images/response-38-cover.jpg
The mystic Ahmad Ghazali, talking to a disciple, a painting by Kamal Al-Din Gazurgahi .
പ്രതികരണങ്ങൾ
വായനക്കാർ
എം. കൃഷ്ണൻനായർ: സാഹിത്യവാരഫലം (തുടർച്ച)
അഷ്റഫ്:
കണ്ണടയില്ലാതെ വീഴാതെ നടക്കാൻ വരമ്പു പോലും കാണാൻ കഴിയാത്ത നരൻ, തെറ്റും ശരിയും വേർതിരിക്കുന്ന നേർത്ത വരയിൽ തെന്നിവീഴുന്നതു് കാണുമ്പോൾ അല്ല നാം ചിരിക്കേണ്ടതു്, മറിച്ചു് തെറ്റോ ശരിയോ എന്നു് നമ്മളിൽ തന്നെ ഒരുത്തൻ ‘വിധി’ പറയുമ്പോൾ ആകണം നാം പൊട്ടിച്ചിരിക്കേണ്ടതു് എന്ന ഇടശ്ശേരിയുടെ കവിത, സാഹിത്യവാരഫലത്തിന്റെ ഈ പശ്ചാത്തലത്തിൽ ഓർമ വരുന്നു.
ബെന്നി:
സാഹിത്യചരിത്രം തിരുത്തിക്കുറിക്കാൻ കെല്പുള്ളതല്ല സാഹിത്യവാരഫലം. പക്ഷേ, ഭജനപ്പാട്ടുകാരേക്കാൾ ഭേദമാണു്.
സാഹിറ റഹ്മാൻ:
“നർമ്മബോധം” is the ability to laugh at oneself too not merely indulge in malicious laughter.
നിരഞ്ജൻ: അറ്റ്ലാന്റിൿ മുതൽ അണിക്കോട് മുക്കു വരെ
നന്ദിനി മേനോൻ:
അറ്റ്ലാന്റിക് മുതൽ അണിക്കോടു മുക്കു വരെ… വ്യാധികളുടെ ലോകത്തേക്കു് കപ്പലടുപ്പിക്കുന്നതും കാത്തിരുന്ന ദിനങ്ങൾ… നോഹയുടെ പേടകം പോലൊന്നുണ്ടാക്കി വ്യാധി പ്രളയം തുഴഞ്ഞു കയറുകയായിരുന്നു വേണ്ടിയിരുന്നതു്, മുരിങ്ങടെലശ്ശേരിയും കോണിപ്പടികളിലെ കാണാ അകലങ്ങളും പായ മടക്കുന്നു…
സക്കറിയ: യേശുവിന്റെ ചില ദിവസങ്ങൾ
സെന്തിൽ:
സെൻ സ്പർശം കൊണ്ടു് ഉയിർകൊള്ളുന്ന കഥയാണു് സക്കറിയയുടെ “യേശുവിന്റെ ചില ദിവസങ്ങൾ”. സാധാരണതയുടെ അസാധാരണത. നിസ്സാരതയിലെ സാരത. വർത്തമാന നിമിഷത്തിലെ അനുഭവങ്ങളുടെ അനുസ്യൂതവും നൈസർഗ്ഗികവുമായ ഒഴുക്കു് സുന്ദരമായി സക്കറിയ ആവിഷ്കരിച്ചിരിക്കുന്നു. ഒരിടത്തു പോലും യേശുവിന്റെ മനസ്സ് കഴിഞ്ഞതിലേക്കോ വരാൻ പോകുന്നതിലേക്കോ കടക്കുന്നില്ല. നിമിഷങ്ങളോരോന്നും പൂർണമായി വിരിഞ്ഞു പുഷ്പിക്കുന്നു. വെള്ളി കീറുമ്പോൾ ഉണരുന്ന യേശു രാത്രി ഉറങ്ങാൻ പോകുന്നിടത്താണു് കഥയവസാനിക്കുന്നതു്. ഉറങ്ങുന്നതിനു് മുൻപ് യേശു മൂങ്ങയുടെ മൂളൽ കേൾക്കുന്നു “ഗും ഗും ഗും”. ബാഷോവിന്റെ സെൻ ഹൈക്കുവിനെ ഓർമ്മിപ്പിക്കുന്നുണ്ടതു്: The old pond, A frog jumps in:. Plop! കഥയിലുടനീളം യേശു പ്രകൃതിയുമായി യോഗത്തിലാവുന്നതു സൂചിപ്പിക്കുന്നുണ്ടു്. കടലിൽ നീന്തി പിന്നെ അങ്ങിനെ വെറുതെ മലർന്നു കിടക്കുന്നതും ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുന്നതും കാക്കകളുടെ കരച്ചിൽ കേൾക്കുന്നതും അങ്ങിനെ യേശു എല്ലാം പൂർണമായി അനുഭവിക്കുകയാണു്. ഒരുപക്ഷേ എല്ലാമായി മാറുകയാണു്. ലാസർ ഉറങ്ങുകയാണു് എന്നു് പറയുന്ന യേശു ലാസറിനെ ഉണർത്തുന്നുണ്ടു്. പത്രോസ് പറഞ്ഞിട്ടു് പത്രോസിനോടൊപ്പം മറിയയുടെ വീടു് തേടി പോകുന്ന യേശു വഴി തെറ്റുമ്പോൾ മറിയ ഉറങ്ങട്ടെ എന്നു് പറഞ്ഞു സ്വയം ഉറങ്ങാൻ പോകുന്നിടത്തു കഥയവസാനിക്കുന്നു. ഋജുവായ ആഖ്യാനം. ആഴങ്ങളെ പൊതിയുന്ന ലാളിത്യം.
കെ. സച്ചിദാനന്ദൻ:
സക്കറിയയുടെ ലളിത വാക്യങ്ങളിൽ യേശു മനുഷ്യപുത്രനും കവിയുമാകുന്നതു് പിന്നെയും കണ്ടു. അവനെ ഒരു കഥയും വായിക്കാതില്ല. ചില പഴയ കഥകൾ വീണ്ടും വായിക്കാൻ തോന്നുന്നു. അ എന്ന വേട്ടക്കാരനും യേശു പുരം ലൈബ്രറിയെപ്പറ്റി ഒരു പരാതിയും മറ്റും. എന്റെ പുസ്തക ശേഖരം ഡെൽഹിയിലും ഞാൻ കൊടുങ്ങല്ലൂരുമായതിനാൽ കയ്യെത്തിച്ചു് ‘ഒരിടത്തും’ ‘തേനും’ എടുക്കാനാവുന്നില്ല. ‘സായാഹ്ന, ഇതെല്ലാം കൊത്തിപ്പറന്നു കൊണ്ടുവരുന്നതിൽ ആഹ്ലാദം’.
ശ്രീദേവി കർത്താ:
സക്കറിയയുടെ ഈ കഥയിൽ നിന്നു യേശു, ശിഷ്യന്മാർ, ഗാഗുൽത്താ, ചാവുകടൽ തുടങ്ങി ബിബ്ലിക്കൽ ഇമേജുകൾ മുഴുവൻ മാറ്റി പകരം ഒരു സാധാരണ തോമസോ രാഘവനോ ആണു് നായകർ എങ്കിലും ഈ കഥയുടെ സാധാരണത്വത്തിലെ അസാധാരണത്വം നിലനിൽക്കും. കാരണം ഈ കഥയുടെ അന്തസ്സത്ത അതിന്റെ ചുറ്റുപാടുകളിലെ സൂക്ഷമമായ ഗുരുത്വസാന്നിധ്യമാണു്. അതിനോടു് പ്രതികരിച്ചു പോകുന്ന ഒരു സെൻസിറ്റീവ് മനുഷ്യൻ മാത്രമാണു് ഇതിൽ യേശു… പ്രകൃതിയും ആ മനുഷ്യനും ചേരുന്ന ലയനമൂഹൂർത്തത്തെ ആണു് മൂങ്ങ ഗുരു എന്നു് വിളിച്ചു പോകുന്നതു്.
താര കിഴക്കേവീടു്:
സായാഹ്നയിലൂടെ വായിച്ചപ്പോ ഈ കഥക്കു് കൂടുതൽ ചന്തം!
സാന്ദ്ര സി. ജോർജ്ജ്:
സക്കറിയയുടെ ‘യേശുവിന്റെ ചില ദിവസങ്ങൾ’ എന്ന ചെറുകഥയിൽ വളരെ മനോഹരമായി യേശുവെന്ന സാധാരണക്കാരനെ ആവിഷ്ക്കരിച്ചിരിക്കുന്നു. സൗഹൃദവും സ്നേഹവും വാൽസല്യവും കരുണയും പ്രകടിപ്പിക്കുന്ന മനുഷ്യൻ. കൂട്ടുകാരന്റെ മരണത്തിൽ വേദനിച്ച മനുഷ്യൻ. പുലർച്ചെ മുതൽ രാത്രി വരെ യേശു പ്രകൃതിയോടു് ചേർന്നു് ജീവിച്ചു. പ്രകൃതി മാത്രം മതി ഒരു മനുഷ്യനു് ജീവിക്കാൻ എന്നദ്ദേഹം സമർത്ഥമായി കാട്ടിത്തന്നു.
പ്രദീപ്:
സക്കറിയയുടെ യേശുവിന്റെ ചില ദിവസങ്ങൾ എന്ന കഥ സാധാരണ മനുഷ്യന്റെ സ്നേഹ ചിത്രണവും, മനുഷ്യ-പ്രകൃതി ഗാഢബന്ധവും മനോഹരമായി ആവിഷ്ക്കരിച്ചു.
രാമൻ, പി.:
സക്കറിയയുടെ മനോഹരമായ ഈ കഥ മുമ്പു മാതൃഭൂമിയിൽ വന്നപ്പോൾ അവസാനഭാഗം ഇങ്ങനെയായിരുന്നില്ല എന്നൊരോർമ്മ (എന്റെ തോന്നലാണോ?)
സെബാസ്റ്റ്യൻ, കെ.:
തോന്നലിൽ തെറ്റൊന്നുമില്ലെന്നു തോന്നുന്നു. എഴുതിയതു് സക്കറിയ ആണെങ്കിലും വായിക്കുന്നതു് നമ്മളാണല്ലോ.
ദാമോദർ പ്രസാദ്:
വെള്ളക്കാരൻ കൈവശപ്പെടുത്തിയ യേശുവിന്റെ പ്രതിനിധാനങ്ങൾക്കെതിരെയുള്ള കനത്ത പ്രതിഷേധം ബ്ലാക്ക് ലൈവസ് മാറ്റർ സാമൂഹ്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർന്നു വരികയുണ്ടായി. കാന്റർബറി ബിഷപ് തന്നെ ബി ബി സി ചാനൽ ഫോറിനു് നല്കിയ അഭിമുഖത്തിൽ ഈ പ്രതിഷേധം രേഖപ്പെടുത്തി. മധ്യേഷ്യക്കാരനും യഹൂദനുമായ യേശുവിന്റെ നിറം കറുപ്പാകാൻ വഴിയില്ല. എന്നാൽ തീർച്ചയായും അതു് വെളുപ്പല്ല. തവിട്ടു നിറത്തോടാണു് സാമ്യം. യേശുവിന്റെ പ്രതിനിധാനങ്ങൾ വീണ്ടും ചർച്ചയാവുന്ന വേളയിലാണു് സക്കറിയയുടെ യേശുവിന്റെ ഒരു ദിവസം വായിക്കുന്നതു്. രഹസ്യ പോലീസ് ഈ തവണ വായിച്ച സമയത്തു് ഫഹദ് ഫാസിലിന്റെ രൂപത്തിലാണു് ഗോപിനാഥൻ നായർ/ജോർജ് ജോസഫ് മനസ്സിൽ തെളിഞ്ഞതു്. എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയാൻ ഒരു വട്ടം കൂടി വായിച്ചു നോക്കി. ഫഹദ് ഫാസിൽ മാറുന്നില്ല. നെക്ക്ലസ് മുതൽ തൊണ്ടിമുതൽ വരെയുള്ള ഫഹദിന്റെ ഭിന്നഭാവങ്ങളാകാം ഗോപിനാഥൻ നായർക്കു് ആ ഛായ പകർന്നു കിട്ടാൻ കാരണം. സക്കറിയയോടു് ഈക്കാര്യം സ്വകാര്യമായി ഷയർ ചെയ്തു. യേശുവിന്റെ ഒരു ദിവസം പ്രസിദ്ധീകരിക്കുമ്പോൾ പറഞ്ഞതു് യേശുവിനു് ഫഹദിന്റെ ഒരു കട്ട് വേണമെന്നാണത്രെ. ലിജോ പല്ലിശേരിയുടെ ആമേനിലാണു് ഫഹദിന്റെ ഒരു ക്രിസ്തു രൂപം കണ്ടതെന്നാണെന്റെ ഓർമ. കണ്ണാടി കാണ്മോളവും എഴുതിയപ്പോൾ ലൂയി ബുനുവേലിന്റെ നസാറിനിലെ പാതിരിയായിരുന്നു പ്രചോദനമെന്നു് സക്കറിയ പറഞ്ഞതു് ഓർക്കുന്നു. പ്രതിനിധാനത്തിന്റെ കാര്യമായിരുന്നു. പ്രൊട്ടസ്റ്റന്റ് എത്തിക്സ് എന്നു വിശേഷിപ്പിച്ചാലും പാശ്ചാത്ത്യ വ്യവസായിക മുതലാളിത്തതിന്റെ ദൈവം അദ്ധ്വാനിക്കുന്നവനെ മാത്രം കടാക്ഷിക്കുന്ന ദൈവമാണു്. അദ്ധ്വാനത്തെ കുറിച്ചു് കാഠിന്യമേറിയ സങ്കല്പമാണതു്. സക്കറിയയുടെ കഥയിലെ ദൈവപുത്രനായ യേശു പ്രകൃതിയോടു് ഇണങ്ങി നില്ക്കുന്ന സൗമ്യവാനും സ്നേഹസമ്പന്നനും എന്നാൽ വ്യവസായിക അദ്ധ്വാനശീലത്തോടു് ഒട്ടും മതിപ്പില്ലാത്ത യുവാവാണു്. ഉപഭോഗ ആക്രാന്തത്തിൽ നിന്നുള്ള സൗമ്യമായ പിൻവാങ്ങലുണ്ടല്ലൊ അതു് ഈ കോവിഡ് ബാധിത ലോകത്തു് അതിജീവന പ്രശ്നങ്ങളിൽ ഉഴലുന്ന നമ്മൾക്കു് പുതിയ ഉൾക്കാഴ്ചകൾ നല്കുന്നു.
നന്ദിനി മേനോൻ:
യേശുവിന്റെ ചില ദിവസങ്ങൾ… വെള്ളം വായു മണ്ണു് തീ ആകാശം… പ്രകൃതിയെന്ന മനുഷ്യൻ…
വത്സൻ:
ഫോണിൽ അനായാസം വായിക്കാനാവും വിധം ക്രമപ്പെടുത്തിയ പി.ഡി.എഫ്. ശൈലി നന്നായി…
Mary Asha:
The very name ‘Jesus’ brings to mind the picture of a man clad in a long robe with a halo around the head—personification of God himself. Seldom thought of Jesus as ‘Son of Man’. The author Paul Zacharia in the short story brings out the picture of Jesus as any other normal human being performing his morning ablutions, enjoying the beauty of nature, getting into the water to get his feet nibbled by little fish—probably a crude version of today’s pedicure treatment using live fish. Story carries with it message that to enjoy the beauty of dawn is akin to enjoying the beauty of a flower. A different way of getting closer to the Supreme Being. Getting closer to nature one will feel its tranquility. This tranquility is perhaps God for a believer and Goodness for an atheist. Yesuvinte chila divasangal is a call to get closer to nature and ultimately Goodness which we call the Supreme Being. Thanks to Sayahna for a light reading on a lazy rainy Sunday.
Senthil:
Obsession with god without being good is a form of lunacy.
കെ. സച്ചിദാനന്ദൻ, കെ. ജി. എസ്.: പനി, ബംഗാൾ
ഐറിസ് കോയ്ലിയോ:
തിണ്ണംവെച്ചു് ഉറച്ചുപോയ ലോഹക്കൂട്ടിനെ ഉരുക്കിത്തിളപ്പിക്കും കനൽമൊഴികളാണു് പനിയും ബംഗാളും. വായനയുടെ സംവേദനതലങ്ങളെ പുനർനിർവചിച്ചുകൊണ്ടു് ലോകം ഒരു കിളിക്കൂടായി മാറ്റുന്ന ഭാവുകത്വം… ഓരോ വായനയും ഓരോ പുതിയ മുറിപ്പാടാകുന്നു… എത്രയോ വട്ടം, അനുഭവങ്ങളുടെ പുതിയ പടവുകളിൽ ഇവ വായിച്ചിരിക്കുന്നു. മകളുടെ പനിക്കിടക്കയ്ക്കു് ഇരുപുറവുമിരുന്നു് ലോകദൈന്യങ്ങൾ കണ്ടും കേട്ടും പോരാട്ടങ്ങളുടെ, വിപ്ലവങ്ങളുടെ പനിമൂർച്ഛകൾ പകർന്നു് വിറച്ചു് കാതരമായി പനിച്ചുപൊള്ളുന്ന ഞാനും നിങ്ങളും… ഇന്നു് സായാഹ്ന പകരുന്നതും ഈ വായനയെന്ന പനിയാണു്… ‘ബംഗാൾ’ എത്ര കരുത്തോടെയാണു് മറവിലും ഒളിവിലും പനിച്ചു മരിക്കുന്ന കീഴാളത, സ്വേച്ഛാധികാരാന്ധതയെ ചുഴറ്റിയെറിയുന്നതെന്നു് വീണ്ടും വീണ്ടും കാട്ടുന്നു. ഇന്നു് ബംഗാൾ പുതിയ രാഷ്ട്രാനുഭവങ്ങൾ പകരുന്നു. ആയിരം മൈലുകൾ നടന്നു വിണ്ട പാദങ്ങൾ കരിയിലകളായി ഒത്തുകൂടുന്നു… ഒരു ചുഴലിയായി ഓർക്കാപ്പുറത്തു് മറുപടി പറയാൻ… പനി, ബംഗാൾ – വായനയും അധിപാഠങ്ങളും പിൻതുടരുന്ന തീയമ്പുകൾ! ഒരു ഖേദം മാത്രം… പതിറ്റാണ്ടുകൾക്കുമുമ്പ് ക്ലാസുമുറികളിൽ ഈ മൊഴിക്കടലുകൾ കടഞ്ഞപ്പോൾ ഇന്നിന്റെ പാഠം കൂടി പകരാനായില്ലല്ലോ… ഇന്നു് വായിക്കുമ്പോൾ ജീവിതം ഈ പനികളിലൂടെ എത്ര തഴച്ചുവളർന്നു എന്നു് ഉള്ളിലൊരു മിന്നൽനടുക്കം!
ദാമോദർ പ്രസാദ്:
പുസ്തകത്തിൽ ബംഗാൾ കവിതയുടെ നെറുകയിൽ ലുഷൂണിന്റെ ഒരു ഉദ്ധരണിയുണ്ടു്. ഉഗ്രമായ ഉദ്ധരണി. കവിത ശരിക്കും അവിടന്നാണു് തുടങ്ങുന്നതു്. ഉപരിവർഗത്തിന്റെ സിരകളിൽ ആത്മശൈഥല്യത്തിന്റെ വിഷം നിറയ്ക്കുന്നു. അവർ വേഗേന അന്ധരാകുന്നു എന്നാണതിലുള്ളതു്. Revolution cannot be televised എന്നു പറയും. അങ്ങനെ നോക്കുമ്പോൾ, കൗതുകകരമായ ഒരു മാധ്യമ ദർശനമുണ്ടു് കെ. ജി. എസിന്റെ ‘ബംഗാൾ’ കവിതയിൽ. നമുക്കറിയാവുന്ന പ്രകടമായ കാര്യങ്ങൾ ഇതാണു്: സഞ്ജയൻ ആദിമ റിപ്പോർട്ടറാണു്. ധൃതരാഷ്ട്രർ എന്ന അന്ധനായ രാജാവിനു് കുരുക്ഷേത്രത്തിൽ നിന്നു് ദിവ്യദൃഷ്ടിയാൽ ലൈവ് ചെയുകയാണു്. ഈ ദിവ്യദൃഷ്ടി ഇപ്പോഴും ചില മാധ്യമ പ്രവർത്തകർക്കുണ്ടെന്നു് തോന്നുന്നു. മാധ്യമ ഉടമകളും അധികാരത്തിൽ ഇരിക്കുന്നവരും മനസ്സിൽ എന്തഭിലഷിക്കുന്നുവോ അതു് ദിവ്യദൃഷ്ടിയാൽ തിരിച്ചറിഞ്ഞു് പ്രേക്ഷകരിലേക്കു് എത്തിക്കുന്ന വലിയ കഴിവുകൾ നമ്മൾ കണ്ടിട്ടുള്ളതാണു്. ‘ബംഗാളി’ൽ മാധ്യമം ഒരു trope ആണു്. മാധ്യമവും അധികാരവും തമ്മിലുളള ‘വൈരുദ്ധ്യാത്മകമായ’ പരസ്പര ധാരണയുടെ അകത്തു കടന്നു് അതു് എന്താണെന്നു് അനാവരണം ചെയ്യുന്നുണ്ടു് ‘ബംഗാൾ’. കവിത പ്രസിദ്ധീകരിച്ച എഴുപതുകളിൽ നമുക്കിന്നു് അനുഭവവേദ്യമാകുന്ന വിധത്തിൽ മാധ്യമസ്ഥിതമായിരുന്നിരിക്കില്ല ജീവിതം. മാധ്യമങ്ങളെ പൊതുവിൽ ആദരവോടെയായിരിക്കും കണ്ടിരിക്കുക. വലിയ മാധ്യമ പ്രവർത്തകരുണ്ടായിരുന്ന കാലവുമാണതു്. അടിയന്തിരാവസ്ഥ അർദ്ധപ്രാണനാക്കിയ മാധ്യമങ്ങളോടു് സഹതാപവും കണ്ടേക്കാം. അതുകൊണ്ടു് കവിത പ്രസിദ്ധീകരിച്ച കാലത്തേക്കാൾ ‘ബംഗാളി’ലെ മാധ്യമ ദർശനം ഇന്നിന്റേതാണു്. റിപ്പോർട്ടർ സഞ്ജയൻ ഇതിൽ ശ്രോതാവാണു്. ഏകഭാഷണം കോർപറേറ്റ് ഫാമിലി ബിസിനസ് തലവനായ ധൃതരാഷ്ട്രരുടേതാണു്. അധികാരികളുടെ ഏറ്റവും വ്യക്തിഗതമായ ഉൽകണ്ഠകൾ പങ്കുവെയ്ക്കുന്നതു് അനുചരരായ മാധ്യമ പ്രവർത്തകരോടാണു്. ഏതു് കോർപറേറ്റ് മേധാവിക്കും സ്വന്തം ശിങ്കിടിയായ ഒരു മാധ്യമ പ്രവർത്തകനുണ്ടാകും. ഇവരാണു് കേൾവിക്കാർ. വാർത്ത മാധ്യമങ്ങളിൽ പ്ലാന്റ് ചെയേണ്ടവർ. അധികാരികളോടു് ഒരു മാധ്യമ പ്രവർത്തകനും ഇന്നു് ചോദ്യങ്ങൾ ചോദിക്കാറില്ല. അധികാരികൾ പൊതു ഇടങ്ങളിൽ മാധ്യമ പ്രവർത്തകരാൽ അഭിമുഖീകരിക്കപ്പെടാൻ നിന്നു കൊടുക്കാറുമില്ല. മാധ്യമങ്ങളിന്നു് പ്രേക്ഷകർ എന്നൊരു അസംഘടിത ജനസാമാന്യത്തിനു നേരേ കുറെ ചോദ്യങ്ങൾ ഉതിർത്തു് പോവുകയാണു് പതിവു്. സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തകൻ നിശ്ശബ്ദനാണു്. അധികാരിയാണു് സംസാരിച്ചു കൊണ്ടിരിക്കുക. ധൃതരാഷ്ട്രരെപ്പോലെ തനിക്കു് കുറച്ചു മാത്രമേ കാണാൻ പറ്റുന്നുള്ളൂ എന്നു പറയുകയും എന്നാൽ വിദൂര ഗ്രാമങ്ങളിൽ നിന്നുയരുന്ന ചുഴലിയെ ദീർഘ ദർശനം ചെയാൻ പറ്റുന്നുമുണ്ടു്. വാർത്തകളൊന്നും ലഭിക്കുന്നില്ല എന്നാകുലപ്പെടുന്നതു് മാധ്യമങ്ങൾ ഭരണകൂടത്താൽ സെൻസർ ചെയ്യപ്പെടുകയോ അല്ലെങ്കിൽ സ്വയം സെൻസർ ചെയ്യുന്ന ഒരവസ്ഥയോ ആണു്. വിപ്ലവകാലം മാധ്യമങ്ങളും ഭരണകൂടവും സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന കാലമാണു്. വിപ്ലവം ടെലികാസ്റ്റ് ചെയ്യാൻ സാധ്യമല്ല! സൂക്ഷ്മ വിപ്ലവങ്ങളുടെയും രാഷ്ട്രീയ പ്രതിരോധത്തിന്റെയും പുതിയ പാഠങ്ങളുൾക്കൊണ്ട ഈക്കാലത്തു് ധൃതരാഷ്ട്രന്മാരുടെ ആകുലതകൾ ശ്രവിക്കാനും സത്യത്തെക്കുറിച്ചു് നിശ്ശബ്ദമാകാനും ശീലിപ്പിക്കപ്പെട്ടതാണു് മാധ്യമങ്ങൾ. വാസ്തവത്തിൽ ഇവിടെ ‘ബംഗാൾ’ വായനക്കാരോടു് റിപ്പോർട്ടു് ചെയ്യുന്നതു് ധൃതരാഷ്ട്രരുടേയും സഞ്ജയന്റെയും അവസ്ഥയെ ഭേദിക്കുന്ന യാഥാർത്ഥ്യത്തെയാണു്. സർഗ്ഗാത്മക രചന, ധൃതരാഷ്ട്രർക്കും സഞ്ജയനും അപ്പുറത്തേക്കു്, അവരുടെ ആകുലതകളേയും നിശ്ശബ്ദത്തെയും അവതരിപ്പിച്ചു കൊണ്ടു തന്നെ, ഇന്ത്യനവസ്ഥകളുടെ യാഥാർത്ഥ്യത്തെ, വായനക്കാർക്കു് അനുഭവവേദ്യമാക്കുന്നു. പത്രം റേഡിയോ ടെലിവിഷൻ ആരും നേരുപറയുന്നില്ല അവിടെ എന്തോ നടക്കുന്നുണ്ടു്—കാലം പഴയതല്ല. … സഞ്ജയാ, എന്താണവിടെ നടക്കുന്നതു്. എന്താണു് എന്താണു്?
പി. മോഹനൻ: സംസാരസാഗരത്തിലെ നക്ഷത്രമത്സ്യം
കെ. സച്ചിദാനന്ദൻ:
മോഹനന്റെ ഗദ്യം എത്ര മോഹകം. ഒരു കാലം ഒരു ചൈനീസ് സ്ക്രോളിലെന്ന പോലെ ചുരുൾ നിവർന്ന അനുഭവം. അറിയുമായിരുന്നു മുഹമ്മദാലിയെ. ഹോമിക്കപ്പെട്ട യൗവ്വനങ്ങളെ ഓർക്കുമ്പോൾ സങ്കടമാണോ രോഷമാണോ പശ്ചാത്താപമാണോ മുന്നിൽ എന്നറിയുന്നില്ല.
ഉദയചന്ദ്രൻ, സി. പി.: രണ്ടു കവിതകൾ
നന്ദിനി മേനോൻ:
പുഷ്പിണിയായ മകളെ പഠിപ്പിക്കണം… സഹജീവി പരിഗണന ഉറച്ച തീരുമാനം ഉയർന്ന പ്രതികരണം നിരാശ്രിതത്വം കുറുക്കുവഴികൾ ഒഴിവാക്കാൻ കെണികൾ കണ്ടെത്താൻ ഒറ്റക്കു നടക്കാൻ നല്ല പുരുഷ സൗഹൃദം ഉണ്ടാക്കാൻ… ആണെന്ന കോക്കാച്ചിയെ കാട്ടി പേടിപ്പെടുത്തി എത്ര കാലം വളർത്തും…? ആണിനും പെണ്ണിനും രണ്ടു ലോകങ്ങൾ തീർക്കുന്നതു വരെയോ…?
സക്കറിയ: അച്ചടിദാസൻ
കെ. സച്ചിദാനന്ദൻ:
സക്കറിയയുടെ ആത്മകഥാപരമായ ലേഖനം ഒരുപാടു് ഓർമ്മകൾ കൊണ്ടുവന്നു. അൻപതു വർഷത്തെ മലയാളം-ഇംഗ്ലീഷ് പ്രൂഫ് റീഡിങ്ങിന്റെ ഓർമ്മകൾ. തൃശൂരിലെ പി. കെ. എ. റഹീമിന്റെ ബെസ്റ്റ് പ്രിന്റേഴ്സ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമി വരെയും പിന്നീടും. ഒരച്ചടിത്തെറ്റു്—കുത്തും കോമയുമുൾപ്പെടെ—കണ്ടാൽ വലിയൊരു കുറ്റകൃത്യം കണ്ടയാളുടെ മനോനിലയാണു്. അതിനു് ഞാൻ തന്നെയാണു് കാരണക്കാരനെങ്കിൽ ആത്മഘാതകന്റെയും. ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടെയാണു് ഓരോ അച്ചടിത്താളും കടന്നു പോവുന്നതെന്നു ചുരുക്കം. മലയാളം അക്ഷരങ്ങൾ ശരിക്കെഴുതാവുന്ന എഴുത്തുകാരുടെ എണ്ണം കുറഞ്ഞു വരുന്നതും ഇംഗ്ലീഷ് വ്യാകരണം അറിയാത്തവർ ഇംഗ്ലീഷിൽ കവികളായി സ്വയം പ്രഖ്യാപിക്കുന്നതുമായ ഇക്കാലത്തു് ഈ നർമ്മമധുരമായ ഓർമ്മകൾ ഏറെ പ്രസക്തം.
വേണു:
ഈ കുറിപ്പിന്റെ ഒടുവിൽ മാഷ് പറഞ്ഞതു് ഇന്നത്തെ മാത്രമല്ല എന്നത്തേയും ചിന്താവിഷയമായി മാറേണ്ടതാണു്!
നന്ദിനി മേനോൻ:
നല്ല വായന…
ആൻസി ജോൺ: കാർബൺ കോപ്പി
സതീഷ് ബാബു പയ്യന്നൂർ:
ആൻസി ജോണിന്റെ മനോഹരമായ ഓർമ്മക്കുറിപ്പു് വായിച്ചിട്ടാണു് ഇന്നെന്റെ ദിവസം തുടങ്ങുന്നതു്… നടവയൽ ബസ് യാത്രയും കഥാപാത്രങ്ങളും സമ്മേളിക്കുന്ന ഹൃദ്യത ഈ കുറിപ്പിനുണ്ടു്… ആൻസിക്കൊപ്പം നമ്മളും നടവയൽ വരെ, ആടിയുലയുന്ന ആ ബസ്സിൽ യാത്ര ചെയ്യുന്ന അനുഭവം പകർന്നു തരാൻ ആൻസിക്കു കഴിഞ്ഞു… ആ ഉമ്മയുടെ നിഷ്ക്കളങ്കമായ ഓർമ്മകളിലൂടെയും വാക്കുകളിലൂടെയും ഓനച്ചന്റെ മുഖവും രൂപവും മനസ്സിൽ കൂടുകൂട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയെങ്കിലും നൽകിയിരുന്നെങ്കിൽ ഈ കുറിപ്പു് കുറേക്കൂടി സാർത്ഥകമായേനെ…! സായാഹ്ന സുഹൃത്തുക്കൾക്കു് സ്നേഹാശംസകളോടെ സതീഷ് ബാബു പയ്യന്നൂർ.
നന്ദിനി മേനോൻ:
ആൻസിയുടെ കുറിപ്പു് മനസു തൊടുന്നു…
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ
മോഹനകൃഷ്ണൻ:
ഈ ഗ്രൂപ്പുകളെല്ലാം കൂടി ഒറ്റ ടെലഗ്രാം ഗ്രൂപ്പാക്കാൻ സാധിക്കുമോ?
രാധാകൃഷ്ണൻ:
അതു നടക്കുമെന്നു തോന്നുന്നില്ല. അംഗങ്ങളെല്ലാപേരും ടെലഗ്രാമിന്റെ ഉപയോക്താക്കളാവണം. അതു നടക്കാത്ത കാര്യമാണു്.
ഹരികൃഷ്ണൻ:
കൂടുതൽ പേർ ടെലിഗ്രാം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. നടക്കാവുന്ന കാര്യമാണു്.
രാധാകൃഷ്ണൻ:
ഇപ്പോൾ തന്നെ സായാഹ്നയ്ക്കു് റ്റെലഗ്രാം ഗ്രൂപ്പുണ്ടു്. താങ്കൾക്കു വേണമെങ്കിൽ അവിടെ ചേരാം. ചർച്ചയൊന്നുമില്ലാത്ത ശുഷ്കമായ ഒന്നാണു് ആ ഗ്രൂപ്പ്. 255-ന്റെ പരിമിതിക്കു ചില ആനുകൂല്യങ്ങളുണ്ടു്. അനാവശ്യമായ എമോജികൾ കണ്ടു സഹിക്കണ്ട. ഒന്നിച്ചായാൽ ഇന്നത്തേതിന്റെ ഏഴു മടങ്ങാവും! ചെറിയ ഗ്രൂപ്പാവുമ്പോൾ ചർച്ച കുറെക്കൂടി ഫോക്കസ്ഡ് ആയി നടക്കും. അനാവശ്യ ചർച്ചകൾ (വ്യക്തിനിഷ്ഠമായവ) മറ്റു ഗ്രൂപ്പുകളിലേയ്ക്കു് പകർത്തണ്ട, ആവശ്യമുള്ളവ മാത്രം മതി. അങ്ങനെ പലതും.
ദാമോദർ പ്രസാദ്:
അവസാന പാരഗ്രാഫിൽ പ്രത്യേകമായെടുത്തു പറഞ്ഞിട്ടുള്ള ഇമോജി പ്രളയത്തിന്റെ ഭീഷണിയെക്കുറിച്ചുള്ള നിരീക്ഷണത്തിനു് ഒരു കൈയടി. (ഇമോജി ഒഴിവാക്കി കൊണ്ടു്).
സ്മിത:
എല്ലാ ദിവസവും രാവിലെ തന്നെ സായാഹ്ന നൽകുന്ന ഈ വായനാ ഊർജ്ജം വളരെ വലുതാണു്. നന്ദി.
സി. വി. രാധാകൃഷ്ണൻ:
അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരനായ പി കേശവൻ നായർ ഇപ്പോൾ അച്ചടിപ്പതിപ്പു മാത്രമുള്ള അദ്ദേഹത്തിന്റെ 15 പുസ്തകങ്ങൾ സായാഹ്നയിലൂടെ വിവിധ ഡിജിറ്റൽ രൂപങ്ങളിൽ സ്വതന്ത്രപ്രസാധനത്തിനു് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. ഇതു് സാദ്ധ്യമാക്കിയതു് കണ്ണൻ ഷൺമുഖത്തിന്റെ പ്രവർത്തനമാണു്. ഉചിതമായ ഈ പ്രവൃത്തിയിലൂടെ ശ്രീ കേശവൻ നായർ ചെയ്യുന്ന സേവനം മറ്റു എഴുത്തുകാർക്കും പ്രചോദനമാവട്ടെ എന്നു ആശിക്കുന്നതിനോടൊപ്പം രണ്ടുപേർക്കും സായാഹ്നയുടെ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു.
കെ. ദാമോദരന്റെ പുസ്തകങ്ങളുടെ പൊതുസഞ്ചയത്തിലേയ്ക്കുള്ള സമർപ്പണത്തെക്കുറിച്ചു്:
ഋഷി:
പ്രിയരേ, മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനും രാജ്യസഭാംഗവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന കെ ദാമോദരന്റെ പുസ്തകങ്ങളുടെ പൊതുസഞ്ചയത്തിലേയ്ക്കുള്ള സമർപ്പണം ഔപചാരികമായി സ: കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി) നാളെ (ജൂലൈ 3, 2020) വൈകുന്നേരം 6 മണിയ്ക്ക് നിർവഹിക്കുന്നതായിരിയ്ക്കും. ഓൺലൈനായി നടക്കുന്ന ഈ ചടങ്ങിൽ താഴെ പറയുന്നവർ പങ്കെടുക്കുന്നതാണു്.
 1. രാജാജി മാത്യൂ തോമസ്
 2. സി ദിവാകരൻ
 3. ഹനീഫാ റാവുത്തർ
 4. കെ സച്ചിദാനന്ദൻ
 5. കെ ജി എസ്
 6. പോൾ സക്കറിയ
 7. ഇ പി ഉണ്ണി
 8. വെങ്കിടേഷ് രാമകൃഷ്ണൻ
 9. സി എസ് വെങ്കിടേശ്വരൻ
 10. ഹുസൈൻ കെ എച്
 11. സി വി രാധാകൃഷ്ണൻ
ഈ ഓൺലൈൻ സംരംഭത്തിനു ഗൂഗിൾ മീറ്റ് എന്ന സോഫ്റ്റ്വെയറാണു ഉപയോഗിക്കുന്നതു്. പ്രസ്തുത സോഫ്റ്റ്വെയറിന്റെ പരിമിതിമൂലം നിർഭാഗ്യവശാൽ 250 പേർക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ നാളെ പത്തു് മണിക്കു മുൻപായി നിങ്ങളുടെ സമ്മതം ഈ സന്ദേശത്തിനു മറുപടിയായി അയയ്ക്കുക. ആദ്യം മറുപടി അയയ്ക്കുന്ന 230 പേർക്കു മീറ്റിങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിയ്ക്കുന്നതാണ്. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ചോ അല്ലെങ്കിൽ കംപ്യൂട്ടർ വഴിയോ ആണു് മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതു്. മൊബൈൽ ഫോൺ ആണെങ്കിൽ അതിൽ “Google Meet” ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നു് ഉറപ്പാക്കുക.
ദാമോദർ പ്രസാദ്:
ആശംസകൾ. കെ. ദാമോദരന്റെ എഴുത്തുകൾ കോമൺസായി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നു എന്നതു് വലിയ കാര്യമാണു്. കെ. ദാമോദരന്റെ ചിന്തകളും പൂർത്തീകരിക്കാതെ പോയ അന്വേഷണങ്ങളും (ഉദാ: കേരള ചരിത്രം) കക്ഷി രാഷ്ട്രീയത്തിനപ്പുറം ചിന്താ കോമൺസിന്റെ ഭാഗമാണു്.
കെ. സച്ചിദാനന്ദൻ:
ഇന്നലെ നടന്ന കെ. ദാമോദരന്റെ സമാഹൃതകൃതികളുടെ പ്രകാശനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൽ ഖേദമുണ്ടു്. ഞാനും ബിന്ദുവും കൊടുങ്ങല്ലൂരിലെ എന്റെ ജന്മഗൃഹത്തിൽ ക്വാറന്റീനിലാണു്. ക്വാറന്റീൻ സമയം കഴിയും മുമ്പു് സ്വാബ് ടെസ്റ്റ് നിർബ്ബന്ധമെന്നു് ആരും പറഞ്ഞിരുന്നില്ല. ഇന്നലെ താലൂക്കാശുപത്രിയിൽ നിന്നു വിളിച്ചു് നാലു മണി എന്ന സമയം തന്നു. അപ്പോഴും ഗൂഗ്ൾ മീറ്റിൽ പങ്കെടുക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീടു് വിളിച്ചു് അഞ്ചര കഴിഞ്ഞേ ആംബുലൻസിനു വരാനാവൂ എന്നു പറഞ്ഞു. ഇവിടെ വന്നു് സ്വാബ് എടുക്കുമെന്നു വിചാരിച്ചിരിക്കയായിരുന്നു. പക്ഷേ അവിടെ ചെല്ലണമെന്നു് പെട്ടെന്നാണറിഞ്ഞതു്. പിന്നെ മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ – ഒരുക്കങ്ങൾ. തിരിച്ചെത്തിയപ്പോൾ ഏഴു് പതിനഞ്ചു്. ദാമോദരന്റെ എല്ലാ കൃതികളും വായിച്ചിട്ടില്ല എന്ന ഒരു ധാർമ്മിക പ്രശ്നം മുന്നേ ഉണ്ടായിരുന്നു. മുഴുവൻ വായിക്കാതെ ഒരു പുസ്തകവും പ്രകാശിപ്പിച്ചിട്ടില്ല. എങ്കിലും വായിച്ചതുവെച്ചു് ചിലതു് പറയാമെന്നു കരുതിയിരുന്നു.
 1. ദാമോദരന്റെ എട്ടു ഭാഷകളിലുള്ള പാണ്ഡിത്യവും കുറച്ചു കാലത്തെ ഉത്തരേന്ത്യൻ ജീവിതവും സംസ്കൃതത്തിലും തമിഴിലും കൂടി കിട്ടിയ ദർശന പാരമ്പര്യ പരിചയവും എങ്ങിനെ അദ്ദേഹത്തെ പല മലയാളിക്കമ്മ്യൂണിസ്റ്റുകളുടെയും കൂപമണ്ഡൂകപരിപ്രേക്ഷ്യത്തിൽ നിന്നു മോചിപ്പിച്ചു,
 2. ഇന്ത്യൻ കമ്മ്യൂണിസം എന്ന സങ്കല്പത്തിനു് അദ്ദേഹത്തിന്റെ സംഭാവനകൾ,
 3. ആത്മാർത്ഥമായ ആത്മവിമർശം, അതുണ്ടാക്കിയ നിരാശത ഉൾപ്പെടെ,
 4. മാർക്സിസത്തിന്റെ നവ പരിണതികൾ വെച്ചു നോക്കുമ്പോൾ അദ്ദേഹം അഭിമുഖീകരിച്ച ചിന്താ പരിമിതികൾ,
 5. ജാതി-ലിംഗാദി പ്രശ്നങ്ങളിൽ മറ്റു കമ്മ്യൂണിസ്റ്റുകാർക്കൊപ്പം പങ്കിട്ട യാഥാസ്ഥിതികമായ ആന്ധ്യം,
 6. അവശേഷിക്കുന്നതും മുന്നോട്ടു പോകാൻ സഹായിക്കുന്നതുമായ ഘടകങ്ങൾ. കൃതികൾ വായിച്ച ശേഷം ഇവയെക്കുറിച്ചു് എഴുതാമെന്നു കരുതുന്നു, ഇൻശാള്ളാ.
Sayahna Foundation: Who’s who
T.M. Manoharan:
Very well drafted and presented.
ഉണ്ണി:
നന്ദി. രാപകൽ പണിയുണ്ട് ഒരു നല്ല സായാഹ്നത്തിനു പിന്നിൽ.
ദാമോദർ പ്രസാദ്:
സായാഹ്നയുടെ അണിയറ പ്രവർത്തകരെയും പ്രവർത്തനരീതികളെയും പരിചയപ്പെടുത്തിയതിനു് താങ്ക് യു! ഇ വായനയുടെയും സ്വതന്ത്ര പ്രസാധനത്തിന്റെയും കാലത്തു് സായാഹ്നയുടെ സംരംഭം മാതൃകാപരം തന്നെ. ഒരു നൂറു് സായാഹ്നങ്ങൾ ഇതു പോലെ ഉയർന്നു വരട്ടെ. സ്വതന്ത്ര വിജ്ഞാനത്തിനെ കുറിച്ചുളള വലിയ കാഴ്ചപ്പാടും, കൂട്ടായ്മയും, സമാഹൃത അദ്ധ്വാനവുമാണു് സായാഹ്നയെ വ്യത്യസ്തവും ഊർജ്ജസ്വലവുമാക്കുന്നതെന്നു് അശോൿ കുമാറിന്റെ കുറിപ്പിൽ നിന്നു് മനസ്സിലാവുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണു് സായാഹ്നയുടെ പ്രവർത്തനം നടക്കുന്നതെന്ന വിവരവും പുതിയ കാലത്തെ collaborative work-നെ കുറിച്ചുള്ള ഒരു കാഴ്ച തരുന്നു. സായാഹ്നയുടെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ മെമ്പറാകുന്നതിനു് മുമ്പു തന്നെ സായാഹ്ന പ്രസിദ്ധീകരിച്ച പി ഡി എഫ് കിട്ടിയിരുന്നു. ഷയർ ചെയ്തു കിട്ടിയ പി ഡി എഫ് പിന്നെയും ഞാൻ മറ്റു് സുഹൃത്തുകൾക്കു് ഷയർ ചെയ്തു. ഇ വായനയുടെ ഷയർ ക്യാപിറ്റലാണു് സംഭരിക്കപ്പെടുന്നതു്. ഇതു് പഴയ മൂലധന സംഭരണമല്ല. വിജ്ഞാന വിതരണത്തിന്റെ പുതു സംസ്ക്കാരത്തിന്റെ ഭാഗമായുള്ള resourcefulness ആണു്. ഒരു സവിശേഷമായ ഗിഫ്റ്റ് ഇക്കോണമി ഈയൊരു വിതരണ സംസ്കാരത്തിന്റെ ഭാഗമാണു്. ഒന്നു ഷയർ ചെയ്താൽ മറ്റൊന്നു് ഷയർ ചെയ്തു കിട്ടും. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മലയാളി ഡയസ്പോറയാണു് സായാഹ്നയുടെ വായനാ സമൂഹം. പുതിയ വായനയും അഭിപ്രായം പങ്കുവെയ്ക്കലുമൊക്കെ ഭാവുകത്വം രൂപപ്പെടുന്നതിലും അതിന്റെ പ്രസരണത്തിലും സായാഹ്നയ്ക്കു് നല്ല പങ്കു് വഹിക്കാനായേക്കും. സായാഹ്ന പോലെ വളരെ വ്യക്തമായ പ്രസാധന സ്വഭാവമുള്ള ഇ വായനയുടെ രംഗത്തു് മറ്റു സംരംഭങ്ങളുണ്ടോ എന്നറിയില്ല. സായാഹ്ന പുതിയ വഴികൾ ഇ വായനയിൽ തുറക്കുന്നതിനോടൊപ്പം, ഇതു് മാതൃകയാക്കി പുതിയവ കിളിർത്തു വരാനിരിക്കുന്നു. ഒരു കാര്യം ചോദിച്ചോട്ടെ… സായാഹ്ന – എന്താണു് ആ പേരിനു് കാരണം.
സി. വി. രാധാകൃഷ്ണൻ:
ആദ്യകാല പ്രവർത്തകരിൽ ഭൂരിഭാഗംപേരും ജീവിതസായാഹ്നത്തിലെത്തിയവരായിരുന്നു. പിന്നെ ഇന്നു് സായാഹ്നത്തിലെത്തി നില്ക്കുന്ന ഒട്ടനവധി എഴുത്തുകാരുടെ കൃതികൾ ഒരു രാവു താണ്ടി പുതിയ തലമുറയുടെ പ്രഭാതത്തിലെത്തിക്കേണ്ട ചുമതല ഈ തലമുറയ്ക്കുണ്ടു്. അതു് ശരിയായരീതിയിൽ ശരിയായ ദിശയിൽ നയിക്കുവാൻ സായാഹ്നത്തിലെത്തി നില്ക്കുന്ന കുറെ വൃദ്ധന്മാർ കൂട്ടം ചേരുന്നു – സായാഹ്ന, അങ്ങനെയാണു് ഈ പേർ സ്വീകരിക്കുന്നതു്.
സി. വി. രാജേന്ദ്രൻ:
പല സായാഹ്നങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ ഉരുത്തിരിഞ്ഞതിനു സായാഹ്ന എന്ന പേരല്ലേ ചേരുക. Intuitive എന്ന് സാധാരണ പറയാറുള്ള ഒരു വേറിട്ട അനുഭവം.

(ജൂൺ 28 മുതൽ ജൂലൈ 4 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
സി. സന്തോഷ് കുമാർ: സൽമ റേഡിയോസ് (തുടർച്ച)
നിഷ:
അസ്തിത്വ പ്രതിസന്ധി കൊണ്ടു് ആകുലപ്പെട്ട നായകന്മാർ ഒരു കാലത്തു് മലയാളത്തിലും സുലഭമായിരുന്നു. വായനക്കാർ സാമൂഹ്യ അകലം പാലിച്ചു് മാത്രം നോക്കിക്കണ്ടു് അതിശയിച്ചിരുന്ന അൽഭുത ജീവികൾ. എന്നാൽ ഇത്ര ലോലമായി ഇത്ര മൃദുലമായി, ഇത്ര ദൃഢചിത്തനായ ഒരു അസ്തിത്വാന്വേഷിയെ അടുത്തു നിന്നു പരിചയപ്പെടുവാനായി സൽമ റേഡിയോസിലൂടെ. സി. സന്തോഷ് കുമാർ എത്ര അനായാസമാണു് ഒരു എമർജൻസി റിപ്പയറിലൂടെ രണ്ടു മനുഷ്യരെ പരസ്പരം മാറ്റിപ്പണിയുന്നതു്. മനോഹരമായി സൽമ റേഡിയോസ്.
മുകുന്ദനുണ്ണി: ജാതിയും വധശിക്ഷയും: ഒരു കർണ്ണാടക സംഗീതപാഠം
രഞ്ജിത് വർമ്മ:
ഉണ്ണിയുമായി ദീർഘകാലമായി വ്യക്തി ബന്ധമുണ്ടു്. സായാഹ്ന വഴി ഈ ഇൻറർവ്യൂ കൂടുതൽ വായനക്കാരിലേക്കു് എത്തിച്ചതിൽ സന്തോഷിക്കുന്നു അഭിവാദ്യങ്ങളോടെ.
Sayahna: Who’s who
കെ. എച്ച്. ഹുസൈൻ:
No one is old in Sayahna!
സതീശ് ചന്ദ്രൻ:
“ജൂലൈ മൂന്നിന്റെ തലേന്നായിരുന്നു ഒ. വി. വിജയന്റെ നവതി” എന്ന പേരിലൊരു കഥയെഴുതി “സായാഹ്ന” യ്ക്കു് അയച്ചാലോ എന്നാലോചിച്ചു. തലക്കെട്ടു തന്നെ ധാരാളം എന്നു തോന്നിയതു കൊണ്ടു് കൂടുതൽ എഴുതിയില്ല.
കെ. എച്ച്. ഹുസൈൻ:
രണ്ടു മൂന്നു വർഷമായി സായാഹ്നയിൽ മലയാളത്തിൽ രൂപംകൊള്ളുന്ന ഒരു ശാസ്ത്രഗ്രന്ഥമുണ്ടു്. ‘ഗോളശാസ്ത്രം’ എന്നാണതിന്റെ പേരു്. ഗ്രീക്ക്, അറേബ്യൻ, ചൈനീസ്, ഭാരതീയം, കെപ്ലർ മുതൽ ഐൻസ്റ്റീൻ വരെയുള്ള ആധുനികവും-അദ്ഭുതകരവും വിശദവുമായ ഒരു താരതമ്യ ആസ്ട്രോണമിയാണതു്. അതിന്റെ രചയിതാവു് തൃശ്ശൂർ പെരിഞ്ഞനംകാരൻ ഒരു അബ്ദുല്ല സാഹിബ് ആണു്. വർഷങ്ങൾക്കുമുമ്പേ അദ്ദേഹം മൺമറഞ്ഞു. അദ്ദേഹത്തിന്റെ മകൻ ഷഫീക്ക് മുഖേനയാണു് പഴയൊരു ലെറ്റർ പ്രസ്സിൽ അച്ചടിച്ച അതിന്റെ ആദ്യപ്രതി എന്റെ കയ്യിലെത്തുന്നതു്. ത്രികോണമിതിയിലെ സമവാക്യങ്ങളും ജ്യോമതീയ ചിത്രങ്ങളും കണ്ടപ്പോൾ അതിന്റെ പുനരാവിഷ്കാരത്തിനു് മലയാളം ടെക്കിനേക്കാൾ മികച്ച മറ്റൊരു ടൈപ്പ്സെറ്റിംഗ് ഇല്ലെന്നു് ഒറ്റനോട്ടത്തിൽ ബോദ്ധ്യമായി. സി വി ആർ ദൗത്യം സസന്തോഷം ഏറ്റെടുത്തു. ടൈപ്പ്സെറ്റിംഗ് പുരോഗമിക്കുന്ന വേളയിൽ ഒരു ദിവസം അതിനെപ്പറ്റി, നാട്ടുകാരന്റെ പുസ്തകത്തെപ്പറ്റി യാദൃശ്ചികമായി സംസാരിച്ചപ്പോൾ അശോകൻ പറഞ്ഞു, “അതാദ്യം അച്ചുനിരത്തിയതു് ഞാനാണു്!” അപ്പോഴാണു് ടൈറ്റിൽ പേജിന്റെ മറുവശത്തു് ‘ഹരിശ്രീ പ്രിന്റേഴ്സ്’ എന്റെ കണ്ണിൽപ്പെട്ടതു്. അബ്ദുല്ല സാഹിബ് അദ്ദേഹത്തിന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ആ പുസ്തകമുണ്ടാക്കാനായി അനേകായിരം മഷിപുരണ്ട ലോഹ അച്ചുകൾ തൊട്ടുതലോടിയും ബ്ലോക്കുകളുണ്ടാക്കിയും ടൈപ്പ്സെറ്റുചെയ്ത പോയകാലത്തെ അശോകൻ ഓർമ്മിച്ചെടുത്തു. പിന്നീടു് വിപ്ലവത്തിന്റെ നാളുകളിൽ പലായനത്തിന്റെ ഭീതിദമായൊരു രാത്രിയിൽ കൊമ്രേഡ് പി. ടി. തോമസുമൊത്തു് മരംകോച്ചുന്ന തണുപ്പിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി ക്ഷീരപഥങ്ങളിൽ നഷ്ടപ്പെട്ടു് ദാരുണമായ ഭൂമിയെ മറക്കാൻ ശ്രമിച്ചതു് അദ്ദേഹം ഓർമ്മിച്ചു. ഒരുപാടു് ജീവിതങ്ങൾ ജീവിച്ചു്, പല വട്ടങ്ങളിൽ കറങ്ങി, നാല്പതുവർഷത്തിന്റെ മറ്റൊരു പരിവൃത്തം പൂർത്തീകരിക്കുകയാണു് അശോൿകുമാർ സായാഹ്നയിൽ.
കെ. സച്ചിദാനന്ദൻ:
ആ കുഴഞ്ഞു മറിഞ്ഞ കാലത്തിലെവിടെയോ ഈയുള്ളവനുമുണ്ടു്. അശോകൻ, സുബ്രഹ്മണ്യദാസിനും വെങ്കിടിക്കുമൊപ്പം (സി. എസ്. വെങ്കിടേശ്വരൻ) എന്റെ വിദ്യാർത്ഥിയായിരുന്നു. അശോകന്റെ പ്രസ്സിലാണു് ‘ഉത്തരം’ മാസികയും എന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളുടെ ഒരു ചാപ് ബുക്കും (അന്നു് ആ വാക്കുണ്ടായിരുന്നില്ല) ജയശീലന്റെ ആദ്യ സമാഹാരവും:… അച്ചടിക്കുന്നതു്. എത്ര സായാഹ്നങ്ങൾ അവിടെ ചിലവിട്ടു. അതൊരു ദീർഘ കഥയിലെ ഒരദ്ധ്യായം മാത്രം.
വി. കെ. എം. സുബൈർ:
‘ഗോളശാസ്ത്രം’ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ദാമോദർ പ്രസാദ്:
മലയാളത്തില പ്രസിദ്ധീകരണ സാങ്കേതിക വിദ്യയുടെ ആത്മാനുഭവ ചരിത്രം ഒന്നു രേഖപ്പെടുത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു…
E. P. Unny: Cartoons
കെ. ജി. എസ്.:
ഇ. പി. ഉണ്ണിയുടെ കാർട്ടൂൺ പക്ഷിവംശമാണു് കാർട്ടൂണുകൾ. ചിറകില്ലാത്ത, ഇരിപ്പിൽ പറക്കലില്ലാത്ത, കൂർത്ത കൊക്കില്ലാത്ത, ആഴത്തിലേക്കു് നോട്ടത്തിന്റെ മൂർച്ചയെത്താത്ത, ഒറ്റയിൽ പറ്റം തോന്നിക്കാത്ത, കാർട്ടൂണില്ല. വരക്കളിയല്ല ഉൾക്കാഴ്ചയുടെ വരക്കാര്യമാണു് കാർട്ടൂണുകളിലെ ചലനഭാഷ. ആംഗികം ലയിച്ച വാചികം. പക്ഷികളെപ്പോലെ കാർട്ടൂണുകൾക്കുമില്ല രൂപാവർത്തനത്തിൽ വേവലാതി. കൂത്തും കൂടിയാട്ടവുമെല്ലാം ഒരേ കൂത്തമ്പലത്തിൽ. മാറുന്നതു് അരങ്ങല്ല കഥയാണു് കാർട്ടൂണിലും. മാറി മാറി വരേണ്ടതില്ല മാധവചാക്യാരോ നസീറുദ്ദീൻ ഷായോ സഞ്ജീവ് കുമാറോ ഇർഫാൻഖാനോ ഒമർഷെറീഫോ സുകുമാരിയോ ലളിതയോ പോലെ കാർട്ടൂൺ നായകരും പ്രതിനായകരും. മാറിയാലും അത്യാഹിതമൊന്നുമില്ല. എങ്കിലും കണ്ടതു് തന്നെ കാണുന്നതിലും കേട്ടതു് തന്നെ കേൾക്കുന്നതിലും കുടിച്ചതു് തന്നെ കുടിക്കുന്നതിലും രസിക്കുന്നുണ്ടു്, ആസ്വാദനത്തിലൂടെ ആവുന്നത്ര ചരിത്രപ്രോട്ടീൻ എടുക്കുന്നുണ്ടു്, നമ്മിലെ രസ മെഷീൻ. ഇന്നു് രാവിലെ സായാഹ്നയിൽ ഇ. പി. ഉണ്ണിയുടെ കാർട്ടൂൺ കണ്ടപ്പോൾ ഞാനിങ്ങനെ കാടു് കേറി. ബാംഗ്ലൂരിൽ എനിക്കു് മൂന്നു് സുഹൃത്തുക്കൾ. ഒരാൾ ജയശങ്കർ. എന്നും രാവിലെ ജയശങ്കർ ഇ. പി. ഉണ്ണിയുടെ കാർട്ടൂൺ അയച്ചുതരും. ഞായർ കാർട്ടൂൺ മുടക്കം. അതിനാൽ തിങ്കൾ രണ്ടു് കാർട്ടൂൺ. മുഴുവൻ ഉണരാൻ രാവിലെ ഉണ്ണിയുടെ കാർട്ടൂണും കൂടി വരണം എന്നൊരഡിക്ഷൻ തെണർത്തു് തുടങ്ങുന്നുണ്ടോ മനസ്സിലെന്നു് ശങ്കയില്ലാതില്ല. കെ. എം. മധുസൂദനന്റെ ചെമ്മൺതരികൾ ചിതറിവീണ നിലത്തെ വരകളാണു് മറ്റൊരുദയ വരവു്. ആഴത്തിലേക്കു്, ചരിത്രത്തിലേക്കു്, രണ്ടു് വഴി. രണ്ടു് സഞ്ചാരം. ഇപ്പോൾ സായാഹ്നയും. ഒരു ഫോക്-ക്ലാസിക്കൽ-മോഡേൺ ഫ്യൂഷൻ നരേറ്റീവായാണു് എനിക്കിപ്പോൾ നേരം വെളുക്കുന്നതു്. ഉറ്റ ചങ്ങാതിയെപ്പോലെയാണു് ഇ. പി. ഉണ്ണിയുടെ കാർട്ടൂൺ. വിടില്ല. പിടിച്ചു് നിർത്തും. അല്ലെങ്കിൽ കൂടെപ്പോരും. പറഞ്ഞും കാണിച്ചും കൂട്ടിക്കൊണ്ടു് പോകും. പണ്ടു് കണ്ട കാർട്ടൂണുകൾ ആ യാത്രയിൽ കൂടെച്ചേരും. ഭൂമിയുടെ കഴുത്തിൽ കനത്ത കാൽമുട്ടമർത്തി ഞെരിക്കുന്ന ട്രമ്പ്, അറ്റ്ലസിന്റെയും ലോകരക്ഷകരുടേയും അന്തകൻ, നിൽക്കുന്നതു് കാണിച്ചു് മുമ്പൊരു നാൾ; നെയ്വേലിയിലേയും വിശാഖിലേയും ധർമ്മത്താഴുകളുടെ തകർച്ച കാണിച്ചു് ഇന്നു്; ഉണ്ണി കൊണ്ടു് പോയതു് ആലീസ് പോയതിലും ആഴത്തിലേക്കു്. ലിപികൾക്കെല്ലാം മുമ്പത്തെ എഴുത്തുവടിവുകളുടെ ആദിയൂരിലെ കാലടയാളങ്ങളിലേക്കു്. ചിത്രങ്ങൾക്കെല്ലാം മുമ്പത്തെ ഗുഹാരേഖകളുടെ ഗോത്രത്തിലേക്കു്. അവയുടെ പ്രാചീനമായ ഇണക്കത്തിലേക്കു്. നവീനമായ ലംഘനങ്ങളിലൂടെയും വിമർശനങ്ങളിലൂടെയും അവ നേടുന്ന വെളിവിന്റെ സ്വാതന്ത്ര്യത്തിലേക്കു്. കാഴ്ച തന്നെ സ്പർശമാവുന്ന പുതിയ മൈദാസ് ടച്ചിലേക്കു്. പുതിയതിലെല്ലാം മുന നീട്ടുന്ന പ്രാകൃതത്തിലേക്കു്. ഫാക്ടറിക്കു് മുന്നിൽ ചിതറിയ കാലടയാളങ്ങളേയുള്ളൂ. കാലുകളില്ല. കാലുകൾ മാഞ്ഞു പോയി. പഴയതോ പുതിയതോ ആയ ദുരന്തത്തിൽ. ആൾവടിവു് ബാക്കി വെക്കാതെ. ചിരിപ്പിക്കണമെന്നു് യാതൊരു നിർബന്ധവുമില്ല ഉണ്ണിയുടെ കാർട്ടൂണിനു്. എവിടെയാണു് എന്തു് ജീവിതമാണു് നാം ജീവിക്കുന്നതെന്നു് കാണിക്കണമെന്നു് നല്ലോണമുണ്ടു് ആ വരമൊഴികൾക്കു്. വെറുമൊരു നർമ്മച്ചതുരമല്ല കാർട്ടൂൺ എന്നു് എല്ലാ ഭാഷയിലും എഴുതി വെച്ചിരിക്കുന്ന വലിയ അറിയിപ്പ് പലക ഏതു് നല്ല കാർട്ടൂണിലും കാണാം. ചരിത്രം, നീതിവിചാരം, പ്രതിരോധം, ജനാധിപത്യദർശനവും കൊളുത്തി വീശി വേണം ഇന്നു് കാർട്ടൂണിൽ വഴി നടക്കാൻ. ശങ്കർ, കുട്ടി, വിജയൻ, അരവിന്ദൻ, അബു, ആർ. കെ. ലക്ഷ്മൺ, ഉണ്ണി, ഗോപീകൃഷ്ണൻ, സാമുവൽ, എന്നിവരും യൂറോപ്യൻ അമേരിക്കൻ കാർട്ടൂണിസ്റ്റുകളും വസിക്കുന്ന പോസ്റ്റ് കൊളോണിയൽ അതിജാഗ്രതാവാർഡിൽ പ്രത്യേകിച്ചും. വരയ്ക്കുമ്പോൾ കൈ വിറയ്ക്കുന്നതു് കൊണ്ടു് മാത്രമാണു് അബുവിന്റെ രൂപങ്ങളിൽ അസ്ഥിരതയുടെ ഓളം തോന്നുന്നതെന്നൊരാൾ പറഞ്ഞു. അചഞ്ചലം അതിന്റെ ഉള്ളു്; അടിയന്തിരാവസ്ഥക്കാലം ചൂണ്ടിപ്പറഞ്ഞു. ഒപ്പിടാൻ ഇനിയും ഓർനൻസുകൾ ബാക്കിയുണ്ടെങ്കിൽ പ്ലീസ് വെയിറ്റ് എന്ന ഫക്രുദീൻ അലി അഹമ്മദിന്റെ ബാത്ടബ് സീൻ ആരു് മറക്കാൻ. എനിക്കൊരു ചൈനീസ് കാർട്ടൂണിസ്റ്റിനെ കാണണമെന്നുണ്ടായിരുന്നു. ജനിക്കുമ്പൊഴേ കാർട്ടൂൺ രൂപങ്ങളായ വ്യാളിയും പുരാവൃത്തങ്ങളായ നേതാക്കളും ചരിത്രവുമുള്ള രാജ്യമുണ്ടെങ്കിൽ അതും കാണണമെന്നുണ്ടായിരുന്നു. കാണും മുമ്പേ വെങ്കിടി വന്നെന്നെ കെ എൽ എഫി ലേക്കു് കൂട്ടിക്കൊണ്ടു് പോയി. നമുക്കിത്തിരി കടലു കാണാന്നു് പറഞ്ഞു. കണ്ടു. ഉണ്ണിയുടെ കൃതികൾ കിട്ടി. ഉണ്ണി വായിച്ച കേരള/ലോകത്തിരകൾ കണ്ടു. കുറച്ചപ്പുറത്തു് കുന്നു് കണ്ടു. കനകക്കുന്നു്. കുന്നിൻ പുറത്തു് നിന്നു് ഇ. പി. ഉണ്ണി സംസാരിക്കുന്നു. ഫാസിസ്റ്റുകൾ കാർട്ടൂണിസ്റ്റുകളെ പീഡിപ്പിക്കുന്നതിനെതിരേ രോഷം, പ്രതിഷേധം. മൊബൈലിൽ എനിക്കൊരു വിളി വന്നു. യന്ത്രവുമായി ഞാൻ പുറത്തിറങ്ങി. കഥയും കവിതയും പോലെ കാർട്ടൂണും ആദരിക്കപ്പെടാനാണു് ഈ ഉത്സവത്തിനു് ‘ക’ എന്നു് ഞങ്ങൾ പേരിട്ടതെന്നു് മൊബൈൽ. അങ്ങനെ ഇന്നത്തെ കാടുകേറ്റം സമാപ്തം.
വെങ്കിടേഷ് രാമകൃഷ്ണൻ:
ഹാ… മനോഹരം. ഈ കാടു കയറൽ
ഇ. പി. ഉണ്ണി:
ഉണ്ണി പാല‘ക്കാടു’ നിന്നറിയിക്കുന്നു കെ. ജി. എസ്.-നു പാല‘ക്കാടു’ കയറിയവന്റെ നന്ദി. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ സഭാകമ്പം.
ലിസ്സി മാത്യു:
നമ്മൾക്കിതൊക്കെ കമ്പമാണു് അതുകൊണ്ടു് സഭാകമ്പം വേണ്ട
അഷ്റഫ്:
വലിയ സംഗീതജ്ഞർ അവരവർക്കു് വേണ്ടി മൂളുന്ന പാട്ടിന്റെ ഇമ്പം കൂടിയാണു്, വലിയ എഴുത്തുകാർ ഇങ്ങനെ കാടു് കയറുമ്പോൾ അനുവാചകർക്കു് കിട്ടുന്ന രസം…!!
കെ. സച്ചിദാനന്ദൻ:
കെ. ജി. എസ്. കവിതയ്ക്കൊപ്പം കൂടുതൽ ഗദ്യവും എഴുതിയിരുന്നെങ്കിൽ എന്നു് ആ കൊതിപ്പിക്കുന്ന ഗദ്യം കാണുമ്പോഴൊക്കെ തോന്നും.
റാണി സാന്റി ജോസഫ്:
ചിരിപ്പിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതുമാണു് ശ്രീ ഉണ്ണിയുടെ കാർട്ടൂണുകൾ. അതു് കൂടുതൽ ശ്രദ്ധിക്കുന്നതു് സത്യത്തിൽ സായാഹ്നായിലൂടെയാണു്. കെ. ജി. എസ്. അതിനെഴുതിയ ആസ്വാദനക്കുറിപ്പു് അദ്ഭുതപ്പെടുത്തി. കാർട്ടൂണിനും ഇങ്ങനെ ചില വ്യക്തിത്വമുണ്ടെന്നതു് വലിയൊരു തിരിച്ചറിവാണു്. ഇപ്പോൾ അതങ്ങനെ പക്ഷിയായി എനിക്കു് ചുറ്റും ചിറകടിക്കുന്നു. ചുറ്റും കൊറോണയുടെ ഭീകരനൃത്തമുണ്ടു്. അതിനപ്പുറമാണു് സായാഹ്നയുടെ വ്യത്യസ്തമായ ഈ വിഭവം. നന്ദി.
നിസാർ അഹമ്മദ്: മലയാളിയുടെ ഗൃഹസ്ഥാശ്രമവും വാസ്തു ഉയർത്തുന്ന ചോദ്യങ്ങളും
രജീഷ്:
നിസാർ അഹമ്മദിന്റെ ലേഖനത്തിലെ ഒരു (ഒരേയൊരു) അക്ഷരത്തെറ്റു് വീണ്ടും യൂണികോഡ് സ്റ്റാൻഡേഡിലെ ‘ന്റ’ എന്ന കൂട്ടക്ഷരത്തിന്റെ എൻകോഡിങ് പ്രശ്നത്തെക്കുറിച്ചു് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. “ഓൻറി ലഫവ്ര” (Henri Lefebvre) എന്ന ചിന്തകന്റെ പേരിന്റെ ആദ്യഭാഗം ഉച്ചരിക്കുന്നതു് (എഴുതുന്നതും) “ൻ + റ” എന്നാണു്. മലയാളത്തിൽ ആ കൂട്ടക്ഷരം വരുന്ന വാക്കുകളില്ല, നമുക്കു് “ന്റ” (നു് + റ) മാത്രമേയുള്ളൂ. “ൻറ” എന്നെഴുതിയാൽ സന്ദർഭമനുസരിച്ചു് nta എന്നോ nra എന്നോ വായിക്കാൻ നമ്മൾ ശീലിച്ചിട്ടുണ്ടു്, എന്നാൽ ന്റ (stacked form) എന്നെഴുതിയാൽ മലയാളി nta എന്നുമാത്രമേ (ശരിയായി) വായിക്കുകയുള്ളൂ. യുണികോഡിൽ “ന്റ” കോഡീകരിച്ചതിലുള്ള അവ്യവസ്ഥകൾ (ൻ + ് + റ) ഇതിനകം വിമൎശനവിധേയമായിട്ടുണ്ടു്; അതു് യുണികോഡിന്റെ പുതിയ പതിപ്പു് (13.0) പോലും തിരുത്തിയിട്ടില്ല (അവലംബം: യുണികോഡ് സ്റ്റാൻഡേഡ് 13.0, അദ്ധ്യായം 12.9, പട്ടിക 12–41). അടുത്ത പതിപ്പിൽ ഈ പ്രശ്നം തിരുത്താനുള്ള നിർദ്ദേശം ഉണ്ടെന്നാണറിഞ്ഞതു്. എന്നാൽ തനതുലിപിയിൽ (സായാഹ്ന ഉപയോഗിക്കുന്നതു് തനതുലിപി ഫോണ്ടാണു്) “ൻ + റ” എന്നെഴുതിയാൽ ‘ൻറ’ (horizontal) എന്നും, “നു് + റ” എന്നെഴുതിയാൽ ‘ന്റ’ (stacked) എന്നും ശരിയായി കാണിക്കും. “ഓന്റി” എന്നതു് “ഓൻറി” എന്നു് ലേഖനത്തിൽ തിരുത്തുമല്ലോ.
കെ. എച്ച്. ഹുസൈൻ:
സംകല്പങ്ങൾ, സംകല്പനങ്ങൾ, സംകീർണ്ണം, സംകുചിതം… മലയാളഗദ്യത്തിന്റെ മാനകീകരണത്തിനു് കടമ്പകളേറെയുണ്ടെന്നാണു് നിസാറിന്റെ എഴുത്തു് തരുന്ന സൂചനകൾ. പാർപ്പിടത്തിൽനിന്നും പുരയിടം പോയതുപോലെ, കുടുംബത്തിൽ ഗൃഹം വാസമുറപ്പിച്ചതുപോലെ ഉത്തരാധുനികപദാവലികളെ പ്രത്യേകം കുടിയിരുത്തേണ്ടി വരും.
സഞ്ജയൻ: ആ വമ്പിച്ച പ്രേരണ, കള്ളവാക്കുകള്‍
ഉണ്ണി:
നന്ദി. സാഹിത്യ നികഷം കൂടി നോക്കണം.
സി. സി. ജെ. ജോർജ്ജ്:
“കള്ളവാക്കുകൾ” എന്ന കുറിപ്പു് നമ്മുടെ സാങ്കേതികപദനിർമ്മാണ ശാലകൾക്കു് വെളിച്ചമാകട്ടെ.
മുകുന്ദനുണ്ണി:
തെളിവാർന്ന (ആക്ഷേപ) ഹാസ്യം!
കെ. സച്ചിദാനന്ദൻ: കബീറിന്റെ ലഘുകവിതകള്‍
കെ. ജി. എസ്.:
കബീർ തെളിമലയാളത്തിലെഴുതി സച്ചിദാനന്ദനെ ഏല്പിച്ചതു് പോലെ. കുളിർപ്പുലരിയിൽ ആഴക്കുളിർ. ഉചിതം സാരസാന്ദ്രം ആത്മഹരം.
ദാമോദർ പ്രസാദ്:
സച്ചി കബീർ എന്ന പി ഡി എഫിന്റെ നാമകരണം രസകരമായി. കബീർ കവിതയുടെ മൊഴിമാറ്റത്തിനു് പ്രത്യേക മിഴിവു് നല്കുന്നു മോഹനന്റെ ചിത്രങ്ങൾ.
എസ്. ഗോപാലകൃഷ്ണൻ:
നന്ദി… മനോഹരമാണു് ഈ മൊഴിമാറ്റങ്ങൾ.
കെ. സച്ചിദാനന്ദൻ:
മുഖവുരയിൽ ആദി ഗ്രന്ഥത്തിലെ പഠനങ്ങൾ എന്നു കണ്ടു, പാഠങ്ങൾ ആണു്. (texts, not studies) പ്രതികരണങ്ങൾക്കു് ഏറെ നന്ദി. കുറുക്കിപ്പറയാനുള്ള ശ്രമത്തിൽ ചില ദുരൂഹ സംയുക്തങ്ങൾ വന്നിരിക്കാം, വീണ്ടും നോക്കാം. കബീർ മലയാളത്തിലല്ലാ എഴുതിയതെന്നതിനു് തെളിവുകളില്ല, കബീറിനെക്കുറിച്ചുള്ള പല കാര്യങ്ങളെയും കഥകളെയും പോലെ. അദ്ദേഹം തിരുമൂലരെ പരിഭാഷ ചെയ്തതാണെന്നും വരാം. നെയ്ത്തുകാർ നെയ്തു കൊണ്ടേയിരിക്കുന്നു, തൂക്കണാംകുരുവി മുതൽ കബിരാ സാഹിബാ വരെ.
ദാമോദർ പ്രസാദ്:
സന്ത് കബീറിന്റെ പ്രധാനപ്പെട്ട പിന്തുടർച്ചക്കാരിലൊരാൾ മലയാളിയല്ലെ?
കെ. സച്ചിദാനന്ദൻ:
ഒന്നല്ല. എങ്കിലും ശ്രീനാരായണഗുരുവിന്റെ ദാർശനിക സമീപനം പൂന്താനത്തെയും എഴുത്തച്ഛനെയുംകാൾ കബീറിനോടു് അടുത്തു നിൽക്കുന്നു – വൈഷ്ണവ/നിർഗുണ – ശൈവ വ്യത്യാസങ്ങൾക്കുമപ്പുറം.
ലിസ്സി മാത്യു:
എഴുത്തച്ഛനെയും കബീറിനെയും ദാർശനികമായി ഒന്നിപ്പിക്കാനാകുമോ.
എസ്. ഗോപാലകൃഷ്ണൻ:

“പുരുഷാകൃതി പൂണ്ട ദൈവമോ?

നരദിവ്യാകൃതി പൂണ്ട

ധർമ്മമോ?

പരമേശപവിത്ര പുത്രനോ?

കരുണാവാൻ നബി

മുത്തുരത്നമോ?”

(ശ്രീ നാരായണ ഗുരു: അനുകമ്പാദശകം: 7)

കെ. സച്ചിദാനന്ദൻ:
ഒരതിരു വരെ. രണ്ടു പേരും രാമഭക്തർ. ശൂദ്രനായ എഴുത്തച്ഛൻ മലയാളികളുടെ വേദാചാര്യനായി, സംസ്കൃതത്തിൽ വ്യുത്പത്തിയുണ്ടായിട്ടും മലയാളത്തിലെഴുതി (മേല്പത്തൂരിനെപ്പോലെ സംസ്കൃതത്തിലെഴുതിയില്ല) തന്റെ രാമായണം യാചകർക്കും ശവം ദഹിപ്പിക്കുന്നവർക്കും ഋതുമതികൾക്കുമെല്ലാം ഒരു പോലെ പാരായണം ചെയ്യാമെന്നു് ആ കാവ്യത്തിന്റെ ആരംഭത്തിൽ തന്നെ പറഞ്ഞു. എന്നാൽ കബീറിനെപ്പോലെ പ്രത്യക്ഷമായി പൗരോഹിത്യത്തിനും ദുരാചാരങ്ങൾക്കുമെതിരെ സംസാരിക്കയോ മതാശ്രിതമല്ലാത്ത ഒരാത്മീയത പ്രകടമായി മുന്നോട്ടു വെയ്ക്കുകയോ ചെയ്തില്ല. എന്നാൽ അദ്വൈതസ്വാധീനം (മായ, ഏകബ്രഹ്മം, ജീവാത്മ-പരമാത്മദ്വൈതത്തിന്റെ നിരാകരണം…) രണ്ടു പേരിലുമുണ്ടു്, ജനകീയമായ ഒരാത്മീയത ഇരുവരും മുന്നോട്ടു വെയ്ക്കുന്നുണ്ടു്. ഇരുവരുടെയും രാമസങ്കല്പം ആത്യന്തികമായ ഒരു ദൈവത്തോടടുത്തു നിൽക്കുന്നു; ഇരുവരിലും നരസി മേത്തയിലും സൂർദാസിലും ഒറിയാ മുസ്ലീം ഭക്തകവി സലബേഗായിലും മീരയിലും (പിന്നീടു് ഗാന്ധിയിലും) കണ്ട വൈഷ്ണവത്വം മുന്നിട്ടു നിൽക്കുന്നു. കബീറിൽ സൂഫി സമാനമായ ഒരു സമീപനം—മാദ്ധ്യസ്ഥമില്ലാതെ അള്ളായോടു സംസാരിക്കുക, അനുഭൂതിയെ പുസ്തക ജ്ഞാനത്തിനു മുകളിൽ വെയ്ക്കുക—കാണാം, അതിന്റെ പ്രഭവം വ്യക്തമല്ലെങ്കിലും ഗുരുക്കളെയും പീർമാരെയും കുറിച്ചു് കബീർ ആദരവോടെ സംസാരിക്കുന്നുണ്ടു്—മതം ഉപജീവനമാക്കിയ ബ്രാഹ്മണരോടും മുല്ലാമാരോടും ഒട്ടും ബഹുമാനമില്ല താനും) പല താരതമ്യങ്ങളും കൊണ്ടുവരാനുള്ള പ്രലോഭനം അടക്കിവെയ്ക്കുന്നു.
ലിസ്സി മാത്യു:
കൂടുതൽ അറിവുകൾ/താരതമ്യം പ്രതീക്ഷിക്കുന്നു സാർ. കൗതുകകരം!
ശ്രീദേവി കർത്താ:
മനന സാധ്യതയുള്ള സാഖികൾ ഒറ്റയടിക്കു് വായിക്കാനാകില്ല… ഇന്നത്തേക്കു് ഇതു് മതി

“ആർക്കുമേ തിരിയുകില്ലാ

എൻ കിഴക്കൻ പേച്ച്,

ആർക്കതു തിരിയുേമാ ആ

ആൾ കിഴക്കൻ തന്നെ”

(ബോലീ ഹമരീ പൂരബീ)

എസ്. എ. ഷുജാദ്:
സൂഫി കവിതാധാരകളെ പരിചയപ്പെടണമെങ്കിൽ റൂമി, നാമയുൾപ്പെടെയുള്ളവരുടെ വിവർത്തനങ്ങൾ കൂടി വായിക്കേണ്ടിയിരിക്കുന്നു. സച്ചിദാനന്ദന്റെ മികച്ച പരിഭാഷയും നന്ദി.
സി. സന്തോഷ് കുമാർ: ഒരു തെങ്ങുകയറ്റക്കാരന്റെ ജീവിതത്തിൽ നിന്ന് ആറു ഖണ്ഡങ്ങൾ
സതീഷ് ബാബു പയ്യന്നൂർ:
അസ്സൽ കഥ… തരളവും സരളവുമായ ആഖ്യാനം… കൊട്ടിഘോഷിക്കപ്പെടാത്ത ദാർശനികത… ഒരു ഡസൻ കഥകൾക്കു മേൽ എഴുതിയിട്ടില്ലാത്ത, ഞാൻ ഇതിനുമുൻപു് വായിച്ചിട്ടില്ലാത്ത ഈ കഥാകൃത്തു് നിറസമൃദ്ധിയോടെ കുലച്ചു നിൽക്കുന്ന ഒരു കൂറ്റൻ തെങ്ങു പോലെ വായനക്കാർക്കു മുന്നിൽ തലയുയർത്തി നിൽക്കുന്നതായി തോന്നുന്നു… സന്തോഷവും നന്ദിയും, സായാഹ്നയുടെ ഈ കണ്ടെത്തലിനു്… എല്ലാ പ്രിയങ്കരർക്കും സ്നേഹപ്രഭാതം നേർന്നുകൊണ്ടു്…
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
കെ. എച്ച്. ഹുസൈൻ:
പതിനഞ്ചുവർഷങ്ങൾക്കു ശേഷം രചന ഫോണ്ടു് റീഡിസൈൻ ചെയ്തു് സി വി ആറിനു് അയച്ചുകൊടുത്തു. RIT-Rachana എന്നു് പേരിൽ രജീഷ് അതു് നിർമ്മിച്ചുകൊണ്ടിരിക്കുകയാണു്. അക്ഷരങ്ങൾ എത്ര ഭേദപ്പെട്ടു എന്നു് അശോകൻ തീർച്ചപ്പെടുത്തണം. എന്നാലെ സായാഹ്നയിൽ അതു് പ്രത്യക്ഷപ്പെടൂ. ഞാൻ കാത്തിരിക്കുന്നു. If you optimize everything, you will always be unhappy. DONALD KNUTH
ഡോ. ഇ. എം. സുരജ:
സായാഹ്നയുടെ കേരളപാണിനീയം കഴിഞ്ഞ ദിവസമാണു് നോക്കാൻ സാധിച്ചതു്. കയ്യിൽ അച്ചടിപ്പതിപ്പുണ്ടായിരുന്നതുകൊണ്ടുകൂടിയാണു് ഇതു്. എന്നാൽ, ഡിഗ്രി വിദ്യാർത്ഥികളിൽ പലർക്കും ഇപ്പോൾ കേരളപാണിനീയം വാങ്ങിക്കാനോ ലൈബ്രറിയിൽ നിന്നെടുക്കാനോ പറ്റാത്തതുകൊണ്ടാണു് ഇ-പതിപ്പിനെക്കുറിച്ചു് അന്വേഷിച്ചതു്. ഏറ്റവും മനോഹരമായും തെറ്റുകളില്ലാതെയും സംവിധാനം ചെയ്ത സായാഹ്നയുടെ കേരളപാണിനീയം ഏറെ പ്രയോജനപ്പെട്ടു എന്നു് സന്തോഷത്തോടെ അറിയിയ്ക്കട്ടെ. ഹൈപ്പർ ടെക്സ്റ്റ് ആയതുകൊണ്ടു്, ആവശ്യമുള്ള പേജുകളിലേയ്ക്കു് എളുപ്പത്തിൽ പോകാം എന്ന സൗകര്യവുമുണ്ടു്. ഒരിക്കൽക്കൂടി, എന്റെയും വിദ്യാർത്ഥികളുടേയും പേരിലുള്ള നന്ദി.
ലിസ്സി മാത്യു:
നമ്മുടെ കാമ്പസുകളിൽ ഓൺലൈൻ കാലത്തു് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താവുന്നതാണു് സായാഹ്നപുസ്തകങ്ങൾ.
അനുപ:
സായാഹ്ന പ്രസിദ്ധീകരിക്കുന്ന ഫോൺ പതിപ്പുകളിൽ ഹൈപ്പർലിങ്ക് സൗകര്യം ഉണ്ടു്. (ടെക്സ്റ്റിൽ കാണുന്ന നിറമുള്ള അക്ഷരങ്ങൾ ഹൈപ്പർ ലിങ്കുകളാണു്. വായനക്കാരിൽ കുറെ പേരെങ്കിലും ഇതുപയോഗപ്പെടുത്തുന്നില്ല എന്ന നിരീക്ഷണമാണു് ഈ അറിയിപ്പിനു കാരണം). പാഠത്തിനിടയിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന വാക്കുകളിലൂടെ ആ വാക്കുകളുമായി ബന്ധപ്പെട്ട സൈറ്റുകളിലേയ്ക്കു പോകാൻ കഴിയും. സാഹിത്യവാരഫലം പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ ധാരാളം ഗ്രന്ഥകർത്താക്കളുടെ പേരിനൊപ്പം ഈ സൗകര്യമുണ്ടു്. നിങ്ങൾക്കു പ്രിയപ്പെട്ട വിഷയത്തെക്കുറിച്ചോ രചയിതാവിനെക്കുറിച്ചോ കൂടുതൽ അറിയാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണു്.
സി. വി. രാധാകൃഷ്ണൻ:
സായാഹ്നയിൽ ആദ്യ പ്രൂഫുകൾ തയ്യാറാവുന്നതു് ഉച്ചയ്ക്കുശേഷം നാലു മണിയോടുകൂടിയാണു്. ഇവ പിന്നീടു് പ്രൂഫ് വായിക്കാനായി പ്രവർത്തകരുടെ അടുത്തെത്തുന്നു. രണ്ടു പ്രവർത്തകരാണു് ഇപ്പോൾ ഈ സേവനത്തിനുള്ളതു്. പലപ്പോഴും അവരുടെ നിത്യതൊഴിലിന്റെ സമ്മർദ്ദങ്ങളിൽപെട്ടു് കൃത്യമായി അവരുടെ സേവനം കിട്ടണമെന്നില്ല. അതുകൊണ്ടു് പൂർണ്ണമായും തെറ്റുകളില്ലാത്ത പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ കഴിയുന്നില്ല എന്ന സത്യമറിയുക. വായനക്കാർ ഈ സേവനത്തിനായി മുന്നോട്ടു വരികയാണെങ്കിൽ നമുക്കു് തെറ്റുകൾ തീരെയില്ലാത്ത പതിപ്പുകൾ നൽകാൻ കഴിയും. താല്പര്യമുള്ളവർ ഈ ഗ്രൂപ്പിലൂടെ അറിയിക്കുക. വരി നമ്പ്ര മാർജിനിൽ കൊടുത്തിട്ടുള്ള പ്രൂഫുകൾ ലഭ്യമാക്കാം. തെറ്റുകൾ റഫർ ചെയ്യാൻ വളരെ എളുപ്പമായിരിക്കും. പ്രൂഫിങ്ങിനു പ്രത്യേകം ഗ്രൂപ്പ് സൃഷ്ടിക്കുകയും അതുവഴി തിരുത്തുകൾ അറിയിക്കുകയും ചെയ്യാം. വെറും മുപ്പതു-നാല്പതു് മിനിട്ടുകൊണ്ടു് പൂർത്തിയാക്കാവുന്ന പണിയാണിതു്. ഈ ജനകീയപ്രസാധന പരിപാടിയിൽ വായനക്കാർ സജീവമായി പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

(ജൂലൈ 05 മുതൽ 11 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
സക്കറിയ: യേശുവിന്റെ ചില ദിവസങ്ങൾ
Rajaji Mathew Thomas:
I felt guilty, that I don’t read Zacharia’s Yeusuvinte Cila Divasangal. It renewed my understanding of Jesus. I waked up Duna (daughter). She read it. Then I read it for Santa (wife). I wept. It made me pure. Let every day make us pure to start something good and work for the world in which we are.
സി. സന്തോഷ് കുമാർ: ഒരു തെങ്ങുകയറ്റക്കാരന്റെ ജീവിതത്തിൽ നിന്നു് ആറു ഖണ്ഡങ്ങൾ
എം എചു് സുബൈർ:
‘സൽമ റേഡിയോസ്’ ‘നിശ്ശബ്ദം’ എന്നീ കഥകൾക്കു് ശേഷം സി. സന്തോഷ് കുമാറിന്റെ മറ്റൊരു മികച്ച കഥ. ഓരോ കഥകളിലും വ്യത്യസ്തമായ പ്രമേയങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അവയ്ക്കിണങ്ങുന്ന ഭാഷയുടെ സാധ്യതകൾ തിരയാനും അതോടൊപ്പം തന്റെ കഥന ശൈലി നിലനിർത്താനും ഈ കഥാകൃത്തു് ശ്രദ്ധിക്കുന്നു. മനുഷ്യനു് പ്രകൃതിയുമായുള്ള അദൃശ്യ തലത്തിലെ ബന്ധവും അതിനെ വരച്ചിടുന്നതിലൂടെ വായനക്കാരനു് നൽകുന്ന ദാർശനിക ഉൾക്കാഴ്ച്ചയുമാണു് സി. സന്തോഷ് കുമാറിന്റെ കഥകളുടെ പ്രത്യേകത. കണ്ണിൻ മുന്നിലെ വർത്തമാന കാല കാഴ്ചയല്ല മുകളിൽ നിന്നും താഴേക്കു് നോക്കുമ്പോൾ വെളിപ്പെട്ടു കിട്ടുന്ന പരിമിതികളില്ലാത്ത ദർശനം. ആ കാഴ്ച്ചയാണു് രാവുണ്ണിയെ ‘മുകളിലിരുന്നു് എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന’ ‘ബോധോദയ’ത്തിലേക്കു് ഉയർത്തുന്നതും, ദൈവത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീർത്തുകൊടുക്കുന്നതും. മറ്റൊരു മികച്ച കഥയുടെ വായനാനുഭവം നൽകിയ സന്തോഷ് കുമാറിനും സായാഹ്നക്കും നന്ദി.
നന്ദിനി മേനോൻ:
സി. സന്തോഷ് കുമാറിന്റെ കഥ മനോഹരം. പെട്ടെന്നു മുതിർന്നവളായി തോന്നിച്ച മകളുടെ കാന്തനോട്ടങ്ങൾ കണ്ടു് കാലിലിട്ട തള ഊരിപ്പോയതു പോലുള്ളച്ഛന്റെ ചിത്രത്തിനാണു് ഇനിയൊരാകാശക്കാഴ്ച്ചക്കു കഴിയാത്തവണ്ണം തളർന്ന ഭർത്താവിന്റെ ചിത്രത്തിനേക്കാൾ മിഴിവു കൂടുതൽ.
ജി. ശങ്കരക്കുറുപ്പു്: ഭാഷാ ദീപിക
ശ്രീദേവി എസ്. കർത്താ:
ആഹാ 1 മുതൽ 5 വരെയുള്ള അഭ്യാസങ്ങളെല്ലാം ചെയ്തു കഴിഞ്ഞു് മിടുക്കിക്കുട്ടി ആയിയിരിപ്പാണു് ഞാൻ രാവിലെ.
സെന്തിൽ:
“ഭാഷാ ദീപിക”യിലെ പാഠങ്ങൾ ഏറെ രസത്തോടെ വായിച്ചു. ഹൈസ്ക്കൂൾ കാലം ഓർത്തുപോയി. മലയാള വ്യാകരണ പാഠപുസ്തകങ്ങൾ ഉത്സാഹത്തോടെ വായിച്ചിരുന്ന കാലം. സായാഹ്ന വ്യത്യസ്തമായ വായനാനുഭവങ്ങൾ ഒരുക്കുന്നു. അനുമോദനങ്ങൾ.
കെ. എച്ച്. ഹുസൈൻ:
കുട്ടികൾക്കു് തനതുലിപി പരിചയപ്പെടുത്താനായി 2012-ൽ എന്റെ അന്തരിച്ച അമ്മാവൻ അബ്ദുൽ ഖാദർ എം. കുട്ടി (എപിൿ, മാഞ്ഞാലി) അച്ചടിച്ചിറക്കിയ ചെറിയൊരു കൈപ്പുസ്തകമാണു് ‘ഇലകൾ പച്ച, പൂക്കൾ മഞ്ഞ’. മലയാളം അദ്ധ്യാപകർ, പ്രത്യേകിച്ചു് മലബാർ ഭാഗത്തുള്ളവരാണു് ഇതു് കൂടുതലും കൈവശമാക്കിയതു്. അഞ്ഞൂറെണ്ണം അച്ചടിച്ചതിൽ അഞ്ചെട്ടു് കോപ്പികൾ ഇപ്പോൾ അവശേഷിക്കുന്നു. മരുമകൾ രെഹന (മൂന്നുപീടിക) കവറും ഉള്ളിലെ ചിത്രങ്ങളും വരച്ചു. SCERT, തിരുവനന്തപുരം ലൈബ്രറിയിൽ നിന്നു്. അന്നവിടെ ലൈബ്രേറിയനായിരുന്ന ഡോ. ലളിത പഴയ ചില പ്രൈമറി സ്കൂൾ പാഠപുസ്തകങ്ങൾ സംഘടിപ്പിച്ചു തന്നു. 1947-നും മുമ്പുള്ളതായിരിക്കുമെന്നാണു് ഓർമ്മ. ജി ശങ്കരക്കുറുപ്പ് കൊച്ചി പാഠാവലിക്കായി ഒന്നു്, രണ്ടു്, മൂന്നു് ക്ലാസ്സുകളിലേക്കു് തയ്യാറാക്കിയ പാഠങ്ങൾ ഇന്നും ഒരദ്ഭുതമാണു്. അട്ടഹാസങ്ങളും ചാട്ടങ്ങളും മാത്രമായി തകർന്നുപോയ ഇന്നത്തെ അക്ഷരപഠനങ്ങളിൽ (അപഠനം) നിന്നു് ഒരു പിന്തിരിഞ്ഞുനോട്ടം അത്യാവശ്യമാമെന്നു്. അതോർമ്മിപ്പിക്കുന്നു. ‘പഴയലിപി’യുടെ വീണ്ടെടുക്കൽപോലെ അക്ഷരാഭ്യസനത്തിലും കാര്യമായ വീണ്ടുവിചാരങ്ങൾ ആവശ്യമായിത്തീർന്നിരിക്കുന്നു.
E. P. Unny: Cartoons
കെ. സച്ചിദാനന്ദൻ:
ഇന്നത്തെ പുലരിക്കു തിളക്കം കൂടി. കേരളത്തിൽ വന്നതിൽ പിന്നെ ഇന്ത്യൻ എക്സ്പ്രസ് കാണാറില്ല. കിട്ടിയാൽ ആദ്യം നോക്കുക ഉണ്ണിയുടെ കാർട്ടൂൺ ആണു്. ലോക് ഡൗണിൽ പത്രമിടുന്നതു് നിർത്തിയപ്പോഴും രാജ് കമൽ ഝാ ഈ-മെയിലിൽ pdf അയച്ചു കൊണ്ടിരുന്നു. ആഴ്ച്ചയിലൊരിക്കലെങ്കിലും ഈ ചിരിയുടെ വരവും വരയുടെ ചിരിയുമായി വരിക. ചിരിക്കാൻ മറന്നു പോകുന്ന കാലമാണു്.
ദാമോദർ പ്രസാദ്:
ഹാസ്യം, ആക്ഷേപഹാസ്യം, വെറും തമാശ ഇതൊക്കെ കാർട്ടൂൺ എന്ന സങ്കല്പത്തിൽ ഉൾച്ചേർന്നതാണല്ലൊ. കാർട്ടൂൺ കാണാതെ തന്നെ കാർട്ടൂൺ എന്നു് കേൾക്കെ തന്നെ അതൊരു ചിരിയുണർത്തും. അതൊരു പക്ഷേ കാർട്ടൂൺ വരയുടെ വംശാവലിയും പാരമ്പര്യവും അങ്ങനെയായതുക്കൊണ്ടായിരിക്കാം. കോമിക്ക് സ്ട്രിപ്പ് കാർട്ടൂണിന്റെ ഒരു പ്രധാന ശാഖയാണല്ലൊ. ഇ പി ഉണ്ണിയുടെ പൊളിറ്റിക്കൽ കാർട്ടൂണിങ്ങാണു്. ചിരി ഒരുപക്ഷേ, ലക്ഷ്യമായിരിക്കെ, ഇ പി ഉണ്ണി നല്ല ആഴ്ത്തിലുള്ള രാഷ്ട്രീയ ചിന്തയ്ക്കു് പ്രാധാന്യം നല്കുന്ന കാർട്ടൂണിസ്റ്റാണു്. രണ്ടു് മൂന്നു് വാക്കുകൾ മാത്രം വരുന്ന കാപ്ഷനിൽ ഒരു രാഷ്ട്രീയ ദർശനം സംഗ്രഹിചിട്ടുണ്ടാകും. ചിന്തയ്ക്കു് വലിയ പ്രാധാന്യം നല്കുന്ന കാർട്ടൂണിങ്ങാണു് ഇ പി ഉണ്ണിയുടേതെന്നാണു്. ലോക്ക് ഡൗൺ സമയത്തു് നിരാലംബരും ഹതാശരുമായ കുടിയേറ്റ തൊഴിലാളികൾ കടുത്ത യാതനകളിലൂടെ കടന്നു പോകവേ ഇ പി ഉണ്ണിയുടെ കാർട്ടൂൺ ചിരിയിൽ നിന്നു്, പതുക്കെ പിൻവാങ്ങി ആ കടുത്ത യാതനയെ ആവിഷ്ക്കരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചതു്. ഇന്നത്തെ കാർട്ടൂണുകൾ നോക്കുക. ഗാന്ധിയും ജയശങ്കറും വരുന്ന കാർട്ടൂൺ ഒന്നു ശ്രദ്ധിക്കൂ. കൂർപ്പിച്ച ചുണ്ടുകളുള്ള ഗാന്ധി നമ്മുടെ പതിവു് ഔദ്യോഗിക ഗാന്ധി ചിത്രമല്ല. ചൈനയുമായുള്ള മത്സരത്തിൽ ഗാന്ധിയുടെ ഇത്തിരി ഉപ്പു ചേർത്തു കഴിക്കുക എന്ന വാചകത്തിൽ ഉപ്പിൽ ചരിത്രത്തിന്റെ ഗാഢമായൊരു വിളിയുണ്ടു്. വെറുമൊരു പുലർകാല ചിരിയെ ഉണർത്തുക എന്ന ഒരു പക്ഷേ കാർട്ടൂണിന്റെ പ്രാഥമിക കർത്തവ്യ നിർവ്വഹണത്തിനപ്പുറം ഒരു ദിവസത്തെക്കുള്ള മുഴുവൻ ചിന്തയ്ക്കുള്ള വക നല്കുന്നുണ്ടു്. അതു് പോലെ ടെസ്റ്റ് ക്രിക്കറ്റ് നോക്കൂ. ടെസ്റ്റ് എഡിറ്റ് ചെയ്തു ചെയ്തു വൺ ഡേയിൽ നിന്നു് റ്റ്വന്റ ി റ്റ്വന്റ ിയായി, പിന്നെ അഞ്ചു് ഓവർ കളിയായി ചുരുക്കി. അതാ, ലോക്ക് ഡൗണിനു ശേഷം ടെസ്റ്റ് ക്രിക്കറ്റ് തിരികെ വരുമ്പോഴാണു് സി ബി എസ് ഇ യുടെ ടെക്സ്റ്റ് എഡിറ്റിങ്ങ്! ലഘൂകരിക്കപ്പെട്ടു പോകുന്നതോ മനുഷ്യാനുഭവങ്ങളുടെ ഏറ്റവും അനിവാര്യമായ പാഠങ്ങളും. ആ നോർമൽ കാർട്ടൂൺ നോക്കൂ. അതിൽ യോഗി രാഷ്ട്രീയത്തിന്റെ വിമർശനം മാത്രമല്ല ദൃശ്യ മാധ്യമങ്ങളുടെ വർത്തമാന സ്ഥിതിയെയും വരച്ചിടുന്നു.
കെ. സച്ചിദാനന്ദൻ:
ദാമോദർ, ചിരി എന്നതു് ബുദ്ധിശൂന്യമായ ഒരു കാര്യമാണെന്നു് താങ്കൾ കരുതുന്നതായി തോന്നുന്നു. ഉണ്ണിയുടെ ഓരോ വാക്കിന്റെയും രാഷ്ട്രീയം തിരിച്ചറിയാത്ത ഒരാളായി എന്നെ കാണുന്നതിൽ ഖേദമുണ്ടു്. താങ്കളുടെ വ്യാഖ്യാനങ്ങൾ ആവശ്യമുള്ളവയല്ല ഉണ്ണിയുടെ ആസ്വാദകർക്കു് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ. ചിന്താശൂന്യമായ ചിരി ഉയർത്തുന്നവരെ ഞാൻ കാർട്ടൂണിസ്റ്റുകളായി കാണുന്നില്ല, അവർ കോമാളികളാണു്. ശങ്കർ, കുട്ടി, വിജയൻ ഈ പരമ്പരയ്ക്കു ആഴം നൽകിയ ആളാണു് ഉണ്ണി. ആഴമില്ലാത്ത ചിരി പൊള്ളയാണു്. അതെന്നോടു സംവദിക്കില്ല.
ദാമോദർ പ്രസാദ്:
എന്തുക്കൊണ്ടിങ്ങനെയൊരു പ്രതികരണം സച്ചി മാഷിൽ ഉണ്ടാക്കിയതെന്നു് എനിക്കു് അത്ര വ്യക്തമാകുന്നില്ല.
കെ. സച്ചിദാനന്ദൻ:
ചിരിയെക്കുറിച്ചു് ഞാനാണല്ലോ പോസ്റ്റ് ഇട്ടതു്.
ദാമോദർ പ്രസാദ്:
ശരിയാണു്. പക്ഷേ ഞാൻ ഒരു വരിയിൽ പോലും മാഷിന്റെ അഭിപ്രായത്തെ വിമർശിക്കുക പോലും ച്ചെയ്തിലല്ലൊ. കൂടുതൽ എഴുതാൻ രാവിലെ മാഷിനു് സമയം കിട്ടിയിട്ടുണ്ടാവില്ല. ഒരു രീതിയിൽ മാഷിന്റെ അഭിപ്രായത്തെ/നിരീക്ഷണത്തെ വികസിപ്പിക്കാനാണു് ശ്രമിച്ചതെന്നു് പറയാം.
കെ. സച്ചിദാനന്ദൻ:
വയസ്സാകുമ്പോൾ കൂടുതൽ സെൻസിറ്റിവ് ആകുന്നു. മറിച്ചാകാം വേണ്ടതു്. ക്ഷമ.
അഷ്റഫ്:
ഒരു ചെറിയ സുഷിരത്തിലൂടെ വിശാലപുറം ലോകം ഒന്നായിക്കാണുന്നതു് പോലെ, വയസ്സാകുമ്പോൾ നാം എല്ലാം മൊത്തത്തിൽ കാണാൻ തുടങ്ങുന്നു. ഒരു വിഷയത്തിൽ പ്രതികരിക്കുമ്പോൾ ആ വിഷൻ നമ്മെ ചതിച്ചേക്കാം. നമ്മുടെ പ്രതികരണവും കൊണ്ടു് സമയം കടന്നു പോയശേഷം മാത്രമേ, അതു് മനസ്സിലാക്കുവാനുള്ള വേഗത നാം ആർജ്ജിക്കുന്നുള്ളൂ. സായാഹ്നയുടെ ജാലകത്തിലൂടെ ഇവയൊക്കെ ജീവിതത്തിന്റെ രസങ്ങൾ ആയി കാണാം.
വിനോദ് ചന്ദ്രൻ: നവോത്ഥാനത്തിന്റെ ‘ഗുരു’നേരം
സി. സി. ജെ. ജോർജ്ജ്:
ഒരു തരത്തിൽ വിമോചകമായ ഒരു വായനയാണിതു്. ഗുരുവിന്റെ ഖരരൂപത്തിൽ നിന്നുള്ള വിമോചനം. യഥാർത്ഥഗുരു എന്നൊന്നും പറയുന്നില്ല. അങ്ങനെ ഒന്നല്ലല്ലോ (ഒന്നില്ല)? ഗുരുവിലെ നടനകാന്തി തേടുന്നു വിനോദ് ചന്ദ്രൻ.
സാബു ഹരിഹരൻ: വെറുമൊരു സായാഹ്നവാർത്ത
ആനന്ദീ രാമചന്ദ്രൻ:
സാബു ഹരിഹരന്റെ ‘ഒരു സായാഹ്ന വാർത്ത’: സമൂഹത്തിന്റെ മുന്നിൽ, തെറ്റുകളുടെ മുന്നിൽ നിസ്സഹായരായ മനുഷ്യർ, പ്രതികരിക്കാനാവാതെ, തിരിച്ചടിക്കാനാവാതെ… വേദനിപ്പിക്കുന്ന ആ സത്യം തുറന്നു് കാട്ടുന്ന കഥ.
ബിനോയ് വിശ്വം: ബാലറാം: ആശയഗംഭീരനായ മാർക്സിസ്റ്റ്
കെ. സച്ചിദാനന്ദൻ:
എനിക്കു് ആദരവു തോന്നിയിട്ടുള്ള ഇന്ത്യൻ ഇടതുപക്ഷ അക്കാദെമിക്കുകൾ പലരുമുണ്ടെങ്കിലും രാഷ്ട്രീയ നേതാക്കൾ കുറച്ചേയുള്ളൂ. അവരിൽ എൻ. ഇ. ബലറാം പ്രഥമസ്ഥാനത്തു വരും. പി. ഗോവിന്ദപ്പിള്ളയാണു് മറ്റൊരാൾ. ഒരു പക്ഷേ പുസ്തകങ്ങളോടും ആശയങ്ങളോടുമുള്ള അവരുടെ പ്രിയമാകാം കാരണം, വിശേഷിച്ചും ആശയപരമായ വിയോജിപ്പു് എല്ലാ പക്ഷങ്ങളിലും പ്രതീകാത്മകവും യഥാർത്ഥവുമായ വ്യക്തിഹത്യയിലൂടെ ആവിഷ്കരിക്കപ്പെടുന്ന ഇക്കാലത്തു്. ബിനോയ് വിശ്വത്തിന്റെ ഓർമ്മക്കുറിപ്പു് ഉചിതമായി.
ആനന്ദീ രാമചന്ദ്രൻ: ഇരുട്ടിന്റെ ആത്മാവു്
കെ. സച്ചിദാനന്ദൻ:
മനുഷ്യർ കണ്ടാമൃഗങ്ങളാവുകയും തമസ്സല്ലോ സുഖപ്രദം എന്നു് ശരിക്കും വിശ്വസിക്കാനാരംഭിക്കുകയും ചെയ്യുന്ന ഒരു കാലത്തു് സ്ത്രീപക്ഷത്തുനിന്നുളള ആനന്ദിയുടെ കഥയും ഒരു തീക്ഷ്ണപ്രതികരണമായി.
ആനന്ദീ രാമചന്ദ്രൻ:
സന്തോഷമുണ്ടു്, എന്റെ കഥയെക്കുറിച്ചു് സച്ചിദാനന്ദിനെപ്പോലുള്ളവരുടെ നല്ല അഭിപ്രായങ്ങൾ എനിക്കു് ഏറെ പ്രചോദനം തരുന്നുണ്ടു്.
സക്കറിയ: ഹോസെ മാർട്ടി: ക്യൂബൻ സ്വപ്നത്തിന്റെ രചയിതാവു്
കെ. സച്ചിദാനന്ദൻ:
ഹാ! ഒരിക്കൽ കൂടി ക്യൂബ സന്ദർശിച്ച പോലെ. ഹോസെ മാർട്ടിയുടെ ചില കവിതകൾ പരിഭാഷ ചെയ്തിരുന്നു; സക്കറിയായുടെ വിവർത്തനങ്ങൾ അസ്സലായി. അതെ, അധികാരം ലോകമെങ്ങും മാറുവിരിച്ചു് മാംസപേശികൾ പ്രദർശിപ്പിച്ചു നിൽക്കുമ്പോൾ നമുക്കു് ഈ പരാജിതരായ സ്വപ്നാടകരെ വേണം, നാം മനുഷ്യർ തന്നെ എന്നുറപ്പുവരുത്താൻ.
ഇ. വി. രാമകൃഷ്ണൻ:
ഹോസെ മാർട്ടിയുടെ വരികളിൽ തുടിക്കുന്ന സ്വപ്നങ്ങളും വിശ്വാസങ്ങളും വേറൊരു കാലത്തിന്റെതു്. അവയുടെ വിമോചകദൗത്യം നമ്മുടെ കാലത്തിനു പകരുന്നതു് മറ്റെവിടെയും കാണാത്ത ഊർജം. നമ്മുടെ നൂറ്റാണ്ടിനെ പാകപ്പെടുത്താൻ ഇത്തരം വരികൾ, ഓർമപ്പെടുത്തലുകൾ ഇനിയും വേണം.
പി. ശിവപ്രസാദ്:
എത്ര ഊർജ്ജമുള്ള, സൗന്ദര്യാത്മക ലോകമാണു് മാർട്ടിയുടെ കവിതകളിൽ! വെറുതെയല്ല ആ സമർപ്പിത ജീവിതം ഫിഡലിനെ, ചെയെ, സുഹൃത്തുക്കളെ ആവേശം കൊള്ളിച്ചതു്. നന്ദി, സക്കറിയ. സ്നേഹം, സായാഹ്ന.
അബ്ദുൽ കാദർ:
ഉരുളികുന്നത്തു് നിന്നും പുറത്തിറങ്ങി ഇത്ര സാന്ദ്രമായി/രാഷ്ട്രീയമായി ലോകത്തെ കണ്ട മലയാളി സക്കറിയ മാത്രമാണെന്നു്. തോന്നുന്നു. ഈ ക്യൂബൻ കുറിപ്പു് സൗന്ദര്യാത്മകം മാത്രമല്ല, വിപ്ലവത്തിന്റെ, വിപ്ലവരാഷ്ട്രീയത്തിന്റെ ദിശാസൂചി കൂടിയാണു്. ഹോസെ മാർട്ടി, ഫിഡൽ, ചെ-ത്രയം ക്യൂബൻ ജീവിതത്തിന്റെ ജൈവ ലായനിയിലെ ലവണമാകുന്നതിനെ സക്കറിയ നമുക്കു് ഒരു രസതന്ത്രജ്ഞനെപ്പോലെ കാണിച്ചു തരുന്നു. നന്ദി സക്കറിയ നന്ദി…

(ജൂലൈ 12 മുതൽ 18 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
കെ. അരവിന്ദാക്ഷന്‍: അവസാനത്തെ സന്ദര്‍ശക
രാജലക്ഷ്മി:
കെ. അരവിന്ദാക്ഷൻ എഴുതിയ അവസാനത്തെ സന്ദർശക വായിച്ചു. അപരിചിതമായ കഥാസന്ദർഭങ്ങളിലൂടെ, വായനക്കാരിൽ ഉത്ക്കണ്ഠയുണർത്തുന്ന ശൈലി. കഥാകാരനു് അഭിനന്ദനങ്ങൾ.
E. P. Unny: Cartoons
ആനന്ദീ രാമചന്ദ്രൻ:
ഒരു സമയത്തു് ഒ. വി. വിജയന്റെ കാർട്ടൂണുകൾ, ആകാലഘട്ടത്തിലെ രാഷ്ടിയ നിലപാടുകളുടെ പൊളിച്ചെഴുത്തായിരുന്നു. ഇന്നു് ഉണ്ണി ആ നിലവാരത്തിൽ നിൽക്കുന്നു. കാർട്ടൂണുകളുടെ ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു് മനസ്സറിഞ്ഞു് ആസ്വദിക്കാനാകുന്നുണ്ടു് ഉണ്ണിയുടെ കാർട്ടൂണുകൾ.
സാന്റി ജോസഫ്:
സായാഹ്നയുടെ പോസ്റ്റുകൾ ഞാൻ കൗതുകത്തോടെ വായിക്കാറുണ്ടു് എല്ലാദിവസവും. പുതുമയും വൈവിധ്യവുമുള്ള വിഭവങ്ങൾ. താല്പര്യം തോന്നാത്ത മേഖലയിലുള്ള രചനകൾ പോലും കുറേശ്ശേയായി ആകർഷകമായി കിട്ടുമ്പോൾ വായിച്ചുപോകും. കഥകളും കവിതകളുമൊക്കെ ഇഷ്ടമാണു്. ക്യൂബൻ യാത്ര നന്നായിരുന്നു. ഇപ്പോൾ ഞാൻ കാർട്ടൂണുകളും വായിക്കാൻ തുടങ്ങിയിട്ടുണ്ടു്. നന്ദി.
എൻ. അജയകുമാർ, കെ. ജി. എസ്: നാം നമ്മെ നേരിടും നേരം, കവിതകൾ
ദാമോദർ പ്രസാദ്:
ഭട്ടതിരിയുടെ കാലിഗ്രഫിയിൽ കവിതകളുടെ തലക്കെട്ടുകൾ പെർഫോം ചെയ്യുകയാണു്. അക്ഷരങ്ങളുടെ താളാത്മക നൃത്തം. വരകളിലെ ഉയർച്ചതാഴ്ചകൾക്കൊണ്ടു് ( crests and troughs) പുതിയൊരു ആകർഷണീയത സാധ്യമാക്കുന്നു. കാലിഗ്രഫി ആശാൻ ഭട്ടതിരിക്കു് നന്ദി.
കണ്ണൻ സിദ്ധാർത്ഥ്:
കെ ജി എസ് വാക്കിന്റെ വടവൃക്ഷം.
കെ. സച്ചിദാനന്ദൻ:
എന്നും പുതുതായ കെ ജി എസ് കവിതകൾ ഒന്നു കൂടി പുതുതായ പോലെ.
ദാമോദർ പ്രസാദ്:
കാലിഗ്രാഫിയ്ക്കു കൊറിയയിൽ നിന്നുള്ള ലോക പ്രശസ്ത Cheongju Jikji International Calligraphy Award ഭട്ടതിരിക്കു് ലഭിച്ചിട്ടുണ്ടു്. ഈ വേളയിൽ സി എസ് വെങ്കിടേശ്വരൻ ദ ഹിന്ദുവിൽ ഒരു ഭട്ടതിരിയുടെ കാലിഗ്രാഫിയെ കുറിച്ചു് ഒരു ലേഖനം എഴുതിയിട്ടുണ്ടു്. അതിന്റെ ലിങ്ക് ലഭ്യമല്ല, പക്ഷേ ടെക്സ്റ്റ് ഉണ്ടു്. മലയാളത്തിലാക്കി സായാഹ്നയ്ക്കു് പ്രസിദ്ധീകരിക്കാവുന്നതാണു്. കാലിഗ്രാഫിയ്ക്കു് ഗംഭീരമായ ചരിത്രമുണ്ടു്. അറബിക്ക്-പേഴ്സ്യൻ കാലിഗ്രാഫി ഖുറാന്റെ മികച്ച പതിപ്പുകളുടെ നിർമ്മാണത്തിന്റെ കൗശല വിദ്യയുമായി ബന്ധപ്പെട്ടതാണു്. മനോഹരമായ കാലിഗ്രാഫിക്കു് പ്രതിനിധാനങ്ങൾ മധ്യകാലത്തെ കുറിച്ചുള്ള ചരിത്ര പുസ്തകങ്ങളിൽ കാണാം. ഓർഹാൻ പാമുക്ക് കാലിഗ്രാഫിയെ കുറിച്ചു് പറയുന്നില്ലെ. നമ്മുടെ ഇക്കാലത്തു് കാലിഗ്രാഫി പൊളിറ്റിക്കൽ ആർട്ടാണു്. ഷഹീൻ ബാഗ് സമരത്തിൽ ഗ്രാഫിറ്റികളുടെ ഗംഭീര ആവിഷ്ക്കാരങ്ങൾ ഉണ്ടായിരുന്നു. പല പ്രസിദ്ധീകരണങ്ങളിലും വിഡിയോകളിലും അതു് കാണാമായിരുന്നു. ആ ഗ്രാഫിറ്റിയുടെ സവിശേഷ ഘടകങ്ങളിലൊന്നായിരുന്നു കാലിഗ്രാഫി. ഉറുദു അതി മനോഹരമായ രീതിയിൽ കാലിഗ്രാഫിക്കു് കലയ്ക്കു് മിഴിവു് നല്കുന്ന ഭാഷയാണു്. ഷഹിൻ ബാഗിൽ ഉറുദു ഭാഷയിലെ കാലിഗ്രാഫിക്കു് പ്രതിനിധാനങ്ങൾ ചുവരുകളെ സമരോത്സുകമാക്കി. മലയാള ഭാഷയിലും കാലിഗ്രാഫിയിൽ നൂതന പരീക്ഷണങ്ങൾ നടക്കുന്നുണ്ടു്. ഭട്ടതിരി അതിലൊരു പ്രധാന ആശാനാണു്. ന്യൂമിഡീയ ആർട്ടിലേക്കു് ഭട്ടതിരി വിദഗ്ദമായി കാലിഗ്രാഫിയെ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ടു്. ഡിജിറ്റലും കാലിഗ്രാഫിയുമായി ബന്ധപ്പെടുത്തി കോഴിക്കോട് സർവകലാശാലയിൽ ഭട്ടതിരിയുടെ കാലിഗ്രാഫിക് ശില്പശാല സംഘടിപ്പിച്ചിരുന്നു. കെ ജി എസിന്റെ കവിതകൾക്കുള്ള ഭട്ടതിരിയുടെ കാലിഗ്രാഫിക്ക് ടൈറ്റിലുകൾ ആസ്വദിച്ചിരുന്നപോൾ ഇതൊക്കെ ഇങ്ങനെ പറഞ്ഞു പോകുന്നു. അത്രമാത്രം.
എൽ. ജോൺസൺ:
‘ആ ചൈനക്കാരൻ വൃദ്ധന്റെ പിന്മുറക്കാരുണ്ടാക്കുന്ന ഭൂകമ്പങ്ങളിൽ/കുലപർവതങ്ങൾ കുലുങ്ങിത്താണു തുടങ്ങിയിരിക്കുന്നു’ നക്സൽ വിപ്ലവം ഇപ്പോൾ കൊറോണവിപ്ലവത്തിലേക്കു്. കെ ജി എസിന്റെ കവിത അജയകുമാറിന്റെ പഠനത്തോടൊപ്പം നന്നായി വായിച്ചു. ദേശീയതയ്ക്കും പ്രാദേശികതയ്ക്കുമിടയിൽ ഒരു കവിതാസഞ്ചാരം. ഇഷ്ടമായി.
മധുസൂദനൻ: ഒറ്റക്കണ്ണു്
വി. എം. ഗിരിജ:
നമസ്കാരം. ഞാൻ വി. എം. ഗിരിജ. സായാഹ്നയിലെ കുറിപ്പു് വളരെ നന്നായി. ഇത്രയും മിതമായും എന്നാൽ അഗാധ സത്യവും വികാരവും ഉൾക്കൊള്ളിച്ചുമെഴുതാൻ പ്രയാസം. ബാലാമണിയമ്മയുടെ ഡോക്യു കണ്ടിട്ടില്ല. കാണാൻ പറ്റുമോ? തോന്നയ്ക്കൽ എടുത്ത ചിത്രങ്ങൾ വേറെയും ഉണ്ടോ… വളരെ സന്തോഷം… അതു് വായിച്ചു് എന്തോ… കണ്ണു് നിറഞ്ഞു. ഒരിക്കൽ കൂടി നമസ്കാരം. ഈ എഴുത്തിനു് മാത്രം അല്ല സൂക്ഷ്മതയും ജാഗ്രതയും ഉള്ള കലാ ബോധത്തിനും.
സി. വി. രാധാകൃഷ്ണൻ:
സായാഹ്ന പ്രസിദ്ധീകരിക്കുന്ന എല്ലാ പിഡിഎഫുകളും (അച്ചടിക്കു വേണ്ടി നിർമ്മിക്കുന്നവയൊഴികെ) ഈ പ്രമാണരൂപത്തിന്റെ വായനാസുഖത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സ്പെസിഫിക്കേഷനും പാലിച്ചുകൊണ്ടു് നിർമ്മിക്കപ്പെട്ടവയാണു്. ടെക് പോലുള്ള സ്വതന്ത്ര സോഫ്റ്റ്വെയറിനു ഇതിനുള്ള കഴിവുകൾ സ്വകാര്യ സോഫ്റ്റ്വെയറുകളെക്കാൾ കൂടുതലായുണ്ടു്, ഒരുപക്ഷെ ഉപയോക്താക്കൾ മറിച്ചാണു കരുതുന്നതെങ്കിലും. അതുകൊണ്ടു് സായാഹ്ന പിഡിഎഫുകൾ എല്ലാം തന്നെ എവിടെയെല്ലാം ഹൈപ്പർലിങ്ക് ചെയ്യണോ അതൊക്കെയും ചെയ്താണു നിർമ്മിക്കുന്നതു്. ശീർഷകങ്ങളൊഴികെ, നിറമുള്ള വാക്കുകളെല്ലാം തന്നെ എന്തെങ്കിലുമൊരു ഹൈപ്പർലിങ്കിനെ സൂചിപ്പിക്കുന്നു (file link, URL link, cite link, reference link, action link). നിറമുള്ള വാക്കുകളിൽ അമർത്തിയാൽ ബന്ധപ്പെട്ട ലിങ്കിലേയ്ക്കു പോകാനാവും. ഇനി വി എം ഗിരിജയുടെ സംശയത്തിലേയ്ക്കു വരാം. “ബാലാമണിയമ്മ” എന്ന പദം ഇരുണ്ട ഓറഞ്ചു നിറത്തിലാണു് വിന്യസിച്ചിട്ടുള്ളതു്, അതിനർത്ഥം ആ പദം ഹൈപ്പർലിങ്ക്ഡ് ആണെന്നാണു്. അതിൽ അമർത്തിയാൽ രചയിതാവു ഉദ്ദേശിച്ച ലിങ്കിലേയ്ക്കു വായനക്കാരനു അനായാസേന എത്തുവാനാവും. നീലനിറത്തിൽ അടിവരയുണ്ടെങ്കിൽ മാത്രമേ ലിങ്ക് ആവുകയുള്ളൂ എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടു്. ലിങ്കുകൾ എന്തു നിറത്തിലുമാവാം. ഉദാഹരണത്തിനു, വാരഫലത്തിൽ ഹൈപ്പർലിങ്കുകളെല്ലാം തന്നെ കവറിലുപയോഗിച്ചിരിക്കുന്ന നിറത്തിലാണു്. നിറങ്ങൾ എത്രത്തോളം കുറയ്ക്കാമോ അത്രമേൽ ലാളിത്യവും സൗന്ദര്യവും കൂടുമെന്ന മുദ്രണകലയിലെ അടിസ്ഥാനപ്രമാണമാണു് സായാഹ്ന പിന്തുടരുന്നതു്.
കെ. ജി. എസ്:

ഒറ്റക്കണ്ണ്.

