
ഒരുകൂട്ടം പാമ്പുകൾ ഒരുമിച്ചു അനുഗമിക്കുന്ന ഒരു പാമ്പാട്ടിയുടെ രൂപത്തിലായിരുന്നു രാധാകൃഷ്ണനെ ആദ്യമായി ഞാൻ കാണുന്നതു്. അയാൾക്കു പിറകിൽ ഇലക്ട്രിക്ക് വയറുകളുടെ പാമ്പിൻ ചുരുളുകൾ. മകുടിപോലെ തോന്നിക്കുന്ന പഴയ 16 എം എം ബോളെക്സു് കാമറ കയ്യിലുണ്ടു്. ചുമരുകളിലെ ഓരോ ചിത്രത്തിനുമുമ്പിലും നിന്നു് അയാൾ ചിത്രങ്ങളെടുക്കുന്നു. സ്ഥിരമായി അലങ്കോലപ്പെട്ടു കിടക്കുന്ന മുടിയും താടിയും. കുഞ്ഞുന്നാളിലെപ്പോഴോ പുൽത്തൈലം എടുത്തുകുടിച്ചതിന്റെ സൈഡ് എഫെക്ട് ആണെന്നാണു് അയാൾ പറയാറുണ്ടായിരുന്നതു്. വയറും കണ്ണുകളും കലങ്ങിയിരുന്നു. മദ്യപിക്കാനറിയാത്ത, സസ്യാഹാരിയായ അയാളുടെ കണ്ണുകൾ ഒരു മുഴുക്കുടിയന്റേതു പോലെ സദാനേരവും ചുവന്നിരുന്നു.
കോഴിക്കോടു് ഞങ്ങൾ ചിത്രകാരന്മാരുടെയും ശില്പികളുടെയും കൂട്ടായ്മയായ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്കൾപ്റ്റേഴ്സ് അസോസിയേഷ ന്റെ ചിത്രകലാ പ്രദർശനം രേഖപ്പെടുത്തുകയായിരുന്നു രാധാകൃഷ്ണൻ. അയാൾ അന്നു് ചിത്രീകരിച്ച ഫിലിം റോളുകൾ വെളിച്ചം കണ്ടില്ല. ബോംബയിലെ ഫിലിം ലാബുകളിലൊന്നിലെ ഇരുളിലെവിടെയോ അതു് അപ്രത്യക്ഷമായി.
ബയോസ്കോപ് എന്ന സിനിമ നിർമിക്കുന്നതു് രണ്ടായിരത്തി എട്ടിലാണു്. എന്നാൽ ബയോസ്കോപ്പിന്റെ കാലഘട്ടത്തിലേക്കും സിനിമയുടെ ആവിർഭാവ ചരിത്രത്തിലേക്കും ചെന്നുപെടുന്നതു് അതിനും വളരെ മുൻപാണു്. 1998-ൽ ‘ബാലാമണിയമ്മ’ എന്ന ഡോക്യൂമെന്ററിയോടു കൂടിയാണു് അതു തുടങ്ങുന്നതു്.

പലതരം യാത്രകൾ… അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ സിനിമയുടെ ആരംഭകാലത്തെ വിചിത്രമായ മുഖങ്ങളുള്ള കാമറകൾ, ‘നിഴലു പിടുത്തത്തെ’ താങ്ങുന്ന മെലിഞ്ഞ മൂന്നുകാലുകളുള്ള ‘ട്രൈപോഡുകൾ’, ഒരു വിചിത്രജീവിയെപ്പോലെ തുറുകണ്ണുകളിലൂടെ തീക്ഷ്ണവെളിച്ചം പായിക്കുന്ന കറുത്ത ശരീരമുള്ള വിവിധയിനം ലൈറ്റുകൾ, വെള്ളിവെളിച്ചത്തിൽ പടരുന്ന ആദ്യകാല നായികമാരുടെ ഗൂഢമന്ദസ്മിതങ്ങൾ, മുകളിലേക്കുയരുന്ന കംസന്റെ കിരീടം വെച്ച തല, സലുങ്കെയുടെ വിഷാദഛായയുള്ള ഭാനുമതി, ഹരിശ്ചന്ദ്ര രാജാവിന്റെ കൊട്ടാരം…
ഈ അന്വേഷണയാത്രകളിലെല്ലാം രാധാകൃഷ്ണൻ നിശ്ശബ്ദനായി കൂടെയുണ്ടാകും. ഞങ്ങളുടെ കൂടെ സദാ ജാഗരൂകനായി പഴയ ഒരു പെന്റാക്സ് സ്റ്റിൽ കാമറയും. രാധാകൃഷ്ണൻ സിനിമയിലേക്കു് പ്രവേശിച്ചു തുടങ്ങിയിട്ടേയുള്ളു. തിരക്കുകളില്ല. ഡൽഹിയിൽ നിന്നു് ഞാൻ അയാളുടെ തിരുവനന്തപുരത്തെ വീട്ടിലേക്കു വരും. വാടകവീട്ടിലെ ജീവിച്ചുപോകുവാൻതന്നെ സൗകര്യങ്ങളൊന്നുമില്ലാത്ത കുടുസ്സായ മുറികൾ ഞങ്ങളുടെ സ്റ്റുഡിയോ ആയി രൂപാന്തരപ്പെടും. പരീക്ഷണശാലയിൽ ടോർച്ചുലൈറ്റും, കണ്ണാടിയും, മെഴുകുതിരികളുമൊക്കെ ഉപയോഗിച്ചു് സ്റ്റില്ലുകളെടുക്കും. ഞങ്ങൾ നിർമിക്കുവാൻപോകുന്ന സിനിമകളുടെ പ്രാരംഭപ്രവർത്തനങ്ങളാണു്! അതിൽ താത്കാലികമായി അഭിനയിക്കുന്നതു് രാധാകൃഷ്ണന്റെ ഭാര്യ ലതയും അവരുടെ രണ്ടു