സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1988-04-24-ൽ പ്രസിദ്ധീകരിച്ചതു്)

images/Nabeesa.jpg
നബീസാ ഉമ്മാൾ

വിവാഹങ്ങളിൽ പങ്കുകൊള്ളാൻ ഞാനങ്ങനെ പോകാറില്ല. ഈ ജീവിതത്തിൽ ഏറിവന്നാൽ ഒരു പത്തുവിവാഹങ്ങളിൽ ഞാൻ പങ്കെടുത്തിരിക്കും. ഒന്നു് എന്റേതുതന്നെ. അതു നടന്ന വീട്ടിന്റെ മുൻപിൽക്കൂടി ഇപ്പോൾ ചിലപ്പോഴൊക്കെ സമ്മേളനങ്ങൾക്കായി കാറിൽ പോകാറുണ്ടു്. ഒരിക്കലൊരു സമ്മേളനത്തിനു് അതിലേ പോയപ്പോൾ കാറിലുണ്ടായിരുന്ന മറ്റു പ്രഭാഷകരോടു് ‘ഇതാ ഈ വീട്ടിൽ വച്ചായിരുന്നു എന്റെ വിവാഹം’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ അവരിലൊരാൾ ‘കാറ് നിറുത്തണോ? ഭാര്യവീട്ടിൽ കയറിയിട്ടു പോകുന്നതല്ലേ മര്യാദ?’ എന്നു ചോദിച്ചു. ചോദ്യം കേട്ടു ബ്രെയ്ക് ചവിട്ടിയ ഡ്രൈവറോടു ‘വേണ്ട, വേണ്ട, പോകട്ടെ’ എന്നായി ഞാൻ. അപ്പോൾ, നേരമ്പോക്കു പറയുന്നതിൽ വൈദഗ്ദ്ധ്യമുള്ള പ്രൊഫസർ നബീസാ ഉമ്മാൾ (അവരും മീറ്റിങ്ങിനു വരികയായിരുന്നു) പറഞ്ഞു: ‘സാറ് വിവാഹത്തിനുവേണ്ടി ഒരു ദിവസം അവിടെ പോയി. പിന്നീടു് പോയിട്ടേയില്ല.” സത്യം കേട്ടാൽ ആരും ചിരിക്കും. ഞാൻ ഉറക്കെച്ചിരിച്ചു. കൂടെയുള്ളവരും.

രണ്ടാമതായി ഞാൻ പങ്കുകൊള്ളാൻ പോയ വിവാഹം ഡോക്ടർ അയ്യപ്പപ്പണിക്കരു ടേതായിരുന്നു. ഹരിപ്പാട്ടു് അമ്പലത്തിൽവച്ചു് വിവാഹം. അതുകഴിഞ്ഞു് അമ്പലത്തിനടുത്തുള്ള ഒരു കെട്ടിടത്തിൽ ഞങ്ങൾ വിശ്രമിക്കുമ്പോൾ കല്യാണത്തിനെത്തിയ പി. ആർ. പരമേശ്വരപ്പണിക്കർ—അക്കാലത്തെ പ്രോവൈസ് ചാൻസലർ—വാതോരാതെ സംസാരിക്കുകയായിരുന്നു. ശരിയായി പ്രവർത്തിച്ചേക്കാവുന്ന സി. രാജഗോപാലാചാരി യെക്കാൾ തെറ്റുകൾ ചെയ്തേക്കാവുന്ന നെഹ്റു വിനെയാണു് താനിഷ്ടപ്പെടുന്നതെന്നു് പണിക്കർസ്സാർ അഭിപ്രായപ്പെട്ടു. നെഹ്റുവിനെക്കുറിച്ചുള്ള പരാമർശം (പരാമർശത്തിനു് സംസ്കൃതത്തിൽ പ്രഥിതമായ അർത്ഥം ഹിംസ, ആക്രമണം ഇവയൊക്കെയാണു്. തപഃ പരാമർശ വിവദ്ധമന്യോഃ എന്നു ‘കുമാരസംഭവ’ത്തിൽ. തപസ്സിനെ ആക്രമിച്ചതുകൊണ്ടു ദേഷ്യം വർദ്ധിച്ചു് യാജ്ഞസേന്യാഃ പരാമർശഃ എന്നു മഹാഭാരത) വേറൊരു വിചാരത്തിലേക്കു നയിച്ചു. അദ്ദേഹം എന്റെ നേർക്കു തിരിഞ്ഞു ചോദിച്ചു: “കൃഷ്ണൻനായർ, നെഹ്റു മഹാനാണു്. പക്ഷേ എന്റെ മേശയുടെ പൂട്ടുതുറക്കാൻ വയ്യാതെയായാൽ ഞാൻ കൊല്ലനെയാണു് വിളിക്കേണ്ടതു്. നെഹ്റു വിചാരിച്ചാൽ പൂട്ടു ശരിയാക്കാൻ കഴിയില്ല. അതുപോലെ നിങ്ങളുടെ കൊളേജിലെ വേദാന്തം പ്രൊഫസർക്കോ തർക്കം പഠിപ്പിക്കുന്നവനോ ആ വിഷയങ്ങൾ നല്ലപോലെ അറിയാമായിരിക്കും. ലോകസംസ്കാരവുമായി അവർക്കൊരു ബന്ധവും ഇല്ല. കൊല്ലനും നെഹ്റുവും തമ്മിൽ വ്യത്യാസമുണ്ടെന്നു് നിങ്ങളറിയണം.”

