വേദാന്തചിന്തകൊണ്ടു് വിശ്വവിഖ്യാതി നേടിയ രാജ്യമാണല്ലോ ഭാരതം. ആധുനികപരിഷ്കാരപ്രഭവങ്ങളെന്നു് പ്രസിദ്ധി നേടിയിട്ടുള്ള പശ്ചിമഭൂഭാഗങ്ങൾ നിഷാദമാത്രനിഷേവിതങ്ങളായിരുന്ന കാലത്തുപോലും ഭാരതീയർ വിശിഷ്ടവിജ്ഞാനികളായി പ്രശോഭിച്ചിരുന്നു. ഈശ്വരൻ, ആത്മാ, ജഗത്ത്, എന്നീ മൂന്നെണ്ണം അവരുടെ പ്രധാന ചിന്താവിഷയങ്ങളാണു്. ഇതുവരെയായിട്ടും സംശയം തീർന്ന ഒരു തീർപ്പു കല്പിക്കുവാൻ ആർക്കും സാധിച്ചിട്ടില്ലാത്ത പ്രസ്തുത വിഷയങ്ങളെപ്പറ്റി പ്രാചീന ഭാരതീയർ അഗാധമായി ചിന്തിക്കുകയും പല സിദ്ധാന്തങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടു്. ജ്ഞേയങ്ങളായിട്ടുള്ള സകല വിഷയങ്ങളുടെയും യഥാർത്ഥജ്ഞാനം ഈ മൂന്നിലും ആണു് പര്യവസാനിക്കുന്നതെന്നത്രെ അവരുടെ അഭിപ്രായം. ഇവയുടെ സൂക്ഷ്മസ്വഭാവം അറിയുന്നതിനുള്ള സുഗമമായ മാർഗം ഈ മൂന്നിനും മൂലതത്ത്വമായി പൊതുവേ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കുകയും ഉണ്ടെങ്കിൽ അതറിയുകയും ചെയ്കയാണല്ലോ. ഭാരതീയരുടെ വേദോപനിഷത്തുകളിൽ സ്വീകൃതമായിട്ടുള്ള ചിന്താമാർഗവും ഇതുതന്നെയാകുന്നു.
‘യഥാ ഏകേന ജ്ഞാതേന മൃൽപിണ്ഡേന സർവ്വം വിജ്ഞാതം ഭവതി’ എന്ന ന്യായമനുസരിച്ചു ഏതൊന്നറിഞ്ഞാൽ അതിൽനിന്നും മറ്റു് സകലതും അറിയുവാൻ കഴിയുമോ അതു കണ്ടുപിടിക്കുവാനാണു് അന്നത്തെ ചിന്തകന്മാർ യത്നിച്ചതു്. ഈ പ്രയത്നത്തിന്റെ പരിപൂർണമായ പര്യവസാനം കാണുന്നതു് അദ്വൈതസിദ്ധാന്തത്തിലാകുന്നു. ഇതിനെസ്സംബന്ധിച്ച വിചിത്രങ്ങളായ വാദഗതികളാണു് താഴെ വിവരിക്കുന്നതു്. അതോടുകൂടി അദ്വൈതഭാവനയ്ക്കുള്ള വ്യാപ്തിയും വൈശിഷ്ട്യവും വെളിപ്പെടുത്താവുന്നതാണു്.
അദ്വൈതത്തിന്റെ ലക്ഷണം ദ്വൈതീയഭാവപ്രതിയോഗിത്വമത്രെ. ദ്വിത്വകല്പനതന്നെ നിഷേധിക്കപ്പെടുമ്പോൾ തദുപരി സംഖ്യകളുടെ വ്യവഹാരവും അനുപമമായിത്തീരുമല്ലോ. ആത്മാ, ഈശ്വരൻ, പ്രപഞ്ചം മുതലായവ സത്യവും നിത്യവും സ്വയം പ്രകാശവും ആയ ഏതോ ഒന്നിന്റെ പ്രാതിഭാസിക പ്രതിബിംബങ്ങളാണെന്നും പാരമർത്ഥികദശയിൽ ആ ഒന്നിനു മാത്രമേ സത്തയുള്ളുവെന്നും ബാക്കിയുള്ളവയെല്ലാം മനുഷ്യന്റെ പ്രബുദ്ധാവസ്ഥയിൽ സ്വപ്നം ജാഗ്രത്തിലെന്നപോലെ നശിച്ചു പോകുമെന്നും ആണു് അദ്വൈതം സിദ്ധാന്തിക്കുന്നതു്. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കും സ്പഷ്ടദൃഷ്ടമായിരിക്കുന്ന ഈ ലോകം ഉള്ളതല്ലെന്നു വാദിക്കുന്നതു വെറും ഭ്രാന്താണെന്നു തോന്നിയേക്കാം. പോരെങ്കിൽ ദ്വൈതം, വിശിഷ്ടാദ്വൈതം, പരിണാമവാദം, സാംഖ്യം തുടങ്ങിയ മതാന്തരങ്ങൾ ജഗത്തു മിഥ്യല്ലെന്നും അതിന്റെ മൂലപ്രകൃതിക്കു സൽഭാവമുണ്ടെന്നും മറ്റും ചില ന്യായങ്ങൾ കാണിച്ചു വാദിക്കുകയും ചെയ്യുന്നു. പദാർത്ഥം രൂപാന്തരപ്പെടുന്നതല്ലാതെ ഒരിക്കലും നശിക്കുന്നില്ലെന്നും അതിന്റെ മൂലരൂപങ്ങൾ അനശ്വരങ്ങളാണെന്നുമാണു് ഇന്നത്തെ ‘സയൻസും’ സിദ്ധാന്തിക്കുന്നതു്.
