സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-12-19-ൽ പ്രസിദ്ധീകരിച്ചതു്)

images/NikosKazantzakis1904.jpg
നിക്കോസ് കാസാൻദ്സാക്കീസ്

ഈ നൂറ്റാണ്ടു കണ്ട നോവലെഴുത്തുകാരിൽ ഉത്കൃഷ്ടനായ നിക്കോസ് കാസാൻദ്സാക്കീസ് (Nikos Kazantzakis 1883–1957) The Last Temptation [1] എന്ന നോവൽ എഴുതിയതിന്റെ പേരിൽ ‘കുരിശിൽ തറയ്ക്കപ്പെടു’കയുണ്ടായി. അദ്ദേഹത്തിന്റെ വേറൊരു നോവലാണു് Freedom or Death. കാസാൻദ്സാക്കീസ് ഭാര്യയ്ക്കു് (Helen) എഴുതിയ ഒരു കത്തിൽ പറയുന്നു:

“Freedom or Death ഇപ്പോഴും ഗ്രീസിലുള്ളവരെ ദേഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കീയോസിലെ ബിഷപ്പ് (Khios or Chios—കിഴക്കൻ ഗ്രീസിലെ ഒരു ദ്വീപു്) അതു് ലജ്ജാകരവും രാജ്യദ്രോഹപരവും മതവിരുദ്ധവും ക്രീറ്റിനെതിരെയുള്ള ദുരാരോപണവുമാണെന്നു കുറ്റപ്പെടുത്തിയിരിക്കുന്നു (Crete, Greek Kriti—തെക്കുകിഴക്കൻ ഗ്രീസിലെ ദ്വീപു്). അപ്പോൾ ഭവതിക്കു സങ്കല്പിക്കാം എന്റെ ജന്മഭൂമി ഏതൊരു മ്ലേച്ഛാവസ്ഥയിലാണു് കിടന്നുരുളുന്നതെന്നു്. അതായാതു് ഗ്രീക്ക് ഉദ്യോഗസ്ഥരും രാഷ്ട്രവ്യവഹാരക്കാരും പള്ളിമേധാവികളും. അമേരിക്കയിലെ യാഥാസ്ഥിതികരായ പള്ളിമേധാവികൾ The Last Temptation-നെ ഏറ്റവും അമാന്യവും നിരീശ്വരപരവും രാജ്യദ്രോഹപരവുമായി സമ്മേളനം കൂടി നിന്ദിച്ചു… ഇവിടെ ഏകാന്തതയിൽ, ശാന്തതയിൽ, കൃത്യനിർവഹണത്തിൽ മനസ്സുറപ്പിച്ചു് എന്റെ കഴിവനുസരിച്ചു് ഗ്രീക്ക് ഭാഷയ്ക്കും ഗ്രീക്ക് ചൈതന്യത്തിനും രൂപം നല്കിക്കൊണ്ടു് ഞാൻ ഇരിക്കുന്നു. റ്റർറ്റുല്യൻ [2] എഴുതിയതുപോലെ ‘To thy Court I appeal, O Lord’ (“പ്രഭോ അങ്ങയുള്ള കോടതിയിലേക്കാണു് എന്റെ ആശ്രയാഭ്യർത്ഥന”).
കുറിപ്പുകൾ

[1] 1951-ൽ പ്രസാധനം. ഇംഗ്ലീഷ് തർജ്ജമ The Last Temptation of Christ എന്ന പേരിൽ 1960-ൽ പ്രസാധനം.

[2] Tertullian (160–230), റോമൻ മതപണ്ഡിതൻ.

images/TheLastTemptationofChristGreek1955.jpg

യേശുക്രിസ്തു വിനെ മഗ്ദലനമറിയ ത്തോടു് അനഭിലഷണീയമായി, സ്വപ്നത്തിലാണെങ്കിലും ബന്ധിപ്പിച്ചു് നോവലെഴുതിയ കാസാൻദ്സാക്കിസിനു് തന്റെ പ്രവർത്തനത്തെ നീതിമത്കരിക്കാൻ പലതും കാണുമെങ്കിലും അതു ശരിയായില്ലെന്നു് കരുതുന്നവനാണു് ഈ ലേഖകൻ. നമ്മൾ സംസ്കാര ഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാർ നമ്മുടെ ജീവരക്തത്തിൽ കലർത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണു്. അവർ ജീവിത വിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തിൽ നിന്നു നമ്മൾ മനസ്സിലാക്കിയിട്ടുണ്ടു്. ആ സ്വഭാവത്തെ വേണമെങ്കിൽ വിമർശിക്കൂ. പക്ഷേ, അദ്ദേഹത്തിനു് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണു്. ശ്രീരാമൻ ബാലിയെ കൊന്നതു തെറ്റു്, ദശരഥനെ ശകാരിച്ചതു തെറ്റു്, സീതയെ ഉപേക്ഷിച്ചതു തെറ്റു് എന്നൊക്കെപ്പറയാം. എന്നാൽ ശ്രീരാമൻ ഭരതന്റെ ഭാര്യയുമായി ലൈംഗികവേഴ്ച നടത്തിയിരുന്നുവെന്നു പറയുന്നതു് മഹാപരാധമാണു്. ഒന്നുകൂടി പറയട്ടെ. നമുക്കു വ്യക്തികളുടെ പ്രവർത്തനങ്ങളെ വിമർശിക്കാം. അവരുടെ സ്വഭാവത്തെ വേറൊന്നാക്കി പ്രദർശിപ്പിക്കാൻ അധികാരമില്ല. മിസ്റ്റിക്കായ ശ്രീരാമകൃഷ്ണ പരമഹംസൻ വ്യഭിചാരിയായിരുന്നുവെന്നു സ്ഥാപിച്ചു് ഒരാൾ നോവലെഴുതിയാൽ ഹിന്ദുവല്ലാത്തവന്റെ രക്തം കൂടി തിളയ്ക്കില്ലേ? സൽമാൻ റുഷ്ദി പ്രവാചകനെ നിന്ദിച്ചപ്പോഴും എനിക്കു് അസ്വസ്ഥതയുണ്ടായതിനു ഹേതു ഇതുതന്നെ.

