സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-05-31-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/SethuLakshmiBayi-c.jpg
സേതു ലക്ഷ്മിഭായി

അന്നു വിദ്യാർത്ഥികളായിരുന്ന ഞങ്ങൾ ആ വീട്ടിൽ ബാഡ്മിന്റൻ കളിക്കാൻ ഒരുമിച്ചുകൂടിയിരുന്നു. കളിക്കുമ്പോഴുള്ള പേടി തോൽവിയെക്കുറിച്ചായിരുന്നില്ല. അടുത്ത വീട്ടിൽ, പെൻഷൻപറ്റി കാലനൂർക്കു പോകാറായ ഒരു ജഡ്ജി താമസിച്ചിരുന്നു. പന്തു് അബദ്ധത്തിൽ ആ വീട്ടുവളപ്പിനകത്തെങ്ങാനും വീണാൽ തിരിച്ചുകിട്ടുകയേയില്ല. അതെടുക്കാൻ ചെന്നാൽ ജഡ്ജി ഗർജ്ജിച്ചുകൊണ്ടു് ചാടിവീണു് അടിക്കും. അങ്ങനെ ഭയത്തോടുകൂടി കളിക്കുമ്പോൾ പന്തു് ആകാശത്തേക്കുയർന്നു് ജഡ്ജിയുടെ മതിലിനു മുകളിലൂടെ അയാളുടെ പറമ്പിൽ വീണു. അമ്പരന്നുനിന്ന കൂട്ടുകാരോടു ഞാൻ പറഞ്ഞു: “പന്തു് ഞാനെടുത്തുകൊണ്ടു വരാം”. അവരുടെ മറുപടിക്കു കാത്തുനില്ക്കാതെ ജഡ്ജിയുടെ ഗെയ്റ്റ് പതുക്കെത്തുറന്നു് അകത്തുകയറി ഞാൻ പന്തു് നോക്കിത്തുടങ്ങി. സിംഹം ഗർജ്ജിച്ചു. ഗർജ്ജനം തെറിയുടെ പൂരമായിട്ടാണു് അന്തരീക്ഷത്തിൽ വ്യാപിച്ചതു്. അച്ചടിക്കാൻ വയ്യാത്തതുകൊണ്ടു് ആ വാക്കുകളിൽ ഒന്നുപോലും ഞാൻ ഇവിടെ പറയുന്നില്ല. ജഡ്ജി വരാന്തയിൽനിന്നു് ഒറ്റച്ചാട്ടം; എന്നെ അടിക്കാൻതന്നെ. ഞാൻ പ്രാണനുംകൊണ്ടോടി. കുട്ടികളായ ഞങ്ങൾ മാത്രമല്ല അയാളെ പേടിച്ചിരുന്നതു്. റോഡരികിൽ മുറുക്കാൻകട നടത്തുന്നവരും ഈ പഞ്ചാനനനെ ഭയന്നിരുന്നു. മലബന്ധമുണ്ടായിരുന്നതുകൊണ്ടാവാം എല്ലാ ദിവസവും വൈകുന്നേരത്തു് നടക്കാൻ പോയിട്ടു തിരിച്ചുവരുമ്പോൾ അയാൾ ഒരു പടല പാളയന്തോടൻ പഴം വാങ്ങിച്ചിരുന്നു. വിളഞ്ഞു പഴുത്തതായിരിക്കണം ഓരോന്നും. ഒരുദിവസം വാങ്ങിക്കൊണ്ടുപോയ പഴത്തിന്റെ പടല തിരിച്ചുകൊണ്ടുവന്നു് ജഡ്ജി കടയുടെ ഉടമസ്ഥന്റെ മുഖത്തു് എറിഞ്ഞുകൊടുത്തു. കാരണം നല്ലപോലെ വിളഞ്ഞു പഴുത്ത ഒരു പഴത്തിന്റെ മഞ്ഞത്തൊലിയിൽ ഒരു കറുത്ത പാടു് ഉണ്ടായിരുന്നു എന്നതാണു്. ശ്രീമൂലം തിരുനാളി ന്റെ കാലത്തു് കോടതിയെ ഉദ്ദണ്ഡകായംകൊണ്ടു് വിറപ്പിച്ചു്, തിരുമനസ്സിന്റെ കാലത്തുതന്നെ അടുത്തൂൺപറ്റി വിരമിച്ചു്, റീജന്റ് റാണി യുടെയും ചിത്തിരതിരുനാൾ മഹാരാജാവി ന്റെയും കാലത്തോളം ജീവിച്ചിരുന്ന ഈ പ്രാഡ്വിവാകപുംഗവൻ യഥാർത്ഥത്തിൽ പുംഗവനായിരുന്നില്ല, പഞ്ചാനനൻതന്നെയായിരുന്നു. തലയെടുപ്പും നടത്തവും സിംഹത്തിന്റെതു്. നോട്ടം സിംഹത്തിന്റെതു്. പഴക്കട കടന്നുപോയിട്ടു് തിരിഞ്ഞൊരു നിൽപും നോട്ടവുമുണ്ടു്. “എന്തെടാ കറുത്തപാടുവീഴാത്ത പാളയന്തോടൻ പഴമുണ്ടോ?” എന്ന നിശ്ശബ്ദമായ ചോദ്യത്തോടൊരുമിച്ചു് ശരിയായ ‘സിംഹാവലോകനവും’. തന്റെ സ്വഭാവത്തിനു യോജിച്ച വിധത്തിൽ ജഡ്ജി ഭവനത്തിന്റെ മുൻപിൽ രണ്ടു സിംഹപ്രതിമകളും വച്ചു. ഒരു സിംഹം പടിഞ്ഞാറാകാശത്തു നോക്കുന്നു. മറ്റേ സിംഹം കിഴക്കനാകാശത്തു നോക്കുന്നു. ജഡ്ജി കോടതിമുറിയിലുമിങ്ങനെയായിരുന്നു പോലും. വക്കീലന്മാരും സാക്ഷികളും സംസാരിക്കുമ്പോൾ അവരുടെ മുഖത്തു് അയാൾ നോക്കിയിരുന്നില്ലപോലും. ജഡ്ജി മരിച്ചപ്പോൾ ഞാൻ ആ പട്ടണത്തിലുണ്ടായിരുന്നു. മനുഷ്യൻ ഉറങ്ങുമ്പോഴാണു് അവന്റെ ശരിയായ സ്വഭാവം മുഖത്തു വരുന്നതു്. മരിക്കുമ്പോൾ നൂറുശതമാനവും വരും. അയാളുടെ മുഖം കാണണമെന്നുണ്ടായിരുന്നു എനിക്കു്. പോയില്ല. പോയെങ്കിൽ സാക്ഷാൽ സിംഹത്തിനെ കാണാൻ കഴിഞ്ഞേനേ.

