സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-06-14-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

കുറച്ചുകാലം ഇവിടെ കഴിഞ്ഞുകൂടുന്നു. അതിനിടയിൽ ആരെന്തു പറഞ്ഞാലെന്തു? ആരു് ചീത്ത വിളിച്ചാലെന്തു? നമ്മൾ പ്രത്യക്ഷ ശരീരം ഉപേക്ഷിക്കുന്ന ആ നിമിഷത്തിൽത്തന്നെ നമ്മൾ വിസ്മരിക്കപ്പെടും. നമ്മെ സ്തുതിക്കുന്നവരുടെയും നമ്മെ അസഭ്യത്തിൽ കുളിപ്പിക്കുന്നവരുടെയും സ്ഥിതി വിഭന്നമല്ല.

കാലത്തു് ഉണർന്നെഴുന്നേറ്റു് വീട്ടു മുറ്റത്തുവന്നു നോക്കുമ്പോൾ പനിനീർച്ചെടിയിൽ ഒരു പൂവു് വിടർന്നു നില്ക്കുന്നതു് നമ്മൾ കാണുന്നുവെന്നിരിക്കട്ടെ. എന്തൊരാഹ്ലാദമായിരിക്കും അപ്പോൾ! ഈ ആഹ്ലാദം പൂവു് വരുത്തുന്ന പരിവർത്തനത്തിന്റെ ഫലമാണു്. ദ്രഷ്ടാക്കളായ നമുക്കു മാത്രമല്ല ആ പരിവർത്തനമുണ്ടാവുക അതിന്റെ മാധുര്യവും മനോഹാരിതയും അന്തരീക്ഷത്തിലാകെ വ്യാപിക്കുന്നുണ്ടു്. അങ്ങനെ അന്തരീക്ഷവും പരിവർത്തനത്തിനു വിധേയമാവുന്നു. സ്വർണ്ണവും വെള്ളിയും വാരിയെറിഞ്ഞു് അങ്ങകലെ പരിലസിക്കുന്ന സൂര്യനെപ്പോലും ഈ സുരഭിലകുസുമം പരിവർത്തനം ചെയ്യുന്നില്ലേ? ഉണ്ടു്. തീർച്ചയായുമുണ്ടു്.

അത്രയും കാലം ആ വീടു് ഒഴിഞ്ഞു കിടക്കുകയായിരുന്നു. പകലൊക്കെ മൂകത. രാത്രിയാകെ ഭീകരത. ഒരു ദിവസം നമ്മൾ ആ വീട്ടിലേക്കുനോക്കുമ്പോൾ ജന്നലിലൂടെ ഒരു സുന്ദരമായ മുഖം കാണുന്നു. എന്തൊരു ആകർഷകത്വമുള്ള കണ്ണുകൾ! എന്തൊരു വിശ്വവശ്യമായ മന്ദസ്മിതം! ആ തരുണി ആ ഭവനത്തിനു മാത്രമല്ല നമുക്കും മാറ്റം വരുത്തുന്നു. പ്രഭാതത്തിൽ പനിനീർപ്പൂവെന്ന പോലെ അവളും വിടർന്നു നില്ക്കുകയാണു്. ജീവിതത്തിന്റെ പ്രഭാതത്തിൽ, നിത്യതയുടെ പ്രഭാതത്തിൽ അവൾ നില്ക്കുന്നു. ജീവിതത്തെയും നിത്യതയെയും ജീവിതത്തിന്റെ ഒരു ഭാഗമായ നമ്മളെയും അവൾ പരിവർത്തനത്തിലേക്കു നയിക്കുന്നു.

എന്റെ ബാല്യകാലത്തു് വല്ലപ്പോഴുമൊക്കെ ചങ്ങമ്പുഴ യുടെയും ഇടപ്പള്ളി യുടെയും സുന്ദരകാവ്യങ്ങൾ മലയാളരാജ്യം ചിത്രവാരികയിൽ അച്ചടിച്ചുവരുമായിരുന്നു. അവ വായിക്കുമ്പോൾ ഹർഷോന്മാദത്തിൽ വീണിരുന്നു അന്നത്തെ സഹൃദയർ. ചെടിയിൽ പൂവു് അതിനെത്തന്നെ കാണിക്കുന്നതുപോലെ, ജന്നലിന്റെ പിറകിൽ സൗന്ദര്യം പ്രത്യക്ഷീഭവിക്കുന്നതുപോലെ ചിത്രവാരികയിൽ ഈ കാവ്യരാമണീയകം ആവിർഭവിച്ചിരുന്നു. അതു് സഹൃദയർക്കു മാനസികപരിവർത്തനം വരുത്തിയിരുന്നു. ഓരോ കാവ്യത്തിന്റെയും ആവിർഭാവം ഓരോ സംഭവമായിരുന്നു. ഇന്നു് ആ വിധത്തിലൊരു സംഭവവുമില്ല. ശ്ലക്ഷ്ണശിലയെ മന്ദസ്മിതമായും പദത്തെ ഭാവമായും മാറ്റുന്നവനാണു് കലാകാരൻ.

