സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1971-09-05-ൽ പ്രസിദ്ധീകരിച്ചതു്)

കാവ്യസത്യത്തിന്റെ പൂക്കൾ വിടരട്ടെ
images/KeralaVarmaValiyaKoilThampuran.jpg
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

“കോയിപ്പണ്ടാല നമ്മെക്കഠിനമിഹ പിടിച്ചെന്തിനായ് മാന്തിടുന്നു?” കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ സംസ്കൃതപദബഹുലമായ ശാകുന്തളം തർജ്ജമ വായിച്ചിട്ടു വൈരസ്യത്തിൽ വീണ വെണ്മണി മകൻനമ്പൂരി, ശാകുന്തളം നാടകത്തിന്റെ ആവലാതി എന്ന രീതിയിൽ രചിച്ച ഒരു ശ്ലോകത്തിന്റെ നാലാമത്തെ വരിയാണിതു്. ശരിയായ പരിഹാസം. കേരളവർമ്മ ഇതു വായിച്ചു പിടഞ്ഞിരിക്കും, ദേഷ്യപ്പെട്ടിരിക്കും. വെണ്മണി പിന്നെയും കുറേക്കാലംകൂടി ജീവിച്ചിരുന്നതു് അദ്ദേഹം കൊച്ചിയിൽ ജനിച്ചുപോയതുകൊണ്ടാണു്. അല്ലെങ്കിൽ ഗുസ്തിക്കോയിത്തമ്പുരാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ പാവപ്പെട്ട വെണ്മണിയുടെ എല്ലുപോലും പുറത്തു കാണിക്കില്ലായിരുന്നു. പക്ഷേ, ഉജ്ജ്വല പ്രതിഭാശാലിയായിരുന്നു കേരളവർമ്മ. അദ്ദേഹം സംസ്കൃതഭാഷാപക്ഷപാതിയായിരുന്നതുകൊണ്ടു തർജ്ജമയിൽ സംസ്കൃതപദങ്ങൾ അധികം കലർത്തിയെന്നേ ദോഷം പറയാനുള്ളൂ. കാളിദാസ കവിതയുടെ മാധുര്യം അദ്ദേഹം നശിപ്പിച്ചുവെന്നതും വാസ്തവം. താരതമ്യേന നിസ്സാരമായ ഒരു കുറ്റം കണ്ടാണു വെണ്മണി അദ്ദേഹത്തിന്റെ നേർക്കു പരിഹാസത്തിന്റെ കൂരമ്പു് അയച്ചതു്. ഭാഷയുടെ നേർക്കുള്ള ഒരു ചെറിയ അനാദരം പോലും വെണ്മണിക്കു സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്നു വ്യക്തം. ഈ വെണ്മണി ഇക്കാലത്തു് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനു് ഏതു രീതിയിലുള്ള ദുഃഖം തോന്നുമായിരുന്നുവെന്നാണു ഞാനിപ്പോൾ ആലോചിക്കുന്നതു്. ഭാഷയെ മാന്തുകയല്ല ഇന്നുള്ളവർ ചെയ്യുന്നതു്. അവർ അതിന്റെ കഴുത്തു മുറിച്ചു ചോരയൊഴുക്കുകയാണു്. ഞാനിക്കാര്യം എത്ര പ്രാവശ്യം പറഞ്ഞതാണു്! വീണ്ടും പറയേണ്ടതായി വന്നിരിക്കുന്നു. കഥകളും കവിതകളും ഒരേ രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ആവർത്തിക്കാതെന്തുചെയ്യും? “മാതൃഭൂമി” ആഴ്ചപ്പതിപ്പിന്റെ 23-ാം ലക്കത്തിൽ മാനസി എഴുതിയ “നീലത്തുരുത്തു്” എന്നൊരു ചെറുകഥയുണ്ടു്. അനാസിനോ സാരിഡോണോ കഴിച്ചുകൊണ്ടു വായനക്കാർ അതൊന്നു വായിച്ചുനോക്കിയാൽ കഥാകാരിയെങ്ങനെ അനുവാചകനെ പീഡിപ്പിക്കുന്നുവെന്നു്, എങ്ങനെ മലയാളഭാഷയെ അപമാനിക്കുന്നുവെന്നു്, എങ്ങനെ സാഹിത്യത്തിന്റെ മുഖത്തു് കാർക്കിച്ചുതുപ്പുന്നുവെന്നു് മനസ്സിലാക്കാം. ഉദാഹരണത്തിനു് ഒരു ഭാഗം:

