സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-12-20-ൽ പ്രസിദ്ധീകരിച്ചതു്)

ചോദ്യം, ഉത്തരം

ചോദ്യം: അരവിന്ദഘോഷിന്റെ തത്ത്വചിന്ത ഡോഗ്മാറ്റിക്കാണെന്നു നിങ്ങൾ എഴുതി. വിശദീകരിക്കാമോ?

ഉത്തരം: വിശദീകരണത്തിനു ഗ്രന്ഥംതന്നെ എഴുതണം. സാധാരണമായ മനസ്സു്. ഓവർ മൈൻഡ്. സൂപർ മൈൻഡ് ഈ വിഭജനങ്ങൾക്കു യുക്തിയില്ല. അരവിന്ദഘോഷി ന്റെ സാഹിത്യനിരൂപണസിദ്ധാന്തങ്ങളും ഇവയെ അവലംബിച്ചുള്ളതാണു്. അദ്ദേഹത്തിന്റെ ധിഷണാവിലാസം ആദരണീയം. പക്ഷേ, സിദ്ധാന്തങ്ങൾ സ്വീകരണീയങ്ങളല്ല. അതിനാലാണു് ശ്രീരാമകൃഷ്ണനെ പ്പോലെ, വിവേകാനന്ദനെ പ്പോലെ, രമണമഹർഷി യെപ്പോലെ, അദ്ദേഹം ഭാരതീയരിൽ സ്വാധീനശക്തി ചെലുത്താത്തതു്. അരവിന്ദഘോഷിന്റെ ദർശനപദ്ധതിയെക്കുറിച്ചു് ഏറെ ഗ്രന്ഥങ്ങളുണ്ടായെങ്കിലും പോണ്ടിച്ചേരി ആശ്രമത്തിനു പുറത്തു് അദ്ദേഹത്തിന്റെ തത്ത്വചിന്ത പോയില്ല.

ചോദ്യം: അതിരുകടന്ന സ്നേഹം എങ്ങനെ കലാശിക്കും?

ഉത്തരം: ദുരന്തത്തിൽ. അതിരുകടന്നില്ലെങ്കിൽ സ്ത്രീക്കു പുരുഷനെയും പുരുഷനു സ്ത്രീയെയും സ്പർശിക്കണമെന്നു തോന്നും.

ചോദ്യം: സാഹിത്യവാരഫലം വായിച്ചിട്ടു് ഒരുപാടു് ആളുകൾ നിങ്ങളെ തെറിപറയുന്നുണ്ടു്. നിങ്ങൾ അതറിയുന്നുണ്ടോ?

ഉത്തരം: എപ്പോൾ തെറിപറയുന്നതു നില്ക്കുമോ അപ്പോൾ മുതൽ ഈ പംക്തി അവരെ ചലനംകൊള്ളിക്കുന്നില്ലെന്നു വിചാരിച്ചുകൊള്ളണം.

ചോദ്യം: ഇനിയും എത്രനാൾ സഹിക്കണം?

ഉത്തരം: മനുഷ്യൻ എന്നാണു് അനന്തതയിലേക്കു പോകുന്നതെന്നു് എങ്ങനെ അറിയാനാണു്. അതുകൊണ്ടു ചങ്ങാതി ക്ഷമിക്കൂ അതു സംഭവിക്കുന്നതുവരെ.

ചോദ്യം: അച്ഛനമ്മമാരുടെ അവസാനത്തെ വിലാപം എങ്ങനെയായിരിക്കും?

ഉത്തരം: ഞങ്ങളുടെ ആൺമക്കളെവിടെ? പെൺമക്കളെവിടെ? ആരും ഞങ്ങളെ കാണാൻ വരുന്നില്ലല്ലോ.

ചോദ്യം: സ്ത്രീയെക്കുറിച്ചു പുരുഷന്റെ അഭിപ്രായമെന്തു?

ഉത്തരം: സ്ത്രീ കൂടുതൽ സംസാരിച്ചാൽ പുരുഷൻ അവളെ ഇളക്കക്കാരിയെന്നു വിളിക്കും. വേശ്യയെന്നും വിളിക്കുന്നതു ഞാൻ കേട്ടിട്ടുണ്ടു്. അവൾ പുരുഷനോടു തീരെസ്സംസാരിച്ചില്ലെങ്കിൽ ‘ഓ പതിവ്രത ചമയുന്നു’ എന്നു് അയാൾ പറയും. പുരുഷന്റെ ചോദ്യത്തിനു ഉത്തരം മാത്രം പറഞ്ഞാൽ ‘ഓ വായിലെ മുത്തു പൊഴിയുമോ’ എന്നു പരിഹസിക്കും. ഏതുവിധത്തിലായാലും സ്ത്രീക്കു രക്ഷയില്ല.

ചോദ്യം: സി. വി. രാമൻപിള്ള യുടെ കഥാപാത്രങ്ങളിൽ നിങ്ങൾ കൂടുതൽ വെറുക്കുന്നതു് ഹരിപഞ്ചാനൻ എന്ന രാജദ്രോഹിയെയല്ലേ?

ഉത്തരം: അല്ല. ഹരിപഞ്ചാനനനെ ഞാൻ ബഹുമാനിക്കുന്നു. ഞൻ വെറുക്കുന്നതു് ‘മാർത്താണ്ഡവർമ്മ’യിലെ സുഭദ്രയെയാണു്.

