2012 ജനുവരി 24 ചൊവ്വാഴ്ച വൈകുന്നേരം റോഡ് മുറിച്ചുകടക്കവേ, ഡ്യൂട്ടി കഴിഞ്ഞു പോകുന്ന ഒരു പൊലീസുകാരന്റെ ബൈക്കിടിച്ചാണു് എഴുപത്തിയാറു വയസ്സുണ്ടായിരുന്ന തിയോ ആഞ്ജലോ പൗലോസ് മരിച്ചതു്. മൂന്നു ചിത്രങ്ങളുടെ പരമ്പരയായ ‘ദ് അതർ സീ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇതു്. ഫ്രെയിമിലെ ഒരു ചെറുചലനം കൊണ്ടു്, ക്യാമറയുടെ അകലത്തിലെ നേർത്ത വ്യത്യാസംകൊണ്ടു് സമകാല ചലച്ചിത്രാസ്വാദകരെ വിസ്മയിപ്പിച്ച തിയോ ആഞ്ജലോ പൗലോസിന്റെ ചലച്ചിത്രങ്ങളിലൂടെയുള്ള തീർത്ഥാടനമാണു് ഇതു്.
‘വരുന്നോ അലക്സാണ്ടർ? ഞങ്ങൾ ദ്വീപിലേക്കു പോവുകയാണു്.’
‘എവിടേക്കു് ’
‘ദ്വീപിലേക്കു്, ഞങ്ങൾ കടൽ നീന്തി പുരാതന നഗരം കാണാൻ പോവുകയാണു്. പിന്നീടു് ഞങ്ങൾ പർവ്വതശിഖരങ്ങളിലേക്കു കയറും.’
‘പുരാതന നഗരത്തെക്കുറിച്ചു് നിങ്ങൾക്കെന്താണറിയാവുന്നതു്’
‘മുത്തശ്ശൻ പറഞ്ഞതു് അതു് സന്തോഷകരമായ ഒരു നഗരമായിരുന്നുവെന്നാണു്. ഒരു ഭൂകമ്പത്തിൽ നഗരം കടലിലേക്കാഴ്‌ന്നുപോയി. അതിപ്പോൾ കടലിന്റെ അടിത്തട്ടിൽ ഉറങ്ങുകയാണു്. നൂറ്റാണ്ടുകളായി. ചിലപ്പോഴൊക്കെ, നഗരം അടിത്തട്ടിൽനിന്നു പൊന്തിവരും. കുറച്ചുനേരത്തേയ്ക്കു്. പ്രഭാതനക്ഷത്രങ്ങൾ ഭൂമിയെ ഓർത്തു് വിഷാദിക്കുമ്പോൾ മാത്രം. പൊടുന്നനെ എല്ലാം അസ്തമിക്കും. കാലപ്രവാഹവും നിലയ്ക്കും’
‘എപ്പോഴാണതു്?’
‘മുത്തശ്ശൻ പറഞ്ഞതു്, ഒരു കുട്ടി കടൽത്തീരത്തു് ജാക്ക് കളിച്ചുകൊണ്ടിരിക്കുമ്പോഴാണതു് സംഭവിക്കുക എന്നാണു്… നിങ്ങൾ വരുന്നോ?’
തിയോ, തന്റെ സിനിമകൾ കാണാൻ ക്ഷണിച്ചിരുന്നതു് ഇങ്ങനെയായിരുന്നു. ഗ്രാമങ്ങളും നഗരങ്ങളും അസ്തമിക്കുന്നതു് എവിടെയാണു് എന്നുകാണിച്ചു തരുവാനായി അയാൾ തന്റെ സിനിമകൾ സാവധാനത്തിലാക്കി. നദിയിലൂടെ ഒരുകടലാസുതുണ്ടു് മന്ദമായ കാറ്റിനാൽ ഒഴുകി നീങ്ങുംപോലെ അയാൾ തന്റെ സിനിമകളിൽ കാലപ്രവാഹത്തെ നിയന്ത്രിച്ചു. എന്നാൽ വേഗത്തിൽ വീശുന്ന കാറ്റു് എല്ലാം നശിപ്പിക്കും എന്ന ഭീകരമായ നടുക്കം തിയോയുടെ സിനിമകളിൽ നിറഞ്ഞു നിന്നു.
അലയടിച്ച പല കൊടുങ്കാറ്റുകളിലൊന്നായ, യുദ്ധത്തിൽ, മരിച്ച മകന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ചുകൊണ്ടു് അമ്മ വിലപിച്ചു. അമ്മയുടെ മുഖത്തിൽനിന്നു തിയോയുടെ ക്യാമറ സാവധാനം നീങ്ങുകയാണു്. പശ്ചാത്തലത്തിലെ സമുദ്രം കാണിച്ചുതരുവാൻ. തിരയടിക്കുന്ന സമുദ്രം. ജലം. കാലം. ഒരു നഗരവും സമുദ്രത്തിൽ നിന്നു് പൊന്തിവരുന്നില്ല. കാണാവുന്നതു് ജലം മാത്രം അനുഭവിച്ചറിയാവുന്നതു് അനാദിയായ കാലം. കേൾക്കാനാവുന്നതു് എലേനി കറിയാൻഡ്രോ[1] യുടെ വിലാപ സംഗീതത്തിന്റെ മന്ത്രധ്വനികൾ.