ഇങ്ങനെ പ്രബലങ്ങളായ യുക്തിവാദങ്ങൾ അദ്വൈതത്തിനു പ്രതികൂലമായി പ്രചാരത്തിലിരിക്കേ തത്സിദ്ധാന്തം എത്രത്തോളം പരമാർത്ഥമാണെന്നു പണ്ഡിതന്മാർകൂടി സംശയിക്കുന്നതിൽ അത്ഭുതപ്പെടുവാനില്ല. ദ്വൈതാദിവാദങ്ങൾ അദ്വൈതമാകുന്ന ഉത്തുംഗസൗധത്തിലെത്തുന്നതിനുള്ള സോപാനങ്ങളാകകൊണ്ടു തദാശ്രയത്വം പ്രാരംഭദശയിൽ ആർക്കും ആവശ്യമായി വന്നേക്കാം. എന്നാൽ മനസ്സിന്റെ നാനാത്വഭാവന നശിക്കുന്ന ഘട്ടത്തിൽ അവയെല്ലാം ത്യാജ്യങ്ങളായിത്തീരുമെന്ന സംഗതി പ്രത്യേകം സ്മരണീയമാണു്. അദ്വൈത വിദ്യാകോവിദനായ ഒരു പണ്ഡിതനു ശരിയായ യുക്തിവാദം കൊണ്ടുതന്നെ അവ അടിസ്ഥാനരഹിതങ്ങളാണെന്നു തെളിയിക്കുവാൻ കഴിയും. ഒരു സംഗതി യുക്തിക്കു യോജിച്ചും അനുഭവത്തിനു വിരുദ്ധമായും ഇരുന്നാൽ അതിൽ നമുക്കു തീരെ വിശ്വസിക്കുവാൻ നിവൃത്തിയില്ല. നേരെമറിച്ചു അനുഭവത്തിനനുസൃതമായും യുക്തിയുക്തമല്ലാതെയും ഇരിക്കുമ്പോൾ നാം അതിൽ ആദ്യത്തേതിനെക്കാൾ കൂടുതലായി വിശ്വസിക്കുകയും ചെയ്യുന്നു. ഇവയ്ക്കു രണ്ടിനും ചേർന്നു ശരിയായി കാണപ്പെടുന്ന സിദ്ധാന്തങ്ങളാണു് ലോകത്തിൽ സർവസമ്മതമായി സ്വീകരിക്കപ്പെടുന്നതു്. പ്രയോഗത്തിൽ കൊണ്ടുവരാവുന്ന സിദ്ധാന്തത്തിൽ മാത്രമേ ഇന്നു ലോകം വിശ്വസിക്കുന്നുള്ളു അദ്വൈതം ഇത്തരത്തിലുൾപ്പെട്ട ഒന്നാണോ? അതു് ആദ്യത്തെ ഇനത്തിലുൾപ്പെട്ടതാണെന്നും തീരെ പ്രായോഗികമല്ലെന്നും സാധാരണ ഒരഭിപ്രായം പരന്നിട്ടുണ്ടു്.
അദ്വൈതം ഇക്കാണുന്ന ജഗത്തു മിഥ്യയാണെന്നു വാദിക്കുന്നു. ഇവിടെ മിഥ്യാശബ്ദത്തിനു് അനിർവചനീയഭാവം എന്നാണർത്ഥം കല്പിച്ചിരിക്കുന്നതു്. ‘മിഥ്യശബ്ദോനിർവചനീയതാവചനഃ’ എന്നുണ്ടു്. ഉണ്ടെന്നും ഇല്ലെന്നും പറവാൻ പാടില്ലാത്ത അവസ്ഥയത്രെ അനിർവചനീയഭാവം. അപ്പോൾ പദാർഥത്തെപ്പോലെ തന്നെ വൃത്തിയും ഇല്ലാത്തതാണെന്നും യഥാർത്ഥത്തിൽ ഉള്ളതു ജ്ഞാനം മാത്രമാണെന്നും ചിന്തകന്മാർക്കും വെളിവാകുന്നതാണു്.
