സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1996-02-04-ൽ പ്രസിദ്ധീകരിച്ചതു്)

ശ്രീ. ഇ. എം. എസ്സിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടു് സാഹിത്യത്തെ സംബന്ധിച്ചു്. അദ്ദേഹം അതു വസ്ത്നിഷ്ഠമായി പ്രതിപാദിക്കുന്നു. ആരോടും അദ്ദേഹത്തിനു ദേഷ്യമില്ല. ആരെങ്കിലും കോപിച്ചു് അദ്ദേഹത്തെ ശകാരിച്ചാലും മാന്യതയോടെ മാത്രമാണു് അദ്ദേഹത്തിൽനിന്നു മറുപടിയുണ്ടാകുന്നതു്. പക്ഷേ, ഇ. എം. എസ്സിനെ ആക്രമിക്കുന്നവർക്കു് ഈ സമചിത്തതയോ നിഷ്പക്ഷതയോ ഇല്ല.

മഹാനായ മിസ്റ്റികു് പരമഹംസൻ യോഗാനന്ദ നെക്കുറിച്ചു് കേൾക്കാത്തവരില്ല (Paramahamsa Yogananda, 1893–1952). അദ്ദേഹത്തിന്റെ ‘Autobiography of a Yogi’ എന്ന ഉത്കൃഷ്ടമായ പുസ്തകം എത്രയെത്ര ഭാഷകളിലേക്കാണു് തർജ്ജമ ചെയ്തിട്ടുള്ളതു്. ഒരിക്കൽ ഒരു പേർഷ്യൻ കവി അദ്ദേഹത്തോടു പറഞ്ഞു പേർഷ്യൻ കവിതയ്ക്കു് രണ്ടർത്ഥമുണ്ടെന്നു്; ഒന്നു്: ആന്തരം. രണ്ടു്: ബാഹ്യം. ഒരു ദിവസം യോഗാനന്ദൻ ഒമർ ഖയാമിന്റെ റൂബായിയാത്തിൽ ശ്രദ്ധചെലുത്തി വായിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ ബാഹ്യാർത്ഥത്തിന്റെ ഭിത്തികൾ ഇടിഞ്ഞുതകരുന്നതായി തോന്നി. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ആന്തരാർത്ഥങ്ങൾ സ്വർണ്ണഖനിയെന്നപോലെ ആവിർഭവിക്കുകയും ചെയ്തു. പേർഷ്യയിൽ ഒമറിനെ മിസ്റ്റിക്കായും ആധ്യാത്മികാചാര്യനുമായിട്ടാണു് കരുതിപ്പോരുന്നതു്. സൂഫിസത്തിന്റെ തത്ത്വങ്ങളെ ബിംബങ്ങളാക്കി രചിച്ച ഈ കൃതിയിൽനിന്നു് ആധ്യാത്മികത്വത്തിന്റെ പരിമളം പ്രസരിക്കുന്നുവെന്നു കണ്ടു് യോഗാനന്ദൻ അതേ രീതിയിൽ അതിനെ വ്യാഖ്യാനിച്ചു. ആ വ്യാഖ്യാനമാണു് “Rubaiyat Explained” (Edited by Donald Walters) എന്ന ഗ്രന്ഥം. ഒമർ ഖയാമിന്റെ കാവ്യത്തിനു പല ഇംഗ്ലീഷ് തർജ്ജമകളുണ്ടെങ്കിലും യോഗാനന്ദനു് ഇഷ്ടപ്പെട്ടതു് ഫിറ്റ്സ്ജെറൾഡിന്റെ തർജ്ജമയാണു്. മൂലഗ്രന്ഥത്തിന്റെ ഭംഗി ആ ഇംഗ്ലീഷ് തർജ്ജമയിൽ കാണുന്നതുപോലെ വേറെ ഒരു തർജ്ജമയിലുമില്ല. കവി റോബർട് ഗ്രേയ്വ്സിന്റെ തർജ്ജമ ലേഖകൻ വായിച്ചിട്ടുണ്ടു്. ഫിറ്റ്സ്ജെറൾഡിന്റെ തർജ്ജമയുടെ അടുത്തെങ്ങും അതു വരില്ല.

images/Paramahansa_Yogananda.jpg
പരമഹംസൻ യോഗാനന്ദൻ

യോഗാനന്ദന്റെ ആധ്യാത്മികമായ വ്യാഖ്യാനം ശരിയാണു്. ഒമറിന്റെ റൂബായിയാത്തിനെക്കാൾ കലാപരമായി മേന്മ കൂടും ഹാഫിസിന്റെ റൂബായിയാത്തിനെന്നു് പേർഷ്യൻ പണ്ഡിതന്മാർ പറയുന്നു. ഹാഫിസിന്റെ ആ കാവ്യത്തിനും ആധ്യാത്മികമായ വ്യാഖ്യാനമാണു് അവർ നല്കുക. ബാഹ്യാർത്ഥത്തിനല്ല, ആന്തരാർത്ഥത്തിനാണു് പ്രാധാന്യമെന്നു് വീണ്ടും പറയാം.

