സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ യോസിഫ് ബ്രൊഡ്സ്കി വാഴ്ത്തിയ യൂഗോസ്ലാവ്യൻ സാഹിത്യകാരനാണു് ദാനിലോ കീഷ് (Danilo Kiš, 1935–1989). മഹാനായ ഈ എഴുത്തുകാരന്റെ ഒരു നോവലും ഒരു ചെറുകഥാ സമാഹാര ഗ്രന്ഥവും ഞാൻ വായിച്ചിട്ടുണ്ടു്. കീഷിന്റെ ചെറുകഥകൾ—ആധ്യാത്മികമാനങ്ങൾ ഉളള ചെറുകഥകൾ— അന്യാദൃശങ്ങളാണു്. അതുപോലെ അന്യാദൃശസ്വഭാവമുള്ള നോവലാണു് Garden, Ashes എന്നതു്. മനഃശാസ്ത്രത്തിൽ പ്രാധാന്യമുള്ള ഫാദർ ഫിഗറിന്റെ ആധിപത്യത്തിൽ അമർന്ന മകന്റെ അവസ്ഥാവിശേഷങ്ങൾ കാഫ്ക യും ബ്രൂനോ ഷുൾസും പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആ ‘ഫാദർ ഫിഗറി’ന്റെ വിനാശാത്മകമായ ആധിപത്യമാണു് കീഷിന്റെ നോവലിലെ പ്രതിപാദ്യം. എങ്കിലും തികച്ചും മൗലികരചനയാണതു്. ഒരിക്കൽ വായിച്ച ഈ നോവൽ ഇന്നും ഞാൻ വായിച്ചുതീർത്തു.
മലയാള തർജ്ജമ ശക്തി ചോർത്തിക്കളയുമെന്നതുകൊണ്ടു് ഇംഗ്ലീഷ് തർജ്ജമതന്നെ നല്കട്ടെ. കഥ പറയുന്ന ആൾ അച്ഛനെക്കുറിച്ചു് എഴുതുന്നതാണു് സന്ദർഭം: “he was in love only with the daughter, because the daughter was as warm and sweet—smelling as fresh bread; he was in love with the mother, because the mother was well developed and plaint as dough on a kneading board; he was half in love with the mother, half with the daughter (fragrant abundance); he was in love first with the mother, but then when the daughter grew up (…) he was in love with the daughter—without, however, being unfaithful to the mother” (PP. 128—Faber and Faber) അച്ഛന്റെ ഇച്ഛാശക്തിക്കു് അടിമപ്പെട്ട മകൻ—അവന്റെ ഭാവി അയാളുടെ കൈയിലാണു്. ആ പിതാവിന്റെ അനിയതാഭിലാഷങ്ങളെ മകൻ സഭ്യതയുടെ അതിർത്തി ലംഘിക്കാതെ ധ്വനിപ്പിക്കുന്നു. കീഷിന്റെ ഈ നോവൽ യൂറോപ്പിലെ മിക്ക ഭാഷകളിലേക്കും തർജ്ജമചെയ്തിട്ടുണ്ടു്.
രമണമഹർഷി യും ശിഷ്യനും തമ്മിലുളള സംഭാഷണം. എത്ര ഉത്തേജകമാണതു്!
- ഗുരു:
- നിന്നെസ്സംബന്ധിച്ചിടത്തോളം പ്രകാശമെന്നാൽ എന്തു്?
- ശിഷ്യൻ:
- പകൽസമയത്തു സൂര്യൻ; രാത്രി സമയത്തു വിളക്കു്.
- ഗുരു:
- ആ പ്രകാശത്തെ കാണുന്ന പ്രകാശമേതു്?
- ശിഷ്യൻ:
- കണ്ണു്.
- ഗുരു:
- കണ്ണിനെ പ്രകാശിപ്പിക്കുന്ന പ്രകാശമേതു്?
- ശിഷ്യൻ:
- ധിഷണയാണു് ആ പ്രകാശം.
- ഗുരു:
- ധിഷണയെ അറിയുന്ന പ്രകാശമേതു്?
- ശിഷ്യൻ:
- “ഞാൻ” എന്നതു്.
- ഗുരു:
- അതുകൊണ്ടു് നീ എല്ലാ പ്രകാശങ്ങളുടെയും സമുന്നത പ്രകാശമാണു്.
- ശിഷ്യൻ:
- അതേ. ഞാൻ അങ്ങനെതന്നെ.
രമണമഹർഷിയുടെ ഇമ്മാതിരി പ്രസ്താവങ്ങളിലൂടെ കടന്നുപോകുമ്പോൾ ജനിക്കുന്ന ധന്യതതന്നെയാണു് യഥാർത്ഥമായ ധന്യത. ആ സുപ്രധാന മുഹൂർത്തത്തിലാണു് ഞാനിപ്പോൾ.
11.15 a.m.
പേരുകൾ എഴുതുന്നതു ശരിയല്ല. രണ്ടു കലാകാരന്മാർ വന്നു.
- ഒരാൾ ചോദിച്ചു:
- കേരളത്തിൽ പല സ്ഥലങ്ങളിലും വച്ചിരിക്കുന്ന പ്രതിമകളെക്കുറിച്ചു് എന്താണു് അഭിപ്രായം?
- എന്റെ മറുപടി:
- പ്രതിമാനിർമ്മാണം രമണീയമായ കലയാണു്. പക്ഷേ, ‘മാസ്സ്’ (mass) ഉണ്ടാക്കിവച്ചാൽ പ്രതിമയായി എന്നാണു് ചിലരുടെ വിചാരം. അവ കാണുമ്പോൾ ആഹ്ലാദമല്ല എനിക്കു്, പേടിയാണു്. കലാകാരന്മാർ കവികളിലേക്കും സാഹിത്യവാരഫലത്തിലേക്കും തിരിഞ്ഞു.
- ചോദ്യം:
- ‘…എന്ന കവിക്കു ചില ഇമേജസും കുറച്ചു വാക്കുകളും മാത്രമല്ലേ കൈവശമുള്ളൂ. സാഹിത്യവാരഫലത്തിൽ ഈ ഇരുപത്തൊന്നു വർഷമായി ഇരുന്നൂറു വാക്കുകളിൽ അധികം താങ്കൾ പ്രയോഗിച്ചിട്ടുണ്ടോ?’
- എന്റെ ഉത്തരം:
- രാജാരവിവർമ്മ യുടെ ചുറ്റും ആയിരം ചായങ്ങൾ ഉണ്ടായിരുന്നിരിക്കും. അവയെല്ലാം അദ്ദേഹം വാരിക്കോരി കാൻവാസ്സിൽ തേച്ചോ? അതോ മൂന്നോ നാലോ ചായങ്ങൾ ഉപയോഗിച്ചു് ദമയന്തി യെയും ശകുന്തള യെയും ആവിഷ്കരിച്ചോ? ചൈനീസ് ചിത്രകാരന്മാർ രണ്ടോ മൂന്നോ വരകൾ വരച്ചാണു് സൗന്ദര്യം സൃഷ്ടിക്കുന്നതു്.
