SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-06-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/UmbertoEco.jpg
ഊം­ബെർ­ട്ടോ എക്കോ

ഇ­റ്റ­ലി­യി­ലെ സീ­മീ­യോ­ട്ടി­ക്സ് പ്രൊ­ഫ­സർ ഊം­ബെർ­ട്ടോ എ­ക്കോ­യു­ടെ Name of the Rose എന്ന നോവൽ ലോ­ക­മാ­കെ അ­തി­ഹർ­ഷ­മു­ള­വാ­ക്കി­യ­തു പോലെ സു­സ്കി­ന്റി­ന്റെ (Patrick Suskind) Perfume: The Story of a Murderer എന്ന ജർ­മ്മൻ നോവൽ അതിനു സ­ദൃ­ശ­മോ അ­തി­നെ­ക്കാൾ ക­വി­ഞ്ഞ­തോ ആയ അ­തി­ഹർ­ഷം ജ­നി­പ്പി­ച്ചി­രി­ക്കു­ന്നു. ജർ­മ്മ­നി­യിൽ അ­തി­ന്റെ 400,000 പ്ര­തി­കൾ ഏ­താ­നും ദി­വ­സ­ങ്ങൾ കൊ­ണ്ടു വി­റ്റു തീർ­ന്നു. ഇം­ഗ്ലീ­ഷ് തർ­ജ്ജി­മ വാ­ങ്ങാൻ സ­ഹൃ­ദ­യർ പു­സ്ത­ക­ശാ­ല­ക­ളു­ടെ മുൻ­പിൽ വ­രി­വ­രി­യാ­യി നി­ന്നു. യൂ­റോ­പ്പി­ലെ മറ്റു ഭാ­ഷ­ക­ളി­ലേ­ക്കു് ഈ നോവൽ തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു ക­ഴി­ഞ്ഞു.

images/Perfumecover.jpg

ഫ്രാൻ­സിൽ പ­തി­നെ­ട്ടാം ശ­താ­ബ്ദ­ത്തി­ന്റെ കാ­ല­മാ­ണി­തു്. ന­മു­ക്കു് സ­ങ്ക­ല്പി­ക്കാൻ പോലും വ­യ്യാ­ത്ത ദുർ­ഗ്ഗ­ന്ധ­മാ­ണു് അവിടെ. തെ­രു­വു­കൾ വളം കൊ­ണ്ടു നാ­റു­ന്നു, മു­റ്റ­ങ്ങൾ മൂ­ത്ര­ത്താൽ. കോ­ണി­പ്പ­ടി­ക­ളിൽ പൊ­ടി­യു­ന്ന ത­ടി­യു­ടെ­യും എ­ലി­ക്കാ­ട്ട­ത്തി­ന്റെ­യും നാ­റ്റം. അ­ഴു­കു­ന്ന മു­ട്ട­ക്കോ­സ്സി­ന്റെ­യും മാം­സ­ക്കൊ­ഴു­പ്പി­ന്റെ­യും പൂ­തി­ഗ­ന്ധം അ­ടു­ക്ക­ള­യിൽ. വി­യർ­പ്പു്, ക­ഴു­കാ­ത്ത വ­സ്ത്രം ഇവ കൊ­ണ്ടു് ആളുകൾ നാറി. അ­വ­രു­ടെ വായിൽ നി­ന്നു് അ­ഴു­കി­യ പ­ല്ലി­ന്റെ നാ­റ്റം വന്നു. വ­യ­റ്റിൽ നി­ന്നു് ഉ­ള്ളി­യു­ടെ ദുർ­ഗ്ഗ­ന്ധ­വും. ന­ദി­കൾ­ക്കും ച­ന്ത­സ്ഥ­ല­ങ്ങൾ­ക്കും നാ­റ്റം. പ­ള്ളി­കൾ നാറി. ഈ ദുർ­ഗ്ഗ­ന്ധ­ത്തി­നി­ട­യിൽ ഒ­രു­ത്തി പെ­റ്റി­ട്ട കു­ഞ്ഞാ­ണു് ഗ്ര­നോ­യി. അവൾ ആ ശി­ശു­വി­നെ ഒരു മീൻ­ക­ട­യി­ലെ മേ­ശ­യ്ക്ക­ടി­യിൽ ഇ­ട്ടി­ട്ടു പോയി. നാ­റ്റ­ത്തി­ന്റെ കാ­ല­യ­ള­വിൽ ജ­നി­ച്ച ആ കു­ഞ്ഞി­നു് ഗ­ന്ധ­മി­ല്ല. അതിനു പോലും സ്വ­ന്തം മ­ണ­മ­റി­യാൻ വയ്യ. പക്ഷെ, അ­ദ്ഭു­താ­വ­ഹ­മാ­യി അ­തി­ന്റെ ആ ഘ്രാ­ണ­ശ­ക്തി വി­ക­സി­ച്ചു വന്നു. ചു­വ­രു­കൾ­ക്കി­ട­യി­ലൂ­ടെ ഗ്ര­നോ­യി­ക്കു പണം മ­ണ­ക്കാ­നാ­വും. അ­ടു­ത്ത മു­റി­യിൽ ആ­രൊ­ക്കെ­യു­ണ്ടെ­ന്നു മൂ­ക്കു­കൊ­ണ്ട­റി­യും. നാ­ഴി­ക­കൾ­ക്ക­പ്പു­റ­ത്തു­ള്ള പ­രി­മ­ളം അ­യാൾ­ക്കു് മ­ണ­ത്ത­റി­യാൻ ഒരു പ്ര­യാ­സ­വു­മി­ല്ല. ലോ­ക­ത്തെ ഏ­റ്റ­വും വലിയ സൗ­ര­ഭ്യ­നിർ­മ്മാ­താ­വാ­കാ­നാ­ണു് ഗ്ര­നോ­യി­യു­ടെ താ­ല്പ­ര്യം. മ­നു­ഷ്യ­രു­ടെ ഗ­ന്ധ­മെ­ന്തെ­ന്ന­റി­യാൻ അ­യാൾ­ക്കു് മ­ണ­ത്തു നോ­ക്കി­യാൽ മാ­ത്രം പോരാ. ഒരു പെൺ­കു­ട്ടി­യു­ടെ “സു­ര­ഭി­ല­മാ­യ ആ­ത്മാ­വി”നെ അ­പ­ഹ­രി­ക്കാൻ വേ­ണ്ടി അയാൾ അവളെ കൊ­ന്നു. ഇതു ക­ഴി­ഞ്ഞു് ഏഴു വർ­ഷ­ത്തേ­ക്കു് അയാൾ അ­പ്ര­ത്യ­ക്ഷ­നാ­യി. തി­രി­ച്ചെ­ത്തി­യ­പ്പോൾ അ­യാ­ളു­ടെ ഗ­ന്ധാ­സ്വാ­ദ­ന­ശ­ക്തി വളരെ കൂ­ടി­യി­രു­ന്നു. അനേകം പെൺ­കു­ട്ടി­ക­ളെ കൊ­ന്നു അ­വ­രു­ടെ ഗന്ധം മ­ന­സ്സി­ലാ­ക്കി­യ അയാൾ അവരെ നിർ­ഗ്ഗ­ന്ധ­ക­ളാ­ക്കി മാ­റ്റി. ഒ­ടു­വിൽ ഗ്ര­നോ­യി അ­റ­സ്റ്റ് ചെ­യ്യ­പ്പെ­ടു­ന്നു.