പ്രിയപ്പെട്ട തിയോ,
ഞാൻ നിങ്ങളെ കാണാനാഗ്രഹിച്ചിരുന്ന, അനേകം പേരിൽ ഒരാളാണു്. നിങ്ങളുടെ രാജ്യമായ ഗ്രീസിൽനിന്നു വളരെയകലെയിരുന്നു്, നിങ്ങളുടെ സിനിമകൾകണ്ടു ശീലിച്ചിരുന്ന ഒരാൾ. ലോകസിനിമയിൽ കാണൽ—എനിക്കു ശീലമായിത്തീർന്ന കുറച്ചു സിനിമകളിൽ ചിലതു് നിങ്ങളുടേതാണു്. നിങ്ങളൊരുക്കിയ ദൃശ്യങ്ങളുടെ മന്ദമായ ചലനത്തിലൂടെ ഗ്രീസിന്റെ ചരിത്രത്തിലേയ്ക്കും ജലസമൃദ്ധിയിലേക്കും ഒരപരിചിത ഗ്രഹത്തിലെന്നപോലെ ഞാൻ സഞ്ചരിച്ചിരുന്നു. നിങ്ങളോടു ചോദിക്കാനായി ഞാൻ ചിലചോദ്യങ്ങൾ തയാറാക്കിവച്ചിരുന്നു. ഇനി നിങ്ങളെ ജീവിച്ചിരിക്കുമ്പോൾകാണാനാവുകയില്ല എങ്കിലും, ഇപ്പോൾ നിങ്ങളെത്തിച്ചേർന്നിരിക്കുന്നയിടത്തേക്കു് ചോദ്യങ്ങൾ കൊണ്ടുവരികയെന്നതു് എന്റെ ഒരാവശ്യമാണു്. അവിടെ നമുക്കൊരുമിച്ചിരുന്നു്, എനിക്കേറ്റവുമിഷ്ടപ്പെട്ട നിങ്ങളുടെ മൂന്നു ചിത്രങ്ങൾ (Eternity and A Day, Ulysesss’ Gaze, The Weeping Meadow) കാണാൻ കഴിയും എന്നു ഞാൻ കരുതുന്നു. ഞാൻ നിങ്ങളുള്ളയിടത്തേക്കു് വീഡിയോയും ഡിവിഡികളും കൊണ്ടുവരും.
ഭൂമി മുഴുവൻ നിറയാനിടയുള്ള ഒരു വസ്തുവാണു് ഡിവിഡി. ഡിവിഡികൾ കൊണ്ടു് ഒരിക്കൽ ഭൂമി പൊതിയപ്പെടും. അങ്ങനെ സൂര്യവെളിച്ചം തടയപ്പെടും.
സരമാഗുവിന്റെ നോവലിലെ കഥാപാത്രങ്ങളെപ്പോലെ പെട്ടെന്നു്, ഇരുട്ടുമാത്രം അനുഭവിച്ചറിയുന്ന ഒരാളാവും ഞാനും. വെളിച്ചം പെട്ടെന്നണയുമ്പോൾ ഇരുട്ടത്തു തപ്പുന്ന ഒരാൾ. തിയോ, അന്ധത ഞാൻ ഏറ്റവും പേടിക്കുന്ന മനുഷ്യാവസ്ഥയാണു്. ഇക്കാര്യത്തിൽ നിങ്ങളും യോജിയ്ക്കുന്നുണ്ടെന്നെനിയ്ക്കറിയാം. സൂര്യവെളിച്ചം തടയപ്പെടുന്നതിനെതിരെ പൊരുതുക, ഒരാവശ്യമാണു്. അതുകൊണ്ടുകൂടിയാണു് നമുക്കിഷ്ടപ്പെട്ട ചിത്രങ്ങളുടെ ഡിവിഡികൾ നിങ്ങളിപ്പോഴുള്ളയിടത്തേക്കു് കടത്തിക്കൊണ്ടുവരിക ഒരു പ്രധാനപ്പെട്ട കാര്യമായി ഞാൻ കരുതുന്നതു്. ആകാശത്തിന്റെ അത്രയും ഭാഗങ്ങൾ തുറന്നുതന്നെയിരിക്കുമല്ലോ. അത്രയെങ്കിലും വെളിച്ചം തുടർന്നു ജീവിച്ചിരിക്കുന്ന മനുഷ്യർക്കു ലഭിക്കും.