2 p.m.
ഞാൻ ഉറങ്ങാൻ കിടന്നതാണു്. കണ്ണിൽ നിദ്ര ലേശം വ്യാപിച്ചപ്പോൾ ടെലിഫോൺ ശബ്ദിച്ചു. “നാശം” എന്നു പറഞ്ഞ് റിസീവർ എടുത്തു കാതിൽ വച്ചു. ഒരാൾ സംശയം തീർക്കാൻ ചോദിക്കുകയാണ്: ‘സാർ ഏകഭാര്യാവ്രതം എന്നാൽ എന്താണ്?’ ഞാൻ മറുപടി നല്കി: ‘ലോകത്തുളള എല്ലാപ്പെണ്ണുങ്ങളിലും ആസക്തിയുണ്ടാക്കാൻ പുരുഷനെ സഹായിക്കുന്ന ഒരു വ്രതം.’
സിംഹങ്ങൾ തമ്മിൽ ഇണചേരുമ്പോൾ സിംഹത്തിനും സിംഹിക്കുമറിയാം ജനിക്കാൻ പോകുന്നതു സിംഹക്കുട്ടിയായിരിക്കുമെന്നു്. വളളത്തോൾ ഭാഷയുമായി അഭിരമിക്കുമ്പോൾ ജനിക്കുന്നതു് കവിതയായിരിക്കുമെന്ന് വളളത്തോളിനും ഭാഷയ്ക്കും അറിയാം. മൂങ്ങകൾ ഇണചേരുമ്പോൾ ജനനംകൊളളുന്നതു് കുയിലായിരിക്കുമെന്നു് അവ വിചാരിക്കുമെങ്കിലും കുയിൽതന്നെ ഉണ്ടാകുമോ?
മണർകാടു വിജയനെ എനിക്കു നേരിട്ടറിയാം. എത്ര നല്ലയാളാണു് അദ്ദേഹം. വിനയമാധുര്യം, സൗജന്യമാധുര്യം, മര്യാദാമാധുര്യം ഇങ്ങനെ എല്ലാ മാധുര്യങ്ങളുടെയും സങ്കലനമാണു് അദ്ദേഹം. പക്ഷേ, ചന്ദ്രബിംബത്തിൽനിന്നു ചണ്ഡമാം വിഷംപോലെ അദ്ദേഹത്തിൽനിന്നു് ഈ കഥാവൈരൂപ്യം എങ്ങനെയുണ്ടായി? ഞാൻ ലക്ഷ്യമാക്കുന്നതു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹമെഴുതിയ ‘പരിണാമവാദം’ എന്ന ചെറുകഥയെയാണു്. ഒരു ജന്തുശാസ്ത്ര പ്രഫെസർക്കു കൊച്ചുവാലുള്ള കുഞ്ഞു് ഉണ്ടാകുന്നു. ഭാര്യയ്ക്കു് ആ വാലു മുറിച്ചുകളയണമെന്നു നിർബ്ബന്ധം. പ്രഫെസർ വഴങ്ങുന്നില്ല. കുഞ്ഞു് ക്രമേണ കുരങ്ങനായി മരങ്ങളിൽ ചാടിക്കളിക്കാൻ തുടങ്ങി. വെച്ചൂർ രാമൻപിളള നരസിംഹത്തിന്റെ വേഷംകെട്ടി ആടുന്നതു ഞാൻ കണ്ടിട്ടുണ്ടു്. ഭയജനകമായ ആ നാരസിംഹാകാരത്തിന്റെ പിറകിൽ വെച്ചൂർ രാമൻപിളള എന്ന നല്ല മനുഷ്യനുണ്ടെന്നു് എനിക്കറിയാം. എങ്കിലും ആ അറിവിനെ വിസ്മൃതിയിലേക്കു തള്ളിക്കളയും വേഷത്തിന്റെ ഭയങ്കരത്വം. അതുപോലെ വിജയന്റെ ഈ കഥയിൽ ഒരാശയമുണ്ടെന്നു ഞാൻ ഗ്രഹിച്ചിട്ടുണ്ടു്. ആ ആശയത്തെ അഗണ്യകോടിയിലാക്കുന്നതിനു പര്യാപ്തമാണു് കഥയുടെ ബീഭത്സാകാരം. ഈ രചന ആർട്ട് അല്ല; സ്യൂഡോ ആർടാണു്.
മരിച്ചവരെക്കുറിച്ചു് എഴുതുന്നതു അപരാധമാണെന്നു് എനിക്കറിയാം. എങ്കിലും എഴുതാതിരിക്കാൻ വയ്യ. കാരണം നമുക്കു കുറച്ചു സാഹിത്യകാരന്മാരേ ഉളളൂ എന്നതാണു്. ഉളളവരിൽ തൊണ്ണൂറു ശതമാനവും ‘മീഡിയോക്കറും’ (ഇടത്തരക്കാർ). ഈ കോളത്തിൽ എപ്പോഴും ചില സാഹിത്യകാരന്മാരുടെ പേരുകൾ ആവർത്തിച്ചു വരുന്നതും അവരുടെ വൈരള ്യത്താലാണു്. പി. കേശവദേവ് ഒരു സമ്മേളനത്തിലെ പ്രഭാഷകൻ. ശ്രോതാക്കളുടെ കൂട്ടത്തിൽ എൻ. വി. കൃഷ്ണവാരിയരു മുണ്ടു്. ജി. ശങ്കരക്കുറുപ്പി നു ജ്ഞാനപീഠം സമ്മാനം കിട്ടിയ കാലം. കേശവദേവ് പറഞ്ഞു. “ഞാൻ എൻ. വി. കൃഷ്ണവാരിയരുടെ കവിത വായിച്ചിട്ടില്ല. വായിച്ചിട്ടില്ല എന്നതിനു തെളിവു് ഞാൻ ജീവിച്ചിരിക്കുന്നു എന്നതുതന്നെ.” സദസ്സ് ചിരിച്ചു. കൂടുതൽ ചിരിച്ചതു് കൃഷ്ണവാരിയർ തന്നെ.
രാജാരവിവർമ്മയുടെ ചുറ്റും ആയിരം ചായങ്ങൾ ഉണ്ടായിരുന്നിരിക്കും. അവയെല്ലാം അദ്ദേഹം വാരിക്കോരി കാൻവാസ്സിൽ തേച്ചോ? അതോ മൂന്നോ നാലോ ചായങ്ങൾ ഉപയോഗിച്ചു് ദമയന്തിയെയും ശകുന്തളയെയും ആവിഷ്കരിച്ചോ? ചൈനീസ് ചിത്രകാരന്മാർ രണ്ടോ മൂന്നോ വരകൾ വരച്ചാണു് സൗന്ദര്യം സൃഷ്ടിക്കുന്നതു്.
