മനുഷ്യപ്രകൃതിയിൽ നൈസർഗികമായ പല ‘ചേർച്ചക്കേടുകൾ’ (Disharmonies) കലർന്നിരിപ്പുണ്ടു്. ഇവയിൽ ഏറ്റവും പ്രബലമായതാണു് മരണഭീതി. മനുഷ്യന്റെ സ്വാഭാവികമായ ജീവിതസ്നേഹത്തെയാണു് ഈ ഭയം വെളിപ്പെടുത്തുന്നതു്. തത്ത്വദൃഷ്ട്യാ മരണഭീതിക്കും ജീവിതസ്നേഹത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എന്തെന്നാൽ ഒന്നു മറ്റേതിനോടു അഭേദ്യമായ വിധം ചേർന്നിരിക്കുന്നു. സാമാന്യനിയമമനുസരിച്ചു ജീവിച്ചു് പഴകുന്തോറും ജീവിതസ്നേഹം കുറഞ്ഞുവരികയാണു് വേണ്ടതു്. അതുവഴി മരണഭീതിയും കുറയേണ്ടതാണു്. എന്നാൽ നമ്മുടെ അനുഭവം അങ്ങനെയാണോ? വാർദ്ധക്യം കൂടിവരുന്തോറും ജീവിതസ്നേഹവും മരണഭീതിയും കുറഞ്ഞുവരേണ്ടതിനു പകരം നേരെ വിപരീതമായ ഒരവസ്ഥയാണു് മനുഷ്യവർഗ്ഗത്തെ സാമാന്യമായി അഭിമുഖീകരിക്കുന്നതു്. തൊണ്ണൂറും കഴിഞ്ഞു വെണ്ണീറിലേക്കു കാലു നീട്ടിയാലും ‘ജീവിച്ചു മതിയായി ഇനി മരിക്കുന്നതാണു് ഇഷ്ടം’ എന്നു ആർക്കും തോന്നാറില്ല. ജീവിതത്തിൽ ഇതു് എത്ര വിചിത്രമായ ഒരു വൈപരീത്യമാണെന്നു നോക്കുക. അനുഭവം നേരെ മറിച്ചായിരുന്നെങ്കിൽ ജീവിതം എത്ര സുഗമമാകുമായിരുന്നു. അതിന്റെ പാരവശ്യം എത്ര കുറയുമായിരുന്നു.
മേൽകാണിച്ച വിപരീതഭാവത്തെ അടിസ്ഥാനമാക്കിയാണു് മരണഭീതിയെ മനുഷ്യപ്രകൃതിയിലെ ഒരു ചേർച്ചക്കേടായി (Disharmony) ചില ചിന്തകന്മാർ പരിഗണിച്ചിട്ടുള്ളതു്. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫസർ മെച്ചിനികാഫ് (Metchnikoff) ‘മനുഷ്യ പ്രകൃതി’ (The Nature of man) എന്ന ഗ്രന്ഥത്തിൽ ഇത്തരം പല ചേർച്ചക്കേടുകളെപ്പറ്റി രസകരമായി പ്രതിപാദിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ശുഭാപ്തിവിശ്വാസിയാണു്. മനുഷ്യജീവിതം ഇപ്പോഴത്തെ നിലയിൽ ദുഃഖസമ്പൂർണ്ണമാണെന്നു് ഈ ശാസ്ത്രജ്ഞൻ സമ്മതിക്കുന്നു. അങ്ങനെ ദുഃഖസമ്പൂർണ്ണമായിരിക്കത്തക്കവിധം പരസ്പര വൈപരീത്യത്തോടുകൂടിയാണു മനുഷ്യപ്രകൃതി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ശാസ്ത്രീയമായ പുരോഗമനം കൊണ്ടു് ഇതിൽ നിന്നെല്ലാം മനുഷ്യനു മോചനം നേടാമെന്നത്രെ അദ്ദേഹം വിശ്വസിക്കുന്നതു്. അജ്ഞത, ദാരിദ്ര്യം, രോഗം, വാർദ്ധ്യക്യം, മരണഭീതി ഇവയാണല്ലോ മനുഷ്യവർഗത്തെ ഗ്രസിച്ചിരുന്ന പ്രധാന ജീവിതദുഃഖങ്ങൾ. ഇതുവരെയുള്ള അനുഭവം നിഷ്പക്ഷമായി പരിശോധിച്ചാൽ മതം, തത്ത്വശാസ്ത്രം മുതലായവയ്ക്കൊന്നിനും മനുഷ്യനെ മേല്പറഞ്ഞ ദുഃഖങ്ങളിൽനിന്നും മോചിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നു കാണാവുന്നതാണു്. സർവരും കാംക്ഷിക്കുന്ന ഈ മുക്തി ശാസ്ത്രജ്ഞാനം പ്രായോഗികമാകുമ്പോൾ സാദ്ധ്യമായിത്തീരുമെന്നു മെച്ചിനികാഫ് വാദിക്കുന്നു. ചുരുക്കത്തിൽ സയൻസാണു് അദ്ദേഹം കാണുന്ന മോക്ഷമാർഗം. അജ്ഞത, ദാരിദ്ര്യം, രോഗം ഇവയുടെ നിവാരണത്തിനു സയൻസ് എങ്ങനെ സഹായിക്കുന്നു എന്നുള്ളതു നമുക്കു മനസ്സിലാക്കാം. വാർദ്ധക്യപീഡകളെ ഉന്മൂലനം ചെയ്യുന്നതിനും ഭാവിയിൽ അതു് ഉപകരിച്ചേക്കാം. എന്നാൽ മരണഭീതിയെ സയൻസ് എങ്ങനെ ഇല്ലായ്മചെയ്യും? ഈ ഭയം ജീവിതസ്നേഹത്തോടൊപ്പം വാസനാരൂപേണ (Instinctive) മനുഷ്യപ്രകൃതിയിൽ ലയിച്ചിരിക്കുന്ന ഒന്നാണല്ലോ.
