images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.2.1
24, 601-ആം നമ്പർ 9,430-ആം നമ്പറാകുന്നതു്

ഴാങ് വാൽഴാങ്ങിനെ വീണ്ടും പിടിച്ചിരിക്കുന്നു.

വ്യസനകരങ്ങളായ വിവരണങ്ങളിൽ ഞങ്ങൾ ഓടിച്ചുപോകുന്നപക്ഷം, വായനക്കാർക്കു ഞങ്ങളോടു നന്ദി തോന്നും. ഏതായാലും ഒന്നുമാത്രം ചെയ്തു് ഞങ്ങൾ തൃപ്തിപ്പെടുന്നു; എം. പട്ടണത്തിൽ ആ അത്ഭുതകരങ്ങളായ സംഭവങ്ങൾ നടന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞതിനുശേഷം, അന്നത്തെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ഖണ്ഡികകൾ ചുവടെ ചേർക്കട്ടെ.

ഈ കുറിപ്പുകൾ സംക്ഷിപ്തവിവരണങ്ങളാണു്. ആ കാലത്തു കോടതിക്കാര്യങ്ങൾ വിവരിക്കുന്ന ഗസറ്റു് ഏർപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.

ഒന്നാമത്തേതു ഞങ്ങൾ ‘ദ്രാപ്പോബ്ലാങ്ങിൽ’ നിന്നു കടം വാങ്ങുന്നു. അതിലെ തിയ്യതി, 1823 ജൂലായ് 25.

‘സാധാരണങ്ങളിലൊന്നും പെടാത്ത ഒരു സംഭവം ഇയ്യിടെ നടക്കുകയുണ്ടായി. മൊസ്സ്യു മദലിയെൻ എന്നു പേരായി കച്ചവടച്ചടങ്ങുകളിലൊന്നും യാതൊരു പരിചയവുമില്ലാത്ത ഒരാൾ കുറച്ചു കൊല്ലങ്ങൾക്കു മുമ്പു് കൃഷ്ണശിലകൊണ്ടും കരിഞ്ചില്ലുകൊണ്ടും ചില്ലറപ്പണ്ടങ്ങൾ ഉണ്ടാക്കുകയായി ഒരു പഴയ നാടൻ കൈത്തൊഴിലിനെ ജീർണ്ണോദ്ധാരണം ചെയ്തു. അയാൾ അതുകൊണ്ടു വളരെ പണം സമ്പാദിച്ചു; അതോടുകൂടി ആ രാജ്യവും സമ്പന്നമായെന്നു ഞങ്ങൾ സമ്മതിക്കുന്നു. രാജ്യത്തേക്കു ചെയ്തിട്ടുള്ള ഗുണങ്ങൾ വിചാരിച്ച് അയാളെ നഗരപ്രമാണിയാക്കി നിയമിച്ചു. ആ മൊസ്സ്യു മദലിയെൻ 1796-ൽ കളവുകുറ്റത്തിൽ ശിക്ഷിക്കപ്പെട്ടവനും ജെയിലിൽനിന്നു് ഒളിച്ചോടിയവനുമായ ഒരു ഴാങ് വാൽഴാങ് എന്ന തടവുപുള്ളിയല്ലാതെ മറ്റാരുമല്ലെന്നു പൊല്ലീസ്സുകാർ കണ്ടുപിടിച്ചു. ഴാങ് വാൽഴാങ്ങിനെ വീണ്ടും തടവിലാക്കിയിരിക്കുന്നു. പിടിക്കപ്പെട്ടതിനു മുമ്പായി ബാങ്കിലിട്ടിരുന്ന അഞ്ചു ലക്ഷത്തിലധികം ഫ്രാങ്ക് അയാൾ കൈയിലാക്കി; അതു മുഴുവൻ ന്യായമായ വിധത്തിൽ അയാൾ അന്നത്തെ വ്യവസായംകൊണ്ടു സമ്പാദിച്ചതാണെന്നു കാണുന്നു. തൂലോങ്ങിലെ തടവുമുറിയിൽ മടങ്ങിയെത്തിയ ശേഷം, ആ പണം അയാൾ എവിടെ സൂക്ഷിച്ചു എന്നുള്ള കാര്യം ഇതേവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.’

രണ്ടാമത്തെ കുറിപ്പു കുറേക്കൂടി വിവരമടങ്ങിയതാണു്; അതേ ദിവസത്തെ ‘ജർനൽ ദു് പാരിസ്സു്’ എന്ന പത്രത്തിൽനിന്നാണു് ഇതെടുക്കുന്നതു്.

‘ജെയിലിൽനിന്നു വിട്ട ഴാങ് വാൽഴാങ് എന്നു പേരായ ഒരു പഴയ തടവുപുള്ളിയെ ഇയ്യിടെ സെഷ്യൻകോടതിയിൽ ഹാജരാക്കുകയുണ്ടായി; അതു കുറെ ശ്രദ്ധേയമായ വിധത്തിലാണു്. ഈ ദുഷ്ടൻ പൊല്ലീസ്സിന്റെ കണ്ണിൽനിന്നു് എങ്ങനെയോ പുറത്തു ചാടി; സ്വന്തം പേർ മാറ്റി, വടക്കുള്ള നമ്മുടെ ചെറുപട്ടണത്തിലൊന്നിൽ മേയറായിക്കൂടി; അവിടെ ഒരു വലിയ കച്ചവടം ഏർപ്പെടുത്തി. ഒടുവിൽ ആ മനുഷ്യനെ അറിഞ്ഞുകിട്ടി, വീണ്ടും പിടിച്ചിരിക്കുന്നു—പൊല്ലീസ്സുകാരുടെ അക്ഷീണപരിശ്രമങ്ങൾക്കു നാം നന്ദിപറയുക, ഒരു തേവടിശ്ശി അയാളുടെ ഉപപത്നിയായിട്ടുണ്ടായിരുന്നു; അയാളെ പൊല്ലീസ്സുകാർ പിടിച്ചതോടുകൂടി അവൾ ഹൃദയം തകർന്നു മരിച്ചു. അസാധാരണമായ ദേഹശക്തിയുള്ള ഈ കള്ളൻ എങ്ങനെയോ പൊല്ലീസ്സിന്റെ പിടിയിൽനിന്നു ചാടി; പക്ഷേ, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ പൊല്ലീസ്സുകാർ അവനെ പാരിസ്സിൽ വെച്ചുതന്നെ പിടിച്ചു; നഗരത്തിൽനിന്നു മോങ്ഫോർമിയെ ഗ്രാമത്തിലേക്കു പോകുന്ന ചെറുവണ്ടികളിലൊന്നിൽ കയറിക്കൂടാൻ തുടങ്ങുമ്പോഴാണു് പിടികിട്ടിയതു്. നമ്മുടെ പ്രമാണപ്പെട്ട ബാങ്കുകളിൽനിന്നു്, അവിടെ ഏല്പിച്ചിരുന്ന ഒരു വലിയ തുക ഈ മൂന്നുനാലു ദിവസംകൊണ്ടു് അയാൾ മേടിച്ചു കൈയിലാക്കി. ഇതു് ആറേഴു ലക്ഷം ഫ്രാങ്കുണ്ടെന്നു കണ്ടിരിക്കുന്നു. കുറ്റപത്രം വിശ്വാസയോഗ്യമാണെങ്കിൽ, അതു് ആ മനുഷ്യൻ തനിക്കുമാത്രം അറിവുള്ള എവിടെയോ കുഴിച്ചുമൂടിയിരിക്കുന്നു; ഇതേവരെ അതു കൈവശപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല. അതെങ്ങനെയായാലും എട്ടുകൊല്ലം മുമ്പു, പേർനിയിലെ സഭാധിപതി അനശ്വരമായ കവിതയിൽ:

‘...വരുന്നുണ്ടാണ്ടുതോറുമേ

ഉള്ളംകയ്യാൽ കരിനിറഞ്ഞുന്തുമാ നീണ്ട തോടുകൾ

വൃത്തിപ്പെടുത്തുമവർ...’

എന്നു വർണിച്ചിട്ടുള്ള ആ സത്യാവാന്മാരായ കുട്ടികളിൽ ഒരുവന്റെ കൈയിൽ നിന്നു രാജമാർഗത്തിൽവെച്ചു ദ്രോഹിച്ചു തട്ടിപ്പറി നടത്തിയ കുറ്റത്തിന്നു് പൊല്ലീസ്സുകാർ ഴാങ് വാൽഴാങ്ങിനെ സെഷ്യൻകോടതിൽ പിടിച്ചു ഹാജരാക്കി.

‘ആ തട്ടിപ്പറിക്കാരൻ എതിർവാദം ചെയ്യില്ലെന്നു ശഠിച്ചു. കളവു നടത്തിയിട്ടുള്ളതു മറ്റു ചിലരോടുകൂടിച്ചേർന്നിട്ടാണെന്നും, തെക്കൻപ്രദേശങ്ങളിലുള്ള തട്ടിപ്പറിസംഘത്തിൽ ഴാങ് വാൽഴാങ് ഒരംഗമാണെന്നും സമർഥനും വാഗ്മിയുമായ ഗവർമ്മെണ്ടുവക്കീൽ തെളിയിച്ചു. അതിനാൽ ഴാങ് വാൽഴാങ് കുറ്റക്കാരനാവുകയും മരണശിക്ഷയ്ക്കു പാത്രമാവുകയും ചെയ്തു. ആ കളവുപുള്ളി അപ്പീൽ കൊടുക്കുന്നില്ലെന്നു ശഠിച്ചു. മഹാരാജാവു് അവിടുത്തെ അപാര ദയകൊണ്ടു് ശിക്ഷ കുറച്ചു. ജീവപര്യന്തം തടവാക്കിക്കൊടുത്തു. ഉടനെത്തന്നെ ഴാങ് വാൽഴാങ്ങിനെ തൂലോങ്ങിലേക്ക് കൊണ്ടുപോവുകയും ചെയ്തു.’

ഴാങ് വാൽഴാങ് തന്റെ നമ്പർ തണ്ടുവലിശ്ശിക്ഷസ്ഥലത്തെത്തിയപ്പോൾ മാറ്റി, അയാൾ 9,430 ആയി.