ഈ സംഗതി സുസ്പഷ്ടമാകുവാൻ നമ്മുടെ സുഷുപ്തിയവസ്ഥ പരിശോധിച്ചാൽ മതി. സുഷുപ്തിയിൽ നമുക്കു് എന്താണുള്ളതു് ? മനസ്സു്, ബുദ്ധി, വൃത്തി, പദാർത്ഥം ഇവയൊന്നും അപ്പോൾ കാണുന്നില്ല. കരണപ്രവൃത്തികളെല്ലാം തത്സമയം നശിക്കുന്നു. സാക്ഷാൽ ആത്മചൈതന്യം അഥവാ ജ്ഞാനം മാത്രമാണു് അപ്പോളുള്ളതു്. ജീവാത്മ പരമാത്മാവിൽ ലയിച്ചു് ഒന്നായിത്തീരുന്ന ഘട്ടവും ഇതത്രേ. സുഷുപ്ത്യനന്തരം ഉണരുമ്പോൾ താൻ സുഖമായുറങ്ങിയെന്നൊരു ബോധം ഓരോരുത്തരിലും ഉണ്ടാകുന്നുണ്ടല്ലോ. കരണപ്രവൃത്തികളെല്ലാം സുഷുപ്തിയിൽ നശിച്ചിരിക്കേ ഈ ബോധം നമ്മിലെങ്ങനെ ഉണ്ടാകുന്നു? ആ സമയം നമ്മിൽ എന്തോ ഒന്നു് ഉണർന്നിരിക്കുന്നതുകൊണ്ടുതന്നെ അതാണു് ആത്മാ അഥവാ സാക്ഷാൽ ജ്ഞാനം. വാസ്തവമായിട്ടുള്ളതും അതു മാത്രമാണു്. സുഷുപ്തിയിൽ മനുഷ്യന്റെ എന്നല്ല, സർവജീവരാശികളുടെയും അവസ്ഥ ഒന്നുപോലെ ഇരിക്കുന്നു. ഒരു ജീവിയ്ക്കെങ്കിലും അപ്പോൾ പ്രപഞ്ചബോധം ഉണ്ടാകുന്നില്ല. ജഗത്തിനു സത്തയുണ്ടെങ്കിൽ തത്സംബന്ധമായ എന്തെങ്കിലും ഒരു ബോധം അപ്പോൾ നമുക്കു് ഉണ്ടാകേണ്ടതായിരുന്നു. സൂക്ഷ്മമായാലോചിച്ചാൽ ശരിയായ അദ്വൈതാനുഭൂതിയാണു് ആ വിസ്മയനീയവേളയിൽ സർവജീവികളിലും ഉദയം ചെയ്യുന്നതു്. സാക്ഷാൽ മുക്തിയെന്നു പറയുന്നതും ഏതദവസ്ഥയുടെ നിത്യസ്ഥിതി തന്നെയത്രെ.
സുഖമായുറങ്ങിയെന്ന ബോധം പിന്നീടുണ്ടാകുന്നതിൽ നിന്നു സുഷുപ്തിയിൽ നമുക്കു് ആനന്ദമാണുനുഭവമെന്നനുമാനിക്കാം. മുക്ത്യവസ്ഥയിലുണ്ടാകുന്ന ആനന്ദമത്രെ സച്ചിദാനന്ദം. അതിനും സുഷുപ്ത്യാനന്ദത്തിനു തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ആദ്യത്തേതിന്റെ ലക്ഷണം രണ്ടാമത്തേതിലും പരിപൂർണമായിട്ടുണ്ടെന്നും ‘വാസുദേവമനന’ത്തിൽ പ്രസ്താവിച്ചുകാണുന്നു. നിത്യവും നിരുപാധികവും നിരതിശയവും ആയിട്ടുള്ളതാണു് സച്ചിദാനന്ദം. ഈ മൂന്നു ലക്ഷണങ്ങളും സുഷുപ്ത്യാനന്ദത്തിലും കാണുന്നുണ്ടു്. മലയജമാലാദി ഉപാധികളിൽ കൂടിയിട്ടാണല്ലോ നമുക്കു സാധാരണ സുഖമുണ്ടാകുന്നതു്. എന്നാൽ ഇത്തരം ഉപാധികളൊന്നും തന്നെ സുഷുപ്തിയിൽ ഇല്ലാത്തതുകൊണ്ടു് അപ്പോളത്തെ ആനന്ദം ഔപാധികമല്ലെന്നു സിദ്ധമായി. മനുഷ്യർ സുഷുപ്തിസുഖത്തെ മറ്റെല്ലാത്തരം സുഖ (ഭാര്യാപുത്രാദിസുഖ) ത്തെക്കാളും കൂടുതലായി ഇഷ്ടപ്പെടുന്നതുകൊണ്ടു് അതിനെ അതിശയിക്കുവാൻ മറ്റൊന്നും ഇല്ലെന്നു വരുന്നു. എത്ര നല്ല കാര്യത്തിനായാലും സുഷുപ്തിയിൽനിന്നും പെട്ടെന്നു് ഉണർത്തപ്പെടുന്ന ഒരുവൻ തന്മൂലം അപ്രീതനാകുന്നതും ചിലപ്പോൾ കുപിതനാകുന്നതും സാധാരണമാണു്. ഇതുകൊണ്ടു നിരതിശയത്വവും വെളിവാകുന്നുണ്ടു്. സച്ചിത്സുഖത്തെപ്പോലെ ലയങ്ങൾക്കു് അതു വിഷയമാകുന്നില്ല. സുഷുപ്തിയിലെപ്പോലെ ജാഗ്രൽസ്വപ്നവേളകളിലും അതു നമ്മിൽ സ്ഥിതി ചെയ്യുന്നുണ്ടു്. പക്ഷേ, വിവിധ വൃത്തിവിശേഷങ്ങളാൽ ആവൃതമായിരിക്കുന്നതിനാലാണു് അനുഭവിതവ്യമാണെങ്കിലും ജാഗ്രൽ സ്വപ്നങ്ങളിൽ നാം അതു അനുഭവിക്കാത്തതു്.