സ്വഭാവത്തിനു യോജിച്ചിരിക്കും മനുഷ്യന്റെ ഓരോ വാക്കും ഓരോ പ്രവൃത്തിയും. വീട്ടിന്റെ മുൻവശത്തെ ചുവരിൽ റബ്ബർ കൊണ്ടുണ്ടാക്കിയ തേളിന്റെ രൂപം പതിച്ചുവക്കുന്ന ആളു് നിങ്ങളറിയാതെ നിങ്ങളെ കുത്തി മുറിവേല്പിക്കും. വേട്ടയാടിയ മൃഗത്തിന്റെ കുടലും മറ്റും എടുത്തു കളഞ്ഞു് പഞ്ഞിനിറച്ചു് ഷോകെയ്സിൽ വയ്ക്കുന്നവർ ലളിതമനസ്കനാവാൻ തരമില്ല. കുറുക്കൻ, കടുവ ഇവയിലെല്ലാം ‘റ്റാക്സിഡേർമി’ നടത്തുന്നവർ തങ്ങളറിയാതെ സ്വന്തം സ്വഭാവം മാലോകരെ അറിയിക്കുകയാണു്. (taxidermy = മൃഗചർമ്മങ്ങൾക്കകത്തു പഞ്ഞിവച്ചു് രൂപം നൽകുന്ന വിദ്യ)

രചനയും സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. അസങ്കീർണ്ണമായി എഴുതുന്നവന്റെ മനസ്സു് ലളിതമാണു്. ദുർഗ്രഹതയോടെ എഴുതുന്നവൻ സങ്കീർണ്ണമായ മാനസികനിലയുള്ളവനായിരിക്കും. അത്യുക്തിയിൽ രമിക്കുന്നവൻ ബാലിശമായ മനസ്സോടുകൂടിയവനായിരിക്കും. Workers of all countries unite. You have nothing to lose but your claim എന്നെഴുതിയ ആളു് ധീരനാണു്, ലളിതമനസ്കനാണു്. ഇതിനാലാണു് “രീതിയെന്നതു് ആ മനുഷ്യൻതന്നെ” എന്ന പ്രസ്താവമുണ്ടായതു്.

“മനസ്സിൽ ഒന്നൊളിച്ചുവച്ചുകൊണ്ടു് മറ്റൊന്നു് പറയുന്നവനെ ഞാൻ നരകദ്ദ്വാരം പോലെ വെറുക്കുന്നു”— ഹോമർ.

റിപൊർട്ടാഷ്
images/WalterScott1830.jpg
സ്കോട്ട്

മനസ്സിലുള്ളതു് ലളിതമായും സ്പഷ്ടമായും പ്രതിപാദിക്കുന്ന വൈശാഖൻ ബഹുമാനിക്കത്തക്ക അന്തരംഗസ്ഥിതിയോടുകൂടിയ ആളാണു്. അദ്ദേഹം ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയ “അക്കത്തിലെഴുതിയാൽ” എന്ന ചെറുകഥ വായിച്ചുനോക്കിയാൽ ഇപ്പറഞ്ഞതിന്റെ സത്യം ബോധ്യപ്പെടും വായനക്കാർക്കു്. കരിമ്പു് കൃഷിചെയ്തു ജീവിതം തള്ളിനീക്കുന്ന ഒരു പാവത്തെ ആരോ തല്ലിക്കൊന്നു. കെയ്സ് ഒതുക്കിത്തീർക്കാൻ അയാളുടെ അടുത്ത ബന്ധു അറുപതിനായിരം രൂപ വാങ്ങാൻ സന്നദ്ധനാവുന്നു എന്നു കാണിച്ചു് മനുഷ്യന്റെ നൃശംസതയിലേക്കു കൈചൂണ്ടുന്നു കഥാകാരൻ. എന്തൊരു ആകർഷകത്വമുള്ള അഖ്യാനമാണു് കഥയുടെ തുടക്കത്തിൽ! പക്ഷേ, പൊടുന്നനവേ അതു് പാളിപ്പോകുന്നു. കലാപരമായ പ്രതിപാദനം ഒരു മുന്നറിയിപ്പും കൂടാതെ ‘റിപൊർട്ടാഷി’ന്റെ സ്വഭാവം ആവാഹിക്കുന്നു. അതും വിരസമായ റിപൊർട്ടാഷ്. ഇതിന്റെ ഹേതു വ്യക്തമാണു്. കലയും കലയല്ലാത്തതും എങ്ങനെ തിരിച്ചറിയാം? ഭാവനാത്മകമായ രചനയും ജേണലിസവും തമ്മിലുള്ള വ്യാത്യാസമെന്തു? ഓരോ ചോദ്യത്തിലും ആദ്യമായി പറഞ്ഞതിൽ ‘വികാരവും ആശയവും’ ‘ഇമേജാ’യി രൂപംകൊണ്ടിരിക്കുന്നു. ഈ ഇമേജുകൾ വൈശാഖന്റെ കഥയുടെ പ്രാരംഭം കഴിഞ്ഞാൽ ഇല്ലേയില്ല. ചിന്തയും വികാരവും ഇമേജുകളാക്കാൻ വൈശാഖനു് കഴിയാത്തതുകൊണ്ടു് അദ്ദേഹത്തിന്റെ കഥ വെറും പത്രറിപ്പോർട്ടായി തരംതാണിരിക്കുന്നു.