ഏതായാലും ഇനിയും ആ വിഷയത്തെപ്പറ്റി തൊടേണ്ടിവരാതിരിപ്പാൻ വേഗത്തിൽ അതു പറഞ്ഞുകളയാം— മൊസ്സ്യു മദലിയെനോടു കൂടി എം. പട്ടണത്തിന്റെ ധനസമൃദ്ധിയും അന്തർദ്ധാനം ചെയ്തു. സംശയവും അസ്വാസ്ഥ്യവും നിറഞ്ഞ അന്നത്തെ രാത്രി അയാൾ എന്തെല്ലാം മുൻകൂട്ടിക്കണ്ടുവോ അതെല്ലാം അങ്ങനെത്തന്നെ സംഭവിച്ചു; ആ ഒരാൾ പോയതോടുകൂടി, ഒരു ജീവൻ അവിടെ ഇല്ലാതായി. ഈ അധോഗതിയോടുകൂടി അധോഗതിയിൽപ്പെട്ട എല്ലാ മഹാസ്ഥാപനങ്ങൾക്കും തന്മിടുക്കനുസരിച്ചുണ്ടാകുന്ന മുതൽവിഭാഗം എം. പട്ടണത്തിലും സംഭവിച്ചു—അതേ, മനുഷ്യവർഗത്തിൽ നിഗൂഢമായി ദിവസംപ്രതി സംഭവിക്കുന്നതും, അലെക്സാൻഡർ മരിച്ചതിനുശേഷം ഉണ്ടായതുകൊണ്ടു് ഒരിക്കൽമാത്രം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമായ സർവസമൃദ്ധിവസ്തുക്കളുടേയും അംഗവിച്ഛേദം അഭിഷേകം ചെയ്യപ്പെട്ടു; മേലന്വേഷണക്കാർ സ്വന്തമായി വ്യവസായം ആരംഭിച്ചു. അസൂയാപരങ്ങളായ എതിർവ്യവസായങ്ങൾ പുറപ്പെട്ടു; മൊസ്സ്യു മദലിയെന്റെ മഹത്തായ പണിപ്പുര അടയ്ക്കപ്പെട്ടു; എടുപ്പുകളെല്ലാം നശിച്ചു; പണിക്കാരൊക്കെ പോയി. ചിലർ രാജ്യം വിട്ടു; മറ്റുചിലർ പ്രവൃത്തി വേണ്ടെന്നു വെച്ചു, അതു മുതൽ പണ്ടത്തെ വലിയ നില പോയി; എല്ലാം ഒതുങ്ങിയ മട്ടിലായി; പൊതുജനോപകാരത്തിനെന്നതുപോയി, പണത്തിനായി. കേന്ദ്രമായിട്ടു് ഒരിടമില്ലെന്നുവന്നു; എല്ലായിടത്തും തർക്കവും മത്സരവും. പണ്ടു് എല്ലാ കാര്യങ്ങളിലും മൊസ്സ്യു മദലിയെന്റെ കണ്ണും ശ്രദ്ധയുമുണ്ടായിരുന്നു. അയാൾ പോയ ഉടനെ, ഓരോരുത്തരും തന്റെ ഭാഗത്തേക്ക് വലി തുടങ്ങി; വ്യവസായാഭിവൃദ്ധിക്കുള്ള ശ്രമം പോയി, മത്സരമായി; ഒരുമ പോയി; ശത്രുത വന്നു; എല്ലാവരും മേലും സ്ഥാപകന്നുണ്ടായിരുന്ന ഗുണബുദ്ധി പോയി, അന്യോന്യം ദ്വേഷം വർദ്ധിച്ചു; മൊസ്സ്യു മദലിയെൻ തൊടുത്തുവെച്ച നൂൽ കൂടിപ്പിണഞ്ഞു പൊട്ടി; രീതികളൊക്കെ കലങ്ങി; സാമാനങ്ങൾക്കു ഗുണം കുറഞ്ഞു; വിശ്വാസം നശിച്ചു; ആവശ്യക്കാരില്ലാതായതുകൊണ്ടു ചെലവു കുറഞ്ഞു; ശമ്പളം കുറവായി, പണിപ്പുരയുടെ അനക്കം മാറി, ദീപാളി പിടിച്ചു. സാധുക്കൾക്കുള്ള ഗുണമൊക്കെ തീർന്നു. എല്ലാം അവസാനിച്ചു.

ആരോ എവിടെയോ ഇല്ലാതായിരിക്കുന്നു എന്നു രാജ്യഭരണംകൂടി മനസ്സിലാക്കി. ഴാങ് വാൽഴാങ്ങും മൊസ്സ്യു മദലിയെന്നും ഒരാളാണെന്നും, തണ്ടുവലിശ്ശിക്ഷസ്ഥലത്തിന്റെ ഗുണത്തിനായി, സെഷ്യൻകോടതിയിൽനിന്നു തീർച്ചപ്പെടുത്തി വിധി കല്പിച്ച് നാലു കൊല്ലം കഴിയുന്നതിനു മുൻപു് എം. പട്ടണത്തിൽനിന്നുള്ള നികുതിപിരിവിന്റെ ബുദ്ധിമുട്ടു് ഇരട്ടിച്ചു; 1827 ഫിബ്രുവരിയിൽ മൊസ്സ്യു ദിവിയേൽ ഈ വിവരം നിയമനിർമാണസഭയുടെ ശ്രദ്ധയിലെത്തിച്ചു.

2.2.2
പിശാചുണ്ടാക്കിയതാകാവുന്ന ഒരീരടി വായനക്കാർ ഇതിൽ കാണും

ഇനിയും ദൂരംപോകുന്നതിനു മുൻപ്, ഏകദേശം ഈ കാലത്തുതന്നെ മോങ് ഫെർമിയെയിൽ നടന്നതും കുറ്റപത്രത്തിലെ ചില ഊഹങ്ങളോടു ബന്ധമില്ലെന്നു പറയാൻ വയ്യാത്തതുമായ ഒരപൂർവസംഭവം കുറച്ചു വിസ്തരിച്ചു വിവരിക്കുന്നതു് ഇവിടെ ആവശ്യമായിരിക്കും.

മോങ്ഫെർമിയെയിൽ ഒരു പഴയ അന്ധവിശ്വാസം നടപ്പുണ്ട്. ഇതു കുറേ അത്ഭുതകരവും അനർഘതരവുംതന്നെ—എന്തുകൊണ്ടെന്നാൽ, പാരിസ്സിന്റെ അയൽപക്കത്തു നടപ്പുള്ള ഒരന്ധവിശ്വാസം സൈബീരിയാ മരുഭൂമിയിലെ ഒരു ചെടിത്തഴപ്പാണ്. ഒരപൂർവച്ചെടിയുടെ മട്ടിലുള്ള സകലത്തേയും ബഹുമാനിക്കുന്നവരുടെ കൂട്ടത്തിലാണ് ഞങ്ങൾ. അതിനാൽ, ഇതാ, മോങ്ഫെർമിയെയിലെ അന്ധവിശ്വാസം; എത്രയോ കാലം മുൻപു തുടങ്ങി ചെകുത്താൻ നിധിസൂക്ഷിപ്പിന്ന് ആ കാട്ടുപുറം തിരഞ്ഞെടുത്തിട്ടുണ്ടെന്നാന്ന് വെപ്പ്. സന്ധ്യയ്ക്കുശേഷം, കാട്ടിൽ ജനസഞ്ചാരമില്ലാത്ത മൂലകളിൽ, ഒരു വണ്ടിക്കാരന്റെയോ മരംവെട്ടുകാരന്റെയോ മട്ടിൽ മരപ്പാപ്പാസ്സുകളോടുകൂടി കാലുറകളും പരുത്തിത്തുണികൊണ്ടുള്ള കുറുംകുപ്പായവുമിട്ടു് ഒരു കറുത്ത മനുഷ്യനെ കണ്ടുമുട്ടുന്നതു് അത്ര അപൂർവമല്ലെന്നു തറവാട്ടമ്മമാർ തീർത്തുപറയുന്നു; ആ സത്ത്വത്തിന്റെ തലയിൽ തൊപ്പിക്കു പകരം രണ്ടു കൂറ്റൻ കൊമ്പുകളായതുകൊണ്ടു് വേർതിരിച്ചറിയാൻ പ്രയാസമില്ല. വാസ്തവത്തിൽ ആ കൊമ്പുകാരണം അയാളെ ആരും കണ്ടില്ലെന്നു വരില്ല. അയാൾ എപ്പോഴും ഒരു കുഴി കുഴിക്കുകയായിരിക്കും. ആ കൂടിക്കാഴ്ചകൊണ്ട് മൂന്നുവിധത്തിൽ ഗുണമുണ്ടാക്കാം. ഒന്നാമത്, അയാളോട് അടുത്തു ചെന്നു സംസാരിക്കുക—എന്നാൽ ആ മനുഷ്യൻ ഒരു വെറും കൃഷിക്കാരനാണെന്നും, കറുത്തിട്ടാണെന്നു തോന്നിയതു രാത്രിയായതുകൊണ്ടാണെന്നും, അയാൾ യാതൊന്നും കഴിക്കുന്നില്ലെന്നും, പശുക്കൾക്കു പുല്ലരിയുകയാണെന്നും, കൊമ്പുകളാണെന്നു വിചാരിച്ചതു് അയാൾ പുറത്തു കൊണ്ടുനടക്കുന്ന ചാണകംകൊത്തിയല്ലാതെ മറ്റൊന്നുമല്ലെന്നും, അയാളുടെ പല്ലുകൾ തലയിൽനിന്നാണ് പുറപ്പെട്ടിട്ടുള്ളതെന്നും— വൈകുന്നേരത്തെ ദൂരക്കാഴ്ചയ്ക്കു നന്ദിപറയുക—മനസ്സിലാക്കാവുന്നതാണ്. ആ കണ്ടാൾ നേരെ വീട്ടിലേക്കു പോന്നു് ആ ആഴ്ചയിൽ മരിക്കും. രണ്ടാമത്തെ മാർഗം: അയാളെ കാവൽ നില്ക്കുക; കുഴികുത്തൽ കഴിഞ്ഞ്, അതു തട്ടിമൂടി, അയാൾ പോകുന്നതുവരെ കാത്തിരിക്കുക; എന്നിട്ടു വേഗത്തിൽ പാഞ്ഞുചെന്ന് ആ കുഴി ഒരിക്കൽക്കൂടി മാന്തി ആ കറുത്ത സത്ത്വം നിശ്ചയമായും അതിൽ നിക്ഷേപിച്ചിരിക്കാവുന്ന ‘നിധി’ കൈവശപ്പെടുത്തുക— ഇങ്ങനെയായാൽ ആ ചെയ്താൾ ആ മാസത്തിൽ മരിക്കും. ഒടുവിലത്തെ ഒരു വഴി ഇതാണു്; ആ കറുത്ത മനുഷ്യനോടു മിണ്ടാതെയിരിക്കുക; അയാളുടെ നേരേ നോക്കുകകൂടി ചെയ്യാതിരിക്കുക; എത്രകണ്ടു വേഗത്തിൽ പായാൻ കഴിയുമോ അത്രകണ്ടു് വേഗത്തിൽ ഒരു പാച്ചിൽ കൊടുക്കുക—എന്നാൽ ആ ചെയ്താൾ ആ കൊല്ലത്തിൽ കലാശിക്കും.

മൂന്നുവിധമായാലും ഓരോ തകരാറു പറ്റാനുള്ള സ്ഥിതിക്ക്, ഒരു മാസക്കാലത്തേക്കേ ഉള്ളൂവെങ്കിലും ഒരു നിധി കൈയിൽക്കിട്ടുന്നതാകകൊണ്ടു രണ്ടാമത്തേതാണ് അധികം ആളുകൾ സ്വീകരിച്ചുവരാറ്. എന്തു കേട്ടാലും അതൊന്നു ചെയ്തുനോക്കണമെന്നുള്ള ധീരപുരുഷന്മാർ പലപ്പോഴും ആ കറുത്ത മനുഷ്യൻ കുഴിച്ചിട്ടുള്ള കുഴി മാന്തി ചെകുത്താന്റെ മുതൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ ധരിപ്പിച്ചിട്ടുള്ളതു്. അങ്ങനെ കിട്ടുന്ന സമ്പാദ്യം വളരെ മിതമായിരിക്കും. അതേ, ഐതിഹ്യം വിശ്വസിക്കാമെങ്കിൽ, വിശേഷിച്ചും ത്രിഫോങ് എന്നു പേരായ ഒരു നോർമൻമതാചാര്യൻ—കുറച്ചൊക്കെ മന്ത്രവാദമുള്ളാളാണ്—ഈ വിഷയത്തെക്കുറിച്ചുണ്ടാക്കിയിട്ടുള്ള ഒരു പദ്യശകലം വിശ്വാസയോഗ്യമാണെങ്കിൽ, ഇ ത്രിഫോങ്ങിനെ റൂവങ്ങിനടുത്തുള്ള പള്ളിയിൽ സംസ്കരിച്ചിരിക്കുന്നു; അയാളുടെ ശവക്കല്ലറയിൽ പേക്കാച്ചിത്തവളകൾ മുട്ടയിടാറുണ്ട്.

ഇങ്ങനെ അനവധി ശ്രമമുണ്ടായിട്ടുണ്ട്. സാധാരണമായി ഈവക കുഴികൾ ആഴമുള്ളവയായിരിക്കും; ഒരാൾ വേർത്തു മുങ്ങി ഒരു രാത്രി മുഴുവനും ബുദ്ധിമുട്ടി കുഴിക്കണം—രാത്രിയേ ഇതു് ചെയ്വാൻ നിവൃത്തിയുള്ളുവല്ലോ; ഉൾക്കുപ്പായമൊക്കെ നനഞ്ഞു, മെഴുതിരി കത്തിത്തീർന്നു, കൈക്കോട്ടു പൊട്ടി, കുഴിയുടെ അടിയിൽ കഷ്ടിച്ചെത്തി, നിധിയിൽ കൈവെക്കുമ്പോൾ അതിൽ എന്തുണ്ടായിരിക്കും? ചെകുത്താന്റെ നിധി എന്താണ്? ഒരു സൂനാണ്യം, ചിലപ്പോൾ ഒരു ക്രൗൺനാണ്യം, ഒരു കല്ല്, ഒരു കങ്കാളം, ഒരു ചോരയൊഴുകുന്ന ശരീരം, ഒരുറയിൽത്തിരുകിയ ഒരു പായക്കടലാസുപോലെ നാലാക്കി മടക്കിയ ഒരു കുട്ടിച്ചാത്തൻ; ചിലപ്പോൾ ഒന്നുമില്ല. അവിവേകികളും ജിജ്ഞാസുക്കളുമായവരെ ത്രിഫോങ്ങിന്റെ പദ്യങ്ങൾ കേൾപ്പിക്കുന്നതു് ഇതാണ്—

‘കുഴിപ്പൂ, കുഴിച്ചിട്ടു കാണുന്നു ഭണ്ഡാരങ്ങൾ,

പിച്ചള, പളുങ്കു, കല്ലെ,ല്ലു, കാൽച്ചളി, നാണ്യം.’

