
എല്ലാവരും ചെറുകഥകൾ എഴുതുന്നു. എനിക്കും കൊതി ഒരു കഥയെഴുതി അച്ചടിച്ചുകാണാൻ. അത്ര പ്രയാസമുള്ള കാര്യമല്ല അതെന്നു് ഇക്കാലത്തു് ഒരു തോന്നൽ. ബാല്യകാലത്തും യൗവനകാലത്തും ഞാൻ വായിച്ച കഥകളെ അവ അന്നുളവാക്കിയ അനുഭൂതികളുടെ പേരിൽ ഇന്നു വാഴ്ത്തുന്നതു തെറ്റായി വരുമെന്നു് അനുഭവം എന്നെ ഗ്രഹിപ്പിക്കുന്നു. അനുവാചകന്റെ സാഹിത്യസംസ്കാരം വികസിക്കുന്തോറും ചെറുകഥയെക്കുറിച്ചുള്ള സങ്കല്പങ്ങൾക്കു മാറ്റംവരും. വർഷങ്ങൾക്കുമുൻപു് ഉറൂബിന്റെ എത്രയെത്ര കഥകളുടെ പാരായണമാണു് എനിക്കു പുളകമങ്കുരിപ്പിച്ചതു്. ആ കഥകൾ ഇന്നു വായിച്ചുനോക്കിയപ്പോൾ എനിക്കു് ശരീരത്തിൽ രോമമുണ്ടെങ്കിലും രോമാഞ്ചമില്ല. എനിക്കുമെഴുതാമല്ലോ ഇത്തരം കഥകൾ എന്ന വിചാരമേയുള്ളു. അതുകൊണ്ടു് ഞാൻ കടലാസ്സെടുത്തു മുൻപിൽ വയ്ക്കുന്നു; പേനയെടുത്തു് അതിലമർത്തുന്നു. എന്തിനെക്കുറിച്ചാണു് കഥയെഴുതേണ്ടതു? ‘തീം’ (Theme)—വിഷയം—വേണ്ടേ? തീം എന്ന ഇംഗ്ളീഷ് വാക്കു മനസ്സിൽ വന്നപ്പോൾ അന്തരിച്ചുപോയ നല്ല സുഹൃത്തു് സി. എൻ. ശ്രീകണ്ഠൻ നായരെ ഓർമ്മിച്ചു. വടക്കെവിടെയോ ഒരു സമ്മേളനത്തിനു് കേശവദേവ്, കെ. ബാലകൃഷ്ണൻ, സി. എൻ. ശ്രീകണ്ഠൻ നായർ ഇവരോടൊരുമിച്ചു് ഞാനും പോയി. തിരിച്ചു കൊല്ലത്തു് എത്തിയപ്പോൾ ശ്രീകണ്ഠൻ നായർ പറഞ്ഞു: “വിക്രമൻ ചേട്ടന്റെ വീട്ടിൽ കയറിയിട്ടു പോകാം.” “എന്തിനു്” എന്നു ഞാൻ ചോദിച്ചപ്പോൾ “ഒരു നാടകമെഴുതണം. അതിന്റെ തീം ചേട്ടനോടു ചോദിക്കാനാണു് ” എന്നു മറുപടി. പ്രശസ്തനായ അഭിനേതാവു് പി. കെ. വിക്രമൻ നായർ അക്കാലത്തു് കൊല്ലത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശ്രീകണ്ഠൻ നായർക്കു് അദ്ദേഹം തീം പറഞ്ഞുകൊടുത്തു എന്നാണു് എന്റെ ഓർമ്മ.
ബാല്യകാലത്തും യൗവനകാലത്തും ഞാൻ വായിച്ച കഥകളെ അവ അന്നുളവാക്കിയ അനുഭൂതികളുടെ പേരിൽ ഇന്നു വാഴ്ത്തുന്നതു തെറ്റായിവരുമെന്നു് അനുഭവം എന്നെ ഗ്രഹിപ്പിക്കുന്നു. അനുവാചകന്റെ സാഹിത്യസംസ്ക്കാരം വികസിക്കുന്തോറും ചെറുകഥയെക്കുറിച്ചുള്ള സങ്കല്പങ്ങൾക്കു മാറ്റം വരും.
വിക്രമൻ നായരും ഇന്നില്ല. ഉണ്ടായിരുന്നെങ്കിൽ എഴുതാൻ പോകുന്ന കഥയ്ക്കു് ഒരു തിം ചോദിക്കാമായിരുന്നു അദ്ദേഹത്തോടു്. മറ്റു മാർഗ്ഗമില്ലാത്തതുകൊണ്ടും സായ്പിന്റെ രചന മോഷ്ടിക്കാൻ മനസ്സു് സമ്മതിക്കാത്തതുകൊണ്ടും ഞാൻ വരുന്നതു വരട്ടെ എന്നു വിചാരിച്ചു് കഥയുടെ ആദ്യത്തെ വാക്യമങ്ങു് എഴുതി. “ആൾത്തിരക്കിനിടയിലൂടെ ഒഴിഞ്ഞ ഇരിപ്പിടം തേടി നടന്നു.” ആരു നടന്നു എന്നതെല്ലാം വായനക്കാർ ഊഹിച്ചുകൊള്ളേണ്ട മട്ടിലാണു് ഇന്നത്തെ കഥാരചന. എങ്കിലും വളരെക്കാലം അധ്യാപകനായിരുന്ന എനിക്കു് കർത്തൃപദമില്ലാതെ എഴുതാൻ വയ്യ. അതുകൊണ്ടു് ആ വാക്യം ഞാൻ തിരുത്തിയെഴുതി: “ആൾത്തിരക്കിനിടയിലൂടെ ഒഴിഞ്ഞ ഇരിപ്പിടം തേടി ഞാൻ നടന്നു.” ഈ വാക്യം എഴുതിക്കഴിഞ്ഞപ്പോൾ, ഹാഹാ തീം എനിക്കു കിട്ടി. ആൾത്തിരക്കു് തീവണ്ടിയാപ്പീസിലെ പ്ളാറ്റ്ഫോമിലാണു്. അവിടെ ഞാൻ പലതുമാലോചിച്ചു നില്ക്കുമ്പോൾ പണ്ടു പഠിപ്പിച്ച ഒരു പെണ്ണിനെ കാണുന്നു. അക്കാലത്തു് ഞാൻ പഠിപ്പിച്ച ആൺകുട്ടിയെ എനിക്കോർമ്മയില്ല. പെണ്ണായതുകൊണ്ടും