സൗന്ദര്യത്തിന്റെ ആസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആത്മപ്രതീതം, വസ്തുപ്രതീതം എന്നീ ദുർഘടപദങ്ങളാണു് ആദ്യം ഓർമ്മയിൽ വരുന്നതു്. ഈ വികടശബ്ദങ്ങൾ കൂടാതെ കഴിച്ചാൽകൊള്ളാമെന്നുണ്ടു്; പക്ഷേ, ഗത്യന്തരമില്ല. സൗന്ദര്യത്തിന്റെ ഊടെടുക്കുവാൻ ശ്രമിച്ചിട്ടുള്ള അഭിജ്ഞന്മാരെല്ലാം ഈ ചിന്താസരണികളിൽ ഏതെങ്കിലുമൊന്നിനോടു പ്രസക്തി കാണാതിരുന്നിട്ടില്ല.
ആത്മപ്രതീതമായ സൗന്ദര്യവാദം ഏതാണ്ടിങ്ങനെ സംക്ഷേപിക്കാം: സൗന്ദര്യമെന്നതു വസ്തുക്കളുടെ ഒരു ഗുണമല്ല; നമ്മുടെ മനസ്സിന്റെ ഒരു ഭാവവിശേഷമാണു്. ഈ ചിത്രം രമണീയമാണെന്നു പറയുന്നതിന്റെ അർത്ഥം ചിത്രത്തിനെന്തെങ്കിലും ഗുണമുണ്ടെന്നല്ല. പിന്നെയോ, പറയുന്ന ആളിന്റെ മനസ്സിൽ അതു് ആനന്ദമുളവാക്കുന്നു എന്നു മാത്രമാണു്. ഒരു കലാവസ്തു സുന്ദരമാണെന്നോ അസുന്ദരമാണെന്നോ പറയുമ്പോൾ നാം ഉദ്ദേശിക്കുന്നതു് നമുക്കു സുഖമോ അസുഖമോ ഉണ്ടാകുന്നു എന്നല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണു് ഒരേ വസ്തുവിനെക്കുറിച്ചുതന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നതു്. സൗന്ദര്യം വസ്തുവിലാണു സ്ഥിതിചെയ്യുന്നതെങ്കിൽ അഭിപ്രായഭിന്നതയ്ക്കു സംഗതിയില്ലല്ലോ. അതു കാണുന്നവരൊക്കെ അതിനെ അഭിനന്ദിച്ചേ മതിയാവൂ. പക്ഷേ, സൗന്ദര്യാവബോധം അവനവന്റെ മനോവികാരത്തെക്കുറിച്ചുള്ള ഒരു തീർപ്പായതുകൊണ്ടു് പലർക്കും പലവിധത്തിൽ തോന്നാനിടയുണ്ടു്. അതുകൊണ്ടാണു് കലാലോകത്തിൽ ഇത്രമാത്രം കലഹങ്ങൾ കാണുന്നതു്. വിമർശകന്മാർ കലാവസ്തുക്കളെയല്ല വിമർശിക്കുന്നതു്, അവരവരുടെ മനോവികാരങ്ങളെ മാത്രമാണു്. ഏറ്റവും അധികം ജനങ്ങളിൽ ഏറ്റവും അധികം ആനന്ദം ഉളവാക്കുന്ന കലാവസ്തു ഏതോ അതാണു് ഏറ്റവും സുന്ദരമായ കലാവസ്തു. ഇങ്ങനെയാണു് ആത്മപ്രതീതവാദത്തിന്റെ പോക്കു്.
എന്നാൽ, സൗന്ദര്യത്തിനാസ്പദമായ ഉപാധികൾ മനസ്സാകുന്ന ആഭ്യന്തരലോകത്തിൽ ആരായുവാൻ പുറപ്പെട്ടാൽ പല വൈഷമ്യങ്ങളും നേരിടേണ്ടിവരും. ജോഡ് എന്ന ചിന്തകൻ ആത്മപ്രതീതവാദത്തിനെതിരായി താർക്കികരീത്യാ പുറപ്പെടുവിച്ചിട്ടുള്ള ഒരു ന്യായം ശ്രദ്ധേയമാണു്: ‘ഈ ചിത്രം സുന്ദരമാണു്’ എന്ന വാക്യത്തിന്റെ അർത്ഥം ‘ഈ ചിത്രം എനിക്കു സുഖം തരുന്നു’ എന്നു മാത്രമാണെന്നാണല്ലോ ആത്മപ്രതീതവാദിയുടെ സിദ്ധാന്തം. സിദ്ധാന്തം ശരിയോ തെറ്റോ ആകട്ടെ, അതു് കുറഞ്ഞപക്ഷം വിവാദക്ഷമമെങ്കിലുമാണെന്നു സമ്മതിക്കണം—അതായതു്, ഈ പ്രമേയത്തിനു് എന്തെങ്കിലും അർത്ഥമുണ്ടു്. സിദ്ധാന്തം ശരിയാണെങ്കിൽ ‘ഈ ചിത്രം സുന്ദരമാണു്’ എന്ന വാക്യത്തിന്റെ സ്ഥാനത്തു് ‘ഈ ചിത്രം എനിക്കു് സുഖം തരുന്നു’ എന്ന വാക്യം പ്രതിഷ്ഠിക്കാം. അങ്ങനെ പ്രതിഷ്ഠിക്കുമ്പോൾ ആദ്യത്തെ പ്രമേയം ഇങ്ങനെ മാറുന്നു: ‘ഈ ചിത്രം എനിക്കു സുഖം തരുന്നു’ എന്നതിന്റെ അർത്ഥം ‘ഈ ചിത്രം എനിക്കു സുഖം തരുന്നു’ എന്നാണു്. ഇതു വെറും പുനരുക്തിയായതുകൊണ്ടു്, വിവാദക്ഷമമല്ല. എന്നാൽ ആദ്യത്തെ പ്രമേയം വിവാദക്ഷമമായിരുന്നു. അതുകൊണ്ടു് ആദ്യത്തെ പ്രമേയവും രണ്ടാമത്തെ പ്രമേയവും ഒന്നല്ല—എന്നുവച്ചാൽ, ‘ഈ ചിത്രം സുന്ദര’മാണെന്നതിനു പകരം ‘ഈ ചിത്രം എനിക്കു സുഖം തരുന്നു’ എന്നു പ്രതിഷ്ഠിക്കുവാൻ പാടില്ല. താർക്കികന്മാർക്കു് ഈ വാദരീതി രോചനീയമായി തോന്നിയേക്കാം.
താർക്കികക്കസർത്തുകൾ കൂടാതെതന്നെ ആത്മപ്രതീതവാദത്തിന്റെ ദുർബ്ബലത കാണിക്കുവാൻ വഴിയുണ്ടു്. ഈ വാദത്തിന്റെ ഉത്ഭവം, ശാസ്ത്ര സമ്മതമായ ലോകവും പരീക്ഷണവിധേയമായ ഭൗതികഗുണങ്ങളും മാത്രമാണു യഥാർത്ഥമെന്നും മറ്റതൊക്കെ മിഥ്യയാണെന്നുമുള്ള ബോധത്തിൽ നിന്നാണു്. ഒരു വസ്തുവിന്റെ ഘനം ശാസ്ത്രീയപരീക്ഷണത്തിനു വിധേയമാണു്. തന്മൂലം അതു വാസ്തവികമാണു്. എന്നാൽ ഒരു വസ്തുവിന്റെ സൗന്ദര്യം ശാസ്ത്രീയനിർവ്വചനത്തിനു തികച്ചും വിധേയമായിട്ടില്ല. അതുകൊണ്ടു സൗന്ദര്യം വാസ്തവികമല്ല. ഇങ്ങനെ വാദിക്കുന്നതു് ശാസ്ത്രീയ പരീക്ഷണത്തിന്റെയും ശാസ്ത്രീയനിർവ്വചനത്തിന്റെയും പരിമിതി മനസ്സിലാക്കാത്തതുകൊണ്ടാണു്. പണ്ടു് പ്ലൂട്ടോ എന്ന ഗ്രഹം ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടു് ഈ ഗ്രഹം പണ്ടില്ലായിരുന്നു എന്നു വാദിക്കാൻ പാടുണ്ടോ? ഏതാണ്ടിതുപോലെയാണു് സൗന്ദര്യ ശാസ്ത്രീയനിർവ്വചനത്തിനു വിധേയമല്ലാത്തതുകൊണ്ടു് അതു വാസ്തവികമല്ലെന്നുള്ള വാദവും.

ആത്മപ്രതീതവാദം പൂർണ്ണമായി സമ്മതിക്കുന്നപക്ഷം, ഒരു വസ്തുവിന്റെ സൗന്ദര്യം മാത്രമല്ല, മറ്റെല്ലാ ഗുണങ്ങളും നമ്മുടെ മനസ്സിൽ മാത്രമാണു സ്ഥിതിചെയ്യുന്നതെന്നു സമ്മതിക്കേണ്ടിവരും. ഈ ചിത്രത്തിനു് മൂന്നടി നീളവും രണ്ടടി വീതിയുമുണ്ടെന്നു പറയുമ്പോൾ, ചിത്രത്തിനു് സ്വന്തമായ ഒരു ലക്ഷണമല്ല ഞാൻ പറയുന്നതെന്നും എന്റെ മനസ്സിലുള്ള ചില ഭാവനകൾ മാത്രമാണു് എന്റെ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്നതെന്നും സമ്മതിക്കേണ്ടിവരും. അതായതു്, നമ്മുടെ മനോവികാരങ്ങൾ ഒഴികെ ബാക്കിയുള്ള എല്ലാറ്റിന്റെയും വാസ്തവികത നിഷേധിക്കേണ്ടിവരും. എന്നാൽ ആത്മപ്രതീതവാദികൾ അത്രത്തോളം പോകാൻ ഒരുക്കമല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമേ അവർ തങ്ങളുടെ വാദം പ്രയോഗിക്കുന്നുള്ളൂ. ഈ നില യുക്തിദൃഷ്ട്യാ സുസ്ഥിരമല്ലല്ലോ.
