images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.1
ക്രിസ്ത്വാബ്ദം 1817

നിരഹങ്കാരമല്ലാത്ത ഒരുതരം രാജകീയപ്രാമാണ്യത്തോടുകൂടി, പതിനെട്ടാമൻലൂയി, തന്റെ ഇരുപത്തിരണ്ടാമത്തെ വാഴ്ചക്കൊല്ലം എന്ന് സ്ഥാനം കല്പിച്ചതാണ്, ക്രിസ്ത്വാബ്ദം 1817, [1]

ക്രിസ്ത്വാബ്ദം 1817-നെസ്സംബന്ധിച്ചേടത്തോളം, തമ്മിൽ കെട്ടിമറിഞ്ഞ കൂടിച്ചേർന്ന മുകളിൽ പൊന്തിക്കിടക്കുന്നത് ഇതൊക്കെയത്രേ; എല്ലാം ആളുകൾ മറന്നുകഴിഞ്ഞു. ചരിത്രം ഈ എല്ലാ സംഭവവിശേഷങ്ങളേയും മിക്കവാറും നോക്കാതെയിട്ടിരിക്കുന്നു. അത് അങ്ങനെയേ വരു; നിത്യത്വം ഇവയെ മുക്കിക്കളയും. അതെന്തായാലും, ഈ വിവരങ്ങൾ, നിസ്സാരങ്ങളെന്നു തെറ്റിവിളിക്കപ്പെടുന്ന ഈ സംഭവവിശേഷങ്ങൾ-മനുഷ്യലോകത്തിൽ നിസ്സാരസംഭവങ്ങളില്ല; സ്ഥാവരങ്ങൾക്കിടയിൽ ചെറിയ ഇലകളുമില്ല-അത്രയും ഉപയോഗകരങ്ങളാണ്. അതാതു വർഷത്തിന്റെ മുഖാകൃതികൊണ്ടത്രേ ഓരോ ശതാബ്ദത്തിന്റേയും മുഖരൂപമുണ്ടാക്കുന്നത്. ഇങ്ങനെയുള്ള 1817-ൽ, ചെറുപ്പക്കാരായ നാലു പാരിസ്സ് നഗരനിവാസികൾ കൂടി ഒരു രസംപിടിച്ച ‘പൊറാട്ടുകളി’ ഏർപ്പെടുത്തി.

കുറിപ്പുകൾ

[1] ഇതിനു ചുവട്ടിൽ കുറച്ചു വരികൾ വിട്ടുകളഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ചരിത്രത്തിൽ അവഗാഹമുളളവർക്കുമാത്രമേ ആ ഭാഗം തികച്ചും മനസ്സിലാവൂ.

1.3.2
ഒരിരട്ടച്ചതുരസ്സ്വരസംഗീതം

ഈ നാലു പരിഷ്കാരികളിൽ ഒരാൾ തൂലൂസ്കാരനും, മറ്റൊരാൾ ലിമോഴ്ക്കാരനും, മൂന്നാമത്താൾ കഹോർക്കാരനും, നാലാമത്താൾ മോംതോബാങ്കാരനുമാണ്; നാലുപേരും സ്കൂൾകുട്ടികൾ; സ്കൂൾക്കുട്ടി എന്നു പറഞ്ഞാൽ പാരിസ്സുകാരൻ എന്ന് പറഞ്ഞുകഴിഞ്ഞു. പാരിസ്സിൽച്ചെന്നു പഠിക്കുക എന്നത് പാരിസ്സിൽച്ചെന്നു ജനിക്കുകയാണ്.

ഈ നാലു ചെറുപ്പക്കാരും നിസ്സാരന്മാരായിരുന്നു; അവരുടെ മുഖംപോലുള്ള മുഖം ആരും കണ്ടിട്ടുണ്ടാവും; മനുഷ്യലോകത്തിൽ അവിടവിടെനിന്നു പെറുക്കിയെടുത്ത നാലു ‘തരപ്പടി‘കൾ. നല്ലാളുകളുമല്ല ചീത്താളുകളുമല്ല, അറിവുള്ളവരുമല്ല അറിവില്ലാത്തവരുമല്ല, വലിയ ബുദ്ധിമാന്മാരുമല്ല വെറും വിഡ്ഢികളുമല്ല; ഇരുപതുവയസ്സു പ്രായം എന്നു പറയുന്ന ‘ആ ഭംഗിയുള്ള വസന്ത‘ത്തോടുകൂടിയ നാലു സൗഭാഗ്യവാന്മാർ. അവർ നാല് ഓസ്കാർ [2] മാർ ആയിരുന്നു; അക്കാലത്ത് ആർതർ [3] മാർ ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിനുവേണ്ടി സുഗന്ധധൂപങ്ങൾ കാണിക്കുക! ഇതിഹാസം പറയുന്നു: ഓസ്കാർ എഴുന്നള്ളുന്നു. ഓസ്കാർ, എനിക്കദ്ദേഹത്തെ ചെന്നു കാണണം! ഓസ്സിയൽ [4] മട്ടുകളിൽനിന്ന ആളുകൾ ഒരുവിധം പുറത്തുകടന്നു. അന്നത്തെ മോടികൾ സ്കാൻഡിനേവിയയിലേയും കാലിഡോണിയയിലേയും പരിഷ്കാരപ്രകാരമായിരുന്നു; കറയില്ലാത്ത ഇംഗ്ലീഷ് മട്ടുകൾ പ്രചരിക്കാനിരിക്കുന്നതേ ഉള്ളു; ആർതർമാരുടെ കൂട്ടത്തിൽ ഒന്നാമനായ വെല്ലിങ്ടൻ വാട്ടർലൂയുദ്ധം ജയിച്ചു, അത്രയേ ആയിട്ടുള്ളൂ.

ഈ നാലു ഓസ്കാർമാരിൽ തൂലൂസ്കാരന്നു ഫെലി തൊലോമിയെ എന്നാണ് പേർ; കഹോർകാരന്നു ലിതോളിയെ; ലിമോഴ്ക്കാരന്നാവട്ടേ ഫാമോയി; മോം തോബാങ്കാരനെ ബ്ലാഷ്വേല്ല് എന്നും വിളിച്ചുവരുന്നു. പതിവുപോലെ നാലുപേർക്കും ഓരോ ഉപപത്നിമാരുണ്ട്. ബ്ബ്ലാഷ്വേല്ല് ഫേവറിറ്റിനെ സ്നേഹിച്ചിരുന്നു—അവൾ ഇംഗ്ലണ്ടിൽ പോയിരുന്നതുകൊണ്ടാണ് ഈ പേർ സിദ്ധിച്ചത്; ലിതോളിയെ ദാലിയയെ ഓമനിച്ചുവന്നു—അവൾ തന്റെ ഓമനപ്പേരായി ഒരു പൂവിന്റെ പേരാണ് സ്വീകരിച്ചത്; ഫാമോയിയാകട്ടെ സെഫീനെ വെച്ചു പൂജിച്ചു— സെഫീൻ എന്നുവെച്ചാൽ ഴോസഫീൻ ചുരുക്കിയത്; തൊലോമിയേക്കു ‘വേശി’എന്നു വിളിക്കപ്പെടുന്ന ഫൻതീനുമുണ്ടായിരുന്നു—അവളുടെ തലമുടി അത്ര ചെമ്പിച്ചതും ചന്തമുള്ളതുമാണ്. ഫേവറിറ്റും ദാലിയയും സെഫീനും ഫൻതീനും സുഗന്ധദ്രവ്യങ്ങൾ പൂശി അന്തസ്സിലിരിക്കുന്ന നാലു മോഹനാംഗിമാരായിരുന്നു; കൂലിപ്രവൃത്തിക്കാരായ സ്ത്രീകളുടെ മട്ട് അവരിൽനിന്നു വിട്ടുപോയിട്ടില്ല; തങ്ങളുടെ തുന്നൽസ്സാമാനങ്ങളുമായുള്ള വിവാഹമോചനം അവർ മുഴുമിപ്പിച്ചുകഴിഞ്ഞില്ല. ദുർന്നടപടികൾ കൊണ്ട് ഏതാണ്ടൊക്കെ കലങ്ങിമറിഞ്ഞിരുന്നുവെങ്കിലും, അദ്ധ്വാനശീലത്തിന്റെ സ്വച്ഛത അവരുടെ മുഖത്ത് അപ്പോഴും അവിടവിടെ തങ്ങിനിൽപുണ്ടു്; സ്ത്രീകളുടെ ഒന്നാമത്തെ അധഃപതനത്തോടുകൂടി വാടിപ്പോകാത്ത ചാരിത്ര്യപുഷ്പം അവരുടെ ആത്മാവിൽ മങ്ങിക്കിടപ്പുണ്ട്. ആ നാലു യുവതികളിൽ ഒരുത്തിയെ കുട്ടി എന്നു വിളിച്ചിരുന്നു—അവളാണ് ആ കൂട്ടത്തിൽവെച്ചു കുട്ടി; മറ്റൊരുത്തിയെ മുത്തി എന്നും-ആ മുത്തിക്കു വയസ്സ് ഇരുപത്തിമൂന്നായി. ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കണമെന്നില്ല; വേശിയായ ഫൻതീനേക്കാൾ മുൻപു പറയപ്പെട്ട മൂന്നുപേരും അധികം ലോകപരിചയമുള്ളവരാണ്; നാലു പുറത്തേക്കുള്ള നോട്ടം കുറെക്കൂടി കുറയും; ജീവിതയുദ്ധത്തിൽ കുറെക്കൂടി പയറ്റിശ്ശീലിച്ചിട്ടുണ്ട്-ഫൻതീനാകട്ടെ, അപ്പോഴും ആദ്യത്തെ മനോരാജ്യസുഖങ്ങളിൽനിന്നു പോന്നിട്ടില്ല. ദാലിയ, സെഫീൻ, വിശേഷിച്ചും ഫേവറിറ്റ്, ഇവർക്ക് അത്രതന്നെ സമ്മതിച്ചു കൊടുക്കാൻ വയ്യാ. തുടങ്ങിയേ ഉള്ളൂ എങ്കിലും അവരുടെ അത്ഭുതകഥയിൽ അധ്യായം ഒന്നിലധികം ചെന്നു; ഒന്നാമത്തേതിൽ അഡോൾഫസ്സറ് എന്ന പേരിലുണ്ടായിരുന്ന കാമുകൻ പിന്നത്തേതിൽ ആൽഫോൺസായി-അതിന്നു പിന്നത്തെ അധ്യായത്തിൽ അതു മാറി ഗസ്റ്റാവായി. ദാരിദ്ര്യവും തേവടിശ്ശിത്തവും നാശം പിടിച്ച രണ്ടുപദേശികളാണ്; ഒന്നു പരിഹസിക്കുകയും മറ്റൊന്ന് പ്രശംസിക്കുകയും ചെയ്യുന്നു. ഈ രണ്ടു പേരുംകൂടി പൊതുജനങ്ങൾക്കുള്ള സൗഭാഗ്യവതികളായ പെണ്മക്കളുടെ രണ്ടു ഭാഗത്തുമായി നിന്നു ചെകിട്ടിൽ മന്ത്രിക്കുന്നു. അറിവില്ലാത്ത ഹൃദയങ്ങൾ ഈ ഉപദേശങ്ങൾക്കു ചെവികൊടുക്കുന്നു. ഇങ്ങനെയാണു് ഇവ കുണ്ടിൽ ചാടിക്കുന്നത്; ഇവയുടെ നേരെ കല്ലേറുകൾ ചെല്ലുന്നതും ഇതുകൊണ്ടുതന്നെ. കളങ്കമില്ലാതെയും അടുക്കാൻ വയ്യാതെയുമുള്ള ആത്മാക്കളുടെയെല്ലാം തേജസ്സുകൊണ്ട് ഇവ അമർന്നുപോകുന്നു. ഹാ! ഴങ് [5] വിശന്നിരുന്നുവെങ്കിലോ?

ഫേവറിറ്റ് ഇംഗ്ലണ്ടിൽ പോയിരുന്നതുകൊണ്ട് ദാലിയയും സെഫീനും അവളെ ബഹുമാനിച്ചു. നന്നേ ചെറുപ്പത്തിൽത്തന്നെ അവൾക്കു തറവാട്ടമ്മസ്ഥാനം കൈവന്നിരുന്നു. അവളുടെ അച്ഛൻ വയസ്സനും വിവാഹം ചെയ്യാത്തവനുമായ ഒരു ഗണിതശാസ്ത്രാധ്യാപകനാണ് ദുഷ്ടനും തെമ്മാടിയുമായ ഒരു മനുഷ്യൻ; പ്രായം കൂടിയിട്ടും അയാൾ അതാതിടത്തു പോയി പാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. ഈ അധ്യാപകൻ ചെറുപ്പത്തിൽ ഒരു ദിവസം ഒരു പള്ളിയറ പ്രവൃത്തിക്കാരിയുടെ തൊങ്ങലുടുപ്പു വേലിക്കുറ്റിയിൽ കോർത്തുവലിഞ്ഞതു കണ്ടു; ഈ ഒരു സംഭവം കാരണം അയാൾ ആ സ്ത്രീയുമായി സ്നേഹത്തിലായി. അതിന്റെ ഫലമാണ് ഫേവറിറ്റ്. അവൾ അച്ഛനെ ഇടയ്ക്കിടയ്ക്കു കണ്ടെത്താറുണ്ട്; കണ്ടാൽ അവൾ ഉപചാരപൂർവം തല കുനിക്കും. ഒരു ദിവസം രാവിലെ ഒരു സന്ന്യാസിനിയുടെ വേഷത്തിലും സമ്പ്രദായത്തിലുമുള്ള ഒരു വൃദ്ധ അവളുടെ അറയിലേക്കു കയറിച്ചെന്നു. ആ അപരിചിത അവളോടു ചോദിച്ചു: ‘മദാം വൃസേല്ല്, നിങ്ങൾ എന്നെ അറിയില്ലേ?’ ‘ഇല്ല.’ ‘ഞാൻ നിന്റെ അമ്മയാണ്.’ ഉടനെ ആ വൃദ്ധസ്ത്രീ ചുമരളമാറി തുറന്നു, ചിലതെടുത്തു ഭക്ഷിച്ചു, ചിലതെടുത്തു കുടിച്ചു; കൈയിൽ കൊണ്ടുവന്നിരുന്ന ഒരു പായ നിവർത്തി, അവിടെ കൂടി. ദുശ്ലീലയും ഈശ്വരഭക്തയുമായ ഈ പ്രായം ചെന്ന അമ്മ ഫേവറിറ്റോടു മിണ്ടുകതന്നെ ഉണ്ടായിട്ടില്ല; ഒരക്ഷരവും ആരോടും സംസാരിക്കാതെ അവൾ വളരെ നേരം ഇരിക്കും. നാലു പേർക്കുള്ള പ്രാതലും മുത്താഴവും അത്താഴവും ആ ഒരമ്മ കഴിച്ചു; അതു കഴിഞ്ഞു ഭൃത്യന്മാരുടെ കൂട്ടത്തിൽ ചെന്നുകൂടി; അവിടെവെച്ച് അവൾ മകളെ ശകാരിക്കുകയായി.

സഹിച്ചുകൂടാത്ത ഭംഗിയിൽ പനിനീർപ്പൂവിന്റെ നിറത്തിലുള്ള നഖങ്ങളാണ് ദാലിയയെ പിടിച്ചു ലിതോളിയെയോടും, മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഒരു സമയം ആലസ്യത്തോടും കൂട്ടിയിണക്കിയത്. അത്തരം നഖങ്ങളെക്കൊണ്ട് അവളെങ്ങനെ പണിയെടുക്കും? സദ്വൃത്തിയോടുകൂടിയിരിക്കണമെന്ന് വിചാരിക്കുന്നവൾ തന്റെ കൈകളുടെ നേരെ ഒരിക്കലും ദയ കാണിച്ചുകൂടാ. സെഫീനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, മയറ്റിക്കൊണ്ടും തേവിടിശ്ശത്തത്തോടുകൂടിയും ‘അതേ എന്ന്, അതേ’ എന്നിങ്ങനെ പറയുന്ന ആ ഒരു മട്ടുകൊണ്ടാണ് അവൾ ഫാമോയിയെ പാട്ടിലാക്കിയത്.

ആ നാലു യുവാക്കളും ചങ്ങാതിമാരാണ്; ആ നാലു യുവതികൾ സഖികളും. ഇങ്ങനെയുള്ള അനുരാഗം അങ്ങനെയുള്ള സൗഹാർദ്ദംകൊണ്ട് പലപ്പോഴും ഉണ്ടായിരുന്നു.

സൗശീല്യവും തത്ത്വജ്ഞാനവും രണ്ടും രണ്ടെണ്ണമാണ്; അതിനു ദൃഷ്ടാന്തം-ഈ ക്രമം തെറ്റിയ ചെറു തറവാടുകളുടെ പുറംമട്ടുകളെല്ലാം കടന്ന് ഉള്ളിലേക്ക് നോക്കിയാൽ, ഫേവറിറ്റ്, ദാലിയ, സെഫീൻ എന്നിവർ തത്ത്വജ്ഞാനത്തോടുകൂടിയ ചെറുപ്പകാരികളും, ഫൻതീനാവട്ടേ സൗശീല്യമുള്ള ഒരു പെൺകുട്ടിയുമായിരുന്നു.

‘നല്ലത്!’ ചിലർ കടന്ന് ഉച്ചത്തിൽ പറയും: ‘തൊലോമിയെ?’ അനുരാഗം ജ്ഞാനത്തിന്റെ ഒരു ഭാഗമാണെന്ന് സോളമൻ മറുപടി പറയുമായിരിക്കാം. ഞങ്ങളാകട്ടേ, ഫൻതീന്റെ അനുരാഗം ആദ്യത്തെ അനുരാഗമാണെന്നും, ഒന്നിൽത്തന്നെയുള്ള അനുരാഗമാണെന്നും, ഒരുറപ്പുകൂടിയ അനുരാഗമാണെന്നും മാത്രം പറഞ്ഞു തൃപ്തിപ്പെടുവാനാണ് ഭാവം.

ആ നാലു പെണ്ണുങ്ങളുള്ളതിൽ അവളെ മാത്രം ശേഷമുള്ളവരിൽ ആരും നീ എന്ന് വിളിച്ചിട്ടില്ല.

പൊതുജനങ്ങളുടെ ഇടയിൽനിന്ന് അടിച്ചുവാരിക്കളഞ്ഞ കുപ്പക്കൂട്ടത്തിൽ നിന്ന്, എന്ന് പറയട്ടെ, പൊടിച്ചു വളരുന്ന പുഷ്പങ്ങളിൽ ഒന്നായിരുന്നു ഫൻതീൻ. സാമുദായികമായ അന്ധകാരകുണ്ഡത്തിൽവെച്ച് ഏറ്റവും ആഴമേറിയ കുണ്ടുകളിൽനിന്നാണ് താൻ പുറപ്പെട്ടിട്ടുള്ളതെങ്കിലും, അവളുടെ നെറ്റിത്തടത്തിൽ ആ നാമരഹിതവും അജ്ഞാതവുമായ വസ്തുവിന്റെ ചിഹ്നം പതിഞ്ഞിരുന്നു. അവൾ ജനിച്ചത് എം. എന്ന സ്ഥലത്താണ്. ആരുടെ മകൾ? ആർക്കു പറയാൻ കഴിയും? അച്ഛനേയോ അമ്മയേയോ അവളറിയില്ല. അവൾക്കു പേർ ഫൻതീൻ എന്നാണ്. എന്തുകൊണ്ട് ഫൻതീൻ? അവൾക്കു വേറെ പേരില്ല. അവളുടെ ജനനകാലത്തു പേരുവിവരപ്പട്ടിക സൂക്ഷിച്ചുവരുന്ന പതിവു പോയിട്ടില്ല. അവൾക്കു തറവാട്ടു പേരില്ല; അവൾക്കു തറവാടില്ല; അവൾക്കു ജഞാനസ്നാനസമയത്തിട്ട പേരുമില്ല; പള്ളികൾ അന്നില്ലായിരുന്നു. അവളെ ആദ്യമായി കണ്ടെത്തിയ ആരോ ഒരാൾ ഇട്ടതാണ് അവളുടെ പേർ. ആ കാലത്ത് അവൾ കാലടികളിൽ ഒന്നുമില്ലാതെ തെരുവുകളിൽ ഓടിക്കളിക്കുന്ന ഒരു പിഞ്ചുകുട്ടിയായിരുന്നു. മഴയത്തു മേഘങ്ങളിൽനിന്നു വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ നെറ്റിമേൽ പതിച്ചതെങ്ങനെയോ, അങ്ങനെ അവൾക്കു പേരും കിട്ടി. അവൾ ഫൻതീൻകുട്ടി എന്ന് വിളിക്കപ്പെട്ടു. ഇതിലധികം വിവരം ആർക്കുമില്ല. ഈ മനുഷ്യജീവി ഈ വിധത്തിൽത്തന്നെയാണ് ജീവിതത്തിൽ പ്രവേശിച്ചത്. പത്തു വയസ്സിൽ ഫൻതീൻ പട്ടണം വിട്ടു; അയൽപക്കത്തുള്ള ചില കൃഷിക്കാരുടെ കൂടെ പണിയെടുത്തു താമസിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ‘കഴിഞ്ഞുകൂടുവാനുള്ള മാർഗം കണ്ടുപിടിക്കുവാൻ വേണ്ടി’ അവൾ പാരിസ്സിലേക്കു പോന്നു. ഫൻതീൻ സുന്ദരിയാണ്; കഴിയുന്നേടത്തോളംകാലം അവൾ ചാരിത്ര്യവതിയായിത്തന്നെയിരുന്നു. ചെമ്പിച്ച തലമുടിയും ഭംഗികൂടിയ പല്ലുമുള്ള ഒരു ‘വേശി’യായിരുന്നു അവൾ. അവളെ വിവാഹം ചെയ്യുന്നവർക്ക് സ്ത്രീധനമായി കൊടുപ്പാൻ പൊന്നും മുത്തുകളും അവളുടെ പക്കലുണ്ടായിരുന്നു; പൊന്ന് അവളുടെ തലയിലും. മുത്തുകൾ അവളുടെ വായിലുമത്രേ.

ഉപജീവനത്തിന് അവൾ പ്രവൃത്തിയെടുത്തു: പിന്നെ അവളുടെ ഉപജീവനത്തിനുതന്നെ-മനസ്സിനുമുണ്ടല്ലോ വിശപ്പ് അവൾ സ്നേഹിച്ചു.

അവൾ തൊലോമിയയെ സ്നേഹിച്ചു.