അവൾക്കു് അന്നുണ്ടായ കാമുകശല്യം ‘സെക്സ് ഇന്ററെസ്റ്റ് ” കൊണ്ടു ഞാൻ ഒഴിവാക്കിക്കൊടുത്തതുകൊണ്ടും എനിക്കവളെ ഓർമ്മയുണ്ടു്. അവളുടെ മകൻ ‘ഡ്രഗ് എഡിക്ട്’. അതുകൊണ്ടു രോഗി. മകനെ അന്വേഷിച്ചു പോകുകയാണു് അവൾ. പെണ്ണു ദുഃഖസാന്ദ്രമായ അക്കഥ എന്നോടു പറയുന്നു. ഞാനും ദുഃഖിക്കുന്നു. അപ്പോഴുണ്ടു് എനിക്കു കയറേണ്ട തീവണ്ടി വരുന്നു. എന്റെ ട്രെയിൻ “ഇരുളിലേക്കു ഊളിയിട്ടു.” പെണ്ണു നേരത്തേ കൈയുയർത്തിക്കാണിച്ചിരുന്നു. ഞാനിതു് ചില ഗതാവലോകന കലാസങ്കേതമെല്ലാം ഉപയോഗിച്ചു് എഴുതിക്കൂട്ടി. വായിച്ചുനോക്കിയപ്പോൾ വെറും വാക്യങ്ങളേയുള്ളു. തീമിനു പുതുമയില്ല. ആ വാക്യങ്ങൾ ഒരനുഭൂതിയും ജനിപ്പിച്ചില്ല. ‘ഡ്രഗ് എഡിക്ഷ’നു എതിരായി ശബ്ദമുയർത്തുന്നവർക്കു് എന്റെ തീം ഇഷ്ടപ്പെടുമെങ്കിലും കഥാകാരനല്ലാത്ത ഞാൻ കഥയെഴുതിയതിനു് അവർ എന്നെ പരിഹസിച്ചേക്കും. അതുകൊണ്ടു് ഞാൻ പേരക്കുട്ടിയെ വിളിച്ചു: “രാഖീ തീപ്പെട്ടി എടുത്തു കൊണ്ടുവാ” “തീപ്പെട്ടിയില്ല. മുത്തച്ഛന്റെ തൊട്ടടുത്തു് ലൈറ്റർ ഇരിക്കുകയല്ലേ” എന്നു അവൾ. എന്റെ മറുപടി “എടീ സിഗററ്റ് ലൈറ്ററിന്റെ ഗാസ് വലിയ വിലകൊടുത്തു വാങ്ങുന്നതാണു്. ഇരുപത്തഞ്ചു പൈസയുടെ തീപ്പെട്ടിക്കകത്തെ ഒരു കോലിനുള്ള വിലയേ എന്റെ ചെറുകഥയ്ക്കുള്ളൂ. അതുകൊണ്ടു് അടുക്കളയിൽനിന്നു തീപ്പെട്ടിയെടുത്തുകൊണ്ടു വാ” അവൾ തീപ്പെട്ടി കൊണ്ടുവന്നിട്ടു് പറഞ്ഞു: “വരട്ടെ. ഞാനൊന്നു വായിച്ചിട്ടു മതി തീ കത്തിക്കാൻ.” അവൾ കഥ വായിച്ചിട്ടു് അറിയിച്ചു: “മുത്തച്ഛാ ഇതുപോലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടു്. അതു മോഷ്ടിച്ചാണോ മുത്തച്ഛൻ എഴുതിയതു്? ആണെങ്കിൽ ഞാൻ തന്നെ തീപ്പെട്ടിക്കോലുരയ്ക്കാം. കത്തിക്കാം. അതല്ല സ്വന്തമായിട്ടാണു് ഇതെഴുതിയതെങ്കിൽ ആ ആഴ്ചപ്പതിപ്പിനു് അയച്ചാൽ മതി. കെ. ഗോവിന്ദൻ എഴുതിയ ‘ലക്ഷ്മിയുടെ മകൻ’ എന്ന കഥയെയാണു് ഞാനുദ്ദേശിക്കുന്നതു്. അതു് വാരികയിൽ മഷി പുരണ്ടുവന്ന സ്ഥിതിക്കു് മുത്തച്ഛന്റെ ഈ വൃത്തികെട്ട കഥയും അതിൽ വരും.” ഞാൻ പേരക്കുട്ടിയുടെ നിർദ്ദേശമനുസരിച്ചു ചെറുകഥ കവറിനുള്ളിലാക്കി വച്ചിരിക്കുന്നു. വൈകാതെ അയയ്ക്കും. അതച്ചടിച്ചു വന്നാൽ ശ്രീ. ഗോവിന്ദൻ എന്റെ പേരിൽ സാഹിത്യമോഷണക്കുറ്റം കൊണ്ടുവരരുതെന്നു് അപേക്ഷിക്കുന്നു.

വിഖ്യാതനായ ഫ്രഞ്ചെഴുത്തുകാരൻ ഷാങ് ഷെനെ യുടെ (Jean Genet) ഒടുവിലത്തെപ്പുസ്തകമാണു് “prisoner of Love”. Palestinian-നെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഉത്കൃഷ്ടമാണെന്നു നിരൂപകർ പറയുന്നു. 1986-ൽ ഷെനെ ഇതെഴുതിത്തീർത്തു. ആ വർഷം തന്നെ മരിക്കുകയും ചെയ്തു. ഇതിൽ ഷെനെ ചോദിച്ചിരിക്കുന്നു: “Would Hamlet have felt the delicious fascination of suicide if he hadn’t an audience, and lines to speak?”—ഹാംലെറ്റിനു ശ്രോതാക്കൾ ഇല്ലായിരുന്നെങ്കിൽ, പറയാൻ വരികൾ ഇല്ലായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യാനുള്ള ആനന്ദദായകമായ ചിത്തവിലോഭനം അയാൾക്കു് ഉണ്ടാകുമായിരുന്നോ? കലാകൗമുദിയുള്ളതുകൊണ്ടു് ഞാൻ എഴുതുന്നു. മാതൃഭൂമിയുള്ളതുകൊണ്ടു ഗോവിന്ദൻ എഴുതുന്നു.
