
ക്ഷേത്രഗണിതരൂപത്തിലുള്ള പട്ടണം. അതിന്റെ രേഖകൾ സ്പഷ്ടങ്ങളാണു്. രാജവീഥിയിലെ നെടുനീളത്തിലുള്ള രേഖകളെയാണു് ഞാൻ ലക്ഷ്യമാക്കുക. അവ കടന്നു്, ആഞ്ഞടിക്കുന്ന തണുത്ത കാറ്റിനെ അവഗണിച്ചു് ഞാൻ സഫ്ദർജങ്ങ് 1-ാം നമ്പർ ഭവത്തിലേക്കു ചെന്നു. ഒരു കൊച്ചു കെട്ടിടം. വാതിലുകൾക്കോ ജന്നലുകൾക്കോ ബലമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി താമസിച്ച വീടാണു് അതെന്നു് ആരു പറഞ്ഞാലും എനിക്കു വിശ്വസിക്കാനാവില്ല. ഞാനതിനകത്തു മെല്ലെ നടന്നു, ലേശം മഞ്ഞനിറമുള്ള ഒരു സാരി മടക്കുപാളികളോടെ കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു. അതിൽ രക്തത്തിന്റെ കറകൾ. വെടിയുണ്ടയേറ്റതിന്റെ ഫലമായ ദ്വാരങ്ങൾ. ആകുലാവസ്ഥയിൽപ്പെട്ടു് ഞാൻ മുന്നോട്ടുപോയി. ഉന്മാദം ഏതു സ്ഥലത്തുവച്ചു് ഒരു ജീവൻ അപഹരിച്ചു, ആ സ്ഥലം കണ്ടു. രണ്ടു് കമാനങ്ങൾക്കിടയിലുള്ള വീതികുറഞ്ഞ, നീളം കുറഞ്ഞ ആ വഴിയിലാകെ സ്ഫടികച്ചുരുളുകളാണു്. രണ്ടാമത്തെ കമാനത്തോടു് അടുക്കുമ്പോൾ ചതുരാകൃതിയാർന്ന ഒരു ചെറിയ ഭാഗം. അവിടെയും സ്ഫടിക തലം. അതിൽ ഒരു വലിയ റോസാപ്പു. ‘അവരെന്നെ കൊന്നു’ എന്നു വിളിച്ചുകൊണ്ടു് പ്രധാനമന്ത്രി വീണതു് അവിടെയാണു്. ഒഴുകിയ രക്തത്തിന്റെ പ്രതീകമാവാം ആ ചുവന്ന പനിനീർപ്പൂ. പിന്നീടു് അവിടെ നില്ക്കണമെന്നു തോന്നിയില്ല എനിക്കു്. മദ്ധ്യാഹ്നമായി, സായാഹ്നമായി, രാത്രിയായി. തണുപ്പു് വകവയ്ക്കാതെ ഞാൻ പാർപ്പിടത്തിലെ വരാന്തയിൽനിന്നു് അന്തരീക്ഷത്തിലേക്കുനോക്കി. മൂന്നോ നാലോ നക്ഷത്രങ്ങൾ മാത്രം. അവ നക്ഷത്രങ്ങളാണോ? അതോ ലാളിത്യത്തിൽ തറച്ച വെടിയുണ്ടകളോ?

ലാളിത്യം തന്നെയാണു് തീൻമൂർത്തി ഭവനത്തിലെ ശയനമുറിയിൽ ഞാൻ കണ്ടതു്. ഭവനത്തിനു ലാളിത്യമില്ല. പക്ഷേ, അതിന്റെ രാജവേശ്മ സ്വഭാവം ശയനമുറിയുടെ വിനീതത്വത്തിൽ മുങ്ങിപ്പോകുന്നു. നമ്മുടെ വീടുകളിലൊക്കെയുള്ള കട്ടിലുകളെക്കാൾ മോശപ്പെട്ട ഒരു കട്ടിൽ. അതിൽ തികച്ചും സാധാരണമായ കിടക്ക. അടുത്തു് ഒരു കൊച്ചു റ്റീപ്പോയ്. അതിലൊരു കൊച്ചുവാച്ച്. കൂടിയാൽ നൂറുരൂപ കൊടുക്കണം അതിന്റെ വിലയായി. ചുവരുകളിലെ പലകകളിൽ അനേകം ബുദ്ധപ്രതിമകൾ. നിഗ്രഹിക്കപ്പെട്ട പ്രധാനമന്ത്രിയുടെ അഭിവന്ദ്യനായ പിതാവു്—രാഷ്ട്രശില്പി—ആ കൊച്ചുകട്ടിലിൽ കിടന്നാണു് മരിച്ചതു്. ഭാരതീയരുടെ മനസ്സിനെ സ്നേഹംകൊണ്ടു വശീകരിച്ച ഈ പ്രധാനമന്ത്രി അധിത്യകകളിലേക്കു നടന്നു കയറിയതു് ലളിതജീവിതം നയിച്ചുകൊണ്ടാണെന്നു് ഇപ്പോഴാണു് ഞാനറിയുന്നതു്. ചിലർ സ്വന്തം രൂപങ്ങൾ പ്രദർശിപ്പിച്ചു് ജനതയെ വിഭ്രമിപ്പിക്കുന്നു. തീൻമൂർത്തി ഭവനത്തിൽ ജീവിച്ച മഹാവ്യക്തി സ്നേഹം മാത്രമേ പ്രദർശിപ്പിച്ചുള്ളു. സ്വർണ്ണനിറമാർന്ന പുരാവൃത്തങ്ങൾ നിർമ്മിച്ചതിനുശേഷം ഈ ലോകം വിട്ടുപോയ മഹാൻ. ആ ലാളിത്യം നമുക്കു മാർഗ്ഗദർശകമാവട്ടെ.
ഭരതത്തിന്റെ ആദ്ധ്യാത്മികത മലകളിൽ വീണ മഞ്ഞിൻപടലം പോലെയോ നിദ്രയിൽ അവ്യക്തത ആവഹിച്ചു് നീങ്ങുന്ന സ്വപ്നംപോലെയോ ആയിട്ടുണ്ടു് ഇന്നു്. ആ അവ്യക്തതയെ മാറ്റേണ്ടതു് ഇന്നത്തെ ആവശ്യകതയാണു്. അതിനുവേണ്ടി മനോഹരമായ കാവ്യത്തിലൂടെ ആഹ്വാനം നടത്തുകയാണു് മേലൂർ ദാമോദരൻ (ശ്രീകൃഷ്ണന്റെ ഓടക്കുഴൽ—മാതൃഭൂമി ആഴ്ചപ്പതിപ്പ്—ലക്കം 4) കവി വർണ്ണിക്കുന്ന ഓടക്കുഴൽ ആധ്യാത്മികതയുടെ പ്രതീകമാണു്.
