സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1990-05-20-ൽ പ്രസിദ്ധീകരിച്ചതു്)

images/AlexanderBlok.jpg
ആലിക്സാന്ദർ ബ്ലൊക്ക്

“നിങ്ങൾ അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ഏതു വേണമെങ്കിലും നോക്കൂ. ആരുടെയും സമ്മതംകൂടാതെ ഒരു വാർത്താ ശകലം തനിയെ ആ പുറത്തുവന്നു് ഇരുന്നുവെന്നേ തോന്നു; ആരും എഴുതിയതല്ല ആ കാവ്യമെന്ന മട്ടിൽ. കാറ്റു്, തളംകെട്ടിയ മലിനജലം, നക്ഷത്രം, തെരുവുവിളക്കു് ഇവയെക്കുറിച്ചുളള കാവ്യമല്ല നിങ്ങൾ കാണുന്നതു്. വിളക്കു പ്രകാശിപ്പിക്കുന്ന മലിനജലം കടലാസ്സിന്റെ പരപ്പിലൂടെ ആഞ്ഞുവീശിയ കാറ്റു്, അതിൽ അതവശേഷിപ്പിച്ച ശക്തവും ആർദ്രവും ശല്യപ്പെടുത്തുന്നതുമായ പാടു് ഇവയാണു് ദർശിക്കുക.”

images/BorisPasternak1959.jpg
പാസ്തർനക്ക്

ആലിക്സാന്ദർ ബ്ലൊക്ക് (Blok) എന്ന റഷ്യൻ കവിയെക്കുറിച്ചു് പാസ്തർനക്ക് (Pasternak) എന്ന മറ്റൊരു റഷ്യൻ കവി പറഞ്ഞതിന്റെ അവിദഗ്ദ്ധമായ ഭാഷാന്തരീകരണമാണിതു്. പറഞ്ഞതു് അദ്ദേഹത്തിന്റെ An Essay in Autobiography എന്ന മനോഹരമായ രചനയിൽ. ഇതുപോലെയുള്ള മൗലികങ്ങളായ നിരീക്ഷണങ്ങൾ ഈ ചെറിയ ആത്മകഥയിൽ എവിടെയുമുണ്ടു്. ടോൾസ്റ്റോയിയുടെ മൃതദേഹം കണ്ട് പാസ്തർനക്ക് പറഞ്ഞതുകൂടി എടുത്തെഴുതാതിരിക്കാൻ വയ്യ. അതു് ഇംഗ്ലീഷിൽത്തന്നെയാവട്ടെ

“Tolstoy’s presence filled the room like a mountain—say like Elbrus—or like a storm cloud the size of half a sky. And Tolstoy’s widow was as much a part of it as a great cliff taken from the mountain or as a lightning flashing from the cloud.

സോവിയറ്റ് യൂണിയനിലെ എൽബ്രൂസ് പർവ്വതംപോലെ ടോൾസ്റ്റോയി യുടെ സാന്നിദ്ധ്യം അവിടെ അനുഭവപ്പെട്ടു. അല്ലെങ്കിൽ അന്തരീക്ഷത്തിന്റെ പകുതിയോളം വ്യാപിച്ചുനിന്ന ചണ്ഡവാത മേഘം പോലെ. അദ്ദേഹത്തിന്റെ സഹധർമ്മിണി ആ പർവ്വതത്തിൽനിന്നു് അടർത്തിയെടുത്ത വലിയ കുന്നുപോലെ. അല്ലെങ്കിൽ മേഘത്തിൽനിന്നു ജ്വലിക്കുന്ന മിന്നൽപോലെ. എത്ര അനായാസമായിട്ടാണു് പാസ്തർനക്ക് ടോൾസ്റ്റോയിയുടെ മഹത്ത്വവും അദ്ദേഹത്തിനു സഹധർമ്മിണിയോടുള്ള ബന്ധവും വ്യഞ്ജിപ്പിക്കുന്നതു്!

ടോൾസ്റ്റോയിയുടെ അന്ത്യം അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളോടു ബന്ധപ്പെടുത്തുന്നതിന്റെ ഭാവനാവിലാസംകൂടി നോക്കുക:

It was somehow natural that Tolstoy should have found his rest and found it by the wayside like a pilgrim, close to one of Russia’s railways on which his heroes and heroines continued to fly past and round and round, unaware, as they glanced out of the carriage window and caught sight of the small station, that here the eyes which had seen them, embraced them, and immortalised them had closed for ever.
images/Tolstoyfuneral.jpg

ടോൾസ്റ്റോയിയുടെ മൃതദേഹം ഒരു കൊച്ചു തീവണ്ടിയാപ്പീസിൽ കിടക്കുകയാണു്. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ തീവണ്ടിയുടെ ജനലിലൂടെ നോക്കുന്നു. അവരെക്കണ്ട കണ്ണുകൾ എല്ലാക്കാലത്തേക്കുമായി അടഞ്ഞിരിക്കുന്നു. അവരെ ആലിംഗനം ചെയ്ത, അവരെ അനശ്വരമാക്കിയ കണ്ണുകൾ ഇനി തുറക്കുകയില്ല.

സാഹിത്യം നല്കുന്ന ആഹ്ലാദം പരകോടിയിലെത്തുമ്പോൾ പിന്നീടു് വായിക്കാനാവാതെ ഞാൻ ഗ്രന്ഥം അടച്ചുവയ്ക്കാറുണ്ടു്. അങ്ങനെ ഞാൻ ഈ ആത്മകഥ കുറച്ചുനേരത്തേയ്ക്കു് അടച്ചുവച്ചു. ആരോ പറഞ്ഞില്ലേ ഈ ഗ്രന്ഥം തൊടുമ്പോൾ നിങ്ങൾ ഒരു മഹാനെ തൊടുന്നുവെന്നു്. അതുതന്നെയാണു് ഇവിടെയും സംഭവിക്കുക. ഇതൊരു ചെറിയ ആത്മകഥയാണു്. പക്ഷേ, സാഗരജലകണികയിൽ സാഗരത്തിന്റെ ഉജ്ജ്വലലത മുഴുവനും കാണാം (ജിബ്രാൻ). ആ ഉജ്ജ്വലതയുടെ ദർശനത്തിനുവേണ്ടി ഈ ഗ്രന്ഥം വായിക്കു.(Poems 1955–1959 and An Essay in Autobiography—Boris Pasternak, Collins Harvill—1990—£6=95. Spl. Price £3=50)

images/Tsvetaeva.jpg
മേറീന റ്റ്സ്വേതയേവ

പാസ്തർനക്കിന്റെ Safe Conduct ഇതിനു മുൻപുണ്ടായ ആത്മകഥയാണു്. ആ പുസ്തകം എന്റെ കൈയിലില്ല. എങ്കിലും അതിലെ ഒരു വാക്യം ഞാൻ ഓർമ്മിക്കുന്നു: ‘Lacquered sound of giggling from disintegrating order of life winked at each other in the quite’. ശബ്ദത്തിനു് അമൂർത്തസ്വഭാവമാണുളളതു്. പാസ്തർനക്കിന്റെ കൈയിൽ അവയ്ക്കു ക്രിയാത്മകസ്വഭാവം വരുന്നു. അവ സജീവങ്ങളാകുന്നു. An Essay in Autobiography എന്ന ഗ്രന്ഥത്തിൽ ബ്ലൊക്കിനെയും മേറീന റ്റ്സ്വേതയേവയെ യും (Marina Tsvetayeva) വാഴ്ത്തുന്നുണ്ടു്. അവരെക്കാൾ വലിയ കവിയാണു് പാസ്തർനക്ക്.