“മിനുങ്ങിയ ടേബിളിന്റെ പുറത്തെ കുപ്പിക്കു ചുറ്റും രാത്രിയെന്ന സ്വന്തം സ്വപ്നത്തെ, ആശ്വാസത്തെ, വലിച്ചു കീറുന്ന സെക്രട്ടറിയുടെ തുടയുടെ വണ്ണം കൂടുതലാണെന്ന സത്യം സൃഷ്ടിച്ച ചിരിയുടെ ആഭാസത്തരം, ക്രൂരത, ചുമരിൽ ചാരിനിന്നു ശ്രദ്ധിക്കുമ്പോൾ, തികട്ടിവരുന്ന ചളിപ്പു്.”
images/Kafka.jpg
കഫ്ക

‘ചിരിയുടെ ആഭാസത്തര’മല്ല ഇവിടെയുള്ളതു്. രചനയുടെ ആഭാസത്തരമാണു്. ഈ ലേഖകൻ അത്യന്താധുനികതയുടെ ശത്രുവല്ല. കഫ്ക തൊട്ടു റോബ് ഗ്രിയേ വരെയുള്ളവരുടെ കൃതികൾ വായിച്ചു് അവയുടെ ശക്തിവിശേഷം ഞാൻ കണ്ടറിഞ്ഞിട്ടുണ്ടു്. അവരൊക്കെ സാഹിത്യകാരന്മാരാണോ എന്ന ചോദ്യമിരിക്കട്ടെ, ശക്തിയുടെ പ്രസരത്തെക്കുറിച്ചു് ഒരു സംശയവുമില്ല. അവരുടെ ഒരു കൃതിയിലും ഈ രീതിയിലുള്ള “ആഭാസത്തരം” ഞാൻ കണ്ടിട്ടില്ല. അദ്ഭുതപ്പെടാനെന്തിരിക്കുന്നു? സത്യമൊക്കെ അസത്യമായും അസത്യമൊക്കെ സത്യമായും കരുതപ്പെടുന്ന കാലമാണിതു്, കാലത്തിനു ചേർന്ന കോലം എന്നല്ലാതെന്തു പറയാൻ!

