സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1987-11-15-ൽ പ്രസിദ്ധീകരിച്ചതു്)

പി. കുഞ്ഞിരാമൻനായർ മലയാളകാവ്യാംഗനയെ സ്പർശിച്ചപ്പോൾ അവൾ “താരുപോലെ മൃദുവായി”. അദ്ദേഹം അവളുടെ പേരു വിളിച്ചപ്പോൾ ആ പേരു് മാധുര്യം ആവഹിച്ചു. അവളെ “രോമാഞ്ചമായി മാറ്റുവാൻ” അദ്ദേഹത്തിൽ ഒരു “നിഗൂഢശക്തി”യുണ്ടായിരുന്നു.

“ഇന്നലെ രാത്രി ഞാൻ കണ്ട സ്വപ്നത്തെക്കുറിച്ചു പറയട്ടെ. കേൾക്കാൻ കൗതുകമുണ്ടോ?” എന്നു് സ്നേഹിതൻ ഉറക്കമെഴുന്നേറ്റയുടനെ എന്നോടു ചൊദിച്ചു. വർഷം 1935. സ്ഥലം ആലപ്പുഴ തത്തംപള്ളിക്കടുത്തു്. ഞാനും ആ സുഹൃത്തും ഒരു വീട്ടിൽ താമസിക്കുകയാണു്. കൂട്ടുകാരനെന്നു ഞാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിനു് എന്നെക്കാൾ എട്ടുവയസ്സു കൂടുതൽ വരും. ഞാൻ ആ ചോദ്യംകേട്ടു മറുപടി നല്കി: “വേണ്ട, സ്വപ്നങ്ങളെക്കുറിച്ചു കേൾക്കുന്നതു് പരമബോറാണു്.” അന്നു ഞാൻ കുട്ടിയായിരുന്നതുകൊണ്ടു് അത്ര മാത്രമേ പറഞ്ഞുള്ളു. ഇന്നാണെങ്കിൽ ഇങ്ങനെയാവും അറിയിക്കുക. “കിനാവു് മാധുര്യമാർന്നതാണു് പ്രേമലേഖനത്തിനു് അതിനെക്കാൾ മാധുര്യമുണ്ടു്. പക്ഷേ, സ്വപ്നദർശകനും പ്രേമലേഖനം കിട്ടിയവനും മാത്രമേ അവ ആഹ്ലാദദായകങ്ങളാവൂ. മറ്റുള്ളവർക്ക് അന്യന്റെ സ്വപ്നവർണ്ണനവും പ്രേമലേഖനപാരായണവും അസഹനീയങ്ങളാണു്.” എന്റെ മറുപടി കേട്ട സ്നേഹിതൻ: “എന്നാൽ ഇന്നലെ ഞാൻ ഗിരിജയ്ക്കു പൊട്ടു തൊട്ടു കൊടുത്തതു് പറഞ്ഞു കേൾപ്പിക്കട്ടോ?” എന്നു് വീണ്ടും ചോദ്യമായി. മനസ്സില്ലാമനസ്സോടെ “കേൾക്കട്ടെ” എന്നു ഞാൻ പറഞ്ഞു. അക്കാലത്തു് അവിടെ താമസിച്ചിരുന്ന ഒരതിസുന്ദരിയെക്കുറിച്ചു് ഞാൻ മുൻപും ഈ പംക്തിയിൽ എഴുതിയിട്ടുണ്ടു്. അവളുടെ സൗന്ദര്യാതിശയം കണ്ടു ബാലനായിരുന്ന ഞാൻ പോലും വിസ്മയിച്ചുനിന്നിട്ടുണ്ടു്. അവളുടെ നെറ്റിയിലെ പൊട്ടുതൊട്ട കഥയാണു് കൂട്ടുകാരൻ പറയാൻ പോകുന്നതു്. ഞാൻ ഇരുന്നുകൊടുത്തു. സ്നേഹിതൻ വർണ്ണനം തുടങ്ങി: “ഞാൻ അവളുടെ വീട്ടിൽച്ചെന്നപ്പോൾ വേറെ ആരുമില്ലായിരുന്നു. ഗിരിജയുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും മുല്ലയ്ക്കൽ ക്ഷേത്രത്തിൽ പോയിരിക്കുകയാണു്. ഗിരിജ കുളി കഴിഞ്ഞു വന്നതേയുള്ളൂ. തലമുടി ചീകിയതിനുശേഷം സിന്ദൂരച്ചെപ്പു തുറന്നപ്പോൾ ‘ഗിരിജേ ഞാൻ പൊട്ടു തൊട്ടുതരാം’ എന്നു പറഞ്ഞു് ഞാൻ ആ ചെപ്പു് വാങ്ങി. കസേരയിൽ അവളെ പിടിച്ചിരുത്തി ഞാൻ ആ നെറ്റി മൃദുലമായി തുടച്ചു. ചൂണ്ടുവിരൽ സിന്ദൂരത്തിൽ തൊട്ടു. എന്നിട്ടു് പുരികങ്ങൾക്കിടയിൽ ഞാൻ വിരലമർത്തി. എന്റെ ഇടതു കൈവിരലുകൾ അവളുടെ കവിൾത്തടങ്ങളിൽ അമർന്നിരിക്കുകയാണു്. മനോഹരമായ വൃത്തത്തിൽ പൊട്ടു പതിഞ്ഞു. എങ്കിലും ഞാൻ ‘ശ്ശേ ശരിയായില്ല, വട്ടത്തിലല്ല’ എന്നു് അറിയിച്ചുകൊണ്ടു് പൊട്ടു് തുടച്ചു. വീണ്ടും ചെപ്പിൽ വിരലമർത്തൽ. നെറ്റിത്തടത്തിൽ അതിനെക്കാൾ ശക്തിയോടെ വിരലമർത്തൽ. അപ്പോഴും പൊട്ടു് അസ്സലായി. എങ്കിലും ഞാൻ ‘ശരിയായില്ല’ എന്നുപറഞ്ഞു് പിന്നെയും അതു തുടർന്നു. അരമണിക്കൂർ കഴിഞ്ഞിരിക്കണം പൊട്ടുതൊടലും മായ്ക്കലും. അപ്പോൾ ഗിരിജ പറഞ്ഞു: ‘അമ്പലത്തിൽ പോയവർ ഇപ്പോൾ തിരിച്ചെത്തും. അവർ വന്നു കാണുന്നതുവരെ പൊട്ടുതൊടീക്കുമല്ലോ.’ എനിക്കു പേടിയായി. ഞാൻ പെട്ടെന്നു് ഒരു പൊട്ടുചാർത്തി. തിടുക്കംകൊണ്ടാവണം അതിന്റെ വട്ടം ഒത്തില്ല. ഞാൻ മാറിനിന്നു. ഗിരിജ പൊട്ടിച്ചിരിച്ചു.“സ്നേഹിതൻ ഇത്രയും വർണ്ണിച്ചപ്പോൾ എനിക്കു കൗതുകമേറി. “പിന്നീടെന്തുണ്ടായി?” എന്നു ഞാൻ ഉത്കണ്ഠയോടെ ചോദിച്ചു. “പിന്നീടു് ഉണ്ടായതൊന്നും നിന്നെ അറിയിക്കാൻ വയ്യ” എന്നു പറഞ്ഞിട്ടു് സ്നേഹിതൻ ചായയുണ്ടാക്കാനായി അടുക്കളയിലേക്കു പോയി.