പണിക്കർസ്സാർ അതു പറഞ്ഞതിൽ സത്യമില്ലാതില്ല. എന്റെ മേശയുടെ പുറത്തു് ‘അമരകോശം’ കിടക്കുന്നു. അതിനു് എല്ലാ സംസ്കൃതവാക്കുകളുമറിയാം. എനിക്കു് അതിലെ കുറച്ചുവാക്കുകളേ അറിയാൻ പാടുള്ളു. പക്ഷേ എനിക്കറിയാവുന്ന വാക്കുകൾ പ്രയോഗത്തിൽ കൊണ്ടുവന്നു് എന്റെ പ്രവൃത്തിയെ എനിക്കു സാർത്ഥകമാക്കാം. അമരകോശത്തിനു് അതു സാദ്ധ്യമല്ല. ചത്തുകിടക്കാനേ അതിനറിയൂ. ഉള്ള പാണിനിസൂത്രങ്ങളൊക്കെ കാണാതെ പഠിച്ചുവച്ചുകൊണ്ടു നടക്കുന്ന സംസ്കൃതക്കാരെ എനിക്കറിയാം. നമ്മളെന്തെങ്കിലും മലയാളത്തിൽ പറഞ്ഞാൽ ‘വൃദ്ധിരാദൈച്’, ഗങ് കുടാഭ്യോ, ഞ്ണിന്ങിതു്’ എന്നൊക്കെ ഉദീരണം ചെയ്യും. ഈ പ്രകടനം കൊണ്ടെന്തു പ്രയോജനം?

പാണ്ഡിത്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം മാറേണ്ടിയിരിക്കുന്നു. നാലു് അഷ്ടാധ്യായീസൂത്രങ്ങൾ ഉരുവിടുന്നവൻ നമുക്കു പണ്ഡിതനാണു്. ഒരു അഷ്ടാധ്യായീസൂത്രവും അറിഞ്ഞുകൂടെങ്കിലും വിശ്വവിജ്ഞാനമാർജ്ജിച്ചിട്ടുള്ളവർ അപണ്ഡിതനും. കൊല്ലനെക്കാൾ നെഹ്റുവാണു് കേമനെന്നു് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇറോട്ടിക് മാസ്റ്റർപീസ്
images/Guillermocabrerainfante.jpg
കാർപ്രീറാ ഇൻഫാന്റേ

