സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-02-25-ൽ പ്രസിദ്ധീകരിച്ചതു്)

images/Osho.jpg
രജനീഷ്

1990 ജനുവരി 19-ാം൹ രജനീഷ് മരിച്ചു. ഒരു തുണിക്കച്ചവടക്കാരന്റെ പന്ത്രണ്ടുമക്കളിൽ ഒരാളായി 1931 ഡിസംബറിൽ ജനിച്ച മോഹൻ ചന്ദ്ര രജനീഷ് യൂണിവേഴ്സിറ്റി ലക്ചററായി. അനേകം പരിവർത്തനങ്ങളിലൂടെ ഭഗവാൻ രജനീഷായി. പിന്നെയും മാറ്റങ്ങളുണ്ടായി. ഒടുവിൽ ഓഷോ രജനീഷായി മരിച്ചു. സുപ്തിയല്ല, ലയമല്ല, യോഗമല്ല, മോക്ഷമല്ല, സമാധിയല്ല, പരിനിർവാണമല്ല വെറും ‘കാർഡിയക് അറസ്റ്റ്’. ആധ്യാത്മിക ലൈംഗികത്വം—Spiritual Sexuality— എന്നൊരു വിചിത്രമായ ആശയം പ്രചരിപ്പിച്ച രജനീഷിനു് കോടിക്കണക്കിനു് ആരാധകർ ഉണ്ടായി. പക്ഷേ, ജെ. കൃഷ്ണമൂർത്തി അദ്ദേഹത്തെ ‘ക്രിമിനൽ’—കുറ്റവാളി—എന്നാണു് വിളിച്ചതു്. കൃഷ്ണമൂർത്തിയുടെ വാക്യങ്ങൾ ഇതാ: I have received thousands of letters from all over the world asking why I do not speak out in public against this man. But I will not, as it is not my way. The man is a criminal—“ഈ മനുഷ്യനു് എതിരായി എന്തുകൊണ്ടു് ഞാൻ പരസ്യമായി പറയുന്നില്ല എന്നു ചോദിച്ചുകൊണ്ടു് എനിക്കു് ആയിരക്കണക്കിനു് എഴുത്തുകൾ കിട്ടിയിട്ടുണ്ടു്. ഞാനതു് ചെയ്യുകയില്ല. കാരണം അതു് എന്റെ രീതിയല്ല എന്നതാണു്. ഈ മനുഷ്യൻ കുറ്റവാളിയാണു്.” രജനീഷിനു് കൃഷ്ണമൂർത്തിയെക്കുറിച്ചു് നല്ല അഭിപ്രായമില്ല. The man is useless—ആ മനുഷ്യൻ ഗുണമില്ലാത്തവൻ എന്നാണു് രജനീഷ് പറഞ്ഞതു്. പക്ഷേ, രണ്ടുപേരും ധിഷണാശാലികളായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. കൃഷ്ണമൂർത്തിയുടെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. രജനീഷ് അറുന്നൂറ്റിയമ്പതോളം ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ കുറഞ്ഞതു് ഇരുപതെങ്കിലും ഞാൻ വായിച്ചിട്ടുണ്ടു്. പരകീയങ്ങളായ ആശയങ്ങൾ രജനീഷിന്റെ പുസ്തകങ്ങളിൽ ഉണ്ടെങ്കിലും അവയുടെ പാരായണം അസുലഭാനുഭൂതിക്കു് കാരണമാവും. രജനീഷിന്റെ ചിന്താമണ്ഡലത്തിൽ പ്രവേശിക്കാൻ വായനക്കാർക്കു് കൗതുകമുണ്ടോ? എങ്കിൽ എന്നോടുകൂടിപ്പോരു.

images/PDOuspensky.jpg
പി. ഡി. ഉസ്പെൻസ്കി

(റഷ്യൻ തത്ത്വചിന്തകൻ) പി. ഡി. ഉസ്പെൻസ്കി (P. D.Ouspensky, 1878–1947) Tertian Organum എന്നൊരു ഉജ്ജ്വലമായ ഗ്രന്ഥം രചിച്ചിട്ടുണ്ടു്. ഉപനിഷത്തിലെ ശാന്തിമന്ത്രത്തെ അവലംബിച്ചുള്ളതാണതു്.

ഓം പൂർണ്ണമദഃ പൂർണമിദം

പൂർണ്ണാത്പൂർണമുദച്യതേ

പൂർണസ്യ പൂർണമാദായ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

എന്നു ശാന്ത്രിമന്ത്രം. (അതു് (ബ്രഹ്മം) അനന്തമാണു്. ഇതു് (പ്രപഞ്ചം) അനന്തം. അനന്തമായതിൽ നിന്നു് അനന്തമായതു് ഉണ്ടാകുന്നു. അനന്തമായതിൽ നിന്നു് (പ്രപഞ്ചം) അനന്തമായതു് എടുത്താലും അതു് അനന്തമായിത്തന്നെ (ബ്രഹ്മം) നില്ക്കും—മാധവാനന്ദന്റെ ഇംഗ്ലീഷ് തർജ്ജമയുടെ ഭാഷാന്തരീകരണം.)