ഇക്കാലത്തു ചിലപ്പോൾ വെടിയുണ്ടകളോടുകൂടിയ ഒരു വെടിമരുന്നുകുറ്റിയും ചിലപ്പോൾ പഴതായി ഒട്ടിത്തുടങ്ങിയ ഒരു കൂട്ടുശീട്ടും കാണാറുണ്ട്. രണ്ടും സ്പഷ്ടമായി ചെകുത്താന്നുപയോഗപ്പെട്ടവയാണ്. ഈ രണ്ടെണ്ണത്തെ ത്രിഫോങ് രേഖപ്പെടുത്തില്ല. കാരണം, ത്രിഫോങ് ജീവിച്ചിരുന്നതു പന്ത്രണ്ടാം നൂറ്റാണ്ടിലാണ്: റോഗർബേക്കന്നു [1] മുൻപു വെടിമരുന്നും രണ്ടാം ചാറൽസിന്നു [2] മുൻപുകളിശ്ശീട്ടും കണ്ടുപുടിപ്പാൻ ചെകുത്താന്നു ശക്തി തോന്നിയിട്ടില്ല.

അത്രമാത്രമല്ല, ഒരാൾ ആ ശീട്ടുകൊണ്ടു കളിക്കുന്നുവെങ്കിൽ അയാളുടെ സർവസ്വവും അതുകൊണ്ടു കലാശിക്കുമെന്നുള്ളതു തീർച്ചയാണ്! പിന്നെ കുറ്റിക്കുള്ളിലെ വെടിമരുന്നിനെപ്പറ്റിയാണെങ്കിൽ, നിങ്ങളുടെ തോക്ക് നിങ്ങളുടെ മുഖത്തേക്കു പൊട്ടിക്കുവാനുള്ള സാമർഥ്യം അതിനുണ്ട്.

പിന്നെ, തടവിൽനിന്നു പോയ ഴാങ് വാൽഴാങ് കുറച്ചുദിവസം ഒളിച്ചുനടന്ന കാലത്തു മോങ്ഫെർമിയെയിൽ പതുങ്ങിയിരുന്നതായി ഗവർമ്മെണ്ടുവക്കീലിനു തോന്നിയ കാലത്തിനു വളരെ അടുത്തുതന്നെ, പണ്ട് ഒരു നിരത്തുപണിക്കാരനായിരുന്ന ബുലാത്രുയെലിനു് ആ കാട്ടുപുറത്തു, ‘ചില വിദ്യകൾ’ ഉള്ളതായി ഗ്രാമത്തിൽ സംസാരമുണ്ടായിരുന്നു. ഈ ബുലാത്രുയെൽ തണ്ടുവലിശ്ശിക്ഷയിലായിരുന്നു എന്നറിയാമെന്നാണ് അവിടത്തുകാരുടെ ധാരണ. ആ മനുഷ്യനെ പൊല്ലീസ്സുകാർ അന്വേഷിച്ചിരുന്നു; എവിടെയും പണി കിട്ടാനില്ലെന്നു കണ്ടപ്പോൾ ഭരണാധികാരത്തിൽനിന്ന് അയാളെ ചുരുങ്ങിയ കൂലിനിരക്കിന്മേൽ ഗാങ്ങിയിൽ നിന്നു ലാങ്ങിയിലേക്കുള്ള വഴിമുറിവിൽ ഒരു നിരത്തുപണിക്കാരനാക്കി നിയമിച്ചു.

ബുലാത്രുയെൽ കുറച്ചധികം വണക്കക്കാരനും കുറച്ചധികം സാധുവും ആരെ കണ്ടാലും തലയിൽനിന്നു തൊപ്പിയെടുക്കുന്നതിൽ കുറച്ചധികം കണിശക്കാരനും പട്ടാളക്കാരുടെ മുൻപിൽ വിറച്ചുകൊണ്ടും പുഞ്ചിരിയിട്ടുകൊണ്ടും നില്ക്കുന്നവനുമാണെന്ന നിലയ്ക്ക്, ആ രാജ്യത്തുകാർ അപ്രീതിയോടുകൂടി കരുതിവന്നിരുന്ന ഒരുവനാണ്—‘ഒരു സമയം അവൻ തട്ടിപ്പറിക്കാരുടെ സംഘത്തിൽപ്പെട്ടവനായിരിക്കണം.’ ആളുകൾ പറഞ്ഞു; സന്ധ്യയായതിനുശേഷം കുറ്റിക്കാടുകൾക്കരികിൽ അയാൾ പതിയിരിക്കുന്നതു കണ്ടിട്ടുണ്ടത്രേ. അയാൾക്കു ഗുണമായിട്ടു് ഇതു മാത്രമേ ഉള്ളൂ—അയാൾ ഒരു കുടിയനാന്ന്.

ആളുകൾ സൂക്ഷിച്ചറിഞ്ഞു എന്നുവെച്ചിട്ടുള്ളതു് ഇതാന്ന്:

കുറച്ചുമുൻപു, നേർത്ത തന്റെ കല്ലുടയ്ക്കലും നിരത്തു നന്നാക്കലും നിർത്തിവെച്ചു ബുലാത്രുയെൽ ‘പിക്കാസും’കൊണ്ടു കാട്ടിലേക്കു പോയി. സന്ധ്യയോടു കൂടി അയാൾ തീരെ ആൾസ്സഞ്ചാരമില്ലാത്ത വെറും ചുള്ളിക്കാടുകൾക്കുള്ളിലേയ്ക്കു കടക്കുന്നതു കണ്ടു; അവിടെ എന്തോ അയാൾ തിരഞ്ഞുനോക്കുന്നായി തോന്നി; ഇടയ്ക്ക് ഓരോ കുഴി കുഴിക്കും. അതിലെ കടന്നുപോയ തറവാട്ടമ്മമാർ അതു ചെകുത്താനാണെന്ന് ആദ്യത്തിൽ തെറ്റിദ്ധരിച്ചു; ഒടുവിൽ അവർ ബുലാത്രുയെലെ കണ്ടറിഞ്ഞു; പക്ഷേ, അതുകൊണ്ടു ലേശമെങ്കിലും ധൈര്യം കൂടിയില്ല. ഈ കണ്ടുമുട്ടൽ ബുലാത്രുയെലെ നല്ലവണ്ണം മുഷിപ്പിച്ചിരുന്നതായി തോന്നി. ആ മനുഷ്യൻ കാഴ്ചയിൽ എന്തോ ഒന്ന് ഒളിച്ചുവെക്കാനുള്ള ശ്രമമാണ്; അയാളുടെ പ്രവൃത്തിയിൽ അസാധാരണമായി എന്തോ ഉണ്ട്.

ഗ്രാമത്തിൽ സംസാരമുണ്ടായിരുന്നു: ‘ചെകുത്താൻ വന്നിട്ടുണ്ടെന്നു തീർച്ചയാണ്. ബുലാത്രുയെൽ അവനെ കണ്ടിരിക്കുന്നു; അയാൾ തിരച്ചിലാണ്. എന്തായാലും, ഏതു ചെകുത്താന്റെ നിധിയും തന്റെ കീശയിലാക്കാൻ അയാൾക്കു സാമർഥ്യമുണ്ടു്.’

വോൾട്ടയരുടെ കക്ഷിക്കാർ കൂട്ടത്തിൽ കൂടി: ‘ബുലാത്രുയെൽ ചെകുത്താനെ പിടിക്കയോ, അതോ ചെകുത്താൻ ബുലാത്രുയെലെ പിടിക്കയോ, ഏതാണ്ടുണ്ടാവുക?’ വൃദ്ധന്മാരൊക്കെ അസംഖ്യം പ്രാവശ്യം കുരിശടയാളമിട്ടു.

ഇതിനിടയ്ക്കു ബുലാത്രുയെലിന്റെ കാട്ടിൽവെച്ചുള്ള പ്രവൃത്തി അവസാനിച്ചു; അയാൾ പിന്നേയും നിരത്തുപണി തുടങ്ങി; ആളുകൾ വേറെ ഒന്നിനെപ്പറ്റി സംസാരിക്കയായി.

എന്തായാലും ചിലരുടെ ഉൽക്കണ്ഠ തീർന്നില്ല: പഴങ്കഥകളിലെ ഇല്ലാ നിധിയല്ല ഇതിലൊന്നുമുള്ളതെന്നും ചെകുത്താന്റെ ബാങ്കുനോട്ടുകളെക്കാൾ കുറേക്കൂടി കാര്യമായിട്ടുള്ളതും വിലയുള്ളതുമായ എന്തോ ചില അപ്രതീക്ഷിതഭാഗ്യങ്ങൾ ഇതിലുണ്ടെന്നും നിരത്തുപണിക്കാരനു് അതിന്റെ സ്വഭാവം പകുതി മനസ്സിലായിട്ടുണ്ടെന്നും അവർ ഊഹിച്ചു. ഏറ്റവുമധികം ‘അമ്പരന്നുപോയ’തു സ്ക്കൂൾമാസ്റ്റരും തെനാർദിയെരുമാണ് —ചാരായക്കടയുടെ ഉടമസ്ഥനായ ആ സർവരുടേയും ബന്ധുതന്നെ; അയാൾ ബുലാത്രുയെലിന്റെ ഭാഗം കൂടാൻ ഒട്ടും മടി കാണിച്ചില്ല.

‘അയാൾ തണ്ടുവലിശ്ശിക്ഷയിലായിരുന്നു.’ തെനാർദിയെർ പറഞ്ഞു: ‘ഏ! ജഗദീശ്വര! ആരൊക്കെയാണു് അവിടെ പോയിട്ടുള്ളതു്, ഇനി പോവാനിരിക്കുന്നതു്, ആർ കണ്ടു!’

ഒരു ദിവസം വൈകുന്നേരം സ്ക്കൂൾമാസ്റ്റർ ഇരുന്നു, പണ്ടത്തെ കാലമാണെങ്കിൽ രാജ്യനിയമംതന്നെ ബുലാത്രുയെൽ കാട്ടിൽ ചെയ്തിരുന്നതെന്താണെന്ന് അന്വേഷണം നടത്തുമെന്നും അയാളെക്കൊണ്ടു വാസ്തവം പറയിക്കുമെന്നും, വേണമെങ്കിൽ അയാളെ ഭേദ്യംതന്നെ ചെയ്യുമായിരുന്നു എന്നും, ദൃഷ്ടാന്തത്തിനു വെള്ളത്തിൽ മുക്കുക എന്ന പരീക്ഷയ്ക്കുതന്നെ ബുലാത്രുയെൽ സമ്മതിച്ചിരുന്നു എന്നും വാദിച്ചു. ‘നമുക്ക് അയാളെ വീഞ്ഞിൽ മുക്കി നോക്കുക.’ തെനാർദിയെർ അഭിപ്രായപ്പെട്ടു.

അവർ ഒരു ശ്രമം ചെയ്തു; നിരത്തുപണിക്കാരൻ കിഴവനെക്കൊണ്ടു് മദ്യം കുടിപ്പിച്ചു. അയാൾ കുറെയധികം, അകത്താക്കി. പക്ഷേ കാര്യമൊന്നും പറഞ്ഞില്ല. ഒരു പമ്പരക്കുടിയന്റെ ദാഹവും ഒരു നീതിന്യായാധിപന്റെ വകതിരിവും അയാൾ അഭിനന്ദനീയമായ സാമർഥ്യത്തോടും നിഷ്കർഷയോടുംകൂടി കൂട്ടിയിണക്കിക്കാണിച്ചു. എന്തായാലും, അയാളുടെ മേലുള്ള കുറ്റം ആലോചിച്ചും, അയാൾ ഇടയ്ക്ക് അറിയാതെ പറഞ്ഞുപോയ ചില ചില്ലറവാക്കുകളെ കൂട്ടിച്ചേർത്തുനോക്കിയും മറ്റുമായി തെനാർദിയെറും സ്ക്കൂൾമാസ്റ്റരുംകൂടി തങ്ങൾ കൈയിലാക്കി എന്നു് മനോരാജ്യം വിചാരിച്ച കാര്യം ഇതൊക്കെയാണ്.