ക്യൂബൻ സാഹിത്യകാരൻ കാർപ്രീറാ ഇൻഫാന്റേ യുടെ (Cabrere Infante) ‘Infante’s Inferno’ എന്ന നോവൽ മാസ്റ്റർപീസാണു്. ഇറോട്ടിക് മാസ്റ്റർപീസ്—രതിവിഷയകമായ പ്രകൃഷ്ടകൃതി എന്നാണു നിരൂപകർ അതിനെ വിശേഷിപ്പിക്കാറു്. നോവൽ വായിച്ചുതീർക്കുന്ന ഏതൊരാളും ഇതിനോടു യോജിക്കും. രതാസക്തങ്ങളായ വർണ്ണനകളാണു് ഓരോ പുറത്തുമുള്ളതു്. അവ ചിലപ്പോൾ വാച്യങ്ങൾ; മറ്റു ചിലപ്പോൾ വ്യംഗ്യങ്ങൾ. പരോക്ഷവും പ്രത്യക്ഷവുമായ രീതികളിൽ അവ അഭിരമിക്കുന്നു. ഒരു പരോക്ഷ മാർഗ്ഗം കണ്ടാലും: (തന്റെ അടുത്തിരുന്നു പാട്ടുകേൾക്കുന്ന യുവതിയുടെ കൈയിൽ മൂക്കുകണ്ണടയെടുത്തു് യുവാവു് ഉരസി. അവൾ കൈകൾ പിണച്ചു് ഇരുന്നു. ഉള്ളംകൈയുടെ ദ്വാരത്തിലൂടെ അയാൾ കണ്ണടകടത്തുന്നു.) “…through this opening, intentionally now, I inserted my horny-rimmed glasses, touching the palm of her hand. She softly grabbed that arm, now something else, an amorous bond and allowed me to impose a metronomic movement, back and forth, brushing her fingers and touching the palm of her hand. I repeated, this friction with better rhythm… she turned toward me and said softly in my ear. ‘Please don’t continue. I’m all wet.” (P. 182, Faber & Faber Book P/B)

മടക്കിവച്ച വിരലുകൾ ഉളവാക്കിയ ദ്വാരം, അതിലൂടെ മൂക്കുകണ്ണടയുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചലനം, ‘ഞാനാകെ നനഞ്ഞു’ എന്ന പ്രസ്താവം ഇവയിലൂടെ ലൈംഗികവേഴ്ചയുടെ എല്ലാ സവിശേഷതകളും ആവിഷ്കരിക്കുകയാണു് നോവലിസ്റ്റ്. ഇത്തരത്തിൽ സാഹിത്യഭംഗിയാർന്ന വിവരണങ്ങൾ നോവലിന്റെ നാന്നൂറിലധികം പുറങ്ങളിൽ ഉള്ളതുകൊണ്ടാവണം പ്രഗല്ഭ നിരൂപകർ ഇതിനെ an erotic masterpiece that is hard to put aside എന്നു വാഴ്ത്തിയതു്.

images/GiacomoCasanova.jpg
കാസാനോവ

ലൈംഗിക വർണ്ണനകൾ എത്ര രസാവഹങ്ങളായാലും അവകൊണ്ടു മാത്രം നോവലിനു് പ്രാധാന്യം സിദ്ധിക്കുകയില്ലല്ലോ. അങ്ങനെയാണെങ്കിൽ കാസാനോവ യുടെ ‘മെംവാർസി’നായിരിക്കണം നിസ്തുല സ്ഥാനം. കാർപ്രീറാ ഇൻഫാന്റേ കാസാനോവയുടെ ആരാധകനാണു്. പക്ഷേ ഈ നോവൽ ലോക മിഥോളജിയിലെ പ്രഖ്യാതമായ ഡോൺ ജുവൻ മിഥിന്റെ ഭാവനാത്മകമായ പുനരാവിഷ്കരണമാണു്. (സ്ത്രീജിതനായ ഡോൺ ജുവൻ സ്പെയിനിലെ സെവിൽ പട്ടണത്തിലെ ഒരു സൈനികോദ്യോഗസ്ഥന്റെ മകളെ വശീകരിച്ചു. അതിനുശേഷം അയാളെ വധിച്ചു. ഒരിക്കൽ ആ സൈനികോദ്യോഗസ്ഥന്റെ പ്രതിമയെ കണ്ടു ഡോൺ ജുവൻ അതിനെ പരിഹാസപൂർവ്വം വിരുന്നിനു ക്ഷണിച്ചു. ക്ഷണിച്ചയുടനെ പ്രതിമയ്ക്കു ജീവനുണ്ടായി. അതു പീഠത്തിൽനിന്നു ചാടിയിറങ്ങി ഡോൺ ജുവനെ നരകത്തിലേക്കു വലിച്ചു കൊണ്ടുപോയി. ഇതാണു് ഡോൺ ജുവൻ മിഥ്.)