ചോദ്യം: സാറ് ഉറങ്ങുകയല്ലേ? ഞാൻ വിളിച്ചു് ഉണർത്തട്ടോ?

ഉത്തരം: സ്ത്രീയുടെ സ്പർശനത്താൽ ഉണരുകയും പുളകം കൊള്ളുകയും ചെയ്യുന്ന കാലം എനിക്കെന്നേ കഴിഞ്ഞു.

നിരീക്ഷണങ്ങൾ
 1. ഹാംലിറ്റിനെ പ്രേതത്തിന്റെ മുൻപിൽ ഷെയ്ക്സ്പിയർ നിറുത്തിയതു് ആ രാജകുമാരന്റെ സ്വഭാവം അയാളുടെ പ്രതികരണങ്ങളിലൂടെ ചിത്രീകരിക്കാനും അങ്ങനെ മനുഷ്യസ്വഭാവത്തിന്റെ സാമാന്യ ധർമ്മങ്ങൾ ആവിഷ്കരിക്കാനുമല്ല; നമ്മൾ ആ പ്രേതത്തെ അംഗീകരിക്കത്തക്ക വിധത്തിൽ ഹാംലിറ്റ് സ്വാഭാവികമായി പ്രതികരിക്കുന്നു എന്നു കാണിക്കാനാണു് ഷെയ്ക്സ്പിയറിന്റെ ലക്ഷ്യം —വിശ്രുത നിരൂപകൻ C. S. Lewis പറഞ്ഞതാണിതു്. സി. വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ എന്ന ആഖ്യായികയിൽ വിസ്മയാവഹങ്ങളായ കൃത്യങ്ങൾ അനുഷ്ഠിക്കുന്ന അനന്തപദ്മനാഭനെ നമ്മൾ ഇമ്മട്ടിൽ അംഗീകരിക്കുന്നുണ്ടോ എന്നു് ആലോചിക്കേണ്ടതാണു്.
 2. സാഹിത്യവാരഫലം എന്ന ഈ പംക്തിയെ ആക്ഷേപിക്കുന്നവരോടു് എനിക്കു ദേഷ്യമില്ല ഇപ്പോൾ. ഇക്കാര്യത്തിൽ സ്റ്റോയിക് തത്ത്വചിന്തകൻ എപിക്റ്റീറ്റസാ ണു് (Epictetus, AD 50–138) എന്റെ ഗുരുനാഥൻ. അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ വസ്ത്രങ്ങളെ നിങ്ങൾ അഭിനന്ദിക്കുന്നില്ലെങ്കിൽ കള്ളന്മാർ അവ മോഷ്ടിച്ചാൽ നിങ്ങൾക്കു ദേഷ്യമില്ല. ഭാര്യയുടെ സൗന്ദര്യത്തെ നിങ്ങൾ അഭിനന്ദിക്കുന്നില്ലെങ്കിൽ അവളെ വശീകരിക്കുന്നവനോടു നിങ്ങൾക്കു ദേഷ്യമില്ല”. സാഹിത്യവാരഫലം ബഹുജനത്തിനുവേണ്ടിയുള്ള ഒരു കോളം. നിസ്സംഗമായി ഞാനതിനെ നോക്കുന്നതുകൊണ്ടു് നിന്ദകരോടു എനിക്കു ദേഷ്യമില്ല. ഈ ലോകത്തു് ആവശ്യകതയിൽക്കവിഞ്ഞു ജീവിച്ച ഞാൻ, മരണത്തോടു അടുത്ത ഞാൻ അന്യരുടെ അസഭ്യവർഷങ്ങളിലും കോപിക്കുന്നില്ല. അടുത്തകാലത്തു് നവീന കവിത ‘ഒപ്രസ്സീവാ’ണെന്നു് (പീഡിപ്പിക്കുന്നതാണെന്നു്) ഞാൻ പറഞ്ഞു. എന്റെ വിശ്വാസമാണതു്. അതു തെറ്റാണെന്നു് അടുത്ത പ്രഭാഷകനു വേണമെങ്കിൽ പറയാം. പക്ഷേ, ആ മാന്യൻ ചെയ്തതു് അതല്ല. തെറിവാക്കുകൾകൊണ്ടു് എന്നെ എറ്റുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി. സദസ്സു കോപിക്കുന്നതുവരെ അദ്ദേഹം അതു ചെയ്തു. കണ്ണുതുറന്നുവച്ചിരിക്കുന്ന ആളിനു് തന്റെ അഭിപ്രായത്തിനു് എതിരായ അഭിപ്രായം ഉണ്ടാകാം എന്നു തോന്നും. അങ്ങനെ തോന്നുന്നയാളിനു് മറ്റുള്ളവരെ അസഭ്യം പറയേണ്ടതായി വരില്ല.
 3. ബിഷപ്പിന്റെ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ഷാങ്വൽഷാങ്ങിനെ പൊലീസ് പിടികൂടി അദ്ദേഹത്തിന്റെ മുൻപിൽ കൊണ്ടുചെന്നു. ഉടനെ ബിഷപ്പ് രണ്ടു വെള്ളിമെഴുകുതിരിക്കാലുകൾ എടുത്തുകൊണ്ടുവന്നു് “ഷാങ്വൽഷാങ് ഇവയും ഞാൻ നിങ്ങൾക്കു തന്നല്ലോ. എന്തേ ഇവകൂടി കൊണ്ടുപോകാത്തതു?” എന്നു ചോദിച്ചു. പൊലീസുകാർ തിരിച്ചുപോയി. എന്റെ ഓർമ്മ ശരിയാണോ എന്തോ. ബിഷപ്പ് ഇങ്ങനെയും പറഞ്ഞുവെന്നു് ആ ഓർമ്മ അറിയിക്കുന്നു: “ഷാങ്വൽഷാങ് നിങ്ങളുടെ ആത്മാവിനെ ഞാൻ വിലയ്ക്കു വാങ്ങുന്നു. നല്ല മനുഷ്യനായി ജീവിക്കൂ” വെള്ളിപ്പാത്രങ്ങളെയും വെള്ളി മെഴുകുതിരിക്കാലുകളെയും ബിഷപ്പ് സ്നേഹിച്ചിരുന്നെങ്കിൽ അദ്ദേഹം ഷാങ്വൽഷാങ്ങിനെ തസ്കരനായിത്തന്നെ കാണുമായിരുന്നു.