കുഞ്ഞുങ്ങൾക്കു സഹജാവബോധം പ്രായമായവരെക്കാൾ കൂടുതലാണു്. അവരെ ഉള്ളിൽ വെറുത്തുകൊണ്ട് സ്നേഹം ഭാവിച്ചു് ‘മോനേ, മോളേ’ എന്നും മറ്റും വിളിക്കുന്നവരെ അവർ ഉടനെ മനസ്സിലാക്കും. അക്കൂട്ടരുടെ അടുത്തു് അവർ പോകുകയേയില്ല. കാവ്യാസ്വാദനത്തിലും കുഞ്ഞുങ്ങൾ വിദഗ്ദ്ധരാണു്.
പാലത്തിന്റെ അടിയിലൂടെ ലോറി ഓടിച്ചുകൊണ്ടു പോയപ്പോൾ വാഹനം പാലത്തിന്റെ അടിവശത്തു ഉരഞ്ഞുനിന്നു പോയി. എത്ര ശ്രമിച്ചിട്ടും ലോറി അനക്കാൻ സാധിച്ചില്ല. ആളുകൾ അവിടെ വന്നുകൂടി. ചിലർ പറഞ്ഞു ‘പാലം പൊളിക്കണ’മെന്ന്. ‘ലോറിയുടെ മുകൾവശം പൊളിക്കട്ടെ’യെന്നു വേറെ ചിലർ. ബഹളമായി. മുദ്രാവാക്യം മുഴക്കുന്നതുപോലെ ‘പാലം പൊളിക്കട്ടെ’ എന്നു് ആളുകൾ മുറവിളികൂട്ടി. അപ്പോൾ അതിലേ വന്ന ഒരു കൊച്ചുകുട്ടി അഭിപ്രായപ്പെട്ടു: “വാഹനത്തിന്റെ ടയറിലെ കാറ്റു തുറന്നു വിട്ടാൽ മതി.”
കുഞ്ഞുങ്ങൾക്കു സഹജാവബോധം പ്രായമായവരെക്കാൾ കൂടുതലാണു്. അവരെ ഉള്ളിൽ വെറുത്തുകൊണ്ട് സ്നേഹം ഭാവിച്ചു് ‘മോനേ, മോളേ’ എന്നും മറ്റും വിളിക്കുന്നവരെ അവർ ഉടനെ മനസ്സിലാക്കും. അക്കൂട്ടരുടെ അടുത്തു് അവർ പോകുകയേയില്ല. കാവ്യാസ്വാദനത്തിലും കുഞ്ഞുങ്ങൾ വിദഗ്ദ്ധരാണു്. ഒൻപതുവയസ്സുള്ള ഒരു പെൺകുഞ്ഞിനു കേരളത്തിൽ പ്രസിദ്ധരായ രണ്ടു കവികളുടെ കാവ്യങ്ങൾ പഠിക്കാനുണ്ടു്. അവയിൽ ഒന്നു തീരെക്കൊള്ളുകില്ല. എങ്കിലും ആ കുഞ്ഞിന്റെ ആസ്വാദനപ്രവണതയെ വക്രീകരിക്കാൻ ഉദ്ദേശ്യമില്ലാതിരുന്ന ഞാൻ മൗനമവലംബിച്ചതേയുള്ളു. രണ്ടു് അതിഥികൾ എത്തിയപ്പോൾ ഏതെങ്കിലും ഒരു കവിത ചൊല്ലിക്കേൾപ്പിക്കാൻ ഞാൻ അവളോടു പറഞ്ഞു. വയലാർ രാമവർമ്മ യുടെ കാവ്യം അവൾ ചൊല്ലി. ‘മറ്റേക്കവിതകൂടി ചൊല്ലു’ എന്നു ഞാൻ ആവശ്യപ്പെട്ടപ്പോൾ ‘അതു കവിതയല്ല’ എന്നു് ആ കുട്ടി അസന്ദിഗ്ദ്ധമായി പറഞ്ഞു. അതു ശരിയായിരുന്നുതാനും. വിലയിരുത്തലിനുള്ള ഈ ശക്തിവിശേഷം കുട്ടികൾക്കു് പ്രായമാകുമ്പോൾ നഷ്ടപ്പെട്ടുപോകും. രാത്രിയിൽ അന്തരീക്ഷത്തിലേക്കു നോക്കിയിട്ട് ‘നക്ഷത്രം എന്നെ നോക്കി ചിരിച്ചു’ എന്നു പറയുന്ന അഞ്ചുവയസ്സായ കുട്ടിക്കു് ഇരുപതു വയസ്സാകുമ്പോൾ ആ സഹൃദയത്വം ഇല്ലാതാവും. നക്ഷത്രത്തെ ആ യുവാവു് അല്ലെങ്കിൽ യുവതി നോക്കുകയേയില്ല. നോക്കിയാലും ഒരു വികാരവും ഉണ്ടാവുകയുമില്ല. അതുകൊണ്ടാണു് ജി. ശങ്കരക്കുറുപ്പ് പാടിയതു്:
“എത്തിടും തൊടാൻ കൈയാലാകാശമെൻ മുറ്റത്തെ
പ്പുത്തിലഞ്ഞിതൻ കൊമ്പിൽക്കേറി നിന്നെന്നാലന്നാൾ
ഗിരി പിന്നാലെ നിന്നു കൈനീട്ടിയാലും കള്ള
ച്ചിരിപൂണ്ടോടിപ്പോരും സുപ്രസന്നനാം തിങ്കൾ
… …
ക്രൂരതാരുണ്യം വന്നതെന്തിനെൻ ബാല്യത്തിന്റെ
ദൂരദർശിനി തട്ടിപ്പറിപ്പാനസൂയാലു!”