ആദ്ഭുതമാവാമല്ലെങ്കിൽ സുഖ
കല്പനയാവാ, മന്നേരം
വെള്ളിക്കസവണിനീലത്തുകിലുകൾ
തുള്ളിച്ചാടി മദിച്ചെത്തി
കടലിന്നലകൾ നിങ്ങളെ കാല്ക്കൽ
കളിചിരിയോടൊരു കുഴൽ വെച്ചു.
കണ്ണൻ ചൂടിയ കുഴലാണേ
കൈയിലെടുത്തു വിളിച്ചോളു
നീലനിരന്തര നിദ്രയിൽ മുങ്ങിയ
നൂലെത്താത്ത കയങ്ങളിൽനിന്നും
ഞങ്ങളെടുത്തുതരുന്നു നിങ്ങൾ-
ക്കിങ്ങീജീവിതസാഫല്യം.
ഈ ആധ്യാത്മികതയുടെ കുഴലെടുത്തു സംഗീതം പ്രസരിപ്പിക്കാൻ ചിലർ ശ്രമിക്കാതിരുന്നില്ല. പക്ഷേ, നൃശംസതയുടെയും ഭൗതികത്വത്തിന്റെയും യാഥാസ്ഥിതികതയുടെയും ചെളികയറി അതിന്റെ ദ്വാരങ്ങൾ അടഞ്ഞുപോയി. അതു മാറ്റിയാലേ മധുരസംഗീതം ഓടക്കുഴലിൽനിന്നു് ഉയരു.
കേവലാശയത്തെ ബിംബങ്ങളിലൂടെ മൂർത്തമാക്കിയിരിക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ സവിശേഷത. കാവ്യത്തിന്റെ സുപ്രധാന ഘടകം ലയമാണു്. പക്ഷിയെ വർണ്ണിക്കാനാണു ഭാവമെങ്കിൽ അതിന്റെ ചലനത്തിനുള്ള ലയം കവി അറിയണം. വേണുവിനെയും അതിൽനിന്നു പുറപ്പെടുന്ന ഗാനത്തെയും ആവിഷ്കരിക്കാനാണു യത്നമെങ്കിൽ അവയുടെ ലയം ഗ്രഹിക്കണം. ഓടക്കുഴലിന്റെയും മധുരനാദത്തിന്റെയും സർവോപരി ആധ്യാത്മികതയുടെയും ലയം കണ്ടറിഞ്ഞ കവിയാണു് മെലൂർ ദാമോദരൻ. പ്രത്യക്ഷങ്ങളായ വസ്തുക്കളിലും അപ്രത്യക്ഷങ്ങളായ ആശയങ്ങളിലുമുള്ള ആധ്യാത്മികതയെക്കുറിച്ചു് ഒരു ‘വിഷൻ’—ദർശനം— ഉണ്ടാവുകയും അതിനെ ആവിഷ്കരിക്കുകയും ചെയ്ത ഇക്കവി വായനക്കാരുടെ ബഹുമാനം നേടുന്നു.

ജീവിതത്തിൽ ഒരു തെറ്റു ചെയ്യാത്ത. ഒരു കള്ളവും പറയാത്ത മനുഷ്യനെ ഞാൻ ഇഷ്ടപ്പെടുന്നില്ല. വിനോബഭാവേ മഹാത്മാഗാന്ധി യെക്കാൾ ശ്രേഷ്ഠനാണു് എന്നു് കോളേജ് പ്രിൻസിപ്പലായിരുന്ന ശാരദാമ്മ ഒരിക്കൽ എന്നോടു പറഞ്ഞു. ‘അല്ല’ എന്നു ഞാൻ പറഞ്ഞപ്പോൾ അവർ ‘എന്തുകൊണ്ടു്’? എന്നു് എന്നോടു ചോദിച്ചു. ഞാൻ മറുപടി നല്കി: “വിനോബ ഒരു തെറ്റും ചെയ്യാത്ത ആളാണു് സമ്മതിച്ചു. പക്ഷേ, ഗാന്ധിജി തെറ്റുകൾ ചെയ്തു. മനുഷ്യനെന്നനിലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അന്യൂനാവസ്ഥാരാഹിത്യമാണു് നമ്മളെ അദ്ദേഹത്തോടു് അടുപ്പിച്ചതു്. ഗാന്ധിജിയോടു് അടുത്ത രീതിയിൽ ഭാരതീയർ വിനോബയോടു് അടുത്തില്ല. അന്യൂനാവസ്ഥ അദ്ദേഹത്തിനു് ഉണ്ടായിരുന്നിട്ടും.”
അച്ഛനെ കുറ്റംപറഞ്ഞ ശ്രീരാമനെയാണു് നമുക്കിഷ്ടം. നന്മയുടെ മൂർത്തിമദ്ഭാവങ്ങളായ മഹർഷിമാരെയല്ല കതകിന്റെ പിറകിൽ ഒളിച്ചുനിന്ന ഷാങ്വൽഷാങ്ങിനെ കണ്ടിട്ടും ഈ മുറിയിൽ ആരുമില്ല എന്നുപറഞ്ഞ കന്യാസ്ത്രീയോടാണു് നമുക്കു സ്നേഹം. അന്യുനാവസ്ഥയാർജിച്ച ആളുകളെ നമ്മൾ ബഹുമാനിച്ചിട്ടു് തിരസ്കരിക്കുന്നു. നന്മ കൂടുതലുണ്ടെങ്കിലും ചെറിയ ദോഷങ്ങളുള്ള ആളുകളെ സ്നേഹിക്കുന്നു. കവി വർണ്ണിക്കുന്ന ആധ്യാത്മികത ഭാരതമെമ്പാടും ഉണ്ടായിയെന്നു വിചാരിക്കൂ. നമ്മൾ ആ ഭാരതത്തെ വെറുക്കും. സമ്പൂർണ്ണത, അന്യൂനാവസ്ഥ തികച്ചും സമാദരണീയമല്ല.

