ്ടു് ബ്ലെയിഡ് എടുത്തു് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങു് കീറിമാറ്റാം. വാരികപോലും അതറിയില്ല. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സിദ്ദീഖ് എടപ്പകത്തു് എഴുതിയ “ഒരു എക്സ് ദുബൈക്കാരന്റെ പാട്ടു് എന്നൊരു കാവ്യം” വന്നിട്ടുണ്ടു്. ഞാൻ വിളിക്കുന്നു: “പേരക്കുട്ടീ, രാഖീ, ഒരു പഴയ ബ്ലെയിഡ് എടുത്തുകൊണ്ടുവാ” ഇങ്ങനെ വിളിക്കാൻതക്ക അപരാധമൊന്നും “കവി” ചെയ്തിട്ടില്ലെന്നു് വായനക്കാർ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ താഴെച്ചേർക്കുന്ന വരികൾ അവരൊന്നു വായിച്ചുനോക്കട്ടെ.
“പൂഗമാകരൂ കദളീവനങ്ങളാ-
ലാകെ മനോഹരമായൊരീഭൂമിയിൽ
ഗോവു, മജവും, ഹരിണവും പൂച്ചയും
ശ്വാവും കുറുക്കനും മേയുന്ന ഭൂമിയിൽ
പച്ചക്കിളികളും പ്രാവും കുരുവിയും
ഒച്ചയിട്ടെങ്ങും പറക്കുന്ന ഭൂമിയിൽ
ശീഘ്രം ഗമിക്കും പുലിയും സിംഹങ്ങളും
വ്യാഘ്രവുമുള്ള കാടുള്ള ധരണിയിൽ
പുന്നെല്ലിൻചോറും, പൂമീനും, നെയ്യപ്പവും
തിന്നെന്റെ നാവും, വയറും ചിരിക്കവെ
ചീസും ടിൻഫിഷും ലബനാനിറൊട്ടിയും
പീസും കഴിച്ചു മടുത്ത നാളോർത്തുപോയ്
സംതൃപ്തനാണുഞാൻ സന്തുഷ്ടനാണു ഞാൻ
ബന്ധുര കോമള കേരള ഭൂമിയിൽ.”
സമൂഹത്തെയാകെ ചിലപ്പോൾ ഈശ്വരൻ ശിക്ഷിച്ചുകളയും. നമ്മുടെ ഭാരതത്തിൽ ഒരണപൊട്ടി ലക്ഷക്കണക്കിനാളുകൾ മരിച്ചില്ലേ? അടുത്തകാലത്തു പാലം തകർന്നതിന്റെ ഫലമായി തീവണ്ടി യാത്രക്കാർ മരിച്ചില്ലേ? അണയുടെ തകർച്ചയായി, തീവണ്ടിയുടെ മറിയലായി, അഗ്നിപർവ്വതത്തിന്റെ പൊട്ടിത്തെറിക്കലായി ശിക്ഷവരും. ഇപ്പോൾ ‘ചന്ദ്രിക’യുടെ വായനക്കാരെയാകെ സർവ്വേശ്വരൻ ശിക്ഷിക്കുന്നതു് ഈ കാവ്യം കൊണ്ടാണു്.
ചോദ്യം: അപ്പോൾ ഈശ്വരന്റെ അനുഗ്രഹം എങ്ങനെ വരും?
ഉത്തരം: ഉത്സവസ്ഥലത്തുവച്ചു ലഭിക്കുന്ന യാദൃച്ഛികസ്പർശമായി, കാലത്തു മുറ്റത്തു വിടർന്നുനില്ക്കുന്ന പനിനീർപ്പൂവായി, ചങ്ങമ്പുഴയുടെ ‘മനസ്വിനി’ എന്ന കാവ്യമായി, സുന്ദരിയുടെ ചിരിയായി… അങ്ങനെ പലതും.