അങ്ങനെ ഞാൻ എഴുതുമ്പോൾ മനസ്സു് നാല്പതു വർഷങ്ങൾക്കു മുൻപുള്ള സംഭവങ്ങളിലേക്കു ചെല്ലുന്നു. അന്നു മന്ത്രിമാരെപ്പോലും വകവയ്ക്കാത്ത ഒരു ചീഫ് സെക്രട്ടറി ഹജൂർ കച്ചേരിയിൽ സ്ഥാനമുറപ്പിച്ചു. പേരു കെ. ജി. മേനോൻ. അദ്ദേഹം വന്ന ദിവസം തന്നെ എല്ലാ സെക്ഷൻസും പരിശോധിക്കാൻ അനുചരൻമാരോടുകൂടി എത്തി. പല സ്ഥലങ്ങളും കണ്ടിട്ടു് ഞാൻ ഇരുന്ന ഹാരബർ സെക്ഷനിൽ കാലെടുത്തുവച്ചു. ചീഫ് സെക്രട്ടറിയല്ലേ? മാത്രമോ? മന്ത്രിമാരെയും വിരട്ടുന്ന ഉദ്യോഗസ്ഥൻ. ഞാൻ ചാടിയെഴുന്നേറ്റു. പക്ഷേ, അല്പം അനിയത മാനസികനിലയിലുള്ള സെക്ഷൻ സൂപ്രണ്ട് എഴുന്നേറ്റില്ല. പക്ഷേ, അദ്ദേഹത്തെ നോക്കി ചീഫ് സെക്രട്ടറി “ഹാർബർ സെക്ഷൻ?” എന്നു ചോദിച്ചു. ഉടനെ സൂപ്രണ്ട് മറുപടി പറഞ്ഞു: “യെസ് സർ, ദിസ് ഈസ് ദ ഹാർബർ സെക്ഷൻ. ബട്ട് ദേർ ഈസ് നോ ഹാർബർ ഹിയർ.” ഒരാഴ്ചകൂടി കഴിഞ്ഞില്ല. അദ്ദേഹത്തിനു നിർബന്ധിത പെൻഷൻ നല്കിക്കൊണ്ടുള്ള കല്പന വന്നു. പാവം പോവുകയും ചെയ്തു.

ഈ സൂപ്രണ്ട് നിലവും പുരയിടവും വിറ്റു് ‘മണിയാകരൻ’ എന്നൊരു നോവലെഴുതി അച്ചടിച്ചു. അന്നു ഹെഡ് ട്രാൻസ്ളേറ്ററായിരുന്ന കെ. ദാമോദരനും ഞാനും സൂപ്രണ്ടും കൂടി ഒരുമിച്ചിരുന്നു് ‘മണിയാകരൻ’ വായിച്ചു രസിക്കുമായിരുന്നു. രസിക്കുമെന്നു പറഞ്ഞതു നല്ലയർത്ഥത്തിലല്ല. തനിക്കിറുക്കിൽ രസിക്കുന്നതെങ്ങനെ? നോവൽ ഞാൻ വായിക്കും. ദാമോദരൻ പുഞ്ചിരിയോടെ “ഭേഷ് ഭേഷ്” എന്നു പറയും. അതു് യഥാർത്ഥത്തിലുള്ള അഭിനന്ദനമാണെന്നു വിചാരിച്ചു സൂപ്രണ്ട് വായുംപൊളിച്ചു് ഇരിക്കും. നോവലിലെ നായകന്റെ പേരാണു മണിയാകരൻ. അയാൾ പൂജപ്പുരെ സെൻട്രൽ ജയിൽ കാണാൻ പോകുന്നു. വലിയ മതിൽ. ആ മതിലിനകത്തു് വൃത്താകൃതിയാർന്ന വേറൊരു വലിയ മതിൽ. അതിനുള്ളിൽ അനേകം കെട്ടിടങ്ങൾ. അതു കണ്ടപ്പോൾ മണിയാകരന്റെ ഭാവനയ്ക്കു് ഉണർവുണ്ടാകുന്നു. അയാൾ പാടുന്നു “കെട്ടിടങ്ങൾ, കെട്ടിടങ്ങൾ, കെട്ടിടങ്ങളുടെ ബഹളം, കെട്ടിടങ്ങൾക്കുമൊരു ജയിലാണീ സെൻട്രൽ ജയിൽ.” കവിത വായിച്ചിട്ടു് കെ. ദാമോദരന്റെ സ്തുതിവചനത്തിനുവേണ്ടി ഞാൻ കുറച്ചുനേരം കാത്തിരുന്നു. അതു ഉടനെ വരികയായി. “ഹാ, എന്തുജ്ജ്വലമായ കവിത. കുമാരനാശാനും ഭിക്ഷയെടുക്കണം. ബർട്രൻഡ് റസ്സൽ എന്നൊരു കൂത്തിച്ചി മോനുണ്ടല്ലോ അവനും ഇതുപോലൊരു ആശയം കിട്ടില്ല.” (റസ്സലിനെ പുച്ഛമായിരുന്നു ദാമോദരൻ സാറിനു്) അപ്പോൾ ഞാൻ: “സാർ കെട്ടിടങ്ങളെത്തന്നെ ജയിലിൽ ഇട്ടിരിക്കുകയാണെന്നാണു് കവിഭാവന. സാറ് നീച്ചേയുടെ ‘Thus spake zarathustra’ വായിക്കണമെന്നു് കാലത്തു് എന്നോടു പറഞ്ഞില്ലേ? അതിലുണ്ടോ ഇതുപോലൊരു ആശയം?” “ഇല്ല” എന്നു് അദ്ദേഹം. സൂപ്രണ്ട് ആഹ്ളാദവിവശനായി എഴുന്നേറ്റു. പോകുന്നതിനുമുൻപു് അദ്ദേഹം ഇങ്ങനെയും അറിയിച്ചു. “കെട്ടിടമോരോന്നും ജയിൽ. ആ ജയിലുകളെ ജയിലാക്കിയിരിക്കുന്നു ചുറ്റുമുള്ള മതിൽ. ആ മതിലിനെയും കെട്ടിടങ്ങളെയും ജയിലാക്കിയിരിക്കുന്നു പുറമേയുള്ള മതിൽ. എന്റെ നോവലിലെ ആശയങ്ങളെ വാക്കുകളാകുന്ന ജയിലിൽ ഇട്ടിരിക്കുന്നു. അവയെ നോവലിനുള്ളിലാക്കി വേറൊരു ജയിൽ.” സെക്രട്ടേറിയറ്റ് സൂപ്രണ്ട് വാഴ്ത്തപ്പെടട്ടെ. വാക്കുകൾ ജയിലുകളാണെന്നു മഹാനായ കവി, നോവലിസ്റ്റ് നിക്കോസ് കാസാൻദ്സാക്കീസും പറഞ്ഞിട്ടുണ്ടു്. “A name is a prison, God is free” എന്നാണെന്നു തോന്നുന്നു അദ്ദേഹത്തിന്റെ സൂക്തം. കടൽ—രണ്ടക്ഷരമുള്ള വാക്കു്. ദീർഘതയേയും വിസ്തൃതിയേയും അതിൽ തടവിലിടുന്നു. വാക്കു് ജയിലാണെങ്കിൽ അലിഗറി അതിനെക്കാൾ വലിയ ജയിലാണു്. അതു നിർമ്മിച്ചുവച്ചിരിക്കുന്നു കലാകൗമുദിയിൽ ‘കൈമാറ്റം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ടി. വി. കൊച്ചുബാവ. ഭ്രാന്താലയത്തിൽച്ചെന്ന ഒരു സ്ത്രീക്കു ജയിലധികാരികൾ ഒരു ഭ്രാന്തന്റെ കൈകൾ മുറിച്ചുകൊടുക്കുന്നു; കാലുകളില്ലാത്ത അവന്റെ ഊന്നുവടിയും. അവിടെയെത്തിയ അവളുടെ ഭർത്താവു് ആ കൈകളും ഊന്നുവടിയും കൊണ്ടു ഭ്രാന്താലയത്തിലേക്കു കയറുന്നു. താൻ തിരിച്ചുവരുമ്പോൾ തന്റെ മുറിച്ച കൈകളും കാലുകളും ഊന്നുവടിയും അയാൾ മക്കൾക്കു കൊടുക്കുമത്രേ. ഇത്തരം അലിഗറികളോടു് എനിക്കു് എക്കാലത്തും വെറുപ്പാണു്. ക്രോചെയും ഹേഗലും മറ്റു പല മഹാൻമാരും വെറുത്ത അലിഗറിയെ അല്പജ്ഞനായ ഞാനും വെറുക്കുന്നു. കാരണം ഇതു കലയല്ല എന്നതുതന്നെ.