images/Kunhiramannairp.jpg
പി. കുഞ്ഞിരാമൻനായർ

മലയാളകാവ്യാംഗനയെ ഇങ്ങനെ സിന്ദൂരതിലകം ചാർത്തിച്ചുകൊണ്ടിരുന്ന ഒരു കവിയുണ്ടായിരുന്നു. പി. കുഞ്ഞിരാമൻനായർ. അദ്ദേഹം അവളെ സ്പർശിച്ചപ്പോൾ അവൾ “താരുപോലെ മൃദുവായി”. അദ്ദേഹം അവളുടെ പേരു വിളിച്ചപ്പോൾ ആ പേരു് മാധുര്യം ആവഹിച്ചു. അവളെ “രോമാഞ്ചമായി മാറ്റുവാൻ” അദ്ദേഹത്തിൽ ഒരു “നിഗൂഢശക്തി”യുണ്ടായിരുന്നു. ആ കവിയെ നമ്മൾ ഇന്നു മറന്നിരിക്കുന്നു. നമ്മുടെ നന്ദികേടിനെയല്ലാതെ മറ്റെന്തിനെയാണു് അതു കാണിക്കുക?

images/BlaisePascalVersailles.jpg
ബ്ളെസ് പസ്കൽ

ഫ്രഞ്ച് ദാർശനികനായിരുന്ന ബ്ളെസ് പസ്കൽ (Blaise Pascal). അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളുടെ സമാഹാരമാണു് പാങ്സേ—Pensées എന്ന ഗ്രന്ഥം. അതിലൊരിടത്തു് ഇങ്ങനെ “ക്ലീയപാട്ര യുടെ മൂക്കിനു നീളം കുറഞ്ഞിരുന്നെങ്കിൽ ഭൂമുഖമാകെ മാറിപ്പോയേനെ”. അവളുടെ നീളം കൂടിയ മൂക്കാണു് സീസർ, ആന്റണി ഇവരെയൊക്കെ ആകർഷിച്ചതെന്നാണു് പസ്കൽ പറഞ്ഞതു്. ആ മൂക്കിനു് ആകർഷകത്വം കുറവായിരുന്നെങ്കിൽ ചരിത്രത്തിന്റെ ഗതി മാറി വീഴുമായിരുന്നു എന്നും. പസ്കലെവിടെ, ഞാനെവിടെ? എങ്കിലും ചോദിക്കുകയാണു്. മഹാത്മാഗാന്ധി എന്നും വൈകുന്നേരം പ്രാർത്ഥനാസമ്മേളനത്തിൽ വരാതിരുന്നെങ്കിൽ ഗോഡ്സെ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയില്ലായിരുന്നോ? ഇല്ലെന്നു് പസ്കലിന്റെ ചിന്താഗതിയിൽ വിശ്വസിക്കുന്നവർ പറഞ്ഞേക്കും. ഞാൻ യോജിക്കുന്നില്ല. മഹാത്മാഗാന്ധി അന്നു് സമ്മേളനത്തിനു വരും. വെടിയേല്ക്കും, മരിക്കും. ഇവിടെ ഒന്നും ആകസ്മികമായി സംഭവിക്കുന്നില്ല. ജീവിതം ചാക്രികരേഖയാണു്. ഭൂതം, വർത്തമനം, ഭാവി ഇവ മൂന്നും അതിലുണ്ടു്. ചില അനുഗൃഹീതർക്കു ഭാവിസംഭവം വർത്തമാന കാലത്തിലിരുന്നുകൊണ്ടു് കാണാൻ സാധിക്കും.