ആത്മപ്രതീതവാദത്തിൽ, സുന്ദരമായ രണ്ടു വസ്തുക്കളെ താരതമ്യം ചെയ്യുന്നതിനുള്ള മാനദണ്ഡം ആ വസ്തുക്കളിൽ സ്ഥിതിചെയ്യുന്ന ഗുണമൊന്നുമല്ലെന്നും പ്രത്യുത, അഭിനന്ദകന്മാരുടെ എണ്ണവും അഭിനന്ദനത്തിന്റെ ശക്തിയും മാത്രമാണെന്നും നാം കണ്ടു കഴിഞ്ഞു. കാളിദാസന്റെ ശകുന്തളയെക്കാൾ ശാന്താറാമിന്റെ ശകുന്തളയെയാണു് ഇന്നു് അധികം പേർ അഭിനന്ദിക്കുന്നതെന്നും അവരുടെ അഭിനന്ദനം ശക്തിമത്താണെന്നും വിചാരിക്കുക. അപ്പോൾ ശാന്താറാമിന്റെ ശകുന്തളയ്ക്കു് കാളിദാസന്റേതിനേക്കാൾ മെച്ചം കൽപിക്കേണ്ടിവരും. പക്ഷേ, വാസ്തവത്തിൽ ആരും അങ്ങനെ ചെയ്യുന്നില്ല. തലയെണ്ണി കാവ്യഗുണം നിശ്ചയിക്കുന്ന സമ്പ്രദായം ആത്മപ്രതീതവാദികൾക്കുപോലും സ്വീകരിക്കുവാൻ മടിയുണ്ടു്.
ഈ ദുർഘടസന്ധിയിൽ നിന്നു് ഒഴിയുവാൻ വേണ്ടി അവർ മറ്റൊരുപായം പ്രയോഗിക്കുന്നുണ്ടു്. ആസ്വാദകന്മാരുടെ എണ്ണം നോക്കി സൗന്ദര്യത്തെ അളക്കണമെന്നു പറയുമ്പോൾ, യഥാർത്ഥ സഹൃദയന്മാരെ മാത്രമേ അവർ ഉദ്ദേശിക്കുന്നുള്ളൂ എന്നാണു് പുതിയ ന്യായം. ഈ ന്യായമനുസരിച്ചു് സഹൃദയന്മാരുടെ അഭിനന്ദനമാണു് സൗന്ദര്യത്തിന്റെ അധിഷ്ഠാനം. പക്ഷേ സഹൃദയന്മാരുടെയിടയിൽ ലോകോത്തരങ്ങളായ കൃതികളെക്കുറിച്ചുപോലും ഭിന്നാഭിപ്രായമുണ്ടായിട്ടുണ്ടു്. പതിനെട്ടാം നൂറ്റാണ്ടിലെ സഹൃദയന്മാർക്കു് ഷേക്സ്പിയറെ പ്പറ്റി വലിയ മതിപ്പുണ്ടായിരുന്നില്ല. പോപ്പ് ജനിച്ച രാജ്യത്തു്

ഷേക്സ്പിയറുടെ അശിക്ഷിതമായ കലാവികൃതികളെ അഭിനന്ദിക്കുന്നതു് ആശ്ചര്യകരമായിരിക്കുന്നു എന്നു് വോൾട്ടയർ പറഞ്ഞിട്ടുണ്ടു്. സഹൃദയന്മാരുടെയിടയിൽ അഭിപ്രായഭിന്നതയുണ്ടെങ്കിൽ സൗന്ദര്യത്തിനു് അധിഷ്ഠാനം എവിടെ? എന്നുതന്നെയല്ല, ആത്മപ്രതീത സിദ്ധാന്തമനുസരിച്ചു് സഹൃദയത്വം എന്താണെന്നു് തന്നെ നിർവചിക്കുക വയ്യ. ആരാണു് സഹൃദയൻ? ഉൽകൃഷ്ടകൃതികളെയെല്ലാം അഭിനന്ദിക്കുന്നവൻ. ഉൽകൃഷ്ടകൃതികളെന്നു വച്ചാൽ എന്താണു്? സഹൃദയന്മാർ അഭിനന്ദിക്കുന്നതേതോ അതു്. ഇതൊരു ചക്രവാദമാണെന്നു് പ്രത്യക്ഷമാണല്ലോ. നിർവ്വചിക്കേണ്ട പദത്തെത്തന്നെ ആശ്രയിച്ചുകൊണ്ടുള്ള വിവരണം നിർവ്വചനമാകയില്ല.

സൗന്ദര്യാസ്വാദനത്തിൽ രണ്ടു ഘടകങ്ങളുണ്ടു്. ആസ്വദിക്കുന്നതൊന്നു്. ആസ്വദിക്കപ്പെടുന്നതു് മറ്റൊന്നു്. സൗന്ദര്യം മനസ്സിൽ മാത്രമാണു് സ്ഥിതി ചെയ്യുന്നതെങ്കിൽ, സൗന്ദര്യാസ്വാദനമെന്നതിനു് മനസ്സു സ്വയം ആസ്വദിക്കുന്നു എന്നേ അർത്ഥമുള്ളൂ. പക്ഷേ, മനസ്സ് ആസ്വദിക്കുക മാത്രമല്ല ചെയ്യുന്നതു്. വൈരൂപ്യത്തിൽ അതു് അവജ്ഞ ഉൾക്കൊള്ളുകയും ചെയ്യുന്നു. സൗന്ദര്യം മനസ്സിൽ മാത്രമാണു് സ്ഥിതി ചെയ്യുന്നതെങ്കിൽ, വൈരൂപ്യം മനസ്സിൽ സ്ഥിതി ചെയ്യുന്നതായിരിക്കണം. അങ്ങനെയെങ്കിൽ മനസ്സ് അതിനെത്തന്നെ നിഷേധിക്കുവാൻ, അതിനോടുതന്നെ അവജ്ഞ തോന്നുവാൻ ബദ്ധപ്പെടുന്നതു് സ്വാഭാവികമാണോ?
സൗന്ദര്യവും മനോജാതവും അനന്യാപേക്ഷിതമാണെങ്കിൽ ഇന്ന വസ്തുക്കൾക്കു മാത്രമേ നമ്മിൽ സൗന്ദര്യപ്രതീതി ഉളവാക്കുവാൻ സാധിക്കുകയുള്ളൂ എന്നു പറയാവുന്നതല്ല. ഏതു വസ്തുവും സൗന്ദര്യബോധത്തെ തട്ടിയുണർത്തുവാൻ പര്യാപ്തമായിരിക്കണം. പക്ഷേ, നമ്മുടെ അനുഭവം മറിച്ചാണു്. കുപ്പക്കുന്നും ചാണകക്കുഴിയും കണ്ടു നാം സൗന്ദര്യാതിശത്താൽ മതിമറന്നുപോകാറില്ല. സൗന്ദര്യപ്രതീതി ഉളവാക്കുന്ന വസ്തുക്കൾ വളരെയധികമില്ലെന്നാണു് നമ്മുടെ അനുഭവം. പ്രകൃതിയും സുകുമാരകലകളുമാണു് നമ്മിൽ മുഖ്യമായി സൗന്ദര്യാനുഭൂതി ഉണ്ടാക്കുന്നതു്. സൗന്ദര്യം ബാഹ്യലോകാസ്പദമല്ലെങ്കിൽ, ഇങ്ങനെ വരേണ്ട യാതൊരു ന്യായവും കാണുന്നില്ല. നമുക്കു പ്രകൃത്യാ ആഹ്ലാദത്തോടാണു് പ്രതിപത്തി. സൗന്ദര്യജാതമായ ആഹ്ലാദം ബാഹ്യലോകത്തെയല്ല ആശ്രയിച്ചിരിക്കുന്നതെങ്കിൽ, അതു സ്ഥായിയായി നമ്മിൽ കുടികൊള്ളേണ്ടതാണു്. പക്ഷേ, ആഹ്ലാദത്തോടൊപ്പംതന്നെ അതിനു വിപരീതമായ മനോവ്യാപാരവും നമുക്കു് അനുഭവപ്പെടുന്നുണ്ടു്. അതുകൊണ്ടു് സൗന്ദര്യത്തിന്റെ അധിഷ്ഠാനം കണ്ടെത്തണമെങ്കിൽ നമ്മുടെ അന്തരംഗത്തിൽ മാത്രം ദത്താവധാനരായിരുന്നാൽ പോരെന്നും ബഹിർലോകത്തിലേക്കു് ദൃഷ്ടികൾ വ്യാപരിപ്പിക്കേണ്ട ആവശ്യമുണ്ടെന്നും വന്നുകൂടുന്നു.