ചോദ്യം: ഒരാളിനെ കണ്ടാലുടൻ ‘ക്ഷീണിച്ചുപോയല്ലോ’ എന്നു പറയുന്നതു് അപരാധമാണെന്നു നിങ്ങൾ എഴുതിയല്ലോ. അതിനെക്കാൾ വലിയ അപരാധമില്ലേ?
ഉത്തരം: ഉണ്ടു്. നമ്മൾ ‘വസ്തുനിഷ്ഠമായി’ വേറൊരാളിനെ വിമർശിക്കുമ്പോൾ ശ്രോതാവു് മൗനം അവലംബിക്കുന്നതും ആ സംഭാഷണം മാറ്റുന്നതും വലിയ അപരാധംതന്നെ. നമ്മൾ പറയുന്നതിനോടു് അയാൾ യോജിക്കണമെന്നില്ല. ‘നിങ്ങൾ പറയുന്നതു് അത്രകണ്ടു ശരിയല്ല’ എന്നെങ്കിലും പറയണം. അങ്ങനെയൊന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നവൻ നമ്മുടെ ചെകിട്ടത്തു് അടിക്കുകയാണു്. ഈ ലോകത്തു് പലരും മുഖാവരണം ധരിച്ചു കൊണ്ടാണിരിക്കുന്നതു് മുഖാവരണമില്ലാതെ കഴിഞ്ഞുകൂടുന്നവനെ ‘ചീത്ത മനുഷ്യൻ’ എന്നു് മുഖാവരണക്കാർ വിളിക്കും.
ചോദ്യം: അഹങ്കരിക്കുന്ന സ്ത്രീ?
ഉത്തരം: കാരിക്കേച്ചർ.
ചോദ്യം: അമേരിക്കയിലെ നവീന കഥാകാരന്മാരിൽ പ്രതിഭാശാലി ആരു്?
ഉത്തരം: റേമണ്ട് കാർവർ.
ചോദ്യം: ചലച്ചിത്ര താരങ്ങൾക്കു പണ്ടുള്ള ഗ്ലാമർ —വശ്യത—ഇന്നില്ലാത്തതെന്താണു്?
ഉത്തരം: ശ്രീരാമനായി അഭിനയിച്ചു് ആളുകളുടെ മനംകവർന്നയാൾ ‘തേരാപ്പാരാ’ റോഡിലൂടെ നടക്കുന്നു. വേലുത്തമ്പി ദളവ കുടിച്ചുകൊണ്ടു ഷാപ്പിന്റെ മുൻപിൽ കിടക്കുന്നു. സുബ്രഹ്മണ്യൻ കടയിൽ സോപ്പും മറ്റും പൊതിഞ്ഞുകൊടുക്കുന്നു. ഗ്ലാമർ പോകാതെന്തു ചെയ്യും?
ചോദ്യം: നിങ്ങൾ സാഹിത്യവാരഫലം എന്നു നിറുത്തും? (ചോദ്യം സാങ്കല്പികമല്ല)
ഉത്തരം: കടുവയുടെ പുറത്തു കയറിയവനു് താഴെയിറങ്ങാൻ പറ്റുമോ?