പള്ളിയിൽ മെഴുകുതിരി കത്തുന്നതും അമ്പലത്തിൽ നെയ്വിളക്കെരിയുന്നതും കണ്ടിട്ടുണ്ടോ? ആ നിശ്ചലദീപങ്ങൾ കൂടെക്കൂടെ ഒന്നു തെളിയും. ആ തെളിച്ചമാണു് ദീപത്തിനു ഭംഗിനല്കുന്നതു്. തെളിച്ചം കൂടാതെ ഒരേരീതിയിലാണു് ദീപമെരിയുന്നതെങ്കിൽ ആരും അതു് ശ്രദ്ധിക്കുമായിരുന്നില്ല. ചെറുകഥകളും കവിതകളും ദീപങ്ങളാണു്. അവ കൂടെക്കൂടെ തെളിയണം. “മലയാളനാട്ടി”ന്റെ 14-ാം ലക്കത്തിൽ വി. എസ്. നിർമ്മലയെഴുതിയ “മനസ്സിലായ രഹസ്യം” എന്ന ചെറുകഥ ദീപമേയല്ല. പിന്നീടല്ലെ തെളിച്ചത്തിന്റെ കാര്യം പറയാൻ! പ്രപഞ്ചരഹസ്യം അജ്ഞാതമാണു്, അജ്ഞേയമാണു് എന്നാണു് നിർമ്മലയ്ക്കു വ്യക്തമാക്കാനുള്ളതു്. അതിനുവേണ്ടി അവർ ഒരു ഭ്രാന്തനെ അവതരിപ്പിക്കുന്നു. ആദ്യമൊക്കെ ഒന്നും മനസ്സിലാകുന്നില്ലെന്നു പറഞ്ഞിരുന്ന ഭ്രാന്തൻ, ഒടുവിൽ ഒന്നും മനസ്സിലാക്കാൻ സാധിക്കുകയില്ലെന്നു മനസ്സില്ലാക്കിയെന്നു് ഉദ്ഘോഷിക്കുമ്പോൾ കഥ അവസാനിക്കുന്നു, സർവ്വസാധാരണവും ബഹിർഭാഗസ്ഥവും ആയ വിചാരഗതി. ആകർഷകത്വം ഒട്ടുമില്ലാത്ത പ്രതിപാദനം. കഥയുടെ പ്രധാനമായ ആശയത്തോടു ബന്ധമില്ലാത്ത വസ്തുതകളുടെ നിവേശനം. അധ്യാപകൻ പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥി കോട്ടുവായിട്ടാൽ ആ ക്ലാസ്സ് വിരസമെന്നർത്ഥം. കാമുകി കാമുകന്റെ അടുത്തിരുന്നു് കോട്ടുവായിട്ടാലോ? അവൾക്കു് അയാളോടു സ്നേഹമില്ലെന്നു വ്യക്തം. നിർമ്മലയുടെ കഥ വായിക്കുന്നവർ കോട്ടുവായിടാതിരിക്കുകയില്ല… അർത്ഥരഹിതമായ ലോകത്തെയും അതിൽ ഏകാന്തതയുടെ ദുഃഖമനുഭവിക്കുന്ന മനുഷ്യനെയും മഹാഭാരത ത്തിലെ അർജ്ജുനൻ എന്ന കഥാപാത്രത്തിലൂടെ ശ്രീ. മുണ്ടൂർ സേതുമാധവൻ ചിത്രീകരിക്കുന്നു. പ്രാപഞ്ചിക ജീവിതത്തിന്റെ വിഷാദത്തെയാണു് ശ്രീ. വി. എൻ. രാജൻ “പുനർജ്ജന്മം” എന്ന കഥയിലൂടെ സ്ഫുടീകരിക്കുന്നതു്, മലയാളനാട്ടിലെ ഈ രണ്ടു കഥകളും നിശ്ചലങ്ങളായി എരിയുന്ന ദീപങ്ങളാണു്. അവ കൂടെക്കൂടെ തെളിഞ്ഞു് ദ്രഷ്ടാക്കൾക്കു് ആഹ്ലാദം പകരുന്നില്ല.