കാർപ്രീറയുടെ നോവലിൽ സെവിൽ പട്ടണം ക്യൂബയുടെ തലസ്ഥാനമായ ഹവനയാണു്. പ്രതിമ ഓവിഡ ത്രേ. സെവിൽ പട്ടണത്തിലെ നദിക്കു പകരം ഇവിടെ കടലുണ്ടു്. ആത്മകഥാപരമായ ഈ നോവൽ കാസ്റ്റ്രോ അധികാരത്തിൽ വരുന്നതിനു മുൻപുള്ള ക്യൂബൻ ജീവിതത്തെ സ്ഫുലീകരിച്ചു പ്രതിപാദിക്കുന്നു. ഈ പ്രതിപാദനത്തിൽ സുന്ദരികൾ കടന്നു വരുന്നു. അവരുടെ നേരിട്ടുള്ള—പ്രത്യക്ഷമായ—നഗ്നത കഥ പറയുന്ന ആളിനു് ആസ്വാദ്യമാവുന്നു. ചിലപ്പോൾ സങ്കല്പത്തിലായിരിക്കും അതു നടക്കുക. അല്ലെങ്കിൽ ഒളിഞ്ഞുനോക്കി നഗ്നതയിൽ രസിക്കുന്നു. I was waiting on the balcony, bent over so as not to be seen by my prey, but not so huddled as to awaken suspecious in the next-door neighbours, who would usually come out on their balcony for fresh air. Suddenly the woman came out of the bedroom—totally naked. (P. 211) പിന്നീടുള്ള വർണ്ണന മുഴുവൻ ഈ നഗ്നതയുടെ ആസ്വാദനമാണു്. ഇതു് അസഭ്യമല്ലേ, ആഭാസമല്ലേ എന്ന സംശയമുണ്ടാകാം. അല്ലെന്നാണു് കഥ പറയുന്ന ആളിന്റെ മതം. അസഭ്യമായതു് ദൈവികമല്ല; സമ്മതിച്ചു. പക്ഷേ എല്ലാ അസഭ്യസംഭവവും മനുഷ്യത്വത്തോടു ബന്ധപ്പെട്ടതാണു്. ഗ്രീക്ക് ട്രാജഡിയെക്കാൾ കഥ പറയുന്ന ആളിനു് ഇഷ്ടം മൈനർ ഷേക്സ്പീറിയൻ കോമഡിയാണു്. സന്മാർഗ്ഗവാദിയായ സ്വിഫ്റ്റ ല്ല, സ്റ്റേണാ ണു് (Sterne) അദ്ദേഹത്തിനു് അഭിമതൻ. ജോർജ്ജ് എല്യാറ്റി ന്റെ നാട്യം ആർക്കു വേണം? ഡിക്കൻസി ന്റെ വൾഗാറിറ്റിയാണു് അദ്ദേഹത്തിനിഷ്ടം. ഫ്ളോയ്ബറി ന്റെ “മദാം ബുവറി ” വേണ്ട; മോപസാങ്ങി ന്റെ “ബെൽ ഏ മീ ” മതി. (P. 262)

ഈ രതിവർണ്ണനകളെയാകെ പലതരം സാഹിത്യകൃതികളോടും സിനിമകളോടും ബന്ധപ്പെടുത്തുന്നു കാപ്രീറാ ഇൻഫാന്റേ. അങ്ങനെ മൂന്നു മാനങ്ങൾ സത്യത്തിനു ലഭിക്കുന്നു. സെക്സ് നല്കുന്ന സത്യത്തിന്റെ മാനം; സാഹിത്യകൃതികൾ നല്കുന്ന കലാസത്യത്തിന്റെ മാനം; ചലച്ചിത്രങ്ങൾ പ്രദാനം ചെയ്യുന്ന സത്യത്തിന്റെ മാനം. ഇവ മൂന്നും ഹവനപ്പട്ടണത്തിന്റെ സത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ നാലു ഡൈമൻഷൻസും അന്യോന്യാശ്ലേഷത്തിലമർന്നു് കലയുടെ സൗഭഗം പ്രതീയമാനമാകുന്നു. സെക്സിന്റെ അതിപ്രസരമുള്ള നോവലുകൾ—മൊറാവ്യ യുടെ നോവലുകൾ—ഞാൻ ദൂരെ എറിയാറേയുള്ളു. അതല്ല ഈ കലാസൃഷ്ടിയോടു് എനിക്കുള്ള മാനസികനില. ലാറ്റിനമേരിക്കൻ നോവലുകൾ യൂറോപ്യൻ നോവലുകളെ ബഹുദൂരം അതിശയിച്ചു കഴിഞ്ഞു. അതിനുള്ള ഒരു തെളിവാണു് ഇൻഫാന്റേയുടെ ഈ മാസ്റ്റർപീസ്.

