ഭാരതീയരായ നമുക്കു് ഒരു പ്രത്യേക മേന്മയുണ്ടെന്നു പറയപ്പെടുന്നു—അതായതു് നമ്മുടെ ആധ്യാത്മികപാരമ്പര്യം. നൂറ്റാണ്ടുകളായി ഈ മേന്മ പ്രശംസാവിഷയമായിക്കൊണ്ടിരിക്കയാണു്. ആത്മീയം, ഭൗതീകം എന്നൊരു തരംതിരിവു നടത്തി നമ്മൾ ഭൂലോകത്തുള്ള മറ്റെല്ലാവരെക്കാളും കൂടുതൽ ആധ്യാത്മിക പാരമ്പര്യമുള്ളവരാണെന്നു സാധാരണ വമ്പു പറയാറുണ്ടു്. അതിൽ അഭിമാനം കൊള്ളാറുമുണ്ടു്. ഇതു ചെയ്യുമ്പോൾ നാണയത്തിന്റെ ഒരു വശം മാത്രമേ നോക്കുന്നുള്ളു. മറുവശത്തെ കഥയെന്താണു്? അതും നോക്കേണ്ടതല്ലേ? രണ്ടു വശവും താരതമ്യപ്പെടുത്തി നോക്കുമ്പോൾ കാണാം, സഞ്ചിക്കകത്തുള്ള പൂച്ച പുറത്തു ചാടുന്നതു്. വാസ്തവത്തിൽ മറ്റാർക്കുമില്ലാത്ത വല്ല ആധ്യാത്മിക പാരമ്പര്യവും നമുക്കുണ്ടോ? ഉണ്ടെന്നുഘോഷിക്കുന്നതു വെറും ഒരു പൊങ്ങച്ചം പറയലല്ലേ?
ജീവിതത്തെ ഇങ്ങനെ ആത്മീയം, ഭൗതികം എന്നു തരംതിരിക്കുന്നതു തന്നെ എത്രത്തോളം ശരിയാണു്? ഭൗതികത്വത്തിൽനിന്നു വേറിട്ടു് ഒരാത്മീയതയുണ്ടോ? ശരീരത്തിൽ നിന്നു ഭിന്നമായിട്ടൊരു ആത്മാവുണ്ടോ? ഉണ്ടെന്നുള്ളവിശാസത്തിനു വെറും സങ്കല്പമല്ലാതെ ശാസ്ത്രീയമായ തെളിവൊന്നും ഇല്ലല്ലോ. ആത്മാവു് എന്നു പറയുന്നതുതന്നെ എന്താണു്? നിശ്ചിതവും വ്യക്തവുമായ ഒരർത്ഥബോധം ഈ വാക്കു ജനിപ്പിക്കുന്നുണ്ടോ? ഉണ്ടെന്നു പറയാൻ ആരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. എന്നിട്ടും ഈ വാക്കു നാം കണ്ടമാനം ഉപയോഗിക്കാറുണ്ടല്ലോ. ഇതിനെപ്പറ്റി ആർക്കെങ്കിലും ഒരെത്തുംപിടിയും കിട്ടിയിട്ടുണ്ടോ? ജീവാത്മാവു്, പരമാത്മാവു്, പരബ്രഹ്മം ഇത്യാദി പദങ്ങളുടെ പ്രയോഗം മതിഭ്രമാകമായ ശബ്ദജാലം എന്ന നിലവിട്ടു് സുസ്പഷ്ടമായ അർത്ഥബോധമുളവാക്കുന്നില്ലെന്നുള്ളതാണു് പരമാർത്ഥം. ഏതാദൃശപ്രയോഗങ്ങളിൽ ആശയത്തിന്റെ ധൂമമല്ലാതെ പ്രകാശമെവിടെ? വേദാന്തികൾ ആത്മസത്ത തെളിയിക്കുന്നതു മുഖ്യമായി നിഷേധരൂപത്തിലാണു്. പ്രത്യക്ഷമായതെല്ലാം‘നേതി’ എന്നു പറഞ്ഞുതള്ളിക്കളഞ്ഞിട്ടു ശേഷിക്കുന്നതെന്തോ അതു് അനശ്വരമായ ആത്മാവാണത്രെ. ഇങ്ങനെ സ്ഥൂലസൂക്ഷ്മരൂപമായ സമസ്ത ഭൂതപ്രപഞ്ചവും