ഈ നോവൽ തി­ന്മ­യു­ടെ സർ­വ്വ­സാ­ധാ­ര­ണ­ത്വ­ത്തി­ലേ­ക്കു കൈ ചൂ­ണ്ടു­ന്നു­വെ­ന്നാ­ണു് നി­രൂ­പ­ക­മ­തം. ഹി­റ്റ്ല­റു­ടെ ഉ­യർ­ച്ച­യേ­യും താ­ഴ്ച­യേ­യും ചി­ത്രീ­ക­രി­ക്കു­ന്ന ഒ­രർ­ത്ഥ­വാ­ദ ക­ഥ­യാ­ണി­തു്. മതവും കൊ­ണ്ടു് ന­ട­ക്കു­ന്ന ചില ഭ­ഗ­വാ­ന്മാ­രു­ണ്ട­ല്ലോ ന­മു­ക്കു്. അവരെ ക­ളി­യാ­ക്കു­ക­യാ­ണു് സു­സ്കി­ന്റ് എ­ന്നും അ­ഭി­പ്രാ­യ­മു­ണ്ടു്. പ­ടി­ഞ്ഞാ­റൻ ജർ­മ്മ­നി­യി­ലെ ഒരു നോ­വ­ലെ­ഴു­ത്തു­കാ­ര­ന്റെ ‘മേജർ വർ­ക്കാ’യി ഈ കൃതി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു.

(Perfume: The story of a Murderer, Patrick Suskind. Translated by John E. Woods, Hamish Hamilton £9.95. ഞാൻ ഈ നോവൽ വാ­യി­ച്ചി­ട്ടി­ല്ല. Christopher Lehmann-​Haupt, Jonathan Keates, Peter Ackroyd (നോ­വ­ലി­സ്റ്റ്) Ruth Baumgarten, Paul Gray, John Updike (നോ­വ­ലി­സ്റ്റ്), Sara Terry, Robert Taylor, ഇ­വ­രെ­ഴു­തി­യ നി­രൂ­പ­ണ­ങ്ങൾ വാ­യി­ച്ചി­ട്ടാ­ണു് ഇതു കു­റി­ച്ച­തു്. ഇ­ങ്ങ­നെ­യൊ­രു ക­ലാ­ശി­ല്പം യൂ­റോ­പ്പിൽ ഉ­ണ്ടാ­യി­രി­ക്കു­ന്നു­വെ­ന്നു വാ­യ­ന­ക്കാ­രെ അ­റി­യി­ക്കാ­നു­ള്ള അ­ഭി­ലാ­ഷ­ത്തി­ന്റെ പേ­രി­ലാ­ണു് വാ­യി­ക്കാ­ത്ത നോ­വ­ലി­നെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു്. നി­രൂ­പ­ണ­പ­ര­ങ്ങ­ളാ­യ ഈ നി­രീ­ക്ഷ­ണ­ങ്ങൾ­ക്കു മൗ­ലി­ക­ത­യി­ല്ല.)

മു­ക­ളിൽ­പ്പ­റ­ഞ്ഞ നോ­വ­ലി­ലെ ചില വാ­ക്യ­ങ്ങൾ:

“The scent floating out of the garden was the scent of the red headed girl he had murdered that night. To have found that scent in this world once again brought tears of bliss to his eyes—and to know that it could not possibly be true frightened him to death … ”
പ­രാ­ജ­യം

സം­ശ്ലേ­ക്ഷ­മാ­യ, അ­വി­രു­ദ്ധ­മാ­യ ഒരു ‘വിഷൻ’ ഭാ­ര­ത­ത്തി­ലെ അ­ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചു് കവി പി. ഭാ­സ്ക­ര­നു ണ്ടെ­ങ്കി­ലും അതു കാ­വ്യാ­ത്മ­ക­മാ­യി­ല്ല എ­ന്ന­തി­നു തെ­ളി­വു നൽ­കു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ “ഭീ­ക­ര­രു­ടെ സം­ഘ­ഗാ­നം” എന്ന കാ­വ്യം (മാ­തൃ­ഭൂ­മി). വിഷൻ കാ­വ്യാ­ത്മ­ക­മാ­ക­ണ­മെ­ങ്കിൽ അതു് ഒ­ന്നി­നൊ­ന്നു വി­ക­സി­ക്ക­ണം. വി­കാ­സം ര­മ­ണീ­യ­ങ്ങ­ളാ­യ ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ, ഉ­ക്തി­ക­ളി­ലൂ­ടെ രൂപം കൊ­ള്ളു­ന്നു. ഇ­തൊ­ന്നും ഇവിടെ സം­ഭ­വി­ക്കു­ന്നി­ല്ല.

കാ­വ്യാ­നു­ഭ­വം വ്യ­ക്തി­ഗ­ത­മാ­കാം, സ­മ­ഷ്ടി­ഗ­ത­വു­മാ­കാം. ഭാ­ര­ത­ത്തി­ന്റെ ആ­ധ്യാ­ത്മി­ക പാ­ര­മ്പ­ര്യ­ത്തേ­യും അ­ക്ര­മ­രാ­ഹി­ത്യ­പ്ര­വ­ണ­ത­യെ­യും ശ­ഷ്പ­തു­ല്യ­ങ്ങ­ളാ­ക്കി നി­ര­പ­രാ­ധി­ക­ളെ കൊ­ന്നൊ­ടു­ക്കു­ന്നു നമ്മൾ എന്നു കവി പ­റ­യു­മ്പോൾ അതു് സ­മ­ഷ്ടി­ഗ­ത­മാ­യ അ­നു­ഭ­വം ത­ന്നെ­യാ­ണു്. പക്ഷെ, ആ കൂ­ട്ടു­വി­കാ­ര­ത്തിൽ തന്നെ പ്ര­തി­ഷ്ഠി­ച്ചു് അതിനെ വ്യ­ക്തി­ഗ­ത വി­കാ­ര­മാ­ക്കാൻ അ­നു­വാ­ച­ക­നു ക­ഴി­യു­ന്നി­ല്ല. ക­വി­യു­ടെ ആ­ശ­ങ്കാ­ജ­ന­ക­ങ്ങ­ളാ­യ പ്ര­ശ്ന­മാ­ല —

ന­മു­ക്കേ­തു ഭൂമി? ന­മു­ക്കേ­തു സ്വർ­ഗ്ഗം?

ന­മു­ക്കേ­തു രാ­ജ്യം? ന­മു­ക്കേ­തു ദേശം?

ന­മു­ക്കേ­തു പാപം? ന­മു­ക്കേ­തു പു­ണ്യം?

ന­മു­ക്കേ­ന്തു സു­ന്ദ­ര­സ്സ്വ­പ്ന­സ­ങ്ക­ല്പം?

എന്ന മ­ട്ടി­ലു­ള്ള പ്ര­ശ്നാ­വ­ലി സ­ത്യ­ത്തി­ന്റെ നിഴലെ ഉ­ള­വാ­ക്കു­ന്നു­ള്ളു. അ­തി­നാൽ ഈ കാ­വ്യം ര­ണ്ടാം­ത­രം പ­രാ­ജ­യ­മ­ല്ല; ഒ­ന്നാ­ന്ത­രം പ­രാ­ജ­യ­മാ­ണു്.

