സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-08-25-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

മനുഷ്യൻ ഈശ്വരനാണു്; അതേസമയം പിശാചും. ഈ വൈരുദ്ധ്യം പ്രതിപാദിക്കാത്ത വലിയ എഴുത്തുകാരില്ല.

ഇക്കാലത്തെപ്പോലെ പ്ളാസ്റ്റിക് കൂടുകളിലല്ല അക്കാലത്തു് മിൽമ പാലുവിതരണം ചെയ്തിരുന്നതു്. ആകർഷകങ്ങളായ കുപ്പികളിൽ പാലുനിറച്ചു് ബൂത്തിന്റെ സിലിൽ (sill) വച്ചിരിക്കും. വെണ്മയാർന്ന ആ പാല്ക്കുപ്പികൾ കാണുമ്പോഴൊക്കെ പണ്ടു് ആശുപത്രികളിൽ ജോലി നോക്കിയിരുന്ന യൂറോപ്യൻ നേഴ്സുകളെ ഞാൻ ഓർമ്മിക്കും. അങ്ങനെ നിരത്തിവച്ച കുപ്പികൾക്കിടയിൽ വിരലമർത്തിക്കൊണ്ടു് അവൾ—ഏതോ വീട്ടിൽ നല്ലപോലെ നിറുത്തിയിരിക്കുന്ന പരിചാരിക—“രണ്ടുകുപ്പിപ്പാലു്” എന്നു മൊഴിഞ്ഞു. നെയ്ൽ പോളിഷ് ഇട്ടവിരലുകൾ രണ്ടു കുപ്പികളിലും പനിനീർപ്പൂക്കളുണ്ടാക്കി. അതുകണ്ട ഞാൻ വിചാരിച്ചു ഇവൾ വീട്ടിൽച്ചെന്നു് ഓരോ അരിയും വിരൽകൊണ്ടു നീക്കിവയ്ക്കുകയാണെന്നിരിക്കട്ടെ. അപ്പോൾ ഓരോ അരിമണിയും ഓരോ സ്വർണ്ണമണിയായിത്തീരില്ലേ? തീരും എന്നതിനു സംശയം വേണ്ട. മുറത്തിന്റെ ഒരറ്റത്തേക്കു ചെല്ലുമ്പോൾ അവ വീണ്ടും അരിമണികളായി മാറും. ഫ്രിജിയൻ രാജാവു് മൈദസ് എന്തുതൊട്ടാലും സ്വർണ്ണമായി മാറും. ഇവൾക്കു താൽകാലികമായി പനിനീർപ്പൂക്കളുണ്ടാക്കാൻ കഴിയും. താൽകാലികമായി അരിമണികളെ സ്വർണ്ണമണികളാക്കാൻ കഴിയും. അനുഗ്രഹീതനായ കവി വെറും വാക്കുകളെ മാന്ത്രികസ്പർശംകൊണ്ടു് എല്ലാക്കാലത്തേക്കും സ്വർണ്ണമാക്കി മാറ്റുന്നതു നോക്കുക:

“കന്യമാർക്കു നവാനുരാഗങ്ങൾ കമ്രശോണസ്ഫടികവളകൾ

ഒന്നുപൊട്ടിയാൽ മറ്റൊന്നു്… ”

വൈരുദ്ധ്യം
images/LesMiserables1935.jpg

മനുഷ്യൻ ഈശ്വരനാണു്; അതേസമയം പിശാചും. ഒരാൾ ‘മേഘസന്ദേശ’മെഴുതുകയും മറ്റൊരാൾ നൗഖാലിയിൽ പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ ചുവരിൽ ചേർത്തുവച്ചു് ആണിയടിക്കുകയും ചെയ്യുന്ന വൈരുദ്ധ്യമല്ല ഞാൻ ലക്ഷ്യമാക്കുന്നതു്. ഒരാളിൽത്തന്നെയുള്ള ഐശ്വരാംശവും പൈശാചികത്വവുമാണു് ഞാനുദ്ദേശിക്കുന്നതു്. ഈ വൈരുദ്ധ്യം പ്രതിപാദിക്കാത്ത വലിയ എഴുത്തുകാരില്ല. യുഗോ യുടെ ‘പാവങ്ങൾ’ എന്ന നോവൽ നോക്കുക. പത്തൊൻപതുകൊല്ലം കാരാഗൃഹത്തിൽ കിടന്നിട്ടു് മഞ്ഞപ്പാസ്പോർട്ടുമായി പുറത്തേക്കുപോന്ന ഷാങ്വൽഷാങ് തന്നെ സ്നേഹിച്ച മെത്രാന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചു. അയാളെ പൊലീസ് പിടിച്ചു മെത്രാന്റെ മുൻപിൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം വെള്ളി മെഴുകുതിരിക്കാലുകൾ എടുത്തു കൊടുത്തിട്ടു് ‘ഇതും ഞാൻ നിങ്ങൾക്കു തന്നതാണല്ലോ. എന്തേ കൊണ്ടുപോകാത്തതു?’ എന്നുചോദിച്ചു് അയാളെ രക്ഷിച്ചു. അതോടെ തീക്ഷ്ണപ്രകാശത്തിൽപ്പെട്ടു കണ്ണുകാണാത്തവനെപ്പോലെയായി ഷാങ്വൽഷാങ്. ബിഷപ്പിന്റെ ഭവനത്തിൽനിന്നു തെരുവിലേക്കു പോന്ന അയാൾ ആദ്യം ചെയ്തതു് ഒരു ബാലന്റെ നാണയം അപഹരിക്കുക എന്നതായിരുന്നു. മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം!

കലയെന്ന നിലയിൽ ഭാവനാത്മകമായി ആശയാവിഷ്ക്കാരം നടത്തുമ്പോഴാണു് അനുവാചകഹൃദയം വേഗമാർന്നു് സ്പന്ദിക്കുന്നതു്.

ഷാങ്വൽഷാങ് പിന്നീടു് ഒരു നഗരത്തിന്റെ മേയറായി. മേയറായിരിക്കുമ്പോൾ അയാൾ അറിഞ്ഞു തന്റെ പേരുള്ള ഒരുത്തനെ പിടികൂടി ശിക്ഷിക്കാൻ പോകുന്നുവെന്നു്. താനാണു് കുറ്റക്കാരൻ; നിരപരാധൻ ജയിലിൽ കിടക്കാൻപോകുന്നു. അയാളെ രക്ഷിക്കാനായി ഷാങ്വൽഷാങ് പാഞ്ഞുപോകുമ്പോൾ അയാൾക്കു വേറൊരു കുതിരയെ വേണ്ടിവന്നു. അതിനു് അയാളെ സഹായിച്ച ഒരു കുട്ടി പ്രതിഫലം ചോദിച്ചിട്ടും അതു കൊടുക്കാതെയാണു് അയാൾ പോയതു്. അതേസമയം താൻ മേയറായ പട്ടണത്തിൽ ആരെങ്കിലും കഷ്ടപ്പെടുന്നുവെന്നറിഞ്ഞാൽ ഷാങ്വൽഷാങ് അവന്റെ വീട്ടിൽ ആരുമറിയാതെ ചെന്നു് സ്വർണ്ണനാണയം മേശപ്പുറത്തുവച്ചിട്ടു പോരും. ഇവിടെയും മനുഷ്യസ്വഭാവത്തിന്റെ വൈരുദ്ധ്യം കാണുന്നു നമ്മൾ.