നിണമൊലിപ്പിക്കൽ

പ്രശസ്തനായ ഗായകൻ വൈക്കം വാസുദേവൻ നായരെ എനിക്കു പരിയമുണ്ടായിരുന്നു. അദ്ദേഹത്തിനു് എന്നെ പരിചയമുണ്ടായിരുന്നുവെന്നു പറയുന്നതിനെക്കാൾ സത്യം, മറിച്ചു പറയുന്നതാണു്. കാരണം അദ്ദേഹം അത്രയ്ക്കു പ്രസിദ്ധനായിരുന്നല്ലോ. തിരുവനന്തപുരത്തു് ആണ്ടിയിറക്കം എന്നൊരു സ്ഥലമുണ്ടു്. അവിടെ ഒരു പെട്രോൾ വ്യാപാരിയുടെ വീട്ടിൽ വർഷംതോറും പാട്ടുകച്ചേരികൾ നടത്തും. നാല്പത്തഞ്ചോ അമ്പതോ വർഷംമുൻപു് അവിടെ നടന്ന വാസുദേവൻ നായരുടെ പാട്ടുകച്ചേരിക്കു ശ്രോതാവായി ഞാൻ നേരത്തെ ചെന്നു് ഇരിക്കുന്നുണ്ടായിരുന്നു. വലിയ തിക്കുംതിരക്കും, വാസുദേവൻ നായർ പാടാൻ തുടങ്ങി. പക്ഷേ എന്റെ മനസ്സു് പതറുകയായിരുന്നു. കാരണം വാസുദേവൻ നായർ എന്നെ കാണുന്നില്ലല്ലോ എന്നതുതന്നെ. ആളുകൾ തലയറയുന്നു. കൈയടിക്കുന്നു. ഉദാത്തമായ സംഗീതം. എന്നാൽ ഞാൻ മാത്രം അസ്വസ്ഥനായി “ഞാനിവിടെയിരിക്കുന്നതു താങ്കൾ കാണുന്നില്ലേ. മറ്റുള്ളവർ കാൺകെ ഒരു ചിരിയെങ്കിലും ചിരിക്കു എന്നെ നോക്കി” എന്നു മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കുകയാണു്. അപ്പോൾ ഒരു സംഭവം, ഗാനം പെട്ടെന്നു നിന്നു. വൈക്കം വാസുദേവൻ നായർ എഴുന്നേറ്റു് ഒരാളെ നോക്കി തൊഴുതു. അദ്ദേഹത്തെ അകത്തേക്കു വിടാൻ വാതില്ക്കൽ കൂടിനിന്ന ആളുകളോടു് അഭ്യർത്ഥിച്ചു. പാട്ടുകച്ചേരി കേൾക്കാൻ തള്ളി അകത്തേക്കു കയറിയതു് ഗായകന്റെ സ്നേഹിതനായ ഒരു ഇൻസ്പെക്ടറായിരുന്നു. തിരക്കിനിടയിൽക്കൂടി കയറാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ പുളിയിലക്കര നേരിയതിന്റെ രണ്ടറ്റവും വെളിയിലായിപ്പോയി. അതു കൂട്ടിച്ചേർത്തു് ആരോ പിടിച്ചുവലിക്കുന്നുണ്ടായിരിക്കണം. അതുകൊണ്ടു് അദ്ദേഹത്തിന്റെ കഴുത്തു വലിഞ്ഞുമുറുകി. ശ്വാസംമുട്ടൽ മുഖത്തു കാണാറായി. മാത്രമല്ല തള്ളിക്കയറിയപ്പോൾ മുണ്ടും മുൻവശത്തു നിന്നു നീങ്ങിപ്പോയി. അങ്ങനെ ജനനകാല വേഷത്തിലേക്കു പകുതി നീങ്ങി ‘ഒബ്ളീക്കാ’യി നിന്ന ഇൻസ്പെക്ടറെയാണു് വൈക്കം വാസുദേവൻ നായർ എഴുന്നേറ്റു തൊഴുതതും അദ്ദേഹത്തെ അകത്തേക്കു കടത്തിവിടാൻ അപേക്ഷിച്ചതും. ഇൻസ്പെക്ടർ മുൻവശത്തുവന്നിരുന്നു തലയാട്ടിത്തുടങ്ങിയപ്പോൾ പാട്ടുകച്ചേരി വീണ്ടും തുടങ്ങി.