“നല്ല മനുഷ്യനായി ജീവിക്കൂ” എന്നു ബിഷപ്പ് പറഞ്ഞതു് ഷാങ്വൽഷാങ്ങിനോടു മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യരോടാണു്. യൂഗോ, അങ്ങും എന്റെ ഗുരുനാഥനാണു്.
 4. കാപ്പിക്കടയിൽ മേശക്കപ്പുറത്തും ഇപ്പുറത്തുമിരുന്നു രണ്ടുപേർ കാപ്പി കുടിക്കുന്നു. മേശയുടെ പകുതി അപ്പുറത്തു് ഇരിക്കുന്നവനാണു്. മറ്റേപ്പകുതി ഇപ്പുറത്തു് ഇരിക്കുന്നവനു്. ഒരുത്തനു് അവകാശപ്പെട്ട പകുതിയിലേക്കു് മറ്റേയാൾ ഗ്ലാസ് നീക്കിവച്ചാൽ ആദ്യം പറഞ്ഞയാളിനു് അതു രസിക്കില്ല. ഇതുതന്നെയാണു് ആ മറ്റേയാളിനെക്കുറിച്ചും പറയാനുള്ളതു്. വിശ്രുതനായ ഒരു ശാസ്ത്രജ്ഞൻ ഇതിനെ territorial imperative എന്നു വിളിക്കുന്നു. തന്റെ സ്ഥലത്തേക്കു ഗ്ലാസ് നീക്കിവച്ചവനെ അയാൾ നോക്കില്ല. തന്റേതെന്നു വിചാരിക്കുന്ന സ്ഥലത്തെ വീണ്ടുമൊന്നു നോക്കി അതു തന്റേതുതന്നെ എന്നു് അയാൾ ഉറപ്പു വരുത്തും. കാമുകി റോഡിലൂടെ പോകുമ്പോൾ കാമുകൻ അവളെ നോക്കി അതു തന്റെ റ്റെറിറ്ററിയാണെന്നു് ഉറപ്പിക്കും. വേറൊരാൾ അവളെ നോക്കുന്നതു് അയാൾക്കിഷ്ടമില്ല. അസൂയ മാത്രമല്ല ആ ഇഷ്ടക്കേടിനു കാരണം. ഇംഗ്ലീഷ് അധ്യാപകൻ മലയാള സാഹിത്യത്തെക്കുറിച്ചു് അഭിപ്രായം പറഞ്ഞാൽ മലയാളാധ്യാപകനു രസിക്കില്ല. മലയാളാധ്യാപകൻ കീറ്റ്സി നെക്കുറിച്ചു മതമാവിഷ്കരിച്ചാൽ ഇംഗ്ലീഷ് അധ്യാപകനും രസിക്കില്ല. ഓരോ വ്യക്തിക്കും അവന്റേതായ റ്റെറിറ്ററി. വൈലോപ്പിള്ളി ക്കവിത വായിച്ചു വായിച്ചു് സ്വന്തം റ്റെറിറ്ററി ആക്കിവച്ചിരിക്കുന്നവനോടു് ആ കവിതയെക്കുറിച്ചു് അനുകൂലമായ അഭിപ്രായം പറഞ്ഞാലും റ്റെറിറ്ററി ഉടമസ്ഥനു പിടിക്കില്ല. പ്രതികൂലമാണു് അഭിപ്രായമെങ്കിൽ പിന്നെന്തുണ്ടാവുമെന്നു് പറയുകയും വേണ്ട.
 5. നോബൽസമ്മാനം നേടിയ മഹാകവി യോസിഫ് ബ്രൊഡ്സ്കി ഇറ്റലിയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ—Why Read Poetry എന്ന പ്രഭാഷണത്തിൽ—സാഹിത്യത്തിൽ അഭിരുചിയുണ്ടാകാനുള്ള ഒരു മാർഗ്ഗം കവിത വായിക്കുകയാണെന്നു പറഞ്ഞിരിക്കുന്നു. സംഭാഷണരീതിയിൽ ഏറ്റവും ശ്രേഷ്ഠമാണതു്. മാനുഷികാനുഭവത്തെ ഏറ്റവും സംക്ഷിപ്തമായി ആവിഷ്കരിക്കുന്നതും കവിതയാണു്. കവിത കൂടുതൽ കൂടുതൽ വായിക്കൂ. രാഷ്ട്രവ്യവഹാരസംബന്ധിയായ ലേഖനങ്ങൾ, ദാർശനിക പ്രബന്ധങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, സാമൂഹികപഠനങ്ങൾ, നോവലുകൾ ഇവയിൽക്കാണുന്ന വാചാലതയിൽ നമ്മൾ അതോടെ അസഹിഷ്ണുക്കളായിബ്ഭവിക്കും. ഗദ്യത്തിനു് അച്ചടക്കമുണ്ടാക്കുന്നതു് പദ്യമാണു്. ഓരോ വാക്കിന്റെയും മൂല്യം ഗദ്യത്തിനു പഠിപ്പിച്ചു കൊടുക്കുന്നതു് പദ്യമത്രേ.
images/Sappho01.jpg
സാഫോ