ഒരു ചിന്തയെ വായനക്കാരുടെ മസ്തിഷ്കത്തിലേക്കു അടിച്ചു കയറ്റാൻ ആഖ്യാനത്തെ ഉപയോഗിക്കുക എന്നതാണു് അലിഗറിയുടെ സ്വഭാവം. അതുകൊണ്ടുതന്നെ അലിഗറി കൃത്രിമമായിബ്ഭവിക്കുന്നു.

‘ഇന്ത്യാ ടുഡേ’ മാസികയിലെ ‘വായ്ത്താരി’ എന്ന പംക്തിയിൽ ശ്രീ. പാവനന്റേതായി ഇങ്ങനെ രണ്ടു വാക്യങ്ങൾ കാണുന്നു: “പ്രിയപ്പെട്ട കൃഷ്ണൻ നായർ, നിങ്ങൾ പേർ പറയുന്ന ആരുടെ കൃതിയേയും അക്കാരണം കൊണ്ടുമാത്രം ആരും വായിക്കാറില്ല… എന്തിനധികം അവരെപ്പറ്റി നിങ്ങൾ ആ പംക്തിയിൽ എഴുതുന്ന ഭാഗങ്ങൾ പോലും വായനക്കാർ കണ്ണോടിക്കാതെ നിരാകരിക്കുകയാണു് പതിവു്.” (കുങ്കുമം.)—പവനന്റെ ഈ അഭിപ്രായം അത്ര കണ്ടു ശരിയല്ല. പടിഞ്ഞാറൻ മാസ്റ്റാർ പീസുകളെക്കുറിച്ചു് സാഹിത്യവാരഫലത്തിൽ എഴുതിക്കഴിയുമ്പോൾ വായനക്കാർ ആ പുസ്തകങ്ങൾക്കുവേണ്ടി വില്പനക്കാരെ ശല്യം ചെയ്യാറുണ്ടു്. ആയിരക്കണക്കിനാളുകളാണു് ഈ ശല്യം ചെയ്യലിൽ വ്യാപൃതരാവുക. പുസ്തകം കടയിലുണ്ടെങ്കിൽ അതു് ഉടനെ വിറ്റുപോകാറുമുണ്ടു്. ഔഗുസ്തോ റോ ആ ബസ്തോഡി ന്റെ ‘I The Supreme’ എന്ന നോവലിന്റെ ഒരു പ്രതിയെ തിരുവനന്തപുരത്തു വന്നുള്ളു. അതു ഞാൻ വാങ്ങി. എഴുതി. അന്നുമുതൽ സഹൃദയർ ആ പുസ്തകം വരുത്തിക്കൊടുക്കാൻ പുസ്തകക്കച്ചവടക്കാരോടു് ആവശ്യപ്പെടുകയാണു്. എന്നോടു് അതു വായിക്കാൻ ചോദിക്കുന്നവരുടെ സംഖ്യാബലം വളരെക്കൂടുതലാണു്. ആ ബലത്തിന്റെ മുൻപിൽ പവനന്റെ മതം ദുർബ്ബലമായിത്തീരുന്നു. മലയാള സാഹിത്യം മാത്രം വായിക്കുന്നവർ പവനൻ പറയുന്നതുപോലെ പംക്തിയിലെ ആ ഭാഗം വിട്ടുകളയുന്നുണ്ടായിരിക്കാം. പക്ഷേ, ഭൂരിപക്ഷം അങ്ങനെയല്ല. സാഹിത്യ വാരഫലത്തിൽ പറയുന്ന പടിഞ്ഞാറൻ മാസ്റ്റർ പീസുകളുടെ ലിസ്റ്റ് തയ്യാറാക്കിവച്ചു് ഒന്നൊന്നായി അവ വരുത്തിവായിക്കുന്ന പലരെയും എനിക്കു നേരിട്ടറിയാം. മാത്രമല്ല, പവനന്റെയും എന്റെയും നേതാവായ ഒരു മഹാൻ എനിക്കെഴുതി. അയച്ചു: “നിങ്ങൾ നല്ലതെന്നു പറയുന്ന പുസ്തകങ്ങൾ ഞാൻ അക്കാരണം കൊണ്ടുതന്നെ വായിച്ചിട്ടുണ്ടു്. ഒരിക്കലും നിങ്ങളുടെ മൂല്യ നിർണ്ണയം തെറ്റിപ്പോയിട്ടില്ല.” (വാക്യങ്ങൾ ഇങ്ങനെയല്ല. ആ മഹാന്റെ കത്തു് കൈയിലുണ്ടെങ്കിലും നോക്കിയെടുക്കാൻ സമയമില്ലാത്തതുകൊണ്ടു് ഓർമ്മയിൽനിന്നു കുറിക്കുന്നു.) പവനൻ Sweeping Statements എപ്പോഴും നടത്താറുണ്ടു്. വായനക്കാരുടെ സാഹിത്യ സംസ്കാരത്തെ വികസിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടുകൂടി പടിഞ്ഞാറൻ കൃതികളെക്കുറിച്ചു് എഴുതുന്നവരെ ഇമ്മട്ടിൽ “വാരിപ്പിടിച്ച” പ്രസ്താവങ്ങൾകൊണ്ടു നിന്ദിക്കുന്നതു ശരിയാണോ എന്നു് അദ്ദേഹം ആലോചിക്കണം.
ചോദ്യം: പല പുരുഷന്മാരും മൗനത്തിൽ മുഴുകിപ്പോകുന്നതു് എന്തുകൊണ്ടാണു്?
ഉത്തരം: വിവാഹം കഴിഞ്ഞവരെക്കുറിച്ചാണോ നിങ്ങൾ ചോദിക്കുന്നതു്?
ചോദ്യം: സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവമറിയാൻ എന്താണു മാർഗ്ഗം?