ഒരുപാട് നോട്ടങ്ങൾ.

ഒരായിരം കാഴ്ചകൾ.

അവസാനിക്കില്ലെന്ന് തോന്നിക്കുന്ന ഉൾക്കാഴ്ചകൾ.

അവയുടെ ഫ്രയിമുകൾ.

നിറം തന്നെ നിറവ്.

മധുവിന്റെ എഴുത്ത്,

‘അക’ത്തെ വെളിച്ചം കാണുന്ന

തോന്നക്കലെ ആ തോന്നൽ പോലെ.

കെ. സച്ചിദാനന്ദൻ:
മധുവിന്റെ മറ്റു കുറിപ്പുകളും ഇവിടെ കാണാൻ താത്പര്യം. കഴിഞ്ഞ രണ്ടു-മൂന്നു മാസമായി എന്റെ പുലരികളെ, സായാഹ്നയോടൊപ്പം, സമൃദ്ധമാക്കുന്നതു് മധുവിന്റെ പുതിയ ചിത്രങ്ങളും കുറിപ്പുകളുമാണു്.
ശ്രീദേവി കർത്ത:
സൗമ്യനും മഹാ പ്രതിഭയുമായിരുന്ന ആ സാധാരണക്കാരനായ അസാധാരണ കലാകാരനെ ഇതിനേക്കാൾ സുന്ദരമായി ഒരു സുഹൃത്തിനു അടയാളപ്പെടുത്താൻ കഴിയില്ല… രാധാകൃഷ്ണൻ നിങ്ങൾ വീണ്ടും വന്നു് പോയ പോലെ… ഒരുമിച്ചിരുന്നു ഒരു ചായ കുടിച്ചതു് പോലെ.
കൃഷ്ണൻ നായർ: സാഹിത്യവാരഫലം
സുരേഷ് പുതിയവീട്ടിൽ:
സാഹിത്യവാരഫലം ആദ്യായിട്ടാണു് വായിക്കുന്നതു്. എന്നാൽ കൃഷ്ണൻ നായരെക്കുറിച്ചു് കേട്ടിട്ടുണ്ടു്. പഴയതല്ലേ എന്നു് കരുതി മടിച്ചാണു് വായിച്ചതു്. വായിച്ചു കഴിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. കേട്ടതു് പോലെയല്ല നായർ. ഈ ഗ്രൂപ്പിൽ ചേർത്തതിനും നല്ല വായനയ്ക്കു് അവസരം തന്നതിനും നന്ദി.
സക്കറിയ:
ഹഹഹഹ! നല്ല സത്യസന്ധത!
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
ഹർഷിത:
വായന മരിക്കുന്നു എന്നു് പറയുന്ന ഈ ഒരു കാലത്തു് ഇങ്ങനെ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മ വളരെയേറെ ഉപകാരപ്രദമാണു് പ്രത്യേകിച്ചും ഒരു ദിവസത്തിന്റെ തുടക്കവും അവസാനവും മൊബൈലിലൂടെയാവുന്ന ഒരു തലമുറയ്ക്കു്. ഇങ്ങനെയൊരു ആശയത്തിനു് ആശംസകൾ. യഥാർത്ഥത്തിൽ വായന മരിക്കുന്നില്ലല്ലോ.

(ജൂലൈ 19 മുതൽ 25 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
ജി. ശങ്കരക്കുറുപ്പു്: ഭാഷാ ദീപിക
മുസ്തഫ കമാൽ മതിലകം:
ഭാഷാ ദീപികയുടെ 10 മുതൽ 15 വരെ ഭാഗങ്ങൾ വായിച്ചു. ആദ്യമായാണിതു് വായിക്കാനായതു്. ഈ ഗ്രൂപ്പിൽ അംഗമാകാനായതിൽ സന്തോഷം തോന്നുന്നു. അഭിമാനവും.
സി. എസ്. വെങ്കിടേശ്വരൻ: ചായക്കടയിലെ മിശ്രഭോജനം
ദാമോദർ പ്രസാദ്:
സി. എസ്. വെങ്കിടേശ്വരന്റെ ചായക്കടയുടെ സാംസ്ക്കാരിക ചരിത്രം രാവിലെ മൊബൈലിലേക്കെത്തിയ നവോത്ഥാനമാണു്. മുമ്പു് രണ്ടിൽ കൂടുതൽ തവണ വായിചിട്ടുണ്ടു്. വായിക്കുമ്പോൾ ഇപ്പോഴും പുത്തൻ!! അഷ്റഫ് മുഹമ്മദിന്റെ വര അസ്സലായിരിക്കുന്നു. ചായ ആറ്റുന്ന വരയിലെ movement രസായിട്ടുണ്ടു്. ചായക്കടയുടെ അപരലോകമായിരുന്നു ചാരായക്കട. Arrack എന്നെഴുതിയ ബോർഡ് പുറത്തു് തൂക്കിയിട്ടുണ്ടാകും. ഒരു മറവുണ്ടായിരിക്കും പ്രവേശന കവാടത്തിൽ. ചിലപ്പോൾ അതൊരു തുണി കഷ്ണം മാത്രമായിരിക്കും. ആ പാതാള ലോകത്തിന്റെ അരങ്ങിൽ എജ്ജാതി വേഷങ്ങൾ. അരാജക പന്തിരഹിത ഭുജനത്തിൽ സമൂഹ ക്രമമെന്നല്ല സാമൂഹികമായന്തെതും ചോദ്യം ച്ചെയപ്പെട്ടു. തികച്ചും പുരുഷ ലോകമായിരുന്നു എങ്കിലും അസാധാരണ കരുത്തുള്ള സ്ത്രീ പാചക വിദഗ്ദരെ അവിടെ വെച്ചു് പരിചയപ്പെട്ടിട്ടുണ്ടു്. തൊണ്ണൂറ്റിയഞ്ചിൽ എ കെ ആന്റണി അതാവസനിപ്പിക്കും വരെ അതു് മലയാളിയുടെ അനുഭവ ലോകത്തിലെ ഒരു പ്രധാനമിടമായിരുന്നു.
കെ. സച്ചിദാനന്ദൻ:
അതെ, പാരീസിലെ കഫേകൾ അസ്തിത്വ വാദവും ഫെമിനിസവും ഫൂക്കോയും ചർച്ച ചെയ്തതേയുള്ളൂ, നമ്മുടെ ചായക്കടകൾ സമൂഹ ക്രമം മാറ്റി.
മനു വി. ദേവദേവൻ:
ഇരുപതാം നൂറ്റാണ്ടിലെ കഫേകളുടെ കാര്യം അറിഞ്ഞുകൂട. പക്ഷെ പതിനേഴാം നൂറ്റാണ്ടിലെ പാരീസിലെ ചായക്കടയുടേതു് (അവിടെ കാപ്പിക്കട എന്നാണു് പറയുക) ആധുനിക ഫ്രാൻസിന്റെ ചരിത്രത്തി വലിയ സംഭാവനയാണു്.
സതീശ് ചന്ദ്രൻ:
‘കണ്ടശ്ശാം കടവിലെ ചാരായ ഷാപ്പ്’ എന്നൊരു ലേഖനം തന്നെ ‘… മുണ്ടശ്ശേരി’ എഴുതാൻ ഉദ്ദേശിച്ചിരുന്നതായി ‘അയ്യപ്പൻ’ പറഞ്ഞു കേട്ടിട്ടുണ്ടു്. ഇപ്പോഴത്തെ ബാറുകൾ പഴയ Arrack shop-കൾ തന്നെ. ബോർഡുകൾ മാത്രം മാറി. അതേ ആളുകൾ, അതേ അന്തരീക്ഷം, അതേ വൈവിധം, അതേ സാഹിത്യം, അതേ കല, കൂട്ടത്തിൽ അതേ ആത്മാർത്ഥതയും സത്യസന്ധതയും അടുപ്പവും. കൂടാതെ ഇപ്പോൾ നാടിന്റെ നട്ടെല്ലും.
കെ. സച്ചിദാനന്ദൻ:
സാർത്രും സിമോങ് ദു് ബുവായും മറ്റു സമകാലീന ഫ്രെഞ്ച് ചിന്തകരും സമ്മേളിക്കാറുള്ള കഫേയിൽ ഞാൻ പോയിട്ടുണ്ടു്. കഫേ സംസ്കാരം ഇന്നും പാരീസിൽ സജീവം. നമ്മുടെ ചായക്കട സംസ്കാരം പോയെന്നു തോന്നുന്നു. ഇൻഡ്യൻ കോഫീ ഹൗസുകളിൽ അവശിഷ്ടങ്ങൾ കണ്ടെക്കാം.
ദാമോദർ പ്രസാദ്:
ബംഗാളി അഡ്ഡ സമാനമാണോ?
കെ. സച്ചിദാനന്ദൻ:
ഏതാണ്ടു്. പലപ്പോഴും ചായക്കു പകരം വിസ്കിയാവും. അതിനു് ഒരു എലീറ്റ് സ്വഭാവമുണ്ടു് എന്നാണു് സുനിൽ ഗംഗോപാദ്ധ്യായക്കൊപ്പം ചിലപ്പോൾ അഡ്ഡകളിൽ പോകുമ്പോൾ തോന്നിയിട്ടുള്ളതു്.
കേശവൻ വെളുത്താട്ട്:
എമർജൻസിക്കാലത്തു് തച്ചുപൊളിച്ച കൊണോട്ടു് പ്ലെയ്സിലെ ഇന്ത്യൻ കോഫി ഹൗസ് അങ്ങനെ ഒന്നായിരുന്നു. അതു പൊളിക്കാൻ കാരണവും അതു തന്നെ.
രാജഗോപാൽ:
അവിടേയുമില്ല. കാപ്പി കുടിച്ചു് പോരാമെന്നല്ലാതെ ചർച്ചയും സൗഹൃദവും ഒന്നും സാദ്ധ്യമല്ല
ദാമോദർ പ്രസാദ്:
The Coffee Houses-Cultural history എന്നൊരു പുസ്തകമുണ്ടു്. പോപ്പുലർ ഹിസ്റ്ററിയാണു്. Wall Street-A cultural history പോലെ. Markman Ellis ആണു് കാപ്പിക്കട ചരിത്രം എഴുതിയിട്ടുണ്ടെങ്കിൽ, സ്റ്റിവ് ഫ്രേസറാണു് വാൾ സ്ട്രീറ്റിന്റെ. എ ആർ വെങ്കിടചലപതി ദക്ഷിണേന്ത്യൻ കാപ്പികുടിയുടെ സാംസ്ക്കാരിക ചരിത്രം എഴുതിയതു് മലയാളത്തിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ. പക്ഷേ അടിസ്ഥാനപരമായ വ്യത്യാസം അവരൊക്കെ കാപ്പി കുടിയുടെ കാര്യമാണു് പറയുന്നതെങ്കിൽ നമ്മൾ ചായക്കടയുടെ. കേരളത്തിലെ ചായ തന്നെ അനേക രൂപത്തിലും ഭാവത്തിലും ഉണ്ടെന്നാണു് പുപുൽ ജയാക്കർ പറഞ്ഞിട്ടുള്ളതു്. എഴുതിയതെങ്കിൽ…
ടി. ബി. വേണുഗോപാലപ്പണിക്കർ: ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും
കെ. സച്ചിദാനന്ദൻ:
പ്രയോജനകരമായ ലേഖനം. ഇന്നു് ചാനലുകൾ ഭാഷാവധം ആഘോഷിക്കുമ്പോൾ വിശേഷിച്ചു പ്രസക്തം.
എസ്. ഗോപാലകൃഷ്ണൻ:
സച്ചിമാഷിനോടു് പൂർണമായും യോജിക്കുന്നു… തികഞ്ഞ അശ്രദ്ധയാണു് മലയാളം ടി. വി. ചാനലുകൾ ഇക്കാര്യത്തിൽ പുലർത്തുന്നതു്. പലപ്പോഴും ചാനൽ മേധാവികളോടു് സംസാരിക്കുമ്പോൾ അവർ പറയുന്നതു് സ്കൂൾ കാലത്തു് ഭാഷാധ്യാപകർ ചെയ്യേണ്ട തിരുത്തുകൾ മുതിർന്നു കഴിഞ്ഞാൽ പ്രയാസമാണെന്നാണു്. ഏതായാലും വേണുഗോപാലപ്പണിക്കരുടെ ലേഖനം പങ്കുവെച്ചതിൽ പ്രത്യേക നന്ദി സായാഹ്നയ്ക്കു്.
ദാമോദർ പ്രസാദ്:
ശരിയായിരിക്കും. കൃത്യതയും ശുദ്ധിയും പ്രധാനമാണല്ലൊ. പക്കേങ്കിലു്, സ്ഫുടത സാക്ഷരത കൈവരിച്ചിട്ടില്ലാത്ത ജനവിഭാഗങ്ങൾ ഒന്നും മുണ്ടാതെ ഊമേന്റേ ചേലിക്ക് കുത്രിക്കേണ്ടി വരും.
എസ്. ഗോപാലകൃഷ്ണൻ:
ഞാൻ പ്രതീക്ഷിച്ചതാണു് ഈ വാദം… പ്രാദേശിക ഭാഷാഭേദങ്ങളും ഭാഷണ രീതികളും ഏതൊരു ഭാഷയുടേയും അസ്ഥിവാരശക്തിയാണു്. രണ്ടു് വിഷയത്തേയും രണ്ടായി തന്നെ കാണണം. ഫലം എന്ന വാക്കു് Faലം എന്നു് പറയുന്നതു് നിരക്ഷരത കൊണ്ടല്ല. തിരുത്തിക്കൊടുക്കാത്തതിനാലാണു്. ഈ ഗ്രൂപ്പിൽ ഇതേ കുറിച്ചു് ഒരു ചർച്ച തുടങ്ങാൻ ആഗ്രഹമില്ല. ആനുഷംഗികമായി സൂചിപ്പിച്ചു എന്നേയുള്ളു. സ്നേഹം, ദാമോദർ പ്രസാദിനു്.
ദാമോദർ പ്രസാദ്:
അതെ. അതു തന്നെയാണു് ശരി. ചെവിയും നാവും ഒരു സംസ്ക്കാരമാണു് തിരുത്തിക്കൊടുത്തു് ശരിപ്പെടുത്താവുന്നതാണു്!
കെ. സച്ചിദാനന്ദൻ:
വാർത്താവതരണം കഥയോ കവിതയോ അല്ല. ബഷീർ മുതൽ അശോകൻ മറയൂർ വരെയുള്ളവരുടെ സർഗ്ഗാത്മക വിനിമയത്തെ ബിരുദവും അനന്തരവുമെല്ലാമുള്ള ആങ്കർമാരുടെ വിവരമില്ലായ്മയുമായി താരതമ്യം ചെയ്യരുതു്. ഇതു് കാറ്റഗറി കൺഫ്യൂഷനാണു്. മാനകഭാഷയും ഭാഷാഭേദങ്ങളും ലോകത്തെ എല്ലാ ഭാഷകൾക്കുമുണ്ടു്. പാഠപുസ്തകങ്ങളിലും പൊതുമാദ്ധ്യമങ്ങളിലും സംവേദനത്തിൽ ‘ഒരു പൊതുഭാഷ ആവശ്യമുണ്ടു്. സർഗ്ഗ സാഹിത്യത്തിൽ വാമൊഴികളെ—ഭാഷയ്ക്കുള്ളിലെ ഭാഷകളെ—പണ്ടേ സ്വാഗതം ചെയ്തയാളാണു ഞാൻ. പക്ഷേ സാഹിത്യ വിമർശനത്തിനും എല്ലാവരിലുമെത്തേണ്ട മാദ്ധ്യമങ്ങൾക്കും അതു പറ്റില്ല. പാർശ്വവത്കരിക്കപ്പെട്ടവരെ എന്നും പാർശ്വത്തിൽ നിർത്താനാഗ്രഹിക്കുന്നവരുടെ വാദമാണിതു്. ദയവായി അംബേദ്കർ കൃതികൾ ഒന്നു മറിച്ചു നോക്കുക.
ദാമോദർ പ്രസാദ്:
ശരിയാണു്. ചിലോര്ത് ശരിയാവും. ചിലോര്ത് ശരിയാവൂല്ല!. നമ്ടെ അത് റെഡിയായില്യ. അംബേദ്ക്കറുടെ ഏതു കൃതിയാണു് മറിച്ചു നോക്കേണ്ടതു് എന്നു പറഞ്ഞാൽ വലിയ ഉപകാരമായി. എന്താണു് അദ്ദേഹം ഈക്കാര്യത്തിൽ പറഞ്ഞതെന്നറിഞ്ഞാൽ കൂടുതൽ വ്യക്തത വരുമായിരുന്നു. സംസ്കൃതം ദേശീയ ഭാഷയായി അംഗീകരക്കണമെന്നു് അംബേദ്കർ പറഞ്ഞതായി കേട്ടിട്ടുണ്ടു്. അതിനെ സംബന്ധിച്ചാണോ പറഞ്ഞതു?
കെ. സച്ചിദാനന്ദൻ:
അംബേദ്കർ എന്നും ദളിതരുടെ വിദ്യാഭ്യാസത്തിനു്-ഇംഗ്ലീഷ് ഉൾപ്പെടെ ഊന്നൽ നൽകി. അങ്ങിനെ മാത്രമേ സവർണ്ണാധികാരം അട്ടിമറിക്കാനാവൂ എന്നു് തിരിച്ചറിഞ്ഞു. സ്വയം വേഷം മുതൽ ഭാഷ വരെ അതു പ്രയോഗിച്ചു കാണിച്ചു. ഇയ്യിടെ എസ്. ജോസഫ് സംസ്കൃത വൃത്തത്തിൽ കവിതയെഴുതിയപ്പോൾ ആക്രമിച്ചവരുടെ മനോനിലയോടു യോജിപ്പില്ല. ദളിതർക്കു് നാടൻ മൊഴിയേ വിധിച്ചിട്ടുള്ളൂ എന്ന പഴയ സവർണ്ണ ഹുങ്കാണതു്. നടവഴിയിൽ നിന്നെന്ന പോലെ ഭാഷയിലും ഞങ്ങളുടെ വഴിയിൽ നിന്നു് മാറി നടക്കു് എന്ന നീചമായ വർണ്ണാഹങ്കാരം.
മധുസൂദനൻ:
ഇന്നുരാവിലെ ഉണർന്നു മുരിങ്ങൂരെ ഗ്രാമത്തിലുള്ള എന്റെ സ്റ്റുഡിയോയിൽ നിന്നു് നടക്കാനിറങ്ങി. വെളിച്ചം കുറവാണു്. നിരത്തു് കൊറോണ ഭീതിമൂലം മഴ കഴിഞ്ഞ വെള്ളിവെളിച്ചം പരന്നു് എകാന്തമായിക്കിടക്കുന്നു. വായിച്ചുകൊണ്ടിരുന്ന പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയിൽ കാണാവുന്ന ദൃശ്യങ്ങൾ പോലെ വഴിയോരങ്ങൾ. കുറച്ചുകൂടി നടന്നപ്പോൾ ദൂരെ ഒരു കാളയെ കാണാനായി. കാള എന്റെ നേരെ പാഞ്ഞടുക്കുകയാണു്. യമധർമന്റെ തൊപ്പിപോലെ രണ്ടു ചുവന്ന കൊമ്പുകൾ. കാള ഏതാണ്ട് അടുത്തുവന്നപ്പോൾ കേൾക്കാനായി ഇംഗ്ലീഷും മലയാളവും കലർന്ന അതിന്റെ മുക്രയിടൽ. ഞാൻ പകച്ചു അടുത്തു കണ്ട അടയ്ക്കാമരത്തോട്ടത്തിലേക്കു് ഓടിക്കയറി. തിരിച്ചു സ്റ്റുഡിയോയിൽ എത്തി വാർത്തകേൾക്കാനായി ടി. വി. ഓൺ ചെയ്തു. എന്റെ നേരെ പാഞ്ഞു വന്ന കാളയുടെ ഇംഗ്ളീഷും മലയാളവും കലർന്ന മുക്രയിടൽ അവതാരകന്റെ ശബ്ദത്തിൽ. റേഡിയോ ഓൺ ചെയ്തു. കപ്പയിൽ കൊറോണയെ ആധാരമാക്കി കോമഡി ഷോ. അവതാരകനു് കാളയുടെ അതേ ശബ്ദം. ഹൃദയം തകർന്നു പിയുടെ വായിച്ചുനിർത്തിയ ഭാഗം വായിക്കാൻ തുടങ്ങി. ‘കിഴക്കൻ കാറ്റു് തൊട്ടു വിളിച്ചു. കരിമ്പന ഉറക്കത്തിലെന്തോ പിറുപിറുത്തു.’
ദാമോദർ പ്രസാദ്:
ഇതു് ദളിതരുടേയും ആദിവാസിയുടേയും മുഖ്യധാരാവല്ക്കരണമെന്ന upliftment തിയറിയുടെ പഴയ വീഞ്ഞായിട്ടാണു് തോന്നുന്നതു്. അതായതു്, ഞങ്ങളുടെ മാനക ഭാഷയിലേക്കും സംസ്ക്കാരത്തിലേക്കു് പാഞ്ഞു് കയറി വന്നോളിൻ, ഞങ്ങൾ എല്ലാം ശരിയാക്കി തരാമെന്നതൊക്കെ പുതിയ രാഷ്ട്രീയത എപ്പോഴേ തള്ളിക്കളഞ്ഞതാണു്. നാട്ടു് മൊഴി സാഹിത്യത്തിൽ ആകാം. അതിനെ ഫ്രേമിലാക്കി മ്യൂസിയത്തിലാക്കി പ്രദർശിപ്പിക്കുകയും ചെയ്യാം. പക്ഷേ അതു് ജീവനുള്ള ഭാഷയായി മാധ്യമങ്ങളിൽ കേൾക്കാൻ കഴിയുന്നു എന്നുള്ളതു് അത്തരം ഭാഷയുടെ ആന്തരിക ഊർജം. അതിനെ ഒരു ഏകീകൃത ഘടനയിലേക്കു് കൊണ്ടുവരേണ്ടതുണ്ടോ? അലെങ്കിൽ, മന്ത്രിമാരുടെ മുട്ടൻ ചീത്ത വാമൊഴി വഴക്കം എന്ന പേരിൽ മാധ്യമങ്ങളിൽ വിലസുമ്പോൾ അതു് സാംസ്ക്കാരിക മഹിമമായി വാഴ്ത്തിപ്പാടുന്നതു് നമ്മൾ കേട്ടിട്ടുള്ളതല്ലെ? മാതൃഭാഷയിൽ പഠനം വേണ്ട ഇംഗ്ലീഷിൽ മതിയെന്നു പറയുന്ന കാഞ്ചാ ഐല്ലയ്യയുടേയും ചന്ദ്ര ബെൻ പ്രസാദിന്റെയും വാദമുണ്ടു്. അതിനു കാരണമായി അവർ പറയുന്നതു് ആഗോളവല്ക്കരണത്തിന്റെ ഗുണഫലങ്ങൾ ദളിതു് വിഭാഗങ്ങൾക്കു് ലഭിക്കണമെങ്കിൽ ഇംഗ്ലിഷ് ഭാഷയിൽ സ്വാധീനമുണ്ടായിരിക്കണമെന്നുക്കൊണ്ടാണു്. അതു് ശരിയുമാണു്.
കെ. സച്ചിദാനന്ദൻ:
തെറ്റിയുച്ചരിക്കുന്ന ടി. വി.-ആങ്കർ മാരെ ന്യായീകരിക്കാൻ ഇത്ര കഷ്ടപ്പെടണോ ദാമോദർ? അതിൽ എത്ര ദളിതരും ആദിവാസികളുമുണ്ടു്?
ദാമോദർ പ്രസാദ്:
ആങ്കർമാർ തെറ്റിയുച്ചരിക്കുന്നു എന്നതാണു് ആകെ സമാധാനം മാഷേ. അവർ ശരിക്കു് ഉച്ചരിക്കുക കൂടി ചെയ്തിരുന്നെങ്കിൽ അവരുടെ ഫ്രഷണൽ ഗർവിൽ സർവ്വതും സ്തംഭിച്ചു നിന്നു പോകേണ്ടി വന്നേനേ.
സി. സി. ജെ. ജോർജ്ജ്:
ഒരു വാദത്തിനു വേണ്ടി പറയട്ടെ. ഈ ഭാഷയെ ‘തെറ്റി’ച്ചതു് സംസ്കൃതീകരണം നടത്തിയ കവികളും അവരെ പിന്തുടർന്ന പുസ്തക ഭാഷക്കാരുമാണു്… അവർ തെറ്റിച്ചു് സൃഷ്ടിച്ച ഭാഷയ്ക്കകത്തിരുന്നാണു്, അഥവാ, അതിനെ പ്രമാണമാക്കിയാണു് നമ്മൾ ഉച്ചാരണം ‘തെറ്റി തെറ്റി’ എന്നു് അലമുറയിടുന്നതു്. അപ്പോഴറിയുന്നില്ല തങ്ങൾ വാദിക്കുന്നതു് സംസ്കൃതോച്ചാരണത്തിനു വേണ്ടിയാണെന്നു്! ആര്യഭാഷയായ സംസ്കൃതം കലർന്നാൽ കാതിനിമ്പം. വാമൊഴിയോ മ്ലേച്ഛന്റെ ഇംഗ്ലീഷോ (അതും ഒരു ആര്യഭാഷാ ബന്ധു തന്നെ) കലർന്നാൽ കർണ്ണശൂലം. തെറ്റുതിരുത്തലിനെ തിരുത്തുന്ന, വേണുഗോപാലപ്പണിക്കരുടെ ലേഖനത്തിനു് തല കുലുക്കുന്നവർതന്നെയാണു് ഇങ്ങനെ തെറ്റുതിരുത്തൽ പ്രസ്ഥാനം നയിക്കുന്നതു്! കഷ്ടം തന്നെ. പാവം ആങ്കർമാർ. അവരെന്തു പിഴച്ചു. അവർ അവരുടെ വീട്ടിലും കൂട്ടുകാരുടെ ഇടയിലും നിന്നു സംസാരിക്കുന്ന, മഴ കൊള്ളുന്ന വെയിൽ കൊള്ളുന്ന മഞ്ഞുകൊള്ളുന്ന ഭാഷയിൽ സംസാരിക്കുന്നു. അതവരുടെ മാതൃഭാഷയാണു്. അത്ര തന്നെ. (അതിനവരെ മൊട്ടയടിക്കണോ?) പഴയ ആകാശവാണി കേട്ടുശീലിച്ച നമ്മുടെ കാതുകൾ മതിയാകുമോ നാളെയുടെ പാട്ടുകൾ കേൾക്കാൻ (സഹിക്കാൻ!) എന്നു് ആലോചിക്കേണ്ടി വരും… വരില്ലേ? (നിലവാരഭാഷ വേണ്ടെന്നോ ഇല്ലെന്നോ ഉറച്ചല്ല ഇതെഴുതുന്നതു്. അദൃശ്യമായ ചില യാഥാസ്ഥിതിക കമിറ്റ്മെന്റുകളുണ്ടു് ‘തെറ്റി, തെറ്റി’ നിലവിളികളിൽ എന്ന തോന്നൽ പ്രകടിപ്പിക്കുക മാത്രം. നിലവാരഭാഷയിൽ എഴുതപ്പെട്ട ഒരു രചന തോന്നിയപടി ഉച്ചരിക്കുന്നതും (അതായിരുന്നു മുമ്പൊരിക്കൽ ചുള്ളിക്കാടു് ശരിയായി ഉന്നയിച്ചതു്) വാമൊഴിഭേദങ്ങളിലെ രൂപങ്ങൾ അതിന്റെ രീതി വിട്ടു് ഉച്ചരിക്കുന്നതും തെറ്റാണെന്നു പറയുന്നതു് മനസ്സിലാക്കാൻ പറ്റും. വാമൊഴി തെറ്റിച്ചാലും അടിയുണ്ടു്, കയിലുകൊണ്ടുള്ള അടി. ഇവിടെ ന്യൂജെൻ ടി.വി.-ആങ്കർ മലയാളഭേദത്തെ കശക്കുന്നതിലല്ലേ കാറ്റഗറി കൺഫ്യൂഷൻ എന്നു് ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു. (യതു് ആകാശവാണിവാർത്തയല്ലേയല്ല.) നോവലിലെ വാമൊഴിയെ തിരുത്താൻ പുറപ്പെട്ട കാവ്യഭാഷാശീലക്കാർക്കു് മുമ്പുണ്ടായ കൺഫ്യൂഷനല്ലേ ഇവിടെ മറ്റൊരു മട്ടിൽ ആവർത്തിക്കുന്നതു് എന്നും ചിന്തിക്കാവുന്നതാണു്.
സതീശ് ചന്ദ്രൻ:
‘ദളിതു് ’ എന്നതു് മറാഠി പദമാണെന്നും ജ്യോതി റാവു ഫുലേ അതു്, അടിച്ചമർത്തപ്പെട്ടവൻ/ ർ എന്ന ധ്വനി വളർത്താനായി നിരന്തരം ഉപയോഗിച്ചു പ്രസിദ്ധമാക്കിയെന്നും ഈ വാക്കിന്റെ അർത്ഥം ‘പൊട്ടിച്ചതു്,’ ‘തകർത്തതു് ’, ‘നിലത്തേക്കു് അമർത്തിയതു്’ എന്നെല്ലാമാണെന്നും പറഞ്ഞു കേട്ടിട്ടുണ്ടു്. ഈ ഗ്രൂപ്പിലെ പല ഭാഷാ പണ്ഡിതരും ദളിതർ/ ൻ എന്നെല്ലാം പ്രയോഗിച്ചു കാണുന്നു. ദളിത്/ ദളിതൻ/ ദളിതർ ഈ പ്രയോഗങ്ങൾ വന്ന വഴി പറഞ്ഞു തരാൻ അപേക്ഷ. സംശയം ഉന്നയിച്ച ആൾ—10-ാം ക്ലാസ്സു പരീക്ഷയിൽ, മലയാളത്തിൽ (സ്ക്കൂളിൽ) ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച സതീശ് ചന്ദ്രൻ
കേശവൻ വെളുത്താട്ട്:
സംസ്കൃതത്തിലെ പിളരുക എന്നു് അർത്ഥം വരുന്ന ദല് എന്ന ധാതുവിനോടു് (दल्-विदारणे) ക്ത എന്ന പ്രത്യയം ചേർത്തുണ്ടാക്കിയ കൃത്തു് ആണു് ദലിതഃ എന്നതു്. അർത്ഥം കൊണ്ടു് അടിച്ചമർത്തപ്പെട്ടവൻ.
ആനന്ദീ രാമചന്ദ്രൻ:
ചായക്കടയെ പറ്റി പറയുമ്പോൾ ഞാനോർക്കുന്നതു് ഞങ്ങളുടെ കവലയിൽ ഉണ്ടായിരുന്ന ചായക്കടയെക്കുറിച്ചാണു്, ഇതു് ഒരു നാട്ടിൻ പുറമാണു്, നെടുമങ്ങാടു് താലൂക്കിലെ തന്നിമൂടു്. ഞാൻ പറയുന്നതു് 1945-നും 50-തിനും ഇടയ്ക്കുള്ള അവസ്ഥയാണു്. ആ ചായക്കടയിൽ താഴ്‌ന്ന ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ചതുരത്തിലെ ഒരു ചെറിയ ജനാലയുണ്ടു്, അവിടെ ഒരു ചെമ്പ് കോപ്പ വച്ചിട്ടുണ്ടാവും. പുലയർക്കും പറയർക്കും അതിലാണു് ചായ ഒഴിച്ച് കൊടുക്കന്നതു്, പലഹാരം ഇലയിലും. കഴിച്ച് കഴിഞ്ഞാൽ ഇല പറമ്പിൽ കളഞ്ഞിട്ടു്, ചെമ്പ് കോപ്പ ആ ജനാലയിൽ അവർ കഴുകി വയ്ക്കും. അതിനൊക്കെ ഒരു മാറ്റം വന്നതു് ഇവിടെ കമ്മ്യൂണിസ്റ്റു് പ്രസ്ഥാനത്തിന്റെ വളർച്ചയോടെയാണു് (ഇന്നത്തെപോലെ സത്ത നശിച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല അന്നുണ്ടായിരുന്നതു്). അന്നത്തെ നവോത്ഥാനത്തിനു വലിയ ഒരു പങ്കു് അവർ വഹിച്ചിട്ടുണ്ടു്.
മനു വി. ദേവദേവൻ:
ദലിത എന്ന സംസ്കൃത വാക്കു് അടിച്ചമർത്തപ്പെട്ട എന്ന അർത്ഥത്തിലാണു് പ്രയോഗിക്കാറു്. ഉദാഹരണത്തിനു ‘ദലിത ഹിരണ്യകശിപു തനുഭ്രംഗം’ എന്ന ഗീതഗോവിന്ദത്തിലെ വരി. പക്ഷെ അംബേദ്ക്കറുടെ ദലിതു് എന്ന പ്രയോഗം പാലിയിൽ നിന്നാണു് വരുന്നതു്. അധഃകൃതർ എന്നാണു് അവിടെ അതിനർത്ഥം. ദരിദ്ര എന്ന സംസ്കൃത വാക്കിന്റെ പാലി രൂപം ദലിത്ത.
നിസാർ അഹമ്മദ്: ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു
കെ. വി. രജീഷ്:
നിസാർ അഹമ്മദ് വിഷയത്തെ തെളിമയോടെ വരച്ചു വയ്ക്കുന്നതു് അനുവാചകനു് (സാമൂഹിക) കാഴ്ചയെ സ്ഫുടം ചെയ്യാനെന്ന പോലെയാണു്. സമൂഹവ്യാപാരങ്ങളെ ഒരല്പം കൂടി ആഴത്തിൽ കാണാൻ സഹായിക്കുന്നതു്. സർവ്വാധിപത്യവും സാങ്കേതികതയും ഇന്നു് വെവ്വേറെയല്ല നിൽക്കുന്നതു്. സർവ്വാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ഉപകരണമാണു് ഇന്നു് സാങ്കേതികത. അഗോചരമായ മർദ്ദനോപകരണം (മർദ്ദനം ശാരീരികം മാത്രമാണെന്നു് തെറ്റിദ്ധരിച്ചു പോകരുതു്). സാങ്കേതികവിദ്യയുടെ നൈതികതെയെക്കുറിച്ചു് ഏറ്റവും ചുരുങ്ങിയതു് മൻഹാറ്റൻ പ്രൊജക്റ്റ്[1] മുതലെങ്കിലും സംവാദങ്ങളുണ്ടായിട്ടുണ്ടു്. കഴിഞ്ഞ അൻപതു വർഷങ്ങൾക്കിടയിൽ അസാധാരണമാം വിധം വികസിച്ച ഒരു ശാസ്ത്രമേഖലയാണു് കംപ്യൂട്ടർ സാങ്കേതികത. സമകാലീന സമൂഹത്തിൽ ഏറ്റവു വ്യാപിച്ചു നില്ക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ ഒന്നു്. കഴിഞ്ഞ ചുരുക്കം ചില വർഷങ്ങൾക്കിടയിലാണു് കംപ്യൂട്ടിങ് (ഹാർഡ്വെയർ, സോഫ്റ്റ്വെയർ, പ്രോഗ്രാമിങ്) രംഗത്തെ അക്കാദമിക്കുകളും തൊഴിലാളികളും തങ്ങൾ കണ്ടുപിടിക്കുന്നതും നിർമ്മിക്കുന്നതുമായ സാങ്കേതികതയുടെ പ്രയോഗത്തിലെ നൈതികതയെക്കുറിച്ചു് വലിയ തോതിൽ അവബോധമുള്ളവരാകുകയും; അവരവരുടെ സാമൂഹിക, സാമ്പത്തിക, ജോലി സുരക്ഷയെ അപകടത്തിലാക്കുമെന്നറിഞ്ഞിട്ടും ശക്തമായ നിലപാടുകളെടുക്കുകയും ചെയ്തതു്. സർവ്വാധിപത്യത്തിനും സർവൈലൻസിനും സാങ്കേതികവിദ്യ എത്രമാത്രം സർവ്വവ്യാപിയായും അഗോചരമായും ഉപയോഗപ്പെടുത്തുന്നു എന്നുള്ളതു് ഇലക്ട്രോണിക് ഫ്രണ്ടിയർ ഫൗണ്ടേഷനും സ്വതന്ത്ര സോഫ്റ്റ്വെയർ ഫൗണ്ടേഷനും മറ്റും വർഷങ്ങളായി നല്കിയിരുന്ന മുന്നറിയിപ്പുകൾ എത്രമാത്രം ശരിയായിരുന്നു എന്നു പൊതുജനം മനസ്സിലാക്കുന്നതു് എഡ്വേഡ് സ്നോഡന്റെ ധീരമായ വെളിപ്പെടുത്തലുകളോടെയാണു്.[2] സമീപഭൂതകാലത്തു്, കംപ്യൂട്ടർ സംബന്ധിയായ സാങ്കേതികവിദ്യാ നിർമ്മാണത്തിൽ ഏർപ്പെട്ടവർ അത്തരം സാങ്കേതികവിദ്യ സാമൂഹ്യതിന്മകൾക്കായി ഉപയോഗിക്കാൻ പോകുന്നുവെന്നോ അതിനുള്ള സാദ്ധ്യതയുണ്ടെന്നോ മനസ്സിലാക്കി; അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും അതിന്റെ നേതൃത്വനിരയുടെയും നിലപാടുകൾക്കും തീരുമാനങ്ങൾക്കുമെതിരെ ശബ്ദിച്ചു് അത്തരം പ്രൊജക്റ്റുകൾ ഉപേക്ഷിക്കുകയോ താല്ക്കാലികമായെങ്കിലും നിർത്തിവയ്ക്കുകയോ ചെയ്യിക്കാൻ സാധിച്ചിട്ടുമുണ്ടു്. ചുരുക്കം ചില ഉദാഹരണങ്ങളെടുത്താൽ, അമേരിക്കൻ സർക്കാരിനു വേണ്ടിയുള്ള ഗൂഗിളിന്റെ മിലിറ്ററി ഡ്രോൺ പദ്ധതിക്കെതിരെ ജീവനക്കാരും തൊഴിലാളികളും തുറന്ന കത്തെഴുതുകയും ആ പദ്ധതിയിൽ നിന്നു് പിന്മാറാനും നിർമ്മിത-ബുദ്ധി പദ്ധതികൾക്കായി ഒരു നൈതികപ്രമാണം പുറത്തിറക്കാനും നേതൃത്വത്തെ നിർബ്ബന്ധിതരാക്കി.[3] ‘കറുത്തവരുടെ ജീവനും പ്രധാനമാണു്’ എന്ന പ്രതിഷേധം നിമിത്തം മുഖത്തിന്റെ ചിത്രങ്ങളിൽ നിന്നു് ആളുകളെ തിരിച്ചറിയുന്ന പദ്ധതികളും ഉപകരണങ്ങളും നിർമ്മിക്കുന്നതു് ഐബിഎം ഉപേക്ഷിച്ചു,[4] സമാന സാങ്കേതികത പൊലീസ് ഉപയോഗിക്കുന്നതു് ഒരു വർഷത്തേക്കു് ആമസൺ നിർത്തി വച്ചു.[5] താൻ എഴുതുന്ന പ്രോഗ്രാമുകളുടെ ആത്യന്തിക ഉപയോഗമോ സാമൂഹികാഘാതമോ ഒരു പ്രോഗ്രാമർ അറിഞ്ഞിരിക്കണമെന്നില്ല (മിക്ക ശാസ്ത്രസാങ്കേതികവിദ്യയുടെയും അവസ്ഥ അതുതന്നെയാണു്); പക്ഷേ അതറിയാൻ ശ്രമിക്കുന്നതാണു് സാമൂഹികപ്രതിബദ്ധത.[6] പ്രത്യേകിച്ചും നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ചിത്രം വഴി ആൾക്കാരെ തിരിച്ചറിയുന്ന (facial recognition using artificial intelligence) ഗവേഷണങ്ങളിലും അൽഗരിതങ്ങളിലുമുള്ള വംശീയചായ്വു് പഠനവിധേയവും വിമർശനവിധേയവും ആയിട്ടുണ്ടു്.[7] കംപ്യൂട്ടർ ശാസ്ത്രജ്ഞരുടെയും അദ്ധ്യാപകരുടെയും പ്രഫഷനലുകളുടെയും സംഘടനയായ അസോസിയേഷൻ ഓഫ് കംപ്യൂട്ടിങ് മെഷിനറി (ACM) ഒരു നൈതികസംഹിതയും തൊഴിൽപരമായ പെരുമാറ്റച്ചട്ടവും നിഷ്കർഷിച്ചിട്ടുണ്ടു്.[8] ഒട്ടു മിക്ക സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതികളും അത്തരമൊരു പെരുമാറ്റച്ചട്ടം പിന്തുടരുന്നുണ്ടു്. മിക്ക വ്യവസായസ്ഥാപനങ്ങൾക്കും കമ്പനികൾക്കും പൊതുവേ ഒരു നൈതികപെരുമാറ്റച്ചട്ടം ഉള്ളതാണു്. ഇതിനോടൊക്കെ മുഖം തിരിച്ചുനില്ക്കുകയും ചെവി കൊടുക്കാതിരിക്കുകയും ചെയ്യുന്ന, ‘സർവൈലൻസ് കാപിറ്റലിസം’ വാണിജ്യമാതൃകയാക്കിയ കമ്പനികളും ഉപകരണങ്ങളും സേവനങ്ങളും ധാരാളമുണ്ടു്, ഫേസ്ബുക്ക് പോലെയുള്ള പ്രമുഖരടക്കം. സാങ്കേതികമായി ഇവയ്ക്കെതിരെയുള്ള പ്രതിരോധം; പഠിക്കുവാനും മാറ്റം വരുത്തുവാനും സാധിക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക, വികേന്ദ്രീകൃതമായ ഇന്റർനെറ്റ് സേവനങ്ങൾ (ഉദാ: റ്റ്വിറ്ററിനു പകരം മാസ്റ്റഡൻ, വാട്സാപ്പിനു പകരം മാട്രിക്സ്,…) ഉപയോഗിക്കുക, തുറന്ന ഇലക്ട്രോണിൿ കമ്യുണിക്കേഷൻ പ്രോട്ടോകോൾ പാലിക്കുന്ന സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുക, സ്വതന്ത്ര സോഫ്റ്റ്വെയർ സംരംഭങ്ങൾക്കു് സാങ്കേതികമായും സ്ഥാപനപരമായും സാമ്പത്തികമായും സഹായം നല്കുക, എല്ലാറ്റിലുമുപരി ഒരുപരിധിവരെയെങ്കിലും അവബോധമുള്ളവരാകുക, ജാഗരൂകരാകുക എന്നതാണു്. സംസ്കാരത്തെയും സമൂഹത്തെയും ആകമാനം അന്തർലീനമായി വ്യാപിച്ചു നില്ക്കുന്ന സാങ്കേതികത അവയുടെ ദിശയെ സ്വാധീനിക്കുകയും നിർണ്ണയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണു്. അതിലുള്ള നൈതികദൗർബ്ബല്യം ഇതരമേഖലകളിലേതിനേക്കാൾ ആഴത്തിലും ഝടുതിയിലും ജീവിതങ്ങളെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യും, ഒരുപക്ഷേ പ്രതിരോധിക്കാൻ സാധിക്കുന്നതിനും മുൻപേ.
നന്ദിനി മേനോൻ:
നിസാർ അഹമ്മദ്, നീണ്ട വായനയായിരുന്നു. തുടക്കത്തിൽ ഭാഷ ഒരല്പം ഖരമായിരുന്നെങ്കിലും പിന്നീടു് ഉരുകി തെളിഞ്ഞു വന്നു. സർവാധിപത്യം സാങ്കേതിക വിദ്യയെ കൂട്ടു പിടിക്കുന്നു, സാങ്കേതികവിദ്യ സർവാധിപത്യത്തെ നിർവചിക്കുന്നു, ഒരു ഇണ്ടലും കൂടാതെ തന്നെ രണ്ടിനേയും ഒന്നായി കാണാം. ‘പഴയ’ ബുദ്ധിജീവി സ്വന്തം ജീവിത കാലത്തിനോടു് എന്നും കലഹിച്ചു കൊണ്ടേയിരുന്നിരുന്നു. പ്രായോഗികമതിയായ പുതിയ ബുദ്ധിജീവി കഴിഞ്ഞു പോയ കാലത്തെ കുത്തി കിളച്ചു് പൊക്കിയെടുത്തു് വീണ്ടും വീണ്ടും ഊക്കിൽ ചവിട്ടിത്താഴ്ത്തുന്നു, കുത്തിയിളക്കിയ മണ്ണായതിനാൽ കാലിനു പരിക്കുമേല്ക്കുന്നില്ല.
നാരായണ ഭട്ടതിരി: മലയാള കലിഗ്രഫി
അഷ്റഫ്:
ഭട്ടതിരിയുടെ കാലിഗ്രഫി: ഭംഗിക്കു് ഇതിൽപരം ചേതോഹരമായ പര്യായങ്ങൾ വിരളം!!
താരാ കെ ജി:
ശ്രീ നാരായണ ഭട്ടതിരി എന്നും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു് ചില ബോധവൽക്കരണ ബ്രോഷറുകൾ തയ്യാറാക്കാനായിട്ടാണു് ആദ്യം പരിചയപ്പെടുന്നതു്. ഉള്ളടക്കത്തേക്കാൾ മികച്ച ലേ ഔട്ടിലൂടെയും, ചിത്രങ്ങളിലൂടെയും അന്നും അത്ഭുതപ്പെടുത്തി. ഇന്നു്, ‘അ’യിൽ പെരുങ്കടൽ കണ്ടു. ‘ഈ’യിൽ, പെറ്റു കിടക്കുന്ന ഈറ്റപ്പുലിയേയും. നന്ദി!
അനിത തമ്പി: മിറാൻഡ മിറാൻഡ മിറാൻഡ
ഒ. പി. സുരേഷ്:
അനിത തമ്പി എന്നെ വീണ്ടുമൊരു കുട്ടിയാക്കി. ‘കുട്ടിക്കഥ’കളുടെ പതിവു് ചപ്പടാച്ചികൾ തൊട്ടു കൂട്ടാതെയുള്ള കഥപറച്ചിൽ. ‘വെള്ളം കിടന്നുറങ്ങുന്ന കിണറും’ വെയിലു കൊള്ളുന്ന കുളവും പോലെ ആഴമൊളിപ്പിച്ച മനോഹാരിത. ആ ഒമ്പതുകാരി മിടുക്കത്തി ബാക്കി പറയുന്നതും കാത്തു് ആകാംക്ഷയോടെയിരിക്കുന്നു.
വേണു എടക്കഴിയൂർ:
കവികൾ കഥകളെഴുതാൻ തുടങ്ങിയാൽ കഥാകാരന്മാരായി നടിക്കുന്നവർ നാടുവിടേണ്ടിവരും!
അഷ്റഫ്:
മിറാൻഡ കഥയിലെ അഭിജിത്തിന്റെ വരകൾക്കു് കഥയോളം ലാളിത്യം സാധ്യമായിരിക്കുന്നു.
ലിസി മാത്യു:
മിറാൻഡ പ്രകൃതിയോടു ചേർന്നു നിൽക്കുന്ന കുട്ടിത്തത്തിന്റെ പര്യായമാണു്. ആകാശത്തിലെ കുരുവി മിറാൻഡയും വെള്ളത്തിലെ മീൻ മിറാൻഡയും മണ്ണിലെ കുഞ്ഞുമിറാൻഡയും സമ്മേളിക്കുമ്പോൾ വായനക്കാർ കൗതുകത്തിന്റെ പൂമ്പാറ്റച്ചിറകിൽ ഊഞ്ഞാലാടുന്നു. കഥാവസാനത്തിലെ വണ്ടി കയറൽ ബാല്യകാലത്തെ പ്രകൃതി അനുഭവങ്ങളിൽ നിന്നുള്ള വിടുതലാണു്. അതാണു് പിന്നീടു് തിരിഞ്ഞു നോക്കുമ്പോൾ ഗൃഹാതുരതയുടെ രൂപത്തിൽ മനുഷ്യനെ അലട്ടി നോവിക്കുന്നതു്. കഥാവസാനം പറയുന്നതുപോലെ ഈ കഥ ഇനി തുടരേണ്ടതില്ല. പൂമരം ചുറ്റിവരുന്ന ആ ഇളങ്കാറ്റുണ്ടല്ലോ. അതിൽ പറക്കാത്ത ബാല്യമുണ്ടോ? മുടിഞ്ഞ കാലത്തിന്റെ മുറിവുകൾ മാറ്റാൻ ഇത്തരം ഓർമ്മപ്പെടുത്തലുകൾ തന്നെയാണു് വേണ്ടതു്. അനിത തമ്പി മുറ്റമടിച്ചു കുരുങ്ങാതെ, ആലപ്പുഴവെള്ളത്തിന്റെ മുകളിൽ കടന്നു് പെൺചിറകിന്റെ പ്രകൃതിപാഠങ്ങൾ ഇനിയും പറത്തുക.
താരാ കെ ജി:
വെള്ളം കിടന്നുറങ്ങുന്ന കിണറുകളും, അത്ഭുതങ്ങൾ ഒളിപ്പിച്ച ഇടവഴിയും, കാറ്റത്തു് പറക്കാൻ കൊതിക്കുന്ന ഉടുപ്പുകളും, മിറാൻഡയും, നല്ലൊരു ആനിമേഷൻ ചിത്രത്തിന്റെ ചാരുതയോടെ കണ്ണിൽ നിറഞ്ഞു. നിഴലുകൾ കൊണ്ടു് ചായം മായ്ച്ചുകളയുന്ന വിദ്യയും സ്വായത്തമാക്കി. ആഗ്രഹിച്ചു പോകുന്നു; മിറാൻഡയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ വന്ന ഇടവഴി ഇനിയും കാത്തു നിൽക്കട്ടെ. മിറാൻഡ കളിച്ചു തിമിർക്കട്ടെ. മിറാൻഡ മീനും, മിറാൻഡ കിളിമരവും സൂര്യൻ അസ്തമിക്കാത്തിടത്തോളം കാലം അങ്ങിനെ നിലകൊള്ളട്ടേ! Freeze the frame! അനിതാ തമ്പിയ്ക്കു്, സായാഹ്നയ്ക്കു് നന്ദി!
സെന്തിൽ:
മിറാൻഡക്കുട്ടി തന്നെ വന്നു് പൂർത്തീകരിക്കേണ്ട കഥ എത്ര ഒഴുക്കോടെയും വശ്യമായും അനിത പറഞ്ഞുപോയിരിക്കുന്നു. കുട്ടികൾക്കു് വേണ്ടി എഴുതുമ്പോൾ ഭാവന അതിന്റെ വർണ്ണരാജിയാകെ വിടർത്തി നിൽക്കണം. ശൈലി നിർമ്മലമാകണം. Antoine Saint-Exupery-യുടെ “ദ ലിറ്റിൽ പ്രിൻസ്” ഓർത്തുപോവുന്നു. അനിതയുടെ കഥയിലാകെ അഴക് ഇറ്റിറ്റു് വീഴുന്നു.
സന്തോഷ് കുമാർ സി:
ഒൻപതു വയസ്സുകാരിയുടെ അച്ഛൻ ആദ്യം ‘മിറാൻഡ’ വായിച്ചു. പിന്നെ ഒൻപതു വയസ്സുകാരിക്കു് വായിക്കാൻ കൊടുത്തു. ഒൻപതു വയസ്സുകാരി ഒന്നല്ല രണ്ടു തവണ വായിച്ചു. ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛൻ സ്വന്തം ശബ്ദത്തിൽ വായിച്ചു തരണമെന്നു് ചട്ടം കെട്ടുകയും ചെയ്തു. നാളെ ഒൻപതു വയസ്സുകാരിയുടെ പതിവു മലയാളം പകർത്തിയെഴുത്തും ഇക്കഥ തന്നെയാണു്. നന്ദി, അനിത തമ്പി.
നന്ദിനി മേനോൻ:
ഇടവഴികൾ കാത്തു നിൽക്കട്ടെ, ഊഞ്ഞാലാടാൻ ഒരു പൂമരക്കൊമ്പു കിട്ടിയ ബാല്യത്തിന്റെ ഭാഗ്യം…! അവൾ കഥയുടെ ബാക്കി പറയാൻ വരും, അപ്പഴത്തേക്കും വെയിലു കൊണ്ടു കൊണ്ടു് അവളുടെ പച്ചനിറം തേമ്പിയിട്ടുണ്ടാവും മുടിയിലെ മുൾക്കാടുകൾക്കിടയിലൊരു മഞ്ഞപ്പാറ്റ കുരുങ്ങിക്കിടപ്പുണ്ടാവും… പക്ഷെ ഉയരത്തിലൊരു കൊമ്പു് പൂക്കൾ പൊഴിച്ചു് താളത്തിലാടുന്നുണ്ടാവും തീർച്ച…
ആഷ്ലി മേരീ ബേബി:
മിറാൻഡ ഒരത്ഭുത കുട്ടിയാണു്. അവളുടെ പ്രായം കാണലിന്റെയും കേൾക്കലിന്റെയും രുചിക്കലിന്റെയും ആവേശമുറ്റതു്. പച്ചയും മഞ്ഞയും ചുവപ്പും വെയിലിൽ തിമിർക്കുന്നു. രസിച്ചു വായിച്ചു. ചിത്രങ്ങൾ കഥപോലെ മിനുത്തതും.
റാണി ജോസഫ്:
മിറാൻഡയെ ഹൃദയത്തിൽ തൊട്ടു വായിച്ചു. വളരെ നന്നായിരിക്കുന്നു. പണ്ടു് ഞാനും ഒരു മിറാൻഡ ആയിരുന്നു. മഴപ്പച്ചയും കൂണും ഓന്തും മുക്കുറ്റി നിറഞ്ഞ ഇടവഴിയും പാറക്കെട്ടിലെ തവളക്കുഞ്ഞുമെല്ലാം എന്റെയും ലോകത്തുണ്ടായിരുന്നു. നന്ദി.
ടോണി:
സായാഹ്നയിലെ കടിച്ചാൽ പൊട്ടാത്ത വിഷയങ്ങൾക്കു് പ്രതികരണം കുറവായിരുന്നു. പക്ഷെ, മിറാൻഡ മറ്റൊരു ലെവലാണു്. ഇഷ്ടമായി. ഇനിയും ഇതുപോലുള്ള കഥകൾ വേണം. ജീവനുള്ള കഥയ്ക്കു് ജീവനുള്ള ചിത്രങ്ങൾ.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സി. വി. ആർ., ലിസി മാത്യു, അശോക്:
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി മലയാളപഠിതാക്കൾക്കു് ഒഴിച്ചുകൂടാനാവാത്ത ഒന്നാണു്. ബൃഹത്തായ ആ ഗ്രന്ഥം വിപണിയിൽ ലഭ്യവുമാണു്. എന്നാൽ അധികമാർക്കുമറിയാത്ത ഒരുകാര്യമുണ്ടു്. 1923-ൽ പുറത്തിറങ്ങിയ ഒന്നാം പതിപ്പു് പിന്നീടു് പലതവണ പരിഷ്കരിക്കപ്പെട്ടു. പലതും ശബ്ദതാരാവലിയുടെ മേന്മ കുറക്കുന്ന രീതിയിലായിരുന്നു. ഉദാഹരണത്തിനു്, ശബ്ദതാരാവലിയിലെ മിക്കവാറും എല്ലാ വാക്കുകൾക്കും ആ വാക്കിന്റെ പ്രയോഗം വ്യക്തമാക്കുന്ന ഒരു കവിതയുടെയോ കാവ്യത്തിന്റെയോ ഭാഗം ശ്രീകണ്ഠേശ്വരം തന്റെ കൃതിയിൽ നിവേശിച്ചിരുന്നു. രണ്ടു തലമുറയായി നമ്മൾ കാണുന്ന ശബ്ദതാരാവലിയിൽ അവ ഒഴിവാക്കിയിരിക്കയാണു്. കൂട്ടലും കുറയ്ക്കലും ഇല്ലാത്ത, തനതുരൂപത്തിലുള്ള, രണ്ടായിരത്തി അഞ്ഞൂറു് പുറങ്ങളുള്ള, ശബ്ദതാരാവലി രണ്ടാം പതിപ്പു് വീണ്ടെടുത്തു ഓൺലൈനായി പൊതുസഞ്ചയത്തിൽ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണു് ഇപ്പോൾ സായാഹ്ന. ഒറിജിനലിനോടു് ഒത്തുനോക്കി തെറ്റുകൾ തിരുത്തേണ്ടതിനു് ഭാഷാസ്നേഹികളുടെ സഹായം ആവശ്യമുണ്ടു്. തെറ്റുകൾ കാണുകയാണെങ്കിൽ തിരുത്തുകയോ മാർക്ക് ചെയ്യുകയോ ചെയ്യാവുന്നതാണു്. ചുരുങ്ങിയ സമയത്തിൽ ലക്ഷ്യം പൂർത്തീകരിക്കുന്നതിനുവേണ്ടി സഹകരിക്കുവാൻ സന്നദ്ധരായവരുടെ ഗ്രൂപ്പു് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടു്. സമ്മതമാണെങ്കിൽ താഴെ പറയുന്ന ലിങ്ക് വഴി sayahna ശബ്ദതാരാവലി എന്ന ഗ്രൂപ്പിലേക്കു് വരിക. സ്വയം പ്രരിചയപ്പെടുത്തുക. https://chat.whatsapp.com/Firafz4OG2 h4BkG5zYMeAL സാമ്പിൾ പേജ് ഈ ലിങ്കിൽ: http://books.sayahna.org/stv/stv-200-204.pdf
സായാഹ്ന ടീം:
ജൂലൈ വരെയുള്ള ഫോൺ പതിപ്പുകളുടെ കാറ്റലോഗ്: http://books.sayahna.org/ml/pdf/ releases-july-20.pdf.
അഥിയ, കെ. പി.:
പ്രിയ സുഹൃത്തുക്കളെ, നല്ല നമസ്കാരം ഈ കോവിഡ് കാലത്തു് നമുക്കെല്ലാം വായന ഇത്രയും സുഗമമാക്കി തരുന്ന ബഹുമാന്യനായ ശ്രീ സി വി ആർ സാറിനും ശ്രീ ഹുസൈൻ സാറിനും ഒരായിരം ആശംസകൾ. ഈ ലോകോത്തര സാഹിത്യങ്ങൾ നമ്മുടെ വിരൽത്തുമ്പുകളിലേക്കു എത്തിച്ചു തരുന്നതിനു ഒരു പാടു് നന്ദി. നന്ദി നന്ദി…

(ജൂലൈ 26 മുതൽ ആഗസ്റ്റ് 1 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
നിസാർ അഹമ്മദ്: ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു
സതീശ് ചന്ദ്രൻ:
‘ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു?’ കേട്ടപ്പോൾ പേടിച്ചു പോയി. പക്ഷെ വായിച്ചു നോക്കിയപ്പോൾ സമാധാനമായി.
 1. ബുദ്ധിജീവികൾക്കു് ഒന്നും സംഭവിച്ചിട്ടില്ല (നിലവിലുള്ളതിനല്ലേ എന്തെങ്കിലും സംഭവിക്കൂ എന്ന simple logic).
 2. ബുദ്ധിജീവികളെ, (വേണമെങ്കിൽ, വളരെ കഷ്ടപ്പെട്ടു്, ഒരു പരിധി വരെ) നിർവ്വചിക്കാം. എന്നാൽ സാംസ്കാരിക നായകന്മാരെ നിർവ്വചിക്കാനുള്ള വിദ്യ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
 3. ബുദ്ധി ജീവികൾ, സാംസ്ക്കാരിക നായകന്മാർ എന്നെല്ലാം ഇപ്പോൾ വിശേഷിക്കപ്പെടുന്നവർ … …മാരാണു്.
 4. നിസ്സാർ അഹമ്മദ്, നിസ്സാരനല്ല—നിജസ്ഥിതി തിരിച്ചറിയാൻ പ്രാപ്തനും അതു് വിളിച്ചു പറയാൻ മാത്രം സത്യസന്ധനുമാണു്.
അനിത തമ്പി: മിറാൻഡ മിറാൻഡ മിറാൻഡ
മുസ്തഫ കമാൽ:
അനിതാ തമ്പിയുടെ മിറാൻഡ എന്ന കഥ എങ്ങനെയാ ഐഷാ സഹ്റയ്ക്കും ഐസാ സൈനയ്ക്കും കേൾപ്പിച്ചു് കൊടുക്കാൻ കഴിയുക എന്നോർക്കുകയാണു് ഞാൻ. ഞാനവരെപ്പോലെ ചെറിയ കുട്ടിയായിപ്പോയതു് കണ്ടു് അവർ അന്തം വിടും.
സാന്റി:
മിറാൻഡ × 3 വായിച്ചു. കുട്ടിത്തം നിറഞ്ഞ, ലളിതമായ ആവിഷ്കാരം ഇഷ്ടപ്പെട്ടു. മുമ്പു് എസ്. കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ യിലെ പോലെയുള്ള വർണ്ണനകൾ രംഗം നേരിൽ കാണും പോലെ തോന്നിപ്പിക്കുന്നു.
ഐശ്വര്യ ആർ:
മിറാൻഡ മിറാൻഡ മിറാൻഡ വളരെ മനോഹരമായ കഥ. ബാല്യത്തിലേക്കു് ഒരു നിമിഷം തിരിഞ്ഞു നടക്കാൻ തോന്നി ഇല്ലെങ്കിൽ ബാല്യകാലത്തിലേക്കു് തിരിച്ചുപോയി എന്നു പറയാം. കഥയിലെ ഗ്രാമ പശ്ചാത്തലവും പുഴയോരവും.
ഹുസൈൻ—രാധാകൃഷ്ണൻ സംഭാഷണം: പാഠസംരക്ഷണത്തിന്റെ അനുഭവപാഠങ്ങൾ
ദാമോദർ പ്രസാദ്:
Containment zone-ലായതുകൊണ്ടു് അവധി ദിനം പോലെയാണു്. എല്ലാം ഒരു വേള മന്ദഗതിയിലായി. സാധാരണ ഗതിയിലുള്ള ഓഫീസ് ദിവസമാണെങ്കിൽ സായാഹ്നയിൽ പ്രസിദ്ധീകരിക്കുന്ന ദീർഘമായതും ഇരുന്നുപിടിച്ചു വായിക്കേണ്ടതായ എഴുത്തുകൾ മറ്റൊരു ദിവസത്തേക്കു് മാറ്റി വെയ്ക്കുകയാണു് ചെയ്യാറുള്ളതു്. ചെറുകഥയ്ക്കും കാർട്ടൂണുകൾക്കും കുറിപ്പുകൾക്കും ശ്രദ്ധ വേണ്ടെന്നല്ല. പക്ഷേ, ഒറ്റയിരിപ്പിനു് അതു് വായിക്കാനും, ആസ്വദിക്കാനും, കണ്ടറിയാനും പറ്റും. ദീർഘ ലേഖനങ്ങൾ പിന്നീടു് വായിക്കാൻ മാറ്റിവെച്ചിരിക്കുന്നതു് ആ അവസ്ഥയിൽ തുടരുകയും ചെയ്യും. ഇതു് എന്റെ മാത്രം അനുഭവമായിരിക്കില്ല. എന്തായാലും containment ദിവസമാകയാൽ ഈ അഭിമുഖം മുഴുവൻ വായിക്കാൻ കഴിഞ്ഞു. ഭാഷാ സാങ്കേതികതയിലൂന്നുന്ന ഈ ചോദ്യോത്തരം മലയാള ഭാഷ ഐ സി റ്റിയുമായുള്ള നാളിതുവരെയുള്ള ഇടപാടുകളുടെ ആഴ ചരിത്രമാണു്. ഗവേഷകർക്കു് വലിയ സ്രോതസ്സാണു്. സാങ്കേതിക വിദ്യയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷട്രീയ വ്യക്തത ഭാഷാ സാങ്കേതിക പ്രവർത്തനങ്ങൾക്കു് ഒരു ദിശാബോധം നല്കുന്നു. അച്ചടി ഇക്കോണമിയിൽ നിന്നു് കോപിറൈറ്റേതര സർഗ്ഗാത്മക രചനകളുടെ പൊതുമയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇതിനു് അടിസ്ഥാനമേകുന്നു എന്നു് വിശദീകരിക്കുന്നു. ഒന്നു രണ്ടു കാര്യങ്ങൾ കൂടി പറയണമെന്നുണ്ടു്. പക്ഷേ, മൊബൈൽ വിളികൾ ശ്രദ്ധതെറ്റിക്കുന്നു. അതൊഴിവാക്കാൻ പറ്റില്ലല്ലൊ. വാസ്തവത്തിൽ, സായാഹ്ന മൊബൈൽ പതിപ്പുകൾ കൈയിലേക്കു് വരുന്നതു് ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തിലാണു്. അന്നു് എല്ലാ മധ്യ വർഗ ജീവികളെയും പോലെ വീടിന്റെ സുരക്ഷയിൽ സമയ മിച്ചം വായിച്ചു തീർക്കാമായിരുന്നു. ആ സമയം തന്നെ നാടിന്റെ നാനാഭാഗത്തു നിന്നു ദുരിതങ്ങളുടെയും യാതനകളുടേയും വാർത്തകൾ വന്നുക്കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു.
കെ. വി. രജീഷ്:
“എണ്ണമറ്റ ലിപികളുപേയാഗിക്കുക, അവയുടെ തന്നെ വിവിധതരം ഗുണവിേശഷങ്ങൾ [6] നിവേശിക്കുക, സാദ്ധ്യമെങ്കിൽ എത്രേത്താളം നിറങ്ങളുപേയാഗിക്കാമോ അത്രയും നിറങ്ങളിൽ പാഠം വിന്യസിക്കുക… എന്നിവയൊക്കെയാണു് ഭാഷയിലെ പാഠവിന്യാസത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങൾ.” ഇത്തരം പാഠവിന്യാസത്തിന്റെ ഒരു മകുടോദാഹരണമാണു് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ വകുപ്പു് പ്രസിദ്ധീകരിച്ച ഹയർ സെക്കൻഡറി പ്രവേശനസഹായി. ഒരൊറ്റ താളിൽ മാത്രം 8 നിറങ്ങൾ. ഇളം പച്ചയിലുള്ള നിർദ്ദേശങ്ങൾ സാധാരണ കാഴ്ചയുള്ളവർക്കു തന്നെ വായിക്കാൻ പ്രയാസം. പാരായണക്ഷമത/ഭിന്നകാഴ്ചശേഷി (ആക്സസ്സിബിലിറ്റി) എന്നിവയെപ്പറ്റിയുള്ള കുറ്റകരമായ അനാസ്ഥ. ലക്ഷക്കണക്കിനു് വിദ്യാൎത്ഥ ികളും രക്ഷിതാക്കളും അധ്യാപകരും അക്ഷയപ്രവർത്തകരും വായിക്കാനുള്ളതാണു്. എങ്ങനെ ഒരു പ്രമാണം ടൈപ്സെറ്റ് ചെയ്യരുതു് എന്നതിനു് ഉദാഹരണമായെടുക്കാം. https://www.hscap.kerala.gov.in/upfile/ Manualonlinestudent.pdf
വി. മുസഫർ അഹമ്മദ്: ഫുട്ബാൾ ജിന്നുകൾ
ഉമർ തറമേൽ:
ഓഫ്സൈഡ് കേറിക്കളിക്കുന്ന പത്രപ്രവർത്തകൻ… പ്യാരീ.
ദാമോദർ പ്രസാദ്:
വി. മുസഫർ അഹമദിന്റെ മലപ്പുറം പന്തുകളിയുടെ ജിന്നിയോളജി (jinneology) നമ്മളെ—പല പുതിയ അറിവുകളിലേക്കും കൊണ്ടുപോകുന്നു. മലപ്പുറം കേരളത്തിലെ അല്ല, ഇന്ത്യയിലെ തന്നെ ബ്രസീലാണെന്നു് വിശേഷിപ്പിക്കപ്പെട്ടു കേട്ടിട്ടുണ്ടു്. കൽക്കത്തയ്ക്കു പോലും ആ സ്ഥാനമുണ്ടെന്നു് തോന്നുന്നില്ല. മലപ്പുറത്തോടുള്ള ഫോബിയ കാരണം മലപ്പുറത്തെ കൊച്ചു പാക്കിസ്ഥാനായി കാണുന്ന ഒരു രീതി പാത്തും പതുങ്ങിയുമാണെങ്കിലും നിലനില്ക്കുന്നുണ്ടല്ലൊ. ലോകകപ്പ് വരുന്നതോടെ, മലപ്പുറം സാർവ്വദേശീയതയുടെ ഒരു യു. എൻ. മൈതാനമാകും. ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ലോക രാജ്യങ്ങളുടെ കൊടി തോരണങ്ങൾ കാണാത്തൊരിടമില്ല മലപ്പുറത്തു്. ഇന്നു് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഫുട്ബോൾ ഭ്രാന്തിനു്, വി. മുസഫർ അഹമദ്, വിശദീകരിക്കുന്നതു പോലെ, ഒരു ആൻറി കൊളോണിയൽ പാരമ്പര്യമുണ്ടു്. അതാണതിന്റെ ജിന്നിയോളജി (jinneology) ജിന്നുകൾക്കു് തങ്ങളുടെ മാന്ത്രിക ശക്തി പ്രയോഗിക്കുന്ന മലപ്പുറത്തെ ഫുട്ബോൾ ചരിത്രത്തെ ജിന്നിയോളജി എന്നു് വിളിക്കാം. (ദൽഹിയിലെ ഫിറോഷ് ഷാ കോട്ട്ലുമായി ബന്ധപ്പെട്ടു് അങ്ങനെയൊരു പഠനം തന്നെയുണ്ടു്). നഗ്നപാദ പന്തുകളിക്കാരുടെ മൈതാന വിജയത്തെ കുറിച്ച് വി. മുസഫർ അഹമദിന്റെ ആഖ്യാനം ലഗാൻ സിനിമയുടെ മട്ടിൽ വലിയ സ്ക്രീനിൽ വൻ ആരവത്തോടെ സങ്കല്പിക്കാം. പക്ഷേ, ഒരൊറ്റ വ്യത്യാസമേയുള്ളൂ. കാതലായതാണു് അതു്. ലഗാൻ ഒരു വൻകിട ഭൂരിപക്ഷ ദേശീയതയുടെ ആവിഷ്ക്കാരമായിരുന്നെങ്കിൽ, ഇവിടെ അതൊരു മൈനർ ദേശീയതയാണു്. Fragmented. മാത്രവുമല്ല, മലപ്പുറത്തെ പന്തുകളിയുടെ ഇതിഹാസത്തിലെ, വി. മുസഫർ അഹമദ് പേരെടുത്തു പറയുന്നവർ, വീരന്മാർ പാക്കിസ്ഥാൻ രാഷ്ട്രത്തിലെ ഫുട്ബോളിലെ പ്രധാനികളായി മാറിയവരാണു്. മലപ്പുറത്തിന്റെ സാംസ്ക്കാരിക പ്രബുദ്ധതയുടെ ഭാഗമാണു് പന്തുകളി. മാപ്പിള പാട്ടുകളുടെ ഈണത്തിൽ നന്നായി ചൊല്ലാവുന്ന ഫുട്ബോൾ പാട്ടിനെ പറ്റി പറയുന്നുണ്ടു്; അങ്ങനെയുള്ള ഒരു പാട്ടു് ഇതിൽ കൊടുത്തിട്ടുമുണ്ടു്. നമ്മുടെ അക്കാദമിക ഫോക്ക് ലോർ ഗവേഷകന്മാരൊന്നും ആ വഴി അത്തരം പാട്ടുകളെ സമാഹരിക്കാൻ സാഹസപ്പെട്ടു കാണില്ല. ആദ്യം അതൊരു തദ്ദേശീയമായ ലോക ബോധമാണെന്നു ഉൾക്കൊണ്ടു് അതിനെ കൂടി ഉൾക്കൊള്ളിച്ചുക്കൊണ്ടു് ഫോക്ക്ലോർ പണ്ഡിതന്മാരാൽ സർട്ടിഫൈ ചെയ്തു കിട്ടിയാൽ മാത്രമേ നമ്മുടെ പുതിയ ഗവേഷകരൊക്കെ ആ വഴി തിരിയാൻ സാധ്യതയുള്ളൂ. തെയ്യ പഠനത്തിൽ നിന്നു് അടുത്ത കാലത്തായി കുറച്ചൊക്കെ മുന്നേറിയ കേരള ഫോക്ക് ലോർ മലപ്പുറത്തിന്റെ ഫുട്ബോളിന്റെ ചരിത്രം അന്വേഷിച്ചു പോകുമെന്നു് വിചാരിക്കാം. ഇങ്ങനത്തെ മറ്റൊരു ഒഴിവാക്കലിനെ പറ്റിയാണു് വി. മുസഫർ അഹമദ് കളി സംബന്ധമായ പത്ര പ്രവർത്തനത്തിന്റെ കാര്യം പറഞ്ഞുകൊണ്ടു് വിശദീകരിക്കുന്നതു്… അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്തെ ഫുട്ബോൾ ഭ്രാന്തു്…
ഒ. പി. സുരേഷ്:
മലപ്പുറത്തിന്റെ മതമാണു് ഫുട്ബോൾ. ഒരിക്കലെങ്കിലും പന്തുതട്ടാതെ ഒരു മലപ്പുറത്തുകാരനും ജീവിതത്തിന്റെ കളിക്കളം വിട്ടിട്ടുണ്ടാവില്ല. പ്രായഭേദമില്ലാതെ എല്ലാവരും കളിക്കാരായ അരീക്കോടു് തെരട്ടമ്മൽ പോലുള്ള നിരവധി ഫുട്ബോൾ ഗ്രാമങ്ങൾ. മഴക്കാലത്തു് കാളപൂട്ടുകണ്ടങ്ങളായും വേനലിൽ ഫുട്ബോൾ മൈതാനങ്ങളായും ജേഴ്സി മാറ്റുന്ന വെളിമ്പറമ്പുകൾ. ദീർഘ ദീർഘങ്ങളായ അലങ്കാര വിവരണങ്ങൾ നിറഞ്ഞ നെടുനീളൻ പരസ്യവാചകങ്ങളുടെ ഇടിമുഴക്കങ്ങളുമായി ഉൾനാടൻ ചെമ്മൺപാതകളിൽ പൊടിപറത്തുന്ന അനൗൺസ്മെന്റ് ജീപ്പുകൾ. പണിയും കളിയും തമ്മിലിടയാതെ രാത്രികളെ സ്വച്ഛന്ദ കളിനേരമാക്കുന്ന താൽക്കാലിക ഫ്ലഡ് ലിറ്റ് സ്റ്റേഡിയങ്ങൾ. ഓർമകളിൽ സദാ പിന്തുടരുന്ന ഗാലറികളുടെ നിലക്കാത്ത ആരവങ്ങൾ… ഒരു ദേശം അതിന്റെ ജീവശ്വാസമായി ഒരു കളിയെ കാര്യമായെടുത്തത്തിന്റെ കാരണങ്ങൾ കൂടുതൽ പഠനവും ഗവേഷണവും അർഹിക്കുന്നുണ്ടു്. നന്ദി മുസഫർ അഹമ്മദ്, സായാഹ്ന.
ഉമർ തറമേൽ:
മുസഫറിന്റെ കളി ലേഖനവും മലപ്പുറത്തെ കളിഭ്രാന്തിന്റെ ചരിത്രവുമൊക്കെ ഓർമ്മിക്കുമ്പോൾ വിട്ടുപോകാൻ പറ്റാത്ത ഒരു മനുഷ്യനുണ്ടു്, സീതിഹാജി. അദ്ദേഹം നല്ലൊരു ഫുട്ബോൾ കളിക്കാരനും ആസ്വാദകനും കൂടിയായിരുന്നു. സീതിഹാജി ഫലിതങ്ങളിൽ കളി ഫലിതങ്ങൾ കുറച്ചുണ്ടു്. ഒന്നു് പങ്കു വെക്കട്ടെ. ഒരിക്കൽ കുറേ ചെറുപ്പക്കാർ, മലപ്പുറത്തു നടക്കാൻ പോകുന്ന ഒരു സെവൻസ് ഫുട്ബോൾ മത്സരത്തിനു്, സംഭാവന ആവശ്യപ്പെട്ടു് സീതി ഹാജിയെ സമീപിച്ചു. എന്തോ തിരക്കിലായിരുന്ന ഹാജി, ഇപ്പോൾ നടക്കില്ലെന്നും പിന്നെ കാണാമെന്നും പറഞ്ഞു, സന്ദർശകരെ ഒഴിവാക്കാൻ നോക്കി. ‘ഹാജ്യാരെ, ഇതു് വെറും ഫുട്ബാളല്ല ലീഗ് ഫുട്ബാൾ ആണു്’വന്നവരിൽ ഒരാൾ പറഞ്ഞു. ഇതുകേട്ട ഹാജി: ‘ഹംകേ, അനക്ക് നേരത്തെ പറഞ്ഞൂടെ’ എന്നു് പറഞ്ഞു ഇഷ്ടമുള്ള തുക സംഭാവന എഴുതാൻ പറഞ്ഞു.
ടി. ജിതേഷ്: നേരത്തോടു നേരം കഴിഞ്ഞപ്പോൾ
ടി. ജിതേഷ്:
സായാഹ്നയുടെ ഏതൊരു ലക്കവും പോലെത്തന്നെ കെട്ടും മട്ടും അസ്സലായിട്ടുണ്ടു്. ഭട്ടതിരിയുടെ കലിഗ്രഫി സുന്ദരം. അഭിജിത്തിന്റെ വരയിലെ സുന്ദരേശന്റെ നേർക്കാഴ്ചയും ശ്രീകുമാരിയുടെ ഇരുളിൽത്തെളിഞ്ഞ രൂപവും കഥയുടെ തുടക്കമെന്നോണം മുഖചിത്രത്തിലെ അഴിഞ്ഞുലഞ്ഞ സാരിയും അവസാനഭാഗത്തെ ഒരുമിച്ചുപോക്കും ഇഷ്ടമായി. വളരെ ആകർഷകമായി ഉള്ളറിഞ്ഞൊരുക്കിയതിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
നന്ദിനി മേനോൻ:
‘നേരത്തോടു നേരം കഴിഞ്ഞപ്പോൾ’ ലളിത വായന പ്രസന്നമായ ഭാഷ. കഥ ആദ്യ വരികളിൽത്തന്നെ മനസിലായതിനാൽ അങ്കലാപ്പും ഇല്ല.
വി. ആർ. സന്തോഷ്: മലയാളി സിനിമ കണ്ടതു് എന്തിനു് ?
കെ. സച്ചിദാനന്ദൻ:
മലയാളിയുടെ കലാസ്വാദനത്തിന്റെ ഒരു പ്രധാന ദൗർബല്യത്തിൽ തന്നെയാണു് സന്തോഷ് കൈ വെയ്ക്കുന്നതു്. അതിനെ contentism (ഉള്ളടക്ക മാത്ര വാദം) എന്നു പറയാം. കവിതയായാലും സിനിമയായായാലും അതിനെ ഉള്ളടക്കം, ആശയം, സന്ദേശം തുടങ്ങിയ ചില സത്തകളിലേയ്ക്കു ചുരുക്കി വിലയിരുത്താനുള്ള പ്രവണതയാണു് ഞാനുദ്ദേശിക്കുന്നതു്. ഇതിനു് ഒരു ദീർഘ ചരിത്രമുണ്ടു്. പുരോഗമനത്തെ കേവലം സാമൂഹ്യ സമീപനത്തിന്റെ കാര്യമാക്കിച്ചുരുക്കിയ കാലത്തോളം അതു പിന്നോട്ടു പോകുന്നു. എന്തു് എന്നതു് എങ്ങനെ എന്നതിനെ വിഴുങ്ങി. ഭാഷ—സാഹിത്യത്തിന്റെയായാലും സിനിമയുടെയായാലും—അപ്രധാനമായി. ഇതു തിരുത്താനാണു്, എല്ലാ കുറവുകളോടും കൂടി, ആധുനികത ശ്രമിച്ചതു്. പുരോഗമനവും ആധുനികതയും തമ്മിലുള്ള ഈ വിചിത്രവിഘടനം മലയാളിയുടെ ആസ്വാദന സമീപനത്തെത്തന്നെ വികലമാക്കി. ആസ്വാദനത്തിലെ ഒരു റിഡക്ഷനിസമായിരുന്നു ഇതു്. കാവ്യഭാഷയെയോ ചലച്ചിത്രഭാഷയെയോ ഒരിഞ്ചും മുന്നോട്ടു കൊണ്ടുപോകാത്തവർ രാഷ്ട്രീയ സമീപനത്തിന്റെ പേരിൽ വാഴ്ത്തപ്പെട്ടു. ഡോക്യുമെന്ററി ശക്തമായ ഒരു മാദ്ധ്യമമാണു്, പക്ഷേ സിനിമ വേറെയാണു്. ചില വിദ്യാർത്ഥികൾ ഇയ്യിടെ എടുത്ത ചില ഷോർട് ഫിലിമുകൾ കണ്ടപ്പോൾ സന്തോഷം തോന്നി. എല്ലാം നഷ്ടമായിട്ടില്ല.
ദാമോദർ പ്രസാദ്:
മാൻഹോൾ സിനിമ കലാപരമല്ല എന്നു് സമർത്ഥിക്കാനാണോ ഇത്ര ചരിത്രപരമായ വിശദീകരണം വി. ആർ. സന്തോഷ് നല്കിയിരിക്കുന്നതു്. ന്യൂജെൻ സിനിമയെ കുറിച്ചുള്ള വെറുങ്ങലിച്ച വീക്ഷണത്തോടും വിയോജിക്കുന്നു. കലാപരം, സൗന്ദര്യാത്മകം തുടങ്ങിയ മാമൂലകളെ ഇത്ര പ്രാധാന്യത്തോടെ വി. ആർ. സന്തോഷ് കാണുന്നു എന്നതു് അതിശയകരം തന്നെ…
നന്ദിനി മേനോൻ:
‘മലയാളി സിനിമ കണ്ടതു് എന്തിനു്’ രാഷ്ട്രീയ പ്രഖ്യാപനങ്ങളായും സമീപനങ്ങളായും കൊണ്ടാടിയ പലതും മികച്ചതെന്നു തെളിയിക്കേണ്ടതു് പ്രേക്ഷകന്റെ ബാധ്യതയായിത്തീർന്നതെങ്ങിനെയെന്നു ചിന്തിക്കാറുണ്ടു്. അതി ശക്തമായി കഥ പറയുന്ന ചില ഷോർട്ട് ഫിലിമുകൾ ഈയിടെയായി കാണുന്നുണ്ടു്. രണ്ടു മണിക്കൂർ കാഴ്ചകൾ പപ്പും പൂടയും പറിച്ചൊതുക്കലല്ല ഷോർട്ട് ഫിലിം എന്നു ചെറുപ്പക്കാർ തിരിച്ചറിയുന്നുണ്ടു്…
കെ. എച്ച്. ഹുസൈൻ:
മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളിൽ കഥകളും സംഭാഷണങ്ങളും ആക്ഷനുകളും അടിപൊളിയായി തീർന്നിരിക്കുന്നു. മദ്ധ്യ-ഉപരിവർഗ്ഗത്തിന്റെ ആശങ്കകളും ആഹ്ലാദങ്ങളുമാണു് പുതുസംവിധായകരേയും ജനത്തേയും ഹരംപിടിപ്പിക്കുന്നതു്. പട്ടിണിയും പരിവട്ടങ്ങളുമില്ലാത്ത ആനന്ദകരമായ നിമിഷങ്ങൾ സിനിമയിലെങ്ങും നിറഞ്ഞുനിൽക്കുന്നു. നർമ്മങ്ങൾ ഇടക്കിടെ നുരയുന്നുണ്ടു്. ഇതൊക്കെ മാത്രം ഇഷ്ടപ്പെടുന്ന തരത്തിൽ മലയാളിയുടെ കാഴ്ചസംസ്കാരവും മാറിപ്പോയിരിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണം സുഖത്തെ അലോസരപ്പെടുത്തുന്ന കാഴ്ചകളിൽനിന്നും കേൾവികളിൽനിന്നും അകന്നുനിൽക്കുകയെന്നതാണു്. സിനിമകളിൽനിന്നു് ഗ്രാമങ്ങൾ ക്രമേണ മാഞ്ഞുപോകുകയും നഗരങ്ങൾ കൂടുതലായി ഇടംപിടിക്കുകയും ചെയ്യുന്നതിൽ ഇതുകണ്ടെത്താൻ കഴിയും. അർബനൈസേഷൻ സിനിമകൾക്കു് ചടുലതയും വർണ്ണങ്ങളും സമ്മാനിക്കുന്നു. കഷ്ടപ്പാടിലും അവഗണനയിലും ജനിച്ചു ജീവിച്ചു് മരിച്ചുതീർക്കുന്ന മനുഷ്യരെ ഈ സിനിമകളിൽ അങ്ങനെ കാണാറില്ല. തൊണ്ണൂറുകളുടെ അവസാനം വരെ നിലനിന്നിരുന്ന മദ്ധ്യവർത്തിസിനിമ ന്യൂജനറേഷൻ കാലത്തു് അപൂർവ്വമായിത്തീർന്നിരിക്കുന്നു. പുതുകാലത്തിലെ ഐടി ജീവിതങ്ങൾ, സ്മാർട്ട്ഫോൺ ഇടപെടലുകൾ, ഡിസൈൻ വസ്ത്രങ്ങൾ, ഇന്റർകോണ്ടിനെന്റൽ ഭക്ഷണങ്ങൾ, സൗഹൃദ മദ്യപാനങ്ങൾ—അങ്ങനെ ആഢംബരപൂർണ്ണമാണു് സിനിമയിലെ കേരളീയ ജീവിതങ്ങൾ. ഇതിനപ്പുറം കേരളത്തിൽ മറ്റുജീവിതങ്ങൾ ഉണ്ടോ എന്ന ഒരന്വേഷണം ഇത്തരം സിനിമകളിലില്ല. മതം, ജാതി, രാഷ്ട്രീയം, വിശപ്പു്, രോഗം ഇവയൊക്കെ കേരളത്തിൽനിന്നു് ഏതാണ്ടു് അപ്രത്യക്ഷമായ മട്ടാണു് ചിത്രങ്ങൾ കാണുമ്പോൾ ഉണ്ടാകുന്നതു്. കാഴ്ചകളുടെ ഉത്സവങ്ങളിലേക്കാണു് രണ്ടുമണിക്കൂർ കാണികൾ ആനയിക്കപ്പെടുന്നതു്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾക്കും വറുതികൾക്കും മീതെ സ്വർണ്ണപാത്രങ്ങൾ കമഴ്ത്തി അവ കാഴ്ചക്കാരുടെ വിസ്മൃതികളായിമാറുന്നു. രണ്ടാമതൊന്നുകൂടി കാണാനുള്ള കൗതുകം പോലും അവശേഷിപ്പിക്കാതെയാണു് പലതിന്റേയും തിരോധാനം. കമ്മട്ടിപ്പാടങ്ങളും കുമ്പളങ്ങി രാത്രികളും തൊണ്ടിമുതലും പ്രേമവും ഇവയിലുണ്ടാകുന്നുണ്ടു്. നഗരവൽക്കരണത്തിൽ നിഷ്കാസിതരായ ജനങ്ങൾ, മദ്യത്തിലേക്കും അക്രമങ്ങളിലേക്കും തള്ളിയിടപ്പെട്ട ജീവിതങ്ങൾ, പുതുമുതലാളിമാരുടെ പുതിയ ഇരകളും അടിമകളുമായിത്തീർന്ന ദളിതു ജീവിതങ്ങൾ, റൊമാൻസിന്റെ ആഹ്ലാദങ്ങളോടൊപ്പം മീൻപിടുത്തങ്ങളും സങ്കടങ്ങളും—ഇവയൊക്കെ സ്പർശിക്കുന്ന പ്രമേയങ്ങൾ അപൂർവ്വമായെങ്കിലും ന്യൂ ജനറേഷനിൽ കടന്നുവരുന്നു. ന്യൂജനറേഷനിൽതന്നെ വ്യത്യസ്തമായൊരു മദ്ധ്യവർത്തിസിനിമ രൂപംകൊള്ളുന്നതു് ഇവയിൽ കണ്ടെത്താം. സമൂഹത്തിന്റെ പിന്നാമ്പുറക്കാഴ്ചകൾ പലപ്പോഴും വയലൻസും സ്റ്റണ്ടുമായി ഒടുങ്ങുകയാണു്. ഇത്തരം ഒരു സാമൂഹ്യാവസ്ഥ നിലനില്ക്കുന്നതിനെതിരെ ഒരു ചോദ്യവും ഇവ ഉയർത്തുന്നില്ല. അത്തരം രാഷ്ട്രീയബോധങ്ങൾ നിർമ്മിച്ചെടുക്കാൻ ഇതിന്റെ സംവിധായകർക്കോ സംഘാടകർക്കോ ഉദ്ദേശ്യവുമില്ല. ലോകസിനിമകളിലെ മികച്ച സിനിമകൾ പണ്ടൊന്നും സങ്കല്പിക്കാൻ കഴിയാത്ത തരത്തിൽ പുതുതലമുറ കാണുന്നുണ്ടു്. കെട്ടുകാഴ്ചകൾ നിറച്ചു് പ്രേക്ഷകരെ തിയ്യേറ്ററുകളിലേക്കെത്തിച്ചു് പണം വാരുക എന്നുള്ളതാണു് ഭൂരിഭാഗം ന്യൂജനറേഷൻ സിനിമകളുടെയും ലക്ഷ്യം. പുതുസാങ്കേതികത കൊണ്ടുവരുന്ന അട്ടിമറികളെ സ്വായത്തമാക്കാനും യുവതയുമായി പങ്കുവച്ചു് രസിക്കാനുമുള്ള ഹരവും ഒപ്പമുണ്ടു്. മറാത്തിയും തമിഴുമുൾപ്പെടെ ഇന്ത്യയിലെ മറ്റു പ്രാദേശികസിനിമകളിലെ യുവത്വം സ്വന്തം ജനതയുടെ നൊമ്പരങ്ങളേയും ആശങ്കകളേയും നെഞ്ചേറ്റുന്ന കാഴ്ച നമ്മുടെ കുട്ടികൾക്കു് അത്ര മതിപ്പുളവാക്കാനിടയില്ല. രാഷ്ട്രീയം സർഗ്ഗാത്മകവ്യാപാരങ്ങളിൽ കഴിവതും അകറ്റിനിർത്തേണ്ട ഒന്നാണല്ലൊ. ന്യൂജനറേഷൻ സിനിമകളുടെ അടഞ്ഞ സ്ഥലികളിൽ ഒരു കൂട്ടം ചെറുപ്പക്കാർ കണ്ണുതുറന്നിരിപ്പുണ്ടു്. ജയൻ കെ ചെറിയാൻ (പാപ്പിലിയോൺ ബുദ്ധ), സുദേവൻ (ക്രൈം നമ്പർ 8), സനൽകുമാർ (ഒഴിവുദിവസത്തെ കളി), മനു കാക്കനാടൻ (മൺറോതുരുത്തു്), സജിൻ ബാബു (അസ്തമയം വരെ), ഷാനവാസ് നരണിപ്പുഴ (കാരി), റാഡി (വെളുത്തരാത്രികൾ), വിധു വിൻസെന്റ് (മാൻഹോൾ), ലിജോ ജോസ് പെല്ലിശ്ശേരി (ഈ. മ. യൗ., ജല്ലിക്കട്ട്)… ഇവരുടെ സാന്നിദ്ധ്യം നല്കുന്ന പ്രതീക്ഷകൾ വലുതാണു്. ഇവരിൽ പലരുടേയും നിർമ്മാണരീതി നാടിനേയും നാട്ടുകാരേയും പങ്കെടുപ്പിക്കുന്ന ജനകീയ രീതിയാണു്—ലോകസിനിമയിൽ അബ്ബാസ് കിയാരോസ്തമി പരീക്ഷിച്ച മാതൃക. കേരളീയ ജീവിതത്തിന്റെ ആഢംബരത്തോടുള്ള അഭിരതിക്കെതിരെ ഇവർ സിനിമയെ മാത്രമല്ല, നിർമ്മാണരീതിയേയും അണിനിരത്തുന്നു. ഇവരെ ന്യൂ ജനറേഷനിൽ ലേബൽ ചെയ്യുന്നതു് ചലച്ചിത്ര മാദ്ധ്യമത്തോടും കേരളീയ ജീവിതത്തോടും അവരെടുക്കുന്ന നിലപാടുകളെ തെറ്റിദ്ധരിക്കാൻ ഇടയാക്കും. ഇതിൽനിന്നൊക്കെ വ്യത്യസ്തമായി അധികമാരുമറിയാതെ ഒരു ‘അണ്ടർഗ്രൗണ്ട്’ സിനിമ മലയാളത്തിൽ അടുത്ത കാലത്തായി രൂപംകൊള്ളുണ്ടു്. സുദേവനിൽ നിന്നാണു് അതിന്റെ തുടക്കം. പത്തുലക്ഷത്തിനു താഴെ മാത്രം മുതൽമുടക്കുള്ള അവ ഉൾനാടൻഗ്രാമങ്ങളുടെ അറിയപ്പെടായ്കയിലാണു് ജന്മമെടുക്കുന്നതു്. പൊതുജനത്തെ ആകർഷിക്കാനുള്ള ആക്ഷനുകളും സംഭാഷണങ്ങളുമില്ലാത്ത അവയിൽ പക്ഷെ, ഉടനീളം ജനം നിറഞ്ഞുനിൽക്കുന്നു. എല്ലാ അർത്ഥത്തിലും സാധാരണ ജനങ്ങൾ, അവരുടെ വറുതികൾ, വിങ്ങലുകൾ, നിശ്ശബ്ദതകൾ, മങ്ങിപ്പോകുന്ന ജീവിതാഭിലാഷങ്ങൾ—ചടുലമായ ഏതു് സംഭാഷണങ്ങളേക്കാളും മീതെയായി അതു് ആശങ്കകളും ദുരൂഹതകളും സമ്മാനിക്കുന്നു. സിദ്ദിക്ക് പറവൂരിന്റെ ‘കന്യാവനങ്ങൾ’, ‘താഹിറ’ എന്നീ ചിത്രങ്ങൾ സമകാലീന മലയാളി ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു് കാഴ്ചകളെ തിരിക്കുന്നു. യഥാർത്ഥ്യങ്ങളിൽനിന്നു് അയഥാർങ്ങളിലേക്കു് മെല്ലെ മെല്ലെ എത്തിപ്പെടുന്ന അവ ആർഭാടപൂർണ്ണമായ മലയാളി ജീവിതത്തിന്റെ അസംബന്ധങ്ങൾ അനാവരണം ചെയ്യുന്നു. കോവിഡാനന്തരകാലത്തു് മാളുകളിൽനിന്നും സിനിമാപ്രദർശനങ്ങൾ ബയോസ്കോപ്പുകളിലേക്കു് മാറാനുള്ള സാദ്ധ്യകൾ ഉയർന്നുവരുന്നുണ്ടു്. സാമൂഹ്യഅകലം അനുധാവനം ചെയ്തവർ വലിയആൾക്കുട്ടങ്ങളെ ഭയപ്പെടുന്നവരായിത്തീരുമെന്നു് തീർച്ച. ഗ്രാമങ്ങളിലുയരുന്ന ചെറിയ കൂടാരങ്ങളിൽ അണ്ടർഗ്രൗണ്ട് സിനിമകൾ ജനങ്ങളുടേതായി മാറും. —ഹു
അബ്ദുൾ:
സന്തോഷിന്റെ ചോദ്യം പ്രസക്തമാണു്. മാൻ ഹോളിനു വേണ്ടിയായിരുന്നോ നാമുറക്കമിളച്ചതു്? എന്നാൽ, ലോകോത്തര സിനിമകൾ കണ്ടതുകൊണ്ടു് മാത്രം ഒരു സമൂഹത്തിൽ നല്ല സിനിമകൾ നിർമ്മിക്കപ്പെടില്ല. സാമൂഹ്യ പരിവർത്തനത്തിന്റെ സമാന്തര മിശ്രിതം കൂടി വേണം. ഇന്നത്തെ ഇന്ത്യ അത്തരം സാധ്യതകളെ പൂർണമായും റദ്ദ് ചെയ്തു കഴിഞ്ഞു. കേരളമാകട്ടെ, നവോത്ഥാനന്തരം ലൈംഗികമായി അടിച്ചമർത്തപ്പെട്ട ഒരു സമൂഹമായി മാറുകയും ഫ്യൂഡൽ സദാചാരബോധം പിടിപെട്ട ഒന്നായി തീരുകയും ചെയ്തു. വ്യവസ്ഥാപിത ഇടതുപക്ഷവും ഈ സദാചാരത്തിന്റെ വക്താക്കളായി മാറി. ഫലമോ? സിനിമപോലെആവിഷ്കാരത്തിൽ വലിയ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന മാധ്യമങ്ങൾ (മറ്റൊന്നു് ചിത്ര രചന) വിപഥിതമായി (abberated). Von Tier-ന്റെ Nymphomaniac പോലെയോ Kim Ki-duk-ന്റെ Moebius പോലെയോ ഒരു സിനിമ നമുക്കു് ആലോചിക്കാൻ കഴിയുമോ? അതുകൊണ്ടു് നമ്മുടെ സിനിമ ആവിഷ്കാരം ഒരിക്കലും സത്യസന്ധം ആകില്ല. ഒരു കുരുട്ടു് കലയാണു് അതു് സൃഷ്ടിക്കുക. എന്നാൽ ഇറാനിയൻ സമൂഹം നമ്മളെക്കാൾ ലൈംഗിക അടിച്ചമർത്തൽ നേരിടുന്ന സമൂഹമായിട്ടും ലോകോത്തര സിനിമകൾ അവിടെ നിന്നും ഉണ്ടാകുന്നു. അതിനു് കാരണം അവരുടെ ആന്തരിക സാംസ്കാരിക ധാരയാണു്. മറ്റൊന്നു് പ്രതിഭയാണു്. അതുകൊണ്ടാണു് Godarde കിരസ്തോമിയെ കുറിച്ചു ഇങ്ങനെ പറഞ്ഞതു്, Cinema begins with Grifith ends with Kirasthomi. അപ്പോൾ, ഒന്നുകിൽ നാം സാമൂഹ്യമായി ആധുനികവത്കരിക്കപ്പെടണം അല്ലെങ്കിൽ പ്രതിഭകൊണ്ടു് ലൈംഗിക അടിച്ചമർത്തലിനെ മുറിച്ചു കടക്കണം. മലയാള സിനിമയിൽ അത്ര പ്രതിഭയുള്ളവർ ഉണ്ടാവുമെന്നു് കരുതാം. നാം കൂടുതൽ ഇരുട്ടിലേക്കു് നടന്നടുക്കുകയാണല്ലോ!
ആഷിഖ്:
സിനിമയെക്കുറിച്ചുള്ള വ്യത്യസ്തമായ നിരീക്ഷണങ്ങൾ. സമീപനങ്ങൾ, പലതും പുതിയ അറിവുകൾ. നന്ദി.
സെന്തിൽ:
സന്തോഷിന്റെ അവലോകനത്തിൽ ഷാജി കരുണിന്റെ ‘പിറവി’ പരാമർശിക്കപ്പെട്ടില്ല. മലയാളിക്കു് മറക്കാനാവാത്ത ഒരു ചിത്രമാണതു്. മദ്ധ്യവർത്തിയിൽ ഭരതന്റെ പേരു് വിട്ടുപോയതു് വലിയ പിഴവാണു്. ജയരാജും കുറെ ഭേദപ്പെട്ട സിനിമകൾ എടുത്തിട്ടുണ്ടു്. ഒപ്പം സനൽകുമാർ ശശിധരന്റെ ചിത്രങ്ങളെക്കുറിച്ചും ഒന്നും എഴുതി കണ്ടില്ല. സനലിന്റെ ‘ഒഴിവു ദിവസത്തെ കളി’ നല്ലൊരു പരീക്ഷണ ചിത്രമായിട്ടാണു് അനുഭവപ്പെട്ടതു്. എന്തേ വിട്ടുപോയതു്?
ദാമോദർ പ്രസാദ്:
നിയോ-റിയലിസ്റ്റ്, ന്യൂ വേവ് തുടങ്ങിയ പ്രവണതകളെ കുറിച്ചു് ലോക സിനിമയുടെ ചരിത്രം അതിന്റെ സ്വഭാവമെന്തെന്നു് ഏറെക്കുറെ വ്യക്തമാക്കുന്നുണ്ടു്. പക്ഷേ ന്യൂജൻ എന്ന കാറ്റഗറി ഒരൊഴുക്കിൽ പറഞ്ഞുപോകുന്നുവെന്നതൊഴിച്ചാൽ അതിന്റെ സവിശേഷ സ്വഭാവമെന്തെന്നു് വ്യക്തമല്ല. അതുകൊണ്ടു് ന്യൂജൻ എന്നതുകൊണ്ടു് അർത്ഥമാക്കുന്ന പ്രവണതയേതു്? അതിന്റെ പ്രാതിനിധ്യ സംവിധായകർ ആരൊക്കെ? അതിനു് പൊതുവായ ഭാവ തലമുണ്ടെങ്കിൽ അതു് എന്താണു് എന്നൊക്കെ വ്യവച്ഛേദിച്ചു വ്യക്തമാക്കേണ്ടതുണ്ടു്? ചുമ്മാ നമ്മുക്കു് രണ്ടോ മുന്നോ സിനിമകൾ ഇഷ്ടമായില്ല എന്നതുക്കൊണ്ടു് വിമർശനത്തിനു പകരം കുറ്റാരോപണം ഉന്നയിക്കാനായി ഒരു കാറ്റഗറി കണ്ടെത്തി ആക്രമിക്കുന്നതിൽ വലിയ പതിരില്ല. ന്യൂജൻ സിനിമ എന്നു വിശേഷിപ്പിച്ചുകൊണ്ടു് നടത്തിയിട്ടുള്ള ആരോപണങ്ങളൊക്കെ മലയാളത്തിലെ കഴിഞ്ഞ ഒരു മുന്നു ദശകങ്ങളിലെ സിനിമയക്കു് മുഴുവൻ ബാധകമാകും. അതു് മലയാളത്തിലെ കച്ചവട സിനിമയുടെ പൊതു ട്രന്റാണു്. ചാപ്പാ കുരിശാണു് മലയാളത്തിലെ വിളിച്ചു വരുന്ന ന്യൂജനറേഷൻ സിനിമയെങ്കിൽ, ഇഷ്ക്, കിസ്മത്ത്, ചാർളി, പ്രേമം, ഡ്രൈവിങ്ങ് ലൈസൻസ് എന്നിങ്ങനെ പല സമയങ്ങളിൽ ഇറങ്ങിയ ചലച്ചിത്രങ്ങൾ ന്യൂജൻ ഗണത്തിൽപ്പെടുമോ? വ്യക്തമാവേണ്ടതുണ്ടു്. അതേ സമയം, ഡയറക്ടറുടെ പ്രായം മുൻനിർത്തി കസബയും വരനെ ആവശ്യമുണ്ടു് എന്നീ സിനിമകൾ ന്യൂജൻ സിനിമയായി കാണാൻ പറ്റുമോ? പറ്റില്ല. രഞ്ജീ പണിക്കർ, സത്യൻ അന്തിക്കാടിന്റെ ചലച്ചിത്ര സ്വഭാവം ആവർത്തിക്കുക മാത്രമാണിതിൽ. പക്ഷേ അങ്ങനെയല്ല ഉസ്താദ് ഹോട്ടൽ, ലവ് 24 × 7, ബാംഗ്ലൂർ ഡെയ്സ്. രാമലീല ഒരു ന്യൂജൻ സിനിമയാണോ, ചെറുപ്പക്കാരൻ സംവിധായകന്റെ ആദ്യ സിനിമ എന്നൊരൊറ്റ കാരണം കൊണ്ടു്? പറഞ്ഞു വരുന്നതു്, കുറ്റാരോപണം ഉന്നയിക്കുന്നതിനു് മുമ്പു് ഏതു് തരം സിനിമകൾ? പ്രവണതകൾ? പ്രതിനിധാനങ്ങൾ—എന്നിവയെയാണു് ന്യൂജൻ സിനിമ എന്നു വിളിക്കുന്നതിൽ ക്ലാരിറ്റി വേണം. അണ്ടർ ഗ്രൗണ്ട് സിനിമയെ കുറിച്ചുള്ള നിരീക്ഷണത്തോടും വിയോജിപ്പാണു്. വീണ്ടും കാറ്റഗറി തിരിക്കുന്നതു് വ്യക്തതയുടെ അടിസ്ഥാനത്തിലാണെന്നു് തോന്നുന്നില്ല. ആണെങ്കിൽ, അണ്ടർ ഗ്രൗണ്ട് സിനിമയുടെ വ്യവഹാരിക അർത്ഥവും ഇവിടെ ചൂണ്ടി കാണിച്ച പ്രവണതയും തമ്മിലുള്ള ബന്ധം അവ്യക്തമാണു്. കുറച്ചു കൂടി വിശദീകരിക്കാം, ചർച്ച തുടരുകയാണെങ്കിൽ, ആ ഘട്ടത്തിൽ.
ഉണ്ണി ആർ: മലയാളി മെമ്മോറിയൽ
ആഷ്ലി മേരി ബേബി:
മലയാളി മെമ്മോറിയൽ നല്ലൊരു വായനാനുഭവമായിരുന്നു. വായനയ്ക്കിടയിൽ ആ കഥ എങ്ങോട്ടു് പോകുന്നു എന്നതിൽ വലിയ ആകാംക്ഷ ഉണ്ടായിരുന്നു. ജാതിപ്പേരുകൊണ്ടു് ആ കുട്ടി അപമാനിക്കപ്പെടുന്നു എന്നാണു് ആദ്യം കരുതിയതു്. പക്ഷേ, ഇത്രയും ഗുരുതരമാണു് പ്രശ്നങ്ങൾ എന്നു് പിന്നീടു് മനസ്സിലായി. വായിച്ച ഉടനെ ഞാൻ കഥാകൃത്തിന്റെയും അദ്ദേഹത്തിന്റെ അച്ഛന്റെയും പേരു് ചുമ്മാ ഒന്നു് പരിശോധിച്ചു. കേട്ടോ. മറ്റൊരു കാര്യം കൂടി, മലയാളത്തിനു് പത്താം ക്ലാസ്സിൽ 98 മാർക്ക് വാങ്ങി (അന്നു് അതൊരു സംഭവമായിരുന്നു) സ്കൂളിലെ ടോപ്പറായി വിലസിയ ഞാൻ ആ മലയാളം പിന്നീടു് ഉതകിയില്ലല്ലോ എന്നോർത്തു് സങ്കടപ്പെട്ടിട്ടുണ്ടു്. സായാഹ്നയിലെത്തിയതോടെ ആ സങ്കടം മാറി. നേരവും കാലവും നോക്കാതെ പുസ്തകം ചുമന്നുനടക്കാതെ അടുക്കളയിലും യാത്രയ്ക്കിടയിലും ക്ലിനിക്കിലും, എവിടെയും വായനയുടെ ‘കോംബോ’ രുചിക്കൂട്ടു നൽകുന്ന സായാഹ്നക്കു് നന്ദി.
ശില്പ:
മലയാളി മെമ്മോറിയൽ വായിച്ചു. സന്തോഷിന്റെ കണ്ണിലെ അംബേദ്ക്കർ, അംബേദ്ക്കറിന്റെ വേഷം അണിഞ്ഞതിന്റെ പേരിൽ സന്തോഷിനെ അംബേദ്ക്കർ എന്നു് വിളിക്കുന്നവരുടെ കണ്ണിലെ അംബേദ്ക്കർ, കഥയിലെ ആഖ്യാതാവിന്റെ കണ്ണിലെ അംബേദ്ക്കർ… ഇങ്ങനെ വായനയിൽ മാറി മാറി പ്രത്യക്ഷപ്പെടുന്ന പൊതു ധാരണകളെ കുറിച്ചുള്ള ചില ധാരണകളും ചരിത്രവും വർത്തമാനവും പറഞ്ഞു വയ്ക്കുന്ന ധാരണകളും കഥയിൽ കാണാം… കൂടുതൽ പറഞ്ഞാൽ കഥ പൊള്ളുന്നു.
കുട്ടീസ്:
കാലം ജാതികളെയും മതങ്ങളെയും അഭിമാന/അപമാന ബോധം തിരിച്ചുപിടിച്ചു ബൗണ്ടറികൾക്കുള്ളിലേക്കു് മടക്കയാത്ര നടത്തുന്നു.
അനു വി എസ്:
കഥകൾ ഇഷ്ടപ്പെടുന്ന എനിക്കു് ഉണ്ണി ആറിന്റെ മലയാളി മെമ്മോറിയൽ ഒരു പ്രത്യേക വായനാനുഭവം ആയിരുന്നു. ചരിത്രവും വർത്തമാനവും ഇഴ ചേർന്ന ഒരു കഥ. കാലം ജാതി ചിന്തകളെ എങ്ങനെ നോക്കി കാണുന്നു, വർത്തമാനത്തിലൂടെ ചരിത്രത്തിലേക്കുള്ള എത്തി നോട്ടം കൂടിയാണു് ഈ കഥ. ജാതിയുടെ പേരിൽ അഭിമാനം വ്രണപ്പെടുന്ന ഒരു സമൂഹത്തിനു നേരെ തിരിച്ചു പിടിക്കുന്ന കണ്ണാടിയാണു് മലയാളി മെമ്മോറിയൽ. പാഠാന്തരത എന്ന സമീപന രീതിയെ ആഖ്യാതാവു് എത്ര മനോഹരമായി ഈ കഥയിൽ ഉപേയാഗിച്ചിരിക്കുന്നു.
ശബ്ദതാരാവലിയുമായി ബന്ധപ്പെട്ട ചർച്ചകൾ
ലിസി മാത്യു:
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ സാന്നിധ്യമാണു് ഇന്നു് സായാഹ്നയിലെ ഏറ്റവും വലിയ വിശേഷം. രണ്ടായിരത്തിലേറെ പേജുകളുള്ള ശബ്ദതാരാവലി ഒന്നാംപതിപ്പിന്റെ വീണ്ടെടുപ്പും ഡിജിറ്റൽ പതിപ്പും സായാഹ്ന പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണു്. ഏറ്റവും ശ്രമകരമായ ജോലി പ്രൂഫ് റീഡിങ് തന്നെയാണു്. വിവിധരാജ്യങ്ങളിലിരുന്നു് കുറേപ്പേർ പ്രൂഫ് തിരുത്തിക്കൊണ്ടിരിക്കുന്നു. രണ്ടു തലമുറയ്ക്കു് കാണാൻ കഴിയാതെ പോയ ഈ പുസ്തകത്തിന്റെ വീണ്ടെടുപ്പിൽ പ്രചോദനം നൽകിക്കൊണ്ടു് അതിന്റെ പ്രൂഫ് തിരുത്തി അയച്ചുതന്ന മമ്മൂട്ടിയോടു് മലയാളവും സായാഹ്നയും കടപ്പെട്ടിരിക്കുന്നു.
കെ. എച്ച്. ഹുസൈൻ:
മമ്മൂട്ടിയും കാദിയുമൊത്തു് മഹാരാജാസിന്റെ വരാന്തകളിലൂടെ ഉച്ചയ്ക്കു് അലഞ്ഞുനടന്നിരുന്നതു് ഓർമ്മ വരുന്നു. അവരന്നു് കാമ്പസിലെ മിമിക്രിക്കാരും നടന്മാരുമായിരുന്നു. സ്വയംവരം കാണാനായി ക്യൂനിന്നപ്പോൾ മമ്മൂട്ടി The Good, the Bad and the Ugly-യിലെ ക്ലിന്റ് ഈസ്റ്റ്വുഡ് ആയി പ്രത്യക്ഷപ്പെടുകയും പലർക്കും നേരെ വെടിയുതിർക്കുകയും ചെയ്തു. മമ്മൂട്ടി അന്നു് ഭേദപ്പെട്ട വായനക്കാരനായിരുന്നു. എം. ടി. യുടെയും സേതുവിന്റെയുമൊക്കെ ഡയലോഗുകൾ അവൻ ഇടക്കിടെ തട്ടിവിടുമായിരുന്നു. ശബ്ദതാരാവലിയുമായി ആത്മബന്ധം അന്നേ ഉണ്ടായിരിക്കണം. അർത്ഥമറിഞ്ഞാലെ കൃത്യമായ വികാരം പ്രകടിപ്പിക്കാൻ കഴിയൂ എന്നു് അന്നേ മനസ്സിലാക്കിയിരിക്കണം. ഒരു സിനിമാനടനായി പ്രശസ്തനാകുമെന്നു് ഇടക്കിടെ എല്ലാവരും കേൾക്കെ മോഹം പറയുമ്പോൾ ഞങ്ങൾ ഉച്ചത്തിൽ ചിരിക്കുമായിരുന്നു. ലിസി ടീച്ചറും സിവിആറും എഴുതിയതുപോലെ മമ്മൂട്ടിയുടെ പങ്കാളിത്തം ശബ്ദതാരാവലിയെ മാത്രമല്ല സായാഹ്നയുടെ ഭാഷാസംരംഭങ്ങളേയും ജനകീയമാക്കുന്നതിൽ തീർച്ചയായും വലിയൊരു പങ്കുവഹിക്കും. വെള്ളിനക്ഷത്രങ്ങൾ ഇനിയും വരട്ടെ. നക്ഷത്രശോഭ ഭാഷാസാങ്കേതികതയുടെ സ്വാതന്ത്ര്യത്തെ കൂടുതൽ പ്രകാശമാനമാക്കട്ടെ. സായാഹ്നയിൽ ശബ്ദതാരാവലിയുടെ പ്രൂഫ് തിരുത്തുന്നവരിൽ ചിലരുടെ പ്രതികരണങ്ങൾ
മമ്മൂട്ടി:
സന്തോഷം.
ലളിത ഗൗരി:
ഞാൻ ലളിത ഗൗരി. തിരുവനന്തപുരം സ്വദേശി. ഇംഗ്ലീഷ് സാഹിത്യത്തിൽ, കേരള സർവകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. കുറച്ചുകാലം കേരളവർമ്മ കോളേജിൽ അധ്യാപികയായിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയിൽ താമസം. സാമൂഹ്യശാസ്ത്ര ഗവേഷകയായി ജോലി ചെയ്യുന്നു. കൂടെ ഭാഷാ-സാഹിത്യ പ്രവർത്തനവും. ഇവിടുത്തെ മലയാളസാഹിത്യ കൂട്ടായ്മയായ തൂലിക സാഹിത്യവേദിയിലും അവരുടെ സാഹിത്യമാസികയിലും പ്രവർത്തിക്കുന്നു. സായാഹ്നയുടെ ഈ പ്രവൃത്തി വളരെ ആസ്വദിച്ചു ചെയ്യുന്നു. പഴയതും പുതിയതുമായ എത്രയോ വാക്കുകൾ അറിയുന്നു. ഭാഷയുടെ ഒരു അമൂല്യനിധി കിട്ടുന്നതു പോലെ. ഇംഗ്ലീഷിൽ പറഞ്ഞാൽ very rewarding. ഇതിന്റെ ഭാഗമാക്കിയതിൽ നന്ദി സായാഹ്നക്കു്.
സി. എം. ലീല:
ഞാൻ ഗവണ്മെന്റ് വിക്ടോറിയാ കോളേജിൽ മലയാളം അദ്ധ്യാപികയായിരുന്നു. 2007 മാർച്ചിൽ പിരിഞ്ഞു. എനിയ്ക്കു് ഈ ജോലി ഏറെ ഇഷ്ടപ്പെട്ടു. ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടു് ഒരു ദിവസം രണ്ടു ഫയലിലധികം ചെയ്യാനാവുന്നില്ലെന്നു മാത്രം.
ശ്രീകാന്ത്:
തപാൽ വകുപ്പിലാണു് ജോലി. ഇപ്പോൾ ലീവിലാണു്. നിലവിൽ കേരള സർവകലാശാലയിൽ മലയാള വിഭാഗം ഗവേഷകൻ. സി. വി. രാധാകൃഷ്ണൻ സാറിന്റെ വിപുലമായ പ്രവർത്തനമേഖലയെയും വിശിഷ്യാ ശബ്ദതാരാവലിയുമായി ബന്ധപ്പെട്ടു് നടന്ന സായാഹ്നയുടെ പ്രവർത്തനങ്ങളെയും പറ്റി മാധ്യമങ്ങളിൽ വന്ന കാലത്തേ ശ്രദ്ധിച്ചിരുന്നു. അന്നേ ആഗ്രഹിച്ചിരുന്നതാണു് ഏതെങ്കിലും വിധത്തിൽ ഈ ഉദ്യമത്തോടു് സഹകരിക്കണമെന്നു്. ഇപ്പോൾ വളരെ ചെറിയ തോതിലാണെങ്കിലും അതിനു സാധിച്ചതിൽ ഏറെ സന്തോഷമുണ്ടു്. തുടർന്നും പരമാവധി ശ്രമിക്കാം
അപ്സര:
കാര്യവട്ടം മലയാളവിഭാഗത്തിലെ ഗവേഷകയാണു്. വളരെയധികം സന്തോഷമുണ്ടു്, ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ. എന്നെ സംബന്ധിച്ചു് lockdown കാലത്തെ പ്രയോജനപ്രദമാക്കുന്ന ചുരുക്കം ചില പ്രവൃത്തികളിൽ ഒന്നാണിതു്. എത്ര എത്ര പുതിയ വാക്കുകൾ! അർത്ഥങ്ങൾ…! അക്ഷരങ്ങളും അടയാളപ്പെടുത്തലും സംബന്ധിച്ച ഒരുപാടു് സംശയങ്ങൾ ഉണ്ടായിവന്നിട്ടുണ്ടു്. കുറേ ഏറെ തിരുത്തലുകൾക്കു് അവസരം കിട്ടി. സർഗാത്മകമായി സമീപിക്കുന്ന പക്ഷം നിഘണ്ടുവായന വിരസമായ ഒന്നല്ല… ഭാഷയ്ക്കു് വേണ്ടി പലമേഖലയിൽ നിന്നുള്ളവർ ഒത്തുചേരുന്ന ഒരിടത്തിൽ പങ്കുകൊള്ളാനായതിലുള്ള സന്തോഷം… (മമ്മൂട്ടി സർന്റെ സാന്നിധ്യം നൽകിയ സന്തോഷം എടുത്തു പറയട്ടെ!!!)
അല്ലുക്ക അബ്ദുൽ ഗഫൂർ:
ശബ്ദതാരാവലിയുടെ കൂടെ കൂടാൻ പറ്റിയില്ല. മലയാളത്തിൽ എനിക്കു് അത്ര വിവരം പോരാ… പിന്നെ ആ ഗ്രന്ഥത്തിന്റെ വലുപ്പം. കൊക്കിലൊതുങ്ങന്നതേ കൊത്താവൂ എന്ന ആപ്തവാക്യവും മനസ്സിലുണ്ടു്.
ലിസി മാത്യു:
പഴഞ്ചൊല്ലു് പലതുണ്ടു് പലതുള്ളി പെരുവെള്ളം എന്നും ഉണ്ടു്.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
അശോൿ കുമാർ:
സായാഹ്ന പ്രസിദ്ധീകരിക്കുന്ന കൃതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ഗ്രൂപ്പുകളിൽ എപ്പോഴും സ്വാഗതാർഹമാണു്. അതാണെങ്കിൽ വളരെ ആവശ്യവുമായിരിക്കുന്നു. പ്രസിദ്ധീകരിക്കുന്ന കൃതികളെല്ലാം തന്നെ ധാരാളമായി വായിക്കുന്നുണ്ടു് എന്നറിയാൻ സാങ്കേതികതകൊണ്ടു സാധിക്കുന്നുണ്ടു്. വായനക്കാരുടെ പ്രതികരണങ്ങൾ എഴുതി (ഇമോജികൾ ഒഴിവാക്കി) അറിയിച്ചാലേ മുന്നോട്ടുള്ള ദിശയെപ്പറ്റി ശരിയായബോധം പ്രവർത്തകർക്കു ലഭിക്കൂ. എഴുത്തുകാരും നമ്മുടെ പ്രതികരണങ്ങൾ കാണുമ്പോൾ പ്രചോദിതരാകുന്നുണ്ടു്. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ചു് നമുക്കു് ഒരുപാടു് സൗകര്യങ്ങളുണ്ടു് പ്രതികരിക്കാൻ. ചിത്രങ്ങളും ലിങ്കുകളും പൊതു വിവരങ്ങളും വായനയുമായി ബന്ധമില്ലാത്ത മറ്റു പോസ്റ്റുകളും മാത്രമെ ഇവിടെ നിയന്ത്രിക്കുന്നുള്ളു. വായനയെപ്പറ്റിയുള്ള എത്ര നിസ്സാരമെന്നു കുരുതുന്ന പ്രതികരണങ്ങളും നമുക്കു് വിലപ്പെട്ടതാണു്. ഒരു സുപ്രധാന കാര്യം ഏതെങ്കിലും ഒരു ലേഖനത്തെപ്പറ്റിയോ പ്രതികരണത്തെപ്പറ്റിയോ ആരെങ്കിലും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾ, മറ്റഭിപ്രായങ്ങളുടെ അഭാവത്തിൽ, ഗ്രൂപ്പിന്റെ മൊത്തം അഭിപ്രായമായി തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യതയും വളരെയധികമാണു്. അതുകൊണ്ടു് വ്യത്യസ്താഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വിമുഖത, ജനാധിപത്യസമ്പ്രദായത്തിലെ പോലെ, നമ്മുടെയെല്ലാം അഭിപ്രായം മറ്റാരെങ്കിലും പറയുന്നു എന്ന സ്ഥിതിയിലേക്കെത്തിക്കും.