ഇനി നമുക്കു് ബാഹ്യലോകത്തിലേക്കു കടക്കാം. ബാഹ്യലോകത്തിലെ ഏതേതു ഗുണങ്ങളെ ആസ്പദമാക്കിയാണു് നാം സൗന്ദര്യത്തിന്റെ ഉത്പത്തി കണ്ടെത്തുക? ആ ഗുണങ്ങൾ ഭൗതികമോ അഭൗതികമോ? ഭൗതികമായ ചില ഗുണങ്ങളെ ആധാരമാക്കി സൗന്ദര്യനിർണ്ണയം ചെയ്യുവാൻ പല കലാചിന്തകന്മാരും ശ്രമിച്ചിട്ടുള്ളതായി കാണാം. പതിനെട്ടാംനൂറ്റാണ്ടിലെ പ്രസിദ്ധ രാഷ്ട്രീയചിന്തകനായ ബർക്ക് തന്റെ ഒരു യുവകൃതിയിൽ അങ്ങനെ ഒരു ശ്രമം ചെയ്തിട്ടുണ്ടു്. രമണീയം, മഹനീയം എന്നിവയ്ക്കു തമ്മിലുള്ള വ്യത്യാസം പ്രകടിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യോദ്ദേശ്യം. എന്നാലും പ്രാസംഗികമായി അദ്ദേഹം രമണീയകത്തിന്റെ അധിഷ്ഠാനമായ ചില ഭൗതികഗുണങ്ങളെ പരാമർശിക്കുന്നുണ്ടു്. രമണീയമായ വസ്തു പ്രായേണ ചെറുതായിരിക്കണമെന്നാണു് അദ്ദേഹത്തിന്റെ ഒരു സിദ്ധാന്തം. രമണീയവസ്തുക്കളിൽ ഏതാണ്ടൊരു ഒതുക്കവും കൃശത്വവും ഓമനത്തവും നാം ദർശിക്കുന്നു. വലിപ്പം കൂടുമ്പോൾ രമണീയതയുടെയല്ല, മഹനീയതയുടെ പ്രതീതിയാണു് നമ്മിലുണ്ടാകുന്നതു്. ഈ സിദ്ധാന്തമനുസരിച്ചു് സൂര്യോദയമോ ഹിമാലയപർവ്വതമോ രമണീയമാണെന്നു പറഞ്ഞുകൂടാ. അവ മഹനീയമായ കാഴ്ചകളാണു്. കാളിദാസന്റെ ഹിമാലയവർണ്ണനയിൽ, രമണീയമായ അംശങ്ങൾ അവിടവിടെ കാണുന്നുണ്ടെങ്കിലും ആകെക്കൂടി നോക്കുമ്പോൾ മഹത്ത്വമാണു് മുന്നിട്ടു നിൽക്കുന്നതു്. ‘ഹിമാലയോ നാമ നഗാധിരാജഃ’ എന്ന പദത്തിലെ ‘അ’കാരത്തിന്റെ മന്ദ്രദ്ധ്വനിതന്നെ ഇതിനു ദൃഷ്ടാന്തമാണു്. വലിപ്പം കൂടുന്തോറും സന്തുഷ്ടിയേക്കാൾ വിസ്മയമാണു മനസ്സിൽ പൊന്തിവരുന്നതു്. സുന്ദരവസ്തുക്കൾ മനസ്സിനെ സുഖത്തിലാറാടിക്കുന്നു. എന്നാൽ വലിപ്പമുള്ള വസ്തുക്കൾ മനസ്സിനെ പിടിച്ചുയർത്തുന്നു. രമണീയവസ്തുക്കളിൽ സൗന്ദര്യവും മഹനീയവസ്തുക്കളിൽ ശക്തിയും പ്രതിഫലിക്കുന്നു. അതുകൊണ്ടു് ഒരു വസ്തു സുന്ദരമാണെന്നു പറയണമെങ്കിൽ അതു നമ്മുടെ കണ്ണിലും ഒതുങ്ങുന്നതായിരിക്കണം. അതായതു് ചെറുതായിരിക്കണം. നമുക്കു് ഓമനത്തം തോന്നുന്ന വസ്തുക്കളുടെ നാമത്തോടു് ‘കൊച്ചു’, ‘കുഞ്ഞു’ മുതലായ പദങ്ങൾ ചേർക്കുന്നതു് സാധാരണമാണല്ലോ. സൗന്ദര്യത്തിനാസ്പദമായ മറ്റൊരു ഗുണം മാർദ്ദവമാണു്. അഴകും പരുപരുപ്പും തമ്മിൽ പൊരുത്തമില്ല. ഖനിയിൽനിന്നെടുക്കുന്ന രത്നത്തിനു മിനുപ്പുവരുത്തിയെങ്കിൽ മാത്രമേ അതു് സുന്ദരമാകൂ. ഒന്നുകിൽ മാർദ്ദവം വേണം. അല്ലെങ്കിൽ മാർദ്ദവമുണ്ടെന്നു തോന്നിക്കണം. താടിക്കാരന്റെ മുഖം നമ്മിൽ ആദരവുണ്ടാക്കിയേക്കാം. പക്ഷേ, ക്ഷൗരംചെയ്തെങ്കിൽ മാത്രമേ അതു് സൗന്ദര്യജന്യമായ ആനന്ദം കാണികളിൽ ഉളവാക്കുകയുള്ളു. അതുകൊണ്ടു് മാർദ്ദവത്തെ സൗന്ദര്യത്തിന്റെ അഭിന്നഘടകമായി ബർക്ക് കണക്കാക്കുന്നു. ആകൃതിയെ സംബന്ധിച്ചും ബർക്കിനു ചിലതു പറയുവാനുണ്ടു്. സുന്ദരമായ വസ്തുക്കളൊന്നിലും ഋജുരേഖ മുന്നിട്ടുനിൽക്കുകയില്ലെന്നാണു് അദ്ദേഹത്തിന്റെ വാദം. അഴകുള്ള ഏതു വസ്തുവിലും ഒരു വളവു കാണാതിരിക്കുകയില്ല. ആ വളവു പൊടുന്നനവേയുള്ളതായിരിക്കുകയില്ല. തനിവൃത്തത്തിൽ യാതൊരു ഭംഗിയുമില്ലെന്നാണു് ബർക്കിന്റെ വാദം. വട്ടക്കണ്ണ്, വട്ടത്തല മുതലായവ സങ്കല്പിക്കുക. സുന്ദരമായ വസ്തുവിലെ വളവു മെല്ലെമെല്ലെയാണു പ്രത്യക്ഷപ്പെടുക. നേർവര മുന്നിട്ടുനിൽക്കുന്ന വസ്തുക്കൾ ചിലപ്പോൾ മഹനീയമായിരിക്കാമെങ്കിലും അവയെ സുന്ദരമെന്നു പറഞ്ഞുകൂടാ. അതിലും വിശേഷിച്ചു്, സമകോണത്തിൽ വിലങ്ങനെ നിൽക്കുന്ന രേഖകൾ ഒരിക്കലും സുന്ദരമാകയില്ല. അതുകൊണ്ടു് കുരിശ് അഴകുള്ള ആകൃതിയല്ല. ഈജിപ്തിലെ സ്തൂപങ്ങൾ മഹനീയമാണു്; പക്ഷേ, അവ രമണീയമല്ല. താജ്മഹൽപോലും രമണീയമോ മഹനീയമോ എന്നു ബർക്ക് സംശയിച്ചേക്കാം, അതു വാസ്തവത്തിൽ അത്രവലിയതാണു്. പക്ഷേ, അല്പം അകലെനിന്നു നോക്കുമ്പോൾ അതിന്റെ അംഗങ്ങളുടെ സമീചീനമായ പൊരുത്തംകൊണ്ടു തോന്നിക്കുന്ന ഓമനത്തവും അതിന്റെ മിനുമിനുപ്പും, താഴികക്കുടം മുതലായവയുടെ വളവും അതിനെ രമണീയവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയേക്കാം. മേൽപ്പറഞ്ഞവ കൂടാതെ മറ്റു പല ഭൗതികഗുണങ്ങളും സൗന്ദര്യത്തിനാധാരമായി സങ്കല്പിക്കപ്പെട്ടിട്ടുണ്ടു്.

ഏറെക്കുറെയുള്ള ദുർബലത, കണ്ണു് മഞ്ഞളിപ്പിക്കുന്ന വർണ്ണങ്ങളുടെ അഭാവം, വർണ്ണങ്ങളുടെ നാനാത്വം, സ്വച്ഛമായ വെളിച്ചം—ഇങ്ങനെ പലതും. ഈ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയാൽ സൗന്ദര്യം താനേ ഉളവാകുമെന്നാണു് ഭൗതികവാദം. പ്രാവിന്റെ മാറിടം, പൈതലിന്റെ കവിൾത്തടം, പൂവിന്റെ ഇതൾ, തരുണിയുടെ കണ്ഠ-സ്തനങ്ങൾ ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളാണു് ബർക്ക് തന്റെ വാദത്തിനു് ഉപോൽബലകമായി ചൂണ്ടികാണിക്കുന്നതു്. പ്രസ്തുത ഗുണങ്ങൾക്കു സമാനമായി കലാലോകത്തിലും ചില ലക്ഷണങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ടു്. ബൃഹത്തായ ഒരു ശില്പമോ ഹോമറിന്റെ മഹാകാവ്യമോ രമണീയമാണെന്നു് അദ്ദേഹം പറയുകയില്ല. അവ മഹനീയമെന്ന മറ്റൊരു പട്ടികയിലാണുൾപ്പെടുന്നതു്. രമണീയവസ്തുക്കൾ പ്രേമത്തോടു സാദൃശ്യമുള്ള ഒരു വികാരം നമ്മിൽജനിപ്പിക്കുന്നു. നമ്മിലുള്ള സ്ഥൂലതയെല്ലാം ദ്രവിപ്പിക്കുന്നു. ഈ ഫലം വസ്തുക്കളുടെ മേൽപറഞ്ഞ ഗുണങ്ങളെ മാത്രമാണു് ആശ്രയിച്ചിരിക്കുന്നതെന്നാണു് ബർക്കിന്റെ വാദം. ഈ ഗുണങ്ങൾ ഇന്ദ്രിയമാർഗ്ഗേന നമ്മിൽ ജനിപ്പിക്കുന്ന വികാരമാണു് സൗന്ദര്യാവബോധം. ഈ ഗുണങ്ങളുടെ സംയോഗത്തിൽ പ്രസ്തുത ഫലം ഉളവാകാതിരിക്കുകയില്ല; ഉളവായേ കഴിയൂ എന്നുതന്നെ പറയാം. ഇങ്ങനെ വസ്തുക്കളുടെ ഭൗതികഗുണങ്ങളെ സൗന്ദര്യത്തിന്റെ അധിഷ്ഠാനമായി കല്പിക്കുന്നതു് പ്രഥമദൃഷ്ടിയിൽ യുക്തിയുക്തമായി തോന്നാമെങ്കിലും, അതു നമ്മുടെ അനുഭവത്തിനു യോജിച്ചതല്ല. ഒരാൾ സുന്ദരമെന്നു കരുതുന്നതു് മറ്റൊരാൾ മറിച്ചു വിചാരിക്കുന്നതിന്റെ ന്യായം ഈ വാദത്തിൽനിന്നു വിശദീഭവിക്കുന്നില്ല. ഒരു വസ്തുവിന്റെ ഘനം, നിറം മുതലായ ഭൗതികഗുണങ്ങളെക്കുറിച്ചു് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ലല്ലോ. എന്നാൽ സൗന്ദര്യത്തിന്റെ കാര്യം അങ്ങനെയല്ല. ഒരാളിന്റെ കാമിനിയെപ്പറ്റി മറ്റൊരാൾ, “അവൻ എന്തു കണ്ടിട്ടാണു് ആ പെണ്ണിലിത്ര ഭ്രമിച്ചു നടക്കുന്നതു്?” എന്നു ചോദിക്കുന്നു. വസ്തുക്കളുടെ ഗുണം മാത്രം നോക്കിയാൽ ഈ സംശയങ്ങൾക്കു പരിഹാരമുണ്ടാകുകയില്ല. ഗുണങ്ങളെപ്പറ്റി സൗന്ദര്യം