ഉത്തരം: അവർ ചിരിക്കുന്ന രീതി നോക്കിയാൽ മതി. നോക്കുന്നവൻ വലിയ ബുദ്ധിശക്തിയാൽ അനുഗൃഹീതനല്ലെങ്കിലും അയാൾക്കു സ്വഭാവം ഗ്രഹിക്കാൻ കഴിയും.
ചോദ്യം: കെടാമംഗലം പപ്പുക്കുട്ടി ആരാണു് സാറേ?
ഉത്തരം: എ. ബാലകൃഷ്ണപിള്ളയുടെ അനേകം മഹാകവികളിൽ ഒരാൾ.
ചോദ്യം: ശ്രീ. പുളിമാന പരമേശ്വരൻ പിള്ളയുടെ ചെറുകഥകൾ ഒന്നാന്തരമാണെന്നു് എൻ. കൃഷ്ണപിള്ളസാറ് പറഞ്ഞിട്ടുണ്ടു്. നിങ്ങൾക്കു് അത്ര പിടിത്തമല്ല അവയെ. നിങ്ങൾ കൃഷ്ണപിള്ളയെക്കാൾ മിടുക്കനോ?
ഉത്തരം: പ്രഫെസർ എൻ. കൃഷ്ണപിള്ള സമകാലികരുടെ രചനകളെക്കുറിച്ചു് എഴുതുമ്പോഴെല്ലാം സത്യസന്ധത കൈവരിച്ചിരുന്നില്ല. അത്യുക്തിയിൽ മുഴുകിയിരുന്നുതാനും.
ചോദ്യം: എൻ. കൃഷ്ണപിള്ളസാറിന്റെ നാടകങ്ങളെക്കുറിച്ചു് എന്താ ഒന്നും പറയാഞ്ഞതു?
ഉത്തരം: എന്തു പറയാൻ? കലാസൃഷ്ടിയിൽ ബാഹ്യരൂപവും ആന്തരരൂപവുമുണ്ടു്. ബാഹ്യരൂപത്തിലല്ല കലയിരിക്കുന്നതു്; ആന്തരരൂപത്തിലാണു്. കൃഷ്ണപിള്ളസ്സാർ ബാഹ്യ രൂപത്തിലാണു് ശ്രദ്ധിച്ചതു്. പ്രതിപാദ്യ വിഷയത്തെ സർഗ്ഗശക്തിയുടെ അഗ്നിയിലുരുക്കി തങ്കമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇബ്സനു് അതിനു കഴിഞ്ഞു. ഇബ്സൻ നാടകങ്ങളുടെ ബാഹ്യരൂപം പകർത്താനേ സാറിനു് സാധിച്ചുള്ളു. ഇക്കാര്യത്തിൽ തെല്ലൊരു വൈരുദ്ധ്യമുണ്ടായിരുന്നതു് സി. ജെ. തോമസ്സിനു മാത്രം.
ചോദ്യം: സ്വന്തം കീർത്തി വ്യാപിപ്പിക്കാൻ അന്യന്റെ കീർത്തിക്കു ക്ഷയം വരുത്തേണ്ടതുണ്ടോ?
ഉത്തരം: തൃശൂരെ ഒരു സാഹിത്യകാരൻ ഈ ചോദ്യത്തിനു് ഉത്തരം പറയും.
കടൽ—രണ്ടക്ഷരമുള്ള വാക്കു്. ദീർഘതയേയും വിസ്തൃതിയേയും അതിൽ തടവിലിടുന്നു. വാക്കു് ജയിലാണെങ്കിൽ അലിഗറി അതിനെക്കാൾ വലിയ ജയിലാണു്.
കൂനന്റെ കൂനു് ശവക്കുഴിക്കകത്തേ മാറുകയുള്ളു എന്നൊരു പഴഞ്ചൊല്ലുണ്ടു് റഷ്യയിൽ. ശവക്കുഴിക്കകത്തു് വച്ചു് വളഞ്ഞ ശരീരം ഋജുതയാർന്നു വരുമോ? പഴഞ്ചൊല്ലിൽ പതിരില്ലെങ്കിലും ഇതിൽ പതിരുണ്ടു്. ശ്രീ. എ. കെ. അനിൽകുമാർ എഴുതിയ ‘എന്നിട്ടും അപ്പു ചിരിക്കുകയാണു്’ എന്ന ചെറുകഥയ്ക്കു് ഒരു കൂനല്ല എട്ടു കൂനുകളുണ്ടു്. ഈ അഷ്ടാവക്രമുനിയെ കണ്ടതുകൊണ്ടു് ഈ ദിവസത്തിന്റെ തിളക്കം എനിക്കു നഷ്ടപ്പെട്ടു. കഥയെഴുതുന്ന ഒരാൾ മാസിക പ്രസിദ്ധീകരിക്കുന്നവനെ കാണാൻ പോകുന്നു. മാസികക്കാരനു് ക്ളേശങ്ങൾ. എന്നിട്ടും അയാൾ ചിരിക്കുന്നു. എട്ടു കൂനുകൾ എന്തെല്ലാമെന്നു പറഞ്ഞാൽ എന്റെ ജോലി തീർന്നു.
- കഥയ്ക്കു ആരംഭവും അന്ത്യവും വേണം. ഇതിൽ അന്ത്യമില്ല.
- ആഖ്യാനം വേണം. അതില്ല.
- ഏതെങ്കിലുമൊരു ജീവിത വീക്ഷണം വേണം. അതുമില്ല.
- സാഹിത്യത്തോടു ബന്ധപ്പെട്ട ആവിഷ്കാര ചാരുത വേണം. അതു നാസ്തി.
- ഭാവശില്പം വേണം. ഇല്ല.
- രൂപശില്പം വേണം. ഇല്ല.
- സ്വഭാവ ചിത്രീകരണം ഉണ്ടായിരിക്കണം. ഇല്ല.
- പ്രതിപാദ്യ വിഷയത്തിനു നവീനത വേണം. ഇല്ല.
സ്ത്രീയുടെയും പുരുഷന്റെയും സ്വഭാവമറിയാൻ എന്താണു മാർഗ്ഗം? അവർ ചിരിക്കുന്ന രീതി നോക്കിയാൽ മതി. നോക്കുന്നവൻ വലിയ ബുദ്ധി ശക്തിയാൽ അനുഗൃഹീതനല്ലെങ്കിലും അയാൾക്കു സ്വഭാവം ഗ്രഹിക്കാൻ കഴിയും.
