images/hugo-6.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.6.1
സ്വസ്ഥതയുടെ പുറപ്പാട്

മൊസ്സ്യു മദലിയെൻ സ്വഭവനത്തിലേർപ്പെടുത്തിയിട്ടുള്ള ദീനപ്പുരയിൽ ഫൻതീനെ കൊണ്ടുചെന്നാക്കി. അവിടെയുള്ള കന്യകാമഠസ്ത്രീകളുടെ വശം അവളെ ഏൽപിച്ചു; അവർ അവളെ ഒരു കട്ടിലിന്മേൽ കൊണ്ടുകിടത്തി. ഒരു പൊള്ളുന്ന പനി വന്നിരിക്കുന്നു. രാത്രി ഏതാനും മോഹാലസ്യംകൊണ്ടും പേപറയൽകൊണ്ടും കഴിഞ്ഞു. ഒടുവിൽ എങ്ങനെയോ അവളുറങ്ങി.

പിറ്റേദിവസം ഉച്ചയോടുകൂടി ഫൻതീൻ ഉണർന്നു. ആരോ കട്ടിലിന്റെ അടുക്കൽനിന്നു ശ്വാസം കഴിക്കുന്ന ഒച്ച കേട്ടു; അവൾ മറശ്ശീല നീക്കി; മൊസ്സ്യു മദലിയെൻ അവിടെ നിൽക്കുന്നതായും അവളുടെ തലയ്ക്ക് മുകൾഭാഗത്തുള്ള എന്തോ ഒന്നിലേക്കു നോക്കുന്നതായും കണ്ടു. ആ നോട്ടത്തിൽ അനുകമ്പയും ആധിയും അപേക്ഷയും നിറഞ്ഞിരുന്നു. അവൾ അതിനെ പിന്തുടർന്നു; ചുമരിന്മേൽ തറച്ചിട്ടുള്ള ഒരു കുരിശിനെയാണ് അയാൾ സുക്ഷിച്ചുനോക്കുന്നതെന്നു മനസ്സിലായി.

അതുമുതൽ, ഫൻതീന്റെ കണ്ണിനു മൊസ്സ്യു മദലിയെൻ ഒന്നു രൂപഭേദപ്പെട്ടു. അദ്ദേഹം ഒരു തേജസ്സാൽ മൂടപ്പെട്ടിരിക്കുന്നതായി അവൾക്കു തോന്നി. അദ്ദേഹം ഒരുതരം ഈശ്വരധ്യാനത്തിൽ മുങ്ങിയിരുന്നു. തടയുവാൻ ധൈര്യപ്പെടാതെ അവൾ വളരെ നേരം അദ്ദേഹത്തെ സുക്ഷിച്ചുനോക്കി. ഒടുവിൽ ശങ്കയോടുകൂടി ചോദിച്ചു: ‘എന്താണ് ചെയ്യുന്നത്?’

മൊസ്സ്യു മദലിയെൻ അവിടെ വന്നിട്ട് ഒരു മണിക്കൂറായി. അയാൾ ഫൻതീൻ ഉണരുന്നതും കാത്തു നില്‍ക്കുകയാണ്. അയാൾ അവളുടെ കൈ പിടിച്ചു, നാഡിയുടെ ചലനം നോക്കി, എന്നിട്ടു പറഞ്ഞു: ‘ഇപ്പോൾ എങ്ങനെയിരിക്കുന്നു?’

‘ഞാനുറങ്ങി,’ അവൾ മറുപടി പറഞ്ഞു: ‘എനിക്കു കുറെ ഭേദമുണ്ടെന്നു തോന്നുന്നു. സാരമില്ല.’

അവളുടെ ആദ്യത്തെ ചോദ്യം. അപ്പോഴേ കേട്ടിട്ടുള്ളൂ എന്ന മട്ടിൽ, അയാൾ അതിനുത്തരമായി പറഞ്ഞു: ‘ധർമനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ആ മുകളിൽ കാണുന്നാളോടു ഞാൻ പ്രാര്‍ത്ഥിക്കയായിരുന്നു.’

അയാൾ മനസ്സുകൊണ്ട് തുടർന്നു പറഞ്ഞു: ‘ധർമനിഷ്ഠയ്ക്കുവേണ്ടി കഷ്ടപ്പെട്ട ഈ താഴെ കാണുന്നാൾക്കുവേണ്ടി.’