മരണത്തെക്കുറിച്ചുള്ള നോവലുകൾ അസംഖ്യങ്ങളാണു് പടിഞ്ഞാറൻ സാഹിത്യത്തിൽ. അവയിലേറ്റവും പ്രധാനം ഹെർമാൻ ബ്രോഹി ന്റെ “വെർജിലിന്റെ മരണം” എന്നതാണു്. വെർജിൽ ജീവിതത്തിൽനിന്നു മരണത്തിലേക്കു കടക്കുന്നതിന്റെ വർണ്ണനയുണ്ടു് നോവലിന്റെ അവസാനത്തെ ഭാഗത്തു്. അതു് അസാധാരണമെന്നേ പറയാനാവൂ. മരണം നല്കുന്ന mystic knowledge ഇതുവായനക്കാരനു പ്രദാനംചെയ്യും. ഇക്കാര്യത്തിൽ ഇതിനു സദൃശമായ ഒരു കലാസൃഷ്ടി വിശ്വസാഹിത്യത്തിൽ ഇല്ലതന്നെ. (അത്യുക്തിയില്ല ഇവിടെ) Hermann Broch, 1886–1951). രണ്ടാമത്തെ നോവൽ റൈനർ മാറീയ റിൽകേ യുടെ (Rainer Maria Rilke, 1875–1927) “The Notebook of Malte Laurids Brigge” എന്നതാണു്. മാൽറ്റേ ലൗറിറ്റ്സ് മരണത്താൽ അനുധാവനം ചെയ്യപ്പെട്ടു് അതിന്റെ (മരണത്തിന്റെ) ആധ്യത്മിക മണ്ഡലത്തിൽ എത്തുന്നതിനെ വർണ്ണിക്കുന്ന ഈ കൃതിയെ എല്ലാ നിരൂപകരും timeless masterpiece എന്നാണു് വിളിക്കുക. ഇതിലെ ഓരോ വാക്യവും രത്നംപോലെ കാന്തി ചിന്തുന്നു. കേട്ടാലും:

There exists a creature, perfectly harmless when you see it; you scarcely notice it and forget it again immediately. But as soon as it manages some how to get unseen into your ears, it develops there; it hatches, as it were, and cases have been known where it has penetrated into the brain and has thriven devastatingly, like those pneumococci in dogs that gain entrance through the nose. This creature is one’s neighbour. (p. 159. Oxford University Press Edition).
ഷേവ്ചെയ്തു് മൂർച്ചപോയ ബ്ലെയിഡ്കൊണ്ടു് പ്രയോജനം വല്ലതുമുണ്ടോ? ഉണ്ടു്. ഉത്കൃഷ്ടങ്ങളായ വാരികകളിൽ അപകൃഷ്ടങ്ങളായ കാവ്യങ്ങൾ വന്നാൽ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണു്; വാരികയോടുള്ള മര്യാദകേടു്. അതുകൊണ്ടു് ബ്ലെയിഡ് എടുത്തു് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങു് കീറിമാറ്റാം. വാരികപോലും അതറിയില്ല.
അടുത്ത കലാസൃഷ്ടി ടോൾസ്റ്റോയി യുടെ The Death of Ivan Ilyich എന്നതാണു്. മരണത്തിന്റെ മുൻപിൽ മുഖാവരണം ധരിച്ചു നില്ക്കുന്ന കുറെയാളുകളെയാണു് നമ്മൾ ഇതിൽ കാണുന്നതു്. മാരകമായ രോഗം പിടിപെട്ട ജഡ്ജിയോടു് എല്ലാവരും കള്ളം പറയുന്നു; അയാളുടെ പരിചാരകനൊഴിച്ചു്. അവർ പറയുന്നതൊക്കെ അസത്യമാണെന്നു് ജഡ്ജിക്കറിയാം. “കള്ളം പറഞ്ഞതു മതി. ഞാൻ മരിക്കാൻ പോകുകയാണെന്നു നമ്മൾക്കെല്ലാം അറിയാം. എന്നോടു് കള്ളം പറയാതെയെങ്കിലുമിരിക്കു” എന്നു് അയാൾക്കു് അവരോടു ഗർജ്ജിച്ചാൽ കൊള്ളാമെന്നുണ്ടു്. സാധിക്കുന്നില്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അർത്ഥം പരിചാരകനിൽ നിന്നു മനസ്സിലാക്കിക്കൊണ്ടു് അയാൾ മരിക്കുന്നു. മരണമല്ല. അതു ആധ്യാന്മിക പ്രകാശത്തിലേക്കുള്ള പ്രവേശമാണതു്. അതിൽ ആമജ്ജനം ചെയ്യലാണു്.

