images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.1
പെത്തി പിക്പ്യുവിൽ 62-ആം നമ്പർ കെട്ടിടം

അര നൂറ്റാണ്ടിനുമുൻപു്, പെത്തി പിക്പ്യുവിലെ 62-ആം നമ്പർ വീടിന്റെ വണ്ടിപ്പടിയെക്കാളധികം മറ്റേതു വണ്ടിപ്പടിയുടേയും ഛായയിലുള്ളൊന്നു വേറെയില്ല. ഏറ്റവും ഭംഗിയിൽ ക്ഷണിച്ചുകൊണ്ടു് പതിവായി തുറന്നുകിടക്കുന്ന ഈ പ്രവേശദ്വാരം, വല്ലാത്ത ശ്മശാനമട്ടൊന്നുമില്ലാത്ത രണ്ടെണ്ണത്തെ കാട്ടിയിരുന്നു-മുന്തിരിവള്ളികൾ തുങ്ങിക്കിടക്കുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു മുറ്റവും, വെറുതേയിരിക്കുന്ന ഒരു പടിക്കാവല്ക്കാരന്റെ മുഖവും. മുറ്റത്തിന്റെ അറ്റത്തു മതിലിൻമീതെ നീണ്ട മരങ്ങൾ കാണാം. ഒരു വെയിൽനാളം മുറ്റത്തിനു തെളിവു കൊടുത്തിട്ടുള്ളപ്പോൾ, ഒരു ഗ്ലാസ്സു് വീഞ്ഞ് പടിക്കാവല്ക്കാരന്നു് ഉന്മേഷം കൂട്ടിയിരിക്കുമ്പോൾ, ചെറിയ പിക്പ്യു തെരുവിലെ 62-ആം നമ്പർ ഭവനത്തെപ്പറ്റി ഒരു നല്ല അഭിപ്രായവുംകൊണ്ടല്ലാതെ അതിലെ കടന്നുപോവാൻ പ്രയാസമുണ്ടു്. എങ്കിലും, ആ ഒരു നോക്കു കണ്ടസ്ഥലം വ്യസനകരമായിരുന്നു.

ഉമ്മറം പുഞ്ചിരിക്കൊള്ളുന്നുണ്ടു്; വീടു് ഈശ്വരവന്ദനം ചെയ്കയും കരയുകയുമാണു്.

പടികാവല്ക്കാരനോടു സമ്മതം വാങ്ങി അകത്തു കടപ്പാൻ ഒരാൾക്കു സാധിച്ചാൽ-അതത്ര എളുപ്പമല്ല; എല്ലാവർക്കും അതു സാധിക്കയേ ഇല്ല; എന്തുകൊണ്ടു്? അതിനു് ഒരു ഗൂഢതന്ത്രമുള്ളതു് മനസ്സിലായിരിക്കണം പടിക്കാവല്ക്കാരന്റെ പിടുത്തം വിട്ടാൽ, വലത്തുവശത്തു് ഒരു വിസ്താരം കുറഞ്ഞ നടപ്പുര കാണാം; അതിൽ രണ്ടു ചുമരിന്നിടയിൽ അടഞ്ഞുകിടക്കുന്നതും ഒരാൾക്കു കഷ്ടിച്ചു കയറാവുന്ന വിസ്താരം മാത്രമുള്ളതുമായ ഒരു കോണിയുണ്ടു്. മഞ്ഞനിറത്തിലുള്ള പുറംതേപ്പു കണ്ടു പേടിക്കാതെ ആ കോണി കയറിപ്പോവുകയാണെങ്കിൽ, ഒന്നാമത്തെ നിലയിലെത്താം; അവിടെനിന്നു് രണ്ടാമത്തേതിലും; പിന്നെ ഒരിടനാഴിയോടുകൂടിയ മുകൾനിലയിലും. ആ മഞ്ഞച്ച തേപ്പുചായം ഒരു സമാധാനമയമായ സിദ്ധാന്തത്തോടുകൂടി ഒപ്പം പോരുന്നുണ്ടായിരിക്കും. കോണിത്തട്ടും ഇടനാഴിയും ഭംഗിയുള്ള രണ്ടു ജനാലകളെക്കൊണ്ടു്, വിളങ്ങുന്നുണ്ടു്. ഇടനാഴി ഒരു തിരിവു തിരിഞ്ഞു; ഇരുട്ടു്. ആ മുനമ്പു ചുറ്റിപ്പോയാൽ കുറച്ചടികൂടി മുന്നിൽ ഒരു വാതില്ക്കലെത്തുന്നു; സാക്ഷയിടാത്തതുകൊണ്ടു് അതു് അതിലേറെ അസാധാരണം. അതു് തുറന്നാൽ, ആറടി ചതുരമുള്ളതും, ഇഷ്ടിക പതിച്ചതും, നല്ലവണ്ണം തിരുമ്മിത്തുടച്ചതും, വൃത്തിയുള്ളതും, തണുത്തതും, ചുരുളിനു പതിനഞ്ചു സൂ വിലയുള്ള പച്ചപ്പൂക്കടലാസ്സു കൊണ്ടു് ചുമർമറയുള്ളതുമായ ഒരു ചെറുമുറിയിൽ എത്തിച്ചേരാം. നേരിയ ചില്ലുവാതിലുകളോടുകൂടി ഇടത്തുവശത്തു് ഒരു വലിയ ജനാലയിൽനിന്നുള്ള വെളുത്തതും മങ്ങിയതുമായ വെളിച്ചം അവിടെ ഇല്ലെന്നില്ല. നാലു പുറവും നോക്കിയാൽ ആരെയും കാണുകയില്ല; കാൽവെപ്പുശബ്ദമോ ഒരു മന്ത്രിക്കലിന്റെ ഒച്ചയോ കേട്ടു എന്നു വരില്ല. നഗ്നങ്ങളായ ചുമരുകൾ; മുറിയിൽ യാതൊരുപകരണവുമില്ല; ഒരു കസാലപോലുമില്ല.

പിന്നെയും നോക്കിയാൽ ചുമരിന്മേൽ വാതിലിനെതിരായി ഏകദേശം ഒരടി ചതുരത്തിൽ, കറുത്തു, ഒന്നരയിഞ്ചകലമുള്ള കള്ളികളായി-കണ്ണികൾ എന്നാണു് ഞാൻ പറയാൻ ഭാവിച്ചത്-മെടഞ്ഞിട്ടുള്ള കട്ടിയിരിമ്പഴികളോടുകൂടിയ ഒരു ചതുഷ്കോണസുഷിരം കാണാം. ചുമർക്കടലാസ്സിലെ ചെറിയ പച്ചപ്പൂവുകൾ ഒരു വരിക്രമത്തോടുകൂടി, ശ്മശാനോചിതമായ പരസ്പരസമ്പർക്കത്തിൽ പകയ്ക്കുകയോ പരിഭ്രമിച്ചുപോകയോ ചെയ്യാതെ, ആ ഇരിമ്പഴികളോടുകൂടിയിണങ്ങുന്നു. ആ ചതുരപ്പഴുതിലൂടെ അങ്ങോട്ടോ ഇങ്ങോട്ടോ നൂണുകടക്കാൻമാത്രം അത്ഭുതകരമായി മെലിഞ്ഞിട്ടുള്ള ഒരു സത്ത്വമുണ്ടെങ്കിൽക്കൂടി അതിനെ അതിന്നു് ആ ഇരിമ്പഴി സമ്മതിക്കുകയില്ല. അതു ശരീരത്തെ കടക്കാൻ സമ്മതിച്ചിരുന്നില്ലെങ്കിലും, കണ്ണുകളെ കടത്തിയയച്ചിരുന്നു-എന്നുവെച്ചാൽ, മനസ്സിനെ. ഈ വിചാരം ഇതുണ്ടാക്കിച്ചവർക്കും തോന്നിയിരിക്കണം; എന്തെന്നാൽ, കുറെ പിന്നോട്ടു നീങ്ങി. അരിപ്പദ്വാരങ്ങളെക്കാളും ചെറിയ അനവധി ദ്വാരങ്ങളുള്ള ഒരു തകരപ്പലക ചുമരിൽപ്പതിച്ച് അതിന്നും അവർ വഴിയില്ലാതാക്കിയിട്ടുണ്ടു്. ആ പലകയ്ക്കടിയിൽ ശരിക്ക് ഒരു കത്തുപെട്ടിയുടെ പൊത്തുപോലെയുള്ള ഒരു പഴുതു തുളച്ചിരിക്കുന്നു. ആ ഇരിമ്പഴിയിട്ട ദ്വാരത്തിന്റെ വലത്തുപുറത്തായി ഒരു മണിയടിക്കമ്പിയോടു് കൂട്ടിക്കെട്ടിയിട്ടുള്ള ഒരു ചുകപ്പുനാട തൂങ്ങിക്കിടക്കുന്നുണ്ടു്.

ആ നാട പിടിച്ചുവലിച്ചാൽ ഒരു മണി മുട്ടും; ഉടനെ ഞെട്ടിപ്പോകുമാറു് അത്രമേൽ അടുത്തുനിന്നു് ഒരു ശബ്ദം കേൾക്കാം.

‘ആരാണത്?’ ആ ശബ്ദം കല്പിച്ചു ചോദിക്കും.

അതു് ഒരു സ്ത്രീയുടെ ശബ്ദമായിരിക്കും-ഒരു സൗമ്യമായ സ്വരം; ദുഃഖമയമാകുമാറു് അത്രയും സൗമ്യമായ സ്വരം.

ഇവിടെയും ഒരു ഗൂഢവാക്ക് അറിഞ്ഞിരിക്കേണ്ടതുണ്ടു്. അതറിവില്ലാത്താളാണെങ്കിൽ, ആ ഒച്ച പിന്നെ ശബ്ദിക്കില്ല; ശവക്കല്ലറയിലെ ഭയങ്കരനിഗൂഢതയാണു് അതിന്റെ അപ്പുറത്തെന്നു തോന്നുമാറു് ചുമരുകൾ വീണ്ടു ശബ്ദിക്കാതാകുന്നു.

ആ കുറിവാക്കറിയാമെങ്കിൽ, ശബ്ദം തുടർന്നുപറയും; ‘വലത്തുഭാഗത്തൂടെ അകത്തോട്ടു വരൂ.’

അപ്പോൾ വലത്തുപുറത്തു ജനാലയ്ക്കെതിരായി മിനുസപ്പെടുത്തിയതും ചാര നിറച്ചായമിട്ടതുമായ ഒരു ചട്ടക്കൂടു ചില്ലുവാതിൽ കാണാം. ഓടാമ്പൽ നീക്കി അകത്തേക്കു കടന്നാൽ, ചുമരഴി താഴ്ത്തി വിളക്കു തെളിയിക്കുന്നതിനു മുൻപായി നാടകശാലയിലെ അഴിച്ചുമരകത്തേക്കു കടന്നാലത്തെ അനുഭവമാണുണ്ടാവുക. വാസ്തവത്തിൽ, ഇടുങ്ങിയതും രണ്ടു പഴയ കസാരകളാലും വളരെ തേഞ്ഞ ഒരു വൈക്കോൽവിരിയാലും അലങ്കരിക്കപ്പെട്ടതും, ചില്ലുവാതിലിൽനിന്നുള്ള നിസ്സാര വെളിച്ചംകൊണ്ടു് അല്പം തെളിവുള്ളതുമായ ഒരുതരം നാടകശാലയിരിപ്പറതന്നെയാണു്; കരിമരംകൊണ്ടുള്ള മേശത്തട്ടോടുകൂടി ചാരിനില്ക്കാൻ മാത്രം ഉയരമുള്ള മുൻപുറത്തോടുകൂടിയ ഒരു ശരിയായ ഇരിപ്പറ. ഈ ഇരിപ്പറയും അഴിയിട്ടിട്ടാണു്. പക്ഷേ, സംഗീതനാടകശാലയിലെ മാതിരി പൂച്ചുള്ള മരംകൊണ്ടല്ല ഇവിടത്തെ അഴി എന്നേ ഉള്ളൂ. ഇതു ഭയങ്കരമാംവണ്ണം കൂടിപ്പിണഞ്ഞതും, മുറുക്കിപ്പിടിച്ച മുഷ്ടികൾപോലെ കുൂറ്റൻകെട്ടുകളാൽ ചുമരോടു കുൂട്ടിച്ചേർക്കപ്പെട്ടതുമായ ഇരിമ്പഴികളുടെ ഒരു പോത്തൻ അന്താഴപ്പണിയാണു്.

ആദ്യത്തെ അമ്പരപ്പു തീർന്നു, നിലവറയിലേതുപോലുള്ള മങ്ങലോടു കണ്ണിനു പരിചയമായി. ആ അഴിച്ചുമർ കടന്നാലോ, ഒരാറിഞ്ചിന്റെ ഇടയേ മുന്നോട്ടു ചെന്നു കൂടൂ. അവിടെ മഞ്ഞച്ചായമിട്ട മരത്തുലാങ്ങളെക്കൊണ്ടു് ഉറപ്പുകൂടിയതും ശക്തി പിടിച്ചതുമായ ഒരു കറുത്ത ജനാലപ്പലകക്കൂട്ടത്തിൽ ചെന്നുമുട്ടുന്നു. നീണ്ടു് ഇടുങ്ങിയ അഴികളായി ഈ ജനാലപ്പലകക്കൂട്ടം ഭാഗിക്കപ്പെട്ടിരിക്കുന്നു; അവ ആ അഴിച്ചുമരിന്റെ നീളം മുഴുവനും മൂടുന്നുണ്ടു്. എപ്പോഴും ആ ജനാലക്കീറുകൾ അടഞ്ഞുകിടക്കും. കുറച്ചു കഴിഞ്ഞാൽ ആ ജനാലപ്പലകകളുടെ പിന്നിൽനിന്നു് ഒരു ശബ്ദം പറയുന്നതു കേൾക്കാം: ‘ഞാൻ ഇതാ. നിങ്ങൾക്കെന്താണു് വേണ്ടത്?’

അതൊരു പ്രിയപ്പെട്ട-ചിലപ്പോൾ ഓമനിക്കപ്പെട്ട-ശബ്ദമായിരിക്കും. ആരേയും കാണുകയില്ല. ഒരു ശ്വാസശബ്ദംകൂടി കേൾക്കില്ല. ആകർഷിച്ചു വരുത്തപ്പെട്ടു് ശവക്കല്ലറയുടെ ചുമരുകൾക്കപ്പുറത്തുനിന്നു് സംസാരിക്കുന്ന ഒരു പ്രേതമായിരിക്കുമോ അതെന്നു തോന്നും.

നിശ്ചിതങ്ങളും അത്യധികം അപൂർവങ്ങളുമായ ചില സ്ഥിതികൾക്കൊത്താളാണു് വന്നിട്ടുള്ളതെങ്കിൽ, ആ ജനാലപ്പലകകളിൽ ഒരു കീറു് അയാൾക്കു മുൻപിൽ തുറക്കപ്പെടും; ആ ആവാഹിക്കപ്പെട്ട പ്രേതം പ്രത്യക്ഷമാവും. അഴിച്ചുമരിനു പിന്നിൽ, ജനാലപ്പലകക്കൂട്ടത്തിനു പിന്നിൽ, അഴിച്ചുമരിന്റെ ഇടയിലൂടെ കിട്ടാവുന്ന പഴുതിൽ, ഒരു തല കാണാം. വായയും കവിളും മാത്രമേ അതിൽ കാണാനുണ്ടാവൂ; ബാക്കി ഒരു കറുത്ത മൂടുപടംകൊണ്ടു മൂടിയിരിക്കും. ഒരു കറുത്ത ഉള്ളങ്കിയും, കറുത്ത മറശ്ശീലയാൽ മൂടപ്പെട്ടു പുകപോലെ ഒരു സ്വരൂപവും ഒരുനോക്കു കാണപ്പെടും. ആ മനുഷ്യശിരസ്സു് നിങ്ങളോടു സംസാരിക്കും; എന്നാൽ അതു നിങ്ങളുടെ നേരെ നോക്കുകയാവട്ടെ, പുഞ്ചിരിക്കൊള്ളുകയാവട്ടെ ചെയ്യില്ല.

നിങ്ങളുടെ പിന്നിൽനിന്നു വരുന്ന വെളിച്ചത്തിനു് ഒരു വിശേഷതയുണ്ടു്; ‘നിങ്ങൾക്ക് ആ സ്ത്രീയെ വെളിച്ചത്തിലും, അവൾക്കു നിങ്ങളെ ഇരുട്ടിലുമായി കാണാൻതക്കവണ്ണം അതു ശരിപ്പെടുത്തിയിരിക്കുന്നു. ആ വെളിച്ചം അർഥമുള്ളതാണു്.’

എന്തായാലും എല്ലാ മനുഷ്യദൃഷ്ടികളിൽനിന്നും മറയ്ക്കപ്പെട്ട ആ സ്ഥലത്തുണ്ടായിത്തീർന്ന പഴുതിനുള്ളിലൂടെ നിങ്ങളുടെ നോട്ടം ഉൽക്കണ്ഠയോടുകൂടി തുളഞ്ഞുകടക്കുന്നു. വ്യസനസൂചകമായ ഉടുപ്പിലെ ആ സ്വരൂപത്തിനു ചുറ്റും ഒരഗാധമായ അസ്പഷ്ടത വ്യാപിച്ചിരിക്കും. നിങ്ങളുടെ നോട്ടം ആ അസ്പഷ്ടതയിലെങ്ങും തപ്പിത്തപ്പി ആ പ്രേതത്തിന്റെ പരിതഃസ്ഥിതികളെ കണ്ടുപിടിപ്പാൻ യത്നിക്കുന്നു. കുറച്ചു നിമിഷംകൊണ്ടു് യാതൊന്നും കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾക്കു മനസ്സിലാവും. നിങ്ങൾ കണ്ടതു രാത്രിയാണു്. ശൂന്യത, നിഴല്പാടുകൾ, ശവക്കല്ലറയിൽനിന്നുള്ള ഒരു പുകയോടു കൂടിക്കലർന്ന ഒരു മഴക്കാലത്തിലെ മൂടൽ. ഒരുതരം ഭയങ്കരമായ ശാന്തത; യാതൊന്നും-നെടുവീർപ്പുകൾപോലും-നിങ്ങൾക്കു തപ്പിയെടുക്കാൻ കഴിയാത്ത ഒരു നിശ്ശബ്ദത; യാതൊന്നിനേയും-പ്രേതങ്ങളെപ്പോലും-കണ്ടറിയാൻ നിവൃത്തിയില്ലാത്ത ഒരിരുട്ടു്.

നിങ്ങൾ കണ്ടതു് ഒരു സന്ന്യാസിമഠത്തിന്റെ അന്തർഭാഗമാണു്.

ശാശ്വതമായ പൂജനത്തിന്നേർപ്പെട്ട ബെർനാർമഠക്കാരുടെ കന്യകാമഠം എന്നു വിളിക്കപ്പെട്ടിരുന്ന ആ സഗൗരവവും ഏതാണ്ടു ഭയങ്കരവുമായ എടുപ്പിന്റെ അന്തർഭാഗമാണതു്. നിങ്ങൾ ചെന്നിട്ടുള്ള ഇരിപ്പറ അവിടത്തെ സല്ക്കാരമുറിയാണു്. നിങ്ങളോടു് ഒന്നാമതായി സംസാരിച്ചതു വാതില്ക്കാവൽക്കാരിയാണു്; ചുമരിന്റെ അങ്ങേ വശത്തു, രണ്ടു മുഖമറകൊണ്ടെന്നപോലെ, ഇരിമ്പഴിച്ചുമർകൊണ്ടും ഒരായിരം ദ്വാരങ്ങളുള്ള ഈയപ്പലകകൊണ്ടും മറയിട്ട ആ ചതുരാകാരത്തിലുള്ള പഴുതിന്നടുത്തായി, അവൾ ഏതു സമയത്തും, ഒരനക്കമില്ലാതെ, ശബ്ദിക്കാതിരിക്കും. ആ ഇരിമ്പഴിയിട്ട ഇരിപ്പറയിലെ ഇരുട്ടിനുള്ള കാരണം ഇതാണു്; ബഹിർലോകത്തിന്റെ ഭാഗത്തേക്ക് ഒരു ജനാലയുള്ളതായ ആ സൽക്കാരമുറിക്കു കന്യകാമഠത്തിന്റെ ഭാഗത്തേക്കു പഴുതൊന്നുമില്ല. നികൃഷ്ടങ്ങളായ ദൃഷ്ടികൾ ആ പരിശുദ്ധപ്രദേശത്തുള്ള യാതൊന്നിനേയും നോക്കിക്കാണാൻ പാടില്ല.

എന്തായാലും, ആ നിഴല്പാടിന്റെ അപ്പുറത്തു് എന്തോ ഒന്നുണ്ടായിരുന്നു. ഒരു വെളിച്ചം; ആ മരണത്തിന്റെ നടുക്കു ജീവിതമുണ്ടായിരുന്നു. എല്ലാ കന്യകാമഠങ്ങളിലുംവെച്ച് ഏറ്റവും സനിഷ്കർഷമായി സൂക്ഷിക്കപ്പെട്ടുപോരുന്ന ഒന്നാണിതു്. എങ്കിലും, ഞങ്ങൾ അതിന്റെ ഉള്ളിലേക്കു കടന്നുചെല്ലാനും, വായനക്കാരേയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി മര്യാദയ്ക്കു ചേർന്ന അതിർവരമ്പുകളൊന്നും കവച്ചുവെക്കാതെ, കഥാകാരന്മാരും കണ്ടിട്ടില്ലാത്തവയും, അതുകൊണ്ടു് ഇതേവരെ ആരും വിവരിച്ചു കാണിച്ചിട്ടില്ലാത്തതുമായ സംഗതികളെ അവർക്കു പറഞ്ഞു കൊടുക്കാനും ശ്രമിക്കാം.

2.6.2
മർതെങ് വെർഗയുടെ ആശ്രമനിയമം

ക്രിസ്ത്വാബ്ദം 1824-ലേക്ക് അനവധി കൊല്ലങ്ങളോളമായി റ്യു പെത്തി പിക്പ്യുവിൽ നിലനിന്നുപോരുന്ന ഈ കന്യകാമഠം മർതെങ് വെർഗയുടെ ആശ്രമ നിയമത്തെ അനുസരിക്കുന്ന ബെർനാർമഠക്കാരുടെ വകയാണു്.

ഈ വെർനാർമഠക്കാർ, അതിനാൽ, ബെർനാർ സന്ന്യാസികളെപ്പോലെ ക്ലെർവോവിലെ സന്ന്യാസിമഠത്തിലേക്കു ചേർന്നവരല്ല. പിന്നെയോ, ബെനെദിക്ത് സന്ന്യാസികളെപ്പോലെ, സിത്തിയോ സന്ന്യാസിമഠത്തിലേക്കു സംബന്ധിച്ചവരാണു്. മറ്റൊരു വിധത്തിൽ പറകയാണെങ്കിൽ, ഇവർ സാങ്ബെർനാരുടെ കീഴിലുള്ളവരല്ല, സാങ്ബെന്വായുടെ കീഴിൽപ്പെട്ടവരാണു്.

പഴയ റിക്കാർട്ടുകൾ ധാരാളം മറിച്ചുനോക്കിയിട്ടുള്ളവർക്ക് മർതെങ് വെർഗ 1425-ൽ ബെർനാർമഠക്കാരുടെ ഒരു സംഘത്തെ, അതിന്റെ പ്രധാനാശ്രമം സലാമാങ്കയിലും ഒരു ശാഖ അൾക്കാലയിലുമായി ഏർപ്പെടുത്തിയിട്ടുണ്ടെന്നറിയാം.

ഈ സംഘത്തിനു കുറച്ചിടകൊണ്ടു യൂറോപ്പിലുള്ള കത്തോലിക് രാജ്യങ്ങളിലെല്ലാം ശാഖകളായി.

ഇങ്ങനെ, ഒരു സഭാസ്ഥാനത്തിന്മേൽ മറ്റൊന്നായി പലതും വെച്ചുപിടിപ്പിക്കുന്നത്, ലാറ്റിൻ പള്ളിയെ സംബന്ധിച്ചേടത്തോളം, അത്ര നടപ്പില്ലാത്തൊന്നല്ല. ഇവിടെ കഥനവിഷയമായിത്തീർന്നിട്ടുള്ള ബെന്വായുടെ ആ ഒരൊറ്റ സഭാസ്ഥാനത്തെ മാത്രം എടുത്തുനോക്കുക; മർതെങ് വെർഗയുടേതു കൂടാതെത്തന്നെ നാലുസംഘങ്ങൾ ഇതിന്റെ കീഴിലുണ്ട്-രണ്ടെണ്ണം ഇറ്റലിയിൽ.പാജ്വായിലെ മോങ്കസ്സെങും സാങ്ത്-ഴൂസ്തെങും; രണ്ടെണ്ണം ഫ്രാൻസിൽ; ക്ലുനിയും, മോവും; പിന്നെ ഒമ്പതു സഭാസ്ഥാനങ്ങൾ വേറെ-വല്ലംബ്രോസ, ഗ്രാമോങ്, സെലെസ്തോങ്, കമൽദുൽ, കർതൂഷ്യാൻ, ഉമാലിലെ, ഒലിവത്തേർ സിൽവെസ്ത്രെങ്. ഒടുവിൽ സിത്തിയോ; മറ്റു സഭാസ്ഥാനങ്ങളുടെ ഒരുടലായ ഈ സിത്തിയോതന്നെ ബെന്വായുടെ ഒരു ശാഖ മാത്രമാണു്. 1098-ൽ ലാംഗ്രിലെ ഇടവകയിൽ മഠാധിപതിയായിരുന്ന അബെ ദു് മൊലേമിന്റെ കാലത്തു സിത്തിയോസഭാസ്ഥാനം സ്ഥാപിക്കപ്പെട്ടു. 529-ആം വർഷത്തിലാണു് സൂബിയാക്കോ മരുഭൂമിയിൽച്ചെന്നു വാങ്ങിപ്പാർത്തിരുന്ന പിശാചിനെ-അയാൾ ഒരു വയസ്സനായിരുന്നു-അയാൾ വാനപ്രസ്ഥനായി എന്നുണ്ടോ? - അപ്പോളോവിന്റെ പുരാതനക്ഷേത്രത്തിൽ നിന്നു പിശാചിന്റെ താമസം അവിടെയായിരുന്നു-അന്നും പതിനേഴു വയസ്സു പ്രായമായിരുന്ന സാങ്ബെന്വാ ആട്ടിയോടിച്ചതു്.