രാത്രിയും രാവിലെനേരവും മൊസ്സ്യു മദലിയെൻ അന്വേഷണം ചെയ്കയായിരുന്നു. ഇപ്പോൾ അയാൾക്കെല്ലാം മനസ്സിലായി. ഹൃദയഭേദകങ്ങളായ എല്ലാ ഭാഗങ്ങളോടുംകൂടി അയാൾ ഫൻതീന്റെ ചരിത്രം മനസ്സിലാക്കി. അയാൾ തുടർന്നു പറഞ്ഞു: ‘സാധുവായ അമ്മേ, നിങ്ങൾ വളരെ കഷ്ടപ്പെട്ടു. ഹാ ആവലാതിപ്പെടാതിരിയ്ക്കു; അത്യുത്തമർക്കുള്ള സമ്മാനം നിങ്ങൾക്കു കിട്ടിക്കഴിഞ്ഞു. ഇങ്ങനെയാണ് മനുഷ്യർ ദേവന്മാരായി മാറുന്നത്. മറ്റുവിധത്തിൽ പ്രവർത്തിക്കേണ്ടതെങ്ങനെ എന്നറിഞ്ഞുകൂടാത്തത് അവരുടെ കുറ്റമല്ല. ഇതാ, ഇപ്പോൾ നിങ്ങൾ വിട്ടുപോകുന്ന ഈ നരകം സ്വർഗത്തിന്റെ പൂർവരൂപമാണ്. അതിവിടെവെച്ചു വേണം ആരംഭിക്കാൻ.’

അയാൾ ഒരു വലിയ ദീർഘശ്വാസമിട്ടു. രണ്ടു പല്ലു കുറവുള്ള ആ ഒരുൽകൃഷ്ടമായ പുഞ്ചിരികൊണ്ട് അവൾ അയാളെ സ്വാഗതം ചെയ്തു.

അതേദിവസം രാത്രി, ഴാവേർ ഒരു കത്തെഴുതി. പിറ്റേ ദിവസം രാവിലെ, അയാൾ തന്നെ അത് എം. പട്ടണത്തിലെ തപ്പാലാപ്പീസിൽ കൊണ്ടിട്ടു. അത് പാരിസ്സിലേക്കുള്ളതായിരുന്നു. മേൽവിലാസം ഇതാണ്: മൊസ്സ്യു ഷാബുയിലെ, പൊല്ലീസ് മേലധ്യക്ഷന്റെ കാര്യദർശി. പൊല്ലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവം ആ പ്രദേശത്തൊക്കെ പ്രസിദ്ധമായിരുന്നതുകൊണ്ട്, തപ്പാൽ കെട്ടുന്നതിനുമുൻപ് ആ കത്തു കണ്ടവരും ഴാവേറുടെ കൈയക്ഷരമാണെന്നറിഞ്ഞവരുമായ തപ്പാലാപ്പീസിലെ ഉദ്യോഗസ്ഥയും മറ്റു ചിലരും ഇൻസ്പെക്ടർ രാജി അയയ്ക്കുകയാണെന്നു വിചാരിച്ചു.

മൊസ്സ്യു മദലിയെൻ ക്ഷണത്തിൽ തെനാർദിയെർമാർക്കെഴുതി. ഫൻതീൻ അവർക്കു നൂറ്റിരുപതു ഫ്രാങ്ക് കൊടുപ്പാനുണ്ട്. അയാൾ അവർക്കു മുന്നൂറു ഫ്രാങ്കയച്ചു; അതിൽനിന്ന് അവർക്കുള്ള സംഖ്യയെടുത്ത്, ദീനത്തിൽ കിടക്കുന്ന അമ്മയ്ക്കു കാണാൻ തിടുക്കമുള്ളതുകൊണ്ട്, ക്ഷണത്തിൽ കുട്ടിയേയുംകൊണ്ട് എം. പട്ടണത്തിലെത്തുവാൻ ആവശ്യപ്പെട്ടു.