മോസ്കോയിലെ Progress Publishers പ്രസാധനം ചെയ്ത Psychology എന്ന പുസ്തകത്തിൽ സർഗ്ഗാത്മകഭാവനയുടെ സ്വഭാവം ലളിതമായി പ്രതിപാദിച്ചിട്ടുണ്ടു്. സ്രഷ്ടാവിന്റെ മനസ്സിൽ അധീശത്വം പുലർത്തുന്ന വികാരങ്ങൾ, ചിന്തകൾ, അഭിലാഷങ്ങൾ ഇവയ്ക്കു സാഹചര്യപരങ്ങളായ വസ്തുതകൾ കീഴ്പ്പെട്ടിരിക്കുമ്പോൾ സർഗ്ഗാത്മകഭാവന വിജയം പ്രാപിക്കുന്നു. ‘വാച്ച്മെയ്ക്കർ’ (വാച്ച് നന്നാക്കുന്നവൻ) എന്ന ബോർഡ് കണ്ടാലുടൻ ദ്രഷ്ടാവ് പറയും “വാച്ച് നന്നാക്കുന്നവനോ? എന്റെ വാച്ച് വളരെക്കാലമായി പതുക്കെ പോകുകയാണു്. അതു് ക്ലീൻ ചെയ്യണം. ഒരു ദിവസം പോകണം.” കവിയാണു് ആ ബോർഡ് കണ്ടതെങ്കിലോ? “Repair, please, the year that’s gone. It has been lived amiss” എന്നായിരിക്കും പറയുക. ബോർഡ് എന്ന ‘ബാഹ്യവസ്തു’ അയാളുടെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നു. ‘വാച്ച് മെയ്ക്കർ—വാച്ച് നന്നാക്കൽ— കാലം-മിനിറ്റ്-ആഴ്ച-മാസം ഇങ്ങനെ പല സാഹചര്യപരങ്ങളായ വസ്തുതകൾ അയാളുടെ വൈകാരികാവസ്ഥയിലൂടെ കടന്നു് അനുരൂപമായ കാവ്യബിംബമായി പരിണമിക്കുന്നു. (പുറം 337)
ചന്ദ്രനുദിച്ചു നില്ക്കുന്നതു കണ്ടാൽ ‘ഓ ഇതിലാണു് മുൻപ് അമേരിക്കക്കാർ കാലുകുത്തിയതു്. അവിടെ നിന്നു് ഒരു പാറക്കഷണം അവർ കൊണ്ടുവരികയും ചെയ്തു’ എന്നു ചിലർ പറഞ്ഞേക്കും. കവിയാണു് അതു കാണുന്നതെങ്കിൽ
കാന്തിത്തഴപ്പോടുമുദിച്ചുയർന്ന
പൂന്തിങ്കൾതൻ ബിംബനകൈതവത്താൽ
ഏന്തിത്തുള്ളുന്ന നദീജലത്തിൽ
നീന്തിക്കളിച്ചു കളഹംസങ്ങൾ
എന്നാവും പറയുക. ഇവിടെ കാന്തി, ഉദയം, ചന്ദ്രൻ, പ്രതിഫലനം ഇവയെല്ലാം സ്വാഭാവിക വസ്തുസ്ഥിതിവിട്ടു് വികാരത്തിനും ചിന്തയ്ക്കും അടിമപ്പെടുന്നു. ഒരു പുതിയ ബിംബം ആവിർഭവിക്കുന്നു. ഈ ഭാവനയില്ലാത്തതു കവിതയല്ല; ഉള്ളതു കവിതയാണുതാനും. കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മലമ്പുഴ കാണുന്നു. സാഹചര്യപരങ്ങളായ വസ്തുതകളെ വികാരങ്ങൾക്കും ചിന്തകൾക്കും വിധേയങ്ങളാക്കിക്കൊണ്ട് അദ്ദേഹം ഒരു നൂതനബിംബം സൃഷ്ടിക്കുന്നതിന്റെ ചാരുത നോക്കുക:
“രണ്ടു പതിറ്റാണ്ടു പിന്നിട്ടു ഞാനിതാ
വീണ്ടുമെത്തുന്നു മലമ്പുഴയിൽ
കാണേണ്ട താമസം: എന്റെ കല്ലോലിനി
നാണം കുണുങ്ങി, നീയോടിയെത്തി
കണ്ടിട്ടു നാളെത്രയായി? ചിറ്റോളങ്ങൾ
തിണ്ടാടും നീൾക്കണ്ണീൽ ദാഹമേന്തി
‘സുന്ദരിതന്നെയോ ഞാൻ ഇന്നും’ എന്നൊരു
മന്ദഹാസത്തിൻ നുരയലോടെ… ”
മലമ്പുഴയിൽ സ്ത്രീയെ അധ്യാരോപംചെയ്തു് ജീവിതത്തിന്റെ ട്രാജഡിയും കോമഡിയും അഭിവ്യഞ്ജിപ്പിക്കുന്നു അനുഗൃഹീതനായ ഈ കവി. കല്ലോലിനിപോലെ അദ്ദേഹത്തിന്റെ കാവ്യം പ്രവഹിക്കുന്നു. (കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ)

“ഒരിരുമ്പുകടയിൽ ഒരയസ്കാന്തം ഉണ്ടായിരുന്നു. അതിനുചുറ്റും കത്തിരികൾ, സൂചികൾ, ആണികൾ, പേനാക്കത്തികൾ. അവയെല്ലാം അയസ്കാന്തത്തിനു സ്നേഹം നല്കാൻ സന്നദ്ധമായിരുന്നു. പക്ഷേ, കാന്തത്തിനു് ഇരുമ്പിനോടു ഒരു താൽപര്യവും തോന്നിയില്ല. കാന്തത്തെക്കണ്ടു ഇരുമ്പു് ആഹ്ലാദിച്ചെങ്കിലും കാന്തത്തിനു് ഇരുമ്പിനോട് ഒരു താൽപര്യവുമില്ല. സൂചികളെയും ആണികളെയും പേനാക്കത്തികളെയും വിട്ടിട്ടു് കാന്തം വെള്ളിപ്പാത്രത്തെ സ്നേഹിച്ചു. “എനിക്കു പേനാക്കത്തിയെയോ സൂചിയെയോ വശത്താക്കാമെങ്കിൽ വെള്ളിപ്പാത്രത്തെ എന്തുകൊണ്ട് വശത്താക്കിക്കൂടാ” എന്നായിരുന്നു കാന്തത്തിന്റെ കലാപരവും രാജകീയവുമായ ഭാവന. ഇരുമ്പും ഉരുക്കും അദ്ഭുതപ്പെട്ടു. സൂചികൾ അവയുടെ കണ്ണുകൾ തുറന്നു. പേനാക്കത്തികൾ ‘അടച്ചുവയ്ക്കു’ എന്നു പറഞ്ഞു. കത്തിരികൾ ‘മുറിച്ചിടു’ എന്നു പ്രഖ്യാപിച്ചു. ചായപ്പാത്രങ്ങൾ ദേഷ്യംകൊണ്ടു തിളച്ചു. ആണികൾ അവിടെയും ഇവിടെയും അലഞ്ഞുതിരിഞ്ഞപ്പോൾ ഒരു ചുറ്റികവന്നു് അവരെ അടിച്ചുകയറ്റി. ഭാഗ്യരഹിതനായ ഈ അയസ്കാന്തകാമുകനു ജീവിതംകൊണ്ടു മനസ്സിലായി കാന്തത്തിനു് ഒരിക്കലും വെള്ളിപ്പാത്രത്തെ ആകർഷിക്കാൻ കഴിയില്ലെന്നു്—വില്യം ഗിൽബർട് എന്ന കവിയെഴുതിയ ഒരു കാവ്യത്തിന്റെ പരിഭാഷയാണിതു്. അർഹതയില്ലാത്ത ആളുകളുടെ അസ്ഥാനാഭിലാഷങ്ങൾ വ്യർത്ഥങ്ങളെന്നു സ്ഥാപിക്കുന്ന ഈ കാവ്യം ആശയപ്രധാനമാണു്. എങ്കിലും അതിനുമുണ്ടു് ഭംഗി.