നിർവചനങ്ങൾ
ചങ്ങമ്പുഴക്കവിത:
മണൽക്കാട്ടിൽ വിരിഞ്ഞ പനിനീർപ്പൂവു്.
ഡ്രൈവാഷിങ് സെന്റേഴ്സ്:
രാസദ്രവ്യങ്ങൾ ശ്രദ്ധയില്ലാതെ പ്രയോഗിച്ചു നമ്മുടെ വസ്ത്രങ്ങളെ നശിപ്പിക്കുന്ന സ്ഥാപനങ്ങൾ.
സിനിമാശാലകൾ:
സഹൃദയർക്കു് ഉറക്കം തൂങ്ങാനുളള സ്ഥലങ്ങൾ. ഉറങ്ങാത്തവർക്കു നിരന്തരം കോട്ടു വായിടാനും.
തലമുടി:
സിലിണ്ടറിന്റെ ആകൃതിയിൽ തലയിൽനിന്നു വളരുന്ന നാരു്. ഇന്നത്തെ പെൺകുട്ടികൾക്കു മുറിച്ചു കളയാനുള്ളതു്; ഇന്നത്തെ ആൺകുട്ടികൾക്കു നീട്ടി വളർത്താനുളളതും.
നിയമസഭാംഗങ്ങൾ:
‘സമ്മതിദായകർ’ ഉപകാരം ചെയ്യുന്നുവെന്ന മട്ടിൽ തിരഞ്ഞെടുത്തു് അയയ്ക്കുന്നവർ. പിന്നീട് പ്രത്യുപകാരത്തിനുവേണ്ടി അവരാൽ പീഡിപ്പിക്കപ്പെടുന്നവർ. പീഡ അസഹനീയമാവുമ്പോൾ നിയമസഭാംഗത്വം വേണ്ടായിരുന്നു എന്നു തോന്നുന്നവർ.
സംസ്കൃതം:
പിടിയില്ലാത്തവർക്കു കാണുന്നിടത്തൊക്കെ വിസർഗ്ഗമിടാനുളള ഭാഷ.
ലജ്ജ:
ഇന്നത്തെ ചെറുപ്പക്കാരികൾക്കു് ഇല്ലാത്തതും എഴുപതിലെത്തിയ സ്ത്രീകൾക്കു് എപ്പോഴുമുണ്ടാകുന്നതുമായ ഒരു ഭാവം.
പൊൻകുന്നം വർക്കി:
സിംഹം. ഇപ്പോഴും സിംഹംതന്നെ.
പി. കേശവദേവ്:
സിംഹമാണു് താനെന്നു് പലപ്പോഴും പ്രഖ്യാപിച്ചിരുന്ന ശുദ്ധൻ. പക്ഷേ, സിംഹമായിരുന്നില്ലതാനും.
കീർത്തി:
ആളുകൾ അതുളളവനെ കാണുമ്പോൾ ‘ഹാ ഹാ’ എന്നു് അഭിനന്ദനം പൊഴിക്കാനും അയാൾ മാറിപ്പോകുമ്പോൾ അവർക്കുതന്നെ ‘ഹൂ ഹൂ’ എന്നു പറയാനും സഹായിക്കുന്നതു്.
മഞ്ഞക്കാർഡ്:
റഫ്റി കൂടക്കുടെ കളിക്കാരുടെ മുൻപിൽ പൊക്കിക്കാണിക്കുന്നതു്. ആ കാണിക്കലല്ലാതെ വേറൊന്നും ചെയ്യാൻ അയാൾക്കു ധൈര്യമില്ല.
ദാമ്പത്യം:
ജീവപര്യന്തം തടവു്.
നിറുത്തണേ

ഒരിക്കൽ ഞാൻ തമ്പാനൂർ തീവണ്ടിയാപ്പീസിൽ വന്നിറങ്ങി കേരള എക്സ്പ്രസ്സിൽ. കെ. വി. സുരേന്ദ്രനാഥി നെക്കണ്ടു് ഒരു കാര്യം പറഞ്ഞിട്ടു വീട്ടിൽ പോകാമെന്നു തീരുമാനിച്ചു് ഞാൻ ഓട്ടോറിക്ഷയിൽ കയറി സി. പി. ഐ ഓഫീസിലേക്കു പോകട്ടെ എന്നു ഡ്രൈവറോടു പറഞ്ഞു. തീവണ്ടിയാപ്പീസിൽനിന്നു സി. പി. ഐ ഓഫീസിലേക്കുളള ദൂരം മൂന്നു ഫർലോങ്ങാണു്. വടക്കോട്ടാണു് പോകേണ്ടതും. പക്ഷേ, ഡ്രൈവർ വാഹനം പടിഞ്ഞാറോട്ടു തിരിച്ചു് ഓടിച്ചുതുടങ്ങി. ഞാൻ ശാന്തത കൈവിടാതെ “അനിയാ ഞാൻ തിരുവനന്തപുരത്തുകാരനാണു്. മനോരമ ആപ്പീസിന്റെ മുൻപിലൂടെപോയി അടുത്ത ജങ്ഷനിൽ ചെന്നിട്ടു് വലത്തോട്ടു പോയാൽ മതി. കേട്ടോ” എന്നു പറഞ്ഞു. അയാൾ ഓട്ടോറിക്ഷ തിരിച്ചു. ഞാനതു പറഞ്ഞില്ലായിരുന്നെങ്കിൽ വാഹനം പുളിമൂട്, വെളളയമ്പലം, വഴുതയ്ക്കാട്, തൈക്കാട് സ്ഥലങ്ങളെല്ലാം സ്പർശിച്ചു് പതിനഞ്ചു കിലോമീറ്റർ താണ്ടി സി. പി. ഐ ഓഫീസിനു മുൻപിൽ വന്നുനില്ക്കുമായിരുന്നു. ആദ്യമായി തിരുവനന്തപുരത്തു് എത്തുന്നവനാണെങ്കിൽ അരഫർലോങ്ങിനു പകരം കുറഞ്ഞതു് ഇരുപതു കിലോമീറ്റർ സഞ്ചരിച്ചതുതന്നെ. ഓരോ പുതിയ സ്ഥലം കാണുമ്പോഴും വാപൊളിച്ചു് ഇരിക്കുമായിരുന്നു.