(ആഗസ്റ്റ് 2 മുതൽ 8 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വി. ആർ. സന്തോഷ്: മലയാളി സിനിമ കണ്ടതു് എന്തിനു് ?
കെ. എച്ച്. ഹുസൈൻ:
ശരിയാണു്. പണ്ടു് എളുപ്പമായിരുന്നു—കച്ചവട സിനിമ, മദ്ധ്യവർത്തി സിനിമ, ആർട്ട് സിനിമ… ഇന്നു് എല്ലാം ന്യൂജെന്നിൽ വാരിക്കൂട്ടിയിട്ടിരിക്കുന്നു. വേർതിരിക്കാൻ പുതിയ നാമകരണങ്ങൾ വേണ്ടിയിരിക്കുന്നു. ഏതെങ്കിലും കള്ളികളിലൊതുക്കാനല്ല. പഠനങ്ങളും നിരൂപണങ്ങളും അപ്പൊഴേ ജീവൻ വെക്കൂ. ഇപ്പോഴത്തെ ഒഴുക്കൻ മട്ടിലുള്ള സോഷ്യൽ മീഡിയകളിലെ ആസ്വാദനങ്ങൾ നമ്മുടെ ചലച്ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്കിനു് ഒരു ഗുണവും ചെയ്യില്ല. പുതിയ പ്രവണതകളെ കണ്ടെത്താനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ചലച്ചിത്ര നിരൂപണങ്ങൾ ഇന്നു് കുറഞ്ഞുപോയിരിക്കുന്നു. ഞാനത്ഭുതപ്പെട്ടിട്ടുണ്ടു്, ‘പ്രേമം’ വെറുമൊരു തട്ടുപൊളിപ്പൻ സിനിമയായി മാത്രം വിശേഷിപ്പിക്കപ്പെട്ട സാഹചര്യത്തെപ്പറ്റി. കാലം എന്നൊരു ഘടകം ഇത്രക്കു് അനായാസമായി കുഴച്ചു മറിക്കുകയും ഒപ്പം മികച്ച നൈരന്തര്യം നിലനിർത്തുകയും ചെയ്ത ആഖ്യാനം ‘ഡാനി’ക്കുശേഷം മലയാളത്തിൽ സംഭവിച്ചിട്ടില്ല. അതു് ചലച്ചിത്രപ്രവർത്തകർക്കു് നല്കുന്ന സ്വാതന്ത്ര്യം ഗൗരവമായി പഠിക്കപ്പെടേണ്ടതാണു്… അങ്ങനെ പലതും. ‘അണ്ടർഗ്രൗണ്ടു്’ എന്ന വിശേഷണം ‘ന്യൂജെന്നി’ൽ നിന്നും വ്യത്യസ്തം എന്നു പറയാൻ പ്രയോഗിച്ചതാണു്. യോനാസ് മേകാസ് ചരിത്രവൽക്കരിച്ച അണ്ടർഗ്രൗണ്ടൊന്നുമല്ലതു്! എന്തായാലും ന്യൂജെന്നിനെ സമൂലമായി പൊളിച്ചടുക്കേണ്ടിയിരിക്കുന്നു. സാമാന്യമായെങ്കിലും വേർതിരിവുകൾ നിർവ്വചിക്കേണ്ടിയിരിക്കുന്നു, ദാമോദർ പ്രസാദിനൊന്നു ശ്രമിച്ചു നോക്കാവുന്നതാണു്. ന്യൂജെൻ കുട്ടികൾ ഇതിനെയത്ര ഗൗരവമായെടുക്കാൻ വഴിയില്ല. മറ്റൊരു മിമിക്രിക്കുള്ള വകയായതു മാറിയേക്കാം. എങ്കിലും സാരമില്ല. —ഹു
പി. കെ. ഗണേശൻ:
ന്യുജെൻ എന്ന സംജ്ഞ ഈ സംവിധായകരുടെ തലയിൽ ചാർത്തിയ മുൾകിരീടമാണു്. അവർ സ്വയമണിഞ്ഞതല്ല. പ്രിയദർശൻ തലമുറയ്ക്കു് ശേഷമുള്ള സിനിമാകാലഘട്ടം അടയാളപ്പെടുത്തുന്ന ഒരു ഭാഷാപ്രയോഗം ഇല്ലാതെ പോയി. ഏതെങ്കിലും സ്കൂൾ ഓഫ് തോട്ടിന്റെ ഭാഗമായിരുന്നില്ല പുതിയ ചെറുപ്പക്കാരുടെ വരവു്. അതുകൊണ്ടുതന്നെ മലയാളസിനിമയിൽ അതുവരെ നിലനിന്നിരുന്ന തൊഴിൽപരമായതോ കലാപരമായതോ ആയ ബ്രാഹ്മണ്യം അവരിൽ പലരിലും ഇല്ല. പുതിയ ഭാവുകത്വം അവകാശപ്പെടുന്നില്ല. എങ്കിലും നാം തമസ്കരിക്കുന്നതോ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോ ആയ വിഷയങ്ങൾ വളരെ ഡിറ്റെയിലിങോടെ അവതരിപ്പിക്കാൻ പുതിയ ചെറുപ്പക്കാർക്കു് സാധിച്ചു. ഇപ്പോൾ ആ ട്രൻഡ് ഒരു സ്റ്റാഗ്നേഷൻ അവസ്ഥയിലാണെങ്കിലും…
ഉണ്ണി ആർ: മലയാളി മെമ്മോറിയൽ
വിഷ്ണു പ്രിയ:
‘മലയാളി മെമ്മൊറിയൽ’ പേരിൽ തന്നെ ചരിത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്ന കഥയാണിതു്. ചരിത്രവസ്തുതകളേയും, ഭൂതകാലാനുഭവങ്ങളേയും തന്മയത്വത്തോടെ കഥാകാരൻ അവതരിപ്പിക്കുന്നു. പേരെന്നതു് ഒരു തിരിച്ചറിയലാണു്, മറ്റൊന്നിൽ നിന്നു് നമ്മളെ വ്യത്യസ്തമാക്കുന്നയൊന്നു കൂടിയാണതു്. അത്തരം ചില പുതിയ തിരിച്ചറിയലിന്റെ വായനാനുഭവം സഹൃദയനു സമ്മാനിക്കുവാൻ കഥാകാരനു കഴിയുന്നു. ഇവിടെ പേരുകൾ തന്നെയാണു് കഥ പറയുന്നതു്. കോട്ടയത്തിന്റെ പ്രത്യേകിച്ചു് കുടമാളൂരിന്റെ നാട്ടുവഴികളിലൂടെയിറങ്ങി നടക്കുന്നവരായ ഉണ്ണിയുടെ കഥാപാത്രങ്ങൾക്കു് ചില സവിശേഷതകളുണ്ടു്. നാട്ടിൻപുറങ്ങളിൽ സംഭവിക്കുന്ന ചില നിസ്സാര സംഭവങ്ങളുടെ പുതുമയാർന്ന അവതരണം കൂടിയാണു് ഉണ്ണി ആറിന്റെ കഥകൾ. തനതായ ആഖ്യാനശൈലിയിലൂടെ കഥാകാരൻ പറഞ്ഞു പോകുന്നു. ഒരു വ്യക്തിയ്ക്കു് രേഖകളിലെ പേരു് കൂടാതെ മറ്റൊരു പേരു് കൂടിയുണ്ടാകുന്നതു് സ്വാഭാവികം. പിന്നീടു് യഥാർത്ഥ പേരു് ആരും ഓർക്കണമെന്നുമില്ല. പക്ഷേ അത്തരം ഇരട്ടപേരുകളിൽ പോലും ജാതിയുണ്ടെന്ന തിരിച്ചറിവു് സമൂഹത്തിന്റെ ജീർണ്ണാവസ്ഥയെയാണു് ചൂണ്ടി കാണിക്കുന്നതു്. ആധുനികനായി സ്വയം വേഷം കെട്ടുമ്പോഴും പാരമ്പര്യ ജാതിബോധങ്ങളെ ഒരാഭരണമായി അണിയുന്ന യുവതലമുറയുടെ പ്രതിനിധിയാണു് കഥയിലെ നായകൻ. ഓരോ വായനക്കാരന്റെയും ഉള്ളിലേക്കു് ചൂഴ്‌ന്നിറങ്ങുന്ന കഥയാണിതു്. മികച്ച വായനാനുഭവം.
വായനക്കാർ: പ്രതികരണങ്ങൾ
Ashraf:
A different and elegant cover selection for reader’s responses…
കരുണാകരൻ: വെള്ളപ്പൊക്കത്തിൽ
ജയചന്ദ്രൻ:
‘വെള്ളപ്പൊക്കത്തിൽ’ ടൈറ്റിൽ കലിഗ്രഫി ലളിതം, ഗംഭീരം.
പി. പി. രാമചന്ദ്രൻ
കരുണാകരന്റെ നാടകം മുമ്പു് വായിച്ചതാണു്. അപ്പൊഴേ ഉള്ളിൽ തട്ടിയതാണു് ഈ മികച്ച രചന. വീണ്ടും വായിച്ചപ്പോൾ കൂടുതൽ ഹൃദ്യമായി തോന്നി. സന്തോഷം.
ബഷീർ അബ്ദുൾ:
അസാമാന്യമായ ഉൾക്കാഴ്ചയ്ക്കുള്ള മികച്ച രചന. നന്ദി.
കെ. സച്ചിദാനന്ദൻ:
മുമ്പു വായിച്ചിട്ടും നാടകം പുതിയതു തന്നെയായിരിക്കുന്നു—കരുണാകരന്റെ കഥകളും കവിതകളും പോലെ തന്നെ എന്നും പുതിയതു്.
കെ. വി. ഷനീപ്:
വെള്ളപൊക്കത്തിൽ… കാലിക പ്രസക്തമായ ലഘു നാടകം… നല്ല വായനാനുഭവം.
സി. സന്തോഷ് കുമാർ: ദല്ലാൾ
കെ. സച്ചിദാനന്ദൻ:
സന്തോഷ് കുമാറിന്റെ കഥയ്ക്കു് സുഖമുള്ള ഒരു ഭൂതകാല സൗരഭമുണ്ടു്. ആഖ്യാന ചാതുരിയും നാടകീയതയും കാലമിശ്രണവും ചില വാക്യങ്ങളുടെ കവിത്വവും ശ്രദ്ധിച്ചു.
ലിസി മാത്യു:
നല്ല കഥ, ദല്ലാൾ ആവശ്യക്കാരനെ കണ്ടെത്തുന്നതുപോലെ വായനക്കാരന്റെ മർമ്മം കണ്ടറിയാൻ സന്തോഷിനു കഴിഞ്ഞിട്ടുണ്ടു്. പാമ്പിനെക്കൊണ്ടു് പെണ്ണിനെ കടിപ്പിക്കുന്ന വിദ്യയിൽ ഞെട്ടിയിരിക്കുന്ന മലയാളിക്കു മുൻപിൽ, പെണ്ണിനെ പട്ടിയെക്കൊണ്ടു് കടിപ്പിക്കുന്ന പ്രണയവിദ്യ സരസമായി പറഞ്ഞിരിക്കുന്നു.
Ravindranathan:
Enjoyed reading short story by Santhosh kumar.
രാജഗോപാൽ:
സന്തോഷ് കുമാറിന്റെ പറച്ചിൽ രീതി മനോഹരം.
സി. സന്തോഷ് കുമാർ:
കഥ വായിച്ചതിനും അഭിപ്രായം പങ്കു വെച്ചതിനും സർവ്വശ്രീ സച്ചിദാനന്ദൻ മാഷ്, ലിസ്സി ടീച്ചർ, രവീന്ദ്രനാഥൻ, രാജഗോപാൽ എന്നിവർക്കു നന്ദി. കഥ തിരിച്ചറിയപ്പെട്ടതിലുള്ള സന്തോഷവും അഭിപ്രായങ്ങൾ നല്കുന്ന പ്രചോദനവും വളരെ വലുതാണെന്നു കൂടി അറിയിക്കട്ടെ.
ഹർഷിത:
ദല്ലാൾ. ഗ്രാമത്തിന്റെ നനുത്ത ഓർമ്മകൾ, ജോലി സംബന്ധമായ നഗരവാസം, ആടിത്തീർത്ത ദാമ്പത്യം… പലരും ജീവിച്ചു തീർത്ത ഉണ്ണി എന്ന വേഷം, ഇന്നു് ജീവിച്ചു കൊണ്ടേയിരിക്കുന്നവർ… ഇവയ്ക്കെല്ലാമുപരി വികാരങ്ങളെ കച്ചവടതന്ത്രമാക്കി മാറ്റുന്ന ദല്ലാൾ. നല്ല കഥ.
നിസാർ അഹമ്മദ്: മാനുഷികപ്രശ്നങ്ങളുടെ തിരിച്ചറിവു്
ശരൺ ചന്ദ്രൻ:
നിസ്സാർ അഹമ്മദിന്റെ ലേഖനം ചിന്തിപ്പിച്ചു. പ്രത്യേകിച്ചു് തൊഴിലാളിയുടെ സ്വത്വത്തേയും നിർവ്വചനത്തേയും പറ്റിയുള്ള കാഴ്ചപ്പാടു്. അങ്ങനെ ചിന്തിക്കുമ്പോൾ നിലനിൽക്കുന്ന സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ നിന്നുകൊണ്ടു് തൊഴിലാളിയേയും അവന്റെ പ്രശ്നങ്ങളേയും നിർവ്വചിച്ചെടുക്കാൻ കഴിയേണ്ടതുണ്ടു്. മാറിയ സാഹചര്യത്തിന്റെ വിപുലവും വ്യത്യസ്തങ്ങളുമായ തൊഴിലാളി ഇടങ്ങളിൽ നിന്നുകൊണ്ടുവേണം അതു സാധിക്കാൻ. വിപ്ലവകാരികളും സാമൂഹിക സാമ്പത്തിക വിമർശകരും ബുദ്ധിജീവികളും അവർ അറിയാതെതന്നെ ചൂഷണമുതലാളിത്ത വ്യവസ്ഥകൾക്കു് കീഴ്പ്പെട്ടു് പോകുന്നതും അതിന്റെ പ്രത്യാഘാതങ്ങളും പ്രസക്തമാണു്. മനുഷ്യന്റെ ആവശ്യങ്ങളേയും അനാവശ്യങ്ങളേയും കൂടി ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ടു്. നമ്മുടെ പല സൗകര്യവസ്തുക്കളും എത്തരത്തിലാണു് ചൂഷണ വസ്തുവായി നിലനിൽക്കുന്നതെന്നതും അതിലേക്കു് എങ്ങനെയാണു് നാം ഓരോത്തരും യാന്ത്രികമായി വീണുപോകുന്നതെന്നും തിരിച്ചറിയാത്തതാണു് പ്രശ്നം. മുതലാളിത്ത ഉല്പന്നങ്ങൾ പലതും അനാവശ്യ ഉല്പന്നങ്ങളാണെന്നും അവയുടെ നിർമ്മാണ പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നതോടെ തൊഴിലാളിയുടെ കർതൃത്വത്തെ തന്നെ അവ എങ്ങനെ നിർണയിക്കുന്നുവെന്നതും പ്രസക്തം. മുതലാളിത്ത ചൂഷണ വ്യവസ്ഥിതികൾക്കെതിരെ പ്രതികരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്കു പോലും തങ്ങളുടെ ആശയവിനിമയ പ്രചരണത്തിനും പ്രക്രിയയ്ക്കും മുതലാളിത്ത മാധ്യമങ്ങളേയും ഉല്പന്നങ്ങളേയും ഉപയോഗിക്കേണ്ടിവരുന്ന സങ്കീർണത നിലനിൽക്കുന്നു. മുതലാളി, തൊഴിലാളി, വ്യവസ്ഥിതി എന്നിവയുടെ പുതിയകാല നിർവ്വചനങ്ങളുടെ സാധ്യത അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഒരു മനുഷ്യസ്നേഹി എന്നതിനെപ്പറ്റിയുള്ള സ്വയം വിലയിരുത്തലിനെപ്പറ്റിയും…
Manoj:
Article with full of insight.
ഇ. ഹരികുമാർ: പ്രാകൃതനായ തോട്ടക്കാരൻ
ദാമോദർ പ്രസാദ്:
ടോൾസ്റ്റോയൻ അന്യാപദേശ സ്വഭാവമുള്ള കഥകളെ ഓർമ്മിപ്പിക്കുന്നു ഇ. ഹരികുമാറിന്റെ പ്രാകൃതനായ തോട്ടക്കാരൻ എന്ന ചെറുകഥ. പ്രഭുവും തോട്ടക്കാരനും രണ്ട് വിരുദ്ധ ശക്തികളല്ല. ഭൂപ്രകൃതിയെക്കുറിച്ചു് രണ്ടുതരം കാഴ്ചപാടുകളുള്ളവരാണെന്നു് മാത്രം.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
ഋഷി:
കോഴിക്കോടു് ദർശന ഗ്രന്ഥശാലയിലെ വിദ്യാർത്ഥി അംഗങ്ങൾ “ഐതിഹ്യമാല”യിലെ ഓരോ കഥയും പ്രത്യേകം ഫോൺപതിപ്പായി ആവശ്യപ്പെട്ടതനുസരിച്ചു നിർമ്മിച്ച 126 പിഡിഎഫുകളുടെ കണ്ണികൾ http://www.sayahna.org/?page_id=5 എന്ന വെബ് സൈറ്റിൽ ലഭ്യമാണു്. ഈ കണ്ണികളുടെ പട്ടിക ഒരു ഫോൺ പിഡിഎഫ് ആയും ലഭ്യമാണു്. http://books.sayahna.org/aim/aim-links.pdf
കെ ദാമോദരന്റെ സമ്പൂർണ്ണകൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശനം ചെയ്യുവാൻ അതിന്റെ പ്രസാധകരായ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് കമ്പനി തീരുമാനിച്ച കാര്യം വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. അതിന്റെ ഭാഗമായി ഒന്നാം വാല്യത്തിന്റെ ആദ്യ തെറ്റുതിരുത്തൽ പകർപ്പുകൾ വിവിധ പിഡിഎഫ് രൂപങ്ങളിൽ ഇപ്പോൾ പുറത്തിറക്കുകയാണു്. ഒന്നാം ഭാഗം മുഴുവനുമായി ഒറ്റ പിഡിഎഫ് ആയും ഓരോ അദ്ധ്യായങ്ങൾ വീതമുള്ള ഫോൺ പതിപ്പുകളായും http://www.sayahna.org/?page_id=115 ഈ വെബ് സൈറ്റിൽ ലഭ്യമാണു്. വായനക്കാർ ഈ പിഡിഎഫുകൾ സൗകര്യപൂർവ്വം വായിക്കുകയും തെറ്റുകൾ കാണുകയാണെങ്കിൽ ആ ഭാഗം ഹൈലൈറ്റ് ചെയ്തു “Sayahna Returns” എന്ന ഗ്രൂപ്പിലേയ്ക്കു പകർത്തുകയും ചെയുക. പ്രസാധകർ നല്കിയ പേജ്മേക്കർ സ്രോതസ്സിൽ നിന്നാണു് ഈ പിഡിഎഫുകൾ നിർമ്മിച്ചതു്. പാഠത്തിന്റെ പരിവർത്തനത്തിൽ വരാവുന്ന ഒഴിവാക്കാനാവാത്ത ചുരുക്കം തെറ്റുകൾ മാത്രമേ കാണാനിടയുള്ളു. Sayahna Returns എന്ന ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക്: https://chat.whatsapp.com/J49mEuIJoA4LiL 30yEPlRr വായനക്കാരുടെ സഹകരണം അഭ്യർത്ഥിച്ചുകൊള്ളുന്നു.

(ആഗസ്റ്റ് 9 മുതൽ 15 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
മുനീര്‍ അഗ്രഗാമി: കവിതകൾ
കെ. സച്ചിദാനന്ദൻ:
കവിതയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രത്യാശ നൽകുന്ന രചനകളാണു് മുനീർ അഗ്രഗാമിയുടെതു്. ഞങ്ങളൊന്നും എഴുതിയതു് വെറുതെയായില്ല എന്നു തോന്നുന്നതു് ഇങ്ങിനെ ചിലതു കാണുമ്പോഴാണു്.
മുഹമ്മദു് ബഷീർ കെ കെ:
വ്യത്യസ്തമായ രൂപകങ്ങളും ബിംബ കല്പനകളും കൊണ്ടു് രാഷ്ട്രീയ വിമർശനം നിർവ്വഹിക്കുന്ന കവിതകൾ കെട്ടകാലത്തിന്റെ നോവിൽനിന്നും ഉരുവം കൊണ്ടവ. പെൺമയെ മനോഹരമായി ആവിഷ്കരിക്കുന്നു. അവൻ അവൾക്കു പിന്നിലാണു് അവളെ അടുക്കളയിൽ തിരയേണ്ട വീടു് വിട്ടു് നാടു വൃത്തിയാക്കുന്ന മണ്ണിലും ഹൃദയത്തിലും തൊടുന്ന ചൂലായി അവളെ കാണാം ഒപ്പം നിൽക്കുമ്പോഴും ഒപ്പമെത്താൻ കഴിയില്ലെന്നു് ഓർമ്മപ്പെടുത്തുന്നവ. ജനിമൃതിയുടെ നൈരന്തര്യത്തെ സരസമായി അവിഷ്കരിക്കുന്നൂ ബസ് എന്ന കവിത. കാഴ്ച വ്യത്യസ്തമാകുമ്പോൾ കവിയും കാമുകനും ഭ്രാന്തനും ഉണ്ടാകുന്നതിനെ ‘സത്യത്തിൽ പുതുവർഷം’ അടയാളപ്പെടുത്തുന്നു. സിലബസിനു് പുറത്തേക്കു് നീളുന്ന നാവരിയാൻ അധ്യാപകൻ നിയുക്തനാവുന്ന കാലത്തു് മുത്തശ്ശിക്കഥപോലും മാറുന്നു. കൊക്കുകൾക്കു് ആമയേയും കൊണ്ടു് ധൈര്യമായി പറക്കാം. കാരണം ഇനി ആമ താഴെ വീഴില്ല വാതുറക്കാൻ പാടില്ലെന്നു് അതെപ്പഴേ പഠിച്ചു…!!! മുനീറിന്റെ കവിതകൾ തരുന്നതു് നല്ല വായനാനുഭവം.
സാബു ഹരിഹരൻ: നിറങ്ങളുടെ യുദ്ധം
സാബു ഹരിഹരൻ:
സായാഹ്നയിൽ കഥ ചേർത്തതിൽ സന്തോഷം. സായാഹ്നയുടെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും, കഥയ്ക്കു് കലിഗ്രഫി ചെയ്ത ശ്രീ. ഭട്ടതിരി സർനോടും, ചിത്രം തയ്യാറാക്കിയ ശ്രീ. മോഹനൻ സർനോടും നന്ദി പറയുന്നു.
കെ. ജി. എസ്.: കാന്റോ ജനറലും നെരൂദയുടെ ആരോഹണവും
കെ. സച്ചിദാനന്ദൻ:
മനോഹരമായ എഴുത്തും അത്ര തന്നെ നല്ല അവതരണവും. എത്ര ദൂരെ, എത്ര ചാരെ.
ബാലൻ:
മൊകേരി ഗവ. കോളേജിലും ജോലിചെയ്തിരുന്നു. സർവ്വീസിൽനിന്നും പിരിയുന്ന ആഴ്ചയിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ കെ. ജി. എസ്സുമായി നടത്തിയ അഭിമുഖം ഓർമ്മവരുന്നു. ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യരുള്ളതു് മൊകേരിയിലാണു് എന്നതു്. രാഷ്ട്രീയ വെല്ലുവിളികളും അക്രമവും അരങ്ങേറുന്ന നാദാപുരത്തിന്റെ ഭാഗമായ മൊകേരിയിലെ മനുഷ്യരുടെ ഉള്ളറിഞ്ഞ മനുഷ്യൻ എന്ന നിലയിൽ ഞങ്ങൾ നാട്ടുകാർക്കുള്ള സ്നേഹവും ബഹുമാനവും ഈയ്യവസരത്തിൽ അറിയിക്കട്ടെ. കെ. ജി. എസ്സിനെ പരിചയപ്പെടുത്തുമ്പോൾ മൊകേരിക്കാലം രേഖപ്പെടുത്താതെ പോയതിലെ സങ്കടവും അറിയിക്കുന്നു.
കെ. പി. സജീവൻ:
മനോഹരം തന്നെ. പക്ഷേ, അതിന്റെ ആമുഖത്തിൽ ഒരു പുതിയ വാക്കു കണ്ടു. അതുൾക്കൊള്ളാനാകുന്നില്ല. ചിട്ടപ്പെടുത്തിയതെന്നൊ എഡിറ്റ് ചെയ്തതെന്നൊ ആയിരുന്നെങ്കിൽ നന്നായേനെ. പുതിയ വാക്കു് സായാഹ്നയുടെ സംഭാവനയാണെങ്കിൽ ദയവു ചെയ്തു് ഇത്തരം വാക്കുകൾകൊണ്ടു് മലയാള ഭാഷയെ സമ്പന്നമാക്കരുതെന്ന ഒരഭ്യർത്ഥനയുണ്ടു്.
ഹബീബ് എം എച്ച്:
“വിയർപ്പും പുകയും നിറഞ്ഞ മൂത്രവും ലില്ലിപ്പൂവും മണക്കുന്ന ഭക്ഷണക്കറയും അപമാനവും പറ്റിപ്പിടിച്ച സംശയങ്ങളും ശരിയും തെറ്റും ടാക്സുകളും ചേർന്ന, പഴന്തുണി പോലെ, ശരീരം പോലെ, അവിശുദ്ധമായ കവിത”. ഈ കവിതകൾ തലയണക്കു് കീഴെ വെച്ചു് ഉറങ്ങിയിരുന്ന കാലം. ഒരു അക്കാദമിക്കും നല്കാൻ കഴിയാത്ത ജ്ഞാനം പകർന്ന നെരുദ.
കരുൺ:
ചെടിക്കുന്ന ഒരു മധുരം വരും നെരൂദയെ വായിച്ചാൽ (വായിച്ചുകൊണ്ടേ ഇരുന്നാൽ എന്നല്ല), ഓർമ്മയും ഭാഷയും നിറഞ്ഞു കവിയുന്ന, ആ രണ്ടിനും മീതെ ആണതു്. ബൊലാനോയെ പോലുള്ള എഴുത്തുകാർ നെരൂദയെ പിന്നീടു് ഓർക്കുന്നതു് മറ്റൊരു വിധത്തിലാണു്. കെ ജി എസിന്റെ പ്രഭാഷണം രാവിലെ തന്നെ വായിച്ചു, മുമ്പു് കണ്ടിട്ടില്ല. ഇഷ്ടമായി, ചെടിക്കുന്ന മധുരം ഇതിലും ഉണ്ടു്. (ഞാൻ ഞങ്ങളുടെ വീടിനു് കൈപ്പവല്ലരി എന്നു് പേരിടാൻ ആഗ്രഹിച്ചതാണു്, വേണ്ടാ എന്നു് വെച്ചു. വീട്ടിൽ നമ്മൾ ഒറ്റക്കല്ലല്ലോ, ആരും ഇല്ലെങ്കിലും വീടല്ലേ, പാസ്വേർഡ് അല്ലല്ലോ.)
കെ. എച്ച്. ഹുസൈൻ:
ആത്മകഥയുടെ (‘സമൃതി, വിസ്മൃതി, ദുസ്മൃതി’) ആദ്യഭാഗത്തു് നെരൂദ പറയുന്നുണ്ടു്, ചിലിയൻ കാടുകൾ കണ്ടിട്ടില്ലാത്തവർ കാടുകളേ കണ്ടിട്ടില്ലെന്നു്. അത്രയ്ക്കും വന്യമാണു് കെ ജി എസ്സിന്റെ കാന്റോ ജനറലും. അതു് അദ്ദേഹത്തിന്റെ ആത്മഭാഷണവും പ്രത്യാശകളും കൂടിയാണു്. ഈ കെട്ടകാലത്തിനൊരു ഓർമ്മപ്പെടുത്തലുമാണു്. അരനൂറ്റാണ്ടു് പ്രായമാകാൻ പോകുന്നു നെരുദയെപ്പോലെ നമ്മുടെ മണ്ണിന്റെ അഗാധഖനികളിൽ രോഷത്തിന്റെയും നൈതികതയുടെയും കലഹത്തിന്റെയും കവിതകൾ വിതച്ചവരുടെ കുലം. സച്ചിദാനന്ദൻ, കെ ജി എസ്, കടമ്മനിട്ട, പി ഉദയഭാനു… എല്ലാം വിത്തുവിധികളാണു്. കുറച്ചുകാലത്തേക്കു് എല്ലാം അറ്റുപോയതുപോലെ. പിന്നെയും മഴ വരും, മുളവരും.
കെ. ജി. എസ്.:

ഒന്നിന്നുമാകാ പിരിക്കാൻ കവിതയി-

ലൊന്നായ രണ്ടൊഴുക്ക്.

പി. എഫ്. മാത്യൂസ്: കാഴ്ചയ്ക്കും വാക്കുകൾക്കും ഇടയിൽ
ലിസ്സി മാത്യു:
പി എഫ് മാത്യൂസിന്റെ ലേഖനം സിനിമയുടെ ചരിത്രത്തെയും അതിന്റെ ആഖ്യാനസവിശേഷതകളെയും സൂക്ഷ്മമായി സ്പർശിച്ചുപോകുന്ന ഒന്നായിരുന്നു. ഷഹറാസാദിൽ തുടങ്ങി വ്യത്യസ്ത സാഹിത്യപാരമ്പര്യങ്ങളിലൂന്നി അതിനു് കഥയെത്തന്നെ തിരസ്കരിച്ചുകൊണ്ടു മുന്നേറാവുന്ന സാധ്യതകളെ ഉയർത്തിക്കാട്ടിയ ലേഖകനെ അഭിനന്ദിക്കുന്നു. ചുരുങ്ങിയ സമയംകൊണ്ടു് ലോകസിനിമയിലൂടെ നടത്തിയ ഓട്ടപ്രദക്ഷിണം കൂടിയായി അതു്. കൈഫോൺ എന്നപ്രയോഗം ഗംഭീരമായി. സിനിമയുടെ സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും മാനിക്കുന്നുവെങ്കിലും ശ്രീ മാത്യൂസ് തിരക്കഥയെഴുതിയ സിനിമയിൽ ഞാൻ ശ്രദ്ധിച്ച ഒരു പോരായ്മ കൂടി അനവസരത്തിലാണെങ്കിലും ഇവിടെ സൂചിപ്പിക്കട്ടെ. ഈ. മ. യൗ. അഥവാ ജീസസ് മേരി ജോസഫ് എന്നതു് മരണസമയത്തു് ഉച്ചരിക്കുന്ന അഥവാ അങ്ങനെ ചൊല്ലിക്കൊണ്ടു് മരിക്കണമെന്നു് ക്രിസ്ത്യാനി ആഗ്രഹിക്കുന്ന സുകൃത ജപമാണു്. എന്നാൽ സിനിമയുടെ ടൈറ്റിലിൽ അതിനുകൊടുത്ത R. I. P എന്ന ഇംഗ്ളീഷ് വിവർത്തനം അരോചകമായി തോന്നി ഈ. മ. യൗ. ഈശോ മറിയം യൗസേപ്പേ
അബ്ദു സലാം:
ഈ. മ. യൗ. എന്നതു് ശവകുടീരത്തിലെഴുതി വയ്ക്കുന്ന മലയാളം വാക്കും RIP എന്നതു് അവിടെ എഴുതി വയ്ക്കുന്ന ഇംഗീഷ് വാക്കുമെന്നേ ഉദ്ദേശിച്ചിട്ടുണ്ടാകൂ.

(ആഗസ്റ്റ് 16 മുതൽ 22 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
കെ. ജി. എസ്.: കാന്റോ ജനറലും നെരൂദയുടെ ആരോഹണവും
കെ. എച്ച്. ഹുസൈൻ:
ആത്മകഥയുടെ (‘സ്മൃതി, വിസ്മൃതി, ദുസ്മൃതി’) ആദ്യഭാഗത്തു് നെരൂദ പറയുന്നുണ്ടു്, ചിലിയൻ കാടുകൾ കണ്ടിട്ടില്ലാത്തവർ കാടുകളേ കണ്ടിട്ടില്ലെന്നു്. അത്രയ്ക്കും വന്യമാണു് കെ. ജി. എസ്സിന്റെ കാന്റോ ജനറലും. അതു് അദ്ദേഹത്തിന്റെ ആത്മഭാഷണവും പ്രത്യാശകളും കൂടിയാണു്. ഈ കെട്ടകാലത്തിനൊരു ഓർമ്മപ്പെടുത്തലുമാണു്. അരനൂറ്റാണ്ടു് പ്രായമാകാൻ പോകുന്നു നെരുദയെപ്പോലെ നമ്മുടെ മണ്ണിന്റെ അഗാധഖനികളിൽ രോഷത്തിന്റെയും നൈതികതയുടെയും കലഹത്തിന്റെയും കവിതകൾ വിതച്ചവരുടെ കുലം. സച്ചിദാനന്ദൻ, കെ. ജി. എസ്, കടമ്മനിട്ട, പി. ഉദയഭാനു… എല്ലാം വിത്തുവിധികളാണു്. കുറച്ചുകാലത്തേക്കു് എല്ലാം അറ്റുപോയതുപോലെ. പിന്നെയും മഴ വരും, മുളവരും.
പി. എഫ്. മാത്യൂസ്: കാഴ്ചയ്ക്കും വാക്കുകൾക്കും ഇടയിൽ
ഐറിസ് കോയ്ലിയോ:
അസാമാന്യമായ ലേഖനം. ലോകസിനിമയുടെ കാഴ്ചയിൽ സാഹിത്യത്തിനു് കാര്യമായി ചെയ്യാനൊന്നുമില്ലെന്ന ശക്തമായ വാദം സമഗ്രമായി പറഞ്ഞുവയ്ക്കുന്നു. കാഴ്ചയുടെ പുതിയ ശീലങ്ങളെ പരിചയപ്പെടുത്തുന്നു. മികച്ച കഥാകാരനായ മാത്യൂസ് അതിഗഹനമായിത്തന്നെ സിനിമയുടെ കാഴ്ചയെയും കാണുന്നു, വിലയിരുത്തുന്നു. പി. എഫിന്റെ തിരക്കഥകളെല്ലാം ഒന്നുകൂടി മനസ്സിലേക്കു് ഓടിക്കയറി വരുന്നു. മിഖായേലിന്റെ സന്തതികളും കുട്ടിസ്രാങ്കും അതിരനും ഈ. മ. യൗ. വുമൊക്കെ മികച്ചതാവുന്നതു് അവയിൽ തെളിയുന്ന സമകാലികസാമൂഹികരാഷ്ട്രീയമാനങ്ങളിന്മേലുള്ള വ്യക്തതകൊണ്ടുകൂടിയാണു്. എഴുത്തിൽ ആ കഥാകാരൻ നമ്മെ പലതും ഓർമിപ്പിക്കും… ഇരുട്ടിൽ ഒരു പുണ്യാളനും ചാവുനിലവുമടക്കം. സാഹിത്യകൃതികളെയും അവയെ അനുവർത്തിക്കുന്ന ചലച്ചിത്രങ്ങളെയും കുറിച്ചു് പഠിക്കുന്നവർക്കു് നല്ലൊരു മാർഗദർശനമാകും ഈ ലേഖനം. സ്നേഹാശംസകൾ മാത്യൂസ്…
കെ. എച്ച്. ഹുസൈൻ:
വാക്കും ദൃശ്യവും തമ്മിലുള്ള അസാധാരണബന്ധം സിനിമയിൽ സാധിച്ചെടുത്ത ബർഗ്മാനെ പി. എഫ്. മാത്യൂസ് വിട്ടുപോയിരിക്കുന്നു. കുറസോവ മഹത്തായൊരു സാഹിത്യത്തെ, മാൿബത്തിനെ അത്രതന്നെ മഹത്തായ ഒരു ചലച്ചിത്രവുമാക്കി—Throne of Blood. കുറസോവ ഇംഗ്ലീഷിൽ മൂലകൃതി വായിച്ചിട്ടുമില്ലായിരുന്നു. പക്ഷേ, തിരക്കഥയെഴുതിയതിൽ ഒരാൾ അദ്ദേഹമായിരുന്നു. മറ്റാരും ധൈര്യപ്പെടാത്തവിധം കുറസോവ ഷേക്സ്പിയറെ മാറ്റിമറിച്ചു. ഷേക്സ്പിയർ കൃതികളുടെ ഏറ്റവും മഹത്തായ ചലച്ചിത്രഭാഷ്യം എന്നാണു് അതു് അറിയപ്പെടുന്നതു്. സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധവും വ്യതിയാനവും പഠിക്കാനുള്ള ഒരു പാഠപുസ്തകമാണതു്. സാഹിത്യഭാഷ്യങ്ങളുടെയും ദൃശ്യാവിഷ്കാരത്തിന്റെയും കുലപതിയായിരിക്കെത്തന്നെ സിനിമയുണ്ടാകുന്നതു് ഇതിൽനിന്നൊന്നുമല്ല എഡിറ്റിംഗ് ടേബിളിൽനിന്നാണെന്നു് കുറസോവ പറഞ്ഞു! (മലയാളത്തിലെ ‘കളിയാട്ടം’ ഷേക്സ്പിയർ സാഹിത്യത്തിന്റെ മികച്ച സ്വതന്ത്രചലച്ചിത്രാവിഷ്കാരങ്ങളിലൊന്നാണു്.) പുതിയകാലത്തെ മലയാളസിനിമയിലെ വിസ്മയങ്ങൾ—കുട്ടിസ്രാങ്കും ഈമയൗവും—രണ്ടിലും പി. എഫ്. മാത്യൂസ് എന്ന പ്രതിഭയുടെ സാഹിത്യസ്പർശം കണ്ടെത്താൻ കഴിയും. ഷാജിയും ലിജോയും അതു് ഉൾക്കൊണ്ടതിന്റെ അടയാളങ്ങൾ പ്രത്യക്ഷമാണു്. മികച്ച ദൃശ്യാനുഭവങ്ങൾ സൃഷ്ടിച്ച സംവിധായകരുടെ സിനിമാറ്റിക് മിടുക്കുകൾ/ ധൈര്യങ്ങൾ സാഹിത്യാനുഭൂതികളിൽ കെട്ടിപ്പടുത്തവയാണു്. അവ മൂലകൃതിയിൽനിന്നു്, അല്ലെങ്കിൽ തിരക്കഥയിൽനിന്നു് എത്ര തെറ്റി എന്നതു് ഒരു അളവുകോലല്ല. തിരസ്കാരത്തോടെയെങ്കിലും എത്ര അദൃശ്യമായി അവ സ്വീകരിക്കപ്പെട്ടു എന്നതാണു് നിരീക്ഷണവിധേയമാക്കേണ്ടതു്. മലയാളത്തിലെ സബ്ടൈറ്റ്ലിംഗ് പ്രസ്ഥാനത്തിൽ/വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുമ്പോൾ തറപ്പിച്ചു പറഞ്ഞ ഒരു കാര്യം അതിസൂക്ഷ്മമായി സിനിമയിലെ സംഭാഷണങ്ങളെ ‘സാഹിത്യപര’മായിത്തന്നെ പരാവർത്തനം ചെയ്യണമെന്നാണു്. ഇതിൽ ശ്രദ്ധിക്കാത്ത പല സബ്ടൈറ്റ്ലിംഗുകളും ആത്മാവുനഷ്ടപ്പെട്ട വെറും ഡിക്ഷ്ണറി ട്രാൻസ്ലേഷൻ മാത്രമായി മാറിയിരിക്കുന്നു. ദൃശ്യത്തിനു അധികമാനം നല്കുന്ന സംഗീതമായി സാഹിത്യം സിനിമയിൽ പ്രവർത്തിക്കുന്നു.
കെ. പി. രമേശ്:
ഹായ്… ഇതല്ലേ എഴുത്തു്! ഇത്തരം ആഴമേറിയ കുറിപ്പുകൾ പോസ്റ്റ് ചെയ്യാൻ സുഹൃത്തുക്കൾക്കു സാധിക്കട്ടെ. നന്ദി, ഹുസൈനുക്കാ.
E. P. Unny: Cartoons
കരുണാകരൻ:
കല, ഒരു പക്ഷേ, ഭരണകൂട രാഷ്ട്രീയത്തിന്റെ തിന്മയ്ക്കു് എതിരെ നീണ്ടു നിൽക്കുന്ന പ്രതിരോധം ഉയർത്തുന്നതു് കാർട്ടൂൺ കോളത്തിൽ നമ്മുടെ കണ്ണുകൾ മുറുകി നിൽക്കുമ്പോഴാണു് എന്നു് തോന്നാറുണ്ടു്, ഉണ്ണിയുടെ വര കാണുമ്പോൾ. വിശേഷിച്ചും ഈ ദിവസങ്ങളിൽ. അല്ലെങ്കിൽ, നിസ്സഹായമായ ദിവസത്തിൽ ചാരി വെച്ചതു പോലെയാണു് നമ്മുടെ ദിനേനയുള്ള ജീവിതം എന്നും. ഈ ചിത്രങ്ങളിലെ ചോരയോട്ടം ജീവിതത്തെ മുമ്പോട്ടു് എടുക്കുന്നു. ഒരു ദിവസം പോലും ‘ഉണ്ണി’യെ കാണാതിരിക്കാൻ ആവില്ല എന്നും ഇപ്പോൾ, ഈ ചിത്രങ്ങൾ, ഇവിടെ താഴെ താഴെ കാണുമ്പോൾ…
കെ. സച്ചിദാനന്ദൻ:
എന്നും ഇൻഡ്യൻ എക്സ്പ്രസ് കിട്ടുമ്പോൾ കരച്ചിലിനോളം ആഴമുള്ള ഒരു ചിരിക്കായി ഉണ്ണിയുടെ കാർട്ടൂൺ നോക്കും, കരച്ചിൽ മാറ്റി കുട്ടിയാകാൻ Calvin and Hobbes നോക്കും. പിന്നെയാണു് എന്തിനെന്നറിയാത്ത പത്രവായന.
കെ. ദാമോദരൻ: പാട്ടബാക്കി
കേശവൻ വെളുത്താട്ട്:
പാട്ടബാക്കി തെക്കേ മലബാറിലെ കർഷകപ്രസ്ഥാനത്തിനു് ആവേശം പകർന്ന നാടകമായിരുന്നു. ഏതാണ്ടു് ഓരോ ഗ്രാമത്തിലും ഇതു് അരങ്ങേറി; ജനങ്ങളെ ബോധവാന്മാരാക്കി. ഇതു് ലഭ്യമാക്കിയതിനു് നന്ദി.
നിരഞ്ജൻ: കവിതകൾ
ഹബീബ് എം എച്ച്:
കവിതയ്ക്കു് സ്തുതി.
കെ. ജി. എസ്:
നിരഞ്ജന്റെ കവിതകൾക്കു് എന്നെന്നോ മുതലുള്ള അടുപ്പത്തിന്റെ തെളിമയും എളുപ്പവും തോന്നി. ‘ഡാ’ എന്നോ ‘ത്ഫൂ’ എന്നോ ഒരക്ഷരം മതി നിരഞ്ജനു് പുതുനാഗരികതയിലെ, ഇപ്പോൾ വെള്ളെഴുത്തുകണ്ണടയും അതിൽ കരിഞ്ഞ ചിറകിന്റെ നിഴലുമുള്ള, ഒരു പുതുനാഗരിക തലമുറയുടെ യുവതയുടെയും മൈത്രിയുടെയും വിഫലവസന്തത്തിന്റെ ചരിത്രമെഴുതാൻ. പുഴുക്കാലത്തിൽ നിന്നു് പൂമ്പാറ്റക്കാലത്തിലേക്കു് മോഹിച്ച പരിണാമത്തിന്റെ അയനകഥയെഴുതാൻ. മുൾമുനയൊ രശ്മിമുനയൊ നരമീശത്തുമ്പോ കൊണ്ടു് സമകാല ചരിത്രത്തിൽ നിന്നു് കൊത്തിയെടുത്ത സുതാര്യശില്പങ്ങൾ ഈ കവിതകൾ. ദൃശ്യസാക്ഷരത മൂത്തവ. നിശിതനിർമമതയും “ചിരി മാഞ്ഞു പോയ ചുണ്ടിന്റെ കോണിലെ പരിഹാസമുദ്ര”യും കൂർത്തവ.
നന്ദിനി മേനോൻ:
ഡാ… അമർത്തിയ മുരളലിന്റെ, വിണ്ടു കട്ട പൊന്തിയതിന്റെ… പൂരുവിന്റെ വിനോദവടി അഥവാ നിഴൽ യുദ്ധം… വിവാഹിതൻ: അതു രസായി…
സുബൈർ: കെണി
ശ്രീദേവി കർത്ത:
സുബൈർ എത്രെയോ പഴയ സുഹൃത്തു്. അന്നേ വ്യത്യസ്തമായ കാഴ്ചപ്പാടു് എല്ലാറ്റിലും പുലർത്തിയിരുന്നു. ഓംലറ്റ് കഴിച്ചു കൊണ്ടാണു് ഈ കഥയുടെ കാതലായ ഭാഗത്തിന്റെ ഡിസ്കഷൻ എന്ന വിരോധാഭാസമൊഴിച്ചാൽ ഒരു പുതുകാല രാഷ്ട്രീയമാണു് ഈ കഥ മുന്നോട്ടു വയ്ക്കുന്നതു്. ലോകത്തു് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയ്ക്കു വേണ്ടി, മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി പറയപ്പെട്ട ഈ കഥയുടെ വായന, അതിന്റെ ക്രാഫ്റ്റിന്റെ ചില്ലറ കുറവുകൾ മാറ്റി നിർത്തിയാൽ, ഈ ദിവസത്തെ അർത്ഥപൂർണ്ണമാക്കി.
സി. സന്തോഷ് കുമാർ:
ശ്രീ എം. എച്ച്. സുബൈർ എഴുതിയ ‘കെണി’. ആഴമുള്ള കഥ. ഗാഢവും സൂക്ഷ്മവുമായ, നാട്യങ്ങളില്ലാത്ത ആഖ്യാനം.
കെ. സച്ചിദാനന്ദൻ:
സുബൈറിന്റെ കഥയിലെ അർവീന്ദർ മുഴുവനോടെ മനസ്സിൽ പതിഞ്ഞു. ഓംലറ്റിനെ പറ്റി ശ്രീദേവി പറഞ്ഞതു് പ്രത്യക്ഷത്തിൽ ശരിയാണു്. പക്ഷെ നമ്മുടെ സെൻസിറ്റിവിറ്റി സിലക്റ്റിവ് ആണു്. ആയിരുന്നില്ലെങ്കിൽ നമുക്കു് സസ്യഭക്ഷണവും കഴിക്കാനാവില്ല. ഞാനാലോചിച്ചിട്ടുണ്ടു് ജെ. സി. ബോസ് പറഞ്ഞ പോലെ സസ്യങ്ങൾക്കും പ്രതികരണ ക്ഷമതയുണ്ടെങ്കിൽ നാം എങ്ങിനെയാണു് ഒരു കറിവേപ്പിലയോ മുരിങ്ങാപ്പൂവോ നുള്ളുക, ഒരു പനിനീർപ്പൂ അടർത്തുക. വഴുതിനങ്ങ പറിച്ചെടുക്കുക? നമുക്കും ഇതറിയാം ചെടികൾക്കു് നൊന്തേക്കും എന്നു്, പക്ഷെ ഒരു തരം ആപേക്ഷികത സാദ്ധ്യമായതുകൊണ്ടാണു് നാം അതിജീവിക്കുന്നതു്, വേറൊരു തരത്തിൽ പറഞ്ഞാൽ ചെടികൾ നടക്കുകയോ പറക്കുകയോ കരയുകയോ ചെയ്യാത്തതു കൊണ്ടു്. മുട്ടയും കോഴിയും തമ്മിലുള്ള ദൂരവും അത്ര മാത്രമാണു്. മുട്ടയ്ക്കകത്തു നിന്നു് കരച്ചിൽ കേൾക്കുന്ന ആ നിമിഷം തർവീന്ദർ ഓംലെറ്റ് കഴിക്കുന്നതു് നിർത്തും.
സെന്തിൽ:
നമ്മൾ മിക്കവരും നമ്മിലേക്കു് തന്നെ ചുരുങ്ങി ആന്തരമായി പാതിയുറക്കത്തിൽ ജീവിതം ജീവിക്കാതെ മരിച്ചു് പോകുന്നവരാണു്. ഈ ഉള്ളുറക്കം (inner stupor) തന്നെയാണു് ഹിംസയിലേക്കു് നയിക്കുന്നതും. തങ്ങളുടെ ചിന്തകളെക്കുറിച്ചും ചെയ്തികളെക്കുറിച്ചും അവബോധമില്ലാത്തവർ. കെണിയിൽ വീണ പ്രാവിനെ രക്ഷിക്കുന്നതു് വരെ തർവീന്ദറും ഇത്തരം ഒരാളായിരുന്നു. പറയുന്ന കാര്യം ഇടക്കു് വെച്ചു് മുറിഞ്ഞു പോവുന്ന അവസ്ഥയിൽ നിന്നും അവബോധത്തിലൂടെ ഉണർവ്വിലേക്ക് എത്തിപ്പെടുന്ന തർവീന്ദറിന്റെ പരിവർത്തനത്തിന്റെ കഥയാണു് സുബൈർ പറയുന്നതു്. ഈ പരിവർത്തനം തർവീന്ദറിൽ പൂർണ്ണമാവുന്നില്ല എന്ന സൂചനയും കഥയിലുള്ളതായി തോന്നി. കഥയുടെ ഒടുവിൽ തർവീന്ദർ അയാളുടെ ആന്തരലോകത്തിലേക്കു് വീണ്ടും വഴുതി വീഴുന്നു. Mindfulness-ലേക്കാണു് കഥ ഊന്നുന്നതു്. ലളിതമായ ആഖ്യാനത്തിലൂടെ മനുഷ്യന്റെ ആഴത്തെ തൊടാനുള്ള സുബൈറിന്റെ ശ്രമം നന്നായി. പല തലങ്ങളിൽ കഥ വായിച്ചെടുക്കാം. നേരിട്ടു് കണ്ടിട്ടില്ലെങ്കിലും എന്റെ സുഹൃത്തു് സുബൈറിന്റെ ലോകം എന്റെയും ലോകം കൂടിയാണു്.
ഒ. പി. സുരേഷ്:
സി. സന്തോഷ് കുമാറിന്റെ കഥകൾക്കു് ശേഷം സായാഹ്നയിലൂടെ പരിചയപെടുന്ന കഥന വ്യത്യസ്തതയാണു് എം. എച്ച്. സുബൈറിന്റെ കെണി. ഒറ്റ ഫ്രെയിമിൽ, സമീപ ദൃശ്യങ്ങളിലൂടെ മാത്രം സാക്ഷാത്ക്കരിച്ച ഒരു ഹ്രസ്വചിത്രത്തിന്റെ തീവ്രത. കാഴ്ചക്കു് ശേഷവും കഥയിൽ നിന്നു് ജീവൻ വെച്ചു് പതുക്കെ ചലിച്ചു് തുടങ്ങുന്ന കാഴ്ചപ്പാടുകൾ. അവയുടെ ബഹുസ്ഥായിയിലുള്ള ചിറകടികൾ… അവബോധമായി പരിണമിക്കും വരെ ബോധം ഒരു കെണിയാണു്. എല്ലാ ചിന്തകളും പുറത്തേക്കുള്ള വാതിൽ ചികഞ്ഞു് അതിനകത്തു് തന്നെ ന്യൂനദൂരങ്ങൾ താണ്ടിക്കൊണ്ടിരിക്കും. ഓംലറ്റ് കഴിച്ചു കൊണ്ടാണു് കഥയുടെ കാതൽ ഡിസ്കഷൻ എന്നതു് കഥാവസ്തുവിനെ കൂടുതൽ ആഴപ്പെടുത്തിയതായും വായനാനന്തര ആലോചനകളെ വിസ്താരപ്പെടുത്തിയതായും തോന്നി.
വി. എച്ച്. നിഷാദ്:
‘കെണി’ എന്ന കഥ മനോഹരമായി. അന്തരീക്ഷ—കഥാപാത്ര നിർമ്മിതിയാണു് ഈ കഥയുടെ ജീവനെന്നു് തോന്നി. എം. എച്ച്. സുബൈർ മാഷിനു് അഭിനന്ദനങ്ങൾ.
നന്ദിനി മേനോൻ:
കെണി. തർവീന്ദറിന്റെ സംഭാഷണം പോലെ വലിഞ്ഞെങ്കിലും നല്ല കഥ. ഉണർച്ചയിലേക്കു് ഉണർത്താനാണു് സുഹൃത്തു് ശ്രമിച്ചതെങ്കിലും തർവീന്ദർ കൂടുതൽ ആഴങ്ങളിലേക്കു് അമരുകയാണു് ചെയ്തതു്…
എൻ. പി. രാജേന്ദ്രൻ: ഇല്ലാത്ത നക്സലിസം അന്നു്: ഇല്ലാത്ത മാവോയിസം ഇന്നു്
കെ. സച്ചിദാനന്ദൻ:
വ്യക്തിവധമുൾപ്പെടെ പല കാര്യങ്ങളിലും വിയോജിപ്പു നിലനിർത്തിക്കൊണ്ടു തന്നെ ജനകീയ സാംസ്കാരിക വേദിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ അന്നു് ഇരുപതുകളിലായിരുന്ന എന്നെപ്പോലെ പലരെയും പ്രേരിപ്പിച്ചതു് വ്യവസ്ഥാപിത ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകൾ, ഗുവേര, റെജിസ് ദി ബ്രേ, എഡ് ഗാർ സ്നോ തുടങ്ങിയവരുടെ പുസ്തകൾ, സ: വർഗീസിനെപ്പോലെ ചിലരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ, വ്യവസ്ഥാപിത ഇടതുപക്ഷം അവഗണിച്ചിരുന്ന ഭൂരഹിത കർഷകരോടും ആദിവാസികളോടുമുള്ള അനുഭാവം, ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ കലാപങ്ങളും അവ സൃഷ്ടിച്ച സാഹിത്യത്തിനും നവീനവും തീക്ഷ്ണവുമായ സൗന്ദര്യബോധവും, അന്നത്തെ ആധുനിക സാഹിത്യത്തിലെ ഇരുട്ടു് ഇങ്ങിനെ ചില ഘടകങ്ങളായിരുന്നു. അപ്പോഴും സംശയങ്ങൾ നിലനിന്നു—ഇതും മറ്റൊരു സമഗ്രാധിപത്യവാദമാവില്ലേ എന്നു്. അന്നത്തെ കവിതകളിൽ തന്നെ അതുണ്ടു്—വിപ്ലവകാലത്തു് വിജയം സ്വപ്നം കാണുന്നവർ വിജയകാലത്തു് സൈബീരിയയിലേക്കു നാടുകടത്തപ്പെടുന്നതിനെക്കുറിച്ചു് (വേനൽ എന്ന കവിത), സമൂഹവുമായി സംസാരിക്കാനാകാതെ വെറുതെ ഒലിച്ചുപോകുന്ന യുവരക്തത്തെക്കുറിച്ചു് (ഒടുവിൽ ഞാൻ ഒറ്റയാകുന്നു), ഉദിച്ച എല്ലാ നക്ഷത്രങ്ങളും ഓരോ ഏകാധിപതികളുടെ പിറന്നാളാവുന്നതിനെക്കുറിച്ചു് (ശക്തൻ തമ്പുരാൻ നാടകം) എല്ലാം. സംശയാത്മാ വിനശ്യതി എന്നു സംശയമില്ലാതിരുന്ന ഹാർഡ് കോർ പാർട്ടിക്കാർക്കു് ഞങ്ങളൊക്കെ പെറ്റി ബൂർഷ്വാ എഴുത്തുകാരായിത്തോന്നിയതിൽ അത്ഭുതമില്ല. എന്നാൽ പിന്നീടു പുറത്തു വന്ന വിവരങ്ങൾ ഈ ഭയങ്ങളെയും അതിലും കൂടുതലും ന്യായീകരിക്കുന്നവയായിരുന്നു. സാംസ്കാരിക വിപ്ലവമെന്ന പേരിൽ നടന്നതു് വെറും അധികാരത്തർക്കമായിരുന്നു, ചൈനയിലെ ഏറ്റവും നല്ല ആയിരക്കണക്കിനു് കവികളും സംഗീതജ്ഞരും ചിത്രകാരന്മാരും ‘പുനർവിദ്യാഭ്യാസ’ത്തിനു് ലേബർ ക്യാമ്പുകളിലയക്കപ്പെടുകയോ കൊല്ലപ്പെടുകയോ കുടിയിറക്കപ്പെടുകയോ ചെയ്തു, സ്റ്റാലിന്റെ അതേ ദൈവവത്കരണം മാവോയുടെ കാര്യത്തിലും നടന്നു, മാവോയുടെ സെനിലിറ്റിയുടെ കാലത്തു് മാവോയെ മറയാക്കി വൈതാളിക നിഴൽ യുദ്ധങ്ങൾ നടത്തി. പിന്നെ വന്നതു് നിഷ്ഠൂരമായ മുതലാളിത്തമായിരുന്നു. ചോദ്യം ചെയ്യാൻ പറ്റാത്ത അടിമപ്പണിയിലൂടെ വളർന്ന വ്യവസായങ്ങൾ, ലോക വിപണിക്കായുള്ള മത്സരങ്ങൾ, ചാരവേലകൾ, തിയനൻമെൻ കൂട്ടക്കൊല പോലുള്ള അടിച്ചമർത്തലുകൾ—നാലു തവണ ചൈന സന്ദർശിച്ചതോടെ എന്തെങ്കിലും ഇല്യൂഷൻ എന്നിൽ അവശേഷിച്ചിരുന്നെങ്കിൽ അതും കെട്ടു പോയി. എഴുപതുകളിൽ നിന്നു് ബാക്കി നിൽക്കുന്നതു് ഒരൊറ്റ ചുവരെഴുത്തു മാത്രം—അനീതിക്കെതിരെ കലാപം ചെയ്യുക എന്ന നിത്യപ്രസക്തമായ മുദ്രാവാക്യം. ആ കലാപം തന്നെ അനീതിയായി മാറാതെ സൂക്ഷിക്കുക എന്ന അനുബന്ധത്തോടെ. അതെ, ആദ്യം ദുരന്തം, രണ്ടാമതു് പ്രഹസനം—മാർക്സ് എത്ര ശരി!
അശോൿകുമാർ, പി. കെ.:
ഇതു് ഒരു പഴയ കടം തീർക്കാനുള്ള അവസരമായി ദുരുപയോഗം ചെയ്യുകയാണു്. 79-ൽ ദാസും ഞാനും വിദ്യാഭ്യാസമുപേക്ഷിച്ചു് പാർട്ടിയിൽ മുഴുസമയപ്രവർത്തകരാവാൻ തീരുമാനിച്ച വിവരം സച്ചിയുമായി ചർച്ച ചെയ്യാൻ പോയി. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടു് അന്നു് സച്ചി വളരെ വൈകാരികമായി പ്രതികരിച്ചു. നിങ്ങൾ കാണിക്കുന്നതു് മണ്ടത്തരമാണു്. ഇപ്പോഴത്തെ പാർട്ടിയും അതിന്റെ നേതൃത്വവും ഒട്ടും ദീർഘവീക്ഷണത്തോടെയല്ല കാര്യങ്ങൾ കാണുന്നതു്. ടെക്സ്റ്റ് പുസ്തകത്തിലേതു പോലെ കാര്യങ്ങൾ നടക്കുമെന്ന തെറ്റിദ്ധാരണയുള്ള ഒരു കൂട്ടം സ്വപ്നജീവികളാണവർ. ഒരു ക്രൂരനായ ജന്മിയുണ്ടെങ്കിൽ അയാളെ ഉന്മൂലനം ചെയ്യുക, അപ്പോൾ അവിടെ റെഡ് ടെറർ ഉണ്ടാവും, അപ്പോൾ പോലീസും ഭരണകൂടവും മർദ്ദനമാരംഭിക്കും അപ്പോൾ വൈറ്റ് ടെറർ. ഇതിനെതിരെ ജനങ്ങളുടെ പ്രതിരോധം അപ്പോൾ വീണ്ടും റെഡ് ടെറർ ഇങ്ങനെ ഒരു പ്രദേശം വിമോചിക്കപ്പെടും. അത്തരം വിമോചിതമേഖലകളുടെ ആധിക്യം ആത്യന്തികമായി ഇന്ത്യയെ മോചിപ്പിക്കും. ഇതാണവരുടെ സങ്കല്പം. എന്നാൽ യഥാർത്ഥത്തിൽ നടക്കുന്നതു്, ഒരു ജന്മി കൊല്ലപ്പെട്ടാൽ അതുമായി ബന്ധമുള്ളവരും ഇല്ലാത്തവരുമായ നാട്ടുകാരെ പിടിച്ചു് പീഡിപ്പിക്കുന്നു. അതിൽ ഭയന്നും തകർന്നും ആളുകൾ പിന്നീടൊരു ചെറുത്തുനില്പിനു പോലും തയ്യാറാവുന്നില്ല. നിങ്ങൾ ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണം. കൂടുതൽ ശരിയായ രീതിയിലുള്ള രാഷ്ട്രീയത്തിലിടപെടണം. ഇതു കേട്ടപ്പോൾ വിപ്ലവസജ്ജമായി ചോരതിളച്ചിരുന്ന ഞങ്ങൾക്കു് പരമ പുച്ഛം തോന്നി. പേടിത്തൊണ്ടൻ എന്നു വിലയിരുത്തി. പിന്നീടു് രണ്ടു വർഷത്തെ പാർട്ടി പ്രവർത്തനകാലത്തു് കവിയുടെ പ്രവാചകസിദ്ധി ബോധ്യപ്പെട്ടു. അപ്പോഴേക്കും ദാസിനെ നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും എന്നും ഞങ്ങളുടെയെല്ലാം ഏതു പ്രതിസന്ധികളിലും കൂടെ നിന്ന എന്റെ പ്രിയ മാഷെപ്പറ്റി ഇപ്പോഴെങ്കിലും ഇത്രയും പറയേണ്ടതുണ്ടു് എന്ന തോന്നലിൽ കുറിച്ചുപോയതാണു്. കടമെന്നു പറഞ്ഞതു്: അക്കാലത്തു് നാട്ടിലുണ്ടായിരുന്ന സംസാരം ക്രൈസ്റ്റ് കോളേജിലെ ഒരു മാഷാണു് പിള്ളാരെ വഴിതെറ്റിച്ചു് നക്സലാക്കുന്നതു് എന്നായിരുന്നു. അതിന്റെ അർത്ഥ ശൂന്യത ഫലപ്രദമായി പ്രതിരോധിക്കാൻ ഇതുവരെ ശ്രമിച്ചുമില്ല. ഇപ്പോഴെങ്കിലും പറയണമെന്നു തോന്നി.
കരുണാകരൻ:
പഴയ നക്സലിസവും പുതിയ മാവോയിസവും തമ്മിൽ വ്യത്യാസം ഉണ്ടു് എന്ന രാജേന്ദ്രന്റെ നിരീക്ഷണം ശരിയാണു്. പക്ഷേ, ഭരണകൂടത്തെ സംബന്ധിച്ച സങ്കൽപ്പത്തിൽ അവർ തമ്മിൽ വലിയ അകലമില്ല: തൊഴിലാളി വർഗ്ഗ സ്വേച്ഛാധിപത്യം തന്നെയായിരുന്നു അതു്. എന്നാൽ, ഇതിനെ വിമർശനപരമായി കണ്ടെത്തുന്ന സച്ചി അടക്കമുള്ളവർ കേരളത്തിൽ സി പി എം ന്റെ ആശയാടിത്തറയെ കൃത്യമായി വിമർശിച്ചിട്ടില്ല, അതാകട്ടെ, നേരത്തെ പറഞ്ഞ തൊഴിലാളി വർഗ്ഗ സ്വേച്ഛാധിപത്യത്തിന്റെ തന്നെ പ്രച്ചന്ന വേഷമുള്ള പാർട്ടി സ്വേച്ഛാധിപത്യം തന്നെയായിരുന്നു. അതു് കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നട്ട ഹിംസ ആലോചിച്ചാൽ മതി, മുഴുവൻ ജനാധിപത്യ സമൂഹമാകാൻ കഴിയാതെ വീണുപോകുന്ന കേരളീയ രാഷ്ട്രീയ അവസ്ഥ മനസ്സിലാക്കാൻ. പക്ഷേ, നമ്മുടെ ഒരു വലിയ വിഭാഗം സാഹിത്യ ബുദ്ധിജീവികൾ ഇതിനെ വിമർശിക്കില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകം നടന്ന/നടക്കുന്ന ഒരു സമൂഹമാണു് കേരളം. അതിന്റെ ഒരു കാരണം പ്രത്യക്ഷമായും ‘പാർട്ടി സ്വേച്ഛാധിപത്യം’ തന്നെയാണു്. ഇതു് സി പി എം നെ മാത്രം ബാധിച്ച ഒന്നല്ല, നമ്മുടെ എല്ലാ രാഷ്ട്രീയ കക്ഷികളും, ബി ജെ പി യും കോൺഗ്രസ്സും അടക്കം, ഈ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണു്. കാരണം, അത്രമാത്രം ജനാധിപത്യ വിരുദ്ധതയുടെ ആശയലോകം ഇവിടെ മാർക്സിസത്തിന്റെയും കപട വിപ്ലവത്തിന്റെയും ചിലവിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടു്. നമ്മുടെ ബൌദ്ധിക-അദ്ധ്വാനം മിക്കതും ഇതേ രാഷ്ട്രീയത്തിന്റെ സൂക്ഷിപ്പിനുമാണു്. നക്സലൈറ്റുകൾക്കു് ആ ദിശയിൽ വലിയ സംഭാവനയൊന്നും ഇല്ല—അവരെ ഓർമ്മിക്കാൻ ചില കൊലപാതകങ്ങൾ നടന്നതു് ഒഴിച്ചാൽ. എന്റെ വ്യക്തിപരമായ അഭിപ്രായം കേരളത്തിൽ നക്സലിസത്തിനു് പോസിറ്റീവ് ആയ രണ്ടു സംഭാവനകൾ ഉണ്ടു്. ഒന്നു്, എഴുപതുകളിലെയും എൺപതുകളിലെയും സാഹിത്യ-ആധുനികതയെ അതു് പുതുക്കി—അതു് ആ രാഷ്ട്രീയത്തിന്റെ നേരിട്ട ഓർമ്മയാണു്. അന്നത്തെ കഥയും കവിതയും എത്രമാത്രം ഇന്ധനം ആണു് അതിൽ നിന്നും സ്വീകരിച്ചതു് എന്നറിയാൻ അക്കാലത്തെ കവിത മാത്രം ആലോചിച്ചാൽ മതി. അവയുടെ ‘രാഷ്ട്രീയം’ ഇന്നു് നമ്മെ ആ ലോകത്തു് നിന്നും തിരിച്ചു നിർത്തും, പക്ഷേ, ഭാഷയെ, ഭാവനയെ അതു് ശരിക്കും പുതുക്കി. രണ്ടാമത്തെ സംഭാവന തൊണ്ണൂറുകളിൽ കേരളത്തിലെ അവശേഷിച്ച നക്സൽ ഗ്രൂപ്പു് ഉയർത്തിയ രാഷ്ട്രീയ ചർച്ചകൾ ആണു്: ദേശീയത, ലിംഗനീതി, സാമൂഹ്യ നീതി, ജാതീയത, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങി സാമ്പ്രദായിക രാഷ്ട്രീയം, കമ്മ്യുണിസ്റ്റ് പാർട്ടിയും ഗ്രൂപ്പുകളും ചർച്ച ചെയ്യാൻ കൂട്ടാക്കാതിരുന്ന, അല്ലെങ്കിൽ ill-equipped ആയിരുന്ന വിഷയങ്ങൾ എല്ലാം അവർ ചർച്ച ചെയ്യുകയും കേരളത്തിന്റെ സാമൂഹ്യ മനസ്സിലേക്കു് കടത്തി വിടുകയും ചെയ്തു. ചിലപ്പോൾ എനിക്കു് തോന്നും ഒരു ‘പൂതം’ എപ്പോഴും നമ്മുടെ ചെവിയിൽ മുഴങ്ങുന്നു എന്നു്, ചിലമ്പിച്ച ഒച്ചയിൽ. ചിലപ്പോൾ അതിനെ കണ്ടു ഞെട്ടുകയും ചെയ്യും: കമ്മ്യുണിസം എന്ന ‘ഭൂതം’.
ദാമോദർ പ്രസാദ്:
സച്ചി മാഷ്ടെ 1979-ലെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും 2020-ൽ ശരിയായിരുന്നു എന്നു തോന്നുമെങ്കിലും വിപ്ലവത്തോടു് ആഭിമുഖ്യം പുലർത്തിയിരുന്ന ചെറുപ്പക്കാർക്കു് എങ്ങനെ അതു് അന്നു് അനുഭവപ്പെട്ടു എന്നു് അശോൿ കുമാറിന്റെ സാക്ഷ്യവും പ്രധാന്യത്തോടെ കേൾക്കേണ്ടതുണ്ടു്. ആ യുവാക്കളെ ദീർഘവീക്ഷണമില്ലാത്തവരും എടുത്ത ചാട്ടക്കാരുമായി കാണുന്നതു്, ഒരു തരത്തിൽ, ലിബറലുകളുടെ രക്ഷാകർതൃത്ത്വ രീതികൾക്കു് സമാനമാണു്. ഒരു കാര്യം ഇതിൽ നിന്നു് പ്രകടമാണു്. വിപ്ലവത്തിന്റെ നല്ലകാലത്തുപോലും എഴുത്തുകാരുൾപ്പെടെ ബുദ്ധിജീവികളും പ്രസ്ഥാനവും തമ്മിൽ അപരിഹാര്യമായ വൈരുദ്ധ്യത്തിലായിരുന്നു എന്നതാണു്. ബുദ്ധിജീവികളുടെ ക്ലാസ്സ് പൊസിഷനും ഇതിനൊരു ഘടകമാണു്. വിപ്ലവം ആരംഭിക്കുന്നതിനു് മുമ്പെ മാപ്പുസാക്ഷിയാവാനുള്ള അവസരം കണ്ടെത്തിയ ബുദ്ധിജീവികളും കൂട്ടത്തിലുള്ളതു് പ്രസ്ഥാനത്തിന്റെ രാഷ്ടീയാരോഗ്യത്തിനു് ഒട്ടും ഗുണം ചെയ്യുന്നതല്ലല്ലോ. എന്തായാലും, താഹയും അലനും വഴിത്തെറ്റിപോയവരാണെന്നും അവർ ശിക്ഷാർഹരാണെന്നുമുള്ള വ്യവഹാരം വ്യവസ്ഥാപിത ഇടതുപക്ഷം പ്രചരിപ്പിക്കുന്ന വേളയിലാണു് നമ്മൾ ഇതു് ചർച്ച ചെയ്യുന്നതു്.
കെ. ടി. ദിനേശ്:
മാതൃഭൂമി ആഴ്ചപ്പതിപ്പു് 2017-ൽ നക്സൽബാരിയുടെ അൻപതാം വർഷത്തിൽ പ്രത്യേക പതിപ്പു് ഇറക്കുകയുണ്ടായി. അതിനോടു് പ്രതികരിച്ചു കൊണ്ടുള്ള കുറേ കുറിപ്പുകൾ അവർ അടുത്ത ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഒന്നാണു് ഈ കുറിപ്പു്. Andrea: Unhappy is the land that breeds no hero. Galileo: No, Andrea: Unhappy is the land that needs a hero. ബർറ്റോൾഡ് ബ്രഹ്ത്തിന്റെ പ്രശസ്തമായ ഗലീലിയോ നാടകത്തിലെ ആൻഡ്രിയ എന്ന കഥാപാത്രത്തിന്റെ മുകളിൽ സൂചിപ്പിച്ച ചിന്ത പങ്കുവെക്കുന്നവരാണു് നമ്മളിൽ പലരും. ഇന്ത്യയിലെയും കേരളത്തിലെയും മുഖ്യധാരാമാധ്യമങ്ങളും ഇതിൽ നിന്നു് വ്യത്യസ്തരല്ല. നമുക്കു് രക്ഷകന്മാർ ഇല്ല. നമ്മുടെ അവസ്ഥ എത്ര ദുഃഖകരമാണു് എന്നു് അവർ വിലപിച്ചുകൊണ്ടിരിക്കും. പിന്നീടു് അവർ ഈ പൊതുവികാരത്തെ ഏറ്റെടുക്കുകയും ഒരു രക്ഷകബിംബത്തെ സൃഷ്ടിച്ചു് എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി അയാളെ അവതരിപ്പിക്കുകയും ചെയ്യും. ഈ രക്ഷകനിർമിതിയുടെ ഉത്തമമാതൃകയാണു് നരേന്ദ്രമോദി. ഒരു രക്ഷകനെ കാത്തിരിക്കുന്ന ജനതയാണു് ഏറ്റവും സങ്കടകരമായ കാഴ്ച എന്ന ഗലീലിയോയുടെ വാക്കുകൾ ഒന്നുകൂടെ ഓർമിപ്പിക്കുന്നതായി നക്സൽബാരി 50 എന്ന ആഴ്ചപ്പതിപ്പിന്റെ മെയ് 21 ലക്കം. പ്രതിരോധത്തിന്റെയും മോചനത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനത ഏതെങ്കിലും ഒരുനേതാവിന്റെ ഉയിർപ്പിനായി കാത്തുനിൽക്കുകയല്ല ചെയ്യുന്നതു്. കിസാൻ തൊമ്മനെപ്പോലെയും ശാന്തിമുണ്ടയെപ്പോലെയും ജനങ്ങളുടെ ഇടയിൽനിന്നാണു് അവർ ഉയർന്നുവരുന്നതു്. സമരത്തിന്റെ മുന്നണിപ്പോരാളികളായി അമ്പും വില്ലുമേന്തി പോരാട്ടം നയിച്ച നക്സൽബാരിയിലെ കർഷകസ്ത്രീകളിൽ നിന്നു് പ്രകാശവർഷങ്ങൾ അകലെയാണു് ഇന്നു് അമ്പതുവർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ സ്ത്രീയവസ്ഥ എന്ന ഒരു ഓർമപ്പെടുത്തലുമായി ആഴ്ചപ്പതിപ്പിലെ കുറിപ്പുകൾ. കരിയറിസ്റ്റുകളായും നവമാധ്യമ ആക്ടിവിസ്റ്റുകളായും മാത്രം ഒടുങ്ങുന്ന മലയാളി മുഖ്യധാരയ്ക്കു് സ്വയം വിമർശനത്തിനുള്ള ഒരവസരമായി ഈ മനുഷ്യരുടെ സഹനത്തിന്റെയും സമരവീര്യത്തിന്റെയും പാഠങ്ങൾ മാറിയെങ്കിൽ എന്നാശിച്ചു പോകുന്നു. മാർക്സിസത്തെ ഒരു ഡോഗ്മയായി അവതരിപ്പിക്കുന്ന ആരെങ്കിലും ഇന്നും ഉണ്ടാവും എന്നു് തോന്നുന്നില്ല. എങ്കിലും സമകാലിക സാമൂഹികയാഥാർഥ്യങ്ങളെ വിശകലനം ചെയ്യുന്നത്തിനുള്ള ഒരു ടൂൾ എന്ന നിലയിൽ, നീതിബോധമുള്ള മനുഷ്യരെ സൃഷ്ടിക്കുന്നതിൽ, നിസ്വാർത്ഥരായ സമരസഖാക്കളെ വാർത്തെടുക്കുന്നതിൽ, ഈ പ്രത്യയശാസ്ത്രം വഹിച്ചപങ്കു് ആർക്കും നിഷേധിക്കാനാവില്ല. കലാ സാഹിത്യ ഭാവുകത്വത്തെയും മനുഷ്യന്റെ ജ്ഞാനശാസ്ത്രനിലപാടുകളെയും മാർക്സിസം പുതുക്കിപണിതുകൊണ്ടിരുന്നു. ബോൾഷെവിക് വിപ്ലവത്തിന്റെ നൂറാം വർഷമാണു് നക്സൽബാരിയുടെ അമ്പതുവർഷവും എന്നതു് കേവല യാദൃശ്ചികത മാത്രമല്ല. ഇന്ത്യൻ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ചരിത്ര സ്മാരകം കൂടിയാണതു്. ഇന്ത്യയിൽ രൂപംകൊണ്ടിരിക്കുന്ന മതഫാസിസ്റ്റ് ഭരണകൂടം സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ചുകൊണ്ടുള്ള അടിച്ചമർത്തലായല്ല ജനങ്ങളൾക്കു് മേൽ അധീശത്വം സ്ഥാപിക്കുന്നതു്. ഭൂരിപക്ഷമതത്തെ കൂടെനിർത്തിക്കൊണ്ടു് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ഇടതുപക്ഷത്തിനുമെതിരായുള്ള ഒരു ചിന്താപദ്ധതിയായാണു് അതു് നിലനിൽക്കുന്നതു്. പ്രിന്റ്/ദൃശ്യ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും രാജ്യസുരക്ഷയുടെയും മതവിശ്വാസത്തിന്റെയും കവചമൊരുക്കിക്കൊണ്ടാണു് അതു് മുന്നേറുന്നതു്. വ്യവസ്ഥാപിത ഇന്ത്യൻ ഇടതുപക്ഷം സോഷിലിസ്റ്റ് വികസനസങ്കൽപ്പങ്ങൾ അവതരിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും ഇടർച്ചകൾ നേരിടുന്ന സമകാലിക അവസ്ഥയിൽ ചരിത്രത്തിലെ ഈ അദ്ധ്യായം ഒരു പാഠമായി നാം ഉൾക്കൊള്ളേണ്ടതാണു്. തീവ്ര വലതു രാഷ്ട്രീയം രാഷ്ട്രത്തെ ഫാസിസത്തിലേക്കു് നയിക്കുന്ന ഘട്ടത്തിൽ അതിനെതിരെയുള്ള പ്രതിഷേധങ്ങൾ തീവ്രവാദപരമായ ചില പൊട്ടിത്തെറികളിലേക്കു് വീണുപോകുകയും സ്വയം തോൽപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ യാഥാർത്ഥ്യബോധത്തോടെയും യുക്തിബോധത്തോടെയുമുള്ള ബദൽ ‘ജനാധിപത്യവംശങ്ങൾ’ രൂപപ്പെടേണ്ടതുണ്ടു്. ഇന്ത്യയുടെയും പ്രത്യേകിച്ചു് കേരളത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിൽ അനിവാര്യമായ ഇടർച്ചയുടെ രീതിശാസ്ത്രം എന്തായിരിക്കണം എന്ന ചിന്ത ബോൾഷെവിക് വിപ്ലവത്തിനു് ഒരു നൂറ്റാണ്ടും നക്സൽബാരി സമരത്തിനു് അരനൂറ്റാണ്ടും പൂർത്തിയായ ഈ ഘട്ടത്തിൽ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നതെയുള്ളൂ. വർഗരാഷ്ട്രീയം എന്ന സാങ്കേതികതയിൽ കൂടിച്ചുതൂങ്ങാതെ ഇന്ത്യയിൽ രൂപപ്പെട്ടുവരുന്ന ആദിവാസി/ദളിത് ചെറുത്തുനിൽപ്പുകളേയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെയും സ്ത്രീപക്ഷ ചിന്തകളെയും LGBTQ നിലപാടുകളെയും ഉയർത്തിപ്പിടിക്കുന്ന പുതിയ ജനാധിപത്യവംശങ്ങളുടെ നേതൃത്വം ഏറ്റെടുത്തു് ശരിയായ അർത്ഥത്തിലുള്ള ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ പിറവിക്കായി പോരാടാൻ ഇടതുപക്ഷത്തിനു് കഴിയുമോ എന്നതാണു് ചോദ്യം. പലതലത്തിൽ നിന്നുകൊണ്ടുള്ള വിശകലനങ്ങളിലൂടെയും തിരിഞ്ഞുനോട്ടങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഈ പോരാട്ടം സാധ്യമാവുകയുള്ളു. ഇതിനു് ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനൊപ്പം ഭാവിയെക്കുറിച്ചുള്ള അന്വേഷണവും ആവശ്യമാണു്.
Muraleedharan Ramakrishna:
Foreseeing the doom was not a case of extraordinary clairvoyance. Rather, it’s more like self fulfilled prophecy. We have willed the movement to fail. For no movement comes with pre-destined failure. If the movement was on an adventurist course, possibility of joining it and correcting course was available, provided we had the will, desire and commitment to do it. But we, I mean I, chose to sit by the side and made self fulfilling prophesies and willed it to fail.
കെ. എച്ച്. ഹുസൈൻ:
പഴയ കാലം… വളരെ പഴയതായിരിക്കുന്നു. അറുപഴഞ്ചനായിരിക്കുന്നു. അരനൂറ്റാണ്ടാകാറായില്ലെ. പത്തുവർഷത്തിനകം ഏതാണ്ടെല്ലാവരും അവസാനിക്കും. എന്തുണ്ടവശേഷിക്കാൻ? പരിഹാസം. പുച്ഛം. വിഡ്ഢിത്തം… ഭീരുക്കളെല്ലാം വലിയ പ്രവാചകരായിത്തീർന്നിരിക്കുന്നു. എങ്കിലും തൃപ്തരുടെ ഉറക്കം കെടുത്താനായി പുതിയ വിഡ്ഢികൾ ഉണ്ടായിക്കൊണ്ടിരിക്കും. ചോദ്യചെയ്യുന്നവർക്കു്, കലഹികൾക്കു് വിവേകം കുറവായിരിക്കും. ഇരകളാകാൻ വിധിക്കപ്പെട്ടവർ. പരാജയങ്ങളും ചോരയും കൂടിച്ചേർന്നു് ചരിത്രം മുന്നോട്ടുതന്നെ. അടിച്ചമർത്തലിന്റെ നൃശംസതകൾക്കിടയിൽ മണ്ണിന്നടിയിലെ നഗ്നശവങ്ങൾ പിടഞ്ഞുകൊണ്ടിരിക്കും.
അല്ലുക്ക അബ്ദുൽ ഗഫൂർ:
പഴയ വിപ്ലവത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും—അനുകൂലിച്ചവരിൽ പലരും പിന്നീടു് മറ്റു് അഭിപ്രായങ്ങളിലേക്കു് മാറി. തുടർന്നും ആ ചിന്താധാരയിൽ ഉറച്ചു് നില്ക്കുന്ന ചിലർ ഇവിടെ സജീവമായുണ്ടു്. ജയവും പരാജയവും കാലം തെളിയിക്കും. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വിജയം ഒരു മരീചികയാണെങ്കിലും.
രാജഗോപാൽ:
സച്ചിമാഷ് എന്താ പോയതു്?
ലിസി മാത്യു:
ഈ പ്രായത്തിൽ അർഹിക്കുന്ന ആദരത്തിനുപകരം അർഹിക്കാത്ത അവമതി സഹിക്കേണ്ടതുകൊണ്ടാകാം.
കെ. എച്ച്. ഹുസൈൻ:
സച്ചിദാനന്ദനും കെ ജി എസ്സുമൊക്കെ എഴുതാൻ തുടങ്ങിയിട്ടു് അരനൂറ്റാണ്ടു കഴിഞ്ഞു. വെറും എഴുത്തായിരുന്നില്ല. കേരളം കടന്നുപോയ തീക്ഷ്ണമായൊരു കാലത്തിന്റെ എല്ലാ പ്രക്ഷുബ്ധതകളും വിഹ്വലതകളും പ്രതീക്ഷകളും വേദനകളും നിരാശകളും കലഹങ്ങളും നെഞ്ചേറ്റിയവർ. വാക്കുകളിലേക്കു് രക്തസമാനമായി പകർത്തിയവർ. ആ കാലത്തിന്റെ ഹൃദ്സ്പന്ദങ്ങൾ ഇന്നും അവരുടെ വാക്കുകളിൽ തുടിക്കുന്നു. മലയാളത്തിൽ ഇവർ സ്വരുക്കൂട്ടിയ ധീരതയുടെ ശോണമുദ്രകൾ അവർക്കു മുമ്പോ പിമ്പോ ഇത്രയ്ക്കുണ്ടായിട്ടില്ല. അവർ ഗോപുരങ്ങളിൽ നിന്നു് തെരുവിലേക്കു്, മനുഷ്യരിലേക്കു് ഇറങ്ങിവന്നു. അപകടകരമായി ജീവിച്ചു. അങ്ങനെ ഒരുദിവസം പോലും ജീവിക്കാൻ കഴിയാത്തവർക്കു് എളുപ്പം കഴിയുന്ന പണി ഇന്നവർ തരംകിട്ടുമ്പോഴൊക്കെ ചെയ്യുന്നുണ്ടു്—ആ കാലഘട്ടത്തിനുവേണ്ടിയെന്ന മട്ടിൽ മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഒറ്റുകാരെന്നു് വിളിക്കുക, മാപ്പുസാക്ഷികളെന്നു് മുദ്രകുത്തുക. എന്തൊക്കെ ബിരുദങ്ങൾ! യുവത്വത്തേയും ചരിത്രത്തേയും വഴിതെറ്റിച്ചവർ എന്നു് അധിക്ഷേപിക്കുന്ന ഇക്കൂട്ടർ സ്വന്തം കാലത്തെ യുവത്വത്തേയും ചരിത്രത്തേയും നേരെയാക്കിയെടുക്കാൻ എങ്ങനെയൊക്കെ പെടാപാടുപെടുന്നു എന്നു് നിരീക്ഷിക്കുന്നതു് ഒരു തമാശയാണു്. അടിക്കടി ഭീക്ഷണമായിക്കൊണ്ടിരിക്കുന്ന ഇന്ത്യനവസ്ഥകൾക്കു നേരെ ശബ്ദിക്കാൻ ഇവരിൽ എത്ര പേരുണ്ടെന്നും നാം കാണുന്നുണ്ടു്. അപ്പോഴും പണിയെടുക്കാൻ വൃദ്ധന്മാർ തന്നെ വേണ്ടിവരുന്നു.
അല്ലുക്ക അബ്ദുൽ ഗഫൂർ:
പോകരുതായിരുന്നു, തിരിച്ചു വരണം എന്ന അഭിപ്രായമാണു് എനിക്കുള്ളതു്. 60-കളുടെ അവസാന ഘട്ടത്തിൽ കേരളത്തിൽ യുവാക്കളെ ആകർഷിച്ച ഒരു പ്രസ്ഥാനത്തെപ്പറ്റിയാണു് എൻ. പി. രാജേന്ദ്രന്റെ ലേഖനത്തെ അവലംബിച്ചു് ഇവിടെ ചർച്ച നടന്നതു്. അന്നു് പ്രസ്ഥാനത്തിന്റെ ഭാഗമാകുകയോ, അതിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഞങ്ങളിൽ പലരും ജീവിച്ചിരിപ്പില്ല. സച്ചിമാഷ് ആ പ്രസ്ഥാനത്തിന്റെ ദൗർബല്യം തിരിച്ചറിഞ്ഞു മാറി നിന്നു. പക്ഷേ, അതിനെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും വേണ്ടി ഇന്നും പോരാടുന്ന സച്ചിമാഷിനെ അങ്ങിനെ കൈ വിടാൻ എനിക്കാകില്ല, എനിക്കറിയാവുന്ന ഹുസൈനും, അശോൿ കുമാറിനും. സച്ചിമാഷ് ഈ കൂട്ടായ്മയുടെ കരുത്താണു്.
കരുൺ:
അനാദരവു്, ഇഷ്ടക്കേടു്, ബഹുമാനക്കുറവു് എന്നൊന്നും ഇവിടെ വായിച്ച പ്രതികരണങ്ങളിൽ ഉണ്ടെന്നു തോന്നുന്നില്ല, ചർച്ച ചെയ്ത ‘രാഷ്ട്രീയ’ത്തെ ഓരോരുത്തർ കാണുന്ന വിധമായിരുന്നു അവ. അതാകട്ടെ, ആ തലമുറയിലെ മിക്കവാറും എഴുത്തുകാർ, ആ രാഷ്ടീയത്തിനു് ഒപ്പം നിന്നവർ, ലോകം മുഴുവൻ പിന്നീടു് നേരിട്ട ഒരു സന്ദർഭം ആയിരുന്നു, നെരൂദ, നെഗ്രെ ഇവർക്കു് ഒക്കെ അങ്ങനെ ഒന്നിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടു്… കേരളത്തിലും അതു് അങ്ങനെയാണു്. ഒരുപക്ഷെ, ആ തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നു ഇതിനെ കഠിനമായി നേരിടേണ്ടിവന്നവർ. കാലം അങ്ങനെയാണു്, ഒക്കത്തു് വെച്ച ആരെയും അതു് ഒരിക്കൽ ഇറക്കി വെയ്ക്കുന്നു, ഇനി നീ നടക്കു് എന്നു് പറയുന്നു. നടത്തം പഠിപ്പിക്കുന്ന അമ്മയെ പോലെ. കുറച്ചു ദൂരം പോയാൽ അവൾക്കും അതു് ഒരു ഭാരമാകുന്നു. സച്ചിയെ വളരെ ഇഷ്ടത്തോടെ കാണുന്ന ആളാണു് ഞാൻ. എത്രയോ വർഷത്തെ പരിചയം. കുറച്ചു ദിവസങ്ങൾ ഇവിടെ കുവൈറ്റിൽ ഞങ്ങൾ ഒരുമിച്ചു് ഒരു വീട്ടിൽ ഉണ്ടായിട്ടുമുണ്ടു് പക്ഷേ, ആ സ്നേഹം നമ്മുടെ അഭിപ്രായങ്ങളെ തടയുമ്പോൾ ശ്വാസം മുട്ടില്ലേ? കെ ജി എസ്സുമായും എനിക്കങ്ങനെ ഒരു ബന്ധമാണു്. ലോക കലയിലെ ആധുനികതയെ കുറിച്ചു് ഞാൻ കേട്ട നല്ല സംഭാഷണം തൃശൂരിലെ ആ വീട്ടിൽ വെച്ചാണു്, എത്രയോ വർഷം മുമ്പു്… മറക്കാൻ പറ്റില്ല. ആ രാഷ്ട്രീയത്തിന്റെ കാറ്റു് ഒരിക്കൽ കൊണ്ടവർ ആരും പിന്നെ തണുത്തിട്ടില്ല. ഓരോരുത്തരും ഓരോ വൃക്ഷം പോലെയും, ഉലയുമ്പോഴും വീഴുമ്പോഴും…
കെ. എച്ച്. ഹുസൈൻ:
കള്ളന്മാർക്കു് ശ്രദ്ധയും സൂക്ഷ്മതയും ഏറും. സത്യസന്ധർക്കു് അത്രയ്ക്കതങ്ങു് ഉണ്ടാകാറുമില്ല. വിപ്ലവം എന്ന പദം തന്നെ ചതുർത്ഥിയായവർ സ്വാതന്ത്ര്യത്തെക്കുറിച്ചു് വാതോരാതെ സംസാരിക്കുന്നു—വേണ്ടത്ര ശ്രദ്ധയും സൂക്ഷ്മതയും ഉള്ളവർ!
രാജഗോപാൽ:
ഹുസൈൻ മാഷ് അതിരു് വിട്ടു് സാമാന്യവൽക്കരണം നടത്തുന്നു. അത്തരം സാമാന്യവൽക്കരണങ്ങൾ പലപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല, അവ ശരികളെ ഉൾക്കൊള്ളണമെന്നുമില്ല.
കെ. എച്ച്. ഹുസൈൻ:
ശരികൾ ഒരു മായക്കാഴ്ചയായി അകന്നുപോകുകയാണു്. അതിരുകളും. ശരികളെത്തിപ്പിടിച്ചവർ ഭാഗ്യവാന്മാർ.
രാജഗോപാൽ:
അതെ. ശരികൾ മായകാഴ്ചകൾ തന്നെയാണു്. അതുകൊണ്ടു് ആരും ശരികൾ എത്തിപ്പിടിക്കുന്നില്ല. മറഞ്ഞും തെളിഞ്ഞും നമ്മളതു് അനുഭവിക്കുന്നുണ്ടായിരിക്കാം. അതിരുകളും അത്തരം മായക്കാഴ്ചകൾ തന്നെ. സ്ഥായിയായ രൂപം അതിനു് ആർജ്ജിക്കാനാവില്ല.
കെ. സച്ചിദാനന്ദൻ:
കുറച്ചു മുൻപു് ഗ്യാലറിയിലെ സിനിക്കുകളോടു് എന്ന ഒരു കുറിപ്പു്, അന്നു് ജന്മഭൂമിയുടെ പംക്തികാരനായി മാറിയിട്ടില്ലാത്ത, എന്നാൽ എന്നും മാറാമായിരുന്ന, ഇപ്പോൾ മാറിയ, ഒരെഴുത്തുകാരനു മറുപടിയായി ഞാനെഴുതിയിരുന്നു. എന്താണു് എന്റെ പിഴ (മിയാ കുൽപ്പാ) എന്നാലോചിച്ചിട്ടുണ്ടു്: നക്സലൈറ്റ് പ്രസ്ഥാനം ഇല്ലാതായിട്ടും അതുയർത്തിയ ചോദ്യങ്ങൾ ചോദിക്കുകയും അതിന്റെ പരാധീനതകൾ (ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ, ജനങ്ങളെ പേടിപ്പെടുത്തി അകറ്റുന്ന അനൈഹിലേഷൻ തന്ത്രം, ചൈനീസ് വിപ്ലവതന്ത്രത്തിന്റെ ഈച്ചയടിക്കോപ്പി, ഇന്ത്യ പോലെ അനേകം മതങ്ങളും വംശങ്ങളും ഭാഷകളുമുള്ള, വർഗ്ഗ വ്യവസ്ഥയെക്കാൾ മനുഷ്യത്വ വിരുദ്ധമായ ജാതി വ്യവസ്ഥ ശക്തമായ, ഔപചാരികമായെങ്കിലും ജനാധിപത്യ സംവിധാനം നിലവിലുള്ള, ഒരു രാജ്യത്തു് നടപ്പിലാക്കാമെന്നു വ്യാമോഹിച്ചതു്, നക്സൽ ബാരിയിൽ നിന്നുള്ള ജനകീയ സമര പാഠം പോലും പഠിക്കാത്ത ഒരു മദ്ധ്യവർഗ്ഗം കേരളത്തിൽ അതിനെ ഒരു രഹസ്യ പ്രസ്ഥാനമായി മാറ്റാമെന്നു വ്യാമോഹിച്ചതു്, ആകെയുള്ള കുറച്ചാളുകൾ പല പല ഗ്രൂപ്പുകളായി സ്വന്തം ശരികളിൽ കൂടിച്ചുതൂങ്ങി വിഘടിച്ചു് പരസ്പരം പഴി പറഞ്ഞു തുടങ്ങിയതു്—പ്രസ്ഥാനം തകർന്നിരുന്നില്ലെങ്കിൽ പ. ബംഗാളിലെപ്പോലെ ഇവർ അന്യോന്യം കൊലപ്പെടുത്തുമായിരുന്നു—വർഗ്ഗീസിനെപ്പോലെ ജനകീയ പ്രവർത്തന പരിചയമുണ്ടായിരുന്ന ചിലരൊഴികെയുള്ള നേതാക്കൾ ജനങ്ങളുടെ രക്ഷകർത്താക്കളെപ്പോലെ പെരുമാറിയതു്, സാധാരണകർഷകരും തൊഴിലാളികളും തന്നെ ഒറ്റുകൊടുക്കും വിധം സഖാക്കൾ ജനതയിൽ നിന്നകന്നതു്) തിരിച്ചറിഞ്ഞിട്ടും അനീതിക്കെതിരായ അതിന്റെ നിലപാടു് ഈ നിമിഷം വരെ ഉയർത്തിപ്പിടിച്ചതു്, പോലീസും ക്രൈം ബ്രാഞ്ചും ചോദ്യം ചെയ്തപ്പോൾ, പാർട്ടിയിൽ ഇല്ലാതിരുന്നിട്ടും, ഒരിക്കൽ പോലും “ഞാൻ നക്സലൈറ്റല്ല” എന്നു പറയാതിരുന്നതു്, മറ്റുള്ളവർക്കൊപ്പം ഞാനും പങ്കിട്ടിരുന്ന, മാവോ ആരാധനയും (വിപ്ലവകാരിയുടെയല്ലാ, ഭരണാധിപന്റെ) സാംസ്കാരിക വിപ്ലവമെന്ന നിഷ്ഠുരവും മനുഷ്യത്വ വിരുദ്ധവുമായിരുന്ന പിന്മുറത്തർക്കത്തിന്റെ ഉദാത്തീകരണവും രണ്ടിന്റെയും യഥാർത്ഥ സ്വഭാവം പഠനങ്ങളിലും അനുഭവങ്ങളിലും യാത്രകളിലും കൂടി ബോദ്ധ്യമായപ്പോൾ ഉപേക്ഷിച്ചതു്, എന്നിട്ടും മറ്റൊരു പാർട്ടിയിലും ചേരാതെ സ്വതന്ത്രമായ അന്വേഷണങ്ങൾ തുടരുകയും മാർക്സിസത്തിന്റെ ഇതര ധാരകളെ അറിയാനുള്ള ശ്രമങ്ങളിൽ മുഴുകുകയും ചെയ്തതു്, അതിലൂടെ ഗാന്ധിയെയും അംബേദ്കറെയും വിമർശനങ്ങളോടെ ഉൾക്കൊള്ളാതെ ഇന്ത്യയിൽ ഒരിടതുപക്ഷത്തിനും മുന്നോട്ടു പോകാനാവില്ലെന്നു ബോദ്ധ്യപ്പെട്ടതു്, ഫാസിസത്തിന്റെ വരവു്, ടി. കെ. രാമചന്ദ്രനെപ്പോലുള്ള സുഹൃത്തുക്കൾക്കൊപ്പം, എൺപതുകളിൽ തന്നെ കാണുകയും അതിനെ എഴുത്തിലും പ്രവൃത്തിയിലും (സെക്യുലർ ഫോറം പോലെ) എൻഗേജ് ചെയ്യുകയും ചെയ്തതു്, അതിന്റെ ഭാഗമായി ഇന്ത്യയിൽ എന്നും നിലനിന്ന ഭൗതികവും ആത്മീയവുമായ പ്രതി-സംസ്കാര ധാരകളെ കണ്ടെത്തി നിർവ്വചിച്ചതു്, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്നെതിരായ ഓരോ യഥാർത്ഥ ജനകീയ സമരത്തിലും,—ആദിവാസി ഭൂസമരം മുതൽ അലൻ-താഹയ്ക്കായുള്ള പ്രവർത്തനങ്ങൾ വരെ—ഞാൻ ഡൽഹിയിലായിട്ടു പോലും, നേരിട്ടു പങ്കെടുക്കുകയോ അവയ്ക്കു് പിൻതുണ നൽകുകയോ ചെയ്തതു്, ഡൽഹിയിലും യു. പി. യിലും മറ്റുമായി ചിതറിക്കിടന്ന തൊണ്ണൂറോളം ഫാസിസ്റ്റു വിരുദ്ധ സംഘങ്ങളെ ഒന്നിപ്പിക്കാൻ മുൻകയ്യെടുത്തതു്, 2014-ൽ റൊമീ ലാ ഥാപ്പർ, ഗീതാ ഹരിഹരൻ, ഇന്ദിരാ ജയ് സിങ് തുടങ്ങിയവർക്കൊപ്പം ഇന്ത്യൻ കൾച്ചറൽ ഫോറവും റൈറ്റേഴ്സ് ഫോറവും സംഘടിപ്പിച്ചു് അവയുടെ സജീവമായ വെബ്സൈറ്റും ഓൺലൈൻ പ്രസിദ്ധീകരണവും ആരംഭിച്ചു് ബുദ്ധിമുട്ടി തുടർന്നു കൊണ്ടു പോകുന്നതു്—ഇതെല്ലാമാണു് ഞാൻ ചെയ്ത തെറ്റുകൾ. ഗൃഹാതുരത്വത്തിൽ നെടുവീർപ്പിടുന്നവർക്കും ചാരുകസേരയിൽ കിടന്നു് കമന്റടിച്ചു് ശ്രദ്ധ തേടുന്നവർക്കും വിമർശിച്ചു കൊണ്ടേയിരിക്കാം. പക്ഷേ, എഴുപത്തഞ്ചാം വയസ്സിലേയ്ക്കു കടക്കുന്ന ഞാൻ ആ സൗഭാഗ്യങ്ങൾ സ്വയം നിരാകരിക്കുന്നു.
ലിസി മാത്യു:
സച്ചി മാഷെ ‘മയാ കുൽപാ മയാ കുൽപാ മയാ മാക്സിമാ കുൽപാ’ എന്നല്ല ‘മയാ കുൽപാ മയാ കുൽപാ തുവാ മാക്സിമാ കുൽപാ’ എന്നതാണു് പ്രത്യക്ഷനീതി.
കെ. എച്ച്. ഹുസൈൻ:
“… ഇതെല്ലാമാണു് ഞാൻ ചെയ്ത തെറ്റുകൾ… ” ഇതിനെക്കാൾ ശരികൾ മറ്റാരു് ചെയ്തിട്ടുണ്ടു്, മാഷെ? എവിയെപ്പോയാലും, എവിടെനിന്നു് വിട്ടുനിന്നാലും ക്ഷുദ്രജീവികളിൽനിന്നു് ഈ ജന്മം താങ്കൾക്കു് വിടുതി ലഭിക്കില്ല. അതുകൊണ്ടു് സായാഹ്നയിലേക്കുള്ള മടങ്ങി വരവു് ഞങ്ങൾക്കെല്ലാവർക്കും ഓണസമ്മാനമാണു്. മഹാബലിയുടെ വരവുപോലെ.
ഹബീബ് എം എച്ച്:
ജയിലിലെ ക്രൂരമർദ്ദനം സഹിച്ചു് ആയുസ്സിന്റെ ബലം കൊണ്ടു് ജീവൻ തിരിച്ചു് കിട്ടിയ ഹുസൈൻ വീണ്ടും വിപ്ലവത്തെ കുറിച്ചു് പറയുമ്പോൾ അത്ഭുതം തോന്നുന്നു. പാഠം ഉൾക്കൊള്ളാനാകാത്ത വിധം ലഹരി പഴയ വിപ്ലവത്തിൽ നിന്നു് ഇവർക്കു് ഇപ്പോഴും ലഭിക്കുന്നുണ്ടോ. അസ്വാതന്ത്ര്യത്തെ പ്രതിരോധിക്കായി നിസ്സാർ ശുപാർശ ചെയ്യുന്നതു് വികേന്ദ്രീകൃതമായ സായാഹ്ന പോലുള്ള അനേകായിരം സ്ഥാപനങ്ങളെയാണു്. അങ്ങിനെയൊന്നിന്റെ ഭാഗമായ ഹുസൈന്റെ ഈ എഴുത്തു് ഒരു മുൻവിധി പോലെ അനുഭവപ്പെടുന്നു. ഗതകാല വിപ്ലവസ്മരണകളിൽ അഭിരമിക്കുന്നവരെ ഉദ്ദേശിച്ചാണു് കെ ജി എസ്സിന്റെ ഈ വരികളെന്നു് ഞാൻ കരുതുന്നു.