മായാകല്പിതമെന്നോ മിഥ്യയെന്നോ പറഞ്ഞു തള്ളിനീക്കിയാൽ പിന്നെ വല്ലതും ശേഷിക്കുമോ എന്ന കാര്യത്തിൽ തത്ത്വചിന്തകന്മാർപോലും സംശയാത്മാക്കളാണു്. മരണാന്തരം ഒന്നും അവശേഷിക്കുന്നില്ലെന്ന ധ്വനി ‘മരണാന്തം ച ജീവിതം’ എന്ന കവിവാക്യത്തിലുണ്ടു്. ഇപ്രകാരം വേദാന്തചിന്തയിൽപോലും ഒരു ധൂമാവരണമായി നിലകൊള്ളുന്ന ഒന്നാണു് ആത്മാവെങ്കിൽ തൽസംബന്ധിയായ ജീവിതത്തിന്റെ കഥ കുറെ പരുങ്ങലിലാകും. അതായതു ജീവിതം തികച്ചും ആത്മീയമാകാൻ പ്രപഞ്ചബന്ധത്തെ മുഴുവനും അറുത്തുമുറിക്കണം. ഇതു് എത്രത്തോളം സാധ്യമാകും? സാധ്യമായാൽപിന്നെ ജീവിതം കൊണ്ടെന്തു പ്രയോജനം? ഈ നിലയിൽ ജീവിതം എന്ന വ്യവഹാരം തന്നെ നിലച്ചുപോകുമല്ലോ. ഇത്തരത്തിലൊരു പാരമ്പര്യമാണു നമുക്കു നിലനിർത്തേണ്ടതെങ്കിൽ പിന്നെ നാടു മുടിയാൻ വേറൊന്നും വേണ്ടാ. ഈ പ്രപഞ്ചബന്ധപരിത്യാഗം ഒരുതരം രക്ഷപ്പെടലാണു് (Escapism). ലോകസേവനസന്നദ്ധമല്ലാത്ത സ്വാർത്ഥതയും ഹൃദയദൗർബല്യത്തോടുകൂടിയ ഭീരുത്വവുമാണു് അതിൽ ഒളിഞ്ഞു കിടക്കുന്നതു്. അതിലെ സ്വാർത്ഥത ആത്മീയതകൊണ്ടു പവിത്രീകരിച്ചിരിക്കുന്നുവെന്നേയുള്ളു. താദൃശ മനോഭാവം ജനസമൂഹത്തിൽ വേരുറച്ചാൽ രാജ്യം എങ്ങനെ അധഃപതിക്കാതിരിക്കും?
തത്ത്വചിന്തയുടെ ഉപരിമണ്ഡലത്തിൽനിന്നു നോക്കുമ്പോഴാണു മേൽക്കാണിച്ച ദുർഘടങ്ങൾ ഉണ്ടാകുന്നതു്. ഇനി താഴോട്ടിറങ്ങി സാധാരണാർത്ഥത്തിൽ ആത്മാവിനെപ്പറ്റി ചിന്തിക്കാം. ആത്മശബ്ദത്തിനു ഭിന്നാർത്ഥങ്ങളുണ്ടു്. അതു സ്വവാചിയാണു്. മനസ്സു് എന്ന അർത്ഥത്തിലും പ്രസ്തുത പദം പ്രയോഗിക്കപ്പെടുന്നുണ്ടു്.
‘ഗുണകാമാത്മാവിനെ മാനസമെന്നു ചൊല്ലും
ഗുണകാമങ്ങൾ വിട്ടാൽ മാനസം തന്നെയാത്മാ’
എന്ന വചനം സൂക്ഷ്മാർത്ഥത്തിൽ മനസ്സും ആത്മാവും ഒന്നുതന്നെ എന്നു കാണിക്കുന്നു. ഈ ആശയം താരതമ്യേന സുഗ്രഹമാണു്.
‘മനസ്സംപദ്യതേ തസ്മാ-
ന്മഹതഃ പരമാത്മനഃ
സുസ്ഥിരാദസ്ഥിരാകാരം
തരംഗ ഇവ വാരിധേഃ’
എന്ന വാസിഷ്ഠോക്തിയും ആത്മമനസ്സംബന്ധം പൂർവോക്തരീതിയിലാണെന്നു വെളിപ്പെടുത്തുന്നു. ആത്മാവു സമുദ്രമാണെങ്കിൽ അതിലെ തരംഗമാണു് മനോവൃത്തി. രണ്ടും വസ്തുതയാ ഭിന്നമല്ല.