കാലത്തെക്കുറിച്ചുള്ള നല്ല പുസ്തകമാണു് കംബലിന്റെ (Jeremy Campbell) “Winston Churchill’s Aftenoon Nap” എന്നതു. അതിലൊരിടത്തു് കാലത്തെക്കുറിച്ചുള്ള ‘കർത്തൃനിഷ്ഠമായ ബോധം’ (Subjective Consciousness) പ്രാചീന കാലയളവുകളിൽ മനുഷ്യർക്കില്ലായിരുന്നുവെന്നു പറഞ്ഞിട്ടുണ്ടു്. ഹോമറി ന്റെ ഇലിയഡി ലെ കഥാപാത്രങ്ങൾ എന്താണു പ്രവർത്തിക്കേണ്ടതു് എന്നു ചിന്തിക്കുന്നില്ല. ഈശ്വരന്മാർ പറയുന്നതുപോലെ ചെയ്യുന്നതേയുള്ളു എന്നു് ഒരു നിരൂപകൻ ചൂണ്ടിക്കാണിക്കുന്നതായി കംബൽ എഴുതിയിരിക്കുന്നു. ഇതു് ആ കാലയളവിലെ ജനതയ്ക്കു് കർത്തൃനിഷ്ഠമായ ബോധം ഇല്ലായിരുന്നു എന്നതിനു തെളിവാണത്രേ. മാനസിക പ്രക്രിയകളെ സൂചിപ്പിക്കുന്ന ഒരു വാക്കും ഈ കാവ്യത്തിലില്ല. വ്യക്തിഗതമായ കാലത്തെക്കുറിച്ചു് ആർക്കും ഒരറിവുമില്ല. ഭാവനയിൽ വിലയം കൊള്ളാതെ വെറും അനുഭവത്തിൽ മുഴുകിയ ജനതയെയാണു് ഇലിയഡിൽ ചിത്രീകരിച്ചിട്ടുള്ളതു്.
കാലം കഴിഞ്ഞപ്പോൾ മനുഷ്യനു് കർത്തൃനിഷ്ഠമായ ബോധമുളവായി. ഈ ബോധം, കാരാഗൃഹത്തിലാകുന്നവർക്കു നശിക്കുമെന്നാണു് വി. വിനയകുമാർ ‘നിലച്ച വാച്ച്’ എന്ന രചനയിലൂടെ വ്യക്തമാക്കുന്നതു്. (കലാകൗമുദി—ലക്കം 760) വാച്ച് കരാഗൃഹാധികാരികൾ കൈക്കലാക്കിയാൽ സമയമറിയുന്നതെങ്ങനെ? തടവറയിൽ കഴിയുന്നവനു കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള ബോധം നശിക്കുന്നു. ധിഷണയ്ക്കു നാശം, കാലബോധത്തിനു നാശം. ഈ ആശയം വിനയകുമാർ സംശയലേശം അനുവാചകർക്കു ഉണ്ടാകത്തക്കരീതിയിൽ കൊണ്ടുവന്നിട്ടുണ്ടു് തന്റെ രചനയിൽ, അത്രയും നന്നു്. നന്നല്ലാത്തതു് ഈ രചനയെ ചെറുകഥ എന്നു് അദ്ദേഹം വിളിക്കുന്നതാണു്. ഉപന്യാസമെന്നോ പ്രബന്ധമെന്നോ ‘എസേ’ എന്നോ വിളിച്ചുകൊള്ളൂ. എനിക്കു് പരാതിയില്ല. ചെറുകഥ ഒരു നിമിഷത്തിൽ ജീവിതത്തിന്റെ ശക്തിവിശേഷങ്ങളെ സാന്ദ്രീകരിക്കുന്നതാണു്. ആ പ്രക്രിയയ്ക്കു് പ്രതിഭ വേണം. ദൗർഭാഗ്യവശാൽ വിനയകുമാർ അക്കാര്യത്തിൽ അനുഗൃഹീതനല്ല.

കംബലിന്റെ പുസ്തകത്തിൽ ‘റ്റൈം റോമാൻസ്’ എന്നു വിളിക്കപ്പെടുന്ന മാജിക് മൗണ്ടനെ ക്കുറിച്ചു് (Magic Mountain—Thomas Mann) പ്രസ്താവമുണ്ടു്. നോവലിലെ പ്രധാന കഥാപാത്രമായ എഞ്ചിനീയർ സ്വിറ്റ്സർലണ്ടിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ ആലസ്യത്തിലാണ്ടുകിടക്കുകയാണു്. ദൈനംദിന കൃത്യങ്ങൾ ഒരേ രീതിയിലായതുകൊണ്ടു് ഒരു ദിവസം മറ്റൊരു ദിവസത്തിൽനിന്നു ഭിന്നമല്ല. സംഭവങ്ങളില്ലാത്ത ഏകരൂപമാർന്ന ഇത്തരം കാലയളവുകൾ കാലത്തെക്കുറിച്ചുള്ള മനുഷ്യന്റെ അവബോധത്തെ ദുർബ്ബലമാക്കുമെന്നാണു മന്നിന്റെ മതം. ഭംഗമില്ലാതെ ഏകരൂപത്തിൽ കടന്നുപോകുന്ന കാലത്തിന്റെ വിസ്തൃതി ചുരുങ്ങും, പേടികൊണ്ടു് ഹൃദയം സ്പന്ദിക്കാതെയാവും. കാലബോധത്തെ നിദ്രാധീനമാക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്യുന്നതാണു് നിത്യജീവിത ശീലങ്ങൾ. അതുകൊണ്ടാണു് ചെറുപ്പകാലത്തെ സംവത്സരങ്ങൾ പതുക്കെപ്പോകുന്നതു്, പിന്നീടുള്ള ജീവിതം വേഗത്തിൽ വേഗത്തിൽ പ്രയാണം ചെയ്യുന്നതു്. (P. 340. Paladin Book. Spl.price £2=50. വായിക്കേണ്ട പുസ്തകമാണിതു്).
ചോദ്യം: നാലു ഭാര്യമാരുള്ളവരെക്കുറിച്ചു് എന്തു പറയുന്നു?