കുഞ്ഞുങ്ങളും. വെളിച്ചത്തിൽ ഇത്രയും രമിച്ച, റെംബ്രാന്റ ല്ലാതെ മറ്റൊരാളെ കാണുന്നതു കാമറാമാൻ എം. ജെ. രാധാകൃഷ്ണനെയാണു്. ബാലാമണിയമ്മയെ കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെയാണു് ഞങ്ങൾ പരിചയത്തിലാവുന്നതു്. വെളിച്ചവും ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു സുഹൃത്തായി. പിന്നീടു് വളരെക്കാലം ഞങ്ങൾ മൂവരും വിവിധങ്ങളായ പ്രകാശപരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. വീട്ടിലെ ഉപയോഗത്തിലിരിക്കുന്ന കരിക്കലങ്ങൾ, മസാല ഭരണികൾ, ഫ്രയിങ് പാൻ, പല പ്രദേശങ്ങളിൽ നിന്നു് ഞങ്ങൾ ശേഖരിച്ച ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവയുമായി അഭിനേതാക്കൾ മൂവരെയും കൂട്ടിക്കലർത്തി ചിത്രലേഖനത്തിനുള്ള കരുക്കളൊരുക്കി. വർഷങ്ങൾക്കുമുൻപു് പ്രവർത്തനം നിലച്ചുപോയ, തുരുമ്പിച്ച പലതരം കാമറകൾ, ദ്രവിച്ചതും, ചില്ലുടഞ്ഞതുമായ വിളക്കുകൾ തുടങ്ങിയവ രാജ്യത്തിന്റെ പല മൂലകളിൽനിന്നും ഞങ്ങൾ വിലകൊടുത്തു വാങ്ങിയിട്ടുണ്ടു്. വീട്ടിൽ കുടുംബാംഗങ്ങൾക്കില്ലാതിരുന്ന സ്ഥാനബഹുമാനങ്ങൾ ഈ പഴഞ്ചൻ സാധനങ്ങൾക്കു് കിട്ടിയിരുന്നു. നല്ല ഇരിപ്പിടങ്ങൾ, പട്ടിയും പൂച്ചയും തട്ടി ഉടയാതിരിക്കാൻ സദാ ജാഗരൂകരായ കാവൽക്കാർ, എല്ലാം. സ്വന്തം കണ്ണുകളേക്കാൾ കാര്യമായി ഞങ്ങൾ അവയെ സംരക്ഷിച്ചുപോന്നു. ഇപ്പോഴുമുണ്ടു് ആ കണ്ണുകൾ ഞങ്ങളിരുവരുടെയും വീടുകളിൽ, ഉടയാതെ സ്വസ്ഥമായ ഇരിപ്പിടങ്ങളിൽ.
വെളിച്ചം വരുന്നതു് ജനലഴികളിലൂടെ പുറത്തുനിന്നാണു്. കുട്ടികളോ മറ്റോ ഉച്ചനേരത്തു പിടിച്ചിരിക്കുന്ന കണ്ണാടിയിൽ നിന്നു് അകത്തേക്കു് വരുന്ന വെളിച്ചം. തീക്ഷ്ണ പ്രകാശത്തിന്റെ ആ അമ്പ് വന്നുപതിക്കുന്നതു് അകത്തെ ഊൺമേശയിൽ വച്ചിരിക്കുന്ന ചില്ലുടഞ്ഞ വിളക്കിന്റെയും തുരുമ്പെടുത്ത കാമറയുടെയും പുറത്താണു്.

ഇതായിരുന്നു ഞങ്ങളുടെ സ്റ്റിൽലൈഫ്! ഇതിലേക്കു് കുട്ടികളുടെ മുഖങ്ങൾ ഇടയ്ക്കു കടത്തിവിടും. മുറിയുടെ അരണ്ട പ്രകാശവും കണ്ണാടിയിൽ നിന്നുള്ള വെളിച്ചവും ചേർന്നു് വിളക്കിനെയും കാമറയെയും അതിബൗധികതലത്തിലേക്കുയർത്തും. ചേർത്തുവയ്ക്കുന്ന മുഖങ്ങൾക്കു ഒരു പ്രത്യേക ശോഭ കൈവരും. അക്കാലത്തു എന്റെ കൈവശമുണ്ടായിരുന്ന പെന്റാക്സ് കാമറ കൊണ്ടു് പലകോണിൽ നിന്നും ചിത്രങ്ങളെടുക്കും. ഡൽഹിയിൽ പ്രിന്റിങ് മെഷീൻ ഉപയോഗിക്കാതെ ഫിലിം നെഗറ്റീവുകളിൽ നിന്നും പ്രിന്റുകളെടുക്കുന്ന ഒരാളെ എനിക്കു പരിചയമുണ്ടായിരുന്നു. അയാളുടെ കൂടെ നിന്നു് പ്രിന്റുകളെടുത്തു വിശദമായ പരിശോധന നടത്തും. ഇതായിരുന്നു ഞങ്ങളുടെ പ്രാഥമികമായ ഛായാഗ്രഹണ രീതി. ഈ പ്രകാശസങ്കലന പ്രക്രിയയുപയോഗിച്ചു തുടർന്നു ഞങ്ങൾ പലതരം പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ലതയുടെ ‘ഊണ്മുറി സ്റ്റുഡിയോയിൽ’ 16 മില്ലീമീറ്റർ സെല്ലുലോയിഡിലുണ്ടാക്കിയ ‘ആത്മചിത്രം’ എന്ന ഹിന്ദി സിനിമയുടെ പല ഷോട്ടുകളും ഞങ്ങളെടുത്തിട്ടുണ്ടു്.