അയാൾക്ക് ഒരു രസകരമായ വിനോദം; അവൾക്ക് അഭിനിവേശം. വിദ്യാർത്ഥികളെക്കൊണ്ടും തേവിടിശ്ശിത്തരമുള്ള പെൺകിടാങ്ങളെക്കൊണ്ടും നിറഞ്ഞ ആ ലാറ്റിൻ ക്വാർട്ടർ എന്ന പ്രദേശത്തുള്ള തെരുവുകൾ ഇവരുടെ സുഖസ്വപ്നത്തെ പുറപ്പാടുമുതൽ നോക്കിക്കണ്ടു. അസംഖ്യം തോന്നിവാസികൾ തമ്മിൽ ചുറ്റി പ്പിണയുകയും അഴഞ്ഞഴിയുകയും ചെയ്തിട്ടുള്ള ആ ആൾത്തിരക്കാകുന്ന പർവതത്തിലെ ഇടുക്കുവഴികൾക്കുള്ളിൽ ഫൻതീൻ വളരെ പ്രാവശ്യം തൊലോമിയയെ വിട്ടൊഴിഞ്ഞുപോയിട്ടുണ്ട്; പക്ഷേ, അതൊക്കെ പിന്നേയും അയാളെ ഇടയ്ക്കിടയ്ക്കു കണ്ടെത്താവുന്ന വിധത്തിലായിരുന്നു. തിരഞ്ഞുപിടിക്കുന്നതുപോലെയുള്ള ഒരു തരം ഒഴിഞ്ഞുപോകലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പ്രേമസല്ലാപം നടന്നു.

ബ്ലാഷ്വേല്ലും ലിതോളിയെയും ഫാമോയിയുംകൂടി ഒരു യോഗം ചേർന്നു; അതിന്റെ തലവനായിരുന്നു തൊലോമിയെ, ആ കൂട്ടത്തിൽ ഫലിതക്കാരൻ അയാളാണ്.

തൊലോമിയെ പണ്ടത്തെ ഒരു മുതിർന്ന വിദ്യാർഥിയാണ്; അയാൾക്കു പണമുണ്ട്; നാലായിരം ഫ്രാങ്ക്: അയാൾക്ക് ഒരു കൊല്ലത്തിൽ കിട്ടും നാലായിരം ഫ്രാങ്ക്;! ആ പ്രദേശത്തേക്കെല്ലാമുള്ള ഒരു വലിയ സംഭാഷണവിഷയം. തൊലോമിയെ മുപ്പതു വയസ്സുള്ള ഒരു തെമ്മാടിയാണ്; ദേഹം അയാൾ സൂക്ഷിച്ചിട്ടില്ല. അയാളുടെ മുഖത്തു ചുളി വീണിരിക്കുന്നു; പല്ലു മുഴുവൻ പോയി; എന്നല്ല കഷണ്ടിയും ഒരു പുള്ളിയിടാൻ തുടങ്ങി-അയാൾത്തന്നെ അതിനെപ്പറ്റി കുണ്ഠിതപ്പെടാതെ പറയും: മുപ്പതു വയസ്സ് തലമണ്ട, നാല്പതിൽ കാൽമുട്ട്. അയാൾക്കു ദഹനം ഒരുവിധമാണ്; ഒരു കണ്ണിൽ എപ്പോഴും വെള്ളം വരലുമുണ്ട്. യൌവനം പോകുന്തോറും അയാൾക്കു ശൃംഗാരം കൂടിവന്നു; പല്ലിന്റെ സ്ഥാനത്ത് അയാൾ ഗോഷ്ഠിത്തങ്ങൾ പ്രതിഷ്ഠിച്ചു; തലമുടിക്കു പകരം തമാശ; ആരോഗ്യം പോയതിന്നു ഫലിതം; കരയുന്ന കണ്ണുകൊണ്ടു് അയാൾ നിർത്താതെ ചിരിച്ചു. അയാൾ ആകെ ഇടിഞ്ഞു പൊളിഞ്ഞു; എങ്കിലും പുഷ്പിച്ചുകൊണ്ടുള്ള നില പോയില്ല. കാലമാവുന്നതിന്നു മുൻപേ പോവാൻവേണ്ടി ഭാണ്ഡം മുറുക്കിയ അയാളുടെ യൌവനം പൊട്ടിച്ചിരിച്ചു കൊണ്ടു് അങ്ങോട്ടുതന്നെ പാഞ്ഞുചെന്നു; ചോരത്തിളപ്പല്ലാതെ മറ്റൊന്നും അയാളിൽ ആരും കണ്ടിട്ടില്ല. അയാൾ ഇടയ്ക്കിടയിക്കെല്ലാം ഓരോ കവിതയെഴുതിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, അയാൾ എന്തു സംഗതിയും എത്രതന്നെയായാലും സമ്മതിക്കില്ല; ശക്തിയില്ലാത്തവരുടെ കണ്ണിൽ ഇതിന്നൊരു സവിശേഷ പ്രാബല്യമുണ്ട്. ഇങ്ങനെ ഫലിതക്കാരനും കഷണ്ടിക്കാരനുമായതുകൊണ്ട് അയാളായി ആ കൂട്ടത്തിലെ തലവൻ. ഇംഗ്ലീഷിൽ ഇരുമ്പിന് അയർൺ എന്നു പറയും. വക്രോക്തികൾക്കു-ഫലിതത്തിന്—അയർണി എന്നും. രണ്ടാമതു പറഞ്ഞത് ആദ്യത്തേതിൽനിന്നുണ്ടായതായിരിക്കുമോ?

ഒരു ദിവസം തൊലോമിയെ മറ്റു മൂന്നുപേരെയും അടുക്കലേക്കു വിളിച്ചു; ഒരുദീർഘദർശിയുടെ ഭാവവിശേഷത്തോടുകൂടി, അവരോടു പറഞ്ഞു: ‘ഫൻതീനും ദാലിയയും സെഫീനും ഫേവറിറ്റും ഏകദേശം ഒരു കൊല്ലമായി ഒരത്ഭുതം കാണിച്ചുകൊടുക്കാൻ അലട്ടുന്നു. അങ്ങനെതന്നെ എന്നു നാം അവരോടു സഗൌരവമായി പ്രതിജ്ഞ ചെയ്തിട്ടുമുണ്ട്. അവർ എപ്പോഴും ഇതുതന്നെ നമ്മോടു പറഞ്ഞുകൊണ്ടിരിക്കുന്നു-വിശേഷിച്ചും എന്നോട്; നേപ്പിൾസിലെ വൃദ്ധസ്ത്രീകൾ സെങ്ഴനുറിയു [6] വോടു ‘മഞ്ഞ മുഖത്തോടുകുടിയ അങ്ങ് എന്നാണ് അങ്ങയുടെ വിസ്മയപ്രവൃത്തി കാണിക്കുക’ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നതുപോലെ, നമ്മുടെ മോഹനാംഗിമാർ എന്നോടു ‘തൊലൊമിയെ, എന്നാണ് നിങ്ങൾ നിങ്ങളുടെ ആ അത്ഭുതം പുറത്തു കാണിക്കുക എന്ന് ഇളവില്ലാതെ ചോദിക്കുന്നു. അതോടൊപ്പംതന്നെ, നമ്മുടെ മാതാപിതാക്കന്മാർ എപ്പോഴും എഴുതിക്കൊണ്ടുമിരിക്കുന്നു. രണ്ടുഭാഗത്തുനിന്നും തിരക്ക്. അതിന്നുള്ള സമയം എത്തിപ്പോയി എന്നു ഞാൻ വിചാരിക്കുന്നു. നമുക്ക് ആ കാര്യത്തെപ്പറ്റി ആലോചിക്കുക.’

അതുപ്രകാരം തൊലോമിയെ ഒച്ചയൊന്നു താഴ്ത്തി; എന്തോ അത്രയും നേരംപോക്കുള്ള ഒന്നുച്ചരിച്ച്-ഒരേസമയത്ത്, ആ നാലു മുഖത്തും ഒപ്പം പരന്നതും, രസം പിടിച്ചതുമായ ഒരിളിയുണ്ടായി; ബ്ലാഷ്വേല്ല് ഉച്ചത്തിൽ പറഞ്ഞു: അതൊരു യുക്തിതന്നെയാണ്. പുകയോടുകൂടിയ ഒരു ചാരായക്കാച്ചുസ്ഥലം പ്രത്യക്ഷീഭവിച്ചു; അവർ അതിൽ കടന്നു; അവരുടെ ശേഷിച്ച ഗുഢസംഭാഷണം ഇരുട്ടിനുള്ളിൽ മറഞ്ഞു. ഈ ഏകാന്തസ്ഥലത്തുനിന്നു പിന്നീട് പുറപ്പെട്ട ഫലം അടുത്ത ഞായറാഴ്ച ദിവസത്തെ ഒരു മനോഹരമായ വിനോദസംഘമാണ്. ആ നാലു യുവാക്കന്മാർ മറ്റു നാലു യുവതികളേയും ക്ഷണിച്ചു.

കുറിപ്പുകൾ

[2] സ്കാൻഡിനേവിയയിലെ വലിയ പരിഷ്കാരപ്രവർത്തകനും സുപ്രസിദ്ധനുമായ രാജാവ്.

[3] ഇംഗ്ലണ്ടിൽ പണ്ടുണ്ടായിരുന്ന ഒരു പ്രസിദ്ധ രാജാവാണ് ആർതർ.

[4] ഏതാണ്ട് പൌരാണികകാലത്തേക്കു ചേർന്ന ഒരു കവി.

[5] ഈ പദത്തിന്റെ അർത്ഥം കന്യക എന്നാണ്. ആൽപ്സ് പർവതത്തിന്റെ കൊടുമുടിയിൽ ഒന്ന്. ഈ പേർ കിട്ടിയത് അതിന്റെ മഞ്ഞുമൂടിയ മുടിയുടെ പരിശുദ്ധമായ വെളുപ്പുകൊണ്ടാണ്. അതു പിന്നിടുവാൻ വളരെ പ്രയാസമുണ്ട്.

[6] നേപ്പിൾസിലെ ആരാധനാമൂർത്തിയായ ഒരു ഋഷി അവിടത്തെ ചക്രവർത്തി ക്രിസ്ത്യന്മാരെ ഉപദ്രവിച്ചിരുന്ന കാലത്ത് ഇദ്ദേഹം വലുതായ ദേഹദണ്ഡനങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. പല അത്ഭുതകർമ്മങ്ങളും കാണിച്ചിട്ടുളള ഇദ്ദേഹത്തിന്റെ ശവം നേപ്പിൾസിൽ കുഴിച്ചിട്ടിട്ടുണ്ടെന്നു മാത്രമല്ല, ‘രക്തം വെള്ളമാകുന്ന’ അത്ഭുതസംഭവം നടക്കുന്നതായി വിശ്വസിക്കപ്പെടുന്ന ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ രക്തം സൂക്ഷിച്ചിട്ടുളള രണ്ടു കുപ്പികൾ ആളുകൾക്ക് കാണിച്ചുകൊടുക്കുകയും പതിവുണ്ടു്.

1.3.3
നാലും നാലും

നാല്പത്തഞ്ചു കൊല്ലം മുൻപ് വിദ്യാർഥികളുടേയും ‘വേശി പ്പെണ്ണുങ്ങളുടേയും കൂടി നാട്ടുപുറത്തേക്കുള്ള വിനോദയാത്ര എന്തുമാതിരിയായിരുന്നു എന്ന് ഇപ്പോൾ ഒരാൾക്കാലോചിച്ചുണ്ടാക്കാൻ ഞെരുക്കമുണ്ട്. പാരിസ്സിന്റെ അയൽപ്രദേശങ്ങളെല്ലാം തീരെ മാറിപ്പോയി; പാരിസ്സിന്നു ചുറ്റുപുറങ്ങളിലുള്ള സാധാരണ ജീവിതത്തിന്റെ മുഖാകൃതി കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽവെച്ചു കേവലം ഭേദപെട്ടു; കുയിലുണ്ടായിരുന്നതെവിടെയോ അവിടെ ഇപ്പോൾ തീവണ്ടിയായി; കേവഞ്ചിയുണ്ടായിരുന്നേടത്ത് ഇപ്പോൾ തീബോട്ടായി; സാങ് ക്ലൊദ് സ്ഥലത്തെപ്പറ്റി അന്നു സംസാരിച്ചിരുന്ന പോലെ, ഇപ്പോൾ ആളുകൾ ഫെക്കാംപിനെപ്പറ്റി പറയുന്നു. 1862-ലുള്ള പാരിസ്സ്, ഫ്രാൻസ് രാജ്യം മുഴുവൻ അയൽപ്രദേശമായിത്തീർന്നിട്ടുള്ള ഒരു നഗരമാണ്.

അക്കാലത്തു നാട്ടുപ്രദേശങ്ങളിലുണ്ടായിരുന്ന എല്ലാ കോമാളിത്തങ്ങളിലും ആ നാലു ദമ്പതിമാർ മനഃപൂർവം ചുറ്റിയടിച്ചു. ഒഴിവുകാലം ആരംഭിക്കുകയായി; അന്ന് ഒരു തെളിവുള്ള നല്ല ദിവസമായിരുന്നു. തലേദിവസം ആ നാലു യുവതികളിൽവെച്ച് എഴുതുവാൻ ശീലമുള്ള ഒരേ ഒരുവൾ, ഫേവറിറ്റ്, എല്ലാവരുടേയും പ്രാതിനിധ്യത്തോടുകൂടി തൊലോമിയെക്ക് ഇങ്ങനെ എഴുതിയയച്ചു: ‘സുഖത്തിൽനിന്നു പുറത്തേക്കു കടക്കുവാൻ ഒരു കൊള്ളാവുന്ന സമയം.’ അതുകൊണ്ടാണ് അവർ രാവിലെ അഞ്ചു മണിക്കുതന്നെ ഉണർന്നെണീറ്റത്. എന്നിട്ട് ഒരു സവാരിവണ്ടിയിൽ അവർ സാങ് ക്ലൊദിലേക്കു പോയി; വരണ്ട നീർച്ചാട്ടം നോക്കിക്കണ്ടു പറഞ്ഞു: ‘വെള്ളമുള്ളപ്പോൾ ഇതു വളരെ ഭംഗിയുള്ളതായിരിക്കണം’ അവർ തെത്ത്—ന്വാറിൽ പോയി പ്രാതൽ കഴിച്ചു; ആ വിശിഷ്ടമായ നീർച്ചാട്ടത്തിന്റെ അടുത്തുള്ള അഞ്ചുമരക്കാവിൽ വെച്ച് അവർ മോതിരമെറിഞ്ഞ കളി കളിച്ചു; അവർ ഡയോജിനിസ്സിന്റെ [7] ദീപസ്തംഭമാടത്തിൽ കയറി; പോങ് ദ് സ്രെവിലുള്ള ചട്ടിയുരുട്ടിക്കളിസ്ഥലത്തുപോയി. മധുരപലഹാരങ്ങൾക്കുവേണ്ടി ഭാഗ്യപരീക്ഷ ചെയ്തു; പ്യുത്തോവിൽ പോയി പൂച്ചെണ്ടു കെട്ടിയുണ്ടാക്കി; നുയിയിൽനിന്ന് ഓടക്കുഴൽ വാങ്ങി. എല്ലായിടത്തുനിന്നും ഏപ്പിൾപ്പഴം വെച്ച അട മേടിച്ചു തിന്നു; തികച്ചും പരമാനന്ദിച്ചു.

കൂട്ടിൽനിന്നു പുറത്തായ കിളികളെപ്പോലെ ആ നാലു പെൺകുട്ടികൾ ആടിക്കുഴയുകയും വെടി പറയുകയും ചെയ്തു. അതു കേവലം ഒരു സന്തോഷമൂർച്ഛയായിരുന്നു. ഇടയ്ക്കിടയ്ക്ക് അവർ ആ യുവാക്കന്മാർക്കു ചില്ലറത്തല്ലുകൾ സമ്മാനിച്ചു. ജീവിതത്തിന്റെ തുടക്കത്തിലുള്ള ആഹ്ലാദലഹരി! ഓമനിക്കേണ്ടവയായ കൊല്ലങ്ങൾ! പായുന്ന അമ്പിൻകൂട്ടത്തിന്റെ ചിറകുകൾ! ഹാ! നിങ്ങൾ ആരുതന്നെയായാലും ശരി, നിങ്ങൾ ഓർമിക്കുന്നില്ലേ-നിങ്ങളുടെ പിന്നാലെവരുന്ന ആ ഓമനശ്ശിരസ്സിന്നു വേണ്ടി, ചില്ലകൾ വകഞ്ഞുപിടിച്ചുകൊണ്ട്, കുറ്റിക്കാട്ടിലൂടെ നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടോ? ആസകലം മഴയത്തുനനഞ്ഞു, നിങ്ങളുടെ കൈ പിടിച്ചുകൊണ്ടും, ‘ആയി എന്റെ പുതിയ പാപ്പാസ്സുകൾ! അവ ഇനി എന്തിനു കൊള്ളും?’ എന്നു പിറുപിറുത്തുകൊണ്ടുമുള്ള ഒരു പ്രാണപ്രിയ കൂടെയുമായി, നിങ്ങൾ ചിരിച്ചുകൊണ്ടു കുന്നിൻമുകളിൽനിന്ന് ഉരസിയിറങ്ങിയിട്ടുണ്ടോ?

പുറപ്പെട്ട സമയത്ത്, അധികാരവും വാത്സല്യവും കാണിക്കുന്ന ഒരു സ്വരവിശേഷത്തോടുകൂടി, പുഴുക്കൾ വഴിയിലെങ്ങും അരിച്ചരിച്ചു പോകുന്നുണ്ട്-കുട്ടികൾ കേട്ടോളൂ, മഴ വരും എന്നർഥം’ എന്നു ഫേവറിറ്റ് പറയുകയുണ്ടായെങ്കിലും, ഈ നേരംപോക്കുകാരുടെ കാര്യത്തിൽ ആഹ്ലാദകരമായ ഒരു തടസ്സം മഴചാറൽ, ഉണ്ടായില്ലെന്നു ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞുവെക്കുന്നു.

ഒരു പൊറുതിയില്ലാത്ത ഓമനത്തമുണ്ടായിരുന്നു ആ നാലുപേർക്കും, അന്നു പ്രസിദ്ധനായിരുന്ന ഒരു പടുവൃദ്ധൻ മാന്യകവി, മൊസ്സ്റ്യുല് ഷെവലിയെ ദ്ലബുയി, സാങ് ക്ലൊദിലെ മരത്തോപ്പിലൂടെ ലാത്തുന്നതിനിടയ്ക്കു രാവിലെ ഏകദേശം പത്തുമണിയോടുകൂടി, അതിലെ അവർ കടന്നുപോകുന്നതു കണ്ടു; അദ്ദേഹം അവരുടെ സൗഭാഗ്യവിശേഷങ്ങളെപ്പറ്റി വിചാരിച്ചു കുറച്ചുച്ചത്തിൽ പറഞ്ഞു: ആവു, എന്താണിതു കഥ.’ ബ്ലാഷ്വേല്ലിന്റെ സഖിയായ ഫേവറിറ്റ്, ഇരുപത്തിമൂന്നു വയസ്സായ ആ ഒരുവൾ, ആ മുത്തശ്ശി, മുമ്പിൽക്കടന്നു പച്ചച്ച കൂറ്റൻ മരക്കൊമ്പുകളുടെ താഴത്തൂടെ പാഞ്ഞുകളിച്ചു; കുഴികൾ ചാടിക്കടന്നു; ചെടിപ്പടർപ്പുകൾക്കുമീതെ ഭ്രാന്തുപിടിച്ചപോലെ അന്തസ്സിൽ നടന്നു; ചെറുപ്പക്കാരിയായ വനദേവതയെപ്പോലെ അവൾ ഈ ഉത്സവവിശേഷത്തിന്റെ ആധ്യക്ഷ്യം വഹിച്ചു. തങ്ങൾ ഒരുമിച്ചാകുമ്പോൾ രണ്ടുപേരുടേയും സൗന്ദര്യം വർദ്ധിക്കുകയും രണ്ടുപേരുടേയും ഓമനത്തം തികയുകയും ചെയ്യുന്ന, അങ്ങനെയൊരു വിധം സൗഭാഗ്യവതികളായി ഈശ്വരവിധിയാൽ സൃഷ്ടിക്കപ്പെട്ട സെഫീനും ദാലിയയുമാവട്ടെ, സൗഹാർദ്ദത്തേക്കാളധികം തേവിടിശ്ശിത്തംകൊണ്ടുള്ള ഒരു ബോധവിശേഷംകൊണ്ട്, ഒരിക്കലും അന്യോന്യം വിട്ടുപിരിഞ്ഞില്ല. അവർ തമ്മിൽ കെട്ടിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷ് നിലകളെടുത്തു; ആദ്യത്തെ സ്മാരകമുദ്രകൾ പ്രത്യക്ഷീഭവിക്കാൻ തുടങ്ങിയിരിക്കുന്നു-കുറച്ചു കഴിഞ്ഞപ്പോൾ പുരുഷന്മാരിൽ ബയറൺ [8] ത്തം ഉദിച്ചുതുടങ്ങിയതു പോലെ, സ്ത്രീളിൽ കുണ്ഠിതഭാവം വന്നുകൂടുകയായി; എന്നല്ല പെണ്ണുങ്ങളുടെയെല്ലാം തലമുടി വ്യസനപൂർവം തൂങ്ങിക്കിടക്കാൻ തുടങ്ങി. സെഫീനും ദാലിയയും തങ്ങളുടെ തലമുടി ചുരുൾ ചുരുളാക്കിയിട്ടു. തങ്ങളുടെ അധ്യാപകന്മാരെപ്പറ്റി ഗുണദോഷവിചാരം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ലിതോളിനേയും ഫാമോയിനും മൊസ്സ്യു ദെൽവാങ് കൂറിന്നും [9] മൊസ്സ്യു ബ്ലാൻദോ [10] വിന്നുമുള്ള വ്യത്യാസത്തെ ഫൻതീന്നു വിവരിച്ചുകൊടുത്തു.

ഇന്ത്യൻസാൽവയുടെ ഛായയിലുള്ളതും വക്കത്ത് ഒറ്റക്കരയുള്ളതുമായ ഫേവറിറ്റിന്റെ വസ്ത്രത്തെ ഞായറാഴ്ചതോറും കൈയിന്മേലിട്ടു നടക്കാൻവേണ്ടി സ്പഷ്ടമായി സൃഷ്ടിക്കപ്പെട്ടവനാണ് ബ്ലാഷ്വേല്ല് എന്നു തോന്നി.

ആ യോഗത്തിനു കിരീടംവെച്ചുകൊണ്ടു തൊലോമിയെ പിൻതുടർന്നു. അയാൾക്ക് ബഹു ആഹ്ലാദം; എന്നാൽ മറ്റുള്ളവരിൽ അധികാരം നടത്തുന്ന ഒരുമട്ട് അയാളിൽ പ്രകാശിച്ചു; അയാളുടെ തമാശകളിൽ ഒരാജ്ഞയുണ്ടായിരുന്നു; ചെമ്പുകമ്പിമെടച്ചിലുള്ള ചുമൽപ്പട്ടകളോടുകൂടിയവയും കാക്കിത്തുണികൊണ്ടു് ‘ആനക്കാൽ‘പ്പരിഷ്കാരത്തിലുണ്ടാക്കിയവയുമായ കാലുറകൾ മാത്രമായിരുന്നു അയാളുടെ പ്രധാന ഭൂഷണം; ഇരുനൂറു ഫാങ്കു വിലയ്ക്കുള്ള ഒരു ചൂരൽ കൈയിലുണ്ട്; എന്നല്ല, അയാളെസ്സംബന്ധിച്ചതെന്തും ഒരു പുതുമാതിരിയായതുകൊണ്ടു, ചുരുട്ട് എന്നു പറയപ്പെടുന്ന ഒരത്ഭുതസാധനം വായിലുമുണ്ടായിരുന്നു. അയാൾക്ക് ഒന്നുമില്ല വലിയ സാരം; അയാൾ ചുരുട്ടുവലിച്ചു.