നിർ­വ്വ­ച­ന­ങ്ങൾ
മ­ര­ച്ചീ­നി:
ന­ല്ല­പോ­ലെ വേ­കു­ന്ന­താ­ണെ­ങ്കിൽ ച­മ്മ­ന്തി കൂ­ട്ടി തി­ന്നാൻ നല്ല സ്വാ­ദാ­ണു്. വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് ഞാൻ ധാ­രാ­ളം ക­ഴി­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ­യി­രി­ക്കെ എന്റെ ബോ­ട്ട­ണി­സ്സാ­റ് അ­തി­ന്റെ പേരു് മാ­നി­ഹോ­ട്ട് യൂ­ടി­ലി­സ്മ എന്നോ മാ­നി­ഹോ­ട്ട് എ­സ്കു­ല­ന്റ എന്നോ പ­റ­ഞ്ഞു തന്നു. അതിനു ശേഷം മ­ര­ച്ചീ­നി ക­ണ്ടാൽ ഛർ­ദ്ദി­ക്കാൻ വരും എ­നി­ക്കു്.
സി­ന്ദൂ­രം:
വൃ­ദ്ധ­കൾ­ക്കു സീ­മ­ന്ത­ത്തിൽ വാ­രി­തേ­ക്കാ­നു­ള്ള­തു്. എന്റെ വി­വാ­ഹം ക­ഴി­ഞ്ഞു, ഇനി ആരും എന്നെ കൊ­തി­ക്ക­രു­തു് എ­ന്നാ­ണു് അ­തി­ന്റെ അർ­ത്ഥം (അ­ന്ത­രി­ച്ച പ്ര­തി­ഭാ­ശാ­ലി പി. കെ. മ­ന്ത്രി യോടു ക­ട­പ്പാ­ടു്).
സേ­ഫ്റ്റി പിൻ:
അ­റു­പ­തു വ­യ­സ്സു ക­ഴി­ഞ്ഞ സ്ത്രീ­കൾ­ക്കു് ബ്ലൗ­സിൽ ക­ഴു­ത്തു തൊ­ട്ടു് വ­യ­റു­വ­രെ അ­ടു­ത്ത­ടു­ത്തു് കു­ത്തി­വ­യ്ക്കാ­നു­ള്ള ഉ­പ­ക­ര­ണം. ആ­ക്ര­മി­ക്ക­പ്പെ­ടാ­ത്ത കോ­ട്ട­യെ കൂ­ടു­തൽ സു­ര­ക്ഷി­ത­മാ­ക്കു­മെ­ന്നു് വി­ക്ടർ യൂഗോപാ­വ­ങ്ങ”ളി ൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്.
സ്ത്രീ­കൾ­ക്കു­ള്ള മാ­സി­ക­കൾ:
ശാ­സ്ത്ര­ത്തി­ന്റെ മറവിൽ സെ­ക്സ് പ്ര­ച­രി­പ്പി­ക്കു­ന്ന പ്ര­സാ­ധ­ന­ങ്ങൾ.
ഒവിഡ് പ­റ­ഞ്ഞു:
“എന്റെ പുറകെ ഓടി വ­രു­ന്ന­വ­ളിൽ നി­ന്നു് ഞാൻ ഓ­ടി­യ­ക­ലു­ന്നു. എ­ന്നിൽ നി­ന്നു് ഓ­ടി­യ­ക­ലു­ന്ന­വ­ളു­ടെ പുറകെ ഞാ­നോ­ടു­ന്നു”. ആ­ദ്യ­ത്തെ പ്ര­സ്താ­വം ഇ­ന്ന­ത്തെ യു­വാ­ക്ക­ന്മാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശ­രി­യ­ല്ല. ഓ­ടേ­ണ്ട കാ­ര്യ­മി­ല്ല. ഒ­ച്ചി­നെ­പ്പോ­ലെ അവൾ ഇ­ഴ­ഞ്ഞു വ­ന്നാ­ലും പു­രു­ഷൻ കാ­ത്തു നിൽ­ക്കും.

എം. സു­ധാ­ക­ര­ന്റെ “അവസ്ഥ” എന്ന ചെ­റു­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ­ച്ച­പ്പ­തി­പ്പിൽ).

images/PaddyChayefsky.jpg
പാഡീ ചൈ­യ­ഫ്സ്കി

ബസ്സ് യാത്ര എന്ന പ്ര­തി­രൂ­പ­ത്തി­ലൂ­ടെ ജീ­വി­ത­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന ഈ ലാ­ക്ഷ­ണി­ക കഥ (അ­ലി­ഗ­റി) ഒ­ര­നൂ­ഭൂ­തി­യും ജ­നി­പ്പി­ക്കു­ന്നി­ല്ല. ക­ഥാ­കാ­രൻ നി­വേ­ശി­പ്പി­ക്കു­ന്ന പ്ര­തി­രൂ­പ­ങ്ങൾ മൂർ­ത്ത­മാ­യ ജീ­വി­ത­ത്തെ സ്ഫു­ടീ­ക­രി­ക്കു­ണം അതിൽ. കു­ട്ടി­കൃ­ഷ്ണ­മാ­രാർ ഒ­രി­ക്കൽ എ­ന്നോ­ടു ചോ­ദി­ച്ചു: “തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­രാ­യ നി­ങ്ങൾ­ക്കു നി­രാ­ശ­ത­യി­ല്ല, നി­രാ­ശ­യേ­യു­ള്ളു അല്ലേ?” ഈ കഥയിൽ സു­ധാ­ക­രൻ ‘നിരാശ’ എന്നു പ്ര­യോ­ഗി­ക്കു­ന്നു. നി­രാ­ശൻ = ആ­ശ­യ­റ്റ­വൻ. നിരാശ = ആ­ശ­യ­റ്റ­വൾ. നി­രാ­ശ­ത അ­വ­രു­ടെ ഭാവം. മ­റ്റൊ­രു വി­ക­ല­മാ­യ പ്ര­യോ­ഗം വേഗത, വേ­ഗ­മെ­ന്നേ ആകാവു.

വൈ­ര­സ്യം

അ­മേ­രി­ക്കൻ നാടക കർ­ത്താ­വാ­യ പാഡീ ചൈ­യ­ഫ്സ്കി­യു­ടെ (Paddy Chayefsky) Martin എന്ന സ്ക്രീൻ പ്ലേ­യിൽ ര­ണ്ടു­പേർ സം­സാ­രി­ക്കു­ന്നു:

Angie:
Well, what do you feel like doing tonight?
Marty:
I don’t know. What do you feel like doing?
Angie:
Well, We’re back to that, huh? I say to you: What do you feel like doing tonight. And you say to me “I don’t know, what do you feel like doing?”

ഒവിഡ് പ­റ­ഞ്ഞു: “എന്റെ പുറകെ ഓടി വ­രു­ന്ന­വ­ളിൽ നി­ന്നു് ഞാൻ ഓ­ടി­യ­ക­ലു­ന്നു. എ­ന്നിൽ നി­ന്നു് ഓ­ടി­യ­ക­ലു­ന്ന­വ­ളു­ടെ പുറകെ ഞാ­നോ­ടു­ന്നു. ആ­ദ്യ­ത്തെ പ്ര­സ്താ­വം ഇ­ന്ന­ത്തെ യു­വാ­ക്ക­ന്മാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശ­രി­യ­ല്ല. ഓ­ടേ­ണ്ട കാ­ര്യ­മി­ല്ല. ഒ­ച്ചി­നെ­പ്പോ­ലെ അവൾ ഇ­ഴ­ഞ്ഞു വ­ന്നാ­ലും പു­രു­ഷൻ കാ­ത്തു നിൽ­ക്കും.

