images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.3.1
മോങ്ഫെർമിയെയിലെ ജലദുർഭിക്ഷം

മോങ്ഫെർമിയെ നില്ക്കുന്നതു ലിവ്റിയുടേയും ഷേലിന്റേയും മധ്യത്തിൽ, മാണ്ണിൽനിന്നു് ഊർക്കിനെ വേർതിരിക്കുന്ന ആ ഉയർന്ന പർവതപ്പരപ്പിന്റെ തെക്കേ വക്കത്തായിട്ടാണു്. ഇക്കാലത്തു് ആ സ്ഥലം വെള്ളവീടുകളെക്കൊണ്ടും ഞായറാഴ്ച ദിവസം മിന്നിത്തിളങ്ങുന്ന പ്രമാണികളെക്കൊണ്ടും ഭംഗികൂടിയതും സാമാന്യം വലിയതുമായ ഒരു പട്ടണമാണു്. 1823-ൽ അത്രയധികം വെള്ളനിറത്തിലുള്ള വീടുകളാവട്ടെ അത്രയധികം സംതൃപ്തിയോടുകൂടിയ പൗരന്മാരാവട്ടെ മോങ്ഫെർമിയെയിലുണ്ടായിരുന്നില്ല; അതു കാട്ടുപുറത്തുള്ള ഒരു ഗ്രാമം മാത്രമേ ആയിരുന്നുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിലെ ചില വിലാസമന്ദിരങ്ങൾ അവിടെ കാണാമായിരുന്നു, നിശ്ചയംതന്നെ; അന്തസ്സുകൊണ്ടും, ഇരിമ്പുപിരിയഴിയോടുകൂടിയ ജനാലപ്പുറം തട്ടുകൾകൊണ്ടും, അടഞ്ഞ വാതിലുകളുടെ വെള്ളനിറത്തിന്മേൽ എല്ലാ മാതിരിയിലുമുള്ള പച്ചനിഴല്പടങ്ങളേയും വ്യാപിപ്പിക്കുന്ന അതാതു നേർത്ത കണ്ണാടിച്ചില്ലുകളോടുകൂടിയ ദീർഘജനാലകളെക്കൊണ്ടും അവ എളുപ്പത്തിൽ കണ്ടറിയാവുന്നതാണു്. എങ്കിലും, അതെന്തിരുന്നാലും, മോങ്ഫെർമിയെ ഒരു ഗ്രാമംതന്നെയായിരുന്നു. ജോലിയിൽനിന്നൊഴിഞ്ഞ തുണിക്കച്ചവടക്കാരും പൂപ്പൽ പിടിച്ചുതുടങ്ങിയ വക്കീൽമാരും ആ സ്ഥലം കണ്ടുപിടിച്ചു കഴിഞ്ഞില്ല; എവിടെയ്ക്കുമുള്ള നിരത്തുവഴിയുടെ വക്കത്തല്ലായിരുന്ന ആ സ്ഥലം ശാന്തവും കൗതുകകരവുമായിരുന്നു; അവിടെ ആളുകൾ ചുരുങ്ങിയ ചെലവിന്മേൽ, അത്രമേൽ സുഭിക്ഷതയോടും സൗകര്യത്തോടും കൂടിയ നാട്ടുപുറത്തെ കൃഷീവലജീവിതം നയിച്ചു; ഒന്നുമാത്രം, ആ സ്ഥലത്തിന്റെ ഉയർച്ചകാരണം വെള്ളത്തിനു് അവിടെ ബഹുക്ഷാമമാണു്.

അതു വളരെ ദൂരത്തുനിന്നു കൊണ്ടുവരണം; ഗാങ്ങിക്കടുത്തു ഗ്രാമത്തിന്റെ അറ്റത്തുള്ളവർക്കു വെള്ളം കാട്ടിലുള്ള വലിയ കുളങ്ങളിൽനിന്നു് എത്തിക്കണം. പള്ളിക്കു ചുറ്റുമായി ഷേലിലേക്കു പോകുന്ന വഴിക്കുള്ള ഗ്രാമത്തിന്റെ മറുവശത്തുള്ളവർക്കു താഴ്‌വാരത്തിന്റെ പകുതിയിറക്കത്തിൽ ഷേലിലേക്കുള്ള വഴിയുടെ വക്കത്തു, മോങ്ഫെർമിയെയിൽനിന്നു കാൽമണിക്കൂർ നടക്കേണ്ട ദൂരത്തു്, ഒരു ചെറുചോലയിൽ മാത്രമേ കുടിക്കാൻ നല്ല വെള്ളമുള്ളൂ.

ഇങ്ങനെ ഓരോ വീട്ടുകാരും ആവശ്യമുള്ള വെള്ളം ശേഖരിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടതായിക്കണ്ടു. വലിയ വീട്ടുകാർ, പ്രഭുക്കന്മാർ—തെനാർദിയെരുടെ ചാരായക്കട ആ കൂട്ടത്തിൽപ്പെട്ടു—ഒരു പാത്രം വെള്ളത്തിനു് അര ഫാർതിങ് കൊടുത്തുവന്നു; ഒരാൾ അതൊരു ജോലിയാക്കി, മോങ്ഫെർമിയെയിലേക്കാവശ്യമുള്ള വെള്ളം കൊണ്ടുക്കൊടുത്തു ദിവസത്തിൽ ഏകദേശം എട്ടു സൂ വീതം സമ്പാദിച്ചു പോന്നു. പക്ഷേ, ഈ കൊള്ളാവുന്ന മനുഷ്യൻ വേനല്ക്കാലത്തു വൈകുന്നേരം ഏഴുമണിവരേയും മഴക്കാലത്തു് അഞ്ചുമണിവരേയും മാത്രമേ പണിയെടുത്തിരുന്നുള്ളൂ; അതിനാൽ, രാത്രിയായി, പുറത്തെ വാതിൽതഴുതു നീക്കിക്കഴിഞ്ഞതിനു ശേഷം, കുടിക്കാൻ ആർക്കെങ്കിലും വെള്ളമില്ലെന്നു വന്നാൽ ഒന്നുകിൽ അയാൾ തന്നെ പോയി കൊണ്ടുവരും. അല്ലെങ്കിൽ വേണ്ടെന്നു വെക്കും.

ഇതാണു് വായനക്കാർ ഒരു സമയം മറന്നുകഴിഞ്ഞിട്ടില്ലാത്ത ആ സാധുവിന്നു, കൊസെത്തുകുട്ടിക്ക്, ആകെയുള്ള ഭയം. കൊസെത്തിനെക്കൊണ്ടു തെനാർദിയെർ കുടുംബക്കാർക്കു രണ്ടുവിധത്തിൽ ഉപകരിച്ചിരുന്നു എന്നു് ഓർമിക്കുമല്ലോ; അവർ അമ്മയെക്കൊണ്ടു പണം കൊടുപ്പിച്ചു, മകളെക്കൊണ്ടു പണിയെടുപ്പിച്ചു. അങ്ങനെ, അമ്മയുടെ പണം കൊടുക്കൽ അവസാനിച്ചപ്പോൾ—അതിന്റെ കാരണം നാം മുൻപു കഴിഞ്ഞ അധ്യായങ്ങളിൽ വായിച്ചുവല്ലോ—തെനാർദിയെർമാർ കൊസെത്തിനെ പിടിച്ചുവെച്ചു. അവരുടെ വീട്ടിൽ അവൾ ഒരു ഭൃത്യയുടെ സ്ഥാനമെടുത്തു. ഈ നിലയ്ക്കു വെള്ളം ആവശ്യമായാൽ അവളാണു് അതുപോയി കൊണ്ടുവരേണ്ടിയിരുന്നതു്. രാത്രി ചോലയിലേക്കു പോകുക എന്നു വിചാരിക്കുമ്പോൾത്തന്നെ വല്ലാതെ ഭയപ്പെട്ടിരുന്ന ആ കുട്ടി, വീട്ടിൽ വെള്ളം ഒരിക്കലും ഒഴിയാതിരിക്കുന്നതിൽ എപ്പോഴും നന്നേ മനസ്സിരുത്തും.

1823-ലെ ക്രിസ്തുമസ്സുകാലത്തു മോങ്ഫെർമിയെ വിശേഷിച്ചും ഭംഗിപിടിച്ചു. മഴക്കാലത്തിന്റെ ആരംഭം സൗമ്യമട്ടിലായിരുന്നു. അതേവരെയായിട്ടും വലിയ മഞ്ഞും മൂടലുമുണ്ടായിട്ടില്ല. പാരിസ്സിൽനിന്നു വന്ന ചില വായാടിവൈദ്യന്മാർ നഗരമുഖ്യന്റെ സമ്മതത്തിന്മേൽ ഗ്രാമത്തിലെ പ്രധാനത്തെരുകളിലൊന്നിൽ തങ്ങളുടെ ചന്തപ്പുരകളുണ്ടാക്കി, ആ ബലംതന്നെ തണലാക്കിപ്പിടിച്ച്, ഒരുകൂട്ടം സഞ്ചാരികളായ വ്യാപാരികളും പള്ളിക്കടുത്തു തങ്ങളുടെ കച്ചവടപ്പുരകൾ കെട്ടിയുറപ്പിച്ചു, അതു ബൂലാംഗർ ഇടവഴിയിലേക്കുകൂടി നീണ്ടുചെന്നു— തെനാർദിയെർമാരുടെ ചാരായക്കട നില്ക്കുന്നതു് അവിടെയാണെന്നു വായനക്കാർ പക്ഷേ, ഓർമിക്കുമായിരിക്കും. ഈ കൂട്ടർ ഹോട്ടലുകളിലും ചാരായക്കടകളിലും നിറഞ്ഞു. ആ ശാന്തമായ പ്രദേശത്തു് ഒച്ചപ്പാടും ആഹ്ലാദവും അവർ ഉണ്ടാക്കിത്തീർത്തു ഒരു വിശ്വസ്തനായ ചരിത്രകാരന്റെ പ്രവൃത്തി നടത്തുവാൻവേണ്ടി ഒരു കാര്യം കൂടി ഇവിടെ തുടർന്നു പറയേണ്ടതുണ്ടു്; പ്രധാന തെരുവിൽ ശേഖരിച്ചിരുന്ന അപൂർവവസ്തുക്കളുടെ കൂട്ടത്തിൽ ഒരു കാഴ്ചമൃഗശാലകൂടി ഉണ്ടായിരുന്നു. പഴന്തുണികൾ മേലിട്ടു് എവിടെനിന്നു വന്നവരെന്നു് ആർക്കും അറിഞ്ഞുകൂടാതെയുള്ള ചില വല്ലാത്ത കോമാളിവേഷക്കാർ അതിൽവെച്ച്, 1845 വരെ നമ്മുടെ മഹാരാജാവിന്റെ കാഴ്ചബംഗ്ലാവിൽ എത്തിയിട്ടില്ലാത്തവയും ഒരു കണ്ണിന്റെ സ്ഥാനത്തു മൂന്നു നിറമുള്ള നാടയോടുകൂടിയവയുമായ ഒരുതരം ഭയങ്കര ‘ബ്രസീൽ’ക്കഴുകുകളെ 1823-ൽ മോങ്ഫെർമിയെയിലെ ഗ്രാമീണന്മാർക്കു കാണിച്ചുകൊടുത്തിരുന്നു. പ്രകൃതിശാസ്ത്രജ്ഞന്മാർ ഈവക പക്ഷികളെ ‘കാരക്കാര പോളിബറസു്’ എന്നാണു് വിളിച്ചുവരുന്നതെന്നു ഞാൻ വിശ്വസിക്കുന്നു; ഇവ കഴുകുകളുടെ വംശത്തിൽപ്പെട്ടവയാണു്. ഗ്രാമത്തിൽച്ചെന്നു് ഒതുങ്ങിപ്പാർക്കുന്നവരായ പണ്ടത്തെ ബോണാപ്പാർട്ടുകക്ഷിയിൽപ്പെട്ട ചില വൃദ്ധഭടന്മാർ ഈ പക്ഷികളെ വലിയ ഭക്തിയോടുകൂടി ചെന്നുകണ്ടു. [1] ആ മൂന്നു നിറത്തിലുള്ള നാട ഈശ്വരൻ തങ്ങളുടെ കാഴ്ചമൃഗശാലിയിലേക്കായി അനുഗ്രഹിച്ചുതന്ന ഒരപൂർവവസ്തുവാണെന്നു് ആ കോമാളിവേഷക്കാർ പരക്കെ പറഞ്ഞുനടന്നു.

ക്രിസ്തുമസ്സുദിവസംതന്നെ വൈകുന്നേരം വണ്ടിക്കാരും നടന്നു കച്ചവടം ചെയ്യുന്നവരുമായി ഒരുകൂട്ടം ആളുകൾ തെനാർദിയെരുടെ ചാരായക്കടയിലെ മദ്യപാനമുറിയിൽ നാലോ അഞ്ചോ മെഴുതിരികൾക്കു ചുറ്റുമായി കുടിച്ചുംകൊണ്ടും ചുരുട്ടു വലിച്ചുകൊണ്ടും ഇരിക്കുകയാണു്. എല്ലാ മദ്യശാലകളിലുമുള്ള മുറികൾപോലെതന്നെ ഈ മുറിയും കാണപ്പെട്ടു—മേശകൾ, ബീറളവുപാത്രങ്ങൾ, കുപ്പികൾ, കുടിയന്മാർ, ചുരുട്ടുവലിക്കാർ, ഒക്കെത്തന്നെ; എങ്കിലും വെളിച്ചം കുറച്ചേ ഉള്ളൂ. ഒച്ച അധികവും. എന്തായാലും; അന്നു പ്രമാണികളുടെ ഇടയിൽ ഒരു പരിഷ്കാരമായിരുന്ന രണ്ടു സാധനങ്ങളാൽ 1823-ാം വർഷത്തിലെ ഈ കാലം സൂചിപ്പിക്കപ്പെട്ടു; ഒരു ബഹുരൂപദർശിനിയും വള്ളുള്ള ഒരു തുത്തനാകവിളക്കും. മദാം തെനാർദിയെർ അത്താഴം തയ്യാറാക്കുകയാണു്; ഒരു കത്തുന്ന തീക്കുണ്ഡത്തിനു മുൻപിലായി അതിരുന്നു വരണ്ടുവരുന്നു; അവളുടെ പ്രിയതമൻ തന്റെ പതിവുകാരോടു കൂടിയിരുന്നു കുടിച്ചുംകൊണ്ടു രാജ്യഭരണവിഷയത്തെപ്പറ്റി പ്രസംഗിക്കുകയാണു്.

പ്രധാനമായി സ്പെയിനിലെ യുദ്ധവും ദാൻഗുലീം ദ്യൂക്കും സ്ഥലംപിടിച്ചു. ആ രാജ്യഭരണസംബന്ധികളായ സംഭാഷണങ്ങൾക്കിടയിൽ ശരിക്ക് ആ പ്രദേശത്തെ കാര്യങ്ങളെപ്പറ്റി മാത്രമായ ചില ആവരണവാക്യങ്ങൾ ആർത്തുവിളികൾക്കുള്ളിലൂടെ ഇങ്ങനെ കേൾക്കാമായിരുന്നു; ‘നാന്തെരിനും സ്യുസ്നെയ്ക്കും അടുത്തുള്ള പ്രദേശങ്ങളിൽ മുന്തിരിവള്ളികൾ ധാരാളം തട്ടിത്തഴച്ചു വളരുന്നുണ്ടു്. പത്തു കിട്ടുമെന്നു വെച്ചേടത്തു പന്ത്രണ്ടുണ്ടാവുന്നു. ചക്കിലിട്ടാൽ നീരു ധാരാളം വരുന്നവയാണു്.’ ‘പക്ഷേ, മുന്തിരിങ്ങ പഴുക്കാൻ പാടില്ല. ഉവ്വോ?’ ‘ആ ഭാഗങ്ങളിൽ മുന്തിരിങ്ങ പഴുത്തുകൂടാ; വസന്തമായാൽ ഉടനെ വീഞ്ഞിൽ ഒരെണ്ണച്ഛായ വരുന്നു.’ ‘അപ്പോൾ അവിടത്തെ വീഞ്ഞു നന്നേ കനം കുറഞ്ഞതാണു്?’ ‘അതിലും സാരമില്ലാത്ത വീഞ്ഞുണ്ടു്. മുന്തിരിങ്ങ പച്ചയിൽത്തന്നെ അറുക്കണം.’ മറ്റും മറ്റും.

അല്ലെങ്കിൽ ഒരു ചക്കുകാരൻ വിളിച്ചുപറയും; ‘ചാക്കുകളിലുള്ളതിനു് ഉത്തരവാദികൾ ഞങ്ങളാണോ? ചേറിക്കളഞ്ഞാൽ പോവാത്ത ചെറുമണി കാണാം, ഞങ്ങൾക്കു പൊടിക്കാതെ നിവൃത്തിയില്ല; കളങ്ങൾ, പെരിഞ്ചീരകം, മൊച്ചക്കൊട്ടപ്പയറു്, വക്കവിത്തു്, എന്നില്ല മറ്റു പല പുല്ലുകളുമുണ്ടാവും; വെള്ളാറക്കല്ലു പിന്നെ പറയേണ്ടാ; ചില കോതമ്പത്തിൽ നിറച്ചും അതാണു്, വിശേഷിച്ചും ബ്രിട്ടൻ കോതമ്പത്തിൽ. ബ്രിട്ടൻ കോതമ്പം പൊടിക്കുന്ന കാര്യം എനിക്കത്ര ഇഷ്ടമല്ല; ആണികളുണ്ടെങ്കിൽ തുലാങ്ങൾ ഈർന്നു മുറിക്കുവാൻ വാളന്മാർക്ക് എത്രകണ്ടു് രസമുണ്ടാകും? പൊടുക്കുമ്പോൾ ഉണ്ടാവുന്ന ചീത്തപ്പൊടി നിങ്ങൾക്കറിയാമല്ലോ. എന്നിട്ട് കോതമ്പപ്പൊടി നന്നായില്ലെന്നു് ആളുകൾ കലശൽകൂട്ടുന്നു. അവരുടെ പക്കലാണു് തെറ്റു്. പൊടി നന്നാവാത്തതു ഞങ്ങളുടെ കുറ്റമല്ല.

രണ്ടു ജനാലകളുടെ ഇടയ്ക്കായി, വസന്തം വന്നാൽ തനിക്കു ചെയ്യാനുള്ള എന്തോ പുല്പറമ്പുപണിയുടെ കൂലി തീർച്ചപ്പെടുത്തുവാൻ നോക്കുന്ന ഒരു വസ്തുവുടമസ്ഥനോടുകൂടി, ഇരുന്നു കുടിക്കുന്ന ഒരു പുല്ലരിയൽക്കാരൻ പറയുകയാണു്: ‘പുല്ലു നനയുന്നതുകൊണ്ടു ദോഷമില്ല. അതു കുറേക്കൂടി വേഗത്തിൽ അരിഞ്ഞാൽ കിട്ടും. മഞ്ഞു നല്ലതാണു്, സേർ, പുല്ലിനു് അതുകൊണ്ടു മറ്റൊന്നും വരാനില്ല. നിങ്ങളുടെ പുല്ലു നന്നേ ഇളയതാണു്; ഇപ്പോഴും അതു മുറിക്കാൻ ഞെരുക്കമുണ്ടു്. അതു വല്ലാത്ത ഇളയതു്. അതു് ഇരുമ്പു കൊണ്ടു ചെന്നാൽ കുഴയും.’ മറ്റും മറ്റും.

കൊസെത്തു് പതിവുസ്ഥലത്തുണ്ടു്; അവൾ തീക്കുഴലോടടുത്തുള്ള അടുക്കള മേശയുടെ ചുവട്ടിലെ പലകമേൽ ഇരിക്കുന്നു. അവൾ മേലിട്ടിട്ടുള്ളതു് കീറത്തുണിയാണു്; നഗ്നങ്ങളായ കാലടികൾ മരപ്പാപ്പാസ്സുകളിൽ തിരുകിയിരിക്കുന്നു; അടുപ്പിന്റെ വെളിച്ചത്തിൽ അവൾ തെനാർദിയെർക്കുട്ടികൾക്കുള്ളതെന്നു വിധിക്കപ്പെട്ടിട്ടുള്ള രോമക്കീഴ്ക്കാലുറകൾ തുന്നിയുണ്ടാക്കുകയാണെന്നു കാണാം. കസാലകൾക്കിടയിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഓടിക്കളിക്കുന്നു. അടുത്ത മുറിയിൽനിന്നു് രണ്ടു വിരുതൻകുട്ടികളുടെ ചിരിയും സംസാരവും കേൾക്കാമായിരുന്നു. അതു് എപ്പൊനൈനും അസെൽമയുമാണു്.

തീക്കുഴൽമുക്കിൽ ഒരൊമ്പതിഴച്ചമ്മട്ടി ഓരോന്നിന്മേൽ തൂങ്ങിക്കിടക്കുന്നു.

ഇടയ്ക്കിടയ്ക്കു വീട്ടിൽ എവിടെയോ ഉള്ള ഒരു പിഞ്ചുകുട്ടിയുടെ കരച്ചിൽ ആ ചാരായക്കടയിലെ ലഹളയ്ക്കിടയിലൂടെ മാറ്റൊലിക്കൊള്ളും. കഴിഞ്ഞുപോയ മഴക്കാലങ്ങളിലൊന്നിൽ തെനാർദിയെർമാർക്കുണ്ടായ — ‘എങ്ങനെയെന്നെനിക്കറിഞ്ഞുകൂടാ.’ അവൾ പറഞ്ഞു, ‘തണുപ്പിന്റെ ശക്തി’—ഒരു ചെറുകുട്ടിയായിരുന്നു അതു്; അതിനു മൂന്നു വയസ്സു കഴിഞ്ഞു. അമ്മ അതിനെ വളർത്തിയുണ്ടാക്കി; പക്ഷേ, അവൾക്കതിനെ ഇഷ്ടമില്ല. ചെക്കന്റെ ലഹളപിടിച്ചുള്ള ഒച്ച വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തിത്തുടങ്ങിയാൽ, ‘നിങ്ങളുടെ മകൻ നിലവിളിക്കൂട്ടുന്നു’ തെനാർദിയെർ പറയും. ‘ഒന്നുപോയി നോക്കൂ, എന്താണവനു വേണ്ടതു്’ ‘ഉം!’ അമ്മ മറുപടി പറയും. ‘അവൻ എന്നെ സ്വൈരം കെടുത്തുന്നു.’ ആരും നോക്കാത്ത ആ കുട്ടി ഇരുട്ടത്തു കിടന്നു് അലറും.

കുറിപ്പുകൾ

[1] നെപ്പോളിയൻ ചക്രവർത്തിയുടെ കൊടിയടയാളം കഴുകനായിരുന്നു.

2.3.2
പൂർണങ്ങളായ രണ്ടു ഛായാപടങ്ങൾ

ഇതുവരെ ഈ പുസ്തകത്തിൽ തെനാർദിയെർമാരുടെ മുഖാകൃതി മാത്രമേ കാണിക്കപ്പെട്ടിട്ടുള്ളു, ആ ദമ്പതികളുടെ നാലുപുറവും ഒന്നു നടന്നു് എല്ലാ ഭാഗത്തെക്കുറിച്ചും ആലോചിക്കേണ്ട കാലം എത്തിപ്പോയി.

തെനാർദിയെരുടെ അമ്പതാമത്തെ പിറന്നാൾ ഇതാ കഴിഞ്ഞു; മദാം തെനാർദിയെർക്കു നാല്പതാവാൻ പോകുന്നു—സ്ത്രീകൾക്കാവുമ്പോൾ അതു് അമ്പതിനു സമമാണു്; അപ്പോൾ ഭർത്താവിന്നും ഭാര്യയ്ക്കും വയസ്സുകൊണ്ടു യോജിപ്പുണ്ടു്.

ഈ തെനാർദിയെർസ്ത്രീയെ ആദ്യമായി കണ്ടതുമുതല്ക്ക് അവളെപ്പറ്റിയുള്ള ഓർമ—വീണ്ടും നീലക്കണ്ണും ചെമ്പൻമുടിയും വെളുത്ത നിറവുമായി, ചുകന്നു, തടിച്ചു, കൂർത്ത മുഖത്തോടുകൂടി ദേഹം പരന്നു. കനം തൂങ്ങി, ചുറുചുറുക്കുള്ള ആ സ്വരൂപം—വായനക്കാർ സൂക്ഷിച്ചുപോരുന്നുണ്ടാവും; ഞങ്ങൾ പറഞ്ഞിട്ടുള്ളതുപോലെ, ചന്തസ്ഥലങ്ങളിൽ വെച്ചു തങ്ങളുടെ തലമുടിത്തുമ്പത്തു നിരത്തു വിരിക്കല്ലുകൾ കെട്ടിത്തൂക്കി ‘സർക്കസ്സു’ കാണിക്കുന്ന അത്തരം വല്ലാത്ത ചില കൂറ്റൻ പെണ്ണുങ്ങളുള്ളതിൽ ഒന്നായിരുന്നു അവൾ. വീട്ടിലുള്ള എല്ലാ പ്രവൃത്തികളും അവളെടുക്കും—കിടക്ക വിരിക്കും, പാത്രം മോറും, വെക്കും, മറ്റെല്ലാം ചെയ്യും. കൊസെത്തായിരുന്നു അവൾക്ക് ആകെയുള്ള ദാസി—ആനയുടെ ഭൃത്യപ്രവൃത്തിയെടുക്കുന്ന ചുണ്ടെലി, അവളുടെ ഒച്ച കേട്ടാൽ സകലവും വിറയ്ക്കും—ജനാലയുടെ കണ്ണാടിച്ചില്ലുകൾ, വീട്ടുസാമാനങ്ങൾ, ആളുകൾ. ചുകന്ന കുരുക്കളോടുകൂടിയ അവളുടെ കൂറ്റൻ മുഖം ഒരു മീങ്കൊത്തിപ്പക്ഷിയെപ്പോലിരുന്നു. അവൾക്കു താടിമീശയുണ്ടു്. അവൾ പെണ്ണിന്റെ ഉടുപ്പിട്ട ഒരൊന്നാന്തരം ചന്തക്കാവുകാരനായിരുന്നു. അവൾ നല്ല അന്തസ്സിൽ അസഭ്യം പറയും; കൈമടക്കി ഒരിടി ഇടിച്ച് ഒരടയ്ക്ക പൊടിക്കാമെന്നാണു് അവളുടെ മേനി. അവൾ വായിച്ചിട്ടുള്ള കെട്ടുകഥകളും, അതുകാരണം ചില സമയത്തു രാക്ഷസിക്കുള്ളിലൂടെ ബഹു നേരംപോക്കിൽ കെട്ടിച്ചമഞ്ഞ മാന്യസ്ത്രീ ഒളിച്ചുനോക്കുന്നതും ഇല്ലായിരുന്നുവെങ്കിൽ, അവളെ കണ്ടിട്ടു് ‘ഇതൊരു പെണ്ണാണു്’ എന്നു് പറയുവാൻ യാതൊരാൾക്കും തോന്നുകയില്ല. ആ തെനാർദിയെർസ്ത്രീ ഒരു മത്സ്യക്കാരിയിൽ ഒട്ടിച്ചുപിടിപ്പിച്ച ഒരു കാപ്പിരിപ്പെണ്ണിൽനിന്നുണ്ടായതുപോലെയാണു്, അവൾ സംസാരിക്കുന്നതു കേട്ടാൽ, ആളുകൾ ‘അതൊരു പട്ടാളക്കാരനാണെ’ന്നു പറയും; അവൾ മദ്യപാനം ചെയ്യുന്നതു കണ്ടാൽ, ആളുകൾ ‘അതൊരു വണ്ടിക്കാരനാണെന്നു പറയും; അവൾ കൊസെത്തിനെ തല്ലുന്നതു കണ്ടാൽ, ആളുകൾ ‘അതൊരു കൊലയാളിയാണെ’ന്നു പറയും. അവളുടെ മുഖം വിശ്രമിക്കുന്ന സമയത്തു് ഒരു പല്ലു പുറത്തേക്കു വന്നിരുന്നു.

തെനാർദിയെറാകട്ടെ, ചെറുതായി, മെലിഞ്ഞു, വിളർത്തു, മുഖം കൂർത്തു്, എല്ലുന്തി, ക്ഷീണിച്ച ഒരാളാണു്. കണ്ടാൽ ഒരു രോഗിയായിരുന്നു എങ്കിലും, അയാൾക്ക് അത്ഭുതകരമായ ആരോഗ്യമുണ്ടു്. അയാളുടെ ഉപായപ്പണി ഇവിടെ നിന്നു തുടങ്ങി; ഒരു മുൻകരുതൽകൊണ്ടെന്നപോലെ അയാൾ പതിവായി എപ്പോഴും പുഞ്ചിരിയിട്ടുകൊണ്ടാണു്; ആരോടും ഏതാണ്ടു് മര്യാദയോടുകൂടിയേ പെരുമാറൂ; ഒരു കാശും തരില്ലെന്നു പറഞ്ഞയയ്ക്കപ്പെടുന്ന യാചകനോടുപോലും അയാൾ അങ്ങനെ ചെയ്യും. അയാളുടെ നോട്ടം ഒരു മെരുവിന്റേയും, ഭാവം ഒരു സാഹിത്യകാരന്റേയുമാണു്. അയാൾ ദെലീൽ എന്ന മതാചാര്യന്റെ ഛായാപടങ്ങൾക്കൊത്തിരുന്നു. തേവടിശ്ശിത്തരമിരിക്കുന്നതു വണ്ടിക്കാരോടുകൂടി മദ്യപാനം ചെയ്യുന്നതിലാണു്. ഇതേവരെ അയാളെ ലഹരിപിടിപ്പിക്കാൻ ഒരാൾക്കും സാധിച്ചിട്ടില്ല. അയാൾ കൂറ്റൻ ഒരു പുകയിലക്കുഴൽ വലിക്കും. ഒരു കുറുംകുപ്പായമാണു് അയാൾ ധരിക്കാറു്; അതിന്നുള്ളിൽ പഴതായി കറുത്ത ഒരു സാധാരണപ്പുറങ്കുപ്പായവും. സാഹിത്യത്തിലും നാസ്തികവാദത്തിലും അറിവുണ്ടെന്നാണു് അയാളുടെ നാട്യം. എന്തിനെപ്പറ്റിപ്പറകയാണെങ്കിലും ശരി, അതിനെ ബലപ്പെടുത്തുവാൻ വേണ്ടി അയാൾ എപ്പോഴും ഉച്ചരിച്ചുവരുന്ന ചില പേരുകളുണ്ടു് — വോൾട്ടെയർ, റെയ്നൽ, [2] പാർനി, [3] എന്നല്ല അത്ഭുതമെന്നേ പറയേണ്ടു, സെയിന്റു് ആഗസ്തീൻ. [4] തനിക്കു സ്വന്തമായി ‘ഒരു രീതി’യുണ്ടെന്നാണു് അയാളുടെ വാദം. പോരാത്തതിനു്, അയാൾ ഒരു വലിയ വഞ്ചകനാണു്.ഒരു തത്ത്വജ്ഞാനി, പ്രകൃതിശാസ്ത്രാനുസാരിയായ ഒരു കള്ളൻ. ഈ വർഗം ഇപ്പോഴുമുണ്ടു്. പട്ടാളത്തിൽ ഉദ്യോഗമെടുത്തിട്ടുണ്ടെന്നു് അയാൾക്ക് ഒരു നാട്യമുള്ളതു വായനക്കാർ ഓർമിക്കുമല്ലോ; വാട്ടർലൂവിൽ ഉണ്ടായിരുന്ന കാലാൾസ്സൈന്യത്തിൽ, ആറാമത്തെയോ ഒമ്പതാമത്തെയോ സൈന്യവകുപ്പിൽ—എന്നുവെച്ചാൽ, അങ്ങനെയൊന്നിൽ—ഒരു സർജ്ജന്റുദ്യോഗസ്ഥനായിരുന്നപ്പോൾ, താൻ തനിച്ചു, സകലത്തേയും കൊന്നുമറിക്കുന്ന ഒരുകൂട്ടം കുതിരപ്പടയാളികളുടെ മുൻപിൽ വെച്ച് ‘കലശലായി മുറിപ്പെട്ടുകിടക്കുന്ന ഒരു സേനാനായകനെ, പീരങ്കിയുണ്ടകളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ മുകളിൽ കമിഴ്‌ന്നുകിടന്നു മരിക്കാതെ കഴിച്ചതെങ്ങനെയാണെന്നു് അയാൾ വിസ്തരിച്ചു കഥ പറയുക പതിവാണു്. അതിൽനിന്നാണു് അയാളുടെ വീട്ടിനുമ്മറത്തു് ആ മിന്നിത്തിളങ്ങുന്ന അടയാളമുദ്രയും, ‘വാട്ടർലൂവിലെ സർജ്ജന്റുദ്യോഗസ്ഥന്റെ മദ്യപ്പുര’ എന്നു് അയാളുടെ ചാരായക്കടയ്ക്ക് അയൽപ്രദേശങ്ങളിൽ നടപ്പുള്ള പേരും ഉണ്ടായിത്തീർന്നതു്. അയാൾ ഒരു പരിഷ്കാരേച്ഛുവും പുരാതനഗ്രന്ഥങ്ങളിൽ പരിചയമുള്ളയാളും നെപ്പോളിയന്റെ കക്ഷിക്കാരനുമത്രേ. ഷാംപ്ദയിൽപള്ളിക്ക് അയാൾ വരികൊടുത്തു. മതാചാര്യസ്ഥാനത്തിനു വേണ്ട പഠിപ്പു് അയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണു് ഗ്രാമത്തിലെ സംസാരം.

ഹോളണ്ടിൽനിന്നു് ഒരു ചാരായക്കട വെക്കാൻ വേണ്ട അറിവു സമ്പാദിക്കുക മാത്രമേ അയാൾ ഒന്നു ചെയ്തിട്ടുള്ളു എന്നു് ഞങ്ങൾ വിശ്വസിക്കുന്നു. പലതിലും കണ്ണുള്ള ഈ പമ്പരക്കള്ളൻ പാരിസ്സിൽ ഒരു ഫ്രാൻസുകാരനും, ബ്രൂസ്സൽസിൽ ഒരു ബൽജിയക്കാരനുമാണു്; എവിടേക്കു കടന്നാലും അയാൾക്കവിടെ ഒരേവിധം കഴിയാം. വാട്ടർലൂവിലെ ധൈര്യപ്രകടനത്തെപ്പറ്റിയാണെങ്കിൽ, അതു വായനക്കാർക്കു പരിചിതമാണല്ലോ. അയാൾ അതിനു് അല്പം ചില അതിശയോക്തി കൂട്ടി എന്നു കാണാം. വേലിയേറ്റവും ഇറക്കവും, തെണ്ടിനടക്കൽ, ഓരോന്നിൽച്ചെന്നു തലയിടൽ—അയാളുടെ ജീവിതത്തിൽ മിന്നിക്കാണുന്ന ഭാഗം ഇതാണു്; തുന്നിക്കൂട്ടിയ മനസ്സാക്ഷി കഷ്ണംകഷ്ണമായ ഒരു ജീവിതക്രമത്തെ ദാനം ചെയ്യുന്നു; അങ്ങനെ 1815 ജൂൺ 18-ാം തിയ്യതിക്കടുത്ത ലഹളക്കാലത്തു ഞങ്ങൾ മുൻപു പറഞ്ഞ കൊള്ളക്കാരായ പട്ടാളക്കച്ചവടക്കാരുടെ വർഗത്തിൽ തെനാർദിയെരും ചേർന്നു; അയാളും, അവരെപ്പോലെ, നാട്ടുപുറങ്ങളിൽ തെണ്ടിനടക്കും, ചിലർക്കോരോന്നു വില്ക്കും, മറ്റു ചിലരിൽനിന്നു കക്കും; ഭാര്യയോടും സന്താനങ്ങളോടുംകൂടി സകുടുംബനായി ഒരു ചാഞ്ചാടുന്ന കട്ടവണ്ടിയിൽ, യുദ്ധത്തിനുപോകുന്ന സൈന്യത്തിനു പിന്നിൽ, എപ്പോഴും ജയം കിട്ടിയ ഭാഗത്തു ചേർന്നു നില്ക്കുവാൻ സ്വതസ്സിദ്ധമായ ഒരു വാസനയോടുകൂടി, സഞ്ചരിച്ചിരുന്നു. ആ യുദ്ധകാലം അവസാനിച്ചു; അയാൾ പറഞ്ഞതുപോലെ ‘കുറച്ചു വക’ കൈയിലുണ്ടായിരുന്നതുകൊണ്ടു, മോങ്ഫെർമിയെയിൽ വന്നു് അവിടെ ചാരായക്കട സ്ഥാപിച്ചു.

ശവം വിതച്ച ഉഴവുചാലുകളിൽനിന്നു് കൊയ്ത്തുകാലത്തു ശേഖരിച്ചതും, പണസ്സഞ്ചികളും ഘടികാരങ്ങളും സ്വർണമോതിരങ്ങളും വെള്ളിക്കുരിശുകളും അടങ്ങിയതുമായ ഈ വക ഒരു വലിയ തുകയോളം എത്തിയിരുന്നില്ല; ഉള്ളതു തിന്നുകൊണ്ടിരിക്കുന്ന ഗൃഹസ്ഥനായി മാറിയ ഈ പട്ടാളക്കച്ചവടക്കാരനെ അധികകാലം പൊറുപ്പിക്കുവാൻ മാത്രം അതില്ലാതിരുന്നു.

ഒരാണയിടലോടു കൂടിയാൽ പട്ടാളത്താവളസ്ഥലങ്ങളേയും കുരിശടയാളമിടലോടു ചേർന്നാൽ മതാചാരവിദ്യാലയത്തേയും ഓർമിപ്പിക്കുന്നതായി, ആ ചൊവ്വുകൂടിയ എന്തോ ഒന്നുള്ളതു് തെനാർദിയെരുടെ ഭാവവിശേഷങ്ങളിലുണ്ടായിരുന്നു. അയാൾ ഒരു നല്ല വാഗ്മിയാണു്. താൻ ഒരു പഠിപ്പുകാരനാണെന്നു് ആളുകൾ വിചാരിക്കുന്നതു് അയാൾക്കു സമ്മതമായിരുന്നു. എങ്കിലും അയാളുടെ ഉച്ചാരണസമ്പ്രദായം ശരിയല്ലെന്നു് സ്ക്കൂൾ മാസ്റ്റർ സൂക്ഷിച്ചറിഞ്ഞു.

വഴിയാത്രക്കാരുടെ ചെലവുപട്ടിക അയാൾ അന്തസ്സിൽ തയ്യാറാക്കിയിരുന്നു; പക്ഷേ, പരിചയമുള്ള കണ്ണുകൾ അതിൽ അക്ഷരത്തെറ്റുകളുള്ളതായി കണ്ടു പിടിച്ചു. തെനാർദിയെർ ഉപായക്കാരനും കൊതിയനും മടിയനും സമർഥനുമായിരുന്നു. അയാൾ ഭൃത്യജനങ്ങളെ അധിക്ഷേപിക്കാറില്ല; അതുകാരണം ഭാര്യ അവരെ ക്ഷണത്തിൽ പിരിച്ചുകളയുന്നു. ആ രാക്ഷസി വലിയ സപത്നീമത്സരക്കാരിയാണു്. ആ മെലിഞ്ഞു മഞ്ഞച്ച ചെറുമനുഷ്യനെ എല്ലാവർക്കും വലിയ ഭ്രമമാണെന്നു് അവൾക്കു തോന്നിയിരുന്നു.

ആകപ്പാടെ ഒരു സൂത്രക്കാരനും നിലതെറ്റാത്തവനുമായ തെനാർദിയെർ ഒരു ശാന്തമട്ടോടുകൂടിയ തെമ്മാടിയായിരുന്നു. ഇതാണു് എല്ലാറ്റിലുംവെച്ചു ചീത്തവർഗം; കള്ളനാട്യം അതിൽ പ്രവേശിക്കുന്നു.

ചില സമയത്തു തെനാർദിയെരും ഭാര്യയെപ്പോലെതന്നെ അത്രയധികം ശുണ്ഠിയെടുത്തുപോകാറില്ലെന്നില്ല; പക്ഷേ, അതു വളരെ ചുരുക്കമാണു്; മനസ്സിനടിയിൽ ഒരു വലിയ ദ്വേഷകുണ്ഡം മുഴുവനും വെച്ചു വന്നതുകൊണ്ടു്, ആവക സമയങ്ങളിൽ അയാൾ മനുഷ്യജാതിയോടെല്ലാംതന്നെ ശുണ്ഠിയെടുക്കും. എന്നല്ല, ഇടവിടാതെ ഓരോ തെറ്റുകൾക്കും പകരംചോദിച്ചുപോരുന്നവരും, തങ്ങൾക്കു പറ്റിയ അപകടങ്ങൾക്കെല്ലാം കണ്ണിൽക്കണ്ടവരെ കുറ്റപ്പെടുത്തുന്നവരും, ഒന്നാമതായി കൈയിൽക്കിട്ടുന്നാളുകളുടെ മേൽ തങ്ങളുടെ ജീവകാലത്തിനുള്ളിൽ അനുഭവിച്ചിട്ടുള്ള ചതിപ്പണികളുടേയും ദ്രവ്യനഷ്ടങ്ങളുടേയും കഷ്ടപ്പാടുകളുടേയും ആകത്തുക, അവകാശപൂർവമായ ഒരാവലാതിപോലെ, കൊണ്ടുചുമത്തുവാൻ എപ്പോഴും ഒരുങ്ങിനില്ക്കുന്നവരുമായി അങ്ങനെ ചിലരുള്ളതിൽ ഒരാളായിരുന്നു തെനാർദിയെർ: ഈ പുളിമാവു മുഴുവനും ആ മനുഷ്യന്റെ ഹൃദയത്തിൽ കുത്തിയിളക്കപ്പെട്ടു. കണ്ണിലൂടെയും വായിലൂടെയും പതഞ്ഞു വഴിഞ്ഞുതുടങ്ങിയാൽ, അയാൾ ഭയങ്കരനായിത്തീരും. ആ സമയത്തു് അയാളുടെ ശുണ്ഠിക്കു വിഷയീഭവിച്ചവനാരോ അവന്റെ കഥ കഷ്ടമാണ്!

മറ്റു ഗുണങ്ങളുള്ളവയ്ക്കു പുറമെ, തെനാർദിയെർ ശ്രദ്ധയും ശുഷ്കാന്തിയുമുള്ളവനും, അതാതു സന്ദർഭങ്ങളെ അനുസരിച്ചു മൗനിയും വാഗ്മിയും, ഏതു സമയത്തും നല്ല ബുദ്ധിയുള്ളവനുമായിരുന്നു. കപ്പലിലെ യന്ത്രക്കണ്ണാടികളിലേക്കു ചുഴിഞ്ഞുനോക്കിശ്ശീലിച്ചിട്ടുള്ള കപ്പൽക്കാരുടെ നോട്ടത്തിനുള്ള ആ എന്തോ ഒന്നു് അയാൾക്കുമുണ്ടു്. തെനാർദിയെർ ഒരു രാജ്യതന്ത്രജ്ഞനാണു്.