വിശ്വവിഖ്യാതനായ സാമുവൽ ബക്കിറ്റ് (ഡബ്ളിനിൽ ജനിച്ച ആംഗ്ളോ-ഫ്രഞ്ചു സാഹിത്യകാരൻ. Samuel Beckett, 1906–1989, നോബൽ സമ്മാനം, 1969) ഫ്രാൻസിലെ ഏറ്റവും വലിയ എഴുത്തുകാരി എന്നു വിശേഷിപ്പിച്ച മാർഗറീത് ദൂറാസി ന്റെ (Marguerite Duras) മാസ്റ്റർപീസാണു് ‘The Lover’ എന്ന നോവൽ. അതിനെക്കുറിച്ചു് ഈ പംക്തിയിൽ മുൻപെഴുതിയിട്ടുണ്ടു്. (My) Strongest and most violent (novel) എന്നു ദൂറാസ് തന്നെ വിശേഷിപ്പിച്ച (നോവലിന്റെ കവർ പെയ്ജിൽ കണ്ടതു്) മറ്റൊരു മാസ്റ്റർ പീസാണു് ‘The Vice-Consul’ ‘The Lover’ എന്ന നോവലിനോളം മഹനീയത ഇതിനില്ലെങ്കിലും അസാധാരണമായ നോവലാണു് ‘വൈസ് കോൺസ്’-ലെന്നതിൽ സംശയമില്ല. കൽക്കട്ടയെ കേന്ദ്രമാക്കി, ലാഹോറിലെ ഫ്രഞ്ചു വൈസ് കോൺസലിനെയും ഫ്രഞ്ചു അംബാസഡറെയും അയാളുടെ ഭാര്യയെയും ചില എംബസ്സി ഉദ്യോഗസ്ഥന്മാരെയും കഥാപാത്രങ്ങളാക്കി രചിച്ചിട്ടുള്ള ഈ നോവൽ പാരായണത്തിനുശേഷവും വായനക്കാരെ അലട്ടിക്കൊണ്ടിരിക്കും. വൈസ് കോൺസൽ, ജോലിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബോംബെയിൽ ജോലിയായി പോകാൻ ആഗ്രഹിച്ചു് അയാൾ കൽക്കത്തയിൽ എത്തിയിരിക്കുന്നു. ഫ്രഞ്ചു അംബാസഡറുടെ സുന്ദരിയായ ഭാര്യയെക്കണ്ടു് അയാൾ മോഹാവേശത്തിൽ വീഴുന്നു. മറ്റുദ്യോഗസ്ഥൻമാരുമായി അവൾക്കു കാമോത്സുകങ്ങളായ പ്രവൃത്തികളിൽ വ്യാപരിക്കാൻ മടിയില്ല. ഇവരെ സംസാരിപ്പിച്ച്, പ്രവർത്തിപ്പിച്ചു് ദൂറാസ് ‘ഹോൺടിങ്ങാ’യ കൽക്കത്തയെയും അതിന്റെ പ്രാന്ത പ്രദേശങ്ങളെയും ഗംഗാനദിയെയും ബംഗാൾ ഉൾക്കടലിലെ ദ്വീപുകളെയും നമ്മുടെ മുൻപിൽ കൊണ്ടുവരുന്നു. നോവലിന്റെ കേന്ദ്രസ്ഥിതമായ ആശയം ദൂറാസ് തന്നെ നല്കിയിട്ടുണ്ടു്. “Boredom here means a feeling of cosmic desolation, induced by the vastness of India itself. This country generates mood of its own” (p. 90) ഇന്ത്യയുടെ വൈപുല്യം ജനിപ്പിക്കുന്ന ജഗതു് സംബന്ധീയമായ വിവിക്തത തന്നെയാണു് കൽക്കത്തയിലെ വൈരസ്യം. ആ വൈരസ്യത്തെ—അസ്തിത്വവാദത്തോടു ബന്ധപ്പെട്ട വൈരസ്യത്തെയാണു് ദൂറാസു് പ്രഗല്ഭമായി ആവിഷ്കരിക്കുന്നതു്.

കുറെ ആളുകൾ ആ നഗരത്തിൽ ഒരുമിച്ചു കൂടുന്നു. അവിടെ സമ്പത്തിന്റെ പാരമ്യമുണ്ടു്. അതേസമയം കുഷ്ഠരോഗത്തിന്റെ ബീഭത്സതയുമുണ്ടു്. ആ ബീഭത്സതയുടെ തീവ്രത വർദ്ധിപ്പിക്കുന്നതിനുവേണ്ടി കുഷ്ഠരോഗികളുടെ ഇടയിൽ കിടന്നുറങ്ങുന്ന ഒരു ഭിക്ഷക്കാരിപ്പെണ്ണിനെ കൂടക്കൂടെ പ്രത്യക്ഷയാക്കുന്നു ദൂറാസ്. അവളെക്കാണുമ്പോഴെല്ലാം ജീവിതത്തിന്റെ വൈരൂപ്യം കണ്ടു നമ്മൾ ഞെട്ടുന്നു. ഏതിന്റെയും ആധിക്യം രോഗമാണല്ലോ. സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാമത്തിന്റെയും ആധിക്യം രോഗമത്രേ. കൽക്കത്തയെ ബാധിച്ച ഈ രോഗം ഇന്ത്യയുടെ ആകെയുള്ള രോഗമാണു്. അതിനെ ലോകത്തിന്റെ രോഗമായി ചിത്രീകരിക്കുന്ന ഈ എക്സിസ്റ്റെൻഷ്യൽ നോവൽ തികച്ചും ശക്തമത്രേ (Flamingo, Fontana Paperback, Translated by Eleen Ellenbogen).
ഇംഗ്ലീഷ് പരിഹാസ സാഹിത്യകാരൻ തോമസ് നാഷിന്റെ (Thomas Nashe, 1567 –1601). ‘Summer’s Last Will and Testament എന്ന പരിഹാസ കൃതിയിലെ
Beauty is but a flower,
Which wrinkles will devour,
Brightness falls from the air,
Queens have died Young, and fair,
Dust hath closed Helen’s eye.
I am sick, I must die.”
എന്ന വരികൾ ഞാൻ കൂടക്കൂടെ ചൊല്ലാറുണ്ടു്. I am sick എന്നതിനോടു് എനിക്കൊരു ബന്ധവുമില്ലെങ്കിലും I must die എന്നു് എപ്പോഴും വിചാരിക്കാറുണ്ടു്. ആ വിചാരം മരണഭയത്തിന്റെ മറുപുറമല്ല പക്വതയുടെ ഫലമാണെന്നു് നോവലിസ്റ്റ് ശ്രീ. കെ. സുരേന്ദ്രൻ അടുത്ത കാലത്തു് എന്നോടു പറഞ്ഞു. മരണത്തോടുള്ള ഈ ആഭിമുഖ്യം പ്രഫെസർ എം. കെ. സാനു വും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുങ്കുമം വാരികയിൽ എഴുതുകയാണു്:

“പിന്നെ മരണത്തിന്റെ കാര്യം, ജീവിതം പോലെതന്നെ വലിയ സത്യമാകുന്നു മരണവും, അതുകൊണ്ടു് ജീവിതത്തെ ഗൗരവമായെടുക്കുന്നവർക്കു് മരണത്തെയും ഗൗരവമായെടുക്കാതെവയ്യ. ‘മനുഷ്യർ മരിക്കുന്നു’ എന്ന ബിന്ദുവിൽ കേന്ദ്രീകരിച്ചുകൊണ്ടാണു് ജീവിതത്തിന്റെ ഗഹനഭാവങ്ങളെ സംബന്ധിക്കുന്ന ചിന്തകളേറെയും ഭ്രമണം ചെയ്യുന്നതു്. ജീവിതത്തെ സ്നേഹിക്കുന്നതുകൊണ്ടു് മരണത്തെയും സ്നേഹിക്കാൻ നമുക്കു കഴിയണം. ആ അടിസ്ഥാനത്തിൽ ഞാൻ മരണത്തോടു് നിരന്തരമായി ആഭിമുഖ്യം പുലർത്തുന്നു.”