images/PercyByssheShelley.jpg
ഷെല്ലി

അദ്ഭുതാവഹമായ മന്ത്രമാണിതെന്നു രജനീഷ് പറയുന്നു. സാധാരണമായ കണക്കിനു് (arithmetic) ഇതു് എതിരാണു്. നിങ്ങൾ എതെങ്കിലും വസ്തുവിൽ നിന്നു് ചില ഭാഗമെടുത്താൽ മൂലവസ്തുവിൽ കുറവുണ്ടാകും. മുഴുവനുമെടുത്താൽ പിന്നൊന്നുമില്ലതാനും. ഔന്നത്യമാർന്ന ഒരു ഗണിതശാസ്ത്രം സ്പഷ്ടമാക്കിത്തന്നാണു് ഉസ്പെൻസ്കി മനുഷ്യരാശിക്കു് മഹനീയമായ സേവനമനുഷ്ഠിച്ചതു്. പൂർണ്ണമായതു് പരിമേയസ്വഭാവമാർന്നതല്ല. പരിമേയമായതിൽ നിന്നു് ഏതെങ്കിലുമെടുത്താൽ അതിനു കുറവു് സംഭവിക്കും. അനന്തമായതിൽ നിന്നു്— അപരിമേയമായതിൽ നിന്നു്—എന്തെടുത്താലും അതു് അനന്തമായി അപരിമേയമായിത്തന്നെ വർത്തിക്കും. മാത്രമല്ല അപരിമേയമായതു് എല്ലായിടത്തുമുണ്ടു്. അതുകൊണ്ടു് അതിൽ നിന്നു് എടുക്കുക എന്നതു് വെറും ആശയം മാത്രമാണു്. സത്യത്തിൽ നിന്നു് ഒന്നും ആരും എടുക്കുന്നില്ല. അതു് അതായിത്തന്നെ വർത്തിക്കുന്നു. സാധാരണമായ കണക്കനുസരിച്ചു് ഭാഗങ്ങളെയാകെ കൂട്ടുമ്പോഴാണു് പൂർണ്ണതയുണ്ടാകുന്നതു്. ഉന്നതമായ ഗണിതശാസ്ത്രമനുസരിച്ചു് അതു് ശരിയല്ല. ഭാഗങ്ങളുടെ ആകത്തുകയല്ല പൂർണ്ണമായതു്. ഉദാഹരണം നല്കാം. പനിനീർപ്പൂവിന്റെ ഭംഗി, ഭാഗങ്ങളുടെ ആകത്തുകയാണോ അതു? സാധാരണമായ കണക്കനുസരിച്ചു് അതേ എന്നുത്തരം. അതീത ഗണിതശാസ്ത്രപ്രകാരം അതു തെറ്റു്. രാസവസ്തുക്കളും ഭൂമിയും വായുവും പൂവിന്റെ മറ്റെല്ലാ ഭാഗങ്ങളും ചേർത്താലും ഭംഗിയുണ്ടാവില്ല. ഉന്നതമൂല്യങ്ങളെക്കുറിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. സുന്ദരമായ കാവ്യം വാക്കുകളുടെ സാകല്യമല്ല. ആണെങ്കിൽ വാക്കുകൾ ലയാത്മകമായി ചേർക്കുന്നവരെല്ലാം കാളിദാസനും ഷെയ്ക്സ്പിയറും ഷെല്ലി യും ആകുമല്ലോ. ഏതു വൈയാകരണനും കവിയാകുമല്ലോ. കവിതയാണു് ആദ്യം വരുന്നതു്; പിന്നീടു് വാക്കുകളും. രജനീഷ് പറഞ്ഞ ഈ പരമാർത്ഥം ഇന്നത്തെ കവികളുടെ മുൻപിലല്ല. അവർക്കു് വാക്കുകളാണു് ആദ്യം വരിക. അതു് കവിതയല്ലെന്നു പറയുന്നവരെ അവർ ചീത്ത വിളിക്കുന്നു.

ബാലിശം

വടക്കൻ പറവൂരിനടുത്തുള്ള വരാപ്പുഴ എന്ന സ്ഥലത്തു് ഞാൻ കുറെക്കാലം താമസിച്ചിരുന്നു. ഞാൻ താമസിച്ച വീട്ടിന്റെ പേരു് പാവന എന്നു്. പാവന വീട്ടിൽ അത്ര പാവനയല്ലാത്ത ഒരു പരിചാരികയുണ്ടായിരുന്നു. അക്കാലത്തു് അതിസുന്ദരനായ ഒരു ഡോക്ടർ വള്ളത്തിൽ കയറ്റിക്കൊണ്ടു പോകുന്ന ചരക്കുകളിൽ കീടനാശിനി തളിക്കാനായി വന്നെത്തി. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ പലപ്പോഴും അതിഥിയായി വരുമായിരുന്നു. ഒരു ദിവസം ആ പരിചാരികയ്ക്കു വല്ലാത്ത വയറ്റുവേദനയുണ്ടായി. ‘ഡോക്ടർ ഒന്നു പരിശോധിക്കു’ എന്നു എന്റെ പിതാവിന്റെ അപേക്ഷ. അദ്ദേഹം കുഴൽകൊണ്ടു അവളുടെ നെഞ്ചു പരിശോധിച്ചു. അടിവയറ്റിൽ അമർത്തിനോക്കി. നാഡി നോക്കി, മരുന്നെഴുതിത്തന്നിട്ടു പോകുകയും ചെയ്തു. പക്ഷേ, പറവൂരുപോയി മരുന്നു് വാങ്ങേണ്ടി വന്നില്ല. അവളുടെ വേദന ആകൃതി സൗഭഗമാർന്ന ചെറുപ്പക്കാരൻ ഡോക്ടറുടെ സ്പർശം കൊണ്ടുതന്നെ മാറി. പിന്നീടു് കൂടക്കൂടെ അവൾക്കു വയറ്റുവേദന വന്നു. ഡോക്ടറും അപ്പോഴൊക്കെ വന്നു പരിശോധന നടത്തി. ഒടുവിൽ ഞങ്ങൾക്കൊക്കെ മനസ്സിലായി പരിചാരികയ്ക്കു് വയറ്റുവേദന വരുന്നതിന്റെ ഹേതു. ഡോക്ടർ വന്നില്ലെങ്കിൽ അവൾ സ്ഥലം വിടുമെന്നു കണ്ടപ്പോൾ ഞങ്ങൾ ഒരു ബോറനെ മന്ത്രവാദിയായിക്കൊണ്ടുവന്നു. അയാൾ കുറെ അബദ്ധ സംസ്കൃതശ്ലോകങ്ങൾ പറഞ്ഞിട്ടു് ഒരു ചെറിയ പൊതി ഉത്തരത്തിൽ വച്ചു. എന്നിട്ടു് അവളോടു് പറഞ്ഞു: “ഇതു് മന്ത്രശക്തിയുള്ള ഒരു ഔഷധമാണു്. ഇതിന്റെ ശക്തികൊണ്ടു് കമലത്തിനു് ഇനി വയറ്റുവേദനവരില്ല. കമലമോ മറ്റാരെങ്കിലുമോ ഇതു തൊടരുതു്. തൊട്ടാൽ തൊടുന്നയാളിനു് മഹാരോഗം വരും. മരിച്ചു പോകുകയും ചെയ്യും” കമലം അടുക്കളയിലേക്കു് പോയപ്പോൾ അയാൾ ഞങ്ങളെ അറിയിച്ചു: “മുറ്റത്തെ മണ്ണെടുത്തു ഞാൻ പൊതിഞ്ഞുവച്ചിരിക്കുകയാണു് ഈ കള്ളിയെ പറ്റിക്കാൻ.” പരിചാരികയ്ക്കു് പിന്നെ വയറ്റുവേദന വന്നിട്ടില്ല. ഡോക്ടർ തിരുവനന്തപുരത്തേക്കു് സ്ഥലംമാറ്റം വാങ്ങിപ്പോവുകയും ചെയ്തു.

മണ്ണു് മാന്ത്രികശക്തിയുള്ള ഔഷധമാണെന്നു വേലക്കാരി തെറ്റിദ്ധരിച്ചതുപോലെ മണ്ണിലും കെട്ട തന്റെ രചനകൾ സാഹിത്യമാണെന്നു ആർ. കെ. നാരായൺ തെറ്റിദ്ധരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആ രചനകൾ ഉത്കൃഷ്ടസാഹിത്യമാണെന്നു സി. അച്യുതക്കുറുപ്പും തെറ്റിദ്ധരിച്ചതിനാലാണല്ലോ ആ ജേണലിസ്റ്റിന്റെ ഒരു വിരസമായ കഥയെ അവലംബിച്ചു് അദ്ദേഹം ‘കൈ നോട്ടക്കാരൻ’ എന്ന ചെറുകഥ എഴുതിയതും ദേശാഭിമാനിവാരികയിൽ പരസ്യം ചെയ്യാൻ അതു് പത്രാധിപർക്കു് നല്കിയതും. കഥ സംഗ്രഹിച്ചു പറയേണ്ടതില്ല. അത്രയ്ക്കു് സിലി—silly—ആണിതു്.

