സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-11-03-ൽ പ്രസിദ്ധീകരിച്ചതു്)

 1. ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്ന അരവിന്ദന്റെ മൗനത്തെക്കുറിച്ചു് ഞാൻ ആലോചിച്ചു നോക്കിയതു് അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണു്. അദ്ദേഹത്തെപ്പോലെ മൗനം പാലിച്ച വേറൊരാളുമുണ്ടായിരുന്നു; കൈനിക്കര കുമാരപിള്ള. “ബുദ്ധിശൂന്യൻ മിണ്ടാതിരിക്കട്ടെ; അവൻ ജ്ഞാനിയായി കരുതപ്പെടും” എന്ന ചൊല്ലു് ഇവരെസ്സംബന്ധിച്ചു ശരിയല്ല. കൈനിക്കരയും അരവിന്ദനും പ്രതിഭാശാലികളായിരുന്നു. ധൈഷണിക ജീവിതം നയിക്കുന്നവരും ഭാവനയുടെ മണ്ഡലത്തിൽ വിഹരിക്കുന്നവരും സംഭാഷണത്തിൽ അത്ര ഇഷ്ടമുള്ളവരല്ല. തങ്ങളുടെ സർഗ്ഗാത്മക ശക്തി സംഭാഷണങ്ങളിലൂടെ ചോർന്നു പോകുമെന്നും അതു് സംഭവിച്ചാൽ തങ്ങളുടെ കലാസൃഷ്ടികൾക്കു ന്യൂനത്വം വരുമെന്നും അവർ വിശ്വസിച്ചിരിക്കണം. ജർമ്മൻ തത്ത്വചിന്തകൻ കാന്റ് അധികം സംസാരിച്ചിരുന്നില്ലത്രേ. ആശയമെന്നതു സ്വർണ്ണക്കൂമ്പാരമാണു്. ഓരോ വ്യക്തിയോടും സംസാരിക്കുമ്പോൾ അതിൽനിന്നു് ഓരോ അംശമെടുത്തു് അയാൾക്കു് നല്കുകയാണു്. തുടർച്ചയായി സംസാരിച്ചാൽ സ്വർണ്ണം മുഴുവനും മറ്റുള്ളവർ കൊണ്ടുപോകും. ഇതു സാമാന്യ നിയമം. തീർച്ചയായും ഇതിനു വ്യത്യസ്തത ചൂണ്ടിക്കാണിക്കാം. ഉജ്ജ്വല പ്രതിഭാശാലിയായ ചങ്ങമ്പുഴ സംഭാഷണ പ്രിയനായിരുന്നു. എത്ര ദിവസം തുടർച്ചയായി അദ്ദേഹത്തെ കണ്ടാലും പുതുതായി എന്തെങ്കിലും പറയാനുണ്ടായിരിക്കും ആ കവിക്കു്.
 2. അതിഥികൾക്കു ചായകൊണ്ടു കൊടുത്താൽ ഓരോ ആളും ഓരോ തരത്തിലാവും പ്രതികരിക്കുക. ചിലർ ചായ കൊണ്ടു വച്ചു എന്നതു കണ്ടതായി നടിക്കില്ല. അതു് അവിടെ ഫാനിന്റെ താഴെയിരുന്നു് ഐസ് പോലെ തണുത്താലും തൊടില്ല. “എന്തേ ചായ കുടിക്കാത്തതു്” എന്നു ഗൃഹനായകൻ ചോദിച്ചാലും അനക്കമില്ല. വളരെ നേരം കഴിഞ്ഞു് അതെടുത്തു് കുടിക്കുമ്പോൾ തണുപ്പു കൊണ്ടു് വമനേച്ഛയുണ്ടാകും അതിഥിക്കു്. വേറെ ചിലർ, കൊണ്ടു വയ്ക്കുന്നതിനു മുമ്പുതന്നെ അതു വാങ്ങി മോന്തും. നാക്കും തൊണ്ടയും അന്നനാളവും പൊള്ളി ഇളിഭ്യനായി ഇരിക്കും. മറ്റു ചിലർ ഈ രണ്ടു തരത്തിലും ഉൾപ്പെടുകയില്ല. അവരെക്കുറിച്ചു പറയണമെങ്കിൽ ഒരു സംഭവത്തെക്കുറിച്ച് എഴുതേണ്ടി വരും. സാഹിത്യവാരഫലം വായിക്കുന്ന ഒരാൾ അമ്പലപ്പുഴ പോയിട്ടു വന്നപ്പോൾ പാൽപ്പായസം കൊണ്ടു തന്നു എനിക്കു്. അതു് എനിക്കും വീട്ടുകാർക്കുമായി കപ്പുകളിൽ ഒഴിച്ചപ്പോഴാണു് ഒരപരിചിതൻ വീട്ടിൽ എത്തിയതു്. അയാൾക്കും പാൽപ്പായസം കൊണ്ടു വച്ചു വീട്ടിലുള്ള ആരോ. അയാൾ ഉടനെ അതെടുത്തു കുടിച്ചു. തല പിറകു വശത്തേക്കാക്കിയിട്ടു് അവസാനത്തെ തുള്ളി വരെയും ഉള്ളിലാക്കി. അതിനു തെളിവു് തലയുടെ പിറകോട്ടുള്ള പോക്കു തന്നെ. പായസം കുടിച്ചിട്ടു് അയാൾ കപ്പു് താഴെ വച്ചു. ഒരു നിമിഷം കഴിഞ്ഞു് കപ്പെടുത്തു് അതിന്റെ അടിയിലേക്കു് നോക്കി ഒരു തുള്ളി കൂടെ ഉണ്ടോ എന്നറിയാൻ. ഇല്ലെന്നു കണ്ടു് നൈരാശ്യത്തോടെ അതു് താഴെ വച്ചു. പാൽപ്പായസം തീർന്നു പോയി. ഇല്ലെങ്കിൽ കുറെക്കൂടി കൊടുക്കാൻ ഞാൻ വീട്ടുകാരോടു് പറയുമായിരുന്നു. പുസ്തകം വായിക്കുന്നവരും ഇതുപോലെയൊക്കെയാണു്. ഏതു മാസ്റ്റർ പീസ് കിട്ടിയാലും ഷെൽഫിൽ കൊണ്ടു വയ്ക്കും ഒരു കൂട്ടർ. പത്തു വർഷം വരെ അതു പാരായണം ചെയ്യപ്പെടാതെയിരിക്കും. വേറൊരു കൂട്ടർ പുസ്തകം കിട്ടിയ പാടേ വായിച്ചു തീർക്കും. തിടുക്കം കൊണ്ടു് സമ്പൂർണ്ണമായ ആസ്വാദനം സാദ്ധ്യമല്ല അവർക്കു്. മറ്റൊരു കൂട്ടർ വായിക്കും; തല പിറകോട്ടു ചരിച്ചു വച്ചു തന്നെ വായിക്കും. പുസ്തകം, പാരായണത്തിനു ശേഷം ഷെൽഫിൽ വച്ചാൽ വീണ്ടുമെടുത്തു പുറങ്ങൾ മറിച്ചുനോക്കും. പാൽപ്പായസത്തിന്റെ തുള്ളിയുണ്ടോ എന്നറിയാൻ കപ്പെടുത്തു് പരിശോധിക്കുന്നവൻ വൃത്തികെട്ടവനാണു്. പുസ്തകം ആവോളം ആസ്വദിച്ചിട്ടു് വീണ്ടും പുറങ്ങൾ മറിക്കുന്നവൻ സഹൃദയനാണു്.
 3. ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ മഹാവ്യക്തികളെക്കാൾ നമ്മൾ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും കലാസൃഷ്ടികളിലെ വ്യക്തികളെയാണു്. ധർമ്മപുത്രരെ ബഹുമാനിക്കുന്നതു പോലെ നമ്മൾ മഹാത്മാ ഗാന്ധി യെ ബഹുമാനിക്കുന്നില്ല (സി. രാജഗോപാലാചാരി യുടെ ആശയം). യൂഗോ യുടെ “പാവങ്ങൾ ” എന്ന നോവലിലെ മെത്രാനെക്കുറിച്ചു് വിചാരിക്കുമ്പോഴെല്ലാം എന്റെ ശിരസ്സു് കുനിഞ്ഞു പോകുന്നു. ഇന്നത്തെ ഏതു മെത്രാനെ കണ്ടാലും എനിക്കു് ആ ചേഷ്ട ഉണ്ടാവുകയില്ല. സത്യത്തിനും അപ്പുറത്തുള്ള സത്യം കല ആവിഷ്കരിക്കുന്നതു കൊണ്ടാണു് ഇതു സംഭവിക്കുന്നതു്.
അമാന്യമായ ജേണലിസം

പാൽപ്പായസത്തിന്റെ തുള്ളിയുണ്ടോ എന്നറിയാൻ കപ്പെടുത്തു പരിശോധിക്കുന്നവൻ വൃത്തികെട്ടവനാണു്. പുസ്തകം ആവോളം ആസ്വദിച്ചിട്ടു് വീണ്ടും പുറങ്ങൾ മറിക്കുന്നവൻ സഹൃദയനാണു്.

ഫ്രന്റ് ലൈൻ മാസികയിൽ ശ്രീ. രാജീവ് ഗാന്ധി അർദ്ധനഗ്നനായി മരിച്ചു കിടക്കുന്നതിന്റെ ചിത്രം വർണ്ണോജ്ജ്വലമായി അച്ചടിച്ചതു് മാന്യമായ ജേണലിസമല്ല, അമാന്യമായ ജേണലിസത്തിന്റെ ഫലമാണു് അതു്. ഈ ചിത്രം തന്നെയല്ലേ പല പത്രങ്ങളിലും വന്നതു് എന്ന ചോദ്യമുണ്ടാകാം. അതു സത്യമാണെങ്കിലും ഒരു പടത്തിലും മാന്യനായ രാജീവിന്റെ നഗ്നത കാണിച്ചിരുന്നില്ല. ഫ്രന്റ് ലൈനിലെ പടം അങ്ങനെയല്ല. സകല സാന്മാർഗ്ഗിക ചിന്തകളെയും നിരാകരിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ നഗ്നത കാണുമാറു് ചിത്രം അച്ചടിച്ചിരിക്കുന്നു, മാസികയുടെ അധികാരികൾ.

images/Kant.jpg
കാന്റ്

സഹജാവബോധം കൊണ്ടാണു് കൊച്ചുകുട്ടി പോലും ഇന്നതു് സാന്മാർഗ്ഗികം, ഇന്നതു് അസാന്മാർഗ്ഗികം എന്നു നിർണ്ണയിക്കുന്നതു് ആ നിർണ്ണയത്തിലെത്തിയയാൾ ആശയമോ ചിത്രമോ സംഭവമോ സാന്മാർഗ്ഗികമാണെങ്കിൽ അതു് പ്രകാശിപ്പിക്കും. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ ചിത്രം കൈയിലെടുക്കുന്ന ആർക്കും അതിന്റെ പ്രകാശനം അസാന്മാർഗ്ഗികമാണെന്നു തോന്നാതിരിക്കില്ല. ഈ തോന്നലിനു് ആസ്പദം മുമ്പു് പറഞ്ഞ സഹജാവബോധമാണു് അല്ലെങ്കിൽ മനസ്സാക്ഷിയാണു്. ആ മനസ്സാക്ഷി നമ്മുടെ പത്രപ്രവർത്തനത്തിൽ നിന്നു് തിരോധാനം ചെയ്തിട്ടു കാലമേറെയായി എന്നറിയാതെയല്ല ഞാനിതു് എഴുതുന്നതു്. ഒന്നിനും മര്യാദയില്ലാത്ത കാലം എങ്കിലും ഇത്രത്തോളമാകാമോ?

മാസിക തുറന്നാലുടനെ പ്രതിഷേധാർഹമായ ഈ ചിത്രം വലിപ്പത്തിൽ അച്ചടിച്ചിരിക്കുന്നതു കാണാം. അതുകൊണ്ടും തൃപ്തിയടയാതെ വേറൊരിടത്തു് അതുതന്നെ ചെറുതായും അച്ചടിച്ചിരിക്കുന്നു. എന്തേ അവിടെ നിറുത്തിക്കളഞ്ഞതു? അതിന്റെയും സൂക്ഷ്മാകാരചിത്രമാകാമായിരുന്നല്ലോ. ആ സൂക്ഷ്മാകാരത്തിന്റെയും സൂക്ഷ്മാകാരമാകാമായിരുന്നു. അങ്ങനെ ‘ഇൻഫിനിറ്റി’വരെ ചെല്ലാം. ഒരു പൊട്ടു പോലെ ചിത്രം അവസാനത്തെ പുറത്തിൽ അച്ചടിച്ചാൽ താല്പര്യമുള്ളവർ മൈക്രോ സ്കോപ്പിന്റെ താഴെ അതു വച്ചു നോക്കി രസിച്ചുകൊള്ളും.

ആശയമെന്നതു സ്വർണ്ണക്കൂമ്പാരമാണു്. ഓരോ വ്യക്തിയോടും സംസാരിക്കുമ്പോൾ അതിൽ നിന്നു് ഓരോ അംശമെടുത്തു് അയാൾക്കു് നൽകുകയാണു്. തുടർച്ചയായി സംസാരിച്ചാൽ സ്വർണ്ണം മുഴുവനും മറ്റുള്ളവർ കൊണ്ടു പോകും.

മനുഷ്യർക്കു് ഈ ലോകത്തു് അല്ലലില്ലാതെ ജീവിക്കണമെങ്കിൽ, ശാന്തി കൈവരണമെങ്കിൽ അന്യനെ കൊല്ലാൻ പാടില്ല. അതിനാൽ വധം പാപമെന്ന അഭിപ്രായമുണ്ടായി. അപരാധമൊന്നും ചെയ്യാത്ത ആളിനെ കൊല്ലുന്നതു മഹാപാപം. രാജീവ് ഗാന്ധിയെ വധിച്ചതു പോലെയുള്ള പ്രവർത്തനത്തെ വ്യക്തമാക്കിത്തരാൻ വേറെ വാക്കില്ല. അതിനെ മഹാപാപമെന്നു പറഞ്ഞാൽപ്പോരാ. സ്ഫോടനം കൊണ്ടു് കൈകളറ്റു്, മുഖം തെറിച്ചുപോയ ഒരു മഹാവ്യക്തിയുടെ വസ്ത്രങ്ങൾ കരിഞ്ഞു പോകുന്നതു സ്വാഭാവികം. അപ്പോൾ അനാച്ഛാദിതമായിബ്ഭവിക്കുന്ന ശരീരത്തിന്റെ ഗോപനീയങ്ങളായ ഭാഗങ്ങൾ വർണ്ണം കലർത്തി അച്ചടിക്കുന്നതു് ആ മഹാപാപത്തേക്കാൾ തീക്ഷ്ണത കൂടിയ മഹാപാപമാണു്. വായനക്കാർ ഒന്നാലോചിച്ചു നോക്കുക. പുരുഷന്റെയോ സ്ത്രീയുടെയോ നഗ്ന ചിത്രം ബഹുജനത്തിനു കാണാൻ കഴിയുന്ന മട്ടിൽ വയ്ക്കാൻ പാടില്ല എന്നു നിയമമുണ്ടാക്കിയിരിക്കുന്നതു് അതിന്റെ ദർശനം ദ്രഷ്ടാവിനു് അസ്വസ്ഥതയുണ്ടാക്കും എന്നതുകൊണ്ടാണു്, അങ്ങനെ പൗരനു് അസ്വസ്ഥതയോ പിരിമുറുക്കമോ ഉണ്ടാക്കാൻ മറ്റൊരു വ്യക്തിക്കു് അധികാരമില്ല. ഫ്രന്റ് ലൈൻ മാസികയിലെ ചിത്രം വായനക്കാർക്കു് അസ്വസ്ഥതയുളവാക്കുന്നു; ‘ടെൻഷൻ’ ഉളവാക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു കാവ്യത്തിൽ ‘തിമിംഗല’മെന്നു കണ്ടതു കൊണ്ടല്ല എല്ലാ ആഴ്ചപ്പതിപ്പുകളിലും ‘തിമിംഗല’മെന്നു് അച്ചടിക്കുന്നതു കൊണ്ടാണു് ഇതെഴുതുന്നതു്. ‘തിമിംഗല’മെന്നല്ല വാക്കു്; ‘തിമിംഗില’മെന്നാണു് തിമിഃശബ്ദത്തിനു് പെരുന്തല മത്സ്യമെന്നു് അർത്ഥം. ഗില ശബ്ദത്തിനു വിഴുങ്ങുക എന്നും പെരുന്തല മത്സ്യത്തെ മാത്രമല്ല എല്ലാ മത്സ്യങ്ങളെയും വിഴുങ്ങുന്നതു് തിമിംഗിലം.

ഇച്ഛാശക്തി ജയിക്കുന്നു
images/Casanova1774.jpg
കാസാനോവാ

കാറും കോളും. അന്തരീക്ഷമാകെ ഇരുണ്ടിരിക്കുന്നു. ആ സായാഹ്നത്തിൽ എനിക്കു് അരൂക്കുറ്റിയിൽ നിന്നു് അക്കരെ, അരൂരിൽ പോകണം. കടത്തു വഞ്ചിക്കാരനോടു ഞാൻ പറഞ്ഞു: “എനിക്കു് പേടിയാകുന്നു വള്ളത്തിൽ കയറാൻ നടുക്കായലിൽ എത്തുമ്പോൾ കാറ്റും മഴയുമുണ്ടായാലോ?” അയാൾ മറുപടി നല്കി: “പേടിക്കാതെ കയറിക്കൊള്ളു. നമ്മൾ അക്കരെച്ചെന്നു് രണ്ടു നിമിഷം കഴിയുമ്പോഴേ മഴ പെയ്യു.” ഞാൻ വള്ളത്തിൽ കയറി. അരൂരു ചെന്നിറങ്ങി രണ്ടു നിമിഷം കഴിഞ്ഞപ്പോൾ കൊടുങ്കാറ്റോടു കൂടിയ മഴയുണ്ടായി. ആ മഴ എപ്പോൾ അവസാനിക്കുമെന്നും വഞ്ചിക്കാരനു പറയാൻ കഴിയും. ചിലർക്കു് ഇതിനൊക്കെ വലിയ വൈദഗ്ദ്ധ്യമാണു്. കാസാനോവാ യുടെ “സ്മരണകൾ” വായിച്ചിട്ടില്ലേ. താൻ അഭിലഷിക്കുന്ന സ്ത്രീ ഏതു നിമിഷത്തിൽ വീഴുമെന്നു് കാസാനോവയ്ക്കു് അറിയാമായിരുന്നു. ആ നിമിഷം മുൻകൂട്ടിക്കണ്ടു് അയാൾ അതു പ്രയോജനപ്പെടുത്തും.

ഷൊറണൂരു് ഒരു വലിയ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം മാസത്തിലൊരിക്കൽ തൃശ്ശൂരെത്തും രോഗികൾക്കു വേണ്ടി. ഈ ഭിഷഗ്വരൻ ഒരു ദിവസം രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ റോഡിലൂടെ രണ്ടു യുവാക്കന്മാർ ചുമച്ചുകൊണ്ടു പോകുന്നതു കണ്ടു. ഒരാൾ വലിയ ശബ്ദത്തിൽ ചുമയ്ക്കുന്നു, മറ്റെയാൾ തീരെ ചെറിയ ശബ്ദത്തിലും അദ്ദേഹം അടുത്തു നിന്നയാളിനോടു് ആവശ്യപ്പെട്ടു: “ആ ചുമയ്ക്കുന്ന ആളിനെ ഇങ്ങു കൂട്ടിക്കൊണ്ടു വരൂ” അയാൾ ഉറക്കെച്ചുമച്ച ആളിനെ വിളിച്ചു കൊണ്ടു വന്നു. വൈദ്യൻ പറഞ്ഞു: “ഇയാളെയല്ല, മറ്റേയാളെ” അയാൾ വന്നപ്പോൾ അദ്ദേഹം ചുമയ്ക്കു് മരുന്നു കഴിക്കണമെന്നു ഉപദേശിച്ചു. “ആകട്ടെ”യെന്നു പറഞ്ഞു് അവർ പോയപ്പോൾ അദ്ദേഹം അവിടെ നിന്നവരോടു പറഞ്ഞു: “വേഗത്തിൽ കൂടുന്ന ക്ഷയമാണു് (galloping consumption) ഒരു മാസത്തിനകം മരിക്കും.” അതുപോലെ അയാൾ മരിച്ചെന്നു് അയാളെ അറിയാമായിരുന്ന ഒരാൾ എന്നോടു് പറഞ്ഞു.

സർഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണു്. അപ്പോൾ എഴുതുന്നതേ കഥയാവൂ കലയാവൂ.

കരിച്ചൽ കേശവൻ എന്ന പ്രശസ്തനായ ജ്യോത്സ്യൻ എന്റെ വീട്ടിൽ വരുമായിരുന്നു. എന്റെ ഒരനുജത്തിയുടെ ജാതകം എഴുതണമെന്നു് കാരണവരുടെ ഭാര്യ അദ്ദേഹത്തോടു് അഭ്യർത്ഥിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. “അമ്മച്ചീ, മിഥുനം 22-നു കാലത്തു പത്തു മണിക്കു ശേഷം ഞാൻ വരാം. അന്നു ജാതകമെഴുതാം.” മിഥുനം 22-നു കാലത്തു് പത്തു മണിക്കു മുമ്പു് അവൾ മരിച്ചു. ഇതൊക്കെ സിദ്ധികളാണു്. ഒരളവിൽ ഈ സിദ്ധി വിശേഷം കലാകാരന്മാർക്കുമുണ്ടു്. മുമ്പു് പലപ്പോഴും പറഞ്ഞ ചെറുകഥകളെക്കുറിച്ചേ എനിക്കു് ഇപ്പോഴും പറയാനുള്ളു. തകഴി യുടെ “വെള്ളപ്പൊക്കത്തിൽ,” ബഷീറി ന്റെ “പൂവമ്പഴം,” ഉറൂബി ന്റെ “വാടകവീടുകൾ” ഈ കഥകളിലെല്ലാം ഇവിടെപ്പറഞ്ഞ സിദ്ധിവിശേഷം ഉണ്ടു്. അതിനാലാണു് അവ ആകർഷകങ്ങളായിരിക്കുന്നതു്. പടിഞ്ഞാറൻ ദിക്കിലേക്കു് പോകാം. ടോൾസ്റ്റോയി യുടെ “ഐവാൻ ഇലീച്ചിന്റെ മരണം ” എന്ന അത്ഭുതാവഹമായ കലാസൃഷ്ടിയിൽ ഈ സിദ്ധിവിശേഷം മൂർദ്ധന്യാവസ്ഥയിൽ ദൃശ്യമാണു്. എന്നാൽ ഇതിന്റെ ഒരംശം പോലും ഒരു സ്ഫൂരണം പോലുമില്ല ശ്രീ. എം. സുധാകരന്റെ “അനുസന്ധാനം” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). മദ്യപൻ തന്റെ വീടു കാണിച്ചു കൊടുക്കണമെന്നു് ഒരു വഴിപോക്കനോടു് അപേക്ഷിക്കുന്നു. അയാൾ വീട്ടിൽച്ചെന്നു കയറി ഭാര്യയോടു് ഒരുമിച്ചു കിടന്നു. നേരം വെളുത്തപ്പോഴാണു് അയാൾക്കു് മനസ്സിലായതു് അതു് സ്വന്തം ഭവനമല്ലെന്നു്; അവൾ ഭാര്യയല്ല, ഏതോ വേശ്യയാണെന്നു്. കഥ എഴുതാൻ വേണ്ടി എഴുതിയ ഒരു ചതഞ്ഞ കഥ. “Willed performance” എന്നു് ഇംഗ്ലീഷിൽ പറയാം. സർഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണു്. അപ്പോൾ എഴുതുന്നതേ കഥയാവൂ, കലയാവൂ.

ചോദ്യം, ഉത്തരം

ചോദ്യം: “ഇംഗ്ലീഷിൽ കസിൻ എന്നു പറയാറുണ്ടല്ലോ, ആരാണു് ഈ കസിൻ?”

ഉത്തരം: “കസിൻ എന്നല്ല ഉച്ചാരണം. അതുപോകട്ടെ. ആ വാക്കിനു് ഇളയച്ഛന്റെ മകൻ, ഇളയച്ഛന്റെ മകൾ, മാതുല പുത്രൻ, മാതുല പുത്രി എന്നൊക്കെ പ്രഫെസർ എസ്. ഗുപ്തൻ നായരു ടെ നിഘണ്ടുവിൽ അർത്ഥം കൊടുത്തിട്ടുണ്ടു്. അദ്ദേഹത്തിനു തെറ്റു പറ്റി. കസിൻ അവരാരുമല്ല. സന്ദർശകർക്കുള്ള സമയം തെറ്റിച്ചു് പെൺപിള്ളേരുടെ ഹോസ്റ്റലുകളിൽ ഏതു സമയത്തും ചെല്ലുന്ന സുന്ദരനായ യുവാവാണു് കസിൻ. ചെന്നാൽ “എന്റെ കസിനെ കാണണ”മെന്നു് അയാൾ മേറ്റ്റണിനോടു പറയും. “എന്റെ കസിൻ വന്നിരിക്കുന്നു” എന്നു് പെൺകുട്ടി കൂട്ടുകാരികളോടു പറയും. രണ്ടുപേരും തമ്മിൽ രക്തബന്ധം കാണുകയുമില്ല.”

ചോദ്യം: “ഭർത്താവും കാമുകനും എന്തേ വ്യത്യാസം?”

ഉത്തരം: “വീട്ടിൽ നിന്നു റോഡിലേക്കു പോലും പോകാൻ ഭാര്യ സമ്മതം നൽകാത്ത പുരുഷൻ ഭർത്താവു്. ഇതു സ്നേഹം കൊണ്ടല്ല. അയാൾ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണു്. വീട്ടിലെത്തിയാൽ കഴിയുന്നതും വേഗം ഇയാൾ പോയെങ്കിൽ എന്നു കാമുകി വിചാരിക്കുന്നയാൾ കാമുകൻ. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിലെത്തുന്നതിനു മുൻപു് അയാൾ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണു്.”

ചോദ്യം: “കത്തോലിക്കാമതം ഗർഭനിരോധത്തിനു് എതിരായതു് എന്തുകൊണ്ടു്?”

ഉത്തരം: “അതിനു് H. L. Mencken എന്ന പ്രശസ്തനായ അമേരിക്കൻ നിരൂപകൻ സമാധാനം നൽകിയിട്ടുണ്ടു്. കത്തോലിക്കാ സ്ത്രീകൾ ഗണിതശാസ്ത്രത്തെ അവലംബിച്ചു് ഗർഭധാരണം ഒഴിവാക്കുന്നതു ശരിയെന്നു് ആ മതത്തിനു് അഭിപ്രായമുണ്ടു്. അവൾ കെമിസ്ട്രിയെ അവലംബിക്കരുതെന്നേ അതു് (മതം) അനുശാസിക്കുന്നുള്ളു.”

ചോദ്യം: “ഭർത്താവാണോ ഭാര്യയാണോ ആദ്യം മരിക്കേണ്ടതു്.”

ഉത്തരം: “ഭർത്താവിനെക്കാൾ മുൻപേ മരിക്കുന്ന ഭാര്യ ഭാഗ്യവതി. തനിക്കു മുൻപേ ഭാര്യ മരിച്ചാൽ ആ പുരുഷൻ ഹതഭാഗ്യൻ.”

ചോദ്യം: “സുന്ദരികളോടുള്ള ബഹുമാനം ഇല്ലാതാവുന്നതു് എപ്പോൾ?”

ഉത്തരം: “അവരുടെ ഭർത്താക്കന്മാരെ കാണുമ്പോൾ, വിശേഷിച്ചും സ്കൂട്ടറിൽ രണ്ടു പേരും സഞ്ചരിക്കുമ്പോൾ അവൾ സുന്ദരി, അയാൾ ഒന്നുകിൽ കഷണ്ടിക്കാരൻ, അല്ലെങ്കിൽ കിഴവൻ, അതുമല്ലെങ്കിൽ ‘ഗറില’യ്ക്കു സദൃശൻ. ഏറെ സുന്ദരിമാരെക്കുറിച്ചു് എനിക്കുണ്ടായിരുന്ന ബഹുമാനം ഇങ്ങനെ ഇല്ലാതായിട്ടുണ്ടു്.”

ചോദ്യം: “സെക്സ് ബുക്ക് വായിക്കുന്നതിൽ തെറ്റുണ്ടോ?”

ഉത്തരം: “ഏയ്, ഒരു തെറ്റുമില്ല. പക്ഷേ, തികഞ്ഞ വൈരസ്യം ഉണ്ടാക്കുന്നതു കൊണ്ടു് ഞാനവ വായിക്കാറില്ല. പിന്നെ ഒരു കാര്യം. അതിലെ നിർദ്ദേശങ്ങൾ ശരിയാണെന്നു വിചാരിച്ചു് സ്ത്രീകളെ സമീപിക്കരുതു്. ആരോഗ്യത്തിനു കേടുവരും. പാചകവിദ്യ പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിച്ചു് കറികളും മറ്റും സ്ത്രീകൾ ഉണ്ടാക്കുമല്ലോ. അതിൽ ഏതെങ്കിലുമൊന്നു നാക്കിൽ വയ്ക്കാൻ കൊള്ളുമോ? ഏട്ടിലപ്പടി എന്നുമാത്രം.”

ചോദ്യം: “ചില പുരുഷന്മാർ സ്ത്രീകളോടു ബഹുമാനം കാണിക്കും. മറ്റുചിലർ ബഹുമാനം കാണിക്കില്ലെന്നു് മാത്രമല്ല സ്വന്തം കാമം പ്രകടിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ടു്?”