Words of Wisdom എന്നാണു് ഈ പ്രഭാഷണത്തെക്കുറിച്ചു പറയേണ്ടതു്. ബ്രൊഡ്സ്കിയുടെ ഈ മതങ്ങൾ ശരിയാണെന്നു പറയാൻ ഞാനാരു്? എങ്കിലും വിദ്യാർത്ഥികളോടു ഞാനൊന്നു പറയട്ടെ. നിങ്ങൾക്കു നല്ല മലയാളമെഴുതണമെന്നുണ്ടെങ്കിൽ എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചമ്പുകാരന്മാർ ഇവരുടെ കാവ്യങ്ങൾ ഹൃദിസ്ഥങ്ങളാക്കണം; അതുപോലെ നല്ല ഇംഗ്ലീഷ് എഴുതാൻ ഇംഗ്ലീഷ് കാവ്യങ്ങളും “കാണാപ്പാഠ”മാക്കണം. (The New York Times Book Review-വിൽ വന്ന ഈ പ്രബന്ധം എനിക്കു തന്നതു് സാഹിത്യത്തിൽ തല്പരനായ ശ്രീ. എൻ. ഈ. സുധീറാണു്. അദ്ദേഹത്തിനു നന്ദി.)

ഇനി ഞാൻ എഴുതുന്നതിനു മൗലികത്വമില്ല. ഒരു പടിഞ്ഞാറൻ നേരമ്പോക്കിന്റെ അനുകരണമാണു്. ആനയെക്കുറിച്ചു വിവരണമെഴുതൂ എന്നു പറഞ്ഞാൽ ഓരോ വ്യക്തിയും എഴുതാവുന്നതു്:

നായർ വിദ്യാർത്ഥി:
ആനയും സാമ്പത്തിക സംവരണവും.
ഈഴവ വിദ്യാർത്ഥി:
ആനയുടെ ഭക്ഷണമായ ഓലമടൽ ഇരുപത്തേഴു ശതമാനം സംവരണം ചെയ്യേണ്ടതിന്റെ ആവശ്യകത.
തകഴി:
ആനയുടെ ലൈംഗികജീവിതം.
ഗവേഷണ വിദ്യാർത്ഥി (മലയാളം എം. എ.):
ആനയുടെ തൊലിക്കട്ടിയും നവീന കവികളുടെ തൊലിക്കട്ടിയും തമ്മിലുള്ള ബന്ധം.
ഗവേഷണ വിദ്യാർത്ഥി (ഹിന്ദി എം. എ.):
സഹ്യപർവ്വതത്തിലെ പിടിയാനയും വിന്ധ്യപർവ്വതത്തിലെ കൊമ്പനാനയും—ഒരു തുലനാത്മക പഠനം.
ഒളപ്പമണ്ണ:
ആനയുടെ പാരുഷ്യവും എന്റെ കവിതയുടെ പരുക്കൻസ്വഭാവവും.
എം. കൃഷ്ണൻനായർ:
ലാറ്റിനമേരിക്കൻ ആനയുടെ ബൃഹദാകാരവും കേരളത്തിലെ ആനയുടെ ഹ്രസ്വാകാരവും.
നൂറിൽ പൂജ്യം

കണ്ണു തുറന്നുവച്ചിരിക്കുന്ന ആളിനു് മനസ്സിന്റെ ജാലകം തുറന്നു വച്ചിരിക്കുന്ന ആളിനു് തന്റെ അഭിപ്രായത്തിനു് എതിരായ അഭിപ്രായം ഉണ്ടാകാം എന്നു തോന്നും. അങ്ങനെ തോന്നുന്നയാളിനു് മറ്റുള്ളവരെ അസഭ്യം പറയേണ്ടിവരില്ല.