images/1999Saramago.jpg
ഷൂസ്സേ സാറാമാഗു

മുകളിൽപ്പറഞ്ഞ പരമാർത്ഥം ഒട്ടും വിസ്മരിക്കാതെയാണു് അതിസുന്ദരമായ ഒരു നോവലിനെക്കുറിച്ചു് ഞാൻ ഇനി എഴുതുന്നതു്. പോർച്ചുഗലിലെ ഏകശാസനാധിപത്യം തകർന്നതിനുശേഷം 1978-ൽ അവിടെ പ്രസിദ്ധപ്പെടുത്തിയ Baltasar and Blimunda എന്ന നോവൽ പൊടുന്നനെ രാഷ്ട്രാന്തരീയ പ്രശസ്തി നേടി. അതിന്റെ രചയിതാവു് ഷൂസ്സേ സാറാമാഗു (Jose Saramago). ആ നോവൽ കൈയിലുണ്ടെങ്കിലും ഞാനിതുവരെ അതു വായിച്ചില്ല. സാറാമാഗുവിന്റെ രണ്ടാമത്തെ കൃതിയായ The Year of the Death of Ricardo Reis-നു Independant Foreign Fiction Award ലഭിച്ചു. ഈ ലേഖകൻ അതു കണ്ടിട്ടില്ല. 1993-ൽ പ്രസിദ്ധപ്പെടുത്തിയ The Gospel According to Jesus Christ എന്ന നോവൽ ഇപ്പോൾ വായിച്ചുതീർത്തു. അതിന്റെ സൗന്ദര്യാതിശയവും പ്രൗഢതയും കണ്ടു് നോവലിന്റെ അവസാനത്തെപ്പുറത്തിൽ A marvellous work of art എന്നു എഴുതിപ്പോവുകയും ചെയ്തു. ഇതിലും യേശുക്രിസ്തുവിനു മഗ്ദലന മറിയത്തോടുണ്ടായ ലൈംഗികബന്ധം തികഞ്ഞ വൈഷയികത്വത്തോടുകൂടിത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നസറേത്തു് പട്ടണത്തിൽ നിന്നു വളരെ ദൂരം നടന്നു് കാലിനു മുറിവു പറ്റിയ യേശു ക്രിസ്തുവിനെ അവൾ ആ സ്ഥലത്തു വച്ചുകണ്ടു. രക്തവും വെറുപ്പുണ്ടാക്കുന്ന മഞ്ഞപ്പഴുപ്പും മറ്റു മാലിന്യങ്ങളും അവൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ നിന്നു കഴുകിമാറ്റി. ഔഷധലേപനം നടത്തി… കിനാവുകളിലെന്നപോലെ അവൾ മെല്ലെ നടക്കുകയായിരുന്നു. അവൾ നടന്നടുത്തപ്പോൾ വസ്ത്രങ്ങൾ ഒഴുകിയിളകി ശരീരത്തിന്റെ വളവുകൾ കാണാറായി. അവളുടെ അരക്കെട്ടു അങ്ങോട്ടുമിങ്ങോട്ടും ചലനം കൊള്ളുകയാണു്. ഒരു ചെറിയ ഭരണിയുമെടുത്താണു് അവളുടെ ആഗമനം. മുറിവേറ്റ പാദം അവൾ വച്ചുകെട്ടി… യേശു അവളോടു പറഞ്ഞു: “നിന്റെ തലമുടി ഗിലീയദ് മലഞ്ചെരിവുകളിലൂടെ താഴോട്ടിറങ്ങുന്ന ആട്ടിൻകൂട്ടങ്ങളെ എന്നെ അനുസ്മരിപ്പിക്കുന്നു”. ആ സ്ത്രീ ചിരിച്ചിട്ടു മിണ്ടാതിരുന്നു. യേശു പറഞ്ഞു: ബാത്ത്–റാബിം ഗെയ്റ്റിനടുത്തുള്ള ഹെഷ്ബൻ ജലാശയങ്ങളെപ്പോലെയാണു നിന്റെ കണ്ണുകൾ… (ഇനിയുള്ള ഭാഗങ്ങൾ പ്രച്ഛന്നമായ രീതിയിൽപോലും എഴുതാൻ എനിക്കു ധൈര്യമില്ല). ഈ വേഴ്ചയ്ക്കു ഫലമുണ്ടായി. മഗ്ദലന മറിയം അതിനുശേഷം വേശ്യാവൃത്തി ഉപേക്ഷിച്ചു.