ഇന്നത്തെ സിനിമ, നാളേക്കുവേണ്ടി നമ്മളാരുമില്ലാത്ത മറ്റൊരു ലോകത്തിനുവേണ്ടി കരുതിവയ്ക്കേണ്ട കാര്യമുണ്ടോ? ഉറുമ്പും മനുഷ്യനും ആഹാരം ക്ഷാമകാലത്തേക്കു ഭക്ഷിക്കുവാനായി കരുതിവയ്ക്കുന്നു. സിനിമയ്ക്കു് ഒരുക്ഷീണകാലം ഉണ്ടാകുമോ? പഴയതു് പുറത്തെടുത്തു് ആർത്തിയോടെ കാണുവാൻ. വിം വെന്റേഴ്സിന്റെ ‘ലിസ്ബൺ സ്റ്റോറി’ എന്ന സിനിമയിൽ ആർക്കുവേണ്ടിയും ചിത്രങ്ങളെടുക്കാത്ത ഒരു സംവിധായകൻ കഥാപാത്രമായി വരുന്നുണ്ടു്. ഷൂട്ടു ചെയ്ത ആൾപോലും ആ ഭാഗം കാണുന്നില്ല. ക്യാമറ ശരീരത്തിനു പിന്നിൽ ഘടിപ്പിച്ചാണു് അയാൾ സിനിമ ചിത്രീകരിക്കുന്നതു്. അയാളില്ലാത്ത മറ്റൊരു കാലത്തിനുവേണ്ടി, ആരും കാണാത്ത തന്റെ സിനിമാബിംബങ്ങൾ അയാൾ സൂക്ഷിച്ചുവയ്ക്കുന്നു.
ദാദാ സാഹിബ് ഫാൽകെ, ജോർജ് മേലിയാസ്, നിങ്ങളുടെ രാജ്യത്തെ ആദ്യത്തെ സിനിമാ സംവിധായകൻ മനാക്കി സഹോദരന്മാർ ഇവരൊക്കെ തിരഞ്ഞതു് നാളേക്കായുള്ള ദൃശ്യബിംബങ്ങൾക്കു വേണ്ടിയായിരിക്കുമോ?
ദാദാ സാഹിബ് ഫാൽകെ ആദ്യമായി കാണുന്ന സിനിമ, ‘ലൈഫ് ഓഫ് ക്രൈസ്റ്റ്.’ സിനിമയുടെ പ്രദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ഭാര്യ, കാക്കിഫാൽക്കെ, ഭർത്താവിനോടു ചോദിച്ചു: ‘ഈ ചിത്രങ്ങൾ എങ്ങനെയാണു് ചലിക്കുന്നതു് ?’
‘നിനക്കെല്ലാം സാവധാനം മനസ്സിലാകും. ഞാനീ ബിസിനസ്സ് തുടങ്ങാൻ പോവുകയാണു്. അവരുടെ ക്രിസ്തുവിന്റെ ചരിതം പോലെ എന്തുകൊണ്ടു് എനിക്കു രാമനെയും കൃഷ്ണനെയും ആധാരമാക്കി സിനിമ നിർമിച്ചുകൂടാ.’
ഫാൽകെ കടലുകടന്നു് ലണ്ടനിൽച്ചെന്നു് ക്യാമറയും സിനിമയും വാങ്ങി നാട്ടിലെത്തുമ്പോൾ ബ്രാഹ്മണരായ ബന്ധുക്കൾ അയാളെ വീട്ടിൽ നിന്നു പുറത്താക്കി. ഭാര്യയുടെ ആഭരണങ്ങളും സ്വത്തുക്കളും വിറ്റു് ഫാൽകെ സിനിമയുണ്ടാക്കി. ഫാൽകെയ്ക്കു് ഒരു മോഹമേയുണ്ടായിരുന്നുള്ളൂ. തന്റെ നാട്ടിൽ സ്വന്തമായി സിനിമയുണ്ടാക്കുക. അതിൽ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ദൈവങ്ങളും ഇതിഹാസ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടണം എന്നുമാത്രം. വിമോചക ബിംബങ്ങളായിരുന്നു ഫാൽകെയ്ക്കു് ഈ പുരാണ അവതാര കഥാപാത്രങ്ങൾ. ഇന്ത്യയിൽ അലയടിച്ചുയർന്ന ദേശീയ പ്രസ്ഥാനത്തിനു ചൂടു പകരാനുള്ള സഹായക ബിംബങ്ങൾ. വർഷങ്ങൾക്കുശേഷം ഫാൽകെ തന്റെ സിനിമകൾക്കു് ആധാരമാക്കിയ അതേ ദൈവങ്ങൾ പിശാചുക്കളായി പിക്കാസും കുന്തവുമെടുത്തു് തെരുവിലേക്കിറങ്ങി. അപ്പോൾ ഫാൽകെ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ദൈവാവതാരങ്ങൾ ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും തലച്ചോറുകൾ പിക്കാസുകൊണ്ടു കുത്തിയിളക്കി. ഇന്ത്യൻ തെരുവുകൾ നിങ്ങളുടെ ‘യുളീസസ് ഗേസി’ലെ സരയാവോ നഗരംപോലെ കത്തുന്ന അസ്ഥികൂടങ്ങളായി. എല്ലാ ദൃശ്യബിംബങ്ങളും നിങ്ങളുടെ ശൈലിയിൽ പറഞ്ഞാൽ കാലത്തിന്റെ പൊടികൊണ്ടു മൂടി.