പാര
images/MasterOfGo.jpg

യാസുനാരി കാവാബത്ത യുടെ The Master of Go എന്ന നോവൽ ‘ഗോ’ എന്ന കളിയിലൂടെ ജീവിതത്തിന്റെ ഗൗരവാവഹങ്ങളായ വിഷയങ്ങളെ കലാത്മകമായി പ്രതിപാദിക്കുന്നു. കല്ലുകൾ നീക്കി പ്രതിയോഗികളുടെ കല്ലുകൾ പിടിച്ചെടുക്കുന്ന ഒരുതരം കളിയാണു് ഗോ. ഈ വിനോദത്തിൽ അതിവിദഗ്ദ്ധനെങ്കിലും വൃദ്ധനായിപ്പോയ ഒരു ചാമ്പ്യനേയും യുവാവായ പ്രതിയോഗിയേയുമാണു് കാവാബത്ത അവതരിപ്പിച്ചിട്ടുള്ളതു്. 1973-ലോ 1974-ലോ ഞാൻ വായിച്ച ഈ നോവലിന്റെ വിശദാംശങ്ങൾ ഇന്നു് ഓർമ്മയിലില്ല. കളിയിൽ വൃദ്ധൻ തോറ്റു. ആ തോൽവിയെ ചിത്രീകരിച്ച് അതിനു് പ്രതിരൂപാത്മകമൂല്യം നല്കി ജീവിതായോധനത്തെത്തന്നെ സ്ഫുടീകരിക്കുകയാണു് കാവാബത്ത.

images/HermannHesse2.jpg
ഹെസ്സെ

ഹെസ്സെ യുടെ മാസ്റ്റർപീസായി ചിലർ കരുതുന്ന The Glass Bead Game എന്ന നോവലും വിനോദത്തിനു പ്രതിരൂപാത്മകമൂല്യം നല്കി ജീവിതാവിഷ്കരണം നിർവ്വഹിക്കുന്നു. ഒരു ചട്ടക്കൂട്ടിനകത്തുവച്ച മുത്തുകൾ നീക്കിയുള്ള കളിയാണു് Glass Bead Game. നോവൽ വായിച്ചുകഴിയുമ്പോൾ ജഗത്സംബന്ധീയങ്ങളായ മഹാദ്ഭുതങ്ങൾ നമ്മൾ കണ്ടുകഴിയും. മൊട്ടുസൂചിയെ വർണ്ണിച്ചാലും ഹിമാലയപർവ്വതത്തെ വർണ്ണിച്ചാലും ജീവിതത്തിന്റെ സ്ഫുരണമുണ്ടാകണം. എങ്കിലേ സത്യദർശനവും മാനസികോന്നമനവും സംഭവിക്കൂ. അതില്ലാതെയുള്ള വർണ്ണനങ്ങൾ വ്യർത്ഥപ്രയത്നങ്ങളത്രെ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 33) ‘ചെസ്സ്’ എന്ന കഥയെഴുതിയ വി. ആർ. സുധീഷ് ആ വിധത്തിലൊരു വ്യർത്ഥപ്രയത്നത്തിലാണു് ഏർപ്പെട്ടിരിക്കുന്നതു്.

images/Kckesavapillai.jpg
കെ. സി. കേശവപിള്ള

ഒരു ചെസ്സ് ചാമ്പ്യനുമായി അഭിമുഖസംഭാഷണം നടത്താൻ ഒരു സ്ത്രീ എത്തുന്നു. കുഞ്ഞില്ലാത്ത ദുഃഖമനുഭവിക്കുന്ന അയാളുടെ പരുക്കൻ വാക്കുകൾ കേട്ടുകൊണ്ടു്, പരുഷ പ്രവൃത്തികൾ കണ്ടുകൊണ്ടു് ആ സ്ത്രീ തിരിച്ചുപോകുന്നു. ഇതാണു് സുധീഷിന്റെ കഥ. ചതുരംഗപ്പലകയ്ക്ക് രണ്ടുനിറത്തിലുള്ള ചതുരങ്ങളുണ്ടു്. പ്രകൃതിയിലെ ദ്വന്ദ്വങ്ങളെ—ഹൃദയവും ബുദ്ധിയും, സഹജാവബോധവും യുക്തിയും, സ്ത്രീയും പുരുഷനും ഇവയെ— സൂചിപ്പിക്കുകയാണു് അവയെന്നു കരുതാം. കരുക്കൾക്കും പ്രതീകാത്മകമൂല്യമുണ്ടു്. കളിക്കാരനും. എന്നാൽ സുധീഷിന്റെ കഥയിൽ കലാരൂപത്തിലൂടെ പ്രതിരൂപാത്മകതയിലേക്കോ, ജീവിതദർശനത്തിലേക്കോ, ജീവിതാവബോധത്തിലേക്കോ പോകാനുള്ള ഒരു യത്നവുമില്ല. അതു് വിരസമായ വിവരണം മാത്രമാണു്. ഈ കഥാംഗനയുടെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു. കവിളുകൾ ഒട്ടിയിരിക്കുന്നു. “സന്ധിബന്ധങ്ങൾ” ഉന്തിനില്ക്കുന്നു. ഓരോന്നിലും തേങ്ങ പൊതിക്കാം. പാരക്കോലിനു പകരം ഒരു കഥാംഗന!

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ കണ്ടിട്ടുള്ള കൈയക്ഷരങ്ങളിൽ ഏറ്റവും മനോഹരം ആരുടേതു്?

ഉത്തരം: കെ. സി. കേശവപിള്ള യുടെ കൈയക്ഷരം.

ചോദ്യം: മഹാന്മാരെസ്സംബന്ധിച്ച എന്തെങ്കിലും പറയാമോ?

ഉത്തരം: ഞാൻ എ. ആർ. രാജരാജവർമ്മ യുടെ ലൈബ്രറി കണ്ടിട്ടുണ്ടു് ഓരോ പുസ്തകവും വയിച്ചിട്ടു് അദ്ദേഹം ഒടുവിൽ അഭിപ്രായമെഴുതിയിരിക്കും. ഒരു അഭിപ്രായം ഞാൻ ഓർമ്മിക്കുന്നു. “രഥോദ്ധതയിലും വൃത്തഭംഗം വരുത്താമെന്നതിനു ശരിയായ ഉദാഹരണം.

ചോദ്യം: രാമകഥാപ്പാട്ടും രാമചരിതവും?