images/DonQuijoteSanchoPanza.jpg
ദോൺ കീ ഹോട്ടെയും സാൻചൊ പാൻതായും

മീഗൽ ദെ തെർവാന്റസി ന്റെ (Miguel de Cervantes) ദോൺ കീ ഹോട്ടെ (Don Quixote) എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങളായ ദോൺ കീ ഹോട്ടെയും സാൻചൊ പാൻതായും (Sancho Panza) ഒരു വ്യക്തിയിൽത്തന്നെയുള്ള വൈരുദ്ധ്യത്തിനാണു് പ്രാതിനിധ്യം വഹിക്കുന്നതു്. പട്ടിക്കുട്ടിയെ കാറിലിരുത്തിക്കൊണ്ടു പോകുകയും പൂച്ചക്കുട്ടിയെ കൂടെക്കിടത്തുകയും ചെയ്യുന്ന വീട്ടമ്മ കോഴിയുടെ കഴുത്തു കണ്ടിച്ചു ഫ്രൈ ഉണ്ടാക്കുകയും അതു രുചിയോടെ ഭക്ഷിക്കുകയും ചെയ്യുന്നു. മഹത്ത്വമുള്ള മനുഷ്യൻ ക്രൂരനായി പെരുമാറും. ജന്മവാസനയ്ക്കു യോജിച്ച രീതിയിൽ എന്തും ചെയ്യുന്നവൻ യുക്തിക്കു യോജിച്ച രീതിയിൽ നൃശംസതയിൽ നിന്നു മാറിനില്ക്കും. സന്ന്യാസി ബലാത്സംഗത്തിനു ഒരുമ്പെട്ടാൽ അതിലത്ഭുതപ്പെടേണ്ടതില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ബാലകൃഷ്ണൻ എഴുതിയ ‘മൂർത്തീദമ്പതികൾ’ എന്ന ചെറുകഥയിലും കാണാം ഈ വൈരുദ്ധ്യ പ്രതിപാദനം. ചർക്ക കറക്കി നൂലു നൂല്ക്കുകയും ആധ്യാത്മികജീവിതം നയിക്കുകയും ചെയ്യുന്നവരാണു് മൂർത്തിയും അയാളുടെ ഭാര്യയും. പക്ഷേ, സ്വന്തം പട്ടി ഒരു ചത്ത എലിയെ കടിച്ചുതിന്നപ്പോൾ ആ സ്ത്രീ അതിനെ തല്ലിക്കൊല്ലുന്നു. അവിടെ യുക്തിയല്ല, ജന്മവാസനയാണു് ജയിക്കുക. മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവം ഇതായതുകൊണ്ടാണു് ബുദ്ധനും ക്രിസ്തു വും ഗാന്ധിജി യും ഉദ്ബോധനങ്ങൾ നടത്തിയിട്ടും അവർ അണുപോലും വ്യതിചലിക്കാത്തതു്.

images/Cervantes.jpg
മീഗൽ ദെ തെർവാന്റസ്

ബാലകൃഷ്ണന്റെ ആശയം നന്നു്. പക്ഷേ, പ്രതിപാദനം നന്നല്ല. ജീവനില്ലാത്ത ഒരു കഥയായി മാത്രം ഞാനിതിനെ കാണുന്നു. കലയെന്ന നിലയിൽ ഭാവനാത്മകമായി ആശയാവിഷ്കാരം നടത്തുമ്പോഴാണു് അനുവാചകഹൃദയം വേഗമാർന്നു സ്പന്ദിക്കുന്നതു്. അതു് ഈ രചനയിൽ നിന്നു് ഉണ്ടാകുന്നില്ല.

പറയുന്നതു്—മനസ്സിലുള്ളതു്
ഡോക്ടർ:
(രോഗിയോടു്): ഞാൻ സ്പെഷലിസ്റ്റിനു എഴുത്തു തരാം. ഞാൻ തന്നെ ചികിത്സിക്കുന്നതിനെക്കാൾ നല്ലതാണതു്. (ഡോക്ടറുടെ മനസ്സിലുള്ളതു്: തന്റെ രോഗമെന്തെന്നു് എനിക്കു് അറിഞ്ഞുകൂടാ. വേറൊരുത്തന്റെ അടുത്തു പോടോ.)
ഓഫീസർ:
(അപേക്ഷയിൽ എന്തു തീരുമാനിച്ചുവെന്നറിയാൻ വന്നവനോടു്) മഴയല്ലേ സ്റ്റാഫ് മുഴുവനുമെത്തിയിട്ടില്ല. രണ്ടുദിവസം കഴിഞ്ഞുവരൂ. (ഓഫീസറുടെ മനസ്സിൽ: എന്റെ കൊള്ളരുതായ്മ കൊണ്ടു് എല്ലാവരും എന്നും ലീവിലാണു്. സമാധാനം ചോദിച്ചാൽ, ലീവ് കൊടുക്കാതിരുന്നാൽ അവർ എന്നെ ഘേരാവോ ചെയ്യാം. ഉപദ്രവിക്കാതെ സ്ഥലം വിടടോ.)
മാന്യനായി കഴിയുന്നവൻ:
(കടം ചോദിക്കുന്നയാളിനോടു്) ഇന്നലെ ചോദിച്ചിരുന്നെങ്കിൽ ആയിരമോ രണ്ടായിരമോ തരാമായിരുന്നു. (മാന്യന്റെ മനസ്സിൽ: ഇന്നു ബസ്സ്കൂലിക്കു പോലും പൈസയില്ല എന്റെ കൈയിൽ. ഇന്നലെയല്ല ശതാബ്ദങ്ങളായി ഞാൻ ദാരിദ്ര്യം അനുഭവിക്കുന്നവനാണു്.)
പുരുഷൻ:
(തരുണിയോടു്) സാരി എത്ര മനോഹരം! (പുരുഷന്റെ മനസ്സിൽ: നിന്നെ കണ്ടിട്ടു് എനിക്കു കാമവികാരമിളകുന്നു.)
ഞാൻ:
(അതിഥിയോടു്) എന്റെ ഈ വീടു് ഒഴിഞ്ഞ പ്രദേശത്താണു്. അതുകൊണ്ടു് ഉപദ്രവമില്ലാതെ വായിക്കാം. എഴുതാം. മുൻവശത്തു വയൽ. നാലുചുറ്റും മരങ്ങൾ. വീടാണെങ്കിൽ ചെലവുകുറഞ്ഞ ബേക്കർ മോഡൽ. എന്റെ ഭാഗ്യം. (എന്റെ മനസ്സിൽ: ഒഴിഞ്ഞ പ്രദേശത്തു വാങ്ങിച്ചതുകൊണ്ടു് സെന്റിനു് മൂവായിരം രൂപയ്ക്കു കിട്ടി. ഈ പ്രദേശത്തേക്കു ആരും തിരിഞ്ഞുനോക്കുന്നില്ല. വയലിലെ ചെള്ളും കൊതുകും കടിച്ചു് എനിക്കു് ഉറക്കമില്ല. മരങ്ങൾ മറിഞ്ഞുവീണു് ഏതു സമയത്തും ഞാൻ മരിക്കാം. പണം കുറവായതുകൊണ്ടു് ബേക്കർ മോഡൽ. ഫലം, ഞാൻ കഷ്ടപ്പെട്ടു വാങ്ങിയ പുസ്തകം മുഴുവനും ചിതൽ തിന്നുകഴിഞ്ഞു.)
ഹോട്ടൽബോയ്:
(കടയിൽ കയറിയവനോടു്) ചൂടാന ഇഡ്ഡലി ഇരുക്കു് സാർ. (അവന്റെ മനസ്സിൽ: ഉച്ചയ്ക്കു മിച്ചംവന്ന ചോറു് ഉടമ ഇഡ്ഡലിയാക്കി വച്ചിട്ടുണ്ടു്. കഴിക്കു് വയറ്റുവേദന വരുത്തു്.)
നാലാങ്കൽ