… അലക്കുകാരനും കഴുതയും

പുതിയ വിഴുപ്പുമായി വീണ്ടും

വെള്ളമുള്ള നാടു് തേടി യാത്രയായി.

വിടർന്ന പീലികൾ ചുരുക്കിക്കെട്ടി

ഒരു ചൂലാക്കി ഞങ്ങൾക്കു് തന്നിട്ടു്

സ്വപ്നകാലത്തിന്റെ മയിൽ യാത്രയായി…

കെ. ജി. എസ്സ്.

സച്ചിദാനന്ദന്റെ തിരിച്ചു് വരവു് ഓണം ഇരട്ടി സന്തോഷമുള്ളതാക്കി.

അല്ലുക്ക അബ്ദുൽ ഗഫൂർ:
അറുപതുകളേക്കാൾ കൂടുതൽ അസമത്വവും അടിച്ചമർത്തലും ഇന്നു് കാണുമ്പോൾ ഒരു പഴയ വിപ്ലവകാരിയുടെ രോഷപ്രകടനമായി കണ്ടാൽ മതി. ഇന്നും ഫാസിസത്തിനെതിരെ പോരാടുന്നവരുടെ കൂട്ടത്തിൽ എന്നും അവനുണ്ടാകും, എന്റെ പ്രിയ സുഹൃത്തു് ഹുസൈൻ.
ദാമോദർ പ്രസാദ്:
കഴിഞ്ഞ ദിവസങ്ങളിലൊന്നു് പത്രത്തിന്റെ ഉൾപേജുകളിൽ ഒരു വാർത്തയുണ്ടായിരുന്നു. വരവരറാവുവിനു് കോവിഡ് ഭേദമായതിനെ തുടർന്നു് ജയിലിലേക്കു് തിരിച്ചുക്കൊണ്ടുപോയി എന്നു്. എൺപതിയൊന്നു് വയസ്സായ വിപ്ലവ കവി വരവരറാവുവിനെ ഇന്ത്യയിലെ ആറു് പ്രമുഖരായ അക്കാദമിക്ക്-സ്ക്കോളർ-ആക്റ്റിവിസ്റ്റുകൾക്കൊപ്പം യു. എ. പി. എ. നിയമത്തിന്റെ അടിസ്ഥാനത്തിൽ കുറ്റം ചുമത്തി, ജാമ്യം നിഷേധിച്ചു് ജയിലിൽ അടച്ചിരിക്കുകയാണു്. ഷോമ ചാറ്റർജി, ഗൗതം നവലാഖാ, സുധാ ഭരദ്ധ്വാജ്, റോനാ ഗോൺസാൽവസ്, ആനന്ദ് തെൽറ്റുംബ്ടെ… ഹനി ബാബു. ഭീമാ കോറേഗാവ് അനുസ്മരണത്തിന്റെ ഭാഗമായുള്ള എൽഗാർ പരിഷത്തിൽ പങ്കെടുത്തതിന്റെ പേരിലാണു് നോട്ടപുള്ളികളായതെങ്കിലും, അതിലും വലിയ ആരോപണങ്ങളാണു് മാവോയിസ്റ്റുകൾ എന്ന നിലയിൽ അവരുടെ മേൽ കെട്ടിചമയ്ക്കപ്പെട്ടിട്ടുള്ളതു്. മഹാരാഷ്ട്ര പോലീസ് സുപ്രീം കോടതിയിൽ നിന്നു് ഒന്നിലധികം തവണ വിമർശനങ്ങൾ നേരിട്ടപ്പോഴും ഒരു തവണ പോലും പ്രതികളാക്കപ്പെട്ടവർക്കു വേണ്ടിയുള്ള ഹർജികൾ അനുകൂലമായ രീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. ഇവർക്കു് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതു്. റോമീലാ ഥാപ്പർ, പ്രഭാതു് പട്നായിക്കിനെ പോലുള്ള പ്രഗത്ഭരായ പണ്ഡിതർ. ഇതു് നമുക്കു് എല്ലാവർക്കും അറിയാവുന്ന കാര്യമാണു്. സച്ചി മാഷ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ള വിവരം ഞാൻ പ്രത്യേകമെടുത്തു പറയേണ്ടതില്ല. ഏറ്റവുമടുത്തു് പ്രസ്തുത വിഷയത്തിൽ ഞാൻ വായിച്ച സച്ചി മാഷിന്റെ ലേഖനം ട്രൂ കോപ്പി തിങ്കിലാണു്. ഹനി ബാബുവിന്റെ അറസ്റ്റിനെ തുടർന്നാണു് ഈ ലേഖനം വന്നതു്. ഞാൻ ഇതു് ഇവിടെ പറയാൻ കാരണം സമകാലിക രാഷ്രട്രീയ സന്ദർഭത്തിൽ മാവോയിസമെന്നുള്ളതു് ഏതുവിധേനയാണു് ഭരണകൂട അടിച്ചമർത്തലുകൾക്കു് കാരണമാകുന്നതു് എന്നതു സുചിപ്പിക്കാനാണു്. എൻ പി രാജേന്ദ്രന്റെ ലിബറൽ കാഴ്ചപാടിൽ നിന്നുള്ള പത്രപ്രവർത്തന രീതിയിലുള്ള ഇടതുപക്ഷ റാഡിക്കലിസത്തിന്റെ ചരിത്രാവതരണത്തിനു ശേഷം സച്ചി മാഷിന്റെയും അശോൿ കുമാറിന്റെയും പ്രതികരണം ഞാൻ വായിക്കുകയുണ്ടായപ്പോൾ ഈ സമകാലിക രാഷ്ട്രീയ സന്ദർഭമാണു് മനസ്സിൽ പ്രമുഖമായി നിന്നതു്. സ്വഭാവികമായും, കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ തണ്ടർ ബോൾട്ട് പോലീസ് വെടിവെച്ചു കൊന്ന നിലമ്പൂരിലെയും വയനാട്ടിലെയും മാവോയിസ്റ്റുകളെ ഓർമ്മപ്പെടുത്തി. ജലീലിനെ വെടിവെച്ചു കൊന്നതിനെ പറ്റിയും പോലീസിന്റെ ഇംപ്യൂണിറ്റിയെ കുറിച്ചും ആ അവസരത്തിൽ തന്നെ ഏഷ്യാവിലെ വെബ്സൈറ്റിൽ ഞാനൊരു ലേഖനം എഴുതുകയുമുണ്ടായി. അശോൿ കുമാറിന്റെ പ്രതികരണം വായിക്കവേ, അതിലുളള വിപ്ലവ തീക്ഷ്ണരായ രണ്ടു ചെറുപ്പക്കാരെക്കുറിച്ചുള്ള പരാമർശം താഹയെയും അലനെയും ഓർമ്മപ്പെടുത്തി. പ്രതികരണത്തിലേക്കു് എന്നെ തൊടുത്തു വിട്ട സന്ദർഭമിതാണു്. ഭരണകൂടം അടിയിന്തിരാവസ്ഥയേക്കാൾ കൂടുതൽ മികവോടെ കാര്യക്ഷമതയോടെ അടിച്ചമർത്തൽ നടത്തുന്ന സന്ദർഭം കൂടിയാണു്. അടിയിന്തിരാവസ്ഥ പിൻവലിക്കപ്പെട്ടതിനെ തുടർന്നു് പുതിയ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിൽ ജൂഡിഷറിയും എക്സിക്യൂട്ടിവും വരെ മനുഷ്യാവകാശപരമായ സമീപനം സ്വീകരിച്ചിരുന്നതു് ഇന്നു് ഇല്ലാതെയായിരിക്കുന്നു. നവലിബറൽ സന്ദർഭത്തിൽ ഭരണകൂടത്തിനു് സംഭവിച്ച പരിണാമത്തിന്റെ പ്രതിഫലനമാണിതു്. നിലമ്പൂരിൽ മൂന്നു് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ചു് ടൈംസ് ഓഫ് ഇന്ത്യയിൽ ലേഖനമെഴുതിയതു് ഇടതുപക്ഷ സർക്കാറിന്റെ ചീഫ് സെക്രട്ടറിയാണു് എന്നതു് അതിശയിപ്പിക്കുന്നുണ്ടോ? പറഞ്ഞു വരുന്നതു്, നക്സലിസം ഗതകാല ഗൃഹാതുരത്വമോ അല്ലെങ്കിൽ ചിലരിൽ കാണുന്ന വിധം വർത്തമാനത്തെ ഗൃഹാതുര അനുഭവമാക്കി മാറ്റുന്നതു് കൊണ്ടല്ല. മറിച്ചു്, നമ്മൾ അഭീമുഖീകരിക്കുന്ന രാഷ്ട്രീയ സന്ദർഭം എന്താണെന്നു് വിശദമാക്കിയതാണു്. ഇനി, വ്യക്തിഗതമായ ഒന്നു രണ്ടു ഇതുമായി ബന്ധപ്പെട്ട കാര്യം: എഴുപതുകളെ കുറിച്ചു് അനുഭവങ്ങൾ എന്ന നിലയിലോ സാക്ഷ്യമായോ എനിക്കൊന്നും തന്നെ പറയാനില്ല. കാരണം, ഇതിൽ പ്രതികരണത്തിൽ പരാമർശിച്ച 1979-ൽ ഞാൻ സ്കൂളിൽ തന്നെ പോകാൻ തുടങ്ങിയിട്ടില്ല. പക്ഷേ, ദേശീയ പ്രസ്ഥാനത്തെ പറ്റിയാണെങ്കിലും ഓക്ടോബർ വിപ്ലവത്തെ കുറിച്ചാണെങ്കിലും അഭിപ്രായം ഇന്നു് പറയുന്നതു് അനുഭവത്തിന്റെ അടിസ്ഥാനത്തിലല്ല, വായിച്ചറിവു് വെച്ചാണു്. കോളേജിൽ ഒരു നക്സലൈറ്റ് വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിക്കുന്ന സമയത്താണു് കെ. വേണുവിന്റെ ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കല്പം പ്രീ പബ്ലിക്കേഷൻ തുകയടച്ചു വാങ്ങി വായിക്കുന്നതു്. അപോഴേക്കും സോവിയറ്റ് നാടും മറ്റു് കമ്മ്യൂണിസ്റ്റ് നാടുകളുമൊക്കെ കൊഴിഞ്ഞുപോയിരുന്നു. ബ്രിട്ടീഷ്-ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പേരു മാറ്റുകയും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഏതാണ്ടു് ഇതേ സമയത്താണു് ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തികനും ഏറെക്കുറെ സ്റ്റാലിനിസ്റ്റുമായ ലൂയി അൾത്തുസറിന്റെ കലാ സങ്കല്പത്തെ കുറിച്ചു് ചിന്തയിൽ ലക്കങ്ങളായി സച്ചി മാഷിന്റെ ലേഖനം വരുന്നതു്. ഇതൊക്കെ അന്നേ വായിച്ചു എന്നു സ്ഥാപിക്കാനല്ല ഇതു് പറയുന്നതു്. പകരം, ലോക കമ്മ്യൂണിസത്തിന്റെ അവസ്ഥയുടെ ഭാഗമായുള്ള കേരളത്തിലെ സൈദ്ധാന്തിക അവസ്ഥയും അതിനെ സംബന്ധിച്ചുള്ള ചർച്ചകളും നക്സലൈറ്റ് പ്രസ്ഥാനത്തെക്കുറിച്ചള്ള വിലയിരുത്തലുകളും മലയാളത്തിൽ പലപ്പോഴായി പലവിധത്തിലും പല പൊസിഷനുകളിൽ നിന്നും ചർച്ച നടന്നിട്ടുണ്ടു് എന്നു് സൂചിപ്പിക്കാൻ മാത്രമാണു്. ആനുകാലികങ്ങളിൽ ചർച്ചയായും പുസ്തകങ്ങളായും ചർച്ച തുടരുന്നു. ഛത്തീസ്ഗഢ്, തെലുങ്കാന, ആന്ധ്രയുമായി ചേർന്നു കിടക്കുന്ന ദണ്ഡകാരണ്യം, ബസ്തർ വന-ആദിവാസി മേഖലയിലെ മാവോയിസ്റ്റ് രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ടു ധാരാളം പഠനങ്ങളും പുസ്തകങ്ങളും പുറത്തുവന്നിട്ടുണ്ടു്. വന്നുക്കൊണ്ടിരിക്കുന്നു. നന്ദിനി സുന്ദറിന്റെ പുസ്തകത്തെ പറ്റി നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. Burning Forests. അതു പോലെ രാഹുൽ പണ്ഡതയുടെ പുസ്തകം. അതു പോലെ He call me Vasu എന്ന പുസ്തകം, അരുന്ധതി റോയിയുടെ പുസ്തകം. കഴിഞ്ഞ മാസങ്ങളിൽ ഇറങ്ങിയതാണു് ആഷ് തോഷ് ഭരദ്ധ്വാജിന്റെ Death Script. തീർച്ചയായും വായിക്കേണ്ട പുസ്തകമാണതു്. ബസ്തറിലെ ആദിവാസി ജീവിത യാഥാർത്ഥ്യത്തെ “സൂക്ഷ്മതയോടും ശ്രദ്ധയോടും” ആവിഷ്ക്കരിച്ചിട്ടുണ്ടു്. സൂക്ഷമതയും ശ്രദ്ധയും ഇന്ത്യൻ മോറൽ പീനൽ കോഡിലെ പുതിയ ഇനം കുറ്റമായി ചേർക്കാൻ ആർക്കെങ്കിലും കേന്ദ്ര സർക്കാറിനോടു് നിർദേശിക്കാമായിരുന്നു. രാഷ്ടീയ സന്ദർഭം അങ്ങനത്തെയൊന്നാണു്. ഭയപ്പെടുത്തിയും ചാപ്പക്കുത്തിയും അടിച്ചമർത്തിയുമാണു് അധികാരം നിലനിർത്തപ്പെടുന്നതു്. നന്ദിനി സുന്ദറിന്റെയോ രാഹുൽ പണ്ഡിതയുടെയോ ഞാൻ സൂചിപ്പിച്ച Death Script മതി പോലീസിനു് മാവോയിസ്റ്റായ മുദ്രയടിച്ചു് അകത്തിടാൻ. എനിക്കു് മാവോയിസ്റ്റ് ഐഡിയോളജിയോടും, ചെയർമാൻ മാവോയോടും, സാംസ്ക്കാരിക വിപ്ലവത്തോടും, ചൈനീസ് സ്വഭാവത്തോടെയുള്ള ഡെങ്ങിന്റെ മൂലധനാഭിമുഖ്യമുള്ള സോഷ്യലിസ്റ്റ് ഏകാധിപത്യത്തോടും, ഷി ജിങ്ങ് പിങ്ങിന്റെ സിനോ ക്യാപിറ്റലിസത്തോടും എതിർപ്പും വിയോജിപ്പും മാത്രമേയുള്ളൂ. അതു പറയുമ്പോഴും, നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന oppressive രാഷ്ട്രീയത്തിൽ മാവോവാദി അർബൻ നക്സൽ എന്നൊക്കെ നാമകരണം ചെയ്തു ചെറുപ്പക്കാരേയും വൃദ്ധരേയും ഒരു പോലെ യാതൊരു ഇടതു വലതു വേർത്തിരിവില്ലാതെ തടവിലിടുന്ന ഭരണകൂട രാഷ്ട്രീയത്തെ കാണാതിരുന്നു്, വലിയ നക്സൽ, മാവോ വിമർശകനായി മാത്രം അവതരിക്കുന്നതു് ശരിയലല്ലൊ എന്നൊരു തോന്നൽ…
ഡോ. ബാബു ചെറിയാൻ:
ഭരണ-കൂടങ്ങൾ, കൂടങ്ങൾ! നിയമം ഉണ്ടാക്കുന്നതു ഭരണാധികാരികൾ; അതു് വ്യാഖ്യാനിക്കുന്നതും നടപ്പിലാക്കുന്നതും ഭരണാധികാരികൾക്കു വേണ്ടി. എങ്കിലും, പ്രതിരോധം വന്യമായ ഒരു പച്ചത്തലപ്പുപോലെ പിന്നെയും പിന്നെയും പൊട്ടിക്കിളിർത്തുകൊണ്ടേയിരിക്കും. ചൂടു് ആറാത്ത മനസ്സുകളും വഴിമറക്കാത്ത പ്രതികരണങ്ങളും കുറെയൊക്കെ ബാക്കി നില്ക്കും. സായാഹ്നയുടെ ‘വിപ്ലവ പ്രവർത്തനം’ അതിന്റെ വഴിക്കു മുന്നേറട്ടെ.
സതീശ് ചന്ദ്രൻ:
രണ്ടു മൂന്നു ദിവസമായി, പ്രഖ്യാപിത ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്നു് അല്പം വീട്ടുള്ള, സായാഹ്നയിലെ ചർച്ച കണ്ടപ്പോൾ ബൈബിളിനെക്കുറിച്ചോർത്തു. ദാ കിടക്കുന്നു യോന 4: 6 “അവന്റെ മേലെ തണൽ ആയിരിക്കേണ്ടതിനു് യഹോവയായ ദൈവം ഒരു ആവണക്കു് കല്പിച്ചുണ്ടാക്കി, അതു് അവനു മീതെ വളർന്നു് പൊങ്ങി.” ദൈവവുമായി പിണങ്ങി മാറിയിരിക്കുകയാണു് യോന. ‘നിനവേ’ പട്ടണക്കാരുടെ നാശം കാത്താണു് ഇരിപ്പു്. ദൈവത്തിന്റെ കരുതലിനെക്കുറിച്ചു് മനസ്സിലാക്കിക്കൊടുക്കാനാണു് ഒരു ആവണക്കു് ചെടി പെട്ടെന്നു് വളർത്തിക്കൊടുത്തതു്. തണൽ കിട്ടി. പിറ്റേന്നു് ചെടി വാടിയതു് യോന പ്രവാചകനെ കുപിതനാക്കി. ഉടനെ ദൈവം, “നീ നടുകയോ അദ്ധ്വാനിക്കുകയോ ചെയ്യാതെ ഒരൊറ്റ രാത്രി കൊണ്ടു് ഉണ്ടാവുകയും താമസിയാതെ നശിച്ചു പോവുകയും ചെയ്ത ആവണക്കിനെക്കുറിച്ചു് നിനക്കു് സഹതാപം തോന്നുകയാണല്ലേ” എന്നു പറഞ്ഞു (യോന 4: 10). പാഴ്ച്ചെടിയായ ആവണക്കിന്റെ നാശത്തെച്ചൊല്ലി ഇത്ര സഹതപിക്കുന്നുവെങ്കിൽ “നിനവേ” എന്ന ജന നിബിഡമായ പട്ടണം നശിക്കുന്നതിനെപ്പറ്റി എത്രയേറെ ദുഃഖിക്കണം എന്നു് സാരം. ഈ ചെടിയുടെ ബൊട്ടാണിക്കൽ പേരു് റിസിനിസ് കമ്മ്യൂണിസ് എന്നാണു്. Castor oil കഴിച്ചാൽ ഏതു ഇളകാത്ത വയറും ഇളകും.
കെ. പി. സജീവൻ:
യോന പ്രവാചകന്റെ ഇച്ഛാഭംഗം ഉൾക്കൊണ്ടു് ഒരു പോസ്റ്റ് കൂടി ആകാമെന്നു് കരുതുന്നു. എൻ പി രാജേന്ദ്രന്റെ ലേഖനത്തിനു തുടർച്ചയായി ഈ ചർച്ചകളെ നോക്കി കാണുകയാണെങ്കിൽ റിസിനസ് കമ്മ്യൂണിസിന്റെ ഔഷധ ഗുണം അനുഭവിക്കേണ്ടി വരുമായിരുന്നില്ല സതീശ് ചന്ദ്രനു്. ഇല്ലാത്ത കമ്മ്യൂണിസം അന്നു് ഇല്ലാത്ത മാർക്സിസം ഇന്നു് എന്നതായിരുന്നു എൻ പി രാജേന്ദ്രന്റെ ലേഖനം എങ്കിൽ അതിലെ ലിബറൽ കാഴ്ചപ്പാടു് കൂടുതൽ ചിന്തകൾക്കിടം നൽകുമായിരുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും ശക്തമായിരുന്ന മാർക്സിസ്റ്റ് പാർട്ടിക്കു് കനത്ത പ്രഹരമേല്പിക്കാൻ നക്സലിസത്തിനു് കഴിഞ്ഞു എന്നു പറയുന്ന ലേഖകൻ പശ്ചിമ ബംഗാളിലെ മാർക്സിസ്റ്റ് പാർട്ടി തകർന്നടിഞ്ഞതു് നക്സലിസത്തിന്റെ പ്രഹരത്തെ തുടർന്നായിരുന്നു എന്നു പറയാതിരുന്നതു് മഹാഭാഗ്യം. കേരളത്തിൽ കാടാറുമാസം നാടാറുമാസം എന്നുപറഞ്ഞപോലെ അധികാരത്തിലേറുകയും പോവുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിലാണോ ലേഖകൻ മാർക്സിസത്തെ ദർശിക്കുന്നതെന്നു് മനസ്സിലാക്കുവാനാകുന്നുമില്ല. മാർക്സിസത്തിന്റെ വളർച്ചയുടെ, വികാസത്തിന്റെ അളവുകോലാണു് വിജയനിസം എന്നാർത്തു വിളിയ്ക്കുന്ന സ്തുതി പാഠകരോടു് സഹതപിക്കാം. ലേഖനത്തിൽ എടുത്തു പറയാനായി ഒന്നുമില്ലെങ്കിലും അശോകന്റെ തിരിഞ്ഞു നോട്ടവും കടം വീട്ടലും വിഷയത്തെ സജീവമാക്കി എന്നു പറയാം. മാർക്സിസം തന്നെ ഇല്ലാത്ത ഒന്നാകുമ്പോൾ അതിൽ നിന്നും വിരിഞ്ഞതെന്നവകാശപ്പെടുന്ന ലെനിനിസവും മാവോയിസവും നക്സലിസവും നിലനിൽക്കുക എങ്ങിനെ! ചിന്തയും എഴുത്തുമെല്ലാം വ്യക്ത്യാധിഷ്ഠിതമെന്ന തിരിച്ചറിവില്ലാതാകുമ്പോഴാണു് പല സങ്കല്പങ്ങൾക്കും ആധികാരികത കല്പിച്ചു നൽകപ്പെടുന്നതു്. ലെനിനിസവും മാവോയിസവും വാഴ്ത്തിയ ബുദ്ധിജീവികൾ തന്നെയാണു് യാതാർത്ഥ്യം മറ്റൊന്നായിരുന്നു എന്നു് വളരെ വൈകി വെളിപ്പെടുത്തുന്നതു്. അന്നവർ നിരാകരിച്ചതും പരസ്യമായി വിമർശിച്ചതുമായ പല പുസ്തകങ്ങളും കാഴ്ചപ്പാടുകളും സംഭവങ്ങളും ശരിയായിരുന്നു എന്നവർ കണ്ടെത്തുമ്പോഴേയ്ക്കും കാലത്തിനുണക്കുവാനാകാത്ത ഒട്ടനവധി മുറിവുകൾ അവരുടെ കാഴ്ചപ്പാടുകൾ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. നക്സലിസവും മാവോയിസവുമെല്ലാം രൂപപ്പെടുന്നതും അലൻ താഹമാർ നൊമ്പരങ്ങളാകുന്നതും കാലഘട്ടത്തിന്റെ ആവശ്യകതയും വ്യസ്ഥാപിത ശക്തികളോടുള്ള പ്രതിഷേധവുമാണെന്നു് കാണുമ്പോഴും തിരിച്ചറിവിനുള്ള കാലതാമസം തന്നെയാണു് സതീശ് ചന്ദ്രൻ പറഞ്ഞ യോന പ്രവാചകന്റെ കഥയിലെ ആവണക്കിന്റെ സൃഷ്ടിക്കു പിന്നിലെന്നു നമുക്കു കാണാം. നിസ്സാർ അഹമ്മദിന്റെ അഭിമുഖത്തിൽ ബിൻലാദനെ ഉദ്ധരിച്ചു പറയുന്നതിതാണു് ‘ജനങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ പ്രവർത്തനം ടെററിസമാണെങ്കിൽ അതാ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ തന്നെയാണു് പ്രതികൂലമായി ബാധിക്കുന്നതു്.’ അനീതിക്കെതിരെ കലാപം ചെയ്യുന്നതിനുള്ളൊരു മനസ്സു് യൗവനത്തിനു് സ്വന്തമാണു്. പലരിലും നക്സലിസം പുതിയൊരുണർവും പ്രതീക്ഷയുമായിരുന്നു സൃഷ്ടിച്ചതു്. എഴുപത്തിയൊമ്പതിൽ ദാസിനും അശോകനും പിന്നാലെ പ്രസ്ഥാനത്തിലെത്തിയ ഒരാളാണു് ഞാനും. ഉന്മൂലനത്തിനു വേണ്ട ഇരകളെ കണ്ടെത്തുവാനുള്ള പരക്കം പാച്ചിലിനിടയിൽ ഒരേക്കർ പാട്ടഭൂമിയ്ക്കുടമയായ ഒരു കർഷകനെ കുടികിടപ്പു സമരത്തിന്റെ പേരിൽ വർഗ്ഗ ശത്രുവായി കണ്ടു് ഉന്മൂലനം നടത്തുവാനെടുത്ത പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചു് 81 ആദ്യം പാർട്ടി വിട്ട ഒരാളാണു് ഞാൻ. പാർട്ടിയിൽ നിന്നൊ പാർട്ടിയെ പിൻതുണച്ചു് ജനവികാരങ്ങളിളക്കി മറിച്ചുകൊണ്ടിരിയ്ക്കുന്ന ബുദ്ധി ജീവികളിൽ നിന്നൊ ഒരാളൊഴിച്ചു് ആരും എന്നെ കാണുവാനെത്തിയില്ല എന്നതിൽ നിന്നു തന്നെ ഒരു കാഡർ പാർട്ടിയുടെ ഉരുക്കുമതിലിന്റെ ഘനം നിങ്ങൾക്കു മനസ്സിലാകും. ഒട്ടനവധി ആരോപണങ്ങളും ചീത്ത വിളികളും സഹിക്കേണ്ടി വന്നുവെങ്കിലും ഒരു ജീവൻ നഷ്ടമായില്ല. കുമ്പളത്തിനും വയനാട്ടിനും പിന്നാലെ യാന്ത്രികമായി നടക്കേണ്ടിയിരുന്ന ഉന്മൂലന സമരങ്ങളുടെ മുനയുമിതൊടിച്ചു. ഞാൻ കലഹിച്ചതു് ഒരാളോടു മാത്രമായിരുന്നു ജയിൽ മോചിതനായി പുറത്തെത്തി രാഷ്ട്രീയ കാര്യങ്ങളിൽ മൗനിയായിരുന്ന ജോയിയേട്ടനോടു് മാത്രം. പുസ്തകങ്ങളിലുള്ളതെല്ലാം സത്യമെന്നു വിശ്വസിച്ചു് പീഡിതർക്കുവേണ്ടി കുരിശ്ശെടുത്തവരോടെനിക്കു് അന്നും ഇന്നും ബഹുമാനം മാത്രം.
നിസ്സാർ അഹമ്മദ്: സ്വാതന്ത്ര്യം—ചില ചിന്തകൾ
ഹബീബ് എം എച്ച്:
നിലനില്ക്കുന്നതും നിലവിലുണ്ടായിരുന്നതുമായ സമൂഹത്തിലെ സ്വാതന്ത്ര്യത്തിന്റേയും അസ്വാതന്ത്ര്യത്തിന്റേയും രൂപകമാണു് നിസ്സാറിന്റെ ലേഖനത്തിൽ വായിച്ചതു്. ജനാധിപത്യരീതി തന്നെയാണു് അമ്പാനിക്കു് മറ്റുള്ളവരുടെ പണവും അധികാരവും നേടുന്നതിനു് പ്രാപ്തി കൊടുത്തതു്. എളുപ്പം സ്വാധീനിക്കാനാവുന്ന വളരെ നേർത്ത കാര്യങ്ങളിലാണു് ജനാധിപത്യത്തിന്റെ അടിത്തറ എന്നതാണു് ഇതിനു് അവർക്കു് സൗകര്യമായതെന്നു് നിസ്സാർ കാണുന്നു. നമ്മൾ സ്വതന്ത്രരാണു് എന്നു് പറയണമെങ്കിൽ അസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാൻ വേണ്ടത്ര സ്ഥാപനങ്ങൾ നമ്മൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ എന്നതിനെ ആശ്രിയിച്ചിരിക്കുമെന്നു് നിസ്സാർ. “സായാഹ്ന”പോലുള്ള സ്ഥാപനങ്ങൾ ഈ ദൗത്യമാണു് നിവേറ്റുന്നതു്. പക്ഷേ, ഇന്നെലെയുണ്ടായ സംഭവങ്ങൾ കൂട്ടായ്മയുടെ ശക്തി കുറക്കുന്നതായിതീർന്നു. വിപ്ലവം കൊണ്ടു് വന്നു് സ്വാതന്ത്ര്യം പ്രാപിക്കാമെന്നു് വേണ്ടത്ര വിപ്ലവകാരികളായവർ ആരും ഇനി പറയില്ല. ലേഖനത്തിൽ നിന്നു് ഒരു കാര്യം കൂടി. “ഒരു വിഭാഗം ആളുകൾ വളരെ ആർത്തിയോടെയും കാര്യക്ഷമതയോടെയും ശക്തിയോടെയും കാര്യങ്ങൾ ചെയ്യുകയും അപരരെ നിർദ്ധനരും നിസ്സഹായരും അധഃസ്ഥിതരുമാക്കുന്ന രീതിയിലേക്കു് കാര്യങ്ങളെ നീക്കുകയും ചെയ്യുമായിരിക്കാം. അതുകൊണ്ടു് ആളുകൾ വളെര ശ്രദ്ധാപൂർവ്വം നിന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാധ്യതകൾ ഇല്ലാതാകും.” ഇതിൽ ശ്രദ്ധ എന്ന പദത്തെ കുറിച്ചു് മുൻപൊരിക്കൽ നിസ്സാർ എഴുതിയതു് ഇങ്ങിനെ:- ശ്രദ്ധ എന്നു് പറഞ്ഞാൽ ഹൃദയം വെയ്ക്കലാണു് അതായതു് സത്യസന്ധരായിരിക്കുക വിശ്വസ്തരായിരിക്കുക. ശ്രദ്ധയിൽ സൂക്ഷിക്കുക (CARE) എന്ന ധ്വനിയുണ്ടു്. ഒരു കാര്യം സൂക്ഷിച്ചു് ചെയ്യുമ്പോൾ അതിൽ സൂഷ്മതയുണ്ടു്.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
ലിസി മാത്യു:
പ്രിയമുള്ളവരേ, സായാഹ്ന പ്രസിദ്ധീകരിക്കുന്ന ശബ്ദതാരാവലിയുടെ പ്രൂഫ് റീഡിങ് രണ്ടുവട്ടം പൂർത്തിയായി. ഏതു പ്രസാധകനെസംബന്ധിച്ചിടത്തോളവും ഹെർക്യൂലിയൻ ടാസ്ക് ആയിത്തീരുമായിരുന്ന ഈ പ്രക്രിയ നിരവധിപേരുടെ പങ്കാളിത്തത്തോടെ കേവലം നാലാഴ്ച കൊണ്ടാണു പൂർത്തിയായതു്. സന്നദ്ധമനസ്സോടെ ഭാഗങ്ങൾ ഡൗൺ ലോഡു ചെയ്തു തെറ്റുതിരുത്തിത്തന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കേവലം ഒരു ഭാഗം മാത്രമേ തിരുത്തിത്തന്നുള്ളു എങ്കിലും പ്രിയ നടൻ മമ്മൂട്ടി തന്ന ഊർജ്ജം വളരെ വലുതാണു്. വിവിധ രാജ്യങ്ങളിലിരുന്നു് പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർത്ഥികളും കൈക്കുഞ്ഞുള്ള അമ്മമാരും അടക്കമുള്ള നമ്മുടെ ടീം തിരുത്തിയ ഫയലുകൾ ഒരേ സമയം ടെൿ സോഴ്സിലേക്കു സന്നിവേശിപ്പിച്ചതു് സായാഹ്ന ടെക്നിക്കൽ ടീമിലെ മുപ്പത്തഞ്ചു പേരാണു്. നാലാഴ്ച അവരും നമ്മോടൊപ്പമുണ്ടായിരുന്നു. ശബ്ദതാരാവലിയുടെ 1923-ലെ ആദ്യപതിപ്പു് പ്രസാധനത്തിന്റെ നൂറാം വർഷത്തിലേക്കെത്തുകയാണു്. ഈ കാലയളവിൽ അന്നുണ്ടായിരുന്നതിൽ നിന്നു് നമ്മുടെ ദേശവും ഭാഷയും ബന്ധങ്ങളും ലിപിയും ഏറെ മാറിപ്പോയി. (എന്നാൽ കാലവും സാങ്കേതികമികവും ആണു് ഈ വലിയ ജോലി ചുരുങ്ങിയ സമയം കൊണ്ടു തനതു ലിപിയിൽതന്നെ പൂർത്തിയാക്കാൻ നമ്മെ സഹായിച്ചതും.) അതുകൊണ്ടുതന്നെ ഇനിയെന്തൊക്കെ മാറ്റങ്ങൾ വേണമെന്ന കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടു്. അത്തരം കാര്യങ്ങൾ അടുത്ത ദിവസം തന്നെ തീരുമാനിച്ചു് അടുത്ത ഘട്ടത്തിലേക്കു നമ്മൾ കടക്കുകയാണു്. ഈ സംരംഭത്തോടു ചേർന്നു നിന്ന എല്ലാവരോടും ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു. സായാഹ്നക്കുവേണ്ടി ലിസി മാത്യു.

(ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 1 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
ജി. ശങ്കരക്കുറുപ്പു്: ഭാഷാ ദീപിക
എൻ. എം. ഇന്ദിര:
ഭാഷാദ്ധ്യാപകരും, ഭാഷാ സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയാണു് ജി. ശങ്കരക്കുറുപ്പിന്റെ ഭാഷാ ദീപിക. പദ്യത്തിലും, ഗദ്യത്തിലുമുള്ള ഉദാഹരണങ്ങൾ, മൊഴിമാറ്റങ്ങളിൽ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ, ഭാഷാ സ്നേഹികൾ അറിഞ്ഞിരിക്കേണ്ട സകലവിഷയങ്ങളും ലളിതവും സരവുമായ രീതിയിൽ ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്. വ്യാകരണ ഗ്രന്ഥത്തിന്റെ വിരസത തൊട്ടുതീണ്ടാത്ത, സാഹിത്യ പഠിതാക്കൾക്കിഷ്ടപ്പെടുന്നവിധത്തിലുള്ള ഒരു പ്രതിപാദനരീതി ഈ പുസ്തകത്തെ വേറിട്ടു് നിർത്തുന്നു. ഇത്തരം വേറിട്ട കൃതികളെ പരിചയപ്പെടുത്തിയ സായാഹ്നയ്ക്കു് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൂടാതെ നല്ല നല്ല കഥകൾകൊണ്ടും ആഴത്തിലുള്ള പഠനങ്ങൾ, ലേഖനങ്ങൾ എന്നിവകൊണ്ടും സമ്പുഷ്ടമായ സായാഹ്നയും വേറിട്ടൊരനുഭവമാണു് സഹൃദയർക്കു് നൽകുന്നതു്.
വി. മുസഫർ അഹമ്മദ്: ടൂറിങ് ടാക്കീസ്
കരുണാകരൻ:
മുസാഫിർ അഹമ്മദ് എഴുതിയ കഥ, “ടൂറിംഗ് ടാക്കീസ്” വായിച്ചു. ഈ രാവിലെ, നല്ല പകൽ വെളിച്ചത്തിൽ. കഥ ഇഷ്ടമായി. “ആത്മകഥ”യുടെ രൂപം (Form) സ്വീകരിച്ചതുകൊണ്ടാകും കഥയുടെ ഘടന കൃത്യമായ ഒരു ചതുരമായതു്, കഥയ്ക്കും ഒരു ബൌണ്ടറി ഉള്ളപോലെ. (ചലച്ചിത്രങ്ങൾ എന്നെ എപ്പോഴും ആകർഷിക്കുന്നതു് അവയുടെ Fluid ആയ ഘടനകൊണ്ടാണു്, എല്ലാ ‘കാല’ത്തിലേക്കും (“സ്ഥല”ത്തിലേക്കും) അവ ഒരേസമയം ഓളം വെട്ടുന്നു.) കഥയ്ക്കു് വരച്ച രണ്ടു രീതി ചിത്രങ്ങളും രസമായി, ഒരാൾക്കു് (രജീഷ്) കഥ ‘കഥയിൽ’ നടക്കുന്നപോലെ, ഒരാൾക്കു് (അഷ്റഫ് മുഹമ്മദ്) കഥ ‘വെള്ളി വെളിച്ച’ത്തിൽ നടക്കുന്നപോലെ… നന്ദി!
അഷ്റഫ് മുഹമ്മദ്:
(സമയത്തിനു് വില പിടിപ്പുള്ള കുറേയേറെ വ്യക്തികൾ ഉള്ളതു കൊണ്ടു്, കുറിപ്പു് സ്വല്പം അധികമായതിൽ ഖേദം രേഖപ്പെടുത്തിക്കൊണ്ടു്, കുറിക്കുന്നു). കഥ വായിക്കുമ്പോൾ വരയ്ക്കുന്നതും, വായിച്ചിട്ടു് വരയ്ക്കുന്നതും, വായിച്ചു് വളരെ ശേഷം വരയ്ക്കുന്നതും തമ്മിൽ ധാരാളം വ്യത്യാസം ഉണ്ടാകും. കഥ അപ്പപ്പോൾ ഉണർത്തുന്ന വൈകാരികവീക്ഷണങ്ങൾ വരയിൽ പ്രതിഫലിക്കും. ഒരു പെന്നിനും പെൻസിലിനും പറയാനുള്ളതു് പോലും വ്യത്യസ്തമായ കാഴ്ചകൾ ആയിരിക്കും. കമ്പ്യൂട്ടർ സ്ക്രീനിൽ ആണു് വരയ്ക്കുന്നതെങ്കിൽ വളരെ വ്യത്യാസപ്പെട്ട കാഴ്ചപ്പാടിൽ ആയിരിക്കും വരയുക. വേണമെങ്കിൽ മായ്ക്കാൻ കഴിയുന്ന സൗകര്യങ്ങളും (പെൻസിൽ), തീരെ മായ്ക്കാൻ കഴിയാത്ത പരിമിതികളും (പേന, ബ്രഷ്) മായ്ക്കുക മാത്രമല്ല ആകെ മാറ്റിമറിക്കാവുന്ന ആർഭാടസൗകര്യങ്ങളും (കമ്പ്യൂട്ടർ) ഒരേ കഥയോടു് ബന്ധപ്പെട്ട പ്രമേയം ആയാൽ പോലും, വരയുടെ വ്യാകരണത്തിൽ മാറ്റം വരുത്തും. (ഒരേ വിഷയം ‘ഷർട്ടിടാതെ’—രണ്ടാമതൊന്നു് ആലോചിക്കാതെ കുടുംബത്തിലും, വെറും ഒരു ‘ഷർട്ടിട്ട്’ കൂട്ടുകാർക്കിടയിലും, ‘ഇസ്തിരിയിട്ട ഷർട്ട്’ നന്നായണിഞ്ഞു (മൈക്കിലൂടെ) അറിയാത്തവരുടെ മുന്നിലും സംസാരിക്കുമ്പോൾ വ്യത്യസ്തമാവുന്ന ഭാഷ പോലെ അതു് മാറും. ആത്മാർത്ഥതയുടെ, സത്യസന്ധതയുടെ ഏറ്റക്കുറച്ചിലും കണ്ടെന്നുവരാം). വ്യക്തിപരമായ വീക്ഷണ വ്യത്യാസങ്ങൾ കൂടാതെത്തന്നെ ഒരേ ചിത്രകാരന്റെ വിവിധ നേരത്തെ ചിത്രങ്ങൾ തമ്മിൽ പോലും ഏറെ വ്യത്യാസങ്ങൾ ഉണ്ടാകും. അങ്ങനെയിരിക്കെ ഒരേ കഥയ്ക്കു് രണ്ടു് ചിത്രകാരൻമാരുടെ ചിത്രീകരണങ്ങൾ വെച്ചുള്ള രണ്ടു പതിപ്പുകൾ ഇറക്കി സായാഹ്ന പ്രതികരണങ്ങൾ ആരാഞ്ഞതു് വളരെ കൗതുകകരവും രസകരവും ആയി അനുഭവപ്പെട്ടു. കഥയിലെ സന്ദർഭങ്ങൾക്കു് പ്രാധാന്യം കൊടുത്തുകൊണ്ടു് പെൻസിലോ—പേനയോ ഉപയോഗിച്ചു് രജീഷ് വരച്ചതു് കുടുംബത്തിൽ ഇരുന്നു സംസാരിക്കുന്നതു് പോലെ ലളിതമായിട്ടാണു്. ‘കുട്ടികളെപ്പോലെ’ത്തന്നെ സത്യം പറയുന്ന നിഷ്കളങ്കമായ ചിത്രങ്ങൾ ആണവ. എപ്പോഴോ കഥ വായിച്ചു കഴിഞ്ഞു് പിന്നീടു് കമ്പ്യൂട്ടർ ഉപയോഗിച്ചു് വരയ്ക്കു് കഥയേക്കാൾ പ്രാധാന്യം കൊടുത്തു വരച്ച എന്റെ ചിത്രങ്ങളേക്കാൾ കഥയ്ക്കു് കൂടുതൽ അനുയോജ്യമായതു് രജീഷ് വരച്ച ചിത്രങ്ങൾ തന്നെയാണു്. നേരിട്ടു് കേൾക്കുന്ന ഫുട്ബാൾ കമന്ററി പോലെ ചടുലമാണു് അതു്. എന്റെ വര കളി കഴിഞ്ഞിട്ടുള്ള ഒരു പത്രറിപ്പോർട്ടും.
തോമസ് സ്കറിയ:
ഒരു കഥയ്ക്കു് രണ്ടു് ചിത്രകാരന്മാരുടെ ചിത്രീകരണങ്ങൾ വെച്ചുള്ള രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ചതു് വളരെ കൗതുകകരമായി തോന്നി. കഥാകാരനും ചിത്രകാരന്മാർക്കും ഒപ്പം സായാഹ്നയ്ക്കും അനുമോദനങ്ങൾ. കഥാകാരന്മാർക്കൊപ്പം ചിത്രകാരന്മാരെയും വായനക്കാർക്കു പരിചയപ്പെടുത്തുന്നതു് നന്നാവുമെന്നു തോന്നുന്നു.
സഞ്ജയൻ: സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം
അഷ്റഫ് മുഹമ്മദ്:
സരസംഭാഷണത്തോടെ, സമരസത്തോടെ ഗൗരവമായ കാര്യങ്ങൾ സധീരം അവതരിപ്പിക്കുന്ന സഞ്ജയനെ വേണ്ടും വിധം വീണ്ടും കൊണ്ടുവരാൻ തോന്നിയ സായാഹ്നയ്ക്കു് പൂച്ചെണ്ടുകൾ. (ഇവരുടെയെല്ലാം പ്രഭാവം മങ്ങി വരികയും പ്രകാശം കൂടി വരികയും ചെയ്യുന്ന ഇക്കാലത്തു് ഇവ കൂടുതൽ ഊട്ടേണ്ടതുണ്ടു്. പുരാതന KKN-ന്റെ ആധുനിക വേർഷൻ ആയിക്കാണാവുന്ന MRN-ന്റെ, അത്യാധുനിക വേർഷൻ ആണോ നമ്മുടെ VKN!)
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
രാധാകൃഷ്ണൻ:
ഓഗസ്റ്റ് 2020 വരെ പ്രസിദ്ധീകരിച്ച ഫോൺ പതിപ്പുകളുടെ കാറ്റലോഗ് ഈ കണ്ണിയിൽ: http://books.sayahna.org/ml/pdf/releases-aug-20.pdf ഒൻപതു് വിഭാഗങ്ങളിലായി 197 ഫോൺ പതിപ്പുകൾ ഓഗസ്റ്റ് 31 വരെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. വായനക്കാരുടെ നിസ്സീമമായ സഹകരണമാണു് ഇതു് സാദ്ധ്യമാക്കിയതു്.
 1. കഥ, നോവൽ, നാടകം,… (27)
 2. ലേഖനം, നിരൂപണം, ജീവചരിത്രം, അഭിമുഖം,… (53)
 3. കവിത (22)
 4. ഭാഷാശാസ്ത്രം, വ്യാകരണം (9)
 5. കല, കാർട്ടൂൺ, കലിഗ്രാഫി (17)
 6. പ്രതികരണങ്ങൾ (14)
 7. സാഹിത്യവാരഫലം (36)
 8. ഐതിഹ്യമാല (13)
 9. പലവക (6)
– സായാഹ്ന ഫൗണ്ടേഷനുവേണ്ടി രാധാകൃഷ്ണൻ
ദാമോദർ പ്രസാദ്:
ഇതു വരെ സായാഹ്ന പ്രസിദ്ധീകരിച്ചവയുടെ കാറ്റലോഗ് നല്കിയതു് ഉചിതമായി. കെ. വിനോദ് ചന്ദ്രൻ ഗുരുവിനെ കുറിച്ചെഴുതിയ രണ്ടു തത്വചിന്താപരമായ ലേഖനങ്ങൾ വായിക്കാൻ അതു് ആദ്യം പ്രസിദ്ധീകരിച്ച സമയത്തു് കഴിഞ്ഞിരുന്നില്ല. വീണ്ടും ഒരിടത്തു തന്നെ കിട്ടിയതിനാൽ വായിക്കാൻ തരമായി. ആദ്യഭാഗമാണു് വായിച്ചതു്. ഗുരുവിന്റെ യോഗാത്മക ചൈതന്യത്തെ പ്രസരിപ്പിക്കുന്നതാണു് വിനോദ് ചന്ദ്രന്റെ എഴുത്തു്. ആധുനികതക്കപ്പുറം ഗുരുദർശനത്തിൽ അന്തഃസ്ഥിതമായ ജൈവികമായ “നാടോടി പ്രബുദ്ധത”യെന്തെന്നാണു് വിനോദ് ചന്ദ്രൻ വിശദമാക്കുന്നതു്. അദ്വൈതത്തിന്റെ അപസ്ഥലീകരണത്തെ (de territorialization) നെക്കുറിച്ചു് വിനോദ് ചന്ദ്രൻ ദല്യൂസിന്റെ ചിന്താസരണികളെ പിന്തുടർന്നുക്കൊണ്ടു് നിരീക്ഷിക്കുന്നുണ്ടു്. ബി. രാജീവൻ അദ്വൈതത്തിന്റെ ന്യൂനീകരണമെന്നാണു് (minorization) അതിനെ വിളിക്കുന്നതു്. അതു് ഒരേ സമയം, ഹൈന്ദവതയുടെ ബൃഹദാഖ്യാനത്തിൽ നിന്നു് അദ്വൈതത്തെ വിമോചിക്കുന്നതിനോടൊപ്പം ആധുനികതയുടെ വ്യവഹാരികതയിൽ നിന്നു് രൂപപ്പെട്ട അദ്വൈതമെന്ന അതീത്വസങ്കല്പത്തെ ജീവലോകത്തിന്റെ മൂർത്ത പരിസരത്തിൽ അനുകമ്പയുടെയും അപരനോടുള്ള അപാര പ്രേമത്തിന്റെയും ആവിഷ്ക്കാരമായി കാണുന്നു. ഭേദാഭേദ ചിന്തകളും ശീലങ്ങളും ഉപേക്ഷിച്ചു്, അലെങ്കിൽ കുറ്റിപുഴ കൃഷ്ണപിള്ളയ്ക്കു് സൂചന നല്കിയ വിധത്തിൽ പപ്പടം പോലെ പൊടിച്ചു്, ആത്മക്യത്തിന്റെ ദ്വൈതരാഹിത്യമായാണു് ഗുരുവിന്റെ അപസ്ഥലീകരിക്കപ്പെട്ട അദ്വൈത ദർശനം അതുൾക്കൊണ്ട ഒരോരുത്തരിലും ജ്വലിക്കുന്നതു്. വിനോദ് ചന്ദ്രന്റെ ലേഖനത്തിന്റെ ആദ്യഭാഗത്തിൽ നിന്നു് ഒരു നിരീക്ഷണം ഇതാ ഇങ്ങനെയാണു്:

“അരുളൻപനുകമ്പ മൂന്നിനും

പൊരുളൊന്നാണിതു് ജീവതാരകം

‘അരുളുള്ളവനാണു ജീവി’യെ-

ന്നുരുവിട്ടീടുകയീ നവാക്ഷരി.”

(അനുകമ്പാ ദശകം 3)

“അരുളുള്ളുവനാണു് ജീവി” എന്ന നിർവ്വചനം മാനവികതയുെട ചക്രവാളങ്ങളെ ഭേദിക്കുന്നു. ദുരിതക്കടൽതാണ്ടുവാൻ ജീവിയെ സഹായിക്കുന്ന “ജീവതാരകമായ” “നവാക്ഷരിയാണു്” ഗുരുനൈതികതയുടെ ബീജമന്ത്രം. ആത്മസുഖവും അപരസുഖവും അപരജീവി സുഖവും ഒന്നാവുന്നു. അപര മനുഷ്യരെന്നപോലെ അപരജീവികളും ആത്മസഹോദരങ്ങളാകുന്നു, യുഗ്മകളാകുന്നു. ദ്വന്ദ്വങ്ങൾ, ആത്മാപര വൈരുദ്ധ്യങ്ങൾ, തകർക്കപ്പെടുന്നതു് താത്വിക ചിന്തയിലൂടെയോ യോഗാനുഷ്ഠാനങ്ങളിലൂടെയോ അല്ല, അരുൾ എന്ന ഭാവശക്തിയുടെ ഭൗതിക നൈതിക പ്രവർത്തനങ്ങളിലൂടെയാണു്. സഹജീവിയോടുള്ള ആർദ്രതയിലൂടെയാണു്…

മലയാളത്തിൽ ഗുരുദർശനത്തെക്കുറിച്ചു് ഒട്ടനവധി അന്വേഷണങ്ങളും എഴുത്തുകളുമുണ്ടായിട്ടുണ്ടു്. പി. കെ. ബാലകൃഷ്ണൻ, ടി. ഭാസ്ക്കരൻ, ഡോ. സുഗതൻ, നിത്യചൈതന്യയതി… എന്നിങ്ങനെയുള്ളവരുടെ എഴുത്തുകളുടെ ഒരു ഘട്ടം.

അതിനുശേഷം, തത്വചിന്താപരമായ പുതിയ ഉൾവെളിച്ചത്താൽ മൗലികമായ രീതിയിൽ സമീപിച്ച എഴുത്തുകളാണു് നിസ്സാർ അഹമദ്, ബി. രാജീവൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെതു്.

പാശ്ചാത്ത്യ ഉത്തരാധുനിക ചിന്തകർ അവതരിപ്പിച്ച സങ്കല്പനങ്ങളെ അവർ ഗുരു പഠനത്തിലേക്കു് (Guru Studies) കൊണ്ടുവന്നു. വഴിത്തിരിവായ അന്വേഷണങ്ങളാണു് അതൊക്കെ.

അതിനെ പിൻപ്പറ്റിക്കൊണ്ടു് പലരും സമാനമായ വിധത്തിൽ വിസ്തരിച്ചു എഴുതുന്നുണ്ടെങ്കിലും, ചിന്താപരമായി മൗലികതയുടെ അഭാവം നിമിത്തമാകാം പഴയകാര്യങ്ങളുടെ പുനരാവിഷ്ക്കാരം മാത്രമായി അവശേഷിക്കുന്നു…

Minorization ന്യൂനപക്ഷവല്ക്കരണമെന്നാണു്. ന്യൂനീകരണമെന്നല്ല.

(സെപ്റ്റംബർ 2 മുതൽ 5 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
അജേഷ് കടന്നപ്പള്ളി: ‘സയലൻസർ’ (അദ്ധ്യാപക കഥ)
ടി. ജിതേഷ്:
ചുണ്ടിലൂറിക്കൂടിയ ചിരിയോടെയല്ലാതെ അജേഷ് കടന്നപ്പള്ളിയുടെ കഥ വായിച്ചവസാനിപ്പിക്കാനാവില്ല. ഓരോരുത്തരുടെയും ഇരട്ടപ്പേരുകളിൽ നിന്നു് സൈലൻസറിലേക്കെത്തുന്നതിന്റെ ആവിഷ്കാരം മനോഹരമായിരിക്കുന്നു. കൂട്ടംചേരുന്ന കുട്ടികൾ; അവരുടെ അഭിപ്രായങ്ങളുടെ ആകെത്തുക; അതിൽനിന്നു രൂപപ്പെടുത്തുന്ന ഓരോ പേരിനും സർഗ്ഗാത്മകമായ ഒരു തലമുണ്ടെന്നുറപ്പു്. മാത്രമല്ല, അസാധാരണമായ രഹസ്യസ്വഭാവത്തോടെ അതു് പരസ്യപ്പെട്ടുകൊണ്ടേയിരിക്കും. ഇരട്ടപ്പേരുകൾക്കു് പതിച്ചു നല്കേണ്ട ഈ വായന തന്നെയാണു് കഥയുടെ ഞരമ്പു്. അല്ലെങ്കിൽത്തന്നെ കഥ പറയുന്നതിൽ എന്തിനു് അലങ്കാരങ്ങൾ! ഓരോ നിലയിൽനിന്നും ഓരോരോ ക്ലാസിനു മുന്നിൽനിന്നും താളംചവിട്ടി വെറുതെ കടന്നുപോവുകയല്ല, ജീവിതപരിസരമാകെ നിരീക്ഷിച്ചു് കൗതുകത്തോടെ നോക്കുകയാണയാൾ. കൈയൊതുക്കത്തോടെയുള്ള ഈ പറച്ചിലാണു് ഇക്കഥയുടെ കാതൽ. ചുറ്റുമുള്ളവയെ കണ്ടിട്ടും കാണാതെ പോകുന്നവരാണേറെ. സൂക്ഷ്മമായ നോട്ടങ്ങളിലൂടെ തങ്ങൾക്കുള്ളിൽത്തന്നെ ചേർന്നുനില്ക്കുന്ന കഥാപരിസരത്തെ കണ്ടെത്താനാവുമെന്നു് പുഞ്ചിരിയോടെ അജേഷ് പറഞ്ഞുവയ്ക്കുന്നു.
ലിസി മാത്യു:
ജിതേഷിനോടു് യോജിക്കുന്നു. പ്രയോഗസ്വാതന്ത്ര്യമില്ലെങ്കിലും ഇരട്ടപ്പേരുകൾ അതുല്യമായ സർഗാവിഷ്ക്കാര സ്വാതന്ത്ര്യത്തെ അനുഭവിപ്പിക്കുന്നു. റോബിൻ ഏതാനും നിലകളിറങ്ങിയതിനു സമാന്തരമായി സുനാമി ബഹുനില കയറിപ്പോകുന്നു—നല്ല കഥ.
ഷാജി തോട്ടത്തിൽ:
അജേഷ് കടന്നപ്പള്ളിയുടെ ഏറ്റവും സുന്ദരമായ ഒരു കഥയാണു് “സയലൻസർ”. സ്കൂൾ അനുഭവത്തെ, സ്കൂളിലെ ഒരു കാഴ്ചയെ വളരെ മനോഹരമായിട്ടു് ലളിതമായ ഭാഷയിലൂടെ സുന്ദരമായി തന്നെ ഒരു ചെറുകഥയാക്കി മാറ്റിയിരിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
വി. എച്ച്. നിഷാദ്: ല—എന്നു പേരുള്ള മരവും മറ്റു കഥകളും
കെ. സച്ചിദാനന്ദൻ:
നിഷാദിന്റെ കഥകൾ നന്നായി. ല എന്ന മരവും മൊബൈൽ ബുദ്ധനും വിശേഷിച്ചിഷ്ടം.
ശരൺ ചന്ദ്രൻ എൻ:
നിഷാദിന്റെ കുറുങ്കഥകൾ മികച്ചതാണു്. ആറ്റിക്കുറുക്കലിന്റെ സൗന്ദര്യവും കനവും ഒരു പോലെ കഥകൾ അനുഭവപ്പെടുത്തുന്നു. പുതിയ കാലത്തിന്റെ ബലിയാടുകളെയും അവരുടെ നിസഹായതകളെയും പരാജയങ്ങളെയും അവ നിർമ്മിക്കുന്ന നിശബ്ദ നിലവിളികളെയും ഒരോ കഥകളും തെളിച്ചത്തിൽ വരച്ചിടുന്നുണ്ടു്. നല്ല കഥകളുടെ മണിമുഴക്കം…
അജേഷ് കടന്നപ്പള്ളി:
മലയാള ചെറുകഥാ ലോകത്ത് യുവ എഴുത്തുകാരുടെ നിരയിൽ ഏറെ പ്രതീക്ഷ നൽകുന്ന എഴുത്തുകാരനാണു് വി. എച്ച്. നിഷാദ്. നീണ്ട കാലത്തെ പത്രപ്രവർത്തക ജീവിതത്തിനിടയിലെ സൂക്ഷ്മജീവിതാന്വേഷണം കഥകളെ കൂടുതൽ തെളിച്ചമുള്ളതാക്കിയിട്ടുണ്ടു്. ചെറുതും വലുതുമായ കഥകളിലെല്ലാം ജീവിതത്തിന്റെ വേരുകൾ പടർന്നു കിടക്കുന്നുണ്ടു്. ഇവിടെ പ്രസിദ്ധീകരിച്ച 5 കുറുങ്കഥകളും ഇത്തരത്തിൽ സൂക്ഷ്മാന്വേഷണങ്ങളാണു്. വി. എച്. നിഷാദിനു് അഭിനന്ദനങ്ങൾ… ഒപ്പം ‘സായാഹ്ന’യുടെ പ്രവർത്തകർക്കും.
ദാമോദർ പ്രസാദ്:
ഭട്ടതിരിയുടെ കാലിഗ്രാഫിയും ജി. രജീഷിന്റെ പെൻസിൽ സ്കെച്ചസും മനോഹരമായിരിക്കുന്നു. ഇവിടെ പ്രസിദ്ധീകരിച്ച എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലത്തിൽ ഇങ്ങനെയൊരു നിരീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ടു്: “ഇന്നത്തെ ചെറുകഥകളുടെ ദോഷം? ഉത്തരം: മനുഷ്യബന്ധങ്ങളുെട കഥ അവയിൽ ഇല്ല.” കൃഷ്ണൻ നായരുടെ “മനുഷ്യ ബന്ധങ്ങൾ” എന്നതിന്റെ അളവുക്കോൽ എന്താണെന്നത്ര വ്യക്തമല്ല. ഒരു പക്ഷേ, ആനന്ദിന്റെ തുന്നൽക്കാരൻ എന്ന കഥയിലേതു പോലെ അതു് ഒരു നൃശംസന്റെ (നിരൂപകൻ എന്നർത്ഥത്തിലും) കൈയിൽ സംഹാരത്തിന്റെ അളവുകോൽ ആകാനും സാധ്യതയുണ്ടു്. വി. എച്ച്. നിഷാദിന്റെ ഇവിടെ പ്രസിദ്ധീകരിച്ച കഥകളിൽ ആദ്യത്തേതും അവസാനത്തേതും മനുഷ്യനും മൊബൈൽ ഫോണും തമ്മിലുള്ള ഇടപഴകലുമായി ബന്ധപ്പെട്ടതാണു്. അതു് പരിമിതമായ അർത്ഥത്തിൽ മനുഷ്യ ബന്ധങ്ങളുടെ മാത്രമല്ല. മനുഷ്യന്റെ ഒടുങ്ങാത്ത സംസാരങ്ങൾ കേട്ടു കേട്ടു നിർവാണം പ്രാപിച്ച മൊബൈൽ ഫോണിനെ കുറിച്ചാണു്. മനുഷ്യത്വത്തെ അതിവർത്തിക്കുന്ന ഒരവസ്ഥയെപ്പറ്റിയാണു് ആക്കഥ എന്നു പറയാം. മനുഷ്യബന്ധങ്ങളുടെ അതിലോല പ്രദേശത്തു് വ്യവഹരിക്കുന്ന ഒന്നു മാത്രമല്ല കഥയായാലും സാഹിത്യമായാലും. ഈക്കഴിഞ്ഞ ദിവസങ്ങളിലൊന്നു് ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒപ്പിനീയൻ പീസ് എഴുതിയതു് റോബോട്ടാണു്. വരാൻ പോകുന്ന ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ റോബോട്ട് എഴുതിയ അതി ഗംഭീരൻ കഥകളും, നോവലുകളും, കവിതകളും മനുഷ്യർക്കു് വായിക്കാനവസരം ഉണ്ടാകുന്നതായിരിക്കും. രാഷ്ട്രീയ കവിത വേണോ—രാഷ്ട്രീയ കവിത. ഇനി നമ്മുടെ മലയാളത്തിൽ ചില അമ്പതു വയസ്സിലെത്തിയ യുവ കവികൾ മുമ്പു് ആഹ്വാനം ചെയ്ത പോലെ പ്രത്യയ ശാസ്ത്ര-രാഷ്ട്രീയ-ചരിത്ര-നിർമുക്ത കവിത വേണോ—അങ്ങനെ. ഏതു രൂപത്തിലും ഭാവത്തിലും സർഗ്ഗാത്മക രചനകൾ ഉല്പാദിപ്പിക്കാൻ സാധിക്കും. വ്യവസായിക അടിസ്ഥാനത്തിൽ തന്നെ സാഹിത്യ രചന സംരംഭങ്ങൾക്കു് സാധ്യതയുണ്ടു്. ഒരു റോബോട്ടിക്ക് സാഹിത്യ സ്റ്റാർട്ട് അപ്പിനെക്കുറിച്ചു് ഗൗരവമായി ആലോചിക്കാവുന്നതാണു്.
കരുണാകരൻ:
Guardian-ലെ ആ Op-Ed വായിച്ചിരുന്നു, റോബോട്ടിന്റെ, ‘രസികൻ’ എഴുത്തായിരുന്നു അതു്, മനുഷ്യനും ദൈവത്തിനും ഒപ്പം നിന്നു് ‘ദൈവത്തെ’ പ്രാർത്ഥിയ്ക്കുന്ന പോലെ ഒരു രസമുണ്ടായിരുന്നു അതു് വായിക്കാൻ. കഥകളും കവിതകളും എഴുതുന്ന AI, അല്ലെങ്കിൽ ഭാവനയുടെ എല്ലാ കരയിലും ഉണ്ടാവുമെന്നുതന്നെ കരുതണം. നിഷാദിന്റെ കഥകൾ വായിക്കുന്ന, എഡിറ്റ് ചെയ്യുന്ന, ആ “സഹപത്രാധിപനെ” ഇപ്പോൾ എഴുതുമ്പോൾത്തന്നെ സങ്കൽപ്പിക്കാൻ പറ്റും. (ഇനി കഥ എഴുതുമ്പോൾ എന്റെ തലമുറയിലെ ആരെല്ലാമാണു് ഇപ്പോൾ കഥ എഴുതുന്നതു് എന്നായിരിക്കില്ല, ഒരു റോബോട്ട് ഈ കഥ എങ്ങനെയാവും ഭാവന ചെയ്യുക എന്നു് ആലോചിക്കേണ്ടിയിരിക്കുന്നു). പക്ഷേ, എനിക്കു് തോന്നുന്നതു് നമ്മുടെ (എഴുത്തുകാരുടെ) ഒരു പ്രശ്നം അപ്പോഴും ‘സർഗ്ഗാത്മകതയുടെ ഉപയോഗം’ തന്നെയായിരിക്കും എന്നാണു്, അതു് എങ്ങനെയാവണം എന്നുതന്നെയായിരിക്കും എന്നാണു്. എന്തായലും, ഇതൊക്കെ കാണാൻ ആയുസ്സ് തരണേ അല്ലെങ്കിൽ മരിച്ചതിനും ശേഷം ഇതൊക്കെ അറിയാൻ ബ്രയിനിൽ ഒരു ഡിവൈസ് എങ്കിലും…
നന്ദിനി മേനോൻ:
നിഷാദിന്റെ കഥകൾ മെലിഞ്ഞു് മനോഹരം.
സുബൈർ:
കുറഞ്ഞ വാക്കുകളിൽ കുറിയ്ക്കു് കൊള്ളുന്ന കഥകൾ എഴുതിയ നിഷാദിനു് അഭിനന്ദനങ്ങൾ.
കെ. ജി. എസ്.: അയ്യപ്പപ്പണിക്കർക്കു്
കരുണാകരൻ:
പണിയില്ലാത്ത ദിവസം, വെള്ളിയാഴ്ച്ച, പുലർച്ചെ നാലു് മണി കഴിഞ്ഞിട്ടേ ഉള്ളൂ, കെ. ജി. എസ്സിന്റെ അയ്യപ്പപ്പണിക്കരെ കണ്ടിറങ്ങി, എന്തു് നല്ല ഓർമ്മ, എന്തു് നല്ല എഴുത്തു്, എത്ര നല്ല ചിരി, എത്ര നല്ല ശൂന്യത, ഇല്ലാത്ത ആളെ ഓർക്കുന്നത്ര ഭംഗി കാണാൻ പോകുന്ന ആൾക്കില്ല. കവിതയുടെ ഒരു നീരൊഴുക്കു് ഉണ്ടായതും ഇല്ലാതായതും പിന്നെ ഓർത്തതിനാൽ തിരികെ വന്നതും ഒക്കെ കെ ജി എസ്സിന്റെ എഴുത്തിൽ ഉണ്ടു്. നമ്മുടെ കവിതയും. ഒരിക്കൽ ഇവിടെ കുവൈറ്റിൽ വെച്ചു് അയ്യപ്പപ്പണിക്കരെ ഞാൻ കണ്ടിട്ടുണ്ടു്, അതു് മറക്കാൻ പറ്റില്ല. ഏതോ ലോക യാത്ര കഴിഞ്ഞു് ലണ്ടൻ വഴി കുവൈറ്റ് വഴി നാട്ടിലേക്കു് പോവുകയാണു്, മലയാളി സംഘടനകൾ കാര്യമറിഞ്ഞു് പണിക്കർക്കു് സ്വീകരണം വെച്ചു. സംഘടനകളിൽ ഇല്ലാത്ത പക്ഷേ, സാഹിത്യത്തിൽ കമ്പമുള്ള എന്നെ സ്വാഗതം പറയാൻ സംഘടനക്കാർ ക്ഷണിച്ചു. ഞാനും ഭാര്യയും മകളും പോയി. രാത്രിയാണു്, നല്ല തിരക്കു്. ഞാൻ അവരോടു് എന്താണു് അയ്യപ്പപ്പണിക്കർ പറയാൻ പോകുന്ന സംഭവം എന്നു് ചോദിച്ചു. എല്ലാ സാഹിത്യതൽപ്പരരായ മലയാളികളെയും പോലെ അവരുടെ അദ്ധ്യക്ഷൻ പറഞ്ഞു, “കവിത ഇന്നലെ, ഇന്നു്, നാളെ”… എന്റെ മനസ്സു് കെട്ടു, കാരണം അക്കാലത്തു് കേരളത്തിൽ തകൃതിയായി ഒരു ചർച്ച നടക്കുന്നുണ്ടു്, ഉത്തരാധുനികതയെ പറ്റി, പണിക്കരാണു് അതു് കൊണ്ടുപിടിക്കുന്നതു്. എനിക്കതു് ആ വായിൽനിന്നു് കേൾക്കണം, ആ രാത്രിയെ പണിക്കർ ഇവിടെ ഉള്ളൂ, പിറ്റേന്നു് രാവിലെ പോവും. ഒരു നിവൃത്തിയുമില്ല. അയപ്പപ്പണിക്കർ വന്നു. ചെറിയ ആളാണു്, തെളിഞ്ഞ ചിരിയാണു്, ഫോട്ടോയിൽ കണ്ടപോലെത്തന്നെ. സംഘാടകർ എന്നെ പണിക്കർക്കു് പരിചയപ്പെടുത്തി, പരിപാടി തുടങ്ങി, പണിക്കരുടെ കൂടെ വേദിയിൽ ഞാനും അദ്ധ്യക്ഷനും ഇരുന്നു. അദ്ധ്യക്ഷൻ എന്നോടു് സ്വാഗതം പറയാൻ പറഞ്ഞു. ഞാൻ സ്വാഗതം പറഞ്ഞു, പണിക്കരുടെ കവിതകളുടെ ഓർമ്മ ഓർത്തു, ഒടുവിൽ ഇങ്ങനെ അവസാനിപ്പിച്ചു. “ഇന്നു് ശ്രീ. അയ്യപ്പപ്പണിക്കർ നമ്മളോടു് ഇപ്പോൾ കേരളത്തിൽ സജീവ വിഷയമായ സാഹിത്യത്തിലെ ഉത്താരാധുനികതയെ പറ്റി സംസാരിക്കുന്നതാണു്.” സദസ്സിലെ സംഘാടകർ എന്നെ നോക്കി കണ്ണുരുട്ടി, അധ്യക്ഷൻ എന്നെ നോക്കുന്നതു് ഞാൻ കാണാതെ കണ്ടു. ഞാൻ പക്ഷേ, ആരെയും നോക്കിയില്ല, തിരിച്ചു് സീറ്റിൽ വന്നു് ഇരുന്നു, പണിക്കരെയും നോക്കിയില്ല. അയപ്പപ്പണിക്കർ മൈക്കിന്റെ അരികിലേക്കു് വന്നു, അവിടെ നിന്നു് എന്നെ തിരിഞ്ഞു നോക്കി, പിന്നെ എല്ലാവരും കേൾക്കേ പറഞ്ഞു, “ഇതേ പേരുള്ള ഒരു കരിങ്കാലി അവിടെ നാട്ടിലുമുണ്ടു്, സാരമില്ല, ഞാൻ ഉത്തരാധുനികതയെ പറ്റിത്തന്നെ പറയാം”. അതൊരു ഉഗ്രൻ പ്രഭാഷണം ആയിരുന്നു. രണ്ടു് രണ്ടര മണിക്കൂർ അദ്ദേഹം തന്നെ മുഴുകി നിന്ന പ്രഭാഷണം. സദസ്സ് നിശബ്ദമായി അദ്ദേഹത്തെ കേൾക്കുന്നു, പരിപാടി കഴിയുമ്പോൾ പാതിരയായി. എല്ലാവർക്കും സന്തോഷമായി, എനിക്കു് ഒരു ക്ലാസിൽ ഇരുന്നപോലെയും. വേദിയിൽ നിന്നും ഇറങ്ങി പണിക്കർ വന്നു നിന്നതു്, എന്റെ ഭാര്യ, ബിന്ദുവിന്റെ മടിയിൽ ഇരിക്കുന്ന മകൾ, കല്യാണിയുടെ അടുത്തേക്കാണു്, അവൾക്കു് അപ്പോൾ മൂന്നു വയസ്സാണു്. പണിക്കർ അവളുടെ കവിളിൽ വാത്സല്യത്തോടെ തൊട്ടു, പണിക്കർ പറഞ്ഞു, മോൾക്കു് ഉത്തരാധുനികത എന്താ എന്നു് മനസ്സിലായല്ലോ, അല്ലെ? “പിന്നെ ഞങ്ങളെ നോക്കി പറഞ്ഞു. ഇവൾ ഉറങ്ങാതെ ഇതൊക്കെ കേട്ടു, അവൾക്കു് മുഷിഞ്ഞിട്ടില്ല, നിങ്ങൾക്കും മുഷിഞ്ഞിട്ടുണ്ടാവില്ലല്ലോ… എന്നോടു് നാടു് ചോദിച്ചു, പട്ടാമ്പി എന്നു് പറഞ്ഞപ്പോൾ ചിലരെ ഓർത്തു, പട്ടാമ്പി കോളേജ് ഓർത്തു, ‘പ്രസക്തി’യെ പറ്റിയും പറഞ്ഞു, അഞ്ചോ ആറോ നിമിഷം, പിന്നെ യാത്ര പറഞ്ഞു പോയി… പിന്നെ, പല പ്രാവശ്യം ഞാൻ അയ്യപ്പപ്പണിക്കരെ ഓർത്തു, ഈ പുലർച്ചെ കെ. ജി. എസ്സിന്റെ കൂടെ വീണ്ടും കണ്ടു.
കെ. സച്ചിദാനന്ദൻ:
കൊച്ചിയിലെ മഴയിൽ നനഞ്ഞുലയുന്ന മരങ്ങൾ നോക്കിക്കൊണ്ടു് വായിച്ചു ഈ മനോഹരമായ നോട്ടപ്രകാരം. നിനവു് നനഞ്ഞു.
വി. സനിൽ: ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം
കെ. എച്ച്. ഹുസൈൻ:
കൊറോണക്കാലത്തെ ധീരതയോടെ, തുറന്ന മനസ്സോടെ സമീപിക്കുന്ന ചിന്തകളാണു് സനിലിന്റേതു്. ശാസ്ത്രത്തിനും സംഭവ്യതകൾക്കുമപ്പുറം ജീവിതത്തേയും അനിവാര്യമായ മരണത്തേയും ആരോഗ്യകരമായി ചേർത്തുനിറുത്താനുള്ള ശ്രമവുമാണു്. അങ്ങനെ കാലികമായ ജീവത്തായ ഒരു പ്രശ്നം സായാഹ്നയുടെ താളുകളിൽ എത്തിപ്പെട്ടിരിക്കുന്നു. ലേഖനത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന ‘ശാസ്ത്രീയമായ മരണ’ത്തിലേക്കു് ലേഖനം എത്തിച്ചേരുന്നില്ല. പകരം ‘അശാസ്ത്രീയ മരണങ്ങളി’ലേക്കു് വേണ്ടുവോളം എത്തുന്നുമുണ്ടു്. ലേഖനം അവസാനിപ്പിക്കുന്ന വാചകം പക്ഷേ, വല്ലാത്തൊരു ലളിതവൽക്കരണമാണു്—“ആത്മഹത്യക്കും കൊലയ്ക്കുമപ്പുറം ബലിയാടോ രക്തസാക്ഷിയോ ആകാതെ മരണത്തെ ജീവിതം തന്നെയായി കാണാനുള്ള രാഷ്ട്രീയബാദ്ധ്യതയാണു് കൊറോണ മുന്നോട്ടുവെക്കുന്നതു്.” ജനങ്ങൾക്കുമേൽ ഫാസിസ്റ്റു ഭരണകൂടങ്ങളുടെ സൂക്ഷ്മമായനോട്ടങ്ങൾക്കു് ഇരയാകുന്ന ഒരു ലോകമാണു് നമ്മെ കാത്തിരിക്കുന്നതു്. സമ്പർക്കങ്ങൾ കുറഞ്ഞുവരുന്നതു് മനുഷ്യനെ ഒരു സാമൂഹ്യജീവിയല്ലാതാക്കും. ജനാധിപത്യസംവിധാനങ്ങളെയും അനീതികൾക്കെതിരെയുള്ള പോരാട്ടങ്ങളെയും അതു് ക്ഷീണിപ്പിക്കും. ‘സാമൂഹ്യമായ അകലം പാലിക്കൽ’ എന്നതിനു് ദിവസം ചെല്ലുന്തോറും വൈദ്യശാസ്ത്രവിധികളും സർക്കാർ ന്യായീകരണങ്ങളും ഏറുകയാണു്. ഭരണഘടനയിൽപ്പോലും അതു് എഴുതിച്ചേർക്കപ്പെടാം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പ്രത്യക്ഷത്തിൽ തിരിച്ചുവരികയാണു്. ഇന്ത്യയിൽ ബ്രാഹ്മണിസത്തിനു്, മുഖപടമണിഞ്ഞ ജാത്യാചാരങ്ങൾക്കു് ആഹ്ലാദകരമായ സാദ്ധ്യതകൾ കൊറോണ നൽകിയിരിക്കുന്നു. രാഷ്ട്രീയകൊലകളും കോൺസൻട്രേഷൻ ക്യാമ്പുകളും ജനാധിപത്യ ധ്വംസനങ്ങളും കൊറോണക്കാലത്തും അതിനു മുമ്പും പിമ്പും പടരുന്ന ഒരു രാജ്യത്തു് കോവിഡ് മരണത്തേയും മറികടന്നു് മറ്റു മരണങ്ങൾ ദാരുണമായി രൂപം പ്രാപിക്കുന്നുണ്ടു്. ബലിയാടുകളും രക്തസാക്ഷികളും പെരുകാനുള്ള ദുരന്തത്തെ എങ്ങനെ ആ അവസാന വാചകത്തിൽ ഒതുക്കും? ‘ശാസ്ത്രീയമായ മരണ’ത്തെകുറിച്ചു് ഒരു പക്ഷേ, ആദ്യമായി പറഞ്ഞതു് പ്രൊഫ. എം. എൻ. വിജയനാണു്—2006-ൽ രോഷത്തോടെ, പരിഹാസത്തോടെ. കൊറോണയുടെ വളരെ വളരെ ചെറിയൊരു പതിപ്പായ വൈറൽ രോഗം ആലപ്പുഴ ജില്ലയിൽ പടർന്നപ്പോളെഴുതിയ കുറിപ്പിൽ നടപ്പു ശാസ്ത്രീയ-അശാസ്ത്രീയതകളെ അദ്ദേഹം ചിന്താവിഷയമാക്കുന്നു. അതു് കൊറോണക്കാലത്തു് ഏറ്റവും പ്രസക്തമായ വാക്കുകളായി മാറിയിരിക്കുന്നു. ഒരു പനിയും കുറേ വൈദ്യന്മാരും പ്രൊഫ. എം. എൻ. വിജയൻ “ചേർത്തലപ്പനിയെ ഭരണകൂടം കൈകാര്യം ചെയ്ത രീതി ആദർശാത്മകമായിരുന്നു. പനിയും മരണവും മറയത്തുപോവുകയും കൊതുകാണോ രോഗകാരണം രോഗമാണോ മരണകാരണം എന്ന സംശയത്തിൽ ചർച്ചകൾ തലകുത്തി വീഴുകയും ചെയ്തു. മരിക്കുന്നതു് കോഴിയോ പന്നിയോ പശുവോ ആയിരുന്നെങ്കിൽ ഈ രീതി ധാരാളമാണു്. ഇവർക്കൊന്നും നിയമസഭയിൽ പ്രാതിനിധ്യമില്ലല്ലോ. പച്ചയായ മനുഷ്യനെക്കുറിച്ചോ മരണത്തിന്റെ ക്രൂരതയെക്കുറിച്ചോ നമ്മുടെ വിദഗ്ദ്ധന്മാർ ഓർമ്മിച്ചിരുന്നതായേ തോന്നുന്നില്ല. നൂറുകണക്കിനാളുകൾ ചത്തുവീഴുമ്പോൾ വയസ്സായാൽ മരിക്കും എന്ന ആപ്തവാക്യത്തിൽ ആശ്വാസം കൊള്ളുവാൻ ഭിഷഗ്വരന്മാർക്കും മടിയുണ്ടായിരുന്നില്ല. രോഗം മാറുന്നുവെങ്കിൽ അതു് ശാസ്ത്രീയമായിത്തന്നെ വേണം എന്നേ അവർക്കു നിർബന്ധമുണ്ടായിരുന്നുള്ളു. ശാസ്ത്രത്തിന്റെ ശരിയായ ഉപയോഗം ഇതാണു്! ശാസ്ത്രീയമായി ജീവിക്കുവാനും ശാസ്ത്രീയമായി മരിക്കുവാനും കഴിയുന്ന ഒരു നൂറ്റാണ്ടാണല്ലോ നമ്മുടേതു്. നിങ്ങളെയൊക്കെ അക്കങ്ങളായും കൂട്ടിക്കിഴിക്കുന്ന കണക്കുകളായും ചുരുക്കിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഒരു അമാനവീകരണം കേരളത്തിനു് അഭിമാനിക്കാവുന്ന നേട്ടമല്ല. 1943-ലെ കൊടിയദുരിത കാലത്തു് ജീവിച്ചിരുന്നവർക്കു് ഈ മാറ്റം ഉൾക്കൊള്ളുവാനും കഴിയില്ല; ഈ പനിക്കു് മരുന്നില്ല എന്നും സാന്ത്വനചികിത്സകൊണ്ടു് എല്ലാവരും അടങ്ങിയിരിക്കണമെന്നും സർക്കാർ തന്നെ നിർദ്ദേശിച്ചിരുന്നതാണു്. അതിനിടയിലാണു് ആയുർവേദത്തിലെയും ഹോമിയോപ്പതിയിലെയും അവിദഗ്ദ്ധന്മാർ ഇതൊരസാദ്ധ്യരോഗമല്ല എന്നവകാശപ്പെട്ടതു്. അല്പമെങ്കിലും ശാസ്ത്രബോധമോ മനുഷ്യസ്നേഹമോ ഉണ്ടായിരുന്നെങ്കിൽ ഈ അവകാശവാദങ്ങളെ പരീക്ഷണവിധേയമാക്കേണ്ടിയിരിക്കുന്നു. ഉണ്ടെന്നും ഇല്ലെന്നും പറയാൻ കാരണവർക്കാണധികാരം എന്നതൊരു ഫ്യൂഡൽ ചൊല്ലാണു്. ഇവിടെ നടന്നതാകട്ടെ അത്തരം ഒരു മൂപ്പിളമത്തർക്കവും ആണു്. അപ്പോഴും രോഗികൾ മരിച്ചുകൊണ്ടേയിരുന്നു.” ഒക്ടോബർ 2006 (സമ്പൂർണ്ണകൃതികൾ, വാല്യം 6, പേജ് 435. InSight Publica).
മുസ്തഫ:
ഇതൊരു തുടക്കമാണു്. തുടർന്നും ഉത്തരവുകൾ വരും. മുഖപ്പട്ട കെട്ടി അകത്തിരിക്കാനും അകന്നിരിക്കാനും. ഒരുങ്ങാം നമുക്കു്.
ലിസി മാത്യു:
ശ്രീ സനിലിന്റെ ‘ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ’ വേറിട്ട വായനാനുഭവമായി. ജീവനെയും ജീവിതത്തെയും വിട്ടു് മരണത്തെയും രോഗത്തെയും മുഖംമൂടിയെയും കലാ/വിശകലന മിഴിവിൽ തിരിച്ചറിയാനുള്ള സൂചനകൾ ശ്രദ്ധേയം. ജീവചരിത്രക്കുറിപ്പിൽ ‘എന്നീ നിവൃത്തികളിലും ഏർപ്പെട്ടിട്ടുണ്ടു്’ എന്ന പ്രയോഗം ഉചിതമായി.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സി വി രാധാകൃഷ്ണൻ:
http://www.sayahna.org/?page_id=115 ഈ കണ്ണിയിൽ കെ. ദാമോദരൻ: സമ്പൂർണ്ണകൃതികളുടെ ആറു ഭാഗങ്ങൾ ലഭ്യമാണു്. ഓരോ ഭാഗവും ഓരോ പിഡിഎഫ് (ടാബ്ലറ്റ്, ഐപ്പാഡ്, ഡെസ്ൿടോപ് എന്നിവയ്ക്കു അനുയോജ്യമായ രീതിയിൽ) ആയും ഓരോ അദ്ധ്യായവും (110 എണ്ണം) പ്രത്യേകം ഫോൺ പിഡിഎഫ് ആയും ഡൗൺലോഡ് ചെയ്യാവുന്നതാണു്. അംഗങ്ങളേവരും താല്പര്യമുള്ള ഒരു അദ്ധ്യായമെങ്കിലും വായിച്ചുനോക്കി, തെറ്റുകൾ കാണുകയാണെങ്കിൽ ഹൈലൈറ്റ് ചെയ്തു തിരിച്ചയച്ചു തരുവാനപേക്ഷ. എത്രവേഗത്തിൽ കിട്ടുന്നുവോ അത്രയും വേഗം ഈ കൃതികൾ നമുക്കു പ്രസിദ്ധീകരിക്കുവാനാവും. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ദാമോദർ പ്രസാദ്:
നന്ദി. എനിക്കു് താല്പര്യം തോന്നിയ വ്യക്തിയും പ്രസ്ഥാനവും എന്ന അദ്ധ്യായം വായിച്ചു. പ്രൂഫ് നോക്കുക എന്നതു് വളരെയധികം ‘ശ്രദ്ധയും സൂക്ഷ്മത’യും ആവശ്യപ്പെടുന്ന പ്രവർത്തിയാണു്. തെറ്റുകൾ കണ്ടുപിടിക്കുക എന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെ ചെയ്യേണ്ടുന്ന പ്രവൃത്തി. ഉള്ളിൽ ശരിയെക്കുറിച്ചു് നേരിയൊരു ധാരണയുണ്ടെങ്കിലെ തെറ്റു് കണ്ടെത്താൻ ഒരു പക്ഷേ, കഴിഞ്ഞേക്കൂ. ഞാൻ പറഞ്ഞു വരുന്നതു് പ്രൂഫ് നോക്കൽ എന്ന കലാവിദ്യയെക്കുറിച്ചാണു്. കെ. ദാമോദരന്റെ വ്യക്തിയും പ്രസ്ഥാനവുമാണു് വായിച്ചു നോക്കിയതു്. ചെറിയ ചെറിയ പിഴവുകളെ കണ്ടതുള്ളൂ. അച്ചടി പിശകുകൾ. വിട്ടു നില്ക്കുന്ന വാക്കുകൾ പോലുള്ളവ. നല്ല നോട്ട വിദഗ്ദൻ ഭാഷാതെറ്റുകളും കണ്ടെത്തിയേക്കാം. എന്തായാലും, കെ. ദാമോദരന്റെ മൗലികവും സ്വതന്ത്രവുമായ ചിന്ത പ്രതിഫലിക്കുന്ന അദ്ധ്യായമാണതു്. സറ്റാലിനെക്കുറിച്ചതിൽ പ്രത്യേക ഖണ്ഡിക തന്നെയുണ്ടു്. തീർച്ചയായും രാഷ്ട്രീയ നേതാക്കൾ, അനുയായികൾ, ഫാൻസ്, ഭിക്ഷാംദേഹികൾ, എന്തിനു് വിമർശകർ പോലും വായിക്കേണ്ടതാണു് സ്റ്റാലിനെക്കുറിച്ചുള്ള പ്രത്യേക ഭാഗവും വ്യക്തിയും പ്രസ്ഥാനവും എന്ന അദ്ധ്യായം മുഴുവനും. ആരാണു് നേതാവു്? നേതൃത്വ ഗുണമെന്നാൽ എന്താണു്? ജനങ്ങളും നേതാക്കളും തമ്മിലുള്ള ബന്ധമെന്താണു്? എങ്ങനെയുള്ളതായിരിക്കണം? നേതാവിനു് സഹിഷ്ണുത ആവശ്യമാണോ? അനുയായി എന്നാൽ വെറും മരത്തലയനാണോ? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അകത്തു നിന്നാണു് കെ. ദാമോദരൻ ഇത്തരം മൗലികമായ അന്വേഷണങ്ങളും, ചോദ്യങ്ങളും ഉയർത്തിയതും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചതും. അന്നു് കമ്മ്യൂണിസ്റ്റ് പാർട്ടി(കൾ)ക്കു് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്വാധീനമുള്ള ഘട്ടം കൂടിയായിരുന്നു. നേതൃത്വത്തിലാണെങ്കിൽ പ്രഗത്ഭരും. ഒരു പക്ഷേ, ഇതിൽ നിന്നു് മനസ്സിലാക്കാവുന്ന ഒരു കാര്യം—ഏറ്റവും ശക്തമായിരിക്കുമ്പോഴാണോ മൗലികവും വിമതവുമായ ചിന്ത ഉയർത്താൻ കഴിയുക എന്നതാണോ?
സി വി രാധാകൃഷ്ണൻ:
കെ ദാമോദരന്റെ സമ്പൂർണ്ണകൃതികളുടെ ആറാം ഭാഗത്തിന്റെ ഒറ്റ പിഡിഎഫും വിവിധ അദ്ധ്യായങ്ങളുടെ 17 ഫോൺ പിഡിഎഫുകളും. http://www.sayahna.org/?page_id=115 എന്ന കണ്ണിയിൽ ലഭ്യമാണു്. ഈ പേജിൽ പച്ച നിറത്തിലുള്ള ടിൿ മാർക്ക് രേഖപ്പെടുത്തിയിട്ടുള്ള അദ്ധ്യായങ്ങൾ അംഗങ്ങൾ തെറ്റുതിരുത്തുവാൻ ഡൗൺലോഡ് ചെയ്തവയാണു്. അവ ഇനിയും ഡൗൺലോഡിനു ലഭ്യമല്ല. ലിങ്കുകൾ നിർജ്ജീവമാണു്. മൂലഗ്രന്ഥങ്ങളുടെ പിഡിഎഫുകളും തെറ്റുതിരുത്തുന്നവരുടെ സൗകര്യാർത്ഥം ഇവിടെ ലഭ്യമാണു്.