ഉത്തരം: മണൽക്കാടുകൾ. ഇവയിലൂടെ നടക്കാൻ എം. എ. വിദ്യാർത്ഥികൾ നിർബ്ബദ്ധരാണു്.

ചോദ്യം: ശത്രുക്കൾ തമ്മിൽ സൗഹൃദത്തോടെ സംസാരിക്കുന്നതു കണ്ടിട്ടുണ്ടോ?

ഉത്തരം: ജി. ശങ്കരക്കുറുപ്പും എ. ഡി. ഹരിശർമ്മ യും സ്നേഹാധിക്യത്തോടെ സംസാരിക്കുന്നതു കണ്ടിട്ടുണ്ടു്.

ചോദ്യം: വിദ്യുച്ഛക്തി?

ഉത്തരം: തുലാവർഷം ഇടവപ്പാതി ഈ പേരുകളിൽ അറിയപ്പെടുന്ന വർഷാപാതം ജലസംഭരണികളെ നിറയ്ക്കുമ്പോൾ അനായാസമായി ഉളവാക്കാവുന്ന ശക്തിവിശേഷം, സുന്ദരികളുടെ വിശാലവിലോചനങ്ങളിൽനിന്നു് കണ്ണീരെന്ന വർഷാപാതമുണ്ടാകുമ്പോൾ അവരുടെ കാമുകന്മാരുടെ ഹൃദയത്തിൽ ഷോക്കുണ്ടാക്കുന്ന ശക്തിവിശേഷം, പുരുഷന്റെ കണ്ണുകളിൽനിന്നാണു് അതുണ്ടാകുന്നതെങ്കിൽ കാർക്കിച്ചു തുപ്പാൻ തോന്നും.

ചോദ്യം: ചെറുപ്പക്കാരികളെ പ്രേമിക്കുന്ന വൃദ്ധന്മാരെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: മണൽക്കാട്ടിൽ പുഷ്പങ്ങൾ വിടരാറുണ്ടു്. മഞ്ഞുകാലത്തും ചിലപ്പോൾ റോസാപ്പൂക്കൾ ഉണ്ടാകും.

ചോദ്യം: ആ വിധത്തിൽ പൂ വിടർത്തിയ രണ്ടുമൂന്നു സാഹിത്യകാരന്മാരുടെ പേരുകൾ?

ഉത്തരം: ഗോയ്ഥേ. ഇബ്സൻ. ഷീദ്. കേരളത്തിലുള്ളവരുടെ പേരുകൾ പറയാൻ ധൈര്യമില്ല.

ചോദ്യം: സുന്ദരമായ കവിത അസുന്ദരമാകുന്നതു് എപ്പോൾ?

ഉത്തരം: പരുക്കൻ കടലാസ്സിൽ അക്ഷരത്തെറ്റുകളോടുകൂടി പുതിയ ലിപിയിൽ അച്ചടിച്ചുവരുമ്പോൾ.

ചോദ്യം: സുന്ദരന്മാർ അസുന്ദരന്മാരാകുന്നതു്?

ഉത്തരം: ഇറുകിപ്പിടിച്ച പാന്റ്സിട്ടു് ഉള്ളിലെ അവയവങ്ങൾ മുഴുപ്പിച്ചു കാണിച്ചു നടക്കുമ്പോൾ.

ചോദ്യം: സുന്ദരികൾ വൈരൂപ്യമുള്ളവരാകുന്നതോ?

ഉത്തരം: “ബ്യൂട്ടി പാർലറുകളിൽ പതിവായി പോകുമ്പോൾ.” (തികച്ചും മൗലികമല്ല ഈ ഉത്തരം. എന്റെ പരിചയത്തിൽപ്പെട്ട പല സുന്ദരിപ്പെൺകുട്ടികളും ബ്യൂട്ടി പാർലറുകളിൽ പതിവായി പോയി പുരികംവടിച്ചും മുഖം ബ്ളീച്ച്ചെയ്തും വൈരൂപ്യമുള്ളവരായി മാറിയിട്ടുണ്ടു്. അതു് പ്രത്യക്ഷാനുഭവമാണെങ്കിലും ഈ ഉത്തരത്തിൻ ഒറിജിനാലിറ്റിയില്ല.)

സ്വപ്നസദൃശം
images/TwybornAffair.jpg

സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആസ്ട്രേലിയൻ നോവലിസ്റ്റ് പാട്രിക് വൈറ്റി ന്റെ The Twyborn Affair എന്ന ഏറ്റവും ഒടുവിലത്തെ നോവൽ അടുത്ത കാലത്താണു് എനിക്കു വായിക്കാൻ കഴിഞ്ഞതു്. അതിൽ അദ്ദേഹം എഴുതിയിരിക്കുന്നു:

Eadith awoke. It was about lunchtime by the normal rule. She continued snoozing, protecting her arms and shoulders from the dangers to which they had been exposed inspite of them. She would have chosen to return to her dream for the sake of her radiant child. She must recall every feature every pore, every contour of wrists and ankles and the little blond comma neatly placed between the thighs.
images/Thomasjoseph.jpg
തോമസ് ജോസഫ്