നാലാങ്കൽ കൃഷ്ണപിള്ള സ്സാറ് മരിച്ചിട്ടു് ഒരുമാസം തികയുന്നു ഇന്നു് (2-2-1991). ഇതുവരെയും ഞാൻ അദ്ദേഹത്തെക്കുറിച്ചു് എഴുതിയില്ല. അദ്ദേഹം മരിച്ചുവെന്നു് അദ്ദേഹത്തിന്റെ പുത്രൻ ഡോക്ടർ ശബരീനാഥ് എന്ന റ്റെലിഫോണിലൂടെ അറിയിച്ചിട്ടും ഞാൻ പോയില്ല. പനിപിടിച്ചു ഞാൻ കിടപ്പിലായിരുന്നു. ഒരു സഞ്ചയനത്തിനും പോകരുതെന്നു ഞാൻ വളരെക്കാലം മുൻപു് തീരുമാനിച്ചതുകൊണ്ടു് സാറിന്റെ സഞ്ചയനകർമ്മത്തിനും ഞാൻ ചെന്നില്ല. അതു കൊണ്ടു് എന്റെ ഗുരുനാഥനായ അദ്ദേഹത്തോടു് എനിക്കു സ്നേഹമില്ല, ബഹുമാനമില്ല എന്നു് വരുന്നില്ല. ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചില ഗുരുനാഥന്മാരിൽ പ്രധാനനാണു് നാലാങ്കൽ കൃഷ്ണപിള്ള അവർകൾ.

നാലാങ്കൽ കൃഷ്ണപിള്ള എന്ന പേരുവച്ചു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അക്കാലത്തു്— 1938-ൽ—കവിതകൾ വന്ന സന്ദർഭം. ആ കവിതകൾ ഞാനും എന്റെ സുഹൃത്തുമായ ശ്രീ. ഈ. ഐ. ജോർജ്ജും വായിച്ചുരസിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അവയുടെ രചയിതാവു് ഞങ്ങളുടെ അധ്യാപകനായി വന്നു. ചരിത്രമാണു് സാറിന്റെ വിഷയമെങ്കിലും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചതു് ഇംഗ്ലീഷായിരുന്നു. കോൺക്രീറ്റ് കൊണ്ടുനിർമ്മിച്ച മനസ്സുകളായിരുന്നു പല വിദ്യാർത്ഥികൾക്കും. അതിൽ ഇംഗ്ലീഷ് കവിതയുടെ പൂക്കൾ വിരിയിച്ച പ്രതിഭാശാലിയായിരുന്നു നാലാങ്കൽസ്സാറ്. ഞാനും എന്റെ കൂടെപ്പഠിച്ചവരും അദ്ദേഹത്തെ ഇന്നോർമ്മിക്കുന്നതു് ആ വൈദഗ്ദ്ധ്യത്താൽത്തന്നെയാണു്.

കവിതയിലും സൗന്ദര്യത്തിന്റെ പുഷ്പങ്ങൾ വിടർത്തി അദ്ദേഹം. ആ പൂക്കൾക്കു സൗരഭ്യമുണ്ടു് സൗന്ദര്യമുണ്ടു്. പക്ഷേ, കേരളീയർ ആ പരിമളവും ഭംഗിയും വേണ്ടപോലെ ആസ്വദിച്ചോ എന്നു സംശയം. ആസ്വദിച്ചെങ്കിൽ നാലാങ്കൽസ്സാറ് ഇന്നാർജ്ജിച്ച യശസ്സിനെക്കാൾ കൂടുതൽ യശസ്സു് ആർജ്ജിക്കുമായിരുന്നു. ഭാരതീയ സംസ്കാരത്തിൽനിന്നു് ജീവിതത്തെയും അതിനോടു ബന്ധപ്പെട്ട സത്യത്തെയും വലിച്ചെടുത്തു നമ്മുടെ മുൻപിൽ വച്ച കവിയായിട്ടാണു് ഞാൻ അദ്ദേഹത്തെ കാണുന്നതു്.

കോൺക്രീറ്റുകൊണ്ടു് നിർമ്മിച്ച മനസ്സുകളായിരുന്നു പല വിദ്യാർത്ഥികൾക്കും അതിൽ ഇംഗ്ലീഷ് കവിതയുടെ പൂക്കൾ വിരിയിച്ച പ്രതിഭാശാലിയായിരുന്നു നാലാങ്കൽസ്സാറ്. കവിതയിലും സൗന്ദര്യത്തിന്റെ പൂക്കൾ വിടർത്തി അദ്ദേഹം ആ പൂക്കൾക്കു് സൗരഭ്യമുണ്ടു്, സൗന്ദര്യമുണ്ടു്. പക്ഷേ, കേരളീയർ ആ പരിമളവും ഭംഗിയും വേണ്ടപോലെ ആസ്വദിച്ചോ എന്നു് സംശയം.

മനുഷ്യനെന്ന നിലയിൽ ശുദ്ധാത്മാവു്. ഒരുദിവസം തിരുവനന്തപുരത്തെ സബ്ബ് ട്രഷറിയിൽ അദ്ദേഹം സഹധർമ്മിണിയുമായി വന്നു. “നാലാങ്കൽസ്സാറ്, നാലാങ്കൽസ്സാറ്” എന്നു് അദ്ദേഹത്തെ നേരിട്ടറിയാത്തവരും അടക്കിയ സ്വരത്തിൽ ബഹുമാനത്തോടെ പറയുന്നതു ഞാൻ കേട്ടു. ഒരാൾ കസേരയെടുക്കാൻ ഓടിപ്പോയി. അതു കൊണ്ടുവരുന്നതിനു മുൻപു് സാറ് ശക്തിക്കുറവുകൊണ്ടു് താഴെ വീണുപോയി. അവിടിരുന്നുകൊണ്ടു് “തിടുക്കമൊന്നുമില്ല. സൗകര്യംപോലെ ഡി. എ. കുടിശ്ശിക എത്രയുണ്ടെന്നു കണക്കാക്കിത്തന്നാൽ മതി” എന്നു് പറയുന്നുണ്ടായിരുന്നു. വാർദ്ധക്യത്തോടും ശക്തിരാഹിത്യത്തോടും ചേർന്ന അസഹിഷ്ണുത അദ്ദേഹം കാണിച്ചതേയില്ല. ഞാൻ അദ്ദേഹത്തിന്റെ മുൻപിൽച്ചെന്നു കൈകൾ കൂപ്പിനിന്നു. സാറ് എന്റെ കൈകൾ ഗ്രഹിച്ചു് “കൃഷ്ണൻനായർ മാത്രമേ എന്നെക്കുറിച്ചു വല്ലപ്പോഴുമെങ്കിലും എഴുതുന്നുള്ളു. നിങ്ങൾ എന്റെ ശിഷ്യനാണെങ്കിലും താങ്ക്സ് പറയുന്നു.” എന്നു പറഞ്ഞു.