നിങ്ങളുടെ സിനിമ ‘യുളീസസ് ഗേസ്’ ഞാൻ ആദ്യമായി കാണുന്നതു് ഫാൽകെയുടെയും ബാബുറാവു പെയിന്ററുടെയും സിനിമാബിംബങ്ങളിലൂടെ കടന്നുപോകുന്ന കാലത്താണു്. ഒരു മുഴുനീള ജീവിതത്തിൽനിന്നു് ഒരു പിടി ചാരം എന്നപോലെ ചിതറിക്കിടക്കുന്ന ചില ഫിലിം കഷണങ്ങളാണു് അവരുടേതായി ബാക്കിയുണ്ടായിരുന്നതു്.
‘യുളീസസ് ഗേസി’ലെ മനാക്കി സഹോദരന്മാരുടെ മൂന്നു റീലുകൾ എന്നെ ഉത്തേജിപ്പിച്ചിരുന്നു. അതാരും കണ്ടിട്ടുണ്ടാകാനിടയില്ല. എന്നാൽ തിരച്ചിൽ, യാത്രകൾ. യുളീസസിനോടൊത്തെന്നപോലെ അനുഭവ സങ്കീർണമായ സഞ്ചാരം. മനാക്കി സഹോദരന്മാർ ക്യാമറ ചലിപ്പിക്കുന്നു. അവരുടെ നൂറ്റിനാലു വയസ്സുള്ള മുത്തശ്ശി നൂൽ നൂൽക്കുന്നു. ഏകദേശം ഒരു നൂറ്റാണ്ടുകഴിഞ്ഞു് തിയോ നിങ്ങൾ ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ സമുദ്രത്തിലൂടെ ഒരു നീലക്കപ്പൽ കടന്നുപോകുന്നു. മനാക്കി സഹോദരന്മാരിലൊരാൾ മരിക്കുന്നു. നിങ്ങളുടെ പേരില്ലാത്ത അഥവാ, ‘എ’ എന്നു പേരുള്ള കഥാപാത്രം കടന്നുവരുന്നു. മനാക്കി സഹോദരന്മാരുടെ മൂന്നു റീലുകൾ തേടി ബാൽക്കൻ നാടുകളിലേക്കു യാത്രയാകുവാൻ. അവിടെയാകെ യുദ്ധവും മരണവുമാണു്. ശിരസ്സുപോയ പുക മൂടിനിന്നു് ഒറ്റയിരിപ്പിൽ കറുത്തുപോയ കെട്ടിടങ്ങൾ, വെടിയൊച്ചകൾ, കൂട്ടച്ചിരികൾ, ബയനറ്റിന്റെ കൂർത്ത മുന, റേപ്പ്, വെടിമരുന്നു്, ടാങ്കുകൾ, നിരന്തരം ഒച്ചയുണ്ടാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന കറുത്ത ബൂട്ടുകൾ… ഒരു വലിയ ഹോളിവുഡ്!
തിയോ, നിങ്ങൾ കാണാനാഗ്രഹച്ചിരുന്നിരുന്നതു് പ്രഭാതമായിരുന്നുവോ? കവി[2] പറഞ്ഞതുപോലെ, പ്രഭാതം ഒരിക്കലും പിറന്നിട്ടേയില്ലായിരുന്നുവെങ്കിൽക്കൂടി.
ഓർമകളുടെ വലിയൊരു ശേഖരമാണു് തിയോ ആഞ്ജലോ പൗലോസിന്റെ സിനിമകൾ. മറഞ്ഞുപോയ മനുഷ്യരും വെള്ളത്തിലാഴ്‌ന്നുപോയ ദ്വീപുകളും ആരും കാണാത്ത ഫിലിംറോളുകളും നദിയിൽ ലക്ഷ്യമില്ലാതെ കറങ്ങിത്തിരിയുന്ന വഞ്ചികളും ആകാശത്തേക്കു് കയ്യുയർത്തി ജലശയ്യയിൽ കിടക്കുന്ന ലെനിൻ പ്രതിമയും ഈ സ്മൃതിശേഖരത്തിലെ സൂക്ഷ്മ ബിംബങ്ങൾ. ഒരു കാലത്തു് ഫിലിം ഡവലപ്പിങ് ലാബിൽനിന്നു് ഒഴുകിയിരുന്ന സുവർണ്ണ ലായനിക്കു് പാട്ടിന്റെ ഈണമുണ്ടായിരുന്നു. മറ്റാരും ചെവിയോർക്കാനിടയില്ലാത്ത ആ പാട്ടിന്റെ ലയത്തിലാണു് ‘യുളീസസ് ഗേസി’ലെ ഫിലിം ആർക്കെവിസ്റ്റ് ഈവോ ലെവി സിനിമയുടെ ആദ്യബിംബങ്ങൾ പൊലിപ്പിച്ചെടുക്കുന്നതു്. ആ ദൃശ്യബിംബങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലാണു് തിയോയുടെ സിനിമ. ഏഴു രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ സിനിമയിൽ എപ്പോഴും മുഴങ്ങുന്ന ഒരു ചോദ്യമുണ്ടു്.