നാമമാത്രഭിന്നങ്ങളായ ഈ രണ്ടു് ആനന്ദവും ഒന്നുതന്നെയാണു്, ഇപ്പോൾ വിശദമായല്ലോ. ജഗദ്രൂപം നശിക്കാതെ ഈ സച്ചിദാനന്ദഭാവം ഒരിക്കലും ഉദിച്ചുയരുന്നതല്ല. ബ്രഹ്മവിത്തായിട്ടുള്ളവൻ മൂന്നവസ്ഥകളിലും ഒരുപോലെ ഈ ആനന്ദപിയൂഷം പാനം ചെയ്തുകൊണ്ടുതന്നെ ഇരിക്കുന്നു. ‘പത്മപത്രമിവാംഭസി’ എന്ന മട്ടിൽ അവൻ സംസാരലേപനം കൂടാതെ ജീവിക്കുന്നു. ഈ രീതിയിൽ നോക്കുമ്പോൾ നിത്യമുക്തനായ ഒരുവനു നമ്മുടെ ജാഗ്രദവസ്ഥ അന്ധകാരമായും നമുക്കു നേരെ മറിച്ചും തോന്നുന്നതാണെന്നു കാണാം.
‘യാ നിശാ സർവഭൂതനാം
തസ്യം ജാഗർത്തി സംയമീ
യസ്യം ജാഗ്രതി ഭൂതാനി
സാ നിശാ പശ്യതോ മുനേഃ’
എന്ന ഗീതാവചനം ഈ തത്ത്വത്തെ തെളിയിക്കുന്നതത്രെ. സർവ്വപ്രാണികൾക്കും അന്ധകാരംപോലെ തോന്നുന്ന ആത്മനിഷ്ഠയിൽ ജിതേന്ദ്രിയനായയോഗി ഉണർന്നിരിക്കയും അവർ ഉണർന്നിരിക്കുന്ന അജ്ഞാനദശയെ തമോമയ (രാത്രി) മായിട്ടു ദർശിക്കുകയും ചെയ്യുന്നു.
ഇങ്ങനെ സുഷുപ്ത്യവസ്ഥയെപ്പറ്റി ഗാഢമായി പര്യാലോചിക്കുന്ന പക്ഷം അദ്വൈതതത്ത്വം ഏറ്റവും പരമാർത്ഥമാണെന്നു മനസ്സിലാകും.
ഇനി, കാരണരൂപേണ നോക്കുമ്പോൾ കാര്യരൂപങ്ങളെല്ലാം അസത്യമായിത്തീരുന്നു എന്ന ന്യായമനുസരിച്ചു പ്രപഞ്ചത്തെപ്പറ്റി പരിചിന്തനം ചെയ്തു നോക്കിയാലും അതു് അസത്തായി ഭാവിക്കുന്നതാണു്. പദാർത്ഥം കാര്യകാരണാത്മകമാകയാലും, കാര്യം കാരണത്തിൽനിന്നു സ്വതേ വ്യതിരിക്തമല്ലാത്തതുകൊണ്ടും അതിനെ പിരിച്ചുപിരിച്ചു നോക്കുമ്പോൾ ഓരോ രൂപവും ക്രമപ്രകാരം കാരണത്താൽ ലയിച്ചുപോകുന്നതായി കാണാം. ഒരു ഗൃഹം ഉദാഹണമായിട്ടെടുക്കാം. ഗൃഹാകൃതിയിൽ സംഘടിപ്പിച്ചിരുന്ന വസ്തുക്കളെയെല്ലാം പരസ്പരം പിരിച്ചുനോക്കി നോക്കുമ്പോൾ ഗൃഹം എന്ന വ്യവഹാരം നശിച്ചുപോകുന്നു. കല്ലു്, മരം മുതലായ കുറെ അവയവങ്ങളാണു് പിന്നെ ശേഷിക്കുന്നതു്. ഗൃഹഘടകങ്ങളായ വസ്തുക്കളെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നിട്ടും ഇപ്പോൾ നാം അവയെ ഗൃഹം എന്നുവിളിക്കുന്നില്ല. ഇതുകൊണ്ടു ഗൃഹം എന്നൊന്നു് ഉണ്ടായിരുന്നില്ലെന്നും അതു് ഒരു വ്യവഹാരം മാത്രമായിരുന്നു എന്നും സ്പഷ്ടമാകുന്നു. ഇതുപോലെ കല്ലിനെ പിരിക്കുമ്പോൾ കല്ലു് എന്ന വ്യവഹാരം നശിക്കുന്നു. ഇങ്ങനെ പിരിച്ചുപിരിച്ചു വരുന്തോറും ആദ്യമാദ്യംം ഉണ്ടായിരുന്ന നാമരൂപങ്ങൾ നശിച്ചു പോകുന്നതാണു്. പക്ഷേ, ഇപ്രകാരം പദാർത്ഥത്തെ വിഘടിക്കുമ്പോൾ ഒടുവിൽ അതു് അവിഭാജ്യമായ പരമാണുരൂപത്തെ പ്രാപിക്കുമെന്നും തദവസ്ഥയിൽ അതിനു നാശമില്ലെന്നും ഒരു സിദ്ധാന്തമുണ്ടു്. എന്നാൽ യുക്തിയെ അവലംബിച്ചു നോക്കുമ്പോൾ ഇതും തെറ്റാണെന്നു ബോധപ്പെടും.