നാലാങ്കൽസ്സാറിന്റെ “രഥ”മെന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടു്. ചെറുപ്പക്കാർ മരണത്തെ നിഷേധിക്കും. അനുഭവസമ്പത്തുള്ള വൃദ്ധരായ കവികൾ അതു് മുൻപിലെത്തിയ സത്യമായി ദർശിക്കും. ആ ദർശനമാണു് ഇക്കാവ്യത്തിലുള്ളതു്. സാറ് വളരെക്കാലമായി ആ ദർശനത്തെക്കുറിച്ചു് എഴുതുകയായിരുന്നു. ഇപ്പോൾ അതു് സാക്ഷാത്കരിച്ചു് നമ്മുടെയിടയിൽനിന്നു് അന്തർദ്ധാനം ചെയ്തിരിക്കുന്നു. വേദവേദാന്തങ്ങൾ പ്രകീർത്തനം ചെയ്യുന്ന അമരത്വത്തിനും മറ്റും ദൗർബ്ബല്യം സംഭവിച്ച കാലയളവിലാണു് നമ്മൾ ജീവിക്കുന്നതു്.

“വേദവേദാന്തങ്ങളെത്ര വായിച്ചിട്ടും

ചേതന, ജന്നൽ തുറക്കുന്നീല”

എന്നു കവി പറഞ്ഞതു് എത്ര സത്യം. അതിനെക്കുറിച്ചു പര്യാലോചന ചെയ്യാൻ ആഹ്വാനം നടത്തിയിട്ടു് അദ്ദേഹം പോയി. ആ നല്ല മനുഷ്യന്റെ മുൻപിൽ, നല്ല കവിയുടെ മുൻപിൽ, നല്ല ഗുരുനാഥന്റെ മുൻപിൽ ഞാൻ വിഷാദത്തോടെ നില്ക്കുന്നു.

മഹാദുഃഖത്തിലെ കലർപ്പ്
images/MaharajahSreeChithiraThirunal.jpg
ശ്രീ ചിത്തിര തിരുനാൾ

ഞാൻ രാജഭക്തനാണു് എന്നു പറഞ്ഞാൽ ‘മോണർക്കി’യോടു ഭക്തിയുണ്ടെന്നല്ല. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവി നോടു എനിക്കു ഭക്തിയും സ്നേഹവും ബഹുമാനവും ഉണ്ടെന്നു് അർത്ഥം. കോൺഗ്രസ്സുകാരനല്ലാത്ത ഞാൻ ജവാഹർലാൽ നെഹ്റു വിനെയും കമ്മ്യൂണിസ്റ്റല്ലാത്ത ഞാൻ ശ്രീ. ഇ. എം. എസ്സി നെയും ശ്രീ. അച്യുതമേനോനെ യും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതു് വ്യക്തിവൈശിഷ്ട്യം കണ്ടുണ്ടായ വികാരങ്ങളാണു്. നാടുനീങ്ങിയ മഹാരാജാവിന്റെ ഹൃദയനൈർമല്യം, പ്രജാസ്നേഹം, പതിത കാരുണ്യം ഇവ ആരെയും ആകർഷിച്ചിരുന്നു. ആ നിലയിൽ ഞാനും ആ മഹാവ്യക്തിയുടെ ആരാധകനായി മാറി. ഒരിക്കൽ കൈനിക്കര പദ്മനാഭപിള്ള മഹാരാജാവിനെ കാണാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഉന്നതസ്ഥാനത്തിനു ഭ്രംശം വന്നതിനെക്കുറിച്ചു് കൈനിക്കര വളരെ പ്രഗല്ഭമായി സൂചനാത്മകമായി പറഞ്ഞപ്പോൾ മഹാരാജാവു് “അതിനെന്താ പ്രജാധിപത്യത്തിന്റെ പ്രവാഹത്തിൽ നാമൊക്കെ തടസ്സം സൃഷ്ടിക്കാൻ പാടില്ലല്ലോ” എന്നാണു് അദ്ദേഹം മറുപടി നല്കിയതു്. എല്ലാവിധത്തിലുള്ള അധികാരങ്ങളും ഉണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാളിനു് ജനാധിപത്യത്തെ മാനിക്കാനും അതിനുവേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കാനും സഹായിക്കുന്ന നന്മയാർന്ന ഹൃദയമുണ്ടായിരുന്നുവെന്നു് ഈ പ്രസ്താവം തെളിയിക്കുന്നു. അതുകൊണ്ടാണു് അദ്ദേഹം നാടുനീങ്ങിയപ്പോൾ ബഹുജനം വല്ലാതെ ദുഃഖിച്ചതു്. ആ മഹാദുഃഖം മഹാരാജാവിന്റെ പ്രത്യക്ഷ ശരീരത്തിന്റെ അന്തർദ്ധാനം കൊണ്ടുണ്ടായതുതന്നെ സംശയമില്ല. എങ്കിലും അതു് ഇന്നത്തെ പ്രജാധിപത്യത്തിന്റെ കെടുതികളിൽനിന്നു കൂടി ജനിച്ചതല്ലേ എന്നു സംശയിക്കേണ്ടതാണു്. രാജവാഴ്ചയുടെ ഏകശാസനാധിപത്യം അന്നത്തെ ജനതയെ ഒട്ടൊക്കെ ക്ലേശിപ്പിച്ചിരുന്നുവെങ്കിലും ജീവിതം താരതമ്യേന സുഖപ്രദമായിരുന്നു. പ്രതിമാസം എട്ടുരൂപ ശംബളമുള്ളവൻ നാലുരൂപ ചെലവാക്കി ഒരല്ലലുമില്ലാതെ കഴിഞ്ഞിരുന്നു. ബാക്കി നാലുരൂപ അയാൾ അഞ്ചലാഫീസിൽ നിക്ഷേപിക്കുമായിരുന്നു. എന്റെ പിതാവിനു മാസന്തോറും നാല്പതു രൂപയാണു് ശംബളം കിട്ടിയിരുന്നതു്. ആ തുകയിൽ പകുതിമാത്രം ചെലവാക്കി ഞങ്ങൾ രാജകീയമായ മട്ടിൽ ജീവിച്ചിരുന്നു. റോൾസ് റോയിസ് കാറിൽ കയറിയിരുന്നാൽ എന്തു സുഖമുണ്ടാകുമോ ആ സുഖത്തോടുകൂടി അറുപതുരൂപയ്ക്കു കിട്ടിയിരുന്ന റാലിസൈക്കിളിൽ ഞാൻ സ്കൂളിൽ പോയിരുന്നു. അഞ്ഞൂറു രൂപയ്ക്കു കിട്ടുന്ന ഡി. കെ. ഡബ്ൾയു എന്ന ജർമ്മൻ കാറ് ഞങ്ങൾക്കു സ്വന്തമായി ഉണ്ടായിരുന്നു. ഇന്നോ? എനിക്കു സിറ്റി ബസ്സിൽ കയറാൻ ഒരുരൂപയില്ല. കുറേ വർഷങ്ങൾക്കു മുൻപു് ഒരു കിലോ റ്റൊമാറ്റോ ഇരുപതു പൈസ കൊടുത്തു ഞാൻ വാങ്ങിയിരുന്നു. ഇന്നലെ രണ്ടരരൂപ കൊടുത്തു ഒരു റ്റൊമാറ്റോ ഞാൻ വാങ്ങി. സ്ഥിരം വരുമാനം; സാധനങ്ങളുടെ വില ഓരോ ദിവസവും കുതിച്ചുകയറുന്നു. മനുഷ്യർക്കു എന്തെന്നില്ലാത്ത കഷ്ടപ്പാടാണിപ്പോൾ. മഹാരാജാവിന്റെ നാടുനീങ്ങലറിഞ്ഞു് ഞാൻ കണ്ണീർപൊഴിച്ചപ്പോൾ ആ കണ്ണീരിൽ നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓർമ്മകൾ കൂടി കലർന്നിരുന്നില്ലേ? ആ രാജവാഴ്ച ഇന്നും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ദാരിദ്ര്യവും ക്ലേശങ്ങളും നരഹത്യകളും കുതികാൽവെട്ടുകളും സംഭവിക്കില്ലായിരുന്നല്ലോ എന്ന ചിന്തകൂടി അതിലൂടെ ഒഴുകിയിരുന്നില്ലേ? മഹാരാജാവിന്റെ വിയോഗം ജനിപ്പിച്ച ദുഃഖം ഇന്നത്തെ വ്യവസ്ഥിതിയുടെ നേർക്കുള്ള പ്രതിഷേധവും കൂടിയായിരുന്നില്ലേ? ആലോചിക്കേണ്ട വിഷയമാണതു്. ഏതായാലും മഹാനുഭാവനായ മഹാരാജാവിനെ കലാകൗമുദി ഈ രീതിയിൽ ബഹുമാനിച്ചതു് നന്നായി. അതു് വാരികയുടെ പ്രവർത്തകന്മാരുടെ നന്മയെ പ്രകടിപ്പിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: “കുട്ടികൾ എക്സ്കേർഷൻ പോകുന്നതിനെക്കുറിച്ചു് എന്താണു് അഭിപ്രായം?”