മനോരാജ്യം വാരികയിൽ ‘അപ്പച്ചന്റെ ജോസൂട്ടി’ എന്ന ചെറുകഥ എഴുതിയ ശ്രീമതി മേമോൾ തോമസ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ (കോളിജിൽ) എം. എ. ക്ലാസിൽ പഠിച്ച മേമോൾ തോമസാണെന്നു കരുതി എഴുതുകയാണു്. ആ ക്ലാസ്സിലെ ബുദ്ധിശാലിനിയായ വിദ്യാർത്ഥിനിയായിരുന്നു മേമോൾ. ഭംഗിയായി പാടും. ചിത്രം വരയ്ക്കും. ഉന്നതമായ രീതിയിൽ പരീക്ഷയിൽ ജയിക്കുകയും ചെയ്തു. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥയായി പോയ മേമോൾ ഗുരുനാഥനായ എനിക്കു പ്രോവിഡന്റ് ഫണ്ട് സെറ്റൽമെന്റ്, പെൻഷൻ തുക നല്കൽ, പെൻഷൻ കമ്മ്യൂട്ടേഷൻ തുക തിരിച്ചുനല്കൽ ഇവയൊക്കെ ഏതാനും മണിക്കൂറുകൾകൊണ്ടു ശരിപ്പെടുത്തിത്തന്നു. സാധാരണയായി പെൺകുട്ടികൾ വിദ്യാഭ്യാസം കഴിഞ്ഞു ജോലിയായിപ്പോയാൽ അധ്യാപകരെ ഓർക്കാറില്ല. റോഡിൽവച്ചു കണ്ടാൽ കണ്ടഭാവം കാണിക്കാറുമില്ല. പക്ഷേ, മേമോൾ അങ്ങനെയല്ല. ആ ചെറുപ്പക്കാരിയുടെ സംസ്കാരമെന്നേ പറയേണ്ടൂ. അധ്യാപകരാണു് ശിഷ്യരെ പഠിപ്പിക്കുന്നതെങ്കിലും ചില വിദ്യാർത്ഥികൾ അധ്യാപകരുടെയും വിജ്ഞാനലോചനം തുറന്നു കൊടുക്കാറുണ്ടു്. ഒരു ദിവസം കേശവദേവി ന്റെ ‘അയല്ക്കാർ’ എന്ന നോവലിനെക്കുറിച്ചു് അവർ എന്നോടു ചോദിച്ചു: ‘സാർ ‘അയല്ക്കാരി’ൽ കേശവദേവ് കൂടക്കൂടെ നായന്മാരെ വെടലകളെന്നും ഈഴവരെ കൊട്ടികളെന്നും വിളിക്കുന്നു. ഇങ്ങനെ വിളിച്ചാൽ അതു് നായർ സമുദായത്തിന്റെയും ഈഴവ സമുദായത്തിന്റെയും പ്രതിഫലനമാകുമോ?” എന്റെ അബോധമനസ്സിൽ കിടന്ന ഒരാശയം ഒരു വിദ്യാർത്ഥിനി സ്പഷ്ടമായി ചോദിച്ചപ്പോൾ എനിക്കു് അവരോടു ബഹുമാനം തോന്നി. ഒരു സാഹിത്യ തത്ത്വത്തിലേക്കാണു് മേമോൾ കൈചൂണ്ടിയതു്. ഗുരുനാഥൻ ഈ സന്ദർഭത്തിൽ ശിഷ്യനായിപ്പോയി. ശിഷ്യ ഗുരുനാഥയും.

images/Cslewis3.jpg
C. S. Lewis

എന്നാൽ ബുദ്ധിവൈഭവവും imaginative literature രചിക്കാനുള്ള കഴിവും വിഭിന്നങ്ങളാണെന്നു ശ്രീമതിയുടെ ചെറുകഥ തെളിയിക്കുന്നു. ഒരാളുടെ മരണവും ആ മരണം ജനിപ്പിക്കുന്ന അവഗണനയും ഒരു ബന്ധുവിന്റെ നല്ല മനസ്സും സ്ഫുടീകരിക്കുന്ന ഈ ചെറുകഥ സാഹിത്യത്തിന്റെ മണ്ഡലത്തിലേക്കു കടക്കുകയില്ല. യഥാതഥമായ വിവരണം എന്നതിൽക്കവിഞ്ഞു് ഇതിനൊരു സ്ഥാനവുമില്ല. മേമോളിന്റെ ഉത്തരക്കടലാസ്സുകളിൽ നൂറിൽ എൺപതു മാർക്കിട്ട ഞാൻ ഈ കഥയ്ക്കു നൂറിൽ പൂജ്യമിടുന്നു.

കെ. ബാലകൃഷ്ണൻ

കവിത കൂടുതൽ വായിക്കൂ. രാഷ്ട്ര വ്യവഹാര സംബന്ധിയായ ലേഖനങ്ങൾ, ദാർശനിക പ്രബന്ധങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ, സാമൂഹിക പഠനങ്ങൾ, നോവലുകൾ ഇവയിൽ കാണുന്ന വാചാലതയിൽ നമ്മൾ അതോടെ അസഹിഷ്ണുക്കളായിബ്ഭവിക്കും. ഗദ്യത്തിനു് അച്ചടക്കമുണ്ടാക്കുന്നതു പദ്യമാണു്. ഓരോ വാക്കിന്റെയും മൂല്യം ഗദ്യത്തിനു പഠിപ്പിച്ചുകൊടുക്കുന്നതു് പദ്യമത്രേ.