സ്വഭാവഹത്യ
images/NarayanaGuru.jpg
ശ്രീനാരായണൻ

ശ്രീനാരായണനെ നേരിട്ടറിയാമായിരുന്ന ഒരു മാന്യൻ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം ഇന്നില്ല. സ്വാമിയുമായി പലപ്പോഴും പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ടു്. ഒരു ദിവസം ശ്രീനാരായണൻ പറഞ്ഞു: “അന്യൻ തെറ്റു ചെയ്യുന്നുവെന്നു നമ്മളറിഞ്ഞാലും അതു് നമ്മൾ ഉറക്കെപ്പറയരുതു്. അപരാധം ചെയ്യുന്നവനെ വിളിച്ചു നേരിട്ടു പറയാം അയാളുടെ പ്രവൃത്തികൾ ശരിയല്ലെന്നു്, മറ്റാളുകൾ കേൾക്കെ അതു പറയാൻ പാടില്ല. അടുത്തവീട്ടിലെ ചെറുപ്പക്കാരി തെറ്റു ചെയ്യുന്നുവെന്നിരിക്കട്ടെ. അക്കാര്യം നമ്മൾ അന്യരെ അറിയിക്കാൻ പാടില്ല. സ്വാതന്ത്ര്യമുണ്ടെങ്കിൽ അവളോടു തന്നെ അതുപറയാം”. സ്വഭാവഹത്യ ശരിയല്ല എന്നാണു ശ്രീനാരായണൻ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചതു്. ജന്മവാസനകളുടെ പ്രേരണയാൽ നമ്മൾ ഏതെങ്കിലും പ്രവർത്തനത്തിനു് ഉദ്യുക്തരാവുമ്പോൾ ഉള്ളിൽ നിന്നു് ഒരു ശബ്ദം ‘അതാകാം’ ‘അതരുതു്’ എന്ന മട്ടിൽ ഉയരും. അതിനെയാണു് മനഃസാക്ഷി എന്നു വിളിക്കുന്നതു്. ഫ്രായിറ്റ് ഇതിനു് സൂപർ ഈഗോ എന്ന പേരു നല്കി. ഈ സൂപർ ഈഗോയുടെ അനുശാസനങ്ങളെ മാനിച്ചില്ലെങ്കിൽ സംസ്കാരം തകരുമെന്നും ആ മനഃശാസ്ത്രജ്ഞൻ പല പരിവൃത്തി പറഞ്ഞിട്ടുണ്ടു്. ഇതെഴുതുന്ന ആളിനു മനഃസാക്ഷിയുടെ ആഹ്വാനങ്ങളെയോ ഉദ്ബോധനങ്ങളെയോ എപ്പോഴും മാനിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ അത്രത്തോളം അന്യുന സ്വഭാവമാർന്നവനല്ല എന്നു് സ്പഷ്ടമാക്കിക്കൊണ്ടു് എഴുതട്ടെ, തോട്ടം രാജശേഖരൻ ഗായകനായ യേശുദാസി ന്റെ സ്വഭാവത്തെ വിമർശിച്ചതു് ശരിയായില്ല എന്നു്. രാജശേഖരന്റെ വാക്കുകൾതന്നെ കേട്ടാലും: “…എന്നാൽ ഈ സംഗീതം ഉദ്ഗമിക്കുന്ന ഹൃദയം അത്ര വിശാലമാണോ എന്നു് പലപ്പോഴും സംശയം തോന്നിയിട്ടുണ്ടു്. ആ ആൽവൃക്ഷച്ചുവട്ടിൽ കറുകപ്പുല്ലിനുപോലും വളരാൻ വളക്കൂറില്ല. തന്നിൽ തുടങ്ങി തന്നിൽത്തന്നെ ലയിക്കുന്ന ഈ ഗായകന്റെ തൻപോരിമ പലപ്പോഴും തനിയാവർത്തനത്തിന്റെ ഭാവങ്ങൾ ധ്വനിപ്പിക്കുന്നു” (മാതൃഭൂമി ആഴ്ചപ്പതിപ്പു്, പുറം 25).

മറ്റുള്ള ആളുകളുമായി നമ്മൾ ഇവിടെ ജീവിക്കുന്നു. ആ ജീവിതത്തിനു സഹായമരുളുന്നതു് ആ ആളുകളുമായുള്ള ബന്ധത്തിനു നമ്മൾ വരുത്തുന്ന സമനിലയാണു്. ഈ സമനിലയെ തകർക്കാൻ പലതുമുണ്ടാകും. നമ്മുടെ വീട്ടിൽ മരണം ഉണ്ടായിയെന്നിരിക്കട്ടെ. മൃതദേഹം വീട്ടിൽത്തന്നെ കിടക്കുകയാണു്. ബന്ധുക്കൾ നിലവിളിക്കുന്നു. അപ്പോഴായിരിക്കും അടുത്ത വീട്ടുകാരൻ ടെലിവിഷൻ പ്രവർത്തിപ്പിച്ചു് മധുരസംഗീതം നമ്മുടെ ഭവനത്തിലേക്കു പ്രവഹിപ്പിക്കുന്നതു്. ആ ഗാനം കേട്ടാൽ നമ്മൾ ‘ഛീ നിറുത്തെടാ’ എന്നു പറഞ്ഞുകൊണ്ടു് അടുത്ത വീട്ടിലേക്കു് ഓടുകയില്ല. ക്ഷമിക്കുകയേയുള്ളു. മാറി വരുന്ന പരിതഃസ്ഥിതികൾക്കു യോജിച്ചമട്ടിൽ നമ്മുടെ സ്വഭാവത്തിനു പുനസ്സംവിധാനം വരുത്തുക എന്നതാണു് സംസ്കാരത്തിന്റെ ലക്ഷണം. രാജശേഖരൻ യേശുദാസിനെക്കുറിച്ചു പറഞ്ഞതു് സത്യമോ അസത്യമോ എന്നതല്ല പ്രശ്നം. വാദത്തിനുവേണ്ടി അതു് സത്യമാണെന്നു സമ്മതിച്ചാലും ഈ ലോകത്തു് ആർക്കും അതു പറയാൻ അധികാരമില്ല എന്നു് ഇവിടെ ഉറക്കെപ്പറഞ്ഞേ പറ്റു. ജീവിതം—അതു് ഏതു രൂപത്തിലുമാവട്ടെ—അന്യോന്യബന്ധമാണു്. സ്വഭാവഹത്യ നടത്തുമ്പോൾ ആ ബന്ധം തകരുന്നു. തകർന്നാൽ നമുക്കിവിടെ സ്വൈരജീവിതം സാദ്ധ്യമല്ലാതെയാവും.