ഞാനന്നു് കൊച്ചുകുട്ടിയാണു്. എന്റെ വീട്ടിലെ ജീവിതം മടുത്തു് ആത്മഹത്യ ചെയ്തുകളയാമെന്നു വിചാരിച്ചു് രാത്രി ഏഴുമണിയോടു് അടുപ്പിച്ചു് ആലപ്പുഴെ തത്തംപളളിയിലുളള വീട്ടിൽ നിന്നിറങ്ങി തോണ്ടംകുളങ്ങര അമ്പലത്തിനടുത്തേക്കു നടന്നു. അമ്പലത്തിലേക്കു കുറച്ചുനേരം നോക്കിനിന്നിട്ടു വലതുഭാഗത്തേക്കു തിരിഞ്ഞു. തെല്ലുദൂരം ചെന്നാൽ കൃഷിവകുപ്പിന്റെ വകയായ ഒരു കുളമുണ്ടു്. അതിൽ ചാടിച്ചാകാനായിരുന്നു എന്റെ പദ്ധതി. നടന്നു. കുളക്കരയിലെത്തി. നിലാവു വീണിരിക്കുന്നു. മരച്ചുവടുകളിൽ ഇലകൾ കാറ്റടിച്ചു മാറുമ്പോൾ നിലാവിന്റെ നുറുങ്ങുകൾ. ആ ഇലകൾ ചലനരഹിതങ്ങളാവുമ്പോൾ നുറുങ്ങുകളും ഇല്ലാതാവും. പക്ഷേ, കുളത്തിന്റെ ഉപരിതലത്തിലെ നിലാവു് സ്ഥായിത്വമാർന്നു് പ്രകാശിക്കുന്നു. കാറ്റേറ്റു് ഓളങ്ങളുണ്ടായാലും നിലാവു് ആ ഓളങ്ങളുടെ മുകൾഭാഗത്തുണ്ടാവും. കുറെനേരം അതു നോക്കിനിന്നിട്ടു് ഞാൻ തിരിച്ചു വീട്ടിലേക്കു പോന്നു. ഇന്നു് ഈ സംഭവം ഓർമ്മിക്കാൻ ഹേതു ഒളപ്പമണ്ണ യുടെ ‘തിരഞ്ഞെടുപ്പ്’ എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു എന്നതാണു്. ജലത്തിന്റെ മുകളിലുളള നിലാവുപോലെ ഭാഷയുടെ ഉപരിതലത്തിൽ വീണുകിടക്കുന്ന നിലാവുതന്നെയാണു് കവിത. ഒളപ്പമണ്ണയുടെ കാവ്യത്തിൽ ഭാഷ മാത്രമേയുളളു. അതിന്റെ മുകളിൽ ചന്ദ്രികയില്ല.
മഹാഭാരതകഥ ഞാൻ കണ്ടുകഴിയവേ
മനസ്സിലുയരുന്ന ഹസ്തിനാപുരി നോക്കി
തന്നരമന വിട്ടുതിരിക്കും ധൃതരാഷ്ട്രർ-
ക്കിന്നത്രേ കണ്ണുണ്ടായതെന്നു ഞാൻ ധരിക്കുന്നു.
എന്നു തുടങ്ങി ആകെയുളള 26 വരികളും ശുഷ്കങ്ങളാണു്. കൃഷിവകുപ്പിന്റെ കുളത്തിലെ നിലാവാണെന്നു തോന്നുന്നു എന്നെ ആത്മഹത്യയിൽനിന്നു പിന്തിരിപ്പിച്ചതു്. ഒളപ്പമണ്ണയുടെ രചനയിൽ കവിതയുടെ നിലാവില്ല. അതുകൊണ്ടു് എനിക്കു് അതിൽച്ചാടി ആത്മഹത്യ ചെയ്യാം.
സിംഹങ്ങൾ തമ്മിൽ ഇണചേരുമ്പോൾ സിംഹത്തിനും സിംഹിക്കുമറിയാം ജനിക്കാൻ പോകുന്നതു സിംഹക്കുട്ടിയായിരിക്കുമെന്നു്. വളളത്തോൾ ഭാഷയുമായി അഭിരമിക്കുമ്പോൾ ജനിക്കുന്നതു് കവിതയായിരിക്കുമെന്ന് വളളത്തോളിനും ഭാഷയ്ക്കും അറിയാം. മൂങ്ങകൾ ഇണചേരുമ്പോൾ ജനനംകൊളളുന്നതു് കുയിലായിരിക്കുമെന്നു് അവ വിചാരിക്കുമെങ്കിലും കുയിൽതന്നെ ഉണ്ടാകുമോ?
ചോദ്യം: ഏറ്റവും സുഖപ്രദമായ നിമിഷമേതു്?
ഉത്തരം: ലൗഡ് സ്പീക്കർ ഗർജ്ജിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഗർജ്ജനത്തിനുശേഷം അടുത്ത ഗർജ്ജനം തുടങ്ങുന്നതിനു മുൻപുളള നിശ്ശബ്ദതയുടെ നിമിഷം.
ചോദ്യം: മുരിങ്ങയിലത്തോരൻ ഇഷ്ടമാണോ?
ഉത്തരം: വലിയ ഇഷ്ടം. പക്ഷേ, അതിൽ ഉപ്പുകോരിയൊഴിക്കുന്ന വേലക്കാരെ ഇഷ്ടമല്ല.
ചോദ്യം: നിങ്ങൾ ഏറ്റവും വെറുക്കുന്നതെന്തു്?
ഉത്തരം: വ്യായാമത്തിന്റെ പേരിൽ കാണിക്കുന്ന ഗോഷ്ടികൾ. കൈകൾ മുൻപോട്ടാക്കിക്കൊണ്ടു് പെട്ടെന്നു് ഇരിക്കുക, ചാടിയെഴുന്നേല്ക്കുക, കസർത്തെടുക്കുക, ചന്തികുലുക്കിക്കൊണ്ടു് റോഡിലൂടെ ഓടുക, പൂമുഖത്തെ പകുതി ഭിത്തിയിൽ മലർന്നുകിടന്നു തലയും കാലുകളും ഓരോവശവും തറയിൽ തൊടുവിക്കുക, എന്നിട്ടു് വളഞ്ഞ് എഴുന്നേല്ക്കുക. പിന്നെയും അതുപോലെ കിടക്കുക. ഈ കാഴ്ചകൾ എനിക്കു് അസഹനീയങ്ങളാണു്.