ചാരായക്കടയിലേക്കു കടന്നുചെല്ലുന്ന ഏതൊരു പുതിയ ആളും മദാം തെനാർദിയെരെ ആദ്യമായി കണ്ടമാത്രയിൽ. ‘ഇതാണു് ഈ വീട്ടിലെ ഉടമസ്ഥൻ’ എന്നു പറയാതിരിക്കില്ല. ഒരബദ്ധം. അവൾ അതിന്റെ ഉടമസ്ഥപോലുമല്ല, ഭർത്താവുതന്നെയാണു് ഉടമസ്ഥനും ഉടമസ്ഥയും. അവൾ പണിയെടുക്കും; അയാൾ ഉണ്ടാക്കും. അദൃശ്യവും നിരന്തരവുമായ ഒരുതരം ആകർഷണശക്തികൊണ്ടു് സകലത്തേയും അയാൾ അതാതു ഭാഗത്തേക്കു തിരിച്ചുവിടുന്നു. അയാൾ ഒരു വാക്കു പറയുകയേ വേണ്ടൂ; ചിലപ്പോൾ ഒരാംഗ്യം കാണിച്ചാലും മതി; ആ പുരാതനമഹാഗജം അതനുസരിക്കും. നല്ലവണ്ണം മനസ്സിലായിട്ടില്ലെങ്കിലും മദാം തെനാർദിയെരുടെ കണ്ണിനു തെനാർദിയെർ ഒരസാമാന്യനും ഒരു രാജതുല്യനുമാണു്. അവൾക്കു ചേർന്നവിധത്തിലുള്ള ഗുണങ്ങൾ അവൾക്കുമുണ്ടായിരുന്നു. മൊസ്സ്യു തെനാർദിയെരുമായി അവൾക്കെപ്പോഴെങ്കിലും ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ—കൂട്ടത്തിൽപ്പറയട്ടെ, ഈ ഒരൂഹംതന്നെ പാടുള്ളതല്ല—അവൾ ഭർത്താവിനെ മറ്റുള്ളവരുടെ മുൻപിൽവെച്ചു ശകാരിക്കില്ല. സ്ത്രീകൾ പലപ്പോഴും ചെയ്തുവരുന്ന ആ അബദ്ധം—പാർലിമെണ്ടു സഭക്കാരുടെ ഭാഷയിൽ പറയുമ്പോൾ, ‘രാജത്വത്തെ വെളിച്ചത്താക്കുക’ എന്നത്—അവൾ ഒരുക്കലും ‘അപരിചിതന്മാരുടെ മുൻപിൽവെച്ചു’ പ്രവർത്തിക്കുകയില്ല. അവരുടെ രണ്ടുപേരുടേയും യോജിപ്പിൽനിന്നു ദോഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, മദാം തെനാർദിയെർക്കു ഭർത്താവോടുള്ള വണക്കത്തിൽ ആലോചനയ്ക്കു വകയുണ്ടു്. ഒച്ചയുടേയും മാംസത്തിന്റേയും ആ ഒരു പെരും മല, ക്ഷീണിച്ചു മെലിഞ്ഞ ഒരു ചെറുവിരലിന്റെ ഇളക്കമനുസരിച്ചു നടന്നു. അമർന്നൊതുങ്ങിയതും വൈകൃതപ്പെട്ടതുമായ ഒരു ഭാഗം പിടിച്ചുനോക്കുമ്പോൾ, ഇതു മഹത്തും സർവസാമാന്യവുമായ ആ ഒന്നത്രേ—ജഡപദാർഥത്താൽ അന്തഃകരണം പൂജിക്കപ്പെടൽ; എന്തുകൊണ്ടെന്നാൽ, ചില വികൃതാവയവങ്ങൾക്കുള്ള ഒരുൽപത്തിഹേതു ശാശ്വതസൗന്ദര്യത്തിന്റെ കേവലമായ അഗാധഭാഗത്തു കിടക്കുന്നു. തെനാർദിയെരിൽ എന്തോ ഒരജ്ഞാതവസ്തുവുണ്ടു്; അതിൽനിന്നാണു് ആ സ്ത്രീയുടെ മേൽ അയാൾക്കുള്ള പരിപൂർണാധികാരത്തിന്റെ ഉത്ഭവം. ചില സമയങ്ങളിൽ അവൾ അയാളെ ഒരു കൊളുത്തപ്പെട്ട മെഴുതിരിപോലെ കാണും; മറ്റു ചിലപ്പോൾ അയാൾ ഒരു കഴുകിൻനഖംപോലെ അവൾക്കനുഭവപ്പെടും.

തന്റെ മക്കളെയൊഴിച്ചു മറ്റാരെയും സ്നേഹമില്ലാത്തവളും, തന്റെ ഭർത്താവിനെയൊഴിച്ചു മറ്റാരേയും പേടിയില്ലാത്തവളുമായ ഒരു ഭയങ്കരജന്തുവായിരുന്നു ഈ സ്ത്രീ. മുലയുള്ള വർഗത്തിൽപ്പെട്ടിരുന്നതുകൊണ്ടു് അവൾ ഒരമ്മയാണു്. പക്ഷേ, അവളുടെ മാതൃത്വം അവളുടെ പെൺമക്കളോടുകൂടി അവസാനിച്ചു; നമ്മൾ ഇനി കാണാൻ പോകുന്നതുപോലെ ആൺമക്കളുടെ അടുക്കലേക്ക് അതെത്തിയിരുന്നില്ല, ആ പുരുഷന്നാകട്ടേ, ഒരൊറ്റ വിചാരമേ ഉള്ളൂ—എങ്ങനെയാണു് പണമുണ്ടാക്കേണ്ടതു്.

അതിന്നയാൾക്കു കഴിഞ്ഞില്ല. അത്രയും വലിയ ബുദ്ധിശക്തിക്കു പയറ്റാൻ മാത്രമുള്ള ഒരു കളരിയില്ലായിരുന്നു. സുന്നത്തിനു നഷ്ടം വരാമെങ്കിൽ, തെനാർദിയെർക്ക് മോങ്ഫെർമിയെയിൽ നഷ്ടമാണു് പറ്റിയിരുന്നതു്; സ്വിറ്റ്സർലാണ്ടിലോ പെറിണീസ്സിലോ ആയിരുന്നുവെങ്കിൽ ഈ കാശില്ലാത്ത കള്ളൻ ഇപ്പോൾ ഒരു കോടീശ്വരനാണു്; പക്ഷേ, ഒരു ചാരായക്കടക്കാരന്നു്, ഈശ്വരവിധിതന്നെ എവിടെ നിർത്തി കുറ്റി തറച്ചുവോ അവിടെനിന്നു മേയുകയേ ശരണമുള്ളൂ.

ഇവിടെ ചാരായക്കടക്കാരൻ എന്ന വാക്കു ചിലരെമാത്രം ഉദ്ദേശിച്ചേ വച്ചിട്ടുള്ളു എന്നും ആ വർഗക്കാർക്കു മുഴുവനും അതു ബാധകമല്ലെന്നും ഓർമിക്കേണ്ടതാണു്.

ഈ കൊല്ലത്തിൽത്തന്നെ, 1823-ൽ, ഏകദേശം ആയിരത്തഞ്ഞൂറു ഫ്രാങ്കിന്റെ ചില്ലറക്കടം തെനാർദിയെരുടെ തലയിൽ വന്നുപെട്ടിരുന്നു; ഇതു് അയാളെ അസ്വാസ്ഥ്യപ്പെടുത്തി.

ഇക്കാര്യത്തിൽ ഈശ്വരവിധിയുടെ മർക്കടമുഷ്ടിയോടുകൂടിയ അനീതി എന്തുതന്നെയായാലും, അപരിഷ്കൃതജനങ്ങളുടെ ഇടയിൽ ഒരു ഗുണവും പരിഷ്കൃതജനങ്ങളുടെ ഇടയിൽ ഒരു കച്ചവടസാധനമായ ആ ഒന്ന് —അതിഥിസൽക്കാരം— ഏറ്റവുമധികം ഗാഢമായും പുതിയ പരിഷ്കാരത്തോടു് ഏറ്റവുമധികം യോജിച്ചും ഭംഗിയിൽ മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു തെനാർദിയെർ. പോരാത്തതിനു്, അയാൾ ഒരഭിനന്ദനീയനായ ഒളിവേട്ടക്കാരനും ഉന്നം നോക്കി വെടിവെക്കുന്നതിൽ അദ്വിതീയനെന്നു പേരെടുത്തവനുമായിരുന്നു. അയാൾക്ക് ഒരുതരം ശാന്തവും ഉദാസീനവുമായ ചിരിയുണ്ടു്; അതാണു് വിശേഷിച്ചും അപകടം പിടിച്ചതു്.

ഹോട്ടൽക്കാരൻ എന്ന നിലയ്ക്കുള്ള അയാളുടെ അഭിപ്രായവിശേഷങ്ങൾ ചിലപ്പോൾ മിന്നല്പിണരുകൾപോലെ പൊട്ടിപ്പുറപ്പെടും. തന്റെ ജോലിയെസ്സംബന്ധിക്കുന്ന ചില നീതിവാക്യങ്ങൾ അയാൾക്കറിയാം; അതുകൾ അയാൾ ഭാര്യയോടു മനസ്സിലേക്കു കുത്തിത്തിരുകും. ‘ഒരു ചാരായക്കടക്കാരന്റെ മുറ.’ ഒരു ദിവസം അയാൾ അവളോടു ശക്തിയിലും ഒരു താഴ്‌ന്ന സ്വരത്തിലും പറഞ്ഞു. ‘വന്നാൾക്ക് ഇഷ്ടവും, വിശ്രമവും, വെളിച്ചവും, തിയ്യും, മുഷിഞ്ഞ വിരിപ്പുകളും, ഒരു ഭൃത്യനും പേനുകളും, ഒരു പുഞ്ചിരിയും വിലയ്ക്കു കൊടുക്കുകയാണു്; വഴിയാത്രക്കാരെ തടഞ്ഞുനിർത്തുക, ചെറിയ പണസ്സഞ്ചികളെ കമഴ്ത്തിക്കൊട്ടിക്കുക, കനമേറിയവയെ മര്യാദയ്ക്കു ചുരുക്കിക്കൊടുക്കുക; കുടുംബവുമായി സഞ്ചരിക്കുന്നവരെ ആദരവോടുകൂടി താമസിപ്പിക്കുക; പുരുഷനെ ക്ഷൗരം ചെയ്യുക, സ്ത്രീയെ തൂവൽ പറിക്കുക, കുട്ടിയെ തികച്ചും ചകിരിപിച്ചുക; തുറന്ന ജനാലയ്ക്കും, അടഞ്ഞ ജനാലയ്ക്കും, പുകക്കുഴൽ മൂലയ്ക്കും, ചാരുകസാലയ്ക്കും കസാലയ്ക്കും, ഇരിപ്പുകട്ടിലിന്നും, കിടക്കയ്ക്കും, വയ്ക്കോൽക്കെട്ടിനും നരിക്കുവിലയിടുക; കണ്ണാടിയിൽ എത്രകണ്ടു നിഴൽ പതിയുന്നുണ്ടെന്നു നോക്കിയറിഞ്ഞ് അതിന്നൊരു വില നിശ്ചയിക്കുക; എന്നല്ല, എന്തു കഴുവിന്മേലെങ്കിലുമൊക്കെ പിടിച്ചുകേറി വഴിയാത്രക്കാരന്റെ പക്കൽനിന്നു സകലത്തിനും, അയാളുടെ നായ തിന്നിട്ടുള്ള ഈച്ചകൾക്കുകൂടിയും, പണം മേടിക്കുക!’

ചതിയും ശുണ്ഠിയുംകൂടി കല്യാണം കഴിച്ചതാണു് ഈ ദമ്പതിമാർ— ഒരു പൈശാചികവും ഭയങ്കരവുമായ ജോടിക്കുതിര.

ഭർത്താവു് ഇരുന്നാലോചിക്കുകയും കണക്കുകൂട്ടുകയും ചെയ്യുമ്പോൾ, മദാം തെനാർദിയെർ അവിടെയില്ലാത്ത കടക്കാരെപ്പറ്റി ആലോചിക്കില്ല; നാളെത്തെ കഥയെയോ ഇന്നത്തെ കഥയെയോ പറ്റി ഒരാലോചനയും ചെയ്യില്ല; അവൾ ഒരു നിമിഷനേരംകൊണ്ടു് ഒരു ജന്മത്തിലെ മുഴുവൻ ശുണ്ഠിയെടുക്കും.

ഇങ്ങനെയായിരുന്നു ആ രണ്ടു സത്ത്വങ്ങൾ. കൊസെത്തു് അവരുടെ നടുവിൽപ്പെട്ടു; ഒരേസമയത്തു് ആട്ടുകല്ലിൽ കിടന്നു പൊടിഞ്ഞുതകരുകയും ചവണകളെക്കൊണ്ടു വലിഞ്ഞു കഷ്ണം കഷ്ണമായി ചിന്നുകയും ചെയ്യുന്ന ഒരു ജന്തുപോലെ, അവൾ ആ രണ്ടുപേരുടേയും അമർച്ചയ്ക്കു വശംവദയായി. ആ പുരുഷന്നും ആ സ്ത്രീക്കും ഓരോ സവിശേഷരീതിയുണ്ടു്; കൊസെത്തു് അടികൊണ്ടു കുതർന്നു—ഇതു സ്ത്രീയുടെ വകയാണു്; അവൾ മഴക്കാലത്തു കാലിൽ യാതൊന്നുമില്ലാതെ നടന്നു—ഇതു പുരുഷന്റെ പണിയത്രേ.

കൊസെത്തു് കോണിപ്പടികൾ പാഞ്ഞുകയറും, പാഞ്ഞിറങ്ങും, പാത്രങ്ങളൊക്കെ മോറും, നിലം അടിച്ചുവാരും, തിരുത്തിത്തുടയ്ക്കും, പൊടി കളയും, അങ്ങോട്ടുമിങ്ങോട്ടും ഓടും, എവിടെയും പരിഭ്രമിച്ചു ചെല്ലും, കിതയ്ക്കും, കനമുള്ള സാധനങ്ങൾ എടുത്തു നീക്കും—എല്ലാം ചെയ്യും; ശക്തി കുറഞ്ഞവളായിരുന്നതുകൊണ്ടു്, മുരട്ടുപണികളെല്ലാം അവളെടുത്തുവന്നു. അവൾക്കനുഭവപ്പെടാൻ ദയയില്ല; ഒരു കൊടുംശുണ്ഠിക്കാരിയായ എജമാനത്തിയുണ്ടു്; ഒരു കൊടും പകയുള്ളവനായ എജമാനനും. തെനാർദിയെർഹോട്ടൽ ഒരു മാറാലവലപ്പോലെയാണു്; അതിൽ കൊസെത്തു് കുടുങ്ങി; അവൾ അതിനുള്ളിൽ വിറച്ചുംകൊണ്ടു കിടക്കുന്നു. ഈ ദുഷ്ടഭവനത്തിൽ അവൾക്ക് ഉപദ്രവത്തിന്റെ പരമകാഷ്ഠ അനുഭവഗോചരമായി. ഈച്ച എട്ടുകാലികൾക്കു വേണ്ട ഭൃത്യപ്പണി ചെയ്യുന്നതുപോലെയായിരുന്നു അതു്.

ആ സാധുക്കുട്ടി ഒന്നും മിണ്ടാതിരുന്നു.

ഇങ്ങനെയുള്ള ജീവാത്മാക്കൾ ഈശ്വരനുമായി വേർപെട്ട ഉടനെ, ജീവിതം ഉദിച്ചുവരുവാൻ തുടങ്ങുന്ന സമയത്തു്, ഈ വിധം ചെറുതായി വെറും നഗ്നരായ മനുഷ്യരുടെ നടുവിൽപ്പെടുമ്പോൾ, അവയുടെ അന്തർഭാഗത്തു് എന്തു സംഭവിക്കുന്നു!

കുറിപ്പുകൾ

[2] ഒരു പ്രസിദ്ധനായ ഫ്രഞ്ച് തത്ത്വജ്ഞാനിയും ചരിത്രകാരനും.

[3] ഒരു ഫ്രഞ്ച് കവിയും പണ്ഡിതനും.

[4] ഒരു ഋഷി കാന്റർബറിയിലെ ഒന്നാമത്തെ പ്രധാന മെത്രാൻ.

2.3.3
മനുഷ്യർക്കു വീഞ്ഞു കിട്ടണം, കുതിരകൾക്കു വെള്ളവും വേണം

നാലു പുതിയ വഴിയാത്രക്കാർ വന്നെത്തി.

കൊസെത്തു് വ്യസനപൂർവം ഇരുന്നു മനോരാജ്യം വിചാരിക്കുകയാണു്; എട്ടു വയസ്സു മാത്രമേ ആയിരുന്നുള്ളുവെങ്കിലും അപ്പോഴേക്കുതന്നെ അത്രമേൽ ദുഃഖമനുഭവിച്ചുകഴിഞ്ഞതുകൊണ്ടു്, അവൾ ഒരു വൃദ്ധയുടെ കുണ്ഠിതഭാവത്തോടു കൂടി ഇരുന്നാലോചിച്ചു. മദാം തെനാർദിയെരുടെ കൈമടക്കിയ ഒരിടികൊണ്ടു് അവളുടെ കണ്ണിൻതടം കറുത്തിരുന്നു; അതുകാരണം ആ ക്രൂരസത്ത്വം ഇടയ്ക്കിടയ്ക്ക് അഭിപ്രായപ്പെടും, ‘കണ്ണിൽ ഇടികൊണ്ടിട്ടു് അവളെ കണ്ടാൽ എങ്ങനെയിരിക്കുന്നു!’

ഇരുട്ടായി, വല്ലാത്ത ഇരുട്ടായി എന്നും, വന്നെത്തിയ വഴിയാത്രക്കാരുടെ മുറികളിലുള്ള പിടിമോന്തകളിലും മേശക്കുടങ്ങളിലും വെള്ളം നിറഞ്ഞിരിക്കണമെന്നും, വെള്ളത്തൊട്ടിയിൽ ഇനി ഒട്ടുംതന്നെ വെള്ളമില്ലെന്നുമാണ് കൊസെത്താലോചിച്ചിരുന്നതു്.

തെനാർദിയെരുടെ ഭവനത്തിലുള്ളവരാരും വളരെയധികം വെള്ളം കുടിക്കാറില്ലാത്തതുകൊണ്ടു് അവൾക്കല്പം ആശ്വാസം തോന്നി. ദാഹമുള്ളാളുകൾ ഒരിക്കലും അവിടെ ഇല്ലാതെ വരാറില്ല; പക്ഷേ, അവരുടെ ദാഹം പിടിമോന്തകളെക്കാളധികം ചാരായപ്പാത്രങ്ങളോടടുക്കുന്ന തരത്തിലായിരുന്നു. ആ വീഞ്ഞുഗ്ലാസ്സുകളുടെയെല്ലാം നടുവിൽവെച്ച് ആരെങ്കിലും ഒരു ഗ്ലാസ്സു വെള്ളം ആവശ്യപ്പെട്ടുവെങ്കിൽ അവിടെയുള്ള എല്ലാവർക്കും അതൊരു കാടനാണെന്നു തോന്നിപ്പോകും. പക്ഷേ, അവൾ വിറച്ചുപോകേണ്ട ഒരു ഘട്ടം വന്നു; മദാം തെനാർദിയെർ അടുപ്പത്തിരുന്നു തിളച്ചുമറിയുന്ന ഒരു ഇഷ്ടുപ്പാത്രത്തിന്റെ മൂടി തുറന്നു; എന്നിട്ടു് ഒരു പാത്രം കടന്നെടുത്തു ക്ഷണത്തിൽ വെള്ളത്തൊട്ടിയുടെ അടുക്കലേക്കു നടന്നു. അവൾ അതിന്റെ കുഴൽത്തിരിപ്പു തിരിച്ചു; ആ കുട്ടി തല പൊന്തിച്ച് അവളുടെ പുറപ്പാടുകളോരോന്നും സൂക്ഷിച്ചുനോക്കിയിരുന്നു. കുഴൽത്തിരിപ്പിലൂടെ ഒരു മെലിഞ്ഞ ജലധാര ഇറ്റിറ്റു ഗ്ലാസ്സു പകുതി നിറച്ചു. ‘ആ ഹാ,’ അവൾ പറഞ്ഞു, ‘വെള്ളം തീർന്നു!’ ഒരു നിമിഷനേരത്തെ നിശ്ശബ്ദതയുണ്ടായി. ആ കുട്ടി ശ്വാസം കഴിച്ചില്ല

‘ഉം!’ പകുതി നിറഞ്ഞ ഗ്ലാസ്സിലേക്കു നോക്കി മദാം തെനാർദിയെർ തുടർന്നു പറഞ്ഞു, ‘ഇതുകൊണ്ടു മതിയാവും.’

കൊസെത്തു് വീണ്ടും തന്റെ പണിയിൽ പ്രവേശിച്ചു; പക്ഷേ, ഒരു കാൽമണിക്കൂർനേരത്തേക്ക് ഒരു വലിയ മഞ്ഞുകട്ടപോലെ, ഹൃദയം തന്റെ മാറിനുള്ളിൽ കിടന്നു ചാടിയിരുന്നതായി അവൾക്കു തോന്നി.

ഇങ്ങനെ കഴിഞ്ഞുപോയ ഓരോ നിമിഷവും അവൾ എണ്ണി; പുലർന്നുകിട്ടിയാൽ മതിയായിരുന്നു എന്നു് അവൾ കൊതിച്ചു.

അവിടെയിരുന്നു കുടിക്കുന്നവരിൽ ഓരോരുത്തനും ഇടയ്ക്കിടയ്ക്കു തെരുവിലേക്കു നോക്കി ഉച്ചത്തിൽ പറയും, ‘അപ്പക്കൂടുപോലെ കറുത്തിരിക്കുന്നു;’ അല്ലെങ്കിൽ, ‘ഈ സമയത്തു റാന്തൽകൂടാതെ തെരുവിൽ നടക്കണമെങ്കിൽ അവൻ ഒരു പൂച്ചയായിരിക്കണം!’ അപ്പോൾ കൊസെത്തു് വിറച്ചു.

പെട്ടെന്നു് ആ ഹോട്ടലിലുണ്ടായിരുന്നവരിൽ ഒരാൾ അങ്ങോട്ടു കടന്നുവന്നു്, ഒരു ശുണ്ഠിയെടുത്ത സ്വരത്തിൽ പറഞ്ഞു: ‘എന്റെ കുതിരയ്ക്കു വെള്ളം കൊടുത്തിട്ടില്ല.’

‘ഉവ്വു്,കൊടുത്തിരിക്കുന്നു,’ മദാം തെനാർദിയെർ പറഞ്ഞു.

‘ഞാൻ പറയുന്നു, അതിനു വെള്ളം കിട്ടിയിട്ടില്ല, ആ സഞ്ചാരി വ്യാപാരി തിരിഞ്ഞടിച്ചു.

കൊസെത്തു് മേശയുടെ ചുവട്ടിൽനിന്നു പുറത്തു കടന്നു.

‘ഉവ്വു്, സേർ!’ അവൾ പറഞ്ഞു, ‘കുതിര വെള്ളം കുടിച്ചു; ഒരു വെള്ളത്തൊട്ടിയിൽനിന്നാണു് അതു കുടിച്ചതു്; ഒരു തൊട്ടി നിറച്ചും കുടിച്ചു; ഞാനാണു് അതു കൊണ്ടുക്കൊടുത്തതു്; ഞാൻ അതിനോടു ഓരോന്നു പറഞ്ഞു.’

‘ഇതു നേരല്ല;’ കൊസെത്തു് നുണ പറഞ്ഞു.

‘എന്റെ ഒരു മുഷ്ടിയോളം പോന്ന ഒരു പെണ്ണു് ഈ വീട്ടിനോളം വലിയ നുണ പറയുന്നു!’ അയാൾ ഉറക്കെപ്പറഞ്ഞു. ‘എടി തെറിച്ചിപ്പെണ്ണേ! ഞാൻ പറയുന്നു, എന്റെ കുതിരയ്ക്ക് ഇന്നു വെള്ളം കിട്ടിയിട്ടില്ല. വെള്ളം കിട്ടാഞ്ഞാൽ അവന്നു് ഒരൊച്ച പുറപ്പെടുവിക്കാനുണ്ടു്; എനിക്കതു നല്ലവണ്ണമറിയാം.’

കൊസെത്തു് ശാഠ്യം പിടിച്ചു; സങ്കടംകൊണ്ടു് ഇടറിയ ഒരൊച്ചയിൽ, കേൾക്കാൻ വയ്യാത്തവിധം പതുക്കെ, അവൾ തുടർന്നു പറഞ്ഞു:‘എന്നല്ല, അതു മതിയാവുന്നതുവരെ കുടിച്ചിരിക്കുന്നു.’ ‘അപ്പോൾ’ ശുണ്ഠിയെടുത്ത് അയാൾ പറഞ്ഞു:‘ഇതു പറ്റില്ല; എന്റെ കുതിരയ്ക്കു വെള്ളം കിട്ടിയിട്ടില്ല; അതു കിട്ടണം.’

കൊസെത്തു് പിന്നെയും മേശയുടെ ചുവട്ടിലേക്ക് ഇഴഞ്ഞു.

‘അതേ, അതു കാര്യമാണ്!’ മദാം തെനാർദിയെർ അഭിപ്രായപ്പെട്ടു; ‘ജന്തുവിനു വെള്ളം കിട്ടിയിട്ടില്ല; അതു കിട്ടണം.’ എന്നിട്ടു നാലു പുറവും ഒന്നു നോക്കിയിട്ടു്: ‘ആട്ടെ, അപ്പോൾ! എവിടെയാണു് ആ മറ്റേ ജന്തു?’

അവൾ താണുനോക്കി; മേശയുടെ അങ്ങേ അറ്റത്തു്, ആ മദ്യപന്മാരുടെ ഏതാണ്ടു് കാല്ക്കൽത്തന്നെ, ചുരുണ്ടിരിക്കുന്ന കൊസെത്തിനെ കണ്ടെത്തി.

‘ഇങ്ങോട്ടു വരുന്നോ?’ മദാം തെനാർദിയെർ അലറി.

ഒളിച്ചുകൂടിയിരുന്ന ആ ഒരു പൊത്തിനുള്ളിൽ നിന്നു കൊസെത്തു് പുറത്തേയ്ക്കു പതുങ്ങിക്കടന്നു. തെനാർദിയെർസ്ത്രീ പറഞ്ഞു; ‘ഹേ, മദാംവ്വസേല്ലു് പേരില്ലാത്ത പട്ടി, പോ, ആ കുതിരയ്ക്കു വെള്ളം കൊടുക്ക്.’

‘അയ്യോ, മദാം,’ കൊസെത്തു് പതുക്കെ പറഞ്ഞു, ‘വെള്ളമില്ല.’

തെനാർദിയെർസ്ത്രീ തെരുവിലേക്കുള്ള വാതിൽ മലർക്കെത്തുറന്നു—

‘എന്നാൽ പോ, കൊണ്ടുവാ കുറച്ച്!’

കൊസെത്തിന്റെ തല കീഴ്പോട്ടു തൂങ്ങി; അവൾ പുകക്കുഴൽമൂലയിൽ ഉണ്ടായിരുന്ന ഒരു തൊട്ടിയെടുക്കാൻ പോയി.

ഈ പാത്രം അവളെക്കാൾ വലുതാണു്; ആ കുട്ടിക്കു പ്രയാസം കൂടാതെ അതിനുള്ളിൽ കടന്നിരിക്കാം.

തെനാർദിയെർസ്ത്രീ തന്റെ അടുപ്പിനരികിലേക്കു മടങ്ങി ഒരു മരക്കയിൽ എടുത്തു് ആ ഇഷ്ടുപ്പാത്രത്തിലുള്ളതു സ്വാദു നോക്കുന്നതോടുകൂടി അങ്ങനെ പിറുപിറുത്തു: ‘ചോലയിൽ വേണ്ടതുണ്ടു്, ഏ! ഇങ്ങനെ ഒരസത്തു പെണ്ണില്ല. എന്റെ ഉള്ളിപ്പൊതിയെടുത്തു പിഴിയുകയായിരുന്നു ഇതിലും ഭേദമെന്നു തോന്നുന്നു.’

എന്നിട്ടു സൂനാണ്യങ്ങളും കുരുമുളകും ചെറിയ ഉള്ളിച്ചുളകളും കിടക്കുന്ന ഒരു ചുമർവലിപ്പിൽ കൈയിട്ടു തപ്പി.

‘ഇങ്ങോട്ടു നോക്കൂ, മാംസെൽ പോക്കാച്ചിത്തവളേ,’ അവൾ തുടർന്നു പറഞ്ഞു, ‘പോരുന്ന വഴിക്ക് അപ്പക്കാരനോടു് ഒരു വലിയ അപ്പം മേടിച്ചോ, ഇതാ പതിനഞ്ചു സൂ.’

കൊസെത്തിനു് ഉടുപ്പിന്റെ മുൻഭാഗത്തായി ഒരു ചെറുകീശയുണ്ടായിരുന്നു; ഒന്നും മിണ്ടാതെ ആ നാണ്യമെടുത്തു് അവൾ ആ കീശയിലിട്ടു.

എന്നിട്ടു കൈയിൽ പാത്രവും മുൻപിൽ മലർക്കെത്തുറന്ന വാതിലുമായി അവൾ അനങ്ങാതെ നിന്നു. സഹായിക്കാൻ ആരോ വരുന്നതു് അവൾ കാത്തു നില്ക്കുകയാണോ എന്നു തോന്നും.

‘നിന്നെയും കൊണ്ടു കടന്നുപോയാട്ടെ!’ തെനാർദിയെർസ്ത്രീ അലറി.

കൊസെത്തു് പുറത്തേക്കു പോയി, അവളുടെ പിന്നിൽ വാതിലടഞ്ഞു.

2.3.4
ഒരു പാവയിരിക്കുന്നേടത്തു ചെല്ലൽ

പള്ളിയിൽനിന്നു തുടങ്ങുന്ന ചന്തപ്പുരകൾ, വായനക്കാർ ഓർമിക്കുന്നതു പോലെ, തെനാർദിയെർഹോട്ടൽവരെ എത്തിയിരുന്നു. നഗരവാസികൾ അർദ്ധ രാത്രിയിലെ തിരുവത്താഴപ്പൂജയ്ക്ക് ആ വഴിയെ പോകുന്നതാകകൊണ്ടു് ചന്തപ്പുരകളിലെല്ലാം കടലാസ്സുകുഴലുകൾക്കുള്ളിലിരുന്നു കത്തുന്ന മെഴുതിരികൾകൊണ്ടു വിളക്കുവെച്ചിരുന്നു; തെനാർദിയെർഹോട്ടലിൽ അപ്പോൾ ഇരുന്നു കുടിച്ചിരുന്ന സ്ക്കൂൾമാസ്റ്റർ അഭിപ്രായപ്പെട്ടതുപോലെ, അതിനു് ‘അത്ഭുതകരമായ ഒരു ചന്ത’മുണ്ടായിരുന്നു. ആ നഷ്ടം തീരാൻ ആകാശത്തു് ഒരു നക്ഷത്രമെങ്കിലും കാണാനുണ്ടായിരുന്നില്ല.

തെനാർദിയെർഭവനത്തിനു നേരെ മുൻപിലുള്ളതായ ഈ പീടികകളിൽ ഒടുവിലത്തേതു്, തീത്തകിടുകൊണ്ടും കണ്ണാടിച്ചില്ലുകൊണ്ടും ഭംഗിയുള്ള തകരക്കഷണം കൊണ്ടും ഉണ്ടാക്കിയ പലതരം പാവകൾ വില്ക്കാൻ വെച്ചിട്ടുള്ള സ്ഥലമായിരുന്നു. മുൻപിലത്തെ വരിയിൽ, കുറെ പിന്നിലേക്കു തള്ളി, വെളുത്ത ഉറുമാൽവിരിയുടെ മുൻപിൽ, ഏകദേശം രണ്ടടി ഉയരമുള്ളതും വാസ്തവത്തിലുള്ള തലമുടിയും കവിടിപ്പൂച്ചിട്ട കണ്ണുകളുമുള്ളതും തലയിൽ സ്വർണപ്പക്ഷികളോടുകൂടി ഒരു ചുകന്ന പട്ടുടുപ്പിടുവിച്ചതുമായ ഒരു പാവയെ കച്ചവടക്കാരൻ നിർത്തിയിരുന്നു. പത്തു വയസ്സിനു താഴെയുള്ള വഴിയാത്രക്കാരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടു് ഈ അസാമാന്യവസ്തു അന്നു മുഴുവനുമായി അങ്ങനെ നില്ക്കുന്നു; അതു വാങ്ങി കുട്ടിക്കു കൊടുക്കാൻമാത്രം പണക്കാരിയോ ധാരാളക്കാരിയോ ആയ ഒരമ്മയും മോങ്ഫെർമിയെ ഗ്രാമത്തിലുണ്ടായില്ല. എപ്പൊനൈനും അസൽമയും ഒന്നിലധികം മണിക്കൂറുകൾ അതു നോക്കിക്കണ്ടു; കൊസെത്തു് തന്നെയും, ഉപായത്തിൽ, അതൊരു നോട്ടം കണ്ടു എന്നതു വാസ്തവമാണു്.

കൈയിൽ വെള്ളത്തൊട്ടിയോടുകൂടി കുണ്ഠിതപ്പെട്ടും സ്വാസ്ഥ്യംകെട്ടും തെരുവിലേക്കിറങ്ങിയ സമയത്തു് ആ അത്ഭുതകരമായ പാവയെ—അവൾ പറഞ്ഞതുപോലെയാണെങ്കിൽ, ആ മാന്യസ്ത്രീയെ—ഒന്നു നോക്കിക്കാണാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല. ആ സാധുക്കുട്ടി അമ്പരന്നു നിന്നുപോയി. അവൾ ആ പാവയെ അതേവരെ അടുത്തു കണ്ടിട്ടില്ല. ആ പീടിക മുഴുവനും ഒരു രാജധാനിയായി അവൾക്കു തോന്നി; ആ പാവ ഒരു പാവയല്ലാതായി; അതൊരു കാഴ്ചയായിരുന്നു. ഇരുട്ടടഞ്ഞതും മരവിപ്പിക്കുന്നതുമായ കഷ്ടപ്പാടിൽ അത്രയും ആണ്ടു മുങ്ങിക്കിടക്കുന്ന ആ ഭാഗ്യംകെട്ട ചെറുകുട്ടിക്ക് ഒരുതരം മായാമയമായ പരിധിവിശേഷത്താൽ ചുറ്റപ്പെട്ടു കണ്ട ആ വസ്തു സന്തോഷമായിരുന്നു—ആഡംബരം, സമ്പന്നത, സൗഖ്യം. ദുഃഖമയവും നിഷ്കളങ്കവുമായ ചെറുപ്രായത്തിന്റെ ബുദ്ധിവൈഭവത്തോടുകൂടി, തന്നെ ആ പാവയിൽനിന്നകറ്റി നിർത്തുന്ന അഗാധഗുഹയുടെ വിസ്താരം കൊസെത്തു് ഒന്നളന്നു നോക്കി. അങ്ങനെയുള്ള ഒരു സാധനം കിട്ടണമെങ്കിൽ, ഒരു രാജ്ഞി അല്ലെങ്കിൽ ചുരുങ്ങിയതു് ഒരു രാജകുമാരി, ആവണമെന്നു് അവൾ തന്നത്താൻ പറഞ്ഞു. ആ ചുകന്നു ചന്തമേറിയ ഉടുപ്പും ആ മിനുത്തു ചന്തമേറിയ തലമുടിയും സൂക്ഷിച്ചുനോക്കിക്കൊണ്ടു് അവൾ വിചാരിച്ചു, ‘ആ പാവയ്ക്ക് എന്തു സുഖമായിരിക്കും!’ ആ ആശ്ചര്യകരമായ വിക്രയസ്ഥലത്തുനിന്നു കണ്ണെടുക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല. എത്രകണ്ടധികം നോക്കുന്നുവോ അത്രകണ്ടധികം അവളുടെ കണ്ണഞ്ചിപ്പോകുന്നു. താൻ സ്വർഗത്തിലേക്കാണു് നോക്കുന്നതെന്നു് അവൾക്കു തോന്നി. ആ വലിയതിന്റെ പിന്നിൽ വേറെയും പാവകളുണ്ടായിരുന്നു; അവയൊക്കെ ദേവസ്ത്രീകളും യക്ഷസ്ത്രീകളുമാണെന്നു് അവൾ വിചാരിച്ചു. ആ പീടികയുടെ ഉമ്മറത്തു് അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്ന കച്ചവടക്കാരൻ ലോകപിതാവായ ഈശ്വരനാണെന്നാലത്തെ മാതിരി ഒരു സ്തോഭം അവളിലുണ്ടാക്കി.

ഈ മാനസപൂജയ്ക്കിടയിൽ അവൾ സകലവും മറന്നു; പുറപ്പെട്ടതിന്റെ ഉദ്ദേശം കൂടി ഓർമവിട്ടു.

പെട്ടെന്നു തെനാർദിയെർസ്ത്രീയുടെ ഈ പരുഷസ്വരം വാസ്തവസ്ഥിതിയെ അവൾക്കോർമയാക്കി: ‘എന്ത്! എടീ തെറിച്ച പെണ്ണേ, നിയ്യു പോയിട്ടില്ല. അല്ലേ? നില്ക്ക്! ഞാനിപ്പോൾ തരാമത്! എടീ അസത്തേ, വേഗം പോയ്ക്കോ!’

മദാം തെനാർദിയെർ യദൃച്ഛയായി തെരുവിലേക്ക് നോക്കി, ആ ബ്രഹ്മം കണ്ടു നില്ക്കുന്ന കൊസെത്തിന്റെ മേൽ അവളുടെ കണ്ണു പതിഞ്ഞു.

തൊട്ടിയും വാരിവലിച്ചെടുത്തു കൊസെത്തു് പറപറന്നു; അവളെക്കൊണ്ടു കഴിയുന്നേടത്തോളം അകലേക്കു കാൽ വലിച്ചുവെച്ചു.

2.3.5
ആ ചെറുകുട്ടി തനിച്ച്

തെനാർദിയെർഹോട്ടൽ ആ ഗ്രാമത്തിൽ പള്ളി നില്ക്കുന്ന ഭാഗത്തോടടുത്തായതുകൊണ്ടു, ഷേലിലേക്കുള്ള വഴിക്കു കാട്ടുപുറത്തൊഴുകുന്ന ചോലയിലേക്കാണു് വെള്ളം കൊണ്ടുവരാൻ കൊസെത്തിനു പോകേണ്ടിയിരുന്നതു്.

മറ്റൊരു കച്ചവടക്കാരന്റേയും ആഡംബരപ്രകടനത്തിലേക്ക് അവൾ നോക്കിയില്ല. ബൂലാംഗർ ഇടവഴിയിലും പള്ളിയുടെ അയൽപ്രദേശങ്ങളിലുമായിരുന്നേടത്തോളം നേരം, വിളക്കു കൊളുത്തപ്പെട്ട ചന്തപ്പുരകൾ അവൾക്കു വഴി കാണിച്ചു; പക്ഷേ, ക്ഷണത്തിൽ ഒടുവിലത്തെ ചന്തപ്പുരയിലെ ഒടുവിലത്തെ വെളിച്ചം മറഞ്ഞു. ആ സാധുക്കുട്ടി ഇരുട്ടിലായി. അവൾ അതിന്റെ ഉള്ളിലേക്ക് ഊളിയിട്ടു. ഒന്നുമാത്രം; ഒരു വികാരവിശേഷം അവളെ കീഴടക്കിയപ്പോൾ, നടക്കുന്നതോടുകൂടി തൊട്ടിയുടെ പിടികൊണ്ടു കഴിയുന്നേടത്തോളം അവൾ ഒരനക്കമുണ്ടാക്കി ഒരൊച്ചയുണ്ടാക്കിയിട്ടു് അതവൾക്കു കൂട്ടുകൂടി.

മുൻപോട്ടു പോകുന്തോറും ഇരുട്ടു് അധികമധികം കനംപിടിച്ചു; തെരുവുകളിലൊന്നും ആരുമില്ല. എന്തായാലും, ഒരു സ്ത്രീയെ അവൾ കണ്ടുമുട്ടി; ആ സ്ത്രീ അവളെ കണ്ടു തിരിഞ്ഞു, പല്ലിന്നിടയിലൂടെ ഇങ്ങനെ പിറുപിറുത്തുകൊണ്ടു, സ്തംഭിച്ചുനിന്നു: ‘എവിടെയായിരിക്കാം ആ കുട്ടി പോകുന്നതു? ഇതു് ഒരു മനുഷ്യച്ചെന്നായ പെറ്റതാണോ?’ ഉടനെ ആ സ്ത്രീക്ക് ആളെ മനസ്സിലായി. ‘ഹോ,’ അവൾ പറഞ്ഞു. ‘വാനമ്പാടിപ്പക്ഷിയാണ്!’

ഇങ്ങനെ അവൾ വളഞ്ഞുതിരിഞ്ഞവയും ആൾസ്സഞ്ചാരമില്ലാത്തവയുമായ തെരുവുകൾ കടന്നു ഷേലിന്റെ ഒരു വശത്തുള്ള മോങ്ഫെർമിയെ ഗ്രാമത്തിൽച്ചെന്നു. വഴിയുടെ രണ്ടുഭാഗത്തും വീടുകളോ അല്ലെങ്കിൽ മതിലുകൾ മാത്രമോ ഉള്ളേടത്തോളം ദൂരം അവൾ ഒരുവിധം ധൈര്യത്തോടുകൂടിത്തന്നെ നടന്നു. ജനാലവാതില്ക്കീറുകളുടെ പഴുതിലൂടെ ഒരു മെഴുതിരിവിളക്കിന്റെ ഇളകുന്ന നാളം അവൾ ഇടയ്ക്കിടയ്ക്കു കണ്ടെത്തും—അതു വെളിച്ചത്തേയും ആൾപ്പാർപ്പിനേയും കാണിച്ചു; അവിടെ ആളുകളുണ്ടു്; അതവളെ ധൈര്യപ്പെടുത്തി. പക്ഷേ, മുൻപോട്ടു പോകുന്തോറും അവളുടെ കാൽവെപ്പിന്റെ അകലം തനിയെ കുറഞ്ഞു കുറഞ്ഞുവന്നു. ഒടുവിലത്തെ വീട്ടിന്റെ മൂല കടന്നപ്പോൾ കൊസെത്തു് നിന്നു; ഒടുവിലത്തെ ചന്തപ്പുര വിട്ടു മുൻപോട്ടു കടക്കുന്നതു പ്രയാസമായിരുന്നു. ഒടുവിലത്തെ വീടു വിട്ടു മുൻപോട്ടുപോകുന്നതു് അസാധ്യമായിത്തീർന്നു. അവൾ തൊട്ടിനിലത്തുവെച്ചു; കൈപ്പടം തലമുടിയുടെ ഉള്ളിലേക്ക് തിരുകി. പതുക്കെ തല ചൊറിയാൻ തുടങ്ങി—പേടിക്കുകയും എന്താണു് ചെയ്യേണ്ടതെന്നു നിശ്ചയമില്ലാതാകയും ചെയ്താൽ കുട്ടികൾ സാധാരണമായി കാണിക്കുന്ന ഒരാംഗ്യം. മോങ്ഫെർമിയെ കടന്നുകഴിഞ്ഞു; തുറസ്സായ വയൽപ്രദേശമായി. കറുത്തു വിജനമായ ഒരു തുറസ്സുണ്ടു് മുൻപിൽ; അവൾ നിരാശതയോടുകൂടി ആ ഇരുട്ടിലേക്ക് സൂക്ഷിച്ചു നോക്കി—അവിടെ ഒരു മനുഷ്യനുമില്ല; അവിടെ മൃഗങ്ങളുണ്ടു്; ഒരുസമയം അവിടെ പിശാചുക്കളുണ്ടു്. അവൾ ഒന്നു നല്ലവണ്ണം നോക്കി; ഓരോ മൃഗങ്ങൾ പുല്ലിലൂടെ നടക്കുന്ന ഒച്ച കേട്ടു; മരങ്ങളിലൂടെ സഞ്ചരിക്കുന്ന പിശാചുക്കളേയും അവൾ വ്യക്തമായി കണ്ടു. ഉടനെ അവൾ വീണ്ടും തൊട്ടിയെടുത്തു; ഭയം അവൾക്കു ധാർഷ്ട്യത്തെ കടം കൊടുത്തു. അവൾ പറഞ്ഞു, ‘അതേ, ഞാൻ അയാളോടു വെള്ളം കിട്ടാനില്ലെന്നു പറയും.’ എന്നിട്ടു് അവൾ ധൈര്യം പിടിച്ചു, വീണ്ടും മോങ്ഫെർമിയെയിലേക്കു കടന്നു.