പാദരക്ഷയിടാത്തവരും, തൊണ്ടയ്ക്കു നേരെ പഞ്ഞികടച്ചിൽ യന്ത്രത്തിന്റെ ഒരു കഷ്ണം കെട്ടിത്തൂക്കുന്നവരും, ഒരു സമയത്തും ഇരിക്കാത്തവരുമായ കർമിൽമഠക്കാരുടെ മട്ടിൽ മർതെങ് വെർഗയുടെ സംഘത്തിൽപ്പെട്ടവരുടേയും ചിട്ടകൾ ഏറ്റവും കഠിനങ്ങളായിരുന്നു. മേൽമറയോടുകൂടിയ അവരുടെ ഉടുപ്പു കറുത്തതാണു്; ബെന്വായുടെ സനിഷ്കർഷമായ ശ്വാസനത്താൽ ആ മേൽമറ കവിൾവരെ എത്തിയിരുന്നു. വിസ്താരമേറിയ കൈകളോടുകൂടിയ ഒരു കമ്പിളിത്തുണിയങ്കി, കരിമ്പടംകൊണ്ടുള്ള ഒരു വലിയ മൂടുപടം, കവിൾവരെയ്ക്കെത്തുന്നതും മാറത്തുവെച്ചു ചതുരത്തിൽ വെട്ടിയിട്ടുള്ളതുമായ ഒരു മേൽമറ, നെറ്റിക്കു മീതെ കണ്ണുവരെ തൂങ്ങിക്കിടക്കുന്ന നാട-ഇതാണു് അവരുടെ വേഷം. നാടയല്ലാത്തതെല്ലാം കറുത്തിട്ടാണു്; നാട വെളുത്തിരിക്കും. ആശ്രമ പ്രവേശാർഥിനികളുടേയും ഉടുപ്പു് ഇതുതന്നെ; പക്ഷേ, നിറം മാത്രം മുഴുവനും വെളുത്തിട്ടാണു്. തികച്ചും സന്ന്യാസം പൂണ്ടവർക്ക് ഒരു മാലകൂടിയുണ്ടാകും. മർതെങ് വെർഗയുടെ സംഘക്കാർ, ഈ നൂറ്റാണ്ടിന്റെ ആദ്യത്തിൽ തെംപ്ലു് എന്ന സ്ഥലത്തു് ഒന്നും ഗെനെവിയേവു് എന്ന സ്ഥലത്തു് മറ്റൊന്നുമായി പാരിസ്സിൽ രണ്ടാശ്രമങ്ങളുണ്ടായിരുന്ന ബെനെദിക്തു് സംഘക്കാരെപ്പോലെ, എന്നെന്നും ഈശ്വരപൂജനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണു്. എങ്കിലും, ഞങ്ങൾ ഇപ്പോൾ പറഞ്ഞുവരുന്ന പെത്തി പിക്പ്യു കന്യകാമഠക്കാർ ആ ബെനെദിക്തു് സംഘക്കാരിൽ നിന്നു് തികച്ചും വ്യത്യാസപ്പെട്ടവരായിരുന്നു. രണ്ടു കൂട്ടരുടേയും ആശ്രമനിയമത്തിൽ പലേ വ്യത്യാസങ്ങളുമുണ്ടു്; ഉടുപ്പിലും ചിലതുണ്ടു്. പെത്തി പിക്പ്യുവിലുള്ളവർ കറുത്ത മേൽമറ ധരിക്കുന്നു; മറ്റേ കൂട്ടരുടേതു വെളുത്തതായിരിക്കും. അത്ര മാത്രമല്ല, രണ്ടാമതു പറഞ്ഞവർക്ക് മാറത്തു മൂന്നിഞ്ചു നീളത്തിലുള്ള ഒരു ദിവ്യസൂക്തക്കുറിപ്പു തൂങ്ങിക്കിടക്കുന്നുണ്ടാവും. പെത്തി പിക്പ്യുവിലെ കന്യകാമഠസ്ത്രീകൾ ഇതു ധരിക്കാറില്ല. രണ്ടാശ്രമങ്ങളിലും നടപ്പുള്ള ഈശ്വരപൂജനക്രമങ്ങൾതന്നെ അവയെ തികച്ചും വ്യത്യസ്തങ്ങളാക്കിത്തീർക്കുന്നു. യേശുക്രിസ്തുവിന്റെ കുട്ടിക്കാലം, ജീവദശ, മരണം എന്നിവയെപ്പറ്റിയും മറിയത്തെപ്പറ്റിയുള്ള നിഗൂഢസംഗതികളെ പഠിക്കുന്നതിലും സ്തുതിക്കുന്നതിലുമുള്ളതുപോലുള്ള ഈശ്വരപൂജന വ്യവസ്ഥയിൽ മാത്രമേ ആ രണ്ടാശ്രമങ്ങൾക്കും തമ്മിൽ ഒരു സാദൃശ്യമുള്ളൂ; എന്നല്ല, അവ രണ്ടു തികച്ചും ഭിന്നങ്ങളും, തമ്മിൽ ശത്രുത്വമുള്ളവയാണെന്നുകൂടി പറയണം. ഫിലിപു് ദു് നെരി ഫ്ളോറൻസിൽ സ്ഥാപിച്ച ഇറ്റലിയിലെ പ്രാർഥനാമന്ദിരവും പിയർ ദു് ബെരുൽ ഫ്രാൻസിൽ ഏർപ്പടുത്തിയ പ്രാർഥനാമന്ദിരവുമാണു് രണ്ടുകൂട്ടരും വെവ്വേറെ അനുസരിച്ചുവരുന്നതു്. ഫിലിപു് ദു് നെരി ഒരു സന്ന്യാസിമാത്രവും ബെരുൽപോപ്പിന്റെ മന്ത്രിസഭയിൽ ഒരംഗവുമായതുകൊണ്ടു്, ഫ്രാൻസിലെ പ്രാർഥനാമന്ദിരത്തിനായിരുന്നു പ്രാധാന്യം.

നമുക്കിനി സ്പെയിൻകാരിയായ മർതെങ് വെർഗയാൽ ഏർപ്പെടുത്തപ്പെട്ട കഠിനനിയമങ്ങളെപ്പറ്റി ആലോചിക്കുക.

ഈ ആശ്രമനിയമത്തെ അനുസരിക്കുന്ന സംഘക്കാർ എന്നും നോൽമ്പുനോല്ക്കുന്നു; മാംസം ഭക്ഷിക്കാതിരിക്കുന്നു; ക്രിസ്തു ഉയർന്നെഴുന്നേറ്റ പെരുനാളിനു മുൻപുള്ള നോൽമ്പുകാലത്തും തങ്ങളുടെ മറ്റു പല സവിശേഷദിവസങ്ങളിലും അവർ പട്ടിണി കിടക്കുന്നു; ആദ്യത്തെ ഒരുറക്കം കഴിഞ്ഞ ഉടനെ, ഒരു മണിക്കും മൂന്നു മണിക്കും ഉള്ളിൽ, നിത്യപ്രാർഥനാസംഗ്രഹഗ്രന്ഥം വായിക്കുവാനും പ്രഭാതകീർത്തനം പാടുവാനുമായി എഴുന്നേല്ക്കുന്നു. എല്ലാ കാലത്തും കമ്പിളിവിരിപ്പുകൾക്കും പുതപ്പുകൾക്കും ഉള്ളിൽ വയ്ക്കോൽക്കിടക്കയിൽ കിടന്നുറങ്ങുന്നു; ഒരുകാലത്തും കുളിക്കാറില്ല; തീ കത്തിക്കാറില്ല; എല്ലാ വെള്ളിയാഴ്ചയും കുരടാവുകൊണ്ടടിക്കുന്നു; മൗനവ്രതം കൊള്ളുന്നു; കളിസ്സമയങ്ങളിൽ-അതു വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ-മാത്രമേ തമ്മിൽ സംസാരിക്കൂ; ആറുമാസക്കാലം, ക്രിസ്തു കുരിശിന്മേൽ തറയ്ക്കപ്പെട്ട ദിവസമായ സപ്തംബർ 14-ആം തിയ്യതി മുതൽ ഉയിർത്തെഴുന്നേറ്റ ദിവസം വരെ, കമ്പിളികൊണ്ടുള്ള ഉള്ളുടുപ്പു ധരിക്കുന്നു. ഈ ആറു മാസം പിന്നീടേർപ്പെടുത്തിയ ഒരു പരിഷ്കാരമാണു്; നിയമം കൊല്ലം മുഴുവനും വേണമെന്നാണു്; പക്ഷേ, വേനല്ക്കാലത്തെ ചൂടിൽ സഹിച്ചുകൂടാത്ത ഈ കമ്പിളിയുള്ളങ്കി പനിയും ഞെരമ്പുവലിയും പിടിപ്പിച്ചതിനാൽ അതധികം ഉപയോഗിച്ചുകൂടെന്നു വെയ്ക്കേണ്ടിവന്നു; ഇങ്ങനെ ഒരു ഭേദം വരുത്തിയെങ്കിലും; സപ്തംബർ 15-ആം തിയ്യതി ഈ ഉള്ളങ്കി ധരിച്ചാൽ മൂന്നോ നാലോ ദിവസത്തേക്കു പനിയുണ്ടാവുക പതിവാണു്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം, ഏകാന്തവാസം-ഇവയാണു് ആ കന്യകാമഠസ്ത്രീകളുടെ വ്രതങ്ങൾ; ആശ്രമനിയമം ഇതുകളെ കുറേക്കൂടി ശക്തിപിടിപ്പിച്ചു.

മുമ്മൂന്നു കൊല്ലം കൂടുമ്പോൾ മഠാധ്യക്ഷയെ മറ്റു മഠനായികമാരെല്ലാംകൂടി തിരഞ്ഞെടുക്കുകയാണു്. രണ്ടു തവണയേ ഒരു മഠാധ്യക്ഷയെത്തന്നെ വീണ്ടും തിരഞ്ഞെടുത്തുകൂടൂ; അതിനാൽ ഒരു മഠാധ്യക്ഷയുടെ ഏറിയ ഉദ്യോഗാവധി ഒമ്പതു കൊല്ലമാണെന്നു വരുന്നു.

അവർ മതാചാര്യനെ കാണാറില്ല; അയാൾ ഒമ്പതടി ഉയരമുള്ള ഒരു കമ്പിളി മറയാൽ എപ്പോഴും മറയപ്പെട്ടിരിക്കും. മതപ്രസംഗസമയത്തു, പ്രാസംഗികൻ ചെറുപള്ളിയിലുള്ളപ്പോൾ, അവർ മുഖത്തു മൂടുപടം താഴ്ത്തിയിടുന്നു. അവർ എപ്പോഴും പതുക്കെ സംസാരിക്കണം; നിലത്തേക്കു നോക്കിയും തലകുനിച്ചും നടക്കണം. ഒരു പുരുഷനു മാത്രം കന്യകാമഠത്തിൽ പ്രവേശിക്കാൻ സമ്മതമുണ്ടു് - ഇടവകയിലെ പ്രധാന മെത്രാന്.

നിശ്ചയമായും ഒരാൾക്കുകൂടിയുണ്ട്-തോട്ടക്കാരന്. എന്നാൽ തോട്ടക്കാരൻ എന്നും ഒരു വൃദ്ധനായിരിക്കും; തോട്ടത്തിൽ എപ്പോഴും അയാൾ തനിച്ചുമാത്രമാവുന്നതിനും അയാൾ അവിടെയുണ്ടെന്നു കന്യകാമഠസ്ത്രീകൾക്ക് എപ്പോഴും മുന്നറിവു കിട്ടുന്നതിനുമായി ഒരു മണി അയാളുടെ കാൽമുട്ടിന്മേൽ കെട്ടുന്നു.

മഠാധ്യക്ഷയോടുള്ള അവരുടെ കീഴ്‌വണക്കത്തിനു് അവസാനമില്ല. സത്യവേദ ഗ്രന്ഥത്തിൽ പറയുന്ന അനുസരണശീലത്തെ അതിന്റെ അങ്ങേ അറ്റംവരെ എത്തിച്ചതാണതു്. ക്രിസ്തുവിന്റെ അരുളപ്പാടുകൊണ്ടെന്നപോലെ, ഒരാംഗ്യം കണ്ടാൽ, ഒരടയാളം കാണിച്ചാൽ; ഉടനെ, സന്തോഷത്തോടുകൂടി, അഭിനിവേശത്തോടുകൂടി, ഒരുതരം അന്ധമായ അനുസരണശീലത്തോടുകൂടി, ഒരു പണിക്കാരന്റെ കൈയിലുള്ള അരംപോലെ, സമ്മതം കിട്ടിയാലല്ലാതെ എഴുതുവാനോ വായിക്കുവാനോ അധികാരമില്ലാതെ, അവർ മഠാധ്യക്ഷയുടെ ചൊല്പടിക്കു നടക്കുന്നു.

അവരെല്ലാവരും വഴിക്കുവഴിയേ പ്രായശ്ചിത്തം എന്നു പറയുന്നതു ചെയ്യുന്നു. പ്രായശ്ചിത്തം എന്നുവെച്ചാൽ, ഭൂമിയിൽവെച്ചു നടന്ന എല്ലാ പാപങ്ങൾക്കും, എല്ലാ അപരാധങ്ങൾക്കും, എല്ലാ ദുർന്നടപ്പുകൾക്കും, എല്ലാ അതിക്രമങ്ങൾക്കും, എല്ലാ കുറ്റങ്ങൾക്കുംവേണ്ടി ചെയ്യപ്പെടുന്ന ഈശ്വരപ്രാർഥനയാണു്. പ്രായശ്ചിത്തം ചെയ്യുന്ന കന്യകാമഠസ്ത്രീ ‘കൂദാശ’യുടെ മുൻപിലുള്ള കല്ലിന്മേൽ, കൈ കെട്ടി, കഴുത്തിൽ ഒരു കയറോടുകൂടി, വൈകുന്നേരം നാലു മണി മുതൽ രാവിലെ നാലു മണി വരെ, അല്ലെങ്കിൽ രാവിലെ നാലു മണി മുതൽ വൈകുന്നേരം നാലു മണി വരെ, ഒരുമിച്ചു പന്ത്രണ്ടു മണിക്കൂർ നേരം, ഇളകാതെ മുട്ടുകുത്തിയിരിക്കുന്നു. ക്ഷീണം സഹിക്കാൻ വയ്യാതാവുമ്പോൾ, മുഖം നിലത്തു കുത്തി, കുരിശിന്റെ ആകൃതിയിൽ, കൈ രണ്ടും മുൻപോട്ടു നീട്ടി അവൾ നമസ്കരിച്ചു കിടക്കും. ഇതു മാത്രമാണു് അവൾക്ക് ഇടയ്ക്കൊരാശ്വാസമുള്ളതു്. ഈ നിലയിൽ അവൾ പ്രപഞ്ചത്തിലുള്ള എല്ലാ പാപികൾക്കുംവേണ്ടി ഈശ്വരപ്രാർത്ഥന ചെയ്യുന്നു. ഇതു മാഹാത്മ്യത്തോടടുത്ത ഒരു വലിയ കാര്യമാണു്.

ഒരു മെഴുതിരി കത്തുന്ന ഒരു കുറ്റിക്കു മുൻപിൽവെച്ച് ഈ കർമം ചെയ്യുന്നതിനെ പ്രാശ്ചിത്തമെടുക്കൽ, അല്ലെങ്കിൽ കുറ്റിക്കിടൽ എന്നു പറയുന്നു. വിനീതത്വംകൊണ്ടു സന്ന്യാസിനിമാർ ഈ രണ്ടാമത്തെ പേരാണു് ഇഷ്ടപ്പെടുന്നതു്; ഒരു ദണ്ഡനത്തിന്റെയും തപസ്സിന്റെയും ചുവ അതിലുണ്ടല്ലോ.

പ്രായശ്ചിത്തമെടുക്കൽ എന്നതു ജീവിതം മുഴുവനും ഉറപ്പിച്ചുനിർത്തിക്കൊണ്ടുള്ള ഒരു കർമമാണു്. ആ നിലയിലിരിക്കുന്ന ഒരു കന്യകാമഠസ്ത്രീ പെട്ടെന്നു പിൻഭാഗത്തു് ഒരു പീരങ്കിയുണ്ട വന്നുവീണാൽക്കൂടി തിരിഞ്ഞുനോക്കുകയില്ല.

ഇതിനു പുറമെ, ‘കൂദാശ’യുടെ മുൻപിൽ ഒരു കന്യകാമഠസ്ത്രീ ഏതു സമയത്തും മുട്ടുകുത്തുന്നുണ്ടാവും. ഒരുവൾ ഒരു മണിക്കൂർ നേരമേ ഇങ്ങനെ ഇരിക്കേണ്ടതുള്ളൂ. പാറാവുഭടന്മാരെപ്പോലെ, ഒരുവൾ പോകുമ്പോളേക്കും മറ്റൊരുവൾ വന്നു് ആ സ്ഥാനം ഏറ്റെടുക്കുന്നു. ഇതാണു് ശാശ്വതമായ ഈശ്വരപൂജനം.

മഠാധ്യക്ഷയും മഠനായികമാരും സവിശേഷമായ ദൈവഭക്തിയെ സൂചിപ്പിക്കുന്ന പേരുകളാണു് മിക്കവാറും വഹിക്കുന്നതു്. ആ പേരുകൾ ഋഷിമാരേയോ തപസ്വികളേയോ ഓർമിപ്പിക്കുന്നവയായിരിക്കയില്ല; യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ ഭാഗങ്ങളേയാണു് അവ കുറിക്കുക. മദർ നാറ്റിവിറ്റി=ജനനം, മദർ കൺസെപ്ഷൻ=ഗർഭധാരണം, മദർ പ്രെസന്റേഷൻ= പ്രസവം, മദർ പാഷ്യൻ പീഢയനുഭവിച്ചുള്ള മരണം എന്നിങ്ങനെ. എന്നാൽ ഋഷികളുടെ പേർ പാടില്ലെന്നില്ല.

അവരെ കാണുമ്പോൾ, അവരുടെ വായയല്ലാതെ മറ്റൊന്നും കാണുകയില്ല.

അവരുടെ പല്ലുകളെല്ലാം പച്ചച്ചിരിക്കും. ആ കന്യകാമഠത്തിൽ, ഇതുവരെയൊരു പല്ലുതേപ്പുബ്രഷ് കടന്നിട്ടില്ല. പല്ലുതേയ്ക്കുന്നതു്, ആത്മാവു കൈമോശം വന്നുപോകുന്ന അടിയിലെപ്പടിയായ ഒരു കോണിയുടെ മുകളിലത്തെ പടിയാണു്.

അവർ ഒരിക്കലും എന്റെ എന്നു പറയുന്നില്ല. അവർക്കു സ്വന്തമായി യാതൊന്നുമില്ല. എന്നല്ല, യാതൊന്നിന്മേലും അവർ സ്വത്വംവെക്കയുമരുതു്. സകലത്തേയും അവർ ഞങ്ങളുടെ എന്നു പറയുന്നു; ഇങ്ങനെ: ഞങ്ങളുടെ മുഖപടം, ഞങ്ങളുടെ ശിരോലങ്കാരം, തങ്ങളുടെ ഉള്ളുടുപ്പിനെപ്പറ്റി സംസാരിക്കുമ്പോൾ അവർ ഞങ്ങളുടെ ഉള്ളുടുപ്പു് എന്നു പറയും. ചിലപ്പോൾ ചില ചില്ലറസ്സാമാനങ്ങളുടെ മേൽ-ഒരു പ്രാർഥനാപുസ്തകം, ഒരു സ്മാരകം, ഒരനുഗ്രഹിക്കപ്പെട്ട സാധനം എന്നിങ്ങനെ-അവർക്കു ഇഷ്ടം തോന്നിപ്പോകുന്നു. എന്നാൽ അങ്ങനെയൊരു താല്പര്യം ഒരു സാധനത്തിന്റെ നേരേ ഉണ്ടായി വരുന്നുണ്ടെന്നറിഞ്ഞാൽ, ഉടനെ അവരതുപേക്ഷിക്കണം. അവർ ആവക സന്ദർഭങ്ങളിൽ തെരെസ്സിന്റെ ഈ വാക്കുകൾ ഓർമിക്കുന്നു. ഒരു ദിവസം, ഒരു മാന്യസ്ത്രീ ആ സന്ന്യാസിനിയുടെ സംഘത്തിൽ ചേരുവാൻ തുടങ്ങുമ്പോൾ, ‘അമ്മേ, എനിക്ക് വളരെ ഇഷ്ടപ്പെട്ട വേദപുസ്തകം വരുത്താൻ സമ്മതിക്കണേ’ എന്നു പറഞ്ഞു. ‘ആഹാ, നിങ്ങൾക്ക് ഒരു സാധനത്തിന്മേൽ ഇഷ്ടമുണ്ട്! അങ്ങനെയാണെങ്കിൽ, ഞങ്ങളുടെ ആശ്രമത്തിൽ കടക്കരുത്!’

കന്യകാമഠത്തിലുള്ള ഒരാളും തനിച്ച് ഒരറയിൽ അടച്ചിരുന്നുകൂടെന്നും, സ്വന്തമായി ഒരു സ്ഥലവും-ഒരകവും-വെച്ചുപോരരുതെന്നു, നിർബന്ധമുണ്ടു്. അവർ തങ്ങളുടെ അറകളെ എപ്പോഴും തുറന്നിട്ടുകൊണ്ടു താമസിക്കുന്നു. അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ, ഒരുവൾ മറ്റൊരുവളോടു പറയുന്നു; ‘തിരുവത്താഴസ്ഥലത്തുള്ള ഏറ്റവും പരിശുദ്ധമായ കർമം അനുഗൃഹീതമായിരിക്കട്ടെ!’ ഇതിന്നു മറ്റവൾ മറുപടി പറയുന്നു: ‘എന്നെന്നേക്കും.’ ഒരുവൾ മറ്റൊരുവളുടെ വാതില്ക്കൽച്ചെന്നു വിളിക്കുമ്പോൾ, ചെയ്യുന്ന ഉപചാരവും ഇതുതന്നെയാണു്. വാതില്ക്കൽച്ചെന്നു തൊടുന്നതോടുകൂടി അങ്ങേപ്പുറത്തുനിന്നു് ഒരു സൗമ്യസ്വരം ക്ഷണത്തിൽ പറയുന്നതു കേൾക്കാം: ‘എന്നെന്നേക്കും’ എല്ലാ ദൈനന്ദിനകർമങ്ങളേയുംപോലെ, ഇതും പരിചയംകൊണ്ടു് അറിയാതെ പുറപ്പെട്ടുപോകുന്നു; മുൻപറഞ്ഞ നീണ്ട വാചകം പറയാൻ ഇടകിട്ടുന്നതിന്നു മുൻപേതന്നെ ‘എന്നെന്നേക്കും’ എന്ന വാക്ക് ഒരാൾ ക്ഷണത്തിൽ പറഞ്ഞുകഴിയുന്നു.

വിസിതാങ്ദിനേമഠക്കാരുടെ ഇടയിൽ മറ്റൊരുവളുടെ അറയിലേക്കു ചെല്ലുന്നവൾ പറയാറുള്ളതു ‘മറിയം ജയിക്കട്ടെ’ എന്നാണു്. ആരുടെ പാർപ്പിടത്തിലേക്കോ ആ അതിഥി ചെന്നതു് അവൾ ‘പരിപൂർണദയ’ എന്നും പറയുന്നു. ഇതാണു് അവരുടെ സലാംകൊടുക്കൽ-വാസ്തവമായി തികച്ചും രമണീയംതന്നെ.

ഓരോ മണിക്കൂറും കഴിയുമ്പോൾ കന്യകാമഠത്തിലെ പള്ളിമണിയിൽനിന്നു മൂന്നു മണിമുട്ടു കേൾക്കാം. ഈ മണിയടി കേട്ടാൽ ഉടനെ മഠാധ്യക്ഷയും മഠനായികമാരും സന്ന്യാസിനിമാരും കന്യകമാരും ആശ്രമപ്രവേശാർഥിനിമാരും തങ്ങൾ പറയുന്നതും ചെയ്യുന്നതും വിചാരിക്കുന്നതുമെല്ലാം അവിടെ നിർത്തി. സർവരും ഒരുമിച്ച്, അഞ്ചുമണിക്കാണെങ്കിൽ ഇങ്ങനെ പറയും: ‘അഞ്ചുമണി സമയത്തും മറ്റെല്ലാസ്സമയത്തും തിരുവത്താഴസ്ഥലത്തുള്ള വിശുദ്ധകർമം സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ!’ എട്ടുമണിക്കാണെങ്കിൽ ‘എട്ടു മണിസ്സമയത്തും മറ്റെല്ലാസ്സമയത്തും!’ എന്നിങ്ങനെയായി അതാതു മണിക്കൂറനുസരിച്ചു പറയും.