ഉത്തരം: “എല്ലാ ബഹുമാനവും കള്ളത്തരമാണു്. സ്ത്രീയെ സംബന്ധിച്ചു് ഒറ്റ നോട്ടമേയുള്ളു പുരുഷനു്. പിന്നെ ചില കടുവകൾ ഇരകണ്ടാൽ ഉടനെ അതിന്റെ പുറത്തു ചാടിവീഴും. മറ്റു ചില കടുവകൾ സമയമാകട്ടെ എന്നു കരുതി കുറെ കാത്തിരിക്കും. സന്ദർഭം കിട്ടിയാൽ അതും ചാടി വീഴും ഇരയുടെ പുറത്തു്. ആ കാത്തിരിപ്പിനെ ബഹുമാനമെന്നു വിളിക്കുന്നതെങ്ങനെ?”

images/HLMencken1928.jpg
H. L. Mencken

ആനക്കാര്യത്തിൽ ചേനക്കാര്യം. പത്രങ്ങളിലെല്ലാം ഘാതകി എന്നാണു കാണുന്നതു്. ഇവിടെ ‘പ്രയോഗ ദീപിക’യിലുള്ള ഒരു ഭാഗം എടുത്തെഴുതേണ്ടതാണെന്നു് തോന്നുന്നു. “പതിഘാതകിയും കുലഘാതകിയുമാണു് ഭവതി’, എന്നിടത്തു ‘പതിഘാതികയും കുലഘാതികയും എന്നു വേണ്ടതാണു് ” (പുറം 67). “ശബ്ദസൗഭഗം” എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ 296-ആം പുറം നോക്കുക. “ഹനു് + അക = ഘാതകൻ, ഘാതിക” എന്നുകാണാം.

ചുറ്റുകമ്പി പൊട്ടിപ്പോയി

കവി മരക്കൊമ്പിൽ പച്ചിലച്ചാർത്തിൽ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണു്. തീവണ്ടിയിൽ കയറി ഒറ്റക്കമ്പിയുടെ സംഗീതോപകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയോ യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

എറണാകുളം മഹാരാജാസ് കോളേജിൽ (കോളിജ് എന്നു ശരിയായി എഴുതുന്നില്ല) എനിക്കു ജോലിയുണ്ടായിരുന്ന കാലം. എന്റെ ആപ്തമിത്രം ആയിരുന്നു പ്രഫെസർ സി. കെ. മോഹൻദാസ്. അദ്ദേഹം റിസ്റ്റ് വാച്ച് കെട്ടുകില്ലായിരുന്നു. ചിലർ, എൻ. ഗോപാലപിള്ള സ്സാറിനെപ്പോലെ ജൂബയുടെ കീശയിൽ വാച്ച് ഇട്ടുകൊണ്ടു നടക്കും. ആവശ്യമുള്ളപ്പോൾ അതെടുത്തു നോക്കും. പിന്നെയും കീശയുടെ ഗഹ്വരത്തിലേക്കു് അതു വീഴും. മോഹൻദാസിന്റെ പോക്കറ്റിലും വാച്ച് ഇല്ല. നേരേ മറിച്ചാണു് എന്റെ രീതി. ഞാൻ രാത്രി ഉറങ്ങുമ്പോഴും വാച്ച് കൈയിൽ കെട്ടിക്കൊണ്ടാണു് കിടപ്പു്. ഒരു ദിവസം കാലത്തു് നോക്കിയപ്പോൾ കൊച്ചു ഘടികാരത്തിന്റെ സൂചികൾ നിശ്ചലം. വൈൻഡ് ചെയ്യുന്ന ആമൊട്ടു് തിരിച്ചു നോക്കി. ചുമ്മാ കിടന്നു തിരിയുന്നതല്ലാതെ മുറുകുന്നില്ല. എച്ച്. എം. റ്റി. വാച്ചാണു് എന്റേതു്. വാച്ചില്ലാതെ നടന്നപ്പോൾ ഒരു ബന്ധു വെറുതെ തന്നതാണു്. അതിന്റെ ഡയൽ മനോഹരം, സൂചികൾ സുന്ദരം, കെയ്സ് അതിസുന്ദരം. കൂടക്കൂടെ പെട്രോളിൽ കഴുകുന്നതു കൊണ്ടു് ചെയിനിൽ മാലിന്യമില്ല. എങ്കിലും വാച്ച് മരിച്ചിരിക്കുന്നു. ഘടികാര ഭിഷഗ്വരനെ കാണിച്ചപ്പോൾ അയാൾ പറഞ്ഞു: മെയ്ൻ സ്പ്രിങ് പൊട്ടിപ്പോയി. മാറ്റിയിടണം.

images/garshin.jpg
ഗാർഷിൻ

മെയ്ൻ സ്പ്രിങ് പെട്ടിപ്പോയ കഥാഘടികാരമാണു് ശ്രീ അയ്പ് പാറമേലിന്റെ “പ്രകാശ വർഷങ്ങൾക്കു് അപ്പുറത്തു നിന്നു് ” എന്നതു്. തിളങ്ങുന്ന രൂപശില്പ കെയ്സ്, ജ്വലിക്കുന്ന ഡയലെന്ന ആഖ്യാനം. വാച്ച് ചെയ്ൻ പോലെ ദീർഘതയാർന്ന ശില്പം. പക്ഷേ, ചൈതന്യം മാത്രമില്ല. പ്രധാനപ്പെട്ട ചുറ്റുകമ്പി മുറിഞ്ഞു പോയാൽ ഓട്ടം നിലയ്ക്കില്ലേ? കേടുപറ്റിയ വാച്ച് റിപ്പയറർ നന്നാക്കും. പക്ഷേ, കഥാഘടികാരത്തിനു കേടു പറ്റിയാൽ നിർമ്മാതാവു തന്നെ റിപ്പയർ നടത്തണം. കേടുണ്ടെന്നേ അതു നോക്കുന്ന എന്നെപ്പോലുള്ളവർക്കു പറയാൻ പറ്റു.

ഒരു സ്ത്രീ വഞ്ചിച്ചതിനു അനേകം സ്ത്രീകളോടു പ്രതികാരം ചെയ്യുന്ന ഒരുത്തനാണു് കലാകൗമുദിയിൽ അയ്പ് പാറമേൽ എഴുതിയ കഥയിലുള്ളതു്. ഒടുവിൽ അയാൾ വിവാഹം കഴിക്കുന്നു ഒരു മിടുക്കിയെ. പക്ഷേ, അയാൾ അവസാനമായി പറ്റിച്ച രാധയെന്ന യുവതി പ്രതികാരനീതി (നെമിസിസ്) നടത്തുന്നു. അയാളുടെ ഭാര്യ— പെൺവക്കീൽ—കോടതിയിൽ വാദിച്ചു കൊണ്ടിരിക്കെ മറിഞ്ഞു വീണു മരിക്കുന്നു. അതിനുശേഷം ഒരു മീഡിയത്തിലൂടെ അയാൾ ഭാര്യയെ കാണുന്നു. അയാളും ചാകുന്നു. രാധയെ പറ്റിച്ചതിന്റെ നെമിസിസ്.

യാഥാതഥ്യവും മതിവിഭ്രമവും ‘മനോരഥ’വുമൊക്കെ ചേർത്തുവച്ച ഈ രചന നിശ്ചലമാണു്. കേന്ദ്രസ്ഥിതമായ പ്രമേയം പൊട്ടിപ്പോയതു കൊണ്ടു് സംഭവിച്ചതാണു് ആ ചലനരാഹിത്യം. ചുറ്റുകമ്പി പൊട്ടിയ വാച്ച് വിശ്വാസ്യത എന്ന ഗുണം ആവഹിക്കുന്നില്ല. പ്രമേയത്തിന്റെ മെയ്ൻ സ്പ്രിങ് തകർന്ന ഈ കഥാഘടികാരത്തിനും വിശ്വാസ്യതയില്ല.

വായിച്ചില്ലെങ്കിൽ മഹാനഷ്ടം എന്നു കരുതാവുന്ന ചില നോവലുകൾ:

 1. ക്നൂട്ട് ഹാംസൂണി ന്റെ Mysteries
 2. റോബർട്ടു് മ്യൂസിലി ന്റെ The Man without Qualities
 3. പസ്തർനക്കി ന്റെ Doctor Zhivago
 4. റ്റോമസ് മന്നി ന്റെ The Magic Mountain
 5. ആലോസാന്ദ്രോ മാൻഡ്സ്സോണി യുടെ The Betrothed
 6. ചേസ്സാറേ പാവെസേ യുടെ The Moon and the Bonfires
 7. ദസ്തെയെവ്സ്കി യുടെ Crime and Punishment
 8. ഔഗൂസ്തോ റോആ ബാസ്തോസി ന്റെ I The Supreme
 9. മീഗൽ ആങ്ഹെൽ ആസ്തൂറ്യാസി ന്റെ The President
 10. ഹെർമാൻ ബ്രോഹി ന്റെ The Sleepwalkers.

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ചെറുകഥകൾ

 1. ഗീമറാങ്ഷ് റോസ യുടെ The Third Bank of The River
 2. ചേസ്സാറെ പാവെസേ യുടെ Suicide
 3. ഷ്നിറ്റ്സ്ളറു ടെ Flowers
 4. ഹൈൻറിഹ് ബോയ്ലി ന്റെ The Langher
 5. യൂക്കിയോ മിഷിമ യുടെ Swaddling Clothes
 6. ഷൊലെ ഹോഫി ന്റെ The Fate of Man
 7. കാരൂർ നീലകണ്ഠപ്പിള്ള യുടെ മരപ്പാവകൾ
 8. ഗാർഷിന്റെThe Red Flower
 9. ചെക്കോവി ന്റെ The Darling
 10. മോപസാങ്ങി ന്റെ Ball of Fat
മദ്യം തന്നെ കിട്ടിയെങ്കിൽ

“ഭർത്താവും കാമുകനും എന്തേ വ്യത്യാസം?” “വീട്ടിൽ നിന്നു റോഡിലേക്കു പോലും പോകാൻ ഭാര്യ സമ്മതം നൽകാത്ത പുരുഷൻ ഭർത്താവു്. ഇതു് സ്നേഹം കൊണ്ടല്ല. അയാൾ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണു്. വീട്ടിലെത്തിയാൽ കഴിയുന്നതും വേഗം ഇയാൾ പോയെങ്കിൽ എന്നു കാമുകി വിചാരിക്കുന്നയാൾ കാമുകൻ. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിൽ എത്തുന്നതിനു മുൻപു് അയാൾ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണു്.”

ജിബ്രാന്റെ ഒരു കഥ, ഒരു മദ്യശാലയിൽ ചെന്നു് ഒരുത്തൻ ആവോളം കുടിച്ചു. മദ്യത്തിന്റെ വില കൊടുക്കുന്ന സന്ദർഭത്തിൽ ഷോപ്പുടമസ്ഥൻ ചോദിച്ചു: നാളെയും വരുമോ? അയാൾ മറുപടി പറഞ്ഞു: “വരാം. പക്ഷേ, എന്റെ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതിനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം ഈശ്വരനോടു്” അതു കേട്ടു് ഉടമസ്ഥൻ അറിയിച്ചു. “എപ്പോഴും പ്രാർത്ഥിക്കാം. എങ്കിലും ഞാനൊന്നു ചോദിക്കട്ടെ. എന്താണു് വ്യാപാരം?” “അതു പറയുന്നതു ശരിയല്ല. എങ്കിലും പറയാതിരിക്കുന്നതു് എങ്ങനെ? ശവം ദഹിപ്പിക്കാനുള്ള വിറകു വില്പനയാണു് എന്റെ ജോലി. അതു അഭിവൃദ്ധിപ്പെട്ടാലേ എനിക്കു വേണ്ടുവോളം കുടിക്കാൻ പണം കിട്ടു. നിങ്ങളുടെ വ്യാപാരം തളരാതെ വളരണമെങ്കിലും എന്റെ ഈ പ്രവർത്തനം പുരോഗമിക്കണം. അതുകൊണ്ടു് നിങ്ങൾ പ്രാർത്ഥിക്കു. ധാരാളം പേർ മരിക്കട്ടെ.”

images/KnutHamsuncropped.jpg
ക്നൂട്ട് ഹാംസൂൺ

മദ്യം വില്ക്കുന്നതിനെക്കാളും ശവം ചൂടാൻ വിറകു വില്ക്കുന്നതിനെക്കാളും അധമമായ പ്രവൃത്തിയുണ്ടോ? ഉണ്ടു്. അതാണു് ശ്രീ. ഗോപി ആനയടി കുങ്കുമം വാരികയിൽ നടത്തിയിരിക്കുന്നതു്, “കൂടുമാറാത്ത പക്ഷി” എന്ന ചെറുകഥയുടെ നിർമ്മാണം മകളുടെ കുഞ്ഞിനെക്കൂടെക്കിടത്തുന്ന അമ്മൂമ്മയെ അവരുടെ മകൻ തന്റെ ജോലിസ്ഥലത്തു വിളിച്ചു കൊണ്ടു പോകുന്നു. ഒരു ദിവസം രാത്രി അവർ എഴുന്നേറ്റു് മകളുടെ കുഞ്ഞിനെ അടുത്ത മുറിയിൽ അന്വേഷിക്കുന്നു.

അതു കണ്ടു് മകൻ അവരെ തിരിച്ചു നാട്ടിൽ കൊണ്ടുപോകാൻ തീരുമാനിക്കുന്നു. നിത്യജീവിത സംഭവങ്ങൾ കലാകാരന്റെ കർത്തൃനിഷ്ഠത്വത്തിലൂടെ (Subjectivity) കടന്നുവന്നു രൂപാന്തരം പ്രാപിച്ചു് ഉന്നത സത്യമായിത്തീരുന്നതാണു് കലയെന്ന അഭിപ്രായമൊന്നും ഇവിടെ എഴുതേണ്ടതില്ല. അത്രയ്ക്കു് അധമമാണിതു്.

മദ്യപന്മാരായ അഭിനേതാക്കൾ നാടകത്തിലോ സിനിമയിലോ മദ്യം കുടിക്കുന്നതായി അഭിനയിക്കുമ്പോൾ പച്ചവെള്ളമായിരിക്കും കുപ്പിയിൽ നിന്നു ഗ്ലാസ്സിലേക്കു് ഒഴിച്ചു കുടിക്കുന്നതു്. അതു് ശരിയായ മദ്യം തന്നെയായിരുന്നെങ്കിൽ എന്നു് അവർ ആഗ്രഹിക്കാതിരിക്കില്ല. കലയുടെ മദ്യമെന്ന മട്ടിൽ എന്റെ മുൻപിൽ വച്ച ഈ പച്ചവെള്ളം ഞാനെടുത്തു കുടിക്കുന്നു. മദ്യം തന്നെ കിട്ടിയെങ്കിൽ എന്നു് ആഗ്രഹിക്കുകയും ചെയ്യുന്നു.

സർവ്വസാധാരണം
images/Pablopicasso1.jpg
പീകാസോ

ഒരിക്കൽ ഒരു സ്ത്രീ സ്വന്തം ചിത്രം വരയ്ക്കണമെന്ന അഭ്യർത്ഥനയുമായി പീകാസോ യുടെ വീട്ടിലെത്തി. മഹാനായ ആ കലാകാരൻ പറഞ്ഞു: “രണ്ടുതരത്തിലാകാമതു്. നിങ്ങളെ ഇവിടെ ഇരുത്തിയിട്ടു് കാൻവാസിൽ നിങ്ങളുടെ രൂപം പകർത്താം. വരച്ചു കഴിഞ്ഞാൽ അതു നിങ്ങളെപ്പോലെയിരിക്കും. അതിനെ പെയിന്റിങ് എന്നല്ല ഫോട്ടോ എന്നാണു് ഞാൻ വിളിക്കുക. രണ്ടാമത്തെ രീതി നിങ്ങളെക്കുറിച്ചുള്ള വിചാരവും വികാരവും നിങ്ങളുടെ സ്വത്വവും എന്റെ സ്വത്വവുമായി കൂടിക്കലരുമ്പോൾ ഞാൻ കാൻവാസിൽ ചായങ്ങൾ തേക്കും. അതു പൂർണ്ണമാവുമ്പോൾ പെയിന്റിങ്ങാവും. നിങ്ങൾക്കു ഫോട്ടോ വേണോ അതോ പെയിന്റിങ്ങോ?” “പെയിന്റിങ് മതി”യെന്നു് സ്ത്രീ മറുപടി പറഞ്ഞു. പീകാസോ ചിത്രം വരച്ചു കഴിഞ്ഞപ്പോൾ അവർ ചോദിച്ചു: “ഇതിൽ എന്റെ മൂക്കെവിടെ?” ചിത്രകാരനു ദേഷ്യം വന്നു. ഞാൻ എന്റെ ഈ പെയിന്റിങ് വില്ക്കുന്നില്ല. പൊയിക്കൊള്ളു എന്നു് അറിയിച്ചു.

ശ്രീ കലാമണ്ഡലം കേശവൻ ദേശാഭിമാനി വാരികയിലെഴുതിയ ‘പ്രതീക്ഷ’ എന്ന കാവ്യം വായിച്ചപ്പോൾ ഇക്കഥയാണു് ഞാൻ ഓർമ്മിച്ചതു്. ശാന്തിയുടെ പ്രതീകമായ പ്രാവിനെ കവി അന്വേഷിക്കുന്നു. ‘അധികാര ദാഹികൾ’ ‘സ്വാർത്ഥലോഭമദമാത്സര്യവായ്പു’ കൊണ്ടു് പദ്മവ്യൂഹത്തിൽ അഭിമന്യുവിനെ തച്ചുകൊല്ലുന്നു. നിരപരാധരെ നിഗ്രഹിക്കുന്നു. എങ്കിലും ശാന്തിയുടെ വെൺപിറാവു് പറന്നെത്തുമെന്നു് കവി പ്രതീക്ഷിക്കുന്നു. ഇവിടെ വിചാരവികാരങ്ങൾ കവിയുടെ സ്വത്വത്തിലൂടെ കടന്നു ‘Super reality’ ആയി തീരുന്നില്ല. ആശയങ്ങൾ സർവ്വസാധാരണങ്ങൾ. പദവിന്യാസം അതിനെക്കാൾ സർവ്വസാധാരണം.

എങ്ങു നീ ശാന്തിതൻ കൊഞ്ചലുതിർക്കുന്ന

മംഗല്യമൂർത്തിയാം പ്രാവേ

നിൻരൂപ ഭംഗിയും രജതകാന്തിയു-

മാരമ്യനാദവുമെങ്ങാം?

ഈ വരികളിലും തുടർന്നുവരുന്ന വരികളിലും ഫോട്ടോഗ്രാഫിയേ ഉള്ളു. കവിതയുടെ അഗ്നി നാളമില്ല. ആശയങ്ങൾ അനുവാചക ഹൃദയത്തിൽ റോസാപ്പൂക്കളായി വിടരുന്നില്ല. കവി മരക്കൊമ്പിൽ പച്ചിലച്ചാർത്തിൽ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണു്. തീവണ്ടിയിൽ കയറി ഒറ്റക്കമ്പിയുടെ സംഗീതോപകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

അഭ്യർത്ഥന

ഡെസ്മണ്ട് മോറിസി ന്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. ഓരോന്നും ശുദ്ധമായ ഭോഷ്കാണെന്നു് എനിക്കു തോന്നിയെങ്കിലും അതു് ഇതുവരെ സ്പഷ്ടമാക്കിയില്ല. ഇപ്പോൾ അതു പറയണമെന്നു് എനിക്കാഗ്രഹം. ഓരോന്നുമെടുത്തു പരിശോധിക്കാൻ സ്ഥലമില്ലല്ലോ. അതുകൊണ്ടു് Naked Ape എന്ന പുസ്തകം മാത്രമാവട്ടെ. മനുഷ്യൻ ഇപ്പോഴും നഗ്നവാനരനാണെന്നു മോറിസ് സ്ഥാപിക്കാൻ ശ്രമിക്കുന്നു. വേട്ടയാടുന്നതിനു പകരം അവൻ ജോലി ചെയ്യുന്നു. നഗ്നവാനരന്റെ ഇണയ്ക്കു പകരം ഇന്നത്തെ മനുഷ്യനു് ഭാര്യയുണ്ടു്. പട്ടി വിളക്കുമരത്തിലോ മറ്റു വല്ല സ്ഥലത്തോ കാലുപൊക്കി മൂത്രമൊഴിച്ചു് അടയാളമുണ്ടാക്കുന്നതും ഗൃഹനായകൻ സ്വന്തം പേരെഴുതി വീട്ടിന്റെ മുൻപിൽ വയ്ക്കുന്നതും സദൃശങ്ങളായ പ്രക്രിയകളാണത്രേ. ശുദ്ധ അസംബന്ധമല്ലേ ഇതു? ഒരു വാനരനും ഐൻസ്റ്റൈനും സദൃശ്യരാണോ? മരഞ്ചാടിയും ടോൾസ്റ്റോയി യും തമ്മിൽ വ്യത്യാസമൊന്നുമില്ലേ? വാനരന്റെ സ്വാഭാവിക പരിണാമമാണു് മനുഷ്യൻ. മനുഷ്യൻ ഇനി അതിമാനുഷനാകും. പരിണാമം എവിടെച്ചെന്നു് നില്ക്കുമെന്നു് ആർക്കും മുൻകൂട്ടി പറയാനാവില്ല.

സ്ത്രീകൾ പൊക്കിൾ കാണിക്കുന്നതു് ജനനേന്ദ്രിയം കാണിക്കുന്നതിനു പകരമാണെന്നു് മോറിസ് വേറൊരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. ഇതും നോൺസെൻസാണു്. ഇത്തരം അസംബന്ധങ്ങൾ പരമസത്യങ്ങളാണെന്നു യുവാക്കന്മാർ വിശേഷിച്ചും കോളേജ് വിദ്യാർത്ഥികൾ ധരിച്ചു വയ്ക്കുന്നു. സ്വന്തം മസ്തിഷ്കമുപയോഗിക്കാനും മോറിസിനെപ്പോലെ വർജ്ജിക്കേണ്ടവരെ വർജ്ജിക്കാനും ഞാൻ അവരോടു അഭ്യർത്ഥിക്കുന്നു.

“അനശ്വരത”

പാരീസിന്റെ തെക്കുഭാഗത്തുള്ള മൊങ്പർണാസ് ഡിസ്റ്റ്രിക്റ്റിൽ ഫ്രഞ്ച് പൗരനായി താമസിക്കുന്ന ചെക്ക് സാഹിത്യകാരൻ മിലാൻ കുന്ദേര യുടെ പുതിയ നോവൽ “Immortality ” ഉദാത്തവും സുന്ദരവുമാണു്. ചെക്ക് ഭാഷയിൽ 1991-ൽ എഴുതിത്തീർത്ത ഈ നോവൽ ഉടനെ തന്നെ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടു. ഉദാത്തങ്ങളായ കൃതികൾ സുന്ദരങ്ങളായ കൃതികളെ അപേക്ഷിച്ചു മേലേക്കിടയിലാണു്. കല ആനന്ദാവേശവും തീക്ഷ്ണതയും കൗതുഹലവും വിസ്മയവും ഉളവാക്കുമ്പോൾ നിരൂപകർ അതിനെ ഉദാത്തമെന്നു വിശേഷിപ്പിക്കുന്നു. നയഗ്ര വെള്ളച്ചാട്ടം സുന്ദരമല്ല, ഉദാത്തമാണു് എന്നു ബ്രാഡ്ലി പറഞ്ഞതു് ഇവിടെ ഓർമ്മിക്കത്തക്കതാണു്. സൗന്ദര്യം പരിമേയമായതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാത്തത അപരിമേയമായതിനോടും എന്നു തത്ത്വചിന്തകൻ കാന്റ് പറഞ്ഞതും നമുക്കു് ഓർമ്മിക്കാം. കുന്ദേരയുടെ ഈ നോവൽ അനശ്വരതയെ അദ്ദേഹത്തിന്റെ രീതിയിൽ പ്രതിപാദിക്കുന്നതിനാൽ ഉദാത്തം. രസബോധനിഷ്ഠമായ തലത്തിലേക്കു് ഇതു് ഉയരുന്നതിനാൽ സുന്ദരം.

നോവലിനെക്കുറിച്ചു്—ആ കലാരൂപത്തെക്കുറിച്ചു്—കുന്ദേരയ്ക്കു സുനിയതങ്ങളായ മതങ്ങളുണ്ടു്. മറ്റൊരു വിധത്തിലും പറയാനാവാത്തതിനെ പറയാൻ കഴിയുന്നതാണു് നോവൽ. സമുദായത്തിന്റെ ചിത്രീകരണമല്ല അതിന്റെ ലക്ഷ്യം. കാരണം അതു മറ്റുതരത്തിൽ നിർവഹിക്കാമല്ലോ എന്നതാണു്. ചരിത്രവർണ്ണനവുമല്ല അതു്. ചരിത്രവിജ്ഞാനീയത്തിനു് അതു അനുഷ്ഠിക്കാവുന്നതേയുള്ളു. സ്റ്റാനിലിസത്തെ നിന്ദിക്കലല്ല നോവലെഴുത്തുകാരുടെ ജോലി. സോൾഷെനിറ്റ്സ്യനു് അതു് പ്രഖ്യാപനങ്ങളിലൂടെ നടത്താം. മനുഷ്യജീവിതത്തെ സാകല്യാവസ്ഥയിൽ വർണ്ണിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതാണു് നോവലിന്റെ കർത്തവ്യം. നോവൽ സാക്ഷാത്കരിക്കുന്നതിനെ ഒരു ധിഷണാപരമായ പ്രവൃത്തിക്കും സാക്ഷാത്കരിക്കാനാവില്ല. എക്സിസ്റ്റെൻഷ്യൽ ഫിലോസഫിക്കു പോലും അതിനു കഴിവില്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര.

തുച്ഛമായ കഥയേ ഈ നോവലിനുള്ളു. പോൾ, അയാളുടെ ഭാര്യ അഗ്നിസ്, അഗ്നിസിന്റെ സഹോദരി ലൊറ, അവളുടെ കാമുകൻ ബർനാർഡ് ഇവരാണു്. കഥയുണ്ടെങ്കിൽ അതു തുടങ്ങുന്നവരും മുന്നോട്ടു കൊണ്ടുപോകുന്നവരും. നോവൽ ആരംഭിക്കുമ്പോൾ പോളിന്റേയും അഗ്നിസിന്റേയും ദാമ്പത്യജീവിതത്തിനു് ഇരുപതു വർഷത്തെ പഴക്കമുണ്ടു്. പക്ഷേ, അവൾക്കു് ഒറ്റപ്പെടലിന്റെ ബോധമാണുള്ളതു്. ഭർത്താവിനെസ്സംബന്ധിച്ചു മാത്രമല്ല ആ ബോധം. മനുഷ്യരാശിയെ സാകല്യാവസ്ഥയിൽ പരിഗണിക്കുമ്പോഴും അവൾക്കു അതിനോടു് ആശയപരമായ ഐക്യമോ ഇല്ല. അവൾ യാചകർക്കു ധാരാളം പണം കൊടുക്കും. യാചകർ മനുഷ്യരിൽ പെട്ടവരായതു കൊണ്ടല്ല അവൾ അതു നല്കിയതു്. അവർ മനുഷ്യസമുദായത്തിൽ പെടാത്തവരായതുകൊണ്ടാണു്. തന്നെപ്പോലെ മനുഷ്യരോടും ഐക്യമില്ല അവർക്കും എന്നു് അഗ്നിസ് വിചാരിച്ചു. അവളെസ്സംബന്ധിച്ചിടത്തോളം സ്നേഹം ഇച്ഛാശക്തിയുടെ പ്രകടനം മാത്രമാണു്. സ്നേഹിക്കാനുള്ള ഇച്ഛാശക്തി. നല്ല ദാമ്പത്യജീവിതത്തിനു വേണ്ടിയുള്ള ഇച്ഛാശക്തി. ഈ ഇച്ഛാശക്തിയെ അല്പനേരം ഇല്ലാതാക്കിയാൽ അവൾ കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ പറന്നുപോകും. വിദൂര ഗ്രഹത്തിൽ നിന്നു് ഒരു സന്ദർശകൻ അവളുടെ അടുത്തെത്തിയതായി ഒരു തോന്നൽ. അയാളുടെ ചോദ്യം: “അടുത്ത ജന്മത്തിൽ നിങ്ങൾക്കു ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു ജീവിക്കണമെന്നുണ്ടോ? അതോ ഒരിക്കലും തമ്മിൽ കാണാതിരിക്കണോ?” പോളിന്റെ സാന്നിദ്ധ്യത്തിൽ അടുത്ത ജന്മത്തിൽ ഞങ്ങൾക്കു ഒരുമിച്ചു കഴിയേണ്ടതില്ല” എന്നു് അവൾക്കു് എങ്ങനെ പറയാൻ കഴിയും. അവൾ മനോരഥസൃഷ്ടിയിലെ ആ സന്ദർശകനു മറുപടി നല്കിയില്ല. എന്നാൽ പോൾ കൂർക്കം വലിച്ചുറങ്ങുകയാണെന്നു കണ്ടു് അവൾ ആന്തരശക്തി മുഴുവൻ സംഭരിച്ചു ദൃഢശബ്ദത്തിൽ പറഞ്ഞു: “ഇനി വീണ്ടും ഒരുമിച്ചുകൂടാതിരിക്കാനാണു് ഞങ്ങൾ ആഗ്രഹിക്കുക”. അഗ്നിസ് പോയി. ദുരന്തം വരിക്കുകയും ചെയ്തു.