ചോദ്യം:
കള്ളം പറയുന്നതു് പാപമാണോ?
ഉത്തരം:
എപ്പോഴും പാപമായിക്കൊള്ളണമെന്നില്ല.
images/JeanValjean.jpg

പൊലീസ് ഓടിച്ച ഷാങ്വൽ ഷാങ് ഒരു കന്യാസ്ത്രീ പ്രാർത്ഥിക്കുന്ന മുറിയിൽക്കയറി വാതിൽ തുറന്നു് ചുവരിനും കതകിനുമിടയ്ക്കുള്ള സ്ഥലത്തു് ഒളിച്ചുനിന്നു. ‘ഈ മുറിക്കകത്തു് ഭവതി മാത്രമേയുള്ളോ?’ എന്നു പൊലീസ് ഇൻസ്പെക്ടർ ചോദിച്ചു. ‘പ്രാർത്ഥന നടത്തുന്ന കന്യാസ്ത്രീയുടെ മുറിയിൽ മറ്റാരെങ്കിലുമുണ്ടാകുമോ?’ എന്നു് അവരുടെ മറുചോദ്യം. പൊലീസ് തിരിച്ചുപോയി. ആ സന്ദർഭത്തിൽ കന്യാസ്ത്രീ പറഞ്ഞ കള്ളം അവർക്കു മാലാഖകളുടെ കൂട്ടത്തിൽ സ്ഥാനം നല്കാൻ പര്യാപ്തമാണെന്നു് വിക്തോർ യൂഗോ. (പാവങ്ങൾ എന്ന നോവലിലെ ഈ സംഭവം ഓർമ്മയിൽനിന്നു കുറിക്കുന്നതാണു്.)

ബർട്രൻഡ് റസ്സൽ ഒരിക്കൽ ഒരു ഗ്രാമപ്രദേശത്തു നടക്കുകയായിരുന്നു. അപ്പോൾ നന്നേ തളർന്ന ഒരു കുറുക്കൻ ശേഷിച്ച ശക്തിയാകെ സംഭരിച്ചുകൊണ്ടു് ഓടാൻ ശ്രമിക്കുന്നതു് അദ്ദേഹം കണ്ടു. ഉടനെ വേട്ടക്കാരെത്തി. കുറുക്കനെ കണ്ടോയെന്നു് അവർ ചോദിച്ചപ്പോൾ ‘കണ്ടു’ എന്നു് റസ്സൽ. ‘ഏതുവഴിയാണു് അവൻ ഓടിയതെന്നു് വേട്ടക്കാരുടെ അന്വേഷണം. അദ്ദേഹം കുറുക്കനെ രക്ഷിക്കാനായി കള്ളം പറഞ്ഞു. തുടർന്നു് റസ്സൽ നമ്മോടു പറയുന്നു: “ഞാൻ സത്യം പറഞ്ഞെങ്കിൽ കൂടുതൽ നല്ല മനുഷ്യനാവുകില്ലായിരുന്നു.—I do not think I should have been a better man if I had told the truth (The Conquest of Happiness, Chapter 7).

മറുനാടൻ പൂവു്
images/TheConquestofHappiness.jpg

ഇരുട്ടിനു കനം കൂടിക്കൊണ്ടിരിക്കുന്ന ഈ രാത്രിയിൽ എവിടെയൊക്കെ എന്തെല്ലാമാണു സംഭവിക്കുക? മദ്യപനായ ഭർത്താവു് അർദ്ധരാത്രി കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിൽ ഉത്കണ്ഠാകുലയായ ഭാര്യ ജന്നലിൽക്കൂടി കൂടക്കൂടെ റോഡിൽ നോക്കുന്നുണ്ടു്. സന്ധ്യയ്ക്കു് ആറുമണിക്കുള്ള തീവണ്ടിയിലെത്തുമെന്നു പറഞ്ഞ മകൻ എത്തിച്ചേരാത്തതിൽ വിഷാദമാർന്ന അമ്മ ‘അവനെന്തു പറ്റി?’ എന്നു ചോദിക്കുന്നു. ഭർത്താവില്ലാത്ത സമയംനോക്കി ജാരനെ വിളിച്ചുവരുത്തി രമിക്കുന്ന ഭാര്യയുടെ സ്വഭാവം നല്ലപോലെ അറിയാവുന്ന ഭർത്താവു് വരാന്തയിൽ കയറി നിന്നു് ഒരാവശ്യവുമില്ലാതെ ചുമയ്ക്കുന്നു. (ഒരു യുവസ്നേഹിതനോടു കടപ്പാടുണ്ടു് ഈ നേരമ്പോക്കിനു്) കാമുകൻ പൂ വിതറിയ ശയനീയത്തിലിരുന്നു് കാമുകിയുടെ കണ്ണുകളിൽ ഉറ്റുനോക്കുന്നു അവളുടെ സ്നേഹത്തിന്റെ ആഴമറിയാൻ. ഇതാ ഈ സമയത്തുതന്നെ പള്ളിയിലെ, മെഴുകുതിരി ‘നിശ്ചലമായി, നിഷ്പന്ദ’മായി കത്തിയെരിയുന്നു. സ്വയം ഉരുക്കിയൊലിച്ചു് അതു് ആരാധന നടത്തുകയാണു്. വളരെക്കാലമായി കാണാതിരുന്ന മകനെ ആകസ്മികമായി കാണാനിടയായ അമ്മ പൂർവ്വകാല സംഭവങ്ങളിലേക്കു മനസ്സിനെ വ്യാപരിപ്പിക്കുന്നു. ഉടനെ അവൻ പിരിഞ്ഞുപോകുമല്ലോ എന്നു കരുതി ദുഃഖിക്കുന്നു. ഒടുവിലെഴുതിയ ഈ സംഭവം എന്റെ സങ്കല്പത്തിൽനിന്നു ജനിച്ചതല്ല. ആശിഷ് ബർമ്മന്റെ “അനുപമയുടെ ദുഃഖം” എന്ന കഥയിലേതാണു് (വി. ഡി. കൃഷ്ണൻ നമ്പ്യാരു ടെ തർജ്ജമ, കുങ്കുമം വാരിക. പുറം 31). അനുപമയുടെ ആദ്യത്തെ ഭർത്താവിൽനിന്നു് അവൾക്കു ജനിച്ച മകനാണു് അനിൽ. അവനെ യാദൃച്ഛികമായി അവൾ തീവണ്ടിയിൽവച്ചു കാണുന്നു. ഗതകാലസംഭവങ്ങൾ ആവിഷ്കരിക്കുന്ന കഥാകാരൻ ഹൃദയദ്രവീകരണ സമർത്ഥമായ ഒരു സംഭവം കണ്ടുപിടിക്കുകയാണു്. അത്രത്തോളം നന്നു്. ആ കൂടിക്കാഴ്ചയും സംഭാഷണവും അസ്സലായിട്ടുണ്ടു്. എങ്കിലും കഥയ്ക്കാകെ ഒരു ഗദ്യാത്മകത്വം. മുഴുവൻ ചുവപ്പുനിറമായിരിക്കേണ്ട പൂവിന്റെ ഉള്ളു്—ഞെട്ടിനോടടുത്ത ഭാഗം— വെളുത്തും ദലങ്ങൾ ചുവന്നുമിരുന്നാൽ നിങ്ങൾക്കു് എന്തുതോന്നും? എന്തു തോന്നുമോ അതുതന്നെ തോന്നി എനിക്കു് ഈ മറുനാടൻ കഥ വായിച്ചപ്പോൾ. കഥാകാരന്റെ സ്ഥൂലരേഖകൾ അവ്യക്തങ്ങൾ. തെളിഞ്ഞ പുലർവേളയിൽ കാണപ്പെടുന്ന ഗോപുരംപോലെ സ്പഷ്ടമായിരിക്കണം ചെറുകഥ. അതു് മൂടൽമഞ്ഞിലൂടെ ദർശനീയമാകുന്ന വാസ്തുവിദ്യാശില്പംപോലെ ആകരുതു്.