ഒസ്റ്റ്രിയൻ കവിയും നാടക കർത്താവുമായ ഹൊഫ്മാൻ സ്റ്റാലി ന്റെ (Hofmann Sthal, 1874–1929) Death and the Fool എന്ന കാവ്യനാടകം മരണത്തെക്കുറിച്ചുള്ള വേറൊരു മാസ്റ്റർപീസാണു്. ക്ളോഡിയോ ജീവിതത്തിന്റെ അർത്ഥരാഹിത്യത്തെക്കുറിച്ചു വിചാരിച്ചുകൊണ്ടു് വീട്ടിലിരിക്കുമ്പോൾ വയലിനിന്റെ മധുരനാദം കേൾക്കുന്നു. ഗായകൻ പ്രവേശിക്കുന്നു. അയാൾ മരണമാണു്. ക്ളോഡിയോ മരണത്തിനു വിധേയനാകാൻ ഒരുക്കമില്ല. ഗായകൻ (മരണം) അയാളുടെ അമ്മയുടെയും പ്രേമഭാജനത്തിന്റെയും സ്നേഹത്തിന്റെയും പ്രേതങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മൂന്നുപേരെയും താൻ സ്നേഹിച്ചില്ല എന്ന സത്യം ക്ളോഡിയോ ഗ്രഹിക്കുന്നു. ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിക്കൊണ്ടു് ഹർഷോന്മാദത്തിൽ മുഴുകിക്കൊണ്ടു് അയാൾ മരിക്കുന്നു. “Wake up from life’s dream in the/wake of death എന്നു് പറഞ്ഞുകൊണ്ടാണു് അയാൾ അന്ത്യശ്ശ്വാസം വലിക്കുക. ഇതെഴുതിയപ്പോൾ ഹൊഫ്മാൻസ്റ്റാലിനു് പതിനെട്ടു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു.
മരണം നിശ്ശബ്ദതയാണു്. നിശ്ശബ്ദത ആവിഷ്കരിച്ചു് മരണത്തിന്റെ ഭീകരസ്വഭാവം സ്ഫുടീകരിച്ചു ബൽജിയൻ നാടകകർത്താവു് മോറീസ് മതേർലങ് (Maurice Maeterlink, 1862–1947, മാതേർലിങ്ക് എന്നു ഡച്ച് ഉച്ചാരണം). അദ്ദേഹത്തിന്റെ The Intruder, The Blind, Interior എന്നീ “മരണ നാടകങ്ങൾ” (Death dramas) വായിച്ചാൽ നമ്മൾ ഞെട്ടും.

ഇതൊക്കെ വായിച്ചിട്ടുള്ളവർക്കു തമിഴ് സാഹിത്യകാരനായ മുത്തുസ്സ്വാമിയുടെ “ഒരു മരണം” എന്ന കഥ (കഥാമാസിക ലക്കം 146) വലിയ ‘ഇംപാക്റ്റ് സൃഷ്ടിച്ചെന്നുവരില്ല. മരണത്തെക്കുറിച്ചു് ഒബ്സഷനുള്ള ഒരാൾ പലരുടെയും മരണത്തെ സങ്കല്പിച്ചു് മരണത്തിലേക്കു ചെല്ലുന്നതായി വർണ്ണിച്ചിട്ടുള്ള ഈ കഥ മോശമാണെന്നു് എനിക്കഭിപ്രായമില്ല. വായനയുടെ പ്യാപ്തി കൂടുംന്തോറും ആസ്വാദനത്തിന്റെ രീതി മാറിവരും. മലയാളം മാത്രമറിയുന്നയാൾ സി.വി. രാമൻപിള്ളയുടെ “മാർത്താണ്ഡവർമ്മ” വായിക്കുമ്പോൾ അദ്ഭുതാവഹം’ എന്നു പറഞ്ഞേക്കും. മാൻ ദ സോണീയുടെ (Manzonil) ചരിത്രപരമായ നോവൽ വായിച്ച ഞാൻ അത്രകണ്ടു് അദ്ഭുതം കൂറുകയില്ല. ഇതൊക്കെയാണു് സത്യമെങ്കിലും തമിഴ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇക്കഥയ്ക്കു പ്രാധാന്യമുണ്ടു്. കഥ മലയാളത്തിലേക്കു തർജ്ജമ ചെയ്ത കെ. വേലപ്പനും ഇ. വി. ശ്രീധരനും അതുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ആ നിലയിൽ ഈ ഭാഷാന്തരീകരണം ഒരു സേവനംതന്നെയാണു്. മുത്തുസ്സ്വാമിയെക്കുറിച്ചു് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു ഇ. വി. ശ്രീധരൻ എഴുതിയതും നന്നായി. നമ്മുടെ അടുത്തുകഴിയുന്ന ഒരു സാഹിത്യകാരനെപ്പറ്റി നമുക്കു് ഒന്നും അറിഞ്ഞുകൂടെന്നു വരുന്നതു ആക്ഷേപാർഹമാണല്ലോ.