കലാകൗമുദിയിൽ ‘ഇല’ എന്ന ‘കാവ്യം’ എഴുതിയ ടി. ശ്രീവത്സൻ സ്വന്തം കാവ്യ വാഹനത്തിൽ വായനക്കാരനെ കയറ്റി അയാൾക്കു ദിഗ്ഭ്രമമുണ്ടാക്കിക്കൊണ്ടു സഞ്ചരിക്കുന്നു.

പാപിയുടെ കൈഞരമ്പീമരം, സൂര്യന്റെ

കൃഷ്ണമണി താണ്ടിത്തളർന്നൊരില ഞാനെനി

ക്കുപ്പുവാരിത്തന്നവൻ ചിലമ്പാതെ പോയ്കഴുമരം കണ്ടു

ആചാരവെടിപൊട്ടി കവിതൻ തലച്ചോറൊ-

രാകാശമായ്; കോടിമൂടുന്ന വാക്കുകൾ.

‘ഒന്നു നിറുത്തണേ. എനിക്കു തലചുറ്റുന്നു, പേടിയാവുന്നു’ എന്നു പറയാൻ തോന്നിപ്പോകുന്നു. ഓട്ടോറിക്ഷാഡ്രൈവർ എത്ര ഭ്രമമുണ്ടാക്കിയാലും സി. പി. ഐ ഓഫീസിന്റെ മുൻപിൽ കൊണ്ടുചെന്നു വാഹനം നിറുത്തും. ശ്രീവത്സൻ വായനക്കാരനെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷ്യസ്ഥാനമില്ല അദ്ദേഹത്തിനു്.

തിരുവനന്തപുരത്തെ മ്യൂസിയം പൂന്തോട്ടത്തിൽ ‘പുല്ലിൽ ചവിട്ടരുതു്’ എന്നു് എഴുതിയ ബോർഡ് വച്ചിട്ടുണ്ടു്. ‘പുകവലിക്കരുതു് ’ എന്നു വിമാനത്തിൽ. ‘ചിത്രങ്ങളിൽ തൊടരുതു്’ എന്നു ചിത്രപ്രദർശനങ്ങളിൽ. പക്ഷേ, ആളുകൾ പുല്ത്തകിടിയിലേ ഇരിക്കു. പുകവലിക്കും. ചിത്രങ്ങളിൽ തൊട്ടുനോക്കും. വിലക്കങ്ങളെ ശഷ്പതുല്യം പരിഗണിക്കാനാണു് ബഹുജനത്തിനു താൽപര്യം. അതിനാൽ ശ്രീവത്സൻ കവിതയെഴുതരുതെന്നു ഞാൻ പറയുകയില്ല. നിർദ്ദേശിച്ചാൽ അതു ലംഘിക്കപ്പെടുമെന്നതിനു സംശയമില്ല. എന്നാലും ഉദ്യാനപാലകൻ ‘പുല്ലിൽ ചവിട്ടരുതു് ’ എന്നു് എഴുതിവയ്ക്കും. അതു് അയാളുടെ ജോലിയാണു്. ഞാനും അത്തരത്തിൽ ഒരു ബോർഡ് ഉയർത്തിവയ്ക്കുന്നു.

ശത്രുഘ്നൻ
images/WaltWhitman875.jpg
വാൾട് വിറ്റ്മാൻ

ക്ഷമയുള്ള ഒരു എട്ടുകാലി നിശ്ശബ്ദമായി പരിതഃസ്ഥിതികളെ വീക്ഷിച്ചിട്ടു് അതിന്റെ ശരീരത്തിൽനിന്നു നൂലുകൾ പുറപ്പെടുവിച്ചു് എവിടെയെങ്കിലും ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം അമേരിക്കൻ കവി വാൾട് വിറ്റ്മാൻ വരച്ചിട്ടുണ്ടു്. കവിയുടെ ആത്മാവു് എറിയുന്ന നൂലുകൾ ഇതുപോലെ ഏതെങ്കിലുമിടത്തു് ചെന്നുപറ്റിയെങ്കിൽ എന്നാണു് അദ്ദേഹത്തിന്റെ ആഗ്രഹം. ശത്രുഘ്നന്റെ ‘സമാന്തരങ്ങൾ’ (ഇന്ത്യാ റ്റുഡേ) എന്ന നല്ല കഥയിലെ കൃഷ്ണൻകുട്ടി അയാളുടെ ഗുരുനാഥയുമായി ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. അയാൾ പ്രശസ്തനായ നൃത്തവിദഗ്ദ്ധൻ. ഒരമേരിക്കക്കാരിയെ വിവാഹംകഴിച്ചു് അവിടെ താമസിക്കുകയാണു്. ഇടയ്ക്കു നാട്ടിൽ വന്നപ്പോൾ തന്റെ നൃത്തവൈദഗ്ദ്ധ്യത്തിനെല്ലാം കാരണക്കാരിയായ റ്റീച്ചറെ—ഭാനുമതിയെ—കണ്ടിട്ടു പോകാമെന്നു തീരുമാനിച്ചു് അവരുടെ വീട്ടിൽ എത്തുന്നു. റ്റീച്ചർ വിവാഹപ്രായം ഏറെക്കഴിഞ്ഞ മകളുമായിട്ടാണു് താമസം. ഗുരുനാഥ മരണശയ്യയിലാണെന്നു കണ്ടു് ശിഷ്യൻ കറൻസിനോട്ടുകളെടുത്തു് അവർക്കു കൊടുക്കുന്നു. ആരുമായും ബന്ധം അഭിലഷിക്കാത്ത അവർ അതു നിരസിക്കുന്നു. ‘പക്ഷേ, അവിവാഹിതയായ മകൾക്കു് എവിടെയെങ്കിലും നൂല് ബന്ധിപ്പിക്കണം. അമ്മയ്ക്കു മരുന്നു വാങ്ങാൻ അവൾ നൂറുരൂപ കടം ചോദിക്കുന്നു അയാളോടു്. അയാളെടുത്തു കൊടുക്കുന്ന നോട്ടുകളിൽനിന്നു് ഒരു നൂറുരൂപ നോട്ടുമാത്രം എടുത്തിട്ടു് അതു് എന്നെങ്കിലും തിരിച്ചുകൊടുക്കുമെന്നു് അവൾ അറിയിക്കുന്നു. എല്ലാക്കാലത്തേക്കുമായി എന്തിനു ബന്ധം ഒരു വിവാഹിതനോടു് ? ബന്ധപ്പെടാനുള്ള ആഗ്രഹവും ബന്ധപ്പെടാതിരിക്കാനുള്ള ആഗ്രഹവും തമ്മിലുളള സംഘട്ടനത്തിൽനിന്നു ജനിക്കുന്ന ദുരന്താവബോധമാണു് ഇക്കഥയെ ഹൃദയസ്പർശകമാക്കുന്നതു്. ഓരോ കഥാപാത്രവും ഓരോ വികാരത്താൽ ഭരിക്കപ്പെടുന്നു. ആ വികാരങ്ങളെ സൂക്ഷ്മമാക്കിക്കൊണ്ടുവന്നു് അവയെ നമ്മുടെയും വികാരങ്ങളാക്കി മാറ്റുന്നു കഥാകാരൻ. താനൊരു നല്ല കഥയെഴുതിയെന്നു് ശത്രുഘ്നനു് അഭിമാനിക്കാം.