“ജീവിതത്തെസ്സംബന്ധിച്ചു് നിങ്ങളുടെ മനോഭാവമെന്താണു്?” “നൂറ്റമ്പതു വർഷം ജീവിച്ചിരിക്കുന്ന തത്തകളുണ്ടെന്നു മനസ്സിലാക്കിയ മുല്ല നാസിറുദ്ദീൻ അവയിൽ ഒന്നിനെപ്പിടിച്ചു് ഒരു സ്നേഹിതന്റെ കൈയിൽക്കൊടുത്തിട്ടു് ‘ഇതു് അത്രയുംകാലം ജീവിച്ചിരിക്കുമോയെന്നു പരിശോധിക്കു’ എന്നു പറഞ്ഞു. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ള ഈ ആശയമാണു് എന്റെ ജീവിതത്തെ ഭരിക്കുന്നതു്. കുറച്ചുകാലം ഇവിടെ കഴിഞ്ഞുകൂടുന്നു. അതിനിടയിൽ ആരെന്തു പറഞ്ഞാലെന്തു? ആരു ചീത്തവിളിച്ചാലെന്തു? നമ്മൾ പ്രത്യക്ഷശരീരം ഉപേക്ഷിക്കുന്ന ആ നിമിഷത്തിൽത്തന്നെ നമ്മൾ വിസ്മരിക്കപ്പെടും. നമ്മെ സ്തുതിക്കുന്നവരുടെയും നമ്മെ അസഭ്യത്തിൽ കുളിപ്പിക്കുന്നവരുടെയും സ്ഥിതി വിഭിന്നമല്ല”.

മാംസംകൊണ്ടുള്ള ചെവി
images/LearningHowtoLearn.jpg

ഐഡ്രിസ് ഷാ എഴുതിയ Learning How to Learn എന്ന പുസ്തകം രസകരമാണു്. അതിലൊരു സംഭവം വിവരിച്ചിട്ടുണ്ടു്. വാൻഗോ യുടെ (വാൻ ഹോഹ്) ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നുണ്ടായിരുന്നു ഒരിടത്തു്. അതു കാണാൻ ഒരു കലാരസികനെത്തി. പക്ഷേ, ആൾക്കൂട്ടംകൊണ്ടു് അയാൾക്കു് ഒരു ചിത്രംപോലും കാണാൻ കഴിഞ്ഞില്ല. അയാൾ വീട്ടിൽച്ചെന്നു് കാളയിറച്ചിയിൽനിന്നു് ഒരു കാതു വെട്ടിയെടുത്തു് പ്രദർശനം നടക്കുന്നിടത്തു കൊണ്ടുവച്ചു. ‘വാൻ ഗോയുടെ കാതു് ’ എന്നു് അതിന്റെ താഴെ എഴുതിവയ്ക്കുകയും ചെയ്തു. (ഉന്മാദാവസ്ഥയിൽ വാൻ ഗോ സ്വന്തം ചെവി മുറിച്ചെടുത്തതു് ഓർമ്മിച്ചാലും) അതുവച്ചയുടനെ ചിത്രം കണ്ടുനിന്നവർ ഓടിവന്നു് ആ കാതിനുചുറ്റും കൂടി. കലാരസികനു് അങ്ങനെ ചിത്രങ്ങൾ കണ്ടുരസിക്കാൻ സൗകര്യം കിട്ടി. കലാസ്വാദനം നിർവ്വഹിക്കുന്നവർ യഥാർത്ഥത്തിൽ അതിൽ തല്പരരല്ല എന്ന സത്യം കാണിച്ചുതരികയായി ഇക്കഥ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പോസ്റ്റ്മാന്റെ കത്തു്’ എന്ന വിവരണമെഴുതിയ ശങ്കർ വേങ്ങര കാളയിറച്ചിയിൽ നിന്നു് കാതു വെട്ടിയെടുക്കുന്നയാളാണു്. അദ്ദേഹം കലാരസികനല്ലതാനും. വാരികയുടെ താളിൽ വച്ചിരിക്കുന്ന ഈ കാതു് യഥാർത്ഥമായ കലയെക്കുറിച്ചു് ഒരു വിവരവുമില്ലാത്തവരെ ആകർഷിച്ചേക്കും. കലയിൽ തല്പരത്വമുള്ളവരെ വൈരസ്യത്തിലേക്കു കൊണ്ടുചെല്ലുകയേയുള്ളു. ഒരു പോസ്റ്റ്മാന്റെ മകനു് അച്ഛൻ യൂണിഫോം ധരിച്ചുകാണാൻ ആഗ്രഹം. അവനു സുഖമില്ല. പോസ്റ്റ്മാൻ മകനാവശ്യപ്പെട്ട വേഷംധരിച്ചു വീട്ടിലെത്തിയപ്പോൾ അവൻ മരിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ കാര്യം പറയാനില്ല. ജേണലിസത്തോടുപോലും ഒരു ബന്ധവുമില്ലാത്ത ഈ രചനകൊണ്ടു രചയിതാവു് നേടുന്നതു് വൈരസ്യത്തിൽച്ചെന്നു വീഴുന്ന വായനക്കാരുടെ ശാപംമാത്രം.