അമേരിക്കനെഴുത്തുകാരൻ Stephen Crane-ന്റെ ആശയപ്രധാനങ്ങളായ കൊച്ചുകാവ്യങ്ങൾ ഞാനിഷ്ടപ്പെടുന്നു. ഒരെണ്ണം ഇംഗ്ലീഷിൽത്തന്നെയാവട്ടെ:
I saw a man pursuring horizon;
Round and round they sped.
I was distrubed at this;
I accosted the man.
“It is futile” I said
“You can never-”
“You be” he cried
And ran on.

ലൈംഗികതയുടെ സൂക്ഷ്മതയാർന്ന ലോകം. അതിലുണ്ടാകുന്ന ഞെട്ടലുകളെ വിദഗ്ദ്ധമായി സൂചിപ്പിച്ചിട്ടു് അനുവാചകനെ സാന്മാർഗ്ഗികതയുടെ മണ്ഡലത്തിലേക്കു ഉയർത്തുന്ന ചെറുകഥയാണു് എബ്രഹാം മാത്യുവിന്റെ ‘പാപത്തിന്റെ ശമ്പളം’. മാതൃഭൂമി (ആഴ്ചപ്പതിപ്പ്) സെമിനാറിൽ ‘പാപസങ്കല്പ’ത്തെക്കുറിച്ചു് സാന്മാർഗ്ഗികപ്രകാശമാർന്ന പ്രബന്ധം അവതരിപ്പിച്ച ഒരു മധ്യവയസ്കൻ. വ്യഭിചാരത്തെക്കുറിച്ചു് തെല്ലൊരമർഷത്തോടെയാണു് അയാൾ പ്രതിപാദിച്ചതു്. ആ അമർഷം ശ്രോതാക്കൾക്കു് അത്ര ഇഷ്ടപ്പെട്ടതുമില്ല. ആ മധ്യവയസ്കനു് ഒരു രതോപകാരി ഒരു യുവതിയെ നല്കിയപ്പോൾ പ്രബന്ധത്തിലെ സന്മാർഗ്ഗചിന്ത കാറ്റിൽ പറക്കുകയായി. പക്ഷേ, യുവതിയുടെ ദയനീയതയും യാചനയും അയാളുടെ സന്മാർഗ്ഗബോധത്തെ ഉദ്ദീപിപ്പിച്ചു. അയാൾ അവളുടെ സാന്നിദ്ധ്യത്തിൽനിന്നു് അപ്രത്യക്ഷനാകുമ്പോൾ കഥ അവസാനിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ജീർണ്ണതയും ആ ജീർണ്ണതയിൽ തലയുയർത്തുന്ന സന്മാർഗ്ഗബോധത്തെയും കഥാകാരൻ പുതിയ ആഖ്യാനശൈലിയിലൂടെ പ്രത്യക്ഷമാക്കുന്നു. ഇവിടെ കലയുടെ ഹിപ്നോട്ടിസമൊന്നുമില്ല. ഒരു ഞെട്ടലുണ്ടാക്കി സത്യത്തിന്റെയും സന്മാർഗ്ഗത്തിന്റെയും ലോകത്തിൽ എത്തിക്കുകയാണു് കഥാകാരൻ നമ്മളെ.
ചോദ്യം: പുരുഷനെ പേടിപ്പിക്കുന്നതായി വല്ലതുമുണ്ടോ?
ഉത്തരം: ഉണ്ടു്. രാത്രിസമയത്തു് വീട്ടിൽ മറ്റാരുമില്ലാതിരിക്കെ അടുത്ത മുറിയിൽനിന്നു് കേൾക്കുന്ന മനുഷ്യശബ്ദം. വിളക്കില്ലാത്ത റോഡിലൂടെ രാത്രിയിൽ നടന്നുവരുമ്പോൾ വഴിവക്കിൽ നിന്നു് ഉയരുന്ന പാമ്പിഴയുന്ന ശബ്ദം. നിങ്ങളും ഒരു രാത്രിയിലേക്കു മാത്രം ആശ്രയസ്ഥാനം നല്കിയ അപരിചിതനും ഒരു വീട്ടിൽ. അർദ്ധരാത്രിയിൽ അയാൾ കൂർക്കംവലിക്കുന്നതിന്റെ ശബ്ദം.
ചോദ്യം: ഭാര്യ ആവലാതി പറയുമ്പോൾ അതു ഭർത്താവു മാത്രമല്ലേ കേൾക്കുന്നുള്ളു.
ഉത്തരം: അല്ല. ഭാര്യ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. ഭർത്താവു് അതൊക്കെ കേൾക്കുന്നുവെന്ന മട്ടിൽ വേറെ ഏതെങ്കിലും വിചാരിച്ചുകൊണ്ടിരിക്കും.
ചോദ്യം: പിതൃപുത്രബന്ധം എന്നും ഒരുപോലെയല്ലേ?
ഉത്തരം: പിതാപുത്രബന്ധം എന്നു പറയണം. ആ ബന്ധം ഇന്നു ശിഥിലമാണു്. പണ്ടു് അച്ഛൻ മകനു പെണ്ണിനെ കണ്ടുപിടിച്ചു വിവാഹം നടത്തിക്കൊടുക്കും. ഇക്കാലത്തു് മകൻ പെണ്ണിനെ കണ്ടുപിടിച്ചു് തനിയെ വിവാഹം നടത്തും. മിക്കവാറും വിജാതീയമായ ബന്ധമായിരിക്കും. പിന്നെ അതിനെ നീതിമത്കരിക്കാനും അവരുടെ ബന്ധത്തെ വാഴ്ത്തിക്കൊണ്ടു നടക്കാനും പാവപ്പെട്ട അച്ഛൻ നിർബ്ബദ്ധനാണു്. അങ്ങനെ ഇഷ്ടമില്ലാത്തതിനെ വാഴ്ത്തുമ്പോൾ അയാൾ ഒന്നാന്തരം കരിക്കേച്ചറാണു് (caricature).