‘വീട്ടിലെത്താൻ എത്ര അതിരുകൾ കടക്കണം?’
തിയോയുടെ പതിനേഴു സിനിമകളും കൂട്ടിച്ചേർത്താൽ ഒറ്റ സിനിമയായി മാറും. ഒരു വലിയ സിനിമയുടെ ഖണ്ഡങ്ങളായിട്ടാണു് തിയോ തന്റെ സിനിമകൾ തീർത്തിരുന്നതു്. സിനിമകളുടെ നായകൻ പലപ്പോഴും ഒരേ പേരു തന്നെ. അലക്സാണ്ടർ, അല്ലെങ്കിൽ ‘എ’ നായികയ്ക്കു് എലേനി. എല്ലാ കഥാപാത്രങ്ങളും തിയോയ്ക്കുവേണ്ടി സാവധാനം ചലിക്കുന്നു. പലപ്പോഴും അസ്പഷ്ടമെന്നു തോന്നാവുന്ന തരത്തിൽ തന്നോടുതന്നെയെന്നപോലെ പതിഞ്ഞു സംസാരിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും വച്ചു് തിയോയുടെ കഥകൾ ചുരുൾ നിവരുന്നു. കഥയിലേക്കു് തിയോയുടെ സ്വന്തം ക്യാമറാ ചലനങ്ങൾ, നടീനടന്മാർ വിസ്തൃതമായ ഷോട്ടുകളിലൂടെ നിറഞ്ഞാടുന്നു. എലേനിയുടെ ദുഃഖകഥ കണ്ടു് പ്രേക്ഷകൻ ഒപ്പം കരയുന്നതു് അതുകൊണ്ടാണു്.
‘എന്നെ സംബന്ധിച്ചിടത്തോളം ഓരോ ഷോട്ടും ജീവനുള്ളതാണു്. അതു് സ്വന്തം രീതിയിൽ ശ്വാസോച്ഛ ്വാസം നടത്തുന്നു—വായു ഉള്ളിലേക്കെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്നുണ്ടു്. സിനിമയിലെ ഓരോ ഷോട്ടുകളും ഈ പ്രയോഗത്തിൽ എന്റെ ഇടപെടൽ ആവശ്യമില്ല. അതിനു് എന്റെ സിനിമകൾ സമ്മതിക്കുകയുമില്ല. ഞാൻ ചെയ്യേണ്ടതു്, ഓരോ ഷോട്ടിന്റെയും സ്വാഭാവികമായ തുടക്കത്തിനും പിന്നീടതു് മാഞ്ഞില്ലാതെയാകുന്നതിനും കാരണമാകുക മാത്രമാണു്.’[3]
തിയോ ഒരു സംഭാഷണത്തിൽ പറഞ്ഞു.
ആരോഗ്യമുള്ള ഒരു മനുഷ്യന്റെ സ്വാഭാവിക ശ്വാസംപോലെ തിയോയുടെ ഷോട്ടുകൾ നീണ്ടതും സ്വച്ഛവുമായിരുന്നു. അതിന്റെയുള്ളിലേക്കു കഥാപാത്രങ്ങൾ കയറിവന്നു. അവർ തിയോയുടെ കഥകൾ പറഞ്ഞു. മാർചെല്ലോ മസ്ട്രോയിനിയും ബർഗ്മാന്റെ സ്ഥിരം നടനായിരുന്ന ഏർലാൻഡ് ജോസഫ്സനും തിയോ ആഞ്ജലോ പൗലോസായി അഭിനയിക്കുകയായിരുന്നു. ഈ കൂടു വിട്ടു കൂടുമാറലിൽ അസാധാരണ സൗന്ദര്യമുള്ള അഭിനയ മുഹൂർത്തങ്ങളുണ്ടായി. തിയോയുടെ ചരിത്രമെന്ന പ്രകൃതി ദൃശ്യത്തിലെ മണ്ണും ജലവും വായുവും അഗ്നിയും മരങ്ങളും മനുഷ്യരുമൊക്കെയായി അവർ മാറി.