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീക്ഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര. അതിനു് അനുസരിച്ചാണു് ലൊറയുടെയും റേഡിയോ ജേണലിസ്റ്റ് ബർനാർഡിന്റെയും കാമോത്സുകതയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നതു്. ജേർണലിസ്റ്റിനു് അവളെക്കാൾ വയസ്സു വളരെക്കുറവു്. എങ്കിലും എന്തെന്നില്ലാത്ത കാമാവേശമാണു് അവൾക്കു്. പക്ഷേ, അതും ദുഃഖപര്യവസായിയായി മാറി ബർനാർഡ് പോളിനോടു പറഞ്ഞു: “ഒരു അപരിചിതൻ എന്നെക്കാണാൻ വന്നു. അയാളുടെ തല മാത്രം എന്റെ പൊക്കത്തിൽ നിന്നു് ഉയർന്നുനില്ക്കുന്നു. കുടവയറു്… (അയാൾ തന്ന) ഡിപ്ലൊമ ഞാൻ വായിച്ചു. അതിലെഴുതിയിരിക്കുന്നു. “ബർനാർഡ് ബർട്രൻഡ് ഒരു മുഴുക്കഴുതയാണെന്നു് ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാക്കു നോവലിലുള്ള സ്പെല്ലിങ്ങിൽ). ഇതു് ഏല്പിച്ച ആഘാതത്താലാണു് ബർനാർഡ് ലോറയുമായുള്ള ബന്ധം ശിഥിലമാക്കിയതു്.

ഈ ക്ഷുദ്രസംഭവങ്ങളെ അവലംബിച്ചു കൊണ്ടു് കുന്ദേര ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും വൈവിധ്യങ്ങളിലേക്കും അനായാസമായി പോകുന്നു. ആ പോക്കു് അത്ഭുതാവഹമാണു താനും. മനുഷ്യന്റെ അനന്യതയെ—സെൽഫിനെ—കുറിച്ചുള്ള അന്വേഷണമാണു് കുന്ദേരയുടെ നോവൽ. അതിനെ പൂർണ്ണമായും ഗ്രഹിക്കാനാവില്ലെന്നും അദ്ദേഹം വിചാരിക്കുന്നു. അംഗവിക്ഷേപങ്ങളിലൂടെ സെൽഫിനെ മനസ്സിലാക്കാമോ? വയ്യ. നോവലിന്റെ ആരംഭത്തിൽ തന്നെ അറുപതോ അറുപത്തഞ്ചോ വയസ്സുള്ള ഒരു സ്ത്രീ ഒരു ചെറുപ്പക്കാരനെ പുഞ്ചിരിയോടെ നോക്കി കൈ വീശുന്നതിന്റെ വർണ്ണനയുണ്ടു്. ഇരുപത്തഞ്ചു വയസ്സുള്ള യുവതിയെപ്പോലെയായിരുന്നു. ആ വൃദ്ധയുടെ അംഗവിക്ഷേപം. സൗന്ദര്യമില്ലാത്ത ശരീരത്തിൽ സൗന്ദര്യമാർന്ന അംഗവിക്ഷേപം. അഗ്നിസിന്റെ അച്ഛനെ കാണാൻ വന്ന പ്രായം കൂടിയ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നേർക്കു് ഇങ്ങനെ കൈവീശിയതു് അഗ്നിസ് കണ്ടു. ആ കൈവീശൽ മനോഹരമായിരുന്നു. എന്നാൽ ഈ അംഗവിക്ഷേപങ്ങൾ എല്ലാവർക്കുമുള്ളതല്ലേ (the gesture was available to all)? കൈവീശുമ്പോൾ യഥാർത്ഥത്തിൽ മോഷണം നടത്തുകയാണു്. അല്ലെങ്കിൽ കള്ളയൊപ്പിടുകയാണു്. കഥാപാത്രങ്ങൾക്കു മാത്രമല്ല, സെൽഫിനെ കാണിക്കാത്ത അംഗവിക്ഷേപങ്ങളെ കുന്ദേരയ്ക്കും അംഗീകരിക്കാനാവില്ല. അംഗവിക്ഷേപം പോകട്ടെ. മുഖമോ? മുഖവും സെൽഫിനെ കാണിക്കുന്നില്ല (my face is not myself). സത്യമിതാണെങ്കിലും അംഗവിക്ഷേപങ്ങളാണു് നമ്മെ ഭരിക്കുന്നതു്. കാപട്യപൂർണ്ണമായ ജീവിതം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇങ്ങനെയുള്ള ഈ ലോകത്തു് അനശ്വരതയെക്കുറിച്ചു (immortality) ചിന്തിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു? 1981-ൽ ഫ്രാങ്സ്വ മോറിസ് മീതേറാങ് ഫ്രഞ്ച് പ്രസിഡന്റായി. അദ്ദേഹം മൂന്നു റോസാപ്പൂക്കളെടുത്തുകൊണ്ടു് അറുപത്തിനാലു ശവകുടീരങ്ങളുടെ മധ്യത്തിലേക്കു ചെന്നു. തിരഞ്ഞെടുത്ത മൂന്നു ശവകുടീരങ്ങളിൽ ഓരോ റോസാപ്പൂ അദ്ദേഹം വച്ചു. പൂക്കളുണ്ടാക്കിയ ആ ത്രികോണത്തിന്റെ മദ്ധ്യത്തിലാണു് മിതേറാങ്ങിന്റെ അനശ്വരതയുടെ കൊട്ടാരം നിർമ്മിക്കേണ്ടതു്. ഇതാണു് അനശ്വരതയെക്കുറിച്ചുള്ള കൂന്ദേരയുടെ സങ്കല്പം. കുറഞ്ഞ തോതിൽ, കൂടിയ അളവിൽ അനശ്വരതയുണ്ടു്. അതു് ഓർമ്മകളെ അവലംബിച്ചിരിക്കുന്നു. മരിച്ചയാളിനെസ്സംബന്ധിച്ച ഓർമ്മ അയാളെ അറിയാവുന്നവർക്കു കാണുമല്ലോ. അതു് കുറഞ്ഞ തരത്തിലുള്ള അനശ്വരത; നേരിട്ടറിയാൻ വയ്യാത്ത ആളിനെക്കുറിച്ചു് ആളുകളുടെ മനസ്സിൽ ജനിക്കുന്ന ഓർമ്മ വലിയ തരത്തിലുള്ള അനശ്വരത. കലാകാരന്മാർ, രാജ്യതന്ത്രജ്ഞന്മാർ ഇവരെക്കുറിച്ചുള്ള ഈ ഓർമ്മ വലിയ തോതിലുള്ള അനശ്വരതയാണു്. തത്ത്വചിന്താപരങ്ങളായ ഈ ആശയങ്ങൾ നോവലിലെ കഥാപാത്രങ്ങളിൽ നിന്നു്, അവരുടെ ജീവിതങ്ങളിൽ നിന്നു് ഒഴുകി വരുന്നു. അതുകൊണ്ടു് അവ വെറും സങ്കല്പനങ്ങളായി വായനക്കാർക്കു തോന്നുന്നില്ല.

കൂന്ദേരയുടെ ഈ നോവൽ അന്യാദൃശവും അസാധാരണവുമാണു്. ഇതു വായിക്കുമ്പോൾ നമ്മൾ കലയുടെ മഹാത്ഭുതം കാണുന്നു. ഇതെഴുതിയ കുന്ദേരയ്ക്കു നോബൽ സമ്മാനം കൊടുക്കാതെയാണു് വർണ്ണവിവേചനത്തെക്കുറിച്ചു് പറഞ്ഞതിനെത്തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ‘ഇൻഫീരിയർ ആർടിസ്റ്റായ’ നേഡീൻ ഗോഡിമാർ ക്കു് ആ സമ്മാനം നല്കിയതു്.

വ്യക്തിയിൽനിന്നു സമൂഹത്തിലേക്കു്

നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു? പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

റോസാപ്പൂ വിടർന്നുനില്ക്കുന്നതു കണ്ടാൽ അതിന്റെ പരുക്കൻ ഞെട്ടിനോടോ മുള്ളുകളുള്ള തണ്ടിനോടോ നമുക്കു പുച്ഛം തോന്നുമോ? തോന്നുമെങ്കിൽ അതു ആദരണീയമായ മാനസികനിലയല്ല. പൂവിനു കാരണം ഞെട്ടാണു്. ഞെട്ടിനു കാരണം തണ്ടാണു്. തണ്ടിനു കാരണം വേരാണു്. വേരു വിരൂപം. പക്ഷേ, ആ വേരില്ലെങ്കിൽ മനോഹരമായ പനിനീർപ്പൂവില്ല. ആ ഒറ്റപ്പൂവു് ലോകത്തുള്ള എല്ലാപ്പൂവുകളെയും എന്നെ ഓർമ്മിപ്പിക്കുന്നു. വിഷാദമനുഭവിക്കുന്ന ഭാര്യ അമ്മട്ടിൽ ദുഃഖിക്കുന്ന എല്ലാ ഭാര്യമാരെയും ഓർമ്മിപ്പിക്കുന്നു എന്നെ. കുഞ്ഞു മരിച്ചു യാതനയിൽ വീഴുന്ന അമ്മ അതേ രീതിയിൽ തീവ്രവേദനയിലാണ്ട എല്ലാ അമ്മമാരുടെയും സ്മരണ എനിക്കുളവാക്കുന്നു. ശ്രീമതി നളിനി ബേക്കലി ന്റെ “നിവേദിത” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ദുഃഖപൂർണ്ണമായ ജീവിതം നയിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ലോകത്തുള്ള എല്ലാ ഹതഭാഗ്യകളുടെയും ഓർമ്മയുണ്ടായി എനിക്കു്. അവരുടെ ജീവിതത്തെ സാകല്യാവസ്ഥയിൽ കാണാനുള്ള കൊതിയോടേ ആ ആഖ്യാനത്തിലൂടെ ഒഴുകിയപ്പോൾ രാഷ്ട്രവ്യവഹാരത്തിന്റെ പാറക്കെട്ടു് എന്നെ തടഞ്ഞു. പ്രവാഹത്തിനും ആ പാറക്കെട്ടിനും തമ്മിൽ ഒരു പൊരുത്തവുമില്ലല്ലോ. അതിൽ തടഞ്ഞതോടെ എന്റെ അഭിലാഷത്തിനും ഭംഗം വന്നു. റിയലിസ്റ്റിക് തലത്തിൽ നിന്നു് പെട്ടെന്നു് അവാസ്തവികമായ ഈ നൂതനതലത്തിലേക്കുള്ള പ്രവേശം കഥയെ തകർത്തു കളഞ്ഞു. റീയലിസത്തിൽനിന്നു് കഥയെ ഫാന്റസിയിലേക്കുതന്നെ കൊണ്ടുപോകാം. പക്ഷേ, അതു് വായനക്കാരൻ അറിയരുതു്. രാഷ്ട്രവ്യവഹാരത്തിന്റെ ഈ തള്ളിക്കയറ്റവും അതു ജനിപ്പിക്കുന്ന അവിശ്വാസ്യതയുമാണു് ഇക്കഥയുടെ പോരായ്മകൾ. രാത്രിസമയത്തു് ഏകാന്തത്തിൽ ഇരിക്കുമ്പോൾ ഒരു ഗോസ്റ്റ് നമ്മുടെ മുൻപിൽ വന്നുനിന്നാൽ എന്തു തോന്നും നമുക്കു്? എന്തു തോന്നുമോ അതുതന്നെയാണു് ഇക്കഥ വായിച്ചപ്പോൾ എനിക്കും തോന്നിയതു്.

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും.

എല്ലാ ദിവസവും നമ്മൾ ആയിരമായിരം നോട്ടങ്ങളിൽ കുത്തി മുറിവേല്പിക്കപ്പെടുന്നു. ഒടുവിൽ ഒരുനോട്ടം നമ്മളെ ഒരു നിമിഷംപോലും വെറുതെ അനുധാവനം ചെയ്യും. അതു തെരുവുകളിൽ, കാടുകളിൽ, ശാസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ മേശപ്പുറങ്ങളിൽ ഒക്കെ നമ്മളെ പിൻതുടർന്നു വരും. (Immortality.)

ചോദ്യം, ഉത്തരം

ചോദ്യം: സാഹിത്യത്തിലുമുണ്ടോ സാറേ അന്യവത്കരണം?

ഉത്തരം: നിരൂപകനോ കവിയോ കഥാകാരനോ എഴുതിയതു് വായനക്കാരനു മനസ്സിലാകാതെ വരുമ്പോൾ അയാൾക്കു് ഒറ്റപ്പെടലിന്റെ ബോധമുണ്ടാകും. ബ്രഹ്റ്റ് എന്ന മഹാനായ നാടക കർത്താവു് പ്രേക്ഷകർക്കും അഭിനേതാക്കൾക്കുമിടയ്ക്കു് ഈ ബോധം കരുതിക്കൂട്ടി ഉണ്ടാക്കിയിരുന്നു. നാടകത്തിലെ ക്രിയാംശത്തിൽ നിന്നു് പ്രേക്ഷകരെ അകറ്റിനിറുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗം.

ചോദ്യം: ചങ്ങമ്പുഴയോടു ഇപ്പോഴുള്ള കവികൾക്കു് എന്തുകൊണ്ടാണിത്ര കോപം?

ഉത്തരം: അസൂയയാണു് അതിനു ഹേതു. ഇന്നുള്ള എല്ലാക്കവികളും അമ്പതുകൊല്ലം കഴിയേണ്ടതില്ല, അതിനുമുൻപു് വിസ്മരിക്കപ്പെടും. അന്നും ചങ്ങമ്പുഴ ക്കവിത ഉണ്ടായിരിക്കും. മഹാകവി വള്ളത്തോൾ പോലും ചങ്ങമ്പുഴയുടെ മഹായശസ്സിൽ അസൂയാലുവായിരുന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേഷ്ഠ’ എന്നു ആ കവിയെ കീചകനാക്കിയതിനു ശേഷം ‘നിന്നുള്ളു പൊള്ളയെന്നാണു കേൾവി’ എന്നു അദ്ദേഹം പറയുകയുണ്ടായി. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നു മഹാകവി തെളിയിച്ചു തന്നു.

ചോദ്യം: നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

ചോദ്യം: മലയാളസാഹിത്യത്തെക്കുറിച്ചു നിങ്ങളുടെ ആത്മാർത്ഥമായ അഭിപ്രായം എന്തു?

ഉത്തരം: ആത്മാർത്ഥമെന്നാൽ തനിക്കുവേണ്ടി എന്നാണു്. ആർജ്ജവമുള്ള അഭിപ്രായം പറയാം. വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ വരുന്ന നല്ല കഥയും നല്ല കാവ്യവും മാറ്റിവച്ചാൽ നാലു കാശിനു വിലപിടിക്കാത്ത സാഹിത്യം. കാശ് പഴയ തിരുവിതാംകൂർ നാണയമാണു്.

ചോദ്യം: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്തു?

ഉത്തരം: ബന്ധുക്കളും സ്നേഹിതരും പരിപൂർണ്ണമായും ഉപേക്ഷിക്കുന്നതിനുമുൻപു് എനിക്കു് ഈ ലോകമുപേക്ഷിക്കണം.

ചോദ്യം: കേശവദേവിനെ പുലഭ്യം പറയുന്നതു നിറുത്തിയോ?

ഉത്തരം: ഞാൻ ആരെയും പുലഭ്യം പറയാറില്ല. നിരൂപണത്തിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചു പറഞ്ഞാൽ അവർക്കു് ഇരുപതു ശതാബ്ദങ്ങൾ മുൻപു മരിച്ച സാഹിത്യകാരന്മാരും ജീവിച്ചിരിക്കുന്നവരാണു്. രാമായണവും മഹാഭാരതവും ഭൂതകാലത്തിലുള്ളവയല്ല. വർത്തമാനകാലത്തിലാണു് അവ. കേശവദേവ് നിരൂപകന്റെ ദൃഷ്ടിയിൽ മരിച്ചിട്ടില്ല. അതുകൊണ്ടു വിമർശനമാകാം. പിന്നെ ഒരു കാര്യത്തിൽ എനിക്കു കേശവദേവിനോടു ബഹുമാനമാണു്. അദ്ദേഹം പറഞ്ഞു ‘എനിക്കു സാഹിത്യമെന്തെന്നു് അറിഞ്ഞുകൂടാ. ജീവിതമെന്തെന്നു് അറിയാം.’ ഈ പ്രസ്താവം നല്ല എഴുത്തുകാരനിൽ നിന്നേ വരൂ. അതുകൊണ്ടു മാത്രം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു”.

ചോദ്യം: കുറെനാളായി ഇന്ത്യയെ കുറ്റം പറയുന്നല്ലോ: ഇവിടംവിട്ടു പോകണോ? എങ്കിൽ ഏർപ്പാടുകൾ ചെയ്യാം.

ഉത്തരം: വേണ്ട. അമേരിക്കയിൽ പോയാൽ അതു വിദേശം. ഇംഗ്ലണ്ടിൽ പോയാൽ അതും വിദേശം. ഞാൻ ഇപ്പോൾ താമസിക്കുന്ന ഇന്ത്യയും എനിക്കു വിദേശമായി മാറിയിരിക്കുന്നു.

“ലോകം കൂടുതൽ സാങ്കേതികവും യാന്ത്രികവും ആകുന്നതോടുകൂടി, അതു് നിർവികാരവും ലോഹമയവും ആകുന്നതോടുകൂടി സ്ത്രീക്കുമാത്രം നല്കാൻ കഴിയുന്ന ചൂടു് അതിനു കൂടുതലായി വേണ്ടിവരും. നമുക്കു ലോകത്തെ രക്ഷിക്കണമെങ്കിൽ നമ്മൾ സ്ത്രീയോടു പൊരുത്തപ്പെടണം, സ്ത്രീയാൽ നമ്മൾ നയിക്കപ്പെടണം, ശാശ്വതമായ സ്ത്രീത്വത്താൽ തുളച്ചു കയറ്റപ്പെടണം”. (Immortality)

ഗൗതമൻ

കുന്ദേരയുടെ നോവലിൽ ജർമ്മൻ മഹാകവി ഗെറ്റേ യെസ്സംബന്ധിച്ച ഒരു സംഭവം വർണ്ണിച്ചിട്ടുണ്ടു്. ബെറ്റിന നാലപത്തിയൊൻപതു കത്തുകൾ ഗെറ്റേക്കു് അയച്ചു. ആത്മാവു് എന്ന വാക്കു് അവയിൽ അമ്പതു തവണ പ്രയോഗിച്ചിട്ടുണ്ടു്. ഹൃദയമെന്ന വാക്കു നൂറ്റിപ്പത്തൊൻപതു തവണയും. ശരീരഭാഗം എന്ന അർത്ഥത്തിൽ അതു് (എന്റെ ഹൃദയം മിടിച്ചു) അവയിൽ വിരളമായ പ്രയോഗിച്ചിട്ടുള്ളു; വക്ഷസ്സിനെ സൂചിപ്പിക്കുന്ന മട്ടിൽ ‘സിനിക്ഡക്കി’ അലങ്കാരമായി ഏറിയ കൂറും ആ വാക്കിന്റെ പ്രയോഗമുണ്ടു് (നിന്നെ എന്റെ ഹൃദയത്തോടു ചേർക്കാൻ എനിക്കു കൊതി).

ഇതു് സ്നേഹപ്രസരത്തെസ്സംബന്ധിച്ചിടത്തോളം ശരി. പക്ഷേ, നമ്മളിൽ ഏറെപ്പേർക്കും ഹൃദയമില്ല, രക്താശയമേയുള്ളു. വ്യക്തിക്കു് അഭിമുഖീകരിച്ചു നില്ക്കുമ്പോൾ അയാൾ ഹൃദയമുള്ളവനാണെന്നു തോന്നും. അങ്ങനെയുള്ള അനേകം വ്യക്തികൾ ഒരുമിച്ചു കൂടി ആപ്പീസിലിരിക്കുമ്പോൾ, കമ്പനിയിലിരിക്കുമ്പോൾ, സദസ്സായി മാറുമ്പോൾ ആ ‘മോബി’നു (mob) ഹൃദയമേയില്ല, രക്താശയമേയുള്ളു. ഈ നൃശംസതയുടെ കലാത്മകമായ ചിത്രീകരണമാണു് ശ്രീ. ഗൗതമന്റെ “രാത്രി, പകൽപോലെ” എന്ന കഥയിലുള്ളതു്. കമ്പനിയിലെ ജോലിക്കുവന്ന ഒരുത്തൻ വെള്ളം നിറഞ്ഞ കുഴിയിൽ വീണിരിക്കാമെന്നു സങ്കല്പം. നാലു മണിക്കൂർ കൊണ്ടു വെള്ളം വറ്റിച്ചു നോക്കിയപ്പോൾ ജഡമില്ല. ജോലിക്കെത്തിയവൻ ഒപ്പിട്ടിട്ടു വീട്ടിലേക്കു കടന്നു കളഞ്ഞു എന്നതാണു് സത്യം. അതിനുള്ള സാദ്ധ്യതയെക്കുറിച്ചു് അന്വേഷിക്കാതെ അയാൾ മരിച്ചുവെന്നു കരുതിയതും ജനക്കൂട്ടത്തിന്റെ—മോബിന്റെ—പ്രച്ഛന്നമായ സാഡിസം തന്നെ. നമ്മുടെ സമൂഹത്തിന്റെ ഏതു വിഭാഗത്തിലും കാണുന്ന ഈ ക്രൂരതയെ ഹാസ്യാത്മകമായി വീക്ഷിക്കുന്നു കഥാകാരൻ. കഥയുടെ ദീർഘത ആഖ്യാനവൈദഗ്ദ്ധ്യമാണു് ഈ രചനയ്ക്കു ചാരുത നല്കുന്നതു്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസൻ ഹൗവർ ഒരു സർവകലാശാലയുടെ മേധാവിയായിച്ചെന്നപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിന്റെ അടുത്തെത്തി. സർവകലാശാലയിലെ ഉദ്യോഗസ്ഥന്മാരെ കാണാൻ തനിക്കു താൽപ്പര്യമുണ്ടെന്നു് അദ്ദേഹം അവരോടു പറഞ്ഞപ്പോൾ അവരിൽ ഒരാൾ അറിയിച്ചു: “സർ, ഞങ്ങൾ ഉദ്യോഗസ്ഥന്മാരല്ല, ഞങ്ങൾ തന്നെയാണു സർവകലാശാല”. ഈ പ്രസ്താവത്തിലെ ഉത്കൃഷ്ടചിന്ത നന്നു്. പക്ഷേ, ഒറ്റ വ്യക്തിയായ ഉദ്യോഗസ്ഥൻ കാരുണ്യമുള്ളവനായിരിക്കും. അയാൾ സർവകലാശാലയായി മാറുമ്പോൾ കാരുണ്യം പമ്പകടക്കും.

ഓംലെറ്റ്—ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കു നോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നു വിളിക്കാനുള്ള മുട്ടയപ്പം.

ഏതാണ്ടു നൂറു കൊല്ലത്തിനു മുൻപു് റഷ്യയിലെ പീഡിപ്പിക്കപ്പെട്ട മാർക്സിസ്റ്റുകാർ മാർക്സിന്റെ മാനിഫെസ്റ്റോ പഠിക്കാനായി രഹസ്യമായി ഒരുമിച്ചു കൂടാൻ തുടങ്ങി. ഈ ലളിതമായ ഐഡിയോളജി മറ്റു വൃത്തങ്ങളിലേക്കു പകർന്നു കൊടുക്കാനായി അവർ അതിന്റെ ഉള്ളടക്കത്തെ ലഘൂകരിച്ചു. അവയിലെ അംഗങ്ങൾ ലാളിത്യത്തിന്റെ ലഘൂകരണത്തെ വീണ്ടും വീണ്ടും ലഘൂകരിച്ചു് മറ്റുള്ളവർക്കു പകർന്നു കൊടുത്തു കൊണ്ടിരുന്നു. ഒടുവിൽ മാർക്സിസം ഭൂമിയിലാകെ അറിയപ്പെട്ടപ്പോൾ, അതു ശക്തിയാർജ്ജിച്ചപ്പോൾ അവശേഷിച്ചതു് ആറോ ഏഴോ മുദ്രാവാക്യങ്ങൾ. അവയ്ക്കു തമ്മിലുള്ള ബന്ധം തീരെക്കുറവായിരുന്നതു കൊണ്ടു് അതിനെ ഐഡിയോളജി എന്നു വിളിക്കാൻ വയ്യാതെയായി. മാർക്സിന്റെ അവശിഷ്ടങ്ങൾ അങ്ങനെ ആശയങ്ങളുടെ യുക്തിയുക്തമായ ഘടനയല്ലാതെയായപ്പോൾ, ധ്വന്യാത്മകമായ ചില ബിംബങ്ങളും മുദ്രാവാക്യങ്ങളും മാത്രമായപ്പോൾ (ചുറ്റിക കൈയിലെടുത്തു പുഞ്ചിരി പൊഴിക്കുന്ന തൊഴിലാളി, സഹോദരസ്നേഹത്തോടെ കൈകൾ ഗ്രഹിക്കുന്ന കറുത്ത മനുഷ്യനും വെളുത്ത മനുഷ്യനും മഞ്ഞ മനുഷ്യനും, അന്തരീക്ഷത്തിലേക്കു് ഉയരുന്ന സമാധാനത്തിന്റെ പ്രാവു് ഇങ്ങനെ പലതുമായപ്പോൾ) ‘ഐഡിയോളജി ‘ഇമേജോളജി’യായി ക്രമേണ മാറുന്നുവെന്നു നമുക്കു ന്യായമായിപറയാമെന്നായി (Immortality).

നിർവ്വചനങ്ങൾ
ധർമ്മരോഷം:
അന്യന്റെ ആഭാസപ്രവൃത്തി താൻ ചെയ്താൽ ലോകമാകെ അറിയുമല്ലോ എന്നു ഗ്രഹിക്കുമ്പോൾ മാന്യനായി ഭാവിക്കുന്നവനു് ഉണ്ടാകുന്ന നൈരാശ്യം.
യമകം:
കാവ്യത്തിലെ വിലകുറഞ്ഞ ഏർപ്പാടു്.
പത്രറിപ്പോർട്ട്:
കോടതിക്കുശിക്ഷ നല്കാൻ വയ്യാത്ത അപവാദവ്യവസായം.
വീടു്:
ചെല്ലാമെന്നു സമ്മതിച്ച സമ്മേളനത്തിനു് കൊണ്ടുപോകാൻ സംഘാടകർ വരുമ്പോൾ പ്രഭാഷകനു് ഒളിച്ചിരിക്കാനുള്ള സ്ഥലം.
പാണിനിസൂത്രം:
മലയാളമോ സംസ്കൃതമോ അറിഞ്ഞുകൂടാത്തവനു പണ്ഡിതനായി വിലസാൻ സഹായിക്കുന്നതു്. (അക്ഷരങ്ങൾ എല്ലാമറിഞ്ഞു കൂടാത്തവനായിരിക്കും. പക്ഷേ, നമ്മുടെ മുഖത്തുനോക്കി ‘പ്രകാരേഗുണവചനസ്യ’ എന്നു കാച്ചും. നമ്മൾ തളരും.)
ആശുപത്രി:
കുമാരനാശാൻപ്രരോദന’ത്തിൽ പറഞ്ഞ അധ്യാത്മവിദ്യാലയം.
പാർവ്വതി:
തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻപേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണസ്ത്രീ.
കുട്ടിക്കൃഷ്ണമാരാർ:
വളരെക്കുറച്ചുപറഞ്ഞു് അതിലൂടെ ഏറെധ്വനിപ്പിച്ച ആൾ.
സിഗ്സാഗ്:
കുടിയനു സ്ട്രെയിറ്റ് ലൈൻ.
ഓംലെറ്റ്:
ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കുനോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നുവിളിക്കാനുള്ള മുട്ടയപ്പം.
തുടർച്ച

പാർവ്വതി: തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻ പേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണ സ്ത്രീ.

വൈലോപ്പിള്ളി യുടെ “കന്നിക്കൊയ്ത്തു്” എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ ആ പ്രശസ്തമായ കാവ്യം—മരണത്താൽ ജീവിതം വിച്ഛേദിക്കപ്പെട്ടാലും അതു അനുസൃതമായി പ്രവഹിച്ചുകൊണ്ടിരിക്കും എന്നു് സ്പഷ്ടമാക്കുന്നു. “ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീപ്പന്തങ്ങൾ” എന്ന ആഹ്വാനത്തിലുമുണ്ടു് ആ നൈരന്തര്യത്തിന്റെ സ്വഭാവം. ഒറ്റയായ മനുഷ്യന്റെ ജീവിതം നോക്കുക. നൈരന്തര്യത്തിനുള്ള കൊതികാണാം. അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസ്സുകഴിയുമ്പോൾ പെൻഷൻപറ്റണം. പക്ഷേ, ജോലിനീട്ടിക്കിട്ടാൻ ആഗ്രഹിക്കുന്നതു് പിന്നെയും ശംബളം വാങ്ങി ബാങ്കിലിടാനല്ല. തന്റെ അത്രയും കാലത്തെ തുടർച്ചയായ ജീവിതത്തിനു ഭംഗം വരാതിരിക്കാനാണു്. ചെറുപ്പകാലത്തു് വീട്ടിന്റെ ജന്നലിൽക്കൂടി നോക്കി പതിവുകാരെ അടയാളം കാണിച്ചു വിളിച്ചിരുന്ന വേശ്യ വാർദ്ധക്യകാലത്തും അതു പോലെ പുരുഷന്മാരെ വിളിക്കുന്നതു് അവരുടെ പണത്തിനു വേണ്ടിയല്ല, സ്വന്തം ജീവിതത്തിന്റെ നിരന്തരാവസ്ഥ പുലർത്തിക്കൊണ്ടു പോകാനാണു്. താൻ വൃദ്ധനാകുന്നതുവരെയും നോക്കിയിരുന്ന ജോലി ഇനി തനിക്കു തുടർന്നു കിട്ടുകില്ലെന്നു വരുമ്പോൾ കുടുംബദ്രോഹിയാണു മകനെങ്കിലും അവനതു വാങ്ങിക്കൊടുക്കാൻ അച്ഛൻ ശ്രമിക്കുന്നതും ഇതിനുവേണ്ടിത്തന്നെയാണു്. ഈ ആശയത്തിനു തിളക്കവും സ്പഷ്ടതയും നല്കാൻ ശ്രീ. ഫാസിലിന്റെ “ബലിക്കല്ലിലെ സ്വപ്നം” എന്ന കഥയ്ക്കു കഴിയുന്നു. തൊട്ടിലുകൾ അന്യോന്യം ബന്ധിച്ചു് അതിൽ ആളുകളെ കയറ്റിയിരുത്തി കറക്കുന്ന വൃദ്ധൻ നെഞ്ചു തകർന്നു വീഴുമ്പോൾ അയാളുടെ മകനെത്തുന്നു ആ ജോലി തുടർന്നും നടത്തിക്കൊണ്ടുപോകാൻ. ആ മകനും ഒരാശ. ബലമാർന്ന ശരീരമുള്ള മകനുണ്ടാകണമെന്നു്. ഇതാണു് ജീവിതാവസ്ഥയുടെ നൈരന്തര്യവും അതുളവാക്കുന്ന സ്ഥിരതയും. അതിഭാവുകത്വത്തിലേക്കുവീഴാതെ ഫാസിൽ ഹൃദ്യമായി കഥപറഞ്ഞിരിക്കുന്നു (കഥ ദേശാഭിമാനി വാരികയിൽ).