കൗമുദിയുടെ എഡിറ്ററും എം. പി.യുമായിരുന്ന കെ. ബാലകൃഷ്ണനെ ക്കുറിച്ചു് എഴുതാൻ തുടങ്ങുമ്പോൾ In the end all literary men deserted him എന്ന ഇംഗ്ലീഷ് വാക്യമാണു് എന്റെ പേനയിൽനിന്നു കടലാസ്സിലേക്കു് ഊർന്നു വീഴുന്നതു്. കെ. ബാലകൃഷ്ണൻ കൈക്കു പിടിച്ചു് ഉയർത്തിയില്ലായിരുന്നെങ്കിൽ ഇന്നത്തെ പല പ്രശസ്തരും അറിയപ്പെടാത്തവരായി വല്ല മൂലയിലും കിടന്നേനെ. അങ്ങനെ അദ്ദേഹത്തിന്റെ അവലംബത്തോടെ ഉയർന്നവർ ജീവിതസായാഹ്നത്തിൽ അദ്ദേഹം സ്വന്തം വീട്ടിന്റെ ഗെയ്റ്റിൽ ചാരിനില്ക്കുന്നതു കണ്ടാൽ മാറിപ്പോയിരുന്നു. മനുഷ്യർ അങ്ങനെയാണു്; വിസ്മയിക്കാനില്ല.

images/MKSanu.jpg
എം. കെ. സാനു

ഒരു കാലയളവിനെ തേജോമയമാക്കിയ ബാലകൃഷ്ണനെക്കുറിച്ചു പ്രഫെസർ എം. കെ. സാനു കുങ്കുമം വാരികയിൽ എഴുതിയതു് ഞാൻ അനല്പമായ ആഹ്ലാദത്തോടെ വായിച്ചു. ബാലകൃഷ്ണന്റെ സിദ്ധികളെ സാനു വിദഗ്ദ്ധമായി സൂചിപ്പിക്കുന്നു. അസാധരണത്വം ആനുപാതികമായി ഇല്ലാത്ത സൗന്ദര്യമില്ല എന്നു ബേക്കൺ പറഞ്ഞിട്ടുണ്ടു്. ബാലകൃഷ്ണന്റെ വാഗ്മീയതയുടെയും സ്വർഗ്ഗവൈഭവത്തിന്റെയും നന്മയുടെയും സൗന്ദര്യമെടുത്തു കാണിക്കുന്ന സാനു അവയിലെ അസാധാരണത്വത്തിലേക്കും ബുദ്ധിയുടെ ദീപം ഉയർത്തിക്കാണിക്കുന്നു. ബാലകൃഷ്ണനെ ‘ഡിസേർട്’ ചെയ്യാത്ത (ഉപേക്ഷിക്കാത്ത) സാനുവിനു് അഭിനന്ദനം.

ഏതാനും വാക്കുകൾകൊണ്ടു് കവികൾ മാന്ത്രിക ലോകമുണ്ടാക്കും. ഗ്രീക്ക് ഭാവാത്മക കവികളിൽ അദ്വിതീയ സ്ഥാനമുള്ള സാഫോ (ജനനം 630 BC) എഴുതിയ ഒരു കൊച്ചുകവിത:

“Evening star that bringest back

all that light some Dawn Lath

Scattered afar, thou bringest

the sheep, thou bringest the goat,

thou bringest her child to the mother… ”

images/JosefBrodsky.jpg
യോസിഫ് ബ്രൊഡ്സ്കി

പ്രഭാതം ദൂരത്തേക്കു വീഴ്ത്തിയതിനെ സാന്ധ്യ താരം വീണ്ടും ഒരുമിച്ചു കൊണ്ടുവരുന്നു. കോലാടുകളെ ഒരുമിച്ചു ചേർക്കുന്നു. കുഞ്ഞിനെ അമ്മയുടെ അടുക്കലെത്തിക്കുന്നു. വെറും പ്രകൃതിവർണ്ണനയല്ല ഇതു്. സാന്ധ്യനക്ഷത്രം സ്നേഹത്തിന്റെ പ്രതിരൂപമാണു്. മനുഷ്യരെയും മൃഗങ്ങളെയും സംയോജിപ്പിക്കുന്ന ആ വികാരത്തിന്റെ ശക്തി!

പ്രീമോ ലെവീ

“There is no contest. The noblest book of the year”—Anita Brookner (വിഖ്യാതയായ നോവലിസ്റ്റ്).

“A book to return to in the anticipation of pleasure of a bracing intellectual kind”—നിഷ്പക്ഷങ്ങളും പ്രൗഢങ്ങളുമായ നിരൂപണങ്ങൾ വരുന്ന ജേണൽ.

“A wonderful book—shows what a genius was lost to the literary world with the death of Levi”—

Independent (പ്രശസ്തമായ ദിനപത്രം).

images/PrimoLevi01.jpg
പ്രീമോ ലെവീ

ഈ പ്രശംസയെല്ലാം ഈ ശതാബ്ദത്തിലെ മഹാനായ സാഹിത്യകാരൻ പ്രീമോ ലെവീ യുടെ Other People’s Trades എന്ന പുസ്തകത്തെ കുറിച്ചുള്ളതാണു്. വാക്കുകൾകൊണ്ടു വിവരിക്കാനാവാത്തവിധം മഹനീയതയാർജ്ജിച്ച The Drowned and the Saved എന്ന ആത്മകഥ എഴുതിയതിനുശേഷം പ്രീമോ ലെവീ സ്റ്റെയർ വെല്ലിന്റെ അഗാധതയിലേക്കു ചാടി ആത്മഹത്യചെയ്തു. ഔഷ്വിറ്റ്സ് (Auschwitz) നഗരത്തിലെ നാത്സി തടങ്കൽപ്പാളയത്തിൽ കിടന്ന ലെവി രസതന്ത്ര ശാസ്ത്രജ്ഞനായിരുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ സേവനങ്ങൾ നാത്സികൾക്കു വേണ്ടിയിരുന്നു. അതുകൊണ്ടു് അദ്ദേഹം കൊല്ലപ്പെട്ടില്ല. ലെവീയുടെ കൂട്ടുകാർ നിഗ്രഹിക്കപ്പെട്ടു. പശ്ചാത്താപമാണു് ലെവിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പലരും പറയുന്നു. ആത്മകഥ വായിച്ചാൽ അതു തോന്നുകയും ചെയ്യും.