ഇതു തെനാർദിയെർമാരെ അമ്പരപ്പിച്ചു. ‘എട ഗ്രഹപ്പിഴ’ ആ മനുഷ്യൻ ഭാര്യയോടു പറഞ്ഞു, ‘നമുക്കു കൂട്ടിയെ ഒരിക്കലും വിട്ടുകൊടുത്തുകൂടാ. ഈ വാനമ്പാടിപ്പക്ഷി ഒരു കറവുപശുവാവാനാണ് ഭാവം. എനിക്കു കാര്യം മനസ്സിലായി. ഏതോ പൊണ്ണന്ന് അമ്മയുടെ മേൽ കമ്പം കയറിയിരിക്കുന്നു.’

അയാൾ അഞ്ഞുറ്റിൽച്ചില്വാനം ഫ്രാങ്കിന് ഒരു ശരിയായ കണക്കു തയ്യാറാക്കി. എതിർപറയാൻ വയ്യാത്ത രണ്ടു സംഗതികൊണ്ടാണ് മുന്നൂറു ഫ്രാങ്കിൽ കവിഞ്ഞുപോയത്—ഒന്നു ഡോക്ടർക്കുള്ള ഫീസ്സ്, മറ്റേത്, രണ്ടുതവണയായി എപ്പൊനൈന്നും അസൽമയ്ക്കും ദീനം പിടിച്ചപ്പോൾ വളരെ ദിവസത്തേക്കു വന്നുനോക്കി മരുന്നു കൊടുത്തിരുന്ന ഒരപ്പോത്തിക്കരിക്കു പ്രതിഫലം. ഞങ്ങൾ പറഞ്ഞതു പോലെ, കൊസെത്തിനു ദീനമുണ്ടായിട്ടില്ല. പേരൊന്നു മാറ്റിവെച്ചു എന്നു മാത്രം, സാരമില്ല. കുറിപ്പിനു ചുവട്ടിൽ തെനാർദിയെർ എഴുതി; കണക്കിലേക്കു മുന്നൂറു ഫ്രാങ്ക് കിട്ടിബോധിച്ചു.

ഉടനെത്തന്നെ മൊസ്സ്യു മദലിയെൻ മുന്നൂറു ഫ്രാങ്ക് കൂടി അയച്ചു; ഇങ്ങനെ എഴുതി;‘കൊസെത്തിനെ ക്ഷണത്തിൽ കൊണ്ടുവരണം.’

‘ജഗദീശ്വര! തെനാർദിയെർ പഠഞ്ഞു; നമുക്ക് കുട്ടിയെ വിട്ടുകൂടാ.’

ഈയിടയ്ക്കു ഫന൯തീന്റെ ദീനം മാറിയില്ല. അവൾ ഇപ്പോഴും രോഗിപ്പുരയിൽത്തന്നെയാണ്.