പ്രസ്താവങ്ങൾ
  1. അപവാദ വ്യവസായത്തിൽ തല്പരനായ ഒരു ലേഖകനെ എനിക്കു കാണിച്ചു തരൂ. അവന്റെ വീട്ടിൽ ഒരു വ്യഭിചാരിണിയുണ്ടു് എന്നതു് ഞാൻ കാണിച്ചുതരാം.
  2. അതിരുകടന്ന സാന്മാർഗ്ഗികത്വം പ്രസംഗിക്കുന്ന ഒരുത്തനെ എനിക്കു കാണിച്ചു തരൂ. അയാളുടെ അന്തരംഗത്തിൽ സന്മാർഗ്ഗരഹിതനായ ഒരുത്തൻ ഒളിച്ചിരിക്കുന്നതു് ഞാൻ കാണിച്ചുതരാം.
  3. എന്റെ ഭാര്യ മാലാഖയാണെന്നു പറഞ്ഞു നടക്കുന്ന ഒരു ഭർത്താവിനെ എനിക്കു കാണിച്ചുതരു. അയാളുടെ വീട്ടിൽ പിശാചു് സ്ത്രീരൂപമാർന്നു് നടക്കുന്നതു് ഞാൻ കാണിച്ചുതരാം.
  4. തൊടുത്തിനു് അഞ്ഞൂറുവട്ടം കമ്യൂ, സാർത്ര് എന്നൊക്കെ പറയുന്നവനെ എനിക്കു കാണിച്ചുതരൂ. അയാൾ ഡിക്കൻസി ന്റെയോ സ്കോട്ടി ന്റെയോ ഒരു നോവൽപോലും വായിച്ചിട്ടില്ലെന്നു് ഞാൻ കാണിച്ചുതരാം.
വാതിൽ അടയുന്നു
images/ADollsHouse.jpg

ഭർത്താവിന്റെ രോഗം ഭേദമാക്കാൻ പണം വേണം. അയാളുടെ ഓഫീസിലെ ജോലിക്കാരനിൽ നിന്നു് ഭാര്യ പ്രോമിസറി നോട്ട് എഴുതിക്കൊടുത്തു പണം വാങ്ങി ചികിത്സ നടന്നു. ഭർത്താവു് രക്ഷപ്പെട്ടു. ഭാര്യ കീഴ്ജീവനക്കാരനിൽനിന്നാണു് പണം വാങ്ങിയതെന്ന കാര്യം ഭർത്താവു് അറിഞ്ഞതേയില്ല. അങ്ങനെയിരിക്കെ അയാൾ (ഭർത്താവു്) ആ കീഴ്ജീവനക്കാരനെ ഡിസ്മിസ് ചെയ്യാൻ തീരുമാനിച്ചു (അതോ ഡിസ്മിസ് ചെയ്തോ? ഓർമ്മയില്ല). ജോലി നഷ്ടപ്പെട്ടാൽ തീയതിയിൽ കൃത്രിമം കാണിച്ചിട്ടുള്ള പ്രോമിസറി നോട്ടിന്റെ കാര്യം വെളിയിലാക്കുമെന്നു് അയാൾ അവളെ ഭീഷണിപ്പെടുത്തി. ഇതൊക്കെ അറിഞ്ഞ ഭർത്താവു് അവളെ സന്മാർഗ്ഗചിന്തയില്ലാത്ത, ഉത്തരവാദിത്വമില്ലാത്ത ഭാര്യയായി കണ്ടു. അയാൾ അവളോടു് അതുപറയുകയും ചെയ്തു. ആത്മഹത്യ മാത്രമേ തനിക്കിനി ചെയ്യാനുള്ളു എന്നു് അവൾ കരുതി. അപ്പോഴാണു് സംഭവഗതികൾക്കു മാറ്റമുണ്ടായതു്. പ്രോമിസറി നോട്ട് കീഴ്ജീവനക്കാരൻ അവൾക്കു തിരിച്ചുകൊടുത്തു. തന്റെ നല്ല പേരിനു് ഇനി കളങ്കം വരില്ലെന്നു കണ്ടു് ഭർത്താവു് വീണ്ടും ഭാര്യയോടു് സ്നേഹപ്രകടനം നടത്തി. പക്ഷേ, താൻ അത്രയുംകാലം പാവക്കൂട്ടിലാണു് വസിച്ചതെന്നു മനസ്സിലാക്കിയ അവൾ വിവാഹമോതിരം അയാൾക്കു തിരിച്ചുകൊടുത്തിട്ടു് ആ വീട്ടിൽ നിന്നിറങ്ങിപ്പോയി. പുറത്തുള്ള വാതിൽ വലിച്ചടയ്ക്കുന്ന ശബ്ദം മുഴങ്ങുമ്പോൾ യവനിക വീഴുന്നു. ‘ഇബ്സന്റെ പാവക്കൂടു് ’ എന്ന നാടകത്തിന്റെ സാരമാണിതു്. ഇനി കുമാരി വാരികയിൽ സലീന മുഹമ്മദ് മലപ്പുറം എഴുതിയ “മോചനം കാത്തു്’ എന്ന ചെറുകഥ വായിച്ചുനോക്കുക. അവർ രണ്ടുപേരും—സ്ത്രീയും പുരുഷനും—സ്നേഹിച്ചു വിവാഹം കഴിച്ചവരാണു്. അയാൾക്കു പൊടുന്നനവേ അവളെക്കുറിച്ചു തെറ്റിദ്ധാരണ. ചാരിത്രശാലിനിയായ തന്നെ അയാൾ ആ വിധത്തിൽ തെറ്റിദ്ധരിച്ചതിൽ അവൾക്കു് വിഷാദവും കോപവുമുണ്ടു്. വിവാഹമോചനത്തിനു് തീരുമാനിച്ച അയാൾ ഒന്നുകൂടെ അവളെ കാണാൻ വരുന്നു. സംസാരിക്കുന്നു. അവളുടെ വാക്കുകൾക്കുള്ള ആർജ്ജവം അയാളുടെ തെറ്റിദ്ധാരണ നീക്കുന്നു. തുടർന്നു് ദാമ്പത്യജീവിതം നയിക്കാൻ അയാൾക്കു് താല്പര്യമുണ്ടു്. പക്ഷേ, അവൾ വഴങ്ങുന്നില്ല. “നിങ്ങൾ പോകുന്നില്ലേ?” എന്നാണു് അവൾ ചോദിക്കുന്നതു് അയാൾ പോകുമ്പോൾ വാതിലടഞ്ഞു. “ഒരു ഞെട്ടലോടെ”യാണത്രേ അയാൾ അതറിഞ്ഞതു്. ഇബ്സന്റെ നാടകത്തിലെ സ്ത്രീ വാതിലടച്ചതിന്റെ ശബ്ദം യൂറോപ്പാകെ കേട്ടുവെന്നാണു് ചില നിരൂപകർ പറഞ്ഞതു്. സലീനാ മുഹമ്മദിന്റെ കഥാനായിക വാതിലടച്ചതിന്റെ ശബ്ദം മലപ്പുറമാകെ കേട്ടിരിക്കുമെന്നു ഞാൻ വിചാരിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ഏറ്റവും വലിയ ഭാഗ്യമേതു?