അവസാനത്തെ പ്രയോഗത്തിനു
images/Panampilly.jpg
പനമ്പിളളി ഗോവിന്ദമേനോൻ

മുഖ്യമന്ത്രിയായിരുന്ന പനമ്പിളളി ഗോവിന്ദമേനോൻ മറ്റു മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കുകൊള്ളാൻ ഉടനെ പോകേണ്ടിയിരുന്നു. പക്ഷേ, സ്ക്കൂൾ അധികാരികളുണ്ടോ അതിനു സമ്മതിക്കുന്നു. പെൺകുട്ടികളുടെ ഡാൻസുണ്ടു്. അതുകണ്ടിട്ടേ പോകാവൂ എന്നായി അവർ. മര്യാദയുടെ പേരിൽ മുഖ്യമന്ത്രി സമ്മതംമൂളി പ്ലാറ്റ്ഫോമിന്റെ താഴെവന്നു് ഇരുന്നു. ക്ഷാമംപിടിച്ച കുറെ പെൺപിളേളർ വേദിയിൽ കയറി ഏതോ നാടൻ വാദ്ധ്യാർ പഠിപ്പിച്ച ചില അംഗവിക്ഷേപങ്ങൾ കാണിച്ചു് അങ്ങോട്ടുമിങ്ങോട്ടും ചാടി. ഒരു ചാരുതയുമില്ലാത്ത കുറെ ചേഷ്ടകൾ. ഒരുത്തി ഗർദ്ദഭസ്വരത്തിൽ സൈഡ്കർട്ടന്റെ ഇടയിലിരുന്നു പാടുന്നുണ്ടു്. താനാണു് പാടുന്നതെന്നു് അറിയിക്കാനായി അവൾ മെലിഞ്ഞ കഴുത്തു് ഇടയ്ക്കിടയ്ക്കു വെളിയിലേക്കു നീട്ടുന്നുണ്ടു്. അരമണിക്കൂറായി. ഒരുമണിക്കൂറായി. ഡാൻസ് അവസാനിക്കുന്നില്ല. പോകാൻ തിടുക്കംകൂട്ടിയ പനമ്പിള്ളി, ഭാവവ്യത്യാസമില്ലാതെ ഒറ്റയിരിപ്പാണു് കസേരയിൽ. ഒന്നരമണിക്കൂർ ആകാറായപ്പോൾ എല്ലാപ്പെൺപിളേളരുടെയും കൈകൾ പനമ്പിളളിയുടെ നേർക്കു നീണ്ടു. അവർ ഒരുമിച്ചുപറഞ്ഞു: അങ്ങയുടെ കൈയിൽ സുരക്ഷിതമാണു് കേരളത്തിന്റെ ഭാവി’ ഇതു പറഞ്ഞുതീർന്നതും യവനിക വീണതും ഒന്നായിക്കഴിഞ്ഞു. ഏതോ വാദ്ധ്യാർ, മുഖ്യമന്ത്രിയുടെ പ്രീതിക്കുവേണ്ടി പടച്ചുവച്ചതായിരുന്നു ആ ഡാൻസും അവസാനത്തെ പ്രയോഗവും. ഈ സംഭവം ഞാൻ ഓാർമ്മിച്ചതു് എം. രാഘവന്റെ ‘രണ്ടുപെൺകുട്ടികൾ’ എന്ന കഥ വായിച്ചതിനാലാണു്. ഒരു പെൺകുട്ടി വീട്ടിലുളളവൾ മറ്റേപ്പെൺകുട്ടി വേലക്കാരി. വീട്ടിലുളളവൾ ഒരു പാത്രം പൊട്ടിച്ചപ്പോൾ ഗൃഹനായിക ചെവിതിരുമ്മുമല്ലോ എന്നു് അവൾക്കു പേടി. അപ്പോൾ വേലക്കാരിപ്പെണ്ണു പറഞ്ഞുപോലും. “എനിക്കു വേദനിക്കൂല. എന്റെ ചെവിക്കിപ്പം… നല്ല ഒറപ്പാ… വേലക്കാരിയാണു് പാത്രം പൊട്ടിച്ചതെന്നു വിചാരിച്ചു് കൊച്ചുമ്മ അവളുടെ ചെവി തിരുമ്മിയാലും ഒന്നുമില്ല. പലരും തിരുമ്മിത്തിരുമ്മി അവളുടെ ചെവി കല്ലിച്ചുപോയിയെന്നുസാരം. പെൺപിളേളരെക്കൊണ്ടു് ആ വാക്കുകൾ പറയിക്കാൻ പനമ്പിളളിയുടെ വിലപിടിച്ച സമയം നഷ്ടപ്പെടുത്തി സ്ക്കൂൾ വാദ്ധ്യാർ. നമ്മുടെ സമയം നഷ്ടപ്പെടുത്താനും ദേശാഭിമാനിയുടെ മൂന്നുപുറം ദുരുപയോഗപ്പെടുത്താനുംവേണ്ടി ചെവിയുടെ ഉറപ്പിനെക്കുറിച്ചുളള പ്രസ്താവം. കല ജീവിതത്തിന്റെ തനിപ്പകർപ്പല്ല. അതു കണ്ണാടിയിലെ പ്രതിഫലനവുമല്ല. ദേശാഭിമാനി വാരികയിൽ ‘എല്ലാം പതിവു പോലെ’ എന്ന ക്ഷുദ്രമായ കഥയെഴുതിയ മോഹനൻ കൂവ്വപ്പാടിയും മനസ്സിലാക്കേണ്ട സാരസ്വതരഹസ്യമാണിതു്.