ഒരു ദിവസം രാവിലെ, പ്രഭാതത്തോടുകൂടി, ബുലാത്രുയെൽ പണിക്കിറങ്ങുന്ന സമയത്തു കാട്ടിൽ, ഒരു മൂലയിൽ, ഒരു കുറ്റിക്കാട്ടിനുള്ളിൽ, ഒരു കൈക്കോട്ടും ഒരു പിക്കാസും ആരോ ഒളിച്ചുവെച്ചിട്ടുള്ളതായി കണ്ട് അത്ഭുതപ്പെട്ടു.

ഏതായാലും, വെള്ളം കൊണ്ടുവരുന്ന ഫാദർ ഡിക്സ്ഫോറിന്റെ കൈക്കോട്ടും പിക്കാസുമായിരിക്കണമെന്നുവെച്ച് അയാൾ പിന്നെ അതിനെപ്പറ്റി ഒന്നും ആലോചിക്കുമായിരുന്നില്ല. പക്ഷേ, അന്നു വൈകുന്നേരം അയാൾ തന്നെ കാണിക്കാതെ ഒരു വലിയ മരത്തിനു പിന്നിൽ ഒളിച്ചുനിന്ന്, ‘ആ ഭാഗത്തോങ്ങുമുള്ള ആളല്ലാതെ, ബുലാത്രുയെൽ നല്ലവണ്ണം കണ്ടറിയുന്ന മനുഷ്യൻ.’ കാട്ടിൽ ഏറ്റവും ഇരുട്ടടഞ്ഞ ഒരു ഭാഗത്തേക്കു പോകുന്നതു നോക്കിക്കണ്ടു. തെനാർദിയെരുടെ തർജ്ജമ; തണ്ടുവലിശ്ശിക്ഷസ്ഥലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരൻ. എത്ര ചോദിച്ചിട്ടും ബുലാത്രുയെൽ ആ പേർ പറഞ്ഞില്ല. പറയില്ലെന്നു തീർത്തും ശഠിച്ചു. ആ മനുഷ്യന്റെ കൈയിൽ ഒരു ഭാണ്ഡമുണ്ടായിരുന്നു—ചതുരത്തിൽ ഒന്നു്; ഒരു വലിയ കൈപ്പെട്ടി, അല്ലെങ്കിൽ ഒരു ചെറിയ മുണ്ടുപെട്ടി. ബുലാത്രുയെലിന്നു അത്ഭുതമായി. ഏതായാലും ഏഴെട്ടു നിമിഷം കഴിഞ്ഞതിനുശേഷം മാത്രമേ ആ ‘മനുഷ്യന്റെ’ പിന്നാലെ ചെന്നുനോക്കണമെന്നുള്ള കാര്യം അയാൾക്കോർമവന്നുള്ളൂ. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയി; ആ മനുഷ്യൻ കാട്ടിനുള്ളിലായി, നേരം നല്ലവണ്ണം ഇരുട്ടായി, അയാളുടെ ഒപ്പമെത്താൻ നിവൃത്തിയില്ലെന്നു വന്നു. അതിനാൽ കാട്ടിനരികിൽ കാവൽനില്ക്കുക എന്ന മാർഗം നോക്കാൻ നിശ്ചയിച്ചു. ‘നിലാവുണ്ടായിരുന്നു.’ രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞപ്പോൾ കെട്ടുപിടിച്ച കാട്ടിനുള്ളൽനിന്നു് ആ പോയ ആൾ കൈയിലൊന്നുമില്ലാതെ കൈക്കോട്ടും പിക്കാസും മാത്രമായി പുറത്തേക്കു കടന്നുവരുന്നതു ബുലാത്രുയെൽ കണ്ടു. ആ മനുഷ്യനെ കടന്നുപോയ്ക്കൊള്ളാൻ ബുലാത്രുയെൽ സമ്മതിച്ചു; അടുത്തു ചെല്ലണമെന്നു നിരത്തുപണിക്കാരൻ സ്വപ്നേപികരുതിയില്ല; കാരണം, മറ്റേ ആൾക്കു മൂന്നിരട്ടി ശക്തികൂടുമെന്നും, എന്നല്ല കൈയിൽ പിക്കാസാണെന്നും, കണ്ടറിഞ്ഞുപോയാൽ ബുലാത്രുയെൽ അങ്ങോട്ടു കണ്ടറിഞ്ഞു എന്ന് തോന്നിപ്പോയാൽ, ഒരുസമയം ആ പിക്കാസുകൊണ്ടു തലയ്ക്കു നല്ല വീക്കു വീക്കിയേക്കുമെന്നും അയാൾ ഉള്ളുകൊണ്ടു ഭയപ്പെട്ടു. രണ്ടു പഴയ കുറ്റുകാർ തമ്മിൽ കണ്ടുമുട്ടിയാലത്തെ ഹൃദയംഗമങ്ങളായ സ്നേഹസ്ഫുരണങ്ങൾ. പക്ഷേ, കൈക്കോട്ടും പിക്കാസും ബുലാത്രുയെലിന്റെ മനസ്സിൽ ഒരു വെളിച്ചം കൊടുത്തു; രാവിലെ അയാൾ ആ കുറ്റിക്കാട്ടിൽ പാഞ്ഞു ചെന്നു നോക്കി; കൈക്കോട്ടുമില്ല, പിക്കാസുമില്ല. ഇതുകൊണ്ടൊക്കെ അയാൾ ഊഹിച്ചു; ആ മനുഷ്യൻ കാട്ടിന്നുള്ളിൽ ചെന്ന്, പിക്കാസുകൊണ്ടു് ഒരു കുഴികുത്തി, പെട്ടി അതിൽ നിക്ഷേപിച്ചു, കൈക്കോട്ടുകൊണ്ട് കുഴി തൂത്തു. അപ്പോൾ, പെട്ടിയിൽ ഒരു ശവമായിരിക്കാൻ മാത്രം അതിനു വലിപ്പമില്ല. അതിൽ പണമാവണം. അതുകൊണ്ടു് തിരഞ്ഞുനോക്കണം. ആ കാടു മുഴുവനും, കുറ്റിക്കാടായ കുറ്റിക്കാടൊക്കെയും ബുലാത്രുയെൽ പരിശോധിച്ചു. വകഞ്ഞുനോക്കി, തപ്പിനോക്കി, മണ്ണ് അല്പമൊന്ന് പുതുതായി ഇളകിയിട്ടുണ്ടെന്നു് തോന്നിയേടത്തൊക്കെ അയാൾ കുഴിച്ചു, വെറുതേ.

അയാൾ യാതൊന്നും ‘മാന്തിയെടുത്തി’ല്ല. മോങ്ഫെർമിയെയിൽ ആരും തന്നെ അതിനെപ്പറ്റി പിന്നെ ആലോചിച്ചില്ല. എന്തായാലും നില്ക്കാത്ത ചില നാട്ടു വർത്തമാനങ്ങൾ മാത്രം പറഞ്ഞുനോക്കി, ‘ഒരാവശ്യമില്ലാതെ നിരത്തു പണിക്കാരൻ ഈ ബുദ്ധിമുട്ടൊക്കെ, ബുദ്ധിമുട്ടില്ലെന്നു തീർച്ചയാണ്, ചെകുത്താൻ വന്നിരുന്നു എന്ന് അയാൾക്കു നല്ല ഉറപ്പുണ്ടാവണം.’

കുറിപ്പുകൾ

[1] പ്രസിദ്ധനായ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.

[2] ഇംഗ്ലണ്ടിലെ കൊല്ലപ്പെട്ട രാജാവിന്റെ മകൻ 1630 മുതൽ 1685 വരെയാണു് കാലം.

2.2.3
ഒരു ചുറ്റികകൊണ്ടുള്ള മേട്ടത്താൽ ആവിധം മുറിഞ്ഞു പോകണമെങ്കിൽ കാൽച്ചങ്ങലയിന്മേൽ മുൻപേത്തന്നെ ചില കൈപ്രയോഗങ്ങളൊക്കെ ചെയ്തിട്ടുണ്ടാവണം

ആ കൊല്ലത്തിൽത്തന്നെ, 1823-ൽ, തൂലോങ്ങിലെ നിവാസികൾ, ഒരു വലിയ കോളും പിശറും കഴിഞ്ഞു ചില കേടുപാടുകൾ തീർക്കുവാൻവേണ്ടി ഓറിയോങ് കപ്പൽ തങ്ങളുടെ തുറമുഖത്തടുക്കുന്നതു നോക്കിക്കണ്ടു; അതു പിന്നീട് ഒരു വിദ്യാഭ്യാസക്കപ്പലായി ബ്രെസ്റ്റിൽ നിർത്തിയിരുന്നു; മെഡിറ്ററേനിയൻ കടലിലെ പടക്കപ്പൽക്കൂട്ടത്തിൽപ്പെട്ടതാണ് അതന്ന്.

ഈ കപ്പൽ തകർന്നുപോയിരുന്നതുകൊണ്ട്—അതേ, കടൽ അതിനെ എടുത്തു് ഒന്നു നല്ലപോലെ കശക്കിക്കളഞ്ഞു—ആ ബന്തറിലടുത്തപ്പോൾ ആകപ്പാടെ അതൊരു നല്ല ഒച്ചപ്പാടുണ്ടാക്കി. ചില കൊടിയടയാളങ്ങൾ പാറിച്ചിരുന്നതുകൊണ്ട് പതിനൊന്നു വടികൊണ്ടുള്ള സ്വാഗതം അതു സമ്പാദിച്ചു; ആ സ്വാഗതോക്തിക്ക് ഒന്നിനൊന്നായി അതങ്ങോട്ടും മറുപടി പറഞ്ഞു; ആകെ വെടി ഇരുപത്തിരണ്ട്, സൽക്കാരങ്ങൾ, രാജകീയനിയമപ്രകാരവും സൈനികനിയമപ്രകാരവുമുള്ള ആചാരമര്യാദ, ബന്തറുകളിലേയും കോട്ടകളിലേയും നടപടികൾ, സൂര്യോദയം, സൂര്യാസ്തമയം എന്നീ പലതുംകൊണ്ട് സകല കോട്ടകളിലും, എല്ലാ പടക്കപ്പലുകളിലും, തുറമുഖങ്ങളിലേക്കുള്ള വരവുകളിലും പോക്കുകളിലും, മറ്റും മറ്റുമായി ഭൂമി മുഴുവനും വ്യാപിച്ചുകിടക്കുന്ന പരിഷ്കൃതലോകം ഓരോ ഇരുപത്തി നാലുമണിക്കൂറിനുള്ളിൽ ആകെ ഒരു ലക്ഷത്തി അമ്പതിനായിരം അനാവശ്യവെടിവെയ്ക്കുന്നുണ്ടെന്നു കണക്കെടുത്തിരിക്കുന്നു. ഒരു വെടിക്ക് ആറു ഫ്രാങ്കുവീതമാവുമ്പോൾ അതു് ഒരു ദിവസംകൊണ്ടു് തൊണ്ണൂറു ലക്ഷം ഫ്രാങ്കായിത്തീരുന്നു; ഒരു കൊല്ലത്തിൽ മുപ്പതു കോടി. ഇതു മുഴുവനും വെറും പുകയായിപ്പോവുകയാണു്. ഇതിപ്പോൾ ഒരേകദേശക്കണക്ക് എന്നേ ഉള്ളൂ. ഈ സമയത്തൊക്കെ സാധുക്കൾ പട്ടിണികൊണ്ടു മരിക്കുന്നു.

രാജത്വയഥാസ്ഥാപനം ‘സ്പാനിഷ് യുദ്ധകാലം’ എന്ന് നാമകരണം ചെയ്തതാന്ന് ക്രിസ്ത്വാബ്ദം 1823.