ഉത്തരം: ഭാര്യ.

ചോദ്യം: ഏറ്റവും വലിയ ദൗർഭാഗ്യമേതു?

ഉത്തരം: ഭാര്യ.

ചോദ്യം: ഭാര്യയെ ഒരേസമയം ഭാഗ്യമായും ദൗർഭാഗ്യമായും നിങ്ങൾ കാണുന്നതെങ്ങനെ?

ഉത്തരം: ദാസ്യ മനഃസ്ഥിതിയുള്ളവനു് ഭാഗ്യം. സ്വതന്ത്ര ചിന്താഗതിയുള്ളവനു് ദൗർഭാഗ്യം.

ചോദ്യം: നിങ്ങൾ വെറുക്കുന്ന ഒരു മാസ്റ്റർപീസ്?

ഉത്തരം: എമലി ബ്രോന്റി യുടെ ‘വതറിംഗ് ഹൈറ്റ്സ് ’ എന്ന നോവൽ (വുതറിംഗ് എന്നും ഉച്ചാരണം).

ചോദ്യം: നമ്മുടെ അഹങ്കാരികളായ സാഹിത്യകാരന്മാർക്കു് എഴുതി കീശയിലിട്ടുകൊണ്ടു് നടക്കാൻ പറ്റിയ രണ്ടു വരികൾ?

ഉത്തരം: “ I’m nobody; Who are you? Are you —Nobody—too”. എമലി ഡിക്കൻസൻ എഴുതിയ ഈ വരികൾ നന്നു്.

ചോദ്യം: ബർനാഡ്ഷാ, ബർട്രൻഡ് റസ്സൽ, രാജാജി ഇവർ തൊണ്ണൂറു വയസ്സുകഴിഞ്ഞിട്ടും ജീവിച്ചിരുന്നതെങ്ങനെ?

ഉത്തരം: അവർ മലയാളത്തിലെ പൈങ്കിളി നോവലുകൾ വായിച്ചിരുന്നില്ല.

അസ്പഷ്ട രചന
images/EmilyDickinson2.jpg
എമലി ഡിക്കൻസൻ

ആവിഷ്കരിക്കാൻ ആവാത്തതു് ആവിഷ്കരിക്കലല്ല സാഹിത്യത്തിന്റെ കർത്തവ്യമെന്നു റൊളാങ് ബാർതേഷ് പറഞ്ഞിട്ടുണ്ടു്. ആവിഷ്കരിക്കാവുന്നതു് ആവിഷ്കരിക്കാതിരിക്കാനാണു് സാഹിത്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. ഇതിനുള്ള യത്നം നടത്തിയ റോബ് ഗ്രീയേ എന്ന ഫ്രഞ്ചെഴുത്തുകാരനെ ബാർതേഷ് അംഗീകരിച്ചു (റൊളാങ് ബാർതേഷിനെക്കുറിച്ചു് Jonathan Culler എഴുതിയ Barthes എന്ന പുസ്തകത്തിൽനിന്നു്). ആഖ്യാനത്തോടു ബന്ധപ്പെട്ട ക്രമമൊന്നും കഥകൾക്കു വേണ്ടെന്നും കഥാകാരൻ ചില രംഗങ്ങളോ ഖണ്ഡങ്ങളോ സ്ഫുടീകരിച്ചാൽ മതിയെന്നും ബാർതേഷ് പറഞ്ഞു. ഇതു് നവീന ചിന്താഗതി.

images/CollectedstoriesofIsaacBashevisSinger.jpg

പ്രാചീന ചിന്താഗതിക്കു്, നോബൽ സമ്മാനം നേടിയ ഐസക് ബാഷേവിയസ് സിങ്ങർ പറയുന്നതു കേട്ടാൽ മതി.“അതിനു് (ചെറുകഥയ്ക്കു്) തടസ്സംകൂടാത്ത പിരിമുറുക്കവും അനിശ്ചിതത്വവും ഉണ്ടായിരിക്കണം. അതിന്റെ അന്തഃസത്ത സംക്ഷിപ്തതയാണു് … ” ചെറുകഥയുടെ അധീശന്മാരായ ചെക്കോവ്, മോപാസാങ് എന്നിവരും ഉല്പത്തിഗ്രന്ഥത്തിലെ ജോസഫ് കഥയെഴുതിയ ഉദാത്തതയാർന്ന രചയിതാവും തങ്ങൾ എങ്ങോട്ടാണു പോകുന്നതെന്നു് സൂക്ഷ്മമായി മനസ്സിലാക്കിയിരുന്നു … അവ വീണ്ടും വീണ്ടും വായിക്കാം. വൈരസ്യമുണ്ടാവുകയില്ല. കാല്പനിക കഥകൾ ഒരിക്കലും അപഗ്രഥനാത്മകമാകരുതു് (The Penguin collected stories of Isaac Bashevis Singer എന്ന പുസ്തകത്തിന്റെ അവതാരിക).