അന്യാദൃശമായ നോവൽ
images/TheLover.jpg

മാർഗറീതു് ദൂറാസി ന്റെ (Marguerite Duras) The Lover എന്ന നോവൽ ഞാൻ വായിച്ചുതീർത്തിട്ടു രണ്ടുദിവസം കഴിഞ്ഞിരിക്കുന്നു. എങ്കിലും അതെന്നെ ‘ഹോൺട് ’ ചെയ്യുന്നു. ആ അനുഭൂതിയോടുകൂടി ഞാൻ ആ നോവലിനെ തഴുകിയിട്ടു മേശപ്പുറത്തു വയ്ക്കുന്നു. സ്നേഹത്തോടെ ബഹുമാനത്തോടെ അതിനെ നോക്കുന്നു. സാഹിത്യം ഇത്രത്തോളം ഉത്കൃഷ്ടതയിലേക്കു പോകുമല്ലോ എന്നു വിചാരിച്ചു് അദ്ഭുതപ്പെടുന്നു.

ഫ്രാൻസിലെ വിഖ്യാതയായ നോവലെഴുത്തുകാരിയാണു് മാർഗറീതു് ദൂറാസ്. ആന്റി നോവലെന്നോ നവീന നോവലെന്നോ വിളിക്കുന്ന കൃതികളാണു് അവർ എഴുതാറു്. ഫ്രാൻസിലെ ഏറ്റവും വലിയ എഴുത്തുകാരിയെന്നു സാമുവൽ ബക്കറ്റും മൊറീസ് ബ്ളാങ്ഷോ യും (Maurice Blanchot—ദാർശനികൻ, നോവലിസ്റ്റ്, നിരൂപകൻ) ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ മീതെറാങ്ങും വാഴ്ത്തുന്ന ഈ മഹതിയുടെ പതിനേഴാമത്തെ നോവലാണു് The Lover. ആത്മകഥാപരമാണു് പ്രീ ഗൊങ്കൂർ (Prix Goncourt) നേടിയ ഈ കഥാശില്പം. പതിനഞ്ചു വയസ്സുകഴിഞ്ഞ കഥാനായിക അവളെക്കാൾ ഇരുപതു വയസ്സുകൂടിയ ഒരു ചൈനാക്കാരനുമായി പ്രേമബന്ധത്തിലാകുന്നതാണു് ഇതിലെ കഥ. വിദ്യാർത്ഥിനിയായ അവളെ അയാൾ കാറിൽക്കയറ്റി ബോർഡിംഗ് സ്ക്കൂളിൽ കൊണ്ടുവിടുന്നതു തൊട്ടു് തുടങ്ങുന്നു ആ പ്രേമകഥ. അങ്ങനെ പല ദിവസങ്ങൾ. ഒരു വ്യാഴാഴ്ച ഉച്ചയ്ക്കു് അയാൾ അവളെ കാറിൽക്കയറ്റി സ്വന്തം സ്ഥലത്തേക്കു കൊണ്ടുപോയി. ആദ്യത്തെ വേഴ്ച. ഈ പ്രേമം പരകോടിയിലെത്തുമ്പോൾ കാമുകന്റെ അച്ഛൻ അയാളെ പാരീസിലേക്കു് അയയ്ക്കുന്നു. അതോടെ എല്ലാം അവസാനിച്ചു. 1930-ലാണു് കഥയുടെ ആരംഭം. യുദ്ധംകഴിഞ്ഞു് വർഷങ്ങൾക്കുശേഷം അയാൾ ഭാര്യയുമായി നാട്ടിൽനിന്നു് പാരീസിലെത്തി. അവളെ ഫോണിൽ വിളിച്ചു. “ഞാനാണു് ഇതു്” ശബ്ദത്തിൽനിന്നു് അയാളെ അവൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു: “നിന്റെ ശബ്ദം കേൾക്കാൻ എനിക്കാഗ്രഹം”. And then he told her. Told her that it was as before, that he still loved her, he could never stop loving her, that he’d love her until death.

ആന്റി നോവലിന്റെ കലാസങ്കേതമുപയോഗിച്ചു രചിക്കപ്പെട്ട ഈ നോവൽ മാനുഷിക ബന്ധങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്നു. സാഗരതുല്യമായ ജീവിതത്തെ അതിന്റെ ലാളിത്യത്തോടും സങ്കീർണ്ണതയോടും പ്രതിപാദിക്കുന്നു. കടൽ ഇതിലെ ഒരു പ്രധാനപ്പെട്ട സിംബലാണു്. അതിന്റെ പശ്ചാത്തലത്തിലാണു് മനുഷ്യരുടെ നാടകം അഭിനയിക്കപ്പെടുന്നതു്. മരണത്തിന്റെയും നിത്യതയുടെയും അപ്രമേയ പ്രഭാവം ഏതാനും വാക്യങ്ങളിലൊതുക്കാൻ ദൂറാസിനു വല്ലാത്ത പ്രാഗൽഭ്യമാണു്. വൈഷയികത്വം ചിത്രീകരിക്കാനും അവർക്കു് അന്യാദൃശമായ വൈഭവമാണു്. ഒരു കൂട്ടുകാരിയുടെ വക്ഷസ്സിനെ കഥാനായിക വർണ്ണിക്കുന്നതു കണ്ടാലും: Nothing could be more extraordinary than the outer roundness of these breasts proffered to the hands, this outwardness held out towards them. Even the body of my younger brother, like that of a little coolie, is as nothing beside this splendour. The shapes of men’s bodies are miserly, paternalized. (P. 77) കഥാപാത്രങ്ങളെയും വായനക്കാരെയും പ്രകമ്പനംകൊള്ളിച്ചു് അഭിജ്ഞതയിലേക്കു (awareness) നയിക്കുന്നതാണു് ആന്റി നോവലിന്റെ സ്വഭാവമെങ്കിൽ ദൂറാസിന്റെ ഈ ചേതോഹരമായ കലാശില്പം അതിനു മകുടോദാഹരണം തന്നെ.