സ്വപ്നത്തിലേക്കു പോകാനുള്ള താല്പര്യത്തെ വർണ്ണിക്കുന്ന ഈ ഭാഗത്തു് സ്വപ്നത്തിന്റെ സ്വഭാവമുണ്ടു്. സ്വപ്നസന്നിഭമായ രചനയാണിതു്. ഈ സ്വപ്നാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു കലാകൗമുദിയിൽ (ലക്കം 633) ‘ഭൂമിയുടെ അപ്പുറത്തേക്കു്’ എന്ന ചെറുകഥ എഴുതിയ തോമസ് ജോസഫ്. വിഷയം പുതുമയുള്ളതല്ല. ചിരപരിചയം എന്നുതന്നെ പറയാം. ദാരിദ്ര്യംകൊണ്ടു് ഒരു സ്ത്രീ കുഞ്ഞിന്റെ ജീവൻ ഒടുക്കിയിട്ടു് നടന്നകലുന്നു. അവൾ ആത്മഹനനം നടത്തിയേക്കും. അന്തസ്സു നഷ്ടപ്പെട്ടാൽ ആത്മഹത്യ ചെയ്യാമെന്നു ടോയിൻബി പറഞ്ഞിട്ടുണ്ടു്. ഭവനം—ലോകം—അസഹനീയമെന്നു കണ്ടാൽ അവിടംവിട്ടു പോകാമെന്നു് വൊൾതേറും. പക്ഷേ, ആർക്കും അതിനു സമ്മതമില്ല. കഷ്ടപ്പാടു സഹിച്ചും ഇവിടെ കഴിഞ്ഞുകൂടുന്നവരാണു് നമ്മൾ. എന്നാൽ ആത്മഹത്യയുടെ വേദന ജീവിതവേദനയെക്കാൾ കുറഞ്ഞതാണെങ്കിലോ? ജീവനു നാശം വരുത്താൻ ആരും മടിക്കില്ല. കഥയിലെ സ്ത്രീ ശിശുവിനെ നശിപ്പിക്കുന്നു. അവളും നാശത്തിലേക്കു കുതിക്കുന്നു. ഈ പരുക്കൻ യാഥാർത്ഥ്യത്തെ കലയുടെ സ്വപ്നാന്തരീക്ഷത്തിൽ പ്രതിഷ്ഠിക്കാൻ കഥാകാരൻ നടത്തിയ ശ്രമം വിജയം വരിക്കുന്നു.

ചേസാറേ പാവേസെ (Cesare Pavese, 1908–50) എന്ന ഇറ്റാലിയൻ സാഹിത്യകാരൻ ആത്മഹത്യ ചെയ്തു. സാധാരണങ്ങളായ കാരണങ്ങളാൽ മരണം ഉണ്ടായേതീരൂ. അതു് അനിവാര്യമാണു്. ജീവിതം അതിനുവേണ്ടിയുള്ള തയാറെടുക്കലാണു്. മഴത്തുള്ളികൾ വീഴുമ്പോലുള്ള ഒരു സ്വാഭാവിക സംഭവം. ആ ചിന്തയോടു് എനിക്കു യോജിക്കാൻ വയ്യ. സ്വന്തമിച്ഛയനുസരിച്ചു് എന്തുകൊണ്ടു് മരണത്തെ അന്വേഷിച്ചു ചെന്നുകൂടാ? തിരഞ്ഞെടുക്കാനുള്ള നമ്മുടെ അവകാശത്തെ ബലപ്പിച്ചു് പറഞ്ഞുകൊണ്ടു്; അതിനു് അല്പം പ്രാധാന്യം നല്കിക്കൊണ്ടു്? എന്തുകൊണ്ടു് അതു പാടില്ല?

അപമാനിക്കപ്പെട്ട ടീച്ചർ

സ്ക്കൂളിലോ കോളേജിലോ അദ്ധ്യാപികകൾ ഭൂരിപക്ഷമാണെങ്കിൽ യഥാക്രമം ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും വിഷമിക്കും. ഞാനൊരു ദിവസം പ്രിൻസിപ്പലിന്റെ മുറിയിലേക്കു ചെന്നപ്പോൾ അദ്ദേഹമിരുന്നു പല്ലുകടിക്കുന്നു. ഞാൻ വല്ല തെറ്റും ചെയ്തോ എന്നു സംശയിച്ചു് ‘എന്താ സാർ’ എന്നു ചോദിച്ചു. “That woman, that woman. എന്തൊരു ശല്യം. നിസ്സാരങ്ങളായ കാര്യങ്ങൾ പറഞ്ഞു് ഉപദ്രവിക്കാനായി എപ്പോഴും കയറി വരുമിവിടെ” എന്നു് അദ്ദേഹം പറഞ്ഞു. അപ്പോഴാണു് ഞാൻ മുറിയിലേക്കു കയറുമ്പോൾ സ്ഥൂലനിതംബം ആട്ടിക്കൊണ്ടു് ഒരു സ്ത്രീ അവിടെനിന്നു് ഇറങ്ങിപ്പോയതു് ഓർമ്മിച്ചതു്.

എന്റെ ശിഷ്യനായിരുന്ന ഒരാൾ ഹെഡ്മാസ്റ്ററായി. അദ്ദേഹത്തെ വീട്ടിനടുത്തുവച്ചു കണ്ടപ്പോൾ ‘എന്തൊക്കെ വിശേഷം?’ എന്നു ഞാൻ ചോദിച്ചു. ഹെഡ്മാസ്റ്റർ മറുപടി പറഞ്ഞു: വലിയ പ്രയാസം സാർ. എന്റെ സ്ക്കൂളിൽ അദ്ധ്യാപികമാരാണു് കൂടുതൽ. സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരദ്ധ്യാപിക എഴുതാനായി ബ്ലാക്ക് ബോർഡിലേക്കു തിരിഞ്ഞപ്പോൾ ഒരു ചെറുക്കൻ “ടീച്ചർ അങ്ങനെതന്നെ നില്ക്കണേ” എന്നു വിളിച്ചു. അവൾ വന്നു് എന്നോടു പരാതിപ്പെട്ടു. ഞാൻ ചൂരലെടുത്തു് ക്ലാസ്സിലേക്കു ചെന്നപ്പോൾ അദ്ധ്യാപിക ക്ലാസ്സിൽനിന്നു് ഓടിയിറങ്ങി സ്റ്റാഫ് റൂമിൽ കയറിയിരുന്നുകളഞ്ഞു. സാഹസപ്പെട്ടു് അവളെ അവിടെനിന്നു വിളിച്ചിറക്കി, ‘ഏതു ചെറുക്കനാണു് ടീച്ചറോടു് അനാവശ്യം പറഞ്ഞതു്’എന്നു ഞാൻ ചോദിച്ചപ്പോൾ “എന്നെ ആരും ഒന്നും പറഞ്ഞില്ല” എന്നു മറുപടി പറഞ്ഞു. ഞാൻ വിഷമിച്ചു് തിരിഞ്ഞു നടന്നപ്പോൾ കുട്ടികൾ എന്നെ കൂവി.