എനിക്കറിയാവുന്ന ഒരാൾക്കു് വൈരൂപ്യത്തിനു് ആസ്പദമായ ഭാര്യയുണ്ടു്. പക്ഷേ, അയാളുടെ വിചാരം അവൾ ഭൂലോകസുന്ദരിയാണെന്നാണു്. അവളെ വേഷം കെട്ടിച്ചു് അയാൾ റോഡിൽ കൊണ്ടിറങ്ങും. വേഷം അവളുടെ വൈരൂപ്യം കൂട്ടിയിരിക്കും. അതൊന്നുമറിയാതെ അവർക്കെതിരേ വരുന്ന ഓരോ പുരുഷനേയും അയാൾ തുറിച്ചുനോക്കും. ‘താൻ എന്റെ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കുകയാണു് അല്ലേ’ എന്ന മട്ടിൽ. ചിലർ വ്യാമോഹങ്ങളിൽപ്പെട്ടു പോയാൽ മരണം സംഭവിക്കുന്നതുവരെ അവയിൽ നിന്നു രക്ഷ നേടില്ല.

ചോദ്യം, ഉത്തരം

ചോദ്യം: ലോകത്തെ ഏറ്റവും വലിയ ശബ്ദം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് പൊട്ടിയപ്പോൾ ഉണ്ടായതല്ലേ?

ഉത്തരം: അല്ല. നമ്മൾ വീട്ടിൽ സ്വസ്ഥതയോടെ കിടക്കുമ്പോൾ ഡോർബെൽ കേൾപ്പിക്കുന്ന ശബ്ദമാണു് ഈ ലോകത്തെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം. അതുകൊണ്ടാണു് ചിലർ സംഗീതാത്മകമായ ശബ്ദം കേൾപ്പിക്കുന്ന ബെൽ വീടുകളിൽ ഘടിപ്പിച്ചിട്ടുള്ളതു്.

ചോദ്യം: നിങ്ങൾ രാത്രി ഉറങ്ങുമ്പോൾ വയലാർ രാമവർമ്മ യെ സ്വപ്നം കണ്ടു ‘അയ്യോ എന്നെ അടിക്കാൻ വരുന്നേ’ എന്നു വിളിക്കാറുണ്ടോ?

ഉത്തരം: കിനാവു കാണാറില്ല. നിലവിളിക്കാറുമില്ല. ഞാനുറങ്ങുമ്പോൾ വീട്ടിലെത്തിയവർ ഉറക്കെസ്സംസാരിച്ചു നിദ്രാഭംഗം ഉണ്ടാകാറുണ്ടു്.

ചോദ്യം: വസ്ത്രങ്ങൾക്കുള്ളിലെ അവയവങ്ങൾ കാണിക്കുന്നവരെക്കുറിച്ചും പാതിരിയുടെ ളോഹ പോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു് ഒരവയവും തങ്ങൾക്കില്ലെന്നു അന്യരെ ധരിപ്പിച്ചു നടക്കുന്നവരെക്കുറിച്ചും നിങ്ങൾ എന്തു പറയുന്നു?

ഉത്തരം: പണ്ടു് ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുന്ന കാലത്തു് മനക്കണക്കു് എന്നൊരു ഏർപ്പാടുണ്ടായിരുന്നു. ആദ്യത്തെ കൂട്ടരുടെ കാര്യത്തിൽ മനക്കണക്കുവേണ്ട. ഉത്തരം അവരുടെ ഉന്നതങ്ങളായ അവയവങ്ങളിലുണ്ടു്. രണ്ടാമത്തെ കൂട്ടരുടെ കാര്യത്തിൽ മനക്കണക്കുവേണം. പലപ്പോഴും ഉത്തരം തെറ്റിപ്പോകുകയും ചെയ്യും.

ചോദ്യം: അതിസുന്ദരി ‘റിഡിക്കുലസ്’ ആകുന്നതെപ്പോൾ?

ഉത്തരം: അവൾ ഓടുന്ന ബസ്സിലിരുന്നു ശബ്ദത്തോടെ ഛർദ്ദിക്കുമ്പോൾ.

ചോദ്യം: ദൂരദർശനോടു് അപ്രതീതി ഉണ്ടാകുന്നതു് എപ്പോൾ?

ഉത്തരം: കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ ഒരുനിമിഷം കാണിച്ചിട്ടു് ബാക്കിയുള്ള സമയം മുഴുവൻ അവളുടെ ശബ്ദം മാത്രം കേൾപ്പിക്കുമ്പോൾ.

ചോദ്യം: കവലകളിൽ നിന്നു്, പെണ്ണുങ്ങൾ പോകുമ്പോൾ ചൂളമടിക്കുന്നവരെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: അവർ വിവാഹം കഴിഞ്ഞാൽ ഭാര്യമാരെ ചൂളമടിച്ചു വിളിക്കും.

ചോദ്യം: സ്ത്രീജിതന്മാർ, വേശ്യാലയത്തിൽ പോകുന്നവർ വിവാഹം കഴിഞ്ഞാലോ?

ഉത്തരം: വേശ്യാലമ്പടനായ ഒരു സ്നേഹിതൻ പ്രഥമരാത്രിയിൽ നവവധുവിനു് ‘ഫോർ അനാസ്’ (four annas) എടുത്തുകൊടുത്തിട്ടു് ശയനീയത്തിൽ ശയിക്കാൻ തുടങ്ങിയെന്നാണു് ഞാനറിഞ്ഞതു്.