ഒരു നൂറടി ദൂരം പോയില്ല, അപ്പോഴേക്കും അവൾ നിന്നു, രണ്ടാമതും തലചൊറിയാൻ തുടങ്ങി. ഇക്കുറി തെനാർദിയെർസ്ത്രീയാണു് തന്റെ ഭയങ്കരമായ, കഴുതപ്പുലിയുടേതുപോലെയുള്ള, വായയുമായി കണ്ണുകളിൽനിന്നു മിന്നിപ്പറക്കുന്ന ദ്വേഷ്യത്തോടുകൂടി മുൻപിൽ പ്രത്യക്ഷീഭവിച്ചതു്. ആ പെൺകുട്ടി മുന്നിലേക്കും പിന്നിലേക്കും വ്യസനത്തോടുകൂടി നോക്കി. അവൾ എന്താണു് ചെയ്യേണ്ടത്? അവൾക്ക് എന്തുവരാൻ പോകുന്നു? അവൾ എവിടേക്കു പോകട്ടെ? അവളുടെ മുൻപിൽ തെനാർദിയെർസ്ത്രീയുടെ പ്രേതം; പിന്നിൽ രാത്രിയുടേയും കാട്ടുപുറത്തിന്റേയും വക പിശാചുക്കൾ മുഴുവനും; തെനാർദിയെർസ്ത്രീയുടെ മുൻപിലാണു് അവൾ ചൂളിപ്പോയതു്. അവൾ വീണ്ടും ചോലയിലേക്കുള്ള വഴിപിടിച്ചു പായാൻ തുടങ്ങി. അവൾ ഗ്രാമത്തിൽനിന്നു കടന്നു; എങ്ങോട്ടും നോക്കാതേയും യാതൊന്നിനും ചെവികൊടുക്കാതേയും ഒരു പാച്ചിലിനു കാട്ടിലെത്തി. ശ്വാസം കിട്ടാതാകുമ്പോൾ മാത്രമേ അവൾ ഇടയ്ക്കു നിന്നിരുന്നുള്ളൂ; എങ്കിലും അവൾ മുൻപോട്ടുള്ള യാത്ര കുറച്ചില്ല. നിരാശതയോടുകൂടി അവൾ നേരെ മുൻപോട്ടു പായി.

ഓടുന്നതോടുകൂടി അവൾക്കു കരച്ചിൽ വന്നു.

കാട്ടിലെ രാത്രിസമയത്തുള്ള ഇളക്കം അവളെ എമ്പാടും വളഞ്ഞു.

അവൾ ഒന്നും വിചാരിക്കാതായി, ഒന്നും കാണാതായി. രാത്രിയുടെ എന്തെന്നില്ലാത്ത വലുപ്പം ഈ ചെറുജീവിയെ നേരിട്ടു നില്ക്കുന്നു. ഒരു ഭാഗത്തു് എല്ലാ നിഴല്പാടുകളും, മറ്റേ ഭാഗത്തു് ഒരണു.

അറ്റത്തുനിന്നു ചോലയിലേക്ക് ഏഴോ എട്ടോ നിമിഷം മാത്രമേ നടക്കേണ്ടു. പകൽ വളരെ പ്രാവശ്യം പോയിട്ടുള്ളതുകൊണ്ടു കൊസെത്തിനു വഴിയറിയാമായിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ. അവൾക്കു തലതിരിഞ്ഞില്ല. സഹജബുദ്ധിയുടെ ഒരവശേഷം ഒരുവിധം അവളെ അങ്ങോട്ടു കൊണ്ടുപോയി. മരക്കൊമ്പുകളിലും കുറ്റിക്കാടുകളിലും എന്തെങ്കിലും കണ്ടെങ്കിലോ എന്നുള്ള ഭയംകൊണ്ടു് ഇടത്തോട്ടോ വലത്തോട്ടോ അവൾ കണ്ണയച്ചില്ല. ഈ നിലയ്ക്ക് അവൾ ചോലയിലെത്തി.

കളിമണ്ണുനിലത്തു വെള്ളം ഒലിച്ച് ഏകദേശം രണ്ടടി ആഴത്തിൽ കുഴിഞ്ഞുണ്ടായതും നാലുപുറവും പൂപ്പൽകൊണ്ടും നീണ്ടു ചുരുണ്ടു മടങ്ങി ‘നാലാമൻ ആങ്റിയുടെ ഉടുപ്പുഞെറി’യെന്ന പുല്ലുകൾകൊണ്ടു നിറഞ്ഞതും പലേ വലിയ കല്ലു വിരിച്ചതുമായ ഒരു വീതികുറഞ്ഞ അകൃത്രിമജലാശയമായിരുന്നു അതു്. അതിൽനിന്നു് ഒരു ചോല ചെറിയൊരു ശാന്തസ്വരത്തിൽ പാഞ്ഞുപോകുന്നു.

കൊസെത്തു് ഒന്നു ശ്വാസം കഴിക്കാൻകൂടി നിന്നില്ല. വല്ലാത്ത ഇരുട്ടുണ്ടായിരുന്നു; എങ്കിലും അവൾക്ക് അവിടെ വന്നിട്ടു ശീലമുണ്ടു്. ചോലയിലേക്ക് കുനിഞ്ഞു നില്ക്കുന്ന ഒരു പ്രായമേറാത്ത ‘ഓക്കു’മരത്തെ ഇരുട്ടത്തു് അവൾ ഇടത്തെ കൈകൊണ്ടു തപ്പിനോക്കി—അതു് അവളെ പതിവായി സഹായിക്കുന്ന ഒന്നാണു്; അതിന്റെ ഒരു കൊമ്പു കണ്ടെത്തി, അതിന്മേൽ മുറുക്കിപ്പിടിച്ചു, കീഴ്പോട്ടു കുനിഞ്ഞു, തൊട്ടി വെള്ളത്തിൽ മുക്കി, അത്രയും വലിയ വികാരാവേഗത്തിൽപ്പെട്ടിരുന്നതു കൊണ്ടു് അവൾക്കു സ്വതവേ ഉണ്ടായിരുന്ന ശക്തി അപ്പോൾ മൂന്നിരട്ടിച്ചു. അങ്ങനെ കീഴ്പോട്ടു കുനിഞ്ഞുനിന്ന സമയത്തു കുപ്പായക്കീശ ചൊലവെള്ളത്തിലേക്ക് വായ് തുറന്നുപോയതു് അവൾ സൂക്ഷിച്ചില്ല. ആ പതിനഞ്ചു സൂ നാണ്യം വെള്ളത്തിൽ വീണു. കൊസെത്തു് അതു കണ്ടില്ല; വീഴുന്ന ഒച്ചയും കേട്ടില്ല. തൊട്ടി മുക്കാലും നിറച്ചു പൊന്തിച്ചു പുല്ലിന്മേൽ വെച്ചു.

അതു കഴിഞ്ഞപ്പോൾ, അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. അവൾക്ക് ക്ഷണത്തിൽ തിരിച്ചുപോകണമെന്നുണ്ടായിരുന്നു. പക്ഷേ, വെള്ളം മുക്കാൻ വേണ്ടി വന്ന അധ്വാനം അത്രയുമധികമായതുകൊണ്ടു്, അവൾക്ക് ഒരടിപോലും മുൻപോട്ടു വെയ്ക്കാൻ വയ്യാതായി, ഒന്നിരിയ്ക്കേണ്ടിവന്നു. അവൾ പുല്ലിന്മേൽ കുഴഞ്ഞു വീണു, അവിടെ കുനിഞ്ഞുതൂങ്ങി ഇരുന്നു.

അവൾ കണ്ണടച്ചു; എന്തിനാണെന്നറിയാതെ, എന്നാൽ ചെയ്യാതിരിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടു് അവൾ വീണ്ടും കണ്ണു തുറന്നു. അവൾക്കടുത്തിരിക്കുന്ന തൊട്ടിയിലെ പരിഭ്രമിച്ചിളകുന്ന വെള്ളം തകരസർപ്പങ്ങളുടെ ഛായയിൽ ഓരോ വൃത്താകാരങ്ങളെ കുറിക്കുകയായിരുന്നു.

തലയ്ക്കു മുകളിൽ ആകാശം മുഴുവനും പരന്ന കാർമേഘങ്ങളെക്കൊണ്ടു മൂടിയിരിക്കുന്നു; അവ വലിയ പുകക്കൂട്ടങ്ങൾപോലെയിരുന്നു. ഇരുട്ടിന്റെ ഭയങ്കരമായ ഇമ്പാച്ചിമോന്ത ആ കുട്ടിയുടെ നേരെ ഏതാണ്ടു് കുനിഞ്ഞുവരുന്നതായി തോന്നി.

വ്യാഴനക്ഷത്രം ആകാശത്തിനുള്ളിൽ മറയുന്നു.

ആ കുട്ടി തനിക്കു കണ്ടു ശീലമില്ലാത്തതും പേടിപ്പെടുത്തുന്നതുമായ ആ വലിയ നക്ഷത്രത്തെ അമ്പരന്നുനോക്കി. വാസ്തവത്തിൽ അതു ചക്രവാളത്തിനു വളരെ അടുത്തെത്തിയിരുന്നു; കനത്തിൽ ചേർന്നടങ്ങിയ ഒരു മൂടൽക്കൂട്ടത്തെ കടക്കുകയാണു്; ആ മൂടലാകട്ടേ, ആ നക്ഷത്രത്തിൽ ഒരു ഭയങ്കരമായ ചുകപ്പുനിറം പകർത്തി. ഒരു രസമില്ലാത്ത ചുകപ്പുനിറം കയറിയ ആ മൂടൽപ്പരപ്പു് അതിനെ വലുതാക്കിത്തീർത്തു. ആ നക്ഷത്രം ഒരു തിളങ്ങുന്ന രക്തക്ഷതമായി എന്നു പറയാം.

മൈതാനത്തിൽനിന്നു് ഒരു തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. കാടു് ഇരുണ്ടിരിക്കുന്നു. ഒരിലപോലും അനങ്ങുന്നില്ല. വേനല്ക്കാലത്തിലെ നിസ്സാരമായ നാട്ടുവെളിച്ചംപോലും കാണാനില്ല. വലിയ മരക്കൊമ്പുകൾ പേടിപ്പെടുത്തുന്ന മാതിരി ഏന്തിനിന്നു. മെലിഞ്ഞ് അനർഥകരങ്ങളായ തൂപ്പുകൾ തുറസ്സുസ്ഥലങ്ങളിൽനിന്നു ചൂളയിട്ടു. വടക്കൻകാറ്റത്തു നീണ്ട പുല്ലുകൾ ആരൽമത്സ്യങ്ങളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓളംമറിഞ്ഞു. കൊടുത്തൂവകൾ ഇര തേടിപ്പിടിക്കാൻവേണ്ടി നഖങ്ങൾ വെച്ച തങ്ങളുടെ നീണ്ട കൈകളെ ഇട്ടിഴയ്ക്കുന്നതായി തോന്നി. കാറ്റിട്ടുലച്ച ചില ഉണങ്ങിയ കുറ്റിക്കാടുകൾ ‘ഭൂ’ എന്നു പറന്നു; അതു കണ്ടാൽ, പിന്നാലെ പിടിപ്പാൻ ചെല്ലുന്ന എന്തിന്റേയോ മുൻപിൽനിന്നു് അവ പേടിച്ചു പായുകയാണെന്നു തോന്നും. എല്ലാ ഭാഗത്തും പരിതാപകരങ്ങളായ ഓരോ അക്രമങ്ങൾതന്നെ.

ഇരുട്ടു് അമ്പരപ്പിക്കുന്ന ഒന്നാണു്. മനുഷ്യന്നു വെളിച്ചം വേണം. പകലിന്റെ അപ്പുറത്തു ചെന്നു തന്നത്താൻ കുഴിച്ചുമൂടുന്ന ആർക്കും തന്റെ ഹൃദയം ചുരുണ്ടുപോകുന്നതായി തോന്നും. കണ്ണു കറുപ്പുനിറത്തെ കാണുമ്പോൾ, ഹൃദയം അസ്വസ്ഥതയെ കാണുന്നു. രാത്രിയിലെ ഇരുട്ടിൽ, കരിപിടിച്ച അസ്വച്ഛതയിൽ, എത്ര തന്നെ ശക്തിയുള്ള മനസ്സിനും ആധിപിടിക്കുന്നു. പേടിച്ചുവിറയ്ക്കാതെ ഒരുത്തനും തനിച്ചു കാട്ടിൽ നടക്കില്ല. നിഴലുകളും മരങ്ങളും — രണ്ടു ഭയങ്കരങ്ങളായ നിബിഡതകൾ. അഗാധസ്ഥലങ്ങളിൽ മിഥ്യാഭൂതമായ ഒരു വാസ്തവത്വം പ്രത്യക്ഷീഭവിക്കുന്നു. ഒരു പ്രേതക്കാഴ്ചയ്ക്കുള്ള വ്യക്തതയോടുകൂടി നിങ്ങളിൽ നിന്നു കുറച്ചടി ദൂരത്തായി ദുർഗ്രഹത വരയ്ക്കപ്പെടുന്നു. നമുക്കു മുൻപിൽത്തന്നെയോ അല്ലെങ്കിൽ മനോരാജ്യത്തിലോ, ഉറങ്ങുന്ന പുഷ്പങ്ങളുടെ സ്വപ്നം പോലെ, നമുക്കറിഞ്ഞുകൂടാത്ത എന്തോ വ്യക്തമല്ലാത്തതും തൊടാൻ കഴിയാത്തതുമായ വസ്തുവിശേഷം നീന്തിക്കളിക്കുന്നു. ചക്രവാളാന്തത്തിൽ ഭയങ്കരങ്ങളായ സ്ഥിതിഭേദങ്ങൾ കാണുന്നു. കറുത്തു മഹത്തരമായ ശൂന്യതയുടെ ദുർഗന്ധം നാം ശ്വസിക്കുന്നു. പിന്നോക്കം നോക്കുന്നതിനു പേടി തോന്നുന്നു; എങ്കിലും അതു ചെയ്യാതിരിക്കാൻ വയ്യാ. രാത്രിയുടെ ഗുഹപ്പഴുതുകൾ മെലിഞ്ഞൊട്ടിപ്പോയ ചിലതുകൾ, മുൻപോട്ടു ചെല്ലുന്തോറും മറയുന്ന മിണ്ടാമോന്തകൾ, നല്ലവണ്ണം കാണാൻ കഴിയാത്ത മുടിചിന്നൽ, ശുണ്ഠിപിടിച്ച പൂങ്കുലകൾ, കരുവാളിച്ച കുണ്ടുകുളങ്ങൾ, ശവസംസ്കാരത്തിൽ പ്രതിഫലിച്ച വ്യസനമയത്വം, നിശ്ശബ്ദതയുടെ ശ്മശാനോചിതമായ ബഹുലത, അജ്ഞാതങ്ങളെങ്കിലും സംഭാവ്യങ്ങളായ സത്ത്വങ്ങൾ, നിഗൂഢങ്ങളായ മരക്കൊമ്പുകളുടെ കുനിവുകൾ, മരങ്ങളുടെ പേടി തോന്നിക്കുന്ന ഓരോ പുഷ്പലതാമാലകൾ, നീണ്ടു തുള്ളുന്ന ചെടിക്കൂട്ടങ്ങൾ— ഇവയോടൊന്നും മനുഷ്യന്നു് എതിർനില്ക്കാൻ വയ്യാ. കിടുകിടെ വിറയ്ക്കുകയും കഠിനമായ സങ്കടം തോന്നുകയും ചെയ്യാത്ത ധൃഷ്ടതയില്ല. അന്ധകാരവുമായി ആത്മാവു കൂട്ടിയരച്ചു ചേർക്കപ്പെടുന്നതുപോലെ എന്തോ ഒരു വല്ലായ്മതോന്നുന്നു. നിഴല്പാടുകളുടെ ഈ തുളഞ്ഞുകയറൽ ഒരു കുട്ടിയുടെ കാര്യത്തിൽ എന്തെന്നില്ലാത്തവിധം ഭയങ്കരമാണു്.

വെളിപാടുകളാണു് കാട്ടുപ്രദേശങ്ങൾ; ഒരണുപ്രായമായ ആത്മാവിന്റെ ചിറകടി പൈശാചികനിലവറയ്ക്കുള്ളിൽ ഒരു മരണവേദനയുടെ ഞെരുക്കമുണ്ടാക്കുന്നു.

വികാരങ്ങളുടെ സ്വഭാവമൊന്നും മനസ്സിലായില്ലെങ്കിലും, പ്രകൃതിയുടെ ഇരുണ്ടതെന്തെന്നില്ലായ്മ തന്നെക്കടന്നു പിടികൂടിയിരിക്കുന്നു എന്നു് അവൾക്കു ബോധ്യപ്പെട്ടു. അവളെ ബാധിക്കുന്നതു വെറും ഭയമല്ലാതായി; ഭയത്തേക്കാളും അതിഭയങ്കരമായ എന്തോ ഒന്നു്. അവൾ ആകെ വിറച്ചു. ഹൃദയത്തിന്റെ അങ്ങേ അടിത്തട്ടുവരെ മരവിപ്പിച്ചതായ ആ വിറയുടെ അസാധാരണത്വം വിവരിക്കാൻ വാക്കുകളില്ല; അവൾ പകച്ചുനോക്കുകയായി; പിറ്റേ ദിവസവും ആ സമയത്തു് അവിടെ വരേണ്ടിവരാതെ കഴിക്കാൻ അവളെക്കൊണ്ടു സാധിക്കില്ലെന്നു തോന്നി.

ഉടനെ, ജന്മസിദ്ധമായ ഒരുതരം ബുദ്ധിവിശേഷത്താൽ, അവൾ തനിക്കു മനസ്സിലാവാത്തതും, പക്ഷേ, തന്നെ കലശലായി ഭയപ്പെടുത്തുന്നതുമായ ആ ഒരപൂർവസ്ഥിതിയിൽനിന്നു പുറത്തായിക്കിട്ടാൻവേണ്ടി അവൾ ഒന്നു്, രണ്ടു്, മൂന്നു്, നാലു് എന്നിങ്ങനെ പത്തുവരെ ഉറക്കെ എണ്ണിത്തുടങ്ങി; അതു കഴിഞ്ഞപ്പോൾ, പിന്നേയും ആദ്യം മുതൽ ആരംഭിച്ചു; ഈ വിദ്യകൊണ്ടു നാലുപുറത്തേയും വാസ്തവസ്ഥിതി അവൾക്കു വെളിവായി. വെള്ളം മുക്കിയതിൽ നനഞ്ഞിരുന്ന അവളുടെ കൈകൾക്കു തണുപ്പു തോന്നി; അവൾ എഴുന്നേറ്റു; അവളുടെ ഭയം, പ്രകൃതിസാധാരണവും അമർത്താൻ വയ്യാത്തതുമായ ആ ഒരു ഭയം തിരിച്ചെത്തി; അവൾക്ക് ഒരു വിചാരം മാത്രമായി—ക്ഷണത്തിൽ പറപറന്നു. കാട്ടിന്നുള്ളിലൂടെ, വയൽ കടന്നു, വീടുകളുള്ളേടത്തു്, ജനാലകളുള്ളേടത്തു്, വിളക്കിന്റെ വെളിച്ചമുള്ളേടത്തു് എത്തി വീഴണം. മുൻപിൽക്കിടക്കുന്ന വെള്ളത്തിൽ അവളുടെ നോട്ടം പതിഞ്ഞു; ആ തെനാർദിയെർസ്ത്രീ അവളിലുണ്ടാക്കിക്കൊണ്ടിരുന്ന ഭയം അത്രയുണ്ടു്; ആ വെള്ളം നിറഞ്ഞ പാത്രം എടുക്കാതെ പാഞ്ഞുകളയാൻ അവൾ ധൈര്യപ്പെട്ടില്ല; അവൾ ആ തൊട്ടിയുടെ കൈപ്പിടി രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ചു; അവൾക്ക് ആ പാത്രമൊന്നു പൊന്തിക്കാൻ വയ്യാ.

ഇങ്ങനെ അവൾ ഒരു പത്തുപന്ത്രണ്ടടി നടന്നു; പക്ഷേ, തൊട്ടിയിൽ വെള്ളം നിറച്ചുമുണ്ടായിരുന്നു. അതിനു ബഹുകനം; ഒരിക്കൽക്കൂടി അതു നിലത്തു വെയ്ക്കേണ്ടിവന്നു. ഒരുനിമിഷം അവൾ കിതച്ചു, പിന്നേയും പാത്രത്തിന്റെ പിടി പൊന്തിച്ചു, നടക്കുകയായി; ഇക്കുറി കുറച്ചുകൂടി ദൂരം നടന്നു; പക്ഷേ, പിന്നേയും നില്ക്കേണ്ടിവന്നു. ഏതാനും ഞൊടിയിട നിന്നതിനുശേഷം പിന്നേയും അവൾ യാത്രയായി. മുൻപോട്ടു കുനിഞ്ഞു, തല തൂങ്ങിക്കൊണ്ടു്, ഒരു കിഴവിയെപ്പോലെ അവൾ നടന്നു. തൊട്ടിയുടെ കനം അവളുടെ മെലിഞ്ഞ കൈകളെ കീഴ്പോട്ടു വലിച്ചു; വെറുങ്ങലിപ്പിച്ചു. നനഞ്ഞതും ചെറിയതുമായ കൈയിന്റെ കല്ലപ്പിനേയും മരവിപ്പിനേയും ആ ഇരുമ്പുകൈപ്പിടി മുഴുവനാക്കി; ഇടയ്ക്കിടയ്ക്ക് അവൾക്കു നില്ക്കേണ്ടിവന്നു; അപ്പോഴൊക്കെ പാത്രത്തിൽനിന്നു തുളുമ്പിയ തണുപ്പുവെള്ളം അവളുടെ നഗ്നങ്ങളായ കാലടികളിൽ പതിച്ചു. ഇതു് ഒരു കാട്ടിനുള്ളിൽ, രാത്രി, മഴക്കാലത്തു, മനുഷ്യദൃഷ്ടിയിൽനിന്നു വളരെ ദൂരത്തുവെച്ചാണുണ്ടായതു്; അവൾ എട്ടുവയസ്സുള്ള ഒരു കുട്ടിയാണു്. ആ സമയത്തു് ആ വ്യസനകരമായ കാഴ്ച ഈശ്വരനല്ലാതെ മറ്റാരും കണ്ടില്ല.

നിശ്ചയമായും, അവളുടെ അമ്മയും—ഹാ, കഷ്ടം!

അതേ, മരിച്ചവരെക്കൊണ്ടു ശവക്കുഴികളിൽവെച്ചു കണ്ണു തുറപ്പിക്കുന്ന ചിലതുണ്ടു്.

വേദനാപ്രദമായ ഒരുതരം ചക്രശ്വാസംവലിയോടുകൂടി അവൾ കിതച്ചു; തേങ്ങലുകൾ അവളുടെ തൊണ്ടയിറുക്കി; എങ്കിലും അവൾക്കു കരയാൻ ധൈര്യമുണ്ടായില്ല—ദൂരത്താണെങ്കിലും കൂടി. തെനാർദിയെർസ്ത്രീയുടെമേൽ അവൾക്ക് അത്ര ഭയമുണ്ടു്. എപ്പോഴും തെനാർദിയെർസ്ത്രീ മുൻപിലുണ്ടെന്നു വിചാരിക്കുന്നതു് അവളുടെ പതിവാണു്.

ഏതായാലും, ആ നിലയിൽ അധികദൂരം വേഗത്തിൽ പോവാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല; അവൾ വളരെ പതുക്കെ നടക്കുകയായി. ഇടയ്ക്കുള്ള നില്പുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും, അവയ്ക്കിടയിലെ നടത്തം കഴിയുന്നതും നീളുന്നുണ്ടെങ്കിലും, ഈ നിലയ്ക്കു മോങ്ഫെർമിയെയിലെത്താൻ ഒരു മണിക്കൂറിലധികം വേണ്ടിവരുമെന്നും തെനാർദിയെർസ്ത്രീ തല്ലാതിരിക്കില്ലെന്നും അവൾ സങ്കടത്തോടുകൂടി ആലോചിച്ചു. ഈ മനോവേദന അവൾ തനിച്ചു രാത്രി കാട്ടിലാണെന്നുള്ള ഭയത്തോടുകൂടിക്കലർന്നു; അവൾ ക്ഷീണിച്ചു തളർന്നിരിക്കുന്നു; എങ്കിലും ഇതുവരെയായി കാട്ടിൽനിന്നു കടന്നിട്ടില്ല. അവൾക്കു പരിചയമുള്ള ഒരു പഴയ മരത്തിന്റെ അടുത്തെത്തിയപ്പോൾ, നല്ലവണ്ണം ഒന്നു ക്ഷീണം തീർക്കുകതന്നെ എന്നുവെച്ച്, ഒടുവിലത്തേതായി, അതേവരത്തേതിലധികം നേരം, അവിടെ നിന്നു; എന്നിട്ടു് തനിക്കുള്ളേടത്തോളം ശക്തിയെടുത്തു, വീണ്ടും വെള്ളപ്പാത്രം പൊന്തിച്ചു ധൈര്യത്തോടുകൂടി നടന്നു; പക്ഷേ, നിരാശതയിലാണ്ട ആ സാധുച്ചെറുകുട്ടിക്ക്, ‘ആവൂ, എന്റെ ഈശ്വര! എന്റെ ഈശ്വര! എന്നു നിലവിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.

ആ സമയത്തു് അവൾക്കു പെട്ടെന്നു തന്റെ വെള്ളപ്പാത്രം ഒട്ടുംതന്നെ കനംതോന്നാതായി; അവൾക്കു കൂറ്റനെന്നു തോന്നിയ ഒരു കൈ ആ പാത്രത്തിന്റെ പിടി കടന്നുപിടിച്ചു, ശക്തിയിൽ മേല്പോട്ടു പൊന്തിച്ചു. അവൾ തല പൊക്കി നോക്കി. നീണ്ടുനിവർന്നു കറുത്ത ഒരു വലിയ സ്വരൂപം ഇരുട്ടത്തു് അവളുടെ അടുക്കലൂടെ നടക്കുന്നുണ്ടു്; അവളുടെ പിൻപുറത്തൂടെ വന്നെത്തിയ ഒരാളായിരുന്നു അതു്; അയാൾ അടുത്തെത്തുന്ന ശബ്ദം അവൾ കേട്ടില്ല. ആ മനുഷ്യൻ, ഒരക്ഷരവും മിണ്ടാതെ, അവൾ എടുത്തുകൊണ്ടുപോയിരുന്ന വെള്ളത്തൊട്ടിയുടെ കൈപ്പിടി കടന്നുപിടിച്ചു.

ജീവിതത്തിലെ എല്ലാ യദൃച്ഛാസംഭവങ്ങൾക്കും പാകത്തിൽ പ്രകൃതിസിദ്ധമായ ഒരു ബുദ്ധിവിശേഷം പ്രവർത്തിക്കുന്നതു കാണാം. ആ കുട്ടിക്ക് ഭയമുണ്ടായില്ല.

2.3.6
ബുലാത്രുയെലിന്റെ ബുദ്ധിയെ ഇതു കാണിക്കും

1823—ലെ ആ ക്രിസ്തുമസ്സു് ദിവസംതന്നെ ഉച്ചയ്ക്കു പാരിസ്സിൽ ദ് ലോപ്പിത്താലിലെ ഏറ്റവും ആൾസ്സഞ്ചാരം കുറഞ്ഞ ഭാഗത്തു് ഒരാൾ കുറെയധികം നേരമായി നടക്കുന്നു. വീടന്വേഷിക്കുന്ന ഒരാളുടെ മട്ടു് അയാൾക്കുണ്ടു്; ആ ഇടിഞ്ഞുപൊളിഞ്ഞ വീടുകളുള്ള സ്ഥലത്തു് ഏറ്റവും ധാടി കുറഞ്ഞ വീട്ടിനു മുൻപിൽ, അതാണു് അധികം ഇഷ്ടപ്പെട്ടതെന്നപോലെ, അയാൾ നില്ക്കും.

കുറച്ചുകൂടി കഴിഞ്ഞാൽ ഈ മനുഷ്യൻ വാസ്തവത്തിൽ ആ വിജനപ്രദേശത്തുതന്നെ ഒരു വീടു കൂലിക്കു മേടിച്ചതായി കാണും.

ഈ മനുഷ്യൻ, ആകൃതികൊണ്ടെന്നപോലെ ഉടുപ്പിലും, ഒരു ഭേദപ്പെട്ട യാചകന്റെ സ്വഭാവം വെളിപ്പെടുത്തിയിരുന്നു—അങ്ങേ അറ്റത്തെ ദാരിദ്ര്യം അയാളിൽ അങ്ങേ അറ്റത്തെ ശുചിത്വത്തോടു കൂടിച്ചേർന്നിരുന്നു. ഇതു വളരെ അപൂർവമായ ഒരു സങ്കലനമാണു്; വളരെ പാവമായ ഒരാളോടും വളരെ കൊള്ളാവുന്ന ഒരാളോടും തോന്നിപ്പോകുന്ന ആ രണ്ടുവിധം ബഹുമാനത്തെയും ബുദ്ധിമാന്മാരുടെ ഹൃദയങ്ങളിൽ അതുൽപ്പാദിപ്പിക്കുന്നു. വളരെ പഴയതും വളരെ നന്നായി പൊടിതുടച്ചതുമായ ഒരു വട്ടത്തൊപ്പിയും, കാവിമണ്ണിന്റെ മഞ്ഞനിറത്തിൽ—ഈ ഒരു നിറം അക്കാലത്തു കേവലം ഭ്രാന്തുകാണിക്കുന്ന ഒന്നായിട്ടില്ല— ഉപയോഗിച്ചു തീരെ പിഞ്ഞിക്കഴിഞ്ഞ ഒരു പരുക്കൻ പുറംകുപ്പായവും, പൂജ്യത കാണിക്കുന്ന വെട്ടോടുകൂടിയതുമായ ഒരു വലിയ ഉൾക്കുപ്പായവും, ഉപയോഗിച്ചു പഴതായി മുട്ടിന്മേൽ നര കയറിയിട്ടുള്ള കറുത്ത കാലുറകളും, പിരിച്ച ആട്ടിൻരോമനൂലുകൾകൊണ്ടുള്ള കറുത്ത കീഴ്ക്കാലുറകളും, ചെമ്പുപട്ടപ്പൂട്ടുകളോടുകൂടിയ കനത്ത പാപ്പാസ്സുകളുമാണു് അയാൾ ധരിച്ചിരുന്നതു്. ഓടിപ്പോയിട്ടു തിരിച്ചെത്തിയ ഏതെങ്കിലും നല്ല തറവാട്ടിലെ ഒരാജ്ഞാവാഹകനാണു് അയാളെന്നു് ആരും പറയും. തികച്ചും വെളുത്ത തലമുടിയും, ചുളുക്കുകയറിയ നെറ്റിത്തടവും, കരുവാളിച്ച ചുണ്ടുകളും, മനഃകുണ്ഠിതത്തേയും ജീവിതത്തിലെ തളർച്ചയേയും എല്ലാ ഭാഗംകൊണ്ടും വെളിപ്പെടുത്തുന്ന മുഖഭാവവുംകൂടി അയാൾക്കു വയസ്സു് അറുപതിന്റെ അപ്പുറം കടന്നു എന്നു് തോന്നിക്കുന്നു. ഉറപ്പിച്ചുള്ള കാൽവെപ്പുകളെക്കൊണ്ടും, എല്ലാവിധം പെരുമാറ്റങ്ങളിലും പ്രത്യക്ഷീഭവിക്കുന്ന അസാധാരണമായ ചുറുചുറുക്കുകൊണ്ടും നോക്കിയാൽ, അയാൾക്ക് അമ്പതു കഴിഞ്ഞു എന്നു് ഒരിക്കലും തോന്നുകയില്ല. നെറ്റിയിലുള്ള ചുളിവുകൾ നല്ല ഉചിതസ്ഥാനങ്ങളിലാണു്; അതുകൊണ്ടു് അയാളെ സശ്രദ്ധം നോക്കിക്കാണുന്ന ഏതൊരാളിലും അതുകൾ ഒരു നല്ല അഭിപ്രായം തോന്നിക്കാതിരിക്കില്ല. അയാളുടെ ചുണ്ടു് സഗൗരവത്തേയും, അതോടുകൂടി വിനയത്തേയും കാണിക്കുന്ന ഒരസാധാരണമട്ടിൽ മുറുകിച്ചുളുങ്ങിയിട്ടാണു്. അയാളുടെ നോട്ടത്തിന്റെ ആഴത്തിൽ അനിർവചനീയവും ദുഃഖമയവുമായ ഒരു പ്രശാന്തഗംഭീരതയുണ്ടു്. ഇടത്തേ കൈയിൽ ഒരു കൈയുറുമാലിൽ കെട്ടിയ ഒരു ചെറു ഭാണ്ഡം പിടിച്ചിരുന്നു; വലത്തേ കൈയിൽ ഏതോ വേലിമേൽനിന്നു മുറിച്ചെടുത്ത ഒരുതരം പൊന്തൻവടിയുള്ളതു് അയാൾ നിലത്തൂന്നിയിരുന്നു. ഈ വടി സനിഷ്കർഷമായി ചെത്തി ഭംഗിയാക്കിയിട്ടുണ്ടു്; കാണുന്നവർക്കു ലേശമെങ്കിലും പേടിതോന്നിക്കുന്ന മട്ടിലല്ല അതു പിടിച്ചിട്ടുള്ളതു്. അതിന്റെ കൊമ്പുകളൊക്കെ കഴിയുന്നതും ശരിപ്പെടുത്തിയിരിക്കുന്നു. ചുകന്ന അരക്കുകൊണ്ടുണ്ടാക്കിയ ഒരു പവിഴത്തലയും അതിന്നുണ്ടു്; അതൊരു പൊന്തൻവടിയാണെങ്കിലും, ഒരു സർക്കീട്ടു ചൂരലാണെന്നേ തോന്നൂ.

ആ പ്രദേശത്തു വഴിയാത്രക്കാർ അധികമൊന്നും ഉണ്ടാകാറില്ല; വിശേഷിച്ചും മഴക്കാലത്തു് ആ മനുഷ്യൻ അവരോടടുക്കുന്നതിനെക്കാൾ കഴിയുന്നതും മാറിയൊഴിയുന്നതിനായി ശ്രമിക്കുന്നതെന്നു തോന്നും. പക്ഷേ, അതു് യാതൊരു കപടനാട്യവുമില്ലാതെയാണു്.

അക്കാലത്തു പതിനെട്ടാമൻ ലൂയിമഹാരാജാവു് ഏതാണ്ടു് ദിവസംപ്രതി ഷ്വാസി-ല്-വായിലേക്കു പോകാറുണ്ടായിരുന്നു. അതദ്ദേഹത്തിനു് ഇഷ്ടപ്പെട്ട സർക്കീട്ടുകളിൽ ഒന്നാണു്. പ്രായേണ ശരിക്കു രണ്ടുമണിസ്സമയത്തു രാജാവിന്റെ വണ്ടിയും പരിവാരങ്ങളും ആ പ്രദേശത്തൂടെ അതിവേഗത്തിൽ കടന്നുപോകുന്നതു കാണാം.

ഇതു് അവിടങ്ങളിലുള്ള സാധുസ്ത്രീകൾക്ക് ഒരു ഗഡിയാളിന്റേയോ നാഴിക മണിയുടേയോ സ്ഥാനം നടത്തിയിരുന്നു; അവർ പറയും: ‘നേരം രണ്ടു മണിയായി; അതാ അവിടുന്നു തൂലറിയിലേക്കു മടങ്ങുന്നു.’

ചിലർ മുൻപോട്ടു പായും, മറ്റു ചിലർ വരിചേർന്നു് ഒതുങ്ങി നില്ക്കും— ഒരു രാജാവിന്റെ എഴുന്നള്ളത്തു് എപ്പോഴും ഒരു ലഹളയുണ്ടാക്കുമല്ലോ; പോരാത്തതിനു, പതിനെട്ടാമൻ ലൂയിയെ കാണുന്നതും കാണാതാവുന്നതും പാരിസ്സിലെ തെരുവുകളിൽ ഒരിളക്കമുണ്ടാക്കിയിരുന്നു. അതു ക്ഷണത്തിലായിരിക്കും, എങ്കിലും അന്തസ്സിലാണു്. ഈ ബലഹീനനായ രാജാവിനു കുതിരയെ പറപ്പിച്ചുപോകുവാൻ ഒരു വാസനയുണ്ടായിരുന്നു; നടക്കുവാൻ കഴിയാത്തതുകൊണ്ടു് അദ്ദേഹത്തിനു പാഞ്ഞേ മതിയാവൂ; ആ കാൽമുടന്തന്നു മിന്നലിനാൽ വലിച്ചുകൊണ്ടു പോകപ്പെട്ടുവെങ്കിൽ സന്തോഷമായി. നഗ്നങ്ങളായ ഖഡ്ഗപുടങ്ങൾക്കിടയിലൂടെ അദ്ദേഹം ഉദാസീനനും സഗൗരവനുമായി എഴുന്നള്ളി. സ്വർണപ്പൂച്ചുകളെക്കൊണ്ടു—കണ്ണാടിച്ചില്ലുകളിന്മേൽ എഴുതപ്പെട്ട വെള്ളപ്പൂച്ചെടികളുടെ വലിയ കൊമ്പുകളെക്കൊണ്ടു—നിറഞ്ഞതായ അവിടുത്തെ കുറ്റൻ സവാരിവണ്ടി ഇടിമുഴക്കത്തോടുകൂടി പറപറന്നു. അതിന്റെ മേലേക്ക് ഒരുനോക്കു നോക്കുവാൻപോലും ഇടയില്ല; വലത്തുവശത്തു പിന്നിലെ മൂലയ്ക്കു, വെളുത്ത ചീനാംശുകംകൊണ്ടുള്ള പൊടിപ്പുകിടക്കയ്ക്കു മുകളിലായി ചലനമറ്റതും വലിയതും, ചുകന്നതുമായ ഒരു മുഖവും, വിലപിടിച്ച വാസനപ്പൊടി അപ്പോൾത്തന്നെയിട്ട ഒരു നെറ്റിയും, അഭിമാനവും കഠിനതയും കള്ളത്തരവുമുള്ള കണ്ണും, ഒരു പഠിപ്പുള്ള മനുഷ്യന്റെ പുഞ്ചിരിയും, ഒരു പ്രമാണിക്കുപ്പായത്തിനുമീതെ ഉരുക്കുപൊന്നുകൊണ്ടുള്ള ഞെറിയോടുകൂടി ആടിക്കളിക്കുന്ന രണ്ടു വലിയ പട്ടുനാടകളും, തങ്കനിറത്തിലുള്ള മൃദുചർമവും, സാങ്ലൂയിക്കുരിശും, വെള്ളികൊണ്ടുള്ള പതക്കസ്സൂചിയും, ഒരു കൂറ്റൻ കമ്പയും, ഒരു പരന്നു നീലിച്ച പട്ടുനാടക്കെട്ടും പ്രത്യക്ഷീഭവിക്കുന്നുണ്ടു്; അതാണു് മഹാരാജാവു്. പാരിസ്സിൽനിന്നു് കടന്നാൽ, വെളുത്ത ഒട്ടകപ്പക്ഷിത്തൂവലുകളാൽ അലംകൃതമായ ചട്ടത്തൊപ്പി, അദ്ദേഹം തന്റെ ഉയരമേറിയ ഇംഗ്ലീഷ് ബൂട്ട്സ്സുകളാൽ പൊതിയപ്പെട്ട കാൽമുട്ടുകളിൽ എടുത്തുവെക്കും; നഗരത്തിലേക്കു വീണ്ടുമെത്തിയാൽ അതു തലയിൽത്തന്നെയാവും—വളരെ ചുരുക്കമായേ അതുപചാരത്തിനായി തലയിൽനിന്നെടുക്കാറുള്ളൂ; ജനങ്ങളുടെ നേരെ അദ്ദേഹം ഉദാസീനതയോടുകൂടി തുറിച്ചു നോക്കും; ആവിധംതന്നെ അവർ അങ്ങോട്ടും, ആ പ്രദേശത്തു് ഒന്നാമതായി പ്രത്യക്ഷീഭവിച്ചപ്പോൾ, അദ്ദേഹം തന്റെ കാഴ്ചകൊണ്ടു് സമ്പാദിച്ചിട്ടുള്ള വിജയം, അവിടത്തുകാരനായ ഒരാൾ കൂട്ടുകാരനോടു പറഞ്ഞ ഈ അഭിപ്രായത്തിൽ അടങ്ങിയിട്ടുണ്ടു്; ‘ആ കാണുന്ന കൂറ്റനാണു് ഗവർമ്മെണ്ടു്.’

ഒരിക്കലും തെറ്റാത്ത ഈ മഹാരാജാവിന്റെ എഴുന്നള്ളത്തു്, അതിനാൽ, ആ പ്രദേശത്തു് ദിവസംപ്രതി സംഭവിക്കുന്ന ഒന്നാണു്.

മഞ്ഞച്ച പുറംകുപ്പായത്തോടുകൂടി ആ ലാത്തുന്നാൾ കാഴ്ചയിൽത്തന്നെ ആ പ്രദേശത്തുകാരനല്ല; ഒരു സമയം അയാൾ പാരിസ്സുകാരൻകൂടിയല്ല, എന്തുകൊണ്ടെന്നാൽ, അയാൾക്ക് ഈയൊരു കഥ അറിവില്ല. വെള്ളികൊണ്ടുള്ള വിചിത്ര നാടകളാൽ മൂടപ്പെട്ട രക്ഷീഭടന്മാരുടെ സംഘം നാലുപുറവുമായി, ആ പള്ളിത്തേർ, രണ്ടുമണിസ്സമയത്തു്, അതിലൂടെ തിരിഞ്ഞു കടന്നുവന്നപ്പോൾ, അയാൾ അത്ഭുതപ്പെടുകയും ഏതാണ്ടു് പരിഭ്രമിച്ചുപോകയും ചെയ്തതായിക്കണ്ടു. ആ വഴിത്തിരിവിൽ അയാളല്ലാതെ മറ്റാരുമില്ല. ഒരു മതിൽവേലിയുടെ മൂലയ്ക്ക് അയാൾ ക്ഷണത്തിൽ മറഞ്ഞു; എങ്കിലും ദ്യൂക് ദു് ഹാവ്രെ അയാളെ ആയിടയ്ക്കു കണ്ടു പിടിക്കാതിരുന്നില്ല.