യോഗാനന്ദന്റെ വ്യാഖ്യാനത്തിന്റെ സ്വഭാവം കാണിക്കാൻവേണ്ടി ഒരർത്ഥപ്രദർശനം നടത്തട്ടെ. ഒമർ:

Awake for Morning in the Bowl of night

Has flung the stone that puts the stars to flight.

And Lo! the Hunter of The East has caught

The Sultan’s Turrent in a Noose of Light.

(Fitzgerald, 1st edition)

ഇനി യോഗാനന്ദന്റെ വ്യാഖ്യാനം. സമ്പൂർണ്ണമായും അതെഴുതാൻ സ്ഥലമില്ല. ഒരു ഭാഗം മാത്രം കൊടുക്കാം.

Thus sang the inner Silence

‘Forsake your sleep of,

ignorance: Awake!’

‘For the dawn of wisdom

has flung into the dark

bowl of your unknowing

the stone of spiritual

discipline—that weapon

of divine power that

can break the bowl and

put to flight the palling

stars of earthly desire.’

‘Behold, Wisdom—the

Hunter of the East

has cast a noose of

light to encircle the

kingly minaret of your

egoic pride: wisdom to

free you at last from

the long night of spiritual

ignorance’

ഇതിനു ശേഷം Expanded meaning. സ്ഥലപരിമിതിയെക്കരുതി അതു ഞാൻ എടുത്തെഴുതുന്നില്ല. യോഗാനന്ദൻ തുടർന്നെഴുതുന്നു.

Keys to Meaning

Morning—The dawn of awakening from delusive

material existence

Bowl of night—The dark night of Soul—ignorance

Stone—Delusion—shattering

acts of spiritual

self-discipline.

Stars— Falsely attractive

material desires

Hunter of the East— Eastern Wisdom,

hunter and destroyer of delusion

Sultan’s Turret— The Kingly minaret of pride.

Noose of light— The light of wisdom, which like a lasso haloes the darkness of ego and ensnares it, transorming it forever into kindred light.

ഇതിനുശേഷം യോഗാനന്ദന്റെ ശിഷ്യൻ ഡൊൻൾഡ് വാൾട്ടേഴ്സിന്റെ editorial Comment വരുന്നു. വിദ്വജ്ജനോചിതമാണു് ആ അഭിപ്രായക്കുറിപ്പുകൾ (വില Rs 125).

  1. The Rubaiyat, Fitzgerald First Edition 1859. Fourth Edition 1879.
  2. The Rubaiyat, Transalted by Robert Graves and Omar Ali-Shah.
  3. The Rubaiyat, Translated by Peter Avery and John Heath-Stubbs.
ഈ തർജ്ജമകൾ വീണ്ടും വായിച്ചതിനുശേഷമാണു് ഞാൻ മുകളിലെ ഖണ്ഡിക എഴുതിയതു്.
സി. പി. നായർ
images/Chekhov.jpg
ചെക്കോവ്

എന്റെ വീട്ടിനടുത്തുള്ള ഒരു ചെറുപ്പക്കാരൻ ഒരു പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടു വന്നു. അടുത്ത വീട്ടിൽ പുതുപ്പെണ്ണു വന്നാൽ അവളെ കാണാൻ പോകുന്ന ഏർപ്പാടുണ്ടു് ഈ പട്ടണത്തിൽ. എന്റെ വീട്ടിലെ സ്ത്രീകൾ നവവധുവിനെ കാണാൻ പോയി. അവളുടെ പേരു് എന്തെന്നു ഞാൻ ചോദിച്ചപ്പോൾ വിദ്രുമാധരി എന്നാണെന്നു് എന്റെ സഹധർമ്മിണി പറഞ്ഞു. ഞാൻ അതുകേട്ടു ചിന്തയിലാണ്ടു. ഒരു ഗ്ലാസ്സ് ചുക്കുവെള്ളം ഭർത്താവിനു വേണമെങ്കിൽ ‘എടീ വിദ്രുമാധരീ’ എന്നു വിളിക്കേണ്ടി വരില്ലേ? അപ്പോൾ തൊണ്ട കൂടുതൽ ഉണങ്ങുകയും പല്ലുകൾ തെറിക്കുകയും ചെയ്യുകയില്ലേ? അതാലോചിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മുത്തച്ഛന്റെ അനിയൻ ആറ്റുനോറ്റുണ്ടായ ആൺകുട്ടിക്കു ഷഡക്ഷരസുന്ദരൻനായർ എന്നു പേരിട്ടതു് ഓർമ്മയിലേക്കു കടന്നുവന്നു. അമ്പതു വയസ്സായപ്പോൾ തന്നെ കൊച്ചപ്പൂപ്പന്റെ പല്ലുകൾ എല്ലാം കൊഴിഞ്ഞുപോയി. ‘എടാ ഷഡക്ഷരസുന്ദരൻനായരേ ആ മുറുക്കാങ്കടയിൽച്ചെന്നു് ഒരു ചക്രത്തിനു മുറുക്കാൻ വാങ്ങിക്കൊണ്ടുവാ’ എന്നു് അദ്ദേഹം എങ്ങനെ പറയും? അപ്പോൾ ഈ. വി. കൃഷ്ണപിള്ളയുടെ ഒരു നേരമ്പോക്കും ഓർമ്മയിലെത്തി. കൂട്ടുകാരന്റെ ഭാര്യ പെറ്റു എന്നറിഞ്ഞപ്പോൾ അയാൾ കൊച്ചിനെ കാണാൻ പോയി. ശിശു ഫൗണ്ടൻ പേനയുടെ അത്രയേയുള്ളൂ. തൊട്ടിലിൽ കിടക്കുന്ന ശിശുവിനെ നോക്കി ആഗതൻ ചോദിച്ചു പേരു് എന്തു്? ഉടനെ ഉത്തരം കിട്ടി. വേണുഗോപാലഗീതരസബാലഗംഗാധരൻ. ഈ. വി. ചോദിക്കുന്നു. കൊച്ചിന്റെ തന്ത വയസ്സനാകുമ്പോൾ അങ്കണത്തിൽ വീണുവെന്നു കരുതൂ. ‘എടാ വേണുഗോപാലഗീതരസബാലഗംഗാധരാ ഓടി വായോ. ഒന്നു പിടിച്ചെഴുന്നേല്പിക്കോ’ എന്നു് അയാൾ വിളിച്ചാൽ അതോടൊപ്പം പ്രാണനും പോവുകയില്ലേ.