ഗുരുനാഥൻ പറഞ്ഞസത്യം

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും. Immortality

എന്റെ ഗുരുനാഥന്മാരിൽ എനിക്കേറ്റവും സ്നേഹം ഉമാമഹേശ്വരനോടാണു്. അദ്ദേഹമാണു് എന്നെ ടെനിസൺ, ഡിലാമേർ ഇവരുടെ കാവ്യങ്ങൾ പഠിപ്പിച്ചതു്. പനിപിടിച്ചു് എഴുന്നേല്ക്കാൻ വയ്യാതെ കിടന്ന സന്ദർഭങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ ക്ലാസ്സുകൾക്കു വേണ്ടി നാലു നാഴിക താണ്ടി കോളേജിൽ ചെന്നിട്ടുണ്ടു്. അത്രയ്ക്കു രസപ്രദമാണു് അദ്ദേഹത്തിന്റെ പഠിപ്പിക്കൽ. സാറ് നാഗർകോവിലിലോ മറ്റോ പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു ബസ്സിൽ പോരുമ്പോൾ അപകടത്തിൽപ്പെട്ടു. ബസ്സു് മറിയാൻ പോകുന്നുവെന്നു കണ്ട അദ്ദേഹം അതിൽ നിന്നു് എടുത്തു ചാടിയെന്നും ബസ്സു് അദ്ദേഹത്തിന്റെ പുറത്തുകൂടെ വീണെന്നുമാണു് ഞാൻ കേട്ടതു്. സാറല്ലാതെ വേറെ ഒരു യാത്രക്കാരനും മരിച്ചില്ല. ഉമാമഹേശ്വരൻ സാറ് മരിച്ചിട്ടു് അമ്പതു കൊല്ലം കഴിഞ്ഞു. എങ്കിലും ഇതെഴുതുമ്പോൾ എനിക്കു ദുഃഖമുണ്ടാകുന്നു. ഒരിക്കൽ ക്ളാസ്സ് കഴിഞ്ഞു് അദ്ദേഹം സ്റ്റാഫ് റൂമിലേക്കു പോകുമ്പോൾ “സാർ ഇതൊന്നു തിരുത്തിത്തരണം” എന്നുപറഞ്ഞു ഞാനെഴുതിയ ഒരു ഇംഗ്ലീഷ് കവിത അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. സാറ് നിന്നു. കവിത വായിച്ചു. എന്നിട്ടു് അദ്ദേഹം പറഞ്ഞു: Leave the poems unwritten. “ഞാൻ പിന്നീടു് ഇംഗ്ലീഷ് കാവ്യങ്ങൾ എഴുതിയിട്ടില്ല. എങ്കിലും സാറിന്റെ നിർദ്ദേശം മറക്കാതെ കൊണ്ടു നടക്കുന്നു. ഇപ്പോൾ അതു് ചില്ല മാസികയിൽ “ഉത്തിഷ്ഠതാം, ജാഗ്രതാം” എന്ന പദ്യമെഴുതിയ ശ്രീ. ഉണ്ണി പയ്യനേടത്തിനോടു പറയുന്നു: Leave the peoms unwritten. ഈ പരുക്കൻ വാക്കുകൾക്കു നീതിമത്കരണമുണ്ടോ എന്നു് വായനക്കാർക്കു സംശയമുണ്ടെങ്കിൽ ചില വരികൾ എടുത്തെഴുതാം. പദ്യത്തിന്റെ തുടക്കം തന്നെയാവട്ടെ.

“എൺപതുമഞ്ചും കോടി മാനവസമ്പത്തുള്ളോ-

രെന്റെ നാടിതിൻ ശോച്യാവസ്ഥയിൽ ഞാൻ ദുഃഖിപ്പൂ

ആയിരം വർഷങ്ങളായ് ചൂഷണം ചെയ്യപ്പെട്ടോ-

രാർഷഭാരതം തീർത്തും ചേതനാരഹിതയായ്!

സ്വന്തമായ് കഴിവുകളുള്ളവർപോലും പര-

തന്ത്രരായ് കഴിയുവാനല്ലയോ കൊതിക്കുന്നു!

കുറ്റവാളികൾ പോലുമെന്തിനും സർക്കാറിനെ

കുറ്റവാളികളായ് കാണാനല്ലയോ ശ്രമിക്കുന്നു!”

ഇതു കവിതയല്ല, ഓരോ വരിയിലും പതിന്നാലു് അക്ഷരങ്ങൾ വീതമുണ്ടെങ്കിലും പദ്യമല്ല. നല്ല ഗദ്യംപോലുമല്ല. എന്റെ വീട്ടിന്റെ മുൻവശത്തുള്ള ചെമ്മണ്ണുപാത തെല്ലകലെയുള്ള കീലിട്ടറോഡിൽ ചെന്നുചേരുന്നു. ആ റോഡ് ഒഴുകിയൊഴുതി ദൂരെയുള്ള അവന്യൂവിൽ (റോഡിൽ) ചേരുന്നു. അവന്യൂ കീലിട്ടറോഡിനെ തടയുന്നില്ല. ചെമ്മണ്ണുപാത കീലിട്ടറോഡിനെ തടയുന്നില്ല. മലയാള കാവ്യത്തിന്റെ രാജരഥ്യ ഈ പദ്യപാതയെ അതിനോടുചേരാൻ സമ്മതിക്കില്ല.

ഒരു കവിയുടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രിട്ടീഷ് കവി George Barker എഴുപത്തിയെട്ടാമത്തെ വയസ്സിൽ അന്തരിച്ചുവെന്നു റ്റൈം വാരികയിൽ കണ്ടു. അശ്ലീലമെന്നു മുദ്രകുത്തിയതും Faber and Faber സമ്പൂർണ്ണ കൃതികളിൽ ആദ്യം ചേർക്കാത്തതുമായ “The True Confession of George Barker” എന്ന കൃതിയാണത്രേ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ബയറൺ എഴുതിയ “Don Juan ”-ന്റെ അനുകരണമെന്നു പറയാവുന്ന ഈ കാവ്യം ഡബ്ലിയൂ. എച്ച്. ഓഡന്റെ “Letter to Lord Byron” എന്ന കാവ്യംപോലെ verse journalism മാത്രമാണു്. ഏതാനും വരികളിതാ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

വർണ്ണോജ്ജ്വലങ്ങളായ പ്ളാസ്റ്റിക് തുണ്ടുകൾ യോജിപ്പിക്കേണ്ട രീതിയിൽ യോജിപ്പിച്ചാൽ കൊച്ചു കൊച്ചു കെട്ടിടങ്ങൾ ഉണ്ടാക്കാം. എന്നാൽ ആ തുണ്ടുകളടങ്ങിയ കാഡ്ബോഡ് പെട്ടി അത്ര ബുദ്ധിയില്ലാത്ത കുഞ്ഞിന്റെ കൈയിൽ കൊടുത്താൽ അവൻ എന്താണു ചെയ്യേണ്ടതെന്നറിയാതെ തെല്ലുനേരം മിണ്ടാതിരിക്കും. എന്നിട്ടു് പെയ്സ്റ്റ് ബോഡ് പെട്ടി തുറന്നു പ്ളാസ്റ്റിക് തുണ്ടുകളെ വാരി വിതറും. അവ നോക്കി രസിക്കും. അപ്പോൾ അച്ഛനെത്തി ആ കഷ്ണങ്ങളെ വേണ്ട മട്ടിൽ ചേർത്തു തുടങ്ങിയാൽ കൊച്ചു വീടു് രൂപം കൊള്ളും. എല്ലാ തുണ്ടുകളും യോജിപ്പിച്ചു കഴിയുമ്പോൾ ഭംഗിയുള്ള ഭവനം. കുഞ്ഞു് അതു കണ്ടു കൈ കൊട്ടുന്നു; അച്ഛൻ സന്തോഷിക്കുന്നു. നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാനറിയാതെ അവയെ വാരി വിതറുന്നു. ചിതറിക്കിടക്കുന്ന അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികൾ എന്നു വിളിക്കാനും ആളുകളുണ്ടു്. അവരുടെ ഇടയിൽ ഇതാ ശക്തനായ ഒരു കവി വന്നു നില്ക്കുന്നു. അദ്ദേഹത്തെ ആരും മഹാകവിയെന്നു വിളിക്കുന്നില്ല. ഒരു കാലത്തു് ഇതെഴുതുന്ന ആൾ പോലും അദ്ദേഹത്തെ കവിയെന്നു വിളിക്കാൻ മടിച്ചിരുന്നു. പക്ഷേ, അവരെയെല്ലാം അഗണ്യകോടിയിൽ തള്ളിയിട്ടുകൊണ്ടു് കവിയായ ശ്രീ. സച്ചിദാനന്ദൻ തന്റെ കലാശക്തിയെയും പ്രതിഭാശക്തിയെയും പ്രദർശിപ്പിച്ചുകൊണ്ടു് നമ്മുടെ മുൻപിൽ എത്തിയിരിക്കുന്നു. വാക്കുകൾ അദ്ദേഹത്തിനു് ചിതറിയെറിയേണ്ട പ്ളാസ്റ്റിക് തുണ്ടുകളല്ല. യഥാക്രമം യോജിപ്പിച്ചു് കലാസൗധം നിർമ്മിക്കാനുള്ള ഉപകരണങ്ങളാണു്. സംശയമുണ്ടോ വായനക്കാർക്കു്? എങ്കിലും അവർ അദ്ദേഹത്തിന്റെ “കൂടിക്കാഴ്ച” എന്ന കാവ്യം വായിച്ചുനോക്കട്ടെ (മാതൃഭൂമി ആഴ്ചപ്പതിപ്പു്).

“കാശ്മീരം; പമ്മിപ്പമ്മികൊലയാളിയെപ്പോലെ വന്നെത്തും മഴ; കൂർത്ത കത്തി പോലീറൻ കാറ്റു്;

കുരുതികടുംചോര പൊഴിക്കും വാകമേൽ

തലയോട്ടിപ്പോലെ വന്നുദിച്ചിട്ടും ചന്ദ്രൻ;

ഭയന്നു കളകളം നിർത്തിയ കിളിക്കൂട്ടം;

പകച്ച ചീനാർമരം; വിറയ്ക്കും വെൺതാഴ്‌വാരം

ഇലകൾ കൊഴിഞ്ഞൊരു ദേവദാരുവിൻ ചോരും

തണലിൽ മേളിക്കുന്നു രണ്ടു നീൾ നിഴലുകൾ”.

ഏതാനും വരികൾകൊണ്ടു് കവി അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു. പൊൾ വലേറി യുടെ ഒരലങ്കാരം കടം വാങ്ങിപ്പറയാം. ഉപ്പു് ആവോളം കലക്കി പൂരിതലായനി[1] ഉണ്ടാക്കിയിട്ടു് ഒരു ഉപ്പുകട്ട കൂടിയിട്ടാൽ സിതോപലത്തിന്റെ പ്രപഞ്ചം ആവിർഭവിക്കുന്നു. സച്ചിദാനന്ദൻ നമ്മുടെ മനസ്സിന്റെ പൂരിതലായനിയിൽ ഇടുന്ന ഈ പദലവണ സിതോപലങ്ങൾ അനായാസമായി ഒരു കാവ്യപ്രപഞ്ചം സൃഷ്ടിക്കുന്നു.

കുറിപ്പുകൾ

[1] ലായനി = solution; നിർമ്മിക്കപ്പെട്ട പദം. ദ്രവത്വമെന്നോ സംയോഗമെന്നോ ആകാം.

നമ്മുടെ പല കവികളും പദഖണ്ഡങ്ങളെ സംയോജിപ്പിക്കാനറിയാതെ അവയെ നോക്കി സ്വയം രസിക്കുന്നു. ആ കവിശിശുക്കളെ മഹാകവികൾ എന്നു വിളിക്കാനും ആളുകളുണ്ടു്.

ആരുടെയാണു് രണ്ടു നീണ്ട നിഴലുകൾ? ലെനിന്റെ തും ഗാന്ധിജി യുടേതും യേശുക്രിസ്തു വിനെപ്പോലെ കഴുതയിൽക്കയറി ലെനിൻ ബുദ്ധമൈത്രിയുടെ മണ്ണിലെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മുൻപിൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാരതീയർ ദഹിപ്പിച്ചു കളഞ്ഞ ഗാന്ധിജി രണ്ടുപേരെക്കൊണ്ടും കവി സംസാരിപ്പിച്ചു കഴിയുമ്പോൾ റഷ്യയുടെയും ഭാരതത്തിന്റെയും ഇന്നത്തെ ശോചനീയാവസ്ഥയുടെ ചിത്രങ്ങൾ നമുക്കു ലഭിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും പരിണാത്മകങ്ങളായ ഭൂതകാലം ഇന്നത്തെ വിനാശാത്മകമായ കാലത്തിന്റെ പശ്ചാത്തലത്തിൽ എത്ര ഉജ്ജ്വലമായിരുന്നുവെന്നു നമ്മൾ മനസ്സിലാക്കുന്നു. ഇന്നത്തെ ജീവിതാവസ്ഥകളുടെ നേർക്കുള്ള പ്രതികരണങ്ങൾ ഗ്രഹിക്കുന്നു. ഗാന്ധിജിയുടെ വാക്കുകൾ കേട്ടാലും:

കോഴികൂവീടും മുൻപേ മൂന്നുരു തള്ളിപ്പറ-

ഞ്ഞാരെന്നെ, നറുക്കിട്ടതാരെന്റെയുടുപ്പിനായ്

അവരെൻ ഗ്രാമങ്ങളെ കുപ്പത്തൊട്ടികളാക്കി

പ്പണിതൂ മഹാനഗരങ്ങളാം പതാളങ്ങൾ

ഒരുനാളെൻ നെഞ്ചിലെക്കിളിയെ കൂരമ്പെയ്തോർ

നിണത്താൽ ചമയ്ക്കുകയാണിന്നു രാമായണം.

അവയവങ്ങളുടെയോ അവസ്ഥകളുടെയോ ആകത്തുകയല്ല മനുഷ്യൻ. അതിൽക്കവിഞ്ഞ എന്തോ ആണു്.

സമുദായത്തിന്റെ ജീർണ്ണതയെ വാക്കുകൾ കൊണ്ടു തീക്ഷ്ണതമമാക്കി അമൂർത്താവസ്ഥകളെ മൂർത്താവസ്ഥകളാക്കി സച്ചിദാനന്ദന്റെ കവിത വിരാജിക്കുന്നു. എന്റെ രാജ്യത്തിന്റെ ഈ ദുഃസ്ഥിതി മാറ്റാൻ ഈ കാവ്യമെന്നെ പ്രേരിപ്പിക്കുന്നു. ആ പ്രേരണ എനിക്കു ലഭിക്കുന്നതു് കലയിലൂടെയായതുകൊണ്ടു് ‘ഇതു പ്രചാരണം’ എന്നു പറയേണ്ടതായി വരുന്നില്ല. ഇതൊക്കെക്കൊണ്ടാണു് സച്ചിദാനന്ദനെ ഞാൻ ശക്തനായ കവി എന്നു വിശേഷിപ്പിച്ചതു്. പ്രസാദാത്മകതയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും സ്പന്ദനമുളവാക്കിക്കൊണ്ടു് കാവ്യം അവസാനിപ്പിക്കുന്നു കവി. സുനിയതമായ ജീവിതമാണു് രാജ്യത്തു് വ്യവസ്ഥയുണ്ടാക്കുന്നതു്; ക്രമമുണ്ടാക്കുന്നതു്. അടിച്ചേല്പിക്കുന്ന വ്യവസ്ഥയും ക്രമവും സുനിയതമായ ജീവിതം സൃഷ്ടിക്കില്ല. റഷ്യയിലും ഇന്ത്യയിലും ഇന്നു സുനിയതമായ ജീവിതമില്ല. ആ സത്യത്തിലേക്കു കൈചൂണ്ടുന്നു ഈ കാവ്യം.

അദ്ദേഹം മരിച്ചപ്പോൾ ഞാൻ ആ വീട്ടിൽച്ചെന്നു. മൃതദേഹത്തിനരികെ മകളിരിക്കുന്നു. സുന്ദരി. ചുവന്ന കല്ലുവച്ച കമ്മൽ. ചുവന്ന കല്ലുവച്ച മാലകൾ. ചുവന്ന കല്ലുകൾ വച്ച സ്വർണ്ണവളകൾ, ചുവന്ന ബ്ലൗസ്, ചുവന്ന സാരി, തലമുടി ചുവന്ന പട്ടുനാട കൊണ്ടു കെട്ടിയിരിക്കുന്നു. ആ യുവതിയുടെ മഹാദുഃഖം മോഹാലസ്യമുണ്ടാക്കുകയില്ലേ എന്നു ഞാൻ വിചാരിച്ചു പോയി. അങ്ങനെ ബോധം കെട്ടു വീണാൽ താഴെ തലയടിക്കാതിരിക്കാനായി ഒരു ചുവന്ന തലയിണ കൂടി വച്ചിട്ടുണ്ടോ എന്നു ഞാൻ നോക്കി. അതില്ല. വിപ്ലവത്തെക്കുറിച്ചു പാടുമ്പോഴും മധുരപദങ്ങൾ പ്രയോഗിക്കുന്ന നമ്മുടെ ഒരു കവി (മരിച്ചു പോയി അദ്ദേഹം) തൊഴിലാളികളോടു പ്രസംഗിക്കുമ്പോൾ മധുരപദങ്ങൾ പ്രയോഗിച്ചിരുന്നില്ല. എല്ലാം എപ്പോഴും മാർച്ച് ചെയ്യേണ്ടതില്ലല്ലോ.

ലഘുകരണം

ഇംഗ്ലീഷ് തത്ത്വചിന്തകൻ സി. ഇ. എം. ജോഡി ന്റെ (C. E. M. Joad, 1891–1953) Guide to the Philosophy of Morals and Politics എന്ന പുസ്തകത്തിൽ ഒരു ഹൗർഡിന്റെ (Howard) ഒരു പദ്യശകലം എടുത്തു ചേർത്തിട്ടുണ്ടു്. മനുഷ്യനെ നിർമ്മിക്കാൻ എന്തെല്ലാം വേണമെന്നു പറയുകയാണു് അതിൽ. പത്തു ഗാലൻ കൊള്ളുന്ന വീപ്പയിൽ നിറച്ചു വെള്ളം. ഏഴു ബാർ സോപ്പ് ഉണ്ടാക്കാനുള്ള കൊഴുപ്പു്, ഒൻപതിനായിരം പെൻസിൽ നിർമ്മിക്കാനുള്ള കാർബൺ, രണ്ടായിരത്തി ഇരുന്നൂറു തീപ്പെട്ടിക്കോലിനു വേണ്ടി ഫോസ്ഫെറസ്, ഒരിടത്തരം ആണിക്കു വേണ്ട ഇരുമ്പു്, ഒരു കോഴിക്കൂടു് വെള്ളയടിക്കാൻ വേണ്ട ചുണ്ണാമ്പു് ചെറിയ അളവിൽ മെഗ്നീഷ്യവും സൾഫറും ഇവ ശരിയായ അനുപാതത്തിൽ ചേർത്താൽ മനുഷ്യശരീരമായി എന്നാണു് ആ പദ്യത്തിൽ പറയുന്നതു് (Victor Gollancz Ltd., London, P. 251). ഇതു ശരീരം മാത്രമേ ആകുന്നുള്ളു എന്നാണു് അഭിപ്രായമെങ്കിൽ ജീവശാസ്ത്രകാരന്മാരെ സമീപിച്ചു് വർഗ്ഗം, ജീൻ ഇവയുടെയൊക്കെ ഘടന മനസ്സിലാക്കി ആ ശരീരത്തിനു മനസ്സു് നല്കിക്കൊള്ളു. പക്ഷേ, ഇതുകൊണ്ടൊന്നും മനുഷ്യൻ രൂപം കൊള്ളുന്നില്ല എന്നതാണു് സത്യം. അവയവങ്ങളുടെയോ അവസ്ഥകളുടെയോ ആകത്തുകയല്ല മനുഷ്യൻ. അതിൽക്കവിഞ്ഞ എന്തോ ആണു്. സാധാരണക്കാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ പോലും ഈ രീതിയിലാണു് എന്നതു് സംശയാതീതമായ വസ്തുതയത്രേ. ചില അനുഗൃഹീതർക്കു് ഈ സാധാരണത്വത്തിൽ നിന്നു് അതീതമായി ബോധമണ്ഡലത്തിന്റെ സമുന്നതാവസ്ഥ ലഭിക്കാറുണ്ടു്. ശ്രീരാമകൃഷ്ണ പരമഹംസൻ, രമണ മഹർഷി, ക്രിസ്തു, ബുദ്ധൻ ഇവർ ഈ സമുന്നതാവസ്ഥ പ്രാപിച്ചവരാണു്. ഇംഗ്ലീഷിൽ ഇതിനെ mystical experiences എന്നു വിളിക്കുന്നു. മാനസികാപഗ്രഥനത്തിന്റെ ഉദ്ഘോഷകനായ സുധീർ കാക്കർ തന്റെ “The Analyst and the Mystic” എന്ന പുസ്തകത്തിൽ (Viking, Rs 125) ശ്രീരാമകൃഷ്ണ പരമഹംസന്റെ ഈ യോഗാത്മകാനുഭവത്തെ സെക്സിനോടു ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചിരിക്കുന്നു. സ്വത്വത്തിൽ (Personality) പുരുഷാംശവും സ്ത്രൈണാംശവും ഉണ്ടെന്നും ശ്രീരാമകൃഷ്ണനിൽ ആ സ്ത്രൈണാംശത്തിനു് വികാസം സംഭവിച്ചുവെന്നും അതുതന്നെയാണു് അദ്ദേഹത്തിന്റെ മിസ്റ്റിസിസമെന്നും കാക്കർ വാദിക്കുന്നു. ആ യോഗിവര്യൻ ബാലനായിരിക്കുമ്പോൾ പെൺകുട്ടിയുടെ വേഷം കെട്ടി അവളുടെ അംഗവിക്ഷേപങ്ങളും മറ്റും അതുപോലെ അഭിനയിച്ചതാണു് ഈ സിദ്ധാന്തത്തിനു ബലം നല്കുന്ന തെളിവായി ഗ്രന്ഥകാരൻ കൊണ്ടു വരുന്നതു്.

പ്രകൃതിയിൽ നിന്നു സമ്പൂർണ്ണമായി മാറി പരമസത്യത്തിൽ ലയിക്കുന്നതിനു സഹായിക്കുന്ന യോഗാത്മകാനുഭവത്തെ സപ്രമാണതയില്ലാത്ത ചില മനഃശാസ്ത്രസിദ്ധാന്തങ്ങളിലൂടെ വീക്ഷിക്കുന്ന ഈ മാർഗ്ഗം രണ്ടാംതരം തെറ്റല്ല. ഒന്നാന്തരം തെറ്റാണു്. ഏതു സത്യത്തെയും ലഘൂകരിച്ചു ലഘൂകരിച്ചു് അസത്യമാക്കിത്തീർക്കാം. സുധീർ കാക്കർ ചെയ്യുന്നതു് അതാണു്. ഇത്തരം ഗ്രന്ഥങ്ങൾ അവ അർഹിക്കുന്ന അവജ്ഞയോടെ വലിച്ചെറിയപ്പെടേണ്ടവയാണു്. ഇപ്പുസ്തകത്തിൽ രണ്ടു പ്രബന്ധങ്ങൾകൂടിയുണ്ടു് (The Guru as Healer, Psychoanalysis and Religion Revisited). രണ്ടും മനഃശാസ്ത്രത്തിന്റെ സവിശേഷതയായ ‘റിഡക്ഷനിസ’ത്തിൽ ചെന്നു വീഴുന്നു. പരിമേയാവസ്ഥകളെ ലംഘിച്ചു് അപരിമേയാവസ്ഥകളിലേക്കു ചെല്ലുന്ന യോഗികളുടെ യോഗാത്മകാനുഭവങ്ങളെ ആരും നിഷേധിക്കുന്നില്ല. കാലഹരണപ്പെട്ട ഫ്രായിഡിയൻ സിദ്ധാന്തങ്ങൾ കൊണ്ടു് അവയെ നോക്കിയിട്ടെന്തു പ്രയോജനം?

“സാഹിത്യസാഹ്യ”വും

കാവ്യരചനയിൽ അത്യുക്തിയാകാം. എന്നാൽ നിരൂപണ പ്രബന്ധരചനയിൽ അത്യുക്തി വരാൻ പാടില്ല; വന്നാൽ സത്യം അസത്യമാകും.

മഴക്കാലമാണു് ഇപ്പോൾ. മഴ കുറച്ചുനേരത്തേക്കു പെയ്യാതിരുന്നപ്പോൾ ഞാൻ റോഡിലേക്കിറങ്ങി അതിനു താഴെയുള്ള ജലാശയത്തിലേക്കു നോക്കിനിന്നു. ചൊറിത്തവളകളും വാൽ മാക്രികളും കലങ്ങിയ വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാടുന്നു. എത്രനേരം അക്കാഴ്ച കണ്ടുകൊണ്ടു നില്ക്കാനാവും? വൈരസ്യത്തോടെ ഞാൻ വീട്ടിലേക്കു തിരിച്ചുപോന്നു. കുങ്കുമം വാരികയെടുത്തു് പ്രഫെസർ ടോണി മാത്യു വിന്റെ “ചങ്ങമ്പുഴ കിന്നരനും കിരാതനും” എന്ന ലേഖനം വായിച്ചു. ആ പ്രബന്ധം കലങ്ങിയ ജലാശയമാണെന്നും അതിലെ ഓരോ വാക്യവും ചൊറിത്തവളയാണെന്നും എനിക്കു തോന്നി. ജലാശയത്തിലെ ചൊറിത്തവളകൾക്കു് അന്യോന്യബന്ധമില്ല. അവ തോന്നിയതു പോലെ ചാടുന്നു അതുതന്നെയല്ലേ ഈ ലേഖനത്തിലുമുള്ളതു്. “കൈരളിയുടെ ഹർഷാശ്രുവും ദുഃഖാശ്രുവുമാണു് ചങ്ങമ്പുഴകവിതകൾ” എന്നു് ആദ്യത്തെ വാക്യം. ചങ്ങമ്പുഴ കൃഷ്ണപിള്ള യുടെ ചില കാവ്യങ്ങൾ വായനക്കാരെ ആഹ്ലാദിപ്പിക്കുന്നു. വേറെ ചില കാവ്യങ്ങൾ ദുഃഖിപ്പിക്കുന്നു എന്ന ആശയത്തെ അലങ്കാരപ്രയോഗത്തിലൂടെ സ്ഫുടീകരിക്കുകയാണു് പ്രബന്ധകർത്താവെന്നു മനസ്സിലാക്കിക്കൊണ്ടു് അടുത്ത വാക്യത്തിലേക്കു ഞാൻ പോയി. “ജീവിച്ചിരിക്കെത്തന്നെ ഒരിതിഹാസ പുരുഷനായിത്തീർന്ന ആ ഗന്ധർവ്വകവി അഭിനന്ദനങ്ങളും അഭിശാപങ്ങളും ഏറ്റുവാങ്ങി” എന്നതാണു് ആ രണ്ടാമത്തെ വാക്യം. ഇതു് ആദ്യത്തെ വാക്യത്തോടു് സമന്വയം പുലർത്തുന്നതല്ല. ശൈലിക്കു മറ്റെന്തു ദോഷമുണ്ടെങ്കിലും സമന്വയം എന്ന ഗുണം ഉണ്ടായിരിക്കണം. ആദ്യത്തെ വാക്യം രണ്ടാമത്തെ വാക്യത്തിലേക്കു് ഒഴുകിച്ചെല്ലണം. പ്രഫെസറുടെ ഈ രണ്ടു വാക്യങ്ങൾക്കും തമ്മിൽ ബന്ധമില്ല. വെള്ളക്കെട്ടിലെ ചൊറിത്തവളകൾ ഓരോ സ്ഥലത്തേക്കും ചാടിയപോലെ ഈ വാക്യമണ്ഡുകങ്ങളും തോന്നിയ സ്ഥലത്തേക്കു ചാടുന്നു. ഈ പ്രബന്ധമാകെ ഇമ്മട്ടിൽ ബന്ധശൂന്യമായ രീതിയിലാണു് പ്രഫ്രെസർ എഴുതിയിരിക്കുന്നതു്. അതിനാൽ ഇതിനു് ‘സ്ക്കൂൾ ബോയ് കോമ്പൊസിഷ’ന്റെ വില പോലുമില്ല.