ചോദ്യം: ഭാര്യയും ഭർത്താവും ദേഷ്യപ്പെടുന്നതു് എപ്പോൾ?
ഉത്തരം: ഭർത്താവ് ശംബളമെല്ലാം ധൂർത്തടിച്ചിട്ടു് ഭാര്യയോടു് പ്രോവിഡന്റ് ഫണ്ടിനു പിടിച്ചു, ഇൻഷ്വറൻസിനു പിടിച്ചു എന്നൊക്കെ കള്ളം പറയുമ്പോൾ അവൾ കോപിക്കും. ഭാര്യ വീട്ടുചെലവിനുള്ള പണമെടുത്തു വിലകൂടിയ സാരി വാങ്ങിക്കുകയും അങ്ങനെ വാങ്ങിച്ചുവെന്നു സത്യം പറയുകയും ചെയ്യുമ്പോൾ അയാൾ കോപിക്കും?
ചോദ്യം: വൃദ്ധന്മാരുടെ വിചാരമെന്താണു്?
ഉത്തരം: തങ്ങൾ യുവാക്കന്മാരാണെന്നു് അവർ വിചാരിച്ചുകൊണ്ടേയിരിക്കുന്നു.
ചോദ്യം: ശബ്ദങ്ങളിൽ ഏറ്റവും സുന്ദരമേതു്?
ഉത്തരം: സ്ത്രീയുടെ ശബ്ദം.
ചോദ്യം: സ്പർശങ്ങളിൽ ഏറ്റവും സുഖപ്രദം?
ഉത്തരം: റോസാപ്പൂവിന്റെയും സുന്ദരിയായ തരുണിയുടെയും സ്പർശം. (അൽബേർ കമ്യൂ പറഞ്ഞതു്)

യു. എസ്. നാടകകർത്താവു് പഡീ ചൈഫസ്കി (Paddy Chayefsky) Marty എന്ന ടെലിവിഷൻ നാടകത്തിന്റെ രചനയോടെയാണു് പ്രസിദ്ധനായതു്. മനുഷ്യജീവിതത്തിന്റെ വൈരസ്യത്തെ ചിത്രീകരിക്കുന്ന ഈ നാടകത്തിൽ രണ്ടു കഥാപാത്രങ്ങൾ സംസാരിക്കുകയാണു്:
- Angie:
- Well, what do you feel like doing tonight?
- Marty:
- I don’t know. What do you feel like doing?
(Masters of Modern Drama, Random House—pp. 1058)
മനുഷ്യരെ പല രീതിയിൽ തരംതിരിക്കാം. 1) ഉള്ളതു് അതുപോലെ പറയുന്നവർ— റീയലിസ്റ്റുകളാണു് ഇക്കൂട്ടർ. 2) അത്യുക്തി നടത്തുന്നവർ—നൂറുപേർ കൂടിയ സമ്മേളനത്തെക്കുറിച്ചു് അവർ പത്രത്തിലെഴുതുന്നതു് മനുഷ്യമഹാസമുദ്രം എന്നാവും. പുഴുവിനെ രാജവെമ്പാലയായും തിരുമണ്ടനെ ഷാങ് പോൾ സാർത്രായും അവർ കാണും.
ഇതുതന്നെയാണു് ജീവിതം. കാലത്തെഴുന്നേല്ക്കുന്നു നമ്മൾ. വിരസതയോടെ ദിനകൃത്യങ്ങൾ നടത്തുന്നു. അർദ്ധസത്യങ്ങളായ പത്രവാർത്തകളും ടെലിവിഷൻ വാർത്തകളും. ഒരേതരത്തിലുള്ള പ്രാതൽ. ഓഫീസിൽച്ചെന്നാൽ വൈരസ്യത്തിലേക്കു എറിയുന്ന ഫയലുകൾ. അതിനിടയിൽ ബ്യൂറോക്രസിയുടെ ക്രൂരതയും തണ്ടും അഹങ്കാരവും. വൈകുന്നേരം വീട്ടിലെത്തിയാൽ മൗനം. ഈ ദീർഘമൗനം മടുപ്പിന്റെ മറ്റൊരു രൂപമാണു്. അധികം സംസാരിക്കാത്തവരെ നമ്മൾ കുറ്റപ്പെടുത്താറുണ്ടു്. അതു ശരിയല്ല. ‘ബോർഡം’ സഹിക്കാനാവാതെയാണു് അവർ മൂകരായി ഇരിക്കുന്നതു്. സമയം കൊല്ലാനായി നമ്മൾ ഇംഗ്ലീഷ് നോവലെടുത്താൽ അതു് നമ്മെ കൊല്ലും. അത്രയ്ക്കു ബോറാണു് പല നോവലുകളും. എന്നാൽ മലയാളം വായിച്ചുകളയാമെന്നു വിചാരിച്ചാലോ? അപ്പോഴും രക്ഷയില്ല. എന്തെന്തു വിരസങ്ങളായ കഥകൾ! അങ്ങനെയൊരു കഥയാണു് എന്റെ ഉത്തമസുഹൃത്തായ അക്ബർ കക്കട്ടിൽ കലാകൗമുദിയിൽ എഴുതിയിരിക്കുന്നതു്. നാട്ടിൽ ഹിന്ദു–മുസ്ലീം ലഹള. ഒരു മുസ്ലീം വധിക്കപ്പെട്ടു. അപരാധം ചെയ്യാത്ത ഒരു ഹിന്ദുവിനെ പൊലീസ് കൊലപാതകിയായിക്കരുതി അറസ്റ്റ് ചെയ്യുന്നു. ഇതാണു് അക്ബർ കക്കട്ടിലിന്റെ ‘അകത്തേക്കുള്ള വാതിൽ’ എന്ന ചെറുകഥയുടെ സാരം. ബ്ളോട്ടിങ് പെയ്പർകൊണ്ടു്, എഴുതിയതു ഒപ്പിയെടുക്കുന്നതുപോലെ സർവസാധാരണമായ സംഭവത്തെ ചില വാക്യങ്ങളിലൂടെ ഒപ്പിയെടുത്തിരിക്കുന്നു കഥാകാരൻ. അതു വായിച്ചുകഴിയുമ്പോൾ exhaustion മാത്രം. കഥാകാരന്മാർ കഥയെഴുതിയില്ലെങ്കിലും വേണ്ടില്ല. മനുഷ്യന്റെ മടുപ്പിനെ വർദ്ധിപ്പിക്കാതിരുന്നാൽ മതി.