നിശ്ചയിക്കുന്ന രീതിയുടെ അപര്യാപ്തത കാണിക്കുവാൻ ഒരു ദൃഷ്ടാന്തം മതി. ഞാൻ ഇതു് എഴുതിക്കൊണ്ടിരിക്കുമ്പോൾ തറയിൽ ഒരു തേരട്ട ഇഴഞ്ഞു പോകുന്നതു കാണുന്നു. ബർക്ക് സൗന്ദര്യാധിഷ്ഠാനമായി കല്പിക്കുന്ന ഗുണങ്ങളെല്ലാം അതിനുണ്ടു്. അതു് ചെറുതാണു്. അതിന്റെ ആകൃതിയിൽ വളവുണ്ടു്. ഞാൻ അതിനെ തൊട്ടുനോക്കിയില്ല. എന്നാലും അതിന്റെ പുറത്തിനു മിനുസമുണ്ടെന്നാണു തോന്നുന്നതു്. നിറവും തരക്കേടില്ല. ദുർബലതയും കൃശത്വവും അതിനുണ്ടു്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേമത്തോടു യാതൊരു സാദൃശ്യവുമുള്ള വികാരമല്ല അതിനെ കാണുമ്പോൾ എനിക്കുണ്ടാകുന്നതു്. അതിനെ കാണുമ്പോഴുള്ള അറപ്പു് എനിക്കു മാത്രമല്ല തോന്നുന്നതെന്നും എനിക്കറിയാം. ഭൗതികഗുണവാദം ശരിയാണെങ്കിൽ അങ്ങനെ തോന്നാൻ വഴിയില്ല. ഈ ഭൗതികവാദത്തിന്റെ പരിഷ്കരിച്ച ഒരു രൂപം ഹെർബർട്ടു് സ്പെൻസറിന്റെ കൃതികളിൽ കാണാം. നിലയിലും ചലനത്തിലുമുള്ള സൗന്ദര്യമാണു് അദ്ദേഹത്തിന്റെ ചിന്താവിഷയം. ഭംഗിയുള്ള നിലയിലും ഇരിപ്പിലും നടത്തയിലും മറ്റും, ശ്രമത്തിന്റെ അഭാവമാണു് സൗന്ദര്യത്തിന്റെ നിദാനമായി അദ്ദേഹം കണ്ടെത്തിയിരിക്കുന്നതു്. തടിച്ച മനുഷ്യന്റെ പണിപ്പെട്ടുള്ള നടപ്പിൽ സൗന്ദര്യമില്ല. കുന്തം വിഴുങ്ങിയപോലെ കസേരയുടെ അറ്റത്തുള്ള ഇരുപ്പിൽ സൗന്ദര്യമില്ല. നൃത്തത്തിൽ, സാഹസപ്പെട്ടുള്ള അംഗവിക്ഷേപങ്ങളൊന്നിലും സൗന്ദര്യമില്ല. ഭാഗവതർ മുഖം കോട്ടി ശബ്ദം പുറപ്പെടുവിക്കുന്നതിനുള്ള ശ്രമം പ്രത്യക്ഷപ്പെടുത്തി ചെയ്യുന്ന ആലാപനത്തിൽ സൗന്ദര്യമില്ല. കൈ രണ്ടും തുടയോടു ചേർത്തു പിടിച്ചു് വടിപോലെ നടക്കുന്നതിൽ സൗന്ദര്യമില്ല. അങ്ങനെ ശ്രമം എവിടെ പ്രത്യക്ഷപ്പെടുന്നുവോ അവിടെ സൗന്ദര്യം വിരളമായിരുക്കുമെന്നാണു് സ്പെൻസറിന്റെ സിദ്ധാന്തം. പക്ഷേ ഇതും സൗന്ദര്യത്തിന്റെ ഒരു സമഞ്ജസമായ നിർവ്വചമാണെന്നു പറഞ്ഞുകൂടാ. നിർവ്വചനം ശരിയാണെങ്കിൽ ശക്തിവ്യയം പരിമിതമായി കാണുന്നേടത്തെല്ലാം സൗന്ദര്യവും കാണണമല്ലോ. രണ്ടു കാലിൽ നിൽക്കുന്നതിനേക്കാൾ ശ്രമക്കുറവ് കമിഴ്‌ന്നടിച്ചു നിലത്തു കിടക്കുന്നതിലാണു്. അതുകൊണ്ടു് രണ്ടാമത്തെ അവസ്ഥയാണു് കൂടുതൽ ഭംഗിയുള്ളതെന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? ശ്രമക്കുറവിന്റെ പരമാവധികാണുന്നതു് ഒരു ശവത്തിന്റെ കിടപ്പിലാണു്. അതിലാണോ ഏറ്റവും അധികം സൗന്ദര്യം? ഭൗതികഗുണങ്ങളെ മാത്രം മാനദണ്ഡമാക്കുന്ന സൗന്ദര്യാന്വേഷണം തികച്ചും അപര്യാപ്തമാണെന്നാണു് ഇത്രയും പറഞ്ഞതിൽനിന്നു മനസ്സിലാക്കേണ്ടതു്.
പരിച്ഛിന്നമായ ഭൗതികഗുണമൊന്നുമില്ലാത്തിടത്തും നാം സൗന്ദര്യം കാണുന്നുണ്ടു്. ലക്ഷ്മണൻ ഊർമ്മിളാദേവിയെ തനിച്ചിരുത്തിക്കൊണ്ടു് ചേട്ടന്റെ കൂടെ കാട്ടിലേക്കു് ചാടിപ്പുറപ്പെടുന്നതു് അത്യന്തം സുന്ദരമായ ഒരു സന്ദർഭമാണു്. അതിൽ ഭൗതികഗുണമെവിടെ? ദർഭമുന കാലിൽകൊണ്ടുവെന്നു വെറുതെ നടിച്ചു് നിലകൊള്ളുന്ന ശകുന്തളയുടെ നോട്ടം അത്യധികം മനോജ്ഞമാണു്. ശകുന്തളയുടെ ആകാരത്തിൽ ഭൗതികഗുണമുണ്ടായിരിക്കാമെങ്കിലും ആ നോട്ടത്തിന്റെ മനോജ്ഞത ഭൗതികഗുണജാതമാണെന്നു പറയുക വയ്യ.

‘നിന്റെ ആവശ്യം എന്റേതിനേക്കാൾ വലിയതാണു്’ എന്നുള്ള സർ ഫിലിപ്പ് സിഡ്നിയുടെ പ്രഖ്യാതമായ ചരമവാക്യത്തിന്റെ സൗന്ദര്യം ഏതു ഭൗതികഗുണത്തിലാണു കണ്ടെത്തുക? ‘രാജ്യസ്നേഹം മാത്രം പോരാ’ എന്നു് ഈഡിത്ത് കാവെലിന്റെ വാക്യത്തിലും, ജ്ഞാനവൃദ്ധനായ ഗീഥേ അന്ത്യശ്വാസത്തോടുകൂടി ‘വെളിച്ചം! കൂടുതൽ വെളിച്ചം’ എന്നു് ആക്രോശിക്കുന്നതിലും സഹൃദയന്മാർ സൗന്ദര്യം കാണുന്നു. തുല്യ സാധുത്വമുള്ള രണ്ടു ഗണിതമാർഗ്ഗങ്ങളിൽ ഒന്നു് സുന്ദരവും മറ്റതു് അസുന്ദരവും എന്നു ഗണിതശാസ്ത്രജ്ഞന്മാർ വിധിക്കുന്നു. ഇവയിലൊന്നിലും ഭൗതികഗുണത്തിന്റെ പ്രസക്തിയില്ല. എന്നാലിനി അഭൗതികമണ്ഡലത്തിൽ കടന്നാലോ?
പ്ലേറ്റോ തുടങ്ങിയുള്ള ചിന്തകന്മാർ ഭൗതികമായ എല്ലാ ഗുണങ്ങൾക്കും ആധാരമായും, അവയേക്കാൾ ഉപരിഷ്ഠവും വാസ്തവികവുമായും ഒരു അഭൗതികസത്തയെ സങ്കല്പിക്കുന്നു. ഈ ചിന്താഗതി ഭാരതീയർക്കു സുപരിചിതമാണല്ലോ. പ്രപഞ്ചത്തിൽ കാണുന്ന സൗന്ദര്യമെല്ലാം പരമമായ സൗന്ദര്യത്തിന്റെ (Absolute Beauty) നിഴൽ മാത്രമാണെന്നാണു് പ്ലേറ്റോ സങ്കല്പിക്കുന്നതു്. പ്ലേറ്റോവിന്റെ സിദ്ധാന്തത്തിൽ, സ്ഥൂലവസ്തുവിനേക്കാൾ പരമാർത്ഥമായി സ്ഥിതി ചെയ്യുന്നതു് അതിന്റെ ചിദ്രൂപമാണു് (Pre-existing idea). നാം വാസ്തവികമെന്നു വിചാരിക്കുന്നതെല്ലാം വെറും നിഴലാണു്. മനുഷ്യാത്മാവ് ഒരു ഗുഹയിൽ ബന്ധനസ്ഥനായി നിലകൊള്ളുന്നു. പിന്നിൽ ഒരു അഗ്നികുണ്ഡവും അഭിമുഖമായി ഒരു ചുമരുമുണ്ടു്. പിന്തിരിഞ്ഞു നോക്കുവാൻ മനുഷ്യാത്മാവിനു കഴിവില്ല. മുന്നിൽ കാണുന്ന ചുമരിലെ ചലിച്ചുകൊണ്ടിരിക്കുന്ന നിഴലാട്ടമാണു് ഇക്കാണുന്ന പ്രപഞ്ചം. പ്രപഞ്ചത്തിൽ വല്ലതും സുന്ദരമായി നമുക്കു തോന്നുന്നുണ്ടെങ്കിൽ അതു പരമസൗന്ദര്യത്തിന്റെ ലഘു മാത്രമായ ഒരു പ്രതിബിംബമല്ലാതെ മറ്റൊന്നുമല്ല. സൗന്ദര്യത്തിന്റെ അധിഷ്ഠാനം പാരലൗകികവും അതീന്ദ്രിയവുമാണു്. പ്ലേറ്റോവിന്റെ ഈ സിദ്ധാന്തം കലാകുശലന്മാരും മതിമാന്മാരുമായ പലരേയും ആകർഷിച്ചിട്ടുണ്ടു്. മാനസികസൗന്ദര്യത്തെക്കുറിച്ചുള്ള ഷെല്ലിയുടെ ഗീതം ഒരു ദൃഷ്ടാന്തമാണു്. ഈ ഗീതം ടാഗോറിനെ വളരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടു്.

പരമമായ സൗന്ദര്യത്തിന്റെ പ്രതീതി എപ്പോൾ, എവിടെവച്ചു്, എങ്ങനെ ഉണ്ടാകുമെന്നു് ആർക്കും നിർണ്ണയിക്കുക വയ്യാ. ടാഗോറിന്റെ നവയൗവനത്തിൽ കൽക്കത്തായിൽ വച്ചാണു് അദ്ദേഹത്തിനു് ഈ പ്രതീതി ആദ്യം ഉണ്ടായതെന്നു് അദ്ദേഹത്തിന്റെ ജീവിതസ്മരണകളിൽ കാണുന്നതു്. ഹിമാലയത്തിലെ പ്രകൃതിവിലാസത്തിന്റെ സാന്നിദ്ധ്യത്തിൽ ഈ പ്രതീതി ഒന്നുകൂടി ദൃഢതരമാകുമെന്നു് അദ്ദേഹം ആശിച്ചു. പക്ഷേ, ഡാർജിലിങ്ങിൽ പോയപ്പോൾ പ്രതീക്ഷ ഫലിച്ചില്ല. പരമമായ സൗന്ദര്യജ്യോതിസ്സിൽനിന്നുള്ള കിരണം ചില അനുഗൃഹീതപുരുഷന്മാരുടെ സൂക്ഷ്മഗ്രാഹിയായ മനസ്സിൽ ചില അനുഗൃഹീതസന്ദർഭങ്ങളിൽ പൊടുന്നനവേ നിപതിക്കുന്നു; ഉത്തരക്ഷണത്തിൽ അദൃശ്യമാകുന്നു. അതിന്റെ വരവും പോക്കും പ്രതീക്ഷയ്ക്കോ ഊഹത്തിനോ വിധേയമല്ല. പ്ലേറ്റോവിന്റെ സിദ്ധാന്തത്തിൽ ചില ഭേദഗതികൾ വരുത്തി കാലാനുസൃതമായി പരിഷ്കരിക്കുവാനാണു് ജർമ്മൻ ചിന്തകനായ ഹെഗൽ ശ്രമിച്ചിട്ടുള്ളതു്.