കാവ്യരചനയിൽ അത്യുക്തിയാകാം. എന്നാൽ നിരൂപണ പ്രബന്ധരചനയിൽ അത്യുക്തി വരാൻ പാടില്ല. വന്നാൽ സത്യം അസത്യമാകും. അഞ്ഞൂറാളുകൾ കൂടിയ ഒരു സമ്മേളനത്തിൽ പ്രഭാഷണം നിർവഹിക്കാനെത്തിയ മത്തായി മാഞ്ഞുരാൻ “ഈ മനുഷ്യമഹാസമുദ്രത്തെ കാണുമ്പോൾ” എന്നു പറഞ്ഞുകൊണ്ടാണു് അതാരംഭിച്ചതു്. പ്രഭാഷകൻ അസത്യം പറഞ്ഞുവെന്നു് അവിടെയുണ്ടായിരുന്ന ഞാൻ വിചാരിച്ചു. മറ്റുള്ളവരും അങ്ങനെ തന്നെ വിചാരിച്ചിരിക്കും. അതിശയോക്തിയിലാണു് പ്രഫെസർക്കു തല്പരത്വം. ചങ്ങമ്പുഴ നല്ല കവിയാണു്; അദ്ദേഹം ഇതിഹാസപുരുഷനല്ല. ആന്തരസംഗീതത്താൽ അനുവാചകനു് ശ്രവണസുഖം നല്കിയിരുന്നു ചങ്ങമ്പുഴയുടെ കാവ്യങ്ങൾ. അതല്ലാതെ അദ്ദേഹം ഗന്ധർവ്വനായി പാട്ടുപാടിയില്ല. ഇതിഹാസ പുരുഷനെന്നും ഗന്ധർവ്വകവിയെന്നും ചങ്ങമ്പുഴയെ വിശേഷിപ്പിക്കുന്ന പ്രബന്ധകാരൻ അസത്യ പ്രസ്താവം നിർവഹിക്കുകയാണു്. എന്നാൽ “ഏതോ പെരിയൊരു ശാപം പറ്റിച്ചേതോഹരനാം ഗന്ധർവ്വൻ” എന്നു തുടങ്ങുന്ന ചങ്ങമ്പുഴയെക്കുറിച്ചുള്ള കാവ്യത്തിലെ അത്യുക്തി ദോഷമല്ല ആ അത്യുക്തി കലയുടെ സത്യത്തിലേക്കു് അനുവാചകനെ കൊണ്ടുചെല്ലും. നിരൂപണത്തിൽ അത്യുക്തി പാടില്ല.

പ്രഫെസറുടെ ചില പ്രയോഗങ്ങൾ സാധുക്കളല്ല. ഒരുദാഹരണം: “മദ്യപാനി”. മദ്യപൻ എന്നേ പ്രഫെസർ എഴുതാവൂ. മദ്യപാനിയെന്നു പറഞ്ഞാൽ മദ്യം വച്ചിരിക്കുന്ന പാത്രമെന്നേ അർത്ഥം വരൂ. നിരൂപണവും വിമർശവുമെഴുതാൻ തുടങ്ങുന്നതിനു മുൻപു് എഴുത്തുകാർ രാജരാജവർമ്മ യുടെ “സാഹിത്യസാഹ്യ ”വും കുട്ടിക്കൃഷ്ണമാരാരു ടെ “മലയാളശൈലി”യും മനസ്സിരുത്തി പഠിക്കേണ്ടതാണു്.

ഏ. ഡി രണ്ടാം ശതാബ്ദത്തിലെ ഒരു സാതവാഹനരാജാവു് മഹാരാഷ്ട്രയിലെ പ്രാകൃത ഭാഷയിൽ രചിച്ച “ഗാഥാസപ്തശതീ” പ്രഖ്യാതമാണു്. അതിൽനിന്നു് 207 പദ്യങ്ങൾ അരവിന്ദ് കൃഷ്ണ മെഹ്റോത്ര ഇംഗ്ലീഷിലേക്കു തർജ്ജമചെയ്തു് “The Absent Traveller” എന്ന പേരിൽ പ്രസാധനം ചെയ്തിരിക്കുന്നു (Ravi Dayal Publisher, Delhi Rs. 80). ഓരോ കൊച്ചുകാവ്യവും മനോഹരമാണു് പതിനൊന്നാമത്തേതു് നോക്കുക:

“The remorseful husband

Fallen at her feet

Then little boy

Climbs onto his back

And the Sullen wife

Laughing”.

ഈ സമാഹാര ഗ്രന്ഥത്തിനു് ഷിക്കാഗോ സർവകലാശാലയിലെ മാർത ആൻ സെൽബി എഴുതിയ പ്രബന്ധത്തിൽ തർജ്ജമക്കാരൻ വിട്ടുകളഞ്ഞ ചില കാവ്യശകലങ്ങൾ തർജ്ജമ ചെയ്തു ചേർത്തിട്ടുണ്ടു്. അവയിൽ ഒന്നു്:

“Look,

a still quiet crane

glistens on a lotus leaf

like a conch shell lying

on a flawless emerald plate”.

“കാവ്യപ്രകാശ”ത്തിൽ ഇതു ധ്വനിക്കു് ഉദാഹരണമായി കൊടുത്തിട്ടുണ്ടെന്നു് മാർത ചൂണ്ടിക്കാണിക്കുന്നു. “ധ്വന്യാലോക”ത്തിലും സാതവാഹനരാജാവിന്റെ കൊച്ചുകാവ്യങ്ങൾ എടുത്തുചേർത്തിട്ടുണ്ടെന്നും മാർത പറയുന്നു. മനോഹരമായ കവിത; വിദ്വജ്ജനോചിതമായ പ്രബന്ധം.

കാക്കനാടന്റെ ഭാവഗീതം

“നിങ്ങളൊഴിച്ചു മറ്റാരെങ്കിലും പറയാനിടയുള്ളതു് പറയരുതു്; നിങ്ങളൊഴിച്ചു് മറ്റാരെങ്കിലും ചെയ്യാനിടയുള്ളതു് ചെയ്യരുതു്; മറ്റൊരിടത്തുമില്ലാത്തതു് നിങ്ങളിൽ മാത്രം ഉണ്ടായിരിക്കുമ്പോൾ അതിൽ മാത്രം തല്പരനായിരിക്കു. ക്ഷമയോടോ അക്ഷമയോടോ നിങ്ങളിൽ നിന്നു് അന്യാദൃശമായ സത്തയെ രൂപവത്കരിക്കു”. (ആങ്ദ്രേ ഷീദ് Fruits of the Earth). ഈ രൂപവത്കരണത്തിനു് അന്വേഷണം കൂടിയേ തീരൂ. അങ്ങനെ അന്വേഷണത്തിൽ വിലയം കൊണ്ട ഒരാളിന്റെ പ്രയത്നത്തെ കലാഭംഗിയോടെ ആവിഷ്കരിക്കുന്ന ചെറുകഥയാണു് കാക്കനാടന്റെ “ഉച്ചതിരിഞ്ഞു് എന്തോ തിരഞ്ഞു്” എന്നതു് (കലാകൗമുദി). അയാൾക്കു വൈഷയികവും ക്ഷോഭജനകവുമായ ഭൂതകാലമുണ്ടു്. വൈഷയികത്വം സുന്ദരിയായ പൗർണ്ണമി എന്ന യുവതിയോടു ബന്ധപ്പെട്ടിരിക്കുന്നു. വിമാനത്തിൽ വച്ചു പരിചയപ്പെട്ട അവളോടു കൂടി അയാൾ മൂന്നു ദിവസം കഴിഞ്ഞു. പിന്നീടു് അവളെ കാണുന്നതു് അവളുടെ ഭർത്താവിനോടൊരുമിച്ചു്; അവളുടെ കുട്ടിയോടൊരുമിച്ചു്; അവളുടെ കുട്ടിയോടൊരുമിച്ചു് ആദ്യത്തെ പരിചയം രതിയുടെ സാന്ദ്രത കലർന്നതു് രണ്ടാമത്തെ കൂടിക്കാഴ്ച പശ്ചാത്താപവും വാത്സല്യവും ഉളവാക്കുന്നു. അവളെ കൈവിട്ടു കളഞ്ഞതിലുള്ള താപം. അവളുടെ കുഞ്ഞിനോടുള്ള വാത്സല്യം. എല്ലാം കിനാവുകൾ പോലെ ക്ഷോഭജനകത്വം. അയാൾ ഒരു കൊലപാതകത്തിനു സാക്ഷിയായി എന്നതാണു്. താൻ സാക്ഷിയാണു് എന്നു അയാൾ പറഞ്ഞിരുന്നെങ്കിൽ കൊലപാതകം ചെയ്തവൻ രക്ഷപ്പെടുമായിരുന്നു. അയാളെ കാരാഗൃഹത്തിൽച്ചെന്നു് കണ്ടതും കിനാവു്. ഇങ്ങനെ എത്രയെത്ര കിനാവുകൾ അന്തരീക്ഷത്തിൽ പൂർണ്ണചന്ദ്രൻ പ്രകാശിക്കുമ്പോൾ അയാൾ പൗർണ്ണമി എന്ന സുന്ദരിയെ സ്മരിച്ചതും കിനാവു പോലെ തന്നെ ഇവിടെയെല്ലാം ശാരീരികാവസ്ഥയേ കാണാനുള്ളു. ഇവയൊക്കെ പോയി മറയുമ്പോൾ ആത്മതയെ തേടുന്ന ആധ്യാത്മികാവസ്ഥ സംജാതമാകുന്നു. എനിക്കോർമ്മ വരുന്നതു ബൈബിളിലെ ഉജ്ജ്വലങ്ങളായ ചില വാക്യങ്ങളാണു്.

“The first man, Adam, was created a living being, but the last Adam is the life-giving spirit. It is not the spiritual that comes first, but the physical and then the spiritual. The first Adam, made of earth came from the earth; the second Adam came from heaven”. (1. Corinthians 15; 45–48. Good News Bible, N. T., P. 220.)

കാക്കനാടന്റെ കഥാപാത്രം ഭൂമിയിൽ നിന്നു വന്നവനാണു്. സ്വർഗ്ഗത്തു നിന്നു വരാനുള്ള അവന്റെ യത്നമാണു് ഇക്കഥയിൽ ഭാവിഗീതം പോലെ മനോഹരമാണു് ഈ ചെറുകഥ.

സൗന്ദര്യം

കദനമൊരുരൂപമെടുത്തപോലങ്ങനെ

കതകിനുടെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ

കരളുമ്മ പാര തരർക്കുമാറങ്ങനെ

സരളയുടെ നില്പു മറക്കുവതെങ്ങനെ?

(ഇടപ്പള്ളി രാഘവൻപിള്ള ‘പിരിഞ്ഞപ്പോൾ’)

സ്ത്രീകൾ തലമുടി കഴുത്തോളം വച്ചു മുറിച്ചുകളയുകയും പുരുഷന്മാർ അതു കഴിയുന്നിടത്തോളം നീട്ടി വളർത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തിൽ നിന്നു പുരുഷത്വത്തിലേക്കു ചെല്ലാൻ കൊതിയുള്ളവരാണു് തലമുടി മുറിക്കുന്നതു്. പുരുഷത്വത്തിൽ നിന്നു സ്ത്രീത്വത്തിലേക്കു പോകാൻ അഭിലഷിക്കുന്നവരാണു് തലമുടി വളർത്തുന്നതു്.

വിശ്വവശ്യമാണു് സ്ത്രീസൗന്ദര്യം. ആ സൗന്ദര്യം കൂടുതൽ വശ്യമാകുന്നതു് സ്ത്രീ കോപനയായി നില്ക്കുമ്പോഴാണു്. ചിലർ ദുഃഖിച്ചു നില്ക്കുമ്പോഴും. ഈ കാവ്യത്തിലെ കാമുകിയുടെ ദുഃഖം കണ്ടു് കാമുകൻ കരളു തകർന്നു നിന്നെങ്കിലും അവളുടെ വിഷാദത്തിന്റെ ഫലമായി സൗന്ദര്യത്തിന്റെ അതിപ്രസരം അയാളെ ആഹ്ലാദിപ്പിച്ചിരിക്കും.

ഒറ്റയായിട കുരുങ്ങിവാച്ച തൻ

കുറ്റവാർ കുഴലു തൽ പദങ്ങളിൽ

ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ

മുറ്റുമോർത്തു കൃതകൃത്യയെന്നവൾ

(കുമാരനാശാൻ—നളിനി)

സ്ത്രീയുടെ നീണ്ട തലമുടി പുരുഷനെ എന്തെന്നില്ലാത്ത വിധം ആകർഷിക്കും. കെട്ടിവച്ച തലമുടി അഴിഞ്ഞുലഞ്ഞു് തരംഗപരമ്പരകൾ ഉളവാക്കിക്കൊണ്ടു വീഴുമ്പോൾ പുരുഷനു് ആഹ്ലാദമുണ്ടാകുമെന്നതിനു തെളിവു നല്കുന്നു ജി. ശങ്കരക്കുറുപ്പി ന്റെ “ആ സന്ധ്യ” എന്ന കാവ്യം

“പാതിയുമെൻ പേർ തുന്നിത്തീർന്ന

പട്ടുറുമാലു പായയിൽ കിടക്കൂ-

വതെടുക്കാൻ കുനിയവേ ആതിഥേയിതൻ

തിടുക്കത്തിനാൽ നീലക്കരിഞ്ചായൽ

കെട്ടഴിഞ്ഞൂർന്നിട്ടൊഴുകീ തോളിൽക്കൂടി”

എന്ന വരികൾ നോക്കുക. കാമുകനു് അപ്പോൾ ഒരു തരത്തിലുള്ള ഉത്തേജനം ഉണ്ടായിരിക്കും. പക്ഷേ, ഇന്നു സങ്കല്പങ്ങൾ മാറിപ്പോയിരിക്കുന്നു. സ്ത്രീകൾ തലമുടി കഴുത്തോളം വച്ചു മുറിച്ചു കളയുകയും പുരുഷന്മാർ അതു കഴിയുന്നിടത്തോളം നീട്ടി വളർത്തുകയും ചെയ്യുന്നു. സ്ത്രീത്വത്തിൽ നിന്നു പുരുഷത്വത്തിലേക്കു ചെല്ലാൻ കൊതിയുള്ളവരാണു് തലമുടി മുറിക്കുന്നതു്. പുരുഷത്വത്തിൽ നിന്നു സ്ത്രീത്വത്തിലേക്കു പോകാൻ അഭിലഷിക്കുന്നവരാണു് തലമുടി വളർത്തുന്നതു് പുരുഷന്റെ ഈ പ്രവൃത്തിക്കു ബൈബിളിന്റെ അംഗീകാരമില്ല. “Why, nature itself teaches you that long hair on a man is a disgrace, but on a woman it is a thing of beauty” (1. Corinthians 11–14). സ്ത്രീകൾ തലമുടി മുറിക്കുന്നതിനും ബൈബിൾ എതിരാണു്. “…It is a shameful thing for a woman to shave her head or cut her hair,” (1. Corinthians 11:6, Good News Bible, P. 215 N. T.). നളിനി കൃതകൃത്യയായതു് ലൈംഗികത്വത്തോടു ബന്ധപ്പെട്ടിട്ടില്ല എന്നു പറയാൻ വയ്യ.

Look,

coral and emeralds mixed

fall from heaven

like a necklace unstrung

from the throat of the sky goddess

a line of parrots.

(ഗാഥാസപ്തശതീ 75)

ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണു് ഇപ്പോൾ. നല്ല മനുഷ്യനും നല്ല കലാകാരനുമായ അദ്ദേഹം ട്രാജഡികൾ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണു്. ആ ജീവിതത്തിൽ കല്ലെടുത്തെറിഞ്ഞു് അതിനെ ക്ഷോഭപൂർണ്ണമാക്കുന്നതു മനുഷ്യത്വമല്ല.

മാർത എഴുതിയ ഉത്തരോപാഖ്യാനത്തിൽ നിന്നാണു് ഇതു്, അരവിന്ദ് കൃഷ്ണയുടെ തർജ്ജമയിൽ ഈ കാവ്യശകലം വിട്ടുകളഞ്ഞിരിക്കുകയാണു്. തത്തകൾ അന്തരീക്ഷത്തിൽ നിന്നു വൃക്ഷങ്ങളിലേക്കും വൃക്ഷങ്ങളിൽ നിന്നു താഴത്തേക്കും പറന്നു വീഴുന്നതിന്റെ ചിത്രമാണു് ഇതിൽ അന്തരീക്ഷ ദേവതയുടെ ഗളനാളത്തിൽ നിന്നു് മാല പൊട്ടി പവിഴവും മരതകവും ചിതറുന്ന പോലെ ആ രത്നങ്ങളുടെ നിറമാർന്ന തത്തകൾ താഴോട്ടു പതിക്കുന്നുവെന്നു വാച്യമായ അർത്ഥം. ഇതു ധ്വനിപ്രധാനമാണെന്നാണു മാർതയുടെ പക്ഷം. മാല പൊട്ടുന്നതു കന്യകാത്വത്തിന്റെ തകർച്ചയെ കാണിക്കുന്നു. തത്തകളെക്കുറിച്ചുള്ള പ്രസ്താവം തന്നെ ലൈംഗിക വേഴ്ചയെ സൂചിപ്പിക്കാനാണത്രേ. വൃക്ഷങ്ങളിൽ നിന്നു തത്തകൾ വന്നു വീഴുന്ന സ്ഥലത്തുവച്ചാണു് വേഴ്ച.

ചോദ്യം, ഉത്തരം

ചോദ്യം:ഇടശ്ശേരി യുടെ കവിതയെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?”

ഉത്തരം: “എന്തു പറയാൻ അദ്ദേഹത്തിന്റെ രീതിയിൽ നല്ല കവി. പക്ഷേ, ഇംഗ്ലീഷിൽ lyrical spirit എന്നു പറയുന്ന അംശം അദ്ദേഹത്തിന്റെ കവിതയിൽ കുറവാണു് ”.

ചോദ്യം: “നിങ്ങൾ കണ്ട നല്ല കാരിക്കേച്ചർ ഏതാണു് ?”

ഉത്തരം: “ഹാസ്യചിത്രത്തെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നതു? എന്നാൽ പറയാം. അഹങ്കാരമുള്ള സ്ത്രീയാണു് ഏറ്റവും നല്ല കാരിക്കേച്ചർ”.

ചോദ്യം: “ഏറ്റവും പേടിക്കേണ്ടതു് ആരെ?”

ഉത്തരം: “ഡബ്ൾ റോൾ കാണിക്കുന്നവരെ, അവരെ ക്രുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കേണം”.

ചോദ്യം: “കുടുംബജീവിതം സുഖകരമായിരിക്കണമെങ്കിൽ എന്തു ചെയ്യണം?”

ഉത്തരം: “ആരും അന്യുനാവസ്ഥയിൽ എത്തിയവരല്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭാര്യയെ കുറ്റപ്പെടുത്തരുതു് ഭർത്താവു്. ഭർത്താവിനെ ഭാര്യയും കുറ്റപ്പെടുത്തരുതു്. മറ്റു മാർഗ്ഗമൊന്നുമില്ലാതെ വന്നാൽ രണ്ടുപേർക്കും വിമർശനമാകാം”.

ചോദ്യം: “ഞാൻ കുഴിക്കു കാലും നീട്ടിയിരിക്കുന്നവനാണു് എന്റെ ദുഃഖത്തിനു കാരണം പറയാമോ?”

ഉത്തരം: “ജീവിതത്തിൽ എല്ലാം തെറ്റായി ചെയ്തു പോയല്ലോ എന്ന ദുഃഖമാണു് നിങ്ങളുടേതു്”.

ചോദ്യം: “ചില അമ്മമാർ മക്കളെ അവഗണിക്കുന്നതു് എന്തുകൊണ്ടു്?”

ഉത്തരം: “കുഞ്ഞു് ഇപ്പോൾ വേണ്ട എന്നു കരുതിയിരിക്കുമ്പോൾ കുഞ്ഞുണ്ടായാൽ അവനെ അമ്മ ജീവിതകാലമത്രയും അവഗണിക്കും”.

ചോദ്യം: “ഏതു സ്ത്രീയാണു് വലിയ ദുഃഖമനുഭവിക്കുന്നതു?

ഉത്തരം: “അടുക്കളയിൽ കിടന്നു നരകിക്കുന്ന സ്ത്രീ. അവർക്കു് ഒരു പ്രതിഫലവും കിട്ടുന്നില്ല, ഭർത്താവിന്റെ കോപവും ശകാരവുമൊഴിച്ചു്”.

ചോദ്യം: “ചില സ്ത്രീകളെ പുരുഷന്മാർ അവഗണിക്കുന്നതു ശരിയോ?”

ഉത്തരം: “അല്ല. പക്ഷേ, റോസാപ്പൂവിനെ ഇഷ്ടപ്പെടുന്നതു പോലെ തൊട്ടാവാടിപ്പൂവിനെ ഇഷ്ടപ്പെടാൻ കഴിയുമോ?”

ചോദ്യം: “ഇംഗ്ലീഷിലെ charm, beauty ഇവയ്ക്കു തമ്മിൽ എന്താണു വ്യത്യാസം സാറേ?”

ഉത്തരം: “പുരുഷന്മാരെ ആകർഷിക്കാൻ സ്ത്രീക്കുള്ള ശക്തിയാണു് charm. അവൾക്കു സൗന്ദര്യം വേണമെന്നില്ല. സൗന്ദര്യമുള്ളവർക്കു charm പലപ്പോഴും കാണുകില്ല. അങ്ങനെയുള്ള സുന്ദരിമാരെക്കണ്ടാൽ പുരുഷന്മാർ വികാരരഹിതരായി നടന്നുപോകും”.

ചോദ്യം: “നിങ്ങൾ അടുത്ത ജന്മത്തിൽ പിച്ചിച്ചെടിയായാൽ, സ്ത്രീയായാൽ, ഉദ്യോഗസ്ഥയായാൽ, ആനയായാൽ എന്തൊക്കെച്ചെയ്യും?”

ഉത്തരം: “പിച്ചിച്ചെടിയായാൽ പൂവിന്റെ പരിമളം പ്രസരിപ്പിക്കും. സ്ത്രീയായാൽ ഉപകാരം ചെയ്ത പുരുഷനെക്കണ്ടാൽ ചക്രവാളത്തിൽ ദൃഷ്ടികളൂന്നി അയാളെ അറിയുന്നില്ലെന്ന മട്ടിൽ നടന്നു പോകും. ഉദ്യോഗസ്ഥയായാൽ അഹങ്കരിക്കും. ആനയായാൽ പാതയിലൂടെ പോകുന്ന ആരെയും കടക്കണ്ണിട്ടു നോക്കി പേടിപ്പിക്കും”.

ചുമയെ പിടിക്കരുത്

ഒരു ചുമ ചുമച്ചാൽ അതങ്ങു പോകട്ടെയെന്നു കരുതണം. അല്പദൂരം നടന്നിട്ടു് എവിടെവച്ചു ചുമച്ചുവോ അവിടെ ഓടിയെത്തി ‘എന്റെ ചുമേ നീ എവിടെ’ എന്നു ചോദിച്ചു് അതിനെ കയറിപ്പിടിക്കാൻ ശ്രമിക്കരുതു്. കയറിപ്പിടിച്ചു് വീണ്ടും വായ്ക്കകത്തു് ആക്കിയാൽ വീണ്ടും ചുമയ്ക്കും. അതു ചുമയ്ക്കുന്നവനു് ക്ഷീണമുണ്ടാക്കും. കേട്ടുനില്ക്കുന്നവനു് വൈഷമ്യമുണ്ടാക്കും. ചിലപ്പോൾ ചുമയോടൊരുമിച്ചു വരുന്ന ലാലാജലം മുൻപിൽ നില്ക്കുന്നവന്റെ മുഖത്തു വീണെന്നും വരും.

ശ്രീ. പ്രഭാകരൻ പഴശ്ശി ചേതോഹരമായി പ്രസാധനം ചെയ്ത ‘സംസ്കാര കേരളം’ ത്രൈമാസികത്തിൽ ഡോക്ടർ ജോർജ്ജ് ഇരുമ്പയം എഴുതിയ “വിക്ടോറിയയും ബാല്യകാലസഖി”യും എന്ന ലേഖനം ചുമച്ചുവിട്ട ചുമയെ അനേകം കിലോമീറ്റർ പിറകോട്ടു് ഓടിച്ചെന്നു പിടിച്ചെടുത്തു് വായ്ക്കകത്തു് ആക്കലാണു്. തൊണ്ടയിൽ ഇരിക്കാൻ കൂട്ടാക്കാത്ത ചുമയുടെ വീണ്ടുമുള്ള നിർഗ്ഗമിക്കലുമാണതു്. എടുത്തു പറയേണ്ടതു് ഇതു വേറൊരാളിന്റെ ചുമയാണു് എന്നതത്രേ. ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണു് ഇപ്പോൾ. നല്ല മനുഷ്യനും നല്ല കലാകാരനുമായ അദ്ദേഹം ട്രാജഡികൾ തരണം ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണു്. ആ ജീവിതത്തിൽ കല്ലെടുത്തെറിഞ്ഞു് അതിനെ ക്ഷോഭപൂർണ്ണമാക്കുന്നതു മനുഷ്യത്വമല്ല. പഴയ കാര്യങ്ങൾ വീണ്ടും പറഞ്ഞും അദ്ദേഹത്തോടു അവയെക്കുറിച്ചു നേരിട്ടു ചോദിച്ചു മറുപടി വാങ്ങിയും വിവാദങ്ങൾ വീണ്ടും ഉളവാക്കുന്നതു് രചയിതാക്കളുടെയും ചോദ്യകർത്താക്കളുടെയും സാഡിസത്തെയാണു് കാണിക്കുക. ചിലർ സഹായിക്കുന്നുവെന്നു ഭാവിച്ചു് നമ്മളെ വേദനിപ്പിക്കാറുണ്ടല്ലോ. അതുതന്നെയാണു് ജോർജ്ജ് ഇരുമ്പയത്തിന്റെ ലേഖനത്തിലും ഞാൻ കാണുന്നതു്. ബഷീറിന്റെ മനസ്സിൽ ഒരു നേരിയ പോറൽ പോലുമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു് മൗനം അവലംബിക്കട്ടെ.

നൂട്ടു് ഹാംസനെന്നല്ല, ക്നൂട്ട് ഹാംസൂൺ എന്നാണു് “വിക്ടോറിയ” എഴുതിയ ആളിന്റെ പേരു്.

റയീസ ഗർബച്ചോഫി ന്റെ “I hope” എന്ന പുസ്തകത്തിൽ മനുഷ്യൻ നിർമ്മിച്ച അത്ഭുതങ്ങളിൽ അത്ഭുതം ഗ്രന്ഥങ്ങളാണെന്നു പറഞ്ഞിരിക്കുന്നു (I also realized in childhood the importance of books, that miracle of miracles created by humanity. P. 22). ഈ മഹാത്ഭുതങ്ങൾക്കാണു് വിലക്കു കല്പിച്ചിരിക്കുന്നതു് കേന്ദ്ര സർക്കാർ. എന്തൊരു കാട്ടാളത്തം!

അമാന്യമായ ജേണലിസം

പാൽപ്പായസത്തിന്റെ തുള്ളിയുണ്ടോ എന്നറിയാൻ കപ്പെടുത്തു പരിശോധിക്കുന്നവൻ വൃത്തികെട്ടവനാണു്. പുസ്തകം ആവോളം ആസ്വദിച്ചിട്ടു് വീണ്ടും പുറങ്ങൾ മറിക്കുന്നവൻ സഹൃദയനാണു്.

ഫ്രന്റ് ലൈൻ മാസികയിൽ ശ്രീ. രാജീവ് ഗാന്ധി അർദ്ധനഗ്നനായി മരിച്ചു കിടക്കുന്നതിന്റെ ചിത്രം വർണ്ണോജ്ജ്വലമായി അച്ചടിച്ചതു് മാന്യമായ ജേണലിസമല്ല, അമാന്യമായ ജേണലിസത്തിന്റെ ഫലമാണു് അതു്. ഈ ചിത്രം തന്നെയല്ലേ പല പത്രങ്ങളിലും വന്നതു് എന്ന ചോദ്യമുണ്ടാകാം. അതു സത്യമാണെങ്കിലും ഒരു പടത്തിലും മാന്യനായ രാജീവിന്റെ നഗ്നത കാണിച്ചിരുന്നില്ല. ഫ്രന്റ് ലൈനിലെ പടം അങ്ങനെയല്ല. സകല സാന്മാർഗ്ഗിക ചിന്തകളെയും നിരാകരിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ നഗ്നത കാണുമാറു് ചിത്രം അച്ചടിച്ചിരിക്കുന്നു, മാസികയുടെ അധികാരികൾ.

images/Kant.jpg
കാന്റ്

സഹജാവബോധം കൊണ്ടാണു് കൊച്ചുകുട്ടി പോലും ഇന്നതു് സാന്മാർഗ്ഗികം, ഇന്നതു് അസാന്മാർഗ്ഗികം എന്നു നിർണ്ണയിക്കുന്നതു് ആ നിർണ്ണയത്തിലെത്തിയയാൾ ആശയമോ ചിത്രമോ സംഭവമോ സാന്മാർഗ്ഗികമാണെങ്കിൽ അതു് പ്രകാശിപ്പിക്കും. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ ചിത്രം കൈയിലെടുക്കുന്ന ആർക്കും അതിന്റെ പ്രകാശനം അസാന്മാർഗ്ഗികമാണെന്നു തോന്നാതിരിക്കില്ല. ഈ തോന്നലിനു് ആസ്പദം മുമ്പു് പറഞ്ഞ സഹജാവബോധമാണു് അല്ലെങ്കിൽ മനസ്സാക്ഷിയാണു്. ആ മനസ്സാക്ഷി നമ്മുടെ പത്രപ്രവർത്തനത്തിൽ നിന്നു് തിരോധാനം ചെയ്തിട്ടു കാലമേറെയായി എന്നറിയാതെയല്ല ഞാനിതു് എഴുതുന്നതു്. ഒന്നിനും മര്യാദയില്ലാത്ത കാലം എങ്കിലും ഇത്രത്തോളമാകാമോ?