ഈ യുദ്ധത്തിനുള്ളിൽ അസംഖ്യം പ്രധാന സംഭവങ്ങളും അസംഖ്യം വിശേഷങ്ങളും അടങ്ങിയിട്ടുണ്ടു്. ബോർബൺ രാജകുടുംബത്തിനു കുടുംബസംബന്ധിയായ ഒരു വലിയ കാര്യം; ഫ്രാൻസ് രാജവംശം സ്പെയിനിലെ രാജവംശത്തെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്തു-എന്നുവെച്ചാൽ, വയസ്സുമൂത്തവർ ചെയ്യേണ്ടതായ ഒരു പ്രവൃത്തി ചെയ്തു. അടിമത്തംകൊണ്ടും മന്ത്രിസംഘത്തോടുള്ള ആശ്രിതത്വംകൊണ്ടും തകരാറായ നമ്മുടെ രാഷ്ട്രീയൈതിഹ്യങ്ങളിലേക്കുള്ള സാക്ഷാൽ പുനഃപ്രവേശം; ആൻദ്യൂഷാദോ യുദ്ധത്തിലെ ധീരൻ എന്ന്, സ്വതന്ത്ര ഭരണസംവാദികൾ പേരിട്ട ദ്യൂക്ദാൻഗുലീം തന്റെ സൗമ്യസ്വഭാവത്തിനു, വിരുദ്ധമായ വിജയഭാവത്തിൽ, സ്വതന്ത്രഭരണസംവാദികളുടെ മനോരാജ്യത്തിനൊത്ത ക്രൂരത്വത്തിനു പ്രതികൂലമായ പണ്ടത്തെ പ്രബല ഭരണാധികാരത്തിന്റെ ക്രൂരതയെക്കൊണ്ടു് ചെയ്ത കൂട്ടിയമർക്കൽ; ഡെസ്കാമിസാഡോ [3] എന്ന പേരിൽ, പ്രഭുവിധവമാരുടെ മഹാഭയത്തിനു, പുനരുജ്ജീവിച്ചുവന്ന സാൻസ്ക്യുലോട്ടുകാർ [3] ഏകച്ഛത്രാധിപത്യം കടന്നു് അരാജകത്വമെന്നു പറയപ്പെടുന്ന അഭിവൃദ്ധിയുടെ ഒരു തടസ്സത്തിന് എതിർനില്ക്കൽ; 1789-ലെ ആലോചനകളെ ഇടയ്ക്കു ചെന്നു തടയൽ; ലോകം മുഴുവനും സഞ്ചരിക്കുന്ന ഫ്രഞ്ചാലോചനയോടു യൂറോപ്പൊന്നിച്ചുകൂടി നില്ക്കാൻ പറയൽ; ഫ്രാൻസിൽ ജനിച്ച ഒരു സാമാന്യക്കാരൻ മുഖ്യസേനാധിപന്നരികെ, പിന്നീടു ചാറൽസ് ആൽബർട്ട് എന്നു വിളിച്ചുവന്ന കാറിഗ്നൺ [4] രാജകുമാരൻ, പൊതുജനസമുദായത്തോടു രാജാക്കന്മാർ മുഴുവനും കൂടിയുള്ള പോരാട്ടത്തിൽ, ചുകന്ന ഭടമുദ്രയോടുകൂടി ഒരു സ്വതന്ത്രഭടനായി ചേർന്നു നില്ക്കൽ; ഫ്രഞ്ച് സാമ്രാജ്യത്തിലെ യുദ്ധഭടന്മാർ വയസ്സന്മാരായി; ദുഃഖശീലന്മാരായി. എട്ടു കൊല്ലം വെറുതെയിരുന്നിതിനു ശേഷം, ഭൃത്യത്വം സൂചിപ്പിക്കുന്ന തൊപ്പിയിലെ വെള്ളനാടയോടുകൂടി ഒരു പുതിയതരം യുദ്ധകാലത്തു പുറത്തിറങ്ങൽ; മതാചാര്യന്മാർ നമ്മുടെ സൈന്യത്തോടു് ഇടകലർന്നു നില്ക്കൽ; കുന്തങ്ങളെക്കൊണ്ടു സ്വാതന്ത്ര്യത്തേയും പുതുമയേയും പറ്റിയുള്ള അതിശ്രദ്ധയ്ക്കു തന്റേടം വെപ്പിക്കൽ; പീരങ്കിവെടികൾകൊണ്ടു ധർമനിഷ്ഠകൾ തവിടായിത്തീരൽ; ആലോചനകൊണ്ടു മുൻപ് താൻ ചെയ്തുവെച്ചിട്ടുള്ളതിനെ ഫ്രാൻസ് ആയുധങ്ങളെക്കൊണ്ടു മാറ്റിത്തീർക്കൽ; ഇതിനുപുറമെ, ശത്രുസൈന്യാധിപന്മാർ വിലയ്ക്കു വില്ക്കപ്പെടൽ, യുദ്ധഭടന്മാർ സംശയിച്ചുനില്ക്കൽ, ലക്ഷക്കണക്കിൽ ആളുകൾ കൂടി നഗരങ്ങൾ വളയൽ; പട്ടാളക്കാർക്കു ചേർന്ന അപകടമില്ലായ്മ; പക്ഷേ, അറിയാതെ ചെന്നു തട്ടിപ്പോയ ഓരോ തുരങ്കത്തിൽനിന്നുമുള്ള പൊട്ടൽകൊണ്ടുള്ള ആപത്തുകൾ; തീരെ രക്തം പുറപ്പെടായ്ക; ആരും ബഹുമതി സമ്പാദിക്കായ്ക; ചിലർക്ക് അവമാനം കിട്ടൽ; ആർക്കും മാന്യത കിട്ടായ്ക—പതിന്നാലാമൻ ലൂയിയുടെ അനന്തരഗാമികളായ രാജാക്കന്മാർ ഉണ്ടാക്കിയതും നെപ്പോളിയന്റെ കീഴിലുണ്ടായിരുന്ന യുദ്ധഭടന്മാർ നടത്തിയതുമായ ഈ യുദ്ധം ഇങ്ങനെയുള്ളതായിരുന്നു. മഹത്തായ യുദ്ധത്തെയോ മഹത്തായ ഭരണശാസ്ത്രത്തേയോ അനുസ്മരിപ്പിക്കാതിരിക്കയാണ് അതിന്റെ വ്യസനകരമായ യോഗം.

ചില ആയുധപ്പയറ്റുകൾ സഗൗരവങ്ങളായിരുന്നു; മറ്റു പലതുകളുടെയും കൂട്ടത്തിൽ ട്രൊക്കാഡെറോ പിടിച്ചെടുക്കൽ ഒരു കൊള്ളാവുന്ന പ്രവൃത്തിതന്നെയാണ്; എങ്കിലും ഞങ്ങൾ ആവർത്തിക്കുന്നു, ഈ യുദ്ധത്തിലെ കാഹളംവിളി ഒരു ചിലമ്പനൊച്ചയാണുണ്ടാക്കിയതു്; ആകപ്പാടെയുണ്ടായ ഫലം തീരെ നന്നായില്ല; ഈ കൃത്രിമമായ വിജയത്തെ സ്വീകരിക്കുവാൻ തടസ്സമുണ്ടാക്കിയതിൽ ചരിത്രം ഫ്രാൻസിനെ അഭിനന്ദിക്കുന്നു. ചില സ്പാനിഷ് സൈന്യാധിപന്മാർ എതിർക്കപ്പെട്ട സമയം എളുപ്പത്തിൽ കീഴടങ്ങി എന്നുള്ളതു സ്പഷ്ടമാണ്; വിജയത്തോടുകൂടി വഷളത്തം കൂടികലർന്നിരിക്കുന്നു; സൈന്യാധിപരെയാണു് ജയിച്ചത്, യുദ്ധത്തെയല്ല; ജയം നേടിയ യുദ്ധഭടൻ തലയും താഴ്ത്തി മടങ്ങി. ചുരുക്കിപ്പറഞ്ഞാൽ, കൊടിക്കൂറയുടെ മടക്കുകളിൽ ഫാരൻസിന്റെ ധനസ്ഥിതിയെ നോക്കി വായിക്കാവുന്ന ഒരു നികൃഷ്ടമായ യുദ്ധം.

ഭയങ്കരമായ ഒരു പൊളിഞ്ഞുവീഴയായി സാറഗോസാ [5] ആരുടെ മേൽ വീണുവോ ആ 1808-ലെ യുദ്ധഭടന്മാർ കോട്ടകളുടെ എളുപ്പത്തിലുള്ള കീഴടങ്ങളിൽ 1823-ൽ നെറ്റി ചുളിച്ചു; അവർ പാലഫോക്സിനെപ്പറ്റി പശ്ചാത്തപിക്കാൻ തുടങ്ങി; ക്ഷണത്തിൽ കീഴടങ്ങുന്നവരെക്കാൾ എന്തായാലും പിടിച്ചുനില്ക്കുന്ന ധീരോദാത്തന്മാരെ മുൻപിൽ കിട്ടാൻ പ്രാർഥിക്കുന്ന ഒരു സ്വഭാവമാണു് ഫ്രാൻസിനുള്ളതു്.

കുറേക്കൂടി സഗൗരവമായ ഒരു നിലയിൽ നോക്കുമ്പോൾ—ഇവിടെ അതൂന്നപ്പറയുന്നതു് ഉചിതവുമാണ്— ഫ്രാൻസിന്റെ ധീരോദാത്തതയെ മുറിപ്പെടുത്തിയ ഈ യുദ്ധം പ്രജാധിപത്യ പരമായ മനോവൃത്തിയെ ശുണ്ഠിപിടിപ്പിച്ചു. അടിമപ്പെടുത്തലിന്റേതായിരുന്നു ആ ഒരു ശ്രമം. ആ യുദ്ധത്തിൽ പ്രജാധിപത്യത്തിന്റെ സന്താനമായ ഫ്രഞ്ചുഭടനുണ്ടായിരുന്ന ഉദ്ദേശം മറ്റുള്ളവർക്ക് അസ്വന്ത്രത വാങ്ങിക്കൊടുക്കുകയായിരുന്നു. ഒരു വല്ലാത്ത പരസ്പരവിരുദ്ധത. ജനസമുദായങ്ങളുടെ ആത്മാവിന് ഉൽഗതിയുണ്ടാക്കുവാനാണു് ഫ്രാൻസിന്റെ ജനനം, അതിനെ അടിച്ചമർക്കുവാനല്ല. 1792-നു ശേഷം യൂറോപ്പിലുണ്ടായിട്ടുള്ള ഭരണപരിവർത്തനങ്ങളെല്ലാം ഫ്രാൻസിലെ ഭരണപരിവർത്തനമാണ്; സ്വാതന്ത്ര്യം ഫ്രാൻസിൽനിന്ന് പ്രകാശനാളങ്ങളെ പുറപ്പെടുവിക്കുന്നു. ഇതു പ്രകാശമാനമായ ഒരു വാസ്തവമാണ്. ആർ കാണുന്നില്ലയോ അവനാണ് കുരുടൻ! ഇതു പറഞ്ഞിട്ടുള്ളതു് ബോണാപ്പാർട്ടത്രേ.

മര്യാദക്കാരായ സ്പെയിൻരാജ്യക്കാരുടെ നേരെ പ്രവർത്തിച്ച ഒരന്യായമായ 1823-ലെ യുദ്ധം, അതിനാൽ, അതോടുകൂടിത്തന്നെ, ഫ്രാൻസിലെ ഭരണപരിവർത്തനത്തിനു നേരെയും ചെയ്ത ഒരന്യായമായി. ഈ രാക്ഷസോചിതമായ അക്രമം ഫ്രാൻസാണ് പ്രവർത്തിച്ചതു്; എന്തുകൊണ്ടെന്നാൽ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധങ്ങളിലൊഴികെ, നിർമര്യാദമായ വഴിക്കുള്ളതുതന്നെയാണ്.:എതിർ പറയാത്ത അനുസരണം എന്ന വാക്കുകൾ ഇതിനെ സൂചിപ്പിക്കുന്നു. സൈന്യമെന്നു വച്ചാൽ, അശക്തിയുടെ ഒരു മഹത്തായ ആകത്തുകയിൽനിന്നു ശക്തി പുറപ്പെടുന്ന ഒരത്ഭുതകരമായ സങ്കലനവിശേഷമാണ്. മനുഷ്യത്വം ഉള്ളിലിരുന്നാലും മനുഷ്യസമുദായം മനുഷ്യസമുദായത്തിനു നേരെ ചെയ്യുന്നതായ യുദ്ധത്തിന് ഇതാണു് സമാധാനം.