ആയിടയ്ക്കു് ഞങ്ങളിരുവരുംചേർന്നു ഒരു ഡോക്യുമെന്ററി ചെയ്യുന്നുണ്ടായിരുന്നു. മത്സ്യവ്യവസായത്തിലെ അനീതികളെക്കുറിച്ചാണു് സിനിമ. ചെമ്മീൻ സംസ്കരണ ഫാക്ടറികളിൽ ജോലിയെടുക്കുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്നതാണു് പ്രമേയം. കേരളം, മഹാരാഷ്ട്ര, ഗുജറാത്തു് തുടങ്ങിയ സംസ്ഥാനങ്ങളിലെ മത്സ്യസംസ്കരണ ഫാക്ടറികളാണു് ഷൂട്ടുചെയ്യേണ്ടതു്, ഫിലിം ക്രൂവിൽ പലപ്പോഴും ഞങ്ങൾ രണ്ടുപേർ മാത്രമേയുള്ളു. കാമറയും ഉപകരണങ്ങളും ചുമക്കുന്നതു് പ്രധാനമായും ഞങ്ങളിരുവരും തന്നെ. ഞങ്ങൾ സ്റ്റുഡിയോ ബോംബയിലേക്കും പോർബന്ദറിലേയ്ക്കും മാറ്റി.

ബോംബയിൽ തൊഴിലാളികളോടൊത്തു പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ കാണിച്ചുതരുന്ന ഫാക്ടറികളാണു് ഞങ്ങൾ ഷൂട്ട് ചെയ്യുക. ചെമ്മീന്റെ തോലുപൊളിക്കുന്നയിടങ്ങളാണു് ഫാക്ടറിയുടെ രഹസ്യസ്ഥാനങ്ങൾ. ഏറ്റവുമധികം ചൂഷണമനുഭവിക്കുന്ന സ്ത്രീകളാണു് അവിടെ ജോലിചെയ്യുന്നതു്. ഫാക്ടറി ഉടമകൾ കാണിക്കുവാനിഷ്ടപ്പെടാത്ത ഇടുങ്ങിയ ഇടങ്ങളിലായിരിക്കും ഞങ്ങൾക്കു ഷൂട്ട് ചെയ്യേണ്ടി വരിക. ആ പ്രദേശം മുഴുവൻ നരകം പോലെ ഇരുണ്ടതായിരിക്കും. നിൽക്കുന്ന തറയിലെ ചെമ്മീൻ കഴുകിയ വെള്ളം മരണത്തിന്റെ ഇളം തണുപ്പുപോലെ കാലുകളിൽപ്പടരും. ചെമ്മീൻ പൊളിക്കുന്ന സ്ത്രീകളുടെയിടങ്ങളിൽ വെളിച്ചം മടിച്ചു മാത്രമേ പ്രവേശിക്കുകയുള്ളു. അവരുടെ മുഖങ്ങളിൽ മാത്രം നിലാവുദിക്കുന്നില്ല.
അവരുടെ മുഖങ്ങളിലേക്കും പണിയെടുക്കുന്ന കൈകളിലേയ്ക്കും രാധാകൃഷ്ണൻ കാമറ കേന്ദ്രീകരിക്കും. ലോക സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കുറച്ചു ലൈറ്റുകൾ ചിത്രീകരണത്തിനായി ഉപയോഗിച്ചയാൾ രാധാകൃഷ്ണനായിരിക്കും. അയാൾ സൂര്യവെളിച്ചത്തെ മാത്രമുപയോഗിച്ചു സിനിമയുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു. അയാൾ ചിത്രീകരിച്ച മികച്ച ഡേ ലൈറ്റ് ഷോട്ടുകൾ സൂര്യനെ മാത്രം ആശ്രയിച്ചിട്ടുള്ളതായിരുന്നു. രാത്രിഷോട്ടുകളിൽ മികച്ചവ ഒന്നോരണ്ടോ ലൈറ്റുകൾ മാത്രമുപയോഗിച്ചവയും. ഡേ ലൈറ്റിൽ സിനിമ ചിത്രീകരിക്കുമ്പോൾ വീടിനുൾഭാഗത്താണെങ്കിൽ അയാൾ മേൽക്കൂരയിലെ ഓടു് ചിലതു് ഇളക്കിമാറ്റി സൂര്യവെളിച്ചം മുറിയിലേയ്ക്കു കടന്നുവരാൻ അവസരമുണ്ടാക്കും. കണ്ണാടിയും മറ്റുമുപയോഗിച്ചു വെളിച്ചത്തെ കഥാപാത്രങ്ങളിലേക്കും മറ്റും പ്രവേശിപ്പിക്കും. മുകളിൽനിന്നു പ്രവേശിക്കുന്ന ഈ സ്വാഭാവിക പ്രകാശം കാമറയുടെ ലെൻസുമായി നല്ല ഇണക്കത്തിലാണു്. ഇത്തരം പ്രായോഗിക പരിചരണങ്ങളിലാണു് ഇമേജുകൾക്കു തെളിമയുണ്ടാകുന്നതു്. ഇലക്ട്രിക് ബൾബുകളുടെ അമിതപ്രയോഗം കൊണ്ടു് സുന്ദരനെമാത്രമേ കൂടുതൽ സുന്ദരനാക്കാൻ കഴിയൂ. അതു് വിരൂപനെ കൂടുതൽ വിരൂപനാക്കും.