ഹെഗലിന്റെ സിദ്ധാന്തം അർവ്വാചീനന്മാരായ പല കലാചിന്തകന്മാരേയും വ്യാമോഹിപ്പിച്ചിട്ടുണ്ടു്. പരിച്ഛിന്നവും അഭേദവുമായ ഗുണങ്ങളോടു കൂടിയ യാതൊരു വസ്തുവും ഇല്ലെന്നാണു് ഹെഗൽ സമർത്ഥിക്കുന്നതു്. യാതൊന്നിനും സുസ്ഥിതിയില്ല. ഒരു വസ്തു സുന്ദരമാണെങ്കിൽ അതേ സമയത്തുതന്നെ അസുന്ദരവുമാണു്. പരസ്പരവൈരുദ്ധ്യമാണു് പ്രപഞ്ചനിയമം. ചിലപ്പോൾ കാരണം കാര്യവും, മറ്റു ചിലപ്പോൾ കാര്യം കാരണവുമായിത്തീരുന്നു. ‘ആയിത്തീരുന്നു’—അതാണു് മുദ്രാവചനം. ‘ആയി’ എന്നു സമർത്ഥിക്കുകയും സ്വയം നിഷേധിക്കുകയും ചെയ്യുന്നു. ഒരു സുന്ദരമായ കലാവസ്തു ഉണ്ടാകുമ്പോൾത്തന്നെ കാലം അതിൽ കാക്കക്കാലു വരച്ചു തുടങ്ങുന്നു. വർണ്ണങ്ങൾ നിഷ്പ്രഭമാകുന്നു; രമ്യഹർമ്മ്യങ്ങൾ കാറ്റും മഴയുമേറ്റു ജീർണ്ണിച്ചുതുടങ്ങുന്നു; ഭാഷയും ആശയങ്ങളും വ്യത്യാസപ്പെട്ടുതുടങ്ങുന്നു. എല്ലാം ചഞ്ചലം; എല്ലാം പരസ്പരവിരുദ്ധം! മുകളിലത്തെ വാക്യം എഴുതുന്നതിനിടയ്ക്കു് എന്നിൽനിന്നു് അസംഖ്യം പരമാണുക്കൾ നിർഗ്ഗമിക്കയും എന്നിലേക്കു് അസംഖ്യം പരമാണുക്കൾ അന്തർഗ്ഗമിക്കയും ചെയ്യുന്നു; എന്റെ മനസ്സു് കാലത്തിൽ ഒരു നിമിഷംകൂടി തരണംചെയ്തു് മറ്റൊന്നായിത്തീരുന്നു. സൗന്ദര്യം ഒരു ഗുണമാണെങ്കിൽ അതിൽത്തന്നെ പ്രതിലോമമായ മറ്റൊരു ഗുണവും ലയിച്ചുകിടക്കുന്നു. അങ്ങനെയിരിക്കെ, സൗന്ദര്യത്തിനു് സുസ്ഥിരമായ അധിഷ്ഠാനമെവിടെ? ഈ ഘട്ടത്തിലാണു് ഹെഗൽ പ്ലേറ്റോവിന്റെ സിദ്ധാന്തത്തെ ആശ്രയിക്കുന്നതു്. അതിപ്രാചീനമായ ഒരു ചിദ്രൂപത്തിൽ അദ്ദേഹവും വിശ്വസിക്കുന്നുണ്ടു്. ഈ ചിദ്രൂപം സ്ഥൂലതയെ പ്രാപിക്കാനുള്ള ശ്രമമാണു് പ്രപഞ്ചഗതി. സൗന്ദര്യാത്മകമായ ചിദ്രൂപം സ്വയം സാക്ഷാത്കരിക്കുവാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സ്ഥൂലമായ കണികകളാണു് പ്രപഞ്ചത്തിൽ കാണുന്ന സൗന്ദര്യമത്രയും. ഇങ്ങനെ അഭൗതികമണ്ഡലത്തിൽ വിഹരിക്കുന്ന സൗന്ദര്യസിദ്ധാന്തങ്ങളെക്കുറിച്ചു് എനിയ്ക്കു് ഒന്നേ പറയാനുള്ളു. യുക്തിക്കു പ്രവേശമുള്ള ഒരു മണ്ഡലമല്ല അതു്. അനുഭവമാണു് അവിടെ പ്രമാണം. അതുള്ളവർക്കേ എന്തെങ്കിലും പറയുവാൻ അവകാശമുള്ളു. അതില്ലാത്തവർ കണ്ണുമിഴിച്ചിരുന്നുകൊള്ളണം. വിവാദത്തിനും സിദ്ധാന്തത്തിനും ഇവിടെ സ്ഥാനമില്ല. തെളിയിക്കുവാനോ നിഷേധിക്കുവാനോ ഇവിടെ കാര്യമില്ല. അനുഭവിച്ചറിഞ്ഞിട്ടുള്ളവർക്കു് സൗന്ദര്യത്തിന്റെ അധിഷ്ഠാനത്തെക്കുറിച്ചുള്ള വാദം തന്നെ വ്യർഥമായിത്തോന്നും.
സാധാരണന്മാർക്കു വീർപ്പുമുട്ടുന്ന പരമണ്ഡലത്തിൽനിന്നിറങ്ങി, സാങ്കേതികമായ ചില മാനദണ്ഡങ്ങളെ ആശ്രയിച്ചു് സൗന്ദര്യത്തിന്റെ നിദാനം കണ്ടെത്താമോ എന്നു നോക്കാം. സുന്ദരമായ ഏതൊരു വസ്തുവിനും അവയവങ്ങളുണ്ടല്ലോ. ഈ അവയവങ്ങളുടെ സമീചീനമായ യോജിപ്പിൽ നിന്നാണു് സൗന്ദര്യമുണ്ടാകുന്നതെന്നു് ചിലർ വാദിക്കുന്നു. അംഗങ്ങളുടെ പരിണാമം ക്രമീകൃതമായിരിക്കുക, അവയ്ക്കുതമ്മിൽ പൊരുത്തമുണ്ടായിരിക്കുക, അംഗിയായ വസ്തുവിനു് അവ വിധേയമായിരിക്കുക—ഇതാണു് ‘സൗന്ദര്യത്തിന്റെ രഹസ്യമെന്നാണു്’ പ്രസ്തുത വാദത്തിന്റെ സാരം. ഈ വാദം ശരിയാണെങ്കിൽ ഒരു വസ്തു സുന്ദരമാണെന്നു് നമുക്കു ബോധ്യപ്പെടുന്നതിനുമുമ്പു്, അതിന്റെ അംഗങ്ങൾ പരിശോധിച്ചു് അവയുടെ പൊരുത്തം നാം മനസ്സിലാക്കിയിരിക്കണം, പക്ഷെ, നമ്മുടെ അനുഭവം മറിച്ചാണു്. ‘സൗന്ദര്യബോധമാണ്’ ആദ്യം ഉദ്ദീപ്തമാകുന്നതു്. അതിനു ശേഷമാണു് ‘അളവുകോലും യുക്തിവാദവും’ മറ്റും നാം പ്രയോഗിക്കുന്നതു്. സൗന്ദര്യത്തെ ആസ്വദിക്കുന്നതു് യുക്തിയേക്കാൾ ആന്തരികവും ക്ഷിപ്രപ്രവർത്തകവുമായ ഒരു ശക്തിയാണു്. ‘അവയവപ്പൊരുത്തവും സൗന്ദര്യവും ഒന്നുതന്നെയാണെങ്കിൽ, പൊരുത്തമുള്ളിടത്തെല്ലാം സൗന്ദര്യം അനുഭവപ്പെടുകയും പൊരുത്തമില്ലാത്തിടത്തെല്ലാം വൈരൂപ്യം അനുഭവപ്പെടുകയും ചെയ്യേണ്ടതാണു്’. അംഗവൈകല്യമില്ലാത്ത മനുഷ്യരെല്ലാം സുന്ദരന്മാരാണെന്നു പറയേണ്ടിവരും. പക്ഷെ, അംഗവൈകല്യമില്ലാത്ത പലരേയും നാം കാണുന്നുണ്ടെങ്കിലും സൗന്ദര്യം ചുരുക്കം ചിലർക്കു മാത്രമേയുള്ളു. സമചതുരമായ ഒരു രൂപത്തിന്നു നല്ല പൊരുത്തമുണ്ടെങ്കിലും പറയത്തക്ക സൗന്ദര്യമൊന്നുമില്ല. നേരേ മറിച്ചു്, പ്രകൃതിയിലുള്ള സുന്ദരമായ പല വസ്തുക്കളിലും നിശ്ചിതമായ യാതൊരു പൊരുത്തവും കാണുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. സാമാന്യം വലിപ്പമുള്ള പനിനീർപ്പൂവു് അതിനോടു് പ്രത്യക്ഷമായ യാതൊരു പൊരുത്തവുമില്ലാത്ത നേരിയ ഞെട്ടിൽ കഴുത്തൊടിഞ്ഞതുപോലെയാണു സ്ഥിതിചെയ്യുന്നതു്. അതുകൊണ്ടു് റോസാപ്പൂവിനു സൗന്ദര്യമില്ലെന്നു് വരുമോ? അരയന്നത്തിനു നീണ്ട കഴുത്തും ചെറിയ വാലും, മയിലിനു നീണ്ട വാലും താരതമ്യേന ചെറിയ കഴുത്തുമാണുള്ളതു്. എന്നുവച്ചു്, അവയുടെ സൌന്ദര്യം അഭിനന്ദിക്കാത്തവരുണ്ടോ? വൻമരങ്ങൾക്കു ചെറുപൂവും ചെറുചെടികൾക്കു താങ്ങാൻ വയ്യാത്ത വലിപ്പത്തിലുള്ള പൂവും ഉള്ളതായി നാം കാണുന്നുണ്ടു്.