കേരളത്തിലേയും ബംഗാളിലെയും ജർമ്മനിയിലെയും അമേരിക്കയിലേയും പെൺകുട്ടികൾ ശൃംഗരിക്കുന്നതു് ഒരേ വിധത്തിലാണു്. നാണം വന്നാൽ എല്ലാവരും ഒരേ മട്ടിൽ മുഖം പൊത്തും. അതിനാൽ പ്രേമപ്രകടനരീതികൾക്ക്, അവയെ പ്രതിപാദിക്കുന്ന ചെറുകഥകൾക്കു് സമാന സ്വഭാവം വരും. ആ സമാനസ്വഭാവത്തിൽ വ്യത്യസ്തത വരുത്താൻ കഥാകാരനു കഴിഞ്ഞാൽ വായനക്കരനു പരാതിയില്ല.

പ്രശസ്തനായ ഹാസ്യസാഹിത്യകാരൻ ശ്രീ. സി. പി. നായർ പേരുകൾ തെറ്റിച്ചെഴുതുകയും പുരുഷന്മാരെ സ്ത്രീകളാക്കുകയും ചെയ്യുന്നവരുടെ ബുദ്ധിശൂന്യതയെയാണ്പരിഹസിക്കുന്നതു്. (മംഗളം വാരിക—ലക്കം— ‘പ്രിയപ്പെട്ട ശ്രീമതി’) സി. പി. നായരെത്തന്നെ ഒരു വടക്കേയിന്ത്യൻ ഉദ്യോഗസ്ഥൻ ശ്രീമതിയാക്കിക്കളഞ്ഞു. നർമ്മഭാസുരമായ രചനയാണു് സി. പി. നായരുടേതു്. വായനക്കർക്കു് വല്ലപ്പോഴും ചിരിച്ചു് ഉള്ളുകുളിർക്കാൻ സൗകര്യം ഒരുക്കിത്തരുന്ന അദ്ദേഹത്തിനു ഞാൻ നന്ദി പറയുന്നു. ഇത്തരം ഹാസ്യലേഖനങ്ങൾ വായിക്കുമ്പോൾ വായനക്കാരുടെ പിരിമുറുക്കത്തിനു് അയവു വരും. അതുകൊണ്ടു നർമ്മം കലർന്ന രചനകൾ ധാരാളമായി വാരികകളിൽ പ്രസിദ്ധപ്പെടുത്തണം പത്രാധിപന്മാർ.

ചോദ്യം, ഉത്തരം

ചോദ്യം: ഈ. വി. കൃഷ്ണപിള്ള സഞ്ജയനെക്കാൾ വലിയ ഹാസ്യ സാഹിത്യകാരനാണെന്നു നിങ്ങൾ പറയുന്നതു പ്രദേശികസ്നേഹം കൊണ്ടല്ലേ?