ബോർബൺ രാജവംശത്തെപ്പറ്റിയാണെങ്കിൽ, 1823-ലെ യുദ്ധം അവരുടെ കഷ്ടകാലത്തിനുണ്ടായതാണ്. അവർ അതൊരു ജയമായി സങ്കല്പിച്ചു. ഒരു വിചാരത്തെ വാളുകൊണ്ട് അമർത്തുന്നതിലുള്ള അപകടം അവർ നോക്കിയില്ല. അവരുടെ അജ്ഞതയിൽ, ഒരു കുറ്റം ചെയ്യുന്നതുകൊണ്ടുള്ള ശക്തിക്ഷയത്തെ ശക്തിവർദ്ധനയ്ക്കുള്ള ഒരു സാധനമായി തങ്ങളുടെ ഏർപ്പാടിൽ എടുത്തുകൂട്ടത്തക്കവിധം അവർ അത്രമേൽ വഴിതെറ്റിവെച്ചുകളഞ്ഞു. അവരുടെ ഭരണശാസ്ത്രത്തിനുള്ളിൽ കള്ളപ്പോരിനുള്ള വാസന കയറിക്കൂടി. 1830ന്റെ [6] വിത്തു് 1823-ലുണ്ട്. അവരുടെ ആലോചനയിൽ, സ്പെയിൻകാരുമായുണ്ടായ ആ യുദ്ധം ആയുധബലം ആവശ്യമാണെന്നുള്ളതിനും രാജത്വം ദൈവികമായ ഒരവകാശമാണെന്നുള്ളതിനും ഒരു ന്യായമായിത്തീർന്നു! സ്പെയിനിൽ രാജാധികാരത്തെ പുനഃസ്ഥാപനം ചെയ്ത ഫ്രാൻസ് സ്വന്തം സ്ഥലത്തു സ്വേച്ഛാധികാരത്തോടു കൂടിയ രാജത്വത്തെ വീണ്ടും സ്ഥാപിക്കാൻ നോക്കുമായിരുന്നു. പട്ടാളക്കാരന്റെ അനുസരണശീലത്തെ ജനസമുദായത്തിന്റെ അനുമതിയായി കൂട്ടുക എന്ന അപകരടംപിടിച്ച അബദ്ധത്തിൽ അവർ വീണുപോയി; ഇങ്ങനെയുള്ള വിശ്വാസമാണ് രാജസിംഹാസനങ്ങളുടെ നാശം. പടർന്നുപിടിച്ച ഒരു മരത്തിന്റെ തണലിലാവട്ടെ, ഒരു സൈന്യത്തിന്റെ തണലിലാവട്ടെ, കിടന്നുറങ്ങുവാൻ അതനുവദിക്കപ്പെടുന്നില്ല.

നമുക്ക് ഓറിയോങ് കപ്പലിന്റെ അടുക്കലേക്കുതന്നെ മടങ്ങിച്ചെല്ലുക.

രാജകുമാരസേനാപതിക്കു കീഴിൽ സൈന്യങ്ങൾ യുദ്ധം ചെയ്തുവരുമ്പോൾ, ഒരു പടക്കപ്പൽക്കൂട്ടം മെഡിറ്ററേനിയൻകടലിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഓറിയോങ് ഈ കപ്പൽസ്സൈന്യത്തിൽപ്പെട്ടതാണെന്നും കടലിൽവെച്ചു പറ്റിയ ആപത്തുകളെക്കൊണ്ടാണ് അതിനു തൂലോങ് തുറമുഖത്തേക്കു വരേണ്ടിവന്നതെന്നും ഞങ്ങൾ പറകയുണ്ടായി. ഒരു യുദ്ധക്കപ്പൽ ഒരു തുറമുഖത്തണയുന്നതിൽ, ആളുകളെ ആകർഷിക്കുവാനും ആൾക്കൂട്ടത്തെ വിടാതെ നിർത്തുവാനും പോന്ന എന്തോ ഒന്നുണ്ട്. യുദ്ധക്കപ്പൽ എന്നതു വലിയ ഒന്നാണല്ലോ; വലിയതായ എന്തിനേയും ആൾക്കൂട്ടം ഇഷ്ടപ്പെടുന്നു.

മനുഷ്യബുദ്ധി പ്രകൃതിശക്തികളോടുകൂടി ചെയ്യുന്ന ഏറ്റവും സവിശേഷങ്ങളായ സങ്കലനങ്ങളിൽ ഒന്നാണ് ഒരു പടക്കപ്പൽ.

അതോടൊപ്പംതന്നെ ഒരു പടക്കപ്പൽ എന്നത് ഈ ഭൗതികലോകത്തിൽവെച്ച് ഏറ്റവും കനംകൂടിയതും ഏറ്റവും കനം കുറഞ്ഞതുമായ പദാർഥങ്ങളെക്കൊണ്ടുണ്ടായതാണ്; എന്തുകൊണ്ടെന്നാൽ, ഒരേസമയത്ത് അതു ഗുരുപദാർഥം, ലഘുപദാർഥം, ദ്രവപദാർഥം എന്നീ മൂന്നു തരത്തോടും പെരുമാറുന്നു; ഈ മൂന്നിനോടും അതിനു യുദ്ധംവെട്ടാനുണ്ട്. കടലിൽക്കിടക്കുന്ന കരിങ്കല്ലിനെ പിടിക്കാൻ പതിനൊന്നു് ഇരിമ്പുനഖങ്ങൾ അതിനുണ്ട്; എന്നല്ല, ആകാശത്തുള്ള കാറ്റിനെപ്പിടിക്കാൻ അതിനു പറക്കുന്ന ജീവികളെക്കാളധികം ചിറകുകളും നീണ്ട രോമങ്ങളുമുണ്ട്. വമ്പിച്ച കാഹളങ്ങളിലൂടെയെന്നപോലെ, നൂറ്റിരുപതു പീരങ്കികൾക്കുള്ളിലൂടെ അതിന്റെ ശ്വാസം പുറത്തേക്കു വരുന്നു; അത് ഇടിവെട്ടിനോടു സാഭിമാനം സമുദ്രം അതിനെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നു; പക്ഷേ, കപ്പലിന്നു സ്വന്തം ആത്മാവുണ്ട്—അതിന്റെ വടക്കുനോക്കിയന്ത്രം; അതു വേണ്ട ഉപദേശം കൊടുക്കുകയും എപ്പോഴും വടക്കോട്ടുള്ള വഴി കാണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏറ്റവും കറുത്തിരുണ്ട രാത്രികളിൽ അതിന്റെ റാന്തൽവിളക്കുകൾ നക്ഷത്രങ്ങളുടെ സ്ഥാനം നടത്തുന്നു. അപ്പോൾ കാറ്റിന്റെ നേർക്ക് തന്റെ കമ്പയും പായയും അതിനുണ്ട്. വെള്ളത്തിന്റെ നേർക്ക് തന്റെ മരപ്പണി; പാറകളുടെ നേർക്കു തന്റെ ഇരിമ്പും പിച്ചളയും ഈയവും; നിഴല്പാടുകളുടെ നേർക്ക് തന്റെ വെളിച്ചം; അപാരതയുടെ നേർക്ക് ഒരു സൂചി.

എല്ലാംകൂടി നോക്കുമ്പോൾ, ഒര പടക്കപ്പലായിത്തീരുന്ന ആ പടുകൂറ്റൻ സാധനങ്ങളുടെ ആകപ്പാടെയുള്ള ഒരു സ്വരൂപജ്ഞാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ബ്രസ്റ്റിലോ തൂലോങ്ങിലോ ഉള്ള ആറു നിലകളോടുകൂടിയ പണിസ്ഥലങ്ങൾ ഒന്നു പോയി നോക്കിയാൽ മതി. പണിചെയ്യപ്പെട്ടുവരുന്ന കപ്പലുകൾ, ഒരു പളുങ്കുകൂടിന്നുള്ളിലെന്നപോലെ, അവിടെ കാണാം. ആ മഹത്തായ കപ്പലകലം ഒരു മുറ്റം മുഴുവനുമാണ്; ഭൂമിയിൽ കണ്ണെത്താവുന്നേടത്തോളം നീളത്തിൽ നീണ്ടുകിടക്കുന്ന ആ മരത്തടി കപ്പലിന്റെ പായ്മരമാണ്. നിലത്തുള്ള അതിന്റെ അറ്റം തൊട്ടു് ആകാശത്തുള്ള അറ്റം വരെ കൂട്ടിയളന്നാൽ ആകെ മുന്നൂറ്ററുപതടി നീളം കാണും; അടിയിലുള്ള വ്യാസം മൂന്നടിയും; ഇംഗ്ലീഷുകപ്പലിന്റെ പായ്മരത്തിനു വെള്ളത്തിന്റെ നിലയിൽനിന്ന് ഇരുനൂറ്റെഴുപതടി ഉയരമുണ്ടാവും. നമ്മുടെ പൂർവികന്മാരുടെ പടക്കപ്പൽ കമ്പക്കയർ ഉപയോഗിച്ചിരുന്നു; നമുക്കിപ്പോൾ ആ സ്ഥാനത്തു ചങ്ങലയാണ്. നൂറു തോക്കുള്ള ഒരു കപ്പലിലെ വെറും ചങ്ങലക്കുന്നു നാലടി ഉയരവും ഇരുപതടി വീതിയും എട്ടടി നീളവും ഉള്ളതായിരിക്കും. ആ കപ്പൽ ഉണ്ടാക്കാൻ മരം എത്രവേണ്ടിവരും? മുവ്വായിരം ക്യൂബിക് മീറ്റർ [7] അതു് ഒരൊഴുകുന്ന കാടാണ്.

അത്രമാത്രമല്ല, നാല്പതു കൊല്ലം മുൻപുള്ള പടക്കപ്പലിനെപ്പറ്റിയാണ്. ഒരു പായക്കപ്പലിനെപ്പറ്റി മാത്രമാണ്, നാമിപ്പോൾ ആലോചിക്കുന്നതെന്ന് ഓർമിക്കണം; അന്നു വെറും പിഞ്ചുകുട്ടിയുടെ പ്രായത്തിലായിരുന്ന ആവിപ്രയോഗം ഒരു പടക്കപ്പൽ എന്നു പറയപ്പെടുന്ന ആ കൂറ്റൻ സാധനത്തിനു പല സവിശേഷതകളും പുതുതായി കൂട്ടിച്ചേർത്തിരിക്കുന്നു. ദൃഷ്ടാന്തത്തിന്ന്, ഇക്കാലത്തെ ഒരു പിരിയാണിത്തീക്കപ്പൽ ഒന്നേ മുക്കാലേ അരയ്ക്കാൽ ചതുരശ്രനാഴിക വലുപ്പമുള്ള കപ്പൽപ്പായയാലും രണ്ടായിരത്തഞ്ഞൂറു കുതിരയുടെ ശക്തിയുള്ള ഒരു യന്ത്രത്താലും ഓടിക്കപ്പെടുന്ന ഒരത്ഭുതവസ്തുവാണ്.

ഈ പുതിയ അത്ഭുതങ്ങളെപ്പറ്റി പറയാഞ്ഞാൽത്തന്നെ, ക്രിസ്തോഫർകൊളമ്പസ്സും [8] ദു് റൂയിറ്റരും [9] ഉപയോഗിച്ചുപോന്ന പണ്ടത്തെ കപ്പൽ മനുഷ്യബുദ്ധിയുടെ വിശിഷ്ടകർമങ്ങളിൽ ഒന്നാണു്. കോളേറ്റങ്ങളിൽ കാണപ്പെടുന്ന ആ അപാരതയെന്നപോലെ അതും അവസാനമില്ലാത്ത ശക്തിയോടുകൂടിയിരിക്കുന്നു; അതു തന്റെ പായയിൽ കാറ്റിനെ കെട്ടി സൂക്ഷിക്കുന്നു; തിരകളുടെ വമ്പിച്ച തൂമ്പില്ലായ്മയിൽ അതു കണിശം കാണിക്കുന്നു; അതു് ഒഴുകിപ്പോകുന്നു; അതു സമുദ്രത്തെ ഭരിക്കുന്നു.