ചോദ്യം: നിങ്ങൾ വ്യായാമം ചെയ്യാറുണ്ടോ? (ചോദ്യം സ്വന്തം)
ഉത്തരം: ഇല്ല. ഇന്നുവരെ ഇല്ല. കാലത്തെഴുന്നേറ്റു് വൈകുന്നേരംവരെ ചാരുകസേരയിലിരുന്നു് എഴുതും. വായിക്കും. സുഖക്കേടു വരുമെന്നു പലരും പറയാറുണ്ടു്. ഈ ജീവിതാസ്തമയംവരെ ഒന്നും വന്നിട്ടില്ല. മരിക്കുന്നതുവരെ വ്യായാമം ചെയ്യാൻ ഉദ്ദേശ്യവുമില്ല. നമ്മൾ കുറച്ചാരോഗ്യവുമായി ഇവിടെ വരുന്നു. കുറെക്കാലം ജീവിക്കുന്നു, പോകുന്നു. അത്രേയുളളു. വ്യായാമം ചെയ്തു് ആരോഗ്യം വർദ്ധിപ്പിക്കാമെന്നതു് വ്യാമോഹം മാത്രം.
ചോദ്യം: പ്രേമത്തിൽ വീണാൽ?
ഉത്തരം: കുതിരയെപ്പോലെ ഓടിയിരുന്നവൻ കഴുതയെപ്പോലെ ഓടും. സിംഹത്തെപ്പോലെ ഗൗരവമുള്ളവൻ ഊളനെപ്പോലെ കാതരത്വമുള്ളവനാകും.
ചോദ്യം: നിങ്ങളെ ജയിലിലാക്കിയാൽ?
ഉത്തരം: അങ്ങനെ ചെയ്യുന്നവനോടു ഞാൻ നന്ദിയുളളവനായിരിക്കും. ഈ ലോകത്തു് ഇങ്ങനെ ജീവിക്കുന്നതിനെക്കാൾ എത്രയോ മെച്ചമാണു് കാരാഗൃഹത്തിലെ വാസം.
ചോദ്യം: വൃദ്ധൻ ചെറുപ്പക്കാരനാവുന്നതു് എപ്പോൾ?
ഉത്തരം: സുന്ദരിയായ ചെറുപ്പക്കാരിയെ കടപ്പുറത്തുവച്ചു് ഒറ്റയ്ക്കു കാണുമ്പോൾ. അവളെ സ്പർശിച്ചാൽ പിന്നെയും അഞ്ചുവയസ്സ് ആ വ്യാമോഹവയസ്സിൽനിന്നു കുറയും. അവൾ എഴുന്നേറ്റു പോകുമ്പോൾ തനിക്കു് എൺപതുവയസ്സായിയെന്നു അയാൾക്കു തോന്നും.
ഏറ്റവും സുഖപ്രദമായ നിമിഷമേതു്?ലൗഡ് സ്പീക്കർ ഗർജ്ജിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഗർജ്ജനത്തിനുശേഷം അടുത്ത ഗർജ്ജനം തുടങ്ങുന്നതിനു മുൻപുളള നിശ്ശബ്ദതയുടെ നിമിഷം.
അടുത്തകാലത്തു് എന്റെ ഗുരുനാഥനായ നാലാങ്കൽ കൃഷ്ണപിളള സ്സാറിനെ ഞാൻ കണ്ടു. പലതും സംസാരിച്ച കൂട്ടത്തിൽ സാറ് ബി. മാധവമേനോനെക്കുറിച്ചും പറഞ്ഞു. ഗുരുനാഥനോടു സ്നേഹവും ബഹുമാനവുമുളള ശിഷ്യനാണു് മാധവമേനോനെന്നു നാലാങ്കൽസ്സാറ് പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. കാരണം അദ്ദേഹം എന്റെയും സുഹൃത്താണു് എന്നതാണു്. ഞങ്ങൾ വടക്കൻ പറവൂർ സ്കൂളിൽ ഒരുമിച്ചു പഠിച്ചു. ഒരു ക്ലാസ്സാണെങ്കിലും രണ്ടു ഡിവിഷൻ. സ്കൂളിലെ ഏറ്റവും ബുദ്ധിമാനായ വിദ്യാർത്ഥിയായിരുന്നു മാധവമേനോൻ. പെൺകുട്ടികൾക്കു നിദ്രാഭംഗമുണ്ടാവുന്ന സൗന്ദര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ബുദ്ധിശക്തികൊണ്ടു്—ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായി. സമുന്നതപദവിയിലെത്തുകയും ചെയ്തു. പതിന്നാലുവയസ്സുളള കാലത്തു് ചെറുകഥയെഴുതിത്തുടങ്ങിയ മാധവമേനോൻ ഇന്നും അതെഴുതിക്കൊണ്ടിരിക്കുന്നു. മാധവമേനോന്റെ കഥകളെക്കുറിച്ചുള്ള എന്റെ വിമർശനം ശരിയല്ലെന്നു നാലാങ്കൽസ്സാറ് പറഞ്ഞില്ലെങ്കിലും ഇത്രയും നല്ല മനുഷ്യനെക്കുറിച്ചു് അങ്ങനെയൊക്കെ എഴുതുന്നതു ശരിയല്ലെന്നു സാറ് ധ്വനിപ്പിക്കുംപോലെ തോന്നി. സാഹിത്യവാരഫലത്തിൽ വ്യക്തിസ്നേഹമോ വ്യക്തി ശത്രുതയോ നോക്കാതെയാണു് ഞാൻ എഴുതാറുളളതെന്നു സാറിനോടു പറയാനും പോയില്ല. ആ രീതിയിൽ എഴുതുന്നതുകൊണ്ടു മാത്രമാണു് ഈ കോളം 21 വർഷമായി നിലനില്ക്കുന്നതു്.
ഇനി മാധവമേനോൻ കലാകൗമുദിയിൽ എഴുതിയ ചന്ദനത്തിരികൾ എന്ന ചെറുകഥയിലേക്കു നമുക്കു തിരിയാം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാൽ മറ്റേക്കണ്ണിന്റെ കാഴ്ചയ്ക്കുളള ശക്തികൂടും. ഒരവയവം നഷ്ടമായാൽ മറ്റവയവങ്ങൾ നഷ്ടപ്പെട്ട അവയവത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. നാലിന്ദ്രിയങ്ങളുടെയും ശക്തിയില്ലാതെയായാൽ അഞ്ചാമത്തെ ഇന്ദ്രിയം ഇല്ലാതെയായ ശക്തി ആവഹിക്കും. ഇതു സാധാരണമായ നിയമമാണു്. അന്ധനായ ഒരുത്തൻ കാഴ്ചയുളളവനെക്കാൾ പ്രഗല്ഭമായി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ ചിത്രീകരിക്കുകയാണു് കഥാകാരൻ. ഹൃദ്യമാണു് അദ്ദേഹത്തിന്റെ കഥ പറയുന്ന തീതി. സംഭവങ്ങൾ ഹൃദയത്തെ സ്പർശിക്കുന്നു. പക്ഷേ, ഇതൊക്കെ ജേണലിസത്തിലുമുണ്ടു്. ജേണലിസത്തെയും സാഹിത്യരചനയെയും വേർതിരിക്കുന്നതു് സാഹിത്യരചനയിൽ എപ്പോഴും ഒരു ‘വിഷൻ’ (vision) ഉണ്ടായിരിക്കുമെന്നതാണു്. അതു മാധവമേനോന്റെ ഇക്കഥയിൽ ഉണ്ടെന്നു പറയാൻവയ്യ.