ദേശാഭിമാനി വാരികയിൽ (ലക്കം 18) എ. കെ. ഉണ്ണി എഴുതിയ ‘ആനക്ക്യാമ്പ്’ എന്ന കഥ വായിച്ചിട്ടു് ഞാൻ ഹെഡ്മാസ്റ്ററെപ്പോലെ ഗൗരവഭാവത്തിൽ ഇരുന്നപ്പോൾ കലാംഗന വന്നു് എന്നോടു പരാതി പറഞ്ഞു. “സാർ എന്നെ ഒരാൾ വിഷമിപ്പിക്കുന്നു” എന്നു്. എ. കെ. ഉണ്ണി സാഹിത്യരചനയിലെ ബാലപാഠമറിഞ്ഞുകൂടാത്ത കൊച്ചുകുട്ടിയാണെന്നു് തെറ്റുകൂടാതെ എനിക്ക് ഊഹിക്കാൻ കഴിയും. എങ്കിലും ഇക്കാലത്തു് കുട്ടികളേയും ശാസിച്ചുകൂടാ. അതിനാൽ കലാംഗനയോടു തന്നെ കാര്യം തിരക്കിക്കളയാമെന്നു വിചാരിച്ചു് ചൂരലെടുക്കാതെ ഞാനങ്ങോട്ടു ചെന്നു. അവൾ സ്റ്റാഫ് റൂമിൽ കയറിയിരിക്കുകയാണു്. എത്ര വിളിച്ചിട്ടും വരാന്തയിലേക്കു പോരുന്നില്ല. വിഷമിപ്പിച്ചതിന്റെ സ്വഭാവമറിയണോ വായനക്കാർക്കു്. എങ്കിൽ കഥ തന്നെ ഒന്നു വായിച്ചു നോക്കൂ. ഒരു ജീവിതാവബോധവും പ്രകടിപ്പിക്കാതെ അതു് അനുവാചകനു ജാഡ്യമുളവാക്കുന്നു. ഇത്തരം കഥകൾ വായിക്കുമ്പോൾ വിമർശനം തൂലികത്തുമ്പിലൊതുക്കണമെന്നു് ഞാൻ വിചാരിക്കാറുണ്ടു്. കഴിയുന്നില്ല. തൂലിക ചലനംകൊള്ളുന്നു. അതിനകത്തുള്ള വാക്കുകൾ മഷിയിലൂടെ രൂപംകൊള്ളുന്നു.

കൊഞ്ഞനം കാണിക്കൽ

പണ്ടു്—എന്നുപറഞ്ഞാൽ എന്റെ കുട്ടിക്കാലത്തു്—തിരുവനന്തപുരത്തെ ന്യൂ തിയെറ്ററിൽ “നവീന സാരംഗധര”നൊരു തമിഴു് സിനിമ കാണാൻ പോയി. എം. കെ. ത്യാഗരാജ ഭാഗവതരും എസ്. ഡി. സുബ്ബുലക്ഷ്മി യും അഭിനയിച്ച സിനിമയായിരുന്നു അതു്. കാമുകിയുടേയും കാമുകന്റേയും വേഴ്ച ഇഷ്ടപ്പെടാത്ത രാജാവു് കാമുകന്റെ (ത്യാഗരാജ ഭാഗവതർ) കൈകൾ വെട്ടിക്കളയാൻ ആജ്ഞാപിച്ചു. നീലാംബരി രാഗത്തിൽ ഭാഗവതർ പാടിത്തീരുന്നതുവരെ ആരാച്ചാർ വെട്ടുകത്തിയുമായി കാത്തുനിന്നു. അതിനുശേഷം ഓരോ കൈയും വെട്ടി. താഴെവീണ കൈകൾ ഉയരാൻ തുടങ്ങി. അവ രാജാവിന്റെ മൂക്കിൽ കയറിപ്പിടിച്ചു. രാജാവിനെയുംകൊണ്ടു് അവ അന്തരീക്ഷത്തിൽ ഉയർന്നുപോയി. സിനിമാശാലയിൽ വലിയ കൈയടി. ഞാനും കൈയടിച്ചിരിക്കണം. അതുകൊണ്ടാണല്ലോ അമ്പത്തിയഞ്ചുകൊല്ലത്തിനു മുൻപുള്ള ആ വൃത്തികെട്ട സിനിമ ഞാൻ ഓർമ്മിച്ചു വച്ചിരിക്കുന്നതു്.