‘ആ തൊലോമിയെ ഒരു വല്ലാത്ത മനുഷ്യനാണു്!’ മറ്റുള്ളവർ ഭക്തിയോടുകൂടി പറഞ്ഞു, ‘എന്തു കാലുറ! എന്തു പ്രസരിപ്പ്!’

‘ഫൻതീനെപ്പറ്റിയാണെങ്കിൽ, അവളെ കാണുന്നത് ഒരു സന്തോഷമാണ്. അവളുടെ ചന്തമുള്ള പല്ലുകൾക്ക് ഈശ്വരന്റെ കൈയിൽനിന്നു പ്രത്യക്ഷത്തിൽ ഒരുദ്യോഗം കിട്ടിയിട്ടുണ്ട്—ചിരിക്കുക. വയ്ക്കോൽത്തുന്നലോടും നീണ്ട വെള്ളനാടകളോടും കുടിയ തന്റെ ചെറുതൊപ്പി തലയിൽ വെക്കുന്നതിനെക്കാളധികം കൈയിൽ വെക്കുന്നതായിരുന്നു അവൾക്കിഷ്ടം. ചുരുളാൻ നില്ക്കുന്നതും എളുപ്പത്തിൽ ചുരുളുന്നതും ഇടയ്ക്കിടയ്ക്കൊക്കെ പിടിച്ചു കെട്ടിയിടേണ്ടിവരുന്നതുമായ അവളുടെ ചെമ്പിച്ച തഴച്ചുള്ള തലമുടി, അലരിവൃക്ഷങ്ങൾക്കു ചുവട്ടിൽ ഗാലത്തി [11] യുടെ ഓടിപ്പോകൽ കാട്ടാൻവേണ്ടി ഉണ്ടാക്കപ്പെട്ടതോ എന്നു തോന്നി. പനിനീർപ്പൂപോലുള്ള അവളുടെ ചുണ്ടുകൾ ആരെയും മയക്കിപ്പോകുന്നവിധം കൊഞ്ചിക്കൊണ്ടിരുന്നു. എറിഗോണിലെ പഴയ മുഖാവരണങ്ങൾക്കുള്ളതുപോലെ, വിഷയസുഖേച്ഛയെ കാണിച്ചുകൊണ്ടു മേല്പോട്ടു കയറിയിരുന്ന അവളുടെ ചുണ്ടിന്റെ രണ്ടറ്റങ്ങൾക്ക് അധികപ്രസംഗികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭാവവിശേഷി ഉണ്ടായിരുന്നു. പക്ഷേ, വരട്ടെ എന്നു പറയുന്നവിധം, അവളുടെ നീണ്ടുരുണ്ട കണ്ണിമകൾ മുഖത്തിന്റെ കീഴ്ഭാഗത്തുള്ള ആഹ്ലാദശീലത്തിനുമേലെ സൂക്ഷ്മതയോടെ ചാഞ്ഞു കിടക്കുന്നു. അവളുടെ ഉടുപ്പിലാസകലം, അനിർവാച്യമായ യോജിപ്പും ആകർഷകത്വവും കാണിക്കുന്ന എന്തോ ഒന്നുണ്ട്. ഇളനീലവർണത്തിൽ പരുത്തിപ്പട്ടുതുണികൊണ്ടുള്ള മേലുടുപ്പും; കുറച്ചു ചുകപ്പോടുകൂടി തവിട്ടുനിറത്തിലുള്ളവയും, വെളുത്തു നേർത്തു തുറസ്സായ കീഴ്ക്കാലുറകളുടെ മീതെ പട്ടുനാടക്കെട്ടുകൊണ്ട് x എന്നെഴുതിയുണ്ടാക്കിയവയും, മുട്ടോളം കയറിനിൽക്കുന്നവയുമായ ഒരുതരം പപ്പാസ്സുകളും; മാർസിയൈപ്പട്ടണത്തിൽ പുതുതായുണ്ടാക്കുന്നതായി, കിങ്സ് അവൊ എന്ന രണ്ടു വാക്കുകൾ കൂടിച്ചേർന്നതും, വെയിൽ, ഉച്ച എന്നെല്ലാം അർഥം വരുന്നതുമായ കാങ്ങെസൗ എന്ന പേരിൽ അറിയപ്പെടുന്ന അത്തരം ഒരു കറുങ്കുപ്പായവുമാണ് അവൾ ധരിച്ചിരുന്നത് ഞങ്ങൾ പറഞ്ഞുവെച്ചതുപോലെ, ഭീരുത്വം കുറഞ്ഞവരായ മറ്റു മൂന്നുപേർ യാതൊരാച്ഛാദനവും കൂടാതെ കഴുത്തു കിഴിഞ്ഞ ഉടുപ്പുകളാണിട്ടിരുന്നത്-പുഷ്പങ്ങളണിഞ്ഞ തൊപ്പികളുടെ ചുവട്ടിലാവുമ്പോൾ, വേനല്ക്കാലത്ത്, അവയ്ക്കു കാഴ്ചയിൽ നല്ല അന്തസ്സും ഭംഗിയുമുണ്ട്; എന്നാൽ ഈ അധികപ്രസംഗം കൂടിയ ചമയൽസ്സാമാനങ്ങൾക്കടുത്താവുമ്പോൾ, ചെമ്പിച്ച തലമുടിക്കാരിയായ ഫൻതീന്റെ ഈ കറുങ്കുപ്പായം, അതിന്റെ സ്വച്ഛതയോടും, അതിന്റെ അവിവേകിതയോടും, അതിന്റെ മന:സ്വഭാവത്തോടുംകൂടി, മറയ്ക്കുകയും വെളിപ്പെടുത്തുകയും ഒരേസമയത്തു ചെയ്തുകൊണ്ട്, ഈശ്വരൻ അനുഗ്രഹിച്ചരുളിയ ഹൃദയാകർഷകമായ ഒരൌചിത്യവിശേഷമായി തോന്നപ്പെട്ടു; കടൽനീലിമയുള്ള കണ്ണോടുകൂടിയ വിക്കൊംതെസ്സ് ദ് സെത്ത് ആധ്യക്ഷ്യം വഹിക്കുന്ന ആ പ്രസിദ്ധമായ അനുരാഗവിവേചനസഭ, പരിപൂർണമായ വിനയം ആർക്കാണെന്നുള്ള വിചാരണയിൽ, പക്ഷേ, തേവിടിശ്ലിത്തത്തിനുള്ള സമ്മാനം ഈ കറുങ്കുപ്പായത്തിനു കൊടുക്കുകയില്ലേ എന്നും സംശയമുണ്ട്. ഏറ്റവും കുലീനത്വമുള്ളതായിരിക്കും ചിലപ്പോൾ ഏറ്റവും അറിവുകൂടിയത്. ഇങ്ങനെ കാണാറുണ്ട്.

പ്രകാശമാനമായ മുഖം, നല്ല നീലനിറവും കനത്ത പോളകളുമുള്ള കണ്ണുകളോടുകൂടി കൌതുകകരമായ ആകൃതിവിശേഷം. ചെറുതായി കമാനാകൃതിയിലുള്ള കാലടി, അഴകുള്ള മണിബന്ധങ്ങളും ഞെരിയാണികളും, ആകാശച്ഛായയിൽ അവിടവിടെ പടർന്നുപിടിച്ച ഞരമ്പുകളെ കാണുമാറാക്കുന്ന വെളുത്ത ദേഹവർണം, ആഹ്ലാദം, ഇളയതും പുതിയതും തെളിവുള്ളതുമായ കവിൾത്തടം, പുഷ്ടിയുള്ള മുൻകഴുത്ത്, ശക്തിയുള്ളതും ക്ഷണത്തിൽ വളയുന്നതുമായ കണ്ഠനാളം, പട്ടുടുപ്പിലൂടെ കാണപ്പെടുന്ന ആ ഒരു മനസ്സുമയക്കുന്ന ഓമനക്കുഴി നടുവിലുള്ളവയും കൂത്തൂ [12] ഭംഗിപ്പെടുത്തിയതുപോലെ അത്രയും സുഭഗാകൃതിയോടു കൂടിയവയുമായ ചുമലുകൾ, മനോരാജ്യംകൊണ്ടു പതംവന്ന ഒരു സന്തോഷ ശീലം, കൊത്തിവെച്ച പ്രതിമയുടെ അന്തസ്സും ഭംഗിയും-ഇങ്ങനെയായിരുന്നു ഫൻതീൻ; സ്ത്രീജനോചിതങ്ങളായ ഈ ആഭരണങ്ങളുടേയും പട്ടുനാടകളുടേയും ഉള്ളിൽ ഒരു വിഗ്രഹവും ആ വിഗ്രഹത്തിനകത്ത് ഒരു ജീവനുമുണ്ടെന്ന് ആർക്കും ഊഹിക്കാൻ കഴിയും.

ഫൻതീൻ സുന്ദരിയായിരുന്നു-ആ കഥ വേണ്ടതിലധികം അവൾ അറിഞ്ഞിട്ടുമില്ല. അപൂർവമായി മാത്രം കാണപ്പെടുന്ന ആ മനോരാജ്യക്കാർ, ഒന്നും മിണ്ടാതെ എന്തിനേയും പരിപൂർണതയോട് ഒപ്പിച്ചുനോക്കുന്ന ആ സൌന്ദര്യപൂജകന്മാർ, ഈ ചെറിയ കൂലിപ്പണിക്കാരിയിൽ, നാഗരികത്വത്തോടുകൂടിയ അന്തസ്സിന്റെ സ്വച്ഛതയ്ക്കുള്ളിലൂടെ, പണ്ടത്തെ പരിപാവനമായ ലാവണൃഗുണത്തെ ഒരുനോക്കു കണ്ടുപിടിക്കുവാനും മതി. ഈ അജ്ഞാതത്വത്തിന്റെ-തമോനിബിഡതയുടെ-സന്താനത്തിൽ തികഞ്ഞ തറവാടിത്തമുണ്ടായിരുന്നു. അവൾ രണ്ടുവിധത്തിൽ സുന്ദരിയാണ്—രീതികൊണ്ടും പൊരുത്തംകൊണ്ടും. രീതി സർവ്വോത്കൃഷ്ടതയുടെ രൂപമാണ്; പൊരുത്തം അതിന്റെ ചേഷ്ടയും.

ഫൻതീൻ ആഹ്ലാദമാണെന്നു ഞങ്ങൾ പറഞ്ഞിട്ടുണ്ട്; അവൾ വിനയവുമായിരുന്നു.

സനിഷ്കർഷമായി അവളെ നോക്കിപ്പഠിച്ചിട്ടുള്ള ഒരു സുക്ഷ്മദർശിയുടെ കണ്ണിന്, അന്നത്തെ കാലത്തുള്ള പരിഷ്കാരലഹരിയുടേയും, ആ പ്രായത്തിന്റേയും, അവളുടെ അനുരാഗസംഗതിയുടേയുമെല്ലാം ഉള്ളിലായി അവളിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്നതെന്തോ, അത് അടക്കത്തിന്റേയും ഒതുക്കത്തിന്റേയും അപ്രതിഹതമായ ഒരു ദീപ്തിവിശേഷമായിരുന്നു. ഒന്നമ്പരന്നപോലെയായിരുന്നു അവൾ. ഈ അതിസ്വച്ഛമായ അമ്പരപ്പാണ് സൈക്കിനേയും [13] വീനസ്സിനേയും [14] തമ്മിൽ വേർതിരിക്കുന്ന ആ നേരിയ വ്യത്യാസരേഖ. ആ ഒരു സ്വർണസുചികൊണ്ടു് പാവനമായ അഗ്നികുണ്ഡത്തിലെ ചാരക്കട്ടകളെ നീക്കിക്കൊണ്ടിരിക്കുന്ന ആ കന്യകയായ ചാരിത്ര്യദേവതയുടെ നീണ്ടുവെളുത്ത ഭംഗിയുള്ള കൈവിരലുകളാണ് ഫൻതീന്നുള്ളത്. നമുക്ക് ഇനി മനസ്സിലാക്കുവാൻ വേണ്ടതിലധികം സൌകര്യം കിട്ടുന്നതിൻവിധം, തൊലോമിയെ ആവശ്യപ്പെടുന്നതൊന്നും അവളെക്കൊണ്ടു കൊടുക്കാതെ കഴിക്കാൻ വയ്യായിരുന്നു എങ്കിലും, ഉറക്കത്തിൽ അവളുടെ മുഖം അത്യുൽകൃഷ്ടമായ ചാരിത്ര്യശുദ്ധികൊണ്ടു വിളങ്ങിക്കാണപ്പെട്ടു; ചില സമയങ്ങളിൽ പെട്ടെന്ന് ഒരുതരം സഗൗരവവും ഏതാണ്ടു കഠിനവുമായ ഒരു മഹത്ത്വം അവളിലെങ്ങും കടന്നുവ്യാപിക്കും. ആഹ്ലാദശീലം ക്ഷണത്തിൽ നിലച്ചുപോവുകയും മധ്യേ ഇടയൊന്നുമില്ലാതെ പൊടുന്നനെ ഉത്സാഹമെല്ലാം മാറി മനോരാജ്യം വന്നുകൂടുകയും ചെയ്യുന്നതിനെക്കാൾ അത്ഭുതകരവും അമ്പരപ്പിക്കുന്നതുമായി മറ്റൊന്നില്ല. പെട്ടെന്നു കടന്നു ബാധിക്കുന്നതും എന്തെന്നില്ലാത്ത ശക്തിയിലും കനത്തിലും വന്നുകൂടുന്നതുമായ ഈ ഗൗരവം ഒരു ദേവതയുടെ ധിക്കാരത്തോടു കിടപിടിക്കുന്നു. അവളുടെ നെറ്റിത്തടം, അവളുടെ മുക്ക്, അവളുടെ കവിൾത്തടം—ഇതുകൾ, അതാതിന്റെ പരിണാമത്തിനുള്ള സമത്വത്തിൽനിന്നു തീരെ ഭേദപ്പെട്ടതായി ആകൃതിക്ക് ആകപ്പാടെയുള്ള യോജിപ്പിനെ വെളിപ്പെടുത്തിയിരുന്നു-മുഖത്തിന്റെ കൌതുകകരമായ ഒരിണക്കം ഇതുകൊണ്ടാണുണ്ടാകുന്നത്; മൂക്കിന്റെ അടിസ്ഥലത്തേയും മുകളിലത്തെ ചുണ്ടിനേയും തമ്മിൽ വേർതിരിക്കുന്ന ആ സ്വാഭാവികമായ അകൽച്ചയിൽ ദൃശ്യവും അത്രമേൽ ഹൃദയാകർഷകവുമായ ആ മടക്ക്—ഐക്കോണിയയിലെ ദിവ്യരത്നങ്ങളുടെ കൂട്ടത്തിൽ ഒരു ഡയാനയെ [15] കണ്ടുമുട്ടിയപ്പോൾ, ബാർ-ബൊറോസ്സിനെക്കൊണ്ട് [16] അവളിൽ അനുരാഗം തോന്നിച്ച ചാരിത്ര്യത്തിന്റെ ആ ഒരു ഗൂഢിചിഹ്നം —അവൾക്കുണ്ടായിരുന്നു. അനുരാഗം ഒരു തെറ്റാണ്; അങ്ങനെയാവട്ടെ. ഫൻതീൻ ആ തെറ്റിനു വളരെ മുകളിൽ പൊന്തിക്കിടക്കുന്ന നിർദ്ദോഷതയായിരുന്നു.

കുറിപ്പുകൾ

[7] പ്രസിദ്ധനായ ഗ്രീസ്സിലെ ഒരു തത്ത്വജ്ഞാനി ഇദ്ദേഹം മഹാനായ അലെക്സാണ്ടറുടെ സമകാലീനനാണ് അലെക്സാണ്ടറല്ലെങ്കിൽ തനിക്കു പിന്നെ ഡയോജിനിസ്സാവാനാണ് ആഗ്രഹമെന്നുള്ള ചക്രവർത്തിയുടെ വാക്കു പ്രസിദ്ധമാണു്.

[8] ഇംഗ്ലണ്ടിലെ ഒരു മഹാകവി.

[9] ഒരു പ്രസിദ്ധനായ ഫ്രഞ്ച് നിയമജ്ഞൻ പാരിസ്റ്റ് സർവ്വകലാശാലയിലെ ഉദ്യോഗസ്ഥൻ.

[10] ഒരു വിദ്യാലയാധ്യക്ഷൻ.

[11] ജലദേവതമാരിൽ ഒരുവൾ.

[12] ഫ്രാൻസിലെ ഒരു പ്രസിദ്ധനായ കൊത്തുപണിക്കാരൻ.

[13] ഗ്രീസിലെ പുരാണകഥയനുസരിച്ച് അസാധാരണ സൗന്ദര്യമുളള ഒരു രാജകുമാരി കാമദേവന്റെ പ്രാണപ്രിയ.

[14] റോംകാരുടെ ഇതിഹാസപ്രകാരം സൗന്ദര്യത്തിന്റെയും അനുരാഗത്തിന്റെയും അധിദേവത.

[15] ഇറ്റലിയിലെ പ്രകാശദേവത.

[16] ഒരു പൌരാണിക കഥാപാത്രം.

1.3.4
തൊലോമിയെക്ക് അത്രയും ഉത്സാഹം കയറി, അയാൾ സ്പാനിഷ് ഭാഷയിലുള്ള ഒരു പാട്ടു പാടുന്നു

ആ ദിവസം മുഴുവനും, ഒരറ്റം മുതൽ മറ്റേ അറ്റംവരെ, പ്രഭാതമായിരുന്നു. പ്രകൃതിയെല്ലാം ഒരുത്സവം കൊണ്ടാടുകയാണെന്നു തോന്നി; എല്ലായിടവുമുണ്ട് ചിരിക്കുന്നു. സാങ് ക്ലൊദിലെ പുഷ്പകലശങ്ങൾ വായുമണ്ഡലത്തെ സുരഭിലമാക്കി; സെയിൻനദിയുടെ നിശ്വാസം പത്രപ്പടർപ്പുകളെ ഉപായത്തിൽ ഇട്ടുലച്ചൊച്ചപ്പെടുത്തി; കാറ്റത്തു ചില്ലകൾ ഓരോ കൈമുദ്ര കാണിച്ചു; തേനീച്ചകൾ മുല്ലകളെയെല്ലാം കൊള്ളയിട്ടു; ചിത്രശലഭമയമായ ഒരു രാജ്യം മുഴുവനും സുഗന്ധകുസുമങ്ങളുള്ള പലേതരം ചെടികളിൽ പറന്നുവീണു പറ്റിപ്പിടിച്ചു; ഫ്രാൻസ് രാജ്യത്തിലെ മഹാരാജാവിനുള്ള പള്ളിപ്പൂങ്കാവിൽ ഒരുകൂട്ടം തെമ്മാടികൾ വന്നുകൂടിയിരിക്കുന്നു-പക്ഷികൾ.

സൂര്യപ്രകാശവും വയലുകളും പുഷ്പങ്ങളും വൃക്ഷങ്ങളുമായി കൂടിക്കലർന്ന ആ നാലു ദമ്പതികൾ മിന്നിത്തിളങ്ങി.

വെടിപറഞ്ഞും, പാട്ടുപാടിയും, ഓടിനടന്നും, ആടിക്കളിച്ചും ചിത്രശലഭങ്ങളെ തേടിപ്പിടിച്ചും, ചന്തമുള്ള ചില ചെറുചെടികളെ പറിച്ചെടുത്തും, ഇളഞ്ചുവപ്പുനിറത്തിൽ തുറന്നമാതിരിയിലുള്ള കീഴ്ക്കാലുറകളെ നീണ്ട പുല്ലുകളിൽ തട്ടിച്ചു നനച്ചും ആഹ്ലാദിക്കുന്ന ചെറുപ്പക്കാരും സാഹസികളും ദുഷ്ടില്ലാത്തവരുമായ ആ സ്വർഗവാസികളുടെ സംഘത്തിൽ ഫൻതീൻ ഒഴികെ എല്ലാവരും, ഏതാണ്ടൊക്കെ മറ്റുള്ളവരുടെ ചുംബനങ്ങളെ സ്വീകരിച്ചിരുന്നു— മനോരാജ്യംകൊണ്ടും താന്തോന്നിത്തം കൊണ്ടുമുണ്ടായ തന്റെ അനിശ്ചിതപ്രാതികൂല്യത്താൽ അവൾമാത്രം മറ്റുള്ളവരിൽനിന്നു രക്ഷിക്കപ്പെട്ടു; അവൾക്ക് അനുരാഗമുണ്ടായിരുന്നു. നിങ്ങൾക്ക് എയ്പോഴുമുണ്ടു്, ഒരു പുതുമട്ടു്, ഫേവറിറ്റ് അവളോടു പറഞ്ഞു.