images/AlainRobbeGrillet.jpg
റോബ് ഗ്രീയേ

ഈ രണ്ടു ചിന്താപദ്ധതികളിലും ഉൾപ്പെടില്ല എൻ. രാജൻ കലാകൗമുദിയിലെഴുതിയ ‘രാത്രിയുടെ നിഴൽ’ എന്ന ചെറുകഥ. ഉൾപ്പെട്ടേ തീരൂ എന്നും ഞാൻ കരുതുന്നില്ല. പ്രസ്ഥാനമേതുമാകട്ടെ. അതു സാഹിത്യമായിരിക്കണം. ദൗർഭാഗ്യംകൊണ്ടു് രാജന്റെ കഥ സാഹിത്യത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കുന്നില്ല. ചിത്രമെഴുതുന്ന ഒരു പെണ്ണിനെക്കുറിച്ചും അവളുടെ കാമുകനെക്കുറിച്ചും രാജൻ എന്തൊക്കെയോ പുലമ്പുന്നു എന്നേ എനിക്കു തോന്നിയുള്ളൂ. സ്യൂഡോ പൊയറ്റിക്കായ കുറെ വാക്യങ്ങൾ എഴുതിയാൽ അതു് സാഹിത്യമാകുമെന്നു് ചില ചെറുപ്പക്കാർ തെറ്റിദ്ധരിച്ചിട്ടുണ്ടു്. ആ തെറ്റിദ്ധാരണയാണു് ഈ കഥാകാരനു്. സന്ദിഗ്ദ്ധതയും അവ്യക്തതയുമാണു് ഇക്കഥയുടെ മുദ്രകൾ. ജീവിതത്തെക്കുറിച്ചു് ഒരു വ്യാഖ്യാനവുമില്ല ഇതിൽ. (മാത്യു ആർനോൾഡ് പറയുന്ന രീതിയിലും മാർക്സിസ്റ്റുകാർ പറയുന്ന രീതിയിലും) ഫോഗി റൈറ്റിങ്—foggy writing—എന്നു് ഇതിനെ ഇംഗ്ലീഷിൽ വിശേഷിപ്പിച്ചാൽ എന്റെ മനസ്സിലിരിക്കുന്നതു് സ്പഷ്ടമാകും.

സംശയങ്ങൾ
  1. ഒരു യാഹ്നത്തിൽ ഞാൻ വിദർഭയിലെ ഒരു കാട്ടുപ്രദേശത്തു് നടക്കുകയാസായിരുന്നു. എന്റെ മുൻപിലും പിറകിലും കറുത്ത ഷൂസിട്ടു കഴുതകൾ അലസ സഞ്ചാരം നിർവഹിക്കുന്നുണ്ടു്. (വർഗ്ഗബോധം കൊണ്ടാവാം എന്നു് ഒരു സ്നേഹിതന്റെ കമന്റ്) വിദർഭയിൽ ഒരു ദർഭപോലുമില്ല. പിന്നെന്തിനാണു് കഴുതകൾ ഷൂസിട്ടതു?
  2. ഇംഗ്ലീഷ് സാഹിത്യത്തിൽ അവഗാഹമുള്ള ഒരു മദാമ്മ സാഹിത്യവാരഫലം എല്ലാ ആഴ്ചയും ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്യിച്ചു വായിക്കുന്നെന്നും വായിക്കുന്നതിനിടയ്ക്കു് ‘വണ്ടർഫുൾ’ (wonderful) ‘വണ്ടർഫുൾ’ എന്നു് അദ്ഭുതം കൂറാറുണ്ടെന്നും വയനാട്ടുകാരനും കഥാകാരനുമായ ടി. വി. ഗോപി അറിയിക്കുന്നു. മദാമ്മ ഡോക്ടറാണു്. അവരുടെ ഭർത്താവും ഡോക്ടർ. പിന്നെന്തേ തിരുവനന്തപുരത്തുള്ള ചിലർ ഇതിനെ ‘കൊച്ചു വർത്തമാന’മെന്നു് പറഞ്ഞു് പുച്ഛിക്കുന്നതു?
  3. ഷൊലഹോവി ന്റെ ‘ഡോൺ ശാന്തമായി ഒഴുകുന്നു’ എന്ന നോവൽ മറ്റാരോ എഴുതിയതാണെന്നു് സൊൾഷെനിറ്റ്സിൻ പറഞ്ഞു. അപ്പോൾ “മനുഷ്യന്റെ വിധി” എന്ന അതിസുന്ദരമായ നീണ്ടകഥയെഴുതിയതു് ഷൊൽഹോവല്ലേ?
  4. ഫ്രാൻസിലെ മീതേറാങ്ങി ന്റെ കൂട്ടുകാരനായിരുന്നു റൊളാങ് ബാർതേഷ്. മീതെറാങ് ഏർപ്പാടുചെയ്ത ഒരു റ്റീപ്പാർട്ടിയിൽ പങ്കുകൊണ്ടതിനുശേഷം റോഡിലേക്കിറങ്ങിയ ബാർതേഷിനെ ഒരു വാൻ ഇടിച്ചിട്ടു. കുറേദിവസം കഴിഞ്ഞു് അദ്ദേഹം മരിച്ചു. അൽബേർ കമ്യു താൻ സഞ്ചരിച്ച കാറ് മരത്തിലിടിച്ചാണു് തൽക്ഷണം മരിച്ചതു്. വലിയ ചിന്തകനായ ഫൂക്കോ എയ്ട്സ് പിടിച്ചു മരിച്ചു. മൂന്നുപേരും നിരീശ്വരന്മാരായിരുന്നതുകൊണ്ടാണു് ആ ദുരന്തങ്ങൾ ഉണ്ടായതെന്നു് ഒരു സ്നേഹിതൻ പറയുന്നു. അപ്പോൾ ശ്രീരാമകൃഷ്ണ പരമഹംസൻ തൊണ്ടയിൽ അർബുദം വന്നു മരിച്ചതെങ്ങനെ? രമണ മഹർഷി ബ്ലഡ് കാൻസർ പിടിപെട്ടു ചരമം പ്രാപിച്ചതെങ്ങനെ? മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചതെങ്ങനെ?
ഒരു കത്തു്

ദേശാഭിമാനി വാരികയിൽ “രണ്ടു കൂട്ടുകാരികൾ” എന്ന ചെറുകഥയെഴുതിയ ശാഹുൽ വളപട്ടണത്തോടു്.

പ്രിയപ്പെട്ട ശാഹുൽ, ഞാൻ തിരുവനന്തപുരത്തുകാരനാണു്. താങ്കൾ വളപട്ടണത്തുകാരനും. നമുക്കു് രണ്ടുപേർക്കും ഒരുമിച്ചു കൂടാവുന്ന സ്ഥലം സാഹിത്യത്തിന്റേതാണു്. അവിടെ വച്ചുകാണുമ്പോൾ ‘പൊതുതാല്പര്യത്തിന്റെ’ പേരിൽ നമ്മൾ സുഹൃത്തുക്കളാവേണ്ടതാണു്. പക്ഷേ, സാഹിത്യവാരഫലം വായിക്കുന്ന താങ്കളും ‘രണ്ടു കൂട്ടുകാരികൾ വായിക്കുന്ന ഞാനും കൂട്ടുകാരാവുമോ’ സംശയം.