മാസിക തുറന്നാലുടനെ പ്രതിഷേധാർഹമായ ഈ ചിത്രം വലിപ്പത്തിൽ അച്ചടിച്ചിരിക്കുന്നതു കാണാം. അതുകൊണ്ടും തൃപ്തിയടയാതെ വേറൊരിടത്തു് അതുതന്നെ ചെറുതായും അച്ചടിച്ചിരിക്കുന്നു. എന്തേ അവിടെ നിറുത്തിക്കളഞ്ഞതു? അതിന്റെയും സൂക്ഷ്മാകാരചിത്രമാകാമായിരുന്നല്ലോ. ആ സൂക്ഷ്മാകാരത്തിന്റെയും സൂക്ഷ്മാകാരമാകാമായിരുന്നു. അങ്ങനെ ‘ഇൻഫിനിറ്റി’വരെ ചെല്ലാം. ഒരു പൊട്ടു പോലെ ചിത്രം അവസാനത്തെ പുറത്തിൽ അച്ചടിച്ചാൽ താല്പര്യമുള്ളവർ മൈക്രോ സ്കോപ്പിന്റെ താഴെ അതു വച്ചു നോക്കി രസിച്ചുകൊള്ളും.

ആശയമെന്നതു സ്വർണ്ണക്കൂമ്പാരമാണു്. ഓരോ വ്യക്തിയോടും സംസാരിക്കുമ്പോൾ അതിൽ നിന്നു് ഓരോ അംശമെടുത്തു് അയാൾക്കു് നൽകുകയാണു്. തുടർച്ചയായി സംസാരിച്ചാൽ സ്വർണ്ണം മുഴുവനും മറ്റുള്ളവർ കൊണ്ടു പോകും.

മനുഷ്യർക്കു് ഈ ലോകത്തു് അല്ലലില്ലാതെ ജീവിക്കണമെങ്കിൽ, ശാന്തി കൈവരണമെങ്കിൽ അന്യനെ കൊല്ലാൻ പാടില്ല. അതിനാൽ വധം പാപമെന്ന അഭിപ്രായമുണ്ടായി. അപരാധമൊന്നും ചെയ്യാത്ത ആളിനെ കൊല്ലുന്നതു മഹാപാപം. രാജീവ് ഗാന്ധിയെ വധിച്ചതു പോലെയുള്ള പ്രവർത്തനത്തെ വ്യക്തമാക്കിത്തരാൻ വേറെ വാക്കില്ല. അതിനെ മഹാപാപമെന്നു പറഞ്ഞാൽപ്പോരാ. സ്ഫോടനം കൊണ്ടു് കൈകളറ്റു്, മുഖം തെറിച്ചുപോയ ഒരു മഹാവ്യക്തിയുടെ വസ്ത്രങ്ങൾ കരിഞ്ഞു പോകുന്നതു സ്വാഭാവികം. അപ്പോൾ അനാച്ഛാദിതമായിബ്ഭവിക്കുന്ന ശരീരത്തിന്റെ ഗോപനീയങ്ങളായ ഭാഗങ്ങൾ വർണ്ണം കലർത്തി അച്ചടിക്കുന്നതു് ആ മഹാപാപത്തേക്കാൾ തീക്ഷ്ണത കൂടിയ മഹാപാപമാണു്. വായനക്കാർ ഒന്നാലോചിച്ചു നോക്കുക. പുരുഷന്റെയോ സ്ത്രീയുടെയോ നഗ്ന ചിത്രം ബഹുജനത്തിനു കാണാൻ കഴിയുന്ന മട്ടിൽ വയ്ക്കാൻ പാടില്ല എന്നു നിയമമുണ്ടാക്കിയിരിക്കുന്നതു് അതിന്റെ ദർശനം ദ്രഷ്ടാവിനു് അസ്വസ്ഥതയുണ്ടാക്കും എന്നതുകൊണ്ടാണു്, അങ്ങനെ പൗരനു് അസ്വസ്ഥതയോ പിരിമുറുക്കമോ ഉണ്ടാക്കാൻ മറ്റൊരു വ്യക്തിക്കു് അധികാരമില്ല. ഫ്രന്റ് ലൈൻ മാസികയിലെ ചിത്രം വായനക്കാർക്കു് അസ്വസ്ഥതയുളവാക്കുന്നു; ‘ടെൻഷൻ’ ഉളവാക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു കാവ്യത്തിൽ ‘തിമിംഗല’മെന്നു കണ്ടതു കൊണ്ടല്ല എല്ലാ ആഴ്ചപ്പതിപ്പുകളിലും ‘തിമിംഗല’മെന്നു് അച്ചടിക്കുന്നതു കൊണ്ടാണു് ഇതെഴുതുന്നതു്. ‘തിമിംഗല’മെന്നല്ല വാക്കു്; ‘തിമിംഗില’മെന്നാണു് തിമിഃശബ്ദത്തിനു് പെരുന്തല മത്സ്യമെന്നു് അർത്ഥം. ഗില ശബ്ദത്തിനു വിഴുങ്ങുക എന്നും പെരുന്തല മത്സ്യത്തെ മാത്രമല്ല എല്ലാ മത്സ്യങ്ങളെയും വിഴുങ്ങുന്നതു് തിമിംഗിലം.

ഇച്ഛാശക്തി ജയിക്കുന്നു
images/Casanova1774.jpg
കാസാനോവാ

കാറും കോളും. അന്തരീക്ഷമാകെ ഇരുണ്ടിരിക്കുന്നു. ആ സായാഹ്നത്തിൽ എനിക്കു് അരൂക്കുറ്റിയിൽ നിന്നു് അക്കരെ, അരൂരിൽ പോകണം. കടത്തു വഞ്ചിക്കാരനോടു ഞാൻ പറഞ്ഞു: “എനിക്കു് പേടിയാകുന്നു വള്ളത്തിൽ കയറാൻ നടുക്കായലിൽ എത്തുമ്പോൾ കാറ്റും മഴയുമുണ്ടായാലോ?” അയാൾ മറുപടി നല്കി: “പേടിക്കാതെ കയറിക്കൊള്ളു. നമ്മൾ അക്കരെച്ചെന്നു് രണ്ടു നിമിഷം കഴിയുമ്പോഴേ മഴ പെയ്യു.” ഞാൻ വള്ളത്തിൽ കയറി. അരൂരു ചെന്നിറങ്ങി രണ്ടു നിമിഷം കഴിഞ്ഞപ്പോൾ കൊടുങ്കാറ്റോടു കൂടിയ മഴയുണ്ടായി. ആ മഴ എപ്പോൾ അവസാനിക്കുമെന്നും വഞ്ചിക്കാരനു പറയാൻ കഴിയും. ചിലർക്കു് ഇതിനൊക്കെ വലിയ വൈദഗ്ദ്ധ്യമാണു്. കാസാനോവാ യുടെ “സ്മരണകൾ” വായിച്ചിട്ടില്ലേ. താൻ അഭിലഷിക്കുന്ന സ്ത്രീ ഏതു നിമിഷത്തിൽ വീഴുമെന്നു് കാസാനോവയ്ക്കു് അറിയാമായിരുന്നു. ആ നിമിഷം മുൻകൂട്ടിക്കണ്ടു് അയാൾ അതു പ്രയോജനപ്പെടുത്തും.

ഷൊറണൂരു് ഒരു വലിയ വൈദ്യനുണ്ടായിരുന്നു. അദ്ദേഹം മാസത്തിലൊരിക്കൽ തൃശ്ശൂരെത്തും രോഗികൾക്കു വേണ്ടി. ഈ ഭിഷഗ്വരൻ ഒരു ദിവസം രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ റോഡിലൂടെ രണ്ടു യുവാക്കന്മാർ ചുമച്ചുകൊണ്ടു പോകുന്നതു കണ്ടു. ഒരാൾ വലിയ ശബ്ദത്തിൽ ചുമയ്ക്കുന്നു, മറ്റെയാൾ തീരെ ചെറിയ ശബ്ദത്തിലും അദ്ദേഹം അടുത്തു നിന്നയാളിനോടു് ആവശ്യപ്പെട്ടു: “ആ ചുമയ്ക്കുന്ന ആളിനെ ഇങ്ങു കൂട്ടിക്കൊണ്ടു വരൂ” അയാൾ ഉറക്കെച്ചുമച്ച ആളിനെ വിളിച്ചു കൊണ്ടു വന്നു. വൈദ്യൻ പറഞ്ഞു: “ഇയാളെയല്ല, മറ്റേയാളെ” അയാൾ വന്നപ്പോൾ അദ്ദേഹം ചുമയ്ക്കു് മരുന്നു കഴിക്കണമെന്നു ഉപദേശിച്ചു. “ആകട്ടെ”യെന്നു പറഞ്ഞു് അവർ പോയപ്പോൾ അദ്ദേഹം അവിടെ നിന്നവരോടു പറഞ്ഞു: “വേഗത്തിൽ കൂടുന്ന ക്ഷയമാണു് (galloping consumption) ഒരു മാസത്തിനകം മരിക്കും.” അതുപോലെ അയാൾ മരിച്ചെന്നു് അയാളെ അറിയാമായിരുന്ന ഒരാൾ എന്നോടു് പറഞ്ഞു.

സർഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണു്. അപ്പോൾ എഴുതുന്നതേ കഥയാവൂ കലയാവൂ.

കരിച്ചൽ കേശവൻ എന്ന പ്രശസ്തനായ ജ്യോത്സ്യൻ എന്റെ വീട്ടിൽ വരുമായിരുന്നു. എന്റെ ഒരനുജത്തിയുടെ ജാതകം എഴുതണമെന്നു് കാരണവരുടെ ഭാര്യ അദ്ദേഹത്തോടു് അഭ്യർത്ഥിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. “അമ്മച്ചീ, മിഥുനം 22-നു കാലത്തു പത്തു മണിക്കു ശേഷം ഞാൻ വരാം. അന്നു ജാതകമെഴുതാം.” മിഥുനം 22-നു കാലത്തു് പത്തു മണിക്കു മുമ്പു് അവൾ മരിച്ചു. ഇതൊക്കെ സിദ്ധികളാണു്. ഒരളവിൽ ഈ സിദ്ധി വിശേഷം കലാകാരന്മാർക്കുമുണ്ടു്. മുമ്പു് പലപ്പോഴും പറഞ്ഞ ചെറുകഥകളെക്കുറിച്ചേ എനിക്കു് ഇപ്പോഴും പറയാനുള്ളു. തകഴി യുടെ “വെള്ളപ്പൊക്കത്തിൽ,” ബഷീറി ന്റെ “പൂവമ്പഴം,” ഉറൂബി ന്റെ “വാടകവീടുകൾ” ഈ കഥകളിലെല്ലാം ഇവിടെപ്പറഞ്ഞ സിദ്ധിവിശേഷം ഉണ്ടു്. അതിനാലാണു് അവ ആകർഷകങ്ങളായിരിക്കുന്നതു്. പടിഞ്ഞാറൻ ദിക്കിലേക്കു് പോകാം. ടോൾസ്റ്റോയി യുടെ “ഐവാൻ ഇലീച്ചിന്റെ മരണം ” എന്ന അത്ഭുതാവഹമായ കലാസൃഷ്ടിയിൽ ഈ സിദ്ധിവിശേഷം മൂർദ്ധന്യാവസ്ഥയിൽ ദൃശ്യമാണു്. എന്നാൽ ഇതിന്റെ ഒരംശം പോലും ഒരു സ്ഫൂരണം പോലുമില്ല ശ്രീ. എം. സുധാകരന്റെ “അനുസന്ധാനം” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്). മദ്യപൻ തന്റെ വീടു കാണിച്ചു കൊടുക്കണമെന്നു് ഒരു വഴിപോക്കനോടു് അപേക്ഷിക്കുന്നു. അയാൾ വീട്ടിൽച്ചെന്നു കയറി ഭാര്യയോടു് ഒരുമിച്ചു കിടന്നു. നേരം വെളുത്തപ്പോഴാണു് അയാൾക്കു് മനസ്സിലായതു് അതു് സ്വന്തം ഭവനമല്ലെന്നു്; അവൾ ഭാര്യയല്ല, ഏതോ വേശ്യയാണെന്നു്. കഥ എഴുതാൻ വേണ്ടി എഴുതിയ ഒരു ചതഞ്ഞ കഥ. “Willed performance” എന്നു് ഇംഗ്ലീഷിൽ പറയാം. സർഗ്ഗാത്മകത്വത്തിന്റെ നിമിഷം മാന്ത്രികത്വമുള്ള നിമിഷമാണു്. അപ്പോൾ എഴുതുന്നതേ കഥയാവൂ, കലയാവൂ.

ചോദ്യം, ഉത്തരം

ചോദ്യം: “ഇംഗ്ലീഷിൽ കസിൻ എന്നു പറയാറുണ്ടല്ലോ, ആരാണു് ഈ കസിൻ?”

ഉത്തരം: “കസിൻ എന്നല്ല ഉച്ചാരണം. അതുപോകട്ടെ. ആ വാക്കിനു് ഇളയച്ഛന്റെ മകൻ, ഇളയച്ഛന്റെ മകൾ, മാതുല പുത്രൻ, മാതുല പുത്രി എന്നൊക്കെ പ്രഫെസർ എസ്. ഗുപ്തൻ നായരു ടെ നിഘണ്ടുവിൽ അർത്ഥം കൊടുത്തിട്ടുണ്ടു്. അദ്ദേഹത്തിനു തെറ്റു പറ്റി. കസിൻ അവരാരുമല്ല. സന്ദർശകർക്കുള്ള സമയം തെറ്റിച്ചു് പെൺപിള്ളേരുടെ ഹോസ്റ്റലുകളിൽ ഏതു സമയത്തും ചെല്ലുന്ന സുന്ദരനായ യുവാവാണു് കസിൻ. ചെന്നാൽ “എന്റെ കസിനെ കാണണ”മെന്നു് അയാൾ മേറ്റ്റണിനോടു പറയും. “എന്റെ കസിൻ വന്നിരിക്കുന്നു” എന്നു് പെൺകുട്ടി കൂട്ടുകാരികളോടു പറയും. രണ്ടുപേരും തമ്മിൽ രക്തബന്ധം കാണുകയുമില്ല.”

ചോദ്യം: “ഭർത്താവും കാമുകനും എന്തേ വ്യത്യാസം?”

ഉത്തരം: “വീട്ടിൽ നിന്നു റോഡിലേക്കു പോലും പോകാൻ ഭാര്യ സമ്മതം നൽകാത്ത പുരുഷൻ ഭർത്താവു്. ഇതു സ്നേഹം കൊണ്ടല്ല. അയാൾ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണു്. വീട്ടിലെത്തിയാൽ കഴിയുന്നതും വേഗം ഇയാൾ പോയെങ്കിൽ എന്നു കാമുകി വിചാരിക്കുന്നയാൾ കാമുകൻ. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിലെത്തുന്നതിനു മുൻപു് അയാൾ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണു്.”

ചോദ്യം: “കത്തോലിക്കാമതം ഗർഭനിരോധത്തിനു് എതിരായതു് എന്തുകൊണ്ടു്?”

ഉത്തരം: “അതിനു് H. L. Mencken എന്ന പ്രശസ്തനായ അമേരിക്കൻ നിരൂപകൻ സമാധാനം നൽകിയിട്ടുണ്ടു്. കത്തോലിക്കാ സ്ത്രീകൾ ഗണിതശാസ്ത്രത്തെ അവലംബിച്ചു് ഗർഭധാരണം ഒഴിവാക്കുന്നതു ശരിയെന്നു് ആ മതത്തിനു് അഭിപ്രായമുണ്ടു്. അവൾ കെമിസ്ട്രിയെ അവലംബിക്കരുതെന്നേ അതു് (മതം) അനുശാസിക്കുന്നുള്ളു.”

ചോദ്യം: “ഭർത്താവാണോ ഭാര്യയാണോ ആദ്യം മരിക്കേണ്ടതു്.”

ഉത്തരം: “ഭർത്താവിനെക്കാൾ മുൻപേ മരിക്കുന്ന ഭാര്യ ഭാഗ്യവതി. തനിക്കു മുൻപേ ഭാര്യ മരിച്ചാൽ ആ പുരുഷൻ ഹതഭാഗ്യൻ.”

ചോദ്യം: “സുന്ദരികളോടുള്ള ബഹുമാനം ഇല്ലാതാവുന്നതു് എപ്പോൾ?”

ഉത്തരം: “അവരുടെ ഭർത്താക്കന്മാരെ കാണുമ്പോൾ, വിശേഷിച്ചും സ്കൂട്ടറിൽ രണ്ടു പേരും സഞ്ചരിക്കുമ്പോൾ അവൾ സുന്ദരി, അയാൾ ഒന്നുകിൽ കഷണ്ടിക്കാരൻ, അല്ലെങ്കിൽ കിഴവൻ, അതുമല്ലെങ്കിൽ ‘ഗറില’യ്ക്കു സദൃശൻ. ഏറെ സുന്ദരിമാരെക്കുറിച്ചു് എനിക്കുണ്ടായിരുന്ന ബഹുമാനം ഇങ്ങനെ ഇല്ലാതായിട്ടുണ്ടു്.”

ചോദ്യം: “സെക്സ് ബുക്ക് വായിക്കുന്നതിൽ തെറ്റുണ്ടോ?”

ഉത്തരം: “ഏയ്, ഒരു തെറ്റുമില്ല. പക്ഷേ, തികഞ്ഞ വൈരസ്യം ഉണ്ടാക്കുന്നതു കൊണ്ടു് ഞാനവ വായിക്കാറില്ല. പിന്നെ ഒരു കാര്യം. അതിലെ നിർദ്ദേശങ്ങൾ ശരിയാണെന്നു വിചാരിച്ചു് സ്ത്രീകളെ സമീപിക്കരുതു്. ആരോഗ്യത്തിനു കേടുവരും. പാചകവിദ്യ പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിച്ചു് കറികളും മറ്റും സ്ത്രീകൾ ഉണ്ടാക്കുമല്ലോ. അതിൽ ഏതെങ്കിലുമൊന്നു നാക്കിൽ വയ്ക്കാൻ കൊള്ളുമോ? ഏട്ടിലപ്പടി എന്നുമാത്രം.”

ചോദ്യം: “ചില പുരുഷന്മാർ സ്ത്രീകളോടു ബഹുമാനം കാണിക്കും. മറ്റുചിലർ ബഹുമാനം കാണിക്കില്ലെന്നു് മാത്രമല്ല സ്വന്തം കാമം പ്രകടിപ്പിക്കുകയും ചെയ്യും. എന്തുകൊണ്ടു്?”

ഉത്തരം: “എല്ലാ ബഹുമാനവും കള്ളത്തരമാണു്. സ്ത്രീയെ സംബന്ധിച്ചു് ഒറ്റ നോട്ടമേയുള്ളു പുരുഷനു്. പിന്നെ ചില കടുവകൾ ഇരകണ്ടാൽ ഉടനെ അതിന്റെ പുറത്തു ചാടിവീഴും. മറ്റു ചില കടുവകൾ സമയമാകട്ടെ എന്നു കരുതി കുറെ കാത്തിരിക്കും. സന്ദർഭം കിട്ടിയാൽ അതും ചാടി വീഴും ഇരയുടെ പുറത്തു്. ആ കാത്തിരിപ്പിനെ ബഹുമാനമെന്നു വിളിക്കുന്നതെങ്ങനെ?”

images/HLMencken1928.jpg
H. L. Mencken

ആനക്കാര്യത്തിൽ ചേനക്കാര്യം. പത്രങ്ങളിലെല്ലാം ഘാതകി എന്നാണു കാണുന്നതു്. ഇവിടെ ‘പ്രയോഗ ദീപിക’യിലുള്ള ഒരു ഭാഗം എടുത്തെഴുതേണ്ടതാണെന്നു് തോന്നുന്നു. “പതിഘാതകിയും കുലഘാതകിയുമാണു് ഭവതി’, എന്നിടത്തു ‘പതിഘാതികയും കുലഘാതികയും എന്നു വേണ്ടതാണു് ” (പുറം 67). “ശബ്ദസൗഭഗം” എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ 296-ആം പുറം നോക്കുക. “ഹനു് + അക = ഘാതകൻ, ഘാതിക” എന്നുകാണാം.

ചുറ്റുകമ്പി പൊട്ടിപ്പോയി

കവി മരക്കൊമ്പിൽ പച്ചിലച്ചാർത്തിൽ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണു്. തീവണ്ടിയിൽ കയറി ഒറ്റക്കമ്പിയുടെ സംഗീതോപകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയോ യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

എറണാകുളം മഹാരാജാസ് കോളേജിൽ (കോളിജ് എന്നു ശരിയായി എഴുതുന്നില്ല) എനിക്കു ജോലിയുണ്ടായിരുന്ന കാലം. എന്റെ ആപ്തമിത്രം ആയിരുന്നു പ്രഫെസർ സി. കെ. മോഹൻദാസ്. അദ്ദേഹം റിസ്റ്റ് വാച്ച് കെട്ടുകില്ലായിരുന്നു. ചിലർ, എൻ. ഗോപാലപിള്ള സ്സാറിനെപ്പോലെ ജൂബയുടെ കീശയിൽ വാച്ച് ഇട്ടുകൊണ്ടു നടക്കും. ആവശ്യമുള്ളപ്പോൾ അതെടുത്തു നോക്കും. പിന്നെയും കീശയുടെ ഗഹ്വരത്തിലേക്കു് അതു വീഴും. മോഹൻദാസിന്റെ പോക്കറ്റിലും വാച്ച് ഇല്ല. നേരേ മറിച്ചാണു് എന്റെ രീതി. ഞാൻ രാത്രി ഉറങ്ങുമ്പോഴും വാച്ച് കൈയിൽ കെട്ടിക്കൊണ്ടാണു് കിടപ്പു്. ഒരു ദിവസം കാലത്തു് നോക്കിയപ്പോൾ കൊച്ചു ഘടികാരത്തിന്റെ സൂചികൾ നിശ്ചലം. വൈൻഡ് ചെയ്യുന്ന ആമൊട്ടു് തിരിച്ചു നോക്കി. ചുമ്മാ കിടന്നു തിരിയുന്നതല്ലാതെ മുറുകുന്നില്ല. എച്ച്. എം. റ്റി. വാച്ചാണു് എന്റേതു്. വാച്ചില്ലാതെ നടന്നപ്പോൾ ഒരു ബന്ധു വെറുതെ തന്നതാണു്. അതിന്റെ ഡയൽ മനോഹരം, സൂചികൾ സുന്ദരം, കെയ്സ് അതിസുന്ദരം. കൂടക്കൂടെ പെട്രോളിൽ കഴുകുന്നതു കൊണ്ടു് ചെയിനിൽ മാലിന്യമില്ല. എങ്കിലും വാച്ച് മരിച്ചിരിക്കുന്നു. ഘടികാര ഭിഷഗ്വരനെ കാണിച്ചപ്പോൾ അയാൾ പറഞ്ഞു: മെയ്ൻ സ്പ്രിങ് പൊട്ടിപ്പോയി. മാറ്റിയിടണം.

images/garshin.jpg
ഗാർഷിൻ

മെയ്ൻ സ്പ്രിങ് പെട്ടിപ്പോയ കഥാഘടികാരമാണു് ശ്രീ അയ്പ് പാറമേലിന്റെ “പ്രകാശ വർഷങ്ങൾക്കു് അപ്പുറത്തു നിന്നു് ” എന്നതു്. തിളങ്ങുന്ന രൂപശില്പ കെയ്സ്, ജ്വലിക്കുന്ന ഡയലെന്ന ആഖ്യാനം. വാച്ച് ചെയ്ൻ പോലെ ദീർഘതയാർന്ന ശില്പം. പക്ഷേ, ചൈതന്യം മാത്രമില്ല. പ്രധാനപ്പെട്ട ചുറ്റുകമ്പി മുറിഞ്ഞു പോയാൽ ഓട്ടം നിലയ്ക്കില്ലേ? കേടുപറ്റിയ വാച്ച് റിപ്പയറർ നന്നാക്കും. പക്ഷേ, കഥാഘടികാരത്തിനു കേടു പറ്റിയാൽ നിർമ്മാതാവു തന്നെ റിപ്പയർ നടത്തണം. കേടുണ്ടെന്നേ അതു നോക്കുന്ന എന്നെപ്പോലുള്ളവർക്കു പറയാൻ പറ്റു.

ഒരു സ്ത്രീ വഞ്ചിച്ചതിനു അനേകം സ്ത്രീകളോടു പ്രതികാരം ചെയ്യുന്ന ഒരുത്തനാണു് കലാകൗമുദിയിൽ അയ്പ് പാറമേൽ എഴുതിയ കഥയിലുള്ളതു്. ഒടുവിൽ അയാൾ വിവാഹം കഴിക്കുന്നു ഒരു മിടുക്കിയെ. പക്ഷേ, അയാൾ അവസാനമായി പറ്റിച്ച രാധയെന്ന യുവതി പ്രതികാരനീതി (നെമിസിസ്) നടത്തുന്നു. അയാളുടെ ഭാര്യ— പെൺവക്കീൽ—കോടതിയിൽ വാദിച്ചു കൊണ്ടിരിക്കെ മറിഞ്ഞു വീണു മരിക്കുന്നു. അതിനുശേഷം ഒരു മീഡിയത്തിലൂടെ അയാൾ ഭാര്യയെ കാണുന്നു. അയാളും ചാകുന്നു. രാധയെ പറ്റിച്ചതിന്റെ നെമിസിസ്.

യാഥാതഥ്യവും മതിവിഭ്രമവും ‘മനോരഥ’വുമൊക്കെ ചേർത്തുവച്ച ഈ രചന നിശ്ചലമാണു്. കേന്ദ്രസ്ഥിതമായ പ്രമേയം പൊട്ടിപ്പോയതു കൊണ്ടു് സംഭവിച്ചതാണു് ആ ചലനരാഹിത്യം. ചുറ്റുകമ്പി പൊട്ടിയ വാച്ച് വിശ്വാസ്യത എന്ന ഗുണം ആവഹിക്കുന്നില്ല. പ്രമേയത്തിന്റെ മെയ്ൻ സ്പ്രിങ് തകർന്ന ഈ കഥാഘടികാരത്തിനും വിശ്വാസ്യതയില്ല.

വായിച്ചില്ലെങ്കിൽ മഹാനഷ്ടം എന്നു കരുതാവുന്ന ചില നോവലുകൾ:

 1. ക്നൂട്ട് ഹാംസൂണി ന്റെ Mysteries
 2. റോബർട്ടു് മ്യൂസിലി ന്റെ The Man without Qualities
 3. പസ്തർനക്കി ന്റെ Doctor Zhivago
 4. റ്റോമസ് മന്നി ന്റെ The Magic Mountain
 5. ആലോസാന്ദ്രോ മാൻഡ്സ്സോണി യുടെ The Betrothed
 6. ചേസ്സാറേ പാവെസേ യുടെ The Moon and the Bonfires
 7. ദസ്തെയെവ്സ്കി യുടെ Crime and Punishment
 8. ഔഗൂസ്തോ റോആ ബാസ്തോസി ന്റെ I The Supreme
 9. മീഗൽ ആങ്ഹെൽ ആസ്തൂറ്യാസി ന്റെ The President
 10. ഹെർമാൻ ബ്രോഹി ന്റെ The Sleepwalkers.

ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ ചെറുകഥകൾ

 1. ഗീമറാങ്ഷ് റോസ യുടെ The Third Bank of The River
 2. ചേസ്സാറെ പാവെസേ യുടെ Suicide
 3. ഷ്നിറ്റ്സ്ളറു ടെ Flowers
 4. ഹൈൻറിഹ് ബോയ്ലി ന്റെ The Langher
 5. യൂക്കിയോ മിഷിമ യുടെ Swaddling Clothes
 6. ഷൊലെ ഹോഫി ന്റെ The Fate of Man
 7. കാരൂർ നീലകണ്ഠപ്പിള്ള യുടെ മരപ്പാവകൾ
 8. ഗാർഷിന്റെThe Red Flower
 9. ചെക്കോവി ന്റെ The Darling
 10. മോപസാങ്ങി ന്റെ Ball of Fat
മദ്യം തന്നെ കിട്ടിയെങ്കിൽ

“ഭർത്താവും കാമുകനും എന്തേ വ്യത്യാസം?” “വീട്ടിൽ നിന്നു റോഡിലേക്കു പോലും പോകാൻ ഭാര്യ സമ്മതം നൽകാത്ത പുരുഷൻ ഭർത്താവു്. ഇതു് സ്നേഹം കൊണ്ടല്ല. അയാൾ അത്രയും കുറച്ചല്ലേ മറ്റു സ്ത്രീകളെ കാണൂ എന്നുള്ള ആശ്വാസത്താലാണു്. വീട്ടിലെത്തിയാൽ കഴിയുന്നതും വേഗം ഇയാൾ പോയെങ്കിൽ എന്നു കാമുകി വിചാരിക്കുന്നയാൾ കാമുകൻ. ഇതു സ്നേഹക്കുറവു കൊണ്ടല്ല. ചേട്ടനോ അച്ഛനോ അമ്മാവനോ വീട്ടിൽ എത്തുന്നതിനു മുൻപു് അയാൾ പോകുന്നതു നല്ലതാണല്ലോ എന്ന വിചാരം കൊണ്ടാണു്.”