ഉത്തരം: “ഒരഭിപ്രായവുമില്ല. തിസോറസ്— പര്യായനിഘണ്ടു—എടുത്തു നോക്കു excursion, sexuality എന്നു കണ്ടെന്നുവരും. കണ്ടില്ലെങ്കിൽ sexuality എന്ന പര്യായപദം വിട്ടുപോയി എന്നു കരുതിയാൽ മതി”.

ചോദ്യം: “നിങ്ങൾ മരണത്തെ ക്ഷണിച്ചുവരുത്തുകയാണോ?”

ഉത്തരം: “അതേ ദിവസവും ഇരുപതു സിഗ്ററ്റിന്റെ അറ്റത്തു് തീ കത്തിച്ചു് ഞാൻ മരണത്തിന്റെ മാർഗ്ഗത്തിൽ പ്രകാശം വിതറുന്നു. അതിനു കാലിടറാതെ വരേണ്ടതുണ്ടല്ലോ”.

ചോദ്യം: “നമ്മുടെ ഭാരതത്തിലെ ഓരോ പൗരനും പൗരിയും എന്തു ചെയ്യുന്നു?”

ഉത്തരം: “നിമിഷംതോറും മരിച്ചുകൊണ്ടിരിക്കുന്നു”.

ചോദ്യം: “സാഹിത്യം കൊണ്ടു് വല്ല പ്രയോജനവുമുണ്ടോ വാദ്ധ്യാരേ?”

ഉത്തരം: “നിങ്ങൾക്കു പ്രയോജനമില്ല. എനിക്കു പ്രയോജനമുണ്ടു്. കുമാരനാശാന്റെചിന്താവിഷ്ടയായ സീത’ എന്ന കാവ്യം എന്റെ അവ്യക്തങ്ങളായ ചിന്തകളെ തേജോമയങ്ങളാക്കുന്നു. വള്ളത്തോളി ന്റെ ‘മഗ്ദലനമറിയം’ നിഴൽപോലെ അകലെക്കാണുന്ന സൗന്ദര്യത്തെ തിളക്കമുള്ളതാക്കുന്നു. ജി.ശങ്കരക്കുറുപ്പി ന്റെ ‘വിശ്വദർശനം’ എനിക്കു കിട്ടാത്ത കോസ്മിക് വിഷൻ നല്കുന്നു”.

ചോദ്യം: “മനുഷ്യൻ സൃഷ്ടിച്ചകഥാപാത്രങ്ങൾക്കു മനുഷ്യനെക്കാൾ ശക്തിയുണ്ടോ?”

ഉത്തരം: “ഉണ്ടു്. ധർമ്മപുത്രർ, ഹാംലെറ്റ്, ദോൺകീ ഹോട്ടെ ഈ കഥാപാത്രങ്ങൾ ഈ ലോകത്തെ ഏതു മനുഷ്യനെക്കാളും ശക്തിയുള്ളവരാണു്”.

ചോദ്യം: “ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയേതു?”

ഉത്തരം: “അതിസുന്ദരിയായ തരുണി”.

ചോദ്യം: “നിങ്ങൾക്കു ശത്രുക്കളല്ലാതെ വല്ലവരുമുണ്ടോ ഹേ?”

ഉത്തരം: “ശത്രുക്കളെ സൃഷ്ടിക്കാതെ സത്യം പറയാനാവില്ല”.

ആവർത്തനം

ഞാൻ രാജഭക്തനാണു് എന്നു് പറഞ്ഞാൽ ‘മോണാർക്കി’യോടു് ഭക്തിയുണ്ടെന്നല്ല. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനോടു് എനിക്കു് ഭക്തിയും സ്നേഹവും ബഹുമാനവും ഉണ്ടെന്നു് അർത്ഥം. കോൺഗ്രസ്സുകാരനല്ലാത്ത ഞാൻ ജവാഹർലാൽ നെഹ്റുവിനെയും കമ്മ്യൂണിസ്റ്റല്ലാത്ത ഞാൻ ശ്രീ. ഇ. എം. എസ്സിനെയും ശ്രീ. അച്യുതമേനോനെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതു് വ്യക്തിവൈശിഷ്ട്യം കണ്ടുണ്ടായവികാരങ്ങളാണു്.

