images/hugo-4.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.4.1
ഒരമ്മ മറ്റൊരമ്മയെ കണ്ടെത്തുന്നു

പാരിസ്സിന്നടുത്തു മോങ്ഫെർമിയെ എന്ന സ്ഥലത്ത്, ഈ നൂറ്റാണ്ടിന്റെ പ്രഥമപാദത്തിൽ ഒരുതരം ഭക്ഷണവില്പനസ്ഥലമുണ്ടായിരുന്നു; അതിപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ഈ ഭക്ഷണവില്പനസ്ഥലം തെനാർദിയെർ എന്നു പേരായ കൂട്ടരുടെ—ഭർത്താവിന്റേയും ഭാര്യയുടെയും— വകയായിരുന്നു. ബുംലാംഗർ ലെയിൻ എന്ന തെരുവിലാണ് ആ സ്ഥലം. ഉമ്മറത്തെ വാതിലിനു മുകളിൽ ചുമരിനോട് ചേർത്ത് ഒരു പലക പരത്തിവെച്ച് ആണി തറച്ചു നിർത്തിയിട്ടുണ്ട്. ഈ പലകയുടെ മീതെ, വലിയ വെള്ളിനക്ഷത്ര മുദ്രകളോടുകൂടി ഒരു പട്ടാളമേലുദ്യോഗസ്ഥന്റെ കൂറ്റൻ പൂച്ചുകണ്ഠാഭരണങ്ങളെ ധരിക്കുന്ന ഒരാളെ മറ്റൊരാൾ പുറത്തേറ്റി കൊണ്ടു പോകുന്നതിന്റെ ഛായയിൽ എന്തോ ഒന്നു വരച്ചിരിക്കുന്നു; ചുകന്ന പുള്ളികൾ ചോരത്തുള്ളികളെ കുറിക്കുന്നു. ചിത്രത്തിന്റെ ബാക്കി ഭാഗം പുകയാണ്—പക്ഷേ, അത് ഒരു യുദ്ധത്തെ കാണിക്കുന്നു. ചുവട്ടിലായി ഇങ്ങനെ എഴുതിയിട്ടുണ്ട്; വാട്ടർലു യുദ്ധത്തിലെ ‘സർജ്ജന്റു’ദ്യോഗസ്ഥൻ എന്നടയാളമുള്ള സ്ഥലം.

ഒരു ചെറുഹോട്ടലിന്റെ ഉമ്മറത്ത് ഒരു വണ്ടി, അല്ലെങ്കിൽ ഒരു സാമാനവണ്ടി, വരുന്നതിനേക്കാൾ സാധാരണമായി മറ്റൊന്നില്ല. എന്തായാലും, 1818-ലെ വസന്തകാലത്തിൽ ഒരു ദിവസം വൈകുന്നേരം വാട്ടർലു യുദ്ധത്തിലെ ‘സർജ്ജന്റ’ദ്യോഗസ്ഥൻ എന്ന ഭക്ഷണവില്പനപ്പുരയുടെ മുൻഭാഗത്തുള്ള തെരുവഴിയെ വൈഷമ്യത്തിലാക്കിയ ആ വാഹനം, അല്ലെങ്കിൽ കുറേക്കൂടി ശരിയാക്കി പറയുന്നതായാൽ, ആ ഒരു വാഹനക്കഷണം, അതിന്റെ വലുപ്പംകൊണ്ട്, അതിലേ കടന്നുപോകുന്ന ഏതൊരു ചിത്രകാരനേയും നിശ്ചയമായും ആകർഷിക്കുന്ന ഒന്നായിരുന്നു.

നാട്ടുപുറത്തുള്ള കാട്ടുപ്രദേശങ്ങളിൽ ഉപയോഗിച്ചുവരുന്നവയും, കനത്തിലുള്ള പലകകളും മരത്തിന്റെ തടികളും അങ്ങുമിങ്ങും കയറ്റിക്കൊണ്ടു പോവാനുള്ളവയുമായ വണ്ടികളുടെ മുൻപുറമായിരുന്നു അത്. ഈ വണ്ടി ഒരു തിരിയാണിയോടുകൂടിയ ഒരു കൂറ്റൻ ഇരുമ്പച്ചുതണ്ടുകൊണ്ടുണ്ടാക്കിയതാണ്; അതിനോട് ഒരു കനമുള്ള ഏർക്കാലും പിടിപ്പിച്ചിരിക്കുന്നു; വലുപ്പമേറിയ രണ്ടു ചക്രങ്ങളെക്കൊണ്ട് അതിനെ താങ്ങിയിട്ടുമുണ്ട്. ആകപ്പാടെ അതൊരൊതുക്കമുള്ളതും അമർച്ചയോടുകൂടിയതും അപകടംപിടിച്ചതുമായിരുന്നു. അത് ഒരു പോത്തൻപീരങ്കിയുടെ നീക്കുവണ്ടിപോലെ തോന്നി. നിരത്തിന്മേലുള്ള ചക്രച്ചാലുകൾ അതിന്റെ ചിത്രങ്ങളിലും വട്ടുകളിലും അരടിന്മേലും അച്ചുതണ്ടിന്മേലും ഏർക്കാലിലും ഒരട്ടി മണ്ണു പിടിപ്പിച്ചു; ആളുകൾ വലിയ പള്ളികളുടെ ചുമരിന്മേൽ തേച്ചു ഭംഗിയാക്കാൻ ഇഷ്ടപ്പെടുന്ന ആ ഒന്നിന്റെ ഛായയിൽത്തന്നെ മഞ്ഞച്ച അറപ്പു തോന്നിക്കുന്ന ഒരു തേപ്പുചായം കയറ്റി. മരം മണ്ണിന്റെ അടിയിലും ഇരുമ്പു തുരുമ്പിന്റെ ഒള്ളിലുംപെട്ടു് കാണാതായി. അച്ചുതണ്ടിനു ചുവട്ടിൽ, ചിത്രപടംപോലെ, തടവുപുള്ളിയായ ഏതോ രാക്ഷസന്ന് ചേർന്ന ഒരു പോത്തൻചങ്ങല കിടക്കുന്നു. ഈ ചങ്ങല കയറ്റിയിറക്കുവാനുള്ള തടിമരങ്ങളെയല്ല സൂചിപ്പിക്കുന്നത്. അതിനെക്കൊണ്ട വണ്ടിക്കു കെട്ടാവുന്ന പ്രാചീന മഹാഗജങ്ങളേയും പൗരാണികദ്വിഗ്വജങ്ങളേയുമത്രേ. അതു തണ്ടുവലിശിക്ഷസ്ഥലത്തെ—പക്ഷേ, സാധാരണങ്ങല്ല, അമാനുഷങ്ങളും അതിഭയങ്കരങ്ങളുമായ തണ്ടുവലിശിക്ഷസ്ഥലങ്ങളെ—ഓർമിപ്പിക്കുന്നു; അത് ഏതോ ചെകുത്താന്റെ മേൽനിന്നഴിച്ചിട്ട ഒന്നുപോലെ തോന്നപ്പെട്ടു. ഹോമര്‍ അതിനെക്കൊണ്ടു പോളിഫിമസ്സിനെ [1] കെട്ടിയിടുമായിരുന്നു; ഷേക്സ്പിയർ കാലിബാനേ [2] യും.

സാമാനവണ്ടിയുടെ ഈ മുൻഭാഗം അവിടെ ആ തെരുവിൽ എന്തിനു വന്നു? ഒന്നാമതു വഴിമുടക്കാൻ; പിന്നെ തുടങ്ങിവെച്ചിട്ടുള്ള അതിന്റെ തുരുമ്പിക്കൽ മുഴുവനാക്കാനും. പണ്ടത്തെ സാമുദായിക സമ്പ്രദായത്തിന്റെ ഇങ്ങനെയുള്ള നടപടികൾ ഒരുപാടുണ്ട്; പുറത്തേക്കിറങ്ങി നടക്കുമ്പോൾ ഈ നിലയിൽ അവയെ ആരും കണ്ടെത്തുന്നു; അവയ്ക്കേതിനുമുള്ള നിലനിൽപിനു മുൻപറഞ്ഞതിലധികം കാരണങ്ങളില്ല.

ചങ്ങലയുടെ മധ്യം നിലത്തോടു തൊട്ടുതൊട്ടില്ലെന്ന നിലയിൽ നടുക്കായി തൂങ്ങിക്കിടക്കുന്നു; കുഴയിലാകട്ടെ, ഒരൂഞ്ഞാലിന്റെ കയറിലെന്നപോലെ, ആ സവിശേഷദിവസം വൈകുന്നേരം രണ്ടു ചെറിയ പെൺകുട്ടികൾ, കൗതുകകരമായവിധം കെട്ടിമറിഞ്ഞുകൊണ്ടു, കൂടിച്ചേർന്നിരിക്കുന്നു; ആ രണ്ടിൽ ഒന്നിന് ഏകദേശം രണ്ടര വയസ്സായിട്ടുണ്ടാവും—മറ്റേതിനു പതിനെട്ടുമാസവും; അനുജത്തി ജ്യേഷ്ഠത്തിയുടെ മേൽ പറ്റിക്കിടക്കുന്നു; സാമർത്ഥ്യത്തോടുകൂടി മെടഞ്ഞുകെട്ടിയ ഒരുറുമാൽ അവരുടെ വീഴ്ചയെ തടുക്കുന്നുണ്ട്. ആ ഭയങ്കരമായ ഇരുമ്പുചങ്ങല ഒരു നോക്കു കണ്ടെത്തി അമ്മ പറഞ്ഞു: ‘ഇതു നോക്കു! എന്റെ കുട്ടികൾക്കു കളിക്കാൻ ഒന്നായി.’