പദാർത്ഥം ഒരിക്കലും നിരവയവമായി അവശേഷിക്കുന്നതല്ല. സ്ഥൂലാകൃതിയിലുള്ള ഗൃഹം മുതൽ സൂക്ഷ്മാകൃതിയിലുള്ള പരമാണുവരെ പദാർത്ഥം പിരിഞ്ഞുപോകുന്നതായി നമുക്കു് അനുഭവപ്പെട്ട സ്ഥിതിക്കു പിന്നിടു് അവശേഷിക്കുന്ന സൂക്ഷ്മാംശവും അതുപോലെ പിരിയുന്നതാണെന്നു് അനുമാനിക്കേണ്ടതാകുന്നു. പിരിക്കുവാൻ മനുഷ്യനു് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കരുതി പരമാണു പിരിയുന്നതല്ലെന്നു് എങ്ങനെ നിശ്ചയിക്കാം? അഥവാ പരമാണു എന്നുവച്ചാൽ പിരിയാത്ത ഒന്നാണെന്നു് എങ്ങനെ അർത്ഥകല്പന ചെയ്യാം? ഭൂതക്കണ്ണാടിക്കുകൂടി വിഷയമാകത്തക്കവണ്ണം പദാർത്ഥം അത്ര സൂക്ഷ്മമായിത്തീരുന്നതുവരെ അവയവാവയവിരൂപേണ പിരിഞ്ഞു പോകുന്നുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടു് അതിനപ്പുറമുള്ള സൂക്ഷ്മതരങ്ങളായ അംശങ്ങളും കൂടി പിരിയുന്നതാണെന്നു പറഞ്ഞുകൂടാ? പരമാണുക്കൾ വിഭാജ്യങ്ങളാണെന്നു് ഇന്നത്തെ സയൻസും തെളിയിക്കുന്നുണ്ടല്ലോ.
ഇനി പരമാണു നിരവയവവും അനശ്വരവും ആണെന്നു സമ്മതിക്കുന്ന പക്ഷവും തത്സംയോഗത്തിൽനിന്നാണു് ജഗദുല്പത്തിയെന്നു് സ്ഥാപിക്കാവുന്നതല്ല. എന്തെന്നാൽ കാരണഗുണ പൂർവക കാര്യഗുണോദൃഷ്ട എന്ന പ്രമാണപ്രകാരം കാരണസ്ഥാനത്തിലുള്ള പരമാണുക്കളുടെ ഗുണം നിരവയവത്വമാകയാൽ തർക്കശാസ്ത്രപ്രസിദ്ധമായ അവയുടെ ദ്വൃണുകത്ര്യണുകാദിഭാവത്തിൽ ഒരിക്കലും സാവയവമായ പ്രപഞ്ചം ഉണ്ടാക്കുവാൻ പാടില്ല. അതിനാൽ പദാർത്ഥത്തിനു പാരമാർത്ഥികമായ സത്തയില്ലെന്നു സമ്മതിക്കുന്നതുതന്നെയാണു് യുക്തിക്കും അനുഭവത്തിനും യോജ്യമായിട്ടുള്ളതു്.
‘നാസതോ വിദ്യതോ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടേന്ത-
സ്ത്വനയോസ്തത്ത്വദർശിഭിഃ’
ഇത്യാദി ഗീതാപദ്യങ്ങൾ ഘടപടാദിവസ്തുക്കളിലുള്ള നമ്മുടെ ബുദ്ധി വ്യഭിചിരിക്കുന്നതിനാൽ അസത്താണെന്നും അവയിലുള്ള അസ്തിത്വം (ഘടം, ഉണ്ടു്, പടം, ഉണ്ടു്) ഇത്യാദികളിലെ ‘ഉണ്ടു്’ എന്ന സൽബുദ്ധി എല്ലാ വിഷയങ്ങളിലും ഒരുപോലെ ഇരിക്കുന്നതിനാൽ അതുമാത്രമേ അവിഭിചരിത യാഥാർത്ഥ്യത്തോടെ നിലനിൽക്കുന്നുള്ളു എന്നും ഉപദേശിക്കുന്നു. സർവവസ്തുക്കളിലും നാം കാണുന്ന ‘ഉണ്ടു്’ എന്ന ആ സൽബുദ്ധിയത്രെ ‘സദേവ’ ഇത്യാദി ശ്രുതിവചനങ്ങൾക്കു വിഷയമായിട്ടുള്ളതു് അതുതന്നെയാണു് അഖണ്ഡവും അചഞ്ചലവുമായ യഥാർത്ഥജ്ഞാനം പരബ്രഹ്മം പരമാത്മാ മുതലായ അപരനാമങ്ങളാൽ അറിയപ്പെടുന്നതും അതുതന്നെ. തദ്വ്യുതിരിക്തമായിട്ടുള്ള സർവവും വെറും ഭ്രാന്തകല്പനകൾ മാത്രമാണു്. ഈ ഭ്രാന്തിയിൽ മഗ്നമായിരിക്കുന്ന കാലത്തോളം മനുഷ്യനു മുക്തി ലഭിക്കുന്നതല്ല.
‘അദ്ധ്യാസവിസ്ഫ്രദനേകവിധാത്മഭേദ-
മജ്ഞാനമാശ്രിതവതഃ സുലഭാ ന മുക്തിഃ’
എന്നു ആചാര്യസ്വാമികൾ പാടുന്നു.