“611-ആം ലക്കം കലാകൗമുദിയിൽ നിങ്ങൾ തകഴിയെ ‘മഹാശക്ത’നെന്നു വിശേഷിപ്പിച്ചിരിക്കുന്നു. ഓരോ സമയത്തു് ഓരോന്നു പറയുന്നു അല്ലേ?”

“മഹായശസ്കൻ എന്നാണു് ഞാനെഴുതിയതു്. അച്ചടിയിൽ ‘മഹാശക്തൻ’ എന്നായിപ്പോയി. അതുപോലെ Chains എന്നതു് Claim എന്നായിട്ടുണ്ടു്”.

ഈക്കീക്കിത്തമ്പലം

തിരുവനന്തപുരത്തു് കൊച്ചുകുട്ടികൾക്കു് ഈക്കീക്കിത്തമ്പലം എന്നൊരു കളിയുണ്ടു്. ഈർക്കിലിന്റെ ഒരു കൊച്ചുകഷണം മണ്ണുകൂട്ടി ഒളിച്ചുവയ്ക്കുന്നു. മറ്റേക്കുട്ടി അതു കണ്ടുപിടിക്കണം. കണ്ടുപിടിക്കാൻ എളുപ്പമില്ല. കലാകൗമുദിയിൽ ‘ലച്ച്മിയുടെ സുന്ദരിപ്പാവകൾ’ എന്ന ‘കഥ’യെഴുതിയ വി. എസ്. അനിൽകുമാർ വാക്കിന്റെ മണ്ണു നെടുനീളത്തിൽ കൂട്ടിയിട്ടു് പ്രമേയമെന്ന കൊച്ചീർക്കിൽക്കഷണം എവിടെയോ ഒളിച്ചുവയ്ക്കുന്നു. എനിക്കതു കണ്ടുപിടിക്കാനാവുന്നില്ല.

അനിൽകുമാർ കരുതിക്കൂട്ടി എല്ലാം വികൃതമാക്കുന്നു. ആവശ്യകതയിൽക്കവിഞ്ഞ ഊന്നൽ ഓരോന്നിനും നല്കുന്നു. അനുപാതത്തെ കാറ്റിൽ പറത്തുന്നു. പദമാകുന്ന ദ്രൗപതിയെ അദ്ദേഹം ‘ബലാൽക്കാരം’ ചെയ്യുന്നു. അനിൽകുമാറിനു് കായികശക്തിയുണ്ടു്, സർഗ്ഗശക്തിയില്ല. സാധാരണമായ സത്യത്തെ അസാധാരണമായ സത്യമാക്കി അതിനെത്തന്നെ അസത്യമാക്കുകയാണു് അദ്ദേഹം. മലയാള സാഹിത്യത്തിൽ ഈ ഈക്കീത്തമ്പലം കളി തുടങ്ങിയിട്ടു് കാലം വളരെയായി. പിള്ളേരു കളിക്കട്ടെ. എനിക്കു പരാതിയില്ല. പക്ഷേ, എന്നെപ്പോലെ പ്രായമായവരും അതു കണ്ടേ പറ്റൂയെന്നു് ശഠിക്കരുതു്.

ഹാസ്യം

ഒന്നോ രണ്ടോ വാക്യങ്ങളിലുള്ള ചില ജപ്പാനീസ് ഫലിതോക്തികൾ നല്കട്ടെ:

  1. എന്തോ കളഞ്ഞുപോയി, പൊലീസുകാരൻ വളരെ നേരം വിശദാംശങ്ങൾ ചോദിച്ചു. അത്ര തന്നെ.
  2. പടച്ചട്ടയണിഞ്ഞ യോദ്ധാവു്: ഞാനിനി കക്കൂസിൽക്കയറിയിട്ടെന്തു കാര്യം?
  3. പട്ടണത്തിൽ എല്ലാവർക്കും അവളുടെ കാര്യമറിയാം. പക്ഷേ, ഭർത്താവിനു മാത്രം അറിഞ്ഞുകൂടാ.
  4. അയാളുടെ ജോലി നഷ്ടപ്പെട്ടു. ഇപ്പോൾ മാർക്സിന്റെ പുസ്തകം വായിക്കുന്നു.
  5. ഒരു റിക്ഷാക്കാരൻ വേറൊരു റിക്ഷാക്കാരനെ റിക്ഷയിൽ കയറ്റിയിരുത്തി വലിക്കുന്നു.
  6. ‘പിറകെ ഒരു ബസ് ആളൊഴിഞ്ഞു വരുന്നു’ എന്നു പറഞ്ഞ് കണ്ടക്ടർ രണ്ടു ബല്ലടിക്കുന്നു.
  7. മുതുകിൽ നമുക്കു കൈ എത്താത്തിടത്തു് കൊതുകു വന്നിരുന്നു കടിക്കുന്നു.