(സെപ്റ്റംബർ 6 മുതൽ 12 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വി. സനിൽ: ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം
ദാമോദർ പ്രസാദ്:
ട്രമ്പും ബോൽസണാരോവിനെ പോലെ ഒന്നു രണ്ടു അലവലാതികൾ ഒഴിച്ചാൽ മോഡി മുതൽ നമ്മുടെ പല ഭരണാധികാരികളും ഉദാത്തമായ മനുഷ്യ സ്നേഹത്തിൽ നിന്നാണു് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു്. മരണത്തിനു് മനുഷ്യനെ വിട്ടുകൊടുക്കില്ല എന്നതായിരുന്നു ഉറക്കെ പറഞ്ഞതു്. മരണവുമായാണു് ആധുനിക ഭരണകൂടങ്ങൾ പോരാടിയതു്. സാമ്പത്തികമല്ല മനുഷ്യന്റെ ജീവനാണു് പ്രധാനമെന്നു പ്രഖ്യാപിക്കപ്പെട്ടതു്. ഇതു് പ്രഖ്യാപിക്കുമ്പോൾ നമ്മൾ ഒരു രാഷ്ട്രമെന്ന നിലയിലും സംസ്ഥാനമെന്ന നിലയിലും സ്വയം എൻക്ലോസ് ചെയ്യുകയായിരുന്നു. പക്ഷേ, ഇന്നു് കോവിഡ് വ്യാപനം രൂക്ഷമാവുകയും സമ്പർക്കം വഴി പകർച്ച വല്ലാതെയാവുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സന്ദർഭത്തിൽ, മനുഷ്യ സ്നേഹത്തിനുമേൽ സാമ്പത്തിക യുക്തി തന്നെ മേൽക്കോയ്മ സ്ഥാപിച്ചിരിക്കുന്നു. ഈയൊരു സന്ദർഭത്തിൽ കൂടിയാണു് വി. സനിലിന്റെ എഴുത്തു് വായിക്കുന്നതു്. അത്യാവശ്യം നല്ല മൂർച്ചയുള്ള ചിന്താപരമായ പ്രകോപനങ്ങളുണ്ടെങ്കിലും, സനിൽ ഇങ്ങനെയാണു് ലേഖനത്തിൽ ഒരിടത്തു പറയുന്നതു്: “ചുരുക്കത്തിൽ വൈദ്യനിരാസം ചികിത്സയ്ക്കും മരുന്നിനും പുറംതിരിഞ്ഞു നിൽക്കലല്ല, മറിച്ചു് വ്യവസ്ഥാപിത ഗവേഷണ രീതി ശാസ്ത്രങ്ങളുടെ ഉറപ്പിനെ വേണ്ടെന്നുവെച്ചു് വൈദ്യത്തിലെ അറിവിനോടും പ്രയോഗത്തോടും മൂല്യബദ്ധവും ജാഗ്രത്തുമായ പുതിയ ബന്ധം സ്ഥാപിക്കലാണു്”… ഒരു മനുഷ്യനെ പോലും മരണത്തിലേക്കു് വിടാതെ രക്ഷിച്ചെടുക്കാനുള്ള ആധുനിക വൈദ്യത്തിന്റെ ആധുനിക ഭരണകൂടത്തിന്റെയും സദുദ്ദേശത്തെ വി. സനിൽ നിഷേധിക്കുന്നു. എന്നാൽ ഈ അറിവു് എത്രമാത്രം ലഘൂകരിക്കപ്പെട്ടതാണെന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കാനുള്ള വിമുഖത പ്രകടമാണു് ആധുനിക വൈദ്യത്തിന്റെ പ്രയോക്താക്കളിൽ. പകരം പലപ്പോഴും ഭരണകൂടത്തിന്റെ ഭയം—ഭയപ്പെടുത്തൽ രീതികൾ തന്നെ അതിന്റെ ഔദ്യോഗിക വക്താക്കൾ അവലംബിച്ചിരുന്നതു് നമ്മളെല്ലാം കണ്ടതാണു്. എന്തായാലും, വി. സനലിന്റെ മൗലികമായ ചിന്തയെ ആതുര സേവന രംഗത്തു് പ്രവർത്തിക്കുന്നവർ എങ്ങനെ സമീപിക്കുന്നു എന്നറിയാനാണു് കൗതുകം. ആതുര സേവനമെന്നതു് കുറച്ചു വിശാലടിസ്ഥാനത്തിൽ കാണാവുന്നതാണു്. ആധുനികം മുതൽ പ്രാചീന വൈദ്യം വരെ അതിൽപ്പെടും. പക്ഷേ, ആതുര സേവനത്തെ കോളനീകരിക്കാനുള്ള ശാസ്ത്രീയ ഉപാധികളായാണു് മോഡേൺ മെഡിസിനും അതിന്റെ വിശ്വാസികളായ പ്രയോക്താക്കളിൽ പലരും ഒരേ മട്ടിലുള്ള മീം (meme) എന്ന പോലെ പ്രതികരിച്ചു കണ്ടതു്—വിമർശനങ്ങളോടും ഇതര ചികിത്സാരീതികളോടും. അതുകൊണ്ടു്, അതിന്റെ പ്രാക്ടീഷനേഴ്സിൽ തന്നെ ആരെങ്കിലും വൈദ്യശാസ്ത്ര സ്ഥാപനത്തിൽ നിന്നു വിമതശബ്ദമുയർത്തിയാൽ മത-ഗോത്ര വിഭാഗത്തിൽ പ്രകടമാകും വിധത്തിലുള്ള പെട്ടെന്നുള്ള ചുരുങ്ങലും—closing of rank and file—പറഞ്ഞയാളെ വിചാരണകൂടാതെ കുരിശലേറ്റാനുളള വ്യഗ്രതയും കണ്ടതാണു്. എന്നിട്ടും കുലംകുത്തികളായ ഡോക്ടർമാർ ഉണ്ടാകുന്നുവെന്നതു് ആധുനിക വൈദ്യ പഠനത്തിൽ തന്നെ ധാർമ്മികതയുടെ ഒരുപാടു് അംശങ്ങൾ നിലനില്ക്കുന്നതു് കൊണ്ടാകാം. ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ അവർ ഉള്ളിലാക്കിയ അറിവിനെ വെച്ചുക്കൊണ്ടു് കാര്യങ്ങൾ നിർവ്വഹിക്കുന്നു എന്നല്ലാതെ അവർ ശാസ്ത്രജ്ഞരല്ല. അവർ പുതിയൊരു ഗവേഷണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നില്ല. കോവിഡിന്റെ പ്രത്യേക സന്ദർഭത്തിൽ കാണുന്നതു് അധികവും മെഡിക്കൽ അഡ്മിനിസ്ട്രേറ്റേഴ്സിനെയാണു്. അവർക്കു് വൈദ്യ ശാസ്ത്ര ബിരുദമുണ്ടന്നതല്ലാതെ അവർ ശാസ്ത്ര ഗവേഷണത്തിൽ തരിമ്പും ഏർപ്പെടുന്നില്ല. ഇവർ ആശുപത്രികളിൽ പോലും പോകുന്നില്ല. നല്ല മാനേജമെന്റ് സ്കിലുളള വ്യക്തിക്കു് ഭംഗിയായി, ഒരു പക്ഷേ, കുറച്ചു കൂടി കാര്യക്ഷമതയോടെ നിർവ്വഹിക്കാവുന്നതാണു്. മെഡിക്കൽ അഡ്മിനിസ്ട്രേഷനാണു് അപ്പോൾ കാര്യങ്ങളുടെ നടത്തിപ്പു് നിർണ്ണയിക്കുന്നതു്. അതുകൊണ്ടു്, ആതുര സേവനത്തിൽ പ്രധാനമായ കാരുണ്യം, അനുകമ്പ, സഹാനുഭൂതിക്കു് പകരം ഭരണകൂടത്തിന്റെ ആയുധമായ ഭയം-ഭയപ്പെടുത്തൽ-പിപ്പിടികാട്ടലെടുത്തു പ്രയോഗിക്കുന്നതു്. വ്യക്തിഗത മരണങ്ങളെയാണു് ആധുനിക വൈദ്യവും സവിശേഷമായി പരിഗണിക്കുന്നതു്. ആധുനിക വൈദ്യം എന്നാൽ ഒരു വൈജ്ഞാനിക-പ്രയോഗങ്ങളുടെ സമുച്ചയമാണു്. പകർച്ചവ്യാധികളിലും മറ്റും സംഭവിക്കുന്ന കൂട്ടമരണങ്ങളുടെ മുമ്പിൽ ആധുനിക വൈദ്യം അതിന്റെ “ശാസ്ത്രീയത” യഥാർത്ഥത്തിൽ ഭരണ നിർവ്വഹണം പോലെയൊന്നായി മാറുകയാണു്. ഭരണനിർവ്വഹണം ഇങ്ങനെ തന്നെ മാത്രമേ നടക്കുകയുള്ളൂ. തത്വചിന്തയിൽ ആശ്വസിപ്പിക്കുന്ന പോലെ മരണം ഒരു സാധ്യതയായി അംഗീകരിക്കാൻ പറ്റില്ല. പക്ഷേ, നമ്മൾ ഇവിടെ നേരിടുന്നതു് പകർച്ചവ്യാധിയെയാണു്. അതു് ആധുനിക വൈദ്യത്തിന്റെ മാത്രം പ്രശ്നമല്ലെന്നു് മനസ്സിലാക്കാനുള്ള വിനീതത്വം ആധുനികമായ ഏതോരു അറിവു് വ്യവസ്ഥയ്ക്കും വേണ്ടതാണു്. കാരണം, പ്രകൃതിയുടെ പ്രതിഭാസപരമായ പല ഘടകങ്ങളും വൈറസിന്റെ ഉത്ഭവും മുതൽ വ്യാപനം വരെയുള്ളതിൽ അടങ്ങിയിരിക്കുന്നു. അതിനു പകരം, വെള്ളാനകളുടെ നാട്ടിലെ സുലൈമാൻ ഡ്രൈവറിനെ അനുകരിച്ചു “ഞാനിപ്പോ ശരിയാക്കി തരാം” എന്നു അടിക്കടി വീരവാദം മുഴക്കേണ്ടതില്ല. നമ്മളെല്ലാം ആശ്രയിക്കുക ആധുനിക വൈദ്യത്തെ തന്നെ അതിന്റെ പരിമിതികൾ അറിഞ്ഞുക്കൊണ്ടു തന്നെ… ഭരണകൂടങ്ങളുടെയും ഭരണകർത്താക്കളുടെയും മനുഷ്യ സ്നേഹമോ അതിലും ഉദാരം. പകർച്ചവ്യാധിയേക്കാൾ എളുപ്പത്തിൽ, കാര്യക്ഷമമായി തടയാൻ കഴിയുന്ന മരണങ്ങളും കൂട്ടമരണങ്ങളുമുണ്ടു്. ഒരു മനുഷ്യനെ പോലും മരണത്തിനു് വിട്ടുകൊടുക്കില്ല എന്നു പ്രഖ്യാപിക്കുക മാത്രമല്ല നടപ്പാക്കാനും പറ്റുന്നതു്… അതു് വർഗീയ കലാപങ്ങളാണു്… രാഷ്ട്രീയ കൊലപാതകങ്ങളാണു്… അപരസ്നേഹവും മനുഷ്യസ്നേഹവും എത്രയും ഉദാരമായ രീതിയിൽ പ്രകടമാക്കാൻ പറ്റുന്ന സന്ദർഭങ്ങൾ… സദുദ്ദേശത്തെ നിഷേധിക്കുന്നു എന്നതുകൊണ്ടു് പറയാൻ ശ്രമിച്ചതു് ‘ശാസ്ത്രീയത’യുടെ പരിമിതി എന്ന അർത്ഥത്തിൽ… മരണത്തെക്കുറിച്ചു് രസകരമായ ഒരു സംഗതിയുള്ളതു് മാർക്വേസിന്റെ ലൗ ഇൻ ടൈം ഓഫ് കോളറയിലാണു്. രോഗ പ്രതിരോധത്തിനായി ജീവിതം സമർപ്പിച്ച ഡോ ഉർബിനോ പറന്നുപോയ തത്തയെ പിടിക്കാൻ മരത്തിന്റെ മണ്ടയിലേക്കു് പൊത്തി പിടിച്ചു കയറിയതായിരുന്നു. അവിടെ നിന്നു് താഴെ വീണാണു് മരിക്കുന്നതു്. ആ മനുഷ്യനു് ഒരിക്കലും അങ്ങനെ സംഭവിക്കരുതായിരുന്നു!!
ടി. കെ. രാമചന്ദ്രൻ: വി. കെ. എൻ. ലോകത്തിന്റെ ‘ആരിഹു എന്തുഹു’
കെ. സച്ചിദാനന്ദൻ:
ടി. കെ-യുടെ ഫാസിസ്റ്റു വിരുദ്ധലേഖനങ്ങൾക്കു് മുഖവുര എഴുതുകയാണു്. പ്രസക്തമായി. ആ സൂക്ഷ്മതയും ജാഗ്രതയും തീർത്തും നഷ്ടമായ ഒരിടതുപക്ഷ തലമുറയോടു് ആ സഹോദരൻ ദീർഘകാലം സംസാരിച്ചുകൊണ്ടിരിക്കും.
കരുണാകരൻ:
പലരും പരീക്ഷിക്കുകയും വിജയിക്കുകയും നമ്മൾ രസിക്കുകയും ചെയ്യുന്ന ‘ഫ്യൂഷൻ’ സംഗീതം കേൾക്കുന്നതു് കുറെ പേർക്കു് ഇഷ്ടമാണു്. അതിലെ ജനപ്രിയത അംഗീകരിക്കപ്പെട്ടതാണു്: ലോകം നിങ്ങളെ അർഹമായ ഒച്ചയിൽ പ്രതിഷ്ടിച്ചിരിക്കുന്നു എന്നു് വിചാരിക്കത്തക്കവിധം. എന്നാൽ, സംഗീതത്തെ ഇഷ്ടപ്പെടുന്ന ചിലർക്കെങ്കിലും ‘ഫ്യൂഷൻ’ വിപ്രതിപത്തിയ്ക്കു് കാരണമാവാറുണ്ടു്. പല കാരണങ്ങൾകൊണ്ടു്. അങ്ങനെ ഒരു വിപ്രതിപത്തി വി. കെ. എന്നിന്റെ ഒട്ടുമിക്ക എഴുത്തിനോടും ആ സാഹിത്യ സമീപനത്തോടു് പൊതുവെ ഉള്ള ഒരു “വള്ളുവനാട്ടുകാര”നാണു് ഞാൻ. അതിന്റെ രുചിയിലെ പ്രകടമായ ആൺ കാഴ്ച്ചകൊണ്ടല്ല; അതിലെ ‘പദവിയും മാന്യതയും’ നേടിയ നായർ നോട്ടം കൊണ്ടല്ല; അതിലെ ആവർത്തിക്കുന്ന ജീവിതചിട്ടകൾകൊണ്ടല്ല; മറിച്ചു് തന്റെ സാഹിത്യമെഴുത്തിൽ വി. കെ. എൻ ‘വിജയിപ്പിച്ചെടുത്ത’ ‘അധികാര വിമർശത്തിന്റെ ഫ്യൂഷൻ’ കാരണം. ടി. കെ. രാമചന്ദ്രൻ ഈ ലേഖനത്തിൽ ചർച്ചയ്ക്കു് എടുക്കുന്ന കഥകളും സന്ദർഭങ്ങളും നോക്കൂ: അവയിൽ ചരിത്രമെഴുത്തിന്റെ ഫ്യൂഷൻ കാണാം. വിദഗ്ദ്ധമായ ഒരു കഴിവിന്റെ (ഇവിടെ അതു് ചരിത്രജ്ഞാനമാകാം) പരമാവധി ഉപയോഗമാണു് ഒരർത്ഥത്തിൽ ഫ്യൂഷൻ കൊണ്ടു് സാധിക്കുന്നതു്. ‘ഹിറ്റ്ലറുടെ കൊച്ചുനാണി’യിൽ ഉള്ളതുപോലെ. യൂറോപ്പിലെ അസുഖകരമായ ഒരു രാഷ്ട്രീയ സന്ദർഭത്തിലേക്കു്, അതിന്റെ കഠിനമായ ഓർമ്മയിലേക്കു് വി. കെ. എൻ. തന്റെ പ്രഖ്യാതമായ രുചിയുടെ ചേങ്ങില കലർത്തുന്നു: പിയാനോയിൽ വായിക്കുന്ന ഒരു മുഹൂർത്തം ചേങ്ങില ചേർത്തു് ‘വിസ്തരിക്കുന്നു’. വി. കെ. എന്നിന്റെ സാഹിത്യത്തിലെ അധികാര വിമർശത്തെ അതിലളിതമായാണു് നമ്മുടെ മധ്യവർത്തികളും മാർക്സിസ്റ്റ് വർത്തികളും സമീപിച്ചിട്ടുള്ളതു്. ടി. കെ. രാമചന്ദ്രന്റെ സമീപനം അതിന്റെ ടിപ്പിക്കൽ ഉദാഹരണമാണു്. പരമ്പരാഗത (നവീന) മാർക്സിസ്റ്റ് ലാവണ്യസങ്കൽപ്പംകൊണ്ടു് വി. കെ. എന്നിന്റെ അധികാര വിമർശത്തെ പ്രശംസിക്കുന്ന രാമചന്ദ്രനിൽനിന്നു് അകന്നു (നിന്നിരുന്നത്) നിൽക്കുന്നതു് ഇന്ത്യയുടെ തന്നെ (പരിണമിക്കുന്ന) ജനാധിപത്യരാഷ്ട്രീയവും അധികാര ഘടനയും അതിലെ തന്നെ ജാതിയും വർണ്ണവും അടക്കമുള്ള അംശങ്ങളുമാണു്. ആ അകൽച്ച വി. കെ. എൻ. എഴുത്തിലും എന്തുമാത്രം പ്രകടമാണു് എന്നു് കഥകളിലെ ഉദ്ധരണികൾ വായിക്കുമ്പോൾ മനസ്സിലാവും. എത്രമാത്രം Textual ആണു് ഈ ലേഖനത്തിൽ തന്നെ രാമചന്ദ്രൻ! തന്റെ പ്രത്യയശാസ്ത്ര ബോധ്യങ്ങൾക്കുള്ളിൽ ജീവൻ നേടുക മാത്രമാണു് അപ്പോൾ വി. കെ. എന്നിന്റെ കഥകൾ. വാസ്തവത്തിൽ ഇന്ത്യയുടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ രാഷ്ട്രീയ ചിത്രം സങ്കൽപ്പിച്ചുകൊണ്ടു് നമ്മൾ ചർച്ച ചെയ്യുന്ന ഫാഷിസത്തെ കണ്ടു നോക്കൂ. മിക്ക രാഷ്ട്രീയ കക്ഷികളും ഫാഷിസത്തിനെതിരാണു്, ഇന്നത്തെ ഭരണകക്ഷിപോലും ജനാധിപത്യത്തെ കുറിച്ചു് സംസാരിക്കുന്നു. എന്നാൽ, ഇവയുടെ ഒക്കെയും കാറ്റു് കളയുന്ന ഒരു സന്ദർഭം, ജനാധിപത്യത്തിനു വേണ്ടിയും ഫാഷിസത്തിനെതിരെയും സംഭവിക്കുന്നതു്, ഈ കക്ഷികൾക്കു് പുറത്തു് നമ്മുടെ തന്നെ ജനാധിപത്യത്തിന്റെ ചില ഉറവകളെയും മൂല്യങ്ങളെയും ഓർമ്മിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലാണു്—പൌരത്വ ഭേദഗതിയ്ക്കു് എതിരെ ഉണ്ടായ വിദ്യാർത്ഥി-യുവജന സമരങ്ങൾ പോലെ. ഇത്തരം അവസരങ്ങൾ സാഹിത്യത്തിനും നമ്മൾ നൽകണം. ‘അധികാര’വും ‘കാവി’യും നമ്മുടെ തന്നെ രാഷ്ട്രീയ രുചികളുടെ ഫ്യൂഷൻ ആഘോഷിക്കുന്ന മുഹൂർത്തങ്ങൾ നൽകുന്നു എന്നു് വരുമ്പോൾ വീണ്ടും ഒന്നുകൂടി ചെന്നു നോക്കണം, അല്ലെങ്കിൽ അതു് നമ്മുടെ തന്നെ രാഷ്ട്രീയ പരിമിതിയാവാനും മതി. നമ്മുടെ പല നല്ല മാർക്സിസ്റ്റ് സൌന്ദര്യവിമർശകരിലും സംഭവിക്കുന്നപോലെ.
ദാമോദർ പ്രസാദ്:
പൊട്ടിചിരിക്കു് മുമ്പുള്ള ഒരു സെക്കന്റ് ഫ്ലാഷ്—ഇ. പി. ഉണ്ണിയുടെ വി. കെ. എൻ വര പുറത്തേക്കു് വരും മുമ്പേയുള്ള ഉൾസ്ഫോടനത്തെയാണു് പിടിച്ചെടുത്തിരിക്കുന്നതെന്നു് തോന്നുന്നു…
ഹബീബ് എം എച്ച്:
ടി. കെ. ഹാസ്യാത്മക ശൈലിയിലൂടെ തന്നെ വി. കെ. എന്നിന്റെ സാമൂഹിക പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. അഡോണയുടെയും ഗ്രാംഷിയുടെയും ലുകാച്ചിന്റെയുമൊക്കെ ചിന്തകൾ സഗൗരവം പറയുകയും എഴുതുകയും ചെയ്യുന്ന ടി. കെ., ഇവിടെ തന്റെ ശബ്ദത്തിന്റെ മാധുര്യവും വശ്യമായ പുഞ്ചിരിയും കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.
കെ. സച്ചിദാനന്ദൻ:
ഇതിനു മുമ്പു് ഇതു് പരീക്ഷിച്ച ഒരിടതുപക്ഷക്കാരനുണ്ടായിരുന്നു, കുഞ്ചൻ നമ്പ്യാർ എന്നായിരുന്നു നാമധേയം, കലക്കത്തു് എന്നു വീട്ടു പേർ വന്നതു് ഫ്യൂഷൻ പരീക്ഷിച്ചതുകൊണ്ടാകാം. അതോ ഇതൊരു കൺഫ്യൂഷൻ മാത്രമാവുമോ? ശിവ ശിവ!
കരുണാകരൻ:
ഹഹഹ! സച്ചിയുടെ കമ്മന്റ് മറ്റൊന്നു് ഓര്‍മ്മിപ്പിച്ചു: തുഞ്ചനും കുഞ്ചനും എന്നു് വേര്‍പിരിച്ചു് പറഞ്ഞു് “ഹാസ്യത്തിന്റെ പ്രകാശഗോപുരം” എന്നു് വി. കെ. എന്നിന്നെ ‘പരിചയപ്പെടുത്തുന്ന’ നിരൂപണങ്ങള്‍. എന്തു് എളുപ്പം! ഒരു ഹൈവേയിലെ രണ്ടു ബോര്‍ഡുകള്‍ വായിച്ചു് ഒരൊറ്റ ‘മണ്ണി’ന്നെ എന്നു് യാത്രാകുറിപ്പു് ഉണ്ടാക്കലാണതു്. കലക്കത്തെ ആദ്യത്തെ പാര്‍ട്ടി മെമ്പറും നമ്പ്യാര്‍ ആയിരുന്നുവെന്നു് ഇനി ഈ ഹൈവേയില്‍ നിന്നും ഒരു ഉരസി ഇറങ്ങലും ഉണ്ടാവുമോ! ശിവ! ശിവ!
കെ. സച്ചിദാനന്ദൻ:
ഞാൻ പറഞ്ഞതു് മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും ഉണ്ടായില്ലെന്നതു് ഒന്നുകിൽ ബോധപൂർവ്വമാകാം, അല്ലെങ്കിൽ നമ്പ്യാരെ വായിക്കാത്തതിനാലാകാം. നമ്പ്യാർ കൃത്യമായും ഈ ഫ്യൂഷൻ വി. കെ. എന്നിനും മുമ്പേ പരീക്ഷിച്ചയാളാണു്. അദ്ദേഹത്തിന്റെ ലോകത്തു് ദൈവങ്ങളും മനുഷ്യരും ഇടകലരുന്നു, പുരാണാഖ്യാനങ്ങളിൽ നായരും പട്ടരും നമ്പൂരിയും കടന്നു വരുന്നു. രണ്ടു ലോകങ്ങളുടെ fusion-ലൂടെയുള്ള ഈ deliberate sacrilege ആണു് നമ്പ്യാരും വി. കെ. എന്നും തമ്മിലുള്ള താരതമ്യത്തിന്റെ അടിത്തറ, സാമാന്യവത്കരണമല്ല.
Muraleedharan Ramakrishana:
I write this as a sentimental fool. In a way, I am still that. Back in 1979, I was a student in the then REC Calicut—there was a seminar in which, if I remember correctly, T. K., Sachi, John Abraham and Prem Nazir were invited speakers. It was the hey days of post emergency political mobilization. T. K. remains in my mind as someone who said “the language of symbolism arises when freedom is curtailed”. I was a nineteen year old carried away by that… now a sixty one year old reminiscing that. We need not be sentimental, but by all means, don’t be sacrilegious.
ദാമോദർ പ്രസാദ്:
ഫ്യൂഷൻ എന്ന്വച്ചാൽ വി. കെ. എന്നിൽ ടി. കെ. യെയും ടി. കെ.യിൽ വി. കെ. എന്നിനെയും കാണാമെന്നു്. ടി. കെ.യെ അടുത്തുപരിചയമുള്ളവർക്കു് അറിയാം ടി. കെ. യുടെ ഫലിതബോധം. ഉഗ്രൻ തമാശകൾ അടിച്ചിരുന്നു. ഉറക്കെ ചിരിക്കുകയും ചെയ്തിരുന്നു. അത്യാവശ്യം നല്ല ഗോസിപ്പും പറഞ്ഞിരുന്നുവെന്നതാണു്, അതും പ്രത്യേകിച്ചു് സാംസ്കാരിക നായകരെക്കുറിച്ചും, സൈദ്ധാന്തികരെക്കുറിച്ചും. അതുമാത്രമല്ല, വി. കെ. എന്നുമായി ഫാഷിസറ്റുവല്ക്കരണത്തെപ്പറ്റി ടി. കെ. ഒരേ ആകുലതകളും സന്ദേഹങ്ങളും പങ്കിട്ടിരുന്നു. വി. കെ. എന്നും ടി. കെ.യും ഹിന്ദു വർഗീയതയോടും, അതിന്റെ അദ്ധ്യാത്മികമെന്നു തോന്നിപ്പിക്കുന്ന വ്യാജ പ്രതീതികളോടും പ്രതീകങ്ങളോടും കർക്കശമായ രീതിയിൽ തന്നെ വിദ്ധ്വംസകതയോടെ എതിരിട്ടിരുന്നു. സ്ഥാനമോഹങ്ങൾ—തെല്ലും രണ്ടു പേരേയും ഏശിയിരുന്നില്ല എന്നതുക്കൊണ്ടു് അധികാര വിമർശനത്തിൽ അമാന്തപ്പെട്ടിട്ടില്ല. ഒരു പ്രത്യേകത്തരം കൂസലില്ലായ്മ ടി. കെ.യിലും വി. കെ. എന്നിലും ഉണ്ടായിരുന്നുവെന്നു തോന്നുന്നു. ലഹരിക്കമ്പമാണതു്. അതിനെക്കുറിച്ചു് കുടൂതൽ അറിയില്ല. രണ്ടുപേർക്കും ആരാധക വൃന്ദമുണ്ടായിരുന്നു. ടി. കെ. അതു് ആസ്വദിച്ചിരുന്നു എന്നു് വ്യക്തം. പല ആരാധകന്മാരും ആന ബോറന്മാരായിരുന്നിട്ടും സഹിച്ചതു് ആരാധകർക്കു് പ്രത്യേക മൂല്യം കല്പിച്ചതുക്കൊണ്ടാകണം. ആരാധകരിൽ ചിലരെങ്കിലും ചൂഷണം ചെയാനും ഒരു മടിയുമില്ലാത്തവരാണു്. സ്വന്തമായൊരു ആരാധകവൃന്ദത്തെ തീറ്റിപോറ്റുക എന്നതു് അബ്കാരി മുതലാളിമാർ ഗുണ്ടകളെ മധുശാലയുടെ നിലനില്പിനായി നിലനിർത്തുന്നതു പോലെ വലുതും ചെറുതും വളർച്ച പ്രാപിക്കുന്നതുമായ സാംസ്ക്കാരിക കോനാതിരിമാരും ചെയ്തുവരുന്നു. ഇവരെ ഇറക്കിയാണു് സോഷ്യൽ മിഡീയ റെയ്ഞ്ച് ലേലത്തിൽ പിടിക്കുന്നതു്! പക്ഷേ, ടി. കെ.യും വി. കെ. എന്നും അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരുടെ കൈയിൽ ശരിക്കുള്ള കോപ്പുണ്ടായിരുന്നു. ടി. കെ. ഫ്രാങ്ക്ഫർട്ട് പണ്ഡിതരെ ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ, ക്വട്ടേഷൻ ഭാരമായിട്ടല്ല, വായിച്ചറിഞ്ഞും ആലോചിച്ചതിനും ശേഷമാണു്. അതായിരുന്നു ടി. കെ.യുടെ ക്രിട്ടിക്കൽ ലെഫ്റ്റ് സ്ക്കോളർഷിപ്പ്. അഡോണോ ഒരു ക്വട്ടേഷനല്ല, ഉള്ളിലുണ്ടായിരുന്നു. വി. കെ. എന്നിലോ—മലയാളത്തിൽ ഇത്രമാത്രം ആഴത്തിൽ ലോകചരിത്രത്തെ മനസ്സിലാക്കിയ വേറെയെഴുത്തുകാരൻ ആരായിരിക്കും… ചരിത്രം മാത്രമല്ല ഭൂഭാഗവിശദീകരണവും കൃത്യം മനസ്സിലാക്കിയിരുന്നു എന്നു വേണം മനസ്സിലാക്കാൻ. വി. കെ. എന്നിന്റെ അധികാര വിമർശനം ഈയൊരു ചരിത്രജ്ഞാനത്തിൽ നിന്നു വരുന്നതാണു്…
ഹബീബ് എം എച്ച്:
കിഴക്കൻ യൂറോപ്പും സോവിയറ്റ് യൂണിയനും തകർന്നടിഞ്ഞിട്ടും ടി. കെ. ഒന്നു് കുലുങ്ങിയതു് പോലും ഇല്ല. എല്ലാം താല്കാലികം എന്നാണു് ടി. കെ. പറഞ്ഞതു്.
സാബു ഹരിഹരൻ: മൂന്നാമത്തെ കഥ
കെ. സച്ചിദാനന്ദൻ:
സാബുവിന്റെ കഥ അഥവാ കഥയുടെ കഥ നന്നായി. വിനയകുനിയൻ നല്ല പ്രയോഗം. ആ വംശം വർദ്ധിച്ചു വരുന്നു.
അജേഷ് കടന്നപ്പള്ളി:
സമൂഹം എന്ന മോർച്ചറി. ‘ജീവിതത്തിന്റെ നേർക്കാഴ്ചകൾ വിരസവും സാധാരണവുമാണു്’ എന്ന ഡയറിക്കുറിപ്പോടെ അവസാനിപ്പിക്കുന്ന മൂന്നാമത്തെ കഥ എന്ന സാബു ഹരിഹരന്റെ കഥ വായിച്ചു. തികച്ചും സ്വാഭാവികമായ രീതിയിൽ ആരംഭിച്ച കഥ അസാധാരണമായ രീതിയിൽ വികസിച്ചു് തികച്ചും സ്വാഭാവികമായ മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ വിവരിച്ചു് അവസാനിക്കുന്നു. കുടുംബവും സമൂഹവും കഥയെഴുത്തുകാരനും മോർച്ചറി പോലെ തണുത്തുറഞ്ഞു കിടക്കുന്നതു് എത്ര സ്വാഭാവികമായാണു് കഥാകൃത്തു് കഥയിൽ രൂപപ്പെടുത്തിയതു്! കഥ പോലെ സംഭവിക്കുന്ന വാർത്തകൾ. നാം രൂപപ്പെടുത്തിയെടുത്തതിരക്കുകൾ; അതിൽത്തന്നെ സ്വയം ഞെരിഞ്ഞമരുന്ന നമ്മൾ. സാബു ഹരിഹരനു് അഭിനന്ദനങ്ങൾ…
കുട്ടീസ്:
നല്ല കഥ.
അഭിമന്യു:
സാബു ഹരിഹരന്റെ കഥ വായിച്ചു അവസാനമായപ്പോൾ മോർച്ചറിയിൽ മരിച്ചു കിടന്നതു മനോജ്കുമാറല്ല അതു് ഞാനായിരുന്നു എന്നു് വെറുതെയെങ്കിലും തോന്നി…
കരുണാകരൻ: ചന്ദ്രലേഖ
ലിസി മാത്യു:
കരുണാകരന്റെ ‘ചന്ദ്രലേഖ’ മുറിവിലെ ഔഷധലേപനംപോലെ ആശ്വാസം നല്കുന്ന അനുഭവമായി. ഭാരതി കാമാട്ടിപുരയിലെ വൃദ്ധയായ വേശ്യയെ ‘അവൾ’ എന്നല്ല ‘അവർ’ എന്നേ പറയാവൂ എന്നു മകനു് നൽകുന്ന നിർദ്ദേശം ഈ കഥയുടെ താക്കോൽ വാക്കാണു്. തേവിടിശ്ശിയായാലും കുലസ്ത്രീയായാലും പ്രായമുള്ളവരെ ബഹുമാനിക്കണമെന്ന തിരിച്ചറിവു് വേറിട്ട അനുഭവമായി മാറുന്നു. ‘കുന്നുമ്മൽ ശാന്തയുടെ വീട്ടിലേക്കുള്ള ഒളിച്ചുപോക്കു്’ പൗരുഷത്തിന്റെ ചാനൽ വെളിച്ചമായി ചിതറിത്തെറിക്കുന്ന ഇക്കാലത്തു് അവമതിയും അവഹേളനവും ഏൽക്കേണ്ടിവരുന്ന സ്ത്രീജന്മങ്ങൾക്കുള്ള ആദരവുകൂടിയാണു് ഭാരതി നല്കുന്നതു്. കുന്നുമ്മൽ ശാന്തയെ ആഘോഷിക്കുന്നവർക്കു് ചന്ദ്രലേഖയിൽനിന്നു് ഭാരതിയിലേക്കുള്ള അകലം മനസ്സിലാവില്ല. മിനാറിന്റെ കുമ്പസാരപ്പെയ്ത്തിൽ അയാളുടെ യൗവനകാലത്തെ നിശ്ചയദാർഢ്യത്തിന്റെയും പക്വതയുടെയും കരുത്തുണ്ടു്. നന്മയുടെയും സ്നേഹത്തിന്റെയും ആഴം ഭാരതിയുടെ സ്പർശനത്തിൽ അയാൾ അനുഭവിക്കുന്നു. മറ്റൊന്നും പറയാനില്ല. നന്മവെളിച്ചത്തിൽ കണ്ണുനിറയുന്നു.
ഇ. മാധവൻ:
വളരെ ഹൃദയസ്പർശിയും ചിന്തിപ്പിക്കുന്നതുമായ കഥ. ചന്ദ്രലേഖ ഇഷ്ടപ്പെട്ടതു കാരണം മാത്രം ഇഗ്ലീഷിലേക്കു് വിവർത്തനം ചെയ്തിരുന്നു. മനോഹരമായ ഈ കഥ ഇവിടെ വായിക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.
കെ. സച്ചിദാനന്ദൻ:
ചന്ദ്രലേഖ വീണ്ടും വായിക്കുമ്പോഴും ആദ്യം വായിച്ചപോലെ ഞാൻ തേങ്ങുന്നു. ഇയ്യിടെ വിജയന്റെ തലമുറയ്ക്കു ശേഷം താങ്കൾക്കു് പ്രിയപ്പെട്ട മൂന്നു ചെറുകഥാകൃത്തുകളുടെ പേരു പറയാമോ എന്നു ചോദിച്ച അഭിമുഖകാരിയോടു് ഞാൻ പറഞ്ഞു, മേതിൽ രാധാകൃഷ്ണൻ, എൻ. എസ്. മാധവൻ, കരുണാകരൻ. അഞ്ചു് എന്നു ചോദിച്ചാൽ ഞാൻ രണ്ടു പേരുകൾ കൂടി ചേർക്കുമായിരുന്നു. ഏഴോ ഒൻപതോ വരെ പട്ടിക വളർത്താനും കഴിയും. പക്ഷേ, ഈ മൂന്നു തന്നെയാവും ആദ്യം—ആദ്യത്തെ രണ്ടു പേരുടെയും നല്ല കഥകൾ ഓർമ്മ മാത്രമായെങ്കിലും. കരുണാകരൻ എന്റെ ഏറ്റവും പ്രിയങ്കരരായ കവികളിലും ഒരാളാണു്—അഥവാ കവിതയും കഥയും നാം കരുതുന്നത്ര ഒന്നിനോടൊന്നു് അകലെയാണോ, മിനാർ? കത്തും?
ദാമോദർ പ്രസാദ്:
സച്ചി മാഷ്ടെ അഞ്ചുപേരുടെ ലിസ്റ്റ് അപൂർണ്ണം. മൂന്നു പേരെ മാത്രമേ മാഷ് റാങ്ക് ചെയ്തിട്ടുള്ളൂ. ബാക്കി രണ്ടു പേർ ബ്ലൈൻഡ് സ്പോട്ടിൽ നില്ക്കുകയാണു്. മാധവാനന്തര, മേതിലാനന്തര തലമുറയിൽപെട്ടവരാണെങ്കിൽ അവർക്കു് അതു് സായൂജ്യമാകുമായിരുന്നു. മലയാളത്തിൽ നല്ല കഥകളൊക്കെ എഴുതപ്പെട്ടിട്ടുണ്ടു് എന്നാണു് എന്റെ പരിമിതമായ അറിവു്. സക്കറിയ ഒ. വി. വിജയൻ തലമുറയിലായിരിക്കുമല്ലൊ. അതിനുശേഷം മലയാളത്തിൽ നല്ല കഥകളൊക്കെ…
വി. എച്ച്. നിഷാദ്:
കരുണാകരന്റെ കഥ വിഷാദത്തിൽ പൊതിഞ്ഞ ഒരു തൂവാലയാണെന്നു് തോന്നി. മിനാറും ചന്ദ്രലേഖയും ഭാരതിയുമെല്ലാം ഉള്ളിൽ ഏറെ അനങ്ങിക്കൊണ്ടു് നിൽക്കുന്നു. വ്യത്യസ്തമായ പ്രമേയം. വായന ഒരു അനുഭവമാക്കാൻ കഥാകൃത്തിനു കഴിഞ്ഞു. നന്ദി!
കരുണാകരൻ:
ഏറ്റവും “പുതിയ തലമുറ”യിലെ ഒരു കഥാകൃത്തു് ഉണ്ടു്, സുരേഷ് പി. തോമസ്—അയാളുടെ കഥകൾ വളരെ ഇഷ്ടമാണു്. തീർച്ചയായും നല്ല കഥകൾ പിന്നെയും ഉണ്ടായി.
ദാമോദർ പ്രസാദ്:
പില്ക്കാല തലമുറയിൽ മലയാള കഥയുടെ വംശശുദ്ധി നഷ്ടപ്പെടുത്തിയ കുറച്ചു കഥാകാരന്മാരുണ്ടു്. ഉദാ: ജോണി മിറാൻഡ. കേരള പാണിനീയം വശമാകാത്തതിന്റെ ഭാഷ പ്രശ്നവുമുണ്ടു്.
ടി. ആർ. വേണുഗോപാലൻ:
നല്ല കഥ. ഹൃദ്യം. കവറും ചിത്രീകരണവും ഗംഭീരം.
കെ. സച്ചിദാനന്ദൻ:
മൂന്നു പേരുകൾ ചോദിച്ചാൽ പത്തു പേരുകൾ പറയാൻ പറ്റില്ലല്ലോ. ഉണ്ണിയും സുഭാഷും സന്തോഷ് എച്ചിക്കാനും സന്തോഷ് കുമാറും മുതൽ ഹരീഷും വിനയ് തോമസും ഫ്രാൻസിസ് നൊ റൊണയും വരെ എത്രയോ പേർ. പേരുകളുടെ ചർച്ച അനന്തമാകും. ജനാധിപത്യമാണല്ലോ, പലർക്കും പല ഇഷ്ടങ്ങൾ. കരുണാകരൻ ഒരു ചീത്ത കഥയും എഴുതിക്കണ്ടിട്ടില്ലെന്നു മാത്രം. എച്ചിക്കാനവും.
ദാമോദർ പ്രസാദ്:
അങ്ങനെയല്ല. മൂന്നു പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടു്. രണ്ടു പേരു കൂടി പറയാമായിരുന്നു എന്നാണു് മാഷ് എഴുതിയതു്. അതാണു് ചോദിച്ചതു്. മൂന്നു പേരുടെ തുടർച്ച എന്ന നിലയിൽ റാങ്കിങ്ങ് ക്രമത്തിൽ.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സി വി രാധാകൃഷ്ണൻ:
ഭാഷാ ദീപികയുടെ ഫോൺ പിഡിഎഫ് (എല്ലാ അദ്ധ്യായങ്ങളും) http://books.sayahna.org/ml/pdf/bhashadeepika-p.pdf ഭാഷാ ദീപികയുടെ വെബ് പിഡിഎഫ് (എല്ലാ അദ്ധ്യായങ്ങളും) http://books.sayahna.org/ml/pdf/bhashadeepika-w.pdf കെ ദാമോദരന്റെ സമ്പൂർണ്ണകൃതികളുടെ എട്ടാം ഭാഗം ഒറ്റ വെബ് പിഡിഎഫ് ആയും 29 അദ്ധ്യായങ്ങളുടെ പ്രത്യേകം പിഡിഎഫുകളായും ഇവിടെ ലഭ്യമാണു്: http://www.sayahna.org/?page_id=115
സി വി രാധാകൃഷ്ണൻ:
സായഹ്നയെ മറ്റൊരു മാദ്ധ്യമത്തിൽ ടി വി സുനീത പരിചയപ്പെടുത്തുന്നു (പുതിയ കാര്യമൊന്നുമില്ല, എന്നിരിക്കിലും ഇതിന്റെ പ്രവർത്തകർക്കു് പ്രോത്സാഹനം നൽകുന്നതാണു്): ഇവിടെ മലയാളത്തിൽ ഒരു നിശബ്ദഗംഭീര വിപ്ലവം അരങ്ങേറുകയാണു്. സായാഹ്ന ഫൗണ്ടേഷൻ പകർപ്പവകാശകാലയളവു കഴിഞ്ഞ പുസ്തകങ്ങൾ അല്ലെങ്കിൽ സ്വതന്ത്രപ്രസാധനം ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ രചനകൾ എന്നിവ XML പോലുള്ള പാഠസംരക്ഷണത്തിനു പറ്റിയ രൂപങ്ങളിൽ ഭാവിതലമുറയ്ക്കുവേണ്ടി സൂക്ഷിക്കുക, വിവിധ ഡിജിറ്റൽ രൂപങ്ങളിൽ സ്വതന്ത്രലൈസൻസിൽ വായനക്കാർക്കു വിതരണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ഓൺലൈൻ പ്രസാധനം ആണു് അതു്. ഇതിനിടെ നിരവധി മികച്ച പുസ്തകങ്ങളും ലേഖനങ്ങളും കാർട്ടൂണുകളും ഈ രീതിയിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക: https://ml.sayahna.org/ ലോക്ക്ഡൗൺ വന്നതോടെ ഫോണിൽ വായിക്കുവാൻ പറ്റുന്ന തരത്തിലുള്ള പിഡിഎഫ് പതിപ്പുകൾ റിലീസ് ചെയ്തു തുടങ്ങി. ഓഗസ്റ്റ് 2020 വരെ പ്രസിദ്ധീകരിച്ച ഫോൺ പതിപ്പുകളുടെ കാറ്റലോഗ് ഈ കണ്ണിയിൽ: http://books.sayahna.org/ml/pdf/releases-aug-20.pdf ഒൻപതു് വിഭാഗങ്ങളിലായി 197 ഫോൺ പതിപ്പുകൾ ഓഗസ്റ്റ് 31 വരെ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. വായനക്കാർ ഇതിനെ ആഘോഷപൂർവ്വം സ്വീകരിക്കുന്നു.
 1. കഥ, നോവൽ, നാടകം,… (27)
 2. ലേഖനം, നിരൂപണം, ജീവചരിത്രം, അഭിമുഖം,… (53)
 3. കവിത (22)
 4. ഭാഷാശാസ്ത്രം, വ്യാകരണം (9)
 5. കല, കാർട്ടൂൺ, കലിഗ്രാഫി (17)
 6. പ്രതികരണങ്ങൾ (14)
 7. സാഹിത്യവാരഫലം (36)
 8. ഐതിഹ്യമാല (13)
 9. പലവക (6)
ഇതിനു് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ… ഇരുപതു് വർഷം നീണ്ടുനിന്ന ഭാഷാസാങ്കേതികമേഖലയിലെ പരീക്ഷണങ്ങളുടേയും പരിശ്രമങ്ങളുടേയും ഫലമായാണു് നിങ്ങളുടെ കൈത്തലത്തിൽ ഈ കൃതികളെത്തുന്നതു്. ഗൗരവപൂർണ്ണമായ വായനക്കായുള്ള ഡിജിറ്റൽ പതിപ്പുകൾ മാത്രമല്ലിതു്, മലയാളകൃതികളുടെ ഭാവിയിലേക്കുള്ള കുറ്റമറ്റ സൂക്ഷിപ്പുകൾ കൂടിയാണിതു്. ഹൈപ്പർ വായനയുടെ കാലത്തു് പാരമ്പര്യാധിഷ്ഠിത വായനയെ തിരിച്ചുപിടിക്കാനുള്ള ഒരു ഡിജിറ്റൽ മാതൃകയുമാണിതു്. ഇതിന്റെ വളർച്ചയിലും വ്യാപനത്തിലും സുഹൃത്തുക്കളുടെ വിപുലമായ പങ്കാളിത്തമുണ്ടാകണം—വായനയിൽ മാത്രമല്ല, സൃഷ്ടികളിലും പങ്കിടലിലും. അർത്ഥപൂർണ്ണമായ നിർദ്ദേശങ്ങളും ആസ്വാദനങ്ങളും പ്രോത്സാഹനങ്ങളുമായി നമുക്കു് ഒപ്പം നിൽക്കാം. ആശംസകൾ.
കെ. എച്ച്. ഹുസൈൻ:
നന്ദി, ഡോ. സുനീത. ‘രചന’യുടെ ജന്മദിനം 1999 ജൂലൈ 7 മുതൽ നിങ്ങളും രചനയോടൊപ്പം കൂടി. പിന്നീടു് പതിനഞ്ചുവർഷം നീണ്ടുനിന്ന പോരാട്ടത്തിൽ നാം സഹയാത്രികരായി. രചനയുടെ ചരിത്ര പ്രാധാന്യം കണ്ടറിഞ്ഞ വിരലിലെണ്ണാവുന്ന മലയാളം അക്കാദമീഷ്യന്മാരിൽ മുൻനിരയിൽ നിന്നു. രചനയ്ക്കു വേണ്ടി പല വേദികളിലും വീറോടെ വാദിച്ചു… എത്ര പോരാട്ടങ്ങൾ! എത്ര ഓർമ്മകൾ! അഞ്ചുവർഷങ്ങൾക്കുമുമ്പു് ‘സായാഹ്ന’യിൽ രചന എത്തിപ്പെടുന്നതോടെ നമ്മുടെ ഒറ്റയാൾ പോരാട്ടങ്ങൾക്കു് ഏതാണ്ടു് അറുതിയായി. ഇന്നതു് ആരാലും തോല്പിക്കാനാകാത്തവിധം വിജയത്തിന്റെ പാതയിലാണു്. അതു് നമ്മുടെ വിജയമല്ല, മാതൃഭാഷയുടെ വിജയമാണു്. നിശ്ശബ്ദവിപ്ലവം ഇന്നു് ശബ്ദായമാനമായി മാറിയിരിക്കുന്നു. അതിന്റെ മുഴക്കത്തിൽ നിന്നു് ആർക്കും—അക്കാദമികതയ്ക്കും സ്ഥാപനങ്ങൾക്കും എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾക്കും പത്രങ്ങൾക്കും ഒന്നാം പാഠപുസ്തകത്തിനും ആർക്കും ഇനി രക്ഷപ്പെടാനാകില്ല. ഇന്നലെ നാം സംസാരിച്ചപ്പോൾ നിങ്ങളുടെ ഫേസ്ബുക്കിനു കിട്ടിയ പ്രതികരണത്തെകുറിച്ചു് പറഞ്ഞു. അതിലേറെയും സായാഹ്നയെകുറിച്ചു് ആദ്യമായി കേൾക്കുന്നതിനെ കുറിച്ചു്, അതിന്റെ ആഹ്ലാദത്തെ കുറിച്ചു്, പരിചയപ്പെടുത്തിയതിന്റെ നന്ദി പങ്കുവെച്ചതിനെ കുറിച്ചൊക്കെയായിരുന്നു. നല്ല വാർത്തകൾ പലതും വൈറലാകില്ലല്ലൊ. എങ്കിലും സായാഹ്ന പതുക്കെ പതുക്കെ പടരുകയാണു്. രചനയുടെ നമ്മുടെ കാമ്പയിൻ, തെരുവുപ്രസംഗങ്ങൾ, കലഹങ്ങൾ, വെല്ലുവിളികൾ… എല്ലാം അവസാനിക്കുകയാണു്. മരിക്കുന്നതിനുമുമ്പു് നമ്മുടെ വീറുറ്റ പോരാളിയായിരുന്ന പ്രൊ. പന്മന രാമചന്ദ്രൻ ഹേമചന്ദ്രനോടും എന്നോടും പറഞ്ഞു, “2019 ആകുമ്പോഴേക്കും ഇരുപതു വർഷം തികയുകയല്ലെ? നമുക്കു് രചനയുടെ ഒരു സമാപന സമ്മേളനം നടത്തണം!” ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു് തോന്നുന്നില്ല. സുനീത സൂചിപ്പിച്ചതുപോലെ ‘നിശ്ശബ്ദ വിപ്ലവ’ത്തിനു് ഔപചാരികതകളുടെ അലങ്കാരങ്ങൾ ആവശ്യമില്ല. മലയിൻകീഴു് വന്നു് സി വി രാധാകൃഷ്ണനെ കാണണമെന്നു് ഞാൻ പല പ്രാവശ്യം ആവശ്യപ്പെട്ടു. അടുത്തുതന്നെ തീർച്ചയായും വരാമെന്നു് സുനീത പ്ലാനും ഇട്ടു. കൊറോണ എല്ലാം മാറ്റിവച്ചിരിക്കുന്നു. ഇന്നു് നമ്മുടെ ജീവിതത്തിൽ മാറ്റിവെക്കാത്ത ഒന്നു് സായാഹ്ന മാത്രമാണു്.

(സെപ്റ്റംബർ 13 മുതൽ 19 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
സുനിൽ പി. ഇളയിടം: ജനാധിപത്യം ഒരു സാധ്യതയാണു്
രാജൻ പടുതോൾ:
ശ്രീ സുനിൽ പി. ഇളയിടം സ്പർശിക്കാൻ വിട്ടുപോയെന്നു് എനിക്കു് തോന്നിയ ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ: രാജ്യത്തെ രാഷ്ട്രമായി പുനർനിർമ്മിക്കുമ്പോളാണു് ജനാധിപത്യം അർത്ഥവത്താകുന്നതു്. രാജ്യം രാജാവിന്റെയാണു്. രാജാവിനു് കൽപ്പിതമായ ഒരു ദെെവികപരിവേഷവുമുണ്ട്. ദേവദത്തമായ രാജാധികാരത്തിൻകീഴിൽ പ്രജ (subject) എന്ന അവസ്ഥയും, രാജ്യവും ദേവദത്തമാണെന്നുവരുന്നു. രാജഭക്തി അതുകൊണ്ടുതന്നെ ദെെവഭക്തികൂടിയാണു്. ദെെവകോപവും രാജകോപവും രണ്ടല്ല. ദെെവനിഷേധം രാജ്യദ്രോഹമാണു്. ഈ രാജ്യദ്രോഹകുറ്റം സ്വയം ഏറ്റെടുത്തു് പ്രജയെ ‘ജനാ’ധിപത്യരാഷ്ട്രത്തിലെ പൗരനാക്കി ഉയർത്തുകയാണു് സ്വാതന്ത്ര്യസമരനായകന്മാർ ചെയ്യുന്നതു്, ചെയ്യാൻ ആഗ്രഹിക്കുന്നതു്. പ്രജ പൗരനാവുകയും രാജ്യം രാഷ്ട്രമാവുകയും ചെയ്യുന്നതു് ഏതെങ്കിലും അർദ്ധരാത്രി നടക്കുന്ന ഒരു മഹാസംഭവമല്ലെന്നു് ചുരുക്കം. പ്രജ എന്ന മാനസികാവസ്ഥയെ പൗരത്വത്തിലേയ്ക്കു് ഉയർത്താൻ, സ്വയം സമർപ്പിതഭക്തിയുടെ പിടിയിൽനിന്നു് പ്രജയെ മോചിപ്പിക്കാൻ, മതേതരവും രാഷ്ട്രീയ ദർശനത്തിലധിഷ്ഠിതവുമായ നിരന്തരമായ പോരാട്ടത്തിനേ കഴിയു. ഇന്ത്യയിൽ നടന്ന സഹനസമരത്തിനു് അങ്ങനെയൊരു രാഷ്ട്രീയാശയം ഉണ്ടായിരുന്നുവോ? “രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം…” എന്ന ഗാന്ധിയുടെ പ്രാർത്ഥനയല്ലേ സ്വാതന്ത്ര്യസമരമുഖത്തു് നാം ചൊല്ലിയാടിയതു് ? പ്രജകളെ ഒന്നിപ്പിക്കാൻ ഗണേശ ചതുർത്ഥി എന്ന മതബിംബം അല്ലെ നമ്മൾ ഉപയോഗിച്ചതു് ? കോട്ടും മേൽക്കുപ്പായവുമഴിച്ചുവെച്ചു് ഗ്രാമീണരിൽ ഒരാളായി സ്വയംമാറിയ ഗാന്ധി ഇന്ത്യക്കാരിൽ രാജഭക്തിക്കതീതമായ പൗരബോധം ഉണർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നില്ലെ? അതുകൊണ്ടല്ലെ, സ്വാതന്ത്ര്യലബ്ധിക്കുശേഷവും ചക്രവർത്തിമാരുടെ തേരോട്ടം ഓർമ്മിപ്പിക്കുന്ന “രഥയാത്ര” ജനാധിപത്യരാഷ്ട്രത്തിൽ ഒരു വെെരുദ്ധ്യമാണെന്നു് പൗരസമൂഹം തിരിച്ചറിയാതിരിക്കുന്നതു്? തിരുവിതാംകൂർ രാജാവിനു് സമ്മാനമായി കിട്ടിയ സ്വത്തു് നിയമം വഴി പത്മനാഭസ്വാമിയുടേതാണെന്നു് ഭരണഘടനാ ബഞ്ച് വിധിച്ചതു് അതുകൊണ്ടല്ലേ? കൊച്ചി ദേവസ്വം ഭരിക്കുന്ന ശബരിമല ക്ഷേത്രം പന്തളം രാജാവിന്റെ സ്വകാര്യസ്വത്തല്ല എന്നു തീർത്തുപറയാൻ കോടതിക്കുപോലും കഴിയാത്തതും അതുകൊണ്ടല്ലേ? ദേവ-രാജഭക്തിയിൽ കുടുങ്ങിക്കിടക്കുന്ന പ്രജകൾ മാത്രമല്ലേ ഇന്നും നമ്മൾ? ജനങ്ങളുടെ മനസ്സിൽ രൂഢമൂലമായ “രാജ-ദേവ” ബിംബങ്ങളെ പൗരബോധം എന്ന മതേതര സംസ്കാരംകൊണ്ടു് മാറ്റിയെടുക്കാൻ ഉതകുന്ന ഇടതുപക്ഷ അവബോധം ഇവിടെ ഇന്നും ബുദ്ധിജീവികൾക്കിടയിലെ സംവാദങ്ങൾ മാത്രമായി ഒതുങ്ങിക്കിടക്കുകയല്ലെ?
കരുണാകരൻ: ചന്ദ്രലേഖ
ഐറിസ് കോയ്ലിയോ:
മിനാറിനൊപ്പം ഭാരതിക്കൊപ്പം വിവേകിനൊപ്പം ജീവിതത്തിലെ വലിയ വെളിപ്പെടലുകൾക്കു് കാവലായി പേരില്ലാത്ത, വഴിയില്ലാത്ത, മതജാതിലിംഗമതിലുകളില്ലാത്ത ഒരു വലിയ തപാലാപ്പീസിലെ ഒച്ചകൾക്കു് ലിപിയൊരുക്കും എഴുത്തുകാരുടെ വിധി ഏറ്റുവാങ്ങുന്നു. ചന്ദ്രലേഖമാരുടെ നീണ്ടുനീണ്ടു പോകുന്ന ജനിതകക്കണ്ണികളോടു് പക്ഷം ചേരുന്നു. മറക്കില്ലൊരിക്കലും ഈ പെരുമഴയുടെ വായന. ഭട്ടതിരിയുടെ വരകൾ ഉയിരേകിയിരിക്കുന്നു കടലെടുക്കും തുരുത്തിനു്.
പി. പി. രാമചന്ദ്രൻ:
കരുണാകരന്റെ കഥ ഇന്നാണു് വായിച്ചതു്. മികച്ച രചന, ആഖ്യാനം.
രവീന്ദ്രനാഥൻ:
ചന്ദ്രലേഖ നല്ല വായനാനുഭവമായി.
സച്ചിദാനന്ദൻ: ബസവണ്ണയുടെ വചനങ്ങൾ
കെ. ജി. എസ്:
അകവും പുറവും നിറഞ്ഞു വഴിയുന്നു ബസവ വെളിച്ചം. സച്ചിയുടെ പക്വ പരിഭാഷ. ഭട്ടതിരിയുടെ വരയിൽ വരികൾ ആളുന്നതു് മറ്റൊരു വിസ്മയ വചന പുനർജ്ജന്മം. ചില വരകളിൽ വചനങ്ങളുടെ നാദശരീരം മുഴങ്ങുന്നു. ചിലതിൽ വചനാത്മാവിന്റെ നടനം. പരിഭാഷ വര സായാഹ്നയുടെ അവതരണം, എല്ലാം തികഞ്ഞതു്.
ലിസി മാത്യു:
ബസവണ്ണ നിറപ്പകിട്ടുള്ള പ്രഭാതം.
ശശീന്ദ്രൻ:
ബസവണ്ണ വെളിച്ചത്തിന്റെ തെളിച്ചം.
കെ. സച്ചിദാനന്ദൻ:
വചനം 36. ഇന്ദ്രിയ മോഹത്തിന്റെ പെൺപട്ടികൾ – ഇന്ദ്രിയ മോഹത്തിൻ പെൺപട്ടികൾ എന്നു വായിക്കാനപേക്ഷ. തെറ്റു് എന്റെയാണു്. ഇന്ദ്രിയ മോഹത്തിന്റെ കൊടിച്ചികൾ എന്നായിരുന്ന. ‘കൊടിച്ചികൾ’ കേരളത്തിൽ ചില ഭാഗത്തു് മനസ്സിലാവില്ലെന്നു് അശോകൻ പറഞ്ഞപ്പോൾ ‘പെൺപട്ടികൾ’ ആക്കി; ന്റെ എന്നതു് ൻ ആക്കാൻ മറന്നു. അതു് ഒഴുക്കു തടയും. (ചിലയിടത്തു് നായ് ആണും പട്ടി പെണ്ണുമാണു്. അവർക്കു് ഈ പ്രയോഗവും ആവർത്തനമായി – redundance-തോന്നാം, ക്ഷമിക്കുക). പിന്നെ വിവർത്തനം—അതു് അനായാസമാണു്, ഭക്തൻ മൂർത്തിയാകണമെന്നേയുള്ളൂ: സ്നേഹത്തിലൂടെ വിധേയത്വം, വിധേയത്വത്തിലൂടെ താദാത്മ്യത്തിന്റെ അദ്വൈതം. പിന്നെ ഒന്നും ചെയ്യാനില്ല. പേനയോ മൗസോ പിടിച്ചു് ഇരുന്നു കൊടുത്താൽ മതി. ഭട്ടതിരിക്കുപോകണം അക്ഷരനടനത്തിന്റെ പ്രകീർത്തനം.
ശ്രീദേവി കർത്ത:
ബസവണ്ണയും അക്കയും അവരവരുടെ ആത്മനാഥന്മാരായ സംഗമദേവനോടും ചെന്ന മലികാർജൂനനോടും സംവദിക്കുന്ന രീതിയിൽ ഉള്ള വ്യത്യാസം ശ്രദ്ധ ആവശ്യപ്പെടുന്നു. ബസവണ്ണ വിധേയനും നിസ്സഹായനുമായ ഒരു നിസ്വഭക്തന്റെ ഭാഷയിൽ വിളിച്ചു അപേക്ഷിക്കുമ്പോൾ അക്ക തന്റെ നാഥനോടു് നേർക്കു നേർ നിന്നു ചില ആവശ്യങ്ങൾ, ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കുന്നു. ഭക്തിയുടെ പാരമ്യത്തിലും അവർ വ്യക്തിയെന്ന ഉണ്മയെ നിരസിച്ചു കളയുന്നില്ല. സ്ത്രീപുരുഷ ദ്വന്ദത്തെ മറികടന്നു പോകുമ്പോഴും സ്ത്രീ ഉടൽ എന്ന സാന്നിദ്ധ്യത്തെ അതിന്റെ എല്ലാ ആർജ്ജവത്തോടെയും ആവിഷ്കരിക്കുന്നു. ബസവണ്ണ സംഗമേശ്വരനു് ലഭിക്കാവുന്ന ഒരു സമ്പൂർണ ഭക്തരൂപമായി പരിണമിക്കുമ്പോൾ അക്ക ഒരേസമയം ഭക്തയും മലികാർജ്ജുനനു ശ്രമിച്ചാൽ മാത്രം ലഭിക്കുന്ന അലഭ്യലക്ഷ്യവുമായി നിലനിൽക്കുന്നു. “എന്റെ മുലകൾക്കു് മേൽ ശയിക്കാൻ നിനക്കു എന്നു ഭാഗ്യം കിട്ടും ചെന്ന മലികാർജ്ജുനാ” എന്നു അക്ക ചോദിക്കുമ്പോൾ അക്ക ഭക്തയിൽ നിന്നു സമാവസ്ഥയിലേക്കു ഉയർന്ന സ്ത്രൈണ പ്രതീകമാണു്, ബസവണ്ണ ലയിക്കുന്ന ഒരു നദിയും. അക്ക സമുദ്രത്തിലേക്കു സ്വേഛായാൽ മാത്രം വർഷിക്കുന്ന ഒരു സ്വതന്ത്ര മേഘവും. രണ്ടു ദാഹം ശമിപ്പിക്കുന്ന ഉറവിടങ്ങൾ.
കെ. സച്ചിദാനന്ദൻ:
അക്കയിലാണു് ഞാനിപ്പോൾ. ഓരോ കവിയെയും ആ കവിയായി കാണാൻ എന്നെങ്കിലും നാം പഠിച്ചേക്കും. ഈ കവികൾ ദ്വൈതങ്ങളെ മറികടന്നിരുന്നു. നമുക്കു് അതു പ്രയാസമാകും. ആണിന്റെയുള്ളിലെ പെണ്ണിനെയും പെണ്ണിന്റെയുള്ളിലെ ആണിനെയും കാണാൻ പ്രാപ്തി നേടുമ്പോൾ നാം മനുഷ്യരാകാനിടയുണ്ടു്.
ഇ. മാധവൻ:
ചാരുതയാർന്ന ലാളിത്യത്തിനു് കീഴെ ഭക്തിയിൽ തത്വജ്ഞാനത്തിൽ അഭിഷിക്തമായ കാവ്യം. വിവർത്തനമെന്നു് തോന്നില്ല.
മനോജ് കുറൂർ:
മലയാളത്തിനു് ഉരിയാടാൻ ബസവവചനങ്ങൾ. ഇന്ത്യയുടെ ചരിത്രത്തിൽ മിന്നലിന്റെ വേഗവും വെളിച്ചവുമായി പ്രത്യക്ഷപ്പെടുകയും ഇത്തിരിക്കാലം ഒന്നു ഭ്രമിപ്പിച്ചിട്ടു പൊലിഞ്ഞു പോവുകയും ചെയ്ത നക്ഷത്രഭൂമിയാണു് ബസവണ്ണയുടെ കല്യാണ. അസാധാരണമായ പ്രപഞ്ചദർശനവും അതിന്റെ വൈയക്തികവും സാമൂഹികവുമായ ആവിഷ്കാരങ്ങളും ചേർന്നതാണു് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ അവിടെയുണ്ടായ കന്നഡ വചനകവിതാപ്രസ്ഥാനം. ഉത്തരകർണ്ണാടകയിലെ കല്യാണയിൽ ബിജ്ജളരാജാവിന്റെ മഹാമന്ത്രിയായിരുന്ന ബസവണ്ണയാണു് ഈ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതു്. ബസവണ്ണ തന്റെ ഭരണപരമായ അധികാരമുപയോഗിച്ചു് ജാതിവിവേചനം അവസാനിപ്പിച്ചു; ഏതു തൊഴിലും അവരവർക്കിഷ്ടമുള്ളതുപോലെ തിരഞ്ഞെടുക്കാമെന്നു വാദിച്ചു. ഏതു തൊഴിലും ഒരേപോലെ മഹത്വമുള്ളതാണെന്നു വിശ്വസിച്ച അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ അതേപടി നടപ്പിൽ വരുത്തുകയും ചെയ്തു. അടിസ്ഥാനപരമായി ശൈവഭക്തിപ്രസ്ഥാനമായ വീരശൈവ/ലിംഗായതദർശനത്തിൽ ഊന്നുന്ന വചനകവിതാപ്രസ്ഥാനത്തിനു് ദാർശനികമായ കെട്ടുറപ്പു നല്കിയതു് അല്ലമ പ്രഭുവാണു്. ജ്ഞാനവും കർമ്മവും ചേരുന്ന തന്റെ പദ്ധതി നടപ്പിൽ വരുത്താനുദ്ദേശിച്ചു ബസവണ്ണ സ്ഥാപിച്ച അനുഭവമണ്ഡപത്തിന്റെ അധ്യക്ഷനായതും അല്ലമ പ്രഭുതന്നെ. വചനകവിതാപ്രസ്ഥാനത്തിലെ ഏറ്റവും തിളക്കമുള്ള സാന്നിധ്യങ്ങളിലൊന്നു്, ഉടലിനെ ജയിക്കുകയാൽ നഗ്നയായി കല്യാണയിലെത്തുകയും തന്നെ പരീക്ഷിച്ച അല്ലമ പ്രഭുവിനെ പ്രതിഭയും ആത്മാർത്ഥതയുംകൊണ്ടു് വിസ്മയിപ്പിക്കുകയും ചെയ്ത അക്ക മഹാദേവിയാണു്. ബസവണ്ണയുടെ പത്നിമാരായ ഗംഗാംബിക, നീലാംബിക, സഹോദരിയായ നാഗലാംബിക, നാഗലാംബികയുടെ പുത്രനായ ചന്നബസവണ്ണ, അലക്കുകാരനായ മഡിവാള മാച്ചിദേവൻ, കടത്തുകാരനായ അംബിഗാര ചൗഡയ്യ, മരപ്പണിക്കാരിയായ കാളവ്വ, തൂപ്പുകാരിയായ സത്യക്കാ, ചെരുപ്പുകുത്തിയായ ചെന്നയ്യ എന്നിങ്ങനെ പ്രസിദ്ധരായ വചനകവികൾ വേറെയുമുണ്ടു്. കേരളത്തിലെ അവളൂരിൽപ്പിറന്നു് കല്യാണയിലെത്തിയ ഗൊഗ്ഗവ്വ എന്ന വചനകവി ആൺ-പെൺ വ്യത്യാസത്തെയാണു് തന്റെ കവിതകളിലൂടെ നേരിടുന്നതു്. എന്നാൽ ഈ പ്രസ്ഥാനം അധികകാലം നീണ്ടുനിന്നില്ല. ഒരു ചെരുപ്പുകുത്തിയുടെ മകനും ഒരു ബ്രാഹ്മണന്റെ മകളും തമ്മിലുള്ള വിവാഹം നടത്തിയതിന്റെ പേരിൽ യാഥാസ്ഥിതിക ബ്രാഹ്മണർ രാജാവിനെക്കണ്ടു പരാതി പറഞ്ഞു. അവർ ചേർന്നു് വചനകവികളെ ആക്രമിച്ചു. തുടർന്നുണ്ടായ തിരിച്ചടിയിൽ ബിജ്ജളരാജാവുതന്നെ കൊല്ലപ്പെട്ടു. ശിവശരണർക്കു് അതോടെ നാട്ടിൽനിന്നു പലായനം ചെയ്യേണ്ടി വന്നു. നാട്ടിൽനിന്നു പുറത്താക്കപ്പെട്ട ബസവണ്ണ കൂടലസംഗമത്തിലെത്തി സമാധിയിലിരുന്നു് ജീവത്യാഗം ചെയ്തു. വചനകവിതാപ്രസ്ഥാനത്തോടുള്ള തന്റെ വൈകാരികമായ അടുപ്പം സച്ചിദാനന്ദൻ നേരത്തെതന്നെ തന്റെ കവിതകളിലൂടെ ആവിഷ്കരിച്ചിട്ടുള്ളതാണു്. 1995-ൽ പ്രസിദ്ധീകരിച്ച ‘ബസവണ്ണ കർഷകരോടൊത്തു നൃത്തം ചെയ്യുന്നു’, ‘അക്ക മൊഴിയുന്നു’ എന്നീ കവിതകൾ ഉദാഹരണം. വചനകവികൾ മാത്രമല്ല, ആണ്ടാളും നാമദേവനും കബീറും മീരയും തുക്കാറാമും ചൈതന്യനും ബുള്ളേഷായുമുൾപ്പെടെ വിവിധ ഭാഷകളിൽ വിവിധ കാലങ്ങളിലുണ്ടായ ഭക്തകവികൾ അദ്ദേഹത്തിന്റെ ഭാവനയെ സ്വാധീനിക്കുകയും മൊഴികളെ ത്വരിപ്പിക്കുകയും ചെയ്തിട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘ഇന്ത്യൻ കവി’ എന്ന കവിതയിലുള്ളതുപോലെ ഒരേ സമയം ഭൂത-വർത്തമാന-ഭാവി കാലങ്ങളിൽ ജീവിക്കുന്ന, മൂന്നു മുഖമുള്ള ഇന്ത്യൻ കവിയുടെ കവിതയ്ക്കു് കാലത്തിന്റെ കൊമ്പിൽ തലകീഴായിക്കിടന്നു്, വേതാളത്തെപ്പോലെ നിരന്തരം ചോദ്യങ്ങൾ ചോദിക്കേണ്ടിവരുന്നു; ഒരേ സമയം പല ലോകങ്ങളിൽ ജീവിച്ചുകൊണ്ടുതന്നെ ഈ ലോകവുമായി സംവദിക്കേണ്ടി വരുന്നു. സച്ചിദാനന്ദന്റെ കവിത ചെയ്യുന്നതും അതുതന്നെ. സ്വന്തം കവിതകളിലൂടെ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കവിതകളുടെ മൊഴിമാറ്റത്തിലൂടെയും ഈ കവികർമ്മം അദ്ദേഹം തുടർന്നു പോരുന്നു. സച്ചിദാനന്ദൻ വിവർത്തനം ചെയ്ത ‘ബസവണ്ണയുടെ വചനങ്ങൾ’ വായിച്ചപ്പോൾ ഇത്രയും ആമുഖമായി പറയണമെന്നു തോന്നി. അദ്ദേഹംതന്നെ തയ്യാറാക്കിയ ആമുഖം വിവർത്തനങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ടു് എന്നതു കാണാതിരുന്നില്ല. അതുകൊണ്ടു് ഇതിനെ ഒരു വായനക്കാരന്റെ പൂരണമായി കരുതിയാൽ മതി. ‘ബസവണ്ണ കർഷകരോടൊത്തു നൃത്തം ചെയ്യുന്നു’ എന്ന കവിതയിൽ,

‘വരിക, ശിവനെച്ചുറ്റി നാം കൈകൾ കോർക്കുക

അവനു കൊടിയായിക്കലപ്പകളുയർത്തുക’

എന്നിങ്ങനെ വചനകവിതാപ്രസ്ഥാനത്തിന്റെ ജ്ഞാന-കർമ്മസങ്കല്പനങ്ങളിലെ പാരസ്പര്യം സൂചിപ്പിക്കുകയും വൈകാതെ അതു്,

‘നിലമുഴും കരി ശിവൻ,

കൊയ്യുമരിവാൾ ശിവൻ

അതു കൊയ്തതാറ്റിക്കൊഴിക്കും

മുറം ശിവൻ’

എന്നിങ്ങനെ ബഹുത്വത്തിലേക്കും ഐക്യത്തിലേക്കും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടു്, അദ്ദേഹം. ബസവണ്ണയുടെ വചനങ്ങളിലേക്കു കടക്കുന്നതിനു മുമ്പു് ഇതും ഓർമ്മിക്കാവുന്നതാണു്. വചനകവിതയുടെ ഒരു സവിശേഷത, അതിന്റെ പേരിൽത്തന്നെയുള്ള വചനസ്വഭാവമാണു്. വൃത്തം ദീക്ഷിക്കാതെതന്നെ, സംസാരത്തിന്റെ ആന്തരികവും ബാഹ്യവുമായ താളത്തെ ജൈവികമായി ആവിഷ്കരിക്കുന്ന രൂപമാണു് മിക്ക വചനങ്ങൾക്കുമുള്ളതു്. മുതിർന്ന കന്നഡ കവി എച്ച്. എസ്. ശിവപ്രകാശ് ചൊല്ലിയും ചില ഗായകർ പാടിയും കേട്ടതുകൊണ്ടതുകൂടിയാവും, ജൈവികവും സവിശേഷവുമായ ആ രൂപപരതയെ മലയാളത്തിലേക്കു് സ്വാംശീകരിക്കാൻ സച്ചിദാനന്ദനു് അനായാസം കഴിയുന്നു.

ലോകത്തെ മനസ്സിലാക്കാൻ നാം ആശ്രയിക്കുന്ന ദ്വന്ദ്വങ്ങളുടെയും ലോകത്തിന്റെ ബഹുത്വത്തിനും ജ്ഞാനത്തിന്റെ ഐക്യത്തിനുമിടയിൽ വന്നുചേരുന്ന തടസ്സങ്ങളുടെയും മുന്നിൽ ഹതാശനായി നില്ക്കുകയും ഇവയുടെ അന്തരങ്ങളൊഴിവാക്കി സമഗ്രജ്ഞാനത്തിലേക്കു തന്നെ വിമോചിപ്പിക്കുവാൻ അപേക്ഷിക്കുകയും ചെയ്യുന്ന ബസവണ്ണ അങ്ങനെ മലയാളത്തിന്റേതുകൂടിയായിത്തീരുന്നു. ആന-തോട്ടി, മാമല-മിന്നൽ, കൂരിരുട്ടു്-കൊച്ചുവിളക്കു്, ശിവൻ-മർത്ത്യഹൃദയം എന്നീ വലിപ്പച്ചെറുപ്പങ്ങളെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ആദ്യവചനംതന്നെ അങ്ങനെയൊരനുഭവമായിത്തീരുന്നുണ്ടു്.

‘അടുപ്പു കത്തുമ്പോൾ

അടുത്തുനിന്നിടാം

ഉലകം കത്തുമ്പോൾ

എവിടെപ്പോകും നാം’

എന്നിങ്ങനെ മലയാളത്തിന്റെ കാവ്യഭാഷയോടു് വചനങ്ങൾ ഇണങ്ങിച്ചേരുന്നതു് എത്ര സ്വാഭാവികമായാണു്!

‘ജീവിച്ചിരിപ്പവൻ

ആഹാരം ചോദിച്ചാൽ

‘പോ പുറത്തെ’ന്നു പറയും

മൂകം ശിവലിംഗം

കാണുകിൽ ചങ്ങാതി,

‘ചോറു നല്കെ’ന്നു കല്പിക്കും’

എന്നിങ്ങനെ ഭക്തിയും ജീവിതവും യഥാർത്ഥജ്ഞാനവും തമ്മിലുള്ള പൊരുത്തക്കേടുകളെ സംബോധന ചെയ്യുന്ന വചനങ്ങൾക്കു് മൊഴിമാറ്റത്തിലും അതേ മിഴിവുണ്ടു്.

‘ചന്ദ്രോദയം:

വേലിയേറ്റം കടലിനു്.

ചന്ദ്രക്ഷയം:

കടൽ വേലിയിറക്കമായ്’

എന്ന ദൃഢമായ കൃത്യതയുടെ ഭാഷയും

‘പക്ഷിയെ കൂട്ടിലടച്ചൂ,

എണ്ണ വിളക്കിൽ നിറച്ചൂ,

എണ്ണത്തിരിയും തെറുത്തൂ,

ഇപ്പോഴവൻ വരുമമ്മേ’

എന്ന ലളിതമായ ബാലകവിതയുടെ മട്ടും

‘പോയ് വ്യഭിചരിക്കാൻ ഞാൻ

കള്ളനാണയം കിട്ടീ,

പോയ് മതിലിനു പിന്നിൽ

തേളുകളെന്നെക്കുത്തീ’

എന്ന പരുക്കൻ ജീവിതാവിഷ്കാരവും

‘ദളിതന്റെ തെരുവിനും

ശിവമന്ദിരത്തിനും

ഈ ഭൂമിയൊരുപോലെ’

എന്ന ദൃഢപ്രസ്താവവും ഒരേ നിറവോടെ, ഏറെ തിളക്കത്തോടെ മലയാളത്തിലും വന്നു് ഈ മൊഴിമാറ്റങ്ങളെ ജീവസ്സുറ്റതാക്കുന്നു.

ഇവിടെ ഉദാഹരിച്ച ഭാഗങ്ങൾക്കുതന്നെയുള്ള രൂപപരമായ വൈവിധ്യവും അതിനു് ഉള്ളടക്കവുമായുള്ള ചേർച്ചയും വ്യക്തമാണു്.

‘അവരെക്കാണുക:

നീരിൻ പോളയെ രക്ഷിക്കാനായ്

കാരിരുമ്പിൻ കൂടുണ്ടാക്കും പാവങ്ങൾ’

എന്നതു പോലെ പദ്യ-ഗദ്യതാളങ്ങൾ വേർതിരിക്കാനാവാത്ത വിധം ഇണചേർന്ന വരികളും,

‘വേഗം പോട്ടെ വേഗം ഊം ഊം

ഇഷ്ടംപോലെ നടക്കട്ടെ ഊം’

എന്നിങ്ങനെ മൂളൽ പോലും അതിന്റെ കവിതാപരമായ ധർമ്മം നിർവഹിക്കുന്ന ഭാഗങ്ങളും ഈ വിവർത്തനങ്ങളിൽ കാണാം.

‘താളമറിയില്ലെനി, ക്കറിയില്ല വൃത്തം

വീണയുടെ, ചെണ്ടയുടെ താളക്കണക്കും’

എന്നു പറഞ്ഞു്, സ്നേഹത്തിന്റെ താളത്തിൽ ഗാനം പാടുന്ന വചനകവിയെ ഇങ്ങനെതന്നെയാണല്ലോ പുനരാവിഷ്കരിക്കേണ്ടതു്!

‘കാലുകൾ നൃത്തം ചെയ്യും

കണ്ണുകൾ കാണും

നാവോ പാടും’

എന്നിങ്ങനെ അതതു് ഇന്ദ്രിയങ്ങൾ സ്വയം പ്രവർത്തിക്കുന്നതുപോലെ സ്വാഭാവികമാവുന്നുണ്ടതു്.

നമ്മുടെ മുന്നിൽത്തന്നെയുള്ള ഈ വചനങ്ങളെപ്പറ്റി ഞാൻ വാചാലനാവുന്നില്ല. സായാഹ്ന ഫൗണ്ടേഷൻ കവിതകൾക്കിണങ്ങുംവിധം സുന്ദരമായാണു് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതു്. എൻ. ഭട്ടതിരിയുടെ കലിഗ്രാഫി ഇതിനു് അഴകും മിഴിവും കൂട്ടുന്നു. ഇതിനെല്ലാം കവിയോടും പ്രസാധകരോടും മലയാളം കടപ്പെട്ടിരിക്കുന്നു. അത്രയെങ്കിലും പറയാതിരിക്കാൻ വയ്യ.

‘മുറിനാവു് ’ എന്ന നോവൽ എഴുതുന്ന കാലത്തു് അതിലെ ഒരു പ്രധാനകഥാപാത്രമായ ഗൊഗ്ഗവ്വയോടൊപ്പം കന്നഡ മൊഴികളിലൂടെ സഞ്ചരിച്ചതിന്റെ ഓർമ്മ; ഒപ്പം ബസവണ്ണ ബാല്യകാലം ചെലവിട്ട കൂടലസംഗമത്തിലൂടെ, അദ്ദേഹം സ്വപ്നഭൂമിയാക്കിയെങ്കിലും ഇന്നൊരു പാവം ഗ്രാമമായി അവശേഷിക്കുന്ന കല്യാണയിലൂടെ, അവിടുത്തെ കോട്ടയിലൂടെ, അനുഭവമണ്ഡപത്തിലൂടെ, അക്ക മഹാദേവിയും അല്ലമ പ്രഭുവും അന്ത്യകാലം ചെലവഴിച്ച ശ്രീശൈലത്തിലൂടെ, മല്ലികാർജ്ജുനന്റെ സവിധത്തിലൂടെ നേരിട്ടു യാത്ര ചെയ്ത അനുഭവം; എന്നെ തെളിച്ചെടുത്ത ആ വൈകാരികതകളെ ഒന്നുകൂടി ഗാഢമാക്കിയ ഈ മൊഴിമാറ്റത്തെ ഞാൻ ഉള്ളിനോടു ചേർത്തുപിടിക്കുന്നു.

കെ. സച്ചിദാനന്ദൻ:
നന്ദി, മനോജ്. ആരാണെഴുതിയതെന്നു നോക്കാതെയാണു് വായിച്ചുതുടങ്ങിയതു്. ഇതു് വചനങ്ങളുടെ ഒരു സമാഹാരത്തിന്റെ ആദ്യഖണ്ഡമാണെന്നറിയിക്കട്ടെ. അക്കയുടെ മൊഴിമാറ്റം തുടങ്ങി, രണ്ടു വചനങ്ങൾ ഇന്നലെത്തന്നെ ഫേസ്ബുക്കിൽ ഇട്ടിരുന്നു. തുടർന്നു് അല്ലമ പ്രഭുവും ദാസി മയ്യയും ഉൾപ്പെടെ എട്ടു കവികളുടെ കൂടി വചനങ്ങൾ ചെയ്യാനാണു്—ഇൻശാള്ളാ—ആഗ്രഹം. ഈ ആമുഖം സായാഹ്നയ്ക്കായി എഴുതിയതാണു്, പുസ്തകത്തിൽ വിശദമായ അവതാരിക ഉണ്ടാകും, ഓരോ കവിക്കും ആമുഖക്കുറിപ്പുകളും. താളപ്രമാണങ്ങളെക്കുറിച്ചു് ആധികാരികമായി പറയാൻ കഴിയുന്ന താങ്കൾ എനിക്കു് ബസവ വെറുതേ തോന്നിച്ച വരികളെ ഇങ്ങിനെ സന്ദർഭയുക്തിയും ദർശന ക്രമവുമായി ചേർത്തു വ്യാഖ്യാനിച്ചു കണ്ടപ്പോൾ ആഹ്ലാദം തോന്നി. ഒന്നു കണ്ടാലുടൻ മറ്റൊന്നിനെ വലിച്ചുകൊണ്ടുവന്നു് ആ ഒന്നിനെ അധിക്ഷേപിക്കുന്ന നമ്മുടെ സംഘയുക്തിക്കു് അപവാദങ്ങളുണ്ടെന്നതു തന്നെ ആഹ്ലാദകരം.
മനോജ് കുറൂർ:
എഫ്ബിയിൽ വിവർത്തനങ്ങൾ വായിക്കാറുണ്ടു്, മാഷേ. കൽബുർഗി എഡിറ്റ് ചെയ്ത സമാഹാരവും രാമാനുജന്റെ വിവർത്തനവും കന്നഡ മൂലവും ചേർത്തു് കുറെയൊക്കെ വായിച്ചപ്പോൾ മലയാളത്തിലും ഈ വചനങ്ങൾ വന്നിരുന്നെങ്കിൽ എന്നു് ആഗ്രഹം തോന്നി. അതു് വളരെ അർത്ഥവത്തായ നിലയിൽ മാഷ് ചെയ്തു കാണുമ്പോൾ വലിയ സന്തോഷം. സ്നേഹാദരങ്ങൾ.
അൻവർ അലി:
നന്നായി മനോജ്. നിനക്കും സച്ചി മാഷുടെ വേഗവും താളവും. വചനയുടെ മലയാള പാഠങ്ങൾ മുമ്പു് ചിലതു് വന്നിട്ടുണ്ടു്. അയ്യപ്പപ്പണിക്കരുടെയും വിനയചന്ദ്രന്റെയും പുസ്തകങ്ങളുണ്ടു്. പക്ഷേ, രണ്ടിനും ഇംഗ്ലീഷിനെ മാത്രമായി ആശ്രയിച്ചതിന്റെ പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നു. വചന കവിതയുടെയുടെയും ബസവ ദർശനത്തിന്റെയും ആഗോള പ്രചാരത്തിനു് നാമെല്ലാം എ. കെ. രാമാനുജന്റെ ഇംഗ്ലീഷ് വിവർത്തനങ്ങളോടു് കടപ്പെട്ടവരെങ്കിലും Dance of Siva-യിലെ ഭാഷപരമായ ഒത്തുതീർപ്പുകളെ ശിവപ്രകാശിനെപ്പോലുള്ളവർ വിമർശനാത്മകമായാണു് കാണുന്നതു്. ഏതായാലും, കന്നഡ കൂടി വായിച്ചു കേട്ടുള്ള വിവർത്തനത്തിന്റെ ചൊടിയും ചൂരുമുണ്ടു് സച്ചി മാഷുടെ പാഠങ്ങൾക്കു്. ഇന്ത്യൻ ഭാഷകൾ ഒന്നിച്ചിരിക്കലും കവിത മൊഴിമാറ്റലും, യഥാർത്ഥത്തിൽ ഹിന്ദുത്വദേശീയതാ വാദികൾക്കെതിരായ അടിസ്ഥാനപരമായ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമാണു്. അക്കാര്യം വളരെ നേരത്തേ തിരിച്ചറിഞ്ഞ അപൂർവ്വം ഇന്ത്യൻ കവികളിലൊരാളാണു് സച്ചിദാനന്ദൻ. ദക്ഷിണേഷ്യൻ കവിമൊഴികളുടെ ഒരു പൊതുവിടം നമുക്കുണ്ടാക്കിയെടുക്കണം സച്ചി മാഷേ, മറ്റു് മലയാള കവികളേ…
മനോജ് കുറൂർ:
അതേ. നേരത്തെയുളള വിവർത്തനങ്ങൾ കാണാഞ്ഞിട്ടല്ല. വിനയചന്ദ്രൻ സാറിന്റെ വിവർത്തനം എം. രാമയുടെ സഹായത്തോടെ ചെയ്തതാണുതാനും. വിനയചൈതന്യയുടെ അക്ക മഹാദേവി വിവർത്തനവുമുണ്ടു്. അടുത്ത കാലത്തു് ഗോപി ചെയ്തതുമുണ്ടു്. സച്ചിമാഷുടെ ഈ വിവർത്തനങ്ങൾ വചനകവിതയെ അതിന്റെ രൂപപരമായ പ്രത്യേകതകൾ ഉൾപ്പെടെ മലയാളത്തിലേക്കു് കൊണ്ടുവരുന്നു എന്നതാണു് കൂടുതൽ പ്രസക്തമായി തോന്നിയതു്. അപ്പോഴും അതിന്റെ വൈകാരികമായ ഉള്ളടക്കം നഷ്ടപ്പെടുന്നുമില്ല. മറ്റു വിവർത്തനങ്ങളെ ആദരിച്ചുകൊണ്ടുതന്നെയാണു് ഇതു പറയുന്നതു്.
ഹബീബ് എം എച്ച്:
സഹസ്രസംവത്സരങ്ങൾക്കു് അപ്പുറത്തു് നിന്നു് ബസവണ്ണന്റെ വചനങ്ങൾ വർഗ്ഗീയത കൊണ്ടു് മുറിവേറ്റ വർത്തമാന കാലത്തിനു് കുളിർ മഴയാകുന്നു. ബസവണ്ണന്റെ ഭക്തനു് സ്വന്തം മുറ്റം തന്നെയാണു് കാശി, സ്വന്തം ശരീരം തന്നെയാണു് കൈലാസം. മാനവരുടെ ലോകത്തിൽ നിന്നും വേറിട്ട ഒരു ദേവലോകം ബസവണ്ണനില്ല.

“സ്നേഹകാരുണ്യങ്ങളില്ലാതൊക്കുമോ വിശ്വാസിയാവുകാൻ.”

ബസവണ്ണനെ സായാഹ്നയിലെത്തിച്ച എല്ലാവർക്കും നന്ദി.

ആദർശ് സി:
കൂടലസംഗമത്തിനു നമ്മുടെ നാടുമായി എന്തെങ്കിലും ചരിത്രബന്ധം ഉണ്ടോ?
മനോജ് കുറൂർ:
ഇരിങ്ങാലക്കുടയുമായി ബന്ധിപ്പിച്ചു് ഞാനും കുറേ അന്വേഷിക്കാൻ ശ്രമിച്ചതാണു്. പക്ഷേ, സംഗമേശനുമായി എന്തെങ്കിലും ബന്ധം കണ്ടുപിടിക്കാനായില്ല. കാരണം, കർണ്ണാടകത്തിലെ കൂടലസംഗമം ആ സംസ്ഥാനത്തിന്റെ അങ്ങു വടക്കാണു്. ഏകദേശം ഉത്തരേന്ത്യയോടു് അടുത്ത സ്ഥലം. നേരിട്ടുള്ള സാംസ്കാരികബന്ധം കുറവാകാനാണു സാധ്യത.
അൻവർ അലി:
പണിക്കരുടെ വിവർത്തനം ഇംഗ്ലീഷിൽ നിന്നായിരിക്കണം. ശിവയുടെ സഹായത്തോടെയും വിനയയോടൊപ്പവും ആ വിവർത്തനങ്ങളിൽ ചിലതു് ഒത്തു നോക്കിയിട്ടുണ്ടു്. വലിയ അകലം തോന്നി. വിനയചന്ദ്രന്റെയും നോക്കി. അതിൽ ദുഃസ്വാതന്ത്ര്യം വളരെ. വിനയചൈതന്യ അക്കയെ മലയാളത്തിലാക്കിയതു് ഞാനും അനിതയും എഡിറ്റു ചെയ്യാൻ ശ്രമിച്ചതാണു്. പക്ഷേ, വിനയയ്ക്കു് കന്നഡ മലയാളലിപിയിലെഴുതലാണു് പഥ്യം.
കെ. ജി. എസ്:
സച്ചി, മനോജ്, അൻവർ, വചനവർത്തമാനം ജോർ.
കെ. സച്ചിദാനന്ദൻ:
ഞാൻ കൊച്ചിയിലായതിനാൽ എന്റെ കയ്യിൽ പൂർവ്വ പരിഭാഷകളില്ല. അതു നന്നായെന്നു് തോന്നുന്നു.
ദാമോദർ പ്രസാദ്:
ഇവിടുത്തെ ഇപ്പോഴത്തെ ചർച്ച വിഷയുമായി ബന്ധപ്പെട്ടൊരു കാര്യം സൂചിപിക്കാൻ മാത്രം. The Pre History of Hinduism എന്നൊരു outstanding and indepth ആയൊരു അക്കാദമിക് പഠനമുണ്ടു്. കർണ്ണാകടത്തെ മുൻനിർത്തിയാണു്. അതെഴുതിയ ഡോ. മനു വി. ദേവദേവൻ ഈ ഗ്രൂപ്പിൽ തന്നെ മെമ്പറാണെന്നാണു് ഞാൻ മനസ്സിലാക്കുന്നതു്. ഒരു ദിവസം യാദൃശ്ചികമായി വെങ്കിടിയുടെ ചായക്കട ലേഖനത്തെപറ്റി നടന്ന ചർച്ചയ്ക്കിടയിൽ ആ പേരു് കാണുകയുണ്ടായി. കൽക്കത്ത ഐ. ഐ. റ്റി. അധ്യാപകനായ അദ്ദേഹത്തിന്റെ ഗുരുവും സായാഹ്നയിൽ മെമ്പറാണെന്നാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രഫ. കേശവൻ വെളുത്താട്ടു്. ആ പുസ്തകത്തിലേക്കു് എത്തുന്നതു് മനു വി. ദേവദേവന്റെ ദ ഹിന്ദുവിൽ വന്ന അഭിമുഖം വായിച്ചതിനു ശേഷമാണു്. അദ്ദേഹത്തിനു് ഗവേഷണത്തിനുള്ള ഇൻഫോസിസ് അവാർഡ് കിട്ടിയിട്ടുണ്ടു്. അതിന്റെ തലേവർഷം നന്ദിനി സുന്ദറിനാണു് പ്രസ്തുത അവാർഡ് ലഭിച്ചതെന്നു് തോന്നുന്നു. ഞാൻ The Pre History of Hinduism വായിച്ചു എന്നു പറയുന്നതു് ശരിയായിരിക്കില്ല. വായിക്കാൻ ശ്രമിച്ചുവെന്നു പറയുന്നതായിരിക്കും ശരി. In-depth Scholarship. നമ്മളിൽ നിന്നു് കൂടുതലും ഡിമാന്റ് ചെയും. എന്നുവെച്ചാൽ ഇമോജിയിൽ നില്ക്കില്ല എന്നു പറയാം. ഹിന്ദുവിൽ പരിചയപ്പെടുന്നതനുസരിച്ചു് മനു വി. ദേവദേവൻ കന്നടയിൽ കവിതയും എഴുതുന്നു. എന്തായാലും, വചന കവിതയെപറ്റി കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നവർക്കു് അദ്ദേഹത്തിന്റെ ആഴമുള്ള അറിവു് ഗുണപ്പെടും. ഇതുകൂടി പറഞ്ഞോട്ടേ: അക്കാ മഹാദേവി, കാരയ്ക്കലമ്മ, ലാലദെദ്, മീര എന്നിവരെക്കുറിച്ചും ഭക്തികവിതയിലടങ്ങിയിട്ടുള്ള സവിഷേമാംവിധമുള്ള സ്ത്രൈണോർജ്ജത്തെക്കുറിച്ചുള്ള പഠനമാണു് സുജാത ടീച്ചറുടെ “ചിദ്ഗനികുണ്ഡ സംഭൂത”. പഠനത്തെക്കാൾ ഉപരി ടീച്ചറുടെ മൗലിക നിരീക്ഷണങ്ങളാൽ സമ്പന്നം. ഒരുപക്ഷേ, അതിലെ നിരീക്ഷണങ്ങൾ ടീച്ചറുടെ തന്നെ കവിതകളെ കുറിച്ചാണു്.
കെ. ജി. എസ്:
വിനയചൈതന്യയുടെ അക്ക മഹാദേവിയുടെ വചനങ്ങൾ ഈ രാത്രിയിൽ ഞാൻ വീണ്ടും വായിച്ചു. ഇന്നും തനിമ മുഴങ്ങുന്നു. കർണാടക ഗ്രാമങ്ങളിൽ താമസിച്ചിട്ടുള്ള വിനയചൈതന്യ ‘സാധുക്കളിൽ’ നിന്നു് വചനങ്ങൾ വാമൊഴിയിൽ കേട്ടു് കേട്ടു് പാകപ്പെട്ട വചനാനുഭവത്തെപ്പറ്റി പറയുന്നുണ്ടു്. പരിഭാഷയെ ഉദാസീനമല്ലാതാക്കാൻ അതു് തുണയായിട്ടുണ്ടെന്നു് തോന്നി. മനുവും വെളുത്താട്ടും വിനയ ചൈതന്യയും വചനകവിതയെപ്പറ്റി ഇവിടെ എഴുതുന്നതു് ഗുണമാവും.
Muraleedharan Ramakrishana:
Basavanna, Akka, Allamma Prabhu: Are we not romanticising Basava movement and Bhakti a bit too much?
കെ. ജി. എസ്:

തെല്ലതിൻ സ്പർശമില്ലാതെ

ഇല്ല വിവർത്തനമൊന്നുമേ.

ബി. രാജീവൻ: നവോത്ഥാനം—ബദൽ സമീപനത്തിനു് ഒരാമുഖം
ഹബീബ് എം എച്ച്:
നവോത്ഥാനത്തെ ലിബറൽ സാംസ്ക്കാരിക പ്രസ്ഥാനമായി ആഘോഷിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു് ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടു്. നവോത്ഥാനത്തിന്റെ പേരിൽ ജന്റർ ഈക്വാലിറ്റി തിരികി കയറ്റാൻ ഇവർ ശ്രമം നടത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനം അവരെ ഇതിനു് കണക്കിനു് ശിക്ഷിച്ചു. പാർട്ടികൾ തരം കിട്ടിയപ്പോൾ നിലപാടു് മാറ്റിയെങ്കിലും പ്രഭാഷകവർഗ്ഗം വിഷമം കരഞ്ഞു് തീർക്കേണ്ടി വന്നു. വോട്ടർന്മാരുടെ അസാധാരണമായ ചായ്വാണു് വലതുപക്ഷത്തേക്കു് ഉണ്ടായതു്. ഇതു് സ്വീകരിക്കാൻ വേണ്ട യോഗ്യത ചമഞ്ഞു് തീവ്രവലതുപക്ഷം രംഗത്തു് വരുവാൻ അധികം സമയം വേണ്ട എന്നതു് ഭീതി ജനകമാണു്.
രാജൻ പടുതോൾ:
ശ്രീ ബി രാജീവന്റെ ലേഖനത്തിനു് പുതുമ തോന്നിയില്ല. ഇന്നോളം നവോത്ഥാനം കെെകാര്യം ചെയ്തതു് മേലാളരാണെന്ന പല്ലവി ആവര്‍ത്തിക്കുകമാത്രമാണു് അദ്ദേഹം ചെയ്യുന്നതു്. ശ്രീനാരയാണഗുരുവിനുശേഷം കേരളത്തിലെ നവോത്ഥാന ചിന്ത സംവാദങ്ങളിലും സെമിനാറുകളിലും ഒതുങ്ങിപ്പോവുകയാണു്. ശ്രീ രാജീവിന്റെ ലേഖനം വായിക്കുന്നവരും അതിനോടു് പ്രതികരിക്കുന്നവരും ‘മദ്ധ്യവര്‍ഗ’ക്കാരാണെന്നതു് തന്നെ നവോത്ഥാനത്തിന്റെ പരിമിതികള്‍ക്കു് നിദര്‍ശനമാണു്.
മധുസൂദനൻ: വെളിച്ചത്തിനെന്തൊരു വെളിച്ചം
കെ. സച്ചിദാനന്ദൻ:
കലയെക്കുറിച്ചു് ഒരു കലാനിരൂപകനും ഇത്ര ആകർഷകമായ മലയാളത്തിൽ എഴുതിക്കണ്ടിട്ടില്ല. അനുഭൂതിയുടെ വെളിച്ചത്തിന്റെ ഇരുളിടങ്ങളിലാകാം നിരൂപണത്തിന്റെ പിറവി. ആ വെളിച്ചത്തിന്റെ അദൃശ്യ പ്രഭവങ്ങൾ എത്ര കുറച്ചു പേർക്കേ അറിയൂ!
ഇ. പി. ഉണ്ണി:
നന്ദി… at Rembrandt’s…
രാജൻ പടുതോൾ:
ചിത്രകലയെപ്പറ്റി ഏറെ വെളിച്ചം വീശുന്ന “വെളിച്ചത്തിനെന്തൊരു വെളിച്ചം” നല്ലൊരു വായനാനുഭവമാണു്. നന്ദി.
അബ്ദുൾ:
Rembrandt’s influence on cinema, Rembrandt’s influence on Poetry, Rembrandt’s influence on theatre, Rembrandt’s influence on science, Rembrandt’s influence on…, എത്രവേണമെങ്കിലും ഇതു് നീട്ടാം. മഹാനായ ആ പ്രതിഭയുടെ മഹദ് രചനകളെ തെളിനീർ ഭാഷയിൽ വിവൃതമാക്കിയ മധുസൂദനനു് നന്ദി.
കെ. ജി. എസ്:
സ്വന്തമായ വലിയ രചനാപദ്ധതികൾക്കിടയിലും കാഴ്ചയുടെ ചരിത്രവും കാഴ്ചയിലെ ചരിത്രവും കാലങ്ങളായി അനുഭവസൂക്ഷ്മതയോടെ മധു എഴുതുന്നു. നമ്മുടെ ചിത്രസംസ്കാരത്തിനു് അതു് ഗുണം ചെയ്യുന്നുണ്ടു്. കാണലിൽ നിന്നു് എഴുതലിലേക്കു് മധുവിനൊരു നേർവഴിയുണ്ടു്. ചിത്രത്തിൽ ചരിത്രം കാണുന്നൊരു കൺവഴി. ചിത്രത്തിൽ ഇരുട്ടും വെളിച്ചവും നിറങ്ങളും വീഴ്ത്തുന്ന ചരിത്രങ്ങളുടെ നടവഴി. ആംസ്റ്റർഡാമിൽ റെംബ്രാൻഡിന്റെ സ്റ്റുഡിയോയിൽ ചിത്രം കണ്ടു് നിൽക്കുമ്പോൾ മധുവിൽ കേരളത്തിലെ മഴ വെളിച്ചം പെയ്തെത്തുന്ന നാട്ടുവഴി. മഴയിലെ വെളിച്ചത്തിനും മഴ കഴിഞ്ഞുള്ള വെളിച്ചത്തിനും വിഹാരാനുവാദമുള്ള ഓർമ്മയുടെ വലിയൊരു തുറസു് ചിത്രാനുഭവകഥനങ്ങളിൽ മധുവിന്റെ ഉൾക്കാഴ്ചയിൽ തെളിയുന്നു. കാലക്കയത്തിലേക്കിറങ്ങുന്ന പുരാവസ്തുവായനക്കാരന്റെ നെറ്റിടോർച് പോലെ മധുവിന്റെ നോട്ടം ചിത്രങ്ങളിൽ വീഴ്ത്തുന്ന വെളിച്ചം റീപ്രിന്റുതീനികളായ നമ്മുടെ റെംബ്രാൻഡനുഭവം ദീപ്തമാക്കുന്നു. കവിതയും തത്വവെളിവും ചിത്രസംസ്കാരവും ചലച്ചിത്രകാരന്റെ നോട്ടവും മെടഞ്ഞുണ്ടാവുന്ന മധുവിന്റെ ചിത്രാനുഭവകഥനം സമയസാരം പോലൊരു വെളിച്ചപ്പിറവി നമ്മിൽ ഉദിപ്പിക്കുന്നു. റെംബ്രാൻഡിൽ മാത്രമല്ല. തുഞ്ചത്തെഴുത്തച്ഛന്റെ കാലത്തെ ബ്രൂഗൽ മുതൽ ഇന്നത്തെ അയി വെയ് വെയ് വരെ അനേകം മഹാ ചിത്രാചാര്യന്മാരിൽ വരെ മധുവിന്റെ ഉൾക്കാഴ്ച വിളയാടുന്നതു് പല കാലത്തു് വായിച്ചിട്ടുണ്ടു്. ഇന്നത്തെ ഈ ജീവനുള്ള റെംബ്രാൻഡനുഭവം അവയുടെ ഓർമ്മയിലേക്കും വ്യാപിക്കുന്നു.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
Rishi:
A few technical helper documentation and notes from Sayahna Foundation prepared by STM Software Engineering team. 1. http://books.sayahna.org/ml/pdf/stmse-ltx-intro.pdf LATEX: A gentle introduction (CV Radhakrishnan) As the title says, this is a short and gentle introduction to LATEX. 2. http://books.sayahna.org/ml/pdf/stmse-math.pdf Elegant Mathematics (S Rahulkrishnan) How to typeset mathematics in LATEX is explained in this document. Lot of examples are provided. 3. http://books.sayahna.org/ml/pdf/stmse-BibTeX.pdf Bibliography management with BibTeX (V Apu) BibTeX databse system which is widely used for bibliography management is explained here in detail. 4. http://books.sayahna.org/ml/pdf/stmse-manusubmission.pdf Research article preparation in LATEX (CV Radhakrishnan and T Rishi) The first part of the document emphasise on the importance of following a Guide for Authors while preparing manuscript for publishing. Second part deals with Elsevier recommended LaTeX packages for manuscript submission. 5. http://books.sayahna.org/ml/pdf/stmse-tf.pdf TeXFolio - A complete journal production system (S Rahulkrishnan) TeXFolio is a complete journal production framework built on TeX in cloud developed by STM Software Engineering, Trivandrum. More than 700,000 pages of highly complex research articles from Scientific, Technology and Medical category are typeset using this system. 6. http://books.sayahna.org/ml/pdf/stmse-Neptune.pdf Neptune proofing framework (Rashmi R Prabhu and KS Akshay) A LATEX based and web-based proofing framework. One of the leading publishers of the world who publish 2.1 million pages a year in their 2,500 journals have accepted this as their proofing framework for LATEX content. More than 200,000 article pages have been proofed out since it’s launch in 2018. It should be ideal for Universities that publish journals. Another LATEX based tool from STM Software Engineering. 7. http://books.sayahna.org/ml/pdf/stmse-xpc.pdf XPC: Auto-pagination (KS Akshay) XML page composition is a new concept. A tool which accepts XML documents and assets like figures, metadata information etc. from a third party and typeset using LATEX in an automated environment. A changing face of the publishing industry.