ഭംഗിയിലും ഏതാണ്ടു മോടിയിലും ഉടുപ്പിട്ടിരുന്ന ആ രണ്ടു പെൺകുട്ടികളും സന്തോഷംകൊണ്ടു വിളങ്ങുന്നു; അവർ പഴയ ഇരുമ്പിനടിയിലുള്ള രണ്ടു പനിനീർപ്പുവുകളാണെന്ന് പറയാം; അവരുടെ കണ്ണുകൾ ഒരു വിജയാഘോഷമാണ്; അവരുടെ ഇളംകവിളുകൾ ചിരികൊണ്ടു നിറഞ്ഞിരുന്നു. ഒരുവളുടെ തലമുടി തവിട്ടു നിറമാണ്; മറ്റവളുടേതു കരുവാളിപ്പുവർണവും. അവരുടെ കളങ്കമറ്റ മുഖങ്ങൾ സന്തോഷംകൊണ്ടു വിളങ്ങിയ രണ്ടു വിസ്മയങ്ങളാണ്; അടുക്കൽ പുഷ്പിച്ചുനിന്നിരുന്ന ഒരു ചെടി വഴിപോക്കരുടെ മേലേക്ക് സുഗന്ധങ്ങളെ വീശിയിരുന്നു അവ ആ കുട്ടികളിൽനിന്നു പുറപ്പെടുന്നതായി തോന്നി; ആ പതിനെട്ടു മാസം ചെന്നിട്ടുള്ള കുട്ടി, പിഞ്ചുകുട്ടിക്കാലത്തെ പാവനമായ അസഭ്യതയോടുകുടി, തന്റെ നഗ്നമായ ആ ചെറിയ ഓമനവയറിനെ വെളിപ്പെടുത്തി. സുഖംകൊണ്ടു മാത്രം ഉണ്ടാക്കിയവയും വെളിച്ചത്തിൽ മുങ്ങിയിരിക്കുന്നവയുമായ ആണ്ടു മൃദുലശിരസ്സുകളുടെ ചുറ്റും മുകളിലും, തുരുമ്പു കയറിക്കറുത്ത്, ഏതാണ്ട് ഭയങ്കരമായി വളവുകളെക്കൊണ്ടും കഴമുഴയായ മൂക്കുകളേക്കൊണ്ടും മുഴുവൻ കെട്ടുകുടുങ്ങിയ കൂറ്റൻവണ്ടി ഒരു ഗുഹയിലേക്കുള്ള മുഖപ്പഴുതുപോലെ ഒരു കമാനത്തട്ടുണ്ടാക്കിയിരിക്കുന്നു. കുറച്ചടി ദൂരത്തായി, ആ ചെറു ഹോട്ടലിന്റെ പുറത്തിറയത്തു കുനിഞ്ഞിരുന്ന്, ആ നിമിഷത്തിൽ കുറേ ഹൃദയാലുത്വമുള്ളവളാണെങ്കിലും സ്വതവേ കാഴ്ചയിൽ തീരേ സൗഭാഗ്യമുള്ളവളല്ലാത്ത അമ്മ അ രണ്ടു കുട്ടികളേയും മാതൃത്വത്തിനുള്ള സവിശേഷതയായി തിര്യക്കുകൾക്കും ദേവകൾക്കും ചേർന്ന ഭാവവിശേഷത്തോടുകൂടി, വല്ല അപകടവും പറ്റിപ്പോയാലോ എന്നു ഭയപ്പെട്ടു സനിഷ്കർഷം സൂക്ഷിച്ചു നോക്കിക്കൊണ്ട് ഒരു നീണ്ട ചരടുകൊണ്ട് ഊഞ്ഞാലാട്ടിയിരുന്നു. മുന്നോട്ടും പിന്നോട്ടുമുള്ള ഓരോ ആട്ടത്തിലും ആ പോത്തൻ ചങ്ങലക്കണ്ണികൾ, ശുണ്ഠിയെടുത്തിട്ടുള്ള മുരളിച്ചപോലെ, ഒരു കെറകെറ ശബ്ദമുണ്ടാക്കി; ആ ചെറിയ പെൺകുട്ടികൾ പരമാനന്ദിച്ചു; അസ്തമയസൂര്യൻ ഈ ആഹ്ലാദത്തിൽ പങ്കുകൂടി—രാക്ഷസന്മാരെ കെട്ടിയിടാനുള്ള ഒരു ചങ്ങലയെ ചന്തമുള്ള ചെറുകുട്ടികളുടെ ഊഞ്ഞാലാക്കിത്തീർത്ത ഈ ദൈവഗതിയുടെ ചാപല്യത്തേക്കാൾ കൗതുകകരമായി മറ്റൊന്നുണ്ടാവാൻ വയ്യാ.

’അങ്ങനെയാവണം, യുദ്ധഭടൻ ചൊന്നാൽ.’

പാട്ടും പെൺമക്കളെയുള്ള നോക്കിക്കാണലും കാരണം തെരുവിൽക്കഴിയുന്ന കാര്യത്തിൽ അവൾക്കു കണ്ണും ചെകിടും ഇല്ലായിരുന്നു.

ഈയിടയ്ക്കു, താൻ ആ കെട്ടുകഥയിലെ ആദ്യത്തെ ഈരടി ചൊല്ലാൻ തുടങ്ങുമ്പോൾ അവളുടെ അടുക്കലേക്ക് ആരോ ഒരാൾ വന്നു; പെട്ടെന്ന് ചെകിടോടടുത്തുവന്ന് ഒരു ശബ്ദം ഇങ്ങനെ ഉച്ചരിക്കുന്നതായി അവൾ കേട്ടു; മദാം, നിങ്ങൾക്കു നല്ല ചന്തമുള്ള രണ്ടു കുട്ടികളുണ്ട്.’

‘ഓമനയാകുമിമോജിനോടായ്.’

തന്റെ കഥ തുടർന്നുകൊണ്ട് ആ അമ്മ മറുപടി പറഞ്ഞു: പിന്നെ അവൾ തലതിരിച്ചു.

കുറച്ചടി അകലെയായി അവളുടെ മുൻപിൽ ഒരു സ്ത്രീ നില്‍ക്കുന്നു. ആ സ്ത്രീയ്ക്കുമുണ്ടായിരുന്നു ഒരു കുട്ടി; അതിനെ അവൾ എടുത്തിട്ടുണ്ട്.

നല്ല കനമുണ്ടെന്നു തോന്നുന്ന ഒരു പരവതാനിസ്സുഞ്ചികൂടി അവളുടെ കൈയിലുണ്ടായിരുന്നു.

ആ സ്ത്രീയുടെ കുട്ടി ഭൂമിയിൽ കാണാൻ കഴിയുന്നതിൽവെച്ച് ഏറ്റവും ദിവ്യത്വമുള്ളവയിൽ ഒന്നായിരുന്നു. അതൊരു പെൺകുട്ടിയാണ്; രണ്ടോ മൂന്നോ വയസ്സു പ്രായമുണ്ട്; ഉടുപ്പിനുള്ള മോടിയെസ്സംബന്ധിച്ചേടത്തോളം, അവൾ ആ മറ്റു രണ്ടു കുട്ടികളോടു കിട നില്‍ക്കും; ഒന്നാന്തരം വെള്ളപ്പട്ടുകൊണ്ടുള്ള ഒരു തൊപ്പിയും. കുപ്പായത്തിന്മേൽ പട്ടുനാടകളും, തൊപ്പിമേൽ ഭംഗിയുള്ള കസവുകരയും അവൾക്കുണ്ടായിരുന്നു, അവളുടെ വെളുത്തുമുഴുത്ത് ഓമനക്കുഴികളോടുകൂടിയ പിഞ്ചുകാൽ കുറേശ്ശെ കാണിക്കുമാറ്, പാവാടയുടെ കീഴ്ഞൊറികൾ മേല്പോട്ടു നീങ്ങിയിരുന്നു. അവൾക്ക് ഒരു പനിനീർപ്പുവിനൊത്ത അഴകും ഓമനത്തവുമുണ്ട്. ആ ഭംഗിയുള്ള ഇളംപൈതലിനെ കണ്ടാൽ ആപ്പിൾപ്പഴംപോലുള്ള അതിന്റെ കവിൾത്തുടുപ്പുകളിൽ ആർക്കും ഒന്നു കടിക്കാൻ തോന്നും. അവളുടെ കണ്ണുകൾ വളരെ വലുപ്പമുള്ളവയാണെന്നും, അവയ്ക്ക് അസാധാരണ ഭംഗിയുള്ള പോളകളുണ്ടെന്നുമല്ലാതെ മറ്റൊന്നും അറിയാൻ വയ്യ. അവൾ ഉറങ്ങുകയായിരുന്നു.

തന്റെ പ്രായത്തിനുള്ള ഒരു സവിശേഷതയായ ആ തികഞ്ഞ വിശ്വാസത്തോടും സമാധാനത്തോടുംകൂടിയ ഉറക്കം അവൾ ഉറങ്ങുന്നു. അമ്മമാരുടെ കൈകൾ വാത്സല്യംകൊണ്ടുണ്ടാക്കിയവയാണ്; അവയിൽ കുട്ടികൾ ഗാഢമായുറങ്ങും.

അമ്മയെപ്പറ്റി പറകയാണെങ്കിൽ, അവൾ കാഴ്ചയിൽ ദുഃഖിതയും ദാരിദ്ര്യ ബാധിതയുമായിരുന്നു. വീണ്ടും ഒരു കൃഷിക്കാരിയായിത്തീരാൻ ഭാവമുള്ള ഒരു കൂലിപ്പണിക്കാരിയുടെ മട്ടിലാണ് അവളുടെ ഉടുപ്പ്. അവൾക്കു ചെറുപ്പമാണ്. സൗഭാഗ്യവതിയായിരുന്നുവോ? ഒരു സമയം; പക്ഷേ, ആ ഉടുപ്പിൽ അതു പ്രത്യക്ഷീഭവിച്ചിരുന്നില്ല. അവളുടെ തലമുടി—അതിൽനിന്ന് ഒരു പിടി പോന്നുപോയിരിക്കുന്നു—നല്ല മുറ്റുള്ളതാണെന്നു തോന്നി; പക്ഷേ, അത്, ഒരു സന്ന്യാസിയുടേതുപോലെ വൃത്തികെട്ടു മുറുകെ പറ്റിച്ചേർന്നിരിക്കുന്ന തൊപ്പിക്കുള്ളിൽ കഠിനമായി ഒളിക്കപ്പെട്ടിരുന്നു. ആളുകൾക്കു പുഞ്ചിരിയുള്ളപ്പോൾ ഭംഗികൂടിയ പല്ലുകൾ പുറത്തേക്കു കാണാം; പക്ഷേ, അവൾ പുഞ്ചിരിക്കൊണ്ടിരുന്നില്ല. അവളുടെ കണ്ണുകൾ വളരെക്കാലമായിട്ടു വറ്റാറില്ലെന്നു തോന്നി. അവൾ വിളർത്തിരുന്നു; കാഴ്ചയിൽ അവൾ നന്നേ ക്ഷീണിച്ചും മെലിഞ്ഞുമുള്ളവളാണ്. തന്റെ സ്വന്തം കുട്ടിയെ ഓമനിച്ചുവളർത്തിയിട്ടുള്ള ഒരമ്മയുടെ സവിശേഷതയായ ആ ഒരു ഭാവത്തോടുകൂടി അവൾ തന്റെ കൈകളിൽ കിടന്നുറങ്ങുന്ന പെൺകുട്ടിയെ സൂക്ഷിച്ചുനോക്കി: രോഗികൾ ഉപയോഗിക്കുന്ന മാതിരിയിലുള്ള ഒരു വലിയ നീലച്ച ഉറുമാൽ ഒരു മേൽമറയാക്കി മടക്കി അവളുടെ ശരീരം കഷ്ടിച്ചു മറച്ചിട്ടുണ്ട്. അവളുടെ കൈകൾ കരുവാളിച്ച് അവിടവിടെ തഴമ്പു വീണിരുന്നു; അവളുടെ ചൂണ്ടാണിവിരൽ ഉരംപിടിച്ചതും സൂചി തട്ടി കലയുള്ളതുമായിരുന്നു; തവിട്ടു നിറത്തിൽ പരുത്ത രോമത്തുണികൊണ്ടുള്ള മേൽക്കുപ്പായവും, പരുത്തിത്തുണികൊണ്ടുള്ള ഒരു മേലുടുപ്പും, പരുക്കൻ പാപ്പാസ്സുകളുമാണ് അവൾ ധരിച്ചിട്ടുള്ളത്. അത് ഫൻതീനായിരുന്നു.