സ­മ­കാ­ലി­ക ജീ­വി­ത­ത്തി­ലെ വൈ­ര­സ്യ­ത്തെ­യാ­കെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് നാ­ട­ക­കർ­ത്താ­വു്. ഈ വൈ­ര­സ്യ­മാ­ണു് നമ്മെ ത­ളർ­ത്തു­ന്ന­തു്. ധനികർ ‘ബോർഡ’മി­ല്ലാ­തെ­യാ­ണു് ജീ­വി­ക്കു­ന്ന­തെ­ന്നു് ധ­ന­മി­ല്ലാ­ത്ത­വർ വി­ചാ­രി­ക്കു­ന്നു­ണ്ടാ­കാം. തെ­റ്റാ­ണ­തു്. ധ­നി­ക­നു് പത്തു ലക്ഷം രൂപ ചെ­ല­വാ­ക്കി­വ­ച്ച കൊ­ട്ടാ­രം പോ­ലു­ള്ള വീ­ടു­ണ്ടു്. അ­യാൾ­ക്കു് പോകാൻ ജർ­മ്മൻ കാറ്. ഭാ­ര്യ­യ്ക്കു് ബ­ന്ധു­ക്ക­ളെ­യും കൂ­ട്ടു­കാ­രി­ക­ളെ­യും കാണാൻ പോ­കു­ന്ന­തി­ലേ­ക്കു് മാ­രു­തി­ക്കാ­റ്. മകനു് കൂ­ട്ടു­കാ­രു­മൊ­ത്തു് കോ­വ­ള­ത്തു പോകാൻ മാ­രു­തി വാൻ. ഒ­റ്റ­യ്ക്കു് പോകാൻ സ്ക്കൂ­ട്ടർ. വീ­ട്ടിൽ ഉ­ദ്യാ­നം. അതിൽ നിറയെ വി­ല­കൂ­ടി­യ റോ­സാ­ച്ചെ­ടി­കൾ. അ­തി­നൊ­രു പാലകൻ. പണം എ­ങ്ങ­നെ ചെ­ല­വാ­ക്ക­ണ­മെ­ന്നു് അ­റി­യാൻ പാ­ടി­ല്ല. വാ­രി­ക്കോ­രി എ­റി­യു­ന്നു. ധൂർ­ത്ത­ടി­ക്കു­ന്നു. എ­ന്നി­ട്ടും പണം ബാ­ക്കി. വീ­ട്ടിൽ വ­യ്ക്കാ­മോ? വയ്യ. ബാ­ങ്കി­ലി­ടാ­മോ? വയ്യ. റെ­യ്ഡ് എ­പ്പോ­ഴു­ണ്ടാ­കു­ന്നു­വെ­ന്നു് ആർ­ക്ക­റി­യാം? അ­തു­കൊ­ണ്ടു് കാ­ത്തി­രി­ക്കും. മ­ക­ന്റെ വി­വാ­ഹം വ­ര­ട്ടെ. പത്തു ലക്ഷം രൂപ ചെ­ല­വാ­ക്കു­ന്നു. മ­ക­ളു­ടെ വി­വാ­ഹം വ­ര­ട്ടെ. അ­വൾ­ക്കു മു­ന്നൂ­റു പ­വ­ന്റെ ആഭരണം. ഒ­മ്പ­തു ലക്ഷം പോ­ട്ടെ, പു­ല്ലു പോലെ. ഇ­തൊ­ക്കെ­യാ­യി­ട്ടും ആ മ­നു­ഷ്യ­നു് വൈ­ര­സ്യ­ത്തിൽ നി­ന്നു ര­ക്ഷ­നേ­ടാൻ ക­ഴി­യു­ന്നു­ണ്ടോ? ഇല്ല എ­ന്നാ­ണു് ഉ­ത്ത­രം. കാ­ല­ത്തെ­ഴു­ന്നേ­റ്റു് കോ­ട്ടു­വാ­യി­ട്ടു് ക­സേ­ര­യി­ലി­രി­ക്കു­ന്നു. പാ­ലു­കൊ­ണ്ടു വ­രു­ന്ന കാണാൻ കൊ­ള്ളാ­വു­ന്ന പെ­ണ്ണി­നോ­ടു തോ­ന്നു­ന്ന ലൈം­ഗി­ക വി­കാ­രം മ­റ­യ്ക്കാ­നാ­യി ‘ഇ­ന്നെ­ന്താ വൈ­കി­യ­തു?’ എന്നു തേ­നൂ­റു­ന്ന ശ­ബ്ദ­ത്തിൽ മൊ­ഴി­യാ­ടു­ന്നു. ഈ ലോ­ക­ത്തെ സകല കൊ­ള്ള­രു­താ­യ്മ­കൾ­ക്കൂം ഹേതു വൈ­ര­സ്യ­മാ­ണു്. മകൻ വ­ഴി­യേ­പോ­കു­ന്ന പെൺ­പി­ള്ളേ­രെ നോ­ക്കി ക­മ­ന്റ­ടി­ക്കു­ന്നോ? അവൻ LSD 25 ക­ഴി­ക്കു­ന്നോ? “കാഫ്ക അ­ച്ഛ­നെ വെ­റു­ത്ത­തു പോലെ ഞാനും എന്റെ അ­ച്ഛ­നെ വെ­റു­ക്കു­ന്നു” എന്നു പ­റ­യു­ന്നോ? കു­റ്റം പ­റ­യാ­നി­ല്ല. ബോർ­ഡ­മാ­ണു് ഇ­തി­നെ­ല്ലാം കാരണം. ഞാനും വൈ­ര­സ്യ­ത്തിൽ നി­ന്നു മോചനം നേ­ടി­യ­വ­ന­ല്ല. അ­തു­കൊ­ണ്ടു് ഞാൻ വലിയ വി­ല­കൊ­ടു­ത്തു (പണം ഉ­ണ്ടാ­യി­ട്ട­ല്ല) പു­സ്ത­ക­ങ്ങൾ വാ­ങ്ങു­ന്നു, വാ­യി­ക്കു­ന്നു. ഇന്നു വാ­ങ്ങി­യ പു­സ്ത­കം Bhisham Sahni എ­ഴു­തി­യ Tamas. അ­ത­വി­ടെ ഇ­രി­ക്ക­ട്ടെ. സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­ത­ണ്ടേ? കാ­ലാ­കൗ­മു­ദി­യെ­ടു­ത്തു് നല്ല സു­ഹൃ­ത്താ­യ രാ­ജാ­മ­ണി എ­ഴു­തി­യ “ഒരു ക­ത്തി­നെ­പ്പ­റ്റി” എന്ന ചെ­റു­ക­ഥ വാ­യി­ക്കു­ന്നു. അ­സ­ഹ­നീ­യ­മാ­യ ‘ബോർഡ’ത്തി­ലേ­ക്കു് അതു് എന്നെ എ­റി­യു­ന്നു. ഒരു സാ­യ്പി­നു വന്ന ക­ത്തു് ഒരു ഗു­മ­സ്തൻ എ­ടു­ത്തു കൊ­ണ്ടു പോ­യി­പോ­ലും. സ്ത്രീ­ക­ളു­ടെ ന­ഗ്ന­ചി­ത്ര­ങ്ങൾ വി­ദേ­ശി­കൾ­ക്കു വ­രു­ന്ന ക­ത്തൂ­ക­ളിൽ കാണും പോലും. ക­ഥ­യെ­ക്കു­റി­ച്ചു­ള്ള സകല സ­ങ്ക­ല്പ­ങ്ങ­ളെ­യും ത­കർ­ക്കു­ന്ന ഒരു രചന. ഇതു വാ­യി­ച്ച സമയം കൊ­ണ്ടു് ‘ത­മ­സ്സു്’ വാ­യി­ച്ചാൽ മ­തി­യാ­യി­രു­ന്നു. സു­സ്കി­ന്റി­ന്റെ നോവൽ കി­ട്ടി­യി­രു­ന്നെ­ങ്കിൽ! അതു വാ­യി­ക്കാ­മാ­യി­രു­ന്നു. വി­ര­സ­മാ­യ ജീ­വി­ത­ത്തെ കൂ­ടു­തൽ വി­ര­സ­മാ­ക്ക­രു­തു് ക­ഥ­യെ­ഴു­ത്തു­കാർ.

ഇതു വേ­ണ്ടി­യി­രു­ന്നി­ല്ല

ഞാ­നി­പ്പോൾ ബ­സ്സിൽ അ­ങ്ങ­നെ ക­യ­റാ­റി­ല്ല. ആ­പ­ത്തു­ണ്ടെ­ങ്കി­ലും, കൈ­യി­ലു­ള്ള പണം മു­ഴു­വൻ പോ­കു­മെ­ങ്കി­ലും ഓ­ട്ടോ­റി­ക്ഷ­യി­ലാ­ണു് സ­ഞ്ചാ­രം. ഒരു ദിവസം ഇ­രു­പ­ത്ത­ഞ്ചു­രൂ­പ­യോ­ളം ഓ­ട്ടോ­റി­ക്ഷ­ക്കാ­ര­നു കൊ­ടു­ത്ത­തു കൊ­ണ്ടു് ബ­സ്സിൽ പൊ­യ്ക്ക­ള­യാ­മെ­ന്നു തീ­രു­മാ­നി­ച്ചു. അതിൽ നല്ല തി­ര­ക്കു്. ഒരു സ്ത്രീ­യും പു­രു­ഷ­നും കൂടി ആ ബ­സ്സിൽ കയറി. സ്ത്രീ അല്പം മുൻ­പോ­ട്ടു നീ­ങ്ങി­നി­ന്നു. പു­രു­ഷൻ അ­വ­രു­ടെ അ­ടു­ത്തു­ണ്ടു്. ബസ്സ് വേ­ഗ­ത്തിൽ പോ­കു­ക­യാ­ണു്. സ്ത്രീ അ­സ്വ­സ്ഥ­ത­യോ­ടെ ഞെ­ളി­യു­ക­യും പി­രി­യു­ക­യും ചെ­യ്യു­ന്നു­ണ്ടു്. കു­റേ­നേ­രം ക്ഷ­മി­ച്ചി­ട്ടു് അവർ ‘ഛീ’ എ­ന്നു് ആ­ട്ടി­ക്കൊ­ണ്ടു് പി­റ­കി­ലേ­ക്കു തി­രി­ഞ്ഞു­നോ­ക്കി. അ­വ­രു­ടെ ദേ­ഷ്യം പു­ഞ്ചി­രി­യാ­യി മാറി. അവിടെ നി­ന്നു് അ­വ­രു­ടെ നി­തം­ബ­ത്തിൽ ‘അം­ഗു­ല്യ­ഗ്ര­പീ­ഡ­നം’ ന­ട­ത്തി­യ­തു് ഭർ­ത്താ­വു­ത­ന്നെ­യാ­യി­രു­ന്നു. അയാൾ ഓ­വർ­സെ­ക്സ്ഡ് ആ­യി­രു­ന്നി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ വീ­ട്ടിൽ­വ­ച്ചു് അ­തി­നെ­ക്കാൾ ക­ടു­പ്പ­മാർ­ന്ന പ്ര­ക്രി­യ­കൾ ന­ട­ത്താ­മാ­യി­രു­ന്ന­ല്ലോ. ആരും അ­റി­യു­ക­യു­മി­ല്ല.