(സെപ്റ്റംബർ 20 മുതൽ 26 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
കെ. ജി. എസ്.: ബാക്കി
കെ. സച്ചിദാനന്ദൻ:
രണ്ടു ദിവസം ഒരു മരണവരയുമായി-ഡെഡ് ലൈൻ-പൊരുതുകയായിരുന്നു. കെ. ജി. എസ്സിന്റെ കവിതകൾ സത്യത്താൽ വിശുദ്ധം. പറയേണ്ടതു പറയാതെ മരിക്കുന്നവർക്കിടയിൽ ജീവിച്ചിരിക്കുന്നവരുടെ വ്യഥ. അനിവാര്യമായ രോഷം. മൃതിയുമായുള്ള അഭിമുഖം. മോഹനന്റെ നിറങ്ങളും. നന്നായി.
സി. സന്തോഷ് കുമാർ: അങ്കമാലിയിലെ പ്രധാനമന്ത്രി
കെ. സച്ചിദാനന്ദൻ:
സന്തോഷ് കുമാറിന്റെ ആദ്യസമാഹാരം കാത്തിരിക്കുന്നു. മികച്ച ക്രാഫ്റ്റ്. തെളിഞ്ഞ ഭാവന.
പി. എസ്. രാധാകൃഷ്ണൻ: വടക്കൻപാട്ടുസിനിമ; സാംസ്കാരികവിശകലനം
ഒ. അരുൺകുമാർ:
ഒട്ടേറെ പുതുമകൾ സമ്മാനിച്ച എഴുത്തുകാരനാണു പി. എസ്. രാധാകൃഷ്ണൻ. ബാലരമ മുതൽ ചരിത്രരേഖകൾവരെ റഫർ ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിവരണാത്മകത അടിമുടി വിശകലനാത്മകമാണു്. കലയുടെ വിനിമയസന്ദർഭങ്ങൾ ഇത്ര ആഴത്തിൽ മുൻപു പഠിക്കപ്പെട്ടിട്ടില്ല. വടക്കിൽ ഒരു കേരളത്തെ ആരോപിച്ചുണ്ടാക്കുകയായിരുന്നു വടക്കൻപാട്ടു സിനിമകൾ എന്ന നിരീക്ഷണംതന്നെ എത്ര തൂക്കമുള്ളതാണു്.
ബി. ജെയമോഹൻ: നിറപൊലി
കെ. സച്ചിദാനന്ദൻ:
രാവിലത്തെ സദ്യ ബഹുകേമം. ജെയമോഹനും രാമനും ഉഗ്രൻ ദേഹണ്ഡക്കാർ. എല്ലാം നള പാകം. (നോവലെങ്കിൽ ഭീമ പാകം എന്നു പറഞ്ഞേനെ.)
ഒ. അരുൺകുമാർ:
എല്ലാ ഇന്ദ്രിയങ്ങളും തുറന്നുകിട്ടുന്നതിന്റെ സുഖമുണ്ടു്. ‘ഒ’ണക്ക ഗദ്യം അല്ലെന്നു ചുരുക്കം.
സച്ചിദാനന്ദൻ: ഗാന്ധി
കെ. സച്ചിദാനന്ദൻ:
മുപ്പതു വർഷത്തിനുശേഷം ഞാൻ ഈ നാടകം വീണ്ടും വായിച്ചു. ഇന്നാണെങ്കിൽ ഞാൻ എന്തെങ്കിലും തിരുത്തൽ വരുത്തുമായിരുന്നോ എന്നറിയാൻ. ഇല്ല. അന്ത്യരംഗത്തിലെ പ്രത്യാശയ്ക്കു് മങ്ങലേറ്റിട്ടുണ്ടു്—കാരണം കണ്ണിലെ ഈർപ്പമാകാം, അഥവാ ഞാൻ കൂടുതൽ വൃദ്ധനായതാകാം. ഇല്ല, ഒന്നും മാറ്റിയെഴുതില്ല. മധുവിനും സന്തോഷിനും ഭട്ടതിരിക്കും സായാഹ്നയ്ക്കൊപ്പം, നന്ദി.
അംബികാസുതൻ മാങ്ങാടു്:
മാഷേ, മനസ്സു് തൊട്ടു…
കരുണാകരൻ:
അങ്ങനെയാണു്, മുപ്പതുവർഷത്തിനു ശേഷം സച്ചിദാനന്ദന്റെ “ഗാന്ധി” വീണ്ടും വായിക്കുന്നു. ഒരുപക്ഷേ, അന്നത്തെക്കാൾ തീവ്രതയോടെ ഈ നാടകം ഇന്നു് വായിക്കുന്നതു് ഇപ്പോൾ നമ്മൾ അകപ്പെട്ട രാഷ്ട്രീയ സന്ദർഭം കൊണ്ടുതന്നെയാണു്. നാടകത്തിന്റെ അന്ത്യമെത്തുമ്പോൾ നാം വായിക്കുന്ന പ്രതീക്ഷയും പ്രതിജ്ഞയും അരങ്ങിലെ ഒരു മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കേൾക്കുന്നു. അന്നു് ഈ നാടകം വായിക്കുമ്പോൾ ഞാൻ അധികവും ശ്രദ്ധിച്ചതു് ഈ നാടകത്തിന്റെ രൂപമായിരുന്നു. അക്കാലത്തു് ഞാൻ വായിക്കുന്ന ബ്രഹ്ത്തിയൻ നാടകങ്ങളുടെ രീതിയും അക്കാലത്തു് മറ്റൊരു ഉണർവു് പകർന്നിരുന്ന ‘തനത്’ നാടക സങ്കൽപ്പവും അവതരണവും ഈ നാടകത്തിനു് നൽകുന്ന ഉന്മേഷം, ഇപ്പോഴും, വായനയിൽ, അതേപോലെ നിൽക്കുന്നു. തന്റെ ജീവിതത്തെ ഒരു പൊതു സ്വത്തു് എന്ന വിധം അവതരിപ്പിക്കുന്ന ഗാന്ധിജി, ഒരു “കലാവസ്തു” ആവുന്നതും പ്രകടമായ അതേ അടയാളങ്ങൾ തന്നുകൊണ്ടാണു്. ചരിത്രമായും ജീവിതമായും. ഈ നാടകത്തിൽ നമ്മൾ കണ്ടുമുട്ടുന്നപോലെ. കവിതയും കഥയും നാടകവും ചിത്രവും ഗാന്ധിയെ അപരിചിതമാക്കുന്നില്ല. അത്ര ‘പ്ലൈൻ’ ആണു് ഗാന്ധി കലയിലും. അങ്ങനെ പ്ലൈൻ ആയിക്കൊണ്ടു്, ഗാന്ധി കലയ്ക്കും വെല്ലുവിളി ഉയർത്തുന്നു. അച്ഛൻ ഈറോഡിൽ ജോലി ചെയ്തിരുന്ന കാലത്തു് സ്കൂൾ അവധിയ്ക്കു് അവിടെ പോകുമ്പോൾ പട്ടണത്തിലെ ജംഗ്ഷനിലുണ്ടായിരുന്ന ഗാന്ധി പ്രതിമയുടെ അരികിൽ പോയി ഞാൻ നിൽക്കുമായിരുന്നു. ഗാന്ധിയെ കാണാൻ. നീലനിറം തീണ്ടിയ ആ കല്ലുടലിൽ അങ്ങനെ അല്ലാത്ത ഒന്നു് ആ കണ്ണടയായിരുന്നു. ചില്ലുകൾ ഇല്ലാത്ത അലുമിനിയത്തിന്റെ ഒരു ഫ്രെയിം. ആ കണ്ണട എനിക്കു് സങ്കടം തന്നിരുന്നു. അതു് ഗാന്ധിയുടെയല്ല എന്ന തോന്നലായിരുന്നു അന്നു്. ഇന്നതു് എത്ര കലാവിരുദ്ധമായിരുന്നുവെന്നു് ഓർക്കുമ്പോൾ രോഷവും വരും. അതുകൊണ്ടാണു് ഇപ്പോൾ എവിടെ ഗാന്ധിയെ കാണുമ്പോഴും ആ കണ്ണട എങ്ങനെ എന്നു് ആദ്യം തിരയുന്നു. നാടകത്തിനൊപ്പം കാണുന്ന ഈ ചിത്രങ്ങളിലും. ഗാന്ധി എന്ന നാടകത്തിന്റെ തലക്കെട്ടിൽ പോലും.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
അശോൿകുമാർ, പി. കെ.:
Sayahna Authors Group. സായാഹ്നയിൽ പ്രസിദ്ധീകരിക്കുന്ന കൃതികളിൽ എഴുത്തുകാരുടെ ചിത്രവും ലഘുജീവിതരേഖയും നിർബ്ബന്ധമായി കൊടുക്കാറുണ്ടു്. പലപ്പോഴും വിക്കി പീഡിയയിൽനിന്നും മറ്റും സ്വീകരിക്കുന്നതിൽ തെറ്റുകളോ അപ്രസക്തമെന്നു കരുതുന്നതോ ആയ വിവരങ്ങളാണു കിട്ടുക. കെ. ജി. എസ്. ഇത്തരം വിശദാംശങ്ങൾ കൊടുക്കുന്നതിൽ തീർത്തും താല്പര്യമില്ലായ്മ പ്രകടിപ്പിച്ചു. പല എഴുത്തുകാരെ സംബന്ധിച്ചും ഇതാവും അവസ്ഥ എന്നു തോന്നിയതിനാൽ സായാഹ്ന എഴുത്തുകാരുടെ ഒരു വിവരശേഖരണ സംരംഭം തുടങ്ങാമെന്നു കരുതുന്നു. എഴുത്തുകാർക്കും ഇതിൽ താല്പര്യമുള്ളവർക്കും ഇതിൽ പങ്കെടുക്കാം. എഴുത്തുകാരന്റെ/കാരിയുടെ പേരും ചേർക്കാനാഗ്രഹിക്കുന്ന വിവരങ്ങളും ഫോട്ടാഗ്രാഫുകളും താഴെകൊടുത്ത ലിങ്ക് വഴി ഗ്രൂപ്പിൽ ചേർന്നു് അതിൽ പോസ്റ്റ് ചെയ്യാവുന്നതാണു്. ഇങ്ങനെ കിട്ടുന്ന വിവരങ്ങൾ എഴുത്തുകാരുടെ വിശദമായ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമായി സായാഹ്ന വിക്കിയിൽ പ്രസിദ്ധീകരിക്കുകയും പുതുക്കുകയും സംരക്ഷിക്കുകയും ചെയ്യാം. ഈ ഡിറക്ടറി ഫോൺ പതിപ്പായി പ്രസിദ്ധീകരിക്കുകയും കാലാകാലങ്ങളിൽ ഉന്നയിക്കുന്ന മാറ്റങ്ങൾക്കുവിധേയമാക്കുകയും ചെയ്യാം. https://chat.whatsapp.com/K0rPWXEL0uJCXe4 UXz34bF —സായാഹ്ന പ്രവർത്തകർ
സി വി രാധാകൃഷ്ണൻ:
സായാഹ്നയുടെ സെപ്റ്റംബർ കാറ്റലോഗ് ഇവിടെ: http://books.sayahna.org/ml/ pdf/releases-sep-20.pdf

(സെപ്റ്റംബർ 27 മുതൽ ഒൿടോബർ 3 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
അംബികാസുതൻ മാങ്ങാട്: ചിന്താവിഷ്ടയായ സുമംഗല
രാജൻ പടുതോൾ:
അംബികാസുതൻ മാങ്ങാടിന്റെ കഥ ബഷീറിന്റെ ‘ഭൂമിയിലെ അവകാശികൾ’ ഓർമിപ്പിച്ചു. നല്ല കഥ.
ഐറിസ് കോയ്ലിയോ:
അസാമാന്യമായ കഥ. ബഷീറിന്റെ ഭൂമിയുടെ അവകാശികൾ വായിച്ചപ്പോഴെല്ലാം കഥാകാരന്റെ പരിസ്ഥിതി ബോധത്തെ സന്തോഷത്തോടെ സ്വീകരിച്ചപ്പോൾ ഒട്ടു് നീറ്റലോടെ ബേപ്പൂരിലെ സുൽത്താനോടു് മനസ്സു് ചോദിച്ചിരുന്നു… പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾക്കൊപ്പം ആ മനസ്സു് നീങ്ങിയിട്ടും എന്തേ വീട്ടുകാരിയെ ഒരു ജീവിശത്രുവാക്കിത്തീർത്തതു് എന്നു്… സ്വാഭാവികമായും പ്രകൃതിയുമായി ഇഴുകിച്ചേർന്നു് ജീവിക്കുന്നവരല്ലേ പെണ്ണുങ്ങൾ എന്നു്… ഇതാ അതിനുത്തരവുമായി ഒരു സുമംഗല! വികസനവുമായി പ്രകൃതിക്കെതിരെ, ജീവിവർഗത്തിനെതിരെ, ആൺക്രൗര്യം അവിവേകിയാകുമ്പോൾ നമുക്കും സുമംഗലയുടെ നോവേറ്റുന്ന ഉണർത്തുപാട്ടു് മറന്നുപോകാതെ ചൊല്ലിയുറപ്പിക്കാം…

“ബയ്ലോട്ടു് പോലാ,ണേ

ബൗതീറ്റു് ബീണ്വോകും

എടത്തോട്ടു് പോലാ,ണേ

എരടീറ്റു് ബീണ്വോകും

ബലത്തോട്ടു് പോലാ,ണേ

ബയിതെറ്റി കൊയഞ്ഞോകും

സീതന്നെ പോയ്ക്കോണേ

സീതേനപ്പോലെ നീർന്നോണേ.

കാസർഗോഡിന്റെ തനതു വാമൊഴി സൃഷ്ടിക്കുന്ന അതിശക്തമായ പരിസ്ഥിതി രാഷ്ട്രീയം ഈ കഥയെ കാലാതീതമാക്കും.

നന്ദി സായാഹ്ന! ഈ പകലിനു്…

അംബികാസുതൻ മാങ്ങാട്:
നാട്ടുപാട്ടിലെ നാലാമത്തെ വരിയിലെ വാക്കു്-നീർന്നോണേ-എന്നാണു്. നിവർന്നു് നടക്കൂ എന്നു്. അക്ഷരത്തെറ്റു് ടെക്സ്റ്റിൽ വന്നു പോയിട്ടുണ്ടു്. നല്ല വാക്കുകൾക്കു് നന്ദി.
കെ. സച്ചിദാനന്ദൻ:
മനസ്സു നിറഞ്ഞു.
വി. എച്ച്. നിഷാദ്:
അംബികാസുതൻ മാഷിന്റെ ‘ചിന്താവിഷ്ടയായ സുമംഗല’ പല അടരുകളുള്ള കഥ. കൊറോണക്കാലം പല മലയാള കഥകളിലും വന്നു തുടങ്ങിയിട്ടുണ്ടെങ്കിലും ഇത്ര സ്വാഭാവികമായി വന്നു കാണുന്നതു് ആദ്യം. വായന ഹൃദ്യം. കഥയുടെ പാരിസ്ഥിതിക ദർശനം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടു്. അഭിനന്ദനങ്ങൾ മാഷേ.
ബിജു എ ആർ:
അംബികാസുതൻ മാഷുടെ ചിന്താവിഷ്ടയായ സുമംഗല കഥ നന്നായിട്ടുണ്ടു്. കാവും പാമ്പും ജീവികളും സുമംഗലയും ഓർമ്മയിലെ അമ്മമ്മയും പാട്ടുകളും ഗംഭീരമായി. പാറ്റ, ഉറുമ്പു്, പല്ലി, പാമ്പു് ആദിയായ സഹജീവികളോടുള്ള ഭർത്താവിന്റെ ക്രൂരത ഭംഗിയായി ചിത്രീകരിച്ചു. പാമ്പിനെ ഉപദ്രവിക്കുന്നതിൽ മകൻ കൂട്ടു നിൽക്കുന്നതിൽ കൂടി പുരുഷൻ തന്റെ കൈപ്പിടിയിൽ ഒതുക്കുന്ന അമ്മയുൾപ്പെട്ട ആവാസവ്യവസ്ഥയെന്ന ചിത്രം പൂർത്തിയാക്കി. സുമംഗലയുടെ നഷ്ടപ്പെടുന്ന സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണു് എകാന്തതയിലെ പാട്ടും ഉഞ്ഞാലാട്ടവും. എല്ലാം കൊന്നൊടുക്കുന്ന ഭർത്താവിന്റെ ‘ജഗദീശൻ’ എന്ന പേരിലും ഒരു വൈരുദ്ധ്യം മാഷ് കൊണ്ടുവന്നു. എല്ലാം മനോഹരം മാഷേ…
നന്ദിനി മേനോൻ:
അംബികാസുതൻ മാങ്ങാടിന്റെ ചിന്താവിഷ്ടയായ സുമംഗല… ഇനി സുമംഗലക്കു് ചിന്ത വെടിയാം. മണ്ണോടു മണ്ണായി തീരാൻ തുടങ്ങിക്കഴിഞ്ഞു ജഗദീശ്വരന്റെ കാറ്റും വെളിച്ചവും കടക്കാത്ത വാസസ്ഥലം. എത്ര വലയും ശീലയും ഇട്ടു് മൂടി മറച്ചാലും തലതിരിഞ്ഞ ആവാസ വ്യവസ്ഥയിലേക്കു് തുരന്നു് കേറുന്ന പ്രകൃതി. നല്ല കഥ.
E. Madhavan: Chandralekha (Translation)
കരുണാകരൻ:
അതേ ആഹ്ലാദം, ചന്ദ്രലേഖയുടെ ഇംഗ്ലീഷ് പരിഭാഷ ഏതാനും വർഷങ്ങൾക്കു മുമ്പു് വായിച്ച ദിവസം, ഇ. മാധവനെയും പരിചയമായി. ഇ. ഹരികുമാറിനെ വായിക്കുമ്പോൾ ഇടശ്ശേരിയെയും ഓർക്കുമായിരുന്നു. ഇപ്പോൾ മറ്റൊരു മകനും. കഥ ഓർമ്മയുടെ കലകൂടി ആവുന്നതിനും മുമ്പു്, എഴുത്താവുന്നതിനും മുമ്പു്, വാമൊഴിയായി കഴിയുന്ന അതേ ദിവസങ്ങളിൽ, അതിന്റെ പരിഭാഷകരെയും കണ്ടുപിടിച്ചിരിക്കണം: ഒരു കഥയുമായി പലരും പല ഭാഷകളിലേക്കു് പിന്നെയായിരിക്കും പുറപ്പെട്ടിരിക്കുക!
ഇ. മാധവൻ:
സന്തോഷം. കുറവുകൾ ഉണ്ടു്. ക്ഷമിക്കണം. പരിഭാഷ എന്ന കലയെ സംബന്ധിച്ച ഈ ചിന്ത എന്നെ വളരെ സ്വാധീനിക്കുന്നു. നന്ദി!
കെ. ജി. എസ്:
കരുണാകാരന്റെ ഈ കഥയുടെ പല കേന്ദ്രങ്ങളിൽ നാനാർത്ഥനിർഭരവും സൂക്ഷ്മസാന്ദ്രവുമായ ഒരു മണം പ്രവർത്തിക്കുന്നുണ്ടു്. കാണാവഴികളിലെ മനസ്സഞ്ചാരങ്ങളുടെ ഈണം, ഭാഷ. ഇ. മാധവന്റെ മനോഹരമായ ഇംഗ്ലീഷ് ചന്ദ്രലേഖയിലും വഴിയുന്നു ആ സംഗീതം. ഇരുവർക്കും ബലേ.
ഇ. മാധവൻ:
നന്ദി, സന്തോഷം. അതെ, സൂക്ഷ്മസാന്ദ്രമായ ആ മണം തന്നെ!
കെ. സച്ചിദാനന്ദൻ:
അതെ, നമുക്കു് നല്ല ഇംഗ്ലീഷ് പരിഭാഷകരുടെ കുറവുണ്ടു്. ആകെയുള്ള നാലഞ്ചു പേർ നോവൽ പരിഭാഷകളുടെ തിരക്കിലാണു്, അവരെ കുറ്റം പറയാനാവില്ല—ഇംഗ്ലീഷ് പ്രസാധകർക്കു് നോവലുകളോടാണു് പ്രിയം. അതുകൊണ്ടു തന്നെ മലയാളത്തിലെ ഏറ്റവും സജീവവും പരീക്ഷണോന്മുഖവും വൈവിധ്യ സമ്പന്നവുമായ സാഹിത്യ വിഭാഗം ചെറുകഥയാണെന്നും കഥയിൽ നാം ഒരു പക്ഷേ, മറ്റെല്ലാ ഇന്ത്യൻ ഭാഷകളെക്കാളും മുൻപിലാണെന്നുമുള്ള യാഥാർത്ഥ്യം മലയാളികളുടെ ലോകത്തിന്നു പുറത്തു് അറിയപ്പെടാതെയും ഇരിക്കുന്നു. മാധവിക്കുട്ടി, ടി. പത്മനാഭൻ, എം. ടി., ലളിതാംബിക അന്തർജനം, സരസ്വതിയമ്മ: ഇവർക്കിപ്പുറമുണ്ടായ ഉത്തമരചനകൾ പരിഭാഷ ചെയ്യപ്പെടാതിരിക്കുന്നു, അഥവാ സമാഹരിക്കപ്പെടാതിരിക്കുന്നു. നോവൽ പരിഭാഷ ഏതാണ്ടു് ഉടനടി നടക്കുന്നുണ്ടു്, പ്രേമാ ജയകുമാർ, ദേവിക, ഫാത്തിമ, യാസർ അങ്ങിനെ കുറച്ചു പേരുടെ ഉത്സാഹം. വിജയനും മുകുന്ദനും സാറാ ജോസഫും എൻ. എസ്. മാധവനും ടി. ഡി. രാമകൃഷ്ണനും കെ. ആർ. മീരയും രാമനുണ്ണിയും സുഭാഷ് ചന്ദ്രനും ഇ. സന്തോഷ് കുമാറും എല്ലാം മലയാളികളല്ലാത്തവർക്കു് നോവലിസ്റ്റുകൾ എന്ന നിലയിൽ പരിചിതർ. എസ്. കെ. പൊറ്റെക്കാട്ട്, സക്കറിയ, മേതിൽ, മുകുന്ദൻ,വിജയൻ, ഉണ്ണി, ആർ.—ചില സമാഹാരങ്ങളുണ്ടു്. ആധുനികരുടെ തലമുറയ്ക്കു് ശേഷമുള്ളവരുടെ—മാധവൻ, ടി. ആർ., മേതിൽ, കരണാകരൻ, സന്തോഷ് എച്ചിക്കാനം, ജോർജ് ജോസഫ്, തോമസ് ജോസഫ്, എസ്. ഹരീഷ്, വി. ആർ. സുധീഷ്, വിനയ് തോമസും യമയും ഫ്രാൻസിസ് നൊ റൊണയും വരെ ഒരു 30 പേരെങ്കിലും പറയാം—വേണ്ട പോലെ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടില്ല. (കവിതാരംഗത്തേയ്ക്കു് കടക്കുന്നില്ല. അവിടെ പ്രതിനിധാനത്തിന്റെ വലിയ പ്രശ്നങ്ങളുണ്ടു്.) അപ്പോൾ മാധവനു് പിടിപ്പതു ജോലിയുണ്ടു്, പരിഭാഷയെ സമ്പന്നമാക്കാനും സ്വയം വാഗ്ശക്തനാകാനും. ചെറിയ ചില മാറ്റങ്ങളും തിരുത്തലുകളും കൊണ്ടു് ഈ പരിഭാഷയെ ഇനിയും നന്നാക്കാൻ കഴിയും. അതു് മാധവന്റെ ഇ-മെയ്ൽ കിട്ടിയാൽ ഞാൻ നേരിട്ടെഴുതിക്കൊള്ളാം. നന്ദി, നല്ലൊരു കഥ രണ്ടു കുറി വായിച്ച ആഹ്ലാദവും.
അംബികാസുതൻ മാങ്ങാട്:
അതെ. ശരിയാണു്. നല്ല കഥ.
ഇ. മാധവൻ:
വിലപ്പെട്ട അഭിപ്രായങ്ങൾ ആദരവോടെ സ്വീകരിക്കുന്നു. ഇനിയും നന്നാക്കാനുണ്ടു്. അങ്ങയുടെ ശ്രദ്ധ ഇതിലേക്കു് വരുന്നതിൽ വലിയ സന്തോഷവും.
കെ. സച്ചിദാനന്ദൻ:
എഴുതാം. ചില ഡെഡ്ലൈനുകൾ. സ്നേഹം.
ഇ. മാധവൻ:
സൗകര്യം പോലെ മതി. കഥ അർഹിക്കുന്ന വിവർത്തനം ആക്കി മാറ്റാൻ ശ്രമിക്കണം.
ലളിതാ ലെനിൻ, ഡോ. കെ. എസ്. രവികുമാർ: പെണ്മയുടെ ജനിതകങ്ങൾ
കെ. സച്ചിദാനന്ദൻ:
പേശീബലമുള്ള കവിതകൾ—പണ്ടേ ശ്രദ്ധിച്ച കവി. നന്നായി.
കെ. എച്ച്. ഹുസൈൻ:
ലളിതാ ലെനിൻ എനിക്കു ടീച്ചറാണു്. എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ലെനിൻ മാഷ് എന്റെ ജീവിതം വഴിതിരിച്ചുവിട്ട സുഹൃത്തും. ലൈബ്രറി സയൻസ് പഠിക്കാനായി 1980-ൽ തിരുവനന്തപുരത്തെത്തുമ്പോൾ ടീച്ചർ അന്നു് ഡിപ്പാർട്ട്മെന്റിൽ ലക്ചറർ ആണു്. അന്നു തുടങ്ങിയ ഗുരുശിഷ്യബന്ധം ഇന്നും തുടരുന്നു. സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മലയാളഗ്രന്ഥസൂചിയുടെ 9-ാം വാല്യത്തിന്റെ പണി രണ്ടുവർഷം മുമ്പു് ടീച്ചർ ഏറ്റെടുക്കുമ്പോൾ അതിന്റെ സാങ്കേതിക നിർവ്വഹണം വിശ്വാസപൂർവ്വം ഏല്പിച്ചതു് എന്നെയായിരുന്നു. അതിൽ അശോൿകുമാറും പിന്നീടെത്തി. മൂന്നുമാസം മുമ്പു് ആ പ്രോജക്റ്റ് വിജയകരമായി പൂർത്തീകരിച്ചു. യൂണികോഡ് അടിസ്ഥാനപ്പെടുത്തി മലയാളത്തിന്റെ ഭാവി ഗ്രന്ഥവിവരവ്യവസ്ഥ ചിട്ടപ്പെടുത്താനുള്ള അനേകം നൂതനാശയങ്ങൾ അക്കാദമിക്കു സമർപ്പിച്ചാണു് ടീച്ചർ പ്രോജക്റ്റ് അവസാനിപ്പിച്ചതു്. മൂന്നു പതിറ്റാണ്ടു നീണ്ട അദ്ധ്യാപനത്തിനിടയിലും സാഹിത്യത്തിലുള്ള സർഗ്ഗാത്മകത ടീച്ചർ നിലനിറുത്തി. കേരളസമൂഹത്തിലരങ്ങേറുന്ന നാമജപഘോഷയാത്രകളുടെ അപകടം ഒരു വിശ്വാസിയായിരിക്കെതന്നെ ടീച്ചർ ആദ്യംമുതലേ തിരിച്ചറിഞ്ഞു. കലഹത്തിന്റെ സ്വരത്തിൽ നാല്പത്തഞ്ചുവർഷങ്ങളായി അനുശീലിച്ചുപോരുന്ന വാക്കുകളുടെ സംഗീതം വിട്ടൊഴിയുന്നില്ല. സ്ത്രീ എന്നതു് ടീച്ചർക്കു് സ്വന്തം സ്വത്വം മാത്രമല്ല പീഢനങ്ങളേയും അവഹേളനങ്ങളേയും ധീരമായി ചെറുക്കാനുള്ള കവചവും വാക്കും മാതൃത്വവുമാണു്. ആദ്യസമാഹാരം ‘കരിങ്കിളി’ പ്രസിദ്ധീകരിച്ചു് രണ്ടുവർഷം കഴിയുംമുമ്പേ 1978-ൽ അതു വായിക്കാനിടയായി. ‘അനസൂയ’ എന്ന കവിത കവി പി. ഉദയഭാനുവിനോടൊപ്പം എത്ര പ്രാവശ്യമാണു് വായിച്ചതും പാടിയതും! അരനൂറ്റാണ്ടിനിടയിൽ ടീച്ചറെഴുതിയ എല്ലാ കവിതകളും ടീച്ചറിപ്പോൾ സമാഹരിച്ചുകൊണ്ടിരിക്കുകയാണു്. ക്രിയേറ്റീവ് കോമൺസിൽ, സായാഹ്നയിൽ, രചനയിൽ എല്ലാം പ്രസിദ്ധീകരിക്കണമെന്നാണു് ടീച്ചറുടെ ആഗ്രഹം. ഇന്നു് സായാഹ്ന ഓരോ ദിവസവും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള അക്ഷരങ്ങളുടെ സൗന്ദര്യത്തിനൊപ്പം 1999 മുതലേ ടീച്ചർ സഹയാത്രികയായി. അങ്ങനെയൊരു സാഹിത്യകാരനോ സാഹിത്യകാരിയോ ടീച്ചറെപോലെ മറ്റൊരാളില്ല. രചന സമ്മേളനത്തിന്റെ സമർപ്പണവാക്യം നിത്യചൈതന്യയതിക്കായി എഴുതിച്ചേർത്തതു് ടീച്ചറാണു്. രചനയുടെ കാമ്പയിൻ കെട്ടടങ്ങി പോകുമെന്നു് വ്യസനിച്ച നാളുകളിലൊക്കെ ടീച്ചറുടെ വാക്കുകൾ മരുഭൂമിയിലെ മഴപോലെ പ്രത്യാശകൾ സമ്മാനിച്ചു. “എവിടെയാണെന്റെ അക്ഷരം? അരിയ ഹൃദയമന്ത്രാക്ഷരം?” എന്നു് രചന പിറക്കുംമുമ്പേ ടീച്ചറിൽ വേവലാതിയായി പടർന്നിരുന്നു.
കെ. ജി. എസ്:
ലളിതാ ലെനിന്റെ കവിതകളുടെയും കവിയുമായുള്ള ആത്മബന്ധത്തിന്റെയും സ്കാനിംഗ് നന്നായി. രവികുമാർ, ഹുസൈൻ, പ്രസക്തമായ വീണ്ടെടുപ്പുകൾ.
ഇ. മാധവൻ:
ജീവിതം നൽകുന്ന തീവ്രമായ അനുഭവങ്ങൾ! അവ കവിതയിലൂടെ വല്ലാത്ത വ്യസനം ഹൃദയത്തിലേക്കു് പ്രസരിപ്പിക്കുന്നു. വായനക്കാരനെ നന്മ എന്ന സാദ്ധ്യത കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുന്നു. ശക്തയായ കവിയെ നമസ്കരിക്കുന്നു.
രാജൻ പടുതോൾ:
“വിഷം തീണ്ടി നീലിച്ചു നിൽക്കുന്നു വാനം” ഇതിൽക്കൂടുതൽ എന്തു പറയാൻ!
സേതുമാധവൻ എം പി:
ടീച്ചറും ലെനിൻമാഷും ഉൾപ്പെട്ടവർ എഴുതിയ, മാഷ് എഡിറ്റ് ചെയ്തു് തിരുവനന്തപുരം സ്റ്റെസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനം എന്ന മികച്ച പുസ്തകം ഓർമ്മവരുന്നു. കൈയിലുണ്ടായിരുന്ന കോപ്പി കാണുന്നില്ല. പല ഇന്റർവ്യൂവിനും അതിന്റെ തുടർവായന സഹായിച്ചിട്ടുണ്ടു്. അടുത്തു് പരിചയമില്ലാതിരുന്നിട്ടും ഒന്നു രണ്ടു തവണ കണ്ടപ്പോഴും സംസാരിച്ചപ്പോഴും ടീച്ചറുടെ സൗമ്യമായ, പരിഗണനാപൂർവ്വമായ പെരുമാറ്റം മറക്കാനാവാത്തതാണു്.
എം. എച്ച്. സുബൈർ: ഇഫ്രീത്തുകൾ
ഇ. മാധവൻ:
കഥ ഇഷ്ടപ്പെട്ടു. അപൂർവ്വമായ ഒരു മനുഷ്യബന്ധത്തിന്റെ ആർദ്രതയിൽ വെളിവായി കിട്ടുന്ന വലിയ സത്യങ്ങൾ! കഥാകൃത്തിനു് നന്ദി, അഭിനന്ദനം!
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
ജമുന:
ശബ്ദതാരാവലിയുടെ മൂന്നാംവട്ട തിരുത്തൽ സംരഭത്തിലേയ്ക്കു് നമ്മൾ കടക്കുകയാണു്. അതിന്റെ ആദ്യപടിയായി 578 പുറങ്ങളുള്ള “അ” എന്ന ആദ്യാക്ഷരത്തിന്റെ തിരുത്തൽ പകർപ്പു് ലഭ്യമാക്കിയിട്ടുണ്ടു്. http://books.sayahna.org/stv/stv-alphabet-01.pdf അംഗങ്ങൾ മുൻ പകർപ്പുകളിൽ ചൂണ്ടിക്കാണിച്ച എല്ലാ തെറ്റുകളും ഇതിൽ തിരുത്തിയിട്ടുണ്ടു്. ഓരോ പുറത്തിലും ഇടതു മാർജിനിൽ ചുവന്ന നിറത്തിൽ വരിനമ്പ്രയും, ഹെഡറായി യഥാക്രമം ആദ്യവാക്കു്, അവസാനവാക്കു്, പുറം നമ്പ്ര എന്നിവയും കൊടുത്തിട്ടുണ്ടു്. ഫൂട്ടറായി ഇടതു വശത്തു് “സായാഹ്ന റിട്ടേൺസി”ലേയ്ക്കുള്ള ലിങ്കും വലതു വശത്തു് സ്രോതസ്സ് ഉള്ളടക്കം ചെയ്യുന്ന ഫയലിന്റെ പേരും, വലതു മാർജിനിൽ സ്രോതസ്സിലെ വരിനമ്പ്രയും ആണു് ഇളം കറുപ്പു നിറത്തിൽ നൽകിയിട്ടുള്ളതു്. എത്രത്തോളം പ്രാവശ്യം ഈ പിഡിഎഫിലൂടെ കണ്ണോടിക്കാമോ അത്രയും നന്നു്, കൂടുതൽ തെറ്റുകൾ കണ്ണിൽപ്പെടാൻ സാദ്ധ്യതയേറുന്നു. അങ്ങനെ കണ്ടെത്തുന്ന തെറ്റുകൾ പുറം, വരി നമ്പ്രകൾ ചൂണ്ടിക്കാട്ടി സായാഹ്ന റിട്ടേൺസിൽ (https:// chat.whatsapp.com/J49mEuIJoA4LiL30yEPlRr) അറിയിക്കുക. ഈ പിഡിഎഫിൽ നിന്നും അക്ഷരങ്ങൾ നഷ്ടപ്പെടാതെ പാഠം കോപ്പി-പേസ്റ്റ് ചെയ്യുവാൻ കഴിയും വിധമാണു് നിർമ്മിച്ചിരിക്കുന്നതു്. മാത്രവുമല്ല, തെറ്റു കണ്ടമാത്രയിൽ തന്നെ “സായാഹ്ന റിട്ടേൺസിൽ” അനായാസം ചെല്ലുവാനായി ഓരോ പുറത്തിലും ഫൂട്ടറായി ലിങ്കു നൽകിട്ടുമുണ്ടു്. അതു് വേണ്ടവിധം പ്രയോജനപ്പെടുത്തുക.

(ഒൿടോബർ 4 മുതൽ 10 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
E. Madhavan: Chandralekha (Translation)
കെ. വിനോദ് ചന്ദ്രൻ:
കരുണാകരന്റെ ‘ചന്ദ്രലേഖ’ എന്ന കഥ കാഴ്ചയെക്കാളേറെ, മണത്തിന്റെയും, തൊടലിന്റെയും, കേൾവിയുടെയും തീക്ഷ്ണതകളിലൂടെയാണു്, ഓർമ്മയുടെ, അനുഭവത്തിന്റെ, ഭാവത്തിന്റെ, ഗതിവിഗതിയെ അങ്കനം ചെയ്യുന്നതു്. മണത്തിന്റെയും, ഈണത്തിന്റെയും സ്പർശത്തിന്റെയും കേൾവിയുടെയും ഈ സൂക്ഷ്മ വിന്യാസങ്ങളെ, മങ്ങാതെ, ചോരാതെ, വാടാതെ, ചിലമ്പാതെ, ആംഗലേയത്തിൽ പകർന്നു തരുന്നു ഇ. മാധവന്റെ പരിഭാഷ. മൊഴിമാറ്റം ചെയ്യപ്പെടാതെ ഇരുളിൽ കിടക്കുന്ന വിശിഷ്ടങ്ങളായ പല മലയാളകൃതികളും ശാപമോക്ഷത്തിനായി ഇ. മാധവനെപ്പോലെ സർഗ്ഗസമ്പന്നരായ പരിഭാഷകരെ കാത്തു നിൽക്കുന്നുണ്ടു്. കഥാകാരനും, പരിഭാഷകനും അഭിവാദ്യങ്ങൾ.
ഇ. മാധവൻ:
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. നല്ല വാക്കുകൾക്കു് നന്ദി!
ലളിതാ ലെനിൻ, ഡോ. കെ. എസ്. രവികുമാർ: പെണ്മയുടെ ജനിതകങ്ങൾ
നന്ദിനി മേനോൻ:
ശ്രീമതി ലളിത ലെനിൻ കവിതകൾ ഹൃദ്യം. മാനം… അവളുടെ വിരൽത്തുമ്പു സ്പർശിക്കുവാനാവില്ല, വിഷത്തിന്റെ പൊള്ളൽ…
എം. എച്ച്. സുബൈർ: ഇഫ്രീത്തുകൾ
കെ. സച്ചിദാനന്ദൻ:
സുബൈറിന്റെ കഥ വൈകിയാണു വായിച്ചതു്. മതവും ആത്മീയതയും തമ്മിലുള്ള അകലം കൃത്യമായി അടയാളപ്പെടുത്തുന്ന കഥ, കബീർ കഴിഞ്ഞു് അല്ലാമ പ്രഭുവിലെത്തി നിൽക്കുന്ന എന്നോടു് പൂർണ്ണമായി സംവദിച്ചു. ഞാൻ ഒമാർ ഖയ്യാമിനെയും ഖലീൽ ജിബ്രാനെയും റൂമിയെയും ഹാഫീസിനെയും ഓർമ്മിച്ചു: ആ ദാർശനിക സംസ്കാരത്തിന്റെ അനുസ്യൂതി ഇവിടെ ഞാൻ കാണുന്നു. അഭിനന്ദനങ്ങൾ: എഴുത്തുകാരനും സായാഹ്നയ്ക്കും.
നന്ദിനി മേനോൻ:
ഇഫ്രീത്തുകൾ… ചെറുകഥയുടെ കയ്യടക്കമില്ല. നീണ്ടു നീണ്ട ഓർമ്മകളുടെ കൈവഴികളില്ലാത്ത നേർത്ത ഒഴുക്കു പോലെ… അങ്ങിനെ വായിച്ചപ്പോൾ അതിലെ പച്ചയും പതയും ഹൃദ്യമായി തോന്നി…
എ. ആർ. രാജരാജവർമ്മ: ജീവിതസ്നേഹം
ഇ. മാധവൻ:
ഒരു നൂറ്റാണ്ടു് മുമ്പു് എഴുതിയ ഈ ലേഖനം പ്രമേയത്തിൽ നിത്യനവവും ഭാഷാശൈലിയിൽ ഹൃദ്യവുമായി തോന്നുന്നു. കേരളപാണിനിയുടെ ഓർമ്മയ്ക്കു് മുമ്പിൽ നന്ദിയോടെയും ആദരവോടേയും മനസ്സു് ഏകാഗ്രമായി.
കെ. സച്ചിദാനന്ദൻ:
ഈ പ്രൗഢപ്രബന്ധത്തിലെ ഇക്കാലത്തു് അപൂർവ്വ ദൃഷ്ടമായ ശൈലിയുടെ വൈചിത്ര്യം അനാകർഷകമല്ലാതിരുന്നിട്ടും ഇതിൽ ഉദാത്തമായി ആവിഷ്കരിക്കപ്പെടുന്ന വിചിന്തനസമ്പ്രദായം നമ്മെ വികർഷിക്കുന്നു എന്നു സമ്മതിപ്പാതെ തരമില്ല തന്നെ. ഇനി ജീവിപ്പാൻ ലഭിക്കുന്ന ഓരോ നിമിഷാർദ്ധവും തീക്ഷ്ണതയോടെ ജീവിക്കെത്തന്നെ അതോരോന്നും നമുക്കു ലഭിച്ച അധികവരദാനം മാത്രമായിക്കാണുന്നതിന്നും ഏതു നിമിഷവും ഇഹലോകത്തെയും അതിലെ നമുക്കു് മമതാവിഷയമായ ചരാചരങ്ങളെയും നിർലേപതയോടെ വെടിഞ്ഞുപോകുന്നതിന്നും നാം ആത്മീയമായി സജ്ജനായിരിക്കയാലാകാം ഇത്തരമൊരു പ്രതീതി നമ്മിലുളവാകുന്നതു്. ഈ മമതാനിരാസത്തെ ധാർഷ്ട്യമെന്നു് എണ്ണാതിരിപ്പാൻ കനിവുണ്ടാകണം.
ഇ. ദിവാകരൻ:
തമ്പുരാനെ വായിച്ചപ്പോൾ എനിയ്ക്കും തോന്നിയതു് ഇതുതന്നെ. ജീവിതം അമൂല്യമാണെന്നു് അറിയുമ്പോഴും മരണത്തെ ഒരത്യാഹിതമായി കാണാതിരിക്കാനുള്ള ഒരു മനോഭാവം സ്വാഭാവികമായി വന്നുചേർന്നിരിക്കുന്നു.
ബി. മുരളി: ജഡങ്ങളിൽ നല്ലവൻ
കെ. സച്ചിദാനന്ദൻ:
ഒരു കഥാപാത്രം. ഒരു മൂഡ്. ഏറെ വിശദാംശങ്ങൾ. കഥ ഇങ്ങിനെയുമാകാം. നന്നായി. സുനിലിന്റെ ചിത്രങ്ങൾ കഥ പൂരിപ്പിക്കുന്നു.
രാജൻ പടുതോൾ:
ഇതു് സേവിയുടെ കഥയല്ല, കടപ്പുറത്തിന്റെ കഥയാണു്. കടപ്പുറത്തെ ‘ആൾക്കൂട്ട’ത്തിലേയ്ക്കു് വായനക്കാരെ കൂടെ കൊണ്ടുപോകുന്ന ആൾ മാത്രമാണു് സേവി.
നന്ദിനി മേനോൻ:
നല്ല കഥ, സേവി കഥയിൽ കുനിഞ്ഞിരിക്കുന്നു, ചുറ്റും വേറെ ആരുടേയോ കഥ നടക്കുന്നു…
ശ്രീജിത്ത്:
കടൽ സമയത്തിൽ നിന്നു് ഒപ്പിയെടുത്ത ചിത്രങ്ങൾ പോലെ ഒരു കഥ. കുടൽ പൊട്ടിയ മത്തി, മണലിൽ നിന്നു് ഉയർന്നു് വന്ന ശംഖു്, മുത്തിറക്കം കഴിഞ്ഞു് മടങ്ങുന്ന തിരകൾ, മാർത്തയുടെ ‘ഭംഗിയുള്ള’ കോന്ത്രമ്പല്ലുകൾ… ചിത്രം കഥയിലേയ്ക്കു് കടക്കും മുമ്പേയുള്ള ഉപചിത്രങ്ങൾ… രണ്ടു് തിരവേളകൾക്കിടെയുള്ള ഏതാനും ഭംഗിയുള്ള ഫ്രെയ്മുകളായി കഥ കണ്ടു.
ആത്മരാമൻ: ഉഞ്ഛം (ചില ഭാഗങ്ങൾ)
കെ. സച്ചിദാനന്ദൻ:
സുജാതയുടെ (ദേവി) കവിതകളെക്കുറിച്ചുള്ള പഠനമാണു് ഏറ്റവും ശ്രദ്ധേയമായതു്. ആ വിവശവശ്യമായ കവിതകളെക്കുറിച്ചു് ആരും ഇങ്ങിനെ സമഗ്രമായി, ഉൾക്കാഴ്ച്ചയോടെ എഴുതിക്കണ്ടിട്ടില്ല.
വിനയ ചൈതന്യ: അക്കമഹാദേവി
വിനയ ചൈതന്യ:
അക്കമഹാദേവിയുടെ വചനങ്ങൾ ഏതാണ്ടു് കന്നഡയിൽ നിന്നു് പദാനുപദം മലയാളത്തിലാക്കിയതാണു്, ഇനി മലയാളത്തിലെ കവികൾ നല്ല മലയാളത്തിലാക്കുമെന്നു പ്രതീക്ഷിക്കുന്നു.
കെ. സച്ചിദാനന്ദൻ:
ഞാൻ മുമ്പേ സായാഹ്നയ്ക്കു കൊടുത്തിരിക്കുന്നു—തിരഞ്ഞെടുത്തവ ചെയ്തതു്.
കെ. ജി. എസ്.:
നന്നായി. നല്ല കൃതി അർഹിക്കുന്നുണ്ടു് ധാരാളം വിവർത്തനങ്ങൾ. ഓരോ വിവർത്തനവും എനിക്കു് ഓരോ അനുഭവം. കൂടുതൽ അടുത്തു് കാണാവുന്നൊരു കാലം, തെളിഞ്ഞു കാണാവുന്നൊരു ലോകം, തുറക്കുന്നു. ശാകുന്തളത്തിനു മലയാളത്തിൽ മുപ്പതിലേറെയുണ്ടു് വിവർത്തനം. പലതും വ്യത്യസ്ത സാഫല്യങ്ങൾ. സച്ചിയുടെ ‘അക്കമൊഴിയുന്നു’ എന്ന കവിതയും വരട്ടെ. അക്ക അനുഭവം കൂടുതൽ ഗാഢമാവട്ടെ.

(ഒൿടോബർ 11 മുതൽ 17 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വിനയ ചൈതന്യ: അക്കമഹാദേവി
കെ. വിനോദ് ചന്ദ്രൻ:
വിനയചൈതന്യ മൊഴിമാറ്റം വരുത്തിയ അക്കാവചനങ്ങളിലൂടെയുള്ള സഞ്ചാരം ഹൃദ്യവും തീക്ഷ്ണവുമായ ഒരു വായനാനുഭവമായി. മലയാളികൾക്കു് പരിചിതമല്ലാത്ത ഒരു ആധ്യാത്മിക ഭൂമിശാസ്ത്രത്തിലേക്കാണു് ഈ വചനധാരകൾ നമ്മെ ഒഴുക്കിക്കൊണ്ടു് പോകുന്നതു്. ജൈനവും ശൈവവുമായ പ്രബുദ്ധതകളെ വാറ്റിയെടുത്ത വീരശൈവത്തിന്റെ രൗദ്ര നേരങ്ങളിലേക്കു്, വീരശൈവത്തെയും വിപ്ലവീകരിക്കുന്ന വീര സ്ത്രൈണത്തിലേക്കു്, പെൺവചനങ്ങളുടെ മലവെള്ളപ്പാച്ചിലിലേയ്ക്കു്, ആണധികാരങ്ങളെ കടപുഴക്കിയെറിയുന്ന എതിർ വചനങ്ങളുടെ പെണ്ണൊഴുക്കുകളിലേക്കു്.

കന്നഡഗ്രാമങ്ങളിലെ ‘സാധു’ക്കളിൽ നിന്നു് വാമൊഴിയായി കേട്ട വചനധാരകൾ ഹൃദയനാളങ്ങളിൽ സൃഷ്ടിച്ച മുഴക്കങ്ങളാണു് ഈ പരിഭാഷായത്നത്തിനു് വഴിയും ശ്രുതിയും ഇട്ടതെന്നു് വിനയ പറയുന്നു. കന്നഡയിലെ മൂലഗ്രന്ഥങ്ങളും ആംഗല പരിഭാഷകളും സംശോധനചെയ്തു്, വചനസത്യങ്ങളെ മനനം ചെയ്തു്, പത്തുകൊല്ലത്തോളം തുടർന്നുപോന്ന ഒരു തപശ്ചര്യയുടെ ഫലമാണു് ഈ വചനങ്ങളെന്നതു് വിനയയുടെ മൊഴിമാറ്റത്തെ ഈടുറ്റതാക്കുന്നു.

കന്നഡവാണിയുടെയും വചനങ്ങളുടെയും വ്യത്യസ്ഥതകളെ, മലയാളഭാഷയിലും ഈണതാളങ്ങളിലും മുക്കിക്കളയുവാനല്ല, മറിച്ചു് ഈ വ്യത്യസ്ഥതകളെ അങ്കനം ചെയ്യുവാനാണു് പരിഭാഷകൻ ശ്രമിക്കുന്നതു് എന്നതും ശ്രദ്ധേയമാണു്. വായനാ സുഖത്തെക്കാൾ മൂലകൃതിയോടുള്ള വിശ്വസ്തതയ്ക്കാണു് താൻ പ്രാധാന്യം നൽകിയതെന്നു് തന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തിൽ അദേഹം പറയുന്നതു് ഇവിടെയും പ്രസക്തമാണു്.

ലതാമങ്കേഷ്ക്കറുടെ മീരാഭജനം പോലെയോ, അരങ്ങുകവികൾക്കു് തൊണ്ടപൊട്ടിപ്പാടാൻ പാകത്തിലുള്ള വായ്ത്താരികളായോ അക്കാവചനങ്ങളെ, ഈണപ്പെടുത്തി, മയപ്പെടുത്തി, പൈങ്കിളീകരിക്കുവാൻ തയാറല്ല എന്നതാണു് ഈ പരിഭാഷയുടെ മേന്മ. അക്കാദേവിയുടെ പരുപരുത്ത, മെരുങ്ങാത്ത, ഇണങ്ങാത്ത, ഒതുങ്ങാത്ത, അടങ്ങാത്ത, വചനങ്ങളോടു് നീതികാട്ടുവാൻ പരിഭാഷകൻ പരമാവധിശ്രമിക്കുന്നു. അക്കാവചനങ്ങളുടെ കടുപ്പവും കയ്പ്പും ചവർപ്പും എരിവും പുളിയും രൗദ്രമധുരവും നഷ്ടപ്പെടാതെ, അനന്യതയെ ഹനിക്കാതെ, പകർന്നു നൽകുവാനുള്ള ഈ ധീരശ്രമം തികച്ചും അഭിനന്ദനാർഹമാണു്. കന്നഡയും മലയാളവും തമ്മിലുള്ള സമാനതകളാണു് ഈ പരിഭാഷയെ കൂടുതൽ വിഷമകരമാക്കിയതെന്നദ്ദേഹം പറയുന്നു. സമാനതകൾക്കല്ല, വ്യത്യസ്ഥതയ്ക്കാണു്, പരിചിതത്വത്തിനല്ല, അപരിചിതത്വത്തിനാണു്, ഈ പരിഭാഷ പ്രാധാന്യം കൊടുക്കുന്നതെന്നു് സാരം.

മീരാഭജനങ്ങളുടെ വൈഷ്ണവമാധുര്യമല്ല വീരശൈവത്തിന്റെ, വീരസ്ത്രൈണത്തിന്റെ, രൗദ്രസൗന്ദര്യമാണു് അക്കാവചനങ്ങളെ അനന്യമാക്കുന്നതു്. മെരുങ്ങാത്ത പെൺവചനങ്ങളുടെ പരുക്കൻ സ്വഭാവത്തെ അതേപടി നിലനിർത്തുന്നുണ്ടു് ഈ പരിഭാഷ. ഒരുദാഹരണം:

എടീ തായേ, നീയവിടെയിരി,

എടോ തന്തേ, നീയവിടെയിരി,

എടോ ബന്ധുവേ, നീയവിടെയിരി,

എടോ കുലമേ, നീയവിടെയിരി,

എടോ ബലമേ നീയവിടെയിരി,

ചന്നമല്ലികാർജുനനോടു ചേരുവാൻ

തിടുക്കപ്പെട്ടു പോകുന്നേൻ,

നിങ്ങൾക്കു ശരണം, ശരണം.

(244)

അടങ്ങിയൊതുങ്ങി വഴങ്ങിക്കഴിയുന്ന അബലാത്വമല്ല, മനോരഞ്ജകമായ ‘കുലീന’വനിതാത്വമല്ല, കൂലം കുത്തി ഇരമ്പിയൊഴുകുന്ന വീരസ്ത്രൈണമാണു് അക്കാവചനങ്ങളെ അനന്യമാക്കുന്നതു്. നൂറ്റാണ്ടുകൾക്കു് മുമ്പു്, പുരുഷാധിപത്യം കൊടുമ്പിരിക്കൊള്ളുന്ന കാലങ്ങളിൽ, വിവസ്ത്രയും നഗ്നയുമായി നടന്ന അക്കാദേവി ഇപ്പോഴും നമുക്കൂഹിക്കുവാൻ കഴിയാത്ത ഒരു സ്ത്രൈണമുന്നേറ്റത്തെ, പുരുഷാധിപത്യ സമൂഹത്തെ കിടിലം കൊള്ളിക്കുന്ന രൂക്ഷ സമരത്തെയാണു് ആവിഷ്ക്കരിക്കുന്നതെന്നു് ഈ ധീരവചനങ്ങൾ തെളിയിക്കുന്നു. ദിഗംബരത്വം എന്നതു് നഗ്നതാപ്രദർശനമല്ലെന്നും, പുരുഷമൂല്യങ്ങളുടെയും, സദാചാര ധർമ്മസംഹിതകളുടെയും, ആധിപത്യങ്ങളുടെയും, ഉച്ചനീചത്വങ്ങളുടെയും തുണിയുരിക്കുന്ന, മറയറുക്കുന്ന, വിപ്ലവകരമായ ഒരു രാഷ്ട്രീയപ്രയോഗമാണെന്നു് ഈ വചനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അക്ക ചൊല്ലുന്നു:

ദിഗംബരി ആയാലെന്തു? അയ്യാ

മനം നഗ്നമായിരിക്കണം.

സ്വാതന്ത്ര്യസമരത്തിന്റെ സൂക്ഷ്മ തീക്ഷ്ണവും ആത്യന്തികവുമായ രൂപമാണു് അപാരവുമായുള്ള വേഴ്ചയും സംവാദവുമെന്നു് അക്കാവചനങ്ങൾ നമ്മെ ഒരിക്കൽ കൂടി ഉണർത്തുന്നു. ശക്തീസംയുക്തമായ, ഭാവാവിഷ്ടമായ, ‘പരമ അനന്തം’, ‘അപാരം’, ആണു് മുല്ലപ്പൂക്കളാൽ ആഛന്നനായ അക്കയുടെ ശിവൻ. അപാരവുമായുള്ള ഈ സ്വയംവര മുഹൂർത്തങ്ങളെ അക്കാവചനങ്ങൾ രേഖപ്പെടുത്തുന്നതു് ശ്രദ്ധിക്കുക:

ജലത്തിൻ മണ്ഡപത്തിന്മേൽ

എരിതീയിൻ പന്തലിട്ടു്

ആലിപ്പഴമെത്തവിരിച്ചു്, പട്ടവും കെട്ടി

കാലില്ലാത്ത പെണ്ണിനെ

തലയില്ലാത്ത ചെക്കൻ വന്നു

കല്യാണം ചെയ്തു.

എന്നെന്നും വിടാത്ത

വാഴ്‌വിനു കൊടുത്തെന്നെ,

ചന്നമല്ലികാർജുനൻ എന്ന കാന്തൻ

എന്നെ കല്യാണം കഴിച്ചമ്മാ.

(54)

‘പരമാനന്തവു’മായുള്ള ഐഹികമായ സംയോഗം എന്ന ആദ്ധ്യാത്മിക അനുഭവത്തെ, യൗഗികക്രിയയെയാണു് ഈ വിചിത്രവേളീരംഗം നഗ്നമായ നാട്ടുമൊഴികളിൽ നിവേദനം ചെയ്യുന്നതു്. പ്രബുദ്ധമായ പെണ്മയുടെ രൗദ്രമൊഴികൾ പച്ചമലയാളത്തിലാക്കിയ വിനയചൈതന്യയ്ക്കു് അഭിവാദ്യങ്ങൾ!

ടി. ആർ. വേണുഗോപാലൻ:
അക്കമഹാദേവിയുടെ വചനങ്ങൾക്കു് വിനോദ് ചന്ദ്രന്റെ പഠനം കൂടുതൽ തെളിമ നൽകുന്നുണ്ടു്.
വിനയചൈതന്യ മലയാളത്തിലാക്കിയ അക്കമഹാദേവിയുടെ വചന കവിതകൾ അവയുടെ ലാളിത്യംകൊണ്ടും ഗഹനമായ അന്തഃസാരം കൊണ്ടും ശ്രദ്ധേയമാണു്. ശിവഭക്തിപ്രധാനമായ ഈ വചനങ്ങൾ പുരാണിക്/ അഗാമിക് ഭക്തി പരിപ്രേക്ഷ്യത്തിൽ നിന്നും തികച്ചും ഭിന്നമാണു്. ജൈനപാരമ്പര്യവുമായിട്ടാണു് ഇതിനു കൂടുതൽ ഇഴയടുപ്പം. തമിഴ് ഭക്തിപ്രസ്ഥാനത്തിലെ ബ്രാഹ്മണിക്കൽ ശൈവ സമ്പ്രദായവുമായി ഇതിനു് പേരിലല്ലാതെ മറ്റൊരു സാമ്യവുമില്ല.

ജാതി, പൌരോഹിത്യം തുടങ്ങിയ മർദ്ദക/ചൂഷണ സമ്പ്രദായങ്ങൾക്കെതിരായുള്ള ഒരു പ്രതിരോധമായിട്ടാണു് വീരശൈവ പ്രസ്ഥാനം ഉയിർകൊള്ളുന്നതു്. ആണധികാരത്തെ കൊണ്ടാടുന്ന ബ്രാഹ്മണിക്കൽ വിശ്വാസങ്ങളെയും നീതിശാസ്ത്രങ്ങളെയും ഉല്ലംഘിക്കുകയാണു് വീരശൈവ വചന കാവ്യങ്ങൾ.

അക്കമഹാദേവിയുടെ വചനങ്ങൾ എത്രമാത്രം ഒതുക്കിയെഴുതപ്പെട്ടതാണെന്നു് ആമുഖമായി ചേർത്തിട്ടുള്ള ചന്നബസവണ്ണന്റെ ഒരു വചനത്തിൽ കാണാം.

“ആദ്യരുടെ അറുപതുവചനത്തിനു്

ദണ്ണായകരുടെ ഇരുപതുവചനം!

ദണ്ണായകരുടെ ഇരുപതുവചനത്തിനു്

പ്രഭുദേവരുടെ പത്തുവചനം!

പ്രഭുദേവരുടെ പത്തുവചനത്തിനു്

അജഗണ്ണന്റെ അഞ്ചുവചനം!

അജഗണ്ണന്റെ അഞ്ചുവചനത്തിനു്

കൂടലചന്നസംഗയ്യനിൽ

മഹാദേവിയക്കഗളുടെ ഒരു

വചനം നിർവ്വചനം,

കാണൂ സിദ്ധരാമയ്യാ”…

ലൌകിക ജീവിതത്തിന്റെ നിസ്സാരതയും നിസ്സഹായതയും വെളിവാക്കുന്ന വചനങ്ങൾ മുതൽ ദാർശനിക ആഴങ്ങളടങ്ങുന്ന വചനങ്ങൾ വരെ അക്കമഹാദേവിയുടെ രചനകൾക്കു് വലിയ വൈവിദ്ധ്യം.

വെന്ത സംസാരം വിടാതെ

പീഡിപ്പിക്കുന്നയ്യാ,

എന്തെന്തു് ചെയ്യുമേൻ അയ്യാ?

(22)

‘സംസാരമെന്ന പകയാണയ്യാ

എന്റെ തന്ത,

എന്റെ വംശക്കാർ എങ്ങും വിടാതെ

തെരക്കി വരുന്നുണ്ടയ്യാ,

എന്നെ തെരഞ്ഞുതെരഞ്ഞു്

പിടിച്ചുകൊല്ലുന്നയ്യാ,…’

(23)

‘ഞാൻ പിറന്നപ്പോൾ സംസാരം പിറന്നു,

സംസാരം പിറന്നപ്പോൾ

അജ്ഞാനം പിറന്നു,

അജ്ഞാനം പിറന്നപ്പോൾ ആശ പിറന്നു,

ആശ പിറന്നപ്പോൾ കോപം പിറന്നു,…’

(25)

എന്നിങ്ങനെ ലൌകിക ദുഃഖ കാരണങ്ങളെ ഈ വചനങ്ങളിൽ കണ്ടെത്തുന്നു. വചനം 27-ൽ ‘സംസാരത്തിൻ പൊള്ളത്തരം വന്നാടിയല്ലോ’ എന്നും മൊത്തം വേഷപ്പകർച്ചകളെ ‘ജഗന്നാടക’മെന്നും വിശേഷിപ്പിച്ചുകൊണ്ടു് ലൌകികജീവിതത്തിന്റെ നിരാസമാണു് അഭികാമ്യമെന്ന തോന്നൽ ഉളവാക്കുന്നു.

അക്കമഹാദേവിയുടെ വചനങ്ങളിൽ പന്ത്രണ്ടാം നൂറ്റാണ്ടിലെ സ്ത്രീസ്വത്വ നിർമ്മിതി കാണാം. നഗ്നത ഇവിടെ അശ്ലീലമേയല്ല. ആധുനിക സ്ത്രീവിരുദ്ധ ഇന്ത്യൻ മനഃസാക്ഷിക്കു് ഇതു് സങ്കൽപ്പിക്കാൻ കഴിയുമോ?

നാണം മറയ്ക്കും നൂലു പൊട്ടിയാൽ

നാണിക്കുന്നവർ, നോക്കൂ,

ആൺപെണ്ണെന്ന ജാതികൾ.

പ്രാണത്തിനുടയോൻ ജഗത്തിൽ

മുങ്ങാൻ തരമില്ലാതിരിക്കുമ്പോൾ

ദേവന്റെ മുന്നിൽ നാണിക്കാൻ ഇടയുണ്ടോ?

ചന്നമല്ലികാർജുനൻ ജഗത്തെല്ലാം

കണ്ണായി നോക്കിയിരിക്കവേ

മൂടിമറയ്ക്കുന്നിടം ഏതു്, ചൊല്ലയ്യാ!

(149)

ധാർമ്മികതയും അധാർമ്മികതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ അക്കമഹാദേവി വിവരിയ്ക്കുന്നതിങ്ങനെ:

‘ഉള്ളിലെ ഭർത്താവു്, പുറത്തെ ജാരൻ.

രണ്ടുംകൂടി നടത്താനാവില്ലയ്യാ.

ലൗകിക പരമാർത്ഥങ്ങൾ

രണ്ടുംകൂടി നടത്താനാവില്ല,

ചന്നമല്ലികാർജുനയ്യാ…’

(150)

പശി, കാമം, ക്രോധം, മത്സരം എന്നിവയെല്ലാം നിൽക്കട്ടെ എന്നു് മറ്റൊരു വചനത്തിൽ (155). മരത്തിനു ഫലം വേണമെന്നും ധനത്തിനൊപ്പം ദയവേണമെന്നും രൂപത്തിനു ഗുണം വേണമെന്നും അല്ലെങ്കിൽ അവയെല്ലാം നിഷ്ഫലമാണെന്നും പറയുന്ന കവി ചന്നമല്ലീശ്വരന്റെ ജ്ഞാനമില്ലായിടത്തോളം താനിരുന്നിട്ടു് ഫലമെന്തെന്നു കൂടി സന്ദേഹിക്കുന്നു. ഭക്തിയെന്നാൽ അറിവാണെന്നും അറിവാണു് യഥാർത്ഥ ഭക്തിയെന്നും അന്തമില്ലാത്ത ഭക്തി കാപട്യമാണെന്നുമുള്ള നിരീക്ഷണം എക്കാലത്തും പ്രസക്തം (203, 204, 205).

അക്കമഹാദേവിയുടെ വചനങ്ങളുടെ പൊരുളും സ്വരവും പിഴയ്ക്കാതെയുള്ള മൊഴിമാറ്റം ദുർഘടമാണു്. കന്നഡയിൽ നിന്നു് ഈ വചനമലയാളം ജപിച്ചു തന്ന വിനയചൈതന്യക്കു് അഭിവാദ്യങ്ങൾ, സായാഹ്നയ്ക്കും.

നന്ദിനി മേനോൻ:
അക്ക മഹാദേവിയെക്കുറിച്ചെഴുതിയ കുറിപ്പു് മനോഹരമായി. വചന കവിതകളും…
എം. ബഷീർ: കവിതകൾ
മധുസൂദനൻ:
എം. ബഷീറിന്റെ കവിതകൾ പുതു പുത്തനായി തോന്നി. മുൻപു് കേൾക്കാത്തതാണു് കവിയുടെ പേരും കവിതകളും. ‘മറ്റേതോ ഭൂമിയിലെ നമ്മുടെ വീടു്’ പ്രത്യേകിച്ചും ശ്രദ്ധേയമായി തോന്നി. ഘട്ടക്കിന്റെ ‘സുബർണരേഖ’ എന്ന ചലച്ചിത്രത്തിലെ സീതയുടെ മകൾ ചോദിക്കുന്നതുപോലെ കവിതയിലെ ഇളയമകളും കവിളിൽ തൊട്ടു ചോദിക്കുന്നു; ‘ഇവിടെ ശലഭങ്ങളുണ്ടാകുമോ?’ എന്നു്. ഈ കവിത വായിക്കുന്നതിനു രണ്ടു ദിവസം മുൻപു് വരച്ച ചിത്രമാണു് താഴെ കൊടുത്തിരിക്കുന്നതു്. എം. ബഷീറിനു് അഭിനന്ദനങൾ.
images/madhu-response.png

ടി. ആർ. വേണുഗോപാലൻ:
ശ്രി. എം. ബഷീർ തെളിമയും ആഴവും തനിമയും പുതുമയും സമയബോധവും ശില്പത്തികവുമുള്ള കവി. ബഷീറിന്റെ ‘കവിതകൾ’ ആർക്കും രസിക്കാം. ഇന്നത്തെ ജീവിതം ബഷീറിനറിയാം. പൂമരങ്ങളും റെയിൽപ്പാളവും എന്ന ആദ്യ കവിതയിൽ ‘നക്ഷത്രങ്ങളെ വളർത്തുന്ന’ നവദമ്പതികളുടെ ഭാവുകത്വഭേദത്തിലെ സമാന്തരങ്ങൾ നീളുന്നു. മനോരമയും മാതൃഭൂമിയും വണ്ടിയും പാർശ്വങ്ങളും എസ്കലേറ്ററും കോണിപ്പടികളും ഉൾക്കാഴ്ചയോടെ അതു് രസകരമായി ആഖ്യാനം ചെയ്യുന്നു. പറയുന്നതു്/കേൾക്കുന്നതെല്ലാം നുണയെന്നറിഞ്ഞിട്ടും നാം പലായനം ചെയ്യുന്നു. അന്യന്റെ വീടു് തകർക്കുന്നു. ആരാധനാലയങ്ങൾ കത്തിക്കുന്നു. സ്വന്തം പാർട്ടിക്കാരനെത്തന്നെ ‘ഒറ്റുകാരനെ’ന്നു കരുതി വെട്ടിവീഴ്ത്തുന്നു. നേരും നുണയും തിരിച്ചറിയാനാവാത്തവിധം പ്രതിസന്ധിയിലായ ആധുനിക അധികാര/ഫാഷിസ്റ്റ് രാഷ്ട്രീയമാണു് ‘സത്യാനന്തരം’ എന്ന കവിതയിലെ സമയസാരം. ‘മറവിയുടെ ശലഭങ്ങ’ളിൽ നീയും ഞാനും തമ്മിലെ ദ്വന്ദ്വാവസ്ഥ വ്യക്തം. ‘സൂചികൾ നിലച്ചുപോയ/തുരുമ്പിച്ചൊരു/ഘടികാരമാണെന്റെ ഹൃദയം’ എന്നു് കവി തിരിച്ചറിയുന്നു. പുറത്തേക്കു് പോകുന്നൊരാൾ എന്ന കവിതയിൽ തന്നിൽ നിന്നു് ഓരോന്നായി കൊണ്ടുപോകുന്ന മറ്റൊരാൾ സന്നിഹിതനാണു്. അവസാനം ‘എന്നെമാത്രം എന്നിലുപേക്ഷിക്കുന്നു’. ആനയേക്കാൾ ഉറുമ്പുകളെ ഇഷ്ടപ്പെടുന്ന കവി (പൊക്കം) ഭയവിഹ്വലനായിട്ടാണു് മറ്റേതോ ഭൂമിയിലെ നമ്മുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്നതു്. ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ’ ആരോ കലാപത്തെരുവിൽ കൊണ്ടിട്ടിരിയ്ക്കുന്ന വീടിന്നുമുന്നിലൂടെ ചീറിപ്പായുന്ന കവചിതവാഹനങ്ങളും ആംബുലൻസിന്റെ നിലവിളിയും സമകാലീന ഇന്ത്യൻ ദുരവസ്ഥയുടെ നേർക്കാഴ്ചയാണു്. ഞാനും എന്റെ അപരനുമായുള്ള വിപരീതങ്ങളുടെ മനോഹരമായ ആവിഷ്ക്കാരമാണു് ‘ചുമടി’ലുള്ളതു്. അവസാനം ‘ആരും കാണാതിരിക്കാനായി ഞാനിപ്പോൾ എന്നെ ചുമന്നു നടക്കാറില്ല’ എന്ന വരികളിലൂടെ ദാർശനികമായ ആഴം ഉദിക്കുന്നു. രൂപാന്തര കാലം എന്ന കവിതക്കു് ഒരു മിസ്റ്റിക്ക് തലമുണ്ടു്. അതി വിചിത്രമായ രൂപാന്തരീകരണത്തിലൂടെ, പ്രാവുകൾ ഗോതമ്പുമണികളുപേക്ഷിച്ചു് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നവരായും ബഹളംവെക്കുന്ന കാക്കകൾ സമാധാനപ്രിയരായും പാമ്പുകൾ കുട്ടികൾക്കു് കളിപ്പാട്ടങ്ങളായും കോഴികൾ വറ്റുകൊടുത്ത കൈക്കൾക്കാഞ്ഞു കൊത്തി ചോരകുടിക്കുന്നവരായും വിചിത്രമായി പരിണമിക്കുന്നു. പുലികൾ തൊഴുത്തിലും പശുക്കൾ കാട്ടിലും വിപരീത റോളുകളിൽ പ്രത്യക്ഷപ്പെടുന്നു. വലിയ ‘മെറ്റമോർഫൊസിസ്’ ഈ കവിതയുടെ സവിശേഷതയാണു്. ഒറ്റക്കിരിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണു് അവസാന കവിതയിലുള്ള വീടിനെ തീവണ്ടിയാക്കുന്ന വിദ്യ. ഭാവനാസമ്പുഷ്ടമായ ഈ കവിത ഒരു ‘പാൻഡെമിക്’ കാല രചനയാണോ എന്നറിയില്ല. എന്തായാലും അടച്ചിട്ടമുറിയിൽ നിന്നാണു് ഭാവന ചിറകു വിരിക്കുന്നതു്. അടുക്കളയെ തീവണ്ടി എഞ്ചിനായും അടച്ചിട്ടമുറി ബോഗിയായുമൊക്കെ മാറുന്നു. ഒടുവിൽ ഈ യാത്ര എവിടെ അവസാനിക്കുമെന്ന സന്ദേഹം ബാക്കിയാവുന്നു. കെ. ജി. എസ്സിന്റെ ഗഹനമായ ആമുഖം—ബഷീറിന്റെ മറ്റൊരു കവിതാസമാഹാരത്തിനെഴുതിയാണെങ്കിലും—ബഷീറിയൻ കവിതകളെ അടുത്തറിയുന്നതിനു് ഏറെ സഹായകമാണു്.
ഇ. മാധവൻ:
നല്ല ആസ്വാദനം. ബഷീർക്കവിതകൾ വായിച്ച അനേകരുടെ അനുഭവത്തിന്റെ ഹൃദ്യമായ ആവിഷ്കാരം ആയി തോന്നി.
കെ. വിനോദ് ചന്ദ്രൻ:
മുഖ്യധാരയിൽ അദൃശ്യനായ എം. ബഷീർ എന്ന അനുഗൃഹീത കവിയെ കണ്ടെത്തിത്തന്നതിനും അയാളുടെ കവിതയിലേക്കു് പ്രവേശിക്കുവാനുള്ള പാസ്സ്വേഡുകൾ ഒരുക്കിത്തന്നതിനും കെ. ജി. എസ്സിനു നന്ദി. സായാഹ്നയ്ക്കും. ബഷീറിന്റെ ‘വാക്കുകളുടെ നെറുകയിൽ സമകാലിക ചരിത്രം നട്ടുച്ചയായി ചവിട്ടി നിൽക്കുന്നതും, അയാളുടെ കവിതയിൽ കാഴ്ചയുടെയും കേൾവിയുടെയും പല തലങ്ങളൊരുക്കുന്ന മൊസൈക്കുകൾ സമൃദ്ധമാവുന്നതും’, കെ. ജി. എസ്സിന്റെ ആമുഖവാക്കുകൾ കാട്ടിത്തരുന്നു. ആ കവിതകളിലെ ‘അളന്നു തീർക്കാനാവാത്ത ഇടങ്ങളിലേക്കും’ ‘അകവിസ്തൃതികളിലേയ്ക്കും’ മർമ്മഗ്രാഹിയായ ആമുഖവചനങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ‘സായാഹ്ന’യിൽ വന്ന ടി. ആർ. വേണുഗോപാലിന്റെ ആസ്വാദനക്കുറിപ്പും ഈ കവിതകളുടെ ഉള്ളറകളിലേക്കു് വെളിച്ചം ചൊരിയുന്നുണ്ടു്. അടക്കിപ്പിടിച്ചവിലാപത്തിൽ നിന്നു് നിർമ്മമവും നിർമ്മലവുമായ ചിരിയിലേക്കും പൊള്ളുന്ന ചോദ്യങ്ങളിലേക്കുമുള്ള പോക്കുവരവുകളാണു് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നതു്. ‘കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന’ നവ ദമ്പതിമാരെ കവിതയിലേക്കു് ആനയിച്ചു്, ‘കളിചിരികളുടെ’ പുതുമഴക്കാലത്തേക്കു് നമ്മെ കൂട്ടിക്കൊണ്ടു് വരുന്നു ‘പൂമരങ്ങളും റയിൽപ്പാളങ്ങളും’ എന്ന കവിത. എന്നാൽ അവർക്കിടയിൽ മൗനത്തിന്റെ തീവണ്ടികളോടുന്നതും, ആൺ വഴിയും പെൺവഴിയും പിരിയുന്നതും ചേരുന്നതും കവിത സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നു. ‘അവൾ’ മാതൃഭൂമിയും ‘അവൻ’ മനോരമയും വായിക്കുന്നു. അവൻ ജനാലയിൽ നിന്നു് അകലെ. അവൾ ജാലകത്തിനരികെ. അവൾ പൂമരം കാണുന്നു. അവൻ റെയിൽപ്പാളവും. അവൾ പുഴയും വയലും നിരത്തുകളും കാണുന്നു. അവന്റെ കണ്ണു് മൊബൈലിൽ ആഴുന്നു. അവൾക്കു് ‘വട്ടാണെന്നു്’, ‘നോർമലാ’യ അവൻ. അവൻ കോണിപ്പടിയിറങ്ങുമ്പോൾ അവൾ എസ്ക്കലറേറ്ററിൽ ഊർന്നിറങ്ങുന്നു. അവൾ കടലിനോടു് മിണ്ടുന്നു. അവൻ കരയിലിരുന്നു് കപ്പലണ്ടി കൊറിക്കുന്നു. അവൻ ആൾത്തിരക്കിൽ. നനഞ്ഞ തീരത്തു് അവൾ അസ്തമയക്കാഴ്ചയിൽ. മടക്കത്തിൽ അവന്റെ വിരലുകളിൽ പുകയുന്ന സിഗററ്റ്. അവളുടെ കയ്യിൽ ഒളിപ്പിച്ചു വച്ച ഉടഞ്ഞ ചിപ്പി. ടി. ആർ. വേണുഗോപാൽ ചൂണ്ടിക്കാട്ടുന്ന പോലെ ‘ഭാവുകത്വഭേദത്തിലെ ഈ സമാന്തരപാതകൾ’ ഇങ്ങനെ നീളുകയാണു്. പെൺവഴിയിൽ പുതുമഴ തോരാതെ പെയ്യുന്നതും ആൺവഴിയിൽ നിന്നു് പുതുമഴ പിൻവാങ്ങുന്നതും ധ്വനിവ്യാപതിയോടെ. ‘സത്യാനന്തര’കാലത്തു് കള്ളങ്ങൾ സത്യങ്ങളായി രൂപാന്തരീകരിക്കപ്പെടുന്നു എന്ന സത്യത്തെ വിദഗ്ധമായി പിന്തുടരുന്നു ‘സത്യാനന്തരം’. നുണപ്രചരണങ്ങളും പരദൂഷണങ്ങളും ഉത്തേജകവസ്തുക്കളായി, വെടിമരുന്നായി, വടിവാളുകളായി, തീബോംബുകളായി മനസ്സുകളെ തെരുവുകളെ, കുടുംബബന്ധങ്ങളെ, വിശ്വാസങ്ങളെ, അയല്പക്കങ്ങളെ, ആരാധനാലയങ്ങളെ തീപ്പിടിപ്പിക്കുന്നതു് നിർമ്മമമായി ആലേഖനം ചെയ്യപ്പെടുന്നു. പെട്ടെന്നൊരു ദിവസം വെളുപ്പാൻ കാലത്തു്, സ്വന്തം വീടു് കാണാതാവുന്നതായും ഏതോ കലാപബാധിതമായ തെരുവിൽ ആരോ കൊണ്ടിട്ട ഏതോ വീട്ടിൽ അകപ്പെട്ടിരിക്കുന്നതായും നിങ്ങൾ ഞെട്ടിയുണരുന്നു (‘മറ്റേതോ ഭൂമിയിലെ നമ്മുടെ വീടു്’). ദുഃസ്വപ്നമോ യാഥാർഥ്യമോ? നിങ്ങളുടെ സന്തുഷ്ടമായ ജീവിതത്തിനു് പൊടുന്നനെ ദാരുണമായ അറുതി. കാട്ടുതീയിലേക്കു് ഉണർന്ന പക്ഷിക്കൂട്ടങ്ങളായി മാറിപ്പോയി, ഭാര്യയും, മക്കളും, പട്ടിയും, കൂട്ടിലെ കിളികളും, അക്വേറിയത്തിലെ മീനുകളും, മുറ്റത്തെ പൂന്തോട്ടവും പൂക്കളും ഒക്കെച്ചേർന്ന നിങ്ങളുടെ സന്തുഷ്ടകുടുംബം. മുറ്റത്തെചെമ്പരത്തിപ്പൂക്കളെ മൂത്ത മകളും, കെട്ടിപ്പിടിച്ചുറങ്ങിയ പാവക്കുട്ടിയെ ഇളയമകളും, തിരയുന്നു. വീട്ടിൽ നിന്നു് നോക്കിയാൽ കാണുന്ന നദിയും അതിലെ അരയന്നങ്ങളെയും കാണാതെ ഭാര്യ ആകുലയാകുന്നു. ടി. വി.യിൽ കാണുന്ന ഏതോ യുദ്ധരാജ്യത്തിലെ കുട്ടിയെപ്പോലെ മകളുടെ കവിളിൽ കരിപുരണ്ടതു കണ്ടു് നിങ്ങളുടെ ഉള്ളിൽ തീ കാളുന്നു. ഇതു് നമ്മുടെ വീടല്ല എന്നു് യാഥാർഥ്യത്തെ നിഷേധിക്കുവാൻ ശ്രമിക്കുന്നു ഗൃഹനാഥനായ നിങ്ങൾ. ‘ചുമരിൽ പാതി കത്തിയ മകളുടെ പെയിന്റിങ്ങുകളും, തൽസ്ഥലത്തു തന്നെയുള്ള ഊഞ്ഞാലും’, ‘പൊട്ടിക്കിടക്കുന്ന വെള്ളപ്രാവുകളുടെ ശില്പവും’ കാട്ടി ഭാര്യയും കുട്ടികളും തറപ്പിച്ചു പറയുന്നു, ‘അല്ല. ഇതു് നമ്മുടെ വീടു തന്നെ.’ ‘മുറിവേറ്റോടുന്നവർ കരയുന്നതു് നമ്മുടെ ഭാഷയിലല്ലല്ലോ. നമ്മുടെ വീടിനു മുന്നിൽ മരുഭൂമിയിലെ കമ്പിവേലികളുണ്ടായിരുന്നില്ലല്ലോ. നമ്മുടെ വഴികളിൽ സൈനികവാഹനങ്ങൾ വെടിമരുന്നു കയറ്റിപ്പോകുമായിരുന്നില്ലല്ലോ’. നിങ്ങൾ വാദിക്കുന്നു. ‘വീടു നമ്മുടെ തന്നെ, പക്ഷേ, ഭൂമി വേറെ ആരുടേതോ’, എന്നു് ഭാര്യ ഭ്രമിതചിത്തനായിക്കഴിഞ്ഞ നിങ്ങളെ സമാധാനിപ്പിക്കുന്നു. ഇളയമകളുടെ കണ്ണു തുടച്ചു കൊടുക്കുമ്പോൾ നിങ്ങളുടെ കവിളിൽ തൊട്ടു് അവൾ ചോദിക്കുന്നു: ‘ഇവിടെ ശലഭങ്ങളുണ്ടാകുമോ അച്ഛാ’ മറുപടിക്കായി നിങ്ങൾ വാക്കു തപ്പുമ്പോൾ, ചീറിപ്പാഞ്ഞു പോയ ഒരു ആമ്പുലൻസിന്റെ നിലവിളി അതിനു മറുപടി പറയുന്നു. ഇതു് ദുഃസ്വപ്നമോ സത്യമോ? ഇതു് പേക്കിനാവല്ല, ദൈനംദിനയാഥാർഥ്യമെന്നു് യുദ്ധവും കലാപവും ദുരന്തമായിപ്പെയ്ത ലോകരാജ്യങ്ങളുടെ ചാനൽ ദൃശ്യങ്ങൾ മൊഴിയുന്നു. ഉത്തരേന്ത്യയിലരങ്ങേറിയ കലാപ പരമ്പരകൾ ഇതു് ആസന്ന യാഥാർത്ഥ്യമെന്നു് ചൊല്ലുന്നു. ഏതു നാട്ടിനും ഏതു വീട്ടിനും സംഭവിക്കാവുന്ന സാർവ്വജനീനമായ ദുരന്തമാണീ ദുഃസ്വപ്നയാഥാർത്ഥ്യമെന്നു് കവിത ജാഗ്രത്താവുന്നു. ‘ഇവിടെ ശലഭങ്ങളുണ്ടാവുമോ അച്ഛാ’ എന്ന മർമ്മഭേദകവും നിഷ്ക്കളങ്കവുമായ കുരുന്നു ചോദ്യം, ജീവിവംശങ്ങളുടെ വ്യാകുലമായ പ്രാർത്ഥനയായി വരും കാല രാഷ്ട്രീയത്തിന്റെ സൂത്രവാക്യമായി, എരിയുന്ന പന്തമെന്ന പോലെ, ഭാവിയിലേക്കു് എറിഞ്ഞുകൊടുക്കുന്നു ഈ കവിത. അടച്ചു പൂട്ടിയ, തളംകെട്ടിക്കിടക്കുന്ന, അചരമായ, വീടിനെ ചരരാശിയിലേക്കു്, യാത്രാപഥങ്ങളിലേക്കു്, തുറന്നു വിടുന്ന പ്രതീകാത്മകമായ ഒരു സ്വാതന്ത്ര്യപ്രക്രിയയാണു് വീടിനെ തീവണ്ടിയാക്കൽ (‘വീടിനെ തീവണ്ടിയാക്കുന്ന വിദ്യ’). ബാല്യത്തിന്റെ കേളീകാലവും, സ്വപ്നാടനവിദ്യകളും പുനരാവാഹിക്കപ്പെടുന്നു. അടുക്കളയെ വീട്ടു് തീവണ്ടിയുടെ എഞ്ചിനാക്കി മാറ്റുന്നു. പഴയപാഠപുസ്തകത്തിലെ ‘കൂകൂ’ തീവണ്ടികൾക്കു് ജീവൻ വയ്പ്പിക്കുന്നു. വിവിധ ജീവിഗണങ്ങളിൽപ്പെടുന്ന അന്തേവാസികളെ നടീനടന്മാരാക്കിക്കൊണ്ടു്, ഇന്നത്തെ ചലനവും സഹനവും അതിജീവനവും മാന്ത്രികമായി പുനഃസൃഷ്ടിക്കുന്ന വിദ്യയാണു് ബഷീറിന്റെ കവിത നമുക്കു് പകരുന്നതു്. ബഷീറിനു് അഭിവാദ്യങ്ങൾ.
കെ. സച്ചിദാനന്ദൻ:
ബഷീർ എഴുതിത്തുടങ്ങിയ കാലം എനിക്കോർമ്മയുണ്ടു്, ചില ആദ്യ കവിതകൾ പതിറ്റാണ്ടുകൾക്കു മുമ്പു് അയച്ചു തന്നതും. കുറച്ചു കാലം അപ്രത്യക്ഷനായി വീണ്ടും പ്രത്യക്ഷപ്പെട്ടതു മുതൽ ശ്രദ്ധിച്ചുവരുന്നു. മുഖ്യധാര എന്തെന്നറിയില്ല. മാധ്യമം വാരികയിലും പാഠഭേദത്തിലും ദേശാഭിമാനി വാരികയിലും ഗ്രന്ഥലോകത്തിലും കൂടുതൽ അടുത്ത കാലത്തു് മാതൃഭൂമി വാരികയിലും ബഷീറിന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കഥകളും ചിത്രങ്ങളും കണ്ടിട്ടുണ്ടു്. വ്യത്യസ്തങ്ങളാണു് പരാനുഭവസാക്ഷ്യങ്ങൾ കൂടിയായ ആ രചനകൾ. ധാരാളം ഇവിടെ പറയപ്പെട്ടു കഴിഞ്ഞതുകൊണ്ടു് ആശംസകൾ മാത്രം.
വി. രവികുമാർ: ദ ലിറ്റിൽ പ്രിൻസ്
ലിസ്സി മാത്യു:
ലിറ്റിൽ പ്രിൻസ് വായിച്ചു ദുഃഖം തോന്നി; തൊപ്പി കണ്ടു ജീവിതം നശിപ്പിച്ചതിനു്. ഇതൊരു വിവർത്തനമാണെന്നേ തോന്നിയില്ല. ജീവനുള്ള മലയാളം.
ഇ. മാധവൻ:
ലിറ്റിൽ പ്രിൻസ് ആദ്യം വായിച്ചതു് 1978-ൽ. അന്നു് 28 വയസ്സു് മുതിർന്നിരുന്ന എന്നേക്കാളും 69-ാം വയസ്സിൽ ഈ കഥ മനസ്സിലാകുന്നു! ഗംഭീരമായ കഥ, അതി മനോഹരമായ വിവർത്തനം—ശ്രീ രവികുമാറിനെ അഭിനന്ദിക്കട്ടെ, ഈ കഥയിലേക്കു് എത്തിച്ചേർന്നതിനു്. വിവർത്തകനെന്ന നിലക്കും അഭിമാനകരം. മൂലകൃതിയിൽ ചേർത്ത ചിത്രങ്ങൾ ആവർത്തിച്ചതും വിവേകപൂർവ്വമായി തോന്നി.
കെ. സച്ചിദാനന്ദൻ:
ഇതു് ആറാമത്തെ തവണയാകണം ഞാൻ ‘ലിറ്റിൽ പ്രിൻസ്’ വായിക്കുന്നതു്. മുതിർന്നവർ അങ്ങിനെയാണല്ലോ. ഒരു വായനയിൽ ഒന്നും മനസ്സിലാവില്ല. അതു കൊണ്ടു് ഓരോ വായനയിലും ഞാൻ ഇത്തിരി കൂടി ചെറുതായി വായിക്കുന്നു. ഇപ്പോൾ കുറച്ചു കൂടി മനസ്സിലാകുന്നുണ്ടു്. എന്റെ ഛിന്നഗ്രഹത്തിൽ ഫ്രെഞ്ചു ഭാഷ മനസ്സിലാകുന്നവരില്ല. അവിടെ ഞാൻ മാത്രമേ ഉള്ളുവല്ലോ. പണ്ടു് ഒരു ഇംഗ്ലീഷുകാരൻ വഴി തെറ്റി വന്നപ്പോൾ അയാൾ ഇത്തിരി ഇംഗ്ലീഷ് പഠിപ്പിച്ചു. ആ ഭാഷയിലാണു് ആദ്യം ഈ വിദ്വാനെ പരിചയപ്പെട്ടതു്. പിന്നെ പലകുറി വായിച്ചു, ബാവോ ബാബ് മരത്തിന്റെ ചുവട്ടിലിരുന്നും കിഴവൻ രാജാവിന്റെ അംഗവസ്ത്രത്തിലിരുന്നും മറ്റും. അങ്ങിനെയിരിക്കെയാണു് മലയാളം പറയുന്ന ഒരു നക്ഷത്രം ഈ കഥയുമായി മുന്നിൽ വന്നു വീണതു്. ഇപ്പോൾ എനിക്കതു മനസ്സിലാകാൻ തുടങ്ങി. ഞാൻ ഇത്തിരി കൂടി കുട്ടിയായിക്കാണണം. മുതിർന്നവർക്കു് ഇതു മനസ്സിലാവില്ലല്ലോ!
രാജഗോപാൽ:
അതെ, കുട്ടികൾക്കു് മനസ്സിലാക്കാൻ കഴിയുന്നത്ര മുതിർന്നവർക്കു് മനസ്സിലാക്കാനാവില്ല. കുട്ടികൾ തുറക്കുന്നത്ര മുതിർന്നവർക്കു് തുറക്കാനാവില്ലല്ലോ. മുതിരും തോറും മനസ്സു് ഇടുങ്ങുകയും അടയുകയുമാണല്ലോ…
ഇ. മാധവൻ:
കൊച്ചുരാജകുമാരൻ ഇന്നു വരെ രചിച്ച കവിതകളുടെ സ്നേഹ സാരാംശം സമ്മാനിച്ചു് സ്വഗ്രഹത്തിലേക്കു് മടങ്ങി—നമുക്കു് നിതാന്തമായ ദുഃഖത്തിന്റെ വില മനസ്സിലാക്കിക്കൊണ്ടു്.
കെ. ജി. എസ്.:
കൊച്ചുസ്നേഹകുമാരൻ, അപാരൻ. കഥനമാന്ത്രികൻ അന്ത്വാൻ ദ് സാന്തേ എക്സ്യുപെരിക്കും, മഹാവിവർത്തകൻ വി. രവികുമാറിനും, സായാഹ്നയ്ക്കും അഭിവാദ്യങ്ങൾ. ലേശം പിരിമുറുക്കം, ഡിപ്രഷൻ എന്ന മനസ്സിറക്കം, എന്നിവ ഉണ്ടായിരുന്നു. മടുപ്പും കലക്കവുമുണ്ടായിരുന്നു. ലിറ്റിൽ പ്രിൻസിന്റെ മായികതയിൽ എല്ലാം പോയി. ഇനി എവിടെയും ലാൻഡ് ചെയ്യാം. എവിടേക്കും പറന്നുയരാം. അപാരം, തെളിമയുടെ ഔഷധവീര്യം.
എം. എച്ച്. സുബൈർ: ഇഫ്രീത്തുകൾ
എം. എച്ച്. സുബൈർ:
എന്റെ ‘ഇഫ്രീത്തുകൾ’ എന്ന കഥയെപ്പറ്റി അഭിപ്രായം പറഞ്ഞ ശ്രീ കെ. സച്ചിദാനന്ദൻ, ശ്രീ ഇ. മാധവൻ, ശ്രീമതി നന്ദിനി മേനോൻ എന്നിവർക്കും സായാഹ്നയിലെ എല്ലാ പ്രിയപ്പട്ട വായനക്കാർക്കും, സായാഹ്നക്കും നന്ദി.

(ഒൿടോബർ 18 മുതൽ 24 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വിനയ ചൈതന്യ: അക്കമഹാദേവി
കെ. ജി. എസ്.:
വചനം

ആദിയിൽ വചനമുണ്ടായി

വചനം രചനയായി

പടച്ചോനും പടപ്പുകളുമായി

അക്കയും അണ്ണനും വെളിവുകളുമായി

വെളിവുകൾ വളർന്നു്

ഏകഭാഷാബാബേലാകെ

വചനദൈവങ്ങൾ ഇടഞ്ഞു.

ദിവ്യബോംബായി ഭാഷ തകർത്തു.

ചിതറിത്തെറിച്ച പൊരുൾത്തുണ്ടുകൾ

ഭാഷാരാജ്യങ്ങളും ഭാഷാഗോത്രങ്ങളുമായി.

ഒരുമ വീണ്ടെടുക്കാൻ വിവർത്തകർ വന്നു,

വചനങ്ങളിൽ അഴിച്ചുപണി തുടങ്ങി.

ദൈവങ്ങളേ ഇടയരുതേ

വിവർത്തനബാബേൽ തകർക്കരുതേ.

ടി. ആർ. വേണുഗാപാലൻ:

‘ദൈവങ്ങളേ ഇടയരുതേ

വിവർത്തനബാബേൽ തകർക്കരുതേ.’

വചനകവിതകളുടെ പുതു വായനകളിൽ അസ്വസ്ഥരായ ദൈവങ്ങളോടു് ‘പ്രാർത്ഥിക്കുന്നെങ്കിൽ ഇങ്ങനെ’ വേണം. കെ. ജി. എസ്സിന്റെ കുറിപ്പു് സമഗ്രം, കാവ്യാത്മകം.