ഈ സമ്പ്രദായം-വിചാരധാരയെ ഇടയ്ക്കുവെച്ചു മുറിക്കുകയും, അതിനെ ഇളവില്ലാതെ ഈശ്വരനിലേക്കു തിരിച്ചുകൊണ്ടുപോകയുമാണു് ഇതിന്റെ ഉദ്ദേശ്യം-പല സംഘങ്ങളിലും നടപ്പുണ്ടു്; വിശ്വാസപ്രമാണം മാത്രം മാറും. ഉദാഹരണത്തിനു, ‘പിഞ്ചുകുട്ടിയായ യേശു’ എന്ന സംഘക്കാർ ഇങ്ങനെ പറയുന്നു. ‘ഈ മണിക്കൂറിലും മറ്റെല്ലാസ്സമയത്തും യേശുവിന്റെ സ്നേഹം എന്റെ ഹൃദയത്തെ തെളിയിക്കട്ടെ!’ അമ്പതു കൊല്ലമായി പെത്തി പിക്പ്യുവിലട്ടടയ്ക്കപ്പെട്ട മർതെങ് വെർഗാസംഘക്കാർ ഭക്തിരസപ്രധാനങ്ങളായ സങ്കീർത്തനങ്ങളോടുകൂടിയും കഴിയുന്നതുവരെ ഒരിക്കലും ഉച്ചസ്വരത്തിനു കുറവു വരുത്താതെയും ഈശ്വരപ്രാർഥന നടത്തുന്നു. കുർബാനപ്പുസ്തകത്തിൽ നക്ഷത്രക്കുറി എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം നിർത്തി, ഒരു താഴ്‌ന്ന സ്വരത്തിൽ എല്ലാവരും ‘യേശു-മറിയം-യൗസേപ്പു്’ എന്നുച്ചരിക്കും. മരിച്ചവരെക്കുറിച്ചുള്ള കർമം നടത്തുമ്പോൾ, സ്ത്രീകളെക്കൊണ്ടു ചുരുക്കിപ്പിടിക്കുവാൻ സാധിക്കാവുന്നേടത്തോളം താഴ്‌ന്ന ഒരു സ്വരവിശേഷത്തെ അവർ ഉപയോഗിക്കുന്നു. അതുകൊണ്ടുണ്ടാകുന്ന ഫലം അത്യധികം ഉള്ളിൽത്തട്ടലും ദുഃഖവൈവശ്യമുണ്ടാക്കലുമാണു്.

പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർ വിശിഷ്ടതരമായ തിരുവത്താഴമേശയ്ക്കു ചുവട്ടിൽ തങ്ങളുടെ വർഗക്കാരെ സംസ്കരിക്കുവാൻവേണ്ടി ഒരു കുണ്ടറയുണ്ടാക്കിയിട്ടുണ്ടു്. അവർ പറയുന്നവിധം, ശവമഞ്ചങ്ങളെ അതിൽ ഇറക്കിവെക്കുവാൻ ഭരണാധികാരികൾ സമ്മതിക്കുന്നില്ല; അതിനാൽ മരിച്ചുപോയാൽ അവർക്കു കന്യകാമഠത്തെ വിട്ടുപോകേണ്ടിവരുന്നു. ഇതവർക്ക് ഒരു മനോവേദനയാണു്; ആശ്രമനിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതുപോലെ ഇതവർക്കു പരിഭ്രമമുണ്ടാക്കുന്നു.

ഒടുവിൽ ഒരു ചില്ലറസ്സമാധാനം അവർക്കു കിട്ടി-ഒരുകാലത്തു തങ്ങളുടെ സംഘം വകയായിരുന്ന പറമ്പുകളിലുൾപ്പെട്ട ഒരിടത്തുള്ള പണ്ടത്തെ ഒരു വോഗിരാർ ശ്മശാനസ്ഥലത്തു്, ഒരു സവിശേഷ സമയത്തും ഒരു സവിശേഷപ്രദേശത്തും ശവം മറവുചെയ്തുകൊള്ളുവാൻ അവർ സമ്മതം മേടിച്ചു.

ഞായറാഴ്ചപോലെ, വെള്ളിയാഴ്ച ദിവസവും സന്ന്യാസിനിമാർ കുർബാനയും സന്ധ്യാരാധനകളും മറ്റെല്ലാ ഈശ്വരപ്രാർഥനകളും കേൾക്കും. ഇതിനൊക്കെപ്പുറമെ ലോകത്തിൽ മറ്റുള്ളവർക്കാർക്കും അറിഞ്ഞുകൂടാത്ത എല്ലാവിധം നിസ്സാരകർമങ്ങളും അവർ വളരെ ഭക്തിശ്രദ്ധയോടുകൂടി ചെയ്തുവരാറുണ്ടു്; അത്തരം കർമങ്ങൾ ഒരു കാലത്തു ഫ്രാൻസിൽ വളരെ പ്രചാരമുള്ളവയായിരുന്നു. ഇപ്പോഴും സ്പെയിനിലും ഇറ്റലിയിലും അവ ധാരാളം നടപ്പുണ്ടു്. ദേവാലയത്തിൽ അവർക്കുള്ള പ്രവൃത്തി അവസാനമില്ലാത്തതാണു്. അവർക്കു പതിവായി എത്ര പ്രാഥനകൾ എത്ര നേരം ചെല്ലേണ്ടിവരുമെന്നു ശരിയായ വിവരമുണ്ടാകുവാൻ, ആ കൂട്ടത്തിൽത്തന്നെ പെട്ട ഒരുവളുടെ ബുദ്ധിപൂർവമായ ഈ അഭിപ്രായത്തെ ഇവിടെ ഉദ്ധരിക്കുന്നതിനേക്കാൾ നല്ല വഴി വേറെയൊന്നും ഞങ്ങൾക്കു തോന്നുന്നില്ല; ‘പ്രവേശാർഥിനികളുടെ ഈശ്വരാരാധനം ഭയങ്കരംതന്നെയാണു്; പുതുതായി ചേർന്നവരുടേതാകട്ടേ അതിലുമധികം; സന്ന്യാസിനിമാരുടേതാണെങ്കിൽ അതിലുമധികം.’

ആഴ്ചയിലൊരിക്കൽ സംഘം മുഴുവനും ഒത്തുകൂടുന്നു; മഠാദ്ധ്യക്ഷ അഗ്രാസനസ്ഥയാവും; മഠനായികമാർ അവരെ സഹായിക്കും. ഓരോ കന്യകാമഠസ്ത്രീയും, വഴിക്കു വഴിയേ, കല്ലുകളിൽ മുട്ടുകുത്തി, എല്ലാവരും കേൾക്കെ, ആ കഴിഞ്ഞാഴ്ചയിൽ ചെയ്തുപോയിട്ടുള്ള കുറ്റങ്ങളും പാപങ്ങളും ഉറക്കെ സമ്മതിച്ചു പറയുന്നു. ഓരോരുത്തരുടേയും പാപസമ്മതം കേട്ടുകഴിഞ്ഞാൽ മഠനായികമാർ തമ്മിൽ കൂടിയാലോചിച്ച് ഉച്ചത്തിൽ പ്രായശ്ചിത്തം വിധിക്കും.

ഉച്ചസ്വരത്തിൽ കുറ്റം സമ്മതിച്ചു പറകയാകുന്ന ഈ ശിക്ഷയ്ക്കു പുറമെ നന്നേ നിസ്സാരങ്ങളായ തെറ്റുകളെ മാത്രമേ ഇതിലേക്കു വെക്കാറുള്ളൂ-ക്ഷന്തവ്യങ്ങളായ കുറ്റങ്ങൾക്കു നമസ്കാരം എന്നു് അവർ പേർ പറയുന്ന ഒരു പ്രായശ്ചിത്തം വേറെയുണ്ടു്. നമസ്കാരം ചെയ്ക എന്നതിന്റെ സ്വഭാവം ഇതാണു്; കുറ്റക്കാരി മഠാധ്യക്ഷയുടെ മുൻപിൽ-ഇവരെ അമ്മ എന്നല്ലാതെ മറ്റൊരു വാക്കുകൊണ്ടും സംബോധനം ചെയ്കയില്ല-ആ ദണ്ഡാധികാരിണി എഴുന്നേറ്റുകൊള്ളാൻ ഇരിപ്പിടത്തിലെ മരപ്പടിയിൽ കാൽകൊണ്ടു് ഒരു ചെറിയ ചവിട്ടു ചവിട്ടിയറിയിക്കുന്നതുവരെ, അനങ്ങാതെ കമിഴ്‌ന്നുകിടക്കുന്നു. ഈ പ്രായശ്ചിത്തം വളരെ ചെറിയ ഒരപരാധത്തിനു വിധിക്കപ്പെടും-അതായതു് ഒരു ചില്ലു പൊട്ടിക്കുക, കീറിയ മൂടുപടം ധരിക്കുക, ഈശ്വരാരാധനയ്ക്കെത്തുവാൻ സംഗതിവശാൽ അല്പം താമസിച്ചുപോക, മറ്റും,മറ്റും; ഇങ്ങനെയൊന്നേ വേണ്ടു, നമസ്കാരമായി ഇതു ചെയ്യുന്നതു് ആരുടേയും ശാസനത്തിന്മേലല്ല; ആ കുറ്റക്കാരി (ഈ വാക്കു ശബ്ദശാസ്ത്രാനുസാരിയായ സാക്ഷാൽ അർഥത്തിൽത്തന്നെയാണു് ഇവിടെ നില്ക്കുന്നതു്) താൻ തന്നെ വിചാരണ ചെയ്യുകയും ശിക്ഷ നടത്തുകയും ചെയ്യുന്നു. വിശേഷദിവസങ്ങളിലും ഞായറാഴ്ചകളിലും നാലു പ്രത്യേക ഭാഗങ്ങളോടുകൂടിയ ഒരു വലിയ എഴുത്തുമേശയുടെ മുൻപിലായി നാലു മഠനായികമാർ നിന്നു് ഈശ്വരപ്രാർഥനകളെ ഉച്ചത്തിൽ നീട്ടി വായിക്കുക പതിവുണ്ടു്. ഒരു ദിവസം അവരിൽ ഒരുവൾ ഒരു വാക്കുകൊണ്ടു തുടങ്ങുന്ന പ്രാർഥന മറ്റൊന്നുകൊണ്ടാരംഭിക്കുന്നതായി മാറിച്ചൊല്ലി; ഈ ഒരു കഷ്ണം അന്ധാളിത്തത്തിനു് അവൾ നമസ്കാരം ചെയ്തു; ആ ആരാധനാസമയം കഴിയുന്നതുവരെ അതു നിലനിന്നു. അവിടെ കൂടിയിട്ടുള്ളവരെല്ലാം ചിരിച്ചുപോയതാണു് കുറ്റത്തെ കനം പിടിപ്പിച്ചുകളഞ്ഞതു്.

ഒരു സന്ന്യാസിനിയെ സൽക്കാരമുറിയിലേക്ക് വരുത്തുമ്പോൾ, മഠാധ്യക്ഷതന്നെയായാലും ശരി, അവൾ മുഖത്തു മൂടുപടം താഴ്ത്തിയിടുന്നു; വായനക്കാർ ഓർമിക്കുംപോലെ, അവളുടെ വായ മാത്രമേ പിന്നെ കാണുകയുള്ളൂ.

മഠനായികയ്ക്കു മാത്രമേ അപരിചിതമാരോടു സംസാരിക്കാൻ പാടുള്ളു. മറ്റുള്ളവർക്കു തങ്ങളുടെ അടുത്ത കുടുംബക്കാരെ മാത്രം കാണാം; അതുതന്നെ വളരെ അപൂർവമായി. സംഗതിവശാൽ പുറമെനിന്നാരെങ്കിലും ഒരു സന്ന്യാസിനിയെ കാണാൻ ചെന്നുവെങ്കിൽ, അവൾ ആശ്രമബഹിർലോകത്തുവെച്ച് അറിയുകയും സ്നേഹിക്കുകയും ചെയ്തിട്ടുള്ള ആരെങ്കിലും ചെന്നുവെങ്കിൽ, ഒരുപാടു നിശ്ചയങ്ങൾ നിർവഹിക്കപ്പെടേണ്ടതായുണ്ടു്. അതൊരു സ്ത്രീയാണെങ്കിൽ, ആ ഒരു കൂടിക്കാഴ്ചയ്ക്കുള്ള അധികാരം കിട്ടി എന്നുവരാം; സന്ന്യാസിനി സൽക്കാരമുറിയിലേക്ക് അഴിജനാലപ്പഴുതിലൂടെ ആ ചെന്ന സ്ത്രീയുമായി സംസാരിക്കുന്നു; അമ്മയോ സഹോദരിയോ ആയിരുന്നാൽ മാത്രമേ ആ ജനവാതിൽ തുറക്കപ്പെടു. പുരുഷന്മാർക്ക് ഏതു സമയത്തും സമ്മതം കിട്ടാറില്ലെന്നു പറയേണ്ടതില്ലല്ലോ.

സാങ്-ബെന്വാവിനാൽ ഏർപ്പെടുത്തപ്പെട്ടതും മർതെങ് വെർഗയാൽ കുറേക്കൂട്ടി കഠിനമാക്കപ്പെട്ടതുമായ ആശ്രമനിയമം ഇങ്ങനെയെല്ലാമാണു്.

ഈ സംഘത്തിൽപ്പെട്ട സന്ന്യാസിനിമാർ മറ്റു സംഘക്കാരികളെപ്പോലെ ആഹ്ലാദവും ഉത്സാഹവും ചുറുചുറുക്കുമുള്ളവരല്ല. അവർ വിളർത്തും ഗൗരവത്തോടുകൂടിയുമിരിക്കും. 1825-ന്നും 1830-ന്നും ഉള്ളിൽ മൂന്നുപേർക്കു ഭ്രാന്തു പിടിക്കുകയുണ്ടായി.

2.6.3
തപോനിഷ്ഠകൾ

ഒരുവൾ ചുരുങ്ങിയതു് രണ്ടു കൊല്ലത്തേക്കു, പലപ്പോഴും നാലു കൊല്ലത്തേക്കു, പ്രവേശാർഥിനിയായിരിക്കണം; പ്രവേശം കിട്ടിയതിനുശേഷവും നാലു കൊല്ലം കഴിഞ്ഞേ സന്ന്യാസിനിയാവൂ. ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സിനുള്ളിൽ അപൂർവമായേ പ്രധാനമായ സന്ന്യാസം ചെയ്യിക്കൂ. മർതെങ് വെർഗാസംഘക്കാർ വിധവകളെ ആശ്രമത്തിലേക്കെടുക്കാറില്ല.

തങ്ങളുടെ ചെറുമുറികളിൽവെച്ച് അജ്ഞാതങ്ങളായ പലേ ദേഹോപദ്രവങ്ങളും അവർ സ്വയമേവ ഏല്പിക്കാറുണ്ടു്; അവയെപ്പറ്റി ഒരിക്കലും പുറത്തു പറയാൻ പാടില്ല.

സന്ന്യാസദീക്ഷ സ്വീകരിക്കുന്ന സ്ത്രീ അന്നേ ദിവസം ഏറ്റവും ഭംഗിയുള്ള ഉടുപ്പു് ധരിക്കുന്നു; അവൾ വെളുത്ത പനീർപ്പൂവുകളെക്കൊണ്ടുള്ള ശിരോലങ്കാരം ചൂടും; തലമുടി മിന്നുന്നതുവരെ ചീകി ചുരുൾചുരുളാക്കിയിടും. അതു കഴിഞ്ഞ് അവൾ ദണ്ഡനമസ്കാരം ചെയ്യുന്നു; ഉടനെ ഒരു വലിയ കറുത്ത മൂടുപടം അവളുടെ മേലിടും. എന്നിട്ടു, മരിച്ചവരെക്കുറിച്ചു ചെയ്യാറുള്ള സംസ്കാരഗാനം പാടുകയായി; പിന്നീടു സന്ന്യാസിനിമാർ രണ്ടു വരിയായി പിരിയും; ഒരു കൂട്ടർ ദുഃഖമയമായ സ്വരത്തിൽ ‘നമ്മുടെ സഹോദരി മരിച്ചുപോയി’ എന്നുച്ചരിച്ചുകൊണ്ടു് അവളുടെ അടുക്കലൂടെ നടന്നുപോകുന്നു; മറ്റേ കൂട്ടർ ആഹ്ലാദമയമായ ഒരു സ്വരത്തിൽ ‘നമ്മുടെ സഹോദരി യേശുക്രിസ്തുവിൽ ജീവിച്ചിരിക്കുന്നു’ എന്നു മറുപടിയും പറയുന്നു!

ഈ കഥ നടക്കുന്ന കാലത്തു് കന്യകാമഠത്തോടു ചേർന്നു് ഒരു പാർപ്പു പാഠശാലയുണ്ടായിരുന്നു-പ്രഭുക്കന്മാരുടേയും ഏറ്റവും വലിയ സമ്പന്നന്മാരുടേയും കുടുംബത്തിൽപ്പെട്ട പെൺകിടാങ്ങൾ ചേർന്നു പഠിക്കുന്ന ഒരു പാഠശാല. മാംസെൽ ദു് സാങ്തൊലെരേയും ദു് ബെലിസാങ്ങിനേയും ടാൽബട്ടു് എന്ന ഒരു മാന്യമായ കത്തോലിക്ക് കുടുംബപ്പേർ വഹിക്കുന്ന ഒരിംഗ്ലണ്ടുകാരിപ്പെൺകുട്ടിയേയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. ഒരു ചുമർക്കൂടിന്നുള്ളിൽ വെച്ചു സന്ന്യാസിനിമാർ പോറ്റിവരുന്ന ഈ പെൺകുട്ടികൾ ലോകത്തെപ്പറ്റി എന്തെന്നില്ലാത്ത ഭയത്തോടു കൂടിയാണു് വളരുന്നതു്. അവരിൽ ഒരുവൾ ഞങ്ങളോടു പറയുണ്ടായി; ‘തെരുവിലെ കൽവിരിപ്പാത കണ്ടപ്പോൾ എനിക്ക് അടിമുതൽ മുടിവരെ വിറച്ചു.’ അവരുടെ ഉടുപ്പു നീലവർണത്തിലായിരിക്കും; വെളുത്ത ഒരു തൊപ്പിയുണ്ടാവും; വെള്ളിപ്പൂച്ചുള്ളതോ ചെമ്പുകൊണ്ടുള്ളതോ ആയ പരിശുദ്ധാത്മാവിന്റെ ഒരു രൂപം മാറത്തു തൂങ്ങിക്കിടക്കും. ചില മുഖ്യോത്സവദിവസങ്ങളിൽ, വിശേഷിച്ചും സാങ് മർത്താങ് ജനിച്ച പെരുനാൾ ദിവസം, ഒരു വലിയ ദയയും ഒരു വിശേഷഭാഗ്യവുമാണെന്ന നിലയ്ക്ക്, അവർക്കു സന്ന്യാസിനിമാരുടെ ഉടുപ്പു ധരിക്കുവാനും ഒരു ദിവസത്തേക്കു മുഴുവൻ ഈശ്വരാരാധനയിൽ ഏർപ്പെടുവാനും, ആശ്രമനിയമങ്ങളെ അനുസരിക്കുവാനും സമ്മതം കിട്ടും. ആദ്യകാലങ്ങളിൽ സന്ന്യാസിനിമാർ തങ്ങളുടെ കറുത്ത ഉടുപ്പു് അവർക്കു കടംകൊടുക്കുക പതിവുണ്ടായിരുന്നു. ഇതു ദൈവനിന്ദയായി തോന്നി മഠാധ്യക്ഷ അതു പാടില്ലെന്നു് വിധിച്ചു. സന്ന്യാസ ദീക്ഷയെ അർഥിച്ചു താമസിക്കുന്നവർ മാത്രമേ ഉടുപ്പു കടം കൊടുത്തുകൂടു എന്നു് നിശ്ചയിച്ചു. മതപ്രചാരത്തിനുള്ള ഒരു നിഗൂഢോത്സാഹംകൊണ്ടും, പരിശുദ്ധമായ ആശ്രമജീവിതത്തിന്റെ രുചി കുട്ടികൾക്കു മുൻകൂട്ടിയുണ്ടാക്കിക്കൊടുക്കുന്നതിനുവേണ്ടിയും, കന്യകാമഠത്തിനുള്ളിൽ സമ്മതിക്കപ്പെട്ടും പ്രോത്സാഹിപ്പിക്കപ്പെട്ടും വന്നിരുന്ന ഈ സമ്പ്രദായം വിദ്യാർഥിനികൾക്കു വാസ്തവത്തിൽ ഒരു സുഖവും നേരമ്പോക്കുമുണ്ടാക്കിയിരുന്നു. അവർ അതുകൊണ്ടു് രസിക്കുകയാണു് ചെയ്തതു്. അതൊരു പുതുമയായിരുന്നു; അതവരെ രസിപ്പിച്ചു. കുട്ടിപ്രായത്തിന്റെ കളങ്കരഹിതങ്ങളായ ആലോചനകൾ-പരിശുദ്ധജലം പാറ്റുന്ന യന്ത്രത്തെ ഒരു കൈയിൽ പിടിച്ചും, നാലുപേർക്കു കേൾക്കാനാവുമ്പോൾ എത്രയും ഉച്ചത്തിൽത്തന്നെ പാടിയും, ഒരെഴുത്തുമേശയ്ക്കു മുൻപിൽ അനവധി മണിക്കൂറുകളോളം ഒന്നായിനില്ക്കുന്നതിന്റെ നേരമ്പോക്കെന്താണെന്നു ലൗകികന്മാരായ നമ്മെ മനസ്സിലാക്കുവാൻ എന്തായാലും, അവയെക്കൊണ്ടു സാധിക്കുന്നില്ല.

തപോനിഷ്ഠകളെ ഒഴിച്ചു കന്യകാമഠത്തിലെ മറ്റെല്ലാ നടപടികളേയും വിദ്യാർഥിനികൾ അനുസരിക്കാറുണ്ടു്. ഒരു ചെറുപ്പക്കാരിയായ യുവതിയുണ്ടായിരുന്നു, പ്രപഞ്ചത്തിൽ പ്രവേശിച്ച്, ഗാർഹസ്ഥ്യം വളരെക്കൊല്ലം അനുഭവിച്ചതിനു ശേഷവും, ആരെങ്കിലും തന്റെ മുറിവാതില്ക്കൽ വന്നു മുട്ടിയാൽ പെട്ടെന്നു് ‘എന്നെന്നേക്കും’ എന്നു പറയുന്ന സമ്പ്രദായത്തെ നിർത്തിക്കളയുവാൻ അവളെക്കൊണ്ടു സാധിച്ചിരുന്നില്ല! സന്ന്യാസിനിമാരെപ്പോലെ, വിദ്യാർഥിനികളും തങ്ങളെ കാണാൻ ചെല്ലുന്നവരെ സൽക്കാരമുറിയിൽവെച്ചു മാത്രമേ കണ്ടിരുന്നുള്ളു. അവരുടെ അമ്മമാർക്കുകൂടി അവരെ ആലിംഗനം ചെയ്യാൻ സമ്മതമില്ല. ഈ വിഷയത്തിൽ ആശ്രമനിയമത്തിനുള്ള കാഠിന്യം എത്രത്തോളം എത്തിയിരുന്നു എന്നു താഴെ പറയുന്നതുകൊണ്ടു് കാണാം. ഒരു ദിവസം ഒരു ചെറിയ പെൺകുട്ടിയെ കാണാൻ അവളുടെ അമ്മ ചെന്നു; ആ സ്ത്രീയുടെ കൂടെ മൂന്നു വയസ്സു പ്രായമുള്ള ഒരു ചെറിയ സഹോദരിയുമുണ്ടായിരുന്നു. ആ ചെറുപ്പക്കാരി കരഞ്ഞു തുടങ്ങി; അവൾക്കു തന്റെ അനുജത്തിയെ ആലിംഗനം ചെയ്വാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. നിവൃത്തിയില്ല. ഒടുവിൽ അഴികൾക്കിടയിലൂടെ ആ ചെറുകുട്ടിയുടെ കൈ നീട്ടിക്കാണിച്ച് അതൊന്നു ചുംബിക്കുവാൻ പറ്റുന്നതിനു് അവൾ വളരെ കെഞ്ചിനോക്കി. ഈ അപേക്ഷ ഏതാണ്ടു് നീരസത്തോടുകൂടി ഉപേക്ഷിക്കപ്പെടുകയാണുണ്ടായതു്.

2.6.4
നേരംപോക്കുകൾ

എന്തുതന്നെയായിട്ടും, ഈ ചെറുപ്പക്കാരികൾ ആ ഗൗരവമയമായ ഭവനത്തെ ഹൃദയാകർഷകങ്ങളായ സ്മാരകക്കുറിപ്പുകളെക്കൊണ്ടു നിറച്ചു.