കന്യകാമഠസ്ത്രീകൾ ആദ്യമൊക്കെ ‘ആ സ്ത്രീ’യെ വെറുപ്പോടുകൂടിയാണ് സ്വീകരിച്ചത്. റീംപള്ളിയിലെ കൊത്തുപണി കണ്ടിട്ടുള്ളവർ, അതിൽ ആ കഥയില്ലാത്ത കന്യകകളെ നോക്കിക്കാണുമ്പോൾ കഥകൂടിയ കന്യകകൾക്കു കാണാറുള്ള ആ താഴത്തെ ചുണ്ടുവീർപ്പിക്കൽ ഒന്നോര്‍മ്മിക്കേണ്ടതാണ്. ചാരിത്ര്യം പോയ്പോയ പെണ്ണുങ്ങളെക്കുറിച്ച പണ്ടത്തെ അഗ്നിദേവീദാസികൾ [1] ക്കുണ്ടായിരുന്ന പുച്ഛഭാവം, സ്ത്രീജനോചിതമായ പ്രതാപത്തിന്റെ ഏറ്റവും അഗാധങ്ങളായ പ്രകൃതിബോധങ്ങളിൽ ഒന്നാണ്; കന്യകാമഠസ്ത്രീകളിലാവട്ടെ, മതപ്രാബല്യം കൂടി ചേർന്നപ്പോൾ അതൊന്നിരട്ടിച്ചു. കുറച്ചുദിവസംകൊണ്ട് ഫൻതീൻ അവരെ ആയുധംവെപ്പിച്ചു. സാധുത്വത്തേയും സൗശീല്യത്തേയും കാണിക്കുന്ന സകലവും അവൾ പറഞ്ഞു; അവളിലുള്ള മാതൃത്വം വാത്സല്യത്തെ തോന്നിച്ചു. ഒരു ദിവസം പനിയുടെ ഇടയ്ക്ക് അവൾ ഇങ്ങനെ പറയുന്നത് അവർ കേട്ടു; ‘ഞാൻ ഒരു പാപിയാണ്; പക്ഷേ, എന്റെ കുട്ടി അടുത്തെത്തിയാൽ, ഈശ്വരൻ എനിക്കുമാപ്പു തന്നു എന്നതിന് അതൊരടയാളമായി. ഞാൻ ദൂർവൃത്തയായിരുന്നപ്പോൾ കൊസെത്ത് എന്റെ അടുക്കൽ വേണമെന്നു ശഠിക്കുന്നതു ശരിയല്ല; അവളുടെ ദുഃഖവും അമ്പരപ്പുമുള്ള നോട്ടവും എനിക്കു സഹിക്കില്ല. അവൾക്കുവേണ്ടിയാണ് ഞാൻ പാപം ചെയ്തത്. അതാണ് എനിക്ക് ഈശ്വരൻ മാപ്പുതരാനും. കൊസെത്ത് ഇവിടെയുള്ളപ്പോൾ, ഈശ്വരന്റെ അനുഗ്രഹം എനിക്കനുഭവപ്പെടും. ഞാൻ അവളെ സൂക്ഷിച്ചു നോക്കിക്കാണും; ആ നിരപരാധശിശുവെ കണ്ടാൽ എനിക്കു ദീനം മാറും. അവൾക്കൊന്നും മനസ്സിലായിട്ടില്ല. എന്റെ കന്യകകളേ, നോക്കു. അവൾ ഒരു ദേവിയാണ്. ഈ പ്രായത്തിൽ ചിറകു കൊഴിഞ്ഞിട്ടുണ്ടാവില്ല.’

മൊസ്സ്യു മദലിയെൻ ദിവസത്തിൽ രണ്ടു തവണ കാണാൻ ചെല്ലും; ഓരോരിക്കലും അവൾ ചോദിക്കും: ‘എന്റെ കൊസെത്തിനെ ഞാൻ താമസിയാതെ കാണുമോ?’

‘നാളെ; ഒരു സമയം. അവൾ ഇപ്പോൾത്തന്നെ എത്താനും മതി. ഞാൻ അവളെ കാത്തിരിക്കുകയാണ്.’

അമ്മയുടെ വിളർത്ത മുഖം തിളങ്ങി. ‘ഹാ!’ അവൾ പറഞ്ഞു: ‘ഞാൻ എന്തു ഭാഗ്യവതിയാവാൻ പോകുന്നു!’

അവളുടെ ദീനം മാറിയിട്ടില്ലെന്നു ഞങ്ങൾ പറഞ്ഞുവല്ലോ; നേരെമറിച്ച്, ഓരോദിവസവും അവളുടെ സ്ഥിതി അധികമധികം അപകടത്തിലാവുകയാണ്. ചുമൽപ്പലകകളുടെ നടുക്ക് അവളുടെ നഗ്നമായ ദേഹത്തിൽ വീണ മഞ്ഞുകട്ടകൾ പെട്ടെന്നു ശ്വാസോച്ഛ ്വാസത്തെ തടഞ്ഞതിനാൽ, വളരെ കൊല്ലങ്ങളോളമായി ഉള്ളിൽ നിറിക്കിടന്നിരുന്ന രോഗം ഒടുവിൽ ഒരടിയായി ആളിപ്പിടിച്ചു. അക്കാലത്തു നെഞ്ചിനെ സംബന്ധിക്കുന്ന രോഗങ്ങളുടെ നിദാനത്തിലും ചികിത്സകളിലും നിപുണനായ ലയിങ്ങിന്റെ നിപുണോപദേശങ്ങളെയാണ് ആളുകൾ അനുസരിച്ചിരുന്നത്. ഫൻതീന്റെ നെഞ്ഞുമിടിക്കുന്നതു പരീക്ഷിച്ചു ഡോക്ടർ തലയൊന്നിളക്കി.

മൊസ്സ്യു മദലിയെൻ വൈദ്യനോടു ചോദിച്ചു: ‘ശരിയല്ലേ?’