ഡോക്യൂമെന്ററിയുടെ ഈ നരകഭൂപടത്തിൽനിന്നു് രക്ഷപെടാനായി ഇടയ്ക്കെല്ലാം ഞാൻ ചെയ്യാനിരിക്കുന്ന—ചെയ്യാൻ കഴിയുമോ എന്നു തീർച്ചയില്ലാത്ത ബയോസ്കോപ് സിനിമയിലേക്കു് ശ്രദ്ധതിരിക്കും. ബോംബയിലെ ചോർബസാറിൽ വളരെ പഴക്കംചെന്ന കാമറ—ഉപകരണങ്ങളുടെ വലിയ ശേഖരമുണ്ടു്. അക്കാലത്തു വലിയൊരു ഓപ്പൺ എയർ മ്യൂസിയം പോലെയാണു് ചോർ ബസാർ.
സിനിമ വരുന്നതിനും മുൻപു മുതലുള്ള കാലത്തെ കാമറകൾ, പരസ്യ ചിത്രങ്ങൾ, ഗ്രാമഫോൺ, റേഡിയോ, മൈക്കുകൾ, സ്പീക്കറുകൾ… ലോക മഹായുദ്ധങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും അവിടെ കിട്ടും. ഞങ്ങൾ ആ കൂമ്പാരങ്ങൾക്കിടയിൽ പരതാൻ തുടങ്ങും. തകര ടിന്നുകളിൽ പ്രിന്റുചെയ്തിരിക്കുന്ന ഗോഹർജാൻ, പിഞ്ഞാണങ്ങളിലെ ഹണ്ടർവാലി നാദിയാ, കലണ്ടറുകളിലെ പേഷ്യൻസ് കൂപ്പർ, കാളിയന്റെ പുറത്തുനിന്നു് നൃത്തം ചെയ്യുന്ന മന്ദാകിനിയുടെ കൃഷ്ണൻ ഇങ്ങനെയെത്ര സുന്ദരികളെയാണു് ആ ദൃശ്യങ്ങളുടെ സ്വിമ്മിങ് പൂളിൽ നിന്നു് ഞങ്ങൾ പൊക്കിയെടുത്തിരിക്കുന്നതു്.

കാമറയുടെ കൂട്ടത്തിൽ പഴയ ഒരു ലൈക്കഎം. സിക്സ് കാമറയുമുണ്ടായിരുന്നു. ഹെൻറി കാർട്ടിയർ ബ്രെസോൺ ഉപയോഗിച്ചിരുന്നതരത്തിലുള്ള കാമറയാണു്. അന്നതിനു് രണ്ടു-മൂന്നു ലക്ഷം രൂപ വില വരും. ഞാൻ മോഹക്കണ്ണുകൊണ്ടു് കാമറയെത്തന്നെ ധ്യാനിച്ചുകൊണ്ടു നിന്നു. കടക്കാരൻ കുറഞ്ഞ വിലയായ ആറായിരം രൂപക്കു് തരാം എന്നു പറഞ്ഞു. വിലയന്വേഷിക്കുമ്പോഴൊക്കെ ഹിന്ദിയറിയാത്ത രാധാകൃഷ്ണൻ ഒരു തുകൽ കഷണം കൊണ്ടു് ലൈക്ക കാമറ തിരുമ്മി വെളുപ്പിക്കുന്നുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞു കടക്കാരൻ നോക്കുമ്പോൾ രാധാകൃഷ്ണന്റെ കയ്യിലിരുന്ന ലൈക്ക കാമറ മഹായുദ്ധങ്ങളുടെ പൊടിനീങ്ങി പുതുപുത്തൻ എന്നപോലെ തിളങ്ങുന്നു. ‘എന്നെ വിരലമർത്തി ക്ലിക്കു ചെയ്യൂ, ഞാൻ നിങ്ങളുടെ മുഖം അനശ്വരമാക്കട്ടെ’ എന്നു് പറയും മട്ടിൽ പ്രശോഭിക്കുന്നു. കച്ചവടക്കാരൻ വില തിരുത്തി ‘എനിക്കു തെറ്റിയതാണു്. ഈ കാമറ ഞാൻ വിൽക്കുന്നില്ല. ഇപ്പോൾ ഇതിന്റെ വില വളരെകൂടുതലാണു്.’ അയാൾ പറഞ്ഞു.