മധ്യവയസ്കനായ ഭർത്താവു് കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരിയായ ഭാര്യയുമായി റോഡിലൂടെ പോകുന്നതു നമ്മളൊക്കെ കണ്ടിട്ടുണ്ടു്. അയാളെ ഒന്നുനോക്കൂ. വിലകൂടിയതാണെങ്കിലും മനംമറിപ്പു് ഉണ്ടാക്കുന്ന ഒരുതരം ഷൂസ്, ഇളംനീലനിറത്തിലുള്ള തുണികൊണ്ടു തച്ചട്രൗസേഴ്സ്, പുന്നയ്ക്കപോലുള്ള ചന്തികളെ ആവരണം ചെയ്ത ആ കാലുറകളിൽ നിറയെകീശകളാണു്. വിശേഷിച്ചും ഓരോ ചന്തിയുടെയും മുകളിൽ ഓരോ പോക്കറ്റുണ്ടു്. അയാളങ്ങനെ നടന്നുപോകുന്നതു കണ്ടാൽ പ്രകൃതിയുടെ വൈരുപ്യം അയാളിൽ ഘനീഭവിച്ചിരിക്കുകയാണെന്നു തോന്നും. അവളോ? പട്ടുപോലുള്ള തലമുടി, വിടർന്ന കണ്ണുകൾ, മൃദുത്വമാർന്ന കവിളുകൾ, നെറ്റിയിൽതൊട്ട സിന്ദൂരത്തിന്റെ ഒരംശം വന്നുവീണ മനോഹരമായ മൂക്കു്, സുന്ദരമായ നടത്തം, ആകെ ഒരു ചന്തം. പ്രകൃതിയുടെ സൗന്ദര്യം അവളിൽ ഘനീഭവിച്ചിരിക്കുന്നു. കട്ടിയാർന്ന തൊലിയുള്ള പുരുഷനും മൃദുലതയാർന്ന തൊലിയുള്ള സ്ത്രീയും തമ്മിൽ എന്തന്തരം! അവൾ സത്യാത്മകമായ കലയാണു്. അയാൾ അസത്യാത്മകമായ അലിഗറിയാണു്. ഈ അലിഗറിയാണു് ദേശാഭിമാനി വാരികയിലെ “തീർത്ഥാടനം” (ശ്രീ. പി. ആർ. ഹരികുമാർ). ജീവിതത്തെ ഒരു മലയായി കരുതുകയും അതിന്റെ ഉച്ചിയിലിരിക്കുന്ന പള്ളിയെ അന്തിമലക്ഷ്യമായി കാണുകയും ചെയ്യുന്ന ഈ ലാക്ഷണിക കഥ ലാക്ഷണിക കഥയായതുകൊണ്ടുതന്നെ കലയുടെ മണ്ഡലത്തിൽ ചെല്ലുന്നില്ല. ഇരുപത്തിരണ്ടു കൊല്ലങ്ങളായി അലിഗറി കലയല്ലെന്നു ഞാൻ പറയുന്നു. ഇനിയും അതാവർത്തിക്കുന്നതു ശരിയല്ലെന്നു് എനിക്കറിയാം. എങ്കിലും എഴുതിപ്പോയി.

വ്യക്തികൾ
  1. മലയാളം എം. എ. പരീക്ഷയ്ക്കു് സംസ്കൃതം ഒരു പേപ്പറാണു്. വലിയ സംസ്കൃതജ്ഞാനമൊന്നും കൂടാതെ നൂറിൽ എൺപതോളം മാർക്ക് ആർക്കും വാങ്ങാം സംസ്കൃതത്തിനു്. അങ്ങനെ പരീക്ഷ ജയിച്ചു് അല്പം ആ ജ്ഞാനം വികസിപ്പിച്ച ആളാണു് ഞാനെന്നേ പറയാനുള്ളു. അതുകൊണ്ടു് വ്യാകരണകാര്യം എഴുതുമ്പോൾ ഉറപ്പിനുവേണ്ടി സംസ്കൃതം നല്ലപോലെ അറിയാവുന്നവരോടു ഞാൻ അതിനെക്കുറിച്ചു ചോദിക്കാറുണ്ടു്. അങ്ങനെ വായനക്കാർ ചോദിക്കരുതെന്നു് അറിയിക്കാനാണു് ഞാനിതു് എഴുതുന്നതു്. കാരണമുണ്ടു്. എന്തെങ്കിലും സംശയം ചോദിച്ചാൽ നമുക്കു് ഒന്നുമറിഞ്ഞുകൂടെന്ന മട്ടിൽ അവർ ഉച്ചത്തിൽ സംസാരിച്ചുതുടങ്ങും. സംസ്കൃത കോളേജിൽ ഞാൻ മലയാളം പഠിപ്പിച്ചുകൊണ്ടിരുന്ന കാലം. ഒരു സംസ്കൃത പണ്ഡിതനോടു് എന്തോ സംശയം പരിഹരിക്കാൻ അഭ്യർത്ഥിച്ചു ഞാൻ. അദ്ദേഹം ഉറക്കെ വ്യാകരണകാര്യങ്ങൾ പറഞ്ഞുതുടങ്ങി. ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ ചുറ്റും കൂടിയപ്പോൾ എനിക്കൊരു ചുക്കും അറിഞ്ഞുകൂടെന്ന മട്ടിൽ അടിസ്ഥാനപരങ്ങളായ കാര്യങ്ങൾ വിശദീകരിച്ചു് “മനസ്സിലായോ മനസ്സിലായോ” എന്ന ചോദ്യമുതിർത്തു. കുട്ടികൾ എന്നെ പുച്ഛിക്കുന്നുവെന്നു തോന്നിയപ്പോൾ ഞാൻ അങ്ങു നടന്നു. നമുക്കറിയാവുന്ന ഇംഗ്ലീഷിന്റെയോ മലയാളത്തിന്റെയോ ആയിരത്തിലൊരംശം ഈ സംസ്കൃതക്കാരനു് അറിഞ്ഞുകൂടാ. അയാളെ ഒന്നു മാനിച്ചുകളയാമെന്നു വിചാരിച്ചു് നമ്മളെന്തെങ്കിലും ചോദിച്ചാൽ അപമാനിച്ചിട്ടേ അയാൾ അടങ്ങു. ഇക്കൂട്ടരെ സൂക്ഷിക്കണം പ്രിയപ്പെട്ട വായനക്കാരേ, ഡോക്ടർ കെ. ഭാസ്കരൻനായർ പറഞ്ഞതുപോലെ ഇവൻ “പശു പുല്ലുതിന്നുന്നു” എന്നുകേട്ടാൽ അതിന്റെ അർത്ഥം ആദ്യം മനസ്സിലാക്കില്ല. പശുവാകുന്ന കർത്താവു് പുല്ലാകുന്ന കർമ്മത്തെ ചെയ്യുന്നുവെന്നേ ഗ്രഹിക്കൂ. അതിനപ്പുറം അവർക്കൊന്നും ഗ്രഹിക്കാനുമില്ല.
  2. കഥയോ കവിതയോ ലേഖനമോ എഴുതി ആണ്ടിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും അതു തിരുത്തും. മുന്നൂറ്റിയറുപത്തിയാറു ആളുകളെ വായിച്ചുകേൾപ്പിക്കും. എന്നിട്ടു് ഭാരതംപോലെ ഒരു ഫോർവേഡിങ് ലറ്റർ എഴുതി പത്രാധിപർക്കു അതയച്ചുകൊടുക്കും. അദ്ദേഹമതു നോക്കുമ്പോൾ മുന്നുറ്റിയറുപത്തിയേഴു തെറ്റുകൾ കാണും. അച്ചടിക്കാതെ മാറ്റിവയ്ക്കും. ഇങ്ങനെ പലതവണ യത്നിച്ചു തോറ്റു പിന്മാറും. ഉടനെ തെങ്ങിൻപുരയിടമോ നിലമോ വിറ്റു് ഒരു മാസിക തുടങ്ങും. ചിലപ്പോൾ വാരികയുമായിരിക്കും. അതിൽ എഴുത്തോടെഴുത്തുതന്നെ. ആ പണം തീർന്നാൽ കടംവാങ്ങുകയായി. അതുകൊണ്ടും രക്ഷയില്ലെന്നു കണ്ടാൽ നാലു മാന്യന്മാരെ പരിഹസിക്കുന്ന ലേഖനങ്ങൾ സാഹിത്യത്തിലെ റൗഡികളെക്കൊണ്ടു് എഴുതിക്കും. അതും പ്രചാരത്തിനു സഹായിക്കുന്നില്ലെന്നു കണ്ടാൽ ജേണൽ നിറുത്തും. നിലംപോയി അല്ലെങ്കിൽ പുരയിടംപോയി. കഞ്ഞി കുടിക്കാൻ വകയില്ലാതെ വല്ലയിടത്തും കുത്തിയിരിക്കും. കേരളത്തിൽ അല്പായുസ്സുകളായ വാരികകളും മാസികകളും ഉണ്ടാകുന്നതിനു കാരണമിതാണു്.
സൂക്ഷ്മത

“ഈ ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചയേതു?” “അതിസുന്ദരിയായ തരുണി”.