അന്നത്തെ രക്ഷിസംഘത്തിന്റെ നേതാവു ദ്യൂക് ദ് ഹാവ്രെയായിരുന്നതുകൊണ്ടു്, അദ്ദേഹം വണ്ടിയിൽ രാജാവിനു് അഭിമുഖമായി ഇരുന്നിരുന്നു. അദ്ദേഹം തിരുമനസ്സിനോടു പറഞ്ഞു: ‘അതാ ഒരു പന്തിയല്ലാത്ത മനുഷ്യൻ. രാജാവിന്റെ എഴുന്നള്ളത്തുവഴി ഒഴിപ്പിച്ചു നടക്കുന്ന പൊല്ലീസ്സുഭടന്മാരും അയാളെ ആവിധം തന്നെ സൂക്ഷിച്ചുനോക്കി; അവരിലൊരാൾക്ക് അയാളുടെ പിന്നാലെ ചെല്ലുവാൻ കല്പന കിട്ടി. പക്ഷേ, ആ മനുഷ്യൻ അവിടെയുള്ള ഏറ്റവും വിജനങ്ങളായ തെരുവുകളിലൊന്നിൽ ആണ്ടുകളഞ്ഞു; നേരം സന്ധ്യ കഴിഞ്ഞുതുടങ്ങിയതുകൊണ്ടു്, അന്നു വൈകുന്നേരം പൊല്ലീസ്സുമേലുദ്യോഗസ്ഥന്നു കിട്ടിയ വിവരക്കുറിപ്പിൽ പറഞ്ഞിരുന്നവിധം, അയാൾ ആ പൊല്ലീസ്സൊറ്റുകാരന്റെ കണ്ണിൽനിന്നു മറഞ്ഞു.

ആ മഞ്ഞക്കുപ്പായക്കാരൻ, പൊല്ലീസ്സൊറ്റുകാരന്റെ കണ്ണിൽ പൊടിയിട്ടയച്ചതിനുശേഷം, തന്റെ നടത്തത്തിന്റെ വേഗം ഇടയ്ക്കിടയ്ക്കായി പലതവണയും, പിന്നാലെ ആളുണ്ടോ എന്നു് നോക്കിയറിഞ്ഞതിനുശേഷമല്ലാതെയല്ല, ഒന്നിരട്ടിപ്പിച്ചു. നാലേകാൽ മണി കഴിഞ്ഞപ്പോൾ, എന്നുവെച്ചാൽ നല്ലവണ്ണം രാത്രിയായതിനുശേഷം, അയാൾ പോർത്തു് സാങ്—മാർത്തിയിലെ നാടകശാലയ്ക്കു മുമ്പിലെത്തി; അവിടെ അന്നു രണ്ടു തടവുപുള്ളികൾ എന്ന കഥയാണു് ആടിയിരുന്നതു്. നാടകറാന്തലുകളെക്കൊണ്ടു മിന്നിത്തിളങ്ങിയിരുന്ന പരസ്യത്തൂണു് അയാളുടെ ശ്രദ്ധയെ തടഞ്ഞു; എന്തുകൊണ്ടെന്നാൽ, അയാൾ വേഗത്തിൽ നടന്നിരുന്നുവെങ്കിലും, അതു വായിക്കാൻ നിന്നു. ഒരു നിമിഷംകൂടി കഴിഞ്ഞ് അയാൾ കണ്ണുകാണാത്ത ലാ പ്ലാങ്ഷെത്തു് ഇടവഴിയിലായി; അവിടെനിന്നു ലാങ്ങിയിലേക്കുള്ള തപ്പാൽവണ്ടിയാപ്പീസ്സു നില്ക്കുന്ന സ്ഥലത്തേക്കു ചെന്നു. ആ വണ്ടി നാലരയ്ക്കാണു് പുറപ്പെടുക. കുതിരയെ പൂട്ടിക്കെട്ടിക്കഴിഞ്ഞു; വണ്ടിക്കാരന്റെ കല്പന പ്രകാരം എത്തിക്കൂടിയ യാത്രക്കാർ വണ്ടിയിലേക്കുള്ള ആ ഉയർന്ന ഇരിമ്പുകോണിമേൽ വേഗത്തിൽ കയറിത്തുടങ്ങി.

ആ മനുഷ്യൻ ചോദിച്ചു: ‘അതിൽ സ്ഥലമുണ്ടോ?’

‘ഒന്നുമാത്രം—എന്റെ അടുത്തു പെട്ടിമേൽ,’ വണ്ടിക്കാരൻ പറഞ്ഞു.

എനിക്കതു മതി.’

‘കയറൂ.’

പക്ഷേ, കയറുന്നതിനു മുൻപായി, വഴിപോക്കന്റെ കീറിപ്പറിഞ്ഞ ഉടുപ്പും കൈയിലുള്ള കെട്ടിന്റെ വണ്ണക്കുറവും ഒരു നോക്കു നോക്കിക്കണ്ടു. വണ്ടിക്കാരൻ ആദ്യംതന്നെ അയാളെക്കൊണ്ടു കൂലി കൊടുപ്പിച്ചു.

‘നിങ്ങൾ ലാങ്ങിവരെയ്ക്കുണ്ടോ?’ വണ്ടിക്കാരൻ കല്പിച്ചു ചോദിച്ചു.

‘ഉവ്വു്.’ ആ മനുഷ്യൻ പറഞ്ഞു.

വഴിയാത്രക്കാരൻ ലാങ്ങിലേക്കുള്ള കൂലി കൊടുത്തു.

അവർ പുറപ്പെട്ടു. കുറച്ചു പോയ ഉടനെ വണ്ടിക്കാരൻ വർത്തമാനം പറയാൻ തുടങ്ങി; പക്ഷേ, വഴിയാത്രക്കാരൻ ‘അതേ’ ‘അല്ല’ എന്നു് മാത്രമേ മറുപടി പറഞ്ഞുള്ളു. വണ്ടിക്കാരൻ ചൂളംവിളിക്കാനും കുതിരയോടു ശുണ്ഠിയെടുക്കാനും നിശ്ചയിച്ചു.

വണ്ടിക്കാരൻ തന്റെ നിലയങ്കിയെടുത്തു മുഴുവനും മൂടിക്കെട്ടി, തണുപ്പുണ്ടായിരുന്നു. വഴിയാത്രക്കാരൻ അതിനെപ്പറ്റി ആലോചിച്ചിരുന്നതായി തോന്നിയില്ല. ഇങ്ങനെ അവർ ഗൂർനെയും നൂയിയും കടന്നു.

വൈകുന്നേരം ആറു മണിയോടുകൂടി അവർ ഷേലിലെത്തി. വണ്ടിക്കാർക്കായി അവിടെ ഏർപ്പെടുത്തിയിട്ടുള്ള ചാരായക്കടയുടെ മുൻപിലെത്തിയപ്പോൾ വണ്ടിക്കാരൻ കുതിരകൾക്ക് ഒന്നു ശ്വാസം കഴിക്കാനുള്ള ഇടകൊടുക്കുവാൻവേണ്ടി വണ്ടി നിർത്തി.

‘ഞാൻ ഇവിടെ ഇറങ്ങുന്നു,’ ആ മനുഷ്യൻ പറഞ്ഞു.

അയാൾ കെട്ടും, പൊന്തൻവടിയുമെടുത്തു വണ്ടിയിൽനിന്നു ചാടി.

ഒരു നിമിഷംകൊണ്ടു് അയാൾ മറഞ്ഞുകഴിഞ്ഞു.

അയാൾ ചാരായക്കടയിൽ കടന്നില്ല.

കുറച്ചുനിമിഷങ്ങൾ കഴിഞ്ഞു. വണ്ടി ലാങ്ങിയിലേക്ക് പുറപ്പെട്ടപ്പോൾ, അയാളെ ഷേലിലേക്കുള്ള പ്രധാനത്തെരുവീഥികളിലൊന്നും കണ്ടില്ല.

വണ്ടിക്കാരൻ അകത്തിരിക്കുന്ന യാത്രക്കാരുടെ നേരെ നോക്കി.

അയാൾ പറഞ്ഞു, ‘അതാ, ആ പോയാൾ ഈ പ്രദേശത്തുകാരനല്ല; എന്തുകൊണ്ടെന്നാൽ, അയാളെ ഞാനറിയില്ല. അയാളെ കണ്ടാൽ ഒരു സൂപോലും കൈയിലുണ്ടെന്നു തോന്നില്ല; എങ്കിലും അയാൾക്കു പണം വിലയില്ല; ലാങ്ങിലേക്കുള്ള കൂലി തന്നിട്ടു് അയാൾ ഷേൽവരെ മാത്രമേ പോന്നുള്ളു. രാത്രിയാണു്; വീടുകളൊക്കെ അടച്ചിരിക്കുന്നു; അയാൾ ചാരായക്കടയിൽ കയറിയില്ല; അയാളെ എങ്ങും കാണാനുമില്ല. അപ്പോൾ, ഭൂമിയുടെ അടിയിലൂടെ അയാൾ ഊളിയിട്ടിരിക്കണം.’

ആ മനുഷ്യൻ ഭൂമിയിൽ മുങ്ങിയിരുന്നില്ല; പക്ഷേ, അയാൾ, വേഗത്തിൽ, ഷേലിലെ പ്രധാനത്തെരുവിലൂടെ നടന്നു, പള്ളിയുടെ അടുത്തെത്തുന്നതിനു മുൻപായി, ആ പ്രദേശത്തു മുൻപു വരുകയും അവിടമെല്ലാം നല്ലവണ്ണം പരിചയപ്പെടുകയും ചെയ്തിട്ടുള്ള ഒരാളെപ്പോലെ, മോങ്ഫെർമിയെയിലേക്കുള്ള വഴിത്തിരിവിലേക്ക് വലത്തോട്ടു് തിരിഞ്ഞു.

അയാൾ അതിലെ ക്ഷണത്തിൽ നടന്നു. അതു ഗാങ്ങിയിൽനിന്നു ലാങ്ങിയിലേക്കുള്ളതും രണ്ടു വരി മരങ്ങളെക്കൊണ്ടു വക്കുകരയിട്ടതുമായ പഴയ വഴിയോടു ചേർന്നു മുറിയുന്ന സ്ഥലത്തെത്തിയപ്പോൾ, ആളുകൾ വരുന്ന ശബ്ദം അയാൾ കേട്ടു. പെട്ടെന്നു് ഒരു കുഴിയിൽ ഇറങ്ങിയൊളിച്ചു; ആ വഴിയാത്രക്കാർ കുറേ ദൂരത്തെത്തുന്നതുവരെ അയാൾ അവിടെത്തന്നെ ഇരുന്നു. ഈ മുൻകരുതൽ ഏതാണ്ടു് അനാവശ്യമായിരുന്നു; എന്തുകൊണ്ടെന്നാൽ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ, അതു നല്ലവണ്ണം ഇരുട്ടടഞ്ഞ ഡിസംബർ മാസത്തിലെ ഒരു രാത്രിയായിരുന്നു. ആകാശത്തിൽ രണ്ടോ മൂന്നോ നക്ഷത്രങ്ങളധികം കാണാനില്ല.

ഇവിടെയാണു് കുന്നിന്മേലേക്കുള്ള കയറ്റം ആരംഭിക്കുന്നതു്. ആ മനുഷ്യൻ മോങ്ഫെർമിയെയിലേക്കുള്ള വഴിയേ വെച്ചില്ല; അയാൾ വലത്തോട്ടു വയലിലൂടെ വേഗത്തിൽ നടന്നു, കാട്ടിന്നുള്ളിൽ കടന്നു.

കാട്ടിലെത്തിക്കഴിഞ്ഞപ്പോൾ, നടത്തത്തിന്റെ വേഗം കുറച്ചു; തനിക്കുമാത്രം അറിവുള്ള ഒരു ഗൂഢമാർഗം അന്വേഷിച്ചു നോക്കുകയാണെന്നു തോന്നുമാറു്, അയാൾ ഓരോ അടിയായി മുൻപോട്ടു വെച്ച്, അവിടെയുള്ള എല്ലാ മരങ്ങളും സനിഷ്കർഷമായി നോക്കിപ്പഠിക്കാൻ തുടങ്ങി. ഒരിക്കൽ അയാൾക്കു വഴി തീരെ പിഴച്ചുപോയപോലെ തോന്നി; എന്തു വേണ്ടൂ എന്നറിയാതെ നില്പായി. ഒടുവിൽ ഇഞ്ചിഞ്ചായി തപ്പിത്തപ്പിപ്പോയി, വെള്ളക്കല്ലുകളുടെ ഒരു വലിയ കുന്നു കിടക്കുന്ന ഒരൊഴിവുസ്ഥലത്തു് അയാൾ എത്തി. അയാൾ ക്ഷണത്തിൽ ആ കല്ലുകൾക്കടുത്തു ചെന്നു; അവ പരിശോധിക്കുകയാണെന്നു തോന്നുമാറു് അയാൾ മൂടലിനുള്ളിലൂടെ സൂക്ഷിച്ചുനോക്കി സസ്യപ്രകൃതിയുടെ പാലുണ്ണികളാകുന്ന മുഴകളെക്കൊണ്ടു മൂടിയ ഒരു വലിയ മരം ആ കല്ലുകുന്നിൽനിന്നു് ഏതാനും അടി അകലെ നിന്നിരുന്നു. അയാൾ ആ മരത്തിന്റെ അടുത്തുചെന്നു് ആ പാലുണ്ണികളെയൊക്കെ നോക്കി എണ്ണുവാനുള്ള പുറപ്പാടാണോ എന്നു തോന്നുമാറു്, അതിന്റെ തൊലിയ്ക്കു മീതെ കൈകൊണ്ടു തടവി.

ഈ കാട്ടുമരത്തിന്നെതിരായി മറ്റൊരു മരമുണ്ടായിരുന്നു; അതിനു് ഒരു തോലടർച്ചരോഗമുണ്ടു്; മുറിവു വെച്ചുകെട്ടിയതുപോലെ, ഒരു തുത്തനാകവാറുകൊണ്ടു് അതിന്റെ അടർന്ന തൊലി ആണിയിട്ടുറപ്പിച്ചിരുന്നു. അയാൾ പെരുവിരലിന്മേൽ ഊന്നിനിന്നു് ആ തുത്തനാകവാറു തൊട്ടു.

എന്നിട്ടു് ആ മരത്തിനും കല്ലിൻകൂട്ടത്തിനും ഇടയ്ക്കുള്ള ഒഴിവുനിലത്തു്, അവിടെയുള്ള മണ്ണു് ആരും അടുത്തകാലത്തു് ഇളക്കിമറിച്ചിട്ടില്ലെന്നു നോക്കി തീർച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളെപ്പോലെ, പതുക്കെപ്പതുക്കെ ഇരടിക്കൊണ്ടു കാൽവെച്ചു നടന്നു.

അതു കഴിഞ്ഞു, തന്റെ സാമാനങ്ങളെടുത്തു് അയാൾ വീണ്ടും കാട്ടിനുള്ളിലൂടെ നടന്നുതുടങ്ങി.

ഈ മനുഷ്യനാണു് കൊസെത്തിനെ ഇപ്പോൾത്തന്നെ കണ്ടുമുട്ടിയതു്.

മോങ്ഫെർമിയെയിലേക്കുള്ള വഴിക്ക് കുറ്റിക്കാടിനുള്ളിലൂടെ നടക്കുമ്പോൾ, ഒരു ഞെരുക്കത്തോടുകൂടി കുറച്ചു നീങ്ങുകയും ഒരു കനത്തഭാരം നിലത്തു വെക്കുകയും, ഉടനെ എടുത്തു വീണ്ടും നടക്കുകയും ചെയ്യുന്ന ആ അണുപ്രായമായ നിഴല്പാടു് അയാൾ നോക്കിക്കണ്ടു. അയാൾ അടുത്തു ചെന്നു. ഒരു കൂറ്റൻ വെള്ളപ്പാത്രവുമേറ്റിപ്പോകുന്ന ഒരു ചെറുകുട്ടിയാണെതെന്നു മനസ്സിലാക്കി ഉടനെ അയാൾ ആ കുട്ടിയുടെ അടുക്കൽച്ചെന്നു്, ഒന്നും മിണ്ടാതെ തൊട്ടിയുടെ കൈപ്പിടി മുറുക്കിപ്പിടിച്ചു.

2.3.7
ഇരുട്ടത്തു് അപരിചിതന്റെ കൂടെ കൊസെത്ത്

ഞങ്ങൾ പറഞ്ഞതുപോലെ, കൊസെത്തിനു ഭയമുണ്ടായില്ല.

ആ മനുഷ്യൻ അവളോടു് ആദ്യമായി സംസാരിച്ചു; സഗൗരവവും ഏതാണ്ടു ഗംഭീരവുമായ ഒരു സ്വരത്തിലാണു് അയാൾ പറഞ്ഞതു്. ‘എന്റെ കുട്ടി, ഈ എടുത്തിരുന്ന സാധനം വളരെ കനം കൂടിയതാണല്ലോ.’

കൊസെത്തു് തല പൊന്തിച്ചു; അവൾ മറുപടി പറഞ്ഞു: ‘അതേ, സേർ.’

‘ഇങ്ങോട്ടു തന്നേക്കൂ.’ ആ മനുഷ്യൻ പറഞ്ഞു: ‘കുട്ടിക്കുവേണ്ടി ഞാനെടുക്കാം അതു്.’

കൊസെത്തു് വെള്ളത്തൊട്ടിയുടെ കൈപ്പിടി വിട്ടു.

‘ശരിക്കും ഇതു നല്ല കനമുണ്ടു്,’ അയാൾ പല്ലിനിടയിലൂടെ പിറുപിറുത്തു. അയാൾ തുടർന്നു പറഞ്ഞു:‘കുട്ടിക്ക് എത്ര വയസ്സായി?’

‘എട്ടു്, സേർ.’

‘ഇതുകൊണ്ടു വളരെ ദൂരത്തുനിന്നാണോ വരുന്നതു?’

‘കാട്ടിലുള്ള ചോലയിൽനിന്നു്.’

‘ദൂരത്തെക്കാണോ പോകുന്നതു?’

‘ഇവിടെനിന്നു നല്ലവണ്ണം ഒരു കാൽമണിക്കൂർ നടക്കേണ്ട ദൂരത്തേക്ക്.’

ഒരു നിമിഷനേരത്തേക്ക് ആ മനുഷ്യൻ ഒന്നും പറഞ്ഞില്ല; എന്നിട്ടു് അയാൾ പൊടുന്നനെ ചോദിച്ചു; ‘അപ്പോൾ കുട്ടിക്കമ്മയില്ലേ?’

‘എനിക്കറിഞ്ഞുകൂടാ,’ആ കുട്ടി മറുപടി പറഞ്ഞു.

ആ മനുഷ്യന്നു വീണ്ടും പറയാൻ ഇട കിട്ടുന്നതിനുമുൻപേ, അവൾ തുടർന്നു പറഞ്ഞു: ‘ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവർക്കൊക്കെ അമ്മയുണ്ടു്. എനിക്കാരുമില്ല.’

എന്നിട്ടു കുറച്ചിട മിണ്ടാതിരുന്നതിനുശേഷം, അവൾ പറയാൻ തുടങ്ങി: ‘എനിക്കാരും ഉണ്ടായിട്ടില്ലെന്നു വിചാരിക്കുന്നു.’

ആ മനുഷ്യൻ നിന്നു; വെള്ളത്തൊട്ടി നിലത്തു വെച്ചു, കുനിഞ്ഞുനിന്നു്, അവളെ സൂക്ഷിച്ചുനോക്കി; ഇരുട്ടത്തു മുഖമൊന്നു കാണാനെന്നപ്പോലെ, രണ്ടു കൈയും കുട്ടിയുടെ ചുമലിൽ വെച്ചു.

കൊസെത്തിന്റെ മെലിഞ്ഞതും ക്ഷീണിച്ചതുമായ മുഖം ആകാശത്തിലെ കരുവാളിച്ച വെളിച്ചത്തു് അവ്യക്തമായവിധം തെളിഞ്ഞു കണ്ടു.

‘കുട്ടിയുടെ പേരെന്താണു്?’ ആ മനുഷ്യൻ ചോദിച്ചു.

‘കൊസെത്തു്.’

ആ മനുഷ്യന്നു് ഒരു മിന്നൽ തട്ടിയതുപോലെ തോന്നി. അയാൾ ഒന്നുകൂടി അവളെ നോക്കിക്കണ്ടു; എന്നിട്ടു കൊസെത്തിന്റെ ചുമലുകളിൽനിന്നു് അയാൾ കൈയെടുത്തു, വെള്ളത്തൊട്ടി പൊക്കി, വീണ്ടും നടന്നുതുടങ്ങി.

കുറച്ചു കഴിഞ്ഞിട്ടു് അയാൾ ചോദിച്ചു; ‘കുട്ടി എവിടെയാണു് പാർക്കുന്നത്?’

‘മൊങ്ഫെർമിയയിൽ. അതെവിടെയാണെന്നു നിങ്ങൾക്കറിയാമെങ്കിൽ.’

‘എന്നുവെച്ചാൽ, നാമിപ്പോൾ ചെല്ലുന്നേടത്ത്?’

‘അതേ, സേർ.’

അയാൾ മിണ്ടാതിരുന്നു; എന്നിട്ടു വീണ്ടും തുടർന്നു: ‘ഈ സമയത്തു കുട്ടിയെ ആരാണു് കാട്ടിലേക്കു വെള്ളം കൊണ്ടുവരാൻ പറഞ്ഞയച്ചതു?’

‘മദാം തെനാർദിയെർ.’

ഉദാസീനമെന്നാക്കിത്തീർക്കാൻ അയാൾ വളരെ ശ്രമിച്ചുനോക്കിയതും, എന്നാൽ, എന്തായിട്ടും, ഒരസാധാരണമായ ഇടർച്ച പ്രത്യക്ഷീഭവിച്ചിരുന്നതുമായ ഒരു സ്വരത്തിൽ ആ മനുഷ്യൻ പറയാൻ തുടങ്ങി; ‘കുട്ടിയുടെ മദാം തെനാർദിയെർ എന്തു ചെയ്യുന്നു?’

‘അവർ എന്റെ കൊച്ചമ്മയാണു്, ആ കുട്ടി പറഞ്ഞു. ‘അവർ ചാരായക്കട നടത്തുന്നു.’

‘ചാരായക്കടയോ?’ ആ മനുഷ്യൻ പറഞ്ഞു. ‘ശരി, ഞാൻ ഇന്നു രാത്രി അവിടെയാണു് താമസിക്കുന്നതു്. വഴി കാണിക്കൂ.’

‘നമ്മൾ ആ വഴിക്കാണു് പോകുന്നതു്,’ കുട്ടി പറഞ്ഞു.

ആ മനുഷ്യൻ ഒരുമാതിരി വേഗത്തിൽ നടന്നു. പ്രയാസം കൂടാതെ കൊസെത്തു് അയാളെ പിന്തുടർന്നു. അവൾക്കു യാതൊരു ക്ഷീണവും തോന്നിയില്ല. ഒരുതരം മനസ്സമാധാനത്തോടും ഒരനിർവചനീയമായ വിശ്വാസത്തോടുംകൂടി, അവൾ ഇടയ്ക്കിടയ്ക്ക് ആ മനുഷ്യനെ ഊന്നിനോക്കും. ഈശ്വരനെ വിചാരിക്കുന്നതിനും അവിടത്തോടു പ്രാർഥിക്കുന്നതിനും അവളെ ആരും ഒരിക്കലും പഠിപ്പിച്ചിട്ടില്ല; എങ്കിലും സമാധാനത്തിന്റെയും ആഹ്ലാദത്തിന്റെയും മട്ടിലുള്ളതും സ്വർഗത്തോടു് ഒപ്പമെത്തുന്നതുമായ എന്തോ ഒന്നു് അവളുടെ ഉള്ളിൽ ഉണ്ടായതുപോലെ തോന്നി.

പല നിമിഷങ്ങൾ കഴിഞ്ഞു. ആ മനുഷ്യൻ തുടർന്നു പറഞ്ഞു: ‘മദാം തെനാർദിയെരുടെ വീട്ടിൽ ഭൃത്യപ്രവൃത്തിക്ക് ആരുമില്ലേ?’

‘ഇല്ല, സേർ.’

‘കുട്ടി തനിച്ചേ അവിടെ ഉള്ളൂ?’

‘അതേ, സേർ.’

പിന്നേയും കുറച്ചിട ആരും മിണ്ടാതായി. കൊസെത്തു് പറയാൻ തുടങ്ങി: ‘എന്നുവെച്ചാൽ, രണ്ടു പെൺകുട്ടികൾ കൂടിയുണ്ടു്.’

‘എന്തു പെൺകുട്ടികൾ?’

‘പൊനൈനും, സെൽമയും.’

തെനാർദിയെർസ്ത്രീക്ക് അത്രയും ഇഷ്ടപ്പെട്ട ആ രണ്ടു കെട്ടുകഥപ്പേരുകളെ കുട്ടി ഇങ്ങനെ ചെത്തിക്കുറച്ചു.

‘ആരാണു് പൊനൈനും സെൽമയും?’

‘അവർ മദാം തെനാർദിയെരുടെ മാന്യസ്ത്രീകളാണു്; നിങ്ങൾ പറയുന്നതു പോലെയാണെങ്കിൽ, പെൺമക്കൾ.’

‘ആ പെൺകുട്ടികൾ എന്തു ചെയ്യുന്നു?’

‘ഹോ,’ ആ കുട്ടി പറഞ്ഞു, ‘അവർക്ക് ചന്തമുള്ള പാവകളുണ്ടു്; സ്വർണത്തിൽ മുങ്ങിയവ; അവയെക്കൊണ്ടു് എപ്പോഴും പണിയുണ്ടു്. അവർ കളിക്കുന്നു; അവർ രസിച്ചു കളിക്കുന്നു.’

‘പകൽ മുഴുവനും?’

‘അതേ, സേർ.’

‘അപ്പോൾ കുട്ടിയോ?’

‘ഞാനോ? ഞാൻ പണിയെടുക്കും.’

‘പകൽ മുഴുവനും?’

ആ കുട്ടി തല പൊന്തിച്ചുനോക്കി—അവളുടെ വലുപ്പമുള്ള കണ്ണുകളിൽ ഒരു കണ്ണീർത്തുള്ളി തൂങ്ങിനിന്നിരുന്നു. ഇരുട്ടുകൊണ്ടു് അതു കണ്ടില്ല; അവൾ പതുക്കെ പറഞ്ഞു: ‘അതേ, സേർ.’

കുറച്ചിട മിണ്ടാതിരുന്നതിനുശേഷം, അവൾ പറഞ്ഞുതുടങ്ങി: ‘ചിലപ്പോൾ, എന്റെ പണിയൊക്കെക്കഴിഞ്ഞ് അവർ എനിക്കു സമ്മതം തന്നാൽ, ഞാനും കളിക്കും.’

‘എന്തു കളിയാണു് കുട്ടി കളിക്കാറു്?’

‘എനിക്കു സാധിക്കുന്ന വിധമൊക്കെ, അവർ എന്നെ കൂട്ടാറില്ല; പക്ഷേ, എനിക്കധികം കളിസ്സാമാനമില്ല. പൊനൈനും സെൽമയും എന്നെ അവരുടെ കളിപ്പാവകൾ എടുത്തുകളിക്കാൻ സമ്മതിക്കില്ല. ഈയംകൊണ്ടുള്ള ഒരു ചെറിയ വാൾ മാത്രമേ എനിക്കുള്ളൂ; ഇതിൽ ഒട്ടും അധികം നീളമില്ല.’

കുട്ടി തന്റെ മെലിഞ്ഞു നീളമില്ലാത്ത വിരൽ നീട്ടിക്കാണിച്ചു.

‘അതിനു മൂർച്ചയില്ലേ?’

‘ഉവ്വു്, സേർ,’ കുട്ടി പറഞ്ഞു: ‘അതുകൊണ്ടു വെന്ത മത്സ്യക്കഷ്ണവും ഈച്ചകളുടെ തലയും മുറിയും.’

അവർ ഗ്രാമത്തിലെത്തി. കൊസെത്തു് ആ അപരിചിതന്നു തെരുവുകളിലൂടെ വഴി കാണിച്ചു. അവർ അപ്പക്കാരന്റെ പീടിക കടന്നു; തന്നോടു കൊണ്ടുചെല്ലാൻ ഏല്പിച്ചിട്ടുള്ള അപ്പത്തിന്റെ കാര്യം അവൾ ആലോചിച്ചില്ല. ആ മനുഷ്യൻ അവളെ ചോദ്യംകൊണ്ടു ബുദ്ധിമുട്ടിക്കൽ നിർത്തി; അയാൾ ഒന്നും മിണ്ടാതായി.

പള്ളി വിട്ടു കടന്നപ്പോൾ, ആ മനുഷ്യൻ, അവിടെയുള്ള ചന്തപ്പുരകൾ കണ്ടു. കൊസെത്തോടു ചോദിച്ചു: ‘അപ്പോൾ, ഇവിടെ ചന്തയുണ്ടോ?’

‘ഇല്ല, സേർ; ക്രിസ്തുമസ്സു് കാലം.’

ചാരായക്കടയിലെത്തിയപ്പോൾ, കൊസെത്തു് ശങ്കിച്ചുകൊണ്ടു് ആ മനുഷ്യന്റെ കൈയിന്മേൽ തൊട്ടു: ‘മൊസ്സ്യു!’

‘എന്റെ കുട്ടി, എന്താണു്?’

‘നമ്മൾ വീട്ടിന്റെ നന്നെ അടുത്തെത്തി.’

‘അതിനു്?’

‘എന്റെ വെള്ളത്തൊട്ടി എനിക്കുതന്നെ എടുക്കാൻ സമ്മതം തരുമോ?’

‘മറ്റൊരാൾ എനിക്കുവേണ്ടി അതെടുത്തു എന്നു മദാം കണ്ടാൽ, എന്നെ അടിക്കും.’

ആ മനുഷ്യൻ വെള്ളത്തൊട്ടി അവൾക്കുതന്നെ കൊടുത്തു. ഒരുനിമിഷംകൂടി കഴിഞ്ഞു. അവർ ചാരായക്കടയുടെ വാതില്ക്കലെത്തി.

2.3.8
ഒരു ധനികനായേക്കാവുന്ന ഒരു സാധുവിനെ വീട്ടിൽ സൽക്കരിച്ചാലത്തെ ദുർഘടം

കളിക്കോപ്പുകച്ചവടക്കാരന്റെ പീടികയിൽ അപ്പോഴും കാഴ്ചസ്ഥലത്തു വെച്ചിരുന്ന ആ വലിയ പാവയുടെ മേലേക്ക് ഒരോട്ടക്കണ്ണിട്ടു നോക്കാതിരിക്കാൻ കൊസെത്തിനു കഴിഞ്ഞില്ല; ഉടനെ അവൾ വാതില്ക്കൽ മുട്ടി. വാതിൽ തുറന്നു. തെനാർദിയെർസ്ത്രീ കൈയിൽ ഒരു മെഴുതിരിവിളക്കുമായി പ്രത്യക്ഷീഭവിച്ചു.

‘ഹാ! ഇതു നിയ്യാണോ, അസത്തുജന്തു! പൊറുതി! പക്ഷേ, എത്ര നേരമായി പോയിട്ടു്. തെറിച്ചിപ്പെണ്ണു നിന്നു കളിക്കുകയായിരുന്നു!’

‘മദാം,’ ആകെ വിറച്ചുകൊണ്ടു് കൊസെത്തു് പറഞ്ഞു, ‘ഇതാ ഒരു മാന്യൻ, ഇദ്ദേഹത്തിന്നു ഇവിടെ താമസിക്കണം.’

തെനാർദിയെർസ്ത്രീ ക്ഷണത്തിൽ തന്റെ ശുണ്ഠിപിടിച്ച മുഖഭാവം മാറ്റി, ആ സ്ഥാനത്തു തന്റെ സന്തോഷപൂർവമായ വികൃതഭാവം കാണിച്ചു—ഹോട്ടൽക്കാർക്കു സാധാരണമായ ഒരു ഭാവമാറ്റം; പുതുതായി വന്നാളെ ആർത്തിയോടുകൂടി ഒന്നു നോക്കി.

‘ഇദ്ദേഹമാണോ?’ അവൾ ചോദിച്ചു.

‘അതേ, മദാം,’ തൊപ്പി തൊട്ടുകൊണ്ടു് ആ മാന്യൻ മറുപടി പറഞ്ഞു.

പണക്കാരായ വഴിയാത്രക്കാർക്ക് അത്ര മര്യാദയില്ല. ഈ ആംഗ്യവും, ഒരു നോട്ടംകൊണ്ടു തെനാർദിയെർസ്ത്രീ അപരിചിതന്റെ വേഷത്തേയും ഭാണ്ഡത്തേയും പറ്റി ക്ഷണത്തിൽ ചെയ്തുകഴിച്ച പരിശോധനയുംകൂടി ആ സന്തോഷപൂർവമായ പ്രകൃതിയെ മായ്ച്ച് അവിടെ ആദ്യത്തെ നീരസഭാവത്തെത്തന്നെ വീണ്ടും ആവിർഭവിപ്പിച്ചു. അവൾ ഒരു രസമില്ലാതെ പറഞ്ഞു: ‘ഹേ, നല്ല മനുഷ്യാ, ഇങ്ങോട്ടു കടന്നോളൂ.’

ആ ‘നല്ല മനുഷ്യൻ’ അകത്തേക്കു കടന്നു. തെനാർദിയെർസ്ത്രീ ഒന്നുകൂടി അയാളെ നോക്കിക്കണ്ടു; തികച്ചും പിഞ്ഞിപ്പൊടിഞ്ഞ അയാളുടെ കുറുംകുപ്പായത്തേയും, ഏതാണ്ടു തകർന്നുകഴിഞ്ഞിട്ടുള്ള തൊപ്പിയേയും സവിശേഷം സൂക്ഷിച്ചു; എന്നിട്ടു തലയൊന്നിളക്കി, മൂക്കൊന്നു ചുളുക്കി, കണ്ണൊന്നു തുറിപ്പിച്ച് അപ്പോഴും വണ്ടിക്കാരോടൊരുമിച്ചിരുന്നു കുടിക്കുകയായിരുന്ന ഭർത്താവുമായി അവൾ ആലോചിച്ചു. ആ അദൃശ്യമായ ചൂണ്ടാണിവിരലിന്റെ അനക്കംകൊണ്ടും അതിനെ പിന്താങ്ങുന്നതായി ചുണ്ടുകളിൽ ഒരു കാറ്റു നിറയ്ക്കൽകൊണ്ടും ഭർത്താവു് അതിന്നു മറുപടി പറഞ്ഞു. ആവക ഘട്ടങ്ങളിൽ ആ രണ്ടു പ്രയോഗങ്ങൾ കൂടിയാലത്തെ അർഥം ഇതാണു്; ഒരൊന്നാന്തരം ഇരപ്പാളി. അതു കണ്ടു തെനാർദിയെർസ്ത്രീ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘ഹേ, ഇതാ നോക്കൂ; ഞാൻ വ്യസനിക്കുന്നു, ഇവിടെ സ്ഥലം ഒഴിവില്ല.

‘എന്നെ നിങ്ങൾ എവിടെയെങ്കിലും കൊണ്ടുപോയാക്കൂ,’ ആ മനുഷ്യൻ പറഞ്ഞു; ‘തട്ടിൻപുറത്തു്, കുതിരപ്പന്തിയിൽ, ഒരു മുറി ഒഴിച്ചുകിട്ടിയാലത്തെ കൂലി ഞാൻ തരാം.’

‘നാല്പതു സൂ.’

‘നാല്പതു സൂ; സമ്മതിച്ചു.’

‘എന്നാൽ അങ്ങനെയാവട്ടെ.’

‘നാല്പതു സൂ!’ തെനാർദിയെർസ്ത്രീയോടു, ഒരു താഴ്‌ന്ന സ്വരത്തിൽ, ഒരു വണ്ടിക്കാരൻ പറഞ്ഞു: ‘എന്തു്, ഇരുപതു സൂവല്ലേ നിരക്ക്.’

‘ഈ കാര്യത്തിൽ നാല്പതു സൂവാണു്.’ അതേ സ്വരത്തിൽ തെനാർദിയെർ സ്ത്രീ മറുപടി പറഞ്ഞു. ‘ഞാൻ അതിൽക്കുറഞ്ഞ സംഖ്യയ്ക്കു സാധുക്കളെ താമസിപ്പിക്കാറില്ല.’

‘അതു വാസ്തവം. ‘അവളുടെ ഭർത്താവു് പതുക്കെ തുടർന്നു പറഞ്ഞു: ‘ഇങ്ങനെയുള്ളവരെ കടത്തുന്നതുതന്നെ നാശമാണു്.’

ഈയിടയ്ക്ക് ആ മനുഷ്യൻ, തന്റെ ഭാണ്ഡവും പൊന്തൻവടിയും ബെഞ്ചിന്മേൽ വെച്ചു കൊസെത്തു് ക്ഷണത്തിൽ ഒരു കുപ്പി വീഞ്ഞും ഒരു ഗ്ലാസ്സും കൊണ്ടു വച്ചിട്ടുണ്ടായിരുന്ന മേശയുടെ അടുത്തു ചെന്നിരുന്നു. വെള്ളം ആവശ്യപ്പെട്ടിരുന്ന ആൾ താൻതന്നെ വെള്ളത്തൊട്ടി എടുത്തു കുതിരയ്ക്കു കൊടുപ്പാൻ കൊണ്ടുപോയി. കൊസെത്തു് അടുക്കളമേശയ്ക്കു ചുവട്ടിലുള്ള തന്റെ സ്ഥാനത്തു ചെന്നിരുന്നു തുന്നൽപ്പണി തുടങ്ങി.

താൻതന്നെ ഒഴിച്ചെടുത്ത വീഞ്ഞുകൊണ്ടു് ചുണ്ടൊന്നു നനയ്ക്കുകമാത്രം ചെയ്തുകഴിഞ്ഞ ആ മനുഷ്യൻ കുട്ടിയെ സവിശേഷമായ ശ്രദ്ധയോടുകൂടി നോക്കിക്കണ്ടു.

കൊസെത്തു് വിരൂപയാണു്; അവൾക്കു സുഖമായിരുന്നുവെങ്കിൽ, കാഴ്ചയിൽ ഒരു സുന്ദരിയായേനേ. ആ പ്രസന്നതയില്ലാത്ത ചെറുകുട്ടിയുടെ ആകൃതി ഞങ്ങൾ മുൻപുതന്നെ എഴുതിക്കാണിച്ചിട്ടുണ്ടു്. കൊസെത്തു് മെലിഞ്ഞു വിളർത്തിട്ടാണു്; അവൾക്ക് ഏകദേശം എട്ടു വയസ്സായെങ്കിലും, കണ്ടാൽ കഷ്ടിച്ച് ആറേ തോന്നൂ. ഒരുതരം ഇരുട്ടിലാണ്ടിരുന്ന അവളുടെ വലുപ്പമേറിയ കണ്ണുകൾ കരഞ്ഞു കരഞ്ഞ് അല്പം മുൻപോട്ടുന്തിയിരിക്കുന്നു. തടവുപുള്ളികളിലും കഠിനരോഗികളിലും കാണാറുള്ളവിധം. പതിവായി മനോവേദന അനുഭവിച്ചിട്ടുള്ള ചുളുക്ക് അവളുടെ ചുണ്ടിന്നറ്റത്തുണ്ടായിരുന്നു. അവളുടെ അമ്മ ഊഹിച്ചുപറഞ്ഞതുപോലെ, കൈകൾ ‘വാതപ്പൊളകംകൊണ്ടു ചീത്ത’യായിരുന്നു. ആ സമയത്തു് അവളെ തെളിയിച്ചിരുന്ന അടുപ്പിൻതിയ്യ് അവളുടെ എല്ലുകളെയെല്ലാം വെളിപ്പെടുത്തുകയും അവളുടെ കലശലായ മെലിച്ചിലിനെ തികച്ചും സ്പഷ്ടമാക്കുകയും ചെയ്തിരുന്നു. എപ്പോഴും തണുത്തു വിറച്ചിട്ടായതുകൊണ്ടു കാൽമുട്ടുകൾ ഒന്നിനൊന്നു മീതെയായി അമർത്തിവെക്കുന്നതു് അവൾക്ക് ഒരു സ്വഭാവമായിരിക്കുന്നു. വേനല്ക്കാലത്തു് അനുകമ്പയും, മഴക്കാലത്തു ഭയവും തോന്നിച്ചിരുന്ന ഒരു കീറത്തുണി മാത്രമാണു് അവളുടെ ആകെയുള്ള ഉടുപ്പു്. നിറച്ചും തുളയുള്ള പരുത്തിത്തുണിയാണു് അവൾ ധരിച്ചിരുന്നതു്; ഒരു കഷ്ണമെങ്കിലും രോമത്തുണി അവളുടെ മേലില്ല. അവളുടെ ശരീരവണ്ണം അവിടവിടെ കാണാം; എല്ലായിടത്തുമുണ്ടു് കറുത്തും നീലച്ചുമുള്ള ഓരോ പാടുകൾ; അതുകൾ തെനാർദിയെർസ്ത്രീയുടെ കൈ തട്ടിയിട്ടുള്ള ഭാഗങ്ങളേതെല്ലാമെന്നു സൂചിപ്പിക്കുന്നു. അവളുടെ നഗ്നങ്ങളായ കാലടികൾ മെലിഞ്ഞും ചുകന്നുമിരുന്നു. അവളുടെ ചുമലിലുള്ള കുഴികൾമാത്രം മതി ഒരാളെ കരയിക്കാൻ. ഈ കുട്ടിയുടെ ആകെയുള്ള സ്വരൂപം, അവളുടെ ആകൃതി. അവളുടെ ഭാവം, അവളുടെ ഒച്ചയ്ക്കുള്ള സ്വരവിശേഷം, ഒരു വാക്കു പറഞ്ഞു പിന്നത്തെ വാക്കു പുറപ്പെടുവിക്കുവാനുള്ള താമസം. അവളുടെ നോട്ടം, അവളുടെ മൗനം, അവളുടെ എത്ര ചെറിയതുമായ ആംഗ്യം, എല്ലാം ഒരൊറ്റ മനോവികാരത്തെമാത്രം വെളിപ്പെടുത്തിക്കാണിക്കുന്നു—ഭയം.

അവളുടെ എല്ലാ ഭാഗത്തും ഭയം വ്യാപിച്ചിരിക്കുന്നു; അവളെ അതു മൂടിയിരിക്കുന്നു എന്നു പറയാം; ഭയം അവളുടെ കൈമുട്ടുകളെ അരക്കെട്ടിലേക്കു ചേർത്തടുപ്പിച്ചു, കാൽമടമ്പുകളെ ഉൾക്കുപ്പായത്തിന്നുള്ളിലേക്കാക്കി, കഴിയുന്നതും കുറച്ചു സ്ഥലംമാത്രം അവൾക്കു മതിയാക്കിത്തീർത്തു; തികച്ചും ആവശ്യമുള്ളേടത്തോളംമാത്രം ശ്വാസം അവൾക്കനുവദിച്ചുകൊടുത്തു; എന്നല്ല, വർദ്ധനയൊന്നൊഴിച്ചു മറ്റു യാതൊരു പ്രകൃതിവ്യത്യാസവും വരാൻ അനുവദിക്കാതെ, അവളുടെ ശരീരത്തിന്റെ ഒരു സ്വഭാവമായിത്തീർന്നു. അവളുടെ കണ്ണുകൾക്കിടയിൽ ഒരമ്പരന്ന മൂലയുണ്ടു്; അതിൽ ഭയം പതുങ്ങിക്കൂടി.

അകത്തേക്കു വന്നിട്ടു്, ആകെ നനഞ്ഞിരുന്നുവെങ്കിലും, അടുപ്പിൻ തിയ്യിന്റെ അടുക്കൽ ചെന്നു തീക്കായുവാൻ കൊസെത്തിനു ധൈര്യമുണ്ടായില്ല—അവളുടെ ഭയം അങ്ങനത്തേതായിരുന്നു; അവൾ ഒന്നും മിണ്ടാതെ തന്റെ പ്രവൃത്തിയാരംഭിച്ചു.