ഒരു കവി നാഗസാക്കിയിൽ ആറ്റംബോംബിട്ടപ്പോൾ കേട്ട ശബ്ദത്തിനു സദൃശമായ ശബ്ദത്തിൽ കവിത ചൊല്ലുന്നു; മറ്റൊരു കവി അഹങ്കാരത്തിന്റെ ശബ്ദത്തിൽ; വേറൊരു കവി ദയനീയമായ ശബ്ദത്തിൽ; ഇനിയും മറ്റൊരു കവി ബെയണിറ്റ് ചാർജ് (bayonet) നടത്തുന്നതു പോലെ ശ്രോതാക്കളെ ചാർജ്ചെയ്യുന്നു. യേശുദാസൻ പാടുന്നതുപോലെ പരുക്കൻ കവിതയെ ഗാന സ്രോതസ്വിനിയാക്കി ബഹുജനത്തിന്റെ മുൻപിൽ കൊണ്ടുവരുന്നവരുമുണ്ടു്. ഇവയെല്ലാം അയഥാർത്ഥങ്ങളാണു്. കവിതയുടെ നാദം മറ്റൊന്നാണു്.

ഈ മനുഷ്യസ്നേഹിയുടെ, മഹാനായ സാഹിത്യകാരന്റെ നാല്പതിലധികം പ്രബന്ധങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്. വൈജാത്യവും വൈവിധ്യവുമുള്ള വിഷയങ്ങൾ. ഏതു വിഷയം കൈകാര്യം ചെയ്താലും അതിൽ ലെവീയുടെ തുളച്ചു കയറുന്ന ധിഷണാശക്തിയും അന്തർവ്വീക്ഷണപാടവവും നമുക്കു കാണാം. സാഹിത്യത്തെസ്സംബന്ധിച്ച ലേഖനങ്ങൾ തീരെക്കുറവാണീപ്പുസ്തകത്തിൽ. ശാസ്ത്രീയങ്ങളും സാമൂഹികങ്ങളുമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണു് ലെവിക്കു താല്പര്യം. പക്ഷേ, അവയിലും സാഹിത്യം, കല ഇവയെക്കുറിച്ചുള്ള മൗലികങ്ങളായ നിരീക്ഷണങ്ങൾ കാണാം. നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചു് അദ്ദേഹം പറയുന്നതു കേൾക്കുക:

“Every one of these phantasms is born from you, has your blood, for good or evil. It is your bloom. Worse, it is a spy assigned to you, reveals a part of you, your tensions, like those glass tassels that are used to reveal whether a crack in the wall is bound to grow wider. They are your way of speak, reflect on what you are doing for they might say too much. Perhaps they will live longer than you perpetuating your vices and errors”.

നഗ്നതയെക്കുറിച്ചു മറ്റൊരു മൗലിക വീക്ഷണം:

“The Concept of nudity is vast, chiefly as regards women: any portion of the body that is usually covered is nudity and so is the hair. In short, nudity is everything that might attract the attention of men, distracting him from the thought of God: so the ‘voice of a singing women’ is also considered the same as nudity”.

“പാടുന്ന സ്ത്രീയുടെ ശബ്ദവും നഗ്നതയായി പരിഗണിക്കപ്പെടുന്നു”—ഈ ആശയം എനിക്കു തോന്നിയിരുന്നെങ്കിൽ ഞാനെത്ര ധന്യൻ! (Translated by Raymond Rosenthal, Abacus, Spl. Indian Price Rs 50).

ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങൾ

ഞാൻ പ്രധാനമന്ത്രിയായാൽ ആദ്യം നിരോധിക്കുന്നതു കവിയരങ്ങുകളെയും ചൊല്ക്കാഴ്ചകളെയും ആയിരിക്കും.

The Book of Stupid Questions എന്ന പേരിൽ Tom Weller ഒരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അതിൽനിന്നും ചില ചോദ്യങ്ങൾ. അവയ്ക്കു ഉത്തരം നല്കിയാൽ നല്കുന്ന ആളിന്റെ സ്വഭാവം വ്യക്തമാകും.