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ അഞ്ചു പ്രേമകഥകളുടെ പേരുകൾ പറയൂ എന്നു് എന്നോടു് ആരെങ്കിലും ആവശ്യപ്പെട്ടാൽ ഞാൻ രണ്ടാമതൊരാലോചനയും കൂടാതെ കാർസൻ മക്കലേർസി ന്റെ (Carson Mc-Cullers, 1917–1967) “The Sojourner” എന്നു് ആദ്യം പറയും. പിന്നെ മാത്രമേ മറ്റുള്ള കഥകളുടെ പേരുകൾ നല്കൂ. അതു് അത്രയ്ക്കു മനോഹരമാണു്. കഥയുടെ ചുരുക്കം നല്കിയാൽ കലാഹിംസയാകും. എങ്കിലും ശ്രമിക്കട്ടെ. ജോൺ ന്യൂയോർക്കിലെ ഒരു ഹോട്ടലിലിരിക്കുമ്പോൾ അയാളുടെ ആദ്യത്തെ ഭാര്യ ഇലിസബത്ത് റോഡിലൂടെ പോകുന്നതുകണ്ടു. എട്ടുവർഷത്തിനു ശേഷമാണു് അയാൾ അവളെ കാണുന്നതു്. ജോൺ അവളുടെ പിറകേ തിടുക്കത്തിൽ ചെന്നെങ്കിലും അവൾ നടന്നകന്നു. നിരാശതയോടെ ഹോട്ടലിൽ വന്നിരുന്നു് അയാൾ അവളെ റ്റെലിഫോണിൽ വിളിച്ചു. രണ്ടാമത്തെ ഭർത്താവും അയാളിൽനിന്നു ജനിച്ച കുട്ടികളുമായി താമസിക്കുന്ന അവൾ അയാളെ വീട്ടിലേക്കു ക്ഷണിച്ചു. ഭർത്താവു് ജോണിനെ സ്വാഗതം ചെയ്തു. തൽകാലത്തേക്കു അയാൾ വീട്ടിനകത്തേക്കു പോയപ്പോൾ ഇലിസബത്തിനോടു പിയാനോ വായിക്കാൻ ജോൺ ആവശ്യപ്പെട്ടു. ഒരു തടസ്സവും കൂടാതെ അവളതു വായിക്കാൻ തുടങ്ങിയെങ്കിലും പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. അല്പംകഴിഞ്ഞപ്പോൾ പരിചാരിക മെഴുകുതിരികൾ ചുറ്റും കത്തിച്ചുവച്ച കെയ്ക്ക് കൊണ്ടുവന്നു. “Happy birthday, John, blow out the candles” എന്നു് ഇലിസബത്ത് പറഞ്ഞപ്പോഴാണു് അന്നാണു് തന്റെ ജന്മദിനമെന്നു ജോണറിയുന്നതു്. യാത്രപറഞ്ഞുപോയിട്ടും ഇലിസബത്തിന്റെ സംഗീതം അയാളെ ഹോൺട് ചെയ്തു. അടുത്തദിവസം ജോൺ പാരീസിലേക്കു പറന്നു. അയാൾ വിവാഹം കഴിക്കാൻ പോകുന്ന ജീനിക്കു ആറുവയസ്സായ കുഞ്ഞുണ്ടു്. പാരീസിലെത്തിയ ജോൺ അവനെ ആശ്ലേഷിക്കുന്നു. അയാളുടെ കവിൾത്തടം അവന്റെ മൃദുലമായ കവിൾത്തടത്തിൽ സ്പർശിച്ചു. കടുത്ത നൈരാശ്യത്തോടെ അയാൾ ആ കുട്ടിയെ ഗാഢമായി പുണർന്നു; തന്റെ സ്നേഹം കാലത്തിന്റെ സ്പന്ദനത്തിൽ ആധിപത്യം പുലർത്തിയേക്കുമെന്നതുപോലെ. പാർവണ ചന്ദ്രൻ കുറെനേരം നിശാഗന്ധിപ്പൂവിനെ തിളക്കിയതിനുശേഷം വാരിദമാലകൾക്കു പിറകിലായി മറഞ്ഞാൽ ആ പൂവു് ദീർഘശ്വാസം പൊഴിക്കില്ലേ? ആ ദീർഘശ്വാസം ഞാൻ ഇക്കഥയിൽനിന്നു് കേൾക്കുന്നു. നിശാഗന്ധിയുടെ വിഷാദം എന്റെ വിഷാദമായിത്തീരുന്നു. നേരത്തേ പൂർണ്ണചന്ദ്രൻ എറിഞ്ഞ നിലാവിന്റെ ശ്രേണിയിലൂടെ പുഷ്പത്തിനു കയറിപ്പോകാൻ വയ്യ. അതു് ഏകാന്തതയുടെ ദുഃഖമനുഭവിക്കുന്നു. ചന്ദ്രന്റെ മൂകസംഗീതം നിശാഗന്ധിയെ ഹോൺട് ചെയ്യുന്നു. അനുഗൃഹീതയായ കഥയെഴുത്തുകാരി കാർസൻ മക്കലേർസിന്റെ കഥയിലെ മൂകസംഗീതം എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു; ജോണിനെ പിയാനോ സംഗീതം അനുധാവനം ചെയ്തതുപോലെ.

images/Sojourner.jpg

അമേരിക്കൻ കഥയിൽ പുരുഷന്റെ ദുഃഖമാണു് പ്രതിപാദ്യം. ശ്രീമതി കെ. ആർ, മല്ലികയുടെ “അശ്വതിയിൽനിന്നു് അശ്വതിയിലേക്കു” എന്ന കഥയിൽ (കുങ്കുമം) വിവാഹിതയായ സ്ത്രീയുടെ ദുഃഖവും ഒരപരിചിതനോടു് അവൾക്കു തോന്നുന്ന പ്രച്ഛന്നരതിയുമാണു് പ്രതിപാദ്യവിഷയം. ഒരു പടിഞ്ഞാറൻ കഥയെക്കുറിച്ചു പറഞ്ഞിട്ടു് ഇവിടുത്തെ ഒരു കഥയെക്കുറിച്ചു പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിച്ചു് രണ്ടാമത്തേതു് ആദ്യത്തേതിന്റെ ചൂഷണമാണോ എന്നു ചോദിക്കാറുണ്ടു്. ആ ചോദ്യത്തിനു് ഇവിടെ സാംഗത്യമില്ല. രണ്ടും രണ്ടു വിഷയങ്ങളാണു് കൈകാര്യം ചെയ്യുന്നതു്. കെ. ആർ. മല്ലിക ഒരു ഭാര്യയുടെ ദുഃഖത്തെ സൂക്ഷ്മതയോടെ— subtlety-യോടെ—ആവിഷ്കരിച്ചിട്ടുണ്ടു്.