ഇതെല്ലാം ആഹ്ലാദമാണ്. സുഖികളായ ദമ്പതികളുടെ ഈ സഞ്ചാരം ജീവിതത്തോടും പ്രകൃതിയോടും ചെയ്യുന്ന ഒരു ഹൃദയപൂർവകമായ അപേക്ഷയത്രേ; അതു സർവത്തേയും ഓരോന്നു താലോലിക്കുന്നു; എല്ലാറ്റിൽനിന്നും അതോടുകൂടി ഒരു തേജസ്സുദിക്കുകയും ചെയ്യുന്നു. അനുരാഗത്തിൽ നിൽക്കുന്നവർക്കു മാത്രംവേണ്ടി-എപ്പോഴും പുതുതായി തുടങ്ങുന്നതും, ചെടിപ്പടർപ്പുകളും വിദ്യാർഥികളും നിലനില്ക്കുന്നേടത്തോളം കാലമുള്ളതുമായ കാമിനീകാമുകന്മാരുടെ ആശാശ്വതമായ വള്ളിക്കുടിൽപ്പാഠശാലയിൽ-വയലുകളേയും കാട്ടുപുറങ്ങളേയും പണ്ടൊരിക്കൽ ഒരു വനദേവതയാണ് സൃഷ്ടിച്ചത്. അതുകൊണ്ടാണ് വിചാരശീലന്മാരുടെ ഇടയിൽ വസന്തം പ്രിയപ്പെട്ടുപോയത്. കുലീനനും കൊല്ലനും, രാജാവും പ്രഭുവും, ഭരണാധികാരിയും, കൊട്ടാരസേവകന്മാരും, പരിഷ്കാരികളും, എല്ലാം ഈ വനദേവതയുടെ കീഴിൽ കഴിയുന്നവരാണ്. അവർ ചിരിക്കുന്നു; നടന്നു നായാടുന്നു; അതാ; ആകാശത്തിലെങ്ങും ഒരു ദിവ്യമായ പട്ടാഭിഷേകത്തിന്റെ വെളിച്ചം വ്യാപിച്ചു—അനുരാഗം എന്തൊരു മാറ്റത്തെയാണ് ഉണ്ടാക്കിത്തീർക്കുന്നത്! വിവാഹപത്രം എഴുതുന്നാളുടെ ഗുമസ്തന്മാർ ഈശ്വരന്മാരാണ്. എന്നല്ല, ചെറിയ വിളികൾ, പുല്ലിന്നിടയിലൂടെ അന്യോന്യമുള്ള പിൻചെല്ലൽ, കുതിരവണ്ടിയിൽ ഇരുന്ന് ആശ്ശേഷിക്കപ്പെട്ടുകൊണ്ടുള്ള അരക്കെട്ടുകൾ, ഗാനസമാനങ്ങളായ നിരർഥകലാപങ്ങൾ, ഓരോ വാക്കുച്ചരിക്കുന്നതിൻവിധം പുറപ്പെടുന്ന ആ വക വിലാസചേഷ്ടകൾ, ഒരാളുടെ ചുണ്ടത്തുനിന്നു മറ്റൊരാളുടെ ചുണ്ടത്തേക്കായി തട്ടിയെടുക്കപ്പെടുന്ന ആ പഴങ്ങൾ—ഈ പറഞ്ഞതെല്ലാം ഉദിച്ചുമിന്നുകയും, ആകാശത്തുള്ള ജ്യോതിസ്സുകളുടെ കൂട്ടത്തിൽ സ്ഥലംപിടിക്കുകയും ചെയ്യുന്നു. സുന്ദരികളായ സ്ത്രീകൾ സ്വയമേവ ഓമനത്തത്തോടുകൂടി അലിഞ്ഞുപോകുന്നു. ഇതിന് എന്നും അവസാനമുണ്ടാവില്ലെന്ന് അവർ വിചാരിക്കുന്നു. തത്ത്വജ്ഞാനികൾ, കവികൾ, ചിത്രകാരന്മാർ, ഈ പരമാനന്ദങ്ങളെ കാണുന്നു; അവയെക്കൊണ്ട് എന്തുവേണ്ടൂ എന്ന് അവർക്കു നിശ്ചയമില്ലാതാകുന്നു—ഇതൊക്കെ കണ്ട് അത്രയും അവർ അമ്പരക്കുന്നു. ‘സൈത്തിറ17 യിലേക്കുള്ള പുറപ്പാടുസമയം!’ വത്തോ17 ഉച്ച ത്തിൽ പറഞ്ഞുപോകുന്നു; സാധാരണന്മാരുടെ ചിത്രകലാകുശലനായ ലൻക്രെ നീലിച്ച ആകാശത്തിലേക്കു പാഞ്ഞുപോയ തന്റെ പൌരനെ മനസ്സുകൊണ്ടു നോക്കിക്കാണുന്നു; ഈ എല്ലാ അനുരാഗഗാനങ്ങളുടേയും നേരെ ദിദറോ തന്റെ രണ്ടു കൈയും നീട്ടുന്നു; ദൂർഫെ [17] പഴയ കാലത്തെ ബ്രിട്ടനിലെ മതാചാര്യന്മാരെ അവയോട് കൂട്ടിയിണക്കുന്നു.

രാവിലത്തെ ഭക്ഷണം കഴിഞ്ഞതിനുശേഷം ആ നാലു ദമ്പതിമാരുംകൂടി, പുതുതായി ഇന്ത്യാരാജ്യത്തുനിന്നു കൊണ്ടുവരപ്പെട്ടതും, പാരിസ്സ് നഗരത്തെ മുഴുവനും സാങ് ക്ലൊദ് എന്ന സ്ഥലത്തേക്ക് ആകർഷിച്ചുകൊണ്ടിരുന്നതുമായ ഒരു ചെടി-തല്ക്കാലം ഞങ്ങൾക്ക് അതിന്റെ പേരാലോചിച്ചിട്ടു 17 വീനസ്സ് ഈ ദ്വീപിന്റെ അടുത്തുവച്ചാണത്രേ കടലിൽ നിന്നു് പുറത്തുവന്നതു്. ഇവിടെ വീനസ്സിനെ ആളുകൾ പൂജിക്കുന്നു. ഇതു വിഷയമാക്കി വത്തോ–ഫ്രാൻസിലെ ഒരു പ്രസിദ്ധ ചിത്രകാരൻ–എഴുതിയിട്ടുള്ള ഒരു ചിത്രത്തെയാണു് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നതു്. കിട്ടുന്നില്ല-കാണുവാൻവേണ്ടി അന്നു കിങ്സ് സ്കൊയർ എന്നു പറഞ്ഞുവന്നിരുന്ന ആ ഒരു സ്ഥലത്തേക്കു പോയി. അത് അപൂർവവും ഭംഗിയുള്ളതും, ഒരു നീണ്ട കൊമ്പോടുകൂടിയതുമായ ഒരു ചെടിയാണ്-അത്യധികം അടുത്തടുത്ത് ഇലയില്ലാതെ നൂലുപോലെ നേർത്തുള്ള അതിന്റെ സംഖ്യയില്ലാത്ത ചില്ലകളെല്ലാം വെളുത്തു ചെറിയ കൃത്രിമപ്പനിനീർപ്പൂക്കളെക്കൊണ്ടു മൂടിയിരുന്നു; ഇതുകൊണ്ട് ആ ചെടിരോമംകൊണ്ട് നിറഞ്ഞ ഒരു പുഷ്പനിബിഡമായ ശിരസ്സുപോലെ തോന്നപ്പെട്ടു. അതിനു ചുറ്റും അതിനെ നോക്കിക്കൊണ്ടഭിനന്ദിക്കുന്ന ഒരു വലിയ ജനസംഘം എപ്പോഴുമുണ്ടായിരുന്നു.

ചെടി കണ്ടുകഴിഞ്ഞതിനുശേഷം, തൊലോമിയെ പറഞ്ഞു:ഞാൻ നിങ്ങൾക്കു കഴുതകളെ സമ്മാനിക്കാം.’ കഴുതകളുടെ ഉടമസ്ഥനുമായി വില തീർച്ചപ്പെടുത്തി. അവർ വാങ്—ഇസ്സി എന്നീ വഴിക്കു മടങ്ങി. ഇസ്സിയിൽവെച്ച് ഒരു സംഭവമുണ്ടായി. യഥാർഥമായി പൊതുജനങ്ങൾക്കു ചേർന്ന മൃഗത്തോപ്പ്-കരാറുകാരനായ ബൂർഴുവാങിന്റെ ആധിപത്യത്തിലായിരുന്നു അതന്ന്-തുറന്നുകിടന്നിരുന്നു. അവർ അകത്തേക്കു കടന്നു; തന്റെ ഗുഹയിലിരിക്കുന്ന ചെറുമനുഷ്യസന്ന്യാസിയെ ചെന്നുകണ്ടു; ഒരു മനുഷ്യക്കുരങ്ങനെ കൊണ്ടുപോയി ലക്ഷപ്രഭുവാക്കുകയോ ടർക്കാറെ [18] യെ പിടിച്ച് ഒരു പ്രിയാപ്പസ് [19] ആക്കിത്തീർക്കുകയോ ചെയ്യാൻപോന്ന ഒരു വികൃതിത്തം പിടിച്ച കെണിയായ ആ പ്രസിദ്ധികേട്ട കണ്ണാടിമച്ചിൽ ചെന്നാലത്തെ അത്ഭുതകരങ്ങളായ ചില്ലറ മാറ്റങ്ങളെ അവർ നോക്കിയറിഞ്ഞു. അബിദ് ബർണി കാരണം പേരുകേട്ടവയായ രണ്ടു ‘ചെസ്നട്ട്’ മരങ്ങളിൽ കൂട്ടിയിട്ടിട്ടുള്ള ഊഞ്ഞാലിനെ അവർ ഊക്കോടുകൂടി ആട്ടി, ആ സുന്ദരിമാരെ ഓരോരുത്തരെയായി കയറ്റിയിരുത്തി, ഗ്രൂ വസ്സിനു [20] കണ്ടാൽ പറ്റുന്ന വിധത്തിലുള്ള അവരുടെ ഉലഞ്ഞിളകുന്ന പാവാടകളിൽ ഞെറി പിടിപ്പിച്ചുകൊണ്ട് ഊഞ്ഞാൽ വലിച്ചാട്ടുന്നതോടുകൂടി, തൂലുസ്സ് എന്നതു തെലോസ്സയുടെ ഒരളിയനായതുകൊണ്ട്, ഏതാണ്ട് ഒരു സ്പെയിൻകാരനായ തൂലുസ്സ്കാരൻ തൊലോമിയെ, ഉറക്കെച്ചിരികൂട്ടുന്നതിന്നിടയ്ക്ക്, ഒരു സമയം, രണ്ടു മരങ്ങൾക്കിടയിലുള്ള ഒരു കയർത്തൂക്കിൽ ‘ചുക്കം’ പറക്കുന്ന ഏതോ മനോഹര യുവതിയെ കണ്ടു രസംപിടിച്ചിട്ടായിരിക്കാം. ഒരു ദുഃഖമയമായ രാഗത്തിൽ ഗാല്ലിഗ എന്ന ആ പഴയ പാട്ടുപാടി:

ബാദഴോവാണെന്റെ ഗേഹം; പിന്നെ

പ്രേമമെന്നാണെന്റെ പേരുമത്രേ;

മിന്നിത്തിളങ്ങുമെൻ കണ്ണുരണ്ടിൽ

വന്നുകൂടുന്നിതെൻ ജീവൻ മുറ്റും;

പറ്റുന്നതായ പഠിപ്പു ഞാൻ നിൻ

പറ്റടിയിങ്കൽനിന്നേല്പതല്ലോ.

ഫൻതീൻ മാത്രം ഊഞ്ഞാലാട്ടത്തിനു കൂട്ടാക്കിയില്ല.

‘ആളുകളുടെ ഈവക നാട്യം നടിക്കൽ എനിക്കത്ര ഇഷ്ടമില്ല.’ ഒരുമാതിരി മുഷിച്ചിലോടുകൂടി ഫേവറിറ്റ് പിറുപിറുത്തു.

കുതിരസ്സവാരി കഴിഞ്ഞതിന്നുശേഷം, അവർക്കു വേറെ ഒരു നേരംപോക്കുകിട്ടി; അവർ ഒരു വഞ്ചിയിൽ സയിൻനദി കടന്നു; കാൽനടയായി പാസ്സിയിൽ നിന്നു ലെത്ത്വാൽകിടങ്ങുവരെ പോയി. വായനക്കാർ ഓർമിക്കുന്നതുപോലെ, അവർ അഞ്ചുമണിയ്ക്കെണീറ്റു പുറപ്പെട്ടതാണല്ലോ; പക്ഷേ,‘ഹേയ്, ഞായറാഴ്ച ദിവസം ക്ഷീണം എന്നൊന്നില്ല!‘ ഫേവറിറ്റ് പറഞ്ഞു, ‘ഞായറാഴ്ച ക്ഷീണം പണിയെടുക്കുകയില്ല.‘

ഏകദേശം മൂന്നുമണിസ്സമയത്ത് ആ സുഖികളായ ദമ്പതികൾ, തങ്ങളുടെ സുഖംകൊണ്ടു പേടിച്ചു, ബൊഴോങ്ങിനു മുകളിൽ അന്നുണ്ടായിരുന്ന ആ ഒരപൂർവമട്ടിലുള്ള കെട്ടിടത്തിൽനിന്നു താഴത്തിറങ്ങി; തിരിഞ്ഞുവളഞ്ഞ ഒരു വരിയായി അവർ വന്നിരുന്ന വരവു മരക്കൂട്ടത്തിന്നു മുകളിലൂടെ കാണപ്പെട്ടു.

ഇടയ്ക്കിടയ്ക്കു ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു; ‘ആ അത്ഭുതം കാണിച്ചില്ലല്ലോ. എനിക്കു കണ്ടേ കഴിയു.‘

‘ക്ഷമിക്കൂ.’ തൊലോമിയെ പറഞ്ഞു.

കുറിപ്പുകൾ

[17] ചാറൽസ് രണ്ടാമൻ വളരെ പുകഴ്ത്തിയിരുന്ന ഒരു കവിയും ഒരു ഫലിതക്കാരനുമാണ് ഇദ്ദേഹം. പല നാടകങ്ങളും കവിതകളും ഉണ്ടാക്കിയിട്ടുണ്ടു്.

[18] വളരെ കുള്ളനും അശക്തനുമായ ഒരാൾ.

[19] പുരാണകഥകളിൽ പറയപ്പെടുന്ന ഒരു രണ്ടാംതരം ദേവൻ, തോട്ടങ്ങളുടെയും വയലുകളുടെയും അധിദേവത, വിശേഷിച്ചും, ആട്ടിടയന്മാർ, മുക്കുവന്മാർ, കൃഷിക്കാർ എന്നിവരുടെ സൃഷ്ടികർത്താവ്.

[20] ഫ്രാൻസിലുണ്ടായിരുന്ന ഒരു മഹാനായ ചിത്രകാരൻ.

1.3.5
ബൊംബാർദയുടെ ഹോട്ടലിൽ

ആ കുന്നിറങ്ങിക്കഴിഞ്ഞപ്പോൾ, അവർ ഭക്ഷണത്തെപ്പറ്റി ആലോചിപ്പാൻ തുടങ്ങി; മിന്നുന്ന ഉടുപ്പിട്ട ആ എട്ടുപേർ, ഒടുവിൽ ഏതാണ്ടു ക്ഷീണിച്ചു ബൊംബാർദയുടെ ഹോട്ടലിൽ ചെന്നുകൂടി-റ്യൂ ദ് റിവോലിയിൽ കാണാവുന്ന ആ പ്രസിദ്ധ ഭക്ഷണശാലാധിപനായ ബൊംബാർദാ അവിടേയും ഒരു ശാഖ ഏർപ്പെടുത്തിയിരുന്നു.

അറ്റത്ത് ഒരുറക്കറയും ഒരു കട്ടിലുമായി വലിയതും വൃത്തികെട്ടതുമായ ഒരുമുറി (ഞായറാഴ്ചത്തെ ആൾത്തിരക്കു കരുതി അവർ ഈ സ്ഥലംകൊണ്ടു കഴിക്കാൻ നിശ്ചയിച്ചു); ഇരിമ്പകമരങ്ങളുടേയും പാതാറിന്റേയും പുഴയുടേയും അപ്പുറത്തേക്കു നോക്കിക്കാണാവുന്ന രണ്ടു ജനാലകൾ; പതുക്കെ ജനാലച്ചില്ലുകളിൽ തലോടുന്ന ഒരു സവിശേഷമായ ആഗസ്ത് മാസവെയിൽ; രണ്ടു മേശകൾ; അവയിലൊന്നിൽ സ്ത്രീകളുടേയും പുരുഷന്മാരുടേയും തൊപ്പികൾ കൂടിക്കലർന്ന ഒരന്തസ്സുള്ള പൂച്ചെണ്ടുകുന്ന്; മറ്റേതിനടുക്കൽ, വന്തളികളും തളികകളും ഗ്ലാസ്സുകളും കുപ്പികളും കൂടിയുള്ള ഒരു രസംപിടിച്ച ലഹളയ്ക്കു ചുറ്റുമിരിക്കുന്ന ആ നാലു ദമ്പതിമാർ; വീഞ്ഞുകുപ്പികളോട് ഇടകലർന്ന ബീർപ്പാത്രങ്ങൾ; മേശയ്ക്കു മീതെ യാതൊരു ക്രമവുമില്ലായ്മ; മേശയ്ക്കു ചുവട്ടിൽ ഏതാണ്ടു ക്രമക്കേട്;

അവരുണ്ടാക്കീ മേശച്ചുവടിലൊരു ശബ്ദം, കാലിട്ടിളക്കി ‘കെടകെടയെന്നസഹ്യമായ്…’ എന്നു പറയുന്നു മോളിയേ. [21]

രാവിലെ അഞ്ചുമണിക്കാരംഭിച്ച ആ വെറും നാടൻ സരസകവിത വൈകുന്നേരം നാലരമണി കഴിഞ്ഞപ്പോഴേക്ക് ഇങ്ങനെയായി. സൂര്യൻ അസ്തമിക്കുന്നു; അവരുടെ വിശപ്പടങ്ങി.

ഷാം സെലിംസെ മുഴുവൻ സൂര്യപ്രകാശംകൊണ്ടും ആൾക്കൂട്ടം കൊണ്ടുംനിറഞ്ഞു; വെയിലും പൊടിയുമില്ലാതെ മറ്റൊന്നും ഇല്ലാതായി-അതേ, ബഹുമാനത്തെ പൂർണമാക്കുന്ന രണ്ടു സാധനങ്ങൾ. മാർലിക്കുതിരകൾ, ആ ‘ചുരംമാന്തി’ക്കൊണ്ടുള്ള വെണ്ണക്കല്ലുകൾ, ഒരു തങ്കമേഘത്തിന്നുള്ളിലൂടെ കുതിച്ചുചാടുന്നു. സവാരിവണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടക്കുന്നു. സവിശേഷമായ ഉടുപ്പിട്ട രാജകീയ രക്ഷിഭടന്മാരുടെ ഒരു കൂട്ടം, തലയിൽ തങ്ങളുടെ കാഹളങ്ങളുമായി, ആ വന്യു ദ് നയ്യി എന്ന പ്രദേശത്തുനിന്ന് ഇറങ്ങിവരുന്നു; വെള്ളക്കൊടിക്കുറ സന്ധ്യാരാഗം തട്ടി ഒരു മങ്ങിയ പനിനീർപ്പൂനിറത്തിൽ ത്വീലെറിക്കൊട്ടാരത്തിന്റെ ഗോപുരാഗ്രത്തിൽ പാറിക്കളിക്കുന്നു. ഒരിക്കൽക്കൂടി ‘പതിനഞ്ചാമൻ ലൂയിയുടെ സ്ഥല’മായ ആ ‘പൊതുജനയോഗസ്ഥലം’ സുഖമയമായി ലാത്തുന്ന ഭാഗ്യവാന്മാരെക്കൊണ്ടു് തിങ്ങിയിരിക്കുന്നു. വെള്ളനിറത്തിലുള്ള പട്ടുനാടകളിൽ നിന്ന് തുങ്ങിക്കിടക്കുന്ന വെള്ളിമുദ്രകൾ പലരും ധരിച്ചുകാണാനുണ്ട്-1817-ലൊന്നും അതുകൾ കുപ്പായക്കുടുക്കു പഴുതുകളിൽനിന്ന് നിശ്ശേഷം പൊയ്പോക കഴിഞ്ഞിട്ടില്ല. അവിടേയും ഇവിടേയും ചെറിയ പെൺകുട്ടികൾ യോഗംകൂടി, നാലുപുറവും വന്നുകൂടി രസിച്ചഭിനന്ദിക്കുന്ന ആ വഴിപോക്കരുടെ നടുവിൽവെച്ച്, ആ ‘നൂറുകൊല്ലക്കാല’ത്തെ ഇടിവെട്ടേല്പിക്കുന്നതിനുണ്ടായതും.

തിരിച്ചു നതീക ഗെന്റിതിനിന്നുള്ള പിതാവിനെ,- ത്തിരിച്ചുനതിക ഞങ്ങൾക്കായ് ഞങ്ങൾതന്നച്ഛനെ. എന്ന പല്ലവിയുമായുള്ള അന്നത്തെ പ്രസിദ്ധ രാജഭക്തഗാനം ഉച്ചത്തിൽ പാടിവിടുന്നു.

അയൽപ്രദേശങ്ങളിൽ താമസിക്കുന്നവർ കൂട്ടംകൂട്ടമായി, ഞായറാഴ്ചത്തെ ഉടുപ്പിട്ടു, ചിലപ്പോൾ നാഗരികജനങ്ങളെപ്പോലെ മുദ്രകളാൽ അലംകൃതരായി, അവിടവിടെ വന്നുകൂടി. മരക്കുതിരകളിലേറി വട്ടംചുറ്റിക്കളിക്കുന്നു; മറ്റുചിലർ മദ്യപാനം ചെയ്യുന്നു; നടന്ന് അച്ചടിവേല നടത്തുന്നവർ തലയിൽ കടലാസ്സുതൊപ്പിധരിച്ചിട്ടുണ്ട്, അവരുടെ ചിരി ദൂരത്തു കേൾക്കാം. എന്തിനും ഒരു തെളിവുണ്ട്. അവിതർക്കിതമായ സമാധാനത്തിന്റെയും രാജഭക്തന്മാർക്ക് അത്യധികമായ സുഖത്തിന്റെയും കാലമായിരുന്നു അത്. പൊല്ലീസ്സുദ്യോഗസ്ഥമുഖ്യൻ, ആൻഗ്ലെ പാരിസ്സിന്റെ അയൽപ്രദേശങ്ങളെപ്പറ്റി രാജാവിനു മാത്രമായി ഗൂഢമായയച്ച ഒരു വിവരക്കുറിപ്പ ഈ താഴെക്കാണുന്ന വരികളെക്കൊണ്ടവസാനിച്ച കാലമായിരുന്നു അത്.

എല്ലാംകൂടി ആലോചിക്കുമ്പോൾ ഈ പൊതുജനങ്ങളിൽനിന്ന് ഭയപ്പേടേണ്ടതില്ല. അവർ പൂച്ചകളെപ്പോലെ അത്ര സാഹസികളും അലസന്മാരുമാണ്. പുറംരാജ്യങ്ങളിൽ ജനങ്ങൾക്കു സമാധാനമില്ല; എന്നാൽ പാരിസ്സിൽ അങ്ങനെയല്ല. ഇവിടെയുള്ളവരൊക്കെ ഒരുവിധം കൊള്ളരുതാത്തവരാണ്. ഇവിടത്തെ ഒരു രക്ഷിഭടനായിത്തീരുവാൻ, ഇവിടെയുള്ള എല്ലാവരേയും നോക്കിയാൽ, നിശ്ചയമായും ഈരണ്ടു പേരെ കൂട്ടിച്ചേർക്കേണ്ടിവരും. തലസ്ഥാനനഗരമായ പാരിസ്സിലെ പൊതുജനങ്ങളെസ്സംബന്ധിച്ചേടത്തോളം യാതൊന്നില്ല. കഴിഞ്ഞ അമ്പതു കൊല്ലംകൊണ്ട് ഇവിടെയുള്ള ജനങ്ങളുടെ ദേഹവലുപ്പംകൂടി കുറഞ്ഞുപോയിട്ടുള്ളത് സാരംതന്നെയാണ്; അയൽപ്രദേശങ്ങളിലുളളവർ ഭരണപരിവർത്തനകാലത്തേക്കാൾ കുറേക്കൂടി കൃശന്മാരും അശക്തന്മാരുമായിരിക്കുന്നു; യാതൊരപകടവുമില്ല. ചുരുക്കിപ്പറഞ്ഞാൽ, നന്നേ സാധുത്വമുള്ള ഒരുജനസംഘം.’