ചോദ്യം, ഉത്തരം

ചോദ്യം: ഇംഗ്ലീഷ് എഴുതാനറിയാത്ത ഒരു ഇംഗ്ലീഷ് നിരൂപകനാര്?

ഉത്തരം: F. R. Leavis ”— എഫ്. ആർ. ലീവിസ്.

ചോദ്യം: മലയാളം എഴുതാനറിഞ്ഞുകൂടാത്ത മലയാള നിരൂപകനാരു്?

ഉത്തരം: നിർബ്ബന്ധിക്കരുതു്, എപ്പോഴും ഒരുപേരു പറയുന്നതെങ്ങനെ?

ചോദ്യം: സ്പീഡ് പോസ്റ്റിനെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: തിരുവനന്തപുരത്തു് ചില അപവാദ വ്യവസായികൾ ഉണ്ടു്. അവർ സ്പീഡ് പോസ്റ്റിനെക്കാൾ സ്പീഡിൽ അപവാദ വ്യവസായം നടത്തും.

ചോദ്യം: ചന്ദ്രൻ സമീപഭാവിയിൽ വിമാനത്താവളമായിത്തീരുമ്പോൾ മലയാളം വാദ്ധ്യാന്മാരുടെ ചന്ദ്രമുഖിയും മറ്റും എവിടെപ്പോകും?

ഉത്തരം: ഒരിടത്തും പോകുകില്ല. അന്നും സുന്ദരികളെ ചന്ദ്രമുഖികൾ എന്നു് കവികൾ വിളിക്കും. നിലാവു് പരക്കുമ്പോൾ വിരഹിണി ദുഃഖിക്കും.

ചോദ്യം: സാൽവാതോർ ദാലി ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ?

ഉത്തരം: ‘മ’ വാരികകൾക്കു പടം വരയ്ക്കാനായി കേരളത്തിൽ വരുമായിരുന്നു.

ചോദ്യം: നിങ്ങളെ രസിപ്പിക്കുന്ന ഒരു സാഹിത്യ പ്രസ്താവം.

ഉത്തരം: ഒന്നും ഓർമ്മയില്ല. പിന്നെ ഈയിടെ ഒരു പെൺകുട്ടി എനിക്കയച്ച കത്തിലെ ചില വാക്യങ്ങൾ എന്നെ ഏറെ രസിപ്പിച്ചു. അതു്: ‘താങ്കൾ നേരിട്ടു സംസാരിക്കുമ്പോൾ മാന്യൻ. എഴുത്തിൽ അമാന്യൻ. പ്രസംഗിക്കുമ്പോൾ കവിത ചൊല്ലി സ്വയം രസിക്കുന്നവൻ. ഞങ്ങൾ രസിക്കുന്നുമില്ല. പ്രസംഗം കഴിഞ്ഞു് സഭാവേദിയിൽ ഇരിക്കുമ്പോൾ എല്ലാവരെയും ഇടിക്കുന്ന ഒരു പൊലീസ് ഇൻസ്പെക്ടർ.

ചോദ്യം: നിങ്ങളുടെ ഓർമ്മയ്ക്കായി ഞങ്ങൾ ഒരു ശവകുടീരം നിർമ്മിച്ചാൽ അതിലെന്തു് എഴുതിവയ്ക്കണം? ചങ്ങമ്പുഴക്കവിത മാത്രം ഇഷ്ടപ്പെട്ട ഒരു ജ്യോത്സ്യൻ എന്നു മതിയോ?

ഉത്തരം: അതുവേണ്ട. ഞാൻ വേറെ പല കവിതകളും ഇഷ്ടപ്പെടുന്നുണ്ടു്. ചരമസ്മാരകവാക്യം ഇങ്ങനെയാവട്ടെ: എല്ലാവർക്കും സംഭവിക്കുന്നതു് എനിക്കും സംഭവിച്ചു. പക്ഷേ, അതു് മുപ്പതുകൊല്ലംമുൻപ് സംഭവിച്ചില്ലല്ലോ എന്നതിൽ ദുഃഖം.

ചോദ്യം: ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളി ഒരു വ്യാകരണത്തെറ്റു വരുത്തിയാൽ ഇംഗ്ലീഷ് പ്രൊഫസർമാർ പുച്ഛിച്ചു ചിരിക്കുന്നതു ശരിയോ?

ഉത്തരം: ശരിയല്ല. ഇംഗ്ലീഷ് വിദേശഭാഷയാണു്. സംസാരത്തിൽ വ്യാകരണം നോക്കേണ്ടതുമില്ല. സായ്പ് വ്യാകരണത്തെറ്റുകളോടു കൂടിത്തന്നെയാണു് സംസാരിക്കുക. നമ്മുടെ ദുരഭിമാനവും ബുദ്ധിശൂന്യതയുമാണു് പുച്ഛച്ചിരിക്കു കാരണം.

ചോദ്യം: പ്രഥമദർശനത്തിലുളള പ്രേമം അനശ്വരമാകുമോ?, 2) സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ ബന്ധമുണ്ടോ?, 3) സാഹിത്യവാരഫലക്കാരൻ കൃഷ്ണൻനായരെക്കുറിച്ചു് ഒരഭിപ്രായം എഴുതുമോ?” (സ്മിജ, ജീജ, മാളവിക, വർക്കല)

ഉത്തരം: പ്രഥമദർശനത്താലുണ്ടാകുന്നതു പ്രേമമല്ല. മതിമോഹമാണു്. അതിനു് അനശ്വരസ്വഭാവമില്ല. ഏതാനും ദിവസങ്ങൾകൊണ്ടു് മോഹഭംഗമുണ്ടാകും. അപ്പോൾ കാമുകൻ കാമുകിയെയും കാമുകി കാമുകനെയും വെറുക്കും. 2) സ്വപ്നം യാഥാർത്ഥ്യത്തിന്റെ മുന്നോടിയാണെന്നു് യുങ് പറയുന്നു. ഞാനതു വിശ്വക്കുന്നു. 3) ഞാൻ എന്നെത്തന്നെ മനസ്സിലാക്കാൻ, ശ്രമിച്ചുകൊണ്ടിരിക്കുകയാണു്. അതുകൊണ്ട് ഇപ്പോൾ അഭിപ്രായം പറയാൻ വൈഷമ്യമുണ്ടു്.