images/MuhammadHabibullah.jpg
ദിവാൻ ഹബീബുള്ള

ഈ ലേഖകൻ കുറേക്കാലം സെക്രട്ടേറിയറ്റിലായിരുന്നു. അവിടെത്തന്നെ ഇരുന്നിരുന്നെങ്കിൽ ഞാനിന്നു് കുറഞ്ഞപക്ഷം ഒരു ഡപ്യൂട്ടിസെക്രട്ടറിയെങ്കിലും ആകുമായിരുന്നു. എന്റെ പല “ജൂനിയറന്മാരും” ഇന്നു് ഡപ്യൂട്ടിസെക്രട്ടറിമാരാണു്. എങ്കിലും ഞാൻ ആഹ്ലാദിക്കുന്നതേയുള്ളൂ. ചമ്പകപ്പൂവിന്റെ ഗന്ധം പ്രസരിച്ച കാട്ടിലൂടെ കുമാരനാശാന്റെ ലീല നിതംബമണ്ഡലമുലഞ്ഞുനടക്കുന്നതും നിലാവിൽ മറ്റൊരു നിലാവായി വള്ളത്തോളി ന്റെ മഗ്ദലനമറിയം അലസഗമനം ചെയ്യുന്നതും എനിക്കിന്നു കാണാൻ കഴിയുന്നു. ലോകസുന്ദരിയായ ഹെലൻ എന്നെനോക്കി പുഞ്ചിരിപൊഴിക്കുന്നു. അവർ സൃഷ്ടിക്കുന്ന മാന്ത്രികപ്രപഞ്ചമെവിടെ? ഫയലുകൾ സൃഷ്ടിക്കുന്ന ദുഃഖപ്രപഞ്ചമെവിടെ? എങ്കിലും ആ ദുഃഖത്തിലും ചിലർ ഫലിതത്തിന്റെ ശോഭ കലർത്തിയിരുന്നു. അക്കാലത്തു് ഉദ്യോഗപദവിയിൽ അധഃസ്ഥിതനായിരുന്ന ഒരു നാരായണൻനായർ ഏതു് ഒഴിവു വന്നാലും അപേക്ഷ അയയ്ക്കുമായിരുന്നു, നൂറുരൂപയിൽ കുറഞ്ഞ ശംബളമുള്ള അദ്ദേഹം ഒന്നാം ഗ്രേഡ് ഉദ്യോഗസ്ഥന്റെ ഒഴിവിൽപ്പോലും അപേക്ഷ അയയ്ക്കും. ഗവണ്മെന്റിനു് അദ്ദേഹത്തെക്കൊണ്ടു് ‘സഹികെട്ടു’. ഒടുവിൽ ദിവാൻജിയായിരുന്ന ഹബീബുള്ള, നാരായണൻനായരുടെ ഒരപേക്ഷയിൽ ഇങ്ങനെയെഴുതി: “Tell Mr. Narayanan Nair that I am relinquishing my job. Let him apply for it.” (ഞാൻ എന്റെ ഉദ്യോഗം വേണ്ടെന്നു വയ്ക്കുന്നുവെന്നു് നാരായണൻ നായരെ അറിയിക്കൂ. അദ്ദേഹം അതിനു വേണ്ടി അപേക്ഷ അയയ്ക്കട്ടെ.) കുങ്കുമം വാരികയിൽ സുബോധ്കുമാർ ശ്രീവാസ്തവിന്റെ “അഞ്ചു പുരാണകഥകൾ” തർജ്ജമചെയ്തു് ചേർത്തിരിക്കുന്നതു കണ്ടപ്പോൾ ഞാൻ ഹബീബുള്ള ദിവാൻജിയുടെ ഈ നേരമ്പോക്കു് ഓർമ്മിച്ചുപോയി. പുരാണകഥകൾ ആഖ്യാനംചെയ്യുന്ന മട്ടിൽ രാഷ്ട്രവ്യവഹാരത്തിന്റെ കൊള്ളരുതായ്മകളെ പരിഹസിക്കുന്ന ഈ കൊച്ചുകഥകളിൽ അടിച്ചേല്പിക്കുന്ന ഫലിതമേയുള്ളൂ; കലയുടെ നാട്യമേയുള്ളൂ. ശ്രീവാസ്തവ എവിടെയും തള്ളിക്കയറുന്ന നാരായണൻനായരാണു്, കഥകൾ തർജ്ജമചെയ്ത എന്റെ അഭിവന്ദ്യസുഹൃത്തു് ശ്രീ. വി. ഡി. കെ. നമ്പ്യാർ ക്കു് ഈ ശ്രീവാസ്തവിനെ കേരളത്തിന്റെ വെളിയിൽത്തന്നെ നിറുത്താമായിരുന്നു… ശ്രീവാസ്തവിനെ വിമർശിക്കുന്നമട്ടിലല്ല ഞാൻ കുങ്കുമംവാരികയിൽ “പിച്ചിപ്പൂവിന്റെ ഗന്ധമുള്ള സുന്ദരി” എന്ന ചെറുകഥയെഴുതിയ ശ്രീ. കെ. സി. ഈപ്പനെക്കുറിച്ചു പറയുന്നതു്. ശ്രീവാസ്തവിനെ കുറ്റം പറയാം. ഈപ്പനെപ്പറ്റി അതുവേണ്ട, അത്രയ്ക്കു ക്ഷുദ്രമാണു് അദ്ദേഹത്തിന്റെ കഥ. ചേച്ചിയുടെ വ്യഭിചാരം അനുജനിലൂടെ പരസ്യമാകുന്നതാണു് ഇതിലെ വിഷയം. കഥാകാരനോടു സവിനയം ഇങ്ങനെ ചോദിക്കട്ടെ: “സുഹൃത്തേ, താങ്ങളെന്തിനു് ഞങ്ങളുടെ സുന്ദരപ്രപഞ്ചത്തെ കഥാരചനകൊണ്ടു് വിരൂപമാക്കുന്നു?” ഇങ്ങനെ വിരൂപമായിബ്ഭവിച്ച പ്രപഞ്ചത്തിൽ രാമണീയകത്തിന്റെ ഒന്നുരണ്ടു മയൂഖങ്ങൾ വീഴ്ത്തുന്നു “കുങ്കുമ”ത്തിൽ ‘അഹല്യ’ എന്ന കഥയെഴുതിയ വിമല. വിവാഹിതയെങ്കിലും വിരസമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയുടെ കാമാർത്തമായ മനസ്സിനെ ഈ കഥാകാരി വിദഗ്ദ്ധമായി ചിത്രീകരിക്കുന്നു. കലാപരമായ ആവശ്യകതയ്ക്കുമതീതമായ ഒരു ‘നാട്യം’ ഇതിലുണ്ടു്. എങ്കിലും നമുക്കു് ഈ കഥ വായിക്കാം. അത്രയുമായി.