എന്തായാലും, ഒരു സമയമെത്താനുണ്ട്, അപ്പോൾ ആ അറുപതടി നീളമുള്ള സാധനത്തെ കോളേറ്റം കടന്ന് ഒരു വയ്ക്കോൽക്കൊടിയെ എന്നപോലെ മുറിച്ചുകളയു; നാനൂറടി ഉയരമുള്ള പായ്മരത്തെ കാറ്റുവളയ്ക്കുന്നു; ആയിരക്കണക്കിൽ വളരെയധികം ടൺ തൂക്കമുള്ള അതിന്റെ നങ്കൂരത്തെ, ഒരു മുക്കുവന്റെ ചൂണ്ടൽക്കൊളുത്തിനെ ഒരു വലിയ മത്സ്യത്തിന്റെ വായയെന്നപോലെ, തിരകളുടെ വായ ചുളുക്കിക്കോട്ടുന്നു; ആ പൈശാചികങ്ങളായ പീരങ്കികൾ ദയനീയങ്ങളായ നിഷ്ഫലഗർജ്ജനങ്ങൾ ഗർജ്ജിക്കുന്നു—അതിനെ കൊടുങ്കാറ്റ് ആകാശത്തിലും അന്ധകാരത്തിലും കൊണ്ടുനടക്കും; ആ ശക്തിയും പ്രഭാവവുമെല്ലാം അതിനെക്കാൾ മഹത്തരമായ മറ്റൊരു ശക്തിയിലും പ്രഭാവത്തിലും ആണ്ടുപോകുന്നു.

ആ മഹത്തായ ശക്തി വളർന്നുവളർന്നു എപ്പോഴെല്ലാം ഒരു മഹത്തായ അശക്തിയിൽ ചെന്നവസാനിക്കുന്നുവോ അപ്പോഴെല്ലാം അതാലോചനയ്ക്കു വിഷയമുണ്ടാക്കുന്നു. അതാണ്, ജിജ്ഞാസുക്കളായ ജനങ്ങൾ, എന്തിനെന്നു തികച്ചും തങ്ങൾക്കുതന്നെ പറഞ്ഞുകൊടുക്കാൻ കഴിയാതെ, ഈ വക അത്ഭുതകരങ്ങളായ യുദ്ധത്തിന്റേയും സമുദ്രതരണത്തിന്റേയും യന്ത്രസാമഗ്രികൾക്കു ചുറ്റും ചെന്നു കൂട്ടം കൂടുന്നത്.

കുറച്ചുകാലമായി രോഗം തുടങ്ങിയിരിക്കുന്ന ഒരു കപ്പലാണു് ഓറിയോങ്. മുൻപിലത്തെ സമുദ്രസഞ്ചാരങ്ങളിൽ അതിന്റെ അടിമരത്തിൽ ചില ഉച്ചുകൾ അത്രമേൽ കനത്തിൽ പിടിച്ചുകൂടിയിരുന്നതുകൊണ്ടു് അതിന്റെ വേഗം പകുതിപെട്ടിരുന്നു; കഴിഞ്ഞ കൊല്ലത്തിൽ അതൊരിക്കൽ കപ്പൽക്കോതിയിൽ കയറ്റി ആ ഉച്ചു ചുരണ്ടിക്കളഞ്ഞു പിന്നീടു വെള്ളത്തിലിറക്കപ്പെട്ടതാണ്; പക്ഷേ, ആ ചുരണ്ടൽ അടിമരത്തിന്റെ പിരിയാണികൾക്കു തട്ടിക്കളഞ്ഞു; ബലിയാറിക് ദ്വീപുകളുടെ അയൽപ്രദേശത്തുവെച്ച് അതിന്റെ പാർശ്വങ്ങൾക്കു കേടു തട്ടി ആ ഭാഗങ്ങൾ തുറന്നുപോയി; ആ കാലത്തു കപ്പൽപ്പുറത്തടിക്കുന്ന ലോഹപ്പലക ഇരിമ്പുകൊണ്ടുള്ളതല്ലാത്തതുകൊണ്ട്, അതിൽ കുറേശ്ശെ വെള്ളം കടക്കാൻ തുടങ്ങി. മീനം, മേടം കാലത്തുള്ള ഒരു ശക്തിമത്തായ കോളേറ്റം അടിച്ചുകയറി കപ്പലിന്റെ ഇടത്തുഭാഗത്തുള്ള ഒരഴിച്ചുമരും ഒരു വെടിപ്പഴുതും പൊളിച്ചുകളഞ്ഞു. മുകളിലത്തെ ഒരുറപ്പുകൂടിയ പായ്ക്കയർ തകരാറാക്കി; ഈ കേടുകാരണം, ഓറിയോങ് കപ്പൽ തൂലോങ്ങിലേക്കുതന്നെ തിരിച്ചു പാഞ്ഞു.

ആയുധശാലയ്ക്കരികിലായി അതു നങ്കൂരമിട്ടു; അതിൽത്തന്നെ വേണ്ട ഏർപ്പാടുകളെല്ലാം ഉണ്ടായിരുന്നതുകൊണ്ടു, കേടു തീർക്കൽ വേഗത്തിൽ ആരംഭിച്ചു. വലത്തുപുറത്തു കപ്പലിന്റെ ഉടലിനു കേടൊന്നും പറ്റിയിരുന്നില്ല; എങ്കിലും പതിവനുസരിച്ചു ചരക്കറയിൽ കാറ്റു കടക്കുവാൻവേണ്ടി അവിടവിടെ ചില പലകകൾ ആണിയഴിച്ചെടുക്കപ്പെട്ടു.

ഒരു ദിവസം അതു നോക്കിക്കൊണ്ടുനിന്നിരുന്ന ആൾക്കൂട്ടം ഒരപകടസംഭവം കണ്ടു.

കപ്പൽക്കാർ പായ മടക്കുന്ന തിരക്കായിരുന്നു; ഇടത്തുപുറത്തുള്ള മുകളിലത്തെ പായമൂല അഴിച്ചെടുക്കുന്ന ആൾക്കു നില തെറ്റിപ്പോയി; അയാൾ ചാഞ്ചാടാൻ തുടങ്ങി; ആയുധശാലപ്പാതാറിൽ കൂട്ടംകൂടിയിരുന്ന ആളുകൾ നിലവിളികൂട്ടി; തല കീഴ്പോട്ടായി ആ മനുഷ്യൻ വീഴുന്നു; സമുദ്രത്തിലേക്ക് കൈനീട്ടിക്കൊണ്ടു കപ്പലിന്റെ പായയൂന്നിനു ചുറ്റുമായി അയാൾ വീണു; വീഴുംവഴിക്ക് ആദ്യം ഒരു കൈകൊണ്ടും പിന്നെ രണ്ടു കൈകൊണ്ടുമായി ചവിട്ടുകയറിന്മേൽ അയാൾ പിടികൂടി; അവിടെ തൂങ്ങിക്കിടപ്പായി; കണ്ണഞ്ചിക്കുന്ന ആഴത്തിൽ സമുദ്രം ചുവട്ടിലുണ്ട്; വീഴ്ചയുടെ കനംകൊണ്ട് ആ ചവിട്ടുകയറ് വല്ലാതെ ആടുന്നു. കവണയിൽ കല്ലുപോലെ, ആ മനുഷ്യൻ ആ കയറിന്റെ അറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ശക്തിയിൽ ആടിത്തുടങ്ങി.

അയാളെ സഹായിക്കാൻ ചെല്ലുന്നത് ഒരു ഭയങ്കരമായ ആപത്തിൽച്ചാടുകയാണ്; കപ്പൽക്കാരിൽ ഒരാൾക്കും, പുതുതായി പണിയിൽ വിളിച്ചുകൂട്ടിയിട്ടുള്ള മുക്കുവരിൽ ആർക്കുംതന്നെ, അതിനൊന്നു ശ്രമിച്ചുനോക്കുവാൻ ധൈര്യമുണ്ടായില്ല. ഈയിടയ്ക്ക് ആ ഭാഗ്യംകെട്ട മനുഷ്യൻ തളർന്നു തുടങ്ങി; അയാളുടെ മനോവേദന മുഖത്തു പ്രത്യക്ഷീഭവിച്ചിരുന്നില്ലെങ്കിലും ഓരോ അനക്കത്തിലും അയാൾക്കു ക്ഷീണം കാണാമായിരുന്നു; പേടി തോന്നിക്കുന്നവിധം അയാളുടെ കൈകൾ വളഞ്ഞുപിരിയുകയും ചുളുങ്ങിക്കോടുകയും ചെയ്യുന്നു; മുകളിലേക്ക് പിടിച്ചു കയറിപ്പോവാനുള്ള ഓരോ ശ്രമവും ചവിട്ടുകയറിന്റെ ആട്ടത്തിനു ശക്തി കൂട്ടുകയാണ്; അയാൾ തളർന്നുപോയെങ്കിലോ എന്നു പേടിച്ച് ഉറക്കെ നിലവിളിക്കുന്നില്ല. കയറിന്മേലുള്ള പിടുത്തം ഇപ്പോൾ വിട്ടുപോവും എന്നു് എല്ലാവരും ഭയപ്പെട്ടു നില്ക്കുകയാണ്; നിമിഷംപ്രതി ആ വീഴ്ച കാണാതെ കഴിക്കാൻവേണ്ടി ആളുകൾ മുഖം തിരിക്കുന്നു. ഒരു കയറ്റിൻകഷ്ണം, ഒരു കുറ്റി, ഒരു മരച്ചില്ല—ഇവ ജീവൻതന്നെയായിത്തീരുന്ന ചില നിമിഷങ്ങളുണ്ടു്; ജീവനുള്ള ഒരു മനുഷ്യൻ ആ ജീവനിൽനിന്നു വേർപെട്ടു, പാകംവന്ന ഒരു കായപോലെ വീണുപോകുന്നതു കാണുക, അതൊരു ഭയങ്കര ഘട്ടംതന്നെയാണ്.

ഉത്തരക്ഷണത്തിൽ ഒരു കോക്കാന്റെ ചുറുചുറുക്കോടുകൂടി ഒരു മനുഷ്യൻ കപ്പൽപ്പായ്ക്കോപ്പിനുള്ളിലേക്ക് കയറിപ്പോകുന്നതു കണ്ടു; ഈ മനുഷ്യൻ ചുകന്ന ഉടുപ്പാണിട്ടിരുന്നതു്; അയാൾ ഒരു പച്ചത്തൊപ്പി വെച്ചിരുന്നു; ജീവപര്യന്തം ശിക്ഷകിട്ടിയിട്ടുള്ള ഒരു തടവുപുള്ളിയാണത്. മുകളിൽ എത്താറായപ്പോൾ ഒരു കാറ്റടി അയാളുടെ തൊപ്പി തട്ടിക്കളഞ്ഞു; വെളുത്ത തല തികച്ചും കാണാറായി. അയാൾ ഒരു ചെറുപ്പക്കാരനല്ല.

തണ്ടുവലിശ്ശിക്ഷസ്ഥലത്തുനിന്നു കപ്പൽപ്പണിക്കു വരുത്തിയിരുന്ന തടവുപുള്ളിയുടെ കൂട്ടത്തിൽപ്പെട്ട ഒരുവൻ, ആദ്യത്തെ നിമിഷത്തിൽത്തന്നെ, ക്ഷണത്തിൽ പാറാവുദ്യോഗസ്ഥന്റെ അടുത്തുചെന്നു. കപ്പൽക്കാരുടെ പരിഭ്രമത്തിനും അമ്പരപ്പിനും ഇടയിൽ കപ്പലോടിക്കുന്നതിലുള്ള എല്ലാവരും വിറച്ചുകൊണ്ടു പിൻവാങ്ങുന്നതിനുള്ളിൽ, ആ മനുഷ്യനെ രക്ഷിക്കുന്നതിനു തന്റെ ജീവൻ അപകടത്തിലാക്കിനോക്കുവാൻ ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് അനുവാദം വാങ്ങി; ആ ഉദ്യോഗസ്ഥൻ ആവാം എന്നു് ഒരു ആംഗ്യം കാണിച്ചു എന്നു കണ്ട ക്ഷണത്തിൽ തന്റെ ഞെരിയാണിമേൽ ആണിയിട്ടുറപ്പിച്ചിരുന്ന കാൽച്ചങ്ങല ഒരു ചുറ്റികകൊണ്ട് ഒരു മേട്ടംമേടി രണ്ടു കഷ്ണമാക്കി, ഒരു കയറിൻകഷ്ണം കടന്നു കൈയിലാക്കി, കപ്പൽപ്പായ്ക്കോപ്പിലേക്ക് ഒരു പാച്ചിൽ പാഞ്ഞു; ആ സമയത്തു് എത്ര എളുപ്പത്തിലാണ് കാൽച്ചങ്ങല മുറിച്ചതെന്ന് ആരും ആലോചിച്ചില്ല; പിന്നീടാണ് അതിനെപ്പറ്റി ഓർമിച്ചത്.