കെ. സച്ചിദാനന്ദൻ:
അതെ, വാൾടർ ബെന്യമിൻ ആണു പറഞ്ഞതു് വിവർത്തകർ വീണ്ടും ബാബേൽ നിർമ്മിക്കയാണെന്നും ഓരോ വിവർത്തനവും മനുഷ്യർക്കു് ബാബേൽ തകർക്കപ്പെട്ടപ്പോൾ നഷ്ടമായ പൊതുഭാഷ വീണ്ടെടുക്കാനുള്ള ഓരോ യത്നമാണെന്നും. ഇന്നലെ അല്ലാമയുടെയും ദേവര ദാസിമയ്യയുടെയും തിരഞ്ഞെടുത്ത വചനങ്ങൾ കൂടി ചെയ്തു തീർത്തപ്പോൾ ഓർത്തു, ഇനിയും എത്ര ഉയരം, എത്ര കല്ലുകൾ…
കെ. എച്ച്. ഹുസൈൻ:
വചനങ്ങളുടെ പരിണാമത്തിലെ പുതിയൊരു കണ്ടെത്തലാണിതു്. വചനങ്ങളിൽനിന്നു് ഭാഷകളും ദൈവങ്ങളും. പിന്നെ ഒടുങ്ങാത്ത വൈരങ്ങൾ. ഒരുമിക്കാനായി മനുഷ്യരിപ്പോൾ അക്ഷരങ്ങളുടെ, ഭാഷകളുടെ ബാബേലിനു പകരം മറ്റൊരു ബാബേൽ പണിയുകയാണു്, പരാവർത്തനങ്ങളുടെ. സാഹിത്യത്തിന്റെ പ്രയോജന ചിന്തയും ശുഭാപ്തിവിശ്വാസവും മാത്രമല്ലിതു്, പുതിയൊരു സൗന്ദര്യം കൂടിയാണിതു്. കഴിഞ്ഞ ദിവസം വിനയയുമായി സംസാരിക്കുകയായിരുന്നു, എന്തിനുവേണ്ടിയാണു് അക്കയും അണ്ണയും ജീവിച്ചതെന്നു്, പൊരുതിയതെന്നു്. ഇന്നിപ്പോൾ മറ്റൊരു കാലത്തു്, ദേശത്തു്, മറ്റൊരു ഭാഷയിൽ അനേകം വചനങ്ങളായതു മാറുന്നു. എത്ര വൈവിദ്ധ്യങ്ങൾ, ഉദ്ഗ്രഥനങ്ങൾ. തീർച്ചയായും ഒരുമയുടെ ഗോപുരം തന്നെ.
രാജഗോപാൽ:
There is no translation, only transcreation എന്നു് അയ്യപ്പപ്പണിക്കർ പറയും. പക്ഷേ, മലയാളത്തിൽ ഇവർക്കു് പുറംചട്ടയിൽ തന്നെ സ്ഥാനം കിട്ടാറില്ല. വിവർത്തനം ‘വില’ കുറഞ്ഞ ഒരു സാഹിത്യ പ്രവർത്തനമായാണു് ഇപ്പോഴും പ്രസാധകർ കണക്കാക്കുന്നതു്.
കെ. സച്ചിദാനന്ദൻ:
പണ്ടു് Jaico Pocket Books ഉണ്ടായിരുന്നു. അകത്തു പോലും വിവർത്തകന്റെ/യുടെ പേരുണ്ടാവില്ല. അല്പം പണം കൊടുത്തു് ഇടപാടു തീർക്കും. ശരത്ചന്ദ്ര ചാറ്റർജിയും മാണിക് ബാനർജിയും യശ്പാലും ജൈനേന്ദ്രകുമാറുമെല്ലാം അങ്ങിനെ ഇൻഡ്യൻ ഇംഗ്ലീഷ് എഴുത്തുകാരായി മാറി. ഇപ്പോൾ മാറുന്നുണ്ടു്. പ്രധാന പ്രസാധകർ കവറിൽ തന്നെ പരിഭാഷകരുടെ പേരു നൽകുന്നുണ്ടു്. ലോറൻസ് വെനുറ്റിയുടെ വിവർത്തന ചരിത്രത്തിന്റെ പേരു തന്നെ ‘The Translator’s Invisibility’ എന്നാണല്ലോ. സാഹിത്യ അക്കാദമിയുടെയും ക്രോസ് വേഡിന്റെയും മറ്റും വിവർത്തന പുരസ്കാരങ്ങളും മാർക്കേസും ബോർഹസ്സും തങ്ങളുടെ വിവർത്തകർക്കു നൽകിയ പ്രശംസയും മറ്റും ഈ മാറ്റത്തിനു സഹായകമായിട്ടുണ്ടു്. എന്നാൽ ഇതിനൊരു മറുവശവുമുണ്ടു്. ചില പ്രസാധകർ ചെറിയ പ്രതിഫലം നൽകി കോളേജദ്ധ്യാപകരെക്കൊണ്ടു് ഗുണനിലവാരമില്ലാത്ത ‘ഉടൻപരിഭാഷ’കൾ ചെയ്യിക്കുന്നു, അതു് ചിലർ സന്തോഷത്തോടെ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. അവിടെ കൃതിയുമായി വിവർത്തകർക്കു് ഒരു വൈകാരിക ബന്ധവുമില്ല. വെറും ബിസിനസ്സ് ഡീൽ. ഇടപ്പള്ളി കരുണാകരമേനോൻ, എം. എൻ. സത്യാർത്ഥി, ഇ. കെ. ദിവാകരൻ പോറ്റി, നാലപ്പാടൻ മുതലായവരിൽ നിന്നു് നേരേ തിരിച്ചു് ഒരു നടത്തം. സ്നേഹമില്ല, സമർപ്പണമില്ല, ശ്രദ്ധയില്ല.
രാജഗോപാൽ:
ഗൂഗിൾ വിവർത്തനങ്ങൾ പോലുമുണ്ടു്, സത്ത നഷ്ടപ്പെട്ടവ.
കെ. സച്ചിദാനന്ദൻ:
മെഷീൻ ട്രാൻസ്ലേഷൻ മനുഷ്യരും ചെയ്യുന്നു!
അൻവർ അലി:
ഏതാണ്ടു് 18 കൊല്ലത്തോളം മുമ്പു്, അക്കയുടെയും ബസവണ്ണയുടെയും അല്ലമയുടെയുമെല്ലാം വചനങ്ങളിൽ കന്നഡത്തിനു പകരം മലയാളം വച്ചുനോക്കിയിരുന്ന വിനയചൈതന്യയ്ക്കൊപ്പം കൂടി മൂന്നാലു ദിവസം, ഞാനും അനിത തമ്പിയും. തിരുവനന്തപുരത്തിനു കിഴക്കു് കല്ലാറൊഴുകിയിറങ്ങുന്ന താഴ്‌വരയിലെ ഒരു വീട്ടിലായിരുന്നു. കൂടുതൽ സമയവും അക്കയുമൊത്തായിരുന്നെങ്കിലും ഇടയ്ക്കിടെ മറ്റു വചനകാരും വന്നും പോയുമിരുന്നു. തൊട്ടാവാടിയിലകളെ സ്നേഹത്തോടെ തൊട്ടാൽ അവ പേടിച്ചു കൂമ്പിപ്പോവില്ലെന്നു് വിനയ കാട്ടിത്തന്നതു് അന്നു് കല്ലാറിന്റെ കരയിൽ വച്ചു്. ഈയിടെ പുസ്തകമായ അക്കവചനങ്ങൾ കുറേ കയ്യെഴുത്തും കമ്പ്യൂട്ടർ ഫയലുമായി ഇപ്പോഴും കയ്യിലുണ്ടു്. അന്നു് വിനയ കുറിച്ച കടലാസുകളിലൊന്നിൽ നിന്നു് ഒരു ബസവവചന ഞാൻ എന്റെ മൊബൈൽ നോട്ടിലേക്കു് ഈയിടെ പകർത്തിവച്ചു. ബസവ ദർശനത്തിന്റെ കാതലായ ആ വചനയുടെ കന്നഡവും അതിന്റെ വിനയമലയാളവും ചുവടെ:

ഉള്ളവരു ശിവാലയ മാഡു വരു

നാനേന മാഡലി ബഡവനയ്യാ

എന്ന കാലേ കംബ ദേഹവേ ദേഗുല

ശിരവേ ഹൊന്ന കലശമയ്യാ

സ്ഥാവരക്കളിവുംടു ജംഗമക്കളിവില്ലെ

കൂടലസംഗമദേവാ കേളയ്യാ

ഉള്ളവർ ശിവാലയം പണിയും

ഞാനെന്തു ചെയ്യാൻ ദരിദ്രനയ്യാ

എന്റെ കാലേ തൂണു് ഉടലേ കോവിൽ

ശിരസ്സേ പൊന്നിൻ കലശമയ്യാ

സ്ഥാവരത്തിനഴിവുണ്ടു് ജംഗമത്തിനഴിവില്ല

കൂടലസംഗമദേവാ കേൾക്കയ്യാ

സി. ബി. മോഹൻദാസ്: വിപ്ലവത്തിൽ നിന്നു് വിഗ്രഹനിർമ്മിതിയിലേക്കു്: കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ
ഇ. പി. ഉണ്ണി:
വിഗ്രഹങ്ങളാക്കി ഒതുക്കിയെടുത്ത നവോത്ഥാന നായകന്മാരെ കുറിച്ചു സി. ബി. മോഹൻ ദാസ് സായാഹ്നയിൽ എഴുതിയ ലേഖനം ഒറ്റയടിക്കു് വായിക്കാൻ കഴിഞ്ഞതു ഇപ്പോഴാണു. നവരാത്രിക്കു സ്തുതി. വിഗ്രഹ നിർമ്മാണം, ഏകാധിപതികളുടെയും നവോത്ഥാന ശില്പികളുടെയും, ഒരുപോലെ മോശമാണെന്നു് ഒഴുക്കൻ മട്ടിൽ ആരും സമ്മതിക്കും. എന്നാൽ പ്രശ്നം രാഷ്ട്രീയമാണെന്നും അപകടം ഇവിടെ ഇപ്പോൾ തൊട്ടടുത്താണു എന്നും സി. ബി. പറയുന്നു. ചേർന്നു പോകുന്ന ചെറിയ ഒരു അനുഭവം പറയാം. ഒ. വി. വിജയൻ എന്ന കാർട്ടൂണിസ്റ്റിനെ ക്യുറേറ്റ് ചെയ്യാൻ പുറപ്പെട്ടപ്പോൾ ഉണ്ടായ അലോസരങ്ങൾ ചില്ലറയല്ല. വിജയ ഭക്തന്മാർക്കു വിജയനെ കൂടുതൽ പേർ അറിയണമെന്നുണ്ടു. അതിൽ തർക്കം ഇല്ല. കാർട്ടൂണിസ്റ്റ് പുറത്തു വന്നാൽ പക്ഷേ, സാഹിതീയ വിഗ്രഹം ഉടയും. വിഗ്രഹത്തിനു് ഇരട്ട മുഖമാണു്—ഒന്നു ഇടതു മാനുഷികം, മറ്റേതു ലോല കാവി. ഇതു കൊണ്ടു നടക്കുന്ന സമവായത്തെ വെല്ലുവിളിച്ചാൽ പ്രശ്നമാവും. ഗുരുവിനെയും ഗാന്ധിയേയുമൊക്കെ ചെറുപ്പക്കാരിൽ എത്തിക്കാൻ പറ്റിയ കലാരൂപം ഗ്രാഫിക് നോവലാണു്. ഗാന്ധിയുടെ കാര്യത്തിൽ നടന്നേക്കും. ഗുരുവിനെ കുറിച്ചു വരക്കണമെന്നുണ്ടു. കാർട്ടൂണിസ്റ്റ് തൊട്ടു അശുദ്ധമാക്കിയാൽ ഭക്തർ കോപിക്കുമോ? ബുദ്ധനെ പറ്റി ഒരു നീണ്ട ഗ്രാഫിക് നോവൽ തെസൂക ചെയ്തിട്ടുണ്ടു്. അതു പറഞ്ഞാൽ ആ 8 വോള ്യം ആഖ്യായിക ഇവിടെ നിരോധിക്കും. അത്രക്കൊന്നും എടുത്തുചാടാതെ സി. ബി.യുടെ ലേഖനത്തിന്റെ വെളിച്ചത്തിൽ വിജയന്റെ കാർട്ടൂൺ ക്യുറേറ്റ് ചെയ്യണം എന്നുറപ്പായി. നിലപാടുകൾ ഇനിയും കനക്കുന്നതിനു മുമ്പു്.
കെ. സച്ചിദാനന്ദൻ:
ഭയമില്ലാതെ ചെയ്യുക. ഇന്ത്യയിൽ അല്പം ജനാധിപത്യം ബാക്കിയുണ്ടു്, വിവേകികളായ കുറച്ചു മനുഷ്യരും.
സി. വി. രാധാകൃഷ്ണൻ:
ഗ്രാഫിൿ നോവൽ പ്രസിദ്ധീകരിക്കാൻ സായാഹ്നയും വായിക്കാൻ ജനങ്ങളും കാത്തിരിക്കുന്നു. എത്രയും വേഗം വരട്ടെ.
ഡോ. ബാബു ചെറിയാൻ:
വരഞ്ഞിടാനുള്ളതു വരഞ്ഞിടണേ. ചില നിയോഗങ്ങൾ ചിലർക്കുമാത്രമുള്ളതു്. വരാനുള്ളതു വരട്ടെ. അല്ലെങ്കിലും വരഞ്ഞിടാതിരുന്നാൽ, വരാനുള്ളതു് വഴിയിൽ തങ്ങുമോ?
ഇ. പി. ഉണ്ണി:
തീർച്ചയായും ശ്രമിക്കാം.
കെ. എച്ച്. ഹുസൈൻ:
ഉണ്ണീ, നാരായണ ഭട്ടതിരിയുടെ ‘എഴുത്തു്’ ഫോണ്ടിന്റെ ടെസ്റ്റ് പതിപ്പു് ഉണ്ണി കണ്ടെന്നും ഗ്രാഫിൿ നോവലിനായി ഉപയോഗിക്കുമെന്നും അശോൿ പറഞ്ഞു. അതു കേട്ടപാടെ ഡിസൈനിംഗ് ഒന്നുകൂടി ഉഷാറാക്കി. ദേ, ഇപ്പോൾ എന്റെ ഭാഗം തീർത്തു് സിവിആറിനും ടീമിനും അയച്ചു കഴിഞ്ഞു. കേരളപ്പിറവി ദിനത്തിൽ റിലീസ് ചെയ്യണം. ഗാന്ധിയും ഗുരുവുമാണെന്നു കേട്ടപ്പോൾ അല്പം ഭയമുണ്ടു്. വിഷയത്തിന്റെ ഗൗരവത്തിനു് ‘എഴുത്തു്’ ഫോണ്ട് പറ്റില്ലെങ്കിൽ നമുക്കു് മറ്റൊരെണ്ണം ചെയ്യുക തന്നെ വേണം. ഭട്ടതിരി കൂടെയുള്ളപ്പോൾ ഇനിയെന്തുമാകാം! ഉണ്ണി കൂടെ നിന്നാൽ മതി. മലയാളത്തിലെ ആദ്യത്തെ കാലിഗ്രാഫിക് ഫോണ്ടിറങ്ങുമ്പോൾ ഉണ്ണിയോടു് നിശ്ശബ്ദമായൊരു കടപ്പാടുണ്ടു്. കയ്യെഴുത്തിൽ നിന്നൊരു ഫോണ്ടുണ്ടാക്കാൻ ആദ്യപ്രേരണയുണ്ടായതു് ഉണ്ണിയിൽ നിന്നാണു്. അന്നത്തെ രീതിശാസ്ത്രവും ഹോംവർക്കും ‘എഴുത്തി’നു് തുണയായി. അങ്ങനെ ചെയ്തുവന്നപ്പോൾ മറ്റൊരു അദ്ഭുതം കാണാനിടയായി. എഴുത്തിനുവേണ്ടി ഭട്ടതിരി വരച്ച റോമൻ അക്ഷരങ്ങളും ഉണ്ണിയുടെ കയ്യെഴുത്തും തമ്മിൽ വല്ലാത്ത സാമ്യം! അതുകൊണ്ടു് എന്റെ വിചാരം ‘എഴുത്തി’ന്റെ മലയാള അക്ഷരങ്ങൾ ഉണ്ണിയുടെ ഗ്രാഫിൿ നോവലിനോടു് യോജിച്ചുപോകും എന്നാണു്. ഉണ്ണിയുടെ ഗാന്ധിയും ഗുരുവും വരുന്നതോടെ രചനയും സായാഹ്നയും ഏതുയരത്തിലേക്കാണു് പറക്കാൻ വെമ്പുന്നതു് ? ഡിജിറ്റൽ പബ്ലിഷിംഗിനു് ഇത്രയ്ക്കു് അർത്ഥവത്തായൊരു ആത്മീയ-രാഷ്ട്രീയ ലക്ഷ്യം ലോകത്തു് മറ്റൊരു ഭാഷയിലും ഉണ്ടാകില്ല. മലയാളം കനംവെക്കുകയാണു്. സച്ചിദാനന്ദന്റെ ബസവണ്ണയ്ക്കു് ഭട്ടതിരി വരച്ച ടൈറ്റിലാണു് ‘എഴുത്തി’നു് പ്രചോദനമായതു്. എല്ലാ കൂട്ടായ്മകളും ഒത്തുവന്നിരിക്കുന്നു. ഒന്നും യാദൃശ്ചികമല്ല.
ഇ. പി. ഉണ്ണി:
നന്ദിയോടെയാണു എന്നും, ദാ ഇപ്പോഴും, വരച്ചു തീർത്തതു്. വാർത്താ കാർട്ടൂൺ വരയ്ക്കാനും മാറ്റി വരക്കാനും എത്രയോ എളുപ്പമായി. ഗുരുവിന്റെ കഥ സമയമെടുക്കും. ഫോണ്ട് ഇല്ലെങ്കിൽ ശ്രമിക്കാൻ പോലും പറ്റില്ല.
കെ. ദാമോദരൻ: ശ്രീശങ്കരൻ ഹെഗൽ മാർക്സ്
തോമസ് അബ്രഹാം:
കെ. ദാമോദരന്റെ ചിന്തയുടെ തെളിമ വെളിപ്പെടുത്തിയതിനു നന്ദി. ഹേഗൽ ആധുനിക രാജ്യ സങ്കല്പത്തിനു് എങ്ങനെ അടിത്തറ പാകിയെന്നുള്ളത്തിന്റെ സംക്ഷിപ്ത വിവരണം പിന്നീടു് രണ്ടു ലോക മഹായുദ്ധത്തിലേക്കും ആധുനിക കാലത്തിലേക്കു നയിച്ചതും ഓർക്കുന്നു.
ഗായത്രി:
കെ. ദാമോദരന്റെ ‘ശ്രീശങ്കരൻ, ഹെഗൽ, മാർക്സ്’ എന്ന ലേഖനത്തിന്റെ മൂന്നാമത്തെ അദ്ധ്യായം വായിച്ചപ്പോൾ തന്നെ ലേഖകന്റെ ജ്ഞാനം മനസ്സിലാക്കാൻ കഴിയും. ഇതിൽ ശ്രീശങ്കരന്റെയും, ഹെഗലിന്റെയും ഓരോ കാര്യത്തിലും ഉള്ള പരാമർശങ്ങൾ വളരെ വിശദമായി കാണുന്നു. കൂടാതെ ലേഖകനു് ഹെഗലിന്റെ രചനകളിലുള്ള ദീർഘമായ വീക്ഷണവും ഈ ലേഖനത്തിലുടനീളം കാണാൻ കഴിയും. ഈ ലേഖനത്തിലൂടെ വായനക്കാർക്കു് ചുരുങ്ങിയ രീതിയിൽ ഹെഗലിന്റെ രചനകളെ കുറിച്ചും അവബോധം നൽകുന്നു. ഒരേ വിഷയത്തിനു് ശ്രീ ശങ്കരന്റെ പ്രസ്താവനയും ഹെഗലിന്റെ പ്രസ്താവനയും ഇതിൽ കാണാൻ കഴിയും. വായനക്കാർക്ക് ചുരുങ്ങിയതും എന്നാൽ വിശദീകരിച്ചും ഓരോ കാര്യവും, അതായതു് സത്യം, വിഷയവും വിഷയിയും, മനുഷ്യനും പ്രകൃതിയും… തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള അറിവു് ലേഖകൻ നൽകുന്നുണ്ടു്.
ശ്യാമപ്രിയ, എ.:
പരബ്രഹ്മത്തെയും കേവലാശയത്തിനെയും കുറിച്ചു് പ്രതിപാദിക്കുന്ന കെ. ദാമോദരന്റെ ഈ ലേഖനത്തിൽ ഉടനീളം സത്യം കുടികൊള്ളുന്നതു് ദൃശ്യപ്രപഞ്ചത്തിൽ അല്ലെന്നും അതു് പരമമായ ബോധത്തിൽ നിക്ഷിപ്തമാണെന്നും പറയുന്നു. ശ്രീശങ്കരൻ, ഹെഗൽ, മാർക്സ് എന്നിവരുടെ ലോകസത്യത്തെ ക്കുറിച്ചുള്ള നിരീക്ഷണങ്ങളാണു് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതു്. ഇവിടെ വിഷയം, വിഷയി എന്നിവയെക്കുറിച്ചു് പരാമർശിക്കുന്നു. കേവലാശയം ആണു് പ്രപഞ്ചത്തിലെ യഥാർത്ഥ സത്യം. വിഷയീനിഷ്ഠവും വിഷയനിഷ്ഠവുമായ ആശയങ്ങളുടെ ഐക്യമാണു് കേവലാശയം. പരമതത്വമായ പരബ്രഹ്മം നിർവികാരമാണു്.
ദേവു:
കെ. ദാമോദരന്റെ ‘ശ്രീ ശങ്കരൻ, ഹെഗൽ, മാർക്സ്’ എന്ന ലേഖനത്തിന്റെ മൂന്നാമത്തെ അദ്ധ്യായത്തിൽ പരബ്രഹ്മത്തെയും കേവലാശയത്തിനേയും കുറിച്ചു് പരാമർശിക്കുന്നു. തന്റെ ഈ ലേഖനത്തിൽ ലോക സത്യത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളേയാണു് ഇതിൽ കൂടുതലായി പരാമർശിച്ചിരിക്കുന്നതു്. ഈ ലേഖനത്തിൽ തന്നെ ഒരേ സമയം രണ്ടുപേരുടെ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. തത്ത്വത്തെ കുറിച്ചുള്ള അറിവും ഭാവനയും മനുഷ്യന്റെ പരിച്ഛിന്നമായ അവസ്ഥയേയും അപരിച്ഛിന്നമായ അവസ്ഥയേയും ഇല്ലാതാക്കുകയും ചെയ്യും. ഓരോ മനുഷ്യന്റേയും എല്ലാ തരത്തിലുള്ള പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ദ്രിയ പ്രത്യക്ഷത്തിൽ നിന്നുതന്നെയാണു്. ഇന്ദ്രിയ പ്രത്യക്ഷത്തിന്റെ അപൂർണതയുടെ നിദ്രയിലൂടെ തന്നെ ജ്ഞാനം പിന്നീടു് സ്വബോധാവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ഇതിൽ ശ്രീ ശങ്കരന്റെ പ്രസ്ഥാവനയിലൂടെയും ഹെഗലിന്റെ പ്രസ്ഥാവനയിലൂടെയും ഏറ്റവും ലളിതമായ രീതിയിൽ തന്നെ പരബ്രഹ്മത്തെ കുറിച്ചും കേവലാശയത്തെ കുറിച്ചും ഈ ലേഖനത്തിൽ കൂടി മനസിലാക്കുവാൻ സാധിക്കുന്ന തരത്തിലാണു് ഓരോ വാക്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന ശൈലി എന്നു നമുക്ക് മനസിലാക്കാം. വളരെ ലളിതവും വേഗത്തിൽ തന്നെ ആശയങ്ങൾ ഉൾക്കൊള്ളുവാനും കഴിയുന്നതരത്തിലാണു് കെ. ദാമോദരന്റെ ‘ശ്രീ ശങ്കരൻ, ഹെഗൽ, മാർക്സ്’ എന്ന ലേഖനത്തിൽ വിവരിച്ചിരിക്കുന്നതു്.
ആവണി, കെ.:
പരബ്രഹ്മത്തെ കുറിച്ചും കേവലാശയത്തിനെ കുറിച്ചും കെ. ദാമോദരൻ എഴുതിയ ലേഖനം ആണു് ‘ശ്രീശങ്കരൻ, ഹെഗൽ, മാർക്സ്’. ജീവിത സത്യങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണം ആണു് ഈ ലേഖനം. കേവലാശയമാണു് പ്രപഞ്ചത്തിലെ ബൃഹതായ സത്യം. ജ്ഞാനം എന്താണു് എന്നും അതിന്റെ മഹത്വവും ഇതിൽ പറയുന്നു. ശ്രീ ശങ്കരന്റെയും ഹെഗലിന്റെയും ഒരേ വിഷയത്തിൽ ഉള്ള അഭിപ്രായങ്ങൾ കാണാം. മനുഷ്യനും പ്രകൃതിയും വിഷയവും വിഷയിയും എന്നിവയെ കുറിച്ചു് വ്യക്തമായ ധാരണ ഉള്ളതു് കൂടിയാണു് ലേഖനം. ഓരോ വിഷയത്തെ കുറിച്ചും വളരെ വ്യക്തമായി തന്നെ ലേഖനത്തിൽ പറയുന്നുണ്ടു്.
സച്ചിദാനന്ദൻ: അക്ക മഹാദേവിയുടെ വചനങ്ങള്‍
നന്ദിനി മേനോൻ:
മദവും ഭ്രമവും ചിന്തുന്ന കവിതകൾ. എല്ലാം മറയ്ക്കുന്ന നഗ്നത, തീയടുപ്പിനു തീറ്റയാവുന്ന മാനുഷർ, അകത്തു കാന്തൻ പുറത്തു കാമുകൻ ഇടയ്ക്കവളുടെ വയ്യാപ്പൊറുതി, തിങ്കൾ താരം ചെന്തീ മിന്നൽ വെളിച്ചം വളരുന്ന രാവിന്റെ പൂപ്പാലികയിൽ, ജ്വാലയില്ലാ തീയിൽ വെന്ത മൂർഛയില്ലാ വേളയിൽ ഞെരിഞ്ഞ ചോരയിറ്റാതെ മുറിഞ്ഞ മദഭര നിലകൾ…
തോമസ് ഏബ്രഹാം:
അക്ക മഹാദേവിയെ പറ്റി വടക്കേമലബാറുകാർ പറഞ്ഞു അറിവുണ്ടായിരുന്നു. പ്രകൃതിയും സൗന്ദര്യ ലഹരിയും, ഈശ്വരാനുഭൂതിയിലും ലയിച്ചു. സഹോദര സംസ്കാരങ്ങളെപ്പറ്റിയുള്ള എന്റെ അറിവു് എത്ര പരിമിതം. ഗണേശൻ ഭഗവാൻ ലോകം ചുറ്റിയതു് ഓർക്കേണ്ടിയിരുന്നു.
മധുസൂദനൻ: പാതാളത്തിന്റെ തിളക്കം
എ. എസ്. സാജിത്:
മധുസൂദനന്റെ ഭാഷ മനോഹരം. ഡാമിയൻ ഹിർസ്റ്റ് ഒരു ഗാലറി നിർമ്മിത കലാകാരൻ ആണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ കല നവീന കാപിറ്റലിസം പ്രതിനിധാനം ചെയ്യുന്ന ഇരുണ്ട വശങ്ങളുടെ ആഘോഷമാണെന്ന ആക്ഷേപമുണ്ടു്. ജീവികളുടെ യഥാർത്ഥ ശവശരീരം ഗാലറിയിൽ പ്രദർശിപ്പിക്കുമ്പോൾ, സാധാരണ മനുഷ്യവംശം ‘the other’-നോടു് പുലർത്തിപ്പോരുന്ന ആദരവു് ഇദ്ദേഹം ഉപേക്ഷിക്കുന്നു. ഇതു് തന്നെയാണു് ഇപ്പോൾ മനുഷ്യവംശം പ്രകൃതിയോടു് ചെയ്തു കൊണ്ടിരിക്കുന്നതു്. ഇവിടെ ആർട്ടിസ്റ്റും ഈ ഉന്മാദ ഉത്സവത്തിൽ പങ്കു ചേരുകയാണു്. മധുസൂദനൻ ആദ്യം സംസാരിച്ച കുട്ടനാടൻ പെൺകുട്ടിയുടെ ജീവിത വിവരണം, ഈ കലാകാരന്റെ സൃഷ്ടിയുടെ മറുവശത്താണു് നിൽക്കുന്നതു്. എനിക്കു് തോന്നുന്നു, ഡാമിയൻ ഹിർസ്റ്റിന്റെ ഈ കൃതി conceptual ആർട്ട് എന്ന നിലയെക്കാളും, symbolist ആശയപദ്ധതിയോടു് അടുത്തു നിൽക്കുന്നു. മറ്റൊരു ചെറിയ കാര്യം ശ്രദ്ധയിൽ പെട്ടതു് ഫറോവ തൂത്തുകാമുന്റെ കാലത്തെ പറ്റിയുള്ള പരാമർശമാണു്. ക്രിസ്തുവിനു മുൻപു് പതിനാലാം നൂറ്റാണ്ടിൽ ആണു് ഇദ്ദേഹം. ബി. സി. 1324-ൽ മരണം. നമ്മുടെ കാലഘട്ടത്തിലെ പാരമ്പര്യവാദികളുടെ പ്രത്യേകശ്രദ്ധ പതിയേണ്ട വിഷയമാണു് ഇതു്. ആർട്ട് നെറ്റ് നടത്തിയ പഠനത്തിൽ ഇദ്ദേഹത്തിന്റെ കലാ വസ്തുക്കൾക്കായി ഏകദേശം 1 മില്യൺ ജീവികൾ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടു്. ഇതു് പ്രസക്തമല്ലാതാകുന്നതാണു് ഈ കാലഘട്ടം symbolize ചെയ്യുന്ന ആശയം. (The zeitgeist of the moment) https://news.artnet.com/ art-world/damien-whatsyour-beef-916097
കെ. സച്ചിദാനന്ദൻ:
മധു തന്റെ എഴുത്തിനെ വായന, ഓർമ്മ, അനുഭവം, ഭാവന ഇവയുടെ ഒരു അപൂർവ്വ സംഭാഷണമാക്കി മാറ്റുന്നു. നമ്മുടെ സാധാരണ കലാകാരന്മാരിലും കലാനിരൂപകരിലും നിന്നു് മധുവിനെ വ്യത്യസ്തനാക്കുന്നതു് ഇവയിലെല്ലാം കൂടി കടന്നു പോകുന്ന ധ്യാനത്തിന്റെ ചരടാണു്. വ്യാപാരം ഹനനമാക്കുകയും ഹനനം വ്യാപാരമാക്കുകയും ചെയ്യുന്നതിൽ മനുഷ്യരാശി വ്യാപൃതരായിരിക്കുന്നിടത്തോളം ഡാമിയൻ ഹഴ്സ്റ്റിനെപ്പോലൊരു കലാകാരനെ ധാർമ്മികമായി വിധിക്കാൻ അതിന്നധികാരമുണ്ടെന്നു തോന്നുന്നില്ല. മരണം ഒരു മൂർത്തയാഥാർത്ഥ്യമായിരിക്കെത്തന്നെ കലാകാരനും തത്ത്വചിന്തകനും ഒരു കൺസെപ്റ്റ് കൂടിയാണു്. അവർ അതിനെ ആവിഷ്കരിക്കുന്നതു് പ്രതീകങ്ങളിലൂടെ ആയാലും. അതു കൊണ്ടു് നാമകരണപ്രശ്നം എന്നും നിലനിൽക്കും.
വി. രവികുമാർ: പൂർണ്ണ ചന്ദ്രനും ചൂണ്ടുവിരലും (സെൻ കഥകൾ)
നന്ദിനി മേനോൻ:
നല്ല ശ്രമം. കുറെ കഥകളുടെയൊന്നും പൊരുൾ തിരിഞ്ഞില്ല, ചിലതു് തെളിഞ്ഞു, അത്രയും അത്ഭുതം…
പേചകൻ: ഷബ്ന മറിയം
അനുശ്രീ:
വെട്ടുന്നതു് ചില്ലകളെ അല്ല ആഴത്തിലുള്ള വേരുകളെ തന്നെയാണു് എന്ന തിരിച്ചറിവിൽ വ്രണപ്പെടുന്ന മുറിവുകൾ പേറി ജീവിക്കുന്ന മനുഷ്യർ അവരവരുടേതായി സൃഷ്ടിച്ചെടുക്കുന്ന ലോകങ്ങളാണു് ചുറ്റിലും. വാനംതൊടുമാറു് ഉയരെ പൂത്തുലഞ്ഞു നിൽക്കുമ്പോഴും വന്മരങ്ങൾ വേരിനു് മീതെ പൊഴിക്കുന്ന പൂക്കളെ കാട്ടി പരാജയത്തെ ആഘോഷിക്കുന്നവരുടെ ലോകത്തു് വൈരുധ്യങ്ങളാണു് മനുഷ്യനെ ഒറ്റപ്പെടുത്തുന്നതെങ്കിൽ ആരാണീ ചട്ടങ്ങൾ രൂപപ്പെടുത്തിയതു് എന്ന ചോദ്യം പ്രസക്തമാണു്. കണ്ണടച്ചു് ഇരുട്ടാക്കുന്നവരാണു് വിശ്വനാഥനു് ചുറ്റും. ഇരുട്ടിൽ പ്രത്യക്ഷപ്പെടുന്ന മൂങ്ങകളെ പോലെ സ്വന്തം ശകുനപ്പിഴയിൽ ഒറ്റയാക്കപ്പെടുന്നവർ നിലവിളിച്ചും ആർത്തട്ടഹസിച്ചും രൂപപ്പെടുത്തുന്ന തിരിച്ചറിവിന്റെ പേരാണു് ഭ്രാന്തു്. കഥയിൽ എല്ലായിടത്തും ഉയർന്നു ചിന്തിക്കുമ്പോൾ മാത്രമാണു് വിശ്വനാഥൻ ഭ്രാന്തനാവുന്നതു്. അല്ലാത്തപ്പോൾ ആയാളും എല്ലാരേയും പോലെയാണു്. വിശ്വനാഥന്റെ ചെയ്തികൾ നിയന്ത്രിക്കുന്നതു് അയാളിലെ ഭ്രാന്തു് ആണെങ്കിൽ അവിടെ മറ്റൊരാൾ കൂടി (ഹരിത) പൂർണ്ണ തിരിച്ചറിവുള്ളപ്പോഴും ജീവിതം സ്വയം നിയന്ത്രിക്കാനാവാതെ സങ്കുചിതപ്പെടുന്നതു് എത്ര വൈകാരികമായാണു് എഴുത്തുകാരി ആവിഷ്ക്കരിച്ചിട്ടുള്ളതു്. സംതൃപ്തമായ വായനാനുഭവം സമ്മാനിച്ച കഥയ്ക്കു് എഴുത്തുകാരിയോടു് നിറഞ്ഞ നന്ദി.
ഗായത്രി:
ഷബ്ന മറിയത്തിന്റെ ‘പേചകൻ’ എന്ന ചെറുകഥയിൽ ഒരു ആൺമൂങ്ങയെ പോലുള്ള വിശ്വനാഥനെ കാണാൻ കഴിയുന്നു. മനുഷ്യന്റെ തലയിൽ ഒരു തകരാറു് സംഭവിച്ചാൽ എന്താണു് അവസ്ഥ എന്നു് ഈ കഥയിലൂടെ കാണാൻ സാധിക്കുന്നു. ഭാര്യയ്ക്കു് തന്റെ ഭർത്താവിനു് എന്തു് അസുഖമായാലും സ്നേഹം ഒരിക്കലും കുറയില്ല എന്നും കാണാൻ കഴിയുന്നു. കഥയുടെ അവസാനം വായനക്കാർക്കു് വേണ്ടി വിട്ടു നൽകുന്നു. തികച്ചും ഹൃദയസ്പർശിയായ ഒരു കഥയാണിതു്. ഒരു നല്ല വായനാനുഭവം സമ്മാനിച്ച എഴുത്തുകാരിയോടു് നന്ദി.
അനഘ, പി. വി.:
എത്ര വലിയ മനുഷ്യൻ ആയാലും ചെറിയ മനുഷ്യനായാലും അയാളുടെ മനസ്സിന്റെ താളം ഒന്നു് തെറ്റി കഴിഞ്ഞാൽ അയാൾ ആർക്കും വേണ്ടാത്തവനും എവിടെയും സ്ഥാനമില്ലാത്തവനുമായി മാറുന്നു. അതുവരെ അയാളെ വാഴ്ത്തിപാടിയവരും കൂടെ നിന്നവരുമെല്ലാം അയാളെ ഉപേക്ഷിച്ചു പോകുന്നു. ഷബ്ന മറിയത്തിന്റെ ‘പേചകൻ’ എന്ന ചെറുകഥയിൽ ഇതുപോലെ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യനെയാണു് കാണാൻ കഴിയുന്നതു്. കല്യാണത്തിനു് മുന്നേ തന്റെ ഭർത്താവിനു് പാരമ്പര്യമായി മാനസിക രോഗം വരുമെന്ന കാര്യം ഭർത്താവിന്റെ വീട്ടുകാർ മറച്ചു വെച്ചിട്ടും അയാളുടെ മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിൽ അയാളെ കൈവിടാതെ കൂടെ നിൽക്കുന്ന ഒരു ഭാര്യയെ നമുക്കു് ഇതിൽ കാണാൻ സാധിക്കുന്നു. അതുകൂടാതെ മനസ്സിന്റെ താളംതെറ്റിയ ഒരാളുടെ യഥാർത്ഥ അവസ്ഥ എന്താണെന്നും ഈ ചെറുകഥയിലൂടെ ഷബ്ന മറിയം കാട്ടിത്തരുന്നു. എല്ലാം ഉണ്ടായിരുന്ന മനുഷ്യൻ ഒന്നുമല്ലാതാകുന്ന ഒരവസ്ഥ. കഥയുടെ അവസാനം പൂച്ചയെ രക്ഷിക്കാൻ അയാൾ പോകുന്ന ഒരു കാഴ്ച കാണാം മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലും മനുഷ്യത്വം നശിക്കാത്ത ഒരു മനുഷ്യനെ കൂടി നമുക്കിതിൽ കാണാൻ സാധിക്കുന്നു.
ജ്യോതിക രാജേഷ്:
മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യന്റെ ജീവിതമാണു് ‘പേചകൻ’ എന്ന കഥയിലൂടെ ഷബ്ന മറിയം ആവിഷ്കരിച്ചിട്ടുള്ളതു്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ, ജീവിക്കാൻ മറന്നുപോകുന്ന ഇന്നത്തെ മനുഷ്യർക്കിടയിൽ വളരെ പ്രസക്തമാണു് ഈ കഥയും, കഥാപാത്രവും. മനസ്സിന്റെ താളം തെറ്റിയിട്ടും തന്നെ സ്നേഹിക്കുന്ന ഭാര്യയോടു് വർഷങ്ങൾക്കു് ശേഷമാണു് അയാൾ സ്നേഹം പ്രകടിപ്പിക്കുന്നതു്. ഭ്രാന്തില്ലാതെതന്നെ മനസ്സിന്റെ വ്യാകുലതകൾ കൊണ്ടു് മൗനിയായി മാറിയവളാണു് ഹരിത. ഇത്തരം അവസ്ഥയിലും മനുഷ്യത്വത്തിന്റെ മൂല്യം കൈവിടാതിരിക്കുന്ന ഒരാളെയാണു് ഇവിടെ ആവിഷ്കരിച്ചിട്ടുള്ളതു്. ഹൃദയസ്പർശിയായ കഥയ്ക്കു് നന്ദി.
കെ. സച്ചിദാനന്ദൻ:
പേചകൻ അത്ഭുതകരമായ കഥ. ഭ്രാന്തു് എന്നാൽ ഭ്രാന്തില്ലാത്തവരെന്നു നടിക്കുന്നവരിൽ മറഞ്ഞു കിടക്കുന്ന നന്മയുടെ ഒരാകസ്മിക വിസ്ഫോടമാണെന്നു് ഷബ്ന തിരിച്ചറിയുന്നു. ‘ഭ്രാന്തന്മാർ നമ്മെപ്പോലെ ഭ്രാന്തന്മാരല്ല’ (ഭ്രാന്തന്മാർ എന്ന കവിത).
ദേവിക ഹരിദാസ്:
ഷബ്ന മറിയത്തിന്റെ ‘പേചകൻ’ എന്ന കഥയിൽ എത്ര വലിയ മനുഷ്യനായാലും അദ്ദേഹത്തിന്റെ മനസ്സിനു ഉൾക്കൊള്ളുവാൻ കഴിയാത്ത രീതിയിൽ മനസ്സിനു മടുപ്പു് തോന്നി തുടങ്ങിയാൽ സമൂഹത്തിൽ നിന്നും അതുപോലെ തന്നെ നാട്ടുകാരുടെ അവഗണനകൾ ഏറ്റുവാങ്ങുന്ന ഒരു വ്യക്തിയുമായി മാറുന്നു. ഷബ്ന മറിയത്തിന്റെ ‘പേചകൻ’ എന്ന ചെറുകഥയിലും അത്തരത്തിലുള്ള ഒരു വ്യക്തിയെയാണു് ഉൾപ്പെടുത്തിയിട്ടുള്ളതു്. എത്ര വലിയ അസുഖത്തിനു് ഉടമയായാലും തന്റെ ഭർത്താവിനോടുള്ള സ്നേഹം യാതൊരു കാരണവശാലും കുറയുന്നില്ല എന്നും ഈ കഥയിൽ കൂടി മനസ്സിലാകുവാൻ സാധിക്കുന്നു. വളരെ ലളിതവും വേഗത്തിലും വായനക്കാരിൽ കഥയുടെ തന്തു എത്തിക്കുവാൻ കഥാകാരിക്കു് സാധിച്ചിട്ടുണ്ടു്.
ആവണി, കെ.:
വ്യതസ്തമായ ആശയം കൊണ്ടും തനതായ ഭാഷാ ശൈലി കൊണ്ടും വേറിട്ടു നിൽക്കുന്ന കഥ തന്നെയാണു് ഷബ്ന മറിയതിന്റെ ‘പേചകൻ’. പുറംകണ്ണു് കൊണ്ടു് കാണുന്നവയെ അകകണ്ണുകൾകൊണ്ടു് വീക്ഷിച്ചാൽ മാത്രമേ യഥാർത്ഥ്യം മനസ്സിലാക്കാൻ സാധിക്കുക. ഭ്രാന്തു് വന്നു ലോകത്തിനു മുമ്പിൽ ഒറ്റപെട്ട വിശ്വനാഥനെ സ്വന്തം ഭാര്യ സ്നേഹത്തിന്റെ പാതയിൽ മുന്നോട്ടു് കൊണ്ടു് പോകുകയാണു് ചെയുന്നതു്. മറ്റുള്ളവരുടെ കുറവുകൾ മനസ്സിലാക്കാൻ കഴിയാത്ത ഒരു ജനതയെയും നമുക്കു് ഈ കഥയിൽ കാണാം. മനുഷ്യന്റെ വെെകല്യങ്ങൾ അവർക്കു് വെറും പരിഹസിക്കാൻ ഉള്ള കാരണം മാത്രം ആണു്. മറ്റുള്ളവരിൽ നിന്നു് ഒറ്റപെട്ടു ജീവിക്കുക എന്നതു് ദയനീയമായ അവസ്ഥ ആണു്. പത്നീ ധർമം ചെയ്തുകൊണ്ടു് അവൾ എല്ലാവരുടെയും മുമ്പിൽ ഭർത്താവിനെ സംരക്ഷികുകയാണു് ചെയുന്നതു്. തികച്ചും വളരെ അർത്ഥവത്തായ സന്ദേശം ആണു് കഥ നമുക്കു് നൽകുന്നതു്. നന്ദി.
രമിന രമിത:
ഷബ്ന മറിയം എഴുതിയ പേചകൻ എന്ന ചെറുകഥയിൽ എത്ര വലിയവനായാലും ചെറിയവനായാലും മനുഷ്യമനസ്സിന്റെ താളം തെറ്റിയാൽ ഉണ്ടാകുന്ന ജീവിതാവസ്ഥയാണു് ഈ ചെറുകഥയിലൂടെ ഷബ്ന മറിയം ആവിഷ്കരിച്ചിട്ടുള്ളതു്. കല്യാണത്തിനു് മുമ്പേ തന്റെ ഭർത്താവിനു് ഉണ്ടായ അവസ്ഥ തന്നിൽ നിന്നു് മറച്ചുവച്ചിട്ടും അവൾക്കു് തന്റെ ഭർത്താവിനോടു് സ്നേഹം കുറയുന്നില്ല. ഇവിടെ മനുഷ്യത്വത്തിന്റെ വെളിച്ചമാണു് ഈ കഥ നമുക്കു് മുന്നിൽ തുറന്നു് കാട്ടുന്നതു്. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത അവസ്ഥ. മനസ്സിന്റെ താളം തെറ്റിയിട്ടും മനുഷ്യത്വം കൈവിടാത്ത മനുഷ്യനെ ഷബ്ന മറിയം ഇതിലൂടെ ചിത്രീകരിക്കുന്നതു്. ഈ കഥ നമ്മുക്കു് നൽകിയ കഥകാരിക്കു് നന്ദി.
കീർത്തിക സുരേഷ്:
മനസ്സിന്റെ താളം തെറ്റി കഴിഞ്ഞാൽ മനുഷ്യന്റെ കാര്യം വളരെ ദയനീയമാണു്. അത്രയും നാൾ തന്നോടൊപ്പം ഉണ്ടായിരുന്ന പലരുടെയും മനസ്സിൽ അയാൾ ഒരു കോമാളിയായി മാറി കഴിഞ്ഞിരുന്നു. ആ സമയത്തു് കൂടെയുണ്ടായതു് തന്റെ ഭാര്യ മാത്രമാണു്. ഷബ്ന മറിയത്തിന്റെ പേചകൻ എന്ന കഥയിലൂടെ പാരമ്പര്യമായി മാനസികരോഗം ഉണ്ടെന്ന കാര്യം മറച്ചുവെച്ചു് തന്റെ വിദ്യാഭ്യാസം തുടരാൻ പോലും അനുവദിക്കാതെ താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതം ലഭിക്കാതെ ഇരുന്നിട്ടു് കൂടി ആരോടും ഒരു പരാതിയും അവൾ പറയുന്നില്ല, ഭർത്താവിന്റെ അസുഖത്തിൽ തളരാതെ അയാൾക്കു് താങ്ങും തണലുമായി അവൾ നിൽക്കുന്നു. ഈ കഥയിലെ ഹരിത എന്ന സ്ത്രീ ഇന്നത്തെ സ്ത്രീ സമൂഹത്തിനു് ഉത്തമ മാതൃകയാണു്. ഇന്നത്തെ പല കുടുംബങ്ങളിലും നമുക്കു് ഇത്തരം സ്നേഹങ്ങൾ കാണാൻ കഴിയുന്നില്ല. എല്ലാവരും തള്ളിപ്പറഞ്ഞിട്ടും മനസ്സിന്റെ താളം തെറ്റിയിട്ടും മനുഷ്യത്വം കൈവിടാത്ത ഒരു കഥാപാത്രമാണു് ഈ കഥയിലെ വിശ്വനാഥൻ. ഒരു ചെറുകഥയിലൂടെ വലിയ കാര്യങ്ങളും വലിയൊരു സന്ദേശവും പറഞ്ഞു തരുകയാണു് ഷബ്ന മറിയം. ഹൃദയസ്പർശിയായ ഒരു കഥ നമുക്കു് സമ്മാനിച്ച ഇന്നത്തെ സമൂഹത്തിനു് സ്നേഹത്തിന്റെയും കരുതലിന്റെയും പ്രാധാന്യം മനസ്സിലാക്കി തന്ന കഥാകാരിക്കു് ഹൃദയം നിറഞ്ഞ നന്ദി.
ഐശ്വര്യ പ്രേമരാജ്:
മനുഷ്യ മനസ്സു് എത്രത്തോളം മാറിയിരിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണു് ഷബ്ന മറിയം രചിച്ച ഈ കഥ. എന്തെന്നാൽ മാനസിക വിഭ്രാന്തി ഒരു രോഗമെന്നാണു് ഇന്നത്തെ സമൂഹം കരുതുന്നതു്. എന്നാൽ അതൊരു അവസ്ഥയാണെന്നും, സാധാരണ ചിന്താഗതിയിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഒന്നു് എന്നു് കരുതി പെരുമാറേണ്ടതുമാണെന്നു് പലർക്കും അറിയില്ല. അങ്ങനെയുള്ള ചില സന്ദർഭങ്ങൾ കഥയിൽ ആവിഷ്കരിച്ചിട്ടുണ്ടു്. ആ അവസ്ഥയോടു് ഒത്തുപോവാനുള്ള മനസ്സാണു് വേണ്ടതു് എന്നു് കഥയിലെ ഹരിത എന്ന കഥാപാത്രം കാട്ടിത്തരുന്നു. “അല്ല ഹരീ വിശ്വാസത്തിനു് പ്പം തലേം വാലും ഒന്നം ല്ല ല്ലേ?” എന്ന വിശ്വന്റെ വാക്കുകൾ മറ്റേതു് സ്ഥിരബുദ്ധിയുള്ളവനേക്കാളും മൂർച്ചയുണ്ടു്. അധഃപതിച്ച സമൂഹത്തിനു് മാനുഷിക മൂല്യങ്ങൾ ഒന്നും തന്നെയല്ല എന്നു് കഥയിലെ ചില സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. വൈവിധ്യമാർന്ന ഭാഷാശൈലികൊണ്ടു് രചിക്കപ്പെട്ട ഈ ചെറുകഥ പല തരത്തിലുള്ള ആശയങ്ങൾ ആണു് വായനക്കാരിൽ ഉണർത്തുന്നതു്.
അമൃത കൃഷ്ണൻ:
ഷബ്ന മറിയത്തിന്റെ ‘പേചകൻ’ എന്ന കഥയിൽ മനോരോഗി ആയ ഒരു മനുഷ്യനെ ആൾക്കൂട്ടം ഒറ്റപ്പെടുത്തുന്നു. എങ്കിലും സ്വന്തം ഭർത്താവിനെ ഒരു പ്രതിസന്ധിയിലും ഭാര്യ ഉപേക്ഷിക്കുന്നില്ല. കല്ല്യാണത്തിനു മുമ്പു് ഹരിതയ്ക്കു് അയാളുടെ അസുഖത്തെ അറിയില്ലായിരുന്നു. കല്ല്യാണം കഴിഞ്ഞപ്പോൾ അവളുടെ സന്തോഷം മുഴുവൻ നഷ്ടമാകുന്നു. എന്നാലും സമൂഹത്തിനു മുന്നിൽ അവൾ ചിരിക്കുന്നു. സമൂഹത്തിൽ ഒറ്റയായി പോകുന്ന വ്യക്തികളെ ആൾക്കൂട്ടം കളിയാക്കുന്നതായി ഈ കഥയിൽ കാണാൻ സാധിക്കും. സ്വന്തം കുറവുകളെ കാണാതെ മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തി പരിഹസിക്കാൻ എല്ലാവരും ശ്രമിക്കുന്നു. കഥയുടെ അന്ത്യത്തിൽ വിശ്വൻ ഒരു പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതായി കാണാൻ സാധിക്കും. മനസ്സിന്റെ താളം തെറ്റിയിട്ടും ഒരു ജീവനെ രക്ഷിക്കാൻ ആ മനുഷ്യൻ ശ്രമിക്കുന്നു. മനസ്സിൽ നിറയുന്ന വായനാനുഭവം തന്ന കഥാകാരിക്കു് നന്ദി.
ആതിര ബാബു:
ഷബ്ന മറിയം എന്ന കഥകാരിയുടെ ഒരു ചെറുകഥയാണു് ‘പേചകൻ’ എന്നതു്. ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥയാണു് ഈ കഥയുടെ ഇതിവൃത്തം. മനസിന്റെ താളം തെറ്റിയ ഭർത്താവിനെ ആൾക്കൂട്ടം ഒറ്റപ്പെടുത്തുമ്പോളും അയാൾക്കു് താങ്ങായി നിൽക്കുകയാണു് ഹരിത. എന്നാൽ അയാൾ ഒരു രോഗിയാണെന്നു് അറിയാതെയാണു് ഹരിത അയാളെ വിവാഹം കഴിക്കുന്നതു്. പരുക്കൻ സ്വഭാവത്തിനു് ഉടമയായിരുന്ന അയാൾ കാലക്രമേണ ആ സ്വഭാവത്തിൽ വ്യത്യാസം വരുന്നു. ഉള്ളിലെ വിഷമത്തെ അടക്കി പുറമെ ചിരിച്ചുകൊണ്ടു് പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിത്വം ആണു് അവൾ. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളുടെ പ്രതീകമായി കഥയിലെ ഹരിതയെ കണക്കാക്കാവുന്നതാണു്. സമകാലിക പ്രശസ്തി നേടുന്ന കഥയാണു് ഷബ്ന മറിയത്തിന്റെ പേചകൻ എന്നതു്.
ശ്യാമപ്രിയ, എ.:
ഷബ്ന മറിയം രചിച്ച ‘പേചകൻ’ എന്ന ചെറുകഥയിൽ മാനസികനില തകർന്നു പോയ വിശ്വനാഥൻ എന്ന കഥാപാത്രത്തിന്റെ ജീവിതാനുഭവങ്ങളെയാണു് വിശദീകരിച്ചിരിക്കുന്നതു്. മനസ്സിന്റെ താളംതെറ്റിയവർക്കു് സമൂഹത്തിൽ ഒരു നിലയും വിലയും ഇല്ല എന്നു് കഥയിൽ സൂചിപ്പിക്കുന്നു. ഇതിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും യാഥാർഥ്യത്തോടു് ഉള്ള സമീപനം വേറിട്ടതായി ആവിഷ്ക്കരിച്ചിട്ടുണ്ടു്. വിശ്വനാഥന്റെ ഭാര്യയായ ഹരിതയിൽ നിന്നു് എല്ലാ കാര്യങ്ങളും മറച്ചുവെച്ചിട്ടും സത്യാവസ്ഥ അറിഞ്ഞപ്പോൾ യാതൊരു പരാതിയുമില്ലാതെ തന്റെ ഭർത്താവിനെ ഒപ്പം നിർത്തുന്നു. ഒറ്റപ്പെടലിന്റെ ആഴത്തിലേക്കു് കടക്കുമ്പോൾ ഒരു കൈത്താങ്ങു്, അതിനു ഉദാഹരണമാണു് ഹരിത എന്ന കഥാപാത്രം. ശാരീരികമായി ആരോഗ്യം ഉള്ളതു് കൊണ്ടു് മാത്രം മതിയാവില്ല, മനസ്സിന്റെ അസ്വസ്ഥതകളും വേദനകളും ഒക്കെ മാറ്റിയാൽ മാത്രമേ ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കാനാകൂ.
ഷബ്ന മറിയം:
‘പേചകൻ’ എന്ന കഥ വായിച്ചു് വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച എല്ലാവരോടും സ്നേഹം. നന്ദി.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
ജമുന:
ശബ്ദതാരാവലി തെറ്റുതിരുത്തലിനു് വേണ്ടി ‘ആ’ എന്ന അക്ഷരം മുതൽ പരിശോധകർ ആവശ്യപ്പെട്ടതുപൊലെ പത്തു പുറങ്ങൾ മാത്രമുള്ള, മൂലഗ്രന്ഥത്തിന്റെ സ്കാനടക്കമുള്ള പിഡിഎഫുകളാണു് ഇപ്പോൾ ലഭ്യമാക്കീട്ടുള്ളതു്. തെറ്റുള്ള ഭാഗം മുമ്പു് ചെയ്തതുപോലെ ഹൈലൈറ്റ് ചെയ്താൽ മതിയാകും. പരിശോധന സുഗമമാക്കാൻ ഇതു് സഹായകമാവുമെന്നു വിശ്വസിക്കുന്നു. http://www.sayahna.org/?page_id=690 പിഡിഎഫുകൾ ഡൗൺലോഡ് ചെയ്യുന്നവർ ‘സായാഹ്ന റിട്ടേൺസിൽ’ അറിയിക്കുക.

(ഒൿടോബർ 25 മുതൽ 31 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വി. രവികുമാർ: പൂർണ്ണ ചന്ദ്രനും ചൂണ്ടുവിരലും (സെൻ കഥകൾ)
തോമസ് അബ്രഹാം:
പൂർണ ചന്ദ്രനും ചുണ്ടുവിരലും. ഇതിൽ ചിത്രശലഭംമായി മാറുന്ന കഥക്കു് വേറൊരു രീതിയിൽ കാഫ്ക യുടെ മെടാമോർഫോർസിസ് എന്ന ക്ലാസ്സിക് കഥയുമായി സാമ്യം കാണുന്നു.
കെ. എച്ച്. ഹുസൈന്‍: ഡിജിറ്റൽ കാലത്തെ മലയാള അക്ഷരങ്ങൾ
വത്സലൻ വാതുശ്ശേരി:
വായിച്ചു. അഭിവാദ്യങ്ങൾ, ഹുസൈൻ സർ.
കെ. സച്ചിദാനന്ദൻ:
എന്നും കൂടെ.
കെ. ജി. എസ്.:

സൗന്ദര്യത്തിലേക്കു്

എത്രയെത്ര ലിപികൾ.

ലിസ്സി മാത്യു:
പുതിയ ലിപി പരീക്ഷിക്കുന്നു. സന്തോഷം, അഭിമാനം, സ്നേഹം.
ടി. ആർ. വേണുഗോപാലൻ:
മലയാളത്തനിമയുള്ള ലിപികൾ എത്ര സുന്ദരം. ഹുസൈനും ടീമിനുമിതു് അഭിമാനനേട്ടം. കേരളപ്പിറവി ദിനത്തിൽ പുത്തൻ ലിപിസൗന്ദര്യോദയം.
ജയചന്ദ്രൻ:
പുതിയ ലിപി മനോഹരം!! അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.
അല്ലുക്ക അബ്ദുൽ ഗഫൂർ:
കേരളപ്പിറവി ദിനത്തിൽ മറ്റൊരു പിറവി കൂടി—എഴുത്തു്. ഈ ഫോണ്ടിന്റെ സൃഷ്ടിയിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ.
സത്യൻ:
‘എഴുത്തി’നെ കുറിച്ചൊരെഴുത്തു് ഓരോ മനുഷ്യരുടെയും കൈയ്യക്ഷരങ്ങൾ വ്യത്യസ്തമാണു്. അതിൽ ഏറ്റവും നല്ല അക്ഷരങ്ങളെ ഫോണ്ടുകളാക്കുകയെന്ന (പകർപ്പെടുക്കാനള്ള അക്ഷരസഞ്ചയം) കമ്പ്യൂട്ടർ അധിഷ്ഠിത പ്രവർത്തനം അതീവ ക്ഷമയാവശ്യമുള്ള ക്ലേശകരമായ യജ്ഞമാണു്. നിരന്തരമായ ഇരിപ്പു്. അക്ഷരങ്ങളെ കുറിച്ചുള്ള തീർച്ചയും മൂർച്ചയുമുള്ള അത്യുന്നതമായ സൗന്ദര്യബോധവും അതിന്റെ സാക്ഷത്ക്കാര ശ്രമത്തിലെ ഭാഷാ സ്നേഹതൽപ്പരയും ഏറെ പ്രാധാന്യമുള്ളതും അത്യുന്നതമായ അഭിനന്ദനമർഹിക്കുന്നതുമാണു്. ഇവിടെ പ്രശസ്ത കൈയക്ഷര വിദഗ്ദ്ധനായ നാരായണ ഭട്ടതിരിയുടെ പ്രത്യേക രീതിയിലും സൗന്ദര്യത്തികവിലും വിരിഞ്ഞ അസാധാരണ മട്ടിൽ ഉരുണ്ടു് വടിവാർന്നു് നൃത്തം ചെയ്തു് വീഴുന്ന മഞ്ഞുതുള്ളിയുടെ ചേലുള്ള കൈയ്യക്ഷരത്തെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാനും അച്ചടിക്കാനുമുള്ള മനോഹര അക്ഷര സഞ്ചയമാക്കി മലയാളപ്പിറവിദിനത്തിൽ നമ്മുടെ ജനങ്ങളുപയോഗിക്കുന്ന ഭാഷയുടെ ചിരസ്മരണക്കും പ്രയോഗത്തിനുമായി ജീവരൂപം നൽകിയതു് ലോകപ്രശസ്ത ഫോണ്ടോളജിസ്റ്റായ ഹുസൈനും (ഇദ്ദേഹമാണു് കേരളത്തിെന്റെ കമ്പ്യൂട്ടർ അധിഷ്ഠിത ഫോണ്ട് നിർമ്മാണത്തിന്റെയും ഭാഷാ സാങ്കേതികതയുടേയും ഉപജ്ഞാതാവു്. ഇദ്ദേഹത്തിന്റെ ‘രചന’യിൽ നിന്നാണു് ശ്രേഷ്ഠമലയാളക്ഷരങ്ങൾ കമ്പ്യൂട്ടർ സാങ്കേതികതയിലൂടെ രൂപം കൊള്ളുന്നതു്. ബെഞ്ചമിൻ ബെയ്ലി നമ്മുടെ അച്ചടി അക്ഷരങ്ങൾ നിർമ്മിച്ചതിലും ഉയർന്ന തലത്തിലാണു് ഹുസൈന്റെ ഡിജിറ്റൽ ലോകത്തെ പ്രവർത്തനങ്ങൾ! (ആധുനിക ബെയ്ലിയെന്നു് ഉറപ്പിച്ചു് പറയാവുന്ന വ്യക്തി) രജീഷ് കെ. നമ്പ്യാരുമാണു് ഈ എഴുത്തു് ഫോണ്ടിന്റെ ടൈപ്പോഗ്രഫി നിർവ്വഹിച്ചിരിക്കുന്നതെന്ന വസ്തുത എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. സി. വി. രാധാകൃഷ്ണനെന്ന ലോകപ്രസിദ്ധ എഡിറ്റിംഗ് സങ്കേതിക വിദഗ്ദ്ധനായ, ടൈപ്പോഗ്രാഫിയിൽ പുതുസംരഭ തൃഷ്ണയുള്ള സി. വി. രാധാകൃഷ്ണനെന്ന ഭാഷാ സേനഹിയുടെ നേതൃത്വത്തിലുള്ള രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപ്പോഗ്രഫിയുടെ നിർവ്വഹണ പരിരക്ഷ ഈ മനോഹര ഫോണ്ടിനെ തുടർന്നു് പുതുപുതു അലങ്കാര ഫോണ്ടുകളും തലക്കെട്ടു് ഫോണ്ടുകളും മലയാള ഭാഷയ്ക്കു് ലഭിക്കുമെന്നതും വലിയ പ്രതീക്ഷയായി വളരുന്നതു് അക്ഷര സൗന്ദര്യ പ്രിയർക്കു് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ടു്. കൈയ്യക്ഷരത്തെ ഫോണ്ടാക്കാനുള്ള ഡോ. കെ. എച്ച്. ഹുസൈന്റെ പരിധികളില്ലാത്ത പരിശ്രമങ്ങളുടെ ഒരു സൽരൂപമാണു് ‘എഴുത്തു്’ സി. വി. ഗംഗാധരൻ, കെ. എച്ച്. ഹുസൈൻ, രജീഷ്, കെ. നമ്പ്യാർ, നാരായണ ഭട്ടതിരി എന്നിവരോടു് എന്റെ ഭാഷയ്ക്കു് വേണ്ടി അതീവ നന്ദിരേഖപ്പെടുത്തുന്നു. വളരെ അഭിമാനത്തോടെ അവർക്കെല്ലാവക്കും ആദരവു് രേഖപ്പെടുത്തുന്നു. കേരളപ്പിറവി ദിനത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കുക വളരെയെളുപ്പമാണു്. എന്നാൽ നമ്മുടെ ഭാഷയ്ക്കു് പുതിയ അലങ്കാര അക്ഷര സഞ്ചയം രൂപപ്പെടുത്തുന്നതാണു് ഭാഷയ്ക്കു് നൽകാവുന്ന ഏറ്റവും വലിയ സംഭാവന. അതെ ഈ അക്ഷരങ്ങളിലും നമ്മൾ പ്രസാധന ലോകത്തേക്കു്, എഴുത്തു് ലോകത്തേക്കു്, അച്ചടി ലോകത്തേക്കു് വ്യാപിപ്പിക്കുമ്പോൾ അതിന്റെ മനോഹാരിത കൂടി മലയാളത്തിനു് ലഭിക്കുമ്പോൾ, ഓരോ ഭാഷാ സ്നേഹിക്കും കൂടുതൽ അഭിമാനിക്കാം. സന്തോഷ തള്ളിച്ച കൊണ്ടു് എന്റെ ആമുഖത്തിനു് ദൈർഘ്യം കൂടിപ്പോയതിൽ ക്ഷമിച്ചാലും. കേരളപ്പിറവി ദിനത്തിനു് ഉപഹാരമായി ‘എഴുത്തു്’ ‘എഴുത്തിന്റെ ചേലു് കണ്ടാലും’
വസന്തൻ:
‘എഴുത്തു് ’ സ്രഷ്ടാക്കളോടു് സ്നേഹം.
അബ്ദുൾ ഖാദർ:
എഴുത്തുകാരോടു് സ്നേഹം ബഹുമാനം.
സദാനന്ദൻ:
ഹുസൈനു് എല്ലാ പിന്തുണയും.
തോമസ് അബ്രഹാം:
കാലിഗ്രാഫിയും ഫോണ്ടുകളെപ്പറ്റിയുള്ള ലേഖനം പുതിയ അറിവുകൾ തന്നു. കാലിഗ്രാ അറബ് സംസ്കാരത്തിന്റെ ആവിഷ്കാരമായിട്ടാണു് മനസിലാക്കിയിരുന്നതു്. ജോമതിയ രൂപങ്ങൾ കാലിഗ്രാഫിക്കു് മുദ്രകൾ ഇവയല്ലാതെ ഒന്നും ഇസ്ലാം സമ്മതിക്കാറില്ല എന്നു ഞാൻ കരുതുന്നു. ചിലപ്പോൾ ഇതു് ശരിയല്ലായിരിക്കും. ഒരേ അച്ചുകുടത്തിൽ വാർത്തു എടുക്കുന്നതായിരിക്കാം കുഴപ്പം.
എന്റെ അച്ഛൻ പഴയ കൂട്ടക്ഷരം ആണു് ഉപയോഗിച്ചിരുന്നതു്. കൂട്ടിക്കൂട്ടി അങ്ങ് എഴുതിപ്പോവും. അച്ഛന്റെ അച്ഛന്റെ കാലത്തു് നാനം മോനാ എന്ന ഒരു ഭാഷയിലും സംസാരിക്കുമായിരുന്നു. തമിഴും, പഴയ മലയാളം, സാൻസ്ക്രിറ്റ് ചേർന്നു് ഒരു സങ്കരം. സ്വന്തമായി ലിപിയുമുണ്ടായിരുന്നു. അച്ഛന്റെ കാലമായപ്പോൾ പൂർണമായും ഇല്ലാതായി. തീവ്ര മരിയ ഭകത്നായ ഈ ഭാഷയിൽ ഉള്ള അച്ഛൻ പാടിയിരുന്ന ഒരു ഭക്തി ഗാനത്തിന്റ പല്ലവി മാത്രം ഓർക്കുന്നു.

ശർവാനാഥൻ ഉരുവി സൃഷ്ടി ചെയ്യും മുന്നാമേ

ദിവ്യ രൂപമായി നിർമിച്ച മാതൃ മരിയെ.

ആനന്ദ ഭൈരവി രാഗത്തിൽ ആണു് പാടിയിരുന്നതു്.

ഫോണ്ടുകളുടെ പ്രശ്നം പറഞ്ഞാൽ ഞങ്ങളുടെ കാലത്തു കൈയ്യെഴുത്തു വിദ്യാർത്ഥികൾക്കു പരീക്ഷണത്തിന്റെ ഒരു വിള നിലമായിരുന്നു. ഇതാണു് ഞങ്ങൾ ചെയുന്നതെന്നു ആരും പറഞ്ഞു തരുവാൻ ഉണ്ടായിരുന്നില്ല. കാലിഗ്രാഫിക് കല മലയാളത്തെ മോഡി പിടിപ്പിക്കട്ടെ. അതു പോലെ തന്നെ ഒരു കലാരൂപം എന്നു് അംഗീകരിച്ചു പ്രഥമ സ്ഥാനം കൊടുക്കട്ടെ.

കെ. ആർ. ടോണി: കവിതകൾ
രാജൻ പടുത്തോൾ:
മലയാളത്തിന്റെ പിതാക്കൾ

“ആരാണെഴുത്തച്ഛൻ? എന്റെ ഭാഷാപിതാ-

വദ്ദേഹമാണെന്നു സാക്ഷരതാക്ലാസ്സി-

ലദ്ധ്യാപകൻ തീർച്ച ചൊന്നൂ-ക്ഷമിച്ചു ഞാൻ

അദ്ധ്യാത്മരാമായണമല്ലോ ജീവിതം!

ഉപ്പു നോക്കാൻ പോലുമാനന്ദമില്ലാത്തൊ-

രിപ്പാപി കൂലിക്കു പേശുന്ന ഭാഷയ്ക്കു-

മപ്പനുണ്ടെന്നു പറയുന്ന കോവിദാ,

അല്പത്തമിത്രയ്ക്കു് മൂത്താൽ ചിതം വരാ”

(കെ. ആർ. ടോണി, ഒരു പ്രതിസാഹിത്യവിചാരം).

ഭാഷാദ്ധ്യാപകനായ ടോണിക്കു് എഴുത്തച്ഛനോടു് അനാദരവുണ്ടാവില്ല. എന്നാലും ഭാഷയുടെ പെെതൃകത്തെപ്പറ്റി അദ്ദേഹം ഉന്നയിക്കുന്ന ചോദ്യത്തിലെ പരിഹാസം മൂർച്ചയുള്ളതാണു്. എഴുത്തച്ഛൻ ഭാഷയുടെ പിതാവാകുന്നതു് കവികൾക്കു മാത്രമാണു്. അതും ഇന്നു് ആരും നിസ്സംശയം പറയുമെന്നു തോന്നുന്നില്ല. മലയാളത്തിന്റെ തമിഴ് തായ് വഴിയെ പാർശ്വവൽക്കരിക്കുകയായിരുന്നു എഴുത്തച്ഛൻ എന്നൊരു ശക്തമായ പ്രതിപക്ഷവാദം ഇന്നു് സജീവമാണു്.

നമ്മുടെ വ്യവഹാരഭാഷയിൽ എഴുത്തച്ഛന്റെ സ്വാധീനം വളരെക്കുറവാണു്. ദക്ഷിണേന്ത്യൻ ഭാഷകളുടെ ഉടപ്പിറന്നവളാണു് നാം സംസാരിക്കുന്ന മലയാളം. നീയും ഞാനും നിങ്ങളും നമ്മളും അവനുമവളുമവരും ഉണ്ണുന്നതുമുറങ്ങുന്നതും എണ്ണുന്നതും കൂട്ടുന്നതും കിഴിക്കുന്നതും നാളു പക്കം നോക്കുന്നതും ചിരിക്കുന്നതും കരയുന്നതും വീടു വയ്ക്കുന്നതും കാടുകാട്ടുന്നതും കളി കാര്യമാക്കുന്നതും കൂലിക്കു് പേശുന്നതും, അടിച്ചുപൊളിക്കുന്നതും… അങ്ങനെയങ്ങനെ അന്തി മുതൽ മുന്തി വരെയും ഇരുട്ടിൽ തപ്പിത്തടഞ്ഞു വിളക്കു് കത്തിച്ചും ചെയ്യുന്നതിൽ പലതും എഴുത്തച്ഛനിൽ നിന്നു് കിട്ടിയതല്ല. കൊടുങ്ങല്ലൂർക്കളരിയിലെ തമ്പുരാക്കന്മാരും പണ്ഡിറ്റ് കറുപ്പനെപോലെ തമ്പുരാൻ പദവിയില്ലാത്തവരും ഒരു പക്ഷേ, എഴുത്തച്ഛനെക്കാൾ മലയാളി പേശുന്ന ഭാഷയെ പോഷിപ്പിച്ചവരാണു്.

വാമൊഴിയിലൂടെ പകർന്നു കിട്ടിയ കഥകളും വികാരവിചാരങ്ങളുമാണു് ജീവതു് ഭാഷയുടെ ഊർജം. കവിതകളും കഥകളും പിറക്കുന്നതും ആ ഭാഷയിൽനിന്നാണു്.

‘നിന്നോടെതിരോരു നൂറുനൂറായിരം

രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളോരു

രാവണന്മാരെതിർത്താലുമനാകുലം

നിയതുമതു മമ ചെറുവിരൽക്കുപോരാ…’

എന്ന ഹനുമാന്റെ പരിഹാസത്തിലെ ‘നൂറുനൂറായിര’വും ‘ഞെളിഞ്ഞിരി’ക്കലും ‘ചെറുവിര’ലും എഴുത്തച്ഛനു് കിട്ടിയതു് ജനസാമാന്യത്തിന്റെ ഭാഷയിൽനിന്നാണു്.

അങ്ങനെ പറയുമ്പോൾ വാമൊഴിയെ പോഷിപ്പിച്ചവരാവണം ശരിക്കും ഭാഷയുടെ പിതാക്കൾ. (ഭാഷയ്ക്കു് പിതാവല്ല, പിതാക്കളാണുള്ളതു്). ചന്തുമേനോനിൽ നിന്നോ, സി വിയിൽ നിന്നോ, ഗുണ്ടർട്ടിൽ നിന്നോ, ഭാഷാനാടകങ്ങളിൽ നിന്നോ ഭാഷാപിതാക്കളുടെ പരമ്പര തുടങ്ങുന്നുവെന്നു് പറയുന്നതല്ലെ ശരി?

ഐശ്വര്യ പ്രേമരാജ്:
വാക്കിന്റെ ലാളിത്യം ഏറ്റവും നന്നായി വരച്ചു കാട്ടുന്ന ചിലരുണ്ടു്. ചില കരങ്ങളുമുണ്ടു്… സമൂഹത്തേയും, എന്തിനു് പ്രപഞ്ചത്തെ തന്നെ ആഴത്തിൽ മനസിലാക്കി അതു് ജനഹൃദയങ്ങളിലേക്കു് എത്തിച്ചവരിൽ പ്രമുഖനാണു് ശ്രീ. കെ. ആർ. ടോണി. വാക്കുകളിൽ മാന്ത്രികവലയം തീർത്തു് ജീവിതയാഥാർത്ഥ്യം അനുഭവിപ്പിക്കുക എന്നതാണു് ടോണിക്കവിതകളുടെ പ്രത്യേകത. സമൂഹത്തിന്റെ ചലനം മനസിലാക്കിയുള്ള വരികൾ, എല്ലാത്തിനും നല്ലതും ചീത്തയും എന്നിങ്ങനെ രണ്ടു വശങ്ങൾ ഉണ്ടെന്നുള്ള അവബോധം, ഏതൊരു നിസ്സഹായനും ഒരു നല്ല ദിവസം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസം എന്നിവകൊണ്ടു് സമ്പന്നവുമാണു് കെ. ആർ. ടോണിയുടെ കവിതകൾ. ചരിത്രം വിളിച്ചോതുന്നവയാണു് തോറ്റം പാട്ടു്, അതുപോലെ തന്നെ നമ്മുടെ സംസ്കാരത്തിന്റെ ചില തോറ്റ സാംസ്കാരികതയെയും കവി തന്റെ വരികളിൽ പരാമർശിക്കുന്നുണ്ടു്. മനുഷ്യ മനസ്സുകളിൽ പുതു ചിന്ത ഉണർത്തുന്നവയാണു് ഇദ്ദേഹത്തിന്റെ കവിതകൾ. സാമൂഹികതയെയും, സാംസ്കാരികതയെയും തൊട്ടുണർത്തുന്ന വിരലുകൾക്കു്, മാനവ ചിന്തകളിൽ മാറ്റമുണ്ടാക്കാനും സാധിക്കുന്നുണ്ടു്. അത്രത്തോളം ആഴമേറിയ സന്ദർഭങ്ങൾ ലഘുഭാഷാസാഹിത്യത്തിലാക്കി വായനക്കാരിൽ എത്തിച്ചതിനു് നന്ദി.
ഗായത്രി:
കെ. ആർ. ടോണിയുടെ കവിതകൾ വളരെ ആസ്വാദ്യകരമാണു്. ഇതിൽ ‘ശിഷ്ടം’ എന്ന കവിതയിൽ കൗതുകം കൗതുകം എന്ന പദപ്രയോഗം വായനക്കാരനെ ആകർഷിക്കുന്നു. ഈ കവിതയിലൂടെ ഇന്നെത്തെ കാലത്തെ അവസ്ഥ കാണാൻ കഴിയുന്നു. അതായതു് എല്ലാ കാര്യവും അപ്രത്യക്ഷം. ‘സഞ്ചി’ എന്ന കവിതയിൽ ഉപയോഗിച്ച ഉപമകൾ വായനക്കാർക്കു് കൗതുകം ജനിപ്പിക്കുന്നു. സന്തോഷ് എന്ന പേരു് ഉണ്ടായിട്ടും അർത്ഥം അറിയാത്ത അവസ്ഥ രസകരമായി വർണ്ണിക്കുന്നു. കവിതയിൽ ഉടനീളം കവിതയിൽ പരാമർശിച്ച വ്യക്തിയുടെ അവസ്ഥ പറയുന്നു. ‘ഒരു പ്രതിസാഹിത്യവിചാരത്തി’ൽ ഒരു സാഹിത്യക്കാരന്റെ അവസ്ഥ കാണാൻ കഴിയുന്നു, രചിക്കുവാൻ ചിന്തകൾ വേണം തുടങ്ങിയ കാര്യങ്ങൾ പറയുന്നു. കൂടാതെ സാഹിത്യം വായനക്കാർക്കു് ആസ്വാദ്യകരമായിരിക്കണം എന്നും പറയുന്നു. ‘അന്ധകാണ്ഡം’ എന്നതിൽ ഈ കാലത്തെ മനുഷ്യരുടെ സ്വഭാവം കാണാൻ സാധിക്കുന്നു. തനിക്കു് ഗുണമുള്ളതു് ലഭിക്കുവാൻ എന്തും ചെയ്യും എന്നുള്ള പ്രയോഗത്തിലൂടെ കാണാൻ സാധിക്കും. അവസാന വരികൾ വായിക്കുമ്പോൾ ജ്ഞാനപ്പാന ഓർമ്മ വരുന്നു. ‘ഒരു തോറ്റ(ം)പാട്ടു്’ എന്നതിൽ ഒരു ബാറിലെ അവസ്ഥയും, ആളുകൾ മദ്യം കഴിക്കാൻ പോകുന്ന കാരണവും പറയുന്നു. ബാറിലെ പാട്ടും താളവും രസകരമായി പറയുന്നു. മദ്യ നിരോധനം നടപ്പാക്കാത്തതും ഇതിൽ പരാമർശിക്കുന്നു. ദൈവവും കൈവിട്ട മനുഷ്യരെ പാണ്ഡവരെ പോലെ എന്ന പ്രയോഗം വളരെ നന്നായിരിന്നു. ‘സംസ്കാരം’ എന്നതിൽ മരിച്ചു കഴിഞ്ഞാൽ മറ്റുള്ളവർ പറയുന്നതും കൂടാതെ സംസ്കാരചടങ്ങുകളും പ്രതിപാദിക്കുന്നു. ‘തുള്ളൽ’ എന്നതിൽ ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു ബാധയുണ്ടാകും എന്നാണു് കവി പറയുന്നതു്. അതു പോലെ തന്നെ ബാധയില്ലാത്തവനെ കൊണ്ടു് ഒരു പ്രയോജനവും ഇല്ല എന്നും പറയുന്നു. ഒരു തോന്നൽ ഉണ്ടായാൽ മാത്രമാണു് ഒരു മനുഷ്യൻ എന്തെങ്കിലും ചെയ്യാൻ തയ്യാറാകുകയുള്ളു.
ആവണി, കെ.:
മനുഷ്യ ജീവിതത്തിന്റെ ഓരോ അവസ്ഥകളും വ്യത്യസ്തമായി വിവരിക്കുന്ന കവിതകൾ ആണു് കെ. ആർ. ടോണിയുടേതു്. ഒട്ടുമിക്ക കവിതകലിലും ‘ഞാൻ’ എന്ന സംബോധനയോടെയാണു് കവിതകൾ. ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥകൾ മാറ്റങ്ങൾ ചിന്തകൾ എന്നിവയൊകെ വളരെ വ്യക്തമായി കവിതയിൽ പ്രദിപാദിച്ചിരികുന്നു. കാലത്തിന്റെ മാറ്റങ്ങൾ മനുഷ്യനും പുത്തൻ ഉണർവു് നൽകുന്നു. കൂടാതെ നമ്മുടെ കുറേ സംസ്കാരങ്ങളെ വളരെ വ്യക്തമായി തന്നെയാണ് ചിത്രീകരിച്ചതു്. മനുഷ്യന്റെ നന്മയ്കു് വേണ്ടി അവൻ എന്തും ചെയ്യും എന്നും കവി പറയുന്നുണ്ടു്. മനുഷ്യനും സമൂഹവും തമ്മിൽ ഉള്ള അന്തരം കുറവ് ആണെങ്കിലും ആ അന്തരം ചിലർക്കു കൂടുതൽ ആയിരിക്കും. ഒട്ടനവധി ആശയങ്ങൾ പകർന്നു നൽകാൻ ഈ കവിതകൾക്കു് സാധിച്ചിട്ടുണ്ടു്.
ഹേമ റോയ്:
കെ. ആർ. ടോണിയുടെ ‘സംസ്കാരം’ എന്ന കവിതയിൽ ഏതൊരു മനുഷ്യന്റെയും ഉള്ളിന്റെയുള്ളിൽ ഉണ്ടായേക്കാവുന്ന നിഗൂഢമായ ബോധത്തെ ആണു് ചിത്രീകരിച്ചിരിക്കുന്നതു്. ഒരു മരണവാർത്തയറിഞ്ഞാൽ, ‘ഞാനല്ലല്ലോ മരിച്ചതു്’ എന്ന സ്ഥായി ഭാവത്തിലൂടെയാണു് കവിതയുടെ തുടക്കം. ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത പേരും പ്രശസ്തിയും മരണശേഷം ആ മൃതദേഹത്തിനു ലഭിക്കുന്നു. അന്ത്യശുശ്രൂഷ ചടങ്ങിൽ ഏതൊരാളിനെ പോലെ താനും ഇതൊക്കെ ചെയ്യേണ്ടതു് ആണല്ലോ എന്ന അനുകരണശീലം ജനിക്കുന്ന ഒരാളിലൂടെയാണു് കവിത മുന്നോട്ടുപോകുന്നതു്. ‘കരുണ നടിച്ച’ മനുഷ്യൻ അതിൽ രസം കണ്ടെത്തുകയാണു്. പൊതുവേ കാണപ്പെടുന്ന സാമൂഹിക ‘സംസ്കാര’ത്തിന്റെ ഭാഗമായാണു് പിന്നീടുള്ള വരികൾ കവിതയിൽ ചിത്രീകരിച്ചിരിക്കുന്നതു്. പാതിരിയുടെ പാട്ടു് കേട്ടു് പകുതി മരിച്ച കുറെ പെണ്ണുങ്ങളുടെയും ബോറടി മാറ്റുവാനായി മാന്യത നടിച്ചു് മദ്യപിച്ചു് എത്തിയവരുടെയും അനുകരണ ശീലത്തെ, സമൂഹത്തിന്റെ ‘സംസ്കാര’മായും ധൂപക്കുറ്റി വീശി ശവമഞ്ചം എടുത്തു് പോകുന്നതിനെ മരണ ‘സംസ്കാര’മായും പ്രതിപാദിക്കുന്നു… ‘സംസ്കാരം’ എന്നതിനു് ഈ രണ്ടു് അർത്ഥ ധ്വനികൾ ആണു് കവിതയിൽ ഉള്ളതു്. ആയുസ്സിനു് ദൈർഘ്യം കുറഞ്ഞുവരുന്ന മനുഷ്യനു് മൃതശരീരത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ മാത്രം തോന്നുന്ന ഒരു പ്രത്യേകതയാണു് ചുറ്റുപാടുമുള്ളവയെ അതിസൂക്ഷ്മമായി മനസ്സിലേക്കു് പറിച്ചു വയ്ക്കുക എന്നതു്. ചുറ്റുപാടുമുള്ളതൊക്കെ നഷ്ടപ്പെട്ടേക്കാം എന്ന തോന്നലാണു് ഇങ്ങനെയൊരു നിർവികാരത്തിനു കാരണം. കവിതയുടെ അവസാന ഭാഗം വ്യക്തമാക്കുന്നവയാണു് ഇവ. മാനുഷിക വികാരങ്ങൾ അതിതീവ്രതയോടെയും നർമ്മത്തോടെയും ജനമനസ്സുകളിലേക്കു് കുത്തി വയ്ക്കുവാൻ ഉള്ള സൂചിമുന പോലെയാണു് കെ. ആർ. ടോണി സാഹിത്യത്തെ ഉപയോഗപ്പെടുത്തുന്നതു്.
മധുസൂദനൻ: സൂര്യകാന്തി
കെ. സച്ചിദാനന്ദൻ:
മധുവിന്റെ ലേഖനം പതിവുപോലെ ഓർമ്മകളിലും ചരിത്രത്തിലും കലകളിലും കൂടി സഞ്ചരിച്ചു് സൗന്ദര്യത്തിന്റെ രാഷ്ട്രീയം വെളിവാക്കുന്നു. അയ് വേയി വേയിയുടെ കുറച്ചു ചിത്രങ്ങളും ഇൻസ്റ്റലേഷനുകളുമേ നേരിട്ടു കണ്ടിട്ടുള്ളു. എന്നാൽ ആ കലയുടെ രാഷ്ടീയം നന്നായറിയാം. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ വായിച്ച പല നോവലുകളും ചൈനയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും മാത്രമല്ല എന്റെ നാലു ചൈനാ സന്ദർശനങ്ങളും ചൈനയുടെ വിപ്ലവാനന്തരവിപരിണാമത്തിന്റെ ക്രൂരതയും കൗശലവും എന്നെ വ്യക്തമായി ബോദ്ധ്യപ്പെടുത്തി. കവികൾ വിപ്ലവകാലത്തു് വിപ്ലവത്തിനായി പാടുന്നു, വിപ്ലവം കഴിഞ്ഞാൽ സൈബീരിയയിലേയ്ക്കു നാടുകടത്തപ്പെടുന്നു എന്നും, ഉദിച്ച നക്ഷത്രങ്ങളെല്ലാം ഏതോ രാജാവിന്റെ പിറന്നാളായിരുന്നുവെന്നും ഞാനെഴുതിയതു് പ്രസിദ്ധമായ എഴുപതുകളിൽ തന്നെയാണു്. റഷ്യയും ചൈനയും അതിന്റെ രണ്ടുദാഹരണങ്ങൾ മാത്രം. ആ വിപ്ലവങ്ങളുടെ പിറകിലുണ്ടായ ഇച്ഛാശക്തിയെയും വികാരത്തെയും ഇന്നും ഞാൻ മാനിക്കുന്നു. എന്നാൽ ഭരണകൂടം എന്ന ഭീകര സംവിധാനത്തിന്റെ വരവോടെ ജനങ്ങൾ അധികാരത്തിന്റെ ഏണിപ്പടികളായി വലിച്ചെറിയപ്പെടുന്നു. കലാകാരന്മാർ എന്നും പ്രതിപക്ഷത്താണെന്ന സത്യം അയ് വേയി വേയി ഒന്നുകൂടി ഉറപ്പിക്കുക മാത്രമാണു്.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സായാഹ്ന പ്രവർത്തകർ:
ഇതുവരെ പ്രസിദ്ധീകരിച്ച ഫോൺ പതിപ്പുകളുടെ (277) കാറ്റലോഗ് ഇവിടെ: http://books.sayahna.org/ml/pdf/releases-oct-20.pdf ഡൗൺലോഡ് കണ്ണികളും ലഭ്യമാണു്, ഏതിലെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയിക്കുക.

(നവംബർ 1 മുതൽ 7 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
ഷാഹിന, ഇ. കെ.: അവനവൾ
തോമസ് ഏബ്രഹാം:
ഷാഹിന, ഇ. കെ.-യുടെ കഥ വായിച്ചു. വളെരെ കാലങ്ങൾ ആയി കഥകൾ വായിക്കാറില്ല. വിവരണങ്ങൾ കഥ അല്ലെന്നാണു് കരുതുന്നതു്. വിവരണങ്ങൾ കഥക്കു് ഉള്ളിലെ കഥ അനാവരണം ചെയ്യുന്നതായി എനിക്കു് തോന്നിയില്ല. ഒരു പണ്ഡിതൻ അല്ലാത്ത സാധാരണക്കാരൻ ആയതു് കൊണ്ടാവാം.
കെ. ദാമോദരൻ: ശ്രീശങ്കരൻ ഹെഗൽ മാർക്സ്
രാജൻ പടുതോൾ:
ശങ്കരനെയും ഹെഗലിനെയും ഫുർബാകിനെയെയും ലളിതമായി പരിചയപ്പെടുത്തുന്നു. നന്ദി.
കെ. ജി. എസ്.: വലുതു് വിസ്മയം
കെ. സച്ചിദാനന്ദൻ:
വൻമതിൽ കാണും മുമ്പാണു് അതിനായി നടന്ന ബലിയെക്കുറിച്ചു് ഞാൻ ‘വടക്കൻപാട്ടു്’ എഴുതിയതു്. പിന്നെ അതു കണ്ടു, ഒരു തവണയല്ല, മൂന്നു തവണ—സഹയാത്രികർ വേറെ വേറെയായിരുന്നതിനാൽ പോകേണ്ടി വന്നതാണു്. സമ്രാട്ടുകളുടെ അധികാരത്തിന്റെയും ജനങ്ങളുടെ ബലികളുടെയും അനന്ത സ്മാരകം. പിന്നെ പല മതിലുകളും കണ്ടു. ബെർലിൻ മതിലിന്റെ അവശിഷ്ടമുൾപ്പെടെ. കെ. ജി. എസ്സിന്റെ സന്ദർശന വിവരണം കഥയും കവിതയും ചേർന്നതു്, കണ്ണീരും ചോരയും പോലെ. മലയാളത്തിൽ നാം മഹത്തായ മതിൽ എന്നു വിളിക്കാത്തതു നന്നായി—വൻമതിൽ. ‘വൻ’ പൊങ്ങച്ചത്തിന്റെ സൂചകം. vain എന്നാവും ആംഗലപ്പെരുമ. നന്ദി ഈ യാത്രാസ്മരണയ്ക്ക്. ഇതും ഒരു സ്മാരകം.
ടി. ആർ. വേണുഗോപാലൻ:
യാത്രാനുഭവങ്ങളിലെ ദൃശ്യവിസ്തൃതി. കെ. ജി. എസ്സിന്റെ ‘വലുതു് വിസ്മയം’ വെറുമൊരു യാത്രാവിവരണമല്ല, മറിച്ചു്, യാത്രാനുഭവങ്ങളുടെ സാംസ്കാരിക ആവിഷ്ക്കാരവും കാവ്യബിംബങ്ങളുടെ ചുരുക്കെഴുത്തുമാണു്. വൻമതിൽ ഒരു കാഴ്ച മാത്രമല്ല, ബിംബമാണു്, പ്രതിരോധവുമാണു്. ചൈനക്കാർ ലോകത്തെ കാണാൻ ശ്രമിച്ചിട്ടുള്ളതു്, ഈ മതിലിനകത്തു നിന്നാണു്, ബൌദ്ധികമായും സാംസ്കാരികമായും. അനേകരുടെ ജീവൻ ബലിയായിട്ടുള്ളതിനാൽ ‘ചൈനയുടെ ഏറ്റവും വലിയ പാപശാല’യും ‘ബലികുടീര’വുമാണിതു്. വൻമതിൽ, ‘അത്ഭുതമായിരിക്കെത്തന്നെ കരുണവും ശാന്തവും ക്രൂരവും’ ആണെന്നും കെ. ജി. എസ്. തിരിച്ചറിയുന്നു. വൻമതിലില്ലെങ്കിൽ തങ്ങളില്ലെന്ന ചൈനീസ് പാഠമാണതു സന്ദർശകർക്കു് നൽക്കുന്നതു്. ഇരുപത്തോരായിരം കിലോമീറ്ററിലേറെ നീളമുണ്ടു് വൻമതിലിനു്. പാറയും ഇഷ്ടികയും ‘ചരിത്രവും കെട്ടുകഥയും ഭയവും കരുത്തും കൊടും ക്രൂരതയും…’ കൊണ്ടു് കെട്ടിപ്പടുത്ത വൻമതിൽ, ‘പല രാജവംശങ്ങളുടെ പല നൂറ്റാണ്ടുകളിലെ ജനപീഡനത്തിന്റെ സ്മാരകം’. ബി. സി. രണ്ടാം നൂറ്റാണ്ടുമുതൽ ‘ചീനർക്കുണ്ടു് മതിൽക്കഥകളുടെ പെരും കൃഷി.’ അന്ധവിശ്വാസവും ഭാവനയും ചാലിച്ച നാടോടിക്കഥകൾ അവർക്കുണ്ടു്. ജിയായുഗുവാൻ ചുരത്തിനു് ഈപേർ വന്നതു തന്നെ, വൻമതിൽ നിർമ്മാണത്തിനു് രാജകിങ്കരന്മാർ വലിച്ചിഴച്ചുകൊണ്ടുപോയ തന്റെ ഭർത്താവിന്റെ മരണവും തുടർന്നു് ഭാര്യ ജിയാങ്ങ്ന്യൂവിന്റെ ജീവത്യാഗവുമാണെന്നു് ചൈനീസ് പുരാവൃത്തം. ചൈനയിൽ വന്മതിൽ ഒരേ സമയം പൈതൃകമായും ലോകാത്ഭുതമായും കൊണ്ടാടുമ്പോൾ തന്നെ ‘പിഴുതെറിയൂ ജീവനൂറ്റുന്ന രാക്ഷസ ഇത്തിളിനെയെന്നു്’ കൺഫ്യൂഷ്യസിന്റെ ശിഷ്യന്മാർ തിരിച്ചറിയുന്നുണ്ടു്. ‘മതിൽ വിരുദ്ധരും മതിൽ ഭക്തരുമായി ചൈനക്കാർ അകമേ അകന്നു’ എന്നു നിരീക്ഷിക്കുന്ന കെ. ജി. എസ്, ‘നിർമ്മിക്കുന്നതിനേക്കാൾ പാടാണു് ചിലതു പൊളിച്ചു കളയാൻ’ എന്ന ചരിത്രസത്യവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഈ യാത്രാനുഭവത്തിൽ ബഷീറും കാഫ്കയും അംബേദ്ക്കറുമെല്ലാം വിവിധ സാംസ്കാരിക രൂപകങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടു്. ‘വിഭജനത്തിന്റെ കല്ലുഭാഷയായ്’. കാഫ്കയും ‘ഏകദൈവം അദ്വൈതം’ എന്നിവ നിരവധി ‘മതിൽക്കെട്ടുകൾ ചേർത്തു് മെടഞ്ഞതെന്നോർത്തു്’ അംബേദ്ക്കറും. ബാദലിങ്ങിൽ ചെന്നപ്പോളുള്ള മഴക്കാഴ്ച അതിമനോഹരം. പുതിയതും പഴയതുമെന്നും ഇന്ത്യൻ മഴയെന്നും ചൈനീസ് മഴയെന്നുമുള്ള മഴപ്പെരുമ സാധാരണ യാത്രാനുഭവങ്ങളിൽ ആരും നിരീക്ഷിച്ചു കണ്ടിട്ടില്ല, കെ. ജി. എസ്സല്ലാതെ. ‘മഴയല്ലാതൊരു കാഴ്ചയില്ല മഴയിൽ. ഇന്ത്യയിലായാലും ചൈനയിലായാലും. മറ്റെല്ലാം മറക്കും മഴ. പെയ്തൊടുങ്ങും വരെ ആവുന്നത്ര തന്നെത്തനെ കാണിക്കുന്നൊരു ജീനിയസാണു് മഴ.’ ഇപ്രകാരം മഴാനുഭവത്തെ യാത്രാനുഭവമായി നമ്മെ ബോധ്യപ്പെടുത്തുന്നതു് കെ. ജി. എസ്. മാത്രം. വൻമതിലിന്റെ വേറിട്ടുള്ളൊരു കാഴ്ചയാണു് ഈ യാത്രാനുഭവത്തിൽ ഉടനീളം. ‘മറകൂടിയാണു് മതിൽ, മതിൽക്കെട്ടു്, കൺകെട്ടു്. മറയ്ക്കാനുള്ള പറയലാണു് പല മതിലും. നുണപോലെ. പകുക്കാനും മറയ്ക്കാനും അകറ്റാനുമുള്ള ആവിഷക്കാരനിരോധനത്തിന്റെ വാസ്തുവിദ്യ. ഫ്യൂഡൽ മതിൽ, ഗ്ലോബൽ മതിൽ, തടവറ മതിൽ, ബെർലിൻ മതിൽ, ഏതു മതിലും… വിലക്കപ്പെട്ട നഗരത്തിന്റെ മതിലിലെ മാവോഫോട്ടോ പോലെ കാണിക്കുന്നതിനേക്കാളേറെ മറയ്ക്കുക്കുന്ന ഫോട്ടോ മഴ, ബിംബമഴ, മതിലായ മതിൽ നിറയെ.’ ചൈനയിലെ പാർട്ടി സ്വേച്ഛാധിപത്യവും പുതിയ വൻമതിലെന്നു് കെ. ജി. എസ്. തിരിച്ചറിയുന്നു. കേബിൾകാർ കയറാൻ വേണ്ടി പടവുകൾ കയറുന്നതിനിടെ വൻമതിലിന്റെ ജൈവവൈവിദ്ധ്യം നമുക്കനുഭവിക്കാൻ കഴിയുന്നു. ഭീമാകാരത്തിന്റെ ‘സാന്നിദ്ധ്യഗരിമ അറിയാതെ ഒരു പടിയും കയറാനാവില്ല. നൂറ്റാണ്ടുകളായി ഇതേ ഇരിപ്പാണ് കൽത്തുണ്ടുകൾ. പലതിനു ചുറ്റും വിടവു് കണ്ടു. വിടവു് പടർന്നുണ്ടായ വിള്ളൽ കണ്ടു. വിള്ളലിൽ ഉറുമ്പു്, വെള്ളക്കൂറ, വണ്ടു്, ഗൌളിഗണങ്ങളെ കണ്ടു. വരിവരിയായി ദീർഘയാത്രയിലേർപ്പെട്ടിരിക്കുന്ന ചെറുപ്രാണികളെ, കരിമൌനികളെ, കണ്ടു. കണ്ണീച്ചയുടെ കുഞ്ഞിച്ചിറകുകളുള്ള ചിലർ ഒരു കൽപ്പഴുതിനെ ചുറ്റിപ്പറക്കുന്നു. ഇതിലും ചെറിയ പറവകളെ ഒരാകാശത്തിനും കിട്ടില്ല. ഇതിലും ചെറിയ താമസക്കാരെ ഒരു ചുവരിനും കിട്ടാനില്ല.’ തുടർന്നു് കെ. ജി. എസ്. ചെറു ചോദ്യങ്ങളിലൂടെ വൻ മതിലിനെ പുനർനിർവചിക്കുന്നു. മലയും കാടും വന്യതയും ഇണക്കി വൻമതിലിനെ അവർ (ചൈനക്കാർ) പ്രകൃതിയുടെ ജൈവവൈവിദ്ധ്യത്തിൽ ഉൾച്ചേർക്കുകയല്ലേ? അപനിർമ്മിക്കുകയല്ലേ? അവരെല്ലാംകൂടി എന്റെ മനസ്സിൽ നെയ്യുന്നതു് വൻമതിലും ആ പരിസരവും അവരും തമ്മിലുള്ള ചിരസ്ഥായിയെ അല്ലെ? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ വൻമതിലിനെ ചൈനയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായി കാണാൻ വായനക്കാരനെ പ്രാപ്തനാക്കുന്നു, കെ. ജി. എസ്സിലെ സാംസ്കാരിക വിമർശകൻ. അവർ നിരസിക്കുന്നതു് കാലങ്ങളായി ആവാസന്യായങ്ങളായി തന്നിലുള്ള മുൻധാരണകളെയല്ലേ എന്നദ്ദേഹം തിരിച്ചറിയുന്നു. വെറും യാത്രാ വിവരണങ്ങളല്ലാത്ത യാത്രാനുഭവങ്ങൾക്കേ ഇപ്രകാരം സ്വയം തിരുത്തുവാനും നവീകരിക്കാനും കഴിയൂ. ചൈനക്കാർക്കു് വൻമതിൽ പെരിയ യുദ്ധസാമഗ്രി അല്ല. ‘പ്രതിരോധദുർഗ്ഗമല്ല; അടിയിൽ അനേകായിരം എല്ലിൻകൂടുകൾ പാകിയ കൂട്ടക്കല്ലറയല്ല; കോടാനുകോടി ജീവികൾ വസിക്കുന്ന കൂട്ടുകുടുംബം. അളവുകൾക്കതീതമായതു്. ലോകാന്തര വ്യാപ്തിയുള്ളതു്. ജീവന്റെ ഭാവിവസതിക്കു് ഞാനിനി പുതിയ വാസ്തു ഗണിക്കണമെ’ന്നുള്ള തിരിച്ചറിവാണു് വൻമതിൽ ആഖ്യാനത്തിന്റെ കെ. ജി. എസ്. തെളിമ. ‘ആരും ആരേയും മുഴുവൻ കാണാത്തതു പോലെ, അറിയാത്തതുപോലെ, ഒന്നും മുഴുവൻ അനുഭവിക്കാത്തതു പോലെ ആരും കാണുന്നില്ല പൂർണ്ണവൻമതിൽ.’ ‘ആരുടെ ദർശനവും ഭാഗിക’മെന്ന ദാർശനിക കാഴ്ചാനുഭവവും വായനക്കാരനു് പ്രദാനം ചെയ്യുന്നു കെ. ജി. എസ്സിൻ കണ്ണിലെ സാസ്കാരിക സൂക്ഷ്മദർശിനി.
നന്ദിനി മേനോൻ:
പ്രതിരോധങ്ങൾ പ്രലോഭനങ്ങളാവുന്ന കാലം, മറകൾക്കുള്ളിലൊന്നും മറയ്ക്കാനില്ലാത്ത കാലം, അജൈവങ്ങളുടെ പാപമോചന കാലം, മുകളിൽ നിന്നുള്ള താഴ്‌ന്ന നോട്ടങ്ങളുടെ മായക്കാഴ്ച്ചകൾ മായുന്ന കാലം… അതീവ വിസ്മയത്തോടെ വായിച്ചു, കെ. ജി. എസ്. സാറിനു് നമസ്കാരം.
കെ. വിനോദ് ചന്ദ്രൻ:
കെ. ജി. എസ്സിന്റെ മതിൽക്കാഴ്ചകൾ. ഭരണകൂടത്തിന്റെ കലയും, ശാസ്ത്രവുമായ മതിലിനെ ചൈനീസ് വന്മതിലിന്റെ മുന്നിൽ നിന്നു് കൊണ്ടു് വിചാരണചെയ്യുകയാണു് കെ. ജി. എസ്സിന്റെ യാത്രാക്കുറിപ്പുകൾ. വൻമതിലിന്റെ രഹസ്യപ്പൊരുളുകളഴിക്കുന്ന കാഫ്കെയുടെ വിഖ്യാതമായ മതിൽ കഥയുടെ (‘The Great Wall of China’) തുടർച്ചയായി വേണം ഈ കുറിപ്പുകളെക്കാണാൻ. മതിലിന്റെ ഏകത്വവും മഹത്വവും ഒരു മിത്താണെന്നും അസമമായ നിരവധി ഖണ്ഢങ്ങൾ കൂട്ടിച്ചേർത്തതാണു് വന്മതിലെന്നും കാട്ടിക്കൊണ്ടു് അതിന്റെ ഘടനാപരമായ ശൈഥില്യത്തെയും ഇടർച്ചകളെയും അനാവരണം ചെയ്യുന്നു കാഫ്കയുടെ കഥ. ബാബേൽ ഗോപുരം തകർന്നതു് ദൈവത്തിന്റെ ഇടപെടൽകൊണ്ടല്ലെന്നും അതിന്റെ ഘടനാപരമായ വൈകല്യത്താലാണെന്നും മതിലുകളെ അടിത്തറയാക്കിക്കൊണ്ടു് പൊളിയാത്ത (ഭരണകൂട മാതൃകയിലുള്ള) ഒരു ബാബേൽ ഗോപുരം സ്ഥാപിക്കുവാൻ കഴിയുമെന്നും അവകാശപ്പെടുന്ന ഒരു പ്രാദേശികപണ്ഡിതനെ കാഫ്ക അവതരിപ്പിക്കുന്നുണ്ടു് ഈ കഥയിൽ. മതിലിനെ ദുരൂഹ സമസ്യയാക്കുന്നതു് അധികാരത്തിന്റെ അസംബന്ധയുക്തികളാണെന്നു് ഈ കഥ സൂചിപ്പിക്കുന്നു. കാഫ്കയുടെ മതിൽക്കഥകളെ പുനർവായിക്കുന്ന സന്ദർഭത്തിൽ ജോർഗെ ലൂയിസ് ബോർഗെസ് (The Wall and the Books) ചരിത്രപരമായ ഒരു വിരോധാഭാസത്തെ നമ്മുടെ ശ്രദ്ധയിൽക്കൊണ്ടു് വരുന്നുണ്ടു്: മതിൽനിർമ്മാണത്തിനു തുടക്കം കുറിക്കുന്നുവെന്നു് പറയപ്പെടുന്ന ആദ്യത്തെ ചിംഗ് ചക്രവർത്തി ഷി ഹുവാങ്ചി തന്നെയാണു് ചൈനയിൽ അതേവരെയുള്ള സർവ്വഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും ചുട്ടു ചാമ്പലാക്കി ചരിത്ര(കു)പ്രസിദ്ധി നേടിയതു് എന്ന വസ്തുത. സംഹാരത്തിന്റെയും നിർമ്മാണത്തിന്റെയും ഈ വിചിത്ര സംയോഗത്തെപ്പറ്റി തൃപ്തികരമായ ഒരു വിശദീകരണം നൽകുവാൻ പക്ഷേ, ബോർഗസ്സിനു കഴിയുന്നില്ല. ഗ്രന്ഥങ്ങളെ കത്തിക്കൽ, തീർച്ചയായും ചരിത്രത്തെ, ഓർമ്മയെ, പൊതുമയുടെ അനുഭവങ്ങളെ, സംസ്ക്കാരത്തെ കത്തിക്കലായിരുന്നു. ലോകചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തിയാണു് താനെന്നും ഭരണകൂടത്തിന്റെ പുതിയ ഒരു പഞ്ചാംഗം, കാലഗണന, അവിടെ ആരംഭിക്കുകയാണെന്നും ഒരു പുത്തൻ ചരിത്രത്തിനു് താൻ ആരംഭം കുറിയ്ക്കുകയാണെന്നും ഒക്കെയുള്ള സൂചനകൾ നൽകാനാവാം ചക്രവർത്തി ആ സാഹസം ചെയ്തതു്. മതിൽ നിർമ്മാണമാവട്ടെ, സ്ഥലത്തെയും കാലത്തെയും വസ്തുക്കളെയും ആത്മാക്കളെയും ചരിത്രത്തെയും പകുക്കലും, ലോകത്തെ പുറത്തിട്ടടയ്ക്കലും ദേശീയ ആത്മത്തിലേക്കു് പിൻവലിയലും അടയലും. പുസ്തകം കത്തിക്കലും മതിൽ നിർമ്മാണവും പരസ്പരവിരുദ്ധമല്ല, ഭരണകൂടത്തിന്റെ വിഭജന ദർശനത്തിന്റെ, അധികാരോന്മാദത്തിന്റെ, പരസ്പരപൂരകമായ ഇരട്ടപ്രക്രിയകളാണു് എന്നു് ലോകചരിത്രം തെളിയിച്ചു. തെളിയിച്ചു് കൊണ്ടിരിക്കുന്നു. ഭരണകൂടകലാകാരന്മാർ, മതിലിന്റെ ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളും, മതിൽസ്തവങ്ങളും രചിക്കുമ്പോൾ മതിലുകളുടെ ‘പുണ്യ പുരാതന-അധുനാതന മിത്തുകളെ’ പൊളിച്ചു് മതിൽ മറകൾക്കുള്ളിൽ അടക്കം ചെയ്യപ്പെട്ട, അനീതികളുടെ, പീഢനങ്ങളുടെ, നരബലികളുടെ, ക്രൂരതകളുടെ പാപചരിത്രം കുഴിച്ചെടുക്കുകയാണു് ഭരണകൂടത്തിന്റെ ജന്മാന്തരശത്രുവായ കവി. ഭർത്തൃഹതിയാൽ ദുഃഖിതയായി മതിലിൽ തലയറിഞ്ഞു് മരിച്ചുവീണ പെണ്ണിന്റെയും ആ ക്ഷോഭത്തിൽ തകർന്നലച്ചു വീണ മതിലിന്റെയും കഥ കെ. ജി. എസ്. ചികഞ്ഞെടുക്കുന്നു. മതിലിന്റെ സ്തൂലസൂക്ഷ്മസത്യങ്ങൾ അഴിച്ചെടുക്കുന്നു. വൻമതിൽ മാന്ത്രിക-ആഭിചാര-ചികിൽസാലയവും, ദേവാലയവും പീഢാലയവും പാപശാലയും ബലികുടീരവുമാണെന്ന അപ്രിയസത്യങ്ങൾ കുഴിച്ചെടുക്കുന്നു. ‘ചൈനക്കാർ ചൈനക്കാരെ നിർവ്വചിച്ചാൽ ഒരുടലിൽ പല പ്രായമുള്ള അവയവങ്ങളും മനസ്സുമുള്ള ഈ വന്മതിലാണവർ’ എന്നു് യാത്രികനായ കവി. ചൈനക്കാരന്റെ സ്ഥൂല സൂക്ഷ്മ-ഉടമ്പുകൾ വന്മതിലാൽ പച്ച കുത്തപ്പെട്ടിരിക്കുന്നു എന്നതാണു് ചരിത്ര സത്യം. മതിൽ ചൈനക്കാരന്റെ മറയാണെന്നു് (വേദവും) കണ്ടെത്തുന്ന കെ. ജി. എസ്., ടി. ആർ. വേണുഗോപാൽ വിശദമാക്കുന്ന പോലെ മതിൽ ‘മറ’യുടെ നാനാർത്ഥങ്ങളെ വിദഗ്ധമായി അനാവരണം ചെയ്യുകയാണു്. അധികാരത്തിന്റെ ആജ്ഞാവാക്യങ്ങളാണു്, ‘മറ’മൊഴികളാണു് മതിലിന്റെ ഭാഷ. ‘മതിൽക്കെട്ടു് കൺകെട്ടാ’ണു്. ‘വിലങ്ങി നിൽക്കലും വിലക്കു് കല്പിക്കലുമാണു്’. ‘മറയ്ക്കാനുള്ള പറയലാണു്’. നുണമൊഴിയാണു്. ‘പകുക്കൽ, മറയ്ക്കൽ, അകറ്റൽ, എന്നിങ്ങനെ ആവിഷ്ക്കാര നിരോധനത്തിന്റെ വാസ്തുവിദ്യയാണു്’. അകത്തും പുറത്തുമുള്ള അനവധിമതിലുകളെ ദൃശ്യവേദ്യമാക്കുന്നു തുടർന്നങ്ങോട്ടു് ലേഖകൻ. ‘ഒരു മതിലിൽ നിന്നു് മറ്റൊരുമതിലിലേയ്ക്കുള്ള വഴിയായി ലോകം ചുരുങ്ങുന്നു’ എന്നു് അയാൾ കാതരനാവുന്നു. മതിലുകളുടെ മഹാസമുച്ചയങ്ങളാൽ ലോകമെങ്ങും നാം വളയപ്പെട്ടിരിക്കുന്നു എന്നു് വെളികൊള്ളുന്നു. ‘വിലക്കപ്പെട്ട നഗരത്തിന്റെ മതിലിലെ മാവോ ഫോട്ടോ പോലെ’ മതിലായ മതിൽ നിറയെ, ‘കാണിക്കുന്നതിനേക്കാളേറെ മറയ്ക്കുന്ന ഫോട്ടോമഴകൾ, ബിംബമഴകൾ’ പിടിച്ചെടുക്കുന്നു കെ. ജി. എസ്സിന്റെ സത്യദർശിനി. ഇന്നു് മനുഷ്യാസ്ഥിത്വത്തെ, ചരിത്ര സത്യത്തെ, നിർവ്വചിക്കുന്നതു് മതിലുകളാണെന്നു് വന്മതിലിന്റെ സവിധത്തിൽ നിന്നു് കൊണ്ടു് കവി ജ്ഞാനപ്പെടുന്നു. അങ്ങു് ദൂരെ തെന്നിന്ത്യയിലെ (ആര്യാവർത്തത്തിലെയും) അയിത്ത മതിലുകൾ, ഉപജാതി മതിലുകൾ, ഫ്യൂഡൽ ക്ലാസ്സിക്ക് മതിലുകൾ, ഇന്ത്യയിലെങ്ങും പടർന്നു് പന്തലിക്കുന്ന വർഗ്ഗീയ മതിലുകൾ, അനീതിയുടെ നെടുംകോട്ടകൾ, ചൈനയിൽ ഇന്നു് കൊടികുത്തിവാഴുന്ന പാർട്ടി സ്വേഛാധിപത്യത്തിന്റെ പുതിയ വൻമതിൽ. ‘ലോകത്തെവിടെയും ഉണ്ടു് ആരും ഇന്നേവരെമുഴുവനും കാണാത്ത ഒരു വന്മതിൽ’ എന്ന ചരിത്രസത്യോദയം. മതിലിന്റെ വിരാഡപ്രദർശനം. വന്മതിലിന്റെ കൽപ്പടവുകൾ കയറുമ്പോൾ ആ ‘ഭീമാകാരത്തിന്റെ സാന്നിദ്ധ്യഗരിമ’ അറിഞ്ഞുകൊണ്ടു് അതിന്റെ നെറുകയിൽ കാൽ കുത്തുമ്പോൾ നിരവധി ബോധോദയങ്ങളുടെ മിന്നൽപ്പിണരുകൾ യാത്രികനെ പ്രബുദ്ധനാക്കുന്നുണ്ടു്. ‘കൽത്തുണ്ടുകൾക്കു് ചുറ്റും വിടവുകളും വിടവു പടർന്നുണ്ടായ വിള്ളലുകളും’ അയാൾ കാണുന്നു. ‘വിള്ളലിൽ ഉറുമ്പു്, വെള്ളക്കൂറ, വണ്ടു്, ഗൗളീഗണങ്ങൾ, വരിവരിയായി ദീർഘയാത്രയിലേർപ്പെട്ട ചെറു പ്രാണികൾ, കരിമൗനികൾ, കണ്ണീച്ചയുടെ കുഞ്ഞിച്ചിറകുള്ള കുറുമ്പറവകൾ’—ഇവരെല്ലാം ഒരു മഹാപ്രക്രിയയിലാണു്: വന്മതിലിന്റെ ജൈവമായ അപനിർമ്മാണപ്രക്രിയ. ‘മലയും കാടും വന്യതയും ഇണക്കിക്കൊണ്ടു്, ഭരണകൂടത്തിന്റെ അജയ്യപ്രതീകമായ വൻ മതിലിനെ ‘പ്രകൃതിയുടെ ജൈവവൈവിദ്ധ്യത്തിൽ അവർ ഉൾച്ചേർക്കുകയാണു്’. വന്മതിൽ പ്രകൃതിയെ, ഭൂമിയെ, സ്ഥലത്തെ കാലത്തെ മനുഷ്യരെ വിഭജിച്ചു കീഴടക്കിയെങ്കിൽ മൂല പ്രകൃതി ഈ മനുഷ്യനിർമ്മിതിയെ വിനിർമ്മിക്കുകയാണു്, അഴിക്കുകയാണു്, പ്രകൃതിയുമായി കൂട്ടിയിണക്കുകയാണു് എന്നു് കെ. ജി. എസ്. വലുതിനെ ചെറുതു് അപനിർമ്മിക്കുകയാണു് ഇവിടെ. ‘വലുതു് കേമമെന്ന കാഴ്ചത്തെറ്റിനെ’ പൊളിച്ചു് ‘ചെറുതു് സത്യം സുന്ദരമെന്ന ഷൂമാക്കറിന്റെ ബുദ്ധപ്രബുദ്ധതയിലേക്കു്. മതിലിനെ മാത്രമല്ല മാനുഷികമായ മുൻധാരണകളെയും ഗർവ്വിനെയും ഈ ചെറുജീവിവർഗ്ഗങ്ങൾ അപനിർമ്മിക്കുകയാണു്, യാത്രികമനസ്സിനെ അപമാനവീകരിക്കുകയാണു്. ‘ജൈവനീതിസ്ഫുരണം പോലൊരു വിവേകദ്യുതി അവരിൽ ജ്ഞാന/സംസ്ക്കാരവ്യവസ്ഥയായി’ മിന്നുന്നു എന്ന ജ്ഞാനോദയത്തിലേക്കു്. വന്മതിൽ ഈ ചെറുപ്രാണികൾക്കു് ഭരണകൂട മനുഷ്യർക്കെന്ന പോലെ ‘യുദ്ധസാമഗ്രിയല്ല, പ്രതിരോധദുർഗ്ഗമല്ല കൂട്ടക്കല്ലറയല്ല’. മറിച്ചു്, ‘കോടാനുകൂടി ജീവികൾ വസിക്കുന്ന പ്രകൃതി എന്ന കൂട്ടുകുടുംബമാണു്’. അളവുകൾക്കതീതവും ലോകാന്തരവ്യാപ്തവും ഭരണകൂടേതരവുമായ ഒരു ബദൽ വാസ്തു തത്വത്തിന്റെ സ്വപ്നോദയം അവിടെ സംഭവിക്കുകയാണു്. ‘ജീവന്റെ ഭാവിവസതിയ്കുള്ള’ ഒരു നവവാസ്തു ഗണനത്തെ, സർവ്വജീവികളും പഞ്ച മൂലകങ്ങളും കൂട്ടുകുടുംബമെന്ന പോലെ സഹവസിക്കുന്ന, പ്രകൃതിയുടെ ഊർജ്ജപ്രവാഹങ്ങളെ ഇണക്കുന്ന (താവോയിസ്റ്റ് വാസ്തു വിദ്യയായ) ഫെങ്ഷൂയിയുടെ ഒരു നവസന്നിവേശത്തെ ആവശ്യപ്പെടുകയാണു് ഈ പ്രബുദ്ധനേരങ്ങൾ. ‘ജീവന്റെ ഭാവിവസതിയ്ക്കു് ഞാനിനി പുതിയ വാസ്തു ഗണിക്കണം. പുതിയ ഫെങ് ഷൂയി’എന്നു് കവി. ഒരു പുത്തൻ പ്രതീക്ഷോദയം കൂടിയാണതു്: ‘ഏതു് അജൈവത്തെയും ശുദ്ധീകരിച്ചു്, പാപമോചനം നൽകി, പ്രകൃതി ഒരു നാൾ ജൈവമാക്കുമെന്നും പ്രകൃതി സ്വയം രക്ഷിക്കുമെന്നും’ ഉള്ള പ്രതീക്ഷ. പ്രതീക്ഷകൾക്കൊന്നും താത്വികമായ പിൻബലമില്ല എന്നു് കവിയ്ക്കറിയാം. അസാദ്ധ്യത്തിന്റെ ചിന്തയും പ്രയോഗവുമാണു് പ്രതീക്ഷ എന്നു്. പ്രതീക്ഷ ഒരു തരം പന്തയം എന്നു്. ലൂഷൻനെ മനസാ സ്മരിക്കുമ്പോൾ പ്രയോഗവും പ്രതീക്ഷയും തമ്മിലുള്ള അദ്വൈതത്തിന്റെ പൊരുൾവഴി തെളിയുന്നു: ‘ഞാൻ ലൂഷുനെ ഓർത്തു: പ്രതീക്ഷ ഒരു മലയോരവഴി. ആദിയിൽ വഴികളില്ലായിരുന്നു; പ്രതീക്ഷയും. ഒരേ ദിശയിലേക്കു് ജീവികളോ മനുഷ്യരോ നടന്നു് നടന്നു് വഴികളുണ്ടായി; പ്രതീക്ഷയും’. വന്മതിലിന്റെ ഗണിതവിദ്യയെ ആത്യന്തികമായും തിരസ്ക്കരിക്കുകയാണു് കെ. ജി. എസ്.: ‘വന്മതിലിന്റെ ഗണിതം ഉയരത്തിന്റെതല്ല. നീളത്തിന്റെയും പഴക്കത്തിന്റെയും. വിജയവും കീർത്തിയും പിന്നിൽ മൂടുന്ന പീഢാനുഭവത്തിലെ ദുരന്തത്തിന്റെ ഗണിതം’. ഭരണകൂടത്തിന്റെ യൂക്ലീഡിയൻ ഗണിതത്തെ തിരസ്ക്കരിച്ചു് കൊണ്ടു് മറ്റൊരു ഗണിതത്തെ, ഉയരത്തെ, അളവില്ലാത്തതിനെ ലോകാന്തരവ്യാപ്തങ്ങളെ, അളക്കാനാവുന്ന മറ്റൊരു വാസ്തുഗണനാസങ്കല്പത്തെ അന്തരാവരിക്കുന്നു അദ്ദേഹം. ഭരണകൂടകലയുടെ നിതാന്ത ശത്രുവായ ലൂഷുൻ ആവും ഒരു പക്ഷേ, വന്മതിലിനെ ആദ്യമായി അപനിർമ്മിക്കുന്ന ചൈനീസ് സാഹിത്യകാരൻ. ആ മഹാസാഹിത്യകാരന്റെ മതിൽ വിമർശനങ്ങളെ സമാഹരിച്ചു് കൊണ്ടു് വന്മതിലിനെതിരെ ശരം തൊടുക്കുകയാണു് തുടർന്നങ്ങോട്ടു് യാത്രികന്റെ കുറിപ്പുകൾ. വൻമതിലിന്റെ നിർമ്മിതിക്കു് പിന്നിൽ നടന്ന മനുഷ്യ ഹോമങ്ങളെ അനുസ്മരിച്ചു് കൊണ്ടു് ലൂഷുൻ പറയുന്നു: വ്യക്തിപരമായി എന്റെ അനുഭവം അതെന്നെ സദാവലയം ചെയ്യുന്നു, ബന്ധിയാക്കുന്നു എന്നാണു്’. സൺയാത്-സെന്നിന്റെ കാലത്തു് വന്മതിലിനെ ദേശഭക്തിപ്രതീകമാക്കാനുള്ള ശ്രമത്തിനെതിരെ ലൂഷുൻ ആഞ്ഞടിച്ചു. ‘പഴയ വിജ്ഞാനങ്ങൾ ഏകാധിപത്യത്തിനു കാവലും ജനങ്ങൾക്കു് തടവറയുമായി വർത്തിക്കുന്നു എന്നു് വന്മതിലിനെ പരാമർശിച്ചു് കൊണ്ടു് അദ്ദേഹം പ്രസ്താവിച്ചു. വന്മതിലിന്റെ മഹത്വത്തെ വിമർശിച്ച ലൂഷുൻ ‘മഹാമതിലിനെ’ ‘നീണ്ട മതിൽ’ എന്നു് വിനിർമ്മിച്ചു. ഫ്യുഡൽ ക്ലാസ്സിക്കുകളുടെ ആഢ്യഭാഷയാണു് വന്മതിലിന്റെയും ഭാഷ എന്നും, സ്വന്തം അനുഭവയാഥാർഥ്യത്തിലെത്തുന്നതിനു ജനങ്ങളെ തടയുന്ന ദുർഗ്ഗമാണു് ഈ മതിൽഭാഷയെന്നും ലൂഷുൻ വിമർശിച്ചു. ഭരണകൂട-ടൂറിസ്റ്റു-സാഹിത്യങ്ങൾ പടച്ചു വിടുന്ന മതിൽ സ്തുതികളെയെല്ലാം തന്നെ ലൂഷുന്റെയും, ബ്രെഹ്ത്തിന്റെയും ഗൊദാർദ്ദിന്റെയും ആയ് വേയി വേയിയുടെയും കുലത്തിൽപ്പെട്ട കെ. ജി. എസ്. എന്ന കവി നിരാകരിക്കുന്നു. വന്മതിലിനെ ചുറ്റിപ്പറ്റിയുള്ള പ്രതിരോധത്തിന്റെയും ധാർമ്മികതയുടെയും പരിവേഷങ്ങൾ, അതിന്റെ ‘പവിത്രമൂല്യങ്ങൾ’ എല്ലാം തന്നെ വിചാരണാവിധേയമാകുന്നു. മദ്ധ്യേഷ്യയിലെ ദേശാന്തരചാരികളെ (nomads) കൊള്ളക്കാരായും, ആക്രമണകാരികളായും ചിത്രീകരിക്കുന്ന ഭരണകൂട ചരിത്രരചനകളെ തള്ളിക്കളഞ്ഞുകൊണ്ടു് ദെല്യൂസും ഗ്വത്താരിയും നോമാഡുകളുടെ വീക്ഷണകോടിയിൽ നിന്നു് കൊണ്ടു് മറ്റൊരു ചരിത്രം രചിക്കുന്നുണ്ടു് (A Thousand Plateaus). ഈ അതിചരിത്രത്തിൽ ഭരണകൂട സമൂഹങ്ങളാണു് ആക്രമകാരികളെന്നും അവരുടെ ആക്രമണങ്ങളെ ചെറുത്തു നിൽക്കുവാനുള്ള പ്രത്യാക്രമണങ്ങളായിരുന്നു ചെങ്കിസ്ഖാനെപ്പോലുള്ളവർ നടത്തിയതെന്നും കണ്ടെത്തുന്നു. ഭരണകൂടത്തെ ചെറുക്കുവാനുള്ള വിപ്ലവകരമായ ശ്രമത്തിന്റെ ഭാഗമായാണു് നോമാഡുകൾ യുദ്ധവും യുദ്ധയന്ത്രങ്ങളും കണ്ടുപിടിക്കുന്നതെന്നും അവർ രേഖപ്പെടുത്തുന്നു. ഭരണകൂട സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം നോമാഡുകൾ അക്രമാത്മകവും ഭയാനകവുമായ പുറം ലോകത്തെ പ്രതിനിധാനം ചെയ്തുവെങ്കിൽ നോമാഡുകളുടെ കാഴ്ചപ്പാടിൽ ഭരണകൂടമാണു് ‘പുറ’ത്തെ നിർവ്വചിച്ചിരുന്നതു്. പുറം ലോകത്തെ പ്രതിരോധിച്ചു് കൊണ്ടു് ഭരണകൂടങ്ങൾ ദേശീയമായ ആന്തരികതകൾ സൃഷ്ടിച്ചതു് ഇത്തരം വന്മതിലുകളിലൂടെയാണു്. ഭരണകൂട സമൂഹങ്ങളുടെ നാർസിസത്തെയും ഡെലിറിയത്തെയുമാണു് വന്മതിലുകൾ പ്രതിനിധീകരിയ്ക്കുന്നതെന്നു് വിശ്വോത്തരമതിൽപ്പൊളിക്കാരായ ദെല്യൂസും ഗ്വത്താരിയും ‘ആയിരം പീഠഭൂമിക’ളിൽ വെളിപ്പെടുത്തുന്നതു് ഇവിടെ പ്രസക്തമാവുന്നു. മതിലുകൾ അകത്തും പുറത്തും മഹാമാരിപോലെ പെരുകിപ്പരക്കുന്ന ഒരു കാലത്തു് ചൈനീസ് വന്മതിലിന്റെ മേലാപ്പിൽ നിന്നു് കൊണ്ടു് തുറസ്സിന്റെയും ഒഴുക്കിന്റെയും അടങ്ങാത്ത നീതിയുടെയും കവിയായ കെ. ജി. എസ്സും ചെയ്യുന്നതിതാണു്: ഭരണകൂടത്തിന്റെ വാസ്തുകലയായ മതിലിന്റെ രാഷ്ട്രീയത്തെയും ലാവണ്യകത്തെയും യുദ്ധശാസ്ത്രത്തെയും തകർക്കൽ, എല്ലാ മതിലുകളും പൊളിക്കൽ.
ടി. ആർ. വേണുഗോപാലൻ:
കെ. ജി. എസ്സിന്റെ വൻമതിൽ ആഖ്യാനത്തിനു് പുതുവായന നടത്തുകയാണു് കെ. വിനോദ് ചന്ദ്രന്റെ നീണ്ട കുറിപ്പു്. കാഫ്കയുടെ ‘ദ ചൈനീസ് വാൾ’ അദ്ദേഹം വിദഗ്ദമായി പ്രയോജനപ്പെടുത്തുന്നുണ്ടു്. അതിൽ രസകരമായ ഒരു വിവരണം വൻ മതിൽ നിർമ്മാണത്തിനു തുടക്കം കുറിച്ച ചിങ്ങ് ചക്രവർത്തി ഷി ഹുവാങ്ങ് ചി ചൈനയിലെ എല്ലാ ഗ്രന്ഥാലയങ്ങളും ചുട്ടെരിച്ചതു സംബന്ധിച്ചുള്ളതാണു്. ഈ പ്രവർത്തിയിലൂടെ ചൈനയുടെ അതുവരേയുള്ള ചരിത്രമാണു് മായ്ക്കപ്പെട്ടതെന്നും ഒരു പുത്തൻ ചരിത്രത്തിനു് തുടക്കം കുറിച്ചുവെന്നു് വരുത്തിതീർക്കാൻ അവർ ശ്രമിച്ചതായിരിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടു്. ഒരു ജ്ഞാനിമമെന്നനിലയിൽ ചരിത്രത്തിനു് ഇത്തരം വെല്ലുവിളികൾ എക്കാലത്തുമുണ്ടായിട്ടുണ്ടു്. സമകാലിക ഇന്ത്യയിൽ ഇത്തരം മായ്ക്കലുകൾക്കു് ഒരുതരം അക്രമോത്സുകത കൈവന്നിരിക്കുന്നു: ഹിറ്റ്ലറുടെ കാലത്തെ ജെർമ്മനി പോലെ. അതുപോലെത്തന്നെ, മതിലിന്റെ അകം/പുറം തിരിക്കലും പരിപ്രേക്ഷ്യപരമായ പ്രശ്നമാണെന്നു് മംഗോൾ നൊമാഡുകളുടെ മതിൽക്കാഴ്ചയെ ഉദാഹരിച്ചുകൊണ്ടു് വിനോദു് വ്യക്തമാക്കുന്നു. ഉടലുകളില്ലാത്ത മതിലുകളെക്കുറിച്ചു് കെ. ജി. എസ്. തന്നെ പ്രതിപാദിക്കുന്നുണ്ടല്ലോ. അയിത്ത മതിലുകൾ, ജാതി മതിലുകൾ, പാർട്ടി മതിലുകൾ, വർഗ്ഗീയ മതിലുകൾ, വംശീയ മതിലുകൾ, വർണ്ണ മതിലുകൾ ഇങ്ങനെ പോകുന്നു മതിലിന്റെ ഇതിവൃത്ത സാദ്ധ്യതകൾ.
എസ്. ഗോപാലകൃഷ്ണൻ—ഇ. പി. ഉണ്ണി: കാർട്ടൂണും സ്ഥല-കാലവും ഓ വി വിജയനിൽ
കരുണാകരൻ:
ഒ. വി. വിജയന്റെ കാർട്ടൂൺ കലയെക്കുറിച്ചു് ഇ. പി. ഉണ്ണിയുമായുള്ള എസ്. ഗോപാലകൃഷണന്റെ സംഭാഷണം ഹൃദ്യമായി, ഒരു ‘കൂട്ടം കൂടൽ’ ഇതിലുമുണ്ടായിരുന്നു. വിജയന്റെ വരയുടെ കലയെക്കുറിച്ചുള്ള ചോദ്യവും അതിനുള്ള ഉത്തരവും വിശേഷിച്ചും ഇഷ്ടപ്പെട്ടു: രൂപങ്ങൾക്കു് പുറത്തു് അഴിയുന്ന കറുപ്പു്, ചിത്രമാവാനുള്ള ആഗ്രഹത്തോടെ നിൽക്കുന്നു എന്നു് തോന്നുന്ന അത്രയും സ്ഥലം, വിജയന്റെ വരയുടെ ചന്തം, ‘സമയം കഴിഞ്ഞും’ കാണുമ്പോഴുമുണ്ടു്. താൻ മൂന്നാം ലോകത്തിന്റെ വരക്കാരൻ എന്ന വിജയന്റെ കണ്ടെത്തലിനെ ഉണ്ണി നേരിട്ടതു് രസകരമായാണു്; പക്ഷേ, അതു് ‘മിസ്’ ചെയ്യുന്നതു് വിജയന്റെ കലാവീക്ഷണം ആണു് എന്നു് തോന്നുന്നു. ഒരു മൂന്നാംലോക കലാകാരൻ/എഴുത്തുകാരൻ എന്നു് വിജയൻ തന്നെത്തന്നെ കണ്ടെത്തുന്നതു് കലയുടെ ഭാഗത്തു് നിന്നു് എന്നതിനേക്കാൾ തന്റെ സകല ആശയങ്ങളുടെയും ഇന്ധനം എന്ന നിലയ്ക്കാണു്: ഒരിക്കൽ പാശ്ചാത്യ (വെള്ളക്കാരന്റെ) കോളനിയായിരുന്ന, അതിന്റെ സ്മരണയുള്ള ഒരു സംസ്കാരം, ഇതായിരുന്നു വിജയനു് നേരിടേണ്ടി വന്നതു്. അതിനെ വിജയൻ നേരിട്ടതോ, ഒട്ടും ഗ്രേ ഏരിയ ഇല്ലാതെ ബ്ലാക്ക് & വൈറ്റ് രീതിയിലും. ഇതിലെ ബലവും ക്ഷീണവും വിജയന്റെ ആശയങ്ങളെയോ തർക്കങ്ങളെയോ പരിമിതപ്പെടുത്തിയോ എന്നതു് ചർച്ച ചെയ്യാം, എന്നാൽ, അവയിലൊക്കെ വിപുലമായ അർത്ഥത്തിൽ പ്രകടിപ്പിക്കപ്പെട്ട സ്വാതന്ത്ര്യബോധം, വാസ്തവത്തിൽ, അക്കാലത്തെ ‘മൂന്നാംലോകവാസി’കളിൽ അപൂർവ്വമായിരുന്നു. വിജയന്റെ കാർട്ടൂണുകൾ ഈ കാഴ്ച്ചപ്പാടിനെ പലപ്പോഴും വിഷയമാക്കി, ലേഖനങ്ങൾ പ്രകടമായും വന്നു, സി. വി. അനുസ്മരണ പ്രഭാഷണത്തിലൊക്കെ വന്നതുപോലെ. എന്നാൽ ‘ധർമ്മപുരാണ’ത്തിൽ എത്തുമ്പോൾ കലി ബാധിച്ചപോലെയുമായി: നില തെറ്റിയും ദിശ തെറ്റിയും പലപ്പോഴും വിഫലമായും. ഒരു പക്ഷേ, ആ കഥയുടെ കലയും വിജയൻ അങ്ങനെയായിരിക്കും കണ്ടതും… തീർച്ചയില്ല.
കല്പറ്റ നാരായണൻ: സ്ത്രീയില്ലാത്ത മാതൃഭൂമി
ടി. ആർ. വേണുഗോപാലൻ:
പരശുരാമനും ബാലാമണി അമ്മയും. ശ്രീമതി ബാലാമണി അമ്മയുടെ ‘മഴുവിന്റെ കഥ’ എന്ന കവിതയെ മുൻ നിർത്തിയുള്ള ചിന്തയാണു് കൽപ്പറ്റ നാരായണന്റെ ‘സ്തീയില്ലാത്ത ഭൂമി’. ഹൃദ്യമായഭാഷ. കവിയുടെ സാംസ്കാരിക വിമർശം. അദൃശ്യരാക്കപ്പെടാൻ നിർബന്ധിതരായ സ്ത്രീമനസ്സുകളുടെ ദൃശ്യരാവാനുള്ള ത്വര തിരിച്ചറിയുന്നതു്. സ്ത്രീയുടെ അസാന്നിദ്ധ്യത്തെപറ്റി കല്പറ്റ: ‘അലംകൃതങ്ങളായ സ്ത്രീശരീരങ്ങൾ ഇവിടെ പുരുഷനുണ്ടു് എന്നല്ലാതെ സ്ത്രീയുണ്ടു് എന്നല്ലല്ലോ വിളിച്ചു പറയുന്നതു്.’ ഈ ലേഖനത്തിന്റെ പേരുതന്നെ മനീഷ് ഝായുടെ ‘മാതൃഭൂമി—എ നേഷൻ വിത്തൌട്ടു് വുമൻ’ എന്ന സിനിമയുടെ ഊർജ്ജം ഉൾക്കൊണ്ടതാണു്. പുരുഷ കാമനകളെ തൃപ്തിപ്പെടുത്താനുള്ള ഒരു അലംകൃത ശരീരമായി സ്ത്രീസ്വത്വത്തെ ലേഖകൻ തിരിച്ചറിയുന്നു. സ്ത്രീയുടെ ഉണ്മ ശരീരത്തിന്റെ ഉണ്മയാണെന്നു ധരിച്ചതാണു് ഈഡിപ്പസിനു പറ്റിയ അപരിഹാര്യമായ പിഴവു്. കേരളീയരും അത്തരമൊരു ശാപഫലം അനുഭവിക്കുന്നുണ്ടെന്നു് ബാലാമണി അമ്മയുടെ ‘മഴുവിന്റെ കഥ’ സാക്ഷ്യപ്പെടുത്തുന്നുവെന്നു് ലേഖകൻ. പരശുരാമമഴു എന്ന ഹിംസാ ‘മുദ്ര’ ഓരോ മനസ്സിലും ഞെരിഞ്ഞമരുന്നുണ്ടു്. സ്വന്തം സ്ത്രീസ്വത്വപ്രകാശത്തിൽ പരശുരാമകഥയുടെ പൊരുളന്വേഷിക്കുന്നു ബാലാമണി അമ്മ. ഫലം: സ്വാഗതാഖ്യാനത്തിലൂടെ പരശുരാമന്റെ ആത്മ വിചാരണ, ആത്മനിഷേധത്തോളം കവിതയിൽ നിശിതമാവുന്നു. സമൂഹത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന ഹിംസാത്മക പുരുഷ ലൈംഗികതയുടെ പ്രതീകമാണു് കവിതയിലെ മഴു. ഇതിനപ്പുറത്തേക്കു് പരശുരാമനെ കവി കൊണ്ടുപോകുന്നില്ല. ‘മിത്തോളജിയെ ഭാവനയോടെ വായിച്ചാൽ നമ്മളിലൊക്കെ കൈകാലുകളുള്ള പരശുരാമൻ. നമ്മൾ കരൾ തോറും മുദ്രകളുള്ള പരശുരാമന്മാർ.’ എന്നാണു് നാരായണന്റെ നിരീക്ഷണം. പരശുരാമ പുരാവൃത്തം ബ്രാഹ്മണിക്കലായ ഒരു സ്വത്വനിർമ്മിതിയെ നമ്മുടെ തനതു സംസ്കൃതിക്കുമേൽ ‘മഴുവെറിഞ്ഞു് ’ വ്രണപ്പെടുത്തിയ ഒരു അധീശവ്യവസ്ഥയുടെ വിജയമാണു് കൊണ്ടാടുന്നതു്. അതു് മനുഷ്യത്വവിരുദ്ധവും, നീതിവിരുദ്ധവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണു്. ഒരു സംസ്കൃത സമൂഹവും അംഗീകരിക്കാത്ത—ലോകം ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ചു് ഏറ്റവും നിന്ദ്യമായ ജാതി വ്യവസ്ഥയും മറ്റനവധി അനാചാരങ്ങളും അനീതികളും നമ്മളേറ്റെടുത്തു് ആഘോഷിക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല. അതും ബ്രാഹ്മണിക്കൽ സ്വത്വബോധത്തിലധിഷ്ഠിതമായ ഭരണകൂടം നമ്മെ സവർണരെന്നും അവർണരെന്നും ഹിന്ദുവെന്നും ഇസ്ലാമെന്നും വിഭജന ഉപകരണങ്ങൾക്കു് മൂർച്ചകൂട്ടുന്ന, ഈ കെട്ടകാലത്തു്. ‘ബാലാമണി അമ്മയുടെ കാവ്യങ്ങൾ പരശുരാമൻ നിശ്ശബ്ദമാക്കി’ എന്നു പറയാമോ? അത്തരത്തിലൊരു പരശുരാമബാധ അവരുടെ കവിതയുടെ പൊതു സ്വഭാവമായി ചുരുക്കാൻ കഴിയുമോ? കാരണം, അവരുടെ പല കവിതകളും മാനവികതയുടെയും നീതി ബോധത്തിന്റേയും ബഹിർസ്ഫുരണങ്ങളാണു്. സ്വാതന്ത്ര്യദാഹവും അനുതാപവും ആ കവിതകളിലെ ആഗ്നേയ/ആർദ്രാനുഭൂതികൾ. ‘വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ.’ അതുപോലെ തന്നെ മറ്റുള്ളവരുടെ വേദന അവർ സ്വന്തം വേദനയായി കണ്ടു:

‘ഏതുകല്ലെങ്ങോട്ടെറിഞ്ഞതു

മെങ്കൽത്താൻ തുള

ച്ചേറിമാലിന്യങ്ങളെക്കഴുകും

നിണം ചോർത്തൂ.’

(വിശ്വഹൃദയം).

അതുപോലെ,

‘ആരുടെകാലിൽ തറക്കുന്ന മുള്ളുമെ

ന്നാത്മാവിനെ കുത്തി നോവിക്കും.’

(യാത്രയിൽ)

‘യയാതി’യിലും ഇതു കാണാം.

‘ആയിരം കണ്ണുതുടയ്ക്കുവാനുഴറുവോ

ർക്കാദിയെക്കാറില്ലുയർച്ച താഴ്ചകൾ’

ശ്രീ. നാരായണൻ പറയുന്നതുപോലെ ‘മാതൃത്വത്തിന്റെ അകളങ്കപ്പൂക്കൾ മാത്രം വിരിയിച്ച മുള്ളില്ലാത്ത ഒരു പനിനീർച്ചെടിയാക്കി അവരെ മലയാളി’ ലഘൂകരിച്ചുവോ? കാവ്യചർച്ചകളിൽ അവർ അദൃശ്യയാക്കപ്പെട്ടോ? ബാലമണിയമ്മ, കവിത എഴുതിയപ്പോഴെല്ലാം അതു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒന്നാം പേജിലേ വന്നിരുന്നുള്ളൂ. കാവ്യചർച്ചകളിലെ കാര്യം ഈ ലേഖകനു പരിചയമില്ല. എന്നാൽ, ബാലാമണിയമ്മയെക്കുറിച്ചു് ഒട്ടനവധി ഗഹന പഠനങ്ങൾ കാലാകാലങ്ങളിൽ നടന്നിട്ടുണ്ടു്. ലീലാവതി ടീച്ചർ നടത്തിയ വിസ്തൃത പഠനം, കവികളായ അയ്യപ്പപണിക്കരും സച്ചിദാനന്ദനും ചരിത്രകാരൻ എം. ജി. എസ്സും ഉൾപ്പെടെ അനവധി പേരുടെ അഗാധ പഠനങ്ങൾ മറന്നു കൂടാ. അയ്യപ്പപണിക്കരുടെ ‘ദ ത്രീ വേൾഡ്സ് ഓഫ് ബാലാമണി അമ്മാസ് പോയട്രി’ പോലെ പല സൂക്ഷ്മ പഠനങ്ങൾ ഇംഗ്ലീഷിലും കണ്ടിട്ടുണ്ടു്. സാരം: മലയാളി സമൂഹം എന്നെന്നേ മഹിമ തിരിച്ചറിഞ്ഞ കവിതയാണു് ബാലാമണിയമ്മക്കവിത. എല്ലാ ബഹുമതികളും—പദ്മഭൂഷൺ, എഴുത്തച്ഛൻ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം, സരസ്വതിസമ്മാൻ… ബാലാമണിയമ്മയെ ആദരിച്ചിട്ടേയുള്ളൂ മലയാളം.

കെ. വി. രജീഷ്:
‘സ്ത്രീയില്ലാത്ത മാതൃഭൂമി’യിലെ സിൽവിയാ പ്ലാത്തിന്റെ പദ്യശകലപ്പരിഭാഷ ഏതു വഴി ചൂണ്ടുന്നുവെന്നു് സംശയം. Daddy, I’m finally through എന്നെഴുതിയതു് I’m done with you—തന്തയുമായുള്ള സർവ്വബന്ധങ്ങളും (ബന്ധനങ്ങളും) തീർത്തു—എന്ന അർത്ഥത്തിലല്ലേയെന്നും.
ഇ. കൃഷ്ണൻ:
ശരിയാണു്. തെറ്റുപറ്റിയതു് കല്പറ്റയ്ക്കു തന്നെ.
വി. കെ. കെ. രമേഷ്: ഗാന്ധിവക്കീൽ
ജയപ്രകാശ്:
ഗാന്ധി വക്കീൽ കഥ രസം, ചിന്തനീയം. വി. കെ. കെ. അങ്ങനെയാണു്, പറയുന്ന സന്ദർഭങ്ങളെ രസാനുഭൂതിയുടെ ചിറകിലേറ്റി കൊണ്ടുപോവും. കാലികമായ പലതിനേയും ചരിത്രപരമായ കാലത്തെ കൂട്ടിയിണക്കും. ശൈലിയിൽ ഒരു പിന്തുടർച്ച അവകാശവാദം ശ്ലാഘനീയമായ ദൗത്യം തന്നെ. തുടരൻ സാഹിത്യം വീണ്ടും ടിയാനിൽ നിന്നു് അനർഗളം ഒഴുകട്ടെ!
സായാഹ്ന ഫൗണ്ടേഷൻ: എന്താണു് യുക്തിഭാഷ?
നവാസ്:
കണക്കിൽ ഇങ്ങിനെയൊക്കെ പഠിച്ചിരുന്നു എങ്കിൽ തല കറങ്ങിപോയേനെ! പുതിയ അറിവു്—നന്ദി.
കെ. എച്ച്. ഹുസൈൻ:
‘യുക്തിഭാഷ’യുടെ ടൈപ്പ്സെറ്റുചെയ്ത കുറച്ചു പേജുകൾ ഒന്നൊന്നരവർഷം മുമ്പു് സിവിആർ കാണിച്ചുതരുമ്പോൾ അത്ഭുതത്തേക്കാളേറേ അവിശ്വസനീയതയായിരുന്നു. ഇങ്ങനെ ഒരു ഗണിതശാസ്ത്ര ഗ്രന്ഥം മലയാളത്തിലോ? ലീബ്നിസിനു മുമ്പു് അനന്തശ്രേണിയോ? ഇത്രയൊക്കെ അഞ്ഞൂറുവർഷം മുമ്പുണ്ടാക്കിയ മലയാളി തന്നെയാണോ നമ്മുടെ കുട്ടികൾക്കു് നമ്മുടെ SCERT കണ്ടാൽ അറപ്പുളവാക്കുന്ന പത്തമ്പതുലക്ഷം ശാസ്ത്രപാഠപുസ്തകങ്ങൾ ചവറുപോലെ ഓരോവർഷവും അച്ചടിച്ചു സമ്മാനിക്കുന്നതു് ? തെളിച്ചവും സ്ഫുടതയും സൗന്ദര്യവും (ശാസ്ത്രത്തിനു സൗന്ദര്യമോ!) തൊട്ടുതീണ്ടിയിട്ടില്ലാത്ത അതിലെ അക്ഷരങ്ങൾ, പടങ്ങൾ, സമവാക്യങ്ങൾ… എന്തു് ജ്യേഷ്ഠദേവൻ, എന്തു് മലയാളം! x-നും y-യ്ക്കും ആൽഫയ്ക്കും ബീറ്റയ്ക്കം പകരമായി ലാറ്റെക്കിൽ ചരങ്ങൾ (variables) മലയാള അക്ഷരങ്ങളാക്കി മാറ്റിയതിന്റെ സങ്കീർണ്ണമായ സാങ്കേതികത സിവിആർ വിശദീകരിച്ചു കേട്ടപ്പോൾ മനസ്സാകെ സങ്കടമായി—അത്രയ്ക്കു കഷ്ടപ്പെട്ടു് ഇന്ത്യയിലെ ഒരു ഭാഷയിലും ചെയ്യാൻ തുനിയാത്ത, കഴിയാത്ത സവിശേഷമായൊരു ലാറ്റെക് പ്രയോഗം ഇനിയൊരു മലയാള ഗണിതശാസ്ത്രഗ്രന്ഥത്തിനും ഉപകരിക്കില്ലല്ലോ എന്നോർത്തു്. ഒരൊറ്റ ഗ്രന്ഥത്തിൽ മാത്രം തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത ഈ അക്ഷരവിന്യാസം ചില പാഠങ്ങൾ മലയാളിയുടെ മുമ്പിൽ തുറന്നുവെക്കുന്നു. ‘നിരർത്ഥക’മായ ഈ ടൈപ്പ്സെറ്റിംഗിലൂടെ ആർജ്ജിച്ചെടുത്ത കരുത്തിലായിരിക്കും മലയാളം ആയിരം വർഷങ്ങളുടെ അനന്തശ്രേണിയിൽ ജീവിക്കാൻ പോകുന്നതു്. തീർച്ച. സുജിത്തും ശ്രീദേവിയും ബിനീതയും ഇതിന്റെ ഭാരവും പേറി റിവർവാലിയിലെ വരാന്തയിലൂടെ നടന്നുപോകുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. മാതൃഭാഷയുടെ ഏതൊരു ചരിത്ര പ്രക്രിയയിലാണു് നിങ്ങൾ പങ്കാളികളായതു്!
ടി. ആർ. വേണുഗോപാലൻ:
യുക്തിഭാഷയുടെ ലിപിവിന്യാസ ക്ലേശങ്ങൾ മനസ്സിലാക്കുന്നു. നല്ല എഴുത്തു്, ഹുസ്സൈൻ.
Manoj:
Publishing ‘Yukthibhasha’ is a highly impressive work by Sayahna. salute to the volunteers, especially Sujith, Sreedevi and Binitha.
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സായാഹ്ന പ്രവർത്തകർ:
യുക്തിഭാഷ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ചുവടെ കാണിച്ചിരിക്കുന്ന കണ്ണിയിൽ ലഭ്യമാണു്: http://books.sayahna.org/ml/pdf/yukthibhasha.pdf
സന്തോഷ്, എച്ച്. കെ.:
സായാഹ്നയുടെ പി ഡി എഫ് എഡീഷനുകളിൽ ഞാൻ നേരിടുന്ന ഒരു പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവരട്ടെ. മലയാളം പി ഡി എഫുകൾ പൊതുവെ ലൈബ്രറി റഫറൻസ് മാനേജ്മെന്റ് സോഫ്റ്റ് വെയറുകൾക്കു് അനുഗുണമായല്ല ചെയ്യുന്നതു്. ഇതേ പ്രശ്നം സായാഹ്ന പതിപ്പുകൾക്കും കാണുന്നു. സൊറ്റേറോ പോലുള്ള സോഫ്റ്റവെയറുകൾക്കു് ഒരു പി ഡി എഫ് ഫയലായല്ലാതെ പുസ്തകമായി ഐഡന്റിഫൈ ചെയ്യാനാവുന്നില്ല. എന്നുമാത്രമല്ല യാതൊരു മെറ്റാഡാറ്റയും റിട്രീവ് മെറ്റാഡാറ്റ ഫോർ പി ഫി എഫ് എന്ന ഫങ്ങ്ഷനിൽ യാതൊരു മെറ്റാഡാറ്റയും കണ്ടെടുക്കാനാവുന്നില്ല എന്ന എറർ മെസേജാണു കാണിക്കുന്നതു്. എന്നാൽ ഫയൽ ഡിസ്ക്രിപ്ഷനിൽ ഡീറ്റെയിൽസ് കൊടുത്തു കാണുന്നുമുണ്ടു്. അറ്റാച്ച്മെന്റ് നോക്കുക. എന്നാൽ സൊറ്റേറോയോ മെൻഡ് ലേയോ ഇതു് വായിച്ചെടുക്കുന്നില്ല. ഇനിയുള്ള കാലത്തു് പി ഡി എഫ് ബുക്കുകളിൽ റഫറൻസ് മാനേജ്മെന്റ് പ്രോഗ്രാമുകൾക്കു് വായിച്ചെടുക്കാവുന്ന മെറ്റാഡാറ്റ ഫയലിനൊപ്പം ഉണ്ടാവുക എന്നതു് എന്തുമാത്രം പ്രധാനമാണെന്നു് അറിയാമല്ലോ… മലയാളംഗ്രന്ഥങ്ങളുടെ മുഴുവൻ സൈറ്റേഷൻ സൂചിക നിശ്ചിത ഫോർമാറ്റിൽ യൂണികോഡിൽ ലഭ്യമാവേണ്ടതു് മലയാള ഗവേഷണത്തിനു് അത്യാവശ്യമാണു്. പ്രസാധകർ ചിലർ ചെയ്യുന്നതുപോലെ ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്തു കൊടുക്കുന്ന രീതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സായാഹ്നയുടെ പി ഡി എഫുകളിൽ റഫറൻസ് മാനേജ്മെന്റ് സിസ്റ്റങ്ങൾക്കു് വായിച്ചെടുക്കാവുന്ന മെറ്റാഡാറ്റ ഉൾപെടുത്താൻ വേണ്ടതു ചെയ്യുമല്ലോ… സായാഹ്നപതിപ്പുകൾ ഭാവിയിലും പ്രയോജനപ്രദമാവട്ടെ.
സി. വി. രാധാകൃഷ്ണൻ:
താങ്കൾ ഉദ്ദേശിക്കുന്നതു് Dublin Core Metadata[9] ആണെന്നാണു് മനസ്സിലാക്കുന്നതു്. ഇവിടെ അതിനു ആവശ്യക്കാരുണ്ടു് എന്ന കാര്യം വളരെ സന്തോഷം തരുന്നു. സായാഹ്ന DCMI മെറ്റാഡാറ്റ ഇതുവരെ പിഡിഎഫുകളിൽ നിവേശിച്ചിട്ടില്ല. പക്ഷേ, സായാഹ്നയുടെ പിഡിഎഫ് നിർമ്മിതി സാങ്കേതികതയ്ക്കു് വളരെ വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണു്. നാലഞ്ചു ദിവസം അനുവദിക്കുക, ഒരു ചെറു ലൈബ്രറി ഇതിനുവേണ്ടി എഴുതേണ്ടതുണ്ടു്. അതു പൂർത്തിയായിക്കഴിഞ്ഞാൽ എല്ലാ പിഡിഎഫുകളും താങ്കൾ ആവശ്യപ്പെടുന്ന തരത്തിലുള്ള മെറ്റാഡാറ്റ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളവയായിരിക്കും.

(നവംബർ 8 മുതൽ 14 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
വി. കെ. കെ.: രമേഷ് ഗാന്ധിവക്കീൽ
തോമസ് ഏബ്രഹാം:
വി. കെ. കെ. രമേഷിന്റെ കഥ ഉൾക്കൊണ്ടു. ഇങ്ങിനെ വേണം കഥ എഴുതുവാൻ എന്നാണെന്നു ഞാൻ കരുതുന്നതു്. പൂരിപ്പിക്കുവാൻ ഒരുപാടു് കാര്യം വായനക്കാരെനു് ബാക്കി വയ്ക്കുക.
കെ. ദാമോദരൻ: ശ്രീശങ്കരൻ ഹെഗൽ മാർക്സ്
കെ. ജി. എസ്.:
ശങ്കരൻ, ഹെഗൽ, മാർക്സ്, ദാമോദരൻ… തീവ്രം, ഈ ദീപാവലി.

അവകാശങ്ങൾക്കും അഭിപ്രായങ്ങൾക്കും നീതിക്കും ചുറ്റും

വിളക്കെല്ലാം മറച്ചു നിവരുന്ന തടവറമതിലുകളും… ഇന്നു്

അങ്ങനെയുമൊരു നിശ്ചല ദീപാവലി ദൃശ്യവും.

ഒ. വി. ഉഷ: സുന്ദരം… ശിവം… സത്യം…
കെ. സച്ചിദാനന്ദൻ:
ഉഷയുടെ യാത്രക്കുറിപ്പു് നന്നായി. ഋഗ്വേദ പ്രാർത്ഥന ആവർത്തിക്കുന്നു. മനുഷ്യർ പ്രകൃതിയുമായുള്ള ലയം പുനഃസ്ഥാപിക്കട്ടെ. ഇനി കേരളത്തിൽ വരുമ്പോൾ പോകാൻ ഒരിടം കൂടിയായി. നന്ദി.
വസന്തൻ:
കഥകളും എഴുതാറുണ്ടു്. അടുത്തയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘കിളിമരത്തിന്റെ വീടു്’ കഥ പ്രസിദ്ധീകരിച്ചിരുന്നു.
സി. റ്റി. മുരളി:
സുന്ദരം… ശിവം… സത്യം… പശ്ചിമഘട്ട പ്രാന്തത്തിലെ സെന്തുരുണിക്കാടിനപ്പുറത്തെ റോസ് മലയടിവാര സന്ദർശനത്തിന്റെ കുളിർമ്മയുള്ള വിവരണം. ഒരുനാളത്തെ പരിപാടിയിൽ നിന്നും രണ്ടുനാളത്തേതും പിന്നെ ഒരു വാരത്തേതുമാക്കി മാറ്റാൻ മാത്രം വശ്യതയാർന്ന, ഋഗ്വേദ മധുമതീ സൂക്തം മനസ്സിൽ അനുരണം ചെയ്യിച്ച, മനുഷ്യനെ പ്രകൃതിയിലേക്കു് ആഗിരണം ചെയ്യുന്ന അനുഭൂതി. ഒരിക്കൽക്കൂടി തിരിച്ചുവരുമെന്നു് മനസ്സിലുറപ്പിക്കാൻ പ്രേരിപ്പിക്കുന്ന അനുഭവം. ‘ഇന്നത്തെ ലോക ജീവിതത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ചുള്ള ആധികൾക്കിടയിൽ റോസ് മലയിലെ പ്രകൃതിയോടു് കൃതജ്ഞത തോന്നി. അവിടത്തെ സൗന്ദര്യം ആന്തരികമായ സൗന്ദര്യാനുഭൂതിയായി പകർന്നു കിട്ടി. ആ അനുഭൂതി മംഗളകരമായി തോന്നി. അതു് പ്രകൃതിയുടെ കാരുണ്യ ഭാവത്തിന്റെ സത്യം പ്രകാശിപ്പിച്ചു. സുന്ദരം… ശിവം… സത്യം…’
ശ്രീദേവി കർത്താ:
ഈ വനസ്ഥലിയിൽ സജിത്തും ഞാനും പോയിട്ടുണ്ടു്. അതി സുന്ദരമാണു് റോസ് മല. എന്നാൽ എല്ലാ മലവാസികളെയും പോലെ അവിടെയുള്ള ഭൂരിഭാഗം മനുഷ്യർക്കും താഴെ എത്തി പട്ടണ സൗകര്യങ്ങൾ അനുഭവിക്കാനാണു് താല്പര്യം. അതു് കൊണ്ടു പലരും റോസ് മല ഇറങ്ങിക്കഴിഞ്ഞു. നല്ല കാര്യം. സത്യത്തിൽ മലയോര പ്രദേശത്തും കാടിനോരങ്ങളിലും താമസിക്കുന്ന മനുഷ്യർക്കു് അവിടെ തുടരാൻ താല്പര്യം ഇല്ലാത്ത പക്ഷം ഉടനടി മാറ്റിപാർപ്പിക്കുന്നതാണു് നല്ലതു്. ഇത്തരം പ്രദേശങ്ങളിൽ നിന്നു പരമാവധി മനുഷ്യരൊഴിഞ്ഞു പോകുകുകയും ഒഴിഞ്ഞ ഇടങ്ങൾ കാടു് തിരിച്ചു പിടിക്കുകയും വേണം. സത്യത്തിൽ റോസ് മലയിൽ ഞങ്ങളെത്തുമ്പോൾ ആ സ്ഥലത്തെക്കുറിച്ചു അധികമാർക്കും അറിയില്ലായിരുന്നു. അറിയാതിരിക്കട്ടെ എന്നു് കരുതി ആ യാത്രയെക്കുറിച്ചു അധികം ആരോടും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. ഇപ്പോൾ ബൈക്കുകാരുടെ പറുദീസ ആയി എന്നു് ഉഷച്ചേച്ചി എഴുതിയതു് വായിച്ചു ഹൃദയം തകർന്നു പോകുന്നു… ഇനി എന്തായിത്തീരും താമസിയാതെ ആ മനോഹര പ്രകൃതി. നിർബാധം വിഹരിക്കുന്ന മൃഗങ്ങളുടെ ആ കൊച്ചു പച്ച ഗേഹത്തെയെങ്കിലും വിനോദ ഭ്രാന്തരായ മനുഷ്യർ വെറുതെ വിടട്ടെ.
ഷബ്ന മറിയം:
സുന്ദരം… ശിവം… സത്യം… ഈ കൊറോണക്കാലത്തു് വായനക്കാരിൽ ഏറ്റവുമധികം അനുഭൂതികളുണർത്താനാവുക യാത്രാക്കുറിപ്പുകൾക്കു്, യാത്രാപുസ്തകങ്ങൾക്കാണെന്നു് തോന്നുന്നു. ഭൂരിപക്ഷം ആളുകളും കെട്ടിട്ടങ്ങളുടെ അകത്തളങ്ങളിൽപ്പെട്ടു് നട്ടം തിരിയുമ്പോൾ ഈ വായന തരുന്ന ആത്മവിശ്വാസവും പ്രതീക്ഷയും അത്രമാത്രം വലുതാണു്. അതും ഇത്ര മനോഹരമായി ആ പ്രകൃതിയെ നമ്മളിലേക്കു് ആവാഹിക്കുന്ന പദപ്രയോഗങ്ങളും കൂടിയാകുമ്പോൾ. റോസ് മലയിലെ പ്രകൃതിയെക്കുറിച്ചു്, അതിന്റെ ആന്തരികാനുഭവങ്ങളെക്കുറിച്ചു്, വിവരിച്ചതിനു് നന്ദി.
കരുണാകരൻ: ജന്മദിനം
കെ. ജി. എസ്.:
കിട്ടാതെ പോയ കയ്യടികൾ പ്രാവുകളായി ചിറകടികളായി മാറിയതും ഇന്ദ്രജാലം. പോക്കറ്റടിക്കാരൻ തന്ന ചീട്ടുകളിൽ ഒരു ചെറു വിജയം പല മൂല്യങ്ങളായി കയ്യടിയും ചിറകടിയുമില്ലാതെ തിരിച്ചെത്തിയതു് വേറൊരിന്ദ്രജാലം. നമ്മുടേതാവാത്ത സമയം ഒരിക്കൽ നമ്മുടെ കാലി ഖജനാവിലും വന്നു് വീഴുമെന്നു് ഏതെങ്കിലുമൊരു പെരും തൂണിന്റെ പെരും നിഴൽ കാണിക്കുന്നതും ഇന്ദ്രജാലം. കരുണാകരന്റെ കഥ തന്നെ കയ്യടക്കമുള്ള ഇന്ദ്രജാലം. ഇന്ദ്രജാലമില്ലെങ്കിൽ എന്താവും ഓരങ്ങളിലെ യുവത്വത്തിന്റെ ചരിത്രം?
ദിനേശൻ വടക്കിനിയിൽ:
വരമ്പത്തു് ജീവിക്കേണ്ടി വരുന്നവർക്കു് സന്തോഷം അന്നമായിമാറുന്ന ജാലവിദ്യ…
കെ. സച്ചിദാനന്ദൻ:
കരുണാകരൻ പതിവുപോലെ എന്റെ ദുഃഖങ്ങളെ പ്രാവുകളാക്കി. ഞാൻ ആ പ്രാവുകളെ എന്റെ മൊബൈൽ ഫോണിലേക്കു് പറത്തി. അവയിലൊന്നിന്റെ ചിറകിൽ നിന്നു് ജലമോ രക്തമോ എന്നു് ഞാൻ ഒരിക്കലും മനസ്സിലാക്കാനിടയില്ലാത്ത എന്തോ ഒന്നു് പൊഴിഞ്ഞു വീണു് ഈ അക്ഷരങ്ങളായി. വേണമെങ്കിൽ അവയ്ക്കു് പൂവുകളാകാമായിരുന്നു. പക്ഷേ, ആ വിദ്യ ഞാൻ പഠിച്ചിട്ടില്ലല്ലോ, സ്ക്കൂളിൽ പഠിക്കുമ്പോൾ എന്റെ വലിയൊരാഗ്രഹം മാജിക്കുകാരനായി ആൾക്കൂട്ടത്തിൽ നിന്നു് അവരുടെ ശിരസ്സിന്നു മുകളിലൂടെ മേഘങ്ങളിലൂടെ പറന്നു് ഞാൻ പോകുന്ന വഴി ഒരു മഴവില്ലാക്കി മാറ്റുക എന്നായിരുന്നെങ്കിലും.
സച്ചിദാനന്ദൻ: അല്ലമാ പ്രഭു
മനു:
കലിഗ്രഫിയുടെ അപാര സൗന്ദര്യം.
കെ. ജി. എസ്.:

പിറവിരഹസ്യ മെന്തുമാകട്ടെ,

അല്ലമാ, നിൻ

പറയലിൽ പാടുന്നു

പാടലിൽ പാറുന്നു

പ്രാണന്റെ ഈണം.

കെ. സച്ചിദാനന്ദൻ:
ഭട്ടതിരിയുടെ സ്പർശത്തിൽ അക്ഷരങ്ങൾ പൂവും പറവയും നദിയും സൂര്യനും ആകാശവുമായി മാറുന്നു. മലയാളം മലയാളത്തെ വേൾക്കുന്നു. നന്ദി ഗുഹേശ്വരാ, ഇങ്ങിനെയൊരു അക്ഷരാത്മാവായും അവതരിച്ചതിനു്.
വി. ആർ. സന്തോഷ്: ചില്ലകളിൽപ്പോലും കാതലുള്ള വൃക്ഷം
ശ്രീനിവാസൻ, കെ. കെ.:
ചില്ലകളിൽ കാതൽ തിരയുമ്പോൾ. ചില്ലകളിൽപ്പോലും കാതലുള്ള വൃക്ഷം എന്ന രൂപകത്തിന്റെ തണൽപറ്റിയാണു് ശ്രീ. വി.ആ̇ർ. സന്തോഷ് സച്ചിദാനന്ദസാഹിത്യത്തെ കമ്പോടുകമ്പു് അറുത്തുമുറിച്ചു വായിക്കാൻ പുതുപുത്തൻമഴുവും ഓങ്ങാൻ പാങ്ങുള്ളമരംവെട്ടുകാരും ആവശ്യമാണെന്നു് സമർത്ഥിക്കുന്നതു്. പേനയെടുത്തവരെല്ലാം എഴുത്തുകാരും പേയ് നാവുള്ളവരെല്ലാം അവരുടെ വൈതാളികരുമായിമാറുന്ന പാഴ്മരക്കൂത്തിന്റെ കാലത്തു് കാതലുള്ള പഴമരങ്ങളേയും മരമറിഞ്ഞു് മഴുപ്രയോഗിച്ച തഴമ്പുറ്റ മരംവെട്ടികളെയും സന്തോഷ് സ്മരിക്കുന്നുണ്ടു്. സന്തോഷിന്റെ രൂപകത്തണലിൽ നിന്നു നോക്കിയാൽ അരനൂറ്റാണ്ടിലേറെക്കാലം മലയാള മണ്ണിൽ വേരുറപ്പിച്ചു് ആഗോളാന്തരീക്ഷത്തിലേക്കു് ചില്ലകൾ നീട്ടി നില്ക്കുന്ന സൂര്യോന്മുഖമായ ഒരു വടവൃക്ഷം തന്നെയാണു് ശ്രീ. സച്ചിദാനന്ദൻ. അഞ്ചു സൂര്യന്മാർ എന്നൊരു കവിതതന്നെ അദ്ദേഹം എഴുതിയിട്ടുണ്ടു്. അരനൂറ്റാണ്ടുകാലത്തെ മാത്രമല്ല തമിഴകത്തെ സംഘത്തിണകൾ തൊട്ടുള്ള രാഷ്ട്രീയ സാംസ്കാരിക മുദ്രകൾ ഈ വൃക്ഷത്തിന്റെ വാർഷികവലയങ്ങളിൽ അങ്കനം ചെയ്യപ്പെട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ മലയാളം കേവലം ഒരു കവിതമാത്രമല്ല, മലയാളിയുടെ സാംസ്കാരികചരിത്രത്തിന്റെ കാവ്യരേഖ കൂടിയാണു്. ദളിത്/സ്ത്രീ പരിസ്ഥിതിവാദങ്ങളുടെ പ്രത്യയ ഭൂമികകളിലേക്കു് വേരുകൾ പടർത്തിയും അന്യ ഭൂഖണ്ഡങ്ങളിലേയും സ്വക്ഷേത്രത്തിലേയും കവിതയിലെ ഏറ്റവും പുതിയ ഷോണറുകൾ (Genre) വലിച്ചൂറ്റിയുമാണു് ഈ കവിവൃക്ഷം അടിമുടി ‘കാതല’നായതു്. ഈ വൃക്ഷചൈതന്യരഹസ്യം അതിന്റെ വേരിലും പൂവിലും കായിലും ചികയുകയാണെങ്കിൽ നമുക്കുകണ്ടെത്താൻ കഴിയുക അതു് സ്വയംശരിപ്പെടുത്തലിനു് നിരന്തരം വിധേയമാക്കുന്നു എന്നതാണു്. ഒത്തിരി ശരികൾ ചേർത്തു ചേർത്താണു് അതു് വലിയൊരു ശരിമരമായതു്. അതിന്റെ ഓരോ ചില്ലയും പ്രതിവർഷം നീളുന്ന ദൈർഘം നമുക്കു് മുൻകൂട്ടി കണക്കുകൂട്ടിപ്പറയാൻ കഴിയുമെന്നതാണു് ആ ശരിമരത്തിന്റെ ദൗർബ്ബല്യം. അതു് എങ്ങോട്ടൊക്കെ ചായുമെന്നും നമുക്കു പ്രവചിക്കാൻ കഴിയും. അതായതു് രാഷ്ട്രീയശരികളുടെ ആകാശത്തേക്കു് മാത്രം ചില്ലകൾ വിരിച്ചു നില്ക്കുന്ന ആമൂലാഗ്രം കാതലാർന്ന കവിവൃക്ഷമാണു് സച്ചിദാനന്ദമരമെന്നു് സംഗ്രഹിക്കാൻ കഴിയും. പ്രവചനാതീതമായ കവിതയുടെ ഒരു ചില്ല പോലും ആ മരത്തിലില്ല. മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിൽ ഒരു ദളിതു് വിരുദ്ധനെ കണ്ടെത്താൻ കഴിയും. സ്ത്രീവിരുദ്ധനെ കയ്യോടെ പിടികൂടാൻ കഴിയും. എന്നാൽ സച്ചിദാനന്ദനിൽ ഇത്തരം വ്യതിയാനങ്ങളുടെ, അപ-ബോധങ്ങളുടെ ഒരു ഇലയനക്കംപോലും കണ്ടെത്താനാവില്ല. ഓരോ ദിനവും രാഷ്ട്രീയവും സാംസ്കാരികവുമായ സന്ദർഭങ്ങളിൽ സജീവമായി ഇടപ്പെട്ടു് കരണപ്രതികരണങ്ങളിലൂടെ സ്വയം മൂർച്ചകൂട്ടുന്ന സച്ചിദാനന്ദന്റെ കവിത അദ്ദേഹം പോലുമറിയാതെ ജനിതക എഡിറ്റിങ്ങിനു് വിധേയമാക്കപ്പെടുന്നതിനാലാണു് അതു് അപകടകരമായ ശരിയായി മാറിപ്പോകുന്നതു്. പണ്ടു് കെ. ജി. എസ്സിനെക്കുറിച്ചു് സച്ചിദാനന്ദനെഴുതിയതു് ഓർമ്മിച്ചു പോവുകയാണു്. വർഷത്തിൽ ഒരിക്കൽമാത്രം പുഷ്പിക്കുന്നവൃക്ഷം! സച്ചിദാനന്ദനെക്കുറിച്ചും അങ്ങനെ ആഗ്രഹിച്ചു പോവുകയാണു്. പ്രവചനാതീതമായി പുഷ്പിക്കുന്ന ഒരു കാവ്യ മരമായി ശരിതെറ്റുകളുടെ ആകാശത്തേയ്ക്കു് അദ്ദേഹം ചില്ലകൾ നീർത്തിയിരുന്നുവെങ്കിൽ!
കെ. വേലപ്പൻ: ഏങ്ങലടിക്കുന്ന ഇന്ത്യയിലൂടെ
ശ്രീദേവി കർത്താ:
വേലപ്പൻ ആശ്വസിക്കുന്ന പേനയോടെ നമ്മോടൊപ്പം വേണ്ടിയിരുന്ന ഒരു കാലമാണിതു്. എങ്കിൽ ആ മെലിഞ്ഞ ശരീരത്തിനുള്ളിലെ അഗ്നി വാക്കായി വചനമായി മനുഷ്യാന്തസ്സിനു കാവലായി ഇന്നും കാത്തു കൊണ്ടേനെ നീതിയെ.
കെ. സച്ചിദാനന്ദൻ:
കെ. വേലപ്പന്റെ ലേഖനം ഒരുപാടു് ഓർമ്മകളുണർത്തി. ദുരന്ത ദിനത്തിൽ ഞാനവിടെ ഉണ്ടാകേണ്ടതായിരുന്നു. ഭാരത് ഭവന്റെ ഒരു ലോക കവിസമ്മേളനത്തിനു്. ചില കാരണങ്ങളാൽ അതു് അല്പം നീട്ടിവെയ്ക്കപ്പെട്ടു. നടന്നപ്പോൾ അതൊരു പ്രതിഷേധയോഗം കൂടിയായി. യൂണിയൻ കാർബൈഡിന്റെ പടിക്കൽ റ്റൊമാസ് ട്രാൻസ് ട്രോമർ, ഡെരെക്ക് വാൽക്കോട്ട് എന്നിവരുൾപ്പെട്ട ഞങ്ങളുടെ കവി സംഘം കവിത വായിക്കുകയും ആ കൂട്ടക്കൊലക്കെതിരെ സംസാരിക്കയും ചെയ്തു—പിന്നെ വിഷവാതകം സഞ്ചരിച്ച തെരുവുകളിലൂടെ നടന്നു. മറക്കാനാകാത്ത ദുരന്തത്തിന്റെ കാഴ്ചകൾ—ഒരു മദ്ധ്യേന്ത്യൻ വിലാപം എന്ന കവിതയും ആ ദുരന്തത്തെക്കുറിച്ചാണു്. വേലപ്പനെപ്പോലുള്ള സമർപ്പിത ചേതസ്സുകളുടെ അഭാവം കൂടിയാകാം പരിഷത്തിനു് പഴയ ഊർജ്ജം നഷ്ടപ്പെടുത്തിയതു്. തിരിഞ്ഞു നോക്കണം, ഉള്ളിലേയ്ക്കും—വ്യക്തികളെന്ന പോലെ സംഘടനകളും. എന്റെ ഗാന്ധി നാടകത്തിന്റെ സംക്ഷിപ്ത രൂപം പരിഷത്തു് തൊള്ളായിരം വേദികളിൽ അവതരിപ്പിച്ചതു് മറന്നു കൊണ്ടല്ല പറയുന്നതു്, പക്ഷേ, സൈലന്റ് വാലി സമരത്തിനു ശേഷം പരിഷത്തിനു് ക്ഷീണമുണ്ടായില്ലേ എന്ന ഭയം എന്റേതുമാത്രമല്ല.
കരുണാകരൻ:
ഇന്ത്യ നിലനിൽക്കുന്നതു് ദുരന്തങ്ങളുടെ ഓർമ്മയിലൂടെയാണു് എന്നു് ചിലപ്പോഴെക്കെ തോന്നാറുണ്ടു്, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായ ദുരന്തങ്ങൾ ഒരു രാഷ്ട്രത്തെ ചേർത്തു പിടിക്കുക, ആ വേദനയിലും ജീവിതത്തിന്റെ നിലനിൽപ്പിനെപ്പറ്റി വേവലാതി കൊള്ളുക. കെ. വേലപ്പന്റെ ഈ ലേഖനത്തിൽ കാണുന്ന പോലെ ഒന്നാണതു്. ജീവിതത്തിൽ നിന്നും ജീവിതം പിൻവാങ്ങുന്ന സന്ദർഭങ്ങൾ ഓരോ മനുഷ്യനും ഉണ്ടു്, അതു് ഒരു രാഷ്ട്രത്തിനാവുമ്പോൾ കൂടുതൽ പ്രകടമാവുന്നു, റിപ്പോർട്ടിംഗ് ‘visual’ ആവുന്നതിനും മുമ്പുള്ള ഒരു എഴുത്താണു് ഇതു്, ശരീരത്തിൽ മുറിവു് പറ്റി ഇരിക്കുന്ന ഒരു ജന്തുവിന്റെ ആത്മഗതം. വേലപ്പനും കള്ളിക്കാടും ഉണ്ടായിരുന്ന, സിനിമ കൂടി പറഞ്ഞിരുന്ന, കലാകൌമുദി എൺപതുകളിലെ ഓർമ്മയാണു്: യുവാക്കൾ ആവാൻ ചെന്നുനിന്ന സമയം കൂടിയായിരുന്നു അതു്.
രാജൻ പടുതോൾ:
ഇന്ത്യയുടെ ഏങ്ങലടി കുറച്ചെങ്കിലും കേൾപ്പിച്ചുതരാൻ ശ്രീ വേലപ്പന്റെ ലേഖനത്തിനു സാധിച്ചിട്ടുണ്ടു്. മതബോധമല്ല, രാഷ്ട്രീയബോധമാണു് നമുക്കു് വേണ്ടതു് എന്ന ആശയത്തിനു് ഇന്നു് വളരെ പ്രസക്തിയുണ്ടല്ലോ.

(നവംബർ 15 മുതൽ 21 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
മനോജ് വീട്ടിക്കാട്: ജോസഫ്
പൗർണമി വിനോദ്:
വ്യത്യസ്തനാണു് ജോസഫ്. ആലവട്ടവും വെഞ്ചാമരങ്ങളും മുത്തുക്കുടയുമായി ആഴ്ചതോറും ആനുകാലികങ്ങൾ ചെറുകഥകളുടെ ആറാട്ടു നടത്തുന്നു. ചെറുകഥകൾക്കു് ചെറിയൊരു ഇതിവൃത്തമേ വേണ്ടൂ എന്നുള്ളതുകൊണ്ടു് ആഴമില്ലാത്ത വെള്ളത്തിൽ മുക്കി അവ വായനക്കാരെ കൊല്ലാൻ തുടങ്ങിയിട്ടു് നാളുകൾ അനവധിയായി. അതിനിടയിലാണു് സായാഹ്നയിൽ പ്രസീദ്ധികരിച്ച മനോജ് വീട്ടീക്കാടിന്റെ ജോസഫ് വായിക്കുന്നതു്. മറിയയും ജോസഫും ബൈബിൾ കഥയിലൂടെ ജീവീതത്തിന്റെ സമസ്ത ദുരിതങ്ങളും അനുഭവിച്ചവർ. പക്ഷേ, ഈ മറിയ വിശ്വാസങ്ങളുടെ വേദപുസ്തകം അടച്ചു് വച്ചു് അപ്പനെ തെരയുമ്പോൾ മുതൽ കഥ തുടങ്ങുകയാണു്. കഥാപാത്രങ്ങളുടെ സൂക്ഷ്മമായ തെരെഞ്ഞെടുപ്പിൽ, അതിന്റെ ആഖ്യാനത്തിൽ, ഒഴുക്കിൽ വെറുതെ വായിച്ചു പോവാൻ, ജോസഫങ്ങനെ സമ്മതിക്കില്ല. ലോനച്ചായന്റെ വണ്ടിയുടെ ചായ്വിൽ വരെ നിഗൂഢമായതെന്തൊ ഒളിപ്പിക്കുമ്പോൾ, നാമറിയാതെ ജോസഫ് നമ്മളെ അതിവിദഗ്ദമായി, ആ താലൂക്കു് മോർച്ചറിയിലേക്കു് കൂട്ടികൊണ്ടു പോകുന്നു. ഇന്നെത്രണ്ണം? ലോനയെ പോലെ നമ്മളും ചോദിക്കുന്നു. ജീവീതത്തെ പാതി വഴിയിൽ ഊരിവച്ചു പിൻവാങ്ങുന്ന പെണ്ണുടലുകൾ, മനസിനെ സംഘർഷത്തിലാക്കുന്നു. ആ രാത്രി രുചികരമായ ഭക്ഷണം വച്ചുണ്ടാക്കി കഴിച്ചു്, അവൾക്കൊരു ചുംബനവും നൽകി അയാൾ എങ്ങോട്ടാണു് പോയതു? ഇങ്ങനെയൊക്കെ തന്നെ സ്വയം ചോദിച്ചും ഉത്തരം തേടിയും സൂചനകളിൽ നിന്നു് വായനക്കാരൻ ജോസഫിനെ കൂട്ടീച്ചേർക്കുന്നു. യഥാർത്ഥത്തിൽ ജോസഫ് എന്ന നാമം തന്നെ വർദ്ധിപ്പിക്കുന്നവൻ, കൂട്ടിച്ചേർക്കപ്പെടുന്നവൻ എന്നാണല്ലോ. മറിയയോടു് ജോസഫ് ചോദിക്കുന്ന ചോദ്യമുണ്ടു്! ഇത്രയും ഭാരമുള്ള നിന്നെ എങ്ങനെയാണു് ഞാൻ മോർച്ചറിയിലേ ടേബിളിലേക്കു് എടുത്തു കിടത്തുക, എന്നു്. അതേ, പെണ്ണു് വെറും ഉടൽ മാത്രമല്ല എന്നു് ജോസഫ് കൂട്ടി ചേർക്കുന്നിടത്തു് മറിയ സ്വയം തിരിച്ചറിയുന്നതോടെ സംഘർഷങ്ങളുടെ ഒരാകാശം പെയ്തിറങ്ങാൻ വേണ്ടുവോളം, കാർമേഘങ്ങൾ ജോസഫ് വായനക്കാർക്കു് തരുന്നു എന്നതാണു് മുഖ്യധാര മാധ്യമങ്ങൾ വിളമ്പുന്ന പതിവു കഥകളിൽ നിന്നു് ജോസഫിനെ വ്യത്യസ്തനാക്കുന്നതു്. കഥാകൃത്തിനു് ആശംസകൾ, അഭിവാദ്യങ്ങൾ!
ടി. ആർ. വേണുഗോപാലൻ:
അതെ തികച്ചും വ്യത്യസ്തമായ അനുഭവമാണു് ജോസഫ്. കഥാകൃത്തിനു് പൂച്ചെണ്ടുകൾ.
ടി. ആർ. വേണുഗോപാലൻ: പുതുകവിതകളിലെ ആദിവാസി സാന്നിദ്ധ്യം
കെ. വിനോദ് ചന്ദ്രൻ:
ടി. ആർ. വേണുഗോപാലിന്റെ ‘പുതുകവിതകളിലെ ആദിവാസി സാന്നിദ്ധ്യം’ എന്ന ലേഖനം ശ്രദ്ധേയമായി. ചരിത്രത്തിന്റെ പൊതുധാരയിൽ നിന്നു് ബഹിഷ്കൃതരാക്കപ്പെട്ട ആദിവാസികളെ, സമകാലീന കാവ്യഭൂപടത്തിൽ ഒരിക്കലും പ്രത്യക്ഷമാവാത്ത ആദിവാസിഭാവുകത്വത്തെ, നമ്മുടെ ശ്രദ്ധയിലേക്കു്, ചിന്തയിലേക്കു്, കൊണ്ടു് വരുകയാണു് വേണു ഗോപാലൻ ഇവിടെ. ഇരുള ഭാഷയിൽ, മലവേട്ടുവ ഭാഷയിൽ, പണിയ ഭാഷയിൽ, മാവലിൻ തുളു ഭാഷയിൽ രചിക്കപ്പെട്ട ഈ പുതുകവിതകളിൽ നാമിതേവരെ കാണാത്ത ഒരു പുത്തൻ ഭാവുകത്വത്തിന്റെ ചോരത്തുടിപ്പുകൾ വേണുഗോപാലൻ പിടിച്ചെടുക്കുന്നു. നവകർത്തൃത്വത്തിന്റെ നിർമ്മിതിയ്ക്കായുള്ള പിടച്ചിലുകൾ, ഈ കവിതകളിൽ നമുക്കു് കാണാം. തങ്ങൾ നിർമ്മിക്കുന്ന മാന്ത്രികക്കെണിയിൽ, എലിയും കോഴിയും മാത്രമല്ല, അതു് മെനഞ്ഞവനും കുടുങ്ങുന്നു എന്ന തിരിച്ചറിവു് (കത്താരി), ഒറ്റവേരിലും മുളയ്ക്കാൻ പൂക്കാൻ കായ്ക്കാൻ കഴിവുള്ളവരാണു് തങ്ങളെന്ന ഊറ്റം, സ്വപ്നങ്ങൾ നെയ്തിട്ട മുട്ടകൾക്കു് അടയിരിക്കുന്ന കിളികളാണു് തങ്ങളെന്ന ശുഭബോധം, രോഷത്തിന്റെയും പ്രതിരോധത്തിന്റെയും വായ്ത്താരികൾ, ഡിജിറ്റൽ ലോകവുമായുള്ള അരണ്ട വേഴ്ചകൾ, ഇതെല്ലാം തന്നെ പ്രജ്ഞാപരവും സർഗ്ഗാത്മകവുമായ ഉണർവ്വിന്റെ സാക്ഷ്യങ്ങളായി ലേഖകൻ സമാഹരിക്കുന്നു. ആദിവാസി പ്രതിഭകളുടെ ഈ തിരനോട്ടത്തിൽ മലയാള കവിതയ്ക്കിനിയും അപരിചിതമായ മലമ്പൊരുളുകളുടെ, ഇനിയും മെരുങ്ങാത്ത കാട്ടുവഴികളുടെ മൊഴികളുടെ മിന്നലാട്ടം നാം കാണുന്നു. നവകവികൾക്കും അവരെ പരിചയപ്പെടുത്തിത്തന്ന ടി. ആർ. വേണുഗോപാലിനും സായാഹ്നയ്ക്കും അഭിവാദ്യങ്ങൾ.
പി. കെ. ശ്രീകുമാർ:
ശ്രീ ടി ആർ വേണുഗോപാലിന്റെ പുതുകവിതകളിലെ ആദിവാസി സാന്നിധ്യം കാവ്യ വിമർശനത്തിന്നു ഒരു പുത്തൻ സരണി തുറന്നിരിക്കുന്നു. കവിതകളെ സമഗ്രമായി വിലയിരുത്തിയിരിക്കുന്നു. സാഹിത്യവിമർശനത്തിൽ ചരിത്രത്തിന്റെ ക്രിയാത്മക ഇടപെടൽ സാരവത്തും അർത്ഥഗൗരവമാർന്നതും എങ്ങിനെയെന്നു ഇതു് വെളിവാക്കുന്നുണ്ടു്. സായാഹ്നയുടെ ശില്പികൾ ഒരുക്കിയ ചിത്രങ്ങൾ ഏറെ ഔചിത്യപൂർണമായി എന്നു് പറയാതെ വയ്യ. (ഡോ. പി. കെ. ശ്രീകുമാർ പലക്കാട് വിക്ടോറിയ കോളേജിൽ ചരിത്രവകുപ്പ് അദ്ധ്യക്ഷനായി വിരമിച്ച ആളും ഗവേഷകനുമാണു്.)
സായാഹ്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട മറ്റു ചർച്ചകൾ:
സായാഹ്ന പ്രവർത്തകർ:
ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ കേരളസാഹിത്യചരിത്രത്തിന്റെ പണി തീർന്ന മൂന്നു ഭാഗങ്ങളുടെ വെബ്, ഫോൺ പിഡിഎഫുകൾ, എച് റ്റി എം എൽ പതിപ്പു് എന്നിവ ചുവടെ ചേർത്തിട്ടുള്ള കണ്ണികളിൽ ലഭ്യമാണു്: http://ax.sayahna.org/collection.html (web/phone PDFs) http://ax.sayahna.org/ulloor/index.html (html version) ഒട്ടാകെ 41 അദ്ധ്യായങ്ങളുടെ പണി ഇപ്പോൾ പൂർത്തിയായി. ഈ താളുകൾ സന്ദർശിക്കുന്നവർ, എച് റ്റി എം എൽ പതിപ്പിനെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുമെങ്കിൽ വലിയ സഹായമായിരിക്കും. ഫോണിലും വായിക്കാവുന്ന രീതിയിലാണു് നിർമ്മിച്ചിട്ടുള്ളതു്. രചനയുടെ ഏറ്റവും പുതിയ പതിപ്പാണു് ഈ എച് റ്റി എം എൽ പുറങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതു്. അതു് അങ്ങിനെതന്നെ കാണാൻ കഴിയുന്നുണ്ടോ എന്നും അറിയിക്കുക.

(നവംബർ 22 മുതൽ 28 വരെ ലഭിച്ച പ്രതികരണങ്ങളാണു് ഈ ലക്കത്തിലുള്ളതു്).

പ്രതികരണങ്ങൾ
വായനക്കാർ
കെ. ജി. എസ്.: പൂക്കൈത
കരുണാകാരൻ:
കെ. ജി. എസ്സിന്റെ ‘പൂക്കൈത’ എന്ന കവിതയും കവിതയെ കുറിച്ചുള്ള സച്ചിദാനന്ദന്റെ പഠനവും വായിച്ചു, കവിത മുമ്പു് വായിച്ചിട്ടുമുണ്ടായിരുന്നു. നമ്മുടെ കവിതയിലെ സവിശേഷമായ ഒരു ധാരയിലാണു് ഈ കവിതയും, കെ. ജി. എസ്സിന്റെ മിക്കവാറും എല്ലാ കവിതകളെയുംപോലെ പെടുക: ലാവണ്യബോധത്തെയും നീതിബോധത്തെയും ഒരുമിച്ചു പുതുക്കുന്ന രീതികൊണ്ടു് എന്നു് സച്ചിദാനന്ദൻ പറയുന്നതുപോലെ. വ്യക്തിപരമായി ഞാൻ കെ. ജി. എസ്സിന്റെ കവിതകളുടെ സ്ഥിരം വായനക്കാരനും ഇഷ്ടക്കാരനുമാണു്. ഈ രണ്ടു കാരണങ്ങൾകൊണ്ടുതന്നെ: ലാവണ്യബോധവും നീതിബോധവും. എന്നാൽ, ജീവിതാവബോധത്തിന്റെ ഏതെങ്കിലും ഒരു ഹേതുവിലേക്കു്, അല്ലെങ്കിൽ അതേ ഹേതുവിന്റെ പല പിളർപ്പുകളിലേക്കു് മാത്രം നീങ്ങുന്നു എന്നതാണു് മലയാളത്തിലെ ഈ കാവ്യധാരയുടെ ‘മഹത്തായ പരിമിതി’ എന്നു് തോന്നാറുമുണ്ടു്. ആ ഹേതു, ‘രാഷ്ട്രീയ’ത്തെ ജീവിതത്തിന്റെ ഡ്രൈവിംഗ് ഫോഴ്സ് ആയി കാണുന്നതാണു്. ഇതു് എത്രമാത്രം ശരി എത്രമാത്രം ശരിയല്ല എന്നതു് നമ്മൾ ചർച്ച ചെയ്യുന്നതാണു്. ഈ ഡ്രൈവിംഗ് ഫോഴ്സ് ഭാഷയെ, അതുകൊണ്ടുതന്നെ, കവിതയെ ഒരു സ്വയം സന്നദ്ധമായ ഗാരേജ് പോലെ സംരക്ഷിക്കുന്നു. അതിനാൽ ഈ കാവ്യധാര ഒരിക്കലും കവിതയുടെ പേരിൽ അരക്ഷിതമാവുന്നില്ല എന്നാണു്. അരക്ഷിതമാവാത്ത കവിത ലാവണ്യത്തെയും നീതിയെയും, സച്ചിദാനന്ദൻ നിരീക്ഷിച്ച രണ്ടു സ്വഭാവത്തെ, മുൻകൂർ ഉറപ്പാക്കുന്നു. ഇതൊരു പ്രശ്നമല്ലേ? അല്ലെങ്കിൽ അല്ല എന്നാണോ? സത്യം, ഇതോർത്തു് ഞാൻ കുത്തിയിരിക്കാറുണ്ടു്. ഇതാ ഈ കവിത വായിച്ചപ്പോഴും…
വിനോദ് ചന്ദ്രൻ:
പൂക്കൈതയും രാഷ്ട്രീയവും. “I am of a race inferior for all eternity… I am a beast, a Negro.” (Arthur Rimbaud, Une Saison en Enfer) കെ. ജി. എസ്സിന്റെ ‘പൂക്കൈത’യും ‘പൂക്കൈത’ യെപ്പറ്റി സച്ചിദാനന്ദൻ, എ. ബദറുന്നിസ, മാടായി സുരേഷ് എന്നിവരെഴുതിയ ശ്രദ്ധേയമായ വിലയിരുത്തലുകളും വായിച്ചു. ബഹുതലങ്ങളും, മാനങ്ങളും, ബഹുകിരണങ്ങളും ഉൾകയങ്ങളും ചുഴികളും പടർപ്പുകളും, മടക്കുകളും, ഒളിപ്പിച്ചു വച്ച ഈ കവിതയിലേക്കെത്തുവാനുള്ള പലവഴികൾ, വെളികൾ, തെളിച്ചു തരുന്നുണ്ടു് ഈ പഠനങ്ങളോരോന്നും. എന്നാൽ, കവിതാ പഠനങ്ങൾ വായനക്കാരനെ കവിതയിലേക്കടുപ്പിക്കുന്നതിനു പകരം പലപ്പോഴും വായനയെ തടയുന്ന മുൻവിധികളും വായനയെ ഒഴിവാക്കാനുള്ള ന്യായീകരണവും ആയി മാറാം എന്ന മുന്നറിയിപ്പാണു് കരുണാകരന്റെ പ്രതികരണം നൽകുന്നതു്. കെ. ജി. എസ്സിന്റെ കവിത നിരന്തരമായി ഭാഷയെയും ശൈലിയെയും കാവ്യ ലാവണ്യസങ്കല്പത്തെയും പുതുക്കിക്കൊണ്ടിരിക്കുന്നു എന്നും അതോടൊപ്പംതന്നെ നിരന്തരമായി പുതിയ ഒരു നീതിബോധം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നുമുള്ള സച്ചിദാനന്ദന്റെ വിലയിരുത്തലിനെ കരുണാകരൻ മുൻകൂർ സ്വീകരിക്കുന്നു. ഇതേ കാരണങ്ങളാലാണു് താൻ കെ. ജി. എസ്സിന്റെ കവിതയുടെ ഇഷ്ടക്കാരനാവുന്നതെന്നും കരുണാകരൻ പറയുന്നു. എന്നാൽ ലാവണ്യത്തിന്റെയും നീതിയുടെയും മുൻകൂർ സങ്കല്പങ്ങളാണു് ഈ കാവ്യധാരയുടെ ‘മഹത്തായ പരിമിതി’ എന്നു് പറഞ്ഞു കൊണ്ടു് തുടർന്നുള്ള പ്രസ്താവങ്ങളിൽ ആദ്യം പറഞ്ഞതിനെ നിഷേധിക്കുകയാണു് കരുണാകരൻ ചെയ്യുന്നതു്. “ജീവിതാവബോധത്തിന്റെ ഏതെങ്കിലും ഒരു ഹേതുവിലേക്കു്, അല്ലെങ്കിൽ അതേ ഹേതുവിന്റെ പല പിളർപ്പുകളിലേക്കു് മാത്രം ഈ ധാര നീങ്ങുന്നു എന്നും ആ ഹേതു, രാഷ്ട്രീയത്തെ ജീവിതത്തിന്റെ ‘ഡ്രൈവിങ് ഫോഴ്സ് ആയി കാണുന്നതാണെന്നും അതാണു് ഈ കാവ്യധാരയുടെ പോരായ്മയെന്നും കരുണാകരൻ വാദിക്കുന്നു. ഈ ഡ്രൈവിങ് ഫോഴ്സ് ഭാഷയെ, കവിതയെ, ‘ഒരു സ്വയം സന്നദ്ധമായ ഗാരേജ് പോലെ സംരക്ഷിക്കുന്നു’ എന്നും അതിനാൽ ഈ കാവ്യധാര ഒരിക്കലും കവിതയുടെ പേരിൽ അരക്ഷിതമാവുന്നില്ല എന്നും അദ്ദേഹം കണ്ടെത്തുന്നു. അരക്ഷിതമാവാത്ത കവിത ലാവണ്യബോധത്തെയും നീതിബോധത്തെയും മുൻകൂർ ഉറപ്പാക്കുന്നു എന്നു് ഒടുവിൽ അദ്ദേഹം വിധി കല്പിക്കുന്നു. കവിതയ്ക്കുള്ളിലേക്കു് കടക്കാൻ തയാറാവാതെ, കവിതയ്ക്കു് വെളിയിൽ നിന്നു് കൊണ്ടാണു് കരുണാകരൻ ഈ കവിതയെ, ഈ കാവ്യധാരയെ, വിധിയ്ക്കുന്നതെന്നതിന്റെ പ്രധാന തെളിവു് കവിതയിലെ ഒരു വരി പോലും അദ്ദേഹം പരാമർശിക്കുന്നില്ല എന്നതു തന്നെയാണു്. അതേപോലെ ലാവണ്യബോധത്തിനും നീതിബോധത്തിനും വെളിയിലാണു് കവിതയെ അദ്ദേഹം പ്രതിഷ്ഠിക്കുന്നതെന്നും കവിതയുടെ അരക്ഷിതത്വത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സങ്കല്പനം സൂചിപ്പിക്കുന്നു. എഴുപതുകളിലെ രാഷ്ട്രീയ കവിതകൾക്കെതിരെ (സച്ചിദാനന്ദൻ, കെ. ജി. എസ്. തുടങ്ങിയവരുടെ കവിതകൾ) ഉയർന്നു വന്ന ഒരു എതിർവാദത്തെ പൊടിതട്ടിയെടുത്തുകൊണ്ടാണു് രാഷ്ട്രീയം എന്ന ഏകഹേതുവിലേക്കു് ജീവിതാവബോധത്തെ ഈ നീതിപക്ഷകവിതകൾ ചുരുക്കുന്നുവെന്നു് കരുണാകരൻ ആരോപിക്കുന്നതു്. പഴയ തീവ്രവാദികളും സാഹിത്യകാരന്മാരും പിന്നീടു് സ്വന്തം രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ടു് അരാഷ്ട്രീയവാദത്തെ പുണരുവാൻ ഉപയോഗിച്ചതും ഇതേ വാദമാണു്. എന്നാൽ രാഷ്ട്രീയത്തെ ഏകമാനവും സ്വയം നിർണ്ണായകവും സർവ്വനിർണ്ണായകവുമായ മണ്ഢലമായിക്കാണുന്ന പഴയ രാഷ്ട്രീയനിർണ്ണയവാദത്തെ തള്ളിക്കളയുന്ന ലോകത്തിലെങ്ങുമുള്ള രാഷ്ട്രീയ, കലാ ചിന്തകർ അംഗീകരിക്കുന്ന ഒരു വസ്തുത ഉണ്ടു്: രാഷ്ട്രീയം എന്ന പരികല്പന’ ആധുനികാനന്തരകാലത്തിൽ രൂപാന്തരീകരണത്തിനു വിധേയമായിരിക്കുന്നു എന്നും, ജീവിതത്തിന്റെ സർവ്വ തലങ്ങളെയും രാഷ്ട്രീയം സൂക്ഷ്മ സഹസ്രരൂപത്തിൽ ഗ്രസിച്ചിരിക്കുന്നുവെന്നും, സമൂഹത്തിന്റെയോ സംസ്ക്കാരത്തിന്റെയോ ചിന്തയുടെയോ കലയുടെയോ ഒരു തലം പോലും രാഷ്ട്രീയമുക്തമല്ലെന്നും ഉള്ള വസ്തുത. ഈ തിരിച്ചറിവിൽ നിന്നാണു് ബയോരാഷ്ട്രീയം എന്ന പരികല്പന ഉയർന്നു വന്നതു്. കവിതയും കലയും കഥയും സർഗ്ഗാവിഷ്ക്കാരവുമെല്ലാം തന്നെ സൂക്ഷ്മരാഷ്ട്രീയമാണെന്നു് ഫൂക്കോ, ദെല്യൂസ് തുടങ്ങിയവർ പ്രഖ്യാപിക്കുന്നതങ്ങനെയാണു്. അത്തരമൊരു സൂക്ഷ്മമോളിക്യൂൾ രാഷ്ട്രീയമാണു് കെ. ജി. എസ്സിന്റെ തീവ്രവാദാനന്തരകവിതകളെ അനന്യവും നവീനവുമാക്കുന്ന നീതിയുടെ രാഷ്ട്രീയം. കൂടുതൽ കൃത്യമായിപ്പറഞ്ഞാൽ നൈതികരാഷ്ട്രീയം. കവിതയ്ക്കു് വെളിയിൽ നിന്നു് കൊണ്ടാണു് കരുണാകരന്റെ കവിതാവായനയെന്നു് വ്യക്തമാക്കുന്ന മറ്റൊരു കാര്യം കൂടി. നമ്മുടെ കവിതയിലെ സവിശേഷമായ ഒരു ധാരയിലാണു് ഈ കവിതയും, കെ. ജി. എസ്സിന്റെ മിക്കവാറും എല്ലാ കവിതകളും പെടുന്നതു് എന്നു് അദ്ദേഹം പ്രസ്താവിക്കുന്നു. ലാവണ്യ ബോധത്തെയും നീതിബോധത്തെയും ഒരുമിച്ചു് പുതുക്കൽ ആണു് ഈ ധാരയുടെ സവിശേഷത എന്നും അദ്ദേഹം പറയുന്നുണ്ടു്. ഇത്തരമൊരു സാമാന്യവൽക്കരണം കരുണാകരൻ ഉപയോഗിക്കുന്നതു് കവിതയെ വാഴ്ത്താനല്ല, മറിച്ചു് ഈ കവിതയുടെ അനന്യത, അതു വഴി ഇപ്പറഞ്ഞ കവിതകളുടെയെല്ലാം അനന്യതയെ, ഇപ്പറയുന്ന കാവ്യധാരയുടെ തന്നെ വിഭിന്നതയെ നിഷേധിക്കുവാനാണു്, ലഘൂകരിക്കുവാനാണു് എന്നു് വ്യക്തം. ഈ സവിശേഷധാര മലയാളത്തിലെ ഭൂരിപക്ഷ മുഖ്യധാരയിൽ നിന്നു് വ്യത്യസ്ഥമായ ഒരു ന്യൂനധാരയാണെന്നും കെ. ജി. എസ്സിന്റെ കാവ്യധാരയിൽ തന്നെ ഈ കവിത ഒരു പ്രത്യേകവിഛേദനം കുറിക്കുന്നുവെന്നും മാത്രമല്ല ഇത്തരം സ്വയം പുതുക്കലും സ്വയം വിഛേദിക്കലുമാണു്, കവിതയുടെ ഭാഷമാത്രമല്ല കവിത എന്ന ഴോണറിനെത്തന്നെ മാറ്റിയെഴുതലാണു്, ഈ ധാരയുടെ പ്രത്യേകതയെന്നും, പലായന രേഖകളിലൂടെയാണു് (lines of flight) ഈ ധാര സഞ്ചരിക്കുന്നതെന്നുമുള്ള ഒരു വിവേകത്തിന്റെ അഭാവമാണു് ഈ സമാനീകരണം സൂചിപ്പിക്കുന്നതു്. സമകാലീന കാവ്യധാരയിൽ നിന്നു്, സ്വന്തം കാവ്യപന്ഥാവിൽ നിന്നു തന്നെയുമുള്ള ഒരു റാഡിക്കൽ വിഛേദനം ആണു് ഈ കവിതയെ അനന്യമാക്കുന്നതെന്ന സുപ്രധാന അനുഭവത്തെ വ്യക്തമാക്കുവാൻ ഈ കാവ്യപഠനങ്ങൾക്കു് പൂർണ്ണമായും കഴിയുന്നില്ല എന്നതു് സത്യമാണു്. സച്ചിദാനന്ദൻ പറയുന്ന പോലെ നീതി ബോധത്തിന്റെയും ലാവണ്യകത്തിന്റെയും പുതുക്കൽ മാത്രമാണോ ഈ കവിതയിൽ സംഭവിക്കുന്നതു? 1-മുഖ്യധാരാക്കവിതകൾ രാഷ്ട്രീയ സമരങ്ങൾ പാഴായെന്നു് വിലപിക്കുകയും രാഷ്ട്രീയത്തെ തന്നെ നിഷേധിച്ചു് കൊണ്ടു് അരാഷ്ട്രീയ കൗതുകങ്ങളിലേക്കു് തെന്നി വീഴുകയും ചെയ്യുമ്പോൾ, നിഷേധത്തിന്റെ, ദുരന്തബോധത്തിന്റെ വിലാപാലാപനമായി കവിത ആഘോഷിക്കപ്പെടുമ്പോൾ നീതിയ്ക്കു വേണ്ടി നാളിതുവരെ നടന്നിട്ടുള്ള പോരാട്ടങ്ങളെ, ഇന്നും തുടർന്നു പോരുന്ന നൈതികമായ സമരങ്ങളെ പൂർവ്വകാലപ്രാബല്യത്തോടെ പ്രതിജ്ഞാപനം (affirm) ചെയ്യുകയാണു് ഈ കവിത. ഇതാണു്, സമകാലീന കാവ്യധാരയിൽ നിന്നു്, തന്റെ തന്നെ കാവ്യ പാരമ്പര്യത്തിൽ നിന്നു്, കവിത നടത്തുന്ന ശ്രദ്ധേയമായ വിഛേദനം:

“പറയില്ല ഞാൻ പൂക്കൈതയെ സൂര്യനാക്കിയ

പഴയപോരാട്ടം പാഴായെന്നു്; വേദികളിൽ

ആളിക്കുന്നുണ്ടു് വിവേകികൾ

നേരം പോയ് നേരം പോയ് എന്ന

നീതിപ്പാട്ടിലെ തുല്യനീതിയുടെ

എതിർ ജ്യോതി”.

2-നീതിയ്ക്കായുള്ള ചെറുത്തു് നില്പിന്റെ രാഷ്ട്രീയത്തോടൊപ്പം ജീവിത പ്രതിജ്ഞാപകമായ ഒരു നൈതിക രാഷ്ട്രീയത്തെ ഈ കവിത ഉയർത്തിപ്പിടിക്കുന്നു. രാഷ്ട്രീയത്തിന്റെ നൈതികീകരണവും നീതിയുടെ (justice), നൈതികതയുടെ (ethics) രാഷ്ട്രീയവൽക്കരണവും. ചുരുക്കിപ്പറഞ്ഞാൽ നീതി (justice) ബോധത്തിൽ നിന്നു് നൈതിക രാഷ്ട്രീയത്തിലേക്കുള്ള (ethical politics) രൂപാന്തരണം (justice plus ethics) ആണു് ഈ കവിതയെ അനന്യമാക്കുന്നതു്.

3-ഇത്തരമൊരു രൂപാന്തരീകരണം സാധ്യമാക്കപ്പെടുന്നതു് ഫൂക്കോ പറയുന്ന ഒരു നൈതിക കർത്തൃത്വത്തിന്റെ നിർമ്മിതിയിലൂടെയാണു്. ഈ നവനൈതിക കർത്തൃത്വത്തെ കവിത നാമകരണം ചെയ്യുന്നു: “സംഭവൻ”. സംഭവൻ എന്നു് പേരു തന്നെ കർത്തൃത്വപരമായ ഒരു വിഛേദനത്തെ ഒരു രൂപാന്തരണത്തെയാണു് സൂചിപ്പിക്കുന്നതു്. ഈ സംഭവാത്മകതയെ പിടിച്ചെടുക്കാൻ സച്ചിദാനന്ദൻ പറയുന്ന ‘ആഗന്തുകൻ’ എന്ന സങ്കല്പനത്തിനു കഴിയുന്നില്ല. ഒരു സംഭവകർത്തൃത്വത്തിന്റെ (evental subjectivity) നിർമ്മിതിയെത്തന്നെയാണു് ഈ നാമകരണം സൂചിപ്പിക്കുന്നതു്. സംഭവത്തിൻ സന്തതി എന്ന നിലയിൽ, സംഭവത്തിന്റെ സ്രഷ്ടാവു് എന്ന നിലയിൽ, സംഭവത്തോടു് വിശ്വസ്ഥൻ എന്ന നിലയിൽ, സംഭവത്തിനായി കാതോർക്കുന്നവൻ എന്ന നിലയിൽ.

എന്റെ കുലം അയ്യങ്കാളിയുടെ

തല ശംബൂകന്റെ

കൈ ഏകലവ്യന്റെ

മനസ്സു് കബീറിന്റെ

സ്വപ്നം നെരൂദയുടെ

വെളിവു് നീതിവംശത്തിന്റെ”

ഈ സംഭവമാനത്തെ മനസ്സിലാക്കുന്നതിൽ മൂന്നു് ജ്ഞാനികളായ മാഷുമ്മാരെപ്പോലെത്തന്നെ നാട്ടുകാരും, സാംസ്ക്കാരിക റിപ്പോർട്ടർമാരും വിമർശകരും പരാജയപ്പെടുന്നതു്, ആനയെക്കണ്ട അന്ധന്മാരാവുന്നതു് സ്വാഭാവികമത്രെ. ചരിത്രത്തിൽ നിന്നു് വിഛേദിക്കുകയും ചരിത്ര നിയമങ്ങളെ തകർക്കുകയും ചെയ്തു് കൊണ്ടു് ചരിത്രത്തിനുള്ളിൽ തന്നെ സംഭവിക്കുന്ന രൂപാന്തരീകരണത്തിന്റെയും ആയിത്തീരലിന്റെയും പ്രക്രിയകളെത്തെയാണു് സംഭവം, എന്ന തത്വശാസ്ത്ര പരികല്പന സൂചിപ്പിക്കുന്നതു്.

ഈ കർത്തൃത്വ നിർമ്മിതിയുടെ രാഷ്ട്രീയമാനം കരുണാകരൻ പറയുന്ന ഏക ഹേതുവും ഏകമാനവുമായ രാഷ്ട്രീയ സങ്കല്പത്തിൽ നിന്നു് എത്രകണ്ടു് വ്യത്യസ്ഥമാണെന്നു് സൂചിപ്പിക്കുവാനാണു് ഇത്രയും പറഞ്ഞതു്. കവിതയെപ്പറ്റി ഈ സന്ദർഭത്തിൽ കൂടുതൽ പറയുന്നതു് കവിതാവായനയിൽ നിന്നു് ഭാവുകനെ തടയാനിടയാവുമെന്നതിനാൽ ഇവിടെ നിർത്തുന്നു. ‘പൂക്കൈത’യുടെ രചയിതാവായ കെ. ജി. എസ്സിനും, പൂക്കൈതയെ പഠനവിധേയമാക്കിയവർക്കും, ഇത്തരമൊരു ചർച്ച സാധ്യമാക്കിയ കരുണാകരനും സായാഹ്നയ്ക്കും അഭിവാദ്യങ്ങൾ.

കരുണാകരന്‍:
ഒരിക്കൽ കീഴടക്കിയ കൊടുമുടി പിന്നീടു് ആവേശവും ആകാംഷയുമായി ഓർമ്മയിൽ നിക്ഷേപിക്കപ്പെട്ടതിനെ പറ്റി പറയാനാണു് ഞാൻ അങ്ങനെ പറഞ്ഞതു്: “മഹത്തായ പരിമിതി”. വിനോദ് ചന്ദ്രൻ കൃത്യമായി കണ്ടെത്തിയതുപോലെ ഞാൻ കെ. ജി. എസ്സിന്റെ ഈ കവിതയുടെ പുറത്തുതന്നെ നിൽക്കുന്നതു അതുകൊണ്ടാണു്. സ്ഥലം വിടുകയല്ല. സ്ഥലത്തെ അനുഭവിക്കുകയാണു്. ഒരു കവിത നമ്മൾ വായിക്കുന്നതു് അതിലെ ഓരോ വരിയും വായിച്ചുകൊണ്ടാണു് എന്നതു് നിലവിൽ-നിരൂപണമാണു്, വരികൾ ഉദ്ധരിച്ചു് പറയുന്നതു് നിലവിൽ-ശീലമാണു്. എന്നാൽ, ഓരോ കവിതയും ഓരോ പുസ്തകവും അതിന്റെ വായനയ്ക്കു ശേഷം അവശേഷിപ്പിക്കുന്ന ‘ഷേപ്പ്’, അതു് ഉണർത്തുന്ന അനുഭൂതിയും രൂപവും, അതാണു് ഞാൻ ശീലിക്കാൻ ആഗ്രഹിക്കുന്ന ഒന്നു്. ആ അർത്ഥത്തിൽ, കെ. ജി. എസ്സിന്റെ കവിതകളുടെ ഭാവനാപരിസരം പരിചിതവും പ്രവാചനാത്മകവുമാവുന്നു എന്നാണു് ഞാൻ ഉയർത്തുന്ന വാദം. അദ്ദേഹം കീഴടക്കിയ കൊടുമുടിയാണതു്. “നിരന്തരമായി ഭാഷയെയും ശൈലിയെയും കാവ്യ ലാവണ്യസങ്കല്പത്തെയും പുതുക്കിക്കൊണ്ടിരിക്കുന്നു എന്നും അതോടൊപ്പംതന്നെ നിരന്തരമായി പുതിയ ഒരു നീതി ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു” എന്നുമുള്ള സച്ചിദാനന്ദന്റെ വിലയിരുത്തലിനെ ഞാൻ അംഗീകരിക്കുക മാത്രമല്ല, അതിന്റെ ഇഷ്ടക്കാരനും ആവുന്നതു് ഈ രണ്ടു കാരണങ്ങളിലും പുലർത്തുന്ന കലാത്മകമായ താൽപ്പര്യമാണു്. എന്നാൽ, അതിന്റെ “മഹത്തായ പരിമിതി” രാഷ്ട്രീയപരംതന്നെ എന്നു് തിരിച്ചറിയുകയും ചെയ്യുന്നു. വാസ്തവത്തിൽ, വിനോദ് ചന്ദ്രൻ പറയുന്ന സൂക്ഷ്മ രാഷ്ട്രീയം ഈ കവിതയിൽ ആരോപിക്കുന്നതാണു്. മറിച്ചു്, കവിത പ്രകടമായ രാഷ്ട്രീയ കൽപ്പനയ്ക്കുള്ളിൽ പ്രവർത്തിക്കുന്നു. അതിനുള്ള ടൂൾസ് സ്വരൂപിക്കുന്നു. മലയാളി മാർക്സിസ്റ്റ് വായനയ്ക്കു് പരിചിതമാണു് ഇതു്. നമ്മുടെ മാർക്സിസ്റ്റ് അധികാര സങ്കൽപ്പത്തിൽ വള്ളിപുള്ളി വിടാതെ അടയാളപ്പെടുത്തുന്ന ആദ്യകാല മാർക്സിസ്റ്റ്-തീവ്ര മാർക്സിസ്റ്റ്–നവീന മാർക്സിസ്റ്റ്–ഗ്രീൻ മാർക്സിസ്റ്റ് രീതി. ഒരു ടൌൺഷിപ്പ് മുഴുവനും പരിചയപ്പെടാൻ പാർക്കുകളും നിരത്തുകളും അടയാളപ്പെടുത്തുന്ന സൈൻ ബോർഡുകൾ നമ്മളെ വഴി തെറ്റിക്കില്ല, അവിടെ ഗൈഡിന്റെ ആവശ്യമില്ല. എന്നാൽ, സന്ദർശനങ്ങളുടെ ഭംഗി യാദൃശ്ചികതകളുടെയും അവിചാരിതങ്ങളായ കണ്ടുമുട്ടലുകളുടെയും ഓർമ്മയാണു്. കവിതയിലും ജീവിതത്തിലും.
വെങ്കിടി:
കരുണാകരന്റെ നിരീക്ഷണങ്ങളെ ഞാൻ ഇങ്ങിനെയാണു് കാണുന്നതു്: ഇന്നു് ഇന്ത്യയിൽ സജീവമായി പടർന്നുകൊണ്ടിരിക്കുന്ന കർഷകസമരങ്ങളെയോ അതുയർത്തുന്ന പ്രശ്നങ്ങളുടെ സാംഗത്യത്തെയോ നിർണായകത്വത്തെയോ കുറിച്ചു് ആർക്കും സംശയമുണ്ടാകാനിടയില്ല. എന്നൽ ഇന്നത്തെ ആഗോളഭൌമ/ജൈവരാഷ്ട്രീയത്തിന്റെയും അതിന്റെ ദേശീയ/പ്രാദേശിക പ്രയോഗ/അധികാരരൂപങ്ങളുടെയും പശ്ചാത്തലത്തിൽ ഇത്തരം പ്രതിരോധങ്ങളെ സമീപിക്കുമ്പോഴുള്ള ചില ഗാഢസന്ദിഗ്ദതകളെ—സാമ്പ്രദായികമായ രാഷ്ട്രീയസംവർഗ്ഗങ്ങൾക്കു് വഴങ്ങാത്ത അതിന്റെ ‘ഉള്ളുകള്ളി’കളെയും ഗതിവിഗതികളെയും കുറിച്ചുള്ള പ്രതീക്ഷകൾക്കും ഒപ്പം ആശങ്കകളും പങ്കിട്ടുകൊണ്ടു്—സമകാലികമായ കലാപ്രയോഗത്തിനു് എങ്ങിനെ അഭിസംബോധന ചെയ്യാനാകും, ആവിഷ്ക്കരിക്കാനാകും? തികച്ചും പ്രവചനാതീതമായ—ഇരുണ്ടതും അപൂർവ്വമായി പ്രകാശമാനവുമായ—വിവിധങ്ങളായ ‘പലായനരേഖകളു’ടെയും പ്രതീക്ഷാരാഹിത്യത്തിന്റെയും കൂടിയാണു് ഇന്നത്തെ സാഹചര്യം. അതിനെ ഇന്നത്തെ കവിതയിൽ/കലയിൽ അതുപോലെ വിമർശനത്തിലും എങ്ങിനെ പിടിച്ചെടുക്കാനാകും/അതുമായി സംവദിക്കാനാകും എന്നൊക്കെ ആലോചിക്കേണ്ടതാണു്. ദാർഢ്യങ്ങൾക്കും ദിശാബോധ്യങ്ങൾക്കുമപ്പുറം കലയെ/കലാപ്രയോഗത്തെ തന്നെ പലതരം/തലം പ്രൊപൊസിഷനുകൾ ആയി നമുക്കു് ഭാവന ചെയ്യേണ്ടതില്ലേ? രാഷ്ട്രീയവും നൈതികനിലപാടുകളെയും പോലെ കലയുടെ മൂർത്തവും അമൂർത്തവുമായ എല്ലാ ഉപാധികളും എത്രകണ്ടു് വൾണറബിൾ ആണു് (അതിലും പ്രധാനമായി ആകേണ്ടതുണ്ടു്) എന്നുകൂടി ഈ സന്ദർഭം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടു് എന്നു തോന്നുന്നു. എല്ലാവിധ ഹേതുഭൂതങ്ങൾക്കും സ്വപ്നാത്മകമായ പ്രതീക്ഷകൾക്കും അതു് ബാധകമാണെന്നു് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു കാലത്തിലാണു് നമ്മൾ ‘കല’ഹിക്കുന്നതും…
കെ. സച്ചിദാനന്ദൻ:
ഒരു കാര്യം പറയാൻ മാത്രം. ഞാൻ പൂക്കൈതയുടെ പഠനമൊന്നും നടത്തുകയായിരുന്നില്ല. സാധാരണ കവിത വായനക്കാരുടെ ഒരു ഗ്രൂപ്പിനു്, പ്രത്യേക ഒരുക്കങ്ങൾ ഒന്നുമില്ലാതെ, ആ കവിത ഒന്നു പരിചയപ്പെടുത്തുകയായിരുന്നു.
വെങ്കിടി:
…അതു് ആലോചനകൾക്കും ചർച്ചകൾക്കും വഴി തുറ(ക്കു)ന്നു എന്നതാണു് പ്രധാനം.
ദാമോദർ പ്രസാദ്:
ആശ്വാസകരമായതു് ‘മനസ്സു് തൊട്ടു’, ’മനസ്സു നിറഞ്ഞു’ തുടങ്ങിയ ഇമോജി പരസ്പരാശ്ലേഷത്തിൽ ഒരു ‘ബിറ്റെ’ങ്കിലും മാറിക്കൊണ്ടുള്ള പ്രതികരണം വരുന്നുവല്ലൊ എന്നതാണു്. വാസ്തവത്തിൽ, കെ. കെ. ശ്രീനിവാസന്റെ സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ചുള്ള ഒരു കുറിപ്പു് ഇവിടെ കണ്ടിരുന്നു. അതിൽ പറയുന്ന ഒരു കാര്യമുണ്ടു്. എങ്ങനെ ഇത്ര കിറുകൃത്യതയിൽ ശ്രേഷ്ഠ കവിയായ സച്ചിദാനന്ദൻ പൊളിറ്റിക്കൽ കറക്ടൻസ് അളന്നു വെയ്ക്കുന്നു എന്നാണു്. ശരിയാണു്. ആ പൊളിറ്റിക്കൽ കറക്ടൻസ് പ്രതല ടെൻഷനിൽ നിശ്ചിത ഘടന നിലനിർത്തുവെങ്കിലും ചിലപ്പോഴെല്ലാം പാളി പോകുന്നുവെന്നൊരു നല്ല അനുഭവവുമായിരുന്നു ഈയിടെ വന്ന അദ്ദേഹത്തിന്റെ ‘അയോധ്യ’ എന്ന കവിത. അതൊരു അരാഷ്ട്രീയ കവിതയായിരുന്നു. കോടതി വിധിക്കു ശേഷമുള്ള അയോധ്യയോടുള്ള പ്രതികരണമാകയാൽ ആകണം അതു് ലഭ്യമായ മിത്തുകളെ തന്നെ ഒന്നു ചെറുതായി സ്പർശിച്ചു് അവിടെ തന്നെ നിന്നതു്. പ്രതികരണാത്മക കവിത അഭീമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണിതു്. പി. എൻ. ഗോപികൃഷ്ണന്റെ ശ്രദ്ധേയമായ ചില കവിതകളും ഈ പ്രശ്നം നേരിട്ടിരുന്നു എന്നാണു് എന്റെ പരിമിത ഭാവുകത്വ ബോധം വെച്ചുള്ള അഭിപ്രായം. കെ. ജി. എസിന്റെ കവിതകളിൽ ആ കവിത പിന്തുടരുന്ന രാഷ്ട്രീയത്തിന്റേതായ predictability ഉണ്ടെന്നാണു് കരുണാകരൻ പറയുന്നതെന്നാണു് എനിക്കു് മനസ്സിലായതു്. പക്ഷേ, കരുണാകരൻ കേരളത്തിലെ ആനുകാലിക സാഹിത്യത്തിലെ ചില രാഷ്ട്രീയ പ്രത്യയശാസ്ത്ര ചർച്ചകളിലെ ചില നിലപാടുകളെയാണു് അതിനുത്തരവാദിയാക്കുന്നതു്. കെ. ജി. എസ്. അത്തരത്തിലുള്ള രാഷ്ട്രീയ വ്യവഹാരികതയിൽ വളരെ മുമ്പു തന്നെ ചാടി ഓടി രക്ഷപ്പെട്ടുവെന്നു തോന്നുന്നു. ചെറുതിനെ വിഴുങ്ങുന്ന വലുതു് പോലുള്ള കുറച്ചു പഴയകാല കവിത തന്നെ ഉദാഹരണം. പക്ഷേ, ആനുകാലികങ്ങളിലെ രാഷ്ട്രീയ സംവാദത്തിന്റെ സത്ത ഇപ്പോഴും ഏതാണ്ടു് പോയക്കാലത്തിന്റെ പഴക്കം പേറുന്നതാണു്. ചിലപ്പോഴൊക്കെ തോന്നാറുണ്ടു് അതിനൊരു കാരണം ഏതാനും പഴയ രാഷ്ട്രീയ ആധുനികർ പുതിയ സംജ്ഞകളെയും രാഷ്ട്രീയത്തെയും വിട്ടു പോകാത്ത പഴയ തീവ്രതയോടെ പ്രതിരോധിക്കുന്നതുക്കൊണ്ടാണെന്നു്. ഉദാഹരണത്തിനു് കെ. വേണു തന്നെ. പാശ്ചാത്ത്യ സിവിൽ അവകാശ പ്രസ്ഥാനങ്ങൾ തന്നെ കൈയൊഴിഞ്ഞ ലിബറലിസം ബഷീറിന്റെ ആനമക്കാറിയൻ സംഭവം എന്ന മട്ടിൽ ഈക്കാലത്തും ഗൗരവപ്പെട്ടു ചർച്ച ച്ചെയുന്നതു് കാണാറുണ്ടു്. അതു മാത്രമല്ല, ഏതെങ്കിലും വിധത്തിൽ ഈ ലിബറൽ വേദാന്തത്തെ വിമർശിച്ചാൽ പഴയ മാവോയിസ്റ്റ് ശൈലിയിൽ ഒരുത്തരത്തിലുള്ള ambiguity-ക്കും ഇട നല്കാതെ അവസാനിപ്പിക്കുന്നതും കാണാം. കരുണാകരൻ അവതരിപ്പിക്കുന്ന ആശയധാരകൾക്കപ്പുറം ഒരു കവിതയോ കലാസൃഷ്ടിയോ നമുക്കു് വായിക്കാം, എഴുത്തുകാരന്റെ മനസ്സിലിരിപ്പു് എന്തുമായിക്കോട്ടേ. നമ്മൾ കുമാരനാശനെ വായിക്കുന്നതങ്ങിനെയാണു്? ടാഗോർ വായിക്കുന്നതോ? ഞാൻ പറഞ്ഞു വരുന്നതു് ഒരു സവിശേഷതരം predictability മലയാളത്തിലെ ഒരു തലമുറ എഴുത്തുകാർക്കു് മാത്രമല്ല വായനക്കാർക്കും ബാധകമാണു്. ഒരു പക്ഷേ, അവർ കൂടുതലായി കൺസ്യൂമും ചെയുന്നതും ശ്രദ്ധിക്കുന്നതും അവരുടെ കൂടി കാലത്തിൽപ്പെട്ട എഴുത്തുകാരുടെ രചനകളും അവർ അനുവർത്തിച്ചിരിക്കുന്ന രാഷ്ട്രീയം ഇനതായിരിക്കുമെന്ന മുൻവിധിയോടെയുമുള്ള വായനക്കൊണ്ടായിരിക്കാം. അതുക്കൊണ്ടാണല്ലൊ സി. എസ്. വെങ്കിടേശ്വരനു് കരുണാകരന്റെ പ്രതികരണമർഹിക്കുന്ന ഒരു കാര്യമാണു് പറഞ്ഞതെന്നു് തോന്നി ഒരു സമവായ നിർദ്ദേശം മുന്നോട്ടു് വെച്ചതു്. മാത്രവുമല്ല, സി. എസ്. ഇതൊരു സാമാന്യവല്കൃത പ്രശ്നമായിട്ടാണു