“ദേശാഭിമാനി” വാരിക ബാലരംഗം വിശേഷാൽപ്രതിയായിട്ടാണു് ഈ പ്രാവശ്യം നമ്മുടെ കൈയിലെത്തിയിരിക്കുന്നതു്. അതിലെ ആദ്യത്തെ കഥ ശ്രീ. ഷാഹുൽ വളപട്ടണം എഴുതിയ “നഷ്ട”മെന്നതാണു്. ഒരാളിന്റെ ഭാര്യ പ്രസവത്തിൽ മരിച്ചുപോകുന്നു. ഭാര്യയുടെ മൃതദേഹംപോലും കാണാൻ അയാൾക്കു കഴിയുന്നില്ല. വിഷാദമൂർച്ഛയിലെത്തിയ ആ ഭർത്താവിനെ തെളിഞ്ഞചിത്രമായി അവതരിപ്പിക്കുന്നു കഥാകാരനായ ഒരു കൊച്ചു ബാലൻ. കഥയുടെ പര്യവസാനം തികച്ചും അസുന്ദരമാണെങ്കിലും കഴിവുള്ള എഴുത്തുകാരനാണു് ഷാഹുലെന്നു് നാം അസന്ദിഗ്ദ്ധമായ ഭാഷയിൽ പ്രഖ്യാപിക്കും. സാഹിത്യമത്സരത്തിൽ ഒന്നാംസമ്മാനം നേടിയ ചെറുകഥയാണു് “മുത്തശ്ശി”. ഫറോക്ക് ഗവണ്മെന്റ് ഹൈസ്ക്കൂളിലെ പത്താംസ്റ്റാൻഡേർഡ് വിദ്യാർത്ഥിനിയായ കുമാരി പി. ഉഷയാണു് കഥാകാരി. എല്ലാവരും വെറുക്കുന്ന മുത്തശ്ശിയോടു ചെറുമകനു തോന്നുന്ന സ്നേഹവും അവരുടെ മരണത്തിൽ അവനുണ്ടാകുന്ന ദുഃഖവുമാണു് ഉഷ ഇതിൽ പ്രതിപാദിക്കുന്നതു്. കൊച്ചുകുട്ടിയുടെ കഥയല്ലേ? എന്റെ നിരൂപണപ്രവണതയെ ഒന്നു് ഉറക്കിക്കിടത്തിയിട്ടു ഞാൻ ഈ കഥാകാരിയെ നിർവ്യാജമായ മട്ടിൽ പ്രശംസിക്കട്ടെ.