ചില സമയത്തു്, അവൾ ഒരു പൊട്ടിയായിപ്പോകാനോ ഒരു പിശാചായിത്തീരാനോ ഭാവമാണെന്നു തോന്നുമാറു്, ആ എട്ടു വയസ്സു പ്രായമുള്ള കുട്ടിയുടെ നോട്ടം പതിവായി അത്രയും കുണ്ഠിതത്തോടുകൂടിയതും ചിലപ്പോൾ അത്രയും ദുഃഖമയവുമായിരുന്നു.

ഞങ്ങൾ മുൻപു പറഞ്ഞതുപോലെ, ഈശ്വരവന്ദനം ചെയ്ക എന്നുവെച്ചാൽ എന്താണെന്നു് അവൾ ഒരിക്കലും അറിഞ്ഞിട്ടില്ല; അവൾ അതേവരെ ഒരു പള്ളിയിൽ കാലെടുത്തു കുത്തിയിട്ടില്ല. ‘എനിക്കതിനു സമയമുണ്ടോ?’ തെനാർദിയെർസ്ത്രീ പറയുകയുണ്ടായി.

മഞ്ഞക്കുപ്പായക്കാരനായ ആ മനുഷ്യൻ കൊസെത്തിൽനിന്നു് ഒരിക്കലും കണ്ണെടുത്തില്ല.

പെട്ടെന്നു് തെനാർദിയെർസ്ത്രീ ഉച്ചത്തിൽ ചോദിച്ചു, ‘കൂട്ടത്തിൽ ചോദിക്കട്ടെ ആ അപ്പമെവിടെ?’

തെനാർദിയെർസ്ത്രീ സ്വരമൊന്നുയർത്തിയെന്നു കണ്ടാൽ, പതിവായി ചെയ്യുന്നതുപോലെ, കൊസെത്തു് വളരെ വേഗത്തിൽ മേശയ്ക്കു ചുവട്ടിൽനിന്നു ചാടി പുറത്തു കടന്നു.

അവൾ അപ്പത്തിന്റെ കാര്യം തികച്ചും മറന്നിരുന്നു. എപ്പോഴും പേടിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ എടുക്കാറുള്ള സൂത്രം അവളെടുത്തു. അവൾ നുണ പറഞ്ഞു. ‘മദാം, അപ്പക്കാരന്റെ പീടിക അടച്ചിരുന്നു.’

‘വിളിക്കണം.’

‘ഞാൻ വിളിച്ചു, മദാം.’

‘എന്നിട്ടു്?’

‘അയാൾ വാതിൽ തുറന്നില്ല.’

‘ഇതു നേരാണോ എന്നു ഞാൻ നാളെ അറിയാം,’ തെനാർദിയെർസ്ത്രീ പറഞ്ഞു: ‘നുണയാണു് നിയ്യീ പറഞ്ഞതെങ്കിൽ, ഒന്നാന്തരം ഒരു ഗിഞ്ചിനിയാട്ടം ഞാൻ നിന്നെക്കൊണ്ടാടിക്കും. അതിനു മുമ്പു് എന്റെ ആ പതിനഞ്ചു സൂ ഇങ്ങോട്ടു തന്നാട്ടെ.’

ഉടുപ്പിൻമുമ്പുറത്തെ കീശയിൽ അവൾ കൈയിട്ടു; അവൾ പകച്ചുപോയി, ആ പതിനഞ്ചു സൂ നാണ്യം അവിടെയില്ല.

‘ആട്ടെ, അപ്പോൾ,’ മദാം തെനാർദിയെർ പറഞ്ഞു, ‘ഞാൻ പറഞ്ഞതു കേട്ടില്ലേ?’

കൊസെത്തു് ആ കീശ അകംപുറം മറിച്ചു; അതിൽ യാതൊന്നുമുണ്ടായിരുന്നില്ല. ആ പണം എന്തായി? ആ സാധുജന്തുവിനു് ഒന്നും പറയാൻ കിട്ടിയില്ല. അവൾ സ്തംഭിച്ചുപോയി.

‘നീ കളഞ്ഞുവോ ആ പതിനഞ്ചു സൂ?’ തെനാർദിയെർസ്ത്രീ പരുഷസ്വരത്തിൽ അലറി, ‘അതോ നിനക്കെന്നെ അതു തോല്പിക്കണമെന്നുണ്ടോ?’

അതോടുകൂടി, പുകക്കുഴൽ മൂലയ്ക്കൽ ഒരാണിമേൽ തൂക്കിയിട്ടുള്ള ഒമ്പതിഴക്കുരടാവിനു നേരെ അവൾ കൈനീട്ടി.

ഈ ഭയങ്കരമായ പുറപ്പാടു് ഇങ്ങനെ നിലവിളിക്കാൻ വേണ്ട ശക്തി കൊസെത്തിനുണ്ടാക്കി: ‘അയ്യോ, മദാം, മദാം! ഞാൻ ഇനിയങ്ങനെ ചെയ്യില്ല!’

തെനാർദിയെർസ്ത്രീ ആ കുരടാവെടുത്തു.

ഈയിടയ്ക്ക് ആരും കാണാതെ, ആ മഞ്ഞക്കുപ്പായക്കാരൻ തന്റെ ഉൾക്കുപ്പായത്തിന്റെ ഗഡിയാൾക്കീശയിൽ തപ്പുകയായിരുന്നു. മറ്റുള്ള വഴിയാത്രക്കാരെല്ലാം കുടിക്കുകയോ ശീട്ടുകളിക്കുകയോ ആയിരുന്നതുകൊണ്ടു്, അയാൾ എന്താണു് ചെയ്യുന്നതെന്നു് ആരുംതന്നെ സൂക്ഷിച്ചില്ല.

കൊസെത്തു് തന്റെ അർദ്ധനഗ്നങ്ങളായ അവയവങ്ങളെ കൂട്ടിപ്പിടിച്ചു ഒളിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പുകക്കുഴലിന്റെ മുക്കിലൊതുങ്ങി, കഠിന സങ്കടംകൊണ്ടു് ഒരു പന്തുപോലെ ചുരുണ്ടു ചെറുതായി. തെനാർദിയെർസ്ത്രീ കൈയുയർത്തി.

‘എനിക്കു മാപ്പുതരണം, മദാം,’ ആ മനുഷ്യൻ പറഞ്ഞു. ‘ഇതാ ഇപ്പോൾത്തന്നെ ഞാൻ ഈ കുട്ടിയുടെ ഉടുപ്പിൻമുൻവശത്തുള്ള കീശയിൽനിന്നു വീണു് എന്തോ ഒന്നു് ഇങ്ങോട്ടുരുണ്ടുവന്നതായി കണ്ടു. ഇതായിരിക്കാം ആ സാധനം.’

ഇങ്ങനെ പറഞ്ഞുകൊണ്ടു് അയാൾ കുനിഞ്ഞു, നിലത്തു് എന്തോ തിരയുന്നതുപോലെ തോന്നി.

‘അതേ, അതിതാ,’ നിവർന്നുകൊണ്ടു് അയാൾ പറഞ്ഞു. ഒരു വെള്ളിനാണ്യം അയാൾ തെനാർദിയെർസ്ത്രീക്ക് എടുത്തുകാട്ടി.

‘അതേ, അതുതന്നെ,’ അവൾ പറഞ്ഞു.

ആ കണ്ടതു് അതായിരുന്നില്ല; അതു് ഒരിരുപതു സൂ നാണ്യമായിരുന്നു; പക്ഷേ, തെനാർദിയെർസ്ത്രീ അതൊരു ലാഭമായി കരുതി, അവർ ആ നാണ്യം തന്റെ കീശയിലിട്ടു; കുട്ടിയുടെ നേരെ ഭയങ്കരമായ ഒരു നോട്ടം നോക്കി, ഇങ്ങനെ അഭിപ്രായപ്പെടുക മാത്രം ചെയ്തതുകൊണ്ടു കഴിച്ചു: ‘ഇനി മേലാൽ ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ!’

തെനാർദിയെർസ്ത്രീ പേരിട്ടിരുന്നതുപോലെ, കൊസെത്തു് ‘അവളുടെ നായക്കൂടി’ലേക്കുതന്നെ മടങ്ങിപ്പോയി, വഴിയാത്രക്കാരന്റെ മേൽ ഉറച്ചുപോയിരുന്ന അവളുടെ വലുപ്പമേറിയ കണ്ണുകൾ, അതേവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത, ഒരു ഭാവവിശേഷത്തെ അവലംബിച്ചു. അപ്പോൾ അതു് ഒരു നിഷ്കളങ്കമായ അമ്പരപ്പുമാത്രമേ ആയിരുന്നുള്ളൂ; പക്ഷേ, അതിൽ അത്ഭുതപരവശമായ ഒരു മനോവിശ്വാസം കൂടിച്ചേർന്നിരുന്നു.

‘കൂട്ടത്തിൽ ചോദിക്കട്ടെ, നിങ്ങൾക്ക് അത്താഴത്തിനു വല്ലതും വേണമെന്നുണ്ടോ?’ തെനാർദിയെർസ്ത്രീ വഴിപോക്കനോടു ചോദിച്ചു.

അതിനു മറുപടിയൊന്നുമുണ്ടായില്ല. അയാൾ മനോരാജ്യത്തിൽ മുങ്ങിയിരിക്കുന്നതുപോലെ തോന്നി.

‘എന്തൊരുതരം മനുഷ്യനാണിത്?’ അവൾ പല്ലിനിടയിലൂടെ പിറുപിറുത്തു. ‘ഏതോ ഒരു വല്ലാത്ത ദരിദ്രപ്പിശാചാണു്. അത്താഴം മേടിക്കാൻ ഒരു കാശ് അവന്റെ കൈയിലില്ല. താമസിക്കുവാനുള്ള സംഖ്യ എനിക്കു തരുമോ ആവോ? ഏതായാലും നിലത്തു കിടന്നിരുന്ന പണം മോഷ്ടിക്കുവാൻ തോന്നിയില്ലല്ലോ, അതു ഭാഗ്യം.’

ഈയിടയ്ക്ക് ഒരു വാതിൽ തുറക്കപ്പെട്ടു. എപ്പൊനൈനും അസെൽമയും പ്രവേശിച്ചു.

അവർ കാഴ്ചയിൽ കൃഷീവലത്വത്തെക്കാളധികം ‘ജന്മി’ത്വത്തോടുകൂടി, വാസ്തവത്തിൽ ചന്തമുള്ള രണ്ടു പെൺകുട്ടികളായിരുന്നു; കാണാൻ നല്ല ചന്തമുണ്ടു്; ഒന്നു് മിന്നുന്ന ചെമ്പൻമുടിച്ചുരുളുകളോടുകൂടിയും മറ്റേതു പിൻപുറത്തേക്കു തൂങ്ങിക്കിടക്കുന്ന ധാരാളം കറുത്തു നീണ്ട മെടച്ചിൽമുടികളോടുകൂടിയുമായി, ആ രണ്ടു കുട്ടികൾ ചുറുചുറുക്കും വൃത്തിയും തടിയും പനിനീർപ്പൂനിറവും ആരോഗ്യവും കാണാൻ നല്ല സുഖമുള്ളവരായിരുന്നു. അവർ തണുപ്പുകൊള്ളാത്തവിധമുള്ളതും, എന്നാൽ ശീലത്തരങ്ങളുടെ കട്ടിത്തംകൊണ്ടു് ആകപ്പാടെയുള്ള അഴകിനും പകിട്ടിനും കോട്ടംതട്ടിപ്പോകാത്തവിധം അമ്മമാർക്കുള്ള കൗശലം തികച്ചും ഉപയോഗിച്ചുണ്ടാക്കിയതുമായ ഉടുപ്പിട്ടിരുന്നു. വസന്തകാലം തീരെ അസ്തമിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും, മഴക്കാലത്തിന്റെ സൂചന പുറപ്പെട്ടിട്ടുണ്ടായിരുന്നു. ആ രണ്ടു കുട്ടികളിൽനിന്നും വെളിച്ചമുദിച്ചു. അത്രമാത്രമല്ല, അവരിരിക്കുന്നതു സിംഹാസനത്തിലുമാണു്. അവരുടെ ചമയലിലും അവരുടെ ആഹ്ലാദത്തിലും അവർ കൂട്ടിയിരുന്ന ലഹളയിലും രാജത്വമുണ്ടു്. അവർ അങ്ങോട്ടു കടന്ന ഉടനെ അതിവാത്സല്യം കൊണ്ടു് നിറഞ്ഞ ഒരു പിറുപിറക്കലൊച്ചയിൽ തെനാർദിയെർസ്ത്രീ അവരോടു പറഞ്ഞു: ‘അതാ, കുട്ടികൾ വരുന്നു!’

ഉടനെ ഓരോരുവളെയായി വാരിപ്പിടിച്ചു തന്റെ കാൽമുട്ടിന്മേലേക്കടുപ്പിച്ച് അവരുടെ തലമുടി മിനുക്കി, പട്ടുനാടകൾ ഒന്നഴിച്ചുകെട്ടി, അമ്മമാർക്കു പതിവുള്ള ആ ഒരു മൃദുലമായ കുടച്ചിലോടുകൂടി വിട്ടയച്ചുകൊണ്ടു് അവൾ കുറച്ചുച്ചത്തിൽ പറഞ്ഞു: ‘എന്തു പേടിത്തൊണ്ടികളാണ്!’

അവർ പോയി പുകക്കുഴൽ മൂലയ്ക്കൽ ചെന്നിരുന്നു. അവർക്ക് ഒരു പാവയുണ്ടായിരുന്നു; സന്തോഷമയങ്ങളായ എല്ലാത്തരം കൊഞ്ചലുകളും കൊഞ്ചിക്കൊണ്ടു് അവർ അതിനെ പിന്നേയും പിന്നേയും കാൽമുട്ടിന്മേൽ തിരിച്ചും മറിച്ചും കിടത്തി. ഇടയ്ക്കിടയ്ക്കു കൊസെത്തു് തന്റെ തുന്നൽപ്പണിയിൽനിന്നു് കണ്ണു പൊന്തിച്ച് അവരുടെ കളി കുണ്ഠിതത്തോടുകൂടി നോക്കിക്കൊണ്ടിരുന്നു.

എപ്പൊനൈനും അസെൽമയും കൊസെത്തിന്റെ മേലേക്കു നോക്കിയില്ല. അവൾ അവർക്ക് ഒരു പട്ടിയെപ്പോലെയാണു്. ഈ മൂന്നു പെൺകുട്ടികളുടെ വയസ്സു മുഴുവനുംകൂടി കൂട്ടിയാൽ ഇരുപത്തിനാലില്ല. എങ്കിലും അവർ മനുഷ്യസമുദായത്തെ മുഴുവനും അഭിനയിച്ചു; ഒരു ഭാഗത്തു് അസൂയ, മറ്റേ ഭാഗത്തു നിന്ദ.

തെനാർദിയെർകുട്ടികളുടെ പാവ തീരെ പകിട്ടുപോയതും, വളരെ പഴക്കം ചെന്നതും, വല്ലാതെ മുറിഞ്ഞുതകർന്നതുമായിരുന്നു; പക്ഷേ, ജീവിതത്തിനുള്ളിൽ ഒരു പാവ—എല്ലാ കുട്ടികൾക്കും അറിയാവുന്ന ഒരു വാക്കു പറകയാണെങ്കിൽ, ഒരു നല്ല പാവ— ഒരിക്കലും കിട്ടിയിട്ടില്ലാത്ത കൊസെത്തിനു് അതിന്റെ അഭിനന്ദനീയതയിൽ ഒട്ടും കുറവു തോന്നിയില്ല.

പെട്ടെന്നു്, ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ലാത്തുകയായിരുന്ന തെനാർദിയെർസ്ത്രീ കൊസെത്തിന്റെ ശ്രദ്ധ മറ്റൊന്നിലാണെന്നും, പ്രവൃത്തിയെടുക്കുന്നതിനുപകരം അവൾ ആ കുട്ടിയുടെ കളി നോക്കിക്കാണുകയാണെന്നും കണ്ടു.

‘ആഹാ! ഞാൻ നിന്റെ പണി കണ്ടു!’ അവൾ ഉച്ചത്തിൽ പറഞ്ഞു. ‘അപ്പോൾ ഇങ്ങനെയാണു് പ്രവൃത്തിയെടുക്കൽ! ഞാൻ നിന്നെ കുരടാവിന്റെ മൂളിച്ചയ്ക്കൊത്തു് പണിയെടുപ്പിക്കും; അതുണ്ടാവും.’

ഇരുന്നേടത്തുനിന്നിളകാതെ, ആ അപരിചിതൻ തെനാർദിയെർസ്ത്രീയോടു പറഞ്ഞു: ‘ഛേ, മദാം,’ ഏതാണ്ടു് പേടിച്ചുംകൊണ്ടെന്നപോലെ അയാൾ പറഞ്ഞു, ‘അവൾ കളിച്ചോട്ടെ!’

ഒരു കഷ്ണം ആട്ടുമാംസം തിന്നുകയും അത്താഴത്തോടുകൂടി രണ്ടു കുപ്പിവീഞ്ഞു കുടിക്കുകയും കണ്ടാൽ ഒരു വല്ലാത്ത ഇരപ്പാളിയുടെ മട്ടിലിരിക്കുകയും ചെയ്ത ഒരു വഴിപോക്കൻ പറഞ്ഞ ഈ അഭിപ്രായം ഒരു കല്പന കല്പിച്ചതു പോലെയിരുന്നു. എന്നാൽ അങ്ങനെയൊരു തൊപ്പി ധരിച്ചിട്ടുള്ള ആൾ ഈവിധം ഒരഭിപ്രായം കടന്നുപറയുക എന്നതും, അങ്ങനെയൊരു കുപ്പായമിട്ടിട്ടുള്ള ആൾക്ക് ഒരാവശ്യമുണ്ടാവുക എന്നതും മദാം തെനാർദിയെർക്കു സഹിക്കാൻ മനസ്സില്ലാത്ത എന്തോ ഒന്നായിരുന്നു. അവൾ ഒരു മുഷിച്ചിലോടുകൂടി തിരിച്ചടിച്ചു; ‘അവൾ തിന്നുന്ന സ്ഥിതിക്ക്, അവൾ പണിയെടുക്കണം. ഒന്നും ചെയ്യാതിരിക്കാനല്ല, ഞാനവൾക്ക് തിന്നാൻ കൊടുക്കുന്നതു്.’

‘അവൾ എന്താണുണ്ടാക്കുന്നതു?’ അയാളുടെ ഇരപ്പാളിയുടുപ്പുകൾക്കും അയാളുടെ കാവുകാരച്ചുമലുകൾക്കും അത്ഭുതകരമായവിധം എതിരായ ഒരു സൗമ്യസ്വരത്തിൽ, ആ അപരിചിതൻ തുടങ്ങി.

തെനാർദിയെർസ്ത്രീക്ക് മറുപടി പറയാൻ ദയയുണ്ടായി: ‘കീഴ്ക്കാലുറകൾ, വേണമെങ്കിൽ കോട്ടോളു. എന്റെ മക്കൾക്കുള്ള കീഴ്ക്കാലുറകൾ; അവർക്ക് ഒന്നുമില്ലാതായിരിക്കുന്നു എന്നു പറയാം; ഇപ്പോൾത്തന്നെ കാലിന്മേലൊന്നുമില്ലാതെയാണു് അവർ നടക്കുന്നതു്.’

ആ മനുഷ്യൻ കൊസെത്തിന്റെ ആ നന്നെ ചെറുതായി തുടുത്ത കാലടികളിലേക്കു നോക്കി, തുടർന്നു പറഞ്ഞു: ‘ഈ ഒരു കൂട്ടു കീഴ്ക്കാലുറകൾ അവൾ എന്നേക്കു തുന്നിത്തീർക്കും?’

‘ആ മടി തികഞ്ഞ ജന്തു മൂന്നോ നാലോ ദിവസം അതിന്മേൽത്തന്നെ വെച്ചു പണിയെടുക്കും.’

‘പണി കഴിഞ്ഞാൽ ആ ഒരു കൂട്ടു കീഴ്ക്കാലുറകൾക്ക് എന്തു വില വീഴും?’

തെനാർദിയെർസ്ത്രീ അയാളുടെ നേരെ ഒരു നിന്ദാന്വിതമായ നോട്ടം നോക്കി, ‘ചുരുങ്ങിയതു മുപ്പതു സൂ.’

‘നിങ്ങൾ അതു് അഞ്ചു ഫ്രാങ്കിനു വില്ക്കുമോ?’ ആ മനുഷ്യൻ ചോദിക്കുകയായി.

‘എന്റെ ഈശ്വര!’ ശ്രദ്ധവെച്ചു കേട്ടിരുന്ന ഒരു വണ്ടിക്കാരൻ ഉച്ചത്തിൽ ഒരു ചിരിചിരിച്ചു പറഞ്ഞു; ‘അഞ്ചു ഫ്രാങ്ക്! ഉവ്വെന്നു തോന്നുന്നു! അഞ്ചു ഗോളം!’

കടന്നുകൂടാൻ മുഹൂർത്തമായിയെന്നു തെനാർദിയെർ നിശ്ചയിച്ചു.

‘ഉവ്വു്, സേർ, നിങ്ങൾക്ക് അങ്ങനെയൊരിഷ്ടം തോന്നുന്നുണ്ടെങ്കിൽ, ആ കൂട്ടു കീഴ്ക്കാലുറകൾ അഞ്ചു ഫ്രാങ്കിന്നു നിങ്ങൾക്കെടുക്കാം. വഴിയാത്രക്കാർ ചോദിക്കുന്നതെന്തും ഞങ്ങൾക്ക് ഇല്ലെന്നു പറയാൻ വയ്യാ.’

‘ഈ നിമിഷത്തിൽ തരണം,’ തന്റെ സംക്ഷിപ്തവും ശാസനാപ്രായവുമായ മട്ടിൽ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘ആ ഒരു കൂട്ടു കീഴ്ക്കാലുറകൾ ഞാൻ വാങ്ങിക്കാം’ ആ മനുഷ്യൻ മറുപടി പറഞ്ഞു; എന്നല്ല, തന്റെ കീശയിൽനിന്നു് ഒരഞ്ചു ഫ്രാങ്ക് നാണ്യം വലിച്ചെടുത്തു്, അതു മേശപ്പുറത്തു വെച്ചുകൊണ്ടു് അയാൾ തുടർന്നു പറഞ്ഞു, ‘ഞാനതിന്റെ വിലയും തരാം.’

എന്നിട്ടു് അയാൾ കൊസെത്തൊടു പറഞ്ഞു: ‘ഈ എടുക്കുന്ന പണി എന്റേതായി; എന്റെ കുട്ടി പോയിക്കളിക്കൂ.’

ആ അഞ്ചു ഫ്രാങ്ക് നാണ്യം കണ്ടപ്പോൾ അതു് അത്രമേൽ വണ്ടിക്കാരന്റെ ഉള്ളിൽക്കൊണ്ടു; അയാൾ മദ്യഗ്ലാസ്സുപേക്ഷിച്ചു പാഞ്ഞുചെന്നു.

‘അപ്പോൾ ഇതു ശരിക്കുള്ളതുതന്നെയാണ്!’ അതു പരീക്ഷണം ചെയ്തതിന്നു ശേഷം, അയാൾ ഉറക്കെപ്പറഞ്ഞു. ഒരു ശരിയായ പിൻചക്രം! ഇതു കള്ളനാണ്യമല്ല!’

തെനാർദിയെർ അങ്ങോട്ടു ചെന്നു്, ഒന്നും മിണ്ടാതെ ആ നാണ്യമെടുത്തു കീശയിലിട്ടു.

തെനാർദിയെർസ്ത്രീയ്ക്കു മറുപടിയൊന്നും പറയാനില്ല. അവൾ ചുണ്ടു കടിച്ചു; അവളുടെ മുഖത്തു് ഒരു ദ്വേഷഭാവം കയറി.

ഈയിടയ്ക്കു കൊസത്തു് വിറയ്ക്കുകയായിരുന്നു. അവൾ ചോദിക്കാൻ ധൈര്യപ്പെട്ടു: ‘ഇതു ശരിയാണോ, മദാം? എനിക്കു കളിക്കാമോ?’

‘കളിക്കുക!’ ഒരു ഭയങ്കരസ്വരത്തിൽ തെനാർദിയെർസ്ത്രീ പറഞ്ഞു.

‘നന്ദി പറയുന്നു, മദാം,’ കൊസെത്തു് പറഞ്ഞു.

അവളുടെ വക്ത്രപുടം തെനാർദിയെർസ്ത്രീയോടു നന്ദി പറഞ്ഞപ്പോൾ, അവളുടെ ചെറിയ ആത്മാവു മുഴുവനും വഴിപോക്കനോടു നന്ദി പറഞ്ഞു.

തെനാർദിയെർ വീണ്ടും കുടി തുടങ്ങി; അയാളുടെ ഭാര്യ ചെകിട്ടിൽ മന്ത്രിച്ചു; ‘ഈ മഞ്ഞക്കുപ്പായക്കാരനാരായിരിക്കാം? ഇത്തരം കുപ്പായത്തിൽ ഞാൻ കോടീശ്വരന്മാരെ കണ്ടിട്ടുണ്ടു്:’ ഒരു രാജകീയപ്രാഭവത്തോടുകൂടി തെനാർദിയെർ മറുപടി പറഞ്ഞു.

കൊസെത്തു് തുന്നൽപ്പണി നിർത്തി; പക്ഷേ, അവൾ ഇരുന്നേടത്തു നിന്നിളകിയില്ല. കൊസെത്തു് കഴിയുന്നതും കുറച്ചു മാത്രമേ അനങ്ങാറുള്ളൂ. പിന്നിലുള്ള ഒരു പെട്ടിയിൽനിന്നു് അവൾ കുറെ പഴയ കീറത്തുണികളും തന്റെ ചെറിയ ഈയവാളുമെടുത്തു.

എപ്പൊനൈനും അസെൽമയും അവിടെ കഴിയുന്നവയിലേക്കൊന്നും ശ്രദ്ധവെച്ചില്ല. അവർ അത്യന്തം പ്രാധാന്യമുള്ള ഒരു പ്രയോഗം ചെയ്തു കഴിഞ്ഞു; അവർ പൂച്ചയെ കടന്നു പിടികൂടി. അവർ പാവ നിലത്തിട്ടു; അവരിൽ മൂത്തവളായ എപ്പൊനൈൻ, ആ ചെറുപൂച്ച എത്രതന്നെ നിലവിളിക്കുകയും ചുരുങ്ങിച്ചുരുളുകയും ചെയ്തിട്ടും, അതിനെ ഒരു കെട്ടു തുണികൊണ്ടു ചുകന്നതും നീലച്ചതുമായ കീറക്കഷ്ണങ്ങൾകൊണ്ടും ചുറ്റിക്കെട്ടുകയായിരുന്നു. ഈ സഗൗരവവും ബുദ്ധിമുട്ടുള്ളതുമായ പ്രവൃത്തി നടത്തുമ്പോൾ, അവൾ അനുജത്തിയോടു മനോഹരവും വാത്സല്യയുക്തവുമായ ഭാഷയിൽ പറഞ്ഞിരുന്നു—അതിന്റെ ഭംഗി, തേനീച്ചയുടെ ചിറകിനുള്ള പകിട്ടുപോലെ, ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചാൽ കാണാതായിപ്പോകുന്നു—‘നോക്കൂ, അനിയത്തി, ഈ പാവ അതിനെക്കാളേറെ രസമുണ്ടു്. ഇവൾ ചുളുങ്ങുന്നു, നിലവിളിക്കുന്നു, ചാടുന്നു, അതെയ്, അനിയത്തി, നമുക്ക് ഇതിനെക്കൊണ്ടു കളിക്ക. ഇവൾ എന്റെ മകളാവും. ഞാൻ ഒരമ്മയാവട്ടെ. ഞാൻ നിന്നെ കാണാൻ വരാം; നീ അവളെ നോക്കിക്കാണണം. പതുക്കെക്കൊണ്ടു നിയ്യവളുടെ മീശ കാണും; നിയ്യത്ഭുതപ്പെട്ടുപോവും. പിന്നെ നിയ്യവളുടെ ചെവി കാണും; പിന്നീടു വാൽ കാണും; അതു നിന്നെ അമ്പരപ്പിക്കും. അപ്പോൾ നിയ്യെന്നോടു പറയും; ‘ഹാ! എന്റെ ഈശ്വര!’ അപ്പോൾ ഞാൻ നിന്നോടു പറയും; ‘അതേ, മദാം, ഇതെന്റെ മകളാണു്, ഇപ്പോഴത്തെ ചെറിയ പെൺകുട്ടികൾ ഇങ്ങനെയാണു്.’

അസെൽമ ആ എപ്പൊനൈൻ പറഞ്ഞതൊക്കെ അഭിനന്ദിച്ചുകൊണ്ടു കേട്ടു.

ഈയിടയ്ക്കു മദ്യപാനികൾ ഒരാഭാസപ്പാട്ടു പാടാനും തട്ടു പൊളിയുന്നതുവരെ ഉറക്കെച്ചിരിക്കാനും തുടങ്ങി. തെനാർദിയെർ അവരുടെ കൂട്ടത്തിൽക്കൂടി അവരെ പ്രോത്സാഹിപ്പിച്ചു.

പക്ഷികൾ കിട്ടിയതുകൊണ്ടൊക്കെ കൂടു കെട്ടുന്നതുപോലെ, കുട്ടികൾ കൈയിൽക്കിട്ടുന്നതുകൊണ്ടൊക്കെ പാവയുണ്ടാക്കുന്നു. എപ്പൊനൈനും അസെൽമയും പൂച്ചയെ ഭാണ്ഡംകെട്ടുന്നതിനിടയ്ക്കു, കൊസെത്തു് തന്റെ വാളിനെ ഉടുപ്പിടുവിച്ചു. അതു കഴിഞ്ഞ്, അതിനെ കൈത്തണ്ടകളിൽ കിടത്തി, ഉറക്കുവാനായി, പതുക്കെ ഒരു പാട്ടുപാടിക്കൊടുത്തു.

പെൺകുട്ടികൾക്ക് എത്രയും കൂടിയേ കഴിയൂ എന്നുള്ള ആവശ്യങ്ങളിൽ ഒന്നും അതോടൊപ്പംതന്നെ, അവരുടെ ഏറ്റവും ഹൃദയാകർഷകങ്ങളായ പ്രകൃതി ഗുണങ്ങളിൽ ഒന്നുമാണു് കളിപ്പാവ. വാത്സല്യംവെക്കുക, ഉടുപ്പിക്കുക, അലങ്കരിക്കുക, വേഷമണിയിക്കുക, വേഷമഴിക്കുക, വീണ്ടും വേഷമണിയിക്കുക, പഠിപ്പിക്കുക, കുറച്ചൊന്നു ശകാരിക്കുക, ചാഞ്ചാടിക്കുക, ഓമനിക്കുക, ആട്ടിയുറക്കുക, എന്തോ ഒന്നു് ആരോ ഒരാളാണെന്നു വിചാരിക്കുക—ഇതിൽ കിടക്കുന്നു സ്ത്രീയുടെ ഭാവി മുഴുവനും. മനോരാജ്യം വിചാരിക്കുകയും ഓരോന്നു പറയുകയും, ചെറിയ ഓരോ ചമയൽസ്സാമാനങ്ങളും പിഞ്ചുകുട്ടിക്കു വേണ്ട ഉടുപ്പുകളും ഉണ്ടാക്കുകയും ചെയ്യുന്നതിനിടയ്ക്കു ചെറിയ നിലയങ്കികളും ഉൾക്കുപ്പായങ്ങളും പുറം കുപ്പായങ്ങളും തുന്നുന്നതോടുകൂടി, പെൺകുട്ടി ഒരു ചെറുകന്യകയായിത്തീരുന്നു; ചെറുകന്യക ഒരു മുതിർന്ന കന്യകയാവുന്നു; മുതിർന്ന കന്യക ഒരു സ്ത്രീയാവുന്നു. ഒന്നാമത്തെ കുട്ടി ഒടുവിലത്തെ പാവയുടെ തുടർച്ചയാണു്.

ഒരു കളിപ്പാവയില്ലാത്ത ഒരു ചെറുപെൺകുട്ടി, കുട്ടികളില്ലാത്ത സ്ത്രീയെപ്പോലെ, ഏതാണ്ടു് അത്രമേൽ നിർഭാഗ്യയും അത്രമേൽ തികച്ചും അസംഭാവ്യവസ്തുവുമാണു്.

അതുകൊണ്ടു് കൊസെത്തു് വാളെടുത്തു് ഒരു പാവയുണ്ടാക്കി.

മദാം തെനാർദിയെർ മഞ്ഞക്കുപ്പായക്കാരന്റെ അടുത്തെത്തി. ‘എന്റെ ഭർത്താവു പറഞ്ഞതു ശരിയാണു്,’ അവൾ വിചാരിച്ചു: ‘ഒരു സമയം അതു പ്രധാന ബാങ്കുടമസ്ഥൻ മൊസ്സ്യു ലഫിത്താണു്; ഇങ്ങനെ കമ്പക്കാരായ ചില പണക്കാരുണ്ട്!’

അവൾ വന്നു, മേശമേൽ കൈമുട്ടു കുത്തി.

‘മൊസ്സ്യു’ അവൾ പറഞ്ഞു. മൊസ്സ്യു എന്ന വാക്കു കേട്ടപ്പോൾ ആ മനുഷ്യൻ തിരിഞ്ഞുനോക്കി: തെനാർദിയെർസ്ത്രീ അതേവരെ അയാളെ ഹേ, നല്ല മനുഷ്യാ എന്നേ വിളിച്ചിരുന്നുള്ളൂ.

‘നോക്കൂ, സേർ,’ ഒരു മാധുര്യച്ഛായ വരുത്തിക്കൊണ്ട്—അവളുടെ ക്രൂരഭാവത്തെക്കാളധികം വെറുപ്പു് തോന്നിക്കുന്നതായിരുന്നു അത്—അവൾ പറയാൻ തുടങ്ങി; ‘ആ കുട്ടി കളിക്കുന്നതു് എനിക്കും ഇഷ്ടമാണു്; എനിക്കതിനു വിരോധമില്ല; നിങ്ങൾ ഉദാരനായതുകൊണ്ടു്; അതൊരിക്കലൊക്കെ നന്നു്. നിങ്ങൾ കണ്ടില്ലേ, അവൾക്കൊന്നുമില്ല. അവൾ പണിയെടുക്കേണ്ടിയിരിക്കും.’

‘അപ്പോൾ ഈ കുട്ടി നിങ്ങളുടെയല്ലേ?’ ആ മനുഷ്യൻ കല്പിച്ചു ചോദിച്ചു:

‘ആവൂ! എന്റെ ഈശ്വര! അല്ലാ, സേർ. ഞങ്ങൾ ധർമമെന്ന നിലയിൽ എടുത്തു വളർത്തിപ്പോരുന്ന ഒരിരപ്പാളിപ്പെണ്ണാണു്; ഒന്നിനും കൊള്ളാത്ത ഒന്നു്. അവളുടെ തലച്ചോറിൽ വെള്ളമായിരിക്കണം; കണ്ടില്ലേ, തല വലിയ തലയാണു്. ഞങ്ങളെക്കൊണ്ടു കഴിയുന്നതു ചെയ്യുന്നു; ഞങ്ങൾ പണക്കാരല്ലല്ലോ. അവളുടെ നാട്ടിലേക്ക് എഴുതിനോക്കിയിട്ടു ഫലം കാണാനില്ല; ആറു മാസമായിട്ടു മറുപടിയൊന്നുമില്ല. അവളുടെ അമ്മ കഴിഞ്ഞിരിക്കണം.’

‘ഹാ!’ ആ മനുഷ്യൻ പറഞ്ഞു; അയാൾ വീണ്ടും മനോരാജ്യത്തിലാണ്ടു!

‘അവളുടെ അമ്മ അത്ര സാരമുള്ളവളല്ല.’ തെനാർദിയെർസ്ത്രീ തുടർന്നു പറഞ്ഞു: ‘അവൾ അവളുടെ കുട്ടിയെ ഉപേക്ഷിച്ചു.’

ഈ സംഭാഷണം നടക്കുമ്പോഴെല്ലാം കൊസെത്തു്, തന്നെപ്പറ്റിയാണു് സംസാരിക്കുന്നതെന്നു സ്വതവേ തോന്നിയിട്ടെന്നപോലെ, തെനാർദിയെർസ്ത്രീയുടെ മുഖത്തുനിന്നു കണ്ണെടുക്കാതെതന്നെയിരുന്നു, അവൾ അവ്യക്തമായി ചിലതുകേട്ടു; അവിടവിടെയായി ചില വാക്കുകൾ അവൾക്കു മനസ്സിലായി

ഈയിടയ്ക്കു മുക്കാൽഭാഗവും ബോധംകെട്ടിരുന്ന മദ്യപന്മാർ തങ്ങളുടെ ആഭാസമായ പല്ലവി ഇരട്ടിച്ച ആഹ്ലാദത്തോടുകൂടി ആവർത്തിക്കുകയായിരുന്നു, അതു നല്ല രസമുള്ളതും വികൃതിത്തം നിറഞ്ഞതുമായ ഒരു പാട്ടാണ്—കന്യകാമറിയയെയും യേശുക്കുട്ടിയേയും അതിൽ കൊണ്ടുവന്നിരുന്നു. ആ പൊട്ടിച്ചിരികളിൽ പങ്കുകൊള്ളുവാൻവേണ്ടി തെനാർദിയെർസ്ത്രീ അങ്ങോട്ടു പാഞ്ഞു. മേശയ്ക്കു ചുവട്ടിലുള്ള തന്റെ ഇരിപ്പിടത്തിലിരുന്നു കൊസെത്തു് തന്റെ ഉറപ്പിച്ച കണ്ണുകളിൽനിന്നു പ്രതിബിംബിച്ച വെളിച്ചത്തിലേക്ക് സൂക്ഷിച്ചുനോക്കി. താനുണ്ടാക്കിയ പിഞ്ചുകുട്ടിയെ അവൾ ആട്ടിയുറക്കാൻ തുടങ്ങി; അങ്ങനെ ആട്ടിയുറക്കുന്നതോടുകൂടി അവൾ ഒരു താഴ്‌ന്ന സ്വരത്തിൽ പാടി, ‘എന്റെ അമ്മ മരിച്ചു! എന്റെ അമ്മ മരിച്ചു! എന്റെ അമ്മ മരിച്ചു!’

ഹോട്ടൽക്കാരി പുതുതായി പിന്നേയും നിർബന്ധിച്ചപ്പോൾ, ആ മഞ്ഞക്കുപ്പായക്കാരൻ, ‘കോടീശ്വരൻ,’ അത്താഴം കഴിക്കാമെന്നു സമ്മതിച്ചു.

‘എന്താണു് മൊസ്സ്യുവിന്നിഷ്ടം?’

‘അപ്പവും പാൽക്കട്ടിയും,’ ആ മനുഷ്യൻ പറഞ്ഞു.

‘നിശ്ചയമായും, ഇയ്യാൾ ഒരിരപ്പാളിയാണു്,’ മദാം തെനാർദിയെർ വിചാരിച്ചു.

കള്ളുകുടിയന്മാർ അപ്പോഴും അവരുടെ പാട്ടു പാടിയിരുന്നു; ആ കുട്ടി മേശയുടെ ചുവട്ടിലിരുന്നു് അവളുടേതും.

പെട്ടെന്നു് കൊസെത്തു് പാട്ടു നിർത്തി; അവൾ തിരിഞ്ഞുനോക്കിയപ്പോൾ തെനാർദിയെർക്കുട്ടികളുടെ പാവ കിടക്കുന്നതു കണ്ടു; അവർ അതു പൂച്ചയെ പിടിക്കാൻവേണ്ടി കളഞ്ഞു; അതു് അടുക്കളമേശയുടെ കുറച്ചകലെയായി നിലത്തു കിടന്നിരുന്നു.

ഉടനെ അവൾ ആ തുണി ചുറ്റിക്കെട്ടിയ വാൾ നിലത്തിട്ടു—അതവളുടെ ആവശ്യം പകുതിയേ നിറവേറ്റിയിരുന്നുള്ളു; ആ മുറിയെങ്ങും പതുക്കെ ഒന്നു നോക്കി. മദാം തെനാർദിയേർ ഭർത്താവോടു് എന്തോ മന്ത്രിക്കുകയും പണം എണ്ണിക്കണക്കാക്കുകയുമായിരുന്നു; എപൊനൈനും സെൽമയും പൂച്ചയെക്കൊണ്ടു കളിക്കുകയാണു്; വഴിയാത്രക്കാർ ഭക്ഷണം കഴിക്കുകയോ, കുടിക്കുകയോ, പാട്ടുപാടുകയോ ആണു്; ആരും അവളുടെ നേരെ നോക്കുന്നില്ല. ഒരു നിമിഷവും വെറുതെ കളഞ്ഞുകൂടാ; അവൾ ആ മേശച്ചുവട്ടിൽനിന്നു മുട്ടുകുത്തിയിഴഞ്ഞു; ഒരിക്കൽക്കൂടി തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്നു നോക്കി തീർച്ചപ്പെടുത്തി; എന്നിട്ടു ക്ഷണത്തിൽ ആ പാവയുടെ അടുക്കലേക്ക് ഉപായത്തിൽച്ചെന്നു് അതു കൈയിലാക്കി. ഒരു നിമിഷംകൂടി കഴിഞ്ഞു. അവൾ വീണ്ടും തന്റെ സ്ഥാനത്തായി, അനങ്ങാതെയിരുന്നു; കൈയിൽപ്പിടിച്ചിട്ടുള്ള പാവയുടെ മേൽ നിഴൽവീഴുന്നതിനുമാത്രം ഒന്നു തിരിഞ്ഞു. ഒരു കളിപ്പാവയെക്കൊണ്ടു കളിക്കുക എന്നതു് അത്രയും അസാധാരണമായതുകൊണ്ടു്, അതിൽ അത്രയും ആർത്തിയോടുകൂടി അത്യാഹ്ലാദമുണ്ടായിരുന്നു.

തന്റെ നിസ്സാരമായ അത്താഴം പതുക്കെ വിഴുങ്ങിയിരുന്ന ആ വഴിപോക്കനൊഴികെ മറ്റാരും അതു കണ്ടില്ല.

ഈ സന്തോഷം ഒരു കാൽമണിക്കൂർ നേരമുണ്ടായി.

കൊസെത്തു് എന്തെല്ലാം മുൻകരുതലുകളെടുത്തുനോക്കിയെങ്കിലും ആ പാവയുടെ ഒരു കാൽ ഊരിവീഴുകയും അടുപ്പിൻതിയ്യിന്റെ വെളിച്ചം അതിന്മേൽ നല്ല വണ്ണം ചെന്നു പതിയുകയും ചെയ്തതു് അവൾ കണ്ടില്ല; നിഴലിൽനിന്നു തുറിച്ചുകണ്ട ആ തുടുത്തതും മിന്നുന്നതുമായ കാൽ അസെൽമയുടെ ശ്രദ്ധയെ ആകർഷിച്ചു; അവൾ എപ്പൊനൈനോടു പറഞ്ഞു, ‘നോക്കൂ! ഏട്ടത്തി!’

ആ രണ്ടു പെൺകുട്ടികളും സ്തംഭിച്ചുപോയി; കൊസെത്തു് അവരുടെ കളിപ്പാവയെടുക്കാൻ ധൈര്യപ്പെട്ടു!

എപ്പൊനൈൻ എണീറ്റു. പൂച്ചയെ പിടിവിടാതെകണ്ടുതന്നെ, അമ്മയുടെ അടുക്കലേക്ക് പാഞ്ഞുചെന്നു്, അവരുടെ ഉടുപ്പിന്നറ്റം പിടിച്ചുവലിക്കാൻ തുടങ്ങി.