ടെലിവിഷൻസെറ്റ് സങ്കീർണ്ണമായ ഉപകരണമാണു്. പക്ഷേ, മൂന്നുവയസ്സായ കുഞ്ഞിനും അതിന്റെ കട്ടതിരിച്ചു് അതു പ്രവർത്തിപ്പിക്കാം. കാറോടിക്കും ഉദ്യോഗസ്ഥൻ. എഞ്ചിൻ പ്രവർത്തിക്കാതെയായാൽ അയാൾക്കു അതു നന്നാക്കാൻ അറിഞ്ഞുകൂടാ. വർക്ക് ഷോപ്പിൽനിന്ന് ആളു വരണം. അതുപോലെ ജീവിതത്തിന്റെ ബാഹ്യതലങ്ങളൊക്കെ മാധവമേനോനുവശമാണു്. നോബ് തിരിക്കാൻ, കാറ് സ്റ്റാർട്ട് ചെയ്യാൻ അദ്ദേഹത്തിനറിയാം. ഉളളിലെ സംവിധാനത്തെക്കുറിച്ചു് അദ്ദേഹം അജ്ഞനാണു്. സാഹിത്യത്തിന്റെ ആന്തരതലത്തിന്റെ സ്വഭാവംകൂടി അദ്ദേഹം മനസ്സിലാക്കിയെങ്കിൽ!
ജലത്തിന്റെ മുകളിലുളള നിലാവുപോലെ ഭാഷയുടെ ഉപരിതലത്തിൽ വീണുകിടക്കുന്ന നിലാവുതന്നെയാണു് കവിത.
കാലം കഴിയുമ്പോൾ നമ്മുടെ ഇന്നത്തെ കഥാകാരന്മാരെല്ലാം വിസ്മരിക്കപ്പെടും. ഇപ്പോൾത്തന്നെ കേശവദേവും പൊറ്റെക്കാട്ടും വിസ്മരിക്കപ്പെട്ടിരിക്കുന്നു. നാസർ, ഫറൂക്ക് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ ഫറൂക്ക് പറഞ്ഞതാണു് എനിക്കോർമ്മ വരുന്നതു്. “ഒരു ദിവസം അഞ്ചുരാജാക്കന്മാർ മാത്രമേ ഉണ്ടായിരിക്കു. ആടുതൻ, ഇസ്പീഡ്, ഡയമണ്ട്, ക്ലാവർ പിന്നെ ഇംഗ്ലണ്ടിലെ രാജാവും.
ഒരു technocratic system—ഇതിനു നമ്മളെല്ലാവരും വിധേയരായിക്കഴിഞ്ഞുവെന്നു് പല ചിന്തകന്മാരും പ്രസ്താവിച്ചിട്ടുണ്ടു്. ഇന്ത്യയിലുള്ള കമ്പനികൾ ഉണ്ടാക്കുന്ന സിഗററ്റ് വിദേശത്തു നിർമ്മിക്കുന്ന ഏതു സിഗററ്റിനും തുല്യമാണു്. റെയിൽവേ കോച്ചുകൾ, മോട്ടോർ കാറുകൾ, റെയ്സർ ബ്ലൈെയ്ഡുകൾ ഇവ നിർമ്മിക്കുന്ന രീതികൾ എല്ലാ രാജ്യങ്ങളിലും സദൃശങ്ങളാണെന്നു അവർ ചൂണ്ടിക്കാണിക്കുന്നു. വിദേശനിർമ്മിതങ്ങളായ വസ്തുക്കൾക്കു ഭംഗിയും ഉറപ്പും കൂടുതലാണെന്നു ചിലർ അഭിപ്രായപ്പെട്ടേക്കും. അതു ശരിയാണെങ്കിൽ വളരെ വൈകാതെ നമ്മളും ആ ഭംഗിയും ഉറപ്പും കൈവരുത്തും. ഇങ്ങനെ നേരത്തേ പറഞ്ഞ technocratic system സമീകരണം ഉണ്ടാക്കിയിരിക്കുന്നു. സാഹിത്യവും ഇന്നു ചിലരുടെ കൈയിൽ ടെക്നോക്രസിയായി അധഃപതിച്ചിരിക്കുന്നു. സാങ്കേതികവിദഗ്ദ്ധരുടെയും എഞ്ചിനീയറന്മാരുടെയും കണ്ടുപിടിത്തങ്ങളെ അവലംബിച്ചു് വൈയവസായിക വിഭവങ്ങളെയും സാമൂഹികസംഘടനകളെയും നിയന്ത്രിക്കുന്നതാണു് ടെക്നോക്രസി. അതു വിജയം വരിക്കുമ്പോൾ സത്യം ഗളഹസ്തം ചെയ്യപ്പെടും. മെക്കാനിസത്തിന് പ്രാധാന്യം വരും. അസത്യം പ്രാധാന്യമാർജ്ജിക്കും. മേഘനാദൻ ദേശാഭിമാനി വാരികയിലെഴുതിയ “കുടുംബചിത്രങ്ങൾ” എന്ന കഥ വായിച്ചാൽ ഈ മെക്കാനിസത്തിന്റെ കുത്സിതത്വം സാഹിത്യത്തിൽ സംഭവിക്കുന്നതു് എങ്ങനെയാണെന്നു സ്പഷ്ടമാകും. ഓഫീസിലെ ഉന്നതനായ ഉദ്യോഗസ്ഥന്റെയും പാവപ്പെട്ട ശിപായിയുടെയും ഒരു ദിവസത്തെ ജീവിതം സമാന്തരമായി ആവിഷ്കരിക്കുന്ന കഥാകാരൻ ലൗകീകസത്യത്തെ അതേ രീതിയിൽ കാണിച്ചുതരുന്നുവെന്നു ഞാൻ സമ്മതിക്കുന്നു. പക്ഷേ, ലൗകികസത്യത്തിന് അതീതമായ കലയുടെ സത്യം അതിലില്ല. തികച്ചും യാന്ത്രികസ്വഭാവമാർന്നതാണു് ഇക്കഥ. ഉത്കൃഷ്ടങ്ങളായ ചെറുകഥകൾ വായിക്കുമ്പോൾ പഞ്ഞിക്കെട്ടിൽ തീപിടിക്കുന്നതുപോലെ ഒരനുഭവം സഹൃദയനുണ്ടാകും. മേഘനാദന്റെ കഥ രസം വാർന്നുപോയ കരിമ്പിൻചണ്ടി ചവയ്ക്കുകുന്നതുപോലെയിരിക്കുന്നു. എന്റെ വീട്ടിൽ യന്ത്രങ്ങൾ ധാരാളമുണ്ടു്. റിസ്റ്റ്വാച്ച്, ഇസ്തിരിപ്പെട്ടി, റേഡിയോസെറ്റ്, ടെലിവിഷൻസെറ്റ്, ഫ്രിജ്ജ്. സാഹിത്യത്തിലും എനിക്കു യന്ത്രം വേണ്ട. ദേശാഭിമാനി വാരികയിൽ അതു തീരെ വേണ്ട.
ഹംഗറിയിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റ് ഒർറ്റൂർ കൊയ്സ്റ്റ്ലർ എഴുതിയ Darkness at Noon സാഹിത്യസൃഷ്ടിയല്ല. എന്നാൽ ഡിക്കിൻസി ന്റെ Great Expectation ഉത്കൃഷ്ടമായ സാഹിത്യ സൃഷ്ടിയാണു്. ആദ്യത്തേതിൽ മെക്കാനിസം. രണ്ടാമത്തേതിൽ സർഗ്ഗാത്മകത്വം.
തത്വചിന്തകനായ സാന്തായാന യുടെ പുസ്തകങ്ങൾ രസപ്രദങ്ങളാണു്. സാമാന്യജീവിതത്തോടു ബന്ധപ്പെടുത്തി അദ്ദേഹം പ്രൗഢങ്ങളായ ചിന്തകൾ പ്രതിപാദിക്കാറുണ്ടു്. എനിക്കിഷ്ടം തോന്നിയ ഒരുഭാഗം: “സാധാരണക്കാരന്റെ തത്ത്വചിന്ത ആഹ്ലാദം നല്കാത്ത വൃദ്ധയായ ഭാര്യയാണു്. എങ്കിലും അവളെക്കൂടാതെ അയാൾക്കു ജീവിക്കാനാവുകയില്ല. അവളുടെ സ്വഭാവത്തെക്കുറിച്ചു് അന്യർ കുറ്റം പറഞ്ഞാൽ അയാൾ പ്രതിഷേധിക്കും”. തത്ത്വചിന്തയുടെ കാര്യം പോകട്ടെ. വാർദ്ധക്യത്തിലെത്തേണ്ടതില്ല ഭാര്യ. മധ്യവയസ്കയായിരുന്നാൽ മതി. അവളെസ്സംബന്ധിച്ചു് ആരുടെയെങ്കിലും ദോഷാരോപണമുണ്ടായാൽ ഭർത്താവു് വെട്ടുകത്തിയെടുത്തുകൊണ്ടു് ആ ആരോപണം നടത്തുന്നവന്റെ നേർക്കു ചാടും. ഭാര്യയോടുളള സ്നേഹമാണതിനു കാരണമെന്നു് ആരും തെറ്റിദ്ധരിക്കാതിരുന്നാൽ മതി.
2. സൺഡേ വീക്ക്ലിയുടെ എഡിറ്ററായ വീർ സങ്വി യുടെ സഹധർമ്മിണിയും ബോംബെയിലെ രാജകീയമായ സമോവർ റെസ്റ്ററന്റിന്റെ ഉടമസ്ഥയായ ഉഷാ ഖന്നയുടെ മകളുമായ മാളവിക വലിയ കവയിത്രിയാണെന്ന് സൊസൈറ്റി മാസികയിൽനിന്നു ഞാൻ മനസ്സിലാക്കുന്നു. എമിലി ഡിക്കിൻസൻ എന്ന കവയിത്രിക്കു് സദൃശയാണു് അവരെന്ന് ഡൊം മൊറൈസ് അഭിപ്രായപ്പെട്ടിട്ടുണ്ടുപോലും. മാളവികയുടെ മൂന്നു കാവ്യങ്ങൾ മാസികയിൽ ചേർത്തിട്ടുണ്ടു്.
An evil seed takes root
Digs in, plunder skin, flesh, bone
Heart
Buys a rocking chair, leases
To rock itself in your gut.
എമിലി ഡിക്കിൻസൻ മരണത്തെക്കുറിച്ചു് ഏറെ എഴുതിയിട്ടുണ്ടു്. ഏതാനും വരികൾ കേൾക്കുക:
Because I could not stop for Death
He kindly stopped for me-
The carriage held but just Ourselves
And Immortality
ജ്വീവിതം സുഖസന്ദായകമായതുകൊണ്ടു് മരണത്തിനുവേണ്ടി വണ്ടി നിറുത്താൻ കവിക്കു കഴിഞ്ഞില്ല. പക്ഷേ, മരണം ദയാശീലനാണു്. ആ കാരുണ്യം കണ്ടു് അദ്ദേഹം തന്നോടൊരുമിച്ചു് പോന്നുകൊളളട്ടെ എന്നു കവി തീരുമാനിച്ചു. ഇപ്പോൾ വണ്ടിയിൽ അവർ മാത്രം. മൂന്നാമതു് ശാശ്വതത്വവും. എത്ര അനായാസമായിട്ടാണു് എമിലി മരണത്തെ ചിത്രീകരിക്കുന്നതെന്നുനോക്കുക. ഈ കാവ്യവും ഇതേ രീതിയിലുള്ള മറ്റനേകം കാവ്യങ്ങളും എഴുതിയ എമിലിയോടാണു് സൺഡേ എഡിറ്ററുടെ ഭാര്യയെ ഡൊം മൊറൈസ് ഉപമിക്കുന്നതു്. കോൺവെന്റ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കൊച്ചുപെൺപിളേളർ തങ്ങളെഴുതിയ ഇംഗ്ലീഷ് കവിതകൾ എന്നെകൊണ്ടുവന്നു കാണിക്കാറുണ്ടു്. അവയുടെ സമീപത്തുപോലും വരില്ല മാളവികയുടെ രചനകൾ. പിന്നെ ഒരുകാലത്തു് ആ പെൺകുട്ടികൾ പത്രാധിപമാരുടെ എഴാമെടങ്ങൾ ആവുമ്പോൾ വേറെ ചില ഡൊം മൊറൈസുകൾ അവരെ ഷെയ്ക്സ്പിയറി നു് സദൃശരാക്കിക്കൊളളും.