പരസ്പരബന്ധം

മലയാളനാടു് വാരികയുടെ പത്രാധിപർ എസ്. കെ. നായർ ക്കു് രണ്ടുകെട്ടുപുസ്തകം കൊണ്ടുകൊടുക്കാൻ ഞാൻ ഒരാളിനെ ഏർപ്പാടുചെയ്തു. വൈകുന്നേരം അയാൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ ഞാൻ ആകാംക്ഷയോടെ ചോദിച്ചു: “പുസ്തകങ്ങൾ എസ്. കെ.യെ ഏല്പിച്ചോ?” അയാളുടെ മറുപടി ഇങ്ങനെ: “ഹോ ആ വീട്ടിൽച്ചെന്നപ്പോൾ ഗേറ്റിൽ ഒരു ഗൂർഖാ കാക്കിവേഷത്തിൽ നില്ക്കുന്നു. അകത്തേക്കു് പോകാൻ ശ്രമിച്ച എന്നെ അയാൾ തടഞ്ഞു. എന്തു പറഞ്ഞിട്ടും വിട്ടില്ല. ഇതിനെക്കാൾ പ്രയാസമായിരുന്നു പാളം കടന്നു മുണ്ടയ്ക്കലേക്കു് പോകാൻ. തീവണ്ടി ദൂരെനിന്നുവരുന്നു. ഞാൻ അതു പോകുന്നതു വരെ കാത്തുനിന്നു. പിന്നെ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു് ‘വേണാടു്’ വിടാൻ അരമണിക്കൂർ താമസിച്ചു. എന്തൊരു തിരക്കായിരുന്നെന്നോ, നില്ലാനേ പറ്റിയുള്ളൂ.” ക്ഷമ നശിച്ചു് ഞാൻ ചോദിച്ചു:“പുസ്തകങ്ങൾ കൊടുത്തോ? അതു പറയൂ.” കൊടുത്തെന്നു സമ്മതിച്ചിട്ടു് അയാൾ വീണ്ടും അതുമിതും മൊഴിയാടാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു: “ഭാസ്ക്കരാ ഇങ്ങനെയല്ല കാര്യങ്ങൾ അറിയിക്കേണ്ടതു്. ‘ഞാൻ തമ്പാന്നൂർ തീവണ്ടിയാപ്പീസിലെത്തി. ടിക്കറ്റ് വാങ്ങിച്ചു. ട്രെയിനിൽ വലിയ തിരക്കായിരുന്നു. കൊല്ലം തീവണ്ടിയാപ്പീസിലിറങ്ങി ശ്രീനാരായണകോളേജിന്റെ അടുത്തെത്തിയപ്പോൾ തീവണ്ടി വരുന്നു. അതു പോകുന്നതു വരെ കാത്തുനിന്നു. എസ്. കെ.യുടെ വീട്ടിന്റെ ഗെയ്റ്റിൽ ഗൂർഖ നില്ക്കുന്നുണ്ടായിരുന്നു. അയാളെ കാര്യം പറഞ്ഞു മനസിലാക്കി അകത്തുചെന്നു. എസ്. കെ.യെ കണ്ടു് പുസ്തകങ്ങൾ കൊടുത്തു’ ഇതാണു് പ്രവൃത്തികൾക്കു് അനുരൂപമായ ‘സീക്വെൻസ്’. ഇതു് തെറ്റിച്ചാൽ കേൾക്കുന്നവർക്കു് അസ്വസ്ഥതയുണ്ടാകും.

പുസ്തകക്കെട്ടുകൾ കൊണ്ടുപോയ ആളിനു ഞാൻ പറഞ്ഞുകൊടുത്ത ‘ആഖ്യാന രഹസ്യം’ കലാകൗമുദിയിൽ ‘അഞ്ചാമന്റെ വരവു്’ എന്ന കഥയെഴുതിയ പി. എഫ്. മാത്യൂസി നും സ്വീകരിക്കാവുന്നതാണു്. ആ സീക്വെൻസ് ആഖ്യാനത്തിൽ ഇല്ലാത്തതുകൊണ്ടു് എനിക്കു് അദ്ദേഹത്തിന്റെ കഥ രണ്ടുതവണ വായിച്ചിട്ടും മനസ്സിലായില്ല.

എരുമക്കരച്ചിൽ
images/NKrishnaPillai.jpg
എൻ. കൃഷ്ണപിള്ള

രണ്ടു് സംഭവങ്ങൾ എനിക്കോർമ്മയിലെത്തി ഡി. വിനയചന്ദ്രന്റെ ചില അഭിപ്രായങ്ങൾ കുങ്കുമം വാരികയിൽ കണ്ടപ്പോൾ. പ്രഫെസർ എൻ. കൃഷ്ണപിള്ള യൂണിവേഴ്സിറ്റി കോളേജിൽ ജോലിയായിരിക്കുന്ന കാലം. അധ്യാപകരായ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തിരുന്നു സംസാരിക്കുന്നു. “ഇംഗ്ലീഷ് പഠിപ്പിക്കുന്നവർക്കു് മലയാളാധ്യാപകരെ വലിയ പുച്ഛമാണു് സാർ” എന്നു ഞാൻ പറഞ്ഞു. സാറിന്റെ മറുപടി ഉടനെ ഉണ്ടായി: “നമുക്കു് അവരോടുള്ള പുച്ഛത്തിൽ കൂടുതലല്ല അവർക്കു് നമ്മളോടുള്ള പുച്ഛം.”

പേരുകൾ പറയുന്നതു ശരിയല്ല. ‘എ’ എന്ന സാഹിത്യകാരൻ ‘ബി’ എന്ന വിമർശകനുമായി വാദപ്രതിവാദത്തിലേർപ്പെട്ടു. ആശയവിമർശനം എന്ന നിലവിട്ടു് വ്യക്തിഗതങ്ങളായ ശകാരങ്ങളിലേക്കു് അതു് എത്തിയപ്പോൾ ‘ബി’ പറഞ്ഞു: “നിങ്ങളെ ഞാൻ പുല്ലുപോലെയാണു് കരുതുന്നതു്.” അപ്പോൾ സംസ്ക്കാരം കൂടിയ ‘എ’ മറുപടി നല്കി: ‘നിങ്ങളുടെ എല്ലാ അഭിപ്രായങ്ങൾക്കും പുല്ലിന്റെ വിലപോലും ഞാൻ കല്പിക്കുന്നില്ല.”

ഇനി വിനയചന്ദ്രന്റെ ഒരഭിപ്രായം കേൾക്കുക: “ആയുസ്സിൽ പദ്യം മാത്രം എഴുതിയിട്ടുള്ള ചില ആളുകളെ കവികൾ എന്നു നാം തെറ്റിദ്ധരിച്ചിട്ടുണ്ടു്. പുത്തൻകാവു് മാത്തൻ തരകൻ, എം. പി. അപ്പൻ, നാലാങ്കൽ കൃഷ്ണപിള്ള, കെ. വി. രാമകൃഷ്ണൻ —ആയുസ്സിൽ ഒരുവരി കവിതപോലും എഴുതാതെ പദ്യം മാത്രം എഴുതിയവർ” (പുറം 27. കോളം 3) വിനയചന്ദ്രനു് ഈ കവികളോടു വല്ലാത്ത പുച്ഛം. പക്ഷേ, അവർക്കു് വിനയചന്ദ്രനോടുള്ള പുച്ഛത്തെക്കാൾ വലുതല്ല അദ്ദേഹത്തിനു് അവരോടുള്ള പുച്ഛം. അവർ മാത്രമല്ല, കേരളത്തിലെ സഹൃദയരും അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തിനു് പുല്ലിന്റെ വിലപോലും കല്പിക്കുന്നില്ല. വിനയചന്ദ്രന്റെ ‘വിനയചന്ദ്രിക’, ‘കായിക്കരയിൽ’ എന്നീ കാവ്യങ്ങൾ നല്ല കാവ്യങ്ങളാണു്. ശേഷമുള്ളവയെല്ലാം ചവറുകൾ. ആ ചവറുകൾ വാരിയെറിയുന്ന വിനയചന്ദ്രനാണു് ഈ കവികളെ പുച്ഛിക്കുന്നതു്. അദ്ദേഹം എഴുതിയ കാവ്യങ്ങളെക്കാൾ എത്രയോ ഉത്ക്കൃഷ്ടങ്ങളായ കാവ്യങ്ങൾ അവർ രചിച്ചിട്ടുണ്ടു് എന്ന പരമാർത്ഥം ആർക്കാണറിഞ്ഞു കൂടാത്തതു്.