അതിപുരാതമായ വൈദികകാലത്തുതന്നെ അദ്വൈതമതം ഉപജ്ഞാതമായിട്ടുണ്ടു്. എന്നാൽ ആര്യന്മാർ അക്കാലത്തു് അനേക ദേവാരാധന ചെയ്തിരുന്നു എന്നും അവർക്കു് ഏക ദൈവവിശ്വാസമില്ലായിരുന്നു എന്നു ചരിത്രം ഏറെനാളായി അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും വൈദികമന്ത്രങ്ങളുടെ അർത്ഥത്തെ തെറ്റിദ്ധരിച്ചതുകൊണ്ടു് വന്നിട്ടുള്ള ഒരു മിഥ്യാബോധമാണിതു്. ഇന്നത്തെ ചരിത്രലോകത്തിൽ സുപ്രതിഷ്ഠിതമായിരിക്കുന്ന ഈ അഭിപ്രായം ആപാദചൂഡം അബദ്ധമാണെന്നും വൈദികഭാഷയിലുള്ള പാണ്ഡിത്യക്കുറവാണു് ഇതിനു കാരണമെന്നു സംസ്കൃതപണ്ഡിത സാർവഭൗമനായിരുന്ന ശ്രീമദ് ദയാനന്ദാസരസ്വതി വാദിക്കുന്നു. ചരിത്രകാര ദൃഷ്ട്യാ പ്രത്യേകദൈവങ്ങളായി തീർന്നിട്ടുള്ള ഇന്ദ്രൻ, വായു, വരുണൻ മുതലായവ വാസ്തവത്തിൽ സർവശക്തനും സർവവ്യാപിയും ആയ ഒരു ദൈവത്തിന്റെ തന്നെ മാഹാത്മ്യസൂചകങ്ങളായ വിശേഷണപദങ്ങൾ മാത്രമാണെന്നും, അവയ്ക്കു വേദത്തിൽ സാധാരണ രണ്ടർത്ഥംവീതം കല്പിച്ചിട്ടുള്ളതുകൊണ്ടു് അന്യപ്രകാരേണ ധരിച്ചുപോയതാണെന്നും അത്രേ അദ്ദേഹം അഭിപ്രായപ്പെടുന്നതു്.
ഐശ്വര്യം എന്ന അർത്ഥത്തിലുള്ള ‘ഇദ്’ ധാതു (ഇദി ഐശ്വരേ) വിൽനിന്നും വ്യുല്പന്നമായിരിക്കുന്ന ഇന്ദ്രൻ എന്ന പദംതന്നെ ഇതിലേക്കു് ഉദാഹരണമാണു്. അതു് ഏകദൈവത്തിന്റെ ഐശ്വര്യപൂർണതയെ മാത്രമേ കുറിക്കുന്നുള്ളു എന്നു മാത്രമല്ല.
‘ഇന്ദ്രം മിത്രം വരുണമഗ്നിമാഹു-
രഥോദിവ്യഃ സസുപർണോ ഗരുത്മാൻ
ഏകം സൽവിപ്രാ ബഹുധാ വദ-
ന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ’
എന്നു ഋഗ്വേദം ഒന്നാം മണ്ഡലത്തിലും
‘തദേവാഗ്നിസ്തദാദിത്യ സ്ത്ദവാരുസ്തദ ചന്ദ്രമാഃ
തദേവശുക്രം തൽബ്രഹ്മ താ
ആപഃ സ പ്രജാപതിഃ’
എന്നു യജൂർവേദത്തിലും കാണുന്ന മന്ത്രങ്ങൾ ചരിത്രകാരമതത്തെ എതിർക്കുന്ന തെളിവുകളാകുന്നു. ‘സർവം ഖല്വിദം ബ്രഹ്മ’ ‘ഏകമേവാദ്വിതീയം’, ‘ഏതാദാത്മ്യമിദം സർവം’ എന്നു തുടങ്ങിയ അദ്വൈതാർത്ഥഗർഭങ്ങളായ ശ്രുതിശകലങ്ങളുടെ രഹസ്യവും അന്നത്തെ ആര്യന്മാർക്കു സുവിദിതമായിരുന്നു എന്നും ഈ മന്ത്രങ്ങൾ വിളിച്ചുപറയുന്നുണ്ടു്.