3. വീണ്ടും സാന്തായാനയെക്കുറിച്ചു് എഴുതാൻ എനിക്കു കൗതുകം. ‘പ്രതീക്ഷിച്ചതു ആഹ്ലാദത്താൽ വിഭിന്നമാക്കപ്പെടുന്നതാണു്’ സൗന്ദര്യമെന്നു് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതു് കാണാതാവുമ്പോൾ അതിനെ വൈരൂപ്യമായി നമ്മൾ കരുതുകയാണു്. അടുത്ത വീട്ടിലെ ടെലിവിഷൻ സെറ്റിന്റെ ഭംഗിയെക്കുറിച്ചു നമുക്കു ബോധമുണ്ടു്. നമ്മൾ വീട്ടിൽ ഒരു ടി. വി സെറ്റ് വാങ്ങിക്കൊണ്ടു വയ്ക്കുമ്പോൾ അടുത്ത വീട്ടിലെ സെറ്റിന്റെ രാമണീയകം അതിനില്ലെന്നു ഗ്രഹിക്കുന്നു. സൗന്ദര്യത്തെക്കുറിച്ചുളള പ്രതീക്ഷ വൈരുപ്യപ്രതീതിക്കു ഹേതുവായിത്തീരുന്നു. ഡിക്കിൻസിന്റെ കവിതാസൗന്ദര്യം കണ്ടു് മതിമറന്ന ഞാൻ അതിനോടു ചേർന്ന പ്രതീക്ഷയാൽ മാളവികയുടെ കവിതയെ നോക്കുന്നു. അപ്പോൾ വൈരുപ്യ പ്രതീതി. ‘മേഘസന്ദേശം’ വായിച്ചവർക്കു ‘മയൂരസന്ദേശം’ വിരൂപം.
4. സാന്തായാനയുടെ ഈ മതം അത്രകണ്ടു ശരിയോ? ‘ശാകുന്തളം’ സുന്ദരം, ‘ഉത്തരരാമചരിതം’ ശാകുന്തളത്തോളം സുന്ദരമല്ലെങ്കിലും സുന്ദരംതന്നെയാണു്. ഇതിനു് എന്തുസമാധാനം നല്കും? ഈ സംശയത്തിനും സൗന്ദര്യ ശാസ്ത്രജ്ഞന്മാർ സമാധാനം നല്കിയിട്ടുണ്ടു് പണ്ടുതന്നെ. ഓരോ വസ്തുവിനും അതിന്റേതായ സത്തയുണ്ടു്. ആ സത്തയ്ക്കു് അതിന്റെ ബാഹ്യരൂപം ഒത്തിരുന്നാൽ അതു സുന്ദരം. തിരുവനന്തപുരത്തെ മ്യൂസിയം (കെട്ടിടമാണു് ഞാൻ ഉദ്ദേശിക്കുന്നതു്) മനോഹരമാണു്. ഹേതു അതിന്റെ സത്തയ്ക്കു യോജിച്ച രൂപം അതിനുണ്ടു് എന്നതാണു്. എന്നാൽ ടാഗോർ സെന്റിനറി ഹാൾ വിരൂപം. കാരണം അതിന്റെ സത്തയ്ക്കും രൂപത്തിനും യോജിപ്പില്ല. മാളവികയുടെ കാവ്യത്തിനു വൈരൂപ്യം വന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഫ്രഞ്ചെഴുത്തുകാരൻ മോപസാങ്ങി ന്റെ ആഗ്രഹം ഒരു സുന്ദരിയുടെ മടിയിൽ തലവച്ചു കിടന്നു മരിക്കണമെന്നായിരുന്നു. അങ്ങനെ അദ്ദേഹം ആക്സൽ മുന്തേ യോടു (Munthe) പറഞ്ഞതായി മുന്തേയുടെ ‘സാൻ മീക്കേലിയുടെ കഥ’ എന്ന പുസ്തകത്തിൽ വായിച്ച ഓർമ്മയുണ്ടെനിക്കു്. ഐൻസ്റ്റൈന്റെ അഭിലാഷം വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ ശാസ്ത്രജ്ഞനായി ജനിക്കാൻ ഇടവരരുതേ എന്നായിരുന്നു. ചങ്ങമ്പുഴ യുടെ ആശ ചങ്ങമ്പുഴയായിത്തന്നെ വീണ്ടും ജനിക്കണമെന്നായിരുന്നു. (എന്നോടു പറഞ്ഞതു്) മരിക്കുന്നതിനു തൊട്ടുമുൻപ് സൊക്രട്ടീസ് അറിയിച്ചതു് ഇങ്ങനെ:
“Crito I owe a cock to Asclepius
will you remember to pay the debt?”
ഇവിടെപ്പറഞ്ഞതിനോടു ബന്ധമില്ലെങ്കിലും ‘അന്ന കരേനിന’യിൽ ലെവിന്റെ മരണം ടോൾസ്റ്റോയി വർണ്ണിക്കുന്നതു് ഓർമ്മയിലെത്തുന്നു. പുസ്തകം ഒന്നെടുത്തുകൊളളട്ടെ. അഞ്ചുമിനിറ്റ് കഴിഞ്ഞ് വീണ്ടും എഴുതാം. കഴിഞ്ഞു. ഇനി വായിക്കുക.
‘He is gone’ said the priest, said the priest, and made to move away; but suddenly there, was a faint stir in the clammy moustaches of the dying man, and from the depths of his chest came the words, sharp and distinct in: the stillness.
‘Not quite… soon.’
A moment later the face brightened, a smile appeared under the moustaches, and the women who had gathered round began carefully laying out the corpse.” ഇതാണു മഹച്ചരമം ടോൾസ്റ്റോയിക്കേ ഇതു് ഇങ്ങനെ വർണ്ണിക്കാനാവൂ. ഇതുപോലെ മരിക്കാനാണു് നിസ്സാരനായ എന്റെ അഭിലാഷം.
ബൈബിളിലെ Book of Job ഞാൻ കൂടക്കൂടെ വായിക്കാറുണ്ടു്. ജീവിതത്തിന്റെ യാതനകൾ മുഴുവനും അതെഴുതിയ മഹാകവി വ്യക്തമാക്കിയിട്ടുണ്ടു്. ജോബ് പറയുന്നതു കേട്ടാലും:
I am a stranger to those who knew me
my relatives and friends are gone
My wife can’t stand the smell of my breath
and my own brothers won’t come near me
Children despire me and laugh when they see me
My closest friends look at me with disgust;
those I loved most have turned against me. (PP. 518, 519. Good News Bible)
ലോകാധിപതിയായിരിക്കാം, പ്രധാനമന്ത്രിയായിരിക്കാം രാഷ്ട്രാന്തരീയ പ്രശസ്തിയാർജജ്ജിച്ച ശാസ്ത്രജ്ഞനോ ഡോക്ടറോ ആയിരിക്കാം. ആരായാലും ഓരോ വ്യക്തിയുടെയും അന്ത്യം ഇങ്ങനെയായിരിക്കും. ഈ വരികൾ എഴുതിയ മഹാകവിയുടെ മുൻപിൽ ഞാൻ നമസ്കരിക്കുന്നു. സത്യത്തിൽ സത്യം ആയതു പറഞ്ഞാൽ നമസ്കരിക്കാതിരിക്കുന്നതെങ്ങനെ?
നമുക്കു കുറച്ചു സാഹിത്യകാരന്മാരേ ഉളളൂ. ഉളളവരിൽ തൊണ്ണൂറു ശതമാനവും ‘മീഡിയോക്കറും’.