ചില സമയത്തു് ആ സന്ന്യാസിമഠത്തിൽ കുട്ടിപ്രായം മിന്നിത്തിളങ്ങും, വിനോദസമയമായി. ഒരു വാതിൽ അതിന്റെ തിരികുറ്റികളിൽ ക്ഷണത്തിൽ തിരിഞ്ഞു. പക്ഷികൾ പറയുന്നു: ‘നല്ലതു്; ഇതാ, കുട്ടികൾ വരുന്നു!’ ഒരു ശവപ്പുടവപോലെ കുരിശുകൊണ്ടു് വിലങ്ങിട്ടു് ആ തോട്ടത്തിൽ മുഴുവനും ചെറുപ്രായത്തിന്റെ തള്ളിച്ച കയറി ഓളംതള്ളി. ആ നിഴല്പാടുകളുടെ ഇടയിലെങ്ങും മിന്നുന്ന മുഖങ്ങളും വെളുത്ത നെറ്റിത്തടങ്ങളും ആഹ്ലാദപ്രകാശത്തിൽ നിറയപ്പെട്ട നിഷ്കളങ്കനേത്രങ്ങളും. എല്ലാവിധത്തിലുമുള്ള പ്രഭാതദീപ്തികളും ചിന്നിപ്പരന്നു. പ്രാർഥനാഗാനങ്ങളുടേയും മണിനാദങ്ങളുടേയും, ഘണ്ടാവാദ്യങ്ങളുടേയും, മരണാവസരത്തിലെ മണിയടികളുടേയും ഈശ്വരാരാധനകളുടേയും ശേഷം ഈ ചെറുപെൺകുട്ടികളുടെ ശബ്ദം, തേനീച്ചയെക്കാളധികം മാധുര്യത്തോടുകൂടി, പെട്ടെന്നു പൊങ്ങി. ആഹ്ലാദത്തിന്റെ കൂടു തുറന്നു; ഓരോരുത്തരും തനിക്കുള്ള പൂന്തേനുംകൊണ്ടു പുറത്തേക്കിറങ്ങി. അവർ കളിച്ചു, അവർ അന്യോന്യം വിളിച്ചു. അവർ ഓരോ കൂട്ടം കൂടി, അവർ അവിടവിടെ പാഞ്ഞുനടന്നു. അതാതു മൂലകളിൽവെച്ചു വെളുത്തു ചന്തമുള്ള ചെറുപല്ലുകൾ ഒച്ച പുറപ്പെടുവിച്ചു; മുഖാവരണങ്ങൾ ദൂരത്തുനിന്നു പൊട്ടിച്ചിരികളുടെ മേലന്വേഷണം ചെയ്യുന്നു-ഇരുൾപ്പാടുകൾ സൂര്യരശ്മികൾക്കു കാവൽ നില്ക്കുന്നു. പക്ഷേ, അതുകൊണ്ടെന്താണു്? അവർ പിന്നേയും തിളങ്ങുകയും ചിരിക്കുകയും ചെയ്തു. ആ ദുഃഖമയങ്ങളായ മതില്ക്കെട്ടുകൾ കണ്ണഞ്ചിക്കുന്നവിധം പ്രകാശിക്കുകയായി. അതുകൾ, ഈ മനോഹരങ്ങളായ തേനീച്ചക്കൂട്ടങ്ങളുടെ ആർക്കലിൽ അത്രമേൽ സന്തോഷത്താൽ അല്പമൊന്നു പൂച്ചിടപ്പെട്ടുകൊണ്ടു്, നോക്കിനിന്നു. ഈ വ്യസനമയമായ ഭവനത്തിൽ വിലങ്ങനെ പനിനീർപ്പൂമഴ പെയ്തതുപോലെയായി. സന്ന്യാസിനിമാരുടെ കണ്ണിന്മുമ്പിൽവെച്ചു പെൺകിടാങ്ങൾ കൂത്താടി; പാപരഹിതത്വത്തിന്റെ നോട്ടം നിഷ്കളങ്കതയെ അമ്പരപ്പിക്കുന്നില്ല. ആ അത്രയുമധികം തപോനിഷ്ഠങ്ങളായ മണിക്കൂറുകൾക്കിടയിൽ നിഷ്കപടതയുടേതായി ഒരു മണിക്കൂറെങ്കിലും ഉണ്ടായല്ലോ-ആ കുട്ടികളോടു നാം നന്ദി പറയുക. ചെറുകുട്ടികൾ അങ്ങുമിങ്ങും ഓടിക്കളിച്ചു; മുതിർന്നവർ നൃത്തംവെച്ചു. ഈ സന്ന്യാസിമഠത്തിൽവെച്ചു വിനോദം സ്വർഗത്തോടു കൂടിക്കലർന്നു. പുതിയവയും വലുപ്പംവെച്ചുവരുന്നവയുമായ ഈ ജീവാത്മാക്കളുടെ കൂട്ടത്തെപ്പോലെ അത്രയും ആഹ്ലാദകരവും അത്രയും ഉൽകൃഷ്ടവുമായ മറ്റൊന്നില്ല. പെരൊവോടു [1] കൂടി ചിരിക്കുവാൻ ഹോമർ [2] അങ്ങോട്ടു വന്നിരിക്കും; ആ സന്ന്യാസിനിമാരുടെ മുതുമുത്തശ്ശിമാർക്കു പുരാണകഥകളിലെന്നപോലെ യക്ഷിക്കഥകളിലുള്ളവർക്കുകൂടി, എന്നില്ല, രാജസിംഹാസനങ്ങളിലെന്നപോലെ ഓലപ്പുരകളിലുള്ളവർക്കുപോലും മുഖത്തുള്ള ചുളിവുകൾ ആകെ തൂർന്നുപോകുവാൻ വേണ്ടത്ര ചെറുപ്പവും ആരോഗ്യവും ആഹ്ലാദഘോഷവും ആർപ്പുവിളിയും സന്തോഷമൂർച്ഛയും ആനന്ദവും സുഖവും ആ കറുത്ത തോട്ടത്തിലുണ്ടായി.

ഒരു സമയം മറ്റെല്ലാ സ്ഥലങ്ങളിലേക്കാളധികം ആ വസതിയിലാണു്, അത്ര മേൽ കൗതുകകരങ്ങളും ആലോചനാശീലംകൊണ്ടു നിറഞ്ഞ ഒരു പുഞ്ചിരിയെ പുറപ്പെടുവിക്കുന്നവയുമായ കുട്ടികളുടെ വാക്കുകൾ കേൾക്കാമായിരുന്നതു്. വ്യസനമയങ്ങളായ ആ നാലു മതിലുകൾക്കുള്ളിൽവെച്ചാണു്, ഒരു ദിവസം അഞ്ചു വയസ്സുള്ള ഒരു കുട്ടി ഇങ്ങനെ ഉറക്കെപ്പറഞ്ഞതു്: അമ്മേ! വലിയ കുട്ടികളിൽ ഒരുവൾ ഇപ്പോൾത്തന്നെ എന്നോടു പറഞ്ഞു, ഇവിടെ ഇനി ഒമ്പതുകൊല്ലവും പത്തുമാസവും മാത്രമേ എനിക്കു താമസിക്കേണ്ടതുള്ളൂ എന്നു്. എന്തു സുഖം!’

ഈ സ്മരണീയമായ സംഭാഷണം നടന്നതും ഇവിടെവെച്ചാണു്.

ഒരു മഠനായിക. ‘എന്റെ കുട്ടി, എന്തിനാണു് കരയുന്നത്?

കുട്ടി. (വയസ്സാറു്) ഞാൻ അലിയോടു് എനിക്ക് എന്റെ ഫ്രാൻസു് രാജ്യചരിത്രം മുഴുവനും മനസ്സിലായി എന്നു പറഞ്ഞു; അവൾ പറയുന്നു എനിക്കറിഞ്ഞുകൂടെന്നു്; പക്ഷേ, എനിക്കറിയാം.’

അലി. വലിയ കുട്ടി. (വയസ്സൊമ്പതു്) ‘ഇല്ല; അവൾക്കറിഞ്ഞുകൂടാ.’

മഠനായിക, ‘എന്റെ കുട്ടി എന്തുകൊണ്ടാണത്?’

അലി. അവൾ എന്നോടു പറഞ്ഞു, ‘പുസ്തകമെടുത്തു് എവിടെയെങ്കിലും മലർത്തി, അതിൽനിന്നു് എന്തു ചോദിച്ചാലും ഉത്തരം പറയാമെന്നു്.’

‘എന്നിട്ടു്?’

‘അവൾ ഉത്തരം പറഞ്ഞില്ല.’

‘ഞങ്ങൾ നോക്കട്ടെ. എന്തേ നിയ്യവളോടു ചോദിച്ചത്?’

‘അവൾ പറഞ്ഞതുപോലെ, ഞാൻ പുസ്തകമെടുത്തു് ഒരിടത്തു മലർത്തി, ആദ്യം കിട്ടിയ ചോദ്യം ചോദിച്ചു.’

‘എന്തായിരുന്നു ചോദ്യം?’

‘ഇതാണു്, അതിനുശേഷം എന്തുണ്ടായി?’

ഒരു മാന്യവിദ്യാർഥിനി വളർത്തിയിരുന്നതും ഏതാണ്ടാർത്തിപിടിച്ചതുമായ ഒരു മുളന്തത്തയെപ്പറ്റി ഈ അഗാധതരമായ അഭിപ്രായം പുറപ്പെടുവിക്കപ്പെട്ടതു് ഇവിടെവെച്ചാണു്: ‘എന്തു തറവാടിത്തമുള്ളതു്; ഒരു മനുഷ്യനെന്നപോലെ അതു് അപ്പക്കഷണത്തിന്റേയും വെണ്ണയുടേയും മുകൾഭാഗം തിന്നുന്നു!’

ഏഴു വയസ്സു പ്രായമുള്ള ഒരു പാതകിനി, താൻ മറന്നുപോകാതിരിക്കാൻ വേണ്ടി, മുൻകൂട്ടി എഴുതിവെച്ച ഈ പാപസമ്മതക്കുറിപ്പു കണ്ടുപിടിക്കപ്പെട്ടതു് ഈ സന്ന്യാസിമഠത്തിലെ ഒരു പാവുകല്ലിൽനിന്നാണു്.

‘പിതാവേ, ഞാൻ ധനത്തിന്മേൽ ആശവെച്ചിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

‘പിതാവേ, ഞാൻ ഒരു വ്യഭിചാരിയായിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

‘പിതാവേ, ഞാൻ പുരുഷന്മാരുടെ നേരെ നോക്കിപ്പോയിട്ടുണ്ടെന്നു് എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു.’

ആറു വയസ്സുള്ള ഒരു പനിനീർപ്പൂവായതിൽനിന്നു നാലും അഞ്ചും വയസ്സുള്ള നീലക്കണ്ണുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കെ താഴെ കാണുന്ന കല്പിതകഥ പുറപ്പെട്ടതു് ഈ തോട്ടത്തിലെ പുല്ക്കട്ടബെഞ്ചിൽനിന്നാണു്: ‘മൂന്നു ചെറുകോഴികൾക്കുകൂടി അനവധി പുഷ്പങ്ങളുള്ള ഒരു രാജ്യമുണ്ടായിരുന്നു. അവ പുഷ്പങ്ങളെ അറുത്തെടുത്തു കുപ്പായക്കീശയിലിട്ടു. അതു കഴിഞ്ഞ്, അവ ഇലകളെ നുള്ളിയെടുത്തു് കളിസ്സാമാനങ്ങളിലിട്ടു. ആ രാജ്യത്തു് ഒരു ചെന്നായയുണ്ടായിരുന്നു; അവിടെ ഒരുപാടു് കാടുകളുണ്ടു്; ചെന്നായ ആ ചെറുകോഴികളെ കടിച്ചുതിന്നു.

ഈ മറ്റൊരു കാവ്യവും:

വടികൊണ്ടു് ഒരടി.

കോമാളിയാണു് പൂച്ചയെ ആ അടിയടിച്ചതു്.

ആ കുറിഞ്ഞിപ്പൂച്ചയ്ക്കു സുഖമായില്ല; അതതിനെ വേദനപ്പെടുത്തി.

ഒടുവിൽ ഒരു മാന്യസ്ത്രീ കോമാളിയെ തടവിലിട്ടു.

അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടു്, കന്യകാമഠത്തിൽനിന്നു ധർമമായി വളർത്തിവന്ന ഒരനാഥപ്പെൺകുട്ടി മനോഹരവും മർമഭേദകവുമായ ഈ വാക്കു പറഞ്ഞതു് ഇവിടെവെച്ചാണു്. മറ്റു കുട്ടികൾ അവരുടെ അമ്മമാരെപ്പറ്റി പറയുന്നതു് അവൾ കേട്ടു; താനിരിക്കുന്ന മുക്കിലിരുന്നു് അവൾ പിറുപിറുത്തു: ‘എന്നെപ്പറ്റി പറകയാണെങ്കിൽ, ഞാൻ ജനിക്കുമ്പോൾ എന്റെയമ്മ അവിടെയുണ്ടായിരുന്നില്ല.’

തടിച്ച ശക്തിയുള്ള ഒരു വാതില്ക്കാവല്ക്കാരിയുണ്ടായിരുന്നു. താക്കോൽക്കൂട്ടവുംകൊണ്ടു് അവൾ ഇടനാഴിയിലൂടെ എപ്പോഴും പായുന്നതു കാണാം; അവളുടെ പേർ സിസ്റ്റർ അഗത എന്നാണു്. വലിയ വലിയ പെൺകിടാങ്ങൾ പത്തു വയസ്സിന്നു മീതെയുള്ളവർ - അവളെ അഗതോക്സിസു് [3] എന്നാണു് വിളിക്കാറു്.

നീണ്ടു ചതുരത്തിൽ വളരെ വലുപ്പമുള്ളതും തോട്ടത്തിന്നഭിമുഖമായി കമാനാകൃതിയിലുള്ള ഒരു നടപ്പുരയിലൂടെയല്ലാതെ വേറെ വെളിച്ചം ചെല്ലാത്തതുമായ ഊട്ടുപുര ഇരുണ്ടതും നനവുള്ളതും, കുട്ടികൾ പറയുമ്പോലെ, ജന്തുക്കൾ നിറഞ്ഞതുമായിരുന്നു. ചുറ്റുമുള്ള പ്രദേശങ്ങൾ അവിടെക്കു താന്താങ്ങളുടെ വരി പ്രകാരമുള്ള ഇഴജന്തുക്കളെ അയച്ചുകൊടുത്തു.

അതിന്റെ നാലു മൂലയ്ക്കും, വിദ്യാർഥിനികളുടെ ഭാഷയിൽ, അർഥവത്തുക്കളായ ഓരോ വിശേഷപ്പേരുകളുണ്ടായിരുന്നു; എട്ടുകാലിമൂല, കമ്പിളിപ്പുഴുമൂല, മരച്ചെള്ളുമൂല, മണ്ണട്ടമൂല.

മണ്ണട്ടമൂല അടുക്കളയ്ക്കടുത്താണു്; അതാണു് അവിടെവെച്ച് പ്രധാനമായ സ്ഥലം. മറ്റിടങ്ങളിലെപ്പോലെ അവിടെ അത്ര തണുപ്പില്ല. ഊട്ടുപുരയിൽനിന്നു് ഈ പേരുകൾ വിദ്യാലയത്തിലേക്കു കടന്നു; അവ നാലു ജനസമുദായങ്ങളെ വേർതിരിച്ചറിയുവാൻ ഉപയോഗപ്പെട്ടു. ഊട്ടുപുരയിൽ ഉണ്ണാനിരിക്കുന്ന മൂലയനുസരിച്ച് ഓരോ വിദ്യാർഥിനിയും ആ നാലെണ്ണത്തിൽ ഏതിലെങ്കിലും ഉൾപ്പെട്ടിരുന്നു. ഒരു ദിവസം പ്രധാന മെത്രാൻ ഉൾനാടുകളിലെ പള്ളികൾ പരിശോധിച്ചുകൊണ്ടു് അവിടെച്ചെന്നപ്പോൾ, ചന്തമുള്ള തങ്കമുടിയോടുകൂടിയ ഒരു ചെറിയ ഓമനപ്പെൺകുട്ടി, അദ്ദേഹം കടന്നുപോന്ന ഒരു ക്ലാസ്സുമുറിയിലേക്കു വരുന്നതു കണ്ടു.

അദ്ദേഹം പനിനീർപ്പൂപോലുള്ള കവിളുകളോടുകൂടിയ മറ്റൊരു സുന്ദരിപ്പെൺകുട്ടിയോടു ചോദിച്ചു - അവൾ അടുത്തു നില്ക്കുന്നുണ്ടായിരുന്നു:

‘അതാരാണു്?’

‘മോൺസിന്യേർ, അതൊരെട്ടുകാലിയാണു്.’

‘ആഹാ, അങ്ങേപ്പുറത്തു നില്ക്കുന്ന അവളോ?’

‘അവൾ ഒരു മണ്ണട്ട.’

‘മറ്റേത്?’

‘അവൾ ഒരു കമ്പിളിപ്പുഴു.’

‘നേര്! ആട്ടെ, കുട്ടിയോ?’

‘മോൺസിന്യേർ, ഞാൻ മരച്ചെള്ളാണു്.’

ഇത്തരം വീടുകൾക്കെല്ലാം സ്വന്തമായി ചില വിശേഷതകളുണ്ടു്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഏതാണ്ടു് ഉൽക്കൃഷ്ടമായ ഒരു തണലിൽ പെൺകിടാങ്ങൾ തങ്ങളുടെ കുട്ടിപ്രായം കഴിച്ചുകൂട്ടിയിരുന്ന നിഷ്ഠാപരങ്ങളും മനോഹരങ്ങളുമായ പ്രദേശങ്ങളിൽ ഒന്നാണു് ഇക്കുവാ. വിശുദ്ധകർമത്തിന്നേർപ്പെടുന്നവരിൽ പദവിവ്യത്യാസമുണ്ടാക്കുവാൻവേണ്ടി, ഇക്കുവയിൽ കന്യകമാരേയും പൂക്കാരികളേയും രണ്ടായി വേർതിരിച്ചിരുന്നു. എന്നല്ല, ‘വിതാനക്കാരികൾ’ എന്നും ‘ധൂപകലശക്കാരികൾ’ എന്നുംകൂടി രണ്ടുതരക്കാരുണ്ടായിരുന്നു-ആദ്യം പറഞ്ഞവർ വിതാനത്തിന്റെ ചരടുകൾ പിടിക്കുകയും, രണ്ടാമതു പറഞ്ഞവർ വിശുദ്ധകർമത്തിനു ധൂപകലശം എടുക്കുകയും ചെയ്തുവന്നു. പുഷ്പങ്ങൾ അവകാശപ്രകാരം പൂക്കാരികൾക്കുള്ളതാണു്. നാലു കന്യകമാർ മുൻപേ നടക്കും. ആ പെരുന്നാൾ ദിവസം രാവിലെ കിടപ്പറയിൽനിന്നു് ഈ ചോദ്യം കേൾക്കുന്നതു് അത്ര അപൂർവമായ ഒരു സംഗതിയല്ല. ‘ആരാണു് കന്യക?’

ഏഴു വയസ്സു പ്രായമുള്ള ഒരു ‘ചെറിയ പെൺകുട്ടി’ ഈശ്വരാരാധനായാത്രയിൽ മുൻപേ നടന്നിരുന്ന പതിനാറു വയസ്സുള്ള ഒരു ‘വലിയ പെൺകുട്ടി’യോടു പിന്നാലെ നടന്നുപോകുന്നതിനിടയിൽ, ഇങ്ങനെ പറഞ്ഞതായി മദാം കമ്പാൻ എപ്പോഴും എടുത്തുപറയാറുണ്ടു്; ‘നിങ്ങൾ ഒരു കന്യകയാണു്; ഞാനൊട്ടല്ലതാനും.’

കുറിപ്പുകൾ

[1] യക്ഷിക്കഥാനിർമ്മാണംകൊണ്ടു സുപ്രസിദ്ധനായ ഒരു ഫ്രഞ്ച് ഗ്രന്ഥകാരൻ. ഇദ്ദേഹത്തിന്റെ വകയാണു് മിക്ക ഭാഷകളിലും തർജ്ജമചെയ്തു നടപ്പുള്ളതായ ‘സിൻഡെറല്ല’ എന്ന കഥ.

[2] വാല്മീകിക്കു സമനെന്നു പറയപ്പെടുന്ന ഗ്രീസ്സുകാരൻ മഹാകവി.

[3] രണ്ടായിരത്തിലധികം കൊല്ലം മുമ്പു ഡിറാക്യൂസു് എന്ന പ്രദേശത്തു വാണിരുന്ന ഒരു പരമപ്രജാപീഡകന്റെ പേർ.

2.6.5
അതുമിതും

ഊട്ടുപുരയുടെ വാതിലിനു മുകളിൽ വെളുത്ത ഈശ്വരപ്രാർഥന എന്നു പറഞ്ഞുവരുന്നതും ആളുകളെ സ്വർഗത്തിലേക്കു കയറ്റിവിടുന്ന ഗുണവിശേഷത്തോടുകൂടിയതുമായ ഈ പ്രാർഥന വലിയ കറുത്ത അക്ഷരത്തിൽ എഴുതപ്പെട്ടിരുന്നു.

‘ഈശ്വരൻ ഉണ്ടാക്കിയതും, ഈശ്വരൻ ചൊല്ലിയതും, ഈശ്വരൻ സ്വർഗത്താൽ പ്രതിഷ്ഠിച്ചതുമായ ചെറിയ വെളുത്ത ഈശ്വരപ്രാർഥന. രാത്രി ഞാൻ കിടക്കാൻ പോയപ്പോൾ എന്റെ കിടക്കയിൽ മൂന്നു ദേവദൂതന്മാരിരിക്കുന്നതു കണ്ടു-ഒരാൾ കാല്ക്കലും രണ്ടു പേർ തലയ്ക്കലും; സുശീലയായ കന്യകാമറിയം നടക്കും; അവൾ എന്നോടു ശങ്കിക്കാതെ കിടന്നുകൊള്ളാൻ പറഞ്ഞു, നല്ലവനായ ദൈവം എന്റെ അച്ഛനാണു്; നല്ലവളായ കന്യകാമറിയം എന്റെ അമ്മയാണു്; മൂന്നപ്പോസ്തലന്മാർ എന്റെ സഹോദരന്മാരാണു്. മൂന്നു കന്യകമാർ എന്റെ സഹോദരിമാരുമാണു്. ഈശ്വരൻ പിറന്നപ്പോഴത്തെ ഉൾക്കുപ്പായം എന്റെ ദേഹത്തെ മറയ്ക്കുന്നു;സെയിന്റു് മാർഗരറ്റിന്റെ കുരിശ് എന്റെ മാറത്തെഴുതപ്പെട്ടിരിക്കുന്നു. ഈശ്വരനെപ്പറ്റി കരഞ്ഞുകൊണ്ടു കന്യകാമറിയം മൈതാനങ്ങളിലൂടെ നടക്കുകയായിരുന്നു; അപ്പോഴാണു് അവൾ സാങ് യൊഹാനെ കണ്ടതു്. ‘മൊസ്യു സാങ് യൊഹാൻ, അങ്ങ് എവിടെനിന്നു വരുന്നു?’ ‘ഞാൻ സ്വർഗത്തിൽനിന്നു്.’ ‘നല്ലവനായ ദൈവത്തെ അങ്ങു കണ്ടില്ല; അവിടുന്നെവിടെയാണു്?’ ‘അവിടുന്നു കുരിശുമരത്തിന്മേൽ കാലുകൾ തൂങ്ങിയും തൊപ്പി ധരിച്ചും നില്ക്കുകയാണു്. മൂന്നു പ്രാവശ്യം സന്ധ്യയ്ക്കും മൂന്നു പ്രാവശ്യം രാവിലെയും ഇതു് ആർ ചൊല്ലുന്നുവോ അവന്നു് ഒടുവിൽ സ്വർഗം കിട്ടും.’

1827-ൽ ഈ സുവിശേഷപ്രാർഥന ചുമരിന്മേൽ മൂന്നു തവണത്തെ ചായം തേപ്പുകൊണ്ടു മാഞ്ഞിരുന്നു. ഇപ്പോഴാകട്ടേ, അന്നു ചെറിയ പെൺകുട്ടികളും ഇന്നു മുത്തശ്ശിമാരുമായ പലരുടേയും ഓർമയിൽനിന്നുകൂടി അതു മാഞ്ഞുപോകയായി.