പ്രൊ­ഫ­സർ മാ­ത്യു സി. എ­ബ്ര­ഹാം മ­നോ­രാ­ജ്യം വാ­രി­ക­യി­ലെ­ഴു­തി­യ “ഒരു പഴയ കാർഡ്” എന്ന സാ­ക്ഷാൽ പൈ­ങ്കി­ളി­ക്ക­ഥ വാ­യി­ച്ച­പ്പോൾ ഈ സംഭവം ഓർ­മ്മ­യി­ലെ­ത്തി. ഒരു കോ­ളേ­ജ­ധ്യാ­പ­ക­നു് താൻ പ­ഠി­പ്പി­ക്കു­ന്ന പെൺ­കു­ട്ടി­യോ­ടു തോ­ന്നു­ന്ന സ്നേ­ഹ­മാ­ണു് ഇ­ക്ക­ഥ­യി­ലെ വിഷയം. തകഴി യും മ­റ്റും ക­ഥ­യെ­ഴു­തു­ന്നു. ത­നി­ക്കു­കൂ­ടേ ആ പ്ര­വൃ­ത്തി ആ­യാ­ലെ­ന്തു് എ­ന്നു് അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്നു. വി­ചാ­ര­ത്തി­നു് അ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ക്കു­ന്നു. ഫലമോ? സാ­ഹി­ത്യാം­ഗ­ന­യു­ടെ കോ­പ­ത്തോ­ടെ­യു­ള്ള തി­രി­ഞ്ഞു­നി­ല്പു്. പ്രൊ­ഫ­സ­റ­ല്ലേ, വി­ഷ്ഫുൾ തി­ങ്കി­ങ്ങ­ല്ലേ എ­ന്നൊ­ക്കെ വി­ചാ­രി­ച്ചു് അവൾ കൂ­ടു­തൽ പ­രാ­ക്ര­മ­മൊ­ന്നും കാ­ണി­ക്കാ­തെ മി­ണ്ടാ­തെ നി­ല്ക്കു­ന്നു. എ­ങ്കി­ലും ഈ പ്ര­വൃ­ത്തി വേ­ണ്ടി­യി­രു­ന്നി­ല്ല അ­ദ്ദേ­ഹ­ത്തി­നു്.

images/Dostoevsky.jpg
ദ­സ്തെ­യെ­വ്സ്കി

സി. വി. രാ­മൻ­പി­ള്ള­യു­ടെ ‘പ്രേ­മാ­മൃ­ത’ത്തി­ലെ ഒരു ക­ഥാ­പാ­ത്രം അ­ക്കാ­ല­ത്തു് ഗ­വൺ­മെ­ന്റ് ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്ന ക­പ്പാ­ഴം രാ­മൻ­പി­ള്ള­യാ­ണെ­ന്നു പലരും പ­റ­യാ­റു­ണ്ടു്. സി. വിയും കൂ­ട്ടു­കാ­രും തി­രു­വ­ന­ന്ത­പു­ര­ത്തു കണ്ട ഒരു ക­ള്ള­സ്സ­ന്ന്യാ­സി­യാ­ണു് “ധർ­മ്മ­രാ­ജ”യിലെ ഹ­രി­പ­ഞ്ചാ­ന­നൻ.

ദ­സ്തെ­യെ­വ്സ്കി­യു­ടെThe Insulted and the Injured എന്ന നോ­വ­ലി­ലെ നടാഷ അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ഭാ­ര്യ­യ­ണു്.

ഡി. എച്ച്. ലോ­റൻ­സി­ന്റെLady Chatterley’s Lover എന്ന നോ­വ­ലി­ലെ ദ­മ്പ­തി­കൾ­ക്കു നി­ത്യ­ജീ­വി­ത­ത്തിൽ പ്ര­തി­രൂ­പ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. വി­ല്യം ആർ­ക്ക്റൈ­റ്റ് എ­ന്നൊ­രാൾ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു് ധ്വ­ജ­ഭം­ഗം സം­ഭ­വി­ച്ച­വ­നാ­യി. അയാൾ ഭാ­ര്യ­യു­മാ­യി അ­ക­ന്നു ജീ­വി­ച്ചു. ഈ സം­ഭ­വ­മാ­ണു് ലോ­റൻ­സി­ന്റെ നോ­വ­ലിൽ ആ­വി­ഷ്കൃ­ത­മാ­യ­തു്.

സ്ത്രീ­സൗ­ന്ദ­ര്യം
images/GermaineGreer.jpg
ജർ­മ്മേൻ ഗ്രീർ

1885-ൽ ജർ­മ്മ­നി­യിൽ Das Weib എ­ന്നൊ­രു പു­സ്ത­കം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. ര­ണ്ടാ­യി­രം പു­റ­ങ്ങ­ളോ­ളം വ­രു­ന്ന അ­സാ­ധാ­ര­ണ­മാ­യ പു­സ്ത­കം സ്ത്രീ­യെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണു്. ജർ­മ്മേൻ ഗ്രീ­റി­നു പോലും റ­ഫെ­റൻ­സ് ഗ്ര­ന്ഥ­മാ­യി­ത്തീർ­ന്ന അ­തി­ന്റെ സാ­രാം­ശ­മെ­ടു­ത്തു History’s Mistress എന്ന പേരിൽ Paula Weideger പു­സ്ത­ക­മാ­ക്കി­യി­ട്ടു­ണ്ടു് (പെൻ­ഗ്വിൻ പ്ര­സാ­ധ­നം). അതിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള ഒരു കാ­വ്യ­ശ­ക­ല­മി­താ:

A lovely maid, I’ve heard it said

Should get from Prague her little head,

Two sparkling eyes from France

From Austria her red mouth

Her snow-​white hands from Cologne,

Her slim loins from Brabant,

Her narrow feet from England’s seas,

Her small round breasts from the Low Countries

From spain her body, from Flanders her arms

And her round buttocks from Swabia

She who hath all these is worth all gifts.

ഈ ലോ­ക­ത്തു് സൗ­ന്ദ­ര്യം കൂ­ടു­ത­ലു­ള്ള­തു് സ്ത്രീ­ക്കാ­ണു്. അവളെ അ­തി­ശ­യി­ച്ച മ­റ്റൊ­രു സു­ന്ദ­ര­വ­സ്തു­വി­ല്ല. അ­തു­ക്കൊ­ണ്ടു് സ്ത്രീ­യെ­ക്കു­റി­ച്ചെ­ഴു­തു­ന്ന­തെ­ന്തും ചേ­തോ­ഹ­ര­മാ­യി­രി­ക്കും. ഈ ത­ത്ത്വം താ­ഴെ­ച്ചേർ­ക്കു­ന്ന വ­രി­ക­ളി­ലും കാണാം:

അ­ഞ്ചു­പൂ­വു­കൾ പു­ഞ്ചി­രി­തൂ­കും­നി

ന്ന­ഞ്ചി­ത­ക­ര­വ­ല്ലി­യി­ലെ­ന്തി­നു വളകൾ?