ഇത്രയും എനിക്കു് എഴുതാൻ തോന്നിയതു് ദീപിക ആഴ്ചപ്പതിപ്പിൽ വിനായക് നിർമ്മൽ എഴുതിയ ‘ഒരുവട്ടംകൂടി’ എന്ന ചെറുകഥ വായിച്ചതിനാലാണു്. ഒരധ്യാപകന്റെ ദുരന്തമാണു് അതിന്റെ വിഷയം. അയാൾ അനുജനെ പഠിപ്പിച്ചു് വലിയ ഉദ്യോഗസ്ഥനാക്കി. അനുജത്തിമാരുടെ കല്യാണം നടത്തി. സംസ്ക്കാരം പകർന്നുകൊടുത്തു വിദ്യാർത്ഥികളെ ഉയർത്തി. ബന്ധുക്കളെ ഉയർത്താനുള്ള വ്യഗ്രതയിൽ വിവാഹം കഴിച്ചില്ല. ഒടുവിൽ ഒറ്റയ്ക്കായി. വ്യക്തികൾ ആ മനുഷ്യനെ നിന്ദിക്കുന്നു. വ്യക്തികൾ അടങ്ങിയ സമുദായം അയാളെ ബഹിഷ്കകരിക്കുന്നു. ബാഹ്യമായ ഏകാന്തത, ആന്തരമായ ഏകാന്തത. ഇവയിൽനിന്നു രക്ഷപ്പെടാൻ, പെൻഷൻപറ്റിയ അയാൾ കുട്ടികളാരുമില്ലാത്ത ക്ലാസ്സിൽ കയറിനില്ക്കുന്നു. ബഞ്ചുകളിലൊക്കെ കുട്ടികൾ ഇരിക്കുന്നതായി അയാൾക്കു മതിവിഭ്രമം. ഇക്കഥ എനിക്കിഷ്ടപ്പെട്ടതു് എന്റെ ജീവിതാസ്തമയത്തിലെ ഏകാന്തതയോടു ബന്ധമുളളതുകൊണ്ടാണോ? അതോ കലാത്മകതയാലോ? ഇവിടെ മൂല്യനിർണ്ണയത്തിനു് എനിക്കു ശക്തിയില്ല.
ഞാൻ ഹരീന്ദ്രനാഥ് ചതോപാദ്ധ്യായ യെ രണ്ടുതവണ കണ്ടിട്ടുണ്ടു്. ആദ്യം കണ്ടതു് ആലപ്പുഴ സനാതന ധർമ്മവിദ്യാലയത്തിലെ ആനിബസന്റ് ഹാളിൽവച്ചു്. ഹെഡ്മാസ്റ്റർ മഞ്ചേരി രാമകൃഷ്ണ അയ്യരുടെ ആധ്യക്ഷ്യത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. പ്രഭാഷണത്തിന്റെ ഒരംശം മാത്രമേ എനിക്കു മനസ്സിലായുളളു. കുറെക്കൂടി ഗ്രഹിക്കാമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആകൃതി സൗഭഗം അതിനു തടസ്സം സൃഷ്ടിച്ചു. ആ സൗന്ദര്യം നോക്കിക്കൊണ്ടിരുന്ന ഞാൻ പ്രഭാഷണം വേണ്ടപോലെ ശ്രദ്ധിച്ചില്ല. മഞ്ചേരിസ്സാറ് എന്തോ അദ്ദേഹത്തിന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഹരീന്ദ്രനാഥ് ചിരിച്ചതു് എന്റെ മനക്കണ്ണുകൊണ്ടു് ഞാനിപ്പോഴും കാണുന്നു. രണ്ടാമതു കണ്ടതു് തിരുവനന്തപുരത്തുവച്ചു്. ആകൃതിസൗഭഗം തീരെയില്ല. ശരീരം സ്ഥൂലിച്ചു പോയി. സുന്ദരിയായ ഒരു യുവതിയോടൊരുമിച്ചു് അദ്ദേഹം Curd Seller ആയി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഗാനവും സുന്ദരിയുടെ നൃത്തവും ഹൃദയഹാരികളായിരുന്നു. ഞാൻ ഹരീന്ദ്രനാഥിന്റെ കാവ്യങ്ങൾ കൂടാതെ Five Plays എന്ന പുസ്തകവും വായിച്ചിട്ടുണ്ടു്. Window എന്ന നാടകം ഓർമ്മയിൽത്തന്നെയുണ്ടു്. തൊഴിലാളികളുടെ വസതികളിലെ കണ്ണാടിജന്നലുകളിൽ സർക്കാർ കീല് അടിച്ചിരിക്കുന്നു. സൂര്യപ്രകാശത്തിനു ഏർപ്പെടുത്തിയ കരം അവർ കൊടുക്കാത്തതിനു് അങ്ങനെയാണു് ശിക്ഷ നൽകിയതു്. തൊഴിലാളികൾ ഒരുമിച്ചുചേർന്നു് കണ്ണാടിപ്പാളികൾ ഇടിച്ചുപൊട്ടിക്കുമ്പോൾ ഇളം ചുവപ്പാർന്ന സൂര്യപകാശം അവരുടെ വീടുകളിലേക്കു കടന്നുവരുന്നു. ഇന്നു് വിപ്ലവകാരിയാകാൻ പ്രയാസമില്ല. പ്രയാസമുളള കാലത്തു് വിപ്ലവാത്മകമായ സാഹിത്യ സൃഷ്ടികൾ ഭാരതീയർക്കു നല്കിയ മഹാനായിരുന്നു ഹരീന്ദ്രനാഥ്. ആ പ്രതിഭാശാലിയെ സ്മരിക്കുന്നതു് സത്യത്തെയും സൗന്ദര്യത്തെയും ആദരിക്കലാണെന്നു വൈക്കം ചന്ദ്രശേഖരൻ നായർ പറയുന്നു (കുങ്കുമം). അതു സത്യംതന്നെ.
പുരുഷൻ വീട്ടിന്റെ വരാന്തയിൽ നില്ക്കുമ്പോൾ സൗന്ദര്യമുള്ള ചെറുപ്പക്കാരി റോഡിലൂടെ പോയാൽ അയാൾ നാലുപാടും നോക്കും ഭാര്യ അടുത്തുണ്ടോ എന്നു്. ഉണ്ടെങ്കിൽ സുന്ദരിയെ നോക്കുകയില്ല. നേരേമറിച്ചാണു് സാഹിത്യാസ്വാദനത്തിൽ ഞാൻ. മലയാള ചെറുകഥാസമാഹാരം അടുത്തുകിടന്നാലും ഞാൻ അതിനെ ദൂരെത്തളളി ഇംഗ്ലീഷ് കഥാസമാഹാരം കൈയിലെടുക്കും.