ഒരു പൂച്ചയ്ക്കു ചിലപ്പോൾ ഒരു സിംഹത്തിന്റെ നിലയിൽ വേഷം മാറാൻ കഴിയുമെന്ന പൊല്ലീസ്സ് മേലാളുകൾക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. ഏതായാലും അങ്ങനെ വരാറുണ്ട്; പാരിസ്സിലെ സാധാരണജനങ്ങൾ കാട്ടിക്കൂട്ടിയ അത്ഭുതകർമ്മത്തിന്റെ സാരം ഇതാണ്. കൊംത് ആൻഗ്ലെ എന്ന ആ മുൻ സൂചിപ്പിച്ച ഉദ്യോഗസ്ഥൻ പരിഹസിച്ചുവിട്ട പൂച്ചയ്ക്കു പഴയകാലത്തെ പ്രതിനിധിയോഗങ്ങളുടെയെല്ലാം ബഹുമതി കിട്ടിയിരിക്കുന്നു. അവരുടെ കണ്ണിൽ ആ പൂച്ച മൂർത്തി മത്തായ സ്വാതന്ത്ര്യമാകുന്നു. രാജവാഴ്ച വീണ്ടും ആരംഭിച്ചപ്പോഴത്തെ ആ ആഭിജാത്യമുള്ള പൊല്ലീസ്സൈന്യം പാരിസ്സിലെ പൊതുജനസംഘത്തെ വേണ്ടതിലധികം ‘പ്രഭാതവർണ ത്തിലൂടെയാണ് നോക്കിക്കണ്ടത്; അത് ആ വിചാരിക്കപെട്ടതുപോലെ അത്ര ‘സാധുത്വമുള്ള ഒരു ജനക്കൂട്ട’ മായിരുന്നില്ല. ഗ്രീസ്സുരാജ്യക്കാർക്ക് ഒരതെൻസ്കാരൻ എങ്ങനെയോ അങ്ങനെയാണ് ഫ്രാൻസുകാർക്ക് ഒരു പാരിസ്സുകാരൻ; അവനെപ്പോലെ അത്ര ഗാഢമായി മറ്റാരും ഉറങ്ങുകയില്ല; അവനെപ്പോലെ അത്ര നേരമ്പോക്കുകാരനും മടിയനുമായി മറ്റൊരാളില്ല; അവനെപ്പോലെ ആലോചനയില്ലാതെ മറ്റൊരുത്തൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല; എന്തു തന്നെയായാലും, അവനെ വിശ്വസിക്കരുത്; ആലോചിച്ചു ചെയ്യേണ്ടുന്ന എന്തു പ്രവൃത്തിയും പ്രവർത്തിക്കാൻ ആ മനുഷ്യൻ തയ്യാറാണ്; എന്നാൽ ഒടുവിൽ ബഹുമതി കിട്ടുന്ന കാര്യമാണെങ്കിൽ, എന്തപകടം പിടിച്ച ലഹളയിലും അവൻ അഭിനന്ദനീയമായ നിലയിൽ കടന്നു പ്രവർത്തിക്കും. ഒരു കുന്തം എടുത്തു കൈയിൽ കൊടുക്കുക, അവൻ ആ ആഗസ്ത് 10-ാം തീയതി [22] ഉണ്ടാക്കിത്തീർക്കും; ഒരുതോക്കു കൊടുക്കുക, അതാ ഓസ്തെർലിത്ത് യുദ്ധം തയ്യാറാവുന്നു. അവൻനെപ്പോളിയന്റെ ഊന്നുവടിയും ദാന്തോവിന്റെ [23] രക്ഷയുമാണ്. രാജ്യം കിട്ടുന്ന കാര്യമാണോ, അവൻ പട്ടാളത്തിലുണ്ട്; സ്വാതന്ത്ര്യത്തെപ്പറ്റിയാവട്ടെ തർക്കം, അവൻ നിലത്തുള്ള കൽവിരിപ്പുകൾ പറിച്ചുകളയും, സൂക്ഷിച്ചുകൊൾക! ദേഷ്യംകൊണ്ടുനിറഞ്ഞ അവന്റെ തലരോമം ഒരു മഹാകാവ്യമാണ്. അവന്റെ കൂലിപ്പണിക്കാരൻകുപ്പായം ഒരു പ്രാചീന ഗ്രീസ്സുകാരന്റെ പുറംകുപ്പായത്തിന്റെ ഞെറികൾ പോലെ തന്നത്താൻ ഞെറിയുന്നു. ഓർമവെച്ചുകൊള്ളൂ! ആ വേണ്ട സമയം വന്നാൽ, ഈ കറുകുപ്പായക്കാരന്ന് ഉയരം കൂടിത്തുടങ്ങും; ഈ ചെറുമനുഷ്യൻ കിടന്നിരുന്നേടത്തുനിന്ന് എണീക്കും; അവന്റെ നോട്ടം ഭയങ്കരമാവും; അവന്റെ ശ്വാസോച്ഛ ്വാസം ഒരു കൊടുങ്കാറ്റായിത്തീരും; ആ മെലിഞ്ഞ മാറിടത്തിൽനിന്ന് ആൽപ്സ് പർവതത്തിന്റെ മടക്കുകളെ മാറ്റിമറിക്കാൻപോന്ന കാറ്റു പുറപ്പെടുന്നതു കാണാം. ആയുധമെടുത്തു യൂറോപ്പു രാജ്യത്തെ മുഴുവനും ഭരണപരിവർത്തനം കീഴടക്കാൻ കാരണം അതാണ്-പാരീസ്സിന്റെ അയൽപ്രദേശത്തുള്ള നാട്ടുപുറത്തുകാരനോടു നമുക്കു നന്ദിപറയുക. അവൻ പാട്ടു പാടുന്നു; അത് ആ മനുഷ്യന്ന് ഒരു വിനോദമാണ്. ആ പാട്ടിനെ അവന്റെ പ്രകൃതിയുമായി ക്രമപ്പെടുത്തി നോക്കുക. എന്നാൽ കാണാം! ‘ലാ കാർമഞ്ഞോൾ’ ഗാനമല്ലാതെ മറ്റൊന്നും പാടാനില്ലാത്തേടത്തോളം കാലം, പതിനാറാമൻ ലൂയിയെ മാത്രമേ അവൻ സിംഹാസനത്തിൽനിന്ന് മറിക്കു; ‘മാർസെയിലേ’ ഗാനം അവനെക്കൊണ്ടു പാടിക്കുക, അവൻ ലോകം മുഴുവനുംതന്നെ സ്വതന്ത്രമാക്കും.

കൊംത് ആൻഗ്ലെയുടെ റിപ്പോർട്ടിന്റെ വക്കത്ത്, ഈ കുറിപ്പു കുറിച്ചതിനുശേഷം, നമുക്കു നമ്മുടെ നാലു ദമ്പതിമാരുടെ അടുക്കലേക്കുതന്നെ തിരിച്ചു ചെല്ലുക, ഞങ്ങൾ പറഞ്ഞതുപോലെ, ഭക്ഷണം കഴിയാറായി.

കുറിപ്പുകൾ

[21] ഫ്രാൻസിലെ ഷെയ്ക്സ്പിയർ എന്നു പറയട്ടെ.

[22] പാരീസ്സിലെ പൊതുജനങ്ങൾ രാജധാനിയെ ആക്രമിച്ച രക്ഷാസൈന്യത്തെ കൊത്തിനുറുക്കി മാജാവിനെ സിംഹാസന്രൂഷ്ടനാക്കിയത് 1792 ആഗസ്ത് 10-ാംന് യാണ്.

[23] ഫ്രാൻസിലെ ഭരണപരിവർത്തനത്തിൽ മുൻനില്ക്കുന്ന പേരുകളിൽ ഇദ്ദേഹത്തിന്റേതു മുഖ്യമായഒന്നാണു്.

1.3.6
അവർ അന്വോന്യം ആരാധിക്കുന്നതിനെപ്പറ്റിയുള്ള ഒരധ്യായം

ഭക്ഷണസമയത്തെ വെടിപറയൽ, അനുരാഗംകൊണ്ടുള്ള വെടിപറയലാണ്; ഒന്നിനെ എഴുതിക്കാണിക്കുവാൻ എത്ര പ്രയാസമുണ്ടോ അത്ര പ്രയാസമുണ്ട് മറ്റതിനേയും; അനുരാഗംകൊണ്ടുള്ള വെടിപറയൽ ഒരു മേഘമാണ്; ഭക്ഷണ സമയത്തെ വെടിപറയൽ പുകയാണ്.

ഫാമോയിയും ദാലിയയും മൂളിപ്പാട്ടു പാടുന്നു. തൊലോമിയെ കുടിക്കുകയാണ്. സെഫീൻ ചിരിക്കുന്നു, ഫൻതീൻ പുഞ്ചിരിക്കൊള്ളുന്നു. ലിതോളിയെയാകട്ടേ താൻ സാങ് ക്ലൊദിൽനിന്നു വാങ്ങിയ ഒരു മരക്കുഴൽ വിളിക്കുന്നു.

ഫേവറിറ്റ് സ്നേഹപൂർവമായി ബ്ലാഷ്വേല്ലിനെ സൂക്ഷിച്ചുനോക്കി പറഞ്ഞു; ‘ബ്ലാഷ്വേല്ലേ, ഞാൻ നിങ്ങളെ മനസ്സുകൊണ്ടു പൂജിക്കുന്നു.’

ഇതു ബ്ലാഷ്വേല്ലിൽനിന്ന് ഇങ്ങനെയൊരു ചോദ്യത്തെ പുറപ്പെടുവിച്ചു: ‘ഫേവറിറ്റേ, ഞാൻ നിന്നെ സ്നേഹിക്കാതായാൽ നീ എന്തു ചെയ്യും?’

‘ഞാൻ, ‘ ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു: ‘ഹാ! നേരമ്പോക്കായിട്ടുകൂടി അതു പറയരുതേ! നിങ്ങൾ എന്നെ സ്നേഹിക്കൽ മാറിയാൽ, ഞാൻ നിങ്ങളുടെ പിന്നാലെ പാഞ്ഞുവരും; ഞാൻ നിങ്ങളെ പിടിച്ചു മാന്തും; ഞാൻ നിങ്ങളെ പിച്ചിച്ചീന്തും; ഞാൻ നിങ്ങളെ എടുത്തു വെള്ളത്തിലെറിയും; ഞാൻ നിങ്ങളെ പൊല്ലീസ്സുകാരെക്കൊണ്ടു പിടിപ്പിക്കും.’

തന്നെപ്പറ്റി തനിക്കുള്ള സ്നേഹത്തെസ്സംബന്ധിച്ചു കിക്കിളിയാക്കപ്പെട്ട ഒരാളുടെ രസംപിടിച്ച അഹമ്മതിയോടുകൂടി ബ്ലാഷ്വേല്ല് പുഞ്ചിരിക്കൊണ്ടു.

ഫേവറിറ്റ് തുടർന്നു പറഞ്ഞു: ‘അതേ, ഞാൻ പൊല്ലീസ്സുകാരെ വിളിച്ച് ഉറക്കെ നിലവിളിക്കും. അയ്യോ! എനിക്കു പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല-ഇല്ലേ, ഇല്ല! ഊക്കൻ നിലവിളികൂട്ടും!’

ആഹ്ലാദപാരവശ്യത്തോടുകൂടി, ബ്ലാഷ്വേല്ല് ചാരുകസാലയിൽ മലർന്നു; അഹംകാരപൂർവം രണ്ടു കണ്ണുമടച്ചു.

ഭക്ഷണത്തിനിടയ്ക്കു, ലഹളപിടിച്ചുള്ള സംസാരത്തിന്റെ കൂട്ടത്തിൽ, ദാലിയ ഒരു താഴ്‌ന്ന സ്വരത്തിൽ ഫേവറിറ്റോടു പറഞ്ഞു: ‘അപ്പോൾ നിങ്ങൾ അദ്ദേഹത്തെ–നിങ്ങളുടെ ബ്ലാഷ് വേല്ലിനെ–ഉള്ളിൽത്തട്ടി സ്നേഹിക്കുന്നുണ്ടോ?’

‘ഞാനോ? എനിക്കയാളെ ബഹു ദേഷ്യമാണു്,’ തന്റെ കത്തിമുള്ളു വീണ്ടും കൈയിലെടുത്തു. ഫേവറിറ്റ് അതേ സ്വരത്തിൽതന്നെ പണ്ടും അയാൾ പിശുക്കനാണ്. എന്റെ വീട്ടിൽ എന്റെ മുറിയ്ക്കെതിരായി താമസിക്ക ആ മുണ്ടനെയാണ് എനിക്കിഷ്ടം. അയാൾ, ആ ചെറുപ്പക്കാരൻ, നല്ല രസമുണ്ട്: നിങ്ങൾ അറിയുമോ ആളെ? പ്രവൃത്തികൊണ്ട് അയാൾ ഒരു നാടക്കാരനാണെന്ന് ആർക്കും മനസ്സിലാക്കാം. എനിക്കു വേഷക്കാരെ ഇഷ്ടമാണ്. അയാൾ വന്നുകേറുമ്പോഴേക്ക്, അയാളുടെ അമ്മ പറയും: ‘ഹാ! ഈശ്വരാ! എനിക്കു സ്വൈരമില്ലാതായി. അതാ ഉറക്കെ ലഹള കൂട്ടിക്കൊണ്ടുവന്നു തുടങ്ങി. അപ്പോൾ എന്റെ കുട്ടാ, നിയ്യെന്റെ തലപൊളിക്കുന്നു!’ അങ്ങനെ, അയാൾ എലികളെക്കൊണ്ടു നിറഞ്ഞ ഗുഹകളിലേക്ക്, കറുത്തിരുണ്ട മടകളിലേക്ക് പോകും. കഴിയുംവിധം പൊത്തിപ്പിടിച്ചു കയറും; എന്നിട്ട് അവിടെനിന്നു പാടും— എന്തിനെയൊക്കെപ്പറ്റിയെന്നു ഞാനെങ്ങനെ അറിയും? ഓരോന്നിനെ പരിഹസിച്ചു തുടങ്ങും; ആ ഒച്ച താഴത്തെ നിലയിൽ കേൾക്കാം. ഓരോന്നൊക്കെ എഴുതിക്കൊടുത്ത് അയാൾ ഒരു വക്കീലിന്റെ പക്കൽനിന്നു ദിവസത്തിൽ ഇരുപതു സൂ വീതം കൈയിലാക്കും. ഒരു പള്ളിയിലെ പണ്ടത്തെ ഒരു ഗായകമുഖ്യന്റെ മകനാണ് അയാൾ. ഹാ എന്തുരസമുള്ള ആൾ! അയാൾ എന്നെ ഒരീശ്വരിയെപ്പോലെ മനസ്സുകൊണ്ടു പൂജിക്കുന്നുണ്ട്; ഒരു ദിവസം ഞാൻ റൊട്ടിക്കു കോതമ്പുമാവുണ്ടാക്കുമ്പോൾ അയാൾ എന്നോടു പറഞ്ഞു: മാംസൽ, [24] നിങ്ങൾ നിങ്ങളുടെ കൈയും ഛീന്തി തുണ്ടംതുണ്ടമാക്കുക: ഞാൻ അതൊക്കെ എഴുത്തു സാപ്പിടാം. അയാൾ എന്തു രസമുണ്ട്! ആ ഒരു വിദ്വാനെ’ വിചാരിച്ച് എനിക്കു നൊസ്സു പിടിച്ചുപോവുമോ എന്നു ഭയംതോന്നുന്നു. എന്തെങ്കിലുമാവട്ടെ; എനിക്കു വലിയ സ്നേഹമുണ്ടെന്നാണ് ഞാൻ ബ്ലാഷ്വേല്ലോടു പറയാറ്-ഞാൻ എന്തു നുണ പൊട്ടിക്കുന്നു! ഹെയ്! എന്തൊരു നുണയാണ് പൊട്ടിക്കാറ്!’

ഫേവറിറ്റ് ഒന്നു നിർത്തി; പിന്നെയും പറയാൻ തുടങ്ങി: ‘ദാലിയേ, ഇതു നോക്കു,എനിക്കൊരു സുഖമില്ല. വേനൽക്കാലം മുഴുവനും മഴപെയ്യുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല; കാറ്റ് എന്നെ ശുണ്ഠി പിടിപ്പിക്കുന്നു; എന്തായാലുമില്ല കാറ്റിന്നൊരുനില. ബ്ലാഷ്വേല്ല്! വലിയ ‘ഈറ്റ’നാണ്; അങ്ങാടിയിൽ ചെറുപയറില്ലാതായി; എന്താണ് കഴിയ്ക്കേണ്ടതെന്നറിഞ്ഞുകൂടാ. എനിക്കു കുറേശ്ശെ ശുണ്ഠി വരുന്നു; വെണ്ണയ്ക്ക് എന്തു വിലയാണു്! നോക്കു, എന്തു മോശമാണ്, ഒരു കട്ടിലുള്ള മുറിയിലിരുന്നാണ് ഞങ്ങളുടെ ഭക്ഷണം; എനിക്കു ജീവിതത്തോടു ചളിപ്പു തോന്നുന്നു.’

കുറിപ്പുകൾ

[24] മദാംവൃസേല്ല എന്നതിന്റെ ചുരുക്കം.

1.3.7
തൊലോമിയെയുടെ അറിവ്

ഈയിടയ്ക്കു, ചിലർ പാട്ടുപാടുമ്പോൾ, ബാക്കിയുള്ളവരെല്ലാം ഒരേ സമയത്തു ലഹളകൂട്ടിക്കൊണ്ടു സംസാരിച്ചു; ഒച്ചയല്ലാതെ മറ്റൊന്നും ഇല്ലാതായി. തൊലോമിയെ മാധ്യസ്ഥ്യം പിടിച്ചു.

‘നമുക്കു ക്രമമില്ലാതെയും അതിവേഗത്തിലും സംസാരിക്കാതിരിക്കുക,’ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘നമുക്കു യോഗ്യന്മാരാവണമെന്നുണ്ടെങ്കിൽ, ആലോചിച്ചു പറയുക. വല്ലാത്ത ദ്രുതകവിത ഒരു കഥയില്ലാത്തവിധത്തിൽ മനസ്സിനെ കമിഴ്ത്തിക്കൊട്ടുന്നു; ഒഴുകുന്ന ‘ബീറി’നു പതയില്ല. ഹേ മാന്യരേ, ബദ്ധപ്പെടാതിരിക്കൂ. നമുക്കു ഭക്ഷണം ‘അമൃതേത്താ’ക്കുക. നമുക്കു ധ്യാനിച്ചിരുന്നും കൊണ്ട് ഭക്ഷിക്കുക, നമുക്ക് പതുക്കെ ബദ്ധപ്പെടുക! നമുക്കു പായാതിരിക്കുക, വസന്തകാലത്തെ നോക്കു; അതു പറയാൻ തുടങ്ങിയാൽ അതിന്റെ പണി തീർന്നു; എന്നുവെച്ചാൽ, അതുറച്ചു കട്ടിയാവും. അതിയായ ശുഷ്കാന്തി നാം വളർത്തുന്നമരങ്ങളെ കെടുത്തുന്നു. അതിയായ ആർത്തി രസകരമായ സദ്യയുടെ മാഹാത്മ്യവും നേരംപോക്കും ഇല്ലാതാക്കുന്നു. അതിശുഷ്കാന്തി അരുത്, ഞാൻ പറയുന്നു.

കലഹത്തിന്റേതായ ഒരു പൊള്ളമുഴക്കം ആ കൂട്ടത്തിലെങ്ങും മാറ്റൊലിക്കൊണ്ടു.

‘ഞങ്ങൾ ഇവിടെ സ്വൈരമായിരുന്നോട്ടെ, തൊലോമിയേ,’ ബ്ലാഷ്വേല്ല് പറഞ്ഞു.

‘പോട്ടെ കഴു!’ ഫാമോയി പറഞ്ഞു.

‘ബോംബാർദാ, ബൊംബാങ്സ്, ബാംബോഷെ; ലിതോളിയെ ഉറക്കെപ്പറഞ്ഞു.

‘ഞായറാഴ്ച കഴിഞ്ഞിട്ടില്ല,’ ഫാമോയി വീണ്ടും പറയാൻ തുടങ്ങി.

‘ഞങ്ങൾക്കു തന്റേടമുണ്ട്,’ ലിതോളിയെ തുടർന്നുപറഞ്ഞു.

‘തൊലോമിയെ ബ്ലാഷ് വേല്ല് സഗൗരവമായി പറഞ്ഞു; ‘എന്റെ ശാന്തതയെ(മോങ്കോം—ശാന്തത) ഒന്നാലോചിച്ചുനോക്കൂ.’

‘നിങ്ങൾ അവിടത്തെ (മോങ്കാമിലെ) മാർക്കിസ്സാണ്,’ തൊലോമിയെ മറുപടി പറഞ്ഞു.

വാക്കുകളെക്കൊണ്ടുള്ള ഈ നിസ്സാരക്കളി കുളത്തിൽ വീണ ഒരു കല്ലിന്റെ വിദ്യയെടുത്തു. മാർക്കിസ്സ് ദ് മോങ്കാം ആ കാലത്തു പ്രസിദ്ധികേട്ട ഒരു രാജഭക്തനായിരുന്നു. തവളകളൊക്കെ നിലവിളി നിർത്തി.