മ­ധു­ര­സ്വ­പ്ന­മ­നോ­ഹ­ര­മാം നിൻ

ത­ര­ളി­ത­മി­ഴി­ക­ളി­ലെ­ന്തി­നു ക­രി­മ­ഷി?

തേ­നൂ­റും നിൻ മ­ധു­രാ­ധ­ര­മ­തി­ലി

ന്നെ­ന്തി­നു­വേ­ണം ലി­പ്സ്റ്റി­ക്

എ­ള്ളിൻ­പൂ തോ­റ്റോ­ടും നാസിക നി­ന്നു­ടെ

പി­ന്ന­വി­ടെ­ന്തി­നു മൂ­ക്കു­ത്തി.

ജോർ­ജ്ജ് പ­ള്ളി­പ്പ­റ­മ്പ­ന്റെ “ആ­ത്മ­സൗ­ന്ദ­ര്യം” എന്ന കാ­വ്യ­ത്തി­ലെ ഈ വ­രി­ക­ളി­ലൂ­ടെ സ്ത്രീ­യു­ടെ സൗ­ന്ദ­ര്യം തി­ള­ങ്ങു­ന്ന­തു നോ­ക്കു­ക. കവിത കു­റ­വാ­ണെ­ങ്കി­ലും സ്ത്രീ സൗ­ന്ദ­ര്യ­ത്തി­നു കു­റ­വി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­ന്മാർ?

ഉ­ത്ത­രം: അവർ ഒ­രോ­ന്നു് എ­ഴു­തി­യി­ട്ടു് തനിയെ ചി­രി­ക്കു­ന്നു. വാ­യ­ന­ക്കാ­രാ­യ നമ്മൾ ചി­രി­ക്കു­മെ­ന്നു വി­ചാ­രി­ക്കു­ക­യും ചെ­യ്യു­ന്നു.

ചോ­ദ്യം: പ്ര­സം­ഗി­ക്കു­മ്പോൾ സം­ഭ­വി­ക്കാ­വു­ന്ന ഒ­രാ­പ­ത്തു?

ഉ­ത്ത­രം: ക­ല്ലേ­റ­ല്ല. ചി­ല­പ്പോൾ ഈച്ച തൊ­ണ്ട­യി­ലേ­ക്കു ക­യ­റി­പ്പോ­കും. അ­പ്പോ­ഴു­ണ്ടാ­കു­ന്ന അസുഖം വി­വ­രി­ക്കാ­നാ­വി­ല്ല.

ചോ­ദ്യം: സ്നേ­ഹ­പ്ര­ക­ട­നം?

ഉ­ത്ത­രം: വ­ല്ല­വ­ന്റെ­യും ടെ­ലി­ഫോ­ണിൽ ദി­ല്ലി­യി­ലേ­ക്കോ കൽ­ക്ക­ത്ത­യി­ലേ­ക്കോ വി­ളി­ച്ചി­ട്ടു് അ­ര­മ­ണി­ക്കൂർ സം­സാ­രി­ക്കു­ന്ന­തു്. സ്നേ­ഹി­ത­ന്റെ ടെ­ലി­ഫോ­ണി­ല­ല്ലാ­തെ വേറെ ഏതു ടെ­ലി­ഫോ­ണി­ലാ­ണു് അ­ങ്ങ­നെ സം­സാ­രി­ക്കു­ക.

ചോ­ദ്യം: വി­വാ­ഹം?

ഉ­ത്ത­രം: ഒരു രസികൻ പറഞ്ഞ ഉ­ത്ത­രം എ­ഴു­താം. ‘രണ്ടു ടൂ­ത്തു് ബ്രഷ്. ഒരു ട്യൂ­ബ് പെ­യ്സ്റ്റ് മാ­ത്രം.’—ഭർ­ത്താ­വു് ഓർ­മ്മ­പ്പി­ശ­കു­ള്ള­വ­നാ­ണെ­ങ്കിൽ, മ­ദ്യ­പ­നാ­ണെ­ങ്കിൽ ഭാ­ര്യ­യു­ടെ ബ്ര­ഷെ­ടു­ത്തു് പ­ല്ലു­തേ­ച്ചെ­ന്നു­വ­രും എ­ന്ന­തു് എന്റെ ക­മ­ന്റ്.

ചോ­ദ്യം: പത്രം വാ­യി­ക്കു­മ്പോൾ നി­ങ്ങ­ളെ ര­സി­പ്പി­ക്കു­ക­യോ അ­ദ്ഭു­ത­പ്പെ­ടു­ത്തു­ക­യോ ചെ­യ്യു­ന്ന വാർ­ത്ത­യേ­തു?

ഉ­ത്ത­രം: പ്ര­ശ­സ്ത­നാ­യ സാ­ഹി­ത്യ­കാ­രൻ കു­ഞ്ഞു­ണ്ണി ന­മ്പ്യാർ അ­ന്ത­രി­ച്ചു എന്ന വാർ­ത്ത വാ­യി­ക്കു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ശ­സ്തി എന്തേ എന്റെ അ­ടു­ക്കൽ എ­ത്താ­ത്ത­തു് എ­ന്ന­ലോ­ച്ചി­ച്ചു് ഞാൻ ദുഃ­ഖി­ക്കാ­റു­ണ്ടു്. ര­സ­വു­മി­ല്ല അ­ദ്ഭു­ത­വു­മി­ല്ല. അ­തു­പോ­ലെ പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ് കീ­ഴ്ക്കാം­തൂ­ക്കു് രാ­മൻ­പി­ള്ള­യു­ടെ നോ­വ­ലു­ക­ളെ­ക്കു­റി­ച്ചു് സിം­പോ­സി­യം. ജി. എൻ. പ­ണി­ക്കർ കീ­ഴ്ക്കാം­തൂ­ക്കി­ന്റെ ആ­ഖ്യാ­ന­പാ­ട­വ­ത്തെ­ക്കു­റി­ച്ചും ഡോ­ക്ടർ പി. വേ­ലാ­യു­ധൻ­പി­ള്ള നോ­വ­ലു­ക­ളി­ലെ സാ­മൂ­ഹി­കാം­ശ­ത്തെ­ക്കു­റി­ച്ചും ഡോ­ക്ടർ ബ­ഞ്ച­മിൻ അ­വ­യി­ലെ ബോ­ധ­ധാ­രാം­ശ­ത്തെ­ക്കു­റി­ച്ചും പ്ര­ബ­ന്ധ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്ന­താ­ണു് എന്നു വാ­യി­ക്കു­മ്പോൾ ആ­ര­പ്പാ ഈ പ്ര­ശ­സ്ത­നാ­യ കീ­ഴ്ക്കാം­തൂ­ക്കു് എ­ന്നു് എ­ന്നോ­ടു­ത­ന്നെ ചോ­ദി­ച്ചു് ഞൻ എന്റെ അ­റി­വി­ല്ലാ­യ്മ­യിൽ ഞെ­ട്ടി­പ്പോ­കാ­റു­ണ്ടു്. അ­പ്പോ­ഴു­മി­ല്ല രസവും വി­സ്മ­യ­വും.