ചുമരോടു ചേർത്തുനിർത്തിയിട്ടുള്ള ഒരു വലിയ കുരിശുമുദ്രകൊണ്ടു് ഈ ഊട്ടുപുരയുടെ അലങ്കാരമെല്ലാം മുഴുമിച്ചു. അതിന്റെ വാതിൽ-ഞങ്ങൾ ഇതു മുൻപു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു-തോട്ടത്തിലേക്കഭിമുഖമായിട്ടാണു്. രണ്ടു പാർശ്വത്തിലും മരംകൊണ്ടുള്ള ബെഞ്ചുകളോടുകൂടിയ രണ്ടു വീതി കുറഞ്ഞ മേശകൾ ഊട്ടുപുരയുടെ ഒരറ്റത്തുനിന്നു മറ്റേ അറ്റംവരേയ്ക്കു രണ്ടു നേർവരയിട്ടിട്ടുണ്ടു്. ചുമരുകൾ വെളുത്തിട്ടാണു്; മേശകൾ കറുത്തിട്ടും. വൈരസ്യമയങ്ങളായ ഈ രണ്ടു നിറങ്ങളെക്കൊണ്ടു മാത്രമേ കന്യകാമഠങ്ങളിൽ വർണവൈചിത്ര്യമുണ്ടാക്കാറുള്ളൂ. ഭക്ഷണം, ചുരുങ്ങിയ നിലയിലാണു്; കുട്ടികളുടെ ഭക്ഷണംകൂടി കഷ്ടം. മാംസവും സസ്യസാധനങ്ങളും കൂടിച്ചേർന്ന ഒരു കറി; അല്ലെങ്കിൽ ഉപ്പിട്ട മത്സ്യം-ഇതാണു് അവരുടെ സദ്യ. വിദ്യാർഥിനികൾക്കു മാത്രമായുള്ള ഈ നിസ്സാര ഭക്ഷണം, ഏതായാലും, അവിടെ എല്ലാവർക്കുമുള്ളതല്ല. ഓരോ ദിവസവും വഴിക്കുവഴിയേ മുറവെച്ചു വരുന്ന ഒരു മഠനായികയുടെ മുൻപിലിരുന്നു വിദ്യാർഥിനികൾ ശബ്ദിക്കാതെ ഊൺ കഴിക്കും; നിയമത്തിനെതിരായി ഒരീച്ചയ്ക്കു പറക്കാനോ ശബ്ദം പുറപ്പെടുവിക്കാനോ തോന്നിപ്പോയാൽ ഉടനെ ആ അമ്മ ഒരു മരപ്പുസ്തകം ഇടയ്ക്കിടയ്ക്കു തുറന്നടയ്ക്കും. അവിടെയുള്ള ഈ നിശ്ശബ്ദതയ്ക്കു, കുരിശുമുദ്രയുടെ ചുവട്ടിൽ ഒരെഴുത്തുമേശയോടുകൂടിയുള്ള ഒരു ചെറിയ പ്രസംഗപീഠത്തിലിരുന്നു വായിക്കപ്പെട്ട ഋഷികഥകളെക്കൊണ്ടു കുറച്ചു പൊറുതിയുണ്ടു്. വായിക്കുന്നതു് വലിയ പെൺകുട്ടികളിൽ ഒരുവളായിരിക്കും; അതു് ആഴ്ചയിൽ ഓരോരുത്തരായി മാറിമാറിവരും. ആ നഗ്നമായ മേശയ്ക്കു മുകളിൽ ക്രമത്തിൽ ദൂരെദൂരെയായി വെച്ചിട്ടുള്ള ആ പൂച്ചുപിഞ്ഞാണങ്ങളിൽ വിദ്യാർഥിനികൾ തങ്ങളുടെ വെള്ളിക്കോപ്പകളും കത്തികളും മുള്ളുകളും മോറുന്നു; ചിലപ്പോൾ അവർ കടുപ്പമുള്ള മാംസക്കഷ്ണങ്ങളോ ചീഞ്ഞ മത്സ്യമോ അതിൽ ഇട്ടുകളയും; ഇതിനു ശിക്ഷയുണ്ടു്. ഈ പിഞ്ഞാണങ്ങളെ ‘ജലവൃത്തങ്ങൾ’ എന്നാണു് വിളിക്കാറു്. മൗനഭജനം ചെയ്ത വിദ്യാർഥിനി ‘നാവുകൊണ്ടു കുരിശു വരയ്ക്കുന്നു.’ എവിടെ? നിലത്തു്. അവൾ നിലം നക്കുന്നു. എല്ലാ സന്തോഷങ്ങളുടേയും അവസാനമായ പൊടിമണ്ണിനെയാണു് ഒച്ചയുണ്ടാക്കിയെന്ന കുറ്റം ആരോപിക്കപ്പെട്ട ആ ചെറിയ സാധുപ്പനിനീർപ്പൂവിതളുകളെ സൌശീല്യം പഠിപ്പിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നതു്.

അതിവിശിഷ്ടമായ ഒരു കോപ്പിയായിട്ടല്ലാതെ ഒരിക്കലും അച്ചടിച്ചിട്ടില്ലാത്ത ഒരു പുസ്തകം ആ കന്യകാമഠത്തിലുണ്ടായിരുന്നു. അതു വായിക്കാൻ പാടില്ല. സാങ്-ബെന്വാവിന്റെ നിയമമാണതു്. അശുദ്ധദൃഷ്ടികൾക്ക് ഒരിക്കലും ചുഴിഞ്ഞുനോക്കിക്കൂടാത്ത ഒരു നിഗൂഢവസ്തു, ‘ഞങ്ങളുടെ നിയമങ്ങളെയോ നിശ്ചയങ്ങളെയോ പുറമെയുള്ളവരോടു് ആർക്കും പറഞ്ഞുകൊടുപ്പാൻ പാടില്ല.’ ഒരു ദിവസം വിദ്യാർഥിനികൾക്ക് ഈ പുസ്തകം കൈയിൽ കിട്ടി; അവർ അത്യാർത്തിയോടുകൂടി വായിക്കാൻ തുടങ്ങി; പക്ഷേ, ആരെങ്കിലും കണ്ടു് പിടുത്തം കൂടിയാലോ എന്ന ഭയംകൊണ്ടു വായന ഇടയ്ക്കിടയ്ക്കു നിർത്തേണ്ടിയിരുന്നു; പുസ്തകം ഇടയ്ക്കിടയ്ക്ക് ഉപായത്തിൽ കൂട്ടേണ്ടിയിരുന്നു.

വരാനുള്ള ആ അത്യാപത്തിനിടയിൽനിന്നു് അവർക്കു കിട്ടിയ സന്തോഷം വളരെ കുറച്ചേ ഉള്ളൂ. അവർ കണ്ടതിൽവെച്ച് ഏറ്റവും ‘രസം പിടിച്ച കാര്യം’ ചെറിയ ആൺകുട്ടികളുടെ പാപകർമങ്ങളെപ്പറ്റി പറയുന്ന ചില തിരിയാത്ത ഭാഗങ്ങളാണു്.

അല്പം ചില നിസ്സാരമരങ്ങൾ വക്കുകളിലുള്ള ആ തോട്ടത്തിലെ ഒരു നടക്കാവിൽ അവർ കളിച്ചിരുന്നു. കടന്ന നിലയിലുള്ള നോട്ടവും കഠിനതരങ്ങളായ ശിക്ഷകളുമിരുന്നാലും, കാറ്റു വന്നു മരങ്ങളെ പിടിച്ചുകുലുക്കുമ്പോൾ, ഒരു പച്ച ആപ്പിൾക്കായയോ ഒരു ‘സബർജൽ’പ്പഴമോ അവർ ചിലപ്പോൾ കൈയിലാക്കി എന്നു വരും. എന്റെ മുൻപിൽക്കിടക്കുന്നതും, ഇപ്പോൾ ഡച്ചസ്സായ പണ്ടത്തെ ഒരു വിദ്യാർഥിനി-പാരിസ്സിൽ വെച്ചു തികഞ്ഞ അന്തസ്സും തറവാടിത്തവുമുള്ള സ്ത്രീകളിൽ ഒരു മുന്തിയവൾ - ഇരുപത്തഞ്ചു കൊല്ലം മുൻപു് എഴുതിയതുമായ ഒരു കത്തിനു് ഇവിടെ പ്രസംഗിക്കാനുള്ള അവകാശം ഞാൻ സമ്മാനിക്കും. അതിലുള്ളതു ഞാൻ നേരേ പകർത്തുന്നു: ‘അവരവർക്കു കിട്ടിയ സബർജലോ ആപ്പിൾപ്പഴമോ എല്ലാവരും കഴിയുന്നവിധം സൂക്ഷിച്ചുകൊള്ളുന്നു. അത്താഴത്തിനു മുമ്പായി മൂടുപടം കിടക്കമേൽ കൊണ്ടുവെക്കാൻ മുകളിലേക്കു പോകുമ്പോൾ അതു തലയണയുടെ ചുവട്ടിൽ തിരുകും; രാത്രി കിടക്കുമ്പോൾ അതെടുത്തു് തിന്നും; അതിനു സാധിച്ചില്ലെങ്കിൽ മറപ്പുരയിലിരിക്കുമ്പോൾ കഴിക്കും.’ അവരുടെ വലിയ ഭക്ഷണസുഖങ്ങളിൽ ഒന്നായിരുന്നു ഇതു്.

ഒരു ദിവസം-പ്രധാന മെത്രാൻ കന്യകാമഠം സന്ദർശിച്ച അവസരത്തിലാണ്-ചെറിയ പെൺകുട്ടികളിൽ ഒരുവൾ, മോൺമോറൻസി കുടുംബത്തോടു സംബന്ധിച്ച മാംസൽ ബൂഷാർ, ഒരു ദിവസത്തെ അവധി ചോദിക്കാമെന്ന്- അത്രയും തപോനിഷ്ഠയുള്ള ഒരു സംഘത്തിൽ വല്ലാത്ത കുറ്റമാണിത്-ഒരു വാതുവെച്ചു; അതു മറ്റുള്ളവർ സമ്മതിച്ചു; പക്ഷേ, ആ വാതുവെപ്പിൽ ഏർപ്പെട്ടവരാരുംതന്നെ അവൾ അതു ചെയ്യുമെന്നു വിശ്വസിച്ചിട്ടില്ല. ആ സമയം വന്നപ്പോൾ, പ്രധാനമെത്രാൻ വിദ്യാർഥിനികളുടെ മുൻപിലൂടെ പോകുന്ന സമയത്തു്, കൂട്ടുകാരെല്ലാം പേടിച്ചു മരവിച്ചുപോകുമാറു്, അവൾ വരിനിരപ്പിൽനിന്നു മുൻപോട്ടു നീങ്ങി നിന്നു പറഞ്ഞു: ‘മോൺസിന്യേർ, ഒരു ദിവസത്തെ അവധി.’ മാംസൽ ബൂഷാർ നീണ്ടു്, യൗവനയുക്തയായി, ലോകത്തിൽവെച്ചു ഏറ്റവും ചന്തമുള്ള മുഖസൗഭാഗ്യത്തോടുകൂടിയവളായിരുന്നു. മോൺസിന്യേർ ദു് ക്വലാ പുഞ്ചിരിയിട്ടു പറഞ്ഞു: ‘എന്തു്, എന്റെ പ്രിയപ്പെട്ട കുട്ടി, ഒരു ദിവസത്തെ അവധി! വേണമെങ്കിൽ മൂന്നു ദിവസം. മൂന്നു ദിവസത്തെ അവധി ഞാൻ തന്നു.’ മഠാധ്യക്ഷയ്ക്ക് ഒന്നും ചെയ്വാൻ നിവൃത്തിയില്ല; പ്രധാന മെത്രാനാണു് പറഞ്ഞതു്, കന്യകാമഠം വിറച്ചു. വിദ്യാർഥിനിക്കു രസമായി. ഫലം ഊഹിക്കാമല്ലോ.

എന്തായാലും ഈ നിഷ്ഠയേറിയ സന്ന്യാസിമഠത്തെ ബഹിർല്ലോകത്തിലെ വികാരയുക്തമായ ജീവിതവും നാടകവും, അത്ഭുതചരിത്രം തന്നെയും കടന്നു ബാധിക്കാതിരിപ്പാൻമാത്രം തികച്ചും വേണ്ടവിധത്തിൽ മതിൽ കെട്ടി നിർത്തിയിരുന്നില്ല. ഇതു തെളിയിക്കുവാൻ വേണ്ടി, വേറേ എടുത്തുനോക്കിയാൽ ഞങ്ങൾ ഈ പറഞ്ഞുവരുന്ന കഥയോടു യാതൊരു സംബന്ധവുമില്ലാത്തതും ഒരു ചരടുകൊണ്ടും അതിനോടു കൂടിയിണങ്ങിക്കാണാത്തതുമായ ഒരു കാര്യം, വാസ്തവവും എതിർപറയാൻ നിവൃത്തിയില്ലാത്തതുമായ ഒരു സംഗതി, ഇവിടെ ചുരുക്കത്തിൽ സൂചിപ്പിച്ചു രേഖപ്പെടുത്തിയിടുക മാത്രം ചെയ്തു ഞങ്ങൾ തൃപ്തിപ്പെടട്ടെ. വായനക്കാരുടെ മനസ്സിൽ കന്യകാമഠത്തിന്റെ മുഖാകൃതി മുഴുവനും തെളിഞ്ഞു പതിയുവാൻവേണ്ടിയാണു് ഈ സംഗതി ഞങ്ങൾ പറയുന്നതു്.

ഈ കാലത്തു് കന്യകാമഠത്തിനുള്ളിൽ ഒരു നിഗൂഢസത്ത്വം ജീവിച്ചിരുന്നു; അവൾ സന്ന്യാസിനിയല്ല; അവളോടു് എല്ലാവരും വളരെ ആദരവോടുകൂടിയാണു് പെരുമാറിയിരുന്നതു്. മദാം അൽബർതെങ് എന്നായിരുന്നു അവളെ വിളിച്ചുവന്ന പേർ. അവൾക്കു ഭ്രാന്താണെന്നും ലോകത്തെസ്സംബന്ധിച്ചേടത്തോളം അവൾ മരിച്ചുപോയിരിക്കുന്നു എന്നുമല്ലാതെ മറ്റൊന്നും അവളെപ്പറ്റി അറിവില്ല. ആ ചരിത്രത്തിന്റെ അടിയിൽ ഒരു വലിയ വിവാഹത്തിന്റെ ഭാഗ്യസംഭാരങ്ങൾ കിടപ്പുണ്ടെന്നാണു് വർത്തമാനം.

കഷ്ടിച്ചു മുപ്പതു വയസ്സു പ്രായമുള്ള ഈ സ്ത്രീ ഇരുണ്ട നിറത്തോടുകൂടി സാമാന്യം സൗഭാഗ്യമുള്ള ഒരുവളാണു്. അവളുടെ കറുത്ത കണ്ണുകളിൽ ഒരു നിലകെട്ട നോട്ടമുണ്ടു്. അവൾക്കു കണ്ണിന്നു കാഴ്ചയുണ്ടോ? അല്പം സംശയത്തിലാണു്. അവൾ നടക്കുകയല്ല, നീങ്ങുകയാണു്; അവൾ ഒരിക്കലും സംസാരിക്കാറില്ല; അവൾ ശ്വാസം കഴിക്കാറുണ്ടോ എന്നുതന്നെ തികച്ചും നിശ്ചയമില്ല. അവളുടെ നാസികാദ്വാരങ്ങൾ കരുവാളിച്ചും, ഒടുവിലത്തെ ഊർദ്ധ്വൻ വലിച്ചിട്ടുള്ള നിലയാണെന്നു തോന്നുമാറു് ഇറുകിയുമിരുന്നു. മഞ്ഞിൻകട്ട തൊടുന്നതുപോലെയാണു് അവളുടെ കൈ തൊട്ടാൽ. അവൾക്ക് ആകപ്പാടെ ഒരു പ്രേതത്തിന്റെ മട്ടുണ്ടു്. അവൾ എവിടെ കടന്നുചെന്നാലും, അവിടെയുള്ളവർ ഒന്നു മരവിച്ചുപോവും. അവൾ പോകുന്നതു കണ്ടു് ഒരു കന്യകാമഠസ്ത്രീ പറഞ്ഞു: ‘അവർ മൃതയാണെന്നാണു് വെപ്പു്.’ ‘ഒരുസമയം അങ്ങനെയായിരിക്കാം.’ മറ്റേവൾ മറുപടി പറഞ്ഞു,

മദാം അൽബർതെങ്ങിനെപ്പറ്റി ഒരു നൂറു കഥ പറഞ്ഞുവരാറുണ്ടു്. വിദ്യാർഥിനികളുടെ അവസാനിക്കാത്ത ഉൽക്കണ്ഠയിൽനിന്നാണു് അതിന്റെ പുറപ്പാടു്. ചെറുപള്ളിയിൽ ല്വാ ദു് ബെ എന്നു പേരായ ഒരു തട്ടിരിപ്പിടമുണ്ടു്. ഈ തട്ടിരിപ്പിടത്തിലിരുന്നാണു് മദാം അൽബർതെങ് കുർബ്ബാന കേൾക്കാറു്. അവൾ മാത്രമേ അവിടെ ഉണ്ടായിരിക്കൂ; എന്തുകൊണ്ടെന്നാൽ, ഈ തട്ടിരിപ്പിടം ഒന്നാമത്തെ നിലയോടു സമമായിരുന്നതുകൊണ്ടു് അവിടെയിരുന്നാൽ പ്രാസംഗികനെ; അല്ലെങ്കിൽ കുർബ്ബാന വായിക്കുന്നാളെ, കാണാമായിരുന്നു. ഇതു സന്ന്യാസിനിമാർക്കു പാടില്ലാത്തതാണു്. ഫ്രാൻസിലെ പ്രഭുസഭാംഗവും 1815-ൽ പട്ടാളവകുപ്പിൽ ഒരു മേലുദ്യോഗസ്ഥനുമായിരുന്ന ലു് ദ്യുക്ദു് രൊഹാങ്ങാണു് ഒരു ദിവസം പ്രസംഗപീഠത്തിൽ ഉണ്ടായിരുന്നതു്; അന്നു് അദ്ദേഹം ലെയോങ്ങിലെ രാജകുമാരനാണു്. ഇദ്ദേഹം കർദ്ദിനാലും ബെസാങ്ശൊവിലെ പ്രധാന മെത്രാനുമായിരുന്നു് 1830-ൽ മരിച്ചു. പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ വെച്ച് അന്നു ഒന്നാമതായിട്ടാണു് മൊസ്സ്യു ദു് രൊഹാങ് പ്രസംഗിക്കുന്നതു്. പ്രാർഥനകളും പ്രസംഗങ്ങളും നടക്കുമ്പോൾ മദാം അൽബർതെങ് സാധാരണമായി തികഞ്ഞ ശാന്തതയോടുകൂടിയും ലേശമെങ്കിലും ഭാവഭേദമില്ലാതെയും ഇരിക്കും. അന്നു മൊസ്സ്യു ദു് രൊഹാങ്ങിനെ കണ്ട ക്ഷണത്തിൽ അവൾ ഏതാണ്ടു ഞെട്ടിയെണീറ്റു: പള്ളിയിലെ നിശ്ശബ്ദതയ്ക്കിടയിൽ അവൾ ഒരുച്ചസ്വരത്തിൽ പറഞ്ഞു: ‘ഹാ! ഒഗുസ്ത്!’ ആ കന്യകാമഠത്തിലുള്ളവരെല്ലാം അമ്പരന്നു് ഒന്നിച്ചു തിരിഞ്ഞുനോക്കി. പ്രാസംഗികൻ തല പൊന്തിച്ചു; പക്ഷേ, മദാം അൽബർതെങ് തന്റെ നിശ്ചലത്വത്തെത്തന്നെ വീണ്ടും അവലംബിച്ചിരുന്നു; ആ വെറുങ്ങലിച്ചതും ജീവൻ പോയതുമായ മുഖത്തിലൂടെ ഒരു നിമിഷനേരത്തേക്കു ബഹിർല്ലോകത്തിൽനിന്നുള്ള ഒരു കാറ്റടി, ജീവിതത്തിന്റെ ഒരു മിന്നലാട്ടം പാഞ്ഞു; ഉത്തരക്ഷണത്തിൽ അതു മാഞ്ഞു; ആ ഭ്രാന്തി വീണ്ടും ഒരു ശവംതന്നെയായി.

എന്തായാലും ആ രണ്ടു വാക്കുകൾ കന്യകാമഠത്തിൽ സംസാരിക്കാൻ അധികാരമുണ്ടായിട്ടാരെല്ലാമുണ്ടോ അവരെക്കൊണ്ടെല്ലാം പിറുപിറുവിച്ചു. ആ ഹാ! ഒഗുസ്ത്!’ എന്നതിൽ എന്തെല്ലാം സാമാനങ്ങൾ അടങ്ങിയിരുന്നു! എന്തെല്ലാം കാര്യങ്ങൾ വെളിച്ചത്തായി! മോൺസിന്യേർ ദു് രൊഹാങ്ങിന്റെ ക്രിസ്ത്യൻ പേർ വാസ്തവത്തിൽ ഒഗുസ്തു് എന്നായിരുന്നു. മോൺസിന്യേർ ദു് രൊഹാങ്ങിനെ മദാം അൽബർതെങ് അറിഞ്ഞിരുന്നതുകൊണ്ടു് അവൾ ഒരു വലിയ സ്ഥിതിയിലുള്ള സ്ത്രീതന്നെയായിരിക്കണം; എന്നല്ല, അത്രയും വലിയ ഒരു പ്രഭുവിനെപ്പറ്റി ഈവിധം പരിചയമുള്ളതുപോലെ സംസാരിച്ച സ്ഥിതിക്ക് അവൾ ഏറ്റവും ഉയർന്ന പ്രഭുപദത്തിൽ ഉള്ളവളായിരിക്കണം; അത്രമാത്രമല്ല, അദ്ദേഹത്തിന്റെ ‘ഓമനപ്പേർ’ അവൾക്കറിയാമായിരുന്നതുകൊണ്ടു്, അവർ രണ്ടുപേരും തമ്മിൽ ഒരു സമയം എന്തോ ചാർച്ചയും വേണം-ഏതായാലും ഏറ്റവും അടുത്ത ഒരു ചാർച്ചയാണു്.

വലിയ ഗൗരവഭാവത്തോടുകൂടിയ രണ്ടു ഡച്ചസ്സുമാർ, മദാം ദു് ഷ്വാസെയും, ദ്സെരാങ്ങും, അവിടെ പലപ്പോഴും ചെല്ലാറുണ്ടു്; വലിയ പദവിയിലുള്ള സ്ത്രീകൾ എന്ന അവകാശത്തിന്മേലാണു് നിശ്ചയമായും അവർ അങ്ങോട്ടു ചെന്നിരുന്നതു്; അവരുടെ വരവു വിദ്യാലയത്തിൽ വലിയ പരിഭ്രമമുണ്ടാക്കിയിരുന്നു. ഈ രണ്ടു മാന്യസ്ത്രീകൾ കടന്നുപോകുന്നതു കണ്ടാൽ അവിടെയുള്ള സാധുപ്പെൺകുട്ടികളെല്ലാം വിറച്ചു, മുഖം താഴ്ത്തും.

എന്നല്ല, മോൺസിന്യേർ ദു് രൊഹാങ് താൻ തീരെ അറിയാതെതന്നെ, വിദ്യാർഥികളുടെയെല്ലാം ശ്രദ്ധാവിഷയമായിരുന്നു. പ്രധാന മെത്രാനാവാൻ നില്ക്കുന്ന അദ്ദേഹം പാരിസ്സിലെ പ്രധാന മെത്രാന്റെ മുഖ്യപ്രതിനിധിയായി നിയമിക്കപ്പെട്ട ഉടനെയാണിതു്. പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർക്കുള്ള ദേവാലയത്തിൽ ഈശ്വരാരാധന നടത്തുവാൻവേണ്ടി പലപ്പോഴും അവിടെ ചെല്ലുന്നതു് അദ്ദേഹത്തിന്റെ പതിവുകളിൽ ഒന്നായിരുന്നു. കമ്പിളിത്തുണികൊണ്ടുള്ള തിരശ്ശീല കാരണം ആ യുവതികളായ സന്ന്യാസിനിമാർക്കാർക്കും അദ്ദേഹത്തെ കാണ്മാൻ സാധിച്ചിരുന്നില്ല; പക്ഷേ, അദ്ദേഹത്തിന്റെ ശബ്ദം മധുരവും തുളച്ചു കയറുന്നതുമായിരുന്നു; ഇതവർ മനസ്സിലാക്കി. വേറെ അറിയുമെന്നായി. അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു; പിന്നെ അദ്ദേഹം വളരെ ശൃംഗാരിയാണെന്നും, അദ്ദേഹത്തിന്റെ അഴകേറിയ തങ്കത്തലമുടി ഒരു ചുരുളായി തലയ്ക്കു ചുറ്റും ഭംഗിയിൽ വെച്ചിരിക്കുമെന്നും, സവിശേഷമായ കമ്പിളിത്തുണികൊണ്ടു് ഒരു പരന്ന അരപ്പട്ട അദ്ദേഹം ധരിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ കറുത്ത നിലയങ്കിയുടെ വെട്ടു ലോകത്തിൽവെച്ച് ഏറ്റവും അന്തസ്സുള്ളതാണെന്നും വർത്തമാനമുണ്ടു്. ഷോഡശവയസ്സുകൾക്കുള്ള ഈ എല്ലാ മനോരാജ്യങ്ങളിലും അദ്ദേഹം ഒരുയർന്ന പദത്തെ അലങ്കരിച്ചു.

പുറമേനിന്നുള്ള ഒരു ശബ്ദവും കന്യകാമഠത്തിനുള്ളിലേക്കു പ്രവേശിച്ചിരുന്നില്ല. പക്ഷേ, ഒരു കൊല്ലത്തിൽ ഒരു വേണുനാദം അവിടെയ്ക്കു കടന്നുചെല്ലുകയുണ്ടായി. ഇതൊരു പ്രധാനസംഭവമായിരുന്നു; അക്കാലത്തു വിദ്യാർഥിനികളായിരുന്ന പെൺകുട്ടികൾ ഇപ്പോഴും അതോർമിക്കുന്നുണ്ടു്.