images/OEvangelhoSegundoJesusCristo.jpg

നോവൽ തുടങ്ങുന്നതു് അതിൽ ചേർത്തിട്ടുള്ള കുരിശാരോഹണത്തിന്റെ ചിത്രത്തിന്റെ കലാത്മകമായ വിവരണത്തോടുകൂടിയാണു്. ഗോപനീയാംഗമെന്നോ ജനനേന്ദ്രിയമെന്നോ വിളിക്കപ്പെടുന്ന ഭാഗം തുണ്ടുതുണിയാൽ മറയ്ക്കപ്പെട്ടു കുരിശിൽ തൂങ്ങിക്കിടക്കുന്ന മനുഷ്യൻ സ്വർഗ്ഗത്തേക്കു കണ്ണുകൾ ഉയർത്തിയിരിക്കുന്നതുകൊണ്ടു് അദ്ദേഹം “നല്ല തസ്കര”നാവാം. ഇടതു വശത്തും, വലതുവശത്തും രണ്ടു ‘ചീത്തക്കള്ള’ന്മാർ. അരമേത്തിയ ജോസഫ് ഒരു ഭാഗത്തു്; സ്ഥൂലിച്ച വക്ഷോജങ്ങളെ ഉയർത്തിക്കാണിക്കാൻ വേണ്ടി ഇറുകിപ്പിടിച്ച ബോഡീസ് ധരിച്ച ആ സ്ത്രീ മഗ്ദലനമറിയം തന്നെ. അവളുടെ പാപാത്മകമായ മാംസം നടന്നു പോകുന്നവരെ ആകർഷിക്കുന്നുണ്ടാവും. രണ്ടാമത്തെ സ്ത്രീയും മേരി തന്നെ. അവർ മരാശാരി ജോസഫിന്റെ വിധവയത്രേ. ഇങ്ങനെ ഓരോ വ്യക്തിയെയും വർണ്ണിച്ചതിനു ശേഷം നോവലിസ്റ്റ് യേശുവിന്റെ ജനനത്തിലേയ്ക്കും നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഹെറോദ് കൊന്നൊടുക്കിയതിലേക്കും ചെല്ലുന്നു.

പാപത്തിന്റെ കഥയാണു് സാറാമാഗുവിന്റെ നോവൽ. ഏതു പാപം? എന്തു പാപം? ഹെറോദ് ഇരുപത്തഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ കഠാര ഉറയിൽ നിന്നു വലിച്ചൂരിയപ്പോൾ യേശുവിന്റെ അച്ഛൻ ജോസഫ് സ്വന്തം പുത്രനെ ഒളിപ്പിച്ചു രക്ഷിച്ചു. കുഞ്ഞുങ്ങൾ വധിക്കപ്പെടുമെന്നു് നേരത്തേ അറിഞ്ഞ ജോസഫ് ആ വിവരം എന്തുകൊണ്ടു ആ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരെ അറിയിച്ചില്ല. സ്വാർത്ഥപ്രേരിത ജീവിതമായിരുന്നില്ലേ ജോസഫിന്റേതു്. ഇതു് യാചകന്റെ വേഷത്തിലെത്തിയ മാലാഖ മേരിയെ അറിയിക്കുന്നു. അച്ഛന്റെ ഈ പാപം മകനിൽ—യേശുവിൽ—വന്നുചേരുന്നു. അതു് ദൈവപുത്രനെ അനുധാവനം ചെയ്യുന്നു. നോവലിലെ കഥയനുസരിച്ചു് ജോസഫ് റോമൻ ഭടന്മാരാൽ കുരിശിൽ തറയ്ക്കപ്പെടുകയാണു്. അച്ഛന്റെ മരണത്തിനുശേഷവും യേശു ആ പാപഭാരം ചുമന്നുനടക്കുന്ന ചിത്രം അസാധാരണമായ വിധത്തിലാണു്, അന്യാദൃശമായ രീതിയിലാണു് സാറാമാഗു വരയ്ക്കുന്നതു്.

യേശുവിന്റെ കൈത്തണ്ടയിലെ മാംസത്തിലൂടെ അവർ ആദ്യത്തെ ആണി തറച്ചുകയറ്റി. അപ്പോൾ തന്റെ പിതാവു് ആദ്യമായി അനുഭവിച്ച വേദന അദ്ദേഹമറിഞ്ഞു. അച്ഛൻ കുരിശിൽ കിടന്നതു കണ്ട യേശു തന്നെയും അതേ രീതിയിൽ കണ്ടു. അവർ പിന്നീടു് മറ്റേക്കൈത്തണ്ടയിൽ ആണിയടിച്ചുകയറ്റി. ഉപ്പുറ്റിയിലൂടെ വേറൊരു ആണി. യേശു മെല്ലെ മെല്ലെ മരിക്കുകയാണു്, മരിക്കുകയാണു്. ഈശ്വരൻ ചിരിക്കുന്നു. മനുഷ്യർ ഈശ്വരനു മാപ്പുകൊടുക്കുന്നു. ഈശ്വരൻ ചെയ്യുന്നതെന്തെന്നു് ഈശ്വരനു് അറിഞ്ഞുകൂടാ… താൻ നസറേത്തിലാണെന്നു് യേശു കുരിശിൽക്കിടന്നുകൊണ്ടു സ്വപ്നം കണ്ടു. ചുമൽ കുലുക്കിക്കൊണ്ടു് അച്ഛൻ— ജോസഫ്—പുഞ്ചിരി പൊഴിക്കുന്നു കിനാവിൽ. താഴെയുള്ള ഇരുണ്ട പാത്രത്തിൽ സ്വന്തം രക്തം ഇറ്റിറ്റു വീഴുന്നതുമാത്രം യേശു കണ്ടില്ല.