images/RamavarmaAppanThampuran.jpg
അപ്പൻ തമ്പുരാൻ

നവീന സാരംഗധരയ്ക്കു ശേഷം അതുപോലെയൊരു കലാഭാസം കാണുന്നതു് ഇപ്പോഴാണു്. കുങ്കുമം വാരികയിൽ (ലക്കം 9) വസുമതി എഴുതിയ “അപരിചിതകൾക്കു തിലോദകം” എന്ന ചെറുകഥ!!വിവാഹിതയും പെറ്റവളുമായ ഒരുത്തി ഒരു ഫിലിം ഡയറക്ടറോടു കൂടി ഒളിച്ചോടി. അവളുടെ കുഞ്ഞു് പ്രായമായപ്പോൾ ഒരു ചെറുപ്പക്കാരനുമായി ഒരു ഹോട്ടലിൽ ഒരു രാത്രി കഴിഞ്ഞുകൂടി. അമ്മയും രണ്ടാമത്തെ അച്ഛനും ഉപദേശിച്ചപ്പോൾ അവൾ രോഷാകുലയായി കാമുകനുമായി നാടുവിട്ടു. കാലംകഴിഞ്ഞു. ഡയറക്ടർക്ക് ഒളിച്ചോടിയ പെണ്ണിന്റെ ടെലിഗ്രാം. ഡയറക്ടർ മകളെ കാണാൻ അവിടെ ചെന്നപ്പോഴാണു് വേശ്യാലയത്തിൽപ്പെട്ടിരിക്കുകയാണു് അവളെന്നു മനസ്സിലാക്കിയതു്. ഡയറക്ടറെ സഹായിക്കാൻ ഒരു സദാശിവം കൂടിയുണ്ടു്. അച്ഛൻ മകളെ കാറിൽക്കയറ്റി കൊണ്ടുപോകുമ്പോൾ വേശ്യാലയത്തിലുണ്ടായിരുന്ന സദാശിവം രക്ഷപ്പെട്ടു. പക്ഷേ, അയാളെ രക്ഷിച്ച രണ്ടു വേശ്യപ്പെൺകുട്ടികൾ മരിച്ചുവെന്നാണു് അഭ്യൂഹം. ഡയറക്ടറുടെ ഭാര്യയുടെ മകളെ വേശ്യാലയത്തിലെ ആളുകൾക്കു് വിറ്റതു് അവളുടെ കാമുകൻ തന്നെയായിരുന്നു. മരിച്ച പെൺകുട്ടികളുടെ കൈകൾ അവന്റെ മൂക്കിൽ കയറിപ്പിടിക്കുന്നതും അവനെയും കൊണ്ടു് കൈകൾ അന്തരീക്ഷത്തിലേക്കു് ഉയരുന്നതും ചിത്രീകരിക്കാമായിരുന്നു. വസുമതി എന്ന സ്ത്രീനാമത്തിന്റെ പിറകിൽ മറഞ്ഞുനില്ക്കുന്ന പുരുഷന്റെ, പണ്ടത്തെ തമിഴു് സിനിമയെക്കാൾ കെട്ട ഇക്കഥ, സാഹിത്യത്തേയും സംസ്കാരത്തേയും നോക്കി കൊഞ്ഞനം കാണിക്കുന്നു.

അന്നു്, ഇന്നു്
  1. അക്കാലത്തെ വലിയ സാഹിത്യകാരൻ അപ്പൻ തമ്പുരാനാ യിരുന്നു.
  2. ഉണ്ണുനീലി സന്ദേശ ത്തിലെ നായികയുടെ നിറം കറുപ്പോ വെളുപ്പോ എന്നാണു് പണ്ഡിതന്മാർ ആലോചിച്ചിരുന്നതു്.
  3. പെൺകുട്ടികളെ അവരുടെ വസ്ത്രധാരണരീതികൊണ്ടു് അന്നു തിരിച്ചറിയാമായിരുന്നു.
  4. ആ കാലയളവിൽ കൊലപാതകങ്ങൾ വല്ലപ്പോഴും ഉണ്ടാകുമായിരുന്നു. ഇന്നു് അവ വളരെക്കൂടുതൽ, മാത്രമല്ല ടെലിവിഷനും കൂടിയുണ്ടു്.
നീങ്ങുന്ന സൂചികൾ

വളരെനേരമായി ഇതെഴുതാൻ തുടങ്ങിയിട്ടു്. നല്ലതു പറയാൻ ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. അത്രയ്ക്ക് വിലക്ഷണമാണു് കൈയിൽ കിട്ടുന്ന ഓരോ രചനയും. അല്പം ശുദ്ധവായു ശ്വസിക്കട്ടെ. വിദ്യുച്ഛക്തി ഇല്ലാത്തതുകൊണ്ടു് പ്രകാശത്തിനുവേണ്ടി എത്രയോ നേരത്തെ ജനലുകൾ തുറന്നിട്ടതാണു്. അവയിലൊന്നിന്റെ അടുത്തുചെന്നു നില്ക്കട്ടെ… നിന്നു. ഒരുന്മേഷം. ആ ഉന്മേഷത്തോടുകൂടിയാണു് അപ്പൻ തച്ചേത്തി ന്റെ ‘ഭാർഗ്ഗവക്ഷേത്രം’ എന്ന കാവ്യം എക്സ്പ്രസ്സ് ആഴ്ചപ്പതിപ്പിൽ വായിച്ചതു്. (ലക്കം 29) ക്ലീഷേയുടെ കളിയാണെങ്ങും. “സൂര്യകാന്തികൾ പൂത്ത താഴ്‌വരകൾ”, “ആദിത്യന്റെ ചന്ദരരഥം”, “മനസ്സിലൊരായിരം മധുരസ്വപ്നങ്ങൾ”, “വർണ്ണപ്പീലികൾ”, “കണ്ണിൽ മയ്യെഴുതുന്ന കുന്നിമണികൾ” ഇങ്ങനെ പോകുന്നു പ്രയോഗിച്ചു പ്രയോഗിച്ചു വൈരസ്യമാർന്ന പദങ്ങളും സമസ്തപദങ്ങളും. ഉന്മേഷമാകെ പോയി. വീണ്ടും ജാഡ്യം. ഈ പട്ടണത്തിലെ രാജവീഥിയിലൂടെ നടക്കുമ്പോൾ ക്ളോക്ക് വില്ക്കുന്ന കടകളിലെ നാഴികമണികൾ ചുവരിൽ തൂങ്ങുന്നതു കാണാം. അവയുടെ പെൻഡുലങ്ങൾ നിശ്ചലങ്ങൾ. ചലനംകൊള്ളാത്ത നാഴികമണിയെപ്പോലെയാണു് അപ്പൻ തച്ചേത്തിന്റെ ക്ലീഷേ നിറഞ്ഞ കാവ്യം. വിദ്യുച്ഛക്തികൊണ്ടു പ്രവർത്തിക്കുന്ന നാഴികമണികളുണ്ടു്. ഉള്ളിലെ ചക്രങ്ങളും മറ്റും നമ്മൾ കാണുന്നില്ല. പക്ഷേ, സൂചികൾ നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതുപോലുള്ള സാഹിത്യകാരന്മാരുമുണ്ടു്.