അതു ഫൻതീനായിരുന്നു; പക്ഷേ, കണ്ടാലറിയില്ല. എന്തായാലും അവളെ സമനിഷ്കർഷമായി സൂക്ഷിച്ചുനോക്കുന്നപക്ഷം, അവളുടെ പണ്ടത്തെ സൗന്ദര്യം അപ്പോഴും തീരെ വിട്ടുപോയിട്ടില്ലെന്നു കാണാം. സ്തുതിനിന്ദയുടെ പുറപ്പാടുപോലുള്ള ഒരു ദുഃഖമയമായ മടക്ക് അവളുടെ വലത്തെ കവിൾത്തടത്തെ ചുളിച്ചു കളഞ്ഞു. അവളുടെ ശൃംഗാരവേഷമാണെങ്കിൽ—മസ്ലിൻ പട്ടുകൊണ്ടും പട്ടുനാടകൾകൊണ്ടുമുള്ളതും ആഹ്ലാദംകൊണ്ടും വിഡ്ഢിത്തംകൊണ്ടും സംഗീതം കൊണ്ടും ഉണ്ടാക്കിയതു പോലിരുന്നതും, കുടമണികൾ കൊണ്ടു നിറഞ്ഞതും വാസനദ്രവ്യംകൊണ്ടു സുഗന്ധപ്പെടുത്തിയതുമായ ആ അന്നത്തെ നേർമയുടുപ്പ്, സൂര്യപ്രകാശത്തിൽ വൈരക്കല്ലുകളാണെന്നു തെറ്റിദ്ധരിക്കപ്പെടുമാറ് ഭംഗിയിൽ മിന്നിത്തിളങ്ങുന്ന പൊടിമഞ്ഞെന്നപോലെ, പോയ്പോയി; ആ മഞ്ഞണികൾ താനേ അലിഞ്ഞു മരച്ചില്ലയെ ഒരു മൊരംകറുപ്പാക്കി വിട്ടു.

‘രസംപിടിച്ച പൊറാട്ടുകളി’ കഴിഞ്ഞിട്ടു മാസം പത്തായി.

ഈ പത്തു മാസത്തിനുള്ളിൽ എന്തു സംഭവിച്ചു? അതൂഹിക്കാവുന്നതാണ്.

ഉപേക്ഷിക്കപ്പെട്ടതിനുശേഷം, കഷ്ടപ്പാടുകൾതന്നെ. ഫൻതീൻ പെട്ടെന്നു ഫേവറിറ്റും ദാലിയയും സെഫീനുമായി പിരിഞ്ഞു; പുരുഷന്മാർ തമ്മിലുള്ള ബന്ധം മുറിഞ്ഞതോടുകൂടി, സ്ത്രീകൾ തമ്മിലുണ്ടായിരുന്നതിന് അയവു വന്നു; ഒരു പതിനഞ്ചു ദിവസത്തിനുശേഷം, തങ്ങൾ സഖിമാരായിരുന്നു എന്ന് ആരെങ്കിലും അവരോടു പറഞ്ഞാൽ അവർ അത്ഭുതപ്പെടുമെന്നായി; അങ്ങനെയൊന്നുണ്ടാവാൻ യാതൊരവകാശവും ഇല്ലാതായിക്കഴിഞ്ഞു. ഫൻതീൻ തനിച്ചായി. അവളുടെ കുട്ടിയുടെ അച്ചൻ പോയ്പോയി—കഷ്ടം! ആവക ഇടിച്ചിലുകൾ ഒരിക്കലും നേരെയാവാത്തവയാണ്, അവൾ പണ്ടത്തെപ്പോലെ തികച്ചും ഒറ്റയ്ക്കായി— പ്രവൃത്തിയെടുക്കുന്ന ശീലം കുറയുകയും, സുഖിക്കുവാനുള്ള ആഗ്രഹം കൂടുകയും ചെയ്തു എന്നു മാത്രം. തനിക്കറിയാവുന്ന ആ കൗതുകകരമായ തൊഴിലിനെ പുച്ഛിക്കുവാൻ തൊലോമിയെയുമായുള്ള സംസർഗത്താൽ നിർബന്ധിക്കപ്പെട്ടുപോയ അവൾ തനിക്കാകെയുള്ള ഉപജീവനമാർഗത്തിനു മുൻപിൽ ‘കല്ലും തോലും’ വെച്ചു; അങ്ങോട്ട് അവൾക്കു ചെല്ലാൻ വയ്യാതായി. അവൾക്ക് ഒരാശ്രയമില്ലാതായി. അവൾക്കു കഷ്ടിച്ചു വായിക്കാൻ സാധിക്കുമോ. സംശയം; എഴുതുവാൻ അവൾക്കറിഞ്ഞുകൂടാ; കുട്ടിക്കാലത്ത് ഒപ്പിടുവാൻ മാത്രമേ അവളെ പഠിപ്പിച്ചട്ടുള്ളു. കൂലിക്കെഴുതിക്കൊടുക്കുന്ന ഒരെഴുത്തുകാരനെക്കൊണ്ട് അവൾ തൊലോമിയെയ്ക്ക് ഒരെഴുത്തെഴുതിച്ചു; രണ്ടാമതൊന്നെഴുതിച്ചു; മൂന്നാമതൊന്നെഴുതിച്ചു. തൊലോമിയെ അതിനൊന്നിനും മറുപടിയയച്ചില്ല. അവളുടെ കുട്ടിയെ കണ്ടു നാട്ടുസംസാരങ്ങൾ ഇങ്ങനെ പറഞ്ഞു: ‘ആരാണ് ഈ കുട്ടികളെ നോക്കാൻ നിൽക്കുന്നത്? ഈ വക കുട്ടികളോട് ആളുകൾക്ക് ഒരു വെറുപ്പു മാത്രമേ ഉള്ളൂ!’ പിന്നെ അവൾ തൊലോമിയെയെപ്പറ്റി വിചാരിച്ചു—അയാളും തന്റെ കുട്ടിയെ വെറുത്തു; ആ നിരപരാധശിശുവിനെ അയാളും അത്ര നോക്കാൻ നിന്നില്ല. അവൾക്ക് അയാളുടെ നേരെ സുഖക്കേടുതോന്നി, പക്ഷേ, അവളെന്തുചെയ്യും? ആരോടാണപേക്ഷിക്കേണ്ടതെന്ന് അവൾക്കറിഞ്ഞുകൂടാ. അവൾ ഒരു തെറ്റു ചെയ്തു; എങ്കിലും വായനക്കാർ ഓർമിക്കുന്നതുപോലെ, അവളുടെ സ്വഭാവത്തിന്റെ അടിയിൽ മര്യാദയും സദ്വൃത്തിയുമാണുള്ളത്. ആപത്തിലേക്ക് അധഃപതിക്കുകയായി എന്ന്—അപ്പോഴത്തേതിലും വലിയ അപകടത്തിൽച്ചെന്നു ചാടുകയായി എന്ന്— അവൾക്ക് ഒരുനേരിയ ബോധമുണ്ടായിരുന്നു. ധൈര്യം ആവശ്യമാണ്; അതവൾക്കുണ്ടായിരുന്നു; അവൾ ഉറപ്പിച്ചു നിന്നു. എം. എന്ന തന്റെ സ്വന്തം നഗരത്തിലേക്കു മടങ്ങിച്ചെല്ലാമെന്ന് അവൾക്കു തോന്നിയിരുന്നു. അവിടെ ആരെങ്കിലും അവളെ കണ്ടറിഞ്ഞു വല്ല പണിയും ഉണ്ടാക്കിക്കൊടുത്തേക്കാം; ഉവ്വ്, പക്ഷേ, അവളുടെ തെറ്റു മറച്ചു വെക്കേണ്ടിയിരിക്കുന്നു. ആദ്യത്തേതിലും വേദനയുണ്ടാക്കുന്ന ഒരു വേർപാടു കൂടിയേ കഴിയു എന്ന് അവൾക്ക് ഏതാണ്ട് തോന്നി. അവളുടെ മനസ്സ് ചുളുങ്ങി; എങ്കിലും അവൾ ഇതു ചെയ്വാൻ നിശ്ചയിച്ചു. നമ്മൾ കണ്ടിട്ടുള്ളതു പോലെ, ജീവിതയുദ്ധത്തിൽ എത്ര ഭയങ്കരമായുള്ളതും പ്രവർത്തിപ്പാൻ ഫൻതീന്നു ധൈര്യമുണ്ടായിരുന്നു. ധീരതയോടുകൂടി തന്റെ മോടിയെല്ലാം ഉപേക്ഷിച്ച് അവൾ പരുത്തിത്തുണി ഉടുത്തു; തന്റെ പട്ടുവസ്ത്രങ്ങളും പട്ടുനാടകളും സ്വർണാഭരണങ്ങളും കസവുതരങ്ങളുമെല്ലാം അവൾ മകളെ ധരിപ്പിച്ചു—അവളുടെ മോടിയെല്ലാം ആ കുട്ടിയായിത്തീർന്നു—അതൊരു പരിശുദ്ധമായ മോടിതന്നെ. അവൾ തന്റെ കൈയിലുണ്ടായിരുന്ന സകലവും വിറ്റു; ഇരുനൂറു ഫ്രാങ്കുണ്ടാക്കി; കുറച്ചു കടമുണ്ടായിരുന്നതു വീട്ടി; ഏകദേശം എൺപതു ഫ്രാങ്കോളം മാത്രമേ ബാക്കിയുണ്ടായുള്ളൂ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, വസന്തത്തിൽ ഒരു ഭംഗിയുള്ള ദിവസം രാവിലെ തന്റെ കുട്ടിയേയും എടുത്തുകൊണ്ട്, അവൾ പാരീസ്സിൽനിന്നു പുറപ്പെട്ടു. ആ രണ്ടുപേരുടേയും കൂടിയുള്ള പോക്കു് കണ്ടവർക്കെല്ലാം ഒരനുകമ്പ തോന്നാതിരിക്കില്ല. ഈ ലോകത്തിൽ മുഴുവനുംകൂടി ആ സ്ത്രീയല്ലാതെ മറ്റാരുമില്ല. ഫൻതീൻ തന്റെ കുട്ടിയെ മുലകൊടുത്തു വളർത്തി; അതു് അവളുടെ മാറിടത്തെ ക്ഷീണിപ്പിച്ചു; അവൾക്ക് അല്പം ചുമ പിടിച്ചു.

മോസ്സ്യു ഫെലി തൊലോമിയെപ്പറ്റി ഇനി നമുക്കു സംസാരിക്കേണ്ട സംഗതി വരില്ല. ഇരുപതുകൊല്ലം കഴിഞ്ഞു. ലൂയി ഫിലിപ്പിന്റെ രാജ്യഭരണകാലത്ത്, അയാൾ ധനവാനും പ്രമാണിയുമായ ഒരു പ്രധാന വക്കീലും ഒരു ബുദ്ധിമാനായ ഇടപ്രഭുവും ഒരു ഗൗരവമേറിയ പഞ്ചായത്തുകാരനുമായി എന്നുമാത്രം പറഞ്ഞു ഞങ്ങൾ തൃപ്തിപ്പെടുന്നു. അക്കാലത്തും അയാൾ ഒരു വിഷയലമ്പടൻതന്നെയാണു്.

ഉച്ചയോടുകൂടി, ഇടയ്ക്കിടയ്ക്കെല്ലാം ഒരു വിശ്രമത്തിനായി, മൂന്നോ നാലോ കാതം നാട്ടുപുറത്തെ പോക്കുവണ്ടികളിൽ കയറിപ്പോയി; അവൾ മോങ്ഫെർമിയെ എന്ന പ്രദേശത്തു ബുലാംഗർലെയ്നിൽ എത്തിച്ചേർന്നു.