രണ്ടും രണ്ടുവിധത്തിൽ സുന്ദരമാണു്. ഇതിലുള്ള പൊരുത്തമെന്താണെന്നുള്ള അന്വേഷണം വ്യർത്ഥമായിരിക്കും. കാവ്യവിചാരത്തിലാണു് പരസ്പരാനുരൂപ്യത്തെക്കുറിച്ചുള്ള നിർദ്ദേശം പ്രബലമായി കാണുന്നതു്. കൃത്രിമസൃഷ്ടിയായ കാവ്യത്തിൽ പരസ്പരാനുരൂപ്യം ഒരു അനുപേക്ഷണീയമായ ലക്ഷണമാണെന്നുള്ളതിനു തർക്കമില്ല. എന്നാൽ ഇവിടെയും പരസ്പരാനുരൂപ്യം സൌന്ദര്യത്തിന്റെ പര്യായമല്ലെന്നു കാണിക്കുവാൻ ചില കാവ്യശകലങ്ങൾ പരിശോധിച്ചാൽ മതി. കോൾറിഡ്ജിന്റെ Kubla Khan, കീറ്റ്സിന്റെ Hyperion മുതലായ കൃതികൾ അപൂർണ്ണങ്ങളാണു്; എന്നുവച്ചാൽ അവയ്ക്കു രൂപമില്ല; എന്നുവച്ചാൽ, പൊരുത്തത്തെക്കുറിച്ചുള്ള ചിന്തതന്നെ അവയുടെ കാര്യത്തിൽ അസംഗതമാണു്. എങ്കിലും അവ ആദ്യന്തം സുന്ദരമായ കാവ്യശകലങ്ങളാണെന്നു് ആരും സമ്മതിക്കും. കാവ്യത്തിനു് അവയവപ്പൊരുത്തം വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. പ്രസ്തുത ഗുണവും സൌന്ദര്യവും ഒന്നല്ലെന്നേ വിവക്ഷയുള്ളൂ. ഉപയോഗത്തെ ആസ്പദമാക്കിയാണു് മറ്റു ചിലർ സൌന്ദര്യം നിർണ്ണയിക്കുന്നതു്. ഉദ്ദിഷ്ടഫലപ്രാപ്തിക്കു് ഏറ്റവും ഉതകുന്ന വസ്തു ഏതോ, അതാണു സുന്ദരവസ്തു. സോക്രട്ടീസും അരിസ്റ്റിപ്പസും തമ്മിലുള്ള സംഭാഷണം ഈ വാദഗതിയെ വിശദമാക്കുന്നുണ്ടു്.
- അരിസ്റ്റിപ്പസ്:
- “വല്ല വസ്തുവും സുന്ദരമാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?”
- സോക്രട്ടീസ്:
- “പല വസ്തുക്കളും.”
- അരിസ്റ്റിപ്പസ്:
- “അപ്പോൾ അവയെല്ലാം പരസ്പരം ഒന്നുപോലെയാണോ?”
- സോക്രട്ടീസ്:
- “അവയിൽ പലതും പരസ്പരം യാതൊരു സാദൃശ്യവുമില്ലാത്തതാണു്.”
- അരിസ്റ്റിപ്പസ്:
- “സുന്ദരമായ ഒരു വസ്തുവിനു സുന്ദരമായ മറ്റൊരു വസ്തുവിനോടു സാദൃശ്യമില്ലെന്നു പറയുന്നതെങ്ങിനെ?”
- സോക്രട്ടീസ്:
- “ഗുസ്തിചെയ്യുവാൻ പറ്റിയ ശരീരപ്രകൃതിയോടുകൂടിയ ഒരു മനുഷ്യൻ ഓട്ടത്തിനു പറ്റിയ ശരീരഘടനയോടുകൂടിയ മനുഷ്യനെപ്പോലെയല്ല; ശത്രുവിനെ നിരോധിക്കുവാനുതകുന്ന പരിച ശത്രുവിനെ ആക്രമിക്കുവാനുതകുന്ന കുന്തംപോലെയല്ല.”
തുടർന്നുണ്ടായ ചോദ്യങ്ങൾക്കു് സോക്രട്ടീസ് മറുപടി പറയുന്നതിങ്ങനെയാണു്: “നന്മയെന്നു പറയുന്നതുതന്നെയാണു് സൗന്ദര്യം. ഒരു വസ്തു ഏതെങ്കിലും നന്മയ്ക്കുതകുന്നതാണെങ്കിൽ അതു സുന്ദരവുമാണു്.”
- അരിസ്റ്റിപ്പസ്:
- “എന്നാൽ ചാണകത്തൊട്ടി ഒരു സുന്ദരവസ്തുവാണോ?”
- സോക്രട്ടീസ്:
- “തീർച്ചയായും—ഉദ്ദേശ്യപ്രാപ്തിക്കുതകാത്ത പൊൻപരിചയേക്കാൾ കാര്യത്തിനു കൊള്ളുന്ന ചാണകത്തൊട്ടിയാണു സുന്ദരം.”
യവനചിന്തയിൽ നന്മയും സൗന്ദര്യവും മാത്രമല്ല, ജ്ഞാനവും ഒന്നുതന്നെയാണെന്നാണു ഭാവന. ‘അലങ്കാരം ധാരാളമുണ്ടെങ്കിലും ശരീരത്തിനിണങ്ങാത്ത കഞ്ചുകത്തേക്കാൾ സുന്ദരമായിട്ടുള്ളതു് അനലംകൃതമായ എന്നാൽ ഉപയോഗപ്രദമായ കഞ്ചുകമാണു്’ എന്നു സോക്രട്ടീസ് മറ്റൊരവസരത്തിൽ പറയുന്നുണ്ടു്. ഉദ്ദേശസിദ്ധിക്കുള്ള പര്യാപ്തതയാണു് ഇവിടെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി കല്പിച്ചിരിക്കുന്നതു്. ‘സൗന്ദര്യം’ എന്ന ശബ്ദത്തിനു നാം സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിലല്ല സോക്രട്ടീസ് അതു പ്രയോഗിക്കുന്നതു്. സാമാന്യപ്രയോഗത്തിൽ ചാണകത്തൊട്ടി സുന്ദരമാണെന്നു് ആരും പറയുന്നതല്ല. പോർക്കിന്റെ മോന്ത നോക്കുക. ആ നീണ്ടു തടിച്ച മൂക്കും, കനത്ത തൊലിയും, കുണ്ടിൽ കിടക്കുന്ന കണ്ണും! നിലം കുഴിച്ചു കിഴങ്ങുകണ്ടെത്തുന്നതിനു് ഏറ്റവും പര്യാപ്തമാണു് അതിന്റെ ഘടനം. പക്ഷേ, അതു സുന്ദരമാണെന്നു് ആരും പറഞ്ഞുകേട്ടിട്ടില്ല. അതുപോലെ തന്നെ ആനയുടെ തുമ്പിക്കൈ, മുള്ളൻപന്നിയുടെ കവചം, കുരങ്ങിന്റെ കൈകാലുകൾ എന്നിവയുടെ ഉപയോഗത്തെപ്പറ്റി രണ്ടുപക്ഷമില്ല. എന്നാലും സുന്ദരവസ്തുക്കളുടെ കൂട്ടത്തിൽ നാം അവയെ ഉൾപ്പെടുത്താറില്ല. നേരേ മറിച്ചു് നമുക്കു പറയത്തക്ക ഉപയോഗമൊന്നുമില്ലാത്ത പല വസ്തുക്കളും സുന്ദരമായി നമുക്കു തോന്നുന്നുണ്ടു്. മയിലിനു് അതിന്റെ ചിറകുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. പൂവൻകോഴിയുടെ തലപ്പാവും അതുപോലെതന്നെ. തന്മൂലം സാമാന്യവ്യവഹാരത്തിൽ സൗന്ദര്യത്തെ ഉപയോഗത്തിനു വിധേയമാക്കുന്നതു് ഉചിതമല്ലെന്നു വന്നുകൂടുന്നു.

കാവ്യസൗന്ദര്യത്തിനാസ്പദമായി ആലങ്കാരികന്മാർ വ്യവച്ഛേദിച്ചിട്ടുള്ള ഗുണങ്ങളെ സൗന്ദര്യത്തിന്റെ സാമാന്യലക്ഷണങ്ങളായി കണക്കാക്കാം. പലരും പലവിധത്തിൽ കാവ്യഗുണങ്ങൾ വിശകലനം ചെയ്തിട്ടുണ്ടു്. ശ്ലേഷം, പ്രസാദം, സമത, സമാധി, മാധുര്യം, ഓജസ്സ്, സൗകുമാര്യം, അർത്ഥവ്യക്തി, ഉദാരത, കാന്തി ഇങ്ങനെ പല ഗുണങ്ങളും കാവ്യസൗന്ദര്യത്തിനു നിദാനമായി അവർ സങ്കല്പിക്കുന്നു. ഇവയിൽ പ്രസാദം, ഓജസ്സ്, മാധുര്യം എന്നീ മൂന്നു ഗുണങ്ങളാണു് മികച്ചു നിൽക്കുന്നതു്. അനുവാചകന്റെ മനസ്സിനെ വികസിപ്പിക്കുന്നതു് പ്രസാദവും, ദീപ്തമാക്കുന്നതു് ഓജസ്സും, ദ്രവിപ്പിക്കുന്നതു് മാധുര്യവുമാകുന്നു. ഇവയെ കാവ്യസൗന്ദര്യത്തിന്റെ മാത്രമല്ല എല്ലാ സൗന്ദര്യത്തിന്റെയും സാമാന്യലക്ഷണങ്ങളായി സ്വീകരിക്കാം. പക്ഷേ, സൗന്ദര്യത്തിന്റെ അധിഷ്ഠാനം ഈ ഗുണങ്ങളാണെന്നു പറയുന്നതുകൊണ്ടു് നമ്മുടെ പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതല്ല. സൗന്ദര്യം എന്താണെന്നുള്ള പ്രശ്നത്തെ മറ്റൊരുരൂപത്തിൽ അവതരിപ്പിക്കുക മാത്രമാണു് ഇതുകൊണ്ടു സാധിക്കുന്നതു്. സൗന്ദര്യത്തിന്റെ അധിഷ്ഠാനം എന്താണു്? ഓജസ്സു്, അല്ലെങ്കിൽ മാധുര്യം. ഓജസ്സു് എന്താണു്? മനസ്സിനെ ദീപ്തമാക്കുന്നതു്. മനസ്സിനെ ദീപ്തമാക്കുന്നതെങ്ങനെ? ആ ഗുണമുണ്ടായിട്ടു്. എന്താണു് ആ ഗുണം? മനസ്സിനെ ദീപ്തമാക്കുന്നതേതോ, അതുതന്നെ. വട്ടം കറങ്ങുവാൻ മാത്രമേ ഈ വാദം പ്രയോജനപ്പെടുന്നുള്ളു. അത്രതന്നെയല്ല, സൗന്ദര്യം പലർക്കും പലവിധത്തിൽ അനുഭവപ്പെടുന്നതെന്തുകൊണ്ടാണെന്നുള്ള സംശയം സൗന്ദര്യത്തിനാസ്പദമായ ഗുണങ്ങളെ സംബന്ധിച്ചും അവശേഷിക്കുന്നു. ഒരാൾ ഓജസ്സു കാണുന്നിടത്തു് മറ്റൊരാൾ അതു കാണുന്നില്ല. ശ്രീ. ശങ്കരക്കുറുപ്പിന്റെ കവിതയ്ക്കു പ്രസാദമില്ലെന്നു ചിലർ പറയുന്നു. ഉണ്ടെന്നു മറ്റുചിലരും പറയുന്നു. ഈ അഭിപ്രായവ്യത്യാസത്തിനു കാരണമെന്തു്? നമ്മുടെ മനസ്സിൽനിന്നു ഭിന്നമായ ചില ഗുണങ്ങളാണു് സൗന്ദര്യത്തിന്റെ അധിഷ്ഠാനമെങ്കിൽ, ആ ഗുണങ്ങളെ സംബന്ധിച്ചു് അഭിപ്രായ വ്യത്യാസത്തിനു ന്യായമില്ല. ഒരു വസ്തുവിന്റെ നീളം, വീതി എന്നിവയെക്കുറിച്ചു പക്ഷാന്തരങ്ങളുണ്ടാകാൻ സംഗതിയില്ലാത്തതുപോലെതന്നെ, പ്രസാദം മുതലായ ഗുണങ്ങളെക്കുറിച്ചും പക്ഷാന്തരമുണ്ടാകാൻ ന്യായമില്ല.