ഉറൂബി ന്റെ ‘രാച്ചിയമ്മ’, കേശവദേവി ന്റെ ‘പ്രതിജ്ഞ’, തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ’ ബഷീറി ന്റെ ‘പൂവമ്പഴം’ ഈ കഥകൾ വായിക്കുമ്പോൾ എന്റെ ഹൃദയം കൂടുതൽ വേഗത്തിൽ സ്പന്ദിക്കുന്നു. പക്ഷേ, താങ്കളുടെ കഥ വായിച്ചപ്പോൾ കലാരാഹിത്യം കണ്ടു ഹൃദയസ്പന്ദനം മന്ദഗതിയിലായിപ്പോയി. ജീവിതത്തിന്റെ ഒരു ഖണ്ഡമെടുത്തു വച്ചാൽ അതു് സാഹിത്യമാകുമോ? കലയാകുമോ? കല്യാണം കഴിഞ്ഞയുടനേ ഗൾഫ് രാജ്യത്തിലേക്കു പോയ ഭർത്താവു് പറഞ്ഞ ദിവസം തിരിച്ചുവരാത്തതിൽ സൈനബയ്ക്കു ദുഃഖം. അവളുടെ കൂട്ടുകാരി സുശീല ഭർത്താവിനോടൊത്തു കഴിയുന്നു. അയാളുടെ അവഗണന കണ്ടു് അവൾക്കു് വിഷാദം. ഇതല്ലേ താങ്കളുടെ കഥാസാഹസിക്യം. വ്യവസ്ഥയില്ലായ്മയിൽനിന്നു വ്യവസ്ഥ സൃഷ്ടിച്ചു് വായനക്കാരന്റെ ജീവിതാവബോധത്തെ തീക്ഷ്ണമാക്കുന്നതാണു് കലയെങ്കിൽ താങ്കളുടേതു കലയാണോ? ആലോചിച്ചുനോക്കൂ.

മാനസപംഗുത
images/FearofFlyingnovelcover.jpg

അലക്സാണ്ടർ പോപ്പ് എന്ന കവി വലിയ വിരൂപനായിരുന്നു. Fear of Flying എന്ന നോവലെഴുതി വിശ്വവിഖ്യാതമായ Erica Jong അവരുടെ Fanny എന്ന നോവലിൽ ഈ മഹാനായ കവിയുടെ വൈരൂപ്യത്തെ വർണ്ണിച്ചിട്ടുണ്ടു്. നാലരയടിപൊക്കം, വല്ലാത്ത കൂനു്. ഈ വൈരൂപ്യവും വച്ചുകൊണ്ടു് അദ്ദേഹം കഥ പറയുന്ന സുന്ദരിയുടെ മാറിടത്തിൽ നോക്കിയിരുന്നു. (He often allowed his eyes to wander downward my bosom, P. 41) നട്ടെല്ലിനു് കേടുപറ്റിയ ഇലിസബത്ത് ബ്രൗണിങ് എപ്പോഴും കിടപ്പിലായിരുന്നു. ബൈറനും വാൾട്ടർ സ്കോട്ടും മുടന്തന്മാർ എങ്കിലും അവരുടെ രചനകൾ മനോഹരങ്ങളായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ‘കൂടു്’ എന്ന ‘കാവ്യ’മെഴുതിയ എൻ. കെ. എ. ലത്തീഫിനെ ഞാൻ കണ്ടിട്ടില്ല. എങ്കിലും അദ്ദേഹം സുന്ദരനായ തരുണനായിരിക്കുമെന്നാണു് എന്റെ വിചാരം. കാരണം അദ്ദേഹം “മെന്റൽ ക്രിപ്പ്ൾ” ആണെന്നു തോന്നുന്ന രീതിയിൽ കവിത എഴുതുന്നു എന്നതു തന്നെ (mental cripple). മനസ്സിനു് പംഗുത വന്നാൽ ശരീരം സുന്ദരമായിരിക്കും. അതുകൊണ്ടു് ഈ ലോകത്തെ ഏറ്റവും മനോഹരമായ കവിതയെഴുതിയ കാളിദാസൻ വലിയ വിരൂപനായിരുന്നിരിക്കും. ഇനി ലത്തീഫിന്റെ കാവ്യത്തിലെ ഒരു ഭാഗം വായിച്ചാലും:

എന്തിനെനിക്കു ദുഃഖമേകി

ഞാനിരിപ്പിടമന്വേഷിച്ചില്ല

എനിക്കാവരണമവശ്യമില്ല

നീ എന്നെ ഈ കൂട്ടിന്നുള്ളിലാക്കി

അനശ്വരനായ എനിക്കെന്തിന്നു

ഈ നശിക്കുന്ന കൂടൊരുക്കി,

ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്ന

മാംസക്കൂട്

മാംസത്തിന്റെ ദാഹത്തിൽ

പീഡിതനാകുന്നതു ഞാൻ

മാനസപുംഗതയിൽ നിന്നേ ഇത്തരം വരികളുണ്ടാവൂ.