‘സ്നേഹിതന്മാരേ,’ തന്റെ മേൽക്കോയ്മയെ തിരിച്ചുകിട്ടിയ ഒരാളുടെ സ്വരവശേഷത്തോടുകൂടി തൊലോമിയെ ഉച്ചത്തിൽ പറഞ്ഞു; ‘നിങ്ങൾ ലഹള കൂട്ടാതിരിക്കുക. ആകാശത്തിൽനിന്നു വീണുകിട്ടിയ ആ ശ്ലേഷത്തെ ഒരിക്കലും അത്രയധികം അമ്പരപ്പോടുകൂടി കേൾക്കരുത്. അങ്ങനെവീണുകിട്ടുന്നതൊക്കെ അവശ്യം ബഹുമാനിക്കേണ്ടതും ഉത്സാഹപൂർവം സ്വീകരിക്കേണ്ടതുമായിക്കൊള്ളണമെന്നില്ല. മേല്പോട്ടു പറന്നുപോകുന്ന മനസ്സിന്റെ ചാണകമാണ് ശ്ലേഷം. നേരംപോക്കു താഴെ വീഴുന്നു—എവിടെയായാലും ശരി, ഒരു കഷ്ണം വിഡ്ഢിത്തം കാണിച്ചതിനുശേഷം മനസ്സ് ആകാശത്തിന്റെ ഉള്ളിലേക്ക് പാഞ്ഞുകടക്കുന്നു. പാറമേൽ പതിഞ്ഞിട്ടുള്ള ഒരു വെള്ളപ്പുള്ളി മേല്പോട്ടു പറന്നുപോകുന്ന കഴുകിനെ തടഞ്ഞു നിർത്താറില്ല. ഞാൻ ഒരിക്കലും ശ്ലേഷത്തെ അധിക്ഷേപിക്കുകയല്ല, അതിനുള്ള ഗുണത്തിനുതക്കവണ്ണം ഞാനതിനെ ബഹുമാനിക്കുന്നു; അതിലധികമില്ല. മനുഷ്യ സമുദായത്തിൽവെച്ച് ഏറ്റവും പ്രതാപമുള്ളവരും, ഏറ്റവും മാഹാത്മ്യമുള്ളവരും, ഏറ്റവും രസികത്തമുള്ളവരും—എന്നില്ല, പക്ഷേ, മനുഷ്യസമുദായത്തിന് അപ്പുറത്തുള്ളവരുംകൂടി ശ്ലേഷം ഉപയോഗിച്ചിട്ടുണ്ട്. യേശുക്രിസ്തു പീറ്റരെ [25] പ്പറ്റിയും മോസസ്സറ് ഐസാക്കിനെ [26] പ്പറ്റിയും, എസ്ച്ചിലസ്സ് പോളിനീസസ്സിനൊ [27] പ്പറ്റിയും, ക്ലിയോപ്പേത്ര [28] ഒക്ടോവിയസ്സിനെ [29] പ്പറ്റിയും ശ്ലേഷോക്തികൾ പ്രയോഗിച്ചിരിക്കുന്നു. എന്നല്ല, നോക്കു! ആക്റ്റിയം യുദ്ധത്തിന്റെ [30] മുൻപിൽ ക്ലിയോപ്പ്രേതയുടെ ശ്ലേഷമാണ് നില്ക്കുന്നത്; എന്നല്ല, ശ്ലേഷമെന്നൊന്നില്ലെങ്കിൽ ടോറിൻ പട്ടണത്തെ-തവി എന്നർഥമുള്ള ഒരു ഗ്രീക്കുപേരാണിത്-ഒരാളും ഓർമിക്കുമായിരുന്നില്ല. അതൊരിക്കൽ സമ്മതിച്ചതിനുശേഷം, ഞാൻ എന്റെ ഉപദേശപ്രസംഗത്തിലേക്ക് കടക്കട്ടെ. ഞാൻ എടുത്തുപറയുന്നു, എന്റെ സഹോദരരേ, ഞാൻ ഒന്നുകൂടി എടുത്തുപറയുന്നു, അതിശുഷ്കാന്തിയരുത്; ലഹള കൂട്ടരുത്; ഒന്നും അധികമരുത്; ഫലിതങ്ങളിലും നേരമ്പോക്കുകളിലും വാക്കുകളെക്കൊണ്ടുള്ളകളികളിലും കൂടി അരുത് ബോധവും മനസ്സിരുത്തി കേൾക്കൂ. എനിക്ക് ആംഫി യാറുസ്സിന്റെ [31] കാര്യബോധവും സീസർ ചക്രവർത്തിയുടെ കഷണ്ടിയുമുണ്ട്. ചിത്രഭാഷകൾക്കും വേണം ഒരതിര്. ‘അതി സർവത്ര വർജ്ജയേൽ.’

‘ഭക്ഷണം കഴിക്കലിനും വേണം ഒരതിര്. മാന്യസ്ത്രീകളേ, നിങ്ങൾക്ക് അട വളരെ ഇഷ്ടമാണ്; അതിയായി അതും നിങ്ങൾ കഴിക്കരുത്. അടകളുടെ കാര്യത്തിലായാലും ശരി, ബുദ്ധിയും കൌശലവും കൂടിയേ കഴിയൂ. ഭക്ഷണക്കൊതി ഭക്ഷണക്കൊതിയനെ ശിക്ഷിച്ചു നന്നാക്കുന്ന വയറോടു സദാചാരം ഉപദേശിക്കുവാനാണ് ദയാലുവായ ഈശ്വരൻ അജീർണത്തെ പറഞ്ഞയച്ചിട്ടുള്ളത്. ഇതു നിങ്ങൾ ഓർമവെക്കുക; നമ്മുടെ എല്ലാ വികാരങ്ങൾക്കും, അനുരാഗത്തിനുകൂടിയും, ഒരു വയറുണ്ട്; അതിനെ ഒരിക്കലും പാടുള്ളതിലേറെ വീർപ്പിക്കരുത്. എല്ലാകാര്യത്തിന്മേലും വേണ്ടസമയത്തു മതി എന്നെഴുതിയിരിക്കണം; കാര്യം അടിയന്തരമാവുമ്പോൾ ആത്മസംയമത്തെത്തന്നെ പ്രയോഗിക്കണം; ഭക്ഷണരുചിയുടെ മുൻപിൽ സാക്ഷയിടണം. അവനവന്റെ തോന്നിയവാസത്തെ സ്വയമേവ വീണയ്ക്കു യോജിപ്പിക്കണം; എന്നിട്ടു സ്വസ്ഥാനത്തു ചെന്നുകൂടുക. ഒരു സവിശേഷസമയത്ത് അവനവനെ കെട്ടിയിടേണ്ടതെങ്ങനെ എന്ന് ആരറിയുന്നുവോ അവനാണ് ഋഷി. എന്നെ കുറച്ചു വിശ്വസിക്കുക; എന്തുകൊണ്ടെന്നാൽ, പരീക്ഷയുടെ പഞ്ചായത്തുതീർപ്പനുസരിച്ചു നോക്കുമ്പോൾ, നിയമാധ്യയനത്തിന്റെ കാര്യത്തിൽ ഞാൻ ജയിച്ചിരിക്കുന്നു; ചോദിച്ചതും ചോദിക്കാൻ പോകുന്നതുമായ വിഷയങ്ങൾ തമ്മിലുള്ള വ്യത്യാസം എനിക്കറിയാം; പിതൃഹത്യയുടെ ഭണ്ഡാരവിചാരകൻ മുനാത്തിയു ദെമൊങ് ആയിരുന്ന കാലത്തു റോംരാജ്യത്തു കുറ്റക്കാരെ ഭേദ്യം ചെയ്തിരുന്ന സമ്പ്രദായം ലാറ്റിൻ ഭാഷയിലുള്ള ഒരുപന്യാസത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്; ഞാൻ ഒരു വൈദ്യനാവാനാണ് ഭാവിക്കുന്നതെന്നുവെച്ചു. ഞാൻ വാസ്തവത്തിൽ തീരെ ധാതുബലമില്ലാത്തവനായേ കഴിയൂ എന്നില്ല. നിങ്ങളുടെ ആഗ്രഹങ്ങൾക്കെല്ലാം ഒരു നില വെക്കണമെന്നു ഞാൻ ഉപദേശിക്കുന്നു. എന്റെ പേർ ഫെലിതൊലോമിയെ എന്നാണെന്നുള്ളതു വാസ്തവംതന്നെ; ഞാൻ നല്ലപോലെ സംസാരിക്കുന്നു. വേണ്ട സമയം വന്നാൽ ഉടനെ, താൻ ചെയ്യേണ്ടതിന്നതെന്നു ധൈര്യത്തോടുകൂടി തീർച്ചപ്പെടുത്തി, സില്ലയെ [32] പ്പോലെ അല്ലെങ്കിൽ ഒറിജിനസ്സിനെ [33] പ്പോലെ, സ്ഥാനത്യാഗം ചെയ്യുന്ന ആൾ ഭാഗവാനാണ്.’

ഫേവറിറ്റ് തികച്ചും മനസ്സിരുത്തിക്കേട്ടു. ‘ഫെലി,’ അവൾ പറഞ്ഞു, ‘എന്തു ഭംഗിയുള്ള വാക്ക്! എനിക്ക് ആ പേർ ഇഷ്ടമാണ്. അതു ലാറ്റിനാകുന്നു; ഉൽഗതി എന്നർഥം.’

തൊലോമിയെ തുടർന്നുപറഞ്ഞു: പൗരന്മാരേ, മാന്യജനങ്ങളേ, എന്റെ സുഹൃത്തുക്കളേ, നിങ്ങൾക്ക് ഉപദ്രവം കൂടാതെ കഴിക്കണമെന്നുണ്ടോ? നിങ്ങൾക്കു വിവാഹം കൂടാതെ കഴിഞ്ഞാൽക്കൊള്ളാം എന്നാഗ്രഹമുണ്ടോ? നിങ്ങൾ അനുരാഗത്തെ കൂട്ടാക്കാതിരിക്കാൻ ഇച്ഛിക്കുന്നുവോ? ഇത്ര എളുപ്പം വേറെ ഒന്നിനുമില്ല. ഇതാ യോഗക്കുറിപ്പ്, ലെമണേഡ്, അതിയായ വ്യായാമം, കഠിനമായ ദേഹാധ്വാനം, ചാവുന്നവിധം പണിയെടുക്കുക, തടിമരങ്ങൾ ഉരുട്ടിക്കൊണ്ടുപോവുക, ഉറങ്ങാതെ കഴിക്കുക, ഉണർന്നിരിക്കുക, യവക്ഷാരഭസ്മം കൂടിയ മദ്യം മടുക്കുന്നതുവരെ ഉപയോഗിക്കുക; കറുപ്പിന്റേയും കഞ്ചാവിന്റേയും സത്തു കുടിക്കുക. ഇതുകളോടുകൂടി, ഭക്ഷണം കുറയ്ക്കുക, പട്ടിണികിടക്കുക, പച്ചവെള്ളത്തിൽ കുളിക്കുക, മരുന്നുവേരുകൾ അരയിൽ ധരിക്കുക, ഈയത്തകിടു കെട്ടുക, അമ്ലരസമിശ്രമായ ഈയദ്രവത്തിൽ വെള്ളവും ‘വിനീഗർ’ മദ്യവും കൂട്ടിച്ചേർത്തു ധാരയിടുക.’

‘എനിക്ക് ഒരു സ്ത്രീയെ കിട്ടുകയാണ് ഇതിലൊക്കെ ഭേദം.’ ലിതോളിയെ പറഞ്ഞു.

‘സ്ത്രീ’ തൊലോമിയെ വീണ്ടും ആരംഭിച്ചു: അവളെ വിശ്വസിക്കാതിരിക്കുക. സ്ഥിരതയില്ലാത്ത സ്ത്രീഹൃദയത്തിനു വശംവദനാവുന്നതാരോ അവന്നാപത്താണു്! സ്ത്രീകൾ നികൃഷ്ടബുദ്ധിയോടുകൂടിയവരും വിശ്വസിച്ചാൽ ചതിക്കുന്നവരുമാണ്, പ്രവൃത്തിസാമ്യംകൊണ്ട് സ്ത്രീകൾ സർപ്പങ്ങളുടെ നേരെ ഈർഷ്യയുള്ളവരത്രേ. വഴിക്കുള്ള ചാരായപ്പീടികയാണ് സർപ്പം.’

‘തൊലോമിയേ,’ ബ്ലാഷ് വേല്ല് ഉറക്കെ പറഞ്ഞു, നിങ്ങൾക്കു കുടിച്ചിട്ടു ബോധമില്ല.’

‘ശരി,’ തൊലോമിയെ പറഞ്ഞു.

‘എന്നാൽ ആഹ്ലാദിക്കുക,’ ബ്ലാഷ്വേല്ല് തുടർന്നു പറഞ്ഞു.

‘ഞാനതു സമ്മതിക്കുന്നു, തൊലോമിയെ മറുപടി പറഞ്ഞു.

ഗ്ലാസ്സു വീണ്ടും നിറച്ച്, അയാൾ എഴുന്നേറ്റു.

‘വീഞ്ഞു ജയിപ്പുതാക; ജയിപ്പുതാക, നൻകടെ, ബാക്ച്ചെ; കന്യം! എനിക്കു മാപ്പു തരണേ, എന്റെ മാന്യസ്ത്രീകളേ; ഇതു സ്പാനിഷ്ഭാഷയാണ്, അതിന്റെസാരം ഇതത്രേ; ആളുകളെങ്ങനെ അങ്ങനെതന്നെ പീപ്പകളും, കാസ്റ്റലിലെ വീഞ്ഞു പാത്രത്തിൽ പന്ത്രണ്ടു കുപ്പി കൊള്ളും; അലിക്കാന്തിലുള്ളതിൽ ഒമ്പതു കുപ്പി; കാനറീസ്സിലുള്ളതിൽ പതിനെട്ടേമുക്കാൽ; ബലിയാറിക്ദ്വീപുകളിലുള്ള പാനപാത്രത്തിൽ പത്തൊമ്പതരയാണ് കൊള്ളുക. പീറ്റർ ചക്രവർത്തിയുടെ ഒരു ബൂട്ടുസ്സിനാകട്ടേ ഇരുപത്തിരണ്ടരക്കുപ്പിയാണ് അളവ്. ആ മഹാനായ റഷ്ഷാരാജ്യചക്രവർത്തിക്കു ദീർഘായുസ്സു ഭവിക്കട്ടെ; അദ്ദേഹത്തിന്റെതിലും മഹത്ത്വം കൂടിയ ബുൂട്ടുസ്സിന് അതിലധികം ദീർഘായുസ്സുണ്ടാകട്ടെ! മാന്യസ്ത്രീകളേ നിങ്ങൾ ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുക; തരക്കേടില്ലെന്നു തോന്നിയാൽ നിങ്ങളുടെ അയൽപക്കക്കാരിയുടെ കാര്യത്തിൽ നിങ്ങൾ ഒരു തെറ്റു കടന്നു ചെയ്യുക. അനുരാഗത്തിന്റെ ലക്ഷണം തെറ്റു ചെയ്യലാണ്. പാത്രങ്ങൾ ഇരുന്നു തേച്ചുകഴുകിയിട്ടു കാൽമുട്ടിന്മേൽ തഴമ്പു പിടിപ്പിക്കുന്ന ഇംഗ്ലീഷ് ഭൃത്യകളെപ്പോലെ, നമസ്കരിച്ചു കിടന്നു തന്നോടുതന്നെ കഠിനത കാണിക്കുന്നതിനുവേണ്ടിയല്ല, അനുരാഗത്തെ ഈശ്വരൻ സൃഷ്ടിച്ചിട്ടുള്ളത്; അത് അതിനുവേണ്ടി ഉണ്ടാക്കപ്പെട്ടതല്ല; സൗമ്യശീലത്തോടുകുടിയ നമ്മുടെ അനുരാഗം ആഹ്ലാദപൂർവം തെറ്റു ചെയ്യുന്നു. മാന്യസ്ത്രീകളേ, ഞാൻ നിങ്ങളെയെല്ലാം സ്നേഹപൂർവം ആരാധിക്കുന്നു. തെറ്റുചെയ്യൽ മനുഷ്യസാധാരണമാണെന്നു കേട്ടിട്ടുണ്ട് ഞാൻ പറയുന്നത് തെറ്റുചെയ്യൽ അനുരാഗസാധാരണമെന്നത്രേ. ഹേ, സെഫീൻ, നേരെയല്ലാത്തതിലധികം നേരെയല്ലാത്ത ഒരു മുഖത്തോടുകൂടിയ ഹേ ഴോസഫീൻ, ആകെ ഒന്നു തിരിഞ്ഞിട്ടല്ലായിരുന്നുവെങ്കിൽ നിങ്ങൾ സുന്ദരിയായേനേ. ഭംഗിയുള്ള മട്ടു തോന്നിക്കുന്ന ഒരു മുഖമാണ് നിങ്ങളുടേത്; പക്ഷേ, ആരോ അതിന്മേൽ അറിയാതെ കയറി ഇരുന്നുപോയി. ഫേവറിറ്റിനെസ്സംബന്ധിച്ചാണെങ്കിൽ. ഹാ, ദേവതകളും കവികളും കേൾക്കട്ടെ! ഒരു ദിവസം ബ്ലാഷ്വേല്ല് റ്യൂഗെറിൻ-ബ്വാസ്സോവിലെ ഓവുചാൽ കവച്ചുകടക്കുമ്പോൾ, കാൽ രണ്ടും നല്ലവണ്ണം കാണാവുന്നവിധം വെളുത്ത കീഴ്ക്കാലുറകൾ മേല്പോട്ടു ചുരുട്ടിക്കയറ്റി വെച്ചിട്ടുള്ള ഒരു സുന്ദരിപ്പെൺകിടാവിനെ കണ്ടെത്തി. ഈ അവതാരിക അയാളെ രസിപിചാ: ഒ്ലൊഷവേല്ല കാമാസ്ത്രങ്ങൾക്കു ലാക്കായി. അയാളിൽ അനുരാഗം ജനിപ്പിച്ചവൾ ഫേവറിറ്റായിരുന്നു. ഹേ, ഫേവറിറ്റേ! നിങ്ങൾക്ക് അയോണിയക്കാരുടെ ചുണ്ടാണുള്ളത്, ഗ്രീസ്സിൽ യൂഫോറിയൻ എന്നു പേരായി ഒരു ചിത്രകാരനുമുണ്ടായിരുന്നു; ചുണ്ടുകൾ എഴുതുന്ന ആൾ എന്ന് അയാൾക്കൊരു സവിശേഷപ്പേരുണ്ട്. ആ ഗ്രീസ്സുകാരൻ മാത്രമേ നിന്റെ വായ വരച്ചു ശരിയാക്കാൻ നോക്കേണ്ടതുള്ളൂ. കേൾക്കൂ! നിയ്യുണ്ടാകുന്നതിനുമുൻപ്, നിന്റെ പേർ (ഫേവറിറ്റ്— ഇഷ്ടപ്പെട്ടവൾ) അർഹിക്കുന്ന മറ്റൊരു ജീവിയും ഭൂമിയിലുണ്ടായിട്ടില്ല. വീനസ്സിനെപ്പോലെ ആപ്പിൾപ്പഴം വാങ്ങുവാനോ, അല്ലെങ്കിൽ ഈവിനെപ്പോലെ അതു തിന്നുവാനോവേണ്ടിയാണ് ഈശ്വരൻ നിന്നെ സൃഷ്ടിച്ചിട്ടുള്ളത്; നിന്നോടുകൂടി സൗന്ദര്യം ആരംഭിക്കുന്നു. ഞാൻ ഈവിനെപ്പറ്റി ഇപ്പോൾത്തന്നെ പറഞ്ഞു; നിയ്യാണ് ആ ഈവിനെ സൃഷ്ടിച്ചിട്ടുള്ളത്. സുന്ദരിയാണെന്നുള്ള സന്നതു കിട്ടുവാൻ നിശ്ചയമായും നീ അർഹയാണ്. ഹേ, ഫേവറിറ്റ്! ഞാൻ നിന്നെ ‘നീ’ എന്നു വിളിക്കുന്നത് നിർത്താൻപോകുന്നു; എന്തുകൊണ്ടെന്നാൽ, ഞാൻ പദ്യത്തിൽനിന്നു ഗദ്യത്തിലേക്കു കടക്കുകയാണ്. കുറച്ചുമുൻപ് നിങ്ങൾ എന്റെ പേരിനെപ്പറ്റി പറകയുണ്ടായി. അത് എന്റെ ഉള്ളിൽത്തട്ടി; പക്ഷേ, നമ്മൾ ആരായാലും ശരി, നമുക്കു പേരുകളെ വിശ്വസിക്കാതിരിക്കുക. അവ നമ്മെ അബദ്ധത്തിൽച്ചാടിക്കും. എന്നെ ഫെലി (-സന്തോഷം) എന്നു വിളിക്കുന്നു; എനിക്കു സുഖമില്ലതാനും, വാക്കുകൾ നുണയന്മാരാണ്. അവ തരുന്ന സൂചനകൾ നമുക്കു കണ്ണും ചിമ്മി വിശ്വസിക്കാതിരിക്കുക. കെടേശത്തിനുവേണ്ടി ലീഗിലേക്കും (Liege–ഒരു കെടേശമരം) കയ്യുറകൾക്കുവേണ്ടി പോവിലേക്കും (Pau—തോൽ) എഴുതിയയക്കുന്നതു തെറ്റായിരിക്കും. മിസ്സ് ദാലിയേ, ഞാൻ നിങ്ങളായിരുന്നുവെങ്കിൽ, എന്നെ ഞാൻ റോജാ എന്നു വിളിച്ചേനേ. പുഷ്പ ത്തിന്നു സുഗന്ധം ഉണ്ടായിരിക്കണം; സ്ത്രീക്കു ഫലിതവും.ഫൻതീനെപ്പറ്റി ഞാനൊന്നും പറയുന്നില്ല; അവൾ ഒരു മനോരാജ്യക്കാരിയാണ്-ആലോചിച്ചുകൊണ്ടും സ്വപ്നം കണ്ടുകൊണ്ടും കുണ്ഠിതപ്പെട്ടുകൊണ്ടും, അങ്ങനെയുള്ള ഒരുവളാണ്; ഒരു വനദേവതയുടെ ആകൃതിയോടും ഒരു സന്ന്യാസിനിയുടെ ഒതുക്കത്തോടും കൂടി ഒരു ‘വേശി’പ്പെണ്ണിന്റെ ജീവിതത്തിലേക്കു തെറ്റിക്കടന്നവളും, എന്നാൽ ഓരോരോ കമ്പങ്ങളിൽച്ചെന്നു രക്ഷപ്രാപിക്കുന്നവളും, എന്താണ് കാണുന്ന തെന്നോ എന്താണ് പ്രവർത്തിക്കുന്നതെന്നോ വേണ്ടവിധം മനസ്സിലാകാതെ ആകാശത്തിലേക്കായി പാടുകയും പ്രാർഥനകളെ അർപ്പിക്കുകയും സൂക്ഷിച്ചു നോക്കുകയും ചെയ്യുന്നവളും, തന്റെ കണ്ണുകളെ സ്വർഗത്തിൽ ഊന്നിക്കൊണ്ടു ഭൂമിയിലുള്ളതിലധികം പക്ഷികളോടുകുടിയ ഒരു പൂന്തോപ്പിൽ അലയുന്നവളുമാണ് ഫൻതീൻ. ഹേ, ഫൻതീൻ! ഇതു മനസ്സിലാക്കുക; ഞാൻ, തൊലോമിയെ, ഒരു കമ്പമാണ്; പക്ഷേ, ആ മനോരാജ്യക്കാരിയായ ‘വേശി പ്പെണ്ണു ഞാൻ പറയുന്നതു കേൾക്കുന്നതേ ഇല്ല— മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം അവളുടെ ചുറ്റും എപ്പോഴും പുതുമയും മാധുര്യവും യൗവനവും കൗതുകകരമായ പ്രഭാതത്തിലെ പ്രകാശവുമാണ്. മാർഗ്യുരീത്ത് അല്ലെങ്കിൽ ‘മുത്ത്’ എന്നു വിളിക്കപ്പെടുവാൻ അർഹയായ ഹേ ഫൻതീൻ, നിങ്ങൾ സൗന്ദര്യമയമായ പൗരസ്ത്യ പ്രദേശത്തു നിന്നു വന്ന ഒരു സ്ത്രീയാണ്. ഹേ മാന്യസ്ത്രീകളേ, രണ്ടാമത്തെ ഒരു കഷ്ണം ഉപദേശം: വിവാഹം ചെയ്യരുത്; വിവാഹം ഒരൊട്ടുമരമാണ്; അതു പിടിച്ചു എന്നും പിടിച്ചില്ല എന്നും വരാം; ആ ആപത്തിനു നില്ക്കരുത്. പക്ഷേ, ഹാ! ഞാനെന്താണ് പറയുന്നത്? ഞാൻ എന്റെ വാക്കുകൾ വെറുതെ കളയുന്നു. വിവാഹത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ അസാധ്യരോഗക്കാരാണ്; അറിവുള്ള പുരുഷന്മാരായ ഞങ്ങൾക്കു പറയാനുള്ളതെല്ലാം കൂടിയാലും, കുപ്പായമുണ്ടാക്കുന്നവരും ചെരുപ്പുകുത്തുന്നവരുമായ പെൺകുട്ടികളെക്കൊണ്ടു വൈരക്കല്ലുകൾ മേലൊക്കെയുള്ള ഭർത്താക്കന്മാരെപ്പറ്റി മനോരാജ്യം വിചാരിക്കാതാക്കാൻ സാധിക്കില്ല. ശരി, അങ്ങനെയാവട്ടെ; പക്ഷേ, എന്റെ സുന്ദരിമാരേ, നിങ്ങൾ ഇതോർമിക്കണം-നിങ്ങൾ വേണ്ടതിലധികം പഞ്ചസാര കഴിക്കുന്നു. ഹേ സ്ത്രീ, നിങ്ങൾക്ക് ഒരു ദോഷമേ ഉള്ളു; അതിതാണ്—നിങ്ങൾ വേണ്ടതിലധികം പഞ്ചസാര നക്കിനക്കിക്കഴിക്കുന്നു, ഹേ നക്കിനക്കിക്കഴിക്കുന്ന ജാതിക്കാരേ, നിങ്ങളുടെ വെളുത്തതും ചന്തമുള്ളതുമായ പല്ലിനു പഞ്ചസാര വലിയ ഇഷ്ടമാണ്. അപ്പോൾ, ഞാൻ പറയുന്നതിൽ നല്ല വണ്ണം മനസ്സിരുത്തിക്കൊൾക, പഞ്ചസാര ഒരുപ്പാണ്. ഉപ്പുകളെല്ലാം ക്ഷീണിപ്പിക്കുന്നവയത്രേ. എല്ലാ ഉപ്പിലുംവെച്ചു പഞ്ചസാരയാണ് അധികം ശോഷിപ്പിക്കുന്നത്; അതു ഞരമ്പുകളിലൂടെ ചെന്ന് രക്തത്തിലുള്ള ദ്രവത്തെ ഉറ്റിക്കുടിക്കുന്നു. അപ്പോൾ ആ രക്തം ഉറകൂടുന്നു; ക്ഷണത്തിൽ രക്തം കട്ടപിടിച്ചുപോകുന്നു; അതിൽനിന്നു ശ്വാസകോശത്തിൽ കുരുക്കൾ പൊന്തുന്നു; ആളുകൾ ചാവുന്നു. അതാണ് പ്രമേഹം ക്ഷയത്തിന്റെ അയൽപക്കക്കാരനായത്. അപ്പോൾ നിങ്ങൾ പഞ്ചസാര കടിച്ചു ചവയ്ക്കാൻ നിൽക്കരുത്; എന്നാൽ നിങ്ങൾക്കായുസ്സു കൂടും. ഞാൻ ഇനി പുരുഷന്മാരെപ്പറ്റി പറയാം; മാന്യരേ, നിങ്ങളുടെ പ്രണയഭാജനങ്ങളെ നിങ്ങൾ കൈയിലാക്കുക; അന്യോന്യം,യാതൊരു പശ്ചാത്താപവും കൂടാതെ തട്ടിപ്പറിക്കുക, തിരിപ്പറക്കുക, അങ്ങോട്ടും ഇങ്ങോട്ടും. അനുരാഗത്തിന്റെ കാര്യത്തിൽ സ്നേഹിതന്മാരില്ല. സൗന്ദര്യമുള്ള സ്ത്രീ എവിടെയുണ്ടോ അവിടെയുണ്ട് ശത്രുത. നില്ക്കക്കള്ളി കൊടുക്കരുത്; കഴുത്തറുത്തേ നില്ക്കാവു. സുന്ദരിയായ സ്ത്രീ യുദ്ധത്തിനുള്ള കാരണമാണ്; സുന്ദരിയായ സ്ത്രീ ഒരു ജലിക്കുന്ന ദുർന്നടപ്പത്രേ. ചരിത്രത്തിൽ കാണുന്ന എല്ലാ ആക്രമണങ്ങളേയും റൗക്കകളാണ് തീർച്ചപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ പുരുഷന്റെ അവകാശമാണ്. റോമുലസ്സ് [34] സബൈനെ [35] കൊണ്ടുപോയി; വില്യം [36] ബ്രിട്ടീഷ് സ്ത്രീകളെ കൊണ്ടുപോയി; സീസർ റോം സ്ത്രീകളെ കൊണ്ടുനടന്നു. ഒരു സ്ത്രീയായാലും കാമിക്കപ്പെടാത്ത പുരുഷൻ മറ്റുള്ള പുരുഷന്മാരുടെ ഉപപത്നികൾക്കു മീതെ ഒരു കഴുകനെപ്പോലെ ഉയരത്തിൽ പറന്നു നടക്കുന്നു, എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഭാര്യ മരിച്ച എല്ലാ ഭാഗ്യംകെട്ട പുരുഷന്മാരുടെ നേർക്കും ബോണാപ്പാർത്ത് ഇറ്റലി രാജ്യസൈന്യത്തോടു പണ്ടു പറഞ്ഞ ആ സഗൗരവമായ വിളംബരത്തെ ഞാൻ എറിഞ്ഞു കൊടുക്കുന്നു; ഭടന്മാരേ, നിങ്ങൾക്ക് എല്ലാ സാധനവും മറ്റിടത്തുനിന്നു കിട്ടേണ്ടിയിരിക്കുന്നു; ശത്രുവിന്റെ പക്കൽ അതെല്ലാമുണ്ട്.’