നമ്മൾ സംസ്കാരഭദ്രമായി പെരുമാറുന്നതിനു കാരണം ലോകാചാര്യന്മാർ നമ്മുടെ ജീവിതത്തിൽ കലർത്തിയ ഉത്കൃഷ്ടങ്ങളായ ആശയങ്ങളാണു്. അവർ ജീവിതവിശുദ്ധിയും ആധ്യാത്മിക വിശുദ്ധിയുമുള്ളവരായിരുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവമാഹാത്മ്യം പുതിയ നിയമത്തിൽനിന്നു നമ്മൾ മനസ്സിലാക്കിയിട്ടുണ്ടു്. ആ സ്വഭാവത്തെ വേണമെങ്കിൽ വിമർശിക്കൂ. പക്ഷേ, അദ്ദേഹത്തിനു് ഇല്ലാതിരുന്ന ദോഷം ഉണ്ടായിരുന്നുവെന്നു വരുത്തി ഒരു പുതിയ യേശുക്രിസ്തുവിനെ സൃഷ്ടിക്കുന്നതു തെറ്റാണു്.

അച്ഛന്റെ പാപം മകനിൽ വന്നുചേരുന്നോ? ചേരുന്നുവെന്നാണു് സാറാമാഗു ഈ കലാ സൃഷ്ടിയിലൂടെ പറയുന്നതു്. മഗ്ദലനമറിയത്തെസ്സംബന്ധിച്ച വർണ്ണനയിലുള്ള എന്റെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടു ഞാൻ പറയട്ടെ, മനുഷ്യമനസ്സിനെ ഉന്നമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ടു്. ആശയഗഹനതയിൽ, ആവിഷ്കാര ചാരുതയിൽ ഇതു് അന്യാദൃശമാണു്. യേശു ക്രിസ്തുവിനെ കുരിശിൽത്തറച്ചുകൊല്ലാൻ വിധിച്ച പൊൺഷസ് പൈലറ്റ് (Pontius Pilate) പ്രധാന പുരോഹിതനോടു് I have written what I have written എന്നു പറഞ്ഞു. കുരിശിന്റെ മുകളിൽ എഴുതിവയ്ക്കുന്ന ഭാഗത്തു ഭേദഗതി വരുത്തണമെന്നു പുരോഹിതൻ പറഞ്ഞപ്പോൾ പൈലറ്റ് നല്കിയ മറുപടിയാണതു്. ‘ഞാൻ എഴുതിയതു് എഴുതിയതുതന്നെ’ എന്നു് സാറാമാഗുവും ഈ നോവലിലൂടെ പറയുന്നുവെന്നു എനിക്കു തോന്നുന്നു.

“ഫലപ്രദമായ ആഖ്യാനത്തിന്റെ നിയമങ്ങളെക്കുറിച്ചു നിരൂപകൻ പര്യാലോചന ചെയ്യുമ്പോൾ ജീവിതത്തിലെന്നപോലെ കല്പിത കഥയിലും നിർണ്ണായകങ്ങളായ സംഘട്ടനങ്ങളിൽ യഥാർത്ഥ പ്രാധാന്യമില്ലാത്ത അസംഖ്യം സംഘട്ടനങ്ങൾ ഇടകലർത്തി വിതറണമെന്നും നെടുകെയും കുറുകെയും തിരുകണമെന്നും നിർബ്ബന്ധിക്കാറുണ്ടു്. എങ്കിലേ സർവസാധാരണമായതൊന്നും സംഭവിക്കാത്ത സവിശേഷതയാർന്ന മനുഷ്യജീവിയായി താൻ മാറിയിട്ടില്ലെന്നു് അയാൾക്കു തോന്നുകയുള്ളു”. —സാറാമാഗു
മഷി കോരിയൊഴിക്കുന്നു
images/KJYesudas10.jpg
യേശുദാസ്