ഉത്തരം: മലിനമായ മനസ്സുള്ളവർ ഇതിനപ്പുറവും ചോദിക്കും. എഴുത്തച്ഛൻ വടക്കുള്ള കവിയായതുകൊണ്ടു് അദ്ദേഹം കണ്ണശ്ശപ്പണിക്കരെക്കാൾ കേമനാണെന്നു് ഏതു തെക്കൻ പൗരനാണു പറയുക? വെണ്ണിക്കുളം ഗോപാലക്കുറുപ്പു് മദ്ധ്യതിരുവിതാംകൂറിലെ കവിയായതുകൊണ്ടു് അദ്ദേഹം വൈലോപ്പിള്ളിയേക്കാൾ കേമനാണെന്നു് ഇവിടെ ആരു അഭിപ്രായപ്പെടും? പി. കുഞ്ഞിരാമൻനായരെക്കാൾ വലിയ കവിയായി കോട്ടയത്തിനു തെക്കു് ആരുണ്ടു്? ഇരയിമ്മൻ തമ്പി ഉണ്ണായിവാരിയരെക്കാൾ വലിയ കവിയാണെന്നു് ഇവിടെ ആരു പറയുന്നു? ഈ. വി. കൃഷ്ണപിള്ള നക്ഷത്രമാണു്. സഞ്ജയൻ മിന്നാമിനുങ്ങും.

ചോദ്യം: ഇവിടെ ബാംഗ്ളൂരിൽ കഴുതകളില്ല. കഴുതയെ കാണാൻ ഞാൻ തിരുവനന്തപുരത്തു ശാസ്തമംഗലത്തു വന്നാൽ മതിയോ?

ഉത്തരം: ചെലവല്ലേ അവിടന്നു് ഇവിടംവരെ വരാൻ? താങ്കളുടെ വീട്ടിൽ കണ്ണാടി കാണുമല്ലോ. അതെടുത്തു് ഒന്നു നോക്കൂ. ആഗ്രഹത്തിനു സാഫല്യമുണ്ടാകും.

ചോദ്യം: നിങ്ങളുടെ ഈ ആന്റി ഫെമിനിസം അസഹനീയമാണു് കേട്ടോ?

ഉത്തരം: കേട്ടു. കൈയ്യക്ഷരത്തിൽനിന്നു് ഭവതി ആരെന്നു് എനിക്കു മനസ്സിലായി. ഞാൻ ആന്റി ഫെമിനിസ്റ്റു തന്നെ. പക്ഷേ, ആന്റിവിമൻ അല്ല.

ചോദ്യം: പടിഞ്ഞാറൻ സാഹിത്യം അത്ര ഉത്കൃഷ്ടമോ?

ഉത്തരം: ചെക്കോവി ന്റെ ‘ഡാർലിങ് ’ പോലെ, ഗോഗലിന്റെ ‘ഓവർകോട്ട്’ പോലെ ടോൾസ്റ്റോയിയുടെ ‘ഡെത്തു് ഓഫ് ഇവാൻ ഇലിച്ച്’ പോലെ വെർജീനിയ വുൾഫിന്റെKew Gardens’ പോലെ, ഷ്നിറ്റ്സ്ളറുടെ ‘Flowers’ പോലെ ഒരു ചെറുകഥ നമുക്കുണ്ടോ? ദാനീലോകീഷിന്റെ ‘Hour Glass’ പോലെ ഒരു നോവൽ മലയാളത്തിലുണ്ടോ? ഇവിടെ ചിലർ സി. വി. രാമൻപിള്ളയെക്കാൾ വലിയനായ നോവലിസ്റ്റ് വേറെയില്ലെന്നു പറഞ്ഞുനടക്കുന്നു. അജ്ഞത.

ചോദ്യം: സ്വന്തം ഭാര്യയെ അന്യരുടെ മുൻപിൽവച്ചു ശാസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതു ശരിയാണോ?

ഉത്തരം: ശരിയല്ലെന്നു മാത്രമല്ല, അതു് അധമത്വവുമാണു്. ധീരനായ പുരുഷൻ മറ്റു ധീരന്മാരോടു മല്ലിടും. ഭീരു അന്യരുടെ മുൻപിൽവച്ചു ഭാര്യയെ അപമാനിക്കും.

ചോദ്യം: ജുഗുപ്സാവഹം എന്നു നിങ്ങൾ കൂടെക്കൂടെ പറയുന്നു. എന്താ അതു്?

ഉത്തരം: ഭാര്യ ഭർത്താവിനോടു കൊഞ്ചുന്നതു്. ഭർത്താവു് ഭാര്യയോടു കൊഞ്ചുന്നതു്. രണ്ടും ദ്രഷ്ടാക്കളെ ഛർദ്ദിപ്പിക്കും. കാമുകിയുടേയും കാമുകന്റേയും സല്ലാപങ്ങൾ കാണാം. രസിക്കാം.