ജിബ്രാന്റെ ഒരു കഥ, ഒരു മദ്യശാലയിൽ ചെന്നു് ഒരുത്തൻ ആവോളം കുടിച്ചു. മദ്യത്തിന്റെ വില കൊടുക്കുന്ന സന്ദർഭത്തിൽ ഷോപ്പുടമസ്ഥൻ ചോദിച്ചു: നാളെയും വരുമോ? അയാൾ മറുപടി പറഞ്ഞു: “വരാം. പക്ഷേ, എന്റെ വ്യാപാരം അഭിവൃദ്ധിപ്പെടുന്നതിനുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം ഈശ്വരനോടു്” അതു കേട്ടു് ഉടമസ്ഥൻ അറിയിച്ചു. “എപ്പോഴും പ്രാർത്ഥിക്കാം. എങ്കിലും ഞാനൊന്നു ചോദിക്കട്ടെ. എന്താണു് വ്യാപാരം?” “അതു പറയുന്നതു ശരിയല്ല. എങ്കിലും പറയാതിരിക്കുന്നതു് എങ്ങനെ? ശവം ദഹിപ്പിക്കാനുള്ള വിറകു വില്പനയാണു് എന്റെ ജോലി. അതു അഭിവൃദ്ധിപ്പെട്ടാലേ എനിക്കു വേണ്ടുവോളം കുടിക്കാൻ പണം കിട്ടു. നിങ്ങളുടെ വ്യാപാരം തളരാതെ വളരണമെങ്കിലും എന്റെ ഈ പ്രവർത്തനം പുരോഗമിക്കണം. അതുകൊണ്ടു് നിങ്ങൾ പ്രാർത്ഥിക്കു. ധാരാളം പേർ മരിക്കട്ടെ.”

images/KnutHamsuncropped.jpg
ക്നൂട്ട് ഹാംസൂൺ

മദ്യം വില്ക്കുന്നതിനെക്കാളും ശവം ചൂടാൻ വിറകു വില്ക്കുന്നതിനെക്കാളും അധമമായ പ്രവൃത്തിയുണ്ടോ? ഉണ്ടു്. അതാണു് ശ്രീ. ഗോപി ആനയടി കുങ്കുമം വാരികയിൽ നടത്തിയിരിക്കുന്നതു്, “കൂടുമാറാത്ത പക്ഷി” എന്ന ചെറുകഥയുടെ നിർമ്മാണം മകളുടെ കുഞ്ഞിനെക്കൂടെക്കിടത്തുന്ന അമ്മൂമ്മയെ അവരുടെ മകൻ തന്റെ ജോലിസ്ഥലത്തു വിളിച്ചു കൊണ്ടു പോകുന്നു. ഒരു ദിവസം രാത്രി അവർ എഴുന്നേറ്റു് മകളുടെ കുഞ്ഞിനെ അടുത്ത മുറിയിൽ അന്വേഷിക്കുന്നു.

അതു കണ്ടു് മകൻ അവരെ തിരിച്ചു നാട്ടിൽ കൊണ്ടുപോകാൻ തീരുമാനിക്കുന്നു. നിത്യജീവിത സംഭവങ്ങൾ കലാകാരന്റെ കർത്തൃനിഷ്ഠത്വത്തിലൂടെ (Subjectivity) കടന്നുവന്നു രൂപാന്തരം പ്രാപിച്ചു് ഉന്നത സത്യമായിത്തീരുന്നതാണു് കലയെന്ന അഭിപ്രായമൊന്നും ഇവിടെ എഴുതേണ്ടതില്ല. അത്രയ്ക്കു് അധമമാണിതു്.

മദ്യപന്മാരായ അഭിനേതാക്കൾ നാടകത്തിലോ സിനിമയിലോ മദ്യം കുടിക്കുന്നതായി അഭിനയിക്കുമ്പോൾ പച്ചവെള്ളമായിരിക്കും കുപ്പിയിൽ നിന്നു ഗ്ലാസ്സിലേക്കു് ഒഴിച്ചു കുടിക്കുന്നതു്. അതു് ശരിയായ മദ്യം തന്നെയായിരുന്നെങ്കിൽ എന്നു് അവർ ആഗ്രഹിക്കാതിരിക്കില്ല. കലയുടെ മദ്യമെന്ന മട്ടിൽ എന്റെ മുൻപിൽ വച്ച ഈ പച്ചവെള്ളം ഞാനെടുത്തു കുടിക്കുന്നു. മദ്യം തന്നെ കിട്ടിയെങ്കിൽ എന്നു് ആഗ്രഹിക്കുകയും ചെയ്യുന്നു.

സർവ്വസാധാരണം
images/Pablopicasso1.jpg
പീകാസോ

ഒരിക്കൽ ഒരു സ്ത്രീ സ്വന്തം ചിത്രം വരയ്ക്കണമെന്ന അഭ്യർത്ഥനയുമായി പീകാസോ യുടെ വീട്ടിലെത്തി. മഹാനായ ആ കലാകാരൻ പറഞ്ഞു: “രണ്ടുതരത്തിലാകാമതു്. നിങ്ങളെ ഇവിടെ ഇരുത്തിയിട്ടു് കാൻവാസിൽ നിങ്ങളുടെ രൂപം പകർത്താം. വരച്ചു കഴിഞ്ഞാൽ അതു നിങ്ങളെപ്പോലെയിരിക്കും. അതിനെ പെയിന്റിങ് എന്നല്ല ഫോട്ടോ എന്നാണു് ഞാൻ വിളിക്കുക. രണ്ടാമത്തെ രീതി നിങ്ങളെക്കുറിച്ചുള്ള വിചാരവും വികാരവും നിങ്ങളുടെ സ്വത്വവും എന്റെ സ്വത്വവുമായി കൂടിക്കലരുമ്പോൾ ഞാൻ കാൻവാസിൽ ചായങ്ങൾ തേക്കും. അതു പൂർണ്ണമാവുമ്പോൾ പെയിന്റിങ്ങാവും. നിങ്ങൾക്കു ഫോട്ടോ വേണോ അതോ പെയിന്റിങ്ങോ?” “പെയിന്റിങ് മതി”യെന്നു് സ്ത്രീ മറുപടി പറഞ്ഞു. പീകാസോ ചിത്രം വരച്ചു കഴിഞ്ഞപ്പോൾ അവർ ചോദിച്ചു: “ഇതിൽ എന്റെ മൂക്കെവിടെ?” ചിത്രകാരനു ദേഷ്യം വന്നു. ഞാൻ എന്റെ ഈ പെയിന്റിങ് വില്ക്കുന്നില്ല. പൊയിക്കൊള്ളു എന്നു് അറിയിച്ചു.

ശ്രീ കലാമണ്ഡലം കേശവൻ ദേശാഭിമാനി വാരികയിലെഴുതിയ ‘പ്രതീക്ഷ’ എന്ന കാവ്യം വായിച്ചപ്പോൾ ഇക്കഥയാണു് ഞാൻ ഓർമ്മിച്ചതു്. ശാന്തിയുടെ പ്രതീകമായ പ്രാവിനെ കവി അന്വേഷിക്കുന്നു. ‘അധികാര ദാഹികൾ’ ‘സ്വാർത്ഥലോഭമദമാത്സര്യവായ്പു’ കൊണ്ടു് പദ്മവ്യൂഹത്തിൽ അഭിമന്യുവിനെ തച്ചുകൊല്ലുന്നു. നിരപരാധരെ നിഗ്രഹിക്കുന്നു. എങ്കിലും ശാന്തിയുടെ വെൺപിറാവു് പറന്നെത്തുമെന്നു് കവി പ്രതീക്ഷിക്കുന്നു. ഇവിടെ വിചാരവികാരങ്ങൾ കവിയുടെ സ്വത്വത്തിലൂടെ കടന്നു ‘Super reality’ ആയി തീരുന്നില്ല. ആശയങ്ങൾ സർവ്വസാധാരണങ്ങൾ. പദവിന്യാസം അതിനെക്കാൾ സർവ്വസാധാരണം.

എങ്ങു നീ ശാന്തിതൻ കൊഞ്ചലുതിർക്കുന്ന

മംഗല്യമൂർത്തിയാം പ്രാവേ

നിൻരൂപ ഭംഗിയും രജതകാന്തിയു-

മാരമ്യനാദവുമെങ്ങാം?

ഈ വരികളിലും തുടർന്നുവരുന്ന വരികളിലും ഫോട്ടോഗ്രാഫിയേ ഉള്ളു. കവിതയുടെ അഗ്നി നാളമില്ല. ആശയങ്ങൾ അനുവാചക ഹൃദയത്തിൽ റോസാപ്പൂക്കളായി വിടരുന്നില്ല. കവി മരക്കൊമ്പിൽ പച്ചിലച്ചാർത്തിൽ മറഞ്ഞിരുന്നു പാടുന്ന പക്ഷിയാണു്. തീവണ്ടിയിൽ കയറി ഒറ്റക്കമ്പിയുടെ സംഗീതോപകരണം മീട്ടി ശബ്ദം പുറപ്പെടുവിക്കുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്ന ആളല്ല.

അഭ്യർത്ഥന

ഡെസ്മണ്ട് മോറിസി ന്റെ എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. ഓരോന്നും ശുദ്ധമായ ഭോഷ്കാണെന്നു് എനിക്കു തോന്നിയെങ്കിലും അതു് ഇതുവരെ സ്പഷ്ടമാക്കിയില്ല. ഇപ്പോൾ അതു പറയണമെന്നു് എനിക്കാഗ്രഹം. ഓരോന്നുമെടുത്തു പരിശോധിക്കാൻ സ്ഥലമില്ലല്ലോ. അതുകൊണ്ടു് Naked Ape എന്ന പുസ്തകം മാത്രമാവട്ടെ. മനുഷ്യൻ ഇപ്പോഴും നഗ്നവാനരനാണെന്നു മോറിസ് സ്ഥാപിക്കാൻ ശ്രമിക്കുന്നു. വേട്ടയാടുന്നതിനു പകരം അവൻ ജോലി ചെയ്യുന്നു. നഗ്നവാനരന്റെ ഇണയ്ക്കു പകരം ഇന്നത്തെ മനുഷ്യനു് ഭാര്യയുണ്ടു്. പട്ടി വിളക്കുമരത്തിലോ മറ്റു വല്ല സ്ഥലത്തോ കാലുപൊക്കി മൂത്രമൊഴിച്ചു് അടയാളമുണ്ടാക്കുന്നതും ഗൃഹനായകൻ സ്വന്തം പേരെഴുതി വീട്ടിന്റെ മുൻപിൽ വയ്ക്കുന്നതും സദൃശങ്ങളായ പ്രക്രിയകളാണത്രേ. ശുദ്ധ അസംബന്ധമല്ലേ ഇതു? ഒരു വാനരനും ഐൻസ്റ്റൈനും സദൃശ്യരാണോ? മരഞ്ചാടിയും ടോൾസ്റ്റോയി യും തമ്മിൽ വ്യത്യാസമൊന്നുമില്ലേ? വാനരന്റെ സ്വാഭാവിക പരിണാമമാണു് മനുഷ്യൻ. മനുഷ്യൻ ഇനി അതിമാനുഷനാകും. പരിണാമം എവിടെച്ചെന്നു് നില്ക്കുമെന്നു് ആർക്കും മുൻകൂട്ടി പറയാനാവില്ല.

സ്ത്രീകൾ പൊക്കിൾ കാണിക്കുന്നതു് ജനനേന്ദ്രിയം കാണിക്കുന്നതിനു പകരമാണെന്നു് മോറിസ് വേറൊരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. ഇതും നോൺസെൻസാണു്. ഇത്തരം അസംബന്ധങ്ങൾ പരമസത്യങ്ങളാണെന്നു യുവാക്കന്മാർ വിശേഷിച്ചും കോളേജ് വിദ്യാർത്ഥികൾ ധരിച്ചു വയ്ക്കുന്നു. സ്വന്തം മസ്തിഷ്കമുപയോഗിക്കാനും മോറിസിനെപ്പോലെ വർജ്ജിക്കേണ്ടവരെ വർജ്ജിക്കാനും ഞാൻ അവരോടു അഭ്യർത്ഥിക്കുന്നു.

“അനശ്വരത”

പാരീസിന്റെ തെക്കുഭാഗത്തുള്ള മൊങ്പർണാസ് ഡിസ്റ്റ്രിക്റ്റിൽ ഫ്രഞ്ച് പൗരനായി താമസിക്കുന്ന ചെക്ക് സാഹിത്യകാരൻ മിലാൻ കുന്ദേര യുടെ പുതിയ നോവൽ “Immortality ” ഉദാത്തവും സുന്ദരവുമാണു്. ചെക്ക് ഭാഷയിൽ 1991-ൽ എഴുതിത്തീർത്ത ഈ നോവൽ ഉടനെ തന്നെ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടു. ഉദാത്തങ്ങളായ കൃതികൾ സുന്ദരങ്ങളായ കൃതികളെ അപേക്ഷിച്ചു മേലേക്കിടയിലാണു്. കല ആനന്ദാവേശവും തീക്ഷ്ണതയും കൗതുഹലവും വിസ്മയവും ഉളവാക്കുമ്പോൾ നിരൂപകർ അതിനെ ഉദാത്തമെന്നു വിശേഷിപ്പിക്കുന്നു. നയഗ്ര വെള്ളച്ചാട്ടം സുന്ദരമല്ല, ഉദാത്തമാണു് എന്നു ബ്രാഡ്ലി പറഞ്ഞതു് ഇവിടെ ഓർമ്മിക്കത്തക്കതാണു്. സൗന്ദര്യം പരിമേയമായതിനോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാത്തത അപരിമേയമായതിനോടും എന്നു തത്ത്വചിന്തകൻ കാന്റ് പറഞ്ഞതും നമുക്കു് ഓർമ്മിക്കാം. കുന്ദേരയുടെ ഈ നോവൽ അനശ്വരതയെ അദ്ദേഹത്തിന്റെ രീതിയിൽ പ്രതിപാദിക്കുന്നതിനാൽ ഉദാത്തം. രസബോധനിഷ്ഠമായ തലത്തിലേക്കു് ഇതു് ഉയരുന്നതിനാൽ സുന്ദരം.

നോവലിനെക്കുറിച്ചു്—ആ കലാരൂപത്തെക്കുറിച്ചു്—കുന്ദേരയ്ക്കു സുനിയതങ്ങളായ മതങ്ങളുണ്ടു്. മറ്റൊരു വിധത്തിലും പറയാനാവാത്തതിനെ പറയാൻ കഴിയുന്നതാണു് നോവൽ. സമുദായത്തിന്റെ ചിത്രീകരണമല്ല അതിന്റെ ലക്ഷ്യം. കാരണം അതു മറ്റുതരത്തിൽ നിർവഹിക്കാമല്ലോ എന്നതാണു്. ചരിത്രവർണ്ണനവുമല്ല അതു്. ചരിത്രവിജ്ഞാനീയത്തിനു് അതു അനുഷ്ഠിക്കാവുന്നതേയുള്ളു. സ്റ്റാനിലിസത്തെ നിന്ദിക്കലല്ല നോവലെഴുത്തുകാരുടെ ജോലി. സോൾഷെനിറ്റ്സ്യനു് അതു് പ്രഖ്യാപനങ്ങളിലൂടെ നടത്താം. മനുഷ്യജീവിതത്തെ സാകല്യാവസ്ഥയിൽ വർണ്ണിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതാണു് നോവലിന്റെ കർത്തവ്യം. നോവൽ സാക്ഷാത്കരിക്കുന്നതിനെ ഒരു ധിഷണാപരമായ പ്രവൃത്തിക്കും സാക്ഷാത്കരിക്കാനാവില്ല. എക്സിസ്റ്റെൻഷ്യൽ ഫിലോസഫിക്കു പോലും അതിനു കഴിവില്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര.

തുച്ഛമായ കഥയേ ഈ നോവലിനുള്ളു. പോൾ, അയാളുടെ ഭാര്യ അഗ്നിസ്, അഗ്നിസിന്റെ സഹോദരി ലൊറ, അവളുടെ കാമുകൻ ബർനാർഡ് ഇവരാണു്. കഥയുണ്ടെങ്കിൽ അതു തുടങ്ങുന്നവരും മുന്നോട്ടു കൊണ്ടുപോകുന്നവരും. നോവൽ ആരംഭിക്കുമ്പോൾ പോളിന്റേയും അഗ്നിസിന്റേയും ദാമ്പത്യജീവിതത്തിനു് ഇരുപതു വർഷത്തെ പഴക്കമുണ്ടു്. പക്ഷേ, അവൾക്കു് ഒറ്റപ്പെടലിന്റെ ബോധമാണുള്ളതു്. ഭർത്താവിനെസ്സംബന്ധിച്ചു മാത്രമല്ല ആ ബോധം. മനുഷ്യരാശിയെ സാകല്യാവസ്ഥയിൽ പരിഗണിക്കുമ്പോഴും അവൾക്കു അതിനോടു് ആശയപരമായ ഐക്യമോ ഇല്ല. അവൾ യാചകർക്കു ധാരാളം പണം കൊടുക്കും. യാചകർ മനുഷ്യരിൽ പെട്ടവരായതു കൊണ്ടല്ല അവൾ അതു നല്കിയതു്. അവർ മനുഷ്യസമുദായത്തിൽ പെടാത്തവരായതുകൊണ്ടാണു്. തന്നെപ്പോലെ മനുഷ്യരോടും ഐക്യമില്ല അവർക്കും എന്നു് അഗ്നിസ് വിചാരിച്ചു. അവളെസ്സംബന്ധിച്ചിടത്തോളം സ്നേഹം ഇച്ഛാശക്തിയുടെ പ്രകടനം മാത്രമാണു്. സ്നേഹിക്കാനുള്ള ഇച്ഛാശക്തി. നല്ല ദാമ്പത്യജീവിതത്തിനു വേണ്ടിയുള്ള ഇച്ഛാശക്തി. ഈ ഇച്ഛാശക്തിയെ അല്പനേരം ഇല്ലാതാക്കിയാൽ അവൾ കൂടു തുറന്നുവിട്ട പക്ഷിയെപ്പോലെ പറന്നുപോകും. വിദൂര ഗ്രഹത്തിൽ നിന്നു് ഒരു സന്ദർശകൻ അവളുടെ അടുത്തെത്തിയതായി ഒരു തോന്നൽ. അയാളുടെ ചോദ്യം: “അടുത്ത ജന്മത്തിൽ നിങ്ങൾക്കു ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചു ജീവിക്കണമെന്നുണ്ടോ? അതോ ഒരിക്കലും തമ്മിൽ കാണാതിരിക്കണോ?” പോളിന്റെ സാന്നിദ്ധ്യത്തിൽ അടുത്ത ജന്മത്തിൽ ഞങ്ങൾക്കു ഒരുമിച്ചു കഴിയേണ്ടതില്ല” എന്നു് അവൾക്കു് എങ്ങനെ പറയാൻ കഴിയും. അവൾ മനോരഥസൃഷ്ടിയിലെ ആ സന്ദർശകനു മറുപടി നല്കിയില്ല. എന്നാൽ പോൾ കൂർക്കം വലിച്ചുറങ്ങുകയാണെന്നു കണ്ടു് അവൾ ആന്തരശക്തി മുഴുവൻ സംഭരിച്ചു ദൃഢശബ്ദത്തിൽ പറഞ്ഞു: “ഇനി വീണ്ടും ഒരുമിച്ചുകൂടാതിരിക്കാനാണു് ഞങ്ങൾ ആഗ്രഹിക്കുക”. അഗ്നിസ് പോയി. ദുരന്തം വരിക്കുകയും ചെയ്തു.

ശരീരത്തോടു ബന്ധപ്പെട്ട സ്നേഹം ഒരു തീക്ഷ്ണ പ്രകാശമുണ്ടാക്കുമെന്നും അതു് കഥാപാത്രങ്ങളുടെ സത്തയെ പ്രത്യക്ഷമാക്കിത്തരുമെന്നും അതവരുടെ ജീവിതാവസ്ഥകളെ വ്യാഖ്യാനിച്ചുതരുമെന്നും വിശ്വസിക്കുന്നു കുന്ദേര. അതിനു് അനുസരിച്ചാണു് ലൊറയുടെയും റേഡിയോ ജേണലിസ്റ്റ് ബർനാർഡിന്റെയും കാമോത്സുകതയെ നോവലിസ്റ്റ് ചിത്രീകരിക്കുന്നതു്. ജേർണലിസ്റ്റിനു് അവളെക്കാൾ വയസ്സു വളരെക്കുറവു്. എങ്കിലും എന്തെന്നില്ലാത്ത കാമാവേശമാണു് അവൾക്കു്. പക്ഷേ, അതും ദുഃഖപര്യവസായിയായി മാറി ബർനാർഡ് പോളിനോടു പറഞ്ഞു: “ഒരു അപരിചിതൻ എന്നെക്കാണാൻ വന്നു. അയാളുടെ തല മാത്രം എന്റെ പൊക്കത്തിൽ നിന്നു് ഉയർന്നുനില്ക്കുന്നു. കുടവയറു്… (അയാൾ തന്ന) ഡിപ്ലൊമ ഞാൻ വായിച്ചു. അതിലെഴുതിയിരിക്കുന്നു. “ബർനാർഡ് ബർട്രൻഡ് ഒരു മുഴുക്കഴുതയാണെന്നു് ഇതിനാൽ പ്രഖ്യാപിച്ചിരിക്കുന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാക്കു നോവലിലുള്ള സ്പെല്ലിങ്ങിൽ). ഇതു് ഏല്പിച്ച ആഘാതത്താലാണു് ബർനാർഡ് ലോറയുമായുള്ള ബന്ധം ശിഥിലമാക്കിയതു്.

ഈ ക്ഷുദ്രസംഭവങ്ങളെ അവലംബിച്ചു കൊണ്ടു് കുന്ദേര ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും വൈവിധ്യങ്ങളിലേക്കും അനായാസമായി പോകുന്നു. ആ പോക്കു് അത്ഭുതാവഹമാണു താനും. മനുഷ്യന്റെ അനന്യതയെ—സെൽഫിനെ—കുറിച്ചുള്ള അന്വേഷണമാണു് കുന്ദേരയുടെ നോവൽ. അതിനെ പൂർണ്ണമായും ഗ്രഹിക്കാനാവില്ലെന്നും അദ്ദേഹം വിചാരിക്കുന്നു. അംഗവിക്ഷേപങ്ങളിലൂടെ സെൽഫിനെ മനസ്സിലാക്കാമോ? വയ്യ. നോവലിന്റെ ആരംഭത്തിൽ തന്നെ അറുപതോ അറുപത്തഞ്ചോ വയസ്സുള്ള ഒരു സ്ത്രീ ഒരു ചെറുപ്പക്കാരനെ പുഞ്ചിരിയോടെ നോക്കി കൈ വീശുന്നതിന്റെ വർണ്ണനയുണ്ടു്. ഇരുപത്തഞ്ചു വയസ്സുള്ള യുവതിയെപ്പോലെയായിരുന്നു. ആ വൃദ്ധയുടെ അംഗവിക്ഷേപം. സൗന്ദര്യമില്ലാത്ത ശരീരത്തിൽ സൗന്ദര്യമാർന്ന അംഗവിക്ഷേപം. അഗ്നിസിന്റെ അച്ഛനെ കാണാൻ വന്ന പ്രായം കൂടിയ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നേർക്കു് ഇങ്ങനെ കൈവീശിയതു് അഗ്നിസ് കണ്ടു. ആ കൈവീശൽ മനോഹരമായിരുന്നു. എന്നാൽ ഈ അംഗവിക്ഷേപങ്ങൾ എല്ലാവർക്കുമുള്ളതല്ലേ (the gesture was available to all)? കൈവീശുമ്പോൾ യഥാർത്ഥത്തിൽ മോഷണം നടത്തുകയാണു്. അല്ലെങ്കിൽ കള്ളയൊപ്പിടുകയാണു്. കഥാപാത്രങ്ങൾക്കു മാത്രമല്ല, സെൽഫിനെ കാണിക്കാത്ത അംഗവിക്ഷേപങ്ങളെ കുന്ദേരയ്ക്കും അംഗീകരിക്കാനാവില്ല. അംഗവിക്ഷേപം പോകട്ടെ. മുഖമോ? മുഖവും സെൽഫിനെ കാണിക്കുന്നില്ല (my face is not myself). സത്യമിതാണെങ്കിലും അംഗവിക്ഷേപങ്ങളാണു് നമ്മെ ഭരിക്കുന്നതു്. കാപട്യപൂർണ്ണമായ ജീവിതം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇങ്ങനെയുള്ള ഈ ലോകത്തു് അനശ്വരതയെക്കുറിച്ചു (immortality) ചിന്തിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു? 1981-ൽ ഫ്രാങ്സ്വ മോറിസ് മീതേറാങ് ഫ്രഞ്ച് പ്രസിഡന്റായി. അദ്ദേഹം മൂന്നു റോസാപ്പൂക്കളെടുത്തുകൊണ്ടു് അറുപത്തിനാലു ശവകുടീരങ്ങളുടെ മധ്യത്തിലേക്കു ചെന്നു. തിരഞ്ഞെടുത്ത മൂന്നു ശവകുടീരങ്ങളിൽ ഓരോ റോസാപ്പൂ അദ്ദേഹം വച്ചു. പൂക്കളുണ്ടാക്കിയ ആ ത്രികോണത്തിന്റെ മദ്ധ്യത്തിലാണു് മിതേറാങ്ങിന്റെ അനശ്വരതയുടെ കൊട്ടാരം നിർമ്മിക്കേണ്ടതു്. ഇതാണു് അനശ്വരതയെക്കുറിച്ചുള്ള കൂന്ദേരയുടെ സങ്കല്പം. കുറഞ്ഞ തോതിൽ, കൂടിയ അളവിൽ അനശ്വരതയുണ്ടു്. അതു് ഓർമ്മകളെ അവലംബിച്ചിരിക്കുന്നു. മരിച്ചയാളിനെസ്സംബന്ധിച്ച ഓർമ്മ അയാളെ അറിയാവുന്നവർക്കു കാണുമല്ലോ. അതു് കുറഞ്ഞ തരത്തിലുള്ള അനശ്വരത; നേരിട്ടറിയാൻ വയ്യാത്ത ആളിനെക്കുറിച്ചു് ആളുകളുടെ മനസ്സിൽ ജനിക്കുന്ന ഓർമ്മ വലിയ തരത്തിലുള്ള അനശ്വരത. കലാകാരന്മാർ, രാജ്യതന്ത്രജ്ഞന്മാർ ഇവരെക്കുറിച്ചുള്ള ഈ ഓർമ്മ വലിയ തോതിലുള്ള അനശ്വരതയാണു്. തത്ത്വചിന്താപരങ്ങളായ ഈ ആശയങ്ങൾ നോവലിലെ കഥാപാത്രങ്ങളിൽ നിന്നു്, അവരുടെ ജീവിതങ്ങളിൽ നിന്നു് ഒഴുകി വരുന്നു. അതുകൊണ്ടു് അവ വെറും സങ്കല്പനങ്ങളായി വായനക്കാർക്കു തോന്നുന്നില്ല.

കൂന്ദേരയുടെ ഈ നോവൽ അന്യാദൃശവും അസാധാരണവുമാണു്. ഇതു വായിക്കുമ്പോൾ നമ്മൾ കലയുടെ മഹാത്ഭുതം കാണുന്നു. ഇതെഴുതിയ കുന്ദേരയ്ക്കു നോബൽ സമ്മാനം കൊടുക്കാതെയാണു് വർണ്ണവിവേചനത്തെക്കുറിച്ചു് പറഞ്ഞതിനെത്തന്നെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ‘ഇൻഫീരിയർ ആർടിസ്റ്റായ’ നേഡീൻ ഗോഡിമാർ ക്കു് ആ സമ്മാനം നല്കിയതു്.