ഉത്തരം: ഒരേ സമയത്തോ? ഒരുത്തി മരിച്ചിട്ടു് പിന്നീടും അവൾ മരിച്ചിട്ടു് പിന്നീടും വിവാഹം കഴിക്കുന്നവനെക്കുറിച്ചു് ഒന്നും പറയാനില്ല. ഒരേ സമയത്തു് നാലു ഭാര്യമാരുണ്ടെങ്കിൽ അവന്റെ കാര്യം കഷ്ടം. ഭാര്യമാരെക്കൊണ്ടുള്ള ശല്യമല്ല. നാലു് അമ്മായിമാരെ സഹിക്കുന്നതു് എങ്ങനെ? പതിനാറായിരത്തിയെട്ടു ഭാര്യമാരെ ശ്രീകൃഷ്ണൻ സഹിച്ചിരിക്കും. പതിനാറായിരത്തിയെട്ടു അമ്മായിമാരെ പേടിച്ചാവും അദ്ദേഹം വേടന്റെ അമ്പു് പാദത്തിൽ കൊള്ളത്തക്കവിധത്തിൽ കാട്ടിൽച്ചെന്നു കിടന്നതു്.
ചോദ്യം: നിങ്ങൾക്കു് നല്ല ഓർമ്മശക്തിയുണ്ടോ?
ഉത്തരം: ഇല്ല. വായനക്കാർക്കുണ്ടു്. ഞാൻ ആവർത്തിക്കുമ്പോൾ അവർ എനിക്കതു് എഴുതി അയയ്ക്കുന്നു.
ചോദ്യം: പ്രസംഗത്തിൽ പരിപാലിക്കേണ്ട നിയമം എന്തു് ?
ഉത്തരം: പറയാനുള്ളതു ചുരുക്കിപ്പറയണം. ശ്രോതാക്കൾ എപ്പോഴും നിങ്ങളെക്കാൾ മിടുക്കന്മാരാണു്. അവർക്കു നിങ്ങൾ പറയുന്നതിനും അപ്പുറം അറിയാം. മാന്യതയുടെയും മര്യാദയുടെയും പേരിൽ അവർ മിണ്ടാതിരിക്കുന്നതേയുള്ളു. അതുകൊണ്ടു് ദീർഘമായി സംസാരിക്കരുതു്. ഈ തത്ത്വം പരിപാലിക്കുന്നവനല്ല ഞാൻ.
ചോദ്യം: ചില ഉദ്യോഗസ്ഥന്മാർ പരുഷമായി പെരുമാറുന്നതു് എന്തുകൊണ്ടു്?
ഉത്തരം: പാവങ്ങൾ! രാത്രി ഉറക്കമില്ല. ഭാര്യമാർ സുഖമായി ഉറങ്ങുമ്പോൾ തൊട്ടിലാട്ടിക്കൊണ്ടു നില്ക്കേണ്ടതായിവരുന്നു അവർക്കു്. കുഞ്ഞു കരഞ്ഞാൽ ഭാര്യ ചീത്ത പറയും. രാത്രി ഉറങ്ങാത്ത ക്ഷീണം പകൽസമയത്തു് ഓഫീസിലെ ദേഷ്യമായും പാരുഷ്യമായും മാറുന്നു.
ചോദ്യം: തീവണ്ടിയാത്രയിൽ നിങ്ങളെ രസിപ്പിക്കുന്നതു് എന്തു്?
ഉത്തരം: തൊഴിലാളികൾ പണിയെടുക്കുന്നു എന്നു ബോർഡ് കാണാം ചിലയിടങ്ങളിൽ. നോക്കുമ്പോൾ അവർ വടിപോലെ നില്ക്കുന്നതുകാണാം. തീവണ്ടി പോയാൽ ബീഡി വലിച്ചുകൊണ്ടു കുത്തിയിരിക്കുമായിരിക്കും.
ചോദ്യം: പണമിടപാടുള്ള സ്ഥലങ്ങളിൽ അധികാരിയായിട്ടുള്ളവർ എന്തു ചെയ്യണം?
ഉത്തരം: ചിരിക്കരുതു്. പണം എണ്ണിനോക്കാനായും കാഷ് രജിസ്റ്റർ ഒപ്പിടാനായും നിങ്ങളുടെ മുൻപിൽ അവ കൊണ്ടുവയ്ക്കുന്ന ലേഡി അക്കൗണ്ടന്റുകൾ ഉദ്യോഗസ്ഥനായ നിങ്ങളെ നോക്കി ചിരിച്ചാൽ പകരം ചിരിക്കരുതു്. അങ്ങനെ ചിരിച്ചാൽ നിങ്ങൾ പണം അപഹരിച്ചു എന്നതിന്റെ പേരിൽ ജോലിയില്ലാത്തവനാകും. ചിലപ്പോൾ ജയിലിലും പോകും. ഞാൻ പണ്ടു ചിരിച്ചിരുന്നു. പണം കൈയിൽനിന്നു പെട്ടെന്നു വച്ചതുകൊണ്ടു് ജോലി പോയില്ല. ജയിലിൽ ആയതുമില്ല.
ചോദ്യം: ഇത്രയും പ്രായമായിട്ടും നിങ്ങൾ ആരോഗ്യത്തോടെ കഴിയുന്നതു് എങ്ങനെ?
ഉത്തരം: ഞാൻ കുടിക്കില്ല. കാലത്തും രാത്രി കിടക്കാൻനേരത്തും ചുവന്നുള്ളി പാലിൽ വേകിച്ചു കഴിക്കും. പക്ഷേ, അതേറെയായാൽ രക്തത്തിനു ക്ളോട്ട് ചെയ്യാനുള്ള ശക്തിയില്ലാതാവും, കിഡ്നിയിൽ സ്റ്റോൺ വരികയും ചെയ്യും. രണ്ടും വകവയ്ക്കുന്നില്ല ഞാൻ.