ഗീതാ ഹിരണ്യൻ
images/Virginia_Woolf.jpg
വെർജീനിയ വുൾഫ്

വായനക്കാരോടു് ഒരു ചോദ്യം. നിങ്ങൾ രാത്രിയിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു് ഉണരുകയും ഒരു മിന്നാമിനുങ്ങ് പ്രകാശം പ്രസരിപ്പിച്ചു കൊണ്ടു മുറിയിലെങ്ങും നീങ്ങുന്നതു കാണുകയും ചെയ്തിട്ടുണ്ടോ? ഓരോ തവണ അതു മിനുങ്ങുമ്പോൾ സവിശേഷാനുഭൂതി ഉണ്ടാകും. ഒടുവിലതു് അപ്രത്യക്ഷമാകുന്നു. മിന്നാമിനുങ്ങ് ജന്നലിലൂടേ പറന്നു പോയാലും പ്രകാശബിന്ദു മുറിയിലെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുവെന്നു തോന്നും. ഇന്ദ്രിയാനുഭൂതിയെ മിന്നാമിനുങ്ങുകളെ പോലെ പ്രത്യക്ഷമാക്കുന്ന കലയാണു് ശ്രീമതി ഗീതാ ഹിരണ്യന്റേതു്. പ്രതിപാദ്യ വിഷയം പഴയതു തന്നെ. സൗന്ദര്യം നശിച്ച ഭാര്യയുടെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും മറ്റു സ്ത്രീകളോടു് താല്പര്യം കാണിക്കുന്ന ഭർത്താവു്. അതു കാണുമ്പോൾ ഭാര്യയ്ക്കുണ്ടാകുന്ന അസ്വസ്ഥതയും നിരാശതയും വേദനയും. പക്ഷേ, ഗീതയുടെ ആവിഷ്കാര രീതി വിഷയത്തിന്റെ ചിരപരിചിത സ്വഭാവത്തെ നിർമ്മാർജ്ജനം ചെയ്യുന്നു. കഥ വായിച്ചു തീരുമ്പോൾ സഹതാപത്തിന്റെ നീർച്ചാൽ ആ പാവപ്പെട്ട ഭാര്യയുടെ നേർക്കു് ഒഴുകി തുടങ്ങുന്നതു് വായിക്കുന്നവനു കാണാം. അതിന്റെ പ്രവാഹം തന്നിൽ നിന്നു് ഉദ്ഭവിക്കുന്നുവെന്നും അനുവാചകൻ ഗ്രഹിക്കും.

സ്വന്തം ഭാര്യയെ അന്യരുടെ മുൻപിൽ വച്ചു ശാസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നതു് ശരിയാണോ? ശരിയല്ലെന്നു മാത്രമല്ല, അതു് അധമത്വവുമാണു്. ധീരനായ പുരുഷൻ മറ്റു ധീരന്മാരോടു മല്ലിടും. ഭീരു അന്യരുടെ മുൻപിൽവച്ചു ഭാര്യയെ അപമാനിക്കും.

ആരുടെയും ടെക്നിക് കടം വാങ്ങാതെയാണു് ഗീതാ ഹിരണ്യൻ “കവിതയും ജീവിതവും ഒരു ഉപന്യാസവിഷയത്തിനപ്പുറം” എന്ന ചെറുകഥ എഴുതിയതു് (ഇന്ത്യാ റ്റുഡേ, ജനുവരി 6–20, 1996). ഭർത്താവിനെ സംബന്ധിച്ച സത്യം സഹജാവബോധത്തിലൂടെ ഗ്രഹിച്ചു് സ്വന്തം ജീവിതത്തിന്റെ ട്രാജഡിയെ സ്ഫുടീകരിക്കുന്ന ഇക്കഥയ്ക്കു് ആർദ്രീകരണ ശക്തിയുണ്ടു്. ഒരു നൂതന നാദമാണു് ഇക്കഥയിൽ നിന്നു ഞാൻ കേട്ടതു്.

ചേഷ്ടകൾ സദൃശങ്ങൾ

നിങ്ങളുടെ ഈ ആന്റി ഫെമിനിസം അസഹനീയമാണു്. കേട്ടോ? കേട്ടു. കൈയക്ഷരത്തിൽ നിന്നു് ഭവതി ആരെന്നു് എനിക്കു മനസ്സിലായി. ഞാൻ ആന്റി ഫെമിനിസ്റ്റു തന്നെ. പക്ഷേ, ആന്റിവിമൻ അല്ല.