- പട്ടിയെക്കൊണ്ടു് വലിയ പ്രയോജനങ്ങളുണ്ടു്. വീടു സൂക്ഷിക്കും. കള്ളൻ വന്നാൽ കുരയ്ക്കും. ‘നായൊരു നല്ല മൃഗം’. കടന്നലോ? ഭീകരത്വമുള്ള പ്രാണി. പക്ഷേ, പട്ടിക്കു പെരുമാറേണ്ടതു് എങ്ങനെയെന്നു് അറിഞ്ഞുകൂടാ. അതിഥികൾ വന്നു പൂമുഖത്തു് ഇരിക്കുമ്പോൾ ദുസ്സഹമായ നാറ്റത്തോടെ അവരുടെ അടുത്തുവന്നു കിടക്കും. ചിലപ്പോൾ ചിലരുടെ കാലു നക്കുകയും ചെയ്യും. നായുടെ നാവിന്റെ സ്പർശമേല്ക്കുന്നവൻ പേടിക്കും. എന്നെ പട്ടി കാലിൽ നക്കിയിട്ടുള്ളപ്പോഴെല്ലാം പേടിച്ചിട്ടുണ്ടു്. പേപ്പട്ടിവിഷത്തിനു കുത്തിവയ്ക്കണോ എന്നാലോചിച്ചിട്ടുണ്ടു്. കടന്നലിനെ ഉപദ്രവിച്ചില്ലെങ്കിൽ അതു് നമ്മെയും ഉപദ്രവിക്കില്ല. അതുകൊണ്ട് കടന്നലാണു് ഭേദം.
- ഞാനും എന്നെപ്പോലുള്ള മറ്റു ചിലരും ഒരുതരത്തിലുള്ള കവിതയെയും ചിത്രകലയെയും ആദരിക്കുന്നു. അതിൽനിന്നു വിഭിന്നമായി നില്ക്കുന്ന കവിതയെയും ചിത്രകലയെയും പുച്ഛിക്കുന്നു. അവയുടെ പ്രയോക്താക്കളെ മണ്ടന്മാരെന്നു വിശേഷിപ്പിക്കുന്നു. അവരാകട്ടെ, എന്നെയും കൂട്ടുകാരെയും അനാദരിച്ചു ബുദ്ധിശൂന്യരെന്നു വിളിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങളിൽ ‘അവസാനത്തെ വാക്കു്’ ഇല്ല. ചെയ്യാവുന്നതു് ഓരോരുത്തരുടേയും വിചാരത്തിനു യോജിച്ച വിധത്തിൽ യുക്തികൾ കൊണ്ടുവരികയാണു്. അങ്ങനെ കൊണ്ടുവരുമ്പോൾ ഭദ്രമായ രീതിയിൽ അതു ചെയ്തേക്കണം. അനുമാനങ്ങളും മറ്റും മറ്റുള്ളവർ നടത്തിക്കൊള്ളും.
- അമേരിക്കൻ എഴുത്തുകാരി ഡോറത്തി പാർക്കർ ക്കു് ഇരുപതു ഭാഷകൾ സംസാരിക്കാൻ കഴിയുമായിരുന്ന ഒരു സ്ത്രീയെ അറിയാമായിരുന്നു. പക്ഷേ, ഒരു ഭാഷയിലും ‘നോ’ എന്നു പറയാൻ അവർക്കു അറിഞ്ഞു കൂടായിരുന്നു.
- നിങ്ങൾ വായിക്കുന്ന പുസ്തകങ്ങളിൽ നിന്നു് നിങ്ങൾ ആരാണെന്നു മനസ്സിലാക്കാം. നിങ്ങളുടെ സ്നേഹിതന്മാരെക്കണ്ടാൽ നിങ്ങളുടെ സ്വഭാവം ഊഹിക്കാം (രണ്ടാശയങ്ങളും സ്വന്തമല്ല). നിങ്ങളുടെ വീടുകണ്ടാൽ നിങ്ങളുടെ മാനസികനില മനസ്സിലാക്കാം. ഇടുങ്ങിയ പൂമുഖവും ചെറിയ മുറികളും ഉണ്ടാക്കുന്നവർ സങ്കുചിത മനസ്കരായിരിക്കും. തലയിടിക്കുന്ന വാതിലുകൾ കെട്ടിടത്തിൽ വയ്ക്കുന്നവൻ അന്യർ തന്റെ മുൻപിൽ തലകുനിക്കണം എന്ന അഭിലാഷമുള്ളവനായിരിക്കും.
- എന്റെ മുത്തച്ഛൻ അയ്മനം കുട്ടൻപിള്ള സർവാധികാര്യക്കാരും എക്സൈസ് കമ്മീഷണറുമായ മാധവൻപിള്ളയുടെ മകനായിരുന്നു. (ആയില്യം തിരുനാളിന്റെ കാലം) സമ്പത്തുള്ള കുടുംബത്തിലാണു ജനിച്ചതെങ്കിലും സ്വഭാവസവിശേഷതയാൽ മുത്തച്ഛൻ മോട്ടോർകാർ ഡ്രൈവറായിത്തീർന്നു. അദ്ദേഹത്തിന്റെ അമ്മ സന്താനഗോപാലം ചമ്പു എഴുതിയ കരുവേലിൽ ഗൗരിക്കുട്ടി അമ്മയായിരുന്നു. (ഉള്ളൂരി ന്റെ ‘ഭാഷാചമ്പുകൾ’ എന്ന പുസ്തകത്തിൽ ഈ ചമ്പുവിനെക്കുറിച്ചു നിരൂപണമുണ്ടു്) എങ്കിലും മുത്തച്ഛൻ അക്ഷരവൈരിയായി വർത്തിച്ചു. തന്റെ രണ്ടാമത്തെ ഭാര്യ മരിച്ചപ്പോൾ അദ്ദേഹം എനിക്കെഴുതി: “അടുപ്പിൽ വച്ച പാത്രത്തിൽനിന്നു് അരി വെന്തു ചോറായി വെള്ളവും അതും വെളിയിലേക്കു ചാടുന്നതുപോലെ എന്റെ ദുഃഖം പുറത്തേക്കുചാടുന്നെടാ.” ‘എഞ്ചിൻ ചൂടായി വെള്ളം റേഡിയേറ്ററിന്റെ അടപ്പു തെറിപ്പിച്ചുകൊണ്ട് വെളിയിലേക്കു ചാടുന്നപോലെ എന്റെ കണ്ണീരു ചാടുന്നെടാ’ എന്നു് മുത്തച്ഛൻ എഴുതിയിരുന്നെങ്കിൽ സ്വന്ത തൊഴിലിനു യോജിച്ച പ്രസ്താവമാകുമായിരുന്നു അതു്.