വീടില്ലെങ്കിൽ സന്ദർശകർക്കു വരാൻ പറ്റില്ല. കുളമില്ലെങ്കിൽ താമരപ്പൂ വിടരുകയില്ല. ആമ്പൽപ്പൂ വിടർന്നെങ്കിലേ ചന്ദ്രൻ ആകാശത്തിന്റെ നേരെ മുകളിൽ വന്നുനിന്നു് അതിനെ നോക്കി പുഞ്ചിരി തൂകുകയുള്ളു. മട്ടുപ്പാവു് ഉണ്ടെങ്കിലേ സുന്ദരിക്കു് അവിടെ വന്നുനിന്നു് രാജരഥ്യയിൽ നില്ക്കുന്ന കാമുകന്റെ നേർക്കു കണ്ണെറിയാൻ കഴിയൂ. അപ്പോൾ പ്രാധാന്യം സന്ദർശകർക്കും താമരപ്പൂവിനും ചന്ദ്രനും സുന്ദരിക്കുമാണെന്നു വന്നുകൂടുന്നു. ഇതെഴുതുന്നയാളിന്റെ ‘സാഹിത്യവാരഫലം’ എന്ന പംക്തിയും ‘എം. കൃഷ്ണൻനായരുടെ പ്രബന്ധങ്ങ’ളുമുള്ളതുകൊണ്ടാണു് വിജു വിനായകനും വള്ളിക്കാവു മോഹൻദാസും യഥാക്രമം കലാകൗമുദിയിലും കുങ്കുമത്തിലും അവയെക്കുറിച്ചെഴുതിയതു്. പത്രാധിപന്മാരുടെ സൗജന്യമാധുര്യത്താലാണു് അവ അച്ചടിച്ചുവന്നതു്. അതുകൊണ്ടു് ലേഖകന്മാർക്കും പത്രാധിപന്മാർക്കും ഞാൻ നന്ദി പറയുന്നു. സന്ദർശകരുടെ ആഹ്ലാദമാണു് വീടിനു ശോഭയുണ്ടാക്കുന്നതു്. വീടു് ഒരു കാരണം മാത്രമെന്നു് ഞാനറിയുന്നു.
കാട്ടിൽവച്ചു് കടുവ കുറുക്കനെ കണ്ടു. അതിനെ പിടിച്ചുതിന്നാൻ ഭാവിച്ചപ്പോൾ ജംബുകൻ പറഞ്ഞു: “എന്നെ കൊല്ലാൻ പാടില്ല, ഈശ്വരൻ താങ്കളെ ശിക്ഷിക്കും. സംശയം വല്ലതുമുണ്ടെങ്കിൽ എന്റെ കൂടെ വരൂ. എന്നെക്കണ്ടാലുടൻ മറ്റു മൃഗങ്ങളെല്ലാം ഓടിക്കളയുന്നതു താങ്കൾക്കു കാണാം. കടുവ കുറുക്കനോടൊരുമിച്ചുനടന്നു. മൃഗങ്ങൾ അവരെക്കണ്ടു പ്രാണനുംകൊണ്ടു് ഓടി. തന്നെക്കണ്ടാണു് മൃഗങ്ങൾ ഓടിയതെന്നു മനസ്സിലാക്കിയില്ല കടുവ. ജംബുകനെ പേടിച്ചാണു് അവ ഓടിയെന്നു ധരിക്കുകയും ചെയ്തു. (ഒരു ചൈനീസ് കഥ) ഞാൻ എന്നെത്തന്നെ താഴ്ത്തിപ്പറയുകയില്ല. മറ്റുള്ളവരുടെ ബലമാണു് എന്റെ ബലത്തിനു ഹേതു.

ആധ്യാത്മികാചാര്യനാകേണ്ട ആളിനെ അറബിഭാഷയിൽ Mahdi എന്നു പറയുന്നു. അതിന്റെ ഉച്ചാരണം മാദീ എന്നാണു്. ‘h’ ഉച്ചരിക്കപ്പെടുന്നില്ല. അതുകൊണ്ടു് നോബൽ സമ്മാനം Naguib Mahfouz-നെ മാഫുസ് എന്നാണു് വിളിക്കേണ്ടതെന്നു് ഞാൻ കരുതിപ്പോയി. അതു ശരിയല്ലെന്നും മെഹ്ഫൂസ് എന്നാണു് പറയേണ്ടതെന്നും ആബുദാബിയിൽനിന്നു് കെ. ശ്രീധരൻനായർ എഴുതി അയച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ തിരുത്തൽ ഞാൻ അംഗീകരിച്ചിരിക്കുന്നു. അബുദാബിയിൽ പ്രചാരമുള്ള Khaleej Times ദിനപത്രത്തിലെ ചില ‘കട്ടിങ്ങും’കളും ശ്രീധരൻനായർ അയച്ചുതന്നിട്ടുണ്ടു്. ഒന്നു് മെഹ്ഫൂസുമായി ആ പത്രത്തിന്റെ കോളമിസ്റ്റ് പദ്മനാഭൻ ആർ. അയ്യർ നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ട്.
മെഹ്ഫൂസ് ആദ്യത്തെ നോവൽ പ്രസിദ്ധപ്പെടുത്തിയതു് 1939-ലാണു്. അതിനുശേഷം മുപ്പതിലധികം നോവലുകളും നൂറിലധികം ചെറുകഥകളും അദ്ദേഹം രചിച്ചു. തന്റെ ഏറ്റവും നല്ല നോവൽ Cairo trilogy ആണെന്നു് അദ്ദേഹം വിചാരിച്ചിരിക്കുന്നു. 1952-ൽ പ്രസിദ്ധപ്പെടുത്തിയ ആ Trilogy-ക്കുശേഷം മെഹ്ഫൂസ് ഏഴുവർഷത്തോളം മൗനവലംബിച്ചു. അതിനുശേഷമണു് ഇന്നും ഈജിപ്റ്റിൽ നിരോധിക്കപ്പെട്ടിരിക്കുന്ന Children of Gebelawi എന്ന നോവൽ എഴുതിയതു്.
നോബൽ സമ്മാനം തന്റെ സമയം മുഴുവൻ അപഹരിച്ചുകളഞ്ഞു എന്നാണു് മെഹ്ഫൂസിന്റെ പരാതി. ലോകജനതയുടെ ശ്രദ്ധയിൽ ചെന്നുവീണതുകൊണ്ടു് ആളുകൾ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിനും സമയമില്ല. കിട്ടിയ തുക തന്റെ പെൺമക്കൾക്കു കൊടുക്കാനാണു് മെഹ്ഫൂസിന്റെ തീരുമാനം.
സമയം അപഹരിക്കപ്പെടുന്നതുകൊണ്ടു് അദ്ദേഹം ഇപ്പോൾ ചെറുകഥകളേ എഴുതുന്നുള്ളു. ഈജിപ്റ്റിലെ പ്രധാനപ്പെട്ട ദിനപത്രമായ Al Ahran-ൽ ആഴ്ചതോറും ഒരു പംക്തിയും. അദേഹത്തിനു പൂർണ്ണമായ സംതൃപ്തി നല്കിയതു് ഏതെന്നു് പദ്മനാഭൻ ആർ. അയ്യരുടെ ചോദ്യം. ‘സ്നേഹവും വിജയവും’ എന്നു് ഉത്തരം. ഇനിയുമുള്ള ജീവിതത്തിൽ വിശ്വാസമുണ്ടോ എന്നു വീണ്ടും ചോദ്യം. ഉണ്ടെന്നു ഉത്തരം.