ഓ, ഈ ഏകാന്തത! പ്രേമഭാജനത്തിൽനിന്നു മാറിനില്ക്കുന്നതുകൊണ്ടുള്ള ഏകാന്തതയല്ല. എല്ലാറ്റിലും നിന്നു് ഒഴിഞ്ഞു നില്ക്കുന്നതിനാലുള്ള ഏകാന്തത. അതിന്റെ ദുഃഖത്തെ ശ്രീ. ടി. സി. ഭാസ്കരൻ എത്ര ഭംഗിയായി ആവിഷ്ക്കരിക്കുന്നു! ഞാൻ ലക്ഷ്യമാക്കുന്നതു് ചന്ദ്രിക വാരികയിൽ അദ്ദേഹമെഴുതിയ “കാലത്തിന്റെ നിറം” എന്ന ചെറുകഥയെയാണു്. സ്ത്രീസംഗതൽപരനായ ഒരുവന്റെ ഏകാന്തത മുഴുവൻ ഇവിടെയുണ്ടു്. അയാളുടെ വിഷാദമാകെ ഇവിടെയുണ്ടു്. കഥയുടെ ആരംഭവും മദ്ധ്യവും അവസാനവും ഒന്നുപോലെ നന്നായിരിക്കുന്നു… അമ്മയ്ക്കു സൗന്ദര്യമില്ലെങ്കിൽ മകൻ അവരെ വെറുക്കുമോ? വെറുക്കുമെന്നാണു് ശ്രീമതി ലളിതാരാമചന്ദ്രന്റെ മതം. അതു വിശദമാക്കാൻ അവർ ഒരു കഥ പറയുന്നു (അന്വേഷണം മാസിക, ജൂൺ–ജൂലൈ ലക്കം, കാക്ക എന്ന ചെറുകഥ). കഥയിലെ വിഷയം എന്തുമാകട്ടെ. “മനഃശാസ്ത്രപരമായ അസാദ്ധ്യത”വരെ കഥയിൽ വരാം. ആഖ്യാനപാടവത്താൽ അതു് വിശ്വാസജനകമായിബ്ഭവിക്കണം. അത്രേയുള്ളൂ. ഞാൻ കഥാകാരിയോടുതന്നെ ചോദിക്കുന്നു, “ഈ കഥ കലാപരമായ വിശ്വാസം ഉളവാക്കുന്നുണ്ടോ?” മറുപടി ലഭിക്കുന്നില്ല. മറുപടി കിട്ടാത്തതുകൊണ്ടു് ഞാൻ മൗനം അവലംബിക്കട്ടെ. “മൗനം വിദ്വാനുഭൂഷണം”. ഞാൻ വിദ്വാനല്ലെങ്കിലും മൗനംതന്നെയാണു് എനിക്കും ഭൂഷണം.

എന്റെ സ്നേഹിതൻ പറഞ്ഞതാണിതു്: “എന്റെ യുവത്വം ചെമ്പനീർപ്പൂപോലെ വിടർന്നുനിന്ന കാലത്തു് മൂന്നു യുവതികൾ എന്റെ സമീപത്തെത്തി. ഒരുവൾ എന്നെ ആലിംഗനംചെയ്തു. മറ്റൊരുവൾ ‘ഞാൻ അങ്ങയെ സ്നേഹിക്കുന്നു’വെന്നു പറഞ്ഞു. മൂന്നാമത്തവൾ ഒന്നും പറഞ്ഞില്ല. അവൾ എന്നെ നോക്കിയതുപോലുമില്ല. തെല്ലകലെ അവൾ തല കുനിച്ചുനിന്നതേയുള്ളൂ. എങ്കിലും അവൾ പ്രേമസാമ്രാജ്യത്തിലേക്കു് എന്നെ നയിച്ചു. ആദ്യത്തെ രണ്ടുപേർക്കും അതിനു കഴിഞ്ഞില്ല.” സ്നേഹിതന്റെ വാക്കുകൾ ഞാൻ ഓർമ്മിക്കുന്നു. കഥ, കവിത, ഇവയൊക്കെ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടുകൂടിനിന്ന കാമുകിയെപ്പോലെയാണു്. വാചാലത കൂടുമ്പോൾ, പ്രകടനം കൂടുമ്പോൾ സ്വാഭാവികത നശിക്കും.