സാനുവിന്റെ ആദരണീയമായ ചിന്തയ്ക്കു് ഒരനുബന്ധം എന്നപോലെ യുങ്ങിന്റെ ചില അഭിപ്രായങ്ങൾ ഓർമ്മയിൽനിന്നു കുറിക്കാനേ എനിക്കു കൗതുകമുള്ളു. പട്ടുനൂലിൽ വാഴനാരെന്നപോലെ സാനുവിന്റെ ചിന്തകൾക്കു് എന്റെ ബഹിർഭാഗസ്ഥചിന്തകൾ അനുബന്ധമായി വരേണ്ടിതില്ല. ഇനി യുങ്ങിന്റെ മതത്തിലേക്കു് —ജീവിതം ഒരു ഊർജ്ജത്തിന്റെ പ്രവർത്തനമാണു്. എല്ലാ പ്രവർത്തനങ്ങൾക്കും ലക്ഷ്യമുണ്ടു്. അതിനാൽ ജീവിതത്തിനും ലക്ഷ്യമുണ്ടു്. ആ ലക്ഷ്യം വിശ്രമമാണു്. വർഷങ്ങൾ കഴിയുന്തോറും മരണത്തെക്കുറിച്ചുള്ള ചിന്തകൾ കൂടിക്കൂടി വരികയും വാർദ്ധക്യത്തിലെത്തിയവർ മരണത്തിനു തയ്യാറെടുക്കുകയും ചെയ്യുന്നു. വാർദ്ധക്യകാലത്തു മരണത്തെക്കുറിച്ചു ചിന്തിക്കാത്തവൻ ഞരമ്പുരോഗിയാണു്. സാനുവും സുരേന്ദ്രനും ഞാനും ഞരമ്പുരോഗികളല്ലാത്തതുകൊണ്ടു് മരണത്തോടു് ആഭിമുഖ്യം പുലർത്തുന്നു.

വർഷം 1934. ഞാൻ അന്നു് ആലപ്പുഴെ തത്തംപള്ളിയിൽ താമസം. രാത്രിയാകുമ്പോൾ തെക്കനാര്യട്ടെ തറയിൽ വീട്ടിൽ ഭാസ്കരപ്പണിക്കർ മറ്റു കുട്ടികളോടുകൂടി എന്റെ വീട്ടിൽ വരും. ഞങ്ങളെല്ലാവരും കിടങ്ങാംപറമ്പു് മൈതാനത്തു ചെന്നിരിക്കും നിലാവുള്ള സമയമാണെങ്കിൽ. “ചേട്ടാ കഥ പറയൂ” എന്നു് ഭാസ്കരപ്പണിക്കരോടു് അപേക്ഷിക്കും. ഞങ്ങൾ സനാതനധർമ്മ വിദ്യാലയത്തിലെ സെക്കൻഡ് ഫോം വിദ്യാർത്ഥികൾ. ഭാസ്കരപ്പണിക്കർ സിക്സ്ത് ഫോമിൽ. അദ്ദേഹം വിക്രമാദിത്യൻ കഥകളും മദനകാമരാജൻ കഥകളും ഹൃദയഹാരിയായി പറയും. കുറെക്കഴിയുമ്പോൾ “ഇനി കൊള്ളക്കാരുടെ കഥകൾ പറയൂ” എന്നാവും ഞങ്ങൾ. “മൈ പോക്കറ്റ് ഇസ് ഫുൾ ഒഫ് സ്റ്റോറീസ്” എന്നു പറഞ്ഞുകൊണ്ടു് ഭാസ്കരപ്പണിക്കർ കൊള്ളക്കാരുടെ കഥകൾ ആഖ്യാനം ചെയ്യും. എന്തു രസമാണെന്നോ അവയൊക്കെക്കേൾക്കാൻ. പക്ഷേ, രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ മൈതാനത്തു് ഇരിക്കാൻ വയ്യ. പില്ക്കാലത്തു് ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസായി റിട്ടയർ ചെയ്ത ശ്രീ. ചന്ദ്രശേഖരൻ നായർ അന്നു് ആലപ്പുഴയിലെ ഇൻസ്പെക്ടറാണു്. അദ്ദേഹം റോന്തു ചുറ്റാൻ വരുമ്പോൾ അസമയത്തു് ആരെക്കണ്ടാലും പിടിച്ചുകൊണ്ടുപോകും. അതുകൊണ്ടു് അധികം നേരം അവിടെയിരിക്കാതെ വീട്ടിലേക്കു പോരും. കാലം കഴിഞ്ഞു. ഭാസ്കരപ്പണിക്കർ കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മരിച്ചു. കൂട്ടുകാരുടെ പേരികളല്ല ഛായപോലും സ്മൃതിമണ്ഡലത്തിൽനിന്നു് പാലയനം ചെയ്തിരിക്കുന്നു.
അടുത്തകാലത്തു് വിക്രമാദിത്യൻ കഥകളും മദനകാമരാജൻ കഥകളും എടുത്തു് ഒന്നു രണ്ടെണ്ണം വായിച്ചുനോക്കി. മാൻസിംഗ് എന്ന ഭയങ്കരനായ കൊള്ളക്കാരനെസ്സംബന്ധിക്കുന്ന ചില കഥകളും വായിച്ചുനോക്കി. ഒന്നിലും രസം തോന്നിയില്ല. അവ ദൂരെയെറിഞ്ഞ് “Great Short Stories of the World” എന്ന പുസ്തകം കൈയിലെടുത്തു. വായിച്ചു. സമയം പോയതറിഞ്ഞില്ല.