തകഴി
images/Thakazhi1.jpg
തകഴി ശിവശങ്കരപ്പിള്ള

1938-ലാണു് ഞാൻ തകഴി ശിവശങ്കരപ്പിള്ള യുടെ ‘മാഞ്ചുവട്ടിൽ’ എന്ന ഹൃദ്യമായ കഥ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ വായിച്ചതു്. അന്നു് അദ്ദേഹം ഇരുപത്തിയഞ്ചു വയസ്സുകഴിഞ്ഞ നവയുവാവു്. അതിനുശേഷമാണു് ‘പതിതപങ്കജവും’ ‘ത്യാഗത്തിനു പ്രതിഫല’വും ഞാൻ ഒറ്റയിരുപ്പിൽ വായിച്ചുതീർത്തതു്. ആ നോവലുകൾ ‘മാഞ്ചുവട്ടിൽ’നു മുൻപു് എഴുതിയതാവാം. കാലംകടന്നു. ചെറുപ്പത്തിലെ മഹാശക്തനായ തകഴി തന്റെ നോവലുകളുടെ വിവിധ ഭാഷകളിലെ തർജ്ജമകളിലൂടെ രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ചു. ഉത്സാഹത്തോടെ, തികഞ്ഞ മനുഷ്യത്വത്തോടെ അദ്ദേഹം മുന്നോട്ടു് മുന്നോട്ടു് പോയി. മുപ്പതു്, നാല്പതു്, അമ്പതു്, അറുപതു് ഈ കാലയളവുകൾ താണ്ടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പ്രസാദം കൂടിക്കൂടി വന്നു. എഴുപതുകഴിഞ്ഞപ്പോൾ അദ്ദേഹം ജ്ഞാനപീഠത്താൽ സമ്മാനിതനായി. ആരോടും വിദ്വേഷമില്ലാതെ, എല്ലാവരെയും സ്നേഹിച്ചുകൊണ്ടു്, സ്വന്തം ഹൃദയസംഗിതത്താൽ ഏവരേയും കുളിർപ്പിച്ചുകൊണ്ടു് തകഴി ജീവിക്കുന്നു. അദ്ദേഹത്തിനു് എഴുപത്തിയഞ്ചു വയസ്സു തികഞ്ഞ ഈ സന്ദർഭത്തിൽ ജനയുഗം പത്രാധിപർ ഹൃദയത്തിന്റെ അടിത്തട്ടിലേക്കു് ചെല്ലുന്ന ഒരു കുറിപ്പു് എഴുതിയിരിക്കുന്നു. പത്രാധിപരെ സാദരം അഭിനന്ദിക്കട്ടെ. തകഴി നമ്മുടെ സംസ്കാര ചക്രവാളത്തെ വികസിപ്പിച്ചുകൊണ്ടിരിക്കട്ടെ. പത്രാധിപരുടെ കുറിപ്പിൽ ഇങ്ങനെ ചില വാക്യങ്ങൾ:

‘അരിപ്പറമ്പു തറവാട്ടിലെ വെളിച്ചം കയറാൻ മടിക്കുന്ന ഒരു ഇടനാഴിയിലെ കട്ടിലിൽ കമലാക്ഷി. സാഹിത്യനായകന്റെ ഒരേയൊരു പെങ്ങൾ തൊണ്ണൂറു കഴിഞ്ഞ കമലാക്ഷിക്കു് വാർദ്ധക്യ സഹജമായ തളർച്ച. “ഞാനാ, ശിവശങ്കരൻ”. ചേച്ചിയുടെ കാല്പാദങ്ങൾ തൊട്ടു തടവിക്കൊണ്ടു് തകഴി പറഞ്ഞു. സംസാരിക്കാൻ വയ്യാത്ത അവരുടെ മറുപടി കണ്ണിലെ തിളക്കത്തിൽ മാത്രം ഒതുങ്ങി’.

images/MarkTwain.jpg
മർക്ക് ട്വയിൻ

തകഴിയുടെ ഈ സ്നേഹത്തിന്റെ മുൻപിൽ, ആ സഹോദരിയുടെ വാൽസല്യത്തിന്റെ മുൻപിൽ ഞാൻ തല കുനിക്കട്ടെ.

എൺപതാമത്തെ വയസ്സിൽ ജനിക്കുകയും ക്രമേണ പതിനെട്ടിലേക്കു പോവുകയും ചെയ്താൽ ജീവിതം ആഹ്ലാദ നിർഭരമായിരിക്കുമെന്നു് മർക്ക് ട്വയിൻ പറഞ്ഞു. അതുതെറ്റു്. മനുഷ്യൻ സെയ്ജായി—ബ്രഹ്മജ്ഞനായി —മാറുന്നതു് എൺപതാമത്തെ വയസ്സിലാണു്. അതുകൊണ്ടു് കുഞ്ഞായി ജനിച്ചു്, ബാലനായി, യുവാവായി, മധ്യവയസ്കനായി, വൃദ്ധനായി, വന്ദ്യവയോധികനായി വളർന്നാൽ മതി മനുഷ്യൻ.

പൊട്ടിയ പ്ലെയ്റ്റ്

ഒരുത്തനു് വില കൂടിയ ഒരു ചൈനീസ് പ്ലേറ്റ് ഉണ്ടായിരുന്നു. ഒരു ദിവസം അതു താഴെ വീണു് മധ്യഭാഗം പൊട്ടി. ഒന്നിനു പകരം ആറു പ്ലേറ്റ് ഉണ്ടാക്കണമെന്നു വിചാരിച്ചു് അയാൾ ചൈനയിലേക്കു് ഓർഡർ അയച്ചു. പൊട്ടിയ പ്ലേറ്റ് പോലെയാവണം അവയെന്നു് കരുതി അതും അയാൾ അങ്ങോട്ടയച്ചു. നാലുമാസം കഴിഞ്ഞപ്പോൾ എല്ലാ പ്ലേറ്റും അയാൾക്കു കിട്ടി. പക്ഷേ, പുതിയതായി ഉണ്ടാക്കിയ ആറു പ്ലേറ്റിലും നടുഭാഗം പൊട്ടിച്ചിട്ടുണ്ടായിരുന്നു.

സാഹിത്യവാരഫലം വിലകുറഞ്ഞ പ്ലേറ്റാണു്. അതിന്റെ മധ്യഭാഗം പൊട്ടിയിട്ടുമുണ്ടു്. അതിനെ അനുകരിച്ചു് രാജേഷ് മോഹൻ ദീപിക വാരികയിൽ ആഴ്ചതോറും ഉണ്ടാക്കിവയ്ക്കന്ന “അവലോകനമേഖല” എന്ന ഡ്യൂപ്ലിക്കേറ്റ് പ്ലേറ്റിന്റെയും മധ്യഭാഗം പൊട്ടിയിരിക്കുന്നു. പൊട്ടലില്ലാതെ പ്ലേറ്റ് നിർമ്മിക്കാൻ ഞാൻ രാജേഷ് മോഹനോടു് അഭ്യർത്ഥിക്കുന്നു. എന്നാൽ അദ്ദേഹത്തിനു് അതു കഴിയുമെന്നു് തോന്നുന്നില്ല. സാഹിത്യവാരഫലത്തിലെ ആശയങ്ങളും അതിൽ മാത്രം കാണുന്ന ചില പ്രയോഗവൈകല്യങ്ങളും അതേ രീതിയിൽ പകർത്തുന്ന ആളിനു് പൊട്ടലില്ലാത്ത പ്ലേറ്റ് നിർമ്മിക്കാൻ കഴിയുന്നതെങ്ങനെ?