‘വിട്, വിട്!’ അമ്മ പറഞ്ഞു: ‘എന്താ നിനക്കു വേണ്ടത്?’

‘അമ്മേ,’ കുട്ടി പറഞ്ഞു, ‘അങ്ങോട്ടു നോക്കൂ.’

അവൾ കൊസെത്തിനെ ചൂണ്ടിക്കാണിച്ചു.

പാവയെ കിട്ടിയ സന്തോഷംകൊണ്ടു മതിമറന്നിരുന്ന കൊസെത്തു് യാതൊന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല.

ജീവിതത്തിലെ നിസ്സാരസംഗതികളോടു കൂടിക്കലർന്ന ആ ഭയങ്കരതയാൽ നിറയപ്പെട്ടതും ഇടത്തരം സ്ത്രീക്കു യക്ഷി എന്നു പേരുണ്ടാക്കിത്തീർത്തതുമായ ആ ഭാവവിശേഷം മദാം തെനാർദിയെരുടെ മുഖത്തു കയറി.

ഈ ഘട്ടത്തിൽ, അഭിമാനത്തിനു പറ്റിയ പരിക്ക് അവളുടെ ശുണ്ഠിയെ ഒന്നു കൂടി കൊടുംക്രൂരമാക്കി. കൊസെത്തു് എല്ലാ അതിർത്തിവരമ്പുകളും അതിക്രമിച്ചുപോയി; കൊസെത്തു് ‘ഈ ചെറുപ്പക്കാരികളായ മാന്യസ്ത്രീകളുടെ’ കളിപ്പാവമേൽ വികൃതികാട്ടി. റഷ്യാചക്രവർത്തിനിക്കു തന്റെ മകനണിഞ്ഞ നീലപ്പട്ടുനാട ഒരുനിസ്സാരനായ അടിമ പിടിച്ചു തകരാറാക്കിക്കണ്ടാൽ, ഇതിലും വലിയ ഒരു കരിമുഖം ഉണ്ടാവാൻ വയ്യാ.

ദ്വേഷംകൊണ്ടു ചിലമ്പിപ്പോയ ഒരു സ്വരത്തിൽ അവൾ അലറി: ‘കൊസെത്ത്!’

താൻ ഇരിക്കുന്നേടത്തു ഭൂമിയാകെ കുലുങ്ങിയാലെന്നപോലെ, കൊസെത്തു് ഞെട്ടിപ്പോയി; അവൾ തിരിഞ്ഞു നോക്കി.

‘കൊസെത്ത്!’ തെനാർദിയെർസ്ത്രീ ആവർത്തിച്ചു.

കൊസെത്തു് പാവയെടുത്തു നിരാശതയോടുകൂടിച്ചേർന്ന ഒരുതരം ഭക്തിയോടുകൂടെ പതുക്കെ നിലത്തു കിടത്തി; എന്നിട്ടു്, അതിൽനിന്നു കണ്ണെടുക്കാതെ, അവൾ കൈകൾ അമർത്തിപ്പിടിച്ചു; എന്നല്ല—ആ പ്രായത്തിലുള്ള ഒരു കുട്ടിയെപ്പറ്റി പറയേണ്ടിവരുന്നതു് ഭയങ്കരംതന്നെ—അവൾ അവയെ പിടിച്ചു ഞെരിച്ചു; ഉടനെ — അന്നുണ്ടായ ഒരു വികാരാവേഗത്തിനും, കാട്ടിലേക്കുള്ള യാത്രയാവട്ടെ, വെള്ളത്തൊട്ടിയുടെ കനമാവട്ടെ, പണംപോവലാവട്ടെ, കുരടാവു കാണലാവട്ടെ, മദാം തെനാർദിയെർ പുറപ്പെടുവിച്ച പരിതാപകരങ്ങളായ വാക്കുകളാവട്ടെ, യാതൊന്നിനും, ഇതൊന്നു് അവളിൽനിന്നു പിഴുതെടുക്കുവാൻ കഴിഞ്ഞില്ല—അവൾ കരഞ്ഞു; അവൾ തേങ്ങിത്തേങ്ങി പൊട്ടിക്കരഞ്ഞു.

ഈയിടയ്ക്കു വഴിപോക്കൻ എഴുന്നേറ്റു.

‘എന്താണത്?’

‘കണ്ടില്ലേ?’ കൊസെത്തിന്റെ കാലിൻചുവട്ടിൽ കിടക്കുന്ന അപരാധസാധനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു് തെനാർദിയെർസ്ത്രീ പറഞ്ഞു.

‘അതെന്തു ചെയ്തു?’ ആ മനുഷ്യൻ പിന്നേയും തുടങ്ങി.

‘ആ ഇരപ്പാളിച്ചി,’ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു, ‘കുട്ടികളുടെ കളിപ്പാവ കടന്നെടുക്കുന്നു!’

‘അതിന്നാണു് ഈ ലഹളയൊക്കെ?’ ആ മനുഷ്യൻ പറഞ്ഞു; ‘ആട്ടെ, അവൾ ആ പാവയെടുത്തു കളിച്ചു എന്നുവെച്ചാൽ എന്താണു്?’

‘അവൾ ആ വൃത്തികെട്ട കൈകൊണ്ടു് അതു തൊട്ടു!’ തെനാർദിയെർസ്ത്രീ തുടർന്നു, ‘ആ വല്ലാത്ത പൊട്ടക്കൈകൊണ്ട്!’

ഇവിടെ കൊസെത്തിന്റെ തേങ്ങൽ ഇരട്ടിച്ചു.

‘നീ നിന്റെ അലർച്ച നിർത്തുന്നുണ്ടോ?’ തെനാർദിയെർസ്ത്രീ അലറി

ആ മനുഷ്യൻ നേരെ പുറത്തേക്കുള്ള വാതില്ക്കലേക്കു ചെന്നു്, അതു തുറന്നു, പുറത്തേക്കു കടന്നു.

അയാൾ പോയ ഉടനെ, ആ തഞ്ചം പിടിച്ചു തെനാർദിയെർസ്ത്രീ കൊസെത്തിനെ മേശയ്ക്കു ചുവട്ടിലിട്ടു് ഇഷ്ടംപോലെ ഒരു ചവിട്ടു ചവിട്ടി; അവൾ ഉറക്കെ നിലവിളിച്ചു.

വാതിൽ വീണ്ടും തുറന്നു, ആ മനുഷ്യൻ വീണ്ടും പ്രവേശിച്ചു; അയാൾ, ഞങ്ങൾ മുൻപു പറഞ്ഞതും രാവിലെ മുതൽ ഗ്രാമത്തിലെ പെൺകുട്ടികളൊക്കെ ആർത്തിപ്പെട്ടു നോക്കിയിട്ടുള്ളതുമായ ആ പകിട്ടുകൂടിയ പാവയെ രണ്ടു കൈകൊണ്ടും താങ്ങിക്കൊണ്ടുവന്നു; അതിനെ കൊസെത്തിന്റെ മുൻപിൽ, ഇങ്ങനെ പറഞ്ഞുകൊണ്ടു, നിവർത്തി നിർത്തി; ‘ഇതാ, ഇതു കുട്ടിക്കുള്ളതാണു്.’

ആ ഒന്നിൽച്ചില്വാനം മണിക്കൂറുകളോളമായി താൻ അവിടെ ഇരിപ്പായതിനിടയ്ക്കു, പലതരം വിളക്കുകളെക്കൊണ്ടും മെഴുതിരികളെക്കൊണ്ടും പ്രകാശമാനമായ ആ കളിക്കോപ്പു പീടിക, തന്റെ മനോരാജ്യത്തിനിടയിൽ, അയാൾ പലപ്പോഴും നോക്കിക്കണ്ടിരുന്നതായി വിചാരിക്കണം.

കൊസെത്തു് തല പൊന്തിച്ചു; ആദിത്യനെ നോക്കിക്കാണുന്നതുപോലെ; അവൾ ആ കളിപ്പാവയുംകൊണ്ടു് അടുത്തുവരുന്ന മനുഷ്യനെ സൂക്ഷിച്ചുനോക്കി; അവൾ ആ അപൂർവങ്ങളായ അക്ഷരങ്ങൾ കേട്ടു—‘ഇതു കുട്ടിക്കുള്ളതാണു്’ അവൾ അയാളെ തുറിച്ചുനോക്കി; അവൾ ആ പാവയെ തുറിച്ചുനോക്കി; എന്നിട്ടു് അവൾ പതുക്കെ അവിടെനിന്നു പോയി, അങ്ങേ അറ്റത്തു ചുമർമൂലയ്ക്കുള്ള മേശയുടെ ചുവട്ടിൽച്ചെന്നൊളിച്ചു.

അവളുടെ നിലവിളി മാറി; അവളുടെ കരച്ചിൽ മാറി; ശ്വാസം കഴിക്കുവാൻ പോലും അവൾക്കു ധൈര്യമില്ലാതായെന്നു തോന്നി.

തെനാർദിയെർസ്ത്രീ, എപ്പൊനൈൻ, അസെൽമ, ഇവരും ഓരോ പ്രതിമപോലെയായി; കുടിയന്മാർ കുടി നിർത്തി; ആ മുറിയിൽ മുഴുവനും ഒരു നിശ്ശബ്ദത വ്യാപിച്ചു.

സ്തംഭിച്ചു മിണ്ടാതായ മദാം തെനാർദിയെർ തന്റെ ഊഹങ്ങൾ വീണ്ടും തുടങ്ങി: ‘ആരാണു് ആ കണ്ടാൾ? അയാൾ ഒരു ദരിദ്രനാണോ? അയാൾ ഒരു കോടീശ്വരനാണോ? ഒരു സമയം രണ്ടുമായിരിക്കാം; എന്നുവെച്ചാൽ ഒരു കള്ളൻ.

ഏറ്റവും പ്രാധാന്യമേറിയ പ്രകൃതിവാസന അതിന്റെ മൃഗോചിതമായ ശക്തി മുഴുവനും കാട്ടിക്കൊണ്ടു പൊന്തിവരുന്നതു് എപ്പൊഴൊക്കെയോ, അപ്പോഴൊക്കെ മനുഷ്യന്റെ മുഖഭാവത്തെ പൂർവാധികം സവിശേഷമായിത്തീർക്കുന്ന ആ അർഥവത്തായ മെടച്ചിൽപ്പണി തെനാർദിയെർ പുരുഷന്റെ മുഖത്തു വ്യാപിച്ചു പ്രകാശിച്ചു. ഹോട്ടലുടമസ്ഥൻ ആ പാവയേയും ആ വഴിപോക്കനേയും മാറി മാറി തുറിച്ചു നോക്കി; പണം നിറഞ്ഞ ഒരു സഞ്ചിയെ മണത്തറിയാറുള്ളതുപോലെ, ആ മനുഷ്യനേയും അയാൾ മണത്തറിയുകയാണെന്നു തോന്നി. ഒരു മിന്നൽ മിന്നുന്നതിനു് എത്രകണ്ടിടവേണമോ അതിലധികം നേരം അതിനു വേണ്ടിവന്നില്ല. അയാൾ ഭാര്യയുടെ അടുക്കലേക്കു അടുത്തു ചെന്നു് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘ആ യന്ത്രത്തിനു് ചുരുങ്ങിയാൽ മുപ്പതു ഫ്രാങ്ക് വില വരും. കഥയില്ലായ്മ മതി. സാഷ്ടാംഗം വീണുകളയൂ, ആ മനുഷ്യന്റെ മുമ്പിൽ.’

സത്യപ്രകൃതിക്കാരും ആഭാസപ്രകൃതിക്കാരും തമ്മിൽ യോജിക്കുന്ന ഇങ്ങനെയൊരു ഭാഗമുണ്ട്—ഇടയ്ക്കു തങ്ങിനില്ക്കുക എന്നതു രണ്ടുകൂട്ടർക്കുമില്ല.

‘അപ്പോൾ, കൊസെത്തു്,’ മധുരമാക്കിത്തീർക്കാൻ ശ്രമിച്ചതും അസത്തുക്കളായ സ്ത്രീകളിലുള്ള ആ കയ്പുകൂടിയ തേൻകൊണ്ടു മാത്രം നിറഞ്ഞതുമായ ഒരു സ്വരത്തിൽ തെനാർദിയെർസ്ത്രീ പറഞ്ഞു: ‘നിനക്കുള്ള ആ പാവ എടുക്കാൻ ഭാവമില്ലേ?’

കൊസെത്തു് തന്റെ പൊത്തിൽനിന്നു പതുക്കെ പുറത്തേക്കു കടന്നു.

‘എന്റെ കൊസെത്തു് കുട്ടി, അദ്ദേഹം നിനക്ക് ഒരു പാവ തന്നിരിക്കുന്നു.’ ഒരോമനിക്കലോടുകൂടി മൊസ്സ്യു തെനാർദിയെർ പറഞ്ഞു: ‘എടുത്തോളൂ; അതു നിന്റേതാണു്.’

കൊസെത്തു് ആ അത്ഭുതകരമായ കളിപ്പാവയെ ഒരുതരം ഭയപ്പാടോടുകൂടി സൂക്ഷിച്ചുനോക്കി. അവളുടെ മുഖത്തു നിറച്ച് അപ്പോഴും കണ്ണീരായിരുന്നു; പക്ഷേ, അവളുടെ കണ്ണുകൾ, പ്രഭാതത്തിലെ ആകാശംപോലെ, അസാധാരണമായ സന്തോഷപ്രഭകൊണ്ടു നിറയാൻ തുടങ്ങി. അവൾക്ക് ആ സമയത്തുണ്ടായ മനോവികാരം. ‘കുട്ടി, നിയ്യാണു് ഫ്രാൻസിലെ രാജ്ഞി’ എന്നു പെട്ടെന്നു പറഞ്ഞുകേട്ടാൽ ഉണ്ടായേക്കാവുന്നതിനോടു് ഏതാണ്ടു സമാനമായിരുന്നു.

താൻ ആ പാവ തൊട്ടാൽ, അതിൽനിന്നു് ഇടിമിന്നൽ പുറപ്പെട്ടേക്കുമെന്നു് അവൾക്കു തോന്നി.

ഇതു് ഏതാണ്ടു വാസ്തവമായിരുന്നു; എന്തുകൊണ്ടെന്നാൽ, തെനാർദിയെർ സ്ത്രീ അവളെ ശകാരിക്കുകയും അടിക്കുകയും ചെയ്യുമെന്നു് അവൾ കരുതി.

എന്തായിട്ടും ആകർഷണശക്തി കാര്യം കൊണ്ടുപോയി. അവൾ അടുത്തു ചെന്നു, മദാം തെനാർദിയെരുടെ നേരെ നോക്കി, പേടിച്ചുംകൊണ്ടു, പതുക്കെ പറഞ്ഞു: ‘എടുക്കട്ടെ, മദാം?’

ഒരേ സമയത്തു നിരാശതയും ഭയവും അത്യാഹ്ലാദവും കാണിക്കുന്ന ആ ഭാവവിശേഷത്തെ വാക്കുകളെക്കൊണ്ടു കുറിച്ചു കാണിക്കാൻ വയ്യാ.

‘ഗ്രഹപ്പിഴേ!’ തെനാർദിയെർസ്ത്രീ ഉച്ചത്തിൽ പറഞ്ഞു, ‘അതു നിന്റേതാണു്, ആ മാന്യൻ നിനക്കു തന്നിരിക്കുന്നു.

‘ഉവ്വോ, സേർ?’ കൊസെത്തു് ചോദിച്ചു, ‘നേരാണോ ആ ‘മാന്യസ്ത്രീ’ എന്റെയാണോ?’

ആ അപരിചിതന്റെ കണ്ണിൽ കണ്ണീർ നിറഞ്ഞതുപോലെ തോന്നി. കരഞ്ഞുപോയേയ്ക്കുമോ എന്നുള്ള ഭയംകൊണ്ടു മനുഷ്യൻ മിണ്ടാതാകുന്ന ആ ഒരു ഘട്ടത്തിൽ അയാളുടെ വികാരാവേഗം എത്തിക്കഴിഞ്ഞതായി തോന്നപ്പെട്ടു. അയാൾ കൊസെത്തിനോടു് ആംഗ്യം കാണിച്ചു; ആ ‘മാന്യസ്ത്രീ’യുടെ കൈ പിടിച്ച് അവളുടെ മെലിഞ്ഞ കൈയിൽ വെച്ചു.

കൊസെത്തു് ക്ഷണത്തിൽ കൈയെടുത്തു—ആ ‘മാന്യസ്ത്രീയുടെ കൈ അവളെ പൊള്ളിച്ചുവോ എന്നു തോന്നും; അവൾ നിലത്തേക്കു തുറിച്ചുനോക്കാൻ തുടങ്ങി. ആ സമയത്തു് അവൾ അസാമാന്യമായി നാവു പുറത്തേക്കു കാണിച്ചിരുന്നു എന്നു കൂടി പറയാതെ നിർവാഹമില്ല. പെട്ടെന്നു് അവൾ ഒന്നു ചുറ്റിത്തിരിഞ്ഞു. സന്തോഷപാരവശ്യത്തോടുകൂടി ആ പാവയെ കടന്നെടുത്തു.

‘ഞാൻ അവളെ കാതറീൻ എന്നു വിളിക്കും.’ അവൾ പറഞ്ഞു.

കൊസെത്തിന്റെ കീറത്തുണികൾ കളിപ്പാവയുടെ പട്ടുനാടകളോടും തുടുത്ത ‘മസ്ലി’ൻ തുണികളോടും കൂട്ടിമുട്ടി ഒന്നിച്ചുചേർന്ന ആ ഒരു ഘട്ടം അസാധാരണമായിരുന്നു.

‘മദാം,’ അവൾ തുടർന്നു, ‘ഞാനിവളെ ഒരു കസാലയിൽ വെക്കട്ടെ?’

‘ആയ്ക്കോളൂ, എന്റെ കുട്ടി,’ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു.

എപ്പൊനൈനും അസെൽമയും അസൂയയോടുകൂടി കൊസെത്തിനെ നോക്കിക്കാണേണ്ട ഘട്ടം വന്നു.

കൊസെത്തു് ആ കാതറീനെ ഒരു കസാലയിൽവെച്ച്, അതിന്റെ മുൻപിൽ നിലത്തിരുന്നു; അവൾ ഒരക്ഷരവും മിണ്ടാതെ, ധ്യാനത്തിനെന്നപോലെ, അനങ്ങാതിരുന്നു.

‘കളിച്ചോളൂ, കൊസെത്തു്, ആ അപരിചിതൻ പറഞ്ഞു.

‘ഹാ! ഞാൻ കളിക്കുകയാണു്, ആ കുട്ടി മറുപടി പറഞ്ഞു.

ഈ അപരിചിതൻ, കൊസെത്തിന്റെ അടുക്കലേക്ക് ഈശ്വരൻതന്നെ ഇറങ്ങിവന്ന മട്ടിലിരുന്ന ഈ അജ്ഞാതമനുഷ്യൻ, ആ സമയത്തു് ലോകത്തിലുള്ള എല്ലാവരിലുംവെച്ചധികം തെനാർദിയെർസ്ത്രീയാൽ വെറുക്കപ്പെട്ടു. എങ്കിലും, ആ മനോവികാരത്തെ അടക്കുന്നതു് ആവശ്യമായിരുന്നു. ഭർത്താവിന്റെ എല്ലാ പ്രവൃത്തികളും പകർത്തിക്കാണിക്കാൻ ശ്രമിച്ചിട്ടു ചതിപ്പണിയിൽ നല്ല പരിചയം വന്നിട്ടുണ്ടായിരുന്നുവെങ്കിലും, ഈ വികാരാവേശം അവർക്കു സഹിക്കാൻ കഴിയുന്നതിലും അധികമായി. അവൾ ക്ഷണത്തിൽ തന്റെ മക്കളെ കിടക്കാനയച്ചു; എന്നിട്ടു് കൊസെത്തിനേയും പറഞ്ഞയയ്ക്കുവാൻവേണ്ടി ആ മനുഷ്യനോടു സമ്മതം ചോദിച്ചു; ‘എന്തുകൊണ്ടെന്നാൽ, അവൾ പകൽമുഴുവനും പണിയെടുത്തിരിക്കുന്നു,’ ഒരമ്മയുടെ മട്ടിൽ അവൾ തുടർന്നു പറഞ്ഞു. കൊസെത്തു് ആ കാതറീനെയും കൈയിലെടുത്തു പോയി.

താൻ പറഞ്ഞതുപോലെ, ആത്മാവിനു സമാധാനമുണ്ടാക്കാൻവേണ്ടി തെനാർദിയെർസ്ത്രീ ഭർത്താവിരുന്നിരുന്ന മുറിയുടെ അങ്ങേ അറ്റത്തേക്കു ഇടയ്ക്കിടയ്ക്കു പോയിരുന്നു. ഉച്ചത്തിൽ പറയാൻ ധൈര്യമില്ലാത്തതുകൊണ്ടു് കുറെക്കൂടി മൂർഖത വർദ്ധിച്ച വാക്കുകളെ അവൾ ഭർത്താവുമായുള്ള സംസാരത്തിൽ ഉപയോഗിച്ചു.

‘തന്തജന്തു! ഇങ്ങനെ കടന്നുവന്നു നമ്മെ സ്വൈരം കെടുത്താൻ എന്തായിരുന്നു അയാളുടെ വയറ്റിൽ കടന്നുകൂടിയത്! ആ അസത്തുപെണ്ണിനെ കളിക്കാൻ വിടുക! നാല്പതു സൂ കിട്ടിയാൽ ഞാൻ വിറ്റുകളയുന്ന— അതേ. ഞാൻ കൊടുക്കും— ഒരു തെറിച്ചിപ്പെണ്ണിനു നാല്പതു ഫ്രാങ്കിന്റെ പാവ വാങ്ങിക്കൊടുക്കുക. കുറച്ചുകൂടി കഴിഞ്ഞാൽ, ആ പെണ്ണു് ഡച്ചസ്സു് ദ് ബെറിയാണെന്നാലത്തെപ്പോലെ, അയാൾ ‘തിരുമനസ്സുകൊണ്ടു്’ എന്നു പറയാൻ തുടങ്ങും! വല്ല കഥയുമുണ്ടോ ഇതിലൊക്കെ? അപ്പോൾ അയാൾക്കു ഭ്രാന്താണോ. ആ ആരും കാണാത്ത തന്തക്കിഴവനു്?’

‘എന്താണ്! ഇതിലെന്തു സാരം,’ തെനാർദിയെർ പറഞ്ഞു, ‘അയാൾക്കതു രസംതോന്നിയാൽ! ആ പെണ്ണിനെക്കൊണ്ടു് പണിയെടുപ്പിക്കുന്നതു നിനക്കു രസം; അവളെക്കൊണ്ടു് ഓരോ കളി കളിപ്പിക്കുന്നതു് അയാൾക്കു രസം. അയാൾ തരക്കേടൊന്നുമില്ല. പണം തരുന്നപക്ഷം ഒരു വഴിപോക്കന്നു് ഇഷ്ടമുള്ളതെന്തും ചെയ്യാം, ആ കിഴവൻ ഒരു പരോപകാരിയാണെങ്കിൽ, അതുകൊണ്ടു് നിനക്കെന്ത്? അയാൾ ഒരു ബുദ്ധിഹീനനാണെങ്കിൽ, നിനക്കതുകൊണ്ടു് നഷ്ടമെന്ത്? അയാളുടെ കൈയിൽ പണമുള്ളേടത്തോളം കാലം, നിയ്യെന്തിനാണു് പരിഭ്രമിക്കുന്നതു?’

ഒരെജമാനന്റെ വാക്ക്, എന്നല്ല ഒരു ചാരായക്കടക്കാരന്റെ ന്യായം—ഈ രണ്ടുമല്ല മറുപടി പറയാൻ സമ്മതിക്കുന്നവ.

ആ മനുഷ്യൻ കൈമുട്ടുകൾ മേശപ്പുറത്തു കുത്തി, തന്റെ മനോരാജ്യം തുടങ്ങി. മറ്റു വഴിപോക്കരെല്ലാം, കച്ചവടക്കാരും വണ്ടിക്കാരും, രണ്ടു കൂട്ടരും, കുറച്ചു നീങ്ങിയിരുന്നു പാട്ടു നിർത്തി. അവർ ഒരുതരം ബഹുമാനപൂർവമായ ശങ്കയോടുകൂടി ദൂരത്തുനിന്നു് അയാളെ തുറിച്ചുനോക്കുകയായിരുന്നു. തന്റെ കുപ്പായക്കീശയിൽനിന്നു് പുല്ലുപോലെ പണം വാരിയെടുക്കുകയും, മരപ്പാപ്പാസ്സുകളോടു കൂടിയ ചില അലക്ഷ്മിപിടിച്ച ചെറുകുട്ടികൾക്കു പടുകൂറ്റൻ കളിപ്പാവകൾ വലിച്ചെറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഈ ദരിദ്രവേഷത്തിലുള്ള മനുഷ്യൻ നിശ്ചയമായും ഒരു വല്ലാത്ത പ്രമാണിയായിരിക്കും; അങ്ങനെയുള്ളാളെ പേടിക്കണം.

മണിക്കൂറുകൾ വളരെക്കഴിഞ്ഞു, അർദ്ധരാത്രിയിലെ ഈശ്വരവന്ദനം കഴിഞ്ഞു; മണിയടി അവസാനിച്ചു; മദ്യപാനികളെല്ലാം പോയി, കുടിസ്ഥലം ഒഴിഞ്ഞു; അടുപ്പു കെട്ടു; ആ അപരിചിതൻ അപ്പോഴും അതേ സ്ഥലത്തു് അതേ നിലയിലിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അയാൾ ഊന്നിയിരുന്ന കൈമുട്ടൊന്നു മാറ്റും; അത്രമാത്രം. കൊസെത്തു് മുറിയിൽനിന്നു പോയതിന്നുശേഷം അയാൾ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

മര്യാദ വിചാരിച്ചും ഉൽക്കണ്ഠകൊണ്ടും തെനാർദിയെർ മാത്രം മുറിയിൽ നിന്നു പോയില്ല.

‘രാത്രി മുഴുവനും ഇങ്ങനെയിരുന്നു കഴിച്ചുകൂട്ടാനാണോ ഇയ്യാൾ ഭാവം? തെനാർദിയെർസ്ത്രീ പിറുപിറുത്തു. പുലരാൻകാലത്തു് രണ്ടുമണി മുട്ടിയപ്പോൾ, അവൾ തോറ്റു എന്നു സമ്മതിച്ചു; ഭർത്താവോടു പറഞ്ഞു, ‘ഞാൻ പോയി കിടക്കുന്നു. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോളൂ.’ അവളുടെ ഭർത്താവു് മുക്കിലുള്ള ഒരു മേശയ്ക്കടുത്തു് ചെന്നിരുന്നു, മെഴുതിരി കൊളുത്തി കൂറിയേ പത്രം എടുത്തുവായിക്കാൻ തുടങ്ങി.

നല്ലവണ്ണം ഒരു മണിക്കൂർ കഴിഞ്ഞു. ആ കൊള്ളാവുന്ന ചാരായക്കടക്കാരൻ ആ കൂറിയേ ലക്കത്തിന്റെ തിയ്യതിമുതൽ പ്രസാധകന്റെ പേരുവരെ മുഴുവനും, ഒരു മൂന്നു തവണ വായിച്ചു. ആ അപരിചിതൻ അനങ്ങിയിട്ടില്ല.

തെനാർദിയെർ ഇളകിയിരുന്നു, ചുമച്ചു തുപ്പി, മൂക്കുതിച്ചു, കസാലകിരുകിരുക്കിച്ചു. ആ മനുഷ്യന്നു് ഒരനക്കവുമില്ല. ‘അയാൾ ഉറങ്ങുകയാണോ?’ തെനാർദിയെർ വിചാരിച്ചു. ആ മനുഷ്യൻ ഉറങ്ങുകയല്ല; പക്ഷേ, അയാളെ യാതൊന്നിനും ഉണർത്താൻ വയ്യാ.

ഒടുവിൽ തെനാർദിയെർ തന്റെ തൊപ്പി തലയിൽനിന്നെടുത്തു, പതുക്കെ അയാളുടെ അടുക്കലേക്കു ചെന്നു്, ഇങ്ങനെ പറയാനുറച്ചു: ‘മൊസ്സ്യു കിടക്കാൻ പോകുന്നില്ലേ?’

ഉറങ്ങാൻ പോകുന്നില്ലേ എന്നതു് കുറച്ചേറുമെന്നും ബഹുമാനം പോരാതാവുമെന്നും അയാൾക്കു തോന്നിയിരിക്കും. കിടക്കാൻ പോവുക എന്നതു് സുഖസമൃദ്ധിയുടേയും ബഹുമാനത്തിന്റേയും ഒരു സ്വാദു കലർന്നതാണു്. ഈ വാക്കുകൾക്കു പിറ്റേ ദിവസത്തെ കണക്കുശീട്ടിൽ സംഖ്യ വർദ്ധിപ്പിക്കുവാൻ വേണ്ട ഒരു നിഗൂഢവും അഭിനന്ദനീയവുമായ ഗുണമുണ്ടു്. ഒരാൾ ഉറങ്ങുന്ന മുറിക്ക് ഇരുപതു സൂവേ വിലയുള്ളു; ഒരാൾ കിടക്കുന്ന മുറിക്ക് ഇരുപതു ഫ്രാങ്ക് വില വരും.

‘ഓ!’ ആ അപരിചിതൻ പറഞ്ഞു, ‘ശരിയാണു്. എവിടെയാണു് നിങ്ങളുടെ കുതിരപ്പന്തി?’

‘സേർ!’ ഒരു പുഞ്ചിരിയോടുകൂടി തെനാർദിയെർ കുറച്ചുറക്കെ പറഞ്ഞു: ‘സേർ, ഞാൻ വഴി കാണിച്ചുതരാം.’

അയാൾ വിളക്കെടുത്തു; ആ മനുഷ്യൻ തന്റെ കെട്ടും പൊന്തൻവടിയും കൈയിലാക്കി. തെനാർദിയെർ അയാളെ അസാധാരണമായ മോടിയുള്ളതും, ഒരുയരം കുറഞ്ഞ കട്ടിലോടുകൂടി എല്ലാ വീട്ടിസ്സാമാനങ്ങളായതും, ചുകന്ന പട്ടുതുണികൊണ്ടു് തിരശ്ശീലയിട്ടതുമായി ചുവട്ടിലെ നിലയിലുള്ള ഒരു കിടപ്പറയിലേക്കു കൂട്ടിക്കൊണ്ടുപോയി.

‘എന്താ ഇത്?’ വഴിപോക്കൻ പറഞ്ഞു.

‘ഇതു് വാസ്തവത്തിൽ ഞങ്ങളുടെ വിവാഹമുറിയാണു്.’ ചാരായക്കടയുടമസ്ഥൻ പറഞ്ഞു. ‘എന്റെ ഭാര്യയും ഞാനും മറ്റൊന്നാണുപയോഗിക്കുന്നതു്. ഇതിൽ മൂന്നോ നാലോ തവണ മാത്രമേ കിടന്നിട്ടുള്ളൂ.’

‘എനിക്ക് ഈ സുഖം കുതിരപ്പന്തിയിലായാലുമുണ്ടായിരുന്നു.’ ആ മനുഷ്യൻ മുഖം നോക്കാതെ പറഞ്ഞു.

ഈ അലൗകികമായ അഭിപ്രായം തെനാർദിയെർ കേട്ടില്ലെന്നു നടിച്ചു.

അടുപ്പുതിണ്ണമേൽ ഭംഗിയായി വെച്ചിട്ടുള്ള, തികച്ചും പുത്തനായ, രണ്ടു മെഴുതിരികൾ അയാൾ കൊളുത്തി, അടുപ്പിനുള്ളിൽ നല്ലവണ്ണം തിയ്യാളിക്കത്തുന്നുണ്ടു്.

അടുപ്പുതിണ്ണമേൽ, ഒരു സ്ഫടികഗോളത്തിനുള്ളിൽ, വെള്ളിക്കമ്പികളും മഞ്ഞപ്പൂവുകളുമുള്ള ഒരു സ്ത്രീത്തൊപ്പി ഇരുന്നിരുന്നു.

‘അപ്പോൾ ഇതെന്താണ്!’ ആ അപരിചിതൻ തുടർന്നു.

‘സേർ,’ തെനാർദിയെർ പറഞ്ഞു. ‘വിവാഹദിവസം എന്റെ ഭാര്യ ധരിച്ചിരുന്ന തൊപ്പിയാണു്.’

ആ വഴിപോക്കൻ അതിനെ ഒരു നേർക്കു നോക്കിക്കണ്ടു; ആ നോട്ടം ഇങ്ങനെ പറയുന്നതായി തോന്നി: ‘അപ്പോൾ ആ പിശാച് ഒരു കന്യകയായിരുന്ന കാലം വാസ്തവത്തിലുണ്ട്!’

തെനാർദിയെർ പറഞ്ഞതു്, എന്തായാലും, നുണയാണു്. ഈ മോശവീടു് ഒരു ഹോട്ടലാക്കി മാറ്റാൻവേണ്ടി അയാൾ ചാർത്തിവാങ്ങിയ കാലത്തു് ഈ കിടപ്പറ ഈ നിലയിൽത്തന്നെ അലംകൃതമായിക്കണ്ടു; അയാൾ ആ സാമാനങ്ങൾകൂടി മേടിച്ചു; ആ കണ്ട മഞ്ഞപ്പൂവുകൾ മറ്റാരോ ഉപയോഗിച്ചുകഴിഞ്ഞതു് അയാൾ പിന്നീടു് വാങ്ങിക്കൂട്ടി—അതു് തന്റെ ഭാര്യയുടെമേൽ ഒരന്തസ്സുള്ള നിഴല്പാടിനെ വ്യാപിപ്പിക്കുമെന്നും ഇംഗ്ലണ്ടുകാർ പറയുമ്പോലെ വീട്ടിന്നു് ഒരു മാന്യത കൂട്ടുമെന്നും അയാൾക്കു തോന്നി.

അതിഥി തിരിഞ്ഞുനോക്കുമ്പോഴേക്ക് ആതിഥേയൻ മറഞ്ഞുകഴിഞ്ഞു. പിറ്റേദിവസം രാവിലെ ഒരു രാജാവിൽനിന്നെന്നപോലെ കിട്ടുന്നേടത്തോളം അപഹരിച്ചെടുത്തുവിടാൻ താൻ നിശ്ചയിച്ചിട്ടുള്ള ഒരാളോടു ബഹുമാനക്കുറവു കാണിക്കുന്ന അതിലോഗ്യം ഭാവിച്ചുപചരിക്കുവാൻ ഇഷ്ടപ്പെടാത്തതുകൊണ്ടു്, അങ്ങനെയുള്ള ഉപചാരവാക്കുകളൊന്നും പറയാൻ നില്ക്കാതെ, തെനാർദിയെർ ഉപായത്തിൽ അവിടെനിന്നു കടന്നുപോയി.

ഹോട്ടലുടമസ്ഥൻ തന്റെ മുറിയിലേക്കു ചെന്നു. ഭാര്യ കിടക്കുകയാണു്; പക്ഷേ, ഉറങ്ങിയിട്ടില്ല. ഭർത്താവിന്റെ കാല്പെരുമാറ്റം കേട്ടപ്പോൾ, അവൾ തിരിഞ്ഞു കിടന്നു് അയാളോടു് പറഞ്ഞു: ‘നിങ്ങളറിഞ്ഞുവോ, കൊസെത്തിനെ ഞാൻ നാളെ ആട്ടിപ്പറഞ്ഞയയ്ക്കാനാണു് ഭാവം?’

തെനാർദിയെർ ഉദാസീനമായി മറുപടി പറഞ്ഞു: ‘ഓരോന്നങ്ങനെ തോന്നുന്നു.’

അവർ പിന്നെയൊന്നും സംസാരിച്ചില്ല, കുറച്ചു കഴിഞ്ഞപ്പോൾ വിളക്കു കെടുത്തി.

വഴിപോക്കനെപ്പറ്റി പറകയാണെങ്കിൽ, അയാൾ തന്റെ പൊന്തൻവടിയും ഭാണ്ഡവും ഒരു മൂലയ്ക്കുവെച്ചു. ഹോട്ടല്ക്കാരൻ പോയിയെന്നുകണ്ടപ്പോൾ, അയാൾ ഒരു ചാരുകസാലമേൽ ചെന്നു വീണു, കുറച്ചുനേരം മനോരാജ്യത്തിൽ മുങ്ങിക്കിടന്നു. എന്നിട്ടു് അയാൾ പാപ്പാസ്സുകളഴിച്ചു, രണ്ടു മെഴുതിരികളിൽ ഒന്നെടുത്തു, മറ്റേതു് ഊതി, വാതിൽ തുറന്നു്, എന്തോ ഒന്നു് തിരഞ്ഞുനോക്കുന്നാളുടെ മാതിരി നാലുപുറവും നോക്കിക്കൊണ്ടു്, പുറത്തേക്കു പോയി. ഒരിടനാഴി കടന്നു, കോണിക്കലെത്തി. അവിടെ ഒരു കുട്ടിയുടെ ശ്വാസംകഴിക്കൽപോലെ, വളരെ നേരിയതും ചെറിയതുമായ ഒരൊച്ച കേട്ടു. അയാൾ അതു നോക്കി നടന്നു; കോണിക്കു ചുവട്ടിൽ പണിചെയ്തിട്ടുള്ള, അല്ലെങ്കിൽ കോണി സ്വയമേവ ഉണ്ടാക്കിയിട്ടുള്ള, ഒരു ത്രികോണാകൃതിയിലുള്ള ഒഴിവുസ്ഥലത്തു് അയാളെത്തി. ഈ ഒഴിവുസ്ഥലം കോണിപ്പടികൾക്കടിയിലുള്ള നിലമല്ലാതെ മറ്റൊന്നുമല്ല. അവിടെ, എല്ലാത്തരം പഴയ കടലാസ്സുകളുടേയും ഓടിൻകഷ്ണങ്ങളുടേയും നടുക്കു, പൊടിയുടേയും മാറാലകളുടേയും ഇടയിൽ, ഒരു കിടക്കയുണ്ടായിരുന്നു—ഉള്ളിലുള്ള വയ്ക്കോൽ വിരിയും ആ വയ്ക്കോൽവിരി കാണത്തക്കവിധം പിഞ്ഞിപ്പൊളിഞ്ഞ മേൽവിരിപ്പും കൂടിയാൽ അതിനു് ഒരു കിടക്കയെന്നു പറയാമെങ്കിൽ, ഒരു കിടക്ക, പുതപ്പില്ല. ഇതു നിലത്തിട്ടിരിക്കുന്നു.

ഈ കിടക്കയിൽ കൊസെത്തു് കിടന്നുറങ്ങുന്നുണ്ടു്.

കൊസെത്തു് നല്ല ഉറക്കമാണു്; അവൾ ഉടുപ്പഴിച്ചിട്ടില്ല. തണുപ്പിനു് ഒരു ശമനമുണ്ടാവാൻവേണ്ടി മഴക്കാലത്തു് അവൾ ഉടുപ്പഴിക്കുക പതിവില്ല.

അവൾ ആ പാവയെ മാറോടണച്ചിരിക്കുന്നു; അതിന്റെ തുറന്നു മിഴിച്ച കണ്ണുകൾ ഇരുട്ടത്തു മിന്നിയിരുന്നു. ഇടയ്ക്കിടയ്ക്ക് ഉണരാൻ ഭാവിക്കയാണോ എന്നു തോന്നുമാറു് അവൾ ഓരോ നെടുവീർപ്പിടും; അതോടുകൂടി ആ കളിപ്പാവയെ ഏതാണ്ടു ശക്തിയോടുകൂടി അമർത്തിപ്പിടിക്കും. അവളുടെ കിടക്കയ്ക്കടുത്തു മരപ്പാപ്പാസുകളിൽ ഒന്നുമാത്രമേ കാണാനുള്ളു.

കൊസെത്തിന്റെ വയ്ക്കോൽവിരിക്കടുത്തു തുറന്നുകിടക്കുന്ന വാതിൽ സാമാന്യം വലിയ ഒരിരുണ്ട മുറിയെ സൂചിപ്പിച്ചിരുന്നു. ആ അപരിചിതൻ അതിനുള്ളിൽ കടന്നു. അങ്ങേ അറ്റത്തു് ഒരു ചില്ലുവാതിലിനുള്ളിലൂടെ ചെറുതും വളരെ വെളുത്തതുമായ രണ്ടു കിടക്ക കാണാനുണ്ടായിരുന്നു. അതു് എപ്പൊനൈന്റേയും അസെൽമയുടേയുമാണു്. ആ കിടക്കകൾക്കടുത്തു പകുതി കാണാനില്ലാത്തവിധം, മറശ്ശീലയില്ലാത്ത ഒരു മെടച്ചിൽത്തൊട്ടിലുണ്ടു്; വൈകുന്നേരം മുഴുവനും നിലവിളിച്ച ആ ചെറുകുട്ടി അതിൽക്കിടന്നുറങ്ങുന്നു.

ഈ കിടപ്പുമുറി തെനാർദിയെൻ ദമ്പതികളുടേതിനോടു ചേർന്നതാവണമെന്നു് ആ അപരിചിതൻ ഊഹിച്ചു. അയാൾ തിരിച്ചുപോവാനുള്ള ഭാവമായി; അപ്പോൾ അയാളുടെ കണ്ണു് അടുപ്പിനുമേൽ പതിഞ്ഞു—തിയ്യുള്ള സമയത്തുതന്നെ അത്രയും കുറച്ചുമാത്രം തിയ്യുള്ളതും, നോക്കാൻ അത്രമേൽ തണുപ്പു തോന്നുന്നതുമായ ഹോട്ടലുകളിലെ തിയ്യുമാടങ്ങളിലൊന്നു്. ഈ ഒന്നിൽ തിയ്യുണ്ടായിരുന്നതേ ഇല്ല. വെണ്ണീറുകൂടിയില്ല; എങ്കിലും, ആ അപരിചിതന്റെ സശ്രദ്ധമായ നോട്ടത്തെ ആകർഷിക്കുന്ന എന്തോ ഒന്നു് അവിടെയുണ്ടായിരുന്നു. അതു് കുട്ടികളുടെ രണ്ടു മെലിഞ്ഞ പാപ്പാസ്സുകളാണ്—ആകൃതിയിൽ പകിട്ടുള്ളതും വലുപ്പത്തിൽ വ്യത്യാസമുള്ളതുമായ രണ്ടെണ്ണം. ക്രിസ്തുമസ്സു് ദിവസം രാത്രി പുകക്കുഴലടുപ്പുതിണ്ണയിൽ തങ്ങളുടെ പാപ്പാസ്സുകൾ വെച്ചു ദേവസ്ത്രീകൾ എന്തെങ്കിലും തിളങ്ങുന്ന സമ്മാനം കൊടുക്കുന്നതു കിട്ടാൻ ഇരുട്ടത്തു കാത്തുകിടക്കുന്ന ഒരു കൗതുകകരവും അതിപുരാതനവുമായ സമ്പ്രദായം വഴിപോക്കൻ ഓർമിച്ചു. എപ്പൊനൈനും അസെൽമയും ഇതു മറന്നുപോകാതെ കഴിച്ചിട്ടുണ്ടു്; രണ്ടുപേരും ഓരോ പാപ്പാസ്സു് അടുപ്പുതിണ്ണമേൽ കൊണ്ടുവെച്ചിരിക്കുന്നു.

വഴിപോക്കൻ അതിൽ കുനിഞ്ഞുനോക്കി.