ശകുന്തള യുടെ നേർക്കു വണ്ടു് പറന്നുചെന്നു ഭ്രമണം ചെയ്തു് അവളെ പീഡിപ്പിച്ചതു പോലെ ദേശ്യഭാഷകൊണ്ടു കലാംഗനയെ പീഡിപ്പിക്കുകയാണു്, ‘ചക്രം’ എന്ന ചെറുകഥയുടെ കർത്താവായ ശ്രീ. പി. ശങ്കരനാരായണൻ. ശകുന്തളയെ രക്ഷിക്കാൻ ദുഷ്യന്തനുണ്ടായിരുന്നു. കലാവനിതയെ രക്ഷിക്കാൻ ആരുമില്ല. പരശുരാമനു് ഉറക്കം വന്നപ്പോൾ കർണ്ണന്റെ മടിയിൽ തലവച്ചുറങ്ങി. അപ്പോഴാണു് ഒരു വണ്ടുവന്നു കർണ്ണന്റെ തുടതുളച്ചു ചോരകുടിക്കാൻ തുടങ്ങിയതു്. ഉറങ്ങുന്ന ഗുരുവിനെ ഉണർത്തുന്നതു ഗുരുനിന്ദയാവുമല്ലോ എന്നു കരുതി കർണ്ണൻ അനങ്ങാതെയിരുന്നു. പെട്ടെന്നു പരശുരാമൻ ഉണർന്നു. രക്തപ്രവാഹം. അദ്ദേഹം വണ്ടിനെ നോക്കിയപ്പോൾ അതു ചത്തു പോയി. രാക്ഷസനായിരുന്നു പോലും വണ്ടു്. ദേശ്യഭാഷയെന്ന വണ്ടു് അനുവാചകന്റെ തുടതുളച്ചു രക്തം കുടിക്കുന്നു. ചോരയൊഴുകുന്നു. വണ്ടിനെ ഇല്ലാതാക്കാൻ പരശുരാമനുണ്ടായിരുന്നു. അനുവാചകനു ആരുണ്ടു്? ആരുമില്ല. ഈ വളച്ചുകെട്ടെല്ലാം ഒഴിവാക്കിപ്പറയട്ടെ. ആറുപുറത്തോളം ഇങ്ങോട്ടുള്ളവർക്കു മനസ്സിലാകാത്ത ദേശ്യഭാഷയിൽ കഥയെഴുതുകയെന്നു പറഞ്ഞാൽ അതിന്റെ പേരു സാഹസിക്യമെന്നാണു്. ഈ സാഹസിക്യം കൊണ്ടു് രചയിതാവു് എന്തെങ്കിലും നേടുന്നുണ്ടോ? അതൊട്ടില്ലതാനും. ഫ്യൂഡൽ വ്യവസ്ഥിതിയിലമർന്ന രണ്ടു കുടുംബങ്ങൾ. ഒരു പെണ്ണിന്റെയും ചെറുക്കന്റെയും വിവാഹത്തിന്റെ ഫലമായി ആ രണ്ടു കുടുംബങ്ങളും ബന്ധപ്പെടുന്നു. ഒടുവിൽ കുടുംബങ്ങൾ ക്ഷയിക്കുന്നു. നാമാവശേഷമാകുന്നു. വെറും ആഖ്യാനമെന്നതിൽക്കവിഞ്ഞു് ഈ രചനയിൽ ഒന്നുമില്ല. കലാപരമായ ആവിഷ്കാരരീതിയെന്നു വിളിക്കാൻ വയ്യാത്ത ഒരു “ശിഖണ്ഡിഭാഷ” കൊണ്ടു് ഒരന്തരീക്ഷാഭാസം സൃഷ്ടിച്ചുവയ്ക്കുകയാണു് ശങ്കരനാരായണൻ. കടലാസ്സെടുത്തു വച്ചു മഷികോരിയൊഴിച്ചാൽ കഥയാവുമോ? കലയാവുമോ?

മരണത്തിനുശേഷം ജീവിതത്തിന്റെ ദുഃഖങ്ങൾക്കു് എന്തു സംഭവിക്കുന്നുവെന്നു നമുക്കു യഥാർത്ഥത്തിൽ അറിഞ്ഞുകൂടാ. വിശേഷിച്ചും വേദനയുടെ അവസാനത്തെ നിമിഷങ്ങളിൽ. എല്ലാം മരണത്തോടെ അവസാനിക്കുന്നുണ്ടാവാം. പക്ഷേ, മരിച്ചതു് എന്നു നാം കരുതുന്ന ശരീരത്തിൽ വളരെ മണിക്കൂറുകൾ നേരം വേദനയുടെ ഓർമ്മ തങ്ങിനില്ക്കുന്നുണ്ടോ എന്നതിൽ തീർപ്പു കല്പിക്കാനാവില്ല. വേദന ഒഴിവാക്കാനല്ലേ അവസാനത്തെ കൈയായി നിശ്ചേതന ശരീരം അഴുകലിനെ പ്രയോജനപ്പെടുത്തുന്നതു് എന്ന വസ്തുതയും തള്ളിക്കളയാൻ വയ്യാത്തതാണു്. —സാറാമാഗു
ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ ഖദർ ധരിക്കുന്നതു കോൺഗ്രസ്സുകാരനായതുകൊണ്ടാണോ?

ഉത്തരം: തുണി വാങ്ങിച്ചുകൊടുത്തു ഷേർട് തയ്പിക്കാമെന്നു വിചാരിച്ചാൽ മൂന്നുമാസത്തേക്കു തയ്യൽക്കാരൻ അതു തരില്ല. ഖദറല്ലാത്ത റെഡിമെയ്ഡ് ഷേർടിനു് കുറഞ്ഞതു മുന്നൂറു രൂപ കൊടുക്കണം. അതുകൊണ്ടു് ഞാൻ വിലകുറഞ്ഞ റെഡിമെയ്ഡ് ഖദർ ഷേർട് വാങ്ങുന്നു. മുണ്ടു് ഖദറല്ലതാനും. കാഫ്ക യുടെയും കമ്യു വിന്റെയും ഷേർടുകൾ അവർക്കേ ചേരു. ഇവിടുത്തെ ചില സാഹിത്യകാരന്മാർ അവയെടുത്തു ധരിച്ചു പരിഹാസപാത്രങ്ങളാവുന്നതുപോലെ ഞാൻ അളവു ശരിയല്ലാത്ത ഖദർ ഷേർട് ധരിച്ചു് നിങ്ങളെക്കൊണ്ടു ചോദ്യം ചോദിപ്പിക്കുന്നു.

ചോദ്യം: യേശുദാസന്റെ പാട്ടിനുള്ള പ്രത്യേകതയെന്തു?

ഉത്തരം: യേശുദാസൻ പാടുന്നതു കേട്ടാൽ നമുക്കുതോന്നും അതുപോലെ പാടാമല്ലോ എന്നു്. ഒന്നു പാടിനോക്കൂ. കാളരാഗമായിരിക്കും നമ്മുടേതു്.