തെനാർദിയെര്‍ ചെറുഹോട്ടലിന്റെ മുൻപിൽച്ചെന്നപ്പോൾ ആ പൈശാചികമായ ഊഞ്ഞാലിൽ പരമാനന്ദിക്കുന്ന രണ്ടു ചെറിയ പെൺകുട്ടികൾ അവളെ ഒരുമാതിരി അമ്പരപ്പിച്ചു; ആ സുഖസ്വപ്നത്തിനു മുൻപിൽ അവൾ നിന്നുപോയി.

വശ്യപ്രയോഗങ്ങളുണ്ട്. ആ രണ്ടു ചെറിയ പെൺകുട്ടികൾ ആ അമ്മയ്ക്കുള്ള ഒരു വശ്യപ്രയോഗമായിരുന്നു.

അവൾ വികാരാവേഗത്തോടുകുടി ആ കുട്ടികളെ സൂക്ഷിച്ചു നോക്കി; ദേവകളുടെ സാന്നിധ്യം സ്വർഗത്തിന്റെ ഒരറിയിപ്പാണ്. ആ ഹോട്ടലിനു മുകളിൽ നിഗൂഢമായ ഈശ്വരവിധിയുടെ ഇവിടെ എന്നുള്ള കുറിപ്പു താൻ കാണുന്നതായി അവൾക്കുതോന്നി. ആ രണ്ടു ചെറുകുട്ടികളും വാസ്തവത്തിൽ സുഖിക്കുന്നുണ്ട്. അവൾ അവരെ സൂക്ഷിച്ചുനോക്കി; അവൾ അവരെ അത്രയും അഭിനന്ദിച്ചു; ആ വികാരാവേഗം കാരണം, അവരുടെ അമ്മ തന്റെ പാട്ടിൽനിന്നു രണ്ടീരടികൾ ചൊല്ലി ശ്വാസം കഴിക്കുന്ന സമയത്ത്, നമ്മൾ വായിച്ചുകഴിഞ്ഞ ഈ ഒരഭിപ്രായം പുറപ്പെടുവിക്കാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല: ‘മദാം, നിങ്ങൾക്കു നല്ല ചന്തമുള്ള രണ്ടു കുട്ടികളുണ്ട്.’

എത്രതന്നെ വലിയ ഭയങ്കരസത്ത്വങ്ങളും തങ്ങളുടെ കുട്ടികളെ ഓമനിക്കുന്നതുകൊണ്ട് മരുങ്ങിപ്പോകുന്നു.

അമ്മ തലപൊത്തിച്ച് അവളോടു നന്ദി പറഞ്ഞു; ആ വഴിയാത്രക്കാരിയോട് ഉമ്മറത്തുള്ള ബെഞ്ചിന്മേൽ ഇരിക്കാൻ കൽപിച്ചു. താൻ ആ ഇറയത്തിരുന്നു. രണ്ടു സ്ത്രീകളും തമ്മിൽ ഞായം തുടങ്ങി.

‘എന്റെ പേർ മദാം തെനാർദിയെർ എന്നാണ്,’ ആ രണ്ടു ചെറിയ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഞങ്ങൾ ഈ ഹോട്ടൽ നടത്തുന്നു.’

ഉടനെ മനസ്സ് ആ കെട്ടുകഥയിന്മേൽത്തന്നെ അപ്പോഴും താളം പിടിച്ചിരുന്നതുകൊണ്ട്, അവൾ പല്ലുകൾക്കിടയിലൂടെ ഇങ്ങനെ മൂളി:

’അങ്ങനെയാവണം, ഞാനൊരു സൈനികൻ

പോകുന്നേൻ പാലസ്തീനിലെക്കിപ്പോൾ.’

ഈ മദാം തെനാർദിയെർ മെലിഞ്ഞുണങ്ങി വിരൂപയായി ഇളംമഞ്ഞ നിറത്തിലുള്ള ഒരു സ്ത്രീയാണ്— പട്ടാളക്കാരുടെ ഭാര്യമാർക്കുള്ള ആ നീരസപ്രദത്വം മുഴുവനും തികഞ്ഞിട്ടുള്ള അവരുടെ മാതൃക എന്നർത്ഥം. ഗ്രഹപ്പിഴയ്ക്ക്, ഒരു കുണ്ഠിതഭാവവും അവൾക്കു വിശേഷാലുണ്ട്—അതിനു തന്റെ കെട്ടുകഥാപുസ്തകവായനയോട് അവൾ കടപ്പെട്ടിരിക്കുന്നു. അവൾ ഒരു കള്ളച്ചിരിക്കാരിയാണ്; എങ്കിലും സ്വഭാവം പുരുഷന്റേതത്രേ. പഴയ കെട്ടുകഥകൾ ഭക്ഷണവ്യാപാരക്കാരിയുടെ മനോരാജ്യത്തോടു വെച്ചുരയ്ക്കപ്പെടുമ്പോൾ അങ്ങനെയൊന്നുണ്ടായിത്തീരുന്നു. അവൾക്ക് അപ്പോഴും ചെറുപ്പമാണ്; കഷ്ടിച്ചു മുപ്പതായിരിക്കും. ഈ കുനിഞ്ഞിരിക്കുന്നവൾ നിവർന്നു നിന്നിരുന്നുവെങ്കിൽ അവളുടെ നീളവും ചന്തസ്ഥലങ്ങളിൽ കാഴ്ചയ്ക്കു കൊണ്ടുചെല്ലാൻ പറ്റിയവിധം, ഒരു നടക്കുന്ന പോത്തൻ പ്രതിമയുടേതുപോലുള്ള കുട്ടിത്തവുംകൂടി ആ വഴിയാത്രക്കാരിയെ ആദ്യമായിത്തന്നെ പേടിപ്പിച്ചു വിടുകയും ഞങ്ങൾക്ക് ഇനി പറയാനുള്ളതിനെ ഉണ്ടാക്കി തീർത്തതെന്തോ അതിനെ തകരാറാക്കുകയും ചെയ്യുമായിരുന്നു. നിവർന്നുനില്‍ക്കേണ്ടതിനു പകരം ഒരാൾ ഇരുന്നുപോയി—അങ്ങനെയുള്ള ഓരോന്നിന്മേലാണ് കർമഗതി തൂങ്ങിക്കിടക്കുന്നത്.

വഴിയാത്രക്കാരി ചുരുക്കം ചില മാറ്റങ്ങളോടുകൂടി തന്റെ കഥ പറഞ്ഞുകൊടുത്തു.

താൻ ഒരു കൂലിപ്പണിക്കാരിയായിരുന്നു എന്നും; തന്റെ ഭർത്താവ് മരിച്ചുപോയി എന്നും; പാരീസ്സിൽ വേണ്ടപോലെ സമ്പാദ്യമൊന്നുമുണ്ടാവുന്നില്ലെന്നും; മറ്റു വല്ലേടത്തും പോയി, സ്വന്തം രാജ്യത്തുതന്നെ ചെന്നു, വല്ല വഴിയും അന്വേഷിക്കണമെന്നുവെച്ചു പോവുകയാണെന്നും; അന്നു രാവിലെ കാൽനടയായി പാരീസ്സിൽനിന്നു പുറപ്പെട്ടു എന്നും; കുട്ടിയേയുംകൊണ്ടു പോന്നിരുന്നതുകൊണ്ടു ക്ഷീണിച്ചും, പോക്കുവണ്ടി കണ്ടെത്തിയപ്പോൾ താനതിൽ കയറിയിരുന്നുവെന്നും; കുട്ടി കുറച്ചിട നടന്നു, നന്നേ പിഞ്ചായതുകൊണ്ട് കുറച്ചേ നടന്നുള്ളു; അപ്പോഴേക്കും എടുക്കേണ്ടിവന്നു എന്നും; ആ പൊന്നിൻകട്ട അങ്ങനെ കിടന്നുറങ്ങിപ്പോയി എന്നും അവൾ പറഞ്ഞു.

പൊന്നിനൻ കട്ട എന്നു പറഞ്ഞതോടുകൂടി അവൾ തന്റെ കൊച്ചുമകളെ വികാരാവേഗത്തോടുകൂടി ഒന്നു ചുംബിച്ചു; അത് ആ കുട്ടിയെ ഉണർത്തി. അതു കണ്ണു മിഴിച്ചു—അമ്മയുടെ മട്ടിൽത്തന്നെ വലുതായി നീലച്ചകണ്ണുകൾ തുറന്നുനോക്കി—എന്തിനെ? ഒന്നിനെയുമല്ല; ചെറിയ കുട്ടികൾക്കു സാധാരണമായുള്ള ആ കനവും ഗൗരവവുമുള്ള ഭാവവിശേഷത്തോടുകൂടി ഊന്നിനോക്കി—നമ്മുടെ സാ സൌശീല്യമാകുന്ന സന്ധ്യപ്രകാശത്തിൽ അവരുടെ ദീപ്തിമത്തായ നിഷ്കപടതയുടെ ഒരു നിഗൂഡ പ്രകടനമത്രേ അത്. അവർക്കു തങ്ങൾ ദേവകളാണെന്നു തോന്നുകയും അവർ നമ്മളെ മനുഷ്യരാണെന്ന് അറിയുകയും ചെയ്യുന്നുണ്ടെന്നു പറയണം.എന്നിട്ടു കൂട്ടി ചിരിക്കാൻ തുടങ്ങി; അമ്മ മാറത്തോടമർത്തിപ്പിടിച്ചിരുന്നുവെന്കിലും പാഞ്ഞുകളിക്കുവാൻ കുട്ടികൾക്കുള്ള ആ അടങ്ങാത്ത ജാഗ്രതയോടുകൂടി അതു നിലത്തേക്ക് ഉരസിയിറങ്ങി. ഉടനെത്തന്നെ ആ ഊഞ്ഞാലിന്മേലുള്ള കുട്ടികളെ അവൾ കണ്ടു; കുറച്ചിട നിന്നു; അഭിനന്ദനത്തിന്റെ സൂചനയായി നാവ് അല്പം പുറത്തേക്ക് കാണിച്ചു.

മദാം തെനാര്‍ദിയെർ തന്റെ പെൺമക്കളെ വിടുവിച്ചു; ഊഞ്ഞാലിൽനിന്നു താഴത്തിറക്കി; ഇങ്ങനെ പറഞ്ഞു: ‘ഇനി കളിച്ചോളിൻ, നിങ്ങൾ മൂന്നാളുംകൂടി.’

ആ പ്രായത്തിൽ കുട്ടികൾ ക്ഷണത്തിൽ പരിചയപ്പെടുന്നു; ഒരു നിമിഷം കഴിഞ്ഞപ്പോഴെയ്ക്ക് ആ തെനാർദിയെർക്കുട്ടികൾ പുതുതായി വന്ന കുട്ടിയോടുകൂടി നിലത്തു പൊത്തു തുളച്ചു കളിക്കാൻ തുടങ്ങി; അതവർക്ക് എന്തെന്നില്ലാത്ത ഒരാഹ്ലാദഹേതുവായി.

പുതുതായി വന്ന കുട്ടിക്കു ബഹുരസമായി; അമ്മയുടെ സൗശീല്യം കുട്ടിയുടെ ആഹ്ലാദത്തിൽ കാണാം; അവൾ ഒരു മരക്കഷ്ണം കൈയിലാക്കി. അതിനെക്കൊണ്ട ഒരു കയ്ക്കോട്ടാക്കി. ഒരു തേനീച്ചയെക്കൊള്ളാവുന്ന വിധത്തിൽ ഒരുവലിയ കുഴി ജാഗ്രതയോടുകൂടി കുഴിച്ചു. ശവക്കുഴി കുഴിക്കുന്നവന്റെ ജോലി ഒരു കുട്ടി ചെയ്യുമ്പോൾ, അതു ചിരിക്കാനുള്ള ഒരു വിഷയമായിത്തീരുന്നു.