ഡംഭിന്റെ കൊടുമുടിയിൽ കയറിയിരുന്നു വിനയചന്ദ്രൻ പാവപ്പെട്ട നമ്മുടെ ഈസ് തെറ്റിക് ഡിജസ്ച്ചെനുവേണ്ടി (aesthetic digestion) താഴോട്ടു ഉരുട്ടിത്തരുന്ന അഭിപ്രായഭക്തകബളം[1] കണ്ടാലും:

അയ്യപ്പപണിക്കർ, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാടു്, സി. എൻ. ശ്രീകണ്ഠൻ നായർ, മാധവിക്കുട്ടി, ഒ. വി. വിജയൻ, സക്കറിയ —ഞങ്ങൾ സഹോദര കവികളാണെന്നു വിശ്വസിക്കുന്നു.”

കുറിപ്പുകൾ

[1] അഭിപ്രായമാകുന്ന ചോറിന്റെ ഉരുള.

എത്ര അനായാസമായിട്ടാണു് വിനയചന്ദ്രൻ മാധവിക്കുട്ടിയുടെയും ഒ. വി. വിജയന്റെയും കൂടെ തന്നെക്കൂടെ പ്രതിഷ്ഠിക്കുന്നതു്. മാധവിക്കുട്ടിയും ഒ. വി. വിജയനുമെവിടെ? വിനയചന്ദ്രനെവിടെ? നക്ഷത്രമെവിടെ? പുല്ക്കൊടിയെവിടെ? പണ്ടു് ഞാൻ ആലപ്പുഴെ താമസിക്കുന്ന കാലം. എന്റെ വീട്ടിനടുത്തുള്ള ഒരു മരപ്പാലത്തിന്റെ ഒരുവശം ഇടിഞ്ഞുതാണു. അതുപൊക്കി ഉറപ്പിക്കാനായി ഒരു പിടിയാനയെ കൊണ്ടുവന്നു നാട്ടുകാർ. ആന പാലത്തിന്റെ താഴെ നിന്നുകൊണ്ടു് പാലംപൊക്കുകയായിരുന്നു. അപ്പോൾ പിടിയാനയുടെ വാലു് തുടങ്ങുന്നതിന്റെ കീഴ്‌വശത്തു് ഒരീച്ച പറന്നുവന്നു ഇരുന്നു. ആന പാലം പൊക്കി. നാട്ടുകാർ കുറ്റികളടിച്ചു് അതു് ഉറപ്പിച്ചു. ആന പോകാൻ ഭാവിച്ചപ്പോൾ ഈച്ച അതിരുന്നിടത്തുനിന്നു് മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റുപറന്നു് ആനയുടെ ചെവിക്കടുത്തുവന്നു പറയുന്നതു് ഞാൻ കേട്ടു: “നമ്മൾ രണ്ടുപേരും കൂടെയാണു് ഈ പാലം പൊക്കിയതു്. നിങ്ങൾ മാത്രമായിരുന്നെങ്കിൽ പാലം പൊക്കാൻ കഴിയില്ലായിരുന്നു”. ആന ഇതുകേട്ടു് പുച്ഛിച്ചു ഈച്ചയെ കോങ്കണ്ണുകൊണ്ടു നോക്കി. ഈച്ച തിരിച്ചു പറന്നു് പഴയ മൃദുലസ്ഥാനത്തു് വന്നിരിപ്പായി. വിനയചന്ദ്രന്റെ ഈ സമീകരിക്കൽ ഈച്ചയുടെ സമീകരണം പോലെയാണു്.

“പരാപരാത്മൻ ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ ചരാചരപ്രേമാജ്ഞനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ” എന്ന സുപ്രീം പൊയറ്റിക് അട്ടറൻസ് നിർവഹിച്ച മഹാകവി ഉള്ളൂരി നെ വെറും അദ്ധ്വാനിയായി കാണുന്ന വിനയചന്ദ്രൻ കവികളെക്കുറിച്ചു പറയുമ്പോൾ ഒ. എൻ. വി. കുറുപ്പി നെയും സുഗതകുമാരി യേയും വിട്ടുകളഞ്ഞതിന്റെ രഹസ്യം പരസ്യമായിപ്പോയല്ലോ. ഗോപുരാഗ്രത്തിൽ ചെന്നുനില്ക്കുന്നവനു് താഴെയുള്ളതെല്ലാം കാണാം. ഭൂമിയിൽ നില്ക്കുന്നവനു്—ഇങ്ങു താഴെ നില്കുന്നവനു്—ഗോപുരത്തിന്റെ അഗ്രത്തൂള്ളവയിൽ ഒന്നുപോലും കാണാനാവില്ല എന്നും കൂടി ഇവിടെ പറയേണ്ടതുണ്ടു്.

ഉള്ളൂരിനെ മാത്രമല്ല എൻ. വി. കൃഷ്ണവാരിയരെ യും അദ്ധ്വാനിയാക്കിയിട്ടേ വിനയചന്ദ്രൻ പിന്മാറുന്നുള്ളൂ. അദ്ദേഹം മൊഴിയാടുന്നു: “എൻ. വി.യും എം. ടി.യും അമേരിക്കയിൽ പോയ ഓരോ അനുഭവകഥകൾ എഴുതിയിട്ടുണ്ടു്. അതു് താരതമ്യം ചെയ്തുവായിച്ചാൽ എൻ. വി. അദ്ധ്വാനിയാണെന്നും എം. ടി. കവിയാണെന്നും മനസ്സിലാക്കാം”. (പുറം 28. കോളം 1) മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ എം. ടി. വാസുദേവൻ നായരെ കവിയായിക്കാണുന്ന ഈ കാഴ്ച അസ്സലായിട്ടുണ്ടു്. എം. ടി. പത്രാധിപരാകുന്നതിനു് മുൻപു് എന്തേ ഇതു് കണ്ടില്ല വിനയചന്ദ്രൻ?