ദാദാ സാഹബ് ഫാൽക്കെ ഇന്ത്യയിലെ ആദ്യത്തെ കഥാസിനിമയായ ‘രാജാ ഹരിശ്ചന്ദ്ര’ ഷൂട്ടു ചെയ്യാനുപയോഗിച്ചിരുന്ന വില്യംസൺ കാമറയുടെ ഒരു പതിപ്പു് ഞങ്ങളവിടെ കണ്ടിരുന്നു. ഞങ്ങളുടെ തിരച്ചിലിന്റെ ഏകാഗ്രത കണ്ടിട്ടാവണം കച്ചവടക്കണ്ണുകൾ ഓരോന്നിന്റെയും വില കൂട്ടികൊണ്ടിരുന്നു. ചോർ ബസാറിലെ ഇമേജുകൾക്കുവേണ്ടിയുള്ള തിരച്ചിൽ സത്യങ്ങൾ മാത്രമെഴുതിയ ഒരു ചരിത്രപുസ്തകം വായിക്കുന്നതു് പോലെയാണു്. ഡൽഹിയിലെ ചാന്ദിനി ചൗക് ചോർ ബസാറിനേക്കാൾ വലുതും പല വാള ്യങ്ങളുമുള്ള ഒരു ബൃഹദ്ഗ്രന്ഥമാണു്. ചാന്ദിനി ചൗക് പശ്ചാത്തലമായി വരുന്ന, ഇമേജുകളുടെ കഥപറയുന്ന ഒരു സിനിമ തന്നെ അക്കാലത്തു ഞങ്ങൾ ചിത്രീകരിച്ചിട്ടുണ്ടു്.

മാസങ്ങൾക്കു ശേഷം ഞാൻ ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടി ൽ ഒരു പ്രദർശനത്തിനായി പോയി. ന്യൂയോർക്കിനടുത്ത പ്രദേശമായ ന്യൂജേഴ്സിയിൽ ഒരു ഭീമാകാരൻ ചോർ ബസാറുണ്ടു്, ‘അമേരിക്കൻ മ്യൂസിയം ഓഫ് മൂവിങ് ഇമേജ്’. അവിടെയുണ്ടായിരുന്നു ചാൾസ് ഉർബിൻ 1897-ൽ വികസിപ്പിച്ചെടുത്ത ‘ഉർബിൻ ബയോസ്കോപ്’. സ്വാമിക്കണ്ണു വിൻസെന്റ് തമിഴ് നാട്ടിലെ തീരപ്രദേശങ്ങളിലും പിന്നീടു് വാറുണ്ണി ജോസഫ് കേരളത്തിലും ആദ്യമായി ‘സിനിമ’ കാണിച്ച ഉപകരണം.
ഉർബിൻ ബയോസ്കോപ്പിന്റെ ഞാൻ വരച്ച ചിത്രങ്ങൾ കാണിച്ചു ചാന്ദിനി ചൗക്കിലെ ഒരു കാമറ മെക്കാനിക്കിനെകൊണ്ടു് പണിയിപ്പിച്ചെടുത്ത മെഷിനായിരുന്നു ഞങ്ങളുടെ സിനിമയിലെ നായകൻ.

വർഷങ്ങൾക്കു മുൻപു് തോന്നയ്ക്കലെ ആശാൻ സ്റ്റുഡിയോ സന്ദർശിച്ചപ്പോൾ ഞാൻ എടുത്തതാണീച്ചിത്രം. അന്നു് അവിടെ കരിങ്കൽ ക്വാറികൾ ഉണ്ടാക്കുന്നതു് പോലെയുള്ള വലിയതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ഗൃഹനാഥൻ കരുണയെഴുതി പൂർത്തിയാക്കി ഒന്നു് നടന്നിട്ടു വരാം എന്നു് പറഞ്ഞു ഇപ്പോൾ പുറത്തേയ്ക്കു പോയിട്ടേയുള്ളു എന്ന തോന്നലുണ്ടാകുന്ന വീടു്. പത്താം തരത്തിൽ പഠിക്കുമ്പോൾ മുണ്ടശ്ശേരി പറഞ്ഞ ‘പൊട്ടമണ്ണെണ്ണത്തിരി കത്തിച്ചു വെച്ചതിന്റെ പാടു്’ ഞാൻ ഉമ്മറത്തു് ഒരു ഡിക്ടറ്റീവിനെപ്പോലെ പരതി നോക്കി. കൂടെയുണ്ടായിരുന്ന കാമറാമാൻ രാധാകൃഷ്ണൻ ‘അകത്തു വെളിച്ചം കുറവാണു്’ എന്നു് പരാതിപറഞ്ഞു. ‘അകത്തായിരുന്നു വെളിച്ചം, വിവരിച്ചാൽ തീരാത്ത വെളിച്ചം!’ എന്നു് ഞാൻ മനസ്സിലും പറഞ്ഞു. പുറത്തെ ചുമരിൽ ഉച്ചയ്ക്കു് പന്ത്രണ്ടുമണിയുടെ പരന്നവെളിച്ചം. കുറച്ചുനേരം കാത്തിരുന്നാൽ സായാഹ്ന വെളിച്ചം ചുമരിൽ കവിതയെഴുതുന്നതു് കാണാം. ആശാന്റെ സ്വന്തം കൈപ്പടയിൽ. ഞങ്ങൾ അടുത്തുകണ്ട വൃക്ഷഛായയിൽ കാത്തിരിക്കാൻ തീരുമാനിച്ചു. കവിത വായിക്കുവാൻ. അടുത്ത നിമിഷത്തിൽ രാധാകൃഷ്ണൻ, വളരെകാലമായി അയാൾ ചോദിക്കാൻ ആഗ്രഹിച്ചിരുന്നതുപോലെ എന്നെനിക്കുതോന്നിയ ഒരു ചോദ്യം ചോദിച്ചു. ‘മധുവിനു് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഛായാഗ്രാഹകൻ ആരാണു്?’ ‘ഒന്നല്ല, മൂന്നുപേരാണു്, മൂവരെയും ഒരുപോലെയിഷ്ടം! സുബ്രതോ മിത്ര, വി കെ മൂർത്തി, എം ജെ രാധാകൃഷ്ണൻ.’ പടിഞ്ഞാറ് വെയിൽ ചായാൻ തുടങ്ങിയിരുന്നു. പറഞ്ഞുറപ്പിച്ചതുപോലെ ഗുജറാത്തിലെ ഗോത്രവർഗ്ഗക്കാരുടെ ചുമർചിത്രം പോലെ ആശാന്റെ വീടിന്റെ പുറത്തെ ചുമരിൽ കവിത വന്നു!