ചന്ദ്രൻ ആകാശത്തു നീങ്ങുന്നു; ആപ്പിൾ മരത്തിൽ നിന്നു താഴത്തേക്കു വീഴുന്നു. രണ്ടു വിഭിന്നങ്ങളായ സംഭവങ്ങൾ. ശാസ്ത്രകാരൻ ഈ വൈവിധ്യത്തെ കൂട്ടിച്ചേർത്തു് ഏകത്വമുണ്ടാക്കുന്നു. അതാണു് ഗുരുത്വാകർഷണ സിദ്ധാന്തം (ആൽഡസ് ഹക്സിലിയുടെ Brave New World Revisited എന്ന പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്). എന്നാൽ ഓരോ മനുഷ്യനും അപ്രതിരൂപ സ്വഭാവമുള്ളതു കൊണ്ടു മനുഷ്യരെയാകെ സമീകരിക്കാൻ സാദ്ധ്യമല്ലെന്നും ഹക്സിലി പറയുന്നുണ്ടു്. സമീകരിക്കാൻ സാദ്ധ്യമല്ലെങ്കിലും ചേഷ്ടകളിൽ, വികാര പ്രകടനങ്ങളിൽ മനുഷ്യർക്കു സാദൃശ്യമുണ്ടു്. കേരളത്തിലെയും ബംഗാളിലെയും ജർമ്മനിയിലെയും അമേരിക്കയിലെയും പെൺകുട്ടികൾ ശൃംഗരിക്കുന്നതു് ഒരേ വിധത്തിലാണു്. നാണം വന്നാൽ എല്ലാവരും ഒരേ മട്ടിൽ മുഖം പൊത്തും. അതിനാൽ പ്രേമപ്രകടന രീതികൾക്ക്, അവയെ പ്രതിപാദിക്കുന്ന ചെറുകഥകൾക്കു് സമാന സ്വഭാവം വരും. ആ സമാനസ്വഭാവത്തിൽ വ്യത്യസ്തത വരുത്താൻ കഥാകാരനു കഴിഞ്ഞാൽ വായനക്കാരനു പരാതിയില്ല. ദേശാഭിമാനി വാരികയിൽ ‘അതിരിലെ പ്ലാവു്’ എന്ന കഥയെഴുതിയ ശ്രീ. സുരേഷ് ഐക്കര അതിനു യത്നിക്കുകയും ആ യത്നത്തിൽ വിജയം വരിക്കുകയും ചെയ്യുന്നു. ഒരു ‘പടുവൃദ്ധൻ മാവു്’ മുത്തശ്ശിയെയും കാമുകനെയും കാമുകിയെയും കൂട്ടിയിണക്കുന്നു. കാമുകി വേറൊരുത്തനെ കല്യാണം കഴിച്ചു പോയെങ്കിലും കാമുകൻ പ്രായമേറെച്ചെന്നിട്ടും ആ പഴയ കാമുകിയോടുള്ള സ്നേഹം മറക്കാതെ മാവിലൂടെ അതിനെ സാക്ഷാത്കരിക്കുന്നു. കാമുകന്റെ മാനസിക നില സൂക്ഷമതയോടെ ചിത്രീകരിച്ചു എന്നതിലാണു് ഇക്കഥയുടെ സവിശേഷത നമ്മൾ കാണേണ്ടതു്.