മരണഭീതി വാസനാജന്യമായ ഒന്നല്ലെന്നും വിവേകിയായ മനുഷ്യനു യുക്തിവിചാരംകൊണ്ടു് അതിനെ കീഴടക്കാമെന്നും വാദിക്കുന്ന ചില പണ്ഡിതന്മാരുണ്ടു്. ഇവരെല്ലാം തത്ത്വശാസ്തജ്ഞന്മാരാണു്. ടോൾസ്റ്റോയി ഇക്കൂട്ടരിൽ പ്രമാണിയാകുന്നു. എന്നാൽ ഈ താത്ത്വികന്മാർ കെട്ടിപ്പടുത്തിട്ടുള്ള ഏതാദൃശ്യമായ സിദ്ധാന്തങ്ങൾ അടിസ്ഥാനരഹിതങ്ങളും പരമാർത്ഥാവസ്ഥയോടു യാതൊരു ബന്ധവുമില്ലാത്തവയും ആണെന്നു നമ്മുടെ അനുഭവം വിളിച്ചുപറയുന്നുണ്ടു്. ‘തത്ത്വശാസ്ത്രം മരണത്തിനു തയ്യാറാക്കുന്ന ഒരു കലാവിദ്യയാകുന്നു.’ (Philosophy is the art of preparing for death) എന്നു് ഒരു പണ്ഡിതൻ പറഞ്ഞിരിക്കുന്നു. പക്ഷേ, ഇങ്ങനെ പറയുന്നവർക്കും മരണഭീതിയിൽ നിന്നു് ഒഴിഞ്ഞു മരണത്തിനു പൂർണ്ണമനസ്സോടെ തയ്യാറാകാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വാസ്തവസംഗതികളും ഗ്രന്ഥത്തിലെ സിദ്ധാന്തങ്ങളും തമ്മിലുള്ള ഗണ്യമായ അന്തരം ഇക്കാര്യത്തിലാണു തെളിഞ്ഞു കാണുന്നതു്. ടോൾസ്റ്റോയി തന്റെ കൺഫഷൻ (Confession) എന്ന ഗ്രന്ഥത്തിൽ സ്വാനുഭവമായി പറയുന്ന മരണഭീതിയെ സംബന്ധിച്ച ഭാഗങ്ങൾ ഈ ഭയം അദ്ദേഹത്തിലും അനിവാര്യമായവിധം വാസനാരൂപേണ പ്രവർത്തിച്ചിരുന്നു എന്നു വെളിപ്പെടുത്തുന്നുണ്ടു്.
മെച്ചിനികാഫ് ഇവരുടെ സിദ്ധാന്തങ്ങളോടു് ഒരിക്കലും യോജിക്കുന്നില്ല. മരണഭീതി മനുഷ്യസഹജമായിട്ടുള്ളതു തന്നെ എന്നു അദ്ദേഹം സമ്മതിക്കുന്നു. ശാസ്ത്രീയപരിശോധനയിലും ഈ അഭിപ്രായം തന്നെയാണു സ്ഥാപിതമായിരിക്കുന്നതു്. ഇന്നത്തെ ജീവിതസ്വഭാവമനുസരിച്ചു നോക്കുമ്പോൾ മരണഭീതിയിൽനിന്നു മോചനം നേടുകയെന്നതു് അസാധ്യമാണെന്നു സമ്മതിക്കുവാനും ഈ ശാസ്ത്രജ്ഞൻ തയ്യാറാണു്. എന്നാൽ അദ്ദേഹം ആശകൈവിടുന്നില്ല. ശാസ്ത്രജ്ഞാനത്തിന്റെ പുരോഗമനത്തിൽ ഇതു സാധ്യമാക്കാമെന്നത്രെ അദ്ദേഹം വിശ്വസിക്കുന്നതു്. ഇതെങ്ങനെ സാധിക്കുമെന്നുള്ള വിചാരണ അത്യന്തം രസപ്രദമാണു്.