1919–ൽ ഗ്രീസിലെ തെസലോണിക്കിയിൽ ഒരുകൂട്ടമാളുകൾ പ്രത്യക്ഷപ്പെടുന്നു. പെട്ടിയും കിടക്കയും കയ്യിലെടുത്ത കറുത്ത വസ്ത്രധാരികളായ ആ മനുഷ്യർ ഗ്രീസിലെ അഭയാർഥികളാണു്. അക്കൂട്ടത്തിൽ നാൽപ്പതു വയസ്സു തോന്നിക്കുന്ന ഒരാൾ. അയാളുടെ ഭാര്യ, അഞ്ചു വയസ്സായ ഒരാൺകുട്ടി. അതിലും താഴെ ഒരുപെൺകുട്ടി. അവളുടെ കഥയാണു് തിയോ പറയുന്നതു്.
അഭയാർഥികൾ പറഞ്ഞു:
‘ഞങ്ങൾ ഒഡേസയിൽ നിന്നു വരുന്നു. ഗ്രീക്കുകാരാണു്. ഞങ്ങളിവിടേക്കു പോരുന്നതിനു മുൻപ് ബോൾഷേവിക് വിപ്ലവം തുടങ്ങിക്കഴിഞ്ഞിരുന്നു. രക്ഷപ്പെട്ടോടിക്കയറിയ കപ്പലിലിരുന്നു് ഞങ്ങൾകണ്ടു, പുകയിലും വെടിമരുന്നിലും മൂടി മാഞ്ഞുപോവുന്ന ഞങ്ങളുടെ നഗരത്തെ.’
ആ അഭയാർഥിക്കൂട്ടത്തിലെ മനുഷ്യരുടെ മുഖങ്ങൾ നദിയിൽ തരംഗങ്ങളായി പ്രതിഫലിക്കുന്നതു് തിയോ കാണിച്ചുതരുന്നു. അഞ്ചു വയസ്സുകാരൻ തന്റെ കൂടെനിന്ന ചെറിയ പെൺകുട്ടിയോടു ചോദിച്ചു. ‘നിന്റെ പേരെന്താണു് ?’
‘എലേനി.’
എലേനി വളരുന്നയിടമാണു് പുകയും മഞ്ഞും വെള്ളക്കെട്ടുകളും വെടിമരുന്നിന്റെ മണവും മൂടിയ നദിയോരം. തിയോയുടെ പ്രകൃതി ദൃശ്യങ്ങൾക്കു് തോക്കു് നിറയൊഴിക്കുന്നതിന്റെയും ബോംബ് സ്ഫോടനങ്ങളുടെയും ശബ്ദമാണു്. ആ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ എലേനി വളരുന്നു. തിരഞ്ഞെടുപ്പുകളും ലഘുലേഖകളും മോട്ടോർ സൈക്കിൾ സവാരിക്കാരായ പൊലീസുകാരും കാലത്തിന്റെ പുക പിന്നിലേക്കു കോതി മാറ്റിയിട്ടു് പഴയ കാലത്തുനിന്നു തീവണ്ടികളും സർവ്വവും മൂടുന്ന മഴയും മഞ്ഞും വരുന്നു. ഒരമ്മയായി വികസിക്കുന്ന എലേനിയുടെ മുഖത്തിനു്, സിനിമയുടെ അവസാന ഭാഗങ്ങളിൽ വർഷതാപങ്ങളേറ്റു് കൂടുതൽ ഘനീഭവിച്ച ഒരു മാർബിൾ പ്രതിമയുടെ ഛായയുണ്ടു്. അവളിൽ നിന്നു് ആദ്യം അകന്നു പോകുന്നതു് അവളുടെ ഭർത്താവാണു്. അമേരിക്കയിലേക്കയാൾ കപ്പൽ കയറുമ്പോൾ ആ നാടിനെക്കുറിച്ചു് ദൃൿസാക്ഷി വിവരണമുണ്ടു്. ഭൂതഭാവിവർത്തമാനങ്ങൾ എല്ലാം തിയോ സിനിമയിൽ കൂട്ടിക്കുഴയ്ക്കും. കാണുന്നതിനു മുൻകൂറായിവരുന്ന അമേരിക്കൻ വിവരണത്തിൽ ഹതാശമായ കാലത്തിന്റെ സ്മരണകൾ.
1937 ന്യൂയോർക്ക്: ഒരുപാടു കഷ്ടപ്പാടുകൾ സഹിച്ചു് ഞങ്ങൾ ന്യൂയോർക്കിലെത്തിച്ചേർന്നു. മറികടന്ന കടൽദൂരം മറക്കാൻ ഞാൻ സംഗീതത്തിൽ ശ്രദ്ധിക്കുന്നുണ്ടു്. ഞാനുണർന്നതു് ഛർദ്ദി മണക്കുന്ന വികൃതമായ ഒരു മുറിയിലാണു്. എന്റെ കൂട്ടുകാരൻ അടുത്തുകിടന്നു കൂർക്കം വലിക്കുന്നു. ഇതാണോ അമേരിക്ക?