തൊലോമിയെ ഒന്നു ശ്വാസം കഴിച്ചു.

‘കിതപ്പു മാറട്ടെ, തൊലോമിയെ,’ ബ്ലാഷ്വേല്ല് പറഞ്ഞു.

ബ്ലാഷ് വേല്ലാവട്ടേ, ആ സമയത്തു ലിതോളിയെയുടേയും ഫാമോയിയുടേയും സഹായ്യ്യത്തോടുകൂടി, ഒരു ദുഃഖമയമായ രാഗത്തിൽ, കൈയിൽക്കിട്ടിയ ആദ്യത്തെ വാക്കുകളെക്കൊണ്ടു് നിറഞ്ഞവയും, പ്രാസംകൊണ്ട് ഞെരുക്കി പ്രാസംതന്നെ ഇല്ലാതെ, മരത്തിന്റെ ആംഗ്യങ്ങളും കാറ്റിന്റെ ശബ്ദവുമെന്നപോലെ നിരർഥകങ്ങളും, പുകവലിക്കുഴലുകളുടെ പുകയിൽനിന്നുണ്ടായി അവയോടുകൂടി ലയിച് എങ്ങോട്ടോ പറന്നുപോകുന്നവയുമായി ആ ചില പണിപ്പുരപ്പാട്ടുകളുള്ളവയിൽ ഒന്നു നീട്ടിപ്പിടിച്ചു പാടി. തൊലോമിയയുടെ പ്രസംഗത്തിനു കൂട്ടർ കൊടുത്ത മറുപടി ഈ രണ്ടുനാലടക്കു വരികളായിരുന്നു.

അത്ര ഗൗരവം കേമാലും മൂത്ത തുർക്കിക്കോഴിക-

ളെത്രയോ കുറെപ്പണമൊരു ദല്ലാളിന്നേകി;

നല്ലവനാകും ക്ലേർമനൻതോണറേ എജമാനൻ

തെല്ലെടുത്തുണ്ടാവുന്ന ചന്തനാൾ ‘പോപ്പാ’വണം.

എന്നാലീ നല്ലൊരാളാം ക്ലേർമന്നു പോപ്പാവാൻ വ-

യ്യെന്നായി, മതാചാര്യനായിരുന്നീലപ്പുമാൻ;

അവർതൻ ദല്ലാളതുകൊണ്ടു വൻശുണ്ഠിയാർന്ന-

ങ്ങവർ്തൻ പണമെല്ലാംകൊണ്ടുടൻ തിരിച്ചെത്തി.

തൊലോമിയെയുടെ ഉപദേശപ്രസംഗത്തിന്റെ ഊക്കു കുറയ്ക്കുവാൻ പോന്നതൊന്നായില്ല ഇത്; അയാൾ ഒരു ഗ്ലാസ്സുകൂടി അകത്താക്കി; ഒന്നുകൂടി നിറച്ചു; പിന്നേയും നിറച്ചു; എന്നിട്ട് ഇങ്ങനെ വീണ്ടും ആരംഭിച്ചു.

‘അറിവൊക്കെ പോട്ടെ കടന്ന്! ഞാൻ പറഞ്ഞതെല്ലാം മറന്നേക്കൂ നമ്മൾ നാണം കുണുങ്ങികളുമാവേണ്ടാ, കാര്യബോധക്കാരുമാവേണ്ടാ. കൊള്ളാവുന്ന നാഗരികന്മാരുമാവേണ്ടാ. നേരംപോക്കിന്റെ ബഹുമാനസൂചകമായി ഞാൻ ഇതാ, ഓരോ ഗ്ലാസ്സു ചെരിച്ചു തരുന്നു; നമുക്ക് ആഹ്ലാദിക്കുക. നമ്മുടെ നിയമപരീക്ഷയ്ക്കുള്ള പഠിപ്പു കമ്പംകൊണ്ടും സാപ്പാടുകൊണ്ടും മുഴുമിപ്പിക്കുക! അജീർണവും ദഹനവും. ജസ്റ്റിനിയനാ [37] വട്ടെ പുരുഷൻ; ഫീസ്റ്റിങ് (—സദ്യ) സ്ത്രീയും! ആഹ്ലാദം ആഴത്തിൽ! ഹേ ഈശ്വരസൃഷ്ടി, നീ ദീർഘായുസ്സായിരിക്കുക, ലോകം ഒരു വലിയ വൈരക്കല്ലാണ്. എനിക്കു ബഹുസുഖം. പക്ഷികൾ അത്ഭുതകരങ്ങൾ! എന്തു സദ്യയാണ് എല്ലായിടത്തും. ഹേ മനോരാജ്യം വിചാരിക്കുന്ന കാലാൾപ്പടേ! കുട്ടികളെ രക്ഷിക്കുന്നതോടുകൂടി സ്വയമേവ ആഹ്ലാദിച്ചുകൊണ്ടുകഴിയുന്ന ഹേ സുന്ദരിമാരായ വളർത്തമ്മമാരേ! എന്റെ ആത്മാവു കന്യകകളായ അരണ്യസ്ഥലികളിലേക്കും പുൽപ്പറമ്പുകളിലേക്കും പറന്നുകളയുന്നു. എല്ലാം നല്ല ഭംഗിയുണ്ട് തേനീച്ചകൾ വെയിലത്തു മൂളിക്കൊണ്ടു പറക്കുന്നു. മൂളിപ്പാട്ടു പാടുന്ന പക്ഷിയെ സൂര്യൻ തുമ്മിക്കുന്നു. എന്നെ കെട്ടിപ്പിടിക്കൂ, ഫൻതീൻ!’.

അയാൾക്കു തെറ്റിപ്പോയി; അയാൾ ഫേവറിറ്റിനെ ആലിംഗനം ചെയ്തു.

കുറിപ്പുകൾ

[25] പന്ത്രണ്ടു ക്രീസ്തീയമഹർഷിമാരുളളതിൽ.

[26] ബൈബിളിൽ പറയുന്ന ഒരു ഋഷി.

[27] ഗ്രീസിൽ പഴയകാലത്തുണ്ടായിരുന്ന ഒരു രാജാവ്.

[28] ഈജിപ്തിലെ അനശ്വരകീർത്തിമതിയായ മഹാരാജ്ഞി സീസരുടെ പ്രേമപാത്രമായ മഹാസുന്ദരി.

[29] ഒരു റോമൻ ചക്രവർത്തി.

[30] ക്ലിയോപ്പേത്രയേയും അവളുടെ ദ്വിതീയഭർത്താവായ ആന്റണിയേയും തോല്പിച്ചുവിട്ട പ്രസിദ്ധ യുദ്ധം.

[31] ഗ്രീക്ക് പുരാണങ്ങളിൽ പ്രസിദ്ധനായ ഒരു ദൈവജ്ഞൻ.

[32] ഫെലി എന്നു ശകാരപ്പേരുളള ഇദ്ദേഹം റോമിലെ ഒരു ഭടപ്രമുഖനും ഭരണാധികാരിയുമായിരുന്നു.

[33] ഗ്രീസ്സിലെ പണ്ടത്തെ മതാചാരയൻ.

[34] പുരാണപ്രകാരം റോംരാജ്യത്തിന്റെ സ്ഥാപകൻ.

[35] റോം ചക്രവർത്തിനി.

[36] ഇംഗ്ലണ്ട് ആക്രമിച്ച നോർമ്മൻ ചക്രവർത്തി.

[37] സുപ്രസിദ്ധനായ റോമൻച്ക്രവർത്തി ലൌാകികസുഖങ്ങളെല്ലാം അനുഭവിച്ചുകൊണ്ടു സാമ്രാജ്യപുഷ്ടി വരുത്തിയ ഇദ്ദേഹത്തെ മഹാനായ ജസ്റ്റിനിയൻ എന്നു പറഞ്ഞുവരുന്നു.

1.3.8
ഒരു കുതിരയുടെ ചാക്ക്

‘എദോങ്ങിന്റെ ഹോട്ടലിലാണ് ബൊംബാർദയുടേതിലേക്കാൾ ഭക്ഷണസുഖം,’ സെഫീൻ കുറച്ചുച്ചത്തിൽ പറഞ്ഞു.

‘എനിക്കു ബൊംബാർദയാണ് എദോങ്ങിനേക്കാൾ ഇഷ്ടപ്പെട്ടത്,’ ബ്ലാഷ് വേല്ല് അഭിപ്രായപ്പെട്ടു. ‘അധികം ആഡംബരമുണ്ട്. അധികം ഏഷ്യൻമട്ടുണ്ട്. താഴത്തുള്ള മുറി നോക്കു; ചുമരിന്മേൽ കണ്ണാടിക (Glacess = ഗ്ലാസ്സെസ്) ളുണ്ട്.’

‘എനിക്ക് അതുകളെ (ഗ്ലാസ്സെസ്—മഞ്ഞിൻകട്ടകൾ) തളികയിൽ വിളമ്പിക്കിട്ടുകയാണ് ഇഷ്ടം.’ ഫേവറിറ്റ് പറഞ്ഞു.

ബ്ലാഷ്വേല്ല് വിട്ടില്ല: ‘കത്തികൾ നോക്കൂ, ബൊംബാർദയുടെ ഹോട്ടലിലുള്ളവയുടെ പിടിയെല്ലാം വെള്ളിയാണ്; മറ്റേടത്തുള്ളവ അസ്ഥിയാണ്. അപ്പോൾ വെള്ളിക്ക് അസ്ഥിയേക്കാൾ വില കൂടും.’ ‘വെള്ളിക്കവിളുള്ളവർക്കുമാത്രം അങ്ങനെയല്ല,’ തൊലോമിയെ അഭിപ്രായപ്പെട്ടു. അയാൾ ജനാലയിലൂടെ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ ഗോപുരാഗ്രത്തെ നോക്കിക്കാണുകയായിരുന്നു. കുറച്ചിട ആരും ഒന്നും മിണ്ടിയില്ല. ‘തൊലോമിയെ,’ ഫാമോയി ഉച്ചത്തിൽ പറഞ്ഞു, ‘ലിതോളിയെയും ഞാനും കൂടി തർക്കിക്കുകയായിരുന്നു ഇപ്പോൾ.’ ‘തർക്കം നല്ലതാണ്.’ തൊലോമിയെ മറുപടി പറഞ്ഞു, ‘ശണ്ഠകൂടൽ അതിലും നന്ന്.’ ‘ഞങ്ങൾ തത്ത്വശാസ്ത്രത്തെപ്പറ്റി വാദിക്കുകയായിരുന്നു.’

‘നേര്?’

‘നിങ്ങൾക്കാരെയാണ് അധികമിഷ്ടം, ദെക്കാർത്തിനേ [38] യോ സ്പിനോസയേ [39] യോ?’

‘ദിസോഗയേർ.’ [40] ഈ വിധി കല്പിച്ച്, അയാൾ ഒരു കുടി കുടിച്ചു; പിന്നേയും തുടങ്ങി: ‘ഞാൻ ജീവിച്ചിരിക്കാൻ സമ്മതിക്കുന്നു. നമുക്ക് ഇപ്പോഴും ഇരുന്നു കമ്പം പറയാവുന്നതുകൊണ്ട് ലോകത്തിന്റെ കാര്യം മുഴുവനും അവസാനിച്ചിട്ടില്ല. അതിന്നായി ഞാൻ മരണമില്ലാത്ത ഈശ്വരന്മാരോടു നന്ദി പറയുന്നു. നമ്മൾ നുണ പറയുന്നു. ഒരാൾ നുണ പറയുന്നു; പക്ഷേ, അയാൾ ചിരിക്കയാണ്. ഒരാൾ സിദ്ധാന്തിക്കുന്നു; അയാൾ സംശയിക്കയാണ്. അവിചാരിതങ്ങൾ തർക്കത്തിൽനിന്ന് പുറപ്പെടുന്നു. അതു രസമുണ്ട്. അത്ഭുതങ്ങളെ അടച്ചുവെച്ച അസത്യാഭാസപ്പെട്ടി നേരമ്പോക്കായി തുറക്കുകയും അടയ്ക്കുകയും ചെയ്യാൻ വശമുള്ള മനുഷ്യർ ഇപ്പോഴും ഈ ലോകത്തിലുണ്ട്. ഹേ മാന്യയുവതികളേ, നിങ്ങൾ ഇപ്പോൾ കുലുക്കം കൂടാതെ ഈ ഇരുന്നു കുടിക്കുന്ന മദീറ വീഞ്ഞു, കടൽനിരപ്പിൽനിന്ന് മൂന്നുറ്റിപ്പതിനേഴു കാതം ഉയരത്തിലുള്ള കുറൽ ദെ ഫ്രീറായിലെ മുന്തിരിത്തോട്ടത്തിൽനിന്നെടുത്തതാണെന്നു മനസ്സിലാക്കണം. കുടിക്കുന്നതിനിടയ്ക്ക്, ഉം-ശ്രദ്ധിക്കുക! മുന്നൂറ്റിപ്പതിനേഴു കാതം! മൊസ്സ്യു ബൊംബാർദ, മഹാനായ ഭക്ഷണശാലക്കാരൻ, നാലര ഫ്രാങ്കിന്ന് ആ മൂന്നുറ്റിപ്പതിനേഴു കാതം നിങ്ങളുടെ കൈയിൽ തരുന്നു.’ പിന്നേയും ഫാമോയി അയാളെ തടഞ്ഞുപറഞ്ഞു: ‘തൊലോമിയേ, നിങ്ങളുടെ അഭിപ്രായം നിയമമാണ്. ഏതു ഗ്രന്ഥകാരനെയാണ് നിങ്ങൾക്കിഷ്ടം? ‘ബേർ-’

‘ക്വാങ്?’ [41]

‘അല്ല, ഷൊ.’ [42]

തൊലോമിയെ പിന്നേയും ആരംഭിച്ചു; ‘ബൊംബാർദ ജയിപ്പുതാക! ഇന്ത്യക്കാരിയായ ഒരു തേവിടിശ്ശിയെ എനിക്കു സമ്പാദിച്ചുതന്നുവെങ്കിൽ, അയാൾ എലിഫാൻറയിലെ മനോഫിക്കു44 കിടനില്ക്കും; ഗ്രീസ്സുകാരിയായ ഒരു വേശ്യയെ എനിക്കു കൊണ്ടുവന്ന് തന്നുവെങ്കിൽ അയാൾ ഷറോണിയയിലെ തിഗിലിയോണിനു44 സമനാവും. എന്തുകൊണ്ടെന്നാൽ, ഹാ! എന്റെ മാന്യസ്ത്രീകളെ, ബൊംബാർദമാർ ഗ്രീസ്സിലുമുണ്ട്, ഈജിപ്തിലുമുണ്ട്. അപ്യൂലിയസ്സ് [43] അവരെപ്പറ്റി നമുക്കു പറഞ്ഞുതരുന്നു. ഹാ! എപ്പോഴും ഒന്നുതന്നെ; പുതുതായിട്ടു യാതൊന്നുമില്ല; 44 അതാതു നാട്ടിലെ ഹോട്ടൽക്കാർ. സൃഷ്ടികർത്താവിനാൽ ഒന്നിനെക്കാളധികം അപ്രസിദ്ധീകൃതമായി മറ്റൊന്നും പ്രപഞ്ചസൃഷ്ടിയിലില്ല. ‘ഈ സൗരഗ്രഹമണ്ഡലത്തിൽ യാതൊന്നും പുതിയതില്ല.’ സോളമൻ പറയുന്നു: ‘പ്രേമം സർവത്തിലും ഒന്നുതന്നെയാണ്, വേർജിൽ പറഞ്ഞിരിക്കുന്നു. സാമോവിലെ കപ്പലണിയിൽ ആസ്പേഷിയ പെറിക്കിൾസിനോടു [44] കൂടി കയറിയപോലെ, കാരബൈനാകട്ടേ കാരബിനോടുകൂടിസാങ് ക്ലൊദിൻ കപ്പലേറുന്നു. [45] ഒരു വാക്കുകൂടി, ഹേ മാന്യസ്ര്രീകളേ, ആസ്പേഷിയ ആരായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? സ്ത്രീകൾക്കാത്മാവുണ്ടാവാൻ തുടങ്ങിയിട്ടില്ലാത്ത ഒരു കാലത്താണ് അവൾ ജീവിച്ചിരുന്നതെങ്കിലും അവൾ ഒരാത്മാവായിരുന്നു-തിയ്യിനെക്കാളധികം നിറപ്പകിട്ടും പ്രഭാതത്തേക്കാളധികം പുതുമയും പനിനീർപ്പൂവിന്റേയും മാന്തളിരിന്റേയും വർണക്കൂട്ടുമുണ്ടായിരുന്ന ഒരാത്മാവ്. സ്ത്രീത്വത്തിന്റെ രണ്ടറ്റവും ആസ്പേഷിയയിൽ ഒന്നിച്ചുകൂടിയിരുന്നു. അവൾ കുലടയായ ദേവിയത്രേ—സോക്രട്ടീസ്സിനോടു മനോൺ ലെസ്കോട്ടിനെ [46] കൂട്ടിച്ചേർത്തത്. പ്രമോത്തിയസ്സിന് [47] ഒരുപത്നി വേണ്ടിവന്നെങ്കിലോ എന്നുവെച്ചായിരിക്കണം ആസ്പോഷിയയെ സൃഷ്ടിച്ചത്.’