ആ വേണുനാദം അടുത്ത പ്രദേശത്തുനിന്നാണു് കേട്ടിരുന്നതു്. അതിലെ ഗാനം എന്നും ഒന്നുതന്നെയായിരിക്കും; ഇപ്പോൾ അതു് എത്രയോ ദൂരത്തായിക്കഴിഞ്ഞു. എന്റെ ‘സെതുൽബ് വരൂ എന്റെ അതു് മനസ്സിൽ വാഴൂ;’ ഇതു് ദിവസത്തിൽ രണ്ടോ മൂന്നോ തവണ കേൾക്കാം. ചെറുപെൺകുട്ടികൾ ഒന്നിലധികം മണിക്കൂറുകൾ അതു് കേട്ടുംകൊണ്ടു് നിന്നു. മഠനായികമാരെ അതു വലിയ സംഭ്രമത്തിലാക്കി; തലച്ചോറുകൾ കിടന്നു മുക്രകുത്തി; ശിക്ഷകൾ മഴപോലെ പൊഴിഞ്ഞു. ഇതു പല മാസങ്ങളോളമുണ്ടായി, ആ അജ്ഞാതഗായകന്റെമേൽ പെൺകിടാങ്ങൾക്കെല്ലാം അനുരാഗം വളർന്നു. താനാണു് സെതുൽബെന്നു് ഓരോ പെൺകുട്ടിയും സ്വപ്നം കണ്ടു. റ്യു ദ്രുവാമ്യൂറിന്റെ വഴിക്കാണു് ആ വേണുഗാനം വന്നിരുന്നതു്; അത്രയും ഭംഗിയിൽ ഓടക്കുഴലൂതുന്ന-എന്നല്ല, ഒരേസമയത്തു് ആ എല്ലാവരുടേയും മനസ്സിൽ നിശ്ചയമായും കൂത്താടിയ-ആ ‘ചെറുപ്പക്കാരനെ’ കാണുവാൻവേണ്ടി, ഒരുനോക്ക് കാണാൻ പറ്റുന്നതിന്ന്-അതേ, ഒരു ഞൊടിനേരം മതി-അവർ എന്തുതന്നെയും ചെലവിടും. എന്തു കെടുകാര്യവും ചെയ്യും എന്നായി; എന്തു പ്രയത്നംപോലും അവർ ചെയ്തുനോക്കാതെയില്ല. ചിലർ ഒരു പിൻവാതിലിലൂടെ പുറത്തു കടക്കാൻതന്നെ നോക്കി, വിടവുകളുടെ ഇടയിലൂടെ ചുഴിഞ്ഞുനോക്കുവാൻവേണ്ടി, ദ്രുവാമ്യൂറിന്റെ ആ ഭാഗത്തുള്ള മൂന്നാംനിലയിലേക്കു കയറി, ഫലമുണ്ടായില്ല; ഒരുവൾ അഴിപ്പഴുതിലൂടെ കൈ കടത്തി, വെളുത്ത കൈലേസ്സിളക്കിക്കാണിക്കുക കൂടി പറ്റിച്ചു. രണ്ടുപേർ അതിലും വലിയ ധീരകർമം പ്രവർത്തിച്ചു, അവർ മേല്പുരയുടെ മുകളിൽ പൊത്തിപ്പിടിച്ചു കയറി സ്വന്തം ജീവനെത്തന്നെ അപകടത്തിലാക്കി; ഒടുവിൽ അവർ ആ ‘ചെറുപ്പക്കാരനെ’ കണ്ടുപിടിച്ചു. അന്ധനും ദരിദ്രനുമായി എവിടെനിന്നോ വന്ന ഏതോ ഒരു വയസ്സനായിരുന്നു അതു്; അയാൾ ഒരു തട്ടിൻ പുറത്തിരുന്നു നേരംപോക്കാൻ കുഴലൂതുകയായിരുന്നു.

2.6.6
ചെറിയ കന്യകാമഠം

പെത്തി പിക്പ്യുവിലെ ഈ മതില്ക്കെട്ടിനുള്ളിൽ വെവ്വേറെ മൂന്നെടുപ്പുകളുണ്ടായിരുന്നു-സന്ന്യാസിമാർ താമസിക്കുന്ന വലിയ കന്യകാമഠം, വിദ്യാർഥിനികൾ താമസിച്ചുവരുന്ന സ്ഥലം, പിന്നെ ചെറിയ കന്യകാമഠം. ഈ ഒടുവിൽ പറഞ്ഞതു് ഒരു തോട്ടത്തോടുകൂടിയ ഒരെടുപ്പാണു്; ഭരണപരിവർത്തനത്തിന്റെ കാലത്തു നശിപ്പിക്കപ്പെട്ടുപോയ സന്ന്യാസിമഠങ്ങളുടെ അവശിഷ്ടങ്ങളായ പലേ സംഘങ്ങളിൽപ്പെട്ട എല്ലാത്തരം സന്ന്യാസിനിമാരും ഇതിൽ താമസിച്ചുവരുന്നു. കറുത്തും വെളുത്തും ചാരനിറത്തിലുമുള്ള എല്ലാ സംഘങ്ങളുടേയും, ഏതെല്ലാംവിധത്തിൽ വ്യത്യാസപ്പെടാമോ അങ്ങനെയുള്ള എല്ലാറ്റിന്റേയും, ഒരേകീകരണം, അല്ലെങ്കിൽ, ഇങ്ങനെ രണ്ടു വാക്കുകൾ തമ്മിൽ കൂട്ടിച്ചേർക്കാമെങ്കിൽ ഒരു ‘പുറാട്ടു’ കന്യകാമഠം എന്നു പറയാം.

സാമ്രാജ്യസ്ഥാപനത്തോടുകൂടി, ചിന്നിച്ചിതറി നാടുവിട്ടുപോയ ഈ എല്ലാ സാധുക്കിഴവികൾക്കും ബേർനാർ-ബെനെദിക്തു് മഠക്കാരുടെ തണലിൽച്ചെന്നു രക്ഷ പ്രാപിക്കുവാൻ അനുവാദം കൊടുക്കപ്പെട്ടു. ഭരണാധികാരത്തിൽനിന്നു് അവർക്കൊരു ചുരുങ്ങിയ അടുത്തൂണും കല്പിച്ചുകൊടുത്തു; പെത്തി പിക്പ്യുവിലെ സ്ത്രീകൾ അതു സന്തോഷപുരസ്സരം സ്വീകരിച്ചു. ആകപ്പാടെ ഒരു വല്ലാത്ത കുഴപ്പം, ഓരോ സ്ത്രീയും സ്വന്തം നിയമമനുസരിച്ചു നടക്കും. ചില സമയത്തു്, ഒരു വലിയ നേരംപോക്കിന്റെ നിലയിൽ അവരെ ചെന്നു കാണുവാൻ വിദ്യാർഥിനികൾക്ക് അനുവാദം കിട്ടും. അതിന്റെ ഫലമായി ആ ചെറുപ്പക്കാരികളുടെ ഓർമയിൽ മദർ സാങ്തു് ബസീൽ, മദർ സാങ്തു് സ്കൊലസ്തിക്, മദർ യാക്കൊബ് എന്നിവരെപ്പറ്റിയ അനുഭവങ്ങൾ, മറ്റു പലതിന്റേയും കൂട്ടത്തിൽ, നിലനിന്നുപോന്നു.

ഇങ്ങനെ വന്നുകൂടിയിട്ടുള്ളവരിൽ ഒരുവൾക്ക് ആ സ്ഥലം വീടുപോലെയായിരുന്നു. അവൾ സാങ്തോർസംഘത്തിൽപ്പെട്ട ഒരു സന്ന്യാസിനിയാണ്! അക്കൂട്ടത്തിൽ അവൾ മാത്രമേ ശേഷിച്ചിരുന്നുള്ളു. പതിനെട്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ സാങ്തോർസംഘത്തിലെ കന്യകമാർ, ഇപ്പോൾ മർതെങ് വെർഗസംഘക്കാർ താമസിച്ചുവരുന്ന പെത്തി പിക്പ്യുവിലെ ഇതേ സ്ഥലത്താണു് പാർത്തിരുന്നതു്. തന്റെ സംഘത്തിന്റെ നടപ്പനുസരിച്ച് അന്തസ്സിലുള്ള ഉടുപ്പു് ധരിക്കുവാൻ-ചുകന്ന മുറിക്കൈക്കുപ്പായത്തോടുകൂടിയ ഒരു വെള്ളിനിലയങ്കിയായിരുന്നു അത്-വകയില്ലാതായ ഈ തപസ്വിനി ഒരു ചെറിയ മനുഷ്യരൂപത്തിനെ ഭക്തിപൂർവം അതിടുവിച്ചുവെച്ചിരുന്നു; അവിടെ ചെല്ലുന്നവരെ അതവൾ സന്തോഷത്തോടുകൂടി കാണിച്ചുകൊടുക്കും; ഒടുവിൽ മരിക്കുമ്പോൾ അതവൾ കന്യകാമഠത്തിലേക്കു ദാനം ചെയ്തു. 1824-ൽ ഈ സംഘത്തിൽപ്പെട്ട ഒരു സന്ന്യാസിനി മാത്രമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ ഒരു പാവ മാത്രമായി ബാക്കി.

ഈ പുണ്യവതികൾക്കു പുറമേ, മദാം അൾബർതെങ്ങിനെപ്പോലെയുള്ള ചില ലൗകികവൃദ്ധന്മാരും ചെറിയ കന്യകാമഠത്തിൽ ആശ്രമവാസം ചെയ്യുവാൻ മഠാധ്യക്ഷയുടെ സമ്മതം വാങ്ങിയിരുന്നു; ഈ കൂട്ടത്തിൽ മദാം ബൊഫോർ ദോപുലും മർക്ക്വിസു് ദ്യുഫ്രെങ്ങും ഉൾപ്പെടും. വേറെ ഒരുവളുണ്ടായിരുന്നു; മൂക്കു ചീറ്റുമ്പോൾ ഉണ്ടാക്കുന്ന ഭയങ്കരശബ്ദംകൊണ്ടല്ലാതെ മറ്റൊരു വിധത്തിലും അവളെപ്പറ്റി കന്യകാമഠത്തിലുള്ളവർക്കറിവില്ല. വിദ്യാർഥിനികൾ അവളെ മദാം വകർമിനി (=കോലാഹലം) എന്നു വിളിച്ചിരുന്നു.

ഏതാണ്ടു് 1820-ലോ 1821-ലോ, അക്കാലത്തു ലാങ്ത്രെപിദു് എന്ന ഒരു ചെറിയ പത്രം നടത്തിവന്നിരുന്ന മദാം ദു് യെങ്ലി, തന്നെ പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ പാർപ്പുകാരിയായെടുത്താൽക്കൊള്ളാമെന്നു് അനുവാദം ചോദിച്ചു. ദ്യൂക് ദോർലിയാങ് അവൾക്കുവേണ്ടി ശിപാർശ ചെയ്തു. തേനീച്ചക്കൂട്ടിൽ ലഹള; മഠനായികമാരെല്ലാം ഒരു വലിയ പരിഭ്രമത്തിലായി; മദാം ദു് യെങ്ലി കെട്ടുകഥകളുണ്ടാക്കിയിട്ടുണ്ടു്; പക്ഷേ, അവയെ ഒന്നാമതായി വെറുക്കുന്നവൾ താനാണെന്നും, ഒരു ഭയങ്കരമായ ഭക്ത്യാവേശത്തിൽ താൻ എത്തിയിരിക്കുന്നു എന്നും അവൾ തീർത്തുപറഞ്ഞു. ഈശ്വരന്റെയും മുൻപറഞ്ഞ രാജകുമാരന്റേയും സാഹായ്യത്തോടുകൂടി അവൾ അതിനുള്ളിൽ കടന്നുകൂടി. ആറോ എട്ടോ മാസം കഴിഞ്ഞപ്പോൾ, തോട്ടത്തിലെങ്ങും ഒരു തണലില്ലെന്നുള്ള കാരണം പറഞ്ഞ് അവൾ അവിടെ നിന്നു പോയി. സന്ന്യാസിനിമാർക്കെല്ലാം സന്തോഷമായി. വയസ്സായി എങ്കിലും, അവൾ അന്നും കമ്പിവാദ്യം വായിച്ചിരുന്നു; അതു കേൾപ്പാൻ രസമുണ്ടായിരുന്നുതാനും.

അവൾ ഒരു സ്മാരകം തന്റെ മുറിയിൽ ഇട്ടുംവെച്ചാണു് പോയതു്. മദാം ദു് യെങ്ലി അന്ധവിശ്വാസക്കാരിയും ലാറ്റിൻഭാഷയിൽ പാണ്ഡിത്യമുള്ളവളുമായിരുന്നു. ഈ രണ്ടു വിവരണംകൊണ്ടു് അവളുടെ മുഖരൂപം നല്ലവണ്ണം തെളിയുന്നുണ്ടു്. അവളുടെ ചെറുമുറിയിൽ, തന്റെ വെള്ളിപ്പാത്രങ്ങളും ആഭരണങ്ങളും വെച്ചു പൂട്ടിയിരുന്ന ഒരു ചെറിയ ചുമരളുമാറിയുടെ ഉള്ളിൽ, തന്റെ സ്വന്തം കൈയക്ഷരത്തിൽ ചുകന്ന മഷികൊണ്ടു മഞ്ഞക്കടല്ലാസ്സിൽ എഴുതിയിരുന്ന ഈ അഞ്ചുവരി കുറച്ചു കൊല്ലം മുൻപുവരെ കാണപ്പെട്ടിരുന്നു; ലാറ്റിൻഭാഷയിലായിരുന്ന ഈ വരികൾക്ക്, അവളുടെ അഭിപ്രായത്തിൽ, തട്ടിപ്പറിക്കാരെ പേടിപ്പിച്ചു പായിക്കുവാൻ ശക്തിയുണ്ടായിരുന്നു:

|::‘മരക്കൊമ്പുകളിൽത്തൂങ്ങീ യോജിപ്പില്ലാത്ത മൂന്നു പേർ; ദിസ്മാസു്, ഗെസു് മാസു, മിവർതൻ മധ്യത്തിൽദ്ദിവ്യശക്തിയും. ദിസ്മാസു് മേലോട്ടു നോക്കുന്നു; ഹാ ഭാഗ്യംകെട്ട മാനുഷൻ ഗെസ്മാസോ, നോക്കിടുന്നുണ്ടു പാതാളങ്ങളിലേക്കുതാൻ. മേലെയാം ശക്തി രക്ഷിക്കും നമ്മെക്കർമങ്ങളേയുമേ ഇതു മൂന്നുരു ചൊന്നാൽ നിൻസാമാനം കട്ടുപോയിടാ.’ ആറാംനൂറ്റാണ്ടിലെ ലാറ്റിൻഭാഷയിലുള്ള ഈ ശ്ലോകങ്ങൾ, സാധാരണമായി വിശ്വസിക്കപ്പെട്ടുവരുന്നവിധം, ദിസ്മാസെന്നും ഗെസ്തെസെന്നും, അല്ലെങ്കിൽ ദിസ്മാസെന്നും ഗെസ്മാസെന്നും, പേരുള്ള കാൽവറിയിലെ രണ്ടു കള്ളന്മാരെപ്പറ്റിയാണോ പറയുന്നതെന്നു സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ വികൊന്തു് ഗെസ്തെസു് താൻ ആ ദുഷ്ടക്കള്ളന്റെ വംശത്തിൽപ്പെട്ടവനാണെന്നു മേനി പറഞ്ഞിരുന്നതിനെ ഇതിലെ അക്ഷരശുദ്ധി തകരാറാക്കിയേക്കും. അതെന്തായാലും, ഓപിത്തല്ലർസംഘത്തിന്റെ ആശ്രമനിയമങ്ങളിൽ ഈ ശ്ലോകങ്ങൾക്കുള്ള വൈശിഷ്ട്യം ഒരു സ്ഥാനംപിടിച്ചിട്ടുണ്ടു്.

വലിയ കന്യകാമഠവും പാർപ്പുവിദ്യാലയവും തമ്മിൽ വേർതിരിക്കുന്ന ഒരു യഥാർഥക്കിടങ്ങുപോലെയുള്ള ഈ സ്ഥലത്തിലെ പള്ളി നിശ്ചയമായും, പള്ളിക്കൂടത്തിലേക്കും വലിയ കന്യകാമഠത്തിലേക്കും ചെറിയ കന്യകാമഠത്തിലേക്കും, ഒരുപോലെ, ഉപയോഗപ്പെട്ടതായിരുന്നു. ഒരുതരം കുഷ്ഠരോഗശാലയുടെ ഉമ്മറംപോലുള്ള ഒന്നിലൂടെ പൊതുജനങ്ങളേയും ഇതിന്റെ അകത്തേക്കു കടത്തിവിട്ടിരുന്നു. പക്ഷേ, പുറമെനിന്നു വരുന്ന ഒരുവന്റേയും മുഖം സന്ന്യാസിമഠത്തിലുള്ളവർക്കു കാണാൻ സാധിക്കാത്തവിധത്തിലാണു് അവിടത്തെ ഏർപ്പാടു്. ഒരു കൂറ്റൻ കൈയിൽ ഗായകസംഘത്തിന്റെ ഇരിപ്പിടമെടുത്തുകൊണ്ടും സാധാരണപ്പള്ളികളിലെപ്പോലെ തിരുവത്താഴമേശയ്ക്കു പിന്നിൽ അതിന്റെ ഒരു തുടർച്ചയാകുമാറല്ല, കുർബ്ബാന നടത്തുന്ന മതാചാര്യന്റെ വലത്തുവശത്തു് ഒരുതരം തളം-അല്ലെങ്കിൽ ഒരു നിഗൂഢനിലവറ-ഉണ്ടായിത്തീരുമാറു്, ചുരുട്ടിമടക്കിയ ഒരു പള്ളിയുണ്ടെന്നു സങ്കല്പിക്കുക; ഞങ്ങൾ മുൻപേ പറഞ്ഞുവെച്ചിട്ടുള്ള ആ ഏഴടി ഉയരത്തിലുള്ള ഒരു മറശ്ശീലകൊണ്ടു് ആ തളം മറച്ചിട്ടുണ്ടെന്നും വിചാരിക്കുക; ആ മറശ്ശീലയുടെ മറവിൽ, സന്ന്യാസിനിമാരെ ഗായകമുറിയിൽ ഇടത്തുവശത്തും, വിദ്യാർഥിനികളെ വലത്തുഭാഗത്തും, ആശ്രമപ്രവേശാർഥിനികളേയും മറ്റു കന്യകാമഠസ്ത്രീകളേയും ചുവട്ടിലുമായി മരംകൊണ്ടുള്ള ബോധകപീഠങ്ങളിൽ കുന്നുകൂട്ടിയിട്ടുണ്ടെന്നും വെക്കുക; എന്നാൽ പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർ ഈശ്വരാരാധനത്തിൽ സംബന്ധിക്കുന്നതിന്റെ ഒരു സാമാന്യസ്വരൂപം നിങ്ങൾക്കുണ്ടാവും. ഗായകമുറി എന്നു വിളിക്കപ്പെടുന്ന ആ ഗുഹ സന്ന്യാസിമഠവുമായി ഒരു വീതി കുറഞ്ഞ ഇടനാഴിയാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. പള്ളിയിലേക്കു തോട്ടത്തിൽ നിന്നു വെളിച്ചം കിട്ടുന്നു. നിയമപ്രകാരം മൗനവ്രതമവലംബിച്ചിട്ടുള്ള സന്ന്യാസിനിമാർ കുർബ്ബാന കേൾക്കാൻ വന്നിരുന്നാൽ, അവർ അവിടെ ഉണ്ടെന്നു പൊതുജനങ്ങൾ മനസ്സിലാക്കുന്നതു ബോധകപീഠങ്ങളിലെ ഇരിപ്പിടങ്ങൾ ഒച്ചയോടുകൂടി പൊങ്ങുകയും താഴുകയും ചെയ്യുന്നതിൽനിന്നു മാത്രമാണു്.

2.6.7
ഈ അന്ധകാരത്തിലെ ചില നിഴൽപ്പടങ്ങൾ

1819-നേയും 1825-നേയും തമ്മിൽ വേർതിരിക്കുന്ന ആറുകൊല്ലക്കാലം പെത്തിപിക്പ്യുവിലെ മഠാധ്യക്ഷ മാംസെൽ ദു് ബ്ലെമെ ആയിരുന്നു; മതസംബന്ധിയായ അവളുടെ പേർ മദർ ഇൻനൊസെത്തു് (=നിഷ്കളങ്ക) എന്നാണു്. സാങ്-ബെന്വാ സംഘത്തിലെ സന്ന്യാസിനിമാരുടെ ജീവചരിത്രങ്ങൾ എന്ന പുസ്തകമെഴുതിയ മാർഗ്യുരിതു് ദു് ബ്ലെമെയുടെ കുടുംബത്തിലാണു് അവളുടെ ജനനം. അവൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാണു്. അവൾ ഏകദേശം അറുപതു വയസ്സു പ്രായത്തിൽ നീളം കുറഞ്ഞ്, ഉരുണ്ടു്, മുൻപു ഞങ്ങൾ ഒരു ഭാഗം എടുത്തുദ്ധരിക്കുകയുണ്ടായ ആ കത്തുപ്രകാരം ‘ഉടഞ്ഞ പാത്രംപോലെ മൂളുന്ന’ ഒരു സ്ത്രീയാണു്. അവൾ പഠിപ്പുള്ളവളും പാണ്ഡിത്യമുള്ളവളും ജ്ഞാനമുള്ളവളും എല്ലാറ്റിനും മതിയായവളും ചരിത്രത്തിൽ അത്ഭുതകരമായ അറിവുള്ളവളും ലാറ്റിൻ ഭാഷയാൽ കുത്തി നിറയ്ക്കപ്പെട്ടവളും ഗ്രീക്കുഭാഷകൊണ്ടു നിറഞ്ഞ് വീർത്തവളും മുഴുവനും ഹീബ്രു ഭാഷയായിട്ടുള്ളവളും ഒരു ബെനെദിക്ത് മഠസന്ന്യാസിനിയെക്കാൾ ഒരു ബെനെദിക്ത് മഠസന്ന്യാസിയുമാണു്.

ഉപമഠാധ്യക്ഷ മദർ സിനെർ എന്ന ഒരു വൃദ്ധയായ സ്പെയിൻകാരി സന്ന്യാസിനിയാണു്; അവൾ മുക്കാലും അന്ധയായിരിക്കുന്നു.

മഠനായികമാരിൽ ഏറ്റവും പ്രധാനമുള്ളവർ, മദർ സാങ്തു് ഒണൊരെ; പ്രവേശാർഥിനികളുടെ പ്രധാന സ്വാമിനിയായ ഖജാനക്കാരി മദർ യെർത്രുദു്; ഉപസ്വാമിനി മദർ സാങ് ആൻഷ്; പള്ളി കാവല്ക്കാരി മദർ അനൊസിയാസിയൊ; രോഗി ശുശ്രൂഷക്കാരി മദർ സാങ് ഒഗുസ്തെ-കന്യകാമഠത്തിൽ ആകെയുള്ള ദുഃസ്വഭാവക്കാരി ഇവളാണു്; പിന്നെ വളരെ ചെറുപ്പക്കാരിയും മുഖത്തിനു നല്ല സൗഭാഗ്യമുള്ളവളുമായ മദർ മെഷ്തിൽദു്, എന്നുവെച്ചാൽ മാംസൽ ഗൊവങ്; ഫിൽദ്യു കന്യകാമഠത്തിലും ദ്യു ത്രെസൊ കന്യകാമഠത്തിലും ഉണ്ടായിരുന്ന മദർ ദെസാങ്ഷ്, അതായതു മാംസൽ ദ്രുവെ; മദർ സാങ് യോസഫ്, അതായതു മാംസൽ ദു് കൊഗൊല്ലുദൊ; മദർ സാങ് ആദിലെദു്, എന്നുവെച്ചാൽ മാംസൽ ദോവർനെ; മദർമിസെരിക്കോർദു്, അതായതു തപസ്സുകളെ തടഞ്ഞുനിർത്താൻ വയ്യാതെ മാംസൽ ദു് സിഫുവാന്തു്; മദർ കാപാഷ്യൻ, എന്നുവെച്ചാൽ വളരെ സമ്പന്നയും നിയമവിരുദ്ധമായി അറുപതു് വയസ്സിൽ ചേർക്കപ്പെട്ടവളുമായ മാംസൽ ദു് ലാമിൽതിയേർ; മദർ പ്രോവിഡൻസു്; എന്നുവെച്ചാൽ മാംസൽ ദു് ലോദിനിയേർ; 1847-ൽ മഠാധ്യക്ഷയായിരുന്ന മദർ പ്രെസെന്റേഷൻ, അതായതു മാംസൽ ദു് സിഗുവൽസ; അതും കഴിഞ്ഞാൽ, ഭ്രാന്തുപിടിച്ചുപോയ മദർ സാങ്ത്-സെലിഞ്, അതായതു കൊത്തു പണിക്കാരൻ ചെരാചിയുടെ സോദരി; ഭ്രാന്തു പിടിച്ചുപോയ മദർ സാങ്ഷാന്ത, അതായതു മാംസൽ ദു് സുസൊ.

അവരിൽവെച്ച് ഏറ്റവും സൌഭാഗ്യമുള്ളവരുടെ കൂട്ടത്തിൽ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു സുന്ദരിയുണ്ടായിരുന്നു; അവൾ ബൂർബൊൺദ്വീപിൽനിന്നു വന്നവളാണു്; റോസു് എന്ന ഭടത്തലവന്റെ വംശക്കാരിയായ അവൾക്കു മാംസെൽ റോസു് എന്നായിരുന്നു പേർ; ഇവിടെ അവളെ മദർ അസ്സമ്പ്ഷൻ എന്നു വിളിക്കുന്നു.

പാട്ടിന്റെ ചുമതലയുണ്ടായിരുന്ന മദർ സാങ്ത്-മെഷ്തിൽദു് വിദ്യാർഥിനികളെ അതിന്നുപയോഗപ്പെടുത്തിവന്നു. ഒച്ചയ്ക്കും വലുപ്പത്തിനും ഒരു യോജിപ്പുള്ളവരായി പത്തുമുതൽ പതിനാറുവരെ വയസ്സുള്ള ഏഴു പെൺകുട്ടികളെ അവൾ കൂട്ടിപ്പിടിക്കും; എന്നിട്ടു വയസ്സിന്റെ ക്രമത്തിൽ, നീളം അധികം കുറഞ്ഞവരെ ആദ്യം, പിന്നെ അതിലധികം എന്നിങ്ങനെ, അടുത്തടുത്തു് ഒരു വരിയാക്കി നിർത്തി അവൾ അവരെക്കൊണ്ടു പാടിക്കും. ഇതു കണ്ടാൽ, പെൺകുട്ടികളെക്കൊണ്ടു് ഉണ്ടാക്കിത്തീർത്ത ഒരോടക്കുഴലാണെന്നു തോന്നും-ദേവസ്ത്രീകളെക്കൊണ്ടുണ്ടാക്കിയ ഒരു തികട്ടുകുഴൽ.