ഇപ്രകാരം വേദമാകുന്ന വ്യോമമണ്ഡലത്തിൽ ഉദയംചെയ്ത അദ്വൈതാദിത്യൻ ഉപനിഷദ് ഗീതാദിജ്ഞാനദർപ്പണങ്ങളിൽക്കൂടി ഉച്ചണ്ഡമായുജ്ജ്വലിച്ചു് ഭാരതധരയെ തേജോമയമാക്കിത്തീർത്തുവെങ്കിലും ഇടക്കാലത്തു സാർവാലൗകികമായ പ്രശസ്തി സമ്പാദിക്കാതെ ഘടദീപനിലയെ പ്രാപിച്ചു പോയി. അന്യമതങ്ങളുടെ ആക്രമണം മൂലമുണ്ടായ ഈ ശോച്യാവസ്ഥയെ പരിഹരിച്ചു പുണ്യാദ്ധ്യാപനം പുലർത്തുവാൻ കൊല്ലവർഷാരംഭത്തിൽ കേരളഭൂമിയിൽ അവതരിച്ച പണ്ഡിതനാണു് വിശ്വവിശ്രുതനായ ശ്രീമച്ഛങ്കരാചാര്യസ്വാമികൾ. വേദാന്തരീക്ഷത്തിലെ ഭാവസ്വൽഭാസ്കരനായിരുന്ന അദ്ദേഹം ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ, ഭഗവത്ഗീത എന്നീ പ്രസ്ഥാനത്രയത്തിനു ഭാഷ്യങ്ങളെഴുതുകയും തദ്വാരാ അന്നു പ്രചാരത്തിലിരുന്ന ഇതരമതസിദ്ധാന്തങ്ങളെ നിശ്ശേഷം ഖണ്ഡിച്ചു അത്യുൽകൃഷ്ടമായ അദ്വൈതത്തെ പുനഃസ്ഥാപിക്കുകയും ചെയ്തു. സർവജ്ഞപിഠോവിഷ്ടനായ ആ സന്ന്യാസിവരിഷ്ഠന്റെ യുക്തിവാദഭിത്തികളിൽ ഉയർത്തപ്പെട്ട അദ്വൈതവിദ്യാ വിജയസ്തംഭം അന്നുമുതൽ സർവലോകദൃഷ്ടിക്കും വിഷയമാക്കത്തക്കവണ്ണം അദ്വിതീയോന്നതിയോടെ വിദ്യോതിക്കുവാൻ തുടങ്ങി. പാശ്ചാത്യരായ തത്ത്വജ്ഞാനികൾ ഇതിനുശേഷമാണു് പ്രസ്തുത സിദ്ധാന്തത്തെപ്പറ്റി ഗാഢമായി ചിന്തിക്കുവാനാരംഭിച്ചതു്. അനന്തരകാലത്തവതരിച്ച സ്വാമി വിവേകാനന്ദന്റെ പാശ്ചാത്യദേശ സഞ്ചാരവും അദ്വൈതമതപ്രചാരത്തിനു ഗണ്യമായ സഹായം ചെയ്തിട്ടുണ്ടു്. അദ്ദേഹം ചെയ്തിട്ടുള്ള മതപ്രസംഗങ്ങളിൽ സർവ്വപ്രാധാന്യം കൊടുത്തിട്ടുള്ളതും ഏതഃസിദ്ധാന്തത്തിനാകുന്നു. ഭാരതക്ഷേത്രത്തിലെ വേദാന്തചിന്താസോപാനത്തിന്റെ അത്യുന്നതമായ പടിയായിട്ടാണു് അദ്ദേഹം അതിനെ പാശ്ചാത്യർക്കു കാണിച്ചുകൊടുത്തിട്ടുള്ളതു്.
ഭാരതീയമതപ്രകാരം മനുഷ്യൻ തേടുന്ന എല്ലാത്തരം അറിവിന്റെയും പര്യവസാനം അദ്വൈതത്തിലാകുന്നു. സകല സംശയങ്ങളുടെയും വാദകോലാഹലങ്ങളുടെയും അസ്തമയം അവിടെയത്രെ. മതമെന്നല്ല മറ്റുള്ള സകല വിജ്ഞാനശാഖകളും പ്രകൃതിയുടെ നാനാത്വത്തിൽനിന്നും ആ ഏകത്വത്തിലെത്തിയെങ്കിൽ മാത്രമേ പൂർണങ്ങളാവുകയുള്ളു. പാശ്ചാത്യരുടെ സയൻസും ഈ തത്ത്വത്തെ അഭിമുഖീകരിച്ചാണു് അഭിവൃദ്ധിപ്പെട്ടുകൊണ്ടു വരുന്നതു്. ‘കല, ശാസ്ത്രം, മതം എന്നിവ സത്യമായ ഒന്നിനെ പ്രകാശനം ചെയ്യുന്ന ഭിന്നമാർഗ്ഗങ്ങൾ മാത്രമാണു്’ (Art, Science and literture are but three different ways of expressing a single truth) എന്നു സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. സാഹിത്യകാരന്മാർ പ്രപഞ്ചത്തെ മിഥ്യയായി ഗണിച്ചു തള്ളിക്കളയുന്നില്ലെങ്കിലും അതിൽകൂടി പ്രകാശിക്കുന്ന സച്ചിൽ പ്രഭയെ അവർ വർണനയ്ക്കു അടിസ്ഥാനമാക്കുന്നുണ്ടു്. തൽഭിന്നമായിട്ടോ തദുപരി മനോഹരമായിട്ടോ യാതൊന്നും അവരുടെ ഹൃദയത്തിൽ പ്രതിബിംബിക്കുന്നില്ല. കവികുലചക്രവർത്തിയായ രവീന്ദ്രനാഥടാഗൂർ ഒരിടത്തു് ഇങ്ങനെ പറയുന്നു.
‘ഈ ലോകം സത്തോ അസത്തോ അഥവാ വെറും മായയോ ആണെന്നു് ആരെങ്കിലും കണ്ണടച്ചു വിചാരിച്ചു കൊണ്ടിരിക്കട്ടെ. ഞാൻ ആ സമയം അലംഭാവമില്ലാത്ത നേത്രങ്ങളെക്കൊണ്ടു സച്ചിൽപ്രകാശത്തിൽ പ്രശോഭിക്കുന്ന സുന്ദരമായ ഈ പ്രപഞ്ചത്തെ നോക്കി ആനന്ദിക്കും.’