ചോദ്യം: തികഞ്ഞ ലജ്ജയുള്ള പുരുഷന്മാരെക്കുറിച്ചു് എന്തു പറയുന്നു?

ഉത്തരം: നാണംകുണുങ്ങുന്ന പുരുഷന്മാർ സ്ത്രീ ജിതന്മാരായിരിക്കും. വേശ്യാലയം കണ്ടാൽ അവർ അതിനകത്തേക്കു് ലജ്ജകൂടാതെ കുതിച്ചുചെല്ലും.

ചോദ്യം: വൈരൂപ്യം എവിടെയും വൈരുപ്യമല്ലേ?

ഉത്തരം: അല്ല. അച്ഛനും മകളും ഒരേ ഛായയായിരിക്കും. പക്ഷേ, അച്ഛൻ വിരൂപനും മകൾ അതിസുന്ദരിയുമായിരിക്കും. പെരുച്ചാഴി കയറിപ്പോകത്തക്കവിധം വലിയ മൂക്കിൻ ദ്വാരങ്ങളുള്ള പുരുഷന്മാരുണ്ടു്. അതു വൈരുപ്യത്തിനാസ്പദം. പക്ഷേ, സുന്ദരിക്കാണു് വലിയ മൂക്കിൻദ്വാരങ്ങളുള്ളതെങ്കിൽ അവ അവളുടെ സൗന്ദര്യം കൂട്ടും.

ചോദ്യം: ഉറക്കമുണ്ടോ സാറേ?

ഉത്തരം: ഇല്ല. ഞാൻ മാത്രമല്ല ഉറങ്ങാതെ കിടക്കുന്നതു്. തിരുവനന്തപുരം നഗരസഭ വളർത്തുന്ന കൊതുകുകൾക്കും ഉറക്കമില്ല.

ചോദ്യം: എനിക്കു മിന്നാമിനുങ്ങിനെ ഇഷ്ടമല്ല. നിങ്ങൾക്കോ?

ഉത്തരം: എനിക്കിഷ്ടമില്ലെന്നു മാത്രമല്ല അതിനെ പേടിക്കുകയും ചെയ്യുന്നു. ഞാൻ കിടക്കുന്ന മുറിയിൽ മിന്നാമിനുങ്ങു കയറിയാൽ എനിക്കു ഭയമാണു്. ചന്തിയിൽ വിളക്കു വച്ചുകൊണ്ടു നടക്കുന്ന ഈ ജീവിയെ ഒരു കവി നിന്ദിച്ചിട്ടുണ്ടു്.

മരം മുറിച്ചിടുമ്പോൾ അതു കരയുന്നു. പട്ടിയെ അടിക്കുമ്പോൾ അതു ഓരിയിടുന്നു. മനുഷ്യനെ പീഡിപ്പിച്ചാൽ അവനു പരിപാകം വരുന്നു. —സാറാമാഗു

മനസ്സിന്റെ ശീലം
images/CKeshavan.jpg
സി. കേശവൻ

ഏതോ ഒരു സമ്മേളനത്തിനു പോകുമ്പോൾ എനിക്കു സമുന്നതനായ നേതാവു് സി. കേശവന്റെ വീട്ടിൽ ചെല്ലാനും അദ്ദേഹത്തെ കാണാനുമുള്ള ഭാഗ്യം കിട്ടി. ഞങ്ങളെ കണ്ടുയുടനെ അദ്ദേഹം അകത്തു നിന്നു പൂമുഖത്തേക്കു വന്നു് ‘ഇരിക്കു’ എന്നു പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനു് അദ്ദേഹത്തിന്റെ കൈയൊപ്പു വേണം. അയാൾ കൊച്ചു പുസ്തകവും പേനയും കേശവന്റെ കൈയിലേക്കു കൊടുത്തു. പേന എഴുതുന്നില്ലെന്നു കണ്ടപ്പോൾ യുവാവു് അദ്ദേഹത്തിന്റെ കൈയിൽ നിന്നു് അതു വാങ്ങി ശക്തിയോടെ നാലഞ്ചു തവണ കുടഞ്ഞു. തുടച്ചു വൃത്തിയാക്കിയിട്ടിരുന്ന തറയിൽ ഒരുപാടു് മഷിത്തുള്ളികൾ വീണു. വീടു് വൃത്തിഹീനമാക്കിയ യുവാവിന്റെ മുഖത്തു ദേഷ്യത്തോടെ നോക്കിയിട്ടു് അദ്ദേഹം പറഞ്ഞു: “ഇതൊന്നും ശരിയല്ല. ശരിയല്ല കേട്ടോ”. അങ്ങനെ അറിയിച്ചിട്ടു് അദ്ദേഹം കൈയൊപ്പു് പുസ്തകത്തിൽ ഇട്ടു കൊടുക്കുകയും ചെയ്തു.

ആരെക്കണ്ടാലും കൈകൂപ്പുന്ന ശീലം എനിക്കുണ്ടെന്നു് പി. കെ. ബാലകൃഷ്ണൻ എന്നെ അപമാനിച്ചെഴുതിയ ഒരു നോവലിൽ പറഞ്ഞിട്ടുണ്ടു്. അദ്ദേഹം ചൂണ്ടിക്കാണിച്ച ആ ശീലം എന്റെ അബോധമനസ്സിന്റെ നന്മയാർന്ന മണ്ഡലത്തിൽനിന്നു് ഉദ്ഭവിക്കുന്നതാണു്.