നാ­നാ­വി­ഷ­യ­കം
  • ഇ­വി­ടി­രു­ന്നു റോ­ഡി­ന­പ്പു­റ­ത്തേ­ക്കു നോ­ക്കു­മ്പോൾ എം. കെ. കെ. നായരു ടെ മകൻ ഗോ­പി­നാ­ഥി­ന്റെ കു­ട്ടി—ക­ഷ്ടി­ച്ചു് ര­ണ്ടു­വ­യ­സ്സു­ള്ള കു­ഞ്ഞു്—പി­റ­കിൽ അ­മ്പി­ന്റെ മ­ട്ടിൽ ഏ­താ­നും തെ­ങ്ങോ­ല­വ­ച്ചു് കൈയിൽ ഒരു ക­ളി­വി­ല്ലു­മാ­യ് മു­റ്റ­ത്തു ന­ട­ക്കു­ന്ന­തു കാ­ണു­ന്നു. ശ്രീ­രാ­മ­നാ­യി ന­ട­ക്കു­ക­യാ­ണു് ആ കു­ഞ്ഞു്. ഇ­തു­പോ­ലു­ള്ള ഒരു കു­ട്ടി­ക്ക­ളി­യാ­ണു് കെ. കെ. പു­രു­ഷോ­ത്ത­മ­ന്റെ ‘ഓർ­ഡർ­ലി’ എന്ന കഥ (ച­ന്ദ്രി­ക വാരിക). സൈ­നി­കോ­ദ്യോ­ഗ­സ്ഥ­ന്റെ ഭാര്യ ‘ആ­ടു­ത­ലി’യായ യു­വാ­വി­നെ പ്രാ­പി­ച്ച­ത്രേ. ഉ­ദ്യോ­ഗ­സ്ഥൻ അതു ക­ണ്ടു­പി­ടി­ച്ചു് അയാളെ ത­ട­വ­റ­യി­ലാ­ക്കി­യ­ത്രേ. കു­ട്ടി­ക്ക­ളി­യും ഈ ക­ഥാ­ര­ച­ന­യും ത­മ്മിൽ ഒരു വ്യ­ത്യാ­സ­മു­ണ്ടു്. കു­ഞ്ഞി­ന്റെ ശ്രീ­രാ­മ­നാ­യു­ള്ള അ­ഭി­ന­യം കൗ­തു­ക­മു­ള­വാ­ക്കും. പു­രു­ഷോ­ത്ത­മ­ന്റെ ഹാ­സ്യ­വി­ഡം­ബ­നം ഛർ­ദ്ദി­യു­ണ്ടാ­ക്കും.
  • ക­ട­പ്പു­റ­ത്തു­വ­ച്ചു കണ്ട പ­രി­ച­യ­മി­ല്ലാ­ത്ത യു­വ­തി­യെ അ­വി­ടെ­യെ­ത്തി­യ യു­വാ­വു് കെ­ട്ടി­പ്പി­ടി­ക്കു­ന്നു. യു­വാ­വി­നെ അ­വൾ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. ആ­ദ്യ­ത്തെ ദി­വ­സം­ത­ന്നെ ഇ­ങ്ങ­നെ ചെ­യ്യു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് യുവതി പ­റ­ഞ്ഞ­പ്പോൾ അവസാന ദി­വ­സ­മാ­ണെ­ങ്കി­ലോ എ­ന്നു് യു­വാ­വു് ചോ­ദി­ച്ചു. വി­നോ­ദ് ക­ട്ട­ച്ചി­റ ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ഒരു മി­നി­ക്ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. മി­നി­ക്ക­ഥ­യാ­ണെ­ങ്കി­ലും ഇതു വാ­യി­ച്ചു തീർ­ക്കാൻ ഒരു വർഷം വേണം. 1500 പു­റ­ങ്ങ­ളോ­ളം വ­രു­ന്ന ‘യു­ദ്ധ­വും സ­മാ­ധാ­ന­വും’ എന്ന നോവൽ ഒ­രാ­ഴ്ച്ച കൊ­ണ്ടു വാ­യി­ച്ചു തീർ­ക്കാം.
  • സ­രോ­വ­രം മാ­സി­ക­യിൽ സ­ച്ചി­ദാ­ന­ന്ദ­ന്റെ “വി­ര­ല­ട­യാ­ള­ങ്ങൾ”, “ആ­ലി­ല­യും നെൽ­ക്ക­തി­രും” ഇ­ങ്ങ­നെ രണ്ടു കാ­വ്യ­ങ്ങൾ. ര­ണ്ടി­നും ആ­ശ­യ­സൗ­കു­മാ­ര്യ­മു­ണ്ടു്. പക്ഷേ, ആ­ശ­യ­ത്തി­ന്റെ ചാരുത മാ­ത്ര­മ­ല്ല­ല്ലോ കവിത.
  • പൗ­ര­ദ്ധ്വ­നി വാ­രി­ക­യിൽ മതിര ബാ­ല­ച­ന്ദ്രൻ എ­ഴു­തി­യ ‘വിട’ എന്ന കാ­വ്യം അ­വ­സാ­നി­ക്കു­ന്ന­തു് ഇ­ങ്ങ­നെ:

    “വ്യ­ഥ­ക­ളൊ­ക്കെ­യു­മ­നു­ഭ­വി­ക്കു­ന്നു

    പ­ദ­ങ്ങ­ളാ­ടി ഞാൻ ത­ളർ­ന്നു വീ­ഴു­ന്നു

    ഇനി മ­ര­ണ­മേ­യ­ടു­ത്തു വ­ന്നാ­ലും!

    ഇനി ഭ­വാ­നെ­ന്നെ­യ­നു­ഗ്ര­ഹി­ച്ചാ­ലും­‌”

    —അയ്യോ അതു വേണ്ട. ജീ­വി­ക്കൂ ബാ­ല­ച­ന്ദ്രൻ. താ­ങ്ക­ളെ­ഴു­തു­ന്ന ഇ­മ്മാ­തി­രി ക­വി­ത­കൾ വാ­യി­ച്ചു് ഞങ്ങൾ വാ­യ­ന­ക്കാർ മ­രി­ച്ചു­കൊ­ള്ളാം.

  • സഖി വാ­രി­ക­യിൽ എം. എസ്. ദി­വാ­ക­ര­ന്റെ “പാ­ട്ടും പ­ടു­പാ­ട്ടും” എന്ന കാ­വ്യം. തു­ട­ക്കം ഇ­ങ്ങ­നെ:

    “തീ­വ­ണ്ടി­മു­റി­ക്കു­ള്ളി­ലെ­പ്പൊ­ഴു­മൊ­രു തീരാ

    ബാ­ധ­യി­പ്പി­ച്ച­ക്കാ­രും പാ­ട്ടു­പാ­ടീ­ടു­ന്നോ­രും”.

    —പ്ര­സം­ഗി­ച്ചു­കൊ­ണ്ടു നി­ല്ക്കു­മ്പോൾ സ­ദ­സ്സി­ന്റെ കൈയടി കേൾ­ക്കു­ന്നു പ്ര­ഭാ­ഷ­കൻ. ആ ക­ര­ഘോ­ഷം ര­ണ്ടു­ത­ര­ത്തി­ലാ­കാം. “ഹാ ഭേഷ്” എ­ന്നു് ഒ­ന്നു്. “നി­റു­ത്തു ഈ പ­ര­മ­ബോ­റ്” എ­ന്നു് ര­ണ്ടു്. ദി­വാ­ക­ര­ന്റെ കാ­വ്യം വാ­യി­ച്ചു് ഞാൻ കൈ­യ­ടി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് ഇ­ഷ്ടം­പോ­ലെ അതു വ്യാ­ഖ്യാ­നി­ക്കാം.

  • തനൂജ എസ്. ഭ­ട്ട­തി­രി ‘വനിത’യിൽ എ­ഴു­തി­യ “കൂ­ട്ടി­ലേ­ക്കൊ­രു മ­ട­ക്ക­യാ­ത്ര” എന്ന ഉ­പ­ന്യാ­സം വാ­യി­ച്ചു. സ്ത്രീ­സ­മ­ത്വ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന അമ്മ മകൾ രാ­ത്രി­യേ­റെ­ച്ചെ­ന്നി­ട്ടും വീ­ട്ടി­ലെ­ത്തി­യി­ല്ലെ­ന്നു ക­ണ്ടു് പ­രി­ഭ്ര­മി­ക്കു­ന്നു. എ­ന്തി­നു പ­രി­ഭ്ര­മി­ക്കു­ന്നു, സ്ത്രീ­ക്കു സ്വാ­ത­ന്ത്ര്യം വേ­ണ്ട­ത­ല്ലേ എ­ന്നു് ഭർ­ത്താ­വി­ന്റെ മ­ട്ടു്. ഒ­ടു­വിൽ അയാൾ പോയി മകളെ കൂ­ട്ടി­ക്കൊ­ണ്ടു വ­രു­ന്നു. ഇതൊരു സ്ക്കൂൾ ബോയ് കോം­പൊ­സി­ഷ­നാ­ണു്. പ­ത്തിൽ മൂ­ന്ന­ര മാർ­ക്ക് കൊ­ടു­ക്കാം. ഈ ര­ച­ന­യു­ടെ മു­ക­ളിൽ കഥ എ­ന്നു് അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു. അ­ച്ച­ടി­ത്തെ­റ്റു­കൾ വ­രാ­റി­ല്ല ‘വനിതാ’ മാ­സി­ക­യിൽ. പക്ഷേ, ഇതൊരു അ­ച്ച­ടി­ത്തെ­റ്റു് ത­ന്നെ­യാ­ണു്.