വിദ്യാർഥിനികൾ അധികം ഇഷ്ടപ്പെട്ടിരുന്ന മറ്റു കന്യകാമഠസ്ത്രീകൾ സിസ്റ്റർ യുഫ്രാസി, സിസ്റ്റർ സാങ്തു് മാർഗ്യുരിതു്, സിസ്റ്റർ സാങ്തു് മർത്തു് (ഇവൾ വയസ്സുകൊണ്ടു് അങ്ങെത്തിയിരിക്കുന്നു), സിസ്റ്റർ സാങ്തു് മിഷെൽ (ഇവളുടെ മൂക്ക് വിദ്യാർഥിനികളെ ചിരിപ്പിച്ചു) എന്നിവരാണു്.

ഈ സ്ത്രീകളെല്ലാം വിദ്യാർഥിനികളുടെ മേൽ വളരെ ദയയുള്ളവരാണു്. സന്ന്യാസിനിമാർക്കു തങ്ങളെസ്സംബന്ധിച്ചേടത്തോളം മാത്രമേ കഠിനഹൃദയത്വമുള്ളൂ. വിദ്യാലയത്തിലല്ലാതെ മറ്റെങ്ങും വിളക്കു കത്തിച്ചിരുന്നില്ല; കന്യകാമഠത്തിലെ കഥ നോക്കുമ്പോൾ വിദ്യാർഥിനികളുടെ ഭക്ഷണവും നല്ലതാണു്. എന്നല്ല, ആ സ്ത്രീകൾ തങ്ങളുടെ വിദ്യാർഥിനികൾക്ക് ഒരായിരം പണികളും ഉണ്ടാക്കിക്കൊടുത്തിരുന്നു. ഒന്നുമാത്രം; ഒരു കുട്ടി ഒരു സന്ന്യാസിനിയുടെ അടുക്കൽ പോയി എന്തെങ്കിലും ചോദിച്ചാൽ, അവൾ അതിനു മറുപടി പറകയില്ല.

ഈ മൗനനിഷ്ഠകൊണ്ടു് ഒരു ഫലമുണ്ടായി; കന്യകാമഠത്തിൽ മുഴുവനും സംസാരം എന്നതു മനുഷ്യരിൽനിന്നു പോയി. നിർജ്ജീവസാധനങ്ങളിൽ കയറിക്കൂടി. ചിലപ്പോൾ പള്ളിമണിയായിരിക്കും സംസാരിക്കുന്നതു്; മറ്റു ചിലപ്പോൾ തോട്ടക്കാരന്റെ കാൽമുട്ടിന്മേലുള്ള മണിയാവും, വാതില്ക്കാവല്ക്കാരിയുടെ അടുത്തു വെച്ചിട്ടുള്ള ഒരൊച്ചയേറിയ മണി-അതിന്റെ ശബ്ദം ആ വീട്ടിലെങ്ങും കേൾക്കാം-പലേ വിധത്തിലുള്ള അതിന്റെ കിലുക്കംകൊണ്ട്-ധ്വനിശാസ്ത്ര സംബന്ധിയായ ഒരു കമ്പിയടിയായിരുന്നു അത്-ചെയ്തേ കഴിയൂ എന്നുള്ള എല്ലാ ലൗകികപ്രവൃത്തികളേയും സൂചിപ്പിക്കുകയും, ആവശ്യംപോലെ, അവിടെയുള്ള അതാതാളെ സൽക്കാരമുറിയിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നു. ഓരോ ആൾക്കും ഓരോ സാധനത്തിനും പ്രത്യേകം പ്രത്യേകം മണിമുട്ടുണ്ടു്. വലുതു് ഒന്നും ചെറുതു് ഒന്നുമാണു് മഠാധ്യക്ഷയ്ക്ക്; ഉപമഠാധ്യക്ഷയ്ക്കുള്ളതു് ഒന്നും രണ്ടുമാണു്. ആറും അഞ്ചുമാണു് പാഠം തുടങ്ങാനുള്ളതു്; വിദ്യാർഥിനികൾ ‘പാഠത്തിനു പോവുക’ എന്നു പറയാറില്ല-‘ആറഞ്ചിന്നു പോവുക.’ നാലും നാലുമാണു് മദാം ദു് യെങ്ലിക്കുള്ള വിളി. അതു് ഒട്ടെല്ലായ്പോഴും കേൾക്കാം. ‘അതു് ആ നാശമാണു്’-ദയയില്ലാത്തവർ പറയും. പത്തും ഒമ്പതും ഒരു വലിയ അസാധാരണസംഭവത്തെ കാണിക്കുന്നു. ഓടാമ്പലുകളെക്കൊണ്ടു പന്നിരോമം തിങ്ങിയ ഒരു ഭയങ്കരമായ ഇരിമ്പുപലകയാകുന്ന ഗൂഢസ്ഥലത്തിന്റെ വാതിൽ തുറക്കപ്പെടുന്ന സമയമാണതു്; ആ വാതിൽ പ്രധാനമെത്രാന്റെ സാന്നിധ്യത്തിൽ മാത്രമേ അതിന്റെ തിരികുറ്റികളിൽ അനങ്ങുകയുള്ളൂ.

ഞങ്ങൾ മുൻപുതന്നെ പറഞ്ഞുവെച്ചതുപോലെ, പ്രധാന മെത്രാനും തോട്ടക്കാരനുമല്ലാതെ മറ്റു പുരുഷനായിട്ടാരും കന്യകാമഠത്തിൽ കടക്കാറില്ല. വിദ്യാർഥിനികൾ രണ്ടുപേരെക്കൂടി കാണാറുണ്ടു്; ഗായകമുറിയിലിരുന്നു ധ്യാനിക്കുവാൻ സമ്മതിക്കപ്പെട്ടിട്ടുള്ള ഒരു വയസ്സനും വിരൂപനുമായ അബെബനെ മതാചാര്യനാണു് ഒന്നു്; മറ്റേതു മൊസ്സ്യു അങ്സിയൊ എന്ന ചിത്രമെഴുത്തു ഗുരുനാഥനും-ചില വരികൾ നമ്മൾ മുൻപു വായിച്ചുനോക്കുകയുണ്ടായ കത്തു് ഇയ്യാളെപ്പറ്റി ഒരു ‘ഭയങ്കരനായ തന്തക്കൂനൻ’ എന്നു വിവരിക്കുന്നു.

ഈ പുരുഷന്മാരെല്ലാം വളരെ നിഷ്കർഷിച്ചു തിരഞ്ഞെടുക്കപ്പെട്ടവരാണെന്നു കാണാം.

ഇങ്ങനെയായിരുന്നു ഈ അപൂർവസ്ഥലം.

2.6.8
ഹൃദയത്തിന്നപ്പുറത്തെ കല്ലുകൾ

മാനസികമായ മുഖാകൃതിയെക്കുറിച്ചു കാണിച്ചതിനുശേഷം, അതിന്റെ ശരീര സമ്പ്രദായംകൂടി, കുറച്ചു വാക്കുകളെക്കൊണ്ടു സൂചിപ്പിക്കുന്നതു നിഷ്പ്രയോജനമായിരിക്കില്ല. അതിന്റെ ഏതാണ്ടൊരു സ്വരൂപം വായനക്കാർക്കു മുൻപുതന്നെ കിട്ടിയിട്ടുണ്ടു്.

പെത്തി പിക്പ്യു കന്യകാമഠമാകട്ടെ, റ്യു പൊലാങ്സൊ, റ്യു ദ്രുവാമ്യൂർ, റ്യു പെത്തി പിക്പ്യു പഴയ മട്ടിലുള്ളതും ആളുകൾ ഉപയോഗിക്കാറില്ലാത്തതുമായ റ്യു ഓമാരെ ഇടവഴി എന്നിവയെല്ലാം തമ്മിൽ കൂടിച്ചേർന്നുണ്ടാവുന്ന ആ വിസ്താരമേറിയ സ്ഥലം മുഴുവനും മുട്ടിനില്ക്കുന്നു. ഈ നാലു തെരുവുകളും ഒരു കിടങ്ങുപോലെ അതിനെ ചുറ്റിയിരിക്കുന്നു. കന്യകാമഠത്തിൽ പല എടുപ്പുകളും ഒരു തോട്ടവും അടങ്ങിയിട്ടുണ്ടു്. ആകപ്പാടെ എടുത്തുനോക്കുമ്പോൾ പ്രധാനകെട്ടിടം സമ്മിശ്രങ്ങളായ പല എടുപ്പുകളും കൂടിച്ചേർന്നു നില്ക്കുന്ന ഒന്നാണു്; ദൂരത്തു നിന്നുള്ള ഒരു നോട്ടത്തിൽ, അതിനു നിലത്തു നമസ്കരിച്ചു കിടക്കുന്ന ഒരു തൂക്കുമരത്തിന്റെ തികഞ്ഞ ഛായയുണ്ടു്. തൂക്കുമരത്തിന്റെ പ്രധാനമായ കൈ പെത്തി പിക്പ്യുവിനും പെലോങ്സൊവിനും നടുവിലുള്ള ദ്രുവാമ്യൂറിന്റെ ആ ഭാഗം മുഴുവനുമെത്തുന്നു; നീളം കുറഞ്ഞ കൈ ഉയർന്നു ചാരനിറത്തിൽ കാണാൻ രസമില്ലാതെ റ്യു പെത്തി പിക്പ്യുവിന്നഭിമുഖമായുള്ള അഴിപ്പൂമുഖമാണു്; 62-ആം നമ്പർ വണ്ടിപ്പടി അതിന്റെ അറ്റമായി ഗണിക്കാം. ഈ പൂമുഖത്തിന്റെ നടുവിലായി പൊടിയും വെണ്ണീറുംകൊണ്ടു് വെളുത്തു് ഉയരം കുറഞ്ഞ ഒരു കമാനവാതിലുണ്ടു്; അവിടെ എട്ടുകാലികൾ വല കെട്ടുന്നു; ഞായറാഴ്ചദിവസം ഒന്നോ രണ്ടോ മണിക്കൂർനേരവും ഒരു സന്ന്യാസിനിയുടെ ശവം കന്യകാമഠത്തിൽനിന്നു പുറത്തേക്കു കടക്കുന്ന അപൂർവസന്ദർഭത്തിലും മാത്രമേ തുറന്നുകിടക്കാറുള്ളൂ. ഇതാണു് പള്ളിയിലേക്കുള്ള പൊതുജനങ്ങളുടെ പടി. തൂക്കുമരത്തിന്റെ വളവും ഭൃത്യന്മാരുടെ പെരുമാറ്റസ്ഥലമായി ഉപയോഗപ്പെടുത്തിവരുന്ന ഒരു ചതുരത്തളമാണു്; ഇതിനെ സന്ന്യാസിനിമാർ കലവറ എന്നു വിളിച്ചുവരുന്നു. പ്രധാനമായ ചെനച്ചത്തിലാണു് മഠനായികമാരുടേയും പ്രവേശാർഥിനികളുടേയും മറ്റു കന്യകാമഠസ്ത്രീകളുടേയും ചെറുമുറികൾ. വലുപ്പം കുറഞ്ഞ ചെനച്ചത്തിലാണു് സന്ന്യാസിമഠങ്ങളും പള്ളിയും പിന്നിൽ നില്ക്കുന്ന അടുക്കളകളും ഊട്ടുപുരയും. 62-ആം നമ്പർ വാതിലിനും അടയ്ക്കപ്പെട്ട ഓമാരെ ഇടവഴിക്കും മദ്ധ്യത്തിലത്രേ പള്ളിക്കൂടം; ഇതു പുറത്തുനിന്നു നോക്കിയാൽ കാണുകയില്ല. തെരുവുകൾ കൂടിച്ചേർന്നുണ്ടാകുന്ന മുൻപറഞ്ഞ സ്ഥലത്തിന്റെ ബാക്കി ഭാഗം തോട്ടമാണു്. ഇതു റ്യു പെലൊങ് സൊ തെരുവിനെക്കാൾ ഉയരം കുറഞ്ഞതാകകൊണ്ടു പുറത്തെ മതിലിനെക്കാൾ അകത്തുള്ളതിനു് ഉയരം കൂടിക്കാണുന്നു. അല്പം ഒരു കമാനാകൃതിയിലുള്ള ഈ തോട്ടത്തിന്റെ നടുക്ക് ഒരു ചെറുകുന്നിന്റെ മുകളിലായി കൂർത്തതും സൂചിപോലുള്ളതുമായ ഒരു ദേവദാരമരം നില്ക്കുന്നുണ്ടു്; ഒരു പരിചയുടെ പൊന്തിയ മുഴയിൽനിന്നെന്നപോലെ, അവിടെനിന്നു് അന്തസ്സിലുള്ള നാലു നടവഴികൾ പോകുന്നു; ഇവയുടെ ചെനച്ചങ്ങളിൽ ഈരണ്ടെണ്ണമായി എട്ടു ചെറിയ നടക്കാവുകളുമുണ്ടു്; അതിനാൽ ചുറ്റുമുള്ള മതിൽ വൃത്താകാരത്തിലായിരുന്നുവെങ്കിൽ, നടവഴികളുടെ ക്ഷേത്രഗണിതസംബന്ധിയായ രൂപവിശേഷത്തിനു് ഒരു ചക്രത്തിന്മേൽ ചേർത്തുവെച്ച ഒരു കുരിശിന്റെ ആകൃതിയുണ്ടായേനേ. തോട്ടത്തിന്റെ വരിച്ചൊവ്വില്ലാത്ത മതിലിനോടു എല്ലാ നടവഴികളും ചെന്നുമുട്ടുന്നതിനാൽ ഓരോന്നും ഓരോ നീളത്തിലായിരിക്കുന്നു. അവയുടെ രണ്ടു വക്കത്തും ചെറുമുന്തിരിത്തോപ്പുകളുണ്ടു്. ചുവട്ടിൽ, പഴയ കന്യകാമഠത്തിന്റെ അവശേഷങ്ങളിൽനിന്നു, വക്കത്തു് ഉയരമേറിയ പയൻമരങ്ങളുള്ള ഒരു നടവഴി പോകുന്നുണ്ടു്; ഓമാരെ ഇടവഴിയുടെ മൂലയ്ക്കുള്ള ചെറിയ കന്യകാമഠവും റ്യു ദ്രുവാമ്യൂറും കൂടിയുണ്ടാകുന്ന മൂലയിലാണിതു്. ചെറിയ കന്യകാമഠത്തിനു മുൻപിലാണു് ചെറിയ തോട്ടം എന്നു പറയപ്പെടുന്നതിന്റെ നില്പു്. ഇവയെല്ലാറ്റിനോടുംകൂടി, അകത്തെ എടുപ്പുകളാലും തടവുമതിലുകളാലും പലേ തരത്തിലുള്ള മുക്കുകളും കോണുകളും ഉണ്ടാക്കപ്പെട്ട ഒരു മുറ്റവും, റ്യു പെലോങ്സോവിന്റെ എതിർഭാഗത്തിനു വക്കു പിടിപ്പിച്ച മേൽപ്പുരകളുടെ കറുത്തു നീണ്ട വരിയും ചേർത്തു വായനക്കാർ സങ്കല്പിച്ചുകൊള്ളണം; എന്നാൽ നാല്പതു കൊല്ലം മുൻപു് ബെർനാർമഠക്കാർക്കു പെത്തി പിക്പ്യുവിലുണ്ടായിരുന്ന ഭവനത്തിന്റെ ഒരു പരിപൂർണരൂപം അവർക്കുണ്ടാക്കാൻ കഴിയും. ഈ പരിശുദ്ധഭവനം, പതിന്നാലു മുതൽ പതിനാറുവരെ നൂറ്റാണ്ടുകൾക്കുള്ളിൽ എന്നും പ്രസിദ്ധികേട്ടിരുന്ന ഒരു പന്തുകളിസ്ഥലം നിന്നിരുന്നേടത്തുതന്നെയാണു് പണി ചെയ്യപ്പെട്ടിട്ടുള്ളതു്; ‘പതിനോരായിരം പിശാചുകളുടെ പന്തുകളിസ്ഥലം’ എന്നായിരുന്നു അന്നത്തെ അതിന്റെ പേർ.

എന്നല്ല, ഈ തെരുവുകൾക്കെല്ലാം പാരിസ്സിനെക്കാളധികം പഴക്കമുണ്ടു്. ദ്രുവാമ്യൂർ, ഓമാരെ എന്നീ രണ്ടു പേരുകൾ വളരെ പുരാതനങ്ങളാണു്; ആ പേരുകൾ വഹിക്കുന്ന തെരുവുകൾക്ക് അവയെക്കാളധികം പഴക്കമുണ്ടു്. ഓമാരെ ഇടവഴിക്കു പേർ മൊഗു ഇടവഴി എന്നായിരുന്നു; റ്യു ദ്രുവാമ്യൂറിനു (=കല്ലു്) റ്റ്യു ദെ എഗ്ലാന്തിയേർ (=പുഷ്പങ്ങൾ) എന്നും; മനുഷ്യൻ കല്ലു വെട്ടിത്തുടങ്ങിയതിനു മുൻപു് ഈശ്വരൻ പുഷ്പങ്ങളെ വിരിയിച്ചുതുടങ്ങിയിരിക്കുന്നുവല്ലോ.

2.6.9
ഒരു മേൽമറയ്ക്കുള്ളിൽ ഒരു നൂറ്റാണ്ട്

പുരാതനകാലങ്ങളിൽ പെത്തി പിക്പ്യുവിലെ കന്യകാമഠം എന്തു മട്ടായിരുന്നു എന്നു വിവരിക്കാനേർപ്പെട്ട സ്ഥിതിക്കും, ആ സവിശേഷമായ സങ്കേതത്തിലെ ഒരു ജനാല തുറക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടതുകൊണ്ടും, ഈ പുസ്തകത്തിലെ കഥയോടു യാതൊരു സംബന്ധവുമില്ലാത്തതും, പക്ഷേ, സന്ന്യാസിമഠത്തിനുകൂടി ചില അപൂർവരൂപങ്ങളുണ്ടെന്നു കാണിക്കുന്നതാകകൊണ്ടു പ്രയോജനകരവുമായ മറ്റൊരു ചെറിയ വ്യതിയാനംകൂടി ചെയ്യുവാൻ വായനക്കാർ അനുവദിക്കേണ്ടിയിരിക്കുന്നു.

ചെറിയ കന്യകാമഠത്തിൽ ഫോങ്തെവ്രോൽ മഠത്തിൽനിന്നു വന്ന ഒരു നൂറു വയസ്സുകാരിയുമുണ്ടായിരുന്നു. ഭരണപരിവർത്തനത്തിനു മുൻപുതന്നെ അവൾ സമുദായരംഗത്തിൽ ഇറങ്ങിയിരിക്കുന്നു. പതിനാറാമൻ ലൂയിയുടെ കീഴിൽ മുദ്ര സൂക്ഷിപ്പുകാരനായിരുന്ന മൊസ്സ്യുദു് മിരോമിനിയേയും ഒരധ്യക്ഷയായിരുന്ന ദുപ്ലയേയും പറ്റി അവൾ വളരെ സംസാരിക്കും; അവരുമായി അവൾ വലിയ സൗഹാർദ്ദത്തിലായിരുന്നു. എന്തെങ്കിലും ഒരു കാരണം പറഞ്ഞ് ഈ രണ്ടു പേരുകളേയും കൊണ്ടുവരുന്നതു് അവൾക്കു സന്തോഷവും ഒരു മേനിയുമാണു്. ഫോങ് തെവ്രോലിലെ കന്യകാമഠത്തെപ്പറ്റി പല അത്ഭുതങ്ങളും-അതൊരു നഗരംപോലെയാണു്, ആശ്രമത്തിനുള്ളിൽ തെരുവുകളുണ്ടായിരുന്നു എന്നെല്ലാം-അവൾ പ്രസംഗിക്കും.

അവളുടെ ഉച്ചാരണരീതി അസാധാരണമായിരുന്നു. അതു കേൾക്കുന്നതു കുട്ടികൾക്കു നേരംപോക്കാണു്. കൊല്ലംതോറും അവൾ തന്റെ നേർച്ചകളെ പുതുക്കും; സത്യം ചെയ്യുന്ന സമയം അവൾ മതാചാര്യനോടു പറയും, ‘മോൺസിന്യോർ സാങ്ഫ്രാങ്സ്വാ അതു മൊസ്യു സാങ്ഴൂലിയയ്ക്കു കൊടുത്തു; മൊസ്സ്യു സാങ്ഴൂലിയ അതു് മൊസ്സ്യു സാങ് യുസെബിയൂസിനു കൊടുത്തു; മൊസ്സ്യു യുസെബിയൂസു് അതു മൊസ്സ്യു സാങ് പ്രൊകാപിയൂസ്സിനു കൊടുത്തു, മറ്റും മറ്റും; അങ്ങനെ അതിതാ ഞാൻ അച്ചനു തരുന്നു.’ ഇതു കേട്ടാൽ വിദ്യാർഥിനികൾ ചിരി തുടങ്ങും-കൈമറയ്ക്കുള്ളിൽവെച്ചല്ല, മുഖമറയ്ക്കുള്ളിൽവെച്ച്; അമർക്കപ്പെട്ടതും ഭംഗിയുള്ളതുമായ ആ ചെറിയ ചിരി മഠനായികമാരുടെ മുഖം വീർപ്പിക്കും.

മറ്റൊരു സന്ദർഭത്തിൽ, ആ നൂറുവയസ്സുകാരി കഥ പറകയായിരുന്നു. തന്റെ ചെറുപ്പത്തിൽ ബെർനാർമഠസന്ന്യാസികൾ ഭടന്മാരെപ്പോലെ അത്രയും നല്ലവരായിരുന്നു എന്നവൾ അഭിപ്രായപ്പെട്ടു. ഒരു നൂറ്റാണ്ടാണു് അവൾ മുഖേന സംസാരിച്ചിരുന്നതു്; പക്ഷേ, അതു പതിനെട്ടാംനൂറ്റാണ്ടായിരുന്നു. ഷംപാഞ്ഞിലും ബുർഴോങ്ങിലും ഭരണപരിവർത്തനത്തിനു മുൻപുണ്ടായിരുന്ന നാലുതരം വീഞ്ഞുകളുടെ സമ്പ്രദായത്തെപ്പറ്റി അവൾ പറയും. ഫ്രാൻസിലെ പട്ടാളമേലധികാരി, ഒരു രാജകുമാരൻ, ഒരു ഡ്യൂക്ക്, ഒരു പ്രഭു എന്നിങ്ങനെ പ്രമാണപ്പെട്ട ആരെങ്കിലും ബർഗണ്ടിയിലൂടെയോ ഷംപാഞ്ഞിലൂടെയോ കടന്നുപോകുന്നുണ്ടെങ്കിൽ, ആ രാജ്യത്തുള്ള മാന്യന്മാർ അവരെ സല്ക്കരിച്ചു മംഗളപത്രം കൊടുക്കുകയും, നാലു തരം വീഞ്ഞുകൾ വെള്ളികൊണ്ടുള്ള നാലു കളിവഞ്ചികളിൽ നിറച്ച് അവർക്കു സമ്മാനിക്കുകയും പതിവുണ്ടു്. ഒന്നാമത്തെ പാനപാത്രത്തിൽ ഇങ്ങനെ കൊത്തിയിരിക്കുന്നതു കാണാം, കുരങ്ങൻവീഞ്ഞ്; രണ്ടാമത്തതിൽ, സിംഹവീഞ്ഞ്; മൂന്നാമത്തതിൽ, ആടുവീഞ്ഞ്; നാലാമത്തതിൽ പന്നിവീഞ്ഞ്. മദ്യപാനികൾ ക്രമത്തിൽ അധഃപതിച്ചുപോകുമ്പോഴത്തെ ഓരോ ദശയാണു് ഈ ഓരോ കഥയും സൂചിപ്പിച്ചിരുന്നതു്; ആദ്യത്തതു്, ഉന്മേഷകരമായ ലഹരി; രണ്ടാമത്തതു, ശുണ്ഠിപിടിക്കൽ; മൂന്നാമത്തതു, ബുദ്ധിമാന്ദ്യം; നാലാമത്തതു, കാട്ടുമൃഗങ്ങളുടെ മട്ടു്.