ഒരു മഹാന്റെ നിർദ്ദേശമുണ്ടായിട്ടും ആ യുവാവു് അത്തരം കൃത്യങ്ങളിൽനിന്നു പിന്തിരിഞ്ഞെന്നു് വായനക്കാർ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതു ശരിയായിരിക്കുകയില്ല. അയാൾ പിന്നീടും പല വീടുകളിലും മഷി കുടഞ്ഞിരിക്കും. മനസ്സിന്റെ ശീലമാണതു്. ഗൃഹനായിക തുടച്ചു കണ്ണാടി പോലെയാക്കിയിട്ട തറയിൽ ഇരുന്നിടത്തു നിന്നു് അനങ്ങാതെ കാർക്കിച്ചു തുപ്പുന്ന പല ഗൃഹനായകന്മാരെയും ഞാൻ കണ്ടിട്ടുണ്ടു്. കാർക്കിക്കും, അങ്ങോട്ടുമിങ്ങോട്ടും നോക്കും. ഭാര്യയോ പിള്ളേരോ ഇല്ലെന്നു കണ്ടാൽ മുറിയുടെ മൂലയിലേക്കു ഒറ്റത്തുപ്പു്. ഈ മനസ്സിന്റെ ശീലവും ഒരിക്കലും മാറുകില്ല. എന്റെ വീട്ടിൽ പ്ളാസ്റ്റിക് നൂലുകൊണ്ടു് തെങ്ങിന്റെ പൂക്കുല ഉണ്ടാക്കിവച്ചിട്ടുണ്ടു്. കണ്ടാൽ കൃത്രിമ നിർമ്മാണമെന്നു തോന്നുകയേയില്ല. അടുത്ത കാലത്തു് എന്റെ വീട്ടിലെത്തിയ ഒരു മാന്യൻ സെറ്റിയിലിരുന്നുകൊണ്ടു് വട്ടമേശപ്പുറത്തു വച്ചിരുന്ന ആ പൂക്കുലയുടെ ഓരോ പ്ളാസ്റ്റിക് പൂവും ഞെരടി ഞെരടി താഴെയിട്ടു. ഞാൻ ഒന്നും മിണ്ടിയില്ല. ഞെരടൽ മനസ്സിന്റെ ശീലമാണു്. ഇവയെല്ലാം തിന്മയാർന്ന ശീലങ്ങൾ. നന്മയുള്ള ശീലങ്ങളും ഉണ്ടു്. ഈ ശീലങ്ങൾ വ്യക്തിയുടെ അബോധമനസ്സിൽ നിന്നു് ആവിർഭവിക്കുന്നവയാണെന്നു് ദാർശനികൻ ഷാക്ക് മാറീതങ് (Jacques Maritain, 1882–1973) പറഞ്ഞിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. ആരെക്കണ്ടാലും കൈകൂപ്പുന്ന ശീലമെനിക്കുണ്ടെന്നു് പി. കെ. ബാലകൃഷ്ണൻ എന്നെ അപമാനിച്ചെഴുതിയ ഒരു നോവലിൽ പറഞ്ഞിട്ടുണ്ടു്. അദ്ദേഹം ചൂണ്ടിക്കാണിച്ച ആ ശീലം എന്റെ അബോധമനസ്സിന്റെ നന്മയാർന്ന മണ്ഡലത്തിൽനിന്നു് ഉദ്ഭവിക്കുന്നതാണു്.

ഉത്കൃഷ്ടങ്ങളായ ചെറുകഥകൾക്കു് ലളിതമായ ഉപരിതലം കാണും. ഈ ലളിതമായ ഉപരിതലത്തിലൂടെ സാഹിത്യ സംസ്കാരമാർജ്ജിച്ച വായനക്കാരൻ ആന്തരതലത്തിലേക്കു ചെല്ലും.

കലാസൃഷ്ടികൾ ഇതുപോലെ മനസ്സിന്റെ ശീലങ്ങളെന്ന മട്ടിൽ ആവിർഭവിച്ചാലേ സ്വാഭാവികങ്ങളായിരിക്കുകയുള്ളു. ഇക്കാലത്തെ വാരികകളിൽ വരുന്ന ചെറുകഥകൾ നോക്കുക. എല്ലാം ഒരേ മട്ടിലിരിക്കും. കുറെ അർത്ഥരഹിതങ്ങളായ വാക്യങ്ങൾ ആർഭാടത്തോടെ എഴുതിവയ്ക്കും. വായിച്ചുകഴിയുമ്പോൾ സാഹിത്യ പഞ്ചാനനൻ പറഞ്ഞപോലെ ‘വാക്യഝംകൃതി’ മാത്രം കാണും. അവ നമ്മുടെ ചെവിക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കും. കഥയെന്തു? അതിലെ വിഷയമെന്തു? ഭാവമെന്തു? എന്നൊക്കെ മനസ്സിലാക്കണമെങ്കിൽ പിന്നെയും പിന്നെയും ആ വാക്യസാഗരത്തിൽ പലതവണ മുങ്ങിത്തപ്പണം. അപ്പോൾ മുത്തുകിട്ടില്ല, തീർച്ച. ഒരു ചിപ്പി കിട്ടിയാലായി. അത്രേയുള്ളു.