ഇരുപതുകളിൽ മോട്ടോർ വാഹനങ്ങൾ നന്നേ കുറവു്. ഇലക്ട്രിക് ബൾബുകളും വിരളം. ‘ഹലോ’ എന്നുള്ള നിരന്തര ഒച്ചകൾ ഇല്ല. രാത്രിക്കു് രാത്രിയുടെ നിറം മാത്രമേയുള്ളു. സ്വപ്നങ്ങളിലും എപ്പോഴും ഇരുണ്ട വെളിച്ചം. ആ വെളിച്ചത്തിൽ സ്വപ്നങ്ങൾ കാണാൻ തന്നെ പ്രയാസം. ഇതിനേക്കാൾ കൂടുതൽ വെളിച്ചമുണ്ടു് ‘പഥേർ പാഞ്ചാലി’ എന്ന സിനിമയിൽ. 1928-ലെ വെളിച്ചത്തിലാണു് ബിഭൂതിഭൂഷൻ ബന്ദോപാധ്യായ ‘പഥേർ പാഞ്ചാലി’എഴുതുന്നതു്. സത്യജിത് റേ അതു് സിനിമയാക്കുന്നതു് 1955-ലും. വെളിച്ചത്തിനു കാര്യമായ വ്യത്യാസങ്ങളുണ്ടു്. കാൽ നൂറ്റാണ്ടിനപ്പുറത്തെ, ഏതാണ്ടു് മങ്ങിപ്പോയ വെളിച്ചത്തെ തിരികെ കൊണ്ടുവരികയായിരുന്നു സുബ്രതോ മിത്രയും, ബാൻസി ചന്ദ്രഗുപ്ത യും, സത്യജിത് റേയും കൂടി ‘അപുത്രയ’ത്തിൽ ചെയ്തതു്. മൂന്നുംകൂടി മുന്നൂറ്റിനാല്പത്തിരണ്ട് മിനിറ്റിന്റെ നീളമുള്ള മാനവീയതയുടെ ഒരു വെളിച്ചക്കീറു്.
സത്യജിതു് റേയുടെ രണ്ടാമത്തെ സിനിമ ‘അപരാജിതോ’യിലാണു് സുബ്രതോ കൂടുതൽ തിളങ്ങിയതു്. ഒരുപക്ഷെ അതു് ഇന്ത്യയിലെ ഏറ്റവും സിനിമാറ്റിക് ആയ മുഖമുള്ള ബനാറസ് ഘാട്ട് പ്രധാനവേഷത്തിൽ അഭിനയിച്ചതു് കൊണ്ടായിരിക്കാം. പടവുകളിൽ നിർത്തിയിട്ടിരിക്കുന്ന ഓലക്കുടകളിൽ വിശ്രമിക്കുന്ന പ്രാവുകൾ, ഇരുമ്പു ഗദകളുമായി വ്യായാമം ചെയ്യുന്ന ഗുസ്തിക്കാർ, തൊടാൻ തോന്നുന്ന നദീജലം, ഹരിഹറിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ പാത, സർഭജയയുടെ അടുക്കള, പഠിക്കാനായി അപു കത്തിച്ചുവെച്ച റാന്തൽ വിളക്കു്, ബനാറസിലെ പ്രഭാതം, ഉച്ചനേരം, സന്ധ്യയാവാൻ തുടങ്ങുന്ന ആകാശം, അകലങ്ങളിൽ മൺവിളക്കുകൾ കണ്ണു ചിമ്മുന്ന രാത്രി, ഹരിഹറിന്റെ മരണത്തിൽ നടുങ്ങി കൂട്ടമായി ചിറകടിച്ചു് പറന്നുയരുന്ന പക്ഷികൾ… എല്ലാം കൃത്യമായ അളവിൽ സുബ്രതോ വെളിച്ചത്തെ രേഖപ്പെടുത്തിയിരിക്കുന്നു. ദ്വാരം വെങ്കിട സ്വാമി നായിഡു വയലിൻ വായിക്കുന്നതുപോലെ ഒരു സ്വരവും കൂടുതലില്ല, കുറവുമില്ല. സിനിമയ്ക്കു വെള്ളി വെളിച്ചം (silver screen) എന്നു് പേരിട്ടതും പ്രപഞ്ചത്തിൽ ചാരനിറങ്ങൾക്കു ഭംഗി കൂടിയതും ‘അപരാജിതോ’ കണ്ടതിനു ശേഷമാവാനാണു് സാധ്യത.

വഖ്ത് നേ കിയാ…’ എന്നു് തുടങ്ങുന്ന പാട്ടു് കേട്ടിട്ടുണ്ടോ?’
‘ഇല്ല.’
‘1959-ൽ ഹിന്ദിയിൽ പിടിച്ച ‘കാഗസ് കെ ഫൂൽ’ എന്ന പടത്തിലേതാണു്, എസ് ഡി ബർമ ന്റെ സംഗീതസംവിധാനത്തിൽ ഗീതാദത്ത് പാടുന്നതു്… ഇന്നും ഇന്ത്യ മുഴുവൻ കേൾക്കുന്ന പാട്ടാണു്, അടുത്ത കാലത്തു് അമിതാഭ്ബച്ചൻ പാടി കൂടുതൽ പ്രശസ്തമാക്കിയിട്ടുണ്ടു്.’