 1. നിങ്ങൾക്കു വിദ്യുച്ഛക്തിയുപകരണമാകാൻ കഴിയുമെങ്കിൽ AC ആകുമോ അതോ DC ആകുമോ?
 2. അക്ഷരമാലയുടെ ക്രമം മാറ്റാൻ നിങ്ങൾക്കു കഴിയുമെങ്കിൽ ഏതു ക്രമമാവും നിങ്ങൾ സ്വീകരിക്കുക.
 3. നിങ്ങൾ പറക്കും തളികകൾ കണ്ടിട്ടുണ്ടോ?
 4. ജലത്തിലുള്ള മുയൽ നിങ്ങളെ എപ്പോഴെങ്കിലും ആക്രമിച്ചിട്ടുണ്ടോ?
 5. മനസ്സിൽ വ്യഭിചാരം ഏതെങ്കിലും സന്ദർഭത്തിൽ നിങ്ങൾ നടത്തിയിട്ടുണ്ടോ?
 6. നിങ്ങളുടെ ആന്തരാവയവങ്ങളിൽ ഏതിനോടാണു നിങ്ങൾക്കു കൂടുതൽ ഇഷ്ടം?
 7. നിറമുള്ള 64 ചോക്കുകഷണങ്ങളിൽ ഒരെണ്ണം നിങ്ങൾക്കു തിന്നേണ്ടതായി വന്നാൽ ഏതു നിറമുള്ള ചോക്കുകഷണമായിരിക്കും നിങ്ങൾ തിന്നുക?
 8. ഒരു മൊട്ടുസൂചിയുടെ മൊട്ടിൽ എത്ര മാലാഖമാർക്കു നൃത്തം ചെയ്യാൻ കഴിയും?

ടോം വെല്ലറിന്റെ സ്റ്റുപിഡ് ചോദ്യങ്ങൾ ഇത്രയുമായ സ്ഥിതിക്കു് സാഹിത്യവാരഫലക്കാരനും ഒരു സ്റ്റുപിഡ് ചോദ്യം ചോദിച്ചുകൊള്ളട്ടെ. bad taste എന്നു പ്രിയപ്പെട്ട വായനക്കാർ പറയരുതേ.

അതിസ്സുന്ദരിയായ ചെറുപ്പക്കാരിയോടു സംസാരിച്ചുകൊണ്ടു നില്ക്കുന്ന പുരുഷനായ നിങ്ങൾക്കു സ്വന്തം ചന്തി ചൊറിയണമെന്നു് അടക്കാനാവാത്ത പ്രേരണയുണ്ടായാൽ നിങ്ങൾ ഉടനെ ആ കൃത്യം നടത്തുമോ?

കവിതയുടെ നാദം

സ്ത്രീ കൂടുതൽ സംസാരിച്ചാൽ പുരുഷൻ അവളെ ഇളക്കക്കാരിയെന്നു വിളിക്കും. അവൾ പുരുഷനോടു തീരെസ്സംസാരിച്ചില്ലെങ്കിൽ ‘ഓ പതിവ്രത ചമയുന്നു’ എന്നു് അയാൾ പറയും. പുരുഷന്റെ ചോദ്യത്തിനു ഉത്തരം മാത്രം പറഞ്ഞാൽ ‘ഓ വായിലെ മുത്തു പൊഴിയുമോ’ എന്നു പരിഹസിക്കും. ഏതുവിധത്തിലായാലും സ്ത്രീക്കു രക്ഷയില്ല.

പ്രഭാഷണം നടത്തുന്നതിന്നിടയിൽ ഞാൻ കവിത ചൊല്ലുന്നവനാണു്. ചൊല്ലുന്നതു നല്ല രീതിയിലാണു് എന്നു ഞാൻ കരുതുന്നതേയില്ല. ഗദ്യത്തിലാവിഷ്കരിച്ച ആശയത്തിനു ദൃഢത നല്കാനായി അല്ലെങ്കിൽ ഊന്നൽ കൊടുക്കാനായിട്ടാണു് ഞാൻ പരുക്കൻ മട്ടിൽ കവിത ചൊല്ലുന്നതു്. പക്ഷേ, എനിക്കു കവിയരങ്ങുകളും ചൊല്ക്കാഴ്ചകളും സഹിക്കാനാവില്ല. കാരണം ആ കവികളുടെ ശബ്ദവും കവിത അതിന്റേതായ രീതിയിൽ ഉയർത്തുന്ന നാദവും വിഭിന്നങ്ങളാണു് എന്നതത്രേ. ഒരു കവി നാഗസാക്കിയിൽ ആറ്റംബോംബിട്ടപ്പോൾ കേട്ട ശബ്ദത്തിനു സദൃശമായ ശബ്ദത്തിൽ കവിത ചൊല്ലുന്നു; വേറൊരു കവി അഹങ്കാരത്തിന്റെ ശബ്ദത്തിൽ; വേറൊരു കവി ദയനീയമായ ശബ്ദത്തിൽ; ഇനിയും മറ്റൊരു കവി ബെയണിറ്റ് ചാർജ്ജ് (Bayonet) നടത്തുന്നതുപോലെ ശ്രോതാക്കളെ ചാർജ്ജ് ചെയ്യുന്നു. യേശുദാസൻ പാടുന്നതുപോലെ പരുക്കൻ കവിതയെ ഗാനസ്രോതസ്വിനിയാക്കി ബഹുജനത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതുമുണ്ടു്. ഇവയെല്ലാം അയഥാർത്ഥങ്ങളാണു്. കവിതയുടെ നാദം മറ്റൊന്നാണു്. അതു് ഏകാന്തത്തിലിരുന്നു സഹൃദയൻ മൗനമായി വായിക്കുമ്പോൾ ഔപനിഷദീയ ഗ്രന്ഥങ്ങളിൽ പറയുന്ന കാതിന്റെ കാതു പിടിച്ചെടുക്കുന്നു. ഞാൻ പ്രധാനമന്ത്രിയായാൽ ആദ്യം നിരോധിക്കുന്നതു കവിയരങ്ങുകളെയും ചൊല്ക്കാഴ്ചകളെയും ആയിരിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-12-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.