ഇവയിലൊക്കെ ഹാസ്യത്തിന്റെ സ്ഫുരണമുണ്ടു്. ഈ സ്ഫുരണമുണ്ടാക്കുന്നതിൽ മലയാറ്റൂർ രാമകൃഷ്ണനും ചെല്ലനും ടോംസും വിജയം പ്രാപിക്കുന്നു. ഉദ്യോഗസ്ഥന്റെ സ്റ്റെനോഗ്രാഫർ—ചെറുപ്പക്കാരി—കടലാസ്സെടുത്തു് നെഞ്ചിലേക്കു വയ്ക്കുന്നു. അതുകണ്ടു് ഉദ്യോഗസ്ഥൻ പറയുന്നു: ആർക്കും കൈവയ്ക്കാവുന്നിടത്തു് കോൺഫിഡൻഷ്യൽ പേപ്പഴ്സ് വയ്ക്കരുതെന്നു് ഞാനെത്രവട്ടം പറഞ്ഞിരിക്കുന്നു ലൂസീ! (ട്രയൽ വാരിക. ജനയുഗം വാരികയിൽ വന്ന കാർട്ടൂണിന്റെ വീണ്ടുമുള്ള അച്ചടിക്കൽ.) വൃദ്ധന്റെ മകൾക്കുവേണ്ടി ചെറുപ്പക്കാരൻ ഒരെഴുത്തു് എഴുതിക്കൊടുക്കുന്നു. ‘എവിടെ കാണട്ടെ അവളു വലിയ വൃത്തിക്കാരിയാ’ എന്നു് തന്ത. എഴുത്തു വാങ്ങി നോക്കിയിട്ടു് അയാൾ രണ്ടു വാക്യംകൂടി എഴുതിച്ചേർക്കാൻ പറഞ്ഞു: “കയ്പട കണ്ടാ നിനക്കു് ഓക്കാനം വരുമെന്നറിയാം മോളെ,… എന്തുചെയ്യാം. അപ്പച്ചനു് എഴുത്തറിയില്ലല്ലോ!’

ബോബന്റെയും മോളിയുടെയും അച്ഛനമ്മമാർ അവരെയും കൂട്ടി ബന്ധുവിന്റെ വീട്ടിൽപ്പോയി ഒരാഴ്ച താമസിച്ചു. തിരിച്ചു പോരുമ്പോൾ ‘ലോഹ്യ’ത്തിനു വേണ്ടി അവരെ തങ്ങളുടെ ഭവനത്തിലേക്കു ക്ഷണിച്ചു. ബോബനും കുടുംബവും സ്വന്തം വീട്ടിൽ തിരിച്ചെത്തിയില്ല —അതിനുമുമ്പു് പടപോലെ മറ്റേക്കുടുംബം പ്രതിസന്ദർശനത്തിനെത്തി. ഈ ഹാസ്യചിത്രങ്ങൾ കാണുമ്പോൾ കലാപരമായ ആവിഷ്കാരത്തിന്റെ താണപടിയിലാണു് അവ നില്ക്കുന്നതെന്ന ചിലരുടെ അഭിപ്രായത്തോടു് എനിക്കു യോജിക്കാൻ വയ്യ. മറ്റു രസങ്ങളെപ്പോലെ ഹാസ്യവും നമ്മെ ആഹ്ലാദിപ്പിക്കും.

Rafiq Zakaria എഴുതിയ The Price of Power എന്ന നോവൽ വളരെയേറെ വാഴ്ത്തപ്പെടുന്നല്ലോ. എന്താണു് നിങ്ങളുടെ അഭിപ്രായം?”

“മഹാരാഷ്ട്രയിൽ ഒരുകാലത്തു് ക്യാബിനറ്റ് മന്ത്രിയും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന അദ്ദേഹത്തിന്റെ ആദ്യകൃതിയാണിതു്. ഞാനിതു വായിച്ചു. രാഷ്ട്ര വ്യവഹാരസംബന്ധികളായ എല്ലാ നോവലുകളും വിരസങ്ങളാണു്. ജേണലിസത്തിൽക്കവിഞ്ഞു് ഒന്നുമല്ലാത്ത ഈ നോവലും അങ്ങനെതന്നെ”.

images/Incognito.jpg

“എല്ലാ രാഷ്ട്രീയ നോവലുകളും വിരസങ്ങളോ?”

“റുമേനിയൻ നോവലിസ്റ്റായ Petru Dumitriu എഴുതിയ Incognito, പാസ്റ്റർനാക്കി ന്റെ ഡോക്ടർ ഷിവാഗോ യെയും അതിശയിക്കുന്ന ഒരു രാഷ്ട്രീയ നോവലാണു്. ഈ മതം എന്റേതല്ല, വലിയ നിരൂപകരുടേതാണു്. Incognito എന്നെ ഹർഷോന്മാദത്തിലേക്കെറിഞ്ഞു”.

“അടുത്തകാലത്തു് പ്രസാധനംചെയ്ത കാവ്യഗ്രന്ഥങ്ങളിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒന്നിന്റെ പേരുപറയൂ”.

രാമൻ നമ്പൂതിരി യുടെ ‘രഥവേഗം’.

ചങ്ങമ്പുഴയുടെ സുഹൃത്താണു് ഈ കവി. ആ കാലയളവിലെ ലയമനുസരിച്ചു് അദ്ദേഹം പാടുന്നതു കേൾക്കു:

ചായലിൽച്ചൂടിയ പൂകൊഴിഞ്ഞും

ചാരുതിലകം വിയർപ്പിൽ മാഞ്ഞും

വല്ലാതെ പാവാടക്കെട്ടുലഞ്ഞും

വെള്ളിയരഞ്ഞാണമൊന്നയഞ്ഞും

വീണു മയങ്ങുമൊരോമലാൾതൻ

ചേണുലാവും പ്രതിച്ഛായപോലെ

ഏകാന്തകാന്തമാക്കാനനാന്തം

ഏതോ മനോഹര സ്വപ്നരംഗം.

മുദ്രണത്തിന്റെ ഭംഗി. ഡോക്ടർ എം. ലീലാവതി യുടെ അന്തരംഗസ്പർശിയായ നിരൂപണം ഇവ ഈ കാവ്യഗ്രന്ഥത്തിനുണ്ടു്.