അപ്പോൾ മനസ്സു നന്നായാൽ നല്ല ആത്മീയജീവിതമായി. ഇതു് ആർക്കും മനസ്സിലാകുന്ന ആശയവുമാണു്. യുക്തിയുക്തവുമാണു്. മനസ്സു നന്നാകുമ്പോൾ വാക്കും പ്രവൃത്തിയും നന്നാകും. മനസ്സു നന്നാകണമെങ്കിലോ ശരീരം നന്നാകണം. രണ്ടിനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നു് ആധുനികശാസ്ത്രം തെളിയിച്ചിട്ടുണ്ടു്. അപ്പോൾ ആത്മീയോൽകർഷത്തിനു ഭൗതികോൽകർഷം അത്യന്താപേക്ഷിതമെന്നു വരുന്നു. രണ്ടും തമ്മിൽ വേർതിരിക്കാൻ വയ്യാത്തവിധം കൂടിക്കലർന്നു കിടക്കയാണെന്നു ചുരുക്കം. ഇങ്ങനെ നോക്കിയാൽ ഭൗതികോൽകർഷത്തിൽ മുന്നിട്ടുനിൽക്കുന്ന പാശ്ചാത്യർക്കാണു നമ്മെക്കാൾ കൂടുതൽ ആത്മീയമായ മേന്മയുള്ളതെന്നു സമ്മതിക്കണം. അതാണു സത്യസ്ഥിതിയും. ആത്മീയം, ഭൗതികം എന്നു ഭിത്തികെട്ടിത്തിരിച്ചു് അപ്പുറത്തുള്ളവരൊക്കെ ശുദ്ധരും ഇപ്പുറത്തുള്ളവരൊക്കെ അശുദ്ധരും എന്നു ഭാവിക്കുന്നതു വെറും വിഡ്ഢിത്തമാണു്. അജ്ഞതയുടെ വിളയാട്ടമാണു്. ദാരിദ്ര്യം, രോഗം, അജ്ഞത മുതലായ സാമൂഹ്യദോഷങ്ങൾ നടമാടുന്നിടത്തു മനുഷ്യൻ നന്നാകയില്ല. മന്ത്രപൂജാദിമതതന്ത്രങ്ങളൊന്നും അവിടെ ഫലിക്കുകയുമില്ല. മനസാ വാചാ കർമണാ സംസ്കൃതമായ ഉത്തമജീവിതം എന്നേ ആത്മീയജീവിതത്തിനു് അർത്ഥമുള്ളു. സർവതോഭദ്രമായ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനം അതാണല്ലോ. ഇക്കാര്യത്തിൽ ഭാരതീയർ ഭൗതികത്വാധിഷ്ഠിതരെന്നു മുദ്രയടിക്കപ്പെടുന്ന പാശ്ചാത്യരെക്കാൾ മെച്ചപ്പെട്ടവരാണോ?
സത്യം, നീതി, ധർമം ഈവകയൊന്നും ഗണ്യമല്ലെന്നു് ഏതെങ്കിലും ഭൗതികരാഷ്ട്രം പറയുന്നുണ്ടോ? ഇവയെ അനാദരിച്ചുകൊണ്ടുള്ള ദുഷ്ടജീവിതം അവിടെ കാണുന്നുണ്ടെങ്കിൽ അത്രത്തോളമോ അതിൽ കൂടുതലോ ഇവിടെയും അതില്ലേ? മനുഷ്യസേവനവും മാനവധർമവും വിശേഷിച്ചു കൃഷിവ്യവസായവാണിജ്യാദിമണ്ഡലങ്ങളിലെ സത്യസന്ധതയും കൂടുതൽ വികസ്വരമായിക്കാണുന്നതു് എവിടെയാണു് ? ഉത്കൃഷ്ടമായ പൗരജീവിതത്തിന്റെ ബാലപാഠംപോലും നമ്മൾ പഠിച്ചു കഴിഞ്ഞിട്ടുണ്ടോ? ആധുനികരാഷ്ട്രത്തിന്റെ വളർച്ചയ്ക്കുംം വികാസത്തിനും വിലങ്ങുതടിയായി നിൽക്കത്തക്ക വിധം ദുഷിച്ചുപോയ ആധ്യാത്മികപാരമ്പര്യമാണു് ഇന്നു നമുക്കുള്ളതു്. അതു സാമൂഹ്യവിരുദ്ധശക്തിയായി ബഹുമുഖപ്രവർത്തനം നടത്തുന്ന കാഴ്ച നമ്മുടെനാട്ടിൽ എവിടെയും കാണാം. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പോരാ, മറ്റു പല ജലപിശാചുക്കളുടെയും പേരിൽ നായ്ക്കളെപ്പോലെ ഇപ്പോഴും തമ്മിൽ കടിപിടി കൂട്ടിക്കൊണ്ടിരിക്കുന്ന കൂട്ടരിലാണോ ആത്മീയത? ഇന്ത്യ ഒരു നേഷനായതു് എഴുത്തിലും പ്രസംഗത്തിലും മാത്രമല്ലേ? പ്രവൃത്തിയിലാകാൻ ഇനിയും എത്രനാൾ കഴിയണം? കരിഞ്ചന്തയും കൈക്കൂലിയും മറ്റഴിമിതികളും എവിടെയാണു് കൂടുതൽ? പാശ്ചാത്യ രാഷ്ട്രങ്ങളിലോ ഇവിടെയോ?വേറൊരുദാഹരണം നോക്കുക. ഇന്നു നമ്മൾ ഗോവധനിരോധനത്തിനു ബഹളം കൂട്ടുന്നുണ്ടല്ലോ. ശരിയായ ഗോസംരക്ഷണം എവിടെയാണു് നടക്കുന്നതു്? പാശ്ചാത്യർ ഗോവധം നടത്തുന്നുണ്ടു്. ശരിതന്നെ. പക്ഷേ, ഗോസംരക്ഷണത്തിലും അവരല്ലേ അദ്വിതീയർ. മതത്തിന്റെ പേരിൽ ഗോവിനെ പൂജിക്കുന്ന നമ്മളോ പുല്ലും വെള്ളവും കൊടുക്കാതെ അവസാനത്തെ പാൽത്തുള്ളിപോലും കറന്നെടുത്തു പശുവിനെ എല്ലും തൊലിയുമാക്കി കൊല്ലുന്നു. കൊല്ലുന്നതോ കൊല്ലാതെ കൊല്ലുന്നതോ ഏതാണു് കൂടുതൽ ആത്മീയം? മായം ചേർക്കാത്ത ഒറ്റ ആഹാരസാധനവും നമ്മുടെ നാട്ടിൽ വില്ക്കപ്പെടുന്നില്ലെന്നു് കേന്ദ്രമന്ത്രി കാർമാർക്കർ ഈയിടെ പാർലമെന്റിൽ പറയുകയുണ്ടായി. ഇതു് ഇന്ത്യക്കാരുടെ സാമാന്യ സ്വഭാവമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നമ്മുടെ ആത്മീയതയ്ക്കു ഇതിൽപ്പരമെന്തൊരു തെളിവാണു വേണ്ടതു്? മന്ത്രിയുടെ പൊതുവായ ദോഷാരോപണം കേട്ടു് ആദ്ധ്യാത്മിക പാരമ്പര്യ ധുരന്ധരന്മാരിൽ ചിലർ ക്ഷോഭിച്ചുവത്രേ! ഭക്ഷ്യപദാർത്ഥങ്ങളിൽ മായം ചേർക്കൽ പരോക്ഷമായി നടത്തുന്ന കൂട്ടക്കൊല തന്നെയാണു്. ദീർഘകാലം കൊണ്ടേ അതുവെളിപ്പെടുകയുള്ളു. അഹിംസയുടെ നാടു് എന്നു് അന്ധമായി അഭിമാനിക്കുന്ന നാട്ടിലാണു് ഈ കൊടുംകൊല ദിനംപ്രതി നടക്കുന്നതു്!റഷ്യ മുതലായ രാജ്യങ്ങളിൽ വധശിക്ഷതന്നെ ലഭിക്കും. നമ്മുടെ ആർഷ സംസ്കാരദൃഷ്ടിയിൽ അവിടെയൊക്കെ ഭൗതികത്വത്തിന്റെ അശുദ്ധി ബാധിച്ചിരിക്കയാണല്ലോ?
‘തത്ത്വജ്ഞാനികൾ ഈ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളു. നമ്മുടെ കർത്തവ്യം അതിനൊരു സമൂലപരിവർത്തനം വരുത്തുക എന്നതാണു്.’ സുപ്രസിദ്ധമായ ഈ മഹദ്വചനം ഭാരതത്തെ സംബന്ധിച്ചാണു് ഏറ്റവും അർത്ഥവത്തും അനുധ്യാനാർഹവുമായിരിക്കുന്നതു്.
മാനസോല്ലസം 1961.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971