വിശ്വസാഹിത്യത്തിലെ ചെറുകഥയുടെ മണ്ഡലം ഉദാത്തമായ മണ്ഡലമാണു്. അവിടെ സംഗീതം അലൗകികഭംഗി ആവഹിച്ചു ഒഴുകുമ്പോൾ അതിനു തടസ്സമുണ്ടാക്കാനായി ‘യാത്ര’ എന്നൊരു ഇൻസ്പെക്ടർ കണ്ണുതള്ളി, ചുണ്ടുകൾ പിളർന്നു്, മാംസപേശികൾ വക്രിപ്പിച്ചു് കാലുകളുടെ മുക്കാൽഭാഗവും കാണിച്ചു് വാതിൽക്കൽനിന്നു പരാക്രമം കാണിക്കുന്നു. വൈക്കം വാസുദേവൻ നായർ മാന്യനായിരുന്നതുകൊണ്ടു് പാട്ടുനിറുത്തി തൽക്കാലത്തേക്കു്. ചെറുകഥാ സാഹിത്യത്തിനു് മാന്യതയില്ല, അമാന്യതയുമില്ല. അതു നിസ്സംഗമാണു്. അതിനാൽ ഈ ബീഭത്സത വാതിൽക്കൽത്തന്നെ നിന്നു് എന്നെപ്പോലുള്ള ശ്രോതാക്കളെ പേടിപ്പെടുത്തുന്നു.

വസന്തി എന്ന ഒരു തമിഴു് (?) എഴുത്തുകാരിയുടെ ‘യാത്ര’ എന്ന കഥയെയാണു് രത്നമെന്ന മട്ടിൽ എ. സഹദേവനെടുത്തു മാതൃഭൂമി അഴ്ചപ്പതിപ്പിന്റെ മാർദ്ദവമാർന്ന താളുകളിൽ വയ്ക്കുന്നതു്. കഥയുടെ കാഠിന്യംകൊണ്ടു് കടലാസ്സു് കീറിപ്പോകാത്തതു ഭാഗ്യം. തൊണ്ണൂറ്റിയെട്ടു വയസ്സായ പാട്ടിയമ്മ ജീവിച്ചിരിക്കുന്നു. അവരുടെ ബന്ധുക്കളായ ചെറുപ്പക്കാർ ഒന്നിനൊന്നു മരിക്കുന്നു. മരണത്തിനു കിഴവിയുടെ ദീർഘതയേറിയ ജീവിതമാണു ഹേതുവെന്നു കരുതി മറ്റു ചെറുപ്പക്കാർ അവരെ ഹിംസിക്കാനെത്തുന്നു. ഈ ലോകത്തെ ഒരു സംഭവമെടുത്തു് തൂലികകൊണ്ടു പുനരാവിഷ്കരിച്ചു മറ്റൊരു ലോകമുണ്ടാക്കുമ്പോൾ ആദ്യത്തെ സംഭവംപോലെ രണ്ടാമത്തേതും വിശ്വാസജനകമായിരിക്കണം. അപ്പോഴാണു് സത്യത്തിന്റെ തോന്നലുണ്ടാകുന്നതു്. ആ പ്രതീതി ജനിപ്പിക്കാൻ വാസന്തിക്കു കഴിവില്ല. മാത്രമല്ല കഥ അവാസ്തവികതയാൽ ഭയജനകവുമായിരിക്കുന്നു. കേരളത്തിലെ ചെറിയ എഴുത്തുകാർപോലും ഈ വാസന്തിയേക്കാൾ ആയിരം മടങ്ങു പ്രാഗല്ഭ്യമുള്ളവരാണു്. കാര്യമങ്ങനെയിരിക്കെ ഈ മറുനാടൻ വൈരൂപ്യം എന്തിനു മാതൃഭൂമിയിൽ കയറി നിണമൊലിപ്പിക്കുന്നു?