ഒരു നിമിഷംകൊണ്ട് അയാൾ പായയൂന്നിന്മേലെത്തി; ചില നൊടിയിട അയാൾ നിന്നു, നോട്ടംകൊണ്ടു് അതളക്കുകയാണെന്നു തോന്നി; ഒരു ചരടിന്റെ അറ്റത്തു് ആ മനുഷ്യനെ കടൽക്കാറ്റിട്ടു് ഉഴിഞ്ഞാലാട്ടുന്ന ആ കുറച്ചു നൊടിയിടയോരോന്നും നോക്കിനില്ക്കുന്ന ആളുകൾക്ക് ഓരോ ശതാബ്ദമായിരുന്നു. ഒടുവിൽ ആ തടവുപുള്ളി ആകാശത്തേക്കു നോക്കി, ഒരടി മുൻപോട്ടുവെച്ചു. ആൾക്കൂട്ടം ഒരു ദീർഘശ്വാസമിട്ടു. അയാൾ പായയൂന്നിന്മേലൂടെ പായുന്നതു കണ്ടു; ആ സ്ഥലത്തെത്തിയപ്പോൾ കൈയിൽ കൊണ്ടുപോന്നിരുന്ന കയറ്റിൻ കഷ്ണത്തിന്റെ ഒരറ്റം അതിനോടു കൂട്ടിക്കെട്ടി, മറ്റേത്തല തൂക്കിയിട്ടു; എന്നിട്ടു് അയാൾ പിടിച്ചു പിടിച്ചു കയറിന്മേലൂടെ ഇറങ്ങി— ആളുകളുടെ മനോവേദന അനിർവചനീയമായി; ഉടനെ അഗാധസമുദ്രത്തിന്നു മുകളിൽ തൂങ്ങിക്കിടക്കുന്നത് ഒരാൾക്കു പകരം രണ്ടാളായി.

ഈച്ചയെ പിടിക്കുവാൻ എട്ടുകാലി ചെല്ലുകയാണെന്നു പറഞ്ഞു പോവും; പക്ഷേ, ഇവിടെ എട്ടുകാലി ആയുസ്സുംകൊണ്ടാണു് ചെല്ലുന്നത്, മരണവുംകൊണ്ടല്ല. ആ രണ്ടുപേരുടേയും മേൽ ഒരു പതിനായിരം ദൃഷ്ടി മുറുകെപ്പതിഞ്ഞു; ഒരു നിലവിളിയില്ല. ഒരു വാക്കുപോലുമില്ല; ഒരേ കിടുകിടുപ്പ് എല്ലാ നെറ്റിത്തടങ്ങളേയും ചുളുക്കിക്കളഞ്ഞു; ആ രണ്ടു നിർഭാഗ്യരേയുമിട്ട് ഉഴിഞ്ഞാലാട്ടുന്ന കാറ്റിന് അല്പമെങ്കിലും ഒരൂത്തു കിട്ടിപ്പോയെങ്കിലോ എന്നു ഭയപ്പെട്ടിട്ടെന്നപോലെ, എല്ലാവരുടേയും വായ ശ്വാസംവിടാതെ മുറുക്കിപ്പിടിച്ചു.

ഈയിടയ്ക്കു തടവുപുള്ളിക്കു കപ്പൽക്കാരന്റെ അടുക്കലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. സമയം അതിക്രമിച്ചു എന്ന നിലയായി; ഒരു നിമിഷംകൂടി കഴിഞ്ഞാൽ മതി, തളർന്നു നിരാശതയിൽപ്പെട്ട ആ മനുഷ്യൻ സമുദ്രത്തിൽ മറിയും! ഒരു കൈകൊണ്ടു പണിയെടുക്കുമ്പോൾ, മറ്റേ കൈകൊണ്ടു താൻ മുറുക്കിപ്പിടിച്ചിരുന്ന കയറ്റിൻതലപ്പത്ത് ആ കപ്പൽക്കാരനെ അയാൾ കുടുക്കിട്ടു പിടിച്ചു. ഒടുവിൽ പായയൂന്നിന്മേല്ക്കുതന്നെ അയാൾ മടങ്ങിച്ചെന്നു; ആ ചാവാൻപോയ മനുഷ്യനേയും അങ്ങോട്ടു വലിച്ചേറ്റി; ശക്തി വീണുകിട്ടുവാനായി അയാൾ ആ മനുഷ്യനെ പിടിച്ചുകൊണ്ടു നിന്നു; എന്നിട്ട് അയാളെയുമെടുത്ത് നമ്മുടെ തടവുപുള്ളി പായയൂന്നിന്മേലൂടെ നടന്നു തലപ്പലകയിലെത്തി, അവിടെനിന്നു മുകളിൽച്ചെന്നു, കപ്പൽക്കാരനെ കൂട്ടുകാർവശം ഏല്പിച്ചു.

ആ നിമിഷത്തിൽ ആൾക്കൂട്ടം ആർത്തുവിളിച്ചു; പഴയ തടവുപുള്ളിപ്പാറാവുകാർ കരഞ്ഞുപോയി; പാതാറിൽവെച്ചുതന്നെ സ്ത്രീകൾ അന്യോന്യം പിടിച്ചു പൂട്ടി; ഒരു വാത്സല്യപൂർവമായ ദേഷ്യത്തോടുകൂടി എല്ലാവരും ഒന്നിച്ചു വിളിച്ചു പറഞ്ഞു; ‘ആ മനുഷ്യന്നു മാപ്പു കൊടുക്കുക!’

ഈയിടയ്ക്ക് അയാൾ തന്റെ കൂട്ടുകാരോടു ചേരാൻവേണ്ടി കീഴ്പോട്ടിറങ്ങി വേഗത്തിൽ എത്തുവാൻവേണ്ടി അയാൾ കപ്പൽപ്പായ്ക്കോപ്പിലേക്ക് ചാടി. ചുവട്ടിലുള്ള ഒരു പായയൂന്നിന്മേലൂടേ പാഞ്ഞു; എല്ലാവരും അയാളുടെ പോക്കു സൂക്ഷിച്ചു. അതിനിടയ്ക്കു പെട്ടെന്ന് എല്ലാവർക്കും പേടിപിടിച്ചു; ക്ഷീണിച്ചുപോയിട്ടോ അതോ തലതിരിഞ്ഞിട്ടോ അയാൾ സംശയിക്കുകയും കാലിടറി വീഴാൻ തുടങ്ങുകയും ചെയ്യുന്നതു കണ്ടു എന്ന് അവർക്കു തോന്നി. ഉത്തരക്ഷണത്തിൽ ആൾക്കൂട്ടമെല്ലാംകൂടി ഒരു നിലവിളി നിലവിളിച്ചു. ആ തടവുപുള്ളി വെള്ളത്തിൽ മറിഞ്ഞു.

ആ വീഴ്ച അത്യപകടമായിരുന്നു. ആൾഗെസിറ പടക്കപ്പൽ ഓറിയോങ് കപ്പലോടു ചേർത്താണു് നങ്കൂരമിട്ടിരുന്നത്, ആ ഭാഗ്യംകെട്ട മനുഷ്യൻ രണ്ടു കപ്പലുകളുടേയും നടുക്കു പെട്ടു. നാലുപേർ ക്ഷണത്തിൽ ഒരു ബോട്ടിലേക്ക് ഒരു ചാട്ടം ചാടി; എല്ലാവരുടേയും മനസ്സിൽ വീണ്ടും അത്യുൽക്കണ്ഠ കയറി; ആ മനുഷ്യൻ പൊന്തിയില്ല; ഒരെണ്ണപ്പീപ്പയിലേക്കാണു് മറിഞ്ഞതെന്നപോലെ ഒരു പൊള്ളകൂടിയുണ്ടാകാതെ അയാൾ കടലിൽ മറഞ്ഞു; അവർ തപ്പിനോക്കി, മുങ്ങിനോക്കി. വെറുതെ. വൈകുന്നേരമാകുന്നതുവരെ ശവംകൂടി കിട്ടിയില്ല.

പിറ്റേദിവസം തൂലോങ് പത്രം ഈ വരികൾ അച്ചടിച്ചു:—

‘1823 നവേമ്പർ 17. ഇന്നലെ ഓറിയോങ് കപ്പലിൽ പണിയെടുക്കാൻ വരുത്തിയിരുന്ന കൂട്ടത്തിൽപ്പെട്ട ഒരു തടവുപുള്ളി, ഒരു കപ്പൽക്കാരനെ രക്ഷപ്പെടുത്തി തിരിച്ചുപോരുന്ന വഴിക്കു കടലിൽ വീണു മുങ്ങിച്ചത്തുപോയി. ശവം ഇതേവരെ കണ്ടുകിട്ടിയില്ല; ആയുധശാലയ്ക്കടുത്തുള്ള കല്ലിൻകൂട്ടത്തിൽ പെട്ടിരിക്കണമെന്നു വിചാരിക്കുന്നു; ഈ മനുഷ്യന്റെ തടവുപുള്ളി നമ്പർ 9,430 ആണ്; പേർഴാങ് വാൽഴാങ്.’

കുറിപ്പുകൾ

[3] ഡെസ്കാമിസാഡോ എന്ന വാക്കിനർത്ഥം ഒരു സ്പെയിൻകാരൻ ഇരപ്പാളി എന്നാണു് ഈ വാക്ക് ഭരണപരിവർത്തനത്തിൽ പ്രവർത്തിക്കുന്നവർക്കുള്ള പേരായിത്തീർന്നിരിക്കുന്നു സ്പെയിനിൽ നടപ്പുള്ള ഈ പേരിന്റെ പര്യായമാണു് ഫ്രാൻസിലെ സാൻസ്ക്യൂലോട്ടു് ഇതിനു ശരിക്കുള്ള അർത്ഥം കാലുറയില്ലാത്തവൻ എന്നാണു്.

[4] ഈ ചാറൽസു് ആൽബർട്ടു് പിന്നീടു് വിക്ടോറിയ ചക്രവർത്തിനിയുടെ ഭർത്താവായി.

[5] സ്പെയിനിലെ ഒരു സംസ്ഥാനം ഇതു ഫ്രാൻസു് പിടിച്ചടക്കി ഫ്രാൻസിനോടെതിർത്തു സാറഗോസാ സംസ്ഥാനത്തെ രക്ഷിച്ചുകൊണ്ടുനിന്ന പ്രസിദ്ധരാജാഭിമാനിയും സൈന്യാധിപനും.

[6] ‘ജൂലായിയിലെ ഭരണപരിവർത്തനം’ എന്നു പ്രസിദ്ധമായ 1830-ലെ ഭരണപരിവർത്തനത്തിൽ പത്താമൻ ഷാർൾ എന്ന രാജാവിനെ രാജ്യഭ്രഷ്ടനാക്കി, ‘പൗരരാജാവു്’ എന്നു പറയപ്പെട്ട ലൂയി ഫിലിപ്പിനെ ഫ്രാൻസു് തന്റെ രാജാവാക്കിവാഴിച്ചു.

[7] ഏകദേശം ഒന്നേമുക്കാലേ അരയ്ക്കാൽ നാഴിക നീളവും വീതിയും കനവും.

[8] അമേരിക്ക ആദ്യമായി കണ്ടുപിടിച്ച സുപ്രസിദ്ധനായ കപ്പലോട്ടക്കാരൻ.

[9] ഹോളണ്ടുകാരനായ ഒരു കപ്പൽസൈന്യാധിപൻ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.