images/GeorgesPerec.jpg
ഷൊർഷ് പെരക്ക്

ഏതിനും യഥാർത്ഥസംഭവങ്ങൾ വലിച്ചിഴയ്ക്കുന്ന എന്റെ കൊള്ളരുതായ്മ പ്രിയപ്പെട്ട വായനക്കാർ പൊറുക്കണം. എൻ. ഗോപാലപിള്ള സ്സാർ ആദ്ധ്യക്ഷ്യം വഹിക്കുന്ന ഒരു സമ്മേളനത്തിൽ ഒരു സ്ത്രീ പ്രസംഗിക്കാനുണ്ടായിരുന്നു. അവർ സാറിനെ വല്ലാതെ കളിയാക്കി. ഉപസംഹാരപ്രഭാഷണത്തിൽ ഗോപാലപിള്ളസ്സാറ് പുഞ്ചിരിപൊഴിച്ചുകൊണ്ടുപറഞ്ഞു: “ശ്രീമതി … ലോകത്തുള്ള എല്ലാറ്റിനേയും കാച്ചി. ഒടുവിൽ വയസ്സനായ എന്നെയും ഒരു കാച്ച്”. (ഈ സ്ത്രീ ഇപ്പോൾ ഇവിടെയെങ്ങുമില്ല. വടക്കേയിന്ത്യയിലെവിടെയോ ആണു്) വിനയചന്ദ്രൻ എല്ലാവരെയും കാച്ചിക്കാച്ചി പാവപ്പെട്ട എന്നെയും ഒരു കാച്ചു്. എന്റെ സാഹിത്യവാരഫലം ദോഷം ചെയ്യുമത്രേ. എന്റെ ലേഖനങ്ങൾ സ്റ്റണ്ടുകളാണത്രേ. പടിഞ്ഞാറൻ സാഹിത്യത്തിലെ മാസ്റ്റർ പീസുകളെ അവതരിപ്പിക്കുകയും നല്ല രചനകളെ നന്നെന്നു പറയുകയും (ഞാൻ വിനയചന്ദ്രന്റെ രണ്ടു കാവ്യങ്ങൾ നന്നെന്നു പറഞ്ഞിട്ടുണ്ടു് എന്നു് മുൻപു് എഴുതിയല്ലോ) ചെയ്യുന്ന ഈ പംക്തി എങ്ങനെയാണു് ദോഷം ചെയ്യുന്നതു? ഷൊർഷ് പെരക്കി നെ പോലുള്ള പ്രതിഭാശാലികളെക്കുറിച്ചു് മാതൃഭൂമി തുടങ്ങിയ വാരികകളിൽ ഞാനെഴുതുന്ന ലേഖനങ്ങൾ സ്റ്റണ്ടുകളാവുന്നതെങ്ങനെ? വായനക്കാരുടെ തീരുമാനത്തിനായി ഞാൻ അവ വിടുന്നു. വിനയചന്ദ്രനു് മറുപടി പറയുന്നില്ല.

“കവിത ഉറക്കെച്ചൊല്ലുന്നതു് പാപമല്ല” എന്ന വിനയചന്ദ്രന്റെ അഭിപ്രായത്തെക്കുറിച്ചു് രണ്ടുവാക്കുകൂടി. കുട്ടിക്കൃഷ്ണമാരാർ പണ്ടു് പറഞ്ഞപോലെ ഭൂമിശാസ്ത്രം. രാജ്യഭരണം ഈ പാഠപുസ്തകങ്ങളിലെ ശുഷ്കവാക്യങ്ങൾ പാടാനറിയാവുന്നവർ ചൊല്ലിയാൽ ചങ്ങമ്പുഴ ക്കവിത, ചൊല്ലാനറിയാത്തവർ ചൊല്ലിയാൽ എരുമക്കരച്ചിൽ പോലെയാകും. ഈ കേരളത്തിൽ രണ്ടുപേരെ കവിതകളെ ചൊല്ലലിലൂടെ എരുമക്കരച്ചിലാക്കുന്നുള്ളൂ. ഒരാൾ സാഹിത്യവാരഫലക്കാരൻ എം. കൃഷ്ണൻ നായർ രണ്ടാമത്തെയാൾ ഡി. വിനയചന്ദ്രൻ.

ഇനിപ്പറയുന്നതു് അഗ്രഖണ്ഡമോ പുച്ഛഖണ്ഡമോ (tailpiece) ആകാം. കെ. വി. രാമകൃഷ്ണൻ എന്ന കവി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഉപപത്രാധിപരാണു്. അദ്ദേഹമാണു് പ്രസിദ്ധപ്പെടുത്താനുള്ള കാവ്യങ്ങൾ തിരഞ്ഞെടുക്കുന്നതു്. ഞാൻ സാഹിത്യ അക്കാഡമിയുടെ നിർവാഹക സമിതിയിലെ അംഗമാണു്. നിർവാഹകസമിതിയാണു് ഇക്കൊല്ലത്തെ കവിതയ്ക്കുള്ള സമ്മാനം സച്ചിദാനന്ദനു് കൊടുത്തതു്; സച്ചിദാനന്ദൻ വിനയചന്ദ്രനെ അപേക്ഷിച്ചു് വലിയ കവിയാണു്. ഈ ടെയ്ൽ പീസിൽ ഒരു ദുസ്സൂചനയുമില്ല. (insinuation)

images/CamiloJoseCela.jpg
കേമീലോ ഹോസേ തേലാ

“അപമാനനങ്ങൾക്കു് നേരമ്പോക്കുകൾ കൊണ്ടല്ല ഉത്തരം പറയേണ്ടതു്”—1989-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കേമീലോ ഹോസേ തേലാ യുടെ (Camilo José Cela) “പാസ്ക്വൽ ദൂആൽതെയുടെ കുടുംബം” (The Family of Pascual Duarte) എന്ന നോവലിൽ നിന്നു്. Little, Brown and Company, Boston. Translated by Anthony Kerrigan, P. 75. Price $ 7=95 Rs 141=50.