മനുഷ്യരെ പല രീതിയിൽ തരംതിരിക്കാം.
- ഉള്ളതു് അതുപോലെ പറയുന്നവർ—റീയലിസ്റ്റുകളാണു് ഇക്കൂട്ടർ.
- അത്യുക്തി നടത്തുന്നവർ—നൂറുപേർ കൂടിയ സമ്മേളനത്തെക്കുറിച്ചു് അവർ പത്രത്തിലെഴുതുന്നതു് മനുഷ്യമഹാസമുദ്രം എന്നാവും. പുഴുവിനെ രാജവെമ്പാലയായും തിരുമണ്ടനെ ഷാങ് പോൾ സാർത്രാ യും അവർ കാണും.
- സംശയവാദികൾ—ആരെയും ഇക്കൂട്ടർ വിശ്വസിക്കില്ല. സ്ത്രീകൾ ഒരളവിൽ സംശയിക്കുന്നവരാണു്. വിശേഷിച്ചും ഭർത്താവിനെ.
- ബുദ്ധിശാലികൾ—ഇവർ മത്സരപ്പരീക്ഷ ജയിക്കും. അധികാരത്തിലെത്തും. സർക്കാർ മാറുന്നതിനനുസരിച്ചു് അഭിപ്രായങ്ങൾ മാറ്റും.
- വിവേകമുള്ളവർ—ഇവർക്കു മത്സരപ്പരീക്ഷകളിൽ താൽപര്യമില്ല. ബുദ്ധിശാലികൾ ശിപാർശകേട്ട് അപമാനിതനെ കൂടുതൽ അപമാനത്തിലേക്കു തള്ളിവിട്ടു് നൃശംസത കാണിക്കുമ്പോൾ വിവേകമുള്ളവർ ആരെയും വേദനിപ്പിക്കാതെ കഴിഞ്ഞുകൂടും. സ്വന്തം മാനസികചക്രവാളത്തെ വികസിപ്പിക്കാനും അവഗമനശക്തിയെ ദൃഢീകരിക്കാനുമാണു് ഇവർക്കു താൽപര്യം. വിവേകശാലികൾക്കു മനുഷത്വം കൂടും. ബുദ്ധിമാന്മാർക്കു് അതു കുറയും.

എൻ. പ്രഭാകരൻ ദേശാഭിമാനി വാരികയിൽ എഴുതിയ “ഫൈനൽ” എന്ന ചെറുകഥയിൽ ഒരു ബുദ്ധിമാനെയാണു് കാണുന്നതു്. ആദ്യം ഒരു ഫുട്ബോൾ ടീമിന്റെ വശംപിടിച്ചു് അതിലെ കളിക്കാരെ അയാൾ പ്രോത്സാഹിപ്പിക്കുന്നു. അവർ തോറ്റപ്പോൾ ജയിച്ച ടീമിന്റെ വശത്തേക്കു് അയാൾ മാറുന്നു. ഇക്കഥ വെറുമൊരു ഫുട്ബോൾ കോച്ചിന്റെ കഥയല്ല. മനുഷ്യന്റെ സ്വഭാവസവിശേഷതയാണു് കഥാകാരൻ ആ കഥാപാത്രത്തിലൂടെ സ്പഷ്ടമാക്കിത്തരുന്നതു്. സമുദായത്തിലെ ‘സമയോചിതം പിള്ള’മാരെ അദ്ദേഹം പരോക്ഷമായ രീതിയിൽ കളിയാക്കുന്നു.
ബുദ്ധിശാലികൾ എന്നു മുകളിൽപ്പറഞ്ഞതു തികച്ചും പ്രശംസോക്തിയുടെ രീതിയിലല്ല. കാചത്തിലൂടെ കടന്നുവരുന്ന രശ്മികൾ ഒരു ‘ഫോക്കൽ പോയിന്റി’ൽ വന്നുകൂടുന്നതുപോലെ അവരുടെ വിചാരങ്ങൾ ഒരു ബിന്ദുവിൽ ഒരുമിച്ചുകൂടി തിളങ്ങും. ആ തിളക്കത്തിൽ വസ്തുതകൾ കൂടുതൽ സ്പഷ്ടമാകും. പക്ഷേ, ഫോക്കസിനു് അപ്പുറത്തും സ്ഥലമുണ്ടല്ലോ. അതിനെക്കുറിച്ചു് അവർക്കു പരിഗണനയില്ല. ആ പരിഗണനയുള്ളവരാണു് വിവേകശാലികൾ. അതുകൊണ്ട് അവർ ഭാവിയെക്കുറിച്ചു ചിന്തിക്കും. തങ്ങളുടെ അഭിപ്രായങ്ങളും പ്രവർത്തനങ്ങളും മറ്റു വ്യക്തികളെ എങ്ങനെ ബാധിക്കുമെന്നു് ആലോചിക്കാതെ ബുദ്ധിശാലികൾ എന്തും ചെയ്യും. അതിനാൽ അവർ ക്രൂരന്മാരായിരിക്കും. വിവേകമുള്ളവർ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നതിനാൽ വ്യക്തികൾക്കു കഴിയുന്നതും ദ്രോഹം ചെയ്യില്ല. പല ഉദ്യോഗസ്ഥന്മാരും ബുദ്ധിശാലികളാണു്. പല കലാകാരന്മാരും വിവേകമുള്ളവരാണു്. ‘എക്സെപ്ഷൻസ്’ എവിടെയുമുണ്ട് എന്നുംകൂടി പറയട്ടെ.

ജപ്പാനീസ് നോവൽ സാഹിത്യത്തിലെ ഒരു ‘മാസ്റ്റർപീസാ’ണു് Masuji Ibuse-യുടെ Black Rain എന്ന നോവൽ. I don’t like throwing words like ‘masterpiece’ about, but if I were thinking of, say, ten novels of high class written in the last twenty-five years, I think I should include this one’ എന്നാണു സി. പി. സ്നോ ഇതിനെക്കുറിച്ചു് അഭിപ്രായപ്പെട്ടതു്.