ഒരു യഥാർത്ഥ കവിയുടെ ദൃഷ്ടി സച്ചിദേകാഭിമുഖമായിട്ടാണു പായുന്നതെന്നും സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ആദർശമായിട്ടേ ഈ പ്രപഞ്ചം ഉത്തമകവിതയിൽ വർണിതമാവുകയുള്ളു എന്നും പ്രസ്തുത പദ്യം സൂചിപ്പിക്കുന്നു. സാഹിത്യപ്രസിദ്ധങ്ങളായ ശൃംഗാരാദിരസങ്ങൾ കാരണദശയിൽ ഒന്നാണെന്നും മനുഷ്യനിൽ വാസനാരൂപേണ ലയിച്ചുകിടക്കുന്ന ആത്മരതിയാണു് അവയുടെ മൂലസ്ഥാനമെന്നും ഉള്ള സംഗതി സൂക്ഷ്മദൃക്കുകളായ രസനിരൂപകന്മാർക്കു് അറിയാവുന്നതാണല്ലോ. ചുരുക്കത്തിൽ സാഹിത്യത്തിന്റെയും ആത്യന്തികമായ ദശയിൽ അദ്വൈതഭാവനയാണു് നാം തെളിഞ്ഞുകാണുന്നതു്. സത്യംതന്നെ സൗന്ദര്യം, സൗന്ദര്യംതന്നെ സത്യം എന്ന കവിവചനം ഇവിടെ സ്മരണീയമാണു്. മതവും ശാസ്ത്രവും സത്യരൂപത്തിലും കലകൾ സൗന്ദര്യരൂപത്തിലും ആ ഒന്നിനെത്തന്നെ പ്രകാശനം ചെയ്യുന്നു.
അദ്വൈതതത്ത്വം ഏറ്റവും പരമാർത്ഥമാണെന്നുള്ളതിനു പ്രധാന തെളിവു് ദിനം പ്രതിയുണ്ടാകുന്ന നമ്മുടെ സുഷുപ്ത്യനുഭവമാണെന്നു മുൻപ്രസ്താവിച്ചുവല്ലോ. ഈ ലൗകികജീവിതത്തിൽ നാം എപ്പോഴെങ്കിലും സുഖദുഃഖദ്വന്ദ്വതീതമായ ആനന്ദം അനുഭവിക്കുന്നുണ്ടെങ്കിൽ അതു സുഷുപ്തിയിൽ മാത്രമാണു്. രണ്ടെന്നുള്ള ഭാവന ലേശംപോലും ഒരു ജീവിക്കും അപ്പോൾ ഉണ്ടാകുന്നില്ല. നാടും വീടും അച്ഛനും അമ്മയും കളത്രപുത്രാദികളും എന്നു വേണ്ട തന്നെപ്പറ്റിയുള്ള ബന്ധവും കൂടി തത്സമയം വിട്ടുപോകുന്നു. ഹാ! എന്തൊരവസ്ഥയാണതെന്നു ചിന്തിക്കുക! സകല ചിത്തവിക്ഷേപങ്ങളും നശിച്ചു ശാന്തിമാത്രം ശേഷിക്കുന്ന അദ്വൈതത്തിലാണു് ജീവികളുടെ പൂർണ വിശ്രമമെന്നു് ഇതുകൊണ്ടു് തെളിയുന്നില്ലയോ? ഇക്കാണുന്ന സർവവും യഥാർത്ഥത്തിൽ ഒന്നാണെന്നും ആ ഒന്നാണു് താനെന്നും ഉള്ള ഭാവന ഹൃദയത്തിൽ രൂഢമൂലമാകാത്ത കാലത്തോളം ശാന്തി പൂർണമായ ജീവിതം നമുക്കു ലഭിക്കുന്നതല്ല.
‘ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ.’
എന്ന എഴുത്തച്ഛൻ പാട്ടു് പാമരന്മാരെക്കൂടി ഈ തത്ത്വം പഠിപ്പിക്കുന്നുണ്ടു് ആ ‘ഇണ്ടൽ’ തീർക്കുവാനുള്ള ഏകൗഷധമത്രെ അദ്വൈതം. അതിനെപ്പറ്റി വാദിക്കുവാൻമാത്രം പഠിപ്പിച്ചതുകൊണ്ടു പ്രയോജനമില്ല. നിരന്തരമായ ധ്യാനം കൊണ്ടു തൽഭാവന ഹൃദയതലത്തിൽ പ്രതിഷ്ഠിതമാകണം. എന്നാൽ മാത്രമേ ത്യാഗം തുടങ്ങിയ വിശിഷ്ടഗുണങ്ങൾക്കു നമ്മിൽ പരിപൂർത്തിയുണ്ടാകുകയുള്ളു. ധർമോദ്ധരന്മാരായ മഹാത്മാക്കൾ അഹം മമ എന്ന വ്യവഹാരം തീരെ ത്യജിക്കുന്നതും ഇതുകൊണ്ടത്രെ അവരെ അനുകരിച്ചു് അഹന്തചിന്താദുഷ്ടമായ നികൃഷ്ട ജീവിതത്തിൽനിന്നും കരകേറി സംസാരസാഗരത്തിലെ സംതരതണസേതുവിലെത്തണമെന്നാശിക്കുന്നവർ നിത്യോച്ചാരണം ചെയ്തു ശിലിച്ചു സിദ്ധി വരുത്തേണ്ട ശുദ്ധമന്ത്രമാകുന്നു ‘അദ്വൈതം ശിവം ശാന്തം’ ഇങ്ങനെയൊക്കെയാണു് അദ്വൈതികളുടെ വാദഗതി.
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971