images/ArthurKoestler76.jpg
ആർതർ കെസ്ലർ

“ഗണിതശാസ്ത്രജ്ഞന്റെ സൃഷ്ടികളോരോന്നും ഒരു ചിത്രകാരന്റെയോ കവിയുടെയോ സൃഷ്ടികളെപ്പോലെ മനോഹരമായിരിക്കും”. ശ്രീ. സിറാജ് മീനത്തേരി മലയാളനാട്ടിലെഴുതിയ “അനന്തമജ്ഞാതമവർണ്ണനീയം” എന്ന നല്ല ലേഖനത്തിൽ അങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. അതിൽ എന്നെക്കുറിച്ചു പറഞ്ഞ വാക്കുകൾക്കു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടു് ഞാൻ എന്റെ മതം ആവിഷ്ക്കരിച്ചു കൊള്ളട്ടെ. സിറാജിന്റെ അഭിപ്രായം ഭാഗികസത്യം മാത്രം ഉൾക്കൊള്ളുന്നതാണു്. E = mc2 എന്ന സമവാക്യമെഴുതുന്നതിന്റെയും ‘ഹാംലറ്റ് ’ രചിക്കുന്നതിന്റേയും പിന്നിലുള്ള പ്രക്രിയ ഒന്നാണെന്നു് സ്ഥാപിക്കാൻ ജെ. ബ്രോണോവ്സ്കി ശ്രമിച്ചിട്ടുണ്ടു് (Science and the Human Values). ശാസ്ത്രം, കല, ഫലിതോക്തി എന്നിവയുടെ പ്രക്രിയകൾ ഒന്നാണെന്നു് ആർതർ കെസ്ലർ ചൂണ്ടിക്കാണിക്കുന്നു (Act of Creation). പക്ഷേ, കല ഉദ്ഗ്രഥനാത്മകമാണു്. ശാസ്ത്രം അപഗ്രഥനാത്മകമാണു്. ശാസ്ത്രം കണ്ട സത്യത്തെക്കാൾ ഉന്നതമായ സത്യമാണു് കലാകാരൻ കാണുന്നതു്. സത്യം സൗന്ദര്യവും സൗന്ദര്യം സത്യവുമായ ഒരു മണ്ഡലത്തിലാണു് കലാകാരൻ എപ്പോഴും ചെല്ലുക. ശാസ്ത്രകാരനു് അതിനു കഴിവില്ല.

അനുഗൃഹീത കലാകാരനായ ശ്രീ. വൈക്കം മുഹമ്മദ് ബഷീറി ന്റെ ഭവനത്തിലേക്കു പോകാൻ ബുദ്ധിമുട്ടില്ലെങ്കിലും പോകേണ്ട വഴിയിൽ മുട്ടിനോളം വെള്ളമുണ്ടെന്നു് ഫലിതാത്മകമായ രീതിയിൽ ശ്രീ. സി. എച്ച്. മുഹമ്മദ്കോയ എഴുതിയിരുന്നതു് ഞാൻ വായിക്കുകയുണ്ടായി. ജീവിതസംഭവങ്ങളുടെ സലിലത്തിലൂടെ സഞ്ചരിക്കുന്ന നമ്മൾ ബഷീറിന്റെ കലാനികേതനത്തിലെത്തുന്നു. ആ കാഴ്ചകൾ കാണാൻ കൗതുകമുള്ളവർക്കു് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ “ഓർമ്മയുടെ അറകൾ” വായിക്കാം. സത്യസന്ധതയുള്ള ശബ്ദമാണു് ബഷീറിന്റേതു്. അതിനു് നിസ്തുലത കാണും. ബഷീറിന്റെ ആത്മകഥ രസാവഹമായിരിക്കുമെന്നു് നമുക്കു പ്രതീക്ഷിക്കാം.