വ്യക്തിയിൽനിന്നു സമൂഹത്തിലേക്കു്

നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു? പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

റോസാപ്പൂ വിടർന്നുനില്ക്കുന്നതു കണ്ടാൽ അതിന്റെ പരുക്കൻ ഞെട്ടിനോടോ മുള്ളുകളുള്ള തണ്ടിനോടോ നമുക്കു പുച്ഛം തോന്നുമോ? തോന്നുമെങ്കിൽ അതു ആദരണീയമായ മാനസികനിലയല്ല. പൂവിനു കാരണം ഞെട്ടാണു്. ഞെട്ടിനു കാരണം തണ്ടാണു്. തണ്ടിനു കാരണം വേരാണു്. വേരു വിരൂപം. പക്ഷേ, ആ വേരില്ലെങ്കിൽ മനോഹരമായ പനിനീർപ്പൂവില്ല. ആ ഒറ്റപ്പൂവു് ലോകത്തുള്ള എല്ലാപ്പൂവുകളെയും എന്നെ ഓർമ്മിപ്പിക്കുന്നു. വിഷാദമനുഭവിക്കുന്ന ഭാര്യ അമ്മട്ടിൽ ദുഃഖിക്കുന്ന എല്ലാ ഭാര്യമാരെയും ഓർമ്മിപ്പിക്കുന്നു എന്നെ. കുഞ്ഞു മരിച്ചു യാതനയിൽ വീഴുന്ന അമ്മ അതേ രീതിയിൽ തീവ്രവേദനയിലാണ്ട എല്ലാ അമ്മമാരുടെയും സ്മരണ എനിക്കുളവാക്കുന്നു. ശ്രീമതി നളിനി ബേക്കലി ന്റെ “നിവേദിത” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ദുഃഖപൂർണ്ണമായ ജീവിതം നയിക്കുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കണ്ടപ്പോൾ ലോകത്തുള്ള എല്ലാ ഹതഭാഗ്യകളുടെയും ഓർമ്മയുണ്ടായി എനിക്കു്. അവരുടെ ജീവിതത്തെ സാകല്യാവസ്ഥയിൽ കാണാനുള്ള കൊതിയോടേ ആ ആഖ്യാനത്തിലൂടെ ഒഴുകിയപ്പോൾ രാഷ്ട്രവ്യവഹാരത്തിന്റെ പാറക്കെട്ടു് എന്നെ തടഞ്ഞു. പ്രവാഹത്തിനും ആ പാറക്കെട്ടിനും തമ്മിൽ ഒരു പൊരുത്തവുമില്ലല്ലോ. അതിൽ തടഞ്ഞതോടെ എന്റെ അഭിലാഷത്തിനും ഭംഗം വന്നു. റിയലിസ്റ്റിക് തലത്തിൽ നിന്നു് പെട്ടെന്നു് അവാസ്തവികമായ ഈ നൂതനതലത്തിലേക്കുള്ള പ്രവേശം കഥയെ തകർത്തു കളഞ്ഞു. റീയലിസത്തിൽനിന്നു് കഥയെ ഫാന്റസിയിലേക്കുതന്നെ കൊണ്ടുപോകാം. പക്ഷേ, അതു് വായനക്കാരൻ അറിയരുതു്. രാഷ്ട്രവ്യവഹാരത്തിന്റെ ഈ തള്ളിക്കയറ്റവും അതു ജനിപ്പിക്കുന്ന അവിശ്വാസ്യതയുമാണു് ഇക്കഥയുടെ പോരായ്മകൾ. രാത്രിസമയത്തു് ഏകാന്തത്തിൽ ഇരിക്കുമ്പോൾ ഒരു ഗോസ്റ്റ് നമ്മുടെ മുൻപിൽ വന്നുനിന്നാൽ എന്തു തോന്നും നമുക്കു്? എന്തു തോന്നുമോ അതുതന്നെയാണു് ഇക്കഥ വായിച്ചപ്പോൾ എനിക്കും തോന്നിയതു്.

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും.

എല്ലാ ദിവസവും നമ്മൾ ആയിരമായിരം നോട്ടങ്ങളിൽ കുത്തി മുറിവേല്പിക്കപ്പെടുന്നു. ഒടുവിൽ ഒരുനോട്ടം നമ്മളെ ഒരു നിമിഷംപോലും വെറുതെ അനുധാവനം ചെയ്യും. അതു തെരുവുകളിൽ, കാടുകളിൽ, ശാസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ മേശപ്പുറങ്ങളിൽ ഒക്കെ നമ്മളെ പിൻതുടർന്നു വരും. (Immortality.)

ചോദ്യം, ഉത്തരം

ചോദ്യം: സാഹിത്യത്തിലുമുണ്ടോ സാറേ അന്യവത്കരണം?

ഉത്തരം: നിരൂപകനോ കവിയോ കഥാകാരനോ എഴുതിയതു് വായനക്കാരനു മനസ്സിലാകാതെ വരുമ്പോൾ അയാൾക്കു് ഒറ്റപ്പെടലിന്റെ ബോധമുണ്ടാകും. ബ്രഹ്റ്റ് എന്ന മഹാനായ നാടക കർത്താവു് പ്രേക്ഷകർക്കും അഭിനേതാക്കൾക്കുമിടയ്ക്കു് ഈ ബോധം കരുതിക്കൂട്ടി ഉണ്ടാക്കിയിരുന്നു. നാടകത്തിലെ ക്രിയാംശത്തിൽ നിന്നു് പ്രേക്ഷകരെ അകറ്റിനിറുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗം.

ചോദ്യം: ചങ്ങമ്പുഴയോടു ഇപ്പോഴുള്ള കവികൾക്കു് എന്തുകൊണ്ടാണിത്ര കോപം?

ഉത്തരം: അസൂയയാണു് അതിനു ഹേതു. ഇന്നുള്ള എല്ലാക്കവികളും അമ്പതുകൊല്ലം കഴിയേണ്ടതില്ല, അതിനുമുൻപു് വിസ്മരിക്കപ്പെടും. അന്നും ചങ്ങമ്പുഴ ക്കവിത ഉണ്ടായിരിക്കും. മഹാകവി വള്ളത്തോൾ പോലും ചങ്ങമ്പുഴയുടെ മഹായശസ്സിൽ അസൂയാലുവായിരുന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേഷ്ഠ’ എന്നു ആ കവിയെ കീചകനാക്കിയതിനു ശേഷം ‘നിന്നുള്ളു പൊള്ളയെന്നാണു കേൾവി’ എന്നു അദ്ദേഹം പറയുകയുണ്ടായി. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്നു മഹാകവി തെളിയിച്ചു തന്നു.

ചോദ്യം: നോബൽ സമ്മാനങ്ങളെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: പോക്കണം കെട്ട ഇടപാടുകൾ. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കാണു നോബൽ സമ്മാനം എന്നറിയാൻ കാത്തിരിക്കില്ല.

ചോദ്യം: മലയാളസാഹിത്യത്തെക്കുറിച്ചു നിങ്ങളുടെ ആത്മാർത്ഥമായ അഭിപ്രായം എന്തു?

ഉത്തരം: ആത്മാർത്ഥമെന്നാൽ തനിക്കുവേണ്ടി എന്നാണു്. ആർജ്ജവമുള്ള അഭിപ്രായം പറയാം. വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ വരുന്ന നല്ല കഥയും നല്ല കാവ്യവും മാറ്റിവച്ചാൽ നാലു കാശിനു വിലപിടിക്കാത്ത സാഹിത്യം. കാശ് പഴയ തിരുവിതാംകൂർ നാണയമാണു്.

ചോദ്യം: നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്തു?

ഉത്തരം: ബന്ധുക്കളും സ്നേഹിതരും പരിപൂർണ്ണമായും ഉപേക്ഷിക്കുന്നതിനുമുൻപു് എനിക്കു് ഈ ലോകമുപേക്ഷിക്കണം.

ചോദ്യം: കേശവദേവിനെ പുലഭ്യം പറയുന്നതു നിറുത്തിയോ?

ഉത്തരം: ഞാൻ ആരെയും പുലഭ്യം പറയാറില്ല. നിരൂപണത്തിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ചു പറഞ്ഞാൽ അവർക്കു് ഇരുപതു ശതാബ്ദങ്ങൾ മുൻപു മരിച്ച സാഹിത്യകാരന്മാരും ജീവിച്ചിരിക്കുന്നവരാണു്. രാമായണവും മഹാഭാരതവും ഭൂതകാലത്തിലുള്ളവയല്ല. വർത്തമാനകാലത്തിലാണു് അവ. കേശവദേവ് നിരൂപകന്റെ ദൃഷ്ടിയിൽ മരിച്ചിട്ടില്ല. അതുകൊണ്ടു വിമർശനമാകാം. പിന്നെ ഒരു കാര്യത്തിൽ എനിക്കു കേശവദേവിനോടു ബഹുമാനമാണു്. അദ്ദേഹം പറഞ്ഞു ‘എനിക്കു സാഹിത്യമെന്തെന്നു് അറിഞ്ഞുകൂടാ. ജീവിതമെന്തെന്നു് അറിയാം.’ ഈ പ്രസ്താവം നല്ല എഴുത്തുകാരനിൽ നിന്നേ വരൂ. അതുകൊണ്ടു മാത്രം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു”.

ചോദ്യം: കുറെനാളായി ഇന്ത്യയെ കുറ്റം പറയുന്നല്ലോ: ഇവിടംവിട്ടു പോകണോ? എങ്കിൽ ഏർപ്പാടുകൾ ചെയ്യാം.

ഉത്തരം: വേണ്ട. അമേരിക്കയിൽ പോയാൽ അതു വിദേശം. ഇംഗ്ലണ്ടിൽ പോയാൽ അതും വിദേശം. ഞാൻ ഇപ്പോൾ താമസിക്കുന്ന ഇന്ത്യയും എനിക്കു വിദേശമായി മാറിയിരിക്കുന്നു.

“ലോകം കൂടുതൽ സാങ്കേതികവും യാന്ത്രികവും ആകുന്നതോടുകൂടി, അതു് നിർവികാരവും ലോഹമയവും ആകുന്നതോടുകൂടി സ്ത്രീക്കുമാത്രം നല്കാൻ കഴിയുന്ന ചൂടു് അതിനു കൂടുതലായി വേണ്ടിവരും. നമുക്കു ലോകത്തെ രക്ഷിക്കണമെങ്കിൽ നമ്മൾ സ്ത്രീയോടു പൊരുത്തപ്പെടണം, സ്ത്രീയാൽ നമ്മൾ നയിക്കപ്പെടണം, ശാശ്വതമായ സ്ത്രീത്വത്താൽ തുളച്ചു കയറ്റപ്പെടണം”. (Immortality)

ഗൗതമൻ

കുന്ദേരയുടെ നോവലിൽ ജർമ്മൻ മഹാകവി ഗെറ്റേ യെസ്സംബന്ധിച്ച ഒരു സംഭവം വർണ്ണിച്ചിട്ടുണ്ടു്. ബെറ്റിന നാലപത്തിയൊൻപതു കത്തുകൾ ഗെറ്റേക്കു് അയച്ചു. ആത്മാവു് എന്ന വാക്കു് അവയിൽ അമ്പതു തവണ പ്രയോഗിച്ചിട്ടുണ്ടു്. ഹൃദയമെന്ന വാക്കു നൂറ്റിപ്പത്തൊൻപതു തവണയും. ശരീരഭാഗം എന്ന അർത്ഥത്തിൽ അതു് (എന്റെ ഹൃദയം മിടിച്ചു) അവയിൽ വിരളമായ പ്രയോഗിച്ചിട്ടുള്ളു; വക്ഷസ്സിനെ സൂചിപ്പിക്കുന്ന മട്ടിൽ ‘സിനിക്ഡക്കി’ അലങ്കാരമായി ഏറിയ കൂറും ആ വാക്കിന്റെ പ്രയോഗമുണ്ടു് (നിന്നെ എന്റെ ഹൃദയത്തോടു ചേർക്കാൻ എനിക്കു കൊതി).

ഇതു് സ്നേഹപ്രസരത്തെസ്സംബന്ധിച്ചിടത്തോളം ശരി. പക്ഷേ, നമ്മളിൽ ഏറെപ്പേർക്കും ഹൃദയമില്ല, രക്താശയമേയുള്ളു. വ്യക്തിക്കു് അഭിമുഖീകരിച്ചു നില്ക്കുമ്പോൾ അയാൾ ഹൃദയമുള്ളവനാണെന്നു തോന്നും. അങ്ങനെയുള്ള അനേകം വ്യക്തികൾ ഒരുമിച്ചു കൂടി ആപ്പീസിലിരിക്കുമ്പോൾ, കമ്പനിയിലിരിക്കുമ്പോൾ, സദസ്സായി മാറുമ്പോൾ ആ ‘മോബി’നു (mob) ഹൃദയമേയില്ല, രക്താശയമേയുള്ളു. ഈ നൃശംസതയുടെ കലാത്മകമായ ചിത്രീകരണമാണു് ശ്രീ. ഗൗതമന്റെ “രാത്രി, പകൽപോലെ” എന്ന കഥയിലുള്ളതു്. കമ്പനിയിലെ ജോലിക്കുവന്ന ഒരുത്തൻ വെള്ളം നിറഞ്ഞ കുഴിയിൽ വീണിരിക്കാമെന്നു സങ്കല്പം. നാലു മണിക്കൂർ കൊണ്ടു വെള്ളം വറ്റിച്ചു നോക്കിയപ്പോൾ ജഡമില്ല. ജോലിക്കെത്തിയവൻ ഒപ്പിട്ടിട്ടു വീട്ടിലേക്കു കടന്നു കളഞ്ഞു എന്നതാണു് സത്യം. അതിനുള്ള സാദ്ധ്യതയെക്കുറിച്ചു് അന്വേഷിക്കാതെ അയാൾ മരിച്ചുവെന്നു കരുതിയതും ജനക്കൂട്ടത്തിന്റെ—മോബിന്റെ—പ്രച്ഛന്നമായ സാഡിസം തന്നെ. നമ്മുടെ സമൂഹത്തിന്റെ ഏതു വിഭാഗത്തിലും കാണുന്ന ഈ ക്രൂരതയെ ഹാസ്യാത്മകമായി വീക്ഷിക്കുന്നു കഥാകാരൻ. കഥയുടെ ദീർഘത ആഖ്യാനവൈദഗ്ദ്ധ്യമാണു് ഈ രചനയ്ക്കു ചാരുത നല്കുന്നതു്.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസൻ ഹൗവർ ഒരു സർവകലാശാലയുടെ മേധാവിയായിച്ചെന്നപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിന്റെ അടുത്തെത്തി. സർവകലാശാലയിലെ ഉദ്യോഗസ്ഥന്മാരെ കാണാൻ തനിക്കു താൽപ്പര്യമുണ്ടെന്നു് അദ്ദേഹം അവരോടു പറഞ്ഞപ്പോൾ അവരിൽ ഒരാൾ അറിയിച്ചു: “സർ, ഞങ്ങൾ ഉദ്യോഗസ്ഥന്മാരല്ല, ഞങ്ങൾ തന്നെയാണു സർവകലാശാല”. ഈ പ്രസ്താവത്തിലെ ഉത്കൃഷ്ടചിന്ത നന്നു്. പക്ഷേ, ഒറ്റ വ്യക്തിയായ ഉദ്യോഗസ്ഥൻ കാരുണ്യമുള്ളവനായിരിക്കും. അയാൾ സർവകലാശാലയായി മാറുമ്പോൾ കാരുണ്യം പമ്പകടക്കും.

ഓംലെറ്റ്—ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കു നോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നു വിളിക്കാനുള്ള മുട്ടയപ്പം.

ഏതാണ്ടു നൂറു കൊല്ലത്തിനു മുൻപു് റഷ്യയിലെ പീഡിപ്പിക്കപ്പെട്ട മാർക്സിസ്റ്റുകാർ മാർക്സിന്റെ മാനിഫെസ്റ്റോ പഠിക്കാനായി രഹസ്യമായി ഒരുമിച്ചു കൂടാൻ തുടങ്ങി. ഈ ലളിതമായ ഐഡിയോളജി മറ്റു വൃത്തങ്ങളിലേക്കു പകർന്നു കൊടുക്കാനായി അവർ അതിന്റെ ഉള്ളടക്കത്തെ ലഘൂകരിച്ചു. അവയിലെ അംഗങ്ങൾ ലാളിത്യത്തിന്റെ ലഘൂകരണത്തെ വീണ്ടും വീണ്ടും ലഘൂകരിച്ചു് മറ്റുള്ളവർക്കു പകർന്നു കൊടുത്തു കൊണ്ടിരുന്നു. ഒടുവിൽ മാർക്സിസം ഭൂമിയിലാകെ അറിയപ്പെട്ടപ്പോൾ, അതു ശക്തിയാർജ്ജിച്ചപ്പോൾ അവശേഷിച്ചതു് ആറോ ഏഴോ മുദ്രാവാക്യങ്ങൾ. അവയ്ക്കു തമ്മിലുള്ള ബന്ധം തീരെക്കുറവായിരുന്നതു കൊണ്ടു് അതിനെ ഐഡിയോളജി എന്നു വിളിക്കാൻ വയ്യാതെയായി. മാർക്സിന്റെ അവശിഷ്ടങ്ങൾ അങ്ങനെ ആശയങ്ങളുടെ യുക്തിയുക്തമായ ഘടനയല്ലാതെയായപ്പോൾ, ധ്വന്യാത്മകമായ ചില ബിംബങ്ങളും മുദ്രാവാക്യങ്ങളും മാത്രമായപ്പോൾ (ചുറ്റിക കൈയിലെടുത്തു പുഞ്ചിരി പൊഴിക്കുന്ന തൊഴിലാളി, സഹോദരസ്നേഹത്തോടെ കൈകൾ ഗ്രഹിക്കുന്ന കറുത്ത മനുഷ്യനും വെളുത്ത മനുഷ്യനും മഞ്ഞ മനുഷ്യനും, അന്തരീക്ഷത്തിലേക്കു് ഉയരുന്ന സമാധാനത്തിന്റെ പ്രാവു് ഇങ്ങനെ പലതുമായപ്പോൾ) ‘ഐഡിയോളജി ‘ഇമേജോളജി’യായി ക്രമേണ മാറുന്നുവെന്നു നമുക്കു ന്യായമായിപറയാമെന്നായി (Immortality).

നിർവ്വചനങ്ങൾ
ധർമ്മരോഷം:
അന്യന്റെ ആഭാസപ്രവൃത്തി താൻ ചെയ്താൽ ലോകമാകെ അറിയുമല്ലോ എന്നു ഗ്രഹിക്കുമ്പോൾ മാന്യനായി ഭാവിക്കുന്നവനു് ഉണ്ടാകുന്ന നൈരാശ്യം.
യമകം:
കാവ്യത്തിലെ വിലകുറഞ്ഞ ഏർപ്പാടു്.
പത്രറിപ്പോർട്ട്:
കോടതിക്കുശിക്ഷ നല്കാൻ വയ്യാത്ത അപവാദവ്യവസായം.
വീടു്:
ചെല്ലാമെന്നു സമ്മതിച്ച സമ്മേളനത്തിനു് കൊണ്ടുപോകാൻ സംഘാടകർ വരുമ്പോൾ പ്രഭാഷകനു് ഒളിച്ചിരിക്കാനുള്ള സ്ഥലം.
പാണിനിസൂത്രം:
മലയാളമോ സംസ്കൃതമോ അറിഞ്ഞുകൂടാത്തവനു പണ്ഡിതനായി വിലസാൻ സഹായിക്കുന്നതു്. (അക്ഷരങ്ങൾ എല്ലാമറിഞ്ഞു കൂടാത്തവനായിരിക്കും. പക്ഷേ, നമ്മുടെ മുഖത്തുനോക്കി ‘പ്രകാരേഗുണവചനസ്യ’ എന്നു കാച്ചും. നമ്മൾ തളരും.)
ആശുപത്രി:
കുമാരനാശാൻപ്രരോദന’ത്തിൽ പറഞ്ഞ അധ്യാത്മവിദ്യാലയം.
പാർവ്വതി:
തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻപേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണസ്ത്രീ.
കുട്ടിക്കൃഷ്ണമാരാർ:
വളരെക്കുറച്ചുപറഞ്ഞു് അതിലൂടെ ഏറെധ്വനിപ്പിച്ച ആൾ.
സിഗ്സാഗ്:
കുടിയനു സ്ട്രെയിറ്റ് ലൈൻ.
ഓംലെറ്റ്:
ചായക്കടകളിലെ പയ്യന്മാർക്കു കുശിനിയിലേക്കുനോക്കി ‘ഒരു ആംപ്ളേറ്റ് എടു് സാറിനു്’ എന്നുവിളിക്കാനുള്ള മുട്ടയപ്പം.
തുടർച്ച

പാർവ്വതി: തന്റെ മറ്റു് അഞ്ചുമുഖങ്ങളും ഭർത്താവായ ശിവനെ കാണിക്കാൻ പേടിച്ചു് മകൻ സുബ്രഹ്മണ്യനു് അവ നല്കിയ ഒരു സാധാരണ സ്ത്രീ.

വൈലോപ്പിള്ളി യുടെ “കന്നിക്കൊയ്ത്തു്” എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ ആ പ്രശസ്തമായ കാവ്യം—മരണത്താൽ ജീവിതം വിച്ഛേദിക്കപ്പെട്ടാലും അതു അനുസൃതമായി പ്രവഹിച്ചുകൊണ്ടിരിക്കും എന്നു് സ്പഷ്ടമാക്കുന്നു. “ചോരതുടിക്കും ചെറുകൈയുകളേ പേറുക വന്നീപ്പന്തങ്ങൾ” എന്ന ആഹ്വാനത്തിലുമുണ്ടു് ആ നൈരന്തര്യത്തിന്റെ സ്വഭാവം. ഒറ്റയായ മനുഷ്യന്റെ ജീവിതം നോക്കുക. നൈരന്തര്യത്തിനുള്ള കൊതികാണാം. അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസ്സുകഴിയുമ്പോൾ പെൻഷൻപറ്റണം. പക്ഷേ, ജോലിനീട്ടിക്കിട്ടാൻ ആഗ്രഹിക്കുന്നതു് പിന്നെയും ശംബളം വാങ്ങി ബാങ്കിലിടാനല്ല. തന്റെ അത്രയും കാലത്തെ തുടർച്ചയായ ജീവിതത്തിനു ഭംഗം വരാതിരിക്കാനാണു്. ചെറുപ്പകാലത്തു് വീട്ടിന്റെ ജന്നലിൽക്കൂടി നോക്കി പതിവുകാരെ അടയാളം കാണിച്ചു വിളിച്ചിരുന്ന വേശ്യ വാർദ്ധക്യകാലത്തും അതു പോലെ പുരുഷന്മാരെ വിളിക്കുന്നതു് അവരുടെ പണത്തിനു വേണ്ടിയല്ല, സ്വന്തം ജീവിതത്തിന്റെ നിരന്തരാവസ്ഥ പുലർത്തിക്കൊണ്ടു പോകാനാണു്. താൻ വൃദ്ധനാകുന്നതുവരെയും നോക്കിയിരുന്ന ജോലി ഇനി തനിക്കു തുടർന്നു കിട്ടുകില്ലെന്നു വരുമ്പോൾ കുടുംബദ്രോഹിയാണു മകനെങ്കിലും അവനതു വാങ്ങിക്കൊടുക്കാൻ അച്ഛൻ ശ്രമിക്കുന്നതും ഇതിനുവേണ്ടിത്തന്നെയാണു്. ഈ ആശയത്തിനു തിളക്കവും സ്പഷ്ടതയും നല്കാൻ ശ്രീ. ഫാസിലിന്റെ “ബലിക്കല്ലിലെ സ്വപ്നം” എന്ന കഥയ്ക്കു കഴിയുന്നു. തൊട്ടിലുകൾ അന്യോന്യം ബന്ധിച്ചു് അതിൽ ആളുകളെ കയറ്റിയിരുത്തി കറക്കുന്ന വൃദ്ധൻ നെഞ്ചു തകർന്നു വീഴുമ്പോൾ അയാളുടെ മകനെത്തുന്നു ആ ജോലി തുടർന്നും നടത്തിക്കൊണ്ടുപോകാൻ. ആ മകനും ഒരാശ. ബലമാർന്ന ശരീരമുള്ള മകനുണ്ടാകണമെന്നു്. ഇതാണു് ജീവിതാവസ്ഥയുടെ നൈരന്തര്യവും അതുളവാക്കുന്ന സ്ഥിരതയും. അതിഭാവുകത്വത്തിലേക്കുവീഴാതെ ഫാസിൽ ഹൃദ്യമായി കഥപറഞ്ഞിരിക്കുന്നു (കഥ ദേശാഭിമാനി വാരികയിൽ).

ഗുരുനാഥൻ പറഞ്ഞസത്യം

പുരുഷൻ സ്ത്രീയാൽ ആകർഷിക്കപ്പെടുമ്പോൾ അവളുമായി ബന്ധപ്പെടുന്നതിനു വേണ്ടി അയാൾ എല്ലാം ചെയ്യും. ദൂരെ നിന്നാണെങ്കിലും അവളുടെ ലോകത്തെ സ്പർശിച്ചു് അതിനെ ചലനാത്മകമാക്കാൻ വേണ്ടി പരോക്ഷമായോ ചുറ്റി വളഞ്ഞോ അയാൾ യത്നിക്കും. Immortality

എന്റെ ഗുരുനാഥന്മാരിൽ എനിക്കേറ്റവും സ്നേഹം ഉമാമഹേശ്വരനോടാണു്. അദ്ദേഹമാണു് എന്നെ ടെനിസൺ, ഡിലാമേർ ഇവരുടെ കാവ്യങ്ങൾ പഠിപ്പിച്ചതു്. പനിപിടിച്ചു് എഴുന്നേല്ക്കാൻ വയ്യാതെ കിടന്ന സന്ദർഭങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ ക്ലാസ്സുകൾക്കു വേണ്ടി നാലു നാഴിക താണ്ടി കോളേജിൽ ചെന്നിട്ടുണ്ടു്. അത്രയ്ക്കു രസപ്രദമാണു് അദ്ദേഹത്തിന്റെ പഠിപ്പിക്കൽ. സാറ് നാഗർകോവിലിലോ മറ്റോ പോയിട്ടു തിരിച്ചു തിരുവനന്തപുരത്തേക്കു ബസ്സിൽ പോരുമ്പോൾ അപകടത്തിൽപ്പെട്ടു. ബസ്സു് മറിയാൻ പോകുന്നുവെന്നു കണ്ട അദ്ദേഹം അതിൽ നിന്നു് എടുത്തു ചാടിയെന്നും ബസ്സു് അദ്ദേഹത്തിന്റെ പുറത്തുകൂടെ വീണെന്നുമാണു് ഞാൻ കേട്ടതു്. സാറല്ലാതെ വേറെ ഒരു യാത്രക്കാരനും മരിച്ചില്ല. ഉമാമഹേശ്വരൻ സാറ് മരിച്ചിട്ടു് അമ്പതു കൊല്ലം കഴിഞ്ഞു. എങ്കിലും ഇതെഴുതുമ്പോൾ എനിക്കു ദുഃഖമുണ്ടാകുന്നു. ഒരിക്കൽ ക്ളാസ്സ് കഴിഞ്ഞു് അദ്ദേഹം സ്റ്റാഫ് റൂമിലേക്കു പോകുമ്പോൾ “സാർ ഇതൊന്നു തിരുത്തിത്തരണം” എന്നുപറഞ്ഞു ഞാനെഴുതിയ ഒരു ഇംഗ്ലീഷ് കവിത അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. സാറ് നിന്നു. കവിത വായിച്ചു. എന്നിട്ടു് അദ്ദേഹം പറഞ്ഞു: Leave the poems unwritten. “ഞാൻ പിന്നീടു് ഇംഗ്ലീഷ് കാവ്യങ്ങൾ എഴുതിയിട്ടില്ല. എങ്കിലും സാറിന്റെ നിർദ്ദേശം മറക്കാതെ കൊണ്ടു നടക്കുന്നു. ഇപ്പോൾ അതു് ചില്ല മാസികയിൽ “ഉത്തിഷ്ഠതാം, ജാഗ്രതാം” എന്ന പദ്യമെഴുതിയ ശ്രീ. ഉണ്ണി പയ്യനേടത്തിനോടു പറയുന്നു: Leave the peoms unwritten. ഈ പരുക്കൻ വാക്കുകൾക്കു നീതിമത്കരണമുണ്ടോ എന്നു് വായനക്കാർക്കു സംശയമുണ്ടെങ്കിൽ ചില വരികൾ എടുത്തെഴുതാം. പദ്യത്തിന്റെ തുടക്കം തന്നെയാവട്ടെ.

“എൺപതുമഞ്ചും കോടി മാനവസമ്പത്തുള്ളോ-

രെന്റെ നാടിതിൻ ശോച്യാവസ്ഥയിൽ ഞാൻ ദുഃഖിപ്പൂ

ആയിരം വർഷങ്ങളായ് ചൂഷണം ചെയ്യപ്പെട്ടോ-

രാർഷഭാരതം തീർത്തും ചേതനാരഹിതയായ്!

സ്വന്തമായ് കഴിവുകളുള്ളവർപോലും പര-

തന്ത്രരായ് കഴിയുവാനല്ലയോ കൊതിക്കുന്നു!

കുറ്റവാളികൾ പോലുമെന്തിനും സർക്കാറിനെ

കുറ്റവാളികളായ് കാണാനല്ലയോ ശ്രമിക്കുന്നു!”

ഇതു കവിതയല്ല, ഓരോ വരിയിലും പതിന്നാലു് അക്ഷരങ്ങൾ വീതമുണ്ടെങ്കിലും പദ്യമല്ല. നല്ല ഗദ്യംപോലുമല്ല. എന്റെ വീട്ടിന്റെ മുൻവശത്തുള്ള ചെമ്മണ്ണുപാത തെല്ലകലെയുള്ള കീലിട്ടറോഡിൽ ചെന്നുചേരുന്നു. ആ റോഡ് ഒഴുകിയൊഴുതി ദൂരെയുള്ള അവന്യൂവിൽ (റോഡിൽ) ചേരുന്നു. അവന്യൂ കീലിട്ടറോഡിനെ തടയുന്നില്ല. ചെമ്മണ്ണുപാത കീലിട്ടറോഡിനെ തടയുന്നില്ല. മലയാള കാവ്യത്തിന്റെ രാജരഥ്യ ഈ പദ്യപാതയെ അതിനോടുചേരാൻ സമ്മതിക്കില്ല.

ഒരു കവിയുടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രിട്ടീഷ് കവി George Barker എഴുപത്തിയെട്ടാമത്തെ വയസ്സിൽ അന്തരിച്ചുവെന്നു റ്റൈം വാരികയിൽ കണ്ടു. അശ്ലീലമെന്നു മുദ്രകുത്തിയതും Faber and Faber സമ്പൂർണ്ണ കൃതികളിൽ ആദ്യം ചേർക്കാത്തതുമായ “The True Confession of George Barker” എന്ന കൃതിയാണത്രേ അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ബയറൺ എഴുതിയ “Don Juan ”-ന്റെ അനുകരണമെന്നു പറയാവുന്ന ഈ കാവ്യം ഡബ്ലിയൂ. എച്ച്. ഓഡന്റെ “Letter to Lord Byron” എന്ന കാവ്യംപോലെ verse journalism മാത്രമാണു്. ഏതാനും വരികളിതാ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-11-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.