‘അതിസുന്ദരിയായ വഹീദ റഹ്മാനും വികാരപരവശനായ ഗുരുദത്തും അഭിനയിച്ച ഗാനം…’
‘എങ്ങനെയാണു് പാട്ടു് സീൻ ഷൂട്ട് ചെയ്യേണ്ടതു് എന്നു് പഠിപ്പിക്കുന്ന ചിത്രീകരണം. ശാന്തിയിൽ നിന്നു്, ഗുരുദത്തു് സിനിമാ സംവിധായകനായി അഭിനയിച്ച കഥാപാത്രം സുരേഷ് സിൻഹ അകലുന്നതു് മനോഹരമായ ഒരു സൂം ഷോട്ടിൽ തുടങ്ങുന്ന ഗാനരംഗം ഞാൻ പലതവണ കണ്ടിട്ടുണ്ടു്’
രാധാകൃഷ്ണന്റെ ചുവന്ന റോസാപ്പൂ പോലെയുള്ള കണ്ണുകൾ വിടരാൻ തുടങ്ങി.
‘ആരാണു് കാമറാ മാൻ?’
‘വി കെ മൂർത്തി’
ബയസ്ക്കോപ്പിനു് ദേശീയ അവാർഡ് വാങ്ങാനായി ഡൽഹിയിൽ ഊഴം കാത്തിരിക്കുമ്പോൾ എന്റെ മുന്നിൽ വളരെ അകലെയല്ലാതെ മെലിഞ്ഞുണങ്ങിയ മൂർത്തി സാബ് കസേരയിലിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കുവാൻ വന്നതായിരുന്നു.
എന്റെ ലാപ്ടോപ്പിൽ ആ ഗാനചിത്രീകരണമുണ്ടു്. ഞാനെപ്പോഴും കാണുന്ന സിനിമ രംഗം. ഹൃദിസ്ഥമായ പാട്ടു്!
ഞങ്ങൾക്കിരുവർക്കുമിടയിലേക്കു് ഗീതാദത്തിന്റെ വിഷാദച്ചുവയുള്ള ശബ്ദം ഒഴുകിവരാൻതുടങ്ങി. ഫിലിം സ്റ്റുഡിയോയാണു് ലൊക്കേഷൻ. അണഞ്ഞുപോയ ഫിലിം ലൈറ്റുകളും റിഫ്ലക്ടറുകളുമാണു് പശ്ചാത്തലത്തിൽ. ഗാനം പുരോഗമിക്കുമ്പോൾ റെംബ്രാൻഡിന്റെ വെളിച്ചത്തിരപോലെ മുകളിൽ നിന്നു് ഒരു കനത്ത പ്രകാശ രശ്മി ഫ്രെയ്മിനെ രണ്ടായിപ്പകുക്കുന്നു. ഗാനാവസാനത്തിൽ രണ്ടു പ്രകാശകിരണങ്ങളാണു് ഗുരുദത്തിനെയും വഹീദ റഹ്മാനെയും വെളിച്ചത്തിൽ ഒരുമിപ്പിക്കുന്നതു്. പിന്നീടൊരിക്കൽ മൂർത്തിസാബ് ഇങ്ങനെ പറഞ്ഞു ‘രണ്ടു സാധാരണ കണ്ണാടി കഷണങ്ങൾ മാത്രമാണു് കൂടുതലായി ഞാൻ ഇതിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതു് ’.
‘ആള് കൊള്ളാമല്ലോ, എവിടുത്തുകാരനാണു്?’
മൈസൂർക്കാരൻ. ‘സാഹിബ് ബീബി ഔർ ഗുലാം, പ്യാസാ തുടങ്ങിയ പ്രശസ്ത ഹിന്ദി സിനിമകളുടെയും ഛായാഗ്രഹകൻ വി കെ മൂർത്തിയാണു്. 2014-ൽ ബാംഗളൂരിൽ വച്ചു് മൂർത്തി സാബ് അന്തരിച്ചു.’
ഛായാഗ്രഹണ മികവുകൊണ്ടു് ഇപ്പോഴും ഇന്ത്യയിലെ ജനങ്ങൾ കാണുന്ന സിനിമയാണു് ‘കാഗസ് കെ ഫൂൽ’.

ബയോസ്കോപ്പിനു ശേഷവും ഞങ്ങളിരുവരും പല സിനിമാ പ്രൊജെക്ടുകളും ഒരുമിച്ചു ചെയ്തിട്ടുണ്ടു്. ബയോസ്കോപ്പിന്റെ ഒന്നാം ഭാഗമായ ‘ഷാംബരിക് ഖരോലിക’ (‘മാജിക് ലാന്റേൺ’, സിനിമ നിർമിച്ചതു് ഇന്ത്യാ ഫൌണ്ടേഷൻ ഫോർ ദി ആർട്സ് ആയിരുന്നു.), പത്തു മണിക്കൂറിലേറെ ദൈർഘ്യമുള്ള ‘അമ്മ ദൈവങ്ങളെക്കുറിച്ചുള്ള’ കാളി, 2018-ലെ കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി… എല്ലാം ഇരുട്ടിൽ സുഖമായി ഉറങ്ങുകയാണു്.