മെഹ്ഫൂസിന്റെ Cairo trilogy സമൂഹത്തിന്റെ ചിത്രം മാത്രമല്ല നല്കുക, ഓരോ കഥാപാത്രത്തിന്റേയും ആന്തരമണ്ഢലത്തിലേക്കും ധിഷണയിലേക്കും അതു തുളച്ചുകയറുന്നു എന്നാണു് സ്വീഡിഷ് അക്കാഡമിയുടെ അഭിപ്രായം.
Danys Johnson-Davies ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്ത മഹ്ഫൂസിന്റെ ചെറുകഥയ്ക്കു് (A murder long ago) വലിയ മേന്മയില്ല. പ്രസിദ്ധനായ ഒരു പ്രഫെസറെ അദ്ദേഹത്തിന്റെ വേലക്കാരൻ കൊല്ലുന്നു. പൊലീസ് ഉദ്യോഗസ്ഥനു് അതു കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഇരുപത്തഞ്ചുകൊല്ലം കഴിഞ്ഞാൽ ഒരു കൊലപാതകിയേയും ശിക്ഷിക്കാൻ നിയമമില്ല. അത്രയും കാലം കഴിഞ്ഞാണു് പ്രഫെസറുടെ ഡയറിയിൽനിന്നു് കൊലപാതകി ആരാണെന്നു് ഉദ്യോഗസ്ഥർ അറിഞ്ഞതു്. അതു നേരത്തേ കണ്ടുപിടിക്കാത്ത താനും കൊലപാതകിയല്ലേ എന്നു ഉദ്യോഗസ്ഥൻ ചോദിക്കുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു. (Am I not also to be regarded as a murderer?)
Extraordinary—അസാധാരണം—ആയിരിക്കുമെന്നു വിചാരിച്ചു് ഞാൻ വായിച്ചുതുടങ്ങിയ ചെറുകഥ egg-straw-ordinary ആയി പരിണമിച്ചു വായിച്ചുകഴിഞ്ഞപ്പോൾ.
വാല്മീകി യും വ്യാസനു മാണു് രാഷ്ട്രപിതാക്കൾ. ഭാരതത്തിനു് (ഇന്ത്യയ്ക്കു്) മനസ്സു് ഉണ്ടെന്നു് സങ്കല്പ്പിക്കൂ. ആ മനസ്സിനെ രൂപവത്കരിച്ചതു് വാല്മീകിയാണു്, രാമായണമെന്ന കാവ്യത്തിന്റെ രചനയിലൂടെ. ഐശ്വരാംശവും യാഥാതഥ്യവും സങ്കലനം ചെയ്താണു് മഹർഷി രാമൻ, സീത ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചതു്. ഐശ്വരാംശം മാത്രമായാൽ മനുഷ്യർക്കു ആ കഥാപാത്രങ്ങൾ അഭിമതരാവുകയില്ല. അതിനാൽ ഓരോ കഥാപാത്രത്തിനും ദൗർബല്യങ്ങൾ കവി നല്കി. ശ്രീരാമൻ അച്ഛനെ നിന്ദിക്കുന്നു. നിർല്ലോപം ധനം അന്യർക്കു വാരിക്കോരിക്കൊടുക്കുന്ന അദ്ദേഹം കുറച്ചുസ്ഥലം വേണമെന്നു ആവശ്യപ്പെട്ട ബ്രാഹ്മണനു് അതു് ആദ്യം കൊടുക്കുന്നില്ല. എന്നല്ല പരിഹസിക്കുകയും ചെയ്യുന്നു. ഇതൊക്കെ കഥാപാത്രത്തിനു മനുഷ്യത്വം നല്കാനുള്ള ഉപായങ്ങളാണു്. ഉത്തമ സ്ത്രീത്വത്തിനു് നിദർശകമായിട്ടുള്ള സീതയുടെ സൃഷ്ടി. പക്ഷേ, ഒരു പോറലുപോലുമില്ലാത്ത സ്ത്രീ സ്വഭാവം അയഥാർത്ഥമാവും. അനുവാചകനു് ആ സൃഷ്ടി വിശ്വസിക്കത്തക്കതായി തോന്നുകയില്ല. അതുകൊണ്ടാണു് ഒരു സന്ദർഭത്തിൽ സീതയെക്കൊണ്ടു് കവി ലക്ഷ്മണനെ ഭർത്സിപ്പിക്കുന്നതു്. അതു് ചെയ്തില്ല എന്നിരിക്കട്ടെ. അപ്പോൾ കഥാപാത്രം മായാമയമായിത്തീരും. ആ രീതിയിലുള്ള കഥാപാത്രം വായനക്കാരെ സ്പർശിക്കില്ല. നന്മയുടെയും സ്വഭാവമാഹാത്മ്യത്തിന്റെയും മൂർത്തിമദ്ഭാവങ്ങളായ കഥാപാത്രങ്ങളെ ബഹിർഭാഗസ്ഥതയോടെ ചിത്രീകരിച്ചാൽ മതിയാവുകയില്ല. അവയുടെ സർവസാധാരണമായ മനുഷ്യത്വംകൂടി കാണിക്കണം. അക്കാരണത്താലാണു് ധർമ്മപുത്രൻ ഒരു കള്ളം പറഞ്ഞതായി വ്യാസൻ പ്രസ്താവിച്ചതു്. ഇതൊന്നും മനസ്സിലാക്കാത്ത, വ്യാസന്റെയും വാല്മീകിയുടെയും കാളിദാസ ന്റെയും സ്ത്രീകഥാപാത്രങ്ങളെ ഉപഭോഗവസ്തുക്കളായി സി. വി. വാസുദേവഭട്ടതിരി കാണുന്നു. ‘ശാകുന്തള’ത്തിൽ ശകുന്തള വെറും ഭോഗവസ്തുവായിട്ടാണത്രേ പ്രത്യക്ഷയാകുന്നതു്. ഈ പ്രസ്താവത്തിലും ലേഖകന്റെ അജ്ഞതയാണു് നമ്മൾ ദർശിക്കുക. ഭൂമിയോടു ബന്ധപ്പെട്ട കാമോത്സുകത സ്വർഗ്ഗത്തോടു ബന്ധപ്പെട്ട പ്രണയമായി വികസിക്കുന്നതിനെയാണു് ‘ശാകുന്തള’ത്തിൽ ചിത്രീകരിച്ചിട്ടുള്ളതു്. അക്കാരണത്താലാണു് ‘ശാകുന്തളം’ ഭൂമിയെയും സ്വർഗ്ഗത്തെയും കൂട്ടിയിണക്കുന്ന സ്വർണ്ണശലാകയാണെന്നു് ജർമ്മൻ കവി പ്രഖ്യാപിച്ചതു്. വാസുദേവ ഭട്ടതിരി ‘ഭാഷാപോഷിണി’യിൽ എഴുതിയ ഈ അബദ്ധപ്പഞ്ചാംഗത്തിലെ ഓരോ തെറ്റിനും മറുപടി എഴുതാൻ ഇവിടെ സ്ഥലമില്ല. അദേഹത്തിന്റെ പ്രബന്ധത്തെക്കുറിച്ചു് ഒരു ഇംഗ്ലീഷ് പദം മാത്രം പറയാം. Perversion. മാനസികഭ്രംശം മാത്രം പ്രദർശിപ്പിക്കുന്ന ഇത്തരം പ്രബന്ധങ്ങൾ ബഹുജനം വായിക്കാതിരിക്കുകയാണു വേണ്ടതു്.