നിരീക്ഷണങ്ങൾ
  1. ശ്രീമതി ബാലാമണിയമ്മയുടെ കവിത്വസിദ്ധികളെ കുറിച്ചു് എനിക്കു് ഒരാക്ഷേപവുമില്ല. എന്നാൽ അവരെ കുറിച്ചു്, അവരുടെ കാവ്യങ്ങളെ കുറിച്ചു് ലേഖനങ്ങൾ എഴുതുന്നവർ ‘മാതൃത്വത്തിന്റെ മഹനീയത, മാതൃത്വത്തിന്റെ മഹനീയത എന്നു തൊണ്ട കീറുന്ന മട്ടിൽ നിലവിളിക്കുന്നതു് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അമ്മയുടെ അപത്യ സ്നേഹം മറ്റനേകം ഉത്കൃഷ്ട വികാരങ്ങളെ പോലെ ഉത്കൃഷ്ടം തന്നെ. എന്നാൽ അതിനെ പൊക്കിപ്പിടിച്ചു് എന്തിനിങ്ങനെ കാതടപ്പിക്കുന്ന മട്ടിൽ നിലവിളിക്കുന്നു?
  2. മറ്റു വികാരങ്ങളെക്കാൾ മാതൃത്വത്തോടു ബന്ധപ്പെട്ട വികാരത്തിനു് ബാലാമണിയമ്മ പ്രാധാന്യം നൽകിയെങ്കിൽ അതു സത്യത്തോടു പൊരുത്തപ്പെടുന്നില്ല എന്നാണു് എനിക്കു പറയാനുള്ളതു്. ആത്മസംരക്ഷണമാണു് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായതു്. തനിക്കു ഹാനി വരാതിരിക്കാൻ വേണ്ടി ഏതമ്മയും കുഞ്ഞിനെ ഉപേക്ഷിക്കും. ‘തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ’ എന്നു കവി പറഞ്ഞതു് വെറും നേരമ്പോക്കല്ല. ആത്മസംരക്ഷണ വാഞ്ഛയെയാണു് അതു നർമ്മം കലർത്തി ധ്വനിപ്പിക്കുന്നതു്. അവിവാഹിത പെറ്റകുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടു കടന്നു കളയുന്നതു്. ഏതെങ്കിലും വീട്ടിന്റെ മുൻവശത്തോ അനാഥാലയത്തിന്റെ പടിക്കെട്ടിലോ കുഞ്ഞിനെ ആരും കാണാതെ കൊണ്ടു വച്ചിട്ടു കള്ളിയെപ്പോലെ ഒളിച്ചു പോകുന്നതു്. പ്രായം കൂടിയ മകനെയോ മകളെയോ ഒരിക്കലും കൂടെ കൊണ്ടിറങ്ങാതെ ബ്യൂട്ടി പാർലർ സമ്മാനിച്ച സൗന്ദര്യവുമായി യുവതിയെന്ന മട്ടിൽ പട്ടണത്തിൽ നടക്കുന്നതു് ഇവയൊക്കെ മാതൃത്വത്തിന്റെ മഹനീയത കൊണ്ടാണോ? മൂത്തമകൻ ഐ. എ. എസ് ഉദ്യോഗസ്ഥനും ഇളയ മകൻ ശിപായിയുമാണെങ്കിൽ അവരുടെ അമ്മ ഐ. എ. എസ്സുകാരനോടു കൂടി താമസിക്കുമോ അതോ ശിപായിയുടെ കൂടെ താമസിക്കുമോ?
  3. ഞാനൊരു കൊറിയൻ കഥ വായിച്ചിട്ടുണ്ടു്. വടക്കൻ കൊറിയയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭയന്നു് ചിലർ തെക്കൻ കൊറിയയിലേക്കു് പോകാൻ നദി കടക്കുകയാണു് വള്ളത്തിൽ. മൂടൽമഞ്ഞുള്ളതുകൊണ്ടു് അക്കരെ നില്ക്കാവുന്ന പോലീസുകാരെ അവർക്കത്ര ഭയമില്ല. പെട്ടെന്നു മഞ്ഞുമാറി, നക്ഷത്രങ്ങൾ തെളിഞ്ഞു. രക്ഷപ്പെടുന്നവർക്കു പേടിയായി. അധികാരികളുടെ കൈയിൽ പെട്ടുപോകുമെന്നു്. തുഴകൾ ഉണ്ടാക്കുന്ന ശബ്ദം പോലും അവരെ ഭയപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു കുഞ്ഞു നിലവിളിച്ചു. എല്ലാവരും വല്ലാതെ പേടിച്ചു. പൊടുന്നനെ ഒരു ശബ്ദം വെള്ളത്തിൽ. കുഞ്ഞിന്റെ അമ്മ അതിനെ നദിയിലേക്കു് എറിഞ്ഞുകളഞ്ഞതിന്റെ ശബ്ദമായിരുന്നു അതു്. ഫ്രായിറ്റിന്റെ self-preservation സിദ്ധാന്തം വിജയം വരിക്കുന്നു ഇവിടെ. ബാലാമണിയമ്മയുടെ കവിതയെ വാഴ്ത്തികൊള്ളൂ. മാതൃത്വമെന്ന വികാരത്തിനു് സ്ഥൂലീകരണം നല്കാതിരിക്കൂ.
  4. ഓരോ രാജ്യത്തിനും നയങ്ങളുണ്ടു്. ദേശീയ നയം, സാമ്പത്തിക നയം, വിദേശനയം ഇങ്ങനെ പലതും. നമ്മുടെ ദേശീയ നയത്തിൽ പ്രാമുഖ്യം നല്കുന്നതു് സാഹിത്യകാരൻ ജീവിച്ചിരിക്കുമ്പോൾ ഒന്നും മിണ്ടാതിരിക്കുക, അയാൾ മരിച്ചാൽ മുക്തകണ്ഠം പ്രശംസിക്കുക എന്നതിനാണു്. മരിച്ചു കഴിഞ്ഞാൽ പുഷ്പചക്രങ്ങൾ മൃതശരീരത്തിൽ വയ്ക്കുകയായി. പ്രമുഖന്മാർ നിശ്ചേതനശരീരമെടുത്തു് ശ്മശാനത്തിലേക്കു് നടക്കുകയായി. മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയ മഹാസാഹിത്യകാരൻ അന്ത്യയാത്രയായി എന്നു തുടരെത്തുടരെ പ്രസ്താവങ്ങൾ. അനുശോചന സമ്മേളനങ്ങളുടെ ബഹളം. ഇരുപത്തിനാലു മണിക്കൂർ കൊണ്ടു് എല്ലാം കെട്ടടങ്ങുന്നു. പിന്നീടു് ‘കമാ’ എന്നൊരക്ഷരം മരിച്ചയാളിനെക്കുറിച്ചു് ആരും പറയുന്നില്ല.
  5. വെർജീനിയ വുൾഫിന്റെ A Room of One’s Own എന്ന പുസ്തകത്തിലാണെന്നാണു് എന്റെ ഓർമ്മ. Political anger—എന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഈ ദേഷ്യത്തോടു കൂടി ചിലർ നോവലുകൾ എഴുതുന്നുവെന്നു് വുൾഫ് ചൂണ്ടിക്കാണിക്കുന്നു. ഇതു ശരിയല്ലെന്നും അവർ പറയുന്നു. ഇവിടെപ്പലർക്കും ശാന്തതയോടെ എഴുതാൻ വയ്യ. ദേഷ്യമാണു് അവരുടെ ഒരോ രചനയിലും മുന്നിട്ടു നില്ക്കുന്നതു്. ശ്രീ. ഇ. എം. എസ്സിനു സ്വന്തമായ അഭിപ്രായങ്ങളുണ്ടു് സാഹിത്യത്തെസ്സംബന്ധിച്ചു്. അദ്ദേഹം അതു വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നു. ആരോടും അദ്ദേഹത്തിനു ദേഷ്യമില്ല. അരെങ്കിലും കോപിച്ചു് അദ്ദേഹത്തെ ശകാരിച്ചാലും മാന്യതയോടെ മാത്രമാണു് അദ്ദേഹത്തിൽനിന്നു് മറുപടിയുണ്ടാകുന്നതു്. പക്ഷേ, ഇ. എം. എസ്സിനെ ആക്രമിക്കുന്നവർക്കു് ഈ സമചിത്തതയോ നിഷ്പക്ഷതയോ ഇല്ല. Political anger ആണു് അവർക്ക്. ഈ കോപമൊഴിവാക്കിയാലേ വിമർശനത്തിൽ പുരോഗതിയുണ്ടാവൂ.
ശ്രീ. കെ. രഘുനാഥനു് കത്തു്