മൂന്നു് വർഷങ്ങൾക്കു മുമ്പു് ചിത്രം വരയ്ക്കാനും, സിനിമയുണ്ടാക്കുവാനുമായി കേരളത്തിൽ ഞാനൊരു സ്റ്റുഡിയോ പണിതു. മറ്റു സിനിമകൾക്കിടയിലെ തിരക്കിലും അയാൾ പതിവായി ഇവിടെ വരും. ആദ്യ വരവിൽ ഞങ്ങൾ പതിവുപോലെ തൃശ്ശൂരിലെ ചോർ ബസാറിൽ പോയി വിളക്കുകളും മുക്കാലികളും വാങ്ങിക്കൊണ്ടു വന്നു. അയാൾതന്നെ കോണിയിലും മറ്റും കയറി നിന്നു് വിളക്കുകൾ സജ്ജീകരിച്ചു. ഇലക്ട്രീഷ്യന്റെ ജോലികഴിഞ്ഞപ്പോൾ അയാൾ പിറുപിറുത്തു. ‘ഇനിയൊരു ട്രോളി കൂടി വേണ്ടിവരും, അടുത്ത തവണയാകാം’.
മരിക്കുന്നതിനു് രണ്ടുമാസത്തിനു മുമ്പു് രാധാകൃഷ്ണൻ സ്റ്റുഡിയോയിൽ വീണ്ടും വന്നു. ഒരു ഷൂട്ടിങ്ങിനു ദുബായിലേക്കു പോകാനായി കൊച്ചി എയർപോർട്ടിൽ വന്നതായിരുന്നു. എന്റെ ജന്മനാടായ ആലപ്പുഴയിൽ നടന്ന ഒരു വിചിത്രസംഭവത്തെ ആധാരമാക്കി ഒരു ഫീച്ചർ ഫിലിം തയ്യാറാക്കുന്നതിനെക്കുറിച്ചു രാധാകൃഷ്ണനോടു് മുമ്പു് സംസാരിച്ചിട്ടുണ്ടായിരുന്നു. അതു് ഞാനോർമ്മിപ്പിച്ചു കൊണ്ടിരുന്നു. പറ്റിയ ഒരു നിർമ്മാതാവില്ല. നിർമ്മാതാവിനെ തേടിപ്പിടിച്ചു സിനിമയുണ്ടാക്കുകയാണെങ്കിലോ, ലാഭം കൊണ്ടുവരാനായി സ്ക്രിപ്റ്റിൽ പല മാറ്റങ്ങളും വരുത്തേണ്ടിവരും. തീയേറ്ററുകളിൽ പടം എന്തായാലും ഓടുകയുമില്ല. അതു് വേണ്ട. ആലോചിച്ചുറപ്പിച്ചിരിക്കുന്ന സിനിമ മാത്രം ചെയ്താൽ മതി. നമ്മുടെ അറിവുകൾ നമ്മളോടു് പറയുന്ന സിനിമ. അറിവാണു് വെളിച്ചം; സിനിമയും. അതുകൊണ്ടു് ഞാൻ തന്നെയാണു് കീശയും ബാഗുമില്ലാത്ത നിർമാതാവു്. ‘ടൈറ്റ് ബജറ്റാണു്, പണം ചുരുക്കി ചിലവിടേണ്ടിവരും’ ഞാൻ പറഞ്ഞു.
അയാൾ ചെറിയ വാചകങ്ങളെ പറയാറുണ്ടായിരുന്നുള്ളു. ‘ലൈറ്റ് ഒന്നുമെടുക്കാതെ ഷൂട്ടു ചെയ്യാം. രാത്രിയിൽ ഷൂട്ടു ചെയ്യാനായി നമ്മുടെ കൈയ്യിൽ കുറച്ചു ചെറിയ ലൈറ്റുകളൊക്കെ ഉണ്ടല്ലോ, രണ്ടു ചെറിയ കാമറയും… അതു് മതി!’
അയാൾ ജീവിതാവസാനം വരെ ഞാനുണ്ടാക്കുന്ന ദൃശ്യബിംബങ്ങൾക്കായി എന്റെ കൂടെ നിന്നു.

ആലപ്പുഴ ജില്ലയിലെ കടലോരപ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം. ഇപ്പോൾ സമകാലീനകലയിൽ സാധ്യമാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം. ‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്. ‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു. ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.

മൗലികമായ പരിചരണരീതികൾ കൊണ്ടു് മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങൾക്കു് ഛായാഗ്രഹണം നിർവഹിച്ചു. രാധാകൃഷ്ണൻ ജനിച്ചതു് കൊല്ലം ജില്ലയിലെ പുനലൂരിൽ തൊളിക്കോടു് എന്ന പ്രദേശത്താണു്. നൂറ്റി പതിനേഴു ഫീച്ചർ ഫിലിമുകൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള രാധാകൃഷ്ണൻ മലയാളസിനിമയിലെ പ്രമുഖരായ എല്ലാ സംവിധായകരുടെ ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ടു്. ഏഴുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ബയോസ്കോപ്, വീട്ടിലേക്കുള്ള വഴി, പാപ്പിലിയോ ബുദ്ധ… തുടങ്ങിയ ഏഴു ചിത്രങ്ങൾക്കു് ഛായാഗ്രഹണത്തിനു് അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 2018-ൽ ‘ഓള്’ എന്ന ചലച്ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു് ദേശീയ പുരസ്കാരവും ലഭിച്ചു. 2019 ജൂലൈ 12-നു് അന്തരിച്ചു.
കാലിഗ്രഫി: എൻ. ഭട്ടതിരി
ഫോട്ടോഗ്രാഫുകൾ: മധുസൂദനൻ, വിക്കീപ്പീഡിയ.