‘ഇവർക്കു കാണാൻ താൽപര്യമുള്ള ഒരു മകളില്ലേ?’ ഡോക്ടർ ചോദിച്ചു.

‘ഉവ്വ്.’

‘ആട്ടെ, ക്ഷണത്തിൽ ആ കുട്ടിയെ വരുത്തണം.’

മൊസ്സ്യു മദലിയെൻ വിറച്ചു.

ഫൻതീൻ അന്വേഷിച്ചു: ‘വൈദ്യൻ എന്തു പറയുന്നു?’

മൊസ്സ്യു മദലിയെൻ പുഞ്ചിരിക്കൊള്ളുവാൻ യത്നിച്ചു. ‘നിങ്ങളുടെ ദീനത്തെ സുഖപ്പെടുത്തുമത്രേ.’

‘ഹോ!’ അവൾ പറഞ്ഞു, ‘അദ്ദേഹം പറയുന്നത് ശരിയാണ്! അപ്പോൾ, എന്റെ അടുക്കലേക്ക് പറഞ്ഞയയ്ക്കാതെ ആ തെനാർദിയെർമാർ എന്റെ കുട്ടിയെ പിടിച്ചുവെക്കുന്നതിന്റെ അർഥമെന്താണ്? ഹാ, അവൾ വരുകയായി; ഒടുക്കം ഞാൻ ഭാഗ്യത്തെ എന്റെ അടുക്കൽ കാണുന്നു.’.

ഈയിടയ്ക്ക് തെനാർദിയെർ ‘കുട്ടിയെ വിട്ടുകൊടുത്തില്ല’; അതിന് ഒരു നൂറു നിസ്സാരസംഗതികൾ പറഞ്ഞു. മഴക്കാലത്തു ദീർഘയാത്ര ചെയ്വാൻമാത്രം കൊസെത്തിനു സുഖമായിട്ടില്ല. പിന്നെ അടുത്ത പ്രദേശത്തു ചില്ലറയായും എന്നാൽ നിർത്തിവെക്കാൻ നിവൃത്തിയില്ലാതെയുമുള്ള കടങ്ങളുണ്ട്; ആവക കണക്കുകൾ ശേഖരിച്ചുവരുന്നുണ്ട്, മറ്റും മറ്റും.

‘കൊസെത്തിനെ കൂട്ടിക്കൊണ്ടുവരുവാൻ ഞാൻ ആരെയെങ്കിലും അയയ്ക്കും’ ഫാദർ മദലിയെൻ പറഞ്ഞു, ‘പോരെങ്കിൽ ഞാൻതന്നെ പോവും.’

ഫൻതീൻ പറഞ്ഞുകൊടുത്ത പ്രകാരം അയാൾ ഈ കത്തെഴുതി; അതിൽ അവളെക്കൊണ്ട് ഒപ്പിടുവിച്ചു.

മൊസ്സ്യു തെനാർദിയെർ.

ഈ വരുന്ന ആളുടെ പക്കൽ കൊസെത്തിനെ അയയ്ക്കണം.

‘ചില്ലറ ചെലവുകൾക്കൊക്കെ വേണ്ടതു തരും.’

‘നിങ്ങളെ ഞാൻ ബഹുമാനപൂർവം ആദരിച്ചുകൊള്ളുന്നു.

ഫൻതീൻ’

ഇതിനിടയിൽ ഒരു ഗൗരവപ്പെട്ട സംഭവമുണ്ടായി. നമ്മുടെ ജീവിതം നിർമിക്കപ്പെട്ടിട്ടുള്ള ആ നിഗൂഢമരത്തടിയിൽ നമ്മുടെ ഇഷ്ടംപോലെ ചിത്രപ്പണിയെടുത്താലും, ഈശ്വരവിധിയാകുന്ന കറുത്ത വിള്ളൽ ഇടവിടാതെ അതിൽ പൊന്തിക്കാണുന്നു.

കുറിപ്പുകൾ

[1] റോമിലെ ഇതിഹാസപ്രകാരം അഗ്നിയുടെ അധിദേവതയായ വെസ്റ്റയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞിട്ട കന്യകകൾ. ചാരിത്ര്യത്തിനു ഭംഗം വന്ന അഗ്നിദേവീദാസിയെ ജീവനോടെ കുഴിച്ചിടുകയായിരുന്നു അന്നത്തെ പതിവ്.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.