ചിരിക്കട്ടെ

ജപ്പാനിലെ സെൻ ദേവാലയങ്ങളിൽ ഒരേർപ്പാടുണ്ടു്. അലഞ്ഞുനടക്കുന്ന സന്ന്യാസി ഏതെങ്കിലും ദേവാലയത്തിൽ വരികയും ബുദ്ധമതത്തെസ്സംബന്ധിച്ച വാദപ്രതിവാദത്തിൽ ജയിക്കുകയും ചെയ്താൽ അയാൾക്കു് ആ രാത്രി അവിടെ കഴിഞ്ഞുകൂടാം. ഇല്ലെങ്കിൽ അപ്പോൾത്തന്നെ പോകേണ്ടതാണു്. അത്തരത്തിലൊരു ദേവാലയത്തിൽ രണ്ടു സന്ന്യാസിമാരുണ്ടായിരുന്നു. ചേട്ടനും അനിയനും. ചേട്ടൻ പണ്ഡിതൻ. അനിയൻ മണ്ടനും ഒറ്റക്കണ്ണനും. ഒരു ദിവസം സായാഹ്നത്തിൽ ഒരു സന്ന്യാസി അവിടെയെത്തി രാത്രി കഴിഞ്ഞുകൂടാൻ. ചേട്ടൻ അന്നു പരിക്ഷീണനായിരുന്നു. അതുകൊണ്ടു് വന്നെത്തിയവനോടു വാദപ്രതിവാദം നടത്താൻ അനിയനോടു് അയാൾ ആവശ്യപ്പെട്ടു. കുറെക്കഴിഞ്ഞപ്പോൾ സഞ്ചാരിയായ സന്ന്യാസിവന്നു ചേട്ടനോടു പറഞ്ഞു: “നിങ്ങളുടെ അനിയൻ വലിയ മിടുക്കൻ. വാദപ്രതിവാദത്തിൽ അയാൾ ജയിച്ചു. ഞാൻ ഇപ്പോൾത്തന്നെ പോകുന്നു. “അതുകേട്ടു ചേട്ടൻ പറഞ്ഞു: നിങ്ങൾ പോകുന്നതിനുമുൻപ് സംഭാഷണത്തിന്റെ രീതി ഒന്നു പറഞ്ഞുതരൂ”. സഞ്ചാരി: “ശരി. ബുദ്ധനെ ഉദ്ദേശിച്ചു് ഞാൻ ഒരു വിരൽ ഉയർത്തി. അപ്പോൾ നിങ്ങളുടെ അനിയൻ രണ്ടുവിരലുകൾ ഉയർത്തി ബുദ്ധനെയും അദ്ദേഹത്തിന്റെ ഉദ്ബോധനത്തെയും സൂചിപ്പിച്ചു. അപ്പോൾ ബുദ്ധനെയും ഉദ്ബോധനത്തെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും സൂചിപ്പിക്കാനായി ഞാൻ മൂന്നുവിരലുകൾ ഉയർത്തി. ആ സന്ദർഭത്തിൽ നിങ്ങളുടെ ബുദ്ധിമാനായ സഹോദരൻ മുഷ്ടിചുരുട്ടി എന്റെ മുഖത്തിനുനേരേ കൊണ്ടുവന്നു. ഒരു സാക്ഷാത്കാരത്തിൽനിന്നാണു് മൂന്നുമുണ്ടാകുന്നതെന്നു് വ്യക്തമാക്കാനായിരുന്നു അയാൾ അങ്ങനെ ചെയ്തതു്.” ഇത്രയും അറിയിച്ചിട്ടു് സന്ന്യാസി അവിടംവിട്ടു പോയി.

അല്പംകഴിഞ്ഞു് അനുജൻ സന്ന്യാസി വിഷാദമഗ്നനായി ചേട്ടന്റെ അടുത്തെത്തി. അയാളെ വിജയത്തിന്റെ പേരിൽ അഭിനന്ദിച്ചപ്പോൾ അയാൾ പറഞ്ഞു: “ഞാൻ ജയിച്ചൊന്നുമില്ല. എന്റെ ഒറ്റക്കണ്ണിനെ സൂചിപ്പിച്ചു് അയാൾ ഒരു വിരലുയർത്തി അപമാനിച്ചപ്പോൾ അതിഥിയല്ലേ പകരം അപമാനിക്കരുതല്ലോ എന്നു കരുതി ഞാൻ രണ്ടുവിരലുകളുയർത്തി അയാൾക്കു രണ്ടുകണ്ണുകളുണ്ടല്ലോ എന്നു വ്യഞ്ജിപ്പിച്ചു. അപ്പോൾ രണ്ടുപേർക്കും കൂടി മൂന്നുകണ്ണുകളേയുളളു എന്നു സൂചിപ്പിക്കാനായി അയാൾ മൂന്നുവിരലുകൾ ഉയർത്തിക്കാണിച്ചു. എനിക്കു കോപംവന്നു. അയാളുടെ മൂക്കിടിച്ചു തകർക്കാനായി ഞാൻ മുഷ്ടിചുരുട്ടി മുഖത്തേക്കു കൊണ്ടുചെന്നു. ഉടനെ അയാൾ പോയി. ‘കൈപ്പത്തി’ എന്ന ചെറുകഥയെഴുതിയ സി. എഫ്. ഡികോസ്റ്റ വലിയ കൊങ്കണിസാഹിത്യകാരനാണെന്നു ചിലർക്കു പക്ഷം. അദ്ദേഹത്തിന്റെ കഴിവുകൾ തികച്ചും സാധാരണങ്ങളാണു്. നമ്മുടെ ബഷീറി ന്റെയോ തകഴി യുടെയോ കേശവദേവി ന്റെയോ ഒ. വി. വിജയന്റെ യോ മുകുന്ദന്റെ യോ സമീപത്തുപോലും അദ്ദേഹമെത്തുകയില്ലെന്നു് എനിക്കു പക്ഷം. രണ്ടു പേരും രണ്ടർത്ഥത്തിൽ വിരലുകൾ ഉയർത്തുന്നു. മറ്റൊരു ദേശക്കാരനല്ലേ, മൂക്കിനു് ഇടിക്കരുതല്ലോ എന്നു വിചാരിച്ചു ഞാൻ മൗനം അവലംബിക്കുന്നു. കുടിക്കാൻ പണം ചോദിച്ചു ശല്യപ്പെടുത്തിയ ഒരുത്തനെ വേറൊരുത്തൻ ഇടിക്കുന്നു. പശ്ചാത്താപത്താൽ അയാൾക്കു നൂറുരൂപ കൊടുക്കാമെന്നു് ഇടികൊടുത്തവൻ തീരുമാനിക്കുന്നു. രൂപ കൊടുക്കാനായി അയാളെ വിളിക്കുമ്പോൾ വീണ്ടും ഇടിക്കാനാണു ഭാവമെന്നു തെറ്റിദ്ധരിച്ചു് അയാൾ ജലാശയത്തിൽ എടുത്തുചാടുന്നു, മരിക്കുന്നു. എന്തൊരു കഥയാണിതു്! അന്യദേശത്തെ കഥയെടുത്തു പ്രദർശിപ്പിക്കുമ്പോൾ അതു് നമ്മുടെ കഥകളെ അതിശയിക്കണമെന്നു ഞാൻ പറയുന്നില്ല. പക്ഷേ, അതൊരു ‘പരട്ട’ക്കഥയാകരുതല്ലോ. അനുജൻ സന്ന്യാസിയുടെ ‘വിശദീകരണം കേട്ടു് ചേട്ടൻ പൊട്ടിച്ചിരിച്ചു. ഈ ‘വലിയ’ സാഹിത്യകാരന്റെ കഥയുടെ തർജ്ജമ വായിച്ചു് ഞാനും ചിരിക്കുന്നു.