ബാല്യകാല കൗതുകമായിരുന്നു വിക്രമാദിത്യൻ കഥകളും കൊള്ളക്കാരൻമാരുടെ കഥകളും കേൾക്കുകയെന്നതു്. എന്നെപ്പോലെ പ്രായമാകേണ്ടതില്ല. പതിനാലു വയസ്സു കഴിഞ്ഞാൽ ബാല്യകാലകൗതുകം കെട്ടടങ്ങും. എന്റെ വായനക്കാരിൽ പതിന്നാലു വയസ്സിനു താഴെയുള്ളവരുണ്ടോ? അവർക്കു ബാലിശങ്ങളായ കഥകൾ കേൾക്കാൻ താല്പര്യമുണ്ടോ? ഉണ്ടെങ്കിൽ ശ്രീ. മാവേലിക്കര രാമചന്ദ്രൻ പറഞ്ഞുതരും. കിടങ്ങാംപറമ്പു മൈതാനത്തു് പോകേണ്ടതില്ല, നിലാമുണ്ടോ എന്നു നോക്കേണ്ടതില്ല. പൊലീസ് ഇൻസ്പെക്ടർ വരുമോയെന്നു പേടിക്കേണ്ടതില്ല. മരിച്ചുപോയ ഭാസ്കരപ്പണിക്കരുടെ ‘ഗോസ്റ്റി’നെ ആഹ്വാനം ചെയ്യേണ്ടതില്ല. ദില്ലിയിൽ നിന്നു പ്രസിദ്ധപ്പെടുത്തുന്ന ‘ന്യൂഡൽഹി’ എന്ന വാരികയെടുത്താൽ മതി. ലക്കം 26 ആയിരിക്കണം. പത്താം പുറത്തു് ഒരു കൊള്ളക്കാരിയുടെ കഥയുണ്ടു്. ഭാസ്കരപ്പണിക്കരുടെ പ്രാഗല്ഭ്യമില്ലെങ്കിലും രാമചന്ദ്രൻ കുട്ടികളായ നിങ്ങളെ രസിപ്പിക്കാൻ തക്കവിധത്തിൽ കഥ പറയും. തികഞ്ഞ ഗൗരവത്തോടെ പ്രസാധനം ചെയ്യുന്ന ഒരു നല്ല വാരികയിൽ ഇങ്ങനെയുമൊരു ബാലിശത്വമോ എന്നു പ്രായംകൂടിയ ഞങ്ങളേ ചോദിക്കൂ. കുട്ടികളായ നിങ്ങൾ ചോദിക്കില്ല. ആങ്, അത്രയുമായി.

ആവർത്തനം പ്രഭാഷണത്തെസ്സംബന്ധിച്ചിടത്തോളം അസഹനീയമാണു്. എങ്കിലും ആവർത്തിച്ചുപോകും. ഒരിടത്തു നിർവഹിച്ച പ്രഭാഷണം വിജയം വരിച്ചുവെന്നു കണ്ടാൽ അതു് വേറൊരിടത്തു് ആവർത്തിക്കാനുള്ള പ്രവണതയുണ്ടാകും പ്രഭാഷകനു്. കേൾക്കുന്നവരുടെ കൂട്ടത്തിൽ അതു മുൻപു കേട്ടവർ ആരും ഇല്ലെന്നു കരുതൂ. എങ്കിലും പ്രഭാഷകനു് അതു് മനസ്സിനു് ഇടിവുണ്ടാക്കും. ധൈഷണികമായി താൻ താഴുന്നുവല്ലോ എന്നു അയാൾക്കു് തോന്നാതിരിക്കില്ല. പിന്നെ ആശയദാരിദ്ര്യംകൊണ്ടും ആവർത്തനമുണ്ടാകും. അതു് പ്രഭാഷകനും കേൾക്കുന്നവർക്കും വൈരസ്യത്തിനു ഹേതുവാകുമെന്നതിൽ സംശയമില്ല. ഇപ്പറഞ്ഞതു നമ്മുടെ നാട്ടിലെ രീതിയനുസരിച്ചാണു്. പടിഞ്ഞാറൻ ദേശങ്ങളിൽ പ്രഭാഷണങ്ങൾ ഒരേ രീതിയിൽ ആവർത്തിക്കാറുണ്ടു് തത്ത്വചിന്തകൻമാർ പോലും. ‘ആ ധിഷണാശാലികൾക്കു് ആവർത്തിക്കേണ്ട ഒരാവശ്യകതയുമില്ല, ചില ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി മാത്രം ഒരിക്കൽപ്പറഞ്ഞതു പിന്നെയും പറയുന്നു’ എന്ന ചിന്തയാവാം. ആവർത്തനങ്ങളെ പരിഹാസപരമായി വീക്ഷിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതു്.
കലാസൃഷ്ടിയിൽ ബാഹ്യരൂപവും ആന്തരരൂപവുമുണ്ടു്. ബാഹ്യരൂപത്തിലല്ല കലയിരിക്കുന്നതു്; ആന്തരരൂപത്തിലാണു്.
സൂക്ഷിച്ചു നോക്കുക. നമ്മുടെ പല നോവലിസ്റ്റുകളും കവികളും ആവർത്തിക്കുന്നതേയുള്ളു എന്നു മനസ്സിലാക്കാം. ഫ്രഞ്ചു് നോവലിസ്റ്റ് മോറിയാക്കു് 1952-ൽ നോബൽ സമ്മാനം വാങ്ങിയ ആളാണു്. അദ്ദേഹത്തിന്റെ മിക്ക നോവലുകളും ആവർത്തനങ്ങളാണു്. ചെക്കു് നോവലിസ്റ്റ് മീലാൻ കുന്ദേരയ്ക്കുമുണ്ടു് ഈ ദോഷം.
ചിലപ്പോൾ ആവർത്തനം ആവശ്യകതയാകും. കമ്പിസന്ദേശമയയ്ക്കുമ്പോൾ I am not repeat not coming എന്നു വേണം. ഇല്ലെങ്കിൽ കമ്പിയാപ്പീസുകാർ not എന്ന വാക്കു വിട്ടു കളഞ്ഞാൽ I am coming എന്നാകും സന്ദേശം. ഒരക്ഷരം വിട്ടുപോയാൽ അർത്ഥം മാറുമെന്നു് തത്ത്വചിന്തകനായ W. V. Quine ചൂണ്ടിക്കാണിക്കുന്നു. The book is of cosmic significance എന്നതിലെ ‘s’ എന്ന അക്ഷരം പോയാൽ The book is of comic significance എന്നാവും. ഒരക്ഷരം കൂടിയാലും കുഴപ്പംതന്നെ. His point is worth noting എന്നതിലെ noting-ൽ ‘h’ കടന്നുവന്നാൽ His point is worth nothing എന്നാവും. ഇവിടെയെല്ലാം ആവർത്തനങ്ങൾ ഗുണമാണെന്നു തത്ത്വചിന്തകൻ അഭിപ്രായപ്പെടുന്നു. എന്തായാലും എന്നെപ്പോലുള്ള പ്രഭാഷകർ പ്രഭാഷണം ആവർത്തിക്കാതിരിക്കണം. അല്ലെങ്കിൽ അവർ അൽഡസു് ഹക്സിലിയോ ബർട്രൻഡ് റസ്സലോ ആയി മാറണം. അപ്പോൾ ആശയപ്രചാരണത്തിനുവേണ്ടി ആവർത്തനമാകാം.