സാഹിത്യത്തിൽനിന്നു്
images/VictorHugo1876.jpg
യൂഗോ

മനുഷ്യനും മൃഗവും പ്രകൃതിയിലെ ഓരോ വസ്തുവും ഉപരിതലത്തെ മാത്രമേ പ്രദർശിപ്പിക്കുന്നുള്ളു. ആന്തരതലം ഭയാജനകമാണു് എന്നതു് യൂഗോ ക്കു് പ്രിയപ്പെട്ട ആശയമായിരുന്നു. കടലിനെ നോക്കിക്കൊണ്ടു് ആ മഹാകവി പറയുന്നു:

“നിശിഥിനിയുടെ അന്ധകാരത്തിൽ ജലത്തിന്റെ അടിത്തട്ടിലേക്കു താണുപോയ നാവികരെവിടെ? തിരമാലകളേ, ശോകാകുലങ്ങളായ എത്രയെത്ര കഥകൾ നിങ്ങൾക്കറിയാം. അമ്മമാർ പേടിച്ചു മുട്ടുകുത്തിയിരിക്കുമ്പോൾ തരംഗങ്ങളേ, വേലിയേറ്റത്തിൽ നിങ്ങൾ തമ്മിൽത്തമ്മിൽ കഥകൾ പറയുകയല്ലേ? അതുകൊണ്ടാണു് നിങ്ങളുടെ ശബ്ദം ഇത്ര നിരാശാജനകമായതു്. സായാഹ്നത്തിൽ നിങ്ങൾ ഞങ്ങളുടെ അടുത്തേക്കു വരുമ്പോൾ ഉഗ്രനൈരാശ്യത്തിന്റെ ആ ശബ്ദം ഞങ്ങൾ കേൾക്കുന്നു.”
images/GiacomoLeopardi.jpg
ജാകോമോ ലേയൊപാർഡി

ഇറ്റലിയിലെ കവി ജാകോമോ ലേയൊപാർഡി യുടെ (Leopardi) കവിത ലളിതവും മനോഹരവുമാണു്. കേട്ടാലും:

Sylvia, do you still recall

That time of your life here

When beauty shone within

Your laughing, gancing eyes

And you thoughtful and merry passed across

The threshold of your youth?

പ്രേമഭാജനത്തെ നഷ്ടപ്പെട്ടതിൽ നെറുത യ്ക്കുള്ള നൈരാശ്യം നമ്മുടേയും നൈരാശ്യമാകുന്നതു കാണു:

Because on nights like this I held her in my arms

My Soul is unhappy at having lost her

Though this be the last pain that she causes me

and these the last words I shall write to her.

യോസിഫ് അറ്റില ഹംഗറിയിലെ മഹാകവിയാണു്. അദ്ദേഹം നവീനതമമായ രീതിയിൽ പ്രണയഭാജനത്തെ വിളിക്കുന്നു:

Your are so foolish

You race

like the morning wind.

A car may hit you,

and here I’ve scrubbed my little table and now

the soft light of my bread shines more purely.

മാന്യവായനക്കാർ ക്ഷമിക്കണം. ഇതൊക്കെ തർജ്ജമ ചെയ്തു വികലമാക്കാൻ എന്റെ മനസ്സു് സമ്മതിക്കുന്നില്ല.

ശിവൻ പാർവ്വതിയോടു്:

ശക്യമംഗുലിഭിരുദ്ധ്യതൈരധഃ

ശാഖിനാം പതിത പുഷ്പപേശലൈഃ

പത്രജർജ്ജര ശശിപ്രഭാലവൈ-

രേഭിരുൽകചയിതും തവാളകാഃ

(ശാഖിനാം അധഃ = വൃക്ഷങ്ങളുടെ ചുവട്ടിൽ; പതിത പുഷ്പപേശലൈഃ ഏഭിഃ പത്രജർജ്ജുര ശശിപ്രഭാലവൈഃ = അടർന്നുവീണ പുഷ്പങ്ങളെപ്പോലെ മനോഹരങ്ങളായി, ഇലച്ചാർത്തിലൂടെ കടന്നുവരിക നിമിത്തം ചിതറിവീണ ചന്ദ്രികാഖണ്ഡങ്ങളെ (നിലാവിന്റെ നുറുങ്ങുകളെ); അംഗുലിഭിഃ ഉദ്ധ്യതൈഃ = വിരൽകൊണ്ടെടുത്തു്; തവ അളകാഃ ഉൽകചയിതും ശക്യം = നിന്റെ കുറുനിരകളെ അണിയിക്കാൻ കഴിയും.) മരങ്ങൾക്കുതാഴെ, ഇലച്ചാർത്തിലൂടെ കടന്നുവന്ന നിലാവു് നുറുങ്ങുകളായി വീണുകിടക്കുന്നു. അവ പൂക്കൾപ്പോലെ മനോഹരങ്ങളാണു്. അവ പെറുക്കിയെടുത്തു് പാർവതിയുടെ അളകങ്ങളിൽ അണിയിക്കാമെന്നാണു് ശിവൻ പറയുന്നതു്. ഭാരതീയ ഭാവനയുടെ പരകോടി.