രണ്ടു സ്ത്രീകളും തങ്ങളുടെ ഞായം വീണ്ടും ആരംഭിച്ചു.

’നിങ്ങളുടെ കുട്ടിക്ക് പേരെന്താണ്?’

‘കൊസെത്ത്.’

കൊസെത്തിനു പകരം യുഫ്രസി എന്നു വായിക്കുക. ആ കുട്ടിയുടെ പേർ യുഫ്രസി എന്നായിരുന്നു. പക്ഷേ, ഴോസഫായെ മാറ്റി പേപിത്താ എന്നും ഫ്രാൻസ്വായെ മാറ്റി സില്ലെത്ത് എന്നും ആക്കിത്തീർക്കുന്ന അമ്മമാരുടേയും പൊതുജനങ്ങളുടേയും ആ കൗതുകകരവും ഭംഗിയേറിയതുമായ വാസനാവൈഭവംകൊണ്ട്, യുഫ്രസിയിൽനിന്ന് അവളുടെ അമ്മ കൊസെത്ത് എന്നുണ്ടാക്കിയതാണ്. അതു ശബ്ദശാസ്ത്രജ്ഞന്മാരുടെ വ്യാകരണം മുഴുവനും അക്രമമാക്കി ഭിന്നിപ്പിക്കുന്ന അങ്ങനെയൊരുതരം പദനിർമാണമാണ്. തിയോദോർ എന്നതിനെ ങോങ് എന്നാക്കി ഭേദപ്പെടുത്തുവാൻ സാധിച്ച ഒരു മുത്തശ്മിയെ ഞങ്ങളറിയും.

‘അവൾക്കു വയസ്സെത്രയായി?’

‘മൂന്നാവാൻ പോകുന്നു.’

‘അത്രതന്നെയാണ് എന്റെ മൂത്ത കുട്ടിക്കും.’

ഈയിടയ്ക്ക് ആ മൂന്നു പെൺകുട്ടികൾ തികഞ്ഞ ഉത്ക്കണ്ഠയോടും ആഹ്ലാദത്തോടുംകൂടിയ ഒരു നിലയിൽ ചെന്നുനില്പായി. ഒരു കാര്യം ഉണ്ടായി; നിലത്തുനിന്ന് ഒരു വലിയ പുഴു പുറപ്പെട്ടു; അവർ പേടിച്ചുപോയി; അവർക്ക് അതു ബഹുരസമായിത്തീർന്നു.

അവരുടെ മിന്നിത്തിളങ്ങുന്ന നെറ്റികൾ ഒന്നിച്ചു കൂടി; ഒരു ദീപ്തിവിശേഷത്തിന്നുള്ളിൽ മൂന്നു തല എന്നു കാണികൾക്കു തോന്നിപ്പോവും.

കുട്ടികൾ എത്ര ക്ഷണത്തിൽ പരിചയപ്പെടുന്നു! തെനാർദിയെർ അമ്മ കുറച്ചുച്ചത്തിൽ പറഞ്ഞു, മൂന്നും ഒരമ്മയുടെ മക്കളാണെന്ന് ആരും സത്യം ചെയും.’

മറ്റേ അമ്മ കാത്തുകൊണ്ടിരുന്നത് ഈ അഭിപ്രായത്തിന്റെ പുറപ്പാടാണെന്നു തോന്നുന്നു. അവൾ തെനാർദിയെർ സ്ത്രീയുടെ കൈപിടിച്ച്, അവളെ സൂക്ഷിച്ചുനോക്കി, പറഞ്ഞു: ‘എനിക്കുവേണ്ടി എന്റെ കുട്ടിയെ നിങ്ങൾ നോക്കുമോ?’

തെനാർദിയെർസ്ത്രീ സമ്മതിച്ചു എന്നും ഇല്ലെന്നും കാണിക്കാത്ത അങ്ങനെ അത്ഭുതസൂചകങ്ങളായ ഭാവങ്ങളിൽ ഒന്നിനെ കാണിച്ചു.

കൊസെത്തിന്റെ അമ്മ തുടർന്നു പറഞ്ഞു: ‘നിങ്ങൾക്കറിഞ്ഞുകൂടേ, നാട്ടുപുറത്തേക്ക് എനിക്കെന്റെ മകളേയും കൊണ്ടുപോയിക്കൂടാ. എന്റെ പ്രവൃത്തിക്ക് അതു തടസ്സമാണ്. ഒരു കുട്ടിയേയുംകൊണ്ടു ചെന്നാൽ ആരും പണി തരില്ല. നാട്ടുപുറത്തുള്ളവർ കഥയില്ലാത്തവരാണ്. ദയാലുവായ ഈശ്വരനാണ് എന്നെ നിങ്ങളുടെ ഹോട്ടലിൻമുൻപിലൂടെ കൊണ്ടുവന്നത്. അത്രയും ചന്തവും അത്രയും വൃത്തിയും അത്രയും ആഹ്ലാദവുമുള്ള നിങ്ങളുടെ കുട്ടികളെ കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി. ഞാൻ പറഞ്ഞു: ‘ഇതാ ഒരു നല്ല അമ്മ. അതാണ് വേണ്ടത്. അപ്പോൾ മൂന്നു സഹോദരിമാരായി.’ എന്നിട്ട്, ഞാൻ അധികം താമസിയാതെ മടങ്ങിവരാം. എനിക്കുവേണ്ടി എന്റെ കുട്ടിയെ നോക്കുമോ?’

‘ആലോചിക്കണം.’ തെനാർദിയെർ സ്ത്രീ മറുപടി പറഞ്ഞു.

‘മാസത്തിൽ ഞാൻ നിങ്ങൾക്ക് ആറു ഫ്രാങ്കുവീതം തരാം.’

ഈ ഘട്ടത്തിൽ ഭക്ഷണവില്പനസ്ഥലത്തിന്റെ ഏതോ ഉള്ളിൽനിന്ന് ഒരു പുരുഷശബ്ദം വിളിച്ചുപറഞ്ഞു: ‘ഏഴു ഫ്രാങ്കിൽ കുറഞ്ഞാൽ സാധിക്കില്ല. ആറു മാസത്തെ സംഖ്യ മുൻകൂർ തരികയും വേണം.’

‘ആറേഴു നാല്പത്തിരണ്ട്,’ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘അതു ഞാൻ തരാം.’ അമ്മ പറഞ്ഞു.

‘പുറം ചെലവുകൾക്കുവേണ്ടി പതിനഞ്ചു ഫ്രാങ്ക് വേറെയും.’ ആ പുരുഷശബ്ദം തുടർന്നു.

‘ആകെ, അമ്പത്തേഴു ഫ്രാങ്ക്’ മദാം തെനാർദിയെർ പറഞ്ഞു. ഈ കണക്കുകൂട്ടലോടുകൂടി അവൾ പതുക്കെ ഇങ്ങനെ മൂളി.

‘അങ്ങനെയാവണം, യുദ്ധഭടൻ ചൊന്നാൻ’

’ഞാനതു തരാം,’ അമ്മ പറഞ്ഞു: ‘എന്റെ പക്കൽ എൺപതു ഫ്രാങ്കുണ്ട്, നടന്നു പോവുന്നപക്ഷം, നാട്ടുപുറത്തെത്താൻ ധാരാളം വേണ്ടതു പിന്നേയും എന്റെ കൈയിലുണ്ടാവും. ഞാൻ അവിടെ ചെന്നു പണം സമ്പാദിക്കും; കുറച്ചു കൈയിലായാൽ ഉടനെ എന്റെ ഓമനയെ ഞാൻ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളാം.’

ആ പുരുഷശബ്ദം പിന്നെയും ആരംഭിച്ചു: ‘കുട്ടിക്ക് ഉടുപ്പുണ്ടല്ലോ?’

‘അതെന്റെ ഭർത്താവാണ്.’ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘നിശ്ചയമായും ആ ഓമനത്തങ്കത്തിനു വേണ്ട ഉടുപ്പുണ്ട്—അതു നിങ്ങളുടെ ഭർത്താവാണെന്ന് എനിക്കു ധാരാളം മനസ്സിലായിരിക്കുന്നു—എന്നല്ല, അതൊരു കൗതുകകരമായ ഉടുപ്പിൻകൂട്ടമാണ്! ഒരു കഥയില്ലാത്തേടത്തോളം; ഒക്കെ ഡജൻ ഡജൻ കണക്കിൽ; ഒരു പ്രഭ്വിയുടെ മട്ടിൽ പട്ടുടുപ്പുകളാണ്. ഇതാ, ഈ പരവതാനിസ്സഞ്ചിയിൽ കാണാം.’

‘അതൊക്കെ ഇങ്ങോട്ടേല്പിക്കണം.’ ആ പുരുഷശബ്ദം പിന്നേയും ചാടിവീണു.

‘തീർച്ചയായും ഞാനതു നിങ്ങൾക്കു തരും.’ അമ്മ പറഞ്ഞു, എന്റെ മകളെ ഞാൻ മേലൊന്നുമില്ലാതെ ഇവിടെ വെച്ചുകൊണ്ടു പോയാൽ നന്നായി!’

എജമാനന്റെ മുഖം പുറത്തു വന്നു.

’അതു നല്ലത്,’ അയാൾ പറഞ്ഞു.

കരാറു ശരിപ്പെട്ടു. അമ്മ അന്നു രാത്രി ആ ഹോട്ടലിൽ കൂടി; കൈയിലുള്ള പണം കൊടുത്തു; കുട്ടിയെ അവിടെ ഏൽപിച്ചു; ഉടുപ്പുപോയതുകൊണ്ടു മുക്കാലും ഒഴിഞ്ഞു കനമില്ലാതായ തന്റെ പരവതാനിസ്സഞ്ചി അവൾ ഒരിക്കൽക്കൂടി മുറുക്കി; വേഗത്തിൽ മടങ്ങിവരാം എന്നു വിചാരിച്ചുകൊണ്ടു രാവിലെ പുറപ്പെട്ടു. ആളുകൾ ഈ വക യാത്രകൾ കുലുക്കം കൂടാതെ ഏർപ്പെടുത്തിവിടുന്നു; എന്നാൽ അവ നിരാശതകളത്രേ!

പുറത്തേക്കു കടന്ന ഉടനെ തെനാർദിയെർമാരുടെ അയൽപക്കക്കാരിൽ ഒരാള്‍ ഈ അമ്മയെ കണ്ടെത്തി; അയാൾ ഇങ്ങനെ ഒരഭിപ്രായവുംകൊണ്ടു വീട്ടിലേക്കു മടങ്ങിച്ചെന്നു; ‘ആർക്കും കണ്ടാൽ മനസ്സു പൊട്ടുന്നവിധം ഒരു സ്ത്രീ തെരുവില്‍നിന്നു കരയുന്നതു ഞാനിപ്പോൾ കണ്ടു!’