ദേവസ്ത്രീ, അതായതു് അവരുടെ അമ്മ, അവിടെ വരുകയും ഓരോന്നിലും ഓരോ പുതിയതും മിന്നുന്നതുമായ പത്തു സൂ നാണ്യം ഇട്ടുപോവുകയും ചെയ്തിരിക്കുന്നു.

ആ മനുഷ്യൻ നിവർന്നു, പോവാനുള്ള ഭാവമായി. അപ്പോൾ ദൂരത്തു്, അടുപ്പുതിണ്ണയുടെ ഏറ്റവും ഇരുട്ടടത്തെ ഒരു മൂലയ്ക്ക്, മറ്റൊരു വസ്തുവുള്ളതായി അയാൾ കണ്ടു. അയാൾ സൂക്ഷിച്ചുനോക്കി. അതു് ഒരു മരപ്പാപ്പാസ്— ഏറ്റവും മോശമായതും, പകുതി പൊളിഞ്ഞു തകരാറായതും, വെണ്ണീറുകൊണ്ടും ഉണങ്ങിയ ചളി കൊണ്ടും ആകെ മൂടിയതുമായ ഒരു കൊള്ളരുതാത്ത പാപ്പാസ്സാണതെന്നു് അയാൾ കണ്ടറിഞ്ഞു. അതു കൊസെത്തിന്റെ മരപ്പാപ്പാസ്സായിരുന്നു. എപ്പോഴും വഞ്ചിക്കപ്പെടാവുന്നതും എന്നാൽ ഒരിക്കലും അധൈര്യപ്പെടാത്തതുമായ കുട്ടിപ്രായത്തിലെ ആ ഹൃദയസ്പൃക്കായ വിശ്വാസത്തോടുകൂടി കൊസെത്തു് തന്റെ പാപ്പാസ്സും അടുപ്പിൻതിണ്ണമേൽ കൊണ്ടുവെച്ചിരുന്നു.

നിരാശതയല്ലാതെ മറ്റൊന്നും ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു കുട്ടിയിൽ കാണുന്ന ആശ ഒരു മനോഹരവും ഹൃദയംഗമവുമായ വസ്തുവാണ്

ആ മരപ്പാപ്പാസിൽ യാതൊന്നുമുണ്ടായിരുന്നില്ല.

അപരിചിതൻ തന്റെ ഉൾക്കുപ്പായത്തിൽ കൈയിട്ടു. കുനിഞ്ഞു നിന്നു, കൊസെത്തിന്റെ പാപ്പാസ്സിൽ ഒരു ലൂയിനാണ്യം വെച്ചു.

എന്നിട്ടു് ഒരു ചെന്നായയുടെ ഉപായത്തിലുള്ള കാൽവെപ്പോടുകൂടി അയാൾ സ്വന്തം കിടപ്പുമുറിയിൽ ചെന്നുചേർന്നു.

2.3.9
തെനാർദിയെരുടെ യുക്തിപ്പയറ്റുകൾ

പിറ്റേദിവസം രാവിലെ, പ്രഭാതത്തിനു് ഏകദേശം രണ്ടുമണിക്കൂർമുൻപു്, തെനാർദിയെർ, ചാരായക്കടയിലെ മദ്യപാനസ്ഥലത്തു് ഒരു കൊളുത്തിവെച്ച മെഴുതിരിക്കടുത്തിരുന്നു്, കൈയിൽ തൂവലുമായി, മഞ്ഞക്കുപ്പായക്കാരനായ വഴിപോക്കന്റെ കണക്കുശീട്ടു് കുത്തിക്കുറിക്കുകയായിരുന്നു.

അടുത്തു്, അയാൾക്കുമീതേ പകുതി കുനിഞ്ഞുനോക്കിക്കൊണ്ടു നിന്നിരുന്ന ഭാര്യ അയാൾ എഴുതുന്നതു വായിച്ചുപോന്നു. അവർ അന്യോന്യം ഒന്നും മിണ്ടിയില്ല. ഒരു ഭാഗത്തു് അഗാധമായ ആലോചനയും, മറ്റേഭാഗത്തു് മനുഷ്യബുദ്ധിയുടെ അത്ഭുതകരമായ ഒരു വികാസവിശേഷം ഉദിച്ചു പൊന്തിവരുന്നതിനെപ്പറ്റിയുള്ള ഒരു ഭക്തിപൂർവമായ അഭിനന്ദനവും. ആ വീട്ടിൽനിന്നു് ഒരൊച്ച കേൾക്കാനുണ്ടു്; അതു വാനമ്പാടിപ്പക്ഷി കോണിപ്പടിയടിക്കുന്നതാണു്.

നല്ലവണ്ണം ഒരു കാൽമണിക്കൂർ കഴിഞ്ഞ ശേഷം, ചില മായ്ക്കലൊക്കെക്കഴിഞ്ഞു, തെനാർദിയെർ ഈ താഴെ കാണുന്ന വിശിഷ്ടകൃതി തയ്യാറാക്കി.

ഒന്നാം നമ്പർ മുറിയിലുള്ള മാന്യന്റെ കണക്കുശീട്ട്

അത്താഴം 3 ഫ്രാങ്ക്
കിടപ്പുമുറി 10
മെഴുതിരി 5
തിയ്യ 4
ഭൃത്യപ്പണി 1
ആകെ 23 ഫ്രാങ്ക്

ഭൃത്യപ്പണി എന്നതു പൃത്യപ്പണി എന്നെഴുതി.

‘ഇരുപത്തിമൂന്നു ഫ്രാങ്ക്!’ അല്പം ശങ്കയോടുകൂടിച്ചേർന്ന ഒരുത്സാഹത്തോടുകൂടി ആ സ്ത്രീ ഉച്ചത്തിൽ പറഞ്ഞു.

എല്ലാ കലാകുശലന്മാരെയുംപോലെ, തെനാർദിയെരും തൃപ്തിപ്പെട്ടിരുന്നില്ല.

‘വൂ,’ അയാൾ കുറച്ചുറക്കെപ്പറഞ്ഞു.

വിയനാ കോൺഗ്രസ്സിൽവെച്ചു ഫ്രാൻസു് കൊടുത്തുതീർക്കേണ്ട യുദ്ധച്ചെലവു് കണക്കിട്ട കാസൽറെ [5] പുറപ്പെടുവിച്ച സ്വരമായിരുന്നു ഇതു്.

‘മൊസ്സ്യു തെനാർദിയെർ, നിങ്ങൾ പറയുന്നതു ശരിയാണു്; നിശ്ചയമായും അയാൾ അതു തരണം.’ ഭാര്യ മന്ത്രിച്ചു—തന്റെ പെൺമക്കളുടെ മുമ്പിൽവെച്ച് കൊസെത്തിനു സമ്മാനിച്ച ആ കളിപ്പാവയെപ്പറ്റി അവൾ വിചാരിക്കുകയായിരുന്നു. ‘അതു വേണ്ടതാണു്; പക്ഷേ, കുറച്ചേറി. അയാൾ അതടയ്ക്കുകയില്ല.’

തെനാർദിയെർ, പതിവുപോലെ, ഉദാസീനമായി ഒരു ചിരിചിരിച്ചു പറഞ്ഞു: ‘അയാൾ അതു തരും’

ആ ചിരി നിശ്ചയത്തിന്റേയും അധികാരത്തിന്റേയും പ്രാഭവപൂർവമായ ഉറപ്പിക്കലായിരുന്നു. ഈ നിലയിൽ ഉറപ്പിച്ചതെന്തും അങ്ങനെതന്നെയായിരിക്കണം. അയാളുടെ ഭാര്യ ശാഠ്യം പിടിച്ചില്ല.

അവൾ മേശപ്പുറത്തു സാമാനങ്ങൾ ശരിയാക്കിവെക്കാൻ തുടങ്ങി; അവളുടെ ഭർത്താവു് മുറിയിൽ ലാത്തി. ഒരു നിമിഷം കഴിഞ്ഞു, അയാൾ തുടർന്നു പറഞ്ഞു: ‘ആയിരത്തഞ്ഞൂറു ഫ്രാങ്ക്, വക്കു പൊട്ടാത്തതു്, എനിക്കു കടമുണ്ടു്.’

അയാൾ പോയി. മനോരാജ്യം വിചാരിച്ചുകൊണ്ടു്, ചൂടുള്ള വെണ്ണീറിൽ കാൽവെച്ച് അടുപ്പിന്നടുത്തിരുന്നു.

‘ആ! കൂട്ടത്തിൽ പറയട്ടെ,’ ഭാര്യ പറയാൻ തുടങ്ങി, ‘ഇന്നു ഞാൻ കൊസെത്തിനെ ആട്ടിയയയ്ക്കാനാണു് ഭാവമെന്നുള്ളതു നിങ്ങൾ മറന്നില്ലല്ലോ? ജന്തു! ആ പാവയെക്കൊണ്ടു് അവളെന്റെ കരളു മുറിക്കുന്നു! ഞാൻ പതിനെട്ടാമൻ ലൂയിയെ കല്യാണം ചെയ്തു എന്നേ വരൂ, അവളെ ഞാൻ ഒരു ദിവസംകൂടി ഇവിടെ താമസിപ്പിക്കില്ല!’

തെനാർദിയെർ തന്റെ പുകയിലക്കുഴൽ കൊളുത്തി, രണ്ടു പ്രാവശ്യത്തെ പുകവിടലിനുള്ളിൽ പറഞ്ഞു: ‘ആ കണക്കുശീട്ടു് അയാളുടെ കൈയിൽ കൊടുക്കണം.’

എന്നിട്ടു് അയാൾ അവിടെനിന്നു പോയി.

അയാൾ പോയ ഉടനെ ആ വഴിപോക്കൻ അങ്ങോട്ടു വന്നു.

പെട്ടെന്നു് തെനാർദിയെർ അയാളുടെ പിന്നിലൂടെ അങ്ങോട്ടുതന്നെ മടങ്ങി. ഭാര്യയ്ക്കുമാത്രം കാണാവുന്നവിധം, ആ പകുതി തുറന്ന വാതില്ക്കൽ അനങ്ങാതെ നിന്നു.

ആ മഞ്ഞക്കുപ്പായക്കാരന്റെ കൈയിൽ തന്റെ കെട്ടും പൊന്തൻവടിയുമുണ്ടു്.

‘ഇത്ര നേർത്തെ ഉണർന്നു?’ മദാം തെനാർദിയെർ പറഞ്ഞു: ‘മൊസ്സ്യു ഞങ്ങളെ വിട്ടുപോകയായോ?’

ഇങ്ങനെ പറയുമ്പോൾ അവൾ ഒരമ്പരപ്പോടുകൂടി ആ കണക്കുശീട്ടിനെ കൈയിലിട്ടു ചുരുട്ടുകയും നഖംകൊണ്ടു് അമർത്തി വലിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്തിരുന്നു. പതിവില്ലാത്ത ഒരു മങ്ങൽ—ഭീരുത്വവും മനശ്ശങ്കയും—ആ കർക്കശമായ മുഖത്തു പുറപ്പെട്ടു.

‘ഒരു വല്ലാത്ത ഇരപ്പാളി’യുടെ ഛായ തികച്ചുള്ള ഒരു മനുഷ്യന്നു് അങ്ങനെയൊരു കണക്കുശീട്ടു വെച്ചു കൊടുക്കുന്നതു പ്രയാസമായി അവൾക്കു തോന്നി.

വഴിപോക്കൻ എന്തോ ഒരാലോചനയിൽപ്പെട്ടു് അശ്രദ്ധനായി കാണപ്പെട്ടു. അയാൾ മറുപടി പറഞ്ഞു: ‘ഉവ്വു്, മദാം, ഞാൻ പോകുന്നു.’

‘അപ്പോൾ മൊസ്സ്യുവിനു മോങ്ഫെർമിയെയിൽ വിശേഷിച്ചു തിരക്കൊന്നുമില്ല?’

‘ഇല്ല. ഞാനിതിലെ പോകുന്നു, അത്രമാത്രം. മദാം. ഞാൻ എന്താണു് നിങ്ങൾക്കു തരേണ്ടതു?’ അയാൾ തുടർന്നു ചോദിച്ചു.

തെനാർദിയെർസ്ത്രീ മിണ്ടാതെ ആ മടക്കിയ കണക്കുശീട്ടു കൈയിൽക്കൊടുത്തു.

ആ മനുഷ്യൻ അതു നിവർത്തി ഒന്നോടിച്ചുനോക്കി; പക്ഷേ, അയാളുടെ ശ്രദ്ധയെല്ലാം മറ്റെവിടെയോ ആയിരുന്നു.

‘മദാം.’ അയാൾ പറഞ്ഞുതുടങ്ങി, ‘ഇവിടെ മോങ്ഫെർമിയെയിൽ കച്ചവടം നന്നായി നടക്കുന്നുണ്ടോ?’

‘ആ അഃ അങ്ങനെ, മൊസ്സ്യു,’ മറ്റൊരു തരത്തിലുള്ള പുറപ്പാടു കാണാഞ്ഞ് അമ്പരന്നുപോയ തെനാർദിയെർസ്ത്രീ മറുപടി പറഞ്ഞു.

രസമില്ലാത്തതും വ്യസനപരവുമായ ഒരു സ്വരത്തിൽ അവൾ തുടർന്നു പറഞ്ഞു: ‘ഹാ! മൊസ്സ്യു, കാലം വളരെ മോശം; എന്നല്ല, പ്രമാണികൾ ഈ അടുത്ത പ്രദേശത്തു വളരെ കുറച്ചേ ഉള്ളൂ! കണ്ടില്ലേ, എല്ലാവരും നന്നേ സാധുക്കളാണു്. അപ്പപ്പോൾ മൊസ്സ്യുവിനെപ്പോലുള്ള ചില ധനവാന്മാരും ഉദാരന്മാരുമായ ആളുകൾ വരുന്നില്ലെങ്കിൽ, ഞങ്ങൾ കഴിഞ്ഞുകൂടില്ല. ഞങ്ങൾക്കു പലേ ചെലവുമുണ്ടു്. ഇപ്പോൾ നോക്കൂ, ആ കുട്ടിക്കുവേണ്ടി ഞങ്ങളുടെ പ്രാണൻകൂടി പൊയ്പ്പോകുന്നു.’

‘ഏതു കുട്ടി?’

‘അതാ, ആ ചെറിയ കുട്ടി, നിങ്ങളറിയുമല്ലോ! കൊസെത്ത്—ഇവിടെ ആളുകൾ പറയുമ്പോലെ ആ വാനമ്പാടിപ്പക്ഷി!’

‘ആ!’ ആ മനുഷ്യൻ പറഞ്ഞു.

അവൾ തുടർന്നു: ‘ഈ നാട്ടുപുറത്തുകാർ അവരുടെ ശകാരപ്പേരുകളും കൊണ്ടു് എന്തു വിഡ്ഢികളാണ്! അവൾക്ക് ഒരു വാനമ്പാടിപ്പക്ഷിയെക്കാളധികം ഒരു കടവാതിലിന്റെയാണു് ഛായയുള്ളതു്. നോക്കൂ, സേർ, ഞങ്ങൾ ആരോടും ധർമം ചോദിക്കുന്നില്ല; ആരും ധർമം കൊടുക്കാനും ശക്തരല്ല. ഞങ്ങൾ ഒന്നു സമ്പാദിക്കുന്നില്ല; പല ചെലവുണ്ടുതാനും. സന്നതു്, പലേ നികുതി, വാതിലിന്റേയും ജനാലയുടേയും നികുതി, പലേ നൂറ്റിലൊന്ന്! മൊസ്സ്യവിന്നറിയാമല്ലോ, ഭരണാധികാരികൾ ഒരുപാടു പണം മേടിക്കുന്നു. പിന്നെ എനിയ്ക്കെന്റെ പെൺകുട്ടികളുണ്ടു്. മറ്റുള്ളവരുടെ കുട്ടികളെ എനിക്കു വളർത്തിയുണ്ടാക്കേണ്ട ആവശ്യമില്ല.’

ഉദാസീനമാക്കാൻ യത്നിക്കുന്നതും എങ്കിലും ഒരു പതർച്ച പറ്റിനില്ക്കുന്നതുമായ ഒരു സ്വരത്തിൽ അയാൾ പറയാൻ തുടങ്ങി: ‘അവളെക്കൊണ്ടുള്ള ബുദ്ധിമുട്ടു് ഒരാൾ നിങ്ങൾക്കു തീർത്തുതരാമെന്നുവെച്ചാലോ?’

‘ആരെ? കൊസെത്തിനെ?’

‘ഓ.’

ആ ഹോട്ടൽക്കാരിയുടെ ചുകന്നതും കർക്കശവുമായ മുഖം ഭയങ്കരമായവിധം തെളിഞ്ഞു.

‘ആ! സേർ, എന്റെ പ്രിയപ്പെട്ട അങ്ങുന്നേ അവളെ എടുത്തോളൂ. സൂക്ഷിച്ചുവെച്ചോളൂ. കൂട്ടിക്കൊണ്ടുപോവൂ, എവിടേക്കെങ്കിലും അവളെ കൊണ്ടുപോവൂ. അവളെ പഞ്ചാരയിലിട്ടു വെക്കൂ. അവളെ കണ്ടതൊക്കെക്കൊണ്ടു നിറച്ചോളൂ. അവളെ കുടിച്ചുകളയൂ, തിന്നുകളയൂ; പരിശുദ്ധ കന്യകയുടേയും മറ്റെല്ലാ വിശുദ്ധ പുരുഷന്മാരുടേയും അനുഗ്രഹം നിങ്ങൾക്കുണ്ടാവും!’

‘സമ്മതിച്ചു.’

‘നേരു്, നിങ്ങൾ അവളെ കൊണ്ടുപോയ്ക്കൊള്ളുമോ?’

‘ഞാൻ കൊണ്ടുപോവാം.’

‘ഇപ്പോൾ?’

‘ഇപ്പോൾ; കുട്ടിയെ വിളിക്കൂ.’

‘കൊസെത്ത്!’ തെനാർദിയെർസ്ത്രീ കൂക്കി.

‘ഈയിടയിൽ,’ ആ മനുഷ്യൻ തുടർന്നു പറഞ്ഞു. ‘ഞാൻ നിങ്ങൾക്കു തരാനുള്ളതു തന്നേക്കാം. എത്രയാണു്?’

അയാൾ ആ കണക്കുശീട്ടു നോക്കി, അത്ഭുതപ്പെട്ടുപോകാതിരിക്കാൻ കഴിഞ്ഞില്ല; ‘ഇരുപത്തിമൂന്നു ഫ്രാങ്ക്?’

അയാൾ ഹോട്ടൽക്കാരിയുടെ നേരേ നോക്കി, ഒന്നുകൂടി പറഞ്ഞു: ‘ഇരുപത്തിമൂന്നു ഫ്രാങ്ക്?’

ആ ആവർത്തിച്ചു പറഞ്ഞതിൽ അത്ഭുതത്തിന്റേയും ചോദ്യചിഹ്നത്തിന്റേയും നടുക്കുള്ള ഒരുച്ചാരണവിശേഷമുണ്ടായിരുന്നു.

തെനാർദിയെർസ്ത്രീക്ക് ആ സംഭ്രമത്തിനു നേരെ ഒരുങ്ങിനില്ക്കാൻവേണ്ട ഇട കിട്ടി. അവൾ ധൈര്യത്തോടുകൂടി മറുപടി പറഞ്ഞു: ‘അതേ, സേർ, ഇരുപത്തിമൂന്നു ഫ്രാങ്കാണു്.’

ആ അപരിചിതൻ അയ്യഞ്ചു ഫ്രാങ്ക് നാണ്യം അഞ്ചെണ്ണം മേശപ്പുറത്തു നിരത്തി.

‘പോയി ആ കുട്ടിയെ കൂട്ടിക്കൊണ്ടു വരു.’ അയാൾ പറഞ്ഞു.

ആ സമയത്തു തെനാർദിയെർ മുറിയുടെ നടുക്കിലേക്കു വന്നു പറഞ്ഞു: ‘മൊസ്സ്യു ഇരുപത്താറു സൂകൂടി തരാനുണ്ടു്.

‘ഇരുപത്താറു സൂ.’ ഭാര്യ ഉറക്കെപ്പറഞ്ഞു.

‘അറയ്ക്ക് ഇരുപതു സൂ,’ തെനാർദിയെർ ഉദാസീനമായി തുടർന്നു, ‘ആറു സൂ അത്താഴത്തിനും, കുട്ടിയെപ്പറ്റിയേടത്തോളം, എനിക്ക് ഇദ്ദേഹവുമായി കുറച്ചു സംസാരിക്കാനുണ്ടു്. ഞങ്ങൾ തനിച്ചിരിക്കട്ടെ.’

ബുദ്ധിവിശേഷത്തിന്റെ അപ്രതീക്ഷിതമായ മിന്നലാട്ടം തട്ടിയതുകൊണ്ടെന്നപോലെ, മദാം തെനാർദിയെർക്ക് തല തിരിഞ്ഞുപോയി. ഒരു വലിയ നടൻ രംഗത്തു പ്രവേശിക്കുകയാണെന്നു് അവൾക്കു ബോധം വന്നു; ഒരക്ഷരവും മറുപടി പറയാതെ, അവൾ മുറിയിൽനിന്നു പോയി.

അവർ തനിച്ചായി എന്നു കണ്ട ഉടനെ, തെനാർദിയെർ വഴിപോക്കന്നു് ഒരു കസാല നീക്കിയിട്ടുകൊടുത്തു. വഴിപോക്കൻ അതിലിരുന്നു; തെനാർദിയെർ നിന്നതേ ഉള്ളൂ; അയാളുടെ മുഖത്തു ശുദ്ധതയും അകൃതിമത്വവും കാണിക്കുന്ന ഒരു ഭാവവിശേഷം പുറപ്പെട്ടു.

‘സേർ,’ അയാൾ പറഞ്ഞു, ‘നിങ്ങളോടു് എനിക്കു പറയാനുള്ളതിനാണു്; എനിക്ക് ആ കുട്ടിയെ വലിയ വാത്സല്യമാണു്.’

ആ അപരിചിതൻ അയാളെ സശ്രദ്ധമായി സൂക്ഷിച്ചുനോക്കി.

‘ഏതു കുട്ടി?’

തെനാർദിയെർ തുടർന്നു പറഞ്ഞു: ‘എന്തത്ഭുതം, ആളുകൾക്കു സ്നേഹം ക്രമത്തിൽ ഉണ്ടായിത്തീരുന്നു. എന്തു പണമാണത്? നിങ്ങളുടെ ആ നൂറു സൂ അങ്ങോട്ടുതന്നെ എടുക്കൂ. എനിക്ക് ആ കുട്ടിയെ വലിയ വാത്സല്യമാണു്.’

‘ആരെയാണ് പറയുന്നതു?’ അപരിചിതൻ കല്പിച്ചു ചോദിച്ചു.

‘എന്ത്! ഞങ്ങളുടെ കൊസെത്തു് കുട്ടി! അവളെ നിങ്ങൾ കൊണ്ടുപോവാൻ ആലോചിക്കുകയല്ലേ? ശരി, ഞാൻ തുറന്നു പറയാം; നിങ്ങൾ ഒരു സത്യവാനാണെന്നപോലെ, ഞാൻ പരമാർഥം പറയാം, ഞാൻ അതിനു സമ്മതിക്കുകയില്ല എനിക്ക് ആ കുട്ടിയെ കാണാഞ്ഞാൽ സുഖമില്ല. ഞാനാദ്യം കാണുമ്പോൾ അതു നന്നേ ഇത്തിരിയേ ഉള്ളൂ; അവൾ കാരണം ഞങ്ങൾക്കു പണം ചെലവുണ്ടെന്നുള്ളതു വാസ്തവമാണു്; അവൾക്കു ചില കുറ്റങ്ങളൊക്കെയുണ്ടെന്നുള്ളതു് വാസ്തവമാണു്. ഞങ്ങൾ പണക്കാരല്ലെന്നുള്ളതു വാസ്തവമാണു്; അവളുടെ ഒരു ദീനത്തിനു് എനിക്കു നാനൂറു ഫ്രാങ്കിനുമീതെ മരുന്നുചെലവു വന്നു എന്നുള്ളതു വാസ്തവമാണ്! പക്ഷേ, ഈശ്വരന്നുവേണ്ടി എന്തെങ്കിലുമൊന്നു ചെയ്യണമല്ലോ. അവൾക്ക് അച്ഛനില്ല, അമ്മയുമില്ല. ഞാൻ അവളെ വളർത്തിക്കൊണ്ടുവന്നു. അവൾക്കും എനിക്കും ഭക്ഷണത്തിനു വേണ്ടതു് ഇവിടെയുണ്ടു്. വാസ്തവം പറഞ്ഞാൽ, എനിക്ക് ആ കുട്ടിയെപ്പറ്റി വളരെ വിചാരമുണ്ടു്. നമുക്ക് ഒരാളെക്കുറിച്ചങ്ങോട്ടു സ്നേഹം തോന്നിപ്പോകുന്നു; ഞാൻ ഒരുമാതിരി വല്ലാത്ത ജന്തുവാണു്, അതേ; ഞാൻ ആലോചന ചെയ്യാറില്ല; എനിക്ക് ആ ചെറുപെൺകുട്ടിയെ സ്നേഹമാണു്; എന്റെ ഭാര്യ കുറെ അല്പരസക്കാരിയാണെങ്കിലും, അവൾക്ക് ആ കുട്ടിയുടെ മേൽ ഇഷ്ടമാണു്. നിങ്ങൾ കണ്ടില്ലേ, അവൾ ഞങ്ങളുടെ കുട്ടികളെപ്പോലെ തന്നെ ഒരു കുട്ടിയാണു്. എനിക്കവൾ വീട്ടിലൊക്കെ ഓരോന്നു കൊഞ്ചിപ്പറഞ്ഞുംകൊണ്ടു് അങ്ങനെ നടക്കണം.’

ആ അപരിചിതൻ തെനാർദിയെരെ സശ്രദ്ധമായി നോക്കിക്കൊണ്ടിരുന്നു ഹോട്ടലുടമസ്ഥൻ പിന്നേയും ആരംഭിച്ചു; ‘സേർ, ഞാൻ പറയുന്നതു് ക്ഷമിക്കണം. ഒരാളുടെ കുട്ടിയെ ആരും വഴിയെപ്പോകുന്ന ഒരാൾക്ക് ഇങ്ങനെയങ്ങോട്ടു പിടിച്ചു കൊടുക്കാറില്ല. ഞാൻ പറയുന്നതു ശരിയല്ലേ? എങ്കിലും—നിങ്ങൾ സമ്പന്നനാണു്; നിങ്ങളെ കണ്ടാൽ ഒരു നല്ലാളാണ്—അവളുടെ സുഖത്തിനാകുന്ന പക്ഷം, ഞാനതു പറയുന്നില്ല. അതറിഞ്ഞിട്ടു വേണം. നിങ്ങൾക്കു മനസ്സിലായല്ലോ; ഞാനവളെ തന്നയച്ച്, എന്റെ സുഖം ഞാൻ വേണ്ടെന്നു വെക്കയാണെന്നു വെച്ചാൽ, അവളുടെ സ്ഥിതി പിന്നെ എന്താവുന്നു എന്നെനിക്കറിയണം; അവളെ എന്റെ കണ്ണിൽനിന്നു തീരെ വിട്ടുകളയുവാൻ എനിക്കു മനസ്സില്ല; അവൾ ആരുടെ കൂടെയാണു് താമസിക്കുന്നതു് എന്നെനിക്കറിയണം— ഇടയ്ക്കിടയ്ക്ക് എനിക്കവളെ പോയി കാണാമല്ലോ; തന്റെ വളർത്തച്ഛൻ ജീവിച്ചിരിപ്പുണ്ടെന്നും തന്റെ കാര്യത്തിൽ ശ്രദ്ധവെക്കുന്നുണ്ടെന്നും അവൾക്കും മനസ്സിലാക്കാമല്ലോ. ചുരുക്കിപ്പറഞ്ഞാൽ, ചെയ്യാൻ പാടില്ലാത്ത ചിലതുണ്ടു്. എനിക്കു നിങ്ങളുടെ പേരുകൂടി അറിഞ്ഞുകൂടാ. നിങ്ങൾ അവളെ കൂട്ടിക്കൊണ്ടുപോകയാണെങ്കിൽ ഞാൻ പറയും, അപ്പോൾ ആ വാനമ്പാടിപ്പക്ഷി, അവൾക്കെന്തുപറ്റിയാവോ? ഒന്നുമില്ലെങ്കിൽ ഒരു കടലാസ്സിൻകഷ്ണമെങ്കിലും കാണണം; നിങ്ങൾക്കറിയാമല്ലോ, ഒരു യാത്രാനുവാദപത്രം എന്ന നിലയ്ക്കു, സാരമില്ലാത്ത എന്തെങ്കിലും.’

അന്തഃകരണത്തിന്റെ അങ്ങേയറ്റത്തേക്കു തുളഞ്ഞുചെല്ലുന്നതെന്നു പറയാറുള്ള ആ ഒരു സൂക്ഷ്മനോട്ടത്തോടുകൂടി അയാളെ നോക്കിപ്പഠിച്ചുകൊണ്ടു് അപരിചിതൻ സഗൗരവവും ശക്തിമത്തുമായ ഒരു സ്വരത്തിൽ മറുപടി പറഞ്ഞു: ‘മൊസ്സ്യു തെനാർദിയെർ, പാരിസ്സിൽനിന്നു് അഞ്ചു കാതം യാത്ര ചെയ്യുന്നതിനു് ആർക്കും യാത്രാനുവാദപത്രം ആവശ്യമില്ല. ഞാൻ കൊസെത്തിനെ കൊണ്ടുപോവുകയാണെങ്കിൽ, ഞാനവളെ കൊണ്ടുപോകും; അത്രതന്നെ, തീർന്നു. നിങ്ങൾക്ക് എന്റെ പേരറിയില്ല. നിങ്ങൾ എന്റെ താമസസ്ഥലം അറിയില്ല, അവൾ എവിടെയാണെന്നു നിങ്ങൾക്കു മനസ്സിലാവില്ല; എന്നല്ല, അവൾ ജീവിച്ചിരിക്കുന്നേടത്തോളം കാലം നിങ്ങൾ അവളെ കാണുകയേ അരുതെന്നാണു് എന്റെ വിചാരം. അവളുടെ കാൽ കെട്ടിയിടുന്ന ചരടു ഞാനറുത്തു കളയുന്നു, അവൾ പോകുന്നു. ഇതിന്നു നിങ്ങൾക്കിഷ്ടമുണ്ടോ? ഉവ്വോ, ഇല്ലയോ?’

പിശാചുക്കളെപ്പോലെ, അതിബുദ്ധിമാന്മാരും തങ്ങളെക്കാൾ മീതെയുള്ള ഈശ്വരന്റെ സാന്നിധ്യം ചില അടയാളങ്ങളെക്കൊണ്ടു മനസ്സിലാക്കാറുള്ളതുകൊണ്ടു്, ഒരു വലിയ ശക്തനോടുകൂടിയാണു് തനിക്കു പെരുമാറേണ്ടതെന്നു തെനാർദിയെരറിഞ്ഞു. അതു പെട്ടെന്നുദിച്ച ഒരറിവുപോലെയാണു്; തന്റെ വ്യക്തവും വിവേകപൂർവവുമായ പ്രത്യുൽപ്പന്നമതിത്വംകൊണ്ടു് അയാൾ അതു മനസ്സിലാക്കി. തലേദിവസം രാത്രി വണ്ടിക്കാരോടു കൂടിയിരുന്നു കുടിക്കുകയും പുകവലിക്കുകയും ആഭാസപ്പാട്ടുകൾ പാടുകയും ചെയ്യുന്നതിനിടയ്ക്ക്, ഉള്ള സമയം മുഴുവനും അയാൾ ആ അപരിചിതനെ കണ്ടു മനസ്സിലാക്കുവാനും ഒരു പൂച്ചയെപ്പോലെ സൂക്ഷിച്ചുനോക്കുവാനും, ഒരു കണക്കുശാസ്ത്രജ്ഞനെപ്പോലെ നോക്കിയറിയുവാനും ഉപയോഗിച്ചു. വെറുതെയുള്ള രസത്തിനും സഹജമായ ബുദ്ധിവിശേഷംമൂലം, രണ്ടു വിധത്തിലും, അയാൾ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കുകയും, അങ്ങനെ ചെയ്യുന്നതിൽ തനിക്ക് എന്തോ ശമ്പളം കിട്ടിയിട്ടാണെന്നു തോന്നുമാണു് അയാളെ ഉറ്റുനിന്നു നോക്കിപ്പഠിക്കുകയും ചെയ്തു. ആ മഞ്ഞക്കുപ്പായക്കാരന്റെ ഒരനക്കമെങ്കിലും, ഒരാംഗ്യമെങ്കിലും അയാൾ കാണാതിരുന്നിട്ടില്ല. ആ അപരിചിതൻ തനിക്കു കൊസെത്തോടുള്ള താൽപ്പര്യം അത്ര വ്യക്തമായി പുറത്തു കാണിച്ചുതുടങ്ങുന്നതിനു മുൻപുതന്നെ, അയാളുടെ വരവിന്റെ ഉദ്ദേശ്യം തെനാർദിയെർ ഊഹിച്ചുകഴിഞ്ഞിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ആ വയസ്സന്റെ ആഴമേറിയ നോട്ടം കൊസെത്തിന്റെമേൽ വീണ്ടും വീണ്ടും മടങ്ങിച്ചെന്നിരുന്നതു് അയാൾ കണ്ടുപിടിച്ചു. ഈ മനുഷ്യൻ ആരാണു്? ഈ താൽപ്പര്യത്തിനു കാരണമെന്തു? ഇത്രയും പണം കൈയിലുള്ളപ്പോൾ, ഈ വല്ലാത്ത വേഷമെന്തിനു്? ഉത്തരമുണ്ടാക്കാൻ കഴിയാതെ അയാൾ പലപ്പോഴും സ്വയം ചോദിച്ചതും, അയാളെ ശുണ്ഠിപിടിപ്പിച്ചതുമായ ചോദ്യം. രാത്രി മുഴുവനും അയാൾ ഇതുതന്നെ തിരിച്ചും മറിച്ചുംവെച്ചാലോചിച്ചു. അയാൾ കൊസെത്തിന്റെ അച്ഛനാവാൻ വയ്യാ. അയാൾ അവളുടെ മുത്തച്ഛനാവുമോ? എന്നാൽ എന്തുകൊണ്ടു് ഉടൻതന്നെ അതറിയിച്ചില്ല: ഒരാൾക്ക് ഒരധികാരം കൈയിലുണ്ടെങ്കിൽ, അയാൾ പുറത്തു കാണിക്കും. ഈ മനുഷ്യന്നു കൊസെത്തിന്റെ മേൽ യാതൊരധികാരവുമില്ല; എന്നാൽപ്പിന്നെ ഇതെന്തായിരിക്കും? തെനാർദിയെർ ഊഹപരമ്പരയിൽ ആണ്ടുപോയി. എല്ലാറ്റിന്റേയും ഒരാകൃതി അയാൾക്കു കിട്ടുന്നുണ്ടു്; ഒന്നും നല്ലവണ്ണം മനസ്സിലാകുന്നില്ല. അതങ്ങനെയിരിക്കട്ടെ, ആ മനുഷ്യനുമായി സംസാരിച്ചുനോക്കിയതിൽ എന്തോ ഒരു ഗൂഢസംഗതി ഇതിലുണ്ടെന്നും, വെളിച്ചത്തുവരാതിരിക്കുന്നതിൽ അയാൾക്ക് എന്തോ ഉദ്ദേശ്യമുണ്ടെന്നുമുള്ള നിശ്ചയം തെനാർദിയെർക്കു ബലപ്പെട്ടു; ആ അപരിചിതന്റെ വ്യക്തവും ദൃഢവുമായ മറുപടിയിൽനിന്നു്, ആ ഗൂഢമനുഷ്യൻ ഏതാണ്ടു വെറുതെ ഒരു ഗൂഢനിലയിൽ നില്ക്കുന്നതാണെന്നു കണ്ടപ്പോൾ, തന്റെ ഭാഗത്തിനു വലിയ ശക്തിയല്ലെന്നു് അയാൾക്കു ബോധ്യമായി. അങ്ങനെയൊന്നു് അയാൾ കരുതിയിട്ടില്ല. അയാൾ ഊഹിച്ചുവെച്ചിരുന്നതൊക്കെ പറപറന്നു. അയാൾ ആലോചനകളെ വീണ്ടും പിടിച്ചുകൂട്ടി. ഒരു ക്ഷണനേരംകൊണ്ടു് എല്ലാം ഒന്നു തൂക്കിനോക്കി. ഒരു നോട്ടത്തിൽ കാര്യമെടുക്കുന്നവരുടെ കൂട്ടത്തിൽ ഒരാളാണു് തെനാർദിയെർ. നേരിട്ടുതന്നെ അടുത്തു ചെല്ലുകയും, അതു ക്ഷണത്തിൽ കഴിക്കുകയും ചെയ്യേണ്ട സമയം അടുത്തുപോയി എന്നു് അയാൾ തീർച്ചപ്പെടുത്തി. വലിയ നേതാക്കന്മാർ തങ്ങൾക്കു മാത്രമേ കണ്ടറിയാൻ കഴിയു എന്നു് അവർക്കറിവുള്ള ആ വേണ്ട സമയത്തു്, ചെയ്യാറുള്ളതെന്തോ അതയാൾ ചെയ്തു; തന്റെ പീരങ്കിനിരയുടെ മുഖമൂടി അയാൾ പെട്ടെന്നു നീക്കിയിട്ടു.

‘സേർ,’ അയാൾ പറഞ്ഞു, ‘ആയിരത്തഞ്ഞൂറു ഫ്രാങ്ക് എനിക്കിപ്പോൾ ആവശ്യമുണ്ടു്.’

ആ അപരിചിതൻ തന്റെ പാർശ്വഭാഗത്തുള്ള കുപ്പായക്കീശയിൽനിന്നു കറുത്ത തോൽകൊണ്ടുള്ള ഒരു പഴയ പോക്കറ്റുപുസ്തകമെടുത്തു തുറന്നു മൂന്നു നോട്ടുകൾ പുറത്തേക്കെടുത്തു. മേശപ്പുറത്തു വെച്ചു. എന്നിട്ടു തന്റെ കൂറ്റൻ തള്ളവിരൽ ആ നോട്ടുകൾക്കു മീതെവെച്ചു. ഹോട്ടല്ക്കാരനോടു പറഞ്ഞു: ‘പോയി കൊസെത്തിനെ കൂട്ടിക്കൊണ്ടുവരൂ.’

ഈ സംഭവം നടക്കുമ്പോൾ, കൊസെത്തു് എന്തു ചെയ്തിരുന്നു?

ഉണർന്ന ഉടനെ കൊസെത്തു് തന്റെ പാപ്പാസ്സെടുപ്പാൻ ഓടി. അതിൽ അവൾ ആ സ്വർണനാണ്യം കണ്ടു. അതു നെപ്പോളിയൻ നാണ്യമല്ല; രാജത്വപുനഃസ്ഥാപനത്തിനു ശേഷമുള്ള ആ തികച്ചും പുതിയതായ ഇരുപതു ഫ്രാങ്ക് നാണ്യങ്ങളിൽ ഒന്നായിരുന്നു അതു്; അതിന്റെ പുറംരൂപത്തിൽ ലതാമാലയുടെ സ്ഥാനത്തു മുടിക്കെട്ടാണു് കണ്ടതു്. കൊസെത്തു് അമ്പരന്നുപോയി. അവളുടെ ഭാഗ്യം അവളെ ലഹരിപിടിപ്പിക്കാൻ തുടങ്ങി. ഒരു സ്വർണനാണ്യമെന്നാൽ എന്താണെന്നു് അവൾക്കറിഞ്ഞുകൂടാ; അവൾ ഇതേവരെ അങ്ങനെയൊന്നു കണ്ടിട്ടില്ല; അതു താൻ മോഷ്ടിച്ചതാണെന്നവിധം, അവൾ ക്ഷണത്തിൽ കീശയിൽ ഒളിച്ചുവെച്ചു. എങ്കിലും അതു തന്റെതാണെന്നു അവൾക്കു തോന്നി; അതിന്റെ വരവെവിടെനിന്നാണെന്നു് അവൾ ഊഹിച്ചു; പക്ഷേ, അവളുടെ സന്തോഷത്തിൽ ഭയം നിറഞ്ഞിരുന്നു. അവൾക്കു സുഖം തോന്നി; അതിലധികം അവളമ്പരന്നു. അത്രയും വിലപിടിച്ചവയും ഭംഗിയുള്ളവയുമായ വസ്തുക്കൾ വാസ്തവങ്ങളായി തോന്നിയില്ല. ആ കളിപ്പാവ അവളെ പേടിപ്പെടുത്തി; ആ സ്വർണനാണ്യം അവളെ പേടിപ്പെടുത്തി. ഈ വിഭവത്തിനു മുൻപിൽ അവൾ അവ്യക്തമായി വിറച്ചു. ആ അപരിചിതൻ മാത്രം അവളെ പേടിപ്പെടുത്തിയില്ല. നേരെമറിച്ച്, അയാൾ അവളെ ധൈര്യപ്പെടുത്തി. തലേ ദിവസം വൈകുന്നേരം മുതൽ അവളുടെ എല്ലാ അമ്പരപ്പുകളുടേയും ഇടയ്ക്ക്, ഉറക്കത്തിൽക്കൂടിയും, അവൾ അത്രയും ദരിദ്രനും അത്രയും ദുഃഖിതനും അത്രയും ധനികനും അത്രയും ദയാലുവുമായിത്തോന്നിയ ആ മനുഷ്യനെപ്പറ്റിത്തന്നെ കുട്ടിപ്രായത്തിലുള്ള ചെറുമനസ്സുകൊണ്ടു് ആലോചിക്കുകയായിരുന്നു. ആ നല്ലൊരാളെ കാട്ടിൽവെച്ചു കണ്ടമുതല്ക്ക് അവളെസ്സംബന്ധിക്കുന്ന സർവവും ഒന്നു നിലമാറി. ആകാശത്തുള്ള ഏറ്റവും നിസ്സാരമായ മീവൽപ്പക്ഷിയെക്കാളും കുറച്ചു മാത്രം സുഖമനുഭവിച്ചിട്ടുള്ള കൊസെത്തു് ഒരമ്മയുടെ തണലിലും ചിറകിനുള്ളിലും ചെന്നു വിശ്രമംകൊള്ളുക എന്നുവെച്ചാൽ എന്താണെന്നു് ഒരിക്കലും അറിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു കൊല്ലമായി, എന്നുവെച്ചാൽ അവളുടെ ഓർമയെത്തുന്ന കാലംമുതല്ക്ക്, അവൾ തണുത്തുവിറയ്ക്കുകയും പേടിച്ചു തുള്ളുകയും ചെയ്തുകൊണ്ടു കഴിഞ്ഞു. കഷ്ടപ്പാടിന്റെ മൂർച്ചകൂടിയ കാറ്റാടിക്കു മുൻപിൽ അവൾ തികച്ചും നഗ്നയായി കൊണ്ടുതള്ളപ്പെട്ടു; ഇപ്പോൾ അവളുടെ മേൽ ഉടുപ്പായി എന്നു തോന്നി. മുൻപു് അവളുടെ ആത്മാവു് തണുത്തിരുന്നതായി തോന്നപ്പെട്ടു; ഇപ്പോൾ അതിനു ചൂടു തട്ടി. കൊസെത്തിനു തെനാർദിയെർസ്ത്രീയെപ്പറ്റി പേടിയില്ലാതായി. അവൾ തനിച്ചല്ല എന്നുവന്നു; അവിടെ മറ്റൊരാൾകൂടിയുണ്ടു്.