ഹീരോഷീമായിൽ ആറ്റംബോംബ് ഇട്ടു് ആ മഹാനഗരത്തെയും ജപ്പനീസ് ജനതയെയും നശിപ്പിച്ചതിന്റെ ദാരുണമായ ചിത്രമാണു് ഈ നോവൽ. അങ്ങനെ നശിപ്പിച്ചിട്ടും ജപ്പാനിലെ ജനതയുടെ ആത്മവീര്യം കെടുത്തിക്കളയാൻ അമേരിക്കയ്ക്കു കഴിഞ്ഞില്ല എന്നും ഇതു് ഉദ്ഘോഷിക്കുന്നു. ബോംബ് ഇട്ടുകഴിഞ്ഞ് 21 വർഷം കടന്നുപോയി. അപ്പോഴാണു് ഈ നോവൽ പ്രസിദ്ധപ്പെടുത്തിയതു്.
ഷിഗെമാസ്തു ഷിസുമയും അയാളുടെ അനന്തരവൾ യാസുക്കോയുമാണു് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. അനന്തരവൾ അമ്മാവന്റെ മനസ്സിനു് ഭാരമാണു്. ആ ഭാരം വളരെ വർഷങ്ങൾ കഴിഞ്ഞാലും മാറുമെന്നു തോന്നുന്നില്ല. ഹിരോഷിമയിലാണു് യാസുക്കോ ജോലിചെയ്തിരുന്നതു്. ആറ്റംബോംബ് വീണതുകൊണ്ട് അവർക്കു റേഡിയേഷൻ രോഗം ഉണ്ടെന്നൊരു ശ്രുതി. ആ രോഗം അമ്മാവനും അമ്മായിയും ഒളിച്ചുവച്ചിരിക്കുകയാണെന്നും കേഴ്‌വി. അതുകൊണ്ട് ആരു വിവാഹാലോചനയുമായി വന്നാലും അതു ഫലപ്രദമായി കലാശിക്കില്ല. യാസുക്കോയുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒന്നിനൊന്നു തകരുകയായി. നോവലിലെ കഥ ചുരുളുനിവർത്തി വീഴുന്നതു് അമ്മാവന്റെയും അനന്തരവളുടെയും ഡയറികളിലൂടെയാണു്. ഇടയ്കിടയ്ക്കു് ആഖ്യാനത്തിലൂടെയും. ഈ ഡയറിക്കുറിപ്പുകൾ ബോംബാക്രമണത്തിന്റെ ഭയാനകതയെ പ്രത്യക്ഷമാക്കിത്തരുന്നു.

Black Rain-കറുത്ത മഴ—എന്ന പേരു നോവലിനു് എങ്ങനെ വന്നു? യാസുക്കോയുടെ ഡയറിയിലെ ഒരുഭാഗം അതു വ്യക്തമാക്കിത്തരും.
“ബോംബ് വീണപ്പോൾ അമ്മാവൻ ഷിഗെ മാസ്തു യോക്കോഗാവ സ്റ്റേഷനിലായിരുന്നു. അദ്ദേഹത്തിന്റെ ഇടത്തേ കവിളിനു മുറിവു പറ്റി… എന്റെ തൊലിയാകെ ചെളിപുരണ്ടതുപോലെയിരിക്കുന്നുവെന്നു് അമ്മാവൻ പറഞ്ഞതിനുശേഷമേ ഞാനറിയുന്നുള്ളു… ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ പെട്ടെന്നു് ഓർമ്മിച്ചു കറുത്ത മഴ പെയ്തുവെന്ന്… ആ മഴച്ചാറ്റൽ വന്നു.” (പുറം 34) പക്ഷേ, യാസുക്കോക്കു് സ്ഥിരമായ റേഡിയേഷൻ രോഗം. യാസുക്കോ വിനാശാത്മകതയുടെ സൂക്ഷ്മാകാരമാണു്. അതു കാണിച്ചുതന്നിട്ടു് നോവലിസ്റ്റ് പിന്മാറുന്നില്ല. നാശത്തിന്റെ ഭീമാകാരവും നോവലിലുണ്ടു്. എല്ലാം കാണുമ്പോൾ നമ്മൾ ഞെട്ടുന്നു. പക്ഷേ, നിസ്സംഗതയാണു് നോവലിസ്റ്റിനു്. ശത്രുവിനെ—അമേരിക്കക്കാരനെ—അദ്ദേഹം നിന്ദിക്കുന്നില്ല. ജപ്പാൻ കീഴടങ്ങിയതായി ചക്രവർത്തിയുടെ പ്രസ്താവം റേഡിയോയിലൂടെ കേട്ടിട്ടും പ്രധാന കഥാപാത്രത്തിനും കഥ പറയുന്ന ആളിനും ഒരു ചിത്തചാഞ്ചല്യവുമില്ല. ഇല്ലെന്നു മാത്രമല്ല, അടുത്ത തലമുറയിലൂടെ ജപ്പാൻ നവീകരിക്കപ്പെടുമെന്നു കരുതുകയും ചെയ്യുന്നു. പ്രതിരൂപാത്മകമായി ആ നവീകരണത്തെ സ്പഷ്ടമാക്കുന്നതിന്റെ ഭംഗി നോക്കുക:
“Newborn eels usually swim in to the rivers from the sea in mid-May… I wondered where they had been swimming on August 6, when Hiroshima had been bombed.” (P.297)
ഷിഗെമാസ്തു മുകളിലോട്ടു നോക്കി. “ആ കുന്നുകളുടെ മുകളിലായി മഴവില്ലു് ഉണ്ടാകുമെങ്കിൽ ഒരദ്ഭുതമായിരിക്കരുതു്. മഴവില്ലു് വരട്ടെ—എന്നാൽ യാസുക്കോയുടെ രോഗം ഭേദമാകും” എന്നു് അയാൾ തന്നോടായി പറഞ്ഞു. അടുത്തുള്ള കുന്നുകളിലായിരുന്നു അയാളുടെ കണ്ണുകൾ. അതു് സത്യമായി വരികില്ലെന്നു് താൻ അറിഞ്ഞിരുന്നെങ്കിലും അയാൾ അങ്ങനെ ഭാവികഥനം നടത്തി.