സംസ്കൃതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള ആശുപത്രിയിൽ കിടക്കുകയായിരുന്നു. ഒരു ദിവസം രാത്രി പന്ത്രണ്ടു മണിക്കുമുൻപു് അദ്ദേഹം മരിക്കുമെന്നു ഡോക്ടർ പറഞ്ഞു. ബന്ധുക്കൾ എത്തി. ഗോപാലപിള്ളസ്സാറ് അന്നു മരിച്ചില്ല. പിന്നെയും കുറെക്കാലം ജീവിച്ചിരുന്നു. ഒരു ദിവസം ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “സാറ് അന്നു രാത്രി പന്ത്രണ്ടു മണിക്കു മുൻപു മരിക്കുമെന്നു ഡോക്ടർ പറഞ്ഞല്ലോ. സാറും അക്കാര്യം അറിഞ്ഞു. ആ സമയത്തു് സാറിനെന്തു തോന്നി?” കുറിശ്ശേരി മറുപടി നൽകി:“ആ സമയത്തു് ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ ഞാനൊന്നും വിചാരിച്ചില്ല. ഞാൻ മരിക്കാൻ പോകുന്നു എന്നു മാത്രം എനിക്കുതോന്നി. അതിൽ പേടിയോ ദുഃഖമോ എനിക്കുണ്ടായില്ല.” മരണത്തിൽനിന്നു രക്ഷപ്പെട്ട മറ്റു ചിലരും ഏതാണ്ടു് ഇതേ മട്ടിൽത്തന്നെ സംസാരിച്ചിട്ടുണ്ടു്.

എം. കുട്ടിക്കൃഷ്ണൻ ദേശാഭിമാനി വാരികയുടെ വിഷുപ്പതിപ്പിൽ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടു് “അഗ്നിസാക്ഷി നിരതിശയമായ ഒരു നോവൽ” എന്നാണു്. ‘അഗ്നിസാക്ഷി’ നല്ല നോവലാണെന്നു തോന്നിയാൽ അദ്ദേഹത്തിനു് അതു പറയാം. എന്നാൽ ‘നിരതിശയം’ എന്ന വിശേഷണം പ്രയോഗിക്കുന്നതു് സ്വന്തം അഭിപ്രായത്തിന്റെ ശക്തി കൂട്ടാനാണു്. നിരൂപണത്തിൽ അങ്ങനെ ശക്തി വർദ്ധിപ്പിക്കാൻ പാടില്ല. കാരണം അതു് അസത്യമായി ഭവിക്കും എന്നതുതന്നെ. ‘നിരതിശയ’ത്തിനു് ‘അനതിക്രാന്തം എന്നാണർത്ഥം. മറ്റൊരു നോവലും അഗ്നിസാക്ഷിയെ അതിശയിച്ചിട്ടില്ല—കടന്നുപോയിട്ടില്ല— എന്നു് അർത്ഥം വരുന്നു. ഇതു ശരിയല്ല. ‘അഗ്നിസാക്ഷി’യെക്കാൾ കലാത്മകങ്ങളായ പല നോവലുകളും കേരളത്തിൽ പിന്നീടുണ്ടായിട്ടുണ്ടു്. ലേഖകന്റെ ‘നിരതിശയ’ പ്രയോഗം അത്യുക്തിയായി വിലസുന്നു. സാഹിത്യനിരൂപണത്തിലെ അത്യുക്തി ആത്മവഞ്ചനയാണു്, ബഹുജനവഞ്ചനയാണു്. അത്തരം അത്യുക്തികൾ വർജ്ജിക്കണം. ഇല്ലെങ്കിൽ നിരൂപണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും.