ഒരിക്കൽ നടന്നുതുടങ്ങിയാൽ പിന്നെ തൊലോമിയെയ്ക്കു നില്ക്കാൻ കുറെ ഞെരുക്കമുണ്ട്; പക്ഷേ, ആ സമയത്തു പാതാറിൽ ഒരു കുതിര വീണു. ആ വീഴ്ചയോടുകുടി വണ്ടിയും വണ്ടിയിൽനിന്നു പ്രസംഗിച്ചിരുന്നാളുടെ പ്രസംഗവും നിലച്ചു. വയസ്സായി ക്ഷീണിച്ചു കളിക്കോപ്പുകൾ വലിച്ചുകൊണ്ടു നടക്കാൻ പറ്റിയ ഒരു പെൺകുതിരയാണ് ആ വലിയ ഭാരവണ്ടി വലിച്ചിരുന്നത്. ബൊംബാർദയുടെ ഹോട്ടലിനു മുൻപിലെത്തിയപ്പോൾ ആ പ്രായം ചെന്നു കുഴഞ്ഞ ജന്തു ഒരടിപോലും നീക്കിവെക്കാൻ കൂട്ടാക്കാതായി. ഈ സംഗതി ഒരാൾക്കൂട്ടത്തെ അങ്ങോട്ടാകർഷിച്ചു. ദേഷ്യപ്പെട്ടു ശപിക്കുന്ന വണ്ടിക്കാരന്നു, ചാട്ടവാർകൊണ്ടുള്ള നിർദ്ദയമായ ഒരു പ്രഹരത്തോടുകുടി, വേണ്ടവിധം ഉറപ്പിച്ചു പൊട്ടക്കുതിര എന്ന സത്യ വാചകം ഉച്ചരിക്കാൻ കഷ്ടിച്ച് ഇട കിട്ടുമ്പോഴേക്ക്, ആ പൊട്ടക്കുതിര രണ്ടാമതെണീക്കാത്തവിധം വീണുകഴിഞ്ഞു. ആഹ്ലാദിച്ചുകൊണ്ടിരുന്ന തൊലോമിയെയുടെ ശ്രോതാക്കൾ വഴിപോക്കരുടെ ലഹള കേട്ടു. തൊലോമിയെ ആ തഞ്ചം പിടിച്ചു തന്റെ ‘പാഠകം പറയൽ’ ഈ ഒരു ശ്ലോകത്തോടുകൂടി അവസാനിപ്പിച്ചു.

വണ്ടിക്കും കോകിലങ്ങൾക്കും

ഗതിയെന്ത, തതിന്നുമായ്;

ആപ്പെൺകുതിര ജീവിച്ചു.

പതിവൊത്തൊരുഷസ്സിട.

‘പാവം! ഫൻതീൻ ദീർഘശ്വാസമിട്ടു.

ദാലിയ ഉച്ചത്തിൽ പറഞ്ഞു: ‘കുതിരകളെപ്പറ്റി കണ്ണുനീരൊഴുക്കുന്ന ഫൻതീനെ നോക്കു; ഇങ്ങനത്തെ ഒന്നിനുംകൊള്ളാത്ത വിഡ്ഢിയുമുണ്ടല്ലോ!’

ആ സമയത്തു ഫേവറിറ്റ് കൈ കെട്ടി തല ഒരു ഭാഗത്തേക്കു ചെരിച്ചു തൊലോ മിയെയുടെ നേരെ ഉറപ്പിച്ചു നോക്കി പറഞ്ഞു: ‘ആട്ടെ, വരൂ! ആ അത്ഭുതം?’

‘ശരിതന്നെ. അതിന്റെ സമയം വന്നു,’ തൊലോമിയെ മറുപടി പറഞ്ഞു: മാന്യരേ,ഈ മാന്യസ്ത്രീകൾക്ക് ഒരത്ഭുതം കാണിച്ചുകൊടുക്കേണ്ട സമയം എത്തിപ്പോയി; ഹേ മാന്യയുവതികളേ, ഒരു നിമിഷനേരം താമസിക്കുക.’

‘അത് ഒരു ചുംബനത്തോടുകൂടി ആരംഭിക്കുന്നു,’ ബ്ലാഷ്വേല്ല് പറഞ്ഞു.

‘നെറ്റിമേൽ, തൊലോമിയെ തുടർന്നു പറഞ്ഞു.

എല്ലാവരും താന്താങ്ങളുടെ ഉപപത്നിമാരുടെ നെറ്റിമേൽ ഗാരവത്തോടുകൂടി ഓരോ ചുംബനം ചെയ്തു. എന്നിട്ടു കൈവിരലുകൾ ചുണ്ടത്തു വെച്ചുംകൊണ്ടു നാലു ദമ്പതിമാരും ഇരട്ട ഇരട്ടയായി പുറത്തേക്കു കടന്നു.

ഫേവറിറ്റ് ആ പോക്കിൽ കൈകൊട്ടി. ‘ഇപ്പോൾത്തന്നെ രസംപിടിച്ചു തുടങ്ങി,’ അവൾ പറഞ്ഞു.

‘അധികം താമസിക്കരുതേ,’ ഫൻതീൻ മന്ത്രിച്ചു, ‘ഞങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.’

കുറിപ്പുകൾ

[38] ഫ്രാൻസിലെ ഒരു പ്രസിദ്ധ ഗണിതജ്ഞനും ശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.

[39] ഹോളണ്ടുകാരനായ ഒരു തത്ത്വജ്ഞാനി.

[40] ഫ്രാൻസിലെ ഒരു നാടകകർത്താവ് ഇദ്ദേഹം അസംഖ്യം ഹാസകവിതകൾ എഴുതിയിട്ടുണ്ട്.

[41] ഫ്രാൻസിലെ ഒരു മഹാനായ പുതുകൂറ്റുകാരൻ, ഇദ്ദേഹത്തെ ആളുകൾ ജീവനോടെ ചുട്ടുകളഞ്ഞു.

[42] അത്ര പ്രസിദ്ധനല്ല.

[43] റോമിലെ ഒരു പ്രസിദ്ധ കവനക്കാരൻ.

[44] പഫെറിക്കിൾസ് തന്റെ ഭാര്യ മരിച്ചപ്പോൾ ഏതെൻസിലെ ഒരന്തഃപുരസ്ര്രീയായ ആസ്പേഷിയയെ ഉപപത്നിയായി സ്വീകരിച്ചു. ആ കഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

[45] ഒരു യുദ്ധദടൻ അതുപോലെ യുദ്ധസന്നദ്ധയായ ഒരുവളെ പ്രേമഭാജനമായെടുക്കുന്നു എന്നർത്ഥം 1870 വരെ ഫ്രാൻസിൽ കുതിരപ്പട്ടാളക്കാരനെ ഈ പേർ വിളിച്ചിരുന്നു.

[46] ആബെദ്പ്രൊവോസ്റ്റിന്റെ സുപ്രസിദ്ധകഥാനായിക. വലിയ വൃഭിചാരിണി ഗ്രീസ്സിലെ ഒരു പുരാണകഥാപാത്രം.

[47] അറിവും മുൻകരുതലുമുളളവരുടെ മാതൃകാപുരുഷനായി സങ്കൽപിച്ചിരിക്കുന്നു.

1.3.9
നേരമ്പോക്കിനു നേരമ്പോക്കിൽ അവസാനം

ആ ചെറുപ്പക്കാരികളായ പെൺകിടാങ്ങൾ തനിച്ചായപ്പോൾ, അവർ ഈ രണ്ടുപേർ കൂടി, പുറത്തേക്കു തലയിട്ട് നോക്കിക്കൊണ്ടും ഒരു ജനാലയിൽനിന്നു മറ്റൊന്നിൽച്ചെന്നു സംസാരിച്ചുകൊണ്ടും, ജനാലകളുടെ അടിപ്പടികളിൽ ചാരിയിരുന്നു.

ബൊംബാർദയുടെ ഹോട്ടലിൽനിന്ന് ആ യുവാക്കന്മാർ കൈകോർത്തു പിടിച്ചു പുറത്തേക്കു് കടക്കുന്നത് അവർ കണ്ടു. ആ യുവാക്കന്മാർ തിരിഞ്ഞു നിന്ന് അവരോട് ഓരോ ആംഗ്യം കാണിച്ചു. പുഞ്ചിരിക്കൊണ്ടു, ഷാങ് സെലിസെയിലേക്ക് ആഴ്ചതോറും കടന്നാക്രമിക്കാറുള്ള ആ ഇരുണ്ട ഞായറാഴ്ചക്കൂട്ടത്തിൽ കടന്നു മറഞ്ഞു.

‘അധികം താമസിക്കരുത്,’ ഫൻതീൻ കുറച്ചുറക്കെ പറഞ്ഞു.

‘അവർ എന്താണ് നമുക്കു കൊണ്ടുവന്ന് തരാൻ പോകുന്നതു്?’ സെഫീൻ ചോദിച്ചു.

‘എന്തായാലും നല്ലതൊന്നായിരിക്കും,’ ദാലിയ പറഞ്ഞു.

‘എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ,’ ഫേവറിറ്റ് പറഞ്ഞു, ‘എനിക്കതു പൊന്നായിക്കിട്ടണം.’

തടാകത്തിന്റെ കരയിലൂടെയുള്ള ഗതാഗതങ്ങൾ അവരുടെ ശ്രദ്ധയെ അതിൽനിന്നു മാറ്റി-കൂറ്റൻമരങ്ങളുടെ കൊമ്പുകൾക്കുള്ളിലൂടെ അവർക്കതു നോക്കിയാൽ കാണാമായിരുന്നു; ആ കാഴ്ച അവരെ നന്നേ രസിപ്പിച്ചു.

വലുതും ചെറുതുമായ വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരേ സമയമായിരുന്നു അത്. തെക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്ക വണ്ടികളും ഷാങ് സെലി സെയിലുടെ കടന്നുപോവും. ഇടയ്ക്കിടയ്ക്കൊക്കെ, മഞ്ഞയും— കറുപ്പും-ചായങ്ങളിട്ടു. കനത്തിൽ ഭാരമേറ്റി, കിലുങ്ങുന്ന അലങ്കാരക്കോപ്പുകളോടുകൂടി, മെഴുകുതുണികളെക്കൊണ്ടും യാത്രപ്പെട്ടികളെക്കൊണ്ടും കണ്ടാൽത്തിരിയാതായും, ക്ഷണത്തിൽ മറഞ്ഞുപോകുന്ന തലകളെക്കൊണ്ടു നിറഞ്ഞും, ഓരോ വലിയ വണ്ടി, ഒരു കരുവാന്റെ പണിപ്പുരയിലുള്ള തീപ്പൊരികളോടും പുകയ്ക്കു പകരം മുടൽനിറത്തോടും, കൽവിരിപ്പുകളെ തകർത്തുപൊടിക്കുകയും വിരികല്ലുകളെയെല്ലാം ഉരുക്കായി മാറ്റുകയും ചെയ്യുന്നത്ര ലഹളപിടിച്ച ഊക്കോടുംകൂടി അടിച്ചുപായുന്നു. ഈ ബഹളം ആ ചെറുപ്പക്കാരികളെ ഒട്ടു രസിപ്പിച്ചു. ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു: ‘എന്തൊരു വരി! പറന്നുപോകുന്ന ഒരടക്കു ചങ്ങലയാണെന്നു പറയാം.’

ആ വാഹനപരമ്പരയുടെ കൂട്ടത്തിൽ—ഉരുമ്മിനില്ക്കുന്ന ഇരിമ്പകമരങ്ങൾക്കുള്ളിലൂടെ ബുദ്ധിമുട്ടി മാത്രമേ അവർക്കവയെ കാണാൻ കഴിഞ്ഞുള്ളു-ഒന്ന് എന്തോ സംഗതിവശാൽ ഒരു നിമിഷനേരം നിന്നു; പിന്നേയും ക്ഷണത്തിൽ പറപറന്നു. ഇത് ഫൻതീനെ അത്ഭുതപ്പെടുത്തി.

‘അതെന്തേ!’ അവൾ പറഞ്ഞു. ‘ഉരുൾവണ്ടികൾ ഒരിക്കലും നില്ക്കില്ലെന്നേ ഞാൻ കരുതിയത്.’

ഫേവറിറ്റ് തോളൊന്നു മേല്പോട്ടു വലിച്ചു.

‘ഈ ഫൻതീൻ ഒരപൂർവമട്ടാണ്. വെറും ഉൽക്കണ്ഠകൊണ്ട് ഞാനവളെ ഒന്നു നോക്കിക്കാണാൻ ഭാവിക്കുന്നു. ഏറ്റവും സാരമില്ലാത്ത കാര്യങ്ങൾ കൊണ്ട് അവൾ അമ്പരന്നുപോകുന്നു. ഒരു വഴിയാത്രക്കാരിയാണ്; ഞാൻ വണ്ടിക്കാരനോട് പറയുന്നു. ‘ഞാൻ മുമ്പേ നടക്കാം; നിങ്ങൾ പോകുന്നവഴിക്ക് ഇന്നയിടത്തുവെച്ച് എന്നേയും കൂട്ടി പോണേ.’ വണ്ടി പാഞ്ഞുപോകുന്നു, എന്നെ കാണുന്നു, നിൽക്കുന്നു, എന്നേയും കയറ്റി പോകുന്നു. ഇത് ദിവസംതോറുമുണ്ടാകുന്ന കാര്യമാണ്. എന്റെ ഓമനേ, നിങ്ങൾക്കു ലോകം നടക്കുന്നതറിഞ്ഞുകൂടാ.’

ഈ നിലയിൽ കുറച്ചിട കഴിഞ്ഞു. പെട്ടെന്ന് ഉണർന്നുവന്ന ആളുടെ മട്ടിൽ, ഫേവറിറ്റ് ഒരു ഭാവഭേദം കാണിച്ചു. അപ്പോൾ അവൾ പറഞ്ഞു: ‘ആ അത്ഭുതം?’

‘അതേ, കൂട്ടത്തിൽ പറയട്ടെ.’ ദാലിയയും ചേർന്നു പറഞ്ഞു. ‘ആ പ്രസിദ്ധപ്പെട്ട അത്ഭുതം?’

‘അവർ എത്ര വളരെ നേരമായി അതിനു പോയിട്ട്!’ ഫൻതീൻ പറഞ്ഞു.

ഫൻതീന്റെ ഈ ആവലാതി അവസാനിച്ചപ്പോഴേക്ക്, അവർക്കു ഭക്ഷണസാമാനങ്ങൾ ഒരുക്കിക്കൊടുത്തിരുന്ന പരിചാരകൻ അകത്തേക്കു വന്നു. കത്തിന്റെ ഛായയിലുള്ള എന്തോ ഒന്ന് അയാളുടെ കൈയിലുണ്ടായിരുന്നു.

‘എന്താണത്?’ ഫേവറിറ്റ് കൽപിച്ചുചോദിച്ചു.

പരിചാരകൻ മറുപടി പറഞ്ഞു: ‘ഈ മാന്യസ്ത്രീകൾക്കു തരാൻവേണ്ടി ആ മാന്യന്മാർ ഏല്പിച്ചുപോയ ഒരു കടലാസ്സാണ്.’

‘എന്തുകൊണ്ട് അതപ്പോൾത്തന്നെ കൊണ്ടുവന്നില്ല?’

‘എന്തുകൊണ്ടെന്നാൽ,’ ആ പരിചാരകൻ പറഞ്ഞു, ‘ഒരു മണിക്കൂറു നേരത്തേക്കു കൊണ്ടുചെന്ന് കൊടുക്കരുതെന്ന് ആ മാന്യന്മാർ എന്നെ ഏല്പിച്ചിരുന്നു.

ഫേവറിറ്റ് പരിചാരകന്റെ കൈയിൽനിന്നു കടലാസ്സു തട്ടിപ്പറിച്ചു. അത് വാസ്തവത്തിൽ, ഒരു കത്തായിരുന്നു.

‘നില്ക്കു!’ അവൾ പറഞ്ഞു, ‘മേൽവിലാസമില്ല; പക്ഷേ, ഇതാണ് അതിന്റെ മുകളിൽ എഴുതിയിട്ടുള്ളത്.’

‘ഇതാണ് അത്ഭുതം.’

അവൾ അതു ക്ഷണത്തിൽ ചീന്തിപ്പൊളിച്ചു തുറന്നു വായിച്ചു. (അവൾക്കു വായിക്കാനറിയാം):

‘അല്ലയോ ഞങ്ങളുടെ പ്രേമഭാജനങ്ങളേ!

‘ഞങ്ങൾക്ക് അച്ഛനമ്മമാരുണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അച്ഛനമ്മമാർ-ആ വകയെപ്പറ്റി അധികമൊന്നും നിങ്ങൾക്കറിഞ്ഞുകുടാ. ബാലിശവും നിഷ്കളങ്കവുമായ നാട്ടുനടപ്പനുസരിച്ച്, അവരെ അച്ഛന്മാരെന്നും അമ്മമാരെന്നും വിളിച്ചുവരുന്നു. അപ്പോൾ, ഈ അച്ഛനമ്മമാർ തേങ്ങിക്കരയുന്നു; ഈ വയസ്സേറിയകൂട്ടർ ഞങ്ങളോടപേക്ഷിക്കുന്നു; ഈ നല്ലവരായ ആണുങ്ങളും നല്ലവരായ പെണ്ണുങ്ങളും ഞങ്ങളെ ധാരാളികളായ മക്കളെന്നു വിളിക്കുന്നു; അവർ ഞങ്ങളോടു മടങ്ങിച്ചെല്ലാൻ ആവശ്യപ്പെടുന്നു; ഞങ്ങൾക്കുവേണ്ടി പൈക്കുട്ടികളെ പിടിച്ചു കൊല്ലാമെന്ന് അവർ സമ്മതിക്കുന്നു. മര്യാദക്കാരായതുകൊണ്ട്, ഞങ്ങൾ അവരെ അനുസരിക്കാർ ഭാവിക്കുന്നു. നിങ്ങൾ ഇതു വായിക്കുന്ന സമയത്ത് നാലു തീപ്പറങ്കികുതിരകൾ ഞങ്ങളെ ഞങ്ങളുടെ അച്ഛനമ്മമാരുടെ അടുക്കലേക്കു കൊണ്ടുപോകയായിരിക്കും. ബോസ്വേ പറയുംപോലെ, ഞങ്ങൾ ഞങ്ങളുടെ കെട്ടുകുറ്റി പറിയ്ക്കുകയാണു് ഞങ്ങൾ പോകുന്നു; പോയി. ഞങ്ങളുടെ രാജ്യത്തേക്കുള്ള വണ്ടി ഞങ്ങളെ പാതാളത്തിൽ നിന്നകറ്റുന്നു; ഹാ, ഞങ്ങളുടെ സുന്ദരിമാരായ പെൺകിടാങ്ങളേ, നിങ്ങളത്രേ ആ പാതാളം ഞങ്ങൾ പറപറന്നുകൊണ്ട്, മണിക്കുറിൽ മുമ്മൂന്നു കാതം പിന്നിട്ടുകൊണ്ട്, സദാചാരത്തിലേക്ക്, ഉത്തമധർമ്മത്തിലേക്ക്, മാന്യതയിലേക്ക്, മടങ്ങിപ്പോകുന്നു. രാജ്യത്തിന്റെ നരയ്ക്കുവേണ്ടി ഞങ്ങൾ പ്രമാണികളും, കുടുംബങ്ങൾക്ക് അധിപതികളും, നാട്ടുപുറത്തെ സമാധാനരക്ഷകരും, രാജ്യത്തിലെ ഭരണാധികാരികളുമായിരിക്കേണ്ടതാണ്. ഞങ്ങളെ ബഹുമാനിക്കുക. ഞങ്ങൾ ഞങ്ങളെത്തന്നെ ബലികൊടുക്കുകയാണ്. ഞങ്ങളെപ്പറ്റിയുള്ള ദുഃഖിക്കൽ ക്ഷണത്തിൽ കഴിച്ചുകൊള്ളുക; ഞങ്ങളുടെ സ്ഥാനത്തു മറ്റുള്ളവരെ ക്ഷണത്തിൽ അഭിഷേചിക്കുക. ഈ കത്ത് നിങ്ങളെ വേദനപ്പെടുത്തുന്നുണ്ടെങ്കിൽ, ഈ പറഞ്ഞതുതന്നെ ചെയ്യുക. വന്ദനം.

‘രണ്ടു കൊല്ലമായിട്ട് ഞങ്ങൾ നിങ്ങളെ സുഖിപ്പിക്കാന് നോക്കി. അതിനെച്ചറ്റി ഞങ്ങൾക്കു നിങ്ങളോടു മുഷിച്ചിൽ ലേശമെങ്കിലുമില്ല.

ഒപ്പ്:

ബ്ലാഷ് വേല്ല്

ഫാമോയി.

ലിതോളിയെ.

ഫെലി തൊലോമിയെ.

‘കുറിപ്പ്: ഭക്ഷണത്തിന്റെ വില കൊടുത്തു.’

ആ നാലു സ്ത്രീകളും അന്യോന്യം നോക്കി.

ഒന്നാമതായി സംസാരിക്കാൻ ഫേവറിറ്റായിരുന്നു. ‘ആട്ടെ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘എന്തായാലും, ഇതൊരു കൗതുകകരമായ പൊറാട്ടുകളിയായി.’

‘നല്ല നേരമ്പോക്ക്,’ സെഫീൻ പറഞ്ഞു.

‘ഈ യുക്തി ബ്ലാഷ് വേല്ലിന്റേതായിരിക്കണം.’ ഫേവറിറ്റ് തുടർന്നു പറഞ്ഞു: ‘ഇത് എന്നെക്കൊണ്ട് അയാളെ സ്നേഹിപ്പിക്കുന്നു. അയാൾ പോയ ഉടനെ എനിക്കയാളെ സ്നേഹമായി. ഇതൊരപൂർവകഥ തന്നെ, സംശയമില്ല.’

‘അല്ല,’ ദാലിയ പറഞ്ഞു. ‘ഇതു തൊലോമിയെയുടെ ഒരു വിദ്യയാണ്. അതു കണ്ടാലറിയാം.’

‘അങ്ങനെയാണെങ്കിൽ,’ ഫേവറിറ്റ് തിരിച്ചടിച്ചു, ‘ചത്തുപോട്ടെ ബ്ലാഷ്വേല്ല്; തൊലോമിയെയ്ക്കു ദീർഘായുസ്സുണ്ടാവട്ടെ!’

‘തൊലോമിയെയ്ക്കു ദീർഘായുസ്സ്!’ ദാലിയയും സെഫീനും ഉച്ചത്തിൽ പറഞ്ഞു.

അവർ ഉറക്കെ ചിരിച്ചു.

ഫൻതീൻ മറ്റുള്ളവരോടുകൂടി ചിരിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞു, സ്വന്തം മുറിയിലേക്ക് മടങ്ങിച്ചെന്നിട്ട അവൾ കരഞ്ഞു. ഞങ്ങൾ പറഞ്ഞതുപോലെ അത് അവളുടെ ആദ്യത്തെ അനുരാഗസംഗതിയായിരുന്നു; ഒരു ഭർത്താവിനെന്നപോലെ തൊലോമിയെയ്ക്ക് അവൾ തന്നെത്താൻ ദാനം ചെയ്തു; ആ പാവമായ പെൺകിടാവിന് ഒരു കുട്ടിയായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.