images/ErnestHemingway1918.jpg
ഹെമിങ്വേ

കലാകൗമുദിയിൽ ശ്രീ. ബി. മുരളി എഴുതിയ ‘തെർമോമീറ്ററിൽ പനിയിറങ്ങുന്നു’ എന്ന ചെറുകഥ ഇതുപോലെ ഒന്നാണു്. ഒരു മേരിയും രവിയും തമ്മിലുള്ള ബന്ധമാണു് ഇതിൽ കാണുന്നതു്. ചിരപരിചിതമായ വിഷയമെന്നു പറഞ്ഞാൽ മാത്രം പോരാ, ആന്റി ഡിലുവ്യയൻ വിഷയം. അതാവിഷ്കരിക്കുന്നതോ? ശബ്ദാടോപം കൊണ്ടു്. ഒരിടത്തും ഭാവമില്ല. രൂപമാകെ വികലം. ഉത്കൃഷ്ടങ്ങളായ ചെറുകഥകൾക്കു് ലളിതമായ ഉപരിതലം കാണും; പ്രൗഢമായ ആന്തരതലം കാണും. ഈ ലളിതമായ ഉപരിതലത്തിലൂടെ സാഹിത്യസംസ്കാരമാർജ്ജിച്ച വായനക്കാരൻ ആന്തരതലത്തിലേക്കു ചെല്ലും. അതുകണ്ടു് അയാൾ വിസ്മയാധീനനാകും. ഉദാഹരണങ്ങൾ ഹെമിങ്വേ യുടെ കഥകൾ. മുരളി കഥയെഴുതി പരസ്യപ്പെടുത്തുന്നതിനു മുൻപു് ധാരാളം പടിഞ്ഞാറൻ കഥകൾ വായിച്ചു രചനയുടെ സ്വാഭാവം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

യേശുക്രിസ്തു: ജോൺ, നീ വളരെ പ്രായമായതിനുശേഷം സ്വാഭാവിക കാരണങ്ങളാൽ മരിക്കും. ജൂഡാസ്, നീ അത്തിമരങ്ങളിൽ നിന്നു് അകന്നുനില്ക്കണം. കാരണം നീ ഒരത്തിമരത്തിൽ തൂങ്ങിച്ചാകുന്ന കാലം അത്ര വിദൂരമല്ല എന്നതാണു്. —സാറാമാഗു
മൂന്നു് അർത്ഥങ്ങൾ
images/Flannery1947.jpg
ഫ്ളാനറി ഓ കൊണർ

എനിക്കിഷ്ടമുള്ള കഥയെഴുത്തുകാരിയാണു് ഫ്ളാനറി ഓ കൊണർ (Flannery O’Connor, 1925–1964). അവരുടെ നിരൂപണങ്ങളും ഒന്നാന്തരങ്ങളാണു്. കഥയെഴുത്തിന്റെ തത്ത്വങ്ങളെക്കുറിച്ചു് ഉപന്യസിക്കുന്ന സന്ദർഭത്തിൽ അവർ മധ്യകാല വ്യാഖ്യാതാക്കൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ മൂന്നുതരത്തിലുള്ള അർത്ഥങ്ങളെ ചൂണ്ടിക്കാണിച്ചുതന്നതു് നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു.

  1. ലാക്ഷണികം (allegorical) ഒരു വസ്തുത മറ്റൊരു വസ്തുതയിലേക്കു കൈചൂണ്ടുന്നു.
  2. സാന്മാർഗ്ഗിക വ്യാഖ്യാനപരം (tropological) മനുഷ്യൻ എന്തു ചെയ്യണമെന്നു് ഉപദേശിക്കുന്ന അർത്ഥവിശേഷമാണിതു്.
  3. ആധ്യാത്മിക വ്യാഖ്യാനപരം (anagogical) ഐശ്വരമായ ജീവിതത്തിൽ നമ്മൾ പങ്കുകൊള്ളണമെന്നു് ഉദ്ബോധിപ്പിക്കുന്ന അർത്ഥ വിശേഷമത്രേ ഇതു്. ബൈബിളിനെ ലക്ഷ്യമാക്കിയാണു് അവർ ഇതു പറഞ്ഞതു്. എങ്കിലും എല്ലാ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കും ഇതു യോജിക്കുമെന്നു് ഫ്ളാനറി ഓ കൊണർക്കു് അഭിപ്രായമുണ്ടു്.

സാഹിത്യത്തിൽ രചനയ്ക്കു നിലനില്പു വേണമെങ്കിൽ രചയിതാക്കൾ ഈ മൂന്നർത്ഥ വിശേഷങ്ങളെയും പരിഗണിക്കണമെന്നാണു് അവരുടെ മതം.

നമ്മുടെ സാഹിത്യകാരന്മാർ എത്രകണ്ടു് ഇവയെ സ്വീകരിച്ചിട്ടുണ്ടു് എന്നാലോചിക്കുന്നതു് പ്രയോജനപ്രദമായിരിക്കും.

ഉയരെ മേഘം നീങ്ങുന്നതും ചിലന്തി വലനെയ്യുന്നതും പട്ടി ചിത്രശലഭത്തിന്റെ പിറകേ പായുന്നതും പിടക്കോഴി മണ്ണു ചിക്കി കോഴിക്കുഞ്ഞുങ്ങളെ നോക്കി ശബ്ദമുണ്ടാക്കുന്നതും കണ്ടാൽ മിക്കവാറും ആളുകൾ വൈകാരികമായ അസ്വസ്ഥതയ്ക്കു വിധേയരാകും. അവർ ആ കാഴ്ചകളാൽ മനസ്സു് പതറിയവരാകും. —സാറാമാഗു
Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-12-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.