കൊസെത്തിന്റെ അമ്മ പോയ ഉടനെ ഹോട്ടൽക്കാരൻ ഭാര്യയോടു പറഞ്ഞു:

‘നാളെ അവധിയായ എന്റെ നൂറ്റിപ്പത്തു ഫ്രാങ്കിന്റെ കടപ്പത്രം കൊടുത്തുതീർക്കാൻ ഇതു പറ്റി; എനിക്ക് അമ്പതു ഫ്രാങ്ക് പോരായ്കയുണ്ടായിരുന്നു. വാറണ്ടും ലഹളയും എന്റെ പിന്നാലെയുള്ള കഥ അറിഞ്ഞിട്ടുണ്ടോ? നിന്റെ കുട്ടികളെക്കൊണ്ടു നീ നല്ല രസമായിട്ട് ഒരെലിക്കെണി വെച്ചു.’

‘അതൊട്ടും ഊഹിക്കാതെ.’ ആ സ്ത്രീ പറഞ്ഞു.

കുറിപ്പുകൾ

[1] ഗ്രീക്കുപൂരാണങ്ങളിലെ ഒരു കഥാപാത്രം ഗുഹയിൽ താമസിച്ചിരുന്ന ഈ രാക്ഷസൻ മനുഷ്യനെ സാപ്പിട്ടിരുന്നു’.

[2] ‘കൊടുംകാറ്റ്’ എന്ന നാടകത്തിലെ ഒരു വിരൂപ സത്ത്വം.

1.4.2
ആർക്കും രസംതോന്നാത്ത രണ്ടു രൂപങ്ങളുടെ ഒന്നാമത്തെ കുറിപ്പ്

പിടിക്കപ്പെട്ട എലി ഒരു ദയനീയവസ്തുവാണു്. പക്ഷെ ഒരു വിരൽപോലുള്ള എലിയെക്കൊണ്ടും പൂച്ച സന്തോഷിക്കുന്നു.

ഈ തെനാർദിയെർമാർ ആരാണ്?

അവരെപ്പറ്റി ഇപ്പോൾ ഞങ്ങൾ ഒന്നോ രണ്ടോ വാക്കു പറയട്ടെ. ചിത്രം ഞങ്ങൾ വഴിയെ മുഴുമിച്ചുകൊള്ളാം.

ലോകത്തിൽ വിജയം നേടിയിട്ടുള്ള നീചജനങ്ങളും, പദവിയിൽ കിഴ്പ്പോട്ടിറങ്ങിപ്പോയിട്ടുള്ള ബുദ്ധിമാന്മാരും കൂടിച്ചേർന്നുണ്ടായതും ‘ഇടത്തരക്കാർ’ എന്നു പറയപ്പെടുന്ന വർഗ്ഗത്തിനും ‘ആഭാസന്മാർ’ എന്നു പറയപ്പെടുന്ന വർഗ്ഗത്തിനും മധ്യത്തിലുള്ളതും രണ്ടാമത് പറഞ്ഞതിലുള്ള ചില കോട്ടങ്ങളും ആദ്യത്തേതിലേക്കു ചേർന്ന എല്ലാ ചീത്തത്തരങ്ങളും ഇടകലർന്നു, കൂലിപ്പണിക്കാരന്റെ സമര്യാദയെ ഉത്സാഹശിലമോ, അല്ലെങ്കിൽ നാഗരികജനങ്ങൾക്കുള്ള മാന്യമായ തറവാടിത്തമോ സ്പർശിക്കാതുള്ളതുമായ ആ ഒരു കുലടാപുത്രകുലത്തിൽ ചേർന്നവരായിരുന്നു ഇവർ.

ഈ കുടുംബക്കാർ, ഒരു ചുണകെട്ട ശുഷ്കാന്തി സംഗതിവശാൽ ഒരു ചൂടുപിടിപ്പിച്ചുവിട്ടുവെങ്കിൽ, എളുപ്പത്തിൽ രാക്ഷസരായിത്തീരുന്ന അത്തരം അമർത്തപ്പെട്ട ദുഷ്പ്രകൃതിക്കാരുടെ കൂട്ടത്തിൽപ്പെട്ടവരാണ്. മൃഗത്തിന്റെ ഒരു കാതൽ സ്ത്രീയിലും കാട്ടുകള്ളന്നു വേണ്ട ഉപകരണം പുരുഷനിലുമുണ്ടായിരുന്നു. ദുഷ്ടടതയുടെ ഭാഗത്തേക്കുള്ള ആ ഒരുതരം ഭയങ്കരമായ ഉൽഗതി ഏറ്റവുമധികം ഉള്ളിൽക്കൊള്ളുന്നവരാണ് രണ്ടുപേരും. എപ്പോഴും അന്ധകാരത്തിലേക്കു വാങ്ങി വാങ്ങിച്ചെല്ലുന്നവയും, ജീവിതത്തിൽ മുന്നോട്ടു കടക്കുന്നതിലധികം പിന്നോട്ടുനീങ്ങിപ്പോകുന്നവയും, തങ്ങൾക്കുള്ള വൈരൂപ്യത്തെ വലുതാക്കിത്തീർക്കുവാൻ ലോകപരിചയത്തെ ഉപയോഗപ്പെടുത്തുന്നവയും, ഇളവില്ലാതെ പിന്നെയും പിന്നെയും ചീത്തപ്പെട്ടുപോകുന്നവയും, ഏതു നിമിഷത്തിലും കനം പിടിച്ചുവരുന്ന ഒരു കൂരിരുട്ടിനാൽ മീതേയ്ക്കുമീതേ മൂടപ്പെട്ടുവരുന്നവയുമായി ഞെണ്ടിന്മട്ടിലുള്ള ആത്മാവുകൾ ഭൂമിയിലുണ്ട്. ഈ പുരുഷനും സ്ത്രീക്കുമുള്ളത് അത്തരം ആത്മാവായിരുന്നു.

തെനാർദിയെർ, വിശേഷിച്ചും, ഒരു മുഖസാമുദ്രികശാസ്ത്രജ്ഞനെ ബുദ്ധിമുട്ടിക്കുന്ന തരക്കാരനായിരുന്നു. ചില ആളുകളെക്കണ്ടാൽ മതി, അവരെപ്പറ്റി അവിശ്വാസമായി, തിരിഞ്ഞാലും മറിഞ്ഞാലും അവരുടെ നില അന്ധകാരത്തിലാണെന്ന് ബോധപ്പെടുന്നു. പിന്നിൽ അവർ സ്വാസ്ഥ്യമില്ലാത്തവരും, മുന്നിൽ അവർ പേടിപ്പെടുത്തുന്നവരുമാണ്. അജ്ഞാതത്വത്തിന്റെ എന്തോ ഒന്ന് അവരുടെ ചുറ്റുമുണ്ട്. അവർ മേലാൽ ചെയ്യാനിരിക്കുന്നതിനെപ്പറ്റിയുള്ളതിൽ അധികമൊന്നും അവർ ചെയ്തിട്ടുള്ളതിനെപ്പറ്റി ആർക്കും സമാധാനം പറയാൻ വയ്യാ; തങ്ങളുടെ നോട്ടത്തിലുള്ള നിഴല്പാട് അവരെ കുറ്റപ്പെടുത്തുന്നു. അവർ ഒരു വാക്കു പറയുന്നതു കേൾക്കുകയോ ഒരാംഗ്യം കാട്ടുന്നതു കാണുകയോ ചെയ്യുന്നതിൽനിന്ന് അവരുടെ ഭൂതകാലത്തിലെ അന്ധകാരനിബിഡങ്ങളായ ഗൂഡസംഭവങ്ങളേയും ഭാവികാലത്തിലെ ഇരുട്ടടഞ്ഞുകിടക്കുന്ന രഹസ്യസംഗതികളേയും ഒരുനോക്ക് ആരും കണ്ടെത്തിപ്പോകുന്നു.

ഈ തെനാർദിയെർ, അയാളെത്തന്നെ വിശ്വസിക്കാമെങ്കിൽ, ഒരു പട്ടാളക്കാരനായിരുന്നു—ഒരു സർജന്റുദ്യോഗ്ഗസ്ഥൻ എന്നാണ് പറഞ്ഞത്. പക്ഷേ, അയാൾ 1815-ലെ യുദ്ധകാലത്തുണ്ടായിരിക്കാം; ഒരുവിധം പരാക്രമമൊക്കെ കാണിച്ചിരിക്കാമെന്നു തോന്നുന്നു. ഇതിൽ എത്രകണ്ടു വാസ്തവമുണ്ടെന്നു നമുക്കു വഴിയെ അറിയാറാവും. അയാളുടെ യുദ്ധപരാക്രമത്തിൽ ഒരു ഭാഗത്തെ സൂചിപ്പിക്കുന്നതാണ് ഈ ചെറുഹോട്ടലിന്റെ അടയാളമുദ്ര. അത് അയാൾതന്നെ വരച്ചുണ്ടാക്കി; അയാൾക്ക് എന്തും കുറേശ്ശെ ചെയ്യാനറിയാം—ഒക്കെ ചീത്തയായിട്ടും.

അപ്പോഴും വിശിഷ്ടമായിരിക്കുന്നതും എന്നാൽ മദാംവ്വസേല്ല് ദ് സൂ ദെറിയിൽ [3] നിന്നു മദാം ബൂർനൊങ്—മലാറിന്റെ [4] കൈയിലേക്കും, മദാം ദ ലഫയേത്തിന്റെ [5] കൈയിൽനിന്ന് മദാം ബാർത്തലോമി—ഹാദോവിന്റെ [6] അടുക്കലേക്കും വീണ് അടിക്കടി നികൃഷ്ടതരമായിത്തീർന്നിട്ടുള്ളതുമായ ആ പണ്ടത്തെ പ്രമാണപ്പെട്ട കെട്ടുകഥ പാരീസ്സിലെ വാതില്‍ക്കാവല്‍ക്കാരികളുടെ പ്രണയപരങ്ങളായ ഹൃദയങ്ങളിൽ മുഴുവനും വികാരാഗ്നിയെ കത്തിയാളിച്ചിരുന്ന കാലമാണത്. ഇത്തരം പുസ്തകങ്ങൾ വായിച്ചുനോക്കാൻമാത്രം മദാം തെനാർദിയെർക്കു ബുദ്ധിയുണ്ടായിരുന്നു. അവൾ അതുകളെക്കൊണ്ട് ഉപജീവിച്ചു. തനിക്കുള്ള തലച്ചോറു മുഴുവനും അവൾ അതിൽ മുക്കിയിട്ടുവെച്ചു. അതുകാരണം അവൾക്കു തന്റെ ഭർത്താവിന്റെ നേരെ—ഒരു നിലയ്ക്കൊക്കെയെത്തിയിട്ടുള്ള ഒരു തെമ്മാടിയും, വ്യാകരണംവരെ പഠിപ്പു ചെന്ന ഒരു ഘാതുകനും, ഒരേസമയത്തു ദുഷ്ടനും, ശുദ്ധനും, മനോവൃത്തിയെസ്സംബന്ധിച്ചേടത്തോളം ‘അമ്മായി’ ഗ്ഗ്രന്ഥങ്ങളിൽ കമ്പക്കാരനും, അർത്ഥമില്ലാത്ത തന്റെ ചിലയ്ക്കലിൽ അയാൾതന്നെ പറഞ്ഞവിധം, ‘ലിംഗഭേദത്തെസ്സംബന്ധിച്ചുള്ള കാര്യത്തിൽ’ ഒരെണ്ണംപറഞ്ഞ പൊട്ടനുമായിരുന്ന ആ ഒരു മനുഷ്യന്റെ നേരെ— ഒരുതരം കുണ്ഠിതഭാവം ഉണ്ടായിത്തീർന്നു. അയാളുടെ ഭാര്യയ്ക്കു പന്ത്രണ്ടോ പതിനഞ്ചോ വയസ്സു കുറയും. കുറെക്കഴിഞ്ഞ്, ഒരോമനമട്ടിൽ തൂങ്ങിക്കിടക്കുമാറു മടയപ്പെട്ട തന്റെ തലമുടി നരച്ചുതുടങ്ങിയപ്പോൾ, തെനാർദിയെർ സ്ത്രീകഥയില്ലാത്ത കെട്ടുകഥകളിൽ കിടന്നുരുളുന്ന ഒരു ദുഷ്ടയും നികൃഷ്ടയുമല്ലാതെ മറ്റൊന്നുമല്ലെന്നായി. അതേ, അപകടമൊന്നും പിണയാതെ കഥയില്ലായ്മകൾ ആർക്കും വായിക്കാൻ വയ്യാ. ഇതിന്റെ ഫലമായി മൂത്തമകൾക്ക് അവൾ എപ്പൊനൈൻ എന്നു പേരിട്ടു; രണ്ടാമത്തെ മകളെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, ആ സാധുപ്പെണ്ണ് ഗുൽനാർ എന്നു വിളിക്കപ്പെടേണ്ട ആ അറ്റംവരെ എത്തി; പക്ഷേ, എന്തു മാറ്റംകൊണ്ടെന്നറിഞ്ഞില്ല, ദ്യൂക്രെ—ദ്യുമ്നിലിന്റെ ഒരു കെട്ടുകഥ പറ്റിച്ചതാണെന്ന് തോന്നുന്നു, അവൾക്ക് അസൽമ എന്നേ ഒടുവിൽ പേരുണ്ടായുള്ളു.