കലയുടെ പ്രവൃത്തി പ്രകൃതിയെ അനുകരിക്കലാണെങ്കിൽ ചിത്രങ്ങൾ വച്ചിരിക്കുന്ന എല്ലാ ഹർമ്മ്യങ്ങളും ചുട്ടെരിക്കും. അവയ്ക്കു പകരം ഫോട്ടോകൾ വച്ച സ്റ്റുഡിയോ മാത്രം മതി നമുക്കു്. പ്രകൃതി ഒളിച്ചുവച്ചിരിക്കുന്നതിനെ കല പ്രകാശിപ്പിക്കുന്നതുകൊണ്ടാണു് ഒരു ചെറിയ ചിത്രത്തിനു് കോടീശ്വരന്മാരുടെ എല്ലാ ആഭരണങ്ങളെക്കാളും രാജാക്കന്മാരുടെ എല്ലാ സമ്പത്തുകളെക്കാളും മേന്മയുള്ളതു്—അരവിന്ദ ഘോഷ്.

ഇസ്തിരിപ്പെട്ടിയിലെ വിദ്യുച്ഛക്തി
images/Mayakovsky1915.jpg
മായാകോവ്സ്കി

ഒരിക്കൽ മായാകോവ്സ്കി, പാസ്തർനക്കിനോടു പറഞ്ഞു: “നമ്മൾ തികച്ചും വിഭിന്നരാണെന്നതു സത്യംതന്നെ. അങ്ങു് അന്തരീക്ഷത്തിലെ മിന്നലിനെ ഇഷ്ടപ്പെടുന്നു. ഞാൻ ഇലക്ട്രിക് ഇസ്തിരിപ്പെട്ടിയുടെ അകത്തുള്ള അതിനെ ഇഷ്ടപ്പെടുന്നു. ഇതെഴുതുന്ന ആളിനു് പാസ്തർനക്കിന്റെ കവിതയോടാണു് ആഭിമുഖ്യം എന്നാൽ മായകോവ്സ്കിയുടെ കവിതയെ വെറുക്കുന്നുമില്ല. അന്തരീക്ഷത്തിലെ മിന്നൽപ്പിണർ എന്നെ ആധ്യാത്മികതയിലേക്കു് (മതവുമായി ബന്ധപ്പെട്ടതല്ല ഈ ആധ്യാത്മികത) ഉയർത്തുന്നു. ഇസ്തിരിപ്പെട്ടിയുടെ അകത്തുള്ള മനുഷ്യനിർമ്മിതമായ വിദ്യുച്ഛക്തി എന്നെ ലൗകികത്വത്തിലേക്കു താഴ്ത്തുന്നു. എന്നാലും രണ്ടു കവിതകളും ഞാൻ വായിക്കുന്നു.

വായനക്കാരനെ ഔന്നത്യത്തിലേക്കോ താഴ്ചയിലേക്കോ കൊണ്ടുപോകാതെ അയാൾക്കു അമ്പരപ്പു് ഉണ്ടാക്കുന്ന കവിതയെക്കുറിച്ചു് ഞാനെന്തു് എഴുതാനാണു്? കുങ്കുമം വാരികയിൽ കുരീപ്പുഴ ശ്രീകുമാർ എഴുതിയ ‘നപുംസകം’ എന്ന കാവ്യം എത്ര പരിവൃത്തിയാണു് ഞാൻ വായിച്ചതു്. ഉറക്കെച്ചൊല്ലി നോക്കിയപ്പോൾ അതിന്റെ താളം എന്നെ തഴുകി. പക്ഷേ, തഴുകൽ മാത്രം മതിയോ? അതു് എവിടെയെങ്കിലും എന്നെ കൊണ്ടെത്തിക്കണ്ടേ? അതില്ല. കുറെ വാക്കുകൾ താളാത്മകമായി ശ്രീകുമാർ ചേർത്തിരിക്കുന്നു. അതു് ഒരനുഭൂതിയും പ്രദാനം ചെയുന്നില്ല. ചിന്തയുടെ മണ്ഡലത്തിലേക്കു നയിക്കുന്നില്ല. വികാരത്തിന്റെ തരംഗത്തിലേക്കു എന്നെ എടുത്തുയർത്തുന്നില്ല. ഞാൻ ഇതു പല പരിവൃത്തി വായിച്ചതു് ശ്രീകുമാർ എന്റെ സുഹൃത്തായതുകൊണ്ടാണു്. കഴിയുമെങ്കിൽ രണ്ടു നല്ലവാക്കു പറയാമെന്നു വിചാരിച്ചു. ആ ആഗ്രഹം സഫലീഭവിച്ചില്ല. ഇത്തരം രചനകൾകൊണ്ടു ശ്രീകുമാർ ഒന്നും നേടുന്നില്ല.

നിരീക്ഷണം

ചങ്ങമ്പുഴ യുടെ കവിത ലയാത്മകത്വത്തിന്റെ പരകോടിയിലെത്തിയതാണു്. ഇടപ്പള്ളി രാഘവൻപിളള യുടെ കവിതയ്ക്കു് അത്രത്തോളം ലയാത്മകതയില്ല. പക്ഷേ, അതിനു് ആഴംകൂടും. വൈലോപ്പിള്ളി യുടെ കവിതയ്ക്കു് ഇവരുടെ രണ്ടുപേരുടെയും കവിതയെക്കാൾ ചിന്താഗൗരവമുണ്ടു്. പക്ഷേ, ചങ്ങമ്പുഴയുടെ അന്യാദൃശമായ കാവ്യപ്രചോദനമോ ലയാത്മകതയോ അതിനില്ല. അതുകൊണ്ട് വൈലോപ്പിളളിക്കവിത നശിച്ചാലും ചങ്ങമ്പുഴക്കവിത നശിക്കില്ല. കീറ്റ്സി നു മരണമില്ല. എല്യറ്റ് വീണ്ടും മരിക്കും.