കുറെ മാസങ്ങൾക്കുമുൻപു് ഈ നോവലിന്റെ ചില പുറങ്ങൾ വായിച്ചിട്ടു് വിരസം എന്നു പറഞ്ഞു് ഞാൻ ദൂരെയെറിഞ്ഞതാണു്. ഇപ്പോൾ അതു വീണ്ടും കൈയിലെടുത്തു. വായിച്ചു. വായിക്കാതിരുന്നെങ്കിൽ അതു വലിയ നഷ്ടമായിപ്പോയേനെ. അനുവാചകനു് മാനസികോന്നമനം ജനിപ്പിക്കുന്ന നോവലാണു് Black Rain.

ഇനിപ്പറയുന്നതിൽ ആത്മപ്രശംസയുണ്ടെങ്കിൽ പ്രിയപ്പെട്ട വായനക്കാർ സദയം ക്ഷമിക്കണം. തെറ്റിദ്ധാരണ ഒഴിവാക്കാനാണു് ഇതു് എഴുതുന്നതു്. ഈ പംക്തിയുടെ ഇംഗ്ലീഷ് തർജ്ജമ വായിച്ചിട്ടു് ജവഹർലാൽ നെഹ്റു വിന്റെ അനന്തരവളും നോവലിസ്റ്റുമായ നയൻതാര സെഗൾ ഇത്തരത്തിൽ മനോഹരമായ ഒരു കോളം വേറൊരിടത്തും കണ്ടിട്ടില്ല എന്നുപറഞ്ഞതു് ഞാൻ മുൻപു് വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടു്. വൈക്കം മുഹമ്മദ് ബഷീറും എൻ. വി. കൃഷ്ണവാരിയരും നടത്തിയ ശ്ലാഘയും ഗുണവർണ്ണനവും അവരുടെ വാക്യങ്ങൾ എടുത്തെഴുതി ഞാൻ വായനക്കാരുടെ മുൻപിൽ കൊണ്ടുവന്നു. ദില്ലിയിലെ അവാർഡ് ദാനച്ചടങ്ങു നടന്നപ്പോൾ ഒരു ‘സാഹിത്യവാരഫല’ത്തിന്റെ മൗലികരൂപവും ഇംഗ്ലീഷ തർജ്ജമയും കേന്ദ്രമന്ത്രി ഗുജ്റാൾ, അച്ച ്യുത് പട്വർദ്ധൻ, ബി. ജെ. പി.യിലെ അദ്വാനി ഉൾപ്പെട്ട ആയിരക്കണക്കിനാളുകൾക്കു് നല്കിയിരുന്നു. അവർ അതു വായിച്ചു. വായിച്ച അദ്വാനിയും പട്വർദ്ധനും എന്നെക്കണ്ടു് അഭിനന്ദിക്കുകയും ഹസ്തദാനം ചെയ്തു മാനിക്കുകയും ചെയ്തു. അമേരിക്ക, സ്വീഡൻ, ജർമ്മനി ഈ രാജ്യങ്ങളിലെ സായ്പന്മാർ സാഹിത്യവാരഫലത്തിന്റെ ഇംഗ്ലീഷ് തർജ്ജമ വായിച്ചിട്ടു് എനിക്കു് അഭിനന്ദനസൂചകങ്ങളായ കത്തുകൾ എഴുതുന്നു. The Name of the Rose എന്ന നോവലെഴുതി വിശ്വവിഖ്യാതനായിത്തീർന്ന ഉമ്പർടോ എകോ സാഹിത്യവാരഫലത്തിൽ ആ നോവലിനെക്കുറിച്ചുള്ള “പരാമർശം” ഇംഗ്ലീഷ് തർജ്ജമയിലൂടെ വായിച്ചു മനസ്സിലാക്കിയിട്ടു് അതു് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന എഴുത്തുകാരനായ രമേഷിനു The Name of the Rose അയച്ചുകൊടുത്തു. ഈ പംക്തിയുടെ മേന്മയെ പരിഗണിച്ചായിരുന്നല്ലോ ഗോയങ്ക അവാർഡ്. ദില്ലിയിലെ വിജ്ഞാൻഭവനിൽ കൂടിയ സ്ത്രീപുരുഷന്മാരിൽ കുറഞ്ഞതു അമ്പതുപേരെങ്കിലും ഇതുപോലെ രസകരമായ ഒരു കോളം ലോകത്തു് ഒരിടത്തുമില്ല എന്നു നേരിട്ടു് എന്നോടു പറഞ്ഞു. സാമൂഹികപ്രവർത്തനങ്ങളിൽ തൽപരയായ ഒരു യുവതി അവരുടെ അച്ഛനുമായി എന്നെ കാണാൻ വന്നു. ഈ ലേഖനപരമ്പരയുടെ ഇംഗ്ലീഷ് തർജ്ജമ അവർക്കു പതിവായി വേണമെന്നു പറഞ്ഞു. (നടക്കാത്ത കാര്യമാണല്ലോ അതു്) എന്നിട്ടും ഇവിടെയുള്ള ഒന്നുരണ്ടുപേർ ഇതിന്റെ നേർക്കു കല്ലെറിഞ്ഞുകൊണ്ടിരുന്നു. ഒരാൾ പത്രാധിപരാണു്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ ഉമ്പർടോ എക്കോയുടെ Foucalt’s Pendulum എന്ന അന്യാദൃശ്യമായ നോവലിലെ ഒരു ഭാഗമാണു് എനിക്കോർമ്മ വരുന്നതു്. മകൻ ഒരു കോമിക് സ്റ്റ്രിപ് മാഗസിൻ വേണമെന്നു് അച്ഛനെ അറിയിച്ചിട്ടു പറഞ്ഞു: The purpose of this magazine is to educate the reader in an entertaining way. അതുകേട്ട് അച്ഛൻ മറുപടി നല്കി: The purpose of your magazine is the purpose of every magazine to sell as many copies as it can. (chapter 7) മറ്റേയാളിനെക്കുറിച്ചു് എനിക്കൊന്നും പറയാനില്ല. പുരുഷരത്നമെന്നു് ഞാൻ കരുതുന്ന ഒരു മഹാവ്യക്തി എന്റെ പംക്തിയുടെ നിസ്തുലസ്വഭാവം വ്യക്തമാക്കിയിട്ടു് ‘അയാളെപ്പോലുള്ളവർക്കു നിങ്ങൾ മറുപടി പറയരുതു്‘’ എന്നു് എഴുതി അയച്ചിരിക്കുന്നു. ‘ഇല്ല’ എന്നു ഞാൻ അദ്ദേഹത്തോടു പ്രതിജ്ഞ ചെയ്തു. അതിനെ ആദരിച്ചു് ഞാൻ മൗനം അവലംബിക്കുന്നു.