പാതവക്കിൽനിന്നു് ഫൗണ്ടൻ പേന വിറ്റുകൊണ്ടിരുന്നവൻ നിബ്ബിന്റെ ദൃഢത കാണിക്കാനായി അതു വിരലുകൊണ്ടു വളയ്ക്കാൻ ശ്രമിച്ചു. തടിക്കഷണത്തിൽ അമർത്തി എഴുതി. പ്രേക്ഷകർ അതുകൊണ്ടൊന്നും ചലനംകൊള്ളുന്നില്ലെന്നു കണ്ടു് “മാന്യമഹാജനങ്ങളേ, ഈ നിബ്ബ് എത്ര ബലമുള്ളതാണെന്നു കാണിക്കാനായി ഞാനിതാ കരിങ്കല്ലിൽ ഇതു കുത്തുന്നു.” എന്നു പറഞ്ഞു് അടുത്തുകിടന്ന ഒരു കല്ലിൽ ഒറ്റക്കുത്തു്. നിബ്ബ് മാത്രമല്ല പേനയാകെ തകർന്നു. ഒരു കഷണം അയാളുടെ കൈയിൽ കുത്തിക്കയറി. ചോരയൊഴുകി. കുട്ടിക്കൃഷ്ണൻ പേനയുടെ ഗുണങ്ങളെക്കുറിച്ചുമാത്രം പ്രസംഗിച്ചാൽ മതി. കരിങ്കല്ലിൽ അതു് ആഞ്ഞുകുത്തരുതു്. വെറുതെ കൈ മുറിക്കുന്നതെന്തിനു്?
സാഹിത്യകാരന്മാരെസ്സംബന്ധിച്ച ഓർമ്മകൾ പുനരാവിഷ്കരിച്ചുകൊണ്ടു് ഇത്തവണത്തെ ലേഖനം അവസാനിപ്പിക്കാം. കേശവദേവ് മൈക്കിൽക്കൂടി: തോപ്പിൽ ഭാസിയുടെ ഈ നാടകം എം. കൃഷ്ണൻ നായർ കണ്ടില്ലെന്നും അതുകൊണ്ടു് അതിനെക്കുറിച്ചു പ്രസംഗിക്കാൻ കഴിയുകയില്ലെന്നും അദ്ദേഹം പറയുന്നു. കൃഷ്ണൻ നായർ പുസ്തകം വായിക്കാതെ നിരൂപണം എഴുതുന്ന ആളാണു്. അതുകൊണ്ടു് നാടകം കാണാതെതന്നെ അദ്ദേഹത്തിനു പ്രസംഗിക്കാം.
ഭാസിയുടെ ആ നാടകം കണ്ടപ്പോൾ തേൻ കുടിക്കുന്നതുപോലെ തോന്നിയെന്നും ദേവ് പറഞ്ഞു. പ്രസംഗം തീർന്നപ്പോൾ ഒ. എൻ. വി അദ്ദേഹത്തോടു ചോദിച്ചു: “ചേട്ടൻ ഏതു ‘സ്റ്റ്റാ’യിൽക്കൂടിയാണു് ആ തേൻ കുടിച്ചതു്?”