സി. അച്യുതമേനോൻ

ശത്രുക്കളെ സൃഷ്ടിക്കാതെ സത്യം പറയാനാവില്ല.

സാഹിത്യവാരഫലം പതിവായി വായിക്കുന്ന ഒരു പ്രൊഡ്വിവാകൻ എന്റെ മുൻപിൽ വിനയാന്വിതനായി നില്ക്കാറുണ്ടു്. ബഹുമാനത്താലാവാം അദ്ദേഹം വാക്കുകൾപോലും എന്റെ സാന്നിദ്ധ്യത്തിൽ വിക്കി വിക്കി മാത്രമേ പറയു. സാഹിത്യവിഷയകങ്ങളായ കാര്യങ്ങളിൽ അദ്ദേഹം സംശയപരിഹാരം അഭ്യർത്ഥിക്കുമ്പോൾ ശിഷ്യന്റെ മട്ടുണ്ടു് അദ്ദേഹത്തിനു്. അങ്ങനെയിരിക്കെ, അദ്ദേഹം കോടതിയിൽ ജഡ്ജിയായിരിക്കുമ്പോൾ എനിക്കു ഒരു കെയ്സിൽ സാക്ഷിയായി ചെല്ലേണ്ടതായി വന്നു. അപ്പോൾ വിഭിന്നനായ ആളെയാണു് ഞാനവിടെ കണ്ടതു്. ഗൗരവത്തോടെയുള്ള ചോദ്യങ്ങൾ. ‘ഭാഷയിൽ നിങ്ങൾക്കു പാണ്ഡിത്യമുണ്ടോ’ എന്നും മറ്റുമുള്ള ചോദ്യങ്ങളായിരുന്നു അവ. അതിനിടയിൽ അദ്ദേഹം എന്നെ എന്തോ കളിയാക്കിപ്പറഞ്ഞു. അതുകേട്ടു് മറ്റു വക്കീലന്മാർ പൊട്ടിച്ചിരിച്ചു. ഇവിടെ എനിക്കൊരു സംശയം. അദ്ദേഹം സാർത്ര് പറഞ്ഞതുപോലെ റോൾ അഭിനയിച്ചതു് എപ്പോഴാണു്? ശിഷ്യനായി മുൻപിൽ നിന്നപ്പോഴോ? അതോ പ്രാഡ്വിവാകനായി കോടതിക്കസേരയിൽ ഇരുന്നപ്പോഴോ? അറിഞ്ഞുകൂടാ. ഇതുകൊണ്ടാണു് ഒരു പ്രഭവകേന്ദ്രത്തിൽ നിന്നല്ല മനുഷ്യന്റെ സ്വഭാവ സ്രോതസ്വിനി ഒഴുകുന്നതെന്നു് ഞാൻ മുൻപു് എഴുതിയതു്. സത്യമിതാണെങ്കിലും കഴിയുന്നിടത്തോളം സ്വഭാവസ്ഥൈര്യം കാണിക്കുന്നവരുണ്ടു്. അവയിൽ ഒരാളാണു് ശ്രീ. സി. അച്യുതമേനോൻ. മുഖ്യമന്ത്രിയായും രാഷ്ട്രവ്യവഹാര മണ്ഡലത്തിലെ നേതാവായും സാഹിത്യകാരനായും പ്രവർത്തിക്കുമ്പോഴെല്ലാം അദ്ദേഹം സ്വഭാവത്തിന്റെ സ്ഥിരത കൈവിട്ടു കളയാറില്ല. അതിനാലാണു് കേരളീയരെല്ലാം അച്യുതമേനോനെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ജനയുഗം വാരികയിൽ ശ്രീചിത്തിരതിരുനാൾ മഹാരാജാവിനെക്കുറിച്ചു അദ്ദേഹമെഴുതിയ ലേഖനത്തിലും ഈ ഗുണമുണ്ടു് അച്യുതമേനോൻ പറയുന്നു:

“അതുകൊണ്ടോ എന്തോ വൈദ്യനാഥയ്യർ ഒരിക്കൽക്കൂടി എന്നെ സമീപിച്ചു ചോദിച്ചു: “താങ്കളേയും സഹധർമ്മിണിയേയും കവടിയാർ കൊട്ടാരത്തിൽ ഒരു സ്വകാര്യ കുടുംബവിരുന്നിനു് അമ്മമഹാറാണിയും മഹാരാജാവും കൂടി ക്ഷണിച്ചാൽ വരുമോ?” എന്നു് ഞാൻ ചോദിച്ചു: “അല്ല മി. വൈദ്യനാഥയ്യർ നിങ്ങൾ എന്തിനാണിത്ര സംശയിക്കുന്നതു? മഹാരാജാവും അമ്മമഹാറാണിയും ക്ഷണിച്ചാൽ വരില്ല എന്നു പറയാൻ തക്ക മര്യാദകേടോ മനുഷ്യത്വമില്ലായ്മയോ ഞാൻ കാണിക്കുമെന്നു വിചാരിച്ചോ? കമ്മ്യൂണിസ്റ്റുകാരനാണെന്നുള്ളതു കൊണ്ടു് സാധാരണ മനുഷ്യത്വമോ മര്യാദയോ കാണിക്കില്ലെന്നു സംശയിക്കുന്നതു തെറ്റാണു്. ഞങ്ങൾ തീർച്ചയായും വരും”.
images/Cachuthamenon.jpg
സി. അച്യുതമേനോൻ

ഇവിടെ പ്രകടമാകുന്ന ആർജ്ജവവും സ്വഭാവ വൈശിഷ്ട്യവുമാണു് അച്യുതമേനോനെ അച്യുതമേനോനാക്കിയതു്.

പൈങ്കിളിക്കഥകൾ:
ചേട്ടാ, നമുക്കു ഒളിച്ചോടാം. ഓടുന്നു.
നവീന കഥകൾ:
അച്ഛൻ മരിച്ചു. ഇന്നലെയോ ഇന്നോ? അതോ മറ്റന്നാളോ? അറിഞ്ഞുകൂടാ.
പഴഞ്ചൻ സാഹിത്യകാരൻ:
സർവാഭരണവിഭൂഷിതയായ ദേവിയെപ്പോലെ കലാംഗന കുടികൊള്ളുന്ന ആ സരസ്വതീക്ഷേത്രത്തിൽ ഞാൻ അടിവച്ചു് അടിവച്ചു് കയറിച്ചെന്നു.
നവീനനിരൂപകൻ:
വാചിക സൃഷ്ടിയായ ഒരു നൂതന പ്രപഞ്ചത്തിൽ സ്ട്രക്ചറലിസത്തിന്റെ കൊഹിയറൻസ് വരുത്തി ഒരു ജനറിക് കൺവൻഷൻ ജനിപ്പിച്ചു തകഴി ശിവശങ്കരപ്പിള്ള.
Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-08-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.