ഏതായാലും ഒന്നു ഞങ്ങൾ പറഞ്ഞുവെക്കാം; ഞങ്ങൾ സൂചിപ്പിക്കുന്ന ആ രസംപിടിച്ച കാലത്തു യാതൊന്നുമില്ല ചിരിക്കത്തക്കതോ സാരമില്ലാത്തതോ ആയിട്ട്; ക്രിസ്തീയപ്പേരിടലിന്റെ ഒരരാജകത്വകാലമായിരുന്നു അതെന്നു പക്ഷേ, പറയാം. ഞങ്ങൾ സൂചിപ്പിച്ച ഈ ഒരു കൃത്രിമകഥാസംബന്ധിയായ അപൂർവ സമ്പ്രദായത്തോടു നാട്ടുനടപ്പിനുവന്ന ഭേദഗതിയും അടുത്തുകൂടി. ഒരു കന്നുപൂട്ടുകാരന്റെ മകന്ന് ആർതർ എന്നോ ആൽഫ്രഡ്ഡ് എന്നോ ആൽഫോൺസ് എന്നോ പേരിടുന്നതും, വിക്കോം തെയ്ക്ക്—ഏതെങ്കിലും വിക്കോംതെമാർ ബാക്കിയുണ്ടെങ്കിൽ—തോമസ്, പിയേർ, ഴാക്കി എന്നൊക്കെ നാമകരണം ചെയ്യുന്നതും ഇക്കാലത്ത് അത്ര ചുരുക്കമല്ലായിരുന്നു. നിസ്സാരന്മാർക്ക് ‘അന്തസ്സിലുള്ള’ പേരും പ്രഭുക്കന്മാർക്കു ‘നാടോടി’പ്പേരുകളും ഇടുകയാകുന്ന ഈ മാറിമറിയൽ സമത്വത്തിന്റെ ഒരു പാഴ്ച്ചുഴിയല്ലാതെ മറ്റൊന്നുമല്ല. പുതുതായ ആവേശത്തിന്റെ അപ്രതിഹതമായ തള്ളിക്കയറ്റം മറ്റുള്ളവയിലെന്നപോലെ അതിലും പ്രകാശിക്കുന്നു. പുറമേ കാണുന്ന ഈ സ്വരച്ചേർച്ചക്കുറവിനുള്ളിൽ മഹത്തരവും അത്യഗാധവുമായ ഒന്നുണ്ട്— ഫ്രാൻസിലെ ഭരണപരിവർത്തനം.

കുറിപ്പുകൾ

[3] ഫലിതമയങ്ങളായ അസംഖ്യം കഥാപുസ്തകങ്ങൾ എഴുതിയിട്ടുളള ഒരു ഫ്രഞ്ച് ഗ്രന്ഥകർത്ത്രി.

[4] പ്രസിദ്ധയല്ല.

[5] ഫ്രാൻസിലെ സുപ്രസിദ്ധയായ മറ്റൊരു കഥയെഴുത്തുകാരി.

[6] പ്രസിദ്ധയല്ല.

1.4.3
വാനമ്പാടിപ്പക്ഷി

ലോകത്തിൽ ജയിക്കുന്നതിനു ദുഷ്ടതയുള്ളതുകൊണ്ട് മാത്രം മുഴുവനായില്ല. ആ ഭക്ഷണവില്പനസ്ഥലം മോശത്തിലായിരുന്നു.

വഴിയാത്രക്കാരിയുടെ അമ്പത്തേഴു ഫ്രാങ്കിനോടു നമുക്കു നന്ദി പറയുക—തെനാർദിയെർക്കു സിവിൽവ്യവഹാരം കൂടാതെ കഴിക്കാനും തന്റെ ഒപ്പിനെ ബഹുമാനിപ്പിക്കുവാനും സാധിച്ചു. പിറ്റേത്തെ മാസത്തിൽ പിന്നേയും അവർക്കു പണത്തിടുക്കം വന്നു. ആ സ്ത്രീ കൊസെത്തിന്റെ ഉടുപ്പുംകൊണ്ടു പാരിസ്സിൽ പോയി. പണയമിടപാടുകാരന്റെ ഷാപ്പിൽ അത് അറുപതു ഫ്രാങ്കിനു പണയം വെച്ചു. ആ സംഖ്യ തീർന്നതോടുകൂടി തെനാർദിയെർമാർ ആ പെൺകുട്ടിയെ, തങ്ങൾ ധർമമായി പോറ്റിവരുന്ന ഒരു കുട്ടിയുടെ നിലയിൽ, കരുതാൻ തുടങ്ങി; അവർ ആ കുട്ടിയോട്. അങ്ങനെത്തന്നെ പെരുമാറാനും ആരംഭിച്ചു. ഉടുപ്പൊന്നുമില്ലാതായപ്പോൾ, അവർ അവളെ ആ രണ്ടു തെനാർദിയെർ ‘പ്പെണ്ണു’ങ്ങൾക്കു വേണ്ടാതെ കളഞ്ഞിട്ടുള്ള റൗക്കകളും പാവാടകളുംകൊണ്ട് പൊതിഞ്ഞിട്ടു; എന്നു വെച്ചാൽ, കീറത്തുണികളുടുപ്പിച്ചു. മറ്റുള്ള എല്ലാവരുടേയും ഉച്ഛിഷ്ടം അവളെ തീറ്റി—ഒരു നായയേക്കാൾ കുറച്ചു മീതെ, ഒരു പൂച്ചയേക്കാൾ അല്പം താഴെ. അത്ര മാത്രമല്ല, പൂച്ചയും നായയും ഭക്ഷണസമയത്ത് അവൾക്കുള്ള ചങ്ങാതിമാരാണ്; അവയോടൊരുമിച്ചു കൊസെത്ത്, മേശയ്ക്കു ചുവട്ടിലിരുന്ന്, അവയ്ക്കുള്ളതു പോലെതന്നെ ഒരു മരക്കോപ്പയിൽനിന്ന് ഭക്ഷിക്കും.

നമ്മൾ ഇനി അറിയാൻ പോകുന്നവിധം എം. എന്ന പ്രദേശത്ത് സ്ഥിരപ്പാർപ്പാക്കിയ അവളുടെ അമ്മ തന്റെ മകളുടെ വർത്തമാനം അറിയുന്നതിന് മാസംതോറും ഓരോ കത്തെഴുതിയിരുന്നു—കുറേക്കൂടി ശരിയായി പറയുന്നപക്ഷം, എഴുതിപ്പിച്ചിരുന്നു. തെനാർദിയെർമാർ എല്ലാറ്റിനും ഒരേ മറുപടി അയയ്ക്കും, ‘കൊസെത്തിനു പരമസുഖമാണ്.’

ആദ്യത്തെ ആറുമാസം കഴിഞ്ഞപ്പോൾ, ഏഴാമത്തെ മാസത്തേക്ക് അമ്മ ഏഴു ഫ്രാങ്ക് അയച്ചുകൊടുത്തു; പിന്നെ മാസംതോറും കണിശമായി അവൾ അയച്ചു വന്നു. കൊല്ലം തികഞ്ഞിട്ടില്ല. അതിനുമുൻപ് തെനാർദിയെർ പറഞ്ഞു: ‘നേരായിട്ടും, ഒരു വലിയ ഉപകാരമാണ് അവൾ ഈ ചെയ്തുവരുന്നത്! അവളുടെ ഏഴ് ഫ്രാങ്കുകൊണ്ട് നമ്മൾ എന്തു ചെയ്യുമെന്നാണ് കരുതിയിരിക്കുന്നതാവോ?’ പന്ത്രണ്ടു ഫ്രാങ്ക് കിട്ടണമെന്ന് അയാൾ എഴുതിയയച്ചു. തന്റെ മകൾക്കു സുഖമാണെന്നും, ‘അവൾ നന്നായി വളർന്നുവരുന്നു’ എന്നും അവർ ധരിപ്പിച്ചിരുന്നതുകൊണ്ട് അവൾ അതു സമ്മതിച്ചു. പന്ത്രണ്ടു ഫ്രാങ്ക് അയച്ചുകൊടുത്തു.

ചില പ്രകൃതിക്കാർക്കു മറ്റൊരു ഭാഗത്തു ദ്വേഷം കൂടാതെ, ഒരു ഭാഗത്തു സ്നേഹമുണ്ടാവാൻ വയ്യാ. തെനാർദിയെർ അമ്മ തന്റെ രണ്ടു പെൺമക്കളെ കലശമായി സ്നേഹിച്ചു; അതുകാരണം അവൾ ആ അപരിചിതയെ വെറുത്തു.