തേലയുടെ നോവൽ
images/LaFamiliaDePascualDuarte.jpg

തേലയുടെ “പാസ്ക്വാൽ ദൂ ആർതെയുടെ കുടുംബം” എന്ന നോവൽ സ്പെയിനിൽ tremendista എന്നൊരു നൂതന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തുവെന്നു Martin Seymour Smith പറയുന്നു. (Guide to Modern World Literature—1973-ലെ പ്രസാധനം. പുറം 1000) ഈ പ്രസ്ഥാനത്തിൽപ്പെട്ട നോവൽ വായനക്കാരനുണ്ടാക്കുന്ന ഭീതി tremendous ആയതുകൊണ്ടാണു് ആ പേരുണ്ടായതു്. കുറ്റസമ്മതത്തിന്റെ രീതിയിൽ രചിക്കപ്പെട്ട ഈ നോവൽ വായിച്ചാൽ അതിലെ ഭയങ്കരത്വം കണ്ടു് നമ്മൾ ഞെട്ടും. ഗോൺതാലത്ത് എന്ന ജന്മിയെ കൊന്നതിനു് വധശിക്ഷ കിട്ടിയ പാസ്ക്വാൽ ജയിലിൽ കിടക്കുന്ന വേളയിൽ എഴുതിയ ‘കുറ്റസമ്മത’ത്തിലൂടെ അയാളുടെ ജീവിതസംഭവങ്ങൾ ചുറ്റഴിയുന്നു. പാസ്ക്വാൽ മദ്യപന്റെ മകനാണു്. അയാൾ പേപ്പട്ടി കടിച്ചു് മരിച്ചു. ആ മരണം ഉണ്ടായതിനുതൊട്ടുമുൻപാണു് പാസ്ക്വലിന്റെ അമ്മ മാറീയോ എന്ന മരത്തലയനു് ജന്മം നല്കിയതു്. അവളാകട്ടെ ദുഷ്ടയും. എല്ലാവരെയും കടിക്കാൻ ശ്രമിക്കുകയും സിംഹത്തെപ്പോലെ ഗർജ്ജിക്കുകയും മുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും ചെയ്ത തന്ത മരിച്ചപ്പോൾ പാസ്ക്വാലിനു് ദുഃഖമുണ്ടായി. പക്ഷേ അയാളുടെ അമ്മ കരയുന്നതിനുപകരം ചിരിച്ചു. അമ്മയ്ക്കു് (നോവലിൽ അവൾക്കു് പേരില്ല) റഫീയൽ എന്നൊരുത്തനോടു് ലൈംഗികബന്ധമുണ്ടു്. മാറീയോയുടെ ഒരു ചെവി പന്നി കടിച്ചുമുറിച്ചിരുന്നു. അച്ഛൻ മറ്റുള്ളവരെ കടിക്കാൻ ശ്രമിച്ചതു് അറിഞ്ഞിട്ടാവാം അവൻ റഫീയലിനെ കടിച്ചു. റഫീയൽ അവന്റെ ചെവിയില്ലാത്ത ഭാഗത്തു് ആഞ്ഞൊരു ചവിട്ടുകൊടുത്തു. മാറീയോ ബോധശൂന്യനാവുകയും ചെയ്തു. ആ ക്രൂരകൃത്യം കണ്ടു് അമ്മ ചിരിച്ചതേയുള്ളൂ. അതോടെ പാസ്ക്വാൽ അമ്മയെ വെറുത്തു. (for there is a no deeper hatred than blood hatred, hatred for one’s own blood. P. 47) മാറീയോ കുറെ മാസങ്ങൾ കഴിഞ്ഞു മരിച്ചു. അപ്പോഴും അമ്മ കരഞ്ഞില്ല. പാസ്ക്വാലിന്റെ ‘രക്തവിദ്വേഷം’ അതൊടെ തീക്ഷ്ണമായി. ഈ വിദ്വേഷത്തിന്റെ ജ്വാലകളാണു് നോവലിലാകെ. വിശദാംശങ്ങളിലേക്കു് പോകാൻ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു് ഇനിയുള്ള കഥാഭാഗം ഏതാനും വാക്യങ്ങളിൽ ഞാനൊതുക്കട്ടെ. ലോല എന്ന ചെറുപ്പക്കാരിയെ ഗർഭിണിയാക്കിയിട്ടു് പാസ്ക്വാൽ അവളെ വിവാഹം കഴിച്ചു. മധുവിധുവിനു ശേഷം പെൺകുതിരയിൽ കയറിവന്ന ലോലയെ ആ മൃഗം തള്ളിത്താഴെയിട്ടു. കോപാവേശനായി പാസ്ക്വാൽ അതിനെ കുത്തിക്കൊന്നു. രണ്ടുകൊല്ലം നാടുവിട്ടു നിന്നതിനുശേഷം തിരിച്ചെത്തിയ പാസ്ക്വാൽ, തന്റെ ഭാര്യ ‘സ്ട്രെച്ച്’ എന്ന വട്ടപ്പേരുള്ള ഒരുത്തനാൽ ഗർഭിണിയാക്കപ്പെട്ടതായി കണ്ടു. അവൾ പാപമേറ്റു പറഞ്ഞിട്ടു് മരിച്ചു. സ്ട്രെച്ച് പാസ്ക്വാലിന്റെ സഹോദരിയുടെയും കാമുകനാണു്. കാമുകിയെ അന്വേഷിച്ചു് പട്ടണത്തിലെത്തിയ അയാളെ പാസ്ക്വാൽ യാദൃച്ഛികമായി കൊന്നു. മൂന്നുകൊല്ലം കാരാഗൃഹത്തിൽ കിടന്നതിനുശേഷം നാട്ടിലെത്തിയ അയാൾ വിവാഹം കഴിച്ചു. വീട്ടിൽ അവളുമായി കഴിഞ്ഞു കൂടുമ്പോൾ പാസ്ക്വാൽ അമ്മയുമായി ശണ്ഠകൂടി. അമ്മ അവന്റെ ഇടത്തേ മുലക്കണ്ണുകടിച്ചു പറിച്ചു. അപ്പോൾ അവൻ അമ്മയുടെ കഴുത്തിൽ കത്തി കുത്തിത്താഴ്ത്തി. (She scratched me. She kicked me. She hit me and bit me. Suddenly her mouth found my nipple, my left nipple, and tore it away. That was the moment I sank the blade into her throat. P. 157) അമ്മയുടെ രക്തം ആട്ടിൻ കുട്ടിയുടെ രക്തം പോലെയാണു് അവൻ രുചിച്ചതു്. നോവൽ അവസാനിക്കുന്നു: I ran and ran without stopping, for a long time, for hours on end. The countryside was fresh-smelling, cool and a Sensation of great peace welled in my veins I could breathe…

ഭയം, കുറ്റബോധം, ഇച്ഛാശക്തിയില്ലായ്മ ഇവയുടെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള പഠനമാണു് ഈ നോവലെന്നു ഇതിനു് അവതാരികയെഴുതിയ തർജ്ജമക്കാരൻ ആന്തണി കെറിഗൻ പറയുന്നു. തേല ശൂന്യതാവാദിയാണെന്നും ആധ്യാത്മികത്വത്തിന്റെ ശൂന്യതയെയാണു് അദ്ദേഹം ആവിഷ്ക്കരിക്കുന്നതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. ഈ നോവൽ പ്രസാധനം ചെയ്ത 1942-ൽ തന്നെയാണു് കമ്യൂ വിന്റെ The Outsider (അമേരിക്കയിൽ The Stranger എന്ന പേരിൽ) എന്ന നോവലും പ്രസിദ്ധപ്പെടുത്തിയതു്. “അന്യനി”ലെ പ്രധാന കഥാപാത്രം ഒരറബിയെ യാദൃച്ഛികമായി കൊല്ലുന്നതുപോലെ പാസ്ക്വാലും ഭാര്യാ കാമുകനെ യാദൃച്ഛികമായി കൊല്ലുന്നു. രണ്ടുപേരും ഇച്ഛാശക്തിയെ ഇല്ലാതാക്കി പ്രവർത്തിക്കുന്നു.

കെറിഗന്റെ പാണ്ഡിത്യവും നിരൂപണപാടവവും എനിക്കില്ല. എങ്കിലും നോവലിന്റെ അവസാനത്തിൽ, പാസ്ക്വാലിന്റെ മരണം കണ്ട ഒരു പാതിരിയുടെ രണ്ടെഴുത്തുകൾ ചേർത്തിട്ടുള്ളതു് വായിച്ചപ്പോൾ കെറിഗനോടു് എനിക്കു് യോജിക്കാൻ കഴിഞ്ഞില്ല. “when the depths of his soul were probed it was easy to discover that he was more like a poor tame lamb, terrified and cornered by life” അമ്മയുടെ രക്തത്തിൽ മുങ്ങി പാപം കഴുകിക്കളയുന്നവനാണു് പാസ്ക്വാൽ. തേല ക്രിസ്തുമതസംബന്ധിയായ പാപമോചനമാണു് ധ്വനിപ്പിക്കുന്നതു്. എന്തായാലും അസാധാരണമായ നോവലാണു് തേലയുടേതു്. പ്രതിഭയുടെ ഉജ്ജ്വലത ഇതിലെവിടെയും ദൃശ്യമാണു്.