സുഹൃത്തേ,

images/KewGardens.jpg

ഇതെഴുതുന്ന ആൾ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലയളവിലാണു് കേശവദേവിന്റെ ‘കളിത്തോഴിയും’ തകഴിയുടെ ‘മാഞ്ചുവട്ടി’ലും മറ്റും മനോരമ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചു വന്നതു്. അവ വായിച്ചപ്പോൾ ബാലനായിരുന്ന എനിക്കു് ഒരദ്ഭുതപ്രപഞ്ചം തുറന്നുകിട്ടി. പിന്നീടു് കേശവദേവിന്റെ ‘വില്പനക്കാരൻ’ എന്ന കഥ വായിച്ചപ്പോൾ ആ പ്രപഞ്ചം മഹാദ്ഭുതം തന്നെയെന്നു തീരുമാനിച്ചു. എനിക്കു പ്രായംകൂടിയതോടെ വായനയുടെ രീതി മാറി.നേരത്തെക്കണ്ട പ്രപഞ്ചങ്ങൾക്കു് അത്രയൊന്നും അദ്ഭുതാംശങ്ങളില്ലെന്നു തോന്നിത്തുടങ്ങി. ഇന്നു ഹൃദയത്തിൽ ഒരു ചലനവും കൂടാതെ അത്തരം കഥകൾ എനിക്കു വായിക്കാൻ സാധിക്കുന്നു. എങ്കിലും ആ കഥാകാരന്മാർ എന്നെ ക്ലേശിപ്പിച്ചില്ല ഒരിക്കലും. ഇന്നത്തെ സ്ഥിതി അതല്ല. താങ്കളുടെ ‘ഗഗനചാരി’ എന്ന ചെറുകഥ മതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കുന്ന എനിക്കു് യാതന. ‘യാതനാ തീവ്രവേദനാ’ എന്നു് അമരകോശം. നമ്മുടെ ദേശീയപതാകയുടെ മൂന്നു നിറങ്ങളുള്ള വാലുകളോടുകൂടി ഒരു കുട്ടി അവൻ പറത്തുന്ന പട്ടത്തോടൊപ്പം അന്തരീക്ഷത്തിൽ ഉയർന്നെന്നോ? ആ രംഗം തന്നെ ടെലിവിഷനിലും കാണാറായെന്നോ? കുട്ടിയും പട്ടവും അടുത്ത പട്ടണത്തിലേക്കു പോയപ്പോൾ ആകാശത്തും ടെലിവിഷൻ സെറ്റിലും ഒന്നുമില്ലാതായെന്നോ? സുഹൃത്തേ താങ്കൾ ആർജ്ജവമാർന്നു ശ്രമിച്ചിട്ടും ഭാരതത്തിന്റെ സ്ഥിതിയെ ലാക്ഷണികമായി ആവിഷ്കരിക്കുന്ന ഈ രചന കലയുടെ ലോകത്തേക്കു ഉയരുന്നില്ലല്ലോ. അതു താങ്കളുടെ കുറ്റമോ അതൊ അലിഗറിയുടേതോ? താങ്കളുടെ ആശയങ്ങളോടു ഞാൻ യോജിക്കുന്നു. എന്നാൽ അവയുടെ പ്രതിപാദനം ചാരുത ആവഹിക്കുന്നില്ലെന്നു് എഴുതേണ്ടിയിരിക്കുന്നു. സദയം ക്ഷമിക്കൂ.

സ്നേഹപൂർവ്വം

സാഹിത്യവാരഫലക്കാരൻ

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1996-02-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.