ആധുനികജീവിതം രാവണൻകോട്ടപോലെയാണെന്നു് ഞാൻ സമ്മതിക്കുന്നു. പക്ഷേ, അതിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കുന്ന കവികൾ സങ്കീർണ്ണതകളെ അസങ്കീർണ്ണതകൾ ആക്കേണ്ടതാണു്. വ്യവസ്ഥയില്ലാത്ത ഇന്നത്തെ ജീവിതത്തെ ആവിഷ്കരിക്കുമ്പോൾ വ്യവസ്ഥയുണ്ടാക്കേണ്ടതാണു്. എന്നാലേ കവിത വിജയിക്കു. ആ രഹസ്യം ഇന്നത്തെ കവികൾ ഗ്രഹിച്ചിട്ടില്ല.

ഉജ്ജ്വലം
images/TerryEagleton2008.jpg
ഈഗൽടൻ

ഇംഗ്ലീഷ് പുസ്തകങ്ങളെക്കുറിച്ചു് കൂടുതലെഴുതുന്നുവെന്നു് എന്നെക്കുറിച്ചു പരാതിയുണ്ടു്. വിജ്ഞാനം പകർന്നുകൊടുക്കൽ എന്റെ ഒരു ലക്ഷ്യം കൂടിയാണെന്നു സവിനയം അറിയിക്കട്ടെ. എങ്കിലും പരാതി പറയുന്നവരുടെ സദയാനുമതിയോടെ ഒരു പുതിയ പുസ്തകത്തെക്കുറിച്ചു് എഴുതിക്കൊളളട്ടെ. 1990-ൽ പ്രസിദ്ധപ്പെടുത്തിയ The Ideology of Aesthetic (Terry Eagleton) ഉത്കൃഷ്ടമായ ഗ്രന്ഥമാണു്. (Basil Blackwell—£10=95) ഏറിയകൂറും ജർമ്മൻചിന്തകരെ അവലംബിച്ചുകൊണ്ട് സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ നീചേ, ഷോപൻഹൗവർ, കാന്റ്, മാർക്സ്, ഷിലർ, ഫ്രോയിറ്റ് (ഓസ്ട്രിയൻ), കീർകഗൊർ (ഡാനിഷ്), ഹൈഡഗർ, ലൂക്കാച്ച് (ഹംഗറിയൻ), ഫൂക്കോ (ഫ്രഞ്ച്), ബൻയമിൻ, ഹാബർമസ്സ് ഇവരുടെയെല്ലാം മതങ്ങൾ അപഗ്രഥിക്കപ്പെടുന്നു. മാർക്സിസ്റ്റ് സിദ്ധാന്തങ്ങളുടെയും ഐഡിയോളജിയുടെയും പ്രകാശത്തിൽ അവയെ പരിശോധിച്ചു് ഈഗൽടൻ സ്വന്തം അനുമാനങ്ങളിൽ ചെല്ലുന്നു. അദ്ദേഹം ഐഡിയോളജി എന്നു പറയുന്നതു് സവിശേഷമായ അർത്ഥത്തിലാണെന്നു തോന്നുന്നു. അതു് എല്ലാവർക്കുമെന്നതുപോലെ രാഷ്ട്രവ്യവഹാരസിദ്ധാന്തമല്ല ഈഗൽടന്നിനു്. അനുഭവത്തിന്റെ ചരിത്രത്തെയാണു് അദ്ദേഹം ഐഡിയോളജി എന്നു വിളിക്കുന്നതു്.

images/TIotA.jpg

ഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട പ്രമേയം മനുഷ്യശരീരം തന്നെ. Aesthetics is born as a discourse of the body എന്ന ആദ്യത്തെ വാക്യം തന്നെ ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കും. ഫൂക്കോയും ബാർത്തും ശരീരത്തിന്റെയും അതിന്റെ ആഹ്ലാദത്തിന്റെയും പരമപ്രാധാന്യമെടുത്തു കാണിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയതിനുശേഷം ശരീരമെന്ന ആശയത്തെ സ്റ്റെയിറ്റിനോടും വർഗ്ഗസമരത്തോടും ഉൽപാദനമാർഗ്ഗങ്ങളോടും ഈഗൽടൻ കൂട്ടിയിണക്കുന്നു.

നീചേ ശരീരത്തെയും സാന്ദര്യശാസ്ത്രത്തെയും സംയോജിപ്പിക്കുന്നതിനെക്കുറിച്ചു് ഈഗൽടൻ പറയുന്നതു് സംഗ്രഹിച്ചു് എഴുതട്ടെ. എല്ലാ സംസ്കാകാരത്തിന്റെയും അടിവേരു മനുഷ്യശരീരമാണു നീചേക്കു്. അദ്ദേഹത്തിന്റെ ‘അധികാരത്തിലേക്കുളള ഇച്ഛാശക്തി’ (will to power) ആശയം നോക്കു. അതു ശരീരത്തിന്റെ ആവിഷ്കാരമാണു്. മനുഷ്യന്റെ മൂക്കിനെക്കുറിച്ചു് ബഹുമാനത്തോടും നന്ദിയോടുംകൂടി ഇന്നുവരെ ഒരു ദാർശനികനും പറഞ്ഞിട്ടില്ല. ഇന്നത്തെ ശരീരമല്ല മറ്റൊരു ശരീരമാണു് നമുക്കു ലഭിച്ചിരുന്നതെങ്കിൽ? നമ്മുടെ പ്രപഞ്ചം മറ്റൊരു പ്രപഞ്ചമായിത്തീരും.

തികച്ചും പ്രൗഢവും ഉജ്ജ്വലവും സങ്കീർണ്ണവുമാണു് ഈ ഗ്രന്ഥം. അതേസമയം ദുർഗ്രഹവും. മോഡേണിസം, പോസ്റ്റ് മോഡേണിസം ഇവയെക്കുറിച്ചു് ഈഗൽടൻ എഴുതുന്നതു വായിച്ചാൽ നമ്മൾ അദ്ദേഹത്തോടുളള ബഹുമാനത്താൽ തലകുനിക്കും.

images/NiccoloMachiavelli1.jpg
മാക്കിയാവെല്ലി

ശത്രുവിനോടു പറയാത്ത കാര്യം നമ്മൾ സ്നേഹിതനോടു പറയരുതു്. സ്നേഹിതൻ ഏതെങ്കിലുമൊരു ദിവസം ശത്രുവായിത്തീരുമല്ലോ. സ്നേഹിതനെതിരായി പറയാൻ നമ്മൾ ആഗ്രഹിക്കാത്തതു ശത്രുവിനെതിരായും പറയരുതു്. ശത്രു ഒരുകാലത്തു് സ്നേഹിതനായിത്തീരും. (മാക്കിയാവെല്ലിThe Prince)

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-05-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.