അയാൾ പിന്നീടു് ഗ്രീസിലേക്കു മടങ്ങി വന്നില്ല. എലേനിയിലുണ്ടായ അയാളുടെ കുട്ടികൾ യാന്നീസും യോർഗീസും വളർന്നു. നാലു വർഷങ്ങൾ ചുറ്റിത്തിരിഞ്ഞു് അമേരിക്കയിൽ നിന്നു് അയാളുടെ ഒരു കത്തുമാത്രം എലേനിയെ തേടിവന്നു.
എലേനി കത്തുകൾക്കായി കാത്തുനിൽക്കുന്നതിനും മുൻപാണു് അഭയാർഥികൾ താമസിച്ചിരുന്ന നദിയോരം വെള്ളത്തിലാവുന്നതു്. എലേനിയുടേതടക്കം അനേകം വീടുകളുടെ തലപ്പാവുകൾ പൊന്തിനിൽക്കുന്ന ഒരു വലിയനദി. നദിയിലൂടെ അഭയാർഥി സംഘങ്ങളെയും വഹിച്ചു് സാവധാനം നീങ്ങുന്ന വഞ്ചികൾ. ലോക സിനിമയിൽ അപൂർവ്വമായ കലാപരമായ സൂക്ഷ്മതകൾ ഈ ഭാഗങ്ങളിലുണ്ടു്. പരശ്ശതം വീടുകൾ, വെള്ളപ്പൊക്കത്തിനു മുൻപും പിൻപുമായി അതീവജാഗ്രതയോടെ ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടെ മൊത്തം ബജറ്റിന്റെ പകുതിയിലേറെ പണം ഇതിന്റെ സെറ്റുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നതായി ആഞ്ജലോ പൗലോസ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
യാന്നീസ് എന്നുപേരുള്ള മകനാണു് യുദ്ധത്തിൽ എലേനിക്കു പിന്നീടു നഷ്ടമാവുന്നതു്. അയാളുടെ ശരീരം അനേകം യുവാക്കളുടെ ശവങ്ങളുടെയടുത്തു് കിടക്കുന്നു. അമ്മമാരുടെ നിലവിളികൾ.
പുകയും മഞ്ഞും മൂടിയ തകർന്ന വീടുകളുടെ അസ്ഥിവാരങ്ങൾക്കരികിലൂടെ ഒരു കാലു നഷ്ടപ്പെട്ടവൻ മുടന്തിനീങ്ങുന്നു. കറുപ്പു മൂടിയ വീടിന്റെ അവശിഷ്ടങ്ങൾക്കു മുകളിലിരുന്നു് എലേനി ന്യൂയോർക്കിൽ നിന്നുള്ള കത്തു് വായിക്കുന്നു. വെണ്മയിൽ തിളങ്ങുന്ന ഒരു മേൽവസ്ത്രം ചെറുകാറ്റിൽ ഇളകിയാടുന്നു.
സിനിമ അവസാനിക്കുന്നതു് എലേനിയുടെ ജീവിച്ചിരിക്കുന്ന, അവളുടെ ഒരേയൊരു താങ്ങായ മകൻ യോർഗീസിന്റെ മരണത്തോടെയാണു്. യുദ്ധത്തിൽ മരിച്ച മകന്റെ മൃതദേഹം വെള്ളപ്പൊക്കത്തിൽ മേൽക്കൂര തകർന്ന പുരയിൽ കിടക്കുന്നു.
‘എനിക്കാരുണ്ടിനി, സ്നേഹിക്കാനായി എനിക്കാരുമില്ല. കാത്തിരിക്കാനായി എനിക്കാരുമില്ല…
യോർഗീ… എഴുന്നേൽക്കു് മകനേ…’
എലേനി അലമുറയിടുന്നു. അവളുടെ ശിരസു് തീവ്രമായ വേദനയിൽ മുകളിലേക്കു തിരിയുന്നു. ആകാശത്തിന്റെ അഗാധതകളിൽ അവളുടെ രോദനം നിറയുന്നു. അപ്പോൾ അവളുടെ മുഖത്തിനു് കുഞ്ഞിനെ മാറോടു ചേർത്തു് നാവു കൂർപ്പിച്ചു്, മുകളിലേക്കുയർത്തിയ മറ്റൊരുമുഖത്തോടു സാദൃശ്യം തോന്നുന്നു. പിക്കാസോയുടെ ‘ഗൂർണിക്ക’ യിൽ പാതകങ്ങളുടെ നടുവിലിരുന്നു വിലപിക്കുന്ന അമ്മയുടെ മുഖത്തോടു്.
ആന്ദ്രേ ബസീനിന്റെ ഏകാന്തദ്വീപിൽ (mise-en-scene) ഏറ്റവും മനോഹരങ്ങളായ പുഷ്പങ്ങൾ വിരിയിച്ചതു് തിയോ ആയിരുന്നു. ആരോ തിയോയെ അവസാനത്തെ മോഡേണിസ്റ്റ് എന്നു വിളിച്ചതു് ഈ അർഥത്തിലുമാവണം. തിയോയുടെ സീനിൿ പരിചരണങ്ങൾ മഹനീയങ്ങളായിരുന്നു. ഉദാഹരണങ്ങൾ:
Landscape in the Mist: ആകാശത്തു് ചുറ്റിത്തിരിയുന്ന ഭീമാകാരനായ മുറിവേറ്റ കയ്യ്. താഴെ മനുഷ്യർ പാർക്കുന്നയിടങ്ങൾ. നീല സമുദ്രം.