രാഷ്ട്രവ്യവഹാരത്തിൽ തൽപരനല്ല ഈ ലേഖകൻ. കവികൾ വാക്കുകൾകൊണ്ടു് സുവർണ്ണവസ്ത്രം നെയ്തെടുക്കുന്നതു് കണ്ടു് ആഹ്ലാദിക്കുവാനാണു് എനിക്കു കൗതുകം. എന്നാലും ഭാരതത്തിന്റെ വായു ശ്വസിക്കുമ്പോൾ, ഭാരതീയന്റെ കഷ്ടപ്പാടു കാണുമ്പോൾ എനിക്കൊരു വല്ലായ്മ. ആ വായുവിനു് മാലിന്യമുണ്ടോ? എന്റെ സംശയത്തിനു് ശ്രീ. ഇയ്യങ്കോടു് ശ്രീധരൻ ശക്തമായ ഒരു കവിതയിലൂടെ സമാധാനം നല്കുന്നു (മലയാളനാടു്)…ജീവിതത്തിൽ വേദനനിറഞ്ഞ കാര്യങ്ങളുണ്ടു്, അവയെ വിസ്മരിക്കത്തക്കവിധത്തിൽ അനുവാചകനെ ഉറക്കിക്കളയുന്ന കവിതകളുണ്ടു്. അവ ആർക്കും ആദരണീയങ്ങളല്ല. കവിതയിൽ സ്വപ്നത്തിന്റെ രാമണീയകം നിശ്ചയമായും വേണം. അതേസമയം അതിൽ സത്യത്തിന്റെ പുഷ്പം വിരിഞ്ഞുനില്ക്കണം. ശ്രീ. രാമപുരം മുരളി ‘ചന്ദ്രിക’യിലെഴുതിയ “ഉറക്ക”ത്തിലോ ശ്രീ. വെങ്ങാനൂർ സുരേന്ദ്രൻ ‘കുങ്കുമ’ത്തിലെഴുതിയ “നിഴലി”ലോ കാവ്യസത്യത്തിന്റെ പുഷ്പം വിടർന്നുനിന്നു് പരിമളം പ്രസരിപ്പിക്കുന്നില്ല.

വർഷങ്ങൾക്കു മുൻപു് ഞാൻ എന്റെ ഒരു കൂട്ടുകാരിയോടു ചോദിച്ചു: “ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തു് ?” അവൾ മറുപടി പറഞ്ഞു: “കായൽക്കരയിൽ ഒരു വീടുവച്ചു് താമസിക്കണം”. ഞാൻ വീണ്ടും പറഞ്ഞു: “വീടു വയ്ക്കു. അപ്പോൾ ആ ഭവനമാകെ പ്രകാശിപ്പിക്കാൻ ഒരാൾ വരും.” വേമ്പനാട്ടു കായലിലൂടെ ബോട്ടിൽ പോകുമ്പോഴെല്ലാം ഞാൻ അവളുടെ ആ ഭവനം കണ്ടിട്ടുണ്ടു്. സൂര്യപ്രകാശത്തിൽ മുങ്ങിനില്ക്കുന്നതായി, നിലാവിൽ സൗന്ദര്യമാർജ്ജിച്ചതായി, ആ ഭവനം ഒരാൾ പ്രകാശിപ്പിക്കുന്നുണ്ടെന്നും ഞാനറിഞ്ഞു. കലാകാരന്മാർ വാക്കുകൾകൊണ്ടു നിർമ്മിക്കുന്ന ഭവനങ്ങൾക്കുള്ളിൽ കലയുടെ പ്രകാശമില്ല. അതു കൊണ്ടാണു് നമുക്കു ദുഃഖം. പ്രകാശമുണ്ടെങ്കിലോ? അതിൽ നമ്മെക്കാൾ ആഹ്ലാദിക്കുന്നവരായി വേറെ ആരെങ്കിലും ഉണ്ടാകുമോ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-09-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.