images/LordOlivier.jpg
ലോറൻസ് ഒലീവിയേർ

ഇരുപതാം ശതാബ്ദത്തിലെ ഏറ്റവും വലിയ അഭിനേതാവായി കരുതപ്പെടുന്ന ലോറൻസ് ഒലീവിയേറു ടെ On Acting എന്ന പുസ്തകം സുന്ദരമെന്നോ ആകർഷകമെന്നോ പറഞ്ഞാൽ എന്റെ മനസ്സിലുള്ളതു് പൂർണ്ണമായും വ്യക്തമാവുകയില്ല. അതുകൊണ്ടു് ‘ഫാസിനേറ്റിങ്’ എന്ന പദം ഉപയോഗിച്ചുകൊള്ളട്ടെ അതിനെ വിശേഷിപ്പിക്കാൻ. അഭിനയത്തെക്കുറിച്ചു മാത്രമുള്ളതല്ല ഈ പുസ്തകം. ഇതു് സാഹിത്യ നിരൂപണമാണു്, ആത്മകഥയാണു്, മറ്റു് അപ്രമേയ പ്രഭാവന്മാരുടെ സ്വത്വത്തിന്റെ വിശദീകരണമാണു്. മഹാന്മാരായ എഴുത്തുകാർക്കു മാത്രം കഴിയുന്ന മട്ടിലാണു് ഈ ഇംഗ്ലീഷ് ആക്റ്റർ ഗ്രന്ഥമെഴുതിയിരിക്കുന്നതു്. ഓരോ പുറത്തിലും ആശയരത്നത്തിന്റെ കാന്തി; ആവിഷ്കരണത്തിന്റെ മനോഹാരിത. ജീവിതം സമ്പന്നമാക്കുന്ന ഒരു ഗ്രന്ഥം എന്നു മാത്രം പറഞ്ഞു് ഈ ഭാഗം അവസാനിപ്പിക്കട്ടെ. (On Acting, L. Oliver, Sceptre Books, Rs. 87 = 85)

തിന്മ—സ്വയമറിയാതെ

പൊതുവേ ആളുകൾ തിന്മയുള്ളവരല്ല. എങ്കിലും നിഷ്കളങ്കമായി അവർ പ്രവർത്തിക്കുമ്പോൾ അതു തിന്മയായി മാറും. വി. പി. മുഹമ്മദാലി നന്മയാർന്ന ആളാണെന്നും ഞാൻ വിചാരിക്കുന്നു. കാരണം നന്മ ഒരാന്തര പ്രവണതയായിരിക്കുന്ന ആളിനേ സാഹിത്യത്തിൽ തൽപരനാകാൻ കഴിയൂ എന്നതാണു്. ഇമ്മട്ടിൽ നന്മയുള്ള മുഹമ്മദാലി ബഹുജനത്തെ രസിപ്പിക്കാൻ വേണ്ടി കുങ്കുമം വാരികയിൽ “ആമ്പൽപ്പൂവിന്റെ മണം” എന്ന പേരിൽ ഒരു കഥയെഴുതാൻ തീരുമാനിച്ചു. തീരുമാനത്തിനു രൂപം നല്കി. ഫലമോ ബീഭത്സ കഥാപ്രഭാഷണം നടത്തുന്നവൻ ധനികനായപ്പോൾ പല പെണ്ണുങ്ങളും അയാളെ ഭർത്താവായി കിട്ടാൻ ആഗ്രഹിച്ചു. ആ കൊതിയെല്ലാം വെറുതേയായി. ഒരു ചെത്തുകാരന്റെ മകളെ അയാൾ വിവാഹം കഴിച്ചു. മറ്റു പെൺപിള്ളേർക്കു മാത്രമല്ല വിവാഹദല്ലാളന്മാർക്കും നിരാശത.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-04-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.