എൻ. കൃഷ്ണപിള്ള
images/NKrishnaPillai.jpg
എൻ. കൃഷ്ണപിള്ള

ആ വിധത്തിലൊരു സാഹിത്യകാരനാണു് എൻ. കൃഷ്ണപിള്ള. അദ്ദേഹത്തിനു് സർവ്വഥാ അർഹമായ സമ്മാനം ലഭിച്ചിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചാണു് ജി. എൻ. പണിക്കർ വിദഗ്ദ്ധമായി ഉപന്യസിക്കുന്നതു്. നാടകകർത്താവും പ്രബന്ധകാരനും സാഹിത്യചരിത്രകാരനും വാഗ്മിയും അദ്ധ്യാപകനും നിരൂപകനുമൊക്കെയായ എൻ. കൃഷ്ണപിള്ളയുടെ പ്രാഗല്ഭ്യം എവിടെയിരിക്കുന്നുവെന്നു് ജി. എൻ. പണിക്കർ മിതവും സാരവത്തുമായ വാക്കുകളിലൂടെ സ്പഷ്ടമാക്കിത്തരുന്നു. (Kerala Calling) എന്ന മാസികയിലെ ഇംഗ്ലീഷ് ലേഖനം ലക്കം (2) പ്രകൃതിയിലെ ഏതംശത്തിനും സാന്മാർഗ്ഗിക പ്രകാശമുണു്. സി. വി. രാമൻപിള്ള യുടെ നോവലുകൾ സന്മാർഗ്ഗത്തിന്റെ തിളക്കമുള്ളവയാണു്. സന്മാർഗ്ഗനിഷ്ഠനാണു് എൻ. കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ കൃതികളിൽ ഈ സന്മാർഗ്ഗത്രയം സമ്മേളിക്കുന്നു. അതിനാൽ ഈ സമ്മാനദാനം ഉചിതജ്ഞതയുടെ ലക്ഷണമത്രേ.

മരണം

മരണത്തെക്കുറിച്ചുള്ള പല വർണ്ണനങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. അവയിൽ എന്നെ ഏറ്റവും സ്പർശിച്ചതു് ഷാങ്പോൾ സാർത്രി ന്റെ Words എന്ന ആത്മകഥയിലുള്ള വർണ്ണനമാണു്. “ഞാൻ മരണത്തെ കണ്ടു. അഞ്ചാമത്തെ വയസ്സിൽ അതു് എന്നെ ഉറ്റുനോക്കുകയായിരുന്നു. ബാൽക്കണിയിൽ അതു പതുങ്ങിനടന്നു. ജനലിൽ അതു മൂക്കമർത്തി. ഞാൻ മരണത്തെ പതിവായി കണ്ടിരുന്നു. പക്ഷേ, ഒന്നും പറയാൻ ധൈപ്പെട്ടില്ല” എന്നു തുടങ്ങുന്ന ഭാഗം വികാരത്തോടെ വായിച്ചിട്ടുണ്ടു്. ഇപ്പോഴും അതേ മട്ടിൽ വായിക്കുന്നു. മരണത്തെ കോമാളിയാക്കിക്കൊണ്ടു ചിലർ പെരുമാറുന്നതിനെ ചിത്രീകരിക്കുന്ന ഒരു കഥ മനോരാജ്യം വാരികയിലുണ്ടു്. എം. ആർ. മനോഹരവർമ്മയുടെ കോമാളി എന്ന കഥ. മരണമല്ല കോമാളി, അതിനെ ആ രീതിയിലാക്കുന്ന ആളുകളാണു് കോമാളികൾ എന്നു കഥാകാരൻ ധ്വനിപ്പിക്കുന്നു.

ഞാൻ കടകളിൽ ചെന്നു് നൂറുരൂപ നോട്ടിനു ചില്ലറ ചോദിക്കുമ്പോൾ കടയുടമസ്ഥർ ഒട്ടും അഴുക്കുപറ്റാത്ത നോട്ടുകൾ തിരഞ്ഞെടുത്തു് എനിക്കുതരുന്നു. എന്നാൽ ബസ്സിൽക്കയറി ടിക്കറ്റ് വാങ്ങാൻ ഞാൻ നോട്ടെടുത്തു കൊടുക്കുമ്പോൾ പുതിയ നോട്ട് പഴ്സിനകത്തുവച്ചുകൊണ്ടു ചീത്തനോട്ട് കണ്ടക്ടർക്കു നല്കുന്നു. കടയുടമസ്ഥർ എന്നെക്കാൾ എത്രയോ യോഗ്യർ. സത്യമിതാണെങ്കിലും ബഹുജനത്തിനു വസ്തുതകളുടെ കറൻസി നോട്ടുകൾ കൊടുക്കുമ്പോൾ ഏറ്റവും നിർമ്മലമായവയേ ഞാൻ കൊടുക്കാറുള്ളു. കാരണം ബഹുജനം ബുദ്ധിയുള്ളവരാണു്; അവർ എന്റെ വഞ്ചന കണ്ടുപിടിക്കും എന്നതാണു്. അതുകൊണ്ടു് ആവർത്തിച്ചു എഴുതട്ടെ സാഹിത്യവാരഫലത്തിലും മറ്റു വാരികകളിലും അഭിമുഖസംഭാഷണങ്ങളിലും ഞാൻ ഇന്നുവരെ സത്യമേ പറഞ്ഞിട്ടുള്ളു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.