ഇപ്പോൾ മനുഷ്യർക്കു നേരിടുന്ന മരണം സ്വഭാവികമായ (Natural) ഒന്നല്ലെന്നാണു് ഈ പണ്ഡിതൻ പറയുന്നതു്. ഒരു പുരുഷായുസ്സു മുഴുവൻ ഇപ്പോൾ നാം ജീവിക്കുന്നില്ല. ജീവിതാപകടങ്ങൾ (Accidents), അകാലവർദ്ധക്യം, രോഗം മുതലായവകൊണ്ടു് ഉണ്ടാകുന്ന പ്രകൃതിവിരുദ്ധമായ മരണത്തിനാണു് മനുഷ്യവർഗ്ഗം വിധേയമായിക്കൊണ്ടിരിക്കുന്നതു്. നമ്മുടെ ആയുർദൈർഘ്യം ചുരുങ്ങിയതു് 120 വർഷമെങ്കിലും കണക്കാക്കേണ്ടതാണു്. ഇത്രയും കാലം മുഴുവൻ പൂർണമായ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ സാധിക്കുന്ന പക്ഷം അന്ത്യഘട്ടം സമീപിക്കുന്തോറും സഹജമായ ജീവിതസ്നേഹം കുറഞ്ഞു സംതൃപ്തിയുണ്ടായി തദ്വാരാ മരണഭീതി വിട്ടുമാറി ഒരു സ്വാഭാവികമായ മരണ (Natural death) ത്തിനു നാം സ്വയം വശംവദരാകുമെന്നാണു് മെച്ചിനികാഫിന്റെ വാദസാരം. പകൽ മുഴുവൻ ജോലി ചെയ്തു കൃതാർത്ഥത നേടി രാത്രിയിൽ സംതൃപ്തിയോടെ നിദ്രയ്ക്കു ഒരുങ്ങുന്നതുപോലെ പ്രകൃതിക്കനുസരണമായി ജീവിതകാലം മുഴുവൻ ജീവിച്ചു കഴിഞ്ഞാൽ മരണമാകുന്ന ദീർഘനിദ്രയ്ക്കു നാം സ്വയം സന്തോഷത്തോടെ തയ്യാറാകുമെന്നു് അദ്ദേഹം സിദ്ധാന്തിക്കുന്നു. ശരീരശാസ്ത്രസംബന്ധമായ അദ്ദേഹത്തിന്റെ പര്യവേക്ഷണങ്ങൾ ഈ അഭിപ്രായത്തിനു് ഉപോൽബലകങ്ങളായും തെളിഞ്ഞിട്ടുണ്ടു്. മനുഷ്യായുസ്സിന്റെ ദൈർഘ്യം കുറയ്ക്കുന്ന ശരീരസ്ഥങ്ങളായ ദോഷങ്ങൾ കണ്ടുപിടിച്ചു് അവയ്ക്കു ശാസ്ത്രീയമായ നിവാരണമാർഗ്ഗം ഉപദേശിക്കുകയെന്നതായിരുന്നു മെച്ചിനികാഫിന്റെ പ്രധാനമായ ഉദ്യമം തൽസംബന്ധമായി വളരെ വിലയേറിയ നൂതനതത്ത്വങ്ങൾ അദ്ദേഹം ശാസ്ത്രലോകത്തിനു പ്രദാനം ചെയ്തിരിക്കുന്നു.
ഈ ശാസ്ത്രജ്ഞന്റെ അഭിപ്രായം ശരിയായിരുന്നാൽ തന്നെയും ഇപ്പോൾ അതു് അതിദൂരമായ ഭാവിയിലെ ഒരു സാധ്യത (Possibillity) മാത്രമായിട്ടാണു് സ്ഥിതി ചെയ്യുന്നതു്. സാങ്കല്പികമായ ഈ ശോഭനഭാവിയെ അടിസ്ഥാനമാക്കി മനുഷ്യജീവിതത്തെപ്പറ്റി ഒരു ശുഭാപ്തിവിശ്വാസം കൈക്കൊള്ളുകയെന്നതു തുലോം പ്രയാസമായി തോന്നുന്നു.
മരണഭീതി ജീവിതത്തിലെ ഭയങ്കരമായ പരമാർത്ഥകളിൽ (Realities) ഏറ്റവും പ്രധാനമായ ഒന്നാണെന്നുള്ളതിൽ ആർക്കും സംശയത്തിനവകാശമില്ല അതിൽനിന്നു മോചനം നേടാത്ത കാലത്തോളം ‘ജന്മമൃത്യുജരാവ്യാധിദുഃഖദോഷാനുദർശനം’ എന്ന ഗീതാവാക്യമനുസരിച്ചുള്ള അശുഭാപ്തിവിശ്വാസം മാത്രമേ ചിന്തകന്മാർക്കു് ഉണ്ടാകാൻ വഴിയുള്ളു.
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971