അവൾ വേഗത്തിൽ രാവിലത്തെ പ്രവൃത്തികൾ കഴിക്കൽ ആരംഭിച്ചു. അവളുടെ പക്കൽ തലേദിവസം രാത്രി വീണുപോയ പതിനഞ്ചു സൂ നാണ്യമിട്ടിരുന്ന അതേ കീശയിലുള്ള ആ ലൂയിനാണ്യം അവളുടെ ആലോചനകളെ ഇട്ടു ഭ്രമിപ്പിച്ചു അവൾക്ക് അതു തൊടാൻ ധൈര്യമുണ്ടായില്ല; പക്ഷേ, അതിനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു— വാസ്തവം പറയണമെന്നു വെച്ചാൽ, നാവു തൂക്കിയിട്ടുകൊണ്ടു് അതിനെ അവൾ സൂക്ഷിച്ചുനോക്കി—അവൾ ഒരഞ്ചു നിമിഷനേരം ചെലവാക്കി. കോണിപ്പടി അടിക്കുന്നതിനിടയ്ക്ക് അവൾ അതു നിർത്തി, തന്റെ ചൂലും ലോകം മുഴുവനും മറന്നു, കീശയിൽ കിടന്നു തിളങ്ങുന്ന ആ നക്ഷത്രത്തെ സൂക്ഷിച്ചു നോക്കിക്കൊണ്ടു് അനങ്ങാതെ നില്ക്കും.

ഇങ്ങനെയുള്ള ധ്യാനസമയങ്ങളിലൊന്നിലാണു് തെനാർദിയെർസ്ത്രീ അവളുടെ അടുക്കലേക്കു ചെന്നതു്. ഭർത്താവിന്റെ കല്പനപ്രകാരം കൊസെത്തിനെ തിരഞ്ഞു കൂട്ടിക്കൊണ്ടുചെല്ലാനായിരുന്നു അവളുടെ വരവു്. അതുവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു സംഭവം; അവൾ കൊസെത്തിനെ അടുക്കുകയാവട്ടേ, ശകാരിക്കുകയാവട്ടേ ചെയ്തില്ല.

‘കൊസെത്തു്,’ ഏതാണ്ടു സൗമ്യമട്ടിൽ അവൾ പറഞ്ഞു: ‘വേഗത്തിൽ വരൂ.’

ഒരു നിമിഷത്തിനുള്ളിൽ കൊസെത്തു് മദ്യപാനസ്ഥലത്തെത്തി.

ആ അപരിചിതൻ തന്റെ ഭാണ്ഡം എടുത്തു കെട്ടഴിച്ചു. ആ ഭാണ്ഡത്തിൽ രോമംകൊണ്ടുള്ള ഒരു പുറംഉടുപ്പും ഒരു ഉള്ളുടുപ്പും തടിച്ച തുണികൊണ്ടുള്ള ഒരു ഉള്ളങ്കിയും ഒരു കൈലേസ്സും ഒരടിപ്പാവാടയും രോമംകൊണ്ടുള്ള കീഴ്ക്കാലുറകളും പാപ്പാസ്സുകളും — എന്നുവെച്ചാൽ, ഏഴുവയസ്സുള്ള പെൺകുട്ടിക്കുവേണ്ട എല്ലാ ഉടുപ്പുസാമാനങ്ങളും അതിലുണ്ടായിരുന്നു. ഒക്കെയും കറുത്തതാണു്.

‘എന്റെ കുട്ടി,’ ആ മനുഷ്യൻ പറഞ്ഞു, ‘ഇതൊക്കെയെടുത്തു ക്ഷണത്തിൽ ഉടുപ്പിട്ടു വരൂ.’

നേരം പുലർന്നുതുടങ്ങി; അപ്പോൾ ഉമ്മറത്തെ വാതിൽ തുറന്നുതുടങ്ങിയ മോങ്ഫെർമിയെയിലെ നിവാസികൾ, മോശവേഷത്തിൽ ഒരു വൃദ്ധനും ദുഃഖചിഹ്നമായ ഉടുപ്പിട്ടു കൈയിൽ തുടുത്ത നിറത്തിലുള്ള ഒരു കളിപ്പാവയെടുത്തിട്ടുള്ള ഒരു ചെറിയ പെൺകുട്ടിയുംകൂടി പാരിസ്സിലേക്കുള്ള വഴിയിലൂടെ പോകുന്നതു കണ്ടു.അവർ ലിവ്രിയിലേക്കുള്ള തിരിവിലൂടെയാണു് പോയിരുന്നുതു്.

അവർ നമ്മുടെ ആ മനുഷ്യനും കൊസെത്തുമായിരുന്നു.

ആ മനുഷ്യനെ ആരും അറിയുന്നവരില്ല; കൊസെത്തിന്റെ കീറത്തുണിവേഷം പോയിരുന്നതുകൊണ്ടു്, പലരും അവളേയും കണ്ടറിഞ്ഞില്ല. കൊസെത്തു് പോവുകയായിരുന്നു. ആരുടെ കൂടെ? അവൾക്കറിഞ്ഞുകൂടാ. എവിടേക്ക്? അവൾക്കറിവില്ല; തെനാർദിയെർഹോട്ടൽ വിട്ടുപോവുകയാണെന്നു മാത്രമേ അവൾക്കറിവുള്ളു. അവളോടു് ആരും യാത്ര പറയാൻ നിന്നില്ല; അവളും ആരോടും യാത്ര പറയാൻ വിചാരിച്ചില്ല.ആ വെറുത്തിരുന്നതും വെറുക്കുന്നതുമായ പ്രദേശം അവൾ വിടുകയാണു്.

അതേവരെ ഹൃദയം അമർത്തിക്കെട്ടിയിടപ്പെട്ടിരുന്ന പാവമായ സാധുക്കുട്ടി!

കൊസെത്തു് ഗൗരവത്തോടുകൂടിയും, തന്റെ വലിയ കണ്ണുകൾ നല്ലവണ്ണം തുറന്നു മിഴിച്ച് ആകാശത്തെ സൂക്ഷിച്ചു നേക്കിക്കൊണ്ടും കൂടെ നടന്നു. അവൾ ആ ലൂയിനാണ്യം തന്റെ പുതിയ ഉള്ളുടുപ്പിന്റെ കീശയിലിട്ടു. ഇടയ്ക്കിടയ്ക്ക് അവൾ കുനിഞ്ഞുനോക്കി അതു കാണും; എന്നിട്ടു് അവൾ ആ നല്ല മനുഷ്യനെ നോക്കിക്കാണും. ദയാലുവായ ഈശ്വരന്റെ അടുത്താണു് താൻ എന്നപോലെ അവൾക്ക് എന്തോ ഒന്നു തോന്നി.

കുറിപ്പുകൾ

[5] പ്രസിദ്ധനായ ഒരു ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞൻ.

2.3.10
തന്റെ കാര്യം നന്നാക്കിത്തീർക്കാൻ ശ്രമിക്കുന്ന ആൾ ഒരു സമയം അതു കുറേക്കൂടി ചീത്തയാക്കിയേക്കാം

മദാം തെനാർദിയെർ, തന്റെ പതിവുപോലെ, ഭർത്താവിനെ ഇഷ്ടംപോലെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. വലുതായ കാര്യങ്ങൾ ഉണ്ടാവുമെന്നു് അവൾ കരുതി. ആ മനുഷ്യനും കൊസെത്തും പോയിട്ടു് ഒരു കാൽമണിക്കൂർ നേരം തികച്ചും തെനാർദിയെർ മിണ്ടാതിരുന്നു; എന്നിട്ടു് അയാൾ അവളെ വിളിച്ച് ആ ആയിരത്തഞ്ഞൂറു ഫ്രാങ്ക് കാണിച്ചുകൊടുത്തു.

‘ഇതേ ഉള്ളൂ?’ അവൾ പറഞ്ഞു.

ഗൃഹകാര്യാന്വേഷണം കയ്യേറ്റ മുതല്ക്ക് ഇന്നു് ഇദംപ്രഥമമായിട്ടാണു് എജമാനന്റെ പ്രവൃത്തികൾ അവൾ വിമർശിച്ചതു്.

ആ അടി നല്ല കുറിക്കു കൊണ്ടു.

‘ശരിയാണു് പറഞ്ഞതു്,’ അയാൾ പറഞ്ഞു: ‘ഞാനൊരു വിഡ്ഢിതന്നെ. എന്റെ തൊപ്പി ഇങ്ങോട്ടു തരൂ.’

അയാൾ മൂന്നു ബാങ്ക്നോട്ടുകളും മടക്കി, തന്റെ കീശയിലിട്ടു് ക്ഷണത്തിൽ പാഞ്ഞു; പക്ഷേ, അയാൾക്കു പിഴച്ചു. അയാൾ വലത്തോട്ടു വെച്ചു. അയാൾ ചോദിച്ചുനോക്കി; ചില അയൽപ്രദേശത്തുകാർ വീണ്ടും വഴി തിരിച്ചുകൊടുത്തു; വാനമ്പാടിപ്പക്ഷിയും ആ മനുഷ്യനും ലിവ്രിയിലേക്കുള്ള തിരിവിലൂടെയാണു് പോകുന്നതു കണ്ടതു്. അയാൾ അങ്ങോട്ടു തിരിച്ചു; ഇങ്ങനെ സ്വയം സംസാരിച്ചുകൊണ്ടു് അയാൾ ക്ഷണത്തിൽ നടന്നു; ‘ആ മനുഷ്യൻ നിശ്ചയമായും മഞ്ഞയുടുപ്പിട്ട ഒരു കോടീശ്വരനാണു്; ഞാനൊരു ജന്തുവും. ആദ്യം അയാൾ ഇരുപതു സൂ കൊടുത്തു. പിന്നെ അഞ്ചു ഫ്രങ്ക്, പിന്നെ അമ്പതു ഫ്രാങ്ക്, പിന്നെ ആയിരത്തഞ്ഞൂറു ഫ്രാങ്ക്—ഒക്കെ ക്ഷണത്തിൽ, ക്ഷണത്തിൽ, അയാൾ പതിനയ്യായിരം തരുമായിരുന്നു. ആട്ടെ, ഞാനയാളെ പിടിക്കും.’

എന്നല്ല പിന്നെ, ആ കുട്ടിക്കുള്ള ഉടുപ്പു് അയാൾ മുൻകൂട്ടി ഭാണ്ഡം കെട്ടി കരുതിയിരിക്കുന്നു; ഇതൊക്കെ അത്ഭുതകരമായിരിക്കുന്നു; ഇതിന്നുള്ളിൽ പല ഗൂഢ സംഗതികളും മറഞ്ഞുകിടപ്പുണ്ടു്. ഒരിക്കൽ പിടിയിൽക്കിട്ടിയാൽപ്പിന്നെ, ആരും ഗൂഢസംഗതികളെ വിട്ടുകൊടുക്കാറില്ല. ധനവാന്മാരുടെ ഗൂഢകാര്യങ്ങൾ സ്വർണനാണ്യങ്ങൾ ഒപ്പിയെടുക്കാനുള്ള സ്പഞ്ചുകളാണു്; അവയെ എങ്ങനെയാണു് പിടിച്ചമർക്കേണ്ടതെന്നു് മാത്രം മനസ്സിലാവണം. ഈ വിചാരങ്ങളെല്ലാം അയാളുടെ തലച്ചോറിലൂടെ ഒരു കൊടുങ്കാറ്റുപോലെ അടിച്ചുപാഞ്ഞു. ‘ഞാനൊരു ജന്തുവാണു്,’ അയാൾ പറഞ്ഞു.

മോങ്ഫെർമിയെ വിട്ടു ലിവ്രിയിലേക്കു പോകുന്ന വഴിത്തിരിവിലെത്തിയാൽ, അതു വളരെ ദൂരത്തോളം മൈതാനത്തിലൂടെ പോകുന്നതായി കാണാം. അവിടെ ചെന്നാൽ, ആ വയസ്സനേയും കുട്ടിയേയും കാണാതിരിക്കില്ലെന്നു് അയാൾ കണക്കാക്കി. അയാൾ കണ്ണെത്താവുന്നേടത്തോളം ദൂരത്തേക്ക് നോക്കി; യാതൊന്നും കണ്ടില്ല. അയാൾ പിന്നേയും അന്വേഷിച്ചുനോക്കി; യാതൊന്നും കണ്ടില്ല. അയാൾ പിന്നേയും അന്വേഷിച്ചുനോക്കി, വെറുതേ സമയം കളഞ്ഞു. ചില വഴി പോക്കർ താൻ തിരിഞ്ഞുപോകുന്ന ആ വയസ്സനും കുട്ടിയുംകൂടി ഗാങ്ങിവഴിക്കുള്ള കാട്ടുപ്രദേശത്തേക്കു പോയി എന്നു് അയാളോടു പറഞ്ഞു. അയാൾക്ക് ആ വഴിക്കു ക്ഷണത്തിൽ നടന്നു.

അവർ വളരെ ദൂരത്തെത്തിയിരുന്നു; പക്ഷേ, ഒരു കുട്ടി പതുക്കയേ നടക്കൂ; അയാൾ വേഗത്തിൽ നടന്നു; പിന്നെ ആ പ്രദേശമെല്ലാം അയാൾക്കു നല്ല പരിചയമുണ്ടു്.

പെട്ടെന്നു് അയാൾ നിന്നു, എന്തോ ഒരു പ്രധാനകാര്യം മറന്നുപോകയും പിന്നോക്കം തന്നെ മടങ്ങിപ്പോകാൻ തയ്യാറാകുകയും ചെയ്ത ഒരാളെപ്പോലെ, നെറ്റിക്ക് ഒരടി അടിച്ചു.

‘ഞാൻ എന്റെ തോക്കെടുക്കേണ്ടതായിരുന്നു,’ അയാൾ തന്നത്താൻ പറഞ്ഞു.

നമ്മൾ അറിയാതെ നമുക്കു മുൻപിലൂടെ ചിലപ്പോൾ കടന്നുപോകയും നമ്മൾ കാണാതെതന്നെ മറഞ്ഞുകളകയും ചെയ്യുന്ന അങ്ങനെ ചില ഇരട്ട സ്വഭാവക്കാരുള്ളവരിൽ ഒരാളാണു് തെനാർദിയെർ; ദൈവഗതി അവരുടെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയിട്ടുണ്ടാവൂ. ഇങ്ങനെ പകുതി വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞുകൂടുവാനാണു് പലരുടേയും യോഗം. സമാധാനപൂർവവും ക്ഷോഭരഹിതവുമായ ഒരു ഘട്ടത്തിൽ ആളുകൾ പറയുന്നവിധംതന്നെ ഒരു മര്യാദക്കാരനായ കച്ചവടക്കാരനോ, ഒരു കൊള്ളാവുന്ന തറവാട്ടുകാരനോ ആക്കിത്തീർക്കാൻ — ആയിത്തീരാൻ എന്നു ഞങ്ങൾ പറയുന്നില്ല — വേണ്ടതെല്ലാം തെനാർദിയെർക്കുണ്ടായിരുന്നു. അതോടൊപ്പംതന്നെ ചില സന്ദർഭങ്ങൾ വന്നാൽ, തന്റെ സ്വഭാവത്തിനടിയിൽ കിടക്കുന്നതിനെ മുകളിലേക്കു വരുത്താൻ വേണ്ട ചില ക്ഷോഭങ്ങൾ തട്ടിക്കഴിഞ്ഞാൽ, ഒരു തെമ്മാടിയാവാൻ വേണ്ട സാമാനങ്ങളും അയാളിൽത്തന്നെയുണ്ടു്. ഒരു രാക്ഷസന്റെ ചില മട്ടുകളെല്ലാമുള്ള ഒരു കച്ചവടക്കാരനാണു് ആ മനുഷ്യൻ. തെനാർദിയെർ താമസിച്ചിരുന്ന ഗുഹയുടെ ഒരു മൂലയ്ക്കൽ ചെകുത്താൻ ഇടയ്ക്കിടയ്ക്കു പതുങ്ങിക്കൂടുകയും ഈ ഭയങ്കരമായ അപൂർവസൃഷ്ടിക്കു മുൻപിൽ അന്ധനായി മനോരാജ്യത്തിൽപ്പെടുകയും ചെയ്തിരിക്കണം.

കുറച്ചിട ആലോചിച്ചുനിന്നതിനുശേഷം, ‘ഹാ!’ അയാൾ വിചാരിച്ചു; ‘അവർക്കിപ്പോൾ പോവാൻ ഇടകിട്ടിയിട്ടുണ്ടാവും.’

അങ്ങനെ, ഏതാണ്ടൊരുറപ്പോടും ഒരുകൂട്ടം കാടപ്പക്ഷികളെ മണത്തറിഞ്ഞു ചെല്ലുന്ന ഒരു കുറുക്കന്റെ സാമർഥ്യത്തോടുംകൂടി അയാൾ ആ വഴിയേ ക്ഷണത്തിൽ നടന്നു.

വാസ്തവം പറഞ്ഞാൽ കുളങ്ങൾ വിട്ടു. ബെൽവ്യുനടക്കാവിന്റെ വലത്തുവശത്തുള്ള ഒഴിവുസ്ഥലത്തെ ഒരു ഗൂഢമാർഗത്തിലൂടെ കടന്നു, കുന്നിനെ ഏതാണ്ടു ചുറ്റിനില്ക്കുന്നതും ഷേലിലെ സന്ന്യാസിമഠംവക പഴേ വെള്ളച്ചാലിന്റെ കമാനപ്പാലം മൂടിയതുമായ പുല്ക്കട്ടവഴിയിലെത്തിയപ്പോൾ, കുറ്റിക്കാടിനു മുകളിലൂടെ, അത്രയുമധികം ഊഹാപോഹങ്ങളെ താൻ കെട്ടിയുണ്ടാക്കിയതേതിന്മേലോ ആ തൊപ്പി അയാൾ കണ്ടെത്തി: അതു് ആ മനുഷ്യന്റെയായിരുന്നു. കുറ്റിക്കാടു വളരെ ഉയർന്നതല്ല. ആ മനുഷ്യനും കൊസെത്തുംകൂടി അവിടെ ഇരിക്കുകയാണെന്നു തെനാർദിയെർക്കു മനസ്സിലായി. ഉയരക്കുറവുകൊണ്ടു് കുട്ടിയെ കാണാനില്ലായിരുന്നു; പക്ഷേ, ആ കളിപ്പാവയുടെ തല അവിടെ നിന്നാൽ കാണാം.

തെനാർദിയെർക്ക് അബദ്ധം പറ്റിയിട്ടില്ല. ആ മനുഷ്യൻ അവിടെ ഇരുന്നു കൊസെത്തിനു് അല്പം വിശ്രമിക്കാൻ ഇടകൊടുക്കുകയാണു്. ഹോട്ടലുടമസ്ഥൻ കുറ്റിക്കാടൊന്നു ചുറ്റിവെച്ചു. താൻ അന്വേഷിച്ചു നടന്നിരുന്നവരുടെ മുൻപിൽ പെട്ടെന്നു ചെന്നു പ്രത്യക്ഷീഭവിച്ചു.

‘ക്ഷമിക്കണം, സേർ, എനിക്കു മാപ്പു തരണം.’ ശ്വാസം കിട്ടാതെ അയാൾ പറഞ്ഞു. ‘ഇതാ നിങ്ങളുടെ ആയിരത്തഞ്ഞൂറു ഫ്രാങ്ക്.’

ഇങ്ങനെ പറഞ്ഞ് അയാൾ ആ മൂന്നു നോട്ടുകളും ആ അപരിചിതന്റെ കൈയിൽ വെച്ചുകൊടുത്തു.

ആ മനുഷ്യൻ തല പൊന്തിച്ചുനോക്കി.

‘എന്താ ഇതിന്റെ അർഥം?’

തെനാർദിയെർ ബഹുമാനപൂർവമായി പറഞ്ഞു: ‘ഇതിന്റെ അർഥം, സേർ, ഞാൻ കൊസെത്തിനെ തിരികെ കൊണ്ടുപോവും.’

കൊസെത്തു് ചൂളി, ആ വയസ്സനിൽ പറ്റിച്ചേർന്നു.

തെനാർദിയെരുടെ കണ്ണുകൾക്കടിയിലേക്കു സൂക്ഷിച്ചുനോക്കി, ഓരോ വാക്കും വ്യക്തമാവുംവണ്ണം അയാൾ മറുപടി പറഞ്ഞു: ‘നിങ്ങൾ കൊസെത്തിനെ തിരികെ കൊണ്ടുപോവാൻ ഭാവിക്കുന്നുവോ?’

‘ഉവ്വു്: സേർ, ഞാൻ ഭാവിക്കുന്നു. ഞാൻ നിങ്ങളോടു പറയാം: ഞാൻ കാര്യത്തെപ്പറ്റി ആലോചിച്ചു. വാസ്തവത്തിൽ അവളെ നിങ്ങൾക്കു തരാൻ എനിക്കധികാരമില്ല. നിങ്ങൾ കണ്ടുവല്ലോ, ഞാനൊരു മര്യാദക്കാരനാണു്; ഈ കുട്ടി എന്റെയല്ല; അവൾ അവളുടെ അമ്മയുടേതാണു്. അവളുടെ അമ്മയാണു് അവളെ എനിക്കേല്പിച്ചുതന്നതു്: അവളുടെ അമ്മയ്ക്കു മാത്രമേ എനിക്കിവളെ കൊടുപ്പാൻ നിവൃത്തിയുള്ളൂ. അവളുടെ അമ്മ മരിച്ചുപോയി എന്നു നിങ്ങൾ പറയുമായിരിക്കാം. നല്ലതു്: അങ്ങനെയാണെങ്കിൽ, അവളുടെ അമ്മ ഈ എഴുത്തു തരുന്നാൾവശം എന്റെ മകളെ ഏല്പിക്കണം എന്നർഥത്തിൽ എഴുതി ഒപ്പിട്ട ഒരു കുറിപ്പു് ആർ തരുന്നുവോ ആ ആൾക്കു മാത്രമേ എനിക്കു കുട്ടിയെ കൊടുപ്പാൻ പാടുള്ളൂ; മനസ്സിലായല്ലോ.’

ആ മനുഷ്യൻ മറുപടിയൊന്നും പറയാതെ, തന്റെ കുപ്പായക്കീശയിൽ തപ്പി, ബാങ്കുനോട്ടുകളുള്ള നോട്ടുപുസ്തകം വീണ്ടും പുറത്തേക്കു വരുന്നതു തെനാർദിയെർ നോക്കിക്കണ്ടു.

ഹോട്ടൽക്കാരൻ സന്തോഷംകൊണ്ടു തുള്ളി.

‘അതേ!’ അയാൾ വിചാരിച്ചു; ഇക്കുറി നല്ലവണ്ണം മുറുക്കിപ്പിടിക്കണം; അയാൾ ഇനിയും കൈ മടക്കാനുള്ള ശ്രമമാണു്.’

നോട്ടുപുസ്തകം തുറക്കുന്നതിനു മുൻപായി വഴിപോക്കൻ നാലുപുറവും ഒന്നോടിച്ചുനോക്കി; അവിടെയെങ്ങും ആളില്ല; കാട്ടുപുറത്താവട്ടേ വയലിലാവട്ടേ ഒരു ജീവിയെങ്കിലും ഉണ്ടായിരുന്നില്ല. ആ മനുഷ്യൻ ഒരിക്കൽക്കൂടി പുസ്തകം തുറന്നു്, അതിൽനിന്നു്, തെനാർദിയെർ കരുതിയതുപോലെ ഒരുപിടി നോട്ടുകളല്ല, ഒരു വെറും കടലാസ്സുകഷ്ണം വലിച്ചെടുത്തു; അതു മുഴുക്കെ നിവർത്തി, ഇങ്ങനെ പറഞ്ഞുകൊണ്ടു് ഹോട്ടൽക്കാരന്റെ കൈയിൽ കൊടുത്തു. ‘നിങ്ങൾ പറഞ്ഞതു ശരിയാണു്; വായിക്കൂ!’

തെനാർദിയെർ കടലാസ്സു് വാങ്ങി വായിച്ചു:—

‘എം., മാർച്ച് 25, 1823

‘മൊസ്സ്യു തെനാർദിയെർ!-

‘ഈ ആൾക്കു നിങ്ങൾ കൊസെത്തിനെ കൊടുക്കണം.

‘നിങ്ങൾക്കു കിട്ടാനുള്ളതു് ഇദ്ദേഹം തരും.

‘ഞാൻ നിങ്ങളെ ബഹുമാനപൂർവം ഉപചരിക്കുന്നു.

‘ഫൻതീൻ.’

‘ഈ ഒപ്പു നിങ്ങൾക്കറിയാമല്ലോ?’ ആ മനുഷ്യൻ തുടർന്നു.

അതു് വാസ്തവത്തിൽ ഫൻതീന്റെ ഒപ്പുതന്നെയായിരുന്നു; തെനാർദിയെർക്കു കണ്ടപ്പോൾ മനസ്സിലായി.

ഉത്തരമൊന്നും പറയാനില്ല; അയാൾക്കു രണ്ടു വല്ലാത്ത അടിപറ്റി—ആഗ്രഹിച്ച കൈക്കൂലി കിട്ടിയില്ലെന്നു് ഒരു മുഷിച്ചൽ; താൻ തികച്ചും തല കുത്തിപ്പോയി എന്നു് മറ്റൊന്നു്. ആ മനുഷ്യൻ തുടർന്നു: ‘ആ കടലാസ്സു് രശീതിയായി നിങ്ങൾക്കു സൂക്ഷിക്കാം.’

തെനാർദിയെർ തനിയെ പിന്നാക്കം വാങ്ങിപ്പോയി.

‘ഈ ഒപ്പിനു നല്ല ഛായയുണ്ടു്.’ അയാൾ പല്ലിനിടയിലൂടെ മുരണ്ടു; ‘ഏതായാലും അതു് പോട്ടെ.’

ഒടുവിൽ അയാൾ ഒരു പിടച്ചിൽ പിടഞ്ഞു.

‘സേർ, ശരിയാണു്.’ അയാൾ പറഞ്ഞു, നിങ്ങളാണല്ലോ അതിൽ പറയുന്നാൾ; പക്ഷേ, എനിക്കു കിട്ടാനുള്ളതു് കിട്ടണം. എനിക്ക് ഒരുപാടു സംഖ്യ വരാനുണ്ടു്.

ആ മനുഷ്യൻ, തന്റെ പിഞ്ഞിപ്പൊളിഞ്ഞ കുപ്പായക്കൈയിൽനിന്നു പൊടി തെറിപ്പിച്ചുകൊണ്ടു്, അവിടെനിന്നെണീറ്റു.

‘മൊസ്സ്യു തെനാർദിയെർ, കഴിഞ്ഞ ജനവരിയിൽ, നിങ്ങൾക്ക് ഒരുനൂറ്റിരുപതു ഫ്രാങ്ക് തരാനുണ്ടെന്നു് അമ്മ കണക്കാക്കി. ഫിബ്രവരിയിൽ നിങ്ങൾ അഞ്ഞൂറു ഫ്രാങ്കിനു രശീതിയയച്ചു; ഫിബ്രുവരി ഒടുവിൽ മുന്നൂറു ഫ്രാങ്കും, മാർച്ച് ആദ്യത്തിൽ മുന്നൂറു ഫ്രാങ്കും നിങ്ങൾക്കയച്ചുകിട്ടി. അതിനുശേഷം ഒമ്പതു മാസം കഴിഞ്ഞു; അപ്പോൾ, ഒരു മാസത്തിനു നിശ്ചയിച്ചിട്ടുള്ള പതിനഞ്ചു ഫ്രാങ്ക് വീതം, നൂറ്റിമുപ്പത്തഞ്ചു ഫ്രാങ്ക് നിങ്ങൾക്കു കിട്ടണം. നൂറു ഫ്രാങ്ക് നിങ്ങൾക്ക് അധികം വരവുണ്ടു്; അതു കഴിച്ചാൽ മുപ്പത്തഞ്ചു ഫ്രാങ്കാണു് നിങ്ങൾക്കുള്ള കടം. ഞാൻ നിങ്ങൾക്ക് ആയിരത്തഞ്ഞൂറു ഫ്രാങ്ക് തന്നുകഴിഞ്ഞു.’

തെനാർദിയെരുടെ മനോവികാരങ്ങൾ, കെണിയുടെ ഇരിമ്പുവായയിൽ മൂക്കു കുടുങ്ങി എന്നു കണ്ട ചെന്നായയ്ക്ക് ആ സമയത്തുണ്ടാകാവുന്നവയായിരുന്നു.

‘എന്തൊരു ചെകുത്താനാണു് ഈ മനുഷ്യൻ?’ അയാൾ വിചാരിച്ചു.

ചെന്നായ കാട്ടിയേക്കാവുന്നതു് അയാൾ ചെയ്തു; അയാൾ കുടഞ്ഞു. ഒരിക്കൽ അയാളെ ധൃഷ്ടത ബാധിച്ചു.

‘മൊസ്സ്യു, എനിക്കു നിങ്ങളുടെ പേരറിവില്ല.’ അയാൾ ഉറപ്പിച്ചു പറഞ്ഞു—ഈ സമയത്തു് അയാളുടെ ആദരവൊക്കെ പമ്പകടന്നു; ‘എനിക്ക് ആയിരം ക്രൗൺ [6] ഇപ്പോൾ തന്നില്ലെങ്കിൽ, കൊസെത്തിനെ ഞാൻ തിരികെ കൊണ്ടുപോവും.

ആ അപരിചിതൻ മനസ്സാമാധാനത്തോടുകൂടി പറഞ്ഞു: ‘വരൂ, കൊസെത്തു്.’

അയാൾ ഇടത്തേ കൈകൊണ്ടു് കൊസെത്തിനെ പിടിച്ചു; വലത്തേ കൈകൊണ്ടു് നിലത്തു കിടന്നിരുന്ന തന്റെ പൊന്തൻവടി എടുത്തു.

പൊന്തൻവടിയുടെ വലുപ്പവും ആ സ്ഥലത്തിന്റെ ഏകാന്തതയും തെനാർദിയെർ സൂക്ഷിച്ചു.

ഹോട്ടൽക്കാരനെ അവിടെ മിണ്ടാനും അനങ്ങാനും വയ്യാതാക്കിയിട്ടു്, ആ മനുഷ്യൻ കാട്ടിന്നുള്ളിൽ കടന്നുമറഞ്ഞു.

അവർ പോകുന്ന സമയത്തു്, അല്പം ഉരുളിച്ചയോടുകൂടിയ ആ അപരിചിതന്റെ ചുമലുകളും നല്ല വലിപ്പത്തിലുള്ള മുഷ്ടികളും തെനാർദിയെർ സൂക്ഷിച്ചു നോക്കിപ്പഠിച്ചു.

എന്നിട്ടു് കണ്ണുകളെ തന്റെ മേലേക്കുതന്നെ തിരിച്ചുവരുത്തി അയാൾ അവയെ തന്റെ ക്ഷീണിച്ച ഭുജങ്ങളിലും മെലിഞ്ഞ കൈപ്പടങ്ങളിലും പതിച്ചു. ‘ഞാൻ പോകുന്നതു നായാട്ടിനായ സ്ഥിതിക്ക്, എന്റെ തോക്കു കൊണ്ടുവരാൻ ആലോചിക്കാഞ്ഞപ്പോൾ ഞാൻ വല്ലാത്ത വിഡ്ഢിതന്നെയായിരിക്കണം,’ അയാൾ തന്നത്താൻ പറഞ്ഞു.

ഏതായാലും ഹോട്ടൽക്കാരൻ വിട്ടില്ല.

‘അവനെവിടേക്കു പോണു എന്നെനിക്കറിയണം.’ അയാൾ വിചാരിച്ചു; കുറെദൂരം വിട്ടു് അയാൾ അവരുടെ പിന്നാലെ പുറപ്പെട്ടു. അയാളുടെ കൈയിൽ രണ്ടെണ്ണം കിട്ടിയിട്ടുണ്ടു്; ഫൻതീൻ എന്നൊപ്പിട്ട കടലാസ്സിന്റെ രൂപത്തിൽ ഒരു നിന്ദാസ്തുതിയും, ആയിരത്തഞ്ഞൂറു ഫ്രാങ്കാകുന്ന ഒരു സമാധാനവും

ആ മനുഷ്യൻ കൊസെത്തിനെ ലിവ്രിയും ബോങ്ദിയും കിടക്കുന്ന വഴിക്കു കൊണ്ടുപോയി. മനോരാജ്യവും മനഃകുണ്ഠിതവുംകൊണ്ടു താഴ്‌ന്നുതൂങ്ങിയ ശിരസ്സോടുകൂടിയ അയാൾ പതുക്കെ നടന്നു. മഴക്കാലംകൊണ്ടു് കാടു മെലിഞ്ഞിരുന്നു; അതിനാൽ ദൂരത്തൂടെയാണു് നടന്നിരുന്നതെങ്കിലും തെനാർദിയെർ അവരെ കണ്ണിൻമുൻപിൽനിന്നു വിട്ടില്ല. ആ മനുഷ്യൻ ഇടയ്ക്കിടയ്ക്കു പിന്നാലെ വല്ലവരും പോരുന്നുണ്ടോ എന്നു് നോക്കിയിരുന്നു. പെട്ടെന്നു് അയാൾ തെനാർദിയെരെ കണ്ടു. ഉടനെത്തന്നെ അയാൾ കൊസെത്തോടുകൂടി കുറ്റിക്കാടിനുള്ളിലേക്കു കടന്നു; അവിടെ അവർക്കു രണ്ടുപേർക്കും ഒളിക്കാമായിരുന്നു. ‘എന്റെ ചെകുത്താനേ!’ തെനാർദിയെർ പറഞ്ഞു: അയാൾ നടത്തത്തിന്റെ വേഗം ഇരട്ടിയാക്കി.

നിലത്തുള്ള ചെടികളുടെ ഇടതൂർമകൊണ്ടു് അയാൾക്കു കുറേക്കൂടി അവരോടടുത്തു നടക്കേണ്ടിവന്നു. ആ മനുഷ്യൻ കുറ്റിക്കാടിന്റെ ഏറ്റവും ഇരുട്ടടഞ്ഞ ഭാഗത്തെത്തിയപ്പോൾ, അയാൾ നേരെ പിന്നോക്കം തിരിഞ്ഞു. തെനാർദിയെർ മരക്കൊമ്പുകൾക്കിടയിൽ ഒളിച്ചുനോക്കിയതു് വെറുതെയാണു്; ആ അപരിചിതന്റെ കണ്ണിൽ നിന്നു് മറയാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല. ആ മനുഷ്യൻ അസ്വസ്ഥമായ ഒരു നോട്ടം നോക്കി, പിന്നേയും തല പൊന്തിച്ചു മുൻപോട്ടു നടന്നു. ഹോട്ടൽക്കാരൻ പിന്നേയും പിന്നാലെ കൂടി. ഇങ്ങനെ അവർ മുന്നൂറു നാനൂറടി പോയി. പെട്ടെന്നു് ആ മനുഷ്യൻ ഒരിക്കൽക്കൂടി തിരിഞ്ഞു; അയാൾ ഹോട്ടൽക്കാരനെകണ്ടു. ഈ സമയത്തെ അയാളുടെ നോട്ടത്തിൽ ഒരു പന്തിയല്ലാത്ത ഭാവഭേദമുണ്ടായിരുന്നു; തെനാർദിയെർ ഇനിയും മുൻപോട്ടു പോയിട്ടു് ‘ആവശ്യമില്ലെ’ന്നു തീർച്ചപ്പെടുത്തി. തെനാർദിയെർ തിരിച്ചുപോന്നു.

കുറിപ്പുകൾ

[6] രണ്ടര ഉറുപ്പിക വിലയ്ക്കുള്ള ഒരു നാണ്യം.

2.3.11
9,430-ആം നമ്പർ വീണ്ടും പ്രത്യക്ഷീഭവിക്കുകയും ആ നമ്പർ ഷോടതിയിൽ കൊസെത്തിനു കിട്ടുകയും ചെയ്യുന്നു

ഴാങ് വാൽഴാങ് മരിച്ചിട്ടില്ല.

വെള്ളത്തിൽ വീണ സമയത്തു്, അഥവാ തന്നെത്താൻ വെള്ളത്തിലേക്കെറിഞ്ഞ സമയത്തു്, നാം കണ്ടതുപോലെ അയാളുടെ കാലിന്മേൽ ചങ്ങലയുണ്ടായിരുന്നില്ല. അയാൾ വെള്ളത്തിനടിയിലൂടെ, നങ്കൂരമിട്ടു നില്ക്കുന്ന ഒരു കപ്പലോടടുത്തെത്തുന്നതുവരെ നീന്തി. ആ കപ്പലോടു് ഒരു തോണി കൂട്ടിക്കെട്ടിയിരുന്നു; അയാൾ ആ തോണിയിൽ രാത്രിവരെ ഒളിച്ചുകിടന്നു. രാത്രി അയാൾ പിന്നേയും നീന്തി, ബ്രാങ് മുനമ്പിൽ കുറച്ചു ദൂരെ ഒരിടത്തു ചെന്നു കരയ്ക്കേറി. പണത്തിന്നു ദുർഭിക്ഷമില്ലാതിരുന്നതുകൊണ്ടു് അയാൾ അവിടെവെച്ച് ഉടുപ്പുമാറി. ബാലാഗ്വിയെർ എന്നതിനടുത്ത് ആ കാലങ്ങളിൽ ചാടിപ്പോയ തടവുപുള്ളികൾക്കു വേഷം മാറാനുള്ള ഒരു ചെറുസ്ഥലമുണ്ടായിരുന്നു—നല്ല സമ്പാദ്യമുള്ള ഒരു പുതുക്കച്ചവടം എന്നിട്ടു തടവിൽനിന്നു ചാടി പൊല്ലീസ്സുകാരുടെ അന്വേഷണത്തിൽ നിന്നും സാമുദായികമായ കഷ്ടപ്പാടിൽനിന്നും ഒഴിഞ്ഞുകളയാൻ നോക്കുന്ന എല്ലാ ദയനീയന്മാരായ പുള്ളികളേയുംപോലെ, ഴാങ് വാൽഴാങ്ങും ആൾസ്സഞ്ചാരം കുറഞ്ഞതും വളഞ്ഞുതിരിഞ്ഞു പോകുന്നതുമായ ഒരു മാർഗത്തെ പിന്തുടർന്നു. അയാൾ ആദ്യം ബൊസ്സെയ്ക്കടുത്തുള്ള പ്രാദോവിൽ ചെന്നു പതുങ്ങി. എന്നിട്ടു് ബ്രിയാങ്സോങ്ങിനടുത്തു ഗ്രാങ്-വിയാറിനു നേരേ നടന്നു. അതു് അസ്വസ്ഥവും സംഭ്രമയുക്തവുമായ ഒരോട്ടവുമായിരുന്നു—പോയ വഴികളൊന്നും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു തുരപ്പനെലിയുടെ പോക്ക്. പിന്നീടു് അയാൾ എയിൽ എത്തിയതായറിഞ്ഞു; പിന്നെ പിറണീസ്സിൽ; പിന്നീടു് പെറിങ്ങ്യുവിന്റെ അയൽപ്രദേശങ്ങളിൽ. അങ്ങനെ അയാൾ പാരിസ്സിലെത്തി. നമ്മൾ ഇപ്പോൾ അയാളെ മോങ്ഫെർമിയെയിൽവെച്ചും കണ്ടുവല്ലോ.

പാരിസ്സിലെത്തിയ ഉടനെ അയാളുടെ ആദ്യത്തെ ശ്രമം ആറേഴു വയസ്സുള്ള ഒരു പെൺകുട്ടിക്കു വേണ്ട ദുഃഖോചിതമായ ഒരുടുപ്പു വാങ്ങുകയാണു്; പിന്നെ ഒരു താമസസ്ഥലം ഏർപ്പാടു ചെയ്തു. അതു കഴിഞ്ഞ് അയാൾ മോങ്ഫെർമിയെയിലേക്കു വെച്ചടിച്ചു. ഇതിനു മുൻപത്തെ ഒളിച്ചുചാടലിൽ അയാൾ അവിടെയ്ക്കോ അതിന്നടുത്ത പ്രദേശത്തെയ്ക്കോ ഉപായത്തിൽ ഒരു പോക്കു പോയിപ്പോന്നതും, അതിനെപ്പറ്റി ഭരണാധികാരികൾക്ക് എന്തോ അല്പം ഒരു സൂചന കിട്ടിയതും വായനക്കാർ ഓർമിക്കുമല്ലോ.

ഏതായാലും അയാൾ മരിച്ചുപോയിയെന്നു് ആളുകൾ കരുതി; ഇതു് അയാളെ ചുറ്റിയിരുന്ന നിഗൂഢതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു. പാരിസ്സിൽവെച്ച് ഈ വിവരം രേഖപ്പെടുത്തിയിരുന്ന ഒരു പത്രം അയാളുടെ കൈയിൽപ്പെട്ടു. അയാൾക്ക് ഒരു ധൈര്യവും വാസ്തവത്തിൽ മരിച്ചുകഴിഞ്ഞാലത്തെപ്പോലെ സ്വസ്ഥതയും കിട്ടി.

കൊസെത്തിനെ തെനാർദിയെർമാരുടെ ഇറുക്കിപ്പിടുത്തത്തിൽനിന്നു വീണ്ടെടുത്ത ദിവസംതന്നെ, വൈകുന്നേരം അയാൾ പാരിസ്സിൽ ചെന്നു. അയാൾ സന്ധ്യയ്ക്കുശേഷം കുട്ടിയോടുകൂടി മോങ്സോ വഴിക്ക് അവിടെ എത്തി. അവിടെ നിന്നു് അയാൾ ഒരു വണ്ടി പിടിച്ചു. നക്ഷത്രബംഗ്ലാവിന്റെ അടുത്ത പ്രദേശത്തു ചെന്നു. അവിടെ അയാൾ വണ്ടിയിൽനിന്നിറങ്ങി, വണ്ടിക്കാരന്നു കൂലി കൊടുത്തു. കൊസെത്തിന്റെ കൈ പിടിച്ചു, രണ്ടു പേരുംകൂടി, ഇരുട്ടത്തു് ഓർസിനേയും ഗ്ലാസിയറേയും കൂട്ടിച്ചേർക്കുന്ന ഏകാന്തവീഥികളിലൂടെ ഹൊപ്പിത്താൽ പ്രദേശത്തേക്കു നടന്നു.

കൊസെത്തിന് അന്നത്തെ ദിവസം അസാധാരണമായിരുന്നു; അവളിൽ അതു പലേ വികാരങ്ങളും ഉദിപ്പിച്ചു. ഒറ്റപ്പെട്ടുനില്ക്കുന്ന ഹോട്ടലുകളിൽനിന്നു് അപ്പവും പാൽക്കട്ടിയും വാങ്ങി അവർ വേലിക്കരികിലിരുന്നു കഴിച്ചു; ഇടയ്ക്കിടയ്ക്ക് വണ്ടി മാറിക്കയറി; ചുരുക്കം വഴികൾ കാൽനടയായി കടന്നു. അവൾ ഒന്നും ആവലാതി പറഞ്ഞില്ല; പക്ഷേ, ക്ഷീണിച്ചിരുന്നു; നടക്കുമ്പോൾ അവൾ തന്റെ കൈയിന്മേൽ അധികമധികം തൂങ്ങിയിരുന്നതിൽനിന്നു് അതു ഴാങ് വാൽഴാങ്ങിനു മനസ്സിലായി. അയാൾ അവളെ പുറത്തേറ്റി. കാതറീനെ കൈയിൽനിന്നു വിടാതെ, കൊസെത്തു് ഴാങ് വാൽഴാങ്ങിന്റെ ചുമലിൽ തലവെച്ച്, അവിടെ കിടന്നുറങ്ങി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.