ചുരുക്കിപ്പറഞ്ഞാൽ ബാഹ്യമായ യാതൊരു ഗുണത്തിലും സൗന്ദര്യത്തിനു സുസ്ഥിരവും സുപരിനിഷ്ഠവുമായ ഒരു അധിഷ്ഠാനം ആരും കണ്ടെത്തിയിട്ടില്ല. സുന്ദരവസ്തുക്കളുടെ വൈവിധ്യവും ഐകരൂപ്യവും ആലോചിക്കുമ്പോൾ അങ്ങനെയൊരധിഷ്ഠാനം കണ്ടെത്തുവാൻ സാധിക്കുമെന്നും തോന്നുന്നില്ല. തന്നിമിത്തം നമുക്കു നമ്മുടെ അന്തരംഗത്തിലേക്കുതന്നെ തിരിച്ചുപോരേണ്ടിയിരിക്കുന്നു. അവിടെമാത്രമേ നാം ഐകരൂപ്യം കാണുന്നുള്ളൂ. സുന്ദരവസ്തുക്കൾ എത്രവിധമായിരുന്നാലും, അവ നമുക്കനുഭവപ്പെടുന്നതു് ഒരേവിധത്തിലാണു്. അവ നമ്മളിലുളവാക്കുന്ന ചിത്തവൃത്തു് ആനന്ദമയമാണു്. ഒരുപക്ഷേ, സൗന്ദര്യമെന്നു പറയുന്നതു് നിർജ്ജീവമായ ഒരു ഗുണമല്ല, സജീവമായ ഒരു മനോവ്യാപാരമാണെന്നുവരുമോ? അഥവാ, ചില നിർജ്ജീവഗുണങ്ങളുടെ സാന്നിദ്ധ്യത്തിൽ നമ്മിലുള്ള എന്തോ ഒന്നു സജീവമായി പ്രവർത്തിക്കുന്നതിന്റെ ഫലമല്ലയോ സൗന്ദര്യാനുഭൂതി? വിദ്യുച്ഛക്തിയുടെ അനുലോമപ്രതിലോമഘടകങ്ങൾപോലെ നമ്മിലുള്ള ശക്തിയും ബാഹ്യമോ ആന്തരികമോ ആയ ചില ഉപാധികളും തമ്മിൽ സമ്മേളിക്കുമ്പോഴുണ്ടാകുന്ന അനുഭൂതിവിശേഷമാണു് സൗന്ദര്യമെന്നു പറയാം. അനുഭവമാണു് സൗന്ദര്യത്തിനു നിദാനം. ഗുണങ്ങൾ പ്രസ്തുതാനുഭവത്തിന്റെ ഉപാധികൾ മാത്രമാണു്. പ്രസ്തുതോപാധികളാകട്ടെ, പ്രവർത്തനമാനമായ സൗന്ദര്യബോധത്തിൽ നിന്നു ഭിന്നവുമാണു്. ഇവിടെയാണു് ആത്മപ്രതീതവാദത്തിൽ സർവ്വവും ‘ആത്മപ്രചോദിതമാണെ’ന്നും അതുകൊണ്ടു് സൗന്ദര്യത്തിന്റെ ഉപാധികളും നമ്മിൽത്തന്നെയാണു സ്ഥിതിചെയ്യുന്നതെന്നും അന്തർഹിതമായിരിക്കുന്നു. ഈ വാദത്തിന്റെ ദുർഘടാംശങ്ങൾ നാം പരിഗണിച്ചുകഴിഞ്ഞുവല്ലോ. ഇവിടെ ഉന്നയിച്ചിരിക്കുന്ന സിദ്ധാന്തമനുസരിച്ചു സൗന്ദര്യത്തിൽ രണ്ടു ഘടകങ്ങളുണ്ടു്. ഒന്നു പ്രവർത്തമാനമായ മാനസികശക്തി; അതിനു വിഷയമായ അനുഭവം രണ്ടാമത്തേതു്. അനുഭവം നമ്മെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മനുഷ്യന്റെ സത്തയും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തിൽ നിന്നാണു് അനുഭവങ്ങളുണ്ടാകുന്നതു്. ഈ അനുഭവങ്ങളിൽ ചിലതിനുമാത്രമേ സൗന്ദര്യബോധത്തെ ഉണർത്തുവാൻ കഴിവുള്ളൂ. അങ്ങനെയുള്ള അനുഭവവിശേഷങ്ങളെപ്പറ്റി നമ്മിലുള്ള ഒരു മൗലികശക്തി ചെയ്യുന്ന വിധിത്തീർപ്പാണു് സൗന്ദര്യം. തീർപ്പുചെയ്യുന്ന വ്യക്തിയുടെ കഴിവും സ്വഭാവവും ജീവിതാനുഭവങ്ങളുമനുസരിച്ചു് ആ തീർപ്പിനും ചില്ലറ വ്യത്യാസങ്ങൾ ഉണ്ടായെന്നുവരാം (അതു കൊണ്ടാണു് കലാനിരൂപണങ്ങളിൽ ഇത്രമാത്രം പക്ഷാന്തരങ്ങൾ വന്നുകൂടുന്നതു്). ചർച്ചചെയ്യപ്പെടുന്ന അനുഭവങ്ങൾ എത്രകണ്ടു സൂക്ഷ്മവും സങ്കീർണ്ണവുമാണോ, അത്രകണ്ടു് പക്ഷാന്തരങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കും. എന്നാലും സാമാന്യമായി പറയുന്നപക്ഷം മനുഷ്യന്റെ സൗന്ദര്യഗ്രഹണശക്തി ഏതാണ്ടു് ഒരേവിധത്തിലാണു വ്യാപരിക്കുന്നതു്. ഈ ശക്തി യുക്ത്യതീതമാണു്. യുക്തി, സ്മരണ, അനുമാനം എന്നിവയേക്കാൾ ആന്തരികവും മൗലികവുമായ ഒരു വ്യാപാരമാണു് സൗന്ദര്യഗ്രഹണശക്തിക്കുള്ളതു്. യുക്തിയുടെ പ്രവർത്തനവും ഈ ശക്തിക്കു് വിഷയമായിത്തീരാവുന്നതാണു്. അതുകൊണ്ടാണു് ഐൻസ്റ്റീനിന്റെ ശാസ്ത്രീയഭാവനയിലും സ്പിനോസയുടെ ദർശനത്തിലും നമുക്കു സൗന്ദര്യം കാണുവാൻ സാധിക്കുന്നതു്. പ്രസ്തുത ശക്തിയുടെ തീർപ്പിനു് അപ്പീലില്ല. എന്നാൽ യുക്തിവാദംകൊണ്ടു ലഭിക്കുന്ന ഒരു പ്രമേയത്തിനു സാധുത്വമുണ്ടാകണമെങ്കിൽ അതിനേക്കാൾ മൗലികമായ ഒരു ശക്തി അതിനെപ്പറ്റി ‘ശരി’ എന്നു തീർപ്പുകല്പിക്കണം. സൂക്ഷ്മമാലോചിച്ചാൽ സൗന്ദര്യം, സത്യം, നന്മ എന്നിവയെപ്പറ്റി വിധിപ്രസ്താവിക്കുന്നതു് ഒരേ ശക്തിയാണെന്നു കാണാം. ചില വസ്തുക്കൾ സുന്ദരമെന്നും മറ്റു ചിലതു് അസുന്ദരമെന്നും നാം തീർച്ചപ്പെടുത്തുന്നു. അങ്ങനെ തീർപ്പുചെയ്യുന്ന ശക്തിയെ നാം സൗന്ദര്യ ബോധമെന്നു വിളിക്കുന്നു. സത്യാസത്യങ്ങളെ തിരിച്ചറിയുന്ന മറ്റൊരു മനോവ്യാപാരത്തെ നാം സൗന്ദര്യബോധത്തിൽനിന്നു വേർതിരിക്കുന്നു. നന്മതിന്മകളെ വിവേചിക്കുന്ന മൂന്നാമതൊരു മനോവ്യാപരത്തെ നാം മനസ്സാക്ഷി എന്നു വിളിക്കുന്നു. ഇവ മൂന്നും വാസ്തവത്തിൽ ഒന്നുതന്നെയാണു്. ഒരേ ശക്തിയുടെ വിഭിന്നമായ മൂന്നുവ്യാപാരങ്ങളാണു് അവയെന്നു പറയാം. മൂന്നു തരം അനുഭവങ്ങളിൽ ഒരേ ശക്തി പ്രവർത്തിക്കുന്നതിന്റെ ഫലമാണു് സൗന്ദര്യവും സത്യവും നന്മയും. ചിലപ്പോൾ ഒരേ അനുഭവംതന്നെ മൂന്നുവിധത്തിലുള്ള വ്യാപാരങ്ങൾക്കു വിധേയമായെന്നുവരാം. ഭാവനാലോകത്തിലാണു് ഈ സങ്കീർണ്ണവ്യാപാരം സംഭവിക്കുന്നതു്. അപ്പോൾ സൗന്ദര്യം സത്യത്തിൽനിന്നും, ഇവ രണ്ടും നന്മയിൽനിന്നും അഭേദമാണെന്നു ബോധ്യപ്പെടും. ഈ ഭാവനാമണ്ഡലത്തിൽ ഇവയ്ക്കുതമ്മിൽ പൊരുത്തം മാത്രമല്ല, പരിപൂർണ്ണമായ ഐക്യവുമുണ്ടെന്നു ഭാവനാസമ്പന്നരായ കവികൾ കണ്ടെത്തിയിട്ടുണ്ടു്. സൗന്ദര്യവും സത്യവും ഒന്നാണെന്നുള്ള കീറ്റ്സിന്റെ സിദ്ധാന്തത്തിന്റെ അർത്ഥം ഇതാണു്.