Ulysses’ Gaze: കോരിച്ചൊരിയുന്ന മഴയിൽ കുടക്കീഴിൽ നിന്നു സിനിമാ കാണുന്ന ആൾക്കൂട്ടം. കറുത്ത കുടകളുടെ വവ്വാൽ സമുദ്രം. രാത്രിയിൽ ഏതോ ഒരാഭിചാര ക്രിയയിലെന്നപോലെ കത്തിച്ച മെഴുകുതിരികളുമായി നടന്നുനീങ്ങുന്ന പരശ്ശതം കറുത്ത വസ്ത്രധാരികൾ.
ഡാന്യൂബ് നദിയിലൂടെ അജ്ഞാതസ്ഥലത്തേക്കു് ഒഴുകി നീങ്ങുന്ന കപ്പലിൽ മുറിവേറ്റ ഭീമാകാരനായൊരു യോദ്ധാവിനെപ്പോലെ ലെനിൻ പ്രതിമ.
Eternity and A Day: അലക്സാണ്ടറുടെ സമുദ്രതീരത്തെ വീടു്. പഞ്ചാരമണൽ. ദീപ്തമായ നീല സമുദ്രം. ആകാശത്തു് പറവകൾ. ഇടയ്ക്കൊരു സന്ദർശനത്തിനെത്തുന്ന ഹെലികോപ്റ്റർ. ഇറ്റലിയിൽനിന്നു് ഗ്രീക്കു കവിയുടെ നാട്ടിലേക്കുള്ള തിരിച്ചു വരവു്. കവിയെ എതിരേൽക്കുന്ന ഗ്രാമീണർ. വാക്കുകളുടെ വിൽപ്പന-വാങ്ങലും.
Weeping Meadow: നദിയോരത്തെ അഭയാർഥിക്കൂട്ടങ്ങളുടെതാവളം. ചെറുതും വലുതുമായ അനേകം വീടുകൾ അതിലൂടെ കാണാം. ബ്രൂഗെൽ ചിത്രത്തിലെന്ന പോലെ മനുഷ്യർ വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്നതു്—മൃഗങ്ങൾ—സൈക്കിൾസവാരിക്കാർ.
ഉണക്കാനിട്ടിരിക്കുന്ന വെള്ളയുടുപ്പുകൾ. അതിൽ പ്രതിഫലിക്കുന്ന വെടിയൊച്ചകൾ, ഉടുപ്പുകളുടെ വെൺമയിലേക്കു ചായുന്ന മരണം.
വെള്ളപ്പൊക്കം. ജലോപരിതലത്തിൽ എത്തിനോക്കുന്ന മേൽക്കൂരകൾ. നീണ്ട കൈകളുള്ള ചെറുവഞ്ചികൾ. അലക്സിയുടെ അച്ഛൻ; ഹതാശനായ കാമുകന്റെ മരണശേഷം, ജലയാത്ര: ശവഘോഷയാത്ര. വഞ്ചികളിലുറപ്പിച്ച കറുത്ത കൊടി. കറുത്ത വസ്ത്രധാരികൾ. കരിയൻ ഡ്രോയുടെ ദുഃഖഭരിതമായ വയലിൻ.
മരം നിറയെ, പൂത്തുനിൽക്കുന്ന വിചിത്ര പുഷ്പങ്ങളെപ്പോലെ, കൊന്നുകെട്ടിത്തുക്കിയ ആടുകൾ. അവയുടെ ഛേദിച്ച ശരീരാവയവങ്ങളിൽനിന്നു് ഒലിച്ചിറങ്ങുന്ന രക്തം. വേരുകളിലൂടെ നിലത്തു പടരുന്ന ചുവന്ന നദി.
തിയോയുടെ അവസാനത്തെ പൂർത്തിയായ ചിത്രം. Dust of Time: തകർന്നു കിടക്കുന്ന ടി.വി. മോണിറ്ററുകളുടെ കൂട്ടം. നിലത്തു് മൂന്നാമത്തെ ചിറകിനുവേണ്ടി കൈ നീട്ടുന്ന മാലാഖയുടെ ചിത്രം. ഈ സീൻ കട്ടു ചെയ്യുന്നതു് മഞ്ഞുമൂടിക്കിടക്കുന്ന ലേബർ ക്യാംപിലേക്കാണു് (സൈബീരിയ). അടുത്ത സീനിൽ നിന്നു് ഒരു ശബ്ദം: ‘ആ മാലാഖ നിലവിളിച്ചു മൂന്നാം ചിറകിനുവേണ്ടി.’
ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു.
തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം.
ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു.
2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ.
ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു.
ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.