ഒരു ചുമരളുമാറിയിൽ അവൾ വലിയ കാര്യമായി കരുതിപ്പോരുന്ന ഒരു നിഗൂഢസാധനം പൂട്ടിവെച്ചിട്ടുണ്ടായിരുന്നു. ഫോങ്തെവ്രോലിലെ ആശ്രമനിയമം ഇതിനെ വിരോധിക്കുന്നില്ല. ആ സാധനത്തെ അവൾ ആർക്കും കാട്ടിക്കൊടുക്കുകയില്ല. അതിനെപ്പറ്റി ധ്യാനിക്കുവാൻ വിചാരിക്കുമ്പോൾ, അവൾ, അറയ്ക്കുള്ളിൽ വാതിലടച്ച് ഒളിച്ചിരിക്കും-അവളുടെ വ്രതനിയമം അതിനെ വിരോധിച്ചിട്ടില്ല. ഇടനാഴിയിൽനിന്നു് ഒരു കാൽവെപ്പുശബ്ദം കേട്ടാൽ ഉടനെ, തന്റെ പ്രായംചെന്ന കൈകളെക്കൊണ്ടാവുന്നവിധം വേഗത്തിൽ, അവൾ ചുമരളുമാറി അടച്ചുപൂട്ടും. അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ, അത്രയും വായാടിത്തമുള്ള ആ സ്ത്രീ ഉടനെ സംസാരം നിർത്തും. അവളുടെ മൗനം ഏറ്റവും ഉൽക്കണ്ഠയുള്ളവരേയും, അവളുടെ ശാഠ്യം ഏറ്റവും മർക്കടമുഷ്ടിയുള്ളവരേയും തോല്പിച്ചിരുന്നു. കന്യകാമഠത്തിൽ മറ്റു ജോലിയില്ലാത്തവർക്കും ജോലി ചെയ്തു മുഷിഞ്ഞവർക്കും അതൊരു സംഭാഷണവിഷയത്തെ ഉണ്ടാക്കിക്കൊടുത്തു. ആ നൂറുവയസ്സുകാരി അത്ര വിലവെച്ചും അത്ര ഗൂഢമായും സൂക്ഷിച്ചുവരുന്ന നിധി എന്തായിരിക്കാം? എന്തോ ഒരു പരിശുദ്ധഗ്രന്ഥമാവണം, സംശയമില്ല. ഏതോ വിശിഷ്ടമായ ജപമാല? എന്തോ വിശ്വാസയോഗ്യമായ ഒരു സ്മാരകവസ്തു? അവർ ഊഹിച്ചൂഹിച്ചു തോറ്റു. ആ സാധുക്കിഴവി മരിച്ച ഉടനെ, ഒരുസമയം മര്യാദയെ അതിലംഘിച്ചുള്ള വേഗത്തിൽത്തന്നെ, അവർ ചുമരളുമാറിയുടെ അടുക്കലേക്കു പാഞ്ഞുചെന്നു് അതു തുറന്നു. വിശിഷ്ടമായ തിരുവത്താഴത്തിന്റെ അപ്പത്താലംപോലെ, മൂന്നു പരുത്തിപ്പട്ടുപൊതികൾക്കുള്ളിലായി ആ സാധനം ഇരിക്കുന്നതു് അവർ കണ്ടു. കൂറ്റൻ പീച്ചാംകുഴലുകളോടുകൂടി വൈദ്യന്റെ ചെക്കന്മാർ പിടിപ്പാൻ പാഞ്ഞുചെല്ലുന്ന ചെറുതത്തകളെ വരച്ചിട്ടുള്ള ഒരു പെരുംതളികയായിരുന്നു അതു്. പിടിപ്പാൻ പായുന്നവരുടെ മുഖത്തു പല ഗോഷ്ടികളും, അവരുടെ നിലകളിൽ ചിരിവരുന്ന പല ഭാഗങ്ങളും ഉണ്ടായിരുന്നു. ആ ചെറുതത്തകളിൽ ഒന്നിനെ കുത്തിക്കൊന്നിരിക്കുന്നു. അതു് പിടയുകയും, നേരിയ ചിറകുകളിട്ടടിക്കുകയും, പിന്നേയും പറക്കാൻ നോക്കുകയും ചെയ്യുന്നുണ്ടു്; പക്ഷേ, ആ പിടിച്ചവൻ ഒരു പൈശാചികമായ ചിരിയും ചിരിച്ചു കൂത്താടുന്നു. സാരം; അനുരാഗത്തെ (ഈ തത്തയ്ക്കു ലവു് (അനുരാഗം) എന്നാണു് പേർ) ഉദരശൂലം കീഴടക്കി. വളരെ അപൂർവവും, മോളിയേർക്ക് ഒരു കവിതാവിഷയം ഉണ്ടാക്കിക്കൊടുത്തതുമായ ഈ പെരുന്താലം 1845 സപ്തംബർ വരെ ഉണ്ടായിരുന്നു; ബൊമാർഷെ എന്ന പ്രദേശത്തു് ഒരപൂർവവസ്തുവ്യാപാരി ഇതു് വില്ക്കാൻ വെച്ചിരുന്നു.

ഈ നല്ലവളായ കിഴവി പുറമെനിന്നു് ആരേയും കാണാൻ വരാൻ സമ്മതിച്ചിരുന്നില്ല; എന്തുകൊണ്ടെന്നാൽ, അവൾ പറയും; ‘സൽക്കാരമുറി ഒരു രസമില്ലാത്തതാണു്.’

2.6.10
ശാശ്വതപൂജനത്തിന്റെ ഉത്ഭവം

ഏതായാലും, ഞങ്ങൾ വിവരിച്ചു കാണിക്കാൻ ശ്രമിച്ച ശവക്കല്ലറയുടെ ഏകദേശച്ഛായയുള്ള, ആ സൽക്കാരമുറി ഈ പ്രദേശത്തേക്കു മാത്രമായുള്ള ഒരു വിശേഷതയാണു്; അതേ കാഠിന്യത്തോടുകൂടി ഈ സമ്പ്രദായം മറ്റു കന്യകാമഠങ്ങളിലും പകർന്നുകാണുന്നില്ല. വാസ്തവത്തിൽ മറ്റൊരു സംഘത്തിലേക്കു ചേർന്നതായ റ്യു തെംപ്ലിലെ കന്യകാമഠത്തിൽ, വിശേഷിച്ചും; കറുത്ത അഴിച്ചുമരിനു പകരം തവിട്ടുനിറത്തിലുള്ള മറശ്ശീലയാണു്; സൽക്കാരമുറിതന്നെ മിനുസപ്പെടുത്തിയ മരം നിലത്തു വിരിച്ചതും, വെളുത്ത പട്ടുമാറശ്ശീലകളാൽ അലങ്കരിക്കപ്പെട്ട ജനാലകളോടുകൂടിയതും, മൂടുപടം മുഖത്തുനിന്നെടുത്തു ഒരു ബെനെദിക്ത് മഠസന്ന്യാസിനിയുടെ ഛായാപടം, ചായമിട്ട പൂച്ചെണ്ടുചിത്രങ്ങൾ, പോരാ, ഒരു തുർക്കിക്കാരന്റെ തല എന്നിങ്ങനെ പലതരം ചിത്രക്കണ്ണാടികൾ തൂക്കിയിട്ടുള്ള ചുമരുകളുള്ളതുമായ ഒരലംകൃതസ്ഥലമാണു്.

തെംപ്ലു് കന്യകാമഠത്തിലെ തോട്ടത്തിലാണു് ഫ്രാൻസിൽവെച്ച് ഏറ്റവും ഭംഗിയുള്ളതെന്നും ഏറ്റവും വലിയതെന്നും പ്രസിദ്ധി കേട്ടതും, പതിനെട്ടാംനൂറ്റാണ്ടിലെ സാധുജനങ്ങൾക്കിടയിൽ രാജ്യത്തുള്ള ‘ചെസ്നട്ടു്’ മരങ്ങളുടെയെല്ലാം അച്ഛൻ എന്നു പേരുള്ളതുമായ ആ സാക്ഷാൽ ‘ചെസ്നട്ടു്’ മരം നിന്നിരുന്നതു്.

ഞങ്ങൾ പറഞ്ഞിട്ടുളളവിധം ശാശ്വതപൂജനക്കാരായ ബെനെദിക്ത് സംഘക്കാരുടെ വകയായിരുന്നു ഈ തെംപ്ലു് കന്യകാമഠം; ഇവർ സിത്തിയോവിലേക്കു ചേർന്നവരിൽനിന്നു കേവലം വ്യത്യാസപ്പെട്ടിരുന്നു. ശാശ്വതപൂജനക്കാരായ ഈ സംഘക്കാർ രണ്ടായിട്ടു വളരെക്കാലമായിട്ടില്ല. ഏറിയാൽ ഇരുനൂറു കൊല്ലമായിരിക്കും. 1649–ൽ കുറച്ച് ദിവസത്തിനിടയിൽവെച്ചു രണ്ടു തവണ സാങ് സുൽപിസ്സിലും സാങ്ഴാങ് എൻഗ്രേവിലുമുളള പാരിസ്സിലെ രണ്ടു പളളികളിലെ വിശുദ്ധകർമങ്ങൾക്ക് അശുദ്ധി തട്ടിപ്പോയി! ആ അപൂർവവും ഭയങ്കരവുമായ പാപകർമം പട്ടണത്തെ ആസകലം തലകീഴാക്കി മറിച്ചു. ഴെർമെൻപളളിയിലെ സന്ന്യാസിമഠാധ്യക്ഷനും സഭാധ്യക്ഷനുംകൂടി എല്ലാ മതാചാര്യന്മാരെയും വിളിച്ചുചേർത്തു് ഒരു വലിയ ഘോഷയാത്ര ഏർപ്പെടുത്തി; അതിൽ പോപ്പിന്റെ പ്രതിനിധിയാണു് മുൻനടന്നിരുന്നതു്. പക്ഷേ, ഈ പ്രായശ്ചിത്തംകൊണ്ടു ദൈവഭക്തി കൂടിയ രണ്ടു സ്ത്രീകൾക്കു—മദാം കൂർതാങ് എന്ന മർക്കിസു് ദു് ബുക്, കോംതെസു് ദു് ഷാത്തൊവിയെ എന്നിവർക്കു—തൃപ്തിയായില്ല. തൽക്കാലത്തേക്കേ ഉണ്ടായുളളുവെങ്കിലും ‘ശാശ്വതപൂജനം’ ഏർപ്പെടുത്തണമെന്നു് അവർക്കു തോന്നി. അവർ രണ്ടുപേരും, ഒരുവൾ 1652–ലും മറ്റവൾ 1653–ലും, മദർ കത്രെങ് ദ്ബ എന്ന ഒരു ബെനെദിക്ത് മഠസന്ന്യാസിനിയുടെ കൈയിൽ, സാങ് ബെന്വാവിന്റെ സംഘത്തോടു ചേർന്നു് ഈ വിശിഷ്ടോദ്യേശ്യത്തോടുകൂടി ഒരാശ്രമം സ്ഥാപിക്കുവാൻവേണ്ടി, ഒരു വലിയ തുക ഏല്പിച്ചു; ഒന്നാമതായി ആശ്രമസ്ഥാപനത്തിനു മദർ കത്രെങ് ദു് ബയ്ക്കുഴെർമെനിലെ സഭാധ്യക്ഷനായ മൊസ്സ്യു ദു് മെത്സിൽനിന്നു് അനുവാദം കിട്ടിയതു്. ‘മൂലധനത്തിലേക്കു കൊല്ലത്തിൽ മുന്നൂറു ലീവർ [4] വരവുളള സംഖ്യ, അതായതു് ആറായിരം ലീവർ, തന്നതിന്നുശേഷമല്ലാതെ ഒരുവളെയും ആശ്രമത്തിൽ സ്വീകരിക്കുന്നതല്ല എന്നുളള നിശ്ചയം വാങ്ങിയിട്ടാണു്. പിന്നീടു രാജാവു് തിട്ടൂരം കൊടുത്തു; ബാക്കി വേണ്ട രേഖകളെല്ലാം പാർല്ലിമെണ്ടിൽനിന്നു കൊടുത്തതു് 1654–ലാണു്.’

ഇങ്ങനെയാണു്, പാരിസ്സിലുളള ഈ ബെനെദിക്ത്മഠക്കാരുടെ ‘ശാശ്വതപൂജനം’ എന്ന സംഘവിശേഷത്തിന്റെ ഉത്ഭവവും സ്ഥാപനവും. മുൻപറഞ്ഞ രണ്ടു പ്രഭ്വികൾ കൊടുത്ത സംഖ്യയിൽനിന്നു റ്യു കസെത്തിൽ ഉണ്ടാക്കിച്ച ‘കെട്ടിട’മായിരുന്നു ഇവരുടെ ആദ്യത്തെ കന്യകാമഠം.

ഈ സംഘത്തെ സിത്തിയോവിലെ ബെനെദിക്ത് മഠസന്ന്യാസിമാരുടെ സംഘമായി തെറ്റിദ്ധരിച്ചുപോകരുതു്.

ഞങ്ങൾ ഇപ്പോൾത്തന്നെ തുറന്നുകാണിക്കുകയുണ്ടായ പെത്തി പിക്പ്യുവിലെ ബെനെദിക്തു് സംഘത്തിൽനിന്നു് അതു കേവലം ഭേദപ്പെട്ടതാണു്. 1657–ൽ ഏഴാമൻ അലെക്സാണ്ടർ എന്ന പോപ്പു് ഒരു സവിശേഷമായ ഉത്തരവു പ്രകാരം റ്യു പെത്തി പിക്പ്യുവിലെ സന്ന്യാസിനിമാർക്കു ശാശ്വതപൂജനം നടത്തുവാനുളള അനുവാദം കൊടുത്തു. എങ്കിലും ആ രണ്ടു സംഘങ്ങളും തമ്മിലുളള വ്യത്യാസം അങ്ങനെതന്നെ നിന്നതേ ഉളളൂ.

കുറിപ്പുകൾ

[4] ഒരു പവൻ വിലയുളള ഒരു പുരാതന ഫ്രഞ്ച് നാണ്യം.

2.6.11
പെത്തി പിക്പ്യുവിന്റെ അവസാനം

രാജ്യഭരണം വീണ്ടും രാജാക്കന്മാരിൽത്തന്നെ എത്തിച്ചേർന്നപ്പോഴേക്കും പെത്തി പിക്പ്യൂവിലെ കന്യകാമഠത്തിന്റെ അവസാനകാലമായി; പതിനെട്ടാം നൂററാണ്ടിനുശേഷം മതസംബന്ധികളായ എല്ലാ സംഘങ്ങളും അന്തർദ്ധാനം ചെയ്യവാൻ തുടങ്ങിയ കൂട്ടത്തിൽ ഈ സംഘവും പെട്ടു. ഈശ്വരപ്രാർത്ഥന എന്നപോലെ ഈശ്വരധ്യാനവും മനുഷ്യസമുദായത്തിന്റെ ആവശ്യങ്ങളിൽ ഒന്നാണു്; പക്ഷേ, ഭരണപരിവർത്തനം കൈവെക്കുന്ന സകലത്തേയുംപോലെ, ഇതും ഒന്നു രൂപാന്തരപ്പെട്ടു; സാമൂദായികമായ അഭിവൃദ്ധിക്കു തടസ്സം എന്ന നിലയിൽനിന്നു് അതിനുളള ഒരെളുപ്പവഴി എന്നായിത്തീർന്നു.

പെത്തി പിക്പ്യുവിലെ കന്യകാമഠത്തിൽ ആരുംതന്നെ താമസമില്ലെന്നാവുകയായി. 1840–ൽ ചെറിയ കന്യകാമഠം നശിച്ചു; വിദ്യാലയം പോയി. കിഴവികളാകട്ടേ പെൺകിടാങ്ങളാകട്ടേ അവിടെയെങ്ങും ഇല്ലാതായി; ആദ്യം പറഞ്ഞവരൊക്കെ മരിച്ചു; പിന്നെ പറഞ്ഞവരൊക്കെ പിരിഞ്ഞു.

ശാശ്വതപൂജനത്തിലെ നിയമം അത്രയും കഠിനമായതുകൊണ്ടു് അതാതുകളെ പേടിപ്പെടുത്തി; ആശ്രമജീവിതത്തിലേക്കുളള ക്ഷണങ്ങൾ അതിനു മുൻപാകെ ശങ്കിച്ചു പിന്മാറി; സംഘത്തിലേക്കു പുതുതായി ആരേയും കിട്ടാതെയായി. 1845–ൽ ഇടയ്ക്കും തലയ്ക്കും ചില ആശ്രമപ്രവേശാർഥിനികൾ വന്നുചേർന്നിരുന്നില്ലെന്നല്ല. പക്ഷേ, സന്ന്യാസിനിമാർ ഇല്ലേ ഇല്ല. നാല്പതു കൊല്ലം മുൻപു് നൂറിലധികം സന്ന്യാസിമാരുണ്ടായിരുന്നു; പതിനഞ്ചു കൊല്ലം മുൻപു് ഇരുപത്തെട്ടിൽ ഒട്ടും അധികമില്ല. ഇപ്പോൾ എത്രയുണ്ടു്? 1847–ൽ മഠാധ്യക്ഷ ഒരു യുവതിയായിരുന്നു; തിരഞ്ഞെടുപ്പിനുളള പരിധി വളരെ ചെറുതായി എന്നതിന്റെ അടയാളം. അവൾക്കു വയസ്സു നാല്പതായിട്ടില്ല. ആളുകളുടെ എണ്ണം കുറയുന്തോറും ക്ഷീണം വർദ്ധിക്കുന്നു; ഓരോരുത്തരുടേയും പ്രവൃത്തി സഹിക്കാൻ വയ്യാത്തേടത്തോളമാവുന്നു; സാങ്–ബെന്വാവിന്റെ കഠിനതരമായ ആശ്രമനിയമത്തെ ചുമന്നുനില്ക്കുവാൻ കുനിഞ്ഞതും വേദനപ്പെടുന്നതുമായ ഒരു ‘ഡജൻ’ ചുമൽ മാത്രമേ ഉളളൂ എന്ന നില അടുത്തടുത്തുവരുന്നതായി കണ്ടുതുടങ്ങി. ഏതായാലും ഭാരത്തിനു ചുരുക്കമില്ല; എടുക്കാൻ കുറച്ചാളായാലും അധികമാളായാലും, അതങ്ങനെതന്നെ. അതു കീഴ്പോട്ടിരുത്തുന്നു; ചുമക്കുന്നവരെ ചതയ്ക്കുന്നു. അങ്ങനെ അവർ മരിക്കുന്നു. ഈ ഗ്രന്ഥകർത്താവു് പാരിസ്സിൽ താമസിച്ചിരുന്ന കാലത്തു രണ്ടു പേർ മരിക്കുകയുണ്ടായി. ഒരുവൾക്കു വയസ്സിരുപത്തഞ്ച്; മററവൾക്കിരുപത്തിമൂന്നു്. ഈ നാശം കാരണമാണു് കന്യകാമഠത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതായതു്.

ഈ അസാധാരണഭവനത്തിൽ കടന്നുനോക്കാതെ, അതിന്റെ മുൻപിലൂടെ പോവാൻ ഞങ്ങൾക്കു ധൈര്യമുണ്ടായില്ല; എന്നല്ല, ഞങ്ങളുടെ കൂടെ പോരുന്നവരും ഴാങ് വാൽഴാങ്ങിന്റെ ദുഃഖമയമായ ചരിത്രം ഞങ്ങൾ പറയുന്നതിനെ മനസ്സിരുത്തി കേൾക്കുന്നവരുമായ ജനങ്ങളുടെ—ഒരു സമയം, അതിൽ ചിലരുടെ ഗുണത്തിനാവാം—അങ്ങോട്ടു കൂട്ടിക്കൊണ്ടുപോവാതിരിക്കാനും ഞങ്ങളെക്കൊണ്ടു കഴിഞ്ഞില്ല. ഇന്നു സകലവും പുതുമകളായി തോന്നുന്ന പലേ പുരാതന നടപടികളെക്കൊണ്ടും നിറഞ്ഞ ഈ മതസംബന്ധിയായ സംഘത്തിലേക്കു ഞങ്ങൾ കയറിച്ചെന്നു. അതു് കടന്നുചെല്ലാൻ പാടില്ലാത്ത സ്ഥലമാണു്. ഈ അസാധാരണസ്ഥലത്തെപ്പറ്റി ഞങ്ങൾ സവിസ്തരം വർണിച്ചു; എങ്കിലും, വർണനയും ബഹുമാനവും തമ്മിൽ യോജിച്ചുനില്ക്കുന്നതു് എത്രത്തോളമോ അത്രത്തോളമെങ്കിലും തീർച്ച തന്നെ, ബഹുമാനത്തോടുകൂടിയാണു് ഞങ്ങൾ അതു ചെയ്തിട്ടുള്ളതു്. മുഴുവനും ഞങ്ങൾക്കു മനസ്സിലായിട്ടില്ല; പക്ഷേ, ഒന്നിനേയും ഞങ്ങൾ അവമാനിക്കുന്നില്ല. കൊലയാളിയെ സുഗന്ധാനുലേപനം ചെയ്തുകൊണ്ടു് അവസാനമടഞ്ഞ ഴോസഫ്ദു് മെയ്സ്ട്രിന്റു് [5] ഈശ്വരസ്തുതിയിൽനിന്നും, കുരിശിനെ പരിഹസിക്കുക എന്നിടത്തോളംതന്നെ കടന്നുചെന്ന വോൾത്തെയരുടെ കൊഞ്ഞനംകാട്ടലിൽ നിന്നും ഞങ്ങൾ ഒരേവിധം ദൂരത്താണു്.

കൂട്ടത്തിൽ ഞങ്ങൾ പറഞ്ഞുവെക്കുന്നു, വോൾത്തെയർ ആ ചെയ്തതു് ഒട്ടും നന്നായിട്ടില്ല; എന്തുകൊണ്ടെന്നാൽ, കലയെ [6] താങ്ങിപ്പറഞ്ഞതുപോലെ, യേശുക്രിസ്തുവേയും വോൾത്തെയർക്കു താങ്ങിപ്പറയാമായിരുന്നു; എന്നല്ല, അമാനുഷന്മാരായ അവതാരപുരുഷന്മാർ ഉണ്ടാവാൻ പാടില്ലെന്നു സിദ്ധാന്തിക്കുന്നവർക്കുതന്നെയും ക്രിസ്തുവിന്റെ കുരിശാരോഹണം എന്തിനെയാണു് സൂചിപ്പിക്കുന്നത്? ഋഷിയെ കൊലപ്പെടുത്തിയതിനെ.

ഈ പത്തൊമ്പതാം നൂറ്റാണ്ടിൽ മതസംബന്ധിയായ വിചാരം ഒരു വല്ലാത്ത ദശാസന്ധിയിലാണു് എത്തിയിരിക്കുന്നതു്. ജനങ്ങൾ ചില പഠിപ്പുകളെയെല്ലാം മറന്നുകളയാൻ പോകയാണു്; അതു നല്ലതുതന്നെ; പക്ഷേ, ഒന്നുമാത്രം, ആ മറക്കുന്നതോടുകൂടി അവർ ഇതൊന്നു പഠിക്കണം; മനുഷ്യഹൃദയത്തിൽ ശൂന്യതയില്ല. ചില ഒളിച്ചുനീക്കലുകളെല്ലാം ഉണ്ടാകാറുണ്ടു്; അതു വേണ്ടതുതന്നെ; പക്ഷേ, അതു കഴിഞ്ഞ ഉടനെ അവിടെ വേറെ ചില മരാമത്തുകൾ ആരംഭിക്കണം.

ആയിടയ്ക്ക് ഇല്ലാതായിപ്പോയവയെ നമുക്കു നോക്കിപ്പഠിക്കുക. ഒഴിച്ചുകളയുവാൻവേണ്ടിമാത്രമെങ്കിലും, അവയെ മനസ്സിലാക്കിയിരിക്കുന്നതു് ആവശ്യമാണു്. കഴിഞ്ഞുപോയവയുടെ വേഷധാരികൾ ചിലപ്പോൾ കളളപ്പേരെടുക്കും; അവ തങ്ങൾ വരാനിരിക്കുന്നവയാണെന്നു സസന്തോഷം ഭാവിക്കും. ഈ പ്രേതക്കാഴ്ച, ഈ ഭൂതകാലം, സ്വന്തം യാത്രാനുവാദപത്രത്തെത്തന്നെ അസത്യമാക്കിക്കളയുക പതിവുണ്ടു്. ആ കെണിയെപ്പറ്റി നമുക്കു മുൻകൂട്ടി അറിവുണ്ടാക്കുക. നമുക്കു കരുതിനില്ക്കുക. ഭൂതകാലത്തിന്നു് ഒരു മുഖരൂപമുണ്ടു്—അന്ധവിശ്വാസം; കളളമോന്തയുണ്ടു്—കപടഭക്തി. നമുക്കു ആ മുഖാകൃതിയെ ആക്ഷേപിക്കുക; നമുക്ക് ആ കളളമോന്തയെ പറിച്ചുകളയുക.

കന്യകാമഠങ്ങളെപ്പറ്റിപ്പറയുമ്പോൾ അവ ഒരു വിഷമപ്രശ്നത്തെ മുൻപിൽ കൊണ്ടുനിർത്തുന്നു— പരിഷ്കാരത്തെസ്സംബന്ധിച്ച ഒരു സംശയത്തെ; അതു് അവയെ അധിക്ഷേപിക്കുന്നു; സ്വാതന്ത്ര്യത്തെസ്സംബന്ധിച്ച ഒരു സംശയത്തെ, അതു് അവയെ രക്ഷിക്കുന്നു.

കുറിപ്പുകൾ

[5] ഇറ്റലിയിലെ ഒരു പ്രസിദ്ധനായ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും.

[6] ഈ ഫ്രഞ്ചുപുതുകുറ്റകാരനെ അന്നു നടപ്പുളള ഭേദ്യയന്ത്രത്തിലിട്ടു ഭേദ്യം ചെയ്തു കൊല്ലുകയാണുണ്ടായതു്. വോൾത്തെയർ രണ്ടുമൂന്നു കൊല്ലത്തെ ശ്രമംകൊണ്ടു് അയാളുടെ കുടുംബത്തെസ്സംബന്ധിച്ചേടത്തോളം ആ ശിക്ഷാവിധി ബാധിക്കാതാക്കിത്തീർത്തു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.