പണ്ടു് ദുസ്സഹമായ നാറ്റമുള്ള ഒരുത്തനുണ്ടായിരുന്നു. അയാളുടെ കുടുംബത്തിലുള്ള മറ്റാളുകൾക്കു് ആ നാറ്റം സഹിക്കാൻ വയ്യാതെയായപ്പോൾ അയാളെ കടപ്പുറത്തു് ഒരിടത്തു ഒറ്റയ്ക്കു് താമസിപ്പിച്ചു. അങ്ങനെയിരിക്കെ ആ വഴിവന്ന വേറൊരുത്തനു് ആ നാറ്റം വളരെ ഇഷ്ടപ്പെട്ടു. അതു് എപ്പോഴും മൂക്കിൽ കയറാൻവേണ്ടി ആഗതൻ അയാളോടൊരുമിച്ചു താമസമായി. സി. വി. വാസുദേവ ഭട്ടതിരിയുടെ അഭിപ്രായത്തോടു യോജിക്കുന്നവനും ഉണ്ടായിയെന്നുവരും.
- പഞ്ചനക്ഷത്രഹോട്ടൽ:
- പാൽപ്പൊടി ചൂടുവെള്ളത്തിൽ കലക്കിക്കൊണ്ടുവരുന്ന ഒരു കപ്പ് ദ്രാവകത്തിനു് ഇരുപതു രൂപ വാങ്ങുന്ന സ്ഥലം. ഒരൂണിനു് എൺപതു രൂപ വാങ്ങുന്ന സ്ഥലം. മഴവെള്ളം പോലെയിരിക്കുന്ന ദ്രാവകം ഒരു ചെറിയ കപ്പിൽ കൊണ്ടുവന്നു് ചായയാണെന്നു പറഞ്ഞു് പത്തുരൂപ വാങ്ങുന്ന സ്ഥലം. (ദില്ലിയിലെ ഇന്ത്യൻ എക്സ്പ്രസ്സ് ഓഫീസാണു് ഇതൊക്കെ എനിക്കുവേണ്ടി കൊടുത്തതു്. എങ്കിലും എന്റെ മനസ്സു് ഇപ്പോഴും വേദനിക്കുന്നു.)
- മരണം നടന്ന വീടു്:
- മൃതദേഹത്തിനു തെല്ലകലെ ഇരുന്നു കൂട്ടുകാർ ‘രാഷ്ട്രീയം’ പറയുന്ന സ്ഥലം.
- മരണം:
- ആ വ്യക്തിയുടെ അപവാദ വ്യവസായത്തിനു പൂർണ്ണവിരാമമിടുന്ന പ്രക്രിയ.
- ഗ്രന്ഥങ്ങളിലെ അവതാരികകൾ:
- അത്യുക്തികൾ നഗ്നനൃത്തം നടത്തുന്ന ഇടങ്ങൾ.
- ഗ്രന്ഥകാരന്റെ ആമുഖം:
- സ്വന്തം കഴിവുകേടിനെ വിനയത്തിൽ പൊതിഞ്ഞുവയ്ക്കാനുള്ള കൗശലം.
- ദില്ലിയിലെ പുസ്തകക്കടകൾ:
- തിരുവനന്തപുരത്തു് ഒരു പവൻ 95 പെൻസിനു് കിട്ടുന്ന പുസ്തകം 4 പവൻ 96 പെൻസിനു വില്ക്കുന്ന സ്ഥലങ്ങൾ.
- ലോട്ടറി:
- മണ്ടന്മാർക്കു പണം വാരിയെറിയാൻ പ്രയോജനപ്പെടുന്ന ഒരേർപ്പാടു്.
- എഡിറ്റർ:
- അത്യന്താധുനിക കവിതയുടെ അർത്ഥം മനസ്സിലാക്കാതെ അതു സ്വന്തം വാരികയിലോ പത്രത്തിലോ പ്രസിദ്ധപ്പെടുത്തുന്ന ആൾ.
- അച്ഛനമ്മമാർ:
- സന്താനങ്ങൾക്കു വെറുക്കാനുള്ളവർ.
- സന്താനങ്ങൾ:
- അച്ഛനമ്മമാർക്കു വെറുക്കാനുള്ളവർ.
- സിറ്റി ട്രാൻസ്പോർട്ട്:
- അല്പാല്പമായി മരിക്കാനുള്ള സ്ഥലം.
- സുന്ദരി:
- വിവാഹം കഴിക്കാത്ത പുരുഷൻ കാണുന്ന ഏതു സ്ത്രീയും.