ഒരമ്മയുടെ വാത്സല്യത്തിൽ ദുഷ്ടങ്ങളായ ചില ഭാഗങ്ങളുമുണ്ടാവാം എന്നു വിചാരിക്കാൻ വ്യസനം തോന്നുന്നു. കൊസെത്ത് ലോകത്തിൽ വളരെ കുറച്ചുസ്ഥലം മാത്രമേ എടുത്തിരുന്നുള്ളുവെങ്കിലും അതു തന്റേതിൽ നിന്നപഹരിച്ചതുപോലെ അവൾക്കു തോന്നി; ആ ചെറിയ കുട്ടി അവളുടെ പെൺമക്കൾക്ക് ശ്വസിപ്പാനുള്ള ശുദ്ധവായുവെ കുറച്ചുവോ എന്നു തോന്നി. ആ തരത്തിൽപ്പെട്ട മറ്റു പല സ്ത്രീകളേയുംപോലെ, ഈ സ്ത്രീക്കും ഓരോ ദിവസം ചെലവഴിക്കുവാൻ ഒരു ചുമടു ലാളനകളും ഒരു കൂറ്റൻ കെട്ടു തല്ലുകളും വേദനപ്പെടുത്തലുകളും കൈയിലുണ്ടായിരുന്നു. കൊസെത്തിനെ അവൾക്കു കിട്ടിയിരുന്നില്ലെങ്കിൽ, ആ രണ്ടു പെൺമക്കൾക്കുംകൂടി— അവരെ എന്തെന്നില്ലാത്തവിധം അവൾ സ്നേഹിച്ചിരുന്നുവെങ്കിലും—അവ മുഴുവനും മേടിയ്ക്കേണ്ടിവന്നേനേ. പക്ഷേ, ആ പുതുതായി വന്ന കുട്ടി തല്ലു മുഴുവനും താൻ വാങ്ങി അവരെ സഹായിച്ചു. അവളുടെ കുട്ടികൾക്കു ലാളനകളല്ലാതെ മറ്റൊന്നും കിട്ടിയിരുന്നില്ല. ഊക്കിലുള്ള ഒരു മുറ തല്ലുകളും ആവശ്യമില്ലാത്ത ശാസനകളും തന്റെ തലയ്ക്കു വന്നു വീഴാതെ, കൊസെത്തിന് ഒന്നനങ്ങാൻ വയ്യായിരുന്നു. ഈ ലോകത്തെപ്പറ്റിയോ ഈശ്വരനെപ്പറ്റിയോ യാതൊന്നും മനസ്സിലായിട്ടില്ലാത്ത ആ പാവമായ ഓമനക്കുട്ടി എപ്പോഴും ശിക്ഷിക്കപ്പെട്ടും ശകാരിക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും അടിക്കപ്പെട്ടും കഴിഞ്ഞു; അവളെപ്പോലെത്തന്നെയുള്ള മറ്റു രണ്ടു പെൺകുട്ടികളോ, അവർ എപ്പോഴും പ്രഭാതത്തിലിരുന്നു സുഖിച്ചു.

മദാം തെനാർദിയെർ കൊസെത്തിനെസ്സംബന്ധിച്ചേടത്തോളം ദുഷ്ടത കാണിച്ചു. എപ്പൊനൈനും അസൽമയും ദുസ്സ്വഭാവക്കാരികളായിരുന്നു. ആ പ്രായത്തിൽ കുട്ടികൾ തങ്ങളുടെ അമ്മയുടെ പകർപ്പായിരിക്കും. വലുപ്പം കുറച്ചു കുറയും. അത്രയേ ഉള്ളൂ.

ഒരു കൊല്ലം കഴിഞ്ഞു; ഒന്നുകൂടി കഴിഞ്ഞു.

ആ ഗ്രാമത്തിലുള്ളവർ പറഞ്ഞു: ‘ആ തെനാർദിയെർമാർ ഒരു നല്ല കൂട്ടരാണ്. അവർക്കു വലിയ പണമൊന്നുമില്ല; എങ്കിലും അവരുടെ കൈയിൽ ആരോ കൊണ്ടു വന്ന് എറിഞ്ഞുകൊണ്ടുപോയ ഒരു സാധുക്കുട്ടിയെ അവർ വളർത്തുന്നുണ്ടല്ലോ.’

കൊസെത്തിന്റെ അമ്മ അവളെ മറന്നു എന്നാണ് അവർ വിചാരിച്ചത്.

ഈയിടയ്ക്ക്—ഏതു ഗൂഢവഴിക്കാണെന്നു പറയാൻ സാധിക്കില്ല—ആ കുട്ടി ഒരു സമയം അച്ഛനില്ലാത്ത ഒന്നായിരിക്കണമെന്നും അതിന്റെ അമ്മ ഇനി അതിനെ ആവശ്യപ്പെട്ടു ചെല്ലുകയില്ലെന്നും മനസ്സിലാക്കി; തെനാർദിയെർ ‘ജന്തു’ വലുതായിത്തുടങ്ങി എന്നും ‘തിന്നു’ തുടങ്ങി എന്നും, ഇപ്പോൾ താൻ അങ്ങോട്ടു പറഞ്ഞയയ്ക്കുമെന്നും ഓരോന്നുപറഞ്ഞു മാസത്തിൽ പതിനഞ്ചു ഫ്രാങ്കുവീതം പിടുങ്ങിത്തുടങ്ങി, ‘അവൾ എന്നെ സ്വൈരം കെടുത്താതിരിക്കട്ടെ.’ അയാൾ ഉച്ചത്തിൽ പറഞ്ഞു, ഇല്ലെങ്കിൽ അവളുടെ ഗൂഢസംഗതികളുടെ നടുവിലേക്കു ഞാനവളുടെ പെണ്ണിനെ ഒരേറെറിയും. എനിക്ക് ഒന്നു കൂട്ടിക്കിട്ടണം.’ അമ്മ പതിനഞ്ചു ഫ്രാങ്ക് കൊടുത്തു.

ഓരോ കൊല്ലവും ആ കുട്ടി വളർന്നുവന്നു: അതോടുകൂടി അവളുടെ കഷ്ടപ്പാടും.

നന്നേ കുട്ടിയായിരുന്നപ്പോൾ, മറ്റു രണ്ടു കുട്ടികളുടേയും തെറ്റുകൾ സമർപ്പിക്കുവാനുള്ള ഒരു സാധനമായിരുന്നു കൊസെത്ത്; കുറച്ചു വളരാൻ തുടങ്ങിയ ഉടനെ, എന്നുവെച്ചാൽ നാലഞ്ചു വയസ്സായി എന്നു വന്നപ്പോൾ, അവൾ വീട്ടുപണികളെല്ലാം നടത്തുവാനുള്ള ഭൃത്യയായി.

അഞ്ചു വയസ്സ്! വായനക്കാർ പറയും, അതുണ്ടാവാൻ വയ്യാ. കഷ്ടം! അതുള്ളതത്രേ. സാമുദായികങ്ങളായ കഷ്ടപ്പാടുകൾ ഏതു വയസ്സിലും ആരംഭിക്കും. ദ്യുമല്ലോർ എന്നു പേരായി പിന്നീടു ഘാതകനായിത്തീർന്ന ആ അനാഥശിശുവിന്റെ വിചാരണ ഇയ്യിടയിലല്ലേ നാം പത്രത്തിൽ കണ്ടത്; ഭരണാധികാരികളുടെ രേഖയിൽ നിന്നുതന്നെ, ആ മനുഷ്യൻ തനിച്ചായിരുന്നതുകൊണ്ട് അഞ്ചു വയസ്സായപ്പോൾ ‘ഉപജീവനമാർഗമുണ്ടാക്കാനും കക്കാനും തുടങ്ങി എന്നു കാണുന്നു.

അങ്ങുമിങ്ങും ഓരോ ആവശ്യത്തിന് ഓടാനും, മച്ചുകളും മുറ്റവും തെരുവും അടിച്ചുവാരുവാനും ഭക്ഷണപ്പാത്രങ്ങൾ കഴുകി വെടുപ്പാക്കാനും, ഭാരം ചുമക്കുവാൻകൂടിയും കൊസെത്തായിരുന്നു. എം. എന്ന പ്രദേശത്തായിരുന്ന അമ്മ പണമയയ്ക്കാൻ അല്പാല്പം താമസിച്ചുതുടങ്ങിയപ്പോൾ, ഇങ്ങനെ പ്രവർത്തിക്കാൻ തങ്ങൾക്ക് ഒന്നുകൂടി അവകാശം കിട്ടിയെന്നു തെനാർദിയെർമാർ തീർച്ചപ്പെടുത്തി. കുറച്ചു മാസത്തെ പണം കുടിശ്ശികയായി,

ഈ അമ്മ കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ എപ്പോഴെങ്കിലും മടങ്ങിവന്നിരുന്നുവെങ്കിൽ, അവൾ തന്റെ കൂട്ടിയെ കണ്ടാൽ അറിയില്ലായിരുന്നു. ആ വീട്ടിൽ വരുമ്പോൾ അത്ര തടിയും ചന്തവുമുണ്ടായിരുന്ന കൊസെത്ത് ഇപ്പോൾ മെലിഞ്ഞു വിളർത്തുകൊണ്ടായി. അനിർവചനീയമായ ഒരസുഖമയത്വം അവളുടെ ഭാവവിശേഷത്തിലുണ്ടായിരുന്നു. ‘വലിയ ഉപായക്കാരി,’ തെനാർദിയെർമാർ പറഞ്ഞു.

അനീതി അവളെ ‘അല്പരസക്കാരി’യാക്കി; കഷ്ടപ്പാട് അവളെ വികൃതയുമാക്കിത്തീർത്തു. സുന്ദരങ്ങളായ കണ്ണുകളല്ലാതെ, മറ്റൊന്നും അവൾക്കു ബാക്കിയില്ലെന്നായി; അവ കാണുന്നവരെ വേദനിപ്പിച്ചിരുന്നു— എന്തുകൊണ്ടെന്നാൽ, അവ വലിപ്പമുള്ളവയായിരുന്നുവെങ്കിലും അവയെക്കാളും വലിപ്പമേറിയ ദുഃഖ പരമ്പര അവയ്ക്കുള്ളിലുള്ളതുപോലെ തോന്നി.

പഴകിയതും പിഞ്ഞിയതും നിറയെ ദ്വാരങ്ങളുള്ളതുമായ ഒരു പരുത്തിത്തുണിയുടുപ്പു മേലിട്ടു മഴക്കാലത്തു വിറച്ചുതുള്ളിക്കൊണ്ട് ഒരു വലിയ ചൂൽ മെലിഞ്ഞു ചുകന്ന രണ്ടു കൈയിലും, ഒരു കണ്ണുനീർത്തുള്ളി വലിപ്പമേറിയ കണ്ണുകളിലുമായി, നേരം പുലരുന്നതിനു മുൻപേ തെരുവടിക്കുന്ന ആ ആറുവയസ്സായിട്ടില്ലാത്ത സാധുക്കുട്ടിയെ കാണുന്ന ആർക്കുംതന്നെ ഒന്നു നെഞ്ഞുരുകും.

ആ പ്രദേശത്തുകാർ അവളെ വാനമ്പാടിപ്പക്ഷി എന്നു വിളിച്ചിരുന്നു. ഈ വക അലങ്കാരവാക്കുകൾ പ്രയോഗിപ്പാൻ ഇഷ്ടമുള്ളവരായ പൊതുജനങ്ങൾക്കു, പേടിച്ചു ചൂളി വിറച്ചുതുള്ളിക്കൊണ്ട്, ഒരു പക്ഷിയേക്കാൾ ഒട്ടുമധികം വലിപ്പമില്ലാതെ, ആ വീട്ടിലോ ഗ്രാമത്തിലോ ഒരാളും ഉണരുന്നതിനുമുൻപേ എല്ലാ ദിവസവും എണീക്കുകയും എപ്പോഴും പുലർച്ചയ്ക്കുമുൻപായി വയലിലോ തെരുവിലോ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഈ സാധുവായ ചെറുകുട്ടിക്ക് ഇങ്ങനെ ഒരു പേർ കല്‍പിച്ചുകൊടുക്കാൻ രസം തോന്നി.

ഒന്നുമാത്രം, ആ ചെറിയ വാനമ്പാടിപ്പക്ഷി പാടിയിരുന്നില്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.