വേഗമാർന്ന ലയം

സവിശേഷമായ വീക്ഷണഗതിയിലൂടെ തന്റെ കാലയളവിലെ സാമൂഹിക സ്ഥിതികൾ കലാസൃഷ്ടിയിലൂടെ രമണീയമായി സ്ഫുടീകരിക്കുന്നവനാണു് കലാകാരൻ. താജ് മഹൽ നിർമ്മിച്ച കാലയളവിൽ ഒരു വ്യക്തിക്കു് ഏതൊരു ചിന്താഗതിയുണ്ടായിരുന്നു, ഏതുമാതിരി കിനാവുണ്ടായിരുന്നുവെന്നു് ആ വാസ്തുവിദ്യാശില്പം സ്പഷ്ടമാക്കിത്തരും. തന്റെ കാലയളവിലെ സമൂഹത്തെ തന്റേതായ വീക്ഷണമാർഗ്ഗത്തിലൂടെ കവി സംവീക്ഷണം ചെയ്തപ്പോൾ ‘വാഴക്കുല’ എന്ന കാവ്യമുണ്ടായി. ബി. ഉണ്ണിക്കൃഷ്ണൻ ‘ജനയുഗം’ വാരികയിലെഴുതിയ “വെളിപാടു്” എന്ന കാവ്യം ഈ സത്യത്തിനു നിദർശകമായിരിക്കുന്നു.

അഗ്നിച്ചിറകുള്ള സ്വപ്നങ്ങളാണുപ്ര-

ക്ഷുബ്ധമെൻ ഹൃത്തിൽ വിരിയുന്നതൊക്കെയും

എന്റെ സ്വപ്നങ്ങളിൽ കത്തിയൊടുങ്ങുവാൻ

വന്നുചേരുന്നൊരീരാവുപകലുകൾ

എന്നിലുണരുന്ന സങ്കീർത്തനങ്ങൾ, ഞാ-

നെന്ന ഭാവങ്ങൾ, രാഗങ്ങൾ, വിദ്വേഷങ്ങൾ,

ഈ വരികളിൽ ഇന്നത്തെ ജീവിതലയം—വേഗമാർന്ന ലയം—ഉള്ളതിനാൽ ഇതു് കലാമൂല്യമുള്ള കാവ്യമാണു്. ജീവിതലയത്തിന്റെ വേഗം കാവ്യലയത്തിലും പകർന്നിരിക്കുന്നു എന്നതും ശ്രദ്ധേയമത്രെ.

അടഞ്ഞ വാതിൽ

സർഗ്ഗപ്രക്രിയയ്ക്കു് ധിഷണയുമായി ഒരു ബന്ധവുമില്ല. വികാരത്തിനു വിധേയനായ കവി ചില പദങ്ങളിലൂടെ അതു പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നു. ചിലപ്പോൾ അനായാസമായി വാക്കുകൾ വന്നുവീഴും. അതു് വികാരത്തെ പ്രകടിപ്പിക്കുകയും ചെയ്യും. പലപ്പോഴും പര്യാപ്തങ്ങളായ വാക്കുകൾ കിട്ടുകയില്ല. എഴുതിയ വാക്കുകൾ വെട്ടിക്കളഞ്ഞിട്ടു് വേറെ വാക്കുകൾ എഴുതും. അവയെ മാറ്റിയിട്ടു് മറ്റു പദങ്ങൾ നിവേശിപ്പിക്കും. ഇങ്ങനെ പലതവണ ശ്രമിക്കുമ്പോൾ ആവിഷ്കാരം ശരിയാകും. ഇതിനു് ധിഷണയുമായി ബന്ധമില്ല. ‘വാസുദേവന്റെ ഒരു ദിവസം’ എന്ന കഥയെഴുതിയ വി. പി. മനോഹരനു് (ദേശാഭിമാനി വാരിക) ധിഷണയല്ലാതെ ഹൃദയവികാരമില്ല. സോപ്പ് വില്പനയല്ലാതെ ഹൃദയവികാരമില്ല. സോപ്പ് വില്പനക്കാരൻ തന്റെ ഉല്പന്നം വില്ക്കാൻകഴിയാതെ അവ വാരിയെറിയുന്നത്രെ. സമകാലികമായ സമൂഹത്തിന്റെ ദുഃസ്ഥിതിയുടെ നേർക്കു് കഥാകാരൻ അമ്പയയ്ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ രചനയ്ക്കു് സാഹിത്യമണ്ഡലത്തിൽ പ്രവേശനമില്ല.

തിരുവനന്തപുരത്തുനിന്നു് നമ്മൾ യാത്രയാരംഭിക്കുന്നുവെന്നിരിക്കട്ടെ. കഴക്കൂട്ടത്തേക്കു് ഇത്ര കിലോമീറ്റർ, പാരിപ്പള്ളിയിലേക്കു് ഇത്ര കിലോമീറ്റർ ഇങ്ങനെ ദൂരം കാണിക്കുന്ന കല്ലുകൾ റോഡരികിൽ കാണും. എത്തേണ്ടിടത്തു് എത്തിയാലും പിന്നെയും അപ്പുറത്തുണ്ടു് അടയാളപ്പെടുത്തിയ കല്ലുകൾ. ഓരോ സ്ഥലവും താണ്ടി ഹിമാലയത്തിന്റെ ചുവട്ടിൽ ചെന്നുവെന്നു് വിചാരിക്കു. ആ പർവ്വതത്തിനപ്പുറത്തും സ്ഥലമുണ്ടു്. അനന്തതയിലേക്കുള്ള യാത്ര. ഇടയ്ക്കിടയ്ക്കു ദൂരം കാണിക്കുന്ന കല്ലുകളും. ഈ കല്ലുകളാണു് കലാസൃഷ്ടികൾ. സത്യത്തിന്റെ അദൃശ്യ പ്രപഞ്ചത്തിലേക്കുള്ള ദൂരം കാണിക്കുന്നു അവ. എത്ര സഞ്ചരിച്ചാലും ആ പ്രപഞ്ചത്തിൽ നാം ചെല്ലുന്നില്ല. ചെല്ലാനുള്ള യത്നത്തിൽ ദൂരമടയാളപ്പെടുത്തിയ കല്ലുകൾ സഹായിക്കുന്നുവെന്നു മാത്രം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.