ഏതു വസ്തുവിന്റെയും നിർമ്മാണത്തിനു് ചില നിയമങ്ങളുണ്ടു്. ആ നിയമം തെറ്റിച്ചാൽ വസ്തു അതല്ലാതായിത്തീരും. കാറുണ്ടാക്കുന്നവൻ അതിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതത്തിൽ ശ്രദ്ധിക്കണം. വഞ്ചിയുണ്ടാക്കുന്നവൻ അതിന്റെ നിർമ്മാണ നിയമങ്ങളെ ലംഘിക്കാൻ പാടില്ല. കൈവണ്ടിക്കുപോലും ഇതിൽനിന്നു മാറി നില്ക്കാനാവില്ല. അതിൽ ഭാരം കയറ്റിക്കൊണ്ടു പോകുന്നവൻ ‘മുപ്പാരം’ (മുൻഭാഗം) കൂടിപ്പോയി എന്നു പരാതിപ്പെടുന്നതു കേട്ടിട്ടില്ലേ? പിൻഭാരം കൂടിയാൽ വണ്ടി ഉയർന്നുപോകും. അതിനോടൊപ്പം വണ്ടി വലിക്കുന്നവനും പൊങ്ങി അന്തരീക്ഷത്തിൽ കാലിട്ടടിക്കും. സാഹിത്യസൃഷ്ടിയിലും നിയമപരിപാലനം ദർശനീയമാണു്. വിഖ്യാതനായ ഫ്രഞ്ച് ശില്പി റൊദങ് (Rodin) ബൽസാക്കി ന്റെ പ്രതിമ നിർമ്മിച്ച കഥ അറിയാമല്ലോ? പ്രതിമയുടെ കൈകൾ അതിന്റെ മറ്റു ഭാഗത്തെക്കാൾ സുന്ദരമായി പോയതുകൊണ്ടു് റൊദങ് തന്നെ അവ അടിച്ചു തകർത്തുകളഞ്ഞു. അതുകൊണ്ടാണത്രേ ഫ്രാൻസിലെ ഒരു മ്യൂസിയത്തിലിരിക്കുന്ന ബൽസാക്ക് പ്രതിമയ്ക്കു് കൈകളില്ലാത്തതു്. അവ തകർത്തിട്ടു് റൊദങ് ആ കൈകളുടെ ഭംഗിയെ വാഴ്ത്തിയ ശിഷ്യരോടു പറഞ്ഞു, “വിഡ്ഢികളേ കലാശില്പത്തിലെ ഒരു ഭാഗത്തിനും മറ്റൊരു ഭാഗത്തെക്കാൾ ഭംഗിയോ പ്രാധാന്യമോ വരരുതു്.”

ഈ കലാരഹസ്യം, കലാതത്ത്വം അവഗണിച്ചതുകൊണ്ടാണു് പി. കെ. സുധീന്ദ്രന്റെ “ഹൃദയസ്പന്ദനം” എന്ന ചെറുകഥ (ദേശാഭിമാനി വാരിക—ലക്കം 41) വിരസമായിപോയതു്. ഒരു പഴയ റിസ്റ്റ് വാച്ചിലൂടെ കാലത്തിന്റെ പ്രയാണത്തെയും മരണത്തിന്റെ ആഗമനത്തെയും സൂചിപ്പിച്ചു് ജീവിതത്തിന്റെ സവിശേഷത സ്പഷ്ടമാക്കാൻ ശ്രമിക്കുന്ന ഇക്കഥയിൽ പ്രതീകങ്ങൾക്കു പ്രാധാന്യം സംഭവിച്ചുപോയി. നിശ്ചേതനങ്ങളായ ആ പ്രതീകങ്ങൾ ജീവിതസ്പന്ദനത്തെ ഇല്ലാതാക്കുന്നു. അതിനാൽ ജീവിതാവിഷ്കരണാത്മകതയില്ലാത്ത ഒരു കൃത്രിമ രചനയായി സുധീന്ദ്രന്റെ രചന മാറിയിരിക്കുനു.
താമരപ്പൂവിന്റെ സൗന്ദര്യം ഞാൻ കാണുന്നതു് അകലെനിന്നു് നോക്കുമ്പോഴണു്. കുളത്തിലിറങ്ങി അതു പറിച്ചെടുത്തു മണപ്പിക്കുമ്പോഴല്ല. പൂർണ്ണചന്ദ്രന്റെ രാമണീയകം ഞാൻ ആസ്വദിക്കുന്നതു് വെളുത്തവാവിൻനാൾ ഭൂമിയിൽനിന്നു് അതിനെ സംവീക്ഷണം ചെയ്യുമ്പോഴാണു്. പേടകത്തിൽ കയറി അതിലിറങ്ങുമ്പോഴല്ല. ഇറങ്ങാനുള്ള ദൗർഭാഗ്യമുണ്ടായാൽ ഞാൻ പേടിക്കുകയേയുള്ളു. സുന്ദരിയുടെ സൗന്ദര്യമാസ്വദിക്കുന്നതു് അവളെ നോക്കുന്നില്ലെന്നു ഭാവിച്ചു നോക്കുമ്പോഴാണു്. പ്രവൃത്തികളിൽ മിതത്വം പാലിക്കുമ്പോഴേ അവയ്ക്കു മഹനീയത കൈവരൂ. സാഹിത്യകാരന്മാർക്കും സ്വീകരിക്കാവുന്ന തത്ത്വമാണിതു്.
ഒരിക്കൽ ഒരു കടൽക്കാക്ക ഒരു പട്ടണത്തിൽ പറന്നെത്തി. രാജാവു് അതിനെ മനോഹരമായ മുറിയിലിരുത്തി. ഗായകരെക്കൊണ്ടു പാട്ടുപാടിച്ചുകേൾപ്പിച്ചു. മുന്തിരിച്ചാറും മറ്റു വിലകൂടിയ ഭക്ഷണസാധനങ്ങളും നല്കി. പക്ഷി ഒന്നും കഴിച്ചില്ല. മൂന്നാം ദിവസം അതു ചത്തു. രാജാവിനെ സന്തോഷിപ്പിക്കാൻ മറ്റുള്ളവർ എന്തു ചെയ്യണോ അതാണു് അദ്ദേഹം പക്ഷിയെ സന്തോഷിപ്പിക്കാനായി ചെയ്തതു്. പക്ഷേ, അതിനെ വേറൊരു വിധത്തിലായിരുന്നു ആഹ്ലാദിപ്പിക്കേണ്ടിയിരുന്നതു്. അതു രാജാവിനു് അറിവില്ലായിരുന്നു.
‘ധർമ്മരാജാ’ വായിച്ചു രസിക്കുന്നവർക്കു ‘പാടാത്ത പൈങ്കിളി’ കൊടുത്താൽ മതിയാവില്ല. ‘പാടാത്ത പൈങ്കിളി’ വായിക്കുന്നവർക്കു ‘ധർമ്മരാജാ’യും വേണ്ട. നിർബന്ധിച്ചു വായിപ്പിച്ചാൽ രണ്ടു കൂട്ടർക്കും ആപത്തുണ്ടാകും.