ഈലീ വീസലിന്റെ പുതിയ നോവൽ
images/EliWiesel-c.jpg
ഈലീ വീസൽ

1986-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഈലീ വീസലി ന്റെ (Elie Wiesel) ഗ്രന്ഥങ്ങൾ വായിക്കുകയെന്നു പറഞ്ഞാൽ ദേവത്വത്തിലേക്കു് ഉയരുക എന്നാണു് അർത്ഥം. അദേഹത്തിന്റെ ‘Night’ എന്ന ഉദാത്തമായ കൃതിയെക്കുറിച്ചു് ഈ പംക്തിയിൽ എഴുതിയിരുന്നു. ഫ്രാൻസിലെ ‘Grand Prize for Literature’ 1984-ൽ നേടിയ ‘The Fifth Son’ എന്ന നോവൽ ‘Night’ എന്ന യാഥാർത്ഥ്യരചനയേക്കാൾ ഉദാത്തമാണു് (പെൻഗ്വിൻ പ്രസാധനം 1987-ൽ).

ജൂതന്മാരുടെ ഒരുത്സവമായ പസ്സോവറിനെക്കുറിച്ചു് നിയമങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണു് ഹാഗാഡാ (Haggada). അതിൽ നാലു പുത്രന്മാരെക്കുറിച്ചു് പറയുന്നുണ്ടു്. അഞ്ചാമത്തെ പുത്രനും തീർച്ചയായുമുണ്ടല്ലോ? പക്ഷേ, അവൻ പൊയ്ക്കഴിഞ്ഞു. അപ്പോൾ ജൂതപിതാവിന്റെ കർതവ്യം ജീവിച്ചിരിക്കുന്ന പുത്രന്മാരെ സംബന്ധിച്ചുള്ളതാണു്. നാലുപേരിൽ ചിലരെക്കുറിച്ചു് നോവലിലെ കഥാപാത്രമായ റൂവൻ റ്റാമിറോഫ് പറഞ്ഞു. അപ്പോൾ മറ്റൊരു കഥാപാത്രം ചോദിച്ചു: “റൂവൻ, അഞ്ചാമത്തെ മകനെക്കുറിച്ചു് എന്തു പറയുന്നു?” ഉത്കൃഷ്ടമായ ഈ കലാസൃഷ്ടി അതിനുത്തരം നൽകുന്നു.

images/TheFifthSon.jpg

റൂവൻ റ്റമിറോഫ് ജൂതനാണു്. ജർമ്മൻ തടവറയിൽ നിന്നു് രക്ഷപ്പെട്ട അയാളെ ഹോൺട് ചെയ്യുന്ന ഒരു സ്മരണയുണ്ടു്. ജർമ്മൻ മിലിറ്ററി ഗവർണ്ണറായ റിച്ചേർഡ് ലാൻഡറെ വധിച്ചതിനെ സംബന്ധിച്ച ഓർമ്മയാണതു്. റൂവന്റെ മകൻ ഏരിയൽ, അച്ഛന്റെ ‘ഒഴിയാബാധയായ’ ആ രഹസ്യം മനസ്സിലാക്കുന്നു. മാത്രമല്ല മിലിറ്ററി ഗവർണ്ണർ ജർമ്മൻ ബിസിനസ്സുകാരനായി ജീവിച്ചിരിക്കുന്നു എന്നു് ഗ്രഹിക്കുകയും ചെയ്യുന്നു. അച്ഛനെയും മകനെയും, വേർതിരിച്ചുനിർത്തിയ ഒരു രഹസ്യത്തിന്റെ സ്വഭാവമറിയാൻ മകൻ—ഏരിയൽ—ജർമ്മനിയിലെ ആ പട്ടണത്തിലെത്തുന്നു. മാർഗ്ഗമദ്ധ്യേ അയാൾ പല നാദങ്ങൾ കേൾക്കുന്നു. അതോടൊപ്പം വായനക്കാരും പ്രകമ്പനംകൊള്ളുന്നു. പക്ഷേ, ആ ഞെട്ടൽ സ്നേഹസന്ദേശം ശ്രവിക്കുമ്പോൾ ഇല്ലാതെയാവുന്നു. ഈ സന്ദേശത്തിലേക്കു് കൈ ചൂണ്ടുന്ന ഒരു കൊച്ചു കഥയുണ്ടു് ഈ നോവലിൽ. “And, you shall love your fellowmen as you love yourself for I am your lord, your God” എന്നു് ബൈബിളിൽ പറയുന്നുണ്ടല്ലോ. ഇനി കഥ കേട്ടാലും. സാർ ചക്രവർത്തി യുടെ റഷ്യയിൽ രണ്ടു ജൂതന്മാരുണ്ടായിരുന്നു. മരണം വരെ തങ്ങൾ സുഹൃത്തുക്കളായിരിക്കുമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അങ്ങനെയിരിക്കെ ഉപജാപപ്രവർത്തനമെന്ന കുറ്റം ആരോപിച്ചു് ഒരു ജൂതനെ കാരാഗൃഹത്തിലാക്കി. അപ്പോൾ മറ്റേ ജൂതൻ സ്നേഹിതന്റെ കുറ്റം ഏറ്റു. ചക്രവർത്തിക്കു് സന്തോഷമായി. അദ്ദേഹം ആ സ്നേഹം കണ്ടു് രണ്ടുപേരെയും വെറുതേ വിട്ടു. എന്നിട്ടു് അറിയിച്ചു. “എന്നെയും നിങ്ങളുടെ കൂടെ മൂന്നാമത്തെ പങ്കാളിയാക്കൂ”. ഇതാണു് ബൈബിളിലെ വാക്യത്തിന്റെ അർത്ഥം. രണ്ടാളുകൾ അന്യോന്യം സ്നേഹിക്കുമ്പോൾ ഈശ്വരൻ അവരുടെ പങ്കാളി ആയി വരുന്നു. സസ്നേഹത്തിലൂടെ ഈശ്വരസാക്ഷാത്കാരം എന്ന ദിവ്യസന്ദേശം പ്രചരിപ്പിക്കുന്ന ഈലീ വീസൽ അങ്ങ് എത്ര ഉത്കൃഷ്ടപുരുഷൻ! എത്ര ഉത്കൃഷ്ടകലാകാരൻ!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.