ആലോചനാമൃതം

പേരുകേട്ട എഴുത്തുകാരൻ കല്ലട രാമചന്ദ്രന്റെ പത്രാധിപത്യത്തിൽ പ്രസാധനം ചെയ്യുന്ന ‘കാഴ്ചപ്പാടു്’ എന്ന മാസികയുടെ രണ്ടാം ലക്കത്തിൽ പി. സുരേന്ദ്രന്റെ ‘ഭൂമാതാവു് ’ എന്ന കഥയെക്കുറിച്ചു് കാക്കനാടൻ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. അതു് ഉദ്ധരിക്കട്ടേ:

“മീനാക്ഷിപുരത്തെ വരണ്ട ഭൂമിയിൽ ഒരിത്തിരി പച്ചത്തലപ്പു തേടുന്ന, പച്ചയുടെ സമൃദ്ധി നിറഞ്ഞ തന്റെ ബാല്യത്തിന്റെ ഓർമ്മയിൽ ഉഴലുന്ന, പച്ചത്തഴപ്പില്ലാതെ ഒന്നും എഴുതാൻ കഴിയാത്ത എഴുത്തുകാരൻ, അവന്റെ ഗവേഷകയായ കൂട്ടുകാരി മാർഗ്രറ്റ്, അവരുടെ സ്നേഹത്തിൽ കുതിർന്ന വാഗ്വാദങ്ങൾ അവനു് പച്ച കൂടിയേ തീരൂ. ഒടുവിൽ അവൻ ഒരു ചട്ടിയിൽ മണ്ണുനിറച്ചു്, വിത്തിട്ടു്, വിലയ്ക്കു് വാങ്ങിയ വെള്ളമൊഴിച്ചു് കാത്തിരിക്കുന്നു. വിത്തു് മുളയ്ക്കുന്നില്ല. സ്ത്രീ കൂടി മനസ്സുവച്ചെങ്കിലേ വിത്തു് മുളയ്ക്കൂ എന്നു് മാർഗ്രറ്റ്. ഒരിക്കൽ അവൾ എവിടെയോ നിന്നു് ഉടഞ്ഞ, പുരാതനമായ, വികൃതമായ ഒരു മാരിയമ്മൻ വിഗ്രഹം തപ്പിയെടുത്തുകൊണ്ടു വന്നു. ഉള്ളിൽ വയ്ക്കാൻ അഴകില്ലെന്നു അവനു് തോന്നിയതുകൊണ്ടു് അവർ അതും മൺചട്ടിയിൽ നിക്ഷേപിച്ചു. അത്ഭുതമെന്നേ പറയേണ്ടു, വിത്തു് മുളയ്ക്കാൻ തുടങ്ങി. ഒട്ടേറെ മാനങ്ങളുള്ള, ഒട്ടേറെ അർത്ഥവ്യാപ്തിയുള്ള ശക്തമായ ഒരു പ്രതീകാത്മക കഥയാണു് കൃതഹസ്തനായ പി. സുരേന്ദ്രന്റെ ഭൂമാതാവു്.”

തികച്ചും വിരസമായ ഇക്കഥ വായിച്ചപ്പോൾ എനിക്കോർമ്മവന്നതു് Wallace Stevens എന്ന ‘സെറിബ്രൽ പൊയിറ്റി’ന്റെ (മസ്തിഷ്ക സംബന്ധികളായ കാവ്യങ്ങൾ രചിക്കുന്ന കവി)

I placed a jar in Tennessee

And round it was, upon a hill,

It made the slovenly wilderness

Surrounded that hill.

The wilderness rose up to it.

And sprawled around, no longer wild.

The Jar was round upon the ground

And tall and of a port in air

It took dominion everywhere.

The Jar was gray and bare.

It did not give of bird or brush,

like nothing else in Tennessee

ഈ കാവ്യത്തിന്റെ വിശദീകരണമോ വിവൃതിയോയാണു് സുരേന്ദ്രന്റെ കഥയെന്നു എനിക്കു് വിചാരമില്ല. ഒരു ദുസ്സൂചനയും ഇവിടില്ലതാനും. അമേരിക്കൻ കവിയുടെ ദുർഗ്രഹമായ ‘സ്വകീയ സിംബലിസം’ കഥയിലും കാണുന്നുവെന്നേ കരുതുന്നുള്ളൂ. മാരിയമ്മൻ വിഗ്രഹം വച്ച മൺചട്ടി പരിതഃസ്ഥിതിക്കു് സർഗ്ഗാത്മകത്വം നല്കിയ പോലെ അമേരിക്കൻ കവിയുടെ ഭരണി പരിതഃസ്ഥിതിക്കു് സർഗ്ഗാത്മകത്വം നല്കുന്നതു് ആലോചനാമൃതമായിരിക്കുന്നു.

ഒരു നിരീക്ഷണത്തിലൂടെയാവട്ടെ ഈ ലേഖനത്തിന്റെ പര്യവസാനം. ഭീഷ്മർ മരിക്കാറായപ്പോൾ വെള്ളം വേണമെന്നു പറഞ്ഞു. ക്ഷത്രിയന്മാർ വിശിഷ്ടഭോജ്യങ്ങളും പാനീയങ്ങളും കൊണ്ടുവന്നപ്പോൾ അദ്ദേഹം അവ നിരസിച്ചു. ‘അർജ്ജുനൻ എവിടെ?’ എന്നായിരുന്നു ഭീഷ്മരുടെ ചോദ്യം. അർജ്ജുനൻ എത്തിയപ്പോൾ അദ്ദേഹം ജലം ആവശ്യപ്പെട്ടു. അർജ്ജുനൻ പർജ്ജന്യാസ്ത്രം പ്രയോഗിച്ചു് ഭൂമി പിളർന്നു. അതിൽ നിന്നു് ശുദ്ധമായ ജലം ഉയർന്നു. ഭീഷ്മർ അതു് കുടിച്ചു് സംതൃപ്തനായി. യഥാർത്ഥസഹൃദയനു് ക്ഷുദ്രങ്ങളായ കൃതികൾ വേണ്ട. സഹജാവബോധംകൊണ്ടു് പ്രതിഭാശാലി കലയുടെ ശുദ്ധജലം ഉയർത്തുമ്പോൾ അയാളതു കുടിക്കും. സഹജാവബോധത്തിന്റെ അസ്ത്രം പ്രയോഗിക്കുന്ന അർജ്ജുനന്മാർ വളരെയില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-02-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.