എ­വി­ടെ­യോ വാ­യി­ച്ച­തു്: ഒരു പ­ത്രാ­ധി­പർ പ­ത്ര­ത്തിൽ ഇ­ങ്ങ­നെ അ­ച്ച­ടി­ച്ചു. ‘എന്റെ പ­ത്ര­ത്തിൽ എ­വി­ടെ­യെ­ങ്കി­ലും തെ­റ്റു ക­ണ്ടാൽ അതു ക­രു­തി­ക്കൂ­ട്ടി അ­ച്ച­ടി­ച്ച­താ­ണെ­ന്നു വി­ചാ­രി­ച്ചു­കൊ­ള്ളൂ. എ­ല്ലാ­വർ­ക്കും വേ­ണ്ടി­യാ­ണു് ഞങ്ങൾ പ­ത്ര­മ­ച്ച­ടി­ച്ചു പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തു്. അവരിൽ ചി­ലർ­ക്കു വി­മർ­ശി­ക്കാ­നും എ­ന്തെ­ങ്കി­ലും വേ­ണ­മ­ല്ലോ.

ക­ല­യാ­വ­ണ­മെ­ങ്കിൽ

സ്ത്രീ­കൾ­ക്കു­ള്ള മാ­സി­ക­കൾ: ശാ­സ്ത്ര­ത്തി­ന്റെ മറവിൽ സെ­ക്സ് പ്ര­ച­രി­പ്പി­ക്കു­ന്ന പ്ര­സാ­ധ­ന­ങ്ങൾ.

“ഗോ­പാ­ലൻ കാ­ട്ടിൽ പോ­യ­പ്പോൾ പുലി അവനെ ക­ടി­ച്ചു കൊ­ന്നു” എന്നു മാ­ത്ര­മെ­ഴു­തി­യാൽ സാ­ഹി­ത്യ­മാ­വു­ക­യി­ല്ല. ഗോ­പാ­ല­നെ വർ­ണ്ണി­ക്ക­ണം. അ­വ­ന്റെ കൂ­സ­ലി­ല്ലാ­യ്മ­യെ ചി­ത്രീ­ക­രി­ക്ക­ണം. കാ­ടി­ന്റെ ഭ­യ­ങ്ക­ര­ത­യെ ആ­വി­ഷ്ക­രി­ക്ക­ണം. പുലി കാ­ട്ടി­നു­ള്ളിൽ അ­ന­ങ്ങു­ന്ന­തും അതു ഗോ­പാ­ല­ന്റെ നേർ­ക്കു ചാടി വ­രു­ന്ന­തും വി­വ­രി­ക്ക­ണം. അ­വ­ന്റെ ഭീ­തി­യും ക്രൂ­ര­ജ­ന്തു­വി­ന്റെ ആ­ക്ര­മ­ണ­വും ച­ല­ന­ചി­ത്ര­ത്തി­ലെ രംഗം പോലെ സ്ഫു­ടീ­ക­രി­ക്ക­ണം. ഇ­ത്ര­യും വി­ദ­ഗ്ദ്ധ­മാ­യി നിർ­വ­ഹി­ച്ചാൽ അതു് നല്ല വർ­ണ്ണ­ന­മാ­കും. എ­ന്നാ­ലും സാ­ഹി­ത്യ­മാ­വു­ക­യി­ല്ല. സാ­ഹി­ത്യ­മാ­ക­ണ­മെ­ങ്കിൽ ഗോ­പാ­ല­ന്റെ മരണം എന്ന പ്ര­ത്യ­ക്ഷ­സ­ത്യ­ത്തി­ന്റെ പി­റ­കി­ലു­ള്ള പ­രോ­ക്ഷ­സ­ത്യ­ങ്ങ­ളും എ­ഴു­ത്തു­കാ­രൻ കാ­ണി­ച്ചു­ത­ര­ണം. ആ കാഴ്ച വാ­യ­ന­ക്കാ­ര­ന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ്ണ­മാ­ക്കും.

‘യാ­ത്ര­യ­യ­പ്പു്’ എന്ന പേരിൽ മു­യ്യം രാജൻ ക­ഥാ­മാ­സി­ക­യിൽ എ­ഴു­തി­യ­തി­നു് ഇ­പ്പ­റ­ഞ്ഞ ഒരു ഗു­ണ­വു­മി­ല്ല. പ്ര­ത്യ­ക്ഷ­സ­ത്യ­മി­ല്ല, പ­രോ­ക്ഷ­സ­ത്യ­മി­ല്ല. നല്ല വർ­ണ്ണ­നം പോ­ലു­മ­ല്ല അതു്. മേ­ലു­ദ്ദ്യോ­ഗ­സ്ഥൻ പെൻ­ഷൻ­പ­റ്റി­യ­പ്പോൾ സ്വ­ന്തം കൈ­യി­ലെ പണം ചെ­ല­വാ­ക്കി യാ­ത്ര­യ­യ­പ്പു് ന­ട­ത്തി­യ­വൻ തന്നെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് പെൻഷൻ പ­റ്റു­ന്നു. അ­യാൾ­ക്കു് ‘സെൻ­ഡോ­ഫ്’ കി­ട്ടു­ന്നി­ല്ല. നി­ത്യ­ജീ­വി­ത­ത്തി­ലെ സ­ത്യ­ത്തെ ക­ല­യി­ലെ ക­ള്ള­മാ­ക്കു­ന്നു ഈ കു­ത്സി­ത­മാ­യ ജേ­ണ­ലി­സം.

images/RSankar.jpg
ആർ. ശങ്കർ

ആർ. ശ­ങ്ക­റി ന്റെ അ­ടു­ത്തു­ചെ­ന്നു് കൂ­ട­ക്കൂ­ടെ പണം ക­ട­മെ­ന്ന പേരിൽ വാ­ങ്ങി­ച്ചി­രു­ന്ന ഒരു വി­പ്ല­വ സാ­ഹി­ത്യ­കാ­രൻ പ്ര­ഭാ­ഷ­ണ വേ­ദി­യിൽ നി­ന്നു് കാ­ച്ചി­വി­ടു­ന്ന­തു് ഞാൻ കേ­ട്ടു. “ഈ ലോകം ഭ­രി­ക്കു­ന്ന­തു് ദ്വ­ന്ദ്വ­ങ്ങ­ളാ­ണു്. മാർ­ക്സി­ന്റെ ബൂർ­ഷ്വാ­സി­യും പ്രോ­ലി­റ്റ­റി­യേ­റ്റും, ഭാ­ര­തീ­യ­ന്റെ ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വും”. ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹം ക­സേ­ര­യി­ലി­രു­ന്നു് എന്നെ ഒന്നു നോ­ക്കി. ഞാൻ പ­റ­ഞ്ഞു: യു­ങ്ങി ന്റെ അ­ന­മ­സും അ­ന­മ­യും, ചൈ­നാ­ക്കാ­ര­ന്റെ യി­ന്നും യാ­ങ്ങും. സാ­ഹി­ത്യ­കാ­ര­നു് അ­തൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല. എ­ങ്കി­ലും എന്റെ തോളിൽ കൈ­കൊ­ണ്ട­ടി­ച്ചു കൊ­ണ്ടു് ‘ക­റ­ക്ട്’ എ­ന്നു് അ­ദ്ദേ­ഹം ഉ­ദ്ഘോ­ഷി­ച്ചു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-06-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.