“What the imagination seizes as beauty must be Truth.”
മനുഷ്യൻ പ്രകൃതിയിൽനിന്നു വിഭിന്നനാണെന്നുള്ള സങ്കല്പമാണു് പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിനു നിദാനം. മനുഷ്യനും പ്രകൃതിയുടെ അംശമാണെന്നു വാദിച്ചാൽ ഈ വിവേചനത്തിനു് അടിസ്ഥാനമില്ലാതാകയും മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്റെ ഒരംശം മാത്രമാണെന്നു സമ്മതിക്കേണ്ടിവരികയും ചെയ്യും. ഒട്ടുമാവു വളർത്തുന്നതിൽ ഒട്ടിക്കൽ എന്ന കർമ്മം മനുഷ്യൻ ചെയ്യുന്നതാണെങ്കിലും അതു പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നതു് ആരുടെ ശക്തികൊണ്ടാണു്? മനുഷ്യൻ പ്രകൃതിയുടെ അംശമാണെങ്കിൽ എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടേതുതന്നെ. എന്നാലും സാമാന്യവ്യവഹാരത്തിൽ പ്രകൃതിയേയും മനുഷ്യനേയും നാം വേർതിരിക്കാറുണ്ടു്. ഇതിനെ ആസ്പദമാക്കിയാണു് പ്രകൃതിസൗന്ദര്യത്തേയും കലാസൗന്ദര്യത്തേയും ഇവിടെ വ്യവച്ഛേദിക്കുന്നതു്.
പ്രകൃതി എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഓരോ ഭാവവും ക്ഷണികമാണു്. ഈ ഭാവങ്ങളിൽ ചിലതു നമ്മിൽ സൗന്ദര്യപ്രതീതി ഉളവാക്കുവാൻ പര്യാപ്തമായിരിക്കാം. എന്നിരുന്നാലും അതിനു സ്ഥിരതയില്ല. നേരെമറിച്ചു്, കലയിൽ രമണീയഭാവത്തിനു സ്ഥിരപ്രതിഷ്ഠ ലഭിക്കുന്നു. ആ ഭാവത്തിനു മാറ്റം സംഭവിക്കുന്നില്ല. ആസ്വാദകന്മാർ വന്നും പോയും കൊണ്ടിരിക്കുന്നു. എന്നാൽ കല നിശ്ചലമായിത്തന്നെ നിലകൊള്ളുന്നു. (ഈ അർത്ഥത്തിലാണു് കല ശാശ്വതമാണെന്നു പറയുന്നതു്). പ്രകൃതിഭാവങ്ങളുടെ ക്ഷണികതയെ അപേക്ഷിച്ചു് കലയുടെ ഭാവം ചിരസ്ഥായിയാണു്.
പ്രകൃതിയിൽ കേവലസൗന്ദര്യം അസുലഭമാണു്. പലപ്പോഴും, ഖനിയിൽനിന്നു കുഴിച്ചെടുക്കുന്ന ലോഹംപോലെ, പ്രകൃതിസൗന്ദര്യം അസംഗതമായ മറ്റു പലതിനോടും കലർന്നു സങ്കീർണ്ണമായിട്ടാണു് ആവിർഭവിക്കുക. ഇന്നാട്ടിലെ ഒരു നദിയുടെ സൗന്ദര്യം നാം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ആ നദിയുടെ തീരത്തിരുന്നു ജലം മലിനമാക്കുന്ന പാപികളുടെ കാഴ്ച നമ്മുടെ ആസ്വാദനത്തിനു വിലങ്ങുതടിയായി നില്ക്കുന്നു. കലർപ്പില്ലാത്ത സൗന്ദര്യം കലയിലാണു് പ്രായേണ കണ്ടുവരുന്നതു്. അപ്രകൃതവും അസംസ്കൃതവുമായ അംശങ്ങൾ ഉപേക്ഷിച്ചു്, സൗന്ദര്യസാരം മാത്രം ആവിഷ്കരിക്കുവാനാണു് കലാകാരൻ ശ്രമിക്കുന്നതു്. തന്മൂലം കലാസൗന്ദര്യത്തിന്റെ പ്രതീതി ഏകാഗ്രവും അഭംഗുരവുമായിരിക്കും.
പ്രകൃതിക്കു സൗന്ദര്യം സൃഷ്ടിക്കുക മാത്രമല്ല, ഒഴിച്ചുകൂടാത്ത വേറെ പല ജോലികളുമുണ്ടു്. യാദൃച്ഛികമായി മാത്രമേ പ്രകൃതിസൗന്ദര്യം ദ്രഷ്ടവ്യമാകുന്നുള്ളു. വസന്തത്തിലൂടെ പുഞ്ചിരിതൂകുന്ന പ്രകൃതി ചിലപ്പോൾ നഖത്തിലും ദന്തത്തിലും രക്തംപുരണ്ട ഉഗ്രരൂപിണിയായും പ്രത്യക്ഷപ്പെടുന്നു. എന്നാൽ കലാസൃഷ്ടിയിൽ ലക്ഷ്യപ്രാപ്തിയെ മുൻനിറുത്തിയുള്ള ഉപകരണസംവിധാനത്തിൽനിന്നുളവാക്കുന്ന സൗന്ദര്യാവിഷ്കരണമാണു് നാം കാണുന്നതു്. കല സോദ്ദേശമാണു്; ആകസ്മികമല്ല. യാതൊരു അനുഭൂതിയിൽനിന്നു് അതു ജന്മമെടുക്കുന്നുവോ ആ അനുഭൂതിയെ സമഗ്രമായി ശേഖരിച്ചു്, ഉചിതമായ രൂപത്തിൽ ആവിഷ്കരിച്ചു് ഇതരന്മാർക്കു് പകർന്നുകൊടുക്കുകയാണു് അതിന്റെ ലക്ഷ്യം. കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽനിന്നു വേർതിരിക്കുന്നതു് മനുഷ്യന്റെ സർഗ്ഗപരമായ ചിത്തവൃത്തിയാണു്.
പ്രകൃതിസൗന്ദര്യത്തിന്റെ അനുഭൂതി ഓരോരുത്തനും സ്വകീയമാണു്. അതു് അവിടെത്തന്നെ അവസാനിക്കുന്നു. എന്നാൽ കലാസൗന്ദര്യം ഒരുവക പരസ്യപ്പെടുത്തലാണു്. കലാകാരന്റെ അനുഭൂതി കലാമാർഗ്ഗമായി പ്രക്ഷേപിക്കപ്പെട്ടു് തത്തുല്യമായ അനുഭൂതി ആസ്വാദകന്റെ അന്തരംഗത്തിലും ഉളവാക്കുന്നു. പ്രക്ഷേപണമില്ലെങ്കിൽ കലയില്ല. കലാകാരൻ മാത്രം ആസ്വദിക്കുവാനാണു് കലാസൃഷ്ടി ചെയ്യുന്നതെന്നുള്ള വാദം അനുഭവത്തിനു യോജിച്ചതല്ല. സ്വകീയമായ അനുഭൂതി ഇതരന്മാരുടെ അന്തരംഗത്തിൽ പകർത്തിക്കഴിയുമ്പോഴാണു് കല ചരിതാർത്ഥമാകുന്നതു്. ഒരുവിധത്തിൽ നോക്കിയാൽ ഇതു് വെറും പ്രചാരണമാണെന്നു സമ്മതിക്കണം. പക്ഷേ, ഈ പ്രചാരണോദ്ദേശ്യമില്ലായിരുന്നുവെങ്കിൽ കലയെന്നൊന്നുണ്ടാകുമായിരുന്നോ എന്നു് ആലോചിക്കേണ്ടതാണു്. കലാകാരന്റെ ഉദ്ദേശ്യം സൗന്ദര്യം സൃഷ്ടിക്കുകയാണെന്നുപോലും പറയാവതല്ല. തന്റെ കൃതി സുന്ദരമാണോ അല്ലയോ എന്നു് അയാൾ സൃഷ്ടിയിലേർപ്പെട്ടിരിക്കുമ്പോൾ ആലോചിക്കാറില്ല. തന്റെ അനുഭൂതിയെ പൂർണ്ണമായും സമ്യക്കായും ആവിഷ്കരിക്കുവാനാണു് അയാളുടെ ഉദ്യമം. അയാളുടെ ശ്രമം ഫലവത്തായെന്നുള്ളതിന്റെ ഒരു മുദ്രയാണു് സൗന്ദര്യം.
കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്റെ അനുകരണമല്ല. കലാസൃഷ്ടിക്കു പ്രേരകമായ അനുഭൂതി പ്രകൃതിയിൽനിന്നു ലഭിച്ചതാണെന്നിരുന്നാൽത്തന്നെയും, അതു് കലാരൂപം പ്രാപിക്കുമ്പോൾ അതിൽ നൂതനമായ ഒരംശം കലരുന്നുണ്ടു്. കലാകാരൻ അനുഭൂതിക്കു കല്പിക്കുന്ന മൂല്യമാണു് ഈ നൂതനാംശം. പ്രകൃതിയിൽനിന്നുള്ള പ്രചോദനവും കലാകാരന്റെ പ്രത്യാഘാതവും ചേർന്നുള്ള ഒരു ശക്തിവിശേഷമാണു് കലയിൽ അവതരിക്കുന്നതു്. പ്രേരകമായ അനുഭൂതി സുന്ദരമായിരിക്കണമെന്നില്ല. അതു ചിലപ്പോൾ ബീഭത്സവും ചിലപ്പോൾ ശോകമയവും ആയിരുന്നേക്കാം. എന്നാലും അതിന്റെ കലാരൂപമായ ആവിഷ്കരണം തീർച്ചയായും സൗന്ദര്യാത്മകമായിരിക്കും. കലാനിർമ്മാണത്തിലെ ഒരു വിരോധാഭാസമാണിതു്.

എം. പി. പോൾ (മേയ് 1, 1904–ജൂലൈ 12, 1952) മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാർക്കു് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്തു് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻകൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം.
1904-ൽ എറണാകുളം ജില്ലയിലെ പുത്തൻപള്ളിയാണു പോളിന്റെ ജന്മദേശം.
കോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം. പി. പോൾ. “എം. പി. പോൾസ് ട്യൂട്ടോറിയൽ കോളജ്” എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അതു്.
നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു് പിന്നീടു് സംഘടനയിൽ നിന്നും അകലം പാലിച്ചു.
മലയാള സാഹിത്യ വിമർശനത്തിനു് ആധുനിക പരിപ്രേക്ഷ്യം നൽകിയതു് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുൻപു മരണമടഞ്ഞു.
- നോവൽ സാഹിത്യം
- ചെറുകഥാ പ്രസ്ഥാനം
- സാഹിത്യ വിചാരം
- സൗന്ദര്യ നിരീക്ഷണം
- കാവ്യദർശനം
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്)